Thursday, April 27, 2006

പൂക്കുല ലേഹ്യം

ഞാന്‍, എന്റെ ജ്യേഷ്ഠന്‍ ആദി കുറുമന്‍, പിന്നെ ഞങ്ങളുടെ സുഹ്ര്യത്ത് ഡൊമിനി എന്നു ഞങ്ങള്‍ വിളിക്കുന്ന ഷാജി - ഞങ്ങള്‍ മൂന്നു പേര്‍ക്കും ദില്ലിയില്‍ ജോലി. താമസം കിര്‍ക്കി ഗ്രാമത്തിലെ ജനതാ ഫ്ലാറ്റില്‍.

ഫുള്ളി ഫര്‍ണ്ണീഷ്ട് ആയ ഞങ്ങളുടെ ആ ഒറ്റ മുറി വില്ലയില്‍, രണ്ടു കട്ടില്‍, ഒരു മേശ, ഒരു ചെറിയ ഫ്രിഡ്ജ് (സോഡയും, വെള്ളവും മാത്രം വയ്ക്കുവാന്‍) ഇത്രയും സാധനങ്ങള്‍ കഴിഞ്ഞാല്‍ ഒരാള്‍ക്ക് നിലത്തു വിരിച്ചു കിടക്കാം. അത്ര മാത്രം. ഒരു ജനല്ലുള്ളതിന്റെ വാതിലിന്നിടയിലൂടെ പുറത്തു വച്ചിരിക്കുന്ന റൂം കുളറിന്റെ പകുതിയിലേറേ ഭാഗം റൂമിന്റെ ഉള്ളിലേക്ക് കയറിയാണ് നിന്നിരുന്നത്.

കഥാനായകന്‍ ഡൊമിനിക്ക്‌, സ്ഥിരമായി തണ്ടലുവേദനയുള്ളതിനാല്‍, ഞാനും, ആദി കുറുമനും, കട്ടിലില്‍ സ്ഥിരമായി ഇരുന്നും, കിടന്നും, രാത്രി കാലങ്ങള്‍ തള്ളി നീക്കിയിരുന്നപ്പോള്‍, ഡൊമിനി തറയില്‍ പായ വിരിച്ച്, നടു നിവര്‍ത്തി കിടന്നു പോന്നു.

ഞാന്‍ കിടന്നിരുന്ന കട്ടില്‍, കൂളറിന്റെ ഏതാണ്ട് തൊട്ടു കീഴെയായിട്ടായിരുന്നതിനാല്‍, ചൂടുകാലത്തെ എല്ലാ രാത്രികളിലും, അതിന്റെ മൂളുന്ന ശബ്ദത്തോടോപ്പം, അതില്‍നിന്നും തെറിക്കുന്ന വെള്ള തുള്ളികള്‍ എന്റെ മുഖത്തു വീഴുമ്പോള്‍, നാട്ടിലെ വീട്ടില്‍, തുലാവര്‍ഷത്തില്‍ ജനല്‍ തുറന്നിട്ടു കിടക്കുന്നതിന്റെ ഓര്‍മ്മകള്‍ എന്നില്‍ ഉണര്‍ത്തികൊണ്ടേയിരുന്നു.

അങ്ങനെ അല്ലലില്ലാതെ കഴിഞ്ഞിരുന്ന കാലത്ത്, ഒരു വിഷുവോടടുത്ത സമയം, ഒരു മാസം ലീവെടുത്ത് ഞാന്‍ നാട്ടിലേക്ക് പോയി. നാട്ടിലേക്ക് പോകുമ്പോള്‍ തന്നെ, ആദി കുറുമനും, ഡൊമിനിയും കൂടി തയ്യാറാക്കിയ, തിരിച്ചു വരുമ്പോള്‍ ഭോജിക്കാന്‍ വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ്, വെറും ലിസ്റ്റല്ല, തച്ചോളി ഒതേനന്‍ അങ്കത്തിനു ചുറ്റുന്ന കച്ചയുടെ നീളമെങ്കിലും ഉള്ള ഒരു ലിസ്റ്റ്, എന്നെ ഏല്‍പ്പിച്ചു. ഇതൊന്നും കൊണ്ടു വരാതെ നീ ഇങ്ങോട്ട് വരുകയാണെങ്കില്‍ നീ കടം ചോദിച്ചാല്‍ പൈസയോ, എന്തിന് ഒരു പെഗ്ഗോ പോലും തരില്ല എന്നും അവര്‍ ശപഥം ചെയ്തു.

പൈസ തന്നില്ലെങ്കില്‍ പോട്ടെ, ഈ സാമദ്രോഹികള്‍ പെഗ്ഗുപോലും തരില്ലെന്നു പറഞ്ഞാല്‍? എന്തിനും വരുന്നിടത്തു വച്ചു കാണാം എന്നും കരുതി, രാവിലെ പതിനൊന്നുമണിയുടെ കേരള എക്സ്പ്രെസ്സില്‍, ഗോഡ്സ് ഓണ്‍ കണ് ട്രിയിലേക്ക് (എന്റേയും) യാത്ര തിരിച്ചു.

നാട്ടിലെത്തി അമ്മയോടും, അച്ഛനോടും, മധ്യകുറുമനോടും മറ്റു ബന്ധു ജനങ്ങളോടും ഒപ്പം വിഷുവെല്ലാം ആഘോഷിച്ചു, പിന്നെ ബന്ധുമിത്രാതികളുടെ വീടുകളും സന്ധര്‍ശിച്ചു. അങ്ങനെ നെടുപുഴയിലുള്ള ഡൊമിനിയുടെ വീട്ടീലേക്ക് ഒരു ദിവസം ചെന്നപ്പോള്‍, അവന്റെ അമ്മ പറഞ്ഞു, മോനെ, പോകുമ്പോള്‍ കുറച്ച് സാധനങ്ങള്‍ തന്നയക്കാം, നിങ്ങള്‍ മൂന്നു പേര്‍ക്കും കഴിക്കാന്‍. സമയമില്ലാത്ത സ്ഥിതിക്ക് ഇനി ഇങ്ങോട്ട് വരാന്‍ പറ്റിയില്ലെങ്കില്‍, ലാലു സ്റ്റേഷനില്‍ കൊണ്ട് വരും. അതാണ് നല്ലത് എന്നും പറഞ്ഞ് ഞാന്‍ യാത്ര പറഞ്ഞ് പോന്നു.

ശേഷമുള്ള ദിനങ്ങള്‍ ഉല്ലാസകരമായി , സെവന്‍സീസ്, ചെറാക്കുളം, അരമന, ആലുക്കാസ് തുടങ്ങിയ ഷോപ്പുകളിലും, മാപ്രാണം, മതിലകം, കരാഞ്ചിറ തുടങ്ങിയ ഷാപ്പുകളിലുമായി ചിലവിട്ടു വരവെ, ലീവു തീര്‍ന്ന് തിരിച്ചുപോകാന്‍ ഒരു ദിനം മാത്രം ബാക്കിയിരിക്കെയാണ് എന്റെ സഹമുറിയന്‍മാര്‍ പണിപെട്ടെഴുതിയുണ്ടാക്കിയ ഒതേനനന്റെ കുറിപ്പിനെ കുറിച്ചോര്‍മ്മ വന്നത്.

ബാഗില്‍ നിന്നും കുറിപ്പെടുത്ത്, ഒരു തല കവുങ്ങേല്‍ ഒട്ടിച്ച്, മറുതലക്കല്‍ നിന്നും ഞാന്‍ വായന തുടങ്ങി. ഉണക്ക ചെമ്മീന്‍, മുള്ളന്‍, മാന്തള്‍, കൊപ്ര, ബോണ്ട, സുഖിയന്‍, അവലോസു പോടി, കള്ളപ്പം, പഴം പൊരി, പക്കുവട, കായ വറുത്തത്, ചക്ക വറുത്തത്, ശര്‍ക്കര പുരട്ടിയത്, ഉപ്പിലിട്ടത്, അച്ചാറുകള്‍, കടുമാങ്ങ, തോര്‍ത്തു മുണ്ട്, വെള്ളമുണ്ട്, ബീഫ് വരട്ടിയത്, പിന്നെ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും പ്രിയങ്കരമായ ചക്ക വരട്ടിയത്, അങ്ങനെ നീളുന്നു പട്ടിക മുന്നോട്ട്!!!

ലിസ്റ്റ് വായിച്ചൂ തീര്‍ന്നതും, ക്ഷീണത്താല്‍ ഞാന്‍ കവുങ്ങില്‍ ചാരി നിന്നു കിതക്കുന്നതും, കുടു കുടെ വിയര്‍ക്കുന്നതും കണ്ട അമ്മ സംഭാരവുമായ് ഓടി വന്നു.

എന്താടാ, അസുഖം വല്ലതും ഉണ്ടോ? എന്നിട്ട് അകത്തേക്കൊരു വിളി....അതേയ്.......നിങ്ങളൊന്നിങ്ങോട്ട് വന്നേ...ദേ ചെക്കന്‍ ഒന്നും മിണ്ടുന്നില്ല........വല്ലാതെ കിതക്കുന്നും, വിയര്‍ക്കുന്നുമുണ്ട്.

അച്ഛന്‍ പുറത്തേക്കിറങ്ങി വന്ന്, എന്നോടെന്താണു പറ്റിയതെന്നു ചോദിച്ചപ്പോള്‍, ഞാന്‍ കയ്യിലിരുന്ന പുസ്തകം (അല്ല ലിസ്റ്റ്) അച്ചനുകൈമാറി.

പത്തുമിനിട്ടെടുത്ത് അത് വായിച്ചതിനുശേഷം അച്ഛന്‍ പറഞ്ഞു. ഇതാണോ കാര്യം. കുഴപ്പമില്ല, ഇതില്‍ ചക്ക വരട്ടിയതൊഴിച്ച് എല്ലാം ഞാന്‍ ശരിയാക്കാം. ഇനി ഇപ്പോള്‍ നല്ല ചക്ക വാങ്ങി വരട്ടാനൊന്നും സമയമില്ല. ഇപ്പോള്‍ ചന്തയില്‍ പോയാല്‍ നല്ല് ബീഫും, ഉണക്കമീനുകളും കിട്ടും, പിന്നെ അവലോസുപോടി വറക്കുവാന്‍, ഞാന്‍ പോകുന്ന വഴി, ആ തങ്കത്തിനോടു വരാന്‍ പറയാം. പിന്നെ പഴം പൊരി, പരിപ്പുവട മുതലായവ അമ്മയുണ്ടാക്കി തരും.

വറവുസാധനങ്ങള്‍ ഞാന്‍ ചന്തയില്‍ നിന്നും വരും വഴി പ്രിയാ ബേക്കറിയില്‍ നിന്നും വാങ്ങാം, അച്ചാറുകള്‍ എല്ലാം ജോസിന്റെ കടയില്‍ കിട്ടും, പിന്നെ ഉപ്പിലിട്ടതും, കടുമാങ്ങയുമെല്ലാം ഇവിടെ വീട്ടില്‍ തന്നെ ഉണ്ട്.

ഹാവൂ.. ....ഇതിനാണ് മലപോലെ വന്നത്, എലി പോലെ പോയി എന്നു പറയുന്നത്. ശ്വാസകോശത്തില്‍ കൊള്ളാവുന്ന അത്ര ശ്വാസം ഞാന്‍ ഒറ്റയടിക്കുള്ളിലേക്ക് വലിച്ചു. ജീവിതത്തിനു പുതിയ ഒരു അര്‍ത്ഥം വന്നതുപോലെ.
അന്നു മുഴുവന്‍ വീട്ടില്‍ വറക്കുന്നതിന്റേയും, പൊരിക്കുന്നതിന്റേയും, സമ്മിശ്ര ഗന്ധമായിരുന്നു. എന്തായാലും, ലിസ്റ്റില്‍ പറഞ്ഞ സാധനസാമഗ്രികളില്‍ ചക്ക വരട്ടിയതൊഴിച്ച് മറ്റെല്ലാം തന്നെ കാര്‍ഡു ബോര്‍ഡു പെട്ടിയില്‍ പായ്ക്കു ചെയ്ത്, പേരും എഴുതി, കയറാല്‍ കെട്ടി ബദ്രമാക്കി ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടും മുന്‍പേ അച്ഛന്‍ എനിക്കു കൈമാറി.

അച്ഛനമ്മമാരോടും, എന്നെ യാത്രയയക്കാന്‍ വന്ന മറ്റു ബന്ധു മിത്രാദികളോടും യാത്ര പറഞ്ഞ്, ഷനോജിന്റെ ഓട്ടോ റിക്ഷയില്‍, മധ്യ കുറുമാനോടൊത്ത് ഞാന്‍ ത്യ് ശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. ഭക്ഷ്യസാധനങ്ങള്‍ നിറച്ച മറ്റൊരു കാര്‍ഡുബോര്‍ഡു പെട്ടി ഡൊമിനിയുടെ അനിയന്‍ ലാലുവിന്റെ കയ്യില്‍ എന്നെ കാത്ത് റെയില്‍വേ സ്റ്റേഷനില്‍ അക്ഷമനായി തൂങ്ങി കിടന്നിരുന്നു.

കരഞ്ഞ്, നെഞ്ചത്തടിച്ച്, ചൂളം വിളിച്ച്, കേരള എക്സ്പ്രസ്സ് , പ്ലാറ്റ് ഫോം നംമ്പര്‍ രണ്ടില്‍ വന്നു നിന്നപ്പോള്‍, ത്രിശൂര്‍ പൂരത്തിനു മുന്‍പുള്ള സാമ്പിളു വെടികെട്ടിനാളുകള്‍ കൂടി നില്‍ക്കുന്നതുപോലെ പ്ലാറ്റ്ഫോം നിറയെ ആളുകളായിരുന്നു. യാത്ര ചെയ്യാനുള്ളവര്‍ അന്‍പതെങ്കില്‍, യാത്രയയപ്പാന്‍ വന്നവര്‍ ആയിരം എന്നാണ് കണക്കെന്നെനിക്കു തോന്നുന്നു. വെറുതെയല്ല, കേരളത്തില്‍ ഏറ്റവും അധികം, പ്ലാറ്റ് ഫോം ടിക്കറ്റ് വിറ്റഴിയുന്നത്, ത്രിശൂരാകാന്‍ കാരണം.

എന്തായാലും, കാര്യമായ് ലേറ്റാകാതെ ട്രെയിന്‍ ദില്ലി റെയില്‍ വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍, ഞാന്‍ ഇട്ടിരുന്ന മഞ്ഞ ഷര്‍ട്ട് മാറ്റി കറുപ്പണിഞ്ഞതെപ്പോള്‍ എന്നെനിക്ക് പിടികിട്ടിയില്ല. പക്ഷെ ഷര്‍ട്ടിന്റെ തലപിടിച്ചു തിരിച്ചു നോക്കിയപ്പോള്‍ ഉള്‍വശം മഞ്ഞയായതിനാല്‍ എനിക്ക് കാര്യം പിടികിട്ടി. പിന്നെ അധികം ചിന്തിക്കാതെ പെട്ടികളും, ഭാഗും എടുത്ത് ഞാന്‍ പുറത്തിറങ്ങി, ജാമ്പവാന്റെ കാലത്തെ ഒരു ഓട്ടോറിക്ഷയില്‍ കയറി മുറിയിലെത്തി.

പണികഴിഞ്ഞു സഹമുറിയന്‍മാര്‍ എത്തിയിട്ടില്ലാത്തതിനാല്‍, കട്ടിലില്‍ പെട്ടികള്‍ വച്ച്, കുളികഴിഞ്ഞ് കുട്ടപ്പനായി (ഡൊമിനിയുടെ അളിയന്‍ കുട്ടപ്പനല്ല, ചുള്ളന്‍ എന്നര്‍ത്ഥം) അടുക്കളയിലെ ഷെല്‍ഫില്‍ ഇരുന്നിരുന്ന ബാഗ് പൈപ്പര്‍ കുപ്പിയുടെ കഴുത്തില്‍ ഞരിച്ച് അവസാന തുള്ളിയും ചഷകത്തിലാക്കി ഒറ്റ വലിക്കകത്താക്കിയപ്പോഴേക്കും ഡൊമിനിയും, നിമിഷങ്ങള്‍ക്കകം ആദി കുറുമനും കൂടണഞ്ഞു.

വന്നതും, നിറവയറായിരിക്കുന്ന രണ്ടു കാര്‍ഡുബോഡുപെട്ടികളേയും, രണ്ടുപേരും ചേര്‍ന്ന് ശാസ്ത്രക്രിയക്ക് വിധേയരാക്കി, ഉള്ളിലുണ്ടായിരുന്ന ചാപിള്ളകളായ, കുപ്പികള്‍, കവറുകള്‍ തുടങ്ങിയവ വെളിയിലെടുത്ത ശേഷം, പെറ്റ് വയറൊഴിഞ്ഞു കിടന്ന പെട്ടികളെ കാലാല്‍, മുറിയുടെ മൂലക്കിലുള്ള അടുക്കളയിലേക്ക് ദുഷ്ടന്മാര്‍ അടിച്ചു തെറിപ്പിച്ചു.

ചക്ക വരട്ടിയതു മാത്രം കിട്ടിയിട്ടില്ല എന്നറിയിച്ച എന്നെ, നിന്നോടൊന്നും ഒരു കാര്യവും പറഞ്ഞിട്ടു കാര്യമില്ല, ഓസിനു വീശാന്‍ മാത്രം അറിയാം, തുടങ്ങിയ കുറ്റപ്പെടുത്തലുകളിലൂടെ മിണ്ടാട്ടം മുട്ടിച്ചു.

അങ്ങനെ, കള്ളപ്പം, ചക്ക വറുത്തത്, കായ വറുത്തത്, അവലോസുണ്ട ഇത്യാദി സാധനങ്ങള്‍ കുക്ഷിയിലേക്ക് കുത്തി നിറക്കുന്നതിനിടയിലേപ്പോഴോ, ഡൊമിനിയുടെ കണ്ണ് അവന്റെ അമ്മ കൊടുത്തയച്ച പെട്ടിയില്‍ നിന്നും പെറ്റുവീണ, ചാപിള്ളയായ രണ്ടു സീതാറാം ഫാര്‍മസിയുടെ പൂക്കുല ലേഹ്യത്തിന്റെ ഡബ്ബയില്‍ ഉടക്കി. പിന്നെ, പൂക്കുല ലേഹ്യത്തിന്റെ ഡബ്ബ കൈകളിലേന്തി അവന്‍ പാടാന്‍ തുടങ്ങി.

അമ്മ നല്ല അമ്മ
സ്നേഹമുള്ള അമ്മ,
എത്ര നല്ല അമ്മ
മോനു വേണ്ടി മാത്രം
തണ്ടലുവേദന മാറാന്‍‍
രണ്ടു ഡബ്ബ ലേഹ്യം
വാങ്ങി തന്നയച്ചു.

ആഹഹാ, അമ്മമാരാണെങ്കില്‍ ഇങ്ങനെ വേണം, മോന്റെ തണ്ടലുവേദന മാറ്റാന്‍, ആവശ്യപെടാതെ തന്നെ, ഒന്നല്ല, രണ്ടു ഡബ്ബ പൂക്കുല ലേഹ്യം ആണ് കൊടുത്തയച്ചിരിക്കുന്നത്. ഇതിനാണേല്‍, പഥ്യവുമില്ല. കള്ളും കുടിക്കാം, ലേഹ്യോം തിന്നാം, തണ്ടലുവേദന മാറുകയും ചെയ്യും.

അങ്ങനെ പിറ്റേന്ന് രാവിലെ മുതല്‍ ഡൊമിനി, നിത്യവും, രാവിലേയും, വൈകുന്നേരവും, ഈരണ്ട് വലിയ സ്പൂണ്‍ പൂക്കുല ലേഹ്യം ഞങ്ങളുടെ മുന്‍പാകെ, നിന്നും, ഇരുന്നും കഴിച്ചു വന്നു.

രണ്ടാഴ്ചകള്‍ക്കു ശേഷം, പൂക്കുല ലേഹ്യം കഴിച്ചു കഴിഞ്ഞ ഡബ്ബകള്‍ കഴുകി ഉണക്കാന്‍ വച്ചിരുന്ന ഒരു ഞായറാഴ്ച ദിവസം വൈകുന്നേരം, ഡൊമിനി കുളിമുറിയിലും, ചേട്ടന്‍ അടുക്കളയിലും ആയിരുന്ന സമയം ഫോണ്‍ ബെല്ലടിച്ചപ്പോള്‍, ഞാന്‍ മടിച്ച് മടിച്ച് കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഫോണ്‍ അറ്റന്റ്റ് ചെയ്തു.

ഹലോ.......ആരാ.....ഷാജിയാ?
അല്ലാ, ഇത് ഞാനാ കുറുമാന്‍, ഷാജീടെ അമ്മേ.
മോനെ, മോന്‍ ചെന്നതില്‍ പിന്നെ ഷാജി വിളിച്ചിട്ടില്ല, അതുകോണ്ട് ഞാന്‍ ഒന്നു വിളിച്ചതാ.
ഓ..ശരി, അവന്‍ കുളിമുറിയിലാ ഇപ്പോള്‍ വരും,
ങാ, പിന്നെ മോന്റെ കയ്യില്‍ തന്നയച്ചതെല്ലാം എല്ലാവരും കൂടി കഴിച്ചില്ലെ?
ഓ...പിന്നെ...എല്ലാം നന്നായിരുന്നു.
അതേയോ? ആ ചക്കവരട്ടിയതില്‍ മാത്രം നെയ്യല്‍പ്പം കുറവേ ഇട്ടിരിന്നുള്ളൂ.
ങേ, ചക്കവരട്ടിയത് അതിന് അമ്മ തന്നയിച്ചിരുന്നില്ലല്ലോ?
ഏയ്, ഞാനല്ലേ സീതാറാം ഫാര്‍മസിയുടെ പൂക്കുല ലേഹ്യത്തിന്റെ രണ്ട് വലിയ ഡബ്ബയില്‍ ചക്ക വരട്ടിയത് നിറച്ച് പെട്ടിയില്‍ വച്ചത്.
ഓ.......അതോ? ???

ഫോണ്‍ റിസീവര്‍ കുളി കഴിഞ്ഞു വന്നിരുന്ന ഡൊമിനിയുടെ കയ്യില്‍ കൊടുത്ത് തളര്‍ന്ന് ഞാന്‍ കട്ടിലിലേക്കിരുന്നു.

19 comments:

കുറുമാന്‍ said...

“പൂക്കുല ലേഹ്യം”

ശനിയന്‍ \OvO/ Shaniyan said...

അമ്മ നല്ല അമ്മ! മോനാരാ മോന്‍? :-)

മാഷെ, വേഡ് വെരിഫികേഷന്‍.. :)

ഉമേഷ്::Umesh said...

കൊള്ളാം കുറുമാ!

myexperimentsandme said...

"ബാഗില്‍ നിന്നും കുറിപ്പെടുത്ത്, ഒരു തല കവുങ്ങേല്‍ ഒട്ടിച്ച്, മറുതലക്കല്‍ നിന്നും ഞാന്‍ വായന തുടങ്ങി"

തകര്‍ത്തു കുറുമാനേ... നല്ല വിവരണം

ജേക്കബ്‌ said...

;-)

ദാവീദ് said...

അടിപൊളി കുറുമാ... അടിപൊളി

ഡെല്‍ഹി ജീവിതത്തിന്റെ ഒരു ബ്രീഫിംഗ് തന്നെ സരസമായി എഴുതിയിട്ടുണ്ട്, ചടുലമായ ഭാഷയില്‍. ഡെല്‍ഹിയില്‍ ബാച്ചിലറായി ജീവിച്ചിട്ടില്ലാത്ത ആരെങ്കിലും ഇവിടെങ്ങാനുമുണ്ടെങ്കില്‍, ഈ പോസ്റ്റ് വായിച്ച് അറിവു നേടുക.

ഇനിയിപ്പോ, എനിക്കെഴുതാനൊന്നുമില്ല എന്ന് ഒരു ചമ്മല്‍ മാത്രം. :)

രാജ് said...

ഡൊമിനി നല്ല സൈസുള്ളവനായിരുന്നിരിക്കണം അല്ലയോ? അല്ലെങ്കില്‍ കുറുമാനും ആദികുറുമാനും കൂടി ഡൊമിനിയെ വച്ചു വള്ളംകളി കളിച്ചേന്നെ ;)

രാജ് said...

ഡൊമിനി നല്ല സൈസുള്ളവനായിരുന്നിരിക്കണം അല്ലയോ? അല്ലെങ്കില്‍ കുറുമാനും ആദികുറുമാനും കൂടി ഡൊമിനിയെ വച്ചു വള്ളംകളി കളിച്ചേന്നെ ;)

Kuttyedathi said...

കുറുമാനേ,

ഡൊമിനി ആരാ മോന്‍ ? ആദികുറുമാനേം അന്തികുറുമാനേം വിറ്റ കാശുണ്ട്‌ ലവന്റെ കയ്യില്‍ . ചക്ക വരട്ടിയത്‌ ഒരു സ്പൂണ്‍ പോലും നിങ്ങള്‍ക്കു രണ്ടാള്‍ക്കുമൊന്നു രുചി നോക്കാന്‍ പോലും തരാതെ കക്ഷി അകത്താക്കിയില്ലേ ?

കുറുമാനേ, നന്നാവണുണ്ടുട്ടോ.. ഡൊമിനിയോടും പറയൂ എഴുതാന്‍. കുറുമാന്റെ മണ്ടത്തരങ്ങളും ഞങ്ങളറിയട്ടെന്നെ.

കുറുമാന്‍ said...

പ്രിയ പെരിങ്ങോടരെ, താങ്കള്‍ കരുതിയതുപോലെ തന്നെ, ഡൊമിനിയുടെ സൈസ്, അസാമാന്യമാണെങ്കിലും, പിന്നീടു വന്ന രണ്ടു മാസങ്ങളില്‍ ഒന്നാം തിയതിയും, ഏഴാം തിയതിയും, ഫരീദാബാദിലോ, സൂരജു കുണ്ടിലോ പോയി ക്വാട്ട വാങ്ങുന്നത് അവന്റ്ടെ ഉത്തരവാദിത്തം ആക്കി ഞങ്ങള്‍ മാറ്റി.

കുട്ടിയേടത്തിയേ, എന്‍റെ ബ്ലോഗില്‍ വന്നതിനു നന്ദി. പിന്നെ, ഞാന്‍ വിഡ്ഡിത്തങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനി എന്റെ ദില്ലി, യൂറോപ്പ് ജീവിതത്തില്‍ സംഭവിച്ച മണ്ടത്തരങ്ങള്‍ എഴുതാന്‍ ഇരിക്കുന്നതേയുള്ളൂ. ശേഷം അറേബ്യന്‍ വിശേഷങ്ങളും.

വായിക്കുന്നവര്‍ അടിയന്റെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടികാട്ടണം എന്നൊരപേക്ഷ.

evuraan said...

കുറുമാനേ,

ഇതൊന്ന് നോക്കൂ... ആ പ്രശ്നം താങ്കളുടെ ഈ പോസ്റ്റിനും ഉണ്ട്‌...

കണ്ണൂസ്‌ said...

കലക്കി കുറുമാനേ.. ഡല്‍ഹി ജീവിതം എനിക്കും ഓര്‍മ്മ വന്നു.

Visala Manaskan said...

ഡൊമിനി ആള് മോസക്കാരനല്ലല്ലോ!

നല്ലോണം രസിച്ച് വായിച്ചു. അലക്കന്‍ പോസ്റ്റ്.

കുറുമാന്‍ said...

ശനിയാ - നന്ദി. വേഡ് വെഫിഫികേഷന്‍ ഇന്‍ ആക്ഷന്‍
ഉമേഷ്ജി - താങ്ക്സേ
വക്കാരി - എന്റെ പോസ്റ്റിങ് വായിച്ച് എന്നെ പ്രോത്സാഹിപ്പിക്കുന്നതിന് കൂപ്പുകൈ
ജേക്കബിന്റെ പുഞ്ചിരി ഞാന്‍ സ്വീകരിച്ചു
ബിജുവേ - ഡല്‍ഹി ജീവിത്തിന്റെ രണ്ടു വരി ഞാന്‍ കുറിച്ചപ്പോഴേക്കും, ബിജുവിന് എഴുതാന്‍ ഒന്നുമില്ലാതാക്കിയോ ഞാന്‍....അസംഭവ് - അസംഭവ്:)
പെരിങ്ങോടരെ - ഈ കഥ എഴുതിയതിന്ന് ലീവില്‍ പോയിരിക്കുന്ന ഡൊമിനി തിരിച്ച് ദുബായില്‍ വന്നാല്‍ എന്നെ വച്ചൊരു ഉത്രാടം വെള്ളം കളി തീര്‍ച്ചയായും നടത്തും.
കുട്ടിയേടത്തി - ക്യതാര്‍ഥനായി ഞാന്‍
എവുരാനേ - ഞാന്‍ ജസ്റ്റിഫൈ മാട്ടി സൈഡ് അലൈന്‍ ചെയ്തു. ഇപ്പോള്‍ ശരിയായിരിക്കണം.
കണ്ണൂസ്സെ - ഡല്‍ഹി ജീവിതം എത്ര കഴിഞ്ഞാലും, മായ്ക്കുവാനോ, മറക്കുവാനോ കഴിയാത്ത അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇനിയും ഓര്‍മ്മകളെ പങ്കുവയ്ക്കാം.
വിശാലോ - താങ്കളുടെ ഗുണ്ടു വച്ച ഓലമാലപടക്കങ്ങളില്‍ നിന്നും കൊഴിഞ്ഞു താഴെ വീണ് ശബ്ദമില്ലാതെ ചീറ്റുന്ന വെറും ഒറ്റ പടക്കമാണ് എന്റെ പോസ്റ്റുകള്‍. പ്രോത്സാഹനത്തിനു നന്ദി.

ദേവന്‍ said...

എനിക്കു ആക്രാന്തം മൂത്ത്‌, കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി, കെഞ്ചി, കാലുപിടിച്ച്‌, കാക്കപിടിച്ച്‌ കാഞ്ഞിരോടുകായലിലെ കൊഞ്ച്‌ അച്ചാറിട്ട്‌ നാട്ടില്‍ നിന്നും കൊടുത്തുവിട്ടത്‌ ഇത്രടം ചുമന്നെന്ന പേരില്‍ കുറുമാന്റെ അയല്‍ക്കാരന്‍ ഒരു കരാമക്കാരന്‍ ഒരു പൊതി ബ്രെഡില്‍ പുരട്ടി മൊത്തതില്‍ അടിച്ചു തീര്‍ത്തു. ഞാന്‍ കൊണ്ടറിഞ്ഞു, ഡോമിനി കണ്ടറിഞ്ഞു, അത്രേയുള്ളു.

ഡോമിനിപ്പാഠം ഉള്‍ക്കൊണ്ട്‌ അടുത്ത തവണ ദോശപ്പൊടി കൊടുത്തുവിടുമ്പോള്‍ കുപ്പിറ്റില്‍ DDT എന്നു ലേബല്‍ ഒട്ടിച്ച്‌ വിടാന്‍ പറയുന്നുണ്ട്‌ ഞാന്‍!

കുറുമാന്‍ said...

ദേവേട്ടാ..ഹോ കഷ്ടം തന്നെ. ചക്കവരട്ടിയത് കിട്ടിയില്ലേല്‍ പോകട്ടെ എന്നു വയ്ക്കാം. പക്ഷെ, ചെമ്മീന്‍ പോയാല്‍ സഹിക്കാന്‍ പറ്റില്ല. ആരടാ, ആ കരാമ ദുഷ്ടന്‍?
അന്നും, ഇന്നും ചെമ്മീന്‍ എനിക്ക് ഒരു വീക്ക്നെസ്സാ. നല്ല ഇടത്തരം ചെമ്മീന്‍, നേന്ത്രക്കായയിട്ട് വേവിച്ച്, പിന്നെ ഉള്ളി (ചെറിയ ഉള്ളി ആണെങ്കില്‍ പൊടി പൂരം), മുളക്,മല്ലിപൊടി, കരുവേപ്പില, പച്ചമുളക്, നാളികേര കൊത്ത് തുടങ്ങിയവ ഇട്ട് , കുതിര്‍ത്ത കുടം പുളിയുമിട്ട്, തക്കാളി ചേര്‍ത്ത്, വഴറ്റിയെടുത്താല്‍ സ്മാളാനും കൊള്ളാം, ഊണിനു മറ്റൊന്നുമില്ലെങ്കിലും തരക്കേടില്ല.

Anonymous said...

‘ ജീവിതത്തിനു പുതിയ ഒരു അര്‍ത്ഥം വന്നതുപോലെ.‘ - എനിക്കറിയാന്‍ പാടില്ല,പക്ഷെ ആ സെന്റെന്‍സു അവിടെ വായിച്ചു ഞാന്‍ ചിരിച്ചു ചിരിച്ചു വട്ടായി... :)

മാളൂ said...

ചെറിയ കുറുമാന്‍ ഇതാ ഇനമെങ്കില്‍
പെരിയ കുറുമാന്‍ എന്താരിക്കും ?
അപ്പോള്‍ ഈ രണ്ട് കുറുമാന്മാരുടെ ഇടയില്‍ ഇരുന്ന് പൂക്കുല ലേഹ്യം സേവിച്ച ഡൊമിനിക്ക്
ദക്ഷിണ വെക്കണം.. ഡൊമിനി ഒരു മൊതലു തന്നെ ! കുറുമാനേ ഞാന്‍ ചെമ്മീന്‍ റെസിപ്പി ഇങ്ങെടുത്തു വായിക്കുമ്പോഴെ അറിയാം സംഭവം നന്നാവും എന്ന് .. അടുത്തതില്‍ കാണാം ..:)

Abdul hakkeem said...

he he......... domini aaloru viruthaanantha viruthanaanallo ;)