Tuesday, October 02, 2007

വെള്ളിയാഴ്ച സ്പെഷല്‍

രാവിലേയും വൈകുന്നേരവും എന്തിന്, ദിവസത്തിന്റെ ഭൂരിഭാഗ സമയവും ഷാര്‍ജയിലേക്കുള്ള ട്രാഫിക്ക് വളരെ കുറച്ചായതിനാലും, ഷാര്‍ജയില്‍ നിന്നും ദുബായിലേക്ക് വരുവാനും, പോകുവാനുമായ് ദിവസത്തില്‍ നാലു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സമയം മാത്രമേ എടുക്കൂ എന്നതിനാലും, ഡ്രൈവിങ്ങില്‍ അതീവ തത്പരനായിരുന്നതിനാലും ഷാര്‍ജയിലൊന്നും പോയി താമസിക്കാതെ ദുബായില്‍ തന്നെ താമസിച്ചു വരുന്നു ഈയുള്ളവന്‍. ദുബായില്‍ താമസിക്കുന്നു എന്ന നിലക്ക് വണ്ടിയില്‍ അടിക്കേണ്ട ഇന്ധനലാഭവും, വണ്ടിയോടിച്ചങ്ങോട്ടും ഇങ്ങോട്ടും പോകേണ്ട ഇനത്തില്‍ സമയലാഭവും ഇഷ്ടം പോലെ ലഭിക്കുന്നുണ്ടെങ്കിലും, വീട്ട് വാടക ദുബായില്‍ വളരെ തുച്ഛമായതിനാല്‍ ഒരേ ഒരു ത്രീ ബെഡ് റൂം ഫ്ലാറ്റിലാണ് (ത്രീ ബെഡ് റൂം + ഹാള്‍) ഞങ്ങള്‍ മൂന്നു കുടുംബങ്ങള്‍ താമസിക്കുന്നത്. ഞങ്ങള്‍ മൂന്നു മതക്കാരും മൂന്നു വിത്യസ്ഥ കുടുംബക്കാരുമായിരുന്നെങ്കില്‍ തന്നെയും,ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ളവര്‍ തന്നെയാകുന്നു.

അതിരാവിലെ വഴിതെറ്റിയാണെങ്കില്‍ പോലും പുതിയ ഒരാള്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ എത്തിപെട്ടാല്‍, എന്റെ മുറിയില്‍ നിന്നും അയ്യപ്പ ഭക്തിഗാനമോ, സുബ്ബുലക്ഷ്മിയമ്മയുടെ വെങ്കിടേശ്വര സുപ്രഭാതമോ കേള്‍ക്കുന്ന സമയത്ത് തന്നെ, തൊട്ടപ്പുറത്തെ ആല്‍ബര്‍ട്ട് ചേട്ടന്റെ മുറിയില്‍ നിന്നും ക്രിസ്തീയ ഭക്തിഗാനങ്ങളും, അതിന്റെ തൊട്ടടുത്ത ഷാജിയുടെ മുറിയില്‍ നിന്നും, ഖുറാന്‍ വചനങ്ങളോ, മാപ്പിള പാട്ടോ കേള്‍ക്കുമ്പോള്‍ ഈ യുഗത്തിലും ചാരിത്ര്യം കാത്ത് സൂക്ഷിക്കുന്നത് പോലെ ഇങ്ങനെ മതസൌഹാര്‍ദ്ധം കാത്തു സൂക്ഷിക്കുന്നവരുണ്ടോ എന്ന് ചിന്തിച്ച് നില്‍ക്കുന്ന സമയത്തായിരിക്കും മുറികള്‍ക്കെതിര്‍വശത്തുള്ള വിശാലമായ അടുക്കളയില്‍ സ്ഥിതി ചെയ്യുന്ന മൂന്നു കൂടുംബക്കാരുടേയും വെവ്വേറെയുള്ള ഗ്യാസ് സ്റ്റൌവുകള്‍ക്ക് മുകളിരിക്കുന്ന മൂന്നോ, നാലോ, അഞ്ചോ കുക്കറുകള്‍ ഒരുമിച്ച് വാദിച്ച് വിസിലടിക്കുന്നത്. ഇത് കേള്‍ക്കുന്ന ആള്‍ക്ക് ഒരേ സമയത്ത് തന്നെ നീരാവി എഞ്ചിന്‍ പിടിപ്പിച്ച തീവണ്ടികള്‍ ഓടുന്ന ഒരു റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന പ്രതീതി ലഭിക്കുന്നതിനൊപ്പം തന്നെ നാനാ തരം ഭക്ഷണങ്ങളുടെ സമ്മിശ്രഗന്ധം കൂടി ആസ്വദിക്കാവുന്നതാണ്.

പണ്ടേ ഒരു ദുര്‍ബല,പോരാത്തതിന് ഗര്‍ഭിണി, സ്വന്തം ഭര്‍ത്താവുമൊത്ത് സിംഗിള്‍ റൂം ഫ്ലാറ്റില്‍ തനിച്ച് താമസിച്ചിട്ടും, എന്തു ഭക്ഷണം വച്ചാലും ശര്‍ദ്ധിച്ച്, ശര്‍ദ്ധിച്ച് പുറത്ത് വരുന്ന കുടലിനെ ഇടക്കിടെ അകത്തേക്ക് വിരലുകളഞ്ചും ഉപയോഗിച്ച് തള്ളിയിറക്കിയിരുന്നവള്‍ അപ്രതീക്ഷിതമായി ഒരു വെള്ളിയാഴ്ച ഉച്ച സമയത്ത് ഞങ്ങളുടെ വീട്ടില്‍ വരുകയും, കാതടച്ചുള്ള വിസിലടികളും വിത്യസ്ഥ ഭക്ഷണങ്ങളുടെ ഗന്ധവും ഒരേ സമയം വരമായി ലഭിച്ചത് മൂലം,ബാത്രൂമില്‍ പോയി ഒന്നര മണിക്കൂര്‍ നേരം നിറുത്താതെ ശര്‍ദ്ധിച്ചു. അന്നത്തെ ആ മാരത്തോണ്‍ ശര്‍ദ്ധിക്കു ശേഷം, നാളിതുവരേയായി രണ്ട് തവണ പ്രസവവും കഴിഞ്ഞു. പക്ഷെ അന്ന് തൊട്ട് ഇതുവരെ അവര്‍ ശര്‍ദ്ധിച്ചിട്ടില്ല കാരണം അന്നു ഞങ്ങളുടെ ഫ്ലാറ്റില്‍ നിന്നും ലഭിച്ച സമ്മിശ്രമായ ആ സുഗന്ധത്തിനു മുന്‍പില്‍ നിഷ്പ്രഭമായ ഗന്ധങ്ങളേ പിന്നീടിന്നു വരെ അവര്‍ക്ക് ലഭിച്ചിട്ടുള്ളൂ എന്നാണ് അവര്‍ പറയുന്നത്. ഏകത്വത്തില്‍ നാനാത്വം (ഒരടുക്കളയില്‍ നിന്നും ഒരു ഹോട്ടലില്‍ നിന്നും ലഭിക്കുന്നത്ര ഗന്ധം) എന്ന പഴംചൊല്ലിനൊരു ഉദാഹരണം തന്നെ ഇതും.

മൂന്നു കുടുംബങ്ങളാണ് ഒരു ഫ്ലാറ്റില്‍ താമസിച്ചിരുന്നതെങ്കിലും ഞങ്ങളുടെ ഫ്ലാറ്റില്‍ ഒരുമ കളിയാടി, വിളയാടി. ഭക്ഷണങ്ങള്‍ പരസ്പരം പങ്കു വച്ചു. ഒരുമിച്ച് പാര്‍ക്കുകളിലും, ഷോപ്പിങ്ങ് മാളുകളിലും പോയി വന്നു. ചില ഈവനിങ്ങുകളില്‍ നടക്കാനിറങ്ങുന്ന ഞങ്ങള്‍ ഫാര്യമാരറിയാതെ ബാറുകളിലേക്കും നടന്നു.

വെള്ളിയാഴ്ചകളില്‍ മാത്രം ഞങ്ങളുടെ ഒരുമക്കൊരു അപവാദമായി ചെറിയ ചെറിയാ ഭാര്യഭര്‍ത്തൃ കലഹങ്ങള്‍ മൂന്ന് കുടുംബങ്ങളിലും അരങ്ങേറുവാനുള്ള കാരണം വെള്ളിയാഴ്ച വീക്ക് ലി ഓഫ് ആകുന്നു എന്നതിനാലോ, വെള്ളിയാഴ്ച പാചകം നളന്മാരായ ഞങ്ങള്‍ ഏറ്റെടുക്കുന്നതിനാലോ അല്ല, മറിച്ച് പാചകം കഴിയുന്നതോടെ നളന്മാരെല്ലാവരും ഫ്യൂസായ ട്യൂബുലൈറ്റ് പോലെ പ്രകാശരഹിതമായി തീരുന്നു എന്നതിനാലാണ് എന്നും ഈ അവസരത്തില്‍ അടിവരയിട്ട് പറയണം.

ഇനി അല്‍പ്പം വെള്ളിയാഴ്ച വിശേഷങ്ങള്‍.

വ്യാഴാഴ്ച രാത്രിയിലുള്ള അര്‍മാദങ്ങള്‍ കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെയാകുന്നു ഞങ്ങള്‍ കടകളില്‍ പോയി ആ ആഴ്ചത്തേക്കുള്ള പലചരക്ക്, പച്ചക്കറി, ഇറച്ചി, മത്സ്യാദി സാധനങ്ങള്‍ വാങ്ങുന്നത്.

വെള്ളിയാഴ്ച ദിവസങ്ങളില്‍ പ്രാതല്‍ തയ്യാറാക്കി കഴിഞ്ഞാല്‍ അച്ചിമാര്‍ക്ക് അടുക്കളയില്‍ കയറുന്നത് നിഷിദ്ധമാകയാല്‍, ടി വിയില്‍ വരുന്ന ഒരിക്കലും തീരാത്ത സീരിയലുകള്‍ കണ്ടോ, വെറുതെ കിടന്നുറങ്ങിയോ സമയത്തെ കൊല്ലുമ്പോള്‍, ഞങ്ങള്‍ നളന്മാര്‍ സമയത്തെ കൊല്ലാന്‍ കൈപുണ്ണ്യം പരീക്ഷിക്കുന്നത് കൂടുതലും, ഇറച്ചി, മീന്‍, കക്ക, കല്ലുമ്മക്കായ തുടങ്ങിയ കൊളസ്ട്രോള്‍ ഫ്രീയായി ലഭിക്കുന്ന ഐറ്റംസ് സൌകര്യാര്‍ത്ഥം കറിയായോ, വറുത്തോ, പൊള്ളിച്ചോ ആണ്. മാത്രമല്ല, ഈ ഇരുപതാം നൂറ്റാണ്ടിലും വെള്ളിയാഴ്ച ദിവസങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ ബാര്‍ട്ടര്‍ സിസ്റ്റവും നടപ്പുണ്ട് (മീന്‍ വറുത്തതങ്ങോട്ട് കൊടുത്താല്‍ ഇറച്ചിക്കറി ഇങ്ങോട്ട് കിട്ടും, പുലാവ് ഇങ്ങോട്ട് കിട്ടിയാല്‍ ബിരിയാണി അങ്ങോട്ട് കൊടുക്കും, വക്കുന്ന വിഭവത്തിനനുസരിച്ച് മെനുവും മാറും)

റേഷന്‍ കാര്‍ഡില്‍ വാങ്ങാവുന്ന പാമോയിലിനും, പഞ്ചസാരക്കും ആളാംവീതം പരിമിതി നിശ്ചയിച്ചിരിക്കുന്നതുപോലെ, ഞങ്ങളുടെ ഭവതിമാര്‍ ഞങ്ങളുടെ കപ്പാസിറ്റിയനുസരിച്ച്, വെള്ളിയാഴ്ച ചെലുത്താവുന്ന പെഗ്ഗുകള്‍ക്കും രണ്ട്, മൂന്ന്, കൂടിയാല്‍ മൂന്നര എന്നിങ്ങനെ പരിമിതിയും നിശ്ചയിച്ചിട്ടുള്ളതിനാല്‍ ക്വാട്ടയുടെ കമ്മി തികക്കാനായി ഞങ്ങള്‍ കരിഞ്ചന്തയെ ആശ്രയിക്കുകയാണ് പതിവ്. കരിഞ്ചന്തയില്‍ നിന്നിറക്കുന്ന കുപ്പി ഭവതിമാരുടെ കണ്മുന്നിലെത്താതിരിക്കാനായ് ഞങ്ങള്‍ പെടുന്ന പാട് അവര്‍ണ്ണനീയമാണ്, ശ്ലാഘനീയമാണ് (ജാതകത്തില്‍ ഗ്രഹങ്ങളുടെ നില മാറുന്നത് പോലെ, സമയവും സന്ദര്‍ഭവും കാലവും അനുസരിച്ച് അരിപ്പാട്ടയിലും, ഗോതമ്പ് പൊടി ചാക്കിലും, ഗ്യാസുകുറ്റികളുടെ ഇടയിലും, വാഷിങ്ങ് മെഷീന്റെ അടിയിലും തുടങ്ങി കുപ്പിയുടെ സ്ഥാനവും, മാറികൊണ്ടേയിരിക്കും).

അങ്ങനെ പതിവുപോലെ ഒരു വെള്ളിയാഴ്ച, കുളി, പ്രാര്‍ത്ഥന മുതലായ ദൈനം ദിന പ്രക്രിയയും പലചരക്കിത്യാദി സാദനങ്ങളുടെ പര്‍ച്ചേസിങ്ങും കഴിഞ്ഞ് വന്ന്, മൂക്കു മുട്ടെ ദോശയും മുളക് ചമ്മന്തിയും മെടഞ്ഞതിന്റെ ക്ഷീണം മാറ്റാന്‍ അല്പം കിടന്ന് അടുത്ത സെഷനായ നളപാചകത്തിനായ് അടുക്കളയിലേക്ക് ഞാന്‍ നടന്നു. പോകുന്ന പോക്കില്‍ ലൈറ്റ് ഷേഡുള്ള എന്റെ ഷര്‍ട്ടുകളും പാന്റുകളും മറ്റും അലക്കുവാനായ് വാഷിങ്ങ് മെഷീനില്‍ കൊണ്ട് ചെന്നിട്ടു. വാമഭാഗം അവളുടേ അലക്കാനുള്ള വസ്ത്രങ്ങള്‍ സൌകര്യം പോലെ ഇട്ടതിനു ശേഷം വാഷിങ്ങ് മെഷീന്‍ ഓണ്‍ ചെയ്തുകൊള്ളും. ഹൌസ് മെയിഡ് പോയതിനാല്‍ വെള്ളിയാഴ്ച കളില്‍ അതാണ് പതിവ്.

ഇറച്ചി നുറുക്കലും, ഉള്ളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവ അരിയുന്നതിന്നുമിടയില്‍ പതിവുപോലെ ഇടക്കിടെ ഞങ്ങള്‍ അവനവന്റെ മുറിയിലേക്ക് സന്ദര്‍ശനം നടത്തുകയും അനുവദനീയമായ ക്വാട്ട തേമ്പി തിരികെ അടുക്കളയിലേക്ക് വരുകയും ചെയ്തു. ഉച്ചവെയില്‍ ഉച്ചിയിലെത്താന്‍ തുടങ്ങിയപ്പോഴേക്കും, നുറുക്കിയ ഇറച്ചി മസാലയില്‍ കുളിച്ച് കുക്കറിലേറി തീയിലമര്‍ന്നു. ഉച്ചയായിട്ടും ലഹരി ഉച്ചസ്ഥായിയില്‍ എത്താതിരുന്നതിനാല്‍ ഒരനുരഞ്ചനത്തിനായി മുറിയില്‍ പോയപ്പോള്‍ അനുവദിച്ച ക്വാട്ട കഴിഞ്ഞതിനാല്‍ കുപ്പി പൂട്ടുള്ള പെട്ടിയില്‍ കയറി അപ്രത്യക്ഷമായിരിക്കുന്നു. ചോദിച്ചിട്ടും ഫലമില്ലാ എന്ന തിരിച്ചറിവു വന്നപ്പോള്‍ അടുക്കളയിലേക്ക് തിരികെ വന്നു. എന്റെ മാത്രമല്ല മറ്റുള്ളവരുടേയും അവസ്ഥ വിഭിന്നമല്ല.

ഇറച്ചിയും, മീനും ഒക്കെ കുക്കറിലിരുന്നും, ചട്ടിയിലിരുന്നും, അടുപ്പിന്റെ സഹായത്താല്‍ സ്വയം വെന്തോളും, പക്ഷെ നമ്മുടെ കാര്യം നമ്മള്‍ തന്നെ നോക്കണം എന്ന തിരിച്ചറിവ് വന്നതും, കരിഞ്ചന്തയില്‍ നിന്നും വാങ്ങി, കരിപിടിച്ചുപയോഗിക്കാതെ കിടന്നിരുന്ന കറുത്ത ചട്ടിയുടെ കീഴെ കിടത്തി കാത്തു സൂക്ഷിച്ചിരുന്ന കുപ്പി ഞങ്ങള്‍ പുറത്തെടുത്തു.

വീട്ടിലുള്ള ക്വാട്ട സിപ്പ് സിപ്പായി ആസ്വദിച്ച് കഴിക്കുകയാണ് പതിവെങ്കില്‍, കള്ളത്തരം ചെയ്യുന്ന നേരത്ത് പിടിക്കപെടാന്‍ പാടില്ല എന്നുള്ള പിടിവാശി മൂലം ഒറ്റയിറക്കിന് ഗ്ലാസ്സ് കാലിയാക്കുകയാണ് പതിവ്. ആരുടേയും വാമഭാഗങ്ങള്‍ ഒട്ടും തന്നെ മോശമല്ല എന്ന അവസ്ഥയായതിനാല്‍ കള്ളത്തരം ചെയ്യുന്ന സമയത്തും, കണ്ണും കാതും തുറന്ന് വക്കണം. നേരിയ പാതപദന ശബ്ദം പോലും ഞങ്ങളുടെ ഹൃദയ സ്പന്ദനത്തെ ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിരുന്നു അത്തരം അവസരങ്ങളില്‍.

മൂന്ന് ഗ്ലാസിലും ഓരോന്നൊഴിച്ച് ഒറ്റവലിക്ക് തന്നെ ഞങ്ങള്‍ അവരവരുടെ ഗ്ലാസ്സുകള്‍ കാലിയാക്കിയതിനു ശേഷം കുപ്പിയെ പഴയ ചട്ടിയുടെ അടിയില്‍ തന്നെ കിടത്തിയുറക്കി അവനവന്റെ പാചകത്തിലേക്ക് തിരിഞ്ഞു.

സമയം ഒന്നര കഴിഞ്ഞു. വറക്കലും, പൊരിക്കലും എല്ലാം തീര്‍ന്നു. പാചകം അവസാനിപ്പിച്ചു എന്നു പറയാം. പാത്രങ്ങളും ചോറും കറിയും എല്ലാമെടുത്ത് മുറിയില്‍ പോയി ആഹരിച്ചാല്‍ മാത്രം മതി ഇനി. ആദ്യം അടിച്ച ഒന്ന് രണ്ട് പെഗ്ഗ് അടുക്കളയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ആവിയില്‍ നീരാവിയായിപോയതിനാല്‍, കരിഞ്ചന്തകുപ്പിയില്‍ നിന്നും ഓരോന്ന് കൂടി കീറിയാലോ എന്നൊരു പ്രമേയം ഞങ്ങള്‍ ഒരുമിച്ച് അവതരിപ്പിച്ച് പാസാക്കി.

ചട്ടിക്കടിയില്‍ നിന്നും കഴുത്തില്‍ പിടിച്ചെടുത്ത കുപ്പിയുടെ അടപ്പൂരി, വറ്റിവരണ്ടിരിക്കുന്ന ഗ്ലാസുകളിലേക്ക് തര്‍പ്പണം ചെയ്യുന്നതിനുമുന്‍പേ പാസേജില്‍ അമരുന്ന കാലടി ശബ്ദം കേട്ടു. കാലടി ശബ്ദത്തിന്റെ ഉടമ അടുക്കളയിലെത്താന്‍ ഇനി നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രം. തൊണ്ടിസഹിതം ഞങ്ങള്‍ പിടിക്കപെടാന്‍ പാടില്ല. ആലോചിക്കുവാന്‍ സമയമില്ല. കുപ്പിയുടെ അടപ്പ് തിരിച്ച് മുറുക്കി പൊടുന്നനെ കുപ്പി ഞാന്‍ വാഷിങ്ങ് മെഷീനില്‍ അലക്കാന്‍ ഇട്ടിരിക്കുന്ന വസ്തങ്ങളുടെ ഇടയിലേക്ക് തിരുകി വച്ച് നടുനിവര്‍ത്തിയതും, എന്റെ നല്ല പാതി അടുക്കളയില്‍ ഹാജര്‍.

എന്താദ്? ഇത്രനേരായിട്ടും ഭക്ഷണം തയ്യാറായില്ലെ? പിള്ളേര്‍ക്ക് വിശന്നു തുടങ്ങി. ഒരു വെള്ളിയാഴ്ച മുടക്കമുള്ളതാ, അന്നൊന്ന് നേരത്തെ കഴിച്ച് തണ്ടല് നിവര്‍‍ത്താം എന്നു കരുതിയാല്‍ നിങ്ങളൊന്നും സമ്മതിക്കില്ല. അപ്പോ വെള്ളമടിയായി, പാട്ടായി, ഒടുക്കത്തെ കുക്കിങ്ങുമായി. മതി കുക്ക് ചെയ്തത്. വാ, പോയി കഴിക്കാം.

കടിക്കുന്ന പട്ടിയുടെ വായിലെന്തിനാ അറിഞ്ഞുകൊണ്ട് കൈ വച്ച് കൊടുക്കുന്നത്?

ചട്ടിയും കലവും എടുത്ത് ഞാന്‍ മുന്നിലും, പ്ലെയിറ്റുകളും, കയിലുകളുമായി അവള്‍ പിന്നാലേയും മുറിയിലേക്ക് നടന്നു. പെഗ്ഗ് പെഗ്ഗ് മേം ലിഖാ ഹേ പീനേ വാലേ കാം നാം എന്ന പഴം ചൊല്ല് ഞാന്‍ പോകുന്ന വഴിക്ക് വെറുതെ ഒന്നോര്‍ത്തു (ഓരോ ധാന്യമണിയിലും അതു കഴിക്കുന്നവന്റെ പേരെഴുതി ചേര്‍ക്കപെട്ടിരിക്കുന്നു എന്ന് പഴയ ചൊല്ല്. ധാന്യം വാറ്റിയാണല്ലോ ഈ വിസ്കിയും മറ്റും ഉണ്ടാക്കുന്നത്, ആയതിനാല്‍ ഞാന്‍ പറഞ്ഞത് ലേറ്റസ്റ്റ് വെര്‍ഷന്‍).

ഒരുമിച്ചിരുന്ന് വയറു നിറയും വരെ വരെ ഇറച്ചിക്കറിയും, മീന്‍ വറുത്തതും കൂട്ടി ചോറുണ്ടു. വയറ്റില്‍ അവശേഷിച്ച അല്പം ഗ്യാപ്പ് ഫില്‍ ചെയ്യുന്നതിലേക്കായി, തൈരും അച്ചാറും ചേര്‍ത്ത് ലൂബ്രിക്കേറ്റ് ചെയ്ത ചോറുപയോഗിച്ചു. ഇനി ഒരുവറ്റ് പോലും അകത്തേക്ക് ചെന്നാല്‍ കഴിച്ചത് മൊത്തം പുറത്തേക്ക് വരും എന്ന അവസ്ഥയെത്തിയപ്പോള്‍ അമൃതേത്ത് അവസാനിപ്പിച്ച് കൈകഴുകി വന്ന് ചപ്രമഞ്ചത്തിലേക്ക് ചരിഞ്ഞു. വൈകീട്ട് എന്തു ചെയ്യണം എന്ന് ആലോചിക്കാനുള്ള സമയം കിട്ടുന്നതിനുമുന്‍പ് പള്ളിയുറക്കത്തിലേക്ക് വഴുതി വീണു.

വൈകുന്നേരം എഴുന്നേറ്റ് പതിവുപോലെ വല്ല ക്രീക്കിലോ പാര്‍ക്കിലോ പോവാം എന്ന് കരുതി ഡ്രെസ്സെല്ലാം ചെയ്ത്, പിള്ളാരേം കൂട്ടി പുറത്തിറങ്ങി. മറ്റു മുറിയിലുള്ളവരെല്ലാം ആള്‍റെഡി പുറത്ത് പോയികഴിഞ്ഞിരിക്കുന്നു. ലിഫ്റ്റിനടുത്ത് ചെന്ന് ബട്ടണ്‍ അമര്‍ത്തി. ലിഫ്റ്റ് അടിയില്‍ നിന്ന് മുകളിലോട്ടും, തിരിച്ചടിയിലോട്ടും നാല് പ്രാവശ്യം പോയി വന്നിട്ടും വാമഭാഗത്തിനെ കാണാനില്ല. തിരിച്ച് മുറിയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴേക്കും അവള്‍ പുറത്തിറങ്ങി വരുന്നത് കാരണം മറുത്തൊന്നും ചോദിക്കാനും പറയാനും നിന്നില്ല.

കറക്കമെല്ലാം കഴിഞ്ഞെത്തിയപ്പോള്‍ രാത്രി ഒമ്പതര കഴിഞ്ഞിരിക്കുന്നു. വന്ന് വസ്ത്രങ്ങള്‍ മാറിയതും വാമഭാഗം പറഞ്ഞു, അതേ നിങ്ങള്‍ ആ വാഷിങ്ങ് മെഷീനില്‍ കിടക്കുന്ന തുണികളൊക്കെ എടുത്ത് ഒന്ന് ഉണങ്ങാനിട്. ഞാന്‍ പിള്ളാര്‍ക്ക് ചോറു കൊടുക്കട്ടെ.

വസ്ത്രങ്ങള്‍ മാറി ബക്കറ്റുമെടുത്ത് ഞാന്‍ കിച്ചണിലേക്ക് നടന്നു അലക്കിയ വസ്ത്രങ്ങള്‍ എടുത്ത് സ്റ്റാന്‍ഡില്‍ ഉണക്കാനിടുവാനായി‍. ഫ്രന്റ് ലോഡിങ്ങ് വാഷിങ്ങ് മെഷീന്റെ അടപ്പ് തുറന്ന് തുണികള്‍ എടുക്കുവാനായി കയ്യ് ഞാന്‍ ഉള്ളിലേക്കിട്ടു.

ഹൂശ്. ഉള്ളിലേക്കിട്ട കൈ ഞാന്‍ പൊടുന്നനെ പുറത്തേക്ക് വലിച്ചു.

കയ്യില്‍ ചോര പൊടിയുന്നു. സംഭവത്തിന്റെ ഗൌരവം എനിക്ക് സ്പോട്ടില്‍ തന്നെ പിടികിട്ടി. ഉച്ചക്കൊളിപ്പിച്ച കുപ്പി തിരികെ എടുക്കാന്‍ മറന്നതു തന്നെ കാരണം! വൌ എന്തൊരു നല്ല വാഷിങ്ങ് മെഷീന്‍!! കുപ്പിയും ചേര്‍ത്ത് അലക്കി വെടുപ്പാക്കിയിരിക്കുന്നു. ഒരു തവണ പോലും സ്റ്റ്ട്രക്കാകാതെ. അലക്കെന്ന് പറഞ്ഞാല്‍ ഇങ്ങനെ അലക്കണം! വാഷിങ്ങ് മെഷീന്‍ എന്നു പറഞ്ഞാല്‍ അരിസ്റ്റോണ്‍!

ഗ്ലൌസ്സെടുത്ത് കയ്യിലിട്ട്, വാഷിങ്ങ് മെഷീനില്‍ നിന്നും ടെയിലറുടെ കടയിലെ തറയില്‍ വീണു കിടക്കുന്ന കട് പീസ് പോലുള്ള തുണികഷ്ണങ്ങള്‍ കുപ്പികഷ്ണങ്ങള്‍ക്കൊപ്പം പുറത്തെടുത്ത് ഞാന്‍ ബക്കറ്റിലേക്കിട്ടു.

എന്തിനധികം പറയണം - ആയിരത്തിചില്ല്വാനം ദിര്‍ഹംസിന്റെ തുണികള്‍ വെറും കട്പീസായി മാറ്റിയതിന് വാമഭാഗത്തിന്റെ കയ്യില്‍ നിന്നും എനിക്കന്നും തുടര്‍ന്ന് വന്ന ദിവസങ്ങളിലും ലഭിച്ച ആശംസാ വാക്കുകള്‍ക്ക് കയ്യും കണക്കുമില്ല.

വാല്‍ കഷ്ണം

ഞങ്ങള്‍ ലിഫ്റ്റിന്നരുകില്‍ ഇത്രയും സമയം വെയിറ്റ് ചെയ്യേണ്ടി വന്നത്, വാമഭാഗം അവളുടെ വസ്ത്രങ്ങള്‍ അലക്കാന്‍ ഇടാന്‍ നിന്നതായിരുന്നു കാരണം. വാഷിങ്ങ് മെഷീനില്‍ വെള്ളം നിറഞ്ഞ് ചൂടായി ആദ്യത്തെ റൌണ്ട് കറക്കം കുപ്പിക്കൊപ്പം കറങ്ങിയപ്പോഴേക്കും ഞങ്ങള്‍ എത്തേണ്ട സ്ഥലത്തെത്തികാണണം. ഫ്ലാറ്റില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ കുപ്പിയുടെ കറക്കവും, കുപ്പിച്ചില്ലുകളുടെ മുത്തുമണി കിലുങ്ങന്നതു പോലുള്ള കിലുക്കവും ആരും കേട്ടില്ല.

51 comments:

കുറുമാന്‍ said...

ഈ ഇരുപതാം നൂറ്റാണ്ടിലും വെള്ളിയാഴ്ച ദിവസങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ ബാര്‍ട്ടര്‍ സിസ്റ്റവും നടപ്പുണ്ട് (മീന്‍ വറുത്തതങ്ങോട്ട് കൊടുത്താല്‍ ഇറച്ചിക്കറി ഇങ്ങോട്ട് കിട്ടും, പുലാവ് ഇങ്ങോട്ട് കിട്ടിയാല്‍ ബിരിയാണി അങ്ങോട്ട് കൊടുക്കും, വക്കുന്ന വിഭവത്തിനനുസരിച്ച് മെനുവും മാറും)

"വെള്ളിയാഴ്ച സ്പെഷല്‍" - ഒരു കഥ

മൂര്‍ത്തി said...

കഷ്ടകാലത്ത് വാഷിങ്ങ് മെഷീന്‍ ഷ്രെഡ്ഡര്‍ മെഷീനാവും...:)

ഇക്കാസ് മെര്‍ച്ചന്റ് said...

ത്രീ ബെഡ് രൂം ഫ്ലാറ്റിലെ ത്രീ ഫാമിലിയുടെ ജീവിതകഥ രസിച്ചു കുറൂസ്..
വാഷിംഗ് മെഷീന്‍ നന്നാക്കാന്‍ എത്ര ചിലവായി?

Murali Menon (മുരളി മേനോന്‍) said...

:B-)

കുഞ്ഞന്‍ said...

1000 ദിര്‍ഹം പേയതിനേക്കാള്‍,കരിഞ്ചന്ത സാധനത്തിന്റെ ഗുട്ടന്‍സ് പിടിക്കപ്പെട്ടതിന്റെ മനോവിഷമാണു കൂടുതെലെന്ന് എഴുതേണ്ട ആവിശ്യമില്ലല്ലൊ..

ആഷ | Asha said...

രസകരമായി കദനകഥ.
മൂന്നു കുടുംബങ്ങള്‍ ഒരുമിച്ചു താമസിക്കുന്നതിന്റെ വിശേഷങ്ങള്‍ കൌതുകകരമായി.

സതീശ് മാക്കോത്ത് | sathees makkoth said...

രസകരമല്ല.സങ്കടകരമായി ഈ കഥ.എന്തെല്ലാം പാടാണ് സ്വസ്ഥമായി അല്പം വെള്ളം കുടിച്ച് കഴിയണമെങ്കില്‍!

നിഷ്ക്കളങ്കന്‍ said...

:) Kollamallo Kuruman

കെ.പി said...

കയ്യിലെ മുറിവുണങ്ങിയോ? :)

സഹയാത്രികന്‍ said...

കുറുമാന്‍ ജി...കൊള്ളാം...കൊള്ളാം...

ഇനി സൂക്ഷിച്ചോളൂ... പൊതുമാപ്പ് കഴിഞ്ഞുള്ള സ്പെഷ്യല്‍ ചെക്കിംങ്ങ് പോലെ എപ്പൊ വേണേ ചെക്കിംങ്ങ് നടക്കാം... പിടിക്കപ്പെട്ടാല്‍ ആജീവനാന്ത വിലക്കായിരിക്കും...

:)

സിമി said...

ഓരോരോ കഷ്ടപ്പാടുകളേ അല്ലേ :-)

കുറുമാനേ, ഒരു ആല്‍ക്കഹോള്‍ പെര്‍മിറ്റ് വാങ്ങിച്ചുവെച്ചോ. എപ്പൊഴാ ഉപയോഗം വരുന്നതെന്നു പറയാമ്പറ്റൂല്ലാ.

ഏറനാടന്‍ said...

കുറുജി.. കഥയില്ലായ്മയിലും കഥ രസകരമായി പറയാനുള്ള സര്‍ഗ്ഗശേഷിയെ അഭിനന്ദിക്കുന്നു. .

സഹയാത്രികന്‍ said...

ശ്രദ്ധയില്‍പ്പെട്ട ഒന്നു രണ്ട് കുപ്പിച്ചില്ലുകള്‍ ചേര്‍ക്കുന്നു...

സമ്മിശ്രഗന്ദം = സമ്മിശ്രഗന്ധം

സാദനങ്ങള്‍ = സാധനങ്ങള്‍

"അനുവദിച്ച ക്വാട്ട കഴിഞ്ഞതിനാല്‍ കുപ്പി പൂട്ടുള്ള പെട്ടിയില്‍ കയറി അപ്രത്യക്ഷമായിരിക്കുന്നു. ചോദിച്ചിട്ടും ഫലമില്ലാ എന്ന തിരിച്ചറിവു വന്നപ്പോള്‍ അടുക്കളയിലേക്ക് തിരികെ വന്നു. 'എന്റെ മാത്രമല്ല മറ്റു മൂവരുടേയും' അവസ്ഥ വിഭിന്നമല്ല. "

മൂന്ന് കുടുംബങ്ങളാണു ഒരുമിച്ചു താമസം എന്നു താങ്കള്‍ പറഞ്ഞു... അപ്പോള്‍ എന്റെ മാത്രല്ല മറ്റു രണ്ടു പേരുടേയും എന്ന് പോരേ... അല്ലെങ്കില്‍ ... 'മൂവരുടേയും' അവസ്ഥ വിഭിന്നമല്ല ...എന്നായാലും മതീലോ...

സംശയമാണു

കുറുമാന്‍ said...

സിമി, ആല്‍ക്കഹോള്‍ പെര്‍മിറ്റ് എനിക്കുണ്ട്. എങ്കിലും സമയവും സന്ദര്‍ഭവും നേര്‍ക്കു നേരാത്ത സമയത്ത് ചിലപ്പോള്‍ പൊട്ടന്‍ വാങ്ങാന്‍ നിര്‍ബന്ധിതനാകുന്നു.

സഹയാത്രികന്‍. തിരുത്തുകള്‍ക്ക് നന്ദി. എല്ലാം അതേ പടി തിരുത്തിയിട്ടുണ്ട്. വ്യാഴാഴ്ച എഴുതാന്‍ വച്ചിരുന്ന ഈ സംഭവം എഴുതിയത് വെറുമൊന്നര മണിക്കൂര്‍ കൊണ്ടാണ്. നന്ദി ഒരിക്കല്‍ കൂടി.

പ്രയാസി said...

ആദ്യമായാണു ഇവിടെ വരുന്നതു
രസകരമായി എഴുതിയിരിക്കുന്നു...
വെള്ളമടിക്കരുതെന്നു പറഞ്ഞാല്‍ കേല്‍ക്കില്ല
ബോഡി മാത്രമല്ല തുണികൂടി അടിച്ചു പിരുത്തതു കണ്ടാ...:)

കരീം മാഷ്‌ said...

ഷെയറിംഗ് ജീവിതാനുഭവം മനസ്സില്‍ നില്‍ക്കുന്നു.
നന്നായി എഴുതിയിരിക്കുന്നു.
കൂടുതല്‍ എഴുതുക.
വായിക്കാന്‍ കാത്തിരിക്കുന്നതു കുറുമാന്റെ കഥകളെയാണ്.
അതിന്റെ തിളക്കം കെടാതെ നോക്കുക.

വിന്‍സ് said...

avidey alcohol meedikkaan sarkkarinte permittum athadikkaan wife nte license um veenam alley?? engilum oru off day il 3 ennam adikkaan ulla permissioney ulloo??

good one after a while!

മെലോഡിയസ് said...

കുറുമാന്‍ ജീ..അപ്പൊ നെക്സ്റ്റ് ടൈം ഓര്‍മ്മകളുണ്ടായിരിക്കണം..അത് ഈ സംഭവത്തോടെ മനസിലായില്ലെ?

ഷെയറിങ്ങ് ജീവിതാനുഭവങ്ങള്‍ വേണ്ട ചേരുവകള്‍ ഒക്കെ ചേര്‍ത്ത് പാകപ്പെടുത്തിയിരിക്കുന്നു. നന്നായിട്ടുണ്ട്.

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
കൂടുതല്‍ ഷെയറിഗ് അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുക.

മന്‍സുര്‍ said...

കുറുമാന്‍ ജീ

ഷെയറിങ്ങ്‌ ലൈഫിലെ അനുഭവങ്ങള്‍ ഇവിടെ ഷെയര്‍ ചെയ്തതിന്ന്‌ നന്ദി......
ഇന്ന്‌ ദുബായില്‍ വീണ്ടും വീണ്ടും വാടക കുറയുന്നത്‌ കൊണ്ടു എല്ലാരും അജ്‌മാനിലേക്ക്‌ ഓടുകയാണ്‌...പിന്നെ ക്ലോസറ്റിന്‍റെ ഫ്ലഷിനകത്ത്‌ കുപ്പി വെച്ച കാര്യം ഇവിടെ പറഞു കണ്ടില്ല..മറന്നതാണോ....ഹഹാ..ഹഹാ..
ഇന്നും മറക്കാത്ത ഓര്‍മകളാണെനിക്ക്‌ അജ്‌മാനിലെ മറീന നല്‍ക്കുന്നത്‌.


നന്‍മകള്‍ നേരുന്നു.

ആവനാഴി said...

പ്രിയ കുറുമാന്‍,

അവതരണവും ആഖ്യാനവും അസ്സലായി.
“വീട്ട് വാടക ദുബായില്‍ വളരെ തുച്ഛമായതിനാല്‍ ..” അപ്പറഞ്ഞത് ന്യായം. പിന്നെ മനുഷ്യരാരെങ്കിലും നിസ്സാര വാടകക്കു വീടെടുക്കുമോ? ഷാര്‍‍ജയില്‍ പോയാല്‍ നല്ല അന്യായ വാടകക്കു വീടുകിട്ടും. ദുബായ്-ഷാര്‍ജ-ദുബായ് ട്രിപ്പിനു പ്രതിദിനം അഞ്ചാറു മണിക്കൂറില്‍ കൂടുതല്‍ ചിലവാക്കേണ്ട കാര്യവുമില്ല. പിന്നെ ഈ കുറുമാനെന്തു പിണഞ്ഞു ദുബായില്‍ത്തന്നെ വീടെടുക്കാന്‍ എന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ലല്ലോ.

പരിണാമഗുപ്തി കലക്കി!

പോരട്ടെ ഇനിയും ഇത്തരം അന്യായ ഗുണ്ടുകള്‍!

സസ്നേഹം
ആവനാഴി.

ശ്രീ said...

കുറുമാന്‍‌ജീ..

വെള്ളിയാഴച സ്പെഷല്‍‌ അടിപൊളി!
എന്നാലും ആ വാഷിങ്ങ് മെഷീന്‍‌ കൊള്ളാലോ...
;)

ലെവന്‍ പുലി -Oru Pravasi said...

റ്റയിറ്റില്‍ ഇങ്ങനെ ആകാമയിരുന്നു.
‘ദുബായിലെ‍ ഒരു വെള്ളിയാഴ്ച - അനുഭവ കഥ‘

ചീയേര്‍സ് :)

അപ്പു said...

ഇതു നല്ല വാഷിംഗ് മെഷീനാണേ... :)

KuttanMenon said...

ഫ്ലാറ്റില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ കുപ്പിയുടെ കറക്കവും, കുപ്പിച്ചില്ലുകളുടെ മുത്തുമണി കിലുങ്ങന്നതു പോലുള്ള കിലുക്കവും ആരും കേട്ടില്ല... കഷ്ടകാലമെന്നല്ലാതെ എന്തു പറയാന്‍ :) :)

കൊച്ചുത്രേസ്യ said...

എഈപതിപൌല്‍എന്നാലും അതെന്തൊരു ഭയങ്കരന്‍ വാഷിംഗ്‌മെഷീനാ!!!

sandoz said...

ഹ.ഹ..അതാ പറയണത്‌ കരിഞ്ചന്ത വഴി കിട്ടണതൊന്നും കാത്ത്‌ വയ്ക്കരുതെന്ന്....
ഒറ്റ ട്രിപ്പില്‍ വിഴുങ്ങിക്കോണം...

എല്ലാ തുണിയും ഒരുമിച്ച്‌ അലക്കാനിടാഞ്ഞത്‌ നന്നായി...

അല്ലേല്‍..പിറ്റേ ദിവസം ചുട്ടിതോര്‍ത്തുടുത്ത്‌ ഓഫീസില്‍ പോവേണ്ടി വന്നേനേ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പ്ലാസ്റ്റിക്ക് കുപ്പി കണ്ടുപിടിച്ചത് ചുമ്മാതല്ല..

Sumesh Chandran said...

ഇതുവരെ വാഷിംഗ് മഷീനിന്റെ രണ്ടാമതൊരുപയോഗമായി ഞങള്‍ കരുതിയിരുന്നത് മുനിസിപാലിറ്റിക്കാര്‍ ഒന്നുരണ്ടുദിവസം വെള്ളം വരാന്‍ സാധ്യതയില്ലെന്ന അറിയിയ്ക്കുമ്പോള്‍, വെള്ളം പിടിച്ചുവയ്ക്കാനുള്ള പാത്രമായിട്ടാണ്, ഈ പോസ്റ്റ് വായിച്ചതോടുകൂടി, തലയിണയ്ക്കും കുഷനുകള്‍ക്കും വേണ്ട ‘ഫില്ലറുകള്‍‘ ഉണ്ടാക്കാനും കൂടി കഴിയുമെന്ന് മനസ്സിലായി... :)

കഥയുടെ മധ്യത്തില്‍ വാഷിംഗ് മഷീനില്ലാതെ പറഞിരുന്നെങ്കില്‍, സസ്പെന്‍സ് കൂടുതല്‍ കിട്ടുമായിരുന്നു.. വാല്‍ക്കഷണത്തില്‍ പറയുന്നത്, അതില്ലാതെതന്നെ മനസ്സിലാക്കാനാവുന്നുണ്ട്..

തെന്നാലിരാമന്‍‍ said...

ഇതിലും ഭേദം വെള്ളമടിക്കുന്നത്‌ കണ്ടോട്ടെ എന്നു വെക്കുന്നതായിരുന്നു...ഇതിപ്പോ സംഗതി അറിയേം ചെയ്തു...തുണീം പോയി...!!!

കലക്കി മാഷേ....:-)

വേണു venu said...

ഹഹാ..അനുഭവസ്ഥര്‍ക്കു് രസിക്കാന്‍‍ പറ്റിയ കഥ കുറുമാനേ. എന്‍റെ ഒരു സുഹൃത്തു് ഇതേ സിറ്റുവേഷനില്‍‍ കുപ്പി ഒളിപ്പിച്ചതു് മോന്‍റെ സ്കൂള്‍‍ ബാഗിലായിരുന്നു. വൈകുന്നേരം ടൂഷന്‍‍ പഠിപ്പിക്കാന്‍‍ വന്ന സാറിന്‍റെ മുന്നില്‍‍ കുപ്പി ഇറങ്ങി വന്നു.
ഇനി ഒരു പുലിയുടെ(കുടിയില്‍‍) കഥ കൂടി.
മദ്യം തൊടരുതെന്നു് വൈദ്യര്‍‍.
എന്നിട്ടും വല്ലപ്പോഴും ഭാര്യയും മക്കളും അറിയാതെ അല്പം സേവിച്ചു പോന്നു പാവം. പിടിക്കപ്പെട്ടതിനു ശേഷം വീട്ടില്‍‍ എവിടെ മദ്യ കുപ്പി ഇരുന്നാലും നശിപ്പിക്കുന്ന മക്കളും ഭാര്യയും. ഒളിപ്പിക്കാന്‍‍ സ്ഥലമില്ലാത്ത അദ്ദേഹം പൂജാമുറിയില്‍ നിന്നു് പ്രാര്‍ഥിച്ചു. ഉഗ്രന്‍‍ ഐഡിയാ ലഭിച്ചു.
പിറ്റേ ദിവസം മുതല്‍‍ ഭഗാവാന്‍റെ പടത്തിനു പിന്നിലൊളിപ്പിച്ചു വച്ചു് സേവ തുടര്‍ന്നു.:)

G.manu said...

smooth and interesting kuru_ji

ഹരിശ്രീ said...

കുറുമാന്‍ ഭായ്,

"വെള്ളിയാഴ്ച സ്പെഷല്‍"

കൊള്ളാം

tk sujith said...

കുറൂ‍..........അടിപൊളി

AJESH CHERIAN said...

ടെയിലറുടെ കടയിലെ തറയില്‍ വീണു കിടക്കുന്ന കട് പീസ് പോലുള്ള തുണികഷ്ണങ്ങള്‍ കുപ്പികഷ്ണങ്ങള്‍ക്കൊപ്പം പുറത്തെടുത്ത് ഞാന്‍ ബക്കറ്റിലേക്കിട്ടു. ഇതുകൊള്ളാം. മൊത്തത്തില്‍ കൊള്ളാം. ദുബായ് - ഷാര്‍ജ വാടക കണക്കൊക്കെ എനിക്കെങ്ങനെ മനസ്സിലാവാനാ...നിങ്ങക്കീ വെള്ളമടി എന്നുള്ള വിചാരം മാത്രമേയുള്ളോ. കുറുമാന്‍ തിരിഞ്ഞാലും മറിഞ്ഞാലും വെള്ളത്തില്‍ എന്ന് ഒരു ചൊല്ലു തന്നെ രൂപപ്പെട്ടിരിക്കുന്നു.

ഇത്തിരിവെട്ടം said...

കുറൂജീ... വെള്ളിയാഴ്ച വിശേഷങ്ങള്‍ കലക്കന്‍...

ഇടിവാള്‍ said...

കരാമ ഭാഗത്ത് സിവേജ് ടാങ്കിന്റെ അരികിലൂടെ നടന്ന ഒരാള്‍ തലകറങ്ങി താഴെവീണത് അതാണല്ലേ കാര്യം?

ടാങ്കില്‍ നിന്നും തന്റെ ബോട്ടിലിന്റെ മണമടിച്ചു കാണും ;)

Anonymous said...

sare washing machine repair etra ayi (rs.)

kaithamullu : കൈതമുള്ള് said...

ഗ്ലാസ്സിലൊഴിക്കണം, വെള്ളമൊഴിക്കണം...
കഷ്ടം, കളവ് മുതലൊക്കെ മായം ചേര്‍ക്കാതെ ‘ഡയറക്റ്റ് ഡെലിവറി’യാക്കിയാല്‍ പ്രശ്നം തിര്‍ന്നില്ലേ, കുറൂ!

::സിയ↔Ziya said...

ഹഹഹ...
ഇത്തവണ അക്ഷരാര്‍‌ത്ഥത്തില്‍ ‘അലക്കിപ്പൊളിച്ചല്ലോ’...
അല്ല അലക്കി വെളുപ്പിച്ചെന്നോ അലക്കിക്കീറീന്നോ ഒക്കെ വേണം പറയാന്‍ അല്ലേ? :)

എന്തായാലും കഥ കലക്കി...:)

സൂര്യോദയം said...

ആ വാഷിംഗ്‌ മെഷീന്‍ കമ്പനിക്കാരെ അറിയിക്കുകയും അവരുടെ അഡ്വര്‍ട്ടൈസ്‌ മെന്റിനായി ഈ ലൈവ്‌ എക്സ്പീരിയന്‍സ്‌ വിവരിക്കുകയും ചെയ്തിരുന്നെങ്കില്‍ വന്‍ പ്രതിഫലം കിട്ടിയേനേ.. ;-)

പടിപ്പുര said...

ഒരവധി ദിവസം രണ്ടെണ്ണമടിക്കാനുള്ള പാടേയ്!

(ഇതാണ് ശരിയായ അലക്ക്. സ്റ്റോണ്‍ വാഷ്-ന്നൊക്കെ പറയും പോലെ ഗ്ലാസ് വാഷ്)

കുഴൂര്‍ വില്‍‌സണ്‍ said...

"ഓരോ ധാന്യമണിയിലും അതു കഴിക്കുന്നവന്റെ പേരെഴുതി ചേര്‍ക്കപെട്ടിരിക്കുന്നു എന്ന് പഴയ ചൊല്ല്. ധാന്യം വാറ്റിയാണല്ലോ ഈ വിസ്കിയും മറ്റും ഉണ്ടാക്കുന്നത്, ആയതിനാല്‍ ഞാന്‍ പറഞ്ഞത് ലേറ്റസ്റ്റ് വെര്‍ഷന്‍ "

എന്താടാ ഒരു നിരീക്ഷണം.

അപ്പോള്‍ നമ്മുടെ പെഗ്ഗ് നമ്മള്‍ തന്നെ അടിക്കണം അല്ലെ ? ഇനി കുടി നിര്‍ത്തമെന്ന് വച്ചാല്‍ ശെ. കഷ്ട്ടം. നമ്മുടെ പേരെഴുതി വച്ച പെഗ്ഗുകള്‍. ശ്ശോ.

വാഷിംഗ് മെഷീന്‍ അന്ന് കൂടുതല്‍ കറങ്ങിക്കാണും

മഴത്തുള്ളി said...

കുറുമാന്‍,

ഹഹഹ, ഇത് അടിപൊളിയായി. വാഷിംഗ് മെഷീന്‍ ഏതായാലും കൊടുത്ത ജോലി അതിമനോഹരമായി തീര്‍ത്തല്ലോ.

പഞ്ചാബില്‍ ചില സര്‍ദാര്‍ജിമാരുടെ ഷോപ്പുകളിലും വാഷിംഗ് മെഷീന് ഇതുപോലെ ഉപയോഗം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അവര്‍ ലെസ്സിയുണ്ടാക്കാന്‍ വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നു ;)

അഭിലാഷങ്ങള്‍ said...

ങും.. ങും...!

വായിച്ചു... ! കൊള്ളാം (കദന)കഥ!

പിന്നെ, കുറുമാന്റെയും, തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ഷാജിചേട്ടന്റെയും, ആല്‍ബര്‍ട്ട് ചേട്ടന്റെയും പ്രിയപത്നിമാരുടെ അഡ്രസ്സ് ഒന്ന് തരാമോ? ആ, സിപ്പ് സിപ്പായി കുടിക്കുന്നതിന് പകരം അവര്‍ കാണാതെ ഒറ്റയിറക്കിന് കാലിയാക്കാറുള്ള ആ ‘ടെക്കനിക്ക്’ അവരെ ഒന്നു അറിയിക്കനാ....!

പിന്നെ ഭവതിമാരുടെ പാദപതന ശബ്ദവും 3 നളന്‍‌മാരുടെ ഹൃദയസ്പന്ദനവും തമ്മിലുള്ള ആ ഒരു സമവാക്യവും, പഴയ ചട്ടിയുടെ അടിവശം സ്തീകള്‍ അരിച്ചുപെറുക്കേണ്ടതിന്റെ ആവശ്യകതയും അവരെ അറിയിക്കാതെ എനിക്കുറക്കം വരുന്നില്ല കുറുമാനേ... !!

അഡ്രസ്സ്/ മൊബൈല്‍ നമ്പര്‍ പ്ലീസ്...
എന്നെ കൊണ്ട് ആകുന്നത് ഞാനും ചെയ്യട്ടെ.:-)

ദുഫായിലെ ഒരു കുറുമാനില്‍ നിന്നും അടി ഇരന്നു വങ്ങിക്കൊണ്ട്,

ഷാര്‍ജ്ജയില്‍ നിന്നും,
സസ്നേഹം,

അഭിലാഷ് :-)

Aneesh Gopi.T said...

സമ്മതിക്കാതെ തരമില്ല!! ഇരിങ്ങാലക്കുടകാരനല്ലേ അങ്ങനെയേ വരൂ!! ഇനി മുതല്‍ ശര്‍ദ്ധിക്കരുതുട്ടോ..ഛര്‍ദിച്ചോളോ..ഗംഭീരമായിരിക്കുന്നു!!!

വാല്‍ക്മീകി | Valkmeeki said...

കലക്കി കുറുമാന്‍ജി. സഹകുടിയന്‍മാരുടെ ആശംസാവാക്കുകളും കിട്ടിക്കാണും എന്നു വിശ്വസിക്കുന്നു. കോളേജ് ഹോസ്റ്റ്ലില്‍ വച്ച് പിരിവെടുത്ത് കുപ്പി വാങ്ങി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ താഴെ വീണ് പൊട്ടിയ കഥ ആരോ പറഞ്ഞത് ഓര്‍മ്മ വന്നു.

പാച്ചേരി... said...

പ്രാരാബ്ദങ്ങള്‍ കൂടിയെന്നു തോനുന്നു..ഒരു കൂറുമാന്‍ എഫക്റ്റ് വരുന്നില്ല...

sreeshanthan said...

റേഷന്‍ കാര്‍ഡില്‍ വാങ്ങാവുന്ന പാമോയിലിനും, പഞ്ചസാരക്കും ആളാംവീതം പരിമിതി നിശ്ചയിച്ചിരിക്കുന്നതുപോലെ, ഞങ്ങളുടെ ഭവതിമാര്‍ ഞങ്ങളുടെ കപ്പാസിറ്റിയനുസരിച്ച്, വെള്ളിയാഴ്ച ചെലുത്താവുന്ന പെഗ്ഗുകള്‍ക്കും രണ്ട്, മൂന്ന്, കൂടിയാല്‍ മൂന്നര എന്നിങ്ങനെ പരിമിതിയും നിശ്ചയിച്ചിട്ടുള്ളതിനാല്‍ ,entammo!! kalyanam kazhichal ithrayum budhimuttendi varumennu manasilakkithannathinu orupadu nandi. kallu kudikkan thudangiyal minimum maximum enne limitukal padilla enna abhprayathil njan urachu viswasikkunnathu kondu njan kalyanam kazhikkilla ennu urakke urakke prakhyapikkunnu... friday special kalakki!!!

അനിലന്‍ said...

എനിയ്ക്ക്ക് കള്ളുകുടിയന്മാരെഴുതിയത് വായിക്കാന്‍ ഒരു താല്പര്യവുമില്ല കുറൂ..
നിങ്ങള്‍ക്കൊക്കെ ഒന്നു നന്നായിക്കൂടേ??

ഹൃദയം ചെറിയൊരു പ്രഹരമേല്‍പ്പിച്ചതിനാല്‍ കൂടെത്താമസിക്കുന്നവന്‍ കുവൈറ്റ് ഹോസ്പിറ്റലില്‍ ഒരാഴ്ച കിടന്നതിനു ശേഷം വിശ്രമത്തിന് നാട്ടില്‍ പോയിരിക്കുകയാണ്. വിസിറ്റ് വിസയിലെത്തിയ പെണ്ണിനോട് ഇനി ഒഴിവാക്കാനാത്ത സമയങ്ങളിലേ മദ്യപിക്കൂ എന്ന് വാക്ക്(?) കൊടുത്തിട്ടുമുണ്ട്.

( അലമാരയില്‍ കോട്ടയ്ക്കലിന്റെ കുപ്പിയില്‍ ദശമൂലാരിഷ്ടത്തിനൊപ്പം കുത്തിമറിയുന്ന ബക്കാര്‍ഡി കേള്‍ക്കണ്ട. )

nichu mathew said...

Kollam kollam , kallatharam kanichal vashong mechine lm pidikm