വിദ്യാഭ്യാസത്തില്‍ വളരെ അതീവ തത്പരനായിരുന്നതിനാല്‍ എനിക്ക് പരീക്ഷ എന്നു കേള്‍ക്കുമ്പോഴെ ഒരു കോരിത്തരിപ്പായിരുന്നു. വെറും കോരിത്തരിപ്പുമാത്രമാണെങ്കിലും, സാരമില്ലായിരുന്നു, പക്ഷെ കോരിത്തരിപ്പിനോടൊപ്പം തന്നെ, കുളിര്, ചങ്കിടിപ്പ്, നെഞ്ചിടിപ്പ് , പനി, തുടങ്ങിയ സൈഡ് ഡിഷസ് എല്ലാം അടങ്ങിയ ഒരു ത്രീ കോഴ്സ് ലഞ്ചായിരുന്നു എനിക്കെന്നും പരീക്ഷ. പ്രത്യേകിച്ചും, എന്റെ അച്ഛന്‍ ഗള്‍ഫില്‍ നിന്നും ലീവിനു വന്നിരിക്കുന്ന സമയമാണെങ്കില്‍.
അവധി കഴിഞ്ഞ് സ്കൂള്‍ തിരികെ തുറന്നതിനുശേഷം ടീച്ചര്‍മാരും, മാഷുമാരും, ക്ലാസില്‍ വന്ന്, പേരും, മാര്‍ക്കും, ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ്, ഉത്തരകടലാസു തിരികെ നല്‍കുമ്പോള്‍, മുക്കാല്‍ ഭാഗം കുട്ടികളുടേയും മുഖം പെയ്തൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞു നില്‍ക്കുമ്പോള്‍, ഞങ്ങളില്‍ ചിലരുടെ മുഖം മാത്രം, കര്‍ക്കടകത്തിലെ മാനം പോലെ, മൂടികെട്ടി നില്‍ക്കുകയാണ് പതിവ്.
ആദ്യ കാലങ്ങളിലെല്ലാം കുറച്ചൊരു ജാള!ത തോന്നിയിരുന്നെങ്കിലും, പിന്നീടതൊരു ശീലമായ് മാറിയതിനാല്‍, മാര്‍ക്ക് വിളിക്കുമ്പോള്‍ ഞങ്ങളില്‍ ചിലരുടെ മുഖത്ത് വിരിഞ്ഞിരുന്ന ഭാവം, പൂന്നെല്ലു കണ്ട എലിയുടേതു പോലെയായിരുന്നു.
പരീക്ഷാ പേപ്പറുകള്‍ എല്ലാം മാര്‍ക്ക് നോക്കി തിരികെ നല്‍കിയാല്‍, പിറ്റെ ദിവസം ക്ലാസ് ടീച്ചര്‍ വരുന്നത്, പ്രോഗ്രസ്സ് കാര്‍ഡുമായിട്ടായിരിക്കും. പ്രോഗ്രസ്സ് കാര്‍ഡു നല്കിയതിനുശേഷം, അത് മാതാപിതാവിന്റെ (ആരെങ്കിലും ഒരാളുടെ ആയാലും മതി) കൈ ഒപ്പു വാങ്ങി എത്രയും പെട്ടെന്ന് തിരിച്ചേല്‍പ്പിക്കണം എന്ന ഉത്തരവ് കേള്‍ക്കുമ്പോള്‍ മുതല്‍ വീണ്ടും മേല്‍ പറഞ്ഞ കോരിത്തരിപ്പും, കുളിരും തുടങ്ങുകയായി.
വര്‍ഷത്തില്‍ നാലു തവണ പരീക്ഷാ കുളിരും, പിന്നെ കുളത്തിലും, പുഴയിലും, കായലിലും, കടലിലും, സമയ സന്ദര്‍ഭമില്ലാതെ ആവോളം നീന്തി തിമിര്‍ത്തതിന്റേയും, അണമുറിയാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് ഈറന്‍ മാറാതെ നടക്കുന്നതിന്റെയും, പരിണിത ഫലമായി പിടിക്കുന്ന പനിയുടെ കുളിരും ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമായി നടക്കുന്ന കാലം.
പത്താം ക്ലാസിലെ അരക്കൊല്ല പരീക്ഷക്ക് ഒരാഴ്ചയില്‍ താഴെ മാത്രം ദിവസങ്ങള്‍ ബാക്കിയിരിക്കെ, ഒരു ദിവസം സ്കൂള്‍ വിട്ട്, തിരികെ വീട്ടിലേക്ക്, കൂട്ടൂകാരനെ സൈക്കിളിന്റെ പുറകില്‍ ഇരുത്തി, നിന്നും, ഇരുന്നും, ആഞ്ഞാഞ്ഞു ചവിട്ടി വരുന്ന വഴി ഒരു ഗള്‍ഫുകാരന്‍ അമ്പാസിഡറില്‍ , ഞങ്ങളെ പുറകിലാക്കി ചീറി പാഞ്ഞു പോയി - (ഗള്‍ഫുകാരനാണ് ആ കാറില്‍ എന്നു എങ്ങിനെ മനസ്സിലായി എന്നാണു നിങ്ങളുടെ സംശയം എങ്കില്‍, അതു വെറും നിസ്സാരം. കാറിന്റെ കാരിയറില്‍ രണ്ടോ, അതിലധികമോ മടക്കി കെട്ടിയ സ്പോഞ്ചു കിടക്ക, വലിയ രണ്ടു മൂന്നു പെട്ടികള്‍, പിന്നെ പകുതിതുറന്നിരിക്കുന്ന ഡിക്കിയില്‍ നിന്നും പുറത്തേക്കുന്തിതള്ളിയിരിക്കുന്ന കാര്‍ഡുബോര്‍ഡ് പെട്ടിയോ, പെട്ടികളോ. ഇത്രയുമോ, അതിലധികമോ സാധനങ്ങള്‍ വഹിച്ചുകൊണ്ട് ഒരു അമ്പാസഡര്‍ കാര്‍ ഞങ്ങളുടെ ത്രിശൂര്‍ ജില്ലയിലെ ഏതു പാതയിലൂടെ പോയാലും, അതൊരു ഗള്‍ഫുകാരന്റെ, നാട്ടിലേക്കുള്ള വരവാണെന്ന് ഞങ്ങളുടെ നാട്ടിലെ മുലകുടി മാറിയ കുട്ടികള്‍ക്കു വരെ മന:പാഠം.)
സൈക്കിള്‍ വീട്ടുമുറ്റത്തെത്തും മുന്‍പു തന്നെ, മുന്‍പറഞ്ഞ ഗള്‍ഫുകാരനേയും, പെട്ടി, കിടക്കാദികളേയും വഹിച്ച്, പുകതുപ്പി, തന്നാലാവും വിധം പാഞ്ഞു പോയിരുന്ന അമ്പാസഡര്‍ കാര്‍, എന്റെ വീട്ടുപടി കടന്നു തിരിച്ചു വരുന്നതു കണ്ടപ്പോള്‍ തന്നെ വന്നിട്ടുള്ളത് മറ്റാരുമല്ല, ‘എന്‍ അപ്പാ താന്‍’ എന്ന് എനിക്ക് ഉറപ്പായി.
സൈക്കിള്‍, അതിന്റെ ഷെഡ്ഡില്‍ പാര്‍ക്കുചെയ്ത്, അവാര്‍ഡുപടത്തിലെന്നപോലെ, ശബ്ദമില്ലാതെ, ഞാന്‍ വീട്ടിനകത്തേക്ക് കയറിയപ്പോള്‍ തന്നെ, എന്താടാ ഒരു പതുങ്ങി വരവെന്ന ചോദ്യമാണെന്നെ എതിരേറ്റത്.
ഏയ്, ഒന്നുമില്ല, എന്നു പറഞ്ഞ്, മുറിയില്‍ കയറി വസ്ത്രങ്ങള്‍ എല്ലാം മാറി, കയ്യും, മുഖവും കഴുകി, ചായ കുടിക്കാന്‍ അടുക്കളയില്‍ കയറിയപ്പോള്‍, വീണ്ടും അടുത്ത ചോദ്യം. എങ്ങിനെയുണ്ടെടാ നിന്റെ പഠിപ്പെല്ലാം?
കുഴപ്പമില്ലച്ഛാ.
ആര്‍ക്ക് കുഴപ്പമില്ലെന്നാ, നിനക്കോ, അതോ നിന്റെ ഒപ്പം പഠിക്കുന്നവര്‍ക്കോ എന്നച്ഛന്‍ ചോദിച്ചതിന്റെ പിന്നിലായി, കോറസ്സു പോലെ, അങ്ങനെ ചോദിക്കച്ഛാ എന്ന് രണ്ടു പാരകള്‍ (എന്റെ ചേട്ടന്മാര്‍).
കളിയൊക്കെ കൊള്ളാം, പത്തില്‍ നല്ല മാര്‍ക്കു വാങ്ങിയില്ലെങ്കില്‍, പിന്നെ നിന്നെ ഈ വീട്ടില്‍ കയറ്റില്ല എന്നച്ഛന്‍, പൊതുവെ അല്പം കനത്ത ശബ്ദം, ഒന്നു കൂടി കനപ്പിച്ചു പറഞ്ഞതും, സിംഹത്തിന്റെ മുന്‍പില്‍ അകപെട്ട മാന്‍പേടയുടെ മുഖഭാവത്താല്‍, ചെറിയതെങ്കിലും, ഒരു സഹായത്തിനായി ഞാന്‍, ചേട്ടന്മാരെയും, അമ്മയേയും, മാറി, മാറി നോക്കിയെങ്കിലും, നിനക്കിതൊന്നും, പോരാ, നിന്റെ സ്വഭാവത്തിന്, പറ്റിയാല്‍ രണ്ടു പെട (അടി), ഉടനെ തന്നെ തരപ്പെടുത്തി തരാം എന്നുള്ള മുഖ ഭാവവുമായാണ് അവര്‍ നില്‍ക്കുന്നതെന്ന് എനിക്ക് വളരെ പെട്ടെന്നു തന്നെ മനസ്സിലായി.
ചായകുടിക്കടാ ഇരുന്ന് എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍, എന്റെ ഭാരം മൂലം കസേരക്കു നൊന്താലോ എന്നു കരുതി, ആസനം കസേരയില്‍ ഉറപ്പിച്ചു, ഉറപ്പിച്ചില്ല എന്ന രീതിയില്‍ ഞാന്‍ ഉപവിഷ്ഠനായി, പിന്നെ വയറിളക്കാന്‍ കഴിക്കുന്ന ചൊന്നാമക്കിയോ, ആവണക്കിന്റെ എണ്ണയോ കുടിക്കുന്നതുപോലെ, ഒരു കപ്പു ചായ ഞാന്‍ ഒറ്റയടിക്ക് അണ്ണാക്കിലേക്കൊഴിച്ചു. പിന്നെ മേശപുറത്ത് കഴിക്കാന്‍ (കടിക്കാന്‍) എന്താണു വച്ചിരിക്കുന്നതെന്നു പോലും നോക്കാതെ, അകത്തേക്കു വലിഞ്ഞു - (സാധാരണ ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നാല്‍ ചായക്കൊപ്പം കഴിക്കാന്‍ രാവിലത്തെ ബ്രേക്ക് ഫാസ്റ്റിന്റെ ബാക്കിയാണെങ്കില്‍, പിന്നെ മുറുമുറുത്ത് കൊണ്ടിരിക്കുന്നവനാണ് ഇന്നിപ്പോ, പ്ലെയിറ്റില്‍ എന്താണെന്നു പോലും നോക്കാതെ മണ്ടിയത്).
ഇനിയെന്തായാലും, കുറച്ച് നാളത്തേക്ക് സ്വാതന്ത്ര്യം കുറച്ച് കുറഞ്ഞാലും, പരീക്ഷയും, അവധിയും കഴിഞ്ഞ്, സ്ക്കൂള്‍ തുറന്ന് പ്രോഗ്രസ്സ് കാര്‍ഡില്‍ ഒപ്പിടാറാവുമ്പോഴേക്കും, അച്ഛന്‍ ലീവുകഴിഞ്ഞ് മടങ്ങും എന്ന എന്റെ സങ്കല്‍പ്പത്തിനെ തകിടം മറിച്ചുകൊണ്ട്, രാത്രി അത്താഴം കഴിക്കാന്‍ ഇരുന്നപ്പോള്‍, ഇറാക്കില്‍ ഇറങ്ങിയ അമേരിക്കന്‍ സേനയെ പോലെ, ഇനി തിരിച്ചു പോകണോ, വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല എന്ന പ്രഖ്യാപനം അച്ഛന്‍ നടത്തിയതും, മേല്‍ പറഞ്ഞ പരീക്ഷയുടെ ചിന്ത ഒരു കോരിത്തരിപ്പായി, എന്റെ ശരീരത്തില്‍ മുളച്ച്, വേരിറങ്ങി, പടര്‍ന്ന് പന്തലിച്ച്, പൂത്തുലഞ്ഞു.
അന്നുരാത്രി ഉറക്കത്തില്‍ പല തവണ ഞാന്‍ പേടി സ്വപ്നം കണ്ടെഴുന്നേറ്റിരുന്നു.
ആലത്തൂര് ഹനുമാനെ, പേടി സ്വപ്നം കാട്ടരുതെ, അഥവാ പേടി സ്വപ്നം കാട്ടിയാല്‍ ഹനുമാന്റെ വാലുകൊണ്ടടിച്ചടിച്ചുണര്‍ത്തണേ എന്ന് പ്രാര്‍ത് ഥിച്ചിട്ടാണ് പണ്ട് എട്ടാം ക്ലാസ്സു വരെ ഞാന്‍ കിടക്കാറ്. ഇന്നിതിപ്പോള്‍ പ്രാര്‍ത് ഥിക്കാതെ തന്നെ, പണ്ടു ചൊല്ലിയ നാമത്തിന്റെ ബാക്കി എന്റെ എക്കൌണ്ടില്‍ ക്രെഡിറ്റായി കിടന്നിരുന്നതിനാലോ, മറ്റോ ആണോ എന്നറിയില്ല, ഓരോ തവണയും ഞാന്‍ പേടി സ്വപ്നം കണ്ടപ്പോള്‍, ഹനുമാന്‍ സ്വാമി തന്റെ വാലാല്‍ എന്നെ യഥേഷ്ടം അടിച്ചുണര്‍ത്തി.
എന്തായാലും, രാത്രിയുടെ ഏതോ യാമത്തില്‍, അതോ പുലര്‍ച്ചക്കോ, ഞാന്‍ അന്തവും, കുന്തവുമില്ലാതെ ഉറക്കത്തിലേക്കൂളയിട്ടിട്ടുണ്ടാകണം. കാരണം, എന്താടാ നിനക്കിന്നുസ്ക്കൂളിലൊന്നും പോകേണ്ടെ, എന്ന അച്ചന്റെ ശബ്ദം ആണെന്നെ ഉണര്‍ത്തിയത്.
പതിവുപോലെ, പെട്ടെന്നു തന്നെ തയ്യാറായി, സാധാരണയില്‍ നിന്നും വിത്യസ്തമായി വെറും, ആറിഡ്ഡലി മാത്രം കഴിച്ച് ലഞ്ചു ബോക്സും എടുത്ത്, അയ്യപ്പന്‍ പുലിപുറത്തേറുന്നതു പോലെ, എന്റെ ഹീറോ സൈക്കിളിന്റെ പുറത്തേറി സ്കൂളിലേക്ക് ഗമിച്ചു - (സാധാരണ ദിവസങ്ങളില്‍ ഞാന്‍, ഇഡ്ഡലിയാണെങ്കില്‍ ഒരെട്ടൊമ്പെതെണ്ണവും, പുട്ടാണെങ്കില്‍, ഒന്നര കണയും, രണ്ടു നേന്ത്ര പഴവും അല്ലെങ്കില്‍ അഞ്ചോ, ആറോ ചെറു പഴവും, ദോശായാണെങ്കില്‍ എണ്ണം നോക്കാതെ, അമ്മ ഇനി അവരു രണ്ടു പേരും കഴിച്ചിട്ട് ബാക്കിയുണ്ടെങ്കില്‍ തരാം എന്നു പറയുന്നതുവരേയും, ആണ് കഴിക്കാറ്).
അച്ഛന്‍ നാട്ടില്‍ ലാന്‍ഡു ചെയ്ത് അനിശ്ചിത കാലത്തേക്ക് ഇനി നാട്ടില്‍ തന്നെ ഉണ്ടാകും എന്ന് പ്രവചിച്ചതിനാല്‍, പതിവുപോലെ ചോരക്കു ചോര, ചോദ്യത്തിനു ചോദ്യം എന്ന പ്രമാണപ്പടി, ചോദ്യ പേപ്പറിലെ ഒട്ടു മുക്കാല്‍ ചോദ്യങ്ങളും, ഉത്തര കടലാസ്സിലേക്ക് യഥാക്രമം പകര്‍ത്തി എഴുതിയും, അറിയാവുന്ന പരിമിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ എഴുതിയും, അവസാന പരീക്ഷയും എഴുതി തീര്‍ത്ത്, അവധിക്കാലം എങ്ങിനെ മറ്റുള്ളവര്‍ക്ക് ഉപദ്രവപ്രദമാക്കണം എന്നുമാത്രം ആലോചിക്കാതെ, പരീക്ഷയ്ക്ക് തരക്കേടില്ലാത്ത, പാസ് മാര്‍ക്കെങ്കിലും വാങ്ങിയില്ലെങ്കില്‍, നാടു വിടുകയോ, എന്നെ ദത്തെടുക്കാന്‍ സന്നദ്ധനായ ആരേയെങ്കിലും കണ്ടുപിടിക്കുകയോ വേണം എന്ന യാഥാര്‍ത്ഥ്യം എന്നെ കണ്ണുരുട്ടി കാണിച്ചു.
ആയതിനാല്‍ ഇനി പരീക്ഷ പാസ്സാകാന്‍ ശ്രമിക്കണം എന്ന് എന്റെ മനവും, എന്റെ അലമ്പിലെല്ലാം എന്നോടൊന്നിച്ചു നിന്ന കൂട്ടുകാരും എന്നെ ഉപദേശിച്ചതിന്‍ പ്രകാരം അതിനായുള്ള വഴികള്‍ തേടി എന്റെ മനം അലഞ്ഞു.
എന്തായാലും, പഠിച്ചു പരീക്ഷ എഴുതാന്‍ ഉള്ള സമയം ഇനി ഇല്ല, പിന്നെ എന്താണൊരു വഴി? അന്ന് ക്ലാസ്സിലിരിക്കുമ്പോഴെല്ലാം ഒരേ ഒരു ചിന്ത മാത്രം. ചിന്തകള്‍ക്കൊടുവില്‍ ആശയം എന്റെ മനസ്സില്‍, ത്രിശൂര്‍ പൂരത്തിന്നമിട്ടുപൊട്ടുന്നതുപോലെ പൊട്ടി വിരിഞ്ഞു. “കോപ്പിയടി”!!!
യൂറേക്കാ, യൂറേക്കാ, കിട്ടിപ്പോയ്, എന്ന് വിളിച്ചു പറയാന്‍ തോന്നിയെങ്കിലും, ക്ലാസ്സ് റൂം ആയതിനാല്‍ മിണ്ടാതെ ഇരുന്ന് എന്റെ ആശയം നടപ്പാക്കാന്‍ വേണ്ട അടുത്ത നടപടിയെകുറിച്ച് ചിന്തിച്ച്, ചിന്തിച്ച് ഞാന്‍ കുന്നു കയറി, മല കയറി, പിന്നെ കാടും കയറിയതിന്റെ അന്ത്യത്തില്‍ പദ്ധതിയുടെ ഒരു രൂപരേഖ എന്റെ മനസ്സില്‍ തെളിഞ്ഞു.
വൈകുന്നേരം സ്ക്കൂള്‍ വിട്ടതും, കൂട്ടുകാരനുമൊത്ത് വെച്ചു പിടിച്ചു, ഇരിഞ്ഞാലക്കുട ആല്‍തറക്കെതിര്‍വശമുള്ള പ്രകാശം പ്രസ്സിലേക്ക്. അവിടെ ചെന്ന് ഒരു ക്വയര്‍ കനം കുറഞ്ഞ വരയിടാത്ത പേപ്പര്‍ വാങ്ങി, ഡീന്‍സ് ബേക്കറിയില്‍ കയറി ഒരു ഐസ്ക്രീമും കഴിച്ച്, ആത്മവിശ്വാസത്തോടെ മൂളി പാട്ടും പാടി വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടി വിട്ടു.
വീട്ടില്‍ ചെന്ന് പതിവുപോലെ, വസ്ത്രങ്ങള്‍ എല്ലാം മാറി, കൈയ്യും, മുഖവും എല്ലാം കഴുകി, ചായ കുടിച്ച്, മൂന്ന് ചൂടു പരിപ്പുവടയും കഴിച്ച്, പടിക്കാനുണ്ടെന്നു പറഞ്ഞെന്റെ മുറിയില്‍ കയറുമ്പോള്‍, ഇന്നെന്താണാവോ ചെക്കനു വന്നതും, പഠിക്കാന്‍ തോന്നിയത് എന്ന അമ്മയുടെ ആത്മഗതം ഞാന്‍ കേട്ടു.
മുറിയില്‍ കയറിയ ഞാന്‍ പേപ്പറും, സ്കെയിലും, ബ്ലെയിഡുമെല്ലാം എടുത്ത്, കണിയാന്‍ (പണിക്കര്‍) കവടി നിര്‍ത്തി, ഒരു പിടിയെടുത്ത്, നെഞ്ചോടു ചേര്‍ത്തി പ്രാര്‍ത്തിച്ച്, കണക്കു കൂട്ടി പകുത്തുവയ്ക്കുന്നതു പോലെ, ഒരു പേപ്പര്‍ എടുത്ത്, നിവര്‍ത്തി, രണ്ടായും, നാലായും, എട്ടായും മാറി മാറി മടക്കിയും നീര്‍ത്തിയും, കണക്കു കൂട്ടി ആവശ്യാനുസരണം മുറിച്ചെടുത്ത്, ഷെല്‍ഫ്ഫിന്നടിയിലും, അലമാരക്കുള്ളിലും, ബുക്കിന്നിടയിലും, ഒളിപ്പിച്ചു വച്ചു.
പിന്നീടു വന്ന, പരീക്ഷക്കു മുന്‍പുള്ള മൂന്നു നാലു ദിവസങ്ങളില്‍, ഒപ്പം പഠിക്കുന്ന, പഠിക്കാന്‍ സമര്‍ത്ഥരായ കൂട്ടുകാരോട്, വരാന്‍ സാധ്യതയുള്ള എസ്സേയുടേയും, മറ്റു ചോദ്യങ്ങളേയും കുറിച്ച് ചോദിച്ചറിഞ്ഞ്, അതിന്റെ ഉത്തരങ്ങള്‍ മുറിച്ച് വച്ച കടലാസ്സില്‍, കുനു കുനെ എഴുതി തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാന്‍.
അങ്ങനെ നിര്‍ണ്ണായകമായ പരീക്ഷാ ദിവസം വന്നെത്തി. ഇംഗ്ലീഷ് പരീക്ഷയായിരുന്നു ആദ്യം. രാവിലെ, കുളിച്ച്, മുപ്പത്തി മുക്കോടി ദേവഗണങ്ങളേയും പ്രാര്‍ത്ഥിച്ച്, കോടി മുക്കിയ ഡബിള്‍ മുണ്ടും ഉടുത്ത് , ഉത്തരങ്ങള്‍ എഴുതിയ കുറിപ്പുകള്‍ ഓരോന്നോരോന്നായി മുണ്ടിനുള്ളിലേക്ക് യഥാക്രം തിരുകി, ഷര്‍ട്ടുമിട്ട്, ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ അടുക്കളയിലേക്ക് ചെന്നപ്പോള്‍, ദോശ വെട്ടി വിഴുങ്ങുകയായിരുന്ന ചേട്ടന്‍മാരുടെ ചിരിയില്‍ സത്യമായും എനിക്ക് ഒരു കള്ള ലക്ഷണം കണ്ടെത്താന്‍ കഴിഞ്ഞില്ല.
മൂക്കു മുട്ടും വരെ ദോശ കഴിച്ച്, കൈയ്യും, കഴുകി, ഒരു ഏമ്പക്കവും വിട്ട്, ഞാന്‍ പോയിട്ട് വരാം എന്ന് പറഞ്ഞതും, അച്ഛന്റെ വക ഒരു ചോദ്യം.
എന്റെ മോന്‍ ഇന്നെന്താ പതിവില്ലാതെ, പാന്റിടാതെ, മുണ്ടുടുത്ത് പോകുന്നത്?
ഏയ്, ഒന്നുമില്ലച്ഛാ, വെറുതെ ഉടുത്തുവെന്നേയുള്ളൂ.
എന്നാലെന്റെ മോന്‍ പോയി മുണ്ട് മാറി, പാന്റിട്ടിട്ട് സ്ക്കൂളില്‍ പോകാന്‍ നോക്ക് വേഗം.
അച്ഛാ അതിപ്പോ, ഈ നേരം പോയ സമയത്ത്, ഇനി മാറ്റാന്‍ നിന്നാല്‍ സ്ക്കൂളിലെത്താന്‍ വൈകും.
സാരമില്ല, ഇത്തിരി വൈകിയാലും നീ പാന്റ്റിട്ടിട്ടിന്ന് പരീക്ഷയ്ക്കു പോയാല്‍ മതി എന്നും പറഞ്ഞ് എന്റെ മുണ്ടില്‍ പിടിച്ചൊരു വലി!!!
മുണ്ടിന്റെ കുത്തഴിഞ്ഞതും എന്റെ അരയില്‍ തിരികിയിരുന്ന കുറിപ്പുകള്‍, കാറ്റത്ത് മാമ്പഴം പൊഴിയുന്നതുപോലെ താഴേക്ക് കൊഴിഞ്ഞു വീണു!!!
പിന്നീട് എന്തെല്ലാം സംഭവിച്ചിരിക്കാം എന്ന്‍ ഊഹിക്കാനുള്ള അവസരം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു.
15 comments:
കലക്കി കുറുമാനേ..നന്നായി ചിരിച്ചു!! :-))
അപ്പോ കുറുമാനും ഒറ്റ നടക്ക് പോവുന്ന പാര്‍ട്ടീയല്ലല്ലേ..
ബ്ലോഗിലിക്കണക്കിന് പുലികള്‍ പെരുത്താല്‍, മൂന്നരപ്പറ അരി മത്യാവോ... ന്ന് മണി പറഞ്ഞോണം, ഓഫീസ് ഡ്യൂട്ടി പത്ത് മണിക്കൂറ് പോരാണ്ടി വര്വോ??
കലക്കിപ്പൊളിച്ചു കുറുമാനേ...!
പറഞ്ഞില്ലേ ഞാന്‍.. ഒന്നുമല്ലെങ്കിലും ഇന്നസെന്റിന്റേയും ജോസ് പല്ലിശ്ശേരിയുടേയും നാട്ടുകാരനല്ലേ? കലക്കിയില്ലെങ്കില്ലേ അതിശയമുള്ളൂ.
പുലിശല്യം കലശലായി വിശാലാ.. ഓഫീസ് സമയം കൂട്ടുന്ന കാര്യം എനിക്കും ആലോചിക്കേണ്ടിവരും.
കലക്കി കുറുമാനേ.. (കമന്റില്‍ കുറുമാനും കുമാറും എപ്പോഴും കണ്‍ഫ്യൂഷ്യസ്).
വിശാലകണ്ണൂസ് പറഞ്ഞതുപോലെ ഇക്കണക്കിന് പോയാല്‍ ബ്ലോഗുവായനയും കമന്റടിയും ഔട്ട്‌സോഴ്സ് ചെയ്യേണ്ടിവരും എന്നാണല്ലോ തോന്നുന്നത്.
“......പരീക്ഷയ്ക്ക് തരക്കേടില്ലാത്ത, പാസ് മാര്‍ക്കെങ്കിലും വാങ്ങിയില്ലെങ്കില്‍, നാടു വിടുകയോ, എന്നെ ദത്തെടുക്കാന്‍ സന്നദ്ധനായ ആരേയെങ്കിലും കണ്ടുപിടിക്കുകയോ വേണം എന്ന യാഥാര്‍ത്ഥ്യം എന്നെ കണ്ണുരുട്ടി കാണിച്ചു”.
കലക്കി
ഹയ്യോ. കുടകള്‍ എല്ലാം ഒന്നിനൊന്നു മെച്ചം. കുട കരയും വര്‍ണ്ണക്കുടയും കഴിഞ്ഞപ്പോ ഇരിങ്ങാല കുട തുടങ്ങി!!
രണ്ടാം പാനിപട്ട് യുദ്ധം നടന്നത് ചെരുപ്പില്‍ ക്വിറ്റ് ഇന്ത്യാ കക്ഷത്ത് ചേര ചോളന്മാര്‍ വലത്തേ തുടയിലും ഇടത്തേ തുടയിലും എന്നൊക്കെ ഇന്‍ഡെക്സ് ചെയ്ത ഒരു തുണ്ട് പോകറ്റിലിടുന്നതോടെ പരീക്ഷക്കിരിക്കാനുള്ള ആത്മവിശ്വാസം ഇരച്ചങ്ങു കേറുമെന്ന് ആട്ടൊക്കലാധരന്‍ പറഞ്ഞു തന്നിട്ടുന്റെങ്കിലും അത്ര പരീക്ഷിക്കാന്‍ ധൈര്യം വന്നിട്ടില്ല.. കുറുമാനേ, അസ്സലായി.
കാപ്പിയടിയുടെ നൂതനസാങ്കേതിക വിദ്യ പത്തുപതിനഞ്ചുകൊല്ലം മുന്‍പ് തന്നെ ലംബോ (പ്രേംകുമാര്‍) ദൂരദര്‍ശനില്‍ക്കൂടി കാണിച്ചുതന്നായിരുന്നു. അതൊക്കെ ഒന്നുകൂടി കാണാന്‍ പറ്റുമോ ആവോ....
എന്റെ ആദ്യ പോസ്റ്റിങ്ങ് വായിച്ച്, കമന്റിട്ടു പ്രോത്സാഹിപ്പിച്ച, അരവിന്ദനും,വിശാലനും,കണ്ണൂസിനും,വക്കാരിക്കും,ദേവേട്ടനും,എന്റെ ഹ്യദയം നിറഞ്ഞ നന്ദി. നിങ്ങളുടെയുല്ലാം പ്രോത്സാഹനം മൂലം ഞാന്‍ ഇനിയും തുടര്‍ന്നെഴുതാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. മലയാളം മീഡിയത്തില്‍ ആണു പഠിച്ചതെങ്കിലും, മലയാളത്തിനു പകരം സംസ്ക്യതം ആയിരുന്നു എന്റെ പ്രധാന വിഷയം. അതിനാല്‍ മലയാളം വ്യാകരണങ്ങള്‍ എനിക്കിന്നും കൈപ്പിടിയില്‍ എത്താത്ത ദൂരത്ത്. അക്ഷരതെറ്റും കുറവല്ല. എന്നാല്‍ മലയാളത്തിനു പകരം സംസ്ക്യതം എടുത്തിട്ട്, അതിലെന്തെങ്കിലും അറിയുമോ, അതുമില്ല. ഇപ്പോള്‍ തോന്നുന്നും, അന്ന് അറബി എടുത്ത് പഠിച്ചിരുന്നെങ്കില്‍, ഇന്നീ അറബ് ഐക്യനാടുകളില്‍ കുറച്ചെങ്കിലും ഉപകാരമായിരുന്നേനെ. എന്തായാലും, കഴിഞ്ഞത് കഴിഞ്ഞു. ഇത്തവണ നാട്ടില്‍ പോകുമ്പോള്‍, ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരേയുള്ള എല്ലാ മലയാളം പുസ്തകവും വാങ്ങി വന്നു വായിച്ചു പഠിക്കണം. നേരേയാവാന്‍ പറ്റുമോ എന്നു നോക്കാമല്ലോ?
സുസ്വാഗതം പുലിവര്യാ...
ബൂലോഗത്തെ ഇനി പുലിലോഗമെന്ന് വിളിക്കേണ്ടി വരുമോ???
കുറുമാ, കലക്കി!
അറബി ഐക്യന്‍ ആടില്‍ ആണ് ഇപ്പോള്‍ കുറുമക്കുടി എന്നറിയുന്നതില്‍ ബഹുത്ത് ഖുശി!
കലേഷിട്ട കമന്റുകണ്ടാണിങ്ങോട്ടെത്തിയതു്. എന്നാല്‍ പിന്നെ കമന്റും ഇവിടെ തന്നെ കിടക്കട്ടെ.
കുറുമാനെ സ്വാഗതം. എല്ലാരും കൂടെയീ ബ്ലോഗ്ഗങ്ക്ടു് ഞെരിപ്പാക്കണം.
മൂന്നരപ്പറമത്യാവോ എന്നിപ്പോ ശങ്കിക്കുന്നതു് കലേഷാണു് വിശാലാ. ആഫ്റ്റര്‍ കല്ല്യാണ സദ്യക്കു്.
വെല്‍ക്കം റ്റു ഊട്ടി. നൈസ് റ്റു മീറ്റ്യൂ...
പോരട്ടെ.. പോരട്ടെ... :-)
കോന്നിലം പടത്തു വന്നപ്പോള്‍
യക്ഷി വണ്ടി കയ്യറിയിട്ടേഒള്ളു
ട്രാഫിക്ക് ബ്ലോക്കാണ് വരാന്‍ വൈകും എന്നു മനസ്സിലായി ഞാന്‍ നേരെ ഇങ്ങ് കയറി
എന്തും ആദ്യം മുതല്‍, അതാ അതിന്റെ ഒരു ശരി !!
“...മോന്‍ ഇന്നെന്താ പതിവില്ലാതെ, പാന്റിടാതെ, മുണ്ടുടുത്ത് പോകുന്നത്? ....” അതു കലക്കി ... അപ്പോള്‍ കുറുമാനേ ഞാന്‍ ഇനി ഇവിടുണ്ട് ഒന്നു മേയട്ടെ...
എന്നിനി ഇതേ പോലൊരെണ്ണം എനിക്ക് എഴുതാന്‍ പറ്റും...?
aadyathe ezhuth thanne kidilan....... enthaayirikkum pinneed sambhavichittundaavuka ;)
ആസ്വദിച്ചുവായിച്ചു.അടിപൊളി..
Post a Comment