Sunday, December 30, 2007

ആന്റപ്പ ചരിതം

വടക്കന്‍ എന്നത് ഒരു വീട്ടുംപേരാകുന്നു, അല്ലാതെ വടക്കെങ്ങാണ്ട് നിന്നും കുറ്റിയും പറിച്ച് വന്നതിനാല്‍ നാട്ടുകാര്‍ വെറുതെ ചാര്‍ത്തികൊടുത്ത സ്ഥാന പേരോ വിളിപേരോ അല്ല.

എന്റെ വീട്ടില്‍ നിന്നും വടക്കന്മാരുടെ വീട്ടിലേക്കെത്താന്‍ പലവിധം വഴികളുണ്ട്‍. ഒഴിഞ്ഞ് മാറി, ഓതിരം മറിഞ്ഞ്, ഇടത്തമര്‍ന്ന്, കുതിച്ച് ചാടി പോവുന്നതൊരുവഴി, പൂതക്കാടന്‍ റോസില്യേച്ചീടെ വേലിചാടി കടന്ന് അതിന്റെ അപ്പുറത്തുള്ള വെട്ടിക്കരക്കാരുടെ വേലിയും കൂടി ചാടികടന്ന് പോകുന്നത് മറ്റൊരു വഴി, നമ്പ്യാരുവീട്ടുകാരുടെ പറമ്പില്‍കൂടി കടന്ന്, പാടത്തോട്ടിറങ്ങി, വരമ്പിലൂടെ നടന്ന് ചെല്ലാവുന്നത് എളുപ്പവഴി, അതൊന്നുമല്ലാതെ, വെട്ടോഴിയിലേക്കിറങ്ങി, ശരിയായ വഴിയിലൂടെ നടന്ന് ചെല്ലാവുന്നത് നേരായ വഴി.

വടക്കന്മാരുടെ വീട്ടിലെ തലമൂത്ത കാര്‍ന്നോരായ ആന്റപ്പേട്ടന്‍ പണ്ട് പട്ടാളത്തിലായിരുന്നു എന്നതിനുള്ള തെളിവ്, ആരേ കണ്ടാലും ഓടിച്ചിട്ട് പിടിച്ച് നിറുത്തി, ഇരുത്തി തഞ്ചം പോലെ പറയുന്ന ഞാന്‍ പണ്ട് പട്ടാളത്തിലായിരുന്നപ്പോള്‍, നാഗാലാന്റില്‍ വച്ച്, ആസാമില്‍ വച്ച്, ലഡാക്കില്‍ വച്ച് എന്നു തുടങ്ങുന്ന കഥകളല്ല, മറിച്ച് മാസാദ്യത്തില്‍ ക്വാട്ടയായി കിട്ടുന്ന ത്രിഗുണ, വിസ്കി, ബ്രാണ്ടികള്‍ ആവശ്യക്കാര്‍ക്ക് ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്ഡ് എന്ന പോളിസി പ്രകാരം കരിഞ്ചന്തയില്‍ വില്‍ക്കുന്നു എന്നുള്ളത് മാത്രമാണ്.

പട്ടാള ക്വാട്ട വിറ്റുകിട്ടുന്നതില്‍ നിന്നുമുള്ള ലാഭവിഹിതം മുഴുവന്‍ ഇടവകയിലെ രണ്ട് ഷാപ്പുകളിലുമായി (ചാരായം, കള്ള്) വീതിച്ചു നല്‍കുക വഴി ആന്റപ്പേട്ടന്‍ സാമൂഹ്യസേവനം എന്ന മഹാകര്‍മ്മവും നിര്‍വ്വഹിക്കുന്നു. ഷാപ്പിലേക്ക് പട്ടാള ചിട്ടയില്‍ ലെഫ്റ്റ് റൈറ്റ് ചൊല്ലി കയ്യും വീശി നടന്നു കയറുന്ന ആന്റപ്പേട്ടന്‍ മിക്കവാറും തിരിച്ച് വരുന്നത്, ഉടുത്ത മുണ്ടുരിഞ്ഞ് തലയില്‍ കെട്ടി, റോഡിന്റെ വീതിയും നീളവും മൊത്തമായി അളന്നും, സ്വര്‍ഗ്ഗസ്ഥനായ പിതാവിന് സ്ത്രോത്രം നേര്‍ന്നുകൊണ്ടും, കൊടുങ്ങല്ലൂരമ്മയെ സ്മരിച്ചുകൊണ്ടുമാണ്.

ആന്റപ്പേട്ടന്റെ സന്ധ്യാപ്രാര്‍ത്ഥന കേട്ടു ശീലമായെങ്കിലും കഴിക്കുന്ന സാധനത്തിന്റെ അളവും, ചൊല്ലുന്ന പ്രാര്‍ത്ഥനയുടെ താളവും അനുസരിച്ച്, നാട്ടുകാരില്‍ ചിലര്‍ പുണ്യാളപട്ടം നല്‍കി ആദരിച്ചില്ലെങ്കിലും ഇടക്കെങ്കിലും ആന്റപ്പേട്ടന് ദേഹത്ത് കൈവച്ച് അനുഗ്രഹിച്ച് പോന്നു. അങ്ങനെ അനുഗ്രഹീതനാകുന്നതിനുശേഷം രണ്ടോ മൂന്നോ ദിവസത്തേക്ക് ആന്റപ്പേട്ടന്‍ സ്വന്തം വീട്ടില്‍ ധ്യാനം കൂടുകയാണ് പതിവ്.

ആന്റപ്പേട്ടന്റെ അരുമയാര്‍ന്ന ഭാര്യ മേരികുട്ടിയെ, ക്വാട്ട ഉള്ളില്‍ ചെന്നാല്‍ ആന്റപ്പേട്ടന്‍ വിളിക്കുന്ന പേര് എരുമ മേരി. മേരിചേടത്തിക്ക് തന്റെ അതേ രൂപ സാദൃശ്യമുള്ള രണ്ടെരുമകള്‍ ഉള്ളതിനാലാണോ ആന്റപ്പേട്ടന്‍ എരുമ മേരി എന്ന് വിളിക്കുന്നതെന്ന് ആദ്യമൊക്കെ ഞങ്ങള്‍ സംശയിച്ചിരുന്നെങ്കിലും മേരിചേടത്തിയുടെ അപ്പന് എരുമകച്ചവടമായിരുന്നെന്നും, മേരിചേടത്തിയുടെ ജനനം മുതല് തന്നെ തന്റെ അരുമയായ പുത്രിയെ എരുമമേരി എന്ന് മേരിചേടത്തിയുടെ അപ്പന്‍ വിളിച്ചിരുന്ന വിളിപ്പേര്, കല്യാണത്തിനു ശേഷം താന്‍ മാറ്റാന്‍ പോവാതിരുന്നതാണെന്നും ആന്റപ്പേട്ടന്‍ ഒരു ത്രിസന്ധ്യാ നേരത്ത് കലുങ്കിന്റെ മുകളില്‍ കയറി നിന്ന് അനൌണ്‍സ് ചെയ്തു.

കുട്ടികളില്ലാത്ത ആന്റപ്പന്‍, മേരി ദമ്പതികള്‍ക്ക് പട്ടികളുണ്ട് രണ്ട്. ആന്റപ്പേട്ടന്റെ പെറ്റ് കൈസറും, മേരിചേടത്തിയുടെ പെറ്റ് ടോണിയും.

ചാര്‍ജ് കൂടുതലാകുന്ന ദിവസങ്ങളില്‍ ആന്റപ്പേട്ടന്‍ കൈസറിന്റെ ചോറില്‍ എരുമനെയ്യും മീങ്കൂട്ടാനും ഒഴിച്ച് കുഴച്ച് ഉരുളയുരുട്ടിയാണ് കൈസറിനെ ഊട്ടാറ്. എത്രയായാലും പട്ടിയല്ലെ കയ്യേല്‍ കപ്പിയാലോ എന്ന് കരുതി എരുമനെയ്യും, മീങ്കൂട്ടാനും, വറുത്ത മീനിന്റെ മുള്ളും കൂടി കൂട്ടി കുഴച്ച് പാത്രത്തില്‍ ഇട്ടാണ് മേരിചേടത്തി ടോണിയെ ഊട്ടാറ്.

എന്തിനധികം പറയുന്നു, ഒരു സന്ധ്യാനേരത്ത്, കൈസറിനേം, ടോണിയേം കടക്കണ്ണെറിഞ്ഞു മയക്കാന്‍ വേലി നൂണ്ട് വന്ന ഒരു കൊടിച്ചിപട്ടിയെ, മേരിചേടത്തി സാമാന്യം തരക്കേടില്ലാത്ത ഒരു ഓട്ടുംചീളെടുത്ത് ശരീരത്തിലെ സര്‍വ്വബലവും വലതുകയ്യിലേക്കാവഹിച്ച് ആഞ്ഞൊരേറ്.

കൊടിച്ചിപട്ടിയുടെ കൈ, കൈ കരച്ചിലിപ്പം കേള്‍ക്കാം എന്ന് കരുതി വ്യാമോഹിച്ച് ചേടത്തി കേട്ടത് അയ്യോ എന്നേയാരോ കല്ലെറിഞ്ഞേ എന്ന ആന്റപ്പേട്ടന്റെ നിലവിളിയായിരുന്നു. ആന്റപ്പേട്ടന്റെ അരികിലേക്ക് മേരിചേടത്തി ഓടിചെല്ലുമ്പോള്‍ കാറ്റത്താടുന്ന വാഴകൈ പോലെ, ആടിയാടി ആന്റപ്പേട്ടന്‍ നില്‍ക്കുകയായിരുന്നു. കുടിച്ചകള്ളിന്റേയാണോ, അതോ കൊണ്ട ഏറിന്റേയാണോ ഈ ആട്ടം എന്നറിയാതെ മേരിച്ചേടത്തി ആകെ കുഴങ്ങിയെങ്കിലും , മേരി ചേടത്തിയെ കണ്ടതും ആന്റപ്പേട്ടന്റെ “ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ“ എന്നുള്ള ഒരേ ഒരു വാക്കാല്‍ തന്നെ കിട്ടിയ ഏറിന്റേയാണ് ഈ ആട്ടം എന്നത് മേരിചേടത്തിക്ക് മനസ്സിലായി.

ജീവിതത്തില്‍ ഇന്നു വരെ, പ്രത്യേകിച്ചും സന്ധ്യക്ക് ഡോസേറ്റി വരുന്ന വഴിക്ക് ദൈവങ്ങളെ അവരുടെ പിതാമഹന്മാരേയും, എന്തിന് അവരുടെ പ്രപിതാമഹന്മാരെയടക്കം ചേര്‍ത്ത് നാവടച്ച് തെറിവിളിക്കുന്ന ആന്റപ്പേട്ടനാണിപ്പോള്‍ ഈശോ മിശിഹാക്ക് സ്തുതി ചൊല്ലിയിരിക്കുന്നത്. ഏറുകൊണ്ട് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്ന മേരിച്ചേടത്തിയുടെ ഭയം അതോടെ വര്‍ദ്ധിച്ചെങ്കിലും, പെന്റുലം പോലെ ആടികൊണ്ടിരിക്കുന്ന ആന്റപ്പേട്ടനെ, ഖലാസിയുടെ മെയ്‌വഴക്കത്തോടെ ഏന്തിവലിച്ച് ചുമന്ന് മേരിചേടത്തി മുറിയില്‍ കയറ്റി കട്ടിലിലേക്ക് സേഫ് ഡെപ്പോസിറ്റ് ചെയ്ത് തണ്ടലൊന്ന് നിവര്‍ത്തിയപ്പോഴേക്കും, മൂന്നരകട്ടക്ക് താളം പിടിച്ച് കൊണ്ട് ആന്റപ്പേട്ടന്‍ കൂര്‍ക്കം വലി തുടങ്ങി.

ആന്റപ്പേട്ടന്‍ ഈശോ മിശിഹാക്ക് സ്തുതി നേര്‍ന്നതിന്റേയും, തെറിയൊന്നും പറയാതെ, എരുമമേരീന്നൊരു പ്രാവശ്യം പോലും വിളിക്കാതെ, എന്തിന് ഭക്ഷണം പോലും കഴിക്കാതെ നേരത്തെ ഉറങ്ങിയതിന്റെ ഹാങ്ങോവറില്‍ മേരിച്ചേടത്തി പ്രാര്‍ത്ഥന ഓടിച്ചെത്തിച്ച്, മെഴുകുതിരി ഊതികെടുത്തി അടുക്കളയിലേക്ക് പോയി. ചോറ് പ്ലെയിറ്റിലേക്ക് വിളമ്പാതെ, കലത്തിലേക്ക് ഡയറക്റ്റായി കൂട്ടാന്‍ ഒഴിച്ച്, തോരനിട്ട് ഞെരടി ഉരുളകള്‍ എണ്ണിപിടിച്ചു. ഇനി ഒരുള പോലും കഴിച്ചാല്‍ കഴിച്ചതെല്ലാം ചുമരില്‍ എറിഞ്ഞ പന്തു പോലെ ബൌണ്‍സ് ചെയ്യുമെന്നുറപ്പായതിനാല്‍, ബാക്കിയുള്ളതില്‍ നല്ലൊരു പങ്ക് ടോണിക്കും, ബാലന്‍സ് കൈസറിനും അവനവന്റെ ഡിന്നര്‍ പ്ലേറ്റില്‍ വിളമ്പി നല്‍കിയതിനു ശേഷം ചട്ടിയും കലങ്ങളും കഴുകിവെച്ച്, പായ വിരിച്ച് മേരിചേടത്തി ചരിഞ്ഞു.

മൊബൈല്‍ ഫോണ്‍ പ്രചാരത്തിലില്ലാതിരുന്നതിനാല്‍, പുലര്‍ച്ചെ ആദ്യം കേള്‍ക്കുന്ന കോഴിയുടെ കൂവലിനെ തലയിലൂടെ പുതപ്പ് വലിച്ചിട്ട് സ്നൂസ്സ് ചെയ്ത് മേരിചേടത്തി പിന്നേം കിടക്കും. പിന്നെ തെക്കേലേം, വടക്കേലേം, പടിഞ്ഞാറേലേം കോഴികള്‍ ഒരുമിച്ച് കൂകി തുടങ്ങുന്നതോടെയാണ് മേരിചേടത്തിയുടെ ദിനം തുടങ്ങുന്നത്. ആദ്യ ഇനം വിറക് കയറ്റി ഊതിയൂതി അടുപ്പു കത്തിക്കല്‍, ഫോളോവ്ഡ് ബൈ, കടുപ്പത്തിലുള്ള കട്ടന്‍ കാപ്പി മെയ്ക്കിങ്ങ്. അത് ഒരേ ഒരാള്‍ക്ക് മാത്രം, മേരിചേടത്തിക്ക്. കാരണം, ആന്റപ്പേട്ടന്‍ സന്ധ്യക്ക് ചെലുത്തുന്ന ഡോസിന്റെ സ്വാദീനം മൂലം പെറ്റുവീണ പട്ടികുട്ടിയുടെ തരമാണ്, കണ്ണു മിഴിയില്ല അത്ര പെട്ടെന്ന്, അറ്റ് ലീസ്റ്റ് സൂര്യേട്ടന്‍ ചൂടാകുന്നത് വരെ.

കട്ടന്‍ കാപ്പി കഴിച്ചു കഴിഞ്ഞാല്‍ പാല്‍കറക്കാനുള്ള ചെറിയ ഒരു കലവും, അതൊഴിക്കാനുള്ള ഒരു ബക്കറ്റും, ചെറിയ ഒരു ഗ്ലാസ്സില്‍ ഒഴുക്ക് നെയ്യുമായി മേരിചേടത്തി എരുമതൊഴുത്തിലേക്ക് നീങ്ങും. രണ്ട് എരുമകളേയും കറന്ന്, വീട്ടിലാവശ്യമുള്ളതെടുത്തതിനുശേഷം ബാക്കി മേരിചേടത്തി തന്നെ സെന്ററിലുള്ള നാരായണേട്ടന്റെ ചായക്കടയില്‍ കൊടുത്ത് വരും. അതിന് ശേഷമാണ് കടുപ്പത്തിലുള്ള പാല്‍ ചായ കലക്കി മേരിചേടത്തി ആന്റപ്പേട്ടനെ എഴുന്നേല്‍പ്പിക്കുന്നത്.

ഞായറാഴ്ച പതിവുപോലെ എഴുന്നേറ്റ് കാപ്പികുടിയും, എരുമയെ കറക്കലും, നാരായണേട്ടന്റെ കടയിലേക്കുള്ള പാല്‍ വിതരണവും കഴിഞ്ഞ്, ഞായറാഴ്ചയല്ലെ, ആന്റപ്പേട്ടന് ചായ ഉണ്ടാക്കികൊടുത്തിട്ട് വേണം പള്ളിയില്‍ പോകാന്‍ എന്ന് കരുതി, മേരിചേടത്തി ആഞ്ഞ് വലിച്ച് നടക്കുമ്പോഴാണ് മേരിച്ചേടത്തിയെ ഞെട്ടിച്ച്കൊണ്ട് ഉജാലയുടെ പരസ്യം പോലെ വെളുത്ത മുണ്ടും, ഷര്‍ട്ടും ധരിച്ച് ആന്റപ്പേട്ടന്‍ എതിരെ നടന്നു വരുന്നത് കണ്ടത്. മേരിചേടത്തി പല തവണ കണ്ണ് ചിമ്മി തുറന്ന് ഉറപ്പാക്കി, സംശയമില്ല, ആന്റപ്പേട്ടന്‍ തന്നെ.

ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ. മേരിചേടത്തിയെ കണ്ടതും ആന്റപ്പേട്ടന്‍ വിഷ് ചെയ്തു, പിന്നെ പറഞ്ഞു, ഞാന്‍ ഒന്ന് പള്ളീലിക്ക് പൂവ്വാ.

ദൈവമേ, ഇങ്ങേര്‍ക്ക് വല്ല അച്ഛന്റേം പ്രേതം കൂടിയോ ഈശോയേ എന്ന് കരുതി കണ്ണും മിഴിച്ച് മേരിചേടത്തി നില്‍ക്കുമ്പോള്‍, കൈകള്‍ വീശി ആന്റപ്പേട്ടന്‍ ചേലൂര്‍ പള്ളി ലക്ഷ്യമാക്കി നടന്ന് നീങ്ങി.

പള്ളിയിലെത്തിയ ആന്റപ്പേട്ടനെ ആദ്യം കണ്ടത് കര്‍ത്താവ്.

പിതാവേ, ദാരപ്പത്? ആന്റപ്പനാ! പണ്ട് പണ്ട്, പത്തമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേദേശം ക്ലാസില്‍
വന്നപ്പോഴാ ആന്റപ്പനെ ഞാന്‍ അവസാനമായി കണ്ടത്. ഇപ്പോഴെങ്കിലും വരാന്‍ തോന്നിയല്ലോന്ന് ചോദിച്ച് ആന്റപ്പനെ കെട്ടിപുണരുവാന്‍ കുരിശില്‍ കിടന്ന യേശുനാഥന്‍ വെമ്പിയെങ്കിലും സാഹചര്യങ്ങളുടേയും, ആണികളുടേയും സമ്മര്‍ദ്ധം മൂലം കര്‍ത്താവ് ആ ശ്രമം ഉപേക്ഷിച്ചു.

ആന്റപ്പന്‍ പള്ളിമേടയിലേക്ക് കയറിയപ്പോള്‍ അച്ഛന്‍ അതാ എതിരെ വരുന്നു. ആന്റപ്പനെ കണ്ടതും അച്ഛന്‍ ഓടി അടുത്തേക്ക് വന്നു.

എന്താ ആന്റപ്പാ? മേരിക്കെന്തെങ്കിലും?

മേരിക്കൊരു കൊഴപ്പോല്യച്ഛോ. അവള് ചക്കക്കുരുപോലെ ഓടി നടക്ക്ണ്ട്. കുര്‍ബാനയുടെ സമയമാവുമ്പോഴേക്കും അവളിവിടെ വരും.

അല്ല പതിവില്ല്യാണ്ട് ആന്റപ്പനെന്താ പള്ളിയിലോട്ട്?

കര്‍ത്താവിന്റെ വിളി വന്നാ പിന്നെ വീട്ടിലിരിക്കാന്‍ പറ്റ്വോ അച്ഛോ? അതിനാല്‍ ഇങ്ങോട്ട് പോന്നു.

ജനങ്ങള്‍ ഒറ്റക്കും കൂട്ടമായും നാട്ടുകാര്‍ പള്ളിയിലേക്കൊഴുകിയെത്തി. ഒപ്പം ആഹ്ലാദവതിയായി മേരി ചേടത്തിയും. ആന്റപ്പേട്ടന് തോന്നിയിരിക്കുന്ന നല്ല ബുദ്ധി സ്ഥിരമായി നില്‍ക്കാന്‍ മേരിചേടത്തി കര്‍ത്താവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.

ആന്റപ്പേട്ടനെ പള്ളിയില്‍ കണ്ട്, വന്നിരുന്ന ഭക്തജനങ്ങളുടെ കണ്ണുകള്‍ മിഴിഞ്ഞു, വായ തുറന്നു. ആന്റപ്പേട്ടന്‍ യാതൊന്നിലും ശ്രദ്ധിക്കാതെ, കര്‍ത്താവിന്റെ തിരുസ്വരൂപത്തില്‍ മാത്രം ശ്രദ്ധയര്‍പ്പിച്ച് കണ്ണടച്ച് നിന്നു.

കുറുബാന കഴിഞ്ഞു, ആളുകള്‍ അവനവന്റെ വീട്ടിലേക്ക് മടങ്ങി തുടങ്ങി. ആന്റപ്പേട്ടനെ കാത്ത് മേരിചേടത്തി പള്ളിയുടെ ഒതുക്കുകല്ലിന് താഴെ കാത്ത് നിന്നു.

നീ വീട്ടിലേക്ക് പൊയ്ക്കോ, ഞാന്‍ ഇറച്ചി ജോസിന്റെ കടേന്ന് അല്പം പോത്തിറച്ചി വാങ്ങിയിട്ട് വരാം, ആന്റപ്പേട്ടന്‍ മേരിചേടത്തിയോട് അരുളി.

ദൈവമേ വര്‍ഷങ്ങളായിട്ട് സ്വന്തം ആവശ്യത്തിനുള്ള ബീഡിയും, തീപ്പെട്ടിയും, കള്ളും അല്ലാതെ വീട്ടിലേക്കുള്ള നുള്ള് കടുക് വരെ വാങ്ങാത്ത മനുഷ്യനാ, ഇപ്പോ പോത്തിറച്ച് വാങ്ങീട്ട് വരാംന്ന് പറയണെ. ലോകാവസാനത്തില്‍ സംഭവിക്കാത്തത് പലതും സംഭവിക്കും എന്ന് കേട്ടിട്ടുണ്ട്. കര്‍ത്താവേ ലോകാവസാനമായോ? മേരിചേടത്തി മൊത്തം ആശയകുഴപ്പത്തിലായി.

പൂച്ചകുളത്തെ കടയില്‍ ഞായറാഴ്ച മാത്രമേ ജോസേട്ടന്‍ പോത്തിനെ വെട്ടൂ. ബാക്കി ദിവസങ്ങളില്‍ ജോസേട്ടന് അങ്ങാടിയില്‍ വെട്ടുണ്ട്.

ഡാ ജോസേ, നീ ഒരരക്കിലോ പോത്തെറച്ച്യടുത്തേ. നെയ്യ് ഇത്തിരി നന്നായിട്ടിട്ടോ.

ചാരായഷാപ്പില് വച്ച് നിത്യവും ജോസ്, ആന്റപ്പനെ കാണാറുണ്ടെങ്കിലും കടയില്‍ ആദ്യായിട്ടാ.

ആന്റപ്പേട്ടാ പതിവില്ലാതെ രാവിലെ എവിടാന്നാദ്?

ഒന്ന് പള്ളീ പോയതണ്ടാ.

കൈപത്തി നെറ്റിയില്‍ വെച്ചുകൊണ്ട് ജോസേട്ടന്‍ ആകാശത്തേക്ക് നോക്കി.

പോത്തെറച്ചി തരാന്‍ പറഞ്ഞപ്പോ നീയെന്തെണ്ടാ ചെക്കാ മാനത്തേക്ക് നോക്കണെ?

അല്ല, കാക്കകളെങ്ങാനും മലന്ന് പറക്കുണ്ടോന്ന് നോക്ക്യേതാ ആന്റപ്പേട്ടാ.

ഊതണ്ടറാ ശവീ. നീ എറച്ചി എട്ക്കടാ വേഗം.

നല്ല തുടയിറച്ചി അരക്കിലോ മുറിച്ച് ആവശ്യത്തിന് നെയ്യുമിട്ട് തേക്കിലയില്‍ പൊതിഞ്ഞ് ജോസേട്ടന്‍ ആന്റപ്പേട്ടന് കൈമാറി.

രണ്ടീസം കഴിഞ്ഞാല്‍ പെന്‍ഷന്‍ വാങ്ങീട്ട് കാശ് തരാം ജോസേ.

എന്റെ ആന്റപ്പേട്ടാ, ഇത് നല്ല കൂത്ത്. നിങ്ങളോടാരെങ്കിലും ഇപ്പോ കാശ് ചോദിച്ചാ. ആന്റപ്പേട്ടന്റെ സൌകര്യള്ളപ്പോ തന്നാല്‍ മതി. ഇനിയിപ്പോ തന്നീല്ല്യേല്ലും കുഴപ്പമില്ല. അപ്പോ വൈകീട്ട് കാണാംട്ടാ.

വൈകീട്ടാ? എവിടെ?

ഷാപ്പില്.

ജോസേ, നീ എറച്ചി വെട്ടാന്‍ നോക്ക്യേ. ഞാന്‍ കുടിയൊക്കെ നിറുത്തി.

ആന്റപ്പേട്ടന്‍ കുടി നിറുത്തീന്നാ.....ബൂ ഹ ഹ......ഇമ്മിണി പുളിക്കും. സന്ധ്യ കഴിഞ്ഞിട്ട് മ്മക്ക് നോക്കാം.

നോക്കിക്കൊറാ കന്നാലീ നീയ്യ്. സന്ധ്യയല്ലാ ഇനി പിണ്ടിപെരുന്നാള് വന്നാല്‍ പോലും ആന്റപ്പന്‍ കുപ്പി തൊടില്ല്യറാന്നും പറഞ്ഞ്, തേക്കിലപൊതിയുമായി ആന്റപ്പേട്ടന്‍ വീട്ടിലേക്ക് പോയി.

ദിവസങ്ങള്‍ പലതും കൊഴിഞ്ഞുപോയി. ആന്റപ്പേട്ടന്‍ ഒരു തുള്ളിപോലും കുടിച്ചില്ല.

സന്ധ്യാ സമയങ്ങളില്‍ പതിവുള്ള ആന്റപ്പേട്ടന്റെ പ്രാര്‍ത്ഥനാ/സ്തുതി ഗീതങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്തതില്‍ സ്ഥലത്തെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനീകളും, യുവതീ യുവാക്കളും ഒരുപോലെ ദുഃഖിതരായി.

മേരിചേടത്തിയെ സംബന്ധിച്ച് സമാധാനത്തിന്റെയും ഭക്തിയുടേയും ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളുമായിരുന്നു പിന്നീടു വന്നവ. കാരണം ആന്റപ്പേട്ടന്‍ കള്ള് കുടിച്ചില്ല, മറിച്ച്, എരുമയെ തീറ്റി, വാഴക്കും, തെങ്ങിനും തടമെടുത്ത് വെള്ളം തിരിച്ച്, പട്ടികളെ ഓമനിച്ച്, വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥനചൊല്ലി, ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി, ഉച്ചക്ക് പോത്തിറച്ചി കൂട്ടി ചോറുണ്ട് അവരുടെ ദാമ്പത്ത്യത്തിന് പിന്നേയും ചെറുപ്പമായി. ഇണക്കുരുവികളെ പോലെ വൈകുന്നേരങ്ങളില്‍ അവര്‍ കൊക്കുരുമ്മി, കൊച്ചു വര്‍ത്തമാനം പറഞ്ഞ് ഉമ്മറകോലായിരിലിരുന്നു.

ചേലൂര്‍ പള്ളിയിലെ പിണ്ടി പെരുന്നാള്‍ കഴിഞ്ഞു, ഇടക്കുളം പള്ളിയിലെ അമ്പ് പെരുന്നാള്‍ കഴിഞ്ഞു, എന്തിന് ഇരിങ്ങാലക്കുട പള്ളിയിലെ പിണ്ടി പെരുന്നാള് പോലും കഴിഞ്ഞു പക്ഷെ ആന്റപ്പേട്ടന്‍ ഒരു തുള്ളി പോലും തൊട്ടില്ല.

ആന്റപ്പേട്ടന്‍ മൊത്തമായി മാറികഴിഞ്ഞെന്ന് പള്ളീലച്ഛനും, നാട്ടുകാരും എന്തിന് കര്‍ത്താവ് വരെ അരക്കിട്ടുറപ്പിച്ചു.

എരുമയെ തീറ്റാന്‍ പോകുമ്പോള്‍ എരുമയെ കെട്ടിയിട്ട്, പാര്‍ക്കിന്റെ മതിലിരുന്ന് ക്രിക്കറ്റ് കളികാണുന്ന ഹോബിയും ആന്റപ്പേട്ടന്‍ ഈ കാലയളവില്‍ വളര്‍ത്തിയെടുത്തു.

അന്നും പതിവുപോലെ എരുമകളെ കെട്ടിയിട്ട്, പാര്‍ക്കിന്റെ അരമതിലില്‍ ഇരുന്ന് ആന്റപ്പേട്ടന്‍ കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബ് വെഴ്സസ് കൊരുമ്പിശ്ശേരി ഫൈന്‍ ആര്‍ട്സ് ക്ലബ്ബുമായുള്ള വാശിയേറിയ മാച്ച് കാണുകയായിരുന്നു. രണ്ടേ രണ്ട് ബോളുകള്‍ മാത്രം അവശേഷിക്കുന്നു. കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിനു ജയിക്കാനാണേല്‍ നാലു റണ്‍സും വേണം.

ബൌള്‍ ചെയ്യുന്നത് കൊരുമ്പിശ്ശേരി ഫൈന്‍ ആര്‍ട്സിലെ ലതീഷും, ബാറ്റ് ചെയ്യുന്നത് ആന്റപ്പേട്ടന്റെ പെങ്ങളുടെ മകനും, കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിലെ സൂപ്പര്‍ താരവുമായ ലാസര്‍.

കാണികളായ നാട്ടുകാര്‍ എല്ലാവരും ശ്വാസമടക്കി അതീവശ്രദ്ധയോടെ പിച്ചിലേക്ക് കണ്ണും നട്ടിരിക്കുന്നു.

അതാ, ലതീഷ് ഓടി വന്ന് പന്തെറിയുന്നു, സര്‍വ്വ ശക്തിയും സംഭരിച്ചുകൊണ്ട് ലാസര്‍ ബാറ്റാല്‍ ആഞ്ഞു വീശുന്നു. ഉയര്‍ന്ന് പാഞ്ഞ പന്ത് ബൌണ്ട്രിയും ക്രോസ്സ് ചെയ്ത് ഒരുല്‍ക്ക പോലെ ആന്റപ്പേട്ടന്റെ തലയില്‍ പതിച്ചു.

കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ കയ്യടിയും, വിസിലടിയും നടത്തി അര്‍മ്മാദിച്ചിരുന്ന കാണികള്‍ കാറ്റത്താടുന്ന വാഴകൈ പോലെ, ആടിയാടി നില്‍ക്കുകയായിരുന്ന ആന്റപ്പനെ കണ്ടെങ്കിലും കാര്യമായെടുത്തില്ല.

എരുമയെ തീറ്റാന്‍ പോയ ആന്റപ്പേട്ടന്‍ സന്ധ്യകഴിഞ്ഞിട്ടും എത്താത്തതെന്താണാവോ കര്‍ത്താവേന്ന് ചിന്തിച്ച് മേരിചേടത്തി ഇരിക്കുമ്പോള്‍ ദൂരേന്ന് കേട്ടു ആന്റപ്പേട്ടന്റെ ദേവീ സ്മരണ. താനാരോ, തന്നാരോ തക താനാരോ തന്നാരോ... ആന്റപ്പേട്ടന്‍ പാടി നിറുത്തിയതിന്റെ തൊട്ട് പിന്നാലെ ദാ വേറെ ഒരു ശബ്ദവും ഏറ്റ് പിടിക്കുന്നു, താനാരോ, തന്നാരോ തക താനാരോ തന്നാരോ. ഇതാരടപ്പാ ഡ്യുവറ്റ് പാടുന്നതെന്ന ആശയകുഴപ്പത്തില്‍ മേരിചേടത്തി നില്‍ക്കുമ്പോള്‍ ഉടുത്ത മുണ്ടുരിഞ്ഞ് തലയില്‍ കെട്ടി, റോഡിന്റെ വീതിയും നീളവും മൊത്തമായി അളന്നും കൊണ്ട് വളവ് തിരിഞ്ഞു വരുന്ന ആന്റപ്പേട്ടനും, ആന്റപ്പേട്ടന്റെ തോളോട് തോളുരുമ്മി ഒപ്പത്തിനൊപ്പം പ്രാര്‍ത്ഥനയെത്തിക്കുന്ന ഇറച്ചി ജോസും.

55 comments:

കുറുമാന്‍ said...

“ആന്റപ്പ ചരിതം“

രണ്ടായിരത്തി ഏഴിലെ അവസാന പോസ്റ്റ്.

വായനക്കാര്‍ക്കെല്ലാവര്‍ക്കും, ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.

::സിയ↔Ziya said...

രണ്ടായിരത്തി ഏഴിലെ അവസാന പോസ്റ്റിനു ആദ്യ തേങ്ങ എന്റെ വഹ!
ഠേ!
കുറൂന്റെ മണ്ടക്ക് ഇനീം ആയിരമായിരം പോസ്റ്റിനുള്ള ആശയങ്ങള്‍ വരണേ (എന്നിട്ട് വേണം ആ മണ്ടക്ക് ഇനീം അടിക്കാന്‍ ) :)

അഗ്രജന്‍ said...

ഹഹഹ കുറുമാനെ ഇതടിപൊളി :)

ഇതിനേണ്... ഞങ്ങള്‍ കളരി നിശ്ച്യൊള്ളോര് മറുതട്ട് മറുതട്ട് എന്ന് പറയുന്നത് :)

എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു...!

VM said...

വാളെടുത്തവന്‍ ബോളാല്‍ എന്നു പറയൌന്നത് ഇതിനെയാവുല്ലേ കുറുമാന്‍സ് ?

അല്ലാ ഞാന്‍ അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ... ഈ ആന്റപ്പന്‍ എന്ന പേരു തന്നെ ഒരു വശപ്പെശകാ അല്ലേ..

കൊടകര ആന്റപ്പന്‍, മഞ്ഞുമ്മല്‍ ആന്റപ്പന്‍..ദേ ഇപ്പോ വടക്കന്‍ ആന്റപ്പനും!

രാജന്‍ വെങ്ങര said...

രണ്ടേറുകള്‍‍ക്കിടയിലാണാന്റപ്പന്‍!
ഒന്നിലഴിഞ്ഞുത്തമനായെങ്കിലും,
വിട്ടില്ല, വിധിയല്ലാതെന്തിതു!
കിട്ടിയൊന്നതു വീണ്ടും
കെട്ടിലായാന്റപ്പന്‍.

കുറുമാനേ..നവവത്സരാശംസകള്‍..

Prasanth. R Krishna said...

വടക്കന്‍ എന്നത് ഒരു വീട്ടുംപേരാകുന്നു, അല്ലാതെ വടക്കെങ്ങാണ്ട് നിന്നും കുറ്റിയും പറിച്ച് വന്നതിനാല്‍ നാട്ടുകാര്‍ വെറുതെ ചാര്‍ത്തികൊടുത്ത സ്ഥാന പേരോ വിളിപേരോ അല്ല.
നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc

കുട്ടന്മേനോന്‍ said...

ആന്റപ്പന്മാരുടെ കശയാണല്ലോ..
(പഴയ കപ്പാസിറ്റിയൊന്നും കാണാനില്ലല്ലോ.. ന്യൂ ഇയറായോണ്ടാവും ല്ലേ..:) )

നാടോടി said...

കുറുമാനേ..
നവവത്സരാശംസകള്‍..

പ്രയാസി said...

ഹ,ഹ കലക്കി..

കൂറുജിയുടെ മൊട്ടത്തലേല്‍ വിരിഞ്ഞ 2007 ലെ അവസാനത്തെ ബ്ലോഗണി..

അവസാനത്തെ ബ്ലോഗണി..
അടിപൊളിയായിരിക്കണം..
ആരുമെ കണ്ടാല്‍ കമന്റണം..
ആരും അച്ഛനു പോലും വിളിക്കണം..;)

അടുത്ത വര്‍ഷവും ആ തലയില്‍ നിന്നും ഇതുപോലുള്ള ഒരു പാടു കഥകള്‍ ബ്ലിക്കൊ ബ്ലിക്കൊ എന്നു വഴുതി വരട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ഹൃദയത്തില്‍ നിന്നും സ്നേഹത്തിന്റെ ഭാഷയില്‍ ഒരു പുതു വര്‍ഷം നേരുന്നു..

വേണു venu said...

രസിപ്പിക്കുന്ന ഒത്തിരി രംഗങ്ങള്‍‍ കുറുമാന്‍സ് ക്രാഫ്റ്റിലൂടെ കൂടുതല്‍‍ രസാവഹമായെനിക്കനുഭവപ്പെട്ടു. അവസാനിപ്പിച്ചതും അല്പം സയന്‍റിഫിക്കായി രസിച്ചു.
ആരേ കണ്ടാലും ഓടിച്ചിട്ട് പിടിച്ച് നിറുത്തി, ഇരുത്തി തഞ്ചം പോലെ പറയുന്ന ഞാന്‍ പണ്ട് പട്ടാളത്തിലായിരുന്നപ്പോള്‍,എന്നൊക്കെ എഴുതിയത് വായിച്ചപ്പോള്‍‍ നാട്ടിലെ പല പഴയ പട്ടാളക്കാരും മനസ്സില്‍ വന്ന് സാവ്ധാന്‍‍ വിശ്രാം പറഞ്ഞു.
രാഗേഷിനും കുടുംബത്തിനും പുതുവര്‍ഷാശംസകള്‍.!!

വാല്‍മീകി said...

ഏറുകൊണ്ട പട്ടിയെപ്പോലെ എന്നുള്ള പഴഞ്ചൊല്ല് മാറ്റി ഏറുകൊണ്ട ആന്റപ്പനെപ്പോലെ എന്നാക്കി മാറ്റേണ്ടി വരുമോ?
എന്തായാലും കലക്കി കുറുമാന്‍ജി ആന്റപ്പ ചരിതം.
പുതുവത്സരാശംസകള്‍.

G.manu said...

പെന്റുലം പോലെ ആടികൊണ്ടിരിക്കുന്ന ആന്റപ്പേട്ടനെ, ഖലാസിയുടെ മെയ്‌വഴക്കത്തോടെ ഏന്തിവലിച്ച് ചുമന്ന് മേരിചേടത്തി മുറിയില്‍ കയറ്റി കട്ടിലിലേക്ക് സേഫ് ഡെപ്പോസിറ്റ് ചെയ്ത് തണ്ടലൊന്ന് നിവര്‍ത്തിയപ്പോഴേക്കും, മൂന്നരകട്ടക്ക് താളം പിടിച്ച് കൊണ്ട് ആന്റപ്പേട്ടന്‍ കൂര്‍ക്കം വലി തുടങ്ങി


antappan thakarthu mashey
Happy new year.

സുഗതരാജ് പലേരി said...

:)

kaithamullu : കൈതമുള്ള് said...

നാട്ടുകാരില്‍ ചിലര്‍ പുണ്യാളപട്ടം നല്‍കി ആദരിച്ചില്ലെങ്കിലും ഇടക്കെങ്കിലും ആന്റപ്പേട്ടന് ദേഹത്ത് കൈവച്ച് അനുഗ്രഹിച്ച് പോന്നു.....

ചോറ് പ്ലെയിറ്റിലേക്ക് വിളമ്പാതെ, കലത്തിലേക്ക് ഡയറക്റ്റായി കൂട്ടാന്‍ ഒഴിച്ച്, തോരനിട്ട് ഞെരടി ഉരുളകള്‍ എണ്ണിപിടിച്ചു. ഇനി ഒരുള പോലും കഴിച്ചാല്‍ കഴിച്ചതെല്ലാം ചുമരില്‍ എറിഞ്ഞ പന്തു പോലെ ബൌണ്‍സ് ചെയ്യുമെന്നുറപ്പായതിനാല്‍..

ആന്റപ്പനെ കെട്ടിപുണരുവാന്‍ കുരിശില്‍ കിടന്ന യേശുനാഥന്‍ വെമ്പിയെങ്കിലും സാഹചര്യങ്ങളുടേയും, ആണികളുടേയും സമ്മര്‍ദ്ധം മൂലം കര്‍ത്താവ് ആ ശ്രമം ഉപേക്ഷിച്ചു....

---
ക്വാട്ടാന്‍ തുടങ്ങിയാല്‍ ഏറെയുണ്ട്, കുറൂ!


വായിച്ച് തുടങ്ങിയപ്പോള്‍ ഇതൊരു ക്രിസ്മസ് സ്പെഷ്യലാന്നാ വിചാരിച്ചേ. പക്ഷെ കേരളത്തിലങ്ങോളമിങ്ങോളമുള്ള കത്തോലിക്കാ പള്ളികളിലെ അഭിനവ സ്വാശ്രയ ഇടയന്മാരെ ഞെട്ടിച്ച് കൊണ്ട് ഒരു ത്രില്ലറാക്കിയാണ് അവസാനിപ്പിച്ചത്.

കുറൂ, നിനക്ക് സ്വസ്തി!

sreeshanthan said...

valare cheriya thread anengilum, athine polippichu ezhuthanulla kuruvinte thalayude kazhivu aparam.. oro varikalum kalakki... total average.. pakshe vayanakkare rasippichiruthunnu
congrats!! and wish u and family very happy new year!!! orupadu nalla nalla kathakalumayi adutha varsham varumenna pratheekshayode orayiram puthuvalsarasamsakal!!!!

ഏറനാടന്‍ said...

അങ്ങനെ ആന്റപ്പേട്ടന്‍ ക്ലീന്‍ ബൗള്‍‌ഡ്!

കുറുമാനും കുടുംബാംഗങ്ങള്‍‌ക്കും പുതുവര്‍‌ഷം നേരുന്നു...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരെണ്ണം ആ നെറ്റീടെ മോളിലു കാണുന്ന ഗ്ലാമറസ് ഏരിയായിലോട്ട് പൂശട്ടെ. കുറു അണ്ണനും മോശാവുമോന്ന്(നന്നാവലുഎന്ന് പറഞ്ഞാ വെള്ളമടി തൊടങ്ങലല്ലേ) നോക്കാം.

ഇതു വായിച്ച് ആരും സാന്‍ഡോയ്ക്കിട്ട് എറിയരുത്. [കൊലപാതകക്കേസാവുമെന്ന് കരുതീട്ടല്ല എന്തിനാ ഒരു കല്ല് വേസ്റ്റാക്കുന്നത്]

കുട്ടിച്ചാത്തന്‍ said...

പറയാ‍ന്‍ മറന്നു --പുതുവത്സരാശംസകള്‍

Sumesh Chandran said...

ഹഹഹഹ.. കലക്കി..
“ആന്റ്റപ്പചരിതം എഴുതിക്കൊണ്ടിരിയ്ക്കുന്നു, ശൂ...” ന്നുള്ള ജി-ടാക്ക് സ്റ്റാറ്റസിലെ ആ “ശൂ” ഇപ്പഴാ ട്ടോ മനസ്സിലായേ.. ദേഹാത്തൊന്നും കൊള്ളാതെ പോയത് എന്റെ ഭാഗ്യം !!!

ഈ പോസ്റ്റ് “ഭര്‍ത്താവേഴ്സ് ഓണ്‍ലി” ആണെന്നൊന്നെഴുതി വയ്ക്കണേ... എന്താന്നുവച്ചാ, എനിക്കെപ്പഴും ഇങനെ ഹെല്‍മറ്റും വച്ചോണ്ട് നടക്കാന്‍ പറ്റില്യാ.. ദന്നെ... :)

സൂര്യോദയം said...

കുറുമാന്‍ ജീ... കലക്കീട്ടാ... പക്ഷെ, ആന്റപ്പേട്ടന്റെ ആദ്യത്തെ ചേഞ്ച്‌ ഇതുപോലെ വല്ല ഏറും കൊണ്ടത്‌ തന്നേ?? :-)

പുതുവല്‍സരാശംസകള്‍...

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

രാഗേഷിനും കുടുംബത്തിനും ഹൃദയപൂര്‍വം സ്നേഹത്തിന്റെ ഭാഷയില്‍ ഒരു പുതു വര്‍ഷം നേരുന്നു.. !
പുതുവര്‍ഷത്തിലും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് കഥകളാക്കി സഹൃദയ സമക്ഷം അവതരിപ്പിക്കാന്‍ രാഗേഷിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു !

സുല്‍ |Sul said...

ഹഹഹ
കുറു അങ്ങനെ ആന്റപ്പേട്ടന്‍ പിന്നെം ആന്റപ്പേട്ടനായി.
ഇനിയെന്നാണാവോ ചാവാലിപട്ടി വേലിനുഴയുന്നത്
ഇനിയെന്നാണാവോ മേരിചേചി കല്ല്ലെറിയുന്നത്
ഇനിയെന്നാണാവോ കല്ലിന് ചക്കും തുറുവും തിരിച്ചറിയാതാവുന്നത്
ഇനിയെന്നാണാവോ ക്രിക്കറ്റ് മത്സരം.
2008 ല്‍ ഉണ്ടാവുമോ?

2008 പുതുവത്സരാശംസകള്‍!!!

-സുല്‍

പൊതുവാള് said...

മാനേ...കുറുമാനേ...:)

എന്നും ഇങ്ങനെത്തന്നെ എഴുതാന്‍ പറ്റണേല്‍
ഒരു ഹെല്‍മറ്റ് വെച്ചു നടക്കുന്നത് നന്നായിരിക്കും
കറാമയിലൊക്കെ പിള്ളാര്‍ റോട്ടിലും ക്രിക്കറ്റു കളിക്കുന്നതു കാണാം ചിലപ്പോഴൊക്കെ.

പന്തു കുറൂന്റെ നേരെയെങ്ങാന്‍ വന്നാല്‍ നഷ്ടം ഞങ്ങള്‍ക്കാ.....

നന്നായിട്ടുണ്ട് ആന്റപ്പചരിതം..

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

Binu said...

കുറുമാനെ,

എല്ലാ പോസ്റ്റുകളും മുടങ്ങതെ വായിക്കാറുണ്ടു. പല വട്ടം.

വളരെ വളരെ ഇഷ്ടപ്പെട്ടു. മുടങ്ങതെ എഴുതണെ. സമയക്കുറവു ഒന്നു മാത്രം കൊണ്ടാണു പ്രത്യേകം കമന്റ്‌ ഇടാന്‍ പറ്റാത്തതു.

താങ്കള്‍ക്കും കുടുംബത്തിനും ഐശ്വര്യ പൂര്‍ണ്ണമായ നവവല്‍സരാശംസകള്‍!

കൃഷ്‌ | krish said...

എരുമമേരി ഇനിം ചാവാലിപ്പട്ടിക്ക് എറിയും, അത് കൃത്യമായി ആന്റപ്പേട്ടന്റെ തലേത്തന്നെ കൊള്ളണേ എന്നാരിക്കും മേരീടെ പ്രാര്‍ത്ഥന.

കുറു, വര്‍ഷാന്ത്യ പോസ്റ്റ് കലക്കി.
അപ്പോ താനാരൊ..താനാരോ.. തൊടങ്ങ്യോ..

അഭിലാഷങ്ങള്‍ said...

സമയം 5.30 PM

നാളെ ന്യൂ ഇയര്‍..!
ഓഫീസ് ഓഫാണ്.
ഇപ്പോള്‍ ബിസ്സിയുമാണ്..
എന്നലും, ഇന്ന് തന്നെ വായിക്കാം.
കഥ വായിച്ചു.
കുറച്ച് ഇഷ്ടപ്പെട്ടു. കുറേ ഇഷ്ടപ്പെട്ടില്ല.
അവസാനം അങ്ങ് അത്ര ഗുമ്മാകാത്തപോലെ.

സമയം 5.45 PM

എന്താ ആക്ച്വലി പ്രോബ്ലം?
പകുതിമുതല്‍ വീണ്ടും വായിച്ചു.
ഇപ്പോള്‍ സംഭവം കത്തി മോനേ കത്തി! മേരിച്ചേടത്തിയുടെ ആ ഏറ് ആന്റെപ്പേട്ടന്റെ തലയുടെ മെഡുലോ‍ഒബ്ലാങ്കറ്റ യുടെ സമീപപ്രദേശങ്ങളിലെവിടെയോ കൊണ്ടതിനാലാണ് തലയിലെ ഏതോ നട്ട് അല്പം ഇളകി പുള്ളി നല്ലകുട്ടിയയത് എന്നും അവസാനം, നേരത്തേ ഏറ് കൊണ്ടിരുന്ന തലമണ്ടയിലെ ആ ഏറിയായില്‍ ക്രിക്കറ്റ് ബോള്‍ കൊണ്ടപ്പോള്‍ നേരത്തേ സ്ഥനചലനം സംഭവിച്ച ആ നട്ടും കൂടെയുണ്ടായിരുന്ന ബോള്‍ട്ടും പൂര്‍വ്വസ്ഥിതിയിലായി.. അതോടൊപ്പം ആന്റപ്പേട്ടനും പൂര്‍വ്വസ്ഥിതിയിലായി! -എന്നും മനസ്സിലായത്.

ഇപ്പോള്‍, സംഭവം എനിക്ക് ഇഷ്ടപ്പെട്ടു.

ഗുണപാഠം: ഫുള്‍ ഫ്രീയായിരിക്കുന്ന സമയങ്ങളില്‍ മാത്രം മനസ്സിരുത്തിവായിച്ചാലേ വല്ലതും മണ്ടയില്‍ കയറൂ! അല്ലേല്‍ തലക്ക് ഏറ് കൊണ്ടില്ലേലും മെഡുലോ‍ഒബ്ലാങ്കറ്റ ഏറിയായില്‍ ചിന്തകള്‍ ബ്ലോക്കായിക്കിടക്കും.

ജാഗ്രതൈ!

അഭിലാഷങ്ങള്‍ said...

ദാ ഞാന്‍ പിന്നേം വന്നു.

എനിക്കിഷ്ടപ്പെട്ട ഒരു ലൈനിവിടെ കോട്ടിക്കോട്ടേ..?

"ഇപ്പോഴെങ്കിലും വരാന്‍ തോന്നിയല്ലോന്ന് ചോദിച്ച് ആന്റപ്പനെ കെട്ടിപുണരുവാന്‍ കുരിശില്‍ കിടന്ന യേശുനാഥന്‍ വെമ്പിയെങ്കിലും സാഹചര്യങ്ങളുടേയും, ആണികളുടേയും സമ്മര്‍ദ്ധം മൂലം കര്‍ത്താവ് ആ ശ്രമം ഉപേക്ഷിച്ചു."

ഗുപ്തന്‍ said...

വൈകുന്നേരം വരുമ്പം ഇതു വായിച്ച് ആരേലും ചാവാലിപ്പട്ടിക്കിട്ട്(എന്നമട്ടില്‍)ചാമ്പാതേ സൂക്ഷിച്ചോളൂട്ടൊ...


ആ‍ാപ്പീ ആപ്പീ...ന്യൂ ഈയര്‍....

മുക്കുവന്‍ said...

ഹ,ഹ കലക്കി..
കുറുമാനേ..നവവത്സരാശംസകള്‍..

കുട്ടന്‍സ്‌ | S.i.j.i.t.h said...

കുറുഗുരോ
പുതുവത്സരാശംസകള്‍....

-കുട്ടന്‍സ്

ആസ്വാദകന്‍ said...

കുറുജീ

ഹി ഹി ഹി. ആക്കിയതല്ല കേട്ടോ ശരിക്കും ചിരിച്ചതാ . കലക്കി. പുതുവത്സരാശംസകള്‍.

sandoz said...

കുറുമയ്യോ....
ഈ ആന്റപ്പനെന്ന പേരുകാരൊക്കെ ഇങനെയാണോ....
എന്തായാലും2007ഇലെ അവസാന പോസ്റ്റ് ഒരു വെടിക്കെട്ട് തന്നെ....
അപ്പോള്‍‍ പുതുവത്സരാശംസകള്‍...

നിഷ്ക്കളങ്കന്‍ said...

കുറുമാന്‍സ്,
താങ്ക‌ളുടെ എഴൂത്തിന് ആ പഴയ ഒഴുക്കും പഞ്ചും ഒക്കെ പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്നിരിയ്ക്കുന്നു. നല്ല അമര്‍ന്ന പോസ്റ്റ്!
ഈയ്യിടെ ദുബായിലെവിടെങ്കിലൂം ക്രിക്കറ്റ് കാണാന്‍ പോയപ്പോ‌ള്‍ ആ മനോഹര കഷണ്ടിയില്‍ ഏതെങ്കിലും ലാസര്‍...? ;)
:D

Arun Jose Francis said...

Kurumans... that was really good... was fun reading it...

ആഗ്നേയ said...

കുറുമാന്‍ ജീ,ഇഷ്ടപ്പെട്ട ഭാഗം പറയാന്‍ നിന്നാല്‍ പോസ്റ്റിന്റെ ഏറീയപങ്കും കോപ്പി ചെയ്യണം :-)
തകര്‍ത്തു എന്നു മാത്രം അറിയിക്കട്ടെ.
താങ്കള്‍ക്കും,കുടുംബത്തിനും നന്മ നിറഞ്ഞ പുതുവര്‍ഷം നേരുന്നു..
2008-ല്‍ കൂടുതല്‍ തകര്‍പ്പന്‍ പോസ്റ്റുകള്‍ ഉണ്ടാവട്ടെ.

ശ്രീ said...

ഹ ഹ ഹ.

കുറുമാന്‍‌ജീ...
ആന്റപ്പ ചരിതം തകര്‍‌ത്തു. വൈകാതെ പുള്ളിയെ അടുത്ത മാച്ച് കാണാന്‍‌ വിടുന്നതാണ്‍ ബുദ്ധി, അല്ലേ?
;)

മുസാഫിര്‍ said...

കുറുമാന്‍ ജി,
പുതു വര്‍ഷത്തില്‍ ആണു ഇതു വായിച്ചത്.ഇഷ്ടമായി.
നമ്മടെ ലല്ലു സാറിന്റെ യെം ബി യേ ക്കാര്‍ക്കു ക്ലാ‍സ്സെടുക്കാന്‍ ക്ഷണിച്ചതുപോലെ മേരിച്ചേടത്തിയെ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലേക്ക് വിളിപ്പിച്ചിടുണ്ടെന്നു കേട്ടു .

athkan said...

Daa;lasarey nee a'meryedetheedey thalelatta a'iditthee ittathu.

Shiekh of Controversy said...

അവസാന പോസ്റ്റ് കലക്കി..

പുതുവത്സരാശംസകള്‍...

Friendz4ever // സജി.!! said...

കുറുമാന്‍ മാഷെ നന്നായിരിക്കുന്നൂ.
ഇനിയും പോരട്ടങ്ങനെ പോരട്ടെ....
കൂടെ പുതുവത്സരാശംസകള്‍ നേരുന്നൂ.!!

Typist | എഴുത്തുകാരി said...

രണ്ടായിരത്തി ഏഴിലെ അവസാനത്തെ പോസ്റ്റ് കലക്കി. ഇനി രണ്ടായിരത്തി എട്ടിലെ ആദ്യത്തെ പോസ്റ്റു് വരട്ടെ.

ഉപാസന | Upasana said...

ഇപ്പഴാ കണ്ടത് :(

"പിതാവേ, ദാരപ്പത്? ആന്റപ്പനാ! പണ്ട് പണ്ട്, പത്തമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേദേശം ക്ലാസില്‍
വന്നപ്പോഴാ ആന്റപ്പനെ ഞാന്‍ അവസാനമായി കണ്ടത്. ഇപ്പോഴെങ്കിലും വരാന്‍ തോന്നിയല്ലോന്ന് ചോദിച്ച് ആന്റപ്പനെ കെട്ടിപുണരുവാന്‍ കുരിശില്‍ കിടന്ന യേശുനാഥന്‍ വെമ്പിയെങ്കിലും സാഹചര്യങ്ങളുടേയും, ആണികളുടേയും സമ്മര്‍ദ്ധം മൂലം കര്‍ത്താവ് ആ ശ്രമം ഉപേക്ഷിച്ചു."

"എന്താ ആന്റപ്പാ? മേരിക്കെന്തെങ്കിലും?
മേരിക്കൊരു കൊഴപ്പോല്യച്ഛോ. അവള് ചക്കക്കുരുപോലെ ഓടി നടക്ക്ണ്ട്. കുര്‍ബാനയുടെ സമയമാവുമ്പോഴേക്കും അവളിവിടെ വരും."

ഒരുപാട് കലക്കന്‍ വാചകങ്ങള്‍. കുറുമാന്‍ ഭായ് സൂപ്പറായി.

എന്റെ അടുത്ത പോസ്റ്റിലും ഒരു ആന്റപ്പന്‍ വരാനുണ്ടായിരുന്നു. ഞാനത് ചേഞ്ച് ചെയ്യാന്‍ പോകുന്നു.
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: സാന്റോക്കിട്ട് ചാത്തന്റെ ജാക്കി കലക്കി.ചാത്തന്‍ ഓര്‍മിപ്പിച്ചത് നന്നായി അല്ലേല്‍ ഞാനെറിഞ്ഞേനെ ഓനിട്ട്.

ഹരിയണ്ണന്‍@Hariyannan said...

അമ്മച്ചിയാണെ കുറുമാനെ...
കലക്കി...കലകലക്കി...

2008-ഉം കലക്കണേ!!

ഗീതാഗീതികള്‍ said...

ആന്റപ്പചരിതം നല്ല രസം പകര്‍ന്നു.

യേശുദേവന്റെ ആ കഷ്ടസ്ഥിതിയാണ് ഏറ്റവും ഇഷ്ടമായത്.

പോങ്ങുമ്മൂടന്‍ said...

രസിച്ച്‌ ചിരിച്ചു.
ചിരിച്ച്‌ കരഞ്ഞു.

കാനനവാസന്‍ said...

പോസ്റ്റ് നന്നായി ...

അങ്ങനെ ചങ്കരന്‍ പിന്നേം തെങ്ങേല്‍ത്തന്നെ ... അല്ലേ........

ദ്രൗപദി said...

ഒരുപാട്‌ ആസ്വദിച്ച്‌ വായിച്ചു കഥ
അഭിനന്ദനങ്ങള്‍
നന്മകള്‍ നേരുന്നു....

ആരോമല്‍ said...

പുലര്‍ച്ചെ ആദ്യം കേള്‍ക്കുന്ന കോഴിയുടെ കൂവലിനെ തലയിലൂടെ പുതപ്പ് വലിച്ചിട്ട് സ്നൂസ്സ് ചെയ്ത് മേരിചേടത്തി പിന്നേം കിടക്കും.

:))

സാക്ഷരന്‍ said...

ആന്റപ്പേട്ടന്റെ ദേവീ സ്മരണ. താനാരോ, തന്നാരോ തക താനാരോ തന്നാരോ...

ശങ്കരന് പിന്നേം തെങ്ങേല് …
നന്നായിരിക്കുന്നു

ബാജി ഓടംവേലി said...
This comment has been removed by the author.
കാര്‍വര്‍ണം said...

കുറുജീ, എന്താ ഇത്ര വല്യ ഗാപ്പുകള്‍. വേഗം വരൂ ബൂലോകത്തെ ഇങ്ങനെ കാത്തിരിപ്പിക്കാതെ.

Rajeeve Chelanat said...

കഥ വായിച്ചു. ആണിയുടെ സമ്മര്‍ദ്ദത്തില്‍ കുടുങ്ങിയ മനുഷ്യപുത്രന്റെ നിസ്സഹായത ഇഷ്ടപ്പെട്ടു. കഥനരീതിയും.

അന്നത്തെ ആ ഹ്രസ്വമായ കൂട്ടിമുട്ടലിന്റെ മധുരം മനസ്സില്‍ ഇപ്പോഴുമുണ്ട്. ഒന്നു കാണണ്ടേ?

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

പ്രിയമുള്ള കുറുമാന്‍,
ഇക്കൊല്ലം ഒരു മാസവും ഏഴു ദിവസവും കൊഴിഞ്ഞുപോയിട്ടും എന്തേ ഒരു പോസ്‌റ്റും ഇടുന്നില്ല? കഴിഞ്ഞ കൊല്ലത്തെ പോസ്‌റ്റ് ആണല്ലോ കാണുന്നത്? ജോലിത്തിരക്കിലും എന്തേലുമൊന്നിടാന്‍ ശ്രമിക്കു, താങ്കളുടെ കഥനരീതി വായിക്കുവാന്‍ വെമ്പല്‍ കൊണ്ട് വേമ്പനാട്ടുകായലില്‍ ഓളം തള്ളുന്നപോലെ മനസ്സില്‍ തിരതല്ലാന്‍ തുടങ്ങി... :)

തല്ലുകൊള്ളി said...

സ്വസ്തി.....
മഷെ.. കലക്കി.
നല്ലോണം ആസ്വദിച്ചു.

Abdul Hakeem said...

aaswadichu vaayichu..........valare nannaayi ezhuthi....:)