Wednesday, July 30, 2008

കോന്നിലം പാടത്തെ പ്രേതം - ഒന്ന്

പത്ത് പന്ത്രണ്ട് ദിവസത്തെ ലീവും സംഘടിപ്പിച്ച് സകുംടംബം ഹര്‍ത്താലയത്തിലേക്ക് യാത്രപുറപ്പെട്ടത് ചില അത്യാവശ്യ കാര്യങ്ങള്‍ക്കായിരുന്നു. ഫ്ലൈറ്റില്‍ ഉറക്കം വരാതെ ഇരിക്കുമ്പോഴെല്ലാം മനസ്സില്‍ ചില പ്രതീക്ഷകള്‍ ബിയര്‍ നുരയുന്നതുപോലെ നുരഞ്ഞു പൊങ്ങിയിരുന്നു.

ഫ്ലൈറ്റിറങ്ങി. സുഹൃത്തായ ഷിബുവിന്റെ കാറില്‍ സാധനസാമഗ്രികള്‍ എല്ലാം എടുത്തു വച്ച് കയറിയിരുന്നതും അവന്‍ പറഞ്ഞു, ഡാ, ഇന്നിവിടെ ഹര്‍ത്താലാ, ഇവിടെ മാത്രമല്ല, കൊടുങ്ങല്ലൂരും ഉണ്ട്. ഇന്നലേം കൊടുങ്ങല്ലൂരു ഹര്‍ത്താലായിരുന്നു!

എന്റെ ദേഹത്താകെ കുളിരു കോരുന്ന അനുഭൂതി! പ്രതീക്ഷകളിലൊന്ന് പൂവണിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ട് പ്രാവശ്യം നാട്ടില്‍ വന്ന ദിവസങ്ങളിലെല്ലാം ഹര്‍ത്താലായിരുന്നു. രണ്ടൊത്താല്‍ അത് മൂന്നൊക്കണം എന്നുള്ള നിരുപദ്രവകരമായ ഒരാശ നാട്ടിലേക്കു വരുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതാണ് പൂവണിഞ്ഞിരിക്കുന്നത്. എനിക്ക് തുള്ളിച്ചാടാന്‍ തോന്നി. കേരളം ഒരു ഹര്‍ത്താലയം എന്ന് പറഞ്ഞ സ്വാമി തഥാഗഥാനന്ദനെ ഞാന്‍ ഒരു നിമിഷം സ്മരിച്ചു. ആ പാദാരവിന്ദങ്ങളില്‍ മനസ്സാല്‍ ഒരു പൈന്റ് സമര്‍പ്പിച്ചതിനു ശേഷം ചാറ്റല്‍ മഴയില്‍ പിന്നോട്ടോടുന്ന മരങ്ങളേയും, കെട്ടിട സമുച്ചയങ്ങളേയും നോക്കി, കാറിന്റെ സീറ്റില്‍ ചാരിയിരുന്നു.

ഓരോ ചായകുടിച്ചിട്ട് പോയാലോ മ്മക്ക്?

തലതിരിച്ച് നോക്കിയപ്പോള്‍, പിന്നിലെ സീറ്റില്‍ ചാരിയിരുന്നും കിടന്നും നല്ലപാതിയും, കുട്ടികുറുമികളും നല്ല ഉറക്കം.

വേണ്ട ഷിബു, വീട്ടില്‍ പോയിട്ടാകാം.

മുന്നോട്ട് പോകുന്തോറും, പെയ്യുന്ന മഴയുടെ ശക്തി കൂടി വന്നെങ്കിലും, റോഡുകളുടെ സ്ഥിതി വളരെ അധികം മെച്ചപെട്ടിട്ടുള്ളതിനാല്‍ കാലവിളംബരം കൂടാതെ വീട്ടിലെത്തിചേര്‍ന്നു. ലഗ്ഗേജെല്ലാം ഇറക്കി വെച്ച് വീട്ടില്‍ കയറി. കുട്ടികുറുമികള്‍ മോത്തിയേയും, യൂബിയേയും കെട്ടിയിട്ടിരിക്കുന്ന പിന്നാമ്പുറത്തേക്കും.

എനിക്ക് തിരിച്ച് പോകേണ്ടത് ജൂലൈ പതിനഞ്ചിനും, നല്ല പാതിക്കും, കുട്ടികുറുമികള്‍ക്കും, ജൂലൈ ഇരുപത്തഞ്ചിനുമാണ്. ദൈവസഹായത്താല്‍ വന്ന കാര്യങ്ങളെല്ലാം വന്നതിന്‍ നാലാം പക്കം ഭംഗിയായി കഴിഞ്ഞു കിട്ടി. അന്ന് വൈകീട്ട് തന്നെ നല്ലപാതിയും, കുട്ടികുറുമികളും, കോയമ്പത്തൂര്‍ക്ക് പോയതിനാല്‍ എന്റെ അവസ്ഥ കൂട്ടില്‍ നിന്നും തുറന്നു വിട്ട തത്തയുടേതു പോലെയായി (പുറത്ത് പോവാന്‍ തോന്നില്ല, മറ്റുള്ള തത്തകളുമായി ചങ്ങാത്തമില്ലാത്തതു തന്നെ കാരണം‌, മാത്രമല്ല കൂട്ടില്‍ വളര്‍ന്ന് ശീലിച്ചും പോയി).

എല്ലാ തവണയും നാട്ടില്‍ വരുമ്പോള്‍ പ്ലാന്‍ ചെയ്ത പ്രകാരം, ആദികുറുമാനോ, മധ്യകുറുമാനോ, ഡൊമിനിയോ, ശ്രീരാജോ, ഷാബുവോ ആരെങ്കിലുമൊക്കെ കാണും, ചിലപ്പോള്‍ ഈ പറഞ്ഞവരെല്ലാം തന്നെ ഒരുമിച്ചും വരാറുമുണ്ട്. ഇത്തവണ വരവ് തനിച്ചായി പോയല്ലോ. വിരലിലെണ്ണാവുന്ന സുഹൃത്തുക്കള്‍ ഉള്ളത് ഇരിങ്ങാലക്കുടയിലാണ് , ചിയ്യാരത്തോ, തൃശൂരോ ആരും തന്നെ ഇല്ല. സാരമില്ല, അച്ഛന്‍ ഉണ്ടല്ലോ, ആരുണ്ടായാലും ഇല്ലെങ്കിലും എന്റെ ഏറ്റവും ബെസ്റ്റ് കമ്പനി അച്ഛന്‍ തന്നെ.

അന്നത്തെ രാത്രി അങ്ങിനെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് അമ്പലത്തിലൊക്കെ പോയി വന്നു. പ്രാതലെല്ലാം കഴിച്ച്, അന്നത്തെ പത്രവും, അതിനു മുന്‍പിലുള്ള ദിവസങ്ങളിലുള്ള പത്രങ്ങളും, വീട്ടില്‍ വരുത്തുന്ന മംഗളം, മനോരമ തുടങ്ങിയവയിലെ പുതിയതും, പഴയതുമായ നോവലുകളും, ഡോക്ടറോട് ചോദിക്കാം എന്ന കോളവും, എല്ലാം എല്ലാം വായിച്ച് സായൂജ്യമടഞ്ഞപ്പോഴേക്കും സമയം ഉച്ചക്ക് പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു.

ഡാ എന്താ എടുക്ക്വല്ലെ ഒന്ന്?

പിന്നെന്താ ഞാന്‍ ഓതി.

നിങ്ങളൊന്ന് മിണ്ടാണ്ടിരിക്ക്ണ്ടാ മനുഷ്യാ... നിങ്ങള്‍ക്ക് വേണേല്‍ സ്വയം കുടിച്ചാല്‍ പോരേ? മിണ്ടാണ്ടിരുന്ന് വായിക്കണ ആ ചെക്കനെ എന്തിനാ നിങ്ങള്‍ കുത്തിപൊക്കണേ? ഒരു ബൈപാസ്സ് കഴിഞ്ഞതാന്നെങ്കിലും ഓര്‍മ്മ വേണ്ടെ. മൂന്നു നേരം മോന്തിയില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ നെഞ്ചു വേദന വര്വോ? കുടിച്ചും കഴിഞ്ഞ് ഇങ്ങോട്ട് വാ, നെഞ്ച് വേദനിക്കുന്നു, കൈ കടയുന്നു, കാല്‍ കുഴയുന്നു അംബീന്നൊക്കെ പറഞ്ഞ്. തിരിഞ്ഞ് ഞാന്‍ നോക്കില്ല ഉള്ള കാര്യം ഞാന്‍ പറയാം.

നീ ഒന്നു ചൂടാകാതെ അംബീ. അവന്‍ വന്നിട്ട് നാല് ദിവസം കഴിഞ്ഞില്ലേ, ഒരു മിനിറ്റ് വിശ്രമിച്ചിട്ടില്ലല്ലോ അവന്‍. ഇന്നെങ്കിലും രണ്ടെണ്ണം അടിച്ച് വിശ്രമിക്കട്ടെ എന്നു പറഞ്ഞ് വിളിച്ചതല്ലെ. നീ അടങ്ങ്.

റൌണ്ട് ഒന്ന്, രണ്ട്, മൂന്ന്, നാല് കഴിഞ്ഞു, അച്ഛന്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു. അമ്മ ഭക്ഷണം വിളമ്പാന്‍ തുടങ്ങി.

എനിക്കിപ്പോ വേണ്ടമ്മേ, ഞാന്‍ പിന്നെ കഴിച്ചോളാം.

അമ്മയും, അച്ഛനും ഭക്ഷണം കഴിക്കാന്‍ ഇരുന്നു. ഞാന്‍ പിന്നാമ്പുറത്തിട്ടുള്ള സ്റ്റൂളില്‍ ചെന്നിരുന്ന് മഴയും കണ്ടിരിക്കാന്‍ തുടങ്ങി. ഒപ്പം റൌണ്ട് അഞ്ചിലേക്കും, ആറിലേക്കും കടന്നു. ഇത് പോലെ കോരിചൊരിയുന്ന മഴ നാട്ടില്‍ വന്നിട്ട് ആദ്യമായിട്ടാണ് പെയ്യുന്നത്. പൊതുവെ ഇത്തവണ മഴ കുറവായിരുന്നു. ഇടവപാതിയൊന്നും പെയ്തതേയില്ല ഇത്തവണ. കോരിചൊരിയുന്ന മഴക്കൊപ്പം ഇടക്കിടെ വീശിയടിക്കുന്ന കാറ്റും. കാറ്റടിക്കുമ്പോള്‍ പിന്നാമ്പുറത്തെ പ്ലാവും, മാവും ചില്ലകള്‍ കുടയുന്നു. ഇറയത്തിരിക്കുന്ന എന്റെ മുഖത്ത് സ്പ്രേ അടിക്കുന്നത് പോലെ മഴവെള്ളം തെറിക്കുന്നു. ചെറുപ്പകാലത്തിലെ ഓര്‍മ്മകള്‍ കടയും പുഴക്കി വന്നെന്നില്‍ നിറഞ്ഞു. അടിച്ചതിന്റെ ഫലമായി തലയില്‍ ഓളം വെട്ടാന്‍ തുടങ്ങിയിരിക്കുന്നു. മഴയും, കാറ്റും, തുള്ളിതെറിക്കുന്ന വെള്ളതുള്ളികളും, എല്ലാം എന്നെ സ്നേഹസമ്പന്നനാക്കി. അകത്ത് പോയി മൊബൈല്‍ എടുത്തു വന്നു. ഫിറ്റായാല്‍ പതിവായി ചെയ്യാറുള്ളത് പോലെ തന്നെ അഡ്രസ്സ് ബുക്ക് ബ്രൌസ് ചെയ്ത് ഓരോരുത്തരെയായി ഫോണ്‍ ചെയ്യാന്‍ തുടങ്ങി. സ്ത്രീജനങ്ങളുടെ നമ്പറുകള്‍ മനപ്പൂര്‍വ്വം ഒഴിവാക്കി (പണ്ടൊരിക്കല്‍ ഇങ്ങനെ സ്നേഹം കൂടിയപ്പോള്‍ വിളിച്ചു വരുത്തിയ വിനകളുടെയും, അസ്ഥാനത്ത്, ആസ്ഥാന ബൂലോഗ പീഢക പട്ടം ചാര്‍ത്തികിട്ടിയതിന്റേയും, വാര്‍ഷികം ഈ ആഗസ്റ്റില്‍ ആണെന്നത് എന്തോ എനിക്കോര്‍മ്മയില്‍ ഉണ്ടായിരുന്നു).

പല പല നമ്പറുകളും വിളിച്ചും, പലരുമായും സംസാരിച്ചു കഴിഞ്ഞു, അടുത്ത് നമ്പര്‍, ജിബു കേരള (തണുപ്പന്‍ എന്ന ബ്ലോഗര്‍). വിളിച്ചു, ഫോണ്‍ എടുക്കുന്നില്ല. റഷ്യല്‍ നിന്നുള്ള ചില അണുവായുധങ്ങള്‍ (അണുക്കളെ നശിപ്പിക്കുന്നവര്‍, ഡോക്ടര്‍ എന്ന് ഇവിടെ വിവക്ഷ) എം ഡി കഴിഞ്ഞ് നാട്ടില്‍ ലാന്റു ചെയ്തിട്ടുണ്ടെന്നും, നാട്ടില്‍ പ്രാക്റ്റീസ് ചെയ്യുന്നുണ്ടെന്നും അറിയാമെന്നതിനാല്‍ അടുത്ത അണ്വായുധത്തിനെ വിളിച്ചു. ഡോക്ടര്‍ ബാബു. ആളെ ലൈനില്‍ കിട്ടിയില്ല, അവന്റെ ആശുപത്രിയുടെ നമ്പറില്‍ കറക്കിയപ്പോള്‍ അച്ഛനായ ഡോക്ടറെ ലൈനില്‍ കിട്ടി. വീട്ടിലേക്ക് പോയി എന്നും വീട്ടിലെ നമ്പറില്‍ വിളിക്കാനും പറഞ്ഞ് നമ്പര്‍ തന്നു. വീട്ടില്‍ വിളിച്ചു. വീട്ടിലെത്തിയിട്ടുമില്ല.

ഇതിപ്പോ ഇല്ലത്തീന്നിറങ്ങുകയും ചെയ്തു അമ്മാത്തൊട്ടെത്തിയതുമില്ല എന്ന അവസ്ഥയായല്ലോ എന്റെ ഹര്‍ത്താലപ്പാ!

മഴയിലേക്ക് കണ്ണും നട്ട് ഇനി ആരേയാണു വിളിക്കേണ്ടതെന്നാലോചിച്ചിരിക്കുമ്പോള്‍, മൊബൈലില്‍ റിങ്ങടിച്ചു. ഡോക്ടര്‍ ബാബുവാണ്.

ഹാവൂ തേടിയ ഡോക്ടറെ ഫോണില്‍ കിട്ടി.

ഹലോ, കുറുമാനെ, കുരുപ്പേ എപ്പോ എത്തി നാട്ടില്‍?

നാലഞ്ചു ദിവസമായെടേ.

എന്താ പരിപാടി?

ചുമ്മാ ബോറടിച്ചിരിക്കുന്നു. നിന്റെ പരിപാടി എന്ത്?

നമ്മള്‍ കല്യാണം ഒക്കെ കഴിഞ്ഞിങ്ങിനെ അല്പ സ്വല്പം പ്രാക്ടീസുമായിങ്ങനെ ഇരിക്കുന്നു.

ഞാന്‍ ജിബുവിനെ വിളിച്ചിട്ട് കിട്ടിയില്ല. അവന്‍ ഫോണ്‍ എടുക്കുന്നില്ല.

അവന്‍ കാഷ്വാലിറ്റിയിലാ.

ഒകെ, എന്താ പരിപാടി? കണ്ടിട്ട് കുറേ ആയല്ലോ മാഷെ. അന്ന് റഷ്യയില്‍ ഒരുമിച്ച് കൂടിയതല്ലെ. നിങ്ങള്‍ ഇങ്ങോട്ട് വാ തൃശൂര്‍ക്ക്, നമ്മക്കൊന്ന് കൂടാം, തകര്‍ക്കാം, തരിപ്പണമാക്കാം.

കുറുമാനെ അന്ന് ഒരാഴ്ച നമ്മള്‍ കൂടിയത് മറക്കാന്‍ ഒക്കുമോ. ജീവിതത്തിലെ തന്നെ സുവര്‍ണ്ണ ഏടുകളില്‍ എഴുതി ചേര്‍ത്ത ദിനങ്ങളാ നിങ്ങള്‍ ഉണ്ടായിരുന്ന ആ ഒരാഴ്ച.

പൊക്കല്ലെ മാഷെ, പൊക്കിയിട്ടെടുത്തടിക്കല്ലെ, ചിന്നം ചിതറും.

അല്ല മാഷെ സത്യം. എട്ട് മാസത്തോളമായി ഞങ്ങള്‍ നാട്ടില്‍ വന്നിട്ട്. ഇതു വരെ, ആശുപത്രി, പേഷ്യന്റ്സ്, വീട്, ആശുപത്രി. ഇന്നെന്തായാലും ഒന്നു തിമിര്‍ക്കാം.

പക്ഷെ ജിബുവിനെ കിട്ടിയില്ലല്ലോ. അതൊക്കെ ഞാന്‍ ഏറ്റു. ഫസലുവിനേയും വിളിക്കാം. അവനും ഇവിടെ ഉണ്ട്.

അയ്യോ അവനും ഇവിടെ വന്നോ? അപ്പോ നമ്മുടെ ഏലിയന്‍ സംഭവമൊക്കെ?

ഏലിയനു വച്ചത് ഏലിയന് (ആ കഥ വേറെ പറയാം‌), അവനും കോഴ്സ് കഴിഞ്ഞപ്പോള്‍ ഇങ്ങോട്ട് വന്നു, ഇവിടെ പ്രാക്റ്റീസ് ചെയ്യുന്നു.

അപ്പോ എപ്പോഴാ കാണുന്നത്?

ഇന്ന് വൈകീട്ട് തൃശൂരില്‍ ഞങ്ങള്‍ മൂന്നു പേരും വരുന്നു, നമ്മള്‍ കാണുന്നു.

അതെ, ഇന്ന് വൈകീട്ട് ലോകത്തിലെ ഏറ്റവും വലുപ്പമേറിയ റൌണ്ട് എബൌട്ടായ തൃശൂര്‍ റൌണ്ടില്‍ വച്ച് നമ്മള്‍ കാണുന്നു.

അതെ, അതു തന്നെ.

ബാക്കി കാര്യപരിപാടികള്‍ നേരില്‍ കണ്ടതിനു ശേഷം.

വോക്കെ.

ഓകെ ബൈ.

തൊട്ടപ്പുറത്തെ വീട്ടിലെ പൂത്തു നില്‍ക്കുന്ന ചെമ്പകപൂക്കളെ തഴുകി വന്നതിനാലാവാം, അപ്പോള്‍ ആഞ്ഞു വീശി എന്റെ മുഖത്തേക്ക് വെള്ളതുള്ളികളെ തെറിപ്പിച്ച് വിട്ട ആ കാറ്റിനു ചെമ്പകപൂക്കളുടെ ഗന്ധമായിരുന്നു.