Tuesday, December 26, 2006

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 9

വൈപ്പിന്‍ - ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി-എറണാകുളം, എന്നീ റൂട്ടിലുള്ള ബോട്ടില്‍ പലതവണ കയറിയിട്ടുണ്ടെന്നല്ലാതെ, ആദ്യമായാണ് ഒരു കപ്പലില്‍ കയറുന്നത്. അതും ഒരു പടുക്കൂറ്റന്‍ കപ്പല്‍. എത്ര നിലയുണ്ടോ എന്തോ?

മുന്നില്‍ പോകുന്നവരുടെ പിന്‍പെ നടന്നു ഞാന്‍ കപ്പലിന്റെ റിസപ്ഷനില്‍ എത്തി ചേര്‍ന്നു. മനോഹരമായി അലങ്കരിച്ചിരിക്കുന്നു റിസപ്ഷന്‍. അവിടെ യൂണിഫോമിട്ട മദാമ്മമാരും, സായിപ്പന്മാരും ഇരിക്കുന്നും, നില്‍ക്കുന്നുമുണ്ട്. എന്റെ ഊഴം വന്നതും, റിസപ്ഷന്‍ കൌണ്ടറിലേക്ക് ഞാന്‍ ചെന്നു.

എന്റെ ബോര്‍ഡിങ്ങ് പാസ് വാങ്ങി നോക്കിയ സായിപ്പ്, എന്നോട് പാസ്പോര്‍ട്ട് ആവശ്യപെട്ടു. എന്റെ പാസ്പോര്‍ട്ടെടുത്ത് അദ്ദേഹത്തിന്നു നല്‍കിയതും, നന്നായൊന്നു പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, വൌ യു ആര്‍ ഇന്ത്യന്‍. ഐയാം പ്ലാന്നിങ്ങ് ടു വിസിറ്റ് ഇന്ത്യ സൂണ്‍. ഐ വുഡ് ലൈക് ടു ഗെറ്റ് സം മോര്‍ ഇന്‍ഫര്‍മേഷന്‍ ഫ്രം യു ലേറ്റര്‍. പിന്നെ പാസ്പോര്‍ട്ട് പേജുകള്‍ മറിച്ചു നോക്കി, ഫിന്‍ലാന്റിലേക്ക് വിസയുണ്ടെന്ന് ഉറപ്പ് വരുത്തിയതിന്നു ശേഷം പാസ്പോര്‍ട്ട് എനിക്കു തിരിച്ചു നല്‍കിയതിന്നൊപ്പം തന്നെ ബോര്‍ഡിങ്ങ് പാസ്സും, മറ്റൊരു കാര്‍ഡും എനിക്കു കൈ മാറി. പിന്നെ പറഞ്ഞു, യുവര്‍ റൂം നമ്പര്‍ ഈസ് 47, ഓണ്‍ ദ ഫോര്‍ത്ത് ഫ്ലോര്‍. ഇവിടെ മൂന്നു ബാറുകളും, സ്വിമ്മിങ്ങ് പൂളും, സൌനയും, ജിമ്മും ഉണ്ടെന്നു മാത്രമല്ല, ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പുമുണ്ട്. അവിടെ നിന്നും നിങ്ങള്‍ക്ക് സിഗററ്റോ, മറ്റു ലിക്ക്വറുകളോ വളരെ ചുരുങ്ങിയ വിലക്ക് വാങ്ങാം.

വിശന്നു പൊരിഞ്ഞ് , ഭക്ഷണം കഴിക്കാന്‍ പോലും, കാശില്ലാത്ത സമയത്തല്ലെ അവന്റെ ഒരു, സ്വിമ്മിങ്ങ് പൂളും, ഡ്യൂട്ടി ഫ്രീ ഷോപ്പും. എങ്ങനേയെങ്കിലും എന്റെ മുറിയില്‍ പോയി കിടന്നാല്‍ മതിയെന്നായിരുന്നു എനിക്ക്. അത്രക്കുണ്ട് വിശപ്പും, ക്ഷീണവും!

ഡിന്നര്‍, ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് ബുഫെറ്റ് ടൈം സ്പീക്കറില്‍ കൂടി അതാത് സമയത്ത് അനൌണ്‍സ് ചെയ്യുന്നതായിരിക്കും, മാത്രമല്ല അതു ഫ്രീയുമാണ്. വിഷ് യു ഏ ഹാപ്പി ആന്റ് സേഫ് ജേര്‍ണി.

ആ അവസാന വാചകം കേട്ടതും, എന്റെ അണയാന്‍ തുടങ്ങിയിരുന്ന ഉന്മേഷം ആളിക്കത്താന്‍ തുടങ്ങി. ഭക്ഷണം ഫ്രീ, ആനന്ദലബ്ധിക്കിനിയെന്തു വേണം? നാല്പത്തെട്ടുമണിക്കൂറല്ല, ഇനിയിപ്പോ തൊണ്ണൂറ്റാറു മണിക്കൂറെടുത്തുള്ള യാത്രയായാലും എനിക്ക് പ്രശ്നമില്ല.

നാലാമത്തെ ഫ്ലോറിലേക്കുള്ള കോണിപടികള്‍ കണ്ടെത്തുവാനുള്ള നടത്തം തുടരവെ, ഇടനാഴിയിലുള്ള ലിഫ്റ്റിലൂടെ ആളുകള്‍ കയറുന്നത് കണ്ടു. ഇനിയെന്തിനു കോണിപടികള്‍ തപ്പണം? ലിഫ്റ്റില്‍ കയറി, നാലമത്തെ ഫ്ലോറില്‍ ഇറങ്ങി, നാല്പത്തേഴാം നമ്പര്‍ മുറി തപ്പി നടന്നു. നിലത്തെല്ലാം, മനോഹരമായ കാര്‍പ്പറ്റ് വിരിച്ചിരിക്കുന്നു. കോറിഡോറില്‍ പകല്‍ പോലെ വെളിച്ചം പരത്തികൊണ്ട് ഞാന്നു കിടക്കുന്ന മനോഹരങ്ങളായ ക്രിസ്റ്റല്‍ ഷാന്‍ലിയറുകള്‍.

നടന്നു നടന്ന് നാല്പത്തേഴാം നമ്പര്‍ മുറിയുടെ മുന്‍പില്‍ ഞാനെത്തി. മുറിയുടെ വാതില്‍ അടച്ചിട്ടിരിക്കുന്നു. ഹാന്‍ഡിലില്‍ പിടിച്ച് തിരിച്ച് നോക്കി. ഇല്ല തുറക്കുന്നില്ല. ഹോട്ടല്‍ മുറികള്‍ പോലെ തന്നേയാണു കപ്പലിലെ മുറികള്‍ എന്നെനിക്കെങ്ങനെ അറിയാന്‍? ട്വിന്‍ ഷെയറിങ്ങ് മുറിയാണു ടിക്കറ്റു ബുക്ക് ചെയ്യുവാന്‍ നേരത്ത് ആവശ്യപെട്ടിരുന്നത്, അതു പൂട്ടിയിരിക്കും എന്നറിഞ്ഞിരുന്നെങ്കില്‍, താക്കാല്‍ അടിയില്‍ നിന്നു വാങ്ങി മുകളിലേക്ക് വാങ്ങാമായിരുന്നു. എന്തായാലും, താഴെ പോയി താക്കോല്‍ വാങ്ങി വരാം എന്നു കരുതി, ലിഫിറ്റിലേക്ക് നടക്കുന്നതിന്നിടയില്‍, ഒന്നു രണ്ടു യാത്രക്കാര്‍, കയ്യിലുള്ള കാര്‍ഡ്, ഡോര്‍ ഹാന്‍ഡിലിന്റെ അടിയിലേക്ക് കയറ്റി അവരുടെ മുറി തുറന്ന് ഉള്ളില്‍ കയറുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോഴാണ്, ബോര്‍ഡിങ്ങ് പാസ്സ് തിരിച്ചു നല്‍കിയതിന്റെ കൂടെ എനിക്കും ഒരു കാര്‍ഡ് റിസ്പ്ഷനില്‍ നിന്നും നല്‍കിയിട്ടുള്ളതോര്‍മ്മ വന്നത്. പോക്കറ്റില്‍ നിന്നും കാര്‍ഡെടുത്ത് തിരിച്ചും മറിച്ചും നോക്കി. പിന്നെ എന്റെ മുറിയിലേക്ക് തിരിച്ചു നടന്നു.

മുറിയുടെ വാതിലിന്നരികില്‍ ചെന്ന്, കയ്യിലുള്ള കാര്‍ഡ് ഡോറിലുള്ള സ്ലോട്ടില്‍ ഇട്ടതിന്നു ശേഷം ഹാന്‍ഡില്‍ തിരിച്ചു നോക്കി. ഇല്ല തുറക്കുന്നില്ല. ആരോടെങ്കിലും സഹായം ആവശ്യപെടാം എന്നു കരുതി, സ്ലോട്ടില്‍ നിന്നും കാര്‍ഡ് പുറത്തെടുത്തതും, ടിക് എന്ന് ഒരു ശബ്ദം ഡോറില്‍ നിന്നും കേട്ടു. വെറുതെ ഒന്നു ഹാന്‍ഡില്‍ തിരിച്ചു നോക്കിയ എന്നെ അത്ഭുതപെട്ടുത്തികൊണ്ട്, ഡോര്‍ തുറന്നു. വിശന്നിരിക്കുകയാണെങ്കിലും, ആകാംഷമൂലം, അപ്പോള്‍ തന്നെ, മൂന്നാലു തവണ കാര്‍ഡുപയോഗിച്ച് ഞാന്‍ ഡോര്‍ തുറക്കുകയും, അടക്കുകയും ചെയ്ത്, ആ ഒരു കാര്യത്തില്‍ എക്സ്പര്‍ട്ടാവുകയും, ശേഷം, മുറിയിലേക്ക് കടക്കുകയും ചെയ്തു.

ബാഗ് നിലത്ത് വച്ചതിന്നുശേഷം ആ മുറി മൊത്തമായൊന്നു നിരീക്ഷിച്ചു. ഇടത്തരം വലുപ്പമുള്ള മുറി. മുറിയോടു ചേര്‍ന്നു തന്നെ ബാത് റൂം. നിലത്ത് ചുവന്ന നിറത്തിലുള്ള പരവതാനി വിരിച്ചിരിക്കുന്നു. മുറിയുടെ രണ്ട് അറ്റങ്ങളിലായി ഓരോ കട്ടിലുകള്‍ ഇട്ടിരിക്കുന്നു. രണ്ടു കട്ടിലുകള്‍ക്കിടയില്‍ ഒരു ടീപ്പോയി. ഓരോ കട്ടിലിന്നും അരികിലായി വാര്‍ഡ് റോബുകള്‍. മുറിയുടെ അറ്റത്ത് , ജനലിനോടുചേര്‍ന്ന് ഒരു ഇടത്തരം വലുപ്പത്തിലുള്ള വട്ടമേശയും, ചുറ്റും രണ്ടു കസേരകളും.

മേശമേല്‍, ഒരു തളികയില്‍ ആപ്പിള്‍, ഓറഞ്ച്, മുന്തിരി, തുടങ്ങിയ പഴവര്‍ഗങ്ങള്‍ വെച്ചിരിക്കുന്നതിലെന്റെ കണ്ണുകള്‍ ഒരു നിമിഷം ഉടക്കി. രണ്ടേ രണ്ടു പഴങ്ങള്‍, ഒരാപ്പിള്‍ എന്നിവ‍, നിമിഷങ്ങള്‍ക്കുള്ളില്‍ അകത്താക്കിയപ്പോള്‍ തന്നെ വിശപ്പിന്നൊരറുതി വന്നു. കുടിക്കുവാനുള്ള വെള്ളം അവിടെയെങ്ങും കാണാതിരുന്നതിനാല്‍, തൊണ്ട നനക്കുവാനായി, കുറച്ച് മുന്തിരി എടുത്ത് കഴിച്ചു. നല്ലൊരുന്മേഷം വന്നത് പോലെ.

ബാഗെടുത്ത് വാര്‍ഡ് റോബൊന്നിന്നകത്തേക്ക് വച്ചു. പിന്നെ ഒരു സിഗററ്റെടുത്ത് കത്തിച്ച് വെറുതെ കട്ടിലില്‍ ഇരുന്നു. വളയങ്ങളാക്കി പുക പുറത്തേക്ക് വിട്ടുകൊണ്ടിരിക്കുന്നതിന്നിടയില്‍ മുറിയുടെ വാതില്‍ തുറന്ന് ഒരു സായിപ്പ് മുറിയില്‍ പ്രവേശിച്ചു. പത്തു മുപ്പത് വയസ്സ് പ്രായം കാണുമായിരിക്കും. അയാളെ കണ്ടതും ഞാന്‍ ചിരിച്ചുകൊണ്ട് ഒരു ഹൈ പറഞ്ഞു. ചിരിച്ചു, ചിരിച്ചില്ല എന്ന മട്ടില്‍ മുഖം വക്രിച്ചുകൊണ്ട് അയാള്‍ പൂച്ച കുറുങ്ങുന്നതുപോലെ ഒരു ഹലോ പറഞ്ഞു.

ഇനിയുള്ള നാല്പത്തെട്ടുമണിക്കൂര്‍ നേരം മുരടനായ, ഒന്നു മര്യാദക്കു ചിരിക്കുക പോലും ചെയ്യാത്ത ഈ മനുഷ്യന്റെ കൂടെ വേണമല്ലോ ഈ മുറിയില്‍ ചിലവഴിക്കേണ്ടത് എന്നാലോചിച്ചപ്പോള്‍, പോക്കറ്റില്‍ നിന്നും വീണ്ടുമൊരു സിഗററ്റെടുത്ത്, കയ്യിലെ കത്തികഴിയാറായ സിഗററ്റില്‍ നിന്നും തീ കൊളുത്തി പുക വളയങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വെറുതേയിരുന്നു.

കട്ടിലില്‍ ബാഗ് വച്ച് ,സായിപ്പ് വീണ്ടും മുറിക്ക് പുറത്തേക്ക് പോയി. ഇനിയെന്തു ചെയ്യണം, എന്നാലോചിക്കുന്നതിന്നിടയില്‍, മുറിയില്‍ പിടിപ്പിച്ചിരിക്കുന്ന സ്പീക്കറിലൂടെ ക്യാപ്റ്റന്റെ അനൌണ്‍സ് മെന്റ് വന്നു. ക്യാപ്റ്റന്റേയും, അസിസ്റ്റന്റ് ക്യാപ്റ്റന്റേയും പേരില്‍ തുടങ്ങി, അക്ഷാംശം, രേഖാംശം, പുറത്തെ കാലാവസ്ഥ, കപ്പല്‍ മണിക്കൂറില്‍ എത്ര നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ പോകും എന്നീ കാര്യങ്ങള്‍ പറഞ്ഞതിന്നൊടുവില്‍ കാലാവസ്ഥ ശരിയാണെങ്കില്‍ ഫിന്‍ലാന്റ് സമയം ഉച്ചക്ക് രണ്ട് മണിയോടെ കപ്പല്‍ ഹെല്‍ സിങ്കി പോര്‍ട്ടില്‍ എത്തുമെന്നും പറഞ്ഞ് എല്ലാവര്‍ക്കും ശുഭയാത്ര നേര്‍ന്ന് അനൌണ്‍സ്മെന്റ് അവസാനിപ്പിച്ചു.
കപ്പലിലെ സൈറണ്‍ മുഴങ്ങി. കപ്പല്‍ സാവധാനത്തില്‍ ലുബെക്ക് പോര്‍ട്ടില്‍ നിന്നും ഹെല്‍ സിങ്കി പോര്‍ട്ട് ലക്ഷ്യമാക്കി യാത്ര തിരിച്ചു. സമയം നാലര കഴിഞ്ഞിരിക്കുന്നു.

കപ്പല്‍ മൊത്തമൊന്നു ചുറ്റിക്കറങ്ങാം എന്നു തീരുമാനിച്ചുകൊണ്ട് മുറി പൂട്ടി ഞാന്‍ ഇറങ്ങി. താഴെ നിന്നു തന്നെയാവട്ടെ തുടക്കം എന്നു കരുതി, ലിഫ്റ്റില്‍ കയറി താഴേക്കിറങ്ങി, കോറിഡോറിലൂടെ നടന്നു റിസപ്ഷന്‍ കൌണ്ടറില്‍ എത്തി ചേര്‍ന്നു. റിസപ്ഷന്‍ കൌണ്ടറില്‍ നേരത്തെ പരിചയപെട്ട സായിപ്പ് ഇരിക്കുന്നുണ്ടായിരുന്നു.

ഹായ് കുറുമാന്‍ ഇരിക്കൂ, ഐയാം നോര്‍ബര്‍ട്ട്, കൈ തന്നുകൊണ്ട് സായിപ്പ് പറഞ്ഞു. നേരത്തെ ഇന്ത്യ കാണാന്‍ അടുത്തു തന്നെ പോകും, കുറച്ച് ഇന്‍ഫര്‍മേഷന്‍ വേണം എന്നു പറഞ്ഞപ്പോള്‍, ഇയാള്‍ എന്റെ പേരോര്‍ത്തു വച്ചിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

ഇന്ത്യയെകുറിച്ച് നോര്‍ബര്‍ട്ട് ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും ഞാന്‍ വാചാലനായി. പ്രത്യേകിച്ചും കേരളത്തെകുറിച്ച് പറഞ്ഞപ്പോള്‍! ഇന്ത്യയില്‍ യാത്രാക്കൂലി യൂറോപ്പിലുള്ളതിന്റെ ഇരുപതില്‍ ഒരംശം പോലും വരില്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ നോര്‍ബര്‍ട്ടിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. പിന്നെ എന്നോട് ചോദിച്ചു, യാത്രാക്കുലി അവിടെ കുറവായിരിക്കാം. ഇവിടേയും നിങ്ങള്‍ക്ക് പല ഒപ്ഷനുകള്‍ ഉണ്ടല്ലോ? കൂടിയതും, കുറഞ്ഞതും?

മനസ്സിലായില്ല?

ട്രാവന്‍മുണ്ടെയില്‍ നിന്നും, ആയിരത്തി അറുനൂറിലതികം ആളുകള്‍ക്ക് യാത്ര ചെയ്യാവുന്ന സാധാരണ യാത്രാകപ്പലില്‍ ശ്രേണിയനുസരിച്ച് മുന്നൂറു മാര്‍ക്ക് മുതല്‍ എഴുന്നൂറു മാര്‍ക്കു വരെ കൊടുത്താല്‍ നിങ്ങള്‍ക്ക് ഹെല്‍ സിങ്കിയിലേക്ക് പോകാമെന്നിരിക്കെ, ലുബെക്കില്‍ നിന്നും പുറപ്പെടുന്ന മുന്നൂറില്‍ താഴെ മാത്രം പാസ്സഞ്ചേഴ്സിനെ കയറ്റുന്ന ഈ കപ്പലടക്കമുള്ള കാര്‍ഗോ കം പാസഞ്ചര്‍ ലക്ഷ്വറി കപ്പലില്‍ ശ്രേണിയനുസരിച്ച് ആയിരം മുതല്‍ ആയിരത്തി എണ്ണൂറ് മാര്‍ക്ക് വരെ കൊടുത്ത് നിങ്ങള്‍ എന്തിന്നു ഹെല്‍ സിങ്കിയില്‍ പോകുന്നു? പാസഞ്ചര്‍ ഷിപ്പിലെ ക്രൌഡഡ് അറ്റ്മോസ്ഫിയറിനോട് താത്പര്യമില്ല, പകരം ഇത്തരം ലക്ഷൂറിയസ് കപ്പലിലെ സൌകര്യങ്ങളോടുള്ള താത്പര്യം, അതല്ലെ കുറുമാന്‍ കാരണം?

ദൈവമേ, എന്തൊരു കൊല ചതി! മൂന്നൂറു മാര്‍ക്കിനു ട്രാവന്മുണ്ടേയില്‍ നിന്നും ഹെല്‍ സിങ്കിയിലേക്ക് കപ്പലുണ്ടെന്ന്‍! മുന്‍പേ ഇതറിഞ്ഞിരുന്നെങ്കില്‍, ജാന്‍സി ചേച്ചിയുടെ കയ്യില്‍ നിന്നും കടം വാങ്ങേണ്ടി വരില്ലായിരുന്നു. അവരുടെ വീട്ടില്‍ പോയി തിരികെ ലുബെക്കില്‍ വരുവാന്‍ ട്രെയിന്‍ ചാര്‍ജായി കൊടുത്ത അത്രയും മാര്‍ക്കു പോലും വരില്ലായിരുന്നു‍, ട്രാവന്മുണ്ടേയില്‍ നിന്നും ഹെല്‍ സിങ്കിയിലേക്കുള്ള കപ്പലിലായിരുന്നു ടിക്കറ്റെടുത്തിരുന്നതെങ്കില്‍. നോര്‍ബര്‍ട്ടിനോട് എന്തു മറുപടി പറയണമെന്നറിയാത്തൊരവസ്ഥ.

ബ്രദര്‍ ഫിന്‍ലാന്റിലുണ്ടെന്നും, ഫിന്‍ലന്റിലേക്കുള്ള വിസകിട്ടുവാന്‍ കണ്‍സുലേറ്റില്‍ വന്നതു മുതല്‍, റിട്ടേണ്‍ ടിക്കറ്റ് ആവശ്യപെട്ടപ്പോള്‍, കാശില്ലാതെ, കടം വാങ്ങാനായി മുടിഞ്ഞ യാത്രാക്കൂലി നല്‍കി ട്രെയിന്‍ പിടിച്ച് കൊളോണ്‍ വരെ പോയി തിരികെ വന്നതും, എംബസി മൂന്നുമണിക്കടക്കുന്നതിന്നു മുന്‍പ്, മറ്റെവിടേയും അന്വേഷിക്കാതെ, കൌണ്‍സിലേറ്റില്‍ നിന്നും എഴുതി തന്ന ട്രാവല്‍ ഏജന്‍സിയില്‍ പോയി ടിക്കറ്റെടുത്ത്, കണ്‍സുലേറ്റില്‍ പോയി കാണിച്ച് വിസ അടിച്ചതു വരേയുള്ള കാര്യങ്ങള്‍ നോര്‍ബര്‍ട്ടിനോട് ഞാന്‍ വിവരിച്ചു.

കുറുമാന്റെ അവസ്ഥയറിയാതെ, ഞാന്‍ എന്തെങ്കിലും ചോദിക്കുകയോ, പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ക്ഷമിക്കൂ.

സാരമില്ല, ഇതൊക്കെ തന്നെയല്ലെ ജീവിതം? എനിക്കൊന്നു കപ്പല്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്, നോര്‍ബര്‍ട്ട്.

ഒരു പത്ത് മിനിറ്റ് കൂടി വെയിറ്റു ചെയ്യൂ കുറുമാന്‍. എന്റെ ഡ്യൂട്ടി ആറുമണിക്ക് തീരും.

ലോഞ്ചിലിരുന്നു, മാസികകള്‍ മറിച്ചുനോക്കുന്നതിന്നിടയില്‍, കോട്ടും, ടൈയ്യും എല്ലാം മാറ്റി നോര്‍ബര്‍ട്ടെത്തി.

വരൂ കുറുമാന്‍, നമുക്ക് അപ്പര്‍ ഡെക്കില്‍ നിന്നും തന്നെ തുടങ്ങാം.

ലിഫ്റ്റില്‍ കയറി പന്ത്രണ്ടാം നിലയിലേക്കാണ് ആദ്യം തന്നെ ഞങ്ങള്‍ പോയത്. ലിഫ്റ്റിറങ്ങി കോറിഡോറിലൂടെ പുറത്തേക്കിറങ്ങി. വിശാലമായ ഓപ്പണ്‍ ഡെക്ക്. വീശിയടിക്കുന്ന തണുത്ത കാറ്റ്. സൂര്യന്‍ അസ്തമിക്കാറായതിനാല്‍, ആകാശമാകെ ചുവന്ന ചായം കോരിയൊഴിച്ച പോലെ. ടൈറ്റാനിക്കിലെ നായകനും നായികയും നിന്ന പോസിലല്ലെങ്കിലും (അന്നു ടൈറ്റാനിക്കിറങ്ങിയിട്ടുണ്ടായിരുന്നില്ല), ഗ്രില്ലില്‍ കൈകുത്തി , തിരകളില്ലാത്ത, മഞ്ഞുറഞ്ഞ കടലില്‍ നോക്കി കുറച്ചു നേരം നിന്നു. പിന്നെ തിരിച്ചു നടന്നു ലിഫ്റ്റിലേക്ക് തന്നെ.

ഓരോരോ ഫ്ലോറുകളിലും, കയറിയിറങ്ങുമ്പോള്‍, നോര്‍ബര്‍ട്ട് അവിടുത്തെ റൂമുകളുടെ, അല്ലെങ്കില്‍ ആ ഫ്ലോറിന്റെ പ്രത്യേകതകള്‍ വിവരിച്ചു തന്നു. ചില ഫ്ലോറില്‍ ഒരാള്‍ക്കു മാത്രം താമസിക്കാവുന്ന വിശാലമായ മുറികള്‍, ചിലതില്‍ നാലു പേര്‍ക്ക് താമസിക്കാവുന്ന ബങ്കര്‍ ടൈപ്പ് ബെഡുള്ള മുറികള്‍. ചിലത് സൂപ്പര്‍ ലക്ഷുറി സ്യൂറ്റ്. ഒരു ഫ്ലോറില്‍, ഒരു ബാസ്ക്കറ്റ് ബാള്‍ കോര്‍ട്ട്, മറ്റൊരു ഫ്ലോറില്‍ വോളിബാള്‍ കോര്‍ട്ട്, രണ്ടു ഫ്ലോറുകളില്‍ സ്വിമ്മിങ്ങ് പൂള്‍. നാലാമത്തെ ഫ്ലോറിലുള്ളത് ഡാന്‍സ് ബാര്‍, രാത്രി ലൈവ് മ്യൂസിക്കുണ്ടാകുമെന്ന് നോര്‍ബര്‍ട്ട് പറഞ്ഞു. പിന്നെ പല സ്ഥലങ്ങളിലായി, ജിം, വേറേയും ബാറുകള്‍, പൂള്‍ ടേബിള്‍‍. താഴത്തെ മിക്ക നിലകളിലും മുറികള്‍ കുറവാണ്. ആ നിലകളില്‍ ഭൂരിഭാഗവും കാര്‍ഗോ സ്റ്റഫ് ചെയ്തിരിക്കുന്നു.

നടന്നു നടന്നു വീണ്ടും റിസപ്ഷന്‍ കൌണ്ടറിന്നടുത്തെത്തി. കൈ ചൂണ്ടി കൊണ്ട് നോര്‍ബര്‍ട്ട് പറഞ്ഞു, ദാ ആ കാണുന്നതാണ് ഡൈനിങ്ങ് ഹാള്‍, ഇപ്പുറത്ത് കാണുന്നത് ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഈ കോറിഡോറിന്റെ അവസാനം മറ്റൊരു ബാറുമുണ്ട്.

ശരിക്കും പറഞ്ഞാല്‍ ഒരൊന്നാന്തരം കപ്പല്‍. കയ്യില്‍ കാശില്ല എന്നൊരൊറ്റ കുറവുമാത്രം.

ഡിന്നറിന്നു സമയമാകാറായി. അപ്പോള്‍ ഇനി നമുക്ക് രാത്രിയിലോ, നാളെ രാവിലേയോ കാണാം കുറുമാന്‍. യാത്രപറഞ്ഞ്, നോര്‍ബര്‍ട്ട് അയാളുടെ വഴിക്ക് പോയി.

മുറിയില്‍ പോയി ആ മുരടന്റെ മുഖം കണ്ടിരിക്കുന്നതിലും ഭേദം ഇവിടെ ലോഞ്ചിലിരുന്ന് അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ആളുകളെ വീക്ഷിക്കുന്നതാണ് നല്ലതെന്നു തോന്നിയതിനാല്‍ ലോഞ്ചില്‍ വെറുതെ ഇരുന്നു.

ഡിന്നറിന്നു സമയമായി, എല്ലാവരും ഡൈനിങ്ങ് ഹാളിലേക്ക് വരുവാന്‍ പറഞ്ഞുള്ള അറിയിപ്പ് കേട്ടു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍, ആ അറിയിപ്പ് കേട്ടപ്പോള്‍ വെറുതെ ഒരു സന്തോഷം തോന്നി. മണി ഏഴു കഴിഞ്ഞിട്ടേയുള്ളൂ.

എല്ലാ ഫ്ലോറുകളിലുമുള്ള ആളുകള്‍ ലിഫ്റ്റിലൂടെയും, കോണിപടികളിലൂടേയും ഇറങ്ങി ഡൈനിങ്ങ് ഹാളിലേക്ക് പോകുന്നത് കാണാം. അതികം നേരം കാത്തിരുന്നാല്‍ ഭക്ഷണം തീരുമോ എന്നൊരു ശങ്ക തോന്നിയതിനാല്‍, ഞാനും എഴുന്നേറ്റ് ഡൈനിങ്ങ് ഹാളിലേക്ക് നടന്നു.

വിശാലമായ ഡൈനിങ്ങ് ഹാള്‍. നിരത്തിയിട്ടിരിക്കുന്ന മേശകളും കസേരകളും. ഹാളിന്റെ രണ്ട് ഭാഗത്തും ബുഫെറ്റ് ടേബിള്‍ സെറ്റ് ചെയ്തിരിക്കുന്നു. ബുഫെറ്റ് ടേബിളിന്റെ അരികിലായുള്ള മറ്റൊരു ടേബിളില്‍, പല വലുപ്പത്തിലുള്ള പ്ലെയിറ്റുകള്‍, ബൌളുകള്‍, വിവിധ തരം, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, ക്നൈഫുകള്‍, ഇവയെല്ലാം പെറുക്കി വച്ച്, ഇരിക്കുന്ന തീന്‍ മേശയിലേക്കു കൊണ്ടു പോകുവാന്‍ വലുപ്പമേറിയ ട്രേകള്‍ വേറെയും.

തിക്കും, തിരക്കും കൂട്ടാതെ, വളരെ ശാന്തരായി, ഒരു നിശ്ചിത അകലം വിട്ട് വരിയില്‍ നിന്ന്, ഓരോരുത്തരായി, ട്രേയെടുത്ത്, അതില്‍ പ്ലെയിറ്റും, ബൌളും, മറ്റു ഫോര്‍ക്ക്, ക്നൈഫ്, സ്പൂണുകളും, ടിഷ്യൂവും എടുത്ത് വച്ച്, ബുഫേ ടേബിളില്‍ നിന്ന് അവരവര്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ എടുത്ത് ഓരോരോ മേശമേല്‍ ഇരുന്നു കഴിക്കുന്നു. കുറച്ചു സമയം അവര്‍, എടുക്കുന്ന പ്ലെയിറ്റുകള്‍, ബൌളുകള്‍, പിന്നെ എടുക്കുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്ന രീതി എന്നിവയെല്ലാം നോക്കി ഹാളിന്റെ ഒരു മൂലക്ക് വെറുതെ നിന്നും. പിന്നെ സാവധാനം ചെന്ന് വരിയില്‍ നിന്നു.

എന്റെ ഊഴമെത്തിയപ്പോള്‍, ട്രേ എടുത്തു, പിന്നെ പ്ലെയിറ്റും, ബൌളും, കത്തി, മുള്ള്, കരണ്ടികളും എടുത്ത് ട്രേയില്‍ വച്ചു. പിന്നെ ബുഫെറ്റ് ടേബിളിന്നു ചുറ്റും വെറുതെ ഒരു റൌണ്ട് നടന്നു. കടലീന്നു പിടിച്ച്, വെറുതെ പച്ചക്ക് വച്ചിരിക്കുന്ന, ലോബ്സ്റ്റര്‍ മുതല്‍, ചെമ്മീന്‍, സാല്‍മണ്‍, മറ്റു പല തരം മീനുകള്‍, പല തരം വേവിച്ചതും, വേവിക്കാത്തതും, ചുട്ടതും, പുകയത്ത് വാട്ടിയതുമായ മാംസ വിഭവങ്ങള്‍‍, ഒന്നു രണ്ടു തരം ചോറു വിഭവങ്ങള്‍, പല തരം ബ്രെഡുകള്‍, ബണ്ണുകള്‍, ചീസുകള്‍, ബിസ്ക്കറ്റുകള്‍, കേക്കുകള്‍, സൂപ്പുകള്‍, പഴങ്ങള്‍, ജ്യൂസുകള്‍, ചായ, കാപ്പി, കപ്പൂച്ചിനോ, എന്നു വേണ്ട ഒട്ടനവധി വിഭവങ്ങള്‍. പലതിന്റേയും പേരറിയാത്തതിനാല്‍ (അന്നുമില്ല, ഇന്നുമില്ല), അറിയുന്ന ഭക്ഷണവിഭവങ്ങള്‍ അല്പാല്പമായി പ്ലെയിറ്റിലേക്കിട്ട്, ആളൊഴിഞ്ഞ ഒരു മൂലക്കുള്ള ഒരു ടേബിളില്‍ സ്ഥലം പിടിച്ചു.

ഒന്നിലും, പാകത്തിനുപ്പോ, മുളകോ, പുളിയോ, ഒന്നുമില്ല. വിശപ്പുണ്ടായിരുന്നതിനാല്‍ സ്വാദൊരു പ്രശ്നമായി തോന്നിയില്ല, ചെമ്മീന്‍ തലയും, വാലും, എന്തിന്നു തോലുപോലും കളയാതെ പുഴുങ്ങി വച്ചിരിക്കുന്നതിന്ന് അല്പം സ്വാദു തോന്നി, കാലിയായ പ്ലേറ്റുമെടുത്ത്, രണ്ടാമത്തെ റൌണ്ടിനായി പോയി. ലോബ്സ്റ്റര്‍ എടുക്കണമെന്നുണ്ടായിരുന്നുവെങ്കിലും, അതിന്റെ തോലുപൊളിക്കാന്‍ ജീവിതത്തില്‍ മുന്‍പൊരിക്കലും അവസരം ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍, ആ സാഹസം വേണ്ട എന്നു തീരുമാനിച്ചു. ഒരു പ്ലെയിറ്റ് നിറയെ മുഴുത്ത ചെമ്മീന്‍ എടുത്തു തിരികെ വന്നു. സാവധാനത്തില്‍ തോലൊക്കെ പൊളിച്ച് ബ്രെഡ്ഡിലും, ബണ്ണിലും മാറി മാറി തിരുകി കഴിച്ചപ്പോള്‍ വയറു നിറഞ്ഞ പോലെ തോന്നി.

ചായയോ, കാപ്പിയോ കുടിക്കാനുള്ള ഒരു മൂഡ് ഉണ്ടായിരുന്നില്ല ആ തണുപ്പത്ത്. വയറു നിറഞ്ഞു കഴിഞ്ഞു. ഇനി മുറിയില്‍ പോയാല്‍ മുക്കാല്‍ കുപ്പിയോളം ബാഗ്പൈപ്പര്‍ ബാഗിലുള്ളത് വച്ച് ദാഹം തീര്‍ക്കാം എന്ന് മനസ്സ് പറഞ്ഞു. മുറിയിലേക്ക് നടക്കുന്നതിന്നിടക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പ് കണ്ണില്‍ പെട്ടു.

കാണാനായി കാശു മുടക്കേണ്ടതില്ലല്ലോ, എന്ന മനോധൈര്യത്താല്‍ വെറുതെ ഒന്നു കയറി. ഒരു വശത്ത് ചോക്ക്ലേറ്റുകള്‍, വേറൊരു വശത്ത് പല തരം സിഗററ്റുകള്‍, ലൈറ്ററുകള്‍, വേറൊരു വശത്ത് വിലപിടിച്ചതും, പിടിക്കാത്തതുമായ പല നിറത്തിലുള്ള, പല പേരുകളിലുള്ള, പല വിധത്തിലുള്ള മദ്യകുപ്പികള്‍ അങ്ങനെ നിരന്നിരിക്കുന്നു. ഹൌ എന്താ കാഴ്ച! ഷെല്‍ഫുകളില്‍ ബിയറിന്റെ ക്യാനുകള്‍ നിരത്തി വച്ചിരിക്കുന്നു. വിലയും, പേരും, തരവും, നോക്കി നടക്കുന്നതിന്നിടയില്‍ ഒരു ഷെല്‍ഫില്‍ കണ്ണുടക്കി. ആറു ബിയറിന്നു വെറും 5.50 മാര്‍ക്ക് മാത്രം. എന്റെ മനസ്സില്‍ ആശയങ്ങള്‍ മിന്നി മറഞ്ഞു.
പോക്കറ്റില്‍ ഏഴു മാര്‍ക്ക് വെറുതെ കിടക്കുന്നു. ഭക്ഷണമാണെങ്കില്‍ കപ്പലില്‍ ഫ്രീ. വെറുതെ പോക്കറ്റില്‍ കിടന്നിട്ട് ആ ഏഴു മാര്‍ക്ക് എന്തായാലും പ്രസവിക്കാനൊന്നും പോകുന്നില്ല. എന്നാല്‍ പിന്നെ?? വലയോടുകൂടി ആറു ക്യാന്‍ കയ്യിലെടുത്തു. കൌണ്ടറില്‍ പോയി പോക്കറ്റില്‍ നിന്നും 5.50 മാര്‍ക്കെടുത്ത് കൊടുത്തു. പിന്നെ പ്ലാസ്റ്റിക് കവറിലിട്ടു തന്ന ബിയറുമായി ലിഫ്റ്റ് കയറി മുറിയിലേക്ക് പോയി.

മുറി തുറന്നുള്ളില്‍ കയറിയപ്പോള്‍, മുരടന്‍ സിഗററ്റും വലിച്ച് അയാളുടെ കട്ടിലില്‍ ഇരിക്കുന്നുണ്ട്. പോകാന്‍ പറ പുല്ല്. ബിയറടിച്ച്, രണ്ട് സിഗററ്റൊക്കെ വലിച്ച് സാവധാനം കിടന്നുറങ്ങാം. കവറില്‍ നിന്നും ബിയറെടുത്ത് ടീപ്പോയില്‍ വച്ചു. മദ്യപാനത്തിന്നൊരു രസം ലഭിക്കണമെങ്കില്‍ കമ്പനിക്കാരെങ്കിലും വേണം. മുരടനായാലെന്താ, ഇപ്പോള്‍ ഇയാള്‍ എന്റെ സഹമുറിയനല്ലെ? ഇനിയും രണ്ടു ദിവസം സഹമുറിയനായിരിക്കുകയും ചെയ്യും. ഒന്നുമില്ലെങ്കിലും, മറ്റൊരാള്‍ നോക്കിയിരിക്കുമ്പോള്‍ തനിച്ചു കഴിക്കുന്നത് നമ്മുടെ സംസ്കാരത്തിന്നു യോജിച്ചതല്ലല്ലോ? ഇയാള്‍ കുടിക്കാന്‍ കൂടുന്നോ എന്നൊന്നു ചോദിച്ചു കളയാം.

ഹായ്, ഞാന്‍ കുറുമാന്‍, ഫ്രം ഇന്ത്യ. ബിയറടിക്കാന്‍ കുടുന്നോ ഒരു കമ്പനിക്ക്?

നിമിഷ നേരത്തിന്റെ ആലോചനക്കൊടുവില്‍ അയാള്‍ കൈ നീട്ടി കൊണ്ടു പറഞ്ഞു, അയാം തിമോ, ഫിന്നിഷ്, തുടര്‍ന്ന് വിശാലമായൊന്നു പുഞ്ചിരിച്ചു തിമോ.

അതു ശരി, അപ്പോള്‍ ഇയാള്‍ക്ക് ഇങ്ങനേയും ചിരിക്കാന്‍ അറിയാമല്ലേ? തിമോയെ ഒരു മുരടനായി തെറ്റിദ്ധരിച്ചതില്‍ എനിക്ക് ഖേദം തോന്നി.

ഒരു ബിയര്‍ എടുത്ത് പൊട്ടിച്ച് ഞാന്‍ തിമോവിനു നല്‍കി, ഒന്ന് ഞാനുമെടുത്തു.

ചീയേഴ്സ്, ക്യാനുകള്‍ കൂട്ടിമുട്ടി, ബിയറിന്റെ പത നുരഞ്ഞു പൊങ്ങി.

ഞാന്‍ ഫിന്‍ലന്റിലുള്ള സഹോദരനെ കാണുവാന്‍ പോകുന്നതാണെന്നും മറ്റും ഞാന്‍ തിമോയോട് പറഞ്ഞു.

ബിയറിന്‍ ക്യാനുകള്‍ രണ്ടും, മൂന്നും, നാലും കഴിഞ്ഞു. ജര്‍മ്മനിയില്‍ ഷെഫായി വര്‍ക്കു ചെയ്യുകയാണെന്നും, ഇരുപതു ദിവസത്തെ ലീവിന്നു ഫിന്‍ലാന്റിലേക്ക് പോകുകയാണെന്നും മാത്രമേ ഇത്രയും നേരമായിട്ടും തിമോ എന്നോട് പറഞ്ഞത്.

ടിന്നുകള്‍ ആറും കഴിഞ്ഞു. ഞാന്‍ വാര്‍ഡ് റോബില്‍ നിന്നും ബാഗെടുത്ത്, ബാഗ്പൈപ്പറിന്റെ കുപ്പിയെടുത്ത് മേശപുറത്തു വച്ചു.
മിണ്ടാതിരുന്ന് കുടിയിലും, സിഗററ്റ് വലിയിലും, ഞാന്‍ പറയുന്നതിലും മാത്രം ശ്രദ്ധിച്ചിരുന്ന തിമോ പൊടുന്നനെ വാചാലനായി.
നോ കുറുമാന്‍, നോ മോര്‍ ഫ്രം യുവര്‍ ബോട്ടില്‍. നിനക്കറിയുമോ, ഞാന്‍ എന്തിനാണു ഫിന്‍ലാന്റിലേക്ക് പോകുന്നതെന്ന്? ഞാന്‍ ഒരച്ഛനായിരിക്കുന്നു. സുന്ദരിയായ ഒരു പെണ്‍
കുട്ടിക്ക് ഇന്നലെ എന്റെ ഭാര്യ ജന്മം നല്‍കി. ഞങ്ങളുടെ നാട്ടുകാര്‍ സുഹൃത്തുക്കള്‍ക്കുപോലും കാരണമില്ലാതെ ഡ്രിങ്ക്സ് ഒന്നും വാങ്ങി നല്‍കില്ല, ഇന്നു പരിചയപെട്ട എനിക്കു നീ ബിയറുകള്‍ വാങ്ങിച്ചു നല്‍കി. ഇപ്പോള്‍ ഇതാ വിസ്കി കുടിക്കുവാനും എന്നെ നിര്‍ബന്ധിക്കുന്നു. അച്ഛനായതിന്റെ സന്തോഷം പങ്കുവക്കാനാണ് ഞാന്‍ ഫിന്‍ലാന്റിലേക്ക് പോകുന്നത്, ആ സന്തോഷം നീയുമായി പങ്കു വച്ചു തന്നെ ഞാന്‍ തുടങ്ങട്ടെ. നീ മറുത്തൊന്നും പറയരുത്. ഇനി കപ്പല്‍ ഹെല്‍ സിങ്കി എത്തുന്നതുവരെയുള്ള എല്ലാ ഡ്രിങ്ക്സുകളും എന്റെ വക. ദയവു ചെയ്തു നിരസിക്കരുത്.

അതു വേണോ തിമോ? കയ്യില്‍ കാശൊന്നുമില്ലെങ്കിലും ഞാന്‍ വെറുതെ ചോദിച്ചു.

വേണം, വേണം, തീര്‍ച്ചയായും വേണം. നിന്റെ സന്തോഷമാണിന്നെന്റെ സന്തോഷം.

എങ്കില്‍ ഇന്നത്തെ രാത്രി മാത്രം ഡ്രിങ്ക്സ് നിന്റെ വക അല്ലാതെ ഹെല്‍ സിങ്കി വരെയൊന്നും വേണ്ട.

പ്ലീസ് കുറുമാന്‍ ഞാന്‍ പറയുന്നത് കേള്‍ക്കൂ. ഈ കപ്പലിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലും, ബാറിലും, ഡ്രിങ്ക്സിനു വില വളരെ കുറവാണ്. ആയതിനാല്‍, ഇനി ഈ തീരുമാനത്തിന്നൊരു മാറ്റവും ഇല്ല. ഹെല്‍ സിങ്കി വരേയുള്ള യാത്രക്കിടയില്‍ മൊത്തം ഡ്രിങ്ക്സ് എന്റെ വക.

മനസ്സില്‍ തിരയടിച്ച ആഹ്ലാദം, മുഖത്തു പടരാതിരിക്കുവാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ പറഞ്ഞു, നിന്റെ ഇഷ്ടം പോലെ തിമോ.

എങ്കില്‍ കുറുമാന്‍ ഇവിടെ ഇരിക്ക്, ഞാന്‍ ഇപ്പോള്‍ വരാമെന്നും പറഞ്ഞ്, തിമോ പുറത്തേക്ക് പോയി.

ഇരുപത് മിനിറ്റുകള്‍ക്കുള്ളില്‍ കയ്യില്‍ രണ്ടു വലിയ കവറുകളുമായി തിമോ വന്നു. രണ്ട് കേസോളം ബിയറുകള്‍, രണ്ട് ഫിന്‍ലാന്റിയ വൊഡ്ക, ഒരു കോണ്യാക്, ജ്യൂസ് പായ്ക്കറ്റുകള്‍, നട്സുകള്‍. എല്ലാം വലിയ മേശമേല്‍ നിരത്തി വച്ചു. ഗ്ലാസുകളില്‍ വൊഡ്കയും, ജ്യൂസും പകര്‍ന്ന് ഒരു ഗ്ലാസ് എനിക്കു നല്‍കി.

ചീയേഴ്സ്. ഗ്ലാസുകള്‍ പരസ്പരം കൂട്ടിമുട്ടി.

പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റിന്നുള്ള അനൌണ്‍സ്മെന്റ് കേട്ടപ്പോളാണു ഞാന്‍ കണ്ണു തുറന്നത്. തിമോ സിഗററ്റും വലിച്ചുകൊണ്ടവന്റെ കട്ടിലില്‍ ഇരിക്കുന്നുണ്ട്. കുറുമാന്‍ വേഗം തയ്യാറാവൂ, ബ്രേക്ക് ഫാസ്റ്റിനൊരുമിച്ച് പോകാം.

പ്രാഥമിക കൃത്യങ്ങള്‍ പെട്ടെന്നു നിര്‍വ്വഹിച്ച് ഞാന്‍ പുറത്തിറങ്ങി. പിന്നെ തിമോയുമൊന്നിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാന്‍ താഴേക്ക് പോയി. ഡിന്നര്‍ പോലെ സ്വാദു കുറഞ്ഞതായിരുന്നില്ല ബ്രേക്ക് ഫാസ്റ്റിന്നുള്ള വിഭവങ്ങള്‍. പലതും ആദ്യമായി കഴിക്കുന്നതായിരുന്നെങ്കിലും നല്ല സ്വാദും തോന്നി.

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നതിനാല്‍, പിറ്റേന്നുച്ചക്ക് ലഞ്ചിനായുള്ള സമയം ആയെന്ന് അനൌണ്‍സ് ചെയ്യുന്നതു വരെ, ഞങ്ങള്‍ വൊഡ്കയും, കോണ്യാക്കും, ബിയറും മാറി മാറി കഴിച്ചു. അതിന്നിടയില്‍ പലപ്പോഴും, സ്വമ്മിങ്ങ് പൂളില്‍ പോയി നീന്തി. അപ്പര്‍ ഡെക്കില്‍ പോയി ആകാശവും, കടലും കണ്ട്, തണുത്ത് മരവിച്ച നിന്നു. ആര്‍മാദത്തിന്റെ മണിക്കൂറുകള്‍, ദിനങ്ങള്‍.

കപ്പല്‍ ഹെല്‍ സിങ്കി പോര്‍ട്ടില്‍ കുറച്ചു സമയത്തിനുള്ളില്‍ തന്നെ നങ്കൂരമിടുമെന്നും, യാത്രക്കാര്‍ എല്ലാം പാസ്പോര്‍ട്ടും മറ്റു യാത്രാ രേഖകളുമായി തയ്യാറാവണമെന്നും ക്യാപ്റ്റന്റെഅനൌണ്‍സ്മെന്റ് വന്നു.

ഹെല്‍ സിങ്കിയില്‍ ചെന്നു ബ്രദറിനെ കണ്ട ശേഷം, ഫ്രീയായാല്‍ വിളിക്കണം എന്നു പറഞ്ഞ് തിമോ, അദ്ദേഹത്തിന്റെ നമ്പര്‍ ഒരു കടലാസ്സില്‍ എഴുതി എനിക്ക് നല്‍കി. കുട്ടിയെ കാണുവാനുള്ള തിമോയുടെ തിടുക്കം എനിക്കു മനസ്സിലായി. എല്ലാ വിധ നന്മകളും, യാത്രാമംഗളങ്ങളും നേര്‍ന്നുകൊണ്ട് അദ്ദേഹത്തെ ഞാന്‍ യാത്രയാക്കി. ബാഗുമെടുത്ത് യാത്ര പറഞ്ഞ് തിമോ, മുറിയില്‍ നിന്നുമിറങ്ങി.

പുറത്തു വലിച്ചു വാരിയിട്ടിരുന്ന ബ്ലാങ്കറ്റും, തോര്‍ത്തും, മറ്റും ബാഗില്‍ എടുത്ത് വച്ച്, ബാഗെടുത്ത് ഞാനും താഴത്തിറങ്ങി.

പാസ്സ്പോര്‍ട്ടും മറ്റു യാത്രാ രേഘകളും കയ്യില്‍ പിടിച്ചുകൊണ്ട് യാത്രക്കാരുടെ,ഒരു വലിയ നീണ്ട നിര തന്നെ ഉണ്ട്. എന്റെ പാസ്പോര്‍ട്ട് കയ്യില്‍ പിടിച്ചുകൊണ്ട് ആ നീണ്ട വരിയില്‍ ഒരാളായി ഞാനും നിന്നു.

യൂണിഫോം മാറി, ട്രോളി ബാഗും വലിച്ചുകൊണ്ട് നടന്നുപോകുകയായിരുന്ന നോര്‍ബര്‍ട്ട് എന്നെ കണ്ടു. പിന്നെ എന്റെ കയ്യില്‍ നിന്നും പാസ്പോര്‍ട്ട് വാങ്ങി, എന്നേയും വിളിച്ചുകൊണ്ട് വേറെ ഒരു ദിശയിലേക്കു നടന്നു. സ്റ്റാഫുകള്‍ക്കായുള്ള കൌണ്ടറില്‍ അവരുടെ പാസ്പോര്‍ട്ടിനൊപ്പം, എന്റേയും പാസ്സ്പോര്‍ട്ട് നല്‍കി. ഇമ്മിഗ്രേഷന്‍ ഓഫീസര്‍ എന്റെ പാസ്പ്പോര്‍ട്ടില്‍ എന്‍ ട്രി സ്റ്റാമ്പടിച്ച്, പാസ്സ്പോര്‍ട്ടെനിക്കു തിരിച്ചു നല്‍കി. സ്റ്റാഫുകള്‍ പുറത്തിറങ്ങുന്ന വഴിയെ എന്നേയും കൂട്ടി നോര്‍ബര്‍ട്ട് പുറത്തിറങ്ങി. പുറത്തിറങ്ങിയതും, എന്നോട് യാത്ര പറഞ്ഞ്, നോര്‍ബര്‍ട്ട്, അവരെ കാത്തു നിന്നിരുന്ന ബസ്സില്‍ കയറി പോയി.

ആദി കുറുമാനെ നോക്കി കൊണ്ട് അവിടെ ഞാന്‍ കാത്തു നില്‍പ്പു തുടങ്ങി. അഞ്ചു മിനിറ്റ് കഴിഞ്ഞു, പത്തു മിനിറ്റു കഴിഞ്ഞു, അര മണിക്കൂര്‍ കഴിഞ്ഞു, കപ്പലില്‍ എന്റെ കൂടെ യാത്ര ചെയ്തിരുന്നവരെല്ലാം പുറത്തിറങ്ങി പോയി കഴിഞ്ഞു.

ചെറുതായി മഞ്ഞു പെയ്യാന്‍ തുടങ്ങി. ആദി കുറുമാനെയൊട്ടും കാണുന്നുമില്ല. കയ്യിലാണെങ്കില്‍ ആദി കുറുമാന്റെ അഡ്രസ്സും, ഫോണ്‍ നമ്പറും, ഒന്നര ഡോയിഷ് മാര്‍ക്കും മാത്രം.

എന്തായാലും, വരുന്നിടത്തു വച്ചു കാണാം എന്നു കരുതി ബാഗെടുത്ത് തോളത്തിട്ട് ഞാന്‍ നടക്കാന്‍ തുടങ്ങി.

Thursday, December 21, 2006

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 8

ആളുകള്‍ നടന്നുപോകുന്നതിന്‍റേയും, സംസാരിക്കുന്നതിന്‍റേയും ശബ്ദം കേട്ട് ഞാന്‍ ഉണര്‍ന്നു. സമയം എട്ട് കഴിഞിരിക്കുന്നു. ബെഞ്ചില്‍ നിന്നും എഴുന്നേറ്റ്, കമ്പിളി മടക്കി ബാഗില്‍ വച്ചതിനു ശേഷം വാഷ് റൂമില്‍ പോയി ഫ്രെഷായി. പിന്നെ സ്റ്റേഷനില്‍ തന്നെയുള്ള ഒരു കടയില്‍ നിന്നും ഇരുപത്തഞ്ചു മാര്‍ക്കു നല്‍കി ഒരു ടെലഫോണ്‍ കാര്‍ഡു വാങ്ങി, കടക്കടുത്തു തന്നെയുള്ള ഒരു ബൂത്തില്‍ കയറി ജാന്‍സി ചേച്ചിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.

അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം കേട്ടതും ഞാന്‍ മലയാളത്തില്‍ തന്നെ ചോദിച്ചു, ജാന്‍സി ചേച്ചിയാണോ?

അതെ ആരാ?

ചേച്ചീ ഞാന്‍ കുറുമാന്‍. ഡെല്‍ഹിയില്‍ നിന്നും വന്നതാ. ആന്‍സി ചേച്ചി കുറച്ച് കാഷ്യൂനട്ട്സ് തന്നയച്ചിട്ടുണ്ട്. അത് ചേച്ചിക്ക് തരുവാന്‍ വേണ്ടി അങ്ങോട്ട് ഞാന്‍ വരാം.

ഉവ്വ്. ആന്‍സി ഫോണ്‍ ചെയ്ത് എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ കോളോണില്‍ നിന്നും കുറച്ച് മാറിയാണ് താമസിക്കുന്നത്. കുറുമാന്‍ അവിടെ നിന്ന് ഒരു ട്രെയിന്‍ പിടിച്ച് കോളോണില്‍ വരൂ. കോളോണില്‍ വന്നതിന്നു ശേഷം സ്റ്റേഷനില്‍ നിന്നും പുറത്ത് കടന്നാല്‍ ബസ് സ്റ്റേഷന്‍ കാണാം. അവിടെ നിന്നും ഇത്രാം നമ്പര്‍ ബസ്സ് പിടിച്ച് റാഡര്‍ബര്‍ഗ് സ്റ്റ്രാസ്സിയിലേക്കുള്ള ടിക്കറ്റെടുത്ത്, ആ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ സ്ട്രീറ്റ് നമ്പര്‍ 7, ബില്‍ഡിങ്ങ് നമ്പര്‍ 4/22. എനിക്കിന്ന് ഓഫാണ് ഞാന്‍ ഇവിടെ തന്നെ കാണും,

ശരി ചേച്ചി, അപ്പോള്‍ നേരില്‍ കാണാം. ഫോണ്‍ കാര്‍ഡ് തിരിച്ചെടുത്ത് പോക്കറ്റില്‍ നിക്ഷേപിച്ച ശേഷം ടിക്കറ്റ് കൌണ്ടറിലേക്ക് ചെന്ന് കൊളോണിലേക്കുള്ള ഒരു ടിക്കറ്റ് ആവശ്യപെട്ടു. നാട്ടിലെ മൂവായിരം രൂപ! രണ്ടു കിലോ കശുവണ്ടിക്ക് മുന്നൂറു രൂപ, അതു കൊടുക്കാന്‍ വേണ്ടി വരുന്ന ചിലവ് മൂവായിരം രൂപ. പണ്ടാരം. ഫോണ്‍ ചെയ്തു പറഞ്ഞില്ലായിരുന്നെങ്കില്‍ പോകാതിരിക്കാമായിരുന്നു.

ഇല്ല, ആന്‍സിചേച്ചിയുടെ കുടുംബവും ഞങ്ങളും തമ്മിലുള്ള സൌഹൃദം വച്ച് എനിക്ക് പോകാതിരിക്കാനാവില്ല. പോക്കറ്റില്‍ നിന്നും മാര്‍ക്ക് എടുത്ത് നല്‍കി ഞാന്‍ ടിക്കറ്റ് വാങ്ങി. വണ്ടി വരുന്ന പ്ലാറ്റ് ഫോം നമ്പറും മറ്റും ചോദിച്ച് മനസ്സിലാക്കി, കോളണിലേക്കുള്ള ട്രെയിന്‍ വരുന്ന പ്ലാറ്റ് ഫോമില്‍ പോയി, ട്രെയിനിനായുള്ള കാത്തിരുപ്പ് തുടങ്ങി. നല്ല തണുപ്പുണ്ട്. ഞാന്‍ ഇരിക്കുന്നതിന്നു തൊട്ടുമുന്‍പിലുള്ള കടയില്‍ വന്ന് യാത്രക്കാര്‍, ചായയും, മറ്റ് പേരറിയാത്ത പല ആഹാര സാധനങ്ങളും വാങ്ങി കഴിക്കുന്നത് നോക്കികൊണ്ട് ഞാന്‍ വിശക്കുന്ന വയറുമായി വെറുതെ ഇരുന്നു. ഒരു ചായ കുടിച്ചാല്‍ കൊള്ളാം എന്ന ആഗ്രഹം ഞാന്‍ മുളയിലേ നുള്ളിയതിന്നു പിന്നില്‍, പൈസയല്ലായിരുന്നു, മറിച്ച്, വെറും ചൂടു വെള്ളവും, തേയില പാക്കറ്റും, പഞ്ചസാരയുടെ ഒരു പാക്കറ്റും മാത്രമാണ് അവരുടെ ചായ പാക്കേജ് എന്നതായിരുന്നു കാരണം.

കാത്തിരിപ്പിന്നിടയില്‍ ട്രെയിന്‍ വന്നു നിന്നതും, തിക്കും തിരക്കുമൊന്നും കൂട്ടാതെ ആളുകള്‍ ട്രെയിനിലേക്ക് കയറുന്നതിനൊപ്പം ഞാനും കയറി ഒരു വിന്‍ഡോ സീറ്റില്‍ ഇരുന്നു. ശബ്ദകോലാഹലങ്ങളൊന്നും ഇല്ലാതെ ട്രെയിന്‍ നല്ല വേഗതയില്‍ ഇടക്കിടെയുള്ള സ്റ്റോപ്പുകളില്‍ നിറുത്തി ആളുകളെ ഇറക്കിയും കയറ്റിയും, യാത്ര തുടര്‍ന്നു. തിരക്കേറിയ സിറ്റിയിലൂടെയല്ല ട്രെയിന്‍ പോയി കൊണ്ടിരുന്നത്, മറിച്ച് ഭംഗിയേറിയ ഗ്രാമങ്ങളിലൂടെ, പുകക്കുഴലുള്ള ചെറിയ ചെറിയ വീടുകള്‍ക്കു മുന്നിലൂടെ, കൃഷി സ്ഥലങ്ങള്‍ക്കിടയിലൂടെ. അതി മനോഹരമായ കാഴ്ചകളായിരുന്നു എങ്ങും. കാഴ്ചകള്‍ കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല. ട്രെയിന്‍ കൊളോണിലെത്തിയപ്പോഴാണ് സ്ഥലകാലബോധത്തിലേക്ക് തിരിച്ച് വന്നതു തന്നെ!

ട്രെയിനില്‍ നിന്നിറങ്ങി, ഫ്രാങ്ക് ഫര്‍ട്ട് സ്റ്റേഷനെ അപേക്ഷിച്ചു നോക്കിയാല്‍ കൊളോണ്‍ സ്റ്റേഷന്‍ വളരെ ചെറിയതാണ്. സ്റ്റേഷനില്‍ നിന്നും പുറത്ത് കടക്കും മുന്‍പ് തന്നെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൌണ്ടര്‍ കണ്ടപ്പോള്‍, റാഡര്‍ബര്‍ഗര്‍സ്ട്രാസിയിലേക്ക് പോകേണ്ടതെങ്ങിനെയെന്നും, ബസ്സ് എവിടെ നിന്ന് കിട്ടുമെന്നും അന്വേഷിച്ചു. വ്യക്തമായ മറുപടിയും, ബസ്റ്റ് സ്റ്റേഷന്റെ ദിശയും അവിടെയുണ്ടായിരുന്ന മദാമ്മ പറഞ്ഞു തന്നു. അവര്‍ക്കൊരു നന്ദി പറഞ്ഞു കൊണ്ട് ബസ് സ്റ്റേഷന്റെ ദിശയെ ലക്ഷ്യമാക്കി നടന്നു.

ബസ്സ് സ്റ്റോപ്പില്‍ ചെന്നു നിന്നു നിമിഷങ്ങള്‍ക്കകം തന്നെ പോകേണ്ട ബസ്സ് വന്നതിനാല്‍, ബസ്സ് സ്റ്റോപ്പില്‍ തണുത്തു വിറച്ചു കാത്തു നില്‍ക്കേണ്ടി വന്നില്ല. ബസ്സ് ഡ്രവറോട് ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ പറയണം എന്നു പറഞ്ഞിരുന്നതിനാല്‍ അരമണിക്കൂറില്‍ താഴെ മാത്രമെടുത്ത യാത്രക്കൊടുവില്‍ എനിക്കിറങ്ങേണ്ട ബസ്സ് സ്റ്റോപ്പ് വന്നതും ഡ്രൈവര്‍ എന്നോട് ഇറങ്ങികൊള്ളാന്‍ പറഞ്ഞു.

ബാഗ് തോളിലിട്ട് ഞാന്‍ റാഡര്‍ബര്‍ഗര്‍സ്റ്റ്രാസിയിലെ, സ്ട്രീറ്റ് നമ്പര്‍ 7 അന്വേഷിച്ച് മുന്നോട്ട് നടന്നു. വഴിയില്‍ കുത്തി നിറുത്തിയിട്ടുള്ള വഴികാര്‍ട്ടി ബോര്‍ഡില്‍ നിന്നും സ്റ്റ്രീറ്റ് എന്നതിന്ന് ഡോയിഷില്‍ സ്റ്റ്രാസ്സി എന്നാണെന്നു മനസ്സിലാക്കിയതിനാല്‍, ഡോയിഷ് പഠിക്കാതെ തന്നെ സ്റ്റ്രീറ്റ് നമ്പര്‍ 7 ഞാന്‍ കണ്ടു പിടിച്ചു. അതിലൂടെ മുന്‍പോട്ട് നടന്നപ്പോള്‍ ബില്‍ഡിങ്ങ് നമ്പര്‍ 4 കണ്ടു. ഇനി അതില്‍ കയറി അവരുടെ ഫ്ലാറ്റ് നമ്പര്‍ 22 കണ്ടു പിടിക്കണം. പലവുരു ഹാന്‍ഡിലില്‍ പിടിച്ചു തിരിച്ചിട്ടും ഫ്ലാറ്റിലേക്ക് കയറുവാനുള്ള ഡോര്‍ തുറക്കാത്തതിനാല്‍ ഇനിയെന്തു ചെയ്യണം എന്നു കരുതി നില്‍ക്കുമ്പോള്‍, ഒരു സായിപ്പ് വന്ന് പോക്കറ്റില്‍ നിന്നും ഒരു കാര്‍ഡെടുത്ത് ഡോറിന്റെ സൈഡില്‍ കാണിച്ചതിന്നു ശേഷം, ഡോര്‍ തള്ളി തുറന്ന് അകത്തേക്ക് കയറിപോയി. ഞാന്‍ വീണ്ടും ഡോറിന്നു പുറത്ത്!

അല്പം നേരം കാത്തിരുന്നപ്പോള്‍ ഒരു മദാമ്മ വന്ന് അല്പം മുന്‍പ് സായിപ്പ് ചെയതതുപോലെ പോലെ, ബാഗില്‍ നിന്നും കാര്‍ഡെടുത്ത് ഡോര്‍ തള്ളി തുറന്ന് അകത്തേക്ക് കടന്നതിന്റെ പുറകില്‍ ഞാന്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. മദാമ്മ,കയറിയ അതേ സ്പീഡില്‍ തന്നെ എന്നെ തള്ളി മാറ്റി കൊണ്ട് പുറത്തേക്ക് ഇറങ്ങി. പിന്നെ ഡോയിഷില്‍ എന്തോ ചോദിച്ചു, എന്താണ് ചോദിച്ചതെന്നു മനസ്സിലായില്ലെങ്കിലും, അവരുടെ മുഖഭാവത്തില്‍ നിന്നും, എന്താ നിന്റെ ഉദ്ദേശം? മോഷണമാണല്ലെ എന്ന രീതിയിലുള്ള ഭാവം ഞാന്‍ വായിച്ചെടുത്തു.

എന്റെ നിരപരാധിത്വം ഞാന്‍ എങ്ങിനെ തെളിയിക്കും ദൈവമേ? ഡോയിഷറിയാത്ത ഞാന്‍ നിസ്സഹായനാണല്ലോ, എന്നെല്ലാം ക്ഷണനേരത്തില്‍ ആലോചിച്ചതിന്നൊടുവില്‍, ഞാന്‍ കയ്യിലെ ഡയറിയെടുത്ത് അഡ്രസ്സ് എഴുതിയ പേജ് അവരെ കാണിച്ചു.

അതുകണ്ടതും, അവര്‍ ചെറുതായൊന്നു പുഞ്ചിരിച്ചുകൊണ്ട് ഡോറിനോടു ചേര്‍ന്ന് ചുമരില്‍ വച്ചിരിക്കുന്ന ഒരു ഫോണ്‍ എടുത്ത് 22 നമ്പര്‍ ഡയല്‍ ചെയ്ത് ഡോയിഷില്‍ എന്തോ സംസാരിച്ചതിന്നു ശേഷം ഫോണ്‍ എനിക്ക് നല്‍കിയതിന്നു ശേഷം, ഡോര്‍ തുറന്ന് വീണ്ടും ഉള്ളിലേക് കയറിപോയി.

ഹലോ ജാന്‍സി ചേച്ചിയുടെ സ്വരം എന്റെ കാതില്‍ എത്തി.

ചേച്ചി ഇത് ഞാനാ കുറുമാന്‍. വാതില്‍ തുറക്കാന്‍ പറ്റുന്നില്ല.

സാരമില്ല, ഞാന്‍ ഡോര്‍ തുറക്കാനുള്ള ബട്ടണ്‍ അമര്‍ത്തിയിട്ടുണ്ട്, തുറന്ന് അകത്ത് കയറി, കോണി വഴി മൂന്നാമത്തെ ഫ്ലോറില്‍ വന്നാല്‍ 22ആം നമ്പര്‍ ഫ്ലാറ്റ് കാണാം.

നൊടിയിടയില്‍ തന്നെ ഡോര്‍ തുറന്ന് കോണി പടി വഴി മൂന്നാമത്തെ നിലയിലെത്തി, 22 ആം നമ്പര്‍ ഫ്ലാറ്റിന്റെ മുന്‍പില്‍ പോയി മണിയടിക്കുന്നതിന്നു മുന്‍പ് തന്നെ ജാന്‍സി ചേച്ചി വാതില്‍ തുറന്നു. വരൂ വന്നകത്തേക്കിരിക്കൂ.

പുറത്ത് ഷൂ അഴിച്ചു വക്കാനൊരുങ്ങിയ എന്നോടവര്‍ പറഞ്ഞു. ഷൂ ഉള്ളിലഴിച്ചു വച്ചാല്‍ മതി. ഷൂ ഉള്ളിലഴിച്ച് വച്ച് അവര്‍ക്ക് പിന്നാലെ ചെന്ന് ഞാന്‍ ഹാളിലെ സോഫയില്‍ ഇരുന്നു.

ഞാന്‍ ചായ എടുത്തിട്ട് വരാം എന്നു പറഞ്ഞ് ജാന്‍സി ചേച്ചി അടുക്കളയിലേക്ക് പോയി. ആവിപറക്കുന്ന ചായയുമായി ജാന്‍സി ചേച്ചി വന്നപ്പോള്‍ അവരോടൊപ്പം തന്നെ ഏകദേശം പത്തും, പന്ത്രണ്ടും വയസ്സുള്ള രണ്ട് പെണ്മക്കളും വന്നു. ജാന്‍സി ചേച്ചിയും, ഞാനും സംസാരിക്കുന്നതിന്നിടയില്‍ കുട്ടികള്‍ രണ്ടു പേരും ഡോയിഷില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍, കാഷ്യൂനട്ട് എന്താ കൊടുക്കാത്തതെന്നായിരിക്കുമോ അവര്‍ സംസാരിക്കുന്നത്, എന്ന സംശയത്താല്‍ ഞാന്‍ ബാഗ് തുറന്ന്, പൊട്ടിച്ച രണ്ട് കാഷ്യൂ നട്ട് പായ്ക്കറ്റുകള്‍ എടുത്ത്, ചേച്ചീ എനിക്ക് വിശന്നപ്പോള്‍ തിന്നാനായല്ലാ ഞാന്‍ പായ്ക്കറ്റ് പൊളിച്ചത്. സ്വിറ്റ്സര്‍ലന്റിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ പിടിക്കപെട്ടപ്പോള്‍ പോലീസ് പൊളിച്ചതാണ് എന്നു പറഞ്ഞ് പൊതി അവര്‍ക്കു കൈമാറി.

നേരിട്ട് ജെര്‍മ്മനിയില്‍ വരുന്നെന്ന് ആന്‍സി വിളിച്ചു പറഞ്ഞിരുന്നു. കാണാതായപ്പോള്‍ എന്തു പറ്റിയാവോ എന്നു കരുതിയിരിക്കുകയായിരുന്നു. അപ്പോ, ഫ്രാന്‍സിലും, മറ്റും കറക്കമായിരുന്നു അല്ലെ? വിശദമായി നമുക്ക് പിന്നീട് സംസാരിക്കാം. ഇപ്പോള്‍ എന്തായാലും കുളിച്ച് വസ്ത്രം മാറി വരൂ അപ്പോഴേക്കും ഞാന്‍ ലഞ്ച് ഒരുക്കാം. പിന്നെ, അലക്കാനുള്ളതെല്ലാം ഇങ്ങെടുത്ത് തന്നാല്‍ ഞാന്‍ വാഷിങ്ങ് മെഷീനിലിട്ടലക്കി വക്കാം.

ആന്‍സി ചേച്ചിയുടേയും, കുടുബത്തിന്റേയും ആഥിത്യമര്യാദക്ക് പലതവണ സാക്ഷിയാകേണ്ടി വന്ന എനിക്ക്, വര്‍ഷങ്ങളായി ജെര്‍മ്മനിയില്‍ താമസിക്കുന്ന അവരുടെ ചേച്ചിയുടെ കയ്യില്‍ നിന്നും ഇത്രയും ഊഷ്മളമായ, അതും ഉടുത്തു മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുന്നതു പോലും ഏറ്റെടുക്കുന്ന തരത്തിലുള്ള ഒരു സ്വീകരണം ഞാന്‍ പ്രതീക്ഷിച്ചിതിന്നപ്പുറത്തായിരുന്നു.

നാടു വിട്ടതിന്നു ശേഷം, വസ്ത്രങ്ങള്‍ കാര്യമായി ഒന്നും മാറ്റിയിട്ടാല്ലാതിരുന്നതിനാല്‍, കുളിച്ച് വസ്ത്രം മാറ്റിയതിന്നു ശേഷം അലക്കാന്‍ കൊടുക്കാമെന്നുള്ള തീരുമാനിച്ച്, കുളിച്ച് വസ്ത്രം മാറി, പുറത്ത് വന്നപ്പോള്‍, എന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ എല്ലാം അവര്‍ വാങ്ങി വാഷിങ്ങ് മെഷീനില്‍ അലക്കാനിട്ടു.

തല്‍ക്കാലം വിശപ്പു മാറ്റാന്‍ സാന്‍ഡ് വിച്ച് തയ്യാറാക്കിയത് കഴിക്കാനായി എന്നെ വിളിച്ച് മേശമേല്‍ ഇരുത്തി. വിശപ്പ് അതികമായിരുന്നെങ്കിലും, മര്യാദ വിട്ട് വെട്ടി വിഴുങ്ങുന്നതെങ്ങിനെ? നാലേ നാലു കഷ്ണം ബ്രെഡ് പീസും, രണ്ടു പുഴുങ്ങിയ മുട്ടയും കഴിക്കുന്നതിന്നിടയില്‍ തോമസ് ചേട്ടന്‍ (ജാന്‍സി ചേച്ചിയുടെ ഭര്‍ത്താവ്) ജോലിക്ക് പോയി എപ്പോ എത്തും എന്ന ചോദ്യത്തിന്ന്, കുറുമാന്‍ ഇത് കഴിച്ച് കുട്ടികളുടെ റൂമില്‍ പോയി ഒന്നു വിശ്രമിക്കുമ്പോഴേക്കും അദ്ദേഹം എത്തും. ഉച്ചവരേയേ ജോലി ഉള്ളൂ.

ഇറച്ചിയെല്ലാം കഴിക്കുമല്ലോ അല്ലെ? ഉച്ചക്ക് കോഴിക്കറിയും, പുലാവും ഉണ്ടാക്കാമെന്നു കരുതി ചോദിക്കുന്നതാണ് എന്ന് ജാന്‍സി ചേച്ചി പറഞ്ഞപ്പോള്‍, എന്തും കഴിക്കും, യാതൊരു നിര്‍ബന്ധവുമില്ല, എന്ന് പറഞ്ഞതിനൊപ്പം തന്നെഇങ്ങനേയും മനുഷ്യരോ എന്നോര്‍ത്ത് അത്ഭുതപെടുക മാത്രം ചെയ്തു.

കയ്യു കഴുകി ഞാന്‍ കുട്ടികളുടെ മുറിയിലെ ബെഡ്ഡില്‍ പോയി പുതച്ച് മൂടി കിടന്നു. തണുപ്പ് തീരെയില്ല എന്നു മാത്രമല്ല, മുറിയില്‍ നല്ല സുഖമുള്ള ചെറിയ ചൂടും. ഹാളില്‍ നിന്നും തോമസ്സേട്ടന്റെ സംസാരം കേട്ടപ്പോഴാണ് ഉറക്കത്തില്‍ നിന്നുണര്‍ന്നത്. മണി രണ്ടു കഴിഞ്ഞിരിക്കുന്നു. പുറത്തേക്ക് ചെന്ന് തോമസ്സേട്ടനു കൈകൊടുത്തു.

ഹൈ, കുറുമാന്‍ എഴുന്നേറ്റോ, യാത്രാക്ഷീണമുള്ളതല്ലെ? വിശ്രമിച്ചുകൊള്ളൂ.

വേണ്ട തോമസ്സേട്ടാ. മൂന്നാലു ദിവസത്തെ യാത്രയുടെ ക്ഷീണമെല്ലാം, കുളി കഴിഞ്ഞൊന്നു കിടന്ന് മയങ്ങിയപ്പോള്‍ പോയി.

ഹോട് ഡ്രിങ്ക്സ് കഴിക്കുമല്ലോ അല്ലെ?

വല്ലപ്പോഴും. വീണ്ടും ഞാന്‍ മര്യാദയുള്ള ഒരു അഥിതിയായി മാറി.

കുറുമാന്‍ ഇരിക്കൂ. ഞാന്‍ ഡ്രിങ്ക്സ് എടുത്ത് ഇപ്പോള്‍ വരാം.

രണ്ട് മിനിട്ടിനുള്ളില്‍, കൈയ്യില്‍ ഒരു കോണ്യാക്കിന്റെ കുപ്പിയും, രണ്ട് ചെറിയ ഗ്ലാസുകളുമായി തോമസ്സേട്ടന്‍ വന്നു. കയ്യിലുള്ള ഗ്ലാസുകളിലേക്ക് കോണ്യാക് പകര്‍ന്ന് ഒന്ന് എന്റെ കയ്യില്‍ തന്നു. പിന്നെ ചീയേഴ്സ് പറഞ്ഞ് അദ്ദേഹം ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കി. മറ്റൊന്നും ആലോചിക്കാതെ ഞാനും ഗ്ലാസ്സിലുള്ളത് ഒറ്റവലിക്കകത്താക്കി.

രണ്ടാമതും ഗ്ലാസ്സില്‍ കോണ്യാക്കൊഴിച്ചശേഷം തോമസ്സേട്ടന്‍ എന്റെ എതിര്‍വശത്തായി ഇരുന്നു. ഒപ്പം ജാന്‍സി ചേച്ചിയും. നാട്ടിലെ കാര്യങ്ങളുടെ സ്ഥിതി, അച്ഛനമ്മ ജ്യേഷ്ടന്മാര്‍ എന്തു ചെയ്യുന്നു, ചെയ്തിരുന്ന ജോലി എന്നിവയെ കുറിച്ചെല്ലാം സംസാരിച്ച കൂട്ടത്തില്‍ എന്റെ യൂറോപ്പ് ട്രിപ്പിന്റെ ഉദ്ദേശവും തോമസ്സേട്ടനും, ജാന്‍സി ചേച്ചിയും ചോദിച്ചു.

ഫിന്‍ലന്റില്‍ പോകാന്‍ രണ്ടു മൂന്നു തവണ ട്രൈ ചെയ്തുതും, വിസ റിജക്റ്റായതും പറഞ്ഞതിനൊപ്പം തന്നെ, സ്വിസ്സ് ബോര്‍ഡര്‍ ക്രോസ്സ് ചെയ്യാന്‍ ശ്രമിച്ചതും, പോലീസ് രണ്ടു തവണ പിടിച്ചതും, റൈന്‍ നദിയില്‍ ചാടിയതും എല്ലാം ഞാന്‍ അവരോട് വളരെ വ്യക്തമായി പറഞ്ഞു. എന്തു ചെയ്തിട്ടായാലും, എങ്ങിനെയായാലും യൂറോപ്പില്‍ പിടിച്ചു നില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം എന്നും ഞാന്‍ അവരോട് പറഞ്ഞു,

രണ്ടാമത്തെ ഗ്ലാസ്സ് കാലിയാക്കി, മൂന്നാമത്തെ ഒഴിക്കുന്നതിന്നിടയില്‍ തോമസ്സേട്ടന്‍ പറഞ്ഞു, കുറുമാന്‍ എന്തായാലും കുറച്ച് ദിവസം ഞങ്ങളുടെ കൂടെ ഇവിടെ താമസിക്കൂ. എന്തെങ്കിലും വഴി ഞങ്ങള്‍ ശരിയാക്കാം. മറുത്തു പറയാന്‍ എനിക്ക് കഴിയില്ലായിരുന്നു, ഭാഷ അറിയാത്തതും, താമസിക്കാന്‍ സ്ഥലവും, നല്ല ഭക്ഷണവും ഇല്ലാത്തതും മാത്രമല്ലായിരുന്നു പ്രശ്നം, കയ്യിലെ കാശും തീരാറായിരുന്നു.

കുറുമാന്‍ എന്തായാലും ഇവിടെ എത്തിയ വിവരത്തിന്ന് ഫിന്‍ലാന്റിലെ ചേട്ടനെ ഫോണ്‍ ചെയ്തു പറഞ്ഞേക്കു എന്നു പറഞ്ഞ് ഫോണ്‍ എടുത്ത് എന്റെ കയ്യില്‍ തന്നു. ആദി കുറുമാനെ വിളിച്ച് സ്വിസ്സ് സ്വപ്നം പൊലിഞ്ഞതു മുതല്‍ എല്ലാം ഞാന്‍ പറഞ്ഞു. പിന്നെ ജാന്‍സി ചേച്ചിയും, തോമസ്സേട്ടനും, ആദി കുറുമാനോട് സംസാരിച്ചു. ഫോണ്‍ കട്ട് ചെയ്ത് ഞങ്ങള്‍ തീന്‍ മേശയിലേക്ക് നീങ്ങി.

ആവി പറക്കുന്ന പുലാവും, ചിക്കന്‍ കറിയും സുഭിക്ഷമായി കഴിച്ച് കഴിഞ്ഞപ്പോള്‍, എന്നേയും കൂട്ടി തോമസേട്ടനും, ജാന്‍സി ചേച്ചിയും കൊളോണ്‍ സിറ്റി കാണിക്കാനിറങ്ങി. സ്ഥലത്തെ പ്രധാന ചര്‍ച്ച്, സിറ്റി സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളും മറ്റും കണ്ടതിന്നു ശേഷം സന്ധ്യയോടെ ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി. ഭക്ഷണം കഴിച്ച് കിടന്നതും, ഉറങ്ങിപോയി. പിറ്റേന്ന് രാവിലേയാണ്‍് കണ്ണു തുറന്നത്.

രാവിലെ കുട്ടികള്‍ സ്കൂളിലേക്കും, ജാന്‍സി ചേച്ചിയും, തോമസ്സേട്ടനും, ജോലിക്കും പോയി. എനിക്കുള്ള ബ്രേക്ക് ഫാസ്റ്റ് മേശമേല്‍ അടച്ചു വച്ചിരുന്നത് കഴിച്ച്, വെറുതെ റ്റി വി യില്‍ വരുന്ന ഡോയിഷ് ചാനലുകള്‍ മാറ്റി, മാറ്റി ഞാന്‍ സമയം ഉച്ചയാക്കി.

ഉച്ചയോടെ തോമസ്സേട്ടന്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തി. ജാന്‍സി ചേച്ചി വരുമ്പോള്‍ ഉച്ചക്ക് മൂന്നു മണികഴിയും. അവര്‍ കൊളോണിലെ ഒരു ഹോസ്പിറ്റലില്‍ പത്തിരുപത് വര്‍ഷത്തിലേറെയായി നഴ്സായി ജോലി ചെയ്യുന്നു. ഇപ്പോള്‍ ഹെഡ് നഴ്സാണ്.

വാ കുറുമാനെ, ജാന്‍സി വരാന്‍ കുറച്ചു സമയം എടുക്കും, നമുക്കൊന്നു മിനുങ്ങാം. ഗ്ലാസ്സുകളും കുപ്പിയും, കാഷ്യൂനട്സും മേശമേല്‍ എടുത്ത് വച്ച് തോമസ്സേട്ടന്‍ എന്നെ ക്ഷണിച്ചു. സ്നേഹപൂര്‍വ്വമുള്ള ആ ക്ഷണം നിരസിക്കുന്നതെങ്ങിനെ? കഴിച്ചിരിക്കുന്നതിന്നിടയില്‍, തോമസ്സേട്ടന്‍ എന്നോട് ചോദിച്ചു, കുറുമാനെ, ഇന്ന് തന്റെ കാര്യം ഞാന്‍ പലരോടും പറഞ്ഞിരുന്നു, ഒരാള്‍ തനിക്കൊരു ജോലി തരാമെന്നേറ്റിട്ടുണ്ട്. അയാള്‍ മലയാളി തന്നേയാണ്. ആള്‍ക്ക് ഇവിടെ പഴം, പച്ചക്കറികളുടെ ഹോള്‍സെയില്‍ ബിസിനസ്സാണ്. ബെല്‍ജിയത്തില്‍ നിന്നും, ഹോളണ്ടില്‍ നിന്നുമാണ് അയാള്‍ പഴങ്ങളും, പച്ചക്കറികളും എടുക്കുന്നത്. അയാള്‍ക്ക് മൂന്നാലു ട്രക്കുകളും, അഞ്ചാറു വാനുകളുമുണ്ട്. ഏതെങ്കിലും ഒരു വണ്ടിയില്‍ സഹായത്തിനായി പോകണം അത്ര തന്നെ. അത്യാവശ്യം സാധനങ്ങള്‍ കയറ്റിയിറക്കേണ്ടി വരും, എന്നാലും തരക്കേടില്ലാത്ത ശമ്പളം തരും. തനിക്ക് തല്‍ക്കാലും മള്‍ട്ടിപ്പിള്‍ എന്‍ ട്രി വിസയുണ്ടല്ലോ?

ഇത്രപെട്ടെന്നിങ്ങനെ ഒരവസരം കിട്ടുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഞാന്‍ എന്തു ജോലി ചെയ്യാനും തയ്യാറാണു തോമസ്സേട്ടാ. പക്ഷെ ഒരു പ്രശ്നമുണ്ട്. എന്റെ വിസ മള്‍ട്ടിപ്പിള്‍ എന്‍ ട്രി തന്നെ, അതും ആറുമാസം കാലവധിയുള്ളത്. പക്ഷെ ഒരു തവണത്തെ മാക്സിമം സ്റ്റേ പതിന്നാലു ദിവസം മാത്രമാണുള്ളത്. അപ്പോള്‍ എന്തു ചെയ്യും?

അതു ഞാനോര്‍ത്തില്ല. എന്തായാലും, നമുക്ക് നോക്കാം. താന്‍ വേവലാതിപെടാതിരിക്ക് കുറുമാനെ. എല്ലാം ശരിയാക്കാം.

സംസാരിച്ചിരിക്കുന്നതിന്നിടയില്‍ ജാന്‍സി ചേച്ചി വന്നു. വന്നതും പറഞ്ഞു, അതു ശരി, നിങ്ങള്‍ക്ക് ഒരു കമ്പനി കിട്ടിയാല്‍ ഉണ്ണുകയും വേണ്ട, ഉറങ്ങുകയും വേണ്ട അല്ലെ. പാവം കുറുമാന്‍ വിശന്നൊരു വഴിക്കായിട്ടുണ്ടാകും. ഗ്ലാസ്സും കുപ്പിയും എല്ലാം എടുത്ത് വച്ച് നിങ്ങള്‍ വാ, ഊണു കഴിക്കാം.

ഉണ്ണാന്‍ വരട്ടെ ജാന്‍സി. കുറുമാനൊരു ചെറിയ ജോലി ശരിയാകാന്‍ സാധ്യതയുണ്ട്. പിന്നെ അതിന്റെ വിവരങ്ങള്‍ തോമസേട്ടന്‍ ജാന്‍സി ചേച്ചിയോട് വിവരിച്ചു.

അതൊന്നും വേണ്ട ചേട്ടാ, കുറുമാന്റെ കാര്യം ഞാന്‍ ഇന്ന് ഹോസ്പിറ്റലില്‍ വച്ച് ചന്ദ്രരത്നയോട് പറഞ്ഞപ്പോള്‍ അവള്‍ നല്ല ഒരു ആശയം പറഞ്ഞു തന്നു. എന്തിന്നും ആദ്യം ഊണു കഴിക്ക് എന്നിട്ട് നമുക്ക് അതിനെകുറിച്ച് സംസാരിക്കാം.

ഊണു കഴിക്കുമ്പോഴെല്ലാം കാര്യം എന്താണെന്നറിയാനുള്ള ഉത്കണ്ഠയായിരുന്നു മനസ്സില്‍ മുഴുവന്‍.

ഊണു കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി അടുക്കി വച്ച്, ജാന്‍സി ചേച്ചി ഹാളിലേക്ക് വന്നു.

പിന്നെ പറഞ്ഞു. കുറുമാന് ജര്‍മ്മനിയില്‍, അസൈലം അഥവാ, രാഷ്ട്രീയാഭയം വേണമെങ്കില്‍ വാങ്ങി തരാം എന്ന് ചന്ദ്രരത്ന എന്നോട് ഇന്ന് പറഞ്ഞു. തോമസ്സേട്ടനറിയാമല്ലോ, അവള്‍ വെറും നഴ്സുദ്യോഗം മാത്രമല്ല ചെയ്യുന്നതെന്ന്. അവള്‍ക്ക് എല്‍ ടി ടിക്കാരുമായും, കണക്ഷനുണ്ട്, പിന്നെ കൊളോണ്‍ കോടതിയുടെ കീഴില്‍ വരുന്ന ഒരു വിധം ശ്രീലങ്കന്‍ കേസുകളുടേയും ഇന്റര്‍പ്രിട്ടര്‍/ട്രാന്‍സലേറ്റര്‍ അവള്‍ തന്നെ. ആ വകയില്‍ അവള്‍ക്ക് ഓഫീസര്‍മാരേയും, അഡ്വക്കേറ്റുമാരേയും, മറ്റും നന്നായറിയാം.

താത്പര്യമുണ്ടെങ്കില്‍ അവളോടു പറഞ്ഞാല്‍ മതി, അവള്‍ ഭാക്കിയെല്ലാം ശരിയാക്കാം എന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ അവള്‍ക്ക് കുറുമാനെ കാണണമെന്നും, ചില സിംഹള വാക്കുകള്‍ കുറുമാനെ പഠിപ്പിക്കണമെന്നും പറഞ്ഞിട്ടുണ്ട്. എങ്ങിനേയായാലും, കുറച്ച് ദിവസം ജയിലില്‍ കിടക്കേണ്ടി വരും എന്നും പറഞ്ഞു.

ഞാന്‍ തയ്യാര്‍ ജാന്‍സി ചേച്ചി. ഇത്രയും ഈസിയായി അസൈലം കിട്ടുമെങ്കില്‍ വേറെ ഒന്നും നോക്കാനില്ല.

കുറുമാന്‍ അങ്ങനെ തിരക്കു കൂട്ടാതെ, എന്തായാലും ആദി കുറുമാനോടും മറ്റും ഒന്ന് ഫോണ്‍ ചെയ്താലോചിക്കൂ. ജാന്‍സി ചേച്ചിയും, തോമസ്സേട്ടനും ഒരേ സമയത്ത് പറഞ്ഞ് ഫോണെടുത്ത് എനിക്ക് നല്‍കി.

ആദി കുറുമനെ ഫോണില്‍ വിളിച്ച് ഞാന്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു.

സംഭവമൊക്കെ നല്ല ഐഡിയ തന്നെ, പക്ഷെ, ഇന്നലെ ഞാന്‍ ഇവിടെ അന്വേഷിച്ചപ്പോള്‍ അവിടെ ലുബെക്കില്‍ ഫിന്‍ലാന്‍ഡ് കണ്‍സുലേറ്റുണ്ടെന്നും, വിസിറ്റ് വിസ വളരെ എളുപ്പം കിട്ടുമെന്നും പറഞ്ഞു. നീ ഇവിടെ ഉണ്ടെങ്കില്‍ എനിക്കും ഒരു കൂട്ടായല്ലോ. എന്തിന്നും, നീ അവിടെ പോയി വിസിറ്റ് വിസക്കുള്ള ഒരു അവസാന ശ്രമം നടത്ത്. കിട്ടിയില്ലെങ്കില്‍, ധൈര്യമായി അവിടെ അസൈലം അപ്ലൈ ചെയ്യ്, അഥവാ കിട്ടിയാല്‍ ഇങ്ങോട്ട് വാ, നമുക്കടിച്ച് പൊളിക്കാം. എന്തായാലും നീ ഫോണ്‍ തോമസ്സേട്ടന്റെ കയ്യില്‍ കൊടുക്ക് ഞാന്‍ സംസാരിക്കാം.

തോമസ്സേട്ടനുമായും, ജാന്‍സി ചേച്ചിയുമായും ആദി കുറുമാന്‍ ഫോണില്‍ സംസാരിച്ചു.

ഫോണ്‍ കട്ടു ചെയ്തതിന്നു ശേഷം ജാന്‍സി ചേച്ചി പറഞ്ഞു, എന്തിന്നും, കുറുമാന്‍ നാളെ രാവിലെ തന്നെ ലുബെക്കില്‍ പോയി ഫിന്‍ലാന്റ് കണ്‍സുലേറ്റില്‍ പോയി വിസക്കൊന്നു ട്രൈ ചെയ്യൂ. കിട്ടിയാല്‍ നിങ്ങള്‍ ചേട്ടനനുജന്മാര്‍ക്ക് ഒരുമിച്ച് നില്‍ക്കാമല്ലോ, അഥവാ കിട്ടിയില്ലെങ്കില്‍ നമുക്കിവിടെ തന്നെ കാര്യങ്ങള്‍ ശരിയാക്കാം.

ക്ലാസ്സും, ട്വൂഷനും മറ്റും കഴിഞ്ഞ് കുട്ടികള്‍ രണ്ടു പേരും വന്നു, വൈകുന്നേരം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പുറത്ത് കറങ്ങാന്‍ പോയി. രാത്രി അത്താഴം പുറത്ത് ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിലായിരുന്നു. നല്ല ഭക്ഷണം, പക്ഷെ ബില്ല് വന്നപ്പോള്‍ കണ്ട തുക കണ്ട് ഞാന്‍ ഭീകരമായി ഞെട്ടി, പക്ഷെ ഞാനല്ലല്ലോ ബില്ല് കൊടുക്കുന്നത്, അതിനാല്‍ ഞെട്ടലിന്റെ ആഗാധം അതികം നേരം നീണ്ടു നിന്നില്ല.

ഫിന്‍ലാന്റിലേക്ക് വിസ കിട്ടുമോ? അഥവാ കിട്ടിയാല്‍ അവിടെ സ്ഥിര താമസമാക്കുന്നതെങ്ങിനെ? അതല്ലാ കിട്ടിയില്ലെങ്കില്‍, ഇവിടെ അസൈലം അപ്ലൈ ചെയ്യാന്‍ പറ്റുമോ? അങ്ങനെയാണെങ്കില്‍ എത്ര നാള്‍ ജയിലില്‍ കിടക്കേണ്ടി വരും, എന്നെല്ലാമുള്ള ചിന്തകള്‍ എന്റെ മനസ്സില്‍ മാറി മാറി വന്നിരുന്നതിനാല്‍ അന്നു രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു വിധം നേരം വെളുപ്പിച്ചു.

രാവിലെ എട്ടുമണിക്ക് തന്നെ എഴുന്നേറ്റ് കുളിയെല്ലാം കഴിച്ച് ഏട്ടരമണിയോടെ ജാന്‍സിചേച്ചിയോടും, തോമസ്സേട്ടനോടും, കുട്ടികളോടും യാത്ര പറഞ്ഞ് എന്റെ ബാഗുമെടുത്ത് ഞാന്‍ ഇറങ്ങി. കൊളോണിലേക്കുള്ള ബസ്സ് നമ്പറും, അവിടെ നിന്ന് ലുബെക്കിലേക്കുള്ള ട്രെയിന്‍ കിട്ടുന്ന സ്ഥലവും, എല്ലാം തോമസേട്ടന്‍ തലേന്ന് രാത്രി തന്നെ പറഞ്ഞു തന്നിരുന്നു.

ബസ്സു പിടിച്ച് കൊളോണിലെത്തി. ട്രെയിനില്‍ ലുബെക്കിലേക്കുള്ള ടിക്കറ്റെടുത്തു. വീണ്ടും കയ്യില്‍ മിച്ചമുണ്ടായിരുന്നതില്‍ നല്ല ഒരു പങ്ക് ട്രെയിന്‍ ചാര്‍ജ്ജ് ആയി പോയി. ട്രെയിന്‍ പിടിച്ച്, ലുബെക്കിലെത്തി, അവിടെ നിന്ന് ടാക്സിയെടുത്ത് ഫിന്‍ലാന്റ് കണ്‍സുലേറ്റിലെത്തിയപ്പോള്‍ സമയം പതിനൊന്നര.

വിസക്കുള്ള അപ്ലിക്കേഷന്‍ എടുത്ത് പൂരിപ്പിച്ച് ഫോട്ടോ ഒട്ടിച്ച് കൌണ്ടറില്‍ ഇരിക്കുന്ന മദാമ്മക്കു ഞാന്‍ കൈമാറി (വല്ല വണ്ടിയിടിച്ച് ചതഞ്ഞരഞ്ഞ് മരിച്ചാലോ, മഞ്ഞിലുറഞ്ഞ് മരിച്ചാലോ, പുല്ല് മാത്രം തിന്ന് മെലിഞ്ഞുണങ്ങി മരിച്ചാലോ, എന്റെ ശരിയായ രൂപം തിരിച്ചറിയട്ടെ എന്നു കരുതി നാടു വിടുന്നതിന്നു മുന്‍പ് മൂന്നാലു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്റെ പഴ്സില്‍ ഞാന്‍ കരുതിയിരുന്നു).


ആദ്യം തന്നെ അവര്‍ എന്റെ ഷെങ്ഗന്‍ വിസ നോക്കി, പിന്നെ മള്‍ട്ടിപ്പിള്‍ എന്ട്രിയുണ്ടെന്ന് കണ്ടു ബോധ്യപെട്ടു. പിന്നെ എന്നോട് ഫിന്‍ലാന്റിലേക്കും തിരിച്ചുമുള്ള റിട്ടേണ്‍ ടിക്കറ്റ് ചോദിച്ചു.

ടിക്കറ്റ് ഞാന്‍ വിസകിട്ടിയിട്ടെടുക്കാം എന്നു കരുതി എടുത്തിട്ടില്ല. ഞാന്‍ ഇവിടെ നിന്നും ഷിപ്പില്‍ പോകാനാണുദ്ദേശിക്കുന്നത്.

നിങ്ങള്‍ക്ക് ഷിപ്പിലോ, ഫ്ലൈറ്റിലോ എങ്ങിനെ വേണമെങ്കിലും പോകാം, അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍, എനിക്ക് റിട്ടേണ്‍ ടിക്കറ്റ് കാണണം. ടിക്കറ്റ് കാണിച്ചാല്‍ ഞാന്‍ വിസ അടിച്ചു തരാം.

കണ്‍സുലേറ്റ് എത്രമണി വരെ ഓപ്പണ്‍ ചെയ്യും മേഡം?

മൂന്നു മണി വരെ.

ശരി മേഡം, ഇവിടെ അടുത്ത് എവിടെ നിന്നും ഷിപ്പ് ടിക്കറ്റ് കിട്ടുമെന്ന് പറയാമോ?

അവര്‍ ഒരു ട്രാവല്‍ ഏജന്‍സിയുടെ പേരും, അഡ്രസ്സും, ടെലഫോണ്‍ നമ്പറും എനിക്ക് കടലാസ്സില്‍ കുറിച്ചു തന്നു.

ഒരു ടാക്സിയില്‍ കയറി ഞാന്‍ ആ കടലാസ്സെടുത്ത് കാണിച്ചു. അഞ്ചു മിനിട്ടിനകം തന്നെ ടാക്സി അവിടെ എത്തി.

എനിക്കൊരു ലുബെക്ക് - ഹെത്സിങ്കി - ലുബെക്ക് - റിട്ടേണ്‍ ടിക്കറ്റ് വേണം.

ഇരിക്കൂ, മദാമ്മ വളരെ സ്നേഹപൂര്‍വ്വം പറഞ്ഞു.

ഫിന്‍ലാന്റിലേക്ക് വിസകിട്ടുമെന്നുറപ്പായതിനാല്‍ ഞാന്‍ അതിയായ ആഹ്ലാദവാനായിരുന്നു.

കണക്കുകള്‍ കൂട്ടിയും കിഴിച്ചും, ഡിസ്ക്കൌണ്ട് വേറെയിട്ടും അവസാനം മദാമ്മ പറഞ്ഞു. ആയിരത്തിമൂന്നൂറ്റി അറുപത് ഡോയിഷ് മാര്‍ക്ക് (ശരിയായ തുക ഇതാകണമെന്ന് നിര്‍ബന്ധമില്ല, പതിന്നൊവര്‍ഷം മുന്‍പത്തെ കണക്കുകള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല).

പഴ്സെടുത്ത് കയ്യിലുള്ള ചില്ലറയും, നോട്ടും, എല്ലാം കൂട്ടി നോക്കിയിട്ടും നാന്നൂറ്റി അമ്പതോളം ഡോയിഷ് മാര്‍ക്ക്മാത്രം.

എനിക്ക് എന്തായാലും ഒരു ടിക്കറ്റ് റിസര്‍വ്വ് ചെയ്യൂ, ഇന്നേക്ക് തന്നെ മാഡം. രണ്ടു മണിക്കൂറിനുള്ളില്‍ പൈസയുമായി വരാം എന്നു പറഞ്ഞ് ഞാന്‍ അവിടെ നിന്നിറങ്ങി.

അടുത്ത് കണ്ട ബൂത്തില്‍ നിന്നും ഫോണ്‍ ചെയ്ത് ജാന്‍സിചേച്ചിയോട് കാര്യം പറഞ്ഞു.

അതിനെന്താ കുറുമാന്‍ വേഗം ട്രെയിന്‍ പിടിച്ചിങ്ങോട്ട് വാ, ഞാന്‍ പൈസ തരാം.

ദൈവമേ, നീ എത്ര കരുണയുള്ളവന്‍. ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. മാസങ്ങളോളം ട്രൈ ചെയ്തിട്ടും കിട്ടാത്ത ഫിന്‍ലാന്റ് വിസ നീ ഇതാ നിമിഷങ്ങള്‍ക്കുള്ളില്‍ എനിക്ക് ശരിയാക്കിയിരിക്കുന്നു. ടിക്കറ്റിനു കാശില്ലാത്തപ്പോള്‍, വെറും രണ്ടു ദിവസത്തോളം മാത്രം (അതും ഏകദേശം നാട്ടിലെ ഇരുപതിനായിരത്തോളം രൂപ!) പരിചയമുള്ളവര്‍ കാശു തരാന്‍ തയ്യാറാകുന്നു.

ഒരു ടാക്സി പിടിച്ച് ഞാന്‍ ലുബെക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോയി, അവിടെ നിന്നും കൊളോണിലേക്കുള്ള ട്രെയിന്‍ പിടിച്ചു.
കുതിച്ചു പായുന്ന ട്രെയിനിലിരിക്കുമ്പോഴും ട്രെയിനിന്നു വേഗത പോരാ എന്നെനിക്കു തോന്നി.

ടിക്കറ്റ് പ്ലീസ്! ഞാന്‍ മുഖമുയര്‍ത്തി നോക്കി. കോളോണില്‍ നിന്നും ലുബെക്കിലേക്ക് വരുമ്പോള്‍ ടിക്കറ്റ് പരിശോധിച്ച അതേ, ഇന്‍സ്പെക്ടര്‍ തന്നെ. ഞാന്‍ ടിക്കറ്റെടുത്ത് നല്‍കി.

അദ്ദേഹത്തിന്റെ മുഖത്ത് ആശ്ചര്യഭാവം! ടിക്കറ്റ് നല്‍കിയശേഷം എന്നോട് പറഞ്ഞു, അല്ല മിസ്റ്റര്‍, അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ യാത്ര ചെയ്യണമെങ്കില്‍, ഒറ്റ റിട്ടേണ്‍ ടിക്കറ്റെടുത്താല്‍ എത്ര മാര്‍ക്ക് ലാഭിക്കാമായിരുന്നു?

തിരിച്ചു വരണമെന്നുദ്ദേശിച്ചല്ല സര്‍ ഞാന്‍ ഇങ്ങോട്ട് വന്നത്. പക്ഷെ സാഹചര്യം എന്നെ നിര്‍ബന്ധിച്ചതുകൊണ്ട് തിരിച്ചു പോകേണ്ടി വരുന്നു എന്നു മാത്രം, അല്ലാതെ പൈസ കളയാന്‍ മാത്രം ട്രെയിനില്‍ ഷട്ടിലടിക്കുകയല്ല ഞാന്‍.

നോ പ്രോബ്ലം. ഐ കാന്‍ അണ്ടര്‍സ്റ്റാന്റ്. അയാള്‍ അടുത്ത സീറ്റിലേക്ക് പോയി.

ട്രെയിന്‍ കൊളോണിലെത്തി, അവിടെ നിന്നും ബസ്സ് പിടിച്ച് ഞാന്‍ റാഡര്‍ബര്‍ഗര്‍ സ്റ്റ്ട്രാസിയിലെ ജാന്‍സിചേച്ചിയുടെ ഫ്ലാറ്റില്‍ എത്തി.

അപ്പോ കുറുമാന് ഫിന്‍ലാന്റ് വിസ ഉറപ്പായി അല്ലെ? കണ്‍ഗ്രാറ്റ്സ്. എന്തായാലും അതികം സമയം വൈകിപ്പിക്കേണ്ട. കുറുമാന് എത്ര മാര്‍ക്ക് വേണം.

ഒരു ആയിരത്തി മുന്നൂറു മാര്‍ക്ക് വേണം. പക്ഷെ അതിന്നു മുന്‍പ് എനിക്ക് ഫിന്‍ലാന്റിലേക്കൊന്നു ഫോണ്‍ ചെയ്യണം.
ഫോണ്‍ എടുത്ത് ഞാന്‍ ആദികുറുമാനെ വിളിച്ച് വിസ കിട്ടുമെന്നും, ആയിരത്തി മുന്നൂറു മാര്‍ക്കിന്റെ കുറവുണ്ടെന്നും പറഞ്ഞു.

നീ ഒരു കാര്യം ചെയ്യ്, ജാന്‍സി ചേച്ചിയുടെ കയ്യില്‍ നിന്നും വാങ്ങ്. ഞാന്‍ ചേച്ചിയോട് സംസാരിക്കാം. രണ്ട് ദിവസത്തിന്നകം തന്നെ പൈസ ഞാന്‍ അയച്ചു കൊടുക്കാം.

ചേച്ചീ, പൈസ രണ്ട് ദിവസത്തിനുള്ളില്‍ ആദികുറുമാന്‍ അയച്ചു തരും.

കുറുമാനെ, പൈസ വരും, പോകും, പക്ഷെ നല്ല റിലേഷന്‍ നമുക്കെപ്പോഴും കിട്ടിയെന്നു വരില്ല. നിങ്ങളെകുറിച്ച് ആന്‍സിയും, ജിന്‍സിയും, മറ്റും എപ്പോഴും പറഞ്ഞ് ഞങ്ങള്‍ക്ക് നന്നായറിയാം. കുറുമാന്‍ എന്തായാലും വൈകിക്കേണ്ട. താഴേക്ക് ഞാനും വരാം. ഏ ടി എമ്മില്‍ നിന്നും പണമെടുത്ത് തരാം.

വാതില്‍ പൂട്ടി ജാന്‍സി ചേച്ചി എന്റെ കൂടെ ഇറങ്ങി, അടുത്ത സ്റ്റ്രീറ്റിലെ എ ടി എമ്മില്‍ നിന്നും ആയിരത്തി മുന്നൂറു മാര്‍ക്ക് എടുത്ത് എനിക്ക് നല്‍കി. ആള്‍ ദി ബെസ്റ്റ് കുറുമാന്‍. അവിടെ പോയാലും, ഇടക്കിടെ വിളിക്കണം.

അവരുടെ നന്മ നിറഞ്ഞ മനസ്സിന്നു നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ കൊളോണിലേക്കുള്ള ബസ്സില്‍ കയറി. കൊളോണില്‍ ചെന്ന് ലുബെക്കിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തു ദൈവമേ, പൈസ ചിലവായികൊണ്ടിരിക്കുകയാണല്ലോ? ഇനി അവിടെ ചെന്ന് പൈസയുടെ കുറവ് വന്നാല്‍ എന്തു ചെയ്യും? അതികം കാത്തിരിക്കുന്നതിന്നു മുന്‍പു തന്നെ ട്രെയിന്‍ വന്നു.

ട്രെയിനില്‍ കയറി ലുബെക്കില്‍ ഇറങ്ങി, ഒരു ടാക്സിയില്‍ കയറി ട്രാവല്‍ ഏജന്‍സിയുടെ അഡ്രസ്സ് എടുത്ത് കാണിച്ചു. ട്രാവല്‍ ഏജന്‍സിയില്‍ ചെന്ന് കരഞ്ഞ് പിടിച്ച് പിന്നേയും ഡിസ്കൌണ്ട് വാങ്ങി ടിക്കറ്റെടുത്തു. ഒരു ടാക്സി പിടിച്ച് വീണ്ടും കണ്‍സുലേറ്റില്‍ എത്തി ചേര്‍ന്നു.

ഭാഗ്യം, പഴയ മദാമ്മ തന്നെ കൌണ്ടറില്‍. മുന്‍പ് പൂരിപ്പിച്ചിരുന്ന ആപ്ലിക്കേഷനും, റിട്ടേണ്‍ ടിക്കറ്റും, മറ്റും നല്‍കി. എല്ലാം തിരിച്ചും മറിച്ചും നോക്കിയിട്ട് മദാമ്മ പറഞ്ഞു, വെയിറ്റ് ഫൊര്‍ സം റ്റൈം പ്ലീസ്.

സമയം രണ്ടു കഴിഞ്ഞിരിക്കുന്നു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് മദാമ്മ കൌണ്ടറിലേക്ക് എന്നെ വിളിപ്പിച്ചു. നൂറ്റി എണ്‍പത് മാര്‍ക്ക് ഫീസ് തരൂ.

പഴ്സ് തുറന്ന് നോട്ടുകളെടുത്ത് ഞാന്‍ എണ്ണി. എങ്ങിനെ എണ്ണിയിട്ടും നൂറ്റി എഴുപത് മാര്‍ക്കേ ഉള്ളൂ. പഴ്സിന്റെ കോയിന്‍ പോക്കറ്റിലും, എന്റെ ജീന്‍സിന്റെ പോക്കറ്റിലും, ഷര്‍ട്ടിന്റെ പോക്കറ്റിലും എല്ലാം തപ്പിയപ്പോള്‍ പതിനേഴ് ഫ്രാങ്ക് വേറെയും കിട്ടി. ഭാഗ്യം. അവര്‍ക്ക് നൂറ്റി എണ്‍പത് ഫ്രാങ്ക് നല്‍കി വീണ്ടും കാത്തിരുപ്പു ഞാന്‍ തുടര്‍ന്നു. നാലുമണിക്കാണു ലുബെക്ക് പോര്‍ട്ടില്‍ നിന്നും ഷിപ്പ് പുറപ്പെടുന്നത്.

ഫിന്‍ലാന്റ് കണ്‍സുലേറ്റില്‍ നിന്നും ലുബെക്കില്‍ ഷിപ്പ് പുറപെടുന്ന പോര്‍ട്ടിലേക്ക് അഞ്ച് കിലോമീറ്ററിലതികം ദൂരം യാത്ര. മിനിമം ടാക്സി കൂലി ഇരുപത്തഞ്ച്, മുപ്പത് ഫ്രാങ്കെങ്കിലും വരും. മാത്രമല്ല ഏകദേശം നാല്പത്തെട്ടുമണിക്കൂര്‍ നേരത്തെ കപ്പല്‍ യാത്രയാണ് ലുബെക്കില്‍ നിന്നും ഹെല്‍സിങ്കിയിലേക്ക്. കയ്യില്‍ ഇനി ബാക്കിയുള്ളതോ വെറും ഏഴ് മാര്‍ക്ക് മാത്രം!!

അരമണിക്കൂറിന്നകം, മദാമ്മ എന്നെ വിളിച്ച് എന്റെ പാസ്പോര്‍ട്ട് നല്‍കിയതിന്നു ശേഷം ഒരു ശുഭയാത്രയും നേര്‍ന്നു. ലുബെക്ക് പോര്‍ട്ടിലേക്കുള്ള വഴി ഞാന്‍ അവരോട് ചോദിച്ചറിഞ്ഞു. പാസ്പോര്‍ട്ട് പോക്കറ്റില്‍ വച്ച്, ബാഗെടുത്ത് തോളില്‍ തൂക്കി ഞാന്‍ നടക്കാന്‍ തുടങ്ങി. സമയം രണ്ടേമുക്കാല്‍ കഴിഞ്ഞിരിക്കുന്നു. ഇനിയും നാലു നാലര കിലോമീറ്റര്‍ നടക്കണം, ഓടിയും, നടന്നും, ഞാന്‍ ഒരു വിധം മൂന്നരയായപ്പോഴേക്കും ലുബെക്ക് പോര്‍ട്ടിലെത്തി. ആ തണുപ്പിലും, എന്റെ ശരീരം വിയര്‍ത്തു. വിശപ്പാണെങ്കില്‍ സഹിക്കാന്‍ വയ്യാതായിരിക്കുന്നു. കയ്യിലാണെങ്കില്‍ വെറും ഏഴേ ഏഴ് മാര്‍ക്ക് മാത്രം!

പോര്‍ട്ടില്‍ കയറുന്നതിന്നു മുന്‍പ് കയ്യിലുണ്ടായിരുന്ന ടെലഫോണ്‍ കാര്‍ഡുപയോഗിച്ച് ജാന്‍സി ചേച്ചിക്ക് ഫോണ്‍ ചെയ്ത്, വിസ കിട്ടിയെന്നും, പോര്‍ട്ടിലെത്തിയെന്നും, ഹെല്‍ സിങ്കിയില്‍ ചെന്നിട്ട് വിളിക്കാമെന്നും പറഞ്ഞു. ഫോണ്‍കാര്‍ഡില്‍ ഇനിയും കുറച്ച് ഫ്രാങ്ക് ബാക്കിയുണ്ട്.

ആദികുറുമാനെ ഫോണില്‍ വിളിച്ച് വിസ കിട്ടിയെന്നും, പോര്‍ട്ടിലെത്തിയെന്നും പറഞ്ഞു. കൈയ്യില്‍ ഏഴു ഫ്രാങ്ക് മാത്രമാണു ഭാക്കിയുള്ളതെന്നതിനാല്‍, നാല്പത്തെട്ടു മണിക്കൂര്‍ നേരം, തോര്‍ത്ത് മുണ്ട് നനച്ച് വയറ്റില്‍ കെട്ടി വിശപ്പിനെ അതിജീവിക്കാം, പക്ഷെ അവിടെ എത്തുമ്പോഴെങ്കിലും കഴിക്കാന്‍ അല്പം ചോറും കറിയും തയ്യാറാക്കി വക്കണമെന്നും ആവശ്യപെട്ടു. തുടര്‍ന്ന് സംസാരിക്കുന്നതിന്നു മുന്‍പ് കാര്‍ഡിലെ പൈസ് കഴിഞ്ഞതിനാല്‍ ഫോണ്‍ കട്ടായി.

എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് ടിക്കറ്റ് കൌണ്ടറില്‍ നല്‍കി, ബോര്‍ഡിങ്ങ് പാസ്സെടുത്ത്, ബാഗ് ചുമലിലിട്ട്, വിശക്കുന്ന വയറും, ഒഴിഞ്ഞ പേഴ്സുമായി ഞാന്‍ ആ പടു കൂറ്റന്‍ കപ്പലിലേക്ക് കയറി.

Wednesday, December 06, 2006

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 7

ഫ്രാങ്ക് ഫര്‍ട്ട് സിറ്റി എന്നു പറഞ്ഞാല്‍ തീരെ ചെറിയതല്ല. താങ്കള്‍ക്കെവിടേയാണു പോകേണ്ടതെന്നു കൃത്യമായി പറയൂ. വണ്ടിയിലെ മീറ്ററിന്റെ സ്വിച്ച് ഓണ്‍ ചെയ്തുകൊണ്ട് ഡ്രൈവര്‍ എന്നോട് പറഞ്ഞു.

ഫ്രാന്‍സില്‍ ഇറങ്ങി വിട്രിയില്‍ പോകണമെന്നു കരുതി ട്രെയിനില്‍ കയറുമ്പോള്‍‍, വിട്രിയില്‍ താമസിക്കുന്ന എന്നെ അറിയുന്ന, ഞാനറിയുന്ന വിക്ടര്‍ എന്ന ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ഫ്രാന്‍സിലെ ബാസലില്‍ നിന്നും ടാക്സിയില്‍ കയറി സ്വിസ്സ് ബാസല്‍ എന്നു പറയുമ്പോള്‍, സ്വിറ്റ്സര്‍ലന്റിലേക്ക് ഏതുവിധേനയും ചെന്നെത്തണമെന്ന ഒരു ലക്ഷ്യമുണ്ടായിരുന്നു. ഇതിപ്പോള്‍, യാതൊരു വിധ ലക്ഷ്യവും ഇല്ലാതെ എന്തു പറയും? ഞാനാകെ കുഴപ്പത്തിലായി. പെട്ടെന്നാണോര്‍മ്മവന്നത്, ജാന്‍സി ചേച്ചിക്കു, ആന്‍സി ചേച്ചി തന്നയച്ചിരിക്കുന്ന കാഷ്യൂനട്ട് കൊടുക്കണം. അപ്പോള്‍ അവരുടെ വീട്ടില്‍ പോകാം. ഒരു ദിവസം അവിടെ തങ്ങാം. ജാക്കറ്റിന്റെ ഉള്ളറയില്‍ പാസ്പോര്‍ട്ടിനൊപ്പം, ഭദ്രമായി കരുതിയിരുന്ന ഡയറി പുറത്തെടുത്തു.

കാറിലെ ലൈറ്റൊന്നിടാമോ? പോകാനുള്ള അഡ്രസ്സ് തിരയുവാനാണ്.

ഡ്രൈവര്‍ ലൈറ്റ് ഓണ്‍ ചെയ്തു. ഡയറിയുടെ താളുകള്‍ മറിച്ച് ഞാന്‍ അവരുടെ അഡ്രസ്സ് തപ്പിയെടുത്തു. ശേഷം, ഡ്രൈവറെ ആ അഡ്രസ്സ് കാണിച്ചു.

ഒന്നോടിച്ച് നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു, ഡിയര്‍, ഈ അഡ്രസ്സ് കോളണിലേയാണ് (അഥവാ കൊളോണ്‍), പക്ഷെ നിങ്ങള്‍ പോകുന്നത് ഫ്രാങ്ക് ഫര്‍ട്ടിലേക്കും. ഫ്രാങ്ക് ഫര്‍ട്ടില്‍ നിന്നും വളരെ അതികം ദൂരമുണ്ട് കോളനിലേക്ക്. നിങ്ങള്‍ക്ക് ട്രെയിന്‍ പിടിക്കേണ്ടി വരും. മാത്രമല്ല ഇപ്പോള്‍ സമയം എട്ടര കഴിഞ്ഞിരിക്കുന്നു. ലാസ്റ്റ് ട്രെയിന്‍ ഒമ്പതു മണിക്കു മുന്‍പേ പോകും. നമ്മള്‍ എത്ര വേഗം പോയാലും, താങ്കള്‍ റെയില്‍വേ സ്റ്റേഷനില്‍ കയറി, ടിക്കറ്റെടുത്ത്, ചെല്ലുമ്പോഴേക്കും സമയം ഒരുപാടാകും. ഇന്നെന്തായാലും നിങ്ങള്‍ക്ക് ട്രെയിന്‍ കിട്ടുകയില്ല. ഇന്ന് ഫ്രാങ്ക് ഫര്‍ട്ടില്‍ താമസിച്ചിട്ട്, നാളെ കോളണിലേക്ക് പോകുകയാണ് ഉത്തമം.

ദൈവമേ, ഒരു രാത്രിയും പകലും തുണയായി നീ എനിക്ക് പിയറിന്നേയും, കൂട്ടുകാരേയും തന്നു. ഇന്നീ രാത്രിയിലും, എന്റെ സഹായത്തിനായി നീ ആരെയെങ്കിലും തരണമേ. മനസ്സില്‍ ഞാന്‍ വെറുതെ പ്രാര്‍ത്ഥിച്ചു.

ദില്ലിയിലെ ജീവിതത്തിന്റേയും, മദ്രാസിലേക്കും, ബോംബെയിലേക്കുമുള്ള യാത്രകളിലൂടേയും നേടിയ അനുഭവത്തില്‍ നിന്നും, ഒരു വിധം ചീപ്പ് റേറ്റില്‍ താമസ സൌകര്യങ്ങളും, ഭക്ഷണവും മറ്റും ലഭിക്കുന്നത്, റെയില്‍വേ സ്റ്റേഷന്നടുത്താണ്. ആ പരിചയത്തിന്റെ മുന്‍ വിധിയോടെ തന്നെ ഞാന്‍ പറഞ്ഞു, എന്നെ ഫ്രാങ്ക് ഫര്‍ട്ട് റെയില്‍വേ സ്റ്റേഷന്നരികത്തു ഡ്രോപ്പ് ചെയ്താല്‍ മതി.

ദാ ആ കാണുന്നതാണു റെയില്‍വേ സ്റ്റേഷന്‍, വണ്ടി നിറുത്തി കൈ ചൂണ്ടി കാണിച്ചു കൊണ്ട് ഡ്രവര്‍ പറഞ്ഞു. എത്രയായി. മീറ്ററിലേക്ക് കൈ ചൂണ്ടികൊണ്ട് ഡ്രവര്‍ തുക പറഞ്ഞു. അദ്ദേഹം പറഞ്ഞപ്പോഴാണ് എനിക്കോര്‍മ്മ വന്നത്. എന്റെ കയ്യിലുള്ളത് ഡോളറും, പിന്നെ ഫ്രെഞ്ച് ഫ്രാങ്കുമാണ്. ഇപ്പോള്‍ ജര്‍മ്മനിയില്‍ എനിക്കു നല്‍കേണ്ടത് ഡോയിഷ് മാര്‍ക്ക്.

എന്റെ കയ്യില്‍ ഡോളറും, ഫ്രെഞ്ച് ഫ്രാങ്കുമാണുള്ളത്. ഞാന്‍ എന്തു ചെയ്യും.

നോ പ്രോബ്ലം. ഫ്രെഞ്ച് ഫ്രാങ്കില്‍ പേ ചെയ്താല്‍ മതി. ഹൃദയവിശാലതയുള്ള ആ ഡ്രൈവര്‍ പറഞ്ഞു.

അദ്ദേഹം പറഞ്ഞ ഫ്രാങ്ക് ഞാന്‍ കൊടുത്തു. ഫ്രാങ്ക് ടു മാര്‍ക്ക് കണ്‍ വെര്‍ഷന്‍ എനിക്കെന്തറിയാം. എന്തായാലും അയാളുടെ പെരുമാറ്റത്തില്‍ നിന്നും ഒരു കാര്യം എനിക്കുറപ്പായി, അദ്ദേഹം എന്നെ പറ്റിച്ചില്ല എന്ന്. അന്നും, ഇന്നും അത് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

പൈസ എണ്ണി വാങ്ങി, അതിന്റെ ബാക്കിയായി എനിക്ക് കുറച്ച് ഡോയിഷ് മാര്‍ക്ക് അദ്ദേഹം തിരിച്ചു നല്‍കി. പിന്നെ വണ്ടിയില്‍ നിന്നും എനിക്കൊപ്പം ഇറങ്ങി, ബൂട്ട് തുറന്ന് എന്റെ ബാഗെടുത്ത് എനിക്ക് നല്‍കി.

ആ ടാക്സി കണ്ണില്‍ നിന്നും മറയുന്നതു വരെ, ഞാന്‍ വെറുതെ നിന്നു, അതു മറഞ്ഞതിന്നു ശേഷം, പോക്കറ്റില്‍ നിന്നും ഒരു വിത്സെടുത്ത് കത്തിച്ച് പുക ആസ്വദിച്ചു. ബാഗെടുത്ത് തോളത്തിട്ട്, ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്നു.

തണുപ്പ് ഫ്രാന്‍സിലേക്കാള്‍ കൂടുതലായതിനാല്‍, ശരീരം നന്നായി കിടുങ്ങുന്നുണ്ടായിരുന്നു. ഇടക്കിടെ വീശുന്ന കാറ്റ് തികച്ചും അസഹനീയം!

എന്തിന്നും ഏറ്റവും താഴ്ന്ന നിരക്കുള്ള ഒരു ഹോട്ടലില്‍ ഇന്ന് മുറിയെടുക്കുക തന്നെ. നാളെ രാവിലെ കോളോണില്‍ ജാന്‍സി ചേച്ചിയുടെ വീട്ടില്‍ പോകാം. നടക്കുന്നതിന്നിടയില്‍ ഞാന്‍ തീരുമാനമെടുത്തു.

ഇരച്ചു പായുന്ന വാഹനങ്ങള്‍. പാരിസില്‍ കണ്ടതിന്റെ ഇരട്ടി തിക്കും തിരക്കും‍, അതും രാത്രി ഒമ്പതു മണിയോടടുത്ത നേരത്ത്.വെളിച്ചം വിതറി നില്‍ക്കുന്ന സ്ട്രീറ്റുകളും, കടകളും, കെട്ടിടങ്ങളും, തിരക്കേറിയ ജനവീഥിയും ഒരു ഉത്സവ പറമ്പിന്റെ പ്രതീതി എന്നില്‍ ഉളവാക്കി. ചില ഹോട്ടലിന്റെ മുന്‍പില്‍ സൌന്ദര്യവതികളായ മദാമ്മമാരുടെ പോസ്റ്ററുകള്‍ കൂടാതെ വലിയ അക്ഷരത്തില്‍ ഇംഗ്ലീഷില്‍, സ്ട്രിപ്പ് ഡാന്‍സ്, സ്ട്രിപ്പ് ടീസിംങ്ങ്, 10 PM TO 3 AM, എന്‍ട്രന്‍സ് ഫീസ് - ഇരുപത് മാര്‍ക്ക് എന്നും മറ്റും എഴുതി വച്ചിരിക്കുന്നു.

വിശപ്പിന്റെ എരി പൊരി സഞ്ചാരം വയറില്‍ തുടങ്ങി കഴിഞ്ഞിരിക്കുന്ന ആ അവസരത്തിലും, സൌന്ദര്യവതികളായ മദാമ്മമാരുടെ പോസ്റ്ററുകള്‍ ഒട്ടിച്ച, അതിന്നു ചുറ്റും, വൈദ്യുത വിളക്കുകളുടെ മായാജാലം കാട്ടുന്ന പല ക്ലബ്ബുകളുടെ മുന്‍പിലും കാരണമില്ലാതെ ഞാന്‍ വെറുതെ അഞ്ചു മിനിറ്റിലതികം നിന്നു, പിന്നെ, താമസിക്കുവാന്‍ ഉതകുന്ന ഒരു ഹോട്ടല്‍ തപ്പി വീണ്ടും നടത്തം തുടര്‍ന്നു.

ഇരുന്നൂറു മീറ്ററിന്നകത്തു തന്നെ രണ്ടും മൂന്നും ഹോട്ടലുകള്‍, പക്ഷെ എല്ലാം മുന്തിയവ. റെയില്‍വേ സ്റ്റേഷനെ പിന്നില്‍ തള്ളി കൊണ്ട് ഞാന്‍ വളരെ മുന്‍പോട്ട് നടന്നെത്തി. ജനതിരക്ക് അല്പം കുറഞ്ഞിരിക്കുന്നു. കെട്ടിടങ്ങളുടെ വലുപ്പത്തിന്നും കുറവുണ്ട്.

അതികം, അലങ്കാരമില്ലാത്ത, സൈന്‍ ബോര്‍ഡില്‍ മാല ബള്‍ബുകള്‍ അണിയിച്ചിട്ടില്ലാത്ത ഒരു ഹോട്ടലിന്റെ ഉള്ളില്‍ കയറി ഞാന്‍ റൂം വാടക അന്വേഷിച്ചു. വെറും നാന്നൂറ് ഡോയിഷ് മാര്‍ക്ക്.

ആഹഹ. കയ്യിലുള്ള മൊത്തം പൈസ കണ്‍ വെര്‍ട്ട് ചെയ്താല്‍, ഒരു മൂന്നാലു ദിവസം താമസിക്കാം അത്ര തന്നെ. കയറിയ അതേ വേഗതയില്‍ തന്നെ ഞാന്‍ അവിടെ നിന്നും ഇറങ്ങി വീണ്ടും മുന്‍പോട്ട് നടന്നു. പിന്നേയും, പല പല ഹോട്ടലുകളില്‍ കയറി, എല്ലാത്തിലും, നാന്നൂറു, മുന്നൂറ്റമ്പത്, ഏറ്റവും കുറഞ്ഞ ഒന്നില്‍ മുന്നൂറ് മാര്‍ക്ക്.

സമയം പത്താകാറായിരിക്കുന്നു. മുന്നൂറു മാര്‍ക്ക് കൊടുത്തിട്ട് എന്തായാലും മുറി എടുക്കുന്നില്ല എന്നു ഞാന്‍ എന്തായാലും തീരുമാനിച്ചു. പക്ഷെ ഈ കൊടും തണുപ്പില്‍ രാത്രി ഞാന്‍ എങ്ങിനെ ചിലവിടും? ഹരണ, ഗുണനങ്ങള്‍ക്കൊടുവില്‍ എനിക്കൊരുത്തരം കിട്ടി. എന്തുകൊണ്ട് സ്ട്രിപ്പ് ഡാന്‍സ് കാണാന്‍ പോയിക്കൂടാ?

സ്ട്രിപ്പ് ഡാന്‍സെങ്കില്‍, സ്ട്രിപ്പ് ഡാന്‍സ്. ഇരുപത്തിനാലു വയസ്സുപോലും ആയിട്ടില്ലാത്ത എന്റെ മനസ്സ് വേറെ എന്തുത്തരം തരാന്‍? എന്ട്രന്‍സ് ഫീസ് വെറും ഇരുപത് മാര്‍ക്ക്. ഒരു രണ്ട് ബിയറടിച്ചാല്‍ തന്നേയും, അമ്പതറുപതു മാര്‍ക്കില്‍ മൂന്നു മണി വരെ തണുപ്പേല്‍ക്കാതെ ഇരിക്കാന്‍ സാധിക്കുമല്ലോ? മാത്രമല്ല മുറിയെടുക്കുന്നതിനേക്കാളും ഇരുന്നൂറ്റമ്പത് മാര്‍ക്ക് ലാഭവും, കണ്ണിനും, കരളിന്നും ഒരു കുളിരൂം!

മറ്റൊന്നും എനിക്കാലോചിക്കാനില്ലായിരുന്നു. കാറ്റിന്റെ ശക്തി കൂടുന്നതിന്നനുസരിച്ച്, തണുപ്പിന്റെ കാഠിന്യവും കൂടി വരുന്നു. സര്‍വ്വ ശക്തിയുമെടുത്ത്, ഞാന്‍ കാലുകള്‍ ആഞ്ഞ് ചവുട്ടി വന്ന വഴിയിലൂടെ തിരിച്ചു നടന്നു.

ഓരോ ക്ലബ്ബുകള്‍ക്കു മുന്‍പിലും ചെന്ന് നിന്ന്, പോസ്റ്ററുകളെ അവലോകനം ചെയ്ത് ചെയ്ത് നടക്കുന്നതിന്നൊടുവില്‍, തരക്കേടില്ല എന്നു തോന്നിയ ഒരു ക്ലബ്ബിലേക്ക് കയറുന്നതിനായി കൌണ്ടറില്‍ ഞാന്‍ ചെന്നു. കയ്യില്‍ മാര്‍ക്കില്ലാത്തതിനാല്‍, ഡോളറാണു കൊടുത്തത്. ബാക്കി പണം അവര്‍ മാര്‍ക്കായി നല്‍കുകയും ചെയ്തു. വാതില്‍ തുറന്ന് ക്ലബ്ബിന്റെ ഉള്ളിലേക്ക് നടന്നു. ഉള്ളിലാകെമങ്ങിയചുമന്ന വെളിച്ചം . കയറി കുറച്ചു സമയത്തേക്ക് ഒന്നും തന്നെ കാണാന്‍ സാധിച്ചില്ല. കുറച്ചു സമയത്തിന്നു ശേഷം, കണ്ണുകള്‍ ആ ബാറിലെ ഇരുണ്ട വെളിച്ചവുമായി പൊരുത്തപെട്ടപ്പോള്‍, ചെറുതായി ഓരോന്നായി കാണാന്‍ തുടങ്ങി. ആദ്യം തന്നെ കണ്ണില്‍ പെട്ടത് ഒരു സ്റ്റേജാണ്. സ്റ്റേജിന്റെ നടുക്ക് ഒരു ഇരുമ്പ് പോള്‍ നാട്ടിയിരിക്കുന്നു. സ്റ്റേജിന്നഭിമുഖമായി നിരവധി മേശകളും, കസേരകളും. ഒരു വിധം എല്ലാ സീറ്റുകളും ഫുള്‍ തന്നെ. ആണുങ്ങളും, പെണ്ണുങ്ങളും എല്ലാം ഇടകലര്‍ന്നാണിരിക്കുന്നത്.

സ്റ്റേജില്‍ നടക്കുന്ന മോഹിനിയാട്ടം, കുമ്മിയടി, കോല്‍ക്കളി തുടങ്ങിയ ഇനങ്ങള്‍ വ്യക്തമായ് കാണുവാന്‍ സാധിക്കുന്ന തരത്തിലുള്ള, എന്നാല്‍ മറ്റുള്ളവരില്‍ നിന്നും കുറച്ചകന്ന്, ബാറിന്റെ ഒരു മൂലയിലുള്ള ഒരു സീറ്റില്‍ ഞാന്‍ ഉപവിഷ്ടനായതിന്നു തൊട്ടുപിന്നാലെ, ഒരു മദാമ്മ മെനുവുമായി വന്നു.

മൊനു മൊത്തമായൊന്നു മറിച്ചു നോക്കി. കൂടുതലായൊന്നും മനസ്സിലായില്ല. ഉള്ളതില്‍ വിലകുറഞ്ഞത് ബിയര്‍ തന്നെ. ഒരു ഡ്രാഫ്റ്റ് ബിയര്‍ ഓര്‍ഡര്‍ ചെയ്തു. ഏത് ബ്രാന്‍ഡ് വേണം എന്ന ചോദ്യത്തിന്നു, ഏതായാലും കുഴപ്പമില്ല എന്നൊറ്റവാക്യത്തിലുത്തരവും നല്‍കി. അല്പം നേരത്തികം തന്നെ, തണുത്ത, പത നുരയുന്ന ബീര്‍ എന്റെ ടേബിളിലെത്തി. ബിയര്‍ മെല്ലെ നുണഞ്ഞ്, ഒരു സിഗററ്റെടുത്ത് കത്തിച്ച്, സ്റ്റേജില്‍ നടക്കുന്ന മരം ചുറ്റി പ്രേമ ഗാന രംഗം (മരത്തിന്നു പകരം ഇരുമ്പ് പോള്‍ ആണെന്നു മാത്രം) ആസ്വദിച്ച് ഇരിക്കുന്നതിന്നിടയില്‍, ഹായ്, എന്ന ഒരു കുയില്‍നാദം കേട്ട ഞാന്‍ എന്റെ കണ്ണുകളെ പ്രയാസപെട്ട് സ്റ്റേജില്‍ നിന്നും പറിച്ചെടുത്തതിന്നു ശേഷം തിരിഞ്ഞു കുയിലിനെ നോക്കി.

മങ്ങിയ വെളിച്ചത്തില്‍, മന്ദഹാസം പൊഴിച്ച്, എനിക്ക് ഷെയ്ക്ക് ഹാന്റു നല്‍കുവാന്‍ കൈ നീട്ടിപിടിച്ചു നില്‍ക്കുന്ന ആ മനോഹരിയായ മദാമ്മയെ കണ്ട ഞാന്‍, മദാമ്മക്ക് ഷേയ്ക്ക് ഹാന്‍ഡ് കൊടുത്തുകൊണ്ട് ഒരു ഹലോ തിരിച്ച് പറഞ്ഞെങ്കിലും, ശബ്ദം എന്തുകോണ്ടോ തൊണ്ടയില്‍ തന്നെ കുടുങ്ങി പോയി.

കേന്‍ ഐ സിറ്റ് ഹിയര്‍. എന്റെ അരികിലുള്ള ചെയറിലേക്ക് വിരല്‍ ചൂണ്ടികൊണ്ട് മദാമ്മ എന്നോട് ചോദിച്ചപ്പോള്‍, നോ എന്ന് എനിക്ക് പറയുവാന്‍ ഒരിക്കലും സാധിക്കാത്തതിനാല്‍, യെസ് എന്നു പറഞ്ഞതിന്റെ കൂടെ ഒരു പ്ലീസ് എന്ന് കൂടി ചേര്‍ത്തു. എന്റെ വായില്‍ നിന്നും യെസ് എന്ന് വന്നതും, മദാമ്മ സീറ്റില്‍ ഇരുന്നതും ഒരേ സമയത്തായിരുന്നു.


ഐആം, എലിസബത്ത്, യു കാന്‍ കാള്‍ മി ലിസ്. ഐ ഗസ്സ് യു ആര്‍ ഫ്രം ഇന്ത്യ‍?

യെസ് ഐആം.

ഓകെ. കേന്‍ യു ബയ് അ ഡ്രിങ്ക് ഫോര്‍ മി പ്ലീസ്?

അവിടെ ചുറ്റുപാറ്റും നടക്കുന്ന രംഗങ്ങള്‍ കണ്ടപ്പോള്‍ തന്നെ സംഭവത്തിന്റെ ഏകദേശരൂപം പിടികിട്ടിയിരുന്നു എങ്കിലും, പെണ്ണൊരുത്തി ഒരു ഡ്രിങ്ക് ചോദിച്ചാല്‍ എങ്ങിനെ പറ്റില്ല എന്നു പറയും? ഞാന്‍ ആകെ ആശയകുഴപ്പത്തിലായി. എങ്കിലും അവസാനം ഞാന്‍ പറഞ്ഞു, യെസ് പ്ലീസ്.

ഞാന്‍ ഇന്ത്യനായതുകാരണമായിരിക്കും അവള്‍ പറഞ്ഞു, മൈ ഡ്രിങ്ക് ഈസ് ബിറ്റ് മോര്‍ എക്സ്പെന്‍സീവ്. ഇറ്റ് ഈസ് ഫോര്‍ട്ടി മാര്‍ക്ക്സ്, ബട് ഐ വില്‍ സിറ്റ് വിത് യു ഫോര്‍ ഏന്‍ അവര്‍.

അഭിമാനത്തിന്റെ പ്രശ്നമായതുകാരണം, അതും ഞാന്‍ ഇന്ത്യക്കാരനാണെന്ന് ഒറ്റനോട്ടത്തില്‍ അവള്‍ മനസ്സിലാക്കിയ സ്ഥിതിക്ക് മാത്രം ഞാന്‍ പറഞ്ഞു, നോ പ്രോബ്ലം, പ്ലീസ് ഓര്‍ഡര്‍ യുവര്‍ ഡ്രിങ്ക്.

കൈകൊട്ടി വെയ് ട്രസിനെ വിളിച്ചു വരുത്തി ലിസ് അവള്‍ക്കുള്ള ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തു. പിന്നെ എന്നോട് വളരെ കാഷ്വലായി സംസാരിക്കന്‍ തുടങ്ങി. അവളുടെ ഡ്രിങ്ക് എത്തി. അവള്‍ സിപ്പു ചെയ്യുന്ന രീതിയില്‍ നിന്നും, മുഖഭാവത്തില്‍ നിന്നും, ആ ഗ്ലാസില്‍ വെറും പച്ചവെള്ളമാണോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല.

വളരെ കുറച്ച് നേരത്തെ സംസാരത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ തമ്മില്‍ ഒരു ചെറിയ സൌഹൃദം ഉടലെടുത്തതിന്റെ ഫലമായി, ജര്‍മ്മനിയില്‍ വന്നതെന്തിനാണെന്നുള്ള അവളുടെ ചോദ്യത്തിന്നുത്തരമായി, ഇന്ത്യയില്‍ നിന്നും യാത്ര തുടങ്ങി, സ്വിസ്സ് ബോര്‍ഡറില്‍ നിന്നും പോലീസ് പിടിച്ച് പുറത്താക്കിയതും, റൈന്‍ നദിയില്‍ ചാടി തണുത്തുറഞ്ഞതും‍, ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കാന്‍ പണമില്ലാത്തതിനാല്‍ രാത്രി മൂന്നു മണിയെങ്കില്‍ മൂന്നു മണി വരെ തണുപ്പു കൊള്ളാതെ ഇരിക്കാനാണ് ഈ സ്ട്രിപ്പ് ഡാന്‍സ് ബാറില്‍ വന്നിരിക്കുന്നതെന്നു വരെ അവളോട് ഞാന്‍ പറഞ്ഞു. എന്റെ കഥ കേട്ട അവള്‍ ഒരു നീണ്ട നെടുവീര്‍പ്പിട്ടു. ബിയര്‍ ഒഴിഞ്ഞ എന്റെ ഗ്ലാസ് ഞാന്‍ മേശയില്‍ വച്ചതു കണ്ടിട്ടാകണം, അവള്‍ വെയ്ട്രെസ്സിനെ വിളിച്ച് ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു, പിന്നെ ഒരു സിഗററ്റെടുത്ത് കത്തിച്ച് പുകയൂതി വിട്ടുകൊണ്ട് അവളുടെ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. അവള്‍ ലണ്ടനില്‍ നിന്നാണെന്നും, മൂന്നു മാസത്തില്‍ ഇടക്കിടെ ഇവിടെ വന്ന് ഇത്തരം ബാറുകളില്‍ ജോലി ചെയ്യാറുണ്ടെന്നും, കോളേജില്‍ പഠിക്കാനുള്ള ചിലവിന് വേറെ മാര്‍ഗം ഒന്നും ഇല്ലാത്തതിനാലാണ് ഇതു ചെയ്യുന്നതെന്നും തുടങ്ങി മനുഷ്യന്റെ ചങ്കു കലക്കുന്ന നിരവധി കാര്യങ്ങള്‍ അവള്‍ പറഞ്ഞു. സംസാരത്തിന്റെ ഇടയില്‍ എന്റെ ഗ്ലാസു പിന്നേയും പതിവുപോലെ കാലിയായപ്പോള്‍, അവള്‍ വെയ് ട്രസ്സിനെ വിളിച്ച് രണ്ട് ബിയര്‍ ഓര്‍ഡര്‍ ചെയ്തു. ഒന്നവള്‍ക്കും, ഒന്നെനിക്കും. ഓരോ തവണ ബിയര്‍ ഓര്‍ഡര്‍ ചെയ്യുമ്പോഴും, ദൈവമേ ഹോട്ടലില്‍ തങ്ങിയാല്‍ മതിയായിരുന്നൂ എന്നെന്റെ മനസ്സില്‍ തോന്നിയിരുന്നു.

സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ബാര്‍ മൂന്നു മണിക്കടക്കുമെന്നും, റെയില്‍ വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് ഏഴുമണിയെങ്കിലും ആകണമെന്നും അവള്‍ എന്നോട് പറഞ്ഞു. ബാര്‍ അടക്കുന്നതു വരെ, ഇവിടെ തന്നെ ഇരിക്കുകയാണു നല്ലതെന്നും, അതിന്നു ശേഷം, തെരുവില്‍ കൂടി വെറുതെ കറങ്ങി നടക്കാതെ, റെയില്‍വേ സ്റ്റേഷനില്‍ പോയി, ഇരിക്കുകയാണു നല്ലതെന്നും അവള്‍ പറഞ്ഞു. ബാഗും, പഴ്സും മറ്റും പ്രത്യേകം സൂക്ഷിക്കണമെന്ന് എന്നോട് പലതവണ അവള്‍ അതിന്നിടെ പറയുകയുണ്ടായി.

അവള്‍ പിന്നേയും എനിക്ക് ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു. എന്റെ വിളറിയ മുഖഭാവം കണ്ടിട്ടാവണം അവള്‍ പറഞ്ഞു, ഡോണ്ട് വറി കുറുമാന്‍. ഐ വില്‍ പേ ദ ബില്‍. എനിക്ക് സംസാരിക്കാന്‍ വാക്കുകളില്ലാതായി എന്നു മാത്രമല്ല, എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിയുകയും ചെയ്തു.

ബിയര്‍ കൊണ്ടു വന്ന വെയ് ട്രസ്സിനോട് ഡോയിഷില്‍ എന്തോ പറഞ്ഞ ശേഷം, എനിക്ക് ഏതെങ്കിലും കസ്റ്റമറെ കണ്ടു പിടിച്ചേ തീരൂ, അതിനാല്‍ ഞാന്‍ നീങ്ങട്ടെ, കഴിയുമെങ്കില്‍ മൂന്നു മണിക്ക് മുന്‍പ് ഞാന്‍ നിന്നെ വന്നു കണ്ടു കൊള്ളാം എന്നു പറഞ്ഞ് ആദ്യം കണ്ടപ്പോള്‍ പുഞ്ചിരിച്ചപോലെ തന്നെ പുഞ്ചിരിച്ച്, എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി അവള്‍ എഴുന്നേറ്റു പോയി.

നടന്നതെല്ലാം വിശ്വസിക്കാന്‍ തന്നെ പ്രയാസം. ഭാഷയും, ഊരും, പേരും, അറിയാത്ത രാജ്യങ്ങളില്‍ പോലും, ദൈവം പല പേരിലും, രൂപത്തിലും വന്ന് എന്നെ സഹായിക്കുന്നതാണെന്ന ഒരു തോന്നല്‍ എന്റെ ഉള്ളില്‍ വേരൂന്നി എന്നു പറയുകയാവും ഉത്തമം.

രണ്ടേമുക്കാല്‍ ആയപ്പോള്‍, ആട്ടവും, പാട്ടുമെല്ലാം അവസാനിച്ചു. ലൈറ്റുകള്‍ ഓണ്‍ ചെയ്തു. സമയം കടന്നുപോയതറിഞ്ഞിരുന്നില്ല. എലിസബത്ത് അവിടെ എവിടേയെങ്കിലുമുണ്ടോ എന്ന് ഞാന്‍ കണ്ണാല്‍ പരതിയെങ്കിലും, കാണാന്‍ കഴിഞ്ഞില്ല. ആളുകള്‍ ഓരോരുത്തരായി എഴുന്നേറ്റ് പുറത്തേക്ക് പോകുന്നുണ്ട്. ചിലര്‍ ആടിയാണെങ്കില്‍, ചിലര്‍ വേച്ച് വേച്ച്. ചിലര്‍ എന്നെ പോലെ, സ്റ്റഡിയായി തന്നെ സീറ്റില്‍ ഇരിക്കുന്നുണ്ട്.

ഞാനും എഴുന്നേറ്റു. എന്റെ ബാഗെടുത്ത് ചുമലിലിട്ടു. ഒരു സിഗററ്റിന്നു തീകൊളുത്തി പുകയൂതി വിട്ടുകൊണ്ട് പുറത്തേക്ക് നടന്നു. സ് ട്രീറ്റില്‍ ഇപ്പോഴും ആളുകള്‍ ഉണ്ട്. ഒട്ടുമിക്കവരും പല പല ബാറില്‍ നിന്നും ഇറങ്ങിയവരാണെന്ന് മുഖഭാവത്താലും, ചലനത്താലും മനസ്സിലായി. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി എലിസബത്ത് പറഞ്ഞു തന്നിരുന്നതിലൂടെ കൊടും തണുപ്പത്ത് വിറച്ച് വിറച്ച് ഞാന്‍ നടന്നു.

പകുതി വലിച്ച സിഗററ്റ് റോട്ടില്‍ ഇട്ട് ഞാന്‍ മുന്നോട്ട് നടന്നു. പെട്ടെന്ന് പിന്നില്‍ ഒരു കാലടി ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ കണ്ടത്, ഞാന്‍ നിലത്തിട്ട സിഗററ്റ് കുറ്റിയെടുത്ത് ചെറുപ്പക്കാരിയായ ഒരു മദാമ്മ വലിക്കുന്നതാണ്. അവളുടെ കണ്ണുകള്‍ അതികം കുടിച്ചതിനാലോ മറ്റോ നന്നേ കലങ്ങിയിരുന്നു. ഇത്തരം ഒരു കാഴ്ച് ജീവിതത്തില്‍ ആദ്യമായാണ്. എന്തെല്ലാം അനുഭവങ്ങള്‍.

നടന്നു നടന്നു ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിചേര്‍ന്നു. നാലഞ്ചു ബഞ്ചുകളിലായി ചിലരെല്ലാം ഇരിക്കുന്നും, കിടക്കുന്നുമുണ്ട്. ചിലര്‍ വെറുതെ സംസാരിച്ചും, പുകവലിച്ചും, കയ്യിലുള്ള ബിയര്‍ ക്യാനില്‍ നിന്നും ബിയര്‍ കുടിച്ചും സംസാരിച്ചിരിക്കുന്നു.

ഒരു ബഞ്ചില്‍ ഞാന്‍ ചെന്നിരുന്നു. തണുപ്പ് കൂടി കൂടി വരുന്നു. സിഗററ്റ് വലിച്ചു തള്ളിയിട്ടും ശരീരം വിറക്കുന്നു. ബാഗു തുറന്ന്, കമ്പിളി പുറത്തെടുത്തു. കമ്പിളി എടുത്തപ്പോള്‍, നിറഞ്ഞ കുപ്പി കയ്യില്‍ തടഞ്ഞു. കുപ്പിയുടെ അടപ്പു തുറന്ന് രണ്ടിറക്ക് തൊണ്ടയിലേക്കൊഴിച്ചു. കുപ്പി തിരിച്ച് വച്ച്, ബാഗ് തലയിണയാക്കി, ബ്ലാങ്കറ്റ്, തലവഴി മൂടി ആ ബഞ്ചില്‍ ഞാന്‍ കിടന്നു.

Friday, December 01, 2006

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 6

ചാടിയ ശക്തിയില്‍ വെള്ളത്തിലേക്ക് ഞാന്‍ താണുപോയി. ജലനിരപ്പിലേക്ക് പൊങ്ങി വന്നു ഞാന്‍ നീന്താന്‍ തുടങ്ങി. കൈകാലുകള്‍ വിജാരിച്ചതുപോലെ അനക്കാന്‍ ആകുന്നില്ല, കൈകാലുകള്‍ മഞ്ഞില്‍ ഉറഞ്ഞതുപോലെ. ശരീരമാകെ കോച്ചിവലിക്കാന്‍ തുടങ്ങി. ഇരുപതടിദൂരം പോലും നീന്തിയിട്ടില്ല, അപ്പോഴേക്കും ശരീരം മരവിക്കാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണുകളില്‍ ഇരുട്ട് പരക്കുന്നു. ഇല്ല, ഇരുനൂറ് മീറ്റര്‍ പോയിട്ട് ഒരു നൂറു മീറ്റര്‍ വരെ ഈ ഐസുവെള്ളത്തില്‍ നീന്താന്‍ സാധിക്കുകയില്ല. എങ്ങിനെയെങ്കിലും തിരിച്ചു നീന്തി കരയിലെത്തിയാല്‍ മതി എന്നു മാത്രമായി എന്റെ ചിന്ത.

ഞാന്‍ തിരിച്ചു നീന്താന്‍ തുടങ്ങി. ഇല്ല കൈകാലുകള്‍, അനക്കാന്‍ കഴിയുന്നില്ല, ഞാന്‍ വെള്ളത്തിലേക്ക് മുങ്ങാന്‍ തുടങ്ങി. കരക്കു നിന്നുകൊണ്ട് അവര്‍ എന്തെല്ലാമോ വിളിച്ചു പറയുന്നുണ്ട്. ഒരു മൂളലല്ലാതെ എന്താണവര്‍ പറയുന്നതെന്നെനിക്കു കേള്‍ക്കുന്നുണ്ടായിരുന്നില്ല. തണുത്തവെള്ളത്തില്‍ ഉറഞ്ഞ് ഞാന്‍ മരിക്കുമോ എന്നു വരെ എനിക്ക് തോന്നി. സര്‍വ്വ ശക്തിയും സംഭരിച്ച്കൊണ്ട് കൈകാലുകള്‍ മാറി മാറി ഞാന്‍ തുഴഞ്ഞു. കരക്കെത്താറായതും, മൂന്നു പേരും ചേര്‍ന്ന് എന്റെ കൈകളില്‍ പിടിച്ച് വലിച്ചെന്നെ കരകയറ്റി.

പിയര്‍,ബാഗു തുറന്ന്, ഞാന്‍ മുന്‍പ് ധരിച്ചിരുന്ന വസ്ത്രങ്ങളും, ബാത് ടൌവ്വലും പുറത്തെടുത്ത് എനിക്ക് നല്‍കി. കണ്ണെല്ലാം കലങ്ങിയിരിക്കുന്നതു കാരണം കാഴ്ചയും മങ്ങി തന്നെ. വളരെ പെട്ടെന്നു തന്നെ ഞാന്‍ ശരീരത്തിലുള്ള വെള്ളം തുടച്ച് മാറ്റി, വസ്ത്രം ധരിച്ചു. തണുപ്പു കാരണം കൈയ്യെല്ലാം, വെറുങ്ങലിച്ചിരിക്കുകയാണ്. പല്ലുകള്‍ കൂട്ടിയിടിക്കുന്നത് നിറുത്താനേ പറ്റുന്നില്ല. ബാഗില്‍ നിന്നും ബാഗ്പൈപ്പറിന്റെ കുപ്പിയെടുത്ത് വായിലേക്ക് നേരെ കമഴ്ത്തി. ജീവിതത്തില്‍ ആദ്യമായാണ് വെള്ളമൊഴിക്കാതെ കഴിക്കുന്നത്. എന്നാലും ആ തണുപ്പില്‍ നിന്നും, പല്ലു കൂട്ടിയിടിക്കുന്നതില്‍ നിന്നും രക്ഷ നേടാന്‍ അതല്ലാതെ വേറെന്താശ്രയം? കുപ്പി ഞാന്‍ പിയറിന്നു കൈമാറി. സ്നേഹപൂര്‍വ്വം അവര്‍ അത് നിഷേധിച്ചു (എന്റെ ഭാഗ്യം).

നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞ്, അതും, ടൌവ്വലും കൂടി ഒരു കവറിലിട്ട് ബാഗില്‍ വച്ചു, ഒപ്പം കുപ്പിയും. സ്വിറ്റ്സര്‍ലന്റ് മോഹങ്ങള്‍ ഇതോടെ കരിഞ്ഞുണങ്ങി, പിന്നെന്തിന്ന് ഈ തണുപ്പത്ത്, റൈന്‍ നദിക്കരയില്‍ വെറുതെ കാറ്റു കൊണ്ട് നില്‍ക്കണം? പിയര്‍ വരൂ നമുക്ക് എന്തായാലും ഇവിടെ നിന്നു പോകാം. നാലുപേരും ചേര്‍ന്ന് മുകളിലേക്ക് കയറി റോഡില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വണ്ടിയുടേ അരികിലെത്തി.

ഇനിയെന്താണു കുറുമാന്‍ പരിപാടി?

എന്തായാലും സ്വിസ്സ് പരിപാടി ഫ്ലോപ്പായി. ഭാഷയുടെ പ്രശ്നങ്ങള്‍ വച്ചു നോക്കിയാല്‍, ഫ്രാന്‍സില്‍ എന്തെങ്കിലും ചെയ്യാനോ, താമസിക്കാനോ താത്പര്യം തോന്നുന്നില്ല. ആ സ്ഥിതിക്ക് ജര്‍മ്മനിയിലേക്ക് പോകണം എന്നു കരുതുന്നു.

ഈ രാത്രിയില്‍ എന്തായാലും ജര്‍മ്മനിയില്‍ പോയിട്ട് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല, മാത്രമല്ല, ട്രെയിന്‍ എല്ലാം പിടിച്ച് അങ്ങെത്തിയാലും പാതിരാത്രി കഴിഞ്ഞിരിക്കും. ആയതിനാല്‍ ഇന്ന് രാത്രി ഇവിടെ തങ്ങി, നാളെ താങ്കള്‍ക്കു ജര്‍മ്മനിയില്‍ പോകാമല്ലോ?

അതെ നല്ല ആശയം തന്നെ പിയര്‍. പക്ഷെ നിനക്കറിയുമോ, എന്റെ കയ്യില്‍ അതികം പണമില്ല. ഉണ്ടായിരുന്നതില്‍ തരക്കേടില്ലാത്ത ഒരു പങ്ക്, പാരിസിലെ ഹോട്ടലിലും, പിന്നെ ഇങ്ങോട്ടുള്ള യാത്രയിലും ചിലവായി. ഇനി ഉള്ള പണം സൂക്ഷിച്ചു ചിലവാക്കിയില്ലെങ്കില്‍, ജര്‍മ്മനിയിലെത്താന്‍ പോലും എന്റെ കയ്യില്‍ പണം കാണില്ല. അതിനാല്‍ ഏറ്റവും ചീപ്പായ ഒരു ഹോട്ടല്‍ എനിക്കു വേണ്ടി നിങ്ങള്‍ കണ്ടു പിടിച്ചു തരാമോ? മാത്രമല്ല, നിങ്ങളും കൂടി എന്റെ കൂടെ തങ്ങുകയാണെങ്കില്‍, രാത്രി നമുക്ക് കയ്യിലുള്ള കുപ്പിയെല്ലാം കഴിച്ച്, എന്തെങ്കിലും ഭക്ഷണവും കഴിച്ച് സുഖമായി ചിലവഴിക്കാം.

പിയര്‍ വീണ്ടും ശബ്ദം താഴ്ത്തി അവരോടു രണ്ടു പേരോടുമായി എന്തെല്ലാമോ ഫ്രെഞ്ചില്‍ സംസാരിച്ചു. ദൈവമേ, പൈസയതികം ഇല്ല എന്നു പറഞ്ഞതിന്നു എന്നെ കളിയാക്കുകയാണോ അവര്‍. ഓ, ആയിരിക്കാന്‍ വഴിയില്ല. ഒരു കാപ്പി കൂടി കഴിക്കാന്‍ പൈസയില്ലാതിരിക്കുന്നവരാണിവര്‍, ഞാന്‍ സ്വയം ആശ്വസിച്ചു, അല്ലെങ്കില്‍ എന്റെ മനസ്സിനെ ആശ്വസിപ്പിച്ചു.

കുറുമാന്‍ താങ്കള്‍ക്ക് ഹോട്ടലില്‍ തന്നെ തങ്ങണമെന്നു നിര്‍ബന്ധമാണോ? അതോ എവിടെയെങ്കിലും തണുപ്പടിക്കാതെ കിടന്നാല്‍ മതിയോ?

പിയര്‍, തണുപ്പടിക്കാത്ത , കാറ്റടിക്കാത്ത ഒരു സ്ഥലം, അതിനി കാലിതൊഴുത്തായാല്‍ കൂടി കുഴപ്പമില്ല. എന്റെ കയ്യില്‍ ബെഡ് സ്പ്രെഡും, ബ്ലാങ്കറ്റും ഉണ്ട്.

ശരി, കാറില്‍ കയറൂ. എല്ലാവരും കാറില്‍ കയറിയതും, അഡ്രിന്‍ വണ്ടി മുന്നോട്ടെടുത്തു. വീണ്ടും ഒരു അരമണിക്കൂറിലതികമുള്ള യാത്ര. രാത്രിയായതിനാല്‍, ചുറ്റുവട്ടമുള്ള കാഴ്ചകളൊന്നും കാണാന്‍ പറ്റുന്നില്ല, മാത്രമല്ല കാഴ്ച കാണാനുള്ള ഒരു ശാരീരിക, മാനസിക അവസ്ഥയിലല്ലായിരുന്നു ഞാന്‍. തണുത്ത വെള്ളത്തില്‍ ചാടിയതിനാലായിരിക്കണം, ശരീരത്തിന്നു ചെറിയ ഒരു പനി ലക്ഷണം. കാര്‍ ഒരു ഇടത്തരം വീടിന്റെ മുന്‍പില്‍ നിന്നു. പിയര്‍ ഇറങ്ങി പുറത്ത് പോയി. പിന്നെ തിരിച്ചു വന്നതു ഒരു ഇരുപത് മിനിട്ടിന്നു ശേഷമാണ്. വന്നതും എന്നോട് ചോദിച്ചു, കാര്‍ ഗാരേജില്‍ കിടക്കാന്‍ കുഴപ്പമുണ്ടോ?

ശ്മശാനത്തിലെ ഒരു കല്ലറ കിട്ടിയാലും, അതില്‍ കയറി കിടക്കാമെന്നുള്ള അവസ്ഥയിലാണു ഞാന്‍ നില്‍ക്കുന്നത്. പിന്നെയാണോ ഗാരേജ്.

ഒരു കുഴപ്പവുമില്ല പിയര്‍. കാശ് എത്ര കൊടുക്കേണ്ടി വരും?

കാശോ, കാര്‍ ഗാരേജില്‍ കിടക്കാനോ? ഒന്നും വേണ്ട. ഇത് എന്റെ ഗേള്‍ഫ്രെണ്ടിന്റെ വീടാണ്. അവളും അവളുടെ മമ്മിയും മാത്രമാണ് താമസം. ഒരു കാറുള്ളത് ഗാരേജില്‍ നിന്നും പുറത്തെടുത്താല്‍ നമുക്ക് രണ്ട് പേര്‍ക്കും ഇവിടെ കിടക്കാം.

അല്ല പിയര്‍ നീ എനിക്കു വേണ്ടി ബുദ്ധിമുട്ടണമെന്നില്ല. നീ സുഖമായി നിന്റെ വീട്ടില്‍ പോയി കിടന്നുകൊള്ളുക. രാവിലെ വന്നാല്‍ മതി.

ഹും, സുഖം. ആ വാക്കിന്റെ അര്‍ത്ഥം എനിക്കറിയില്ല കുറുമാന്‍. പറയാനാണെങ്കില്‍ ഒരുപാടതികം പറയേണ്ടി വരും. അതിലും നല്ലത് പറയാതിരിക്കുന്നതാണ്. അപ്പോ എന്തായാലും, നമ്മള്‍ ഇന്നിവിടെ തങ്ങുന്നു. നാളെ രാവിലെ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം.

അഡ്രിനും, മാര്‍ട്ടിനും, യാത്രപറഞ്ഞ് കാറില്‍ കയറി പോയി. ഞാനും, പിയറും മാത്രം ആ ഗാരേജിന്നു മുന്‍പില്‍ തനിച്ചായി.

ഗാരേജിന്റെ വാതിലുകള്‍ മലക്കെ തുറന്ന്, പിയര്‍ ഉള്ളിലുണ്ടായിരുന്ന കാറെടുത്ത് മുന്‍പില്‍ റോഡിന്റെ ഒരരികിലായിട്ടു, പിന്നെ അവന്‍ തന്നെ, ഗാരേജിലുണ്ടായിരുന്ന ടയറുകളും, മറ്റു ടൂള്‍സുകളും ഒരു മൂലക്കായി അടുക്കി വച്ചതിന്നു ശേഷം ഒരു ക്ലീനിങ്ങ് ബ്രഷ് ഉപയോഗിച്ച് ഗാരേജ് മൊത്തമായും ക്ലീന്‍ ചെയ്തു.

എന്റെ ബാഗ് ഞാന്‍ ഗാരേജിന്റെ ഒരു മൂലക്ക് വച്ചു. പിന്നെ അതില്‍ നിന്നും ബെഡ് സ്പ്രെഡ് എടുത്ത് വിരിച്ചു. ഒപ്പം ബ്ലാങ്കറ്റും എടുത്ത് നീര്‍ത്തിയിട്ടു.

പിയര്‍, നന്നായി വിശക്കുന്നു. ഇന്ന് രാവിലെ ഭക്ഷണം കഴിച്ചതാണു. പിന്നെ ആകെ കഴിച്ചിരിക്കുന്നത്, ബിയറും, വിസ്കിയും, മാത്രം.

എനിക്കും, വിശക്കുന്നുണ്ട്. വരൂ നമുക്ക് പോയി ഭക്ഷണം കഴിച്ചിട്ട് വരാം. അതികം പൈസയൊന്നുമാകില്ല.

പക്ഷെ പോകുന്നതിന്നു മുന്‍പ് നമുക്ക് ഒന്നു രണ്ടു ഡ്രിങ്ക്സ് കഴിച്ചു കൂടെ? അപ്പോള്‍ തണുപ്പിനും, ഒരു ശമനം കിട്ടില്ലെ?

വെറും വയറ്റിലോ? വേണ്ട, നമുക്ക് പോയി ഭക്ഷണം കഴിച്ചിട്ട് വരാം, അതിന്നു ശേഷം രാത്രി മൊത്തമുണ്ടല്ലോ, നമുക്കിരുന്നു കുടിക്കാം.

ശരി, ഭക്ഷണത്തിന്നു ശേഷം സ്മാള്‍ അടിക്കുന്ന ശീലമില്ലെങ്കിലും ഞാന്‍ സമ്മതിച്ചു.

ഗാരേജിന്റെ വാതിലുകള്‍ അടച്ച്, താഴിട്ടു പൂട്ടി ഞങ്ങള്‍ ഇറങ്ങി. ഒരുകിലോമീറ്റര്‍ ദൂരത്തോളം തണുത്ത കാറ്റുമേറ്റ് നടന്നു. അതികം ആള്‍ തിരക്കില്ലാത്ത ഒരു കടയില്‍ കയറി അവന്‍ എന്തോ ഓര്‍ഡര്‍ ചെയ്തു. നീളമുള്ള ബണ്ണിനുള്ളില്‍, മൊരിയിച്ച കോഴികഷണങ്ങള്‍ നിറച്ച സാന്റ് വിച്ച് രണ്ടെണ്ണം അവന്‍ വാങ്ങി. പൈസ അവന്‍ കൊടുക്കാം എന്നു പറഞ്ഞിട്ടും, നിര്‍ബന്ധിച്ച് ഞാന്‍ തന്നെ കൊടുത്തു. ഒരെണ്ണം അവനും, ഒരെണ്ണം ഞാനും കഴിച്ചു. നല്ല സ്വാദ്. ഉച്ചക്കൊന്നും കഴിച്ചിട്ടില്ലാത്തതിനാലും, വയര്‍ വിശന്നു പൊരിയുന്നതിനാലുമാകാം,
പിന്നേയും രണ്ടു പേര്‍ക്കും ഓരോന്നു വീതം വാങ്ങാന്‍ പറഞ്ഞ് ഞാന്‍ അവനു ഫ്രാങ്കെടുത്ത് നല്‍കി. അതും കൂടെ കഴിച്ചപ്പോള്‍, തലക്കുണ്ടായിരുന്ന കനം ഒന്നു പോയി കിട്ടി, ഒപ്പം തണുപ്പിനൊരു ശാന്തിയും.

ഡിന്നര്‍ കഴിഞ്ഞതും, കാലുകള്‍ വലിച്ചു വച്ചു നടന്നു ഗാരേജിലേക്ക്. പത്തു-പതിഞ്ചുമിനിറ്റിന്നകം തന്നെ ഗാരേജില്‍ ഞങ്ങളെത്തി ചേര്‍ന്നു. വാതില്‍ തുറന്ന് അകത്തു കയറി. ഇപ്പോള്‍ വരാം എന്നെന്നോട് പറഞ്ഞ് അവന്‍ വാതില്‍ ചാരി പുറത്തേക്ക് പോയി. പിന്നെ തിരിച്ചു വന്നത് ഒരരമണിക്കൂര്‍ നേരം കഴിഞ്ഞപ്പോഴാണ്. വന്നപ്പോള്‍, കയ്യില്‍ ഒരു കുപ്പി വെള്ളവും, രണ്ട് ചില്ല് ഗ്ലാസ്സുകളുമുണ്ടായിരുന്നു.

വിരിച്ചിട്ട ബെഡ് സ്പ്രെഡില്‍ ഇരുന്ന്, തണുപ്പിനെ ആട്ടിയകറ്റാനായി ഗ്ലാസുകള്‍ ഞങ്ങള്‍ പല തവണ നിറച്ചു. മനസ്സു തുറന്നന്വോന്യം സംസാരിച്ചു. ഫ്രെഞ്ച് സിറ്റിസണ്‍ ആയ അവനെക്കാളേറെ എത്ര നല്ലതാണ് എന്റെ ജീവിതം, അല്ലെങ്കില്‍ എന്റെ രാജ്യത്തിന്റെ സംസ്കാരം, അല്ലെങ്കില്‍ നമ്മുടെ മാതാപിതാക്കളില്‍ നിന്നും കിട്ടുന്ന സ്നേഹം എന്നെല്ലാം ഞാന്‍ അവനുമായുണ്ടായ സംഭാഷണത്തിലൂടെ മനസ്സിലാക്കി അല്ലെങ്കില്‍ തിരിച്ചറിഞ്ഞു.

രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. കുറുമാന്‍, ഗെറ്റ് അപ് മാന്‍. റ്റൈം ഈസ് റ്റുവല്‍ക്ലോക്ക് നൌ. കണ്ണു ചിമ്മി തുറന്നപ്പോള്‍, പിയര്‍ മാത്രമല്ല, അഡ്രിനും, മാര്‍ട്ടിനും എല്ലാം ഗാരേജിലുണ്ട്.

വി വില്‍ ഗോറ്റു ദ ട്രെയിന്‍ സ്റ്റേഷന്‍ ഫസ്റ്റ് ആന്റ് വില്‍ ഗെറ്റ് റെഡി. ദെന്‍ വി വില്‍ ഡിസൈഡ് വാട് ടു ഡു നെക്സ്റ്റ്, കാലിയായ ഗ്ലാസ്സും, കുപ്പിയും എടുത്ത് കയ്യില്‍ വച്ച് പിയര്‍ പറഞ്ഞു, പിന്നെയവന്‍ പുറത്തേക്കിറങ്ങി പോയി.

കിടക്കവിരിയും, ബ്ലാങ്കറ്റും, എല്ലാം മടക്കി ബാഗില്‍ വച്ചു കഴിഞ്ഞപ്പോഴേക്കും, പിയര്‍ ഗ്ലാസ്സും, മറ്റും വച്ച് തിരിച്ചു വന്നു. ഗാരേജ് പൂട്ടി. വണ്ടിയും കൊണ്ട് അവന്റെ ഗേള്‍ ഫ്രെന്റോ, അതോ അവരുടെ അമ്മയോ പുറത്ത് പോയിരിക്കണം.

അഡ്രിനും വണ്ടി കൊണ്ടു വന്നിരുന്നില്ല. അതിനാല്‍, ഞങ്ങള്‍ കാല്‍ നടയായി, അടുത്തുള്ള ട്രെയിന്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. പത്തു മിനിറ്റിനകം തന്നെ സ്റ്റേഷനിലെത്തി. വാഷ് റൂമില്‍ കയറി ഞാന്‍ പല്ലുതേപ്പ്, മറ്റു കാര്യങ്ങള്‍ എല്ലാം നടത്തി. കുളി ഇനി തല്‍ക്കാലം വേണ്ട എന്നു തീരുമാനിച്ചിരുന്നതിനാല്‍ പെട്ടെന്നു തന്നെ പുറത്തിറങ്ങി.

സ്റ്റേഷനില്‍ തന്നെ ഉണ്ടായിരുന്ന കടയില്‍ നിന്നും അഡ്രിന്‍ നാലു സോസേജ് സാന്റ് വിച്ചുകള്‍ വാങ്ങി. പൈസ ഞാന്‍ കൊടുക്കാം എന്നു പറഞ്ഞിട്ടും അവര്‍ മൂവരും സമ്മതിച്ചില്ല.

ബ്രേക്ക് ഫാസ്റ്റ് അഥവാ ലഞ്ച് കഴിച്ചു കഴിഞ്ഞതും, പിയര്‍ പറഞ്ഞു, നിനക്കിനി ജെര്‍മ്മനിയിലേക്കല്ലെ പോകേണ്ടത്, ട്രെയിനില്‍ പോയാല്‍, ഒരു പാടു പൈസയാകും. വരൂ വഴിയുണ്ടാക്കാം എന്നു പറഞ്ഞ്, മുകളിലുള്ള ബസ്സ് സ്റ്റോപ്പിലേക്ക് എന്നെയും കൂട്ടി നടന്നു.

പത്ത് മിനിട്ടു നേരത്തെ കാത്തിരിപ്പിന്നു ശേഷം ഒരു ഡബ്ബിള്‍ ഡക്കര്‍ ബസ്സ് വന്ന് നിന്നു. ഓടിക്കുന്നതോ, ഒരു അമ്മൂമ്മയും. എനിക്കാകെ അത്ഭുതം. ആ പ്രായത്തിലുള്ള അമ്മൂമ്മമാരെ, നമ്മുടെ നാട്ടില്‍ ഞാന്‍ പള്ളിയിലും, അമ്പലത്തിലും മറ്റുമേ കണ്ടിട്ടുള്ളൂ. ഇതിപ്പോ, ഒരു ഡബിള്‍ ഡക്കര്‍ ബസ്സും ഓടിച്ച്!

എന്റെ കയ്യില്‍ നിന്നും ഫ്രാങ്ക് വാങ്ങി പിയര്‍ നാലു ടിക്കറ്റെടുത്തു. ബാക്കി പൈസ എനിക്കു തിരിച്ചു തന്നു. നാല്പതു മിനിറ്റോളം ബസ്സില്‍ യാത്ര ചെയ്തതിന്നു ശേഷം ബസ്സിന്റെ അവസാന സ്റ്റോപ്പില്‍ ഞങ്ങളെല്ലാം ഇറങ്ങി. പിന്നെ കാല്‍ നടയായി ഒരു കിലോമീറ്ററോളം ദൂരം നടന്നു. നടന്നു ചെന്നെത്തിയത് ഫ്രാന്‍സ്-ജെര്‍മ്മനി നാഷണല്‍ ഹൈവേയിലാണ്. റോഡിന്റെ അരികില്‍ ചേര്‍ത്തി നിര്‍ത്തിയിരിക്കുന്ന നൂറുകണക്കിന്നു ട്രക്കുകള്‍, ട്രെയിലറുകള്‍.

എന്നെയും, മാര്‍ട്ടിനേയും, അവിടെ നിറുത്തികൊണ്ട്, പിയറും, അഡ്രിനും നടന്നു നീങ്ങി. അഞ്ച് മിനിറ്റിന്നുള്ളില്‍ തന്നെ അവര്‍ തിരിച്ചു വന്നു. കുറുമാന്‍, ഫ്രാങ്ക് ഫര്‍ട്ടിലേക്കുള്ള ഒരു വണ്ടി ശരിയാക്കിയിട്ടുണ്ട്. താങ്കള്‍ക്കതില്‍ പോകാം. ഫ്രാങ്കൊന്നും കൊടുക്കുകയും വേണ്ട. വരൂ, നമുക്ക് വേഗം അവിടെ എത്താം, വണ്ടികള്‍ പോകാന്‍ തുടങ്ങി.

ബാഗുമെടുത്ത് തോളില്‍ തൂക്കി ഞാന്‍ അവര്‍ക്കു പിന്‍പെ നടന്നു. ഒരു വണ്ടിക്കരികെ അവര്‍ നിന്നതും, വണ്ടിയുടെ ഡോര്‍ തുറന്നൊരു സ്ത്രീയിറങ്ങി. ഒരു മുപ്പത്തഞ്ച്-നാല്പത് വയസ്സിനിടയില്‍ പ്രായം. പിയര്‍ അവരോടെന്തോ പറഞ്ഞു. അവര്‍ എനിക്കു കൈ തന്നു. പിന്നെ പറഞ്ഞു ബോണ്‍ ജോര്‍. ഒന്നും മിണ്ടാതെ, ഒരു പുഞ്ചിരി ഞാന്‍ അവര്‍ക്ക് തിരിച്ചു നല്‍കി.

കയറികൊള്ളൂ. പിയര്‍ എന്നോട് പറഞ്ഞു. അഡ്രിനും, മാര്‍ട്ടിനും, ഞാന്‍ ഷേക്ക് ഹാന്റ് നല്‍കി. പിന്നെ പിയറും ഞാനും പരസ്പരം കെട്ടിപിടിച്ചു. സ്വന്തം സഹോദരനെ പോലെ കണ്ടപ്പോള്‍ മുതല്‍ എന്നെ കരുതിയതവനാണ്. യാത്ര പറഞ്ഞപ്പോള്‍, ഞങ്ങളുടെ രണ്ടു പേരുടേയും കണ്ണില്‍ നിന്നും കാരണമില്ലാതെ തന്നെ കണ്ണുനീര്‍ പൊടിഞ്ഞിരുന്നു.

വലതു വശത്തെ ഡോര്‍ തുറന്ന്‍, ചവിട്ടാനുള്ള പടിയില്‍ ചവുട്ടി കയറി 40 ഫീറ്റ് കണ്ടേയ്നര്‍ ചുമക്കുന്ന ആ വലിയ ട്രക്കിന്റെ ഉള്ളില്‍ ഞാന്‍ കയറി ഇരുന്നു. ഇടത്തു വശത്തൂ കൂടെ മദാമ്മയും. റോഡിന്റെ അങ്ങേ തലക്കല്‍ ചെന്ന് ട്രക്ക് തിരിയുന്നതുവരെ, മൂന്നുപേരും കൈ വീശി കാണിക്കുന്നത് ഞാന്‍ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു. എന്തോ സ്വന്തം കുടുംബാങ്ങളെ പിരിയുന്ന ഒരു തരം വേദനയായിരുന്നു എന്റെ മനസ്സിലപ്പോള്‍.

ഹലോ, ഹൈ, ഹൌ ആര്‍ യു, എന്ന് വണ്ടിയില്‍ കയറിയപ്പോള്‍ എന്നോട് ചൊദിച്ചതിന്നു ശേഷം ഒരക്ഷരം പോലും ആ മദാമ്മ എന്നോട് സംസാരിച്ചിട്ടില്ല. മദാമ്മയുടെ കൂടെ യാത്രയാരംഭിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. പൊതുവെ തുറന്ന വായ അടക്കാത്ത എനിക്ക് എന്തോ ഒരു വിമ്മിഷ്ടം. ഇടക്കിടെ ഫ്രെഞ്ചില്‍ എന്നോടെന്തെങ്കിലും ചോദിക്കും അതു തന്നെ വളരെ ആശ്വാസം. ഒന്നുമില്ലെങ്കിലും നിശബ്ദതയുടെ ഭീകരത സഹിക്കേണ്ടല്ലോ. അവര്‍ക്ക് ഇംഗ്ലീഷ് വശമില്ല എന്നെനിക്കു മനസ്സിലായി. ഇന്ത്യന്‍ സിഗറെറ്റുന്നു പറഞ്ഞു നല്‍കിയ വിത്സ് അവര്‍ എന്റെ കയ്യില്‍ നിന്നും വാങ്ങി ഇടക്കിടെ വലിച്ചിരുന്നു. പല സ്ഥലങ്ങളിലും അരമണിക്കൂര്‍ നേരത്തേക്ക് ട്രക്ക് നിറുത്തിയിടേണ്ടിയും വന്നു.

സമയം, സന്ധ്യയായി, ഇരുട്ടി. തണുപ്പിന്നു ശക്തിയേറിയിരിക്കുന്നു. ഫ്രാന്‍സ് - ജെര്‍മ്മനി ബോര്‍ഡറില്‍ വച്ച് വണ്ടി നിറുത്തിയിരുന്ന സമയത്ത്, ഒരു ചെക്ക് പോസ്റ്റില്‍, പോലീസുകാര്‍ ആദ്യമായി എന്റെ പാസ്പോര്‍ട്ട് ചോദിച്ചു. ഒന്നും പറയാതെ, വിസയടിച്ചിരുന്ന പേജില്‍ ഒരു സ്റ്റാമ്പുമടിച്ച് അവര്‍ ഞങ്ങളെ യാത്രയാക്കി.

ട്രക്ക്, വീണ്ടും, തന്റെ പ്രയാണം ആരംഭിച്ചു. പിന്നേയും, നിറുത്തിയും, നിറുത്താതേയുമുള്ള യാത്രക്കൊടുവില്‍ ഒരു സ്ഥലത്ത് ട്രക്ക് നിറുത്തി അവര്‍ എന്നോട് പറഞ്ഞു. ദിസ് ഇസ് ഔട്ടര്‍ ഫ്രാങ്ക് ഫര്‍ട്ട് റോഡ്. ടേക്ക് അ ടാക്സി ടു ഫ്രാങ്ക്ഫര്‍ട്ട് സിറ്റി ഫ്രം ഹിയര്‍. സീ യു. അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബാഗുമെടുത്ത് ഞാന്‍ ഇറങ്ങി.

ഇറങ്ങിയതിന്നു ശേഷം മാത്രമാണു അവര്‍ക്ക് ഇംഗ്ലീഷ് അറിയാമെന്ന് എനിക്കു മനസ്സിലായത്. സമയം ഒമ്പതുമണികഴിഞ്ഞിരിക്കുന്നു. അവര്‍ പറഞതു പോലെ തന്നെ, ഒരു ടാക്സിയില്‍ കയറി ഞാന്‍ പറഞ്ഞു, ഫ്രാങ്ക് ഫര്‍ട്ട് സിറ്റി.