Monday, June 29, 2020

"ലക്കി സെവൻ"

എനിക്ക് കഴിഞ്ഞയാഴ്ച വന്ന ഒരു ഇമെയിൽ വായിച്ച് കുറുമിയും, കുട്ടികുറുമികളും, ഞാനും ചേർന്ന് സംഘരോദനം നടത്തിയതിൽ പിന്നെ ഈമെയിലിന്റെ കാര്യത്തിൽ മഹാ കർക്കശക്കാരനായി ഞാൻ മാറി.

അന്നു മുതൽ സിസ്റ്റത്തിൽ നിന്നും എഴുന്നേറ്റ് പോവുമ്പോൾ ലോഗൗട്ട് ചെയ്യാൻ തുടങ്ങി.
ഇമെയിൽ മാത്രമല്ല, വാട്സാപ്പും, മുഖപുസ്തകവും, എന്തിനു ലിങ്കിടിൻ പോലും!
ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് പണ്ടാരോ പറഞ്ഞിരുന്നില്ലേ? അതന്നെ കാര്യം. അതിലാണു കാര്യം. ചേർത്തു വക്കാൻ മറ്റൊരു ചൊല്ലുമുണ്ട്.
"സൂക്ഷിച്ചാൽ, ദുഖിക്കേണ്ട"
ജോലിയും, കൂലിയുമൊന്നുമില്ലാത്തതിനാൽ നമുക്കെല്ലാ ദിവസവും വെറും ആഴ്ചയാണു. ജസ്റ്റ് ആ നോർമൽ ആഴ്ച...
കൺഫ്യൂസ്ഡ്?
ആശയകുഴപ്പമുണ്ടല്ലേ?
അതായത്, ഞായറാഴ്ച, തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച. ഈ ദിവസങ്ങളുടെ പേരുകളൊക്കെ വെട്ടി മാറ്റിയാൽ അവശേഷിക്കുന്നതെന്താണു?
ആഴ്ച മാത്രം!
യെസ്, എന്നെ സംബന്ധിച്ചിടത്തോളം എല്ലാ വെറും ആഴ്ച മാത്രം. യാതൊരു വ്യത്യാസവുമില്ല.
അതിരാവിലെ എഴുന്നേൽക്കുന്നു, ഒന്ന്, രണ്ട്, പല്ല് തേപ്പ്, തോന്നിയാൽ ഷേവിങ്ങ് (ബ്ലേഡിനൊക്കെ ഇപ്പോ എന്താ വില - ആയതിനാൽ ആഴ്ചയിൽ രണ്ടോ മൂന്നോ മതി) സ്നാനം, ജപം, അമൃതേത്ത്, വാട്സാപ്പ്, ഫേക്ക് ബുക്ക് (വാമം പറയുന്നതാ നിങ്ങൾ എഴുതുന്നത് മൊത്തം കള്ളം, അപ്പോ ഫേസ് ബുക്കല്ല, ഫേക്ക് ബുക്കാണെന്ന് - അതാണു സത്യവും) , ഉച്ചയൂണു, വാട്സാപ്പ്, ഫേക്ക് ബുക്ക്, ചായ, കടി, സ്നാനം, ജപം, വാട്സാപ്പ്, ഫേക്ക് ബുക്ക്, അത്താഴം, വാട്സാപ്പ്, ഫേക്ക് ബുക്ക്, പിന്നെയാണു വെറും പുസ്തകം തിരഞ്ഞെടുക്കുന്നതും വായിക്കാൻ തുടങ്ങുന്നതും. പിന്നെ ഹരിവരാസനം!
ഇത്രേയുള്ളൂ. ഇത്രമാത്രമേയുള്ളൂ!
രാത്രി കിടന്നിട്ടുറക്കം വന്നില്ലെങ്കിൽ വെറും പുസ്തകം വായന തുടരും.
നല്ല പുസ്തകമാണെങ്കിൽ ഉറക്കം പോവും. അതല്ല, കൂതറയാണെങ്കിൽ, പണ്ട് സ്കൂൾ കാലത്ത് പഠിച്ചിരുന്നതു പോലെ, വായിക്കാൻ തുടങ്ങുമ്പോഴേക്കും നെഞ്ചിൽ പുസ്തകം വച്ച് കിടന്നുറങ്ങും... ഡീപ്പ് സ്ലീപ്പ്.
പിന്നെ പ്രാതലിനും, ഉച്ചയൂണിനും ഇടയിൽ ചിലപ്പോഴെല്ലാം കുറുമി വളരെ മൃദുവായ സ്വരത്തിൽ, അതായത് 120 ഡെസിബലിൽ, കുശിനിയിലേക്കൊന്നെഴുന്നള്ളിയാലും മഹാരാജാവേ, ഈ പച്ചക്കറികളുടെ വരണ്ട ചർമ്മങ്ങളൊക്കെ ഒന്ന് ചുരണ്ടി മാറ്റി, കുളിപ്പിച്ച് ശുദ്ധിയാക്കി, അവക്ക് നോവാതെ, നന്നേ ചെറിയ കഷണങ്ങളാക്കി കണ്ടിച്ചാലും എന്നൊക്കെ പറയും, അതൊന്നും ഞാൻ കേട്ടില്ലാന്നു നടിക്കാറുമില്ല. എന്തെന്നാൽ ഉത്തരവുകളൊക്കെ പാലിക്കാനുള്ളതാകുന്നു.
ചോദിക്കാതെ തന്നെ, അറിഞ്ഞു ദാനം ചെയ്യുന്നവർ മഹാമനസ്കൻമാരാകുന്നു എന്നാണല്ലോ പ്രമാണം!
ആയതിനാൽ, ചോദിക്കാതെ, ഉത്തരവിറക്കുന്നതിന്നു മുൻപേതന്നെ, മത്സ്യ, വരാഹ മൂർത്തികളെയും, അജം, ഋഷഭം എന്നീ മിണ്ടാപ്രാണികളെ പോലും, വായിലിട്ടാൽ രുചിയോടെ അലിഞ്ഞു ചേരുന്ന വിധത്തിൽ, വെള്ളിയാഴ്ചകളിൽ മാറി മാറി തയ്യാറാക്കുന്നതും പതിവാണു.
സ്വന്തം വായക്കും ഒരു രുചി വേണ്ടേന്ന്!
കഴിഞ്ഞ ആഴ്ച അല്പസ്വല്പം വായനയും എഴുത്തുമൊക്കെ നടന്നു. ഒന്ന് രണ്ടിന്റർവ്യൂകളുമൊക്കെ അറ്റൻഡ് ചെയ്തങ്ങിനെ ഭംഗിയായി പോയി.
ചോദിച്ച കൂലി കുറവായതിനാലോ, അതോ എന്റെ ഇരുപത്തിരണ്ട് വർഷത്തെ മരുഭൂമിയിലാടുമേച്ച പരിചയ സമ്പത്തധികമായതിനാലോ എന്തോ, അവരൊക്കെ മൗന വൃതത്തിലാണിതു വരേയും. ചിലപ്പോൾ പ്രായത്തിന്റേയാവാം.
പന്ത്രണ്ട് കൊല്ലവും നാലു മാസവും കഴിഞ്ഞാൽ ഷഷ്ടി പൂർത്തിയാഘോഷം പൊടി പൊടിക്കാം. കൊറോണ കൊത്താതിരുന്നെങ്കിൽ!
അങ്ങിനെ ഇരിക്കുമ്പോഴാണു, തിങ്കളാഴ്ച എന്നെ തേടി ഒരു ഇമെയിൽ വന്നതും വായിക്കാനിടയായതും.
ആദ്യമായി കിട്ടിയ പ്രേമലേഖനം വായിക്കുന്ന ഒരു കാമുകന്റെ മനസ്സോടെ, ആ ഈമെയിൽ ഞാൻ വീണ്ടും, വീണ്ടും വായിച്ചു!
"വായിച്ചിട്ടെന്റെ കണ്ണുകൾ നിറഞ്ഞു"
ഇത്രയും ആനന്ദാശ്രുക്കൾ ഞാൻ പൊഴിച്ചത്, പണ്ട്, തേക്കടിക്ക്, ടൂർ പോകാൻ വേണ്ടി, സ്വന്തം വീട്ടിൽ നിന്നും കട്ട് (സോറി, എടുത്ത് എന്ന് വായിക്കണം), പൊതിച്ച്, ചാക്കിൽ കെട്ടി, ഇരുചെവിയറിയാതെ വിറ്റതിന്റെ കാശ്, വടക്കന്റെ ആന്റോ, അച്ഛന്റെ കയ്യിൽ നേരിട്ട് കൊടുത്തപ്പോഴാ! (കൈതൊഴിൽ - https://www.facebook.com/ragesh.kurman/posts/10158656915046042)
ഞാനൊരു മദ്യപാനിയല്ല! അല്ലേയല്ല.
വ്യാഴാഴ്ച രാത്രി ഒരു മൂന്ന്, വെള്ളിയാഴ്ച ഉച്ചക്ക് മുൻപൊരു മൂന്ന്! കഴിഞ്ഞു. ഇത്രയാണെന്റെ അനുവദനീയമായ ക്വാട്ട.
വാതിലടച്ച് കുറ്റിയിടുന്നു. കുപ്പിയുമായ് വരുന്നു, മൂന്ന് ഗ്ലാസ്സുകളെടുത്ത് നിരത്തി വക്കുന്നു. ഡ്രോവർ തുറന്ന് മെഷർ ഗ്ലാസ്സെടുക്കുന്നു. അളക്കുന്നു, ഒഴിക്കുന്നു, കുപ്പി ഭദ്രമായി അടക്കുന്നു, മുറിയിൽ പോകുന്നു, വാതിൽ കുറ്റിയിടുന്നു, കഴിഞ്ഞു! കുറുമിക്ക് കുപ്പിയുമായുള്ള ആത്മ ബന്ധം ഇത്ര മാത്രം.
കാഞ്ചനവർണ്ണത്തിലുള്ള ബിക്കിനിയിട്ട മദാലസകളായ മൂന്നു സ്ഫടിക ഗ്ലാസ്സുകളും ഞാനുമായാണു പിന്നെയുള്ള കേളികൾ.
മൂന്നും ചേർത്തൊന്നായടിക്കണോ, മൂന്നായടിക്കണോ, അതോ പകുത്ത് ആറായടിക്കണമോ?
ഐസിട്ടോ, വെള്ളമൊഴിച്ചോ, ടച്ചിങ്സ് കൂട്ടിയോ, കൂട്ടാതേയോ, എങ്ങിനെ പാനം ചെയ്യണമെന്നത് എന്റെ സ്വന്തം കാര്യം. തീരുമാനമെടുക്കാൻ പരിപൂർണ്ണ സ്വാതന്ത്ര്യം!
ടോട്ടലി ഇന്റിപെന്റന്റ്!
അപ്പോ പറഞ്ഞ് വന്നത് മെയിലിന്റെ കാര്യം.
എനിക്ക് കിട്ടിയ മെയിലിന്റെ തലക്കെട്ട് തന്നെ - കള്ളുകുടിയുടെ, സോറി, മദ്യപാനത്തിന്റെ ആരോഗ്യകരമായ ഏഴു ഗുണങ്ങൾ എന്നാണു!
ഏഴ് എന്ന അക്കം തന്നെ ലോകപ്രശസ്തമാണു!
ലോകാത്ഭുതങ്ങൾ ഏഴാണു.
സ്വരങ്ങളും ഏഴ്
മഴവില്ലിനുള്ള നിറങ്ങളും ഏഴ്
കടലുകളും ഏഴാണല്ലോ
ലക്കി സെവൻ എന്ന പേരിൽ ചൂതാട്ടം പോലുമുണ്ട്...
ഒരു ദിവസം ഞാൻ പാസ്സ്വേർഡ് ഒക്കെ മാറ്റി കമ്പ്യൂട്ടർ മൊത്തം ഓണാക്കി എനിക്ക് കിട്ടിയ ഈ, ഇമെയിൽ, ഓപ്പണാക്കി ഓപ്പണെയറിൽ ഉണക്കാൻ വച്ചു. സോറി, കുറുമിക്ക് കാണാൻ വച്ചു.
വീട്ടിൽ വിരുന്നുകാർ വരുമ്പോൾ സത്ക്കരിക്കാൻ, സ്വന്തം വീട്ടിലെ കോഴിയെ പിടിക്കാൻ പണ്ട് നമ്മൾ കുട്ടയുടെ അടിയിൽ കയറിൽ കെട്ടിയ ഒരു കമ്പ് വച്ച്, ഗ്യാപ്പൊക്കെ അഡ്ജസ്റ്റ് ചെയ്ത്, അടിയിൽ ഗോതമ്പും, അരിയുമൊക്കെയിട്ട് ഒരു നമ്പററിറക്കാറില്ലേ? അതു പോലെ! ബാ, ബാ, ബാ കോഴി വാ, ബാ ബാ..ആ ടൈപ്പ്.
കോഴി ഇതൊക്കെ എത്ര കണ്ടിരിക്കുന്നു!
കുട്ടക്ക് താഴെ സ്വന്തം കഴുത്ത് പണയം വെച്ച് കിട്ടുന്ന ഒരു ധാന്യമണി പോലും കോഴിക്ക് വേണ്ടേ വേണ്ടാ!
കൊക്കരയടിച്ച് അവൻ ഞാഞ്ഞൂലിനേം തപ്പി സ്കൂട്ടാവും.
നമ്മൾ അന്ന് ശശിയാവും.
അപ്പോ അമ്മ പറയും, ഡാ, ഇവറ്റോളെ പിടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, നീ പോയി ആ ബ്രോയിലർ കോഴി വാങ്ങീട്ട് വാ.
ബ്രോയിലർ കോഴിയെ വാങ്ങാൻ സൈക്കിളും ചവിട്ടി ഇടക്കുളത്തേക്ക് പോവുമ്പോൾ പിന്നിൽ നിന്ന് പറയുന്നത് കേൾക്കാം, അല്ലെങ്കിലും നാടൻ കോഴിയേക്കാളും നല്ലത് ബ്രോയിലറിനാ, സ്വാദും.
നാടാനാണെങ്കിൽ മൊത്തം എല്ലാ!
കണ്ട്രി, കണ്ട്രി ചിക്കൻസ്!
അതു പോലെ എന്റെ തുറന്ന് വച്ച ഇമെയിൽ - ലക്കി സെവൻ - കാണാതെ, നോക്കാതെ തഴയപെട്ടു.
തോറ്റുകൊടുക്കാൻ കുറുമാനന്നും ഇന്നും മനസ്സില്ല.
പിറ്റേ ദിവസം പ്രിന്റെടുത്തു.
വീണ്ടുമൊന്നു വായിച്ചു നോക്കി. കുഴപ്പമില്ല. പോയന്റ് നമ്പർ മൂന്നൊന്ന് ഹൈ ലൈറ്റ് ചെയ്യണം!
ഓഫീസിൽ കൊണ്ട് പോകുന്ന ലാപ്പിന്റെ ബാഗെടുത്ത് തപ്പി. കിട്ടിപോയി. രണ്ട് ഹൈലറ്ററുകൾ. ഒന്നു തത്ത പച്ഛ.. മറ്റൊന്നു ഓറഞ്ച്.
മതി.
മൂന്നാം നമ്പർ, അഥവാ പോയിന്റ് ത്രീയുടെ മുകളിൽ ഉരച്ച് നോക്കി..
തീ പറക്കാഞ്ഞിരുന്നെതെന്റെ ഭാഗ്യം!
വർഷം ഒന്നേകാലായില്ലെ, ഉപയോഗിക്കാതിരിക്കുന്നു! ഉണങ്ങി വിറക് കൊള്ളി പോലെയായിരിക്കുന്നു ഹൈലറ്ററുകൾ.
അടുത്തതെന്ത്?
തോറ്റു കൊടുക്കാൻ കുറുമാൻ ഇനിയും ജനിക്കണം.
തപ്പി.
വീടു മൊത്തം തപ്പി.
പിള്ളാരുടെ കയ്യിൽ പോലും ഒരു ഹൈലറ്ററില്ല.
മുട്ടാതെ, തട്ടാതെ, പെട്ടെന്നങ്ങോരു കേറി വന്നു. ആരു? മ്മടെ ഐസക്ക് ..അതു തന്നെ ന്യൂട്ടേട്ടൻ.
ആശയം വഴിമാറി, ലക്ഷ്യം മാത്രം മുന്നിൽ.
മോളുടെ ഷൂ പോളിഷിരിക്കുന്നു ഷെൽഫിൽ. വീറ്റ് ബ്രൗൺ!
വിരലിൽ തോണ്ടിയെടുത്തു.
ഞാനൊരു വാൻഗോഗായി.
പ്രിന്റെടുത്ത പേപ്പറിൽ വിരലാൽ ഒരു ലവ് സൈൻ വരച്ചു. കാമദേവനെ മനസ്സിൽ ധ്യാനിച്ച് അമ്പ് വരച്ചു, മൊത്തം ലവ്വോട് ലവ്വ്! അങ്ങോട്ടും ഇങ്ങോട്ടും അമ്പെയ്ത്തായിരുന്നു പിന്നെ.
പേപ്പറെടുത്ത് കൈ ദൂരത്തിൽ വച്ചൊന്നു നോക്കി...കൊള്ളാം...കാമ ദേവൻ അമ്പെയ്തതതു പോലെ തന്നെ.. നെഞ്ചിൽ തറക്കുമ്പോൾ വിമ്മിഷ്ടമൊന്നുമില്ലാതെ കാത്തോളണേ സംഗമേശാ!
മാർജാര പദനത്തോടെ കുറുമിയെ വിളിച്ചു.
ഡീ, ഇതൊന്നു നോക്കിയേ!
എന്ത്?
ദാ, ഇത്!
എന്തിത്?
ദാ, ഈ പ്രിന്റൗട്ട്. പോയിന്റ് നമ്പർ മൂന്ന്!
അവൾ എടുത്തൊന്നു നോക്കി.....ഷൂ പോളിഷ് കയ്യിലായി..
എന്നറാ ഇത്?
വിളയാടുകിറാ? മൊത്തം ഷൂ പോളിഷാച്ച് കയ്യേൽ...
ശൂ, പിള്ളാർ കേക്കണ്ട, പോട്ടെ, വിട്ടുകള..
നീ ആ പോയിന്റ് നമ്പർ മൂന്നൊന്ന് വായിച്ചേ എന്റെ കരളേ!
ആമാണ്ടാ, പൈത്യം! ശോമ്പേരി!
ഉണ്ടായിരുന്ന തൃഷ്ണയാൽ ഉണ്ടാക്കിയ രണ്ടെണ്ണം തുള്ളി ചാടി നടക്കുന്നുണ്ട് ഇവിടെ!
അവരുടെ ഫീസടക്കാൻ നോക്ക് ആദ്യം, അതുക്കപ്പുറം മഴവില്ല് പാക്കലാം!
അപ്പോഴാണു മഴവില്ലിനൊരഴകുന്നുമില്ലെന്നെനിക്കാദ്യമായി മനസ്സിലായത്!
ഒന്നുകൂടി ഉറപ്പാക്കാൻ വേണ്ടി ഞാൻ ആ ഇമെയിലെടുത്ത് വായിച്ചു.
മദ്യപാനത്തിന്റെ ഏഴു ഗുണങ്ങൾ
1. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരുന്നതിന്റെ തോതിനെ കുറക്കാൻ സഹായിക്കുന്നു (It Can Lower Your Risk Of Cardiovascular Disease)
2.ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായകമാകുന്നു (It Can Lengthen Your Life)
3. ലൈഗിക തൃഷ്ണയെ മെച്ചപെടുത്തുന്നു (It Can Improve Your Libido)
4.സാധാരണ ജലദോഷവും, പനിയും മറ്റും വരുന്നത് തടയുന്നു (It Helps Prevent Against the Common Cold)
5. മറവിരോഗം/ബുദ്ധിഭ്രംശം പിടിപെടാനുള്ള സാധ്യതയെ കുറക്കുവാൻ സഹായകമാണു ( It Can Decrease Chances Of Developing Dementia)
6. പിത്താശയത്തിൽ കല്ലു വളരുന്നതിന്റെ സാധ്യതയെ കുറക്കാനും സഹായിക്കുന്നു ( It Can Reduce The Risk Of Gallstones)
7. പ്രമേഹം പിടിപാടാനുള്ള സാധ്യതയെ കുറക്കുന്നു (Lowers The Chance Of Diabetes)
കൂടുതൽ വായനക്ക് - https://www.medicaldaily.com/7-health-benefits-drinking-alc…
ഏഴാം കടല്ലിന്നക്കരെയുണ്ടൊരു ഏഴിലം പാല!
ഇപ്പോൾ പാലപ്പശ കുടിച്ച ഓന്തിന്റെ അവസ്ഥയായി പോയല്ലോ!

Tuesday, June 23, 2020

ശ്ലോകാന്ത്യം അഥവാ ശോകാന്ത്യം


തൃശൂർ ജില്ലയിലെ കാറളത്ത്, അച്ഛന്റെ വീട്ടിലായിരുന്നു, പത്ത് വയസ്സ് വരെ ഞങ്ങൾ താമസിച്ചിരുന്നത്.   ഓർമ്മ വക്കുന്ന കാലം മുതൽക്കേ, നീന്താൻ പഠിച്ചുവെന്നും, കുമരഞ്ചിറക്കുളത്തിലും, കരുവന്നൂർ പുഴയിലുമൊക്കെ മുങ്ങാം കുഴിയിട്ട് നീന്തിതുടിക്കുന്നതിൽ നിപുണനായിരുന്നു ഈ ഞാനെന്നും  പറഞ്ഞാൽ, മറ്റേ സിൽമാ നടി തള്ളിമറിച്ചത് പോലെ തള്ളുന്നതായിരിക്കുമെന്ന് നിങ്ങൾ കരുതുമായിരിക്കും.  ഐ ജസ്റ്റ് ഡോണ്ട് കെയർ! 

കുതിരസവാരി പഠിച്ചത്  എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണു!  ,  കാറളം എൽ പി സ്കൂളിന്റെ തൊട്ടെതിർ വശത്ത്,  കാറളം സിന്ധു ടാക്കീസിന്റെ തൊട്ടരികിലുള്ള അംഗൻവാടിയിലെ മരക്കുതിരമേൽ!   കുതിരസവാരി കൂടാതെ അവിടെ നിന്ന് ഞാൻ അഭ്യസിച്ച മറ്റൊരു വിദ്യ, ചോളപൊടികൊണ്ടുള്ള പശപോലെയൊട്ടുന്ന ഉപ്പുമാവ്, തൊണ്ട തൊടാതെ വിഴുങ്ങാനുമായിരുന്നു.

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ പഠിച്ചത് കാറളം എൽ പി സ്കൂളിലായിരുന്നു.  ആ കാലഘട്ടത്തിലൊരിക്കലാണു, സ്കൂളിലേക്ക് ഒരു മാന്ത്രികൻ വരുന്നതും, പല പല ചെപ്പടി വിദ്യകൾ കാട്ടിയതിന്നൊടുവിൽ,  വരാന്തയുടെ മുറ്റത്ത് മുൻനിരയിൽ നിന്നിരുന്ന എന്നെ വിളിച്ച് ചേർത്തരികിൽ നിറുത്തി എനിക്ക് വായ്ക്കരിയിട്ടതും,   സോറി ഒരു പിടി  പൂഴി വാരി എന്റെ അണ്ണാക്കിലോട്ട് തള്ളിയതും!   പൊതുവേ തുറിച്ചുന്തി നിൽക്കുന്ന എന്റെ കണ്ണുകൾ പുറത്തേക്ക് തെറിക്കുന്നതിനു മുൻപ് എന്നോട് മണൽ ആളുടെ കയ്യിലുള്ള ബൗളിലേക്ക് തുപ്പാൻ പറഞ്ഞപ്പോൾ ഞാൻ തുപ്പിയതത്രയും പഞ്ചസാര!   എന്നിലെ പഞ്ചാര കുഞ്ചുവിനെ  ആ മാന്ത്രികൻ  അന്നേ തിരിച്ചറിഞ്ഞിരുന്നു!

നാലാം ക്ലാസിൽ റാങ്കോട് കൂടി ഉന്നത വിജയം നേടിയ എന്നെ മൂന്നാലു കിലോമീറ്റർ ദൂരത്തുള്ള കാറളം ഹൈസ്കൂളിൽ ഉപരി പഠനത്തിനായ് കൊണ്ടമ്മ ചേർത്തു.  എന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന വിജയലക്ഷ്മിയോടുള്ള പ്രണയം  ഇനിയും പറയാതെ ഇരുന്നാൽ എന്റെ മാനസിക നില തെറ്റുമെന്ന ഭീകരമായ അവസ്ഥ സംജാതമായപ്പോഴാണു കാൽ കൊല്ല പരീക്ഷ വന്നതും, പരീക്ഷ കഴിഞ്ഞ് ചെറിയ അവധി ലഭിക്കുന്നതും.

അവധിക്കാലം തീരും മുന്നേ, എന്റെ മനസ്സിലെ പ്രണയത്തിന്റെ കാർമേഘങ്ങളെ പെയ്തൊഴിക്കാൻ സമയം കിട്ടും മുൻപേ, ഞങ്ങൾ കാറളത്ത് നിന്നും താമസം ഇരിങ്ങാലക്കുടക്ക് മാറ്റിയിരുന്നു.   കാറളം ഹൈസ്കൂളിൽ നിന്നും വാങ്ങിയ ടി സി കൊടുത്ത്, പുഷ്പം പോലെ എന്നെ ഇരിങ്ങാലക്കുടയിലെ പ്രശസ്ഥമായ നാഷണൽ ഹൈസ്കൂളിൽ ചേർത്തു.  അതെ, പ്രശസ്ഥരായ, ഇന്നസെന്റും, ഭാവഗായകൻ ജയചന്ദ്രനും ഒക്കെ പഠിച്ച, അത്ഭുതവാനരന്മാർ ഫെയിം കെ വി രാമനാഥൻ മാസ്റ്ററും, ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ അധ്യാപകനുമായ അതേ നാഷണൽ ഹൈസ്കൂൾ തന്നെ.

സംഭവം കാറളം ഒരു ഗ്രാമമായിരുന്നുവെന്നതിനാലും, ഇരിങ്ങാലക്കുട തരക്കേടില്ലാത്ത പട്ടണമായിരുന്നതിനാലും, ആ പട്ടണപ്രവേശം എന്നിലെ കലാകാരന്റെ വളർച്ചയെ  ഒരുപാടൊരുപാട് സ്വാധീനിച്ചു എന്ന് പറയുകയായിരിക്കും ഭംഗി. 

എവിടെ നോക്കിയാലും, സംഗീതം, കല!  താളമേളലയമീ ജീവിതം എന്ന ലെവലിലേക്കായിരുന്നു കാര്യങ്ങളുടെ പോക്ക്.

സ്കൂളിലിൽ നിന്നും  മണ്ണാത്തിക്കുളം റോഡിലൂടെ ഇറങ്ങിയെത്തുമ്പോഴേക്കും, അക്ഷരശ്ലോകത്തിന്റെ വരികളായിരിക്കും  കാതുകളിൽ.  കൂടൽ മാണിക്യം അമ്പലത്തിന്റെ കിഴക്കേ നടയിലൂടേയാണു പോകുന്നതെങ്കിൽ, കൊരുമ്പ് സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും, ശിഷ്യഗണങ്ങളുടേയും മൃദംഗവായനയായിരിക്കും  ഉള്ളിൽ നിറച്ചും.  ഇനി തെക്കേ നടയിലൂടെയാണു കടന്ന് പോകുന്നതെന്തിൽ  ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ നിന്നുള്ള കഥകളി പദകളും, ചെണ്ടവാദ്യത്തിന്റേയും മാസ്മരവലയത്തിലകപ്പെട്ടിട്ടുണ്ടാവും, അതും കഴിഞ്ഞ് പടിഞ്ഞാറേ നടയിലേക്കിടവഴിയിലൂടെ നടന്നെത്തുമ്പോഴേക്കും ബ്രാഹ്മണിയമ്മയുടെ തിരുവാതിരക്കളി പാട്ടുകളും, നിറഞ്ഞ് കവിഞ്ഞങ്ങൊഴുകാൻ തുടങ്ങും.   ചാക്യാർക്കൂത്തും, നങ്ങ്യാർകൂത്തും, ഓട്ടൻ തുള്ളലും, പാഠകവുമൊക്കെ മേമ്പൊടിയായി വേറേയും.

അഞ്ചാം ക്ലാസ് മുതൽ ഞാനെടുത്ത വിഷയം സംസ്കൃതമായിരുന്നു.  ഇഷ്ടപെട്ട വിഷയങ്ങളാകട്ടെ ഹിന്ദിയും, സംസ്കൃതവും.  സംസ്കൃതം വിഷയമായുള്ള കുട്ടികളിൽ കൂടുതലും "ഡിവിഷൻ - എ" യിൽ ആയിരുന്നു.  ഞാനും.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു ഞങ്ങളുടെ സ്കൂൾ മിക്സഡ് ആക്കുന്നത്. ട്രയൽ & ഇറർ ബേസിൽ സ്റ്റാർട്ട് ചെയ്തത് കാരണം, പെൺകുട്ടികൾക്കുള്ള  അഡ്മിഷൻ അഞ്ചാം ക്ലാസിലേക്കും, എട്ടാം ക്ലാസിലേക്കും മാത്രം.  ആദ്യത്തെ മിക്സഡ് വർഷമല്ലെ, പെൺകുട്ടികളൊക്കെ എണ്ണത്തിൽ മഹാ കുറവായിരുന്നു.  പത്ത് പതിനാലു പെൺകുട്ടികളോളം അക്കൊല്ലം ഞങ്ങളുടേ സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നു.  അഞ്ചാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥിനികളുടെ എണ്ണമറിയാൻ ഞങ്ങക്ക് താത്പര്യം തീരെയില്ലായിരുന്നു.  എട്ടിൽ ചേർന്ന പെൺകുട്ടികളിൽ ചിലരൊക്കെ ഞങ്ങളെ പഠിപ്പിച്ചിരുന്ന ടീച്ചർമാരുടെ മക്കളായിരുന്നു എന്ന ഒരു ഭീഷണി ഞങ്ങളുടെ മുൻപിൽ  എപ്പോഴുമുണ്ടായിരുന്നു. 

ദൈവഹിതത്തെ ആർക്ക് തടുക്കാൻ പറ്റും?   പുതുതായി ചേർന്ന പെൺകുട്ടികളെ " 8 എ"ഡിവിഷനിലേക്കാണിട്ടത്.  അവരിൽ ചിലരാകട്ടെ സംസ്കൃതം പഠിക്കുന്നവരും.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ,  ഹെഡ്മാഷ് ശ്രീ രാധാകൃഷ്ണൻ മാഷാണു.    രാധാകൃഷ്ണൻ മാഷാണെങ്കിൽ കട്ട സഖാവും, മഹാ കണിശക്കാരനും.  പിന്നിലേക്ക് ചേർത്ത് മറച്ചുപിടിച്ച കൈകളിൽ മുഴുത്ത ചൂരലുമായാണു എപ്പോഴും റോന്ത്!  ക്ലാസിൽ ടീച്ചറൊന്ന് വരാൻ വൈകിയാൽ അപ്പോൾ തുടങ്ങും പിള്ളാരുടെ ബഹളം.  മാഷാണെങ്കിൽ ഇടക്കിടെ അദ്ദേഹത്തിന്റെ മുറിയിൽ നിന്നും മിന്നൽ പരിശോധനക്കായിറങ്ങും.  ശബ്ദമുണ്ടാക്കുന്ന പിള്ളാർ, അത് ക്ലാസിനുള്ളിലാകട്ടെ, പുറത്താകട്ടെ, മാഷുടെ കണ്മുന്നിൽ പെട്ടാൽ തുടപൊളിയുന്ന, അല്ലെങ്കിൽ ചന്തി പൊള്ളക്കുന്ന അടിയുറപ്പാണു.  സംഭവം മാഷൊരു സ്നേഹനിധിയാണെന്നൊക്കെ പറയുമെങ്കിലും, പിള്ളാർക്കങ്ങേരെന്നുമൊരു പേടിസ്വപ്നം തന്നെ.

സംസ്കൃതം പഠിപ്പിക്കുന്ന ശ്രീദേവി ടീച്ചറും, കണിശത്തിന്റെ കാര്യത്തിൽ അത്ര പിന്നിലൊന്നുമല്ല,  ചോദ്യത്തിനുത്തരം നൽകാതിരുന്നാലോ, തെറ്റിയാലോ, ചൂരൽകഷായം പിള്ളാർക്കുറപ്പാണു.

സംസ്കൃതം പിരിയഡിൽ, മലയാളം വിഷയമായിട്ടുള്ള കുട്ടികൾ വേറെ കാസിലേക്കും, അവിടെ നിന്ന് സംസ്കൃതം വിഷയമായിട്ടുള്ള പിള്ളാർ ഞങ്ങളുടേ ക്ലാസിലേക്കും വരുകയാണു പതിവ്.  ഞങ്ങളുടെ ക്ലാസ്സ് സ്ഥിതി ചെയ്യുന്നത് സ്റ്റേജിന്റെ മുകളിലായാണു.  താഴെ നിന്നു വരുന്നവർക്ക് പെട്ടെന്ന്  തന്നെ മുകളിലുള്ള ക്ലാസിൽ എന്താണു നടക്കുന്നത് എന്ന് കണ്ടു പിടിക്കാൻ എളുപ്പമാണു താനും.

അങ്ങിനെ മിക്സഡ് ക്ലാസ്സ് തുടങ്ങിയ വർഷം. ഞാനടക്കമുള്ള  സകലമാന പിള്ളാരും, അസ്ത്രങ്ങളൊക്കെ മൂർച്ചകൂട്ടി ആവനാഴിയിലിട്ടാണു സ്കൂളിലേക്കുള്ള വരവും, നടപ്പും, എന്തിനു പഠിത്തം പോലും.  പുതിയതായി വന്നതിന്റെ ഒരങ്കലപ്പൊന്നും പെണ്ണുങ്ങൾക്കില്ലായിരുന്നു. ഒരെണ്ണം പോലും, അമ്പിനും, വില്ലിനും അടുക്കുന്നുമില്ല.   എങ്കിലും തോറ്റു പിന്മാറാൻ മനസ്സുള്ളവരായിരുന്നില്ല ഞാനും, എന്റെ സതീർത്ഥ്യന്മാരും.   എപ്പോഴാണു, ആരാണു, എങ്ങിനെയാണു ചൂണ്ടയിൽ കൊത്തുക എന്ന് പ്രവചിക്കാൻ കഴിയില്ലല്ലോ.

അങ്ങിനെയിരിക്കെ ഒരു ക്ലാസിൽ  ശ്രീദേവി ടീച്ചർ പഠിപ്പിച്ചത് - ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യർ രചിച്ച ഭജഗോവിന്ദമെന്ന ശ്ലോകമാണു.   വരുന്ന രണ്ട് ദിവസങ്ങളിൽ ടീച്ചർ അവധിയായതു കാരണം, അന്ന് സ്പെഷലായി ഒരു എക്സ്ട്രാ ക്ലാസ്സും കൂടിയെടുത്താണു ടീച്ചർ  ശ്ലോകം പഠിപ്പിച്ച് തീർത്തത്.  ക്ലാസ്സ് കഴിഞ്ഞ് പോകാൻ നേരം, എല്ലാവരോടും ശ്ലോകം മുഴുവനായും പഠിക്കണമെന്നും, അടുത്ത ക്ലാസ്സിൽ ചോദ്യോത്തരങ്ങളുണ്ടായിരിക്കുമെന്നും ഭീഷണി മുഴക്കി.

പെൺപിള്ളാരുടെ മുൻപിൽ ഷൈൻ ചെയ്യാൻ പറ്റിയ അവസരം  ഇത് തന്നെ.  ഭജഗോവിന്ദം ശ്ലോകം അരച്ച് കലക്കി കുടിക്കുക, ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ എല്ലാ ഉത്തരങ്ങളും മണി മണി പോലെ പറഞ്ഞ് ഷൈൻ ചെയ്യുക.   അത് മാത്രമാണിനി ഇവളുമാരെ കയ്യിലെടുക്കാനുള്ള ഒരേയൊരു പ്രതിവിധി.

പിന്നീട് വന്ന രണ്ട് ദിവസങ്ങൾ സാധകത്തിന്റേതായിരുന്നു.   പറമ്പ് നനക്കാനായി മോട്ടറടിച്ചു നിറച്ചിടുന്ന വാട്ടർ ടാങ്കിൽ കഴുത്തൊപ്പം വെള്ളത്തിൽ ഇരുന്നും, അടുക്കള മേശമേൽ ഇരുന്നും, എന്തിനു, കട്ടിലിൽ കമ്പിളി പുതച്ച് മൂടി കിടന്ന് വരെ ഞാൻ ഭജഗോവിന്ദം സാധകം ചെയ്തു.   പാടി പാടി എന്റെ തൊണ്ട വരണ്ടു, എന്നിട്ടും തോറ്റു കൊടുക്കാൻ എനിക്ക് മനസ്സില്ലായിരുന്നു.  ശ്ലോകം മൊത്തം കാണാതെ ഉരുവിട്ടുരുവിട്ടു പഠിച്ചു.

പ്രതീക്ഷിച്ചത് പോലെ തന്നെ ടീച്ചർ ക്ലാസിൽ വന്നു.  കുശലാന്വേഷണത്തിലേക്കൊന്നും കടക്കാതെ നേരിട്ട്  ചോദ്യോത്തരവേള!

ദ്രൗപതീസ്വയം വരത്തിനുപോയ അർജുനൻ, ഞാത്തിയിട്ട ചാളയുടെ കണ്ണു മാത്രം കണ്ടത് പോലെ!

എന്റെ മനസ്സിൽ മറ്റൊന്നുമില്ല , എന്റെ ശ്വാസത്തിൽ  പോലും ആദി ശങ്കരനും, ഭജഗോവിന്ദവും മാത്രം.  തികഞ്ഞ ഏകാഗ്രത..

ബ്രീത്ത് ഇൻ.....

ബ്രീത്ത് ഔട്ട്!

എന്താണു ചോദ്യമെന്നോ, ആരോടാണോ ചോദിച്ചതെന്നോ, എവിടെ അവസാനിപ്പിച്ചുവെന്നോ, ഒന്നും കേൾക്കാതെ എന്റെ മനസ്സ് എന്റെ പേരു വിളിക്കായി മാത്രം കാതും കൂർപ്പിച്ചിരുന്നു.

കുറുമാൻ പറയൂ

എന്റെ പേരു വിളിക്കുന്നത് കേട്ടതും, തൊണ്ട ശരിയാക്കി എഴുന്നേറ്റ് നിന്നു.  കൈപ്പത്തികൾ ഡസ്കിൽ കുത്തി, കണ്ണുകൾ അടച്ച് പിടിച്ച്, മുന്നോട്ടും, പിന്നോട്ടും ചെറുതായൊന്നാടികൊണ്ട് ഒരൊറ്റ കീറായിരുന്നു. 

അമ്പലത്തിലൊക്കെ മുഴങ്ങികേട്ടുള്ള സുബ്ബലക്ഷ്മിയമ്മയുടെ അതേ ട്യൂണിൽ,  അതിലും ശബ്ദഗാംഭീര്യത്തോടെ!

ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ
സംപ്രാപ്തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്ജുകരണേ

നാരീസ്തന ഭര നാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍മാംസവസാദി വികാരം

നിറുത്തടോ തന്റെ ഒരു വികാരം!  ഉച്ചത്തിലുള്ള ഒരലർച്ചയും, ഡെസ്കിൽ ചൂരലുകൊണ്ടടിക്കുന്ന ശബ്ദവും കേട്ട്  ഞെട്ടിപിടഞ്ഞ്  കണ്ണുകൾ തുറന്നപ്പോൾ,  മുൻപിൽ ശ്രീദേവി ടീച്ചർ മാത്രമല്ല, ചൂരലുമേന്തി തൊട്ടടുത്ത് രാധാകൃഷ്ണന്മാഷുമുണ്ട്!

ആൺപെൺ വിത്യാസമില്ലാതെ ക്ലാസിലുള്ളവരുടെ അന്നത്തെ ആ കൂട്ടചിരിയിൽ ഒന്നു തിരിഞ്ഞു പോലും നോക്കാതെ ഇറങ്ങി പോയതാണെന്റെ സംഗീത വാസന!

Monday, June 22, 2020

വരൂ നമൊക്കൊന്ന് പൊട്ടിക്കരയാം


നേരം പരപരാന്ന് വെളുത്ത് തുട്രങ്ങിയിട്ട് പോലുമില്ല,

ഹാളിൽ നിന്നും കരച്ചിലിന്റെ ശബ്ദം കേട്ട് ഞാൻ വന്നപ്പോ, കുത്തിച്ചാരി വച്ചതുപോലെയിരുന്നു പൊട്ടികരയുന്ന വാമം!  എന്താ, എന്താ, എന്നൊന്നും  ചോദിച്ചിട്ടൊന്നും യാതൊരു മറുപടിയുമില്ല!   കരച്ചിലോട് കരച്ചിൽ മാത്രം.

ദൈവമേ, ഇന്നലെ വ്യാഴവും, വെള്ളിയുമൊന്നുമല്ലായിരുന്നല്ലോ!  ഇനി അബദ്ധവശാൽ പൂക്കുറ്റിയായി ഞാൻ എന്തേലും പറഞ്ഞ് വിഷമിപ്പിച്ചിരിക്കാനുള്ള സാധ്യതയും തീരെ ഇല്ല. കാരണം ഇന്ന്  തിങ്കളാഴ്ചയാണു.

കരച്ചിലിന്റെ ഇടയിലും അവളുടെ കയ്യീന്ന് ഫോൺ വാങ്ങി നോക്കി, ഇല്ല വെളുപ്പാൻ കാലത്ത് പോയിട്ട് ഇന്നലെ രാത്രി പോലും  നാട്ടിൽ നിന്നോ, അവളുടെ വീട്ടിൽ നിന്നോ,  ഫോണുകളൊന്നും വന്നിട്ടില്ല.  വാട്സാപ്പിലും മെസ്സേജുകൾ പുതിയതായൊന്നും കാണുന്നില്ല.

ബെഡ്റൂമിൽ പോയി നോക്കി.  പിള്ളാർ രണ്ടും മൂടി പുതച്ച് കിടന്നുറങ്ങുന്നുണ്ട്.   എന്റെ ബോഡിയൊന്നും അവിടെ കാണാനുമില്ല.  ഡ്രെസ്സിങ്ങ് ടേബിളിനു മുൻപിൽ പോയി, ഞാൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.   ലൈറ്റുകളുടെ പ്രകാശം തലയിലേക്കടിച്ചപ്പോൾ കണ്ണഞ്ചിപോയെന്നൊഴിച്ചാൽ മുഖം  എന്റേതു തന്നെ.  ഗ്ലാമറിനൊന്നും യാതൊരു കുറവുമില്ല!  തുടയിൽ പിച്ചി നോക്കി, വേദനിക്കുന്നുണ്ട്.   ഇല്ല, ഞാനും മരിച്ചിട്ടില്ല!

വീണ്ടും ഹാളിലേക്ക്.  അവളുടെ കരച്ചിലിനൊരു ശമനവുമില്ല.  മൂക്കു പിഴിയുന്ന ടിഷ്യൂ,  മുറക്ക്, വലത്തേക്കയ്യിൽ നിന്നും ഇടത്തേ കയ്യിലേക്ക് മാറ്റി ചുരുട്ടി പിടിച്ചുകൊണ്ടാണു കരച്ചിൽ.

പതം പറച്ചിലില്ല, എന്നാലൊട്ട് എന്തിനാണു കരയുന്നതെന്ന എന്റെ ചോദ്യത്തിനുത്തരവുമില്ല!

എന്ത് പണ്ടാരകെട്ടാണിതെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.  കൺഫ്യൂഷനടിച്ച് എന്ത് ചെയ്യണമെന്നറിയാതെ ചിന്തിച്ചിരിക്കുന്നതിന്നിടയിലാണു എന്റെ ശ്രദ്ധ ടേബിളിൽ തലയുയർത്തി നിന്ന് പ്രകാശിക്കുന്ന എന്റെ കമ്പ്യൂട്ടറിൽ ചെന്നെത്തിയത്.

ശ്ശെടാ, ഇന്നലെ രാത്രി ഉറങ്ങാൻ നേരത്ത് ഷട്ട് ഡൗൺ ചെയ്ത്, അടച്ച് വച്ചിരുന്നതായിരുന്നല്ലൊ!  ഇതിപ്പോൾ രാവിലെ എങ്ങിനെ ഓണായി!

ദൈവമേ, ഉറക്കം വരാതെ ഇരുന്നപ്പോൾ, ഇവൾ അതെങ്ങാനും ഓണാക്കി എഫ് ബിയിലോ മറ്റോ കയറിയപ്പോൾ ഏതെങ്കിലും അമ്മായി, അമ്മൂമ്മ, നാത്തൂന്മാരാരെങ്കിലും, , ഞാനാണെന്ന് കരുതി കുറുങ്ങാൻ വന്നതെങ്ങാനും കണ്ടിട്ടാണോ ഈ കരച്ചിൽ! 

ചാൻസില്ല, തീരെയില്ല!

അങ്ങിനെ വല്ലതുമാണെങ്കിൽ  തന്നെ പെണ്ണുമ്പിള്ള കരയാനായി ഒരു സാധ്യതയുമില്ല.  പൊട്ടിചിരിക്കുകയേയുള്ളൂ.   മാൻഡ്രേക്കിന്റെ തലപോലെ എങ്ങിനെ ഈ കുരിശ് ഒഴിവാക്കണമെന്ന് തലപുകഞ്ഞാലോചിച്ചിട്ടും, ഏഴരശനി പോലെ, കൊണ്ടേ പോകൂ എന്നുള്ള അവസ്ഥയിൽ, ആരേലും ഇങ്ങോട്ട് ഇടിച്ച് കയറി വന്ന്, അതിനി എഫ് ബിയിൽ ആയിക്കോട്ടെ, വാറ്റ്സാപ്പിൽ ആയിക്കോട്ടെ, ഇങ്ങ് തന്നേക്കൂ എന്ന് പറഞ്ഞാൽ പടച്ച തമ്പുരാനായാലും സന്തോഷം തോന്നും, പൊട്ടിച്ചിരിച്ചിരിക്കും. കൈമാറും എന്നല്ലാതെ പൊട്ടിക്കരയാനുള്ള സാധ്യത ലവലേശമില്ല.

അപ്പോ, അതുമല്ല ഹേതു. 

ങേ!  എന്റെ ജി മെയിൽ തുറന്ന് കിടക്കുന്നു.  അതിൽ വന്നിരിക്കുന്ന ഒരു ഇമെയിലും.

സംഭവം പിടികിട്ടി.  കരച്ചിലിന്റെ കാരണവും!

തേടിയ ഇമെയിൽ കണ്ണിൽ പെട്ടു.   കഴിഞ്ഞയാഴ്ച വന്ന ഒരു മെയിലാണു കരച്ചിലിന്റെ പിന്നിൽ.

ലാപ്പ്ടോപ്പെടുത്ത് ലാപ്പിൽ വച്ച്, മെയിലെടുത്ത് ഞാൻ വായന തുടങ്ങി.

കരച്ചിലിന്റെ അത്ഭുതകരമായ 17 ഗുണഗണങ്ങൾ!  അക്കമിട്ട് നിരത്തി, അതിമനോഹരമായി വിവരിച്ചിരിക്കുന്നു.

കൊള്ളാം!  തലക്കെട്ട് തന്നെ കലക്കി കടുക് വറുത്ത്, കറിവേപ്പിലേം, വറമുളകും ഇട്ടിട്ടുണ്ട്.  കാണാൻ മനോഹരമാണെന്ന് മാത്രമല്ല,  സുഗന്ധപൂരിതവുമാണു.

1) മാനസിക സമ്മർദ്ധം കുറക്കുവാൻ  കരച്ചിൽ സഹായിക്കുന്നു. (It helps release stress)

2) സ്വരുക്കൂട്ടി വെച്ചിരിക്കുന്ന, വികാര വിക്ഷോഭങ്ങളെ പുറത്തേക്ക് തള്ളുവാൻ കരച്ചിൽ സഹായകമാണു.  (It's a sign that a pent up emotion is being let out)

3)നിങ്ങൾക്കുണ്ടായിട്ടുള്ള മാനസിഘാതത്തിൽ നിന്നും കരകയറുവാൻ കരച്ചിൽ ചെയ്യുന്ന സഹായം ചില്ലറയല്ല ( It helps your body bounce back from trauma)

4)നിങ്ങൾക്ക് സഹായസഹകരണങ്ങൾ ആവശ്യമുണ്ടെന്ന് മറ്റുള്ളവർക്ക് നൽകുന്ന ഒരു അടയാളമായിട്ടും കരച്ചിലിനെ കണക്ക് കൂട്ടാം (It signals to others that you need support)

5) കരച്ചിൽ ഒരു വേദന സംഹാരികൂടിയാകുന്നു (It soothes physical pain)

6) ശരീര ശുദ്ധീകരണത്തിനും കൂടി കരച്ചിൽ സഹായിക്കുന്നുവത്രെ (It's cleansing)

7) കരച്ചിൽ നിങ്ങളെ സന്തോഷവാനായിരിക്കുവാൻ സഹായിക്കുന്നു (It allows you to be happy, too)

8)അതിവേഗം, ബഹുദൂരം (It's the fastest way to move on)

9)മനുഷ്യപറ്റില്ലാത്ത ടൈപ്പ് മനുഷ്യന്മാരെ പോലും കരച്ചിൽ  അടുപ്പിക്കുമത്രെ (It brings people closer together)

10) കണ്ണുകൾ വൃത്തിയാക്കുന്നതിനു കരച്ചിനിലുള്ള പങ്കിനെ ഇനിയെങ്കിലും കുറച്ച് കാണരുതേ (It keeps your eyes clean)

11) കരച്ചിൽ  രോഗവിമുക്തി നേടുവാൻ പ്രകൃതിദത്തമായി നിങ്ങളെ സഹായിക്കുന്നു (It's a natural part of the healing process)

12) മാനസികാവസ്ഥ സംതുലനം ചെയ്യുന്നതിലും കരച്ചിൽ നല്ലൊരു പങ്ക് വഹിക്കുന്നു (It alters your mood)

13)മൂക്കടപ്പ് തുടങ്ങി,  മൂക്കിലെ മറ്റ് തടസ്സങ്ങളൊക്കെ കരച്ചിൽ ക്ലിയർ ചെയ്യും (It clears out our nasal passage)

14)വിഷാദത്തിനെ തടുക്കുവാനും കരച്ചിൽ സഹായിക്കുന്നു (It can prevent depression‌)

15)ആരോഗ്യവാനും, ആരോഗവതികളുമാരിക്കുവാനും കരച്ചിൽ സഹായിക്കുന്നു (It helps you stay healthy)

16)ഗഹനമായ ഉറക്കത്തിനും കരച്ചിൽ സഹായിക്കുന്നു (It helps you sleep more soundly)

17) ബ്ലഡ് പ്ലഷർ കുറക്കുവാനും കരച്ചിൽ സഹായിക്കുന്നു (It lowers blood pressure)

വായിച്ച് വന്നപ്പോൾ, ഇതെല്ലാം അറിയാൻ വൈകിപ്പോയല്ലോയെന്നാലോചിച്ചപ്പോൾ എനിക്കും കരച്ചിലടക്കാനായില്ല. വാമഭാഗത്തെ ചേർത്ത് പിടിച്ച് ഞാനും വിതുമ്പാൻ തുടങ്ങി.  എന്റെ ചുമലിൽ തല ചായ്ച്ച് വച്ചവൾ ഏങ്ങിയേങ്ങി, കരഞ്ഞു.  ഏങ്ങലടിച്ചുള്ള അവളുടെ കരച്ചിലു കണ്ടപ്പോൾ വിതുമ്പുന്ന ഞാനും  ടോണൊന്നു മാറ്റി ഉച്ചത്തിൽ കരയുവാൻ തുടങ്ങി.

ഞങ്ങളൂടെ രണ്ടുപേരുടേയും കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന കുറുമി കുട്ടികൾ കാരണമെന്തെന്നറിയാതെ ഞങ്ങളുടെ ഇടതും വലതുമായിരുന്നു. കാര്യമായെന്തോ സംഭവിച്ചു എന്ന് മാത്രം മനസ്സിലായ അവർ, മറ്റു കാര്യകാരണങ്ങളൊന്നും ചികയാതെ തന്നെ ഞങ്ങളുടെ കരച്ചിലിൽ പങ്ക് ചേർന്നു.   പരസ്പരം  കെട്ടിപിടിച്ച്കൊണ്ട്  ഞങ്ങൾ  നാലു പേരും പൊട്ടി പൊട്ടി, അലമുറയിട്ട് കരഞ്ഞുകൊണ്ടേയിരുന്നു!

കൂടുതൽ വായനക്ക് - https://bestlifeonline.com/benefits-of-crying/

Saturday, June 20, 2020

പത്മിനി മാഹാത്മ്യം

ദില്ലി സ്മരണകൾ - 2

ആ ദിവസത്തെ, കൂലിപണിയൊക്കെ കഴിഞ്ഞ് ആദി കുറുമാനും, ഞാനും കിർക്കി ഗ്രാമത്തിലെ ഞങ്ങളുടെ വില്ലയിൽ എത്തിയപ്പോൾ, പൂത്തിരി കത്തിയപോലുള്ള ചിരിയോട് കൂടി നിൽക്കുന്ന ഡൊമിനിയേയാണു കണ്ടത്.
എന്താ ഡൊമിന്യേ നിന്റെ മുഖത്തിന്നൊരു ച്യവന പ്രകാശം... പൂക്കുല ലേഹ്യം ഒറ്റക്കടിച്ചതിന്റേയാവുംല്ലേ?
ഡാ, അച്ഛനു ഡ്രൈവിങ്ങ് ലൈസൻസ് കിട്ടി, കാറിന്റെ!
അത് പെടച്ചു. അഭിനന്ദനങ്ങൾ. അപ്പോൾ ചിലവെപ്പോഴാ?
കുനിഞ്ഞ് കട്ടിലിന്റെ കീഴെ നിന്ന് പഴയൊരു സന്യാസി (OLD MONK) അഥവാ ത്രിഗുണന്റെ ഫുൾ ബോട്ടിൽ വലിച്ച് കയ്യിലെടുത്ത് ഞങ്ങൾക്ക് മുൻപിൽ പ്രദർശിച്ചുകൊണ്ടവൻ പറഞ്ഞു. ഡംണ്ടഡേൺ!
കുപ്പി കണ്ടതും അവനേക്കാളും പ്രകാശമാനമായി ആദിയുടേം, എന്റേയും വദനങ്ങൾ!
വസ്തങ്ങളൊക്കെ പെട്ടെന്ന് തന്നെ മാറി, ഇന്നിനി കുക്കിങ്ങൊന്നും വേണ്ട. നമുക്ക് ചാച്ചയുടെ ഡാബയിലെങ്ങാനും പോയി കഴിക്കാം, അല്ലെങ്കിൽ അവിടെ നിന്ന് പാഴ്സൽ വാങ്ങി വരാം, കാശ് നീ കൊടുത്താൽ മതി. ഡൊമിനിക്ക് മറിച്ചൊന്ന് ചിന്തിക്കാൻ പോലും അവസരം നൽകാതെ തീരുമാനം ഞങ്ങളറിയിച്ചു.
*******
ബാങ്ക് മാനേജരായിരുന്നെങ്കിലും , റിട്ടയർമെന്റിനു വെറും മൂന്നേ മൂന്ന് മാസം ബാക്കിയുള്ളപ്പോൾ മാത്രമാണു, ഡൊമിനിയുടെ അച്ഛൻ, ശ്രീ, വാസുദേവനവർകൾക്ക് ഡ്രൈവിങ്ങ് പഠിക്കാൻ തോന്നിയതും, ആ ഡെഡിക്കേഷനു മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് ടെസ്റ്റ് പാസ്സാക്കി, ഡ്രൈവിങ്ങ് ലൈസൻസ് കൊടുക്കാൻ, വെഹിക്കിൾ ഇൻസ്പെക്ടർക്ക് തോന്നിയതും.
ഡ്രൈവിങ്ങ് ലൈസൻസ് കിട്ടിയ അന്നു മുതൽ ഉറക്കത്തിലും, ഊണിലും വരെ അദ്ദേഹം ദർശിച്ചിരുന്നത്, വലുപ്പത്തിൽ ലോകത്തെ മറ്റേത് റൗണ്ടബൗട്ടിനേയും വെല്ലുന്ന തൃശൂർ റൗണ്ടിൽ തന്റെ കാറുമായി വിലസുന്നതും, വീശിയൊടിക്കുന്നതും, മാത്രമാണു.
പഴയ സന്യാസിയുമൊത്ത് മിണ്ടീം പറഞ്ഞും ഞങ്ങൾ ഇരിക്കുന്നതിന്നിടയിലാണു , ഇരുക്കയ്യനോ, മുക്കയ്യനോ ആയാലും വേണ്ടില്ല, ചുളുവിലക്ക്, ഒരു നല്ല കാർ എത്രയും പെട്ടെന്ന് വാങ്ങണം അച്ഛനു വേണ്ടി എന്ന് ഡൊമിനി ഞങ്ങളോടുര ചെയ്തത്!
കേട്ടതും ഞങ്ങൾ ഞെട്ടി!
അച്ഛനു കാർ വാങ്ങാനാ? നീയാ? ബാങ്കുകളൊന്നും അടുത്തിടെ കൊള്ളയടിച്ചതായി പത്രത്തിലൊന്നും കണ്ടില്ലല്ലോ! കാശെവിടുന്നാ?
കാശൊക്കെ അച്ഛൻ അയച്ച് തരാമെന്ന് പറഞ്ഞിട്ടുണ്ടിഷ്ടാ. നമുക്ക് ഒരു കാർ എത്രയും പെട്ടെന്ന് കണ്ട് പിടിച്ച് വാങ്ങണം.
കാറെങ്കിൽ കാർ, വാങ്ങിയിട്ട് തന്നെ കാര്യം.
ബാസ്കറ്റ് ബോൾ, നെറ്റിലേക്കിടുന്നത് പോലെ, കാലിയായ കുപ്പി അടുക്കളയുടെ മുകളിലെ സ്ലാബിലേക്ക് മയത്തിലൊന്നെറിഞൊതുക്കി, ചാച്ചയുടെ ഡാബയിൽ പോയി തന്തൂരി ചിക്കനും, തന്തൂരി റൊട്ടിയും, കഡായ് പനീറൂം കഴിച്ച്, ഒരു ദമ്മുമടിച്ച്, തിരികെ വന്ന് സുഖമായി ഞങ്ങൾ കിടന്നുറങ്ങി.
പിറ്റേന്ന് മുതല്‍ ഞങ്ങൾ മൂവരും അവരവുരേതായ കോണ്ടാക്ട്സ് മൊത്തത്തിൽ ഉപയോഗിച്ച് യൂസ്ഡ് കാറിനായുള്ള വേട്ട തുടങ്ങി.
തൊണ്ണൂറ്റി രണ്ടാണ് കാലഘട്ടം. സെക്കന്റ് ഹാന്റ് മാരുതികളുടെ വില്പന അത്ര പ്രചുര പ്രചാരത്തിലില്ല. ഉള്ളതിനാണെങ്കില്‍ ഹോസ്പിറ്റല്‍ സ്വന്തമായുള്ള ഡോക്ടറായ അച്ഛന്റെ ഡോക്ടറായ മകന്‍ കല്യാണ കമ്പോളത്തില്‍ വില്പനക്കായി എത്തിപെട്ടപോലെയും. മുടിഞ്ഞ ഡിമാന്റ്! ആര്, എപ്പോൾ കൊത്തികൊണ്ട് പോയെന്ന് ചോദിച്ചാല്‍ മാത്രം മതി.
അംബാസഡറിന്റെ കാര്യമാണെങ്കിലോ? എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും കാണുന്നതെല്ലാം വില്പനക്ക്! അംബൻ കരുത്തനാണെങ്കിലും, ഡൊമീനീടച്ഛന് അംബനോട് താത്പര്യമൊട്ടില്ല താനും.
പിന്നെയുള്ളത് അക്കാലഘട്ടത്തിലെ, ഡോക്ടർമാരുടെയൊക്കെ ഫേവറിറ്റായ പത്മിനിയാണു. അവളാണെങ്കിലോ എണ്ണത്തില്‍ തുച്ഛവും.
എന്തായാലും ഡൊമിനിയുടെ അച്ഛനു ചേര്‍ന്നതും കൈപ്പിടിയില്‍ ഒതുങ്ങന്നതും പത്മിനി തന്നെ എന്ന് ഒരാഴ്ചക്കൂള്ളിലെ മാര്‍ക്കറ്റ് റിസേര്‍ച്ചില്‍ ഞങ്ങള്‍ കണ്ടെത്തി. പിന്നെയങ്ങോട്ട് പത്മിനിയെ ചുറ്റിപറ്റിയായി ഞങ്ങളുടെ അന്വേഷണം.
ഐ എന്‍ എ മാര്‍ക്കറ്റിലായാലും, സരോജിനി നഗര്‍ മാര്‍ക്കറ്റിലായാലും, ആര്‍ കെ പുരം അയ്യപ്പ മന്ദിറിലായാലും, പാര്‍ക്കിങ്ങിലായാലും, പാര്‍ക്കിന്റെ മുന്‍പിലായാലും, സിനിമാ തിയറ്ററിനു മുന്‍പിലായാലും, എന്തിന് ബാറിന്റെ മുന്‍പില്‍ വച്ചു പോലും പത്മിനിയെ കണ്ടാല്‍ ഞങ്ങള്‍ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ അടുത്ത് ചെന്ന് തൊട്ടു നോക്കി, മെല്ലെ ഉഴിഞ്ഞു. ശരീരത്തില്‍ സ്ട്രെച്ച് മാർക്കുകൾ ഉണ്ടോയെന്ന് ചാഞ്ഞും, ചരിഞ്ഞും നോക്കി.
ഗൾഫ് കാരൻ പയ്യൻ പെണ്ണുകാണാൻ പോവാറുള്ളത് പോലെ, പലതിനേം കണ്ടു, ഇഷ്ടപെടുകയും ചെയ്തു. പക്ഷെ ഗൾഫിലല്ലേ, നിങ്ങൾക്ക് തരാൻ താത്പര്യമില്ല ലൈനിലായിരുന്നു കൂടുതലും. സൗന്ദര്യവും, കുലമഹിമയും, ഒത്ത് ചേർന്ന്, എല്ലാം കൊണ്ടും ഞങ്ങൾക്കിഷ്ടപെട്ട്, കുടുംബത്തിലേക്ക് കൂട്ടികൊണ്ടുവരാൻ പറ്റിയ ചരക്ക് എന്ന് തോന്നിയ നന്നേ ചുരുക്കം പത്മിനികളുടെയാണേൽ ജാതകവും ചേർന്നില്ല (അജ്ജാതി വിലയാണു അവന്മാർ ചോദിച്ചത്).
ദിനങ്ങളും വാരങ്ങളും കൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു. ഡൊമിനിയുടെ അച്ഛന്‍ ഞങ്ങള്‍ക്ക് ചെയ്യുന്ന എസ് ടി ഡി കോളുകളുടെ എണ്ണങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ദിവസം ഡൊമിനിയുടെ അച്ഛന്റെ ഫോണ്‍ വന്നപ്പോള്‍ ഡൊമിനിയുടെ ഫോണിലൂടെയുള്ള സംസാരം കേട്ട് ഞങ്ങള്‍ ഞെട്ടി.
ഹലോ, ങ്ഹാ അച്ഛാ.
കാറാ, ഉവല്ലോ, ശരിയായിട്ടുണ്ട്.
മാരുതിയാണോന്നാ? ഏയ് പത്മിനിയാ.
നല്ല കണ്ടീഷനാണോന്നാ? ചോദിക്കാനുണ്ടോ, അടിപൊളി. ഇജ്ജാതി ഒരു വണ്ടി ഇനി കിട്ടാൻ ചാൻസേയില്ലച്ഛാ. എന്തായാലും അച്ഛന്‍ ഒരു അമ്പതിനായിരം അയക്ക്.
ഫോണ്‍ കട്ട് ചെയ്ത് ഡൊമിനി ഞങ്ങളെ ദയനീയമായി നോക്കി. ഇനിയെന്ത് എന്നര്‍ത്ഥത്തില്‍.
സാരമില്ല നമുക്ക് നമ്മുടെ വേട്ട ഒന്നുകൂടി കൊഴുപ്പിക്കാം എന്ന് പറഞ്ഞ് ഡൊമിനിയെ ഞങ്ങള്‍ സമാധാനിപ്പിച്ചെങ്കിലും, അഞ്ചാം പക്കം ഡൊമിനിയുടെ ബാങ്ക് അക്കൌണ്ടില്‍ അമ്പതിനായിരത്തി ഇരുന്നൂറ്റി പതിനേഴു രൂപ ബാലന്‍സ് കണ്ടപ്പോള്‍ (അമ്പതിനായിരം അച്ഛന്‍ അയച്ചതും, ഇരുന്നൂറ്റി പതിനേഴു രൂപ അവന്റെ സ്വന്തം സമ്പാദ്യവും) ഡൊമിനിയുടെ ടെന്‍ഷന്‍ കൂടി.
അങ്ങനെ ഫുള്‍ പ്രെഷറില്‍ ഇരിക്കുന്ന സമയത്താണ് ഡൊമിനീടച്ഛന്‍ കൊതിച്ചതും പത്മിനി, ആദികുറുമാന്റെ ബോസ്സ്, സന്ദീപ് ആനന്ദ് വില്‍ക്കാന്‍ പോകുന്നു എന്ന് കല്‍പ്പിച്ചതും പത്മിനി!
നിറമല്‍പ്പം കുറവായാലെന്താ, ഫീൽഡിറങ്ങിയപ്പോൾ, സോറി റോഡിലിറങ്ങിയപ്പോള്‍ മുതല്‍ ഒരേ ഒരാൾ മാത്രം കൈവശം വച്ച പത്മിനി! അന്യനൊരാള്‍ അവളുടെ മടിയിൽ അഥവാ ഡ്രൈവിങ്ങ് സീറ്റിൽ പോലും ഒന്നു കയറിയിട്ടില്ല. രണ്ടാമതൊരാള്‍ അവളുടേ ഹോണില്‍ പോലുമൊന്ന് ഞെക്കിയിട്ടില്ല.
കുലീന, ഉത്തമ കുടുംബിനി, പതിവ്രത, അവളെ കിട്ടിയാല്‍ ഭാഗ്യമാ. ഞാന്‍ പറഞ്ഞാല്‍, റേറ്റൊക്കെ അല്പസ്വല്പം അഡ്ജസ്റ്റ് ചെയ്യും. ബോസിന്റെ പദ്മിനിയെകുറിച്ച് ആദി കുറുമാൻ വാ തോരാതെ സംസാരിച്ചു.
ആദിയുടെ സംസാര രീതി വച്ച് പുള്ളിക്കാരന് ഈ ഡിലിങ്ങില്‍ വല്ല കമ്മീഷനും ഉണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കാതിരുന്നില്ല.
എന്തായാലും ശരി, ആദ്യം പത്മിനിയെ കാണട്ടെ, എന്നിട്ട് ആലോചിക്കാം, അവൾ വേണോ വേണ്ടയോ എന്ന തീരുമാനത്തിന്‍ പ്രകാരം വ്യാഴാഴ്ച ഓഫീസില്‍ നിന്നും ആദി കുറുമാന്‍ ഫോണ്‍ ചെയ്തത് പ്രകാരം, സൂര്യന്‍ അസ്തമിക്കാന്‍ രണ്ട് മൂന്നു മണിക്കൂര്‍ നേരമുള്ളപ്പോള്‍ തന്നെ ഓഫീസില്‍ നിന്നും നേരത്തേ വലിഞ്ഞ്, ഞാനും ഡൊമിനിയും ഗ്രേറ്റര്‍ കൈലാഷിലേക്ക് പാഞ്ഞു (വാങ്ങാനായി വണ്ടി നോക്കണമെങ്കില്‍ സൂര്യപ്രകാശത്തിന്റെ വെളിച്ചത്തില്‍ തന്നെ നോക്കണം എന്ന് ഞാന്‍ അന്നേ പഠിച്ചിരുന്നു).
ചെന്നു, കണ്ടു, കീഴടക്കി. എന്തൊരു മുഖശ്രീ. എന്തൊരു ഐശ്വര്യം. പ്രായമിത്രയായിട്ട് കൂടി , ഒരു സ്ട്രെച്ച് മാർക്ക് പോലും പള്ളയിലോ മറ്റെവിടേയുമില്ല. പിൻഭാഗവും, മുൻഭാഗമൊക്കെ അങ്ങിനെ അതേ ഷേപ്പിൽ. യാതൊരിടിവുമില്ല. വൗ. ജസ്റ്റ് വൗ...മനോഹരം. ആക്സിഡന്റ് ഫ്രീ, നോ സ്ക്രാച്ച് ഓർ ഡെന്റ്!
അഞ്ചെട്ട് വര്‍ഷമായി വെയില് കൊള്ളുന്നതിനാല്‍ നിറം അല്പമൊന്ന് മങ്ങിയിട്ടുണ്ടെന്നതൊഴിച്ചാൽ, എന്തുകൊണ്ടും കുടുംബത്തിലേക്ക് വലത് ടയർ വച്ച് കയറ്റുവാൻ യോഗ്യതയുള്ളവൾ തന്നെ.
ഇഷ്ടപെട്ട സ്ഥിതിക്ക് ഇനി വിലയുറപ്പിക്കണമല്ലോ! പേശി, പേശി നാല്പതിനായിരം രൂപക്ക് ഡീല്‍ ഉറപ്പിച്ചു. കയ്യോടെ തന്നെ അഡ്വാന്‍സും കൊടുത്തു. പിറ്റേന്ന് വെള്ളിയാഴ്ച ഓഫീസില്‍ പേരിനൊന്ന് പോയിട്ട്, ലീവെടുത്ത് വരാം എന്നും, അതിനുശേഷം വണ്ടിയുടെ റെജിസ്ട്രേഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞുറപ്പിച്ചതിനുശേഷം സന്തോഷപൂര്‍വ്വം ഞങ്ങള്‍ ഫ്ലാറ്റിലേക്ക് നീങ്ങി.
പത്മിനിയെ കണ്ടു കിട്ടിയ സന്തോഷം പങ്കിടാന്‍, പോകുന്ന വഴിക്ക്, ഷെയ്ക്ക്സറായില്‍ നിന്ന് ഒരു ത്രിഗുണനേയും കൂടെ കൂട്ടി.
ത്രിഗുണനുമൊത്തിരുന്ന് സംസാരിക്കുന്നതിനിടയില്‍ പത്മിനി നാളെ ഉച്ചയോടെ വീട്ടിലെത്തിയാൽ, പോകേണ്ട ട്രിപ്പിനെ കുറിച്ച് മൂന്ന് പേരും തര്‍ക്കമായി. ഹരിദ്വാര്‍ മതിയെന്ന് ഡൊമിനി, വേണ്ട മസൂറി മതിയെന്ന് ആദിയും, ജയ്പ്പൂര്‍ മതിയെന്ന് ഞാനും. തര്‍ക്കം മൂത്തപ്പോള്‍, പതിവുപോലെ തന്നെ നറുക്കെടുക്കാം എന്നൊത്തുതീര്‍പ്പില്‍ എത്തിയത് മൂലം നറുക്കെടുത്തു. നറുക്ക് വീണത് മസൂറിക്ക്. പോകാനുള്ള സ്ഥലത്തിനൊരു തീരുമാനമായതിനാല്‍ ബാക്കിയുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ച കടന്നു.
ശനിയാഴ്ച എല്ലാവരും ലീവെടുക്കുകയാണെങ്കില്‍, വെള്ളിയാഴ്ച രാത്രി തന്നെ മസൂറിക്ക് പോകാം, ശനിയാഴ്ച രാവിലെ പത്ത് പതിനൊന്നു മണിയോടെ എന്തായാലും മസൂറിയിലെത്തും, അന്നവിടെ തങ്ങി, പിറ്റേന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മടങ്ങിയാല്‍ പാതിരാത്രിയോടെ വീട്ടിലെത്തി ചേരാം, പിറ്റേന്ന് ജോലിക്കും പോകാം, ഞാന്‍ നയം വ്യക്തമാക്കി.
എന്റെ അഭിപ്രായത്തിനെ രണ്ട് പേരും അനുകൂലിച്ചതിനാല്‍ അന്നത്തെ ചര്‍ച്ച അവിടെ തീര്‍ന്നു. ചര്‍ച്ചമൂലം അത്താഴം ഒന്നും വക്കാത്തതിനാലും, വണ്ടി വാങ്ങിയതിന്റെ ട്രീറ്റ് വേണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചതിനാലും, സ്കൂട്ടാവാന്‍ വേറെ യാതൊരു നിവൃത്തിയില്ലാത്തിനാലും ഡൊമിനി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഞങ്ങളെ സാക്കേത്തിലെ, ഗുരുചരണ്‍ സിങ്ങിന്റെ ഡാബയിലേക്ക് നയിച്ചു. ത്രിഗുണബലത്താല്‍, വെറും അര മുക്കാൽ മണിക്കൂര്‍ നേരത്തെ ആശ്രാന്ത പരിശ്രമത്തിനുശേഷം മോശമല്ലാത്തൊരു ബില്ല് ഡൊമിനിയെകൊണ്ട് കൊടുപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ ഫ്ലാറ്റിലേക്ക് മടങ്ങി.
വെള്ളിയാഴ്ച രാവിലെ പതിവുപോലെ ഞാനും ഡൊമിനിയും ഒരോഫീസിലേക്കും, ആദി, ആദിയുടെ ഓഫീസിലേക്കും പോയി.
ഞാനാകട്ടെ, അല്പം പണികള്‍ ചെയ്തതിനു ശേഷം, പുറം പണിക്കായി ഇറങ്ങുന്നതിനു മുന്‍പ്, മാനേജരായ പിള്ള സാറിനോട്, ശനിയാഴ്ച, അമ്മായിയുടെ മോളുടെ മോന്റെ ചോറൂണായതിനാല്‍ (ആറ് വയസ്സ് കഴിഞ്ഞ അവന്‍ ഉണ്ണാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ചര കഴിഞ്ഞിരുന്നു അപ്പോള്‍)‌ അവധി വേണമെന്നും പറഞ്ഞ് അവധിയും വാങ്ങി പുറത്തിറങ്ങി.
ടെക്സ്റ്റൈയിൽ കമ്മിറ്റിയിലും, അപ്പാരല്‍ എക്പോര്‍ട്ട് പ്രമോഷന്‍ കൌണ്‍സിലിലും മറ്റും ചെയ്യാനുണ്ടായിരുന്ന അത്യാവശ്യ പണികള്‍ എല്ലാം പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ത്തു. ബാക്കി അവശേഷിച്ചിരുന്ന പണികള്‍ അവിടെ ഉള്ള സുഹൃത്തുക്കളെ പറഞ്ഞേൽപ്പിച്ചു. പന്ത്രണ്ട് മണിയോട് കൂടി ഞാൻ ആര്‍ ടി ഓഫീസിലെത്തിയപ്പോൾ ആദിയുടെ ബോസ്സ് അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
പന്ത്രണ്ടേ കാലായിട്ടും ഡൊമിനിയെ കാണുന്നില്ല. ഇന്ന് റെജിസ്ട്രേഷന്‍ നടന്നില്ലെങ്കില്‍ പിന്നെ രണ്ട് ദിവസം അവധിയാണ്, അങ്ങിനെ വന്നാല്‍ മസൂറി ട്രിപ്പ് ഗോപിയാകും എന്ന് മാത്രമല്ല എടുത്ത ലീവ് വീട്ടിലിരുന്ന് മുഷിഞ്ഞ് തീര്‍ക്കേണ്ടിയും വരും.
പ്ലാന്‍ ചെയ്ത പ്രകാരം പത്തര പതിനൊന്ന് മണിയോട് കൂടി ഡൊമിനിക്ക് ശക്തമായ വയറുവേദനയും അതിനെ തുടര്‍ന്ന് നിലക്കാത്ത വയറിളക്കവും വരേണ്ടതാണ്. വേദനയും വയറിളക്കവും സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ പതിനൊന്നര പതിനൊന്നേ മുക്കാലോട് കൂടി ഡോക്ടറെ കാണുവാനായി അവന്‍ ഓഫീസില്‍ നിന്ന് ഇറങ്ങേണ്ടതും, പന്ത്രണ്ട്, പന്ത്രണ്ടേകാലോട് കൂടി ആർ ടി ഓഫീസിലെത്തേണ്ടതുമാണു.
ദൈവമേ, ഇനി പ്ലാനിങ്ങ് എങ്ങാനും പൊളിഞ്ഞോ? ലോല ഹൃദയനായ പിള്ളസാറെങ്ങാനും, വേദനിക്കുന്ന ഡൊമിനിയുടെ അവസ്ഥ കാണുവാനുള്ള മനശക്തിയില്ലാതെ, അവനെ കൂട്ടി ഡോക്ടറുടെ അടുത്തേക്കെങ്ങാനും പോയോ?
ഞാനും, ആദിയുടെ ബോസ്സും അക്ഷമരായി നില്‍ക്കുന്ന സമയത്ത്, ബൈക്ക് പാര്‍ക്ക് ചെയ്ത് പണസഞ്ചിയും തൂക്കി വിജയശ്രീ-ലളിതമാരുടെ മുഖഭാവത്തോടെ ഡൊമിനി നടന്നു വരുന്നത് കണ്ടതും, ഞങ്ങളാക്കാശ്വാസമായി.
ബോസ്സിന് മുഴുവന്‍ പണവും എണ്ണികൊടുത്തുതിന് ശേഷം, ആർ ടി ഓഫീസിലെ ദല്ലാളിനെ കണ്ട് കൈമടക്കെല്ലാം കൊടുത്തത്തിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ പത്മിനിയുടേ ഉടമസ്ഥാവകാശം ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടി.
ആദിയുടെ ബോസ്സ് താക്കോൽകൂട്ടം ഡൊമിനിക്ക് കൈമാറി, ഞങ്ങളിരുവർക്കും ഹസ്തദാനം നൽകി, പിന്നെ പറഞ്ഞു, സൂക്ഷിച്ചോടിക്കണം, നല്ലത് പോലെ നോക്കണം, ആദ്യമായി വാങ്ങിയ വണ്ടിയാണു കൈമറിഞ്ഞ് പോകുന്നത്. അതിന്റെ വിഷമം കൊണ്ട് പറയുന്നതാ! പിന്നെ മറ്റൊരു കാര്യം കൂടെ. കുറച്ച് നാളായി ഓടാതെ കിടക്കുന്നതാണു. എഞ്ചിൻ ഓയിലും, റേഡിയേറ്ററിലെ വെള്ളവുമൊക്കെ ഒന്ന് ചെക്ക് ചെയ്യിച്ചോളൂ.
കാർ ഡ്രൈവിങ്ങ് അറിയാത്തതിനാല്‍, ഡ്രൈവിങ്ങ് അറിയുന്ന എനിക്ക് താക്കോൽ കൂട്ടം ഒരാരാധനയോടെ ഡൊമിനി കൈമാറി. പത്മിനിയില്‍, രണ്ടാമതൊരുവൻ ഇന്നുവരേയായി കയറി ഇരിക്കാത്ത ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന്, വലിയ ഗമയില്‍ ഫ്ലാറ്റിലേക്ക് ഞാൻ വണ്ടി വിട്ടു. ഇടക്കിടെ റിയര്‍വ്യൂ മിററിലൂടെ,എന്റെ പുറകിലായി, ഡൊമിനി അവന്റെ റോഡ് കിങ്ങ് ബൈക്കില്‍ വരുന്നുണ്ട് എന്ന് ഉറപ്പാക്കി അല്പം അഹങ്കാരത്തോടെ സീറ്റില്‍ ഞാന്‍ ഇളകിയിരുന്നു.
വീട്ടിനു മുന്‍പില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നെഞ്ച് വിരിച്ച് ഞാന്‍ പുറത്തിറങ്ങി. ബൈക്ക് സ്റ്റാന്റിലിടുകയായിരുന്ന ഡൊമിനിയുടെ അടുത്തേക്ക് കീചെയിന്‍ കയ്യിലിട്ട് ചുഴറ്റികൊണ്ട് ഞാൻ ചെന്നു.
ഉം, എന്തിനാ ഡൊമിനീ നീ വണ്ടി സ്റ്റാൻഡിലിട്ടത്?
പിന്നല്ലാതെ? ഇന്നലെയല്ലെ സന്യാസി വാങ്ങിയതും, മൂക്കുമുട്ടെ, എന്റച്ഛന്റെ ട്രൗസർ കീറെ, ഫുഡടിച്ചതും?
ഡാ, ത്രിഗുണനും, ഫുഡുമൊന്നുമല്ല വിഷയം.
പിന്നെ?
ആദിയുടെ ബോസ്സ് പറഞ്ഞത് കേട്ടില്ലെ? വണ്ടിയിലെ വെള്ളവും, ഓയിലുമൊക്കെ ചെക്ക് ചെയ്യണമെന്ന്.
ഒരോയൽ ചേഞ്ച് ആർക്കാണിഷ്ടമല്ലാത്തത്?
അതിന് വര്‍ക്ക് ഷോപ്പില്‍ പോകേണ്ടേ?
വണ്ടിയോടിക്കാമെന്നറിമെന്നല്ലാതെ, വണ്ടിയുടെ ആന്തരികാവയവങ്ങളേകുറിച്ച് യാതൊരുവിധ ധാരണയും എനിക്കില്ലായിരുന്നുവെങ്കിലും, ഡൊമിനിയുടെ മുന്‍പില്‍ ആളാവാന്‍ പറ്റിയ സന്ദര്‍ഭം നഷ്ടപെടുത്താന്‍ അഹങ്കാരം മൂലം തയ്യാറായിരുന്നില്ലാത്തതിനാല്‍ ഞാന്‍ പറഞ്ഞു, ഹ ഹ, ഇത്ര ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ? നിന്റെ പൈസയൊന്നുമല്ലല്ലോ, അച്ഛൻ അയച്ച പൈസയല്ലെ? Save the money where ever and when ever you can! സമ്പത്ത് കാലത്ത് കാ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം! എന്നൊക്കെ നീ കേട്ടിട്ടില്ലേ?
എന്നാ, നീ രണ്ട് മാസമായിട്ട് മെസ്സിന്റെ പൈസ തന്നിട്ടില്ല, അതൊന്ന് താ, എനിക്ക് കുറച്ച് ഡ്രെസ്സ് വാങ്ങണം, ഡൊമിനി മൊഴിഞ്ഞു.
ഏയ്, ചുമ്മാടാ, നീ ഇങ്ങനെ ചൂടാവാതെ.
ഈ ഓയൽ ചേഞ്ചൊക്കെ നിസ്സാരം. ഒരൊറ്റ കയ്യിൽ ഓയിൽ ചെയ്ഞ്ച് ചെയ്യണ എന്നോടാ നീ വർക്ക്ഷോപ്പിൽ പോണമെന്ന് പറയുന്നത്?
അസംഭവ്!
ഓയിൽ ചേഞ്ചൊക്കെ ഞാൻ ചെയ്തോളാം.
നീ പോയി ഒരു രണ്ട് ലിറ്റര്‍ എഞ്ചിന്‍ ഓയില്‍ വാങ്ങിയിട്ട് വാ. നല്ല മുന്തിയത് തന്നെ വാങ്ങിക്കോ.
അല്ല കുറുമാനെ, നമുക്ക് വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്താല്‍ പോരെ, അവസാനമായി അവൻ ചോദിച്ചു.
ആനയേ വാങ്ങിയെന്ന് കരുതി ഒരു ദിവസം കൊണ്ട് വാങ്ങിയ ആള്‍ക്ക് ആ ആനയുടെ പാപ്പാന്‍ ആകാന്‍ കഴിയുമോ ഡൊമിനീ?
ഇല്ല.
എന്താ? എനിക്കറിയില്ല?
ഞാൻ പറയാം. ആനയെ വീണ്ടും ചട്ടം പടിപ്പിക്കണം എന്ന് ഞാൻ പറയുന്നില്ല, പക്ഷെ ചട്ടം പഠിച്ച ആനയുടെ പാപ്പാൻ പോയാൽ പുതിയതായി വരുന്ന പാപ്പാനു, അവനെ വരുതിക്ക് നിറുത്തണമെങ്കിൽ വാട്ടണം. അതൊക്കെ ഇത്തിരിപണി പിടിച്ച പണിയാ...
നീ പ്രായത്തിൽ മാത്രമേ എന്നേക്കാളും രണ്ട് മൂന്ന് വയസ്സിനു മൂത്തതായുള്ളൂ ..പക്ഷെ ലോക പരിചയത്തിൽ മഹാ പിന്നിലാ!
നീ പറഞ്ഞു വരുന്നതെന്താന്ന് വച്ചാൽ പറഞ്ഞു അവസാനിപ്പിക്കിഷ്ടാ...ഇങ്ങനെ പരത്തി പറയാതെ.
എങ്കില്‍ ആന പോലെ തന്നെയാണു ഈ വണ്ടിയുടെ കാര്യവും.
വണ്ടി നീ വാങ്ങിയെന്നത് നേര്. പക്ഷെ ലൈസന്‍സില്ലാത്ത, ഡ്രൈവിങ്ങ് അറിയാത്ത നിനക്ക്, വണ്ടി കിട്ടിയിട്ടെന്തു കാര്യം?
നിശ്ശബ്ദനായി ഡൊമിനി ബൈക്കുമെടുത്ത് പോയി. അരമണിക്കൂറിനകം, എഞ്ചിന്‍ ഓയിലും വാങ്ങി വന്നു.
വണ്ടി സ്റ്റാന്‍ഡില്‍ വച്ച് ഓയില്‍ എന്റെ കയ്യില്‍ നല്‍കിയപ്പോഴേക്കും ഞാന്‍ അടുത്ത കല്‍പ്പന പുറപ്പെടുവിച്ചു, ഇനി പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ട് വാ.
നിവൃത്തിയേതുമില്ലാത്തതിനാല്‍ പല്ലിറുമ്മികൊണ്ട് ഡൊമിനി മുറിയിലേക്ക് പോയി ബക്കറ്റിൽ വെള്ളവുമായി തിരികെ വന്നു. ബക്കറ്റ് നിലത്ത് വെച്ചപ്പോള്‍ തുള്ളിതെറിച്ച വെള്ളത്തില്‍ നിന്നും ഡൊമിനിക്ക് എന്നോടുള്ള ദ്വേഷ്യത്തിന്റെ ആഴം മനസ്സിലായെങ്കിലും ഞാന്‍ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
ഓയിലും വെള്ളവും ഒഴിക്കണമെങ്കില്‍ വണ്ടിയുടെ ബോണറ്റ് തുറക്കണം. അതിനായി ഞാന്‍ വണ്ടിയുടെ ഉള്ളില്‍ കയറി. തുറക്കാനുള്ള സുനയും, ലിവറും തപ്പി തപ്പി പത്ത് മിനിറ്റായിട്ടും സംഭവം കണ്ട് കിട്ടുന്നില്ല.
എന്താടാ, വണ്ടിയില്‍ ഇരുന്ന് നീ ഉറങ്ങിയാ?
ഡൊമിനി പകരം വീട്ടാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ മസ്തിഷ്കം എനിക്ക് സിഗ്നല്‍ തന്നു.
ചാഞ്ഞും, ചരിഞ്ഞും, നിലത്തിരുന്നും, സീറ്റില്‍ കിടന്നും പത്മിനിയുടേ ആന്തരികാവയങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് പുറത്തേക്ക് നീണ്ടിരിക്കുന്ന അല്പം വളഞ്ഞ ഒരു കമ്പി കഷ്ണം കണ്ടപ്പോള്‍ വെറുതെ പിടിച്ചൊന്ന് വലിച്ചു.
ക്ടിം, വണ്ടിയുടെ മുന്നില്‍ നിന്നൊരു ശബ്ദം കേട്ടു.
തുറന്നൂഡാ എന്ന് ഡൊമിനി വിളിച്ച് പറഞ്ഞ പറഞ്ഞപ്പോള്‍ ബോണറ്റ് തുറക്കാനുള്ള സുനാള്‍ട്ട് കാണാതെ കൂരച്ച് തുടങ്ങിയ നെഞ്ച് വീണ്ടും വിരിച്ച് ഞാന്‍ പുറത്തിറങ്ങി.
അല്പം തുറന്ന് കിടക്കുന്ന ബോണറ്റിന്നിടയിലൂടെ കയ്യിട്ട് മുൻഭാഗം മൊത്തം ഞാൻ തപ്പി. പരതി, പരതി അവസാനം ബോണറ്റ് തുറന്നു.
ബോണറ്റ് തുറന്നതും ആദ്യം തന്നെ ശ്രദ്ധയില്‍ പെട്ടത് തിരിച്ച് തുറക്കാവുന്ന ഒരടപ്പാണ്.
ചലോ, ഇത് തന്നെ വെള്ളമൊഴിക്കാനുള്ള സ്ഥലം. ഇടം വലം നോക്കാതെ, മറ്റൊന്നും ചിന്തിക്കാതെ, ബക്കറ്റില്‍ നിന്ന് ഒരു കപ്പ് വെള്ളമെടുത്ത് ഒഴിച്ചു. രണ്ടാമത്തെ കപ്പൊഴിക്കാന്‍ തുടങ്ങിയപ്പോഴേക്കും, തുളയില്‍ നിന്ന് കറുത്ത ഓയില്‍ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുകാന്‍ തുടങ്ങി.
എനിക്കും, കണ്ടു നിന്ന ഡൊമിനിക്കും സംഭവം പെട്ടെന്നോടി. എഞ്ചിന്‍ ഓയിലൊഴിക്കേണ്ടിടത്താണ് ഞാന്‍ വെള്ളം ഒഴിച്ചിരിക്കുന്നത്!
എന്തിനും പത്മിനിയെ ഒന്ന് വാമാക്കാം എന്ന് കരുതി ഞാൻ അവളുടെ മടിയിൽ ഇരുന്നു, താക്കോലാൽ ഇക്കിളി കൂട്ടി, ഒരു തവണ, രണ്ട് തവണ, മൂന്നായി.
കറ ഘറ, കറ ഘറ, കറ ഘറ, കറ ഘറ ഘറ ഘറ എന്ന ശബ്ദമല്ലാതെ പത്മിനി ചൂടാവുന്നുമില്ല, സ്റ്റാർട്ടുമാവുന്നില്ല. ഹോർമോണൽ ചേഞ്ച് വരാൻ പാകത്തിനാണേൽ വയസ്സായിട്ടുമില്ല!
അഹങ്കാരം നഷ്ടപെട്ട്,അഹംഭാവം തെല്ലുമില്ലാതെ വണ്ടിയില്‍ നിന്ന് ഞാൻ പുറത്തിറങ്ങിയതും, ഡൊമിനിയുടെ കമന്റ്, ഭാഗ്യം, റേഡിയേറ്ററില്‍ ഓയില്‍ ഒഴിച്ചില്ലല്ലോ!
ശവത്തില്‍ കുത്തരുതെന്ന് പോലും പറയാനാകാതെ നിശബ്ദനായി ഞാന്‍ നിന്നു.
ഇനിയെന്താ നമ്മള്‍ ചെയ്യുക? ഡൊമിനിയോട് ഞാന്‍ ചോദിച്ചു.
നമ്മള്‍ അല്ല, ഇനിയെന്താ നീ ചെയ്യുക എന്ന് ചോദിക്ക് ആദ്യം, ഡൊമിനി വീണ്ടും എനിക്കിട്ട് താങ്ങി.
ശരി, ഇനിയെന്താ ഞാന്‍ ചെയ്യുക?
താക്കോൽ കൂട്ടം നിന്റേലല്ലെ? വണ്ടി ഇവിടെ കിടക്കുന്നില്ലേ? നിന്റെ ബൈക്കിവിടെ ഇരിക്കുന്നില്ലേ? വര്‍ക്ക് ഷോപ്പില്‍ പോയി, മെക്കാനിക്കിനെ വിളിച്ച് കൊണ്ട് വന്ന് ശരിയാക്കിക്ക്, അത്ര തന്നെ. ഡൊമിനി മൊത്തം മൊട!
കാശ്?
അതും നീ കൊടുക്കണം. അല്ലാണ്ട് പിന്നെ?
ഡാ എന്റേല് പൈസയില്ലടാ ഡൊമിനി. സത്യായിട്ടും, നൂറ്റിപത്തുറുപ്പ്യ ഉണ്ടായിരുന്നത് രാവിലെ AEPC (Apparel export promotion council) പോയപ്പോൾ ഷെയറിട്ട് അടിച്ചു!
പൈസ ഞാന്‍ കടമായിട്ട് തരാം. നീ ആദ്യം വര്‍ക്ക് ഷോപ്പില്‍ പോയിട്ട് മെക്കാനിക്കിനെ കൂട്ടീട്ട് വാ, സമയം കളയാതെ. അച്ഛനയച്ച കാശിന്റെ ബാക്കി കയ്യിലുള്ളത് അവനെ ഒരു ബൂർഷ്വാ മുതലാളിയാക്കി മാറ്റി!
വണ്ടിയുടെ താക്കോൽ എടുക്കാന്‍ മുറിക്കുള്ളിലേക്ക് കയറുമ്പോള്‍, ആനയെ വാങ്ങീന്ന് വച്ച് പാപ്പാനാവാന്‍ പറ്റോ? വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ഇത്രയും ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ, എന്തൊക്കെയായിരുന്നു കുറൂന്റെ ഡയലോഗുകൾ! ഇപ്പോ മിണ്ടാട്ടം പോലുമില്ല്യാണ്ടായി തുടങ്ങിയ കമന്റുകള്‍ ഡൊമിനി നിര്‍ലോഭം പുറത്തിറക്കി.
എന്റെ ചരിത്രം, ഹിന്ദി സ്റ്റുഡൻസിന്റെ മുൻപിലാണവന്റെ അഭ്യാസം. എന്റെ മാനം കപ്പലു കയറി!
ചരിത്രം കഴിഞ്ഞിട്ട് വേണം പിള്ളാരെ, ഡ്രൈവിങ്ങ് പഠിപ്പിക്കാൻ എന്ന് കണക്ക് കൂട്ടിയിരുന്ന എന്നെ അവൻ അന്നവിടെ തോല്പിച്ചു.
മറ്റൊരു വഴിയുമില്ലാതിരുന്നതിനാൽ, വര്‍ക്ക് ഷോപ്പില്‍ പോയി മെക്കാനിക്കിനേം കൂട്ടി വന്ന് ഞാൻ കാര്യം പറഞ്ഞു.
എഞ്ചിനോയില്‍ ഒഴിക്കേണ്ട സ്ഥലത്ത് വെള്ളമൊഴിച്ചത് അബദ്ധം. അതു പോരാതെ നിങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചത് ശുദ്ധ അബദ്ധം.
ഇത്തരം അവസ്ഥയില്‍ വണ്ടി സ്റ്റാര്‍ട്ടാവില്ല, കഷ്ടകാലത്തിനെങ്ങാനും ഇനി അഥവാ എഞ്ചിന്‍ സ്റ്റാര്‍ട്ടായിരുന്നുവെങ്കില്‍, ഇപ്പോ പുതിയ എഞ്ചിന്‍ വാങ്ങി വക്കേണ്ടി വന്നേനെ!
ആരാണീ പണി ചെയ്തത്?
ശുദ്ധ പോക്രിത്തരം!
മെക്കാനിക്ക് നിറുത്താനുള്ള ഭാവമില്ല. എരിതീയിൽ എണ്ണയൊഴിക്കലോടൊഴിക്കൽ. പണ്ടാരം, ഇറാക്കിലെ എണ്ണ കിണറു ഇജ്ജാതി കത്തിക്കണത് സദ്ദാം പോലും കണ്ടിട്ടുണ്ടാവില്ല.
ആത്മാഭിമാനം എനിക്കെന്നും ചാരിത്ര്യത്തിനേക്കാൾ വിലപ്പെട്ടതായിരുന്നതിനാൽ, ഞാൻ പതിയെ റൂമിലേക്ക് വലിഞ്ഞു.
അല്ല മാഷെ, ഇനിയിപ്പോ എന്താ ചെയ്യാ? അക്ഷമനായ ഡൊമിനി ചോദിച്ചു.
ഇനിയിപ്പോ ഇതിലുള്ള വെള്ളം കലര്‍ന്ന എഞ്ചിനോയില്‍ കളയണം. എഞ്ചിനില്‍ ഒരു തുള്ളി വെള്ളം പോലും ഇരുന്നാല്‍ എഞ്ചിന്‍ സീസാകാൻ അതു മതി. എന്തായാലും, കരി ഓയില്‍ ഒഴിച്ച് ആദ്യം എഞ്ചിന്‍ വൃത്തിയാക്കണം. അതിനുശേഷം പിന്നെ കരിയോയില്‍ മാറ്റി മാറ്റി ഒരു രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും ഒഴിച്ച് എഞ്ചിൻ ഫ്ലഷ് ചെയ്യണം. അതിനു ശേഷം, പുതിയ ഓയില്‍ ഒഴിച്ച് ഒന്നൊന്നര മണിക്കൂറോളം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് വച്ച് സെറ്റാക്കണം.
എന്തായാലും ഇന്നിനി ഇതൊന്നും ചെയ്യാൻ പറ്റില്ല. വണ്ടി കെട്ടി വലിച്ച് വർക്ക് ഷോപ്പിൽ കൊണ്ട് പോകേണ്ടി വരും. ഞാന്‍ നാളെ രാവിലെ വരാം.
ഏകദേശം, എത്ര രൂപയോളം ആവും ചേട്ടാ? ഡൊമിനിയുടെ ചോദ്യം മുറിയുടെ വാതിലിന്നു പുറകിൽ പതുങ്ങി നിന്നു ഞാൻ കേട്ടു.
ഒരായിരം, ആയിരത്തിയഞ്ഞൂറ് രൂപയോളം എന്തായാലും ആവും! അതിലും കൂടിയാലേയുള്ളൂ.
മസൂറി ട്രിപ്പ് ക്യാന്‍സല്‍ഡ്. ഡൊമിനി സ്പോട്ടിൽ തന്നെ ഡിക്ലയര്‍ ചെയ്തു.
പിറ്റേ ദിവസം രാവിലെ ആദികുറുമാനും, ഡൊമിനിയും അവനവന്റെ ഓഫീസിലേക്ക് പോയപ്പോള്‍, പിണങ്ങി പോയ പെണ്ണിനെ മുടിയിൽ കുത്തി പിടിച്ച് കൊണ്ടു പോകുന്ന വൃത്തികെട്ട പുരുഷനെപോലെ, പത്മിനിയേം കെട്ടിവലിച്ച്, മെക്കാനിക്ക്, പോകുന്നതിന്നു പിന്നാലെ, റോഡ് കിങ്ങ് ബൈക്കിൽ, ആയിരത്തിയഞ്ഞൂറു രൂപയുടെ കട ബാധ്യതയുമായി, വർക്ക് ഷോപ്പിലേക്ക് ഞാൻ പിൻ തുടർന്നു! മറ്റൊരു വഴിയുമുണ്ടായിരുന്നില്ല താനും!

Thursday, June 11, 2020

ചരിത്രം വഴിമാറുമ്പോൾ

ദില്ലി സ്മരണകൾ

ചരിത്രം വഴിമാറുമ്പോൾ

വരൂ വായനക്കാരെ, നിങ്ങളെ ഞാൻ കൈപിടിച്ച് ദില്ലിയിലേക്ക് കൊണ്ടുപോകാം.  ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലേക്ക്. 

ഇതൊരു സീരീസായി എഴുതാനാണുദ്ദേശം.  ഓരോ കഥയും വ്യത്യസ്ഥമായിരിക്കും,  ആയതിനാൽ തന്നെ ഇടയിൽ ഒന്ന് വിട്ട് പോയാലോ, വായിക്കാതിരുന്നാലോ കാര്യമായൊന്നും സംഭവിക്കുകയുമില്ല.   പക്ഷെ  ഇനി ഈ സീരിസിൽ വരുന്ന ഭൂരിഭാഗം കഥകളുടേയും  ലൊക്കേഷൻ ഈ കിർക്കി ഗ്രാമം തന്നെയായിരിക്കും.  ആയതിനാൽ പ്രിയ വായനക്കാരോട്  താഴെ പറയുന്ന കിർക്കി ഗ്രാമത്തിലെ ഞങ്ങളുടെ വില്ലയും, മറ്റു വില്ലകളും, ലൊക്കേഷനുകളുമെല്ലാം ഒന്ന് മനസ്സിൽ കുറിച്ച് വക്കാൻ അഭ്യർത്ഥിക്കുന്നു.

*******************************************************************************

മുൻപത്തെ കഥകളിലൊക്കെ പ്രതിപാദിച്ചിരുന്നത് പോലെ തന്നെ,  ആദികുറുമാൻ, ഡൊമിനി, പിന്നെ ഞാനും ചേർന്ന  തൃമൂർത്തികൾ ദില്ലിയിലെ കിർക്കി ഗ്രാമത്തിൽ  പൂണ്ടു വിളയാടിയിരുന്ന അതിമനോഹരമായ കാലം.

സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർ താമസിച്ചു വന്നിരുന്ന കിർക്കി ഗ്രാമത്തിലെ ഡി ഡി എ ജനതാ ഫ്ലാറ്റുകളെന്നാൽ ഒരു വലിയ ഹാൾ, ഒരു ബെഡ് റൂം, ഒരു കിച്ചൻ, ഒരു സ്റ്റോർ റൂം, ഒരു ബാത്രൂമ് കം ടോയലറ്റ്, ഒരു വർക്കേരിയ, ഇത്രയും സ്ഥലങ്ങൾ  ഉണ്ടെന്ന് നാം സങ്കൽപ്പിച്ച് ജീവിക്കേണ്ട ഒരു ചെറിയ  ഒറ്റമുറിയാകുന്നു.  ആ മുറിയുടേ ഒരു മൂലക്ക് ചെറിയ ഒരു  ഓപ്പൺ കിച്ചനും, മറ്റേ മൂലക്ക് ഓപ്പണായോ, അല്ലാതേയോ നമുക്കുപയോഗിക്കാവുന്ന ടോയ്ലറ്റും ഉണ്ട്.  മുറിയൊന്നായാലും  എന്റ്രൻസ് രണ്ടുണ്ട്, ഒരു മുൻ വാതിലും, ഒരു പിൻ വാതിലും! 

താഴത്തെ നിലയിൽ ഒരു വീട് മുകളിൽ ഒരു വീട് അങ്ങിനെ സിംഗിൾ സ്റ്റോറി ബിൽഡിങ്ങുകളാണു. നാലു വീടുകൾ അടിയിലും, നാലു വീടുകൾ മുകളിലും,   മുകളിലെ നാലുവീടുകളിലേക്കും കയറി പോകാൻ ഒറ്റ ഗോവണി. അങ്ങനെ എട്ട് വീടുകളുടെ ഒരു ശൃംഖലയാണൊരു  ബ്ലോക്ക്.   ഞങ്ങളുടെ ഗലിയിൽ/വീഥിയിൽ ഞങ്ങൾ താമസിക്കുന്ന വരിയിൽ മുകളിലും താഴെയുമായി 12 വീടുകളും, എതിർവശത്ത് 20 വീടുകളുമാണു.  ഞങ്ങളുടെ വരിയിൽ വീടുകൾ കഴിഞ്ഞാൽ അതി വിശാലമായ ഒരു മൈതാനമാണു.   ആദ്യം ഞങ്ങൾ താമസിച്ചിരുന്നത്  മൈതാനത്തിനു നേരെ എതിർവശത്തുള്ള മുറിയിലായിരുന്നു.  വാടക കൂട്ടി ചോദിച്ചതിഷ്ടപെടാതെ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വില്ലയിലേക്ക് അടുത്തിടെ മാറിയതാണു (ഇതെല്ലാം ഇനി വരുന്ന കഥകളിൽ ആവശ്യം വരുന്നത് കാരണം എഴുതിയതാണു).

ജനതാ ഫ്ലാറ്റുകളുടെ നിരവധി ബ്ലോക്കുകൾ കഴിയുന്നിടത്ത് ഒരു ഹനുമാന്റെ ചെറിയ ക്ഷേത്രം.  അത്  കഴിഞ്ഞാൽ   ടീ ജങ്ക്ഷൻ. വലത്തോട്ട് തിരിഞ്ഞാൽ മാളവീയ നഗറിലേക്ക് പോകുന്ന റോഡായി, ഡി പി എസ് സ്കൂളായി, തിക്കായി, തിരക്കായി, തിരവാതിരക്കളിയായി.  ഇടത്തോട്ട് തിരിഞ്ഞാലോ,  തനി ഗ്രാമവും.  ഹരിയാന ജാട്ടുകൾ, എരുമയും, ആടുകളുമൊക്കെയൊത്ത് താമസിക്കുന്ന തനി നാടൻ ഹരിയാന ടൈപ്പ് കൊച്ച് കൊച്ച് ഓടുമേഞ്ഞതോ, തകരം മേഞ്ഞതോ ആയ വീടുകൾ, അതും താണ്ടി പോയാൽ സാകേത്തിലേക്കും, ഷെയ്ക് സറായിലേക്കും പോകുന്ന റോഡായി.

അതിരാവിലെ കോഴികളുടെ കൂവലുകളോ, കുയിലുകളുടെ കളകൂജനമോ അല്ല ഞങ്ങളെ വിളിച്ചുണർത്തിയിരുന്നത്, മറിച്ച് പുത്തൂരം വീട്ടിൽ ജനിച്ച, പൂ പോലഴകുള്ള ആണുങ്ങളും, അത്ര വലിയ ചന്തമൊന്നുമില്ലാത്ത പെണ്ണുങ്ങളും, ആണായാലും, പെണ്ണായാലും ശബ്ധ സൗകുമാര്യത്തിൽ നമ്മുടെ ശങ്കരാഭരണത്തിൽ ബ്ബ്രൊച്ചേ വാ റവ വറത്തുകൊണ്ട് വാ എന്ന് പറഞ്ഞ് പഠിപ്പിക്കുന്നില്ലെ ഒരു സംഗീത വിദ്വാൻ, നമ്മടെ സോമയാജലു അവർകൾ  ചീത്ത പറഞ്ഞ് കണ്ണുപൊട്ടിക്കുന്ന ആ വിദ്വാൻ, അത് തന്നെ.  അദ്ദേഹത്തിന്റെ സ്വരത്തിനേക്കാളും അലമ്പ് ശബ്ദത്തിലാണു  നമ്മടെ ദേശീയ പക്ഷിയായ മയിൽ,  കൂട്ടത്തോടെ, ഞങ്ങൾ കിർക്കി ഗ്രാമവാസികളെ,  കോഴികളെ പോലെ സമയനിഷ്ഠയൊന്നുമില്ലാതെ,  തന്നിഷ്ടത്തിനു, കർണ്ണകഠോരമായ ശബ്ദകോലാഹലങ്ങളോടെ വിളിച്ചുണർത്തിയിരുന്നത്.  കിർക്കി ഗ്രാമത്തിലെ ഉൾഭാഗങ്ങളിലെ ജാട്ട് വിഭാഗങ്ങൾ വളർത്തിയിരുന്ന എരുമകൾക്ക് വരെ മയിലുകളെ  അമറി/കാറി തോൽപ്പിക്കാൻ പറ്റിയിരുന്നില്ല.  അജ്ജാതി ഡോൾബി കാറലാകുന്നു മയിലുകളുടേത്.

ഞങ്ങളുടെ താമസം ഗ്രൗണ്ട് ഫ്ലോറിൽ, ഞങ്ങളുടെ തൊട്ട് മുകളിലെ വീട്ടിൽ  മറ്റൊരു മലയാളി കുടുംബം.  നഴ്സായ  റീത്ത ചേച്ചിയും, രണ്ട് പൊടി പിള്ളാരും. കെട്ടിയോൻ, ജോണച്ചായൻ അങ്ങ് കുവൈറ്റിലാണു.    ഞങ്ങളുടേ ഓപ്പോസിറ്റ് താമസിക്കുന്നത് ഒരു ബംഗാളി ഫാമിലിയാണു, അവരുടേ മുകളിൽ ഒരു സർദാർ കുടുംബവും.   എല്ലാ കുടുംബങ്ങളേയും സൗകര്യം പോലെ ഞാൻ ഇവിടെ പരിചയപെടുത്തുന്നുണ്ട്.

ഞങ്ങളുടെ വീടുകളുടെ വരികൾക്കും എതിർവശത്തുള്ള വീടുകളുടെ വരികൾക്കുമിടയിൽ ടാർ ചെയ്ത ഒരു ഒരു റോഡുണ്ട്, അതിലൂടെയാണു പച്ചക്കറി/കപ്പലണ്ടി/കരിമ്പ്/തുണിത്തരങ്ങൾ/ആലൂ ടിക്കി/സമോസ വിൽപ്പനക്കാരൊക്കെ  നമ്മുടെ നാടോടിക്കാറ്റിൽ മോഹൻലാൽ  ഉന്തുവണ്ടിയുന്തി, ആലൂ, പ്യാജ്, ലസ്സൻ, അദരക്ക്, ടിണ്ട, ബിണ്ടി, ഗോബി, എന്നൊക്കെ കൂകി വിളിച്ച് പറഞ്ഞ് പോകുന്നത്.   ഇതേ റോഡിന്റെ അരികിലായും, അടുക്കളയുടെ ഗ്രില്ലിലുമൊക്കെയായാണു, ഞങ്ങളടക്കം സകലമാന കുടുംബങ്ങളും,  തലങ്ങും വിലങ്ങും കയറുകളുപയോഗിച്ച് അഴകൾ കെട്ടി തുണികൾ അലക്കി ഉണക്കാൻ വിരിക്കുന്നതും.

പത്തുമുപ്പത് കുടുംബങ്ങളുള്ള ആ ഗലിയിലെ പത്തിരുപത്തിരപത്തിരണ്ടു കുടുംബങ്ങളുടെ കണ്ണിലുണ്ണിയാണു ഞങ്ങൾ മൂവർ, ബാക്കിയുള്ള അഞ്ചെട്ട് കച്ചറ കുടുംബങ്ങളുടെ കണ്ണിലെ കരടും.   പത്തിരുപത് കുടുംബങ്ങളിലായി പത്തെഴുപത് പിള്ളാരിൽ കുറയാതെ തന്നെയുണ്ട്.  മുറിയൊന്നായാലും ചിലർക്ക് കുഞ്ഞുങ്ങൾ എട്ട് പത്തെണ്ണമൊക്കെയാണു.  അതും ചന്തിയിലെ ചുവപ്പ് മാറാത്ത പൊടികുഞ്ഞുങ്ങൾ മുതൽ മധുരപതിനേഴും, പതിനെട്ടും എത്തിയവർ വരെയുണ്ട്.  അക്കാലത്തൊക്കെ ഒരു മുറിയിൽ എങ്ങിനെ മാതാപിതാക്കളും, ഇത്രയുമധികം പിള്ളാരും, ചിലപ്പോൾ മാതാപിതാക്കളുടെ മാതാപിതാക്കളും വരെ കഴിയുന്നതെന്നും റിപ്രൊഡക്ഷൻ നടത്താനുള്ള പ്രൈവസി എങ്ങിനെയെന്നുമൊക്കെ ആലോചിച്ച് ഞങ്ങൾ തികച്ചും ഡിപ്രഷനടിച്ചിരുന്നിട്ടു പോലുമുണ്ട്.  പിന്നെ സമാധാനിക്കും, പിള്ളാരെത്ര വീട്ടിലുണ്ടെങ്കിലും ആവശ്യക്കാരനെന്ത് ഔചിത്യം.  അതൊക്കെ ദൈവ വിധിപോലെ!

ആ ഗലിയിലുള്ള  അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന, പഠിത്തത്തിൽ അതീവ തത്പരരായിരുന്ന, പത്ത് പന്ത്രണ്ട് പിള്ളാർക്ക് ഫ്രീയായി ട്യൂഷൻ എടുത്തിരുന്നത് ഞങ്ങൾ മൂന്നു പേരുമാണു! ഒരുതരത്തിൽ പറഞ്ഞാൽ ഫ്രീയാണു ട്യൂഷൻ എടുക്കുന്നത് എന്ന് പറഞ്ഞാലും, ഒരു തരം ബാർട്ടർ സമ്പ്രദായം ഞങ്ങളും മറ്റു പിള്ളാരുടെ കുടുംബങ്ങളുമായുണ്ടായിരുന്നു.   വിദ്യാർത്ഥികളുടെ അമ്മമാർ, ചേച്ചിമാർ, ചിറ്റമാർ, അമ്മൂമ്മമാർ തുടങ്ങിയവർ,  പല നേരങ്ങളിലും അവരവരുടെ വീട്ടുകളിൽ വക്കുന്ന ഭക്ഷണങ്ങൾ, പാത്രങ്ങളിൽ പകർന്ന് പിള്ളാരുടെ കയ്യിൽ കൊടുത്തയച്ച് ഞങ്ങൾക്ക് പ്രത്യുപകാരം ചെയ്ത് പോന്നു.  പ്രത്യേകിച്ചും ഞായറാഴ്ചകളിൽ  മലബാറി, ബംഗാളി, പഞ്ചാബി, ഹരിയനവി, രാജസ്ഥാനി, ബിഹാറി എന്നീ ഭക്ഷണ വിഭവങ്ങളാൽ ഞങ്ങളുടെ ഡൈനിങ്ങ് ഫ്ലോർ  (കിടക്കുന്ന സ്ഥലത്ത് പായ മടക്കി പേപ്പർ വിരിച്ചാൽ ഡൈനിങ്ങ് ഫ്ലോറായി) സമ്പുഷ്ടമായിരുന്നു.

ആദി കുറുമാൻ ഇംഗ്ലീഷും,  സയൻസും ട്യൂഷൻ എടുത്തിരുന്നപ്പോൾ, ഡൊമിനി കണക്കും, ഞാൻ ഹിന്ദിയും അത് പോരാതെ ചരിത്രവും കൂടെ പഠിപ്പിച്ചിരുന്നു. 

എന്റെ ചരിത്ര  അധ്യാപനത്തെ കുറിച്ച് ഡൊമിനിയുടേയും, ആദി കുറുമാന്റേയും വാക്കുകളിൽ പറഞ്ഞാൽ ചരിത്രത്തിന്റെ ചാരിത്ര്യം നശിപ്പിച്ചവരിൽ പ്രധാന പങ്കുവഹിച്ചവരിൽ പ്രാധാനിയാകുന്നു ഞാൻ!

ചരിത്രം പഠിപ്പിക്കാൻ തുടങ്ങിയാൽ പിന്നെ എനിക്ക് എന്നെ തന്നെ പിടിച്ചാൽ കിട്ടില്ല.   അത്രയും വാചാലനായി മാറുമായിരുന്നു.  എന്റെ ചരിത്ര ക്ലാസ് അറ്റൻഡ് ചെയ്യാൻ പിള്ളാരുടെ ഒരു ഇടിയും തള്ളലും ഒന്നു കാണേണ്ട കാഴ്ച തന്നെ!

ഷക്കീല പടത്തിനു അമ്മാവന്മാർ വരുന്നത് പോലെയായിരുന്നു.  അജ്ജാതി തിരക്കാണു.

ഒരു ദിവസം ആദിയും, ഡൊമിനിയും കൂടെ ഞായറാഴ്ച പുറത്തെങ്ങോ പോയി തിരികെ വന്നപ്പോൾ മുറിയിൽ  ഞാൻ പിള്ളാരെ തകർത്ത് പഠിപ്പിക്കുകയാണു.

ഒരറ്റത്തുള്ള കട്ടിലിൽ ഞാൻ ഇരിക്കുന്നു.  താഴെ നിലത്ത് ഭാവി കരുപ്പിടിക്കാനുള്ള വ്യഗ്രതയോടെ,  റാങ്ക് കിട്ടാതെയെവിടെ പോവാൻ എന്നുള്ള സെൽഫ് കോൺഫിഡൻസോടേ  മൂന്നാലു പിള്ളാർ ഉത്സാഹത്തോടെ എന്റെ മുഖത്തേക്കും,  എന്റെ  വായിൽ നിന്നും സരസ്വതീ കടാക്ഷത്താൽ ഉതിർന്ന് വീഴുന്ന ചരിത്ര സംഭവങ്ങളിലേക്കും മാത്രം ശ്രദ്ധിച്ചിരിക്കുന്നു.

പഠിപ്പിക്കാൻ തുടങ്ങിയാൽ ഞാൻ എന്നെ തന്നെ മറക്കും.  ഭാവാഭിനയത്തോടെ, പഠിപ്പിക്കുന്ന ചരിത്ര സംഭവങ്ങളുടേ സിറ്റുവേഷൻ അനുസരിച്ച്, കട്ടിലിൽ ഇരുന്നും, നിന്നും, നിലത്തിറങ്ങിയുമൊക്കെയാകും എന്റെ പഠിപ്പിക്കൽ.  ഏതാണ്ട് ഒരു നാടകം കാണുന്നത് പോലുള്ള ഫീലാണൂ  എന്റെ സ്റ്റുഡൻസിനും.

ഞാനാണെങ്കിൽ പണ്ട് എന്നെ നമ്പൂതിരീസിൽ പഠിപ്പിച്ചിരുന്ന വാമനൻ നമ്പൂതിരി മാഷുടെ (ഇരിങ്ങാലക്കുടക്കാർക്കറിയാം) ശിഷ്യനായിരുന്നതിന്റെ അഹങ്കാരത്തിൽ, അദ്ദേഹത്തെ പോലെ, ട്യൂഷനു വന്ന പിള്ളാരുടെ കയ്യിൽ  നിന്നും ട്യൂഷൻ തുടങ്ങുന്നതിനു മുൻപ് പുസ്തകമൊന്ന് വാങ്ങി വായിക്കും.  ഒറ്റ തവണ  ഓടിച്ചൊന്ന് വായിച്ചാൽ മതി പിന്നെ അതെന്റെ മനസ്സിൽ പതിഞ്ഞു കിടക്കും. അജ്ജാതി മെമ്മറിയും പ്രൊസസ്സറുമായിരുന്നു  ആ യൗവ്വന സുരഭില കാലത്തെനിക്കുണ്ടായിരുന്നത്. 

അന്നും ഞാൻ കത്തി കയറുകയാണു, മറാഠ സാമ്രാജ്യത്തേകുറിച്ച്  അതി വാചാലനായി,  അതിലേറെ രസാവഹമായി എന്റെ ക്ലാസ് അങ്ങിനെ മുന്നോട്ട് പോകുകയാണു. ആകാംഷയാൽ സഹിക്കവയ്യാതെ പിള്ളാർ ഇരുന്നിടത്ത് നിന്നും മുന്നോട്ടും, പിന്നോട്ടും ചാഞ്ഞും ചരിഞ്ഞും എന്നോട് കൂടെ തന്നെയുണ്ട്.

കുതിരപ്പുറത്തിരുന്നുകൊണ്ട്, ഒരു കയ്യിൽ കടിഞ്ഞാണും, മറുകയ്യിൽ വാളുമായി മുഗളന്മാരുടെ തലകൾ കൊയ്ത് കൊയ്തങ്ങിനെ പോയിക്കൊണ്ടിരിക്കമ്പോഴാണു പെട്ടെന്ന്,

രോക്കോ എന്ന ഗർജ്ജനം കേട്ടത്! 

ആരാണവിടെ രണാങ്കണത്തിൽ അസമയത്ത് രണഭേരി മുഴക്കുന്നത്!  ഔറംഗസീബാണോ?

കുതിരപ്പുറത്ത് നിന്ന് തലയുയർത്തി നോക്കിയപ്പോൾ വാതിൽ തുറന്ന് രണാങ്കണത്തിൽ പ്രവേശിച്ചിരിക്കുന്ന ആദികുറുമാനും, ഡൊമിനിയും!

രസാഹവമായി മുന്നോട്ട് പോയിരുന്ന ക്ലാസ് പെട്ടെന്ന് മുടങ്ങിയ സങ്കടത്തിൽ പിള്ളാരും,  ആത്മാർത്ഥതയോടെ പഠിപ്പിച്ചിരുന്ന ക്ലാസിനു ഭംഗം വന്ന ദ്വേഷ്യത്താൽ വിറച്ച്  ഞാനും!

ഇന്നെന്തൂട്ടാണ്ടാ ക്ലാസ്സ്?  ആദിയും ഡൊമിനിയും കോറസ്സായി എന്നോട്

ചരിത്രം.

അത് മനസ്സിലായി.  ചരിത്രത്തിലെ ഏത് സംഭവം? എന്ത് സംഭവം?

മറാഠാ സാമ്രാജ്യത്തേയും, ശിവാജി ഗണേശനേയും കുറിച്ച്.

ഞങ്ങൾ കരുതി നീ കട്ടബൊമ്മൻ സിനിമയെകുറിച്ചാണു  പിള്ളാർക്ക് ക്ലാസെടുക്കുന്നതെന്ന്.

ശിവാജി ഗണേശനല്ലടാ   ഊ**ൻ  ഗണേശാ!

ഛത്രപതി ശിവജി  ഭോൺസ്ലെ!