Friday, December 05, 2008

കോന്നിലം പാടത്തെ പ്രേതം - ഒമ്പത്

ഉത്തമാ, കാര്യമായി എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍, വെറുതെ പൊട്ടിചിരിക്കുന്നത്, അതും ഈ പാതിരാത്രിയില്‍, എന്തിന്റെ ലക്ഷണമാണെന്നറിയാമോ?

ഭ്രാന്തിന്റെയാകണം എന്നുള്ള ഉത്തരമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതറിയാം ഗഡീ. പക്ഷെ ഒന്നോര്‍ത്താല്‍ കൊള്ളാട്ടാ. രാവിലെ മുതല്‍ മലമുകളിലേക്ക് ഭാരമേറിയ കല്ല് ഉരുട്ടികയറ്റിയതിനുശേഷം താഴേക്ക് കല്ല് ഉരുട്ടിയിട്ട് പൊട്ടിച്ചിരിച്ച നാറാണത്ത് ഭ്രാന്തനും, നാട്ടാര് ചാര്‍ത്തികൊടുത്ത പേര് ഭ്രാന്തന്‍ എന്ന് തന്ന്യാന്നറിയാല്ലോല്ലെ എന്ന് ചോദിച്ച് അവന്‍ വീണ്ടും പണ്ടാരമടങ്ങിയ ചിരി ചിരിച്ചു.

ഉത്തമന്‍ കഞ്ചാവടിച്ചിട്ടുണ്ടോ എന്നുള്ള ഞങ്ങളുടെ സംശയത്തെ ബലപെടുത്താനേ അവന്റെ ചിരിക്ക് കഴിഞ്ഞൂള്ളൂ എന്ന് പറയാതെ വയ്യ, എന്നാലും ചോദിച്ച് കളയാം എന്ന രീതിയില്‍ ഞങ്ങള്‍ ചോദ്യങ്ങള്‍ തുടര്‍ന്നു.

ഉത്തമാ, തത്വചിന്തപറയാനുള്ള സമയമല്ലല്ലോ ഇത്?

അതിനു നിങ്ങള്‍ കാര്യമായി എന്താ ചോദിച്ചത്?

ഉത്തമാ, താന്‍ ഇവിടെയാണ് കിടക്കുന്നത് സമ്മതിച്ചു. അപ്പോള്‍ തന്റെ വസ്ത്രങ്ങള്‍, മറ്റുപയോഗ സാധനങ്ങള്‍ ഒക്കെ എവിടെ വച്ചിരിക്കുന്നു?

ഓഹോ! അതോ?

ഉത്തമനു വസ്ത്രം ഉടുത്തിരിക്കുന്നത് മാത്രം! പകല്‍ മുഴുവന്‍ ഇതിടും. പിന്നെ രാത്രിയില്‍ ഇത് അലക്കി ഉണക്കാന്‍ ഇടും.

അപ്പോ ഈ മഴയത്തും, കാറ്റത്തും, പുതപ്പും മറ്റും?

പുതച്ചും, പുതപ്പിച്ചും കിടത്തേണ്ട കാലമൊക്കെ കഴിഞ്ഞിട്ട് കുറേകാലമായി. ഇപ്പോ വസ്ത്രമൊക്കെ ഒരലങ്കാരമായി മാറിയിരിക്കുന്നു.

പെയ്ത്കൊണ്ടിരുന്ന മഴ പൊടുന്നനെ ബ്രേക്കിട്ട വണ്ടിയെന്ന പോലെ നിന്നു. ചാറ്റല്‍ പോലും നിലച്ചു.

നിങ്ങള്‍ അക്കരെ ഷെഡില്‍ നീന്തിയതുപോലെയുള്ള വെള്ളമല്ല ഇവിടെയുള്ളത്. നല്ല തെളിനീരാണ്. പിന്നെ വെള്ളത്തില്‍ അങ്ങും ഇങ്ങും വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍. അവ നിരുപദ്രവകാരികളാ‍. ഈ സമയത്ത് വെള്ളത്തിന് നല്ല ചൂടാണെന്ന് പറഞ്ഞ് ഉത്തമന്‍ വെള്ളത്തിലേക്ക് ചാടി നീന്താന്‍ തുടങ്ങി. പിന്നെ തിരിച്ച് വന്ന് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെ കോണ്‍ക്രീറ്റ് വാര്‍ത്തതില്‍ പിടിച്ച് നിന്നിട്ട് പറഞ്ഞു, നിങ്ങള്‍ ഒന്ന് ഇങ്ങോട്ടിറങ്ങി നീന്തി നോക്ക്. എന്തു രസമാണെന്ന്? ശരീരം മൊത്തം ഫ്രെഷാകും. മനസ്സും! ഉത്തമന്‍ പറഞ്ഞ് നിറുത്തി.

മഴ പെയ്ത് തണുത്തിരിക്കുന്ന രാത്രിയില്‍, ചൂടുള്ള വെള്ളത്തില്‍ കുളിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഒരു സുഖം. എന്ത് കൊണ്ട് കുളിച്ച് കൂടാ എന്ന ചിന്ത ഞങ്ങളില്‍ കുത്തിവക്കാന്‍ ഉത്തമന്റെ വാക്കുകള്‍ക്ക് കഴിഞ്ഞു. എവിടെയാണെന്നോ, എന്താണെന്നോ, വീട്ടില്‍ പോകണമെന്നോ, എന്നൊന്നും തോന്നാത്ത ഒരു മാസ്മരികാവസ്ഥ. പോക്കറ്റിലുണ്ടായിരുന്ന സിഗററ്റിലൊരെണ്ണമെടുത്ത് ബാബു തീ കൊളുത്തിയതിനു ശേഷം, പായ്ക്കറ്റ് ഞങ്ങള്‍ക്ക് നീട്ടി. തണുപ്പനും, ഫസലുവും, ഞാനും ഓരോ സിഗററ്റ് വീതമെടുത്ത് കത്തിച്ച് വലിക്കാന്‍ തുടങ്ങി. ഉത്തമന്‍ അപ്പോള്‍ വെള്ളത്തില്‍ ,അമ്മ വെള്ളത്തിന്നടിയിലായി തങ്ങളുടെ രക്ഷക്കെപ്പോഴുമുണ്ടെന്ന് നിനച്ചിരിക്കുന്ന പാറ്റിയ ബ്രാലിന്‍ കുഞ്ഞുങ്ങളെ പോലെ, അങ്ങോട്ടും ഇങ്ങോട്ടും, മുകളിലേക്കും, താഴേക്കും നീന്തി തിമിര്‍ക്കുകയായിരുന്നു.

പാവം ഉത്തമന്‍, എത്രയോ അനുഭവിച്ചു, കഷ്ടം തന്നെ എന്നുള്ള ചിന്തകള്‍ മാത്രം ഞങ്ങള്‍ക്കുള്ളില്‍. അത് പരസ്പരം പറയുകയും ചെയ്തു. ഇനി അതിലേറെ ഞങ്ങള്‍ക്ക് നാലുപേര്‍ക്കും പരസ്പരം സംസാരിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ!

തണുത്ത കാറ്റ് വീണ്ടും ആഞ്ഞടിക്കാന്‍ തുടങ്ങി.

നമുക്ക് പോയാലോ? ഞാന്‍ ചോദിച്ചു.

ഏയ്. എങ്ങോട്ട് പോകാന്‍ ഇന്നിനി? ഈ അസമയത്ത് വീട്ടില്‍ കയറുന്നത് ശരിയല്ല, നമുക്കിവിടെ വെറുതെ ഇരുന്ന് സമയം കളയാമെന്ന് ബാബു പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാന്‍ കഴിയാതെ ഞാന്‍ എന്റെ സിഗററ്റിലെ അവസാന പുകയും വലിച്ചു തീര്‍ത്തു.

സമയം ഒന്നരയാകാറായിരിക്കുന്നു. ചീവീടുകളുടേയും, തവളകളുടേയും ശബ്ദമല്ലാതെ ഒന്നും തന്നെ കേള്‍ക്കാനില്ല.

വെള്ളത്തില്‍ നിന്നും പൊങ്ങിവന്ന് ഉത്തമന്‍ കൈവരിയില്‍ പിടിച്ച് കിടന്ന് കൊണ്ട് വീണ്ടും പറഞ്ഞു, ഇങ്ങോട്ടെറങ്ങി നോക്ക്, എന്താ ചൂട് വെള്ളത്തിന്. എന്ത് സുഖമാ നീന്താന്‍ എന്ന്!

പോക്കറ്റില്‍ കിടക്കുന്ന എന്റെ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ വാച്ചില്‍ നോക്കി. സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. ആരാവും ഈ അസമയത്ത് എന്നുള്ള ആകാംക്ഷയോടെ ഞാന്‍ ഫോണ്‍ എടുത്തു. ഷിബുവാണ്.

ഹലോ.

ഡാ നീ എവിട്യാ?

ഞാനാ?

ഉം. നീ തന്നെ?

ഞാന്‍ വീട്ടില്‍.

ആരുടെ വീട്ടില്‍?

എന്റെ വീട്ടില്‍.

ഡാ മണ്ണെണ്ണേ, ഒരു ജാതി കോണത്തിലെ വര്‍ത്താനം പറയല്ലേട്ടാ. നിന്റെ അച്ഛന്‍ വിളിച്ചിരുന്നു ഇപ്പോള്‍. നീ എവിട്യാന്ന് വല്ല വിവരവും ഉണ്ടോന്ന് ചോദിച്ച്!.

ഡാ, സത്യം പറയാല്ലോ, ഞങ്ങള്‍ കോന്നിലം പാടത്താ.

കോന്നിലം പാടത്താ? അതും നട്ട പാതിരക്ക്?

ഉം.

ബണ്ടിന്റവിട്യാണാ?

അല്ലാ, ഷാപ്പിന്റെ സൈഡിലെ പാലത്തിന്റെ അടിയില്‍.

പാലത്തിന്റെ അടിയിലാ?

അതേ.

ഗഡീ, നീ വേഗം പാലത്തിന്റെ മുകളിലേക്ക് വാ. എന്നിട്ട് സംസാരിക്കാം.

ഓഹ് ശരി ഷിബു. എന്തൂട്ടാത്രെ കാര്യമായി സംസാരിക്കാന്‍?

കുറുമാനെ, എത്രയും വേഗം പാലത്തിന്റെ മുകളിലേക്ക് വരുക. പ്ലീസ്. എന്തെങ്കിലും കാര്യമുണ്ടെന്ന് കൂട്ടിക്കോ.

ഷിബു പറഞ്ഞാല്‍ ഞാന്‍ എപ്പോഴും അനുസരിക്കുകയാണ് പതിവ്. ആക്സിഡന്റായി കയ്യുകളും കാലുകളും ഒടിഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ടോയലറ്റില്‍ കൊണ്ടുപോയിരുത്തി ക്ലീന്‍ ചെയ്ത് വരെ തന്നിട്ടുള്ള സുഹൃത്താണ്. എന്നും മറ്റുള്ളവരുടെ നന്മക്കായി മാത്രം പ്രയത്നിക്കുന്നവന്‍. എന്തെങ്കിലും കാര്യമില്ലാതെ അവന്‍ പറയില്ലായെന്നെനിക്കുറപ്പായിരുന്നതിനാല്‍ മാത്രം പാലത്തിന്റെ കൈവരിയില്‍ പിടിച്ച് നടന്ന്, വഴുക്കുന്ന മണ്ണിലൂടെ , സൈഡിലുള്ള കാട്ടുചെടികളുടെ പടര്‍പ്പില്‍ പിടിച്ച് ഞാന്‍ പാലത്തിന്റെ കരക്ക് കയറി.

ഫോണ്‍ വീണ്ടും ചെവിയോട് ചേര്‍ത്തു, ഷിബൂ ഇനി നീ പറ.

നീ പാലത്തിന്റെ മുകളിലെത്ത്യാ?

ഉവ്വ്. എത്തീടാ.

നിങ്ങളെന്തൂട്ട് കോപ്പാ പാലത്തിന്റെ അടീല് ചെയ്തോണ്ടിരിക്കണേ? ആ സ്ഥലം അത്ര നല്ലതല്ലാന്നറിയില്ലേ ശവീ?

എന്താണ്ടാ കോന്നിലം പാടത്തിനൊരു കൊഴപ്പം? നല്ല ചൂടുള്ള, ഒഴുക്കുള്ള വെള്ളം, മൊത്തം നിശബ്ദത, യാതൊരു ശല്യവുമില്ല. വണ്ടികളില്ല, ആളുകളില്ല, ചീവീടുകളുടേയും, തവളകളുടേയും ശബ്ദം ഒഴിച്ചാല്‍ മൊത്തം ശാന്തത മാത്രം.

അതേടാ, അതാ പ്രശ്നം കോപ്പാ. അവിടെ അസമയത്ത് പോയാല്‍ മൊത്തം ശാന്തത മാത്രം. വീട്ടില്‍ പിന്നെ ശാന്തിയുണ്ടാവില്ല, പകരം ശവം കയറും അത്ര തന്നെ!

അത് കേട്ടപ്പോള്‍ എനിക്കെന്തോ പന്തികേട് തോന്നിയതിനാല്‍ മാത്രം ഞാന്‍ പറഞ്ഞു, ഷിബൂ, നീ ഒന്ന് തെളിച്ച് പറ, എന്താ സംഭവം? കോന്നിലം പാടത്ത് രാത്രി നില്‍ക്കാന്‍ പാടില്ലാത്ത വിധം എന്താ സംഭവിച്ചിരിക്കുന്നത്?

കടലിലായാലും, കായലിലായാലും, കുളത്തിലായാലും, സാധാരണഗതിയില്‍ മരിച്ചവന്റേം ശവം മൂന്നാം നാള്‍ പൊങ്ങും. പക്ഷെ ബണ്ടിന്റെ അക്കരെ മുങ്ങിയവന്റെ ശവം മൂന്നാം നാള്‍ പോയിട്ട് ജീവിതത്തില്‍ തന്നെ പിന്നെ പൊങ്ങില്ല. അത് മണ്ണോട് മണ്ണാവും, പാടത്തിനു വളമാവും, എല്ലുപൊടിയും മറ്റുമായും. അത്രയും ചേറാ അവിടെ.

ഉത്തമന്റെ കഥ നീ കേട്ടിട്ടില്ലെ? ഭാര്യേം, രണ്ട് പിള്ളേരേം, കാമുകനേം, വെട്ടികൊന്ന്, ശവം വഞ്ചിയില്‍ കയറ്റി, പാലത്തിന്റെ അങ്ങേപുറത്തെ പാടത്ത് കുഴിച്ചിട്ട്. സ്വന്തം കൈമുറിച്ച് പാലത്തിന്റെ അടിയില്‍ കിടന്ന് മരിച്ചത്.

ഇല്ല ഞാന്‍ കേട്ടിട്ടില്ല.

പത്ത് പന്ത്രണ്ടു കൊല്ലം മുന്‍പ് മരിച്ച കുരിശാ അത്. അവിടെ മൊത്തം ചുറ്റിക്കറങ്ങും. ബണ്ടില്‍ ഒന്നും ചെയ്യാന്‍ കഴിയ്യില്ലാ അയാള്‍ക്ക്. അപ്പുറത്തേക്ക് കൊണ്ടു പോവും. വെള്ളത്തില്‍ ഇറങ്ങാന്‍ പറയും. വെള്ളത്തില്‍ ഇറങ്ങിയാല്‍ പിന്നെ തരം നോക്കി മുക്കി കൊല്ലും. ഇതൊക്കെ കേട്ടിട്ടുള്ള കഥകളാ. പക്ഷെ നിനക്കറിയാമല്ലോ, കോന്നിലം പാടത്ത് നിന്ന് ഉഴവ് കാലത്ത് കിട്ടാറുള്ള എല്ലും, തലയോട്ടിയുടേയും മറ്റും കണക്ക് ഉഴവുകാര് മാത്രമല്ല, ഇരിങ്ങാലക്കുട പോലീസ്റ്റേഷനിലെ പോലീസുകാരും പറഞ്ഞ് കേള്‍ക്കാറുള്ളത്.

നീ എന്തൂട്ടാ പറയണെ ഷിബൂ? ഒന്ന് തെളിച്ച് പറയടാ,

നിങ്ങള്‍ വീട്ടീ പോടാ എന്നു മാത്രമേ ഞാന്‍ പറയണുള്ളൂ.

ശരി ഷിബു, ഞങ്ങള്‍ വീട്ടില്‍ പോകാം.

പക്ഷെ നീ മാത്രമല്ലെ പാലത്തിന്റെ പുറത്തുള്ളൂ,

അതെ, ഞാന്‍ മാത്രം പാലത്തിന്നു പുറത്ത്.

എങ്കില്‍ പെട്ടെന്ന് പോയി അവരേം കൂട്ടി വീട്ടില്‍ പോകാന്‍ നോക്ക്. വണ്ടിയില്‍ കയറിയാല്‍ എന്നെ വിളിക്ക്. നിന്റെ അച്ഛന്‍ എന്നെ അരമണിക്കൂര്‍ കഴിഞ്ഞ് വിളിക്കാംക് എന്നാ പറഞ്ഞിരിക്കുന്നത്.

എന്തോ പതിവില്ലാത്ത വിധം ഭയം എന്നില്‍ ഗ്രസിച്ചിരുന്നു, എങ്കിലും ഫോണ്‍ പോക്കറ്റില്‍ വച്ച് വളരെ ശ്രദ്ധയോടെ ഞാന്‍ വഴുവഴുപ്പുള്ള വഴിയിലൂടെ കാട്ടുചെടികളുടെ പടര്‍പ്പില്‍ പിടിച്ച് പാലത്തിന്റെ അടിയിലേക്കുള്ള വഴിയിലേക്കിറങ്ങി. തവളകളുടേയും, ചീവീടുകളുടേയും ശബ്ദം പതിവില്ലാത്ത വിധം എന്നില്‍ ഭീതി ജനിപ്പിച്ചു. ശ്രദ്ധയോടെ ഞാന്‍ സിമന്റ് മതിലിന്റെ ചുമരുകളില്‍ പിടിച്ച് മതിലിന്നോട് ചേര്‍ന്ന് നടന്ന് പാടത്തിന്റെ അടിയിലേക്കെത്തി.

പാട്ടക്കുള്ളില്‍ എരിയുന്ന വിളക്കിന്റെ വെളിച്ചത്തില്‍ എനിക്ക് കാണാനായത്, വെള്ളത്തില്‍ നീന്തിതിമിര്‍ക്കുന്ന ഉത്തമനേയും, വസ്ത്രങ്ങളൊക്കെ മാറ്റി സിഗററ്റും വലിച്ച് കൊണ്ട് വെള്ളത്തിലേക്കിറങ്ങാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന തണുപ്പനേയും, ബാബുവിനേയും ഫസലുവിനേയുമാണ്.

എന്ത് പറയണം അവരോട്, എങ്ങനെ പറയണം അവരോട് എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല. ശരീരം മൊത്തം കിടുകിടുങ്ങുന്നുമുണ്ട്. ഒരു സിഗററ്റെനിക്ക് താ തണുപ്പാ എന്ന് പറഞ്ഞപ്പോള്‍ ഊരിയിട്ട പാന്റിന്റെ പോക്കറ്റില്‍ നിന്നും സിഗററ്റ് പാക്കറ്റെടുത്ത് തണുപ്പന്‍ എനിക്ക് നല്‍കാന്‍ നേരം അവനെ എന്നോട് ചേര്‍ത്ത് നിറുത്തി ഞാന്‍ മൊത്തം സംഭവങ്ങളുടെ ഒരു ചെറു വിവരണം നടത്തി. മുന്‍പുണ്ടായ അനുഭവങ്ങള്‍ വച്ച് നോക്കിയപ്പോള്‍ അവനും സംഭവത്തിന്റെ ഗൌരവം ഏതാണ്ട് മനസ്സിലായി.

വെള്ളത്തില്‍ നീന്തുകയായിരുന്ന ഉത്തമന്‍ അപ്പോഴേക്കും ഞങ്ങളെ മൊത്തം നീന്തി തുടിക്കുവാന്‍ വെള്ളത്തിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. റഷ്യന്‍ ഭാഷയില്‍ കാര്യത്തിന്റെ ഗൌരവം തണുപ്പന്‍ ബാബുവിനോടും, ഫസലുവിനോടും പറഞ്ഞു.

ഉത്തമന്‍ വെള്ളത്തില്‍ ഊളയിട്ട് കൊണ്ടിരിക്കെ തന്നെ ഊരിയിട്ട വസ്ത്രങ്ങള്‍ കൈകളിലെടുത്ത് ഞങ്ങള്‍ നാലു പേരും പൊടുന്നനെ പാലത്തിന്റെ കരയിലേക്ക് പാഞ്ഞു. മുന്നിലോടിയിരുന്ന എന്റെ പിന്നാലെ മറ്റു മൂന്നു പേരും വേഗത തീരെ കുറയാതെ തന്നെ ഓടി വന്നു. സിമന്റിന്റെ മതിലില്‍ പിടിച്ച് വഴുകുന്ന മണ്ണിലൂടെ എങ്ങനെ കയറിയെന്നു പോലും ഞങ്ങള്‍ക്കോര്‍മ്മയില്ലാത്തയത്ര വേഗതയിലായിരുന്നു ഞങ്ങളുടെ ഓട്ടം. റോഡ് മുറിച്ച് കടന്ന് ബണ്ടിലേക്ക് കടന്ന് വണ്ടിയില്‍ കയറി. ഡ്രൈവിങ്ങ് സീറ്റില്‍ ഞാന്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. വണ്ടി അരകിലോമീറ്ററോളം റിവേഴ്സെടുത്തതൊന്നും അറിഞ്ഞതേയില്ല. അത്ര വേഗത്തിലായിരുന്നു നീക്കങ്ങള്‍. ഊരിയിട്ട വസ്ത്രങ്ങള്‍ എല്ലാവരും ധരിച്ചത് ഓടികൊണ്ടിരുന്ന വണ്ടിയില്‍ വച്ചായിരുന്നു.

കോന്നിലം പാടവും കഴിഞ്ഞ് മാപ്രാണം സെന്റര്‍ എത്തിയപ്പോഴാണ് ശ്വാസം ശരിക്കും വീണത്.

എന്റെ മൊബൈല്‍ വീണ്ടൂം ശബ്ദിക്കാന്‍ തുടങ്ങി.

ഹലോ.

ഡാ നിങ്ങള്‍ എവിടെ?

ഷിബുവാണ്.

ഞങ്ങള്‍ മാപ്രാണം എത്തി.

എങ്കില്‍ ഇനി വീട്ടില്‍ പോയിക്കോ, പേടിക്കാനില്ല. അവന്‍ ഫോണ്‍ കട്ട് ചെയ്തു.

തൃശ്ശൂര്‍, ചിയ്യാരത്തുള്ള എന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഞാന്‍ പതുക്കെ ഓടിച്ചു. ഉള്ളിലെ ഭീതി അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.

കൊക്കര കോ ക്കോ.........
കൊക്കര കോ ക്കോ.........

തുടര്‍ച്ചയായ കോഴികളുടെ കൂവല്‍ ഉറക്കത്തിനു ഭംഗം വരുത്തിയെങ്കിലും ഞാന്‍ വീണ്ടും ഉറക്കത്തിലേക്കൂളയിട്ടു.

കൌസല്യാ സുപ്രജാ രാ‍മ! പൂര്‍വ്വാ സന്ധ്യാ പ്രവര്‍ത്തതേ - സുബ്ബലക്ഷ്മിയമ്മയുടെ സുപ്രഭാതം മൈക്കിലൂടെ കാതിലേക്ക് ഒഴുകിയെത്തിയപ്പോള്‍ കണ്ണുകള്‍ തുറന്ന് എഴുന്നേറ്റു. ഊരകത്തമ്മതിരുവടി ക്ഷേത്രത്തിന്റെ മുന്നിലാണ് വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നത്. മുന്നിലെ സീറ്റില്‍ തണുപ്പന്‍ ഉറങ്ങുന്നു, പിന്നില്‍ ബാബുവും, ഫസലുവും.

വാച്ചില്‍ നോക്കിയപ്പോള്‍ സമയം പുലര്‍ച്ചെ അഞ്ച് കഴിഞ്ഞിരിക്കുന്നു.

എല്ലാവരേയും ഞാന്‍ വിളിച്ചുണര്‍ത്തി.

വിശപ്പിനാലും, ദാഹത്തിനാലും, ഉറക്ക ക്ഷീണത്തിനാലും, അതിലേറെ തലേ രാത്രിയിലെ അനുഭത്തിന്റെ ഭീതിയിലും മരവിച്ചു പോയതിനാല്‍ മഞ്ഞളിച്ച കണ്ണുകള്‍ കൊണ്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയതല്ലാതെ ആരും ആരോടും ഒന്നും ഉരിയാടിയില്ല.

കഴിഞ്ഞ രാത്രി സംഭവിച്ചതെല്ലാം സത്യമോ അതോ സ്വപ്നമോ?

Thursday, October 30, 2008

കോന്നിലം പാടത്തെ പ്രേതം - എട്ട്

പൊട്ടിച്ചിരിയുടെ മാറ്റൊലികള്‍ അവസാനിക്കും മുന്‍പെ തന്നെ, വെളിച്ചത്തിന്റെ മുള്‍മുനകള്‍ അന്ധകാരത്തിനെ തുളച്ച് പൊടുന്നനെ പുറത്ത് വന്നപ്പോള്‍, മണ്ണെണ്ണ വിളക്കായിട്ടുപോലും കണ്ണൊന്നു മഞ്ഞളിച്ച് പോയി! ഉത്തമന്റെ മുഖഭാവം ഇരയെകിട്ടിയ ഒരു ചെന്നായയുടേതെന്നപോലെ രൌദ്രമാവുന്നതും അതേ വേഗതയില്‍ തന്നെ ഒരു മാന്‍കിടാവിന്റേതെന്ന പോലെ ശാന്തമാവുന്നതും ഞാന്‍ ശ്രദ്ധിച്ചു. ഒപ്പമുള്ളവരും ശ്രദ്ധിച്ചിരിക്കണം.

വെളിച്ചം പാട്ടവിളക്കിന്റേതായാലും, പാലത്തിന്റെ അടിയിലെ ചുമരുകള്‍ക്കിടയിലായതിനാല്‍ ഇരുട്ടിനെ പാടെ അകറ്റാന്‍ ആ വെളിച്ചത്തിനു കഴിഞ്ഞു, മാത്രമല്ല എല്ലാവരുടെ മുഖഭാവങ്ങളും വ്യക്തമായി കാണുവാന്‍ ആ വെളിച്ചം പ്രാപ്തമായിരുന്നു. കൊയ്ത്തു പാടം കായലാക്കി മാറ്റിയിരിക്കുന്ന കോന്നിലം പാടത്ത് സിമന്റ് തറയില്‍ വച്ചിരിക്കുന്ന വിളക്കിന്റെ പ്രതിഫലനങ്ങള്‍ വീശിയടിക്കുന്ന കാറ്റ് നൂറുകണക്കിന് കാര്‍ത്തിക ദീപങ്ങള്‍ തെളിയിച്ചു!

ചീവീടുകളുടേയും, പോക്കാച്ചി തവളകളുടേയും സംഗീതം മധ്യമത്തില്‍ നിന്നും പഞ്ചമത്തിലേക്ക് കയറുന്നത് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.

വെളിച്ചം ലഭിച്ചതിനാല്‍ തന്നെ ഞാന്‍ പാലത്തിന്റെ അടിയിലെ ഉത്തമന്റെ കിടപ്പറ മൊത്തമായി നോക്കികണ്ടു. വെള്ളത്തില്‍ നിന്നും ഉദ്ദേശം ഒരു നാലടി ഉയരത്തിലാണ് തറപണിതിരിക്കുന്നത്. അതിനു ഒരു നാലഞ്ചടി വീതി ഉണ്ട്. വാര്‍ത്തിട്ടിരിക്കുന്ന സ്ഥലത്തിന്റെ നീളം ഒരു എട്ടടിയില്‍ കൂടുതല്‍ കാണാന്‍ വഴിയില്ല. ഒരു വശത്ത് മൊത്തം സിമന്റ് വാര്‍ത്ത് മതിലാക്കിയിരിക്കുന്നു.പിന്നെ പില്ലറുകളും മറ്റും.

ഉത്തമാ താന്‍ ഇവിടെയല്ലെ കിടക്കുന്നത് എന്ന് പറഞ്ഞത്?

അതെ. എന്തേ?

അല്ലാ താന്‍ എവിടേയാ കിടക്കാറുള്ളത്?

ദാ ഇവിടെ.

രണ്ട് ചുമരുകള്‍ക്കിടയില്‍നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന ആറടിയിലും താഴെ ദൂരമുള്ള രണ്ട് പില്ലറുകള്‍ക്കുള്ളില്‍ മൂന്നടിയോളം ഉയരത്തില്‍ അരമതില്‍ പോലെ ഒരടിയോളം വീതിയില്‍ കെട്ടിയിരിക്കുന്ന ഒരു സ്ഥലം ചൂണ്ടി കാണിച്ചു.

ദൈവമേ, കിടന്ന കിടപ്പില്‍ നിന്നൊന്ന് തിരിയാനും, മറിയാനും പറ്റാത്ത സ്ഥലം! എങ്ങാനും തിരിഞ്ഞു മറിഞ്ഞ് വീണാല്‍ മൂന്നടിമാത്രം താഴെയെങ്കിലും, വെറും കോണ്‍ക്രീറ്റ് നിലത്തേക്ക്. തല പൊട്ടിതെറിച്ചില്ലെങ്കിലും കോമയില്‍ പോകാന്‍ ആ വീഴ്ച തന്നെ ഒരാള്‍ക്ക് ധാരാളം എന്ന് എനിക്ക് ജീവിതത്തില്‍ തന്നെ അനുഭവിപ്പിച്ച അനുഭവങ്ങള്‍ കൂട്ടിനൊപ്പം.

ഉത്തമാ, താന്‍ സത്യം പറ, താന്‍ ഇവിടെ തന്നേയോ കിടക്കുന്നത്?

ഉത്തമന്‍ ഉത്തരം പറയുകയല്ലായിരുന്നു മറിച്ച് മുരളുകയായിരുന്നു, ഒരു ചെന്നായ് മുരളുന്നതുപോലെ!

എന്താ ഇവിടെ കിടന്നാല്‍? അയാളുടെ മുഖം വീണ്ടും പൈശാചികമായി.

അല്ല ഒന്നു തിരിഞ്ഞും മറിഞ്ഞും കിടന്നാല്‍, അറിയാതൊന്നു വീണുപോയാല്‍?

വീഴുകയോ? ഞാനോ?

മറുചോദ്യം ഉടനെ വന്നു.

അല്ല ചോദിച്ചു എന്ന് മാത്രം.

അത്തരം ചോദ്യങ്ങളൊന്നും വേണ്ട. ഒരു കാര്യം മനസ്സിലാക്കുക നിങ്ങള്‍ ഇപ്പോള്‍ എന്റെ വീട്ടിലാണെന്ന് കൂട്ടിക്കോളൂ. സ്വന്തം വീട്ടിലെ സ്വയരക്ഷയറിയാതെ ആരും ആരേയും വീട്ടിലേക്ക് വിളിച്ചു വരുത്താറില്ല!

ദൈവമേ, ഇയാളെന്താ ഇങ്ങിനെ എന്ന് മനസ്സില്‍ തോന്നിയെങ്കിലും ചോദ്യം പുറത്തേക്കെറിഞ്ഞില്ല.

ബണ്ടിന്നക്കരെ നിന്ന് പാലത്തിന്നടിയിലൂടെ ഇപ്പുറത്തേക്കൊഴുകുന്ന വെള്ളം ഒരു സംഗീതമെന്ന പോലെ കേള്‍ക്കാം.

ഉത്തമാ, താന്‍ ഇവിടെ താമസിക്കുന്നു എന്നല്ലെ പറഞ്ഞത്, അപ്പോ തന്റെ വസ്ത്രങ്ങളോ മറ്റു സാധന സാമഗ്രികളോ ഇവിടെ കാണുന്നില്ലല്ലോ? ചോദ്യം വന്നത് തണുപ്പന്റെ കയ്യില്‍ നിന്നായിരുന്നു.

ഹ ഹ ഹ , വീണ്ടും ഉത്തമന്‍ പൊട്ടിചിരിച്ചു. പതിവുപോലെ തന്നെ ഉത്തമന്റെ ചിരി മതിലുകളില്‍ തട്ടി കോന്നിലം പാടത്തെ നിറഞ്ഞ വെള്ളത്തിലും തട്ടി പ്രതിധ്വനിച്ചു. ഹ ഹ ഹ!!

Thursday, October 23, 2008

കോന്നിലം പാടത്തെ പ്രേതം - ഏഴ്

കിതപ്പ് തെല്ലൊന്നടങ്ങിയപ്പോള്‍ ഉത്തമന്‍ കണ്ണുകള്‍ തുറന്നു. ഞങ്ങളിലോരോരുത്തരുടേയും മുഖത്തേക്ക് വളരെ സൂക്ഷമതയോടെ മാറി മാറി നോക്കിയതിനുശേഷം ഷെഡിന്റെ മുന്നിലൂടെ കളകള ശബ്ദത്തോടെ ഒഴുകുന്ന വെള്ളത്തിലേക്ക് കണ്ണുംനട്ട് ഉത്തമന്‍ നേരത്തെ പറഞ്ഞ് നിറുത്തിയതിന്റെ ബാക്കി എന്നപോലെ തന്റെ കഥ തുടര്‍ന്നു.

രണ്ടാമത്തെ കുട്ടി ജനിച്ച് നാലോ അഞ്ചോ വയസ്സായികാണും, ഭാര്യവീട്ടുകാരുടെ എതിര്‍പ്പൊക്കെ അല്പാല്പമായി കുറഞ്ഞ് വന്നിരുന്നു. അവളുടെ തന്നെ ബന്ധുവായ ഒരു യുവാവ് മുന്‍കൈയ്യെടുത്താണ് അവരുടെ വാപ്പയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ഒരിക്കല്‍ അവളുടെ വാപ്പയേം, ഉമ്മയേം, സഹോദരിയേം മറ്റും തങ്ങളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതും. അതിന്നുശേഷമാണ് അവളുടെ വാപ്പ ഇടക്കിടെ പണമായും, പലചരക്കുകളായും, കുട്ടികള്‍ക്ക് വിശേഷാവസരങ്ങളില്‍ വസ്ത്രങ്ങളായും മറ്റും സഹായിക്കാന്‍ തുടങ്ങിയത്. അതോട് കൂടെ അവളുടെ ബന്ധുവായ യുവാവും തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയായിമാറുകയായിരുന്നു.

മാസങ്ങള്‍ പിന്നേയും പലതും കൊഴിഞ്ഞു വീണു. ഇടക്കിടെ മാത്രം വരാറുണ്ടായിരുന്ന ബന്ധു, തങ്ങളുടെ വീട്ടിലേക്കുള്ള വരവിന്റെ ഇടവേളകളുടെ ദൈര്‍ഘ്യം കുറച്ചു, തന്നെയുമല്ല കിടപ്പും ചിലപ്പോഴൊക്കെ വീട്ടിലാകാന്‍ തുടങ്ങി. അപ്പോഴും സംശയത്തിന്റെ ഒരു നിഴല്‍ പോലും തന്റെ മനസ്സില്‍ വീണിരുന്നില്ല, മാത്രമല്ല, രാത്രികാലങ്ങളില്‍ ഒറ്റലും, കുരുത്തിയും മറ്റും വച്ച് മീന്‍ പിടിക്കാന്‍ പോകാറുള്ളപ്പോള്‍ അയാള്‍ വീട്ടിലൂണ്ടാവുന്നത് വീട്ടിലുള്ളവര്‍ക്ക് ഒരു തുണയാണെന്ന് മാത്രമേ താന്‍ കരുതിയുള്ളൂ .

തങ്ങളുടെ വീട്ടിലേക്കുള്ള അയാളുടെ വരവിനെ ചൊല്ലിയും, കിടപ്പിനെ ചൊല്ലിയുമൊക്കെ ഒളിഞ്ഞും, തെളിഞ്ഞും, നാട്ടുകാരില്‍ പലരും, പലപ്പോഴും, പലതും, പറഞ്ഞത് കേട്ടെങ്കിലും കേട്ടില്ല എന്ന് നടിച്ചു നടന്നു. സന്തോഷപൂര്‍ണ്ണമായ ഒരു കുടുംബത്തിലെ സമാധാനം തകര്‍ക്കാന്‍ നടക്കുന്നവരാണ് ചുറ്റിനുമുള്ളതെന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള ജീവിതം.

പക്ഷെ ഒരിക്കല്‍ രാത്രി മീന്‍ പിടിക്കാന്‍ പോയിട്ട് പനിപിടിച്ച് തിരികെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. അന്ന് കാണേണ്ടാത്തത് കാണേണ്ടിയും, കേള്‍ക്കേണ്ടാത്തത് കേള്‍ക്കേണ്ടിയും വന്നു! കുടുംബത്തിന്റെ കെട്ടുറപ്പിനെ കരുതി, വളര്‍ന്നു വരുന്ന മക്കളുടെ ഭാവിയെ കരുതി ഒന്നും കാണാത്തതുപോലേയും, കേള്‍ക്കാത്തതുപോലേയുമായി തുടര്‍ന്നുള്ള ജീവിതം. പക്ഷെ പിന്നേയും പലതവണ നേരില്‍ കാണേണ്ടി വന്നപ്പോള്‍ ചോദിക്കാതിരിക്കാനായില്ല. അറിഞ്ഞതായി നടിക്കാതിരിക്കാനായില്ല. അവിടേയായിരുന്നു തുടക്കം.

പിന്നീടെപ്പോഴോ അവളുടെ വീട്ടുകാരുടെ ഒത്താശയോടെ തന്നെ അയാള്‍ അവിടെ സ്ഥിരതാമസമായി. ഏതാണ്ട് ഒന്നൊന്നര വര്‍ഷത്തോളം കാലം ഒരേ വീട്ടില്‍ അപരിചിതരെപോലെ കഴിഞ്ഞു ഞാനും ഭാര്യയും. പിന്നീടെപ്പോഴോ ഞാനും വീട്ടില്‍ നിന്നു പുറത്താക്കപെട്ടു.

സ്വന്തം വീട്ടില്‍ നിന്നും അന്യായമായി പുറത്താക്കപെട്ട ഒരാളുടെ അവസ്ഥ നിങ്ങള്‍ക്ക് പറഞ്ഞാല്‍ കൂടി മനസ്സിലാവില്ല. വീട് നഷ്ടപെടുകമാത്രമല്ല, ഭാര്യയും, മക്കളും പോലും നഷ്ടപെട്ടു. ആരുമില്ലാത്തവനായി ഞാന്‍. ആരുമില്ലാത്തവന്‍.

ഉത്തമന്റെ കഥ അത്യുത്തമം അല്ലെ എന്ന് പറഞ്ഞ് ഉത്തമന്‍ പൊട്ടിച്ചിരിച്ചു. അയാളുടെ പൊട്ടിച്ചിരിക്ക് കോന്നിലം പാടത്ത് നിന്ന് അനേകം മാറ്റൊലികളുണ്ടായി.

അയാളുടെ കഥകേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ആ മനുഷ്യനോട് സഹതാപം തോന്നി. അയാളെ കുറിച്ച് കുറച്ച് കൂടുതലായി അറിയണമെന്ന ആഗ്രഹം തോന്നിയതിനാല്‍ തന്നെ ഞങ്ങള്‍ വീണ്ടും അയാളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

ഉത്തമന്‍ വീട് വിട്ടിറങ്ങിയിട്ടെത്ര നാളായി?

കുറച്ച് മാസങ്ങളായി.

ഇപ്പോള്‍ എവിടെ താമസിക്കുന്നു.

ഞാന്‍ ദാ ആ കാണുന്ന പാലത്തിന്റെ അടിയില്‍?

പാലത്തിന്റെ അടിയിലോ?

അതെ. പാലത്തിന്റെ അടിയില്‍ തന്നെ.

ഭക്ഷണമൊക്കെ?

ചായക്കടയില്‍നിന്നോ, ചിലപ്പോള്‍ പരിചയക്കാരാരുടേയെങ്കിലും വീട്ടില്‍ നിന്നോ കഴിക്കും. ചിലപ്പോഴാകട്ടെ യാതൊന്നും കഴിക്കാറില്ല, കോന്നിലം പാടത്തെ തെളിവെള്ളം മാത്രം കുടിച്ചാലും എന്റെ വയര്‍ നിറയും!

അക്കരയിലേതോ മരത്തില്‍ നിന്നും കടവാതിലുകള്‍ കൂട്ടം കൂട്ടമായി കരഞ്ഞ്കൊണ്ട് ചിറകടിച്ച് പറക്കുന്ന വികൃതമായ ശബ്ദം തൊട്ടടുത്തെന്ന പോലെ കേട്ടു!. കൂട്ടം തെറ്റിയ വവ്വാലുകളില്‍ ചിലത് പറന്ന് വന്ന് ഷെഡിന്റെ ഗ്രില്ലുകളില്‍ ചിറകിട്ടടിച്ച് എങ്ങോട്ടോ പറന്നു പോയി. ശക്തിയോടെ തണുത്ത കാറ്റ് വീശി. പാട്ടവിളക്കിനുള്ളിലെരിയുന്ന കൈവിളക്കിന്റെ നാളം കാറ്റില്‍ ആടിയുലഞ്ഞു, പിന്നെ കെട്ടു. അല്പമെങ്കിലും തെളിഞ്ഞുവന്നിരുന്ന ആകാശത്ത് മഴക്കാറുകള്‍ പൊടുന്നനെ കരിമ്പടം വിരിച്ചു.

ആര്‍ത്തലച്ച് മഴവരുന്നുണ്ട്, ഇവിടെ ഇരുന്നാല്‍ മഴ മുഴുവന്‍ നനയും. നമുക്ക് ഞാന്‍ താമസിക്കുന്ന പാലത്തിന്റെ അടിയിലേക്കു പോവാം എന്ന് പറഞ്ഞ് ഉത്തമന്‍ മുന്നോട്ട് നടക്കാന്‍ തുടങ്ങി. കാറില്‍ കയറി ഇരിക്കുകയോ, അല്ലെങ്കില്‍ നേരിട്ട് വണ്ടിയെടുത്ത് വീട്ടിലേക്ക് പോകുകയും ചെയ്താലും മഴനനയില്ല്ല്ലോ എന്ന് പോലും ചിന്തിക്കാതെ ഞങ്ങള്‍ ഉത്തമന്റെ കൂടെ റോഡിനപ്പുറത്തുള്ള പാലം ലക്ഷ്യമാക്കി നടന്നു.

കാലുകള്‍ വലിച്ച് വച്ച് നടക്കുന്ന ഉത്തമന്റെ ഒപ്പം എത്തുവാന്‍ ഞങ്ങള്‍ക്ക് ചെറിയ വേഗതയില്‍ ഓടേണ്ടി വന്നു. നടക്കുകയാണോ, അതോ പറക്കുകയോ എന്ന് തോന്നിപ്പിക്കുന്ന വേഗതയിലാണയാള്‍ നടന്നിരുന്നത്!

നിറകുടം ഉടച്ചാലെന്ന പോലെ പൊടുന്നനെ മഴപെയ്യാന്‍ തുടങ്ങി. ചെറുതായി ചാറ്റലില്‍ തുടങ്ങി രൌദ്രഭാവം പ്രാപിക്കുകയാണ് മഴ സാധാരണ പതിവ്. ഇത് പതിവിന്നു വിപരീതമായി ഉത്തമന്‍ പ്രവചിച്ചത് പോലെ ആര്‍ത്തലച്ച് പെയ്യുകയാണ് മഴ. ബണ്ടിന്റെ കരക്കല്‍ വളര്‍ന്നു നില്‍ക്കുന്ന ഇരുങ്കണ-പുല്‍ക്കാടുകള്‍ക്കിടയില്‍ നിന്നും ചീവിടുകള്‍ നിറുത്താതെ കരഞ്ഞുകൊണ്ടേയിരുന്നു, തവളകളുടെ കരച്ചിലും ഒപ്പത്തിനൊപ്പം.

ഉത്തമന്‍ റോഡ് മുറിച്ച് കടന്ന് റോഡിന്റെ വലതു വശത്തുള്ള പാലത്തിന്റെ കൈവരിക്കടുത്തേക്ക് നടന്നു. ഞങ്ങള്‍ ഓടിയാണ് റോഡ് മുറിച്ച് കടന്നതും പാലത്തിന്റെ കൈവരിക്കടുത്തേക്ക് ചെന്നതും.

പാലം കഴിയുന്നതിനോട് ചേര്‍ന്ന് താഴേക്ക് കുത്തനെയുള്ള ഒരു ഇടുങ്ങിയ വഴി. ആളുകള്‍, നടന്നു നടന്നുണ്ടായതിനാലാവണം ആ വഴിയില്‍ പുല്ലോ, കുറ്റിചെടികളോ ഉണ്ടായിരുന്നില്ല. വളരെ നിസ്സാരമായി ഉത്തമന്‍ ആ വഴിയിലൂടെ താഴോട്ടിറങ്ങി. താഴെ ചെന്ന് നിങ്ങള്‍ ഇങ്ങോട്ടിറങ്ങിപോരെ എന്ന് പറഞ്ഞ് ഞങ്ങള്‍ക്കായി കാത്തു നിന്നു.

മഴ കോരിചൊരിഞ്ഞു പെയ്തുകൊണ്ടേയിരിക്കുന്നു.

ആദ്യം ഇറങ്ങാനായി കാല്‍ വച്ചത് ഞാനാണ്. മഴവെള്ളത്തില്‍ നനഞ്ഞ് മണ്ണാകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നതിനാല്‍ ചവിട്ടുമ്പോള്‍ കാല്‍ വഴുക്കുന്നു. ഒരു കൈ പാലത്തിന്റെ ചുവരിലും, മറുകൈ വഴിയോട് ചേര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന കുറ്റിചെടികളിലും പിടിച്ച് ഞാന്‍ അടിയിലേക്ക് മെല്ലെയിറങ്ങി. കുറ്റിചെടികളില്ലായിരുന്നില്ലെങ്കില്‍ വഴുക്കി വീഴുമായിരുന്നെന്നത് തീര്‍ച്ച. എനിക്ക് തൊട്ടുപിന്നാലെ തണുപ്പനും, ബാബുവും, ഫസലുവും ഇറങ്ങി. ഇക്കരയിലും വിശാലമായ പാടം തന്നെ, ബണ്ടില്ല എന്ന് മാത്രം. പോക്കാച്ചിതവളകളുടേയും, ചീവീടുകളുടേയൂം ശബ്ദം മാത്രം അന്തരീക്ഷത്തില്‍ മുഴുങ്ങി കേള്‍ക്കുന്നുണ്ട്.

വരൂ ഒപ്പം എന്ന് പറഞ്ഞ് പാലത്തിന്റെ മതിലിനോട് ചേര്‍ന്ന് വാര്‍ത്തിട്ടിരിക്കുന്ന അരയടിയോളം വീതിയിലുള്ള സിമന്റ് സ്ലാബിലൂടെ ഉത്തമന്‍ മുന്നോട്ട് നടന്നു.

സ്ലാബ് ഇടുങ്ങിയതാണ്. അടിയൊന്ന് തെറ്റിയാല്‍ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്തേക്കാണ് വീഴുന്നത്. മതിലില്‍ കൈപ്പത്തിയാല്‍ പിടിച്ച്. ഇടുങ്ങിയ സ്ലാബിലൂടെ ഒരു ഹിപ്നോട്ടിക്ക് നിദ്രയിലെന്ന പോലെ ഞങ്ങളും ഉത്തമനെ പിന്തുടര്‍ന്നു.

പത്ത് പതിനഞ്ചടിയോളം നടന്നുകഴിഞ്ഞപ്പോള്‍ മതിലിന്റെ മൂലയെത്തി. വീണ്ടും ഉള്ളിലോട്ട് ഒരു നാലഞ്ചടി. പാലത്തിന്റെ അടിഭാഗം എത്തി. ഇടുങ്ങിയ സ്ലാബല്ല ഇപ്പോഴുള്ളത്. സിമന്റിട്ട് വാര്‍ത്ത വളരെയേറെ വീതിയുള്ള സ്ഥലം. ഇരുട്ടായതിനാല്‍ ഒന്നും വ്യക്തമായി കാണുന്നില്ല.

ഉത്തമാ അവിടുന്ന് വിളക്കെടുക്കാമായിരുന്നില്ലെ?

ഹ ഹ ഹ, ഉത്തമന്‍ പൊട്ടിചിരിച്ചു. പാലത്തിന്നടിയില്‍, സിമന്റ് ചുവരുകള്‍ക്കിടയില്‍, വെള്ളത്തിനു തൊട്ട് മുകളിലായി ഇരുട്ടില്‍ നിന്ന് പൊട്ടിച്ചിരിക്കുന്ന ഉത്തമന്റെ പൊട്ടിചിരി പല തവണ പ്രതിധ്വനിച്ചു.

വിളക്കെടുക്കാമായിരുന്നെന്നോ? വിളക്ക് ഞാന്‍ എടുത്തുവല്ലോ.

ഉത്തമന്‍ തിരിഞ്ഞപ്പോള്‍ അയാളുടെ കയ്യില്‍ കത്തികൊണ്ടിരിക്കുന്ന വിളക്ക്! എണ്ണ പാട്ട കാറ്റുപിടിക്കാതിരിക്കാനായി, നടുവിലെ പാട്ട വെട്ടി മാറ്റിയതിന്റെ ഉള്ളില്‍ വച്ചിരിക്കുന്ന കൈവിളക്ക്! ഷെഡിന്നടുത്തുണ്ടായിരുന്ന അതേ വിളക്ക്!

Thursday, October 16, 2008

കോന്നിലം പാടത്തെ പ്രേതം - ആറ്

തണുപ്പനും, ബാബുവും, ഫസലുവും, ഉത്തമനുമെല്ലാമിരുന്ന് സംസാരിക്കുന്നത് കണ്ടതും എന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍പിണര്‍ കടന്നുപോയി. നൊടിയിടയില്‍ തന്നെ കൈപ്പടിയില്‍ പിടിച്ച് മുകളിലേക്ക് ചാടിക്കയറി കാറിന്നടുത്തേക്ക് നടന്നു, ഡിക്കിയില്‍ നിന്ന് ടൌവ്വലെടുത്ത് ശരീരം മൊത്തത്തിലൊന്ന് തുടച്ചു. അവര്‍ നാലുപേരും കാര്യമായ സംസാരത്തിലായത് കാരണം ഞാന്‍ കയറിയതൊന്നും ശ്രദ്ധിച്ചിട്ടേ ഇല്ല. കാറ്റുവീശുന്നതിനാലാവാം, ചെറുതായി തണുക്കാന്‍ തുടങ്ങിയിരിക്കുന്നു.

വരണ്ടുപോയ തൊണ്ടയൊന്ന് തണുപ്പിക്കുവാന്‍, വണ്ടിയുടെ ബൂട്ടില്‍ കിടന്നിരുന്ന ഉച്ചക്ക് വാങ്ങിയ സോഡകുപ്പിയില്‍ അവശേഷിച്ചിരുന്ന സോഡ അണ്ണാക്കിലേക്കൊഴിച്ചു. സിഗററ്റൊരെണ്ണമെടുത്ത് തീകൊളുത്തി പുകയൂതിവിട്ടുകൊണ്ട് ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.

അടുത്ത് ചെന്നിരിക്കുമ്പോള്‍ തണുപ്പനില്ല!

തണുപ്പന്‍ എവിടെ ബാബൂ?

അവന്‍ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. ഒന്ന് മുങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് വെള്ളത്തിലേക്കിറങ്ങാന്‍ പോയി.

തെളിഞ്ഞിരുന്ന ആകാശത്തങ്ങിങ്ങായി കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടാന്‍ തുടങ്ങി.

കുറുമാനെ കളിക്കാണ്ട് കരക്ക് കയറ് കുറുമാനെ എന്ന് തണുപ്പന്‍ ഷെഡിന്റെ അടുത്ത് നിന്ന് പറയുന്നത് കേട്ടത് പോലെ എനിക്ക് തോന്നിയപ്പോള്‍ എന്റെ തോന്നലാണോ എന്നറിയാന്‍ മാത്രം ബാബുവിന്റേം, ഫസലുവിന്റേം മുഖത്തേക്ക് മാറി മാറി ഞാന്‍ നോക്കി. ഉത്തമന്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്ന ചരിത്രകഥയില്‍ മുങ്ങിതാഴുകയാണിരുവരും. ഉത്തമനാണെങ്കില്‍ ഞാന്‍ ചെന്ന് ഇരുന്നത് പോലും ശ്രദ്ധിച്ച ഭാവമില്ല.

ഉത്തമന്റെ ശ്രദ്ധ തന്റെ കേള്‍വിക്കാരായ ബാബുവിലും ഫസലുവിലും മാത്രം!

കുറുമാനേ, എന്ന തണുപ്പന്റെ വിളി ഒരിക്കല്‍കൂടി ചെവിയില്‍ പതിച്ചപ്പോള്‍ ഞാന്‍ സിഗറ്റ് താഴെ കുത്തികെടുത്തി എഴുന്നേറ്റ് ഷെഡിന്റെ മുന്‍പിലേക്ക് നടന്നു.

ഷെഡിന്റെ മുന്നിലെത്തിയതും, തണുപ്പന്‍ കൈവരിയില്‍ പിടിച്ച് മുകളിലേക്ക് കയറിയതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. എന്നെ കണ്ടതും, ഒരു ജാതി മറ്റേ പണി കാട്ടരുതു കുറുമാനെ താന്‍. തണുപ്പാ തണുപ്പാന്ന് കാറി വിളിച്ച് എന്നെ ഇങ്ങോട്ട് വരുത്തി, ഒന്ന് പിടിച്ച് കയറ്റിഷ്ടാന്ന് പറഞ്ഞ് കൈതന്നിട്ട് എന്തിനാടോ താന്‍ എന്നെ വെള്ളത്തിലേക്ക് വലിച്ചിട്ടത്? എന്നിട്ട് താന്‍ കരക്കും കയറി!

ഞാന്‍ തണുപ്പനോട് ചോദിക്കാന്‍ ഇരുന്ന അതേ ചോദ്യം അവന്‍ എന്നോട് ചോദിക്കുന്നു!

എവിടെയൊക്കെയോ, എന്തൊക്കെയോ പന്തികേട്! എന്താണെന്ന് വ്യക്തവുമല്ല. ചങ്ങല ശരിക്കും മുറുകുന്നില്ല, ചിലകണ്ണികള്‍ അകന്നിരിക്കുന്നു. അകന്നിരിക്കുന്ന കണ്ണികള്‍ അടുപ്പിക്കേണ്ടത് അപകടമൊഴിവാക്കാന്‍ അത്യാവശ്യം.

തണുപ്പന്‍ ഷെഡിന്റെ മുന്നിലെ വെള്ളത്തില്‍ കിടന്ന് എന്നെ വിളിച്ചതു മുതല്‍ ഞാന്‍ നേരിട്ടനുഭവിച്ചതെല്ലാം ചുരുങ്ങിയ വാക്കുകളാല്‍ തണുപ്പനോട് ഞാന്‍ പറഞ്ഞു. അവനു സംഭവിച്ചതവന്‍ എന്നോടും പറഞ്ഞപ്പോള്‍ഒരു കാര്യം ഞങ്ങള്‍ക്ക് തീര്‍ച്ചയായി. മുന്‍പ് ബാബുവിനു മുന്‍പ് സംഭവിച്ചതും ഏകദേശം ഇതു തന്നെയായിരുന്നു.

മദ്യത്തിന്റെ ലഹരിയില്‍ മൂന്ന് പേര്‍ക്കും ഏതാണ്ടൊരേ അനുഭവം ഉണ്ടാകുമോ?

മദ്യത്തിന്റെ ലഹരിയിലുണ്ടായ വെറുമൊരു തോന്നലായിരിക്കാം അതെല്ലാം എന്നു വിശ്വസിച്ചുറപ്പിച്ച് നടന്നതെല്ലാം തള്ളികളയാന്‍ പോലുമുള്ളത്ര ലഹരി ഞങ്ങളുടെ ശരീരത്തില്‍ ഇല്ലെങ്കില്‍ കൂടിയും ഒരാത്മധൈര്യത്തിനായി ഞങ്ങള്‍ പരപ്സരം പറഞ്ഞു, പാതിരനേരത്തോരോരോ തോന്നലുകളേയ്!

എന്തെങ്കിലുമാവട്ടെ രണ്ടെണ്ണം അടിച്ച് തണുപ്പകറ്റാം എന്ന് കരുതിയാല്‍ കുപ്പിയാണേല്‍ കാലി. നനഞ്ഞ വസ്ത്രങ്ങള്‍ ഡിക്കിയിലിട്ട് ഉണങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചു. ഓരോ സിഗററ്റും കത്തിച്ച് വലിച്ചുകൊണ്ട് ഷെഡിന്നടുത്തേക്ക് നടക്കുമ്പോള്‍ തണുപ്പന്‍ എന്നോട് പറഞ്ഞു, നടന്നതൊന്നും ബാബുവിനോടും, ഫസലുവിനോടും ഇപ്പോള്‍ പറയണ്ട. പ്രത്യേകിച്ചും ആ ഉത്തമന്റെ മുന്‍പില്‍ വച്ച്.

പുല്ലില്‍ കുന്തിച്ചിരുന്ന് ചരിത്രം വിളമ്പുന്ന ഉത്തമനില്‍ കണ്ണും നട്ട് കൈവരിയിലിരിക്കുന്ന ബാബുവിനും, ഫസലുവിനുമൊപ്പം ചരിത്രകഥാകഥനത്തിന്റെ കേള്‍വിക്കാരായി ഞങ്ങളും ഇരുന്നു.

അന്യമതസ്ഥയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായതുമുതല്‍, അവളുടെ വീട്ടുകാരുടേയും, നാട്ടുകാരുടേയും, മതപണ്ഠിതന്മാരുടേയും എതിര്‍പ്പിനെവരെ വകവക്കാതെ അവളെ വിളിച്ചിറക്കി റെജിസ്റ്റര്‍ മാര്യേജ് ചെയ്തത് മുതല്‍, ഉള്ളപ്പോഴും, ഇല്ലായ്പ്പോഴും ഒരുമിച്ചുണ്ടുറങ്ങി, സന്തോഷത്തോടെ ജീവിച്ച അവരുടെ നല്ല നാളുകളിലൂടെ/വര്‍ഷങ്ങളിലൂടെ, സമര്‍ത്ഥനായ ഒരു കാഥികനെ പോലെ ഞങ്ങളുടെ കൈപിടിച്ച് കൂടെ കൊണ്ട് പോയി ഉത്തമന്‍.

ഞങ്ങള്‍ക്ക് രണ്ടാണ്‍കുട്ടികള്‍. അവര്‍ക്കിപ്പോള്‍ ആറും എട്ടും വയസ്സായി എന്ന് അര്‍ദ്ധോക്തിയില്‍ പറഞ്ഞു നിര്‍ത്തിയതിനുശേഷം ഉത്തമന്‍ കിതക്കാന്‍ തുടങ്ങി. കണ്ണുകള്‍ അടച്ച് പിടിച്ച് കിതക്കുമ്പോള്‍ അയാളുടെ മുഖത്ത് വിരിഞ്ഞിരുന്ന ഭാവങ്ങള്‍ ഭീതിജനകമായിരുന്നു.

കിതപ്പൊന്നാറിയപ്പോള്‍ അയാള്‍ പോക്കറ്റില്‍ നിന്നും ബീഡിപൊതിയെടുത്ത് ഒരെണ്ണം ചുണ്ടത്ത് വച്ച് തീപെട്ടിയുരച്ച് കത്തിച്ചു. ഇടത് കൈപത്തികൊണ്ട് കാറ്റിനു മറപിടിച്ച്, കത്തുന്ന തീപെട്ടിക്കോല്‍ ബീഡിയില്‍ മുട്ടിച്ച് ബീഡികത്തിക്കുമ്പോഴാണ് എന്റേയും തണുപ്പന്റേയും കണ്ണില്‍ ആ കാഴ്ച കണ്ണില്‍ പെട്ടത്.

അയാളുടെ ഇടതുകൈത്തണ്ട ആഴത്തില്‍ മുറിഞ്ഞിരിക്കുന്നു. അപ്പോഴും ചോരകിനിയുന്നോ എന്ന് പോലും തോന്നിപ്പിക്കുന്നത്രയും ആഴത്തിലുള്ളതായിരുന്നു ആ മുറിവ്!

ഞാനും തണുപ്പനും മുഖത്തോട് മുഖം നോക്കി. തണുപ്പന്‍ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.

കത്തിയ ബീഡി ആഞ്ഞാഞ്ഞു വലിച്ച് പുക അകത്തേക്കും പുറത്തേക്കും വിട്ട് മൌനമവലംഭിച്ച് കോന്നിലം പാടത്തേക്ക് കണ്ണും നട്ടിരുന്ന ഉത്തമനെ ചിന്തയില്‍ നിന്നുണര്‍ത്തിയത്, എങ്ങിനെയാ ഉത്തമാ തന്റെ കയ്യ് ഇത്ര ആഴത്തില്‍ മുറിഞ്ഞിരിക്കുന്നതെന്ന തണുപ്പന്റെ ചോദ്യമാണ്.

ചോദ്യം പെട്ടെന്നായതിനാലോ എന്തോ ഒരു പരിഭ്രമം ഉത്തമന്റെ മുഖത്ത് നിഴലിച്ചു. ഇടം കൈയ്യിലെ ബീഡി വലം കൈയ്യിലേക്ക് മാറ്റിയതിനു ശേഷം ഇടം കൈ കാലുകള്‍ക്കിടയില്‍ തിരുകി ഉത്തമന്‍ പറഞ്ഞു, ഏയ് അതൊരു ചെറിയ മുറിവ്.

ചെറിയ മുറിവോ? തന്റെ കയ്യിലോ? ആ കൈയ്യൊന്ന് കാണിച്ചേ, തണുപ്പന്‍ പറഞ്ഞു.

യാതൊരു വിധ മടിയും കാണിക്കാതെ, എരിയുന്ന പാട്ടവിളക്കിനു നേര്‍ക്ക് തന്റെ ഇടത് കൈ മലര്‍ത്തി കാണിച്ചു ഉത്തമന്‍!

മുറിവിനു കാലിഞ്ചിലേറെ ആഴം! കൈതണ്ടയിലെ ഞരമ്പ് മുറിഞ്ഞത് കൂടിചേര്‍ന്നിട്ടില്ല! ചോരയുടെ നനവ് അപ്പോഴും ആ മുറിവില്‍ കാണാം! കൈയ്യിലൊരു തുന്നല്‍കെട്ടില്ലയെന്നതോ പോട്ടെ! ഒരു തുണി കൊണ്ട് പോലും കെട്ടിയിട്ടില്ല!

ഇത്തരം ഒരവസ്ഥയില്‍ ഒരാളെ കണ്ടാല്‍ സാധരണക്കാരനായ ഒരാള്‍ക്ക് തോന്നുന്ന സംശയങ്ങളൊക്കെ എനിക്ക് തോന്നി, പക്ഷെ എന്റെ സംശയങ്ങളേക്കാളും ഇരട്ടി ചോദ്യങ്ങള്‍ ഭിഷഗ്വരന്മാരായ തണുപ്പന്റേയും, ബാബുവിന്റേയും, ഫസലുവിന്റേയും കണ്ണുകളില്‍ പ്രതിഫലിച്ചിരുന്നത് ഞാന്‍ വായിച്ചെടുത്തു.

ഇതെങ്ങിനെ സംഭവിച്ചതാ ഉത്തമാ? ചോദ്യങ്ങള്‍ തൊടുത്തത് ഞങ്ങള്‍ നാലുപേരുമൊരുമിച്ചായിരുന്നു.

ഇത് ഞാന്‍ ആത്മഹത്യചെയ്യുവാനായി മുറിച്ചതാ! നിസ്സംഗതയോടെ ഉത്തമന്‍ ഉത്തരം പറഞ്ഞു?

എപ്പോള്‍? എന്തിന്? എങ്ങിനെ? വീണ്ടും ചോദ്യങ്ങളുടെ ശരവര്‍ഷം!

പറയാം, ഞാന്‍ എല്ലാം പറയാം.

വീണ്ടും കണ്ണുകളുമടച്ച് ഉത്തമന്‍ കിതക്കാന്‍ തുടങ്ങി. കണ്ണുകള്‍ അടഞ്ഞിട്ടായിരുന്നുവെങ്കിലും മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളേറേയും പൈശാചികമായിരുന്നു!

Friday, October 03, 2008

കോന്നിലം പാടത്തെ പ്രേതം - അഞ്ച്


ചൂടാവാതെ ഉത്തമാ, നിങ്ങളടിച്ചില്ലേല്‍ വേണ്ട ഞങ്ങളടിച്ചോളാം. ഒരു ആതിഥ്യ മര്യാദക്ക് ചോദിച്ചു എന്ന് മാത്രം എന്ന് ഞാന്‍ പറഞ്ഞു. എന്തൂറ്റാ പറഞ്ഞേ താന്‍? ആതിഥ്യ മര്യാദാന്നോ?

മ്മള്, ഈ കോന്നിലം പാടത്ത്യാ ഗഡികളെ, ങ്ങള് വന്നത് പൊറത്തൂന്നും. അപ്പോ പിന്നെ ഞാനല്ലെ ആതിഥ്യ മര്യാദ കാണിക്കണ്ടത്?

സംസാരത്തിലുള്ള പൊരുത്തമില്ലായ്മയും, ചില സമയത്തെ നോട്ടവും, ഭാവവും എല്ലാം കണ്ടതില്‍ നിന്ന് ചെറുതായെങ്കിലും ഒരു വശപിശക് ഫീല്‍ ചെയ്തതിനായിരുന്നതിനാല്‍ ബാബു സ്വകാര്യമായിട്ടെന്നോട് പറഞ്ഞു, ഇത് വെറും കുരിശല്ലാന്നാ തോന്നണെ, പൊന്‍കുരിശാ. ഒന്നുകില്‍ അല്പം ലൂസ്, അല്ലെങ്കില്‍, കഞ്ചാവ്.

വിട്ടുപിടിഷ്ടാ, നമ്മക്കൊരു കമ്പനിയായല്ലോ. മാത്രമല്ല വിളക്കും കിട്ടി. മ്മക്ക്, ഒന്നും കൂടി നീന്തി മറിയാം എന്ന് പറഞ്ഞ് ഞാനും, തണുപ്പനും വസ്ത്രം മാറ്റി വെള്ളത്തിലേക്കിറങ്ങി. ബാബുവും, ഫസലുവും, ഉത്തമനുമായി സംസാരം തുടര്‍ന്നു.




ഒഴുകി വരുന്ന വെള്ളത്തിനപ്പോഴും ചെറിയ ചൂടുണ്ടായിരുന്നു എന്നത് തന്നെ ഞങ്ങളെ അത്ഭുതപെടുത്തി. ഞങ്ങള്‍ രണ്ടു പേരും ഇക്കരെയും, അക്കരെയുമായി ബണ്ടിന്റെ ഇടയിലൂടൊഴുകുന്ന വെള്ളത്തില്‍ നീന്തിയും, നടന്നും രസിച്ചു. ഇടക്കിടെ കരക്ക് കയറി, റീ ചാര്‍ജ് ചെയ്ത് തിരികെ വെള്ളത്തിലേക്ക് ചാടി. വീണ്ടും ഒഴുക്കില്‍ നടന്നും, കിടന്നും, നീന്തിയും ഞങ്ങള്‍ അര്‍മാദം തുടര്‍ന്നു.




സ്ലാബിന്നടിയിലൂടെ കൈവരിയില്‍ പിടിച്ച് അക്കരെ നടന്ന്, ഷെഡിന്നു മുന്‍പിലുള്ള നിലയില്ലാത്ത പാടത്തേക്ക് ചാടി നീന്തിയ തണുപ്പന്റെ കുറുമാനെ വേഗം ഒന്നിങ്ങോട്ട് വായോ എന്ന ഉച്ചത്തിലുള്ള വിളി കേട്ടതും, ഇക്കരെ ആഴമില്ലാത്ത പുല്ല് പടര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് നീന്തുകയായിരുന്ന ഞാന്‍ പരമാവധി വേഗത്തില്‍ നീന്തി, സ്ലാബില്‍ പിടിച്ച് ഷെഡിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ ഷെഡിന്നു മുന്‍പില്‍ കോണ്‍ക്രീറ്റ് തുടങ്ങുന്ന സ്ഥലത്ത് പിടിച്ച് തല മാത്രം വെള്ളത്തിനു വെളിയിലായി തണുപ്പന്‍ നിന്ന് കിതക്കുന്നു.

അവന്റെ മുഖഭാവം വ്യക്തമല്ലെങ്കിലും അവന്‍ കിതക്കുന്ന ശബ്ദം എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു. അതേ സമയം ഒരു സ്പീക്കര്‍ ഫോണ്‍ ചെവിയില്‍ വെച്ച് കേള്‍ക്കുന്ന അതേ ശബ്ദത്തില്‍!

എന്താ തണുപ്പാ എന്ത് പറ്റി?

കുറുമാനെ, ഒന്നും പറയണ്ട, ഞാന്‍ ഈ ഷെഡിന്റെ അപ്പുറത്ത് പതിവുപോലെ ചാടി നീന്തുമ്പോള്‍ തണുപ്പാ, തണുപ്പാ എന്ന് ആരോ വിളിച്ചു. ഞാന്‍ കരുതി ബാബുവോ, ഫസലുവോ മറ്റോ ആയിരിക്കുമെന്ന്. അതിനാല്‍ ഞാന്‍ നീന്തി ഷെഡിന്റെ മുന്‍പില്‍ എത്തി. അപ്പോ വീണ്ടും വിളി തണുപ്പാ, തണുപ്പാന്ന്. അതും ഷെഡിന്റെ ഉള്ളില്‍ നിന്നും.!! ആ ശബ്ദം ഫസലുവിന്റേം, ബാബുവിന്റേം, ഒന്നുമായിരുന്നില്ല ഒരു വേറിട്ട ശബ്ദം അതും ഷെഡിന്റെ ഉള്ളില്‍ നിന്ന്.

എന്ത് പറയാനാ കുറുമാനെ എന്റെ ജീവന്‍ പാതി പോയെങ്കിലും ഞാന്‍ ഷെഡിലേക്കൊന്ന് വെറുതെ നോക്കിയപ്പോള്‍ പൂട്ടിയിട്ടിരിക്കുന്ന ഷെഡില്‍ നല്ല വെളിച്ചം! ഷെഡിന്റെ ഉള്ളില്‍ ആരുമില്ല താനും!! തൊട്ട് മുകളിലല്ലെ അവര്‍ ഇരിക്കുന്നതെന്നോര്‍ത്ത്. ഫസലുവിനേം, ബാബുവിനേം ഞാന്‍ കുറേ വിളിച്ചു, പക്ഷെ അവരാരും വിളി കേട്ടില്ല. അപ്പോഴാ ഞാന്‍ കുറുമാനെ വിളിച്ചത്.

എന്നെ ഒന്ന് പിടിച്ച് കയറ്റ് കുറുമാനെ. തണുപ്പന്‍ വലത് കൈ നീട്ടി.

പണ്ടാരം. ഞാന്‍ ഒഴുക്കുള്ള വെള്ളത്തില്‍ ഒഴുകിപോകാതെ കൈവരിയില്‍ പിടിച്ച് നില്‍ക്കുന്നു. അവനാണേല്‍ ഷെഡിനു മുന്‍പിലെ നിലയില്ലാത്ത കുഴിയില്‍ സ്ലാബിനു കീഴെ കോണ്‍ക്രീറ്റ് ഇട്ടതില്‍ പിടിച്ച് കിടക്കുന്നു. എനിക്കാണേല്‍ തൊട്ടപ്പുറത്ത് മുകളില്‍ ഇരുന്ന് ഇതൊന്നുമറിയാതെ സംസാരിക്കുന്ന ബാബുവിനേയും, ഫസലുവിനേയും, ഉത്തമനേയും കാണാം. ഞാന്‍ ഷെഡിലേക്കൊന്നു നോക്കി. മൊത്തം ഇരുട്ട് തന്നെ.

കോണ്‍ക്രീറ്റ് ചുമരിന്റെ വക്കില്‍ പിടിച്ച് ഞാന്‍ മെല്ലെ കുനിഞ്ഞ് എന്റെ വലത് കൈ നീട്ടി. തണുപ്പന്‍ എന്റെ കയ്യില്‍ പിടിച്ചപ്പോള്‍, ഐസ്സുംകട്ടയില്‍ കയ്യ് വെച്ച പ്രതീതി എങ്കിലും സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഞാനവനെ വലിച്ചുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍, തണുപ്പന്‍ നിസ്സാരമായി പൂമൊട്ടിന്റെ ലാഘവത്തോടെ എന്നെ പിടിച്ച് വെള്ളത്തിലേക്കിട്ടു.

നിലയില്ലാത്ത കുഴിയാണ് അവിടെ. അടിയിലേക്ക് മുങ്ങി ശ്വാസമെടുത്ത് ഞാന്‍ വെള്ളത്തിനുമുകളില്‍ ഉയര്‍ന്നപ്പോള്‍ തണുപ്പനും ഒപ്പം ഉയര്‍ന്നു.

എന്താ കുറുമാനേ പേടിച്ചോ? ഞാന്‍ തമാശക്ക് ചെയ്തതല്ലെ?

മോന്തേമ്മെ ഒരു കീറ് കീറാന്‍ തോന്നിയെങ്കിലും സംയമനം പാലിച്ച് ഞാന്‍ പറഞ്ഞു, ഏയ് പേടിച്ചില്ല. ഇതൊക്കെ ഒരു രസമല്ലെ ഗഡീ . എന്തായാലും ഞാന്‍ ഇനി നീന്തുന്നില്ല, കയറുകയാണ്.

ഉം താന്‍ കയറ്, ഞാനിപ്പോഴൊന്നും കയറുന്നില്ല എന്ന് പറഞ്ഞ് അവന്‍ വീണ്ടും വെള്ളത്തിലോട്ടിറങ്ങി നീന്താന്‍ തുടങ്ങി, n അതും ഷെഡിന്റെ മുന്‍പില്‍!

കൈകള്‍ രണ്ടും മുകളിലെ വരിപ്പാതയില്‍ ഊന്നി ബലം കൊടുത്ത് കരയിലേക്ക് പൊങ്ങാന്‍ നേരം ഞാന്‍ വെറുതെ ഷെഡിലേക്കൊന്ന് നോക്കി. ഒന്നല്ല, രണ്ട് ,പാട്ട വിളക്ക് ഷെഡില്‍ കൂട്ടിയിട്ട ചാക്ക് കെട്ടുകള്‍ക്ക് മുകളിലിരുന്നെരിയുന്നു!

മുന്നിലോട്ട് നോക്കിയപ്പോഴോ, തണുപ്പനും, ബാബുവും, ഫസലുവും, ഉത്തമനുമെല്ലാമിരുന്ന് സംസാരിക്കുന്നു!!

Saturday, September 27, 2008

കോന്നിലം പാടത്തെ പ്രേതം - നാല്

മാപ്രാണം ജങ്ക്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് നന്തിക്കര റോട്ടിലൂടെ ഒരു നാലഞ്ച് കിലോമീറ്റര്‍ പോയാല്‍ കോന്നിലം പാടമായി. വലിയ വീതിയില്ലാത്ത, രണ്ട് വണ്ടിക്ക് കഷ്ടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഒരേ സമയം പോകാവുന്ന റോഡാണ് മാപ്രാണം-നന്തിക്കര റോഡ്. പാടം തുടങ്ങുന്നതിനു മുന്‍പേ തന്നെ വീടുകളൊക്കെ അവസാനിക്കുന്നു. കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന വിശാലമായ പാടശേഖരം. വേനല്‍ തുടങ്ങുന്നതോടെ കോന്നിലം പാടം മൊത്തം പച്ച പുതക്കും. കതിരുകള്‍ കാറ്റത്ത് തലയിട്ടാടുന്നത് കാണാന്‍ തന്നെ രസമാണ്. വര്‍ഷക്കാലത്ത് വെള്ളം നിറഞ്ഞ് പാടം ഒരു കായലായി മാറുമ്പോള്‍ മീന്‍ പിടുത്തക്കാരുടെ പറുദീസയായി മാറുന്നു കോന്നിലം പാടം. ചൂണ്ടയിട്ടും, വീശുവലയെറിഞ്ഞും പിടിക്കുന്ന മീനുകളെ ഇടക്കിടെ കരയിലെത്തിച്ച്, കാറിലും, ബൈക്കിലും, ഓട്ടോറിക്ഷയിലും പോകുന്നവര്‍ക്ക് വിറ്റതിനു ശേഷം വഞ്ചിയുമായി വീണ്ടും മീന്‍പിടുത്തത്തിനിറങ്ങുന്നു. വൈകീട്ട് ആറ്-ആറര കഴിയുമ്പോഴേക്കും കച്ചവടമൊക്കെ നിറുത്തി എല്ലാവരും കൂടണയും. പിന്നെ ആ റോഡ് മിക്കവാറും വിജനമാണ്. വല്ലപ്പോഴും ഒന്നോ രണ്ടോ കാറോ, ബസ്സോ, ഓട്ടോറിക്ഷയോ, ബൈക്കോ പോയാലായി.

മൂന്നാല് കിലോമീറ്ററോളം നീളം വരുന്ന ഈ കോന്നിലം പാടത്തിന്റെ ഏതാണ്ടൊത്ത നടുക്കാണ് കോന്നിലം ഷാപ്പ്. ജൂലൈ മാസമല്ലെ, മഴയൊക്കെ പെയ്ത് പാടം കായലായി മാറിയിരിക്കുന്നു. വണ്ടി റോഡില്‍ നിന്നല്പം താഴേക്കിറക്കി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ഷാപ്പിലേക്ക് കടന്നു. പാടത്ത് കോണ്‍ക്രീറ്റ് തൂണ് വാര്‍ത്ത് അതിന്മേലാണ് ഷാപ്പ് വാര്‍ത്തിരിക്കുന്നത്. റോഡില്‍ നിന്നും ഷാപ്പിലേക്ക് കയറുവാന്‍ ചെറിയ ഒരു പാലവും വാര്‍ത്തിട്ടുണ്ട്.

ബെഞ്ചിലിരുന്നപ്പോഴേക്കും കുടുക്ക മുന്നില്‍ നിരന്നു.

കഴിക്കാന്‍ എന്താ എടുക്കേണ്ടത്?

മാപ്രാണം ഷാപ്പില്‍ കഴിച്ചതൊക്കെ തന്നെയല്ലെ ഇവിടേയും, ഒന്നും രണ്ടും വീതം എല്ലാം വാങ്ങി. ഉച്ചകഴിഞ്ഞതിനാലായിരിക്കണം കള്ളിനല്‍പ്പം പുളിപുടിക്കാന്‍ തുടങ്ങിയിരിക്കുന്നു. നാലു വശവും പാടമായതിനാല്‍ ഇടക്കിടെ തണുത്ത കാറ്റ് വീശുമ്പോള്‍ നല്ല സുഖം. സമയം നാല് കഴിഞ്ഞിരിക്കുന്നു. ബില്ല് സെറ്റില്‍ ചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങിയപ്പോഴാണ് ഷാപ്പിനെതിര്‍വശത്ത് റോഡില്‍ നിന്നും പടിഞ്ഞാട്ടേക്കൊരു ചെമ്മണ്ണിട്ടുയര്‍ത്തിയ ബണ്ട് റോഡ് കണ്ണില്‍ പെട്ടത്. ഒരു ലോറി പോകാനുള്ള വീതിയുള്ള റോഡ്. ദൂരെയായി ബണ്ടിനോട് ചേര്‍ന്ന് പാടത്ത് കെട്ടിയിരിക്കുന്ന മോട്ടോര്‍പുര പോലത്തെ ഒരു ഷെഡും കണ്ണില്‍ പെട്ടു.

നമുക്ക് ആ ഷെഡിന്റെ അവിടേക്ക് പോയാലോ? സൌകര്യമുണ്ടെങ്കില്‍ ഒന്നു കുളിക്കുകയും ചെയ്യാം. ഞാന്‍ വെറുതെ ഒരു ആശ പറഞ്ഞതാ?

ഇത് കേള്‍ക്കാന്‍ കാത്തുനിന്നിട്ടെന്ന പോലെ മൂവരും പറഞ്ഞു, പിന്നെന്താ? നമുക്കങ്ങോട്ട് പൊയ്ക്കളയാം.

വണ്ടിയില്‍ കയറ്, തണുപ്പന്‍ പറഞ്ഞു.

വണ്ടിയില്‍ പോണോ? വണ്ടി തിരിക്കാന്‍ അവിടെ സ്ഥലമില്ലെങ്കില്‍ റിവേഴ്സില്‍ വരേണ്ടി വരും. അത് സാരമില്ല കുറുമാനെ, നിങ്ങള്‍ വണ്ടിയില്‍ കയറ്. ഞങ്ങളേയും കയറ്റി അവന്‍ വണ്ടി ബണ്ട് റോഡിലൂടെ മുന്നോട്ടെടുത്തു. റോഡിന്റെ രണ്ട് വശത്തും ഇഞ്ചിപുല്ലു പോലത്തെ നീണ്ട പുല്ലുകള്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. ഇത്തരം പുല്ലുകള്‍ പാടത്തിലെ വെള്ളത്തിലും ആഴ്ന്നിറങ്ങി വളര്‍ന്ന് ചില സ്ഥലങ്ങളിലെല്ലാം ഒരു തുരുത്തു പോലെയായിരിക്കുന്നുമുണ്ട്.

ഷെഡിനോടുത്ത ഭാഗത്ത് റോഡിനല്‍പ്പം വീതി കൂടുതലായുണ്ട്. വണ്ടി അവിടെ അരികിലേക്ക് ചേര്‍ത്ത് പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങി. ഷെഡിനോട് ചേര്‍ന്നുള്ള റോഡിന്റെ ഭാഗം ബണ്ട് റോഡിനപ്പുറത്തുള്ള പാടത്തേക്ക് വെള്ളം ഒഴുകാന്‍ വേണ്ടി ബണ്ട് നാലടിയോളം വീതില്‍ മുറിച്ച് സ്ലാബാണിട്ടിരിക്കുന്നത്. ഷെഡ് മോട്ടോര്‍ ഷെഡല്ല, വളങ്ങളും മറ്റും സൂക്ഷിക്കാനായി ആ ഭാഗത്തെ പാടത്തിന്റെ ഉടമസ്ഥന്‍ സ്വന്തം പാടത്ത് കെട്ടിയ ഷെഡാണ്. ഷെഡിന്റെ മുന്‍വശം ഇരുമ്പുകമ്പിയിട്ടാ ഗ്രില്ലാണ്. കമ്പികൊണ്ടുള്ള വാതിലും. ഷെഡ് പാടനിരപ്പില്‍ നിന്നും ഉയര്‍ത്തിയാണ് കെട്ടിയിട്ടുള്ളതെങ്കിലും, അതിലും അരക്കോളം വെള്ളം നിറഞ്ഞ് കിടക്കുന്നു. വെള്ളത്തിനു മുകളിലോളം നിരത്തി വച്ചിരിക്കുന്ന വെട്ടുകല്ലുകള്‍ക്ക് മീതെ, കുറേ ചാക്കുകള്‍ ഇരിക്കുന്നു. പിന്നെ അതിന്റെ മുകളില്‍, കൈക്കോട്ട്, കൊത്തി, വാക്കത്തി, അരിവാള്‍ തുടങ്ങി പണിയായുധങ്ങളും.

ഷെഡിന്റെ മുന്‍വശത്ത് കൂടി സിമന്റ് വിരിച്ച് കൈവരികെട്ടിയിട്ടതിന്റെ മുകളിലായാണ് റോഡ് കണക്റ്റ് ചെയ്യുന്ന സ്ലാബിട്ടിരിക്കുന്നത്. സ്ലാബിന്നടിയിലൂടെ വെള്ളം ശക്തമായ വേഗതിലാണ് ബണ്ടിന്റെ മറുവശത്തേക്കൊഴുകുന്നത്.
ഷെഡിനോട് ചേര്‍ന്നുള്ള കൈവരിയില്‍ ഇരുന്ന് ഓരോ സിഗററ്റ് കത്തിച്ചു വലിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍

നമുക്കൊന്ന് വെള്ളത്തിലിറങ്ങിയാലോടേ? ചോദ്യം ബാബുവിന്റെ വക?

ഇറങ്ങാം, പക്ഷെ നിനക്കും, ഫാര്‍സിക്കും നീന്തലറിയില്ലല്ലോ, മാത്രമല്ല നമുക്കെല്ലാവര്‍ക്കും ഇന്ന് തിരിച്ചും പോകേണ്ടതല്ലെ?

നീന്തലറിയില്ല എന്നത് ശരി തന്നെ. പക്ഷെ ഇവിടെ അത്ര ആഴമൊന്നും കാണില്ല, ഈ ബണ്ടിന്റെ കരക്കില്‍ തന്നെ കിടന്ന് മുങ്ങാമെന്നേ. പിന്നെ പോക്കിന്റെ കാര്യം. സമയം നാലരയാകുന്നതല്ലേയുള്ളൂ. രാത്രിയാവുമ്പോഴേക്കും നമുക്ക് പോവാമെന്നെ.

കുറുമാന് നീന്തലറിയാമൊ?

ഞാന്‍ ഉഭയജീവിയാണെന്ന് ഇത്രയും കാലമായിട്ടും നിങ്ങള്‍ക്കറിയില്ലെ ബ്രദേഴ്സ്? ആറേഴു വയസ്സുള്ളപ്പോള്‍ മുതല്‍ കുമരഞ്ചിറകുളത്തിലും, കരുവന്നൂര്‍ പുഴയിലുമൊക്കെ നീന്തി തിമിര്‍ക്കാറുള്ളതാ ഇഷ്ടാ. ദുബായിലെ അറബിക്കടലില്‍ പോലും മാസം ഒരിക്കലെങ്കിലും നീന്തും. വീക്കെന്റില്‍ വെള്ളമില്ലാതെ പോലും നീന്തിയ ചരിത്രമുണ്ട് പിന്നെയാ ഈ കോന്നിലം പാടം!

അവരുടെ കയ്യില്‍ മാറ്റാന്‍ അടിവസ്ത്രമടക്കം ഓരോ ജോഡി വസ്ത്രങ്ങളുണ്ട്. ഞാനാണെങ്കില്‍ വെറും കൈ.

ബര്‍ത്ത്ഡേ സ്യൂട്ടില്‍ ഇറങ്ങിയാലോ എന്നൊരു തീരുമാനത്തെ തിരുത്തി കുറിച്ചുകൊണ്ട് ഒന്ന് രണ്ട് ആണുങ്ങള്‍ എരുമയേയും, ഒരു സ്ത്രീ ആടിനേയും തെളിച്ച് കൊണ്ട് ബണ്ടിലൂടെ പടിഞ്ഞാട്ട് പോയി. അപ്പോഴേക്കും ബാബുവും, ഫസലുവും, തണുപ്പനും, ഷര്‍ട്ടും, പാന്റ്സുമൊക്കെ ഉരിഞ്ഞ് വണ്ടിയുടെ ബൂട്ടിലേക്കെറിഞ്ഞ് വെള്ളത്തില്‍ ഇറങ്ങി കഴിഞ്ഞിരുന്നു. ഇനിയെന്ത് നോക്കാന്‍? ഞാനും എന്റെ പാന്റും ഷര്‍ട്ടുമൊക്കെ ഊരി ബൂട്ടിലിട്ട്, ഒരാളുടെ ബാത്ത് ടൌവ്വല്‍ കടം വാങ്ങിയുടുത്ത് വെള്ളത്തിലേക്കിറങ്ങി. പ്രതീക്ഷിച്ചതു പോലെ തണുപ്പൊന്നും ഉണ്ടായിരുന്നില്ല വെള്ളത്തിനെന്ന് മാത്രമല്ല, മറിച്ച് നേരിയൊരു ചൂടും ഉണ്ടായിരുന്നു.

വെള്ളത്തിലിറങ്ങി മുങ്ങിയപ്പോള്‍ ചെളി കലങ്ങി പൊന്തിയെങ്കിലും എല്ലാവരും ഉഷാറായി. നെഞ്ചിനൊപ്പമെ വെള്ളമുള്ളൂയെന്ന തിരിച്ചറിവ് ബാബുവിനും ഫാര്‍സിക്കും കൂടുതല്‍ ധൈര്യം പകര്‍ന്നു. അവര്‍ വെള്ളത്തെ കലക്കി മറിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. അയ്യോയെന്ന ഫസലുവിന്റെ നിലവിളി കേട്ട് നോക്കുമ്പോള്‍ പുള്ളിക്കാരന്‍ ചേറില്‍ താഴുന്ന കാഴ്ചയാണ് ഞാനും ബാബുവും കണ്ടത്. ഉടന്‍ ഞങ്ങള്‍ നീന്തി ചെന്ന് വലിച്ച് പൊക്കിയെടുത്ത് കരക്കിലാക്കി. പിന്നെ അവരുടെ കളി കരയോടടുത്ത വെള്ളത്തിലായി. ഞാനും ബാബുവും നീന്തി നീന്തി നിലയില്ലാത്ത ഭാഗത്തെത്തിയപ്പോള്‍ കാണുന്നത്, കൈവരിയില്‍ പിടിച്ച് ബാബുവും, ഫസലുവും, ഷെഡിന്നടുത്ത് ചെന്ന് വെറുതെ കിടക്കുന്നതും, ഒഴുക്കിന്റെ ശക്തിയില്‍ ഇക്കരെ വരെ ഒഴുകിയെത്തുന്നതുമാണ്. അവര്‍ അതൊരു കളിയായെടുത്തിരിക്കുന്നു. വരിയില്‍ പിടിച്ചങ്ങോട്ട് നടക്കുന്നു, ഇങ്ങോട്ടൊഴുകി വരുന്നു. സിമന്റിട്ട ഭാഗത്ത് അരക്കൊപ്പമേ വെള്ളമുള്ളൂ എന്നിരുന്നാലും, ഒഴുകിയെത്തുമ്പോള്‍ കാല്‍ നിലത്തുറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിലയില്ലാത്ത ഭാഗത്തെത്തി രണ്ടുപേരും മുങ്ങിചാവുമെന്ന് ഞങ്ങള്‍ക്കുറപ്പായി. ആയതിനാല്‍ തന്നെ നിലയില്ലാത്ത സ്ഥലത്ത് നീന്തി തുടിക്കുമ്പോഴും ഞങ്ങളുടെ ഒരു നോട്ടം എപ്പോഴും അവരുടെ മേല്‍ ഉണ്ടായിരുന്നു.

നീന്തി തളര്‍ന്നപ്പോള്‍ ഞങ്ങളും അവരോടൊപ്പം ഒഴുക്കിനൊപ്പം കിടന്ന് അപ്പുറത്തുനിന്നിപ്പുറത്തെത്തുന്ന കളിയില്‍ പങ്ക് ചേര്‍ന്നു. ഒഴുക്കിനൊപ്പം ഒഴുകി വരാന്‍ നല്ല രസം. ബണ്ടിനപ്പുറത്തെ പാടത്ത് നിന്നും സിമന്റിട്ട സ്ഥലത്തുകൂടെ ഒഴുകുന്ന വെള്ളത്തിനു കണ്ണൂനീരിന്റെ തെളിമ. ഞാനും ബാബുവും കളിയൊന്ന് മാറ്റി ഇനി അപ്പുറത്തെ പാടത്താക്കാം എന്ന് തീരുമാനിച്ചു. നിലയുണ്ടാവുമെന്ന് കരുതിയാണ് സിമന്റിട്ട സ്ഥലത്തു നിന്നും ഷെഡിന്റെ അഴികളില്‍ പിടിച്ച് നടന്ന് ഷെഡിനും അപ്പുറമുള്ള വെള്ളത്തിലേക്ക് കാലെടുത്ത് വച്ചത്. നിലയില്ലാത്ത കയമാണെന്നറിഞ്ഞത് കാലെടുത്ത് വച്ചതിനു ശേഷം മാത്രം. നീന്തലറിയാവുന്നതിനാല്‍ മുങ്ങി ചത്തില്ല. ഒപ്പം

ബാബുവും ഫാര്‍സിയും വരാതിരുന്നത് ഭാഗ്യം! അല്ലെങ്കില്‍ രണ്ട് ശവമടക്ക് നടത്തേണ്ടി വന്നേനെ.

നീന്തിയും നിരങ്ങിയും, മുങ്ങിയും പൊന്തിയും കളിച്ച് സമയം പോയത് അറിഞ്ഞത് സൂര്യേട്ടന്‍ ബണ്ടിന്റെ മുകളിലൂടെ പടിഞ്ഞാട്ട് പോകുന്നത് കണ്ടപ്പോഴാ. വെള്ളത്തില്‍ നിന്നും കരകയറി, വണ്ടിയിലെ ബൂട്ടില്‍ നിന്നും ടൌവ്വല്‍ എടുത്ത് തുവര്‍ത്തിയതിനു ശേഷം വസ്ത്രം മാറിയപ്പോഴേക്കും ഇരുട്ട് വ്യാപിച്ചു കഴിഞ്ഞിരുന്നു. സമയം ആറരയാകുന്നു.

വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പോയതാ രാവിലെ മുതല്‍ ചാമ്പിയ കള്ളിന്റെ അഫക്റ്റ് എങ്കിലും വെള്ളത്തില്‍ ചെയ്ത അഭ്യാസങ്ങള്‍ കണ്ണില്‍ ചുവപ്പെഴുതി തന്നിരുന്നു.

ഇനിയെന്ത് അടുത്ത പരിപാടി? നിങ്ങള്‍ക്ക് ഇന്ന് തിരിച്ച് പോകണോ? നാട്ടുകാരനായ ഞാന്‍ ചോദിച്ചു.

പോകാണ്ട് പിന്നെ? കുടുംബത്ത് നിന്ന് ഇന്നലെ ഇറങ്ങിയത് ഇന്ന് വരാമെന്ന് പറഞ്ഞാ. ബാബു പറഞ്ഞപ്പോള്‍, ഞാനും എന്ന് ഫസലു അടിവരയിട്ടു. എനിക്ക് പാതിരാത്രിയായാലും എത്തിയാല്‍ മതി, നാളെ ഹോസ്പിറ്റലില്‍ രാവിലത്തെ ഡ്യൂട്ടിയാ, ഇന്ന് തന്നെ തിരിച്ച് പോകണം എന്ന് ബാബുവും.

എല്ലാവരും ഒരുവിധം ക്ഷീണിതരായിരുന്നു. എരിവും പുളിയും ഏറിയ ഷാപ്പിലെ കറികള്‍ മാത്രം രാവിലെ മുതല്‍ ചെലുത്തിയിട്ടുണ്ടെന്നല്ലാതെ ഭക്ഷണമായിട്ട് ഉച്ചക്കൊന്നും കഴിച്ചിട്ടില്ല. എങ്കില്‍ ശരി നമുക്ക് വീട്ടിലേക്ക് പോകാം. വീട്ടില്‍ പോയിട്ട് എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട് നിങ്ങള്‍ക്ക് അവനവന്റെ വീട്ടില്‍ പോകുകയും ചെയ്യാം.

കുറുമാന് വഴി അറിയാവുന്നതല്ലെ, വണ്ടി കുറുമാന്‍ ഓടിച്ചാല്‍ നന്നായിരിക്കും എന്ന് ബാബു പറഞ്ഞപ്പോള്‍ ഡ്രൈവിങ്ങ് സീറ്റില്‍ ഞാന്‍ കയറി. മറ്റുള്ളവരും വണ്ടിയില്‍ കയറിയപ്പോള്‍, വണ്ടി റിവേഴ്സിലേക്കെടുക്കാന്‍ തുടങ്ങിയപ്പോള്‍ തണുപ്പന്‍ പറഞ്ഞു, കുറുമാനെ, അരകിലോമീറ്ററോളം ദൂരം റിവേഴ്സില്‍ പോകുന്നതിലും നല്ലത്, മുന്നിലോട്ട് പോയാല്‍ എവിടെയെങ്കിലും വണ്ടി തിരിക്കാന്‍ സ്ഥലം കിട്ടാതിരിക്കില്ല. പോത്തും, എരുമയും, ആടുമൊക്കെയായി പലരും ബണ്ടിലൂടെ പടിഞ്ഞാട്ട് പോയതല്ലെ? ആള്‍ താമസമില്ലാതിരിക്കില്ല എന്ന പോലെ തന്നെ വണ്ടി തിരിക്കാനും വഴികിട്ടാതിരിക്കില്ല.

ആ ഒരു ധൈര്യത്തില്‍ വണ്ടി മുന്നോട്ടെടുത്തു. രണ്ട് രണ്ടരകിലോമീറ്ററിലധികം പടിഞ്ഞാട്ട് പോയപ്പോള്‍ അവിടെയും ഇവിടേയുമായി എരിയുന്ന വെളിച്ചങ്ങള്‍ ആള്‍ താമസം ഉറപ്പാക്കി. ഒപ്പം തന്നെ വണ്ടി തിരിക്കാനുള്ള വീതിയുള്ള സ്ഥലവും. വണ്ടി തിരിച്ച് , വീട് ലക്ഷ്യമാക്കി വിട്ടു.

കോന്നിലം പാടം പിന്നിട്ട് മാപ്രാണം ജങ്ക്ഷനെത്താറായപ്പോള്‍ ബാബുവിന്റെ വക ഒരു കമന്റ്. കുറുമാനെ, വെള്ളത്തിലൊക്കെ നീന്തി കളിച്ച് നല്ല ക്ഷീണം, പോകുന്ന വഴിക്ക് ഓരോ ബിയര്‍ അടിച്ചാലോ? നല്ല ഐഡിയ മൂന്നു പേരും ഒരുമിച്ച് പറഞ്ഞു, എനിക്ക് ബിയര്‍ വേണ്ട എന്തേലും ഹോട്ട് മതി എന്ന് തണുപ്പന്‍ ആദ്യമേ പറഞ്ഞു.

ബിയറാണെങ്കില്‍ മാപ്രാണത്ത് തന്നെ കെ ടി ഡി സി യുടെ ബിയര്‍ പാര്‍ലര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഹോട്ടെന്ന് പറഞ്ഞ നിലക്ക് ഒന്നുകില്‍ ഇരിങ്ങാലക്കുടയിലേക്ക് പോണം, അല്ലെങ്കില്‍ പോകുന്ന വഴിക്ക് ഊരകത്തോ, പെരുമ്പിള്ളിശ്ശേരിയിലേയോ ഏതെങ്കിലും ബാറില്‍ കയറണം.

കുറുമാനെ, ഇരിങ്ങാലക്കുടയല്ലെ തന്റെ ശരിക്കുമുള്ള നാട്. അങ്ങോട്ട് തന്നെ പോയി കളയാം എന്ന് തണുപ്പന്‍ പറഞ്ഞപ്പോള്‍, അതാണ് നല്ലതെന്ന് എനിക്കും തോന്നി. ഇരിങ്ങാലക്കുടയിലാണെങ്കില്‍ ഷിബുവടക്കം സുഹൃത്തുക്കളെ കാണുകയും ചെയ്യാം. വണ്ടി ഇരിങ്ങാലക്കുടയിലേക്ക് വിട്ടു ഞാന്‍. ഇരിങ്ങാലക്കുടയിലാണെങ്കില്‍ ബാറുകളുടെ അയ്യരു കളിയാണ്. മൂന്ന് ചതുരശ്ര കിലോമീറ്ററിനുള്ളില്‍, ചെറാക്കുളം, സെവന്‍ സീസ്, കല്ലട, ജോളി തുടങ്ങിയ ബാറും ബെവറേജസിന്റെ ഒരു റീട്ടെയില്‍ ഷോപ്പും ഉണ്ട്.

കല്ലടയുടെ പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്ക് ചെയ്ത്, സെക്ക്യൂരിറ്റിയുടെ സലാം സ്നേഹത്തോടെ സ്വീകരിച്ച് ഞങ്ങള്‍ മുറിയിലെ എക്സിക്യുട്ടീവ് ബാറില്‍ കയറി. എ സി ബാറില്‍ നല്ല തണുപ്പ്. ആര്‍ക്കൊക്കെയാ ബിയര്‍ വേണ്ടത് ഞാന്‍ ചോദിച്ചു. കുറുമാനെ, വെള്ളത്തില്‍ നിന്ന് കയറി വന്നത് ഈ തണുത്തുറഞ്ഞ സ്ഥലത്തേക്ക്, നമുക്ക് ബിയര്‍ വേണ്ട ഹോട്ട് തന്നെ മതി എന്നായി മൂന്നു പേരും.

ബെയറര്‍ വന്നപ്പോള്‍, ഒരു ഫുള്ള് ഓര്‍ഡര്‍ ചെയ്തതിനൊപ്പം തന്നെ സൈഡായി, ബീഫ് ഫ്രൈയും, ചില്ലി ചിക്കനും, ഗ്രീന്‍ സലാഡുമൊക്കെ പറഞ്ഞു. ബെയറര്‍ പോയപ്പോള്‍ എന്റെ നാട്ടിലെ പ്രിയ സുഹൃത്തായ ഷിബുവിനെ വിളിച്ചു (യൂറൊപ്പില്‍ നിന്ന് തിരിച്ച് വന്ന് നാട്ടില്‍ കമ്പ്യൂട്ടര്‍ കോഴ്സും, സിനിമ കാണലും ഒക്കെയായി നടക്കുന്ന സമയത്ത് മറ്റൊരു സുഹൃത്തു മുഖാന്തരം പരിചയപെട്ട സുഹൃത്താണ് അവന്‍. എന്നേക്കാളും മൂന്നു നാലു വയസ്സിനു മൂപ്പുണ്ടെങ്കിലും അവിവാഹിതന്‍. അവന്റെ കുടുംബമായും എനിക്ക് നല്ല പരിചയം. ദുബായില്‍ രണ്ട് വര്‍ഷത്തോളം ഉണ്ടായിരുന്നു. സ്വന്തമായി അവര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് ബിസിനസ്സും, അഞ്ചാറു ട്രെയിലറുകളും ഉണ്ടിവിടെ. അവന്റെ ഒരു ചേട്ടനും, അനുജനും ഇവിടെ ദുബായില്‍ ഉണ്ട്. പ്രായമായ അമ്മ തളര്‍ന്ന് കിടന്നപ്പോള്‍ ഒന്നൊര വര്‍ഷം മുന്‍പ് നാട്ടിലേക്ക് പോയതാ അവന്‍. വീട്ടില്‍ മറ്റാരും ഇല്ലാഞ്ഞിട്ടല്ല. മൂത്ത ചേട്ടനും ഭാര്യയും നാലു വയസ്സായ അവരുടെ കുട്ടിയും അതേ വീട്ടില്‍ തന്നെ താമസിക്കുന്നുണ്ട്. ഒരേ ഒരു പെങ്ങളെ കെട്ടിച്ച് വിട്ടിരിക്കുന്നത് കൊരട്ടിയിലേക്ക്. അവള്‍ക്ക് രണ്ട് ചെറിയ മക്കള്‍. അവള്‍ക്ക് എത്ര ദിവസം വന്ന് നില്‍ക്കാന്‍ പറ്റും അമ്മയുടെ അരികില്‍. അമ്മയെ നോക്കാന്‍ അവനേ കഴിയൂ, അതവനുറപ്പുണ്ട്. അവന്റെ ശുശ്രൂഷ കാലും കൈയ്യും ബൈക്ക് ആക്സിഡന്റില്‍ പെട്ടൊടിഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ അനുഭവിച്ചിട്ടുള്ളതാ. കക്കൂസിലേക്ക് എടുത്ത് കൊണ്ട് പോയി ഇരുത്തുന്നത് മുതല്‍, തിരികെ ചുമന്ന് എത്തിക്കുന്നതുവരെയുള്ള സഹായം അവന്‍ സന്തോഷപൂര്‍വ്വം ചെയ്തിരുന്നു, ആകെ ഒരു ദോഷമുള്ളത്, വെള്ളം ഞങ്ങളെ പോലെ അങ്ങിനെ അടിക്കില്ല എന്നുള്ളതാണ്. മാത്രമല്ല വെള്ളമടിക്കുന്ന ഞങ്ങള്‍ക്ക് മഹത്തായ ഉപദേശവും നല്‍കി കൊണ്ടേയിരിക്കും, വലിയും ഇല്ല. വല്ലപ്പോഴും ഞങ്ങള്‍ വലിക്കുന്നതില്‍ നിന്നും ഒരു രണ്ട് പുക താടാ എന്നു പറഞ്ഞു വലിച്ചാലായി. മറ്റുള്ളവരെ സഹായിക്കലാണ് മുഖ്യ ഹോബി. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം പേരില്‍ പണം പലിശക്കെടുത്ത് നല്‍കി, അവര്‍ക്ക് വേണ്ടി സ്വന്തം കയ്യില്‍ നിന്നും മുതലും പലിശയും അടക്കേണ്ടി വന്നിട്ടുണ്ട് പലപ്പോഴും, എന്നിട്ടും പഠിച്ചിട്ടില്ല, അതൊക്കെ മറ്റൊരു പോസ്റ്റായി എഴുതാം. ഇവന്റെ പേര് തന്നെ ഇവിടെ പ്രതിപാദിക്കേണ്ടി വന്നത് കഥയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇവന്റെ ഒരു റോള്‍ വരുന്നതിനാല്‍ മാത്രം).

ഹലോ ഷിബൂ.

നീ എവിടെയാ കുറുമാനേ?

ഞാന്‍ കല്ലടയിലുണ്ട്.

ബെസ്റ്റ്. നിനക്കൊക്കെ ഒന്ന് നേര്യായിക്കൂടടാ, അറ്റ്ലീസ്റ്റ് നാട്ടില്‍ വരുമ്പോഴെങ്കിലും.

ഉവ്വ് ഞാന്‍ അതിനേകുറിച്ചാലോചിക്കാനാ നിന്നെ വിളിച്ചത്. ഇങ്ങോട്ട് വരാമൊ?

നീ തനിച്ചാ അവിടെ?

അല്ല, എന്റെ ഒപ്പം മൂന്ന് ഭിഷഗ്വരന്മാരുമുണ്ട്.

ഏത്? റഷ്യന്‍ ടീമാ?

ഉം അതെ.

എവിടേയാ ഇരിക്കുന്നത്? എക്സിക്യുട്ടീവിലാ അതോ പുകമുറിയിലോ (പുക വലിക്കാന്‍ പറ്റുന്ന ബാറ്).

എക്സിക്യൂട്ടീവില്‍.

ഇവിടെ ടെല്‍സനുണ്ടടാ. ഞാന്‍ ഇപ്പോ എത്താം.

എങ്കില്‍ നീ ടെത്സനേം കൂട്ടി വാടാ.

ശരി.

ഫോണ്‍ കട്ട് ചെയ്ത്, പുറത്ത് കോറിഡോറില്‍ പോയി ഒരു സിഗററ്റ് വലിച്ച് വന്ന് തിരികെ സീറ്റില്‍ ഇരുന്നപ്പോഴേക്കും ഷിബുവും, ടെല്‍സനും എത്തി. ഷിബുവിനു കഴിക്കാന്‍ ജ്യൂസ് ഓര്‍ഡര്‍ ചെയ്തു. പല കാര്യങ്ങളും സംസാരിച്ചിരുന്ന് സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. കുപ്പിയും, പ്ലെയിറ്റുകളുമൊക്കെ കാലി. സമയം ഒമ്പതാകാറായിരിക്കുന്നു.

ഇനി എന്താ പരിപാടി? നിങ്ങള്‍ക്കിന്ന് മടങ്ങി പോകണം എന്ന് നിര്‍ബന്ധം ഉണ്ടോ?

ഏയ്, എന്ത് നിര്‍ബന്ധം? റഷ്യില്‍ നിന്നു വന്നിട്ട് ഏഴെട്ട് മാസം കഴിഞ്ഞു. ഇന്നലെയും ഇന്നുമാ വീണ്ടും ഒരു സ്വാതന്ത്ര്യം കിട്ടിയത്. അപ്പോ ഇന്നും കൂടി തകര്‍ത്തിട്ട് നാളെ രാവിലെയേ ഇനി പോകുന്നുള്ളൂ. തണുപ്പന്‍ പറഞ്ഞപ്പോള്‍ മറ്റു രണ്ടു പേര്‍ക്കും പരിപൂര്‍ണ്ണ സമ്മതം.

എങ്കില്‍ ഒരു ഫുള്‍‍ ഇവിടുന്നു തന്നെ വാങ്ങി നമുക്ക് പോകാം.

ഇപ്പോ തന്നെ നിങ്ങളൊക്കെ തരക്കേടില്ല്യാത്ത മൂഡിലാണല്ലോ. ഇനി എന്തിനാണ്ടാ കുപ്പി? മര്യാദക്ക് കുടുമ്മത്ത് പോയി കിടന്നൊറങ്ങാന്‍ നോക്കടാ. ഷിബു പറഞ്ഞപ്പോള്‍ സംഭവം ന്യായമാണെങ്കിലും, ഒരു എമര്‍ജന്‍സി പ്രിക്കോഷന്‍ ആയിട്ട് ഒരു കുപ്പി വാങ്ങിയിട്ട് വീട്ടിലേക്ക് പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ബെയററെ വിളിച്ച് ഒരു ഫുള്‍ പാഴ്സല്‍ ചെയ്യാന്‍ പറഞ്ഞു.

ചേട്ടാ, പാഴ്സല്‍ വേണ്ടാട്ടാ. ചേട്ടന്‍ ഈ കഴിച്ചേന്റെ മാത്രം ബില്ലെടുക്ക് എന്ന് പറഞ്ഞ് ഷിബു ബെയററെ വിട്ടു, ശേഷം പറഞ്ഞു. നിനക്ക് വല്ല പ്രാന്തൂണ്ട്രാ കോപ്പേ ഇവിടുന്ന് കഴുത്തറക്കണ കാശിനു കുപ്പി വാങ്ങാണ്ട്. ഇതിന്റെ രണ്ടിലൊന്ന് പൈസക്ക് റിട്ടെയിലില്‍ കിട്ടും. ഒമ്പതിന് കടയടക്കും. ഇനി പത്ത് മിനിറ്റേ ഒള്ളോ.

എങ്കില്‍ ഞാന്‍ വേഗം പോയിട്ട് വാങ്ങിയിട്ട് വരാം എന്ന് പറഞ്ഞ് തണുപ്പന്റെ കയ്യില്‍ നിന്നും കാറിന്റെ ചാവിയെടുത്ത് ഞാന്‍ എഴുന്നേറ്റു.

പിന്നേ കട അടക്കാറായ സമയത്ത് നീ കാറില് പോയിട്ട് അവിടെ എത്ത്യേത് തന്നെ. ഈ സമയത്ത് അയ്ന്റെ മുന്നിലെ തിരക്ക് മാവേലി ഷാപ്പിലെ ഓണചന്തക്ക് വരെ ഉണ്ടാവില്ല. നീ പൈസങ്ങട് തായോ, ഞാന്‍ ബൈക്ക്യേ പോയിറ്റ് വാങ്ങി വരാം.

എങ്കില്‍ ഞാനും വരാം.

നീ ആ പൈസങ്ങട് തന്നിറ്റ്, ഇവിടുത്തെ ബില്ലും കൊടത്ത് അടീലിക്കെറങ്ങിക്കോ, അപ്പോഴേക്കും ഞാന്‍ സാനം വാങ്ങീട്ട് വരാം.

പൈസയുമായി അവന്‍ പോയി. ബില്ല് സെറ്റില്‍ ചെയ്ത് ഞങ്ങള്‍ താഴെ ഇറങ്ങി. ഓരോ സിഗററ്റ് പുകച്ച് തീര്‍ന്നപ്പോഴേക്കും ഷിബു സാധനവുമായി എത്തി.

എങ്കില്‍ ഞങ്ങള്‍ പോട്ടെ? ഷിബുവിനോടും, ടെല്‍സനോടും ഞങ്ങള്‍ യാത്ര പറഞ്ഞു.

പോണതൊക്കെ കൊള്ളാം, വണ്ടി അവിട്യേം ഇവിട്യേം ചള്ളേല് നിര്‍ത്തീട്ട് കയ്യിലുള്ള കുപ്പീന്ന് മെടയാന്‍ നിക്കണ്ട. നേരെ കുടുമ്മത്തേക്ക് വിട്ടോ. അന്യായ ചെക്കിങ്ങാ ഇപ്പോ രാത്രീല്. പറഞ്ഞില്ല്യാന്ന് വേണ്ട.

യാത്ര പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. വണ്ടി തൃശൂര്‍ ലക്ഷ്യമാക്കി പോകുന്നതിന്നിടയില്‍ തണുപ്പനൊരു തോന്നല്‍. കുറുമാനേ, നമുക്ക് കോന്നിലം പാടത്തേക്ക് വിട്ടാലോ? ആ വെള്ളത്തിലെ കുളി അതൊരു രസം തന്നെ. രാത്രിയല്ലെ, നമുക്ക് ഒന്നുകൂടി നീന്തി മറിയാം.

ഒരാളൊരു ആശ പറഞ്ഞാല്‍ വേണ്ടാന്നു പറയാനുള്ളത്ര കഠിന ഹൃദയരായിരുന്നില്ല ഞങ്ങളില്‍ ആരും, ആയതിനാല്‍ തന്നെ വിട് വണ്ടി കോന്നിലം പാടത്തേക്ക് എന്ന് പറയാന്‍ മൂന്ന് പേര്‍ക്കും രണ്ടാമതൊരു ചിന്തയുടെ ആവശ്യം ലവലേശം പോലും ഉണ്ടായിരുന്നില്ല.

മാപ്രാണം ജങ്ക്ഷനില്‍ വണ്ടി നിറുത്തി. കടകളെല്ലാം പൂട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഷട്ടര്‍ ഇടാന്‍ തുടങ്ങുകയായിരുന്ന ഒരു കടയില്‍ ഇടിച്ച് കയറി, രണ്ട് ലിറ്റര്‍ സോഡയും, ചിപ്സ്, മിക്സ്ച്ചര്‍ ഇത്യാദി കൊറിക്കബിള്‍ ഐറ്റംസും വാങ്ങി ഞങ്ങള്‍ കോന്നിലം പാടത്തേക്ക് വണ്ടി വിട്ടു. പോകുന്ന വഴിയില്‍ വീട്ടിലേക്ക് വിളിച്ച് അച്ചനോട് ഇന്ന് ചിലപ്പോഴേ വരുള്ളൂ എന്ന് ഞാന്‍ പറഞ്ഞു.

വണ്ടി ഷെഡിന്നരികില്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി. കൂറ്റാക്കൂറ്റിരുട്ട്. ഒരു സ്ട്രീറ്റ് ലൈറ്റ് പോയിട്ട് നിലാവെളിച്ചം പോലുമില്ല. ആകാശത്ത് പിടിയൊടിഞ്ഞ അരിവാള്‍ കണ്ടതിനാല്‍ മാത്രം കറുത്തവാവല്ല എന്നുറപ്പാക്കി. വണ്ടിയുടെ പാര്‍ക്കിങ്ങ് ലൈറ്റ് ഓണ്‍ ചെയ്തിട്ടു. ഷെഡിനോട് ചേര്‍ന്നുള്ള കൈവരിയില്‍ നാലു പേരും ഇരുന്നു. കൈവരികള്‍ക്കിടയിലൂടെ, സ്ലാബുകള്‍ക്കടിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ കള കള ശബ്ദവും, തവളകളുടേയും, ചീവിടിന്റേയും ശബ്ദങ്ങളും ചേര്‍ന്നപ്പോള്‍ പ്രകൃതി ഞങ്ങള്‍ക്കായി ഒരു സംഗീതവിരുന്നൊരുക്കിയ പ്രതീതി.

തലേന്ന് വാങ്ങിയ ഗ്ലാസുകളെല്ലാം ഒഴുകുന്ന വെള്ളത്തില്‍ കഴുകിയെടുത്തു. കല്ലടയില്‍ നിറുത്തിയ കലാപരിപാടികള്‍ വീണ്ടും തുടങ്ങി.

വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ റഷ്യയില്‍ ചെന്നപ്പോള്‍ കേട്ടതില്‍, എനിക്കിഷ്ടപെട്ട ഒരു പാട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ ബാബു വണ്ടിയിലെ സ്റ്റീരിയോയില്‍ ആ പാട്ട് ഉച്ചത്തില്‍ വച്ച് വണ്ടിയുടെ ഡോറുകളൊക്കെ തുറന്ന് വച്ചു.

പാന്റും ഷര്‍ട്ടുമൊക്കെ ഊരി വച്ച് ഞങ്ങള്‍ വീണ്ടും വെള്ളത്തിലേക്കിറങ്ങി. ഞാനും തണുപ്പനും നീന്താനും, ഫസലുവും, ബാബുവും, ഷെഡിന്റെ കൈവരിയില്‍ പിടിച്ച് അങ്ങോട്ട് നടന്ന് ഇങ്ങോട്ട് ഒഴുകാനും തുടങ്ങി. മനസ്സിന് എന്തെന്നില്ലാത്ത ഉന്മേഷം.

ഇടക്കിടെ കരയില്‍ കയറി ഗ്ലാസ് നിറച്ച് കാലിയാക്കി വീണ്ടും വെള്ളത്തിലേക്ക്. വൈകീട്ട് വെള്ളത്തില്‍ ഇറങ്ങി ഒരു വിധം ആഴവും, ദിശയും, ചെളിയും, ചേറുമെല്ലാം മനസ്സിലായതിനാല്‍ ഞാനും തണുപ്പനും ദൂരത്തേക്കും നീന്താന്‍ തുടങ്ങി, ഇടക്കിടെ തിരിച്ച് വന്ന് ഗ്ലാസ്സ് നിറച്ച് ഷെഡിന്റെ മുന്നിലൂടെയുള്ള ഒഴുക്കില്‍ കിടന്ന് അവര്‍ക്കൊപ്പം കമ്പനി നല്‍കി.

നീന്തി നീന്തി കയ്യും കാലും കഴച്ചപ്പോള്‍ ഞാനും തണുപ്പനും നീന്തല്‍ നിറുത്തി കരയില്‍ കയറി തലയും ശരീരവും തുവര്‍ത്തി വസ്ത്രം ധരിച്ച് കൈവരിയില്‍ ഇരുന്ന് ചാര്‍ജ് ചെയ്യാന്‍ തുടങ്ങി. സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. ബാബുവും ഫസലുവും ഒഴുക്കിനൊപ്പം ഒഴുകിനടക്കുക തന്നെ. ഇടക്കിടെ കരയില്‍ കയറും, ചാര്‍ജ് ചെയ്യും, വീണ്ടും ഇറങ്ങും.

ആകാശത്ത് മേഘങ്ങള്‍ ഉരുണ്ട് കൂടിയിട്ടുള്ളതിനാല്‍ ഇരുട്ടിനു കനമേറി. പാര്‍ക്കിങ്ങ് ലൈറ്റിന്റെ വെളിച്ചം മാത്രം. തവളകളും ചീവീടുകളും ചേര്‍ന്ന് സംഗീതമേളം കൊഴുപ്പിക്കുന്നു.

പൊടുന്നനെ കുറൂ, തണുപ്പാ, എന്ന് ബാബു വിളിക്കുന്നത് കേട്ടു നോക്കുമ്പോള്‍ ഒഴുക്കുള്ള വെള്ളത്തില്‍ കയ്യൊന്നും കുത്താതെ അവന്‍ ഒഴുകിയിറങ്ങുന്നു. ചാടണോ വേണ്ടയോ എന്ന് ചിന്തിക്കുന്നതിനും മുന്‍പേ തന്നെ ബാബു അക്കരെയുള്ള കൈവരിയില്‍ പിടിച്ച് കരയിലേക്ക് കയറ്റു എന്നെ എന്ന രീതിയില്‍ കൈ ഉയര്‍ത്തി കാട്ടി.

പണ്ടാരം ഫിറ്റൊന്നും അല്ലല്ലോ, പിന്നെന്ത് പറ്റി എന്ന് ആലോചിച്ച് ഞാന്‍ കൈ നീട്ടി അവനെ പിടിച്ച് കരയിലേക്ക് കയറ്റി.

എന്താടാ? എന്ത് പറ്റി?

വണ്ടിയുടെ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തിട്ട് ഒന്ന് ലൈറ്റിന്റെ മുന്നില്‍ വാ ആദ്യം എന്നാണ് അവന്‍ പറഞ്ഞത്. തണുപ്പന്‍ വണ്ടിയുടെ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തു. ബാബു വണ്ടിയുടെ മുന്നിലേക്ക് കടന്നു നിന്നു. മുട്ടും നെഞ്ചും ഉരഞ്ഞു പൊട്ടി ചോരയൊലിക്കുന്നു!

പെട്ടെന്ന് തന്നെ ഒരു പെഗ്ശൊഴിച്ച് സോഡയും ചേര്‍ത്ത് ബാബുവിനു നല്‍കി.

ഒറ്റയിറക്കിനു തന്നെ അവന്‍ അത് കാലിയാക്കി.

എന്താ ബാബുവേ സംഭവിച്ചത്? അവന്റെ പരവേശം കണ്ട് ഞങ്ങള്‍ ചോദിച്ചു.

അക്കരേന്ന് പതിവുപോലെ കൈവരിയില്‍ പിടിച്ച് നടന്ന് ഷെഡിന്റെ മുന്‍പിലെത്തി കിടന്ന് ഒഴുകാന്‍ തുടങ്ങുമ്പോള്‍ ഷെഡീന്നൊരു വിളി, ബാബുവേ, ബാബുവേന്ന്. അപ്പോ എന്റെ കൈ, കൈവരിയില്‍ നിന്നും വിട്ടുപോയി. കാലും നെഞ്ചുമൊക്കെ സിമറ്റില്‍ ഉരഞ്ഞു. അത്ര തന്നെ.

പോടാ. നിനക്ക് തോന്നിയതാവും.

ഉമ്മയാണെ സത്യം. എനിക്ക് തോന്നിയതല്ല. ഷെഡിന്റെ ഉള്ളീന്നാരോ എന്നെ പേരെടുത്ത് വിളിച്ചത് ഞാന്‍ കേട്ടതാ.

അതൊക്കെ ഓരോ തോന്നലാ ബാബുവേ എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞില്ല, അപ്പോഴേക്കും അല്ലല്ല, അതൊന്നും തോന്നലല്ല എന്ന് പറഞ്ഞ് കൊണ്ട് ഒരു മനുഷ്യന്‍ അവിടേക്ക് കടന്ന് വന്നു.

അഞ്ചരയടിയിലും അധികം ഉയരമില്ല. കുഞ്ഞുണ്ണി മാഷ് മുണ്ട് ഉടുക്കുന്നതു പോലെ കണങ്കാല് വരെ എത്തുന്ന രീതിയില്‍ കള്ളിമുണ്ട് ഉടുത്തിരിക്കുന്നു. അരക്കയ്യന്‍ ഷര്‍ട്ടിന്റെ കഴുത്തിലെ ഒരേ ഒരു ബട്ടണ്‍ മാത്രം ഇട്ടിരിക്കുന്നു. ബാക്കി ഒരു ബട്ടണ്‍ പോലും ഇട്ടിട്ടില്ല. ശരീരത്തിനു ഇരു നിറം.

പേടിക്കണ്ട, ബാബുവേ എന്ന് ഞാന്‍ തന്നെയാ വിളിച്ചത്.

അത് ശരി, താനായിരുന്നോ? ഡേഷ്! കണ്ടില്ലെ നെഞ്ചീന്നും, മുട്ടീന്നും ചോരയൊലിക്കുന്നത്?

അതൊക്കെ പോട്ടെ, എന്റെ പേരെങ്ങിനെ അറിഞ്ഞു താന്‍?

നിങ്ങള്‍ സംസാരിക്കുന്നത് കുറേ നേരമായിട്ട് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

പക്ഷെ എന്നെ വിളിച്ചത് ഷെഡിന്റെ അകത്ത് നിന്നായിരുന്നല്ലോ?

ഏയ് അത് തോന്നിയതായിരിക്കും എന്നുടനെ തന്നെ അയാള്‍ മറുപടി നല്‍കി.

ആയിരിക്കാം എന്ന ഒരു കണക്കുകൂട്ടലില്‍ ബാബുവും, ഫസലുവും, തലയും ശരീരവും തോര്‍ത്തി വസ്ത്രങ്ങള്‍ മാറ്റി.

ഒഴിക്കടാ ഓരോന്ന് കൂടി എന്ന് തണുപ്പന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അങ്ങേരോട് ചോദിച്ച്, ഒരെണ്ണം ഒഴിക്കട്ടെ ഗഡ്യേ?

വേണ്ട മദ്യപിക്കില്ല. നിങ്ങള് കഴിക്ക് എന്നും പറഞ്ഞ് കൈവരിയില്‍ ഇരിക്കുന്ന ഞങ്ങള്‍ക്കെതിര്‍വശത്തായി പുല്ലില്‍, അയ്യപ്പസ്വാമി ഇരിക്കുന്ന പോലെ കുന്തിച്ചൊന്നിരുന്നു.

ബാബു വണ്ടിയുടെ ഹെഡ് ലൈറ്റ് ഓഫ് ചെയ്ത് വന്നു.

മൊത്തം ഇരുട്ട് തന്നെ.

ഒഴിച്ച് വച്ചിരിക്കുന്ന ഗ്ലാസുകള്‍ വരെ കാണുന്നില്ല.

വണ്ടിയുടെ പാര്‍ക്കിങ്ങ് ലൈറ്റെങ്കിലും ഒന്ന് ഓണാക്കിഷ്ടാ ഇതിപ്പോ ആരുടേം മുഖം പോലും കാണാനില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍‍, വണ്ടിയുടെ വെളിച്ചമൊന്നും വേണ്ട, വെളിച്ചം ഒക്കെ ഞാന്‍ ഉണ്ടാക്കിതരാം എന്ന് പറഞ്ഞ് അയാളെഴുന്നേറ്റ് ഷെഡിന്നടുത്തേക്ക് നടന്നു. നാലടി നടന്ന് കഴിഞ്ഞതും, അങ്ങേര്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു. കയ്യില്‍ വെളിച്ചവുമായി! എണ്ണ പാട്ട കാറ്റുപിടിക്കാതിരിക്കാനായി നടുവിലെ പാട്ട വെട്ടി മാറ്റിയതിന്റെ ഉള്ളില്‍ വച്ചിരിക്കുന്ന കൈവിളക്ക്!

ഉച്ചതിരിഞ്ഞപ്പോള്‍ മുതല്‍ അവിടെ അര്‍മാദിച്ചിരുന്ന ഞങ്ങള്‍ അത്തരം ഒരു പാട്ടയോ, വിളക്കോ അവിടെ കണ്ടിരുന്നില്ല എങ്കില്‍ തന്നെയും ആര്‍ക്കും അതില്‍ അസ്വഭാവികതയൊന്നും തോന്നിയുമില്ല.

ഞങ്ങള്‍ വീണ്ടും ചാര്‍ജിങ്ങ് തുടങ്ങി.

താന്‍ കള്ളോ കുടിക്കില്ല, എങ്കില്‍ ഒരു സിഗററ്റെങ്കിലും വലിക്ക് എന്ന് പറഞ്ഞ് ഫസലു ഒരു സിഗററ്റ് നീട്ടിയപ്പോള്‍, ഞാന്‍ സിഗററ്റ് വലിക്കാറില്ല, ബീഡിയാണ് വലിക്കാറ്, അത് എന്റെ കയ്യിലുണ്ട് താനും എന്നുത്തരവും വന്നു. അതോടൊപ്പം തന്നെ ഒരു ബീഡിയെടുത്ത് പാട്ടക്കുള്ളിലെ വിളക്കില്‍ കാട്ടി കത്തിച്ച് വലിക്കാനും തുടങ്ങി.

ഒരു ഒറ്റയാനായി തോന്നിയതിനാല്‍ ചുമ്മാ തമാശക്ക് ഞങ്ങള്‍ മാറി മാറി ഓരോരോ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

അല്ല ഗഡ്യേ പാതിരാത്രിക്കെന്താ താന്‍ ഇവിടെ?

അല്ലാതെവിടെ പോവാനാ? കോന്നിലം പാടത്ത് ജനിച്ചു. കോന്നിലം പാടത്ത് തന്നെ മരിച്ചു.

എന്ത്?

അല്ല കോന്നിലം പാടത്ത് തന്നെ ജനിച്ചു. കോന്നിലം പാടത്ത് തന്നെ മരിക്കണം എന്ന് പറഞ്ഞതായിരുന്നു.

എന്താ പേര്?

ഉത്തമന്‍.

എന്താ ജോലി?

എന്റച്ഛച്ചനും മീന്‍ പിടുത്താരുന്നു, എന്റെ അച്ഛനും മീന്‍ പിടുത്തായിരുന്നു. എനിക്കും മീന്‍പിടുത്താരുന്നു. എന്റച്ഛച്ചന്‍ പണ്ട് എന്നേം എന്റെ അമ്മമ്മേം കൂട്ടി കോന്നിലം പാടത്തേക്ക് വരുമ്പോള്‍, മാപ്രാണവുമില്ല, നന്ദിക്കരയുമില്ല, ഒരു തേങ്ങേം ഇല്ല. കുറുമാലിപുഴയുടെ ഇരുകരയിലുമായി മൊത്തം പാടത്തോട് പാടം മാത്രം. ഇടക്കിടെ ഓരോ ബണ്ട്. ബണ്ടിന്റെ കരയില്‍ അവിടേം ഇവിടേം ഓരോ തുരുത്ത്, അതില്‍ കുറച്ച് കൂരകള്‍. അതില്‍ താമസിക്കുന്നോരൊക്കെ, ആണെന്നോ പെണ്ണെന്നോ ഇല്ലാതെ, തമ്പ്രാക്കള്‍ കൃഷിയിറക്കുമ്പോള്‍, കന്നുള്ളവര്‍ കന്നിനെ പൂട്ടിയും, ഇല്ലാത്തവര്‍ ഞാറു നട്ടും, കള പറിച്ചും, നെല്ല് കൊയ്തും, മെതിച്ചും, കുത്തിയും, വൈക്കോല്‍ വിറ്റും, മഴക്കാലത്ത് മീന്‍ പിടിച്ചു വിറ്റും സുഖമായി കഴിഞ്ഞിരുന്നു. എന്റെ അച്ഛനും, അമ്മയും അതേ ജോലികള്‍ തന്നെ ചെയ്തു വന്നു. പക്ഷെ കാലം മാറിയപ്പോള്‍ കൃഷിയും കുറഞ്ഞു. കൃഷിപണിയില്ലാത്തപ്പോള്‍ അമ്മ തമ്പ്രാന്റെ വീട്ടില്‍ പറമ്പ് പണിയും, അത്യാവശ്യം വീട്ട് പണിയും ചെയ്യാന്‍ പോയിരുന്നു.

ഞങ്ങള്‍ ഒഴിച്ചു വച്ച ഗ്ലാസ്സ് കഴിയുന്നതിന്നനുസരിച്ച് റീഫില്‍ ചെയ്തുകൊണ്ടേയിരുന്നു. ഉത്തമന്‍ തന്റെ കഥയും.

അച്ഛന്‍ ഈ കോന്നിലം പാടത്ത് വച്ച് പാമ്പ് കടിയേറ്റാ മരിച്ചത്. പക്ഷെ അമ്മ മരിച്ചതല്ല, ചത്തതാ. പണിക്ക് പോയിരുന്ന വീട്ടിലെ അമ്പ്രാളടെ വള കാണാണ്ട് പോയത് അമ്മ കട്ടതാന്ന് പറഞ്ഞ് കുറേ തല്ലുകയും, നാട് മുഴുവന്‍ പറഞ്ഞ് പരത്തുകയും ചെയ്തു. അമ്മ കൊടുങ്ങല്ലൂരമ്മയേം, ഒരേ ഒരു ചെക്കനായ എന്നേം സത്യം ചെയ്തു പറഞ്ഞു അവരല്ല കട്ടതെന്ന്. എന്നിട്ടും അവര്‍ കേട്ടില്ല. പിന്നേം പിന്നേം ഉപദ്രവിച്ചു. അതിന്റെ ദുഖത്തില്‍ വെള്ളത്തില്‍ ചാടിയാ അമ്മ മരിച്ചത് അതും ഈ കോന്നിലം പാടത്തിന്റെ തെക്കേ ചിറയില്‍.

അമ്മ മരിച്ച് നാലാം പക്കമ കട്ടിലിന്റെ വിരി കുടഞ്ഞ് വിരിച്ചപ്പോള്‍ അമ്പ്രാളക്ക് വള തിരികെ കിട്ടി.

ഏറ്റുവാളേടെ പോലെ വെള്ളത്തിലും ചേറിലുമൊക്കെ നീന്തണ എന്റമ്മ വെള്ളത്തില്‍ ചാടി ചത്തൂന്ന് വിശ്വസിക്കാന്‍ വയ്യാന്ന് കരക്കാരൊക്കെ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. അന്നെനിക്ക് ഒമ്പത് വയസ്സേ ഉള്ളൂ. ഒറ്റക്കായി അന്നു മുതല്‍. ഇന്നും ഒറ്റക്ക് തന്നെ.

ഇത്രയും പറഞ്ഞ് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ വിഷമം തോന്നി.

ഗഡീ, കഴിക്കില്ലാന്ന് നിര്‍ബന്ധം പിടിക്കുകയൊന്നും വേണ്ട. ഒരെണ്ണം എടുക്കട്ടെ?

വേണ്ടാന്ന് പറഞ്ഞില്ലെ ഞാന്‍? കോന്നിലം പാടത്തെ വെള്ളത്തിനില്ലാത്ത ലഹരിയൊന്നും നിങ്ങളീ കുടിക്കണ കലക്കവെള്ളത്തിനില്ല്യ. വെറുതെ അടിച്ച് ബോധം കളഞ്ഞിട്ട് എന്താ കാര്യം?

അത് പറയുമ്പോള്‍ അയാളുടെ മുഖത്തിലെ പേശികള്‍ വലിഞ്ഞു മുറുകി മുഖം വികൃതമായിരുന്നു.

Friday, September 12, 2008

കോന്നിലം പാടത്തെ പ്രേതം - മൂന്ന്

വലിക്കാനെടുത്ത സിഗററ്റെല്ലാം അതേ വേഗതയില്‍ തിരികെ കൂട്ടില്‍ തിരുകി ഞങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന വെളിച്ചത്തിലേക്കു കണ്ണുകള്‍ നട്ട് നിന്നു. ഓടണോ, വേണ്ടയോ? ഓടിയാല്‍ എവിടെ വരെ? വണ്ടിയെടുക്കാതെ ഓടിയിട്ടും എന്ത് കാര്യം. എന്തായാലും വരുന്നത് വരുന്നിടത്തു വച്ചുകാണാം എന്നൊരു തീരുമാനത്തോടെ ഞങ്ങള്‍ അവിടെ ഉറച്ച് നിന്നു, ഉറച്ച് പോയി എന്നു പറയുന്നതാവും അതിന്റെ ഒരു ശരി.

വെളിച്ചം അടുക്കും തോറും കാര്യങ്ങള്‍ അല്പാല്പം വ്യക്തമായിതുടങ്ങി. കാരണം വെളിച്ചത്തിന്റെ ഉറവിടം ഒരു ടോര്‍ച്ചാണെന്നും, ആ ടോര്‍ച്ചിനു കീഴെയായി കാണുന്നത് നാല് മനുഷ്യ കാലുകള്‍ ആണെന്നും ഞങ്ങള്‍ക്ക് നഗ്ന നേത്രത്താല്‍ കാണാന്‍ സാധിച്ചു.

ദൈവമേ കാലിനു മുകളിലുള്ള ഉടല്‍ കാണുന്നില്ലല്ലോ? എന്തായാലും മനുഷ്യരാണെങ്കില്‍ അവര്‍ രണ്ട് പേരേ ഉള്ളൂ, ഞങ്ങളോ നാല് പേരും. മല്ലന്മാരായാല്‍ പോലും അരകൈയ്യോ, മുക്കാല്‍ കയ്യോ നോക്കാം.
അല്പം കഴിഞ്ഞപ്പോള്‍ നടക്കുന്നവരുടെ ശരീരപുഷ്ടിയും വെളിപെട്ടു. ഞങ്ങള്‍ നാലുപേരുടെ ആവശ്യമൊന്നും ഇല്ല. രണ്ടുക്ക് രണ്ട്. അത്രമാത്രം. എന്തായാലും ഇത്രയും ദൂരെ നിന്നു തന്നെ അവരുടെ ശരീരപുഷ്ടി കാണിച്ചു തന്ന സൂര്യനെപോലെ പ്രകാശിക്കുന്ന വെളിച്ചം! ഇത്രയും വെളിച്ചം വേണമെങ്കില്‍ ടോര്‍ച്ച് നല്ല ഗുണമേന്മയുള്ളതായിരിക്കണം!

ജീപാസ് ആണെന്ന് തണുപ്പന്‍.

അല്ല ബ്രൈറ്റ് ലൈറ്റ് ആയിരിക്കുമെന്ന് ഞാന്‍!

ടോര്‍ച്ചിലല്ല കാര്യം, ബാറ്ററിയുടെ ഗുണമാണ് വെളിച്ചത്തിന്റെ ഉറവിടം എന്നും,എവറഡിയുടെ ബാറ്ററിയാരിക്കും ആ ടോര്‍ച്ചിലെന്ന് ബാബു.

തീരുമാനിക്കാന്‍ വരട്ടെ വെളിച്ചം അടുത്തെത്തുമ്പോള്‍ നമുക്ക് ബ്രാന്റ് വായിച്ച് നോക്കി അറിയാമല്ലോ എന്ന് ഫസലു! (ബോധമുള്ള ഒരുത്തനെങ്കിലും ഉണ്ടെന്ന് വ്യക്തം‌).

വെളിച്ചം അടുത്തെത്തികൊണ്ടിരിക്കുന്നു. ചെമ്പട കഴിഞ്ഞു. ഇനി കൊട്ടികയറി കലാശത്തിലേക്ക് കയറാം.

ഹലോ, നിങ്ങളാരാ? പത്തടി ദൂരം അകലെ നിന്ന് ടോര്‍ച്ചിന്‍ വെളിച്ചം മുഖത്തേക്കടിച്ച് കൊണ്ട് കള്ളിമുണ്ടുടുത്ത ഒരു മനുഷ്യന്‍ ചോദിച്ചു.

ബൂ ഹ ഹ. അതെന്ത് ചോദ്യം ചേട്ടാ? ഇങ്ങോടടുത്ത് വാ, തണുപ്പന്‍ പറഞ്ഞു.

അവര്‍ ഒരഞ്ചടികൂടി അടുത്തേക്ക് വന്നു, അതെ നിങ്ങളെങ്ങിന്യാ ഇങ്ങോട്ട് കേറ്യേ? ഗെയിറ്റടച്ചിട്ടണ്ടായിരുന്നല്ലോ?

ചേട്ടാ, ഞങ്ങള്‍ അതിന്റെ സൈഡിലുള്ള കല്ലുകളില്‍ രണ്ടേ രണ്ടെണ്ണം മാറ്റി ഇങ്ങോട്ട് കടന്നു. ചേട്ടന്‍മാര്‍ വാ, ഇങ്ങോട്ടിരിക്ക്, മ്മക്ക് രണ്ടെണ്ണം അടിക്കാമെന്നേ.

ദേ ഒരു ജാതി മറ്റേതിലെ വര്‍ത്തമാനം പറയരുത്,

അതേ, പള്ളീല്‍ പോയി പറഞ്ഞാല്‍ മതി. നിങ്ങള് അതിക്രമിച്ച് കയറീട്ട് ഞങ്ങളെ വിളിച്ചിരുത്തി കുടിക്കാനും കുടിപ്പിക്കാനുമുള്ള ഭാവമാ? നടക്കില്ലാട്ടാ, ഈനാശൂന്റടുത്ത് (സാങ്കല്പിക നാമം) ആപ്പരിപാടി നടക്കില്ല (ഒരു ലോഡ് തൃശ്രൂര്‍ സ്പെഷല്‍ തെറി)

അല്ല ഈനാശ്വേട്ടാ, ഞങ്ങള്‍ എന്ത് തെറ്റാ ചെയ്തത് ?

പിന്നേം അര ലോഡ് തെറി, അതിന്നു പുറകെ, നിങ്ങള്‍ എന്ത് തെറ്റാ ചെയ്തേന്നാ?

ഒന്നാമത് ഡേഷോളേ, ഇവിടെ വൈകീട്ട് ആറു കഴിഞ്ഞാല്‍ ആരേം കടത്തില്ല, രണ്ടാമത്തേത്, ഗെയിറ്റടച്ചാ ഒരു ഡേഷോളും ഇവിടെ വന്നിട്ടില്ലാ. പിന്നെ നിങ്ങളെന്തു ഡേഷിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്? അതും പോട്ടെ, വന്നിട്ട് സൌകര്യായിട്ട് നിന്റമ്മായമ്മടെ വീട്ടിലെ പോലെയല്ലെ ഇരുന്ന് ജ്യൂസു കുടിക്കണത്.

പോട്ടെ ഈനാശ്വേട്ടാ, ഒരു തെറ്റ് പറ്റിപോയി. ഞങ്ങള് ഗെയിറ്റിലെ കല്ലൊക്കെ മാറ്റി വന്നിട്ട് നേരിട്ട് ദാ നിങ്ങളുടെ ക്വാര്‍ട്ടേഴ്സില്‍ വന്ന് വാതിലില്‍ തട്ടി വിളിക്കുകയാ ചെയ്തത്. ആരും തുറന്നില്ല. പിന്നേം, പിന്നേം തട്ടി. ആരും തുറന്നില്ല. അപ്പോഴല്ലെ, ഞങ്ങള്‍ ഇവിടെ വന്നിരുന്നത്.

അതൊന്നൊമറിയേണ്ട കാര്യല്ല്യസ്റ്റാ. നിങ്ങള്‍ ഇവിടെ കയറി വന്നത് അസമയത്ത്! അതും ഗേറ്റിലല്ലാണ്ട്, പണ്ടത്തെ സൈഡ് റോഡിലൂടെ. ഇതൊക്കെ മതി നിങ്ങളെ ഒരു വഴിക്കാക്കാന്‍.

ഞാന്‍ ഇപ്പോ പോലീസിനെ വിളിക്കും.

ചേട്ടാ, കളിക്കല്ലെ, ഇങ്ങോട്ടിരി, രണ്ടെണ്ണം അടി.

ഒരു തേങ്ങേം വേണ്ടറാ.

എന്നാ ഇത് വക്ക് (ഒരു ഇരുന്നൂറു രൂപ ചുരുട്ടി കൊടുത്തു)‌

പൊന്നു മക്കളേ, പൈസ വാങ്ങാനും, കള്ളുകുടിക്കാനും ഒന്നും ഈനാശുവില്ല. പാതിരാത്രിയില്‍ മനുഷ്യനെ മെനക്കെടുത്താണ്ട് നിങ്ങള്‍ ഒന്ന് പോയി തര്വോ?

ചേട്ടാ, ദേ ഇങ്ങോട്ട് നോക്കിയേ, കഴിച്ച് വച്ചിരിക്കുന്ന ഈ ഭക്ഷണങ്ങള്‍ ഞങ്ങള്‍ കഴിച്ചിട്ട് പെട്ടെന്ന് പോകാം.

അതേ, ഞാന്‍ പറഞ്ഞു നിങ്ങളോട്, ഇവിടുന്ന് പോകാന്‍. അല്ലെങ്കില്‍ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും. അദ്ദേഹം പിന്നേയും പഴയ ചാക്കില്‍.

ഞങ്ങള്‍ക്കൊരുമിച്ചാണ് തീ പിടിച്ചത്.

എന്നാല്‍ താന്‍ വിളിക്കറോ, ഞങ്ങള്‍ ഇവിടെ രണ്ട് മൂന്ന് മണിക്കൂറായി ഇരിക്കുന്നു. ബോദോധയം കിട്ടിയപോലെ താന്‍ എവിടുന്നു പൊട്ടി മുളച്ചു എന്ന് ഞങ്ങള്‍ക്കൊന്നറിയണമല്ലൊ? ആരാണാദ്യം ഈ വാചകം പറഞ്ഞതെന്നോര്‍മ്മയില്ല.

ആ വാചകത്തോട് കൂടി അദ്ദേഹം ഒന്ന് തണുത്തു.

അല്ല അനിയന്മാരെ, ബാക്കിയുള്ളോന്റെ ഉറക്കം പോയത് പോയി. ഇനി ഈ അസമയത്ത് വഴക്കിനും വയ്യാവേലിക്കൊന്നും നിക്കണ്ട. നിങ്ങള്‍ പരിപാടി മതിയാക്കി ഒന്ന് പോയിതര്വോ?

ന്യായം. പക്കാ ന്യായം. അതിക്രമിച്ചുള്ളില്‍ കടന്ന സാമൂഹ്യവിരുദ്ധരോട് ഇതിലേറെ മര്യാദയില്‍ ഒരു ദൈവം തമ്പുരാനും പറയാന്‍ കഴിയില്ല.

വിരിച്ച പേപ്പറില്‍ നിരത്തിവച്ച് കഴിച്ച് വച്ചിരുന്ന സാധനങ്ങള്‍ പേപ്പറോടെ ചുരുട്ടിയെടുത്ത് വേസ്റ്റ്ബിന്നില്‍ ഇട്ടു. ജ്യൂസും, ഗ്ലാസ്സും എടുത്ത് വണ്ടിയില്‍ വച്ചു.

പോട്ടെ ചേട്ടാ, അസമയത്ത് ഇവിടെ വന്ന് കയറി ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കുക. ഞങ്ങള്‍ പോകുന്നു.

വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല അനിയന്മാരെ. പണിപോകുന്ന കാര്യമാ. നിങ്ങള്‍ പകല്‍ വാ നമുക്കിവിടെയൊക്കെ കാണാം, സംസാരിക്കാം ഡ്യൂട്ടികഴിഞ്ഞാല്‍ വേണേല്‍ കൂടുകയും ചെയ്യാം.

നന്ദിപറഞ്ഞ് കൊണ്ട് വണ്ടിയെടുത്ത് ഞങ്ങള്‍ ഇറങ്ങി. താഴെ തൃശ്രൂര്‍ പട്ടണം കല്യാണം കഴിഞ്ഞ കല്യാണവീടുപോലെ അവിടെയും ഇവിടെയും കത്തിക്കൊണ്ടിരിക്കുന്ന ഓരോ ലൈറ്റുകളുമായി മയങ്ങുന്നു.

സമയം ഒന്നൊരയായിരിക്കുന്നു. ദാഹവും വിശപ്പും ശമിച്ചിട്ടുമില്ല.

വരുമ്പോള്‍ പാഴ്സല്‍ വാങ്ങിയ തട്ടുകട കവലയിലേക്ക് വണ്ടി വിട്ടു തണുപ്പന്‍. അവിടെ ചെന്ന് അവശേഷിച്ചിരുന്നതെല്ലാം പൊതിഞ്ഞ് കെട്ടിയെടുത്തതിനുശേഷം വണ്ടി എന്റെ വീട് ലക്ഷ്യമാക്കി വിട്ടു. പോകുന്ന വഴിക്ക് റോഡില്‍ അവിടേയും ഇവിടേയുമൊക്കെ നിറുത്തി എഞ്ചിന്‍ റിച്ചാര്‍ജ് ചെയ്തു. വീട്ടിന്നു മുന്‍പില്‍ വണ്ടി നിറുത്തി.

ലെയിറ്റെല്ലാം അണച്ചിരിക്കുന്നു. ഗെയിറ്റ് താഴിട്ട് പൂട്ടിയിരിക്കുന്നു. കള്ളന്മാര്‍ക്ക് ചെടിച്ചട്ടികളായായാലും മതി എന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉറങ്ങുന്നതിനു മുന്‍പ് ഗെയിറ്റ് താഴിട്ട് പൂട്ടുക എന്നത് അച്ഛന്റെ ശീലമാണ്. നായകള്‍ എന്റെ ഒപ്പമുള്ളവരെ കണ്ടതിനാല്‍ ഉണ്ടചോറിന്റെ നന്ദി കാണിക്കാന്‍ വേണ്ടി വെറുതെ കുരച്ച്കൊണ്ടിരുന്നു. കുരകേട്ടിട്ടാകണം പോര്‍ച്ചിലെ വെളിച്ചം തെളിഞ്ഞു. വാതില്‍ തുറന്ന് അച്ഛന്‍ ചോദിച്ചു, ആരാ പടിക്കല്‍?

അച്ഛാ ഞങ്ങളാ.

ഓഹ് വരാറായാ എന്നുള്ള മുഖവുരയോടെ ചാവിയുമായി വന്ന് ഗെയിറ്റ് തുറന്നു. വണ്ടി ഞാനെടുത്തുള്ളില്‍ ഇട്ട് ഗെയിറ്റ് പൂട്ടി. അച്ഛന്‍ എല്ലാവരേയും പരിചയപെട്ടു. അപ്പോഴേക്കും ഉമ്മറത്ത് അമ്മയും പ്രത്യക്ഷപെട്ടു.

സമയത്തിന് വരില്ലെങ്കില്‍ ഒന്ന് വിളിച്ചു പറഞ്ഞൂടെ മോനെ. നാട്ടില്‍ കള്ളമാരുടെ ശല്യം അല്ലെങ്കിലേ കൂടുതലാ. നിങ്ങള്‍ക്കൊക്കെ ഇപ്പോഴും കുട്ടികളിയാ. പേപ്പറില്‍ ദിവസവും വായിക്കുന്ന ഓരോ വാര്‍ത്തകള്‍, ഹൌ എന്ത് കാലമപ്പാ. എന്നിട്ടാ നട്ടപാതിരക്ക് വണ്ടിയില്‍ കറങ്ങി നടക്കണത്. വര്‍ത്തമാനത്തിന്റെ ഇടയില്‍ തന്നെ വണ്ടിയില്‍ നിന്നും പൊതികളൊക്കെ എടുത്ത് ഞങ്ങള്‍ ചെരിപ്പൊക്കെ അഴിച്ച് വച്ച് ഉള്ളില്‍ കയറി.

നിങ്ങള്‍ ഭക്ഷണം കഴിച്ചോ? (മാതൃസ്നേഹം, നട്ടപ്പാതിരക്കും, കൊച്ചുവെളുപ്പാന്‍ കാലത്തുമൊക്കെ കയറിവരുന്നവരോട് അങ്ങനെ ചോദിക്കാനുള്ള ക്ഷമ ഭാര്യമാര്‍ക്ക് പോലും ഉണ്ടാവില്ല).

ഇല്ലമ്മെ.

ഞാന്‍ ചോറെടുത്ത് ചൂടാക്കി വിളമ്പാം, നിങ്ങള്‍ വസ്ത്രങ്ങളൊക്കെ മാറ്റി കയ്യും കാലും കഴുകി വാ.

വേണ്ടമ്മെ, അമ്മയും അച്ഛനും കിടന്നോളൂ. ഞങ്ങള്‍ പാഴ്സല്‍ കൊണ്ട് വന്നിട്ടുണ്ട്.

എങ്കില്‍ രാവിലെ വരെ സംസാരിച്ചിരിക്കാണ്ട് വേഗം കഴിച്ചുറങ്ങാന്‍ നോക്ക് - അച്ഛന്റെ വക.

അവര്‍ അവരുടെ മുറിയിലേക്ക് പോയി, ഞങ്ങള്‍ എന്റെ മുറിയിലേക്കും.

പൊതിഞ്ഞുകൊണ്ട് വന്ന ഭക്ഷണമൊക്കെ നിലത്ത് വട്ടമിട്ടിരുന്ന് കഴിച്ച് തുറന്നെടെത്ത് കഴിച്ചു. വിശപ്പുണ്ടായിരുന്നതിനാല്‍ നല്ല സ്വാദ് തോന്നി. അല്ലെങ്കിലും തട്ടുകടയിലെ സ്വാദ് ഫൈസ്റ്റാര്‍ ഫുഡിനും കിട്ടില്ലല്ലോ!

ഭക്ഷണ ശേഷം സ്ഥലം വൃത്തിയാക്കി നിലത്ത് കിടക്ക വിരിച്ചു. രണ്ട് പേര്‍ കട്ടിലിലും രണ്ട് പേര്‍ താഴെയും കിടന്നു. കിടന്നതേ ഓര്‍മ്മയുള്ളൂ. പിന്നെ കണ്ണു തുറന്നത്, ഡാ എണീക്കടാ, മണി ഒമ്പത് കഴിഞ്ഞു, പല്ലുതേച്ച് കുളിച്ച് പ്രാതല്‍ കഴിക്കാന്‍ വാ എന്ന അച്ഛന്റെ വിളികേട്ടാണ്.

എല്ലാവരും എഴുന്നേറ്റു. പല്ലുതേപ്പും, കുളിയും ചടുപിടാന്ന് കഴിച്ച്, വസ്ത്രങ്ങള്‍ മാറി വന്നപ്പോഴേക്കും, ആവി പറക്കുന്ന ഇഡ്ഡലിയും, തേങ്ങാ ചട്നിയും, സാമ്പാറും, ചായയും ഡൈനിങ്ങ് ടേബിളില്‍ തയ്യാര്‍. എല്ലാരും ഒത്ത് പിടിച്ച് പാത്രം കാലിയാക്കി എഴുന്നേറ്റ് കൈ കഴുകി.

തണുപ്പനും, ബാബുവും, ഫസലുവും അച്ഛനുമമ്മയേയും കാര്യമായി പരിചയപെട്ടു.

ഡോക്ടേഴ്സല്ലെ!

സംഭാഷണം അച്ഛന്റെ കഴിഞ്ഞ ബൈപാസ് സര്‍ജറിയെകുറിച്ചും, അമ്മയുടെ വലതുകാല്പത്തിയിലെ തള്ളവിരലിലെ എല്ല് വളര്‍ച്ചയെകുറിച്ചുമൊക്കെയായി.

അമ്മക്കൊരു ഫുള്‍ മെഡിക്കല്‍ ചെക്കപ്പ് വേണമെന്ന് ഞാന്‍ ശഠിച്ചു.

നീ ഒന്ന് മിണ്ടാതിരുന്നേ ചെക്കാ, ദൈവം സഹായിച്ച് എനിക്കൊരു കുഴപ്പവുമില്ല. അറുപതാകാറായി. നിങ്ങളൊക്കെ സ്വന്തം ആരോഗ്യം കളയാണ്ട് നടന്നാല്‍ മതി.

തണുപ്പന്‍ അപ്പോള്‍ തന്നെ വിളിച്ച്, തൃശൂരിലെ പ്രമുഖമായ രണ്ട് ഹോസ്പിറ്റലിലെ ഡോക്ടേഴ്സുമായി സംസാരിച്ചു. ഫുള്‍ മെഡിക്കല്‍ ചെക്കപ്പിനു എപ്പോള്‍ വേണമെങ്കിലും ചെല്ലാം എന്നറിയിക്കുകയും ചെയ്തു. അവരുടെ നമ്പറുകളും കുറിച്ച് അച്ഛന്റെ കയ്യില്‍ നല്‍കി.

അച്ഛാ ഇപ്രാവശ്യമെങ്കിലും അമ്മയെകൊണ്ട് പോയൊന്ന് ചെക്ക് ചെയ്യിക്കൂ എന്ന ഞാന്‍ പറഞ്ഞപ്പോള്‍ അമ്മ വീണ്ടും പറഞ്ഞു, എനിക്ക് ദൈവം സഹായിച്ച് ഒരു കുഴപ്പവുമില്ല, എട്ട് വയസ്സ് തൊട്ട് രാവിലെ നാലരക്ക് എഴുന്നേല്‍ക്കുന്നതാ, ഇപ്പോഴും അത് തന്നെ. കേട് വരാണ്ട് നിങ്ങള് മക്കളൊക്കെ സ്വന്തം ശരീരം നോക്ക്യാ മതി. ഇത്രയൊക്കെ ആയില്ലെ. ഇനി അങ്ങോട്ട് വിളിച്ചാല്‍ പോകാന്‍ ഞാന്‍ തയ്യാറാ. പറക്കമുറ്റാത്തപിള്ളാരൊന്നുമല്ലല്ലോ നിങ്ങള്‍, അച്ഛനും നല്ല ആരോഗ്യം, ഇനി ഞാന്‍ പോയാലും ഒരു കുഴപ്പോം ഇല്ല.

അമ്മയോടെന്ത് പറയാന്‍? ഒല്ലൂക്കാവ്, കാരമുക്ക്, വടക്കുംനാഥന്‍, പാറമേക്കാവ്, തിരുവമ്പാടി, ഇവിടുത്തെ മൊത്തം പ്രതിഷ്ടയായ ദേവാ ദേവികളെല്ലാം തന്നെ അമ്മയുടെ ഒപ്പമാണെന്ന് അമ്മ വിശ്വസിക്കുന്നു.

അമ്മയുടെ വിശ്വാസം അമ്മയെ പൊറുപ്പിക്കട്ടെ.

ഞങ്ങള്‍ പുറത്ത് പോകുന്നു, അമ്മയോടും അച്ഛനോടും പൊതുവായി പറഞ്ഞു.

ഉച്ചക്ക് ഉണ്ണാന്‍ ഉണ്ടാകുമോടാന്ന് അമ്മ ചോദിച്ചപ്പോള്‍ പറഞ്ഞു,

ഇല്ല.

രാത്രിക്കോന്ന് അച്ഛന്‍.

ഉണ്ടെങ്കില്‍ വിളിച്ചറിയിക്കാമെന്ന് പറഞ്ഞ് ഗെയിറ്റ് തുറന്ന് വണ്ടി പുറത്തിറക്കി ഞങ്ങള്‍ പുറത്തിറങ്ങി.

വണ്ടി ഓടിച്ചുകൊണ്ടിയിരുന്ന എനിക്കെതിരെ ജിബു ഒരു ചോദ്യം എറിഞ്ഞു. കുറുമാനെ യാത്രയെങ്ങോട്ടാ? കേട്ട് പരിചയം ഉള്ള മാപ്രാണം ഷാപ്പിലേക്കല്ലെ?

എന്തൊരു മന:പൊരുത്തം!

അതെ വണ്ടി മാപ്രാണം ഷാപ്പിലേക്ക് തന്നെ. പത്തര, പതിനൊന്നിനുശേഷം ചെന്നാല്‍ നല്ല കള്ള് വല്ലതും ശേഷിച്ചിട്ടുണ്ടെങ്കില്‍ അതും പുളിക്കും.

എങ്കില്‍ വേഗം വിട്ടോ, പിന്നില്‍ നിന്ന് വന്ന ശബ്ദം ഡ്യൂയറ്റായിരുന്നു.

വണ്ടി അരമണിക്കൂറിന്നകം മാപ്രാണം ഷാപ്പില്‍ പാര്‍ക്ക് ചെയ്ത് ഉള്ളില്‍ കയറി. ജോയിയേട്ടന്‍ കല്‍പ്പിച്ചരുളിയ ബെഞ്ചില്‍ ഇരുപ്പുറപ്പിച്ചു.

സ്പെഷല്‍ കുടം കള്ള് നാലെണ്ണം ഡെസ്കില്‍ നിരന്നു. കഴിക്കാനായി പതിവുപോലെ, ഞണ്ട്, കാട, മീന്‍ മുട്ട, ഒലത്തിയത്, മലത്തിയത്, പൊരിച്ചത്, വറുത്തത്, ചുട്ടത് മുതലായവയും എത്തി.

കഴിക്കുന്നവരൊത്ത് പാട്ട് പാടിയും, കവിതചൊല്ലിയും, ചുമ്മാ കയറി ഉരസിയും ഒക്കെ ഓരോ നിമിഷങ്ങളും ഞങ്ങള്‍ ആസ്വദിച്ചു.

റഷ്യയിലൊന്നും ഇത്ര സുഖമില്ല ബാറില്‍ എന്ന കമന്റ് ഫസലു ഇടക്ക് പറയുന്നത് ഞങ്ങള്‍ കണക്കിലെടുത്തതേയില്ല. അതേ കമന്റ് ഇടക്ക് ബാബുവും, തണുപ്പനും പറഞ്ഞത് ഞാനും കണക്കിലെടുത്തില്ല.

രണ്ട് മൂന്ന് റൌണ്ട് കഴിഞ്ഞു. സമയം ഒന്നര കഴിഞ്ഞു. ഇനി അല്പം കാറ്റേറ്റു വിശ്രമം അത്യാവശ്യം എന്നൊരു തീരുമാനത്താല്‍ ഞാന്‍ പറഞ്ഞു. ഇവിടെ കുറച്ചധികമായില്ലെ, ഇനി ബാക്കി കോന്നിലം പാടത്തെ ഷാപ്പില്‍. അതും ജോയിയേട്ടന്റെ ഷാപ്പ് തന്നെ.

എങ്കില്‍ ശരി അങ്ങോട്ട്.

എല്ലാരും തയ്യാറായി.

ബില്ലെത്രയായി?

കാശ് പെട്ടിയില്‍ ചോക്കാല്‍ കുറിച്ചിട്ടാ കോഡ് ഭാഷ വരമൊഴിയിലേക്കാക്കിയതിനുശേഷം പിന്നെ യൂണീക്കോഡിലാക്കി പറഞ്ഞു വെറും എണ്ണൂറ്റിനാല്പത്തിനാലുറുപ്പ്യ.

ബില്ല് കൊടുത്ത് ജോയിയേട്ടനോട് പറഞ്ഞു, ഇനി കോന്നിലം പാടത്തേക്കാ. അവിടെ വല്ലോം കിട്ട്വോ കൊറിക്കാന്‍?

ഇവിടെയുള്ളതെല്ലാം അവിടേം കിട്ടും. മൂന്നിലൊന്ന് അവിടേക്കും, രണ്ടും ഭാഗം ഇങ്ങോട്ടും അതാ പതിവ്. അവിടെ തിരക്ക് കുറവല്ലെ? മനുഷ്യര്‍ നടക്കാത്ത വഴിയില്‍ എന്ത് കച്ചവടമിഷ്ടാ?

ഇനിയും വരാമെന്നുറപ്പോടെ യാത്രപറഞ്ഞുകൊണ്ട് ഞങ്ങള്‍ വണ്ടിയില്‍ കയറി. ഡ്രൈവിങ്ങ് സീറ്റില്‍ ഞാനും.

ഇനി എങ്ങോട്ട്?

കോന്നിലം പാടത്തേക്കെന്നല്ലേ കുറുമാനെ ജോയിയേട്ടനോട് പറഞ്ഞത്?. മൂവരും ഒരുമിച്ച് ചോദിച്ചു.

അതെ. കോന്നിലം പാടത്തേക്ക് തന്നെയാന്നാ പറഞ്ഞത്.

സമയം ഒന്നര കഴിഞ്ഞതല്ലെയുള്ളൂ, എങ്കില്‍ വണ്ടി അങ്ങോട്ട് വിട്. എന്താ സംഗതി എന്ന് നോക്കാമല്ലോ?

കോന്നിലം പാടം ലക്ഷ്യമാക്കി ഞാന്‍ വണ്ടിയെ പായിച്ചു.

കോന്നിലം പാടത്തെ പ്രേതം - രണ്ട്

ചെമ്പകപൂക്കളുടെ ഗന്ധമേറ്റ്, മഴയിലേക്ക് കണ്ണും നട്ടിരുന്നപ്പോള്‍ ചെറുതായി വിശക്കാന്‍ തുടങ്ങി. സമയം മൂന്ന് കഴിഞ്ഞിരിക്കുന്നു. ഊണു കഴിഞ്ഞ് അല്പം മയങ്ങുകയായിരുന്ന അമ്മയെ ശല്യപെടുത്താന്‍ പോയില്ല. വിളമ്പി അടച്ച് വച്ചിരുന്ന ഭക്ഷണം കഴിച്ച്, പ്ലെയിറ്റ് കഴുകി വച്ച് ഒന്നു മയങ്ങാനായി ഞാനും കിടന്നു.

മയങ്ങാനായാണ് കിടന്നിരുന്നതെങ്കിലും, മിനുങ്ങിയതിന്റെ ക്ഷീണത്തില്‍ മയക്കം ഉറക്കത്തിലേക്ക് കാലുവഴുക്കി വീണതിനാല്‍, സമയം വൈകീട്ട് ഏഴു കഴിഞ്ഞെന്നറിഞ്ഞത് ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേട്ട് എഴുന്നേറ്റപ്പോള്‍ മാത്രമാണ്. ഉറക്കച്ചടവോടെ ഫോണ്‍ എടുത്തു.

ഹലോ.

ഹലോ കുറൂ തണുപ്പാണാ?

ഉറങ്ങുന്നവനെ വിളിച്ചെഴുന്നേല്‍പ്പിച്ച് തണുപ്പുണ്ടോന്ന്! കോരി ചൊരിഞ്ഞ് മഴപെയ്യുമ്പോള്‍ തണുപ്പില്ലാതിരിക്കുമോ? മനുഷ്യനെ മെനക്കെടുത്താണ് നിങ്ങള്‍ ആരാണെന്ന് പറ മനുഷ്യാ.

കുറുമാനെ, ഇത് ഞാനാ തണുപ്പന്‍, അല്ലാണ്ട് തണുപ്പാണോ എന്നല്ല ചോദിച്ചത്.

അത് ശരി. ഇതാദ്യം പറഞ്ഞൂടായിരുന്നോ ഗഡീ. ആരൊക്കെ ഉണ്ട് കൂടെ?

ബാബുവും, ഫാര്‍സിയും ഞാനും.

അത് നന്നായി. ഇപ്പോള്‍ നിങ്ങള്‍ എവിടെ എത്തി?

ഞങ്ങള്‍ ഒരു അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ തൃശൂരെത്തും.

എങ്കില്‍ നിങ്ങള്‍ ഒരു കാര്യം ചെയ്യ്. നേരെ വീട്ടില്‍ വാ, എന്നിട്ട് നമുക്കൊരുമിച്ചിറങ്ങാം.

വീടൊക്കെ തപ്പിപിടിച്ച് കണ്ടെത്താന്‍ സമയം ആവും കുറുമാനെ, താനൊരു കാര്യം ചെയ്യ്, റൌണ്ടിലേക്ക് വാ. എട്ടുമണിക്ക് ഞങ്ങള്‍ റൌണ്ടില്‍ ഉണ്ടാവും.

ഓക്കെ. അപ്പോള്‍ എട്ട് മണിക്ക് നേരില്‍ കാണാം, എന്നിട്ടാവാം പ്രോഗ്രാം ചാര്‍ട്ട് തയ്യാറാക്കല്‍.

വേഗം തന്നെ കുളിച്ച് വസ്ത്രം മാറി അമ്മയോട് പറഞ്ഞ് പുറത്തേക്കിറങ്ങി. ഉച്ചക്ക് മഴ കോരിചൊരിഞ്ഞ് പെയ്തിരുന്നു എന്ന് പറഞ്ഞിട്ടെന്താ കാര്യം? ഇപ്പോള്‍ മഴ നിലച്ചപ്പോള്‍ പുഴുക്കം ഇരട്ടിയായി. ആട്ടോ സ്റ്റാന്റില്‍ നിന്ന് ആട്ടോ പിടിച്ച് നേരെ വിട്ടു റൌണ്ടിലേക്ക്.

ഫോണ്‍ റിങ്ങു ചെയ്തു. ഹലോ.

കുറുമാനെ എവിടെ എത്തി?

ദാ രണ്ട് മിനിറ്റില്‍ റൌണ്ടില്‍ എത്തും.

നിങ്ങള്‍ എവിടെ?

ഞങ്ങള്‍ കുറുപ്പം റോഡ് വന്ന് കയറുന്ന സ്ഥലത്ത് തന്നെ വണ്ടി പാര്‍ക്ക് ചെയ്ത്, റൌണ്ടിലിരുപ്പുണ്ട്.

കുറുപ്പം റോഡ് ചെന്ന് കയറുന്നിടത്ത് ഓട്ടോയില്‍ നിന്നും ഇറങ്ങി. വണ്ടികളുടെ നിലക്കാത്ത പ്രവാഹം. പാലപശകുടിപ്പിച്ച ഓന്തിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും കുറേ ഓടുകയും, ചാടുകയും ചെയ്തതിനുശേഷം ഒരു വിധം റൌണ്ടില്‍ കയറിപറ്റി.

രണ്ടായിരത്തി ആറ് ഡിസംബറില്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗ് എയര്‍പോര്‍ട്ടില്‍ എന്നെ പൊക്കിയെടുത്ത് കൊണ്ട് തട്ടിയപ്പോഴാണ് അവരെ അവസാനമായി കണ്ടത്. പിന്നെ കാണുന്നത് ഇപ്പോള്‍, അതും പന്തൊമ്പത് മാസങ്ങള്‍ക്ക് ശേഷം അതും തൃശൂര്‍ റൌണ്ടില്‍ വച്ച്. ബ്ലോഗിലൂടെ പരിചയപെടുന്നതും, റഷ്യയില്‍ പോകുന്നതും, അവിടെ വച്ച് ആദ്യമായി നേരില്‍ കണ്ടവരെ പിന്നീട് അപ്രതീക്ഷിതമായിട്ടല്ലെങ്കിലും തൃശൂര്‍ റൌണ്ടില്‍ വച്ച് കാണുന്നതും, എല്ലാം ഓരോ നിമിത്തം!

അല്പം സമയം റൌണ്ടില്‍ ഇരുന്ന് സംസാരിച്ചെങ്കിലും, വേവ് ലെങ്ങ്ത്ത് പോരായ്ക കാര്യമായി തന്നെ ഫീല്‍ ചെയ്തതിനാല്‍ കാറുമെടുത്ത് ആലുക്കാസിലേക്ക് പോയി (നാരീരത്നങ്ങള്‍ കല്യാണസാരി വാങ്ങാനായിരിക്കും അല്ലെങ്കില്‍ സ്വര്‍ണ്ണാഭരണം വാങ്ങാനെങ്കിലുമായിരിക്കും എന്നൊക്കെ ധരിച്ചാല്‍ നന്നായിരുന്നു), പോകുന്ന വഴിക്ക് റിട്ടെയിലില്‍ കയറി ഒരു കുപ്പി സര്‍ബ്ബത്ത് വാങ്ങി വണ്ടിയില്‍ സ്റ്റോക്ക് ചെയ്തു.

ആലുക്കാസിലെ ഓപ്പണ്‍ എയര്‍ റെസ്റ്റോറന്റിലെ ആള്‍തിരക്കധികമില്ലാത്ത ഒരു മൂലക്ക് പൂത്തുനില്‍ക്കുന്ന ഒരു ചെടിമരത്തിനടുത്ത് ഞങ്ങള്‍ സ്ഥലം പിടിച്ചു. സമയം ഒമ്പതാകുന്നതേയുള്ളൂ. ഓപ്പണ്‍ എയര്‍ ആയതിനാല്‍ മഴയെങ്ങാനും പെയ്താല്‍ പണിയാകുമോ എന്ന് കരുതിയിട്ടാകാം ആളുകളുടെ തള്ള് പൊതുവെ കുറവായിരുന്നു.
വടക്കേ ഇന്ത്യക്കാരുടെ സ്റ്റൈലില്‍ തന്തൂര്‍ ഏരിയ പുറത്തുണ്ട്. വെളുത്ത ബട്ലര്‍ തൊപ്പിവച്ച കുശിനിക്കാരും.

ഓര്‍ഡര്‍ ചെയ്ത നാരങ്ങവെള്ളം, ഓറഞ്ച് ജ്യൂസ്, ഉപ്പ് സോഡ, മെനു എന്നിവയുമായി ബെയറര്‍ വന്നു. എന്തായാലും തന്തൂറടുപ്പൊക്കെ ഉള്ളതല്ലെ. ഒരു ചേഞ്ചായി കളയാം. മെനുവെടുത്തു കണ്ണടച്ച് പ്രാര്‍ത്ഥിച്ചു, രണ്ടായി പകുത്തു, കിട്ടിയ പേജില്‍ നിന്നും നാല് വാക്കു വിട്ട് വായന തുടങ്ങി (ഇതെന്താ രാമായണമാണോന്നൊന്നും ചിന്തിച്ച് വശപിശകാവണ്ട). ചിക്കന്‍ കബാബ്, മട്ടണ്‍ കബാബ്, ചിക്കണ്‍ ടിക്ക, ഫിഷ് ഫിംഗര്‍, ചിക്കന്‍ ലോളി പോപ്പ്, പോപ്പ് രണ്ടാമന്‍, മൂന്നാമന്‍, ആറാമന്‍, എന്നു വേണ്ട മൊത്തം വടക്കേ ഇന്ത്യന്‍ ഐറ്റംസിന്റെ അയ്യരുകളി.

ഒരു പ്ലേറ്റ് ചിക്കന്‍ കബാബും, ഒരു പ്ലേറ്റ് ചിക്കന്‍ ടിക്കയും പോരട്ടെ.

സാര്‍ കബാബില്ല.

എങ്കില്‍ നവാബെടുക്കൂ

നവാബ് മരിച്ച് പോയി സര്‍.

പിന്നെ എന്താ ഉള്ളത്?

ബാക്കി ഒക്കെ ഉണ്ട് സര്‍.

കഴിച്ചതിന്റെ ബാക്കി ഒന്നും വേണ്ട, തല്‍ക്കാലം ഞങ്ങള്‍ക്ക് ഫ്രെഷായിട്ട് ഒരു രണ്ട് പ്ലേറ്റ് ചിക്കന്‍ ടിക്ക പോരട്ടെ.

നാരങ്ങാ വെള്ളവും രുചിച്ച് വിശേഷങ്ങളൊക്കെ പങ്കുവച്ചിരിക്കുന്നതിനിടയില്‍ ചിക്കന്‍ ടിക്കയുമായി ബെയറര്‍ എത്തി. പ്ലെയിറ്റില്‍ നിരത്തിയ ചിക്കന്‍ ടിക്ക കണ്ട് ഞങ്ങള്‍ ഞെട്ടി. ഞെട്ടലില്‍ കൈ ഒരു കുപ്പിയില്‍ തട്ടിയപ്പോളാ കുപ്പി വീണ് പൊട്ടി. കോഴിക്കാല്, തുടയോടു കൂടെ വെട്ടി, മസാലപുരട്ടി, തീയില്‍ ചുട്ടെടുത്ത വെറും തന്തൂരി കാലുകള്‍!

അല്ല മാഷെ ഇത് തന്തൂരി ചിക്കനല്ലെ?

ഇവിടെ ടിക്ക എന്നു പറഞ്ഞാല്‍ ഇതാണ് സര്‍.

അപ്പോ തന്തൂരി ചിക്കന് ഓര്‍ഡര്‍ ചെയ്താലോ?

അപ്പോ ഒരു ഫുള്‍ ചിക്കന്‍ ഗ്രില്‍ഡ് തരും സര്‍.

നന്ദി പറഞ്ഞ് അയാളെ വിട്ടു. ചിക്കന്‍ കാലിലായി നാലുപേരുടേയും കോണ്സണ്ട്രേഷന്‍‍, അതോടൊപ്പം നാരങ്ങവെള്ളത്തിന്റെ പോളിങ്ങും കൂടി.

അവര്‍ മൂന്ന് ഡോക്ഴ്സും, ഞാന്‍ ഒരു കമ്പൌണ്ടറും! മെഡിക്കല്‍ എത്തിക്സ്, പെയിന്‍ ആന്റ് പാലിയാറ്റിക്ക്, സര്‍ജറി,പാരാലൈസിസ്, ആക്സിഡന്റല്‍ കേസ്, റഷ്യയിലേയും, കേരളത്തിലേയും രോഗികളെയും അവരുടെ കൂടെ വരുന്നവരുടേയും പെരുമാറ്റരീതികള്‍, ഡോക്ടേഴ്സ് അനുഭവിക്കുന്ന പ്രയാസങ്ങള്‍, തേരാ പാര, പഴുതാര, സംസാരിച്ച് സംസാരിച്ച് സംസാരം അതിരുകടന്നു, ബാറിലിരുന്ന് ബോറടിച്ച് എന്റെ തല പൊട്ടിതെറിക്കുമെന്നുറപ്പായപ്പോള്‍ ഞാന്‍ പൊട്ടിതെറിച്ചു. ഇനി ഒരക്ഷരം മരുന്നിനേയോ, രോഗിയേയോ, ഹോസ്പിറ്റലിനേയോ, എന്തിന് ഡോക്ടര്‍മാരെ കുറിച്ച് പോലും സംസാരിച്ചുപോയാല്‍ സുട്ടിടുവേന്‍ എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ക്ക് സ്ഥലകാലബോധം തിരികെ കിട്ടിയതും, സംസാരത്തിന്റെ ഗതി മണ്ടരി വന്ന തെങ്ങിനെകുറിച്ചും, നാട്ടില്‍ ഹര്‍ത്താലില്ലാത്തതിനെകുറിച്ചും, പെയ്യാത്ത മഴയെകുറിച്ചും മറ്റുമായി തിരിച്ചു വിട്ടത്.

സര്‍, ലാസ്റ്റ് ഓര്‍ഡര്‍ സര്‍. ഇനിയെന്താണ് വേണ്ടത്?

ബില്ലെടുത്തോളൂ.

പെരുംജീരകത്തിന്റേയും, ജീരകമിട്ടായുടേയും പുറത്തേറി താലത്തില്‍ ബില്ല് വന്നു. ബില്‍ സെറ്റില്‍ ചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങി.

സമയം പത്തര കഴിഞ്ഞിരിക്കുന്നു. നാടിനെ സംബന്ധിച്ച് സമയം നട്ടപാതിരയായിരിക്കുന്നു. ഇനിയെന്ത്?

വീട്ടില്‍ പോയാലോ? ഞാന്‍ ഒരു അഭിപ്രായം പറഞ്ഞു.

ഇത്ര നേരത്തെ വേണ്ട കുറു, കുറച്ചു കുടെ കഴിയട്ടെ.

ശരി, എങ്കില്‍ നമുക്ക് വിലങ്ങന്‍ കുന്നിലേക്ക് പോയാലോ? ഞാന്‍ ചുമ്മാ ഒരു പ്രമേയം അവതരിപ്പിച്ചു.

തൃശൂരില്‍ പണ്ട് കുറേ നാള്‍ താമസിച്ചു പരിചയമുള്ളതിനാല്‍ തണുപ്പന്‍ ഉടന്‍ തന്നെ ചലോ വിലങ്ങന്‍കുന്നെന്ന പ്രമേയം പാസ്സാക്കി. റൌണ്ട് മൊത്തം റൌണ്ടടിച്ച് വണ്ടി വിലങ്ങന്‍ കുന്നിലേക്ക് ചീറി പാഞ്ഞു. വഴിയില്‍ കണ്ട മൂന്നു നാല് തട്ട് കടകള്‍ ഉള്ള ഒരു കവലയില്‍ (തൃശൂര്‍ക്കാരനായാലും തൃശൂരിലെ ഇരിങ്ങാലക്കുടയും ചുറ്റുപാടും ഒഴിച്ച് കാര്യമായ സ്ഥലങ്ങളൊന്നും എനിക്കിപ്പോഴും അറിയില്ല) വണ്ടി നിറുത്തി. തട്ടുകടയില്‍ നല്ല തട്ടുപൊളിപ്പന്‍ കച്ചവടം നടക്കുന്നു. തിരക്കിനൊരു കുറവുമില്ല. ബെന്‍സ് കാറ് മുതല്‍, ഓട്ടോ റിക്ഷ വരെ നിറുത്തി ആളുകള്‍ ഇറങ്ങി അവിടെ നിന്നും പാഴ്സലായും ഈറ്റബിള്‍സ് വാങ്ങി പോകുന്നു.

എന്തൊക്കെ ഉണ്ട് മാഷെ?

ചേട്ടാ, സാധനങ്ങള്‍ ഒക്കെ ഒരു വിധം കഴിഞ്ഞൂട്ടാ. ഇനി ആകപ്പാടള്ളത്, കാടേം, താറാവും, ബോട്ട്യേം, കൊള്ള്യേം, ആമ്പ്ലേറ്റും (ടെമ്പ്ലേറ്റൊരെണ്ണം കിട്ടിയിരുന്നെങ്കില്‍), കൊത്തിപൊര്യേം, പോറോട്ട്യേംട്ടാ (ദൈവമേ, ഒരുവിധം കഴിഞ്ഞപ്പോല്‍ ഇത്രയും സാധനം അപ്പോ തുറന്ന ഉടനേയോ എന്നൊരാത്മഗതം നാലുപേരുടേം വായില്‍നിന്നൊരുമിച്ച് വന്നു‌).

എല്ലാം ഓരോന്ന് വച്ച് പാഴ്സലെടുക്ക് ഗഡീ. കപ്പ ഒരു നാലെണ്ണമായിക്കോട്ടെ.

കുറുമാനേ ഞാന്‍ ദേ വരുന്നു എന്ന് പറഞ്ഞ്, തണുപ്പന്‍ റോഡിന്റെ അപ്പുറത്തുള്ള തട്ടുകടയിലേക്ക് പാഞ്ഞു.

പാഴ്സല്‍ എല്ലാം എടുത്ത് ഞങ്ങള്‍ വണ്ടിയില്‍ വച്ചപ്പോഴേക്കും, തണുപ്പന്‍ ഒരു കവറുമായി എത്തി.

ഇതിലെന്താ?

ബീഫും, ആടിന്റെ കരള് വറുത്തതും ചപ്പാത്തിയും കുറുമാനെ. പിന്നെ ദാ ആ കാണുന്ന കടയില്‍ നിന്നും, ഒരു നാലു ഗ്ലാസും, ഒരു ലിറ്റര്‍ സോഡയും, ഒരു രണ്ട് ലിറ്റര്‍ വെള്ളവും വാങ്ങി.

തണുപ്പാ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ (ഈ ഗ്ലാസിന്റേം സോഡേടേം കാര്യം മെമ്മറിയില്‍ നിന്ന് ടോട്ടലി മിസ്സായിപോയിരുന്നു).

വണ്ടി, വീണ്ടും, വിലങ്ങന്‍കുന്ന് ലക്ഷ്യമാക്കി നെടുങ്ങനെ കുതിച്ചു. വളവുകളില്‍ വളഞ്ഞും, തിരിവുകളില്‍ തിരിഞ്ഞും വണ്ടി വിലങ്ങന്‍ കുന്നിലേക്ക് കയറികൊണ്ടേയിരുന്നു. ടാറിട്ട ഒരു ചെറിയ ഒരു വഴിയാണ്‍ വിലങ്ങന്‍ കുന്നിലേക്കുള്ളത്. ഇരുവശവും, മുളങ്കാടുകളും, ഇരുങ്കണക്കാടുകളും, മറ്റു കാട്ടു ചെടികളും. അതിന്റെ ഇടക്ക് ചില ചെറിയ വീടുകളും. നൈനിറ്റാളിലേക്കോ, മസൂറിയിലേക്കോ, ശ്രീനഗറിലേക്കോ, എന്തിന് തേക്കടിയിലേക്കോ, പറമ്പികുളത്തേക്കോ കയറിപോകുന്നതുപോലെയൊന്നുമില്ലെങ്കിലും തന്നെ വിലങ്ങന്‍കുന്നിന്റെ മുകളിലേക്ക് കയറും തോറും തൃശൂര്‍ പട്ടണം മൊത്തം ഗൂഗിള്‍ എര്‍ത്തില്‍ സൂം ഔട്ട് ചെയ്ത് കാണുന്നതുപോലെ കാണപെട്ടു. വെളുത്തവാവല്ലെങ്കില്‍ പോലും അമ്പിളി തിളങ്ങി ഞെളിഞ്ഞു മുകളില്‍ വിളങ്ങി നില്‍ക്കുന്നതും കാണായി. ഇത്തരം സമയത്ത് സാധാരണയായി വരാറ് വല്ല ഭരണിപാട്ടോ, വള്ളം കളിപാട്ടോ ഒക്കെയാണെങ്കിലും പതിവിന്നു വിപരീതമായി പണ്ട് സ്കൂളില്‍ പഠിച്ച ആശാന്റെ അമ്പിളി എന്ന കുഞ്ഞുകവിതയിലെ വരികളായിരുന്നു.

തുമ്പപ്പൂവിലും തൂമയെഴും നിലാ-
വന്‍പില്‍ത്തൂവിക്കൊണ്ടാകാശവീതിയില്‍
അമ്പിളി പൊങ്ങിനില്‍ക്കുന്നിതാ മര-
ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍.

---
---
---

വട്ടം നന്നല്ലിതീവണ്ണമോടിയാല്‍
മുട്ടുമേ ചെന്നാക്കുന്നിന്മുകളില്‍ നീ,
ഒട്ടുനില്‍ക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.

കവിത പാടി ഇത്രടം ആയപ്പോഴേക്കും വണ്ടി വിലങ്ങന്‍ കുന്നിലേക്കുള്ള ഗെയിറ്റിന്റെ മുന്‍പില്‍ എത്തി. വിശാലമായ ഗെയിറ്റടച്ച് ആമ താഴുമിട്ട് പൂട്ടിയിരിക്കുന്നു. ഇനിയെന്ത്? വന്ന സ്ഥിതിക്ക് ഉള്ളില്‍ കയറിയിട്ട് തന്നെ കാര്യം. സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. വണ്ടിയില്‍ നിന്നിറങ്ങി സ്ഥലം മൊത്തമായൊന്നു വീക്ഷിച്ചു. വണ്ടിയുടെ ഓണ്‍ ചെയ്തിട്ടിരിക്കുന്ന ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം കാണാം ഒരു ദൂരം വരെ, അതും നേര്‍ രേഖയില്‍. ചീവീടുകളുടേയും, തവളകളുടേയും ശബ്ദം മാത്രം ഉയര്‍ന്നു കേള്‍ക്കുന്നു. വണ്ടിയുടെ വെളിച്ചത്തിന്റെ മറപിടിച്ച് ഒന്നൊന്നിനു പോയപ്പോ വെള്ളം കരിയിലയില്‍ വീണതും, ഒരു പാമ്പ് ഇഴഞ്ഞ് പോകുന്നതു കണ്ടതും, ഞാന്‍ പിന്നിലേക്കൊറ്റ ചാട്ടം.

ഡേയ് കുറൂ, സിബ്ബടക്കഡേ എന്ന് തണുപ്പന്‍ പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. സിബ്ബും പൂട്ടി പാമ്പുകടിച്ചില്ല എന്ന ആശ്വാസത്തില്‍ ചുറ്റുപാടും നന്നായി ഒന്നു നിരീക്ഷിച്ചു. അപ്പോഴേക്കും ബാബുവും, ഫാര്‍സിയും ചേര്‍ന്ന്, ഗെയിറ്റിനോട് ചേര്‍ന്ന്, ഗെയിറ്റില്ലാതിരുന്ന കാലത്ത് വിലങ്ങന്‍ കുന്നിലേക്ക് കയറാന്‍ ഉപയോഗിച്ചിരുന്ന വഴിയിലെ കല്ലുകള്‍ ഉരുട്ടിയെടുത്ത് മാറ്റിയിരുന്നു.

ആ വഴിയിലൂടെ വണ്ടി വീണ്ടും ഫൈനല്‍ ഡെസ്റ്റിനേഷനായ വിലങ്ങന്‍ കുന്നിന്റെ നെറുകയിലേക്ക്.

വണ്ടി വിലങ്ങന്‍കുന്നിന്റെ നെറുകയിലെത്തി. വണ്ടി ഇങ്ങേയറ്റത്തുള്ള ഒരു പാലമരത്തിന്റെ ചുവട്ടില്‍ പാര്‍ക്ക് ചെയ്തിട്ട് ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ടൂറിസ്റ്റ് ബംഗ്ലാവിന്റെ (അങ്ങനെ ഒന്നുണ്ടാവോ ആവോ, എന്തായാലും ഒരു ബംഗ്ലാവ് ഉണ്ടായിരുന്നു) പൂമുഖം ലക്ഷ്യമാക്കി നടന്നു ഒരു വിളക്കെരിയുന്നുണ്ട് മുന്‍വശത്തെ മുറിയില്‍ തന്നെ. വാതിലില്‍ പോയി രണ്ട് മൂന്ന് തവണ മുട്ടി. ആരും വാതില്‍ തുറന്നില്ല, മറുപടിയും വന്നില്ല. ചീവീടുകളുടേയും, തവളകളുടേയും കരച്ചിലല്ലാതെ മറ്റൊരു ശബ്ദവും കേള്‍ക്കാനില്ല.

ഇനി ആ വാതിലിനു മുന്‍പില്‍ നിന്നിട്ടു കാര്യമില്ല എന്നു തോന്നിയതിനാല്‍ ഞങ്ങള്‍ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തിനടുത്തുള്ള നടപന്തലുപോലെയുള്ള സ്ഥലത്തേക്ക് നടന്നു. വണ്ടിയില്‍ നിന്നും പാഴ്സലുകളെല്ലാം എടുത്ത് നടപന്തലിലെ നിലത്ത് ഇരുന്നു.

വെളിച്ചം ഇല്ലേ ഇല്ല. പിന്നെങ്ങിനെ പാഴ്സലുകള്‍ തുറക്കും? വണ്ടി തിരിച്ചു നിറുത്തി ഹെഡ് ലൈറ്റ് ഓണ്‍ ചെയ്യാം എന്നൊരു നിര്‍ദേശം ഫസലുവിന്റെ നാവില്‍ നിന്നു വന്നതും കാറിന്റെ ഉടമസ്ഥനായ ബാബുവിന്റെ മസ്തിഷ്ക്കത്തില്‍ ഇടിവാള്‍ വെട്ടി (ഇടിവാളേ താന്‍ ഒരാളുടെ തലക്ക് വെട്ടിയതിന്റെ പാപം എവിടെ കൊണ്ട് തീര്‍ക്കുമെടോ‌‌?)

ഏയ്, ഹെഡ് ലൈറ്റൊന്നും ഓണ്‍ ചെയ്യണ്ട. എന്റെ വണ്ടിയുടെ ഡാഷ് ബോര്‍ഡില്‍ ഒരു പായ്ക്കറ്റ് മെഴുകുതിരി ഉണ്ട്. മാഹിയിലൊരു യാത്രപോയതിന്റെ ബാക്കി. അതെടുക്കാം.

മെഴുകുതിരി തെളിച്ച്, നിലത്ത് പത്രം വിരിച്ച് ഞങ്ങള്‍ വട്ടമിട്ട് ഇരുന്നു (മൂന്നാള് കൂട്ടിയാല്‍ കുടണ അത്ര വട്ടം). സംസാരവും, പാട്ടും, കവിതയും ഒപ്പം ഭക്ഷണവും ഒക്കെയായി സമയം ഏതാണ്ട് വെളുപ്പിന് ഒരൊന്നൊന്നരയായി.

മാനം കാര്‍മേഘാത്താല്‍ മൂടികെട്ടിയുട്ടുള്ളതിനാല്‍ പുഴുക്കം വളരെ ഏറെ തന്നെ. എന്തായാലും, ഓരോ സിഗററ്റാകാം എന്ന് പറഞ്ഞ് എഴുന്നേറ്റ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്, റോഡിലൂടെയല്ലാതെ, താഴെ തെക്കു വശത്തുനിന്നും കുന്നു കയറി ഞങ്ങള്‍ ഇരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി അസാധാരണ വേഗതയില്‍ വരുന്ന, ഒരു വിളക്കിന്റെ വെളിച്ചത്തെ വെല്ലുന്ന രീതിയിലുള്ള വെളിച്ചമായിരുന്നു!

പൊടുന്നനെ വീശിയടിച്ച കാറ്റില്‍ കത്തിച്ചു വച്ച മെഴുകുതിരി വെളിച്ചം അണഞ്ഞു. ചുറ്റുവട്ടത്തുള്ള മരങ്ങളുടെ ചില്ലകള്‍ ഉലഞ്ഞു. പാലപ്പൂക്കളുടെ ഗന്ധം അവിടെയാകെ നിറഞ്ഞു.
Posted by കുറുമാന്‍ at 2:27 AM
Labels: കഥ, പ്രേതം
74 comments:
കുറുമാന്‍ said...
"കോന്നിലം പാടത്തെ പ്രേതം - രണ്ട്"

ഇവിടേം തീര്‍ക്കാന്‍ പറ്റിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പ്.. ഒന്നാം ഭാഗത്തില്‍ നാളെ എന്ന് പറഞ്ഞത് പോലെ ഇത്തവണ ഉണ്ടാവില്ല. നാളെ രാത്രി അല്ലെങ്കില്‍ മറ്റന്നാള്‍ തന്നെ ഈ കഥ (സംഭവം) ഇവിടെ അവസാനിപ്പിക്കും.

22/8/08 2:43 AM
കാപ്പിലാന്‍ said...
പാലപൂക്കളുടെ മണം ദാ.. ഇവിടെ വരെ വീശുന്നു .എന്തായാലും നാളെത്തന്നെ യക്ഷിയെ പിടിക്കുമല്ലോ .സന്തോഷമായി ..ഈശ്വരാ ..കാത്ത് രക്ഷിക്കണേ

22/8/08 4:30 AM
പൊറാടത്ത് said...
ദേ.. ഇതാണ് ‘സസ്പെൻഷൻ സസ്പെൻഷൻ’ എന്ന് പറയണ ആ പെൻഷൻ അല്ല്യോ കുറൂ...

മോനെ, ആളെ പറ്റിയ്ക്കാൻ നോക്കല്ലേ.. അത് പാലപ്പൂവായിരുന്നോ അതോ മുല്ലപ്പൂവോ...??!!

22/8/08 5:31 AM
പാമരന്‍ said...
കുറുമാന്‍ജീ ഇങ്ങേരെന്താ മാത്യൂമറ്റത്തിനോ ജോയ്സിയ്ക്കോ മറ്റോ പഠിക്കുവാണോ? "തുടരും" കണ്ടിട്ടു ചോദിച്ചു പോയതാ :)

22/8/08 5:35 AM
ശ്രീ said...
ടെന്‍ഷനടിപ്പിയ്ക്കാതെ ബാക്കി കൂടെ പറയ് കുറുമാന്‍‌ജീ....


എഴുത്തിനെ പറ്റി ഒന്നും പറയേണ്ടതില്ലല്ലോ. :)

22/8/08 6:42 AM
തോന്ന്യാസി said...
ഇതൊരുമാതിരി കൊലച്ചതിയായിപ്പോയി......

ഇന്നു തന്നെ പ്രേതത്തെ ആവാഹിക്കാം എന്ന് കരുതിയതാ.........

നാളെ...അല്ലെങ്കില്‍ മറ്റന്നാള്‍...അതിനപ്പുറം നീണ്ടാല്‍............

22/8/08 8:26 AM
മലമൂട്ടില്‍ മത്തായി said...
അങ്ങിനെ വിലങ്ങന്കുന്നു ഒരാളെ കൂടി പ്രാന്താക്കി. എന്തായാലും ഇനി റൌണ്ടില്‍ പോയി കുടിച്ചു പാമ്പായാല്‍ പീച്ചി അണക്കെട്ടിലേക്ക് പോയ്കോള്. ഇടയ്കിടെ ചാടി നോക്കുന്നതും നന്നായിരിക്കും :-)

എഴുത്ത് ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലലോ.

22/8/08 8:28 AM
കോറോത്ത് said...
മാഷേ ...പെട്ടന്നായിക്കോട്ടേ :)

22/8/08 8:36 AM
രിയാസ് അഹമദ് / riyaz ahamed said...
പോസ്റ്റിന്റെ പോക്കു വെച്ച് യക്ഷി വന്ന് 'ഹലോ കുറുമാന്‍, ഗ്ലാഡ്‌ ടു മീറ്റ് യു. ബ്ലോഗ്‌ മീറ്റിനു കാണാന്‍ കഴിയാത്തതു കൊണ്ടു ഇങ്ങോട്ടു പോന്നു. ബൈ ദി ബൈ യൂറോപ്യന്‍ യാത്രകള്‍ കൈയിലുണ്ടോ' എന്നു മൊഴിഞ്ഞ് നില്‍ക്കും.

22/8/08 8:36 AM
Jishad said...
നല്ല രസമുള്ള കഥ

22/8/08 8:38 AM
കനല്‍ said...
ഇപ്പം പ്രേതം ഇപ്പം പ്രേതം വരുമെന്ന്
പ്രതീക്ഷിച്ച് രണ്ടാം ഭാഗവും തുലച്ചു.

കുറുമാന്‍ജി അടുത്തതിലെന്തായാലും ആ സാധനം വരുമെന്ന് പ്രതീക്ഷിക്കുന്നു

22/8/08 8:39 AM
അഭിലാഷങ്ങള്‍ said...
ശെഡ..!
ഇന്നും വന്നില്ലേ പ്രേതം!?

യെവടെ വരാൻ? ആറ് മാസത്തിനിടെ 82 ഹർത്താൽ നടത്തി ഗതാഗതം ദുരിതപൂർണ്ണമാക്കിയ കേരളത്തിൽ പ്രേതങ്ങൾക്ക് പോലും നേരത്തും കാലത്തും ഒരു സ്ഥലത്ത് എത്തിപ്പെടാൻ പറ്റാണ്ടായി! ഇനിയേതായാലും 24 മണിക്കൂർ കഴിയട്ടെ, ഹർത്താൽ കഴിഞ്ഞാൽ വല്ല ഓട്ടോറിക്ഷായും കിട്ടിയാ പ്രേതം വന്നേക്കും…! പ്രേതം വരുന്നതും കാത്ത് എണ്ണയ്ക്കും മണ്ണണ്ണക്കും വിലകൂടിയതിനാൽ കണ്ണിൽ ആവണക്കെണ്ണയുമൊഴിച്ച് മൂളിപ്പാട്ടും പാടി ഞാൻ കാത്തിരിക്കുന്നു…..

“എത്രനേരമായ് ഞാൻ കാത്തുകാത്തു നിൽ‌പ്പൂ..
ഒന്നിങ്ങ് പോരുമോ… പ്രേതമേ നീ…..”

:)

22/8/08 9:41 AM
നന്ദകുമാര്‍ said...
ഒരു പ്ലേറ്റ് ചിക്കന്‍ കബാബും

സാര്‍ കബാബില്ല.

എങ്കില്‍ നവാബെടുക്കൂ

നവാബ് മരിച്ച് പോയി സര്‍.

പിന്നെ എന്താ ഉള്ളത്?

ബാക്കി ഒക്കെ ഉണ്ട് സര്‍.

കഴിച്ചതിന്റെ ബാക്കി ഒന്നും വേണ്ട,

ഹഹഹഹ!! :)

ആദ്യഭാഗത്തിനേക്കാളും നന്നായി ഇത്. ഇനീം വെഷമിപ്പിക്കണോ ഞങ്ങളെ?!

നന്ദപര്‍വ്വം-

22/8/08 9:48 AM
പ്രയാസി said...
എത്ര ഭാഗായാലും സാരല്യ കുറുമാനെ..

ലോട്ടറിക്ക് പഠിച്ച് നീട്ടി അങ്ങട് പോക..:)

22/8/08 10:15 AM
krish | കൃഷ് said...
ആലുക്കാസ്, റെസ്റ്റാറന്റ്, നാരങ്ങവെള്ളം എന്നൊക്കെ പറഞ്ഞ് അവസാനം ‘ബാര്‍’ എന്നു പറയണമാരുന്നോ. അത് ആദ്യമേ നുമ്മക്ക് പുടികിട്ട്യീല്ല്യോ. അങ്ങനെ തണുപ്പനെയും കൂട്ടരെയും ഒരുവിധം ‘ചൂടാക്കി’ അല്ലേ.

അല്ലാ, ആ ‘യക്ഷി’ വന്ന്പ്പോ സാധനം ബാക്കിയുണ്ടാരുന്നോ.. കുപ്പീലേ.

കോന്നിലം പാടത്തെ യക്ഷിയുമൊത്ത് വെള്ളമടി ക്ലൈമാക്സിലാവട്ടെ. ഒരു ‘മീറ്റ്’ ആവുമ്പോ ഇതില്ലാതെങ്ങനാ?


:)

22/8/08 10:24 AM
ആല്‍ബര്‍ട്ട് റീഡ് said...
'ഒരു ഗസറ്റഡ് യക്ഷി'

22/8/08 10:27 AM
അനൂപ് തിരുവല്ല said...
:)

22/8/08 10:33 AM
Balu..,..ബാലു said...
ഇത് കിടിലം.. ഇതാണ് ഇന്റര്‍വെല്‍.. അടുത്ത ഭാഗം ഒന്ന് പെട്ടെന്ന്‍ ഇട്ടാല്‍ നന്നായിരുന്നു..

നാളെ നാളെ നീളെ നീളെ ആയാല്‍ ഹൃദയാഘാതത്തിന് സമാധാനം പറയേണ്ടി വരും..!

22/8/08 11:40 AM
ജിവി said...
Interesting, intersting.

ഇതു ഇങ്ങനെ മൂന്നു ഭാഗമാക്കിതന്നെയാണ് എഴുതേണ്ടത്.

മൂന്നാം ഭാഗവും പോരട്ടെ, നാളെത്തന്നെ.

22/8/08 12:04 PM
കുമാരന്‍ said...
പാമ്പിനേയും പേടിപ്പിച്ചല്ലൊ ചേട്ടാ..
ആ പ്രേതമെപ്പോ വരും

22/8/08 12:14 PM
Sarija N S said...
പ്രേതം കോന്നിലം പാടത്താണോ വിലങ്ങന്‍‌കുന്നിലാണോ? വിലങ്ങന്‍‌കുന്നില്‍ പ്രേതത്തെ വരുത്തി ഞങ്ങളെ പറ്റിക്കാന്‍ പോകുവാണോ? ഒന്നുകില്‍ പ്രേതത്തെ കോന്നിലം പാടത്തേയ്ക്ക് നടത്തുക അല്ലെങ്കില്‍ ടൈറ്റില്‍ മാറ്റുക :)

അവസാനം പ്രേതമില്ലെന്നെങ്ങാന്‍ പറഞ്ഞാല്‍...

22/8/08 12:30 PM
സ്നേഹിതന്‍ | Shiju said...
കുറുമാന്‍ ചേട്ടാ ഇങ്ങനെ പേടിപ്പിക്കരുത്.ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് വായിച്ചത്. അവസാനം ദേ കിടക്കുന്നു......
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

22/8/08 12:49 PM
കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്: വരും വരാതിരിക്കില്ല. കോന്നിലം പാടത്തൂ‍ന്ന് വിലങ്ങന്‍ കുന്ന് വരെ പറന്ന് വരണ്ടെ?

22/8/08 1:01 PM
Visala Manaskan said...
ഡാ നീ എന്നെ റ്റെന്‍ഷനടിപ്പിക്കല്ലേഡാ..

എനിക്ക് ജലദോഷത്തിന്റെ അസുഖമുള്ളതാ.. റ്റെന്‍ഷനടിക്കരുതെന്നും മനസ്സ് വിഷമിക്കരുതെന്നുമാ ഡോക്റ്ററ് പറഞ്ഞേക്കണേ.

വേഗം പറയ് രാ.

22/8/08 1:26 PM
Rare Rose said...
കുറുമാന്‍ ജീ..,..പ്രേതം ന്നു കണ്ടോടി വന്നതാ...തുടരന്‍ ആണെന്നറിഞ്ഞയുടന്‍ ഒന്നും രണ്ടും ഭാഗം ഒറ്റയിരിപ്പിനു വായിച്ചു...പക്ഷേങ്കില്‍ കാത്തുകാത്തിരുന്ന കക്ഷി ഇനിയുമെത്തിയില്ല..:(
അസാധാരണമായ വെളിച്ചമായി , പാലപ്പൂ മണമായി പ്രേതമെത്തിയോ അവിടെ....ആകാംക്ഷ കൊണ്ടെനിക്കു വയ്യ...

22/8/08 2:17 PM
ബൈജു സുല്‍ത്താന്‍ said...
നിലാവിന്റെ പൂങ്കാവില്‍ നിശാ പുഷ്പ ഗന്ധം.....!!
ആരാണത്?
"കുറുമാനേട്ടാ..."

കരിമുകിലെന്‍ പൂമേനീ...ഇളംകാറ്റെന്‍..
(ഇതായിരിക്കും അടുത്തഭാഗം !!
കാത്തിരിക്കുന്നു..)

22/8/08 2:55 PM
അത്ക്കന്‍ said...
ദേ നെഞ്ചിടിപ്പ് കൂട്ടാതെ എനിക്ക് പ്രഷറുള്ളതാ...ആ കാര്യം ഓര്‍മ്മണ്ടായിക്കോട്ടെ.

22/8/08 2:59 PM
പ്രേത വര്‍മ said...
കുറുമാ.... താന്‍ എന്നെപ്പടി എഴുതണൂന്നറിഞ്ഞു വന്നതാ..

മെഴുതിരി അണഞ്ഞു. എന്നിട്ട് ???

22/8/08 4:40 PM
ശിവ said...
ഇതെന്താ ഇങ്ങനെ....എത്രയും വേഗം പ്രേതത്തെപ്പറ്റി എഴുതൂ....

22/8/08 7:57 PM
പ്രിയ ഉണ്ണികൃഷ്ണന്‍ said...
അല്ല, പ്രേതം വരുമോ? അതോ തൊടീന്ന് പാലപ്പൂവും പറിച്ച് തെക്കിനി വഴി മുങ്ങുമോ?

22/8/08 8:41 PM
അല്ഫോന്‍സക്കുട്ടി said...
പ്രേതം പതിവു പോലെ രാത്രി തന്റെ സ്ഥിരം സ്ലീപ്പിങ്ങ് പ്ലേയ്സായ വിലങ്ങന്‍ കുന്നിലെ പാലമര ചോട്ടില്‍ ഉറങ്ങാന്‍ വന്നപ്പോള്‍ വേറെ നാലു ഫിറ്റായ പ്രേതങ്ങളെ കണ്ടു ഞെട്ടി വിറച്ചു. “ഹെല്‍പ്പ് ഹെല്‍പ്പ്” എന്നു വിളിച്ചു കൂവി പ്രേതം വിലങ്ങന്‍ കുന്നില്‍ തലങ്ങും വിലങ്ങും ഓടി നടന്നു വിശന്നപ്പോള്‍ ചപ്പാത്തിയും ബീഫും കഴിച്ച് പാലമരത്തിന്റെ മുകളില്‍ കേറി ഉറങ്ങി.

സോറീട്ടാ. സസ്പെന്‍സ് സഹിക്കാണ്ടായപ്പോ "കോന്നിലം പാടത്തെ പ്രേതം - മൂന്ന്" ഭാവനയില്‍ കണ്ടു നോക്കിയതാ.

അപ്പോ പ്രേതം മൂന്നിനെ നേരില്‍ കാണാന്‍ വീണ്ടും വരുന്നതായിരിക്കും

22/8/08 8:59 PM
::: VM ::: said...
വിലങ്ങന്റെ മൂര്‍ദ്ധാവില്‍,
ഇതാ സ്മോളിന്‍ ഗന്ധം...
നിലാവൈന്‍ വെളിച്ചത്തില്‍..
കുറു സ്മോളു മോന്തി....

കുറുമാഞ്ചേട്ടാ...........

[ശ്രീകൃഷ്ണപ്പരുന്തിലെ നിലാവനിന്റെ പൂങ്കാവില്‍ എന്ന ഗാനത്തിന്റെ ട്യൂണില്‍..]

22/8/08 9:04 PM
ജിഹേഷ് said...
അപ്പോ പ്രേതം ഇന്നും എറങ്ങീല. ഈ നിലയ്ക്ക്പോയാ ഇന്നലെ പറഞ്ഞ മറ്റേ ടീമേളേ എറക്കണ്ടിവരും..

ജാഗ്രതൈ :)

22/8/08 9:26 PM
::സിയ↔Ziya said...
....ചുറ്റുവട്ടത്തുള്ള മരങ്ങളുടെ ചില്ലകള്‍ ഉലഞ്ഞു. പാലപ്പൂക്കളുടെ ഗന്ധം അവിടെയാകെ നിറഞ്ഞു...

ദൈവമേ, അത് ശരിക്കും വല്ല കള്ളിയാങ്കാട്ടു നീലിയോ ഓലകെട്ടി പാര്‍വ്വതിയോ വല്ലോം ആയിരക്കണമായിരുന്നു എന്നൊരു ഗദ്‌ഗദ് തൊണ്ടയില്‍ കുരുങ്ങുന്നു...എങ്കില്‍ സസ്‌പെന്‍സില്‍ ഇങ്ങനെ ടെന്‍ഷനടിപ്പിക്കുന്ന കഥ പറയാന്‍ പറ്റാണ്ട്‌ കുറുമാന്‍ വല്ല പാലമരത്തിലോ പനേടെ മണ്ടക്കോ പണ്ടാറമടങ്ങിയേനെ :)

22/8/08 10:51 PM
സൂര്യോദയം said...
കുറുമാനേ.. വിവരണം അസ്സല്‍..
പക്ഷേ, യക്ഷി വരുമെന്ന് ഞാന്‍ കരുതുന്നില്ല.. ഈ കശ്മലനന്മാരുടെ മുന്നിലേയ്ക്ക്‌ വരാന്‍ ചങ്കൂറ്റമുള്ള ഏത്‌ യക്ഷി? ;-)

23/8/08 7:40 AM
nardnahc hsemus said...
ഡിയര്‍ പ്രേതം,
സമയമുണ്ടെങ്കില്‍ അടുത്താ‍ഴ്ച വാ..

യ്ക്കിപ്പൊ ബീഫും, ആടിന്റെ കരള് വറുത്തതും ചപ്പാത്തിയും തിന്നണം... കോപ്പ് തട്ടുകടാന്ന് കേട്ടപ്പൊ വായില്‍ വെള്ളം വന്നു...

23/8/08 8:57 AM
പോങ്ങുമ്മൂടന്‍ said...
എന്റെ പാട്ടുപുരക്കലമ്മേ... ഇതൊക്കെ ഒള്ളതാണോ? ചേട്ടന്‍ ധൈര്യമായെഴുതിക്കോ എനിക്കൊരു പേടിയുമില്ലാ...

( അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍...... ) :)

23/8/08 8:59 AM
::: VM ::: said...
സൂര്യോദയം said...
കുറുമാനേ.. വിവരണം അസ്സല്‍.. പക്ഷേ, യക്ഷി വരുമെന്ന് ഞാന്‍ കരുതുന്നില്ല.. ഈ കശ്മലനന്മാരുടെ മുന്നിലേയ്ക്ക്‌ വരാന്‍ ചങ്കൂറ്റമുള്ള ഏത്‌ യക്ഷി? ;-)

ഹഹഹഹ! അപ്പോ സൂര്യോദയം പറഞ്ഞു വരുന്നത് ആ യക്ഷി ബ്ലോഗു വായിക്കാറൂണ്ടെന്നാണോ? ചിലമ്പ് പോസ്റ്റും, അരൂപിക്കുട്ടന്‍ പോസ്റ്റും വായിച്ചിട്ടുണ്ടെങ്കില്‍ യക്ഷി വരാന്‍ ഒരു സാധ്യതയുമില്ല..ആ സംസ്ഥാനത്തേക്കു കടക്കൂലാ ;)

ഗസറ്റഡ് യക്ഷി എന്നൊക്കെ പോലെ... ഒരു ബ്ലോഗര്‍ യക്ഷി!! യന്റമ്മോ, ഞാനോടി പണിക്കരെ കാണട്ട്!

23/8/08 9:27 AM
::സിയ↔Ziya said...
“ചിലമ്പ് പോസ്റ്റും, അരൂപിക്കുട്ടന്‍ പോസ്റ്റും വായിച്ചിട്ടുണ്ടെങ്കില്‍ യക്ഷി വരാന്‍ ഒരു സാധ്യതയുമില്ല”

ഇഢ്യേ, ഒരു തിരുത്തുണ്ട്...
ആ ചിലമ്പ് പോസ്റ്റ് യക്ഷികള്‍ വായിച്ചിരിക്കാന്‍ സാധ്യതയില്ല. കാരണം ആ പോസ്റ്റ് എഴുതുന്ന തിരക്കിലായിരുന്നല്ലോ യക്ഷികള്‍ :)

23/8/08 9:36 AM
കുഞ്ഞന്‍ said...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

23/8/08 9:47 AM
കാവലാന്‍ said...
അതേയ് കുറു സംഗത്യൊക്കെ ശരി കോന്നിലംപാടത്താണു പരിപാടി എന്നു പറഞ്ഞിട്ടിപ്പൊ വെലങ്ങന്‍ കുന്നത്തോ, അവളു പാടത്തു കാണാത്തതിന്റെ അരിശത്തിന് പാഞ്ഞു വരുന്നതായിരിക്കും.ഇനി അതല്ല കയറ്റം കേറി ജീപ്പുവന്നു ഓട്ടര്‍ഷ വന്നൂന്നൊക്കെ മാറ്റിയാല്‍ ദേ ബ്ലോഗണാംകാട്ടു ചാത്തനാണെ ഞാനങ്ങുവരും അവളേം കൂട്ടി.വെലങ്ങുമ്മോളിലെ പ്രേതം എന്നു പറഞ്ഞാല്‍ തന്നെ ഏതാണ്ടു സംഗതികള്‍ പിടികിട്ടും തൃശ്ശൂര് കാര്‍ക്ക്. ഹും!

23/8/08 12:39 PM
മുല്ലപ്പൂ || Mullappoo said...
പിന്നേ യക്ഷി വെളിച്ചം പിടിച്ചു ചീറി പാഞ്ഞു വരുവല്ലേ ?
വെറുതെ പേടിപ്പിക്കാന്‍ . ഉം എന്നിട്ടു...

23/8/08 2:28 PM
അഭയാര്‍ത്ഥി said...
ഇപ്പവരും ഇപ്പവരും എന്ന്‌ വിചാരിച്ച്‌ കുറേ നാളായി...

ഇപ്പോളും വന്നില്ല...
പാലപ്പൂവിന്റെ മണം പരന്നതുകൊണ്ട്‌ കേറി കോറാമെന്ന്‌ കരുതി.

ഇതിലെഴുതിയിരിക്കുന്ന എല്ലാ കുന്ത്രാണ്ടവും തിന്നിട്ടും കുടിച്ചിട്ടുമുണ്ടെങ്കിലും
ഇവക്കൊക്കെ ജീവനുണ്ടെന്ന്‌ കോന്നില്ലം പാടത്തെ യക്ഷി പറഞ്ഞുതരേണ്ടി വന്നു.

ഇവയൊക്കെ കഴിക്കുന്നതിനേക്കാള്‍ രസമുണ്ട്‌ കുറുമാന്‍ പറയുന്നത്‌ കേള്‍ക്കാന്‍.

എന്തായാലും
കോന്നില്ലം പാടത്തെ യക്ഷി
അണിയറ മണിയറ തുറന്നേ വാ
ആരു കൊയ്യുമാരു ചൂടും
വയല്‍പ്പൂ

ബ്യേം പോരിന്‍ ങ്ല്‌

24/8/08 8:14 AM
ആചാര്യന്‍... said...
നമ്മുടെ കുറുമാന്‍ 'കോന്നിലമ്പാടത്തെ പ്രേത'ത്തെ കാണാന്‍ പോയ കഥ നാലാം വാരം ഓടിക്കൊണ്ടിരിക്ക്യാണല്ലോ...

ഇനി അതിന്‍റെ മൂന്നാം ഭാഗം വരാനൊണ്ട്..
അതെന്നു വരുമെന്നു കുറുമാനു മാത്രമറിയാം..

വിശാലമനസ്കന്‍ ഈ ഭയങ്കര വാര്‍ത്ത കേട്ട് പേടിച്ചു പനിയടിച്ചു കെടപ്പാ.

എനിക്കും പനിയാ

അപ്പം തോന്നി, ഇതിന്‍റെ മൂന്നാം ഭാഗം എങ്ങനാരിക്കൂന്ന്..
പേടിയോടെ ആണേലും എഴുതുകാ...

ഇങ്ങനൊക്കെയാരിക്കും അതു നടന്നിരിക്കുക, ഏതായാലും കുമാന്‍റെ 'ഒറിജിനല്‍' പ്രേതം ഏതു നിമിഷോം വരും, എന്‍റമ്മോ...

അതിനു മുമ്പ്..

ഞാനോര്‍ക്കുകാ, ഈ പ്രേതത്തിനൊന്നും വേറെ ഒരു പണീമില്ലേന്ന്..പാതിരാത്രിക്കൊക്കെ ചുമ്മാ ഇങ്ങനെ എറങ്ങി നടക്കാന്‍ പേടിയാവുല്ലെ, പിന്നെ രാത്രി മുഴ്വന്‍ ഒറക്കേളച്ചു പകലു കെടന്നൊറങ്ങി, ഓ ചുമ്മാ, വേറെ പണിയൊന്നൂല്ല..

തെക്കു വശത്തൂന്നു കുന്നു കേറിയൊള്ള ആ വരവു കണ്ടപ്പം കുറുമാനും കൂട്ടരും പേടിച്ചു കാറി, കള്ളെല്ലാമെറങ്ങി, കുറുമാന്‍ പിന്നേം പേടിച്ചു ജബലലീലൊള്ള വിശാലമനസ്കനെ മൊബൈലില്‍ വിളിച്ചു.. പുള്ളി ടീവീല്‍ പ്രേതസീരിയലു കഴിഞ്ഞൊരു പ്രേതസിനിമാ കൂടെ, മമ്മി മൂന്നാമ്പാഗം, കണ്ടോണ്ടിരുന്നപ്പഴാ വിളി വന്നത്. മൊബൈലിലൂടെ കൂറൂമാന്‍റെ വിറക്കുന്ന ഒച്ച കേട്ട് വിശാലമനസ്കന്‍ പേടിച്ചു പനിച്ചു, മൊബൈലും കട്ടായി..ഇനീപ്പം എന്തോ ചെയ്യൂന്നോര്‍ത്തു കുറുമാന്‍ ആകപ്പാടെ ഒന്നു വട്ടം കറങ്ങി നോക്കിയപ്പോണ്ട് കൂട്ടുകാരു മൂന്നു പേരും വടക്കു ഭാഗത്തൂടെ കുന്നിറങ്ങി പ്രേതം തെക്കൂന്നു കേറി വന്നോണ്ടിരിക്കുന്നേലും വേഗത്തിലെറങ്ങിപ്പോണു, ഒരു രണ്ട് കിലോമീറ്ററപ്പുറം അവരടെ ഉടുപ്പിന്‍റെ നെറം കാണാം..ഇരുട്ടത്ത് അതും മങ്ങി..അയ്യോ..ഇനീപ്പം കുറുമാനെന്തോ ചെയ്യും..
തെക്കു ഭാഗത്തൂന്നാണെങ്കി പ്രേതം കുന്നു കേറി വരുന്നേന്‍റെ 'ങ്ഹേ..ഹം ങ്ഹേ..ഹം' ന്നൊള്ള അണപ്പു കേട്ട് തൊടങ്ങി..ഈ മഹാഭയങ്കരസംഭവം റിപ്പോര്‍ട്ട് ചെയ്യാനായി മണത്തറിഞ്ഞു ത്രിശൂന്നു വന്ന ചാനലുകാരെടെ ജീപ്പ് കുന്നിന്‍റെ താഴ്വാരത്ത് പിടിച്ചു കെട്ട്യപോലല്യോ നിന്നത്. എത്ര നോക്കീട്ടും സ്റ്റാര്‍ട്ടാകുന്നില്ല. പ്രേതത്തിന്‍റെ ഒരു വിഹാരമേ..കുന്നുമ്മുകളില്‍ കാണാം ഒറ്റക്കു പേടിച്ചു കാറുന്ന കുറുമാന്‍, തെക്കു ഭാഗത്തൂന്നു കേറിച്ചെല്ലുന്ന വെളിച്ചം..റിപ്പോര്‍ട്ടറാണെങ്കി ജീപ്പു നിന്നു പോയേനു കലിയിളകി,"അതാ കുറൂമാന്‍, ഇതാ പ്രേതം...ഇതാ പ്രേതം, അതാ കുറുമാന്‍" എന്ന മട്ടിലൊള്ള "ലൈവും" തൊടങ്ങി. ഇതെല്ലാങ്കൂടെക്കണ്ട് ഞാമ്പേടിച്ചു ബോധം കെട്ട് വീണു. പിന്നിപ്പഴാ എണീറ്റെ..ബൂലോകരെ പിന്നെന്തൊണ്ടായി, ആര്‍ക്കേലുവറിയാവോ, അറിയാവെങ്കി ഒന്നെഴുത്...

24/8/08 1:47 PM
കോട്ടയം പുഷ്പനാത് വര്‍മ്മ said...
പ്രേതം വെള്ളിയാഴ്ച വന്നില്ല, ഹര്‍ത്താലായ കൊണ്ടാരിക്കും...

24/8/08 2:02 PM
എസ്.കെ.പ്രേതക്കാട് said...
ഇതെന്താ ഫ്രേത ഫൂമിയോ?

24/8/08 2:21 PM
യക്ഷിവര്‍മ്മിണി said...
ഓടിക്കയറി വരുമ്പോള്‍ വെള്ളസാരി കാരമുള്ളില്‍ കൊണ്ട് ഉരിഞ്ഞു പോയി അതാ നേരം വൈകുന്നത്.ഒന്നു നില്‍ക്കെടാ പിള്ളാരെ ഒന്നിനൊക്കോണം പോന്ന ആണുങ്ങളുടെ മുമ്പില്‍ ചെല്ലണ്ടതല്ലെ ഞാനിതൊന്നുടുക്കട്ടെ.

24/8/08 2:39 PM
Sharu.... said...
പാടത്ത് വരുമെന്ന് പറഞ്ഞ പ്രേതം കുന്നിന്റെ മുകളില്‍ കയറിയോ.... അല്ലാ; ഇനി വന്ന് വന്ന് പ്രേതം ഇല്ലെന്നെങ്ങാനും പറഞ്ഞാ ശരവണഭവനിലെ മഷ്രൂം ന്യൂഡില്‍‌സില്‍ പാഷാണം ചേര്‍ത്ത് തരും... :)

24/8/08 3:49 PM
ഉപാസന || Upasana said...
യക്ഷി വരില്ല കുറുമാനേ. അവളെ കൈമള്‍ പിടിച്ച് കെട്ടി.
:-)

ഉപാസന

24/8/08 5:46 PM
ഉപാസന || Upasana said...
50..!!!

24/8/08 5:47 PM
ഹരിത് said...
ഇതു മുത്തൂറ്റാണു. ബ്ലൈഡ് കമ്പനി.
:)))

24/8/08 9:38 PM
കോറോത്ത് said...
ബാക്കി ഒന്നു പെട്ടന്നിടുമോ :) ??? കാത്തു കാത്തു നിന്നു മനുഷ്യന്‍റെ ഉള്ള പേടിയും പോയി !!!

25/8/08 11:48 AM
അശോക് said...
കുറുമാന്‍ജീ, ഈ പ്രേതം...യക്ഷി എന്നൊക്കെ പറയുന്നത് ഉള്ളത് തന്നെയാണോ...???
ചുമ്മാ അങ്ങിനൊക്കെ പറഞ്ഞു കൊതിപ്പിക്കരുത് :)

എഴുത്തൊക്കെ തനി "കുറുമാന്‍ ശൈലി"യില്‍ തന്നെ...അടിപൊളി...!

25/8/08 5:56 PM
നൌഫല് said...
കുറുമാന്ജി, ചുമ്മാ പേടിപ്പിക്കാതെ, അത് വല്ല വാല്നക്ഷത്രോം മറ്റോ അയിരക്ക്യോ

25/8/08 10:07 PM
Santosh said...
ടെന്‍ഷന്‍ അടിപ്പിക്കാതെ കാര്യം പറ കുറുമാനേ...
മനുഷ്യന്‍ ഇവിടെ പ്രേതം വരുന്നതും നോക്കി ഇരിക്കുകയാ...

ഇത് വല്ലതും നടക്കുമോ?

26/8/08 5:13 AM
ആള്‍രൂപന്‍ said...
ഇതിപ്പൊ രണ്ടാം ഭാഗമാണെന്ന് കഥാകൃത്ത്‌ പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റില്ലല്ലൊ. അതല്ലാതെ ഈ പോസ്റ്റ്‌ ആദ്യത്തേതിന്റെ തുടര്‍ച്ചയാകണ്ട കാര്യമൊന്നുമില്ല. 'എനിയ്ക്കിതുവരെ പ്രേതത്തെ കിട്ടിയില്ല ബൂലോകരെ' എന്നു പറയാനുള്ള മടി കൊണ്ട്‌ കഥ നീട്ടിക്കൊണ്ടുപോകുകയാണെന്നെന്നെപ്പോലെ ആരെങ്കിലും പറഞ്ഞാല്‍ നമുക്കവരെ കുറ്റം പറയാം. എന്നിട്ട്‌ പ്രേതത്തിനായി (അതോ യക്ഷിയോ) കാത്തിരിക്കാം. ചിലപ്പോള്‍ മദ്യത്തിന്റെ ലഹരി കുറച്ചൊന്നു കുറയട്ടെ എന്നു കരുതി പ്രേതം കാത്തിരിക്കുന്നതാകാനും മതി. ഏതായാലും കാത്തിരുന്നു കാണുക തന്നെ.

26/8/08 7:28 AM
ജയരാജന്‍ said...
അല്ലാ, ഞാനാലോചിക്കുകയായിരുന്നു നമ്മളീ തുടരനെ എന്ത് വിളിക്കും? ഭീകര-ഹാസ്യമോ? :) അടുത്ത ഭാഗം എന്നാണെന്നാ പറഞ്ഞേ കുറുമാന്‍ജീ? കുറുപ്പിന്റെ ഉറപ്പ് എന്നത് മാറ്റി ഇനി കുറുമാന്റെ ഉറപ്പ് എന്നാക്കേണ്ടി വരുമോ? :)

26/8/08 8:41 AM
Mahesh said...
Sir, Please 3 divasamayi tension adichu 5 / 6 Kg kuranju ithonnu complete cheyyumo. Randam bhagam 10 thavana vayichu Pleseeeeeeeee suspense iniyum thangan vayya

26/8/08 9:20 AM
മേരിക്കുട്ടി(Marykutty) said...
aadyathe comment idunnathu vazhakku parayan vendi aayi poyi..kshamikku!!!

maryaadaykku moonam bhagam post cheytho...halle, manushyan ithum nokki irikkan thudangiyittu samnayam kurachaayi!

just kidding...

27/8/08 8:17 AM
jee said...
hi kuruman

28/8/08 11:58 AM
ജിവി said...
എവിടെ സര്‍?

29/8/08 11:43 PM
paarppidam said...
യൂറോപ് സ്വപ്നങ്ങൾ എന്ന ഒന്നാം തരം “നുണ” എഴുതിപിടിപ്പിച്ച് വായനക്കാരനെ മുൾമുനയിൽ നിർത്തിയ നിങ്ങൾക്ക് ഇതല്ല ഇതിലപ്പുറവും എഴുതാൻ പറ്റും....പകുതി വായിച്ചു ഭാക്കി ബസ്സിൽ വച്ചാകാം...

31/8/08 12:30 PM
മേഘമല്‍ ഹാര്‍ said...
very very good

1/9/08 11:58 AM
മേഘമല്‍ ഹാര്‍ said...
very very good

1/9/08 11:58 AM
oohari said...
നല്ല കഥ! പിന്നെ പിതാവും പുത്രനും കൂടി സ്മാളടിക്കും അല്ലെ? ഭാഗ്യവാൻ!

1/9/08 12:16 PM
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
കുറുമാനേ.. വീലങ്ങന്‍ കുന്നില്‍ ടൂറിസ്റ്റ് ബംഗ്ലാവ് ഇല്ല. പിന്നെ അവിടെ 24 മണിക്കൂറും സെകുരിറ്റി ഉണ്ട്. വെള്ളം കളി അവിടെ പ്രോത്സാഹിപ്പിക്കുന്നില്ല. (ഏത് കാലത്താണ് പോയത്?)
എന്റെ വീട് വിലങ്ങന്‍ കുന്നിനടുത്താണ്.

എന്തായാലും സംഭവം നന്നാവുന്നുണ്ട്.

2/9/08 9:36 PM
കുറുമാന്‍ said...
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
കുറുമാനേ.. വീലങ്ങന്‍ കുന്നില്‍ ടൂറിസ്റ്റ് ബംഗ്ലാവ് ഇല്ല. പിന്നെ അവിടെ 24 മണിക്കൂറും സെകുരിറ്റി ഉണ്ട്. വെള്ളം കളി അവിടെ പ്രോത്സാഹിപ്പിക്കുന്നില്ല. (ഏത് കാലത്താണ് പോയത്?)
എന്റെ വീട് വിലങ്ങന്‍ കുന്നിനടുത്താണ്.


രാ‍മചന്ദ്രന്‍ മാഷെ, വിലങ്ങന്‍ കുന്നില്‍ ടൂറിസ്റ്റ് ബംഗ്ലാവാണോ, അതോ ഉള്ളില്‍ ഉള്ള്ലത് ഗസ്റ്റ് ഹൌസാണോ, അതോ സെക്യൂരിറ്റിക്കാര്‍ താ‍ാമസിക്കുന്ന വെറും വീടാണോ എന്ന് രാത്രിയില്‍ അറിഞ്ഞില്ല. ആളുകള്‍ക്കിരിക്കാനുള്ള്ല ബെഞ്ചൊക്കെ വാര്‍ത്ത ഒരു മണ്ഠപം പോലെയുള്ള സ്ഥലത്താണിരുന്നത്. പിന്നെ 24 മണിക്കൂറും സെക്ക്യൂരിറ്റി ഉണ്ടായിരിക്കണം,അത്കൊണ്ടാണല്ലോ ഗെയിറ്റിലൂടെ അല്ലാതെ അതിന്റെ സൈഡില്‍ ഉണ്ടായിരുന്ന സ്ഥലത്തുകൂടെ വണ്ടി കല്ലു മാ‍റ്റി ഞങ്ങള്‍ക്ക് ഉള്ളിലൂട്റ്റെ കയറാന്‍ കഴിഞ്ഞത്. വെള്ള്ം കളി അവിടെ പ്രോത്സാഹിപ്പിക്കില്ല എന്ന് പിടിച്ചപ്പോഴല്ലെ അറിഞ്ഞത്. എന്തായാ‍ാലും ബാക്കി സംഭവിച്ചത് ഉടന്‍ തന്നെ റിലീസാവും.

അവിടുന്ന് എന്റെ വീട്ടിലേക്കും അത്രവലിയ ദൂരമില്ല :)

3/9/08 12:56 PM
കാപ്പിലാന്‍ said...
എവിടെ baakki ?

4/9/08 6:52 PM
റാഷീദ് said...
ijjebide?

6/9/08 11:17 AM
ഹരിയണ്ണന്‍@Hariyannan said...
ഒരു പ്രേതകഥ വായിക്കുന്നതിനേക്കാള്‍..
ഒരു കഥ വായിക്കുന്നതിനേക്കാള്‍...
ഒരു പ്രേതത്തെ വായിച്ചെടുക്കാനും കാണാനും കാത്തിരിക്കുന്നു...
:)

6/9/08 3:13 PM
മാണിക്യം said...
71..
കുറുമാനേ മൂന്നാമന്‍ കൂടി വന്നിട്ട്
വാ‍യിയ്ക്കാം എന്നുകരുതി ഞാന്‍
കാത്തിരുന്നു പലവട്ടംവന്നു നോക്കി
ഒരു നല്ല സംഭാരം കുടിച്ചിട്ട് ബാക്കി കൂടി
ഇറക്കി വിടുക യക്ഷിയോ പക്ഷിയോ?

6/9/08 7:50 PM
മന്ത്രജാലകം said...
നല്ല രസകരമായി കഥ പറഞിരിക്കുന്നു..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.......

6/9/08 11:36 PM
ഉദാസീനത(കുറുമാന്‍സ് ഗാല്‍ഫ്രെന്‍ഡ്) said...
ഉദാസീനത(കുറുമാന്‍സ് ഗാല്‍ഫ്രെന്‍ഡ്)
കുറുമാന്‍ തോന്ന്യാശ്രമത്തില്‍ തേങ്ങയടിയും അല്പസ്വല്പം ജീവകാരുണ്യവുമൊക്കെയാണ്. പ്രേതം ക്യാന്‍ വെയ്റ്റ് ഫോര്‍ സം റ്റൈം.

ഓണത്തോടെ പ്രേതം കല്ലറ തുറന്നു വന്നേക്കും..

7/9/08 3:17 PM
അനൂപ്‌ കോതനല്ലൂര്‍ said...
ഞാനാണെല് പ്രേതകഥയെഴുതി പേടിച്ചിട്ട്
പാതി വഴി നിറുത്തിതാണ് ആലത്തറകാവ്.ബൂലൊകത്തെ മിക്കവാറും പേരുണ്ടായിഒരുന്നു അതില്.കുറുമാന് മാഷെ ചുമ്മാ
പേടിപ്പിക്കല്ലെ എന്റെ രൂപം കണ്ടിട്ട് ഞാ‍ന് പേടിച്ചിരിക്കുവാ പിന്നെയാ