Monday, May 28, 2007

മൃതോത്ഥാനം - 7

ഡാ, സുന്യേ,........തങ്കമ്മ ഉറക്കെ വിളിച്ചു.

എന്താ അമ്മേ.......കോളേജിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്ന സുനില്‍ ഉമ്മറത്തേക്കിറങ്ങി വന്നു.

മുറ്റമടിക്കുന്ന ചൂലും കയ്യില്‍ വച്ച് അമ്മ നില്‍ക്കുന്നു. പടിക്കല്‍ രണ്ട് പോലീസുകാരും.

ഡാ നീ അച്ഛനെ വിളിച്ചുണര്‍ത്തിയേ ഒന്ന്. തങ്കമ്മ സുനിലിനോട് പറഞ്ഞു.

അച്ഛാ, അച്ഛാ, സുനില്‍ ഉറക്കെ വിളിച്ചു.

തിരിഞ്ഞുകിടന്നുകൊണ്ട് മുത്തു ചോദിച്ചു, എന്താ മോനേ?

ദാ പോലീസുകാര്‍ അച്ഛനെ അന്വേഷിച്ചു വന്നിരിക്കുന്നു. എന്തോ കോളുണ്ടിന്ന്. സുനില്‍ പറഞ്ഞു.

ഇരുപത്തിയൊന്നു വയസ്സു സുനിലിനു കഴിഞ്ഞിട്ടും മുത്തുവിനവന്‍ കൊച്ചു കുട്ടി തന്നെ.

മോന്‍ കോളേജിലേക്ക് പോ. അച്ഛന്‍ നോക്കാം.

വേണ്ട അച്ഛാ, വല്ല മരത്തേലാണിന്നു ശവമെങ്കില്‍ ഞാനും വരാം, കെട്ടിയിറക്കാന്‍. പൈതൃകം കാക്കാന്‍ അവന്‍ പറഞ്ഞു. വെറുതെ അച്ഛനെ സഹായിക്കുക മാത്രമല്ല ലക്ഷ്യം, ഒരു ശവമെടുക്കാന്‍ സഹായിച്ചാല്‍, അച്ഛനു കിട്ടുന്നതു പോരാതെ, മകനും കിട്ടും ഒരു ചെറിയ സംഖ്യ. പണക്കാരുടെ മക്കള്‍ക്ക് പോക്കറ്റ് മണിയായി കിട്ടുന്നതിലും നാലിരട്ടി പണം അവനു അധ്വാനിച്ച് കിട്ടുന്നുണ്ട്. അങ്ങനെ കിട്ടുന്ന സംഖ്യ വച്ചാണവന്‍ കോളേജിലെ അവന്റെ കൂടെയുള്ള സുഹൃത്തുക്കളുമൊത്ത് കറങ്ങുന്നതും, ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുന്നതും, റിലീസായ സിനിമകള്‍ ഒന്നു പോലും വിടാതെ കാണുന്നതും.

അഴിഞ്ഞുപോയിരുന്ന മുണ്ട് മുറുക്കിയുടുത്ത് മുത്തു എഴുന്നേറ്റു പുറത്തേക്കിറങ്ങി.

എന്താ സാറമ്മാരെ, രാവിലെ തന്നെ? പെറുക്കണോ, കെട്ടിയിറക്കണോ? അതോ മുങ്ങി തപ്പണോ?

സാറമ്മാരേന്നു വിളിച്ചു കളിയാക്കാതെ മുത്ത്വേട്ടാ, ഇന്ന് നിങ്ങള്‍ക്ക് കൊയ്ത്താ. ഒരു പങ്ക് ഞങ്ങള്‍ക്കും തരണേ, രണ്ട് കോണ്‍സ്റ്റബിള്‍മാരും ഒരുമിച്ചു പറഞ്ഞു.

നിങ്ങള്‍ കാര്യം പറയ്. എന്താ സംഭവം?

എരുമ തോമാസേട്ടന്റെ രണ്ടാമത്തെ മകന്‍, പ്രണയം മൂത്ത് അപ്പനോട് തല്ലിട്ട്, ഇന്നലെ രാത്രി പീച്ചി ഡാമില്‍ ചാടും എന്ന് വെല്ല് വിളിച്ച് വീട്ടിന്നിറങ്ങിപോയി!

എരുമ തോമസെന്നത് തൃശൂരിലെ പേരുകേട്ട ഒരു പണക്കാരനാണ്. അതേ സമയം അറുപിശുക്കനും. ഹോള്‍സെയിലായി മാടുകച്ചവടമായിരുന്നു ജോലി. ഇപ്പോള്‍ ഇല്ലാത്ത ബിസിനസ്സുകള്‍ ഒന്നും തന്നെ ഇല്ല എന്നു പറയാം.

അതിന് ഞാനെന്തു ചെയ്യാനാണ്ടാ പിള്ളേരെ?

മുത്ത്വേട്ടാ, വീട്ടിന്നിറങ്ങിയ ആ ചെക്കന്‍, അതായത് ഡേവിസ്, അവന്റെ കൂട്ടുകാരേം കൂട്ടി പാതി രാത്രി വരെ ഇന്നലെ ടൌണില്‍ നമ്മടെ അന്തോണ്യേട്ടന്റെ ബാറില്‍ ഇരുന്നു കുടിച്ചു. ബാറടക്കാറായപ്പോള്‍, ഒരു കുപ്പി പാഴ്സലും വാങ്ങി, ബില്ലടച്ച്, അവര്‍ പുറത്തിറങ്ങി. എന്നിട്ട് ആ ചെക്കന്‍ കൂട്ടുകാരേം കൂട്ടി നേരെ പോയത് പീച്ചി ഡാമിലേക്ക്.

അവിടെയിരുന്ന് അവര്‍ കുടിച്ച് കൂത്താടി. കുപ്പിയെല്ലാം കഴിഞ്ഞപ്പോള്‍ ചെക്കന്‍, പ്രേമിച്ച പെണ്ണിനെ കെട്ടാന്‍ എന്നെ സമ്മതിക്കില്ല എന്റപ്പച്ഛന്‍ എന്നും പറഞ്ഞ് എടുത്താ ചാടി ഡാമിലേക്ക്!

കള്ള് കുടിക്കാന്‍ കമ്പനി കൊടുക്കുമായിരുന്നു, പെണ്ണുപിടിക്കാന്‍ കമ്പനികൊടുക്കുമായിരുന്നു, ശീട്ടുകളിക്കാന്‍ കമ്പനികൊടുക്കുമായിരുന്നു. ഇത്രയൊക്കെ അവന്റെ കാശില്‍ ചെയ്തിരുന്ന സ്നേഹമുള്ള പിള്ളേരാരായിരുന്നു അവര്‍. പക്ഷെ ഡാമില്‍ ചാടിയപ്പോള്‍ മാത്രം കമ്പനി കൊടുക്കാന്‍ കൂട്ടുകാര്‍ തയ്യാറായില്ല, പകരം, ഒരുവന്‍ വണ്ടിയെടുത്ത് ടൌണില്‍ വന്ന് ഫോണ്‍ ചെയ്ത് കാര്യം അവന്റെ വീട്ടിലറിയിച്ചു. അവര്‍ ഞങ്ങളേയും.

ഡാമിലല്ലെ ചാടിയത്, അതും തോമസേട്ടന്റെ മോന്‍! ഞങ്ങളെന്തു ചെയ്യാന്‍? ഞങ്ങള്‍ ഫയറില് വിളിച്ച് അറിയിച്ചു. എല്ലാരും കൂടെ പുലര്‍ച്ചക്ക് അഞ്ച് മണിക്ക് അവിടെ എത്തിയതാ. ഫയര്‍ സര്‍വ്വീസ് കാര്‍ പെട്രോമാക്സും മറ്റും വച്ച്, ഗുണിച്ചും, ഗണിച്ചും നോക്കി, ദിശ മനസ്സിലാക്കി. പിന്നെ ചാടണോ, വേണ്ടയോന്ന് സംഘം ചേര്‍ന്നാലോചിച്ചു.

അവര്‍ ആലോചിക്കുന്നതിന്നിടയില്‍ ഞങ്ങള്‍ , ചത്തവന്റെ കൂട്ടുകാരുടെ അടുത്ത് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. ഇത്രയൊക്കെ തന്നേയേ സംഭവിച്ചുള്ളൂ. ഫയര്‍ സര്‍വ്വീസുകാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ശവം കിട്ടിയില്ല ഡാമില്‍ നിന്ന്.

പിന്നെ ഞങ്ങളും അവരും കൂടി തോമാസു മുതലാളിയോട് മുത്തുവേട്ടന്റെ കാര്യം പറഞ്ഞ് മനസ്സിലാക്കി. അയാളുടെ നിര്‍ബന്ധപ്രകാരം ഞങ്ങള്‍ അങ്ങേരുടെ കാറില്‍ തന്നെ ഇങ്ങോട്ട് പോരുകയായിരുന്നു. മുത്തുവേട്ടന്‍ വേഗം വാ.

ശവം ഡാമില്‍ നിന്നെടുക്കാനല്ലെ, നിന്റെ സഹായം വേണ്ടി വരില്ല. മോനേ നീ കോളേജിലേക്ക് പൊക്കോ, മുത്തു സുനിയോട് പറഞ്ഞു.

നിങ്ങള്‍ കയറി ആ വരാന്തയിലേക്കിരിക്ക്, ഞാന്‍ ഒന്നു പല്ലു തേച്ച് കുളിച്ചിട്ടിറങ്ങാം.

ഡാമിലെ വെള്ളത്തില്‍ ചാടി ശവമെടുക്കാനുള്ളതല്ലെ മുത്ത്വേട്ടാ, അതിനിപ്പോ എന്തിനാ കുളിക്കണെ?

രാവിലെ പണിക്ക് പോകുന്നതിലും മുന്‍പ് കുളിക്കുക എന്നുള്ളത് എന്റെ ശീലമാ. അത് ശവം വാരാനാകട്ടെ, പറമ്പ് കിളക്കാനാകട്ടെ, വേലികെട്ടാനാകട്ടെ. മരം വെട്ടാനാകട്ടെ. നിങ്ങളിരിക്ക് ഞാന്‍ ദാ വന്നു.

ഉമിക്കരിയെടുത്ത് പല്ലു തേച്ച്, കിണറ്റിന്‍ കരയില്‍ നിന്നു തന്നെ രണ്ട് കുടം വെള്ളം മുക്കി തലയിലൊഴിച്ച് തുവര്‍ത്തി വീട്ടിനകത്തു വന്നപ്പോഴേക്കും, ഗ്ലാസ്സില്‍ കട്ടന്‍ കാപ്പിയുമായി തങ്കമ്മ വന്നു. കട്ടന്‍ കാപ്പി വാങ്ങി കുടിച്ച്, കാലിയായ ഗ്ലാസ്സ് തങ്കമ്മക്ക് തിരിച്ച് നല്‍കി മുത്തു വസ്ത്രം മാറി. കൈലിയും, ഷര്‍ട്ടും, ചുമലില്‍ ഒരു തോര്‍ത്തും പതിവു വേഷം.

പുറത്ത് മുറ്റത്ത് കാത്തുനില്‍ക്കുയായിരുന്ന പോലീസുകാരുടെ കൂടെ മുത്തു ഇറങ്ങി, ഇടവഴിയിലൂടെയും, പാടവരമ്പിലൂടേയും നടന്ന് റോഡില്‍ എത്തി കാറില്‍ കയറി. പോകുന്ന വഴിക്ക് കാറു നിറുത്തിപ്പിച്ച് നടന്നുപോകുകയായിരുന്ന ശിവനേയും ഒപ്പം കൂട്ടി മുത്തു. ശവമെടുക്കാന്‍ വരുന്ന മുത്തുവിന്റെ ശീലമറിയാവുന്ന പോലീസുകാര്‍ കാര്‍ ബാറില്‍ നിറുത്തിച്ച് അരകുപ്പി വാങ്ങി. വണ്ടിയുടെ പിന്‍സീറ്റില്‍ ചാരിയിരുന്ന് വെള്ളമൊഴിക്കാതെ തന്നെ മുത്തു മദ്യത്തിന്റെ അരഭാഗം ഇരുന്നയിരുപ്പില്‍ അടിച്ചു തീര്‍ത്തു. ബാക്കിയവശേഷിച്ചിരുന്ന മദ്യം മുത്തു അരയില്‍ തിരുകി.

കാറ് പീച്ചി ഡാമിന്നടുത്തു വശത്തായി നിറുത്തി പോലീസുകാരും, ഡ്രൈവറും മുത്തുവും നടന്നു. അകലെ പോലീസുകാരും, ഫയര്‍ഫോഴ്സുകാരും, നാട്ടുകാരായ ജനങ്ങളും കൂടി നില്‍ക്കുന്നത് ദൂരെ നിന്നു തന്നെ കാണാം.

മുത്തുവിനു കടന്നു വരുവാന്‍ വേണ്ടി കൂടിനിന്നിരുന്ന ജനങ്ങള്‍ വഴി നല്‍കി. നിരത്തിയിട്ടിരുന്ന കസേരകളില്‍ ഒന്നില്‍ എസ് ഐ, മറ്റൊന്നില്‍ ഫയര്‍ ഫോഴ്സ് ഇന്‍സ്പെക്ടര്‍, പിന്നൊരെണ്ണത്തില്‍ തലയും താഴ്ത്തി തോമസ് മുലയാളിയും ഇരിപ്പുണ്ട്.

സമയം രാവിലെ പത്തുകഴിഞ്ഞതേയുള്ളുവെങ്കിലും നല്ല ചൂടുണ്ടായിരുന്നതിനാലോ, അതോ ഡാമില്‍ ചാടിയവന്റെ ജഡം കിട്ടാത്തതിനാലോ, എല്ലാവരും വിയര്‍ത്തു കുളിച്ചിരുന്നു. വെള്ളത്തില്‍ ചാടി കറിയതുപോലെയായിരുന്നു തോമാസുമുതലാളിയുടെ ജുബ്ബയുടെ കോലം. ആകെ വിയര്‍പ്പില്‍ നനഞ്ഞൊട്ടി.

ഇന്നലെ വെളുപ്പിനെപ്പോഴോ ചാടിയതാന്നാ പറയുന്നത്. പറ്റാവുന്ന പോലെയെല്ലാം നോക്കിയിട്ടും ജഡം കണ്ടെടുക്കാനായില്ല. മുത്തു വിചാരിച്ചാല്‍ എന്തായാലും കണ്ടെടുക്കാന്‍ പറ്റും. അപ്പോ എത്രയാ വേണ്ടെന്ന് വച്ചാ മുത്തു തോമാസുമുതലാളിയോട് നേരിട്ട് പറഞ്ഞോളൂ. എസ് ഐ നേരിട്ട് മുത്തുവിനോട് കാര്യം പറഞ്ഞു.

മുത്തു തോര്‍ത്തുമുണ്ട് ചുമലില്‍ നിന്നെടുത്തു. പിന്നെ പീച്ചിഡാമിലെ വെള്ളത്തിലേക്കും, ആകാശത്തേക്കും ഒന്നു നോക്കിയശേഷം അരയിലെ കുപ്പിയില്‍ ഒന്നു തപ്പി, പിന്നെ പറഞ്ഞു, അയ്യായിരം രൂപ വേണം. ഡാമിലല്ലെ? ഒരു ശവം പൊക്കാനുള്ള പണിക്കിടയില്‍ ഞാനും ശവമാകാം.

ഡാമിലെവിടേയോ മരിച്ച് കിടക്കുന്നത് സ്വന്തം മകനാണെങ്കിലും, അയ്യായിരം എന്നു കേട്ടപ്പോള്‍ തോമാസുമുതലാളിയുടെ തലയൊന്നു പെരുത്തു. എങ്കിലും സ്വന്തം മകന്റെ ജഡം എടുക്കേണ്ടതാണല്ലോ അത്യാവശ്യം. ആയതിനാല്‍ മാത്രം പല്ലുകടിച്ച് ഭാവഭേദമൊന്നും മുഖത്ത് വരുത്താതെ ചോദിച്ചു. എന്റീശോയേ, അയ്യായിരമോ. മുത്തുവേ, നീ മുത്തല്ലെ. അയ്യായിരംന്ന് പറഞ്ഞാ വലിയ ഒരു സംഖ്യയാ. നീ അല്പം കുറക്ക്. ഒരു ആയിരമോ ആയിരത്തി അഞ്ഞൂറോ, കൂടി വന്നാല്‍ രണ്ടായിരമോ തരാം.

മുത്തു സാധാരണ ഗതിയില്‍ ശവം വാരുന്നതിനും, ഇറക്കുന്നതിനും മറ്റും അങ്ങിനെ കണക്ക് പറയുക പതിവില്ല. മരിച്ചവന്റെയും, അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുജനങ്ങളുടേയും സാമ്പത്തികം നോക്കി, ന്യായമെന്ന് തോന്നുന്നത് പറയും, അത് കൂടാറുമില്ല, കുറയാറുമില്ല. എല്ലാവരും മുത്ത് പറയുന്നത് സമ്മതിക്കുകയാണു പതിവ്. പലപ്പോഴും, ഉയര്‍ന്ന മരത്തേല്‍ തൂങ്ങിചത്ത ശവമാണെങ്കില്‍ അതിറക്കാനോ, കുളത്തിലോ, പുഴയിലോ ചാടി ചത്ത ശവമാണെങ്കില്‍ അത് കരക്കു കയറ്റാനോ, വിചാരിച്ച അത്ര പ്രയാസം നേരിട്ടില്ല എങ്കില്‍ മുത്തു പറഞ്ഞ് സമ്മതിച്ച പൈസയുടെ മുക്കാല്‍ഭാഗമോ, അതില്‍ താഴേയോ മാത്രമേ വാങ്ങാറുള്ളൂ.

ഡാമിലിറങ്ങി ശവം കണ്ടെത്തി, വലിച്ചു കരക്ക് കയറ്റുക എന്നു പറഞ്ഞാല്‍ അസാമാന്യം പണിയുണ്ട്. അതുകൊണ്ടാണ് ഇയാളോട് അയ്യായിരം പറഞ്ഞത്. സാധാരണക്കാരു വല്ലവരുമായിരുന്നെങ്കില്‍ രണ്ടായിരമോ, മൂവായിരമോ മാത്രമേ പറയുമായിരുന്നുള്ളൂ. ഇത് പട്ടണത്തിലെ തന്നെ പേരുകേട്ട പണക്കാരനാണ്. എന്നിട്ട് അയാളുടെ ഒരു പിശുക്ക്. മുത്തുവിനു കലിവന്നു.

മുത്തുവിനു വാക്കൊന്നേയുള്ളൂ മുതലാളി. ശവം വേണേല്‍ ഞാന്‍ എടുക്കാം ഒരു നാലായിരം രൂപ തരണം.

തോമാസുമുതലാളി വീണ്ടും പിശുക്കനായി. ഒരു മൂവായിരം പോരേ മുത്തൂ?

സ്വന്തം മകന്റെ ശവം വാരാനും, പിശുക്ക് കാണിക്കണോ മുതലാളീ? ഉം നോക്കട്ടെ. എനിക്കൊരു പൈന്റ് വരുത്തിക്ക് സാറന്മാരെ, ഒപ്പം കഴിക്കാനും എന്തേലും. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. മുത്തു തന്നെ വിളിക്കാന്‍ വീട്ടിലേക്ക് വന്ന പോലീസുകാരെ നോക്കി പറഞ്ഞു.

കൂടി നില്‍ക്കുന്ന ജനങ്ങളെ മാറ്റി മുത്തു ഡാമിന്റെ കൈവരിയുടെ അടുത്തേക്ക് നടന്നു. അരയില്‍ നിന്നും അവശേഷിച്ചിരുന്ന മദ്യമെടുത്ത് വായിലേക്ക് കമഴ്ത്തി. കാലികുപ്പി ദൂരേക്ക് വലിച്ചെറിഞ്ഞു. സ്വന്തം മകന്റെ ശവം വാരാന്‍ പോലും കണക്കു പറയുന്ന പിച്ച മുതലാളി, മുത്തു നിലത്തേക്ക് കാറി തുപ്പി. ഷര്‍ട്ടഴിച്ച്, തോര്‍ത്തില്‍ പൊതിഞ്ഞ് ശിവന്റെ കയ്യില്‍ കൊടുത്തു. ഉടുത്തിരുന്ന കള്ളിമുണ്ടുരിഞ്ഞ് അരയില്‍ ട്രൌസറിനു മുകളില്‍ ബെല്‍റ്റ് പോലെ ചുറ്റികെട്ടി. ഫയര്‍ ഫോഴസ്കാര്‍ ചാരിവച്ചിരുന്ന കോണിയിലൂടെ താഴോട്ടിറങ്ങി, ഡാമിലെ വെള്ളത്തിലേക്കൂളയിട്ടു.

കസേരയിലിരുപ്പുണ്ടായിരുന്ന എസ് ഐയും, മുതലാളിയും, ജനങ്ങളും ഡാമിനു ചുറ്റും ആകാംഷയോടെ തടിച്ചുകൂടി. പത്തും പതിനഞ്ചും മിനിറ്റുകള്‍ കഴിയുമ്പോള്‍ ഡാമിന്റെ പല പല ഭാഗത്തായി മുത്തുവിന്റെ തല പൊങ്ങി. മണിക്കൂര്‍ ഒന്നു കഴിഞ്ഞു, ഒന്നരകഴിഞ്ഞു, മുത്തുവിന്റെ ശരീരം തളര്‍ന്നു തുടങ്ങി. ഏതാണ്ട് രണ്ട് മണിക്കൂറോളം നേരത്തെ തിരച്ചിലിനുശേഷം മുത്തു കോണിപടിയിലൂടെ മുകളിലേക്ക് കയറി.

വന്ന് തുടുത്ത് പുറത്തേക്കുന്തിയ കണ്ണുകളോടെ വല്ലാതെ കിതക്കുച്ചുകൊണ്ടാണ് മുത്തു കോണികയറി വന്നത് തന്നെ. അരയില്‍ ചുറ്റികെട്ടിയ കള്ളിമുണ്ട് പോലും മുത്തുവിനു നഷ്ടപെട്ടിരുന്നു.

എന്തായി മുത്തൂ? എസ് ഐയ്യും, ഫയര്‍ഫോഴ്സിന്‍സ്പെക്ടറും, തോമാസ് മുതലാളിയും ഒരുമിച്ചാണു ചോദിച്ചത്.

ഒരു രക്ഷയുമില്ല സാറന്മാരെ, ഡാമിലെ ഒരു വിധം ഭേദപെട്ട സ്ഥലമെല്ലാം ഞാന്‍ അരിച്ചുപെറുക്കി നോക്കി. ഒരു രക്ഷയുമില്ല. ഇനി ഞാന്‍ എന്തു ചെയ്യാനാ? എന്നെ കൊണ്ടിനി വയ്യ.

ഇനിയിപ്പോ എന്താ ചെയ്യാ?

എസ് ഐ മുത്തുവിനോട് ചോദിച്ചു.

എന്ത് ചെയ്യാന്‍ സാറെ, വേറെ നാട്ടിലുള്ള എന്നേക്കാളും കേമനായ മുങ്ങലുകാരെ കൊണ്ടു വന്ന് തപ്പിക്കോ.

മുത്തുവിന്റെ പറച്ചില്‍ കേട്ട് തോമാസു മുതലാളി ഞെട്ടി.

മുത്തുവേ, എന്റെ മോന്റെ ശവം എങ്ങനേലും ഒന്നു കണ്ടുപിടിച്ച് താടാ......ഞാന്‍ നീ പറഞ്ഞ പൈസ തരാം. മുതലാളിയുടെ പിശുക്ക് അല്പാല്പമായി അയയാന്‍ തുടങ്ങി.

മുത്ത്വട്ടാ, ഒന്നു കൂടി ഒന്ന് പരിശ്രമിച്ച് നോക്ക്. രൂപ എത്രവേണമെങ്കിലും മുതലാളി തരാമെന്ന് പറഞ്ഞില്ലേ, മുത്തുവിനെ വിളിക്കാന്‍ വന്ന പോലീസുകാര്‍ മുത്തുവിനോട് പറഞ്ഞു. ഒപ്പം കയ്യിലുരുന്ന പൈന്റിന്റെ കുപ്പിയും, കഴിക്കാന്‍ വാങ്ങിപ്പിച്ചിരുന്ന ദോശയുടെ പൊതിയും നല്‍കി.

ശിവാ, നീയും വാ, മുത്തു, ശിവനെ പ്രാതല്‍ കഴിക്കാന്‍ ക്ഷണിച്ചു.

മുത്തുവും, ശിവനും, നിലത്തിരുന്ന് പൊതി തുറന്ന് ദോശകഴിച്ചു. പൈന്റിന്റെ കുപ്പി പൊട്ടിച്ച് വായിലേക്ക് കമഴ്ത്തി. പിന്നെ പറഞ്ഞു, ഇപ്പോള്‍ തന്നെ എന്റെ ശരീരം വിറക്കാന്‍ തുടങ്ങി. ഇനിയും മണിക്കൂറുകളോളം ഡാമിലെ തണുത്ത വെള്ളത്തില്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ എന്റെ കാറ്റു പോകും.

മുത്തുവേ, നീ അങ്ങനെ പറയല്ലെ, നീ വിചാരിച്ചാല്‍ എങ്ങനെയെങ്കിലും ശവം കണ്ടുപിടിക്കാന്‍ സാധിക്കും. വീട്ടില്‍ എന്റെ ഡേവിമോന്റെ അമ്മ അവന്‍ ഇപ്പോ വരും, ഇപ്പോ വരും എന്ന് പറഞ്ഞ് കാത്തിരിക്കുന്നുണ്ടാകും. നിനക്കെത്രപണം വേണമെന്നു വെച്ചാല്‍ പറ.

ജീവന്‍മരണ പോരാട്ടമാ മുതലാളി, അല്ലാതെ പൈസയല്ല പ്രശ്നം. മുത്തു കുപ്പിയില്‍ നിന്നും വീണ്ടും ഒരിറക്ക് വായിലേക്കിറക്കി.

എന്നെകൊണ്ട് വയ്യ. നിങ്ങളായി നിങ്ങളുടെ പാടായി.

അയ്യോ മുത്തുവേ, ചതിക്കല്ലേ. ഞങ്ങള്‍ ഇനി എന്തു ചെയ്യും?

മൂന്ന് ദിവസം കാക്ക് സാറെ. മീനുകള്‍ തിന്ന് തീര്‍ത്തില്ലായെങ്കില്‍ ശവം പൊങ്ങാതിരിക്കില്ല. മുത്തു പറഞ്ഞു.

അതുകേട്ടതും പിശുക്കനും, കര്‍ക്കശസ്വഭാവക്കാരനുമായ തോമാസ് മുതലാളിക്കും കരച്ചില്‍ പൊട്ടി.

ഇതു കണ്ട ശിവനും, മുത്തുവിനെ വിളിക്കാന്‍ പോയ പോലീസുകാര്‍ക്കും വിഷമം തോന്നി. അവര്‍ തോമാസു മുതലാളിയുടെ അരികില്‍ ചെന്ന് പറഞ്ഞു, മുതലാളി ഒരു പതിനായിരം രൂപ അവന്റെ കയ്യില്‍ കൊടുക്ക്, അവനെകൊണ്ട് ശവം എങ്ങിനേയെങ്കിലും എടുപ്പിക്കാം.

പൈസയെകുറിച്ചൊരക്ഷരം പറയാതെ, തോമസ് മുതലാളി ജുബ്ബയുടെ പോക്കറ്റില്‍ നിന്നും നൂറിന്റെ ഒരു കെട്ട് നോട്ടെടുത്ത് ശിവന്റെ കയ്യില്‍ കൊടുത്തു. ശിവന്‍ അതുമായി മുത്തുവിനെ അരികിലേക്ക് ചെന്നു. പിന്നെ മുത്തുവിനെ ഒരു അരികിലേക്ക് വിളിച്ച് എന്തെല്ലാമോ പറഞ്ഞു. ശേഷം മുത്തുവിന്റെ കയ്യിലേക്ക് പതിനായിരം രൂപയും നല്‍കി.

ശിവാ, നീ പറഞ്ഞാല്‍ എനിക്ക് മറ്റൊന്നില്ല, അതിനാല്‍ ഞാന്‍ വീണ്ടും ഡാമിലേക്കിറങ്ങുന്നു. ഇനി ശവം എടുത്തിട്ടേ ഞാന്‍ പുറത്തേക്ക് വരൂ. അല്ലെങ്കില്‍ എന്റെ ശവവും ചേര്‍ത്തെടുക്കാന്‍ ആളെ കണ്ടുപിടിച്ചോ, എന്നും പറഞ്ഞ് കയ്യിലെ കുപ്പി വീണ്ടും മുത്തു വായിലേക്ക് കമഴ്ത്തി. പിന്നെ കുപ്പി ശിവന്റെ കയ്യിലേക്ക് കൊടുത്തു. ഇത് സൂക്ഷിച്ച് വക്ക്. ഞാന്‍ ശവവും കൊണ്ട് വന്നാല്‍ ഞാനിത് കഴിച്ചോളാം, അല്ലേല്‍ നീ കഴിച്ചോ.

ഫയര്‍ഫോഴ്സുകാരുടെ കോണിവഴി പിടിച്ചിറങ്ങി സമയം കളയാതെ, മുത്തു, ഡാമിന്റെ കൈവരിയില്‍ നിന്നും വെള്ളത്തിലേക്ക് കൂപ്പുകുത്തി.

അഞ്ചും, പത്തും മിനിറ്റു കൂടുംബോള്‍ അവിടേയും ഇവിടേയും ആയി മുത്തുവിന്റെ തല പൊന്തി. കൂടി നില്‍ക്കുന്ന ജനങ്ങള്‍ ആകാംഷയോട് ഇനിയെന്ത് സംഭവിക്കും എന്നറിയാനുള്ള വ്യഗ്രതയോടെ ഡാമിലേക്ക് കണ്ണും നട്ട് നിന്നു.

അരമണിക്കൂറിലധികമായില്ല മുത്തു വെള്ളത്തിലേക്ക് ചാടിയിട്ട്. ദാ ഡാമിന്റെ വെള്ളം പുറത്തേക്ക് പോകുന്ന സ്ഥലത്ത് മുത്തുവിന്റെ തലപൊന്തി. പിന്നെ തലമാത്രം മുകളിലായി മുത്തു നീന്തിവരുന്നതാണു ജനങ്ങള്‍ കാണുന്നത്. പതിനഞ്ചു മിനിറ്റ് നേരത്തോളമെടുത്തു മുത്തു വെള്ളത്തിലേക്ക് വച്ചിരിക്കുന്ന കോണിയുടെ അടുത്തേക്ക് നീന്തിയെത്താന്‍‍. വന്നപാടെ മുത്തു കോണിയില്‍ പിടിച്ച് ഉച്ചത്തില്‍ അലറി, കയറിറക്ക്. ശവം കിട്ടി.

ഫയര്‍ഫോഴ്സുകാര്‍ തങ്ങള്‍ കൊണ്ട് വന്ന വടം താഴേക്കിറക്കി. മുത്തു ശവത്തെ കയറില്‍ ബന്ധിച്ചു. പിന്നെ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ഇനി വലിച്ച് കയറ്റിക്കോ.

ഫയര്‍ഫോഴ്സ്കാര്‍ ഡേവിസിന്റെ ശവം മുകളിലേക്ക് വലിച്ച് കയറ്റി. കോണിയിലൂടെ മുത്തുവും.

താഴെ നിന്ന് ഫര്‍ഫോഴ്കാര്‍ വലിച്ചു കയറ്റിയ ശവവും, കോണിയിലൂടെ കയറിയ മുത്തുവും, മുകളിലെത്തിയത് ഒരുമിച്ചായിരുന്നു. കൈയ്യില്‍ ഇരുന്ന തന്റെ കള്ളിമുണ്ട് മുത്ത് അരയില്‍ ചുറ്റികെട്ടി.

തന്റെ മകന്റെ ജഢത്തേകണ്ട് തോമാസ് മുതലാളി വലിയ വായില്‍ നിലവിളിച്ചു.

കാത്തു നിന്നിരുന്ന ആംബുലന്‍സില്‍ ശവശരീരം കയറ്റി, ആംബുലന്‍സ് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് പാഞ്ഞു. പിന്നാലെ തോമാസ് മുതലാളിയുടെ കാറും, പോലീസ് ജീപ്പും.

ഫയര്‍ഫോഴ്സ് കാര്‍ കോണിയും, വടവുമെടുത്ത് അവരുടെ വഴിക്ക് പോയി. കണ്ടു നിന്നിരുന്ന നാട്ടുകാരില്‍ ഭൂരിഭാഗവും പിരിഞ്ഞ് അവരവരുടെ വഴിക്ക് പോയി.

അവശേഷിച്ചിരുന്നത്, മുത്തുവും, ശിവനും, പിന്നെ മുത്തുവിന്റെ ആരാധകരായ ചില നാട്ടുകാരും മാത്രം.

ശിവാ എവിടെ എന്റെ കള്ള്?

മുത്തു ചോദിച്ചു.

ശിവന്‍ അരയില്‍ വച്ചിരുന്ന കുപ്പിയെടുത്ത് മുത്തുവിനു നല്‍കി.

മുത്തു വായിലേക്ക് അതു മൊത്തമായി ഒഴിച്ചു. രാവിലെ മുതല്‍ വെള്ളത്തിലുള്ള അഭ്യാസവും, മുങ്ങലും, ശവം വലിച്ചുള്ള നീന്തലുമാകണം, അത്രയും മദ്യമടിച്ചതോടെ മുത്തുവിന്റെ നാവു അല്പം കുഴയാന്‍ തുടങ്ങി.

കൂടി നില്‍ക്കുന്നവരോടായി മുത്തു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

ശവമിറക്കാന്‍, ശവം വാരാന്‍, ശവം പെറുക്കാന്‍ മുത്തു ഇന്നു വരെ കണക്കു പറഞ്ഞിട്ടില്ല. പക്ഷെ ഇന്നാദ്യമായി മുത്തു ചെറ്റത്തരം ചെയ്തു. അത് തോമാസ് മുതലാളി ചെറ്റത്തരം ചെയ്തതതിനാല്‍ മാത്രം.

അയ്യായിരം രൂപ ഞാന്‍ ചോദിച്ചതാ, അപ്പോ അയാള്‍ക്ക് അതു കൂടുതലാണെന്ന്. സ്വന്തം മകന്റെ ശവം വാരാന്‍ നേരത്തും കണക്കു പറയാന്‍ വന്ന അയാളെ ഞാന്‍ പറ്റിച്ചില്ലെങ്കില്‍ കര്‍ത്താവീശോ മിശിഹാനു പോലും അയാളെ പറ്റിക്കാന്‍ പറ്റില്ലാന്നു അപ്പോ ഞാന്‍ ഉറപ്പിച്ചതാ.

പീച്ചി ഡാമിലല്ല, ഏതു കോത്തായത്തിലെ കയത്തില്‍ ആരു ചാടി ചത്താലും മുത്തുവിനറിയാം എവിടെ തപ്പണം എങ്ങിനെ തപ്പണമെന്ന്. മുത്തു ശവം വാരല്‍ കണ്ടു പഠിച്ചതല്ല. ഫുള്‍ പ്രാക്ടിക്കലാ. പ്രാക്ടിക്കല്‍..

മുത്തു ആദ്യം വാരിയത് സ്വന്തം അമ്മയുടെ ശവമാ......അറിയോ നിങ്ങള്‍ക്ക് നാട്ടാരെ. എന്നെകൊണ്ട് ആരും ഒന്നും പറയിപ്പിക്കണ്ട.

പരട്ട് മാപ്പള സ്വന്തം മോന്റെ ശവത്തിനു വിലപേശാന്‍ വന്നിരിക്കുന്നു.....ഫൂ മുത്തു നീട്ടി തുപ്പി. പിന്നെ വീണ്ടും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

പീച്ചി ഡാമില്‍ ആരു ചാടി ചത്താലും ശവം എവിടെ താഴും എന്ന് മുത്തുവിനു നന്നായറിയാം. മുത്തു ചാടി നേരെ പോയി ശവമെടുത്ത്, വലിച്ചുകൊണ്ട് പോയി എന്റെ കള്ളിമുണ്ട് ഊരി ഒരു കൊളുത്തുമ്മെ കെട്ടിവച്ചു. ഇനി ദൈവം തമ്പുരാന്‍ വന്നാലും ശവം അവിടുന്നാര്‍ക്കും തപ്പിയെടുക്കാന്‍ പറ്റില്ലാന്നുറപ്പാ. അതു പോട്ടെ മൂന്നിന്റന്നു പോലും അതു പൊങ്ങില്ല, ആ ജാതി കെട്ടാ ഞാന്‍ കെട്ടിയത്. പാവം ചെക്കന്‍. അവനെ ഇങ്ങനെ ചെയ്യണമെന്നു കരുതിയതല്ലാ, പക്ഷെ അവന്റെ അപ്പന്റെ സ്വഭാവം എന്നെകൊണ്ടതു ചെയ്യിപ്പിച്ചു. മുത്തു വീണ്ടും നീട്ടി തുപ്പി.

പിന്നെ ഒരൊന്നൊരമണിക്കൂര്‍ വെള്ളത്തില്‍ വെറുതെ തലങ്ങും വിലങ്ങും നീന്തി......അല്ലാണ്ട് ശവം തപ്പിയതൊന്നുമല്ല. പിന്നെ കയറി വന്നിട്ടുണ്ടായ നാടകം നിങ്ങള്‍ കണ്ടതല്ലെ. ഇതാണു സംഭവം.

അവസാനം എന്തായി. അയ്യായിരത്തിനു പകരം മൊയലാളി പതിനായിരം തരേണ്ടി വന്നു. അപ്പോ ഞാന്‍ പറഞ്ഞ് വന്നത് എന്താ?

ശവത്തിനുവേണ്ടിയെങ്കിലും, മനുഷ്യരേ നിങ്ങള്‍ കണക്ക് പറയല്ലേന്ന്.....മനസ്സിലായാ നിങ്ങക്ക്? മുത്തു ശവം ദിവസവും കാണുന്നതാ. അതുകാരണം പറയുന്നു എന്നു മാത്രം.

മരിച്ചു കഴിഞ്ഞാല്‍, പണക്കാരനും, പാവപെട്ടനും, ഡോക്ടറും, തെങ്ങുകയറ്റക്കാരനും എല്ലാം വെറും ശവം മാത്രം. ആ ശവത്തിനു അതിന്റെ ജീവിച്ചിരിക്കുമ്പോഴുണ്ടായിരുന്ന വിലകൊടുത്തില്ലെങ്കിലും, ശവമല്ലെ എന്നു കരുതി നിന്ദിക്കരുത്. മനസ്സിലായാ?

ഒന്നും പറയാനില്ലാതെ നാട്ടുകാര്‍ മിഴിച്ചു നിന്നു.

ശിവന്റെ കയ്യില്‍ നിന്നും തോര്‍ത്ത് മുണ്ട് വാങ്ങി തുവര്‍ത്തി, തന്റെ മുണ്ട് പിഴിഞ്ഞുടുത്ത് ഷര്‍ട്ടുമിട്ട് മുത്തു മുന്നോട്ട് നടന്നു, ശിവന്‍ പിന്നാലേയും.

Friday, May 18, 2007

മൃതോത്ഥാനം - 6

ഞായറാഴ്ച ഉച്ചയൂണിനു വരുന്ന ആളുകളുടെ തിരക്കെല്ലാം ഒന്നൊതുങ്ങി, ഉച്ചക്കത്തെ കളക്ഷണ്‍ എണ്ണികൊണ്ടിരിക്കുന്നതിന്നിടയില്‍, പതിവില്ലാതെ അളിയന്‍ കടയിലേക്ക് വന്നത് കണ്ടപ്പോള്‍ നാരായണന്‍ നായര്‍ അത്ഭുതം കൂറി. സംഭവം അളിയനും കുടുംബവും താമസിക്കുന്നത് പത്തു പതിനാറു കിലോമീറ്റര്‍ ദൂരം മാറി അങ്ങ് മൂര്‍ക്കനാടാണെങ്കിലും, കടയിലേക്ക് ജാനകിയമ്മയുടെ ഏട്ടന്‍ വരുന്നത് വളരെ അപൂര്‍വ്വം.

എന്താ അളിയാ പതിവില്ലാതെ കടയിലേക്ക്, എന്തെങ്കിലും പ്രത്യേകിച്ച്?

ഒരു കാര്യമുണ്ടെന്ന് കൂട്ടിക്കോ നാരായണാ. നമുക്ക് സംസാരിക്കാം. നീ നിന്റെ പണിയൊക്കെ ആദ്യം തീര്‍ക്ക് എന്നിട്ടാകാം സംസാരം.

ഡ്യേ ജാനക്യേ, ആരാ വന്നിരിക്കുന്നതെന്ന് നോക്ക്യേ നീയ്യ്, നാരായണന്‍ നായര്‍ അടുക്കളയിലേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

തോര്‍ത്തുമുണ്ടുകൊണ്ടു കയ്യും, മുഖവും തുടച്ച് പുറത്തു വന്ന ജാനകിയമ്മ സ്വന്തം ജേഷ്ഠനെ കണ്ട് വാ പൊളിച്ചൂ. പിന്നെ ചോദിച്ചൂ, എന്താ ഏട്ടാ പതിവില്ലാതെ? ഏട്ടത്തിക്കു സുഖം തന്നെയല്ലെ? മനുവിന്റെ കത്തൊക്കെ ഇല്ലെ?

മനുവിന്റെ കത്തല്ല ഇത്തവണ വന്നിരിക്കുന്നത്. അവന്‍ നേരിട്ട് തന്നെ വന്നു ബോംബേന്ന്.

അത്യോ, എന്ന്? എന്നിട്ടെന്താ അവന്‍ ഇവിടെ വരാഞ്ഞത്? എപ്പോ വന്നാലും വീട്ടിലേക്ക് പോകുന്ന വഴി ഇവിടെ കയറിയിട്ടേ ചെക്കന്‍ അങ്ങോട്ട് വരാറുള്ളൂ. ഇത്തവണ ചെക്കനെന്തു പറ്റി. ജാനകിയമ്മ പരിഭവം പറഞ്ഞു.

അവന്‍ വന്നിട്ട് രണ്ടു മൂന്നു ദിവസമായി. അവനു ജോലികയറ്റം കിട്ടിയത്രെ. ഇപ്പോ ഇലക്ട്രീഷ്യന്‍ പണിയല്ല, സൂപ്പര്‍ വൈസറായീന്ന്. ഒന്നര മാസത്തെ ലീവേയുള്ളൂ. ചിലതെല്ലാം കണക്കു കൂട്ടിയിട്ടാ അവന്‍ വന്നിരിക്കുന്നത്. അതൊക്കെ നമുക്ക് പതിയെ സംസാരിക്കാം.

ചേട്ടനു കുടിക്കാന്‍ ചായയെടുക്കണോ, അതോ ചോറുണ്ണുന്നോ?

ചായയും ചോറൊന്നും ഇപ്പോ വേണ്ട, കുടിക്കാനുള്ളത് ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്. നീ ചെന്ന് രണ്ട് ഗ്ലാസെടുത്ത് വക്ക് അടുക്കളയില്‍, ഞങ്ങള്‍ അങ്ങോട്ട് വരാം.

സരളേ, രണ്ട് ഗ്ലാസ്സെടുത്ത് ആ ഡെസ്കിലേക്ക് വക്ക്. ആ മീന്‍ വറുത്തതെടുത്ത് ഒന്നു ചൂടാക്കിയേക്ക്, പിന്നെ അല്പം മീഞ്ചാറും ഒരു പ്ലെയിറ്റിലൊഴിച്ച് വച്ചോ. ഭാസ്കരമ്മാവന്‍ വന്നിട്ടുണ്ട്. മനു വന്നിട്ടുണ്ടത്രെ ബോമ്പേന്ന്. അവനു പണികയറ്റം കിട്ടിയെന്ന്.

അതു കേട്ടപ്പോള്‍ സരള മുഖം കോട്ടി.

മനുവും അവളും തമ്മില്‍ പണ്ടേ കീരിയും പാമ്പുമാ. സരളയെ കണ്ട ഭാവം പോലും മനു നടിക്കില്ല എന്നത് തന്നെ കാരണം.

ഭാസ്കരമ്മാവനെ സരളക്ക് വലിയ കാര്യമാ, അതു പോലെ തന്നെ, വനജമ്മായിയേം. അവര്‍ക്ക് രണ്ട് മക്കള്‍, മൂത്തവള്‍ ലത, കല്യാണം കഴിഞ്ഞ് കുട്ടികള്‍ മൂന്നായി, കെട്ടിയവന്റെ കൂടെ അങ്ങ് മദിരാശിയില്‍. രണ്ടാമത്തവന്‍ മനോജ്, പത്താം ക്ലാസ്സ് തോറ്റപ്പോ, ഇലക്ട്രീഷ്യന്‍ പണി പഠിച്ച്, ബോംബേക്ക് പോയി. ഇപ്പോ വയസ്സ് പത്തിരുപത്തെട്ടായി.

ഉത്സാഹത്തോടെ ചീന ചട്ടി അടുപ്പില്‍ വച്ച് തണുത്ത് പോയിരുന്ന മീന്‍ വറുത്ത കഷണങ്ങളെ ചൂടാക്കി, വാഴയിലയില്‍ ഇട്ടു, പ്ലെയിറ്റില്‍ പുളിയിട്ട ബ്രാല് കറി വിളമ്പി, എല്ലാം അടുക്കളയിലെ കറിക്കരിയുന്ന ഡെസ്കില്‍ കൊണ്ട് വച്ചു. ഒപ്പം രണ്ട് ഗ്ലാസ്സുകളും.

ഉച്ചയൂണ് കഴിഞ്ഞു എന്ന ബോര്‍ഡ് ഞാത്തിയിട്ട്, കടയുടെ മുന്‍പില്‍ രണ്ട് പലകകള്‍ ഇട്ട് നാരായണന്‍ നായര്‍ അളിയനേയും വിളിച്ച് അടുക്കളയിലേക്ക് നടന്നു.

എന്തൊക്കേയാ മോളേ വിശേഷങ്ങള്‍? മരുമോളോട് ഭാസ്കരന്‍ നായര്‍ കുശലം ചോദിച്ചു.

കയ്യിലെ സഞ്ചിയില്‍ നിന്ന് വാറ്റു ചാരായത്തിന്റെ അരകുപ്പി പുറത്തെടുത്ത് ഭാസകരന്‍ നായര്‍ ഗ്ലാസുകളില്‍ ഒഴിച്ചു. അല്പം വെള്ളവും ചേര്‍ത്ത് ഒറ്റയടിക്ക് രണ്ടു പേരും അവരവരുടെ ഗ്ലാസ്സുകള്‍ കാലിയാക്കി. കനപ്പ് മാറ്റാന്‍ അല്പം മീഞ്ചാറും, മീന്‍ വറുത്ത കഷണവും വായിലേക്കിട്ടതിനു ശേഷം ഭാസ്കരന്‍ നായര്‍ പറഞ്ഞു, മോളെ, നീ അപ്പുറത്തോട്ട് ചെല്ല്. അമ്മാമന് അച്ഛനോട് ചില കാര്യങ്ങള്‍ പറയാനുണ്ട്.

മടിച്ചു മടിച്ചാണെങ്കിലും സരള മുന്‍വശത്തെ മുറിയിലേക്ക് പോയി, പണപെട്ടിക്ക് പിന്നില്‍ ഇരുന്നു.

അളിയന്‍ ഇരിക്ക്, ഭാസ്കരന്‍ നായര്‍, നാരായണന്‍ നായരോട് പറഞ്ഞ് ബഞ്ചില്‍ ഇരുന്നു. നാരായണന്‍ നായരും.
കാതുകള്‍ കൂര്‍പ്പിച്ച് ജാനകിയമ്മയും നാരായണന്‍ നായരുടെ പിന്നിലായി നിന്നു.

അതേ മനുവിനു വയസ്സ് ഇരുപതെട്ട് കഴിഞ്ഞു. അവനെ കല്യാണം കഴിപ്പിക്കണം ഇത്തവണ. ഞാന്‍ അവനോട് അതിനെ കുറിച്ച് സംസാരിച്ചു. അപ്പോ അവനൊരാശ. സരളയെ കെട്ടണമെന്ന്. അവള്‍ക്കും കഴിഞ്ഞില്ലേ ഇരുപത് വയസ്സ്. നിങ്ങള്‍ക്കെതിര്‍പ്പൊന്നും ഉണ്ടാകില്ല എന്നറിയാം, എന്നാലും നിങ്ങളോടൊന്നു ചോദിക്കാതെ എങ്ങിനെ? അതാ ഞാന്‍ തന്നെ നേരിട്ടിങ്ങോട്ട് പോന്നത്. ഒന്നരമാസം ലീവല്ലെയുള്ളൂ. നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഉടന്‍ തന്നെ നമുക്കിതങ്ങ് നടത്താം.

ഒഴിഞ്ഞ ഗ്ലാസ്സുകളിലേക്ക് വീണ്ടും ഭാസ്കരന്‍ നായര്‍ ചാരായമൊഴിച്ച് വെള്ളം നിറച്ചു.

നാരായണന്‍ നായരുടേയും, ജാനകിയമ്മയുടേയും മുഖം സന്തോഷത്താല്‍ വിടര്‍ന്നു. ഞങ്ങള്‍ക്കെന്ത് സമ്മതക്കുറവ്, രണ്ട് പേരും ഒരേ സമയത്ത് തന്നെ പറഞ്ഞു.

അല്ല, എന്നാലും, അവളുടെ സമ്മതം ഒന്നു ചോദിക്കണ്ടെ, പട്ടാളക്കാരനായിരുന്ന, ലോകവിവരമുള്ള ഭാസ്കരന്‍ നായര്‍ പറഞ്ഞു.

അവള്‍ എന്താ സമ്മതിക്കാണ്ട് ചേട്ടാ, അവള്‍ക്ക് നൂറു വട്ടം സമ്മതാമാകും.


എന്നാലും നീയൊന്ന് പോയി അവളോട് ചോദിക്കടീ, നാരായണന്‍ നായര്‍ ജാനകിയമ്മയെ നിര്‍ബന്ധിച്ചു.

വളരെ സന്തോഷത്തോടെ തന്നെ ജാനകിയമ്മ സരളയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു, മോളേ എന്റെ മോള് ഭാഗ്യം ചെയ്തവളാ. ചേട്ടന്‍ എന്തിനാ വന്നതെന്നറിയൊ എന്റെ മോള്‍ക്ക്? മനുവും നീയുമായുള്ള കല്യാണം ആലോചിക്കാന്‍. നിന്റെ സമ്മതം ചോദിക്കാന്‍ പറഞ്ഞ് ചേട്ടന്‍ എന്നെ ഇങ്ങോട്ട് വിട്ടതാ. നിനക്ക് ഇഷ്ടമാന്നു ഞാന്‍ പറഞ്ഞിട്ടൊന്നും അവര്‍ കേള്‍ക്കുന്നില്ല. നീ തന്നെ പോയി പറ, നിനക്കിഷ്ടമാണെന്ന്. ചേട്ടനും, നിന്റെ അച്ഛനും സന്തോഷമാകട്ടെ.

എനിക്കിഷ്ടമല്ല മനുചേട്ടനെ, വെട്ടി തുറന്ന് സരള അതു പറഞ്ഞപ്പോള്‍ ജാനകിയമ്മയുടെ കണ്ണില്‍ തീപ്പൊരി പാറി. കയ്യോങ്ങി അവളുടെ കരണകുറ്റിക്കൊന്ന് പൊട്ടിച്ചു ജാനകിയമ്മ. എന്നിട്ട് ശബ്ദം താഴ്ത്തി പല്ലിറുമ്മി കൊണ്ട് പറഞ്ഞു. മിണ്ടി പോകരുത് മൂധേവി ഒരക്ഷരം. മര്യാദക്ക് വീട്ടിലേക്ക് പോ. ഞങ്ങള്‍ ചേട്ടനെ പറഞ്ഞയച്ചിട്ട് വരാം.

സരളയെ കൈപിടിച്ച് വലിച്ച് വാതില്‍ പലകകള്‍ക്കിടയിലൂടെ പുറത്തേക്ക് തള്ളിയിറക്കി ജാനകിയമ്മ. ചുമലില്‍ നിന്നും തോര്‍ത്ത് മുണ്ടെടുത്ത് വിയര്‍പ്പില്‍ കുതിര്‍ന്ന മുഖം തുടച്ചു. നാലഞ്ചു തവണ ശ്വാസം ആഞാഞ്ഞു വലിച്ച് വിട്ട്, മുഖ ഭാവം സാധാരണനിലയിലേക്കാക്കി ജാനകിയമ്മ അടുക്കളയിലേക്ക് നടന്നു.

പെണ്ണിനു നൂറു തവണ സമ്മതം. കാര്യം കേട്ടപ്പോഴേക്കും, നാണമായിട്ട് വീട്ടിലേക്കോടി പോയി അവള്‍, ജാനകിയമ്മ കള്ളം പറഞ്ഞു.

ഭാസ്കരന്‍ നായര്‍ക്കും, നാരായണന്‍ നായര്‍ക്കും സന്തോഷമായി. ബാക്കി അവശേഷിച്ചിരുന്ന ചാരായം ഗ്ലാസിലേക്ക് പകര്‍ന്ന്, രണ്ട് പേരും കഴിച്ചു.

ചാരായം കുടിച്ചത് അവര്‍ രണ്ട് പേരായിരുന്നെങ്കിലും, നെഞ്ചെരിഞ്ഞിരുന്നത് ജാനകിയമ്മയുടേതായിരുന്നു.

Friday, May 04, 2007

മൃതോത്ഥാനം - 5

വേനലും, വര്‍ഷവും, ശിശിരവും, ഹേമന്തവും മുറതെറ്റാതെ വന്നുപോയി. വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു. മുത്തുവിനു പ്രായം ഇരുപഞ്ച് കഴിഞ്ഞു. അമ്മയുടേ മരണശേഷം, അവന്‍ തനിച്ച് അവന്റെ വീട്ടില്‍ താമസിച്ചു. രാവിലെ നാരായണന്‍ നായരുടേ കടയിലേക്കവന്‍ പോകും. അവിടെ കടയിലേക്കാവശ്യമുള്ള പച്ചക്കറികളും, മത്സ്യ, മാംസങ്ങളും വാങ്ങുന്നതും, വെട്ടി വൃത്തിയാക്കുന്നതും അവനാണ്. ജാനകിയമ്മക്ക് വലിവിന്റെ അസ്കിതയുള്ളതിനാല്‍ കറികള്‍ക്കും മറ്റുമുള്ള അരപ്പുകളും മറ്റും അരക്കുന്നത് സരളയാണ്. പാചകം ജാനകിയമ്മയും, നാരായണന്‍ നായരും കൂടിയും. കടയിലെ പണപെട്ടിക്കുത്തരവാദിയും നാരായണന്‍ നായര്‍ തന്നെ. സരളക്കും ഇരുപത് വയസ്സ് കഴിഞ്ഞു.

അമ്മയുടെ മരണശേഷം, മുത്തുവിന്റെ പ്രാതല്‍, ഉച്ചഭക്ഷണം, തുടങ്ങിയവ നാരായണന്‍ നായരുടെ ഹോട്ടലിലാണ്. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ മുത്തു നാരായണന്‍ നായരുടെ കടയില്‍ നിന്നും തന്റെ വീട്ടിലേക്ക് മടങ്ങും. ചിലപ്പോള്‍ ഉറങ്ങും. അല്ലേല്‍ മീന്‍ പിടിക്കാന്‍ പോകും. അല്ലേല്‍ വാസുവും, ശശിയുമൊത്ത് ശീട്ടുകളിച്ചിരിക്കും. രാത്രിയില്‍ ചിലപ്പോള്‍ അവന്‍ പുറമെ മറ്റേതെങ്കിലും ചങ്ങാതിമാരുടെ കൂടെ അവരുടേ വീട്ടിലോ, മറ്റു ഹോട്ടലിലോ കഴിക്കും. ചിലപ്പോള്‍ അത്താഴ പട്ടിണിയും.

ഉച്ചക്ക് വീട്ടില്‍ വന്ന് തിണ്ണയില്‍ ബീഡിയും വലിച്ച്, ഇടവഴിയിലേക്ക് കണ്ണും നട്ട് ഇരിക്കുന്നതിന്റെ ഇടയില്‍ അവന്‍ ആലോചിച്ചു. ഇന്ന് തനിക്ക് ശവം വാരി മുത്തു എന്ന ഇരട്ടപേരും കിട്ടിയിരിക്കുന്നു. അടുപ്പമില്ലാത്തവര്‍ എല്ലാം, പോലീസുകാരടക്കം, മുത്തുവെന്നല്ല, ശവം വാരിയെന്നാണു വിളിക്കുന്നത്. അവന്റെ ചിന്ത പിന്നിലോട്ട് പാഞ്ഞു. ആദ്യം വന്നത് അമ്മയുടെ ചിതറി തെറിച്ച ശവശരീരം തന്നെ. ചിന്തകള്‍ മനസ്സില്‍ ദൃശ്യ രൂപങ്ങളായി ഉടലെടുക്കാന്‍ തുടങ്ങി. പാളത്തില്‍ നിന്നും വേറിട്ടു കിടക്കുന്ന അമ്മയുടെ തല. ചിതറിയ ശരീരഭാഗങ്ങള്‍. കഴിയാറായ ബീഡികുറ്റിയില്‍ നിന്നും ബീഡി മറ്റൊരു ബീഡിക്ക് തീ കൊളുത്തി. പുക ആഞ്ഞ് വലിച്ചു. മനസ്സ് വീണ്ടും കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പായാന്‍ തുടങ്ങി.

ആദ്യമായി മുത്തു
തീവണ്ടി പാളത്തില്‍ നിന്നും പെറുക്കി കൂട്ടിയ ജഡം സ്വന്തം അമ്മയുടേതാണ്. അതിനു ശേഷം തൊട്ടടുത്ത മാസം തന്നെ ഒരു വൃദ്ധന്‍ നെടുപുഴ പാളത്തില്‍ തലവച്ച് മരിച്ചു. അന്ന് അത് കാണാന്‍ പോയവരുടെ കൂട്ടത്തില്‍ മുത്തുവും ഉണ്ടായിരുന്നു. ശരീരം വാരാന്‍ ആളെ എവിടെ കിട്ടും എന്നു പോലീസുകാര്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ, മുത്തു മുന്നോട്ട് വന്ന് പറന്നു, സാര്‍ ഞാന്‍ വാരാം.

എങ്കില്‍ വാരിക്കൂട്ട്, എസ് ഐ പറഞ്ഞു.

എന്ത് തരും?

എന്തേലും തരാം. നീ ആദ്യം വാരിക്കൂട്ട്, എന്നിട്ടാകാം പൈസയുടെ കാര്യം.

ഓഹ് പിന്നെ. ഇത് വിറകല്ല സാറെ, ശവമാണ്. ചോരക്കറ ഉണങ്ങാത്ത ചിതറിയ ശവം. ഇത് വാരിയിട്ട് എനിക്ക് പുണ്യമൊന്നും കിട്ടാന്‍ പോകുന്നില്ല. മര്യാദക്കുള്ള കാശു തന്നാല്‍ ഞാന്‍ വാരാം. അല്ലേല്‍ സാറ് പോയി വേറെ ആളെ വിളിച്ചോ.

ശരി. എഴുപത്തഞ്ചു രൂപ തരാം.

അതങ്ങ് കുരിശുപള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. നൂറു രൂപയും, ഇരുന്നൂറു മില്ലി ചാരായവും തന്നാല്‍, ദാ, കല്ലില്‍ പറ്റിയ ചെറിയ കഷ്ണങ്ങള്‍ അടക്കം മൊത്തം മുത്തു വാരി തരാം, വേണേല്‍ പറ സാറെ. അല്ലേല്‍ മുത്തുവിനു വേറെ പണിയുണ്ട്.

പോലീസുകാര്‍ക്ക് മറ്റെന്തു വഴി. സര്‍ക്കാര്‍ കാശ്. ആരെ വിളിച്ചാലും ഇതിലധികം കൊടുക്കണം എന്നു മാത്രമല്ല, സമയ നഷ്ടവും.

ശരി. നീ വാരിക്കോ.

അതു കള സാറെ. ഞാന്‍ പറഞ്ഞ, ഇരുന്നൂറു മില്ലി ചാരായവും, നൂറു രൂപയും ആദ്യം ഇങ്ങു താ. അതിനു ശേഷം മുത്തു വാരാം. മുണ്ടിന്റെ മടിശ്ശീലയില്‍ നിന്നും ബീഡിയെടുത്ത് മുത്തു കൊളുത്തി. പണ്ടെങ്ങും പോലീസിനെ കണ്ടാല്‍ ഭയന്നിരുന്ന മുത്തുവിനു എങ്ങിനെ ഈ ധൈര്യം വന്നു എന്ന് ശശിക്കും, വാസുവിനും ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. മുത്തുവിനും.

പോലീസുകാരന്‍ പറഞ്ഞ് വിട്ടവന്‍ ചാരായവും ആയി വന്നു. ചാരായ കുപ്പി മുത്തുവിന് നല്‍കി, പോലീസുകാരില്‍ ഒരുവന്‍ നൂറു രൂപയും.

കുപ്പി തുറന്ന് മുത്തു വായിലേക്ക് ചാരായം കമഴ്ത്തി. കാണാന്‍ ത്രാണിയില്ലാത്തതിനാലോ, അതോ അഭിമാന ക്ഷതമോ, പോലീസുകാര്‍ മുഖം തിരിച്ചു പിടിച്ചു. കാണികള്‍ അസൂയാ പൂര്‍വ്വം മുത്തുവിനെ നോക്കി. കാലിയായ കുപ്പി മുത്തു വലതു ചുമലിനു മുകളിലൂടെ പാടത്തേക്കെറിഞ്ഞു. പിന്നെ കുനിഞ്ഞിരുന്നുകൊണ്ട് , യാതൊരു മടിയുമില്ലാതെ, ചിതറികിടന്നിരുന്ന ശവശരീരം വാരിക്കൂട്ടാന്‍ തുടങ്ങി. പണ്ടാര തന്തക്ക് വയസ്സാന്‍ കാലത്തെന്തിന്റെ കേടായിരുന്നു? ആളുകള്‍ കേള്‍ക്കാന്‍ പാകത്തിനൊരു ചോദ്യവും അവന്‍ ചോദിച്ചു.

പായില്‍ വാരികെട്ടിയ ജഡം റോഡ് വരെ ചുമന്ന് ആംബുലന്‍സില്‍ കയറ്റാന്‍ മുത്ത് മുന്‍പിലുണ്ടായിരുന്നു.

പോലീസും, ആംബുലന്‍സും സ്ഥലം വിട്ടു. അല്പം അകലെ നിന്നിരുന്ന ശശിയേയും, വാസുവിനേയും മുത്തു കൈകൊട്ടി അടുത്തേക്ക് വിളിച്ചു. പിന്നെ പത്തിന്റെ പത്ത് നോട്ടുകള്‍ വിടര്‍ത്തി വീശി കാണിച്ചു. ആഹ. നല്ല വരുമാനം. ഇരുപതു മിനിറ്റു നേരത്തെ പണി. മൂന്നു ദിവസം, മുഴുവന്‍ സമയം കൂലി പണി ചെയ്താല്‍ കിട്ടുന്നത്ര പൈസ. ഇനി മുതല്‍ ശവം വാരല്‍ തന്നെ മുഖ്യ പണി. നാട്ടുകാരല്ലാത്ത മനുഷ്യര്‍ നെടുപുഴ പാടത്ത് വന്ന് തീവണ്ടി പാളത്തില്‍ തലവക്കണേ....മുത്തു മനമുരുകി ഉറക്കെ തന്നെ പ്രാര്‍ത്ഥിച്ചു.

മാസങ്ങള്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി. ഉച്ചവരെ നാരായണന്‍ നായരുടെ ഹോട്ടലില്‍ മുത്തു മനസ്സറിഞ്ഞു പണി ചെയ്തു. ഒന്നിനും ഒരു കുറവും വരുത്തിയില്ല. ചില ദിവസങ്ങളില്‍ രാവിലെ മുത്തു എത്തിയില്ലെങ്കില്‍ നാരായണന്‍ നായര്‍ക്കറിയാം, ആരേലും പാളത്തില്‍ തലവച്ചുവെന്ന്.

ആദ്യകാലങ്ങളില്‍ പാളത്തില്‍ തലവച്ച ശവം വാരാന്‍ പോയിരുന്ന മുത്തു, കാലക്രമേണ ആ ജോലിയില്‍ പരിചയസമ്പന്നനായി. പിന്നീട്, പ്ലാവിന്‍ കൊമ്പത്തും, മാവിന്‍ കൊമ്പത്തും, തൂങ്ങിമരിച്ച ശവങ്ങളെ കെട്ടിയിറക്കുന്നതിലും, വെള്ളത്തില്‍ ചാടി മരിച്ച ശവങ്ങളെ മുങ്ങി തപ്പിയെടുക്കുന്നതിലും വിധഗ്ദനായി. കുളത്തില്‍ വീണ പശുകുട്ടിയെ രക്ഷിക്കുന്നതിന്ന്, നാട്ടുകാരും, കിണറ്റില്‍ വീണ, കുട്ടിയുടെ ശരീരം തപ്പിയെടുക്കുന്നതിനു, പോലീസും, ഫയര്‍ ഫോഴ്സും മുത്തുവിനെ തേടിയെത്താന്‍ തുടങ്ങി. നെടുപുഴ പാടത്തെ റെയില്‍വേ ട്രാക്കില്‍ മാത്രമായുണ്ടായിരുന്ന മുത്തുവിന്റെ കര്‍മ്മമണ്ടലം, അങ്ങ് കൊടുങ്ങല്ലൂരില്ലേക്കും, പറവൂരിലേക്കും, കോട്ടപുറത്തേക്കും, ചേറ്റുവയിലേക്കും, പീച്ചിയിലേക്കും വരെ വികസിച്ചു.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ശവം വാരി മുത്തുവിന്റെ നാമവും, കര്‍മ്മവും, ദേശത്തില്‍ മാത്രമല്ല, ജില്ലയില്‍ ആകമാനം വികസിച്ചു. പോലീസും, ഫയര്‍ഫോഴ്സും സ്വന്തം ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥനെ പോലെ മുത്തുവിനെ കാണാനും തുടങ്ങി. വെള്ളത്തില്‍ മുങ്ങി മരിച്ചാലും, കെട്ടി തൂങ്ങിയാലും, പാളത്തില്‍ തലവച്ചാലും, പോലീസും, ഫയര്‍ഫോഴ്സും, മുത്തുവിനെ തപ്പിയെടുത്തിട്ടേ, സംഭവ സ്ഥലത്തേക്ക് പോകൂ. ആയതിനാല്‍ തന്നെ ശവം വാരി മുത്തുവിനെ ആളുകള്‍ ബഹുമാനിക്കാനും തുടങ്ങി.

എല്ലാ ദിവസവും മുത്തു രാവിലെ കുളിച്ച്, നാരായണന്‍ നായരുടെ കടയില്‍ ചെല്ലും, പതിവുപോലെ തന്നെ, ചന്തയില്‍ പോയി മത്സ്യ മാംസാദികള്‍ വാങ്ങി വരും, നുറുക്കും, കറിക്കരിയും, തേങ്ങ ചിരകും, വിറകു വെട്ടും, എന്തിനു അരക്കുന്നതില്‍ സരളയെ സഹായിക്കുക പോലും ചെയ്യും.

ഒരു ദിവസം, കോടാലിയേന്തി മുത്തു വിറകു വെട്ടുന്നതും, അവന്റെ ശരീരത്തിലെ ഉറച്ച മസിലുകള്‍ വിങ്ങി വിറക്കുന്നതും നോക്കി നില്‍ക്കുകയായിരുന്ന സരളയെ, നാരായണിയമ്മ കാണാനിടയായി. അവളുടെ മുഖം ഭാവം കണ്ടിട്ടെന്തോ പന്തികേടു തോന്നിയിട്ടാകണം ജാനകിയമ്മ ചെന്ന്, നാരായണന്‍ നായരോട് പറഞ്ഞു; അതേ, ഒന്നുകില്‍ മുത്തുവിനെ ഇനി കടയില്‍ നിറുത്തണ്ട, അല്ലേല്‍ പെണ്ണിനെ കെട്ടിച്ച് വിടാം.

അതിനു മാത്രം എന്താടീ, ഇവിടെ സംഭവിച്ചത്?

ഒന്നും സംഭവിച്ചില്ല, പക്ഷെ സംഭവിക്കാതിരിക്കാനാ, ഞാന്‍ പറയുന്നത്. നിങ്ങള്‍ ഒന്നിങ്ങ് വന്നേ, നാരായണന്‍ നായരുടെ കൈയ്യേല്‍ പിടിച്ച് വലിച്ച് ജാനകിയമ്മ ഹോട്ടലിന്റെ പിന്നാമ്പുറത്തേക്ക് നടന്നു.

ഹോട്ടലിന്റെ പിന്‍ വശത്ത് പാത്രം തേക്കുന്ന സ്ഥലത്ത് നിന്നുകൊണ്ട്, പുറത്ത് അട്ടിയിട്ട വിറകു കൂനക്കരികെ നിന്നു വിറകു വെട്ടുന്ന, മുത്തുവിന്റെ ഉറച്ച പേശീ ചലനങ്ങള്‍ നോക്കി, എല്ലാം മറന്നു നില്‍ക്കുന്ന സരളയെ ചൂണ്ടി കാട്ടി ജാനകിയമ്മ, നാരായണന്‍ നായരോട് പറഞ്ഞു. അവളെ എത്രയും പെട്ടെന്ന് കെട്ടിക്കണം. അല്ലേല്‍ നമ്മള്‍ സങ്കടപെടേണ്ടി വരും.

ഒന്നു പോടീ അശ്രീകരമേ. അവന്‍ നമ്മുടെ ചെക്കനാ. അവനെ മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ട് ഞാന്‍ കാണാന്‍ തുടങ്ങിയതാ. ആ‍ണാ അവന്‍. ആണ്. വേണ്ടി വന്നാല്‍ സരളയെ ഞാന്‍ അവനെ കൊണ്ട് കെട്ടിപ്പിക്കും. നീ പോയി നിന്റെ പണി നോക്ക്.

ഉവ്വവ്വേ, കണ്ണികണ്ട വേശ്യയുടെ ചെക്കനെകൊണ്ട് എന്റെ മോളെ കെട്ടിപ്പിക്കാന്‍ ഇമ്മിണി പുളിക്കും, കണ്ടാലറിയാത്ത നിങ്ങള്‍ കൊണ്ടാലെ അറിയൂ മനുഷ്യാ എന്നും പറഞ്ഞുകൊണ്ട് ജാനകിയമ്മ അടുക്കളയിലേക്കു നീങ്ങി.

പ്രത്യേകിച്ചൊന്നും സംഭവിക്കാതെ മാസങ്ങള്‍ പിന്നേയും കടന്നു പോയി.

പുലര്‍ച്ചക്കു മുത്തുവിനെ കാണാതിരുന്നപ്പോള്‍ നാരായണന്‍ നായര്‍ക്കു വേവലാതിയായി. എന്തു തന്നെ സംഭവിച്ചാലും, ഒരു മുടക്കവും കൂടാതെ വര്‍ഷങ്ങളായി, പുലര്‍ച്ചക്ക് കടയില്‍ വരുന്നതാണവന്‍. അതി രാവിലെ വല്ല ശവവും ഇറക്കുവാനോ, പെറുക്കുവാനോ ഉള്ള അവസരം ഒത്തു വന്നാല്‍ ശശിയേയോ, വാസുവിനേയോ, കടയിലേക്ക് പറഞ്ഞു വിടാറുമുണ്ട്. ഇന്ന് എന്തു പറ്റി പതിവില്ലാതെ?

മത്സ്യ, മാംസാദികള്‍ വാങ്ങുവാനായി സഞ്ചിയുമെടുത്ത് നാരായണന്‍ നായര്‍ കടയില്‍ നിന്നും ഇറങ്ങുമ്പോഴേക്കും, വാസു കടയിലേക്ക് കയറി വന്നു.

എന്താ വാസ്വോ? മുത്തുവിനെന്തു പറ്റി? അവന്‍ എന്താ ഇന്നു വരാഞ്ഞേ? വല്ല ശവം വാരലും വന്നുവോ, പുലര്‍ച്ചക്ക് തന്നെ?

ഒന്നും പറയണ്ട നാരായണേട്ടാ, ഇന്നലെ ഉച്ചമുതല്‍, മഞ്ഞളീടെ കുളം കരാറെടുത്തതില്‍ വെള്ളം വറ്റിക്കലും, മീന്‍ പിടിക്കലുമായി അവന്‍ ഞങ്ങളുടെ കൂടെ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. സന്ധ്യക്ക്, പിടിച്ച മീനെല്ലാം കരാറുകാരന്‍ ജോസേട്ടനു കൊടുത്ത്, കാശും വാങ്ങി, ഷാപ്പില്‍ കയറി, ഞാനും, ശശിയും, മുത്ത്വോം കൂടി ഇരുന്നൂറ് വീതം അടിച്ച് വെറുതെ ഓരോന്നും പറഞ്ഞു ഇരിക്കുന്നതിന്നിടയില്‍ അവന്‍ ഒന്നു തല ചുറ്റി വീണു. തൊട്ടു നോക്കിയപ്പോള്‍ നല്ല പനി. ശരീരം വിറക്കുന്നുമുണ്ടായിരുന്നു. ഞാനും, ശശീം കൂടി താങ്ങി പിടിച്ച് വീട്ടില്‍ കൊണ്ട് പോയി കിടത്തി. ജമുക്കാളം എടുത്ത് പുതപ്പിച്ചു. പിന്നെ ഞങ്ങള്‍ വീട്ടിലേക്ക് പോയി.

രാവിലെ ഞാന്‍ ചെന്ന് നോക്കിയപ്പോ നല്ല ഉറക്കമാ. വെറുതെ ഒന്നു വിളിച്ചു നോക്കി. യാതൊരനക്കവുമില്ല! ഒന്നു തൊട്ടു നോക്കി. തീപൊള്ളുന്ന പനി! എത്ര വിളിച്ചെട്ടും എഴുന്നേല്‍ക്കുന്നില്ല. അപ്പോ ഒരു കാര്യം ഉറപ്പായി, ഇന്ന് കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ അവന്‍ വരില്ല, ഞാനോ, ശശിയോ, വരേണ്ടി വരും എന്ന്. അല്ലേല്‍ ഉറക്കം തെളിയുമ്പോള്‍ അവന്‍ എന്നെ തെറി വിളിക്കും, അതാ ഞാന്‍ വന്നത്.

നന്നായി മോനെ. നീ പോയി മീനും, ഇറച്ചിയും വാങ്ങി വാ. ഞാന്‍ പോയി അവനെ ഒന്നു നോക്കിയിട്ട് വരാം. കുറിപ്പും, കാശും, സഞ്ചിയും വാസുവിന്റെ കയ്യില്‍ നല്‍കി നാരായണന്‍ നായര്‍ വിളിച്ചു പറഞ്ഞു, ജാനക്യേ, കട നോക്കിക്കോ, ഞാന്‍ ദേ വരണൂ.

സൈക്കിളെടുത്ത് നാരായണന്‍ നായര്‍ മുത്തുവിന്റെ വീട്ടിലെത്തി. അപ്പോഴും ഉറക്കം തന്നെ അവന്‍. നാരായണന്‍ നായര്‍ എത്ര വിളിച്ചിട്ടും കണ്ണൊന്നു ചിമ്മിയതുപോലുമില്ലവന്‍. ഉറങ്ങട്ടെ അവന്‍ സ്വസ്ഥമായി കുറച്ചു നേരം; നാരായണന്‍ നായര്‍ കരുതി. പിന്നെ സൈക്കിളുമെടുത്ത് കടയിലേക്ക് മടങ്ങി.

കടയിലെത്തി, അല്പം കഴിഞ്ഞപ്പോഴേക്കും, കുറിപ്പിലെഴുതിയതെല്ലാം വാങ്ങി വാസുവും എത്തി ചേര്‍ന്നു.

വെട്ടലും, അരിയലും, മീന്‍ മുറിക്കലും ഒക്കെ ഇന്നാരും ചെയ്യും? ജാനകിയമ്മക്ക് സംശയം.

നിന്റമ്മേടെ നായരു ചെയ്യും, പോരേ? നാരായണന്‍ നായര്‍ക്ക് ദ്വേഷ്യം വന്നു.

ജാനകിയമ്മയുടെ സംശയം അതോടെ തീര്‍ന്നു കിട്ടി.

മോളേ സരളേ, നീ മുത്തൂനു കുറച്ച് കഞ്ഞിയും, ചമ്മന്തിയും കൊണ്ടു കൊടുത്ത് വാ. നാരായണന്‍ നായര്‍ അടുക്കള ഭാഗത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു. സാമ്പാറിനു കടുകു വറുക്കുകയായിരുന്ന ജാനകിയമ്മ അതു കേട്ട് മുഖം കോട്ടി.

സരള തൂക്കു പാത്രത്തില്‍ കഞ്ഞി വിളമ്പി, വാഴയില അടുപ്പിനു മുകളില്‍ കാണിച്ച് വാട്ടിയെടുത്ത് അതില്‍ ചമ്മന്തിയിട്ട് പൊതിഞ്ഞു കെട്ടി. രണ്ട് പപ്പടവും അവള്‍ തീക്കണലില്‍ ഇട്ട് ചുട്ടെടുത്തു.

കഞ്ഞിയും, കൊണ്ടു പോവാനല്ലേടീ മൂധേവീ നിന്നോടച്ഛന്‍ പറഞ്ഞത്. എന്നിട്ടിപ്പോ എന്തിനാ പപ്പടം?

പനിക്കുമ്പോള്‍ ചുട്ട പപ്പടമാ നല്ലതമ്മേ, അല്ലേല്‍ ഞാന്‍ വറുത്തതെടുത്തേനെ.

ങും. പ്രായം തികഞ്ഞാ പെണ്ണാ, അടക്കവും, ഒതുക്കവും ഇല്ലാത്ത അസത്ത്. പറ്റിയ ഒരച്ഛനും. വല്ലോം സംഭവിച്ചാല്‍ എന്റെ ഗുരുവായൂരപ്പാ. കൈക്കൂപ്പി മുകളിലേക്ക് നോക്കിയ ജാനകിയമ്മയുടെ മുഖത്ത് കടുകു പൊട്ടി തെറിച്ച ചൂടു എണ്ണ വീണതും അവര്‍ കണ്ണു തുറന്നു, അപ്പോഴേക്കും സരള ഹോട്ടലില്‍ നിന്നിറങ്ങി നടന്നു കഴിഞ്ഞിരുന്നു.

പാടവരമ്പിലൂടെ, സഞ്ചിയും തൂക്കി വരുന്ന സരളയെ, തിണ്ണയില്‍ ബീഡി വലിച്ചിരിക്കുകയായിരുന്ന മുത്തു ദൂരെ നിന്നു തന്നെ കണ്ടു.

സരള വന്നതും, അടുക്കളയില്‍ കയറി, കവിടി പിഞ്ഞാണത്തില്‍ കഞ്ഞി പകര്‍ന്നു. മറ്റൊരു പിഞ്ഞാണത്തില്‍ ചുട്ട പപ്പടവും, ചമ്മന്തിയും വിളമ്പി. ഇരിക്ക്.

മുത്തു അനുസരണയുള്ള കുട്ടിയെ പോലെ ഇരുന്നു.

സഞ്ചിയില്‍ നിന്നും പഴുക്കില കുമ്പിള്‍ പുറത്തെടുത്ത് അവള്‍ കഞ്ഞികോരി മുത്തുവിനെ ഊട്ടി.

മതി, മുത്തു പറഞ്ഞു.

അയ്യോ, ഇനിയും പാത്രത്തില്‍ കഞ്ഞി ബാക്കി.

കൊണ്ടു പോയി കളഞ്ഞോ പെണ്ണേ.

ഓഹ് പിന്നെ. കാശു കൊടുത്ത് വാങ്ങുന്ന ഭക്ഷണം കളയാനോ? അതിനിത്തിരി ദെണ്ണമുണ്ട്.

ബാക്കിയിരുന്ന കഞ്ഞി അവള്‍ അതേ കുമ്പിളാല്‍ കോരി കുടിച്ചു. കഞ്ഞി തീര്‍ന്നതും, പാത്രവും, ഇലയുമായി സരള എഴുന്നേല്‍ക്കാന്‍ തുടങ്ങിയതും, മുത്തു അവളെ പിടിച്ച് പായിലേക്ക് മറിഞ്ഞു.

പുറത്ത് ചേവലാട്ടാന്‍ വരുന്ന പൂവന്റേയും, ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന പിടയുടേയും കുറുകല്‍ കേട്ടു. അല്പം സമയത്തിനു ശേഷം ചാത്തന്റെ കൂവല്‍ ഉച്ചത്തില്‍ കേട്ടു.