Tuesday, July 03, 2007

അയ്യപ്പന്റെ മീന്‍ പിടുത്തം

സംഭവം നടക്കുന്നത് അഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ വച്ചാണ്. അന്ന് ഞാനും, എന്റെ നല്ല പാതിയും യാതൊരു വിധ അല്ലലുകളും ഇല്ലാതെ താമസിക്കുന്ന സുവര്‍ണ്ണ കാലഘട്ടം. ഓഫീലെ അല്ലറ ചില്ലറ പണികളൊക്കെ ചെയ്യുന്നതിനു പുറമെ ഉണ്ടായിരുന്ന ഭാരിച്ച ജോലി, സമയാ സമയത്തിനു നല്ല പാതി ഉണ്ടാക്കിതരുന്ന ഭക്ഷണം കഴിച്ച് ശരീരത്തിനെ പുഷ്ടിപെടുത്തുക എന്നത് മാത്രം. ചുരുക്കം പറഞ്ഞാല്‍, തിന്നും കുടിച്ചും, വയറിലെ മസ്സിലുകളെ ബലപെടുത്തുക അത്ര തന്നെ (അസൂയക്കാര്‍ അതിനെ കുടവയറെന്ന് പറയുന്നതെന്ത് വിഡ്ഡിത്തരമാണെന്നാലോചിച്ചിട്ട് എനിക്കിപ്പോഴും ഒരു പിടിയുമില്ല).

അന്ന് ഇന്നത്തെ പോലെ മലയാളം ബ്ലോഗിങ്ങൊന്നും ഇല്ലാതിരുന്നതിനാല്‍ നല്ല മനസ്സമാധാനം, നല്ല സുഹൃദ് ബന്ധങ്ങള്‍ (ബ്ലോഗില്‍ വന്നതിനുശേഷം ആരാ പിന്നീന്ന് കുത്ത്വാന്ന് പറയാന്‍ പറ്റാത്ത ഭീകരാവസ്ഥ, എപ്പോ എവിടുന്ന്/ആരുടേന്ന് കിട്ടീന്ന് ചോദിച്ചാല്‍ മതി), സന്തോഷകരമായ കുടുംബ ജീവിതം, ഇഷ്ടം പോലെ ഒഴിവു സമയം. നല്ല പാതിക്ക് മിച്ച സമയത്തിന്റെ ഭൂരിഭാഗവും കൊടുത്താലും അക്ഷയ പാത്രം പോലെ ഇഷ്ടം പോലെ സമയം പിന്നേം ബാക്കി.

അങ്ങനെ മിച്ചം വരുന്ന സമയങ്ങളിലെ, പ്രത്യേകിച്ചും വീക്കെന്റുകളിലെ ബോറഡി മാറ്റാന്‍ ഉതകുന്ന ഒരു ഹോബി കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായി വന്ന ഒരു ഘട്ടത്തില്‍ ഞാനും എന്റെ സുഹൃത്തായ ടെരന്‍സും കൂടി ഒരു മേശക്കും, കുപ്പിക്കും അപ്പുറവും, ഇപ്പുറവുമിരുന്ന് കൂലുങ്കഷമായി ചിന്തിക്കാന്‍ തുടങ്ങി.

ഗോള്‍ഫ് - ടെരന്‍സ് ആശയം പുറത്തെടുത്തു.

ഏയ്, അതു വേണ്ട. അതൊരുജാതി കാല്‍ കാശിനു വകയില്ലാത്ത തെണ്ടിപിള്ളാരു കളിക്കണ കളി.

എങ്കില്‍ സ്നൂക്കര്‍ ആയാലോ? അടുത്ത ആശയം ടെരന്‍സ് പുറത്തെടുത്തു.

സ്നൂക്കര്‍ കുഴപ്പമില്ല, പക്ഷെ എനിക്ക് കളിക്കാന്‍ അറിയില്ല, അതിനാല്‍ അതും വേണ്ട.

ചെസ്സ് കളിക്കാം എങ്കില്‍ - മേശപുറത്തിരിക്കുന്ന കുപ്പിയെടുത്ത് അവന്റെ തലക്കടിച്ച് കൊന്നിട്ട് ജയിലില്‍ പോയാല്‍ സമയം പോകാതിരിക്കുന്ന പ്രശ്നമേ വരില്ല എന്ന് മനസ്സില്‍ തോന്നിയെങ്കിലും, വികാരത്തെ വിവേകം കൊണ്ട് അടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു, ചെസ്സ് കളിച്ചാല്‍, ബുദ്ധിയും, ഓര്‍മ്മശക്തിയും ഒക്കെ വളരെ വര്‍ദ്ധിക്കും. ഉള്ള ബുദ്ധിയും, ഓര്‍മ്മ ശക്തിയും തന്നെ പാരയായിരിക്കുന്ന സമയത്താ അവന്റെ ഒരു ചെസ്സ് കളി. അതു വേണ്ടേ വേണ്ട.

എങ്കില്‍ നീ പറ. മേശപുറത്തിരുന്ന ഗ്ലാസെടുത്ത് വായിലോട്ട് കമഴ്ത്തി അല്പം ചൂടായി തന്നെ ടെരന്‍സ് പറഞ്ഞു.

ചൂണ്ടാന്‍ പോയാലോ? അല്പം മടിച്ച് മടിച്ച് ഞാന്‍ പറഞ്ഞു .

യൂ മീന്‍ ഫിഷിങ്ങ്?

യെസ്, ഫിഷിങ്ങ്.

വൌ ഗ്രേറ്റ് ഐഡിയ! കൊടു കൈ.

ഞാനും ടെരന്‍സും അപ്പോള്‍ തന്നെ വണ്ടിയെടുത്ത് ദേറ സിറ്റി സെന്ററില്‍ (ഇപ്പോഴത്തെ കാര്‍ഫോര്‍) പോയി, ഇരുന്നൂറോളം ദിര്‍ഹം മുടക്കി രണ്ട് ഫിഷിങ്ങ് റോഡുകളും, റീലുകളും, ആവശ്യത്തിലധികം ചൂണ്ടകൊളുത്തുകളും ഒക്കെ വാങ്ങി വന്നു. ഇനിയും രണ്ട് ദിവസം കഴിയണം വീക്കെന്റാകാന്‍. രണ്ട് ദിവസത്തിന് ഏതാണ്ട് മൂന്നു മൂന്നര ദിവസത്തിന്റെ ദൈര്‍ഘ്യം അനുഭവപെട്ടെങ്കിലും വ്യാഴാഴ്ച രാത്രി വന്ന് ചേര്‍ന്നു.

വീക്കെന്റ് ക്വാട്ടയെല്ലാം കീറി, സുഭിക്ഷമായി അത്താഴവും കഴിച്ച്, രാത്രി പതിനൊന്നു മണിയോട് കൂടി അമരത്തില്‍ കൊമ്പനെ പിടിക്കാന്‍ കടലില്‍ പോകുന്ന അശോകന്റെ അതേ അഹങ്കാരത്തോടെ ചൂണ്ടയുമെടുത്ത് നല്ല പാതിയോട് യാത്ര പറഞ്ഞിറങ്ങാന്‍ നേരം, അപ്പോ ഇനി അടുത്ത ഒരാഴ്ചക്ക്, കടയില്‍ നിന്നും മീന്‍ വാങ്ങേണ്ടല്ലോ എന്ന നല്ല പാതിയുടെ ചോദ്യത്തില്‍ ആവശ്യത്തിലധികം പരിഹാസം കലര്‍ന്നിരുന്നില്ലേന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു.

ഉം, കളിയാക്കേണ്ട, രാവിലെ വരുമ്പോള്‍ നീയൊക്കെ മനസ്സിലാക്കും മീന്‍ പിടുത്തത്തിലുള്ള എന്റെ കഴിവ്.

ശരി, ചെല്ല്, ചെല്ല്. പിന്നെ, വല്ല വലിയമീനും, ചൂണ്ടയില്‍ കൊത്തി വലിച്ചാല്‍ വെള്ളത്തിലേക്ക് വീഴാതെ നോക്കിക്കോ. ബര്‍ദുബായ് ക്രീക്കില് ഈയിടേയായി സ്രാവുകളുണ്ടെന്നാരോ പറയുന്നത് കേട്ടു. പിന്നേം കൊട്ടി പിന്നീന്ന്.

അവിടെ അധികം സമയം നിന്നാല്‍ ശരിയാവില്ല എന്ന ഉള്‍വിളി വന്നതിനാല്‍ പെട്ടെന്നു തന്നെ സ്ഥലം കാലിയാക്കി. നേരെ വിട്ടു ടെരന്‍സിന്റെ വീട്ടിലേക്ക്.

ചൂണ്ടയില്‍ മണ്ണിരക്ക് പകരം എന്തു കൊളുത്തും എന്ന് ചിന്തിച്ച് വിഷമിച്ചിരിക്കുന്ന ടെരന്‍സിന്റെ ചുമലില്‍ തട്ടി ഞാന്‍ ആശ്വസിപ്പിച്ചു. വഴിയുണ്ടാക്കാം.

പ്രതീക്ഷാ നിര്‍ഭരമായ കണ്ണുകളോടെ അവന്‍ എന്നെ നോക്കി.

പ്രതീക്ഷാനിര്‍ഭരമായ ആ ഒരൊറ്റം നേട്ടം എന്നെ ഒരു മുക്കുവന്‍ ആക്കി മാറ്റി. ചടുലമായ നീക്കങ്ങളായിരുന്നു ഞാന്‍ പിന്നീട് നടത്തിയത്. അരകിലോ ഗോതമ്പുപൊടി കുഴച്ച് മാവാക്കി ഒരു കവറില്‍ നിക്ഷേപിച്ചു. അരക്കുപ്പി മദ്യവും, ഡിസ്പോസബിള്‍ ഗ്ലാസ്സുകളും, വെള്ളക്കുപ്പിയും, ടെരന്‍സ് ആ സമയം കൊണ്ട് ബാഗില്‍ എടുത്ത് വച്ചു.

ചൂണ്ട, ഗോതമ്പ് മാവ്, കുപ്പി, ഗ്ലാസ്സ് തുടങ്ങി അവശ്യ വസ്തുക്കളും എടുത്ത് ഞങ്ങള്‍ മത്സ്യബന്ധനത്തിനായ് കാറില്‍ പുറപ്പെട്ടു!! ഗോതമ്പ് മാവ് ചൂണ്ടകൊളുത്തില്‍ കൊളുത്തി വെജിറ്റേറിയന്‍ മീനിനെ മാത്രം പിടിച്ചാല്‍ പോരല്ലോ? അതിനാല്‍ തന്നെ പോകുന്ന വഴിക്ക് നോണ്‍ വെജിറ്റേറിയന്‍ മീനിനെ പിടിക്കുവാനായി പതിനഞ്ച് ദിര്‍ഹം ചിലവാക്കി അരകിലോ ഫ്രോസണ്‍ ചെമ്മീനും വാങ്ങി വണ്ടിയില്‍ വക്കാന്‍ മറന്നില്ല.

ബര്‍ദുബായി ക്രീക്കില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ചൂണ്ടല്‍ കിറ്റുകളെടുത്തിറങ്ങി. സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. കാര്യമായാരും ക്രീക്കിലില്ല. അവിടേയും, ഇവിടേയുമായി ഒന്നു രണ്ട് പേര്‍ ചൂണ്ടുന്നുണ്ട്. അവര്‍ക്കിടക്കിടെ മീന്‍ കിട്ടുന്നുമുണ്ട്. കുറച്ച് നേരം അവര്‍ മീന്‍ പിടിക്കുന്നത് നോക്കി നിന്നപ്പോള്‍ ഞങ്ങള്‍ക്ക് ഹരം കയറി. അല്പം ദൂരെ മാറി ഞങ്ങള്‍ ഇരുപ്പുറപ്പിച്ചുകൊണ്ട് ചൂണ്ടുവാന്‍ തുടങ്ങി.

ഗോതമ്പ് മാവും, ചെമ്മീനും മാറി മാറി കുത്തി, ഈയം കെട്ടിയ ടാങ്കീസ് വലിച്ച് ദൂരെ വെള്ളത്തിലേക്കെറിഞ്ഞ് ഞങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു. ചൂണ്ട പുറത്തെടുക്കുമ്പോഴോക്കെ നഗ്നമായ ചൂണ്ട കൊളുത്ത് കണ്ട് ഞങ്ങള്‍ പൂര്‍വ്വാധികം വാശിയോടെ മാവും, ചെമ്മീനും കൊളുത്തില്‍ കൊരുത്ത്, ചൂണ്ട പിന്നേയും വെള്ളത്തിലേക്കെറിഞ്ഞു. ഇടക്ക് ഒരു രണ്ട് പൊടിമീന്‍ കിട്ടിയപ്പോള്‍ ഞങ്ങളുടെ നിരാശയെല്ലാം ദേറ കടന്നു, സോറി പമ്പ കടന്നു. ചൂണ്ടലിന്റെ ഇടയില്‍ കുപ്പി കാലിയായത് ഞങ്ങളില്‍ ഒരു തരം ഡിപ്രഷനിടയാക്കിയെങ്കിലും, ആത്മവിശ്വാസത്തോടെ ഞങ്ങള്‍ വീണ്ടും ചൂണ്ടല്‍ തുടര്‍ന്നു.

ഗോതമ്പ് മാവും, ചെമ്മീനും കഴിഞ്ഞു. കിഴക്ക് പകലോന്‍ പൊങ്ങാന്‍ തുടങ്ങി. സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ആകെ കിട്ടിയിരിക്കുന്നത് നാലഞ്ചു പൊടിമീന്‍. കിട്ടിയമീനെ തിരികെ വെള്ളത്തിലേക്കിട്ട് ഞങ്ങള്‍ ചൂണ്ടയെല്ലാം പെറുക്കി വണ്ടിയിലിട്ടു.

ഇതെന്താ നീ വീട്ടിലേക്ക് പോകാതെ ജുമൈറ റോഡിലേക്ക് വണ്ടി വിടുന്നത്? ടെരന്‍സ് ചോദിച്ചു.

അതേ, ജുമൈറയില്‍ ഈ സമയത്ത് പോയാല്‍ ഫിഷിങ്ങ് കഴിഞ്ഞ് വന്ന ബോട്ട്കാരുടെ കയ്യില്‍ നിന്നും വളരെ ചീപ്പായി മീന്‍ കിട്ടും. മീനില്ലാതെ വീട്ടില്‍ പോയാല്‍ അതിലും വലിയ ചീപ്പാകും. തലേന്നത്തെ ഡയലോഗുകള്‍ ഞാന്‍ അവനെ പറഞ്ഞു കേള്‍പ്പിച്ചു.

ജുമൈറയില്‍ പോയി, രണ്ട് ഇടത്തരം ഐക്കൂറയും (നെയ്മീന്‍), രണ്ട് കിലോ ശേരിയും മുപ്പത്തഞ്ച് ദിര്‍ഹം നല്‍കി വാങ്ങി (ചാളയും, അയിലയും ഒന്നും ചൂണ്ടയില്‍ പെടില്ല എന്ന് വാമഭാഗത്തിനറിയാം, ഐക്കൂറയേകുറിച്ചും, ശേരിയെകുറിച്ചും വലിയ പിടിയില്ല അതിനാല്‍ മനപ്പൂര്‍വ്വം തന്നെ അത് രണ്ടും വാങ്ങി).

ടിങ്ങ് ടോങ്ങ്!

നേരം വെളുത്തപ്പോള്‍ തന്നെ കോളിങ്ങ് ബെല്ലടി കേട്ട് വാമഭാഗം വന്ന് വാതില്‍ തുറന്നപ്പോള്‍ കാണുന്നത്, ഇടത് കയ്യില്‍ ചൂണ്ടയും, വലതുകയ്യിലെ പ്ലാസ്റ്റിക് ബാഗില്‍ നിറയെ മീനുമായി വിജയ ഭാവത്തില്‍ നില്‍ക്കുന്ന എന്നേയാണ്.

പ്ലാസ്റ്റിക് ബാഗ് തുറന്ന അവള്‍ ഞെട്ടി പോയി, രണ്ട് ഐക്കൂറയും, നിറയെ ശേരിയും. അവളുടെ കണ്ണുകള്‍ തിളങ്ങി.

അയ്യോ, ഇത്ര പൈസയൊക്കെ ചിലവാക്കി ഉറക്കമൊളിച്ച് നിങ്ങള് ചൂണ്ടാന്‍ പോകുന്നൂന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയില്ലാട്ടോ നിങ്ങള്‍ക്ക് ചൂണ്ടാന്‍ അറിയാമെന്നും, ഇത്രക്കു മീന്‍ കിട്ടുമെന്നും.


ഉം....നിനക്കൊക്കെ എന്നെകുറിച്ചെന്തറിയാം. നീ വേഗം ചായയെടുക്ക്.

ദാ ഇപ്പോ തരാം. നിങ്ങള്‍ കിടന്നോളൂ. ഉറക്കമൊഴിച്ച് ക്ഷീണിച്ച് വന്നതല്ലെ.

എന്തൊരു സ്നേഹം. അമ്പത് രൂപ പോയാലെന്താ? ഭാര്യക്കെന്തൊരു സ്നേഹം.

അതേ, ഇന്ന് രാത്രി ചൂണ്ടാന്‍ പോകുന്നില്ലെ? പിന്നീട് വന്ന വ്യാഴാഴ്ച വാമഭാഗം സന്ധ്യയായപ്പോള്‍ ഇങ്ങോട്ട് കയറി ചോദിച്ചു.

ഇല്ല ഇന്ന് നല്ല മൂഡില്ല (ചൂണ്ടയില്‍ കൊരുത്താനുള്ള ചെമ്മീനിനു 15, രാവിലെ ജുമൈറയില്‍ പോയി മീന്‍ വാങ്ങാന്‍ 35, അങ്ങനെ മൊത്തം 50 ദിര്‍ഹം നഷ്ടം, കൂടാതെ രാത്രിയിലെ ഉറക്കവും, ആര്‍ക്കു മൂഡുണ്ടാകാന്‍).

ആയിടക്കാണു ഞങ്ങളുടെ ഫ്ലാറ്റിലെ, സഹമുറിയന്മാരായി, അയ്യപ്പനും, കുടുംബവും വരുന്നത്.
എന്റെ വൈഫും, അയ്യപ്പന്റെ വൈഫും വളരെ നല്ല ചങ്ങാത്തത്തിലായി തീരാന്‍ ദിവസങ്ങള്‍ അധികം എടുത്തില്ല.

ഒരു ദിവസം എന്റെ വൈഫും, അയ്യപ്പന്റെ വൈഫും തമ്മില്‍ കിച്ചണില്‍ വച്ച് നടന്ന സംഭാഷണം ഇപ്രകാരം.

അതേ നിങ്ങള്‍ എവിടുന്നാ പലചരക്കും, പച്ചക്കറികളുമൊക്കെ വാങ്ങുന്നത്?

ഞങ്ങള്‍ സണ്‍ റൈസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാ.

അത് ശരി. അപ്പോ മീനോ?

മീനോ? ദൈവം സഹായിച്ച് മീന്‍ കാശു കൊടുത്ത് വാങ്ങേണ്ടി വന്നിട്ടില്ല, ചേട്ടനും കൂട്ടുകാരും, കൂടി വ്യാഴാഴ്ച ചൂണ്ടാന്‍ പോകാറുണ്ട്.

ചൂണ്ടിയിട്ടു മീനൊക്കെ കിട്ടാറുണ്ടോ?

പിന്നില്ലെ? ചിലദിവസം വളരെ അധികം മീന്‍ കിട്ടുമ്പോള്‍ അവര്‍ തിരിച്ചത് കടലിലേക്ക് തന്നെ കളയും. അല്ലെങ്കില്‍ ഫ്രിഡ്ജിലിരുന്ന് വേസ്റ്റാവില്ലെ?

ദൈവമേ, അയ്യപ്പനും ചൂണ്ടുന്നത് ഭയങ്കര ഇഷ്ടമാ. ഇത് കേട്ടാല്‍ ഇനി അയ്യപ്പനും ചൂണ്ടാന്‍ പോകും. ഞാന്‍ അയ്യപ്പനോട് പറയട്ടെ.

ഇത് കേട്ട് നിന്ന എനിക്ക് ചെറിയ നെഞ്ചു വേദന തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

വാഴാഴ്ച വൈകുന്നേരം വാതിലില്‍ മുട്ട് കേട്ട് വാതില്‍ തുറന്ന എന്റെ മുന്നില്‍ അയ്യപ്പന്‍ പ്രത്യക്ഷപെട്ടു.

എന്താ അയ്യപ്പാ?

അതേ ചേട്ടാ, ചേട്ടന്‍ ചൂണ്ട എവിടുന്നാ വാങ്ങിയത്?

സിറ്റി സെന്ററില്‍ നിന്ന്. എന്താ അയ്യപ്പാ.

അല്ലാ, എനിക്കൊരു ചൂണ്ട വാങ്ങണമായിരുന്നു. ഇന്ന് വ്യാഴാഴ്ചയല്ലെ, നിങ്ങള്‍ ചൂണ്ടാന്‍ പോകുമ്പോള്‍ ഞാനും വരട്ടെ.

അയ്യപ്പാ, ഇന്ന് രാത്രി എനിക്കൊരു സുഹൃത്തിന്റെ വീട്ടിലാ ഡിന്നര്‍. അയ്യപ്പന്‍ വേണമെങ്കില്‍ എന്റെ ചൂണ്ട കൊണ്ട് പൊയ്ക്കോള്ളൂ എന്ന് പറഞ്ഞ്, കട്ടിലിന്റെ അടിയില്‍ പൊടി പിടിച്ചു കിടന്നിരുന്ന ചൂണ്ടയിലെ പൊടിയെല്ലാം തുടച്ച് കളഞ്ഞ് ഞാന്‍ എന്റെ ചൂണ്ട അയ്യപ്പനു കൈമാറി.

സന്തോഷപൂര്‍വ്വം ചൂണ്ട വാങ്ങി, ഐക്കൂറയും, ശേരിയും സ്വപ്നം കണ്ട് അയ്യപ്പന്‍ അന്ന് രാത്രി ചൂണ്ടാന്‍ പോയി.

പിറ്റേന്ന് അടുക്കളയില്‍ വിഷാദ ഭാവത്തില്‍ നില്‍ക്കുന്ന അയ്യപ്പപത്നിയോട് ഞാന്‍ അയ്യപ്പന് മീന്‍ കിട്ടിയോ എന്ന് തിരക്കി.

എന്റെ ശബ്ദം കേട്ടതും അയ്യപ്പന്‍ രംഗപ്രവേശനം ചെയ്തു. ചേട്ടാ, രണ്ട് മൂന്ന് മീന്‍ കിട്ടിയതായിരുന്നു. അപ്പോഴാ, പോലീസ് വന്നത്. ലൈസന്‍സില്ലാതെ ഫിഷിങ്ങ് പാടില്ലാന്നെഴുതി വച്ചിരിക്കുന്ന ബോര്‍ഡ് കണ്ടില്ലേന്ന് ചോദിച്ച്, 100 ദിര്‍ഹത്തിന്റെ ഫൈന്‍ എഴുതി തന്നതും പോരാഞ്ഞ് ചേട്ടന്റെ ചൂണ്ടയും അവര്‍ കൊണ്ട് പോയി.

ചൂണ്ടപോയാല്‍ പോട്ടെ അയ്യപ്പാ (കട്ടിലിന്റെ അടിയിലിരുന്നാലും, പോലീസ്റ്റ് സ്റ്റേഷനിലിരുന്നാലും സമാസമം).

ഇല്ല ചേട്ടാ, ഇനി ഞാന്‍ അങ്ങിനെ പിന്മാറില്ല. നാളെ ഞാന്‍ ലീവെടുക്കാന്‍ തീരുമാനിച്ചു. ഫിഷിങ്ങ് ലൈസന്‍സിനപ്ലൈ ചെയ്യണം. അത് കിട്ടിയിട്ട് ഞാന്‍ ചൂണ്ടും, ഐക്കൂറ കിട്ടുന്നത് വരെ ചൂണ്ടും. ഇതയ്യപ്പന്റെ വാക്കാ. അയ്യപ്പനൊരു വാക്കേയുള്ളൂ. അയ്യപ്പന്‍ വികാരാധീതനായി.

അയ്യപ്പന്റെ മുഖത്ത് ആത്മവിശ്വാസം ആളികത്തുന്നത് കണ്ടിട്ട് എനിക്ക് തന്നെ പേടിയായി.

പിറ്റേന്ന് ശനിയാഴ്ച സംഭവിച്ചത് ഇപ്രകാരം.

രാവിലെ പത്ത് മണിയോട് കൂടി സ്യൂട്ടൊക്കെ ധരിച്ച്, മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന ഫിഷറീസ് ഡിപ്പാര്‍ട്ട് മെന്റിലേക്ക് അയ്യപ്പന്‍ ചെല്ലുന്നു. പി ആര്‍ ഓ വിനെ കണ്ട് ഫിഷിങ്ങ് ലൈസന്‍സിനുള്ള ഫോം എല്ലാം വാങ്ങി മുന്നിലുള്ള ടൈപ്പിങ്ങ് സെന്ററില്‍ കൊടുത്ത് ടൈപ്പ് ചെയ്യിച്ചു. മുദീറിനെ (ഓഫീസര്‍) കാണുവാന്‍ ടോക്കണ്‍ എടുത്ത് കാത്തിരുപ്പ് തുടങ്ങി.

പതിന്നൊരയായപ്പോള്‍ അയ്യപ്പന്റെ ടോക്കണ്‍ നമ്പര്‍ വിളിച്ചു.

വാതിലില്‍ മുട്ടി അയ്യപ്പന്‍ ഭവ്യതയോടെ ചോദിച്ചു, മേ ഐ കമിങ്ങ് സര്‍?

യെസ് കമ്മിങ്ങ്.

അസലാമു അലൈക്കും സര്‍

വാ അലൈക്കുമുസലാം.

യു ഇന്തി?

യെസ് സര്‍.

ബൈഠോ.

താങ്ക്യൂ സര്‍. അയ്യപ്പന്‍ ഉപവിഷ്ടനാകുന്നു.

യെസ്, തെല്‍മി വാത് യു വാന്ത്?

സര്‍, ഐ വാന്റ് റ്റു അപ്ലൈ ഫോര്‍ ഫിഷിങ്ങ് ലൈസന്‍സ്.

മാഫി മുശ്കില്‍ ഹബീബി. യു ഗോട് ദി ഫോറം തൈപ്പ്ഡ്?

യെസ് സര്‍.

വെരി ഗുദ്. യു വാന്ത് സുലൈമാനി.

നോ സര്‍. താങ്ക്യു.

ഓകെ ഗിവ് മി യുവര്‍ ആപ്ലിക്കേഷന്‍ ഫോറം.

അയ്യപ്പന്‍ ഭവ്യതയോടെ ആപ്ലിക്കേഷന്‍ ഫോം കൈമാറി.

ആപ്ലിക്കേഷന്‍ ഫോം മൊത്തം നോക്കിയ മുദീറിന്റെ മുഖഭാവം ആകെ മാറി. സൌമ്യനായി സംസാരിച്ചിരുന്ന അയാളുടെ സ്വരത്തിലെ സ്വൌമ്യത നഷ്ടപെടുന്നത് വളരെ പെട്ടെന്ന് തന്നെ അയ്യപ്പന്‍ മനസ്സിലാക്കി.

ഹൌ മനി ബോട്സ് യു ഹാവ്? വണ്‍? റ്റൂ? ത്രീ?

ഐ ഡോണ്ട് ഹാവ് എനി ബോട്ട് സര്‍!

ഡു യൂ ഹാവ് എ ഷിപ്പ് ദെന്‍?

നോ ഷിപ്പ് സര്‍!

വാട്ട് യു ഹാവ് ദെന്‍?

ഐ ഹാവ് എ ഫിഷിങ്ങ് റോഡ് സര്‍!!!

@#$%%&* @&^%$#@ ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍. കം തു വേസ്ത് മൈ റ്റൈം, ഹറാമി.