Wednesday, January 24, 2007

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 12

കം വിത് മി പ്ലീസ്.

ഒരു പോലീസുകാരനാണ്.

അതു ശരി, അപ്പോള്‍ സ്വാതന്ത്ര്യം കിട്ടിയതല്ല. ഇനി എങ്ങോട്ടാണോവോ കെട്ടിയെഴുന്നള്ളത്ത്? അനുസരിച്ചല്ലെ മതിയാവൂ. ഞാന്‍ ബാഗും ചുമലില്‍ തൂക്കി ആ പോലീസുകാരന്റെ കൂടെ നടന്നു.

കുറ്റവാളികളെ കൊണ്ടുപോകുന്ന, ഗ്രില്ലിട്ട ഒരു വാന്‍ തുറന്ന് ആ പോലീസുകാരന്‍ എന്നെ ഉള്ളിലേക്ക് സ്വാഗതം ചെയ്തു. ഞാന്‍ ഉള്ളില്‍ കയറിയപ്പോള്‍ ആ മാന്യന്‍ പുറത്തിറങ്ങി പുറത്ത് നിന്നും വാനിന്റെ പിന്‍ വാതില്‍ പൂട്ടി. എന്നേയും വഹിച്ചുകൊണ്ട് അയാള്‍ വാനുമായി യാത്ര തുടങ്ങി.

ആദ്യത്തെ കുറച്ചു സമയം ശുദ്ധവായു ശ്വസിച്ചും, കെട്ടിടങ്ങളും, റോഡില്‍ കൂടെ പോകുന്ന വണ്ടികളും, സ്വതന്ത്രമായി നടക്കുന്ന മനുഷ്യരേയും കണ്ട് നെടുവീര്‍പ്പിട്ട് സമയം കളഞ്ഞു. ശേഷം, ജാന്‍സി ചേച്ചി ജര്‍മ്മനിയില്‍ ശരിയാക്കാമെന്നേറ്റ അസൈലമായിരുന്നു ഇതിലും നല്ലത്, നാടു വിടാതെ, ഉള്ള ജോലിയും ചെയ്ത് ജീവിക്കുകയായിരുന്നു അതിലും നല്ലത് എന്നെല്ലാം ആലോചിച്ച് ഞാന്‍ യാത്രയുടെ വിരസത അകറ്റി.

ഗ്രാമ പ്രദേശങ്ങള്‍ കടന്ന് ഞങ്ങളുടെ വാഹനം, വീണ്ടും നഗരത്തിലേക്ക് കയറി. പിന്നേയും കുറേ ദൂരം പോയപ്പോള്‍ മുന്‍പ് കണ്ടിട്ടുള്ള ചില കെട്ടിടങ്ങള്‍ കണ്ടപ്പോള്‍ എനിക്കു മനസ്സിലായി ഹെല്‍ സിങ്കി നഗരത്തിലേക്കു തന്നേയാണ് ഈ യാത്രയെന്ന്.

ഒറ്റപെട്ടു നില്‍ക്കുന്ന ഒരിടത്തരം കെട്ടിടത്തിനുള്ളിലേക്ക് പോലീസുകാരന്‍ വാന്‍ കയറ്റി. ആ കെട്ടിടത്തിന്റെ മുകളില്‍ വെള്ളയും, നീലയും കലര്‍ന്ന, ഫിന്‍ലാന്റിന്റെ ദേശീയ പതാക പാറുന്നുണ്ടായിരുന്നു.

വാന്‍ നിറുത്തി, വാതില്‍ തുറന്ന്, ഇറങ്ങൂ എന്ന് പോലീസുകാരന്‍ പറഞ്ഞപ്പോള്‍, ഏതാണു സ്ഥലം, എന്നെ കൊണ്ടു വന്നിരിക്കുന്നതെവിടേക്കാണെന്ന് അറിയില്ലായിരുന്നുവെങ്കില്‍ കൂടി ഇറങ്ങാതിരിന്നിട്ട് കാര്യമൊന്നുമില്ലാ എന്നറിയാമെന്നതിരുന്നതിനാല്‍ ഞാന്‍ എന്റെ ബാഗും ചുമലിലേറ്റി സാവധാനത്തില്‍ പുറത്തിറങ്ങി.


വാനില്‍ വച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന ആ പോലീസുകാരന്‍ എന്നോട് പറഞ്ഞു, ബാഗ് ഇപ്പോള്‍ എടുക്കേണ്ട ആവശ്യമില്ല. വണ്ടിയില്‍ തന്നെ വച്ച് കൊള്ളൂ. വണ്ടിയില്‍ ബാഗ് വച്ച്, വണ്ടി പൂട്ടിയ ശേഷം അയാള്‍ പറഞ്ഞു, മിസ്റ്റര്‍ അരുണ്‍ കുമാര്‍ ഇത് ഹെത്സിങ്കി കോടതിയാണ്. താങ്കളുടെ കേസ് വാദിക്കാനായി സര്‍ക്കാര്‍ ചിലവില്‍, സര്‍ക്കാര്‍ തന്നെ ഇന്ത്യക്കാരനായ ഒരു വക്കീലിനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അദ്ദേഹം താങ്കളെ കാത്ത് ഇവിടെ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അടുത്തേക്കാണ് നമ്മള്‍ ഇപ്പോള്‍ പോകുന്നത്.

കെട്ടിടത്തിന്റെ ഉള്ളിലെ ഒരു മുറിക്കു മുന്‍പില്‍ ചെന്നു നിന്ന് ആ പോലീസുകാരന്‍ വാതിലില്‍ മുട്ടി, പിന്നെ മറുപടിക്കു കാത്തു നില്‍ക്കാതെ തന്നെ വാതില്‍ തുറന്ന് ഉള്ളിലേക്ക് കയറി, ഒപ്പം ഞാനും.

മിസ്റ്റര്‍ അരുണ്‍ കുമാര്‍ പ്ലീസ് ബി സീറ്റഡ്. അയാം രാജീവ് സൂരി, ഫിന്നിഷ് ഗവണ്മെന്റ് അസൈന്റ് മി ടു ഫൈറ്റ് യുവര്‍ കേസ്, നൈസ് ടു മീറ്റ് യു മിസ്റ്റര്‍ സൂരി. നീട്ടിയ അയാളുടെ കരം ഗ്രഹിച്ച് ഞാന്‍ പറഞ്ഞു. (കോച്ചേകാലണ കയ്യിലില്ലാത്ത പിച്ചക്കാരായ കുറ്റവാളികള്‍ക്ക് സ്വന്തമായി കാശുകൊടുത്ത് വാദിക്കുവാന്‍ വക്കീലിനെ വക്കുവാന്‍ സാധിക്കില്ല എന്നറിയാവുന്ന യൂറോപ്പ്യന്‍ സര്‍ക്കാര്‍, സര്‍ക്കാരിന്റെ ചിലവില്‍ കുറ്റവാളികള്‍ക്കു വേണ്ടി വാദിക്കുവാന്‍ വക്കീലിനെ ഏര്‍പ്പെടുത്തുന്ന സമ്പ്രദായം യൂറോപ്പില്‍ ഉണ്ട്, മറ്റു രാജ്യങ്ങളിലും ഉണ്ടായിരിക്കാം ഒരു പക്ഷെ നമ്മുടെ നാട്ടിലും ഉണ്ടായിരിക്കാം)

ഇരിക്കൂ, മേശക്കെതിര്‍വശത്തുള്ള കസേര ചൂണ്ടി കാട്ടി അദ്ദേഹം പറഞ്ഞു.

ഞാന്‍ കസേരയില്‍ ഇരുന്നതും, ഫിന്നിഷില്‍ പോലീസുകാരനോട് അദ്ദേഹം എന്തോ പറഞ്ഞു. പോലീസുകാരന്‍ പുറത്തേക്ക് പോയി. ഞാനും, വക്കീലും മാത്രം മുറിയില്‍ തനിച്ചായി.

അയാള്‍ ഹിന്ദിയില്‍ എന്നോടു സംസാരിക്കാന്‍ തുടങ്ങി. പേര്, ജനിച്ച സ്ഥലം, വളര്‍ന്നു വന്നതെവിടെ തുടങ്ങി ചോദ്യോത്തരങ്ങളുടെ ഒരു ഇലഞ്ഞിത്തറ മേളം തന്നെ അയാള്‍ നടത്തി.

ഏഴു വര്‍ഷത്തോളമായി ദില്ലിയില്‍ ജോലിചെയ്തിരുന്ന കാരണം, ഹിന്ദി വളരെ നന്നായി സംസാരിക്കാന്‍ കഴിയുമായിരുന്നതിനാല്‍ ഞാന്‍ അദ്ദേഹത്തിനോട് ഹിന്ദിയില്‍ തന്നെ മറുപടി പറഞ്ഞു. പോലീസിനോട് പറഞ്ഞ അതേ കഥകള്‍ തന്നെ ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു.

വളരെ സംയമനത്തോടെ എന്റെ കഥകള്‍ എല്ലാം അദ്ദേഹം കേട്ടു, ഇടക്കൊരു ചോദ്യം പോലും ചോദിച്ചില്ല എങ്കിലും, എന്റെ മറുപടികള്‍ അദ്ദേഹം ഒരു കടലാസ്സില്‍ കുറിച്ചെടുക്കുന്നുണ്ടായിരുന്നു.

മിസ്റ്റര്‍ അരുണ്‍ കുമാര്‍ ഇത് താങ്കള്‍ പോലീസിനോടു പറഞ്ഞ കഥ, ഇതല്ല എനിക്കു വേണ്ടത്.

തനിക്കുവേണ്ടി വാദിക്കാനാണു സര്‍ക്കാര്‍ എനിക്ക് കാശു നല്‍കുന്നത്. താങ്കള്‍ ഇപ്പോഴും പോലീ‍സിനോടു പറഞ്ഞ കഥ തന്നെയാണു എന്നോടും പറയുന്നത്. അത് വിശ്വസിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ദയവു ചെയ്തു താങ്കള്‍ എന്നോട് സത്യം മാത്രം പറയുക, എങ്കില്‍ മാത്രമെ എനിക്കു താങ്കള്‍ക്കു വേണ്ടി വാദിക്കാന്‍ പറ്റുകയുള്ളൂ. വക്കീലിനോടും, ഡോക്ടറോടും നുണ പറയരുതന്നുള്ള കാര്യം പറയാതെ തന്നെ താങ്കള്‍ക്കറിയാവുന്ന കാര്യമല്ലെ?

മിസ്റ്റര്‍ സൂരി, ഞാന്‍ എന്റെ കഥ താങ്കളോട് തുറന്നു പറഞ്ഞാല്‍ എനിക്കിവിടെ രാഷ്ട്രീയാഭയം കിട്ടുമെന്നെന്താണുറപ്പ്?

ഒരുറപ്പുമില്ല മിസ്റ്റര്‍ അരുണ്‍ കുമാര്‍, യാതൊരു വിധ ഉറപ്പുമില്ല. പക്ഷെ താങ്കള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍, താങ്കള്‍ക്ക് രാഷ്ട്രീയാഭയം കിട്ടുവാന്‍, ഒരു പക്ഷെ എനിക്ക് സഹായിക്കുവാന്‍ സാധിക്കുമായിരിക്കും എന്നു മാത്രം.

മിസ്റ്റര്‍ സൂരി, ഇതല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ല. ഞാന്‍ എന്റെ നിലപാടറിയിച്ചു.

ചോദ്യോത്തരങ്ങള്‍ക്കൊടുവില്‍ മിസ്റ്റര്‍ സൂരി എന്നോട് ചോദിച്ചു, അപ്പോള്‍ താങ്കള്‍ രാഷ്ട്രീയ അഭയത്തിനു അപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു അല്ലെ?

അതെ മിസ്റ്റര്‍ സൂരി. ജീവനില്‍ കൊതിയുള്ളത് കൊണ്ട് മാത്രം, ഇവിടെ നിന്നു തിരിച്ചു പോകുന്ന കാര്യം എനിക്ക് ചിന്തിക്കാനും കൂടി കഴിയുന്നില്ല.

അദ്ദേഹം കമ്പ്യൂട്ടറില്‍ എന്തൊക്കേയോ ടൈപ്പ് ചെയ്തു കയറ്റി, പിന്നെ കുറേ പ്രിന്റുകള്‍ എടുത്തതിനുശേഷം എന്നേയും കൂട്ടി മറ്റൊരു മുറിയിലേക്ക് പോയി. ആ മുറിയില്‍, എന്നെ ചോദ്യം ചെയ്യാറുള്ള അല്ലെങ്കില്‍ എന്റെ കേസ് അന്വേഷിക്കുന്ന രണ്ട് പോലീസുകാരും ഇരിക്കുന്നുണ്ടായിരുന്നു.

രണ്ട് പോലീസുകാരും സൂരിക്കും പിന്നെ എനിക്കും കൈ തന്നു.

സൂരിയും അവരും, ഫിന്നിഷില്‍ എന്തൊക്കേയോ സംസാരിച്ചതിന്നൊടുവില്‍, എന്നെയും കൂട്ടി അവര്‍ ആ മുറിയില്‍ നിന്നും പുറത്തു കടന്ന്, വേറെ ഒരു മുറിയിലേക്ക് പോയി. പ്രസംഗവേദി പോലെ അല്പം ഉയര്‍ന്ന സ്ഥലത്തിട്ടിരിക്കുന്ന മേശയും, വലിയ കസേരയും, അതിന്നെതിര്‍വശം താഴെ രണ്ടു വശത്തായി ഇട്ടിരുന്ന അഞ്ചെട്ടു കസേരകള്‍ വേറെയും. ഒറ്റ കാഴ്ചയില്‍ തന്നെ അതൊരു കോടതിമുറിയാണെന്ന് എനിക്ക് മനസ്സിലായി.

ഞങ്ങള്‍ നാലുപേരും അവിടെ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍, കോട്ടണിഞ്ഞ (വക്കീല്‍ കോട്ടല്ല, വെറും സാധാരണ കോട്ട്) ഒരു മനുഷ്യന്‍ മുറിയിലേക്ക് കടന്നു വന്നതും, വക്കീലും, പോലീസുകാരും എഴുന്നേല്‍ക്കുന്നതു കണ്ടപ്പോള്‍ ഞാനും എഴുന്നേറ്റു. ജഡ്ജിയായിരിക്കണം.

അവരെല്ലാവരും ഇരുന്നപ്പോള്‍ ഞാനും ഇരുന്നു.

എന്നെ ചോദ്യം ചെയ്തിരുന്ന പോലീസുകാരന്‍, കയ്യിലിരുന്ന ഫയലില്‍ നിന്നും കുറച്ച് പേപ്പറുകള്‍ എടുത്ത് ജഡ്ജിക്ക് നല്‍കി. പിന്നെ ഫിന്നിഷില്‍ അദ്ദേഹത്തിനോട് എന്തൊക്കേയോ സംസാരിച്ചു. തിരിച്ചു വന്നു കസേരയില്‍ ഇരുന്നു.

പോലീസുകാരന്‍ കൊടുത്ത പേപ്പറുകള്‍, വായിക്കുവാനായി ജഡ്ജി ഒരു പത്തു മിനിറ്റോളം എടുത്തു. മേശപ്പുറത്ത് വച്ചിരുന്ന മൈക്ക് ഓണ്‍ ചെയ്ത് ഫിന്നിഷില്‍, എന്റെ കേസന്വേഷിക്കുന്ന പോലീസുകാരോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. കുറച്ച് സമയത്തെ ചോദ്യങ്ങള്‍ക്കു ശേഷം, വക്കീലുമായും കുറച്ച് ചോദ്യോത്തരങ്ങള്‍ ആവര്‍ത്തിച്ചു.

മിസ്റ്റര്‍ അരുണ്‍ കുമാര്‍, താങ്കള്‍ക്കു വേണ്ടി വാദിക്കുന്നത് മിസ്റ്റ്ര്‍ രാജീവ് സൂരിയാണല്ലെ? മാത്രമല്ല, താങ്കളുടെ ട്രാന്‍സലേറ്ററും മിസ്റ്റര്‍ സൂരി തന്നെ അല്ലെ? ഇംഗ്ലീഷില്‍ ജഡ്ജി എന്നോട് ചോദിച്ചു.

എഴുന്നേറ്റ് നിന്നു കൊണ്ട് ഞാന്‍ പറഞ്ഞു. യെസ് സര്‍.

ജഡ്ജി ഫിന്നിഷില്‍ ചോദ്യക്കുന്ന ഓരോ ചോദ്യവും മിസ്റ്റര്‍ സൂരി എനിക്ക് ഹിന്ദിയില്‍ പറഞ്ഞു തന്നു. അവക്ക് ഞാന്‍ ഹിന്ദിയില്‍ നല്‍കിയ ഉത്തരങ്ങള്‍, സൂരി ഫിന്നിഷില്‍ ജഡ്ജിയോട് പറഞ്ഞു. പോലീസുകാരും, സൂരിയും മുന്‍പ് ചോദിച്ചിരുന്ന ചോദ്യങ്ങള്‍ തന്നേയായിരുന്നു ജഡ്ജിയും ചോദിച്ചത്.

ഇരുപതു മിനിറ്റ് നേരത്തെ ചോദ്യോത്തരങ്ങള്‍ക്കു ശേഷം ജഡ്ജി, മുന്‍പ് ആരും ചോദിക്കാത്ത ഒരു ചോദ്യം എന്നോട് ചോദിച്ചു അഥവാ ജഡ്ജിയുടെ ചോദ്യം സൂരി ഹിന്ദിയിലേക്ക് മൊഴിമാറ്റി എന്നോട് ചോദിച്ചു. മിസ്റ്റര്‍ അരുണ്‍ കുമാര്‍, കോടതി താങ്കളെ പുറത്ത് വിടുകയാണെങ്കില്‍, താങ്കള്‍ക്ക് താമസിക്കുവാനുള്ള സ്ഥലമോ, സ്വന്തം ചിലവുകള്‍ വഹിക്കുന്നതിനുള്ള പണമോ ഉണ്ടോ?

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. അതിനാല്‍ തന്നെ, ഒരുത്തരം കണ്ടെത്തുക എന്നുള്ളത് അല്പം ശ്രമമുള്ള കാര്യവും. എന്ത് പറയും? സഹോദരന്‍ ഇവിടെ ഹെല്‍സിങ്കിയില്‍ തന്നെ ഉണ്ട്, അദ്ദേഹത്തിന്റെ കൂടെ താമസിക്കാം, കൂടാതെ, ഇത്രയും നാള്‍ നോക്കിയ പോലെ തന്നെ എന്റെ വട്ട ചിലവുകളും അവന്‍ നോക്കികൊള്ളും എന്ന് പറയണോ, വേണ്ടയോ എന്ന സംശയം. ആലോചനക്കൊടുവില്‍ പറഞ്ഞു, ഇല്ല സര്‍, താമസിക്കുവാനുള്ള സ്ഥലമോ, സ്വന്തം ചിലവുകള്‍ വഹിക്കുന്നതിനുള്ള പണമോ എന്റെ കയ്യില്‍ ഇല്ല.

എന്റെ ഉത്തരം, മിസ്റ്റര്‍ സൂരി, ഫിന്നിഷിലേക്ക് മൊഴിമാറ്റി ജഡ്ജിയെ അറിയിച്ചു.

ആല്പനേരത്തെ ആലോചനക്കൊടുവില്‍, ജഡ്ജി പേപ്പറുകളില്‍ എന്തോ എഴുതി കൂട്ടി. പിന്നെ വളരെ പതിഞ്ഞ ശബ്ദത്തില്‍ മൈക്കിലൂടെ എന്തെല്ലാമോ പറഞ്ഞു.

ഇന്ത്യന്‍ വംശജനെന്ന് അവകാശപെടുന്ന, അരുണ്‍ കുമാര്‍ എന്ന വ്യക്തി, സ്വന്തം രാജ്യത്ത് ജീവന് അപായമുള്ളതിനാല്‍, ഫിന്‍ലാന്റില്‍ വന്ന്, രാഷ്ട്രീയ അഭയത്തിനായി അപേക്ഷിച്ചിരിക്കുന്നുവെങ്കിലും, സ്വന്തം പേര്, ഇന്ത്യന്‍ പൌരത്വം തെളിയിക്കുന്നതിനുള്ള പാസ്പോര്‍ട്ട്, തുടങ്ങിയ മതിയായ യാതൊരു വിധ രേഖകളും കൈവശം ഇല്ലാത്തതിനാല്‍, വ്യക്തമായ ഒരു തീരുമാനം ഈ കേസില്‍ കോടതിക്ക് എടുക്കാന്‍ കഴിയുന്നില്ല.

ഈ കേസില്‍ മതിയായ എന്തെങ്കിലും രേഖകള്‍ ലഭിക്കുന്നതുവരെ, കേസ് തുടര്‍ന്നന്വേഷിക്കുവാന്‍ കോടതി താത്പര്യപെടുന്നതിനൊപ്പം തന്നെ, രണ്ടാഴ്ച കഴിഞ്ഞുള്ള ഈ കേസിന്റെ അടുത്ത ഹിയറിങ്ങ് വരെ, അരുണ്‍ കുമാറിനെ പ്രധാന ജയിലിലേക്കയക്കാനും കോടതി താത്പര്യപെടുന്നു.

കോടതി പിരിച്ചു വിട്ടിരിക്കുന്നു - പേപ്പറുകള്‍ എടുത്ത് ഫയലില്‍ വച്ച്, ജഡ്ജി, സ്ഥലം കാലിയാക്കി.

രണ്ടു പോലീസുകാര്‍ക്കും, സൂരിക്കും പുറകെ ഞാനും കോടതിമുറിക്ക് വെളിയില്‍ കടന്നു. കോടതി മുറിക്ക് പുറത്ത്, എന്നെ ജയിലില്‍ നിന്നും കൊണ്ടു വന്ന പോലീസുകാരന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

വ്യക്തമായ രേഖകള്‍ ഇല്ലാത്തതിനാല്‍, താങ്കളെ പുറത്ത് വിടാന്‍ കോടതിക്ക് കഴിയാത്തതിനാല്‍, താങ്കളെ വീണ്ടും ജയിലിലേക്കയക്കേണ്ടി വരുന്നു എന്നതില്‍ ഞങ്ങള്‍ക്ക് വളരെ ഖേദമുണ്ട്. എനിക്ക് കൈ നല്‍കികൊണ്ട് പോലീസുകാര്‍ രണ്ടു പേരും പറഞ്ഞു. മിസ്റ്റര്‍ സൂരിയോട് എന്തോ സംസാരിച്ച് കൈകൊടുത്ത് പോലീസുകാര്‍ അവടെ നിന്നു നീങ്ങി.


മിസ്റ്റര്‍ അരുണ്‍ കുമാര്‍, മതിയായ രേഖകളില്ലാതെ, ഒരാള്‍ക്ക് രാഷ്ട്രീയാഭയം കിട്ടുവാനുള്ള സാധ്യത വളരെ കുറവാണ്, മാത്രമല്ല, മതിയായ രേഖകളില്ലെങ്കില്‍, ഒരു പക്ഷെ, മാസങ്ങളോളം ജയിലില്‍ കഴിയേണ്ടതായും വരും. താങ്കളുടെ കയ്യില്‍ വ്യക്തമായ, വിശ്വസനീയമായ എന്തെങ്കിലും രേഖകള്‍ ഉണ്ടായിരുന്നു എങ്കില്‍, കോടതി താങ്കളെ ജയിലിലേക്കയക്കാതെ, അസൈലം അപേക്ഷകര്‍ താമസിക്കുന്ന ക്യാമ്പിലേക്ക് വിടുമായിരുന്നെന്നു മാത്രമല്ല, മാസാമാസം ചിലവിനുള്ള പണവും ഗവണ്മെന്റു തരുമായിരുന്നു! എന്തു ചെയ്യാം താങ്കളുടെ കയ്യില്‍ മതിയായ രേഖകള്‍ ഒന്നും തന്നെ ഇല്ലല്ലോ! അടുത്ത ഹിയറിങ്ങിനു മുന്‍പ് തീര്‍ച്ചയായും താങ്കളെ ഞാന്‍, ജയിലില്‍ വന്നു സന്ദര്‍ശിക്കാം. എനിക്ക് കൈതന്ന് മിസ്റ്റര്‍ സൂരിയും യാത്ര പറഞ്ഞ് പോയി.

പ്ലീസ് കം വിത് മി. ഇത്രനേരവും പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ലാതിരുന്ന പോലീസുകാരന്‍ എന്നോട് പറഞ്ഞു.

പോലീസുകാരന്റെ പുറകെ നടന്ന്, പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയില്‍ കയറി. പതിവുപോലെ തന്നെ വണ്ടി താഴിട്ടു പുറത്ത് നിന്നും പൂട്ടി അയാള്‍ വണ്ടിയുമായി യാത്ര തുടങ്ങി. യാത്രക്കിടയില്‍ ശക്തമായി മഞ്ഞു പെയ്യുവാനും തുടങ്ങി.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം, നഗരത്തില്‍ തന്നെയാണെന്നു തോന്നുന്നു, ഒരു വലിയ കെട്ടിടത്തിനു പുറത്ത് അയാള്‍ വാന്‍ നിറുത്തി. പാറാവു നിന്നിരുനുന്ന പോലീസുകാര്‍ കൂറ്റന്‍ വാതില്‍ തുറന്നപ്പോള്‍, വണ്ടിയുമായ് അയാള്‍ ഉള്ളിലേക്ക് കയറി. വാന്‍ നിറുത്തി, വാതില്‍ തുറന്നു.

കം വിത്ത് മി. ബാഗുമെടുത്തുകൊള്ളൂ.

വാനില്‍ നിന്നു പുറത്തിറങ്ങി പോലീസുകാരന്റെ കൂടെ നടക്കുന്നതിന്നിടയില്‍, ചുറ്റുപാടുമൊന്നു വീക്ഷിച്ചു. പതിഞ്ചടിയോളമെങ്കിലും വലുപ്പത്തിലുള്ള കൂറ്റന്‍ മതില്‍ കെട്ടിനുള്ളില്‍ രണ്ടു നിലയുള്ള രണ്ട് വലിയ കെട്ടിടങ്ങള്‍. മഞ്ഞു പെയ്യുന്നതിനാല്‍, ശരീരമാകെ തണുത്തു വിറക്കാന്‍ തുടങ്ങിയിരുന്നു.

പ്രധാന വാതിലിന്റെ കവാടത്തിലെത്തിയപ്പോള്‍, പാറാവു നിന്നിരുന്ന പോലീസുകാരോട്, എന്തോ പറഞ്ഞതിന്നു ശേഷം എന്നെ കൊണ്ട് വന്നിരുന്ന പോലീസുകാരന്‍ ഉള്ളിലേക്ക് കയറി. ഹെല്‍സിങ്കി സെന്ട്രല്‍ പ്രിസണ്‍ അഥവാ ഹെല്‍സിങ്കിയിലെ പ്രധാന ജയിലേക്ക് വലതു കാല്‍ വച്ച് ഞാനും കയറി.

കടന്നു ചെന്നതു റിസപ്ഷന്‍ ഓഫീസിലേക്കായിരുന്നു. അവിടെ ഉണ്ടായിരുന്ന പോലീസുകാരുടെ കയ്യില്‍ എന്റെ ഫയലും മറ്റും നല്‍കിയ ശേഷം, എനിക്ക് കൈ തന്ന് ആ പോലീസുകാരന്‍ വന്ന വഴിയെ തിരിച്ചു പോയി.

പ്ലീസ് വെയിറ്റ് ഫോര്‍ സം ടൈം, റിസപ്ഷനിലുണ്ടായിരുന്ന പോലീസുകാരന്‍ എന്നോട് പറഞ്ഞു.

അവിടെയുണ്ടായിരുന്ന കസേരകളൊന്നില്‍ ഞാന്‍ ഇരുന്നു. ഏകദേശം അരമണിക്കൂറോളം സമയം കഴിഞ്ഞപ്പോള്‍ റിസപ്ഷനില്‍ ഉണ്ടായിരുന്ന ഒരു പോലീസുകാരന്‍ എന്നെ വിളിച്ചു. മിസ്റ്റര്‍ അരുണ്‍ കുമാര്‍ കം ഹിയര്‍ പ്ലീസ്.

റിസപ്ഷനിലേക്ക് ചെന്നപ്പോള്‍, പേരും, മറ്റുമെഴുതിയിരിക്കുന്ന റെജിസ്റ്ററില്‍ ഒപ്പിട്ട് വാങ്ങിയതിനു ശേഷം, അവിടെ നിന്നിരുന്ന ഒരു പോലീസുകാരന്‍, എന്റെ ബാഗ് തുറന്ന് സാധനങ്ങള്‍ എല്ലാം പുറത്തെടുത്ത് പരിശോധിച്ചതിനു ശേഷം, റിസ്പഷന്‍ കൌണ്ടറിലുള്ള ഒരു അലമാര തുറന്ന്, ബാത്ത് ടൌവ്വലും, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സോപ്പ്, തുടങ്ങി സാധന്നങ്ങള്‍ അടങ്ങിയ ഒരു കിറ്റും നല്‍കി.

പ്ലീസ് കം വിത് മി. ഐ വില്‍ ടേക്ക് യു ടു യുവര്‍ റൂം. ഒരു പോലീസുകാരന്‍ പറഞ്ഞു. അയാളുടെ പുറകെ നടന്ന്, വലിയ ഒരു ഹാളിലെത്തി. ചുമരിലും കൂടുതല്‍ മരം കൊണ്ടുള്ള വാതിലുകളായിരുന്നു ആ ഹാളിന്റെ വശങ്ങളില്‍.

ഒരു വാതിലിന്നു മുന്‍പില്‍ ചെന്ന് പോലീസുകാരന്‍ കയ്യിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നു. ദിസ് ഈസ് യുവര്‍ റും.

വലതുകാല്‍ വച്ച് ഞാന്‍ മുറിയിലേക്ക് കയറി. പോലീസുകാരന്‍ മുറി പുറത്ത് നിന്നും പൂട്ടി.

മുറിയില്‍ കയറിയതും, മുറിയിലുണ്ടായിരുന്ന ഒരു കാപ്പിരി പയ്യന്‍ എനിക്ക് കൈ തന്നു പറഞ്ഞു, അയാം അബ്ദള്ള, ഫ്രം സൊമാലിയ. അവനു കൈ കൊടുത്തു കൊണ്ട് ഞാനും പറഞ്ഞു, അരുണ്‍ കുമാര്‍ ഫ്രം ഇന്ത്യ. മുറിയുടെ ഒരു വശത്തിട്ടിരിക്കുന്ന കട്ടിലിലേക്ക് ചൂണ്ടി അവന്‍ പറഞ്ഞു, ഇത് നിനക്കുപയോഗിക്കാം.

ഞാന്‍ മുറി ആകമാനം ഒന്നു നോക്കി കണ്ടു. കഴിഞ്ഞ ആഴ്ച കിടന്നിരുന്ന കോഴിക്കൂടു പോലെയുള്ള മുറിയല്ല. അതിലും രണ്ട് മടങ്ങ് വലുപ്പമുള്ള മുറിയാണ്. മുറിയുടെ രണ്ട് വശങ്ങളിലായി രണ്ട് കട്ടിലുകള്‍. കട്ടിലിനോട് ചേര്‍ന്ന തല വശത്ത് രണ്ട് അലമാരകള്‍. മുറിയുടെ ഒരറ്റത്ത് ഒരു മേശയും, കസേരയും. ഒരു മൂലക്ക് ചുമരില്‍ ഉറപ്പിച്ചിരിക്കുന്ന സ്റ്റാന്‍ഡില്‍ ചെറിയ ഒരു കളര്‍ ടെലിവിഷന്‍.

ആഹാ ജയിലാണെങ്കിലെന്ത്? നല്ല സൌകര്യമുള്ള ജയില്‍. എന്റെ മനമൊന്നു കുളിര്‍ത്തു.

ടി വിയില്‍ ഏതോ ഭാഷയിലുള്ള എന്തോ പരിപാടിയും കണ്ട് അബ്ദള്ള കട്ടിലില്‍ കയറി കിടന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാനും എന്റെ കട്ടിലില്‍ കയറി കിടന്നു.

വാതിലില്‍ മുട്ട് കേട്ട് ഞാന്‍ എഴുന്നേറ്റപ്പോഴേക്കും, അബ്ദള്ള എഴുന്നേറ്റ് വാതില്‍ തുറന്നിരുന്നു. ഉച്ച ഭക്ഷണം കൊണ്ടു വന്നിരിക്കുന്നതാണ്. ഒരു ട്രോളിയില്‍ രണ്ട് മൂന്നു തട്ടുകളിലായി ഭക്ഷണം വച്ചിരിക്കുന്നു. അബ്ദള്ള അവന്റെ കബോര്‍ഡില്‍ നിന്നും പ്ലെയിറ്റെടുത്ത്, ഭക്ഷണം കൊണ്ടു വന്നിരുന്നവരോട് എന്തൊക്കെയോ സംസാരിച്ച് പ്ലെയിറ്റില്‍ ഭക്ഷണവുമായി വന്നു.

എന്റെ കബോര്‍ഡ് തുറന്ന് നോക്കിയിട്ടും പ്ലെയിറ്റൊന്നും കണ്ടില്ല. സംശയഭാവത്തോടെ നില്‍ക്കുന്ന എന്നെ കണ്ട്, ഭക്ഷണം വിളമ്പുന്നവന്‍ ചോദിച്ചു, ന്യൂ കമര്‍?

യെസ്.

ഒരു പ്ലെയിറ്റില്‍ അവന്‍ കുറച്ച് പുഴുങ്ങിയ ഉരുളകിഴങ്ങുകള്‍ വച്ചു. അല്പം ചോറു വിളമ്പിയതിന്റെ മുകളില്‍ എന്തോ കറി ഒഴിച്ചു.

യു ആര്‍ മുസ്ലിം ഓര്‍ നോണ്‍ മുസ്ലിം?

നോണ്‍ മുസ്ലിം.

യു വാന്റ് പിഗ് ഓര്‍ ചിക്കന്‍?

ചിക്കന്‍.

ഒരു വലിയ ചിക്കന്റെ കാലിന്റെ ഭാഗവും അയാല്‍ എന്റെ പ്ലെയിറ്റില്‍ വച്ചു. പിന്നെ ഒരു കുപ്പി വെള്ളവും, ഒരു സ്പൂണും, ഫോര്‍ക്കും, ക്നൈഫും എനിക്ക് നല്‍കിയ ശേഷം, കീപ്പ് ദി പ്ലെയിറ്റ് & സ്പൂണ്‍ സെറ്റ് വിത് യു എന്നു പറഞ്ഞ്, വാതില്‍ പുറത്ത് നിന്നും പൂട്ടി.


അബ്ദള്ള, അവന്റെ കട്ടിലില്‍ ഇരുന്ന് ഭക്ഷണം കഴിച്ച് തുടങ്ങിയിരുന്നു. എന്റെ കട്ടിലില്‍ ഇരുന്ന് ഞാനും, ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എരിവും, പുളിയുമൊന്നുമില്ലെങ്കിലെന്താ? കോഴിക്കൂട് ജയിലില്‍ ഒരാഴ്ചയോളമായി കഴിച്ചിരുന്ന ഭക്ഷണത്തിനേക്കാള്‍ എന്തുകൊണ്ടും നല്ല ഭക്ഷണം!

ഭക്ഷണം കഴിച്ച്, അല്പം വെള്ളവും കുടിച്ച് കഴിഞ്ഞപ്പോഴേക്കും പുറത്ത് ഉച്ചത്തില്‍ ബെല്‍ അടിക്കുന്നത് കേട്ടു. ചോദ്യ ഭാവത്തില്‍ ഞാന്‍ അബ്ദള്ളയെ നോക്കി.

ഇത് പാത്രങ്ങള്‍ കഴുകുവാനും, മറ്റും വെളിയില്‍ പോകുന്നതിനുവേണ്ടിയുള്ള ബെല്ലാണ്. ഒന്നര മുതല്‍ - രണ്ട് മണി വരെ സമയം ഉണ്ട്.

ഒരാള്‍ വന്ന് മുറിയുടെ വാതില്‍ തുറന്നു, പിന്നെ ഞങ്ങളുടെ മുറികള്‍ക്കപ്പുറമുള്ള മുറികള്‍ തുറക്കുവാനായി പോയി. പ്ലെയിറ്റും, സ്പൂണും ഒക്കെ എടുത്ത് അബ്ദള്ളക്കൊപ്പം ഞാനും മുറിക്ക് പുറത്തിറങ്ങി. ഹാളിന്റെ ഒരു വശത്ത്, ഒരു മുറിയില്‍ നമ്മുടെ നാട്ടിലെ കല്യാണ മണ്ഡപങ്ങളില്‍ കൈകഴുകാനുള്ള പൈപ്പുകള്‍ ഫിറ്റ് ചെയ്തിരിക്കുന്നത് പോലെ നിറയെ പൈപ്പുകള്‍ ഫിറ്റ് ചെയ്തിരിക്കുന്നു.

ആളുകള്‍ വരിയില്‍ നിന്ന് തങ്ങളുടെ പ്ലെയിറ്റുകളും ഗ്ലാസുകളും കഴുകുന്നു. വേണമെന്നു തോന്നുവര്‍ വായും, മുഖവും. വരിയില്‍ അബ്ദള്ളയുടെ പിന്‍പിലായി ഞാന്‍ നിന്നു. എന്റെ ഊഴം വന്നപ്പോള്‍ പ്ലെയിറ്റും, ഗ്ലാസും, സ്പൂണും, വായും, മുഖവും മറ്റും കഴുകി ഞാന്‍ മുറിയിലേക്ക് തിരിച്ചു വന്നു. അലമാരയില്‍ പ്ലെയിറ്റും, മറ്റും വച്ചു. മുഖം തുടച്ച്, വീണ്ടും മുറിക്ക് പുറത്തിറങ്ങി.

ഹാളുകളില്‍ കുറേ പേരുണ്ട്, സായിപ്പുമാരും, കാപ്പിരികളും, ഏഷ്യന്‍ വംശജരും എല്ലാം. ചിലര്‍ ഒരുമിച്ച് നിന്ന് വര്‍ത്തമാനം പറയുന്നു. ചിലരാകട്ടെ, ബഞ്ചില്‍ ഇരുന്ന് സിഗററ്റ് വലിക്കുന്നു. മറ്റു ചിലര്‍ കയ്യിരിക്കുന്ന ന്യൂസ് പേപ്പറുകളും, മാഗസീനുകളും നോക്കുന്നു. എല്ലാവരും വളരെ സന്തോഷത്തോടെ ഇരിക്കുന്നു. ഒരു സിഗററ്റ് വലിക്കാനുള്ള കൊതി എന്റെ ഉള്ളിലുണ്ടായിരുന്നെങ്കിലും, കൊതിയടക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.

ഹാളിന്റെ ഒരു വശത്തിട്ടിരിക്കുന്ന മേശയുടെ മുകളില്‍ നിരവധി മാഗസിനും, ന്യൂസ് പേപ്പറും മറ്റും കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ അങ്ങോട്ട് ചെന്ന് ഒരു ഫിന്നിഷ് മാഗസിന്‍ എടുത്ത്, ഹാളിന്റെ ഒരറ്റത്ത് ചെന്ന് നിന്നു. ഇന്ത്യക്കാരാരാരെങ്കിലുമുണ്ടോ എന്ന് വീക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശം. ആരേയും കണ്ടില്ല. മാഗസിനുമായി മുറിയിലേക്ക് തിരികെ വന്നു. വാതില്‍ അകത്തു നിന്നും ചാരി, കട്ടിലില്‍ ഇരുന്ന് മാഗസിന്‍ തുറന്നു വെറുതെ പേജുകള്‍ മറിച്ച് പടം നോക്കിയിരുന്നു.

പുറത്തുള്ള ബെല്‍ വീണ്ടും അടിക്കുന്നതു കേട്ടു. മണി രണ്ടാകാറായി. അബ്ദള്ള മുറിയിലെത്തി അല്പം സമയത്തിനകം തന്നെ മുറിയുടെ വാതില്‍ പുറത്ത് നിന്നും പൂട്ടി.

മൂന്നു മണിക്ക് വീണ്ടും ബെല്ലടിക്കുമെന്നും, അപ്പോള്‍ വീണ്ടും പുറത്ത് പോകാമെന്നും അബ്ദള്ള പറഞ്ഞു. എക്സര്‍സൈസ് ചെയ്യേണ്ടവര്‍ക്ക് ചെയ്യുകയോ, വെറുതെ ശുദ്ധവായു ശ്വസിക്കുകയോ ചെയ്യാനുള്ള സമയമാണ്.

താങ്കള്‍ എന്ത് കുറ്റമാണു ചെയ്തത്? മോഷണം? പിടിച്ചു പറി? കത്തിക്കുത്ത്? ബലാത്സംഗം? കൊലപാതകം? അബ്ദള്ള എന്നോട് ചോദിച്ചു.

ഇതൊന്നുമല്ല അബ്ദള്ള. അസൈലം ചോദിച്ചു എന്നുള്ള കുറ്റം മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളൂ.

താങ്കള്‍ ഇന്ത്യയില്‍ നിന്നും പുറത്ത് കടന്നശേഷം, ആദ്യമായി ഫിന്‍ലാന്റിലാണോ അസൈലത്തിനപേക്ഷിക്കുന്നത്?

അതെ, ആദ്യമായി ഫിന്‍ലാന്റിലാണ് അസൈലത്തിനപേക്ഷിക്കുന്നത്. താങ്കളെന്തു കുറ്റമാണു ചെയ്തത്?

അബ്ദുള്ള പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു, താങ്കളുടെ അതേ കുറ്റം. പക്ഷെ അല്പം വിത്യാസമുണ്ട്. സോമാലിയയില്‍ നിന്നും രക്ഷപെട്ട് ഞാന്‍ ഡെന്മാര്‍ക്കിലെത്തിയിട്ട് കൊല്ലം അഞ്ച് കഴിഞ്ഞു. ഡെന്മാര്‍ക്കില്‍ അസൈലം ലഭിച്ചിട്ട് വര്‍ഷം മൂന്നിലധികമായി. പക്ഷെ, ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച എന്നല്ലെ? അവിടെ ജീവിച്ചു മടുത്തു.

ഫിന്‍ലാന്റിലെ ജീവിതം, ഡെന്മാര്‍ക്കിനേക്കാള്‍ നല്ലതാണെന്ന് ചങ്ങാതിമാര്‍ പറഞ്ഞപ്പോള്‍ ഒരാശ ഇവിടെ വന്ന് അസൈലം ചോദിച്ചാലോ എന്ന്. അങ്ങനെ ഇവിടെ വന്നു. രേഖകള്‍ ഒന്നുമില്ലാതെ അസൈലത്തിനപ്ലൈ ചെയ്തു. ഒരു ആഴ്ച വേറെ ഒരു ഒരു ജയിലായിരുന്നു. ഇപ്പോള്‍ ഒരുമാസത്തിലേറെയായി ഈ ജയിലിലാണ്. ഇന്നലെ എന്റെ കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ വന്നിരുന്നു. ഡെന്മാര്‍ക്കിലെ എന്റെ എല്ലാ വിവരങ്ങളും ശേഖരിച്ചാണ് അവര്‍ വന്നത്. എന്റെ കൈവിരലടയാളം വരെ അവിടെ നിന്നവര്‍ക്ക് കിട്ടി.

നമുക്കെതിരായുള്ള രേഖകള്‍ കിട്ടിയാലും, നമ്മള്‍ പറയുന്നത് നുണയാണെന്നറിഞ്ഞാലും, ഇവിടുത്തെ പോലീസ് പരമാവധി നമ്മളെ കൊണ്ട് തന്നെ സത്യം പറയിപ്പിക്കാന്‍ നോക്കും . എന്നിട്ടും പറയുന്നില്ലെങ്കില്‍ മാത്രമേ അവര്‍ തുരുപ്പു ശീട്ടിറക്കുകയുള്ളൂ.

അപ്പോള്‍ ഇനി താങ്കളെ അവര്‍ എന്തു ചെയ്യും?

എന്തു ചെയ്യാന്‍? ഈ ആഴ്ചയിലേതെങ്കിലുമൊരു ദിവസം എന്നെ തിരിച്ച് ഡെന്മാര്‍ക്കിലേക്ക് കയറ്റി വിടും അത്ര തന്നെ. അതു പറഞ്ഞ് അബ്ദള്ള വീണ്ടും പൊട്ടി ചിരിച്ചു.

അബ്ദള്ള പൊട്ടിച്ചിരിച്ചെങ്കിലും, ഞാന്‍ ഞെട്ടുകയാണ് ചെയ്തത്. കാരണം, അബ്ദള്ള പറഞ്ഞ പ്രകാരം ഇവിടുത്തെ പോലീസുകാരുടെ കഴിവ് അല്ലെങ്കില്‍ അവര്‍ കേസന്വേഷിക്കുന്ന രീതി വച്ചു നോക്കിയാല്‍, ഞാന്‍ ജര്‍മ്മനിയില്‍ നിന്നു വിസയെടുത്ത് വന്നതാണെന്ന് ഇവര്‍ പുഷ്പം പോലെ കണ്ടു പിടിക്കും. ങ്ഹാ, എന്തായാലും വരുന്നിടത്തു വച്ചു കാണാം.

കിടന്നൊന്ന് മയങ്ങിപോയപ്പോഴേക്കും ബെല്ലടിക്കുന്ന ശബ്ദം കേട്ടെഴുന്നേറ്റപ്പോള്‍, അബ്ദള്ള ജാക്കറ്റൊക്കെയിട്ട് പുറത്തേക്കിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നതാണ് കണ്ടത്.

ഞാനും അലമാരയില്‍ ഞാത്തിയിട്ടിരുന്ന എന്റെ ജാക്കറ്റ് എടുത്ത് ധരിച്ചു. വാതില്‍ തുറന്നതും, അബ്ദള്ളക്കു പുറകെ ഞാനും ശുദ്ധവായു ശ്വസിക്കുവാന്‍ പുറത്തേക്ക് നടന്നു.

ആളുകള്‍ വരിയായി നില്‍ക്കുന്നതിന്റെ പുറകെ ഞങ്ങളും സ്ഥലം പിടിച്ചു. ഹാളിന്റെ എതിര്‍വശത്തുള്ള വലിയ വാതിലിലൂടെ ഞാനും പുറത്ത് കടന്നു.

ഇത്രയും ദിവസം കിടന്ന ജയിലില്‍ കാറ്റുകൊള്ളാനായി സിഹക്കുട്ടിലിട്ടതുപോലെയല്ല ഇവിടെ. ഫുട് ബാള്‍ ഗ്രൌണ്ടിനേക്കാളും ഇരട്ടിയിലതികമുള്ള സ്ഥലം. ചുറ്റും കൂറ്റന്‍ മതിലുകള്‍. ഒരു വോളിബാള്‍ കോര്‍ട്ട്, ബാസ്ക്കറ്റ് ബാള്‍ കോര്‍ട്ട്, പിന്നെ അല്ലറ ചില്ലറ എക്സര്‍സൈസ് ചെയ്യുവാനുള്ള ബാറുകള്‍. മൊത്തം സ്ഥലവും മഞ്ഞ് പെയ്ത് മൂടി കിടക്കുന്നു. മുന്‍പേ ഇറങ്ങിയവര്‍ ചിലര്‍ ഫുട്ബാള്‍ തട്ടി കളിക്കുന്നു. മറ്റു ചിലര്‍ ബാസ്കറ്റ് ബാളും, വോളിബാളും കളിക്കുന്നു. കുറച്ചുപേര്‍ ഗ്രൌണ്ടിനു ചുറ്റും ഓടുകയും നടക്കൂകയും ചെയ്യുന്നു. ഇതിലൊന്നും താത്പര്യമില്ലാത്ത മറ്റു ചിലര്‍, അവിടെയുള്ള മരത്തിന്റെ ബഞ്ചുകളില്‍ ഇരുന്ന് സംസാരിക്കുകയും, സിഗററ്റ് വലിക്കുകയും ചെയ്യുന്നു.

കനത്ത തോതില്‍ മഞ്ഞ് പെയ്യുന്നുണ്ട്. അബ്ദള്ള ആരുമായോ സംസാരിച്ച് ഒരു ബഞ്ചില്‍ ഇരിക്കുന്നുണ്ട്. ശരീരം ചൂടാക്കുന്നതിനു വേണ്ടി ഗ്രൌണ്ടിനു ചുറ്റും രണ്ട് റൌണ്ട് ഞാന്‍ നടന്നു. തണുപ്പ് സഹിക്കാന്‍ പറ്റുന്നില്ല. വേണമെങ്കില്‍ മുറിയിലേക്ക് തിരിച്ചു പോകുകയോ, ഹാളിലെ ബഞ്ചില്‍ പോയി ഇരിക്കുകയോ ചെയ്യാം.

ചിലരെല്ലാം ഗ്രൌണ്ടില്‍ നിന്ന് മടങ്ങി മുറിയിലേക്ക് പോകുന്നുണ്ട്. മുറിയിലേക്ക് പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
ഗ്രൌണ്ടിലെ ബഞ്ചില്‍ ഇരുന്ന് സംസാരിക്കുകയായിരുന്ന അബ്ദള്ളയോട് ഞാന്‍ മുറിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് നടന്നു. മുന്നില്‍ നടന്നു പോയിരുന്ന ഒരു സായിപ്പ് പകുതി കത്തി തീര്‍ന്ന ഒരു സിഗററ്റ് ഗ്രൌണ്ടിലേക്കെറിഞ്ഞ് ഹാളിലേക്ക് നടന്നു പോയി.

സിഗററ്റ് വലിക്കാനുള്ള കൊതി മൂലം, മറ്റൊന്നുമാലോചിക്കാതെ, കത്തിയെരിയുന്ന ആ സിഗറെറ്റ് കുറ്റിയെടുക്കുവാന്‍ ഞാന്‍ കുനിഞ്ഞു. സിഗററ്റില്‍ കൈ വച്ചതും, എന്റെ ചുമലില്‍ ബലിഷ്ഠമായ ഒരു കൈ വീണു! എന്താണു സംഭവിക്കുന്നതെന്നറിയാന്‍ പിന്നിലേക്കൊന്നു തിരിഞ്ഞ് നോക്കി.

എന്റെ തൊട്ടു പിന്നിലായി ആറടിയിലധികം ഉയരവും, ഒത്ത വണ്ണവുമുള്ള ഒരു കാപ്പിരി നില്‍ക്കുന്നു!

54 comments:

കുറുമാന്‍ said...

"എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 12"

കൂട്ടുകാരെ, ഈ ഒരു ഭാഗത്തോട് കൂടി യൂറോപ്പ് സ്വപ്നങ്ങള്‍ പൂട്ടികെട്ടാമെന്നു കരുതിയതാണ്. ഇല്ല ഇതിലും അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. മുഴുവന്‍ എഴുതാതെ നിറുത്തുന്നതെങ്ങിനെ? ഇനിയും ഭാഗമോ, ഭാഗങ്ങളോ വരും എന്നു ഞാന്‍ ഭീഷണിപെടുത്തിയാല്‍?

സുഗതരാജ് പലേരി said...

എന്‍റെ കുറുമാന്‍ ചേട്ടാ കാത്തിരിപ്പിനവധിതന്നതിന് നന്ദി.

ആദ്യത്തെ തേങ്ങ എന്‍റെ വക.

സു | Su said...

വലിയ കാപ്പിരി എന്തു പറഞ്ഞു? കൂട്ടിന് കിട്ടിയതും കാപ്പിരി ആണല്ലോ.

എന്തായാലും ചിക്കന്‍ കിട്ടിയല്ലോ.

ഇനിയും ഭാഗങ്ങള്‍ പോന്നോട്ടെ.

RR said...

വീണ്ടും ടെന്‍ഷന്‍ ആയി. എന്തായാലും അവസാന ഭാഗം അല്ല്ലല്ലോ. അതു തന്നെ വലിയ കാര്യം. 13 ഉടനെ തന്നെ പോരട്ടെ :)

Anonymous said...

ഹോ.. സമാധാനം ​.. തീര്‍ത്തില്ലല്ലോ!

ഇടിവാള്‍ said...

കുറൂ... എനിക്കു തീരെ ടെന്‍ഷനില്ല്ല... കാരണമറിയാമല്ലോ :D

മുല്ലപ്പൂ || Mullappoo said...

അയ്യോ എന്നിട്ട് ? അടി പൊട്ടിയോ ?
ഹേയ് ഇല്ല.

കുറൂ പറയാതെ വയ്യ.
ഇതൊക്കെ കൂടെ നടന്നു കാണുന്ന പോലെ പ്രതീതി.എല്ലാ രാജ്യങ്ങളിലേയും സുഖകരമായ ജീവിതരീതി ഒക്കെ സിനിമയിലോ അല്ലെങ്കില്‍ കൂട്ടുകാര്‍ പറഞ്ഞോ അറിയാം.
പക്ഷേ ഇത്...

നന്ദി, ഇതൊക്കെ ഞങ്ങള്‍ക്കായി ഇവിടെ എഴുതുന്നതിന്.

Anonymous said...

വീണ്ടും ഒരു സസ്‌പെന്‍സ്‌ .. ഇപ്രാവശ്യവും കിടിലന്‍.

എത്ര ഭാഗങ്ങള്‍ വേണമെങ്കിലും പോന്നോട്ടെ, ഓരോ ഭാഗങ്ങള്‍ക്കിടയിലും ഇത്രയും കാലതാമസം വേണ്ടാ ..

അരവിന്ദ് :: aravind said...

ഇതൊക്കെ കുറുമയ്യന്റെ ഒരു നമ്പര്‍ അല്ലേ!
അല്ലേ? ഈശ്വരാ....

“ഫസ്റ്റ് ബെല്ലി“ല്‍ പിരാന്താശുപത്രിയില്‍ ജയറാമിനെ/ജഗദീഷിനെ ഇട്ടോടിക്കുന്ന ഒരു തടിയനുണ്ട്.
ഓടി ഓടി വയ്യാതായി ഇനി തടിയന്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന് വിചാരിച്ച് കണ്ണടച്ച് നില്‍ക്കുന്ന ജയറാമിന്റെ അടുത്തുവന്ന് ചൂണ്ട് വിരല്‍ കൊണ്ട് തോളത്ത് തൊട്ട് തടിയന്‍ പെണ്ണുങ്ങള്‍‌ടെ ശബ്ദത്തില്‍
“തൊട്ടേ.........ഇനി എന്നെ തൊട്..”
എന്നും പറഞ്ഞ് ഓടിപ്പോകുന്നു.

അങ്ങനെ വല്ലതും ആകും ഈ കാപ്പിരി.

:-) അടുത്ത എപ്പിസോസിന് കാത്തിരിക്കുന്നു.

പൊന്നമ്പലം said...

കുറുമാന്‍ജിയെ അവന്‍ ചുരുട്ടി ശംഭു വച്ചോ ? :) എന്തായാലും ഈ എപ്പിസോഡും അത്ര ടെന്‍ഷന്‍ ഇല്ലാണ്ട് പോയല്ലൊ... സമ്മാനധാനമായി... ;) ഇനി ആ സ്റ്റണ്ട് സീനും കൂടി കാണണം.

കുട്ടന്മേനൊന്‍::KM said...

തുടരട്ടങ്ങനെ തുടരട്ടെ.. ജയിലിലല്ല..യൂറോപ്പ് സ്വപ്നങ്ങള്‍.

രാവണന്‍ said...

കുറുമാന്‍ ചേട്ടാ,

വീണ്ടും ടെന്‍ഷന്‍.....

താങ്കളുടെ എല്ലാ പോസ്റ്റുകളും കഴിഞ്ഞയാഴ്ച്ച ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.... കമന്റിടുമ്പോള്‍ ആദ്യത്തെ പത്തിനുള്ളില്‍ വേണമെന്നുണ്ടായിരുന്നു. കമന്റെഴ്തിക്കഴിഞ്ഞപ്പോള്‍ കറണ്ടും പോയി, എന്നാലും ഇതാ പന്ത്രണ്ടാമതു കമന്റ് എന്റെ വക.

യൂറോപ്പ് സ്വപ്നങള്‍ കഴിഞ്ഞാല്‍, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ് “പാതാളക്കാഴ്ച്ചകള്‍” ആണ്.

ഇത്ര നല്ല യാത്രാനുഭവങ്ങളും ജീവിതാനുഭവങ്ങളും ഞാന്‍ ഇതിനു മുന്‍പു വായിച്ചിട്ടില്ല..

അടുത്ത ഭാഗം എത്രയും പെട്ടെന്ന് എഴുതണേ...

പച്ചാളം : pachalam said...

ഞാനായിരുന്നെങ്കില്‍, ആ വക്കീലിനോട് ഒള്ള സത്യം മുഴുവന്‍ തുറന്ന് പറഞ്ഞേനെ, അതോടെ കഠിന തടവിനൊള്ള വകുപ്പും ഒക്കുമായിരുന്നു.

(മുഴുത്ത കാപ്പിരി എടുത്തിട്ട് ‘തടവിയാ’?)

ഏറനാടന്‍ said...

കുറുജിയില്‍ നിന്നും ഒരിക്കല്‍ യാത്രാവേളയില്‍ നേരിട്ട്‌ ചിലത്‌ വിവരിച്ചു കേട്ടിരുന്നെങ്കിലും ആപ്പിസ്സിലിരുന്ന് മൊത്തം വായിച്ചുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ലക്കം ഇരുന്ന് തീര്‍ത്തു.

ഒരു ഹോളിവുഡ്‌ സിനിമ കാണുന്ന പ്രതീതി. First Blood-ലെ ഭീകരതയില്ലെങ്കിലും Forrest Gump-ലെ Tom Hanks കഥാപാത്രമായതു പോലെയുണ്ട്‌ താങ്കള്‍ ഈ ജയിലറയില്‍!

അഗ്രജന്‍ said...

“...അബ്ദള്ള പൊട്ടിച്ചിരിച്ചെങ്കിലും, ഞാന്‍ ഞെട്ടുകയാണ് ചെയ്തത്...”


അതെ, അബ്ദുള്ളയുടെ വാക്കുകള്‍ കേട്ട് എനിക്കും പേടി തോന്നി കുറുമാന്‍.

Anonymous said...

ഭീഷണിപ്പെടുത്തിയാല്‍ :) കുറുമാന്‍ ഇതെഴുതിത്തീര്‍ക്കാതെ വായിക്കുന്ന പ്രശനം ഉദിക്കുന്നില്ല (തിലകന്‍ സ്റ്റൈലില്‍),ബംഗളൂരു മീറ്റ് കൂടിയപ്പോള്‍ ചര്‍ച്ച ചെയ്തതാ കുറുമാന്റെ കഥകള്‍ ജീവിതഗന്ധിയാണേന്ന് , എന്നും വെച്ച് ഈ ടെന്‍ഷന്‍ അടിപ്പീരു തുടര്‍ന്നാല്‍ അമ്മച്ചിയാണെ ആ ഏഷ്യാനെറ്റ് കെകെ രാജീവിനോട് പറഞ്ഞ് ഇതൊരു സീരിയല്‍ ആക്കിക്കളയും കേട്ടാ..!

കൊടകര കഴിഞ്ഞ് ദേ ദും ഒരു പൊസ്തകമാക്കാന്‍ വല്ല വഴീംണ്ടാ കുമാറേട്ടോയ് ?

Peelikkutty!!!!! said...

..ന്നിട്ട് കാപ്പിരിയെ കൂട്ടുകാരനാക്കിയൊ?..

ikkaas|ഇക്കാസ് said...

ഇതൊന്നു വായിക്കാന്‍ ആക്രാന്തം മൂത്ത് ഞാനിത്ര ദിവസമിരുന്നത് വച്ച് നോക്കുമ്പൊ കുറുമാന്‍ സിഗററ്റ് വലിക്കാന്‍ കൊതിമൂത്തിരുന്നത് എത്ര നിസ്സാരമാണ്!! :)

ബിന്ദു said...

നോക്കിയിരുന്നിരുന്ന് 12 ഇട്ടു അല്ലെ? :)
ഇനി അടുത്ത ഭാഗം വേഗം ഇട്ടോളൂ. അല്ലെങ്കില്‍ ആ കാപ്പിരിയെ...

വാവക്കാടന്‍ said...

ന്നട്ട്?

തകര്‍ത്തു ഗുരോ..

ഓ:ടോ:ഇനിയുള്ള സംഭവങ്ങള്‍, ഇടിഗഡിക്ക് പറഞ്ഞു കൊടുക്കരുത്..:)

കൈയൊപ്പ്‌ said...

(Part 7): "പകുതി വലിച്ച സിഗററ്റ് റോട്ടില്‍ ഇട്ട് ഞാന്‍ മുന്നോട്ട് നടന്നു. പെട്ടെന്ന് പിന്നില്‍ ഒരു കാലടി ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ കണ്ടത്, ഞാന്‍ നിലത്തിട്ട സിഗററ്റ് കുറ്റിയെടുത്ത് ചെറുപ്പക്കാരിയായ ഒരു മദാമ്മ വലിക്കുന്നതാണ്.... ഇത്തരം ഒരു കാഴ്ച് ജീവിതത്തില്‍ ആദ്യമായാണ്..."

"മുന്നില്‍ നടന്നു പോയിരുന്ന ഒരു സായിപ്പ് പകുതി കത്തി തീര്‍ന്ന ഒരു സിഗററ്റ് ഗ്രൌണ്ടിലേക്കെറിഞ്ഞ് ഹാളിലേക്ക് നടന്നു പോയി. സിഗററ്റ് വലിക്കാനുള്ള കൊതി മൂലം, മറ്റൊന്നുമാലോചിക്കാതെ, കത്തിയെരിയുന്ന ആ മുറി സിഗറെറ്റെടുക്കുവാന്‍ ഞാന്‍ കുനിഞ്ഞു...."

-ആ ട്രാന്‍സിഷന്‍ മനോഹരം!

അലിഫ് /alif said...

കയ്യൊപ്പിന്‍റെ കമന്റ്റിലെ അവസാന വരി തന്നെ എന്‍റേയും , ആ ട്രാന്‍സിഷന്‍ അടിപൊളി.
വല്ലാത്ത ഒരു യാത്ര തന്നെ കുറുമാന്‍സ്, ഇനി ജയിലീന്ന് വിട്ടാലും നിര്‍ത്തണ്ട, എഴുത്ത് തുടരൂ.

വിശാല മനസ്കന്‍ said...

കുറുമാന്‍.

എന്തുമാത്രം അനുഭവങ്ങളാണ് ചുള്ളാ.

ഇത്രേം അനുഭവങ്ങളും എഴുതാനുള്ള എയിമും ഒത്തുചേര്‍ന്ന ഒരു സുഹൃത്തെനിക്ക് വേറെ ഇല്ല.

:) അടുത്തത് പോരട്ടേ.

Ambi said...

അണ്ണാ..

എന്തോന്ന് പറയാനെക്കൊണ്ടാണ്..

മനോഹരം..

വിവി said...

അടുത്തത് 13 ആണെല്ലെ?
ലക്കി/അണ്‍-ലക്കി തേര്‍ട്ടീന്‍ അതില്‍ തീരോ?
തീരരുത്..തുടരട്ടേ?

ആരാ ആ കാപ്പിരി? ഓന് തീഷ്ണക്കണ്ണില്ലെ?
സാദാരണ തുടരനില്‍ അങ്ങിനൊളാണല്ലോ വരാറ്, ഒരു തീഷ്ണക്കണ്ണന്‍?

mukkuvan said...

എന്‍റെ കുറുമാന്‍ ചേട്ടാ ,

നന്ദി, ഇതൊക്കെ ഞങ്ങള്‍ക്കായി ഇവിടെ എഴുതുന്നതിന്.

Anonymous said...

അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു

Nousher

Anonymous said...

പെട്ടന്നു തീര്‍ന്നുപോകാതിരിക്കാന്‍ വളരെ സാവധാനമാണ് വായിച്ചത്. കുറുമാന്‍ജിയുടെ സസ്പെന്‍സിന്റെ ഇഫക്ട് ഒരോ തവണയും കൂടിക്കൂടി വരുന്നു. പണ്ട് ബാറ്റണ്‍ ബോസൊക്കെ വണ്‍ വീക്ക് കാത്തിരുന്നാല്‍ മതിയായിരുന്നു. പെട്ടന്നുതന്നെ അടുത്തതു പോരട്ടേന്ന്! ആ കാപ്പിരി ഒരു ഫുള്‍ലെങ്ത് മാള്‍ബറോ സിഗരറ്റ് വച്ചു നീട്ടിക്കാണും എന്നു പ്രതീക്ഷിക്കുന്നു. അദൃശ്യശക്തിയുടെ സഹായം യാത്രയില്‍ ഉടനീളം കുറുമാന് ഉണ്ടായിരുന്നല്ലോ?

കരീം മാഷ്‌ said...

കുറുമാന്‍ really thrilling,
keep on going through the though paths.

സങ്കുചിത മനസ്കന്‍ said...

ബൂലോക കൂടപ്പിറപ്പുകളേ,
ബദല്‍ മാധ്യമം എന്ന നിലയില്‍ ബ്ലോഗ്‌ വളരുന്നതിനോടൊപ്പം ഒരു ബദല്‍ പ്രസാധനസംരംഭം ആലോചിച്ചാലോ?

കുറുമാന്റെ യുറോപ്പ്‌ സ്വപ്നങ്ങള്‍ എന്ന പുസ്തകം ബൂലോകം പ്രിന്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിക്കുന്നു. നോ ഡിസ്റ്റ്രിബ്യൂട്ടേഴ്സ്‌. തുക അയക്കുന്നവര്‍ക്ക്‌ വി.പി.പി ആയി പുസ്തകം എത്തിക്കാനുള്ള സംവിധാനം. പൂശിയാലോ കുറൂ?

തോപ്പില്‍ മുഹമ്മദ്‌ ബീരാന്‍ എന്ന തമിഴ്‌ നോവലിസ്റ്റ്‌ പുതിയ നോവല്‍ എഴുതിയാല്‍ പത്രത്തില്‍ പരസ്യം ചെയ്യും. ആവശ്യമുള്ളവര്‍ മണിയോര്‍ഡര്‍ അയക്കും. അങ്ങേര്‌ സ്വന്തം നിലയ്ക്ക്‌ പ്രിന്റ്‌ ചെയ്ത്‌ കോപ്പി തപാലില്‍ അയച്ചു കൊടുക്കും. വില്‍ക്കുന്നവനും വാങ്ങുന്നവനും ലാഭം!

വിശാലന്റെ ആദ്യ എഡീഷന്‍ ഒരു മാസത്തിനുള്ളില്‍ വിറ്റുപോകും. ഇത്‌ ബ്ലോഗില്‍ നിന്നുള്ള രണ്ടാം പുസ്തകമാക്കിയാലോ?

-സങ്കുചിതന്‍.

ഇത്തിരിവെട്ടം|Ithiri said...

കുറുജി മാഷേ സംഭവം സൂപ്പര്‍ എന്ന് പറയേണ്ട കാര്യമില്ലല്ലോ... ചുരുക്കുകയൊന്നും വേണ്ട... മുഴുവന്‍ ഇങ്ങോട്ട് പോരട്ടേന്നേ. വേഗം വരട്ടേ അടുത്ത ഭാഗവും.

Anonymous said...

നന്ദി..ഇതൊക്കെ എഴുതി പോസ്റ്റുന്നതിന്‌,ഇതൊക്കെ വായിക്കാനും വേണം ഒരു ഭാഗ്യം.
എന്റെ നാട്ടുകാരന്‍ എന്നൊരു ക്രെഡിറ്റ്‌ ഞാന്‍ വാങ്ങുന്നു. നിര്‍ത്താതെ അടുത്തത്‌ പോരട്ടെ.

Anonymous said...

ഇന്റെര്‍നെറ്റ് ഫെസിലിറ്റിയൊള്ള ജയിലു വല്ലതുമുണ്ടോ അവിടെ?എങ്കിലെനിക്കും വേണം ഒരു അഡ്മിഷന്‍..യൂറോപ്പുസ്വപ്നങ്ങളുംവായിച്ച് ജോളിയായിട്ട് കൂടാന്‍..

Anonymous said...

ഇത്‌ ശരിക്കും കുറുമാന്റെ ജീവിത കഥ തന്നയാണൊ. ഭയങ്കര അനുഭവം തന്നെ

Anonymous said...

ദേ പിന്നേം സസ്പന്‍സ്. എന്നിട്ടാ കാപ്പിരി എന്തു ചെയ്തു? അദ്ദേഹത്തിന്റെ അവകാശമാണോ താഴെക്കിടക്കുന്ന സിഗരറ്റു കുറ്റികള്‍? അതിലേക്കാണോ കുറുമാന്‍സ് കൈ കടത്തിയത്? ഛെ, എന്തൊരു പോലീസാണിത്. ഏതായാലും കേസന്വേഷിക്കാന്‍ കേരളത്തീന്നൊരു പോലീസുകാരനെ കൊണ്ടുവരാഞ്ഞതു നന്നായി (ഹിന്ദി വക്കീലിനെ വാദിക്കാനെത്തിച്ചതുപോലെ), അല്ലെങ്കില്‍ കുറുമാനിപ്പോള്‍ ഇഹലോകത്ത് ഈ രൂപത്തില്‍ ഉണ്ടാവുമോ എന്ന് സംശയമാട്ടോ!
--
പിന്നെ ഒരു ചെറിയ തെറ്റ്: ...നമ്മുടെ നാട്ടിലെ കല്യാണ മണ്ടപങ്ങളില്‍ കൈകഴുകാനുള്ള പൈപ്പുകള്‍ ഫിറ്റ്... കല്യാണമണ്ഡപം (kalyaaNamaNDapam) എന്നായിരുന്നു വരേണ്ടിയിരുന്നത്.
--

ദില്‍ബാസുരന്‍ said...

എന്നിട്ട് എത്ര കിട്ടി? കാപ്പിരിടെ കൈയ്യീന്നുള്ള കാര്യമല്ല ചിക്കന്‍ പീസ് എത്ര കിട്ടീന്ന്.

ഓടോ:ബൂലോഗത്തെ എന്റെ തട്ട് കടയില്‍ ആന്റി-സ്ട്രെസ്സ് ഗുളികകള്‍ വില്‍പ്പനയ്ക്കെത്തിയിരിക്കുന്നു.ഇതൊക്കെ വായിച്ച് ടെന്‍ഷന്‍ സഹിക്കാന്‍ വയ്യാത്ത ആവശ്യക്കാര്‍ വേഗം എത്തിയില്ലെങ്കില്‍ പ്രൊപ്രൈറ്റര്‍ മുഴുവന്‍ ഉപയോഗിച്ച് തീര്‍ക്കുന്നതാണ്. :-)

മഴത്തുള്ളി said...

കുറുമാന്‍,

ഇന്നലെ വായിക്കാന്‍ പ്രിന്റെടുത്ത് കൊണ്ടുപോയെങ്കിലും സാധിച്ചില്ല. ഇന്ന് ഓഫീസില്‍ തിരക്കില്ലാത്തതിനാല്‍ സാവധാനം വായിച്ചു തീര്‍ത്തു.

ആ കാപ്പിരിയെ ഞാന്‍ പിടിച്ചുമാറ്റണോ? ഞാന്‍ അടുത്തുള്ള ഒരു ബെഞ്ചില്‍ ഇരിക്കുന്നുണ്ട് ;) അവനെ അങ്ങനെ വിട്ടാല്‍ ശരിയാവില്ലല്ലൊ.

ഇനിയെന്നാണാവോ ബീയറും കോണ്യാക്കും കുറുമാനു കിട്ടുന്നത് :(

sandoz said...

എന്ത്‌ സംഭവിക്കാന്‍..ആ കാപ്പിരിയും കുറുമാനും കൂടി ആ കുറ്റി ഒരുമിച്ചിരുന്ന് വലിച്ചിട്ടുണ്ടാവും.അവിടെ നിന്ന് ഇറങ്ങിയിട്ട്‌ രണ്ടും ഒരുമിച്ചിരുന്ന് സ്മാളും അടിച്ചിട്ടുണ്ടാവും...കുറുമാന്‍ ആരാ മോന്‍.

Anonymous said...

എനിക്കൊരു സംശയം ഉണ്ട്. കുറുമാന്‍ ചേട്ടന് ജയിലില്‍ വേറെ ഉടുപ്പ് തന്നൊ? ഈ സിനിമായില്‍ ഒക്കെ വേറെ ഉടുപ്പാണല്ലൊ കാണുന്നെ. അങ്ങിനെ ശരിക്കും ഉണ്ടോയെന്നറിയാന്‍ ആണ്. (ഇന്നാ‍ള് ഞാന്‍ ടി.വിയില്‍ കണ്ടു,ഈ ജഡജി ഓര്‍ഡര്‍ ഓര്‍ഡര്‍ എന്ന് സിനിമായില്‍ പറയുന്നപോലെ ഒരു കോടതിയിലും പറയൂല്ലാന്ന്.) അതുകൊണ്ട് ഇതും ഒരു സംശയം. സാധാരണ എല്ലാം എഴുതുന്ന കുറുമാന്‍ ചേട്ടാന്‍ ഉടുപ്പിന്റെ കാര്യം ഒന്നും എഴുതീല്ല..അതോണ്ടാ

Anonymous said...

കുട്ടന്‍സ്‌ കഥകള്‍

ചേട്ടന്മാരേ,ചേച്ചിമാരേ
പോസ്റ്റ്സ്‌ മുഴുവനും വായിച്ചൂ..കുറുമാഞ്ചേട്ടാ കലക്കുന്നു..നിങ്ങള്‍ വെറും കുറുമാന്‍ അല്ല
ഗുരുക്കുറുമാന്‍ ആണേ

വേണു venu said...

വലതുകാല്‍ വച്ച് ഞാന്‍ മുറിയിലേക്ക് കയറി..
അങ്ങനെ വലതു കാല്‍ വച്ചു്.. എപ്പോഴും കേറിയ കുറുമാന് ജിയെ ആറടി ഉയരമുള്ള കാപ്പിരി പിടിച്ചപ്പോള്‍ എന്തോ ഒരു വൈക്ല്ബ്യം മനസ്സിനു്.
ഓ..ചെലപ്പോള്‍, ഒരു സിഗരറ്റു കൊടുക്കാനായിരിക്കും. എന്തിനാടാ നീ മുറി സിഗററ്റു പറക്കുന്നതു്.? ഈ പാക്കറ്റു നീ വച്ചോ എന്നു പറയാനായിരിക്കും.

വിചാരം said...

ആകാംക്ഷാഭരിതമായ കുറുമാന്‍റെ യൂറോപ്പ് സ്വപ്നത്തിന്‍റെ 12മത് ഭാഗത്തിലൂടെ ...ആജാനുബാഹുവായ കാപ്പിരിയുടെ മുഖം നോക്കി ഇരിക്കുന്നു (കുറുമാന് എത്രയും പെട്ടെന്ന് 13മത് ഭാഗം എഴുതാനുള്ള അവസരമുണ്ടാവട്ടേയെന്ന് ..)

ഏവരേയും പോലെ ഞാനും കാത്തിരിക്കുന്നു

Inji Pennu said...

ദേ ഇത് ഞാന്‍ എഴുതിയതാണല്ലൊ. അത് ബ്ലോഗര്‍ ബീറ്റായിലെക്ക് പോയപ്പോള്‍ അനോനിമസ് ആയൊ?
“എനിക്കൊരു സംശയം ഉണ്ട്. കുറുമാന്‍ ചേട്ടന് ജയിലില്‍ വേറെ ഉടുപ്പ് തന്നൊ? ഈ സിനിമായില്‍ ഒക്കെ വേറെ ഉടുപ്പാണല്ലൊ കാണുന്നെ. അങ്ങിനെ ശരിക്കും ഉണ്ടോയെന്നറിയാന്‍ ആണ്. (ഇന്നാ‍ള് ഞാന്‍ ടി.വിയില്‍ കണ്ടു,ഈ ജഡജി ഓര്‍ഡര്‍ ഓര്‍ഡര്‍ എന്ന് സിനിമായില്‍ പറയുന്നപോലെ ഒരു കോടതിയിലും പറയൂല്ലാന്ന്.) അതുകൊണ്ട് ഇതും ഒരു സംശയം. സാധാരണ എല്ലാം എഴുതുന്ന കുറുമാന്‍ ചേട്ടാന്‍ ഉടുപ്പിന്റെ കാര്യം ഒന്നും എഴുതീല്ല..അതോണ്ടാ “

qw_er_ty

cibu said...

കുറുമാനേ ഈയാത്ര എല്ലാം ഭംഗിയായി അവസാനിക്കുമല്ലോ എന്ന ഉറപ്പോടെ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു. പെട്ടെന്നെഴുതണേ. ഇന്നലെയാണ് എല്ലാം കൂടി ഞാനും ദീപയും ഒറ്റയിരുപ്പിന് വായിച്ചത്‌.

karempvt said...

പ്റിയ കൂറ്മാ
അപ്പൊഒരുബിയറ്കിട്ടിയിരുന്നെങ്കില്‍
സൂരിവക്കീലിന്നും ഒരു കബ്ബനി നാല്‍കി സത്ത്യംപറയാമാരുന്നു അല്ലെ?
ഞാനുംകെട്ടിയോളും ഇപ്പൊ കുറുമാ ഫാനാ

സതീശ് മാക്കോത്ത് | sathees makkoth said...

ഇത്രയധികം അനുഭവങ്ങള്‍ ഈ പ്രായത്തിനുള്ളില്‍ സ്വായത്തമാക്കിയ മഹാനുഭാവാ അങ്ങയെ നമിക്കുന്നു.

ikkaas|ഇക്കാസ് said...

13ആം ഭാഗം ഇന്ന് വരും നാളെ വരും എന്നും പറഞ്ഞ് കാത്തിരിപ്പ് തൊടങ്ങീട്ട് കൊറേ ആയി. ഒന്ന് വേഗം എഴുത് കുറു ഗുരൂ..

സ്നേഹിതന്‍ said...

സസ്പെന്‍സില്‍ നിന്നും സസ്പെന്‍സിലേയ്ക്കൊരു യാത്ര.

തുടരട്ടെ.qw_er_ty

ജ്യോതിര്‍മയി said...

വായിക്കാന്‍ രസമുണ്ട്‌, പക്ഷേ...

ഇത്‌ ശരിക്കും കുറുമാന്റെ ജീവിത കഥയാണൊ?

ജ്യോതിര്‍മയി

ദിവ (diva) said...

good going kurumaan :)

evuraan said...

പരീക്ഷണം. ഡിലീറ്റിയേക്കു കുറുമാന്‍..! :)

ശെഫി said...

ആശംസകള്‍

OnlineShop said...

jOYcha Hello! Great blog you have! My greetings!

ദ്രൗപദി said...

ഇഷ്ടമായി
ഒരുപാട്‌