Wednesday, August 01, 2007

വഴിതെറ്റിയ പ്രണയം

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിലെ ഒരു നവംബര്‍ മാസം, ദില്ലിയില്‍ തണുപ്പ് തുടങ്ങികഴിഞ്ഞിട്ട് ആഴ്ചകള്‍ കുറച്ചായി. ഓഫീസ് സംബന്ധമായ ജോലി കഴിഞ്ഞ്, കൈലാഷ് കോളണിയില്‍ നിന്നും സുന്ദര്‍ നഗറിലുള്ള ഓഫീസിലേക്ക് സൂര്യകിരണത്തിന്റെ ചൂടാസ്വദിച്ചുകൊണ്ട് എന്റെ യെസ്ഡി റോഡ് കിങ്ങില്‍ യാത്രചെയ്യുന്നതിനിടെ, സമയം ഏതാണ്ട് ഒന്നര,ഒന്നേമുക്കാല്‍ കഴിഞ്ഞിരുന്നതിനാല്‍ വിശപ്പിന്റെ വിളി സഹിക്കാന്‍ വയ്യാതായപ്പോള്‍, ഡിഫന്‍സ് കോളനിയില്‍ റോഡരികിലുള്ള ഒരു ഫാസ്റ്റ് ഫുഡ് സെന്ററില്‍, വണ്ടി സ്റ്റാന്റില്‍ കയറ്റുകയും, ചോറിന് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. ചോറിന്റെ കൂടെ തന്നെ വട്ടത്തില്‍ അരിഞ്ഞ ഉള്ളിയും മൂളിയും പച്ചമുളകുമായി രാജമ്മയും വന്നു. അല്പം ഇരുണ്ടനിറത്തിലാണെങ്കിലും, നല്ല അഴകൊഴമ്പന്‍ രാജമ്മയുടെ കൂടെ ചോറുണ്ണാന്‍ തുടങ്ങിയപ്പോഴാണ് ഈ അത്യാഹിതത്തിന്റെ തുടക്കം.

എക്സ്ക്യുസ് മി. എന്റെ കാതിന്റെ പിന്‍പിലായി ഒരു കിളിശബ്ദം കേട്ടു.

കേള്‍ക്കാത്ത പോലെ, ഒരു സ്പൂണ്‍ ചോറ് കൂടി വായിലേക്കിട്ട് എരിവുള്ള പച്ചമുളകൊരെണ്ണം കടിച്ചു. ശ്.സ്....എന്ന ശബ്ദമുണ്ടാക്കി ശബ്ദത്തിന്റെ ഉറവിടത്തിനു നേരെ തല തിരിച്ചു നോക്കി. ഒരു കോമളാങ്കി.

യെസ് പ്ലീസ്.

യേ ചാര്‍സൌ പച്ചീസ് കഹാം തക് ജായേഗാ? അവളുടെ സംസാരത്തില്‍ അല്പം പരിഭ്രമം കലര്‍ന്നിരുന്നു.

എണ്ണപുരട്ടി പകുത്ത് ചീകി വച്ചിരിക്കുന്ന മുടിയും, മുഖത്ത് കിനിഞ്ഞിറങ്ങിയ എണ്ണയും കണ്ടാല്‍ തന്നെ അറിയാം, പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ, ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നാണെന്ന്.

നാന്നൂറ്റി ഇരുപത്തഞ്ച്, ലാല്‍കില അഥവാ റെഡ്ഫോര്‍ട്ട് വരെ പോവും, എന്താ പ്രശ്നം?

ഹാവൂ! മലയാളിയാണല്ലെ? അവളുടെ ശബ്ദത്തില്‍ ഒരു കുളിര്‍മ്മ പടര്‍ന്നിരുന്നു.

എന്നെകണ്ടാല്‍ സായിപ്പിനെ പോലെ തോന്നില്ല്യേന്ന് ചോദിക്കാന്‍ വന്ന നാവിനെ കടിഞ്ഞാണിട്ട് നിറുത്തിയത്, അവളുടെ ശബ്ദത്തിലുണ്ടായിരുന്ന പരിഭ്രമം മൂലമായിരുന്നു.

അതേ, എന്റെ കസിന്‍ സിസ്റ്ററിന്നു ഡിഫന്‍സ് കോളനിയില്‍ ഒരു ഇന്റവ്യൂ ഉണ്ടായിരുന്നേ, അതിനുവേണ്ടി ഞാനും അവളും കൂടെ ബസ്സില്‍ വന്നതാണേ. ബസ്സില്‍ എന്നാ തിരക്കായിരുന്നു, സ്റ്റോപ്പെത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി, അവളും കൂടെ ഇറങ്ങും എന്ന് കരുതി നോക്കി നിന്നപ്പോഴേക്കും വണ്ടി വിട്ടു. അവളക്കാണേ ഫാഷയും അറിയില്ല.

അവശേഷിച്ചിരുന്ന ചോറും വറ്റുകളും രാജമ്മയും പ്ലെയിറ്റില്‍ നിന്നും സ്പൂണാല്‍ വടിച്ചെടുത്ത് വായിലേക്ക് വച്ചുതിനുശേഷം വളരെ സിമ്പിളായി ഞാന്‍ ചോദിച്ചു. ഇതാണോ പ്രശ്നം?

എന്താ ഇത്രയും പ്രശ്നം പോരെ? അവള്‍ മറുചോദ്യം തൊടുത്തു.

ഇവളാള് മോശമില്ലല്ലോ എന്ന് മനസ്സില്‍ ഞാന്‍ കരുതിയെങ്കിലും പറഞ്ഞത്, താന്‍ ഇവിടെ രണ്ട് മിനിറ്റ് നിക്ക്. ഞാന്‍ കയ്യൊന്നു കഴുകി പൈസ കൊടുത്തിട്ടിപ്പോള്‍ വരാം. എന്നിട്ട് നമുക്ക് എന്റെ ബൈക്കില്‍ പോയി തന്റെ കസിന്‍ സിറ്ററിനെ കണ്ടുപിടിച്ച് വരാം.

പൈസകൊടുത്ത്, കൌണ്ടറിലുള്ള ഡവറയില്‍ നിന്നും, പെരുംജീരകവും, പഞ്ചാസാരയും വായിലിട്ട് ചവച്ച് വന്നപ്പോഴേക്കും അക്ഷമയോടെ അവള്‍ പറഞ്ഞു, ഒന്നു വേഗം പ്ലീസ്.

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഞാന്‍ അവളോട് പറഞ്ഞ് കയറി ഇരിക്കൂ.

യാതൊരു മടിയും കൂടാതെ അവള്‍ ബൈക്കിന്റെ പിന്നില്‍ കയറി എന്റെ ചുമലില്‍ കൈ പിടിച്ചിരുന്നു, ബൈക്കിന്റെ സ്പീഡ് കൂടിയപ്പോഴും, ഇടക്കിടെ ബ്രേക്കിടേണ്ടി വന്നപ്പോഴും‍, അവള്‍ കൈ ചുമലില്‍ നിന്ന് വയറ്റിലേക്ക് മാറ്റി. അവള്‍ക്ക് യാതൊരു ജാള്യതയും തോന്നിയിരുന്നില്ലെങ്കിലും, അവളെ പിന്നില്‍ വച്ച്, വിവാഹിതരെ അല്ലെങ്കില്‍ കാമുകീ കാമുകന്മാരെ പോലെ ബൈക്കുമോടിച്ച് പോകാന്‍ എനിക്കല്പം ജാള്യത തോന്നിയിരുന്നു.

വണ്ടി ഡിഫന്‍സ് കോളനിയും, കഴിഞ്ഞ്, ഒബ്രോയ് ഹോട്ടലും, സുന്ദര്‍ നഗറും, ചിഡിയാഗറെത്തിയപ്പോള്‍, ആളുകളെ ഇറക്കി കയറ്റി പോകുന്ന നാനൂറ്റി ഇരുപത്തഞ്ച് കണ്ണില്‍ പെട്ടു. ബൈക്കിന്റെ വേഗത വര്‍ദ്ധിപ്പിച്ചുകൊണ്ട് ഞാന്‍ ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത് പ്രഗതി മൈദാന്‍ സ്റ്റോപ്പില്‍ ബൈക്ക് നിറുത്തി, സ്റ്റാന്‍ഡിലിട്ടു.

ദൂരെ നിന്നു വരുന്ന നാനൂറ്റി ഇരുപത്തഞ്ച് ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് കൈകാണിച്ച് നിറുത്തി, ഞാന്‍ ഡ്രൈവറുടെ വശത്തേക്ക് ചെന്ന് കാര്യം പറഞ്ഞപ്പോഴേക്കും, എന്റെ പുറകിലിരുന്നവള്‍ ബസ്സില്‍ കയറി, കസിന്റെ പേര് വിളിച്ച്, ഇരുപത്തെട്ടും കെട്ടി അവളേയും കൊണ്ട് താഴെയിറങ്ങിയിരുന്നു.

ഞാന്‍ എന്റെ ബൈക്കിനരികില്‍ എത്തിയപ്പോള്‍ സന്തോഷമുഖഭാവത്തില്‍ പെണ്ണുങ്ങളിലൊന്നെന്റെ പെട്രോള്‍ ടാങ്കിന്റെ മുകളിലും, മറ്റൊന്നു സീറ്റിന്റെ മുകളിലും നഖത്താല്‍ കോറി നില്‍പ്പുണ്ടായിരുന്നു.

താങ്ക്യൂട്ടോ, എന്റെ പുറകില്‍ അള്ളിപിടിച്ചിരുന്നവള്‍ പറഞ്ഞതിന്റെ ചുവട് പിടിച്ച് മറ്റവളും പറഞ്ഞു, താങ്ക്യൂ.

ഓ കിട്ടി ബോധിച്ചു. അപ്പോ ഇനി നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നീങ്ങുകയല്ലേ?

അതേ, ഞങ്ങള്‍ക്ക് ഡിഫന്‍സ് കോളനിയിലേക്കാ പോകേണ്ടത്, ഒന്നവിടെ ഡ്രോപ്പ് ചെയ്യാമോ, ഇപ്പോള്‍ തന്നെ ഇവള്‍ക്ക് ഇന്റര്‍വ്യൂവിന് ചെല്ലേണ്ട സമയം കഴിഞ്ഞു.

ദൈവമേ, എന്റെ യെസ്ഡിയില്‍ ട്രിപ്പിള്‍ വച്ച്, ഈ പട്ടാപകല്‍ അതും രണ്ട് പെണ്ണുങ്ങളെ? പോലീസെങ്ങാനും കണ്ടാല്‍ എന്റെ കാര്യം കട്ടപൊകയൊന്നുമാവില്ലെങ്കിലും ഒരു അമ്പത് രൂപ പോയികിട്ടും അത്ര തന്നെ. രണ്ട് പെണ്ണുങ്ങളെ വച്ച് ട്രിപ്പിളടിക്കാന്‍ കിട്ടിയ സൌഭാഗ്യം എങ്ങിനെ കളയാന്‍? ബൈക്കില്‍ കയറാന്‍ വന്ന ലക്ഷ്മികളെ തള്ളികളയരുതല്ലോ? കൂടുതലൊന്നും ചിന്തിക്കാന്‍ നിന്നില്ല, അധികം ചിന്തിച്ചാല്‍ മനസ്സ് മാറിയെങ്കിലോ?

ബൈക്കില്‍ കയറിയിരിക്കൂ എന്ന് പറയേണ്ട താമസം, രണ്ട് പേരും യാതൊരു മയവുമില്ലാതെ ബൈക്കില്‍ കയറി, പിന്നിലിരിക്കുന്ന രണ്ട് പേരുടേയും, ബൈക്കിന്റേയും ഭാരം താങ്ങാനാകാതെ എന്റെ ശോഷിച്ച കാലുകള്‍ വിറച്ചെങ്കിലും, പെണ്ണുങ്ങളല്ലെ, മാനം പോകരുതല്ലോ എന്ന് കരുതി ഒരു വിധം ഞാന്‍ ബൈക്ക് മുന്നോട്ടെടുത്തു.

ബൈക്ക് മുന്നോട്ടെടുത്ത ആക്കത്തില്‍ ഞാനടക്കമുള്ള യാത്രക്കാര്‍ പിന്നോട്ടായുകയും, പിന്നെ ബ്രേക്കിടുമ്പോഴെല്ലാം കോമാളങ്കികള്‍ മുന്നോട്ടായുകയും ചെയ്തു. ഒട്ടകത്തിന് സ്ഥലം കൊടുത്തപോലെ എന്നൊരു ചൊല്ല് ഞാന്‍ കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായി അനുഭവിച്ചറിഞ്ഞത് അന്നായിരുന്നു, കാരണം, വണ്ടിക്ക് പുറകില്‍ ഇരിക്കാന്‍ സ്ഥലം കൊടുത്തരണ്ടു പേരും, മുന്നാട്ടാഞ്ഞും, നിരങ്ങിയും, ഇന്ത്യന്‍ ബോര്‍ഡര്‍ ക്രോസ് ചെയ്ത് വരുന്ന തീവ്രവാദികളെ പോലെ സീറ്റിന്റെ മുക്കാലും കവര്‍ന്നതിന്റെ പരിണിതഫലമായി പെട്രോള്‍ ടാങ്കിന്റെ മുകളിലിരുന്നായിരുന്നു ഞാന്‍ ബൈക്ക് ഓടിച്ചിരുന്നത്.
എനിക്കാണേല്‍ ഇരുപത് വയസ്സ്. പിന്നിലിരിക്കുന്നതോ രണ്ട് പെണ്ണുങ്ങള്‍, ആയതിനാല്‍ പ്രായത്തിന്റെ പക്വത മൂലം ഞാന്‍ അവരുടെ മുന്നോട്ടുള്ള ആക്രമണത്തെ ചെറുത്തു നില്‍ക്കാന്‍ പോയില്ല എന്നു മാത്രമല്ല, കാര്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഡിഫന്‍സ് കോളനിയിലേക്കുള്ള ദൂരം കുറവായിരുന്നതിനാല്‍, കുറഞ്ഞ സമയത്ത് തന്നെ വണ്ടി ഡിഫന്‍സ് കോളനിയിലെത്തുകയും,എവിടെയാണ് ഓഫീസെന്ന് ചോദിച്ചതിന് മറുപടിയായി ലാജ്പത് നഗറ് - 4ലാണെന്നും, റോഡില്‍ നിന്നും അല്പം ദൂരം കൂടി പോയാല്‍ അവിടെ എത്തുമെന്നും എന്നോട് അവള്‍ വിനീതമായി അറിയിച്ചു.

പണ്ടാരം, വിക്രമാദിത്യന്റെ ചുമലില്‍ കയറിയ വേതാളത്തിന്റെ അവസ്ഥയായി എന്റേത്!

മര്യാദക്ക് ഉണ്ട് ഓഫീസില്‍ പോയി വിശ്രമിക്കേണ്ടിയിരുന്ന എനിക്ക് രണ്ട് പേരേയും വഹിച്ചുകൊണ്ട് ഒരാള്‍ക്കുള്ള ഇന്റര്‍വ്യൂ സ്ഥലത്തെത്തിക്കേണ്ട ചുമതലയും വന്നു. ഓഫീസില്‍ പോയില്ലെങ്കിലും പ്രശ്ന്മമില്ല കാരണം, രാവിലെ പത്തുമണിക്ക് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷണ്‍ കൌണ്‍സില്‍, ടെക്സൈല്‍ കമ്മിറ്റി, ചേമ്പര്‍ ഓഫ് കോമേഴ്സ് , റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, ഹാന്റിക്രാഫ്റ്റ് എക്സ്പോര്‍ട്സ് അസ്സോസിയഷന്‍ തുടങ്ങി പണിചെയ്യാതെ ശമ്പളം വാങ്ങാന്‍ മാത്രമാണ് ഗവണ്മെന്റ് ഉദ്യോഗം എന്ന് കരുതുന്ന ആപ്പീസര്‍മാരിരിക്കുന്ന ഓഫീസിലേക്ക് ഫയലും, പേപ്പറും എടുത്തിറങ്ങിയാല്‍ മിക്കവാറും വൈകുന്നേരം അഞ്ച് മണിക്കോ, അല്ലെങ്കില്‍ പിറ്റേന്നു രാവിലെ തന്നേയോ ഓഫീസിലേക്ക് തിരിച്ചു വരാറ് പതിവ്, അന്നല്പം തെറ്റാന്‍ കാരണം,അത്യാവശ്യമായി എയര്‍പോര്‍ട്ടില്‍ ക്രിയറന്‍സിനയക്കേണ്ട ഒരു പേപ്പര്‍ ഓഫീസില്‍ നല്‍കുവാന്‍ വേണ്ടി മാത്രമായിരുന്നു. അതിന്റെ ഇടയിലാ ആസ്വദിച്ചുണ്ണാന്‍ മറന്ന്, എയര്‍പോര്‍ട്ടിലയക്കേണ്ട പേപ്പറ് മറന്ന്, ജോലിയുടെ ഉത്തരവാദിത്വം മറന്ന് രണ്ട് മലയാളി മങ്കമാരേയും കൂട്ടി ഊരു ചുറ്റല്‍!

എന്തിനും ഒരു മലയാളി, മറ്റൊരു മലയാളിയോട് ചെയ്യേണ്ട കടപ്പാട് ഞാന്‍ ചെയ്തു. അവരെ ഇന്റര്‍വ്യൂ ഉള്ള ഓഫീസിന്റെ അരികില്‍ എത്തിച്ചു, വണ്ടി നിറുത്തി, ചാക്കിന്‍ കെട്ടു രണ്ടും തന്നെ ഇറങ്ങി.

നിങ്ങള്‍ പറഞ്ഞ ഓഫീസ് ദാ ഈ കാണുന്നതാ.

താങ്ക്യൂ, രണ്ടും പേരും ഒരുമിച്ച് പറഞ്ഞു.

ഇനി ഞാന്‍ പൊയ്ക്കോട്ടെ, ഇത്രയും നേരത്തെ ആത്മബന്ധത്താല്‍ ഞാന്‍ ചോദിച്ചു.

ഒരു നിമിഷം, അവള്‍ അങ്ങോട്ടൊന്ന് പോയി വന്നോട്ടെ, ലാബ് ടെക്നീഷ്യന്റെ ഇന്റര്‍വ്യൂവാ. അധികം സമയം എടുക്കില്ല. സര്‍ട്ടിഫിക്കറ്റ് വാങ്ങി നോക്കി അപ്പോ തന്നെ വിടുവാ പതിവ്.

ഓ ശരി.

ഇയാള്‍ എന്ത് ചെയ്യുന്നു. ഞാന്‍ അവളോട് ചോദിച്ചു.

ഞാന്‍ നെഹ്രുപ്ലേസിലുള്ള ഒരോഫീസില്‍ സ്റ്റെനോയാ.

പേരെന്ത്?

ഷാലി

ഓ പരിചയപെട്ടതില്‍ സന്തോഷം ഷാലി. എനിക്ക് അത്യാവശ്യമായി ഓഫീസിലെത്തണം, ഞാന്‍ പോട്ടെ.

ശരി, പൊയ്ക്കോള്ളൂ, പക്ഷെ ഇയാളുടെ പേരെന്താ?

കുറുമാന്‍

വിരോധമില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ തരൂ ഇത്രയും സഹായിച്ചതല്ലെ, ഇനിയും വല്ല സഹായവും വേണ്ടി വന്നാല്‍ ഉപകരിച്ചാലോ?

വിരോധമോ, സന്തോഷമേയുള്ളൂ കോമളാങ്കി എന്ന് മനസ്സിലോര്‍ത്തെങ്കിലും പുറത്ത് പറഞ്ഞില്ല, ചിരിച്ചുകൊണ്ട് ഫയലില്‍ നിന്നും ഒരു കഷണം പേപ്പര്‍ ചീന്തിയെടുത്ത്, ഓഫീസിലെ ടെലിഫോണ്‍ നമ്പര്‍ എഴുതി (വീട്ടിലെ നമ്പര്‍ കൊടുക്കാമായിരുന്നു, പക്ഷെ ഫോണ്‍ കണക്ഷന്‍ ഇല്ലാത്തതിനാല്‍ കൊടുക്കാന്‍ പറ്റിയില്ല).

ദാ ഇതാണു എന്റെ ഓഫീസ് നമ്പര്‍. ആവശ്യം വന്നാല്‍ വിളിക്കാന്‍ മടിക്കണ്ട എന്ന് അല്പം ഉറക്കേയും, ആവശ്യം വന്നില്ലെങ്കിലും വിളിക്കാംട്ടാ എന്ന് പതുക്കെയും പറഞ്ഞ്, വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് ഒരുപാട് ദൂരം പോയതിനു ശേഷമാണ് ‍, ഓഫീസില്‍ ഒമ്പതു മുതല്‍ പത്ത് വരെ അല്ലെങ്കില്‍ ഉച്ചതിരിഞ്ഞ് നാല് മുതല്‍ ആറു മണി വരേയേ ഞാന്‍ കാണു എന്നു പറയാന്‍ മറന്നതെന്നോര്‍ത്തത്. മാത്രമല്ല, അവളുടെ നമ്പര്‍ വാങ്ങാനും മറന്നു.

പെണ്ണുങ്ങളേയൊന്നും പരിചയപെട്ടു ശീലമില്ലാത്തതിന്റെ ഓരോ പ്രശ്നങ്ങളെ? സാരമില്ല അവള്‍ വിളിക്കുമായിരിക്കും!

എന്തായാലും പെണ്ണുങ്ങളെ വിട്ട് വണ്ടിയെടുത്തപ്പോഴാണ് എയര്‍പോര്‍ട്ടിലേക്കുള്ള പേപ്പറിന്റെ കാര്യം ഓര്‍മ്മ വന്നത്. ബൈക്ക് സുന്ദര്‍ നഗറിലെ ഓഫീസ് ലക്ഷ്യമാക്കി ചീറി പാഞ്ഞു. ഓഫീസിലെത്തി പേപ്പര്‍ കൊടുത്തു. സീറ്റില്‍ വന്നിരുന്നപ്പോള്‍ ഡൊമിനിയുടെ ചോദ്യം, എന്താടാ ലേറ്റ് ആയത്?

ജന്മനാ കളങ്കമില്ലാത്ത മനസ്സായിരുന്നതിനാല്‍, കളവ് പറയാറില്ല, പ്രവര്‍ത്തിക്കാറുമില്ല ആയതിനാല്‍ തന്നെ
നടന്ന കാര്യങ്ങള്‍ എല്ലാം ഡൊമിനിയോട് തുറന്ന് പറഞ്ഞു, ഒരേ ഓഫീസില്‍ പണി ചെയ്യുന്നവര്‍, ഒരേ മുറിയില്‍ താമസിക്കുന്നവര്‍, ഒരേ നാട്ടുകാര്‍, അവനോടെന്ത് മറക്കാന്‍?

ഉം, ഉം, കൊള്ളാം, കോളടിച്ച ലക്ഷണമാണല്ലോ കുറുമാനെ, ഡൊമിനി എന്നെ കളിയാക്കി. നാണത്താല്‍ നമ്രശിരസ്കനായ ഞാന്‍ ടൈപ്പ് റൈറ്ററിന്റെ കീബോര്‍ഡില്‍ വിരലുകള്‍ പായിച്ചു.

ആഴ്ചകള്‍ പലതും കടന്ന് പോയി, ഓഫീസ് കാര്യങ്ങള്‍ക്കായി ഞാന്‍ മിക്കവാറും സമയം ഗവണ്മെന്റോഫീസുകളുടെ വരാന്തയില്‍ ചിലവഴിച്ചു. അവളുടെ ഫോണ്‍ വരും, വരും എന്ന് കരുതി കെട്ടിയ മനക്കോട്ട മൂന്നാറിലെ റിസോര്‍ട്ടുകള്‍ പോലെ നിലം പരിശായി.

സംഭവം നടന്ന് ഒരു രണ്ട് മാസത്തോളം കഴിഞ്ഞിരിക്കണം. ഉച്ചക്ക് നല്ലൊരു ഭക്ഷണം കഴിക്കാം എന്നുള്ള ചിന്തയില്‍ കൈലാഷ് കോളനിയില്‍ നിന്നും ഞാന്‍ നെഹ്രുപ്ലേസിലേക്ക് പോയി. ബൈക്ക് പാര്‍ക്കിങ്ങില്‍ വച്ച് എവിടെ നിന്ന് കഴിക്കണം എന്ന് ചിന്തിച്ച് കെട്ടിട സമുച്ചയങ്ങള്‍ക്കിടയിലൂടെ നടന്നുപോകുമ്പോഴാണ് കുറുമാന്‍ എന്നുച്ചത്തില്‍ ഒരു നാരീശബ്ദം പിന്നില്‍ നിന്നും വിളിക്കുന്നത് കേട്ടത്.
ഇതാരാപ്പാ നെഹ്രുപ്ലേസില്‍ എന്നെ വിളിക്കാന്‍ ഒരു പെണ്ണ് എന്നന്താളിച്ച് ഞാന്‍ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച കണ്ട് പൊതുവെ പുറത്തേക്കുന്തിയ എന്റെ കണ്ണ് ഒന്നുകൂടെ പുറത്തേക്കുന്തി.

ഷാലി എന്റരികിലേക്ക് സ്ലോമോഷണില്‍ ഓടി വരുന്നു.

ഓടി വന്നതും, അവള്‍ എന്റെ കയ്യില്‍ കയറി പിടിച്ചു, ചുരുക്കം പറഞ്ഞാല്‍ തേടിയ ഷാലി കയ്യില്‍ ചുറ്റി. പിന്നെ എന്നെ വലിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

എത്രനാളായെടാ ഓഫീസിലേക്ക് വരാം, വരാം എന്ന് പറയുന്നു. ഇന്നും ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍ വരില്ലായിരുന്നു അല്ലെ?

അതിന് ഞാന്‍...

നീ ഒന്നും പറയണ്ട, നുണയന്‍, കൊതിയന്‍, അവള്‍ എന്റെ കയ്യില്‍ നുള്ളി.

എന്റ് ഓഫീസിലേക്ക് വാ, എന്റെ കൂട്ടുകാരികള്‍ക്കെല്ലാം നിന്നെ കാണണം എന്ന് പറഞ്ഞിരുപ്പാ, ഇന്നാണെങ്കില്‍ ബോസ്സും ഇല്ല.

അതെന്തിനാ നിന്റെ കൂട്ടുകാരികള്‍ക്ക് എന്നെ കാണുന്നത്?

ഒന്നു പോ, ഒന്നുമറിയാത്തപോലെ, അവള്‍ വീണ്ടും ഒന്നു നുള്ളി.

ഞാന്‍ ഭക്ഷണം കഴിക്കാന്‍ ........

ഓ പിന്നെ, ഇനി എന്റെ ഓഫീസില്‍ പോയിട്ട് നമുക്കൊരുമിച്ച് കഴിക്കാം. ഇന്നെന്താ സ്പെഷല്‍ എന്നറിയാവോ? നിനക്കിഷ്ടമുള്ള ബീഫ് ഫ്രയും, അവിയലുമാ.

ദൈവമേ, എനിക്കിഷ്ടമുള്ള ഭക്ഷണം ഇവളെങ്ങിനെ അറിഞ്ഞു എന്നു ചോദിക്കുന്നതിനു മുന്‍പ് അടുത്ത ചോദ്യം വന്നു.

നീ എന്താ സംസാരിക്കാത്തത്? ഫോണിലൂടെ എത്രനേരം വേണമെങ്കിലും വാതോരാതെ സംസാരിക്കുമല്ലോ? ബോസ് വിളിക്കുന്നു എന്നു പറഞ്ഞാല്‍, കുറച്ചൂടെ സംസാരിക്കൂ, കുറച്ചൂടെ സംസാരിക്കൂ എന്ന് പറയണ ആളാ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ മിണ്ടാണ്ട് നടക്കണെ.

കാര്യങ്ങളുടെ ഭൂമിശാസ്ത്രവും, മനശ്ശാസ്ത്രവും, ഏതാണ്ടൊക്കെ എനിക്ക് മനസ്സിലായി തുടങ്ങി. പതുക്കെ ഞാന്‍ അവളുടെ കയ്യില്‍ നിന്നും ബലമായി എന്റെ കൈ ഊരിയെടുത്തു. ഉം, വാ നമുക്ക് നിന്റെ ഓഫീസില്‍ പോകാം.

ഗുഡ് ബോയ്. ഞാന്‍ കരുതി നീ വരില്ലാന്ന്.

ഏയ് വരാതിരിക്കുന്നതെങ്ങിനെ? വരേണ്ടത് എന്റെയും കൂടെ ആവശ്യമല്ലെ?

അതെന്താ?

അതൊക്കെ പറയാം ചക്കരേ, ഏത് ബില്‍ഡിങ്ങിലാ നിന്റെ ഓഫീസ്?

ഓ, അറിയാത്തപോലെ? ഹേമകുണ്ട് ടവറിലെന്ന് ദിവസവും ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ പറയാറുള്ളതല്ലെ? അവള്‍ മുഖം കയറ്റി.

എനിക്കാറിയാമെടി മണ്ടി, ഞാന്‍ ചുമ്മാ ചോദിച്ചതല്ലെ നിന്നെ ഒന്നു ചൂടാക്കാന്‍.

അങ്ങനെ വഴിക്ക് വാ.

ഉം, നടക്ക് നടക്ക് നിന്റെ ഓഫീസിലേക്ക്.

അവളുടെ പിന്നാലെ അവളുടെ ഓഫീസിലേക്ക് ഞാന്‍ കയറി.

ദേ ഇങ്ങോരാ കക്ഷി. ഓഫീസിലുണ്ടായിരുന്ന രണ്ട് കൂട്ടുകാരികള്‍ക്ക് അവള്‍ എന്നെ പരിചയപെടുത്തി. ഉം, ഉം, അറിയാം, കേട്ടിട്ടുണ്ടൊരുപാട് എന്നായിരുന്നു അവരുടെ മറുപടി.

പുറത്തേക്ക് പോകാന്‍ നിന്നിരുന്ന കാര്‍ന്നോരോട് അവള്‍ പറഞ്ഞു, ശര്‍മ്മാജി യേ മേരാ കസിന്‍ ഹേ കുറുമാന്‍.

അച്ചാ ബേഠേ, ആപ് ഇദര്‍ ബൈഠ്ക്കര്‍ ഇന്‍ലോഗോം കേ സാത്ത് മേം ബാത്ത് കരോ, മേം ഖാനാ ഖാക്കര്‍ ആത്താഹൂം ആധാ ഘണ്ടേ മേം.

കിളവനിറങ്ങി പോയി.

കുറുമാനെ, ഇങ്ങ് വാ, ഞങ്ങള്‍ ശരിക്കൊന്ന് പരിചയപെടട്ടെ.

ഷാലിയുടെ കൂട്ടുകാരികള്‍ റാഗ് ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ഒരു നിമിഷം വെയ്റ്റ് ചെയ്യൂ. ഷാലി ഒരു ഹെല്‍പ്പ് ചെയ്യണം എനിക്ക് വേണ്ടി.

കുട്ടാ, നിനക്ക് വേണ്ടിയല്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടിയാ ഞാന്‍ ഹെല്പ് ചെയ്യുക?

എങ്കില്‍ നീ എന്റെ ഓഫീസ് നമ്പറില്‍ ഒന്ന് വിളിക്ക്, എന്നിട്ട് കുറുമാനെ വേണം എന്ന് പറയ്. പിന്നെ സ്പീക്കറില്‍ ഇട്ട് വിളിച്ചാല്‍ മതി കേട്ടോ.

അവള്‍ക്കൊന്നും മനസ്സിലായില്ല എന്നവളുടെ ഭാവത്തില്‍ നിന്നും എനിക്ക് മനസ്സിലായി.

വിളിക്കടോ. ഞാന്‍ അവളെ നിര്‍ബന്ധിച്ചു.

ടെലഫോണ്‍ കീപാഡില്‍ വിരലുകള്‍ മെല്ലെ മെല്ലെ കുത്തി അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു.

അപ്പുറത്ത് മണി മുഴങ്ങുന്ന ശബ്ദം ഇപ്പുറത്തെ സ്പീക്കറില്‍ മുഴങ്ങി.

ഹലോ, എം ലിബാസ് എക്സ്പോര്‍ട്ട്സ്.

ഹലോ, കേന്‍ ഐ സ്പീക്ക് ടു കുറുമാന്‍ പ്ലീസ്.

ജസ്റ്റ് എ സെക്കന്റ് പ്ലീസ്.

ഹലോ, അപ്പുറത്ത് ശബ്ദം മുഴങ്ങി കേട്ടു. ഷാലി എന്റെ മുഖത്തേക്ക് നോക്കി. തലകൊണ്ട് ഞാന്‍ സംസാരിക്കാന്‍ ആംഗ്യം കാട്ടി.

ഹലോ, ഷാലി പറഞ്ഞു.

ചക്കരേ, ഇന്നെന്താ ഇത്ര വൈകിയത് ഫോണ്‍ വിളിക്കാന്, കാത്തിരുന്ന് കാത്തിരുന്ന് എന്റെ കാത് കഴച്ചു‍? അപ്പുറത്ത് ഡൊമിനിയുടെ ശബ്ദം!

ഫോണിന്റെ റീസീവര്‍ കയ്യിലെടുത്ത് ഞാന്‍ പറഞ്ഞു, സുന്ദര സുമുഖാ, #@$%^^&*&^%$#@ ഡൊമിനീ, നീ സഹമുറിയനും, സഹപ്രവര്‍ത്തകനും, അതിലേറെ ഉറ്റ കൂട്ടുകാരനുമായ എനിക്ക് തന്നെ ഇട്ട് പണിതു അല്ലെ?

ക്ണിം. അപ്പുറത്ത് ഫോണ്‍ വക്കുന്ന ശബ്ദം കേട്ടു.

തലയില്‍ കൈ വച്ച് ഷാലി തറയില്‍ ഇരുന്നപ്പോള്‍, ഒന്നും പറയാതെ ഞാന്‍ പുറത്തേക്കിറങ്ങി നടന്നു.

വാല്‍കഷ്ണം.

ഡൊമിനിയും ഞാനും ഒരേ ഓഫീസില്‍ അടുത്തടുത്ത ടേബിളില്‍ ഇരിക്കുന്ന കാരണം, ഞങ്ങളുട്യെ രണ്ടു പേരുടേയും ഫോണിന്റെ എക്സ്റ്റന്‍ഷന്‍ ഒന്നാണ്. ഓഫീസില്‍ അധിക സമയവും ഞാന്‍ ഇല്ലാത്ത കാരണം എനിക്ക് വരുന്ന ഫോണ്‍ അവനാ അറ്റന്റ് ചെയ്യാറ്. ആരൊക്കെ വിളിച്ചു എന്നെന്നോട് പറയുകയും ചെയ്യാറുണ്ട്, പക്ഷെ ഈ ഒരു ഫോണിന്റെ കാര്യം മാത്രം അവന്‍ എന്നോട് പറഞ്ഞില്ല എന്നുമാത്രമല്ല, രണ്ട് മാസം ഞാന്‍ ആയി തെറ്റിദ്ധരിപ്പിച്ച് അവന്‍ പ്രണയ നാടകം കളിക്കുകയും ചെയ്തു!