Tuesday, April 24, 2007

മൃതോത്ഥാനം - ഭാഗം - നാലു

മോനേ മുത്തൂ, മോനിങ്ങടുത്ത് വാ.

വാസുവിന്റെ ചുമലില്‍ തല വെച്ചു പൊട്ടിക്കരയുകയായിരുന്ന മുത്തു, തേങ്ങല്‍ അടക്കിപ്പിടിച്ച് കൊണ്ട്, സാവകാശത്തില്‍ തലയുയര്‍ത്തി നോക്കി.

നാരായണന്‍ നായരാണ്!   ഒരച്ഛനെ പോലെ, തന്നെ ഒരു പാടു സ്നേഹിക്കുന്ന മനുഷ്യന്‍.   മുത്തു കള്ളിമുണ്ടിന്റെ ഒരു തല ഉയര്‍ത്തി കണ്ണീരു തുടച്ചു. പിന്നെ പതുക്കെ നാരായണന്‍ നായരുടെ പിന്നാലെ നടന്നു, വാസുവും.

ചുടലപ്പറമ്പിനു പുറത്തെത്തിയപ്പോള്‍, നാരായണന്‍ നായര്‍ പറഞ്ഞു, മോനെ മൂത്തൂ, വാ, വീട്ടില്‍ പോകാം. ജാനകിയും, സരളയും അവിടെ കരഞ്ഞിരുപ്പാണ്.  നീയും വാടാ വാസ്വോ.

ഞാന്‍ വരുന്നില്ല നാരായണമ്മാവാ, എനിക്കിന്ന് നല്ല സുഖം തോന്നുന്നില്ല. വാസു ആദ്യം തന്നെ പറഞ്ഞു.

ഞാനും വരുന്നില്ല നാരാ‍യണമ്മാവാ, മുങ്ങി കുളിച്ച് വസ്ത്രം മാറി വീട്ടില്‍ ചെന്നൊന്നു കിടക്കട്ടെ,  ചിലപ്പോളമ്മ  വീട്ടില്‍ വരും എന്നെ കാണാന്‍, ഞാന്‍ എന്തു ചെയ്യുന്നുവെന്ന്  നോക്കാൻ.. ..മുത്തു വീണ്ടും ഏങ്ങി കരയാന്‍ തുടങ്ങി.

എന്നാല്‍ നിങ്ങള്‍ വീട്ടിലേക്ക് ചെല്ല്.  രാവിലെ മുതല്‍ രണ്ടു പേരും ഒന്നും കഴിച്ചിട്ടില്ലല്ലോ? ഞാന്‍ കടയില്‍ പോയി ഭക്ഷണവുമെടുത്ത് വരാം. അഥവാ എനിക്കു വരാന്‍ പറ്റിയില്ലേല്‍, ജാനകിയും, സരളയും കൂടി വരും. നാരായണന്‍ നായര്‍ മുത്തുവിനെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് വീണ്ടും ആശ്ലേഷിച്ചു.  പിന്നെ പതുക്കെ നടന്നു, തന്റെ കടയിലേക്ക്.

വാസു മുന്നിലും, മുത്തു പിന്നിലായും ശ്മശാനത്തിന്റെ ഇടവഴിയിലൂടെ നടന്നു. പുറത്തെത്തിയപ്പോള്‍, അവരേയും കാത്തെന്ന പോലെ പോലീസ് ജീപ്പിനു മുന്‍പില്‍, കുട്ടന്‍ നായര്‍ നില്‍ക്കുന്നുണ്ടായിരുന്നു.

ഡാ വാസ്വോ, നീ മുത്തൂനേം വിളിച്ചുള്ളില്‍ കയറ്.  ഞാന്‍ വീട്ടില്‍ കൊണ്ടുചെന്നാക്കാം, കുട്ടന്‍ നായര്‍ പറഞ്ഞു.  കുട്ടന്നായരുടെ, കല്പനയെ നിരാകരിക്കാന്‍ മനസ്സില്ലാത്തതിനാല്‍ വാസു, മുത്തുവിന്റെ കൈ പിടിച്ച് വലിച്ച് മെല്ലെ പോലീസ് ജീപ്പിലേക്ക് കയറി.

ജീപ്പ് നെടുപുഴ കലുങ്കിന്നരുകില്‍ നിറുത്തി.   കുട്ടന്‍ നായര്‍ പുറത്തിറങ്ങും മുന്‍പേ, മുത്തു വണ്ടിയില്‍ നിന്നിറങ്ങി വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു.

ഉം, നീയും പൊക്കോ വാസ്വോ എന്ന് പറഞ്ഞ് കുട്ടന്‍ നായര്‍ ജീപ്പിലേക്ക് തിരിച്ച് കയറി. മുത്തുവിന്റെ ഒപ്പം എത്തുവാനായി വാസു  കാലുകൾ വലിച്ച് വച്ചല്പം വേഗത്തില്‍ തന്നെ നടന്നു.

വീട്ടിലെത്തിയപ്പോള്‍ അയല്‍പ്പക്കക്കാരിൽ പലരും അവിടെ ചുറ്റിപറ്റി നില്‍പ്പുണ്ടായിരുന്നു.   എല്ലാവരുടേയും മുഖം ദുഖസാന്ദ്രം. എന്തൊക്കെ പറഞ്ഞാലും, സെല്‍വിയെ അയല്‍പ്പക്കക്കാര്‍ക്കെല്ലാം ഇഷ്ടമായിരുന്നു. എല്ലാവരുടേയും സഹായത്തിനായി, അവളാൽ കഴിയുന്നത് പോലെ, അവൾ എപ്പോഴുമുണ്ടായിരുന്നു,  എന്നുമുണ്ടായിരുന്നു.  പൈസയായും, അരിയായായും, പരിപ്പായും, പഞ്ചസാരയായും, ആവശ്യക്കാര്‍ക്കെല്ലാം  സെൽവി അവളാല്‍ കഴിയുന്നതുപോലെ സഹായിക്കുകയും ചെയ്തിരുന്നു.   ഒരു വ്യഭിചാരിണി എന്ന നിലയിലല്ല അയല്പക്കക്കാരിലാരും തന്നെ  സെൽവിയെ കണ്ടിരുന്നത്, മറിച്ച് ഹെഡ്കോൺസ്റ്റബിൾ കുട്ടന്‍ നായരുടെ  ഭാര്യ എന്ന രീതിയിൽ മാത്രമായിരുന്നു.

മുത്തൂ, നീ വാ, ഞങ്ങളുടെ വീട്ടിലേക്ക് വന്ന് വല്ലതും കഴിക്ക് എന്ന് പറഞ്ഞ് അവനെ വിളിക്കാന്‍ നിരവധി പേരുണ്ടായിരുന്നു.

മുത്തു എല്ലാവരോടുമായി സൌമ്യതയോടെ പറഞ്ഞു. എനിക്ക് വിശക്കണില്ല. ഒന്നു കുളിച്ചിട്ട് കുറച്ചേരം കിടക്കട്ടെ. നിങ്ങള് നിങ്ങടെ വീട്ടിലിക്ക് പൊയ്ക്കോ. എന്തേലും ആവശ്യം വന്നാല് ഞാന്‍ അങ്ങോട്ട്  വരാം.  ഇപ്പോളൊനിക്കൊന്നും വേണ്ട.

ആളുകള്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. മുത്തുവും, വാസുവും തനിച്ചായി.

മുത്തുവേ, നീ വാ നമുക്ക് എന്റെ വീട്ടില്‍ പോകാം.

വേണ്ടടാ, നീ പൊയ്ക്കോ. ഞാന്‍ ഇന്നെങ്ങോട്ടുമില്ല. എനിക്കൊന്നു കുളിക്കണം, പിന്നെ തനിച്ചിരുന്നൊന്നു കരയണം.  നീ പൊയ്ക്കോ വാസ്വോ, നീ പൊയ്ക്കോ. മുത്തു വീണ്ടും വിങ്ങി പൊട്ടി.

മുത്തുവിനെ തനിച്ച് വിട്ട് പോകാന്‍ മനസ്സില്ലായിരുന്നെങ്കിലും,  ഈയൊരു അവസ്ഥയില്‍, തനിച്ചിരുന്ന് എല്ലാം മറന്നൊന്ന് വിങ്ങി പൊട്ടി കരയുന്നതാണ് മുത്തുവിനു നല്ലതെന്ന് വാസുവിനു തോന്നിയതിനാൽ,  മുത്തുവിന്റെ ചുമലില്‍ കൈവച്ച് വാസു ഒന്നു മുറുകെ അമര്‍ത്തി, പിന്നെ ഒന്നും പറയാതെ ഇടവഴിയിലേക്കിറങ്ങി നടന്നു.

മുത്തു, ഉമ്മറതിണ്ണയിലേക്ക് കയറി. മടിശീല നിവര്‍ത്തി, ഒരു ബീഡിയെടുത്ത് കത്തിച്ചു. പുകയൂതിവിട്ടുകൊണ്ട് വെറുതെ പാടത്തേക്ക് നോക്കി ഇരുന്നു.

ജാനകിയും, സരളയും, പാടവരമ്പിലൂടെ ചോറ്റ് പാത്രം തൂക്കി നടന്നു വരുന്നതും, അവര്‍ അവന്റെ വീട്ടു പടിക്കലെത്തിയതും അവന്‍ അറിഞ്ഞില്ല. അവന്റെ കണ്ണുകള്‍ അവരെ നോക്കുന്നുണ്ടായിരുന്നെങ്കിലും, അവന്റെ മനസ്സ് മറ്റേതോ ചിന്തകളില്‍ വ്യാപരിക്കുകയായിരുന്നു.

മുത്തൂ, മോനെ, എന്തൊരിരിപ്പാ നീയിത് മോനെ.

ജാനകിയമ്മ വിളിച്ചു.

കയ്യിലിരുന്ന് പുകയുന്ന ബീഡിക്കുറ്റി മുത്തു മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. പിന്നെ തിണ്ണയില്‍ നിന്നും മുറ്റത്തേക്കിറങ്ങി.

മോനെ, കഴിഞ്ഞതെല്ലാം കഴിഞ്ഞു. വരാനുള്ളത് വഴിയില്‍ തങ്ങില്ല്യാല്ലോ. നീ ഇങ്ങനെ വയറും വിശന്നിരുന്നിട്ടെന്താ കാര്യം. നീ പോയി കുളിച്ച് വാ, ജാന്വോമ്മായി ചോറ് കൊണ്ട് വന്നിട്ടുണ്ട്. വല്ലതും കഴിച്ച് കുറച്ച് നേരം മയങ്ങാന്‍ നോക്ക്. അപ്പോഴേക്കും, കട, ചന്ദ്രനെ ഏല്‍പ്പിച്ചിട്ട് നാരായണേട്ടനും വരും.

എനിക്ക് വിശപ്പില്ല ജാന്വേമ്മായി.

എന്നു പറഞ്ഞാല്‍ എങ്ങനാ. രാവിലെ മുതല്‍ ജലപാനം കഴിച്ചിട്ടുണ്ടോ നീയ്യ്?  ചെല്ല്, വേഗം ചെന്ന് കുളിച്ച് വാ.

ഡീ സരളേ, നീ, മുത്തൂന് കിണറ്റില്‍ നിന്നും വെള്ളം കോരി വക്ക്.

സരള, കിണറ്റിന്‍ വക്കത്തേക്ക് നടന്നു. പാളയില്‍ വെള്ളം കോരി, ബക്കറ്റിൽ ഒഴിച്ചു നിറച്ചു.  ബക്കറ്റെടുത്ത്  കുളിപ്പുരക്കുള്ളില്‍ വച്ച്, കൈ പാവാടതുമ്പില്‍ തുടച്ചവൾ മടങ്ങി വന്നു.  വെള്ളം കോരി വച്ചമ്മേ.

നീ അകത്ത് നിന്നാ തോര്‍ത്ത് മുണ്ടെടുത്ത് അവന് കൊടുക്കു പെണ്ണേ.

സരള അകത്തു കയറി, അഴയില്‍ ഞാത്തിയിരുന്ന തോര്‍ത്ത്മുണ്ട് കൊണ്ട് വന്ന് മുത്തുവിന്റെ കയ്യില്‍ കൊടുത്തു.

മോന്‍ പോയി കുളിച്ചിട്ട് വാ. മാറ്റാനുള്ള തുണിയും എടുത്തോ. കുളിച്ച് തുണി മാറി, മുഷിഞ്ഞ തുണി അവിടെ കുളിപ്പുരയിലെ ചട്ടിയില്‍ ഇട്ടോ. അതലക്കിയിടാം.

മടിച്ചു മടിച്ചാണെങ്കിലും, മാറ്റാനുള്ള കൈലിയുമെടുത്ത് മുത്തു കുളിപ്പുരയിലേക്ക് നടന്നു.

മുത്തു കുളിച്ച് കൈലി മാറി വന്നപ്പോഴേക്കും, സരള വാഴയില തുടച്ച് ഉമ്മറത്ത് വച്ചു. മുത്തു ഇലക്ക് മുന്‍പിലിരുന്നു. ജാനകിയമ്മ, ചോറ്റു പാത്രം തുറന്ന് ചോറും, സാമ്പാറും, ചമ്മന്തിയും വിളമ്പി.

ഇലയിലെ ചോറില്‍ കൈവിരലുകളിട്ട് പരതിയതല്ലാതെ, ഒരുരള പോലും മുത്തു കഴിച്ചില്ല.

മോനെ, രണ്ടുരളയെങ്കിലും കഴിക്ക് നീയ്യ്. ഇങ്ങനെ പട്ടിണി കിടന്നിട്ടെന്താ കാര്യം. ജാനകിയമ്മ മുത്തുവിനെ നിര്‍ബന്ധിച്ചു.

ജാന്വേമ്മായി, എന്റെ അമ്മ.  മുത്തു വീണ്ടും കൊച്ചു പിള്ളാരെ പോലെ വിതുമ്പി. പിന്നെ കൈലിരുന്ന ചോറുരുള തിരിച്ച് ഇലയിലേക്കിട്ട് എഴുന്നേറ്റു. കിണറ്റിന്‍ കരയില്‍ പോയി കൈ കഴുകി, ഒരു പാള വെള്ളം കോരി, വയര്‍ നിറയുവോളം കുടിച്ച്. തിരികെ വന്ന് തിണ്ണയിലിരുന്നു.

ജാനകിയമ്മ താഴെ ഇരുന്ന് ഓരോന്നായി പതം പറയുവാന്‍ തുടങ്ങി.

ഇലയെടുത്ത് പിന്നാമ്പുറത്തിട്ട്, മുത്തുവിന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കി തോരാനിട്ട് സരള മടങ്ങി വന്നപ്പോഴും ജാനകിയമ്മ പതം പറഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഒന്നും കേള്‍ക്കാത്തതുപോലെ, ശൂന്യതയില്‍ മിഴികൾ നട്ട്, മുത്തു,  ഉമ്മറത്തിണ്ണയില്‍ ഇരുന്നു.

ഞങ്ങള്‍ പോട്ടെ മോനെ, ജാനകിയമ്മ മുത്തുവിനോട് പറഞ്ഞു.

യാതൊരുവികാരവുമില്ലാതെ, മുത്തു തലയാട്ടി.

സരളക്ക് മുത്തുവിനെ അവിടെ തനിച്ചാക്കി പോകാന്‍ ഒരു വിഷമം, ആയതിനാല്‍ അവള്‍ അമ്മയോട് പറഞ്ഞു, അമ്മേ അച്ഛന്‍ വന്നിട്ടു നമുക്കു പോയാൽ പോരെ?

വേണ്ട മോളെ, അവന്‍ ഒന്നുറങ്ങട്ടെ. അച്ഛന് കട ഏല്പിക്കാന്‍ ആ ചന്ദ്രനെ കണ്ടു കിട്ടിയിട്ടുണ്ടാവില്ല. നമുക്ക് കടയിലേക്ക് പോകാം, അപ്പോള്‍ അച്ഛന് ഇങ്ങോട്ട് വരാമല്ലോയെന്നും പറഞ്ഞ്, ജാനകിയമ്മ മുന്നോട്ട് നടന്നു. മുത്തുവിനെ തിരിഞ്ഞു നോക്കി കൊണ്ട് സരളയും അമ്മയുടെ പിറകെ നടന്നു.

വൈകുന്നേരം,  നാരായണന്‍ നായര്‍ മുത്തുവിന്റെ വീട്ടിലേക്ക് വന്നപ്പോള്‍, അവന്‍,  ഉമ്മറക്കോലായില്‍ കിടന്ന് നല്ല ഉറക്കം. ഒന്നു രണ്ട് പ്രാവശ്യം മുരടനക്കി നോക്കി. ഇല്ല എഴുന്നേല്‍ക്കുന്നില്ല. അവന്‍ ഉറങ്ങട്ടെ എന്നു കരുതി നാരായണന്‍ നായര്‍ തിരികെ തന്റെ കടയിലേക്ക് പോയി.

സമയം സന്ധ്യയായി. ചുറ്റും ഇരുട്ടു പരക്കാൻ തുടങ്ങി.   വാസുവും, ശശിയും, തൂക്കു പാത്രത്തില്‍ ചായയുമായി വന്നപ്പോഴും, മുത്തു നല്ല ഉറക്കം തന്നെ.  അവര്‍, മുത്തുവിനെ വിളിച്ചെഴുന്നേല്‍പ്പിച്ചു.

വാസു അകത്തു ചെന്ന് ഗ്ലാസ്സെടുത്ത് തൂക്കു പാത്രത്തില്‍ നിന്നും ചായ പകര്‍ത്തി മുത്തുവിനു നല്‍കി.  ഒരക്ഷരം പോലും ഉരിയാടാതെ മുത്തു ചായ കുടിച്ചെഴുന്നേറ്റു. മുറ്റത്തേക്കിറങ്ങി. അടുക്കളവശത്ത് കിടന്നിരുന്ന ഒരു മെടഞ്ഞ ഓല വലിച്ച് മാവിന്റെ ചുവട്ടിലിട്ട് അതിന്റെ മുകളിലിരുന്നു.

ശശിയും, വാസുവും, എന്തു ചെയ്യണമെന്നറിയാതെ മുത്തുവിന്റെ അരികില്‍ വന്ന് നിന്നു,  പിന്നീടവന്റെ അടുത്തായി ആ ഓലയിൽ ഇരുന്നു.

മുത്തൂ, നീ എന്തേലും കഴിക്ക്. ഞങ്ങള്‍ പോയി ഭക്ഷണം വാങ്ങി കൊണ്ട് വരാം. രാവിലെ മുതല്‍ നീ ഒന്നും കഴിച്ചിട്ടില്ലല്ലോ?

വേണ്ട. ഇന്നെന്തായാലും ഞാന്‍ ഒന്നും കഴിക്കുന്നില്ല. നിങ്ങള്‍ പൊയ്ക്കോള്ളൂ, ഞാന്‍ കുറച്ചൂടെ ഒന്നു കിടക്കട്ടെ.

ഇനി അവനോട് എന്തേലും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അവര്‍ക്ക് തോന്നിയതിനാല്‍, ശശിയും, വാസുവും, യാത്ര പറഞ്ഞ്, തിണ്ണമേൽ വച്ചിരുന്ന ചായകൊണ്ടു വന്ന തൂക്കു പാത്രവും എടുത്ത്, ഇടവഴിയിലേക്കിറങ്ങി.

മുത്തു, മാവിന്‍ ചുവട്ടിലിട്ട  ആ ഓലക്കീറിൽ തനിച്ചായി. ആകാശത്തുള്ള നക്ഷത്രങ്ങളേയും, ചന്ദ്രനേയും നോക്കി മുത്തു വെറുതെയാ ഓലക്കീറിൽ കിടന്നു. സമയം രാത്രിയായി. വെളുത്ത വാവു കഴിഞ്ഞിട്ടധികമായിട്ടില്ലാത്തതിനാല്‍ നിലാവെളിച്ചം അവിടമാകെ നിറഞ്ഞു നിന്നിരുന്നു.

മുത്തു എഴുന്നേറ്റ്, വീട്ടിന്നകത്തേക്ക് കയറി. മണ്ണെണ്ണ വിളക്ക് കത്തിച്ചു.  പായ നിവര്‍ത്തിയിട്ടതില്‍ വിരിപ്പു വിരിച്ചു, പിന്നെ കൈ തലയിണയാക്കി അതിൽ കിടന്നു. "വര്‍ഷങ്ങളോളമായി രാത്രിയില്‍  വീട്ടില്‍, തനിച്ചു കിടന്നിട്ടും, ഒരിക്കൽ പോലും തോന്നാത്രയും ഏകാന്തത, മുത്തുവിനു, അന്നാദ്യമായി ജീവിതത്തിൽ അന്നനുഭവപെട്ടു".

രാവിലെ, കട്ടന്‍ കാപ്പി അനത്തുവാനായി, തന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുവാനായി, മുറ്റമടിക്കുവാനായി, ചോറു വക്കുവാനായി, താന്‍ ചൂണ്ടി കൊണ്ടു വരുന്ന മീന്‍, കറി വയ്ക്കുവാനായി, താൻ സമ്പാദിക്കുന്ന കാശിൽ നിന്ന് കുറച്ച്, ഇടക്കെങ്കിലും കൊടുക്കുവാനായി, പനിച്ചു വിറച്ചു കിടക്കുന്ന സമയത്ത് തനിക്കല്പം ചുക്കു കാപ്പി കാച്ചു തരുവാനായി, നിത്യവും വൈകുന്നേരം ശണ്ട കൂടുവാനായി,  ഇനി മുതല്‍ അമ്മയില്ല. തനിക്കമ്മയില്ല!

എനിക്കാരുമില്ല! ഒറ്റ ദിവസത്തിൽ ഞാനൊരനാഥനായി പോയല്ലോ!  വലിയ വായില്‍ അലറികരഞ്ഞു കൊണ്ട് മുത്തു പായില്‍ ചുരുണ്ടു കൂടി കിടന്നു.

തുടരും...

Saturday, April 07, 2007

മൃതോത്ഥാനം - ഭാഗം - മൂന്ന്

ടൌണ്‍ പോലീസ് സ്റ്റേഷന്‍. സമയം രാവിലെ എട്ടു കഴിഞ്ഞതേയുള്ളൂ.

വരാന്തയില്‍ ആരോ ഒരുവന്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടാണ് ഏഡ് കുട്ടന്‍ നായര്‍ പുറത്തേക്കിറങ്ങിയത്. കുട്ടന്‍ നായരെ കണ്ടതും, പുറത്ത് കാവല്‍ നിന്നിരുന്ന പോലീസുകാരന്‍ ശിവന്‍ സല്യൂട്ട് ചെയ്തു.

ഉം, എന്താ കാര്യം? പരിഭ്രമത്തില്‍ പൊതിഞ്ഞ മുഖവുമായി നില്‍ക്കുന്ന ശിവനോട് കുട്ടന്‍ നായര്‍ ചോദിച്ചു.

ശിവനാണു മറുപടി പറഞ്ഞത്. സാറെ, നെടുപുഴ പാടത്തെ, തീവണ്ടി പാളത്തില്‍ ഒരു സ്ത്രീ തല വച്ചു.

ഉം. അതിപ്പോ അത്ര പുതിയ കാര്യമൊന്നുമല്ലല്ലോ? എല്ലാ മാസവും നമുക്ക് പണിയുണ്ടാക്കാന്‍ ഏതെങ്കിലും ഒരുവൻ, അല്ലെങ്കിൽ ഒരുവൾ നെടുപുഴ പാടത്തെ,  പാളത്തില്‍, ട്രെയിനിന്നട വക്കുക പതിവാണല്ലോ!   പണ്ടാരങ്ങള്‍ക്ക്, വല്ല ബസ്സും പിടിച്ച് , ഇരിങ്ങാലക്കുടയിലോ, ഷൊര്‍ണ്ണൂരോ പോയി തല വച്ചുകൂടെ?  രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താനായിട്ട്,  നമ്മുടെ സ്റ്റേഷന്റെ പരിതിയില്‍ തന്നെ വന്നു ചത്തോളും.   വല്ല അവിഹിത ഗര്‍ഭമോ, കുടുംബ വഴക്കോ, മറ്റോ ആകും. എന്തിന്, കൊലപാതകം തന്നെ ആകാനും മതി ചിലപ്പോൾ.

അതൊക്കെ പോട്ടെ, ആരാണെന്നു വല്ല പിടിയുമുണ്ടോ മുന്നൂറ്റി പതിനൊന്നേ, കുട്ടന്‍ നായര്‍ ശിവനോട് ചോദിച്ചു.

ഉവ്വ് സര്‍. തല വച്ച സ്ത്രീയുടേ അയല്പക്കക്കാരനാണ് ഈ നില്‍ക്കുന്ന വാസു.

ഉം, ആരാണ്ടാ, തല വച്ചത്? എന്തിനാ തല വച്ചത്? നീയെങ്ങാനും കൊന്ന് കൊണ്ടിട്ടതാണോ?

ഞാനോ മറ്റുള്ളവരോ കൊന്നു കൊണ്ടിട്ടതല്ല സാറെ. എന്തിനാ തല വച്ചതെന്ന് ചിലപ്പോള്‍ സാറിനറിയാമായിരിക്കും, കാരണം തല വച്ച് മരിച്ചത് മറ്റാരുമല്ല, സെല്‍വിയക്കയാണ്. ഉറച്ച ശബ്ദത്തില്‍ വാസു പറഞ്ഞു.

സെല്‍വി എന്നു കേട്ടതും കുട്ടന്‍ നായരൊന്നു ഞെട്ടി. ആ ഞെട്ടല്‍ കണ്ട്, ശിവന്‍, പുച്ഛഭാവത്തില്‍ മുഖം വക്രിച്ചു.

നീ ഉള്ളിലേക്ക് കയറി വാ എന്ന് വാസുവിനോട് പറഞ്ഞ്, കുട്ടന്‍ നായര്‍ സ്റ്റേഷനകത്തേക്ക് കയറി പോയി. സ്റ്റേഷന്റെ മൂലയില്‍ വച്ചിരിക്കുന്ന മണ്‍കൂജ എടുത്ത്, കുട്ടന്‍ നായര്‍ വായിലേക്ക് ചരിച്ചു. അകത്തോട്ട് പോകുന്നതിലും കൂടുതല്‍ വെള്ളം അയാളുടെ ചിറിയിലൂടെ പുറത്തോട്ടൊഴുകി. കാക്കി ഷര്‍ട്ട് നനഞ്ഞു കുതിര്‍ന്നു. കൂജയിലെ വെള്ളം അകത്തോട്ടും, പുറത്തോട്ടും ഒഴുകി തീര്‍ന്നപ്പോള്‍ കുട്ടന്‍ നായര്‍ കൂജ നിലത്തു വച്ച് കസേരയിലോട്ടിരുന്നു.

എന്താ നിന്റെ പേര്? കിതച്ച് കൊണ്ട് കുട്ടന്‍ നായര്‍ ചോദിച്ചു.

വാസു.

എപ്പോഴാ സംഭവം നടന്നത്? ആരാ ആദ്യം കണ്ടത്

എപ്പോഴാ നടന്നതെന്നറിയില്ല സാറെ. ആദ്യം കണ്ടത് കറവക്കാരന്‍, ശേഖരനാ. ശേഖരന്റെ ഉച്ചത്തിലുള്ള കൂക്ക് വിളി കേട്ട്, വീടുകളില്‍ നിന്നും ഞങ്ങളെല്ലാവരും ഓടി വന്ന് നോക്കിയപ്പോഴാണ്, സെല്‍വിയക്കയാണ് മരിച്ചതെന്നു മനസ്സിലായത്.

മുത്തു വിവരം അറിഞ്ഞുവോ? അല്പം പരിഭ്രമത്തോടെ കുട്ടന്‍ നായര്‍ ചോദിച്ചു.

ഉവ്വ്. അവനാണ് ചിതറികിടന്നിരുന്ന സെല്‍വിയക്കയുടെ ശരീരഭാഗങ്ങള്‍ പെറുക്കി ഒരു ഭാഗത്ത് വച്ചത്. ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ, അവന്‍ സെല്‍വിയക്കയുടെ അടുത്ത് ഇരിക്കുന്നുണ്ട്.

ഉം നീ പോക്കോ, എസ് ഐ സാറും, ജീപ്പും വന്നാല്‍ ഞങ്ങള്‍ എത്തികൊള്ളാം.

വാസു സ്റ്റേഷനു പുറത്തേക്കിറങ്ങിപോയതും, കുട്ടന്‍ നായര്‍ ഇടത്തേ നെഞ്ചുഴിഞ്ഞു കൊണ്ട് കസേരയിലേക്കിരുന്നു. അയാളുടെ ചിന്തകള്‍ മൂന്നാലു വര്‍ഷം പുറകിലേക്ക് പാഞ്ഞു. കണ്ണൂരില്‍ നിന്നും,  തൃശൂര്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് വന്നിട്ട് മാസം ഒന്നു കഴിഞ്ഞതേയുള്ളായിരുന്നു. അവിടുന്നു മാറി പോയ പോലീസുകാരന്‍ താമസിച്ച വീട് തന്നെ കുട്ടന്‍നായര്‍ക്കും കിട്ടി.

ഒരു ദിവസം രാത്രി ഡ്യൂട്ടിയെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി,  പ്രാഞ്ചിയെ വിളിച്ചെഴുന്നേല്‍പ്പിച്ച്, അടച്ച ഷാപ്പു തുറപ്പിച്ച്, ഇരുന്നൂറ് മില്ലി അടിച്ച്, ഒരു പുഴുങ്ങിയ മുട്ടയും തിന്ന്, ഇരുന്നൂറ്റമ്പത് മില്ലി പാഴ്സലും വാങ്ങി, പാട്ടും പാടി വീട്ടിലേക്ക് നടക്കുന്ന വഴിക്ക്, റെയില്‍വേ സ്റ്റേഷനടുത്തെത്തിയപ്പോഴാണ്, ഒരു പെണ്ണിനെ തൂണിന്റെ മറവില്‍ കണ്ടത്. അസമയത്തവിടെ ഒരു പെണ്ണ് നില്‍ക്കണമെങ്കില്‍ അവളെന്തിനു വേണ്ടി നില്‍ക്കുന്നതാണെന്നറിയാഞ്ഞിട്ടില്ല, എന്നാലും,

ആരാടീ എന്ന ചോദ്യത്തോടൊപ്പം തന്നെ ടോര്‍ച്ച് മുഖത്തേക്കടിച്ചു.

പെണ്ണൊന്നു പരുങ്ങി, പിന്നെ മറവില്‍ നിന്നു വെളിയില്‍ വന്നു.

കൊള്ളാം അഴകുള്ള പെണ്ണു തന്നെ. ഒരു നിമിഷം കുട്ടന്‍ നായരിലെ പോലീസുണര്‍ന്നു. പോലീസുകാരന്റെ അടുത്താണോടീ നിന്റെ വേഷം കെട്ട്?

സെല്‍വി പരുങ്ങി, പിന്നെ പറഞ്ഞു, സാറെ വയറ്റിപിഴപ്പാ സാറെ. മോനു ഭക്ഷണം വാങ്ങുവാനായാ സാറെ ഈ പണി ചെയ്യുന്നത്.

ഉം, വാ എന്റെ കൂടെ. കുട്ടന്‍ നായര്‍ മുന്നില്‍ നടന്നു. അല്പം ദൂരം വിട്ട് കുട്ടന്‍ നായരെ പിന്‍തുടര്‍ന്ന് സെല്‍വിയും.

അന്ന് രാത്രി കുട്ടന്‍ നായരുടെ മുന്നില്‍ പുടവക്കൊപ്പം, സെല്‍വിയുടെ ചരിത്രവും തുറക്കപെട്ടു. അന്നു തുടങ്ങിയതാണു സെല്‍വിയും, കുട്ടന്‍ നായരുമായുള്ള ബന്ധം. ആ രാത്രിക്ക് ശേഷം, സെല്‍വി ഒരിക്കല്‍ പോലും മറ്റൊരു പുരുഷന്റെ അരുകില്‍ വ്യഭിചരിക്കാനായി പോയിട്ടുമില്ല. സന്ധ്യകഴിഞ്ഞാല്‍ സെല്‍വി സ്ഥിരമായി കുട്ടന്‍ നായരുടെ വീട്ടിലെത്തും, അത്താഴമുണ്ടാക്കും, അലക്കാനുള്ള വസ്ത്രങ്ങള്‍ അലക്കും. ചിരട്ടകത്തിച്ച് കനലാക്കി, തേപ്പു പെട്ടിയിലിട്ട് കുട്ടന്‍ നായരുടെ യൂണിഫോം തേച്ച് വക്കും. പുലര്‍ച്ചക്ക് എഴുന്നേറ്റ് മുറ്റവും, വീടും അടിച്ച് വൃത്തിയാക്കും. വെള്ളം കോരി കുളിമുറിയിലുള്ള തൊട്ടിയിലും, അടുക്കളയിലുള്ള ചട്ടി, കലങ്ങളിലും നിറക്കും. കല്യാണം കഴിയാതെ തന്നെ പിന്നീടങ്ങോട്ട് അവര്‍ ഒരു ഭാര്യ ഭര്‍ത്താവിനെപോലെ അവിടെ ജീവിച്ചു. മാസാദ്യങ്ങളില്‍ കുട്ടന്‍ നായര്‍, കിട്ടുന്ന ശമ്പളത്തില്‍ നിന്നും ഒരു പങ്ക്, സെല്‍വിക്കു നല്‍കുകയും പതിവായിരുന്നു.

കുട്ടന്‍ നായരും സെല്‍വിയും തമ്മിലുള്ള സംബന്ധം നടക്കാതിരുന്നത്, മുത്തു ഉള്ളത് കാരണം മാത്രമായിരുന്നു. കുട്ടന്‍ നായര്‍ പലപ്പോഴും സെല്‍വിയെ നിര്‍ബന്ദിച്ചപ്പോഴൊക്കെ, മുത്തുവിനോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ധൈര്യം പോരാത്ത കാരണം സെല്‍വി ആ ആലോചന നീട്ടികൊണ്ട് പോയി. കുട്ടന്‍ നായരെ അച്ഛനായി കാണുവാന്‍ മുത്തു തയ്യാറാവില്ല എന്ന് സെല്‍വിക്ക് ഉറപ്പായിരുന്നു.

കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു.

ഇന്നലെ രാത്രിയില്‍ അത്താഴം കഴിഞ്ഞ് കിടക്കാന്‍ നേരത്താണ്, സെല്‍വി വാതില്‍ തുറന്ന് മുറ്റത്തേക്കിറങ്ങി ശര്‍ദ്ധിക്കുന്നത് കുട്ടന്‍ നായര്‍ കാണുന്നത്.  കഴിച്ചത് വല്ലതും വയറ്റിനു പിടിക്കാഞ്ഞിട്ടാണെന്ന് കരുതി കുട്ടന്‍ നായര്‍ വിരിച്ചിട്ടിരുന്ന പായില്‍ കിടന്നു. മുഖം കഴുകി തുടച്ച് സെല്‍വി വന്ന് അയാളുടെ അരികിലിരുന്നു.

ചേട്ടാ, കുളി തെറ്റിയിട്ട് രണ്ട് മാസമായി. ദാ ഇപ്പോള്‍ ശര്‍ദ്ദിലും തുടങ്ങിയിരിക്കുന്നു. എനിക്ക് ഗര്‍ഭമാണെന്നെങ്ങാന്‍ മുത്തു അറിഞ്ഞാല്‍, എന്നേം കൊന്ന് അവനും ചാകും. ഞാനിനി എന്തു ചെയ്യും?  ദയനീയമായ ഭാവത്തോടെ സെല്‍വി കുട്ടന്‍ നായരോട് പറഞ്ഞു.

മദ്യ ലഹരിയിലായിരുന്ന കുട്ടന്‍ നായര്‍ മറുത്തൊന്നും ചിന്തിക്കാതെയും, വരുംവരായ്കളെക്കുറിച്ചും ഓർക്കാതെയും പറഞ്ഞു. പെറ്റു വളര്‍ത്തിക്കോടീ. വേശ്യ പെറ്റെന്നു കേട്ടാല്‍ ആരും അച്ഛനാരാണെന്ന് ചോദിക്കില്ല. അതല്ല ഇനി ഇതറിഞ്ഞാല്‍, നിന്റെ മകന്‍ നിന്നെ കൊല്ലുമെന്നാണെങ്കില്‍, നീ പോയി വല്ല തീവണ്ടി പാളത്തിലും തല വച്ച് സ്വയം ചാക്. പുതപെടുത്ത് പുതച്ച് കുട്ടന്‍ നായര്‍ തിരിഞ്ഞുകിടന്നു. മണ്ണെണ്ണ വിളക്ക് ഊതി കെടുത്തി സെല്‍വിയും അയാളുടെ അരികില്‍ കിടന്നു.

 കുട്ടന്‍ നായര്‍ രാവിലെ എഴുന്നേറ്റപ്പോള്‍, സെല്‍വിയെ അവിടെയെങ്ങും കണ്ടില്ല. പതിവുപോലെ, മുറ്റവും, വീടുമെല്ലാം അടിച്ച് വാരി, വൃത്തിയാക്കിയിട്ടിരുന്നു. കുട്ടന്‍ നായര്‍ക്കുള്ള കട്ടന്‍ കാപ്പി അവള്‍ ഗ്ലാസ്സിലും ഒഴിച്ച് വച്ചിരുന്നു.

ആറി തണുത്ത ആ കാപ്പി കുടിക്കുമ്പോള്‍ കുട്ടന്‍ നായര്‍ കരുതി, ഇന്നലെ അവളെ ചീത്ത പറഞ്ഞതില്‍ വിഷമിച്ച്, രാവിലെ തന്നെ സ്ഥലം വിട്ടതായിരിക്കും. പാവം. അവളുടെ മനപ്രയാസം മനസ്സിലാകുന്നുണ്ട്.

ഉം. കുളി തെറ്റിയിട്ട് രണ്ട് മാസമല്ലെ ആയിട്ടുള്ളൂ. നാരായണന്‍ വൈദ്യരുടെ കയ്യില്‍ നിന്നും വല്ല മരുന്നും വാങ്ങി കലക്കാവുന്ന കാര്യമേയുള്ളൂ!  എന്തിനും വൈകുന്നേരം അവള്‍ വരുമ്പോള്‍ പറഞ്ഞ് സമാധാനപെടുത്താം.

കുളിച്ച്, യൂണിഫോമുമിട്ട് സ്റ്റേഷനില്‍ വന്ന് ഒപ്പ് വച്ച് അല്പം കഴിഞ്ഞപ്പോഴാണ് അശനിപാതം പോലെ സെല്‍വി മരിച്ച വാര്‍ത്തയറിയുന്നത്. എന്തു ചെയ്യണമെന്ന് ആലോചിച്ചിട്ട് കുട്ടന്‍ നായര്‍ക്ക് ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ഉള്ളിലാകെ ഒരു വിങ്ങല്‍. ശരീരംകൊണ്ട് മാത്രമല്ല, മനസ്സുകൊണ്ടും അവളുമായി വല്ലാതെ അടുത്തു പോയിരുന്നു. കുട്ടന്‍ നായരെ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു.

എന്താടോ, കുട്ടന്‍ നായരെ, കുരങ്ങു ചത്ത കുറവനെ പോലെ താന്‍ തലക്ക് കയ്യും കൊടുത്താലോചിച്ചിരിക്കുന്നത് രാവിലെ തന്നെ?

എസ് ഐ നമ്പീശന്‍ മുറിയിലേക്ക് വന്നത് അപ്പോഴാണ് കുട്ടന്‍ നായര്‍ അറിയുന്നത് തന്നെ. ഞെട്ടിപിടഞ്ഞെഴുന്നേറ്റ് കുട്ടന്‍ നായര്‍ സല്യൂട്ട് ചെയ്തു. പിന്നെ നമ്പീശന്റെ പിന്നാലെ എസ് ഐയുടെ മുറിയിലേക്ക് കയറി.

സാര്‍, ഇന്നു പുലര്‍ച്ചെ, സെല്‍വി, തീവണ്ടിപാളത്തില്‍ തലവച്ച് ആത്മഹത്യ ചെയ്തു. വാസു എന്നു പേരുള്ള ഒരു ചെറുക്കന്‍ വന്നു പറഞ്ഞേച്ച് പോയിട്ട് അധികം സമയമായില്ല.

ഉം, സെല്‍വി? തന്റെ കീപ്പല്ലേടോ അവള്‍? നമ്പീശന്‍ അല്പം ഗൌരവത്തില്‍ തന്നെ കുട്ടന്‍ നായരോട് ചോദിച്ചു.

അതേ സര്‍.

എന്താ കാരണം? തനിക്കറിയാതിരിക്കാന്‍ വഴിയില്ലല്ലോ?

അവള്‍ക്ക് കുളി തെറ്റിയിരുന്നു സാറെ, പരവേശത്തോടെ കുട്ടന്‍ നായര്‍ പറഞ്ഞു

ഉം, താനാളു മോശമല്ലല്ലോ? കണ്ണൂരൊരു ഭാര്യേം, രണ്ട് പിള്ളേരും, ഇവിടെ ഒരു സംബന്ധം, അവള്‍ ചത്തില്ലായിരുന്നില്ലെങ്കില്‍ അതിലും പിള്ളാരിനിയും ഉണ്ടായേനേല്ലേഡോ?

മറുപടിയൊന്നും പറയാനാകാതെ കുട്ടന്‍ നായര്‍ തല കുനിച്ചു നിന്നു.

ഉം, സാരമില്ല, ഒരു വേശ്യക്ക് വയറ്റിലുണ്ടായെന്നു കരുതി നാട്ടുകാര്‍ തന്റെ മെക്കിട്ട് കയറാനൊന്നും പോകുന്നില്ല. താന്‍ ഭയക്കേണ്ട. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടൊന്നും ആരും ചോദിക്കാന്‍ വരില്ല. അതൊക്കെ നമുക്ക് വേണ്ടത് പോലെ ചെയ്യാം.

നന്ദിയോടെ കുട്ടന്‍ നായര്‍ തലയാട്ടി.

ഉം, എങ്കില്‍ വാ, നമുക്ക് പോയി, ബോഡി എടുപ്പിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യിപ്പിക്കാം. നമ്പീശനും, കുട്ടന്‍ നായരും, മറ്റ് മൂന്നു പോലീസുകാരും, ജീപ്പില്‍ കയറി പുറപെട്ടു. മെഡിക്കല്‍ കോളേജില്‍ ജീപ്പ് നിറുത്തി നമ്പീശന്‍, കൂട്ടുകാരനായ ഡോക്ടര്‍ പണിക്കരെ കണ്ട് തീവണ്ടിപാളത്തിലെ ആത്മഹത്യയെകുറിച്ച് പറഞ്ഞു. കുട്ടന്‍ നായരും, മരിച്ച സെല്‍വിയും തമ്മിലുള്ള ബന്ധത്തെകുറിച്ചും, സെല്‍വി ഗര്‍ഭം ധരിച്ചിരിക്കാനുള്ള സാധ്യതയെകുറിച്ചും പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം ചെയ്ത് ശരീരം എത്രയും പെട്ടെന്ന് വിട്ടുകൊടുക്കണമെന്നും പണിക്കരോട്, നമ്പീശന്‍ അഭ്യര്‍ത്ഥിച്ചു.

പാളത്തില്‍ തല വച്ച് ചിന്നിചിതറിയ ശവശരീരം ഒന്നും അങ്ങനെ കാര്യമായി പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതില്ലടോ. വെറും ഫോര്‍മാലിറ്റിക്ക് വേണ്ടി കൊണ്ട് വന്ന്, ഒന്നു തുന്നികെട്ടണം അത്ര തന്നെ. രണ്ട് മണിക്കൂറിനുള്ളില്‍ ശവം ഞാന്‍ വിട്ടു തരാം. താന്‍ ആദ്യം പോയി തന്റെ പരിപാടികള്‍ കഴിച്ച് ശവശരീരം കൊണ്ട് വാ. ബന്ധുക്കളാരാണെന്ന് വച്ചാല്‍ ശവം ഏറ്റുവാങ്ങാന്‍ വരാനും പറയൂ.

പോലീസ് ജീപ്പിനെ പിന്തുടര്‍ന്ന്, ആമ്പുലന്‍സും, നെടുപുഴ പാടം ലക്ഷ്യമാക്കി നീങ്ങി. വണ്ടി റോഡരുകില്‍ ഒതുക്കിയിട്ട്, നമ്പീശനും, കുട്ടന്‍ നായരും, മറ്റു പോലീസുകാരും, പാടത്തേക്കിറങ്ങി, തീവണ്ടിപാളത്തെ ലക്ഷ്യമാക്കി നടന്നു.

പോലീസുകാരെ കണ്ടപ്പോള്‍, കൂടി നിന്നിരുന്ന ജനങ്ങള്‍ ഒരു വശത്തേക്ക് മാറി. മുത്തു അപ്പോഴും നിസംഗഭാവത്തില്‍ ശവത്തിനരുകില്‍ ഇരുന്നിരുന്നു.

മരിച്ച സ്ത്രീയുടെ മകനാണിരിക്കുന്നതെന്ന് കുട്ടന്‍ നായര്‍, നമ്പീശനോട് പറഞ്ഞു.

ഉം, അവിടെ കൂടി നിന്നവരില്‍ പലരോടും, നമ്പീശന്‍ പല ചോദ്യങ്ങളും ചോദിച്ചു. പിന്നെ മുത്തുവിനോടായ് ചോദ്യം.

എന്താ നിന്റെ പേര്?

മുത്തു.

നിന്റെ അമ്മയാണല്ലെ ഇത്?

അതെ സാര്‍, മുത്തു എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.

എപ്പോഴാ നീ അമ്മയെ അവസാനമായി കണ്ടത്?

ഇന്നലെ രാത്രി.

ആരാ അമ്മ മരിച്ച വിവരം നിന്നെ അറിയിച്ചത്?

കുട്ടുകാരായ വാസുവും, ശശിയുമാണ് സാര്‍.

അമ്മ ആത്മഹത്യ ചെയ്യുവാന്‍ പ്രത്യേക കാരണം എന്തെങ്കിലുമുണ്ടോ?

എന്റെ അറിവില്‍ ഇല്ല സര്‍.

ശവശരീരം പോസ്റ്റ് മോര്‍ട്ടം ചെയ്യണം. അതിനായി മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടു പോകണം. അവിടെ നിന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത് ശവശരീരം നിനക്കേറ്റു വാങ്ങാം.

ശരി സര്‍.

ആവശ്യമായ എഴുത്തുകുത്തുകള്‍ എല്ലാം നടത്തി, കൂടി നിന്നിരുന്നവരില്‍ രണ്ട് പേരുടെ കൈയ്യൊപ്പും വാങ്ങി, നമ്പീശന്‍ തന്റെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി.

ആമ്പുലന്‍സിന്റെ ഡ്രൈവര്‍ പായയുമായി വന്നു. വിരിച്ച പായിലേക്ക്, മുത്തുവും, വാസുവും കൂടി സെൽവിയുടെ ശരീരം എടുത്ത് വച്ചു.  ചിതറിയ ഭാഗങ്ങളും പായിലേക്ക് പെറുക്കി വച്ചു. പായ കൂട്ടിപൊതിഞ്ഞ് കെട്ടി മുത്തുവും, വാസുവും ചുമലിലേറ്റി റോഡിലേക്ക് നടന്നു.  ജീവിതത്തിലാദ്യമായാണ് മുത്തു ഒരു ശവശരീരം വാരുന്നതും, ചുമക്കുന്നതും. അതും പെറ്റമ്മയുടെ. മുത്തുവിന്റെ മനസ്സ് മരവിച്ചു പോയിരുന്നിരിക്കണം, കാരണം, നിസ്സംഗഭാവം തന്നേയാണ് അവന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നത്.

പോക്കറ്റില്‍ നിന്നും തൂവാല എടുത്ത് , കുട്ടന്‍ നായര്‍ തന്റെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു. ഒന്നു പൊട്ടിക്കരയണമെന്നയാള്‍ക്കുണ്ടെങ്കിലും, ജനമധ്യത്തില്‍ പരസ്യമായി സെല്‍വിയുടെ മരണത്തില്‍ നിലവിളിക്കുവാനുള്ള ബന്ധം അയാള്‍ക്ക് സെല്‍വിയുമായി ഉണ്ടായിരുന്നില്ലല്ലോ!

പോസ്റ്റ്മോര്‍ട്ടം ചെയ്ത്, ശവശരീരം മുത്തുവും, വാസുവും, ശശിയും ചേര്‍ന്നേറ്റു വാങ്ങി. ആംബുലന്‍സില്‍ തന്നെ പൊതുശ്മശാനത്തിലേക്ക് ശവശരീരം കൊണ്ട് പോയി. ശവശരീരം ദഹിപ്പിക്കുന്നതിനുവേണ്ട വിറകും മറ്റും വാങ്ങുന്നതിനാവശ്യമായ പൈസ കുട്ടന്‍ നായര്‍ വാസുവിന്റെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നു.

സെല്‍വിയുടെ അയല്പക്കക്കാരായ ചില വീട്ടുകാരും, മുത്തുവിന്റെ ചങ്ങാതികളും ശ്മശാനത്തില്‍ എത്തിചേര്‍ന്നിരുന്നു.

ചിതയിലേക്ക് ശവം വച്ച്, അതിനു മീതെ, വിറകുകള്‍ അടുക്കി, ശ്മശാനത്തിലെ പണിക്കാരന്‍, കത്തുന്ന വിറകുകൊള്ളി മുത്തുവിന് കൈ മാറി.

ചിതയെ മൂന്നു തവണ പ്രദിക്ഷണം വച്ച്, മുത്തു ചിതക്ക് തീകൊളുത്തി.  ചിത, മെല്ലെ, വളരെ സാവധാനത്തിൽ കത്തി പടരുവാന്‍ തുടങ്ങി.

ഈ ലോകത്ത് തനിക്ക് ഉണ്ടായിരുന്ന ഒരേ ഒരു ബന്ധു, സ്വന്തം അമ്മ, ഇതാ എരിഞ്ഞടങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ന് മുതല്‍ താന്‍ തികച്ചും അനാഥന്‍. മുത്തുവിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകി.  പൊട്ടികരഞ്ഞുകൊണ്ട് മുത്തു, വാസുവിന്റെ ചുമലിലേക്ക് തന്റെ മുഖം ചേര്‍ത്തു.

തുടരും...

Sunday, April 01, 2007

മൃതോത്ഥാനം - ഭാഗം - രണ്ട്

കോരിചൊരിഞ്ഞു പെയ്യുന്ന ഇടവപ്പാതി കഴിഞ്ഞു. മിഥുനവും കഴിഞ്ഞു,  കര്‍ക്കിടകം വന്നു.  നാടെങ്ങും പഞ്ഞം. നാളികേര കര്‍ഷകര്‍ പോലും നന്നേ വലുപ്പം കുറഞ്ഞ, കൂരിച്ച നാളികേരം വിറ്റ്,  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നന്നേ പ്രയാസപ്പെടുന്ന കാലം.  കൂലി പണിക്കാര്‍ക്ക് പോലും ഒരു നേരത്തെ പോലും, പണി കിട്ടാത്ത കാലം.  പിന്നെ സെല്‍വിയുടേയും, മുത്തുവിന്റേയും കാര്യം പറയുവാനുണ്ടോ?  പെറുക്കുവാന്‍, കുപ്പിയോ, പാട്ടയോ പോയിട്ട്, നനഞ്ഞൊട്ടിയ ഒരു കഷണം പേപ്പര്‍ പോലും കിട്ടാത്ത കാലം!

മിക്കവാറും ദിവസം മുത്തുവും, സെല്‍വിയും പട്ടിണിയില്‍ തന്നെ. രാത്രിയായാലും, പകലായാലും, റെയില്‍വേ സ്റ്റേഷന്റെ അങ്ങേ തലക്കലുള്ള ബഞ്ചിന്റെ അരികിലായി തന്റെ ഒരു ജോഡി വസ്ത്രവും, കമ്പിളിയും അടങ്ങിയ, ചാക്കുകെട്ടും തലയില്‍ വച്ച്, മറ്റൊരു ചാക്കു വിരിച്ച്, രണ്ട് അരിചാക്കുകള്‍ കൂട്ടി തുന്നി ചേര്‍ത്ത മറ്റൊരു ചാക്കിനാല്‍ പുതച്ച്, സെല്‍വി കിടക്കും. ഒപ്പം, സെല്‍വിയുടെ മാറിലോ, അതോ അരികിലോ ആയി മുത്തുവും.

ഇടിവെട്ടി, ചന്നം പിന്നം മഴപെയ്തൊഴിഞ്ഞ ഒരു കര്‍ക്കിടക രാത്രിയില്‍ മുത്തുവിന് വീണ്ടും നല്ല പനി . പകലൊന്നും പൈപ്പു വെള്ളമല്ലാതെ ഒരു വക കഴിച്ചിട്ടില്ല. സെല്‍വിയുടെ കയ്യിലാണെങ്കില്‍, കട്ടന്‍ ചായ വാങ്ങി കൊടുക്കുവാന്‍ പോലും പൈസയില്ല. പനിച്ചു വിറച്ച്, ശ്വാസം എടുക്കുവാന്‍ പോലും പ്രയാസപെടുന്ന മുത്തുവിനെ നോക്കി സെല്‍വി കുറച്ച് നേരം നിന്നു. പിന്നെ എന്തോ തീരുമാനിച്ചുറച്ചതുപോലെ അവള്‍, ചാക്കെടുത്ത്, മുത്തുവിനെ പുതപ്പിച്ചു. മുട്ടുകാലിലിരുന്ന് അവന്റെ നെറ്റിയില്‍ ഉമ്മ വച്ചു. വീണ്ടും എഴുന്നേറ്റ് നിന്ന് രണ്ട് നിമിഷത്തോളം, അവന്‍ ഉറങ്ങുകയാണല്ലോ എന്നുറപ്പു വരുത്തിയതിനുശേഷം, റെയിൽവേ സ്റ്റേഷനു പുറത്തേക്ക് നടന്നു നീങ്ങി, ഉറച്ച് കാൽവയ്പ്പുകളോടെ.

ഒരു മണിക്കൂറോളം സമയത്തിനുശേഷമാണ് സെല്‍വി മടങ്ങി വന്നത്. തിരിച്ചു വന്നതും, മുട്ടുകാലിലിരുന്ന് സെല്‍വി മുത്തുവിന്റെ നെറ്റിയില്‍ ഉമ്മ വച്ചു. അവളുടെ കണ്ണില്‍ നിന്ന് രണ്ട് തുള്ളി കണ്ണുനീര്‍ അവന്റെ മുഖത്ത് വീണു. സെല്‍വി പതുക്കെ മുത്തുവിനെ തട്ടിവിളിച്ചു. മുത്തൂ, മൂത്തൂ.

പതിവില്ലാതെ, ഉറക്കത്തിന്നിടയില്‍ അമ്മ തന്നെ തട്ടി വിളിക്കുന്നതെന്തന്നറിയാതെ മുത്തു കണ്ണുകള്‍ മിഴിച്ചു നോക്കി.

ഏഴുന്തര് കണ്ണാ, ഏഴുന്തര്. അമ്മാ കോഴിക്കറിയും, പൊറാട്ടാവും കൊണ്ടു വന്തിരിക്കേന്‍. സാപ്പിട്. സാപ്പിട്ടതുക്കപ്പുറം, കാച്ചിലുക്ക് മാത്രയും ഇരിക്കേ, അതും സാപ്പിട്. അതുക്കപ്പുറം തൂങ്കലാം.

പനിച്ചുവിറച്ചു കിടക്കുകയാണെങ്കിലും, വിശന്ന വയറോടെയല്ലെ കിടക്കുന്നത്. കോഴിക്കറി എന്നത് കേട്ടതും, മുത്തു, ചാക്കിനുള്ളില്‍ നിന്നും പുറത്ത് വന്നു. അപ്പോഴും അവനെ വിറക്കുന്നുണ്ടായിരുന്നു.

അമ്മാ,  ശീഘ്രം കൊടമ്മാ.   റൊമ്പ പശിക്കരേൻ.  കോളിക്കറിയെല്ലാം പാത്തതു കൂട്രി ഞ്യാപകമല്ലയേ.

കണ്ണില്‍ നിന്നും ഇറ്റു വീണ കണ്ണീരിനേയും, കാലുകള്‍ക്കിടയില്‍ നിന്നും ഇറ്റിറ്റ് വീണുകൊണ്ടിരുന്ന രക്തതുള്ളികളേയും വകവക്കാതെ, അവള്‍ ഇലകൊണ്ട് പൊതിഞ്ഞ പൊതികെട്ട് തുറന്നു. കോഴിക്കറി, പൊറോട്ട.

പനിച്ച് വിറച്ചിരിക്കുന്ന മുത്തുവിന്റെ വായിലേക്ക് അവള്‍ സ്നേഹപൂര്‍വ്വം, പൊറോട്ട ചെറിയ കഷണങ്ങളായി പൊട്ടിച്ച്,  കറിയില്‍ മുക്കി, എല്ലില്ലാത്ത കഷണങ്ങള്‍ കൂട്ടി ഊട്ടി. അവന്റെ വയറു നിറയുവോളം, ഇനി വേണാ അമ്മാ എന്നു പറയുവോളം, സെല്‍വി അവനെ ഊട്ടി, ശേഷം ബാക്കി വന്നത്, അവളും ഭക്ഷിച്ചു. മാസങ്ങള്‍ക്ക് ശേഷം, വയര്‍ നിറയെ അവളും, മകനും, ഭക്ഷണം കഴിച്ചതന്നായിരുന്നെന്നവള്‍ ഒരു വേള ഓര്‍മ്മിച്ചു.

കുപ്പിയിലുണ്ടായിരുന്ന വെള്ളത്തില്‍ തുണി നനച്ച് സെല്‍വി മുത്തുവിന്റെ മുഖം തുടപ്പിച്ചു, ബ്ലൌസ്സിന്നിടയില്‍ നിന്നും, പനിക്ക് വേണ്ടി വാങ്ങിയ ഗുളിക എടുത്ത് മുത്തുവിനു നല്‍കി, വെള്ളക്കുപ്പിയും.   മുത്തു മരുന്ന് കഴിച്ച് വീണ്ടും ചാക്കിന്നടിയിലേക്ക് നൂണ്ടു.  കൈ കഴുകി, കാലി കുപ്പി സിമന്റ് ബഞ്ചിന്റെ അടിയിലേക്ക് തള്ളി വെച്ച് അവളും മുത്തുവിനോട് ചേര്‍ന്ന് കിടന്നു. ചാക്കെടുത്ത് പുതച്ചു.

തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ മുത്തുവിന് വിശന്ന് കിടക്കേണ്ടി വന്നിട്ടില്ല, മാത്രമല്ല,  കഴിക്കുവാനായി മുത്തു  എന്താവശ്യപ്പെട്ടാലും, സെൽവി അവനു വാങ്ങി നൽകുവാനും തുടങ്ങ. പക്ഷെ, രാത്രികാലങ്ങളില്‍ പലപ്പോഴും അവന് തനിച്ചുറങ്ങേണ്ടി വന്നുവെങ്കിലും, കാലക്രമേണ അതൊരു ശീലമായി.

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു.   സെല്‍വി, നെടുപുഴ പാടത്തിനക്കരെ , അഞ്ച് സെന്റ് സ്ഥലവും, അതിലൊരു ഓലമേഞ്ഞ കൊച്ചു കൂരയും സ്വന്തമാക്കി, താമസം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആ കൊച്ച് വീട്ടിലേക്ക് മാറ്റി. തമിഴ് സംസാരിക്കുന്നത് സെല്‍വി നിറുത്തി. ഇപ്പോള്‍ അമ്മയും, മകനും, മലയാളത്തില്‍ തന്നേയാണ് സംസാരം. മുത്തുവിനെ അവള്‍ അടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു. പകല്‍ സമയം മുഴുവന്‍ സെല്‍വി വീട്ടിലുണ്ടാകും. സന്ധ്യക്ക് വാസനാ തൈലവും, വാസന സോപ്പും തേച്ച്, കുളിച്ച് വന്ന്, നല്ല സാരി ഉടുത്ത്, മുത്തുവിനിഷ്ടമുള്ള ഉണക്ക മീന്‍ പൊരിച്ചതോ, വല്ലപ്പോഴും, പച്ച മീന്‍ വറുത്തതോ കൂട്ടി മുത്തുവിനെ സെല്‍വി ഊട്ടും. പിന്നെ അവനെ കിടത്തി ഉറക്കി അവള്‍ പുറത്ത് പോകും. മടങ്ങി വരുമ്പോള്‍ പാതിരാത്രിയാകാനും മതി, ചില്ലപ്പോളെല്ലാം  പുലർച്ചയും.

റെയില്‍വേ പ്ലാറ്റ് ഫോമില്‍ രാത്രി കാലങ്ങളില്‍ തനിച്ചു കിടന്നുറങ്ങുന്നത് ശീലമായിരുന്നെങ്കിലും, ചുറ്റുവശത്തും മുനിഞ്ഞു കത്തുന്ന വൈദ്യുതിവിളക്കുകള്‍ നിറയെ ഉണ്ടായിരുന്നു.  മാത്രമല്ല, ഇടക്കിടെ പാഞ്ഞു പോകുന്ന തീവണ്ടിയുടെ ശബ്ദവും, മുത്തുവിനു ഇഷ്ടമായിരുന്നു. തീവണ്ടിയുടെ ആയിരക്കണക്കിന് ചക്രങ്ങള്‍ പാളത്തിലുരഞ്ഞ് കടാ, കടക്ക് എന്നുള്ള ശബ്ദം അവന്‍ പലപ്പോഴും സെല്‍വിയുടെ മുന്‍പില്‍ അവതരിപ്പിക്കാറുമുണ്ടായിരുന്നു.  താമസം പാടത്തിന്റെ കരയിലുള്ള ഈ വീട്ടിലേക്ക് മാറിയതിനു ശേഷം, രാത്രിയില്‍ തനിച്ച് കിടക്കുന്നത്, ആദ്യമൊന്നും മുത്തുവിന് ഇഷ്ടമായിരുന്നില്ല, ക്രമേണ അവനതൊരു ശീലമായി. ഉറക്കത്തില്‍ ഉണര്‍ന്നാലും, മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍, പുറത്ത്, അമ്മയുടെ കാലടി ശബ്ദം കേള്‍ക്കുണ്ടോ എന്ന് കാതോര്‍ത്ത് മുത്തു കിടക്കും, ആ കിടപ്പിന്നിടയിൽ എപ്പോഴോ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.

കാലചക്രങ്ങള്‍ തിരിഞ്ഞുകൊണ്ടേയിരുന്നു. ഇടവപാതികള്‍ പലതും, വന്നും പോയും ഇരുന്നു. വിഷു, ഓണം, എന്നീ തുടങ്ങി ആഘോഷങ്ങളും.

സ്കൂളില്‍ ഒന്നാം തരത്തിലും, രണ്ടാം തരത്തിലും, പഠനത്തില്‍, മുത്തു നല്ല ശുക്ഷ്കാന്തി കാണിച്ചിരുന്നു. പിന്നെ തിരിച്ചറിവ് അല്പം വന്നതോടുകൂടി , ഒപ്പം പഠിക്കുന്ന കുട്ടികള്‍ തന്നെ അവനെ ഒറ്റപെടുത്തുവാന്‍ തുടങ്ങി. ആദ്യമൊന്നും അവന് എന്തിനായിരുന്നെന്ന് മനസ്സിലായിരുന്നില്ല. ക്രമേണ, പഠിപ്പിക്കുന്ന അധ്യാപിക, അധ്യാപകന്മാരും അവനെ കുറ്റപെടുത്തുവാന്‍ തുടങ്ങി. പഠിക്കാത്തതിനായിരുന്നില്ല ആ കുറ്റപെടുത്തലുകള്‍, മറിച്ച്, അമ്മയുടെ വഴിവിട്ടുള്ള നടപ്പിനെ കേന്ദ്രീകരിച്ചായിരുന്നു കുറ്റപെടുത്തലുകളെല്ലാം. സ്കൂളില്‍ പോകുന്നതു തന്നെ മുത്തുവിന് വെറുപ്പായി തുടങ്ങി. എങ്കിലും, അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ സ്കൂളില്‍ പോയി.  തോറ്റ്, തോറ്റ്. പന്ത്രണ്ട് വയസ്സായപ്പോഴേക്കും മുത്തു നാലാം ക്ലാസ്സില്‍ എത്തി, പിന്നേയും തോറ്റപ്പോള്‍ പഠനവും നിറുത്തി.

പന്ത്രണ്ടാം വയസ്സില്‍ തന്നെ മുത്തു അധ്വാനിച്ച് സമ്പാദിക്കുവാന്‍ തുടങ്ങി.  മീന്‍ പിടുത്തമായിരുന്നു അവന്റെ പ്രധാന പണി.  രാവിലെ, വീട്ടില്‍ നിന്നും, ചൂണ്ടക്കണയും, ചിരട്ടയുമായി ഇറങ്ങും. പോകുന്ന വഴിക്ക് പാടവക്കില്‍ നിന്നും ഞാഞ്ഞൂള്‍പുറ്റുകള്‍ കുത്തിയിളക്കി, ഞാഞ്ഞൂളുകളെ അവന്‍ ചിരട്ടയില്‍ പിടിച്ചിടും, പിന്നെ ചേമ്പിന്റെ ഇല പൊട്ടിച്ച് ചിരട്ട മൂടും. പോകുന്ന വഴിയിലുള്ള തൈതെങ്ങില്‍ നിന്നും ഈര്‍ക്കില്‍ പറിച്ച്, കോര്‍മ്പ കോർക്കും.  പിന്നെ നെടുപുഴ പാടത്തേക്കോ, കണ്ടാരങ്കുളത്തിലേക്കോ നടക്കും.

രാവിലെ മുതല്‍ ഇരുന്നാല്‍, ഉച്ചയാകുമ്പോഴേക്കും, വരാലും, കരിപ്പിടിയും, മുഷുവും, മലിഞ്ഞീനും അടക്കം, ഒന്നോ രണ്ടോ കോര്‍മ്പ മീന്‍ അവന്റെ കയ്യിലുണ്ടായിരിക്കും. തിരിച്ച് മെയിന്‍ റോഡ് വഴി ഇറങ്ങും. മെയിന്‍ റോഡില്‍, തണല്‍ വീഴ്ത്തി നില്‍ക്കുന്ന പാലക്കു കീഴിലുള്ള കലുങ്കേല്‍, കയ്യിലുള്ള മീന്‍ കോര്‍മ്പ ഉയര്‍ത്തി കാട്ടി അവന്‍ ഇരിക്കും. വഴിയെ പോകുന്ന ബസ്സ് യാത്രക്കാര്‍, അവിടേ സ്റ്റോപ്പില്ലാത്തതിനാല്‍ വായില്‍ വെള്ളം ഇറക്കി ഇരിക്കുമ്പോള്‍, കാശുള്ള കാറു യാത്രക്കാരോ, ലോറിക്കാരോ, വണ്ടി നിറുത്തി അവനെ വിളിക്കും. രണ്ടോ, മൂന്നോ രുപക്ക് അവന്‍ കോര്‍മ്പയിലുള്ള മുഴുവന്‍ മീനും, വില്‍ക്കും. പിന്നെ ആ കാശുമായി വീട്ടിലേക്ക് പോകും.

ഉച്ചക്കൂണ് വീട്ടില്‍ തന്നെ. ഊണു കഴിഞ്ഞാല്‍ വിശാലമായ ഒരുറക്കം. നാലുമണിയോട് കൂടി ദേഹം മുഴുവന്‍ എണ്ണയും തേച്ച്, തോര്‍ത്ത് മുണ്ടുമെടുത്ത് അമ്പലക്കുളത്തിലേക്ക് പോകും. പന്ത്രണ്ടാം വയസ്സില്‍ തന്നെ മുത്തുവിന്റെ ശരീരം ഒരൊത്ത പുരുഷന്റെ ശരീരത്തോളമുണ്ടായിരുന്നു. പൊതുവെ കറുത്ത മുത്തു, എണ്ണയും തേച്ച് നടന്നു പോകുന്നത് കണ്ടാല്‍ വല്ല മല്ലയുദ്ധത്തിനു പോകുകയാണെന്ന മല്ലനുമാണെന്നേ ആദ്യമായി കാണുന്നവര്‍ക്ക് തോന്നൂ.

രണ്ട് മണിക്കൂറിലധികം വിശാലമായ അമ്പലക്കുളത്തില്‍ മുത്തു നീന്തി തുടിക്കും, കുളത്തിന്നരികിലുള്ള ഉയരമുള്ള ഐനിമരത്തിന്റെ തുഞ്ചത്ത് പൊത്തിപിടിച്ച് കയറി വെള്ളത്തിലേക്ക് ചാടും, മുങ്ങാം കുഴിയിടും, ചിലപ്പോള്‍, വെള്ളത്തിന്നടിയിലൂടെ പോയി, അരക്കൊപ്പം വെള്ളത്തില്‍ കുളിക്കുന്ന മറ്റു കുട്ടികളുടെടേയോ, എന്തിന് മുതിര്‍ന്നവരുടേയോ തന്നെ കാലില്‍ പിടിച്ച് വലിക്കും. ഏകദേശം പത്ത് മിനിറ്റോളം സമയം ശ്വാസം പിടിച്ച് വെള്ളത്തിന്നടിയില്‍ കിടക്കാനുള്ള കഴിവ് മുത്തുവിന്റെ മാത്രം പ്രത്യേകതയായിരുന്നു. അത്യാവശ്യം പെണ്ണൂങ്ങളുടെ കുളി കടവിലേക്കും മുങ്ങാം കുഴി ഇടുന്ന സ്വഭാവം മുത്തുവിനുണ്ടായിരുന്നു! പ്രായത്തില്‍ കവിഞ്ഞ ശരീര വളര്‍ച്ചയല്ലെ.

കാലങ്ങള്‍ പിന്നേയും കൊഴിഞ്ഞ് വീണു. മുത്തുവിന് പതിനെട്ട് വയസ്സ് കഴിഞ്ഞു. ചുറ്റുവട്ടത്തുള്ള പറമ്പ് കിളക്കാനും, വേലികെട്ടാനും, റോഡ് പണിക്കും, കിണറ് കുഴിക്കുവാനും, മരം വെട്ടുവാനും എല്ലാം മുത്തു പോകും.  വര്‍ഷക്കാലമായാല്‍ തവള പിടുത്തവും ഉണ്ട്. അത്യാവശ്യത്തിന് കാശു കിട്ടുന്നതുകാരണം, നല്ല പ്രായത്തില്‍ തന്നെ മുത്തു കള്ളുകുടിയും, ബീഡി വലിയും തുടങ്ങി.

വൈകുന്നേരം കുടിച്ച് വീട്ടില്‍ വന്നാല്‍ മിക്കവാറും ദിവസം മുത്തു സെല്‍വിയുമായി വഴക്കിടും. സെല്‍വി രാത്രിയില്‍ പുറത്ത് പോകുന്നത് മുത്തുവിനിഷ്ടമില്ല, അതു തന്നെ കാരണം. അപ്പോഴെല്ലാം സെല്‍വി പറയും. എന്താടാ ഈ ജോലിക്കൊരു കുറവ്? എനിക്ക് ദേ പ്രായം മുപ്പത്തിയേഴ് ആയതേയുള്ളൂ. കയറികിടക്കാനൊരു കൂരയും വാങ്ങി, ഇന്നോളം അന്നത്തിനൊരു ബുദ്ധിമുട്ടും വന്നിട്ടില്ല. അതൊക്കെ ഞാന്‍ ഈ പണിചെയ്തിട്ടുണ്ടാക്കിയ കാശ് തന്നെയല്ലെ? അല്ലാതെ നിന്നെ ഞാന്‍ ഇത്രയും വളര്‍ത്തിയത് വേറെ ആര് സഹായിച്ചിട്ടാ?

മുത്തുവിന് ഉത്തരം മുട്ടും. അവന്‍ വീണ്ടും ഇറങ്ങി ഷാപ്പിലേക്ക് പോകും.

ഹെഡ് കോണ്‍സറ്റബിള്‍ കുട്ടന്‍ നായരുമായുള്ള അമ്മയുടെ ബന്ധം നാട്ടില്‍ പാട്ടാണ്. പഴയതുപോലെ നാട്ടുകാര്‍ക്ക് മൊത്തമായും കൊടുക്കുന്ന ബിസിനസ്സ് സെല്‍വി നിറുത്തി. ഇപ്പോള്‍ കുട്ടന്‍ നായരുടെ കീപ്പായാണ് പൊറുതി. അയാളുടെ ഭാര്യയും കുടുംബവും അങ്ങ് വടക്കെവിടേയോ ആണ്.  സന്ധ്യക്ക് അമ്മ അണിഞ്ഞൊരുങ്ങി പോകുന്നത്, അയാളുടെ വീട്ടിലേക്കാണ്. വര്‍ഷങ്ങള്‍ കുറച്ചായി ഇത് തുടങ്ങിയിട്ട്. പണ്ടാര തള്ള ഇതൊന്ന് നിറുത്തികിട്ടിയിരുന്നെങ്കില്‍ എന്ന് മുത്ത് വെറുതെയെങ്കിലും ആശിച്ചു.

കാര്യമാത്ര യാതൊന്നും സംഭവിക്കാതെ മാസങ്ങള്‍ പിന്നേയും കടന്നു പോയി. മഴക്കാലം വീണ്ടും വന്നു. മരം വെട്ടും, റോഡ് പണിയും, വേലികെട്ടും, പറമ്പ് കിളക്കലും ഒന്നും ഇല്ലാത്ത കാലം. മുത്തുവിന്റെ ഏക വരുമാനം തവള പിടുത്തം മാത്രം. എങ്കിലും മുട്ടില്ലാതെ കാര്യങ്ങള്‍ കഴിഞ്ഞ് പോകാന്‍ അതു തന്നെ അധികം.

മുത്തു രാവിലെ എഴുന്നേറ്റു. കട്ടന്‍ ചായ സ്വയം അനത്തി, ഉമ്മറതിണ്ണയില്‍ വന്ന് ഒരു ബീഡിയും വലിച്ചിരുന്നു. തലേന്ന് രാത്രി കോരിച്ചൊരിഞ്ഞ മഴയില്‍ , പറമ്പിലുള്ള ഒരേ ഒരു മാവിന്റെ പഴുത്തതും പച്ചയുമായ ഇലകളെല്ലാം കൊഴിഞ്ഞ് മുറ്റം നിറഞ്ഞ് കിടക്കുന്നു. തള്ള ഇനിയും വന്നിട്ടില്ല.

വെറുതെ വെട്ടുവഴിയിലേക്ക് കണ്ണും നട്ട്, കാപ്പിയും കുടിച്ച്, ബീഡിപുക ഊതിവിട്ട് മുത്തു ഇരുന്നു. ആരോ, ഒന്നു രണ്ട് പേര്‍ ഇടവഴിയിലൂടെ ഓടി വരുന്നുണ്ടല്ലോ. വാസുവും, ശശിയുമാണല്ലോ. തന്റെ വീട്ടിലേക്ക് തന്നെയാണ് അവരുടെ വരവെന്നവനുറപ്പായി. ഇതെന്തിനാണാവോ അതിരാവിലെ തന്നെ ഇവര്‍ ഇങ്ങനെ പാഞ്ഞു വരുന്നതെന്നാലോചിച്ച് , ഗ്ലാസിലെ കാപ്പി ഒറ്റവലിക്കകത്താക്കി, ബീഡികുറ്റി മുറ്റത്തേക്കിട്ട്, മുത്തു എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി.

വാസുവും, ശശിയും, ഓടികിതച്ച് മുത്തുവിന്റെ അടുത്തെത്തി. ആ തണുപ്പത്തും, അവരെ വിയര്‍ക്കുന്നുണ്ടായിരുന്നു.

എന്താടാ, അതിരാവിലെ തന്നെ ഓടികിതച്ച്? എന്താ പ്രശ്നം? നിങ്ങള് വല്ലോരേം, തട്ട്യോ, അതോ വല്ലോരും ചത്തോ?

മുത്തു, നീ വേഗം ഞങ്ങളുടെ കൂടെ വാ.

കാര്യം പറയ് നിങ്ങള്. എന്താ പ്രശ്നം. എന്നിട്ടാകാം, വരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍.

മുത്തു, സെല്‍വിയക്ക.

ഉം, അമ്മക്കെന്തു പറ്റി? മുത്തുവിന്റെ ശ്വസനത്തിന്റെ വേഗത കൂടി.

സെല്‍വിയക്ക പാടത്ത്, തീവണ്ടി പാളത്തില്‍ തല വച്ചു.

എന്റമ്മേ, എന്ന് വിളിച്ച്, നെഞ്ചുംകൂട് പൊളിയുന്ന പോലെ മുത്തു ഇരുകൈകളും കൊണ്ട് നെഞ്ചത്തടിച്ചൂ. പിന്നെ പ്രാന്തനെപോലെ, വെട്ടുവഴിയിലൂടെ ഇറങ്ങി പാടത്തേക്കോടി.

പാടത്തിലൂടെ പോകുന്ന തീവണ്ടി പാളത്തിനു ചുറ്റും ജനങ്ങള്‍ കൂടി നില്‍ക്കുന്നു. ആര്‍ത്തലച്ച്, അലമുറയിട്ട് വരുന്ന മുത്തുവിനെ കണ്ടപ്പോള്‍ ആളുകള്‍ വഴിയൊതുങ്ങി നിന്നു.

പാളത്തിനപ്പുറത്തായി വേര്‍പ്പെട്ട് കിടക്കുന്ന തല, പാളത്തിനുള്ളിലും, പുറത്തുമായി കിടക്കുന്ന ചതഞ്ഞ ശരീരം. മുത്തു കരച്ചില്‍ നിറുത്തി. കണ്ണിമ വെട്ടാതെ അമ്മയുടെ ശവശരീരം നോക്കി നിന്നു.

പാളത്തില്‍ നിന്നും ചതഞ്ഞ ശവശരീരം അവന്‍ പാളത്തിനു പുറത്തേക്ക് വലിച്ചു നീക്കിയിട്ടു. ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ കയ്യാല്‍ വാരിക്കൂട്ടി ഉടലില്‍ ചേര്‍ത്തുവച്ചു. പാളത്തിനപ്പുറത്ത് വേര്‍പെട്ട് കിടന്നിരുന്ന തല അവന്‍ രണ്ട് കൈകളാലും ചേര്‍ത്തെടുത്ത് സ്വന്തം നെഞ്ചോട് ചേര്‍ത്തു പിടിച്ചതിനു ശേഷം, ശവശരീരത്തിന്റെ ഉടലിനോട് ചേര്‍ത്ത് വെച്ചു. തലയും, ഉടലും ചേരുന്ന ഭാഗത്ത്, തലയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് അഴിച്ചെടുത്ത് നിവര്‍ത്തി പുതപ്പിച്ചു.

സെല്‍വിയുടെ അടഞ്ഞ കണ്ണുകളിലേക്ക് നോക്കി നിസ്സംഗതയോടെ മുത്തു ഇരുന്നു. ചുറ്റുപാടും കൂടി നില്‍ക്കുന്നവര്‍ പറയുന്നതും, ചെയ്യുന്നതുമൊന്നും മുത്തു അറിയുന്നുണ്ടായിരുന്നില്ല.


തുടരും...