Friday, October 26, 2007

പദ്മിനിയുടെ ഓര്‍മ്മകുറിപ്പുകള്‍

റിട്ടയര്‍ ചെയ്യാനായി വെറും രണ്ടേ രണ്ട് മാസത്തോളം മാത്രം കാലാവധി ബാക്കി നില്‍ക്കേയാണ് ഡൊമിനിയുടെ അച്ഛന് ആ പൂതി തോന്നിയത്. പുതിയതല്ലെങ്കിലും ഒരു കാറ് വാങ്ങണം.

പിന്നീട് വന്ന ദിവസങ്ങളില്‍ ഊണിലും, ഉറക്കത്തിലും, അച്ഛന്റെ മനക്കണ്ണിനു മുന്‍പില്‍ തെളിഞ്ഞ ടി വി സ്ക്രീനില്‍ കാണിച്ച അഥവാ കണ്ട ഒരേ ഒരു കാഴ്ച, സ്വന്തം കാറില്‍ വിശാലമായ തൃശ്ശൂര്‍ റൌണ്ട് എബൌട്ടിനു ചുറ്റും ചന്നം പിന്നം ചീറി പായുന്നതായിരുന്നു.

ശനിയാഴ്ച വൈകീട്ട് ബാങ്കില്‍ നിന്ന് വരുന്ന വഴി ബാങ്കുമാനേജരായ ഡൊമിനിയുടെ അച്ഛന്‍ തന്റെ പ്രിയ സുഹൃത്തും വില്ലേജോഫീസറുമായ ജോസിന്റെ വീട്ടില്‍ കയറി. പതിവു പോലെ തന്നെ അല്പം സമയം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും മറ്റും ചര്‍ച്ചചെയ്യുക തന്നെയാണ് ലക്ഷ്യം. പക്ഷെ അല്പം നേരത്തെ നാട്ടുകാര്യങ്ങള്‍ക്ക് ശേഷം ഡൊമിനിയുടെ അച്ഛന്‍ ജോസേട്ടനോട് കാറ് വാങ്ങാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞു.

ഇതെന്തൊരു മായം കര്‍ത്താവേ? ഞാനും ഇങ്ങനെ ഒരു സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായി ജോസേട്ടന്‍ തന്റെ മനസ്സ് തുറന്നു.

എങ്കില്‍ നമുക്ക് ആദ്യം തന്നെ ഡ്രൈവിങ്ങ് പഠിക്കാം രണ്ട് പേരും തീരുമാനമെടുത്തു. എവിടെ പഠിക്കണം എന്ന കാര്യത്തില്‍ ഇരുവര്‍ക്കും യാതൊരു കണ്‍ഫ്യൂഷനും ഉണ്ടായിരുന്നില്ല. ടൌണില്‍ ഡ്രൈവിങ്ങ് സ്കൂള്‍ നടത്തുന്ന ഇരുവരുടേയും ചങ്ങാതിയായ സുരേന്ദ്രന്റെ ഡ്രൈവിങ്ങ് സ്കൂളില്‍.

ശനിയാഴ്ച രാവിലെ തന്നെ രണ്ട് പേരും ടൌണിലുള്ള സുരേന്ദ്രന്റെ ഡ്രൈവിങ്ങ് സ്കൂളില്‍ എത്തിയതും, കൌണ്ടറില്‍ ഇരിക്കുകയായിരുന്ന സുരേന്ദ്രന്‍ അവരെ രണ്ടു പേരേയും ഊഷ്മളമായി വരവേറ്റു.

എന്താ രണ്ട് പേരും കൂടി പതിവില്ലാതെ ഈ വഴിക്ക്? സുരേന്ദ്രേട്ടന്‍ അത്ഭൂതം കൂറി.

അത് സുരേന്ദ്രാ, ഞങ്ങള്‍ക്ക് റിട്ടയര്‍ ചെയ്യാന്‍ ഇനി രണ്ട് മാസം കൂടിയല്ലെ ഉള്ളൂ. അത് കഴിഞ്ഞാല്‍ രാവിലെ മുതല്‍ വൈകീട്ട് വരെ വീട്ടില്‍ വെറുതെ ഇരിക്കാന്ന് പറഞ്ഞാല്‍ മഹാ മടുപ്പാവില്ലെ? അപ്പോ ഒരു കാറെങ്ങാനും, വാങ്ങിയാല്‍ മക്കളേം, മരുമക്കളേം ഒക്കെ കുട്ടി ഇടക്കിടെ എങ്ങോട്ടെങ്കിലും കറങ്ങാലോ?

അത് ശര്യാ, നല്ല കാര്യം തന്നെ. അപ്പോ ഞാന്‍ എന്താ ചെയ്യണ്ടേ?

അത് നല്ല ചോദ്യായല്ലോ സുരേന്ദ്രാ? സ്കൂട്ടറല്ലാതെ ഞങ്ങള്‍ക്ക്, കാറോടിക്കാന്‍ അറിയില്ല്യാന്ന് തനിക്കറിയാല്ലോല്ലെ?

പിന്നെന്താ അറിയാണ്ട്. നല്ല കാലത്ത് ഡ്രൈവിങ്ങ് പഠിക്കാന്‍ പറഞ്ഞ് നിങ്ങളുടെ രണ്ടാളുടേം പിന്നാലെ നടന്ന് നടന്ന് എന്റെ ചെരിപ്പെത്ര തേഞ്ഞേക്കുണു. ഇപ്പോ എന്താ വേണ്ടേ? നല്ല ഡ്രൈവറേ വേണോ?

അതല്ലടോ. ഞങ്ങള്‍ക്ക് ഡ്രൈവിങ്ങ് പഠിക്കണം.

ചുറ്റുവട്ടത്തും ആളില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം സുരേന്ദ്രന്‍ പറഞ്ഞു.......ദൈവമേ, ഈ വയസ്സാന്‍ കാലത്ത് തന്നെ കാറോടിക്കാന്‍ പഠിക്കണോ?

അതെന്താടോ അങ്ങനെ? ഈ പ്രായത്തില്‍ എന്താ ഡ്രൈവിങ്ങ് പഠിക്കാന്‍ പറ്റില്ല്യേ? അമേരിക്കയിലൊക്കെ ആളുകള്‍ എഴുപതും എണ്‍പതും വയസ്സിലാ പ്ലെയിനോടിക്കാന്‍ പോലും പഠിക്കുന്നത്! പിന്നെയാ കാറ്? ഡൊമിനിയുടെ അച്ഛന്‍ ലോകവിവരം പുറത്തെടുത്ത് നിവര്‍ത്തിവച്ചു.

അമേരിക്ക എന്നൊക്കെ കേട്ടപ്പോള്‍ അഭിമാനിയായ സുരേന്ദ്രന്‍ പറഞ്ഞു, ഞാന്‍ ഏറ്റെന്നേ. ഇതെന്റെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്.

എങ്കില്‍ എന്നാ ക്ലാസ്സ് തുടങ്ങണെ? ആരാ പഠിപ്പിക്കുന്നത്? ദാ പിടിച്ചോ അഡ്വാന്‍സ്, പോക്കറ്റില്‍ നിന്നും അഡ്വാന്‍സെടുത്ത് സുരേന്ദ്രന് നല്‍കിയതിനൊപ്പം രണ്ട് പേരും ഒരേ സ്വരത്തില്‍ ചോദിച്ചു.

വാങ്ങിയ കാശിന് റസീറ്റ് എഴുതുന്നതിനൊപ്പം തന്നെ സുരേന്ദ്രന്‍ പറഞ്ഞു, ഇന്ന് തന്നെ ക്ലാസ്സ് തുടങ്ങാം. പിന്നെ അഞ്ചാറ് ഡ്രൈവറുമാരുണ്ട് ഇവിടെ പഠിപ്പിക്കാന്‍, പക്ഷെ അവരൊക്കെ ചെറുപ്പമാ, ചോരതിളപ്പേറിയവര്‍. അവര്‍ നിങ്ങളെ പഠിപ്പിച്ചാല്‍ ശരിയാവില്ല. അഞ്ചാറ് വര്‍ഷമായി ആരേയും ഞാന്‍ പഠിപ്പിക്കാറില്ല പക്ഷെ നമ്മള്‍ സമപ്രായക്കാരും, സുഹൃത്തുക്കളുമായിപോയില്ലെ? ഞാന്‍ തന്നെ നിങ്ങളെ പഠിപ്പിക്കാം. രണ്ടേ രണ്ട് മാസം കൊണ്ട് ഡ്രൈവിങ്ങ് പഠിപ്പിച്ച് നിങ്ങള്‍ക്ക് ലൈസന്‍സെടുത്ത് കയ്യില്‍ തരുന്ന കാര്യം ഞാന്‍ ഏറ്റു.

അഭിമാനഭാരം താങ്ങാനാവാതെ രണ്ട് പേരുടേയും തല നിവര്‍ന്നു. പ്രാര്‍ത്ഥിക്കാനായ് കണ്ണടച്ചതും, രണ്ടു പേരുടേം മുന്നില്‍ തെളിഞ്ഞത് അതേ കാഴ്ച തന്നെ, സ്വന്തം കാറില്‍ വിശാലമായ തൃശ്ശൂര്‍ റൌണ്ട് എബൌട്ടിനു ചുറ്റും ചന്നം പിന്നം ചീറി പായുന്ന കാഴ്ച.

ഐശ്വര്യമായി അവര്‍ രണ്ട് പേരും അന്നു മുതല്‍ സുരേന്ദ്രന്റെ ശിഷ്യത്വം സ്വീകരിച്ച് മഹത്തായ ഡ്രൈവിങ്ങ് പഠനം തുടങ്ങി.

ആഹ്ലാദപൂര്‍വ്വം വീട്ടിലെത്തിയതും, ഡൊമിനിയുടെ അച്ഛന്‍ ഡെല്‍ഹിയിലുള്ള ഡൊമിനിക്ക് ഫോണ്‍ ചെയ്തു.

ഡാ, നമുക്ക് ഒരു കാറ് വാങ്ങണം. ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് തുടങ്ങി. നീയും വേഗം ഡ്രൈവിങ്ങ് പഠിച്ചോ.

അതിനെന്താ അച്ഛാ, ഞാന്‍ എപ്പോ പഠിച്ചൂന്ന് ചോദിച്ചാല്‍ പോരെ. പിന്നെ സെക്കന്റ് ഹാന്റ് കാറൊക്കെ ഡെല്‍ഹിയില്‍ മഹാ ചീപ്പാ. ഒന്നാഞ്ഞ് തപ്പിയാല്‍ ചിലപ്പോള്‍ വെറുതേയും കിട്ടും. അച്ഛന്‍ ആദ്യം ലൈസന്‍സെടുക്ക് കാറിന്റെ കാര്യമൊക്കെ ഞാന്‍ നോക്കികൊള്ളാം, അച്ഛന്‍ കാശിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി.

ഡ്രൈവിങ്ങ് പഠനം മുറക്ക് നടന്നുകൊണ്ടിരുന്നു. പഠിച്ച്, പഠിച്ച്, മാസങ്ങള്‍ രണ്ട് കഴിഞ്ഞു. ഡൊമിനിയുടെ അച്ഛനും, ജോസേട്ടനും ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. മാസം പിന്നേയും ഒന്നു കഴിഞ്ഞു. മൂന്ന് മാസത്തെ മഹത്തായ ഡ്രൈവിങ്ങ് പഠനത്തിന്റെ ഗുണം മൂലം രണ്ട് പേരും ക്ലച്ചില്‍ നിന്നും കാലെടുത്ത് വണ്ടി മുന്നോട്ട് ചാടിക്കാന്‍ പഠിച്ചു എന്നല്ലാതെ വണ്ടി മുന്നോട്ട് ഓടിക്കാന്‍ പഠിച്ചില്ല എന്ന് മാത്രമല്ല പകരം രണ്ട് പേരേയും പഠിപ്പിച്ച്, പഠിപ്പിച്ച് സുരേന്ദ്രേട്ടന്‍ ഡ്രൈവിങ്ങ് മറക്കാനും തുടങ്ങി.

സ്വപ്നം ചിലപ്പോള്‍ ഫലിക്കും, ദൈവഹിതം ആര്‍ക്കും തടുക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് വെറുതെയല്ല എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപെടുത്തികൊണ്ട് ആറാം മാസത്തിന്റെ അവസാന ബുധനാഴ്ച ഒമ്പത് മണിക്ക്, ഒമ്പതാമത്തെ ടെസ്റ്റ് നല്‍കി രണ്ടു പേരും എല്‍ എം വി, അഥവാ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ്ങ് ലൈസന്‍സ് കരസ്ഥമാക്കി.

അന്ന് വരുന്നവഴി വലിയാലക്കലുള്ള ജയബേക്കറിയില്‍ നിന്നും ലഡ്ഡു, ജിലേബി,മൈസൂര്‍പാക്ക്, പേഠ, നാങ്കട്ട്, തുടങ്ങി അസ്സോര്‍ട്ടഡ് സ്വീറ്റ്സ് അഞ്ച് കിലോ വാങ്ങിയിട്ടാണ് ഡൊമിനിയുടെ അച്ഛന്‍ വീട്ടിലേക്ക് വന്നത്.

വന്നതും അയല്പക്കത്തൊക്കെ സ്വയം ചെന്ന് സ്വീറ്റ്സ് വിതരണം ചെയ്തു.

സ്വീറ്റ്സ് വാങ്ങിയവര്‍ വാങ്ങിയവര്‍ ചോദിച്ചു, എന്താ ഡൊമിനീടെ കല്യാണം ഉറപ്പിച്ചോ? എവിടുന്നാ പെണ്ണ്?

അയ്യേ, ഇത്ര ചെറിയ പ്രായത്തിലോ? ഇതതൊന്നുമല്ല. എനിക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയതിന്റെ സന്തോഷം നിങ്ങളൊക്കെയൊത്ത് പങ്ക് വക്കുന്നതല്ലെ. ഇത് വെറുതെ സാമ്പിള്‍. ഇനി കാറൊരെണ്ണം വാങ്ങിയിട്ട് ബാക്കി ചിലവ്.

സ്വീറ്റ്സ് വിതരണം കഴിഞ്ഞ് വന്നതും അച്ഛന്‍ ഡെല്‍ഹിക്ക് എസ് ടി ഡി കറക്കി.

ഡാ, എനിക്ക് ലൈസന്‍സ് കിട്ടി. നമുക്ക് പെട്ടെന്ന് കാറ് വാങ്ങണം.

അടിപൊളി. കാറൊക്കെ നമുക്ക് വാങ്ങാം.

എങ്കില്‍ നീ മാരുതിയോ, ഫിയറ്റോ നോക്ക്. എന്തായാലും അംബാസഡര്‍ വേണ്ടേ വേണ്ട.

മാരുതിയെങ്കില്‍ മാരുതി, ഫിയറ്റെങ്കില്‍ ഫിയറ്റ്, ബെന്‍സെങ്കില്‍ ബെന്‍സ്. ഒക്കെ അച്ഛന്റെ ഇഷ്ടം. അച്ഛന്‍ കാശിങ്ങോട്ടയക്ക്. വണ്ടി എപ്പോ വാങ്ങീന്ന് ചോദിച്ചാല്‍ പോരെ?

ശരി, നീ നല്ല വണ്ടി നോക്കി വക്ക്. കാശൊക്കെ ഞാന്‍ അയക്കാം. ങ്ഹാ, പിന്നെ എന്തായി നിന്റെ ഡ്രൈവിങ്ങ് പഠനം?

ഇവിടെ അതൊക്കെ ഈസിയല്ലെ അച്ഛാ. ഒരു ആയിരത്തിച്ചില്ല്വാനം രൂപ. പതിനഞ്ചേ പതിനഞ്ച് ദിവസം. ബസ്, ഇത്രയും മതി. ലൈസന്‍സ് എപ്പോ കിട്ടീന്ന് ചോദിച്ചാല്‍ പോരെ?

അന്നത്തെ ടെലിഫോണ്‍ സംഭാഷണം അവിടെ തീര്‍ന്നു.

ജോലി കഴിഞ്ഞ് ഞാനും, ആദികുറുമാനും വൈകുന്നേരം മുറിയിലെത്തിയപ്പോള്‍ ഡൊമിനി അച്ഛനു ലൈസന്‍സ് കിട്ടിയകാര്യം പറഞ്ഞു, ഒപ്പം തന്നെ ഒരു സെക്കന്റ് ഹാന്റ് കാര്‍ അച്ഛന് വേണ്ടി ഉടന്‍ തന്നെ വാങ്ങണം എന്നും പറഞ്ഞു.

പിറ്റേന്ന് മുതല്‍ ഊര്‍ജിതമായി ഞങ്ങള്‍ മൂവരും വണ്ടി വേട്ട തുടങ്ങി.

തൊണ്ണൂറ്റി ഒന്ന് - തൊണ്ണൂറ്റി രണ്ടാണ് കാലഘട്ടം. സെക്കന്റ് ഹാന്റ് മാരുതികളുടെ വില്പന അത്ര പ്രചുര പ്രചാരത്തിലില്ല. ഉള്ളതിനാണെങ്കില്‍ ഹോസ്പിറ്റല്‍ സ്വന്തമായുള്ള ഡോക്ടറായ അച്ഛന്റെ ഡോക്ടറായ മകന്‍ കല്യാണ കമ്പോളത്തില്‍ വില്പനക്കായി എത്തിപെട്ടപോലെയും. മുടിഞ്ഞ ഡിമാന്റ്. എപ്പോ, ആര്, കൊത്തികൊണ്ട് പോയെന്ന് ചോദിച്ചാല്‍ മതി.

അംബാസഡറിന്റെ കാര്യമാണെങ്കിലോ? എവിടെതിരിഞ്ഞൊന്ന് നോക്കിയാലും കാണുന്നതെല്ലാം വില്പനക്ക്! പക്ഷെ ഡൊമീനീടച്ഛന് അംബനോട് വലിയ താത്പര്യമില്ലാന്നല്ല ഒട്ടും താത്പര്യമില്ല താനും.

പിന്നെയുള്ളത് നമ്മുടെ അന്തകാല ഡോക്ടേര്‍സിന്റെ ഫേവറിറ്റായ പദ്മിനിമോളാ. അവളാണെങ്കിലോ എണ്ണത്തില്‍ തുച്ഛവും.

എന്തായാലും ഡൊമിനിയുടെ അച്ഛനു ചേര്‍ന്നതും കൈപ്പിടിയില്‍ ഒതുങ്ങന്നതും പദ്മിനി തന്നെ എന്ന് ഒരാഴ്ചക്കൂള്ളിലെ മാര്‍ക്കറ്റ് റിസേര്‍ച്ചില്‍ ഞങ്ങള്‍ കണ്ടെത്തി. പിന്നെയങ്ങോട്ട് പദ്മിനിയെ ചുറ്റിപറ്റിയായി ഞങ്ങളുടെ അന്വേഷണം.

ഐ എന്‍ എ മാര്‍ക്കറ്റിലായാലും, സരോജിനി നഗര്‍ മാര്‍ക്കറ്റിലായാലും, ആര്‍ കെ പുരം അയ്യപ്പ മന്ദിറിലായാലും, പാര്‍ക്കിങ്ങിലായാലും, പാര്‍ക്കിന്റെ മുന്‍പിലായാലും, സിനിമാ തിയറ്ററിനു മുന്‍പിലായാലും, എന്തിന് ബാറിന്റെ മുന്‍പില്‍ വച്ചു പോലും പദ്മിനിയെ കണ്ടാല്‍ ഞങ്ങള്‍ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ അടുത്ത് ചെന്ന് തൊട്ടു നോക്കി, മെല്ലെ ഉഴിഞ്ഞു. ശരീരത്തില്‍ ചുളിവുകളുണ്ടോ എന്ന് ചാഞ്ഞും, ചരിഞ്ഞും നോക്കി. കിട്ടുമോ എന്നറിയാതെ വെറുതെ നോക്കികണ്ട് നിരാശരായി മടങ്ങേണ്ടി വന്ന അവസരങ്ങള്‍ നിരവധി. പറഞ്ഞ പണം അധികമായതിനാല്‍ നമുക്ക് ചേര്‍ന്നതല്ല എന്ന് തീരുമാനിച്ചത് അതിലേറെ.

ദിനങ്ങളും വാരങ്ങളും കൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു. ഡൊമിനിയുടെ അച്ഛന്‍ ഞങ്ങള്‍ക്ക് ചെയ്യുന്ന എസ് ടി ഡി കോളുകളുടെ എണ്ണവും വര്‍ദ്ധിച്ച് വന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ദിവസം ഡൊമിനിയുടെ അച്ഛന്റെ ഫോണ്‍ വന്നപ്പോള്‍ ഡൊമിനിയുടെ പറച്ചില്‍ കേട്ട് ഞങ്ങള്‍ ഞെട്ടി.

ഹലോ, ങ്ഹാ അച്ഛാ.

ഉവ്വ്, ശരിയായിട്ടുണ്ട്.

പദ്മിനിയാ.

ചോദിക്കാനുണ്ടോ, അടിപൊളി. എന്തായാലും അച്ഛന്‍ ഒരു അമ്പതിനായിരം അയക്ക്.

ഫോണ്‍ കട്ട് ചെയ്ത് ഡൊമിനി ഞങ്ങളെ ദയാപൂര്‍വ്വം നോക്കി. ഇനിയെന്ത് എന്നര്‍ത്ഥത്തില്‍.

സാരമില്ല നമുക്ക് നമ്മുടെ വേട്ട ഒന്നുകൂടി കൊഴുപ്പിക്കാം എന്ന് പറഞ്ഞ് ഡൊമിനിയെ ഞങ്ങള്‍ സമാധാനിപ്പിച്ചെങ്കിലും, അഞ്ചാം പക്കം ഡൊമിനിയുടെ ബാങ്ക് അക്കൌണ്ടില്‍ അമ്പതിനായിരത്തി ഒരുന്നൂറ്റി മൂന്ന് രൂപ ബാലന്‍സ് കണ്ടപ്പോള്‍ (അമ്പതിയിരം അച്ഛന്‍ അയച്ചതും, നൂറ്റി മൂന്നു രൂപ അവന്റെ സമ്പാദ്യവും) ഡൊമിനിയുടെ ടെന്‍ഷന്‍ കൂടി.

അങ്ങനെ ഫുള്‍ പ്രെഷറില്‍ ഇരിക്കുന്ന സമയത്താണ് ഡൊമിനീടച്ഛന്‍ കൊതിച്ചതും പദ്മിനി, ആദികുറുമാന്റെ ബോസ്സ് വില്‍ക്കാന്‍ പോകുന്നു എന്ന് കല്‍പ്പിച്ചതും പദ്മിനി!

നിറമല്‍പ്പം കുറവായാലെന്താ, റോഡിലിറങ്ങിയപ്പോള്‍ മുതല്‍ ഒരേ ഒരാളുടെ കൈവശം മാത്രം. അന്യനൊരാള്‍ ഒരിക്കല്‍ പോലും കയറിയിറങ്ങിയിട്ടില്ല. രണ്ടാമതൊരാള്‍ വെറുതെ ഹോണില്‍ പോലുമൊന്ന് ഞെക്കിയിട്ടില്ല. അവളെ കിട്ടിയാല്‍ ഭാഗ്യമാ. ഞാന്‍ പറഞ്ഞാല്‍ റേറ്റൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്യും. ബോസിന്റെ പദ്മിനിയെകുറിച്ച് ആദി തോരാതെ ആദി സംസാരിച്ചു.

ആദിയുടെ സംസാരരീതി വച്ച് പുള്ളിക്കാരന് ഈ ഡിലിങ്ങില്‍ വല്ല കമ്മീഷനും ഉണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കാതിരുന്നില്ല. എങ്കിലും ശരി, കണ്ടിട്ട് തീരുമാനിക്കാം, വേണോ വേണ്ടയോ എന്ന തീരുമാനത്തിന്‍ പ്രകാരം വ്യാഴാഴ്ച ഓഫീസില്‍ നിന്നും ആദി കുറുമാന്‍ ഫോണ്‍ ചെയ്തത് പ്രകാരം, സൂര്യന്‍ അസ്തമിക്കാന്‍ രണ്ട് മൂന്നു മണിക്കൂര്‍ നേരമുള്ളപ്പോള്‍ തന്നെ ഓഫീസില്‍ നിന്നും നേരത്തേ വലിഞ്ഞ്, ഞാനും ഡൊമിനിയും ഗ്രേറ്റര്‍ കൈലാഷിലേക്ക് പാഞ്ഞു (വാങ്ങാനായി വണ്ടി നോക്കണമെങ്കില്‍ സൂര്യപ്രകാശത്തിന്റെ വെളിച്ചത്തില്‍ തന്നെ നോക്കണം എന്ന് ഞാന്‍ അന്നേ പഠിച്ചിരുന്നു).

ചെന്നു കണ്ടു, കീഴടക്കി. അഞ്ചെട്ട് വര്‍ഷമായി വെയില് കൊള്ളുന്നതിനാല്‍ നിറമല്പം കുറവാണ് എന്നൊരു കുറ്റം മാത്രം.

വില പേശി, പേശി നാല്പതിനായിരം രൂപക്ക് ഡീല്‍ ഉറപ്പിച്ചു. അഡ്വാന്‍സും കൊടുത്തു. പിറ്റേന്ന് വെള്ളിയാഴ്ച ഓഫീസില്‍ എത്തി ലീവ് എടുത്ത് വരാം എന്നും, അതിനുശേഷം വണ്ടിയുടെ റെജിസ്ട്രേഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞുറപ്പിച്ചതിനുശേഷം സന്തോഷപൂര്‍വ്വം ഞങ്ങള്‍ ഫ്ലാറ്റിലേക്ക് നീങ്ങി. പോകുന്ന വഴി പദ്മിനിയെ കിട്ടിയ സന്തോഷം പങ്കിടാന്‍ ഷെയ്ക്ക്സറായില്‍ നിന്ന് ത്രിഗുണനേയും കൂട്ടി.

ത്രിഗുണനുമൊത്തിരുന്ന് സംസാരിക്കുന്നതിനിടയില്‍ വണ്ടി വാങ്ങിയാല്‍ നാളെ വൈകീട്ട് പോകേണ്ട ട്രിപ്പിനെ കുറിച്ച് മൂന്ന് പേരും തര്‍ക്കമായി. ഹരിദ്വാര്‍ മതിയെന്ന് ഡൊമിനി,വേണ്ട മസൂറി മതിയെന്ന് ആദിയും, ജയ്പ്പൂര്‍ മതിയെന്ന് ഞാനും. തര്‍ക്കം മൂത്തപ്പോള്‍ പതിവുപോലെ നറുക്കെടുക്കാം എന്നൊത്തുതീര്‍പ്പില്‍ എത്തിയത് മൂലം നറുക്കെടുത്തു. നറുക്ക് വീണത് മസൂറിക്ക്. പോകാനുള്ള സ്ഥലത്തിനൊരു തീരുമാനമായതിനാല്‍ ബാക്കിയുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ച കടന്നു.

ശനിയാഴ്ച എല്ലാവരും ലീവെടുക്കുകയാണെങ്കില്‍, വെള്ളിയാഴ്ച രാത്രി തന്നെ മസൂറിക്ക് പോകാം, ശനിയാഴ്ച പതിനൊന്ന് പന്ത്രണ്ട് മണിക്ക് മസൂറിയിലെത്തും, അന്നവിടെ തങ്ങി, പിറ്റേന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മടങ്ങിയാല്‍ പാതിരാത്രി വീട്ടിലെത്തിചേരാം, പിറ്റേന്ന് ജോലിക്കും പോകാം, ഞാന്‍ നയം വ്യക്തമാക്കി.

എന്റെ അഭിപ്രായത്തിനെ രണ്ട് പേരും അനുകൂലിച്ചതിനാല്‍ അന്നത്തെ ചര്‍ച്ച അവിടെ തീര്‍ന്നു. ചര്‍ച്ചമൂലം അത്താഴം ഒന്നും വക്കാത്തതിനാലും, വണ്ടി വാങ്ങിയതിന്റെ ട്രീറ്റ് വേണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചതിനാലും, സ്കൂട്ടാവാന്‍ വേറെ യാതൊരു നിവൃത്തിയില്ലാത്തിനാലും ഡൊമിനി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഞങ്ങളെ സാക്കേത്തിലെ, ഗുരുചരണ്‍ സിങ്ങിന്റെ ഡാബയിലേക്ക് നയിച്ചു. ത്രിഗുണബലത്താല്‍, വെറും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം നല്ലൊരു ബില്ല് ഡൊമിനിയെകൊണ്ട് കൊടുപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ ഫ്ലാറ്റിലേക്ക് മടങ്ങി.

പതിവുപോലെ ഞാനും ഡൊമിനിയും ഒരോഫീസിലേക്കും, ആദി ആദിയുടെ ഓഫീസിലേക്കും പോയി. അല്പം പണികള്‍ ചെയ്തതിനു ശേഷം, പുറം പണിക്കായി ഇറങ്ങുന്നതിനു മുന്‍പ്, മാനേജരായ പിള്ള സാറിനോട് ശനിയാഴ്ച അമ്മായിയുടെ മോളുടെ മോന്റെ ചോറൂണായതിനാല്‍ (ആറ് വയസ്സ് കഴിഞ്ഞ അവന്‍ ഉണ്ണാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ചര കഴിഞ്ഞിരുന്നു അപ്പോള്‍)‌ അവധി വേണമെന്നും പറഞ്ഞ് അവധി വാങ്ങി പുറത്തിറങ്ങി.

ബാങ്കിലും, ടെക്സൈല്‍ കമ്മിറ്റിയിലും, ഏ ഇ പി സിയിലും (അപ്പാരല്‍ എക്പോര്‍ട്ട് പ്രമോഷന്‍ കൌണ്‍സില്‍) മറ്റും ചെയ്യാനുണ്ടായിരുന്ന അത്യാവശ്യ പണികള്‍ എല്ലാം പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ത്തു. ബാക്കി പണികള്‍ അവിടെ ഉള്ള സുഹൃത്തുക്കളെ ഏല്‍പ്പിച്ചു. പന്ത്രണ്ട് മണിയോട് കൂട് ആര്‍ ടി ഓഫീസിലെത്തി. ചെന്നപ്പോള്‍ ആദിയുടെ ബോസ്സ് അവിടെ എത്തികഴിഞ്ഞിരുന്നു.

പന്ത്രണ്ടേ കാലായിട്ടും ഡൊമിനിയെ കാണുന്നില്ല. ഇന്ന് റെജിസ്ട്രേഷന്‍ നടന്നില്ലെങ്കില്‍ പിന്നെ രണ്ട് ദിവസം അവധിയാണ്, അങ്ങിനെ വന്നാല്‍ മസൂറി ട്രിപ്പ് ഗോപിയാകും എന്ന് മാത്രമല്ല എടുത്ത ലീവ് വീട്ടിലിരുന്ന് മുഷിഞ്ഞ് തീര്‍ക്കേണ്ടിയും വരും.

പ്ലാന്‍ ചെയ്ത പ്രകാരം പത്തര പതിനൊന്ന് മണിയോട് കൂടി ഡൊമിനിക്ക് ശക്തമായ വയറുവേദനയും അതിനെ തുടര്‍ന്ന് നിലക്കാത്ത വയറിളക്കവും വരേണ്ടതാണ്. വേദനയും വയറിളക്കവും സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ പതിനൊന്നേ മുക്കാലോട് കൂടി ഡോക്ടറെ കാണുവാനായി അവന്‍ ഓഫീസില്‍ നിന്ന് ഇറങ്ങേണ്ടതാണ്.

ദൈവമേ, ഇനി പ്ലാനിങ്ങ് എങ്ങാനും പൊളിഞ്ഞോ? പിള്ളസാറെങ്ങാനും വേദനിക്കുന്ന ഡൊമിനിയുടെ അവസ്ഥ കാണുവാന്‍ കഴിയാതെ അവനെയെങ്ങാനും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയോ? ഞാനും, ആദിയുടെ ബോസ്സും അക്ഷമരായി നില്‍ക്കുന്ന സമയത്ത്, ബൈക്ക് പാര്‍ക്ക് ചെയ്ത് പണസഞ്ചിയും തൂക്കി വിജയശ്രീ-ലളിതമാരുടെ മുഖഭാവത്തോടെ ഡൊമിനി നടന്നു വരുന്നത് കണ്ടതും ആശ്വാസമായി.

ബോസ്സിന് മുഴുവന്‍ പണവും എണ്ണികൊടുത്തുതിന് ശേഷം, ഏജന്റിനെ കണ്ട് കൈമടക്കെല്ലാം കൊടുത്തത്തിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ വണ്ടി ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടി.

ചാവി ഡൊമിനിക്ക് കൈമാറി ഞങ്ങള്‍ ഇരുവര്‍ക്കും ഷെയ്ക്ക് ഹാന്റ് നല്‍കി, പോകുവാന്‍ നേരം ബോസ്സ് പറഞ്ഞു, കുറച്ച് നാളായി ഓടാതെ കിടക്കുന്നതല്ലെ? ഓയിലും,വെള്ളവുമൊക്കെ ഒന്ന് ചെക്ക് ചെയ്യിച്ചോളൂ.

ഡ്രൈവിങ്ങ് അറിയാത്തതിനാല്‍ ഡ്രൈവിങ്ങ് അറിയുന്ന എനിക്ക് വണ്ടിയുടെ ചാവി ഒരാരാധനയോടെ ഡൊമിനി കൈമാറി. പദ്മിനിയില്‍ കയറി വലിയ ഗമയില്‍ ഞാന്‍ ഫ്ലാറ്റിലേക്ക് നീങ്ങി. ഇടക്കിടെ റിയര്‍വ്യൂ മിററിലൂടെ ഡൊമിനി എന്റെ പുറകിലായി (ബൈക്കില്‍) വരുന്നുണ്ട് എന്ന് ഉറപ്പാക്കി അല്പം അഹങ്കാരത്തോടെ ഞാന്‍ സീറ്റില്‍ ഇളകിയിരുന്നു.

വീട്ടിനു മുന്‍പില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നെഞ്ച് വിരിച്ച് ഞാന്‍ പുറത്തിറങ്ങി. ബൈക്ക് സ്റ്റാന്റിലിടുകയായിരുന്ന ഡൊമിനിയുടെ അടുത്തേക്ക് ഞാന്‍ കീചെയിന്‍ കയ്യിലിട്ട് ചുഴറ്റികൊണ്ട് ചെന്നു.

ഉം, എന്താ വണ്ടി സ്റ്റാന്റില്‍ വക്കുന്നേ?

പിന്നല്ലാതെ?

ആദിയുടെ ബോസ്സ് പറഞ്ഞത് കേട്ടില്ലെ? വണ്ടിയിലെ വെള്ളവും, ഓയിലുമൊക്കെ ചെക്ക് ചെയ്യണമെന്ന്?

അതിന് വര്‍ക്ക് ഷോപ്പില്‍ പോകേണ്ടേ?

വണ്ടിയോടിക്കാമെന്നറിമെന്നല്ലാതെ, വണ്ടിയുടെ ആന്തരികാവയവങ്ങളേകുറിച്ച് യാതൊരുവിധ ധാരണയും എനിക്കില്ലായിരുന്നുവെങ്കിലും, ഡൊമിനിയുടെ മുന്‍പില്‍ ആളാവാന്‍ പറ്റിയ സന്ദര്‍ഭം നഷ്ടപെടുത്താന്‍ അഹങ്കാരം മൂലം തയ്യാറായിരുന്നില്ലാത്തതിനാല്‍ ഞാന്‍ ചോദിച്ചു, ഹ ഹ, ഇത്ര ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ? അതൊക്കെ ഞാന്‍ ചെയ്തോളാം. നീ പോയി ഒരു രണ്ട് ലിറ്റര്‍ എഞ്ചിന്‍ ഓയില്‍ വാങ്ങിയിട്ട് വാ. നല്ല മുന്തിയത് തന്നെ വാങ്ങിക്കോ?

അല്ല കുറുമാനെ, നമുക്ക് വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്താല്‍ പോരെ?

ആനയേ വാങ്ങിയെന്ന് കരുതി ഒരു ദിവസം കൊണ്ട് വാങ്ങിയ ആള്‍ക്ക് ആ ആനയുടെ പാപ്പാന്‍ ആകാന്‍ കഴിയുമോ ഡൊമിനീ?

ഇല്ല.

എങ്കില്‍ അതു പോലെ തന്നെയാണ് ഈ വണ്ടിയുടെ കാര്യവും. വണ്ടി നീ വാങ്ങിയെന്നത് നേര്. പക്ഷെ ലൈസന്‍സില്ലാത്ത, ഡ്രൈവിങ്ങ് അറിയാത്ത നിനക്ക് വണ്ടി കിട്ടിയിട്ടെന്തു കാര്യം?

നിശ്ശബ്ദനായി ഡൊമിനി ബൈക്കുമെടുത്ത് പോയി. അരമണിക്കൂറിനകം, എഞ്ചിന്‍ ഓയിലും വാങ്ങി വന്നു.

വണ്ടി സ്റ്റാന്‍ഡില്‍ വച്ച് ഓയില്‍ എന്റെ കയ്യില്‍ നല്‍കിയപ്പോഴേക്കും ഞാന്‍ അടുത്ത കല്‍പ്പന പുറപ്പെടുവിച്ചു, ഇനി പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ട് വാ.

നിവൃത്തിയേതുമില്ലാത്തതിനാല്‍ പല്ലിറുമ്മികൊണ്ട് ഡൊമിനി മുറിയിലേക്ക് പോയി വെള്ളവുമായി വന്നു. ബക്കറ്റ് നിലത്ത് വെച്ചപ്പോള്‍ തുള്ളിതെറിച്ച വെള്ളത്തില്‍ നിന്നും ഡൊമിനിക്ക് എന്നോടുള്ള ദ്വേഷ്യത്തിന്റെ ആഴം എനിക്ക് മനസ്സിലായെങ്കിലും ഞാന്‍ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.

ഓയിലും വെള്ളവും ഒഴിക്കണമെങ്കില്‍ വണ്ടിയുടെ ബോണറ്റ് തുറക്കണം. അതിനായി ഞാന്‍ വണ്ടിയുടെ ഉള്ളില്‍ കയറി. തുറക്കാനുള്ള സ്വിച്ചും, ലിവറും തപ്പി തപ്പി പത്ത് മിനിറ്റായിട്ടും സംഭവം കണ്ട് കിട്ടിയില്ല.

എന്താടാ വണ്ടിയില്‍ ഇരുന്ന് നീ ഉറങ്ങിയാ?

ഡൊമിനി പകരം വീട്ടാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ മസ്തിഷ്കം എനിക്ക് സിഗ്നല്‍ തന്നു.

ചാഞ്ഞും, ചരിഞ്ഞും, നിലത്തിരുന്നും, സീറ്റില്‍ കിടന്നും പരിശോധിച്ചുകൊണ്ടിരിക്കുന്നതിന് പുറത്തേക്ക് നീണ്ടിരിക്കുന്ന അല്പം വളഞ്ഞ ഒരു കമ്പി കഷ്ണം കണ്ടപ്പോള്‍ വെറുതെ പിടിച്ചൊന്ന് വലിച്ചു. ക്ടിം മുന്നില്‍ നിന്നൊരു ശബ്ദം കേട്ടു.

തുറന്നൂഡാ എന്ന് ഡൊമിനി വിളിച്ച് പറഞ്ഞ പറഞ്ഞപ്പോള്‍ ബോണറ്റ് തുറക്കാനുള്ള സുനാള്‍ട്ട് കാണാതെ കൂരച്ച് തുടങ്ങിയ നെഞ്ച് വീണ്ടും വിരിച്ച് ഞാന്‍ പുറത്തിറങ്ങി.

അല്പം തുറന്ന് കിടക്കുന്ന ബോണറ്റിനിടയിലൂടെ കയ്യിട്ട് ബോണറ്റ് തുറക്കാന്‍ പിന്നേയും എടുത്തു ഒരു പത്ത് മിനിറ്റ്.

ബോണറ്റ് തുറന്നതും ആദ്യം തന്നെ ശ്രദ്ധയില്‍ പെട്ടത് തിരിച്ച് തുറക്കാവുന്ന ഒരടപ്പാണ്. ചലോ ഇത് തന്നെ വെള്ളമൊഴിക്കാനുള്ള സ്ഥലം. ഇടം വലം നോക്കാതെ, മറ്റൊന്നും ചിന്തിക്കാതെ, ബക്കറ്റില്‍ നിന്ന് ഒരു കപ്പ് വെള്ളമെടുത്ത് ഒഴിച്ചു. രണ്ടാമത്തെ കപ്പൊഴിക്കാന്‍ തുടങ്ങിയപ്പോഴേക്കും, തുളയില്‍ നിന്ന് കറുത്ത ഓയില്‍ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുകാന്‍ തുടങ്ങി.

എനിക്കും കണ്ടു നിന്ന ഡൊമിനിക്കും സംഭവം പെട്ടെന്നോടി. എഞ്ചിന്‍ ഓയിലൊഴിക്കേണ്ടിടത്താണ് ഞാന്‍ വെള്ളം ഒഴിച്ചിരിക്കുന്നത്.

എന്തിനും വണ്ടിയൊന്ന് സ്റ്റാര്‍ട്ട് ചെയ്ത് നോക്കാം എന്ന് കരുതി, ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങി.

കറ ഘറ, കറ ഘറ, കറ ഘറ, കറ ഘറ ഘറ ഘറ എന്ന ശബ്ദമല്ലാതെ വണ്ടി സ്റ്റാര്‍ട്ടാവുന്ന ലക്ഷണമില്ല. അഹങ്കാരം നഷ്ടപെട്ട് അഹംഭാവം തെല്ലുമില്ലാതെ ഞാന്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയതും, അവന്റെ കമന്റ്, ഭാഗ്യം, റേഡിയേറ്ററില്‍ ഓയില്‍ ഒഴിച്ചില്ലല്ലോ?

ശവത്തില്‍ കുത്തരുതെന്ന് പോലും പറയാനാകാതെ നിശബ്ദനായി ഞാന്‍ നിന്നു.

ഇനിയെന്താ നമ്മള്‍ ചെയ്യുക? ഞാന്‍ ഡൊമിനിയോട് ചോദിച്ചു.

നമ്മള്‍ അല്ല, ഇനിയെന്താ നീ ചെയ്യുക എന്ന് ചോദിക്ക് ആദ്യം, ഡൊമിനി വീണ്ടും എനിക്കിട്ട് താങ്ങി.

ശരി, ഇനിയെന്താ ഞാന്‍ ചെയ്യുക?

ചാവി നിന്റേലല്ലെ? വണ്ടി ഇവിടെ കിടക്കുന്നില്ലേ? നിന്റെ ബൈക്കിവിടെ ഇരിക്കുന്നില്ലേ? വര്‍ക്ക് ഷോപ്പില്‍ പോയി ആളെ വിളിച്ച് കൊണ്ട് വന്ന് ശരിയാക്കുക അത്ര തന്നെ.

പൈസ?

അതും നീ കൊടുക്ക് അല്ല പിന്നെ.

ഡാ എന്റേല് പൈസയില്ല.

പൈസ ഞാന്‍ കടമായിട്ട് തരാം. നീ ആദ്യം വര്‍ക്ക് ഷോപ്പില്‍ പോയിട്ട് മെക്കാനിക്കിനെ കൂട്ടീട്ട് വാ സമയം കളയാതെ.

വണ്ടിയുടെ ചാവി എടുക്കാന്‍ മുറിക്കുള്ളിലേക്ക് കയറുമ്പോള്‍, ആനയെ വാങ്ങീന്ന് വച്ച് പാപ്പാനാവാന്‍ പറ്റോ? വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ഇത്രയും ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ, എന്തൊക്കെയായിരുന്നു ഡയലോഗ് തൌസീടെ, ഇപ്പോ മിണ്ടാട്ടം പോലുമില്ല്യാണ്ടായി തുടങ്ങിയ കമന്റുകള്‍ ഡൊമിനി നിര്‍ലോഭം പുറത്തിറക്കി.

വര്‍ക്ക് ഷോപ്പില്‍ പോയി മെക്കാനിക്കിനേം കൂട്ടി വന്ന് കാര്യം പറഞ്ഞു.

എഞ്ചിനോയില്‍ ഒഴിക്കേണ്ട സ്ഥലത്ത് വെള്ളമൊഴിച്ചത് അബദ്ധം. അതു പോരാതെ നിങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചത് ശുദ്ധ അബദ്ധം.

ഇത്തരം അവസ്ഥയില്‍ വണ്ടി സ്റ്റാര്‍ട്ടാവില്ല, എങ്കിലും, കഷ്ടകാലത്തെങ്ങാനും എഞ്ചിന്‍ സ്റ്റാര്‍ട്ടായിരുന്നുവെങ്കില്‍ തന്നെ പുതിയ എഞ്ചിന്‍ വാങ്ങി വക്കേണ്ടി വന്നേനെ.

അല്ല മാഷെ, ഇനിയിപ്പോ എന്താ ചെയ്യാ? അക്ഷമനായ ഡൊമിനി ചോദിചു.

ഇനിയിപ്പോ ഇതിലുള്ള വെള്ളം കലര്‍ന്ന എഞ്ചിനോയില്‍ കളയണം. എഞ്ചിനില്‍ ഒരു തുള്ളി വെള്ളം പോലും ഇരുന്നാല്‍ എഞ്ചിന്‍ പോകാന്‍ അതു മതി. . ആയതിനാല്‍ ആദ്യം കരി ഓയില്‍ ഒഴിച്ച് എഞ്ചിന്‍ വൃത്തിയാക്കണം. അതിനുശേഷം പിന്നെ കരിയോയില്‍ മാറ്റി മാറ്റി ഒരു മൂന്ന് പ്രാവശ്യം ഒഴിച്ച് വൃത്തിയാക്കണം, ശേഷം പുതിയ ഓയില്‍ ഒഴിച്ച് ഒരുമണിക്കൂര്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് വച്ച് സെറ്റാക്കണം. എന്തായാലും ഇന്ന് പറ്റില്ല. വണ്ടി കെട്ടി വലിച്ച് വര്‍ക്ക്ഷോപ്പില്‍ കൊണ്ട് പോകേണ്ടി വരും. ഞാന്‍ നാളെ രാവിലെ വരാം.

എത്രയാവും ചേട്ടാ?

ഒരു ആയിരം ആയിരത്തിയഞ്ഞൂറ് രൂപയോളം എന്തായാലും ആവും.

മസൂറി ട്രിപ്പ് ക്യാന്‍സല്‍ഡ് ഡൊമിനി ഡിക്ലയര്‍ ചെയ്തു.

പിറ്റേ ദിവസം രാവിലെ ആദികുറുമാനും, ഡൊമിനിയും ഓഫീസിലേക്ക് പോയപ്പോള്‍ ഞാന്‍ പോയതോ?

വര്‍ക് ഷോപ്പിലേക്ക്!

ഗുണപാഠം : അറിയാത്ത കാര്യം അറിയില്ല എന്ന് പറയാനുള്ള ചങ്കുറ്റം കാണിച്ചാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ തലകുനിക്കേണ്ടിയും വരില്ല പഠിക്കാന്‍ ഒരവസരം നമുക്ക് കിട്ടുകയും ചെയ്യും.

38 comments:

കുറുമാന്‍ said...

"പദ്മിനിയുടെ ഓര്‍മ്മകുറിപ്പുകള്‍"

ഈ കഥ ഡൊമിനിയുമായി സംസാരിച്ച് അവന്‍ വായിച്ച് അപ്രൂവ് ചെയ്തതിനുശേഷം എഴുതിയതാണ്. ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചുപോയ ഡൊമിനിയുടെ അച്ഛന്റെ സ്മരണക്ക് മുന്‍പില്‍ ഈ കഥ സമര്‍പ്പിക്കുന്നു.

S R LAL said...

സുഹൃത്തെ
യുറോപ് സ്വപ്നങ്ങള്‍ പുസ്തക രൂപത്തില്‍ വായിച്ചു
നല്ല വായനാനുഭവം

Cartoonist said...

എന്റെ ഭാര്യ ബെങ്കാളിയാ. ശ്രീമതി L.X. സെന്‍. പദ്മിനി ഏതു നാട്ടുകാര്യാ ?

പ്ലാന്‍ ചെയ്ത പ്രകാരം പത്തര പതിനൊന്ന് മണിയോട് കൂടി ഡൊമിനിക്ക് ശക്തമായ വയറുവേദനയും അതിനെ തുടര്‍ന്ന് നിലക്കാത്ത വയറിളക്കവും വരേണ്ടതാണ്

ഇതു കലക്കി !

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ഒന്നാഞ്ഞ് തപ്പിയാല്‍ ചിലപ്പോള്‍ വെറുതേയും കിട്ടും“ ഇതും കലക്കി.

ഇതിലിപ്പോ ഡൊമിനി അപ്രൂവ് ചെയ്യാന്‍ എന്തിരിക്കുന്നു. കണ്ണാടീന്നല്ലേ അപ്രൂവലു വാങ്ങേണ്ടത്?

ശിശു said...

ഹഹഹ, വേലിക്കലിരുന്ന പാമ്പിനെയെടുത്ത് ഉടുത്തതുപോലായല്ലൊ മാഷെ.. ഗുണപാഠം നന്നായിട്ടുണ്ട്.. ഇങ്ങനെയല്ലെ അറിയാത്തതോരോന്നും പഠിക്കുന്നത്.. 1500 രൂപ പോയാലെന്താ?, നല്ലൊരു പാഠം പഠിച്ചില്ലെ? അതുതന്നെ നല്ലത്..
അതിപ്പോള്‍ പ്രയോജനപ്പെടുന്നുണ്ടാവുമല്ലൊ.

ശ്രീ said...

“കാറിന്റെ കാര്യമൊക്കെ ഞാന്‍ നോക്കികൊള്ളാം, അച്ഛന്‍ കാശിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി.”

കുറുമാന്‍‌ജീ.... പദിമിനിയുടെ ഓര്‍‌മ്മക്കുറിപ്പുകള്‍‌ അടിപൊളിയായി... എന്നാലും ആ ട്രിപ്പ് ക്യാന്‍‌സലാക്കേണ്ടി വന്നല്ലേ... ഹിഹി.

:)

G.manu said...

വണ്ടി മുന്നോട്ട് ചാടിക്കാന്‍ പഠിച്ചു എന്നല്ലാതെ വണ്ടി മുന്നോട്ട് ഓടിക്കാന്‍ പഠിച്ചില്ല എന്ന് മാത്രമല്ല പകരം രണ്ട് പേരേയും പഠിപ്പിച്ച്, പഠിപ്പിച്ച് സുരേന്ദ്രേട്ടന്‍ ഡ്രൈവിങ്ങ് മറക്കാനും തുടങ്ങി.

good one.. kuruman ji

രജീഷ് || നമ്പ്യാര്‍ said...

ഹെ ഹേ !!

തെന്നാലിരാമന്‍‍ said...

കുറുമാന്‍ജി തന്നെയാണോ വണ്ടി തള്ളി വര്‍ക്ക്ഷാപ്പുവരെ പോയതു? :-) എന്തായാലും സംഭവം തകര്‍ത്തു. കുറെ ചിരിച്ചു.

സഹയാത്രികന്‍ said...

“അഹങ്കാരം നഷ്ടപെട്ട് അഹംഭാവം തെല്ലുമില്ലാതെ ഞാന്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയതും, അവന്റെ കമന്റ്, ഭാഗ്യം, റേഡിയേറ്ററില്‍ ഓയില്‍ ഒഴിച്ചില്ലല്ലോ?“

ഹ ഹ ഹ കുറുജി കോള്ളാം...
:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

കുറുമാന് ചേട്ടാ...കൊള്ളാം..:)

മെലോഡിയസ് said...

രാഗേഷേട്ടാ.. പദ്മിനിയുടെ ഓര്‍മ്മകുറിപ്പുകള്‍ അസ്സലായിട്ടുണ്ട്.

കുറേയുണ്ട് എടുത്തിട്ട് ക്വാട്ടാന്‍..അതില്‍ ഏറ്റവുമിഷ്ട്ടമായത് ഡൊമിനിയുടെ പ്ലാന്‍ ചെയ്തുള്ള വയറിളക്കമാണ്.. :))

മുരളി മേനോന്‍ (Murali Menon) said...

retire aayi kaaRum nOkkiyirunna rantu pErkku ethrayum pettennu kaaR ayachchu kotuththaalallE avarkku morning walkinum evening walkinum okke pOkaan paTuLLu. athu naSippikkaanaay engine oilil veLLamozhichcha (vanchanayute nanchu kalakkiya enna reethiyil)kuRumaanethire IPC new numberil (number is under registration) case etuththirikkunna vivaram ithinaal aRiyichchu koLLunnu. ithinte vidhi enginil veLLamozhikkunnavarkkoru guNapaaThamaavatte ennu chief justice mr.kOththaaNtaraaman abhipraayappettu

sandoz said...

കര്‍ത്താവേ..എന്തൊക്കെ കാണണം..
കുറൂസ്‌ ഗുണപാഠകഥകള്‍ ഇറക്കി തുടങ്ങിയോ.
തലക്കെട്ട്‌ കണ്ടപ്പോള്‍ പദ്‌മിനി കോലാപ്പൂരീടെ ഓര്‍മ്മക്കുറിപ്പുകള്‍ ആണെന്ന് കരുതി...
നൂറേ നൂറില്‍ വിട്ടുപോരുകായിരുന്നു.
പദ്‌മിനിയൊക്കെ ഇപ്പഴും നാട്ടില്‍ കാണാം.
മിക്കതും പെട്രോള്‍ പാതി..മണ്ണെണ്ണ പാതി അളവിലാ ഓടുന്നത്‌...

മഴത്തുള്ളി said...

കുറുമാന്‍, ഈ പോസ്റ്റ് വായിക്കാന്‍ സമയം കിട്ടിയില്ല ;)

ഒരു പ്രിന്റെടുത്ത് വായിക്കാം ഇനി ;) ഹി ഹി.

Sabu Prayar said...

കൊള്ളാം..
വിശദമായ അഭിപ്രായത്തിന് ഇപ്പോള്‍ സമയമില്ല.

നിഷ്ക്കളങ്കന്‍ said...

കുറുമാന്റെ മുഖത്ത് റേഡിയേറ്റ‌റില്‍നിന്നും തിള‌ച്ചവെള്ള‌ം ചീറ്റി വീഴുന്ന കാര്യം വായിയ്ക്കാന്‍ കാത്തിരുന്നതായിരുന്നു ഞാന്‍. :)
ന‌ന്നായി കുറു‌മാന്‍!

ബാജി ഓടംവേലി said...

കുറുമാന് ചേട്ടാ...
പദ്മിനിയുടെ ഓര്‍മ്മകുറിപ്പുകള്‍
കൊള്ളാം

ആവനാഴി said...

വാക്കുകളെ എടുത്തു പന്താടാന്‍ പ്രഗല്‍ഭനായ കുറുമാനിക്ക ഇതാ തന്റെ അനുഭവം (എന്നാണു അവകാശപ്പെടുന്നത്. അതില്‍ സത്യമുണ്ണ്ടോ എന്നു ച്വാദിക്കരുത് കേട്ടാ!) വളരെ തരളകോമളമായും സരസസുന്ദരമായും അവതരിപ്പിച്ചിരിക്കുന്നു.

ആദ്യം ഒരു കഥാതന്തു കണ്ടു പിടിക്കുന്നു. പിന്നെ അതിനു ചോരയും നീരും വേണ്ടിടത്ത് മുഴുപ്പും കൂടെ കടക്കണ്ണേറും ലാസ്യഭാവവും കൊടുത്ത് ഒരു ഗജരാജവിരാജിതമന്ദഗതിയായ കഥാതരുണിയാക്കി രൂപാന്തരം വരുത്താനുള്ള‍ കുറുമാനിക്കയുടെ കരവിരുത് നിസ്തുലമാണു.

വായിച്ചു. നല്ല സുഖം തോന്നി.

സസ്നേഹം
ആവനാഴി.

പട്ടേരി l Patteri said...

ഹ ഹ ഹ...:)
ഗുണപാഠം : അറിയാത്ത കാര്യം അറിയില്ല എന്ന് പറയാനുള്ള ചങ്കുറ്റം കാണിച്ചാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ തലകുനിക്കേണ്ടിയും വരില്ല പഠിക്കാന്‍ ഒരവസരം നമുക്ക് കിട്ടുകയും ചെയ്യും!!!
തിരിച്ചായാലും പഠിക്കാന്‍ അവസരം കിട്ടും ... അങ്ങനെ പഠിച്ചത് മറക്കുകയുമില്ല അല്ലെ ? :D !!!


PS: ഈ പദ്മിനിയും ആ N.പ്രിമിറയും തമ്മില്‍ എനി റിലേഷന്‍ ? ആ Doമെനിക്കിനെ പോലെ ഈ D..ആകാഞ്ഞതു കാരണവന്മാരുടെ പുണ്യത്തിന്റെ ഫലം ;-)

ഇടിവാള്‍ said...

ഹഹ!

ഈയിടെയായി ഗുണപാഠകഥകളാണല്ലോ കുറുവിന്റെ ബ്ലോഗില്‍ കൂടുതലും ;)

വാളൂരാന്‍ said...

കുറുകുക്കുറൂ...
ഹഹ ആ പത്മിനിച്ചേച്ചിക്ക്‌ ലോകത്തിലെ ഏറ്റവും വല്യ റൗണ്ട്‌ എബൗട്ടിനു ചുറ്റും കിടന്നു കറങ്ങാനുള്ള ഭാഗ്യമുണ്ടായോ.....

പ്രയാസി said...

ഹാവൂ..ആശ്വാസമായീ..
നല്ലൊരു മെക്കാനിക്കിനെ തപ്പി നടക്കുകയായിരുന്നു..
റിഗ്ഗിലെ ഫോര്‍ക്കുലിഫ്റ്റിനു കുറച്ചു ദിവസമായി ഒരു വയ്യായ്ക..!
ഒരുകുപ്പി വെള്ളവും ഒരു ബക്കറ്റു ഓയിലും..ഛെ..!ഓയില്‍ കുഴിച്ചെടുത്തു തരാം എത്ര വേണൊങ്കിലും..
കുറുമാന്‍‌ജീ..അഡ്രസ്സ്,ഫോന്‍ നമ്പര്‍ പെട്ടെന്നു തരൂ..
ഇവരുടെ മുന്നില്‍ ഞാനൊരു മലയാളിയാണെന്നു അഭിമാനിക്കട്ടെ..!
കലക്കി...:)

ദില്‍ബാസുരന്‍ said...

ഇത് നന്നായി കുറുമയ്യാ. ഡൊമിനിക്ക് വയറിളക്കം വരേണ്ട ടൈമിങ് കലക്കി. :)

ശെഫി said...

കൊള്ളാം..

KuttanMenon said...

തലക്കെട്ട് കണ്ട് കയറിയതാ..
നന്നായിട്ടുണ്ട്.

ഏറനാടന്‍ said...

കുറുമാന്‍‌ജീ, ഈ പ്രഭാതത്തില്‍ വായിച്ച് ഗുണപാഠം ഉള്‍‌‌കൊണ്ടതില്‍ നന്ദി അറിയിക്കട്ടെ.. പത്മിനി ഒരു കാറ് ആയിരുന്നുവെങ്കിലും രസം മുറുകികൊണ്ടേയിരുന്നിരുന്നു... :)

അരവിന്ദ് :: aravind said...

കൊള്ളാം ! നന്നായിട്ടുണ്ട്! :-)
എന്നാലും അധികം ചിരിച്ചില്ല.
കാരണം, എഞ്ചിനോയില്‍ ഒരിക്കല്‍ ഒരുത്തന് വേണ്ടി ഒഴിച്ചത് ബ്രേക്ക് ഫ്ലൂയിഡിന്റെ അറയിലായി നല്ല നയണ്‍ വണ്‍ സിക്സ് തെറി കേള്‍ക്കേണ്ട അനുഭവം ഓര്‍മ വന്നു.കാറ് ബി എം ഡബ്ല്യൂ ആരുന്നു..ഞാന്‍ കാരണം എല്‍ ബി ഡബ്ല്യൂ ആയി!

kaithamullu : കൈതമുള്ള് said...

ഇത് വരെ ആരും കേറിയിറങ്ങാത്ത പദ്മിനി.
ആ ഹോണ്‍ പോലും വേറൊരാള്‍‍ അടിച്ചിട്ടിട്ടില്ലിത് വരേ...
കൊള്ളാം, ആ അവളാ കുറൂന്റെ 1500 ചിലവാക്കിച്ചത്!
(ഓയിലിനൊക്കെ ഇപ്പോ എന്താ വില?)

മന്‍സുര്‍ said...

കുറുമാന്‍ജീ...

നന്നായിരിക്കുന്നു ....ഇനിയും പോരട്ടെ..

നന്‍മകള്‍ നേരുന്നു

SAJAN | സാജന്‍ said...

എന്ത്യേ ഈ ബ്ലോഗ് ആദ്യം തുറന്നു വരില്ലായുരുന്നു?
ഞാന്‍ ഒരിക്കല്‍ ക്ലീക്കി, ശ്രമം ഉപേക്ഷിച്ച് പോയതായിരിന്നു, വായിച്ചില്ലെങ്കില്‍ നഷ്ടമായേനേ
നല്ല എഴുത്ത്, ഒരിക്കല്‍ കൂടെ:)

sreeshanthan said...

kuru, kalakki!!! pazhaya kuruman touch thirichu vannirikkunnu!! this is what we expect from u. ithu pole oru 10 ennam poratte!!! kalathu thanne nannayi chirichu!! by the way aaa padmini pinneedu odiyo?

sreeshanthan said...

തുറന്നൂഡാ എന്ന് ഡൊമിനി വിളിച്ച് പറഞ്ഞ പറഞ്ഞപ്പോള്‍ ബോണറ്റ് തുറക്കാനുള്ള സുനാള്‍ട്ട് കാണാതെ കൂരച്ച് തുടങ്ങിയ നെഞ്ച് വീണ്ടും വിരിച്ച് ഞാന്‍ പുറത്തിറങ്ങി.
njan veendum oru pravasyam koodi vayichu!!!

മഴത്തുള്ളി said...

കുറുമാന്‍ മാഷേ,

"ഐ എന്‍ എ മാര്‍ക്കറ്റിലായാലും, സരോജിനി നഗര്‍ മാര്‍ക്കറ്റിലായാലും, ആര്‍ കെ പുരം അയ്യപ്പ മന്ദിറിലായാലും, പാര്‍ക്കിങ്ങിലായാലും, പാര്‍ക്കിന്റെ മുന്‍പിലായാലും, സിനിമാ തിയറ്ററിനു മുന്‍പിലായാലും, എന്തിന് ബാറിന്റെ മുന്‍പില്‍ വച്ചു പോലും പദ്മിനിയെ കണ്ടാല്‍ ഞങ്ങള്‍ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു"

പദ്മിനിയെത്തപ്പി ഡല്‍ഹി മുഴുവന്‍ കറങ്ങിയിട്ടുണ്ടല്ലോ. ഇനിയും പോരട്ടെ ഡല്‍ഹിയിലെ വീരേതിഹാസകഥകള്‍ ;)

ഇതിലെ കോമഡികള്‍ വായിക്കുന്നതിന്റെ കൂടെ മാഷിന്റെ കാര്‍ട്ടൂണ്‍ കൂടി കാണുമ്പോള്‍ ആരും ചിരിച്ചുപോകും. ;)

ഇത്തിരിവെട്ടം said...

അരവിന്ദനപോലെ തന്നെ അധികം ചിരിക്കാന്‍ കഴിഞ്ഞില്ല... കാരണം ഇനി ഞാനും പറയണോ... :)

എന്റെ ഉപാസന said...

ഗുണപാഠം മറക്കല്ലെ കുറുമാന്‍‌ജി
കഥ പതിവ് പോലെ കലക്കി
:)
ഉപാസന

മുസാഫിര്‍ said...

കുറുമാന്‍ , തലക്കെട്ട് തെറ്റിദ്ധാരണാജനകമാണ്.ഞാന്‍ കരുതിയത് പഴയ കേസ് കെട്ട് വല്ലതുമാണെന്നാണ്.
എന്തായാലും കുറിപ്പ് രസകരമായിരുന്നു ട്ടോ.പാവം ഡൊമിനിയുടെ അച്ഛന് ഹാര്‍ട്ട് അറ്റാ‍ക്ക് വന്നതും പദ്മിനിയും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നു കരുതുന്നു.

കുതിരവട്ടന്‍ :: kuthiravattan said...

പദ്മിനിയെക്കുറിച്ചുള്ള വിവരണം ഇഷ്ടപ്പെട്ടു :-)