Wednesday, May 03, 2006

കുത്തിച്ചാരിയ ശവം

ഒരു വെള്ളിയാഴ്ച പുലര്‍ച്ച. സമയം ഏതാണ്ട് രണ്ടു, രണ്ടരയായി കാണണം. കരാമയിലെ ഒരു ഫ്ലാറ്റില്‍, രാത്രി ഡ്യൂട്ടിയുള്ള സെക്ക്യൂരിറ്റിക്കാരന്‍ അലി, വൈകുന്നേരം കിട്ടിയ പത്രത്തിലെ അവസാന താളും വായിച്ചു തീര്‍ത്ത്, ലുലു പാര്‍ക്കിങ്ങില്‍ നിന്നും കയറിവരുന്ന, യു എ ഇ എക്സ്ചേഞ്ചിനുമുന്‍പിലുള്ള എന്‍ട്രന്‍ന്‍സിലിട്ടിരിക്കുന്ന കസേരയില്‍ ചാരിയിരുന്ന് ചെറുതായി മയങ്ങാന്‍ തുടങ്ങുന്ന സമയം.

മൂന്നാം നിലയില്ലൊരുമിച്ചു താമസിച്ച്, ഒരേ ഓഫീസില്‍ ജോലി ചെയ്യുന്ന മൂന്ന് മലയാളി കുമാരിമാര്‍, അവര്‍ ജോലിചെയ്യുന്ന സ്ഥാപനം നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്ത്, ശീലമില്ലാതിരുന്നിട്ടും, മറ്റുള്ളവരെ കുടിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരും, മധ്യപാനികളുമായ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു സ്വമേദയാ വഴങ്ങി, അല്പത്തിലധികം ജിന്നും, മൂക്ക് മുട്ടെ ഭക്ഷണവും കഴിച്ച്, ആടിയും പാടിയും, മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം, കുന്നായ്മയും, കുനിഷ്ടും പങ്കു വച്ച് സമയം കളയുന്നതിന്നിടയിലെപ്പോഴോ, മൂന്നില്‍ ആരോ ഒരാളുടെ കണ്‍പോളകളെ ഉറക്കദേവത തലോടാന്‍ തുടങ്ങിയ നേരത്തു മാത്രമാണ് സമയത്തെകുറിച്ച് ബോധവതികളായതും, എങ്കില്‍ പിന്നെ സമയം കളയാതെ, സ്ഥലം കാലിയാക്കി, ടാക്സി പിടിച്ച് കൂടണയാം എന്ന് വോട്ടിടാതെ തന്നെ തീരുമാനിച്ചുറപ്പിച്ച്, പാതിരാകഴിഞ്ഞ നേരത്ത്, ടാക്സിയും പിടിച്ച്, കരാമ ലുലുവിന്റെ പാര്‍ക്കിങ്ങില്‍ ഇറങ്ങി എന്‍ട്രന്‍സിലൂടെ കയറി ലിഫ്റ്റിലേക്ക് നടന്നു.

പോകുന്ന വഴിക്ക്, വെറുതെ ഇരുന്നുറക്കം തൂങ്ങുകയായിരുന്ന അലിയുടെ തലയില്‍ കാക്ക ഞോണ്ടുന്നതു പോലെ ഒന്നു ഞോണ്ടിയിട്ട്, എന്തിനാ ചേട്ടാ ഇങ്ങനെ നൈറ്റ് ഡ്യൂ‍ട്ടിക്കിടയില്‍ ഉറങ്ങാതെ ഇരുന്ന് പണി ചെയ്യുന്നത് എന്നും ചോദിച്ച് കളിയാക്കാനും മൂവര്‍ സംഘം മറന്നില്ല.

ഉറക്കം തൂങ്ങുന്ന മിഴികളുമായി, ആ മുന്നു കുമാരിമാരും, ലിഫ്റ്റിന്റെ ബട്ടണമര്‍ത്തി, ലിഫ്റ്റിനായി കാത്തുനിന്നു നിമിഷങ്ങള്‍ക്കകം, ക്ണിം എന്ന ഒരു മണി ശബ്ദത്തോടുകൂടി, ലിഫ്റ്റ് മുകളില്‍ നിന്നും താഴേക്ക് വന്ന് ഗ്രൌണ്ട് ഫ്ലോറില്‍ നിന്നതും, മൂന്നുപേരും കൂടി ലിഫ്റ്റില്‍ കയറി മൂന്നാമത്തെ നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തികഴിഞ്ഞപ്പോഴാണ്, ലിഫ്റ്റിന്റെ മുക്കില്‍ ചാരിവച്ചിരിക്കുന്ന ഒരു ഡെഡ്ബോഡി, അതെ, ഒരു ശവത്തെ കണ്ടത്!!

പരിഭ്രാന്തിയാല്‍ എന്തു ചെയ്യണമെന്നറിയാതെ പേടിച്ച് വിറച്ചു നിന്നിരുന്ന മൂന്നുപേരില്‍ ഒരുവള്‍ എന്തും വരട്ടെ എന്നു കരുതി, ഒന്നാമത്തെ നിലയിലേക്കുള്ള ബട്ടണമര്‍ത്തി. പേടിമൂലം, വായില്‍ നിന്നും വന്ന നിലവിളി പുറത്തേക്ക് വരാതിരിക്കാന്‍ മൂന്നു പേരും കൈവിരലുകള്‍ മൊത്തമായും, ചില്ലറയായും, അവനവന്റെ വായുടെ വലിപ്പമനുസരിച്ച്, വായിലെക്ക് തിരികിവച്ചു.

ഒന്നാം നിലയില്‍ ലിഫ്റ്റെത്തിയതും, മുന്നുപേരിലുംവച്ച് ധൈര്യശാലി ഉണ്ണിയാര്‍ച്ച ഒരുവള്‍ അപായമണിയില്‍ വിരല്‍ അമര്‍ത്തിയതിനോടൊപ്പം തന്നെ, ബസ്റ്റോപ്പെത്തുന്നതിന്നു മുന്‍പേ കിളി, ബസ്സില്‍ നിന്നും ചാടിയിറങ്ങുന്നതുപോലെ, മൂന്നുപേരും ലിഫ്റ്റില്‍ നിന്നും പുറത്തേക്ക് ചാടി ഓടുന്നവഴി ലിഫ്റ്റില്‍ നിന്നുമുള്ള അപായമണി മുഴങ്ങി കേട്ടു.

മൂന്നുപേരും സെക്ക്യൂരിറ്റിയെ വിവരം ധരിപ്പിക്കാന്‍ ഗ്രൌണ്ട് ഫ്ലോറിലേക്ക് കോണിപടിയിലൂടെ, തോക്കിന്‍ കുഴലിലൂടെ പായുന്ന വെടിയുണ്ട പോലെ ചീറീ പാഞ്ഞു.

അപായമണികേട്ട് ഞെട്ടി ഉണര്‍ന്ന സെക്ക്യൂരിറ്റിക്കാരന്‍ അലി, മദയാനയുടെ മുന്‍പിലകപ്പെട്ട ശിക്കാരി ശംഭുവിനെപ്പോലെ വച്ചുപിടിച്ചു, ലിഫ്റ്റിന്നരികിലേക്ക്. നിലവിളിച്ചു കൊണ്ട് മൂവര്‍ സംഘം കോണിപടിയിലൂടെ ഓടി ചാടി താഴെ ലിഫ്റ്റിന്നരികില്‍ എത്തിയപ്പോഴേക്കും, അലിയും ലിഫ്റ്റിന്നരികിലെത്തി. നാലുപേരുടേയും മുന്‍പില്‍ വച്ചു തന്നെ, ലിഫ്റ്റ് മുകളില്‍ നിന്നും താഴേക്ക് വരുന്നുണ്ടെന്നറിയിക്കുന്ന കീഴോട്ട് ആരോമാര്‍ക്കുള്ള ലൈറ്റും കത്തി.

ലിഫ്റ്റ്, മുകളില്‍ നിന്നും താഴെ വരാന്‍ എടുത്ത കുറച്ച് നിമിഷങ്ങള്‍ക്കകം തന്നെ, മൂവര്‍ സംഘം, ലിഫ്റ്റില്‍ ചാരിവച്ചിരുന്ന ശവത്തിനെകുറിച്ച് അലിയോട്, പുഷ് പുള്‍ ട്രെയിന്‍ പോലെ, കിതച്ചും, ശ്വസിച്ചും പറഞ്ഞു തീര്‍ത്തു.

അക്ഷമയോടെ, ഉദ്യോഗത്തോടെ, ആകാംക്ഷയോടെ അതിലേറെയെല്ലാം തന്നെ ഭയപ്പാടോടെ, ലിഫ്റ്റ് കീഴെ എത്തുന്നതും കാത്ത് ശ്വാസം ഉള്ളില്‍ അടക്കിപിടിച്ചു നിന്നിരുന്ന ആ നാലുപേരുടേയും മുന്‍പില്‍ വീണ്ടും ഒരു ക്ണിം, ശബ്ദത്തോടെ ലിഫ്റ്റ് വന്നു നിന്നു. വാതില്‍ തനിയെ തുറന്നതും, എട്ടു കണ്ണുകള്‍ ശവത്തെ തേടി ലിഫ്റ്റിന്റെ മുക്കിലും, മൂലയിലും, എന്തിന് ഉത്തരത്തില്‍ വരെ അലഞ്ഞു. ശവം പോയിട്ട്, ഒരു ശവിയെ പോലും, ലിഫ്റ്റില്‍ കാണാന്‍ കഴിയാതെ, നിരാശരും, ഇളിഭ്യരുമായ് മൂവര്‍ സംഘം അന്യോന്യം മുഖത്തു നോക്കി ചോദ്യ ചിഹ്നവുമണിഞ്ഞ് നില്‍ക്കുമ്പോള്‍, തിരിഞ്ഞു നടക്കുന്ന അലി പറഞ്ഞത് അവരുടെ ചെവിയില്‍ പതിഞ്ഞു.

“പെണ്ണുങ്ങളായാല്‍ അടക്കവും, ഒതുക്കവും വേണം. ഇതിപ്പോ, നട്ട പാതിരാത്രിക്ക്, കള്ളും കുടിച്ച്, കണ്ണും കാണാതെ, മറ്റുള്ളവന്റെ ഉറക്കം കെടുത്താന്‍ ഓരോന്ന് കെട്ടിയിറങ്ങിക്കോളും.”

ഫ്ലാഷ് ബായ്ക്ക്

കാട്ടിലെ കുട്ടികൊമ്പനെ പോലെ, ഒരല്ലലുമില്ലാതെ, ചെന്നിടം വിഷ്ണുലോകമാക്കി, കൂട്ടുകാരുമൊത്ത്, യഥേഷ്ടം റമ്മി, ഇരുപത്തെട്ട്, പന്നി മലത്ത്, തുടങ്ങിയ കേരളത്തിന്റെ (അതോ ത്യശൂരിന്റേയോ) ദേശീയ കളികളും, ആവശ്യത്തിനും, അനാവശ്യത്തിനും, അല്പസ്വല്പത്തിലധികമായി മദ്യസേവയും, മറ്റുമായി നടന്നിരുന്ന കാലത്താണ് ഞാന്‍ വിവാഹിതാകുന്നത്.

വിവാഹിതനായതോടെ കാട്ടിലിട്ട ആന പിന്നെ കൂട്ടിലിട്ട ആനയായും, അതിനു ശേഷം ആദ്യ മകളുടെ ജനനത്തോടെ കൂട്ടില്‍ നിന്നും മെരുങ്ങി പുറത്തിറങ്ങിയ കൂച്ചുവിലങ്ങിട്ട ആനയായും മാറിയ കാലം.

അങ്ങനെ കുടുംബസമേതം സസുഖം വാണിരുന്നകാ‍ലത്തൊരു ബുധനാഴ്ച രാത്രി എന്റെ മൊബൈലില്‍ ഒരു വിളി.

ഹലോ, ടാ കുറുമാനെ, ഇത് ഞാനാ ശിവന്‍.

ഹെയ്, നീയെപ്പൊ വന്നിഷ്ടാ മസ്ക്ക്റ്റീന്ന്?

ഞാന്‍ ദേ ദിപ്പതന്നെ വന്നൊള്ളോ.

നീ തന്ന്യാ വന്നേക്കണെ?

ഏയ്, ഞാന്‍ തന്ന്യന്നല്ലടക്ക, ജോഷീംണ്ട്, സംജയ്യുണ്ട്.

എയ്, അതു കൊള്ളാല്ലോ. എത്രീസം ഉണ്ടിവിടെ?

ഞങ്ങള്‍ മറ്റന്നാള്, വെള്ളിയാഴ്ച പോകുടക്കെ. ങാ, പിന്നെ നമുക്കൊന്നു കൂടണംട്ടാ.

അതിനിപ്പെന്താ, നമുക്ക്, നാളെ വൈകീട്ട്, ഒന്നു പൊടിപൊടിക്കാം.

നിന്റെ പെണ്ണുമ്പിള്ള വിട്വോ?

അതൊക്കെ ഞാനേറ്റുസ്റ്റാ.

എന്നാ ശരി നാളെ വൈകുന്നേരം നീ ശ്രീശാന്തിന്റെ വീട്ടില് വാ.

ഓക്കെ....ബൈ.

ഫോണ്‍ കട്ട് ചെയ്ത് തിരിഞ്ഞുനോക്കിയപ്പോള്‍, അതാ നില്‍ക്കുന്നു എന്റെ പ്രിയതമ വലിയ ഒരു ചോദ്യ ചിഹ്നവും മുഖത്തണിഞ്ഞ്!!

ആരാ? എന്താ? എന്തേറ്റൂന്നാ പറഞ്ഞേ, തുടങ്ങിയ ചോദ്യങ്ങളുടെ ഒരു ശരവര്‍ഷം തന്നെ പത്നി തൊടുത്തുവിട്ടു.

ഏയ്, അത് നമ്മടെ ശിവനായിരുന്നു. അവന്‍ വന്നിട്ടുണ്ട്. അപ്പോ ഒന്ന് കാണണം എന്നു പറയുകയായിരുന്നു.

ഇവറ്റകള്‍ക്കൊരു പണിയും ഇല്ലേ? എടയ്ക്കിടെ കുറ്റീം പറിച്ച് വന്നോളും മസ്ക്കറ്റീന്ന്, ബാക്കിയുള്ളോന്റെ മനസമാധാനം കെടുത്താനായിട്ട്.

അവര് വന്നതിനെന്തിനാ നിന്റെ സമാധാനം പോകണേ?

അവരു വന്നേനല്ലാ, ഇനി നിങ്ങളവിടെ പോകുന്നകാര്യമാലോചിച്ചിട്ടാ ബാക്കിയുള്ളോന് തലവേദന.

എത്ര പേരെ കണ്ടിരിക്കുന്നു, ദാ അയാളെ നോക്ക്, ഇയാളെ നോക്ക്, മറ്റാളെ നോക്ക്, മറിച്ചാളെ നോക്ക്.

മറ്റൂള്ളവരേ പോലേയാ നിങ്ങള്‍?

കൂട്ടുകാരാരേങ്കിലും വന്നാല്‍, അപ്പോ എടുത്തു വച്ചു, കുപ്പീം ഗ്ലാസ്സും!! ഇവിടെ വന്നാലും ശരി, ഇനി എവിടേയെങ്കിലും പോയാലും ശരി. ഇങ്ങനേം ഒരു മനുഷ്യനുണ്ടൊ ഭൂമിയില്?

എത്ര നല്ല ആലോചന എനിക്ക് വന്നതാ, എന്നിട്ട് ഇപ്പോത്.

എന്താ ചെയ്യാ? കുട്ട്യൊന്ന് ആയില്ലെ, പോരാത്തതിനടുത്തത് വയറ്റിലും.

എങ്ങനേയിങ്കിലും ഒന്നു നാട്ടില്‍ പോയാമതിയെന്റെ ഈശ്വരാ. നിങ്ങളെനിക്കും, മോളക്കും ടിക്കറ്റെടുത്ത് തന്നിട്ട്, പോക്വേ, വര്വോ, എന്തായ്ച്ചാല്‍ ചെയ്തോ. ഇവിടെ ആര്‍ക്കും ഒരു ചേതോ ഇല്ല്യ.

എടീ, ഇങ്ങനെ എണ്ണിപറക്കാന്‍ മാത്രം ഞാനിപ്പോ എന്താ ചെയ്തേ?

ഏയ്, നിങ്ങളൊന്നും ചെയ്യാറില്ലല്ലോ ? ഒരു പുണ്യാളന്‍!!

ഇനീപ്പോ ഒരു കാര്യം ദേ ഇപ്പോ തന്നെ പറയാം. നാളെ പോകുന്നതൊക്കെ കൊള്ളാം, പക്ഷെ

ഒന്ന്, വണ്ടി കൊണ്ടു പോകുന്നില്ല.

രണ്ട്, രാത്രി അവിടെ തന്നെ തങ്ങുക.

അല്ലാതെ, രാത്രി ഭാര്യാ, പുത്രീ സ്നേഹം കൂടി ഇങ്ങോട്ടെങ്ങാനും വന്നാല്‍ വാതില് ഞാന്‍ ജന്മം പോയാല്‍ തൊറക്കില്ല. ഇത് സമ്മതമാണേല്‍ മാത്രം പോയാല്‍ മതി.

ഓ, ശരി. സമ്മതം.

അങ്ങനെ വ്യാഴാഴ്ച ഓഫ്ഫീസ്സെല്ലാം കഴിഞ്ഞ് വന്ന്, ഫ്രെഷായി, രാത്രി തിരിച്ചു വരില്ല എന്ന കുറുപ്പിന്റെ ഉറപ്പിന്മേല്‍, ചാവി പ്രിയതമക്ക് കൈമാറി, ഒരു ടാക്സിയും പിടിച്ച് ബര്‍ദുബായിലുള്ള ശ്രീശാന്തിന്റെ വീട്ടിലേക്ക് ഞാന്‍ യാത്ര തിരിച്ചു.

ടാക്സിയില്‍നിന്നും അവരുടെ ഫ്ലാറ്റിന്റെ കീഴെ ഇറങ്ങിയപ്പോള്‍ തന്നെ വളളം കളിപ്പാട്ടിന്റെ ശബ്ദഘോഷങ്ങള്‍ കേട്ടു.
അവരുടെ ഫ്ലാറ്റില്‍ കയറി അവരില്‍ ഒരാളായി ഞാന്‍ മാറി.

ടീം മാറി, മാറി ഞങ്ങള്‍ എല്ലാവരും, റമ്മികളിച്ചും, പന്നിമലത്തിയും സമയം പോയതും, കുപ്പികള്‍ പലതും ഒഴിഞ്ഞതും, ആരും ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍, ശ്രദ്ധിക്കാന്‍ പറ്റുന്ന് ഒരു കോലത്തിലായിരുന്നില്ലാരും എന്നു പറയുന്നതാവും കൂടുതല്‍ ശരി.
വയറു വിശന്നപ്പോള്‍, എന്തൊക്കേയോ കുറച്ച് വാരിക്കഴിച്ചതോര്‍മ്മയുണ്ട്.

കളിയെല്ലാം നിറുത്തി, എല്ലാവരും കിടക്കാനുള്ള തയ്യാറെടുപ്പു തുടങ്ങിയപ്പോള്‍, എന്റെ ഉള്ളില്‍ ഭാര്യാ സ്നേഹം നിറഞ്ഞു തുളുമ്പി, കരകവിഞൊഴുകി.

ഞാന്‍ പൂവ്വാടാ, എനിക്കിപ്പോ എന്റെ ഭാര്യേം, മോളേം കാണണം.

വേണ്ടടാ, ഈ പാതി രാത്രിക്ക് നീയിനി പോണ്ട. ഇവിടെ കിടന്നിട്ട് നാളെ രാവിലെ പോകാം.

വേണ്ട, എനിക്കിപ്പൊ തന്നെ പോണം. എന്റെ മോളില്ലാതെ ഒരീസം കൂടി ഞാന്‍ കെടന്നിട്ടില്ല. അറിയ്യോ നിങ്ങള്‍ക്ക്? എങ്ങിനെ അറിയാന്‍? ബാച്ചിലറല്ലെ എല്ലാരും? നിങ്ങള്‍ക്കൊന്നും അത് പറഞ്ഞാല്‍ മനസ്സിലാവില്ല. ഏത്?

കുടുംബായാല്, കൊറച്ചൊക്കെ ഉത്തരവാദിത്തം വേണം. നിങ്ങള്‍ക്കൊന്നും അതൊന്നും അറിയില്ല. അതൊക്കെ അനുഭവിച്ചു തന്നെ അറിയണം മക്കളേ.

ങാ, അതൊക്കെ പോട്ടെ. എന്നെ ഇപ്പോള്‍ ആരാ കൊണ്ട് വിട്വാ?

നിനക്ക് പോണംന്ന്ച്ചാ, ഞങ്ങള്‍ കൊണ്ടു വിടാം, പക്ഷെ ഫ്ലാറ്റിന്റെ മുന്‍പിലേ വിടൂ. എന്ന് ശിവനും, ശ്രീശാന്തും ഒരേ ശബ്ദത്തില്‍.

എന്നാ ശരി, പോകാം എന്നു പറഞ്ഞ് ഞങ്ങള്‍ താഴെ ഇറങ്ങി. ശ്രീശാന്തിന്റെ വണ്ടിയില്‍ കയറി.

ഫ്ലാറ്റെത്തിയപ്പോഴേക്കും, വണ്ടിയില്‍ ഇരുന്ന് ഉറക്കമായിരുന്ന ഞാന്‍ എത്ര വിളിച്ചിട്ടും ഉണര്‍ന്നില്ല.

രാത്രി പന്ത്രണ്ടുമണി കഴിഞ്ഞാല്‍ ഫ്ലാറ്റിലേക്കുള്ള വാതില്‍ എല്ലാം അടക്കും, പിന്നെ സെക്കൂരിറ്റി ഇരിക്കുന്ന എന്‍ട്രന്‍സിനു കീഴെയുള്ള ബേസ്മെന്റിലെ ഒരേ ഒരു ലിഫ്റ്റിലേക്കുള്ള വാതില്‍ മാത്രമേ തുറക്കൂ എന്നറിയാവുന്ന ശ്രീശാന്തും, ശിവനും, എന്നേയും താങ്ങിപിടിച്ച് ബേസ്മെന്റില്‍ ചെന്ന് ലിഫ്റ്റില്‍ എന്നെ കയറ്റി ചാരിവച്ച്, നാലാം നിലയിലേക്കുള്ള ബട്ടണും അമര്‍ത്തി, സ്ഥലം കാലിയാക്കി.

ലിഫ്റ്റില്‍ ചാരിനിന്ന് ഉറങ്ങുകയായിരുന്ന ഞാന്‍, ലിഫ്റ്റിലെ അപായമണികേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍, ലിഫ്റ്റ് മൂന്നാം നിലയില്‍ എത്തിയിരുന്നു. പെട്ടെന്നു തന്നെ ഞാന്‍ നാലാം നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തി.

ലിഫ്റ്റ് നാലില്‍ ചെന്നതും, ഇറങ്ങി, എന്റെ ഷെയറിങ് ഫ്ലാറ്റിന്റെ മെയിന്‍ ഡോര്‍ തുറന്ന്, പ്രിയതമ മുറിയുടെ വാതില്‍ തുറക്കില്ല എന്ന ആത്മവിശ്വാസത്തോടെ മുറിക്കു മുന്‍പില്‍ തറയില്‍ മറ്റൊരു തറയായി കിടന്നു.

46 comments:

കുറുമാന്‍ said...

കുത്തിച്ചാരിയ ശവം.

ഇതില്‍ വിവരിച്ചിരിക്കുന്ന മൂവര്‍ സംഘത്തിനെ ഈ സംഭവത്തിനു ശേഷം പരിചയപെടാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായി. അങ്ങിനെ അവര്‍ പറഞ്ഞറിഞ്ഞ കാര്യങ്ങളാണ് ആദ്യ ഭാഗത്തില്‍ വിവരിച്ചിരിക്കുന്നത്.

ജേക്കബ്‌ said...

;-)

Visala Manaskan said...

ഒരു സസ്പെന്‍സ്..ത്രില്ലറ്!
കിണുക്കന്‍ പോസ്റ്റ്...
ചിരിച്ചുവയ്യാണ്ടായി ഇഷ്ടാ..!

കണ്ണൂസ്‌ said...

ഇതൊരു നവരത്‌നക്കുറുമ ആണല്ലോ എന്റെ കുറുമാ!!!

അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അഭയാര്‍ത്ഥി said...

നന്നായി കുറുമാനേ കുത്തിച്ചാരിയ ശവമായി നിന്നതു.
അല്ലെങ്കില്‍ അസമയത്തു വരുന്ന ഈ ലലനാമണികള്‍ കിഷ്ണാപ്‌ ചെയ്യില്ലെന്നും കൊച്ചു പുസ്തക കഥ പോലെ ചണ്ടായി മരണാവസ്ഥയില്‍ വിടില്ലെന്നു ആരു പറഞ്ഞു..
അങ്ങിനെ ഉണ്ടായിരുന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്നുവോ?..
പോട്ടെ അടുത്ത വട്ടം നോക്കാം.

ലുലു സെന്ററിനു അടുത്തു യു എ എ എക്സേഞ്ചിനടുത്തു.. അല്ലേ?.

നറ്‍മരസമുള്ള ഒരു ജീവിതാനുഭവം പങ്കു വക്കുന്നു കുറുമാന്‍.

കളിക്കാനിറങ്ങിയിട്ടു അതികമായില്ലെങ്കിലും , രേങ്കിങ്ങില്‍ ധോണിയേപ്പോലെ ഒാടി ക്കയറുന്നു ഇയാള്‍

രാജീവ് സാക്ഷി | Rajeev Sakshi said...

വളരെ രസകരമായി പറഞ്ഞിരിക്കുന്നു.
ഇനിയുമിനിയുമെഴുതൂ.

രാജ് said...

ഹാഹാ രസായിരിക്കുന്നു, വായിച്ചു തീര്‍ത്തു ഓര്‍ത്തു ചിരിക്കുവാനാ രസം. ദൈവമേ ദുബായിലെ കള്ളുമുഴുവന്‍ ഒഴുകുന്നതും മലയാളികളുടെ വയറ്റിലേയ്ക്കോ ;)

-ഏതാനും പെഗ്ഗുകളും, കുറച്ചുവാളും കൈമുതലായിട്ടുള്ള ഒരു ചെറുപ്പക്കാരന്റെ ആത്മഗതം (സുഹൃത്തുക്കളാരും നിഷേധക്കുറിപ്പിറക്കില്ലെന്നു കരുതട്ടെ)

ഉമേഷ്::Umesh said...

കലക്കി കുറുമാനേ, നല്ല എഴുത്തു്.

ദ, ധ എന്നിവ മാറിപ്പോകുന്നതു ശ്രദ്ധിക്കുക. അറിവില്ലായ്മയല്ല, മൊഴിയുപയോഗിക്കുമ്പോഴുള്ള അശ്രദ്ധയാണെന്നു തോന്നുന്നു. “മധ്യപാനികളുമായ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു സ്വമേയാ വഴങ്ങി..” എന്നു കണ്ടതുകൊണ്ടാണിതു പറയുന്നതു്.

Kuttyedathi said...

കുറുമാനേ,

ഉറങ്ങുമ്പോളിങ്ങനെ ആത്മാര്‍ത്ഥമായിട്ടുറങ്ങണം. 2 പേരുകൂടി താങ്ങിയെടുത്തു കാറില്‍ നിന്നു പൊക്കി, ലിഫ്റ്റില്‍ കൊണ്ടുപോയി നിറുത്തിയിട്ടും.... രാവിലെ വിളിച്ചുണര്‍ത്താനും ഭാര്യ ചെവിയില്‍ സെക്യൂരിറ്റി അലാം അടിപ്പിക്കുമായിരിക്കുമല്ലേ ?

നന്നായിരിക്കുന്നു കുറുമാന്‍. ഇനിയുമിനിയുമെഴുതൂ.

അതുല്യ said...

രാവിലെ കുറുമാന്‍ നല്ല അന്തസ്സായിട്ടു ഉഷാറായി നിന്ന് പറഞ്ഞു, കണ്ടില്ലേ, രണ്ട്‌ വിട്ടാ എന്താ, ഞാന്‍ ഒരു ഉറക്കം കഴിഞ്ഞ്‌ എണീറ്റപ്പോ തന്നെ സ്റ്റെഡിയായി നിക്കുന്നത്‌..

...
കുറുമാന്‍ കുഞ്ഞ്‌, മിനിഞ്ഞാന്ന് കിടന്നിട്ട്‌ ഇന്ന് രാവിലെ ഉണര്‍ന്ന വിവരം അറിഞ്ഞോ ആവോ...

കുറുമാനേ... പോസ്റ്റ്‌ വായിച്ചപ്പോ, എമിരേറ്റ്‌ റോട്‌ അല്‍ക്കൂസ്‌ മുതല്‍ അജ്മാന്‍ ഈ അറ്റം വരെ നടന്നു വന്ന ഒരു പ്രതീതി. ക്ഷമ തരാന്‍ ദൈവം വന്ന ദിവസം അമ്മ അരിപ്പ പിടിച്ചു നിന്നുന്നാ തോന്നണേ...

അതുല്യ said...
This comment has been removed by a blog administrator.
അതുല്യ said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

എന്താ ഇതു് അതുല്യേ, ഒരു കാര്യം ഒന്നോ രണ്ടോ പ്രാവശ്യം പറഞ്ഞാല്‍ പോരേ? കുറുമാന്റെ കെട്ടൊക്കെ വിട്ടെന്നേ...

കുറുമാന്റെ പെമ്പ്രന്നോരുടെ എണ്ണിപ്പറച്ചില്‍ കേട്ടപ്പോള്‍ എന്റെയൊരു സുഹൃത്തിന്റെ വീട്ടിലെ സൌഹൃദസംഭാഷണത്തില്‍ സംഭവിച്ചു എന്നു പറയപ്പെടുന്ന ഈ സംഭാഷണം ഓര്‍മ്മവന്നു:

ഭാര്യ: എനിക്കു് എത്ര എഞ്ചിനീയര്‍മാരുടെയും ഡോക്ടര്‍മാരുടെയും (അന്നു സീ. ഏ. ക്കാര്‍ പ്രചാരത്തിലായിരുന്നില്ല) ആലോചനകള്‍ വന്നതാ. എന്റെ തലയില്‍ ഇങ്ങേരെയാണല്ലോ കെട്ടിവെച്ചതു്....

ഭര്‍ത്താവു്: അതേതായാലും നന്നായി. എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമൊക്കെ ചെറുപ്പത്തിലേ വട്ടുപിടിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താല്‍ രാജ്യത്തിനു എത്രയാ നഷ്ടം?

ഭാര്യ: ഇങ്ങേരടെ ആലോചനേടെ കൂടെ വേറേ ഒരു എഞ്ചിനീയരുടെ ആലോചന വന്നതാ. നല്ല വെളുത്തു തുടുത്തു സത്സ്വഭാവി... ജാതകവും ഇങ്ങേരടേതിനേക്കാളും നന്നായിരുന്നു.

ഭര്‍ത്താവു്: ആയിരിക്കുമല്ലോ... അങ്ങേരു നിന്നെ കല്യാണം കഴിക്കാഞ്ഞപ്പോഴേ മനസ്സിലായില്ലേ അങ്ങേരുടെ ജാതകം നല്ലതാണെന്നു്....

:-)

കുറുമാന്‍ said...

ജേക്കപ്പേ: സന്തോഷം:)
വിശാലാ : സിരിച്ചുവല്ലെ, സന്തോയം
കണ്ണൂസേ : നവരത്നക്കുറുമ പോയിട്ട് പഞ്ചരത്നക്കുറമയെങ്കിലും ഉണ്ടാക്കണമെന്നുണ്ട്. ശ്രമിച്ചു നോക്കട്ടേ ഞാന്‍?
ഗന്ധര്‍വ്വരേ: കൊച്ചുപുസ്തക കഥ പോലെ തരൂണീമണികള്‍ എന്നെ കിഡ്നാപ്പ് ചെയ്ത് ചണ്ടിയാക്കി വിടണമെന്ന് ആശയില്ലേയില്ല.
അതെ, ലുലുവിന്നടുത്ത് ക്യത്യമായി പറഞ്ഞാല്‍ കരാമസെന്ററില്‍ തന്നെ:)
പിന്നെ ഗന്ധര്‍വ്വരേ - ധോണിയെപോലെ ഞാന്‍ ഓടിക്കയറുന്നുവെന്നോ? കട്ട്, കട്ട്.
ഒഴുക്കില്‍ പെട്ട തോണിപോലെ, ആടിയുലഞ്ഞ് തുഴഞ്ഞുവരുന്നെന്നു പറയൂ.
സാക്ഷി : നന്ദി. ഇനിയും എഴുതാന്‍ ശ്രമിക്കാം
പെരിങ്ങോടന് : ദുബായിലെ കള്ളുമാത്രമല്ല, അജ്മാനിലേയും, ഉം അല്‍ കുയ്‌വാന്‍ (ശരിയാണാവോ)ലേയും കള്ളുമുഴുവന്‍ മലയാളികളുടെ വയറ്റിലേക്ക് തന്നേയാന്നാ തോന്നണെ.
ഉമേഷ് സാര്‍ : സന്തോഷം കൊണ്ടെനിക്കിന്നിരിക്കാന്‍ വയ്യേ. എന്റെ എഴുത്ത് വായിച്ച് അങ്ങ് കമന്റിട്ടതിന്നു നന്ദി. നൂറോ, ആയിരമോ, അതിലധികമോ (ഇപ്പോഴും, ദ, ധ,ത ശരിയായാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് അറിയില്ല). എന്നെ തിരുത്തുന്നതിന് പ്രത്യേകം നന്ദി. ദ, ധ എന്നിവ മാറിപ്പോകുന്നതു അറിവില്ലായ്മ തന്നേയാണ്. മലയാളം പഠിക്കാത്തതിന്റെ അനന്തര ഫലം. ഗുരുവേ എന്നെ തുടര്‍ന്നും, സഹിക്കൂ, തിരുത്തൂ, എഴുത്തിന്റെ മുറ്റത്ത്‌ പിച്ച വച്ചു നടക്കുന്ന എന്നെ കൈപിടിച്ച്‌ വളര്‍ത്തൂ.
കുട്ട്യേടത്തിയെ തന്നെയല്ലോ, കുറുമാനെന്നും ഏറെയിഷ്ടം:)
അതുല്യേച്ച്യേ എന്നെ കൊല്ലല്ലേ.......ഞാന്‍ മിണ്ടാതെ ഒരുമുക്കില്‍ ഇരിക്കാമേ....അരിപ്പ പിടിച്ചു നിന്നകാരണം ക്ഷമ മുഴുവന്‍ ചോര്‍ന്നുപോയീന്നാ തോന്നണെ.

അതുല്യ said...

ഉമേഷന്‍ സാറെ, ബ്ലോഗിനു എന്തോ ഒരു പിടിയ്കാക, ഒരു പത്ത്‌ തവണയിട്ടപ്പഴാ എത്തിപ്പെട്ടത്‌ :

---
ഭാര്യ: നിങ്ങളിങ്ങനെ കുടിച്ച്‌ മരിച്ചാ, ഞാന്‍ പോയി എന്റെ അനിയത്തിയുമായി താമസിയ്കേണ്ടി വരും. എനിയ്കവളില്ലാതെ ആരാ ഉള്ളത്‌?

ഭര്‍ത്താവ്‌ : ഞാനും അതാ പറയണേ, നീ മരിച്ചാ ഞാനും പോയി നിന്റെ അനിയത്തിയുമായി താമസിയ്കേണ്ടി വരും

---

കൈനോട്ടക്കരന്‍ ഭര്‍ത്താവിനോട്‌ : സാറിന്റെ ഭാര്യ ഒരാളുമായി ഓടി പോയി താമസിയ്കുന്നു. എങ്ങനെയെങ്കിലും പോയി വിളിച്ചോണ്ട്‌ വരൂ. എന്നാലെ ജീവിതം സമ്പന്നമാകു. തീര്‍ച്ചയായും വിളിച്ചോണ്ട്‌ വരണം.

ഭര്‍ത്താവ്‌: വേണ്ട, നശൂലം പോയതാ നല്ലത്‌, ഞാന്‍ സുഖമായി ഇരിയ്കുന്നു ഇപ്പോള്‍.

കൈനോട്ടക്കാരന്‍: പ്ലീസ്‌, ദയവായി.. വിളിച്ചോണ്ട്‌ വരു.. അത്യാവശ്യമായിട്ടും വേണം.

ഭര്‍ത്താവ്‌: തനിയ്കെന്താ ഇത്ര നിര്‍ബന്ധം, ഞാന്‍ പറഞ്ഞില്ലേ, എനിയ്കു വേണ്ടാന്ന് ആ നശൂലത്തിനെ...

കൈനോട്ടക്കാരന്‍ : സാറെ അവളെന്റെ കൂടയാ ഇപ്പോ...

കുറുമാന്‍ said...
This comment has been removed by a blog administrator.
കുറുമാന്‍ said...

കുറുമാന്‍ said...
ഹലോ, ഹലോ, ഹലോ, പ്രിയമുള്ളവരെ, എന്നെ സഹായിക്കണേ, നാളെയും, മറ്റന്നാളും ജോലിയില്ലാതെ വീട്ടില്‍ ഇരിക്കുന്ന എനിക്ക്, ബ്ലോഗില്‍ ഈ രണ്ടു ദിവസങ്ങളിലായി എന്തെങ്കിലും എഴുതണമെന്നുണ്ട്. ഓണ്‍ ലൈനില്‍ അല്ലാതെ വേഡില്‍ എഴുതുമ്പോള്‍ സംതിങ് റോങ് സംവെയറ്. എനി സൊലൂഷന്‍? ഓണ്‍ ലൈനില്‍ എഴുതിയാല്‍, എന്റെ അവാന്തികയുടെ ഒരു ഡബ്ബ പാല്‍ പൊടിയുടെ ബത്ത ഞാന്‍ എത്തിസലാത്തിനു കൊടുക്കണം.

സഹായം പ്ലീസ്.

എന്നെ ഈ ഊരാക്കുടുക്കില്‍നിന്നും കരകയറ്റില്ലേ നിങ്ങളിലാരെങ്കിലും?

ശനിയന്‍ \OvO/ Shaniyan said...

ആശാനേ, വരമൊഴി ഇന്‍സ്റ്റാളാക്കി, അതില്‍ അടിച്ചുണ്ടാക്കി, വരമൊഴി ഫോര്‍മാറ്റില്‍ സേവു ചെയ്തു വെച്ചാല്‍, പിന്നീട് യൂണിക്കോഡിലേക്കു എക്സ്പോര്‍ട്ട് ചെയ്താല്‍ മതിയാവും.. നമ്മുടെ കയ്യില്‍ ഒറിജിനല്‍ ഇരിക്കുകയും ചെയ്യും..

Kuttyedathi said...

കുറുമാന്‍സിന്റെ കണ്‍ഫ്യൂഷന്‍ എന്താണെന്നു മനസ്സിലായില്ല. റ്റൈപ്‌ ചെയ്യാനുള്ളതൊക്കെ വരമൊഴിയില്‍ റ്റൈപ്‌ ചെയ്യാമല്ലോ. (ഇന്റര്‍നെറ്റ്‌ കണക്റ്റിവിറ്റി ആവശ്യമില്ലല്ലോ ) . ഫയല്‍ സേവ്‌ ചെയ്യുകയും, വീണ്ടും ഓപ്പണ്‍ ചെയ്തു ബാക്കി ഏടിറ്റുകയുമൊക്കെയാവാം.

അവസാനം പോസ്റ്റു ചെയ്യാന്‍ നേരത്തു മാത്രം എറ്റിസലാറ്റിനു കപ്പം കൊടുത്താല്‍ പോരേ ?

ഇതിലിപ്പോ എന്താ ആക്ച്വലി പ്രശ്നം ? അതോ, ഇനി വരമൊഴിയെ പറ്റി അറിയില്ലെന്നാണോ ?

ഉമേഷ്::Umesh said...

കുറുമാനേ,

കമന്റുകള്‍ക്കല്ലാതെ വലിയ പോസ്റ്റുകള്‍ക്കു് കീമാന്‍ ഉപയോഗിക്കരുതു്. പകരം വരമൊഴി ഉപയോഗിക്കുക.

[മൊഴി നല്ല വശമാണേങ്കില്‍ ഏതെങ്കിലും എഡിറ്ററില്‍ (വേര്‍ഡ് വേണ്ട. നോട്ട്പാഡ് ആയ്ക്കോട്ടെ) മൊഴിയില്‍ ടൈപ്പു ചെയ്തു വെയ്ക്കുകയുമാവാം. പോസ്റ്റു ചെയ്യേണ്ടപ്പോള്‍ വരമൊഴി തുറന്നിട്ടു് സംഭവത്തിനെ ഇടത്തുവശത്തു വെട്ടി ഒട്ടിക്കുക.]

വലത്തുവശം നോക്കി തെറ്റു തിരുത്തുക. എല്ലാം ശരിയായിട്ടു് കണ്ട്രോള്‍ യൂ അടിക്കുക. വരുന്ന ബ്രൌസറില്‍ നിന്നു വെട്ടുക. ഇനി ഇന്റര്‍നെറ്റില്‍ കണക്റ്റു ചെയ്യുക. ബ്ലോഗെടുക്കുക. ഒട്ടിക്കുക. പബ്ലിഷ് ചെയ്യുക. ലോഗൌട്ടു ചെയ്യുക. ഇന്റര്‍നെറ്റിനെ മുറിച്ചുമാറ്റുക.

(കാശു സേവു ചെയ്യുന്നതു് എനിക്കയച്ചുതരുക.)

:-)

ശനിയന്‍ \OvO/ Shaniyan said...

വരമൊഴി കയ്യില്‍ ഇല്ലെങ്കില്‍ ദാ,
ഇവിടെ ഇവിടെ റൈറ്റ് ക്ലിക്കി സേവ് ചെയ്യൂ.. ഇന്‍സ്റ്റല്ലേഷന്‍ ആണ്‍ കേട്ടോ?

മുല്ലപ്പൂ said...

പോസ്റ്റ്‌ ഉഗ്രന്‍..
കമെന്റില്‍ പറഞ്ഞിരിക്കുന്ന കീമാന്‍ എന്താ....

രാജ് said...

മുല്ലയേ,
വരമൊഴി ഉപയോഗിക്കാതെ മലയാളം നേരിട്ടു കമന്റ് ബോക്സുകളിലും, ബ്ലോഗുകളിലും, ഇ-മെയിലുകളിലും എഴുതുവാനുള്ള ഒരു ഉപാദിയാണു കീമാന്‍, വരമൊഴിയുടെ സൈറ്റില്‍ നിന്നുതന്നെ ഡൌണ്‍‌ലോഡ് ചെയ്യാം.

myexperimentsandme said...

"വിവാഹിതനായതോടെ കാട്ടിലിട്ട ആന പിന്നെ കൂട്ടിലിട്ട ആനയായും, അതിനു ശേഷം ആദ്യ മകളുടെ ജനനത്തോടെ കൂട്ടില്‍ നിന്നും മെരുങ്ങി പുറത്തിറങ്ങിയ കൂച്ചുവിലങ്ങിട്ട ആനയായും മാറിയ കാലം......."

എന്തൊരു വര്‍ണ്ണന.

“കുടുംബായാല്, കൊറച്ചൊക്കെ ഉത്തരവാദിത്തം വേണം. നിങ്ങള്‍ക്കൊന്നും അതൊന്നും അറിയില്ല. അതൊക്കെ അനുഭവിച്ചു തന്നെ അറിയണം മക്കളേ....”

എന്തൊരു ഉത്തരവാദിത്തബോധം....

“മുറിക്കു മുന്‍പില്‍ തറയില്‍ മറ്റൊരു തറയായി കിടന്നു......” അടിപൊളി.

ശരിക്കും സസ്‌പന്‍സ് ത്രില്ലര്‍. വിവരിച്ചിരിക്കുന്ന രീതിയും രണ്ട് സംഭവങ്ങളുംകൂടി ബന്ധിപ്പിച്ചിരിക്കുന്നതും അപാരം.

ഇതൊക്കെ ആദ്യമേ എന്തുകൊണ്ടു പറഞ്ഞില്ലാ എന്നു ചോദിച്ചാല്‍.........

ദേവന്‍ said...

എന്നാ അടിപൊളി പോസ്റ്റ്‌. കലക്കി കുറുമാനേ.

പണ്ടൊരിക്കല്‍ ഗോവയില്‍ പോയവര്‍ ഞങ്ങള്‍ക്കൊരു ഫെനി കൊണ്ടു തന്നു. പാഷാണം, സല്‍ഫ്യൂറിക്ക്‌ ആസിഡ്‌, മെര്‍ക്കുറി എന്നിവയുടെ ഒരു മിശ്രിതം അടിച്ചമാതിരിയുണ്ടായിരുന്നു കശൂമാങ്ങാ മദ്യത്തിനു രുചി. ഈ നരകം ഒരു തുള്ളി പോലും കഴിക്കാന്‍ പറ്റുന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ സൈക്കിളില്‍ വരുന്നു പോറ്റിഹോട്ടലിലെ സപ്പ്ലയര്‍ വെങ്കിടി. മൂപ്പര്‍ ഞാനിതെത്ര കണ്ടതാണെന്ന ഭാവത്തില്‍ ആ പയിന്റ്‌ സൈക്കിളില്‍ ഇരുന്ന ഇരുപ്പില്‍ തന്നെ തീര്‍ത്തു. ഗ്യാസും വിട്ടു.

ജഗതി പടയപ്പാ വിളികുമ്പോലെ വെങ്കിടി ഒരു വിളി
"അമ്മാ" സൈക്കിള്‍ മറിച്ചിട്ട്‌ ആല്‍ത്തറയില്‍ കിടന്നു പാഴാംഗം പറഞ്ഞു കരച്ചില്‍ തുടങ്ങി.
"എനക്ക്‌ അമ്മാവെ പാക്കണം പോലെ ഇറിക്കുത്‌"
"മിണ്ടരുത്‌, അപ്രത്ത്‌ പോലീസ്‌ ചെക്ക്‌ പോസ്റ്റാഡാ" പയിന്റ്‌ ഡോണര്‍ ഉപദേശിച്ചു.
ഫൂ പട്ടികളെ, നിനക്കു അറിയില്ല എന്നെ എത്ര കഷ്ടപ്പെട്ടാ അമ്മ വളര്‍ത്തിയതെന്ന്. എനിക്കിപ്പം അവരുടെ അടുത്തു പോകണം, താങ്ങെടാ, എന്നെ കൊണ്ടു പോടാ..
താങ്ങി ഒരാട്ടോയിലിട്ടു. രാത്രി മറവു പറ്റി അഗ്രഹാരത്റ്റുൊ ചെന്നു കേറി. വെങ്കിടി അപ്പോഴേക്ക്‌ റിഗര്‍ മോര്‍ട്ടിസ്‌ സ്റ്റേജ്‌ ആയിരുന്നു. ഒരു നിവര്‍ത്തീമില്ല..

വെങ്കിടിയെ ഡോറില്‍ കുത്തി ചാരി നിര്‍ത്തി, കാളിംഗ്‌ ബെല്ലടിച്ചു, ഞങ്ങളോടി.

അമ്മാവ്‌ വന്നു വാതില്‍ തുറന്നെന്നും "അമ്മാ" എന്നൊരലര്‍ച്ചയോടെ വെങ്കിടി തുറന്ന വാതില്‍ വഴി അകത്തേക്കു
മറിഞ്ഞെന്നും അമ്മാവും പേടിച്ച്‌"അമ്മാ" എന്നു കാറിയെന്നും നാട്ടുകാരു കൂടിയെന്നും ഇന്നും അഗ്രഹാരത്തില്‍ പാണന്മാര്‍ ഉടുക്കടിച്ചു പാടുന്നു...

Kumar Neelakandan © (Kumar NM) said...

രസകരമായ പോസ്റ്റ്. നല്ല നര്‍മ്മം.

Vempally|വെമ്പള്ളി said...

കുറുമാനെ ഇതു കാണാനല്പം താമസിച്ചു. ഗുണ്ടു സാധനമാണാല്ലോ തട്ടിയേക്കണെ. വായിക്കാനും ചിരിക്കാനും മാത്രം ശീലിച്ച എനിക്ക് കുറുമാനെപ്പോലെയുള്ളവര് ഒരു അനുഗ്രഹമാണ് കുറുമാനെ അനുഗ്രഹമാണ്…..

Sreejith K. said...

മനോഹരം. നല്ല ഒഴുക്കുള്ള എഴുത്ത്. സസ്പെന്‍സ് ത്രില്ലര്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം.

കുറുമാന്‍ said...

വര മൊഴി ഞാന്‍ മുന്‍പും ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. പക്ഷെ, അതില്‍ അടിച്ചതെ, കോപ്പി ചെയ്ത് ബ്ലോഗ്ഗില്‍ ഇടുമ്പോള്‍ അക്ഷര തെറ്റുകള്‍ നിരവധി. എന്തായാലും, ഞാന്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.ശനിയനും, കുട്ടിയേടത്തിക്കും, ഉമേഷ് സാറിന്നും, പെരിങ്ങോടനും, നന്ദി.
കമന്റുകള്‍ എഴുതിയ, വക്കാരിക്കും, ദേവേട്ടനും, മുല്ലപ്പൂവിനും, കുമാറിനും, വെമ്പള്ളിക്കും,മൊത്തമായിട്ട് നന്ദി പറയുന്നു ഞാന്‍. പ്രത്യേകം, പ്രത്യേകം നന്ദി പറയാനിരുന്നാല്‍,രാവിലെ സണ്‍ റൈസില്‍ നിന്നും വാങ്ങിയ, അടുക്കളയില്‍ ചീനചട്ടിയ്ക്കുള്ളില്‍ എന്റെ കര പരിപാലനത്തിനായ് കൊതിച്ചുകൊണ്ട് കാത്തിരിക്കുന്ന പോത്തേട്ടനു വിഷമമാകും.

സ്നേഹിതന്‍ said...

വരാന്‍ വൈകിയെന്നറിയാം; ന്നാലും പറയണംന്ന് തോന്നി. 'കുത്തിച്ചാരിയ ശവം' ഗ്രാന്റായിട്ടുണ്ട്! തുടരൂ! 'ഫ്ളാഷ്ബാക്ക്' കണ്ടു. അപ്പോ ആള് അടിപൊളിയാണല്ലെ!

പാപ്പാന്‍‌/mahout said...

("കുത്തിച്ചാരിയ ശവം” എന്ന തലേക്കെട്ട് വായിച്ചപ്പോള്‍ “ജാനേ ഭീ ദോ യാരേം” ആണ്‍ ആദ്യം ഓര്‍മ്മ വന്നത്.)

നന്നായിട്ടുണ്ട് കഥ/സംഭവം/സംഭവകഥ. കള്ള്, പെണ്ണ്, പിടക്കോഴി, കുടുംബം, പന്നിമലത്ത് അങ്ങനെ എല്ലാ ഈസ്റ്റേണ്‍ കറിമസാലകളുമുണ്ടല്ലോ.

(അതുല്യയുടെ തമാശകള്‍ വായിക്കുമ്പോള്‍, പണ്ട് (ca. 1978-79) മനോരമ ആഴ്ചപ്പതിപ്പിലെ ഫലിതബിന്ദുക്കളില്‍ സ്ഥിരം ‘പോസ്റ്റു’ ചെയ്യാറുള്ള ‘കാപ്പില്‍ കൌസല്യ മുണ്ടൂറി’നെ ഓര്‍മ്മ വരുന്നു :))

ഉമേഷ്::Umesh said...

ഇവരെക്കൂടി:

(കാപ്പില്‍ കൌസല്യ, മുണ്ടൂര്‍)
വിജയം രവി
സാജന്‍ (ഏതോ സ്ഥലപ്പേരു്)
എസ്. ജി. എന്‍. നമ്പൂതിരിപ്പാടു്, തിരുവന്‍ വണ്ടൂര്‍
മുണ്ടക്കയം (ഏതോ ഒരു) നമ്പൂതിരിപ്പാടു്, മുണ്ടക്കയം.
ജെ. ഫിലിപ്പോസ്, തിരുവല്ല

പാപ്പാന്‍‌/mahout said...

ആദ്യത്തെ നമ്പൂരിയെയും, ജെ ഫിലിപ്പോസിനെയും എനിക്കും ഓര്‍മ്മയുണ്ട്. മറ്റു പേരുകള്‍ മനസ്സില്‍ വരുന്നില്ല.

രാജ് said...

ഒരു അപ്പുക്കുട്ടന്‍ പെരിങ്ങോടിനെ ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ? എനിക്കങ്ങിനെ ഒരാളെയും അറിഞ്ഞുകൂടാ, ഇനി പാലക്കാട്ടടുത്തുള്ള പെരിങ്ങോട്ടുനിന്നാവോ എന്തോ?

ഉമേഷ്::Umesh said...

ആരെ മറന്നാലും വിജയം രവിയെ മറക്കുന്നതെങ്ങനെ? മൂപ്പരുടെ (അതോ മൂപ്പത്തിയോ?) ഫലിതമില്ലാത്ത മനോരമ ലക്കമില്ലായിരുന്നു. ഇങ്ങേര്‍ കുറേ നര്‍മ്മഭാവനകളും പിന്നീടെഴുതിയിട്ടുണ്ടു്. എല്ലാം വധം. എന്നാല്‍ ജെ. ഫിലിപ്പോസിന്റെ നര്‍മ്മഭാവനകള്‍ ‍കൊള്ളാമായിരുന്നു.

Kalesh Kumar said...

കുറുമാ, ഞാനിവിടെത്തിയതിപ്പോഴാ.
കിടിലന്‍!

Anonymous said...

adipoli kurumanae

പട്ടേരി l Patteri said...

സൂപെര്‍ ....:)) :) :))
സെക്യുരിറ്റിക്കരന്റെ ഇന്റെര്‍വ്യൂ കഴിഞ്ഞു വന്നു ഞാന്‍ അതിവിടെ പോസ്റ്റ് ചെയ്യാം .... :)

വിപിന്‍ said...

കുറുമാന്‍ ജീ,

ഞാന്‍ ഒരറ്റത്ത് നിന്നും പിടിച്ച് തുടങ്ങിയിരിക്കുവാ. ഇപ്പോ ഇവിടം വരെ എത്തി. കുത്തിച്ചാരിയ ശവം എന്ന് കണ്ടപ്പളേ ആരോ ഓഫായതാണെന്ന് തോന്നി. അത് മിക്കവാറും താങ്കള്‍ തന്നെ ആയിരിക്കും എന്ന് ഊഹിക്കുകയും ചെയ്തു. പക്ഷേ വിവരണം അത് കല കലക്കി..... അഡിപൊളി.. )

mumsy-മുംസി said...

ഹ ഹ ഹ....
"മദ്യ വിമുക്ത 'ദുബായി' അതാണ്‌ ഷൈക്ക് മുഹമ്മദ്‌ കണ്ട സ്വപ്നം...ഏത്? ..
(കടപ്പാട്‌ ഇന്നസെന്റ്)
ഞാന്‍ കുറുമാന്‍ ചേട്ടന്റെ കഥകള്‍ വായിക്കാറെ ഉള്ളൂ. കമന്റിടാറില്ല.
ഞാന്‍ എഴുതാന്‍ വിചാരിക്കുന്നതെല്ലാം മുമ്പെ വരുന്ന ചേട്ടന്‍മാര്‍ ചൂണ്ടിയിട്ടുണ്ടാവും ... ഇപ്പോഴും അതാ സംഭവിച്ചത്‌.

അനാമിക said...

വായിക്കാന്‍ ഒത്തിരി താമസിച്ചു. എന്നാലും പറയാതെ വയ്യാ.സൂപ്പെര്‍ കോമഡി

മാളൂ said...

ഞാന്‍പടക്കളത്തില്‍ ഇറങ്ങിയേ
ഉള്ളു .അതു കൊണ്ടു വായിക്കാന്‍ താമസിച്ചു എന്നു ഒന്നും പറയുന്നില്ലാ.. കുത്തിച്ചാരിയ ശവം എന്ന് തല‍കെട്ട് , വെള്ളിയഴ്ച രാത്രി 2 മണി!!
**കുടുംബായാല്, കൊറച്ചൊക്കെ ഉത്തരവാദിത്തം വേണം. ഞാന്‍ പൂവ്വാടാ, എനിക്കിപ്പോ എന്റെ ഭാര്യേം, മോളേം കാണണം.കള്ളു ചെന്നാലും ഫിറ്റായാലും അവസാന വാക്ക് “എന്റെ ഭാര്യേം, മോളേം ”
..കുറുമാനേ നമിച്ചു ഇതാണ് സ്നേഹം !

കാട്ടിപ്പരുത്തി said...

ഇവിടെ പുതുതായതിനാല്‍ ഇപ്പോഴേ വായിക്കാന്‍ പറ്റിയുള്ളൂ. എന്ന് വച്ചു ഒരു കമന്റ് അടിക്കാതിരിക്കുവാന്‍ തോന്നുന്നില്ല. ക്ഷമിക്കുക, ക്ഷി പിടിച്ചു- പുതിയവയെക്കാളും പഴയതിനാണല്ലോ തിളക്കം

Highrange said...

Very nice writing...
This is my First comment to Kuruman
I have read some posts........

Malayalathil commentan padichu varunnathe ulloooooooo

മുച്ചീട്ട് കളിക്കാരൻ said...

നന്ദി കുറുമാൻജി നന്ദി . ഒരു സുഹൃത്ത്‌ പറഞ്ഞു അറിഞ്ഞാണ് താങ്കളുടെ ബ്ലോഗ്‌ വായിക്കാൻ ഇടയായത്.
സംഭവം കലക്കി. താങ്കൾ കവുങ്ങിൽ ഒട്ടിച്ചു വായിച്ചാ ലിസ്റ്റ് പോലെ ഞാനും ഒരറ്റം മുതൽ വായിക്കുവാണ് . കമെന്റ് ഇട്ടില്ലെങ്കിലും താങ്കളുടെ എല്ലാ പോസ്റ്റും ഞാൻ വായിക്കുന്നുണ്ടെന്നു ഉറപ്പാണ്‌.