Thursday, September 26, 2013

"ജീ" സ്പോട്ട്

പണ്ട് പണ്ട് പണ്ടൊരിക്കല്‍...

കൃത്യമായി പറഞ്ഞാൽ, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയേഴിൽ....

അല്പം കൂടെ വ്യക്തമായി പറഞ്ഞാൽ .... ദില്ലിയിലെ ഏഴെട്ടു വർഷത്തെ ജീവിതവും കഴിഞ്ഞ്, യൂറോപ്പ് സ്വപ്നം മടക്കികെട്ടി നാട്ടിൽ വന്ന് കാലാട്ടിയിരിക്കാറുള്ള ആ കാലഘട്ടത്തിൽ ആകുന്നു മനസ്സിനെ ഒരുപാടൊരുപാട് വിഷമിപ്പിച്ച അതിനേക്കാളേറെ ചിന്തിപ്പിച്ച ഈ സംഭവം നടക്കുന്നത്!

എന്നത്തേയും പോലെ, പല്ലുതേപ്പ്, കുളി, ചായകുടി, പ്രാതൽ എന്നിവക്കുശേഷം ഉമ്മറക്കോലായിലിരുന്ന് കാലാട്ടികൊണ്ടുള്ള പത്രപാരായണം അവസാനിപ്പിച്ചത് പുണ്യാളൻ തോമസേട്ടന്റെ കോളേജിലേക്കുള്ള അവസാന മാടപ്രാവും പറന്നു പോയതിനുശേഷമാണു.

സമയം ഒമ്പതാകുന്നതേയുള്ളൂ. ഇന്നത്തെ പരിപാടികൾ എന്ത്?  മനസ്സിന്റെ അറകൾ മൊത്തം അരിച്ചുപെറുക്കി, ഡയറി തപ്പിയെടുത്ത് മലർത്തി നോക്കി.  ഉച്ചക്കുള്ള ഊണു, വൈകീട്ട്, മാടപ്രാക്കളുടെ പടിഞ്ഞാട്ടിറക്കസമയത്തുള്ള കാപ്പികുടി, രാത്രിയിലെ അത്താഴം.  ഇത്രയുമെ ഡയറിയിൽ കുറിച്ചുവച്ചിട്ടുള്ളൂ...കുറിക്കാനും അത്രയുമേയുള്ളൂ.

ഇനി മുന്നോട്ടെന്ത്?  ഉച്ചയൂണു വരെയുള്ള സമയം എങ്ങിനെ കളയും?  ആലോചിക്കും തോറും കണ്ണിൽ ഇരുട്ട് പടരാൻ തുടങ്ങി....വായ അനങ്ങികൊണ്ടിരുന്നാൽ കണ്ണിലിരുട്ടുപകരുന്നതിനൊരുശമനം വരുമെന്ന് ശ്രീ ശ്രീ അനുഭവ് ഗുർ പറഞ്ഞതു പ്രകാരം മൂടൂം തട്ടി കോലായിൽ നിന്നെഴുന്നേറ്റു മുറിയിലേക്ക് നടക്കും വഴി ഡൈനിങ്ങ് ടേബിളിൽ അടച്ചു വച്ചിരുന്ന ഇഡ്ഡലിപാത്രത്തിൽ നിന്നും ഒരേ ഒരു ഇഡ്ഡലി ചട്നിയിൽ കൂട്ടി അണ്ണാക്കിലേക്ക് തട്ടി...

ഹൗ എന്തൊരെരിവ്!!

രാവിലെ എട്ടൊമ്പത് ഇഡ്ഡലി ചട്നിയിൽ ആറാട്ടുമുങ്ങി എഴുന്നള്ളിച്ചപ്പോൾ തോന്നാത്ത എരിവ് ഇപ്പോൾ എന്താണാവോ എന്ന് ശങ്കിയ്ക്കാൻ തുടങ്ങിയപ്പോഴേക്കും ഈച്ചയാർക്കാതിരിക്കാൻ പ്ലാസ്റ്റിക്ക് കൂടകൊണ്ടു മൂടിവച്ചിരിക്കുന്ന 24 കാരറ്റ് തങ്കതനിമയാർന്ന നേന്തപഴപടല കണ്ണിലുടക്കി...കണ്ണുവിടർന്നു...പൊതുവെ പുറത്തേക്കുന്തിയ കണ്ണുകൾ ഒന്നുകൂടെ പുറത്തേക്ക് തള്ളി.

ഘർ കാ മുർഗീ ദാൽ ബരാബർ....ജൂം ബരാബറു ജൂം ബരാബർ.........പടലയിൽ നിന്നും ഒരു നേന്ത്രനെ മെല്ലെ അടർത്തിയെടുത്ത് തൊലിയുരിച്ച് മെല്ലെ മെല്ലെ ആസ്വദിച്ചങ്ങിനെ കടിച്ചരച്ചിറക്കുന്നതിനിടയിൽ ഗേറ്റിൽ നിന്നും ബൈക്കുകളുടെ നിറുത്താത്ത ഹോണടി....

സ്വസ്ഥമായൊരു നേന്ത്രപഴം കഴിക്കാൻ പോലും സ്വാന്തന്ത്ര്യമില്ലല്ലോ ഭഗവാനേയെന്ന ആത്മനോടൊപ്പം പഴത്തേ മൊത്തത്തിലണ്ണാക്കിലേക്ക് തള്ളിയിറക്കി....അടച്ചുവച്ചിരിക്കുന്ന കരിങ്ങാലിവെള്ളം ഗ്ലാസിലേക്കൊഴിച്ച് ഒരിറക്ക് കഴിച്ച് പഴത്തിനെ ആമാശയത്തിലേക്കുള്ള വഴിയിലേക്ക് യാത്രയാക്കിയതിനുശേഷം ഗേറ്റിലേക്ക് നടന്നു.

ആഹാ...എല്ലാരുമുണ്ടല്ലോ...ജോഷി, സഞ്ജയ്, ശിവൻ, ദീപക്ക്, കാംബ്ലി!!  എന്താ രാവിലെ തന്നെ?

നമുക്കിന്നു ഈച്ച്യേ പോയാലോന്നൊരാലോചന...പൂവല്ലേ?

പീച്ചിലിക്കാ? ഈ വെളുപ്പാൻ കാലത്താ? 

പീച്ച്യല്ലഡാ...ബീച്ച്യേ പൂവാന്ന്.....

ഇപ്പോഴല്ലാ....എല്ലാരടേം വീട്ടിലൊക്കെ പോയി തോര്‍ത്തുമുണ്ടൊക്കെ എടുത്ത് വരുമ്പോഴേക്കും മണി പതിനൊന്നു കഴിയും...

എങ്കില്‍ പൂവാം..ഞാന്‍ റെഡി.....ദേ ഞാന്‍ തോര്‍ത്ത്മുണ്ടെടുത്തിട്ടിപ്പോ വരാം.......

നീ ഉള്ള്യേ പോവാന്‍ വരട്ടെ..........കയ്യിലെത്ര ജോര്‍ജൂട്ടിണ്ട്?  അഞ്ച് പേരും ഒരുമിച്ചായിരുന്നു ചോദ്യമെറിഞ്ഞത്?  എന്തൊരൊരുമ!!

ഒരു പത്തിരുന്നൂറുറുപ്യ കാണും.....

അമ്മോട് ചോദിച്ച് ഒരഞ്ഞൂറൊപ്പിക്കറാ........വീണ്ടും കോറസ്സ്...

ഉവ്വവ്വാ....കയ്യിലിരിക്കണ ഇരുന്നൂറു തന്നെ മില്‍മക്കാരന്‍ വന്നാല്‍ കൂപ്പണ്‍ വാങ്ങാനായി തന്നിട്ടുള്ളതാ....

വീട്ട്യേകേറി തോര്‍ത്തുമുണ്ടൊക്കെയെടുത്ത് കവറിലിട്ടു..... ഇനി അണ്ടനൊരെണ്ണം വേണം.  ഹൗ തുളയില്ലാത്ത ഒരെണ്ണം കിട്ടാൻ പെട്ട പാട്!  ഇതിലും ഭേദം കിണറ്റിനുമുകളിൽ പ്ലാവില വീഴാതിരിക്കാൻ കെട്ടിയിരിക്കുന്ന വലയുടെ കഷ്ണം മുറിച്ചു കയ്യിൽ കരുതകയാ!

അമ്മേ ഞാന്‍ ബീച്ചുവരെയൊന്നു പോയിട്ട് വരാംട്ടാ...

രാവിലെ തന്നെ തെണ്ടാന്‍ ഇറങ്ങിക്കോ...ഇന്നലെ തൊട്ട് കടയില്‍ പോവാന്‍ പറഞ്ഞിട്ട് നീ പോയാ?  കടേപോയി വന്നിട്ട് പോയാല്‍ മതി എങ്ങട്ടാച്ചാ....

ഒരു നല്ലകാര്യത്തിനു പോകുമ്പോ പിന്നീന്ന് വിളിക്കാന്‍ പാടില്യാന്നറിയില്ല്യേ അമ്മേന്നും ചോദിച്ച് ഞാന്‍ സ്കൂട്ടായി.

വെശ്ക്കൂണു, വെശ്ക്കൂണൂ, എന്തൂട്ടാമ്മേ കഴിക്കാന്‍ ന്ന് ചോദിച്ച് നീ ഇങ്ങട്ട് വാ....ഇന്ന് പച്ചച്ചോറുണ്ട് കിടക്കാം മോന് എന്ന അമ്മയുടെ ഭീഷണി കേള്‍ക്കാത്തത് പോലെ ഗെയിറ്റടച്ച് പുറത്തിറങ്ങി.

ഓരോരുത്തരുടേയായി വീടുകളിൽ കയറി, തോര്‍ത്തുമുണ്ടും, അമ്മമാരെ മണിയടിച്ച് അത്യാവശ്യം കാശും മറ്റും സംഘടിപ്പിച്ച് പെരിഞ്ഞനം കടപ്പുറത്തേക്കൂള്ള യാത്രതിരിച്ചു.

മൂന്നുപീടികയിലെത്തിയപ്പോഴേക്കും സമയം പന്ത്രണ്ടാകുന്നു.....നല്ല ചൂട്...........

മൂന്നുപീടികയിലെത്തിയാൽ, ദാഹശമനിയടിച്ചിട്ടാവാം  ബീച്ചിലോട്ടുള്ള യാത്ര എന്ന് മുന്നേ തീരുമാനിച്ചിരുന്നത് പ്രകാരം ബൈക്കുകൾ എല്ലാം തന്നെ തണ്ണീർപന്തലിന്നു പുറത്തെ മതിലിന്നരികിൽ ഒതുക്കി വച്ച് ആറുപേരുടെ കയ്യിലുള്ള പൈസയെല്ലാം ഒന്നുകൂടെ എണ്ണിതിട്ടപെടുത്തി..  .കൊള്ളാം, ദാഹം മാറ്റാൻ മാത്രമല്ല അത്യാവശ്യം വിശപ്പിനും ശാന്തിവരുത്താം.

ദാഹത്തിനൊരു ശമനവും, വിശപ്പിനൊരു ശാന്തിയും കൈവരിച്ചപ്പോഴേക്കും സമയം മൂന്നര!! ബില്ലൊക്കെ സെറ്റിൽ ചെയ്ത് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് ഒരു ഇരുന്നൂറുമീറ്റർ തികച്ചോടിയിട്ടില്ല.....അതാ വളവിൽ നീട്ടിയ ഒരു കൈ!  കയ്യിൽ നിന്നും കണ്ണുകൾ മുകളിലോട്ട്.......കാക്കിയിട്ട, തൊപ്പി വച്ച മനുഷ്യൻ!  അതിനു പിൻപിലായി കാക്കിയിട്ട മൂന്നാലു മനുഷ്യന്മാർ വേറെയും...ബാക്ക് ഗ്രൗണ്ടായി ഒരു നീല ജീപ്പ്!!  സംശയമില്ല, പോലീസ് തന്നെ!
  
പണ്ടാരം!!

ബാറിനുമുന്നിലുള്ള വളവിൽ നിൽക്കുന്നവർക്ക് ബാറിൽ നിന്നിറങ്ങിവരുന്നവരെ കാണാം, പക്ഷെ ഇറങ്ങിവരുന്നവർക്ക് വളവിൽ നിൽക്കുന്നവരെ കാണാൻ പറ്റില്ല....സ്കോട്ട്ലാന്റ് യാർഡ് പോലീസിനുപോലും അറിയാത്ത വിദ്യകളാ മ്മടെ കേരള പോലീസിന്റെ കയ്യിൽ!

വണ്ടിയൊതുക്ക്....

പിന്നിലിരുന്ന ഞാനടക്കമുള്ള മൂന്ന് പേർ വണ്ടിയിൽ നിന്നിറങ്ങി ഒതുങ്ങിനിന്നു...

വണ്ടിയോടിച്ചിരുന്ന മൂന്നു പേർ വണ്ടിയൊതുക്കി സ്റ്റാന്റിട്ട് സൈഡായി...
വണ്ടീടെ പേപ്പറും, ലൈസസൻസുകളുമൊക്കെ വാങ്ങി എല്ലാം ശരിയാണെന്നുറപ്പായപ്പോൾ....വണ്ടിയുടേ ചാവികൾ ഊരിയെടുത്തു.  ശരി എല്ലാരും മതിലകം പോലീസ് സ്റ്റേഷനിലേക്ക് വാ, ബാക്കി സാറു തീരുമാനിക്കും (ഇപ്പോഴാണെങ്കിൽ ജോപ്പന്റെയോ, ജിക്കുവിന്റേയോ എന്തിനു മുഖ്യന്റെ പേരെങ്കിലും പറഞ്ഞു തടിതപ്പാമായിരുന്നു).

ജീപ്പിൽ കയറി ഏമാന്മാർ അവരുടെ പാട്ടിനു പോയി.....

ദൈവമേ പണിയായല്ലോ?  ഓട്ടോ പിടിച്ച് മതിലകം സ്റ്റേഷനിൽ പോകാനുള്ള കാശുണ്ട്.  പോകാതിരിക്കാനാകില്ലല്ലോ? 

രണ്ട് ഓട്ടൊ പിടിച്ച് ഞങ്ങൾ നേരെ സ്റ്റേഷനിലേക്ക് വിട്ടു. 

സ്റ്റേഷനിൽ ചെന്നപ്പോൾ വണ്ടിയുടെ ചാവിയെടുത്ത ഏമാന്മാരൊക്കെ തന്നെ അവിടെയുണ്ട്....ഞങ്ങളെ കണ്ടതും പറഞ്ഞു, സാറിവിടില്ല....  പുറത്ത് വെയിറ്റ് ചെയ്യ്.

കാത്തിരുന്തേൻ കാത്തിരുന്തേൻ എന്ന പാട്ട് പലകുറി പാടിയിട്ടും, നേരമേറെയായിട്ടും......കണ്ണനവൻ വന്നില്ല തോഴിമാരെ....

എല്ലാരും വാ....വിളിവന്നു...

ദേ സാറിന്റെ മുറിയിലേക്ക് കയറിക്കോ....

തലപരമാവധി കുനിച്ച് (തൊപ്പിയില്ലായിരുന്നു ഊരാൻ) ഭവ്യതയോടെ ഞങ്ങളാറുപേരും ഉള്ളിൽ കയറി.

എസ് ഐ ഏമാനെ ഞാൻ ഏറുകണ്ണിട്ടൊന്നു നോക്കി....

ഹാവൂ ആശ്വാസം...

സുമുഖൻ, സുന്ദരൻ, സൗമ്യശീലൻ അതുമല്ലെങ്കിൽ പ്രസന്നൻ ഇവയിലേതെങ്കിലുമാവും പേരെന്നുറപ്പാ...

വെള്ളമടിച്ചിട്ടാണോടാ നീയൊക്കെ വണ്ടിയോടിക്കുന്നേ....സൗമ്യമായി തന്നെയാണു ചോദ്യം.

അത് സാറെ....ലവന്മാർ അഞ്ച് പേരും നിന്നു പരുങ്ങി....

കണ്ട്രി ഫെല്ലാസ്..

സൗമ്യശീലനെ കയ്യിലെടുക്കാൻ അത്രക്ക് പ്രയാസം വരില്ല....ദില്ലിയിൽ പോലീസുകാരുമായുള്ള ഇടപഴകലിൽനിന്നൊക്കെ നേടിയ പരിജ്ഞാനം വച്ച് ഞാൻ കരുതി, ചെറുതായൊന്നു മന്ദഹസിച്ചുകൊണ്ടു ഞാൻ അദ്ദേഹത്തെ നോക്കി...പോക്കറ്റിനുമുകളിൽ ഉള്ള ബാഡ്ജിൽ പേരെഴുതിയിരിക്കുന്നു.  രാജീവ്. ഒന്നു പയറ്റുക തന്നെ, മാത്രമല്ല ലവന്മാരുടെ മുൻപിൽ എന്റെ ഹിന്ദി ആക്സന്റ് ഒന്നു വിളമ്പാൻ കിട്ടിയ അവസരം കളയരുതല്ലോ?

രാജീവ് ജീ, അത് ഞങ്ങൾ....

പ്ഫ പുല്ലേ....@#$%%%$$#  മോനെ....ആരാണ്ടാ നിന്റെ രാജീവ്ജി? 

അവന്റെ@@### ഒരു ജീ!

ദൈവമേ.. ഈ "ജീ" ചേർത്തുള്ള വിളി ഇത്ര മോശമായിരുന്നെങ്കിൽ പാവം ഗാന്ധിജി എന്തോരം വിഷമിച്ചിട്ടുണ്ടാകും എന്നാത്മൻ!!
 

28 comments:

കുറുമാന്‍ said...

"ജീ" സ്പോട്ട്


psc said...

good

psc said...

good

Cv Thankappan said...

രാജീവ് ജീ എന്നുകേട്ടപ്പോള്‍ എസ്.ഐ.സാര്‍ തെറ്റിദ്ധരിച്ചിരിക്കും.
നന്നായി എഴുതിയിട്ടുണ്ട്.
ആശംസകള്‍

kARNOr(കാര്‍ന്നോര്) said...

നാരിയൽ കാ പാനി ലാവോ ന്നും പറയാർന്നില്ലേ?

Njan Gandharvan said...

നന്നായി. ഇനി മുടങ്ങാതെ എഴുതൂ.
ആശംസകൾ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹഹഹ  സ്പൊട്ട് ഇപ്പൊ വരും വരും എന്ന് വിചാരിച്ചിട്ട് അവസാനം ആക്കിയതാണല്ലെ കൊച്ചു കള്ളാ :)

jayanEvoor said...

കുറുമാൻ റോക്ക്സ് എഗൈൻ!

tusker kombans said...

ഉള്ളത് പറഞ്ഞാല്‍ വിശ്വവിഖ്യാതമായ ആ ജീ സ്പോട്ട് (ലത്‌ തന്നെ) ആണോന്ന്‍ വിചാരിച്ചു വന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടേ.

ഉഗ്രനായിട്ട്ണ്ട് 'കുറു'ജീ

Anonymous said...

sathyam parayallo kuru, aake motham oru echu kettal.. athra poraa..

Rajesh Nbr Karakode said...

തുളയില്ലാത്ത ഒരെണ്ണം കിട്ടാൻ പെട്ട പാട് ..ഹ എ ഹ ഇഷ്ടായിട്ടോ .. :)

അനില്‍ശ്രീ... said...

:)

കാസിം തങ്ങള്‍ said...

കേരള പോലിസിന്റെ മുമ്പില്‍ എന്ത് ഹിന്ദിയും ജി യുമൊക്കെ.
നന്നായി, ആശംസകള്‍.

Sony Dith said...

ഉഗ്രന്‍ തന്നെ സമ്മതിച്ചു ചിരിക്കാന്‍ ഉള്ള വകുപ്പുണ്ട് ...........

Shashi Chirayil said...

“വീട്ട്യേകേറി തോര്‍ത്തുമുണ്ടൊക്കെയെടുത്ത് കവറിലിട്ടു..... ഇനി അണ്ടനൊരെണ്ണം വേണം. ഹൗ തുളയില്ലാത്ത ഒരെണ്ണം കിട്ടാൻ പെട്ട പാട്! ഇതിലും ഭേദം കിണറ്റിനുമുകളിൽ പ്ലാവില വീഴാതിരിക്കാൻ കെട്ടിയിരിക്കുന്ന വലയുടെ കഷ്ണം മുറിച്ചു കയ്യിൽ കരുതകയാ!“ ---കുറു ഫോമിലേക്ക് വന്നു! ഇനി ബാക്കീള്ളോരും വാ.....നൈസ് ട്ടാ !!

അഡ്വ. സക്കീന said...

കുറുമാൻ ജീ, തിരിച്ചു വരവ് ഉഗ്രാൻ, സുഖം തന്നെ അല്ലേ .......

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കുറൂമാൻ ജി .. കലക്കി. :) അടുത്തത് വരട്ടെ

മാണിക്യം said...

കുറുമാനേ ഈ തിരിച്ചു വരവ് പടക്കം പൊട്ടിച്ചു തന്നെ ആഘോഷിക്കുന്നു.
കുറുമാന്‍റെ കഥകള്‍ ഇനിയും 'ബുലോകത്ത്' പെയ്തിറങ്ങട്ടെ..
ആശംസകള്‍ :)

sunilraj said...

good

വിനുവേട്ടന്‍ said...

കുറുമാൻ‌ജീ... വീണ്ടും ബ്ലോഗിൽ ആക്ടീവ് ആകാൻ തീരുമാനിച്ചു അല്ലേ? സന്തോഷം... ഇനി ആ വിശാൽജിയേയും ദിൽബാസുരൻ‌ജിയെയും ഒക്കെ ഒന്ന് പുകച്ച് പുറത്ത് ചാടിക്കാൻ പറ്റുമോ എന്ന് നോക്കണം...

അല്ല... എന്നിട്ട് അവിടെ നിന്നും എങ്ങനെ സ്കൂട്ടായി? അതു പറഞ്ഞില്ലല്ലോ...

sy@m said...

കുറു 'ജീ' തകര്‍ത്തൂട്ടോ... തല കണ്ടപ്പോള്‍ നോം ശ്ശി പ്രതീക്ഷിച്ചു... പക്ഷേ സാരല്യ... ആ ജീ വിളി ക്ഷ ബോധിച്ചു...

കാഴ്ചകളിലൂടെ said...

നന്നായി, ആശംസകള്‍

വിചാരം said...

നമ്മുടെ ആ പഴയ ടീം ഒരിക്കൽ കൂടി ബ്ലോഗിൽ സജീവമാവണം ... നിങ്ങളൊക്കെ പോയപ്പോ മനസ്സിലെ കാര്യങ്ങൾക്ക് ഉറവ വറ്റിയത് പോലെയായിരിന്നു , സജീവതക്ക് വേണ്ടി എന്തല്ലാമോ കുറിച്ച് എന്നല്ലാതെ കാര്യമായി ഒന്നും എഴുതാനാവാതിരുന്നതും എല്ലാവരുടെയും മറക്കിരിക്കൽ ( തൂറാൻ ഇരിക്കൽ അല്ല ഞാൻ ഉദേശിച്ചത് ) എല്ലാവരിലും ഒരു നിസംഗത വന്നു , ബ്ലോഗിൽ എന്നും സജീവമായിരുന്ന നമ്മുടെ വിശ്വേട്ടൻ, മുസ്തഫ, വിശാല മനസ്ക്കാൻ , ദില്ബാൻ , ശ്രീജിത്ത് , മഴ നൂലുകൾ , ഒത്തിരി ഒത്തിരി പേര് എല്ലാവരും സജീവമായി വീണ്ടും ബൂലോഗം ഉണരട്ടെ എന്നിട്ട് വേണം കൈപ്പള്ളിയുമായി ഒന്ന് ഏറ്റുമുട്ടാൻ :)

ശ്രീ said...

FB ഇല്‍ വായിച്ചു.

ഇങ്ങനെ ഇടയ്ക്ക് ബ്ലോഗിലും എഴുതിയിട് കുറുമാന്‍ ജീ...

ajith said...

കുറുമാന്‍ജീ
കൊള്ളംജീ

ധ്വനി (The Voice) said...

അപ്പോള്‍ ഈ 'ജി' ഇത്ര അപകടകരമാണല്ലേ@!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഹൌ...
കുറുമാൻ ‘ജി’ ...!

Abdul Hakeem said...

thakarthuutto............chirich vayyaandaayi