Wednesday, May 24, 2006

അങ്ങനെ ഞാന്‍ ഒരു പോക്കറ്റ്‌ റേഡിയോ വാങ്ങി

ജോലി ചെയ്യ്യാന്ന് വെച്ചാല്‍, ദേ ഇയാളെ പോലെ ചെയ്യണം, അലെങ്കില്‍ പിന്നെ ജോലി ചെയ്യരുത്‌ എന്ന്, ഈ കഴിഞ്ഞ മാര്‍ച്ച്‌ മാസം വരെ, എന്നെ ചൂണ്ടികാട്ടി, ഓഫീസ്സിലെ പല പല തലതൊട്ടപ്പന്മാര്‍, എന്തിന്‌ എം ഡി വരെ പല പല അനങ്ങാ കള്ളന്മാരോടും പറഞ്ഞു. എനിക്കതിന്റെ യാതൊരു അഹംഭാവവും ഇല്ല്യായിരുന്നു, കാരണം ആ പ്രശംസ ഞാന്‍ അര്‍ഹിച്ചിരുന്നു. ആത്മ പ്രശംസയല്ലേ എന്ന് നിങ്ങള്‍ക്കൊക്കെ ചിലപ്പോള്‍ തോന്നാം. അല്ലന്നേ.....സത്യമാ, വെറും നഗ്ന സത്യം.

രാവിലെ ഓഫീസില്‍ വരുക, സീറ്റില്‍ ഇരിക്കുക, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുക. ദീപിക ഡോട്‌ കോം ഒന്നോടിച്ചു വായിക്കുക, പണി തുടങ്ങുക, പണിയുക, പണിയുക, മെയ്യ്‌ കണ്ണാക്കി പണിയുക. ഉച്ചക്ക്‌ കുറച്ചൂണു കഴിക്കുക, വീണ്ടും വന്നിരുന്ന് പണിയുക, പണിയുക, മൂവന്തിയോളം പണിയുക, ഇതായിരുന്നു എന്റെ പണി.

അങ്ങനെ ഇത്രയും ചുണകുട്ടനായ ഒരു പണികുട്ടനെ കിട്ടിയ എന്റെ കമ്പനിയുടെ ഒരു ഭാഗ്യമേ!!

പണി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകും വഴി, ഞാനും എന്റെ ഒരു സഹപ്രവര്‍ത്തകനായ ഉറ്റ ചങ്ങാതിയും കൂടി, വീടിന്നടുത്തുള്ള, ഉത്സവ്‌, കല്‍പക, കോവളം തുടങ്ങിയ ഏതെങ്കിലും റെസ്റ്റോറന്റ്‌ കം ബാറില്‍ കയറി രണ്ടു ബിയറടിക്കുകയോ, അല്ലെങ്കില്‍ എന്റെ ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്കു ചെയ്ത്‌, അടുത്തു തന്നെ താമസിക്കുന്ന ചങ്ങാതിയുടെ വീട്ടില്‍ പോയി രണ്ട്‌ പെഗ്ഗടിക്കുകയോ ചെയ്തിട്ടേ ഒരു എട്ടെട്ടര മണിയാകുമ്പോഴേ, സാധാരണ ദിവസങ്ങളില്‍ ഞാന്‍ കൂടണയാറുള്ളൂ. രണ്ട്‌ ബബിള്‍ ഗം വായിലിട്ട്‌ ചവച്ചരച്ച്‌ വീട്ടിലെത്തുമ്പോഴേക്കും കള്ളിന്റെ മണം കുറച്ചൊന്നു കുറഞ്ഞിട്ടുണ്ടാകുമെന്നതിനാല്‍ ശ്രീമതിക്ക്‌ സംശയം തോന്നുകയുമില്ല (പൊതുവെ എന്റെ ശരീരത്തിന്ന് കള്ളിന്റെ മണമാണെന്നാണവളുടെ പറച്ചില്‍).

വായനയും, വെള്ളവും പണ്ടേയുള്ള വീക്ക്നെസ്സ്‌ ആയിരുന്നെങ്കിലും, രണ്ടും ഓഫീസ്‌ സമയത്ത്‌ ഞാന്‍ ചെയ്യാറില്ലായിരുന്നു.

എന്തിനേറെ പറയുന്നൂ, കുറച്ച്‌, ചീത്ത കൂട്ടുകെട്ടില്‍ പെട്ട്‌ പൊടുന്നനെ, എന്റെ സ്വഭാവം മാറിയതിന്റെ പരിണിതഫലമായി, ഓഫീസ്‌ സമയത്ത്‌, പണിക്കിടയില്‍ പലപ്പോഴും, മലയാള വേദി, പുഴ, തോണി, കടത്ത്‌, ചിന്ത, മോന്ത, തുടങ്ങിയ സൈറ്റുകളില്‍ ഞാന്‍ തുടരെ തുടരെ കയറിയിറങ്ങാന്‍ തുടങ്ങി. പണിമുഴുവന്‍ കഴിക്കാനായി ഓഫീസ്സില്‍ കുറച്ചു സമയം ഞാന്‍ അധികം ചിലവഴിക്കാന്‍ തുടങ്ങിയതിന്നിടയില്‍ ഒരു നാള്‍, മലയാളവേദിയില്‍ പെരിങ്ങോടന്‍ എന്ന ഒരു മഹാനുഭാവലുവിന്റെ ഒരു നൊവാള്‍ജിയന്‍ (മദപ്പാട്‌ , അല്ല കടപ്പാട് : വക്കാരിയ്ക്ക്‌) കഥ വായിക്കാനിടയാവുകയും, ആരാധനമൂത്ത്‌, കഥാകൃത്തിന്നൊരു അനുമോദന ഈമെയില്‍ അയക്കുകയും ചെയ്തു.

ചുമരിലെറിഞ്ഞ പന്തുപോലെ, എന്റെ മെയിലവിടെ കിട്ടിയതിന്നു തൊട്ടുപുറകെ അതിന്റെ മറുപടിയും എനിക്ക്‌ കിട്ടി. എന്റെ ഈ കഥയൊന്നുമല്ല കഥ, മറ്റു കഥകള്‍ വായിക്കണമെങ്കില്‍ കുറുമാനെ, മലയാളം ബ്ലോഗില്‍ വരൂ, കഥകള്‍, കവിതകള്‍, അക്ഷരശ്ലോകങ്ങള്‍, നര്‍മ്മം, ക്വിസ്, ആരോഗ്യം, ലേഖനങ്ങള്‍, കണ്ടാലും മതിവരാത്ത ഫോട്ടങ്ങള്‍, അങ്ങനെ എന്തെന്തു വിഭവങ്ങളാണെന്നോ മലയാളം ബ്ലോഗുകളില്‍.

മെയില്‍ വായിക്കേണ്ട പാതി, പണ്ട്‌, കാറളം സിന്ദു ടാക്കീസിലെ, സിനിമയുടേ നോട്ടീസിടാന്‍ വരുന്ന അംബാസ്സിഡര്‍ കാറിന്നു പിന്‍പേ ഓടിയതിലും കൂടുതല്‍ സ്പീഡില്‍, ഞാന്‍ ബ്ലോഗ്ഗിലേക്കോടി

പല പല ബ്ലോഗുകളില്‍ മാറി മാറി കയറി.

വായിച്ചു, ചിരിച്ചു, ചിന്തിച്ചു, ചിലതെല്ലാം മനസ്സിലാവാതെ, മനസ്സിലായെന്നപോലെ തലയിട്ടാട്ടി. ഒരാഴ്ചയ്ക്കുള്ളില്‍, ബ്ലോഗിനെ കുറിച്ചൊരു ചെറിയ പിടിപാടുകിട്ടിയപ്പോള്‍, സ്വന്തം പേരില്‍ ഒരു ബ്ലോഗ്‌ പണിതു. പിന്നെ ഒന്നു രണ്ട്‌ സ്ഥലത്ത്‌ ചുമ്മാ കമന്റിട്ടുനോക്കി. ഇപ്പണി കൊള്ളാം.... സന്തോഷായി ഗോപ്യേട്ടാ...

പിന്നീടുള്ള ദിനങ്ങളില്‍ പുട്ടിന്നിടയ്ക്ക്‌ തേങ്ങയിടുന്നതുപോലെ, കുറച്ച്‌ പണി, കുറച്ച്‌ ബ്ലോഗല്‍ എന്ന തോതില്‍ നീങ്ങാന്‍ തുടങ്ങി. പക്ഷെ, പണി കമ്പ്ലീറ്റായിട്ട്‌ കമ്പ്ലീറ്റ്‌ ചെയ്ത്‌, ഓഫീസ്സില്‍ നിന്നും ഇറങ്ങുമ്പോള്‍, എന്നും ഒരൊന്നൊന്നര മണിക്കൂര്‍, വൈകാന്‍ തുടങ്ങി.

അതു വിചാരിച്ച്‌, നേരിട്ട്‌ വീട്ടില്‍ പോകാന്‍ പറ്റുമോ? ഇല്ല. കാരണം രണ്ടെണ്ണം അടിക്കുക എന്നതൊരൊന്നൊന്നര വീക്ക്നെസ്സ്‌ ആയി പോയില്ലെ?

അങ്ങനെ,പണിയും, ബ്ലോഗിങ്ങും, ബീയറിങ്ങും കഴിഞ്ഞ്‌, കൂടണയും കൂടണയുമ്പോള്‍ ഒരൊമ്പതൊമ്പതര.

എന്താ നിങ്ങളീയിടേയായി ദിവസവും വൈകി വരുന്നത്‌? കുറുമിയുടെ വക ചോദ്യം.

ഭയങ്കര ട്രാഫിക്കാ, ഷേക്ക്‌ സായദ്‌ റോട്ടിലെന്നറിഞ്ഞൂടെ നിനക്ക്‌?

അതറിയാം..പക്ഷെ നിങ്ങളായോണ്ട്‌ കണ്ണടച്ചങ്ങോട്ട്‌ വിശ്വസിക്കാന്‍ പറ്റില്ല.

വലിയ കുഴപ്പമില്ലാതെ, കാര്യങ്ങള്‍ ഒക്കെ ഒന്നഡ്ജസ്റ്റ്‌ ചെയ്ത്‌ പോകുന്നതിനിടയില്‍, ഇടി വെട്ടേറ്റവനെ പാമ്പു കടിച്ചു എന്നു പറഞ്ഞ പോലെ, വായന പോരാതെ,ഞാന്‍ എഴുത്തും തുടങ്ങി!!

പോസ്റ്റും, കമന്റുകളും പണിയും ഒരുവിധം ഒരു വഴിക്കാക്കി, രണ്ട്‌ ബീയറി വിടെത്തുമ്പോഴേക്കും ഞാനും ഒരു വഴിക്കാകാന്‍ തുടങ്ങിയപ്പോള്‍, അതൊരു വഴക്കാകാനും തുടങ്ങി.

അങ്ങനെ ഒരു ദിവസം കല്‍പകയില്‍ ഇരുന്ന് ബിയറഡിക്കുന്ന സമയത്ത്‌ എന്റെ ഫോണ്‍ ആര്‍ത്തട്ടഹസിച്ചു.

ഫോണുമെടുത്ത്‌ ഞാന്‍ കുപ്പീടേം, ഗ്ലാസ്സിന്റേം, കുടിയന്മാരുടെ സംഭാഷണത്തിന്റേം ബഹളം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും ഓടി, പുറത്ത്‌ എന്റെ വണ്ടിക്കരികിലെത്തി.

നിങ്ങളെവിട്യാ മനുഷ്യാ? നേരം കൊറേയായല്ലോ ഓഫീസ്സിന്നിറങ്ങിയിട്ട്‌.

ഞാന്‍ ദേ നമ്മുടെ ബേബീ ഷോപ്പിന്റെ സിഗ്നലിലെത്തി.

എന്നാ നിങ്ങളാ ഏഷ്യാനെറ്റ്‌ റേഡിയോ ഒന്നു വെച്ച്‌ കേള്‍പ്പിച്ചേ....

ഹാവൂ, വണ്ടിക്കരികിലായതു ഭാഗ്യം. വേഗം തുറന്ന് റേഡിയോ ഓണ്‍ ചെയ്ത്‌ ശ്രീമതിയെ കേള്‍പ്പിച്ചു.

അപ്പോ നിങ്ങള്‌ വണ്ടിയില്‍ വരുന്ന വഴിക്കു തന്നെയാണല്ലെ.

അവള്‍ക്കും സന്തോഷം, എനിക്കും സന്തോഷം.

അതു കഴിഞ്ഞൊരാഴ്ച കഴിഞ്ഞില്ല, ഞാന്‍ വണ്ടി ഫ്ലാറ്റില്‍ പാര്‍ക്ക്‌ ചെയ്ത്‌, ചങ്ങാതിയുടെ വീട്ടിലേക്ക്‌ പോയി ഒരെണ്ണമടിച്ചങ്ങനെ ഇരിക്കുന്നതിന്നിടയില്‍,

ക്രാ, ക്രാ, ക്രാ, ക്രീ ക്രീ ക്രീ......എവിടുന്നാണാ ശബ്ദം? പോക്കറ്റിലെ സ്വന്തം സെല്ലില്‍ നിന്നു തന്നെ, പോരാത്തതിന്ന്, വീട്ടില്‍ നിന്നും തന്നെ.

ഹലോ, നിങ്ങളെവിടെ എത്തി?

ദേ എത്താറായി. എന്നാല്‍, ആ റേഡിയോ ഒന്നു ഓണ്‍ ചെയ്തേ.

ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ ഞാന്‍ വീട്ടിലേക്കോടി.

വീട്ടിലെത്തിയതും, കുറുമി,

എന്തേ റേഡിയോ ഓണ്‍ ചെയ്യാന്‍ പറഞ്ഞപ്പോളേക്കും, ഫോണ്‍ കട്ട്‌ ചെയ്തത്‌?

ഏയ്‌, അതു ഞാന്‍ വീടെത്താറായില്ലെ, അതുകാരണമാണ്‌ എന്നു പറഞ്ഞ്‌ ഞാന്‍ ഒരു വിധം തടി രക്ഷിച്ചു.

പക്ഷെ അവളുടെ ഈ റേഡിയോ വയ്പ്പിക്കല്‍ അത്ര പന്തിയല്ല എന്നെനിക്കു തോന്നിയതിനാല്‍, പിറ്റേ ദിവസം വൈകുന്നേരം പണികഴിഞ്ഞ്‌, പള്ളിക്കുടിയും കഴിഞ്ഞ്‌ വരുന്ന വഴി ഒരു പോക്കറ്റ്‌ റേഡിയോ ഞാന്‍ വാങ്ങി.

ഇനി വണ്ടിയിലില്ലാത്തപ്പോള്‍ ശ്രീമതി റേഡിയോ വെക്കാന്‍ പറഞ്ഞാല്‍ പുല്ല്‌. ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു.

പിന്നീടു വന്ന രണ്ടാഴ്ചക്കുള്ളില്‍, ഒരു നാലു തവണ എന്റെ ശ്രീമതി എന്നോട്‌ ഇഷ്ട ഗാനം ആവശ്യപെട്ടപ്പോഴൊക്കെ ഞാന്‍ എന്റെ പോക്കറ്റില്‍ നിന്നും റേഡിയോ പുറത്തെടുത്ത്‌ അവളെ പാട്ടും, ന്യൂസും അതാത്‌ സമയമനുസരിച്ച്‌ കേള്‍പ്പിച്ചു.

അപ്പോഴും,അവള്‍ക്കും സന്തോഷം, എനിക്കും സന്തോഷം!

പക്ഷെ......തുടര്‍ന്നു വന്ന ഒരു വ്യാഴാഴ്ച, വണ്ടി പാര്‍ക്കിങ്ങിലിട്ട്‌ ഞാന്‍ ചങ്ങാതിയുടെ വീട്ടിലേക്ക്‌ പോയി.

ഒന്നു കഴിഞ്ഞപ്പോള്‍, രണ്ടാമത്തെ ഒഴിച്ചു. അതും കഴിഞ്ഞപ്പോള്‍, വീക്കെന്റ്‌ സ്പെഷ്യല്‍ ഒരു മൂന്നാമന്‍ ഒഴിച്ച്‌, സിപ്പുന്നതിനിടയില്‍ ഫോണ്‍ വീണ്ടും അപായമണി മുഴക്കി.

ഹലോ... എവിടെയെത്തി ചേട്ടാ?

നേരം ഇത്രയും വൈകിയിട്ടും, ഇത്ര സ്നേഹത്തോടെയുള്ള അവളുടെ ചോദ്യം കേട്ടിട്ട്‌ എനിക്ക്‌ തന്നെ അത്ഭുതം തോന്നി!

ഞാന്‍ ദേ ട്രേഡ്‌ സെന്റര്‍ എത്തിയിട്ടേ ഉള്ളൂ. ഇന്ന് ഭയങ്കര ട്രാഫിക്ക്‌.

അതേയോ? കുഴപ്പമില്ല. പതുക്കെ വന്നാല്‍ മതി. എന്തായാലും, ആ റേഡിയോ ഒന്നു വയ്ക്ക്‌.

ഞാന്‍ ഉടന്‍ തന്നെ റേഡിയോ പുറത്തെടുത്ത്‌ ഓണ്‍ ചെയ്തു.

ദാ കേട്ടോ, പാട്ട്‌. ഇപ്പോള്‍ സംശയം മാറിയില്ലേ?

എന്റെ സംശയം എപ്പോളോ മാറി. നിങ്ങള്‍ വേഗം ഒന്നു വന്നാല്‍ മാത്രം മതി.

ന്‍ഹാ, പിന്നെ വരുമ്പോള്‍ നേരിട്ട്‌ മുറിയിലേക്ക്‌ വരണ്ട. താഴെ പാര്‍ക്കിങ്ങില്‌ നിങ്ങളുടെ വണ്ട്യേം ചാരി ഒരിരുപത്‌ മിനിറ്റായിട്ട്‌ ഞാന്‍ നില്ക്കുന്നുണ്ട്‌. അങ്ങോട്ട്‌ വന്നാല്‍ മതി!!!

32 comments:

കുറുമാന്‍ said...

അങ്ങനെ ഞാനും ഒരു പോക്കറ്റ് റേഡിയോ വാങ്ങി

ഇത് മൂന്നാമത്തെ അറിയിപ്പാ, ഇതും പിന്മൊഴിയില്‍ വന്നില്ലെങ്കില്‍ ഞാന്‍ ബ്ലോഗിന്‍ കാവിലമ്മയാണെ സത്യം, ബ്ലോഗെഴുത്തു നിര്‍ത്തും.

ജേക്കബ്‌ said...

ബൂലോകത്തിലെ ആദ്യത്തെ കല്യാണം കഴിഞ്ഞു ചൂടാറും മുന്‍പെ ബൂലോകത്തിലെ ആദ്യത്തെ കുടുംബകലഹവും പൊട്ടിത്തെറികളും .... എന്തായാലും കുടുംബം കലക്കി പോസ്റ്റ്‌ കലക്കി..
;-)

ദാവീദ് said...

that was really funny, kuruman. right from the beginning, i started laughing.

I always used to wonder 'how do bloggers multi-task with blogging, work pressure and family. Now I know how.

(pardon me, office computer dont support keyman)

KEEP UP THE GOODWORK !

Kuttyedathi said...

അംബട വേന്ദ്രാ , ഹോ വായിച്ചു വന്നപ്പോ ഈ തട്ടിപ്പ്‌ എങ്ങനെയെങ്കിലും കവിത ചേച്ചിയെ അറിയിച്ചിട്ടേയുള്ളൂ എന്നു മനസ്സില്‍ ഓര്‍ത്തതാ. എന്തായാലും ബുദ്ധിയുള്ള ചേച്ചി. കണ്ടുപിടിച്ചല്ലോ. പല നാള്‍ കള്ളന്‍, ഒരു നാള്‍ പിടിയില്‍.... ആഹാ.. എനിക്കു സന്തോഷമായി. ഭാര്യമാരെ പറ്റിക്കാന്‍ നോക്കുന്നല്ലേ ?

ഈ ഏഷ്യാനെറ്റ്‌ റേടിയോയില്‍ എന്താ സംഭവം ? മലയാളം പരിപാടികളാ ?

എല്ലാ അറിയിപ്പുകളും പിന്മൊഴിയില്‍ വന്നല്ലോ ആശാനേ. blog4comment.blogspot.com ആണോ നോക്കുന്നത്‌ ? അയ്യോ, അതു ചുമ്മാ കുഴീലേക്കു കാലും നീട്ടിയിരിക്കണ പല്ലു കൊഴിഞ്ഞ സിംഹമാ. സൂചികയോ, അല്ലെങ്കില്‍ google groups ഇല്‍ പോയി പിന്മൊഴി ഗ്രൂപ്‌ നോക്കൂ.

അവിടെ എല്ലാരും ഇപ്പോ പെരിങ്ങോടനെ കണ്ടോണ്ടിരിക്കുവാരിക്കുമല്ലേ ? കണ്ടവര്‍ കണ്ടവര്‍ വന്നൊരു ലൈവ്‌ റിപ്പോര്‍ട്ടു തന്നേ...

Obi T R said...

ഈ പെണ്ണുങ്ങളുടെ ഒരു കാര്യമേ, ഇങ്ങനെയാണെല്‍ ഞാനൊക്കെ പെണ്ണു കെട്ടാതെ ഇങ്ങനെയൊക്കെ കഴിയേണ്ടി വരുമെല്ലൊ..
കുറുമാന്റെ എഴുത്തു കിടിലന്‍ ആയിട്ടുണ്ട്‌.

രാജ് said...

ഒരാളെക്കൂടെ വഴിപിഴപ്പിച്ചപ്പോള്‍ എന്തു സന്തോഷം! കുറുമാ പാവം ആദികുറുമനെ ഡെല്‍ഹിക്കാരുടെ ഇടയില്‍ ഒരു താന്തോന്നിയാക്കിയപ്പോഴും ഏതോ നമ്പൂരിശ്ശനെ ഭാംഗുകുടിപ്പിച്ചപ്പോഴും പിന്നെ പച്ചപ്പാവമായ ഡൊമിനിയെ വഴിയാധാരമാക്കിയപ്പോഴും ഓര്‍ക്കണം ഒരു പാര തനിക്കായും ആരോ പണിതെടുക്കുന്നുണ്ടെന്നു്. “സന്തോഷായി ഗോപ്യേ” (“ട്ടാ” ന്നു ഞങ്ങളുടെ നാട്ടില്‍ പതിവില്ല, സിറ്റ്വേഷന്‍ വേറെ ആയതുകൊണ്ടാവും)

കുറുമാന്‍ said...

ജേക്കപ്പേ : നന്ദി.......ബൂലോകത്തിലെ ആദ്യത്തെ കുടുംബകലഹവും പൊട്ടിത്തെറികളും ഒന്നും ഉണ്ടായില്ല്യഷ്ടാ..ഒക്കെ ഒരു രസം....

ബിജു വര്മ്മ : ഇപ്പോള് മനസ്സിലായില്ലേ, എങ്ങിനെ പണിയും, ബ്ലോഗലും ഒരുമിച്ച് മാനേജ് ചെയ്യാമെന്ന്...അപ്പോങ്ങ്ട് തുടങ്ങിക്കോളൂ.

കുട്ട്യേടത്ത്യേ - പല നാള് കള്ളന്‍, ഒരു നാള്‍ പിടിയില്‍ - കറക്റ്റ്....എന്താ ചെയ്യാ.....കല്യാണം കഴിഞ്ഞാലുള്ള ഒരോരോ പങ്കപാടേ...
അതെ, ഏഷ്യാനെറ്റ് റേഡിയോയില് മലയാളം പരിപാടികള്‍ തന്നെ.....24 മണിക്കൂറും.

ഒബിയേ - പെണ്ണുകെട്ടിയാലല്ലെ മാഷെ ഇങ്ങനെ പറ്റിപ്പൊക്കെ ചെയ്യാന്‍ പറ്റൂ..കട്ടുതിന്നുന്നതിന്റെ സുഖം വെറുതെ കയ്യിട്ടെടുത്തു തിന്നുമ്പോള് കിട്ട്വോ?

പെരിങ്ങോടരേ : ശുക്രിയാ....ഇപ്പോ, ശരിക്കും സന്തോഷായി ഗോപ്യേ

കണ്ണൂസ്‌ said...

കുറുമാനേ, എന്റെ ഫാര്യ പറയണത്‌ ഈ വക കാര്യങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തരികിട ഞാനാണെന്നാ. ഈ പോസ്റ്റൊന്ന് കാണിച്ചു കൊടുക്കട്ടെ. :-)

നന്നായിരിക്കുന്നു.

അരവിന്ദ് :: aravind said...

സൂപ്പര്‍ കുറുമേനേ..:-))
വൈകിയാണെത്തിയതെങ്കിലും കുറുമാന്‍ ചിരിയുടെ കുറിക്ക് കൊള്ളുന്ന പോസ്റ്റുകളുമായി ബൂലോഗത്തില്‍ സാന്നിധ്യമറിയിക്കുന്നു.
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ഏഷ്യാനെറ്റ് പരമ്പരക്ക് പറ്റിയ ഒരു പോസ്റ്റ്!!! :-))
അതു പോലെത്തന്നെ നല്ല ഡീസന്റ് നര്‍മ്മം..തകര്‍ത്തു! :-)

Anonymous said...

ചേട്ടന്‍ ഫോണ്‍ എടുക്കുക എങ്കിലും ചെയ്യുമല്ലൊ. എന്റെ കെട്ടിയോന്‍സു ഇങ്ങിനെ എന്തെങ്കിലും സൂത്രപ്പണിയിലാണെങ്കില്‍ ഫോണ്‍ എടുക്കത്തു പോലുമില്ല. എനിട്ടു പറയും സെല്ഫോണല്ലേ,
എപ്പോഴും കിട്ടണം എന്നൊന്നിമില്ല്ല എന്നു...
എന്തായലും ഈ കുടുംബ സ്റ്റോറി എനിക്കിഷ്ട്പ്പെട്ടു.... :-)

സു | Su said...

കുറുമാനേ :) ഇനി വിളിക്കുമ്പോ വെള്ളമടിച്ച് ബോധം ഇല്ലാതെ “ ദേ പുറപ്പെട്ടു, പുറപ്പെട്ടു. എന്തേയ് അരമണിക്കൂറുമുന്‍പ് പുറപ്പെടണോ” എന്ന ഡയലോഗ് മാത്രം പറയല്ലേ.

മുല്ലപ്പൂ said...

വായിചു അറിയാതെ ചിരിച്ചു പോയി..

ചേട്ടന്‍ പുതിയ മൊബൈല്‍ വാങ്ങിയപ്പോള്‍ ഞാന്‍ ആണു എറ്റവും സന്തോഷിച്ചത്‌, മാക്രി കരയുന്ന റിങ്ങ്റ്റൊണ്‍നു പകരം കര്‍ണമധുരമായ polyphonic ringtones കേക്കാമല്ലൊ എന്നോര്‍ത്ത്‌. പക്ഷേ പുതിയ ഫൊണിലേക്കു ഞാന്‍ വിളിക്കുമ്പൊള്‍ ഒക്കെ back ground ഇല്‍ കൂട്ടുകാരുടെ കൂട്ടചിരി കേള്‍ക്കാം.

ചേട്ടന്‍ വീടെത്തിയപ്പൊള്‍ ഞാന്‍ അന്വേഷിചു "എന്താ കാര്യം"

"ഹെയ്‌ വെറുതെ അവര്‍ തമാശ പറഞ്ഞു..." ചേട്ടന്റെ മറുപടി..

അടുത്ത ദിവസവും ഞാന്‍ വിളിച്ചപ്പൊള്‍ അതേ chorus

വീണ്ടും അന്വേഷണത്തില്‍ അതേ മറുപടി.

മൂന്നാം ദിനം ഇതാവര്‍ത്തിചു. ചേട്ടന്‍ വീടെത്തി കഴിഞ്ഞപ്പൊള്‍ മൊബൈല്‍ കൈക്കലാകി ഞാന്‍ അതിലേക്കു ഒന്നു ring അടിപ്പിച്ചു.

എന്റെ കയ്യില്‍ ഇരുന്നു ഫോണ്‍ "ടിഷ്യും "ടിഷ്യും "ടിഷ്യും എന്ന firing sound ഇല്‍ ശബ്ദിചു..

അഭയാര്‍ത്ഥി said...

ചില്ലറ കളവു പറച്ചില്‍ , അല്‍പ്പം മദ്യ സേവ, കുറച്ചു എഴുത്തെന്ന ഹോബി. കുറുമാന്‍ ആളൊരു രസികന്‍ തന്നെ. ഇതരം ചില്ലറപിണക്കങ്ങളിലും , നുണകളിലുമാണു സന്തോഷകരമായ്‌ ബന്ധം ഉണ്ടാവുക.

ഗന്ധറ്‍വന്‍ വളരെ പുവറ്‍ നുണ പറയാന്‍.

"നിങ്ങളെവിടെ പോയി?".


" ത്റിശ്ശൂരു വരെ".


" അതിനു എട്ടു മണിക്കൂറോ?".


"ഞാന്‍ എന്റെ വീട്ടില്‍ പോയി നിനക്കെന്തേ?".

ടുമ്മ് ടുടും ടുംടുമ്മ് ധുന്ദുഭി നാദം.

സത്യം പറഞ്ഞാലും അടി- നുണ പറഞ്ഞാലും അടി. കുടിയും ഡോക്ടറ്‍മാറ്‍ വിലക്കിയിരിക്കുന്നു.

വലിയകണ്ണുകള്‍ തുറന്നു ഗന്ധറ്‍വിണി ഒന്നിരുത്തി നോക്കിയാല്‍ ഗന്ധറ്‍വന്‍ കിളിപറയുന്നതുപോലെ സത്യം സത്യം കീ സിവ അവുറ്‍ കുച്ച്‌ നഹി കഹേംഗാ. അല്ലെങ്കില്‍ അവള്‍ പിടിക്കും. മനസ്സറിയും യന്ത്റമൊ മന്ത്റമൊ അവളുടെ കയ്യിലുണ്ടു.


കുറുമാനുള്ളതുകൊണ്ടു ബ്ളോഗില്‍ നേരമ്പോക്കുകള്‍ക്കു കുറവില്ല.

കുറുമാന്‍ said...

ബ്ലോഗന്മാരെ, ബ്ലോഗിനികളെ, എന്റെ ബ്ലോഗില്‍ കമന്റു എറിഞ്ഞുപോയ, എല്ലാവര്‍ക്കും, എന്റെ വിനീതമായ കൂപ്പൂകൈ.

ഇങ്ങ് അറബി നാട്ടില്‍ സമയം ഒന്നര (രാത്രി). എന്നാ പുള്ളേ പോയികിടന്ന് ഉറങ്ങിക്കൂടേന്ന് ചോദിച്ചാ.....സൌകര്യല്ല്യ ത്ര തന്നെ......

നാളേം, മറ്റന്നാളും ഉറങ്ങാമല്ലോന്ന് വച്ച്, അമേരിക്കന്‍ ഗഡികളുമൊത്ത് ഒന്നു സൊല്ലാംന്ന് വച്ചു.

ന്താ ആരുല്ലെ ഇവിടെ?

ഉമേഷ്::Umesh said...

നാളെ വാ കുറുമാനേ. കുട്ട്യേടത്തി പെസ്റ്റ് കണ്ട്രോള്‍ സര്‍വീസുമായി (“ഈച്ചപിടിത്തം” എന്നു മലയാളം) ഉണ്ടാവും.

പോസ്റ്റു കിടിലന്‍. കമന്റെഴുതിയില്ലെന്നേ ഉള്ളൂ.

ഭാര്യയോടു പറയുന്ന കള്ളങ്ങളില്‍ അധികവും താന്‍ മുമ്പു പറഞ്ഞ ഒരു കള്ളം കള്ളമാണെന്നു് അവളറിയാതിരിക്കുവാന്‍ പറയുന്ന കള്ളങ്ങളാണെന്നാണു് എന്റെ അനുഭവം. കുറുമാനും അങ്ങനെയാണോ?

കുറുമാന്‍ said...

അങ്ങനെ തന്നെ മാഷേ.....

മിനിഞ്ഞാന്ന് ഞാന്‍ പെരിങ്ങോടനായിട്ട് സംസാരിച്ചു (പെരിങ്ങോടനുമായിട്ട് എന്ന് മലയാളം, പക്ഷെ ഞങ്ങള്‍ തൃശൂര്‍കാര്‍ വെറുതെ വിടൂ).
ഇന്ന് വിശാലനായിട്ടും സംസാരിച്ചു.

ഇനി എന്നാണാവോ നിങ്ങളൊക്കെ ആയിട്ട്

ബിന്ദു said...

അതേയ്‌, കുറുമാനേ.. കുട്ടിയേടത്തിയെ ഞാന്‍ വധിക്കുക ആയിരുന്നു, അതാ കാണാത്തതു. അതു കൊണ്ടു ഞാനും ഇന്നു പോസ്റ്റുകളൊന്നും കണ്ടില്ല. ഇതു ഞാന്‍ എന്തായാലും.. വായിച്ചു കേള്‍പ്പിക്കില്ല.. :)

Santhosh said...

എന്തുകൊണ്ടാണ് നമ്മള്‍ പറയുന്ന കള്ളമെല്ലാം ഈ പെണ്‍പുലികള്‍ ചുളുവില്‍ കണ്ടുപിടിക്കുന്നത്? കുറുമാന്‍, വളരെക്കാലമായി ഞാന്‍ പ്രയോഗിക്കുന്ന ഈ ടെക്നിക് ശ്രമിക്കൂ...

(സെല്‍ ഫോണ്‍ മണിയടിക്കുന്നു. ഞാന്‍ എവിടെയെങ്കിലുമാവട്ടെ. ഒച്ചയില്ലാത്ത സ്ഥലത്തേയ്ക്ക് മാറി ധൃതിയില്‍ ഇങ്ങനെ മന്ത്രിക്കുക)

“ഹലോ, ഹൂയീസ് ദിസ്?”
“ഇതു ഞാനാ...”
“ഓ, നീ ആയിരുന്നോ... ഐയാം ഇന്‍ എ മീറ്റിംഗ് വിത് ആന്‍ഡ്രൂ [ഇവിടെ നിങ്ങളുടെ മാനേജരുടെ മാനേജരുടെ പേര് ചേര്‍ക്കുക]. ഐ വില്‍ ഹാഫ് റ്റു കോള്‍ യു ബായ്ക്ക് ഇന്‍ അനദര്‍ ഫോര്‍ട്ടിഫൈവ് മിനിറ്റ്സ് ഓര്‍ സോ.”

ഭാര്യയല്ല, അമ്മായിയമ്മ വരെ വച്ചിട്ട് പൊയ്ക്കോളും!

സസ്നേഹം,
സന്തോഷ്

Adithyan said...

താങ്ക്യൂ കുറുമാനെ,

ഇമ്മാതിരി വിലപ്പെട്ട ടിപ്പുകളൊക്കെ പറഞ്ഞു തരണെ... എപ്പൊഴാണു ഉപയോഗം വരുകാന്നു പറയാന്‍ പറ്റില്ലല്ലോ... :-)

സ്നേഹിതന്‍ said...

ഇതെന്താ കുറുമാനെ വെടിക്കെട്ട് നോണ്‍സ്റ്റോപ്പാണല്ലൊ! സെറ്റപ്പ് കണ്ടിട്ട് വല്ല 'ചാര' സംഘടനയിലും പ്രവര്‍ത്തിച്ചിരുന്നൊ എന്നൊരു സംശയം !

Visala Manaskan said...

കുറുമാനേ,
കലക്കന്‍ പോസ്റ്റ്. രസിച്ചു വായിച്ചു.

*എന്റെ മോന്‍ ബീഡിയും സിഗരറ്റും ചുണ്ടത്ത് വക്കില്ല!
*എന്റെ മോന്‍ ബ്രാണ്ടിയുടെ കളറായതുകൊണ്ട്, കട്ടന്‍ ചായ പോലും കുടിക്കില്ല്യ!

എന്നൊക്കെ എന്റെ അമ്മ ലോകത്തുള്ളവരോടൊക്കെ പറഞ്ഞിരുന്നത് ആ പാവത്തിന് സത്യാവസ്ഥ അറിയാഞ്ഞിട്ടായിരുന്നു.

അതേ പോലെ, മൈ ചേട്ടന്‍ ‘കുടിക്കേയില്ല, വലിക്കേയില്ല ‘എന്നെന്റെ മിസിസ്സ് ഇടക്കിടെയൊക്കെ പറയുന്നതിന്റെയും കാരണം മറ്റൊന്നല്ല!

myexperimentsandme said...

കുറുംസേ.... അവിടെയൊരു സംവരണ പ്രശ്നം സോള്‍വ് ചെയ്യാന്‍ പഠിച്ച പണി പതിനെട്ടും നോക്കി നടക്കുകയായിരുന്നു. ഇതുവരെ തീര്‍ന്നില്ല. തീരുന്ന ലക്ഷണവുമില്ല.

എന്നാലൊരു ബ്രേക്ക് എടുത്തേക്കാമെന്നു വെച്ചു. തീരുമാനം തെറ്റിയില്ല. അടിപൊളി വിവരണം. ജേക്കബ്ബ് ദേ കുടുംബം കലക്കി പോസ്റ്റെന്നൊക്കെ പറയുന്നു. അങ്ങിനെയൊന്നും പറയല്ല് കേട്ടോ. പാവം കുറുമാന്‍.

പിന്ന്യേ, നോവാള്‍ജിയായുടെ ക്രെഡിറ്റ് പബ്ലിക്കാക്കാതെ വേണമെങ്കില്‍ എനിക്കു തന്നോ, പക്ഷേ, നാലുപേരു കൂടുന്നിടത്ത് ദേവേട്ടനു കൊടുത്തേക്കണേ. ദേവേട്ടനാണല്ലോ അത് ആദ്യം ഉപജ്ഞതിച്ചത്. ദോ ഇവിടെ

രാജീവ് സാക്ഷി | Rajeev Sakshi said...

നിങ്ങളൊരു സംഭവം തന്നെ കുറുമാനെ.

കുറുമാന്‍ said...

കമന്റിയ എല്ലാവര്‍ക്കും നന്ദി (പേരെടുത്തു പറയാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പേരെടുത്തു പറയാന്‍ നിന്നാല്‍ അടുപ്പത്തിരിക്കുന്ന പോത്തേട്ടന്‍, കരിഞ്ഞു പോകും)

ദേവേട്ടനു ക്ഷമാപണം. നോവാള്‍ജിയ, വക്കാരീടെ സ്വത്താണെന്നു കരുതി ഞാന്‍ പ്രയോഗിച്ചു. വക്കാരി പറഞ്ഞപ്പോളാ അറിഞ്ഞത്, അത് ദേവേട്ടന്റെ സ്വത്താണെന്നും, തറവാടു ഭാഗം വെച്ചപ്പോള്‍ കിട്ടിയതാണെന്നും. എന്നോട് ക്ഷമിക്കൂ, പ്ലീസ്, ദയവായി, ക്ഷമി, ആ, ക്ഷമിച്ചുകളാന്നേ.....പോട്ട്.

Vempally|വെമ്പള്ളി said...

ഹോ… കുറുമാനെ അനുഭവങ്ങള്, അനുഭവങ്ങള്,
ന്നാപ്പിന്നെ ആ ട്രാന്‍സിസ്റ്ററ് (പെട്ടന്ന് സിസ്റ്റര് ബിയാട്രീസിനെ ഓര്‍മ്മവന്നു രണ്ടും സിസ്റ്ററാണല്ലൊ) കുറുമിക്കങ്ങ് കൊട്. ഫുള്‍റ്റൈം കേട്ടോണ്ടിരിക്കട്ടെ!!

അതുല്യ said...

കുറുമാനേ, ഞാനാണെങ്കി പറഞ്ഞേനെ, എന്നാ ഒന്ന് ഹോണ്‍ അടിച്ച്‌ കാണിയ്ക്ന്ന്.. പിന്നെ കുറുമന്‍ പോയി മിമിക്രി പഠിയ്കാന്‍ ചേരും കലാഭവനില്‍.

evuraan said...

കുറുമാനേ,

നന്നായിട്ടുണ്ട്.

ഒരു തവണ പിടിക്കപ്പെട്ടാല്‍ പിന്നെ പോക്കാണ്‍, അല്ലേ?

ജാമ്യാപേക്ഷയുടെ ഒരു രൂപമാവും ഈയെഴുത്ത്, അല്ലേ?

:)

ചീങ്ങണ്ണി സുഗു said...

അത് കലക്കി കുറുമാനെ ... താന്‍ ആളൊരു സംഭവം തന്നെ.. വഴി തെറ്റി വന്ന വഴി കൊള്ളാം....

കാപ്പിലാന്‍ said...

കുറുമാനേ ..ചിരിച്ചു പണ്ടാരമടങ്ങി .അന്നത്തെ ദിവസം ഒക്കെ ആയിരുന്നു എന്ന് പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ :)

Appu Adyakshari said...

ഹ..ഹ.. കണക്കായിപ്പോയി !!

“രാവിലെ ഓഫീസില്‍ വരുക, സീറ്റില്‍ ഇരിക്കുക, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുക. ദീപിക ഡോട്‌ കോം ഒന്നോടിച്ചു വായിക്കുക, പണി തുടങ്ങുക, പണിയുക, പണിയുക, മെയ്യ്‌ കണ്ണാക്കി പണിയുക. ഉച്ചക്ക്‌ കുറച്ചൂണു കഴിക്കുക, വീണ്ടും വന്നിരുന്ന് പണിയുക, പണിയുക...” ഇതിനിടെ ജി-മെയില്‍ ഒരു വിന്റോയില്‍ തുറന്നു കിടക്കുന്നുണ്ടെന്നെന്താ പറയാഞ്ഞത് - ലൈവ് കമന്റ് അപ്ഡേറ്റുകള്‍ !!

കുഞ്ഞന്‍ said...

രണ്ടു കൊല്ലത്തിനു മുമ്പുള്ള പോസ്റ്റ്, അതിവിടെ കൊണ്ടു വന്ന അപ്പുണ്ണിക്ക് നന്ദി.

കുറുജീ..പാവം കുറുമി..അല്ലെങ്കില്‍ അന്ന് വീട്ടിനു പുറത്ത് കിടത്തിയേനെ.. എന്തായാലും പിന്നീട് റേഡിയോ ഓണാക്കാന്‍ മിസ്സീസ് പറഞ്ഞിട്ടുണ്ടാവില്ലാല്ലെ..!

സുധി അറയ്ക്കൽ said...

ഹാ ഹാ .സമ്മതിക്കണം നിങ്ങളെ!!!