Tuesday, November 28, 2006

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 5

കയറിയ അതേ സ്ഥലത്തു തന്നെ ടാക്സി എന്നെ തിരിച്ചെത്തിച്ചു. മീറ്ററില്‍ കാണിച്ച തുക പോക്കറ്റില്‍ നിന്നുമെടുത്തു കൊടുത്തപ്പോള്‍, കൈ ചെറുതായെങ്കിലും ഒന്നു വിറച്ചു. ചുരുങ്ങിയത് ഒരു മൂന്നാലു ദിവസത്തേക്കുള്ള ഭക്ഷണത്തിന്റെ പൈസയാണ് ഒരുപകാരവുമില്ലാത്ത യാത്രക്കായി കൊടുക്കേണ്ടി വന്നിരിക്കുന്നത് എന്നതു തന്നെ കാരണം.

നേരം ഇരുട്ടാന്‍ ഇനിയും സമയമുണ്ട്. സ്വിറ്റ് സര്‍ലന്റിലേക്ക് കടക്കാന്‍ കഴിയാതിരുന്നത്, മനസ്സിനെ മരവിപ്പിച്ചിരിക്കുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റ് ഇപ്പോഴിതാ ശരീരത്തിനേയും മരവിപ്പിക്കുന്നു. ബാഗ് തോളില്‍ തൂക്കി ഞാന്‍ നടന്നു, പഴയ ആ ബാറിലേക്കു തന്നെ.

പഴയ അമ്മൂമ്മമാരും, അപ്പൂപ്പന്മാരും അതാതു സ്ഥലങ്ങളില്‍ ഇരിക്കുന്നുണ്ട്, പുതുതായി ചിലര്‍ വന്നിട്ടുണ്ടുമുണ്ട്. കൌണ്ടറില്‍ പോയി ഒരു ബിയര്‍ വാങ്ങി, ഒരറ്റത്തുള്ള ബഞ്ചില്‍ പോയി ഇരുന്നു. എന്റെ എതിര്‍വശത്തായി മൂന്നു ചെറുപ്പക്കാര്‍ ഇരിക്കുന്നു. ചെറുപ്പക്കാര്‍ എന്നു പറയുന്നതിലും നല്ലത് ചെക്കന്മാര്‍ എന്നു പറയുന്നതാണ്, കാരണം മൂന്നു പേരും ഇരുപതില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.

ഇനിയെന്തു ചെയ്യണം എന്നാലോചിച്ചുകൊണ്ട്, ഞാന്‍ ബിയര്‍ അല്പാല്പമായി നുണഞ്ഞു. ഒരു വിത്സെടുത്ത് കത്തിച്ചു, പുകയൂതി വിട്ടുകൊണ്ട് നോക്കിയപ്പോള്‍ എന്നെ നോക്കി ചിരിക്കുന്ന മൂവര്‍ സംഘത്തേയാണു ശ്രദ്ധയില്‍ പെട്ടത്. ഞാനും ചിരിച്ചു. എന്റെ ചിരിക്കായ് കാത്തുനിന്നതുപോലെയായിരിന്നു അവരുടെ പിന്നീടുള്ള നീക്കങ്ങള്‍. അവനവന്റെ ഗ്ലാസുകള്‍ എടുത്ത് അവര്‍ എനിക്കഭിമുഖമായി വന്നിരുന്നു. പിന്നെ എനിക്ക് കൈ തന്ന് പേരുകള്‍ പറഞ്ഞു, പിയര്‍, അഡ്രിന്‍, മാര്‍ട്ടിന്‍. അവരില്‍ പിയര്‍ തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ ഫ്രെഞ്ചും, അച്ഛന്‍ ന്യൂസിലാന്റുകാരന്‍
കാപ്പിരിയുമാണ്. മറ്റു രണ്ടു പേരുടേയും, അമ്മമാര്‍ കാപ്പിരിയും, അച്ഛന്മാര്‍ ഫ്രെഞ്ചും. .

സംസാരിക്കുന്നതിന്റെ ഇടക്ക് എന്നോട് ഒരു സിഗററ്റ് ചോദിച്ച് വാങ്ങി മൂന്നു പേരും കൂടി വലിച്ചു. നിവൃത്തിയില്ലാതെ ദില്ലിയില്‍ പാതിരാത്രി, കടകള്‍ പൂട്ടിയ നേരത്ത് ഗൂര്‍ക്കയുടെ കയ്യില്‍ നിന്നും ഒരു ബീഡി വാങ്ങി ഞങ്ങള്‍ മുന്നാലു പേര്‍ ചേര്‍ന്ന് പലപ്പോഴും വലിച്ചിട്ടുണ്ടെന്നൊഴികെ,ഒരു സിഗററ്റ് വാങ്ങി മൂന്നു പേര്‍ വലിക്കുന്നത് ആദ്യമായാണ് ഞാന്‍ കാണുന്നത്. അതും ഫ്രാന്‍സില്‍.

പിന്നെ അവരില്‍ ഒരുവന്‍ എഴുന്നേറ്റു പോയി ഒരു ഗ്ലാസ് ബിയര്‍ വാങ്ങി വന്ന് അവര്‍ മൂന്നുപേരുടെ ഗ്ലാസിലും തുല്യമായൊഴിച്ച് കഴിച്ചു. ഒരു ബിയര്‍ വാങ്ങി മൂന്നു പേരടിക്കുന്നതും ആദ്യമായി കാണാന്‍ യോഗമുണ്ടായി. ദൈവമേ ഇനി ഇവര്‍ വലിക്കുന്നതും, കുടിക്കുന്നതിന്റേയും രീതി ഇങ്ങനേയാണോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല.

എന്റെ ഗ്ലാസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഗ്ലാസ് കൂടെ വാങ്ങാന്‍ പോയി, പിന്നെ തോന്നി, കയ്യിലുള്ള പൈസകൊണ്ട് എന്തായാലും ഭാവി കരുപ്പിടിക്കാന്‍ കഴിയില്ല, എങ്കില്‍ പിന്നെ ഈ പിള്ളേര്‍ക്കെന്തുകൊണ്ട് രണ്ടു ബിയര്‍ വാങ്ങി കൊടുത്തുകൂട? അവരില്‍ എന്നോട് കൂടുതല്‍ സംസാരിച്ചിരുന്ന പിയര്‍ എന്ന പയ്യനെ ഞാന്‍ അടുത്തോട്ട് വിളിച്ചു ചോദിച്ചു, ബിയര്‍ അടിക്കുന്നോ എന്ന്. അവന്റെ മുഖം മൊത്തമായൊന്നു തെളിഞ്ഞു, പിന്നെ പറഞ്ഞു, നിങ്ങള്‍ ബില്ല് കൊടുക്കുമെങ്കില്‍ തീര്‍ച്ചയായും കഴിക്കാം എന്ന്.

ഫ്രാന്‍സിലായിരുന്നിട്ടും, കയ്യില്‍ കാര്യമായി കാശില്ലാതിരുന്നിട്ടും, അല്പം അഹങ്കാരം എനിക്കു തോന്നിയതിന്റെ പരിണിതഫലമായി എനിക്കടക്കം നാലു ബിയര്‍ ഞാന്‍ വാങ്ങി. അമ്പതിന്റെ ഒരു ഫ്രാങ്ക് കൊടുത്തു എന്നു മാത്രമല്ല, ബാക്കിയുള്ള രണ്ട് ഫ്രാങ്ക് ടിപ്പായും കൊടുത്തു.

നാലുപേരും ഒരുമിച്ചിരുന്നു ബിയറടിക്കുന്നതിന്റെ ഇടയില്‍ പിയറിന്നോട് ഞാന്‍ ഫ്രാന്‍സിനേകുറിച്ചും, സ്വിറ്റ്സര്‍ലന്റിനേകുറിച്ചും പല പല കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇത്രയും അടുത്തിടപഴകിയിട്ടും, മേശമേല്‍ വച്ചിരുന്ന സിഗററ്റു പായ്ക്കറ്റില്‍ നിന്ന് ഓരോ പ്രാവശ്യം സിഗററ്റെടുക്കുമ്പോഴും അവര്‍ എന്നോട് അനുമതി ചോദിച്ചിരുന്നു.

സംസാരിച്ചിരിക്കുന്നതിന്റെ ഇടയില്‍ പിയറിനോട് ഫ്രാന്‍സിലെ ബാസലിലേക്കുള്ള എന്റെ ആഗമനോദ്ദേശം അറിയിച്ചു. എനിക്ക് സ്വിറ്റ്സര്‍ലന്റിലേക്ക് പോകണം, പക്ഷെ കയ്യില്‍ വിസയില്ല.

ആദ്യമായി എന്നോട് ചോദിക്കാതെ തന്നെ പിയര്‍ ഒരു സിഗററ്റെടുത്ത് കത്തിച്ചു, പിന്നെ ഉള്ളിലേക്ക് പുക ആഞ്ഞാഞ്ഞു വലിക്കുകയും, പുറത്തേക്കു തള്ളുകയും ചെയ്തു. അതിന്നുശേഷം, വളരെ മൃദുവായ സ്വരത്തില്‍ ഫ്രെഞ്ചില്‍ മറ്റു രണ്ടു പേരോടുമായ് എന്തൊക്കേയോ സംസാരിച്ചു. അവരും എന്തൊക്കേയോ പിയറിന്നോട് പറയുന്നുണ്ടായിരുന്നു.

ദൈവമേ, വിശ്വസിച്ചു പറഞ്ഞതു വിനയായോ, ഇവര്‍ എന്നെ ചതിക്കുമോ? ഉള്ളില്‍ ചെറിയ ഭയം തോന്നാന്‍ തുടങ്ങി. എന്റെ ഭയം അസ്ഥാനത്താണെന്നു തെളിയിച്ചുകൊണ്ട് പിയര്‍ എന്നോട് പറഞ്ഞു. പോലീസ് ചെക്ക് പോസ്റ്റിലൂടെയല്ലാതെ, ബോര്‍ഡര്‍ ക്രോസ് ചെയ്യുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, ട്രെയിനിലായാലും ചെക്കിങ്ങ് എപ്പോഴുമുണ്ട്. എങ്കിലും, നമുക്ക് ശ്രമിച്ചു നോക്കാം.

പ്രതീക്ഷയുടെ ഒരു ചെറിയ നാളം എന്റെ ഉള്ളില്‍ തെളിഞ്ഞു. വരൂ നമുക്ക് പോകാം, പിയര്‍ എന്നോട് പറഞ്ഞു.

ബിയറടി മതിയാക്കി ഞങ്ങള്‍ എഴുന്നേറ്റു പുറത്തേക്ക് നടന്നു. സൂര്യന്‍ അസ്തമിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. വീശുന്ന കാറ്റിന്നു കുളിരും കൂടിയിരിക്കുന്നു.


കുന്നിന്‍ ചെരുവിലൂടേയും, മരങ്ങള്‍ക്കിടയിലൂടേയും, ടാര്‍ ചെയ്ത റോട്ടിലൂടേയും, രണ്ടു മൂന്ന് കിലോമീറ്ററോളം ദൂരം നടന്നിരിക്കണം. ഒരു ചെറിയ വീടിന്റെ ഉള്ളിലേക്ക് ആഡ്രിന്‍ കയറിപോയി. പിന്നെ തിരിച്ചു വന്നത് വീടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ താക്കോലുമായാണ്.

അഡ്രിന്‍ ഡ്രൈവിങ്ങ് സീറ്റിലും, മാര്‍ട്ടിന്‍ മുന്‍ സീറ്റിലും കയറി. പിയറും ഞാനും പിന്‍ സീറ്റിലും. കാര്‍ മുന്നോട്ട് നീങ്ങി. സൌന്ദര്യമേറിയ, വൃത്തിയേറിയ മലനിരകള്‍ക്കിടയിലൂടെ വണ്ടി കുറേ നേരം ഓടിയതിന്നുശേഷം അഡ്രിന്‍ വണ്ടി നിറുത്തി. ഇരുള്‍ ചെറുതായി പരന്നു തുടങ്ങിയിരിക്കുന്നു.

പിയര്‍ എന്നോട് ഇറങ്ങാന്‍ ആവശ്യപെട്ടു, ബാഗുമെടുത്ത് ഞാന്‍ ഇറങ്ങിയതിന്നു പിന്‍പെ പിയറും ഇറങ്ങി. പിന്നെ അങ്ങു ദൂരെ, വെളിച്ചം കത്തുന്ന രണ്ടു ചെറിയ കെട്ടിടങ്ങള്‍ കാണിച്ചു തന്നിട്ട് എന്നോട് പറഞ്ഞു, ദാ ആ കാണുന്ന ആദ്യത്തെ ചെക്ക് പോസ്റ്റാണ് ഫ്രാന്‍സ് ചെക്ക് പോസ്റ്റ്. അതിന്നപ്പുറം ഒരു മുന്നൂറു മീറ്റര്‍ കഴിഞ്ഞു കാണുന്നത് സ്വിറ്റ്സ് ചെക്ക് പോസ്റ്റും.

ഉവ്വ്, എനിക്കറിയാം, കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പെ ഞാന്‍ ഇവിടെ ടാക്സിയില്‍ വന്നിറങ്ങയതാണ്. ഫ്രെഞ്ച് ചെക്ക് പോസ്റ്റില്‍ പാസ്പോര്‍ട്ട് ചെക്ക് ചെയ്ത്, സ്വിസ് വിസ ഇല്ല എന്നു പറഞ്ഞു അവര്‍ എന്നെ തിരികെ അയച്ചതുമാണ്.

മനസ്സിലായി, ബോര്‍ഡറില്‍ നിന്നും കുറുമാനെ തിരിച്ചു വിട്ടു എന്നു പറഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്കു കാര്യം മനസ്സിലായി, ഇതായിരിക്കും ചെക്ക് പോസറ്റെന്ന്. ഇതല്ലാതെ, ബേസലില്‍ വേറെ ഒരു ചെക്ക് പോസ്റ്റ് ഇല്ല. തിരക്കു കൂട്ടാതെ ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ.

പിയര്‍ പറയൂ.

ഇവിടെ നിന്നും ദാ ആ കാണുന്ന മരങ്ങള്‍ നിറഞ്ഞ പറമ്പിലൂടെ ഒരു അര മൈല്‍ നേരെ നടക്കുക. കൈ നേരെ ചൂണ്ടികൊണ്ട് പിയര്‍ പറയാന്‍ തുടങ്ങി. ഏകദേശം അര മൈല്‍ നടന്നാല്‍, ഇടത്തോട്ട് തിരിഞ്ഞു ഒരു അര മൈല്‍ വീണ്ടും നടക്കുക, അപ്പോള്‍ ഒരു കമ്പി വേലി കെട്ടിയിരിക്കുന്നതു കാണാം. അതാണ് ഫ്രാന്‍സ്, സ്വിസ്സ് ബോര്‍ഡര്‍. കമ്പി വേലി എന്നു പറഞ്ഞാല്‍ ഇലക്ട്രിക് ഷോക്കൊന്നുമില്ല, വെറുതെ ഒരു വേലി കെട്ടിയിരിക്കുന്നെന്നു മാത്രം. അതിന്നപ്പുറവും, ഇപ്പുറവും ഒരു മൈലോളം യാതൊരു ജനവാസവുമില്ല. പക്ഷെ കമ്പി വേലിയില്‍ പിടിച്ചു കയറി അപ്പുറത്തോട്ട് കടന്നു കഴിഞ്ഞാല്‍ വീണ്ടും നേരെ നടക്കുക, ഒരു അര മൈലോളം, അപ്പോള്‍ ദാ ഈ കാണുന്ന റോഡിലെത്തും. അവിടെയെത്തിയാല്‍ ഞങ്ങളെ കാത്തു നില്‍ക്കുക. മണിക്കൂര്‍ എത്ര കഴിഞ്ഞാലും, ഞങ്ങള്‍ വരും.

പക്ഷെ ഞങ്ങള്‍ ഒരു രണ്ടു മണിക്കൂറെങ്കിലും , കുറുമാനെ കാത്ത് ഇവിടെ തന്നെ നില്‍ക്കും, കാരണം, ഇന്‍ എനി കേസ് തനിക്കു കടക്കാന്‍ സാധിക്കാതെ വന്നാലോ, അതോ പോലീസ് പിടിയിലായാലോ അവര്‍ താങ്കളെ തിരിച്ചയക്കും, അങ്ങനെയാണെങ്കില്‍ ഒരു മണിക്കൂറിന്നകം താന്‍ ഇതു വഴി തന്നെ വരേണ്ടി വരും. രണ്ടു മണിക്കൂറായിട്ടും തന്നെ കണ്ടില്ല എങ്കില്‍, ഞങ്ങള്‍ ബോര്‍ഡര്‍ ക്രോസ് ചെയ്ത് കാര്‍ പതുക്കെ ഓടിച്ച് ആ വഴിയെ വരാം, അപ്പോള്‍ താങ്കള്‍ അവിടെയുണ്ടെങ്കില്‍ നമുക്ക് ബാക്കി കാര്യം പിന്നെ തീരുമാനിക്കാം.

ആള്‍ ദ ബെസ്റ്റ് എന്നു പറഞ്ഞു പിയര്‍ എനിക്കു ഷേക് ഹാന്റു തന്നു, പിന്നെ, പോലീസ് പിടിയിലായാല്‍ യാതൊരു കാരണവശാലും ഞങ്ങളുടെ പേര്‍ പറയുകയോ, ഞങ്ങള്‍ വണ്ടിയില്‍ വിട്ടുവെന്നോ, മറ്റോ പറയരുത് എന്ന് പിയര്‍ പറഞ്ഞു.
വണ്ടിയിലിരിക്കുന്നവര്‍ രണ്ടുപേരും, തങ്ങളുടേ ചൂണ്ടു വിരലും, നടുവിരലും ഉയര്‍ത്തി വി എന്ന അടയാളം കാട്ടി.


ബാഗില്‍ നിന്നും ഒരു വിത്സില്‍ന്റെ പാക്കറ്റ് എടുത്ത് ഞാന്‍ പിയറിന്നു നല്‍കി, പിന്നെ ബാഗ് ചുമലിലേറ്റി, മരങ്ങള്‍ നിറഞ്ഞ ആ പറമ്പിലേക്ക് നടന്നു. കരിയിലകളില്‍ മെല്ലെ ചവിട്ടികൊണ്ട് അതികം ശബ്ദം കേള്‍പ്പിക്കാതെ ഞാന്‍ മുന്‍പോട്ട് നടന്നു. നിറയെ മരങ്ങള്‍ നിറഞ്ഞ ആ സ്ഥലത്ത്, ഒരു നടപാത ഇല്ലാതിരുന്നതിനാല്‍, ഇടക്കിടെ അങ്ങോട്ടും, ഇങ്ങോട്ടും എന്റെ ദിശ മാറ്റേണ്ടി വന്നു. ഏകദേശം ഇരുപതു മിനിറ്റിലതികം നടന്നപ്പോള്‍, നടക്കുന്നതിന്റെ ദിശ ഞാന്‍ മാറ്റി ഇടത്തോട്ടാക്കി. പിന്നേയും നടന്നു കരിയിലകള്‍ക്കു മുകളില്‍ പതുക്കെ ചവിട്ടി കൊണ്ട്. ഒരു പത്തു മിനിറ്റോളം നടന്നു കാണണം, ബൌ, ബൌ ബൌ. ഒരു നായയുടെ കുര കേട്ടു, അതിനെ തുടര്‍ന്ന് നായയുടെ കുര, നായ്ക്കളുടെ കുരയായി മാറി. മാത്രമല്ല ആ കുരകള്‍ അടുത്തടുത്ത് വരുകയും ചെയ്യുന്നു. അവയുടെ കുരക്ക് താളമായി, ഒരാണിന്റേയും, പെണ്ണിന്റേയും ശബ്ദവും അടുത്തടുത്ത് വരുന്നത് ഞാന്‍ ഒരു ഞെട്ടലോടെ അറിഞ്ഞു.

എന്തു ചെയ്യണം എന്നാലോചിക്കാന്‍ സമയം കിട്ടുന്നതിന്നു മുന്‍പു തന്നെ, രണ്ട് കൂറ്റന്‍ നായ്ക്കള്‍ എന്നെ വലയം ചെയ്തു എന്നു മാത്രമല്ല, അതിലൊരു നായ‍, എന്റെ പാന്റില്‍ കടിച്ചു പിടിക്കുകയും ചെയ്തു. തൊട്ടരികെ, ടോര്‍ച്ചുകള്‍ മിന്നി തെളിഞ്ഞു. ഞാനറിയാതെ തന്നെ എന്റെ പാന്റ് നനഞ്ഞു.

വാറ്റ് യു ഡൂയിങ്ങ് ഹിയര്‍?

ടോര്‍ച്ചെന്റെ കണ്ണിലേക്കടിച്ചുകൊണ്ട് ഒരു പോലീസുകാരന്‍ ചോദിച്ചു.

വഴി തെറ്റി വന്നതാണ്. സന്ധ്യക്ക് ഈ വനഭംഗി ആസ്വദിക്കാന്‍ കയറിയതാ. ഇരുട്ടിയപ്പോള്‍ വഴി അറിയാതെ അലയുകയായിരുന്നു.

പാന്റില്‍ കടിച്ചു പിടിച്ചു തിണ്ണ മിടുക്കു കാട്ടിയിരുന്ന ശ്വാനനോട് അയാള്‍ എന്തോ പറഞ്ഞു. എന്റെ പാന്റിന്റെ പിടുത്തം വിട്ട് അവന്‍ നല്ലരാമനായി നിന്നു.

വെയറാര്‍ യു ഫ്രം? ഒപ്പം വന്ന മദാമ്മ പോലീസ് ചോദിച്ചു.

ഇന്ത്യ. ഒറ്റ വാക്കില്‍ ഉത്തരം ഞാന്‍ നല്‍കി.

കം വിത് അസ്, എന്റെ കയ്യില്‍ പിടിച്ച് വലിച്ചു കൊണ്ട് പോലീസുകാരന്‍ ടോര്‍ച്ചും തെളിച്ച് നടന്നു, ഒപ്പം, ഞാനും, മദാമ്മ പോലീസും. എസ്കോര്‍ട്ടെന്നപോലെ, ഒരു നായ മുന്‍പിലും, മറ്റവന്‍ പിന്‍പിലും.

തൂക്കു കയര്‍ കിട്ടാന്‍ പോകുന്ന കാര്യമൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ, അതിനാല്‍, സധൈര്യം ഞാനും അവര്‍ക്കൊപ്പം നടന്നു.

പത്തു മിനിറ്റില്‍ താഴെ ഞങ്ങളുടെ ജാഥ പോലീസ് ചെക്ക് പോസ്റ്റില്‍ എത്തിചേര്‍ന്നു. പുറത്തെ ബോര്‍ഡ് ഞാന്‍ വായിച്ചു. സ്വിസ്സെ ഡാ ലെ പോലിസ്.

അതുശരി, രാവിലെ പിടിച്ചു പുറത്താക്കിയത് ഫ്രെഞ്ച് പോലീസാണെങ്കില്‍ ഇപ്പോള്‍ പിടിച്ചിരിക്കുന്നത് സ്വിസ്സ് പോലീസ്സാണ്. കൊള്ളാം എന്തായാലും ഇമ്പ്രൂവ്മെന്റുണ്ട്. ഞാന്‍ മനസ്സില്‍ കരുതി.

ആ ചെറിയ ചെക്ക് പോസ്റ്റിന്നകത്തെ ഒരു മുറിയിലേക്കവര്‍ കടത്തി. ഒപ്പം രണ്ടു പട്ടികളും വന്നു.

പാസ്പോര്‍ട്ട് പ്ലീസ്. ഞാന്‍ പാസ്പോര്‍ട്ടെടുത്തു നല്‍കി.

പേജുകള്‍ ഓരോന്നും ഓടിച്ചുമറിച്ചതിന്നു ശേഷം, ഷെങ്ഗന്‍ വിസ പതിച്ചിരിക്കുന്ന പേജില്‍ കുറച്ചതികം നേരം നോക്കി പറഞ്ഞു. നിനക്ക് ഷെങ്ങഗന്‍ വിസ, അതും മള്‍ട്ടിപ്പിള്‍ എന്ട്രി ഉണ്ടല്ലോ, പിന്നെ ഇവിടെ സ്വിസ്സില്‍ എന്തിന്നു വന്നു, ഏതിന്നു വന്നു, ഈ കാട്ടിലൂടെ ക്രോസ് ചെയ്തതെന്തിന്ന്, തുടങ്ങിയ ചോദ്യ ശരവര്‍ഷങ്ങളുടെ ഘോഷയാത്ര തന്നേയായിരുന്നു ഒരു ഇരുപതു മിനിറ്റ്.

എന്റെ ഉത്തരങ്ങള്‍ എല്ലാം കേട്ട ശേഷം, അവിടെയിരുന്നവരില്‍ ഓഫീസര്‍ എന്നു തോന്നിയവന്‍ പറഞ്ഞു.

നോ, യു ആര്‍ ഏന്‍ ഏജന്റ് ഹു സെല്‍ ഡ്രഗ്സ്!

എന്റെ നല്ല ജീവന്റെ പാതിയും ആ വാക്കിലപ്പോ തന്നെ പോയി. കള്ള്, ചാരായം, വിസ്കി, ബ്രാന്‍ഡി, റം, തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്, കഞ്ചാവ്, ചരസ്സ്, ഭാംങ്ങ് തുടങ്ങിയവ രണ്ടോ, മൂന്നോ തവണ ജീവിതത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നല്ലാതെ, ഒരിക്കലും, മറ്റൊരു ലഹരി പദാര്‍ത്ഥകുറിച്ച് ഞാന്‍ ചിന്തിക്കുകയോ, കാണുകയോ, ചെയ്തിട്ടില്ല, എന്നിട്ടിപ്പോള്‍ എന്നെ ഒരു മയക്കു മരുന്നു മാഫിയയുടെ കണ്ണിയാക്കാന്‍ അവര്‍ ഒരുങ്ങുന്നു. ഞാനാകെ നടുങ്ങി, ആ എല്ല് കോച്ചുന്ന തണുപ്പിലും, എന്റെ ശരീരം വിയര്‍ത്തു.

നോ സര്‍, ഐയാം നോട് എ ഡ്രഗ് ട്രാഫിക്കിങ്ങ് ഏജന്റ്. ബൈ മിസ്റ്റേക്ക് ഐ ക്രോസ് ദി ബോര്‍ഡര്‍.

ഓ കെ, ഓപ്പണ്‍ യുവര്‍ ബാഗ്. ഒരു മദാമ്മ കല്‍പ്പിച്ചു.

എന്റെ ബാഗ് നിലത്തു വച്ചു ഞാന്‍ അതിന്റെ മൂന്നു സിപ്പുകളും അഴിച്ചു. പിന്നെ ചോദ്യഭാവത്തോടെ അവരുടെ മുഖത്തേക്കു നോക്കി. രണ്ടു നായ്ക്കളും കിതച്ചുകൊണ്ട് എന്റെ ചുറ്റും തന്നെ നില്‍ക്കുന്നുടായിരുന്നു.

ബാഗിലുണ്ടായിരുന്നതെല്ലാം ഞാന്‍ വെളിയില്‍ വാരി ഇട്ടു. ബെഡ് ഷീറ്റ്, ബ്ലാങ്കറ്റ്, ഷര്‍ട്ടുകള്‍, സ്വെറ്ററുകള്‍, അടിവസ്ത്രങ്ങള്‍, ജീന്‍സുകള്‍, എല്ലാം, തുടര്‍ന്ന്, വിസ്കിയുടെ രണ്ട് കുപ്പികള്‍ പുറത്തെടുത്ത് വച്ചു.

സായിപ്പാപ്പീസറുടെ കണ്ണില്‍ ഒരു ചോദ്യ ചിഹ്നം ഞാന്‍ കണ്ടു.

വാറ്റ് ഈസ് ദിസ്.

വിസ്കി സര്‍.

അയാള്‍ കുപ്പി തുറന്നു, മണത്തു, ഒരു തുണി കഷ്ണം എടുത്ത് പൊട്ടിച്ച കുപ്പി ചെരിച്ച് അതിലേക്ക് പകര്‍ന്നു, പിന്നെ ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തീ പകര്‍ന്നു. തുണി കത്താന്‍ തുടങ്ങിയതും, അയാള്‍ ആ തുണി കഷ്ണം, നിലത്തിട്ടു ചവുട്ടി കെടുത്തി.

ആന്‍സി ചേച്ചി, ചേച്ചി ജാന്‍സി ചേച്ചിക്കായി തന്നയച്ച കശുവണ്ടി പരിപ്പിന്റെ പാക്കറ്റുകള്‍ രണ്ടും ഞാന്‍ പുറത്തെടുത്തു.

തൊണ്ടിയോടുകൂടി പ്രതിയെ പിടിച്ചവരുടെ മുഖഭാവം, അവിടെയുണ്ടായിരുന്ന എല്ലാ പോലീസുകാര്‍ക്കും.

ഓപ്പന്‍ ഇറ്റ്.

ഒരു കവര്‍ ഞാന്‍ കടിച്ചു വലിച്ചു തുറന്നു. കശുവണ്ടി പരിപ്പുകള്‍ താഴെ വീണു ചിതറി.

അതു കഴിക്കാന്‍ വന്ന നായ്ക്കളോട് ആ കാക്കിയിട്ട നായ്ക്കള്‍ എന്തോ പറഞ്ഞു. അതു കേള്‍ക്കേണ്ട പാതി, കേള്‍ക്കാത്ത പാതി, നായ്ക്കള്‍ പിന്നോട്ട് മാറി, കാഷ്യൂ നട്ട് താഴെ വീണതു കണ്ടിട്ടില്ലാത്തതുപോലെ നാക്കും നീട്ടി കിതപ്പു തുടര്‍ന്നു.

ഈറ്റ് ഇറ്റ്. മൂന്നാലു കശുവണ്ടി പരിപ്പുകള്‍ ഞാന്‍ കഴിച്ചു. അതിലും മയക്കുമരുന്നൊന്നുമില്ല എന്നവര്‍ക്കുറപ്പായതിനാലാവണം, എല്ലാം തിരിച്ചു ബാഗിലിടാന്‍ അവര്‍ പറഞ്ഞത്.

എല്ലാം ബാഗില്‍ വലിച്ചു വാരി കുത്തി നിറച്ചു. ഇനിയെന്തെന്ന ചോദ്യഭാവത്തോടെ നിന്നു.

ഉം. റിമൂവ് യുവര്‍ ക്ലോത്സ് .

ജാക്കറ്റഴിച്ചു, ജീന്‍സഴിച്ചു, ഷര്‍ട്ടഴിച്ചു. ഗോദായില്‍ നില്‍ക്കുന്ന മല്ലനെ പോലെ, വെറും അണ്ടര്‍വെയര്‍ മാത്രം ധരിച്ചു ഞാന്‍ നമ്ര മുഖിയായി നിന്നു. കാരണം, രണ്ട് ആണ്‍ പോലീസ് മാത്രമായിരുന്നെങ്കില്‍ പ്രശന്മമില്ല, ഇതിപ്പോ രണ്ട് മദാമ്മ പോലീസുകാരും കൂടെ ഉണ്ടല്ലോ.

അതും കൂടെ അഴിക്ക്. ഒരു മദാമ്മ എന്റെ മുഖത്തേക്കു നോക്കി പറഞ്ഞപ്പോള്‍, നാണം സഹിക്കാതെ ഞാന്‍ മിണ്ടാതെ നിന്നു.

ഹറി അപ്. അയ്യോ ദൈവമേ, വേറേതൊരു അവസരമായിരുന്നെങ്കിലും ഒരു മദാമ്മ ആവശ്യപെട്ടാല്‍, അതും ഈ ഇരുപത്തി നാലു വയസ്സില്‍, ഈ ഹറി അപ്പിനു പകരം!!!

ചെക്കപ്പില്‍ സംതൃപ്തി വന്നതിനാലോ, എന്തോ, എന്നോട് പൊയ്ക്കൊള്ളാനും, ഇനിയിതുവഴിയെ വിസയില്ലാതെ വരരുത് എന്ന ഒരു മുന്നറിയിപ്പു നല്‍കിയും അവര്‍ എന്നെ തിരിച്ചയച്ചു.

തിരിച്ചു നടന്ന്, ഫ്രെഞ്ച് ബോര്‍ഡര്‍ പോലീസ് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍, പഴയ ഇടിവെട്ട് മദാമ്മ, പാസ്പ്പോര്‍ട്ട് വാങ്ങി ഒന്നു മറിച്ചു നോക്കി,തിരികെ എനിക്കു നല്‍കി. പിന്നെ പറഞ്ഞു, യു ഹാവ് മള്‍ട്ടിപ്പിള്‍ എന്ട്രി വിസ, ബറ്റ്, യു ഹാവ് നോട് എക്സിറ്റ് ഫ്രാന്‍സ് യെറ്റ്, സോ നോ നീഡ് റ്റു സ്റ്റാമ്പ്.

ഒന്നും മിണ്ടാതെ, ഞാന്‍ നടന്നു, മുന്നിലേക്ക്. പുറകിലേക്ക് നടക്കാന്‍ എനിക്കന്ന് അറിയില്ലായിരുന്നു. ഇന്നും!

പത്ത് മിനിറ്റു നടന്നപ്പോഴേക്കും, വഴിയരുകില്‍ റോട്ടിലിരുന്നു സിഗററ്റു വലിക്കുന്ന പിയറിനേയും, അഡ്രിയനേയും, ഞാന്‍ കണ്ടു.

എന്നെ കണ്ടതും, എന്തായി എന്നു ചോദിച്ചവര്‍ അടുത്തു വന്നു.

ആ ഐഡിയ ഫ്ലോപ്പായി, ഞാന്‍ അവര്‍ക്ക് നടന്ന സംഭവം വിശദീകരിച്ചു കൊടുത്തു.

കുറുമാനു സ്വിസ്സില്‍ വിസയില്ലാതെ പോകണമെങ്കില്‍ ഇനി രണ്ടേ രണ്ടു വഴിയേ ഉള്ളൂ. അതും, പിടിക്കപെടാം, ഇല്ലാതിരിക്കാം, ഭാഗ്യം അനുസരിച്ച്.

എന്താണത് പിയര്‍?

ആദ്യ അവസരം : വണ്ടിയുടെ ഡിക്കിയില്‍ ഇരിക്കുക, എണ്‍പതു ശതമാനം വണ്ടിയും അവര്‍ ചെക്കു ചെയ്യുകയില്ല, അപ്പോള്‍ ഒരു പക്ഷെ രക്ഷപെട്ടു എന്നു വരാം.

അവരുടെ വണ്ടിയുടെ പഴക്കവും, ഒരു മണിക്കൂര്‍ നേരം ചെക്ക് പോസ്റ്റില്‍ പിടിച്ചു വച്ചിരുന്നതിന്നിടയില്‍ മനസിലാക്കിയത്‍, ചെക്ക് ചെയ്യുന്ന വണ്ടികളതികം കറുത്തവരുടേയും, സങ്കരവര്‍ഗ്ഗത്തിന്റേയും ആണെന്നു കണ്ടറിഞ്ഞ സ്ഥിതിക്ക് എനിക്ക്, ആ ഐഡിയ വേണ്ട എന്നു പറയേണ്ടി വന്നു.

രണ്ടാമത്തെ അവസരം : റൈന്‍ നദിയുടെ ഒരു കൈത്തോട് ഇവിടെ നിന്നും കുറച്ചു മാറി ഒഴുകുന്നുണ്ട്. അതിന്റെ ഒരു കര ഫ്രാന്‍സിലും, മറുകര സ്വിറ്റ്സര്‍ലന്റിലുമാണ്. അതു നീന്തികടക്കാന്‍ നിങ്ങള്‍ക്കായാല്‍!


ചെറുപ്പം മുതല്‍ നീന്തലില്‍ എക്സ്പര്‍ട്ടായ ഞാന്‍ പറഞ്ഞു,
പിയര്‍, ഞാന്‍ തയ്യാറാണ്.

കുറുമാന്‍, സമയം ഇരുട്ടി കഴിഞ്ഞിരിക്കുന്നു. മഞ്ഞു പെയ്യുന്നില്ലെങ്കിലും, നദി മഞ്ഞുപോലെ ഉറഞ്ഞിരിക്കുന്ന സമയമാണ്. ആലോചിച്ചു മാത്രം ചെയ്യുക.

പിയര്‍, എന്റെ ലക്ഷ്യം, സ്വിറ്റ്സര്‍ലാന്റില്‍ എത്തുക എന്നതാണ്, അതിനായി ഞാന്‍ എന്തും ചെയ്യും, ചെയ്തിരിക്കും. ദയവു ചെയ്തു എന്നെ സഹായിക്കൂ.

അവരുടെ പിന്നാലെ കാറില്‍ ഞാന്‍ കയറി. മുക്കാല്‍ മണിക്കൂറോളം കാറില്‍ സഞ്ചരിച്ചതിന്നു ശേഷം, കാര്‍ ഒരു മോട്ടലിന്റെ മുന്‍പില്‍ നിറുത്തി. പിന്നെ എല്ലാവരും ഇറങ്ങി. കുറുമാന്‍, ഞങ്ങള്‍ക്ക് ഒരു കോഫി വാങ്ങി തരാമോ?

എന്തുകൊണ്ടില്ല? നാലു കോഫി പിയര്‍ ഓര്‍ഡര്‍ ചെയ്തു.

മിനിറ്റുകള്‍ക്കകം കോഫി ഞങ്ങളുടെ മേശപുറത്തെത്തി. കടും കാപ്പി. വായില്‍ വച്ചതും ഒരു കാര്യം ഉറപ്പായി. എനിക്കിത് കഴിക്കാന്‍ പറ്റില്ല. മധുരമില്ല, പാലില്ല, ഒന്നുമില്ല. അത് ഫ്രെഞ്ച്-സ്വിസ്സ് സ്പെഷലാണെന്നെനിക്കെങ്ങിനെ അറിയാന്‍?

അവര്‍ കാപ്പി കുടിച്ചു തീര്‍ന്നു. ബില്‍ വന്നു, ഞാന്‍ ബില്ല് കൊടുത്ത് എഴുന്നേറ്റപ്പോള്‍, എന്തേ കുറുമാനെ കാപ്പി കുടിച്ചില്ല.

ഏയ്, ഒന്നുമില്ല, നല്ല തണുപ്പല്ലെ, കാപ്പിക്കു പകരം കള്ളു ഞാന്‍ കുടിക്കാം പിന്നെ എന്ന് പറഞ്ഞൊഴിഞ്ഞു.

സമയം നന്നേ ഇരുട്ടിയിരിക്കുന്നു. കാറില്‍ കയറി പിന്നേയും ഇരുപതുമിനിട്ടു നേരത്തെ യാത്രക്കവസാനം കാര്‍ നിറുത്തി എല്ലാവരും ഇറങ്ങി, ഞാനടക്കം

കുറുമാന്‍, ഇത് റൈന്‍ നദിയുടെ ഒരു കൈത്തോടാണ്, ഇക്കരെ ഫ്രാന്‍സും, അക്കര സ്വിസ്സും. ഈ നദിയില്‍ ആറു കിലോ മീറ്റര്‍ ദൂരത്തോളം ചങ്ങാടം, വഞ്ചി, തുടങ്ങിയതൊന്നും ഉപയോഗിക്കാന്‍ പാടില്ല, ആരും ഉപയോഗിക്കുകയുമില്ല.

ഒരു കരയില്‍ നിന്നൊരുകരയിലേക്കുള്ള ദൂരം ഇരുന്നൂറുമീറ്ററില്‍ താഴെ മാത്രം.

നീന്താന്‍ പരിചയമുണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് ഇതൊന്നു നീന്തി കരകയറാന്‍ നോക്കൂ. പക്ഷെ വെള്ളം തണുത്തുറഞ്ഞതാണ്. താങ്കളുടെ ബാഗ് വണ്ടിയില്‍ തന്നെ ഇരിക്കട്ടെ. ഞങ്ങള്‍ ഇക്കരെ തന്നെ കാത്തു നില്‍ക്കാം. താങ്കള്‍ അക്കരെ എത്തി എന്നു കണ്ടാല്‍ ഞങ്ങള്‍ വണ്ടിയുമായി ഒരു മണിക്കൂറിനകം അക്കരെ വരാം. താങ്കള്‍ അക്കര കയറിയിട്ടേ ഞങ്ങള്‍ ഇവിടെ നിന്നു നീങ്ങൂ. ഒന്നുമില്ലെങ്കിലും നമ്മള്‍ സുഹൃത്തുക്കളായിപോയില്ലെ?

ഒരു ദിവസത്തിന്റെ, അല്ലെങ്കില്‍ മണിക്കൂറുകളുടെ പരിചയത്തിന്മേല്‍ എന്നോട് ഇത്രയും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന് അവരോട് ഞാന്‍ എന്തു പറയാന്‍?

ബാഗില്‍ നിന്നും ഒരു ഷോര്‍ട്ടെടുത്തണിഞ്ഞു, ഒരു ബനിയനും.

ഒഴുകുന്ന വെള്ളത്തില്‍ കൈ തൊട്ടൊന്നു നോക്കി.

വെറുങ്ങലിക്കുന്ന തണുപ്പ്.

വരുന്നതെന്തും നേരിട്ടേ തീരൂ. സകലമാന ദൈവങ്ങളേയും മനസ്സില്‍ കരുതി ഞാന്‍ വെള്ളത്തിലേക്ക് ചാടി.

ബ്ലൂം!

Wednesday, November 22, 2006

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 4

ഫ്ലാന്‍സിന്റെ മണ്ണില്‍ കാല്‍കുത്തി, അവിടുത്തെ ഗന്ധം ആസ്വദിച്ചു ഇനിയെന്തു ചെയ്യണം എന്നാലോചിച്ചങ്ങനെ നില്‍ക്കുമ്പോള്‍, ഒരു തണുത്തു വിറങ്ങലിച്ച കാറ്റ്‌ വീശി. അയ്യോ, എന്തൊരു കുളിര്‌. അടിച്ച ബിയറുകളെല്ലാം, മദാമ്മ തിരിച്ചു വാങ്ങികൊണ്ടുപോയ ഒരു പ്രതീതി. ഫിറ്റൊക്കെ ഇറങ്ങി ഞാന്‍ ഫ്രഷ്‌ ആയി. തലച്ചോര്‍ മാനം മര്യാദക്ക്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പോഴാണോര്‍മ്മ വന്നത്‌ കയ്യിലിരിക്കുന്നത്‌ അമേരിക്കന്‍ ഡോളര്‍ ആണെന്നും, ഇവിടെ ഉപയോഗിക്കേണ്ടത്‌ ഫ്രെഞ്ച്‌ ഫ്രാങ്ക്‌ ആണെന്നും. ദൈവമേ, ഡോളര്‍ മാറ്റാന്‍ ഞാന്‍ എന്തു ചെയ്യും?

എയര്‍പോര്‍ട്ടില്‍ വാതിലിന്റെ ഹാന്‍ഡില്‍ തപ്പി നടന്നപ്പോള്‍ മണി എക്സ്ചേഞ്ച്‌ ബോര്‍ഡ്‌ എവിടേയോ കണ്ടിരുന്ന പോലെ ഒരു തോന്നല്‍?

രണ്ടും കല്‍പ്പിച്ച്‌, തിരിച്ചു നടന്നു എയര്‍പോര്‍ട്ടിന്റെ ഉള്ളിലേക്കു തന്നെ. ഉള്ളിലേക്കു കയറിയപ്പോള്‍ അവിടെ ഒരു മൂലയില്‍ മണി എക്സ്ചേഞ്ച്‌ ബോര്‍ഡ്‌ ഞാന്നു കിടക്കുന്നു. അവിടെയൊന്നും ഒരാളേ പോലും കണ്ടെത്താനായില്ല പകരം അതിന്റെ കീഴെ രണ്ടു ഫ്രിഡ്ജ്‌ പോലെ എന്തോ ഇരിക്കുന്നു. ഫ്രിഡ്ജല്ല കാരണം അതിനു പിടിയില്ല, പകരം, പല തരം നോട്ടുകളുടെ പടവും, ഡോളര്‍, ഫ്രാങ്ക്‌, മാര്‍ക്‌, എന്നെല്ലാം എഴുതിയിരിക്കുന്നുമുണ്ട്‌. ഒരു കാര്യം മനസ്സിലായി. ഈ മെഷീന്‍ തന്നെ നമ്മുടെ കറന്‍സി എക്സ്ചേഞ്ച്‌ ചെയ്യുന്നവന്‍.

കയ്യില്‍ ആകെ ഇരിപ്പുള്ളത്‌, 520 ഡോളര്‍. അതു വച്ച്‌ എനിക്ക്‌ റിസ്കെടുക്കാന്‍ താത്പര്യം തോന്നാതിരുന്നതിനാല്‍, ഹെല്‍പ്‌ ബട്ടന്‍ വേണോ, അതോ, അറിയാവുന്നവരുടെ സഹായം വേണോ എന്നൊന്ന് ചിന്തിച്ചതിനു ശേഷം, അറിയാവുന്ന ആരുടേയെങ്കിലും സഹായം തേടാം എന്നു കരുതി ഇടം വലം നോക്കി. ഓ, ദാ ആ ഇടത്തേ മുക്കില്‍ മൂന്നാല്‌ സായിപ്പന്മാര്‍ ഇരിക്കുന്നുണ്ട്‌ അവരോട്‌ ചോദിക്കാം എന്നു കരുതി നടക്കും വഴി ഒരു മദാമ്മ മുന്നില്‍ വന്നു പെട്ടു.

എക്സ്ക്യുസ്മി. ഐ വാണ്ട്‌ ടു ചേഞ്ച്‌ ഡോളര്‍ ടു ഫ്രെഞ്ച്‌ ഫ്രാങ്ക്‌. ക്യാന്‍ യു ഹെല്‍പ്‌ മി?

വൈ നോട്‌ എന്നും പറഞ്ഞു കൊണ്ട്‌ ആ കണ്മണി, എന്റെ കൂടെ ഫ്രിഡ്ജിന്റെ അരികിലേക്കു വന്നു. എത്ര ഡോള്ളര്‍ മാറ്റണം? 200 മതിയെന്നു പറഞ്ഞുകൊണ്ട്‌ ഞാന്‍ അവര്‍ക്ക്‌ 100ന്റെ രണ്ടു പച്ച നോട്ട്‌ കൈമാറി. ദൈവമേ, ആ മദാമ്മയെങ്ങാന്‍ ആ നൂറും കൊണ്ടോടുമോ എന്നെന്റെ ഉള്ളിലുണ്ടായ ഭീതിയെ തോല്‍പ്പിച്ചുകൊണ്ട്‌ അവര്‍ 200 ഡോളര്‍ ഫ്രിഡ്ജിലിട്ട്‌ ഫ്രീസ്‌ ചെയ്ത്‌ എനിക്ക്‌ എത്രയോ ഫ്രെഞ്ച്‌ ഫ്രാങ്ക്‌ തന്നു. (സത്യം, അന്നെത്ര കിട്ടി എന്നാലോചിച്ചിട്ട്‌ ഒരു പിടിയും കിട്ടുന്നില്ല). അവര്‍ക്കൊരു നന്ദി പറഞ്ഞു കൊണ്ട് വീണ്ടും എയര്‍പോര്‍ട്ടിന്റെ പുറത്തേക്ക്‌ തുറക്കുന്ന വാതിലിന്റെ അവിടേക്ക്‌ ചെന്നു (തിരിച്ചു എയര്‍പോര്‍ട്ടില്‍ കയറിയപ്പോള്‍ തന്നെ ഗ്ലാസ്സിന്റെ മുകളില്‍ പിടിപ്പിച്ചിരിക്കുന്ന ക്യാമറയുടെ അടയാളം ഞാന്‍ ഓര്‍ത്തു വച്ചു. ഞാനാരാ മോന്‍?). വാതില്‍പാളികള്‍ നിശബ്ദമായി തുറന്നു. ഞാന്‍ വീണ്ടും ഫ്രാന്‍സിന്റെ മണ്ണിലേക്കിറങ്ങി.

ഇനി എന്തു ചെയ്യണം? എങ്ങോട്ട്‌ പോകണം? മണി നാലര കഴിഞ്ഞിരിക്കുന്നു. തണുത്ത കാറ്റ്‌ വീശികൊണ്ടേ ഇരിക്കുന്നു. ബാഗ്‌ തുറന്ന് ജാക്കറ്റ്‌ എടുത്ത്‌ ധരിച്ചു. തണുപ്പിനൊരു ശാന്തി.

കഴിഞ്ഞ കൊല്ലം ദില്ലിയില്‍ വച്ചു പരിചയപെട്ട, പൈലറ്റായ, എന്റെ വീട്ടില്‍ രണ്ടു മൂന്നു തവണ വന്ന, അനവധി ബാറില്‍ ഒരുമിച്ചു പോയ ഒരു വിക്ടറുടെ നമ്പര്‍ കയ്യിലുണ്ട്‌. ജീവിതത്തില്‍ എപ്പോഴെങ്കിലും ഫ്രാന്‍സില്‍ വന്നാല്‍ എന്റെ വീട്ടിലേക്കു വരിക എന്നു പറഞ്ഞു തന്ന വിലാസവും ഡയറിയിലുണ്ട്‌. എനിക്ക്‌ ഫ്രാന്‍സില്‍ വരാന്‍ വേണ്ടി അദ്ദേഹവും വിസക്കു ട്രൈ ചെയ്ത്‌ റിജക്റ്റ്‌ ചെയ്തതാണ്‌. ബാഗു തുറന്ന് ഡയറി പുറത്തെടുത്തു. വിക്ടറിന്റെ വിലാസം തപ്പി. വിട്രി എന്ന സ്ഥലത്താണ്‌. പോകാം, ഈഫിള്‍ ടവര്‍ കാണലെല്ലാം അദ്ദേഹത്തിന്റെ കൂടെയാകാം. എന്തിനു പരിചയമില്ലത്ത സ്ഥലത്ത്‌ സായം സന്ധ്യക്കു, വിളക്കു വക്കാറാവുന്ന നേരത്ത്‌ തന്നെ കറങ്ങണം?

ഡയറിയും തുറന്ന് പിടിച്ച്‌ മുന്നോട്ട്‌ നടന്നു. മുന്നില്‍ കണ്ട മൂന്ന് നാലു സായിപ്പു-മദാമ്മമാരോടു ചോദിച്ചപ്പോഴും എന്റെ ഇംഗ്ലീഷ്‌ അവര്‍ക്ക്‌ മനസ്സിലാവാതേയും, അവരുടേ ഫ്രെഞ്ച്‌ എനിക്കു മനസ്സിലാവാതേയും സമയം വേസ്റ്റായി.

സമയം അഞ്ചു കഴിഞ്ഞു. ദാ വരുന്നു ഒരു മദാമ്മ, അവസാന ശ്രമം. ഡയറി നീട്ടി ഞാന്‍ പറഞ്ഞു. എക്സ്ക്യ്സ്‌ മി. എന്നെ ഒന്നു സഹായിക്കൂ. എനിക്ക്‌ വിട്രിയില്‍ പോകണം.

ഓകെ. റിലാക്സ്. ദാ ഇവിടുന്നു രണ്ട്‌ മിനിട്ട്‌ മുന്നോട്ട്‌ നടന്നാല്‍, ഇടത്തോട്ട്‌ തിരിയുന്ന വഴിയുടേ വലത്തോട്ട്‌ തിരിഞ്ഞ്‌, പിന്നേം ഇടവും,വലവും തിരിഞ്ഞ്‌, എങ്ങോട്ടെങ്കിലും നടക്കാതെ മര്യാദക്കു നടന്നാല്‍ മെട്രോ സ്റ്റേഷന്‍ കാണാം. അവിടെ ചെന്നാല്‍ വിട്രിയിലേക്കു ട്രെയിന്‍ കിട്ടും.

പറഞ്ഞ പാതയിലൂടെ തണുത്ത കാറ്റുമേറ്റ്‌, ഇലകൊഴിഞ്ഞ മരങ്ങളും, മഞ്ഞ ഇലകളോടുകൂടിയ മരങ്ങളും ഉള്ള മുറുക്കി തുപ്പല്‍ ഇല്ലാത്ത, സിഗററ്റിന്റെ ഒഴി‍ഞ്ഞ കൂടില്ലാത്ത, വൃത്തിയേറിയ പാതയിലൂടെ ഞാന്‍ നടന്നു. അതാ കാണുന്നു ഒരു ബോര്‍ഡ്‌, മെട്രോ റെയിലിന്റെ തന്നെ. കോവണിപടികള്‍ ഇറങ്ങി ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.

അവിടേയും, ഫ്രിഡ്ജുകള്‍ നിരവധി. മനുഷ്യന്മാരിരിക്കുന്ന ഒരു കൗണ്ടര്‍ പോലുമില്ല ഒരു ടിക്കറ്റ്‌ എടുക്കുവാന്‍.

വീണ്ടും പരസഹായം, തപ്പി ഞാന്‍ അങ്ങോട്ടും, ഇങ്ങോട്ടും നടന്നു. പലരോടും ചോദിച്ചു, പഴയതുപോലെ ഞാന്‍ പറഞ്ഞതവര്‍ക്കും, അവര്‍ പറഞ്ഞത്‌ എനിക്കും മനസ്സിലാവാത്തതിനാല്‍ സമയം പിന്നേയും നഷ്ടം. രണ്ടാന്‍ മുട്ടുന്നവന്റെ മുഖഭാവം രണ്ടാന്‍ മുട്ടുന്നവനറിയാം എന്ന പോലെ, ഒരു ഇന്ത്യക്കാരന്‍ അതും ഒരു സര്‍ദാര്‍ എന്റെ രക്ഷക്കെത്തി!

സശ്രിയകാല്‍. കിത്തെ ജാനാ ഹെ തെനു?

സശ്രിയകാല്‍ ജീ. വിട്രി ജാനാഹേഗാ (ആവൂ എട്ട്‌ കൊല്ലത്തെ ദില്ലി വാസത്തില്‍ പഞ്ചാബി കുറച്ചെങ്കിലും പഠിച്ചത്‌ ഭാഗ്യം).

കോയി ഗള്‍ നഹീ ഹെ. പൈസ ദോ തുസി, അസി റ്റിക്കറ്റ്‌ നിക്കാല്‍ കെ ദേന്തീ തെനു.

ജീവിതത്തില്‍ ഫ്രെഞ്ച്‌ ഫ്രാങ്ക്‌ ആദ്യമായ്‌ കാണുന്ന കാരണം എത്ര കൊടുക്കണം എന്നറിയില്ലല്ലോ? ഒരു നൂറു ഫ്രാങ്കിന്റെ ചുമന്ന നോട്ട്‌ ഞാന്‍ സര്‍ദാര്‍ജിക്കു കൊടുത്തു.

സര്‍ദാര്‍ജി പൈസ ഫ്രിഡ്ജിലോട്ടിട്ടു. എന്തൊക്കേയോ ഞെക്കി. പുറത്തു വന്ന ടിക്കറ്റ്‌ എനിക്കു നല്‍കി, ഭാക്കി പൈസയും.

പ്ലേറ്റ്‌ ഫോം നമ്പര്‍ ദോ മേം ജാനാ തുസി. പഞ്ച്‌ മിനിറ്റ്‌ മേം ഗഡ്ഡി ആവേംഗേ, തുസി ഉസ്മേം ചട്‌ ജാനാ. ഫിര്‍ മിലേംഗേ, സശ്രിയകാല്‍.

സശ്രിയകാല്‍ ഞാന്‍ ആ നല്ല മനുഷ്യനു കൈ നല്‍കി. ആ മനുഷ്യന്‍ നടന്നു നീങ്ങിയതിനൊപ്പം ഞാന്‍ പ്ലാറ്റ്‌ ഫോം നമ്പര്‍ രണ്ടിലേക്കും നീങ്ങി.

തൃശൂര്‍, കല്ലേറ്റുങ്കര, ചെന്നൈ, മുംബൈ, എത്രയോ റെയില്‍ വേ സ്റ്റേഷന്‍ ഞാന്‍ കണ്ടിരിക്കുന്നു, ഇതു പോലെ ഞാനും കുറച്ചു ബഞ്ചും, പിന്നെ നാലഞ്ചു മദാമ്മ സായിപ്പന്മാര്‍ അവിടേയും ഇവിടേയും ആയി കുത്തിയിരിക്കുന്ന റെയില്‍ വേ സ്റ്റേഷന്‍ ഞാന്‍ ആദ്യമായി കാണുകയാണ്‌! ചായ്‌, ചായ്‌, ചായ്‌, കാപ്പി, കാപ്പി, കാപ്പി, വടൈ, വടൈ, അലുവ, അലുവ എന്നു പറഞ്ഞ്‌
വില്‍ക്കുന്ന ഒരാളു പോലുമില്ല. ഛായ്‌. എന്തൊരു റെയില്‍ വേ സ്റ്റേഷന്‍, എന്നാലോചിച്ചെ നില്‍ക്കെ, ആറാപ്പും, കൂവലും, എന്തിനു, ഉച്ചത്തിലുള്ള ഒരു കടാ കടക്‌, കടാ കടക്‌ എന്ന ശബ്ദം പോലും ഇല്ലാതെ ട്രെയിന്‍ പ്ലാറ്റ്‌ ഫോം നമ്പര്‍ രണ്ടില്‍ വന്നു നിന്നു.

എനിക്കു മുന്‍പേ രണ്ടു മൂന്നു സായിപ്പു മദാമ്മമാര്‍ കയറിയതിനാല്‍ അവരുടെ പിന്നാലെ കയറാന്‍ എനിക്ക്‌ തീരെ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കയറിയതും കണ്മുന്നില്‍ കണ്ട സീറ്റില്‍ തന്നെ ഞാന്‍ ഇരുന്നു.

ദൈവമേ, എന്തൂട്ടാ ട്രെയിന്‍! മൊത്തം കണ്ണാടി മയം! പൊതുവെ പുറത്തേക്ക്‌ തള്ളിയിരിക്കുന്ന കണ്ണുകള്‍ ഒന്നുകൂടെ പുറത്തേക്ക്‌ തള്ളി. ട്രെയിന്‍ കാഴ്ച കാരണം മാത്രമല്ല. ഈ തണുപ്പ്‌ കാലത്തും കൂടി ഫ്രെഞ്ച്‌ മദാമ്മമാര്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍, ഹാവൂ, അതൊരു കാഴ്ച തന്നെ. ഏഴു വര്‍ഷം ദില്ലിയില്‍ താമസിച്ചിട്ടും കാണാത്ത കാശ്ചകള്‍.

ട്രെയിനിലെ ഡിസ്പ്ലേ ബോര്‍ഡില്‍ സ്റ്റോപ്പുകള്‍ മാറി മാറി വന്നു. എല്ലാം ഫ്രെഞ്ചില്‍. മയ്യഴിയിലോ, എന്തിന്നു മാഹിയിലോ അല്ലല്ലോ ഞാന്‍ ജനിച്ചത്‌, അതിനാല്‍ എനിക്ക്‌ ഒന്നും മനസ്സിലായില്ല. ഒരു കാര്യം മനസ്സിലായി, പരസഹായമില്ലെങ്കില്‍ എന്റെ ഗതി അതോഗതി!

സ്റ്റോപ്പുകള്‍ അടിക്കടി വന്നു, ചിലര്‍ കയറുന്നു, ഇറങ്ങുന്നു. ഞാന്‍ മാത്രം “വി“ എന്ന അക്ഷരം ഡിസ്പ്ലേ ബോര്‍ഡില്‍ വരുന്നതും നോക്കി ഇരിക്കുന്നു. അവസാനം ക്ഷമ കെട്ട്‌ ആരോടെങ്കിലും ചോദിക്കാം എന്നു തന്നെ കരുതി ചുറ്റുപാടും നോക്കി. ചോ‍ദിക്കണമെങ്കില്‍ ഏതെങ്കിലും സുന്ദരി മദാമ്മയോടു തന്നെ ആകാം. ഉള്ളതില്‍ സുന്ദരി, മൈക്രോ മിനി സ്കര്‍ട്ടണിഞ്ഞ്‌ എന്നേക്കാളും നന്നായി കാലാട്ടുന്ന ഒരു മദാമ്മയോട്‌ ഞാന്‍ ചോദിച്ചു. എക്സ്യ്കുസ്മി. ഐ വുഡ്‌ ലൈക്‌ ടു ഗെറ്റ്‌ ഡൗണ്‍ ഇന്‍ വിട്രി. വുഡ്‌ യു പ്ലീസ്‌ ലെറ്റ്‌ മി ക്നോ, വെന്‍ വിറ്റ്രി സ്റ്റേഷന്‍ കം?

ഓഹ്‌ ഷോര്‍. നെക്സ്റ്റ്‌ സ്റ്റോപ്‌ യു ഗെറ്റ്‌ ഡൗണ്‍.

ദൈവമേ, നല്ല സമയത്തു തന്നെ ചോദിക്കാന്‍ തോന്നിച്ചു അല്ലെങ്കില്‍, ഞാന്‍ വിട്രി കഴിഞ്ഞുള്ള വല്ല സ്റ്റേഷനിലും ഇറങ്ങേണ്ടി വന്നേനെ. മദാമ്മക്കൊരൊന്നൊന്നര നന്ദി പറഞ്ഞുകൊണ്ട്‌ ഞാന്‍ ബാഗുമെടുത്ത്‌ തോളിലിട്ട്‌ വാതിലിന്നരികിലേക്ക്‌ നടന്നു. സ്റ്റേഷന്‍ വന്നു, വിസിലടിയും, കൂക്കു വിളിയുമില്ലാതെ ട്രെയില്‍ മന്ദം മന്ദം, സ്റ്റേഷനില്‍ നിന്നു. ഞാന്‍ ഇറങ്ങി, പിന്നാലെ ചിലരും.

എന്റെ പിന്നില്‍ ഇറങ്ങിയവര്‍ പലവഴിക്കു പോയി. ഞാന്‍ ഏതു വഴിക്കു പോകും? എന്റെ ബാഗ്‌ ഞാന്‍ നിലത്തു വച്ചു. പിന്നെ പല ദിശയിലേക്കും നല്‍കിയിരിക്കുന്ന ഉമേഷിന്റെ പസിലു പോലുള്ള ബോര്‍ഡും നോക്കി അന്തിച്ചു നിന്നു. നില്‍ക്കുന്നത്‌ ഒരു അണ്ടര്‍ ഗ്രൗണ്ട്‌ ടണലിലാണ്‌. മൂന്നു വശത്തേക്കല്ല, നാലു വശത്തേക്കു വഴികളുണ്ട്‌, അല്ലെങ്കില്‍ ഒരു കൈ
നോക്കാമായിരുന്നു!

ബാഗ്‌ ഒരു സൈഡില്‍ വച്ച്‌ ഞാന്‍ മുന്നോട്ട്‌ നടന്നു. ആരോടെങ്കിലും ചോദിക്കണമല്ലോ? രണ്ടു മൂന്നു പേര്‍ എന്നെ വിലങ്ങനേയും, കുറുകനേയും കടന്നു പോയി, അവരോടു ഞാന്‍ എക്സ്ക്യ്സ്മി പറഞ്ഞെങ്കിലും, മര്യാദ തൊട്ടു തീണ്ടിയിട്ടില്ലാത്ത അവര്‍ എനിക്കറിയാത്ത കാറി തുപ്പുന്ന പോലെയുള്ള ഏതോ ഭാഷ, ഫ്രെഞ്ചൊ മറ്റോ ആയിരിക്കണം, പറഞ്ഞ്‌ മണ്‍ മറഞ്ഞ്‌ പോയി, സോറി, നടന്നു നീങ്ങി പോയി.

ഞാന്‍ വീണ്ടും മുന്നോട്ട്‌ നടന്നു. ദാ ഒരു സായിപ്പ്‌ അതാ എതിര്‍ദിശയില്‍ നിന്നും നടന്നു വരുന്നു. അദ്ദേഹത്തോട്‌ ചോദിക്കാം.

എക്സ്ക്യുസ്‌ മി. കയ്യിലുള്ള ഡയറി ഞാന്‍ നീട്ടി പിടിച്ചു. ഐ വാണ്ട്‌ റ്റു ഗോ ടു ദിസ്‌ പ്ലേസ്‌. കേന്‍ യു പ്ലീസ്‌ ഹെല്‍പ്‌ മി.

ഓഹ്‌. വൈ നോട്‌ മൈ സണ്‍. ആള്‍ എന്നെ മൊത്തമായൊന്നു നോക്കി, പിന്നെ ചുറ്റുപാടും നോക്കി. ആരുമില്ല. ദൈവമേ, ചതിക്കുമോ?

കൈ അകലേക്ക്‌ ചൂണ്ടി അയാള്‍ ചോദിച്ചു. ഈസ്‌ ദാറ്റ്‌ ബാഗ്‌ ഈസ്‌ യുവേഴ്സ്‌?

യെസ്‌, ഇറ്റ്‌ സ്‌ മൈ ന്‍.

ഓകെ, പ്ലീസ്‌ ഡോന്റ്‌ ലീവ്‌ യുവര്‍ ബിലോങ്ങിങ്ങ്സ്‌ എനിവെയര്‍. ലോട്‌ ഒഫ്‌ തീവ്സ്‌ ഹിയര്‍. എനി റ്റൈം ദെ വില്‍ കം ആന്‍ഡ്‌ ഫെച്ച്‌ ഇറ്റ്‌.

യൂറോപ്പിലെ ആദ്യ പാഠം. കള്ളന്മാര്‍ നാട്ടില്‍ മാത്രമല്ല, ഫ്രാന്‍സിലുമുണ്ട്‌.

ഞങ്ങള്‍ ഒരുമിച്ച്‌ നടന്നു ബാഗിന്റെ അരികിലേക്ക്‌, ബാഗെടുത്ത്‌ തോളില്‍ ഇട്ടു. അദ്ദേഹം എന്റെ ഡയറി വാങ്ങി വായിച്ചു നോക്കി എന്നിട്ടു പറഞ്ഞു. ഒന്നാമത്തെ കാര്യം, ഇത്‌ വിട്രി അല്ല. രണ്ടാമത്തെ കാര്യം, വിട്രിക്ക്‌ പോകണമെങ്കില്‍ ഇനിയും അര മണിക്കുറിലധികം ട്രെയിനില്‍ ഇരിക്കണം. മൂന്നാമത്തെ കാര്യം, ഈ അഡ്രസ്‌ വിട്രി സിറ്റിയിലെ അല്ല, ആയതിനാല്‍ വിട്രി എത്തിയാലും എത്തി പെടാന്‍ വളരെ കഷ്ടപെടണം.

ആദ്യം തന്നെ വിട്രി ഇതാണെന്നു പറഞ്ഞ മദാമ്മക്ക്‌ ഞാന്‍ മനസ്സില്‍ നന്ദി നേര്‍ന്നു. ഉറക്കെ നന്ദി പറയാന്‍ പറ്റില്ലല്ലോ! പിന്നെ ഞാന്‍ സ്വന്തം മനസ്സില്‍ വിട്രിയില്‍ പോയി വിക്ടറെ കാണുന്നില്ല, പിന്നീട്‌ ഫോണ്‍ ചെയ്ത്‌ സംസാരിക്കാം എന്ന തീരുമാനം എടുത്തു.

സമയം സന്ധ്യയാകുന്നു. വിദേശത്തെ ആദ്യരാത്രിയല്ലെ? കയ്യില്‍ കാശ്‌ അതികമൊന്നുമില്ലെങ്കിലും, ഇന്നത്തെ രാത്രി ഏതെങ്കിലും, ഹോട്ടലില്‍ തന്നെ തങ്ങാം എന്നു ഞാന്‍ ഉറപ്പിച്ചു.

ഇവിടെ താമസിക്കാന്‍ പറ്റിയ ഹോട്ടല്‍ കിട്ടുമോ?

പിന്നെന്താ, പാരിസില്‍, വീടുകളില്‍ കൂടുതല്‍ ഹോട്ടലുകളാണ്‌. ഏത്‌ റേഞ്ചുള്ള ഹോട്ടല്‍ വേണം?

ഏറ്റവും ചീപ്പായത്‌. എന്നെ പോലെ.

ഇങ്ങനേയും ഒരു ടൂറിസ്റ്റോ എന്ന് അദ്ദേഹം ഉള്ളില്‍ കരുതിയിട്ടുണ്ടാകണം, എന്നാലും പുറത്ത്‌ കാട്ടിയില്ല.

ദാ, ഈ കോണിയിലൂടെ മുകളിലോട്ട്‌ കയറിപോയാല്‍, ഒരു മെയിന്‍ റോഡില്‍ എത്തും. അവിടെ നിന്ന് നേരെ നടന്നാല്‍ ഒരു സിഗ്നല്‍ കിട്ടും, അവിടെ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞു ഒരു അഞ്ചു മിനിട്ടു നടന്നാല്‍ ഒരു നാല്‍ക്കവലയെത്തും. അവിടെ മൂന്നു നാലു ലോഡ്ജുകള്‍ ഉണ്ട്‌. വളരെ ചീപ്പാണ്‌. പിന്നെ, ഒരിക്കലും, നിങ്ങളുടെ ലഗ്ഗേജ്‌ അണ്‍ അറ്റെന്റ്‌ഡായി വക്കരുത്‌. ആരെങ്കിലും അടിച്ചു മാറ്റും. ശുഭ യാത്ര.

ആ നല്ല മനുഷ്യന്‍ എനിക്കു കൈ തന്നു പിരിഞ്ഞു. ദൈവമേ, ഇതുപോലെ നല്ല മന്‍ഷ്യന്മാരെ ഇനിയും കാണാന്‍ ഇടവരുത്തണേ, ഞാന്‍ ഉള്ളില്‍ തട്ടി പ്രാര്‍ത്ഥിച്ചു.

മുന്നില്‍ കണ്ട ടെലഫോണിന്റെ പടമുള്ള ഒരു പബ്ലിക്‌ ടെലഫോണ്‍ കണ്ടപ്പോള്‍, എന്തിന്നും ഫിന്‍ലാന്റില്‍ ഫോണ്‍ ചെയ്ത്‌ ആദികുറുമാനോട്‌ ഫ്രാന്‍സില്‍ ലാന്റു ചെയ്ത വിവരം അറിയിക്കാം എന്ന് മനസ്സില്‍ കരുതി, ഫോണ്‍ ചെയ്യേണ്ടതെങ്ങിനെ എന്ന് കണ്ടുപിടിക്കുവാനുള്ള ശ്രമം തുടങ്ങി.

പട്ടി നമ്പര്‍ വണ്ണിനു പോകുന്നതിന്നു മുന്‍പ്‌ ചെയ്യുന്നത്‌ പോലെ, ആദ്യം തന്നെ ഫോണ്‍ ബൂത്തിന്നു ചുറ്റും ഞാന്‍ രണ്ടു റൗണ്ട്‌ നടന്നു. പിന്നെ റിസീവര്‍ എടുത്ത്‌ തിരിച്ചും മറിച്ചും നോക്കി. നാണയം ഇടാനുള്ള ദ്വാരമൊന്നും കാണാതെ ഞാന്‍ വിഷമിച്ചു നില്‍ക്കുമ്പോള്‍, എന്റെ പിന്നില്‍ ഒരാള്‍ വന്നു നിന്നു. റിസീവര്‍ താഴെ വച്ചു ഞാന്‍ മാറി നിന്നു. അയാള്‍ പോക്കറ്റില്‍ നിന്നും വിസിറ്റിംഗ്‌ കാര്‍ഡിന്റെ വലുപ്പമുള്ള ഒരു കാര്‍ഡെടുത്ത്‌ ഫോണിലിടുകയും, ശേഷം, നമ്പര്‍ ഡയല്‍ ചെയ്ത്‌ സംസാരിക്കുകയും ചെയ്തു. യൂറേക്കാ, എന്നൊന്നും പറഞ്ഞ്‌ ഞാന്‍ ഓടിയില്ലെങ്കിലും, ഒരു കാര്യം മനസ്സിലായി, ഫോണ്‍ ചെയ്യണമെങ്കില്‍ കാശു ചിലവാക്കി കാര്‍ഡ്‌ സംഘടിപ്പിക്കണം. ദ്രോണാചാര്യര്‍ ഫോണ്‍ ചെയ്തിറങ്ങിയപ്പോള്‍, പതുക്കെ ഞാന്‍ അദ്ദേഹത്തോട്‌ കാര്‍ഡ്‌ എങ്ങിനെ കിട്ടും എന്നു ചോദിച്ചു, ഭാഗ്യം അയാള്‍ ഇംഗ്ലീഷില്‍ തന്നെ മറുപടി പറഞ്ഞു. ഏത്‌ ഗ്രോസറി ഷോപ്പിലും കിട്ടുമെന്ന്.

അതികം അകലെയല്ലാതെ കാണുന്നുണ്ടായിരുന്ന ഒരു ഗ്രോസറി ഷോപ്പിലേക്ക്‌ ഞാന്‍ ബാഗും തൂക്കി നടന്നു. ഒരു ഫോണ്‍ കാര്‍ഡ്‌ വേണം.

എത്ര ഫ്രാങ്കിന്റെ വേണം?

ഏറ്റവും കുറഞ്ഞ വിലയുടേത്‌ മതി.

ഇരുപത്തഞ്ചു ഫ്രാങ്കിന്റെ ഒരു ടെലഫോണ്‍ കാര്‍ഡ്‌ കടയുടമ എനിക്കു കൈമാറിയതിന്നു പ്രതിഫലമായി ഇരുപത്തഞ്ചു ഫ്രാങ്ക്‌ ഞാന്‍ കടയുടമക്കും കൈമാറി.

ബൂത്തിലെത്തി, പോക്കറ്റില്‍ നിന്നും ഡയറിയെടുത്തു ആദികുറുമന്റെ നമ്പര്‍ എടുത്തു, കാര്‍ഡ്‌ ഫോണിന്റെ അണ്ണാക്കിലേക്ക്‌ കുത്തികയറ്റി, റീസീവര്‍ ചെവിടിലോട്ട്‌ ചേര്‍ത്തു. നിശബ്ദം! യാതൊരുവിധ മൂളലുകളുമില്ല. കാര്‍ഡ്‌ തിരിച്ചും മറിച്ചും കയറാവുന്ന രീതിയില്‍ എല്ലാം കയറ്റി നോക്കി. രക്ഷയില്ല. പൊട്ടനെ പോലെ ഫോണ്‍ മിണ്ടാതെ തന്നെ ഇരിക്കുന്നു.

ഒരാള്‍ നടന്നു വരുന്നുണ്ട്‌. അയാളോട്‌ സഹായം ചോദിക്കാം എന്നു കരുതി, കാര്‍ഡു പുറത്തെടുത്ത്‌ നടന്നു വരുന്ന മനുഷ്യനെ കാത്ത്‌ നിന്നു. അയാള്‍ അടുത്തെത്തിയപ്പോള്‍ കയ്യിലെ കാര്‍ഡ്‌ നീട്ടി പിടിച്ച്‌ ഞാന്‍ അയാളോട്‌ കാര്യം പറഞ്ഞു. അയാള്‍ ഫ്രെഞ്ചില്‍ മറുപടി പറഞ്ഞത്‌ എനിക്ക്‌ മനസ്സിലായില്ല എന്നത്‌ നൂറു തരം മാത്രമല്ല അയാള്‍ മറുപടി പറഞ്ഞത്‌
ഫ്രെഞ്ചിലാണോ എന്നും എനിക്ക്‌ മനസ്സിലായില്ല. പക്ഷെ ഞാന്‍ പറഞ്ഞത്‌ അയാള്‍ക്കു മനസ്സിലായപോലെ അയാള്‍ എന്റെ കയ്യില്‍ നിന്നും കാര്‍ഡ്‌ വാങ്ങി. ദൈവമേ, അയാള്‍ കാര്‍ഡു തിരിച്ചു തരാതെ എന്നെ പറ്റിക്കുമോ എന്നു ചിന്തിക്കുന്നതിന്നിടയില്‍, എന്റെ കണ്മുന്‍പില്‍ വച്ച്‌ തന്നെ ആ ദുഷ്ടന്‍ ആ കാര്‍ഡിന്റെ ഒരു മൂല മടക്കിയൊടിച്ച്‌ കാര്‍ഡെനിക്ക്‌ തിരിച്ചു നല്‍കി. പിന്നെ
അയാള്‍ ഒന്നും സംഭവിക്കാത്തതുപോലെ മുന്നോട്ട്‌ നടന്നു പോയി.

ഇരുപത്തഞ്ചു ഫ്രാങ്ക്‌ പോയതോര്‍ത്ത്‌ എന്റെ കണ്ണു നിറഞ്ഞു. നടന്നു പോകുന്ന ആ കാലമാടനെ ഓടി ചെന്ന് പുറകില്‍ നിന്നും ചവിട്ടി വീഴ്ത്തിയാലോ എന്നു വരെ ഞാന്‍ ചിന്തിച്ചു. പിന്നെ അയാളുടെ ശരീരത്തിന്റേയും, എന്റെ ശരീരത്തിന്റേയും വലുപ്പം താരതമ്യപെടുത്തി. അരവിന്ദനും, പച്ചാളവും പോലെ. വേണ്ട, പോയത്‌ പോയി, ഇനി തടിയും കൂടി വെടക്കാക്കേണ്ട എന്ന ഒടുക്കത്തെ തീരുമാനം ഞാന്‍ കൈകൊണ്ടു.

എന്തായാലും മുക്കൊടിഞ്ഞ കാര്‍ഡുമായി അവസാന ശ്രമമെന്നോണം ഞാന്‍ വീണ്ടും ഫോണിലേക്ക്‌ കാര്‍ഡിനെ തള്ളി കയറ്റി. റിസീവര്‍ ചെവിയിലേക്ക്‌ ചേര്‍ത്തു വച്ചു. അതാ ഡയല്‍ടോണ്‍ കേള്‍ക്കുന്നു. അതുശരി, ഇതെന്തു സമ്പ്രദായം. മര്യാദക്കിരിക്കണ കാര്‍ഡിന്റെ മുക്കൊടിച്ചാലേ വര്‍ക്കു ചെയ്യുകയുള്ളൂ.

ഞാന്‍ ആദികുറുമാന്റെ നമ്പര്‍ ഡയല്‍ ചെയ്തു. ഫോണടിക്കുന്നുണ്ട്‌. പഹയന്‍ എടുക്കുമോ എന്തോ?

ഹലോ, ചേട്ടാ ഞാനാ.

നീയെവിടെ നിന്നാ? ഫ്രാങ്ക്‌ ഫര്‍ട്ട്‌ എയര്‍പോര്‍ട്ടില്‍ നിന്നെ പിടിച്ചു വച്ചോ?

ഏയ്‌, ഞാനിപ്പോള്‍ പാരിസിലാ. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത്‌ കടന്നു. വിട്രിയിലുള്ള വിക്ടറെ കാണാം എന്നു കരുതി യാത്ര തിരിച്ചതാ, എങ്ങുമെത്തിയില്ല. സ്ഥലം തെറ്റി എങ്ങോ ഇറങ്ങി.

അതൊക്കെ പോട്ടെ, പാരിസ്‌ എങ്ങിനെയുണ്ട്‌?

ചേട്ടാ, വിവരിക്കാന്‍ വാക്കുകളില്ല. മഞ്ഞയും, ചുവപ്പും കലര്‍ന്ന ഇലകളോട്‌ കൂടിയ മരങ്ങളും, തെളിഞ്ഞ ആകാശവും, ഹാ ശ്വസിക്കുന്ന വായു വരെ വളരെ ഫ്രഷ്‌.

നീ അതികം വിവരിക്കേണ്ട. ഞാന്‍ വര്‍ഷങ്ങളായി യൂറോപ്പില്‍ തന്നേയാ. ഫ്ലാങ്ക്‌ ഫര്‍ട്ടിലേക്ക്‌ ടിക്കറ്റ്‌ എടുത്ത നീ എന്തിനാ പാരിസില്‍ ഇറങ്ങിയത്‌?

ഓ, അതിപ്പോ, പ്രത്യേകിച്ച്‌ പോകാന്‍ സ്ഥലവും, ലക്ഷ്യവുമൊന്നുമില്ലാത്തതിനാല്‍, ജെര്‍മ്മനിയും, ഫ്രാന്‍സും, ബെല്‍ജിയവും എല്ലാം ഒരു പോലെ തന്നെ.

എന്താ നിന്റെ അടുത്ത പ്ലാന്‍?

ഒന്നും തീരുമാനിച്ചിട്ടില്ല ഇതു വരെ. ഫ്ലൈറ്റില്‍ നിന്നിറങ്ങിയിട്ട്‌ അതികസമയം ആയിട്ടില്ല.

അവിടെ ഇപ്പോള്‍ സന്ധ്യയായില്ലേ, നീ ഒരു കാര്യം ചെയ്യ്‌. ഇന്ന് ഏതെങ്കിലും, മോട്ടലിലോ, ഹോട്ടലിലോ തങ്ങ്‌. എന്നിട്ട്‌ ഫ്രാന്‍സ്‌ ബോര്‍ഡര്‍ വഴി എങ്ങിനേയെങ്കിലും സ്വിറ്റ്‌സര്‍ലന്റിലേക്ക്‌ കയറിപറ്റാന്‍ പറ്റുമോ എന്നു നോക്ക്‌. പിന്നെ ഇടക്കിടക്ക്‌ എന്നെ വിളിച്ച്‌ നിന്റെ സ്ഥിതിഗതികള്‍ അറിയിക്കന്‍ മറക്കണ്ട. ആള്‍ ദി ബെസ്റ്റ്‌.

ചേട്ടനോട്‌ സംസാരിച്ചതില്‍ നിന്നും കിട്ടിയ ഊര്‍ജം കയ്യില്‍ വച്ച്‌ ഞാന്‍ വിലകുറഞ്ഞ ഒരു ഹോട്ടല്‍ തപ്പി മാന്യനായ സായിപ്പ്‌ പറഞ്ഞു തന്ന വഴിയിലൂടെ നടന്നു.

തപ്പി തപ്പി അവസാനം ഒരെണ്ണം കണ്ടു പിടിച്ചു. നമ്മുടെ നാട്ടിലെ ഒരു ചെറിയ ലോഡ്ജ്‌ പോലത്തെ ഒന്ന്.

സിംഗിള്‍ റൂമിന്റേയും, ഡബ്ബിള്‍ റൂമിന്റേയും മറ്റും വാടക ഒരു ബോര്‍ഡില്‍ എഴുതി വച്ചിട്ടുണ്ട്‌. എന്റമ്മേ, തപ്പി തപ്പി ചീപ്പായ ഒരു ഹോട്ടലില്‍ എത്തിയിട്ട്‌ വാടക ചീപ്പൊന്നുമല്ലല്ലോ? ഇവിടെ ഒരു ദിവസം കൊടുക്കേണ്ട വാടക ഉണ്ടെങ്കില്‍, നാട്ടിലെ കൃഷ്ണവിലാസം ലോഡ്ജില്‍ ഒരു മാസം താമസിക്കാം!

എന്തായാലും ഇന്നത്തെ ഒരു രാത്രി താമസിച്ചല്ലേ മതിയാവൂ. കൗണ്ടറില്‍ ഇരുന്ന മദാമ്മയമ്മായിയോട്‌ ഞാന്‍ പറഞ്ഞു.

ഐ വാന്റ്‌ എ സിംഗിള്‍ റൂം.

ക്വേ?

ഐ വാന്റ്‌ എ സിംഗിള്‍ റൂം.

ക്വേ, ക്വേ, കൊക്കര ക്കോ, മുട്ടയിട്ടെഴുന്നേറ്റതും, കോഴി കരയുന്നതുപോലെ എന്തൊക്കേയോ അവര്‍ പറഞ്ഞു.

പണ്ടാര തള്ളക്ക്‌ ഇംഗ്ലീഷിന്റെ ഒരു അക്ഷരം പോലും അറിയില്ല എന്ന നഗ്നസത്യം ഭീതിയോടുകൂടി ആ തൃസന്ധ്യാ നേരത്ത്‌ ഞാന്‍ മനസ്സിലാക്കി.

പണ്ട്‌ സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ഏകാങ്ക നാടകത്തിനു അഭിനയിച്ചതിന്റെ ഓര്‍‍മ്മ, എവിടുന്നാ വന്നേന്ന് ഓര്‍മ്മയില്ല, പക്ഷെ ഓര്‍മ്മ വന്നതുമാത്രം ഓര്‍മ്മയുണ്ട്‌.

പോക്കറ്റില്‍ നിന്നും ഒരു നൂറിന്റെ രണ്ടു മൂന്നു ഫ്രാങ്ക്‌ പുറത്തെടുത്തു. പിന്നെ അഞ്ചുമിനിറ്റ്‌ നേരം അവിടെ ഞാനൊരു മൈം ഷോ നടത്തി.

മദാമ്മക്കു കാര്യം പിടികിട്ടി. റെജിസ്റ്റര്‍ എടുത്തു കയ്യില്‍ തന്നു. കാശെണ്ണി വാങ്ങി പണപെട്ടിയില്‍ നിക്ഷേപിച്ച ശേഷം, എന്നേയും കൂട്ടി കോണിപടികള്‍ കയറി മുകളിലെ നിലയിലുള്ള ഒരു മുറി തുറന്നു തന്നു. പിന്നെ എന്തോ പറഞ്ഞു, ചിരിച്ചു. പിന്നെ കോണിയിറങ്ങി പോയി.

ബാഗ്‌ നിലത്ത്‌ വച്ച്‌ മുറി ഞാന്‍ മൊത്തമായൊന്നു വീക്ഷിച്ചു. ഒരു കട്ടില്‍, ഒരു മേശ, ഒരു കസേര, അത്രയുമേയുള്ളൂ. മതിലിന്നരികില്‍ അരയാള്‍ ഉയരത്തില്‍, ഒരാള്‍ നീളത്തില്‍, അരയിഞ്ചു വണ്ണത്തില്‍, വെളുത്ത പെയിന്റടിച്ച ആസബസ്റ്റോസ്‌ ഷീറ്റ്‌ പോലെയുള്ള ഒരു സാധനം ഫിറ്റ്‌ ചെയ്തിരിക്കുന്നു. തൊട്ടു നോക്കിയപ്പോള്‍ ചെറിയ ചൂട്‌. ഓ ഇതായിരിക്കും റൂം ഹീറ്റര്‍. ദില്ലിയിലെ കോയില്‍ പിടിപ്പിച്ച, ചൂടു കാറ്റു വരുന്ന ഹീറ്റര്‍ കണ്ടു പരിചയിച്ച എനിക്ക്‌ അതൊരു കൗതുകം തന്നെയായിരുന്നു.

വസ്ത്രമൊന്നും മാറാന്‍ നിന്നില്ല, നഗരമൊന്നു ചുറ്റികാണുവാന്‍ മുറിപൂട്ടി പുറത്തിറങ്ങി.

നഗരമാകെ വൈദ്യുതി വെളിച്ചത്തില്‍ കുളിച്ച്‌ നില്‍ക്കുന്നു. കോണ്‍ക്രീറ്റ്‌ ഇഷ്ടികകള്‍ പാവിയ നിരത്തിലൂടെ വെറുതെ നടന്നു. ചരിച്ചുകെട്ടിയ മേല്‍ക്കൂരകളോടു കൂടിയ കെട്ടിടങ്ങള്‍. എല്ലാ കെട്ടിടങ്ങള്‍ക്കും ഏതാണ്ടൊരേ രൂപം. എല്ലാ വീടില്‍ നിന്നും പുറത്തേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന പുകകുഴലുകള്‍. ഓരോ കവലയിലും ചെറിയ ഗ്രോസറികളും, ഹോട്ടലുകളും. ഇടക്കിടെ ശരീരത്തെ മൊത്തം മരവിപ്പിക്കുന്ന തരത്തിലുള്ള തണുത്ത കാറ്റ്‌ അടിക്കുന്നു. നന്നായൊന്നുറങ്ങണം. യാത്രാക്ഷീണവും, ഉറക്ക ക്ഷീണവുമുള്ളതല്ലെ, മാത്രമല്ല, നാളെ മുതല്‍ ഹോട്ടലില്‍ മുറിയെടുത്ത്‌ തങ്ങാനുള്ള സാധ്യതയും വിരളം, കാരണം അതിനു മാത്രമുള്ള പൈസ കയ്യിലില്ലത്തതു തന്നെ കാരണം.

നടന്നു വന്ന വഴിയേ തിരിച്ചു നടന്നു. ഒരു ചെറിയ ഗ്രോസറിയില്‍ കയറി ഒന്നു പരതി. രണ്ട്‌ ബണ്ണും, സലാമിയുടെ ഒരു ചെറിയ പായ്ക്കറ്റും വാങ്ങി. ബില്‍ കണ്ടപ്പോള്‍ വിശപ്പെല്ലാം ആവിയായി പോയി. സലാമിയുടെ പായ്കറ്റ്‌ തിരികെ വച്ചു. ബണ്ണിന്റെ കാശു കൊടുത്ത്‌ ഹോട്ടലിലേക്ക്‌ നടന്നു.

മുറി തുറന്നുള്ളില്‍ കയറി. ബാഗു തുറന്നു അച്ഛന്‍ തന്ന ബാഗ്പൈപ്പര്‍ കുപ്പിയെടുത്ത്‌ മേശയില്‍ വച്ചു. മേശപ്പുറത്ത്‌ ഒരു ജഗ്ഗും, ഗ്ലാസ്സും ഇരിക്കുന്നുണ്ട്‌. ജഗ്ഗ്‌ കാലി. ബാത്രൂമില്‍ കയറി പൈപ്പ്‌ തുറന്ന് ഒരു ജഗ്ഗ്‌ വെള്ളം പിടിച്ചു. ഗ്ലാസില്‍ കുറച്ചൊഴിച്ചു കുടിച്ചു നോക്കി. ഭയങ്കര കനം. ചെറുതായി ഉപ്പു ചുവക്കുന്നുമുണ്ട്‌. മിനറല്‍ വാട്ടര്‍ വാങ്ങാമായിരുന്നു (വെറുതെ സ്വന്തം മനസ്സിനെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാ. മിനറല്‍ വാട്ടറിന്റെ ഒരു കുപ്പി വാങ്ങുന്ന കാശുണ്ടായിരുന്നേല്‍ രണ്ടു പായ്ക്കറ്റ്‌ സലാമി വാങ്ങാം).

ഒരു പെഗ്ഗ്‌ ലൈറ്റായി ഒഴിച്ച്‌ വെള്ളം ചേര്‍ത്ത്‌ കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍, രണ്ടു ബെണ്ണും പെട്ടെന്നു തന്നെ ചവച്ചിറക്കി, ഒരു സ്മൂത്നെസ്സ്‌ കിട്ടാനായി ഒരു പെഗ്ഗും കൂടെ കഴിച്ചു. രണ്ട്‌ കുപ്പി വാങ്ങി എന്റെ കയ്യില്‍ തരുവാന്‍ തോന്നിയ അച്ഛനു മനസ്സില്‍ ഞാന്‍ നന്ദി നേര്‍ന്നു. പിന്നെ, കൊണ്ടു വന്നിരുന്ന വില്‍സ്‌ പായ്ക്കറ്റില്‍ നിന്നും ഒരു സിഗറട്ടെടുത്ത്‌ വലിച്ചു. ഒരു പെഗ്ഗും കൂടെ ഒഴിച്ചു ഗ്ലാസ്സ്‌ നിറച്ചു, ഗ്ലാസു കാലിയാകുന്നതിനൊപ്പം തന്നെ ചിന്തകള്‍ കാടു കയറാനും തുടങ്ങി.

ഇനിയെന്ത്‌? എങ്ങോട്ട്‌? എങ്ങിനെ?

ചിന്തകള്‍ക്കൊടുവില്‍ മനസ്സ്‌ ഒരുറച്ച തീരുമാനത്തിലെത്തി. വിസയില്ലെങ്കിലെന്ത്‌? എങ്ങിനെയെങ്കിലും സ്വിറ്റ്‌സര്‍ലന്റിലേക്ക്‌ എത്തിപെടുക. ഭാക്കി കാര്യം അവിടെ ചെന്നതിന്നു ശേഷം. പോകുന്ന വഴിക്ക്‌ ഈഫിള്‍ ടവറും കാണണം.

ബാഗു തുറന്ന് മാപ്പെടുത്തു. സ്ഥലങ്ങളുടെ പേരു വിവരങ്ങള്‍ എല്ലാം നോക്കി പഠിച്ചു, ആവശ്യമുള്ളത്‌ അടയാളപെടുത്തി. പിന്നെ അത്യാവശ്യം ഓര്‍മ്മിക്കേണ്ട സ്ഥലപേരുകള്‍ ഡയറിയില്‍ കുറിച്ചു വച്ചു. മാപ്പും ഡയറിയും, ബാഗില്‍ തിരിച്ചു വച്ചു. ഗ്ലാസില്‍ അവശേഷിച്ചിരുന്നത്‌ ഒറ്റവലിക്ക്‌ കുടിച്ചു. ടൈം പീസ്‌ എടുത്ത്‌ രാവിലെ ഒമ്പത്‌ മണിക്ക്‌ അലാം സെറ്റ്‌ ചെയ്തു. ബ്ലാങ്കറ്റിന്നുള്ളില്‍ കയറി കിടന്നതു മാത്രമേ ഓര്‍മ്മയുള്ളൂ.

അലാം അടിക്കുന്നത്‌ കേട്ടപ്പോള്‍ ഞെട്ടിയെഴുന്നേറ്റു. ദൈവമേ, പന്ത്രണ്ട്‌ മണിക്കൂറിന്നിടയില്‍ ഒന്നിനു പോകാന്‍ പോലും ഒന്ന് എഴുന്നേറ്റില്ലല്ലോ ഞാന്‍. എന്തായാലും ഇനി ഇതുപോലെ ഉറങ്ങാന്‍ അവസരം കിട്ടാന്‍ വഴിയില്ല, എന്തായാലും ഗാഢമായി ഉറങ്ങിയത്‌ നന്നായി, ശരീരത്തിനും, മനസ്സിനുമെല്ലാം നല്ലൊരുന്മേഷം.

പല്ലു തേച്ചു, ചൂടു വെള്ളത്തില്‍ നന്നായി കുളിച്ചു. വസ്ത്രം മാറി മുറി പൂട്ടി താഴേക്കിറങ്ങി. ചാവി കൗണ്ടറില്‍ ഏല്‍പ്പിച്ചു. ഹോട്ടലില്‍ താമസിക്കുന്നവര്‍ എല്ലാം താഴെ കഫേയില്‍ ഇരുന്നു ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കുന്നു.

ഞാന്‍ കൗണ്ടറില്‍ ചാവി നല്‍കിയപ്പോള്‍, മദാമ്മ ബുഫെ(റ്റ്‌) ബ്രേക്ക്‌ ഫാസ്റ്റ്‌ നിരത്തി വച്ചിരിക്കുന്ന ടേബിളിലേക്ക്‌ കൈചൂണ്ടി വീണും അഞ്ച്‌ മിനിറ്റ്‌ നേരം എന്തൊക്കേയോ പറഞ്ഞു.

ഇത്രയും നിര്‍ബന്ധിച്ചപ്പോള്‍, ഒരു കാര്യം എനിക്ക്‌ മനസ്സിലായി. ബ്രേക്ക്‌ ഫാസ്റ്റ്‌ ഫ്രീയാണെന്ന്. പിന്നെ അമാന്തിച്ചില്ല, കഫേയില്‍ കയറി, ബാഗ്‌ തറയില്‍ വച്ച്‌, ഒരു പ്ലേറ്റുമെടുത്ത്‌ കഴിക്കുവാന്‍ ആരംഭിച്ചു. ബണ്ണുകള്‍, ബിസ്കറ്റുകള്‍, ചീസുകള്‍, ബ്രെഡുകള്‍, ബട്ടര്‍, ജാം, ജ്യൂസ്‌, എല്ലാം പോരാത്തത്തിന്നവസാനം ഒരു കാപ്പിയും കുടിച്ചു, ഏമ്പക്കം വിട്ടു.

ബാഗെടുത്ത്‌ കൗണ്ടറില്‍ പോയി, മദാമ്മക്കൊരു മനോഹരമായ ചിരി സമ്മാനിച്ചു. താങ്ക്യൂ പറഞ്ഞു.

കിരി കിരിം, കിരി കിരിം, മദാമ്മയുടെ മുന്‍പില്‍ ഉണ്ടായിരുന്ന കമ്പ്യൂട്ടര്‍ ഗര്‍ജിച്ചു. ഒരു ചെറിയ ബില്‍ മദാമ്മ എനിക്കു ചിരിച്ചു കൊണ്ട്‌ നീട്ടി.

ദൈവമേ, ഇരുപത്തൊമ്പത്‌ ഫ്രാങ്ക്‌. തലേന്ന് മൊത്തം ഡിന്നറിന്നു ചിലവായത്‌ മൂന്ന് ഫ്രാങ്കായിരുന്നല്ലോ ദൈവമേ. കഴിച്ചതെല്ലാം ആവിയായി പോയി. കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിയാന്‍ തുടങ്ങുന്നതിന്നു മുന്‍പ്‌, പോക്കറ്റില്‍ നിന്നും കാശെടുത്ത്‌ ഞാന്‍ മദാമ്മക്കു കൊടുത്തു. യാന്ത്രികമായി ബാക്കി ഫ്രാങ്ക്‌ വാങ്ങി പേഴ്സില്‍ വച്ച്‌, ഒരക്ഷരം ഉരിയാടാതെ ഹോട്ടലിന്റെ പടിയിറങ്ങി.

നേരെ നടന്നു മെട്രോ സ്റ്റേഷനിലേക്ക്‌. സ്റ്റേഷനിലെത്തി, ഒരു സായിപ്പിന്റെ സഹായത്തോടെ ഈഫിള്‍ ടവറിന്നു ഏറ്റവും അടുത്തുള്ള സ്റ്റേഷനിലേക്ക്‌ ടിക്കറ്റ്‌ എടുത്തു. ട്രെയിന്‍ വന്നു, കയറി, ശ്രദ്ധാപൂര്‍വ്വം ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തുന്നുണ്ടോ എന്ന് ഡിസ്പ്ലേ ബോര്‍ഡില്‍ നോക്കി ഇരുന്നു. സ്റ്റേഷന്‍ എത്തിയപ്പോള്‍ ഇറങ്ങി. വീണ്ടും പത്തു മിനിറ്റോളം നടന്നു, അകലെ അതാ ഈഫിള്‍ ടവര്‍ കാണുന്നു. കൈയിലെ രോമങ്ങള്‍ എഴുന്നേറ്റു നിന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. പൂന്തോട്ടങ്ങള്‍, പുല്‍തകിടികള്‍. ഈഫിള്‍ ടവറിന്റെ ചുറ്റുവട്ടത്ത്‌ ഒരു രണ്ടു മൂന്നു മണിക്കൂറോളം ചിലവഴിച്ചു.

ലക്ഷ്യം ഇതല്ലല്ലോ? അതിനാല്‍ വീണ്ടും അടുത്ത ലക്ഷ്യമായ ഫ്രാന്‍സ്‌-സ്വിസ്‌ ബോര്‍ഡറിലുള്ള ബേസല്‍ എന്ന സ്ഥലത്തേക്കുള്ള യാത്ര തിരിച്ചു. വീണ്ടും മെട്രോ സ്റ്റേഷന്‍, ട്രെയിന്‍, അങ്ങനെ ഉച്ചതിരിഞ്ഞ്‌ ഒരു മൂന്നരയോടെ ബേസല്‍ സ്റ്റേഷനില്‍ ഞാന്‍ ട്രെയിനിറങ്ങി.

വിസയില്ലാതെ എങ്ങിനെ സ്വിറ്റ്‌സര്‍ലന്റിലേക്കു പോകാം എന്നതിനേകുറിച്ചായി പിന്നത്തെ ചിന്ത. എന്തിനും നാലാള്‍ക്കാരോട്‌ ചോദിച്ചിട്ടാകാം അടുത്ത യാത്ര. മര്യാദക്ക്‌, വിശദമായ, മറുപടികിട്ടണമെങ്കില്‍, കുടിയന്മാരോട്‌ ചോദിക്കണം. കുടിയന്മാരെ കാണണമെങ്കില്‍ ബാറില്‍ പോണം. മുറിക്കും, ഭക്ഷണത്തിന്നും മറ്റും പിശുക്കു കാണിച്ചാലും, അന്നും ഇന്നും കുടിക്കുന്ന കാര്യത്തില്‍ എനിക്കൊരു പിശുക്കുമില്ല.

നടന്നു നടന്നു കാലു തളര്‍ന്നപ്പോള്‍ ഒരു ബസ്‌ സ്റ്റാന്‍ഡില്‍ ഇരുന്നു, ചുറ്റുപാടുമൊന്നു നോക്കി. അതാ ഒരു ബാര്‍. മനസ്സില്‍ കുളിരു കോരി.

ബാഗും തൂക്കി ബാറിലേക്ക്‌ കയറി. ഒരു തനി കണ്ട്രി ബാര്‍, മരത്തിന്റെ ഡെസ്ക്കുകളും, ബെഞ്ചുകളും. വളരെ കുറച്ച്‌ ആളുകളെ ഉള്ളൂ. എല്ലാം അമ്മൂമ്മ, അപ്പൂപ്പന്മാര്‍. എന്തിനും ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു. പന്ത്രണ്ട്‌ ഫ്രാങ്ക്‌ അപ്പോള്‍ പോയികിട്ടി. ഭാഗ്യം വെള്ളത്തിലും ചീപ്പാണ്‌ ബിയര്‍.

കൗണ്ടറില്‍ ഇരുന്നു ബിയറടിക്കുന്നതിനൊപ്പം തന്നെ ഞാന്‍ ഇംഗ്ലീഷ്‌ തരക്കേടില്ലാതെ സംസാരിച്ചിരുന്ന ബാര്‍മേനോട്‌ സ്വിറ്റ്‌സര്‍ലന്റിലോട്ട്‌ എങ്ങിനെ പോകാം എന്നു തിരക്കി.

കാറിലും, ട്രെയിനിലും, ബസ്സിലും എല്ലാം പോകാം, പക്ഷെ എങ്ങോട്ടാണ്‌ പോകേണ്ടത്‌.

അതികം ആലോചിച്ചു രംഗം വഷളാക്കാതിരിക്കാനായി ഞാന്‍ പൊടുന്നനെ പറഞ്ഞു, സ്വിസ്‌ ബേസലില്‍.

അതിവിടെ നിന്നും ടാക്സിയില്‍ പോകാനുള്ള ദൂരമേയുള്ളൂ. പത്ത്‌ മിനിറ്റ്ദൂരം ഇവിടെ നിന്നു പോയാല്‍ ചെക്ക്‌ പോസ്റ്റ്‌, അതു കഴിഞ്ഞാല്‍ വീണ്ടും ഒരു പത്ത്‌ മിനിറ്റ്‌, നിങ്ങള്‍ സ്വിസ്‌ ബേസലില്‍ എത്തും.

ബിയര്‍ കുടിച്ച്‌ അദ്ദേഹത്തിനോട്‌ നന്ദി പറഞ്ഞ്‌ ഞാന്‍ പുറത്തിറങ്ങി. പത്തു പതിഞ്ചു മിനിറ്റു കാത്തിരിപ്പിന്നു ശേഷം കിട്ടിയ ടാക്സിയില്‍ കയറി. സ്വിസ്‌ ബേസല്‍.

ഓ കെ. ഇലക്റ്റ്രോണിക്‌ മീറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വണ്ടിയുടെ ചക്രങ്ങള്‍ ഉരുളാന്‍ തുടങ്ങി, അതിലും വേഗതയില്‍ കാറിലെ മീറ്ററും.

പത്തുമിനിറ്റിനകം വണ്ടി ഫ്രാന്‍സ്‌, സിസ്‌ ബോര്‍ഡറിലുള്ള പോലീസ്‌ ചെക്ക്‌ പോസ്റ്റില്‍ എത്തി.

പാസ്പോര്‍ട്ട്‌ പ്ലീസ്‌.

ഒരു ഇടിവെട്ട്‌ മദാമ്മ പോലീസ്‌ ചോദിച്ചു.

എന്റെ ചങ്കു പിടഞ്ഞു. പോക്കറ്റില്‍ നിന്നും പാസ്പോര്‍ട്ടെടുത്ത്‌ കൊടുത്തു. പാസ്പോര്‍ട്ടിന്റെ പേജുകള്‍ അവര്‍ തലങ്ങും, വിലങ്ങും മറിച്ചു.

യു ഹാവ് ഒണ്‍ലി ഷെങ്ങ്ഗന്‍ വിസ. യു ഡോന്റ്‌ ഹാവ്‌ സ്വിസ്‌ വിസ. യു കാണ്ട്‌ എന്റര്‍ റ്റു സ്വിറ്റ്‌ സര്‍ലന്റ്‌ വിതൗട്ട്‌ എ സ്വിസ് വിസാ. യു കേന്‍ ഗെറ്റ്‌ ദ വിസ ഫ്രം ഔര്‍ എംബസി ഇന്‍ ഫ്രാന്‍സ്‌.

ചമ്മിയ മുഖമായിരുന്നെങ്കിലും, ഒരു താങ്ക്യു നല്‍കാന്‍ ഞാന്‍ മറന്നില്ല.

പിന്നെ വന്ന റ്റാക്സിയില്‍ കയറി പറഞ്ഞു. ദയവുചെയ്ത്‌ എന്നെ പിക്ക്‌ ചെയ്ത അതേ സ്ഥലത്തു തന്നെ കൊണ്ടു ചെന്നു പണ്ടാരമടങ്ങൂ.

ടാക്സി എന്നേയും വഹിച്ചുകൊണ്ട് വന്ന വഴിയിലൂടെ മടങ്ങി.

Sunday, November 19, 2006

വെട്ടിക്കൂട്ട്‌

പ്രിഡിഗ്രി ഒന്നാം വര്‍ഷം പരീക്ഷയെല്ലാം കഴിഞ്ഞ അവധിക്കാലത്ത്‌, ഒരു ദിവസം വൈകുന്നേരം അമ്മ പറഞ്ഞു, ഡാ നാളെ വൈകുന്നേരം ഞാന്‍ കൊച്ചിയില്‍ അമ്മേടെ അടുത്തൊന്നു പോകുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ വരാം. നീ ഭക്ഷണം വല്ല ഹോട്ടലില്‍ നിന്നു കഴിച്ചോ.

നാളെ രാവിലെ നീ ആ ജോസിന്റെ ഇറച്ചിക്കടയില്‍ പോയി മോത്തിക്ക്‌ ഒരുകിലോ വെട്ടിക്കൂട്ട്‌ വാങ്ങി വാ. ഞാന്‍ അതു വേവിച്ച്‌ വക്കാം. പിന്നെ റേഷന്റെ പച്ചരിചോറും വച്ചു വക്കാം, മോത്തിക്ക്‌ മൂന്നു നേരോം ഭക്ഷണം കൊടുക്കാന്‍ മറക്കരുത്‌. പാവം മിണ്ടാ പ്രാണിയാ.

നേരം വെളുത്തു, പല്ലു തേപ്പ്‌, കുളി, തുടങ്ങിയ ദൈനംദിന പരിപാടികള്‍ കഴിഞ്ഞ്‌. പതിവുപോലെ, എട്ടു പത്ത്‌ ദോശ ചട്നിയില്‍ മുക്കി അകത്താക്കിയതിന്നു ശേഷം, പച്ചയില്‍, നീല കലര്‍ന്ന പ്ലാസിക്ക്‌ സഞ്ചി കാരിയറില്‍ വച്ച്‌, പൂച്ചക്കുളത്തുള്ള ജോസേട്ടന്റെ ഇറച്ചിക്കട ലക്ഷ്യമാക്കി എന്റെ സൈക്കിളില്‍ യാത്രയായി.

പോകുന്ന വഴിക്ക്‌ കച്ചേരിപാലം കലുങ്കുമ്മല്‍ വെറുതെ ഇരിക്കുകയായിരുന്ന സുഹൃത്തക്കളായ പ്രമോദ്‌, സുനില്‍, മുരളി, ബാബു എന്നിവരോട്‌ അമ്മ അമ്മയുടെ വീട്ടില്‍ പോകുകയാണെന്നും, ഉച്ചയോടു കൂടി വീട്ടില്‍ എത്തിയാല്‍ പന്നിമലത്ത്‌, റമ്മി തുടങ്ങിയ കലാമത്സരങ്ങള്‍ നടത്താം എന്നു പറഞ്ഞു.

ജോസേട്ടന്റെ കടയില്‍ പോയി, ഒരു കിലോ വെട്ടിക്കൂട്ട്‌ ഓര്‍ഡര്‍ തെയ്തു. പട്ടി പോലും കഴിക്കണോ, വേണ്ടയോ എന്ന് രണ്ടു തവണ ആലോചിക്കുന്ന തരത്തിലുള്ള വേസ്റ്റായ ഇറച്ചി കഷണങ്ങള്‍, കുടല്‍, തുടങ്ങിയ ഭാഗങ്ങളും, ആര്‍ക്കും വേണ്ടാത്ത നെയ്യും പൊതിഞ്ഞ്‌ ഒരൊന്നരകിലോവോളം വെട്ടിക്കൂട്ട്‌ ജോസേട്ടന്‍ എനിക്കു കൈമാറി. ഒരുകിലോവിന്റെ കാശ്‌ വാങ്ങി, അരകിലോ വെട്ടിക്കൂട്ട്‌ ഫ്രീയായി നല്‍കി, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചേലൂര്‍ ഇടവകയിലെ ഒരേ ഒരു വിശ്വാസി ജോസേട്ടന്‍ മാത്രം. നല്ല ഇറച്ചി ഒരു കിലോ പറഞ്ഞാല്‍ തൊള്ളായിരിമേ തരൂ. വെട്ടിക്കൂട്ടിന്റെ കാര്യത്തില്‍ പിശുക്ക്‌ തീരെ ഇല്ല, അല്ലെങ്കില്‍ ഉച്ചയാവുമ്പോള്‍ വേസ്റ്റ്‌ കുഴിച്ചു മൂടാന്‍ കുഴി നല്ല ആഴത്തില്‍ വെട്ടേണ്ടെ.

വെട്ടിക്കൂട്ട്‌ സഞ്ചിയില്‍ നിക്ഷേപിച്ച്‌, ഹാന്‍ഡിലില്‍ ഞാത്തി, അടുത്തുള്ള ചാക്കോവിന്റെ കടയില്‍ നിന്നും ഒരു വലിയ പാക്കറ്റ്‌ മോഡേണ്‍ ബ്രഡും വാങ്ങി ഞാന്‍ വീട്ടിലേക്ക്‌ തിരിച്ചു. അമ്മ വീട്ടിലില്ലെങ്കില്‍, മിക്കവാറും, എന്റെ ഭക്ഷണം, മുട്ടയില്‍ മൊക്കി പൊരിച്ച ബ്രെഡ്ഡ്‌ ആയിരിക്കും. അതാവുമ്പോള്‍, അമ്മ തരുന്ന ബത്ത മറ്റു എക്റ്റ്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസിനുപയോഗിക്കാമല്ലോ?


മഞ്ഞ പൊടിയും, ഉപ്പുമിട്ട്‌ വേവിച്ച വെട്ടിക്കൂട്ടിന്റെ പാത്രവും, മോത്തിക്ക്‌ വച്ച ചോറും സ്റ്റോര്‍ മുറിയുടെ മൂലക്ക്‌ അമ്മ എടുത്തു വച്ചു.

എനിക്കുള്ള ബത്തയായി നൂറു രൂപയും നല്‍കി അമ്മ കൊച്ചിക്ക്‌ യാത്രയായി.

അമ്മ പോയി അരമണിക്കൂറിന്നകം, സുനിലും, ബാബുവും, മുരളിയും, പ്രമോദും വീട്ടില്‍ എത്തി ചേര്‍ന്നു.

വീട്ടില്‍ എത്തി രണ്ട്‌ റൗണ്ട്‌ റമ്മി കളിച്ചു കഴിഞ്ഞപ്പോഴേക്കും, അവന്മാരുടെ ഒരു ചോദ്യം. എന്താടാ ഇവിടെ കഴിക്കാന്‍ ഒന്നുമില്ലെ?

ഇല്ലടാ, വേണമെങ്കില്‍ നമുക്ക്‌ ബ്രെഡ്‌ കോഴിമുട്ടയില്‍ മുക്കി പൊരിക്കാം.

ബ്രെഡെങ്കില്‍ ബ്രെഡ്‌, നാലുപേരും ഓസിന്നു ഞണ്ണാന്‍ തയ്യാര്‍.

ബ്രെഡ്‌ പൊരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, മുട്ടയെടുക്കാന്‍ അരിക്കലത്തില്‍ എത്ര തപ്പിയിട്ടും, അരിയല്ലാതെ മുട്ട തടയാതിരുന്നപ്പോള്‍, മുട്ട കഴിഞ്ഞ കാര്യം എനിക്കോര്‍മ്മ വന്നു.

നിങ്ങള്‍ ഇരിക്ക്‌ ഞാന്‍ പോയിട്ട്‌ റോസില്യേച്ചീടെ വീട്ടില്‍ നിന്നും കോഴി മുട്ട വാങ്ങിയിട്ട്‌ ഉടനെ വരാം.

റോസില്യേച്ച്യേ, ആറു കോഴിമുട്ട വേണം. പശൂനെ കുളിപ്പിക്കുകയായിരുന്ന റോസില്യേച്ചിയോട്‌ ഞാന്‍ വന്ന കാര്യം അവതരിപ്പിച്ചു.

നീ അവിടെ ആ തിണ്ണേമ്മെ ഇരിക്കട ചെക്കാ, എന്റെ കാലേലപ്പടി ചേറാ, ഞാന്‍ ഈ പശൂനെ കുളിപ്പിച്ചട്ട്‌ എടുത്തു തരാം.

ആനയെ കുളിപ്പിക്കാന്‍ എടുക്കുന്ന സമയം എടുത്തു റോസില്യേച്ചി പശുവിനെ കുളിപ്പിക്കാന്‍. ദൈവമേ, കാലമാടന്മാര്‍ വീടു കുട്ടിച്ചോറാക്കിയിട്ടുണ്ടാകുമല്ലോ,എന്നു ചിന്തിച്ചുകൊണ്ട്‌ കോഴിമുട്ടയുമായി ഞാന്‍ വേഗം വീട്ടിലേക്ക്‌ നടന്നു.

മോത്തിയുടെ ആര്‍ത്തി പിടിച്ച കരച്ചിലും, കുരയും, ദൂരേക്ക്‌ തന്നെ കേള്‍ക്കുന്നുണ്ടായിരുന്നു. വെട്ടിക്കൂട്ടിന്റെ മണം പിടിച്ചിട്ടായിരിക്കും.

ചുരുങ്ങിയ പക്ഷം അവന്മാരുടെ കയ്യില്‍ നിന്നും ഒരു തെറിവിളിയെങ്കിലും പ്രതീക്ഷിച്ച്‌ വീട്ടിലേക്ക്‌ കയറിയ എന്നെ പുഞ്ചിരിയോടെ നാലുപേരും സ്വാഗതം ചെയ്യുന്നതുകണ്ടപ്പ്പോള്‍, അവന്മാര്‍ എന്തോ തരികിട ഒപ്പിച്ചിട്ടുണ്ടെന്ന് എനിക്ക്‌ മനസ്സിലായി.

ദാ മുട്ട കിട്ടി, വാ ബ്രെഡ്‌ പൊരിക്കാം, നാലു പേരോടുമായി ഞാന്‍ പറഞ്ഞു.

ഓഹ്‌, ഞങ്ങള്‍ക്ക്‌ വിശപ്പില്ല. നീ വേണമെങ്കില്‍ കഴിച്ചോ.

ഏയ്‌, നിങ്ങള്‍ക്ക്‌ വിശക്കുന്നു എന്നു പറഞ്ഞതു കാരണമല്ലെ, ഞാന്‍ മുട്ട വാങ്ങാന്‍ പോയത്‌?

അതൊക്കെ ശരി തന്നെ. പക്ഷെ നീയൊക്കെ ഇനി എന്നാ കുക്കിങ്ങ്‌ പഠിക്കുക എന്ന മറുചോദ്യമാണ്‌ അവര്‍ നാലുപേരും ഉന്നയിച്ചത്‌.

അല്ലാ, എന്താ ഇപ്പോ അങ്ങനെ ചോദിക്കാന്‍ കാരണം?

അതല്ല, ഇറച്ചി കറിയില്‍, മല്ല്യേം, മുളകും, ഒന്നും ഉണ്ടായിരുന്നില്ല അതാ പറഞ്ഞത്‌. കള്ളന്‍, ഞങ്ങളെ കണ്ടപ്പോള്‍ ഇറച്ചിക്കറി പാത്രം സ്റ്റോര്‍ മുറിയില്‍ കൊണ്ട്‌ പോയി ഒളിപ്പിച്ചു അല്ലെ? ഞങ്ങള്‍ക്ക്‌ നായേടെ മൂക്കാണ്ട മോനെ. ഞങ്ങള്‍ അതു മണത്തു കണ്ടുപിടിച്ചു. ചോറും ഒളിപ്പിച്ചു അല്ലെ? ഞങ്ങള്‍ മൂക്കു മുട്ടെ ചോറും, ഇറച്ചി കറിയും, ബ്രെഡും കഴിച്ചു. നിനക്ക്‌ നാലു കഷണം ബാക്കി വച്ചിട്ടുണ്ട്‌. വേണേല്‍ പോയി കഴിച്ചോ.

വെട്ടിക്കൂട്ടു കഴിക്കാന്‍ യോഗമില്ലാതായി പോയ മോത്തിയോ പാവം, അതോ മോത്തിയുടെ വെട്ടിക്കൂട്ട്‌ കഴിച്ച ഇവരോ പാവങ്ങള്‍ എന്നറിയാതെ പുറത്തേക്ക്‌ വന്ന പൊട്ടിച്ചിരി അടക്കിപിടിച്ച്‌ ഞാന്‍ നിന്നു.

Tuesday, November 07, 2006

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 3

മൂടല്‍ മഞ്ഞു മൂടികെട്ടിയ റോഡിലൂടെ ഡ്രൈവര്‍ വണ്ടിയോടിച്ചുകൊണ്ടിരുന്നു.

ഒരു പക്ഷെ ജീവിതത്തില്‍ ഇനി ഒരിക്കല്‍ പോലും സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുവരാന്‍ കഴിഞ്ഞു എന്നോ, ഉറ്റവരേയോ, ഉടയവരേയോ കാണുവാന്‍ സാധിച്ചു എന്നോ വരില്ല.

ഉറ്റവരെ വിട്ടുപോകുകയാണെന്നുള്ള ചിന്തക്കിനി എവിടെ സ്ഥാനം? ഭീരുവിനേപോലെ ചിന്തിക്കാനാണെങ്കില്‍, ഈ സാഹസത്തിനെന്തിനൊരുങ്ങി? ജീവിതത്തെയും, വരാന്‍ പോകുന്ന സാഹചര്യങ്ങളേയും അഭിമുഖീകരിച്ചേ മതിയാവൂ.

തണുത്ത കാറ്റ്‌ ചില്ലിന്നിടയിലൂടെ മുഖത്തേക്കടിച്ചപ്പോള്‍ നല്ല സുഖം. കണ്ണുകള്‍ തുറന്ന്, ഞാന്‍ സീറ്റില്‍ ഒന്നു നിവര്‍ന്നിരുന്നു. ഇടതുവശത്തെ പാടങ്ങളില്‍ സ്വര്‍ണ്ണനിറത്തില്‍ വിളഞ്ഞു നില്‍ക്കുന്ന ചോളങ്ങള്‍, വലതു വശത്തെ പാടങ്ങളില്‍, മൊട്ടക്രൂസിന്റേയും, ക്യാബേജിന്റേയും കൃഷി. എയര്‍പോര്‍ട്ടെത്താന്‍ ഇനി മിനിട്ടുകള്‍ മാത്രം ബാക്കി.

എയര്‍പോര്‍ട്ടില്‍ ടാക്സിയെത്തിയതും, ഡൊമിനിക്ക്‌ പിന്നാലെ ഞാനും ഇറങ്ങി. ബാഗെടുത്ത്‌ ചുമലില്‍ തൂക്കി. ചുറ്റുപാടും ഒന്നു നോക്കി.


പൂരം കഴിഞ്ഞ തൃശൂര്‍ റൗണ്ട്‌ പോലെ അവിടേയും, ഇവിടേയും എന്നുവേണ്ട എല്ലായിടത്തും, സര്‍ദാര്‍ജികളും, സര്‍ദാറിണികളും,റെജായിക്കുള്ളിലും, പുറത്തുമായി തന്റെ തലയും, അതിനെ ബന്ധിപ്പിച്ചിരിക്കുന്ന ശരീരവും നിക്ഷേപിച്ചുകൊണ്ട്‌ തണുപ്പില്‍ നിന്നും രക്ഷനേടുവാന്‍ കിടക്കുന്നതു കണ്ടപ്പോള്‍ പഞ്ചാബിലെ വല്ല എയര്‍പോര്‍ട്ടിലുമാണോ ഞാന്‍ ചെന്നെത്തിപെട്ടിരിക്കുന്നതെന്ന് എനിക്കൊരു സംശയം തോന്നി. കൃഷിസ്ഥലങ്ങളും, ട്രാക്ടറുകളും, എരുമ, പോത്തുകൂട്ടങ്ങളേയും വിറ്റ്‌ കാനഡായിലേക്കും, യു കേയിലേക്കും മൈഗ്രേറ്റ്‌ ചെയ്യാനായി എത്തിയിരിക്കുന്നവരാണിവര്‍. യു കെ ഏമ്പസിക്കു മുന്‍പിലും, കാനഡാ ഏമ്പസിക്കുമുന്‍പിലും പല തവണ ഇത്തരം കാഴ്ച ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും പേര്‍ ഒരുമിച്ചിങ്ങനെ എയര്‍പോര്‍ട്ടില്‍ കിടന്നുറങ്ങുന്നത്‌ കണ്ടതാദ്യമായായിരുന്നു.

ഭാഗ്യവാന്മാര്‍, മനസ്സില്‍ ഞാന്‍ കരുതി, എല്ലാം വിറ്റു തുലച്ചായാലും, മൈഗ്രന്റ്‌ വിസായിലല്ലെ പോകുന്നത്‌?

ഞാന്‍ വെറും വിസിറ്റിംഗ്‌ വിസക്കാരന്‍. വിറ്റുതുലക്കാന്‍ രണ്ട്‌ കിഡ്നിയല്ലാതെ വേറെ വിലപിടിപ്പുള്ള എന്തെങ്കിലും വസ്തു എന്റെ സ്വന്തമായ്‌ ഉണ്ടായിരുന്നെങ്കില്‍ ഞാനും അരക്കൈ നോക്കിയേനെ!

ഡൊമിനിയോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ എയര്‍പോര്‍ട്ടിന്നകത്തേക്ക്‌ കയറി. കേരള എക്സ്പ്രസ്‌, തമിള്‍ നാട്‌ എക്സ്പ്രസ്സ്‌, പുഷ്‌ പുള്‍, ജനതാ എക്സ്പ്രസ്‌, കെ എസ്‌ ആര്‍ ടി സി, ചേരന്‍, ചോളന്‍ തുടങ്ങിയ വണ്ടികളിലെല്ലാം കയറിയിട്ടുണ്ടെങ്കിലും, വിമാനയാത്ര ചെയ്യാന്‍ പോകുന്നത്‌, ജീവിതത്തിലാദ്യമായാണ്‌, അതും എയര്‍ ഫ്രാന്‍സില്‍. അതിന്റെ വ്യാകുലതകള്‍ ഇല്ലാതില്ലെങ്കിലും, ആറ്റില്‍ ചാടി ചാകാന്‍ പോകുന്നവന്ന്, തോട്ടില്‍ ചാടാന്‍ പേടി തോന്നേണ്ടതുണ്ടോ എന്ന ഒരു മനോഭാവമായിരുന്നു എനിക്കപ്പോള്‍.

ലഗേജ്‌ എന്നു പറയുവാന്‍ ഒരേ ഒരു ബാഗ്‌ മാത്രം. അതു കൊടുത്ത്‌ കയ്യൊഴിവാക്കി, ബോര്‍ഡിംഗ്‌ പാസ്സും വാങ്ങി വെറുതെ വെയിറ്റിംഗ്‌ റൂമില്‍ കാത്തിരുപ്പു തുടങ്ങി. തലേ ദിവസം ആര്‍മാദിച്ചതിന്റെ ചെറിയ ഒരു ഹാങ്ങ്‌ ഓവര്‍ ഇല്ലാതില്ല.

പണ്ടാരം, ബാഗ്‌ ലഗേജ്‌ കൗണ്ടറില്‍ കൊടുത്തില്ലായിരുന്നുവെങ്കില്‍, രാവിലെ തന്നെ ഒരു ബാഗ്പൈപ്പര്‍ എടുത്ത്‌ മണ്ടക്കൊതുങ്ങി നിന്നോ, ഇരുന്നോ, പൂശാമായിരുന്നു.

എന്തായാലും തണുപ്പത്തുള്ള കാത്തിരിപ്പിന്നു വിരാമമിട്ടുകൊണ്ട്‌ യാത്രക്കാരുടെ ശ്രദ്ധക്കായുള്ള അനൗണ്‍സ്‌മന്റ്‌, അംഗ്രേസിയിലും, ഹിന്ദിയിലും, പഞ്ചാബിയിലും വന്നു. വന്നതും, എന്റെ മുന്‍പില്‍ വലിയ ഒരു വരി രൂപം കൊണ്ടു.

ശ്ശെ ആദ്യം അകത്തുപോയിരുന്നെങ്കില്‍ വിന്‍ഡോക്കരികിലുള്ള സീറ്റുകിട്ടുമായിരുന്നേനെ, ഇനിയിപ്പ്പ്പോ ഇത്ര പേര്‍ മുന്നിലുള്ള സ്ഥിതിക്ക്‌ വല്ല മൂലക്കുള്ള സീറ്റുമായിരിക്കും കിട്ടുക എന്നെല്ലാം ആലോചിച്ചു വരിയില്‍ വെറുതെ നിന്ന ഞാന്‍ പിന്നില്‍ നിന്നിരുന്ന യാത്രക്കാരുടെ തള്ളല്‍ മൂലം, സ്വന്തം കാലെടുത്ത്‌ നടക്കാതെ തന്നെ ഒരു ബസ്സിന്റെ വാതിലിന്നിടുത്തെത്തി, എല്ലാവരുടേയും ഒപ്പം ഞാനും കയറി ബസ്സില്‍. എന്തായാലും, ബസ്സില്‍ കയറിയ ഞാന്‍ വാതിലിന്നടുത്തു തന്നെ നിന്നു. ഫ്ലൈറ്റില്‍ എന്തായാലും ആദ്യം തന്നെ കയറിപറ്റി, ഇഷ്ടമുള്ള വിന്‍ഡോസ്‌ സീറ്റില്‍ ഇരിക്കാനുള്ള ഒരു നമ്പറായിരുന്നു അത്‌.

കയറിയവരേയും വഹിച്ച്‌, ബസ്സ്‌ ഫ്ലൈറ്റിന്നരികിലേക്ക്‌ ചെന്നുനിന്നു. ഒട്ടും സമയം പാഴാക്കാതെ ഞാന്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങി, ശബരിമല സന്നിദാനത്തേക്കുള്ള പതിനെട്ടുപടികളിലൂടെ നടതുറന്നതും, ഭക്തര്‍ ഓടികയറുന്നതുപോലെ, ഓടി കയറി.

ഫ്ലറ്റിന്റെ കവാടത്തില്‍ അതാ മഞ്ഞപല്ലുകള്‍ വെളിയില്‍ കാണിച്ച്‌ പുഞ്ചിരിച്ചുകൊണ്ടൊരു മദാമ്മ. എന്നെ കണ്ടതും, ബോണ്‍ജോര്‍ എന്ന് പറഞ്ഞ്‌ കൈ നല്‍കി.

കേട്ടത്‌ തെറിയാണോ (ദില്ലിയിലെ ജീവിതം ബേ, ബാ തുടങ്ങി എന്തുകേട്ടാലും തെറിയാണോ പറഞ്ഞത്‌ എന്ന് സംശയിക്കാന്‍ എന്നെ പഠിപ്പിച്ചിരുന്നു)? ഹേയ്‌ ആയിരിക്കില്ല, ഞാനും എന്റെ കയ്യ്‌ കൊടുത്തു പിന്നെ പറഞ്ഞു ബേന്‍...ചോ!!

ഞാന്‍ പറഞ്ഞത്‌ മനസ്സിലായിരിക്കാന്‍ വഴിയില്ല, കാരണം പുഞ്ചിരിച്ചുകൊണ്ടു തന്നെ അവര്‍ എന്നോട്‌ എന്റെ ബോര്‍ഡിംഗ്‌ പാസ്‌ ആവശ്യപെട്ടു. അതു നോക്കിയിട്ട്‌ എന്റെ സീറ്റ്‌ നമ്പര്‍ കാണിച്ചു തന്നിട്ട്‌ പറഞ്ഞു തന്നിട്ട്‌ കൈ ഫ്ലൈറ്റിന്റെ ബാക്കിലേക്ക്‌ ചൂണ്ടിയിട്ട്‌ അവിടെ പോയിരുന്നോളാന്‍ പറഞ്ഞു.

ശ്ശെ, ബോര്‍ഡിംഗ്‌ പാസ്സ്‌ ഒന്നു വായിച്ചു നോക്കിയിരുന്നെങ്കില്‍, ഈ സീറ്റു നമ്പറും മറ്റും ഉണ്ടായിരുന്നെന്നറിഞ്ഞിരുന്നുവെങ്കില്‍ തിരക്കുകൂട്ടി ഓടികയറേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. ചമ്മിയ മുഖവുമയി (അല്ലെങ്കിലെന്തൊരു സൗന്ദര്യമാണാവോ?), ഞാന്‍ എന്റെ സീറ്റില്‍ പോയിരുന്നു.

ഫ്ലൈറ്റ്‌ മൊത്തം വീക്ഷിച്ചു. കൊള്ളാം നമ്മുടെ ബസ്സും, തീവണ്ടിയുമൊന്നും ഇതിന്റെ ഏഴയലത്തു വരില്ല. സീറ്റുബെല്‍റ്റിടണം എന്നെല്ലാം അച്ഛനും മറ്റു പലരും പറഞ്ഞുകേട്ടിട്ടുള്ളതിനാല്‍, അടുത്ത സീറ്റില്‍ ആളുവരുന്നവരെ സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കിയും ഊരിയും ആറേഴു തവണ പ്രാക്റ്റീസ്‌ ചെയ്തു.

ഇന്ത്യനും, വിദേശിയുമടക്കം നിരവധിയാത്രക്കാര്‍ ഫ്ലൈറ്റില്‍ കയറി. എന്റെ അരികിലെ സീറ്റില്‍ മധ്യവയസ്കനായ ഒരു ഇന്ത്യക്കാരന്‍ ഇരുപ്പുറപ്പിച്ചു. കണ്ടാല്‍ തന്നെ അറിയാം, ഒരു ബിസിനസ്സുകാരനാണെന്ന്. അല്ലാതെ എന്നെപോലെ, വല്ലവനും കുരുക്കിട്ടു തന്ന ടൈയും കഴുത്തില്‍ അണിഞ്ഞ്‌ വന്നിട്ടുള്ളവനല്ല.

എന്നോട്‌ അയാള്‍ ചിരിക്കുകയും, എന്റെ പേരു ചോദിച്ചതിന്നു ശേഷം സ്വയം പരിചയപെടുത്തുകയും ചെയ്തു. ദൈവമേ ആളൊരു മാന്യന്‍ തന്നെ. പക്ഷെ അതികം സംസാരിച്ചാല്‍, ഇയാള്‍ ഞാനൊരു ബിസിനസ്സ്‌ കാരനല്ല എന്നെങ്ങാനും മനസ്സിലാക്കി എനിക്കു പാരയാകുമോ എന്ന് കരുതി ഞാന്‍ കണ്ണടച്ചുറക്കം നടിച്ച്‌ കിടന്നു.

സമയം കൃത്യം പത്തരയായതും, ഫ്ലൈറ്റിന്റെ എഞ്ജിന്‍ ഓണ്‍ ആയി. അവന്‍ ഒന്നു നിരങ്ങി കറങ്ങി നിന്നു. കുറച്ചു സീറ്റുകള്‍ക്കു മുന്‍പിലായി ഒരു മദാമ്മ വന്നു നിന്ന സമയത്തു തന്നെ, മുന്ന് സീറ്റു മുന്‍പിലായ്‌ മച്ചില്‍ നിന്നും ഒരു ടി വി താഴേക്കിറങ്ങി വന്നു സീറ്റിന്റെ മുകളിലായി നിന്നു (ഹോ, എന്തത്ഭുതം!!). പിന്നെ ടി വി യില്‍ കാണിച്ചതും, മദാമ്മ കാണിച്ചതും ഒന്നായിരുന്നു. ആത്യാശ്യം വന്നാല്‍ ചെയ്യേണ്ട എന്തൊക്കേയോ കാര്യങ്ങളായിരുന്നു അവര്‍ പറഞ്ഞത്‌. എനിക്കാ സമയത്ത്‌ അത്യാവശ്യമായി വേണ്ടത്‌ അതായിരുന്നില്ല, പകരം ഹാങ്ങ്‌ ഓവര്‍ മാറ്റാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയെന്ന ചിന്താഗതിയായിരുന്നതിനാല്‍, അവര്‍ പറയുന്നതൊന്നും ഞാന്‍ ലവലേശം പോലും ശ്രദ്ധിച്ചില്ല.

ഫ്ലൈറ്റ്‌ ടേക്ക്‌ ഓഫ്‌ ചെയ്തു, ആകാശത്തിലേക്ക്‌ കുത്തനെ പറന്നു കയറി, പിന്നെ സമനിരപ്പായ ആകാശത്തിലൂടെ തന്റെ പ്രയാണം തുടങ്ങി. എല്ലാവരും സീറ്റു ബെല്‍റ്റൂരുന്ന ശബ്ദം കേട്ടപ്പോള്‍ ഞാനും ഊരി. എയര്‍ ഹോസ്റ്റസ്‌ മാര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ട്രോളി ഉന്തി നീങ്ങുന്നു. ഉന്തി ഉന്തി ഞങ്ങളുടെ മുന്‍ നിരയില്‍ ഇരിക്കുന്ന സീറ്റിലുള്ളവര്‍ക്ക്‌ എന്തോ ഭക്ഷണം കൊടുത്ത്‌ മദാമ്മ എന്റെ സീറ്റിന്നരികിലും എത്തി.

എന്റെ അയല്‍ വാസി മുന്‍ സീറ്റില്‍ നിന്നും ടീപോയ്‌ വലിച്ച്‌ വിടുവിച്ചപ്പോള്‍ ഞാനും ആ പണി ചെയ്തു. അയാള്‍ക്ക്‌ ഒരു ട്രേ സാധനങ്ങള്‍ കൊടുത്തു എനിക്കും കിട്ടി ഒരു ട്രേ നിറയെ സാധനങ്ങള്‍. പ്ലാസിക്‌ കവറില്‍ പൊതിഞ്ഞ്‌ എതാണ്ട്‌ ഗിഫ്റ്റ്‌ റാപ്‌ ചെയ്തതുപോലെ തൃകോണത്തിലും, ഉരുണ്ടിട്ടും, നീണ്ടിട്ടും, ചതുരത്തിലും അങ്ങനെ ഒരുവിധം എല്ലാ ഷേപ്പിലും ഉള്ള എന്തൊക്കേയോ കണ്ടിട്ടില്ലാത്ത ഭക്ഷണങ്ങള്‍ പാക്കറ്റിലും, അല്ലാതേയും. ഞാന്‍ കണ്ടതായിട്ടു അല്ലെങ്കില്‍ എനിക്കു പരിചയമുള്ളത്‌ അതില്‍ ബണ്‍ അഥവാ ബെന്ന് മാത്രം. ബ്രേക്ക്‌ ഫാസ്റ്റല്ല ഇത്‌. മനുഷ്യന്റെ നാണം കെടുത്താനായി മനപ്പൂര്‍വ്വം ചെയ്യുന്നതാണിത്‌. കിട്ടിയപാടെ അത്‌ ടീ പോയില്‍ വച്ച്‌ ഞാന്‍ ചാരികിടന്നു.

കഴിക്കുന്നില്ലേ? എന്റെ അയല്‍ വാസി മര്യാദരാമന്‍ എന്നോട്‌ ചോദിച്ചു. ഉവ്വ്‌. കുറച്ച്‌ കഴിയട്ടെ. ഇപ്പോള്‍ നല്ല വിശപ്പില്ല.

അയാള്‍ ആ ട്രേയുടെ കവറിളക്കുന്നതും, ഓരോന്നായി എടുത്തു കഴിക്കുന്നതും,സീറ്റില്‍ ചാരികിടന്നുകൊണ്ട്‌ ഞാന്‍ ഒളികണ്ണിട്ടു നോക്കി.

അവസാനമായി അയാള്‍ ബട്ടറിന്റെ പാക്കറ്റിന്റെ തൊലിപൊളിച്ച്‌ ഫോര്‍ക്കില്‍ ബട്ടറെടുത്ത്‌ ബണ്ണില്‍ പുരട്ടാന്‍ തുടങ്ങിയതും, അല്ലെങ്കില്‍ കഴിച്ചു കളയാം എന്നും പറഞ്ഞ്‌ ഞാനും എന്റെ ട്രോളിമേല്‍ കൈവച്ചു. മനസ്സില്‍ പിടിച്ചില്ലെങ്കിലും, പാലിന്റെ ഒരു ചെറിയ പായ്ക്കറ്റും, പഞ്ചസാരയുടെ ഒരു ട്യൂബും ഒഴികെ എല്ലാം ഞാന്‍ കാലിയാക്കി. പുറത്തേക്ക്‌ വന്ന ഏമ്പക്കത്തിനെ കഴുത്തില്‍ വച്ചു തന്നെ ഞാന്‍ ഞെരുക്കി കൊന്നു. ചായയും, കാപ്പിയുമായി വന്ന മദാമ്മയുടെ കയ്യില്‍ നിന്നും ഒരു ഗ്ലാസ്‌ ചായ വാങ്ങി ഞാന്‍ പാലും പഞ്ചസാരയും ചേര്‍ത്ത്‌ കഴിച്ചു. അപ്പ്പോഴും തീര്‍ത്ഥ ജലം കിട്ടാത്ത വിഷമം എന്റെ ഉള്ളില്‍ സുനാമി പോലെ അലയടിച്ചിരുന്നു.

ട്രോളിയുന്തി വന്ന മദാമ്മയുടെ കയ്യിലേക്ക്‌ ഞാന്‍ കാലിയായ ട്രേ നല്‍കി. പിന്നെ സീറ്റ്‌ പുറകിലേക്ക്‌ തള്ളി കാലുകള്‍ നീട്ടി വച്ച്‌ മയങ്ങാന്‍ തുടങ്ങി.

വെളുപ്പിന്‌ അഞ്ചരക്ക്‌, അടുത്തുള്ള അമ്പലത്തിലെ കോളാമ്പി മൈക്കില്‍ കൂടെ സുബ്ബലക്ഷ്മിയമ്മയുടെ സുപ്രഭാതം ചെവിയിലേക്കെത്തുന്നതുപോലെ, മയക്കത്തിന്നിടയിലും ക്ടിം, ശൂൂ എന്ന സോഡയോ, ബിയറോ പൊട്ടുന്ന ശബ്ദം എന്റെ ചെവിയിലേക്ക്‌ ഒഴുകി ഒഴുകിയെത്തി. ഹാ ഹാ എന്തൊരു കര്‍ണ്ണാനന്ദകരം. ആനന്ദദായകം.

ഞാന്‍ കണ്ണു തിരുമ്മി എഴുന്നേറ്റു. സീറ്റിന്റെ ബട്ടന്‍ അമര്‍ത്തി സീറ്റ്‌ നേരെയാക്കി നിവര്‍ന്നിരുന്നു. കഴുത്തില്‍ കെട്ടിമുറുക്കിയിരിക്കുന്ന ടൈയുടെ കുരുക്ക്‌ വലിച്ചൊന്നയച്ചു.

വാട്‌ യു ലൈക്ക്‌ റ്റു ഡ്രിങ്ക്‌? ബീയര്‍, വിസ്കി, കൊണ്യാക്‌?

ജലദേവത മൂന്നു മഴുവുമായ്‌ ഒരുമിച്ച്‌ വന്ന് എതാ നിന്റെ മഴു എന്നു ചോദിച്ചതുപോലെയായല്ലോ ഇതിപ്പോ. ബീയറായാലും, വിസ്കിയായാലും, കോണ്യാക്കായാലും, ഒന്നിനേയും തള്ളിപറയാന്‍ പറ്റില്ല. ആലോചിച്ചു നില്‍ക്കാനോ ഇരിക്കാനോ ഉള്ള സമയമില്ല. ഗെറ്റ്‌ മി എ ബിയര്‍ ആന്റ്‌ ഈ വിസ്കി ആസ്‌ വെല്‍.

അമ്പത്‌ ചോദിച്ചവന്‌, നൂറു കിട്ടിയതുപോലെ, ഓരോന്നു ചോദിച്ച എനിക്ക്‌ പേരറിയാത്ത ഏതോ രണ്ട്‌ വിസ്കിയുടെ കുപ്പിയും, രണ്ടു ബിയറിന്റെ പാട്ടയും കിട്ടി.

എന്റെ അയല്‍ വാസിയും ഇരുന്നു ബിയറഡിക്കുന്നുണ്ട്‌. മദ്യപാനത്തിന്റെ കാര്യം വരുമ്പോള്‍ ബിസിനസ്‌ കാരനും, പണിയൊന്നുമില്ലാത്തവന്നും എല്ലാം സമാന മനസ്കര്‍. എന്തൊരൊരുമ!!

അല്‍പം അല്‍പമായി കുപ്പിയും, പാട്ടയും അകത്താക്കി. സിഗറട്ടു വലിച്ച്‌ കിട്ടിയ കിക്കിനെ ഇരട്ടിയാക്കി (ആ കാലഘട്ടങ്ങളില്‍ ഫ്ലൈറ്റില്‍ സിഗററ്റ്‌ വലിക്കാമായിരുന്നു).

എനിക്ക്‌ പോകേണ്ടത്‌ അല്ലെങ്കില്‍ എന്റെ ടിക്കറ്റ്‌ ഫ്രാങ്ക്ഫര്‍ട്ടിലേക്കാണ്‌. ഫ്ലൈറ്റാണെങ്കില്‍ ആദ്യം പാരിസില്‍ ആളുകളെ ഇറക്കി അരമണിക്കൂര്‍ വെയ്റ്റ്‌ ചെയ്തിട്ടേ ഫ്രാങ്ക്ഫര്‍ട്ടിലേക്ക്‌ പോകുകയുള്ളൂ. അപ്പോള്‍ എന്തുകൊണ്ട്‌ എനിക്ക്‌ പാരിസിലിറങ്ങി, ഈഫിള്‍ ടവറൊന്നു കണ്ടുകൂട. പറ്റുമെങ്കില്‍ സ്വിറ്റ്‌ സര്‍ലന്റിലേക്കൊന്നു കടക്കാന്‍ പരിശ്രമിച്ചുകൂട. ലഹരി ചെറുതായി തലക്ക്‌ പിടിച്ചു തുടങ്ങിയതിനൊപ്പം തന്നെ ചിന്തകള്‍ കാടു കയറാനും തുടങ്ങി.

കൈ എത്തിച്ചു ബട്ടണ്‍ അമര്‍ത്തി. മദാമ്മ ചിരിച്ചുകൊണ്ട്‌ വന്നു. യെസ്‌?

എനിക്കൊരു ബിയര്‍. എനിക്ക്‌ കമ്പനി തരാനാണൊ എന്ന് നിശ്ചയമില്ല അയല്‍ക്കാരനും.

പോയ മദാമ്മ വീണ്ടും വന്നു രണ്ടു കയ്യിലും ഈ രണ്ടു പാട്ട ബിയറുമായി. രണ്ടെനിക്കും, രണ്ടെണ്ണമെന്റെ അയല്‍ക്കാരനും. ആ നിമിഷം ഞാന്‍ പ്രാര്‍ത്ഥിച്ചത്‌ ഈ ഫ്ലൈറ്റ്‌ നിലം പതിക്കാതിരുന്നെങ്കില്‍ എന്നതിന്നു പകരം ഈ ഫ്ലൈറ്റ്‌ യാത്ര നിലക്കാതിരുന്നെങ്കില്‍ എന്നായിരുന്നു!

എവിടെ ഇറങ്ങണം എന്ന ആലോചനക്കൊടുവിലും, തന്നിരുന്ന രണ്ടു ബിയറു തീരുന്നതിന്‌ മുന്‍പായും, ഞാന്‍ വീണ്ടും ബട്ടണ്‍ അമര്‍ത്തി.

ഇത്തവണ ചോദിക്കാതെ തന്നെ മദാമ്മ രണ്ട്‌ കയ്യിലും ഓരോ ബിയറുമായി വന്നു. പഴയ പുഞ്ചിരി ഇപ്പോഴും മുഖത്തുണ്ട്‌.

ഒരു ബിയറെനിക്കും, മറ്റേതെന്റെ അയല്‍ക്കാരനും നീട്ടി. അയല്‍ക്കാരന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. ഞാന്‍ നിരസിക്കുന്നതിന്നു മുന്‍പായി പറഞ്ഞു. ബിയറിന്നുവേണ്ടിയല്ല വിളിച്ചത്‌. എന്റെ ടിക്കറ്റ്‌ ഫ്രാങ്ക്ഫര്‍ട്ടിലേക്കാണ്‌, പക്ഷെ എനിക്ക്‌ പാരിസില്‍ ഇറങ്ങിയാല്‍ കൊള്ളാമെന്നുണ്ട്‌. പാരിസില്‍ എന്റെ ഒരു ബാഗ്‌ ഇറക്കികിട്ടിയാല്‍ വളരെ നല്ലതായിരുന്നു.

ഓക്കെ, താങ്കള്‍ക്ക്‌ വാലിഡ്‌ ഷെങ്ഗന്‍ വിസ ഉണ്ടല്ലോ അല്ലെ?

ഉവ്വല്ലോ?

എങ്കില്‍ ശരി ഞാന്‍ ഒരു ഫോം കൊണ്ടു വരാം അത്‌ ഫില്‍ ചെയ്ത്‌ തരൂ. താങ്കളുടെ ലഗേജ്‌ പാരിസില്‍ ഇറക്കുവാന്‍ റിക്വസ്റ്റ്‌ ചെയ്യാം എന്നും പറഞ്ഞ്‌ മദാമ്മ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും, ബുദ്ധിമുട്ടി കൊണ്ടുവന്നതല്ലേ എന്നു കരുതി, കയ്യിലിരുന്ന രണ്ടു ബിയറും ഞാന്‍ ചോദിച്ചു വാങ്ങി. മദാമ്മയുടെ പുഞ്ചിരി എന്തോ ഇത്തവണ അവരുടെ മുഖത്തുണ്ടായിരുന്നില്ല.

മദാമ്മ കൊണ്ടു വന്ന ഫോം ഞാന്‍ പൂരിപ്പിച്ചു നല്‍കി. അവര്‍ അതുമായി തിരിച്ചുപോയപ്പ്പോള്‍ ബിയര്‍ ക്യാനും, ഞാനും വീണ്ടും ഉമ്മവച്ചു കളിച്ചു.

മദാമ്മമാര്‍ അതാ ട്രോളിയുമായ്‌ വീണ്ടും ഗോദായില്‍ ഇറങ്ങിയിരിക്കുന്നു. ഉച്ചഭക്ഷണവുമായുള്ള വരവാണ്‌. വാച്ചില്‍ സമയം നോക്കി, വൈകുന്നേരം അഞ്ചു മണി.

ഇത്തവണ കാത്തു നില്‍ക്കാനൊന്നും നിന്നില്ല, ട്രേ വാങ്ങി, തുറന്നു. രാവിലെ കിട്ടിയതില്‍ നിന്നും വലിയ വിത്യാസമൊന്നുമില്ല. കുറച്ച്‌ സലാഡും, റൈസും കൂടുതലുണ്ടെന്നു മാത്രം. മൊത്തമായ്‌ കാലിയാക്കി. ക്യാനിലുണ്ടായിരുന്ന അവസാന തുള്ളി ബിയറും അകത്താക്കി. ട്രേ മദാമ്മക്ക്‌ കൈമാറി. വിശാലമായ ഒരു മയക്കത്തിലേക്ക്‌ വഴുതി വീണു.

പൈയലറ്റിന്റിന്റെ അനൗണ്‍സ്‌മന്റ്‌ കേട്ടപ്പോഴാണ്‌ പിന്നെ ഉണര്‍ന്നത്‌. ലോക്കല്‍ സമയം ഉച്ചക്ക്‌ മൂന്നു മണിയായെന്നും, ഇടത്‌ വശത്ത്‌ ജനലിലൂടെ കാണുന്നതാണ്‌ ആല്‍പ്സ്‌ പര്‍വ്വത നിരകളെന്നും, അര മണിക്കൂറിന്നകം ഫ്ലൈറ്റ്‌ പാരിസ്‌ എയര്‍പോര്‍ട്ടില്‍ ലാന്റു ചെയ്യുമെന്നും അദ്ദേഹം അനൗണ്‍സ്‌ ചെയ്തു.

വാഷ്‌ റൂമില്‍ പോയി മുഖം കഴുകി തുടച്ചു. ടൈ മുറുക്കി. തലമുടി ചീകി വച്ചു. തിരിച്ചു സീറ്റില്‍ വന്നിരുന്നു. മനസ്സ്‌ ആശങ്കാകുലമായിരുന്നു. എമിഗ്രേഷന്‍ കാര്‍ എന്നെ പാരിസ്‌ എയര്‍പോര്‍ട്ടില്‍ വച്ചു തന്നെ തിരിച്ചയക്കുമോ എന്ന ഒരു ശങ്ക. താഴ്‌ന്നു പറക്കുന്ന ഫ്ലൈറ്റിന്റെ ജാലകത്തിലൂടെ ഞാന്‍ പാരിസിലെ കെട്ടിടങ്ങളെ കണ്‍ നിറയെ നോക്കി കണ്ടു. ഒരു പക്ഷെ നേരില്‍ കാണാന്‍ സാധിച്ചില്ലെങ്കിലോ?

കൃത്യം 3.30 നു തന്നെ ഫ്ലൈറ്റ്‌ പാരിസ്‌ എയര്‍പോര്‍ട്ടില്‍ ലാന്റു ചെയ്തു. ഇറങ്ങാനുള്ള ആളുകളുടെ പിന്‍പെ ഞാനും നടന്നു.

ഫ്ലൈറ്റിറങ്ങി ഇമ്മിഗ്രേഷന്‍ കൗണ്ടറിലെ ക്യൂവില്‍ ഞാന്‍ നിന്നു. ദൈവമെ, വരിയില്‍ നില്‍ക്കുന്ന ഓരോ ആളും തമ്മിലുള്ള ഗ്യാപ്പ്‌ രണ്ട്‌ മീറ്ററോളം!. നാട്ടിലാണെങ്കില്‍ ഇരുപത്തഞ്ച്‌ പേരെങ്കിലും ആ ഗ്യാപ്പില്‍ ഇടിക്കാതെ തന്നെ കയറി നിന്നേനെ.

കൗണ്ടറിന്നടുത്തെത്തും തോറും ഹൃദയം പട പടാ മിടിക്കാന്‍ തുടങ്ങി. എന്റെ ഊഴമടുത്തു. ടൈ ഒന്നുകൂടെ മുറുക്കി തയ്യാറായി ഞാന്‍ നിന്നു.

എന്റെ ഊഴമായി. കൗണ്ടാറിലേക്ക്‌ ഞാന്‍ ചെന്നു. പാസ്പോര്‍ട്ട്‌ അകത്തേക്ക്‌ നല്‍കി. കൗണ്ടറിലിരിക്കുന്ന ഓഫീസര്‍ എന്റെ മുഖത്തേക്ക്‌ നോക്കി. ടിക്കറ്റ്‌ പ്ലീസ്‌. ഞാന്‍ ടിക്കറ്റ്‌ എടുത്തു നല്‍കി. യുവര്‍ ടിക്കറ്റ്‌ ഈസ്‌ അപ്റ്റു ഫ്രാങ്ക്ഫര്‍ട്ട്‌. വൈ യു ഗോട്‌ ഡൗണ്‍ പാരിസ്‌?

നോ, ഐ വാന്റ്‌ റ്റു സീ ദ സിറ്റി, ദാറ്റ്സ്‌ വൈ.

ഹൗ യു വില്‍ ഗോ ടു ഫ്രാങ്ക്ഫര്‍ട്ട്‌ ദെന്‍?

ഐ വില്‍ ഗോ ബൈ ട്രെയിന്‍.

ഓകെ. ആസ്‌ യു വിഷ്‌.

ടപ്പ്‌ ടപ്പ്‌. സ്റ്റാമ്പ്‌ എന്റെ പാസ്പോര്‍ട്ടിന്റെ നെഞ്ചില്‍ പതിഞ്ഞു. എന്റെ മനം കുളിര്‍ത്തു.

കൗണ്ടറിനപ്പുറത്തുകൂടെ എയര്‍പോര്‍ട്ടിന്നകത്തേക്ക്‌ കയറി ലഗേജ്‌ കളക്റ്റു ചെയ്യുന്ന സ്ഥലത്തെത്തി. ലഗേജ്‌ കളക്റ്റ്‌ ചെയ്യാനുള്ള കണ്‍ വെയര്‍ ബെല്‍റ്റില്‍ കണ്ണുകളൂന്നി ഞാന്‍ നിന്നു. എന്റെ ഫ്ലൈറ്റില്‍ വന്നവരുടെ ലഗേജുകള്‍ എടുത്ത്‌ അവര്‍ പോയി എന്നു മാത്രമല്ല, എന്റെ ഫ്ലൈറ്റ്‌ കഴിഞ്ഞ്‌ വന്ന ഫ്ലൈറ്റില്‍ വന്നവര്‍ പോലും അവനവന്റെ ലഗേജെടുത്ത്‌ പോയി. ഞാന്‍ മാത്രം അവിടെ തനിച്ചായി എന്നു പറയുകയാവും ഉത്തമം.

എന്തു ചെയ്യണം എന്നറിയാതെ പകച്ച്‌ നില്‍ക്കുമ്പോള്‍ അതാ, എന്റെ ബാഗ്‌ മന്ദം മന്ദം കണ്‍ വെയര്‍ ബെല്‍റ്റിലൂടെ ഒഴുകി വരുന്നു. ഇങ്ങോട്ട്‌ വരുന്നതു വരെ കാത്തു നില്‍ക്കാനുള്ള ക്ഷമയില്ലാതെ ഞാന്‍ അങ്ങോട്ട്‌ ചെന്ന് ബാഗെടുത്തു. ടൈ ഊരി ബാഗില്‍ ഇട്ടു. ബാഗെടുത്ത്‌ തോളത്തിട്ടു. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത്‌ കടന്ന് സ്വതന്ത്രമായി യൂറോപ്പിന്റെ മണ്ണില്‍ കാലു കുത്തി നിന്നിട്ടു വേണം ഭാവി പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കുള്ള ഡോര്‍ അന്വേഷിച്ച്‌ ഞാന്‍ ആ ഹാളില്‍ അങ്ങുമിങ്ങും മയക്കുവെടികൊണ്ട ആനയേ പോല്‍ നടന്നു. എങ്ങും ഒരു ഹാന്‍ഡില്‍ പോലും കാണ്മാനില്ല. വിശാലമായ ആ ഹാളില്‍ ഹാന്‍ഡില്‍ തപ്പി തപ്പി ഞാന്‍ തളര്‍ന്നു.

ദൈവമേ, ഇതെന്തു മറിമായം. എങ്ങിനെ ഞാന്‍ പുറത്തിറങ്ങും എന്നാലോചിച്ച്‌ ഒരു വേള ഞാന്‍ നിന്നു. അതാ ഡ്രിം......എന്നൊരു ശബ്ധം. എന്റെ പുറകില്‍ രണ്ടു ചില്ലു വാതിലുകള്‍ മെല്ലെ തുറക്കുന്നു.

പണ്ടാരം. ദില്ലിയില്‍ നിന്നു വന്നവനുണ്ടോ, സെന്‍സര്‍ ഉപയോഗിച്ചു തുറക്കുന്ന വാതിലുകളേ കുറിച്ചുള്ള അറിവ്‌? തുറന്ന വാതിലുകളിലൂടെ പെട്ടെന്നെങ്ങാനുമതടഞ്ഞാലോ എന്ന ശങ്കയാല്‍ എയര്‍പോര്‍ട്ടിന്റെ പുറത്തേക്ക്‌ ഞാന്‍ നടന്നു.

പുതുമയേറിയ, കേട്ടുപഴക്കമില്ലാത്ത, രുചിച്ചിട്ടില്ലാത്ത തരം ശുദ്ധമായ വായുവും ഗന്ദവും എന്റെ നാസാരന്ധ്രങ്ങളിലേക്കൊഴുകിയെത്തി. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശം. തവിട്ടും സ്വര്‍ണ്ണനിറവും ഇടകലര്‍ന്ന നിറമാര്‍ന്ന ഇലകളോടുകൂടിയ മരങ്ങള്‍ക്കൊപ്പം തന്നെ ഇലകൊഴിഞ്ഞ ചില മരങ്ങളും കാണായി.

എന്തായാലും ഞാന്‍ യൂറോപ്പിലെ മണ്ണില്‍ കാല്‍ കുത്തിയിരിക്കുന്നു. പുല്ല്ല് തിന്നായാലും ഈ മണ്ണിലെനിക്ക്‌ ജീവിക്കണം എന്ന ദൃഡ നിശ്ചയത്തോടെ, ഞാന്‍ മുന്നോട്ട്‌ നടന്നു.