Sunday, November 19, 2006

വെട്ടിക്കൂട്ട്‌

പ്രിഡിഗ്രി ഒന്നാം വര്‍ഷം പരീക്ഷയെല്ലാം കഴിഞ്ഞ അവധിക്കാലത്ത്‌, ഒരു ദിവസം വൈകുന്നേരം അമ്മ പറഞ്ഞു, ഡാ നാളെ വൈകുന്നേരം ഞാന്‍ കൊച്ചിയില്‍ അമ്മേടെ അടുത്തൊന്നു പോകുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ വരാം. നീ ഭക്ഷണം വല്ല ഹോട്ടലില്‍ നിന്നു കഴിച്ചോ.

നാളെ രാവിലെ നീ ആ ജോസിന്റെ ഇറച്ചിക്കടയില്‍ പോയി മോത്തിക്ക്‌ ഒരുകിലോ വെട്ടിക്കൂട്ട്‌ വാങ്ങി വാ. ഞാന്‍ അതു വേവിച്ച്‌ വക്കാം. പിന്നെ റേഷന്റെ പച്ചരിചോറും വച്ചു വക്കാം, മോത്തിക്ക്‌ മൂന്നു നേരോം ഭക്ഷണം കൊടുക്കാന്‍ മറക്കരുത്‌. പാവം മിണ്ടാ പ്രാണിയാ.

നേരം വെളുത്തു, പല്ലു തേപ്പ്‌, കുളി, തുടങ്ങിയ ദൈനംദിന പരിപാടികള്‍ കഴിഞ്ഞ്‌. പതിവുപോലെ, എട്ടു പത്ത്‌ ദോശ ചട്നിയില്‍ മുക്കി അകത്താക്കിയതിന്നു ശേഷം, പച്ചയില്‍, നീല കലര്‍ന്ന പ്ലാസിക്ക്‌ സഞ്ചി കാരിയറില്‍ വച്ച്‌, പൂച്ചക്കുളത്തുള്ള ജോസേട്ടന്റെ ഇറച്ചിക്കട ലക്ഷ്യമാക്കി എന്റെ സൈക്കിളില്‍ യാത്രയായി.

പോകുന്ന വഴിക്ക്‌ കച്ചേരിപാലം കലുങ്കുമ്മല്‍ വെറുതെ ഇരിക്കുകയായിരുന്ന സുഹൃത്തക്കളായ പ്രമോദ്‌, സുനില്‍, മുരളി, ബാബു എന്നിവരോട്‌ അമ്മ അമ്മയുടെ വീട്ടില്‍ പോകുകയാണെന്നും, ഉച്ചയോടു കൂടി വീട്ടില്‍ എത്തിയാല്‍ പന്നിമലത്ത്‌, റമ്മി തുടങ്ങിയ കലാമത്സരങ്ങള്‍ നടത്താം എന്നു പറഞ്ഞു.

ജോസേട്ടന്റെ കടയില്‍ പോയി, ഒരു കിലോ വെട്ടിക്കൂട്ട്‌ ഓര്‍ഡര്‍ തെയ്തു. പട്ടി പോലും കഴിക്കണോ, വേണ്ടയോ എന്ന് രണ്ടു തവണ ആലോചിക്കുന്ന തരത്തിലുള്ള വേസ്റ്റായ ഇറച്ചി കഷണങ്ങള്‍, കുടല്‍, തുടങ്ങിയ ഭാഗങ്ങളും, ആര്‍ക്കും വേണ്ടാത്ത നെയ്യും പൊതിഞ്ഞ്‌ ഒരൊന്നരകിലോവോളം വെട്ടിക്കൂട്ട്‌ ജോസേട്ടന്‍ എനിക്കു കൈമാറി. ഒരുകിലോവിന്റെ കാശ്‌ വാങ്ങി, അരകിലോ വെട്ടിക്കൂട്ട്‌ ഫ്രീയായി നല്‍കി, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചേലൂര്‍ ഇടവകയിലെ ഒരേ ഒരു വിശ്വാസി ജോസേട്ടന്‍ മാത്രം. നല്ല ഇറച്ചി ഒരു കിലോ പറഞ്ഞാല്‍ തൊള്ളായിരിമേ തരൂ. വെട്ടിക്കൂട്ടിന്റെ കാര്യത്തില്‍ പിശുക്ക്‌ തീരെ ഇല്ല, അല്ലെങ്കില്‍ ഉച്ചയാവുമ്പോള്‍ വേസ്റ്റ്‌ കുഴിച്ചു മൂടാന്‍ കുഴി നല്ല ആഴത്തില്‍ വെട്ടേണ്ടെ.

വെട്ടിക്കൂട്ട്‌ സഞ്ചിയില്‍ നിക്ഷേപിച്ച്‌, ഹാന്‍ഡിലില്‍ ഞാത്തി, അടുത്തുള്ള ചാക്കോവിന്റെ കടയില്‍ നിന്നും ഒരു വലിയ പാക്കറ്റ്‌ മോഡേണ്‍ ബ്രഡും വാങ്ങി ഞാന്‍ വീട്ടിലേക്ക്‌ തിരിച്ചു. അമ്മ വീട്ടിലില്ലെങ്കില്‍, മിക്കവാറും, എന്റെ ഭക്ഷണം, മുട്ടയില്‍ മൊക്കി പൊരിച്ച ബ്രെഡ്ഡ്‌ ആയിരിക്കും. അതാവുമ്പോള്‍, അമ്മ തരുന്ന ബത്ത മറ്റു എക്റ്റ്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസിനുപയോഗിക്കാമല്ലോ?


മഞ്ഞ പൊടിയും, ഉപ്പുമിട്ട്‌ വേവിച്ച വെട്ടിക്കൂട്ടിന്റെ പാത്രവും, മോത്തിക്ക്‌ വച്ച ചോറും സ്റ്റോര്‍ മുറിയുടെ മൂലക്ക്‌ അമ്മ എടുത്തു വച്ചു.

എനിക്കുള്ള ബത്തയായി നൂറു രൂപയും നല്‍കി അമ്മ കൊച്ചിക്ക്‌ യാത്രയായി.

അമ്മ പോയി അരമണിക്കൂറിന്നകം, സുനിലും, ബാബുവും, മുരളിയും, പ്രമോദും വീട്ടില്‍ എത്തി ചേര്‍ന്നു.

വീട്ടില്‍ എത്തി രണ്ട്‌ റൗണ്ട്‌ റമ്മി കളിച്ചു കഴിഞ്ഞപ്പോഴേക്കും, അവന്മാരുടെ ഒരു ചോദ്യം. എന്താടാ ഇവിടെ കഴിക്കാന്‍ ഒന്നുമില്ലെ?

ഇല്ലടാ, വേണമെങ്കില്‍ നമുക്ക്‌ ബ്രെഡ്‌ കോഴിമുട്ടയില്‍ മുക്കി പൊരിക്കാം.

ബ്രെഡെങ്കില്‍ ബ്രെഡ്‌, നാലുപേരും ഓസിന്നു ഞണ്ണാന്‍ തയ്യാര്‍.

ബ്രെഡ്‌ പൊരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, മുട്ടയെടുക്കാന്‍ അരിക്കലത്തില്‍ എത്ര തപ്പിയിട്ടും, അരിയല്ലാതെ മുട്ട തടയാതിരുന്നപ്പോള്‍, മുട്ട കഴിഞ്ഞ കാര്യം എനിക്കോര്‍മ്മ വന്നു.

നിങ്ങള്‍ ഇരിക്ക്‌ ഞാന്‍ പോയിട്ട്‌ റോസില്യേച്ചീടെ വീട്ടില്‍ നിന്നും കോഴി മുട്ട വാങ്ങിയിട്ട്‌ ഉടനെ വരാം.

റോസില്യേച്ച്യേ, ആറു കോഴിമുട്ട വേണം. പശൂനെ കുളിപ്പിക്കുകയായിരുന്ന റോസില്യേച്ചിയോട്‌ ഞാന്‍ വന്ന കാര്യം അവതരിപ്പിച്ചു.

നീ അവിടെ ആ തിണ്ണേമ്മെ ഇരിക്കട ചെക്കാ, എന്റെ കാലേലപ്പടി ചേറാ, ഞാന്‍ ഈ പശൂനെ കുളിപ്പിച്ചട്ട്‌ എടുത്തു തരാം.

ആനയെ കുളിപ്പിക്കാന്‍ എടുക്കുന്ന സമയം എടുത്തു റോസില്യേച്ചി പശുവിനെ കുളിപ്പിക്കാന്‍. ദൈവമേ, കാലമാടന്മാര്‍ വീടു കുട്ടിച്ചോറാക്കിയിട്ടുണ്ടാകുമല്ലോ,എന്നു ചിന്തിച്ചുകൊണ്ട്‌ കോഴിമുട്ടയുമായി ഞാന്‍ വേഗം വീട്ടിലേക്ക്‌ നടന്നു.

മോത്തിയുടെ ആര്‍ത്തി പിടിച്ച കരച്ചിലും, കുരയും, ദൂരേക്ക്‌ തന്നെ കേള്‍ക്കുന്നുണ്ടായിരുന്നു. വെട്ടിക്കൂട്ടിന്റെ മണം പിടിച്ചിട്ടായിരിക്കും.

ചുരുങ്ങിയ പക്ഷം അവന്മാരുടെ കയ്യില്‍ നിന്നും ഒരു തെറിവിളിയെങ്കിലും പ്രതീക്ഷിച്ച്‌ വീട്ടിലേക്ക്‌ കയറിയ എന്നെ പുഞ്ചിരിയോടെ നാലുപേരും സ്വാഗതം ചെയ്യുന്നതുകണ്ടപ്പ്പോള്‍, അവന്മാര്‍ എന്തോ തരികിട ഒപ്പിച്ചിട്ടുണ്ടെന്ന് എനിക്ക്‌ മനസ്സിലായി.

ദാ മുട്ട കിട്ടി, വാ ബ്രെഡ്‌ പൊരിക്കാം, നാലു പേരോടുമായി ഞാന്‍ പറഞ്ഞു.

ഓഹ്‌, ഞങ്ങള്‍ക്ക്‌ വിശപ്പില്ല. നീ വേണമെങ്കില്‍ കഴിച്ചോ.

ഏയ്‌, നിങ്ങള്‍ക്ക്‌ വിശക്കുന്നു എന്നു പറഞ്ഞതു കാരണമല്ലെ, ഞാന്‍ മുട്ട വാങ്ങാന്‍ പോയത്‌?

അതൊക്കെ ശരി തന്നെ. പക്ഷെ നീയൊക്കെ ഇനി എന്നാ കുക്കിങ്ങ്‌ പഠിക്കുക എന്ന മറുചോദ്യമാണ്‌ അവര്‍ നാലുപേരും ഉന്നയിച്ചത്‌.

അല്ലാ, എന്താ ഇപ്പോ അങ്ങനെ ചോദിക്കാന്‍ കാരണം?

അതല്ല, ഇറച്ചി കറിയില്‍, മല്ല്യേം, മുളകും, ഒന്നും ഉണ്ടായിരുന്നില്ല അതാ പറഞ്ഞത്‌. കള്ളന്‍, ഞങ്ങളെ കണ്ടപ്പോള്‍ ഇറച്ചിക്കറി പാത്രം സ്റ്റോര്‍ മുറിയില്‍ കൊണ്ട്‌ പോയി ഒളിപ്പിച്ചു അല്ലെ? ഞങ്ങള്‍ക്ക്‌ നായേടെ മൂക്കാണ്ട മോനെ. ഞങ്ങള്‍ അതു മണത്തു കണ്ടുപിടിച്ചു. ചോറും ഒളിപ്പിച്ചു അല്ലെ? ഞങ്ങള്‍ മൂക്കു മുട്ടെ ചോറും, ഇറച്ചി കറിയും, ബ്രെഡും കഴിച്ചു. നിനക്ക്‌ നാലു കഷണം ബാക്കി വച്ചിട്ടുണ്ട്‌. വേണേല്‍ പോയി കഴിച്ചോ.

വെട്ടിക്കൂട്ടു കഴിക്കാന്‍ യോഗമില്ലാതായി പോയ മോത്തിയോ പാവം, അതോ മോത്തിയുടെ വെട്ടിക്കൂട്ട്‌ കഴിച്ച ഇവരോ പാവങ്ങള്‍ എന്നറിയാതെ പുറത്തേക്ക്‌ വന്ന പൊട്ടിച്ചിരി അടക്കിപിടിച്ച്‌ ഞാന്‍ നിന്നു.

49 comments:

കുറുമാന്‍ said...

വെട്ടിക്കൂട്ട്‌

യൂറോപ്പ് പാര്‍ട്ട് - 4 എഴുതിതീര്‍ക്കുന്നതിന്റെ ഗ്യാപ്പില്‍ ഒരു ചെറിയ പോസ്റ്റ്.

ഈ പോസ്റ്റിന്നു കടപ്പാട്, ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ച , നിര്‍ബന്ധിച്ച വിശാലനു മാത്രം.

അതുല്യ said...

എനിക്ക്‌ നിര്‍ബ്ബന്ധം.. തേങ്ങ ഞാന്‍ തന്നെ.... പ്രോബളംസ്‌ ഓഫ്‌ ഹാച്ചിങ്ഗ്‌ എഗ്സ്‌ യൂ നോ...

Sul | സുല്‍ said...

വെട്ടിക്കൂട്ടൊരു തട്ടിക്കൂട്ടാണെന്നു കരുതി വായിച്ചു വന്നപ്പോളൊരു ഇടിവെട്ട്.

അതുല്യയുടെ തേങ്ങ ഉടഞ്ഞില്ല. ഉടയുന്നതു കേട്ടോ
ഠേ.......

കേട്ടോ ചെവി പൊന്നായില്ലെ.

-സുല്‍

അതുല്യ said...

സുല്‍ അങ്കിള്‍... കോള്‍ മീ ചേച്ചീ പ്ലീസ്‌...

കുട്ടന്മേനൊന്‍::KM said...

ഈ വെട്ടിക്കുട്ട് വെടിക്കെട്ടായിട്ടുണ്ട് കുറുജീ..

ikkaas|ഇക്കാസ് said...

എന്റെ കുറൂമാനിക്കാ...
ഇത്തവണ ശരിക്കും ചിരിച്ചു..
പട്ടീടെ കറീം ചോറും തിന്നട്ട് വീരവാദം പറഞ്ഞ അവമ്മാരെയോര്‍ത്തിട്ട് ഇപ്പൊഴും മുഖത്ത്ന്ന് ചിരി മായണില്ല..
താങ്ക്സ്

തണുപ്പന്‍ said...

കലക്കന്‍ കുറുഗുരോ...ചിരിച്ച് ചിരിച്ച്,അയ്യോ എന്നേകൊണ്ട് വയ്യ !

വിശാല മനസ്കന്‍ said...

ഹഹഹ..

കുറുവേ, കലക്കിപ്പൊളിച്ചടക്കീ ഷ്ടാ.

യൂറോപ്പ് ടൂറ് എഴുതി എഴുതി അങ്ങനെയിപ്പോ വല്ലാണ്ട് സീരിയസായാല്‍ നമ്മുടെ സങ്കുചിതന്റെ പോലെ സീരിയസ്സ് എഴുത്തുകാരനായി പോയെങ്കിലോ എന്നോര്‍ത്തും ബ്ലോഗര്‍ക്ക് ചിരിക്കാനുള്ള ചാന്‍സ് മിസ്സാവരുത് എന്നും വിചാരിച്ചുമാണ് കുറുമാനെ ഈ ട്രാക്കില്‍ എഴുതാന്‍ നിര്‍ബന്ധിച്ചത്!

കടപ്പാട് വേറേ ആര്‍ക്കുമല്ല, മഞ്ഞുമല കുറു വിന് മാത്രം!

മുരളി വാളൂര്‍ said...

കുറുകുക്കുറൂ....
അതു കിടിലനായി കെട്ടോ, മോത്തിയുടെ കാര്യം തന്നെ കഷ്ടം. അത്‌ പട്ടിക്കുവച്ചതാണെന്ന്‌ പറഞ്ഞപ്പോ അവരുടെ മുഖത്തു വിരിഞ്ഞ നവരസങ്ങള്‍ കൂടെ ഒന്നു പറയേണ്ടതായിരുന്നു.....സംഭവം കലക്കീട്ടോ....

കലേഷ്‌ കുമാര്‍ said...

ഗുരോ, കിടിലന്‍!
ചിരിച്ച് ചിരിച്ച് വശക്കേടായി!

കുറൂമേന്നേ കൊണ്ട് ഇതെഴുതിച്ച വിശാലന് നന്ദി!

ഇനി ജയന്‍ സ്റ്റൈലില്‍ - ബൈ ദ ബൈ, ആ യൂറോപ്യന്‍ പര്യടനം എന്തായീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ?

ഇടിവാള്‍ said...

haha kuru.. "വെട്ടിക്കൂട്ട്‌" ugran kettO !

മുരളി വാളൂര്‍ said...

ഓടോ. ഇടിവാളേ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു ഈ കമന്റിനുമാത്രമായി വരുന്നതിന്‌. കിടിലന്‍ പോസ്റ്റുകളിട്ട്‌ ചുമ്മാ കൊതിപ്പിച്ചിട്ട്‌...വനവാസം മതിയാക്കൂ, തിരിച്ചുവരൂ....

മുസാഫിര്‍ said...

അങ്ങിനെ മോത്തിക്ക് വച്ചതു ദോസ്തുക്കള്‍ കൊണ്ടു പോയി അല്ലെ.ആരും കൈ വായിലിട്ടു ശര്‍ദ്ദിചില്ലേ ?

വേണു venu said...

ഞങ്ങള്‍ക്ക്‌ നായേടെ മൂക്കാണ്ട മോനെ. ഞങ്ങള്‍ അതു മണത്തു കണ്ടുപിടിച്ചു.
മൂക്കു് മാത്രമല്ലേ......
രസിച്ചിരിക്കുന്നു.

അഗ്രജന്‍ said...

ഹഹഹഹ

അത് കലക്കി കുറുജീ :)

...ന്നാലും കൂട്ടുകാര്‍ ആള്‍ക്കരു ഡീസെന്‍റാണ് കേട്ട... കുറുജിക്കും ഒരോഹരി അവര്‍ മാറ്റിവെച്ചല്ലോ :)

ദില്‍ബാസുരന്‍ said...

കൂറുജീ (ഗുരുജീ),

സൂപ്പര്‍ പോസ്റ്റ്. വെട്ടിക്കൂട്ട് അല്‍പ്പം മസാലയിട്ടാല്‍ ചെലപ്പൊ ഞെരിപ്പനാവില്ലെന്ന് ആര് കണ്ടു.ഞാനെന്തായാലും ഈ മണ്ഡലക്കാലം മുതല്‍ വെജ്ജായി.(ഉവ്വ് മോനേ... നീയല്ലേ വെജ്ജാവുന്നത്). വെട്ടിക്കൂട്ടോ..ഹൈ.. ഹൈ.. ശിവ ശിവ!

ഓടോ:മോത്തിയാളൊരു പുലിയായിരുന്നല്ലേ?

പട്ടേരി l Patteri said...

ഹ ഹ ഹ
പിന്നീട് ഇതവരോട് പറഞ്ഞോ...?
(പാര്‍ട്ട് 4 ????)

ഏറനാടന്‍ said...

കിടിലന്‍ കഥ കുറുജീ...

ദിവ (diva) said...

Kuruji (sorry for using English)

I really liked this post. Really funny

:-)

സഹൃദയന്‍ said...

:-D

ഖാദര്‍ (പ്രയാണം) said...

എന്നാലും കൂട്ടുകാരേക്കൊണ്ട് വെട്ടിക്കൂട്ട് തീറ്റിച്ചത് കടുപ്പമായി.
വിശാല്‍ജി ‘കീരിക്കാടനി’ല്‍ മെന്‍ഷന്‍ ചൈയ്ത ‘വെട്ടിക്കൂട്ടെ‘ന്താണറിയാനുള്ള ക്യൂരിയോസിറ്റി മാറിക്കിട്ടി
ഏസ് യൂഷുവല്‍ ഇതും അടിപൊളി

viswaprabha വിശ്വപ്രഭ said...

വെട്ടിക്കൂട്ടാണെന്നു ഹെഡ്ഡിങ്ങ് വെച്ചിട്ട് നല്ല ‘കൊറു’ പീസാണല്ലോ വിളമ്പിവെച്ചിരിക്കുന്നത് കുറുമാനേ!

എന്തായാലും ജൂലിയ്ക്കു കിട്ടുന്നതിനുമുന്‍പ് ഞങ്ങള്‍ക്കു ഞണ്ണാന്‍ പറ്റി! ഭാഗ്യം!

saptavarnangal said...

കുറുമാ,
കൊള്ളാം.

വെട്ടിക്കൂട്ട് വായിച്ചപ്പോള്‍ പഴയ ഒരൂ ഹോസ്റ്റല്‍ കഥ ഓര്‍മ്മയില്‍ വന്നു.

ഹോട്ടലില്‍ നിന്ന് പൊറോട്ടാ- ബീഫ് ഫ്രൈ മേടിച്ചു കൊണ്ടുവന്നതു മെസ്സ് ഹാളിലിരുന്നു അടിച്ചു വിടുകയായിരുന്നു. അപ്പോഴാണ് പവര്‍ കട്ട്, ഭക്ഷണം കഴിക്കുന്ന സമയത്തു കട്ട് വന്നിട്ടും മെഴുകു തിരി തെളിക്കാന്‍ മടിപിടിച്ച് പൊറോട്ടയും ബീഫും അടിച്ചുകയറ്റല്‍ തുടര്‍ന്നു. അപ്പോഴാണ് വേറൊരു സുഹൃത്ത് മെസ്സ് ഹാളില്‍ വന്ന്, ഞങ്ങളുടെ കൂടെ കൂടിയത്. ഫുഡ് അടി കഴിഞ്ഞ് പുള്ളികാരന്റെ കമന്റ് : പൊറോട്ട കൊള്ളം, പക്ഷേ ബീഫിനു മസാല പോരാ, പിന്നെ കുറേ വേസ്റ്റ് പീസാ!

കറണ്ട് വന്നു നോക്കിയപ്പോള്‍ പാത്രത്തിനെ സൈഡില്‍ കടിച്ചു പറച്ചു വെച്ചിരുന്ന വേസ്റ്റ് കൂടിയ കഷ്ണങ്ങള്‍ (പിന്നെ വിശപ്പു മാറി, കണ്ണു തുറന്ന് കിട്ടുമ്പോള്‍ ക്ലീന്‍ ചെയ്യാന്‍ മാറ്റി വെക്കുന്നതു)ഒന്നും കാണാനില്ല!

ഒരു പുതിയ പേരു കൂടി വീണു : ‘ചവ് ബിജു‘!

വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ പാഞ്ഞു വരുന്ന കൂട്ടുകാരുടെ ചിത്രം പിന്നെയും പല ഓര്‍മ്മകളും ഉണര്‍ത്തുന്നു. വീട്ടുകാരന് മരണ വേദനയും ബാക്കിയുള്ളവര്‍ക്ക് വീണ വായനയുമായിരിക്കും മിക്കപ്പോഴും! ;) കറണ്ടിന്റെ കാര്യമാണേ, വിശ്വസ്സിക്കാന്‍ മേല , എപ്പോള്‍ വരും പോകും എന്നൊക്കെ!

സു | Su said...

ഞാന്‍ ഇനി കുറുമാന്റെ വീട്ടില്‍ വന്നാല്‍ വെറുതെ, കുറുമാന്‍ എന്തെങ്കിലും തിന്നാന്‍ തരുന്നതുവരെ ഇരിക്ക്യേ ഉള്ളൂ. വിശപ്പ് മാറ്റാന്നു വിചാരിച്ച് എന്തെങ്കിലും കഴിച്ചാല്‍, അത് ഞാന്‍ ചെടിയ്ക്കൊക്കെ തളിക്കാന്‍ കീടനാശിനി കലക്കിവെച്ചതായിരുന്നു എന്ന് പറഞ്ഞാല്‍ കേള്‍ക്കാന്‍ പിന്നെ ഞാന്‍ ഇല്ലെങ്കിലോ? ;)

സ്വാര്‍ത്ഥന്‍ said...

കുറുജീ,
രസിച്ചു, നല്ലോണം :)

കരീം മാഷ്‌ said...

വെട്ടിക്കൂട്ടാണ് അവര്‍ ഉരുട്ടിക്കേറ്റിയതെന്നു പറയാതിരുന്നതു നന്നായി, അല്ലങ്കില്‍ ഉരുട്ടിക്കേറി അവര്‍ വാളുവെച്ചതും കൂടി ക്ലീനാക്കേണ്ടി വന്നേനെ!

ഇത്തിരിവെട്ടം|Ithiri said...

കുറുജീ ഇതും അലക്കന്‍... പുട്ടിലെ തേങ്ങപോലെ, സദ്യക്കിടയിലെ അച്ചാറ് പോലെ തുടരലിനിടയില്‍ ഇത്തരം ഞെരിപ്പന്‍ ഐറ്റംസ് പോരട്ടേ...

Raghavan P K said...

വെട്ടിക്കൂട്ട്‌ - അങ്ങിനെ പട്ടിക്കൂട്ട് - ദൈവമേ രക്ഷിക്കണേ!

Anonymous said...

കുറുമാന്‍ മൊട്ട വാങ്ങാന്‍ പോയപ്പഴേ ഞാന്‍ ഉദ്ദേശിച്ചു..

ഹഹഹ ചിരിച്ചൂട്ടോ.. അടിപൊളി, കിടിലന്‍..
യുറോപ്പ് 4 നായി കാത്തിരിക്കുന്നു.

തറവാടി said...

കുറുമാനേ ,
ഇത് കലക്കീട്ടോ!!

പാര്‍വതി said...

എന്നിട്ട് വിശ്വസ്ഥന്മാരായ കൂട്ടുകാരോട് അത് പറഞ്ഞില്ലേ,കൂട്ടുകാരും നല്ല ടീംസ് ആണല്ലോ എന്തൊരു വിശ്വാസം..

:-))

-പാര്‍വതി.

മിന്നാമിനുങ്ങ്‌ said...

കുറുമേട്ടാ,കലക്കീ ട്ടൊ
മോത്തി പട്ടിണി കിടന്നാലും കൂട്ടുകാരുടെ വിശപ്പുമാറ്റാന്‍ കഴിഞ്ഞല്ലൊ,അതു നന്നായി

Anonymous said...

ഹൊ!കുറുമാന്‍ ചേട്ടന്റെ പോലെ ആളുകളുണ്ടെന്ന് ഞാന്‍ സിനിമായിലേ കണ്ടിട്ടുള്ളൂ.യൂറോപ്പ് കഥകള്‍ വാ‍യിച്ചിട്ട് ഹൊ! പണ്ടൊക്കെ കുറുമാന്‍ ചേട്ടന് ഒരു സുരേഷ്ഗോപി ഇമേജായിരുന്നു മനസ്സില്‍,യൂറോപ്പ് വായിച്ചിട്ട് ഒരു ദാവൂദ് ഇമേജ് :). ആരേം പേടിയില്ലേ? സത്യം പറ, പാറ്റേനേം പല്ലീനേം എങ്കിലും പേടിയുണ്ടൊ?

Adithyan said...

പൊന്നു മച്ചാനേ നമിച്ചു. :)

സൂച്ചേച്ചി പറഞ്ഞ പോലെ വീട്ടില്‍ വന്നാല്‍ പച്ചവെള്ളം പോലും സ്വയം എടുത്തു കുടിക്കുന്നതല്ല. എന്തിനാ വെറുതെ ബ്ലോഗില്‍ പടം വരുത്തുന്നെ?

അതുല്യ said...

ഇഞ്ചീ സ്വാഗതം പിന്നേം.

Anonymous said...

എന്നിട്ടവരോട് പറഞ്ഞോ? അതിനുശേഷമുള്ള കാര്യം കമന്റായിട്ടെങ്കിലും ചേര്‍ത്തൂടേ?

അരവിന്ദ് :: aravind said...

ഹിഹിഹി...
വെടിക്കൂട്ട് കൊള്ളാം കുറുജീ....

പക്ഷേ ബ്രെഡ് വാങ്ങ്യപ്പോഴേ സംഗതി ഊഹിച്ചു കേട്ടോ.പക്ഷേ കുറൂജി വെടിക്കൂട്ടടിക്കും എന്നാ കരുത്യേ.
സത്യം പറ അതല്ലേ ഇങ്ങനെ വളച്ചൊടിച്ച് എഴുതിയത് ? ;-))

ബിന്ദു said...

ബെസ്റ്റ് കൂട്ടുകാര്‍!:)പാവം മോത്തി.

Siju | സിജു said...

ബാക്കി വന്ന നാലു കഷണം ആരു കഴിച്ചു..
കുറുമാന്‍ ചേട്ടനോ അതൊ മോത്തിയോ

പൊതുവാള് said...

ഏതായാലും കുറുമാനും കൊള്ളാം കൂട്ടു കുറുക്കന്മാരും കൊള്ളാം.വെട്ടിക്കൂട്ടാകുമ്പോള്‍ വെന്തിരുന്നില്ലെങ്കിലും തിന്നേനെ കൂട്ടുകാര്‍. ഇക്കഥയമ്മയറിഞ്ഞപ്പോള്‍ എന്തു ഭൂകംബമാണുണ്ടായത്‌ എന്നും കൂടി അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു.

അനംഗാരി said...

ഈ തട്ടിക്കൂട്ട് സാധനത്തിന് ഒരു പ്രതികരണമിടാന്‍ ഇന്നലെ മുതല്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു.
കുറുമാന്‍ അവരെ മന:പൂര്‍വ്വം തീറ്റിക്കാന്‍ ശ്രമിച്ചതായിരുന്നു എന്ന് ഒരു ആരോപണമുണ്ടല്ലോ?
കൂട്ട്‌കാരോട് ഈ ചതി ശരിയായില്ല.
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്നാണ് പ്രമാണം.ഇതിപ്പോ ചങ്ങാതിയെ...

ഓ:ടോ:ഓര്‍മ്മകുറിപ്പ് നന്നായിട്ടുണ്ട്.എങ്കിലും ഒരു കുറുമാന്‍ ടച്ച് എവിടെയോ നഷ്ടപ്പെട്ടതുപോലെ.

Karthu said...

Kurumanjii.... oru sadya(europe 4) kaathirunnavarkku ... upperi maathram kittiya avastha...

Pakshe upperi gambherayirikkanu... kollam


Shedaa pillere... ningalkkokke evidunna malayalam kittiye.. enikku koodi paranju thaa..

കുറുമാന്‍ said...

വെട്ടിക്കൂട്ട് വായിച്ച് അഭിപ്രായങ്ങള്‍ രേഖപെടുത്തിയ എല്ലാവര്‍ക്കും എന്റെ നന്ദി.

അതുല്യ,
കുട്ടമ്മേനോന്‍
ഇക്കാസ്,
തണുപ്പന്‍
വിശാലമനസ്കന്റ്
മുരളി വാളൂര്‍
കലേഷ്
ഇടിവാള്‍
മുസാഫിര്‍
വേണു
അഗ്രജന്‍
ദില്‍ബാസുരന്‍
പട്ടേരി
ഏറനാടന്‍
ദിവാസ്വപ്നം
സഹൃദയന്‍
പ്രയാണം
വിശ്വപ്രഭ
സപ്തവര്‍ണ്ണങ്ങള്‍
സു
സ്വാര്‍ത്ഥന്‍
കരീം മാഷ്
ഇത്തിരിവെട്ടം
രാഘവന്‍
പുഴയോരം
തറവാടി
പാര്‍വ്വതി
മിന്നാമിനുങ്ങ്
ഇഞ്ചി പെണ്ണ്
ആദിത്യന്‍
ആര്‍ പി
അരവിന്ദ്
ബിന്ദു
സിജു
പൊതുവാളന്‍
അനംഗാരി
കാര്‍ത്തു

എല്ലാവര്‍ക്കും എന്റെ നന്ദി

Vempally|വെമ്പള്ളി said...

മഞ്ഞുമല കുറൂ,
മൊത്തിയുടെ ചവ്വ്(വെട്ടിക്കൂട്ടിനു ഞങ്ങളങ്ങനെയാണു പറയുക) അടിച്ചുമാറ്റിയ നമ്മുടെ പ്രിയ സുഹ്രുത്തുക്കളെ ഓര്‍ത്തിട്ടു ചിരിയടക്കാന്‍ കഴിയുന്നില്ല. വീണ്ടും ഗോളടിച്ചിരിക്കുന്നു

Vempally|വെമ്പള്ളി said...

അല്ല ഈ ഇഞ്ചിപ്പെണ്ണെവിടാ എഴുതുന്നത്?

മഴത്തുള്ളി said...

ഹൊ ഈ വെട്ടിക്കൂട്ട് ഇന്നാ വായിക്കാന്‍ പറ്റിയത്.

എന്നാലും കൂട്ടുകാര്‍ കൊള്ളാം. മോത്തിക്കു സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ തന്റെ വെട്ടിക്കുട്ട് ചോദിക്കാതെ എടുത്തുകഴിച്ച സുഹൃത്തുക്കളോട് ഒരു പങ്ക് എങ്കിലും ചോദിച്ച് വാങ്ങിയേനെ. അതിനു കുരക്കാനല്ലേ കഴിയൂ. ;)

സൂര്യോദയം said...

ഇതും വായിയ്ക്കാന്‍ വൈകിപ്പോയി. ഉഗ്രനായിട്ടുണ്ട്‌ കുറുമാന്‍ ജീ... കൂട്ടുകാരെ പരിചയപ്പെടുത്തിയപ്പൊഴെക്ക്‌ ഞാനൂഹിച്ചു ഈ വെട്ടിക്കൂട്ട്‌ അവര്‍ക്കുള്ളതുതന്നെ എന്ന് :-)

Sunshine said...

കൂട്ടുകാര്‍ വന്നപ്പോഴേ തോന്നി മോത്തി പട്ടിണിയാകുമെന്ന് :)

അവരോട് സത്യം പറഞ്ഞോ? എന്തായിരുന്നു പ്രതികരണം?

ജിക്കുമോന്‍ - Thattukadablog.com said...

എവിടെയോ വെച്ച കോഴീന്റെ മണം :-))))