Friday, October 26, 2007

പദ്മിനിയുടെ ഓര്‍മ്മകുറിപ്പുകള്‍

റിട്ടയര്‍ ചെയ്യാനായി വെറും രണ്ടേ രണ്ട് മാസത്തോളം മാത്രം കാലാവധി ബാക്കി നില്‍ക്കേയാണ് ഡൊമിനിയുടെ അച്ഛന് ആ പൂതി തോന്നിയത്. പുതിയതല്ലെങ്കിലും ഒരു കാറ് വാങ്ങണം.

പിന്നീട് വന്ന ദിവസങ്ങളില്‍ ഊണിലും, ഉറക്കത്തിലും, അച്ഛന്റെ മനക്കണ്ണിനു മുന്‍പില്‍ തെളിഞ്ഞ ടി വി സ്ക്രീനില്‍ കാണിച്ച അഥവാ കണ്ട ഒരേ ഒരു കാഴ്ച, സ്വന്തം കാറില്‍ വിശാലമായ തൃശ്ശൂര്‍ റൌണ്ട് എബൌട്ടിനു ചുറ്റും ചന്നം പിന്നം ചീറി പായുന്നതായിരുന്നു.

ശനിയാഴ്ച വൈകീട്ട് ബാങ്കില്‍ നിന്ന് വരുന്ന വഴി ബാങ്കുമാനേജരായ ഡൊമിനിയുടെ അച്ഛന്‍ തന്റെ പ്രിയ സുഹൃത്തും വില്ലേജോഫീസറുമായ ജോസിന്റെ വീട്ടില്‍ കയറി. പതിവു പോലെ തന്നെ അല്പം സമയം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും മറ്റും ചര്‍ച്ചചെയ്യുക തന്നെയാണ് ലക്ഷ്യം. പക്ഷെ അല്പം നേരത്തെ നാട്ടുകാര്യങ്ങള്‍ക്ക് ശേഷം ഡൊമിനിയുടെ അച്ഛന്‍ ജോസേട്ടനോട് കാറ് വാങ്ങാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞു.

ഇതെന്തൊരു മായം കര്‍ത്താവേ? ഞാനും ഇങ്ങനെ ഒരു സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായി ജോസേട്ടന്‍ തന്റെ മനസ്സ് തുറന്നു.

എങ്കില്‍ നമുക്ക് ആദ്യം തന്നെ ഡ്രൈവിങ്ങ് പഠിക്കാം രണ്ട് പേരും തീരുമാനമെടുത്തു. എവിടെ പഠിക്കണം എന്ന കാര്യത്തില്‍ ഇരുവര്‍ക്കും യാതൊരു കണ്‍ഫ്യൂഷനും ഉണ്ടായിരുന്നില്ല. ടൌണില്‍ ഡ്രൈവിങ്ങ് സ്കൂള്‍ നടത്തുന്ന ഇരുവരുടേയും ചങ്ങാതിയായ സുരേന്ദ്രന്റെ ഡ്രൈവിങ്ങ് സ്കൂളില്‍.

ശനിയാഴ്ച രാവിലെ തന്നെ രണ്ട് പേരും ടൌണിലുള്ള സുരേന്ദ്രന്റെ ഡ്രൈവിങ്ങ് സ്കൂളില്‍ എത്തിയതും, കൌണ്ടറില്‍ ഇരിക്കുകയായിരുന്ന സുരേന്ദ്രന്‍ അവരെ രണ്ടു പേരേയും ഊഷ്മളമായി വരവേറ്റു.

എന്താ രണ്ട് പേരും കൂടി പതിവില്ലാതെ ഈ വഴിക്ക്? സുരേന്ദ്രേട്ടന്‍ അത്ഭൂതം കൂറി.

അത് സുരേന്ദ്രാ, ഞങ്ങള്‍ക്ക് റിട്ടയര്‍ ചെയ്യാന്‍ ഇനി രണ്ട് മാസം കൂടിയല്ലെ ഉള്ളൂ. അത് കഴിഞ്ഞാല്‍ രാവിലെ മുതല്‍ വൈകീട്ട് വരെ വീട്ടില്‍ വെറുതെ ഇരിക്കാന്ന് പറഞ്ഞാല്‍ മഹാ മടുപ്പാവില്ലെ? അപ്പോ ഒരു കാറെങ്ങാനും, വാങ്ങിയാല്‍ മക്കളേം, മരുമക്കളേം ഒക്കെ കുട്ടി ഇടക്കിടെ എങ്ങോട്ടെങ്കിലും കറങ്ങാലോ?

അത് ശര്യാ, നല്ല കാര്യം തന്നെ. അപ്പോ ഞാന്‍ എന്താ ചെയ്യണ്ടേ?

അത് നല്ല ചോദ്യായല്ലോ സുരേന്ദ്രാ? സ്കൂട്ടറല്ലാതെ ഞങ്ങള്‍ക്ക്, കാറോടിക്കാന്‍ അറിയില്ല്യാന്ന് തനിക്കറിയാല്ലോല്ലെ?

പിന്നെന്താ അറിയാണ്ട്. നല്ല കാലത്ത് ഡ്രൈവിങ്ങ് പഠിക്കാന്‍ പറഞ്ഞ് നിങ്ങളുടെ രണ്ടാളുടേം പിന്നാലെ നടന്ന് നടന്ന് എന്റെ ചെരിപ്പെത്ര തേഞ്ഞേക്കുണു. ഇപ്പോ എന്താ വേണ്ടേ? നല്ല ഡ്രൈവറേ വേണോ?

അതല്ലടോ. ഞങ്ങള്‍ക്ക് ഡ്രൈവിങ്ങ് പഠിക്കണം.

ചുറ്റുവട്ടത്തും ആളില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം സുരേന്ദ്രന്‍ പറഞ്ഞു.......ദൈവമേ, ഈ വയസ്സാന്‍ കാലത്ത് തന്നെ കാറോടിക്കാന്‍ പഠിക്കണോ?

അതെന്താടോ അങ്ങനെ? ഈ പ്രായത്തില്‍ എന്താ ഡ്രൈവിങ്ങ് പഠിക്കാന്‍ പറ്റില്ല്യേ? അമേരിക്കയിലൊക്കെ ആളുകള്‍ എഴുപതും എണ്‍പതും വയസ്സിലാ പ്ലെയിനോടിക്കാന്‍ പോലും പഠിക്കുന്നത്! പിന്നെയാ കാറ്? ഡൊമിനിയുടെ അച്ഛന്‍ ലോകവിവരം പുറത്തെടുത്ത് നിവര്‍ത്തിവച്ചു.

അമേരിക്ക എന്നൊക്കെ കേട്ടപ്പോള്‍ അഭിമാനിയായ സുരേന്ദ്രന്‍ പറഞ്ഞു, ഞാന്‍ ഏറ്റെന്നേ. ഇതെന്റെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്.

എങ്കില്‍ എന്നാ ക്ലാസ്സ് തുടങ്ങണെ? ആരാ പഠിപ്പിക്കുന്നത്? ദാ പിടിച്ചോ അഡ്വാന്‍സ്, പോക്കറ്റില്‍ നിന്നും അഡ്വാന്‍സെടുത്ത് സുരേന്ദ്രന് നല്‍കിയതിനൊപ്പം രണ്ട് പേരും ഒരേ സ്വരത്തില്‍ ചോദിച്ചു.

വാങ്ങിയ കാശിന് റസീറ്റ് എഴുതുന്നതിനൊപ്പം തന്നെ സുരേന്ദ്രന്‍ പറഞ്ഞു, ഇന്ന് തന്നെ ക്ലാസ്സ് തുടങ്ങാം. പിന്നെ അഞ്ചാറ് ഡ്രൈവറുമാരുണ്ട് ഇവിടെ പഠിപ്പിക്കാന്‍, പക്ഷെ അവരൊക്കെ ചെറുപ്പമാ, ചോരതിളപ്പേറിയവര്‍. അവര്‍ നിങ്ങളെ പഠിപ്പിച്ചാല്‍ ശരിയാവില്ല. അഞ്ചാറ് വര്‍ഷമായി ആരേയും ഞാന്‍ പഠിപ്പിക്കാറില്ല പക്ഷെ നമ്മള്‍ സമപ്രായക്കാരും, സുഹൃത്തുക്കളുമായിപോയില്ലെ? ഞാന്‍ തന്നെ നിങ്ങളെ പഠിപ്പിക്കാം. രണ്ടേ രണ്ട് മാസം കൊണ്ട് ഡ്രൈവിങ്ങ് പഠിപ്പിച്ച് നിങ്ങള്‍ക്ക് ലൈസന്‍സെടുത്ത് കയ്യില്‍ തരുന്ന കാര്യം ഞാന്‍ ഏറ്റു.

അഭിമാനഭാരം താങ്ങാനാവാതെ രണ്ട് പേരുടേയും തല നിവര്‍ന്നു. പ്രാര്‍ത്ഥിക്കാനായ് കണ്ണടച്ചതും, രണ്ടു പേരുടേം മുന്നില്‍ തെളിഞ്ഞത് അതേ കാഴ്ച തന്നെ, സ്വന്തം കാറില്‍ വിശാലമായ തൃശ്ശൂര്‍ റൌണ്ട് എബൌട്ടിനു ചുറ്റും ചന്നം പിന്നം ചീറി പായുന്ന കാഴ്ച.

ഐശ്വര്യമായി അവര്‍ രണ്ട് പേരും അന്നു മുതല്‍ സുരേന്ദ്രന്റെ ശിഷ്യത്വം സ്വീകരിച്ച് മഹത്തായ ഡ്രൈവിങ്ങ് പഠനം തുടങ്ങി.

ആഹ്ലാദപൂര്‍വ്വം വീട്ടിലെത്തിയതും, ഡൊമിനിയുടെ അച്ഛന്‍ ഡെല്‍ഹിയിലുള്ള ഡൊമിനിക്ക് ഫോണ്‍ ചെയ്തു.

ഡാ, നമുക്ക് ഒരു കാറ് വാങ്ങണം. ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് തുടങ്ങി. നീയും വേഗം ഡ്രൈവിങ്ങ് പഠിച്ചോ.

അതിനെന്താ അച്ഛാ, ഞാന്‍ എപ്പോ പഠിച്ചൂന്ന് ചോദിച്ചാല്‍ പോരെ. പിന്നെ സെക്കന്റ് ഹാന്റ് കാറൊക്കെ ഡെല്‍ഹിയില്‍ മഹാ ചീപ്പാ. ഒന്നാഞ്ഞ് തപ്പിയാല്‍ ചിലപ്പോള്‍ വെറുതേയും കിട്ടും. അച്ഛന്‍ ആദ്യം ലൈസന്‍സെടുക്ക് കാറിന്റെ കാര്യമൊക്കെ ഞാന്‍ നോക്കികൊള്ളാം, അച്ഛന്‍ കാശിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി.

ഡ്രൈവിങ്ങ് പഠനം മുറക്ക് നടന്നുകൊണ്ടിരുന്നു. പഠിച്ച്, പഠിച്ച്, മാസങ്ങള്‍ രണ്ട് കഴിഞ്ഞു. ഡൊമിനിയുടെ അച്ഛനും, ജോസേട്ടനും ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. മാസം പിന്നേയും ഒന്നു കഴിഞ്ഞു. മൂന്ന് മാസത്തെ മഹത്തായ ഡ്രൈവിങ്ങ് പഠനത്തിന്റെ ഗുണം മൂലം രണ്ട് പേരും ക്ലച്ചില്‍ നിന്നും കാലെടുത്ത് വണ്ടി മുന്നോട്ട് ചാടിക്കാന്‍ പഠിച്ചു എന്നല്ലാതെ വണ്ടി മുന്നോട്ട് ഓടിക്കാന്‍ പഠിച്ചില്ല എന്ന് മാത്രമല്ല പകരം രണ്ട് പേരേയും പഠിപ്പിച്ച്, പഠിപ്പിച്ച് സുരേന്ദ്രേട്ടന്‍ ഡ്രൈവിങ്ങ് മറക്കാനും തുടങ്ങി.

സ്വപ്നം ചിലപ്പോള്‍ ഫലിക്കും, ദൈവഹിതം ആര്‍ക്കും തടുക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് വെറുതെയല്ല എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപെടുത്തികൊണ്ട് ആറാം മാസത്തിന്റെ അവസാന ബുധനാഴ്ച ഒമ്പത് മണിക്ക്, ഒമ്പതാമത്തെ ടെസ്റ്റ് നല്‍കി രണ്ടു പേരും എല്‍ എം വി, അഥവാ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ്ങ് ലൈസന്‍സ് കരസ്ഥമാക്കി.

അന്ന് വരുന്നവഴി വലിയാലക്കലുള്ള ജയബേക്കറിയില്‍ നിന്നും ലഡ്ഡു, ജിലേബി,മൈസൂര്‍പാക്ക്, പേഠ, നാങ്കട്ട്, തുടങ്ങി അസ്സോര്‍ട്ടഡ് സ്വീറ്റ്സ് അഞ്ച് കിലോ വാങ്ങിയിട്ടാണ് ഡൊമിനിയുടെ അച്ഛന്‍ വീട്ടിലേക്ക് വന്നത്.

വന്നതും അയല്പക്കത്തൊക്കെ സ്വയം ചെന്ന് സ്വീറ്റ്സ് വിതരണം ചെയ്തു.

സ്വീറ്റ്സ് വാങ്ങിയവര്‍ വാങ്ങിയവര്‍ ചോദിച്ചു, എന്താ ഡൊമിനീടെ കല്യാണം ഉറപ്പിച്ചോ? എവിടുന്നാ പെണ്ണ്?

അയ്യേ, ഇത്ര ചെറിയ പ്രായത്തിലോ? ഇതതൊന്നുമല്ല. എനിക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയതിന്റെ സന്തോഷം നിങ്ങളൊക്കെയൊത്ത് പങ്ക് വക്കുന്നതല്ലെ. ഇത് വെറുതെ സാമ്പിള്‍. ഇനി കാറൊരെണ്ണം വാങ്ങിയിട്ട് ബാക്കി ചിലവ്.

സ്വീറ്റ്സ് വിതരണം കഴിഞ്ഞ് വന്നതും അച്ഛന്‍ ഡെല്‍ഹിക്ക് എസ് ടി ഡി കറക്കി.

ഡാ, എനിക്ക് ലൈസന്‍സ് കിട്ടി. നമുക്ക് പെട്ടെന്ന് കാറ് വാങ്ങണം.

അടിപൊളി. കാറൊക്കെ നമുക്ക് വാങ്ങാം.

എങ്കില്‍ നീ മാരുതിയോ, ഫിയറ്റോ നോക്ക്. എന്തായാലും അംബാസഡര്‍ വേണ്ടേ വേണ്ട.

മാരുതിയെങ്കില്‍ മാരുതി, ഫിയറ്റെങ്കില്‍ ഫിയറ്റ്, ബെന്‍സെങ്കില്‍ ബെന്‍സ്. ഒക്കെ അച്ഛന്റെ ഇഷ്ടം. അച്ഛന്‍ കാശിങ്ങോട്ടയക്ക്. വണ്ടി എപ്പോ വാങ്ങീന്ന് ചോദിച്ചാല്‍ പോരെ?

ശരി, നീ നല്ല വണ്ടി നോക്കി വക്ക്. കാശൊക്കെ ഞാന്‍ അയക്കാം. ങ്ഹാ, പിന്നെ എന്തായി നിന്റെ ഡ്രൈവിങ്ങ് പഠനം?

ഇവിടെ അതൊക്കെ ഈസിയല്ലെ അച്ഛാ. ഒരു ആയിരത്തിച്ചില്ല്വാനം രൂപ. പതിനഞ്ചേ പതിനഞ്ച് ദിവസം. ബസ്, ഇത്രയും മതി. ലൈസന്‍സ് എപ്പോ കിട്ടീന്ന് ചോദിച്ചാല്‍ പോരെ?

അന്നത്തെ ടെലിഫോണ്‍ സംഭാഷണം അവിടെ തീര്‍ന്നു.

ജോലി കഴിഞ്ഞ് ഞാനും, ആദികുറുമാനും വൈകുന്നേരം മുറിയിലെത്തിയപ്പോള്‍ ഡൊമിനി അച്ഛനു ലൈസന്‍സ് കിട്ടിയകാര്യം പറഞ്ഞു, ഒപ്പം തന്നെ ഒരു സെക്കന്റ് ഹാന്റ് കാര്‍ അച്ഛന് വേണ്ടി ഉടന്‍ തന്നെ വാങ്ങണം എന്നും പറഞ്ഞു.

പിറ്റേന്ന് മുതല്‍ ഊര്‍ജിതമായി ഞങ്ങള്‍ മൂവരും വണ്ടി വേട്ട തുടങ്ങി.

തൊണ്ണൂറ്റി ഒന്ന് - തൊണ്ണൂറ്റി രണ്ടാണ് കാലഘട്ടം. സെക്കന്റ് ഹാന്റ് മാരുതികളുടെ വില്പന അത്ര പ്രചുര പ്രചാരത്തിലില്ല. ഉള്ളതിനാണെങ്കില്‍ ഹോസ്പിറ്റല്‍ സ്വന്തമായുള്ള ഡോക്ടറായ അച്ഛന്റെ ഡോക്ടറായ മകന്‍ കല്യാണ കമ്പോളത്തില്‍ വില്പനക്കായി എത്തിപെട്ടപോലെയും. മുടിഞ്ഞ ഡിമാന്റ്. എപ്പോ, ആര്, കൊത്തികൊണ്ട് പോയെന്ന് ചോദിച്ചാല്‍ മതി.

അംബാസഡറിന്റെ കാര്യമാണെങ്കിലോ? എവിടെതിരിഞ്ഞൊന്ന് നോക്കിയാലും കാണുന്നതെല്ലാം വില്പനക്ക്! പക്ഷെ ഡൊമീനീടച്ഛന് അംബനോട് വലിയ താത്പര്യമില്ലാന്നല്ല ഒട്ടും താത്പര്യമില്ല താനും.

പിന്നെയുള്ളത് നമ്മുടെ അന്തകാല ഡോക്ടേര്‍സിന്റെ ഫേവറിറ്റായ പദ്മിനിമോളാ. അവളാണെങ്കിലോ എണ്ണത്തില്‍ തുച്ഛവും.

എന്തായാലും ഡൊമിനിയുടെ അച്ഛനു ചേര്‍ന്നതും കൈപ്പിടിയില്‍ ഒതുങ്ങന്നതും പദ്മിനി തന്നെ എന്ന് ഒരാഴ്ചക്കൂള്ളിലെ മാര്‍ക്കറ്റ് റിസേര്‍ച്ചില്‍ ഞങ്ങള്‍ കണ്ടെത്തി. പിന്നെയങ്ങോട്ട് പദ്മിനിയെ ചുറ്റിപറ്റിയായി ഞങ്ങളുടെ അന്വേഷണം.

ഐ എന്‍ എ മാര്‍ക്കറ്റിലായാലും, സരോജിനി നഗര്‍ മാര്‍ക്കറ്റിലായാലും, ആര്‍ കെ പുരം അയ്യപ്പ മന്ദിറിലായാലും, പാര്‍ക്കിങ്ങിലായാലും, പാര്‍ക്കിന്റെ മുന്‍പിലായാലും, സിനിമാ തിയറ്ററിനു മുന്‍പിലായാലും, എന്തിന് ബാറിന്റെ മുന്‍പില്‍ വച്ചു പോലും പദ്മിനിയെ കണ്ടാല്‍ ഞങ്ങള്‍ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ അടുത്ത് ചെന്ന് തൊട്ടു നോക്കി, മെല്ലെ ഉഴിഞ്ഞു. ശരീരത്തില്‍ ചുളിവുകളുണ്ടോ എന്ന് ചാഞ്ഞും, ചരിഞ്ഞും നോക്കി. കിട്ടുമോ എന്നറിയാതെ വെറുതെ നോക്കികണ്ട് നിരാശരായി മടങ്ങേണ്ടി വന്ന അവസരങ്ങള്‍ നിരവധി. പറഞ്ഞ പണം അധികമായതിനാല്‍ നമുക്ക് ചേര്‍ന്നതല്ല എന്ന് തീരുമാനിച്ചത് അതിലേറെ.

ദിനങ്ങളും വാരങ്ങളും കൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു. ഡൊമിനിയുടെ അച്ഛന്‍ ഞങ്ങള്‍ക്ക് ചെയ്യുന്ന എസ് ടി ഡി കോളുകളുടെ എണ്ണവും വര്‍ദ്ധിച്ച് വന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ദിവസം ഡൊമിനിയുടെ അച്ഛന്റെ ഫോണ്‍ വന്നപ്പോള്‍ ഡൊമിനിയുടെ പറച്ചില്‍ കേട്ട് ഞങ്ങള്‍ ഞെട്ടി.

ഹലോ, ങ്ഹാ അച്ഛാ.

ഉവ്വ്, ശരിയായിട്ടുണ്ട്.

പദ്മിനിയാ.

ചോദിക്കാനുണ്ടോ, അടിപൊളി. എന്തായാലും അച്ഛന്‍ ഒരു അമ്പതിനായിരം അയക്ക്.

ഫോണ്‍ കട്ട് ചെയ്ത് ഡൊമിനി ഞങ്ങളെ ദയാപൂര്‍വ്വം നോക്കി. ഇനിയെന്ത് എന്നര്‍ത്ഥത്തില്‍.

സാരമില്ല നമുക്ക് നമ്മുടെ വേട്ട ഒന്നുകൂടി കൊഴുപ്പിക്കാം എന്ന് പറഞ്ഞ് ഡൊമിനിയെ ഞങ്ങള്‍ സമാധാനിപ്പിച്ചെങ്കിലും, അഞ്ചാം പക്കം ഡൊമിനിയുടെ ബാങ്ക് അക്കൌണ്ടില്‍ അമ്പതിനായിരത്തി ഒരുന്നൂറ്റി മൂന്ന് രൂപ ബാലന്‍സ് കണ്ടപ്പോള്‍ (അമ്പതിയിരം അച്ഛന്‍ അയച്ചതും, നൂറ്റി മൂന്നു രൂപ അവന്റെ സമ്പാദ്യവും) ഡൊമിനിയുടെ ടെന്‍ഷന്‍ കൂടി.

അങ്ങനെ ഫുള്‍ പ്രെഷറില്‍ ഇരിക്കുന്ന സമയത്താണ് ഡൊമിനീടച്ഛന്‍ കൊതിച്ചതും പദ്മിനി, ആദികുറുമാന്റെ ബോസ്സ് വില്‍ക്കാന്‍ പോകുന്നു എന്ന് കല്‍പ്പിച്ചതും പദ്മിനി!

നിറമല്‍പ്പം കുറവായാലെന്താ, റോഡിലിറങ്ങിയപ്പോള്‍ മുതല്‍ ഒരേ ഒരാളുടെ കൈവശം മാത്രം. അന്യനൊരാള്‍ ഒരിക്കല്‍ പോലും കയറിയിറങ്ങിയിട്ടില്ല. രണ്ടാമതൊരാള്‍ വെറുതെ ഹോണില്‍ പോലുമൊന്ന് ഞെക്കിയിട്ടില്ല. അവളെ കിട്ടിയാല്‍ ഭാഗ്യമാ. ഞാന്‍ പറഞ്ഞാല്‍ റേറ്റൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്യും. ബോസിന്റെ പദ്മിനിയെകുറിച്ച് ആദി തോരാതെ ആദി സംസാരിച്ചു.

ആദിയുടെ സംസാരരീതി വച്ച് പുള്ളിക്കാരന് ഈ ഡിലിങ്ങില്‍ വല്ല കമ്മീഷനും ഉണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കാതിരുന്നില്ല. എങ്കിലും ശരി, കണ്ടിട്ട് തീരുമാനിക്കാം, വേണോ വേണ്ടയോ എന്ന തീരുമാനത്തിന്‍ പ്രകാരം വ്യാഴാഴ്ച ഓഫീസില്‍ നിന്നും ആദി കുറുമാന്‍ ഫോണ്‍ ചെയ്തത് പ്രകാരം, സൂര്യന്‍ അസ്തമിക്കാന്‍ രണ്ട് മൂന്നു മണിക്കൂര്‍ നേരമുള്ളപ്പോള്‍ തന്നെ ഓഫീസില്‍ നിന്നും നേരത്തേ വലിഞ്ഞ്, ഞാനും ഡൊമിനിയും ഗ്രേറ്റര്‍ കൈലാഷിലേക്ക് പാഞ്ഞു (വാങ്ങാനായി വണ്ടി നോക്കണമെങ്കില്‍ സൂര്യപ്രകാശത്തിന്റെ വെളിച്ചത്തില്‍ തന്നെ നോക്കണം എന്ന് ഞാന്‍ അന്നേ പഠിച്ചിരുന്നു).

ചെന്നു കണ്ടു, കീഴടക്കി. അഞ്ചെട്ട് വര്‍ഷമായി വെയില് കൊള്ളുന്നതിനാല്‍ നിറമല്പം കുറവാണ് എന്നൊരു കുറ്റം മാത്രം.

വില പേശി, പേശി നാല്പതിനായിരം രൂപക്ക് ഡീല്‍ ഉറപ്പിച്ചു. അഡ്വാന്‍സും കൊടുത്തു. പിറ്റേന്ന് വെള്ളിയാഴ്ച ഓഫീസില്‍ എത്തി ലീവ് എടുത്ത് വരാം എന്നും, അതിനുശേഷം വണ്ടിയുടെ റെജിസ്ട്രേഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞുറപ്പിച്ചതിനുശേഷം സന്തോഷപൂര്‍വ്വം ഞങ്ങള്‍ ഫ്ലാറ്റിലേക്ക് നീങ്ങി. പോകുന്ന വഴി പദ്മിനിയെ കിട്ടിയ സന്തോഷം പങ്കിടാന്‍ ഷെയ്ക്ക്സറായില്‍ നിന്ന് ത്രിഗുണനേയും കൂട്ടി.

ത്രിഗുണനുമൊത്തിരുന്ന് സംസാരിക്കുന്നതിനിടയില്‍ വണ്ടി വാങ്ങിയാല്‍ നാളെ വൈകീട്ട് പോകേണ്ട ട്രിപ്പിനെ കുറിച്ച് മൂന്ന് പേരും തര്‍ക്കമായി. ഹരിദ്വാര്‍ മതിയെന്ന് ഡൊമിനി,വേണ്ട മസൂറി മതിയെന്ന് ആദിയും, ജയ്പ്പൂര്‍ മതിയെന്ന് ഞാനും. തര്‍ക്കം മൂത്തപ്പോള്‍ പതിവുപോലെ നറുക്കെടുക്കാം എന്നൊത്തുതീര്‍പ്പില്‍ എത്തിയത് മൂലം നറുക്കെടുത്തു. നറുക്ക് വീണത് മസൂറിക്ക്. പോകാനുള്ള സ്ഥലത്തിനൊരു തീരുമാനമായതിനാല്‍ ബാക്കിയുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ച കടന്നു.

ശനിയാഴ്ച എല്ലാവരും ലീവെടുക്കുകയാണെങ്കില്‍, വെള്ളിയാഴ്ച രാത്രി തന്നെ മസൂറിക്ക് പോകാം, ശനിയാഴ്ച പതിനൊന്ന് പന്ത്രണ്ട് മണിക്ക് മസൂറിയിലെത്തും, അന്നവിടെ തങ്ങി, പിറ്റേന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മടങ്ങിയാല്‍ പാതിരാത്രി വീട്ടിലെത്തിചേരാം, പിറ്റേന്ന് ജോലിക്കും പോകാം, ഞാന്‍ നയം വ്യക്തമാക്കി.

എന്റെ അഭിപ്രായത്തിനെ രണ്ട് പേരും അനുകൂലിച്ചതിനാല്‍ അന്നത്തെ ചര്‍ച്ച അവിടെ തീര്‍ന്നു. ചര്‍ച്ചമൂലം അത്താഴം ഒന്നും വക്കാത്തതിനാലും, വണ്ടി വാങ്ങിയതിന്റെ ട്രീറ്റ് വേണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചതിനാലും, സ്കൂട്ടാവാന്‍ വേറെ യാതൊരു നിവൃത്തിയില്ലാത്തിനാലും ഡൊമിനി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഞങ്ങളെ സാക്കേത്തിലെ, ഗുരുചരണ്‍ സിങ്ങിന്റെ ഡാബയിലേക്ക് നയിച്ചു. ത്രിഗുണബലത്താല്‍, വെറും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം നല്ലൊരു ബില്ല് ഡൊമിനിയെകൊണ്ട് കൊടുപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ ഫ്ലാറ്റിലേക്ക് മടങ്ങി.

പതിവുപോലെ ഞാനും ഡൊമിനിയും ഒരോഫീസിലേക്കും, ആദി ആദിയുടെ ഓഫീസിലേക്കും പോയി. അല്പം പണികള്‍ ചെയ്തതിനു ശേഷം, പുറം പണിക്കായി ഇറങ്ങുന്നതിനു മുന്‍പ്, മാനേജരായ പിള്ള സാറിനോട് ശനിയാഴ്ച അമ്മായിയുടെ മോളുടെ മോന്റെ ചോറൂണായതിനാല്‍ (ആറ് വയസ്സ് കഴിഞ്ഞ അവന്‍ ഉണ്ണാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ചര കഴിഞ്ഞിരുന്നു അപ്പോള്‍)‌ അവധി വേണമെന്നും പറഞ്ഞ് അവധി വാങ്ങി പുറത്തിറങ്ങി.

ബാങ്കിലും, ടെക്സൈല്‍ കമ്മിറ്റിയിലും, ഏ ഇ പി സിയിലും (അപ്പാരല്‍ എക്പോര്‍ട്ട് പ്രമോഷന്‍ കൌണ്‍സില്‍) മറ്റും ചെയ്യാനുണ്ടായിരുന്ന അത്യാവശ്യ പണികള്‍ എല്ലാം പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ത്തു. ബാക്കി പണികള്‍ അവിടെ ഉള്ള സുഹൃത്തുക്കളെ ഏല്‍പ്പിച്ചു. പന്ത്രണ്ട് മണിയോട് കൂട് ആര്‍ ടി ഓഫീസിലെത്തി. ചെന്നപ്പോള്‍ ആദിയുടെ ബോസ്സ് അവിടെ എത്തികഴിഞ്ഞിരുന്നു.

പന്ത്രണ്ടേ കാലായിട്ടും ഡൊമിനിയെ കാണുന്നില്ല. ഇന്ന് റെജിസ്ട്രേഷന്‍ നടന്നില്ലെങ്കില്‍ പിന്നെ രണ്ട് ദിവസം അവധിയാണ്, അങ്ങിനെ വന്നാല്‍ മസൂറി ട്രിപ്പ് ഗോപിയാകും എന്ന് മാത്രമല്ല എടുത്ത ലീവ് വീട്ടിലിരുന്ന് മുഷിഞ്ഞ് തീര്‍ക്കേണ്ടിയും വരും.

പ്ലാന്‍ ചെയ്ത പ്രകാരം പത്തര പതിനൊന്ന് മണിയോട് കൂടി ഡൊമിനിക്ക് ശക്തമായ വയറുവേദനയും അതിനെ തുടര്‍ന്ന് നിലക്കാത്ത വയറിളക്കവും വരേണ്ടതാണ്. വേദനയും വയറിളക്കവും സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ പതിനൊന്നേ മുക്കാലോട് കൂടി ഡോക്ടറെ കാണുവാനായി അവന്‍ ഓഫീസില്‍ നിന്ന് ഇറങ്ങേണ്ടതാണ്.

ദൈവമേ, ഇനി പ്ലാനിങ്ങ് എങ്ങാനും പൊളിഞ്ഞോ? പിള്ളസാറെങ്ങാനും വേദനിക്കുന്ന ഡൊമിനിയുടെ അവസ്ഥ കാണുവാന്‍ കഴിയാതെ അവനെയെങ്ങാനും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയോ? ഞാനും, ആദിയുടെ ബോസ്സും അക്ഷമരായി നില്‍ക്കുന്ന സമയത്ത്, ബൈക്ക് പാര്‍ക്ക് ചെയ്ത് പണസഞ്ചിയും തൂക്കി വിജയശ്രീ-ലളിതമാരുടെ മുഖഭാവത്തോടെ ഡൊമിനി നടന്നു വരുന്നത് കണ്ടതും ആശ്വാസമായി.

ബോസ്സിന് മുഴുവന്‍ പണവും എണ്ണികൊടുത്തുതിന് ശേഷം, ഏജന്റിനെ കണ്ട് കൈമടക്കെല്ലാം കൊടുത്തത്തിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ വണ്ടി ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടി.

ചാവി ഡൊമിനിക്ക് കൈമാറി ഞങ്ങള്‍ ഇരുവര്‍ക്കും ഷെയ്ക്ക് ഹാന്റ് നല്‍കി, പോകുവാന്‍ നേരം ബോസ്സ് പറഞ്ഞു, കുറച്ച് നാളായി ഓടാതെ കിടക്കുന്നതല്ലെ? ഓയിലും,വെള്ളവുമൊക്കെ ഒന്ന് ചെക്ക് ചെയ്യിച്ചോളൂ.

ഡ്രൈവിങ്ങ് അറിയാത്തതിനാല്‍ ഡ്രൈവിങ്ങ് അറിയുന്ന എനിക്ക് വണ്ടിയുടെ ചാവി ഒരാരാധനയോടെ ഡൊമിനി കൈമാറി. പദ്മിനിയില്‍ കയറി വലിയ ഗമയില്‍ ഞാന്‍ ഫ്ലാറ്റിലേക്ക് നീങ്ങി. ഇടക്കിടെ റിയര്‍വ്യൂ മിററിലൂടെ ഡൊമിനി എന്റെ പുറകിലായി (ബൈക്കില്‍) വരുന്നുണ്ട് എന്ന് ഉറപ്പാക്കി അല്പം അഹങ്കാരത്തോടെ ഞാന്‍ സീറ്റില്‍ ഇളകിയിരുന്നു.

വീട്ടിനു മുന്‍പില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നെഞ്ച് വിരിച്ച് ഞാന്‍ പുറത്തിറങ്ങി. ബൈക്ക് സ്റ്റാന്റിലിടുകയായിരുന്ന ഡൊമിനിയുടെ അടുത്തേക്ക് ഞാന്‍ കീചെയിന്‍ കയ്യിലിട്ട് ചുഴറ്റികൊണ്ട് ചെന്നു.

ഉം, എന്താ വണ്ടി സ്റ്റാന്റില്‍ വക്കുന്നേ?

പിന്നല്ലാതെ?

ആദിയുടെ ബോസ്സ് പറഞ്ഞത് കേട്ടില്ലെ? വണ്ടിയിലെ വെള്ളവും, ഓയിലുമൊക്കെ ചെക്ക് ചെയ്യണമെന്ന്?

അതിന് വര്‍ക്ക് ഷോപ്പില്‍ പോകേണ്ടേ?

വണ്ടിയോടിക്കാമെന്നറിമെന്നല്ലാതെ, വണ്ടിയുടെ ആന്തരികാവയവങ്ങളേകുറിച്ച് യാതൊരുവിധ ധാരണയും എനിക്കില്ലായിരുന്നുവെങ്കിലും, ഡൊമിനിയുടെ മുന്‍പില്‍ ആളാവാന്‍ പറ്റിയ സന്ദര്‍ഭം നഷ്ടപെടുത്താന്‍ അഹങ്കാരം മൂലം തയ്യാറായിരുന്നില്ലാത്തതിനാല്‍ ഞാന്‍ ചോദിച്ചു, ഹ ഹ, ഇത്ര ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ? അതൊക്കെ ഞാന്‍ ചെയ്തോളാം. നീ പോയി ഒരു രണ്ട് ലിറ്റര്‍ എഞ്ചിന്‍ ഓയില്‍ വാങ്ങിയിട്ട് വാ. നല്ല മുന്തിയത് തന്നെ വാങ്ങിക്കോ?

അല്ല കുറുമാനെ, നമുക്ക് വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്താല്‍ പോരെ?

ആനയേ വാങ്ങിയെന്ന് കരുതി ഒരു ദിവസം കൊണ്ട് വാങ്ങിയ ആള്‍ക്ക് ആ ആനയുടെ പാപ്പാന്‍ ആകാന്‍ കഴിയുമോ ഡൊമിനീ?

ഇല്ല.

എങ്കില്‍ അതു പോലെ തന്നെയാണ് ഈ വണ്ടിയുടെ കാര്യവും. വണ്ടി നീ വാങ്ങിയെന്നത് നേര്. പക്ഷെ ലൈസന്‍സില്ലാത്ത, ഡ്രൈവിങ്ങ് അറിയാത്ത നിനക്ക് വണ്ടി കിട്ടിയിട്ടെന്തു കാര്യം?

നിശ്ശബ്ദനായി ഡൊമിനി ബൈക്കുമെടുത്ത് പോയി. അരമണിക്കൂറിനകം, എഞ്ചിന്‍ ഓയിലും വാങ്ങി വന്നു.

വണ്ടി സ്റ്റാന്‍ഡില്‍ വച്ച് ഓയില്‍ എന്റെ കയ്യില്‍ നല്‍കിയപ്പോഴേക്കും ഞാന്‍ അടുത്ത കല്‍പ്പന പുറപ്പെടുവിച്ചു, ഇനി പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ട് വാ.

നിവൃത്തിയേതുമില്ലാത്തതിനാല്‍ പല്ലിറുമ്മികൊണ്ട് ഡൊമിനി മുറിയിലേക്ക് പോയി വെള്ളവുമായി വന്നു. ബക്കറ്റ് നിലത്ത് വെച്ചപ്പോള്‍ തുള്ളിതെറിച്ച വെള്ളത്തില്‍ നിന്നും ഡൊമിനിക്ക് എന്നോടുള്ള ദ്വേഷ്യത്തിന്റെ ആഴം എനിക്ക് മനസ്സിലായെങ്കിലും ഞാന്‍ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.

ഓയിലും വെള്ളവും ഒഴിക്കണമെങ്കില്‍ വണ്ടിയുടെ ബോണറ്റ് തുറക്കണം. അതിനായി ഞാന്‍ വണ്ടിയുടെ ഉള്ളില്‍ കയറി. തുറക്കാനുള്ള സ്വിച്ചും, ലിവറും തപ്പി തപ്പി പത്ത് മിനിറ്റായിട്ടും സംഭവം കണ്ട് കിട്ടിയില്ല.

എന്താടാ വണ്ടിയില്‍ ഇരുന്ന് നീ ഉറങ്ങിയാ?

ഡൊമിനി പകരം വീട്ടാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ മസ്തിഷ്കം എനിക്ക് സിഗ്നല്‍ തന്നു.

ചാഞ്ഞും, ചരിഞ്ഞും, നിലത്തിരുന്നും, സീറ്റില്‍ കിടന്നും പരിശോധിച്ചുകൊണ്ടിരിക്കുന്നതിന് പുറത്തേക്ക് നീണ്ടിരിക്കുന്ന അല്പം വളഞ്ഞ ഒരു കമ്പി കഷ്ണം കണ്ടപ്പോള്‍ വെറുതെ പിടിച്ചൊന്ന് വലിച്ചു. ക്ടിം മുന്നില്‍ നിന്നൊരു ശബ്ദം കേട്ടു.

തുറന്നൂഡാ എന്ന് ഡൊമിനി വിളിച്ച് പറഞ്ഞ പറഞ്ഞപ്പോള്‍ ബോണറ്റ് തുറക്കാനുള്ള സുനാള്‍ട്ട് കാണാതെ കൂരച്ച് തുടങ്ങിയ നെഞ്ച് വീണ്ടും വിരിച്ച് ഞാന്‍ പുറത്തിറങ്ങി.

അല്പം തുറന്ന് കിടക്കുന്ന ബോണറ്റിനിടയിലൂടെ കയ്യിട്ട് ബോണറ്റ് തുറക്കാന്‍ പിന്നേയും എടുത്തു ഒരു പത്ത് മിനിറ്റ്.

ബോണറ്റ് തുറന്നതും ആദ്യം തന്നെ ശ്രദ്ധയില്‍ പെട്ടത് തിരിച്ച് തുറക്കാവുന്ന ഒരടപ്പാണ്. ചലോ ഇത് തന്നെ വെള്ളമൊഴിക്കാനുള്ള സ്ഥലം. ഇടം വലം നോക്കാതെ, മറ്റൊന്നും ചിന്തിക്കാതെ, ബക്കറ്റില്‍ നിന്ന് ഒരു കപ്പ് വെള്ളമെടുത്ത് ഒഴിച്ചു. രണ്ടാമത്തെ കപ്പൊഴിക്കാന്‍ തുടങ്ങിയപ്പോഴേക്കും, തുളയില്‍ നിന്ന് കറുത്ത ഓയില്‍ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുകാന്‍ തുടങ്ങി.

എനിക്കും കണ്ടു നിന്ന ഡൊമിനിക്കും സംഭവം പെട്ടെന്നോടി. എഞ്ചിന്‍ ഓയിലൊഴിക്കേണ്ടിടത്താണ് ഞാന്‍ വെള്ളം ഒഴിച്ചിരിക്കുന്നത്.

എന്തിനും വണ്ടിയൊന്ന് സ്റ്റാര്‍ട്ട് ചെയ്ത് നോക്കാം എന്ന് കരുതി, ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങി.

കറ ഘറ, കറ ഘറ, കറ ഘറ, കറ ഘറ ഘറ ഘറ എന്ന ശബ്ദമല്ലാതെ വണ്ടി സ്റ്റാര്‍ട്ടാവുന്ന ലക്ഷണമില്ല. അഹങ്കാരം നഷ്ടപെട്ട് അഹംഭാവം തെല്ലുമില്ലാതെ ഞാന്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയതും, അവന്റെ കമന്റ്, ഭാഗ്യം, റേഡിയേറ്ററില്‍ ഓയില്‍ ഒഴിച്ചില്ലല്ലോ?

ശവത്തില്‍ കുത്തരുതെന്ന് പോലും പറയാനാകാതെ നിശബ്ദനായി ഞാന്‍ നിന്നു.

ഇനിയെന്താ നമ്മള്‍ ചെയ്യുക? ഞാന്‍ ഡൊമിനിയോട് ചോദിച്ചു.

നമ്മള്‍ അല്ല, ഇനിയെന്താ നീ ചെയ്യുക എന്ന് ചോദിക്ക് ആദ്യം, ഡൊമിനി വീണ്ടും എനിക്കിട്ട് താങ്ങി.

ശരി, ഇനിയെന്താ ഞാന്‍ ചെയ്യുക?

ചാവി നിന്റേലല്ലെ? വണ്ടി ഇവിടെ കിടക്കുന്നില്ലേ? നിന്റെ ബൈക്കിവിടെ ഇരിക്കുന്നില്ലേ? വര്‍ക്ക് ഷോപ്പില്‍ പോയി ആളെ വിളിച്ച് കൊണ്ട് വന്ന് ശരിയാക്കുക അത്ര തന്നെ.

പൈസ?

അതും നീ കൊടുക്ക് അല്ല പിന്നെ.

ഡാ എന്റേല് പൈസയില്ല.

പൈസ ഞാന്‍ കടമായിട്ട് തരാം. നീ ആദ്യം വര്‍ക്ക് ഷോപ്പില്‍ പോയിട്ട് മെക്കാനിക്കിനെ കൂട്ടീട്ട് വാ സമയം കളയാതെ.

വണ്ടിയുടെ ചാവി എടുക്കാന്‍ മുറിക്കുള്ളിലേക്ക് കയറുമ്പോള്‍, ആനയെ വാങ്ങീന്ന് വച്ച് പാപ്പാനാവാന്‍ പറ്റോ? വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ഇത്രയും ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ, എന്തൊക്കെയായിരുന്നു ഡയലോഗ് തൌസീടെ, ഇപ്പോ മിണ്ടാട്ടം പോലുമില്ല്യാണ്ടായി തുടങ്ങിയ കമന്റുകള്‍ ഡൊമിനി നിര്‍ലോഭം പുറത്തിറക്കി.

വര്‍ക്ക് ഷോപ്പില്‍ പോയി മെക്കാനിക്കിനേം കൂട്ടി വന്ന് കാര്യം പറഞ്ഞു.

എഞ്ചിനോയില്‍ ഒഴിക്കേണ്ട സ്ഥലത്ത് വെള്ളമൊഴിച്ചത് അബദ്ധം. അതു പോരാതെ നിങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചത് ശുദ്ധ അബദ്ധം.

ഇത്തരം അവസ്ഥയില്‍ വണ്ടി സ്റ്റാര്‍ട്ടാവില്ല, എങ്കിലും, കഷ്ടകാലത്തെങ്ങാനും എഞ്ചിന്‍ സ്റ്റാര്‍ട്ടായിരുന്നുവെങ്കില്‍ തന്നെ പുതിയ എഞ്ചിന്‍ വാങ്ങി വക്കേണ്ടി വന്നേനെ.

അല്ല മാഷെ, ഇനിയിപ്പോ എന്താ ചെയ്യാ? അക്ഷമനായ ഡൊമിനി ചോദിചു.

ഇനിയിപ്പോ ഇതിലുള്ള വെള്ളം കലര്‍ന്ന എഞ്ചിനോയില്‍ കളയണം. എഞ്ചിനില്‍ ഒരു തുള്ളി വെള്ളം പോലും ഇരുന്നാല്‍ എഞ്ചിന്‍ പോകാന്‍ അതു മതി. . ആയതിനാല്‍ ആദ്യം കരി ഓയില്‍ ഒഴിച്ച് എഞ്ചിന്‍ വൃത്തിയാക്കണം. അതിനുശേഷം പിന്നെ കരിയോയില്‍ മാറ്റി മാറ്റി ഒരു മൂന്ന് പ്രാവശ്യം ഒഴിച്ച് വൃത്തിയാക്കണം, ശേഷം പുതിയ ഓയില്‍ ഒഴിച്ച് ഒരുമണിക്കൂര്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് വച്ച് സെറ്റാക്കണം. എന്തായാലും ഇന്ന് പറ്റില്ല. വണ്ടി കെട്ടി വലിച്ച് വര്‍ക്ക്ഷോപ്പില്‍ കൊണ്ട് പോകേണ്ടി വരും. ഞാന്‍ നാളെ രാവിലെ വരാം.

എത്രയാവും ചേട്ടാ?

ഒരു ആയിരം ആയിരത്തിയഞ്ഞൂറ് രൂപയോളം എന്തായാലും ആവും.

മസൂറി ട്രിപ്പ് ക്യാന്‍സല്‍ഡ് ഡൊമിനി ഡിക്ലയര്‍ ചെയ്തു.

പിറ്റേ ദിവസം രാവിലെ ആദികുറുമാനും, ഡൊമിനിയും ഓഫീസിലേക്ക് പോയപ്പോള്‍ ഞാന്‍ പോയതോ?

വര്‍ക് ഷോപ്പിലേക്ക്!

ഗുണപാഠം : അറിയാത്ത കാര്യം അറിയില്ല എന്ന് പറയാനുള്ള ചങ്കുറ്റം കാണിച്ചാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ തലകുനിക്കേണ്ടിയും വരില്ല പഠിക്കാന്‍ ഒരവസരം നമുക്ക് കിട്ടുകയും ചെയ്യും.

Wednesday, October 17, 2007

വേതാളം കൊച്ചേട്ടന്‍

കൊച്ചേട്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാരായ നമ്മുടെ മനസ്സില്‍ ഓടി എത്തുക, ഏതാണ്ട് നമ്മുടെ ഹിറ്റ്ലറിലെ മമ്മൂട്ടിയെപോലെയോ അല്ലെങ്കില്‍ അതിനേക്കാളും ഒരു പടി മുന്നിലായി, നല്ല ഉറച്ച മസിലുകള്‍ മുഴച്ചെഴുന്നു നില്‍ക്കുന്ന ആര്‍ണോള്‍ഡ് ശിവശങ്കരേട്ടന്റെ ശരീരത്തോട് കൂടിയ (പശുവിന്റെ കഴുത്തിലെ താട പോലെ മൊത്തം ശരീരത്തിലും താട തൂങ്ങിയ, രാഷ്ട്രീയത്തില്‍ വന്നശേഷമുള്ള ആളുടെ ഇപ്പോഴത്തെ ശരീരമല്ല, യൌവ്വനകാലത്ത് നല്ലപോലെ വീണ്ട് വിചാരത്തോടെ വര്‍ക്ക് ഔട്ട് ചെയ്തിരുന്ന സമയത്തെ ശരീരം പോലെ) ആജാനുഭാഹുവായ ഒരു മനുഷ്യനെയായിരിക്കുമല്ലോ?

പക്ഷെ ഇവിടെ നമ്മുടെ കൊച്ചേട്ടന്റെ കാര്യത്തില്‍ അല്പം വിത്യാസം ഉണ്ട്. അല്പം എന്ന് പറഞ്ഞാല്‍ ഒരു പൊടിക്ക് മാത്രം. മസില് നിറഞ്ഞെഴുന്നു നില്‍ക്കുന്ന വലത് കയ്യ്, മുരിങ്ങക്ക പോലത്തെ ഇടത് കയ്യ്, പന്തലില്‍ നിന്നും ഞാന്നുകിടക്കുന്ന പടവലങ്ങ പോലെത്തെ രണ്ട് കാലുകള്‍, ബുദ്ധി അല്പം കൂടുതലായതിനാല്‍ സാധാരണക്കാരില്‍ നിന്നും ഒരു ചെറുനാരങ്ങവലുപ്പോളം വലുപ്പമേറിയ ഒരേ ഒരു തല. ഇതാണ് നമ്മുടെ കൊച്ചേട്ടന്റെ ഒരു ബ്രീഫ് ഡിസ്ക്രിപ്ഷന്‍.

സാമ്പത്തികമായി മെച്ചപ്പെട്ട, ആവശ്യത്തിന് കുടുംബസ്വത്തുണ്ടായിരുന്ന വീട്ടിലെ ഒറ്റമോനായാണ് ജനനം. സ്വന്തം ഇഷ്ടത്തിനല്ലാതെ കാറ്റിന്റെ ദിശക്കനുസരിച്ച് സഞ്ചരിക്കുന്ന ഒരു കയ്യും, രണ്ട് കാലുകളും ചെറുപ്പത്തില്‍ പോളിയോ വന്നപ്പോള്‍ കൊച്ചേട്ടന് കോമ്പ്ലിമെന്റായി കിട്ടിയതാണെങ്കിലും, അതിന്റെ യാതൊരു വിധ അഹങ്കാരവും കൊച്ചേട്ടനെ ഒരു പൊടിക്ക് പോലും തൊട്ടു തീണ്ടിയിട്ടില്ല.

വീട്ടുപണിക്കാരാരുടേയെങ്കിലും ചുമലില്‍ ഞാന്ന് കിടന്നായിരുന്നു, അല്ലെങ്കില്‍ തലചുമടായിട്ടായിരുന്നു സ്ക്കൂളിലേക്കുള്ള യാത്ര എന്നതിനാല്‍ തന്നെ നന്നേ ചെറുപ്പത്തിലെ കൊച്ചേട്ടന് സഹപാഠികളും നാട്ടുകാരും ചേര്‍ത്തികൊടുത്ത പേരാണ് വേതാളം.

വിക്രമാദിത്യന്റെ ചുമലില്‍ ഞാന്ന് കിടന്ന് വേതാളം യാത്ര ചെയ്യുന്നതു പോലുള്ള യാത്ര വളരെ പെട്ടെന്ന് തന്നെ വിരസമായിതീര്‍ന്നതിനാല്‍ പ്രൈമറി സ്ക്കൂളില്‍ വച്ച് തന്നെ കൊച്ചേട്ടന്‍ വിദ്യാലത്തിലേക്കുള്ള പറക്കല്‍ നിറുത്തി. പീന്നീടവിടന്നോങ്ങോട്ട് പഠിപ്പിച്ചത് മുഴുവനും സ്വന്തം ചേച്ചിയായിരുന്നു.

വളരും തോറും കാറ്റിന്റെ ദിശക്കല്ലാതെ സ്വന്തം മനസ്സിന്റെ ദിശക്കനുസരിച്ച് കൈക്കാലുകളെ ഉപയോഗിക്കാനുള്ള കഴിവ് കൊച്ചേട്ടന്‍ വളര്‍ത്തിയെടുത്തത് മൂലം, നിരങ്ങിയായാലും, കൈയ്യും കാലും കുത്തി നടുവളച്ച് നടന്നായാലും സ്വന്തം കാര്യങ്ങളെല്ലാം കൊച്ചേട്ടന്‍ സ്വയം നിര്‍വ്വഹിച്ചിരുന്നു.

സ്കൂളിലില്‍ പോകാതെ പത്താം ക്ലാസ്സിലെ പരീക്ഷ എഴുതാന്‍ ശ്രമിച്ച്, എന്തോ പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ കേരള ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ മെംബറോട്‍ ഓഹ് പിന്നെ, പത്തെഴുതി പാസ്സായിട്ട് നിങ്ങളെ പോലുള്ള ഗവര്‍ണ്മെന്റുദ്യോഗസ്ഥന്മാര്‍ക്ക് കൈകൂലികൊടുത്ത് ഇരന്ന് കിട്ടുന്ന ടെലഫോണ്‍ ബൂത്തിലു പോയിരുന്നിട്ട് വേണ്ടെ എനിക്ക് എന്റെ കുടുമ്മത്ത് റേഷന്‍ വാങ്ങാന്‍ എന്ന ചോദ്യവും ചോദിച്ച് തന്റെ സ്കേറ്റിങ്ങ് ബോര്‍ഡില്‍ കയറി പറക്കുന്ന അതേ സമയത്ത് തന്നെ ഇനി മുതല്‍ എഴുത്തു പരീക്ഷകളൊന്നും തന്നെ എഴുതുന്ന പ്രശ്നമേയില്ല എന്ന ഉറച്ച തീരുമാനം കൊച്ചേട്ടന്‍ തന്റെ പതിനെട്ടാം വയ്യസ്സില്‍ എടുത്തു.

കല്യാണം കഴിഞ്ഞ് ടീച്ചറും കൂടിയായ ഒരേ ഒരു ചേച്ചി വീട്ടില്‍ നിന്ന് പോയപ്പോള്‍ മുതല്‍ കൊച്ചേട്ടന് കനത്ത ഏകാന്തത അനുഭവപെടാന്‍ തുടങ്ങി. ഏകാന്തത അകറ്റാനുള്ള ആശയങ്ങള്‍ പരതുന്നതിനിടേയാണ് കൊച്ചേട്ടന് പട്ടിവളര്‍ത്തലില്‍ കമ്പം കയറിയതും, അല്‍സേഷ്യനും, പൊമേറിയനും, ഡോബര്‍മാനുമടക്കം മുന്തിയ ഇനം പട്ടികളെ വാങ്ങി ബ്രീഡിങ്ങ് തുടങ്ങിയതും. മുടി നീട്ടി വളര്‍ത്തിയ കൊച്ചേട്ടന്റെ നടപ്പും, പട്ടികളുടെ നടപ്പും നാലു കാലിലായതിനാല്‍, വീട്ടില്‍ വരുന്ന അഥിതികള്‍ക്ക് പെട്ടെന്ന് പട്ടിയേത്, കൊച്ചേട്ടനേത് എന്ന് തിരിച്ചറിയാന്‍ അല്പം സമയം എടുക്കേണ്ടി വരുന്നത് തികച്ചും സ്വാഭാവികം.

ഹാര്‍ട്ട് അറ്റാക്ക് മൂലം കൊച്ചേട്ടന്റെ അച്ഛന്‍ നാടുനീങ്ങിയത് മൂലം മുപ്പത്തൊന്നാം വയസ്സില്‍ തന്നെ കൊച്ചേട്ടന് രണ്ട് മെഡിക്കല്‍ ഷോപ്പും, ഒരു റേഷന്‍ ഷോപ്പും നടത്തേണ്ട ചുമതല ഏറ്റെടുക്കേണ്ടി വന്നതിനൊപ്പം തന്നെ നന്നെ ചെറുപ്പത്തില്‍ തന്നെ ശീലമായ കള്ളു ഷാപ്പ് സന്ദര്‍ശനവും മുടങ്ങാതെ നടത്തി പോരേണ്ടി വന്നു.

രാവിലെ വീട്ടീന്നിറങ്ങുമ്പോള്‍ മകന്റെ കയ്യിലിരുപ്പറിയാവുന്ന അമ്മക്ക് പറയാന്‍ ഒരേ ഒരു വാചകം മാത്രം.

“ എറച്ചീമ്മെ മണ്ണ് പറ്റാണ്ട് വന്നോളോട്ടാ കൊച്ചാ “

അതിന് കൊച്ചേട്ടന്‍ സ്ഥിരമായി പറയുന്ന ഒരു മറുപടിയുമുണ്ട്.

“എറച്ചി വാങ്ങാന്‍ പോയോന്‍ വിറച്ച് ചത്തു,
കാത്തിരുന്നോന്‍ കൊതിച്ച് ചത്തു”

അത് ചൊല്ല്, പക്ഷെ കൊച്ചന്റെ എറച്ചീമ്മെ മണ്ണ് പറ്റില്ല്യമ്മെ.

കള്ളുകുടിക്കാനും, ശീട്ടുകളിക്കാനുമുള്ള ആവേശവും, ശുദ്ധമായ മനസ്സും മൂലം വളരെ നല്ല ഒരു സുഹൃദ് വലയം തന്നെ കൊച്ചേട്ടന് നാട്ടില്‍ ഉണ്ടായിരുന്നു. ഒരു മെഡിക്കല്‍ ഷോപ്പ് സ്ഥിതി ചെയ്തിരുന്നത് കോളേജ് ബസ്സ് സ്റ്റോപ്പിനടുത്തായിരുന്നതിനാല്‍ സുഹൃത്തുക്കളില്‍ അധികവും കോളേജ് നിവാസികളായിരുന്നു.

നോക്കി നടത്തുവാന്‍ സമര്‍ത്ഥരായ ജോലിക്കാരുള്ളതിനാല്‍ മെഡിക്കല്‍ ഷോപ്പിലെ കച്ചവടം പൊടിപൊടിച്ചിരുന്ന സമയത്ത് സുഹൃത്തുക്കളുമൊത്ത് കള്ളുഷാപ്പായ കള്ളുഷാപ്പ് മുഴുവന്‍ കയറി നിരങ്ങി കൊച്ചേട്ടന്‍ ഷാപ്പ് നടത്തിപ്പുകാരുടെ കച്ചവടവും പൊടിപൊടിച്ചു.

ആയിടക്കൊരു ദിവസം സുഹൃത്തുക്കളായ കോളേജ് പിള്ളാരുടെ നിര്‍ബന്ധം മൂലം മെഡിക്കല്‍ ഷോപ്പില്‍ നിന്ന് രാവിലെ തന്നെ ഇറങ്ങി അവരില്‍ ഒരുവന്റെ വണ്ടിയില്‍ അള്ളിപിടിച്ചിരുന്ന് ഷാപ്പിലെത്തുകയും, ഷാപ്പില്‍ നിന്നും മൂക്കറ്റം അകത്താക്കിയപ്പോള്‍ അല്പം കഞ്ചനടിക്കണമെന്നും, ശീട്ട് കളിക്കണമെന്നും കൊച്ചേട്ടന് ഉള്‍വിളി തോന്നിയതിനാല്‍ തോന്നിയ ഉള്‍വിളി കൊച്ചേട്ടന്‍ വെളിയിലേക്ക് അനൌണ്‍സ് ചെയ്തു. മിക്കവാറും കൊച്ചേട്ടന്‍ ജയിക്കാറില്ല എന്നതിനാല്‍, കൊച്ചേട്ടന്റെ ഒപ്പം ശീട്ടുകളിക്കുക എന്ന് പറഞ്ഞാല്‍ പിള്ളാര്‍ക്കൊക്കെ അതിയായ താത്പര്യമാണ് ആയതിനാല്‍ തന്നെ ശീട്ട് കളി എന്നു കേട്ടതും, പിള്ളാര്‍ കഞ്ചനും സംഘടിപ്പിച്ച് കൊച്ചേട്ടനേയും ഒക്കത്തെടുത്ത് ശീട്ടു കളിക്കാനായി കനാല്‍ ബണ്ടിലേക്ക് നീങ്ങി.

കള്ളിന്റേം കഞ്ചിന്റേം ലഹരിയില്‍, പന്നിമലത്തും റമ്മിയും തകൃതിയായി കളിക്കുന്നതിന്നിടയിലാണ് ആരോ ഒറ്റു കൊടുത്തതിന്‍ പ്രകാരം പോലീസ്, ബണ്ടിന്മേല്‍ എത്തുന്നത്. പോലീസ് കാരെ കണ്ട കളിക്കാര്‍ കൊച്ചേട്ടനേയും വഹിച്ച് പ്രാണനും കൊണ്ട് പാലായനം ചെയ്യാന്‍ തുടങ്ങി. പോലീസുകാര്‍ വിടാതെ പിന്നാലേയും. പിടിക്കും എന്ന അവസ്ഥയില്‍ കൊച്ചേട്ടനെ വഹിച്ചിരുന്നവന്‍ സ്വജീവ രക്ഷാര്‍ത്ഥം ബണ്ടിന്റെ കരയിലുള്ള കമ്മ്യൂണിസ്റ്റ് നിറഞ്ഞ പൊന്തക്കാട്ടിലേക്ക് കൊച്ചേട്ടനെ സേഫ് ഡെപ്പോസിറ്റ് ചെയ്ത് വെള്ളത്തിലേക്ക് ചാടി നീന്തി സ്വന്തം തടി രക്ഷപെടുത്തി.

പൊന്തക്കാടിലെ കുറ്റിചെടികളില്‍ അള്ളിപിടിച്ച് കിടന്നിരുന്ന കൊച്ചേട്ടനെ പോലീസുകാര്‍ പൊക്കിയെടുത്ത് ഒക്കത്തിരുത്തി ജീപ്പില്‍ കൊണ്ട് പോയി പിന്നിലെ സീറ്റിന്നിടയിലുള്ള സ്പേസില്‍ നിലത്തിരുത്തി. പോലീസ് ജീപ്പിന്റെ പിന്നില്‍ സീറ്റിലിരുന്നു പോകുന്ന നാല് പോലീസുകാര്‍ക്കിടയിലായി വെറും ഒരു തല മാത്രം കണ്ടതും, നാട്ടുകാര്‍ ഉറപ്പിച്ചു കൊച്ചേട്ടന്‍ പിടിയിലായി.

ഒരൊറ്റക്കൈ മാത്രം വച്ചിട്ട് നീയൊക്കെ ഈ ജാതി കളി. അപ്പോ നിനക്കൊക്കെ രണ്ട് കയ്യും കാലും ദൈവം തന്നിരുന്നെങ്കില്‍ ഈ നാട് നീ കുട്ടിചോറാക്കിയേനല്ലോടാ?

കൊച്ചേട്ടനെ സ്റ്റേഷനില്‍ നിന്ന്‍ വിടുവിക്കാനായി ചെന്ന സുഹൃത്തുക്കള്‍ കേട്ടത് എസ് ഐ ടെ ഈ ഡയലോഗും,

ഓഹ് പിന്നെ അല്ലെങ്കില്‍ നമ്മുടെ നാട് കുട്ടിചോറല്ലായിരിക്കും എന്ന ഫിറ്റിറങ്ങാത്ത കൊച്ചേട്ടന്റെ ഉത്തരവും.

കയ്യെങ്ങാന്‍ വക്കാന്‍ തോന്നിയാല്‍ കൊച്ചേട്ടന്‍ കൈയ്യില്‍ പെടുമെന്നു തോന്നിയതിനാല്‍, കൊച്ചേട്ടന്റെ തിരുനാവില്‍ നിന്നും അധികം ഡയലോഗുകള്‍ വരുന്നതിനുമുന്‍പായി തന്നെ എസ് ഐ കൊച്ചേട്ടനെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചു.

ചെസ്സ് കളിയില്‍ അതീവ തത്പരനായ കൊച്ചേട്ടന് ചില ലോക്കല്‍ ചെസ്സ് കളിക്കാരും സുഹൃത്തുക്കളായുണ്ടായിരുന്നു. അവര്‍ പങ്കെടുക്കുന്ന മത്സരം കാണുവാന്‍ അവരോടൊപ്പം ചിലപ്പോഴെല്ലാം കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പോവുക എന്നത് കൊച്ചേട്ടന് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. അങ്ങനെ ഒരു യാത്രക്കിടയില്‍ അല്പം ഫിറ്റായിരുന്ന കൊച്ചേട്ടന്‍ പാന്‍ട്രിയില്‍ പോയി വല്ലതും കിട്ടുമോന്ന് നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് പോയി തിരികെ വന്നത് കയ്യില്‍ നിറയെ അഞ്ചിന്റേം പത്തിന്റേം നോട്ടുകളും, നാണയങ്ങളുമായിട്ടായിരുന്നു.

എന്താ കൊച്ചേട്ടാ കാശെടുത്ത് കയ്യില്‍ പിടിച്ചേക്കണേ എന്ന ചോദ്യത്തിന്?

കട് ലെറ്റ് തിന്ന് തിരികെ വരാന്‍ നേരം ഭിക്ഷക്കാരനാണെന്ന് കരുതി ആളുകള്‍ തന്നതാ, ഭിക്ഷക്കാരനല്ലാന്ന് അങ്ങോട്ട് പറയാന്‍ ആരും സമ്മതിച്ചില്ല. ലക്ഷ്മിയല്ലെ ഇങ്ങോട്ട് കയറി വന്നതല്ലെ, തട്ടിക്കളയണ്ടാന്ന് ഞാനും കരുതി. എന്തായാലും വൈകീട്ടത്തെ പൈന്റ് നാട്ടുകാരുടെ വക!

ഷാപ്പില്‍ നിന്നും ഒരു മനുഷ്യന്‍ നാല് കാലില്‍ ഇഴഞ്ഞ് വരുന്നത് കണ്ട രണ്ട് പേര്‍ക്ക് ഒരിക്കല്‍ ആദ്യം അതിശയം തോന്നി, ഫിറ്റായാലും ഇങ്ങനേം നാലു കാലിന്മേല്‍ നടക്കുമോ? അതിശയം പിന്നെ അനുകമ്പയായി മാറിയതും അവര്‍ ചോദിച്ചു, ചേട്ടാ ഞങ്ങള്‍ സഹായിക്കട്ടെ?

എങ്ങനെ സഹായിക്കാമെന്നാടാ പിള്ളാരെ നിങ്ങള്‍ പറയുന്നത്?

അല്ല ഞങ്ങള്‍ പിടിച്ചെഴേല്‍പ്പിക്കാം, ചേട്ടന്‍ നടന്നാല്‍ മതി.

നടക്കാന്‍ പറ്റില്ല്യട പിള്ളാരെ.

എങ്കില്‍ ഞങ്ങള്‍ കൈപിടിച്ച് നടത്തിക്കാം.

എന്റെ അച്ഛന്‍, എന്തിന് ദൈവം തമ്പുരാന്‍ വിചാരിച്ചിട്ട് പോലും എന്നെ നടത്തിക്കാന്‍ പറ്റീട്ടില്ല്യ, പിന്ന്യാണ് നിങ്ങള്‍ പീക്കിരി പിള്ളേരെന്നെ നടത്തിക്കാന്‍ വന്നിരിക്കുന്നത്?

ഇത് കേട്ട വാശി മൂത്ത പിള്ളാര്‍ കൊച്ചേട്ടനെ, കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്, രണ്ട് കാലിനും, ഒരു കയ്യിനും,സ്വാദീനമില്ലാ എന്നറിഞ്ഞത്. പക്ഷെ അപ്പോഴേക്കും വൈകിപോയിരുന്നു കാരണം ആ സമയത്തിനിടെ കൊച്ചേട്ടന്‍ ഒരുവന്റെ കഴുത്തില്‍ തന്റെ ബലിഷ്ടമായ കയ്യാല്‍ നീരാളിപിടുത്തം മുറുക്കിയിരുന്നു. ആ രണ്ട് പിള്ളാര്‍ക്കും കൊച്ചേട്ടനെ ചുമന്ന് ഇരുന്നൂറ് മീറ്ററോളം നടന്ന് ഓട്ടോറിക്ഷയില്‍ കയറ്റേണ്ടി വന്നതും ചരിത്രം.

ഷാപ്പില്‍ വരുന്ന നാട്ടുകാരല്ലാത്തവര്‍ പലരും ഇത്തരത്തിലുള്ള പല പുലിവാലും പിടിച്ചിട്ടുണ്ട്.

ഇങ്ങനെ ആരേയും കൂസാതെ വിലസിച്ചിരുന്ന കൊച്ചേട്ടന്‍ ഒരു ദിവസം തന്റെ കൂട്ടുകാര്‍ ബൈക്കില്‍ അതിരപ്പള്ളിയിലേക്ക് ടൂര്‍ പോകുന്നുണ്ടെന്നറിഞ്ഞ് ഇറങ്ങി പുറപെട്ടു. ചങ്ങാതിയിലൊരുനായ വിനോദിന്റെ യെസ്ഡിയില്‍ കയറിയിരിന്നതും, തന്റെ സ്വാദീനമുള്ള കയ്യാല്‍ വിനോദിന്റെ പള്ളയില്‍ നീരാളി പിടുത്തം പിടിച്ച് സീറ്റിങ്ങ് ഭദ്രമാക്കി. ബൈക്കുകള്‍ കൊണ്‍വോയ് ആയി അതിരപ്പിള്ളി ലക്ഷ്യമാക്കി നീങ്ങിതുടങ്ങി.. ചാലക്കുടിയും കഴിഞ്ഞ് അതിരപ്പള്ളിയിലേക്കുള്ള വളവുകള്‍ തിരിഞ്ഞും, കയറ്റങ്ങള്‍ കയറിയും, ഇറക്കങ്ങള്‍ ഇറങ്ങിയും ബൈക്കുകള്‍ ചീറി പാഞ്ഞു. പൊടുന്നനെ, മുന്നില്‍ പോയിരുന്ന വിനോദിന്റെ ബൈക്കിന്റെ ചെയിന്‍ പൊട്ടിയതിന്റെ ഫലമായി വീല്‍ സ്ട്രക്ക് ആവുകയും വിനോദ് തെറിച്ച് റോഡിന്റെ ഒരുവശത്തേക്കും, ബൈക്ക് മറുവശത്തേക്കും വീണു.

കിടന്ന കിടപ്പില്‍ തന്നെ കൊച്ചേട്ടനെവിടെ എന്നറിയുവാന്‍ വിനോദ് തലതിരിച്ച് നോക്കിയെങ്കിലും കണ്ടില്ല. ദൈവമേ, പണ്ടാരം വഴിയിലെങ്ങാനും വീണുവോ എന്നാലോചിക്കുന്നതിനു മുന്‍പ് എണീക്കെറാ പന്നീ എന്റെ മേലേന്ന് എന്നൊരലര്‍ച്ച കേട്ടു നോക്കിയപ്പോഴാണ് വിനോദിന് മനസ്സിലായത്, താന്‍ കിടക്കുന്നത് കൊച്ചേട്ടന്റെ മുകളിലാണെന്നും, പുള്ളിക്കാരന്‍ അപ്പോഴും പിടിച്ച പിടി വിടാതെ തന്നെ അള്ളിപിടിച്ചിരിക്കുകയാണെന്നും.

അപ്പോഴേക്കും പുറകില്‍ ബൈക്കില്‍ വന്നവര്‍ ചേര്‍ന്ന് രണ്ട് പേരേയും പിടിച്ചെഴുന്നേല്‍പ്പിച്ചു. ആകെ സ്വാദീനമുണ്ടായിരുന്ന കൊച്ചേട്ടന്റെ ബലിഷ്ടമായ കൈ മിനിറ്റുകള്‍ക്കകം നീരുവന്ന് വീര്‍ത്തതിനാല്‍ അതിരപ്പള്ളി യാത്ര ക്യാന്‍സല്‍ ചെയ്ത് എല്ലാവരും നേരെ വച്ച് പിടിച്ചു ആശ്പത്രിയിലേക്ക്. എക്സറേയില്‍ തെളിഞ്ഞതോ, കൊച്ചേട്ടന്റെ ഉപയോഗപ്രദമായ ഒരേ ഒരു കയ്യും ഒടിഞ്ഞിരിക്കുന്നു എന്നും!

പ്ലാസ്റ്ററിട്ട കൈയ്യുമായി ഹോസ്പിറ്റലില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറി വീട്ടിലേക്ക് പോയ കൊച്ചേട്ടന്‍ അതിനു ശേഷം നാളിതു വരേയായി ബൈക്കില്‍ കയറിയിട്ടില്ലെന്ന് മാത്രമല്ല കള്ളുകുടിയും ശീട്ടുകളിയും പോലും അതോടെ ഉപേക്ഷിച്ചു.

Tuesday, October 09, 2007

മെയിഡ് പുരാണം

രണ്ട് വര്‍ഷത്തിലേറെയായി ഞങ്ങളോടൊപ്പം താമസിച്ച് കുട്ടികളെ നോക്കിയിരുന്ന, ഹൌസ് മെയിഡ് പോയതിനുശേഷമാണ് ജീവിതത്തില്‍ ഇതുവരെ നേരിടാത്ത ചില പ്രതിസന്ധികള്‍ ഞങ്ങള്‍ നേരിടാന്‍ തുടങ്ങിയത്.

പ്രതിസന്ധിയെന്ന് വച്ചാല്‍ സന്ധിയില്ലാത്ത സന്ധിയൊന്നുമല്ല, ലൈറ്റായിട്ടുള്ള ചില പ്രതിസന്ധികള്‍ മാത്രം. ഉദാഹരണത്തിന് രാവിലെ ആറു മണിക്കെഴുന്നേല്‍ക്കുക എന്നത്! പണ്ട് ശബരിമലക്ക് മാലയിട്ട് വ്രതം നോല്‍ക്കാറുള്ള സമയത്ത് അഞ്ചര, ആറുമണിക്കെഴുന്നേറ്റിട്ടുണ്ട് എന്നല്ലാതെ, കുറച്ചധികം വര്‍ഷങ്ങാളായി അഞ്ചിനും ആറിനും നിവൃത്തിയില്ലാതെ എഴുന്നേല്‍ക്കുന്നത് തന്നെ, “ഡിസ്ക് ഈസ് ഫുള്‍“ എന്നെന്റെ ബ്ലാഡറില്‍ നിന്നുള്ള മെസ്സേജ് വരുമ്പോള്‍, ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റാക്കി, ശേഷമുള്ളതിനെ കമ്പ്രസ്സ് ചെയ്ത്, ഡിസ്ക് സ്പേസ് കൂട്ടാന്‍ മാത്രമാണ്. മറ്റൊന്ന്, ആഴ്ച തോറും വാങ്ങുന്ന മല്ലികസാമാനങ്ങള്‍ (തെറ്റിദ്ധരിക്കരുതേ! പലവ്യഞ്ജന, പലചരക്ക് സാധനങ്ങള്‍ക്ക് തമിളില്‍ പേശുന്ന വാക്കുപയോഗിച്ചു എന്ന് മാത്രം) ഫ്രിഡ്ജിലും, അലമാരയിലും കുത്തിനിറക്കാതെ, അതാതിന്റെ സ്ഥലങ്ങളില്‍ അടുക്കി പെറുക്കി വക്കുക എന്നതുമാണ് (കോഴിമുട്ടക്ക് മുകളില്‍ കുമ്പളങ്ങ വക്കാതേയും, ഐസ്ക്രീം ബോക്സ് വെജിറ്റബിള്‍ ട്രേയില്‍ വക്കാതേയും മറ്റും ഒരു ഗ്രോസറി ഷോപ്പില്‍ പത്തമ്പത് അലമാരകളിലും, ഫ്രീസറുകളിലുമായി ഞെളിഞ്ഞിരുന്നിരുന്ന സാധനങ്ങള്‍ മൊത്തം ഒരേ ഒരു ഫ്രിഡ്ജിലും, ഒരേ ഒരു അലമാരയിലുമായി കയറ്റിവക്കാന്‍ ഇത്തിരിയൊന്നുമല്ല പാട്).

രാവിലെ ആറുമണിക്ക് എഴുന്നേറ്റ് മോളെ എഴുന്നേല്‍പ്പിച്ച് തയ്യാറാക്കി ഫ്ലാറ്റിന്റെ താഴെയുള്ള സ്കൂള്‍ ബസ്സ് സ്റ്റോപ്പില്‍ കൊണ്ടു പോയിവിട്ടാല്‍ രാവിലത്തെ ഉത്തരവാദിത്വം തീര്‍ന്നു. മെയിഡ് പോയിട്ട് ആദ്യ ദിവസം സ്കൂള്‍ ബസ്സില്‍ മകളെ കയറ്റിവിടാന്‍ കൊണ്ട് പോകാന്‍ നേരമാണ് ആദ്യമായി മകളുടെ ബാഗ് ഞാന്‍ കയ്യിലെടുത്തത്. അഞ്ചാറ് കിലോവിലും ഒട്ടും കുറവില്ല. പാവം കുഞ്ഞുങ്ങള്‍, മുന്നോട്ടുള്ള ജീവിതത്തില്‍ ചുമക്കാനുള്ള ചുമടുകള്‍ ചുമക്കുവാന്‍ ഇപ്പോഴേ ശീലിച്ച് കഴിഞ്ഞു. ഉച്ച മയങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ്, ഏതാണ്ടൊരു പതിനൊന്നരക്ക് സ്കൂള്‍ ബസ്സ് തിരിച്ചു വരുമ്പോള്‍ തൊട്ട മുറിയില്‍ താമസിക്കുന്ന എന്റെ സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ നവീനിന്റെ അമ്മ, നന്ദന വല്യാന്റി, മോളെ പിക്ക് ചെയ്യും. അങ്ങനെ രാവിലെ മുതല്‍ ഇളയവളേയും, പതിനൊന്നര മുതല്‍ മൂത്തവളേയും ഞങ്ങള്‍ വൈകീട്ട് തിരിച്ചെത്തുന്നത് വരെ കരുണയുള്ള ആന്റി നോക്കുന്നത് കാരണം ദിവസം മൂന്നാലെണ്ണം അല്ലലില്ലാതെയും, അലമ്പില്ലാതേയും പോയി കിട്ടി.

ദിവസങ്ങള്‍ ഇങ്ങനെ പോകുന്നതിന്റെ ഇടയില്‍ മകളുടെ ഹോം വര്‍ക്ക് ചെയ്യിക്കുന്ന പണി എന്റെ തലയില്‍ വന്നു ചേര്‍ന്നു. സംഭവം കെ ജി 2 വിലാണ് പഠിക്കുന്നതെങ്കിലും, ഹോം വര്‍ക്കിനൊരു കുറവുമില്ല. ദിവസവും അഞ്ചാറ് പേജുണ്ടാകും. പണ്ടേ പാഠ പുസ്തകം കണ്ടാല്‍ ഉറക്കം വരുന്ന ശീലമുണ്ടായിരുന്ന എനിക്ക് ആ ശീലം തിരിച്ചു ലഭിച്ചു. മോളുടെ ഹോം വര്‍ക്ക് ചെയ്യിക്കുന്നതിനിടയില്‍ ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങി. വീട്ട് പണികളെല്ലാം തീര്‍ത്ത് വാമഭാഗം വരുമ്പോള്‍ കാണുന്നത് കസേരയില്‍ ഇരുന്നുറങ്ങുന്ന എന്നെയും പാതിവഴിയില്‍ ഹോം വര്‍ക്കുപേക്ഷിച്ച് ടി വി യിലേക്ക് കണ്ണും നട്ടിരിക്കുന്ന മക്കളേയും.

അങ്ങനെ ജീവിതം ഇഴഞ്ഞ് നീങ്ങുന്നതിനിടയിലൊരു ദിവസം സുബോധത്തിലിരിക്കുന്ന സമയത്ത് എനിക്കും കിട്ടി ബോധോധയം. ജീവിതത്തിന് പഴയ ആ ഒരു സ്മൂത്ത്നെസ്സ് ലഭിക്കാന്‍ ഒരു ഹൌസ് മെയിഡ് കൂടിയേ തീരൂ. നന്ദന വല്യാന്റിയേയും അധികം ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ? അത്താഴം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകി അടുക്കി വച്ച് വന്ന വാമഭാഗത്തോട് ബോധോധയത്തെകുറിച്ച് ബോധിപ്പിച്ചപ്പോള്‍, സംഭവത്തിന്റെ ആവശ്യകത വ്യക്തമായി ബോധ്യപെട്ടു.

എങ്ങനെയുള്ള മെയിഡായിരിക്കണം? ഞാന്‍ ചോദിച്ചു.

മലയാളിയായിരിക്കണം, പാചകം അറിഞ്ഞില്ലേലും പച്ചക്കറി കട്ട് ചെയ്യാനറിയണം. സ്വയം ഭക്ഷണം കഴിച്ചില്ലെങ്കിലും പിള്ളാരെ കഴിപ്പിക്കണം, പിള്ളാരെ കുളിപ്പിക്കണം. വീട് വൃത്തിയായി സൂക്ഷിക്കണം.

പിന്നെ?

പിന്നെയൊന്നുമില്ല.

എങ്കില്‍ എനിക്കുണ്ട്.

അതെന്താ?

പ്രായം നാല്പത്തഞ്ചില്‍ കൂടുതലായിരിക്കണം. വാലിഡിറ്റിയുള്ള വിസയും വേണം.

അതെന്തിനാ?

അല്ലെങ്കിലേ കഷ്ടകാലമാ, വേലീലിരിക്കുന്ന പാമ്പിനെ എടുത്ത് തോളത്ത് വക്കാന്‍ വയ്യഡോ.

അങ്ങിനെ. വൈഫൊന്ന് ആക്കിയതുപോലെ ചിരിച്ചു.

അതെ അങ്ങിനെ തന്നെ.

പിറ്റേന്ന് ഗള്‍ഫ് ന്യൂസില്‍ വിളിച്ച് പരസ്യം നല്‍കി കഴിഞ്ഞപ്പോള്‍ തന്നെ ആശ്വാസമായി. പരസ്യം വന്നാല്‍ ഫോണ്‍ വിളികളുടെ അയ്യര് കളിയായിരിക്കും, അതാണ് മുന്‍പുള്ള അനുഭവം.

പരസ്യം വന്ന ദിവസം അതിരാവിലെ തന്നെ ഒരു മിസ്സ് കാള്‍ വന്നതും, മെയിഡ് കിട്ടിപ്പോയെന്ന സന്തോഷത്തോടെ ഞാന്‍ വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചു.

ഹലോ, ജീ മേം നബീസ ബോല്‍ രഹാ ഹൂം, ആപ്നേ മെയ്ഡ് കേലിയേ പേപ്പര്‍ മേം ദിയാധാനാ?

ജീ നബീസ ദിയാധാ. ആപ് മലയാളീ ഹോ?

ജീ നഹി. മേം ബംഗ്ലാദേശീ ഹൂം.

മലയാളം സ്പീക്കിങ്ങ് ഹൌസ് മെയിഡ് റിക്ക്വയേര്‍ഡ് എന്ന് അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നല്ലോ നബീസാ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

കുളികഴിഞ്ഞ് വന്ന് തിടുക്കത്തില്‍ വസ്ത്രം മാറുന്നതിനിടയില്‍ വീണ്ടും വന്നു ഒരു മിസ്സ് കാള്‍.

തിരിച്ചു വിളിച്ചു. ബെല്ലടിച്ചതിനു പുറകെ അവിടുന്നു കേട്ടു ഹലോ.

ഹലോ.

അതെ സാറേ, പേപ്പറില് പരസ്യം കൊടുത്താരുന്നാ?

ഉവ്വല്ല

ഞാന്‍ അതിനായിട്ട് വിളിക്കണതാണ്.

ആര്‍ക്ക് വേണ്ടിയാ? ഭാര്യയോ, അതോ പരിചയക്കാര്‍ക്കാരെങ്കിലുമോ?

അല്ല സാറെ, എനിക്ക് വേണ്ടി തന്നേയാണ്.

ഹൌസ് മെയിഡ് റിക്വയേര്‍ഡ് എന്ന് പറഞ്ഞ് പരസ്യം കൊടുത്തിട്ട് വിളിക്കുന്നത് പുരുഷന്‍‍. കലികാലം.

ഓഫീസിലേക്കുള്ള ഡ്രൈവിനിടയില്‍ മൂന്നാമതും വന്നു ഒരു മിസ്സ് കാള്‍.

സ്വന്തമായി മുപ്പത്തിയൊന്ന് പുകയിലക്കറ പിടിച്ച മഞ്ഞച്ച പല്ലുകളല്ലാതെ (ഒരെണ്ണം പറിച്ച് കളഞ്ഞു രണ്ട് വര്‍ഷ മുന്‍പ്) എനിക്ക് ബ്ലൂ ടൂത്തില്ലാത്തതിനാല്‍, തിരക്കേറിയ റോഡ് കഴിയുന്നത് വരെ തിരികെ ഫോണ്‍ ചെയ്തില്ല. ആയതിനാല്‍ തന്നെ തുടര്‍ച്ചയായി അതേ നമ്പറില്‍ നിന്ന് പിന്നേയും രണ്ട് മിസ്സ് കാള്‍ കൂടി വന്നപ്പോള്‍, ഇതെന്തായാലും ജോലി ആവശ്യമുള്ള ഒരാള്‍ തന്നെ, ഇതാവും നമുക്ക് വിധിച്ച മെയിഡ് എന്ന ഒരു തോന്നലോടുകൂടി വണ്ടി ഫാസ്റ്റ് ട്രാക്കില്‍ നിന്നും സ്ലോ ട്രാക്കിലേക്കെടുത്തതിനു ശേഷം ഫോണ്‍ ചെയ്തു.

ഹലോ,

ഹലോ, സാര്‍ പേപ്പറിലെ പരസ്യം കണ്ട് വിളിക്കുന്നതാണ്. കുയില്‍ നാദം മൊഴിഞ്ഞു.

ആവൂ, പെണ്ണ്, അതും മലയാളി. തേടിയ മെയിഡിനെ ഫോണില്‍ കിട്ടി!

നാടെവിടെ?

നാട് കണ്ണൂരാ സാറെ.

ആട്ടെ, കുട്ടികളെ നോക്കി പരിചയമുണ്ടോ?

ഉവ്വ് സാറെ.

ഭക്ഷണം പാചകം ചെയ്യാന്‍.

ഉവ്വ് സാറെ.

വയസ്സെത്രയായി?

ഇരുപത്തിമൂന്ന് മിനിഞ്ഞാന്ന് കഴിഞ്ഞതേയുള്ളൂ.

അയ്യോ പെങ്ങളെ, ബുദ്ധിമുട്ടായല്ലോ?

ഒരു ബുദ്ധിമുട്ടുമില്ല സാറെ. ഞാന്‍ എല്ലാ പണിയും ചെയ്യാം.

അതാ പറഞ്ഞത് ബുദ്ധിമുട്ടായി ഇത് ശരിയാവില്ല എന്ന്! പെങ്ങള് വേറെ ജോലി നോക്കിക്കോ.

അതിപ്പം താന്‍ പറയണോന്ന് ചോദിച്ച് പുള്ളിക്കാരി ഫോണ്‍ കട്ട് ചെയ്തപ്പോ, വണ്ടി ഞാന്‍ വീണ്ടും സ്പീഡ് ട്രാക്കിലെക്കെടുത്തു.

അന്നത്തെ ദിവസം പിന്നെ ഫോണൊന്നും വന്നില്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നതിലും എന്ന അവസ്ഥയില്‍ ഫോണ്‍ മിണ്ടാതെ മേശപുറത്ത് കിടന്നു.

പിന്നെ രണ്ട് ദിവസത്തേക്ക് ഫോണൊന്നും വന്നില്ല പേപ്പറില്‍ ആഡ് വരുന്നതും നിന്നു. ഇനിയെന്ത്?

അറിയാവുന്നവരോടൊക്കെ നേരില്‍ കണ്ടും, നേരില്‍ കാണാന്‍ പറ്റാത്തവരെ ഫോണില്‍ വിളിച്ചും പറഞ്ഞു, പരിചയത്തിലെങ്ങാനും വല്ല മെയിഡുമാരും ഉണ്ടെങ്കില്‍ പറയണമെന്ന്.

മെയിഡാ? ഈ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്താ? ഷെയ്ഖ് ആയി ജോലി ചെയ്യാന്‍ വരെ ആളെ കിട്ടും, പക്ഷെ ഹൌസ് മെയിഡിനെ കിട്ടാന്‍ യാതൊരു വിധ സാധ്യതയുമില്ല എന്ന തരത്തിലായിരുന്നു എല്ലാവരുടേയും മറുപടി.

മലയാളി പോയിട്ട്, രാജസ്ഥാനിയോ, ഹൈദരാബാദിയോ, ബംഗാളിയോ തന്നെ ആയാലും, മെയിഡിനെ കിട്ടിയാല്‍ മതി എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് വെറും മൂന്നേ മൂന്ന് ദിവസമേ എടുത്തുള്ളൂ. ആ തീരുമാനപുറത്ത് ഗള്‍ഫ് ന്യൂസില്‍ വിളിച്ച് പഴയ പരസ്യം റിപ്പീറ്റ് ചെയ്യാന്‍ റിക്വസ്റ്റ് കൊടുത്തതിന്‍ പ്രകാരം പിറ്റേന്ന് അവധി ദിവസമായ വെള്ളിയാഴ്ച പത്രത്തില്‍ വീണ്ടും പരസ്യം വന്നു. അന്ന് ഉച്ചക്ക് എന്റെ ഫോണില്‍ വീണ്ടും ഒരു മിസ്സ് കാള്‍!

പണ്ടൊക്കെ ആരെങ്കിലും മിസ്സ് കാള്‍ ചെയ്താല്‍ എനിക്ക് ദ്വേഷ്യമായിരുന്നു. ഈയിടേയായി (മെയിഡിനു വേണ്ടി പരസ്യം നല്‍കിയതു മുതല്‍) എന്താണെന്നറിയില്ല മിസ്സ് കാള്‍ കണ്ടാല്‍ ഭയങ്കര സന്തോഷം തോന്നുന്നെന്ന് മാത്രമല്ല, രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഒരു നാലഞ്ച് മിസ്സ് കാള്‍ കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടായിരുന്നു.

മിസ്സ് കാള്‍ ചെയ്ത നമ്പറിലേക്ക് തിരിച്ച് വിളിച്ചു.

ഹലോ, എന്റെ ഫോണില്‍ മിസ്സ് കാള്‍ കണ്ടിട്ട് വിളിക്കുന്നതാ ചേച്ചി.

ആ, ഞാന്‍ വിളിച്ചിരുന്നു.

ഊര്, പേര്, നാള്, വയസ്സ് എന്തിന് ജാതകം വരെ ചേര്‍ന്നു, അങ്ങനെ ഒരു മെയിഡുറപ്പായി എന്ന് ആശിച്ചിരിക്കുമ്പോഴാണ് അശനിപാതം പോലെ അവരുടെ അവസാന വാക്കുകള്‍ ചെവിയിലേക്ക് വന്നത്. സാറെ, പിന്നെ ഒരു കാര്യം നൂറോ, ഇരുന്നൂറോ ദിര്‍ഹംസ് കുറച്ച് തന്നാലും വേണ്ടില്ല, എന്റെ ഭര്‍ത്താവിനും താമസിക്കാന്‍ സ്ഥലം തരണം. ആള് ട്രക്ക് ഡ്രൈവറാ, അബുദാബിയിലേക്ക് ഡെയിലി ട്രിപ്പുണ്ടാവും. പകല് ഒരു മൂന്നാല് മണിക്കൂര്‍ മാത്രമേ വീട്ടില്‍ ഉണ്ടാവൂ.

അയ്യോ ചേച്ചി, ഞങ്ങള്‍ ഒരു വിധം ഒരു മുറിയില്‍ അഡ്ജസ്റ്റ് ചെയ്തിട്ടാ ചേച്ചിക്ക് ഹാളില്‍ കിടക്കാന്‍ സ്ഥലമൊരുക്കുന്നത്. അതിന്റെ കൂടെ ചേച്ചിയുടെ ഭര്‍ത്താവിനും കൂടി സ്ഥലം വേണമെന്ന് വെച്ചാല്‍ എങ്ങിനേയാ?

സാറെ, അല്ലെങ്കില്‍ സാറ് പുറത്ത് എവിടേയെങ്കിലും കുറഞ്ഞ കാശിന് ഒരു ബെഡ് സ്പേസ്സ് പുള്ളിക്കാരന് ശരിയാക്കി കൊടുത്താലും മതി.

അത് നോക്കാം ചേച്ചി. ഞാന്‍ വൈഫിനോടൊന്ന് സംസാരിച്ചിട്ട് ചേച്ചിയെ തിരിച്ച് വിളിക്കാം.

വൈഫിനോട് കാര്യങ്ങളുടെ കിടപ്പ് വശമെല്ലാം പറഞ്ഞ് കൊടുത്ത്, ഞങ്ങള്‍ രണ്ട് പേരും കൂടി ക്ലാസിഫൈഡ് അരിച്ച് പെറുക്കി ബെഡ് സ്പേസിനായി ഫോണ്‍ വിളി തുടങ്ങി. മിക്കവാറും വിളിച്ച നമ്പറുകളില്‍ നിന്നൊക്കെ അത് കൊടുത്തു എന്നുള്ള ഉത്തരമായിരുന്നു. കൊടുക്കാത്തവക്ക് എടുത്താല്‍ പൊന്താത്ത റെന്റും. ഫോണ്‍ വിളിച്ച് വിളിച്ച് ഞങ്ങള്‍ തളര്‍ന്നിട്ടും, ബെഡ് സ്പേസ് പോയിട്ട് ഒരു കാലു വക്കാനുള്ള സ്പേസ് പോലും കിട്ടിയില്ല.

പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ഒരു സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവന്‍ ആരോടൊക്കേയോ വിളിച്ച് സംസാരിച്ച് അവസാനം ഒരു ബെഡ് സ്പേസുണ്ടെന്ന് അറിയിച്ചതിന്‍ പ്രകാരം മെയിഡിനെ വിളിച്ചു.

ചേച്ചീ, ഞാനാ, രാവിലെ കരാമയില്‍ നിന്നും വിളിച്ചില്ലെ? അതെ, ചേച്ചിയുടെ ഭര്‍ത്താവിന് ഞങ്ങള്‍ ഒരു ബെഡ് സ്പേസ് ശരിയാക്കിയിട്ടുണ്ട്. അപ്പോ എന്ന് മുതലാ ചേച്ചി വരുന്നത്?

അയ്യോ സാറെ, എനിക്ക് വേറെ ജോലി കിട്ടി. ഷാര്‍ജയില്. എനിക്കും ഭര്‍ത്താവിനും താമസിക്കാന്‍ അവര്‍ മുറിയും തരാം എന്ന് പറഞ്ഞു. സോറി.

മിസ്സ് കാളുകള്‍ പിന്നേയും പലതും വന്നു. ഒന്നും ചേരുന്നില്ല. അവസാനം ദൈവ നിയോഗത്താല്‍ ഒരെണ്ണം ഒത്തു. കണ്ണൂര്‍ക്കാരി ഒരു സുധ ചേച്ചി. അലൈനിലായിരുന്ന അവരെ അവരുടെ ഒരു ബന്ധു ഞങ്ങളുടെ ഫ്ലാറ്റില്‍ കൊണ്ട് വന്നാക്കി.

മീനും, ഇറച്ചിയും ഒന്നും കഴിക്കുന്ന കൂട്ടത്തിലല്ല എന്നവര്‍ പറഞ്ഞപ്പോള്‍ ഭക്ഷണം പോലും കഴിക്കില്ല എന്ന് ഞങ്ങള്‍ കരുതിയില്ലായിരുന്നു. രാവിലെയും, ഉച്ചക്കും, വൈകീട്ടും രണ്ട് സ്പൂണ്‍ കഞ്ഞി മാത്രം കഴിച്ചുകൊണ്ട് ജീവന്‍ വെടിയാതെ അവരുടെ ആത്മാവ്,ആ ശരീരത്തില്‍ എങ്ങിനെ നിലനില്‍ക്കുന്നു എന്നാലോചിച്ചിട്ട് ഞങ്ങള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ഏ സി യുടെ തണുപ്പ് അവര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല എന്നു പറഞ്ഞതിനാല്‍ മൂന്ന് ദിവസം ഞങ്ങള്‍ ഏ സി ഓണ്‍ ചെയ്യാതെ ചൂട് സഹിച്ച് ഫാനിന്റെ കാറ്റ് വച്ച് അഡ്ജസ്റ്റ് ചെയ്തു. നാലാം ദിവസം വ്യാഴാഴ്ച വൈകീട്ട് അവരുടെ ബന്ധു വന്ന് അലൈനിലേക്ക് കൊണ്ട് പോയി. ശനിയാഴ്ച രാവിലെ വരാം എന്നു പറഞ്ഞ് പോയ അവരുടെ ഫോണ്‍ വന്നു ശനിയാഴ്ച. കൈക്ക് ഭയങ്കര നീരും വേദനയും, ഞായറാഴ്ച രാവിലെ വരാം എന്ന് പറഞ്ഞു.

ചേച്ചി നാളെ എന്തായാലും വരണേ. മോള്‍ക്ക് സ്കൂളുള്ളതാ.

ഞായറാഴ്ച രാവിലെ ചേച്ചി വന്നപ്പോള്‍ ഞങ്ങള്‍ക്കാശ്വാസമായി. ആ ആശ്വാസം അല്പം നേരത്തേക്കേ ഉണ്ടായിരുന്നുള്ളൂ. കുഴമ്പും, മരുന്നുമൊക്കെയായിട്ടാ ചേച്ചിയുടെ വരവ്. യതാര്‍ത്ഥത്തില്‍ ചേച്ചിയുടെ കയ്യില്‍ നീരും വേദനയും ഉണ്ട്. പ്രയാസപെട്ട് അവര്‍ പണികള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ വാമഭാഗത്തിന് സഹിച്ചില്ല. ചേച്ചി റെസ്റ്റ് എടുത്തോളൂ, ഞാന്‍ മോളെ തയ്യാറാക്കാം. അന്ന് മോളെ സ്കൂള്‍ ബസ്സില്‍ ഞാന്‍ കൊണ്ട് പോയി വിട്ടു. ഇളയ കുട്ടിയെ സുധേച്ചിയെ ഏല്‍പ്പിച്ച് ഞങ്ങള്‍ ജോലിക്ക് പോയി. വൈകുന്നേരം വന്നപ്പോള്‍ അവരുടെ കയ്യിലെ നീര് കൂടിയിരിക്കുന്നു.

വാമഭാഗം അവരുടെ കയ്യില്‍ കുഴമ്പിട്ട് തിരുമ്മി, ചൂടുവെള്ളം വച്ച് ആവിപിടിച്ചു കൊടുത്തു. കയ്യനക്കാന്‍ കഴിയാത്ത അവര്‍ക്ക് കിടക്കാന്‍ രാത്രിയില്‍ ഞാന്‍ കിടക്ക വിരിച്ചു. പാവം സ്ത്രീ. അന്ന് രാത്രി ഒരുപാട് കരഞ്ഞു. നാട്ടില്‍ വയ്യാതെ കിടക്കുന്ന ഭര്‍ത്താവിനെകുറിച്ചും, പതിന്നാലും, പതിനഞ്ചും വയസ്സുള്ള സ്കൂളില്‍ പഠിക്കുന്ന അവരുടെ രണ്ട് കുട്ടികളെകുറിച്ചും മറ്റും പറഞ്ഞ്. ആശ്വസിപ്പിക്കാനല്ലാതെ അതിലപ്പുറം ഞങ്ങള്‍ എന്ത് ചെയ്യാന്‍?

രണ്ട് ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞപ്പോള്‍, റെസ്റ്റെടുത്തോളൂ എന്നു പറയുമ്പോഴും, മെയിഡിനെ നോക്കാന്‍ മറ്റൊരു മെയിഡിനെ വക്കേണ്ടി വരുമോ എന്നായിരുന്നു ഞങ്ങളുടെ ചിന്ത മുഴുവന്‍.

രണ്ട് ദിവസത്തെ വിശ്രമം കഴിഞ്ഞിട്ടും കൈവേദന അസഹ്യമായി തുടരുന്നതിനാല്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ പോകുന്നു എന്നവര്‍ പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാനില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ മൌനം പാലിച്ചു. അവരെ കൊണ്ടു പോകാന്‍ ബന്ധു വന്നപ്പോള്‍ അത്രയും ദിവസം വീട്ടില്‍ നിന്നതിനുള്ള വേതനം നല്‍കി അവരെ ഞങ്ങള്‍ യാത്രയാക്കി.

പിന്നേയും മെയിഡിനായുള്ള തിരച്ചിലുകള്‍, പ്രാര്‍ത്ഥനകള്‍, വഴിപാടുകള്‍.

പരിചയത്തിലുള്ള ഒരാളുടെ പരിചയക്കാരന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയുടെ നമ്പര്‍ കിട്ടിയതിന്‍ പ്രകാരം അവരെ ഫോണില്‍ വിളിച്ചു.

ഹലോ? ആമിനതാത്തയല്ലെ?

അതേലോ, ഇങ്ങളാരാ?

ചേച്ചി, ഷഹനാസ് താത്ത തന്നതാ താത്തയുടെ നമ്പര്‍.

ആഹ്. ഇത്ത പറഞ്ഞിരുന്നു.

താത്തയുടെ നാട് എവിടെ?

കോഴിക്കോട്.

പ്രായം?

വയസ്സ് പത്ത് നാല്പത്തിയാഞ്ചായി.

വിസയുണ്ടോ?

പിന്നില്ലെ? എന്റെ മോളുടെ കല്യാണത്തിന് പോയിട്ട് തിരികെ വന്നിട്ട് രണ്ട് മാസമേ ആയുള്ളൂ.

പാചകമൊക്കെ അറിയുമോ?

അതെന്ത് ചോദ്യം ചേട്ടാ, പാചകമേ അറിയൂ. ഞങ്ങള്‍ കോഴിക്കോട്കാര്‍ക്ക് പാചകമെന്ന് വെച്ചാല്‍ പിരാന്തല്ലെ? നെയ്ച്ചോറ്, ബിരിയാണി, പത്തിരി, കോയിക്കറി തുടങ്ങി എല്ലാം അറിയാം.

എങ്കില്‍ ചേച്ചി അപ്പോയ്ന്റഡ്.

എപ്പോഴാ വരുന്നത്?

നാളെ വരാലോ?

പിറ്റേന്ന് രാത്രി ആമിനതാത്ത പെട്ടിയും തൂക്കി വന്ന് ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തു.

അടുക്കളയും സാധങ്ങളും എല്ലാം വൈഫ് പരിചയപെടുത്തി.

പിറ്റേന്ന് രാവിലെ മോള്‍ക്ക് സ്കൂള്‍ അവധിയായതിനാല്‍ അതിരാവിലേയുള്ള എഴുന്നേല്‍പ്പിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.

ബ്രേക്ക് ഫാസ്റ്റിനുള്ള ഇഡ്ഡലിയും ചട്നിയും തയ്യാറാക്കി പാഴ്സല്‍ തന്നയച്ചു ആമിനതാത്ത.

ഓഫീസില്‍ ചെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ നേരം ചട്നി കണ്ട ഞാന്‍ ഞെട്ടി. ചട്നിയില്‍ എത്ര മുക്കിയിട്ടും ഇഡ്ഡലി കഷ്ണത്തിന്മേല്‍ ചട്നി പിടിക്കുന്നില്ല! വെള്ളത്തില്‍ മുക്കിയാല്‍ ജലകണങ്ങളെങ്കിലും തങ്ങിയിരുന്നേനെ! ഒരു സ്പൂണ്‍ തേങ്ങ വച്ച് പുള്ളിക്കാരി നാലാള്‍ക്ക് ഒന്നര ലിറ്റര്‍ ചട്നിയുണ്ടാക്കിയിരിക്കുന്നു.

ആമിന താത്തക്ക് ഫോണ്‍ ചെയ്ത് കാര്യം പറഞ്ഞതിനു ശേഷം ഞാന്‍ പറഞ്ഞു, അതേയ് പിശുക്കൊന്നും വേണ്ടട്ടോ. സാധനങ്ങള്‍ ഒക്കെ യഥേഷ്ടം ഉപയോഗിച്ചോളൂ.

ഓക്കെ ചേട്ടാ. അവിടുന്ന് മറുപടി വന്നു.

വൈകീട്ട് ചെന്നപ്പോള്‍ വാമഭാഗം മുഖം കയറ്റി പിടിച്ചിരിക്കുന്നു.

ഉം എന്ത് പറ്റി? അതെ ഫ്രിഡ്ജിലിരുന്നിരുന്ന രണ്ട് മൂന്ന് കിലോ ഫ്രൂട്ട്സ് ഒക്കെ എടുത്ത് അവര്‍ കട്ട് ചെയ്യുന്നത് കണ്ടപ്പോ, ഞാന്‍ കരുതി പിള്ളാര്‍ക്ക് കൊടുക്കാനായിരിക്കുമെന്ന്.

എന്നിട്ടെന്ത് പറ്റി?

നോയമ്പ് തുറക്കുമ്പോള്‍ അവര്‍ക്ക് കഴിക്കാനായി കട്ട് ചെയ്തതാണെന്ന് ഇപ്പോള്‍ അടുക്കളയില്‍ പോയപ്പോഴല്ലെ മനസ്സിലായത്.

പോട്ടെ. വിട്ട് കള. ഒരു മെയിഡിനെ കിട്ടാനുള്ള പാട് നമ്മള്‍ ഒരുപാടനുഭവിച്ചതല്ലെ. അവളെ ഞാന്‍ സമാധാനിപ്പിച്ചു.

പിറ്റേന്ന് രാവിലെ സൂപ്പര്‍ ബ്രേക്ക് ഫാസ്റ്റ്. പത്തിരിയും മുട്ടക്കറിയും. ഒരു ദോശ മുഴുവനായും തിന്നാത്ത മകള്‍ പതിവില്ലാതെ അന്ന് അഞ്ച് പത്തിരി കഴിച്ചു. ഓഫീല്‍ എത്തി ഞാനും കൊളീഗ്സും കഴിച്ചു. കോള്ളാം അടിപൊളി. ഫോണ്‍ ചെയ്ത് വാമ ഭാഗവും അറിയിച്ചു, പത്തിരിയും മുട്ടക്കറിയൂം കുഴപ്പമില്ല.

അന്ന് വൈകുന്നേരം വീട്ടില്‍ ഞാന്‍ അല്പം നേരത്തെ എത്തി.

തലേ ദിവസം മുഖം കയറ്റി വച്ചതിനു പകരം എന്നെ കണ്ടതും വൈഫ് പൊട്ടി ചിരിക്കാന്‍ തുടങ്ങി.

എന്താഡീ പതിവില്ലാതെ നിങ്ങനെ അറഞ്ഞ് ചിരിക്കുന്നത്?

എന്തെങ്കിലും എടുക്കാനാണെന്നുള്ള ഭാവത്തില്‍ ഒന്ന് അടുക്കളയില്‍ പോയി നോക്കിയേ.

എന്ത് പറ്റി?

അല്ല ചുമ്മാ ഒന്ന് ചെന്ന് നോക്ക് മനുഷ്യാ.

തഞ്ചത്തില്‍ അടുക്കളയില്‍ ചെന്നപ്പോള്‍ ഒരൊന്നൊന്നര കിലോ ഉള്ളി ഉരുളകിഴങ്ങ് മിക്സ് പക്കോട ഉണ്ടാക്കി ഒരു പാത്രത്തില്‍ വെച്ചിരിക്കുന്നു. അടുത്തത് ചീനചട്ടിയില്‍ പൊരിക്കുന്നുമുണ്ട്.

വാമ ഭാഗത്തിനോട് ഞാന്‍ പറഞ്ഞു, എഡീ ഇത്രയ്ക്കൊന്നും അവരൊറ്റക്ക് തിന്നില്ല. ഫ്രൂട്ട്സ് പോലെയാണോ എണ്ണയില്‍ വറുത്തത്. അവര്‍ നമ്മുക്കും ചേര്‍ത്തായിരിക്കും ഉണ്ടാക്കുന്നത്.

നമുക്ക് നോക്കാം.

പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ മുറിയില്‍ വന്നു. ഫ്രിഡ്ജില്‍ നിന്നും ഒരു വെട്ടുക്ലാസ്സ് നിറയെ പാലുമെടുത്ത് പോയതും, തൊട്ടടുത്ത പള്ളിയില്‍ നിന്നും മഗ് രീബ് നമസ്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങി......... അള്ളാഹു അക്ബറള്ളാഹു..........

പിന്നേയും പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആമിനതാത്ത മുറിയിലെത്തിയതും, വാമഭാഗം അടുക്കളയിലോട്ട് വച്ചടിച്ചു.

തിരിച്ചെത്തിയത് ചിരിച്ചുകൊണ്ട് തന്നെ.

ഉം. എന്താഡീ ചിരിക്കണെ?

ഏയ്. ഒന്നുമില്ല പാത്രം എല്ലാം കഴുകി വച്ചിരിക്കുന്നു. പക്കോടയെല്ലാം ക്ലീന്‍ ബൌള്‍ഡ്.

എനിക്കും ചിരിക്കാതിരിക്കാനായില്ല.

വ്യാഴാഴ്ച രാത്രി, വെള്ളിയാഴ്ച വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റിട്ട് കൊണ്ടിരിക്കുമ്പോള്‍ ആമിനതാത്തയോട് ചോദിച്ചു. പലചരക്കെന്തെങ്കിലും വാങ്ങണോ?

ഉവ്വ്. എനിക്കീ മട്ട അരിയുടെ ചോറ് പറ്റില്ല. എനിക്ക് ബാസ്മതി മതി!

ശരി താത്ത, വേറെ?

വേറെ എന്താ? അതൊക്കെ നിങ്ങള്‍ നോക്കി വാങ്ങിക്കോ.

ഉത്തരവ്.

വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് വസ്ത്രം മാറുന്നതിനു മുന്‍പെ തന്നെ വെള്ളിയാഴ്ച വൈകുന്നേരം വരാം എന്ന് പറഞ്ഞ് അവര്‍ ബന്ധു ഗൃഹങ്ങളിലേക്ക് പോയി.

പതിവുപോലെ ബ്ലോഗില്‍ നീന്നും ബ്ലോഗിലേക്ക് സഞ്ചരിച്ച് ഞാന്‍ വാരാന്ത്യം ചിലവിട്ടു.

വെള്ളിയാഴ്ച ഷാര്‍ജയിലുള്ള വാമഭാഗത്തിന്റെ ചെറിയമ്മയുടേയും, കസിന്റേയും വീട്ടിലെ സന്ദര്‍ശനവും അത്താഴവും കഴിഞ്ഞ്, ലിസ്റ്റിലുള്ള സാധനങ്ങളും വാങ്ങി ഞങ്ങള്‍ എത്തിയപ്പോള്‍ സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു.

വന്ന് മുറി തുറന്നതും ആമിനതാത്ത ചോദിച്ചു, എന്താ ഇത്? ഞാന്‍ വിശന്ന് ഒരു പരുവമായിട്ടാ വന്നത്. ഇവിടെ വന്നപ്പോള്‍ ഒരു ഭക്ഷണവും ഇല്ല. ഫ്രിഡ്ജാണെങ്കില്‍ കാലി. എന്തെങ്കിലും ഉണ്ടാവുമെന്ന് ഞാന്‍ കരുതി. ഒരു ലിറ്ററിന്റെ ഒരു ഐസ്ക്രീം ഡബ്ബ മാത്രമേ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നുള്ളൂ. അതു വച്ച് തല്‍ക്കാലം ഞാന്‍ അഡ്ജസ്റ്റ് ചെയ്തു.

സോറി താത്ത. ഉച്ചക്ക് പോയതിനാല്‍ ഉച്ചയൂണും, അത്താഴവും പുറത്തായിരുന്നു. ഇനി മുതല്‍ ഞങ്ങള്‍ ശ്രദ്ധിക്കാം.

എങ്കില്‍ ഓക്കെ.

എല്ലാവരും ഉറങ്ങി.

സൂര്യന്‍ ഉദിച്ചു, പകല്‍ മുഴുവന്‍ ഷൈന്‍ ചെയ്തു, വൈകീട്ട് അസ്തമിച്ചു. ഞാന്‍ പതിവുപോലെ വീട്ടിലെത്തി.

ഭാര്യയോട് ചോദിച്ചു, എന്താഡീ ഇന്ന് ഭക്ഷണം?

സാമ്പാറുണ്ട്, ക്യാബേജ് തോരനുണ്ട്, പച്ച മാന്തള്‍ വറുക്കാന്‍ മസാല പുരട്ടി വച്ചിരിക്കുന്നു. പോരെ?

മതി. ധാരാളം.

പോര. പെട്ടെന്നൊരു ശബ്ദം കേട്ട് ഞാന്‍ നോക്കിയപ്പോള്‍ ആമിനതാത്തയാണ്.

അതെന്തേ?

മാന്തള്‍ എനിക്കിഷ്ടമല്ല. നിങ്ങള്‍ മാന്തള്‍ കഴിച്ചോളൂ. ഞാന്‍ ചെമ്മീന്‍ പൊരിച്ചോളാം.

ഒരു മെയിഡിനെ കിട്ടാനുള്ള പ്രയാസമോര്‍ത്ത് സൈലന്റ് മോഡിലിരുന്നിരുന്ന വാമ ഭാഗം പൊടുന്നനെ മോഡ് മാറ്റി.

അതേ, കുറച്ച് ദിവസമായി നിങ്ങള്‍ ചെയ്യുന്നതൊക്കെ കാണുന്നു, സഹിക്കുന്നു, അല്പമൊക്കെ നിങ്ങള്‍ക്കും അഡ്ജസ്റ്റ് ചെയ്യാം. ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി എത്രയോ അഡ്ജസ്റ്റ് ചെയ്യുന്നു? ഞങ്ങള്‍ക്കിഷ്ടമുള്ളത് വക്കും, കഴിക്കും, ചിലപ്പോള്‍ നിങ്ങളോട് വച്ച് തരാന്‍ പറയും. സൌകര്യമുണ്ടെങ്കില്‍ നിന്നാല്‍ മതി. ഇല്ലെങ്കില്‍ ഇഷ്ടം പോലെ ബേബി സിറ്റിങ്ങ് നടത്തുന്നവര്‍ ഉണ്ട്. അവിടെ വിട്ടോളാം. വേറെയും മെയിഡിനെ കിട്ടുമോന്ന് നോക്കട്ടെ. പേപ്പറില്‍ പരസ്യവും കൊടുക്കാം.

അയ്യോ മോളെ, ഞാന്‍ ചുമ്മാ പറഞ്ഞതല്ലെ? നിങ്ങള്‍ തിന്നിട്ട് എന്തേലും ബാക്കി ഉണ്ടെങ്കില്‍ ഞാന്‍ കഴിച്ചോളാം. അവരും താഴ്ന്നു ഭൂമിയോളം.

ഈ സംഭവം കഴിഞ്ഞിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. അവര്‍ മഹാ ഡീസന്റായി.

എന്തിനും സസ്യേതര വിഭവങ്ങള്‍ പാചകം ചെയ്യുന്നതില്‍ എക്സ്പര്‍ട്ടാണെന്ന് ആമിനതാത്ത ഒരാഴ്ച കൊണ്ട് തെളിയിച്ചു. ഇത്രയും നല്ലൊരു മെയിഡിനെ കിട്ടിയ ഞങ്ങള്‍ ഭാഗ്യവാന്മാര്‍.

ഇതെത്ര നാള്‍?

ഗുണ പാഠം

പറയാനുള്ളത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍, താഴെ നില്‍ക്കുന്നവന്‍ ചുമലില്‍ കയറുമെന്ന് മാത്രമല്ല, ചുമലില്‍ ഇരുന്നുകൊണ്ട് ചെവി തിന്നുകയും ചെയ്യും.

Tuesday, October 02, 2007

വെള്ളിയാഴ്ച സ്പെഷല്‍

രാവിലേയും വൈകുന്നേരവും എന്തിന്, ദിവസത്തിന്റെ ഭൂരിഭാഗ സമയവും ഷാര്‍ജയിലേക്കുള്ള ട്രാഫിക്ക് വളരെ കുറച്ചായതിനാലും, ഷാര്‍ജയില്‍ നിന്നും ദുബായിലേക്ക് വരുവാനും, പോകുവാനുമായ് ദിവസത്തില്‍ നാലു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സമയം മാത്രമേ എടുക്കൂ എന്നതിനാലും, ഡ്രൈവിങ്ങില്‍ അതീവ തത്പരനായിരുന്നതിനാലും ഷാര്‍ജയിലൊന്നും പോയി താമസിക്കാതെ ദുബായില്‍ തന്നെ താമസിച്ചു വരുന്നു ഈയുള്ളവന്‍. ദുബായില്‍ താമസിക്കുന്നു എന്ന നിലക്ക് വണ്ടിയില്‍ അടിക്കേണ്ട ഇന്ധനലാഭവും, വണ്ടിയോടിച്ചങ്ങോട്ടും ഇങ്ങോട്ടും പോകേണ്ട ഇനത്തില്‍ സമയലാഭവും ഇഷ്ടം പോലെ ലഭിക്കുന്നുണ്ടെങ്കിലും, വീട്ട് വാടക ദുബായില്‍ വളരെ തുച്ഛമായതിനാല്‍ ഒരേ ഒരു ത്രീ ബെഡ് റൂം ഫ്ലാറ്റിലാണ് (ത്രീ ബെഡ് റൂം + ഹാള്‍) ഞങ്ങള്‍ മൂന്നു കുടുംബങ്ങള്‍ താമസിക്കുന്നത്. ഞങ്ങള്‍ മൂന്നു മതക്കാരും മൂന്നു വിത്യസ്ഥ കുടുംബക്കാരുമായിരുന്നെങ്കില്‍ തന്നെയും,ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ളവര്‍ തന്നെയാകുന്നു.

അതിരാവിലെ വഴിതെറ്റിയാണെങ്കില്‍ പോലും പുതിയ ഒരാള്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ എത്തിപെട്ടാല്‍, എന്റെ മുറിയില്‍ നിന്നും അയ്യപ്പ ഭക്തിഗാനമോ, സുബ്ബുലക്ഷ്മിയമ്മയുടെ വെങ്കിടേശ്വര സുപ്രഭാതമോ കേള്‍ക്കുന്ന സമയത്ത് തന്നെ, തൊട്ടപ്പുറത്തെ ആല്‍ബര്‍ട്ട് ചേട്ടന്റെ മുറിയില്‍ നിന്നും ക്രിസ്തീയ ഭക്തിഗാനങ്ങളും, അതിന്റെ തൊട്ടടുത്ത ഷാജിയുടെ മുറിയില്‍ നിന്നും, ഖുറാന്‍ വചനങ്ങളോ, മാപ്പിള പാട്ടോ കേള്‍ക്കുമ്പോള്‍ ഈ യുഗത്തിലും ചാരിത്ര്യം കാത്ത് സൂക്ഷിക്കുന്നത് പോലെ ഇങ്ങനെ മതസൌഹാര്‍ദ്ധം കാത്തു സൂക്ഷിക്കുന്നവരുണ്ടോ എന്ന് ചിന്തിച്ച് നില്‍ക്കുന്ന സമയത്തായിരിക്കും മുറികള്‍ക്കെതിര്‍വശത്തുള്ള വിശാലമായ അടുക്കളയില്‍ സ്ഥിതി ചെയ്യുന്ന മൂന്നു കൂടുംബക്കാരുടേയും വെവ്വേറെയുള്ള ഗ്യാസ് സ്റ്റൌവുകള്‍ക്ക് മുകളിരിക്കുന്ന മൂന്നോ, നാലോ, അഞ്ചോ കുക്കറുകള്‍ ഒരുമിച്ച് വാദിച്ച് വിസിലടിക്കുന്നത്. ഇത് കേള്‍ക്കുന്ന ആള്‍ക്ക് ഒരേ സമയത്ത് തന്നെ നീരാവി എഞ്ചിന്‍ പിടിപ്പിച്ച തീവണ്ടികള്‍ ഓടുന്ന ഒരു റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന പ്രതീതി ലഭിക്കുന്നതിനൊപ്പം തന്നെ നാനാ തരം ഭക്ഷണങ്ങളുടെ സമ്മിശ്രഗന്ധം കൂടി ആസ്വദിക്കാവുന്നതാണ്.

പണ്ടേ ഒരു ദുര്‍ബല,പോരാത്തതിന് ഗര്‍ഭിണി, സ്വന്തം ഭര്‍ത്താവുമൊത്ത് സിംഗിള്‍ റൂം ഫ്ലാറ്റില്‍ തനിച്ച് താമസിച്ചിട്ടും, എന്തു ഭക്ഷണം വച്ചാലും ശര്‍ദ്ധിച്ച്, ശര്‍ദ്ധിച്ച് പുറത്ത് വരുന്ന കുടലിനെ ഇടക്കിടെ അകത്തേക്ക് വിരലുകളഞ്ചും ഉപയോഗിച്ച് തള്ളിയിറക്കിയിരുന്നവള്‍ അപ്രതീക്ഷിതമായി ഒരു വെള്ളിയാഴ്ച ഉച്ച സമയത്ത് ഞങ്ങളുടെ വീട്ടില്‍ വരുകയും, കാതടച്ചുള്ള വിസിലടികളും വിത്യസ്ഥ ഭക്ഷണങ്ങളുടെ ഗന്ധവും ഒരേ സമയം വരമായി ലഭിച്ചത് മൂലം,ബാത്രൂമില്‍ പോയി ഒന്നര മണിക്കൂര്‍ നേരം നിറുത്താതെ ശര്‍ദ്ധിച്ചു. അന്നത്തെ ആ മാരത്തോണ്‍ ശര്‍ദ്ധിക്കു ശേഷം, നാളിതുവരേയായി രണ്ട് തവണ പ്രസവവും കഴിഞ്ഞു. പക്ഷെ അന്ന് തൊട്ട് ഇതുവരെ അവര്‍ ശര്‍ദ്ധിച്ചിട്ടില്ല കാരണം അന്നു ഞങ്ങളുടെ ഫ്ലാറ്റില്‍ നിന്നും ലഭിച്ച സമ്മിശ്രമായ ആ സുഗന്ധത്തിനു മുന്‍പില്‍ നിഷ്പ്രഭമായ ഗന്ധങ്ങളേ പിന്നീടിന്നു വരെ അവര്‍ക്ക് ലഭിച്ചിട്ടുള്ളൂ എന്നാണ് അവര്‍ പറയുന്നത്. ഏകത്വത്തില്‍ നാനാത്വം (ഒരടുക്കളയില്‍ നിന്നും ഒരു ഹോട്ടലില്‍ നിന്നും ലഭിക്കുന്നത്ര ഗന്ധം) എന്ന പഴംചൊല്ലിനൊരു ഉദാഹരണം തന്നെ ഇതും.

മൂന്നു കുടുംബങ്ങളാണ് ഒരു ഫ്ലാറ്റില്‍ താമസിച്ചിരുന്നതെങ്കിലും ഞങ്ങളുടെ ഫ്ലാറ്റില്‍ ഒരുമ കളിയാടി, വിളയാടി. ഭക്ഷണങ്ങള്‍ പരസ്പരം പങ്കു വച്ചു. ഒരുമിച്ച് പാര്‍ക്കുകളിലും, ഷോപ്പിങ്ങ് മാളുകളിലും പോയി വന്നു. ചില ഈവനിങ്ങുകളില്‍ നടക്കാനിറങ്ങുന്ന ഞങ്ങള്‍ ഫാര്യമാരറിയാതെ ബാറുകളിലേക്കും നടന്നു.

വെള്ളിയാഴ്ചകളില്‍ മാത്രം ഞങ്ങളുടെ ഒരുമക്കൊരു അപവാദമായി ചെറിയ ചെറിയാ ഭാര്യഭര്‍ത്തൃ കലഹങ്ങള്‍ മൂന്ന് കുടുംബങ്ങളിലും അരങ്ങേറുവാനുള്ള കാരണം വെള്ളിയാഴ്ച വീക്ക് ലി ഓഫ് ആകുന്നു എന്നതിനാലോ, വെള്ളിയാഴ്ച പാചകം നളന്മാരായ ഞങ്ങള്‍ ഏറ്റെടുക്കുന്നതിനാലോ അല്ല, മറിച്ച് പാചകം കഴിയുന്നതോടെ നളന്മാരെല്ലാവരും ഫ്യൂസായ ട്യൂബുലൈറ്റ് പോലെ പ്രകാശരഹിതമായി തീരുന്നു എന്നതിനാലാണ് എന്നും ഈ അവസരത്തില്‍ അടിവരയിട്ട് പറയണം.

ഇനി അല്‍പ്പം വെള്ളിയാഴ്ച വിശേഷങ്ങള്‍.

വ്യാഴാഴ്ച രാത്രിയിലുള്ള അര്‍മാദങ്ങള്‍ കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെയാകുന്നു ഞങ്ങള്‍ കടകളില്‍ പോയി ആ ആഴ്ചത്തേക്കുള്ള പലചരക്ക്, പച്ചക്കറി, ഇറച്ചി, മത്സ്യാദി സാധനങ്ങള്‍ വാങ്ങുന്നത്.

വെള്ളിയാഴ്ച ദിവസങ്ങളില്‍ പ്രാതല്‍ തയ്യാറാക്കി കഴിഞ്ഞാല്‍ അച്ചിമാര്‍ക്ക് അടുക്കളയില്‍ കയറുന്നത് നിഷിദ്ധമാകയാല്‍, ടി വിയില്‍ വരുന്ന ഒരിക്കലും തീരാത്ത സീരിയലുകള്‍ കണ്ടോ, വെറുതെ കിടന്നുറങ്ങിയോ സമയത്തെ കൊല്ലുമ്പോള്‍, ഞങ്ങള്‍ നളന്മാര്‍ സമയത്തെ കൊല്ലാന്‍ കൈപുണ്ണ്യം പരീക്ഷിക്കുന്നത് കൂടുതലും, ഇറച്ചി, മീന്‍, കക്ക, കല്ലുമ്മക്കായ തുടങ്ങിയ കൊളസ്ട്രോള്‍ ഫ്രീയായി ലഭിക്കുന്ന ഐറ്റംസ് സൌകര്യാര്‍ത്ഥം കറിയായോ, വറുത്തോ, പൊള്ളിച്ചോ ആണ്. മാത്രമല്ല, ഈ ഇരുപതാം നൂറ്റാണ്ടിലും വെള്ളിയാഴ്ച ദിവസങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ ബാര്‍ട്ടര്‍ സിസ്റ്റവും നടപ്പുണ്ട് (മീന്‍ വറുത്തതങ്ങോട്ട് കൊടുത്താല്‍ ഇറച്ചിക്കറി ഇങ്ങോട്ട് കിട്ടും, പുലാവ് ഇങ്ങോട്ട് കിട്ടിയാല്‍ ബിരിയാണി അങ്ങോട്ട് കൊടുക്കും, വക്കുന്ന വിഭവത്തിനനുസരിച്ച് മെനുവും മാറും)

റേഷന്‍ കാര്‍ഡില്‍ വാങ്ങാവുന്ന പാമോയിലിനും, പഞ്ചസാരക്കും ആളാംവീതം പരിമിതി നിശ്ചയിച്ചിരിക്കുന്നതുപോലെ, ഞങ്ങളുടെ ഭവതിമാര്‍ ഞങ്ങളുടെ കപ്പാസിറ്റിയനുസരിച്ച്, വെള്ളിയാഴ്ച ചെലുത്താവുന്ന പെഗ്ഗുകള്‍ക്കും രണ്ട്, മൂന്ന്, കൂടിയാല്‍ മൂന്നര എന്നിങ്ങനെ പരിമിതിയും നിശ്ചയിച്ചിട്ടുള്ളതിനാല്‍ ക്വാട്ടയുടെ കമ്മി തികക്കാനായി ഞങ്ങള്‍ കരിഞ്ചന്തയെ ആശ്രയിക്കുകയാണ് പതിവ്. കരിഞ്ചന്തയില്‍ നിന്നിറക്കുന്ന കുപ്പി ഭവതിമാരുടെ കണ്മുന്നിലെത്താതിരിക്കാനായ് ഞങ്ങള്‍ പെടുന്ന പാട് അവര്‍ണ്ണനീയമാണ്, ശ്ലാഘനീയമാണ് (ജാതകത്തില്‍ ഗ്രഹങ്ങളുടെ നില മാറുന്നത് പോലെ, സമയവും സന്ദര്‍ഭവും കാലവും അനുസരിച്ച് അരിപ്പാട്ടയിലും, ഗോതമ്പ് പൊടി ചാക്കിലും, ഗ്യാസുകുറ്റികളുടെ ഇടയിലും, വാഷിങ്ങ് മെഷീന്റെ അടിയിലും തുടങ്ങി കുപ്പിയുടെ സ്ഥാനവും, മാറികൊണ്ടേയിരിക്കും).

അങ്ങനെ പതിവുപോലെ ഒരു വെള്ളിയാഴ്ച, കുളി, പ്രാര്‍ത്ഥന മുതലായ ദൈനം ദിന പ്രക്രിയയും പലചരക്കിത്യാദി സാദനങ്ങളുടെ പര്‍ച്ചേസിങ്ങും കഴിഞ്ഞ് വന്ന്, മൂക്കു മുട്ടെ ദോശയും മുളക് ചമ്മന്തിയും മെടഞ്ഞതിന്റെ ക്ഷീണം മാറ്റാന്‍ അല്പം കിടന്ന് അടുത്ത സെഷനായ നളപാചകത്തിനായ് അടുക്കളയിലേക്ക് ഞാന്‍ നടന്നു. പോകുന്ന പോക്കില്‍ ലൈറ്റ് ഷേഡുള്ള എന്റെ ഷര്‍ട്ടുകളും പാന്റുകളും മറ്റും അലക്കുവാനായ് വാഷിങ്ങ് മെഷീനില്‍ കൊണ്ട് ചെന്നിട്ടു. വാമഭാഗം അവളുടേ അലക്കാനുള്ള വസ്ത്രങ്ങള്‍ സൌകര്യം പോലെ ഇട്ടതിനു ശേഷം വാഷിങ്ങ് മെഷീന്‍ ഓണ്‍ ചെയ്തുകൊള്ളും. ഹൌസ് മെയിഡ് പോയതിനാല്‍ വെള്ളിയാഴ്ച കളില്‍ അതാണ് പതിവ്.

ഇറച്ചി നുറുക്കലും, ഉള്ളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവ അരിയുന്നതിന്നുമിടയില്‍ പതിവുപോലെ ഇടക്കിടെ ഞങ്ങള്‍ അവനവന്റെ മുറിയിലേക്ക് സന്ദര്‍ശനം നടത്തുകയും അനുവദനീയമായ ക്വാട്ട തേമ്പി തിരികെ അടുക്കളയിലേക്ക് വരുകയും ചെയ്തു. ഉച്ചവെയില്‍ ഉച്ചിയിലെത്താന്‍ തുടങ്ങിയപ്പോഴേക്കും, നുറുക്കിയ ഇറച്ചി മസാലയില്‍ കുളിച്ച് കുക്കറിലേറി തീയിലമര്‍ന്നു. ഉച്ചയായിട്ടും ലഹരി ഉച്ചസ്ഥായിയില്‍ എത്താതിരുന്നതിനാല്‍ ഒരനുരഞ്ചനത്തിനായി മുറിയില്‍ പോയപ്പോള്‍ അനുവദിച്ച ക്വാട്ട കഴിഞ്ഞതിനാല്‍ കുപ്പി പൂട്ടുള്ള പെട്ടിയില്‍ കയറി അപ്രത്യക്ഷമായിരിക്കുന്നു. ചോദിച്ചിട്ടും ഫലമില്ലാ എന്ന തിരിച്ചറിവു വന്നപ്പോള്‍ അടുക്കളയിലേക്ക് തിരികെ വന്നു. എന്റെ മാത്രമല്ല മറ്റുള്ളവരുടേയും അവസ്ഥ വിഭിന്നമല്ല.

ഇറച്ചിയും, മീനും ഒക്കെ കുക്കറിലിരുന്നും, ചട്ടിയിലിരുന്നും, അടുപ്പിന്റെ സഹായത്താല്‍ സ്വയം വെന്തോളും, പക്ഷെ നമ്മുടെ കാര്യം നമ്മള്‍ തന്നെ നോക്കണം എന്ന തിരിച്ചറിവ് വന്നതും, കരിഞ്ചന്തയില്‍ നിന്നും വാങ്ങി, കരിപിടിച്ചുപയോഗിക്കാതെ കിടന്നിരുന്ന കറുത്ത ചട്ടിയുടെ കീഴെ കിടത്തി കാത്തു സൂക്ഷിച്ചിരുന്ന കുപ്പി ഞങ്ങള്‍ പുറത്തെടുത്തു.

വീട്ടിലുള്ള ക്വാട്ട സിപ്പ് സിപ്പായി ആസ്വദിച്ച് കഴിക്കുകയാണ് പതിവെങ്കില്‍, കള്ളത്തരം ചെയ്യുന്ന നേരത്ത് പിടിക്കപെടാന്‍ പാടില്ല എന്നുള്ള പിടിവാശി മൂലം ഒറ്റയിറക്കിന് ഗ്ലാസ്സ് കാലിയാക്കുകയാണ് പതിവ്. ആരുടേയും വാമഭാഗങ്ങള്‍ ഒട്ടും തന്നെ മോശമല്ല എന്ന അവസ്ഥയായതിനാല്‍ കള്ളത്തരം ചെയ്യുന്ന സമയത്തും, കണ്ണും കാതും തുറന്ന് വക്കണം. നേരിയ പാതപദന ശബ്ദം പോലും ഞങ്ങളുടെ ഹൃദയ സ്പന്ദനത്തെ ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിരുന്നു അത്തരം അവസരങ്ങളില്‍.

മൂന്ന് ഗ്ലാസിലും ഓരോന്നൊഴിച്ച് ഒറ്റവലിക്ക് തന്നെ ഞങ്ങള്‍ അവരവരുടെ ഗ്ലാസ്സുകള്‍ കാലിയാക്കിയതിനു ശേഷം കുപ്പിയെ പഴയ ചട്ടിയുടെ അടിയില്‍ തന്നെ കിടത്തിയുറക്കി അവനവന്റെ പാചകത്തിലേക്ക് തിരിഞ്ഞു.

സമയം ഒന്നര കഴിഞ്ഞു. വറക്കലും, പൊരിക്കലും എല്ലാം തീര്‍ന്നു. പാചകം അവസാനിപ്പിച്ചു എന്നു പറയാം. പാത്രങ്ങളും ചോറും കറിയും എല്ലാമെടുത്ത് മുറിയില്‍ പോയി ആഹരിച്ചാല്‍ മാത്രം മതി ഇനി. ആദ്യം അടിച്ച ഒന്ന് രണ്ട് പെഗ്ഗ് അടുക്കളയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ആവിയില്‍ നീരാവിയായിപോയതിനാല്‍, കരിഞ്ചന്തകുപ്പിയില്‍ നിന്നും ഓരോന്ന് കൂടി കീറിയാലോ എന്നൊരു പ്രമേയം ഞങ്ങള്‍ ഒരുമിച്ച് അവതരിപ്പിച്ച് പാസാക്കി.

ചട്ടിക്കടിയില്‍ നിന്നും കഴുത്തില്‍ പിടിച്ചെടുത്ത കുപ്പിയുടെ അടപ്പൂരി, വറ്റിവരണ്ടിരിക്കുന്ന ഗ്ലാസുകളിലേക്ക് തര്‍പ്പണം ചെയ്യുന്നതിനുമുന്‍പേ പാസേജില്‍ അമരുന്ന കാലടി ശബ്ദം കേട്ടു. കാലടി ശബ്ദത്തിന്റെ ഉടമ അടുക്കളയിലെത്താന്‍ ഇനി നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രം. തൊണ്ടിസഹിതം ഞങ്ങള്‍ പിടിക്കപെടാന്‍ പാടില്ല. ആലോചിക്കുവാന്‍ സമയമില്ല. കുപ്പിയുടെ അടപ്പ് തിരിച്ച് മുറുക്കി പൊടുന്നനെ കുപ്പി ഞാന്‍ വാഷിങ്ങ് മെഷീനില്‍ അലക്കാന്‍ ഇട്ടിരിക്കുന്ന വസ്തങ്ങളുടെ ഇടയിലേക്ക് തിരുകി വച്ച് നടുനിവര്‍ത്തിയതും, എന്റെ നല്ല പാതി അടുക്കളയില്‍ ഹാജര്‍.

എന്താദ്? ഇത്രനേരായിട്ടും ഭക്ഷണം തയ്യാറായില്ലെ? പിള്ളേര്‍ക്ക് വിശന്നു തുടങ്ങി. ഒരു വെള്ളിയാഴ്ച മുടക്കമുള്ളതാ, അന്നൊന്ന് നേരത്തെ കഴിച്ച് തണ്ടല് നിവര്‍‍ത്താം എന്നു കരുതിയാല്‍ നിങ്ങളൊന്നും സമ്മതിക്കില്ല. അപ്പോ വെള്ളമടിയായി, പാട്ടായി, ഒടുക്കത്തെ കുക്കിങ്ങുമായി. മതി കുക്ക് ചെയ്തത്. വാ, പോയി കഴിക്കാം.

കടിക്കുന്ന പട്ടിയുടെ വായിലെന്തിനാ അറിഞ്ഞുകൊണ്ട് കൈ വച്ച് കൊടുക്കുന്നത്?

ചട്ടിയും കലവും എടുത്ത് ഞാന്‍ മുന്നിലും, പ്ലെയിറ്റുകളും, കയിലുകളുമായി അവള്‍ പിന്നാലേയും മുറിയിലേക്ക് നടന്നു. പെഗ്ഗ് പെഗ്ഗ് മേം ലിഖാ ഹേ പീനേ വാലേ കാം നാം എന്ന പഴം ചൊല്ല് ഞാന്‍ പോകുന്ന വഴിക്ക് വെറുതെ ഒന്നോര്‍ത്തു (ഓരോ ധാന്യമണിയിലും അതു കഴിക്കുന്നവന്റെ പേരെഴുതി ചേര്‍ക്കപെട്ടിരിക്കുന്നു എന്ന് പഴയ ചൊല്ല്. ധാന്യം വാറ്റിയാണല്ലോ ഈ വിസ്കിയും മറ്റും ഉണ്ടാക്കുന്നത്, ആയതിനാല്‍ ഞാന്‍ പറഞ്ഞത് ലേറ്റസ്റ്റ് വെര്‍ഷന്‍).

ഒരുമിച്ചിരുന്ന് വയറു നിറയും വരെ വരെ ഇറച്ചിക്കറിയും, മീന്‍ വറുത്തതും കൂട്ടി ചോറുണ്ടു. വയറ്റില്‍ അവശേഷിച്ച അല്പം ഗ്യാപ്പ് ഫില്‍ ചെയ്യുന്നതിലേക്കായി, തൈരും അച്ചാറും ചേര്‍ത്ത് ലൂബ്രിക്കേറ്റ് ചെയ്ത ചോറുപയോഗിച്ചു. ഇനി ഒരുവറ്റ് പോലും അകത്തേക്ക് ചെന്നാല്‍ കഴിച്ചത് മൊത്തം പുറത്തേക്ക് വരും എന്ന അവസ്ഥയെത്തിയപ്പോള്‍ അമൃതേത്ത് അവസാനിപ്പിച്ച് കൈകഴുകി വന്ന് ചപ്രമഞ്ചത്തിലേക്ക് ചരിഞ്ഞു. വൈകീട്ട് എന്തു ചെയ്യണം എന്ന് ആലോചിക്കാനുള്ള സമയം കിട്ടുന്നതിനുമുന്‍പ് പള്ളിയുറക്കത്തിലേക്ക് വഴുതി വീണു.

വൈകുന്നേരം എഴുന്നേറ്റ് പതിവുപോലെ വല്ല ക്രീക്കിലോ പാര്‍ക്കിലോ പോവാം എന്ന് കരുതി ഡ്രെസ്സെല്ലാം ചെയ്ത്, പിള്ളാരേം കൂട്ടി പുറത്തിറങ്ങി. മറ്റു മുറിയിലുള്ളവരെല്ലാം ആള്‍റെഡി പുറത്ത് പോയികഴിഞ്ഞിരിക്കുന്നു. ലിഫ്റ്റിനടുത്ത് ചെന്ന് ബട്ടണ്‍ അമര്‍ത്തി. ലിഫ്റ്റ് അടിയില്‍ നിന്ന് മുകളിലോട്ടും, തിരിച്ചടിയിലോട്ടും നാല് പ്രാവശ്യം പോയി വന്നിട്ടും വാമഭാഗത്തിനെ കാണാനില്ല. തിരിച്ച് മുറിയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴേക്കും അവള്‍ പുറത്തിറങ്ങി വരുന്നത് കാരണം മറുത്തൊന്നും ചോദിക്കാനും പറയാനും നിന്നില്ല.

കറക്കമെല്ലാം കഴിഞ്ഞെത്തിയപ്പോള്‍ രാത്രി ഒമ്പതര കഴിഞ്ഞിരിക്കുന്നു. വന്ന് വസ്ത്രങ്ങള്‍ മാറിയതും വാമഭാഗം പറഞ്ഞു, അതേ നിങ്ങള്‍ ആ വാഷിങ്ങ് മെഷീനില്‍ കിടക്കുന്ന തുണികളൊക്കെ എടുത്ത് ഒന്ന് ഉണങ്ങാനിട്. ഞാന്‍ പിള്ളാര്‍ക്ക് ചോറു കൊടുക്കട്ടെ.

വസ്ത്രങ്ങള്‍ മാറി ബക്കറ്റുമെടുത്ത് ഞാന്‍ കിച്ചണിലേക്ക് നടന്നു അലക്കിയ വസ്ത്രങ്ങള്‍ എടുത്ത് സ്റ്റാന്‍ഡില്‍ ഉണക്കാനിടുവാനായി‍. ഫ്രന്റ് ലോഡിങ്ങ് വാഷിങ്ങ് മെഷീന്റെ അടപ്പ് തുറന്ന് തുണികള്‍ എടുക്കുവാനായി കയ്യ് ഞാന്‍ ഉള്ളിലേക്കിട്ടു.

ഹൂശ്. ഉള്ളിലേക്കിട്ട കൈ ഞാന്‍ പൊടുന്നനെ പുറത്തേക്ക് വലിച്ചു.

കയ്യില്‍ ചോര പൊടിയുന്നു. സംഭവത്തിന്റെ ഗൌരവം എനിക്ക് സ്പോട്ടില്‍ തന്നെ പിടികിട്ടി. ഉച്ചക്കൊളിപ്പിച്ച കുപ്പി തിരികെ എടുക്കാന്‍ മറന്നതു തന്നെ കാരണം! വൌ എന്തൊരു നല്ല വാഷിങ്ങ് മെഷീന്‍!! കുപ്പിയും ചേര്‍ത്ത് അലക്കി വെടുപ്പാക്കിയിരിക്കുന്നു. ഒരു തവണ പോലും സ്റ്റ്ട്രക്കാകാതെ. അലക്കെന്ന് പറഞ്ഞാല്‍ ഇങ്ങനെ അലക്കണം! വാഷിങ്ങ് മെഷീന്‍ എന്നു പറഞ്ഞാല്‍ അരിസ്റ്റോണ്‍!

ഗ്ലൌസ്സെടുത്ത് കയ്യിലിട്ട്, വാഷിങ്ങ് മെഷീനില്‍ നിന്നും ടെയിലറുടെ കടയിലെ തറയില്‍ വീണു കിടക്കുന്ന കട് പീസ് പോലുള്ള തുണികഷ്ണങ്ങള്‍ കുപ്പികഷ്ണങ്ങള്‍ക്കൊപ്പം പുറത്തെടുത്ത് ഞാന്‍ ബക്കറ്റിലേക്കിട്ടു.

എന്തിനധികം പറയണം - ആയിരത്തിചില്ല്വാനം ദിര്‍ഹംസിന്റെ തുണികള്‍ വെറും കട്പീസായി മാറ്റിയതിന് വാമഭാഗത്തിന്റെ കയ്യില്‍ നിന്നും എനിക്കന്നും തുടര്‍ന്ന് വന്ന ദിവസങ്ങളിലും ലഭിച്ച ആശംസാ വാക്കുകള്‍ക്ക് കയ്യും കണക്കുമില്ല.

വാല്‍ കഷ്ണം

ഞങ്ങള്‍ ലിഫ്റ്റിന്നരുകില്‍ ഇത്രയും സമയം വെയിറ്റ് ചെയ്യേണ്ടി വന്നത്, വാമഭാഗം അവളുടെ വസ്ത്രങ്ങള്‍ അലക്കാന്‍ ഇടാന്‍ നിന്നതായിരുന്നു കാരണം. വാഷിങ്ങ് മെഷീനില്‍ വെള്ളം നിറഞ്ഞ് ചൂടായി ആദ്യത്തെ റൌണ്ട് കറക്കം കുപ്പിക്കൊപ്പം കറങ്ങിയപ്പോഴേക്കും ഞങ്ങള്‍ എത്തേണ്ട സ്ഥലത്തെത്തികാണണം. ഫ്ലാറ്റില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ കുപ്പിയുടെ കറക്കവും, കുപ്പിച്ചില്ലുകളുടെ മുത്തുമണി കിലുങ്ങന്നതു പോലുള്ള കിലുക്കവും ആരും കേട്ടില്ല.