Monday, June 29, 2020

"ലക്കി സെവൻ"

എനിക്ക് കഴിഞ്ഞയാഴ്ച വന്ന ഒരു ഇമെയിൽ വായിച്ച് കുറുമിയും, കുട്ടികുറുമികളും, ഞാനും ചേർന്ന് സംഘരോദനം നടത്തിയതിൽ പിന്നെ ഈമെയിലിന്റെ കാര്യത്തിൽ മഹാ കർക്കശക്കാരനായി ഞാൻ മാറി.

അന്നു മുതൽ സിസ്റ്റത്തിൽ നിന്നും എഴുന്നേറ്റ് പോവുമ്പോൾ ലോഗൗട്ട് ചെയ്യാൻ തുടങ്ങി.
ഇമെയിൽ മാത്രമല്ല, വാട്സാപ്പും, മുഖപുസ്തകവും, എന്തിനു ലിങ്കിടിൻ പോലും!
ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് പണ്ടാരോ പറഞ്ഞിരുന്നില്ലേ? അതന്നെ കാര്യം. അതിലാണു കാര്യം. ചേർത്തു വക്കാൻ മറ്റൊരു ചൊല്ലുമുണ്ട്.
"സൂക്ഷിച്ചാൽ, ദുഖിക്കേണ്ട"
ജോലിയും, കൂലിയുമൊന്നുമില്ലാത്തതിനാൽ നമുക്കെല്ലാ ദിവസവും വെറും ആഴ്ചയാണു. ജസ്റ്റ് ആ നോർമൽ ആഴ്ച...
കൺഫ്യൂസ്ഡ്?
ആശയകുഴപ്പമുണ്ടല്ലേ?
അതായത്, ഞായറാഴ്ച, തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച. ഈ ദിവസങ്ങളുടെ പേരുകളൊക്കെ വെട്ടി മാറ്റിയാൽ അവശേഷിക്കുന്നതെന്താണു?
ആഴ്ച മാത്രം!
യെസ്, എന്നെ സംബന്ധിച്ചിടത്തോളം എല്ലാ വെറും ആഴ്ച മാത്രം. യാതൊരു വ്യത്യാസവുമില്ല.
അതിരാവിലെ എഴുന്നേൽക്കുന്നു, ഒന്ന്, രണ്ട്, പല്ല് തേപ്പ്, തോന്നിയാൽ ഷേവിങ്ങ് (ബ്ലേഡിനൊക്കെ ഇപ്പോ എന്താ വില - ആയതിനാൽ ആഴ്ചയിൽ രണ്ടോ മൂന്നോ മതി) സ്നാനം, ജപം, അമൃതേത്ത്, വാട്സാപ്പ്, ഫേക്ക് ബുക്ക് (വാമം പറയുന്നതാ നിങ്ങൾ എഴുതുന്നത് മൊത്തം കള്ളം, അപ്പോ ഫേസ് ബുക്കല്ല, ഫേക്ക് ബുക്കാണെന്ന് - അതാണു സത്യവും) , ഉച്ചയൂണു, വാട്സാപ്പ്, ഫേക്ക് ബുക്ക്, ചായ, കടി, സ്നാനം, ജപം, വാട്സാപ്പ്, ഫേക്ക് ബുക്ക്, അത്താഴം, വാട്സാപ്പ്, ഫേക്ക് ബുക്ക്, പിന്നെയാണു വെറും പുസ്തകം തിരഞ്ഞെടുക്കുന്നതും വായിക്കാൻ തുടങ്ങുന്നതും. പിന്നെ ഹരിവരാസനം!
ഇത്രേയുള്ളൂ. ഇത്രമാത്രമേയുള്ളൂ!
രാത്രി കിടന്നിട്ടുറക്കം വന്നില്ലെങ്കിൽ വെറും പുസ്തകം വായന തുടരും.
നല്ല പുസ്തകമാണെങ്കിൽ ഉറക്കം പോവും. അതല്ല, കൂതറയാണെങ്കിൽ, പണ്ട് സ്കൂൾ കാലത്ത് പഠിച്ചിരുന്നതു പോലെ, വായിക്കാൻ തുടങ്ങുമ്പോഴേക്കും നെഞ്ചിൽ പുസ്തകം വച്ച് കിടന്നുറങ്ങും... ഡീപ്പ് സ്ലീപ്പ്.
പിന്നെ പ്രാതലിനും, ഉച്ചയൂണിനും ഇടയിൽ ചിലപ്പോഴെല്ലാം കുറുമി വളരെ മൃദുവായ സ്വരത്തിൽ, അതായത് 120 ഡെസിബലിൽ, കുശിനിയിലേക്കൊന്നെഴുന്നള്ളിയാലും മഹാരാജാവേ, ഈ പച്ചക്കറികളുടെ വരണ്ട ചർമ്മങ്ങളൊക്കെ ഒന്ന് ചുരണ്ടി മാറ്റി, കുളിപ്പിച്ച് ശുദ്ധിയാക്കി, അവക്ക് നോവാതെ, നന്നേ ചെറിയ കഷണങ്ങളാക്കി കണ്ടിച്ചാലും എന്നൊക്കെ പറയും, അതൊന്നും ഞാൻ കേട്ടില്ലാന്നു നടിക്കാറുമില്ല. എന്തെന്നാൽ ഉത്തരവുകളൊക്കെ പാലിക്കാനുള്ളതാകുന്നു.
ചോദിക്കാതെ തന്നെ, അറിഞ്ഞു ദാനം ചെയ്യുന്നവർ മഹാമനസ്കൻമാരാകുന്നു എന്നാണല്ലോ പ്രമാണം!
ആയതിനാൽ, ചോദിക്കാതെ, ഉത്തരവിറക്കുന്നതിന്നു മുൻപേതന്നെ, മത്സ്യ, വരാഹ മൂർത്തികളെയും, അജം, ഋഷഭം എന്നീ മിണ്ടാപ്രാണികളെ പോലും, വായിലിട്ടാൽ രുചിയോടെ അലിഞ്ഞു ചേരുന്ന വിധത്തിൽ, വെള്ളിയാഴ്ചകളിൽ മാറി മാറി തയ്യാറാക്കുന്നതും പതിവാണു.
സ്വന്തം വായക്കും ഒരു രുചി വേണ്ടേന്ന്!
കഴിഞ്ഞ ആഴ്ച അല്പസ്വല്പം വായനയും എഴുത്തുമൊക്കെ നടന്നു. ഒന്ന് രണ്ടിന്റർവ്യൂകളുമൊക്കെ അറ്റൻഡ് ചെയ്തങ്ങിനെ ഭംഗിയായി പോയി.
ചോദിച്ച കൂലി കുറവായതിനാലോ, അതോ എന്റെ ഇരുപത്തിരണ്ട് വർഷത്തെ മരുഭൂമിയിലാടുമേച്ച പരിചയ സമ്പത്തധികമായതിനാലോ എന്തോ, അവരൊക്കെ മൗന വൃതത്തിലാണിതു വരേയും. ചിലപ്പോൾ പ്രായത്തിന്റേയാവാം.
പന്ത്രണ്ട് കൊല്ലവും നാലു മാസവും കഴിഞ്ഞാൽ ഷഷ്ടി പൂർത്തിയാഘോഷം പൊടി പൊടിക്കാം. കൊറോണ കൊത്താതിരുന്നെങ്കിൽ!
അങ്ങിനെ ഇരിക്കുമ്പോഴാണു, തിങ്കളാഴ്ച എന്നെ തേടി ഒരു ഇമെയിൽ വന്നതും വായിക്കാനിടയായതും.
ആദ്യമായി കിട്ടിയ പ്രേമലേഖനം വായിക്കുന്ന ഒരു കാമുകന്റെ മനസ്സോടെ, ആ ഈമെയിൽ ഞാൻ വീണ്ടും, വീണ്ടും വായിച്ചു!
"വായിച്ചിട്ടെന്റെ കണ്ണുകൾ നിറഞ്ഞു"
ഇത്രയും ആനന്ദാശ്രുക്കൾ ഞാൻ പൊഴിച്ചത്, പണ്ട്, തേക്കടിക്ക്, ടൂർ പോകാൻ വേണ്ടി, സ്വന്തം വീട്ടിൽ നിന്നും കട്ട് (സോറി, എടുത്ത് എന്ന് വായിക്കണം), പൊതിച്ച്, ചാക്കിൽ കെട്ടി, ഇരുചെവിയറിയാതെ വിറ്റതിന്റെ കാശ്, വടക്കന്റെ ആന്റോ, അച്ഛന്റെ കയ്യിൽ നേരിട്ട് കൊടുത്തപ്പോഴാ! (കൈതൊഴിൽ - https://www.facebook.com/ragesh.kurman/posts/10158656915046042)
ഞാനൊരു മദ്യപാനിയല്ല! അല്ലേയല്ല.
വ്യാഴാഴ്ച രാത്രി ഒരു മൂന്ന്, വെള്ളിയാഴ്ച ഉച്ചക്ക് മുൻപൊരു മൂന്ന്! കഴിഞ്ഞു. ഇത്രയാണെന്റെ അനുവദനീയമായ ക്വാട്ട.
വാതിലടച്ച് കുറ്റിയിടുന്നു. കുപ്പിയുമായ് വരുന്നു, മൂന്ന് ഗ്ലാസ്സുകളെടുത്ത് നിരത്തി വക്കുന്നു. ഡ്രോവർ തുറന്ന് മെഷർ ഗ്ലാസ്സെടുക്കുന്നു. അളക്കുന്നു, ഒഴിക്കുന്നു, കുപ്പി ഭദ്രമായി അടക്കുന്നു, മുറിയിൽ പോകുന്നു, വാതിൽ കുറ്റിയിടുന്നു, കഴിഞ്ഞു! കുറുമിക്ക് കുപ്പിയുമായുള്ള ആത്മ ബന്ധം ഇത്ര മാത്രം.
കാഞ്ചനവർണ്ണത്തിലുള്ള ബിക്കിനിയിട്ട മദാലസകളായ മൂന്നു സ്ഫടിക ഗ്ലാസ്സുകളും ഞാനുമായാണു പിന്നെയുള്ള കേളികൾ.
മൂന്നും ചേർത്തൊന്നായടിക്കണോ, മൂന്നായടിക്കണോ, അതോ പകുത്ത് ആറായടിക്കണമോ?
ഐസിട്ടോ, വെള്ളമൊഴിച്ചോ, ടച്ചിങ്സ് കൂട്ടിയോ, കൂട്ടാതേയോ, എങ്ങിനെ പാനം ചെയ്യണമെന്നത് എന്റെ സ്വന്തം കാര്യം. തീരുമാനമെടുക്കാൻ പരിപൂർണ്ണ സ്വാതന്ത്ര്യം!
ടോട്ടലി ഇന്റിപെന്റന്റ്!
അപ്പോ പറഞ്ഞ് വന്നത് മെയിലിന്റെ കാര്യം.
എനിക്ക് കിട്ടിയ മെയിലിന്റെ തലക്കെട്ട് തന്നെ - കള്ളുകുടിയുടെ, സോറി, മദ്യപാനത്തിന്റെ ആരോഗ്യകരമായ ഏഴു ഗുണങ്ങൾ എന്നാണു!
ഏഴ് എന്ന അക്കം തന്നെ ലോകപ്രശസ്തമാണു!
ലോകാത്ഭുതങ്ങൾ ഏഴാണു.
സ്വരങ്ങളും ഏഴ്
മഴവില്ലിനുള്ള നിറങ്ങളും ഏഴ്
കടലുകളും ഏഴാണല്ലോ
ലക്കി സെവൻ എന്ന പേരിൽ ചൂതാട്ടം പോലുമുണ്ട്...
ഒരു ദിവസം ഞാൻ പാസ്സ്വേർഡ് ഒക്കെ മാറ്റി കമ്പ്യൂട്ടർ മൊത്തം ഓണാക്കി എനിക്ക് കിട്ടിയ ഈ, ഇമെയിൽ, ഓപ്പണാക്കി ഓപ്പണെയറിൽ ഉണക്കാൻ വച്ചു. സോറി, കുറുമിക്ക് കാണാൻ വച്ചു.
വീട്ടിൽ വിരുന്നുകാർ വരുമ്പോൾ സത്ക്കരിക്കാൻ, സ്വന്തം വീട്ടിലെ കോഴിയെ പിടിക്കാൻ പണ്ട് നമ്മൾ കുട്ടയുടെ അടിയിൽ കയറിൽ കെട്ടിയ ഒരു കമ്പ് വച്ച്, ഗ്യാപ്പൊക്കെ അഡ്ജസ്റ്റ് ചെയ്ത്, അടിയിൽ ഗോതമ്പും, അരിയുമൊക്കെയിട്ട് ഒരു നമ്പററിറക്കാറില്ലേ? അതു പോലെ! ബാ, ബാ, ബാ കോഴി വാ, ബാ ബാ..ആ ടൈപ്പ്.
കോഴി ഇതൊക്കെ എത്ര കണ്ടിരിക്കുന്നു!
കുട്ടക്ക് താഴെ സ്വന്തം കഴുത്ത് പണയം വെച്ച് കിട്ടുന്ന ഒരു ധാന്യമണി പോലും കോഴിക്ക് വേണ്ടേ വേണ്ടാ!
കൊക്കരയടിച്ച് അവൻ ഞാഞ്ഞൂലിനേം തപ്പി സ്കൂട്ടാവും.
നമ്മൾ അന്ന് ശശിയാവും.
അപ്പോ അമ്മ പറയും, ഡാ, ഇവറ്റോളെ പിടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, നീ പോയി ആ ബ്രോയിലർ കോഴി വാങ്ങീട്ട് വാ.
ബ്രോയിലർ കോഴിയെ വാങ്ങാൻ സൈക്കിളും ചവിട്ടി ഇടക്കുളത്തേക്ക് പോവുമ്പോൾ പിന്നിൽ നിന്ന് പറയുന്നത് കേൾക്കാം, അല്ലെങ്കിലും നാടൻ കോഴിയേക്കാളും നല്ലത് ബ്രോയിലറിനാ, സ്വാദും.
നാടാനാണെങ്കിൽ മൊത്തം എല്ലാ!
കണ്ട്രി, കണ്ട്രി ചിക്കൻസ്!
അതു പോലെ എന്റെ തുറന്ന് വച്ച ഇമെയിൽ - ലക്കി സെവൻ - കാണാതെ, നോക്കാതെ തഴയപെട്ടു.
തോറ്റുകൊടുക്കാൻ കുറുമാനന്നും ഇന്നും മനസ്സില്ല.
പിറ്റേ ദിവസം പ്രിന്റെടുത്തു.
വീണ്ടുമൊന്നു വായിച്ചു നോക്കി. കുഴപ്പമില്ല. പോയന്റ് നമ്പർ മൂന്നൊന്ന് ഹൈ ലൈറ്റ് ചെയ്യണം!
ഓഫീസിൽ കൊണ്ട് പോകുന്ന ലാപ്പിന്റെ ബാഗെടുത്ത് തപ്പി. കിട്ടിപോയി. രണ്ട് ഹൈലറ്ററുകൾ. ഒന്നു തത്ത പച്ഛ.. മറ്റൊന്നു ഓറഞ്ച്.
മതി.
മൂന്നാം നമ്പർ, അഥവാ പോയിന്റ് ത്രീയുടെ മുകളിൽ ഉരച്ച് നോക്കി..
തീ പറക്കാഞ്ഞിരുന്നെതെന്റെ ഭാഗ്യം!
വർഷം ഒന്നേകാലായില്ലെ, ഉപയോഗിക്കാതിരിക്കുന്നു! ഉണങ്ങി വിറക് കൊള്ളി പോലെയായിരിക്കുന്നു ഹൈലറ്ററുകൾ.
അടുത്തതെന്ത്?
തോറ്റു കൊടുക്കാൻ കുറുമാൻ ഇനിയും ജനിക്കണം.
തപ്പി.
വീടു മൊത്തം തപ്പി.
പിള്ളാരുടെ കയ്യിൽ പോലും ഒരു ഹൈലറ്ററില്ല.
മുട്ടാതെ, തട്ടാതെ, പെട്ടെന്നങ്ങോരു കേറി വന്നു. ആരു? മ്മടെ ഐസക്ക് ..അതു തന്നെ ന്യൂട്ടേട്ടൻ.
ആശയം വഴിമാറി, ലക്ഷ്യം മാത്രം മുന്നിൽ.
മോളുടെ ഷൂ പോളിഷിരിക്കുന്നു ഷെൽഫിൽ. വീറ്റ് ബ്രൗൺ!
വിരലിൽ തോണ്ടിയെടുത്തു.
ഞാനൊരു വാൻഗോഗായി.
പ്രിന്റെടുത്ത പേപ്പറിൽ വിരലാൽ ഒരു ലവ് സൈൻ വരച്ചു. കാമദേവനെ മനസ്സിൽ ധ്യാനിച്ച് അമ്പ് വരച്ചു, മൊത്തം ലവ്വോട് ലവ്വ്! അങ്ങോട്ടും ഇങ്ങോട്ടും അമ്പെയ്ത്തായിരുന്നു പിന്നെ.
പേപ്പറെടുത്ത് കൈ ദൂരത്തിൽ വച്ചൊന്നു നോക്കി...കൊള്ളാം...കാമ ദേവൻ അമ്പെയ്തതതു പോലെ തന്നെ.. നെഞ്ചിൽ തറക്കുമ്പോൾ വിമ്മിഷ്ടമൊന്നുമില്ലാതെ കാത്തോളണേ സംഗമേശാ!
മാർജാര പദനത്തോടെ കുറുമിയെ വിളിച്ചു.
ഡീ, ഇതൊന്നു നോക്കിയേ!
എന്ത്?
ദാ, ഇത്!
എന്തിത്?
ദാ, ഈ പ്രിന്റൗട്ട്. പോയിന്റ് നമ്പർ മൂന്ന്!
അവൾ എടുത്തൊന്നു നോക്കി.....ഷൂ പോളിഷ് കയ്യിലായി..
എന്നറാ ഇത്?
വിളയാടുകിറാ? മൊത്തം ഷൂ പോളിഷാച്ച് കയ്യേൽ...
ശൂ, പിള്ളാർ കേക്കണ്ട, പോട്ടെ, വിട്ടുകള..
നീ ആ പോയിന്റ് നമ്പർ മൂന്നൊന്ന് വായിച്ചേ എന്റെ കരളേ!
ആമാണ്ടാ, പൈത്യം! ശോമ്പേരി!
ഉണ്ടായിരുന്ന തൃഷ്ണയാൽ ഉണ്ടാക്കിയ രണ്ടെണ്ണം തുള്ളി ചാടി നടക്കുന്നുണ്ട് ഇവിടെ!
അവരുടെ ഫീസടക്കാൻ നോക്ക് ആദ്യം, അതുക്കപ്പുറം മഴവില്ല് പാക്കലാം!
അപ്പോഴാണു മഴവില്ലിനൊരഴകുന്നുമില്ലെന്നെനിക്കാദ്യമായി മനസ്സിലായത്!
ഒന്നുകൂടി ഉറപ്പാക്കാൻ വേണ്ടി ഞാൻ ആ ഇമെയിലെടുത്ത് വായിച്ചു.
മദ്യപാനത്തിന്റെ ഏഴു ഗുണങ്ങൾ
1. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരുന്നതിന്റെ തോതിനെ കുറക്കാൻ സഹായിക്കുന്നു (It Can Lower Your Risk Of Cardiovascular Disease)
2.ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായകമാകുന്നു (It Can Lengthen Your Life)
3. ലൈഗിക തൃഷ്ണയെ മെച്ചപെടുത്തുന്നു (It Can Improve Your Libido)
4.സാധാരണ ജലദോഷവും, പനിയും മറ്റും വരുന്നത് തടയുന്നു (It Helps Prevent Against the Common Cold)
5. മറവിരോഗം/ബുദ്ധിഭ്രംശം പിടിപെടാനുള്ള സാധ്യതയെ കുറക്കുവാൻ സഹായകമാണു ( It Can Decrease Chances Of Developing Dementia)
6. പിത്താശയത്തിൽ കല്ലു വളരുന്നതിന്റെ സാധ്യതയെ കുറക്കാനും സഹായിക്കുന്നു ( It Can Reduce The Risk Of Gallstones)
7. പ്രമേഹം പിടിപാടാനുള്ള സാധ്യതയെ കുറക്കുന്നു (Lowers The Chance Of Diabetes)
കൂടുതൽ വായനക്ക് - https://www.medicaldaily.com/7-health-benefits-drinking-alc…
ഏഴാം കടല്ലിന്നക്കരെയുണ്ടൊരു ഏഴിലം പാല!
ഇപ്പോൾ പാലപ്പശ കുടിച്ച ഓന്തിന്റെ അവസ്ഥയായി പോയല്ലോ!

3 comments:

കുറുമാന്‍ said...

"ലക്കി സെവൻ"

kanakkoor said...

Nice... Loved it...

Muralee Mukundan , ബിലാത്തിപട്ടണം said...

കുറുമാൻ ഭായ് ,നിങ്ങളുടെ എഴുത്തുകൾ
വായിക്കുമ്പോഴുള്ള ഒരു സുഖംണ്ടല്ലോ ..അതൊന്ന് വേറെ തന്നെയാട്ടാ