ചാടിയ ശക്തിയില്‍ വെള്ളത്തിലേക്ക് ഞാന്‍ താണുപോയി. ജലനിരപ്പിലേക്ക് പൊങ്ങി വന്നു ഞാന്‍ നീന്താന്‍ തുടങ്ങി. കൈകാലുകള്‍ വിജാരിച്ചതുപോലെ അനക്കാന്‍ ആകുന്നില്ല, കൈകാലുകള്‍ മഞ്ഞില്‍ ഉറഞ്ഞതുപോലെ. ശരീരമാകെ കോച്ചിവലിക്കാന്‍ തുടങ്ങി. ഇരുപതടിദൂരം പോലും നീന്തിയിട്ടില്ല, അപ്പോഴേക്കും ശരീരം മരവിക്കാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണുകളില്‍ ഇരുട്ട് പരക്കുന്നു. ഇല്ല, ഇരുനൂറ് മീറ്റര്‍ പോയിട്ട് ഒരു നൂറു മീറ്റര്‍ വരെ ഈ ഐസുവെള്ളത്തില്‍ നീന്താന്‍ സാധിക്കുകയില്ല. എങ്ങിനെയെങ്കിലും തിരിച്ചു നീന്തി കരയിലെത്തിയാല്‍ മതി എന്നു മാത്രമായി എന്റെ ചിന്ത.
ഞാന്‍ തിരിച്ചു നീന്താന്‍ തുടങ്ങി. ഇല്ല കൈകാലുകള്‍, അനക്കാന്‍ കഴിയുന്നില്ല, ഞാന്‍ വെള്ളത്തിലേക്ക് മുങ്ങാന്‍ തുടങ്ങി. കരക്കു നിന്നുകൊണ്ട് അവര്‍ എന്തെല്ലാമോ വിളിച്ചു പറയുന്നുണ്ട്. ഒരു മൂളലല്ലാതെ എന്താണവര്‍ പറയുന്നതെന്നെനിക്കു കേള്‍ക്കുന്നുണ്ടായിരുന്നില്ല. തണുത്തവെള്ളത്തില്‍ ഉറഞ്ഞ് ഞാന്‍ മരിക്കുമോ എന്നു വരെ എനിക്ക് തോന്നി. സര്‍വ്വ ശക്തിയും സംഭരിച്ച്കൊണ്ട് കൈകാലുകള്‍ മാറി മാറി ഞാന്‍ തുഴഞ്ഞു. കരക്കെത്താറായതും, മൂന്നു പേരും ചേര്‍ന്ന് എന്റെ കൈകളില്‍ പിടിച്ച് വലിച്ചെന്നെ കരകയറ്റി.
പിയര്‍,ബാഗു തുറന്ന്, ഞാന്‍ മുന്‍പ് ധരിച്ചിരുന്ന വസ്ത്രങ്ങളും, ബാത് ടൌവ്വലും പുറത്തെടുത്ത് എനിക്ക് നല്‍കി. കണ്ണെല്ലാം കലങ്ങിയിരിക്കുന്നതു കാരണം കാഴ്ചയും മങ്ങി തന്നെ. വളരെ പെട്ടെന്നു തന്നെ ഞാന്‍ ശരീരത്തിലുള്ള വെള്ളം തുടച്ച് മാറ്റി, വസ്ത്രം ധരിച്ചു. തണുപ്പു കാരണം കൈയ്യെല്ലാം, വെറുങ്ങലിച്ചിരിക്കുകയാണ്. പല്ലുകള്‍ കൂട്ടിയിടിക്കുന്നത് നിറുത്താനേ പറ്റുന്നില്ല. ബാഗില്‍ നിന്നും ബാഗ്പൈപ്പറിന്റെ കുപ്പിയെടുത്ത് വായിലേക്ക് നേരെ കമഴ്ത്തി. ജീവിതത്തില്‍ ആദ്യമായാണ് വെള്ളമൊഴിക്കാതെ കഴിക്കുന്നത്. എന്നാലും ആ തണുപ്പില്‍ നിന്നും, പല്ലു കൂട്ടിയിടിക്കുന്നതില്‍ നിന്നും രക്ഷ നേടാന്‍ അതല്ലാതെ വേറെന്താശ്രയം? കുപ്പി ഞാന്‍ പിയറിന്നു കൈമാറി. സ്നേഹപൂര്‍വ്വം അവര്‍ അത് നിഷേധിച്ചു (എന്റെ ഭാഗ്യം).
നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞ്, അതും, ടൌവ്വലും കൂടി ഒരു കവറിലിട്ട് ബാഗില്‍ വച്ചു, ഒപ്പം കുപ്പിയും. സ്വിറ്റ്സര്‍ലന്റ് മോഹങ്ങള്‍ ഇതോടെ കരിഞ്ഞുണങ്ങി, പിന്നെന്തിന്ന് ഈ തണുപ്പത്ത്, റൈന്‍ നദിക്കരയില്‍ വെറുതെ കാറ്റു കൊണ്ട് നില്‍ക്കണം? പിയര്‍ വരൂ നമുക്ക് എന്തായാലും ഇവിടെ നിന്നു പോകാം. നാലുപേരും ചേര്‍ന്ന് മുകളിലേക്ക് കയറി റോഡില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വണ്ടിയുടേ അരികിലെത്തി.
ഇനിയെന്താണു കുറുമാന്‍ പരിപാടി?
എന്തായാലും സ്വിസ്സ് പരിപാടി ഫ്ലോപ്പായി. ഭാഷയുടെ പ്രശ്നങ്ങള്‍ വച്ചു നോക്കിയാല്‍, ഫ്രാന്‍സില്‍ എന്തെങ്കിലും ചെയ്യാനോ, താമസിക്കാനോ താത്പര്യം തോന്നുന്നില്ല. ആ സ്ഥിതിക്ക് ജര്‍മ്മനിയിലേക്ക് പോകണം എന്നു കരുതുന്നു.
ഈ രാത്രിയില്‍ എന്തായാലും ജര്‍മ്മനിയില്‍ പോയിട്ട് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല, മാത്രമല്ല, ട്രെയിന്‍ എല്ലാം പിടിച്ച് അങ്ങെത്തിയാലും പാതിരാത്രി കഴിഞ്ഞിരിക്കും. ആയതിനാല്‍ ഇന്ന് രാത്രി ഇവിടെ തങ്ങി, നാളെ താങ്കള്‍ക്കു ജര്‍മ്മനിയില്‍ പോകാമല്ലോ?
അതെ നല്ല ആശയം തന്നെ പിയര്‍. പക്ഷെ നിനക്കറിയുമോ, എന്റെ കയ്യില്‍ അതികം പണമില്ല. ഉണ്ടായിരുന്നതില്‍ തരക്കേടില്ലാത്ത ഒരു പങ്ക്, പാരിസിലെ ഹോട്ടലിലും, പിന്നെ ഇങ്ങോട്ടുള്ള യാത്രയിലും ചിലവായി. ഇനി ഉള്ള പണം സൂക്ഷിച്ചു ചിലവാക്കിയില്ലെങ്കില്‍, ജര്‍മ്മനിയിലെത്താന്‍ പോലും എന്റെ കയ്യില്‍ പണം കാണില്ല. അതിനാല്‍ ഏറ്റവും ചീപ്പായ ഒരു ഹോട്ടല്‍ എനിക്കു വേണ്ടി നിങ്ങള്‍ കണ്ടു പിടിച്ചു തരാമോ? മാത്രമല്ല, നിങ്ങളും കൂടി എന്റെ കൂടെ തങ്ങുകയാണെങ്കില്‍, രാത്രി നമുക്ക് കയ്യിലുള്ള കുപ്പിയെല്ലാം കഴിച്ച്, എന്തെങ്കിലും ഭക്ഷണവും കഴിച്ച് സുഖമായി ചിലവഴിക്കാം.
പിയര്‍ വീണ്ടും ശബ്ദം താഴ്ത്തി അവരോടു രണ്ടു പേരോടുമായി എന്തെല്ലാമോ ഫ്രെഞ്ചില്‍ സംസാരിച്ചു. ദൈവമേ, പൈസയതികം ഇല്ല എന്നു പറഞ്ഞതിന്നു എന്നെ കളിയാക്കുകയാണോ അവര്‍. ഓ, ആയിരിക്കാന്‍ വഴിയില്ല. ഒരു കാപ്പി കൂടി കഴിക്കാന്‍ പൈസയില്ലാതിരിക്കുന്നവരാണിവര്‍, ഞാന്‍ സ്വയം ആശ്വസിച്ചു, അല്ലെങ്കില്‍ എന്റെ മനസ്സിനെ ആശ്വസിപ്പിച്ചു.
കുറുമാന്‍ താങ്കള്‍ക്ക് ഹോട്ടലില്‍ തന്നെ തങ്ങണമെന്നു നിര്‍ബന്ധമാണോ? അതോ എവിടെയെങ്കിലും തണുപ്പടിക്കാതെ കിടന്നാല്‍ മതിയോ?
പിയര്‍, തണുപ്പടിക്കാത്ത , കാറ്റടിക്കാത്ത ഒരു സ്ഥലം, അതിനി കാലിതൊഴുത്തായാല്‍ കൂടി കുഴപ്പമില്ല. എന്റെ കയ്യില്‍ ബെഡ് സ്പ്രെഡും, ബ്ലാങ്കറ്റും ഉണ്ട്.
ശരി, കാറില്‍ കയറൂ. എല്ലാവരും കാറില്‍ കയറിയതും, അഡ്രിന്‍ വണ്ടി മുന്നോട്ടെടുത്തു. വീണ്ടും ഒരു അരമണിക്കൂറിലതികമുള്ള യാത്ര. രാത്രിയായതിനാല്‍, ചുറ്റുവട്ടമുള്ള കാഴ്ചകളൊന്നും കാണാന്‍ പറ്റുന്നില്ല, മാത്രമല്ല കാഴ്ച കാണാനുള്ള ഒരു ശാരീരിക, മാനസിക അവസ്ഥയിലല്ലായിരുന്നു ഞാന്‍. തണുത്ത വെള്ളത്തില്‍ ചാടിയതിനാലായിരിക്കണം, ശരീരത്തിന്നു ചെറിയ ഒരു പനി ലക്ഷണം. കാര്‍ ഒരു ഇടത്തരം വീടിന്റെ മുന്‍പില്‍ നിന്നു. പിയര്‍ ഇറങ്ങി പുറത്ത് പോയി. പിന്നെ തിരിച്ചു വന്നതു ഒരു ഇരുപത് മിനിട്ടിന്നു ശേഷമാണ്. വന്നതും എന്നോട് ചോദിച്ചു, കാര്‍ ഗാരേജില്‍ കിടക്കാന്‍ കുഴപ്പമുണ്ടോ?
ശ്മശാനത്തിലെ ഒരു കല്ലറ കിട്ടിയാലും, അതില്‍ കയറി കിടക്കാമെന്നുള്ള അവസ്ഥയിലാണു ഞാന്‍ നില്‍ക്കുന്നത്. പിന്നെയാണോ ഗാരേജ്.
ഒരു കുഴപ്പവുമില്ല പിയര്‍. കാശ് എത്ര കൊടുക്കേണ്ടി വരും?
കാശോ, കാര്‍ ഗാരേജില്‍ കിടക്കാനോ? ഒന്നും വേണ്ട. ഇത് എന്റെ ഗേള്‍ഫ്രെണ്ടിന്റെ വീടാണ്. അവളും അവളുടെ മമ്മിയും മാത്രമാണ് താമസം. ഒരു കാറുള്ളത് ഗാരേജില്‍ നിന്നും പുറത്തെടുത്താല്‍ നമുക്ക് രണ്ട് പേര്‍ക്കും ഇവിടെ കിടക്കാം.
അല്ല പിയര്‍ നീ എനിക്കു വേണ്ടി ബുദ്ധിമുട്ടണമെന്നില്ല. നീ സുഖമായി നിന്റെ വീട്ടില്‍ പോയി കിടന്നുകൊള്ളുക. രാവിലെ വന്നാല്‍ മതി.
ഹും, സുഖം. ആ വാക്കിന്റെ അര്‍ത്ഥം എനിക്കറിയില്ല കുറുമാന്‍. പറയാനാണെങ്കില്‍ ഒരുപാടതികം പറയേണ്ടി വരും. അതിലും നല്ലത് പറയാതിരിക്കുന്നതാണ്. അപ്പോ എന്തായാലും, നമ്മള്‍ ഇന്നിവിടെ തങ്ങുന്നു. നാളെ രാവിലെ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം.
അഡ്രിനും, മാര്‍ട്ടിനും, യാത്രപറഞ്ഞ് കാറില്‍ കയറി പോയി. ഞാനും, പിയറും മാത്രം ആ ഗാരേജിന്നു മുന്‍പില്‍ തനിച്ചായി.
ഗാരേജിന്റെ വാതിലുകള്‍ മലക്കെ തുറന്ന്, പിയര്‍ ഉള്ളിലുണ്ടായിരുന്ന കാറെടുത്ത് മുന്‍പില്‍ റോഡിന്റെ ഒരരികിലായിട്ടു, പിന്നെ അവന്‍ തന്നെ, ഗാരേജിലുണ്ടായിരുന്ന ടയറുകളും, മറ്റു ടൂള്‍സുകളും ഒരു മൂലക്കായി അടുക്കി വച്ചതിന്നു ശേഷം ഒരു ക്ലീനിങ്ങ് ബ്രഷ് ഉപയോഗിച്ച് ഗാരേജ് മൊത്തമായും ക്ലീന്‍ ചെയ്തു.
എന്റെ ബാഗ് ഞാന്‍ ഗാരേജിന്റെ ഒരു മൂലക്ക് വച്ചു. പിന്നെ അതില്‍ നിന്നും ബെഡ് സ്പ്രെഡ് എടുത്ത് വിരിച്ചു. ഒപ്പം ബ്ലാങ്കറ്റും എടുത്ത് നീര്‍ത്തിയിട്ടു.
പിയര്‍, നന്നായി വിശക്കുന്നു. ഇന്ന് രാവിലെ ഭക്ഷണം കഴിച്ചതാണു. പിന്നെ ആകെ കഴിച്ചിരിക്കുന്നത്, ബിയറും, വിസ്കിയും, മാത്രം.
എനിക്കും, വിശക്കുന്നുണ്ട്. വരൂ നമുക്ക് പോയി ഭക്ഷണം കഴിച്ചിട്ട് വരാം. അതികം പൈസയൊന്നുമാകില്ല.
പക്ഷെ പോകുന്നതിന്നു മുന്‍പ് നമുക്ക് ഒന്നു രണ്ടു ഡ്രിങ്ക്സ് കഴിച്ചു കൂടെ? അപ്പോള്‍ തണുപ്പിനും, ഒരു ശമനം കിട്ടില്ലെ?
വെറും വയറ്റിലോ? വേണ്ട, നമുക്ക് പോയി ഭക്ഷണം കഴിച്ചിട്ട് വരാം, അതിന്നു ശേഷം രാത്രി മൊത്തമുണ്ടല്ലോ, നമുക്കിരുന്നു കുടിക്കാം.
ശരി, ഭക്ഷണത്തിന്നു ശേഷം സ്മാള്‍ അടിക്കുന്ന ശീലമില്ലെങ്കിലും ഞാന്‍ സമ്മതിച്ചു.
ഗാരേജിന്റെ വാതിലുകള്‍ അടച്ച്, താഴിട്ടു പൂട്ടി ഞങ്ങള്‍ ഇറങ്ങി. ഒരുകിലോമീറ്റര്‍ ദൂരത്തോളം തണുത്ത കാറ്റുമേറ്റ് നടന്നു. അതികം ആള്‍ തിരക്കില്ലാത്ത ഒരു കടയില്‍ കയറി അവന്‍ എന്തോ ഓര്‍ഡര്‍ ചെയ്തു. നീളമുള്ള ബണ്ണിനുള്ളില്‍, മൊരിയിച്ച കോഴികഷണങ്ങള്‍ നിറച്ച സാന്റ് വിച്ച് രണ്ടെണ്ണം അവന്‍ വാങ്ങി. പൈസ അവന്‍ കൊടുക്കാം എന്നു പറഞ്ഞിട്ടും, നിര്‍ബന്ധിച്ച് ഞാന്‍ തന്നെ കൊടുത്തു. ഒരെണ്ണം അവനും, ഒരെണ്ണം ഞാനും കഴിച്ചു. നല്ല സ്വാദ്. ഉച്ചക്കൊന്നും കഴിച്ചിട്ടില്ലാത്തതിനാലും, വയര്‍ വിശന്നു പൊരിയുന്നതിനാലുമാകാം,
പിന്നേയും രണ്ടു പേര്‍ക്കും ഓരോന്നു വീതം വാങ്ങാന്‍ പറഞ്ഞ് ഞാന്‍ അവനു ഫ്രാങ്കെടുത്ത് നല്‍കി. അതും കൂടെ കഴിച്ചപ്പോള്‍, തലക്കുണ്ടായിരുന്ന കനം ഒന്നു പോയി കിട്ടി, ഒപ്പം തണുപ്പിനൊരു ശാന്തിയും.
ഡിന്നര്‍ കഴിഞ്ഞതും, കാലുകള്‍ വലിച്ചു വച്ചു നടന്നു ഗാരേജിലേക്ക്. പത്തു-പതിഞ്ചുമിനിറ്റിന്നകം തന്നെ ഗാരേജില്‍ ഞങ്ങളെത്തി ചേര്‍ന്നു. വാതില്‍ തുറന്ന് അകത്തു കയറി. ഇപ്പോള്‍ വരാം എന്നെന്നോട് പറഞ്ഞ് അവന്‍ വാതില്‍ ചാരി പുറത്തേക്ക് പോയി. പിന്നെ തിരിച്ചു വന്നത് ഒരരമണിക്കൂര്‍ നേരം കഴിഞ്ഞപ്പോഴാണ്. വന്നപ്പോള്‍, കയ്യില്‍ ഒരു കുപ്പി വെള്ളവും, രണ്ട് ചില്ല് ഗ്ലാസ്സുകളുമുണ്ടായിരുന്നു.
വിരിച്ചിട്ട ബെഡ് സ്പ്രെഡില്‍ ഇരുന്ന്, തണുപ്പിനെ ആട്ടിയകറ്റാനായി ഗ്ലാസുകള്‍ ഞങ്ങള്‍ പല തവണ നിറച്ചു. മനസ്സു തുറന്നന്വോന്യം സംസാരിച്ചു. ഫ്രെഞ്ച് സിറ്റിസണ്‍ ആയ അവനെക്കാളേറെ എത്ര നല്ലതാണ് എന്റെ ജീവിതം, അല്ലെങ്കില്‍ എന്റെ രാജ്യത്തിന്റെ സംസ്കാരം, അല്ലെങ്കില്‍ നമ്മുടെ മാതാപിതാക്കളില്‍ നിന്നും കിട്ടുന്ന സ്നേഹം എന്നെല്ലാം ഞാന്‍ അവനുമായുണ്ടായ സംഭാഷണത്തിലൂടെ മനസ്സിലാക്കി അല്ലെങ്കില്‍ തിരിച്ചറിഞ്ഞു.
രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. കുറുമാന്‍, ഗെറ്റ് അപ് മാന്‍. റ്റൈം ഈസ് റ്റുവല്‍ക്ലോക്ക് നൌ. കണ്ണു ചിമ്മി തുറന്നപ്പോള്‍, പിയര്‍ മാത്രമല്ല, അഡ്രിനും, മാര്‍ട്ടിനും എല്ലാം ഗാരേജിലുണ്ട്.
വി വില്‍ ഗോറ്റു ദ ട്രെയിന്‍ സ്റ്റേഷന്‍ ഫസ്റ്റ് ആന്റ് വില്‍ ഗെറ്റ് റെഡി. ദെന്‍ വി വില്‍ ഡിസൈഡ് വാട് ടു ഡു നെക്സ്റ്റ്, കാലിയായ ഗ്ലാസ്സും, കുപ്പിയും എടുത്ത് കയ്യില്‍ വച്ച് പിയര്‍ പറഞ്ഞു, പിന്നെയവന്‍ പുറത്തേക്കിറങ്ങി പോയി.
കിടക്കവിരിയും, ബ്ലാങ്കറ്റും, എല്ലാം മടക്കി ബാഗില്‍ വച്ചു കഴിഞ്ഞപ്പോഴേക്കും, പിയര്‍ ഗ്ലാസ്സും, മറ്റും വച്ച് തിരിച്ചു വന്നു. ഗാരേജ് പൂട്ടി. വണ്ടിയും കൊണ്ട് അവന്റെ ഗേള്‍ ഫ്രെന്റോ, അതോ അവരുടെ അമ്മയോ പുറത്ത് പോയിരിക്കണം.
അഡ്രിനും വണ്ടി കൊണ്ടു വന്നിരുന്നില്ല. അതിനാല്‍, ഞങ്ങള്‍ കാല്‍ നടയായി, അടുത്തുള്ള ട്രെയിന്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. പത്തു മിനിറ്റിനകം തന്നെ സ്റ്റേഷനിലെത്തി. വാഷ് റൂമില്‍ കയറി ഞാന്‍ പല്ലുതേപ്പ്, മറ്റു കാര്യങ്ങള്‍ എല്ലാം നടത്തി. കുളി ഇനി തല്‍ക്കാലം വേണ്ട എന്നു തീരുമാനിച്ചിരുന്നതിനാല്‍ പെട്ടെന്നു തന്നെ പുറത്തിറങ്ങി.
സ്റ്റേഷനില്‍ തന്നെ ഉണ്ടായിരുന്ന കടയില്‍ നിന്നും അഡ്രിന്‍ നാലു സോസേജ് സാന്റ് വിച്ചുകള്‍ വാങ്ങി. പൈസ ഞാന്‍ കൊടുക്കാം എന്നു പറഞ്ഞിട്ടും അവര്‍ മൂവരും സമ്മതിച്ചില്ല.
ബ്രേക്ക് ഫാസ്റ്റ് അഥവാ ലഞ്ച് കഴിച്ചു കഴിഞ്ഞതും, പിയര്‍ പറഞ്ഞു, നിനക്കിനി ജെര്‍മ്മനിയിലേക്കല്ലെ പോകേണ്ടത്, ട്രെയിനില്‍ പോയാല്‍, ഒരു പാടു പൈസയാകും. വരൂ വഴിയുണ്ടാക്കാം എന്നു പറഞ്ഞ്, മുകളിലുള്ള ബസ്സ് സ്റ്റോപ്പിലേക്ക് എന്നെയും കൂട്ടി നടന്നു.
പത്ത് മിനിട്ടു നേരത്തെ കാത്തിരിപ്പിന്നു ശേഷം ഒരു ഡബ്ബിള്‍ ഡക്കര്‍ ബസ്സ് വന്ന് നിന്നു. ഓടിക്കുന്നതോ, ഒരു അമ്മൂമ്മയും. എനിക്കാകെ അത്ഭുതം. ആ പ്രായത്തിലുള്ള അമ്മൂമ്മമാരെ, നമ്മുടെ നാട്ടില്‍ ഞാന്‍ പള്ളിയിലും, അമ്പലത്തിലും മറ്റുമേ കണ്ടിട്ടുള്ളൂ. ഇതിപ്പോ, ഒരു ഡബിള്‍ ഡക്കര്‍ ബസ്സും ഓടിച്ച്!
എന്റെ കയ്യില്‍ നിന്നും ഫ്രാങ്ക് വാങ്ങി പിയര്‍ നാലു ടിക്കറ്റെടുത്തു. ബാക്കി പൈസ എനിക്കു തിരിച്ചു തന്നു. നാല്പതു മിനിറ്റോളം ബസ്സില്‍ യാത്ര ചെയ്തതിന്നു ശേഷം ബസ്സിന്റെ അവസാന സ്റ്റോപ്പില്‍ ഞങ്ങളെല്ലാം ഇറങ്ങി. പിന്നെ കാല്‍ നടയായി ഒരു കിലോമീറ്ററോളം ദൂരം നടന്നു. നടന്നു ചെന്നെത്തിയത് ഫ്രാന്‍സ്-ജെര്‍മ്മനി നാഷണല്‍ ഹൈവേയിലാണ്. റോഡിന്റെ അരികില്‍ ചേര്‍ത്തി നിര്‍ത്തിയിരിക്കുന്ന നൂറുകണക്കിന്നു ട്രക്കുകള്‍, ട്രെയിലറുകള്‍.
എന്നെയും, മാര്‍ട്ടിനേയും, അവിടെ നിറുത്തികൊണ്ട്, പിയറും, അഡ്രിനും നടന്നു നീങ്ങി. അഞ്ച് മിനിറ്റിന്നുള്ളില്‍ തന്നെ അവര്‍ തിരിച്ചു വന്നു. കുറുമാന്‍, ഫ്രാങ്ക് ഫര്‍ട്ടിലേക്കുള്ള ഒരു വണ്ടി ശരിയാക്കിയിട്ടുണ്ട്. താങ്കള്‍ക്കതില്‍ പോകാം. ഫ്രാങ്കൊന്നും കൊടുക്കുകയും വേണ്ട. വരൂ, നമുക്ക് വേഗം അവിടെ എത്താം, വണ്ടികള്‍ പോകാന്‍ തുടങ്ങി.
ബാഗുമെടുത്ത് തോളില്‍ തൂക്കി ഞാന്‍ അവര്‍ക്കു പിന്‍പെ നടന്നു. ഒരു വണ്ടിക്കരികെ അവര്‍ നിന്നതും, വണ്ടിയുടെ ഡോര്‍ തുറന്നൊരു സ്ത്രീയിറങ്ങി. ഒരു മുപ്പത്തഞ്ച്-നാല്പത് വയസ്സിനിടയില്‍ പ്രായം. പിയര്‍ അവരോടെന്തോ പറഞ്ഞു. അവര്‍ എനിക്കു കൈ തന്നു. പിന്നെ പറഞ്ഞു ബോണ്‍ ജോര്‍. ഒന്നും മിണ്ടാതെ, ഒരു പുഞ്ചിരി ഞാന്‍ അവര്‍ക്ക് തിരിച്ചു നല്‍കി.
കയറികൊള്ളൂ. പിയര്‍ എന്നോട് പറഞ്ഞു. അഡ്രിനും, മാര്‍ട്ടിനും, ഞാന്‍ ഷേക്ക് ഹാന്റ് നല്‍കി. പിന്നെ പിയറും ഞാനും പരസ്പരം കെട്ടിപിടിച്ചു. സ്വന്തം സഹോദരനെ പോലെ കണ്ടപ്പോള്‍ മുതല്‍ എന്നെ കരുതിയതവനാണ്. യാത്ര പറഞ്ഞപ്പോള്‍, ഞങ്ങളുടെ രണ്ടു പേരുടേയും കണ്ണില്‍ നിന്നും കാരണമില്ലാതെ തന്നെ കണ്ണുനീര്‍ പൊടിഞ്ഞിരുന്നു.
വലതു വശത്തെ ഡോര്‍ തുറന്ന്‍, ചവിട്ടാനുള്ള പടിയില്‍ ചവുട്ടി കയറി 40 ഫീറ്റ് കണ്ടേയ്നര്‍ ചുമക്കുന്ന ആ വലിയ ട്രക്കിന്റെ ഉള്ളില്‍ ഞാന്‍ കയറി ഇരുന്നു. ഇടത്തു വശത്തൂ കൂടെ മദാമ്മയും. റോഡിന്റെ അങ്ങേ തലക്കല്‍ ചെന്ന് ട്രക്ക് തിരിയുന്നതുവരെ, മൂന്നുപേരും കൈ വീശി കാണിക്കുന്നത് ഞാന്‍ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു. എന്തോ സ്വന്തം കുടുംബാങ്ങളെ പിരിയുന്ന ഒരു തരം വേദനയായിരുന്നു എന്റെ മനസ്സിലപ്പോള്‍.
ഹലോ, ഹൈ, ഹൌ ആര്‍ യു, എന്ന് വണ്ടിയില്‍ കയറിയപ്പോള്‍ എന്നോട് ചൊദിച്ചതിന്നു ശേഷം ഒരക്ഷരം പോലും ആ മദാമ്മ എന്നോട് സംസാരിച്ചിട്ടില്ല. മദാമ്മയുടെ കൂടെ യാത്രയാരംഭിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. പൊതുവെ തുറന്ന വായ അടക്കാത്ത എനിക്ക് എന്തോ ഒരു വിമ്മിഷ്ടം. ഇടക്കിടെ ഫ്രെഞ്ചില്‍ എന്നോടെന്തെങ്കിലും ചോദിക്കും അതു തന്നെ വളരെ ആശ്വാസം. ഒന്നുമില്ലെങ്കിലും നിശബ്ദതയുടെ ഭീകരത സഹിക്കേണ്ടല്ലോ. അവര്‍ക്ക് ഇംഗ്ലീഷ് വശമില്ല എന്നെനിക്കു മനസ്സിലായി. ഇന്ത്യന്‍ സിഗറെറ്റുന്നു പറഞ്ഞു നല്‍കിയ വിത്സ് അവര്‍ എന്റെ കയ്യില്‍ നിന്നും വാങ്ങി ഇടക്കിടെ വലിച്ചിരുന്നു. പല സ്ഥലങ്ങളിലും അരമണിക്കൂര്‍ നേരത്തേക്ക് ട്രക്ക് നിറുത്തിയിടേണ്ടിയും വന്നു.
സമയം, സന്ധ്യയായി, ഇരുട്ടി. തണുപ്പിന്നു ശക്തിയേറിയിരിക്കുന്നു. ഫ്രാന്‍സ് - ജെര്‍മ്മനി ബോര്‍ഡറില്‍ വച്ച് വണ്ടി നിറുത്തിയിരുന്ന സമയത്ത്, ഒരു ചെക്ക് പോസ്റ്റില്‍, പോലീസുകാര്‍ ആദ്യമായി എന്റെ പാസ്പോര്‍ട്ട് ചോദിച്ചു. ഒന്നും പറയാതെ, വിസയടിച്ചിരുന്ന പേജില്‍ ഒരു സ്റ്റാമ്പുമടിച്ച് അവര്‍ ഞങ്ങളെ യാത്രയാക്കി.
ട്രക്ക്, വീണ്ടും, തന്റെ പ്രയാണം ആരംഭിച്ചു. പിന്നേയും, നിറുത്തിയും, നിറുത്താതേയുമുള്ള യാത്രക്കൊടുവില്‍ ഒരു സ്ഥലത്ത് ട്രക്ക് നിറുത്തി അവര്‍ എന്നോട് പറഞ്ഞു. ദിസ് ഇസ് ഔട്ടര്‍ ഫ്രാങ്ക് ഫര്‍ട്ട് റോഡ്. ടേക്ക് അ ടാക്സി ടു ഫ്രാങ്ക്ഫര്‍ട്ട് സിറ്റി ഫ്രം ഹിയര്‍. സീ യു. അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബാഗുമെടുത്ത് ഞാന്‍ ഇറങ്ങി.
ഇറങ്ങിയതിന്നു ശേഷം മാത്രമാണു അവര്‍ക്ക് ഇംഗ്ലീഷ് അറിയാമെന്ന് എനിക്കു മനസ്സിലായത്. സമയം ഒമ്പതുമണികഴിഞ്ഞിരിക്കുന്നു. അവര്‍ പറഞതു പോലെ തന്നെ, ഒരു ടാക്സിയില്‍ കയറി ഞാന്‍ പറഞ്ഞു, ഫ്രാങ്ക് ഫര്‍ട്ട് സിറ്റി.
Friday, December 01, 2006
Subscribe to:
Posts (Atom)
