Tuesday, October 09, 2007

മെയിഡ് പുരാണം

രണ്ട് വര്‍ഷത്തിലേറെയായി ഞങ്ങളോടൊപ്പം താമസിച്ച് കുട്ടികളെ നോക്കിയിരുന്ന, ഹൌസ് മെയിഡ് പോയതിനുശേഷമാണ് ജീവിതത്തില്‍ ഇതുവരെ നേരിടാത്ത ചില പ്രതിസന്ധികള്‍ ഞങ്ങള്‍ നേരിടാന്‍ തുടങ്ങിയത്.

പ്രതിസന്ധിയെന്ന് വച്ചാല്‍ സന്ധിയില്ലാത്ത സന്ധിയൊന്നുമല്ല, ലൈറ്റായിട്ടുള്ള ചില പ്രതിസന്ധികള്‍ മാത്രം. ഉദാഹരണത്തിന് രാവിലെ ആറു മണിക്കെഴുന്നേല്‍ക്കുക എന്നത്! പണ്ട് ശബരിമലക്ക് മാലയിട്ട് വ്രതം നോല്‍ക്കാറുള്ള സമയത്ത് അഞ്ചര, ആറുമണിക്കെഴുന്നേറ്റിട്ടുണ്ട് എന്നല്ലാതെ, കുറച്ചധികം വര്‍ഷങ്ങാളായി അഞ്ചിനും ആറിനും നിവൃത്തിയില്ലാതെ എഴുന്നേല്‍ക്കുന്നത് തന്നെ, “ഡിസ്ക് ഈസ് ഫുള്‍“ എന്നെന്റെ ബ്ലാഡറില്‍ നിന്നുള്ള മെസ്സേജ് വരുമ്പോള്‍, ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റാക്കി, ശേഷമുള്ളതിനെ കമ്പ്രസ്സ് ചെയ്ത്, ഡിസ്ക് സ്പേസ് കൂട്ടാന്‍ മാത്രമാണ്. മറ്റൊന്ന്, ആഴ്ച തോറും വാങ്ങുന്ന മല്ലികസാമാനങ്ങള്‍ (തെറ്റിദ്ധരിക്കരുതേ! പലവ്യഞ്ജന, പലചരക്ക് സാധനങ്ങള്‍ക്ക് തമിളില്‍ പേശുന്ന വാക്കുപയോഗിച്ചു എന്ന് മാത്രം) ഫ്രിഡ്ജിലും, അലമാരയിലും കുത്തിനിറക്കാതെ, അതാതിന്റെ സ്ഥലങ്ങളില്‍ അടുക്കി പെറുക്കി വക്കുക എന്നതുമാണ് (കോഴിമുട്ടക്ക് മുകളില്‍ കുമ്പളങ്ങ വക്കാതേയും, ഐസ്ക്രീം ബോക്സ് വെജിറ്റബിള്‍ ട്രേയില്‍ വക്കാതേയും മറ്റും ഒരു ഗ്രോസറി ഷോപ്പില്‍ പത്തമ്പത് അലമാരകളിലും, ഫ്രീസറുകളിലുമായി ഞെളിഞ്ഞിരുന്നിരുന്ന സാധനങ്ങള്‍ മൊത്തം ഒരേ ഒരു ഫ്രിഡ്ജിലും, ഒരേ ഒരു അലമാരയിലുമായി കയറ്റിവക്കാന്‍ ഇത്തിരിയൊന്നുമല്ല പാട്).

രാവിലെ ആറുമണിക്ക് എഴുന്നേറ്റ് മോളെ എഴുന്നേല്‍പ്പിച്ച് തയ്യാറാക്കി ഫ്ലാറ്റിന്റെ താഴെയുള്ള സ്കൂള്‍ ബസ്സ് സ്റ്റോപ്പില്‍ കൊണ്ടു പോയിവിട്ടാല്‍ രാവിലത്തെ ഉത്തരവാദിത്വം തീര്‍ന്നു. മെയിഡ് പോയിട്ട് ആദ്യ ദിവസം സ്കൂള്‍ ബസ്സില്‍ മകളെ കയറ്റിവിടാന്‍ കൊണ്ട് പോകാന്‍ നേരമാണ് ആദ്യമായി മകളുടെ ബാഗ് ഞാന്‍ കയ്യിലെടുത്തത്. അഞ്ചാറ് കിലോവിലും ഒട്ടും കുറവില്ല. പാവം കുഞ്ഞുങ്ങള്‍, മുന്നോട്ടുള്ള ജീവിതത്തില്‍ ചുമക്കാനുള്ള ചുമടുകള്‍ ചുമക്കുവാന്‍ ഇപ്പോഴേ ശീലിച്ച് കഴിഞ്ഞു. ഉച്ച മയങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ്, ഏതാണ്ടൊരു പതിനൊന്നരക്ക് സ്കൂള്‍ ബസ്സ് തിരിച്ചു വരുമ്പോള്‍ തൊട്ട മുറിയില്‍ താമസിക്കുന്ന എന്റെ സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ നവീനിന്റെ അമ്മ, നന്ദന വല്യാന്റി, മോളെ പിക്ക് ചെയ്യും. അങ്ങനെ രാവിലെ മുതല്‍ ഇളയവളേയും, പതിനൊന്നര മുതല്‍ മൂത്തവളേയും ഞങ്ങള്‍ വൈകീട്ട് തിരിച്ചെത്തുന്നത് വരെ കരുണയുള്ള ആന്റി നോക്കുന്നത് കാരണം ദിവസം മൂന്നാലെണ്ണം അല്ലലില്ലാതെയും, അലമ്പില്ലാതേയും പോയി കിട്ടി.

ദിവസങ്ങള്‍ ഇങ്ങനെ പോകുന്നതിന്റെ ഇടയില്‍ മകളുടെ ഹോം വര്‍ക്ക് ചെയ്യിക്കുന്ന പണി എന്റെ തലയില്‍ വന്നു ചേര്‍ന്നു. സംഭവം കെ ജി 2 വിലാണ് പഠിക്കുന്നതെങ്കിലും, ഹോം വര്‍ക്കിനൊരു കുറവുമില്ല. ദിവസവും അഞ്ചാറ് പേജുണ്ടാകും. പണ്ടേ പാഠ പുസ്തകം കണ്ടാല്‍ ഉറക്കം വരുന്ന ശീലമുണ്ടായിരുന്ന എനിക്ക് ആ ശീലം തിരിച്ചു ലഭിച്ചു. മോളുടെ ഹോം വര്‍ക്ക് ചെയ്യിക്കുന്നതിനിടയില്‍ ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങി. വീട്ട് പണികളെല്ലാം തീര്‍ത്ത് വാമഭാഗം വരുമ്പോള്‍ കാണുന്നത് കസേരയില്‍ ഇരുന്നുറങ്ങുന്ന എന്നെയും പാതിവഴിയില്‍ ഹോം വര്‍ക്കുപേക്ഷിച്ച് ടി വി യിലേക്ക് കണ്ണും നട്ടിരിക്കുന്ന മക്കളേയും.

അങ്ങനെ ജീവിതം ഇഴഞ്ഞ് നീങ്ങുന്നതിനിടയിലൊരു ദിവസം സുബോധത്തിലിരിക്കുന്ന സമയത്ത് എനിക്കും കിട്ടി ബോധോധയം. ജീവിതത്തിന് പഴയ ആ ഒരു സ്മൂത്ത്നെസ്സ് ലഭിക്കാന്‍ ഒരു ഹൌസ് മെയിഡ് കൂടിയേ തീരൂ. നന്ദന വല്യാന്റിയേയും അധികം ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ? അത്താഴം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകി അടുക്കി വച്ച് വന്ന വാമഭാഗത്തോട് ബോധോധയത്തെകുറിച്ച് ബോധിപ്പിച്ചപ്പോള്‍, സംഭവത്തിന്റെ ആവശ്യകത വ്യക്തമായി ബോധ്യപെട്ടു.

എങ്ങനെയുള്ള മെയിഡായിരിക്കണം? ഞാന്‍ ചോദിച്ചു.

മലയാളിയായിരിക്കണം, പാചകം അറിഞ്ഞില്ലേലും പച്ചക്കറി കട്ട് ചെയ്യാനറിയണം. സ്വയം ഭക്ഷണം കഴിച്ചില്ലെങ്കിലും പിള്ളാരെ കഴിപ്പിക്കണം, പിള്ളാരെ കുളിപ്പിക്കണം. വീട് വൃത്തിയായി സൂക്ഷിക്കണം.

പിന്നെ?

പിന്നെയൊന്നുമില്ല.

എങ്കില്‍ എനിക്കുണ്ട്.

അതെന്താ?

പ്രായം നാല്പത്തഞ്ചില്‍ കൂടുതലായിരിക്കണം. വാലിഡിറ്റിയുള്ള വിസയും വേണം.

അതെന്തിനാ?

അല്ലെങ്കിലേ കഷ്ടകാലമാ, വേലീലിരിക്കുന്ന പാമ്പിനെ എടുത്ത് തോളത്ത് വക്കാന്‍ വയ്യഡോ.

അങ്ങിനെ. വൈഫൊന്ന് ആക്കിയതുപോലെ ചിരിച്ചു.

അതെ അങ്ങിനെ തന്നെ.

പിറ്റേന്ന് ഗള്‍ഫ് ന്യൂസില്‍ വിളിച്ച് പരസ്യം നല്‍കി കഴിഞ്ഞപ്പോള്‍ തന്നെ ആശ്വാസമായി. പരസ്യം വന്നാല്‍ ഫോണ്‍ വിളികളുടെ അയ്യര് കളിയായിരിക്കും, അതാണ് മുന്‍പുള്ള അനുഭവം.

പരസ്യം വന്ന ദിവസം അതിരാവിലെ തന്നെ ഒരു മിസ്സ് കാള്‍ വന്നതും, മെയിഡ് കിട്ടിപ്പോയെന്ന സന്തോഷത്തോടെ ഞാന്‍ വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചു.

ഹലോ, ജീ മേം നബീസ ബോല്‍ രഹാ ഹൂം, ആപ്നേ മെയ്ഡ് കേലിയേ പേപ്പര്‍ മേം ദിയാധാനാ?

ജീ നബീസ ദിയാധാ. ആപ് മലയാളീ ഹോ?

ജീ നഹി. മേം ബംഗ്ലാദേശീ ഹൂം.

മലയാളം സ്പീക്കിങ്ങ് ഹൌസ് മെയിഡ് റിക്ക്വയേര്‍ഡ് എന്ന് അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നല്ലോ നബീസാ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

കുളികഴിഞ്ഞ് വന്ന് തിടുക്കത്തില്‍ വസ്ത്രം മാറുന്നതിനിടയില്‍ വീണ്ടും വന്നു ഒരു മിസ്സ് കാള്‍.

തിരിച്ചു വിളിച്ചു. ബെല്ലടിച്ചതിനു പുറകെ അവിടുന്നു കേട്ടു ഹലോ.

ഹലോ.

അതെ സാറേ, പേപ്പറില് പരസ്യം കൊടുത്താരുന്നാ?

ഉവ്വല്ല

ഞാന്‍ അതിനായിട്ട് വിളിക്കണതാണ്.

ആര്‍ക്ക് വേണ്ടിയാ? ഭാര്യയോ, അതോ പരിചയക്കാര്‍ക്കാരെങ്കിലുമോ?

അല്ല സാറെ, എനിക്ക് വേണ്ടി തന്നേയാണ്.

ഹൌസ് മെയിഡ് റിക്വയേര്‍ഡ് എന്ന് പറഞ്ഞ് പരസ്യം കൊടുത്തിട്ട് വിളിക്കുന്നത് പുരുഷന്‍‍. കലികാലം.

ഓഫീസിലേക്കുള്ള ഡ്രൈവിനിടയില്‍ മൂന്നാമതും വന്നു ഒരു മിസ്സ് കാള്‍.

സ്വന്തമായി മുപ്പത്തിയൊന്ന് പുകയിലക്കറ പിടിച്ച മഞ്ഞച്ച പല്ലുകളല്ലാതെ (ഒരെണ്ണം പറിച്ച് കളഞ്ഞു രണ്ട് വര്‍ഷ മുന്‍പ്) എനിക്ക് ബ്ലൂ ടൂത്തില്ലാത്തതിനാല്‍, തിരക്കേറിയ റോഡ് കഴിയുന്നത് വരെ തിരികെ ഫോണ്‍ ചെയ്തില്ല. ആയതിനാല്‍ തന്നെ തുടര്‍ച്ചയായി അതേ നമ്പറില്‍ നിന്ന് പിന്നേയും രണ്ട് മിസ്സ് കാള്‍ കൂടി വന്നപ്പോള്‍, ഇതെന്തായാലും ജോലി ആവശ്യമുള്ള ഒരാള്‍ തന്നെ, ഇതാവും നമുക്ക് വിധിച്ച മെയിഡ് എന്ന ഒരു തോന്നലോടുകൂടി വണ്ടി ഫാസ്റ്റ് ട്രാക്കില്‍ നിന്നും സ്ലോ ട്രാക്കിലേക്കെടുത്തതിനു ശേഷം ഫോണ്‍ ചെയ്തു.

ഹലോ,

ഹലോ, സാര്‍ പേപ്പറിലെ പരസ്യം കണ്ട് വിളിക്കുന്നതാണ്. കുയില്‍ നാദം മൊഴിഞ്ഞു.

ആവൂ, പെണ്ണ്, അതും മലയാളി. തേടിയ മെയിഡിനെ ഫോണില്‍ കിട്ടി!

നാടെവിടെ?

നാട് കണ്ണൂരാ സാറെ.

ആട്ടെ, കുട്ടികളെ നോക്കി പരിചയമുണ്ടോ?

ഉവ്വ് സാറെ.

ഭക്ഷണം പാചകം ചെയ്യാന്‍.

ഉവ്വ് സാറെ.

വയസ്സെത്രയായി?

ഇരുപത്തിമൂന്ന് മിനിഞ്ഞാന്ന് കഴിഞ്ഞതേയുള്ളൂ.

അയ്യോ പെങ്ങളെ, ബുദ്ധിമുട്ടായല്ലോ?

ഒരു ബുദ്ധിമുട്ടുമില്ല സാറെ. ഞാന്‍ എല്ലാ പണിയും ചെയ്യാം.

അതാ പറഞ്ഞത് ബുദ്ധിമുട്ടായി ഇത് ശരിയാവില്ല എന്ന്! പെങ്ങള് വേറെ ജോലി നോക്കിക്കോ.

അതിപ്പം താന്‍ പറയണോന്ന് ചോദിച്ച് പുള്ളിക്കാരി ഫോണ്‍ കട്ട് ചെയ്തപ്പോ, വണ്ടി ഞാന്‍ വീണ്ടും സ്പീഡ് ട്രാക്കിലെക്കെടുത്തു.

അന്നത്തെ ദിവസം പിന്നെ ഫോണൊന്നും വന്നില്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നതിലും എന്ന അവസ്ഥയില്‍ ഫോണ്‍ മിണ്ടാതെ മേശപുറത്ത് കിടന്നു.

പിന്നെ രണ്ട് ദിവസത്തേക്ക് ഫോണൊന്നും വന്നില്ല പേപ്പറില്‍ ആഡ് വരുന്നതും നിന്നു. ഇനിയെന്ത്?

അറിയാവുന്നവരോടൊക്കെ നേരില്‍ കണ്ടും, നേരില്‍ കാണാന്‍ പറ്റാത്തവരെ ഫോണില്‍ വിളിച്ചും പറഞ്ഞു, പരിചയത്തിലെങ്ങാനും വല്ല മെയിഡുമാരും ഉണ്ടെങ്കില്‍ പറയണമെന്ന്.

മെയിഡാ? ഈ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്താ? ഷെയ്ഖ് ആയി ജോലി ചെയ്യാന്‍ വരെ ആളെ കിട്ടും, പക്ഷെ ഹൌസ് മെയിഡിനെ കിട്ടാന്‍ യാതൊരു വിധ സാധ്യതയുമില്ല എന്ന തരത്തിലായിരുന്നു എല്ലാവരുടേയും മറുപടി.

മലയാളി പോയിട്ട്, രാജസ്ഥാനിയോ, ഹൈദരാബാദിയോ, ബംഗാളിയോ തന്നെ ആയാലും, മെയിഡിനെ കിട്ടിയാല്‍ മതി എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് വെറും മൂന്നേ മൂന്ന് ദിവസമേ എടുത്തുള്ളൂ. ആ തീരുമാനപുറത്ത് ഗള്‍ഫ് ന്യൂസില്‍ വിളിച്ച് പഴയ പരസ്യം റിപ്പീറ്റ് ചെയ്യാന്‍ റിക്വസ്റ്റ് കൊടുത്തതിന്‍ പ്രകാരം പിറ്റേന്ന് അവധി ദിവസമായ വെള്ളിയാഴ്ച പത്രത്തില്‍ വീണ്ടും പരസ്യം വന്നു. അന്ന് ഉച്ചക്ക് എന്റെ ഫോണില്‍ വീണ്ടും ഒരു മിസ്സ് കാള്‍!

പണ്ടൊക്കെ ആരെങ്കിലും മിസ്സ് കാള്‍ ചെയ്താല്‍ എനിക്ക് ദ്വേഷ്യമായിരുന്നു. ഈയിടേയായി (മെയിഡിനു വേണ്ടി പരസ്യം നല്‍കിയതു മുതല്‍) എന്താണെന്നറിയില്ല മിസ്സ് കാള്‍ കണ്ടാല്‍ ഭയങ്കര സന്തോഷം തോന്നുന്നെന്ന് മാത്രമല്ല, രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഒരു നാലഞ്ച് മിസ്സ് കാള്‍ കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടായിരുന്നു.

മിസ്സ് കാള്‍ ചെയ്ത നമ്പറിലേക്ക് തിരിച്ച് വിളിച്ചു.

ഹലോ, എന്റെ ഫോണില്‍ മിസ്സ് കാള്‍ കണ്ടിട്ട് വിളിക്കുന്നതാ ചേച്ചി.

ആ, ഞാന്‍ വിളിച്ചിരുന്നു.

ഊര്, പേര്, നാള്, വയസ്സ് എന്തിന് ജാതകം വരെ ചേര്‍ന്നു, അങ്ങനെ ഒരു മെയിഡുറപ്പായി എന്ന് ആശിച്ചിരിക്കുമ്പോഴാണ് അശനിപാതം പോലെ അവരുടെ അവസാന വാക്കുകള്‍ ചെവിയിലേക്ക് വന്നത്. സാറെ, പിന്നെ ഒരു കാര്യം നൂറോ, ഇരുന്നൂറോ ദിര്‍ഹംസ് കുറച്ച് തന്നാലും വേണ്ടില്ല, എന്റെ ഭര്‍ത്താവിനും താമസിക്കാന്‍ സ്ഥലം തരണം. ആള് ട്രക്ക് ഡ്രൈവറാ, അബുദാബിയിലേക്ക് ഡെയിലി ട്രിപ്പുണ്ടാവും. പകല് ഒരു മൂന്നാല് മണിക്കൂര്‍ മാത്രമേ വീട്ടില്‍ ഉണ്ടാവൂ.

അയ്യോ ചേച്ചി, ഞങ്ങള്‍ ഒരു വിധം ഒരു മുറിയില്‍ അഡ്ജസ്റ്റ് ചെയ്തിട്ടാ ചേച്ചിക്ക് ഹാളില്‍ കിടക്കാന്‍ സ്ഥലമൊരുക്കുന്നത്. അതിന്റെ കൂടെ ചേച്ചിയുടെ ഭര്‍ത്താവിനും കൂടി സ്ഥലം വേണമെന്ന് വെച്ചാല്‍ എങ്ങിനേയാ?

സാറെ, അല്ലെങ്കില്‍ സാറ് പുറത്ത് എവിടേയെങ്കിലും കുറഞ്ഞ കാശിന് ഒരു ബെഡ് സ്പേസ്സ് പുള്ളിക്കാരന് ശരിയാക്കി കൊടുത്താലും മതി.

അത് നോക്കാം ചേച്ചി. ഞാന്‍ വൈഫിനോടൊന്ന് സംസാരിച്ചിട്ട് ചേച്ചിയെ തിരിച്ച് വിളിക്കാം.

വൈഫിനോട് കാര്യങ്ങളുടെ കിടപ്പ് വശമെല്ലാം പറഞ്ഞ് കൊടുത്ത്, ഞങ്ങള്‍ രണ്ട് പേരും കൂടി ക്ലാസിഫൈഡ് അരിച്ച് പെറുക്കി ബെഡ് സ്പേസിനായി ഫോണ്‍ വിളി തുടങ്ങി. മിക്കവാറും വിളിച്ച നമ്പറുകളില്‍ നിന്നൊക്കെ അത് കൊടുത്തു എന്നുള്ള ഉത്തരമായിരുന്നു. കൊടുക്കാത്തവക്ക് എടുത്താല്‍ പൊന്താത്ത റെന്റും. ഫോണ്‍ വിളിച്ച് വിളിച്ച് ഞങ്ങള്‍ തളര്‍ന്നിട്ടും, ബെഡ് സ്പേസ് പോയിട്ട് ഒരു കാലു വക്കാനുള്ള സ്പേസ് പോലും കിട്ടിയില്ല.

പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ഒരു സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവന്‍ ആരോടൊക്കേയോ വിളിച്ച് സംസാരിച്ച് അവസാനം ഒരു ബെഡ് സ്പേസുണ്ടെന്ന് അറിയിച്ചതിന്‍ പ്രകാരം മെയിഡിനെ വിളിച്ചു.

ചേച്ചീ, ഞാനാ, രാവിലെ കരാമയില്‍ നിന്നും വിളിച്ചില്ലെ? അതെ, ചേച്ചിയുടെ ഭര്‍ത്താവിന് ഞങ്ങള്‍ ഒരു ബെഡ് സ്പേസ് ശരിയാക്കിയിട്ടുണ്ട്. അപ്പോ എന്ന് മുതലാ ചേച്ചി വരുന്നത്?

അയ്യോ സാറെ, എനിക്ക് വേറെ ജോലി കിട്ടി. ഷാര്‍ജയില്. എനിക്കും ഭര്‍ത്താവിനും താമസിക്കാന്‍ അവര്‍ മുറിയും തരാം എന്ന് പറഞ്ഞു. സോറി.

മിസ്സ് കാളുകള്‍ പിന്നേയും പലതും വന്നു. ഒന്നും ചേരുന്നില്ല. അവസാനം ദൈവ നിയോഗത്താല്‍ ഒരെണ്ണം ഒത്തു. കണ്ണൂര്‍ക്കാരി ഒരു സുധ ചേച്ചി. അലൈനിലായിരുന്ന അവരെ അവരുടെ ഒരു ബന്ധു ഞങ്ങളുടെ ഫ്ലാറ്റില്‍ കൊണ്ട് വന്നാക്കി.

മീനും, ഇറച്ചിയും ഒന്നും കഴിക്കുന്ന കൂട്ടത്തിലല്ല എന്നവര്‍ പറഞ്ഞപ്പോള്‍ ഭക്ഷണം പോലും കഴിക്കില്ല എന്ന് ഞങ്ങള്‍ കരുതിയില്ലായിരുന്നു. രാവിലെയും, ഉച്ചക്കും, വൈകീട്ടും രണ്ട് സ്പൂണ്‍ കഞ്ഞി മാത്രം കഴിച്ചുകൊണ്ട് ജീവന്‍ വെടിയാതെ അവരുടെ ആത്മാവ്,ആ ശരീരത്തില്‍ എങ്ങിനെ നിലനില്‍ക്കുന്നു എന്നാലോചിച്ചിട്ട് ഞങ്ങള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ഏ സി യുടെ തണുപ്പ് അവര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല എന്നു പറഞ്ഞതിനാല്‍ മൂന്ന് ദിവസം ഞങ്ങള്‍ ഏ സി ഓണ്‍ ചെയ്യാതെ ചൂട് സഹിച്ച് ഫാനിന്റെ കാറ്റ് വച്ച് അഡ്ജസ്റ്റ് ചെയ്തു. നാലാം ദിവസം വ്യാഴാഴ്ച വൈകീട്ട് അവരുടെ ബന്ധു വന്ന് അലൈനിലേക്ക് കൊണ്ട് പോയി. ശനിയാഴ്ച രാവിലെ വരാം എന്നു പറഞ്ഞ് പോയ അവരുടെ ഫോണ്‍ വന്നു ശനിയാഴ്ച. കൈക്ക് ഭയങ്കര നീരും വേദനയും, ഞായറാഴ്ച രാവിലെ വരാം എന്ന് പറഞ്ഞു.

ചേച്ചി നാളെ എന്തായാലും വരണേ. മോള്‍ക്ക് സ്കൂളുള്ളതാ.

ഞായറാഴ്ച രാവിലെ ചേച്ചി വന്നപ്പോള്‍ ഞങ്ങള്‍ക്കാശ്വാസമായി. ആ ആശ്വാസം അല്പം നേരത്തേക്കേ ഉണ്ടായിരുന്നുള്ളൂ. കുഴമ്പും, മരുന്നുമൊക്കെയായിട്ടാ ചേച്ചിയുടെ വരവ്. യതാര്‍ത്ഥത്തില്‍ ചേച്ചിയുടെ കയ്യില്‍ നീരും വേദനയും ഉണ്ട്. പ്രയാസപെട്ട് അവര്‍ പണികള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ വാമഭാഗത്തിന് സഹിച്ചില്ല. ചേച്ചി റെസ്റ്റ് എടുത്തോളൂ, ഞാന്‍ മോളെ തയ്യാറാക്കാം. അന്ന് മോളെ സ്കൂള്‍ ബസ്സില്‍ ഞാന്‍ കൊണ്ട് പോയി വിട്ടു. ഇളയ കുട്ടിയെ സുധേച്ചിയെ ഏല്‍പ്പിച്ച് ഞങ്ങള്‍ ജോലിക്ക് പോയി. വൈകുന്നേരം വന്നപ്പോള്‍ അവരുടെ കയ്യിലെ നീര് കൂടിയിരിക്കുന്നു.

വാമഭാഗം അവരുടെ കയ്യില്‍ കുഴമ്പിട്ട് തിരുമ്മി, ചൂടുവെള്ളം വച്ച് ആവിപിടിച്ചു കൊടുത്തു. കയ്യനക്കാന്‍ കഴിയാത്ത അവര്‍ക്ക് കിടക്കാന്‍ രാത്രിയില്‍ ഞാന്‍ കിടക്ക വിരിച്ചു. പാവം സ്ത്രീ. അന്ന് രാത്രി ഒരുപാട് കരഞ്ഞു. നാട്ടില്‍ വയ്യാതെ കിടക്കുന്ന ഭര്‍ത്താവിനെകുറിച്ചും, പതിന്നാലും, പതിനഞ്ചും വയസ്സുള്ള സ്കൂളില്‍ പഠിക്കുന്ന അവരുടെ രണ്ട് കുട്ടികളെകുറിച്ചും മറ്റും പറഞ്ഞ്. ആശ്വസിപ്പിക്കാനല്ലാതെ അതിലപ്പുറം ഞങ്ങള്‍ എന്ത് ചെയ്യാന്‍?

രണ്ട് ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞപ്പോള്‍, റെസ്റ്റെടുത്തോളൂ എന്നു പറയുമ്പോഴും, മെയിഡിനെ നോക്കാന്‍ മറ്റൊരു മെയിഡിനെ വക്കേണ്ടി വരുമോ എന്നായിരുന്നു ഞങ്ങളുടെ ചിന്ത മുഴുവന്‍.

രണ്ട് ദിവസത്തെ വിശ്രമം കഴിഞ്ഞിട്ടും കൈവേദന അസഹ്യമായി തുടരുന്നതിനാല്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ പോകുന്നു എന്നവര്‍ പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാനില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ മൌനം പാലിച്ചു. അവരെ കൊണ്ടു പോകാന്‍ ബന്ധു വന്നപ്പോള്‍ അത്രയും ദിവസം വീട്ടില്‍ നിന്നതിനുള്ള വേതനം നല്‍കി അവരെ ഞങ്ങള്‍ യാത്രയാക്കി.

പിന്നേയും മെയിഡിനായുള്ള തിരച്ചിലുകള്‍, പ്രാര്‍ത്ഥനകള്‍, വഴിപാടുകള്‍.

പരിചയത്തിലുള്ള ഒരാളുടെ പരിചയക്കാരന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയുടെ നമ്പര്‍ കിട്ടിയതിന്‍ പ്രകാരം അവരെ ഫോണില്‍ വിളിച്ചു.

ഹലോ? ആമിനതാത്തയല്ലെ?

അതേലോ, ഇങ്ങളാരാ?

ചേച്ചി, ഷഹനാസ് താത്ത തന്നതാ താത്തയുടെ നമ്പര്‍.

ആഹ്. ഇത്ത പറഞ്ഞിരുന്നു.

താത്തയുടെ നാട് എവിടെ?

കോഴിക്കോട്.

പ്രായം?

വയസ്സ് പത്ത് നാല്പത്തിയാഞ്ചായി.

വിസയുണ്ടോ?

പിന്നില്ലെ? എന്റെ മോളുടെ കല്യാണത്തിന് പോയിട്ട് തിരികെ വന്നിട്ട് രണ്ട് മാസമേ ആയുള്ളൂ.

പാചകമൊക്കെ അറിയുമോ?

അതെന്ത് ചോദ്യം ചേട്ടാ, പാചകമേ അറിയൂ. ഞങ്ങള്‍ കോഴിക്കോട്കാര്‍ക്ക് പാചകമെന്ന് വെച്ചാല്‍ പിരാന്തല്ലെ? നെയ്ച്ചോറ്, ബിരിയാണി, പത്തിരി, കോയിക്കറി തുടങ്ങി എല്ലാം അറിയാം.

എങ്കില്‍ ചേച്ചി അപ്പോയ്ന്റഡ്.

എപ്പോഴാ വരുന്നത്?

നാളെ വരാലോ?

പിറ്റേന്ന് രാത്രി ആമിനതാത്ത പെട്ടിയും തൂക്കി വന്ന് ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തു.

അടുക്കളയും സാധങ്ങളും എല്ലാം വൈഫ് പരിചയപെടുത്തി.

പിറ്റേന്ന് രാവിലെ മോള്‍ക്ക് സ്കൂള്‍ അവധിയായതിനാല്‍ അതിരാവിലേയുള്ള എഴുന്നേല്‍പ്പിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.

ബ്രേക്ക് ഫാസ്റ്റിനുള്ള ഇഡ്ഡലിയും ചട്നിയും തയ്യാറാക്കി പാഴ്സല്‍ തന്നയച്ചു ആമിനതാത്ത.

ഓഫീസില്‍ ചെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ നേരം ചട്നി കണ്ട ഞാന്‍ ഞെട്ടി. ചട്നിയില്‍ എത്ര മുക്കിയിട്ടും ഇഡ്ഡലി കഷ്ണത്തിന്മേല്‍ ചട്നി പിടിക്കുന്നില്ല! വെള്ളത്തില്‍ മുക്കിയാല്‍ ജലകണങ്ങളെങ്കിലും തങ്ങിയിരുന്നേനെ! ഒരു സ്പൂണ്‍ തേങ്ങ വച്ച് പുള്ളിക്കാരി നാലാള്‍ക്ക് ഒന്നര ലിറ്റര്‍ ചട്നിയുണ്ടാക്കിയിരിക്കുന്നു.

ആമിന താത്തക്ക് ഫോണ്‍ ചെയ്ത് കാര്യം പറഞ്ഞതിനു ശേഷം ഞാന്‍ പറഞ്ഞു, അതേയ് പിശുക്കൊന്നും വേണ്ടട്ടോ. സാധനങ്ങള്‍ ഒക്കെ യഥേഷ്ടം ഉപയോഗിച്ചോളൂ.

ഓക്കെ ചേട്ടാ. അവിടുന്ന് മറുപടി വന്നു.

വൈകീട്ട് ചെന്നപ്പോള്‍ വാമഭാഗം മുഖം കയറ്റി പിടിച്ചിരിക്കുന്നു.

ഉം എന്ത് പറ്റി? അതെ ഫ്രിഡ്ജിലിരുന്നിരുന്ന രണ്ട് മൂന്ന് കിലോ ഫ്രൂട്ട്സ് ഒക്കെ എടുത്ത് അവര്‍ കട്ട് ചെയ്യുന്നത് കണ്ടപ്പോ, ഞാന്‍ കരുതി പിള്ളാര്‍ക്ക് കൊടുക്കാനായിരിക്കുമെന്ന്.

എന്നിട്ടെന്ത് പറ്റി?

നോയമ്പ് തുറക്കുമ്പോള്‍ അവര്‍ക്ക് കഴിക്കാനായി കട്ട് ചെയ്തതാണെന്ന് ഇപ്പോള്‍ അടുക്കളയില്‍ പോയപ്പോഴല്ലെ മനസ്സിലായത്.

പോട്ടെ. വിട്ട് കള. ഒരു മെയിഡിനെ കിട്ടാനുള്ള പാട് നമ്മള്‍ ഒരുപാടനുഭവിച്ചതല്ലെ. അവളെ ഞാന്‍ സമാധാനിപ്പിച്ചു.

പിറ്റേന്ന് രാവിലെ സൂപ്പര്‍ ബ്രേക്ക് ഫാസ്റ്റ്. പത്തിരിയും മുട്ടക്കറിയും. ഒരു ദോശ മുഴുവനായും തിന്നാത്ത മകള്‍ പതിവില്ലാതെ അന്ന് അഞ്ച് പത്തിരി കഴിച്ചു. ഓഫീല്‍ എത്തി ഞാനും കൊളീഗ്സും കഴിച്ചു. കോള്ളാം അടിപൊളി. ഫോണ്‍ ചെയ്ത് വാമ ഭാഗവും അറിയിച്ചു, പത്തിരിയും മുട്ടക്കറിയൂം കുഴപ്പമില്ല.

അന്ന് വൈകുന്നേരം വീട്ടില്‍ ഞാന്‍ അല്പം നേരത്തെ എത്തി.

തലേ ദിവസം മുഖം കയറ്റി വച്ചതിനു പകരം എന്നെ കണ്ടതും വൈഫ് പൊട്ടി ചിരിക്കാന്‍ തുടങ്ങി.

എന്താഡീ പതിവില്ലാതെ നിങ്ങനെ അറഞ്ഞ് ചിരിക്കുന്നത്?

എന്തെങ്കിലും എടുക്കാനാണെന്നുള്ള ഭാവത്തില്‍ ഒന്ന് അടുക്കളയില്‍ പോയി നോക്കിയേ.

എന്ത് പറ്റി?

അല്ല ചുമ്മാ ഒന്ന് ചെന്ന് നോക്ക് മനുഷ്യാ.

തഞ്ചത്തില്‍ അടുക്കളയില്‍ ചെന്നപ്പോള്‍ ഒരൊന്നൊന്നര കിലോ ഉള്ളി ഉരുളകിഴങ്ങ് മിക്സ് പക്കോട ഉണ്ടാക്കി ഒരു പാത്രത്തില്‍ വെച്ചിരിക്കുന്നു. അടുത്തത് ചീനചട്ടിയില്‍ പൊരിക്കുന്നുമുണ്ട്.

വാമ ഭാഗത്തിനോട് ഞാന്‍ പറഞ്ഞു, എഡീ ഇത്രയ്ക്കൊന്നും അവരൊറ്റക്ക് തിന്നില്ല. ഫ്രൂട്ട്സ് പോലെയാണോ എണ്ണയില്‍ വറുത്തത്. അവര്‍ നമ്മുക്കും ചേര്‍ത്തായിരിക്കും ഉണ്ടാക്കുന്നത്.

നമുക്ക് നോക്കാം.

പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ മുറിയില്‍ വന്നു. ഫ്രിഡ്ജില്‍ നിന്നും ഒരു വെട്ടുക്ലാസ്സ് നിറയെ പാലുമെടുത്ത് പോയതും, തൊട്ടടുത്ത പള്ളിയില്‍ നിന്നും മഗ് രീബ് നമസ്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങി......... അള്ളാഹു അക്ബറള്ളാഹു..........

പിന്നേയും പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആമിനതാത്ത മുറിയിലെത്തിയതും, വാമഭാഗം അടുക്കളയിലോട്ട് വച്ചടിച്ചു.

തിരിച്ചെത്തിയത് ചിരിച്ചുകൊണ്ട് തന്നെ.

ഉം. എന്താഡീ ചിരിക്കണെ?

ഏയ്. ഒന്നുമില്ല പാത്രം എല്ലാം കഴുകി വച്ചിരിക്കുന്നു. പക്കോടയെല്ലാം ക്ലീന്‍ ബൌള്‍ഡ്.

എനിക്കും ചിരിക്കാതിരിക്കാനായില്ല.

വ്യാഴാഴ്ച രാത്രി, വെള്ളിയാഴ്ച വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റിട്ട് കൊണ്ടിരിക്കുമ്പോള്‍ ആമിനതാത്തയോട് ചോദിച്ചു. പലചരക്കെന്തെങ്കിലും വാങ്ങണോ?

ഉവ്വ്. എനിക്കീ മട്ട അരിയുടെ ചോറ് പറ്റില്ല. എനിക്ക് ബാസ്മതി മതി!

ശരി താത്ത, വേറെ?

വേറെ എന്താ? അതൊക്കെ നിങ്ങള്‍ നോക്കി വാങ്ങിക്കോ.

ഉത്തരവ്.

വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് വസ്ത്രം മാറുന്നതിനു മുന്‍പെ തന്നെ വെള്ളിയാഴ്ച വൈകുന്നേരം വരാം എന്ന് പറഞ്ഞ് അവര്‍ ബന്ധു ഗൃഹങ്ങളിലേക്ക് പോയി.

പതിവുപോലെ ബ്ലോഗില്‍ നീന്നും ബ്ലോഗിലേക്ക് സഞ്ചരിച്ച് ഞാന്‍ വാരാന്ത്യം ചിലവിട്ടു.

വെള്ളിയാഴ്ച ഷാര്‍ജയിലുള്ള വാമഭാഗത്തിന്റെ ചെറിയമ്മയുടേയും, കസിന്റേയും വീട്ടിലെ സന്ദര്‍ശനവും അത്താഴവും കഴിഞ്ഞ്, ലിസ്റ്റിലുള്ള സാധനങ്ങളും വാങ്ങി ഞങ്ങള്‍ എത്തിയപ്പോള്‍ സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു.

വന്ന് മുറി തുറന്നതും ആമിനതാത്ത ചോദിച്ചു, എന്താ ഇത്? ഞാന്‍ വിശന്ന് ഒരു പരുവമായിട്ടാ വന്നത്. ഇവിടെ വന്നപ്പോള്‍ ഒരു ഭക്ഷണവും ഇല്ല. ഫ്രിഡ്ജാണെങ്കില്‍ കാലി. എന്തെങ്കിലും ഉണ്ടാവുമെന്ന് ഞാന്‍ കരുതി. ഒരു ലിറ്ററിന്റെ ഒരു ഐസ്ക്രീം ഡബ്ബ മാത്രമേ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നുള്ളൂ. അതു വച്ച് തല്‍ക്കാലം ഞാന്‍ അഡ്ജസ്റ്റ് ചെയ്തു.

സോറി താത്ത. ഉച്ചക്ക് പോയതിനാല്‍ ഉച്ചയൂണും, അത്താഴവും പുറത്തായിരുന്നു. ഇനി മുതല്‍ ഞങ്ങള്‍ ശ്രദ്ധിക്കാം.

എങ്കില്‍ ഓക്കെ.

എല്ലാവരും ഉറങ്ങി.

സൂര്യന്‍ ഉദിച്ചു, പകല്‍ മുഴുവന്‍ ഷൈന്‍ ചെയ്തു, വൈകീട്ട് അസ്തമിച്ചു. ഞാന്‍ പതിവുപോലെ വീട്ടിലെത്തി.

ഭാര്യയോട് ചോദിച്ചു, എന്താഡീ ഇന്ന് ഭക്ഷണം?

സാമ്പാറുണ്ട്, ക്യാബേജ് തോരനുണ്ട്, പച്ച മാന്തള്‍ വറുക്കാന്‍ മസാല പുരട്ടി വച്ചിരിക്കുന്നു. പോരെ?

മതി. ധാരാളം.

പോര. പെട്ടെന്നൊരു ശബ്ദം കേട്ട് ഞാന്‍ നോക്കിയപ്പോള്‍ ആമിനതാത്തയാണ്.

അതെന്തേ?

മാന്തള്‍ എനിക്കിഷ്ടമല്ല. നിങ്ങള്‍ മാന്തള്‍ കഴിച്ചോളൂ. ഞാന്‍ ചെമ്മീന്‍ പൊരിച്ചോളാം.

ഒരു മെയിഡിനെ കിട്ടാനുള്ള പ്രയാസമോര്‍ത്ത് സൈലന്റ് മോഡിലിരുന്നിരുന്ന വാമ ഭാഗം പൊടുന്നനെ മോഡ് മാറ്റി.

അതേ, കുറച്ച് ദിവസമായി നിങ്ങള്‍ ചെയ്യുന്നതൊക്കെ കാണുന്നു, സഹിക്കുന്നു, അല്പമൊക്കെ നിങ്ങള്‍ക്കും അഡ്ജസ്റ്റ് ചെയ്യാം. ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി എത്രയോ അഡ്ജസ്റ്റ് ചെയ്യുന്നു? ഞങ്ങള്‍ക്കിഷ്ടമുള്ളത് വക്കും, കഴിക്കും, ചിലപ്പോള്‍ നിങ്ങളോട് വച്ച് തരാന്‍ പറയും. സൌകര്യമുണ്ടെങ്കില്‍ നിന്നാല്‍ മതി. ഇല്ലെങ്കില്‍ ഇഷ്ടം പോലെ ബേബി സിറ്റിങ്ങ് നടത്തുന്നവര്‍ ഉണ്ട്. അവിടെ വിട്ടോളാം. വേറെയും മെയിഡിനെ കിട്ടുമോന്ന് നോക്കട്ടെ. പേപ്പറില്‍ പരസ്യവും കൊടുക്കാം.

അയ്യോ മോളെ, ഞാന്‍ ചുമ്മാ പറഞ്ഞതല്ലെ? നിങ്ങള്‍ തിന്നിട്ട് എന്തേലും ബാക്കി ഉണ്ടെങ്കില്‍ ഞാന്‍ കഴിച്ചോളാം. അവരും താഴ്ന്നു ഭൂമിയോളം.

ഈ സംഭവം കഴിഞ്ഞിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. അവര്‍ മഹാ ഡീസന്റായി.

എന്തിനും സസ്യേതര വിഭവങ്ങള്‍ പാചകം ചെയ്യുന്നതില്‍ എക്സ്പര്‍ട്ടാണെന്ന് ആമിനതാത്ത ഒരാഴ്ച കൊണ്ട് തെളിയിച്ചു. ഇത്രയും നല്ലൊരു മെയിഡിനെ കിട്ടിയ ഞങ്ങള്‍ ഭാഗ്യവാന്മാര്‍.

ഇതെത്ര നാള്‍?

ഗുണ പാഠം

പറയാനുള്ളത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍, താഴെ നില്‍ക്കുന്നവന്‍ ചുമലില്‍ കയറുമെന്ന് മാത്രമല്ല, ചുമലില്‍ ഇരുന്നുകൊണ്ട് ചെവി തിന്നുകയും ചെയ്യും.