Tuesday, April 19, 2011

ന സ്റ്റാഫ് സ്വാതന്ത്ര്യമർഹതി

രാവിലെ വീട്ടീന്നു വെറും ഒന്നേ ഒന്നര പ്ലേറ്റ് ഉപ്പുമാവിൽ, നാലേ നാലു പാളയങ്കോടൻ പഴവും ചേർത്തു കുഴച്ചകത്താക്കി വണ്ടിയുമെടുത്തു 8 മണിക്കോഫീസിലേക്കു പുറപെട്ട് 50 കിലോമീറ്റർ ദൂരം ഓടിച്ചോഫീസിൽ എത്തിയപ്പോഴേക്കും സമയം പതിവുപോലെ 8.30. സിസ്റ്റമൊക്കെ ഓൺ ചെയ്തു കഴിഞ്ഞപ്പോഴേക്കും ക്ഷീണിച്ചു. ഒരു ചൂടു ചായകുടിച്ചിട്ടാകാം അടുത്ത പരിപാടിയെന്നു കരുതി പാണ്ട്രിയിലേക്കു നടക്കുന്നവഴിക്കാ നിങ്ങളെ എം ഡി വിളിക്കുന്നൂന്നു ഒരുവൻ പറഞ്ഞത്.


രാവിലെ ഒരു ചായകുടിക്കാനും കുടിക്കാനും കൂടെ സമ്മതിക്കില്ലല്ലോ ദൈവമേ, "ന സ്റ്റാഫ് സ്വാതന്ത്ര്യമർഹതി" എന്നു ചിന്തിക്കുന്നവരെ നീയെന്തിനിങ്ങനെ പനപോലെ വളർത്തുന്നൂ എന്നു ചിന്തിച്ചുകൊണ്ടു എം ഡിയുടെ മുറിയിലേക്കു കയറി.

പതിവുപോലെ റാബർട്ട് സ്റ്റൈലിൽ രണ്ടു പുക ആഞ്ഞുവലിച്ചുകൊണ്ടു ഒരു ഏ4 ഷീറ്റ് പേപ്പർ എടുത്തെനിക്കു നീട്ടിയതിനുശേഷം നേരത്തെ ആഞ്ഞുവലിച്ച രണ്ടു പുക ഒറ്റപുകയായി പുറത്തേക്കൂതിയതിനുശേഷം വ്ിശാലമായൊന്നു ചിരിച്ചു.

പേപ്പറിലെ ലിപികളിലൂടെ എന്റെ നയനങ്ങൾ ഭരതനാട്യം, കുച്ചുപുടി, കഥക്, ഒഡീസി നൃത്തചുവടുകൾ വച്ചു കലാതിലകപട്ടം നേടി.

മൊത്തം ഡിപ്പാർട്ടുമെന്റിലുള്ളവർ ഒരുമിനിറ്റു പോലും വിശ്രമമില്ലാതെ ജോലി ചെയ്താൽ പോലും മൂന്നാലു ദിവസം ചെയ്യാനുള്ള പണിയുണ്ട്. “പണി തന്നൂല്ലെ“ ചുള്ളാ സ്റ്റൈലിൽ ഞാനൊരു സൈഡ് വലിഞ്ഞ ചിരിചിരിച്ചുകൊണ്ടു ചോദിച്ചു; യസ്മാനെ, എന്നേക്കാണു ടാസ്ക് കമ്പ്ലീഷൻ?

റാബർട്ട് വീണ്ടും രണ്ടു പുകയെടുത്തു, പുക പുറത്തേക്കു വരാതെ വിശാലമായി ചിരിച്ചതിനു ശേഷം പുകയോടൊപ്പം തന്നെ വാക്കുകളും പുറത്തേക്കു വിട്ടു.

ഇന്നു വൈകീട്ട്, മാക്സിമം നാളെ 10 മണിക്കു മുൻപ്!! എന്തേ!

യസ്മാനെ, മറ്റൊന്നും വിജാരിക്കരുത്!

എന്താ, എന്തു പറ്റി?

മറ്റേതു ഞാൻ വീട്ടിലു മറന്നു വച്ചു!

ഏത്?

മ്റ്റേ വിളക്ക്!

തെളിച്ചു പറയണം മനുഷ്യാ.

സാർ നമ്മുടെ ആ ജീനി ഇരിക്കുന്ന വിളക്കു ഞാൻ എടുക്കാൻ മറന്നു.

യു മീൻ ദി മാജിക്ക് ലാമ്പ്?

ലോ ലതു തന്നെ യസ്മാ!

വീണ്ടും രണ്ടു പുക ഉള്ളിലേക്ക്, ചിരിയില്ലാത്തോണ്ട് പെട്ടെന്നു തന്നെ പുറത്തോട്ടും. എപ്പോഴത്തേക്കു കമ്പ്ലീറ്റ് ചെയ്യാൻ പറ്റും?

വ്യാഴാഴ്ച വൈകീട്ടു തട്ടുകടപൂട്ടുന്നതിലും മുൻപു ട്രൈ മാഡാം സർ.

ഉം ശരി.