Wednesday, April 23, 2014

ഒരു നല്ല (വീട്ടമ്മ) വീട്ടച്ഛന്റെ ദിനചര്യകൾ

ഏഴരവെളുപ്പിനു മൊബൈലിൽ അലാറം അടിക്കുന്നത് കേട്ടിട്ടും, പതിവുപോലെ, തലയിൽക്കൂടെ കമ്പിളിവലിച്ചിട്ട് തിരിഞ്ഞുകിടന്നുറങ്ങാമെന്നുള്ള വ്യാമോഹത്താൽ തിരിഞ്ഞുകിടന്നിട്ടും അലാറം നിൽക്കുന്നില്ല........എന്താണാവോ കാരണം എന്നാലോചിക്കുന്നതിനു മുൻപേ തന്നെ കാരണം വ്യക്തമായി. നല്ല പാതി തന്റെ പിതാവിനെ അനുഗമിച്ച് ഇന്നലെ നാട്ടിൽ പോയിരിക്കുന്നു.

തലമുടിവാരിക്കെട്ടി എഴുന്നേൽക്കാമെന്നു കരുതാൻപോയിട്ട്, മുടിയൊന്നു കോതിവയ്ക്കാൻ പോലും ഇല്ലാത്തത് കാരണം, കേരളത്തിലെ വയലുകളെപോലെ തരിശായികിടക്കുന്ന തലയിൽ മൃദുവായി ഒന്നു തഴുകി വിഷുവിനു കണികാണാൻ എഴുന്നേറ്റ് നടക്കുന്നത്പോലെ പാതിയടഞ്ഞകണ്ണുമായി അടുക്കളയിലേക്ക് നടന്നു.

ഹൗ സമയം അഞ്ചരകഴിഞ്ഞിരിക്കുന്നു!!

സ്വന്തം കാര്യം സിന്താബാദ്! ആദ്യം തന്നെ ചായക്കുള്ള വെള്ളവും, പാലും സമാസമം ഒഴിച്ച് അടുപ്പത്തോട്ട് കയറ്റി. ഫ്രിഡ്ജുതുറന്ന് മുട്ടകളെടുത്ത് പൊട്ടിച്ച് ബൗളിൽ ഒഴിച്ചു, പൊടിച്ചുവച്ചിരിക്കുന്ന പഞ്ചസാരയും, ഏലത്തരിയും, അല്പം പാലു ചേർത്ത് തട്ടുകടക്കാരൻ മുട്ടദോശയുണ്ടാക്കാൻ പതപ്പിക്കുന്നത്പോലെ സ്പൂണെടുത്ത് അങ്കം തുടങ്ങി......

അയ്യോ ദാണ്ടെ ചായക്ക് വെച്ച പാലുംവെള്ളം തിളച്ചുപൊങ്ങുന്നു. തീകുറച്ച് വെച്ച് ഒരുകഷ്ണം ഇഞ്ചിയെടുത്ത് ചതച്ചിട്ട്, അല്പം ഏലത്തരിയും ചേർത്ത്, ആവശ്യത്തിനു ചായിലയും ചേർത്തപ്പോഴേക്കും സമയം അഞ്ചേമുക്കാൽ. ഒന്നുകൂടെ ഇളക്കി, തീയല്പം കൂടി കുറച്ച് വച്ച് ചെറുതിനെ വിളിച്ചുണർത്താൻ ചെന്നു.

ലൈറ്റിട്ട് എഴുന്നേൽക്കാൻ പറഞ്ഞ് ചെന്ന് കുലുക്കിയപ്പോൾ കണ്ണുതുറന്നൊരുനോട്ടം ക്ലോക്കിലേക്ക്.........ഇറ്റ്സ് ഓൺലി ഫൈവ് ഫോർട്ടി ഫൈവ് അച്ഛാ...വേക്ക് മി അപ്പ് അറ്റ് ഫൈവ് ഫിഫ്റ്റി!!

ഹെന്റമ്മേ അഞ്ച്മിനിറ്റിനു ഇത്രയും വിലയോ?

വീണ്ടും കിച്ചനിലേക്ക്.. തീയണച്ച്, ചായ അരിച്ചെടുത്ത് കപ്പിലേക്കൊഴിച്ച് ഒരു കവിൾ കുടിച്ചപ്പോഴേക്കും സമയം അഞ്ചേ അമ്പത്. വീണ്ടും ചെന്നു ചെറുതിനെ വിളിച്ചെഴുന്നേൽപ്പിച്ചതിനൊപ്പം തന്നെ മൂത്തവളേയും എഴുന്നേൽപ്പിച്ചു......വീണ്ടും അടുക്കളയിലേക്ക്

ചായ ഒരു കവിൾകൂടി മൊത്തി ബ്രെഡ് എടുത്ത് സൈഡൊക്കെ കട്ട് ചെയ്ത്, അടുപ്പിൽ ഫ്രൈയിങ്ങ് പാൻ വച്ച് ചൂടാക്കി, ഓരോ ട്രിപ്പിലും ഈരണ്ട് വീതം വച്ച് മുട്ടയിൽ മുക്കി പൊരിച്ചെടുത്ത് തയ്യാറാക്കി. ബൗളുകളിൽ പാലൊഴിച്ച് അവനിൽ വച്ച് ചൂടാക്കി മേശയിൽ എടുത്ത് വച്ചപ്പോഴേക്കും, യൂണിഫോമൊക്കെ ഇട്ട് മുടിയൊക്കെ സ്വയം പിന്നികെട്ടി കുട്ടികുറുമിയെത്തി.

അവളുടെ നെസ്ക്വിക്ക് പായ്ക്കറ്റെടുത്തപ്പോൾ അത് ഏതാണ്ട് കാലി!

അച്ഛനോട് അമ്മ ഇന്നലെ പോവുന്നതിനുമുൻപേ പറഞ്ഞതല്ലെ എന്റെ കോൺഫ്ലാക്സ് കഴിഞ്ഞു, വാങ്ങണമെന്ന്?

നീ ക്ഷമീ കരളെ, തത്ക്കാലം ചേച്ചിയുടെ കണ്ട്രി കോൺഫ്ലാക്സ് എടുത്തിട്ട് കഴിക്ക്.

ഐ ഡോണ്ട് ലൈക്ക് ഇറ്റ്, യൂ ക്നോ?

ഹൗ........അരിശം വന്നതപ്പടിയെ അടക്കി വച്ച്, വൈകീട്ട് ഫ്രൂട്ടെല്ലാ വാങ്ങിതരാമെന്നൊക്കെ പറഞ്ഞ് അനുനയിപ്പിച്ച് അല്പം കോൺഫ്ലാക്സ് ബൗളിൽ ഇട്ട് കൊടുത്തു.

അപ്പോഴേക്കും മൂത്തവളും യൂണിഫോമൊക്കെയിട്ട് റെഡിയായെത്തിയപാടെ.......വൈ ആർ യു ഈറ്റിങ്ങ് മൈ കോൺഫ്ലേക്സ് എന്നൊരു ചോദ്യത്തോടെ ഇളയതിന്റെ തലയിൽ ഒരു കുത്ത്! ചിണുങ്ങാൻ തുടങ്ങിയ ചെറുതിനെ സമാധാനിപ്പിക്കാൻ കണ്ണടച്ച്കാണിച്ചുകൊണ്ട് മൂത്തവൾക്ക് നേരെ ഒന്നട്ടഹസിച്ചു.

ദൈവമേ......സമയം ആറേ അഞ്ച്! ടോസ്റ്റ് പായ്ക്ക് ചെയ്യാൻ ടിഫിൻ ബോക്സ് തപ്പിയപ്പോൾ കാണുന്നില്ല! എവിടെ മക്കളെ നിങ്ങളുടെ ടിഫിൻ ബോക്സ് എന്ന ചോദ്യത്തിനുത്തരം രണ്ടുപേരും ഒരുമിച്ച് അച്ചാ ഞങ്ങടെ ബാഗിൽ!

എടുത്തുകൊണ്ട് വാടീ എന്നലറിയോ ഇല്ലയോ എന്നോർമ്മയില്ല പക്ഷെ രണ്ട് ടിഫിനും വാഷ്ബേസിനിൽ എത്തി...അത് കഴുകി തുടച്ച്, ടോസ്റ്റുമാക്കി...വാട്ടർബോട്ടിലിലെ വെള്ളം കളഞ്ഞ് റീഫിൽ ചെയ്ത്, ഒരു മാതളനാരങ്ങ മുറിച്ച് കുരുകൾ അടർത്തി രണ്ട് ചെറിയ പാത്രങ്ങളിലാക്കി രണ്ട് പേർക്കും നൽകി.

ഇളയവൾ ബൈ ബൈ പറഞ്ഞ് ആറേ പതിനഞ്ചായപ്പോൾ പോയി....

വലിയത് ടിഫിനൊക്കെ ബാഗിൽ വച്ച്, മുടിയൊക്കെ ഒന്നുകൂടെ ചീകിയൊതുക്കി ബൈ ബൈ പറഞ്ഞ് പോയപ്പോൾ സമയം ആറേ ഇരുത്തഞ്ച്!

ഇനി എന്റെ കാര്യം നോക്കണമല്ലോ? ചായകുടിച്ചിട്ടാകാം ബാക്കി എന്നാലോചിച്ച് ഒരു കവിൾ കുടിച്ചപ്പോൾ നല്ല തണുതണുത്ത ചായ! വാഷ്ബേസിനിൽ അങ്ങിനെ തന്നെ കമഴ്ത്തി.

എന്റെ ലഞ്ച് ബോക്സുകൾ എടുത്ത്, ഫ്രിഡ്ജിൽ നിന്നും ചോറും, കൂട്ടാനും, ഉപ്പേരിയുമൊക്കെ ആക്കി വച്ചു. പല്ലുതേപ്പ്, കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും സമയം ഏഴേകാൽ! പിള്ളാർ കഴിച്ച് ഭാക്കി വച്ചിരുന്ന കോൺഫ്ലേക്സ് രണ്ടു ബൗളിലിൽ നിന്നും ഒന്നിലേക്കാക്കി അത് കഴിച്ചു........മിച്ചം വന്ന രണ്ട് പീസ് ടോസ്റ്റും കഴിച്ച്, ബൗളുകളും, പ്ലേറ്റും, ഫ്രൈയിങ്ങ് പാനുമൊക്കെ കഴുകിവച്ച്, വസ്ത്രം മാറി, ഇട്ടിരുന്ന വസ്ത്രം വാഷിങ്ങ്ബിന്നിലേക്കിട്ടപ്പോൾ അതേതാണ്ടു നിറഞ്ഞിരിക്കുന്നു.....വേഗം അതെല്ലാമെടുത്ത് കൊണ്ട് വാഷിങ്ങ്മെഷീനിലിട്ട്, സോപ്പുപൊടിയും, കംഫർട്ടും ഒക്കെ ഒഴിച്ച്, സ്വിച്ച് ഓൺചെയ്ത്, ലഞ്ചു ബോക്സുമെടുത്ത് ഏഴരക്ക് തന്നെ ഓഫീസിലേക്ക് തിരിച്ചു.

ശേഷം വൈകുന്നേരം അഞ്ച്മണിവരെ സാധാരണപോലെ തന്നെ....

അഞ്ച്മണിയായപ്പോ മോളുടെ ഫോൺ.........അച്ഛാ, ആന്റി ചോദിക്കുന്നു ഇന്നെന്താ വയ്ക്കേണ്ടതെന്ന്?

ഹെന്റമ്മേ കൊല്ല്! ഭക്ഷണം പാചകം ചെയ്യാനല്ല പ്രയാസം.......എന്താണുണ്ടാക്കേണ്ടത് എന്നാലോചിച്ച് തീരുമാനിക്കാനാ പ്രയാസം.....ആഴ്ചയിലാറുദിവസവും മുടക്കമില്ലാതെ ഇതൊക്കെ ഡീൽ ചെയ്യുന്ന നല്ലപാതിയെ നല്ലപോലെയൊന്നു സ്മരിച്ചു. ഫ്രിഡ്ജിൽ ഉള്ളസാധനങ്ങളെകുറിച്ച് ഒരു ഐഡിയ ഉണ്ടായിരുന്നതിനാൽ ഉത്തരവ് ഉടൻ ഇറക്കി....

പടവലങ്ങേം പരിപ്പും കറിയും, ചേന മെഴുക്കുപുരട്ടിയും വയ്ക്കാൻ പറ....ആ മാന്തളെടുത്ത് വറക്കാനും. പിന്നെ ചോറു കുറച്ച് മാത്രം വയ്ക്കാൻ പറഞ്ഞാൽ മതി...ഞാൻ ചോറുകഴിക്കുന്നത് നിറുത്തിയാലോന്ന് ആലോചിക്കുകയാ അമ്മ വരുന്നത് വരെ!

സമയത്തിനു തന്നെ ഓഫീസിൽ നിന്നുമിറങ്ങി. വരുന്ന വഴിക്ക് ഈവനിങ്ങ് സ്നേക്സെന്തേലും വാങ്ങണോന്ന് വിളിച്ചു ചോദിച്ചപ്പോൾ വേണ്ട ഞങ്ങൾ സോസേജ് ഫ്രൈ ചെയ്ത് കഴിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞതിനാൽ ഏഴുമണിയായപ്പോഴേക്കും വീട്ടിലെത്തി.

പതിവുപോലെ വസ്ത്രങ്ങളൊക്കെ മാറി മേലുകഴുകലും, ജപവുമൊക്കെ കഴിഞ്ഞ് തണ്ടലൊന്നു ചായ്ക്കാമെന്നു കരുതിയപ്പോൾ ചെറുത് ചിണുങ്ങാൻ തുടങ്ങി........എന്താ മോളൂ പ്രശ്നം.........ഐ ഹാവ് റ്റു ഡു മൈ ഹോം വർക്ക്.

കുറേയുണ്ടോ?

ഹും...ഒരു സിക്സ് സെവെൻ പേജസ്!

ഏതൊക്കെ സബ്ജക്റ്റ്?

ഹിന്ദി, മാത്സ് & സയൻസ്.

ബൂ ഹ ഹ......നാലാംക്ലാസുകാരിയുടെ ഹോം വർക്കിനു ഹെല്പ് ചെയ്യാൻ പറ്റില്ല്യങ്കിൽ പിന്നെ എന്താ കാര്യം? നീ കൊണ്ട് വാ നമുക്ക് ചെയ്യാം.......

നോട്ടും, ടെക്സ്റ്റുമൊക്കെയായി അവൾ ടേബിളിലിരുന്ന് വിളിയോട് വിളി.... ചെന്നു.........

അച്ഛാ....വെർബ് പറ..........

ഇതേതാ സബ്ജക്റ്റ്?

ഹിന്ദി.

എന്ത് വെർബ്?

ക്രിയ!

പ്രിയയോ? പ്രിയ ഗോവിന്ദൻ, പ്രിയാ ഉണ്ണികൃഷ്ണൻ, പ്രിയമനോജ്.....പിന്നെ ഒരു സുപ്രിയ ഇവരേയല്ലാണ്ട് സത്യമായും ഞാൻ ക്രിയയെ അറിയത്തേയില്ലല്ലോ ദൈവമേ!!!

ഗൂഗിളമ്മച്ചിയെ നല്ലപോലെ സ്മരിച്ച് ഉള്ളുരുകി തപ്പിയപ്പോൾ ഒരു വിധം ഐഡിയകിട്ടി.......സുഗമ പരീക്ഷക്ക് സർട്ടിഫിക്കറ്റ് കിട്ടാൻ സഹായിച്ചതും, ഡൽഹിജീവിതവുമൊക്കെ മൊത്തം കൺസോളിഡേറ്റ് ചെയ്തു ഒരു നാലുവാചകം ഒപ്പിച്ചെടുത്ത് ഹിന്ദി ഹോം വർക്കിനു തിരശീലയിട്ടു.......

അടുത്തത് കണക്ക്!.

പുസ്തകമെടുത്ത് തലങ്ങും വിലങ്ങും നോക്കിയിട്ടും ഒരു പിടിയുമില്ല.......അവസാന ചാൻസ്. ഹെല്പ് ലൈൻ! വൈഫിനെ വിളിച്ചു.........സുഖമാണല്ലോ അല്ലെ?

  അതെ പരമസുഖം! അതൊക്കെ പോട്ടെ എന്താ വിളിച്ചേ? ശവത്തിൽ കുത്തുന്ന ടോണിൽ വൈഫിന്റെ ചോദ്യം.

അവിയുടെ കൺക്ക് ഹോം വർക്ക് ചെയ്യാൻ ഹെല്ല്പ് ചെയ്യാൻ നോക്കിയിട്ടു ഒരു പിടിയുമില്ലാല്ലോ പൊന്നേ..... അതേയോ.....കണക്കായിപോയി! നിങ്ങളല്ലെ പറയാറു നിനക്കെന്താ ഇവിടെ പണി, നിനക്കെന്താ ഇവിടെ പണി ഇപ്പോ അനുഭവിച്ചോ...

ഫോൺ കട്ട് ചെയ്ത് കണക്കുപുസ്തകം അടച്ച് വക്കാൻ കല്പിച്ചു.....

അത് ചെയ്യാതെ സ്കൂളിൽ പോകാൻ പറ്റില്ല്യാന്ന് അവൾ കട്ടായം.......എങ്കിൽ പോകേണ്ടാന്നു ഞാനും.....അവസാനം ഞാൻ ജയിച്ചു....കണക്ക് ഹോം വർക്ക് അവളുടെ ഫ്രന്റിന്റെ ഹെല്പ്ലൈൻ ഉപയോഗിച്ച് അവൾ സ്വയം ചെയ്യാമെന്നേറ്റു...ഹാവൂ സമാധാനം. എന്നു കരുതിയപ്പോൾ അടുത്ത പുസ്തകം മുന്നിൽ........

സയൻസ്......

ആദ്യത്തെ ചോദ്യം

Why do cows have four compartments in their stomachs?

യൂ ടൂ ദൈവമേ!

നാലുമുല എന്തിനാണെന്നാണോ കവി ഉദ്ദേശിച്ചത്? ആയിരിക്കുമോ?

ഇതെന്താ, നാലാം ക്ലാസിലെ കുട്ടികൾക്കുള്ള ചോദ്യമാണോ? പണ്ടരമടങ്ങാൻ, മനുഷ്യനെ നാണം കെടുത്താനായിട്ട്......ഇപ്പോ അമ്മേടെം അച്ഛന്റേം വിവരത്തിനെകുറിച്ചുള്ള ഒരു വിവരം പിള്ളാർക്ക് കിട്ടി........

നീ അമ്മവരുന്നത് വരെ സ്കൂളിൽ പോണ്ട....ബുക്ക് അടച്ച് ബാഗിൽ വച്ച് ഭക്ഷണം കഴിക്കാൻ വാ........സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു.

ചോറുവിളമ്പാൻ പോയ സമയത്ത് മൂത്തവൾ എന്തൊക്കെയോ ഉത്തരം പറഞ്ഞ് കൊണ്ടുക്കുന്നുണ്ടായിരുന്നത് കേട്ടില്ലാന്നു നടിച്ചുകൊണ്ട് ഞാൻ അടുക്കളയിലോട്ട് നീങ്ങി.

ചോറും കറിയും, ഉപ്പേരിയും മീനുമൊക്കെ വിളമ്പി വച്ച് ഒരു നൂറുവിളിവിളിച്ചപ്പോഴാണു ഉണ്ണാൻ രണ്ടുപേരും വന്നത്...ഭാഗ്യം കഴുകാനുള്ള ടിഫിൻ ബോക്സ് കൊണ്ടാണു വരവ്....ഉച്ചക്ക് അതെടുത്ത് വാഷ്ബേസിനിൽ ഇട്ടിരിന്നെങ്കിൽ ഭക്ഷണം ഉണ്ടാക്കാൻ വരുന്ന ചേച്ചി അതുകഴികിയിരുന്നെങ്കിൽ എനിക്ക് രണ്ട് പാത്രം കുറച്ചേ കഴുകേണ്ടിവരുമായിരുന്നുള്ളൂ! എന്തായാലും സാരമില്ല....ഇന്നു രാവിലെ സംഭവിച്ചത് പോലെ നാളെ രാവിലെ തിരക്ക് പിടിച്ച സമയത്താണിതു കിട്ടിയിരുന്നതെങ്കിൽ ഇതിലും കഷ്ടമായേനെ!

മൂത്തവളുടെ ഊണു തുടങ്ങിയിട്ടും ചെറിയത് പ്ലെയിറ്റിൽ കാക്കകോറുന്നത് പോലെ കോറികൊണ്ടിരിക്കുന്നതേയുള്ളൂ..........എന്താടീ കഴിക്കാത്തെ?

ഐ ഡോണ്ട് ലൈക് ദിസ് കറി........എങ്കിൽ ഉപ്പേരിയും, മീനും കൂട്ടി കഴിക്ക്.

ഒരു കഷ്ണം മാന്തൾ പൊട്ടിച്ച് വായിലിട്ടു.......ഹൗ! ഇറ്റ് ഈസ് ടൂ സ്പൈസി......ഐ ഡോണ്ട് വാൻടിറ്റ്...

വേണ്ടെങ്കിൽ ഉപ്പേരി കൂട്ടി കഴിക്ക്..........

ഐ നീഡ് തൈരു.........

എന്റെ വായിൽ തെറി സത്യമായും വന്നു..........മക്കളായിപോയില്ലെ......തൈരെടുത്ത് ഒഴിച്ച് കൊടുത്തു.......എന്നിട്ടും സാ....ന്ന് തന്നെ.....മണി പത്താവാറായിരിക്കുന്നു.......ഇക്കണക്കിനു പോയാൽ അവളുടെ ഊണു കഴിയുമ്പോൾ ഒരു പതിനൊന്നരയെങ്കിലും ആവും.....

പ്ലെയിറ്റ് വാങ്ങി ഞാൻ തന്നെ ഉരുളകൾ ഉരുട്ടികൊടുക്കാൻ തുടങ്ങി.........(വയസ്സ് ഒമ്പതാവാറായിട്ടും എന്തിനാടീ നീ ഇവൾക്കിങ്ങനെ ഉരുട്ടികൊടുക്കണേന്ന് നിത്യേനയെന്നോണം നല്ലപാതിയോട് തട്ടികയറാറുള്ളത് അറിയാതെ തന്നെ ഞാൻ ഓർത്ത് പോയി)

അവളെ ഊണുകഴിപ്പിച്ച് ഞാനും ഏതാണ്ടൊക്കെ കഴിച്ചെന്നു വരുത്തി, കുക്ക് ചെയ്ത പാത്രത്തിൽ നിന്നും ചോറും, കറിയും, ഉപ്പേരിയുമൊക്കെ വേറേ പാത്രങ്ങളിലേക്ക് മാറ്റി, ടിഫിൻ ബോക്സും, മറ്റു പാത്രങ്ങളുമൊക്കെ കഴുകി വച്ചെത്തിയപ്പോഴേക്കും സമയം പത്തേമുക്കാൽ കഴിഞ്ഞിരിക്കുന്നു. ഒരാൾ ലാപ്ടോപ്പിലും, മറ്റൊരാൾ മൊബൈലിലും കളിയോട് കളി! ഭാര്യയുള്ളപ്പോൾ ഒമ്പതരക്ക് എല്ലാരും ഉറങ്ങുന്നതാ. പ്രത്യേകിച്ചു ഞാനെങ്കിലും!

നാളേക്കുള്ള പുസ്തകങ്ങൾ എടുത്ത് വച്ചാ?

ഓഹ് അതൊക്കെ വച്ചു. ഭാഗ്യം. എന്നാ കിടക്കാം?

നാളെയിടാനുള്ള യൂണിഫോം എടുത്ത് വക്കണമച്ചാ......(കോറസ്സായി)

എടുത്ത് വച്ചോളൂ.......

അത് തേച്ചിട്ടില്ല!

തേക്കാണ്ടിട്ട് പോയാൽ മതി.......

അത് പറ്റില്ല....

എങ്കിൽ എടുത്ത് താ. അച്ഛനിന്ന് ശിവരാത്രിയാ.

എന്ത്?

ഒന്നൂല്യാഡാ ചക്കരകുടങ്ങളെ........യൂണിഫോം എടുത്ത് താ ...അച്ചനു ഇസ്തിരിയിടാൻ കൊതിയായിട്ടു പാടില്ല്യ.

ഇളയതിന്റെ കണ്ണിൽ മരുന്നൊഴിച്ച്കൊടുത്ത്, എ സി യുടെ തണുപ്പ് അഡ്ജസ്റ്റ് ചെയ്ത് രണ്ട്പേരേം പുതപ്പിച്ച്, ലൈറ്റും ഓഫ് ചെയ്ത് അപ്പുറത്തെ മുറിയിൽ പോയി യൂണിഫോമൊക്കെ ഇസ്തിരിയിട്ട്, കിച്ചണിലെ ലൈറ്റ് ഓഫ് ചെയ്യാൻ ചെന്നപ്പോൾ രാവിലെ വാഷിങ്ങ്മഷീനിലിട്ട ഡ്രെസ്സ് അതിൽ കിടന്നു പല്ലിളിക്കുന്നു. അതെടുത്ത് ബാൽക്കണിയിൽ പോയി തോരാനിട്ട് വന്നപ്പോൾ മണി പതിനൊന്നരകഴിഞ്ഞിരിക്കുന്നു!

രാവിലെ അഞ്ചരക്കെഴുന്നേറ്റതാ. ഇനി എന്റെ തണ്ടലൊന്നു ഞാൻ ചായ്ക്കട്ടെ!

നല്ലവരായ ഭാര്യമാരെ...നിങ്ങൾ മാലാഖമാരാകുന്നു.

നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ,
നിശ്ചലം ശൂന്യമീ ലോകം!

26 comments:

കാഴ്ചകളിലൂടെ said...

മോളുടെ വായിൽ ഉരുള ഉരുട്ടി കൊടുക്കുമ്പോൾ ഞാനു ചോദിക്കാറുണ്ട് ഇതേ ചോദ്യം.. 8 വയസാകാരായി

kARNOr(കാര്‍ന്നോര്) said...

veruthe all bhaarya

satheesh nair said...

Ethu kathayallllaaaaa.....sathyamanuu......anubhavicholu...

പട്ടേപ്പാടം റാംജി said...

പണി പഠിക്കുന്ന ഓരോരു വഴികള്‍.
അനുഭവത്തില്‍ മാത്രമേ എല്ലാം തിരിയൂ.

Manikandan said...

വാസ്തവം തന്നെ കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങൾ.

ശ്രീ said...

ഹഹ. നല്ല ഒരു പോസ്റ്റ് തന്നെ കുറുമാന്‍ ജീ...

എല്ലാ വീട്ടമ്മമാര്‍ക്കും ഒരു സല്യൂട്ട്!!!

കനല്‍ said...

കുറുമാൻജി ഇത്രയ്ക്കും കുട്ട്യോളെ പഠിപ്പിക്കാൻ അറിയാത്ത അച്ഛനാണെന്ന് കണ്ടാൽ പറയൂലാ!!

Bijith :|: ബിജിത്‌ said...

നല്ല ഒരാഴ്ച നാട്ടിലെ വാസം കഴിഞ്ഞു തിരിച്ചു വരുന്നു. ഞാൻ ഒരാഴ്ച പുലിമട പോലെ ഉപയോഗിച്ച വീട് ഒന്നു വൃത്തിയാക്കാൻ നിന്നു. തുണിയെല്ലാം അലക്കി, ഷീറ്റ് മാറ്റി, വീട് അടിച്ചു തുടച്ചു, കുപ്പയെല്ലാം കൊണ്ടു കളഞ്ഞു. അവൾ അര മണിക്കൂർ കൊണ്ടു തീർക്കുന്ന പണികൾ എനിക്കു അര ദിവസം എടുത്തു, പോരാത്തതിനു നാട്‌ വേദന ബോണസ്...

ഇനി മേലാൽ 'ഇവിടെ ദേ മണ്ണു ചവിട്ടുന്നു വേഗം അടിച്ചു വാരൂ..' എന്നു കൽപ്പിക്കില്ലാന്നു തീരുമാനം എടുത്തു :(

Suvis said...

നന്ദിയുണ്ട് കുറുമാന്‍ജീ, ഈ പോസ്റ്റ് ഇട്ടതിന്..വീട്ടിലിരിക്കുന്ന ഭാര്യമാര്‍ ചുമ്മാ ടിവിയും കണ്ട് ഉറങ്ങുകയാണെന്നു കരുതുന്ന എല്ലാ ഭര്‍ത്താക്കന്മാരോടും ഇതൊന്നു വായിക്കേണമേയെന്ന് അപേക്ഷിക്കുന്നു

വിനുവേട്ടന്‍ said...

പണി കിട്ടി അല്ലേ കുറുമാൻ‌ജീ...?

ആട്ടെ, എന്നാ നാട്ടിലേക്ക്...? ഞാൻ മെയ് ആദ്യവാരം വരുന്നുണ്ട്...

jayanEvoor said...

പുളുവാണെങ്കിലും നല്ല രസം.
ഐ നോ, യു ആർ എ ഗുഡ് കുക്ക്!
സോ ചിൽഡ്രണ്‍ വിൽ ബി ഹാപ്പി!

കുഞ്ഞന്‍ said...

ഹമ്മേ..ഇത് എന്റെ വീട്ടിലെ കാര്യമാണല്ലോ....അതെ... ഇതുതന്നെയാണ്..!

Echmukutty said...

കൊള്ളാം... കേമമായിട്ടുണ്ട്...

Kerala Flower said...

Mr. Kuramaaan... Kalakki!

ajith said...

നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍.......!!

ശ്യാം said...

സൂപ്പര്‍ര്‍ര്‍ര്‍ര്‍.........................

sabeenasunil said...

ariyade kanne niranju poyi karanam nchan oru veettamayane

Anonymous said...

super

Anonymous said...

super

Anonymous said...

super

Anonymous said...

super

varghese chacko said...

ഭലേ ഭേഷ് !!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ വീട്ടച്ഛന്റെ പണി
ഒരു പൊല്ലാപ്പ് പണി തന്നെയാണിമ്മാ...!

Abdul Hakeem said...

ho...! oreesam bharya veettilillenkilulla avastha....sherikkum maalaakhamaar thennya alle

Abdul Hakeem said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

ഹീ.എന്റെ ചേട്ടാ.ചിരിപ്പിച്ചു കൊല്ലാറാക്കിയതിനു നിങ്ങളോട്‌ ആരെങ്കിലും ചോദിച്ചോളും.ഇതാണെനിയ്ക്കേറ്റവും ഇഷ്ടായത്‌.

Why do cows have four compartments in their stomachs?

യൂ ടൂ ദൈവമേ!

നാലുമുല എന്തിനാണെന്നാണോ കവി ഉദ്ദേശിച്ചത്? ആയിരിക്കുമോ?