Tuesday, August 08, 2006

ഇന്നലെ ഫ്രീയായി കിട്ടിയത്

ജോണീ, ജോണീ, യെസ് പപ്പാ,
ഈറ്റിങ് ഷുഗര്‍, നോ പപ്പാ.

എന്റെ സെല്‍ഫോണില്‍ പാട്ടു മുഴങ്ങി. വീട്ടില്‍ നിന്നുമുള്ള ഫോണ്‍ വിളികള്‍ക്കു മാത്രമാണ് കുറുമികുട്ടി നമ്പര്‍ വണ്‍ പാടിയ ഈ റൈം, റിങ്ങ് ടോണായി സെറ്റു ചെയ്തിരിക്കുന്നത്.

ഗ്ലാസില്‍ അവശേഷിച്ചിരുന്ന ബിയര്‍ ഒറ്റ വലിക്കകത്താക്കി, വലം കയ്യുടെ പുറം പത്തിയാല്‍ ചിറി തുടച്ച്, അരണ്ട വെളിച്ചമുള്ള ബാറിന്റെ മുറിയില്‍ നിന്നും പുറത്തേക്ക് ഞാന്‍ വേഗത്തില്‍ നടന്നു.

പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയില്‍ കയറി, സ്റ്റാര്‍ട്ട് ചെയ്ത്, റേഡിയോ ഓണ്‍ ചെയ്തതിനൊപ്പം തന്നെ ഫോണിന്റെ ബട്ടണും അമര്‍ത്തി.

ഇതെന്താ ഇത്ര നേരം ഫോണ്‍ എടുക്കാന്‍?

മുടിഞ്ഞ ട്രാഫിക്കാടീ, പോരാത്തതിന്ന് പിന്നിലൊരു പോലീസിന്റെ വണ്ടീം ഉണ്ടായിരുന്നു.

നിങ്ങളിപ്പോള്‍ എവിടെയെത്തി?

ദാ ബേബി ഷോപ്പിന്റെ സിഗ്നലില്‍ എത്തി. പത്ത് മിനിട്ടിനുള്ളില്‍ വീടെത്തും.

അതേ, മൂന്നേ മൂന്ന് ദിവസമാ നാട്ടില്‍ പോകുവാന്‍ ഇനി ബാക്കിയുള്ളത്, ലുലുവില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍ വാങ്ങണം. ഒന്നു വേഗം വാ മനുഷ്യാ, ഞങ്ങള്‍ റെഡിയായി ഇരിക്കുകയാ.

എന്നാ നിങ്ങള്‍ താഴെ പാര്‍ക്കിങ്ങില്‍ വാ. ഞാന്‍ ഇതാ എത്താറായി.

വണ്ടി ബേസ് മെന്റിലുള്ള എന്റെ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്തതും, കുറുമിയും, മൂത്ത കുറുമികുട്ടിയും ലിഫ്റ്റിറങ്ങി വണ്ടിക്കരികിലേക്ക് വന്നു.

സാധനങ്ങള്‍ വാങ്ങി തിരിച്ചു വരുന്ന വഴിക്ക് വന്നെടുക്കാം എന്നു കരുതി ലെഞ്ച് ബോക്സും, അതിടുന്ന ബാഗും, വണ്ടിയില്‍ തന്നെ വച്ചു.

ലുലു സൂപ്പര്‍മാര്‍ക്കറ്റ് ഞങ്ങളുടെ തൊട്ടടുത്ത ബില്‍ഡിങ്ങായതു കാരണം പത്തിരുപത്തഞ്ചടി വച്ചപ്പോഴേക്കും ഞങ്ങള്‍ ലുലുവിന്റെ ഉള്ളില്‍ എത്തി.

ഹാന്‍ഡ് ബാഗ് തുറന്ന് കുറുമി, ഏതാണ്ടെന്റെ ഒരു സാധാരണ പോസ്റ്റിന്റെ അത്ര നീളമുള്ള ലിസ്റ്റെടുത്ത് വായിക്കാന്‍ തുടങ്ങി. പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു. അതേയ്, നിങ്ങള് വീട്ടില്‍ കേറണേനുമുന്‍പ് തന്നെ ഞാന്‍ പാര്‍ക്കിങ്ങില്‍ വന്നതെന്തിനാണെന്നറിയുമോ?

ഇല്ല. വളരെ നിഷ്കളങ്കനായി ഞാന്‍ പറഞ്ഞു

വീട്ടില്‍ കയറിയാല്‍ പിന്നെ എന്തെങ്കിലും കാരണം പറഞ്ഞ് നിങ്ങള്‍ രണ്ടെണ്ണം അടിക്കും. രണ്ടെണ്ണം അടിച്ചിട്ട് ഷോപ്പിങ്ങിന് വന്നാല്‍ പിന്നെ എന്തു കണ്ടാലും നിങ്ങളെടുത്ത് ട്രോളിയിലിടും. ആവശ്യമുള്ളതാണോ, അല്ലേന്നൊന്നും നിങ്ങള്‍ ആലോചിക്കില്ല. എന്തോ മഹത്തായ കണ്ടുപിടുത്തം നടത്തിയതുപോലെ അവളതു പറഞ്ഞപ്പോള്‍ അറിയാതെ ഞാന്‍ ചിരിച്ചുപോയി.

എന്താ വെറുതെ ചിരിക്കണേന്ന് അവള്‍ കുത്തി, കുത്തി ചോദിച്ചിട്ടും ഞാന്‍ പറഞ്ഞില്ല. എനിക്ക് പറയുവാന്‍ പറ്റുമോ, വരണ വഴി മൂന്ന് ഡ്രാഫ്റ്റ് ബിയറടിച്ചിട്ടാ ഞാന്‍ വന്നിരിക്കുന്നതെന്ന്!

എന്തായാലും, ഉള്ളതില്‍ വലിയ ട്രോളിയുമുന്തി, ഞങ്ങള്‍ ഷെല്‍ഫായ ഷെല്‍ഫുകളുടെ മുന്നിലൂടെ നടന്നു. മ്യൂച്ചലി അണ്ടര്‍സ്റ്റാന്റിങ്ങുള്ള പാമ്പേഴ്സ്, കുട്ടികള്‍ക്കുള്ള പാല്‍ പൊടി, നിഡോ, ടാങ്ങ്, തുടങ്ങിയ ഒരു ഗള്‍ഫുകാരന്‍ എന്തായാലും കൊണ്ടു വന്നിരിക്കും എന്നു ബന്ധു മിത്രാതികള്‍ ധരിച്ചു വച്ചിരിക്കുന്ന അവശ്യ വസ്തുക്കള്‍ ആദ്യം തന്നെ ട്രോളിയെലെടുത്തു വച്ചു. പിന്നെ, സോപ്പ്, ഡിഷ് വാഷിങ്ങ് ലിക്വിഡ്, കത്തി, ചോപ്പിങ്ങ് ബോര്‍ഡ്, സ്ക്രബ്ബര്‍, ബദാം, പിസ്ത, കമ്പിളി, ഡിയോഡറന്റ്സ്, തുടങ്ങിയ എന്റെ വീട്ടിലേക്കാവശ്യമുള്ള സാധനങ്ങള്‍ ഞാനും, അവളുടെ വീട്ടിലേക്ക് ആവശ്യമുള്ളത് അവളും വാരി വാരി ട്രോളിയിലേക്കിട്ടു. അതിന്നിടയിലും, ഇതെന്തിനാ നിന്റെ വീട്ടിലേക്ക്, ഇതിന്റെ ഒരാവശ്യവുമില്ല എന്ന് അവള്‍ എന്നോടും, ഞാന്‍ അവളോടും, പലപ്രാവശ്യം പറഞ്ഞ് പരസ്പരം കുറ്റപെടുത്തികൊണ്ടേയിരുന്നു. എന്തായാലും, ഒന്നേമുക്കാല്‍ മണിക്കൂര്‍ നേരത്തെ ഷോപ്പിങ്ങിന്നിവസാനം, ഞങ്ങള്‍ കാഷ് കൌണ്ടറിന്നു മുന്‍പില്‍ എത്തി.

സ്കാന്‍ ചെയ്ത്, ചെയ്ത്, ഫിലിപ്പിനോ പെണ്ണിന്റെ കയ്യ് തളര്‍ന്നതിന്നൊടുവില്‍, എന്റെ പോസ്റ്റോളം തന്നെ നീളമുള്ള ഒരു ബില്ല് അവള്‍ നല്‍കി. ഏസ് യൂഷ്വല്‍, ക്രെഡിറ്റ് കാര്‍ഡെടുത്ത് നല്‍കി. ഒപ്പിട്ടു. ട്രോളിയുമുന്തി വീട്ടിലേക്ക് നടന്നു, എന്നെ അനുഗമിച്ച് കുറുമിയും, കുട്ടി കുറുമിയും.

ഞങ്ങള്‍ താമസിക്കുന്ന ബില്‍ഡിങ്ങിന്റെ എന്ട്രന്‍സിലെത്തിയപ്പോഴാണ്, ലഞ്ചു ബോക്സും, മറ്റും താഴെ വണ്ടിയിലാണെന്ന കാര്യം ഓര്‍മ്മ വന്നത്, എന്നാല്‍ പിന്നെ അതുമെടുത്ത്, ബേസ് മെന്റിലെ ലിഫ്റ്റ് വഴി മുകളില്‍ കയറിയാല്‍, തിരിച്ച് വീണ്ടും അതെടുക്കാന്‍ വരുന്ന ട്രിപ്പൊഴിവാക്കാം എന്നു കരുതി പാര്‍ക്കിങ്ങിലേക്ക് പോകുന്ന എന്ട്രന്‍സിലേക്കുള്ള വഴിയേ നടന്നു.

ബേസ് മെന്റിലെ, പാര്‍ക്കിങ്ങിലേക്ക് പോകണമെങ്കില്‍ ഗ്രൌണ്ട് ലെവലില്‍ നിന്നും കുത്തനേയുള്ള ഇറക്കം ഇറങ്ങണം. ഇറക്കം ഇറങ്ങി ബേസ് മെന്റിന്റെ സമനിരപ്പില്‍ എത്തുന്ന സ്ഥലത്ത് ഒരടി വീതിയുള്ള ഒരു ഓവു ചാലുണ്ട്, അതിന്റെ മുകളില്‍ കമ്പി കൊണ്ടുള്ള ഗ്രില്ലും. മഴ പെയ്താല്‍ വെള്ളം പോകാനും, പാര്‍ക്കിങ്ങിലേക്കിറങ്ങുന്ന കാറുകളുടെ വേഗത കുറക്കുവാനുമായിട്ടാണത്. ഗ്രില്ല് കടന്നതും, വലത്തോട്ട് തിരിഞ്ഞാല്‍, ഫ്ലാറ്റുക്കാര്‍ക്കു മാത്രമായ, വിശാലമായ, ഇടുങ്ങിയ പാര്‍ക്കിങ്ങ്! വലത്തോട്ട് തിരിയാതെ, നേരെ പോയാല്‍, കുത്തനേയുള്ള കയറ്റം. അതിലേയാണ് എക്സിറ്റ്.

ഞങ്ങളുടെ വിശാലമായ ബേസ് മെന്റ് പാര്‍ക്കിങ്ങിലേക്ക് വണ്ടി കയറ്റി പാര്‍ക്കു ചെയ്യണമെങ്കില്‍, പുതിയതായി ഡ്രൈവിങ്ങ് പഠിച്ചവരാണെങ്കില്‍, പാര്‍ക്കിങ്ങ് മാത്രം ഒരു മാസം കൂടി പിന്നേയും പഠിക്കണം, കൂടാതെ പാര്‍ക്ക് ചെയ്ത്, ചെയ്ത് ശീലമാകണം. കുറേ വര്‍ഷങ്ങളായി ഓടിക്കുന്നവരും, ബില്‍ഡിങ്ങില്‍ പുതുതായി താമസം ആരംഭിച്ചവരുമാണെങ്കില്‍‍‍, വണ്ടിയുടെ മിനുങ്ങുന്ന ശരീരത്തില്‍, പൊതു കക്കൂസിലെ ചുമരു പോലെ, അവിടേം ഇവിടേം വരകളും, കോറലുകളും, പഴയ അലുമിനിയ പാത്രത്തിന്റെ മൂടു പോലെ ഞണക്കങ്ങളും വന്നാല്‍ സ്വയം പഠിച്ചുകൊള്ളും.

ട്രോളിയുമുന്തി, ബേസ് മെന്റിലേക്കുള്ള കുത്തനേയുള്ള ഇറക്കം എത്താറായപ്പോള്‍, പൊതുവേ അഡ്വഞ്ചറസ് ആയ എന്നിലെ കുട്ടിക്കാലത്തെ മരംകേറി വാനര സ്വഭാവം സടകുടഞ്ഞെഴുന്നേറ്റ. ഇടം കാല്‍ ട്രോളിയുടെ അടിയിലെ ബാറില്‍ കയറ്റി വച്ച്, വലം കാലാല്‍ ഞാന്‍ ആഞ്ഞൊരു തള്ളു കൊടുത്തതിനൊപ്പം തന്നെ, വലം കാലും ട്രോളിയുടെ ബാറില്‍ കയറ്റി വച്ചു. എന്റേയും, ഭൂമിയുടേയും ഇടയിലുള്ള ബന്ധം ട്രോളിയുടെ ഉരുളുന്ന നാലു വീലുകള്‍ മാത്രം. നല്ല രസം. ഞാന്‍ കൂക്കു വിളിച്ചു. എന്റെ പിന്നില്‍ നടന്നു വരുകയായിരുന്ന കുട്ടിക്കുറുമി കൈകൊട്ടികൊണ്ട് ആ കൂക്കിനു മറുകൂക്കു കൂകി.

ആദ്യം പതുക്കെ നീങ്ങി തുടങ്ങിയ ട്രോളി, കുത്തനേയുള്ള ഇറക്കമെത്തിയതും, ടേക്ക് ഓഫ് ചെയ്യാന്‍ നേരം റണ്‍വേയിലൂടെ, ഫുള്‍ ആമ്പിയറുമെടുത്ത് പായുന്ന വീമാനം പോലെ, ചീറി പായാന്‍ തുടങ്ങി. സംഭവം കൈവിട്ടു പോയി എന്നെനിക്കു മനസ്സിലായി. പിന്നില്‍ നിന്നും കുറുമിയുടേയും, കുട്ടികുറുമിയുടേയും ഉറക്കേയുള്ള കരച്ചില്‍ കേട്ടതു മാത്രം എനിക്കോര്‍മ്മയുണ്ട്.

എന്താണു സംഭവിച്ചതെന്നറിയുന്നതിന്നു മുന്‍പായി, എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന്നു മുന്‍പ് തന്നെ, പാഞ്ഞു പോയിരുന്ന ട്രോളിയുടെ മുന്‍ വീലുകള്‍ ഓവുചാലിന്റെ മേലെ ഇട്ടിരിക്കുന്ന ഗ്രില്ലിന്നിടയില്‍ കുടുങ്ങി, ഞാനടക്കം ട്രോളി കുട്ടിക്കരണം മറിഞ്ഞു. കറങ്ങുന്ന സൈക്കിള്‍ വീലിന്റെ ഇടയില്‍ പെട്ട ചേരപാമ്പിനെ പോലെ, എന്റെ പകുതി ഭാഗം ട്രോളിക്കുള്ളിലും, കൈ കാലുകള്‍, ട്രോളിക്കിടയിലൂടെ പുറത്തുമായി കിടക്കുന്ന ആ കാഴ്ച കണ്ടപ്പോള്‍ എന്റെ കാറ്റു പോയോ എന്നു കരുതി കുറുമിയും, കുട്ടി കുറുമിയും വലിയ വായില്‍ നിലവിളിക്കുന്നത് കേട്ട് ഓടി വന്ന ബില്‍ഡിങ്ങ് സെക്യൂരിറ്റിയാണ്, ചിതറിക്കിടക്കുന്ന സോപ്പുകട്ടകള്‍ക്കും, ബദാം പരിപ്പുകള്‍ക്കും, നിഡോ, പാല്‍ പൊടി ഡബ്ബകള്‍ക്കും ഇടയില്‍ എങ്ങനെ ശ്രമിച്ചാലും, അപ്രകാരം കിടക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ട്രോളിക്കിടയില്‍ നിന്നും എന്നെ വലിച്ച് പുറത്തെടുത്തത്.

പോക്കറ്റില്‍ ബദ്രമായി കിടന്നിരുന്ന എന്റെ മോബൈല്‍ ഫോണ്‍, പോക്കറ്റില്‍ നിന്നും തെറിച്ച്, തല വേറെ, ഉടല്‍ വേറെയായി കിടന്നിരുന്നതും മറ്റു സാധനങ്ങളും, കുറുമിയും സെക്ക്യൂരിറ്റിയും കൂടി പെറുക്കിയെടുത്തു ട്രോളിയില്‍ വച്ചു.

ചോര പൊടിയുന്ന കൈ, സെക്ക്യൂരിറ്റിയുടെ ചുമലില്‍ കൈവച്ച്, ചതഞ്ഞ ശരീരവും, നീരു വന്ന കാലുകളുമായി, ഞൊണ്ടി ഞൊണ്ടി ഞാന്‍ ഫ്ലാറ്റിലേക്ക് നടന്നു. എന്റെ പിന്നിലായ്, ഉന്തേണ്ട രീതിയില്‍ ട്രോളിയുമുന്തി കുറുമിയും, കുട്ടികുറുമിയും.


ലീവാപ്ലിക്കേഷന്‍

പ്രിയപെട്ട ബൂലോകവാസികളെ, കൂട്ടുകാരെ, സഹ എഴുത്തുകാരെ, ഫോട്ടോഗ്രാഫര്‍മാരെ, മുകളില്‍ പറഞ്ഞ സാധനങ്ങളെല്ലാം തന്നെ ഇന്നലെ ഫ്രീയായി കിട്ടിയതിനാല്‍, മുറിവേറ്റ കൈകളും, നീരു വന്ന കാലുകളും, , ചതഞ്ഞ ശരീരവുമായി ഞാന്‍ നിങ്ങളോട് യാത്ര ചോദിക്കട്ടെ. (ഈ കോലത്തില്‍ ഒരു യാത്ര ചോദിക്കലിന്റെ ആവശ്യം വരുമെന്ന് ഞാന്‍ കരുതിയില്ല.)

ഇതൊരു പെര്‍മനന്റ് യാത്ര ചോദിപ്പല്ല എന്നു കൂടി ഈ അവസരത്തില്‍ പറയാനാഗ്രഹിക്കുന്നു.

ഈ വരുന്ന വെള്ളിയാഴ്ച (ആഗസ്റ്റ് 11-ആം തിയതി), നട്ട പാതിരാത്രിക്ക് സകുടുബം ദുബായ് വീമാന താവളത്തിലേക്കും, അവിടെ നിന്ന് ശനിയാഴ്ച (12-ആം തിയതി)കൊച്ചു വെളുപ്പാന്‍ കാലത്ത്, പറക്കും കപ്പലില്‍ കയറി നെടുമ്പാശേരിയിലേക്കും ഞങ്ങള്‍ പോകുകയാണ്. ഫ്ലൈറ്റ് നെടുമ്പാശേരിയില്‍ ഇറങ്ങിയാല്‍, അവിടേ നിന്നും, ഇരിങ്ങാലക്കുടയിലെ വീട്ടിലേക്കും ഞങ്ങള്‍ പോകും.

റേഷന്‍ വാങ്ങാന്‍ മറ്റൊരു ഗതിയില്ലാത്തതിനാല്‍, സെപറ്റമ്പര്‍ 9-ആം തിയതി തിരിച്ച് ദുബായിലേക്ക് മടങ്ങിവരുന്നതുമാണ്.

അതിന്നിടയില്‍ ഇനിയൊരു പോസ്റ്റിടാന്‍ സാധിക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. എങ്കിലും, അഡിക്റ്റായി പോയില്ലെ, പോസ്റ്റില്ലെങ്കിലും, കമന്റെങ്ങിലും ഇടാന്‍ ശ്രമിക്കുന്നതായിരിക്കും.

കേരളത്തില്‍, ഇനിയൊരു ബ്ലോഗേഴ്സ് മീറ്റുണ്ടായില്‍ അതില്‍ ഞാനെന്തായാലും പങ്കെടുത്തിരിക്കും. (ഞാന്‍ നാട്ടിലുള്ളതിന്നിടയില്‍, ആഗസ്റ്റ് 18, ഓണ ദിവസം, സെപ്റ്റമ്പര്‍ 7 ഒഴികെ)

അപ്പോള്‍ എല്ലാവര്‍ക്കും ബ്ലോഗ് സലാം.

35 comments:

കുറുമാന്‍ said...

ഇന്നലെ ഫ്രീയായി കിട്ടിയത്

അതിന്റെ കൂടെ ഒരു ലീവ് ആപ്ലിക്കേഷനും.

ഞാന്‍ എഴുതിയതില്‍ വെച്ചേറ്റവും വലുപ്പം കുറഞ്ഞ, ഒരു കുള്ളന്‍ പോസ്റ്റ്

Adithyan said...

കുറുമാനേ ഇതു വായിച്ച് ഞാന്‍ എങ്ങനെയാ കൊള്ളാം എന്നു പറയുന്നെ? :)
വയസും പ്രായവും ഒക്കെ ആയി എന്ന് ഒരു ഓര്‍മ്മ ഒക്കെ വേണ്ടെ? ഇനി ഇമ്മാതിരി കാര്യങ്ങള്‍ക്കൊന്നും പോകരുതു കേട്ടോ... അതിനൊക്കെ ഞങ്ങള്‍ ചെറുപ്പക്കാര്‍ ഇവിടെ ഉണ്ട്.

അപ്പൊ ഇനി ബോഡീ കൂടുതല്‍ ചളുങ്ങി മടങ്ങി ഒടിയാതെ നാട്ടില്‍ എത്തിക്കാന്‍ നോക്കൂ...

ശുഭയാത്ര, സന്തുഷ്ട അവധി ദിനങ്ങള്‍ !

രാജ് said...

ഹാഹാ ഇന്നൊരു 8 മണി വരെ ഞാന്‍ കരാമയിലുണ്ടായിരുന്നു. ആശാനെ വിളിക്കാതിരുന്നതു നന്നായല്ലേ, അല്ലെങ്കില്‍ ‘കള്ളുശാപം’ കിട്ടിയേന്നെ!

അരവിന്ദ് :: aravind said...

പോയി വരൂ കുറുമയ്യാ..
മൂപ്പന്‍ വരാന്‍ ഏങ്ങള്‍ കാത്തിരിക്കും..ശത്യം.

:-))

കുറുമയ്യാ..മനസ്സിലുള്ള ആ കുട്ടിത്തം ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ..നോക്കിയായുടെ പരസ്യം കണ്ടിട്ടില്ലേ? ദേര്‍ ഈസ് എ ചൈല്‍‌ഡ് ഇന്‍ എവരി വണ്‍ ഓഫ് അസ്.

ട്രോളിയില്‍ കയറിമറിഞ്ഞ്, പീപ്പി വീളിച്ച്, പൊട്ടാസ്സ് പൊട്ടിച്ച് , വള്ളീനിക്കറിട്ട്, മൂക്കളായുമൊലിപ്പിച്ച് അര്‍മാദിച്ച് നടന്നാലും.

ബഹുകേമന്‍ പോസ്റ്റ്!

Adithyan said...

ഈ വയസ്സുകാലത്ത് ട്രോളിയിലൊക്കെ കേറാന്‍ പറഞ്ഞ് അര്‍വി കുറുമാന്റെ മൂക്കി പഞ്ഞി വെപ്പിക്കും... ആ ‘മൂക്കളായുമൊലിപ്പിച്ച് ’ എന്നത് ഞാന്‍ ‘മൂക്കിപ്പഞ്ഞിവെപ്പിച്ച്’ എന്നാ വായിച്ചെ :)

ഉമേഷ്::Umesh said...

വയസ്സുകാലം നിന്റെ....

...ബോസിന്റെ ബോസിനു് എന്നു കുറുമാനേക്കൊണ്ടും കുറുമാനെക്കാള്‍ പ്രായമുള്ള ഞങ്ങളെക്കൊണ്ടും പറയിച്ചേ അടങ്ങൂ അല്ലേ ആദിത്യാ?

34 ഒക്കെ ഒരു വയസ്സാണോ? നമ്മുടെ വിശാലനും സന്തോഷും (പിന്നെ വേറെയും ചിലരുണ്ടു്. ഞാന്‍ പറയുന്നില്ല :-) ) ഒക്കെ ആ പ്രായമല്ലേ? അരോഗദൃഢഗാത്രരല്ലേ അവര്‍?

മസിലുള്ള ഒരു കുതിരയുടെ പടം പ്രൊഫൈലില്‍ വെച്ചെന്നു കരുതി പുരന്ദരം സൌഭദ്രമാകുമോ ഉണ്ണീ? കുറുമാനോടടുക്കാന്‍ നിനക്കാവില്ല...

കുറുമാനേ, ഭയപ്പെടരുതു്. ഇനിയുമിനിയും ട്രോളിമേല്‍ക്കയറുക, വീഴുക, പെയിന്റു പോവുക, നാട്ടില്‍ പോവുക, കാലാട്ടുക,....

Adithyan said...

ഇതിന്റെ മറുപടി ഉമേഷ്ജി തന്നെ പണ്ട്
പറഞ്ഞിട്ടുള്ളതു കൊണ്ട് (ആ പോസ്റ്റിന്റെ ടൈറ്റില്‍ തന്നെ), ഞാനായിട്ടൊന്നും പറയുന്നില്ല ;)

ഹോ ഈ അവിവാഹിതരായ യുവാക്കള്‍ടെ ഓരോരോ പ്രോബ്ലെംസേ :D

സ്നേഹിതന്‍ said...

കുറുമാന്‍ പരിക്കെങ്ങിനെയുണ്ട്. കുഴപ്പമൊന്നുമില്ലല്ലൊ.
ഫ്ലൈറ്റില്‍ പ്രത്യേക സീറ്റിംഗുണ്ടൊ :) :)

ശുഭയാത്ര നേരുന്നു.

ദിവാസ്വപ്നം said...

ഹ ഹ കുറുമാന്‍,

ട്രോളിയേല്‍ കയറിയുള്ള പാച്ചിലും മറിഞ്ഞടിച്ചുള്ള വീഴ്ചയും... നിയമപ്രകാരം സങ്കടവും സഹതാപവും വരേണ്ടിടത്ത് അറിയാതെ ചിരിച്ചുപോയി. മാഫ് കീജിയേ.

എന്തായാലും കൂടുതലൊന്നും പറ്റാഞ്ഞത് നന്നായി.

ഇങ്ങനെ ചില ഇളക്കങ്ങള്‍ എനിക്കും ചിലപ്പോള്‍ തോന്നാറുണ്ട്. അതൊക്കെ അടക്കിപ്പിടിച്ച് ഞാന്‍ ഇങ്ങനെ കഴിയുന്നു എന്നേ ഉള്ളൂ.

‘അപ്പു’ എന്നൊരു മോഹന്‍ലാല്‍ സിനിമയില്‍ ഡ്രൈവിംഗ് ആശാനായ നെടുമുടി, അപ്പുവിനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടയില്‍ ശിഷ്യന് കൈപ്പിഴ പറ്റി കാര്‍ ചെളിക്കുഴിയില്‍ ചെന്ന് മറിയുന്ന ഒരു ഭാഗമുണ്ട്.

പിറ്റേന്ന്, ‘ആശാന് എന്താ പറ്റിയത്, ആശാന് എന്താ പറ്റിയത്‘ എന്ന് ഒരു പരിചയക്കാരന്‍ ലാലിനോട് ചോദിക്കുമ്പോള്‍, ക്ഷമ കെട്ടിട്ട് ലാല്‍ കൊടുക്കുന്ന മറുപടിയാണ് പെട്ടെന്ന് ഓര്‍മ്മ വന്നത് : “ആശാന്റെ കൈയും കാലുമൊക്കെ ഒടിഞ്ഞ് പറിഞ്ഞ് തൂങ്ങിപ്പോയി, മതിയോ ?”

ചുമ്മാ ഒരു ജോക്കെഴുതിയതാണ്, ഒന്നും വിചാരിക്കല്ലേ :)

രാജീവ് സാക്ഷി | Rajeev Sakshi said...

ശുഭയാത്ര.
നാട്ടില്‍ കാണാം.
ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെ ഞാന്‍ നാട്ടിലുണ്ട്.

Visala Manaskan said...

വാ തുറന്നാല്‍ വിറ്റടിക്കുന്ന കുറുമാന്‍ ചേരപ്പാമ്പിനെ പോലെ കിടന്നതാലോചിച്ചപ്പോള്‍ ചിരിയടക്കാന്‍ പറ്റിയില്ല.

പിന്നെ, നാട്ടില്‍ പോകാന്‍ 3 മുത്തന്‍ ദിവസങ്ങള്‍ ബാക്കിയുണ്ട്. തന്നെയുമല്ല, എന്ത്യേ ഇരിങ്ങാലക്കുടയില്‍ ഇന്റര്‍‌നെറ്റില്ലാന്നുണ്ടോ???

എന്റെ കുറു മേന്നേ ഇങ്ങള് നാട്ടീന്നും ബ്ലോഗും. ദേ, നാട്ടില്‍ ചെന്നിട്ട് അവിടന്ന് ബ്ലോഗുന്നതിന്റെ ഒരു സുഖം സുഖം തന്നെയാണേ...

ആശംസകള്‍

Rasheed Chalil said...

ഏതായാലും ഫ്രീയായി കിട്ടിയത് വാങ്ങിവെച്ചതില്‍ സന്തോഷം. പിന്നെ ആദിത്യന്റെ വക വീണ്ടും ഫ്രീ കമന്റും അതില്‍ ഉമേഷ്ജിയുടെ ലിങ്കും വായിച്ചിരിക്കുമല്ലോ..

ഇപ്പോള്‍ കണ്ടല്ലോ.. ഓരോരുത്തരുടെയും മനസ്സിലുരുപ്പ്.

ഞാന്‍ ഉമേഷ്ജിയുടെ കമന്റിന്റെ കൂടെയാ.. കുറുജീ‍ ഇനി വയസ്സ് അമ്പതുതന്നെയാണെങ്കിലും മണ്ണപ്പംചുട്ടും മാവിലെറിഞ്ഞും ട്രൊളിയില്‍ ഉരുണ്ടും കഴിയണം..

പിന്നെ പോസ്റ്റ് അസ്സലായി..

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു..

മുല്ലപ്പൂ said...

ട്രോളിയില്‍ ഉള്ള പറക്കല്‍ ഓര്‍ത്തു ചിരിച്ചു ചിരിചൂ , ഇപ്പോള്‍ വയറു വേദനിക്കുന്നു..

വയ്യായേ...
നല്ല ഒരു അമിട്ടും പൊട്ടിച്ചാണല്ലോ നാട്ടിലേക്കു...

അഭയാര്‍ത്ഥി said...

ആര്‍ട്‌ ഓഫ്‌ ലിവിംഗ്‌ അഥവാ കുറുമാന്‍.
ഓരോ പോസ്റ്റ്‌ വായിക്കുമ്പോഴും തോന്നുന്നത്‌ ഇതുപോലെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
വെറുതെ ജാഡകളുടേയും പൊങ്ങച്ചങ്ങളുടേയും ഇടയില്‍പ്പെട്ട്‌ വിഫലമാകുന്ന നരജന്മങ്ങളെ ജോയിന്‍ കുറുമാന്‍സ്‌ പാരലല്‍ കോളേജ്‌ ഓഫ്‌ ലിവിംഗ്‌. ശേഷിച്ച ജീവിതമെങ്കിലും ആസ്വ്ദിക്കു.

കുറുമാന്‍ ഈസ്‌ ദ പനാസിയ ഓഫ്‌ ഹാപ്പിനസ്‌ (പഴയ അഥീന ടുട്ടോറിയല്‍ ഇരിഞ്ഞാലക്കുടയുടെ പരസ്യ വാചകത്തോട്‌ കടപ്പാട്‌)

എഞ്ചോാാാായ്യ്യ്യ്യ്യ്യ്യ്‌ കടമുടക്ക ദിനങ്ങള്‍

കണ്ണൂസ്‌ said...

Au Revoir കുറൂ..

മോളെ ചിരിപ്പിക്കാന്‍ ഈ ട്രോളിപ്പരിപാടി ഇടക്ക്‌ ഞാനും ചെയ്യുന്നതാണ്‌. ഇത്ര അപകടം പിടിച്ച പാര്‍ക്കിംഗ്‌ അല്ലാത്തതു കാരണം ഇതു വരെ പെയിന്റ്‌ പോയിട്ടില്ല.

അപ്പോ ഇനി കാണുമ്പോ കാണാം...

Unknown said...

കുറൂ,
നമിച്ചു. ആ സ്പിരിറ്റിന് മുമ്പില്‍. (ഏത് ബ്രാന്റ് സ്പിരിറ്റ് എന്നൊന്നും ചോദിക്കരുത്)
നാട്ടില്‍ പോയി തമര്‍ത്തി റിജുവിനേറ്റഡ് ആയി വരൂ.

(ഓടോ:കുറുമയ്യന്‍ ട്രോളിയില്‍ ജോളിയടിക്കുന്നു എങ്കില്‍ ഞാന്‍ എന്തില്‍ കയറി ജോളിയടിക്കണം?)

മുസാഫിര്‍ said...

കുരുമാന്‍‌‌ജി,

ആപ്പെ പെട്ടി വണ്ടിയുടെ പരസ്യത്തില്‍ ലിറ്ററിനു 36 കിലോ മിറ്റര്‍ കിട്ടുമെന്നു പറഞു ലോകം
മുഴുവന്‍ കറങ്ങുന്നത് ആണു എനിക്കു ഓര്‍മ്മ വന്നത്.
3 ഡിഡിക്ക് ഇത്രയും ചെയ്യാമെങ്കില്‍ അതിന്റെ പുറത്ത് ഒരു 3 ലാര്‍ജും കുടി ഉണ്ടായിരുന്നെങ്കിലൊ ?

മലയാളം 4 U said...

പ്രിയ കുറുമാന്‍,

നെടുംബാശ്ശേരിയിലെ ട്രോളികളുടെ ബെയറിങ്ങുകള്‍ ഒക്കെ പോയത് കൊണ്ട് ഇത്രയും smooth ആ‍യി മുന്നോട്ട് പോകുകയില്ല.

അതിനാല്‍ നാട്ടില്‍ ചെന്ന് റ്റ്രോളി മേല്‍ കയറരുതേ എന്നൊരു ഉപദേശം ആവശ്യമില്ലല്ലോ.

സന്തോഷകരമായ ഒരു ഓണക്കാലം ആശംസിക്കുന്നു.

Kuzhur Wilson said...

എന്നെ കുടിയന്‍ എന്നു വിളിക്ക് രുതു
ഞാന്‍ കുടിചച
കണ്ണീരുമായി താര്‍ത് മ്യ്പ്പെടുത്തുപൊള്‍
അതെത്ര്യ് യൊ തുച്ച്മാണ്‍.

poet- faiz ahemed faiz

mariam said...

എന്നെ കുടിയനെന്നു വിളിക്കരുത്‌.
ഞാന്‍ അത്ര കുടിച്ചിട്ടില്ല,
ഞാന്‍ കുടിച്ച കണ്ണീരോര്‍ക്കുമ്പോള്‍.

(വിശഖ്‌ കുമാര്‍, ഒന്നുകില്‍ അതൊരു കവിതയല്ലെ..) :-D

Kalesh Kumar said...

വായിച്ച് ടെന്‍ഷനായി!
നാട്ടില്‍ പോയിട്ട് വണ്ടികളൊന്നും ഡ്രൈവ് ചെയ്യരുത്.

ഓണാശംസകള്‍!
വേഗം തിരിച്ചു വരൂ....

അത്തിക്കുര്‍ശി said...

റിംഗ്‌ ടോണ്‍ മാറ്റേണ്ടി വരുമോ കുറു:

"കുറുമിക്കുട്ടീടച്ചന്‍
കുറുമാന്‍ തണ്ണിയടിച്ച്‌
കിറുങ്ങി ട്രോളിയിലേറീ
കറങ്ങി പള്‍ട്ടിയടിച്ച്‌
കുറുമ പരുവത്തിലായേ!"

ഡ്രാഫ്റ്റേതായിരുന്നു ബ്രാന്റ്‌: RED HORSE!!

Vacation Granted!!
ഓണശംസകള്‍
ഓണത്തിന്‌ ലോക്കലടിച്ച്‌ ഓഫാവാതിരിക്കാന്‍ ശ്രമിക്കുക്ക!

Mubarak Merchant said...

ചേട്ടനെ സമ്മതിക്കണം! രണ്ട് ബിയറടിച്ച് കഴിഞപ്പൊ ആരെങ്കിലും ചെയ്യണപണിയാണോ കാണിച്ചേ? ട്രോളീമ്മെക്കേറി സര്‍ക്കസ് കളിച്ചേക്കണേ!

Durga said...

haaahaaaahaahoooy!!!!
കലക്കി!:)

മനുസ്മൃതി said...

എല്ലാ വെക്കേഷനും വരുമ്പോള്‍ ഇതു പോലെ വര്‍ക്‌ ഷോപ്പില്‍ കേറ്റാനുള്ള പരുവത്തിനാണൊ വരവ്‌? മുന്‍പ്‌ വന്നപ്പോള്‍, വെസ്റ്റ്‌ ഫോര്‍ട്ടില്‍ അഡ്മിറ്റായത്‌ പറഞ്ഞിരുന്നു........

myexperimentsandme said...

ഗുരുമയ്യാ, സൂപ്പര്‍. ട്രോളി കാണുമ്പോഴൊക്കെ അങ്ങിനെ ചെയ്യാന്‍ തോന്നുമെങ്കിലും ചൊട്ടയിലേ ധൈര്യം ചൊട്ടയിലേ തീര്‍ന്നു സ്റ്റൈലില്‍ അതിനൊന്നും യാതൊരു ധൈര്യവുമില്ല. എങ്കിലും ഈ വയസ്സാം കാലത്തും കുറുമന് ഇങ്ങിനെയൊക്കെ ചെയ്യാന്‍ തോന്നുന്നുണ്ടല്ലോ. അധികം മുടിയില്ലാത്തതിന്റെ ഗുണം. ചിന്തകള്‍ക്കൊക്കെ നല്ല ക്ലാരിറ്റി കാണുവേ. പിന്നെ വെയിലിന് നേരിട്ട് തലയ്ക്കടിക്കാമല്ലോ. ത്വരിത രാസപ്രവര്‍ത്തനം-അടുത്ത സെക്കന്റില്‍ ട്രോളിയില്‍..

കൊള്ളാം. പതിവുപോലെ മനോഹരം.

അപ്പോള്‍ ഹാപ്പി നാട്ടിപ്പോക്ക്. പണ്ട് പറഞ്ഞുകേട്ടത് പ്രോ മോഷന്‍ കിട്ടിയത് കാരണം വൈമാനിക ടിക്കറ്റൊക്കെ ഫ്രീയാണെന്നായിരുന്നു. അങ്ങിനെതന്നെ?

അടിവെച്ചടിവെച്ചടിച്ചുപൊളി. ആള് താന്‍ ബെസ്റ്റ്.

ബിന്ദു said...

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു. നാട്ടില്‍ ചെല്ലുമ്പോഴും സൂക്ഷിക്കുക ;)
ബ്ലോഗ്‌ സലാം !വരമൊഴിയുണ്ടോ സഖാവേ...

കുറുമാന്‍ said...

പ്രിയപെട്ട സുഹൃത്തുക്കളെ,

ഫ്രീയായി കിട്ടിയത് വായിച്ചോഹരിപറ്റിയവര്‍ക്കൊരു നന്ദി പറയാതെ നാട്ടില്‍ എങ്ങനെ പോകും ഞാന്‍?

ട്രോളിയില്‍ നിന്നും തെറിച്ചു വീണ സാധനങ്ങളൊക്കെ, പെട്ടിയിലും, കാര്‍ട്ടണിലും ആക്കണം, കുറുമി പിന്നാലെ നടന്നു ബഹളം വക്കുന്നു, പാക്കു ചെയ്യൂ, പാക്കൂ ചെയ്യൂ എന്ന്. നാളത്തെ പകല്‍ മുഴുവന്‍ ഉണ്ടല്ലോ എന്ന് ഞാനും.

അപ്പോ പൊതുവായി പേരെടുത്ത്, വിശദമായി കമന്റിനു നന്ദി രേഖപെടുത്തുവാന്‍ ഞാന്‍ ശ്രമിക്കാം........പോരായ്മ വന്നാല്‍ ക്ഷമിക്കുക.

ആദിത്യന്‍

പെരിങ്ങോടന്‍
അരവിന്ദന്‍
ഉമേഷ്ജി
സ്നേഹിതന്‍
ദിവാ സ്വപ്നം
സാക്ഷി
വിശാലന്‍
ഇത്തിരിവെട്ടം
മുല്ലപ്പൂ
ഗന്ദര്‍വ്വന്‍
കണ്ണൂസ്
അനു ചേച്ചി
ദില്‍ബാസുരന്‍
മുസാഫിര്‍
മലയാളം 4 യു
വിശാഖം
മറിയം
കലേഷ്
അത്തിക്കുര്‍ശി
ഇക്കാസ്
ദുര്‍ഗാ
മനുസ്മ്രിതി
വക്കാരി
ബിന്ദു അനുജത്തി

എല്ലാവര്‍ക്കും നന്ദി. നാട്ടില്‍ ചെന്നിട്ട് ഞാന്‍ എല്ലാവരേയും ബന്ദപെടാന്‍ ശ്രമിക്കുന്നതായിരിക്കും.

നന്ദി, നമസ്കാരം

Anonymous said...

ശ്ശൊ! ഇങ്ങിനെ ഒക്കെ പറ്റുവൊ? എന്നിട്ട് കുഴപ്പം ഒന്നുമില്ലല്ലൊ...ല്ലെ?

ഞാന്‍ എന്റെ കുഞ്ഞു കസിന്‍സിനേയും ഇരുത്തി ഇവിടത്തെ സാംസ് ക്ലബ് അങ്ങിനെ ഒക്കെ നീണ്ട ഐത്സ് ഉള്ള കടകളില്‍ ഇങ്ങിനെ ചെയ്യരുണ്ട്..

ഈ റ്റ്രോളിടെ വീല്‍ സ്വല്‍പ്പം തിരിച്ചാല്‍ അത് അവിടെ ബ്രേക്ക് അടിച്ച പോലെ നിക്കും. പക്ഷെ ഈ സ്ലാന്റിങ്ങില്‍ നിക്കുമോന്ന് അറിഞ്ഞൂടാ.

Anonymous said...

“ബ്ലോഗ്‌ സലാം !വരമൊഴിയുണ്ടോ സഖാവേ...”

ഹഹഹ..വരമൊഴിയുണ്ടോ സഖാവെ,
രണ്ട് ബ്ലോഗെടുക്കാന്‍? ബിന്ദൂട്ടി അതു കലക്കി..

പാപ്പാന്‍‌/mahout said...

കൊള്ളാം കുറുമാനേ. രസിച്ചു വിവരണം.
qw_er_ty

രാജാവു് said...

കുറുമാന്ജി ,
ഇതെനിക്കും പറ്റിയിട്ടുന്ദു്.ഞാന്‍ ഇന്നും ആ നിക്കറിട്ടു് നടക്കുന്ന മരം കേറി ചെറുക്കന്‍.കുറുമി പറയും നാണമില്ലല്ലോ.ദേവയാനിയെക്കുറിച്ചു നിന്ങള്‍ വീണ്ടും ഓര്‍മിപ്പിച്ചല്ലോ കുറുമാന്‍.ഒന്നിലും അത്ഭുതപ്പെടേണ്ട.
രാജാവു്.

കൃഷ്ണ said...

1

വിപിന്‍ said...

രണ്ട് ഡ്രാഫ്റ്റ് ബിയര്‍ 30 ദിര്‍ഹം
പോസ്റ്റോളം നീണ്ട ബില്‍ - അതിനു തത്തുല്യമായ ഒരു തുക
ആ ട്രോളിയിലുള്ള പോക്കും വീഴ്ചയും അതുകഴിഞ്ഞുള്ള കിടപ്പും അതിലുമുപരി അതിന്റെ വിവരണവും- പ്രൈസ്‌ലെസ്സ് കുറുമാന്‍‌ജീ പ്രൈസ്‌ലെസ്സ്....

സുധി അറയ്ക്കൽ said...

വീഴ്ചയാണേലും പൊട്ടിച്ചിരിച്ചുപോയി.എന്റമ്മോ .
ചേട്ടാ!!!!നിങ്ങളൊരു സംഭവം തന്നെ.