Wednesday, June 14, 2006

പോര്‍ക്ക് വിന്താലു

തൊണ്ണൂറ്റിയാറ്‌ ഡിസംബറിലെ ദില്ലിയിലെ ഒരു പ്രഭാതം. എല്ലും തുളച്ച്‌ ശരീരത്തിനകത്തു കയറുന്ന തണുപ്പ്‌.

കുളിച്ചു എന്നു വരുത്തി കുളിമുറിയില്‍ നിന്നും പുറത്തു കടന്ന്, കോളര്‍ അന്തസ്സായ ഒരു ഷര്‍ട്ട്‌ എടുത്ത്‌ ഞാന്‍ ധരിച്ചു. നല്ല അങ്കൂറാ വൂളിന്റെ ഫുള്‍ സ്വെറ്റര്‍ ഒന്നു ഷര്‍ട്ടിന്റെ മേലണിഞ്ഞു. അതിന്മേലൊരു ലെതര്‍ ജാക്കറ്റുമിട്ട്‌ എന്റെ റോഡ്‌ കിങ്ങില്‍ കയറി ഓഫീസിലേക്ക്‌ പതിവുപോലെ പറത്തിവിട്ടു.

സര്‍, മേഡം വിളിക്കുന്നു.

ഷൈലജ വന്നു പറഞ്ഞപ്പോള്‍, കേബിനില്‍ നിന്നിറങ്ങി ഞാന്‍ സംഗീതാ മാഡത്തിന്റെ കേബിനില്‍ കയറി.

കയറിയപ്പോള്‍ തന്നെ മനസ്സിലായി, എന്തോ പന്തികേടുണ്ടെന്ന്, കാരണം, തന്ത സരേഷ്‌ ജട്മലാനിയും കേബിനില്‍ ഇരിക്കുന്നുണ്ട്‌.

കുറുമാന്‍ ഇരിക്കൂ.

ഒടുക്കത്തെ ഇരിക്കലായിരിക്കാനുള്ള സാധ്യത മണത്തതുകൊണ്ട്‌, കസേരയില്‍ മുള്ളില്ലായിരുന്നെങ്കിലും, മുള്ളിന്മേല്‍ ഇരിക്കുന്നതു പോലെ, ഹാഫ്‌ ചന്തി കസേരയിലും, ബാക്കി ചന്തി എയറിലുമായി ഇരുന്നെന്നപോലെ വരുത്തിയതിന്നു ശേഷം ഒരു ക്വസ്റ്റ്യന്‍ മാര്‍ക്ക്‌ മുഖത്തണിഞ്ഞ്‌, അവരെ രണ്ടു പേരേയും ഞാന്‍ മാറി, മാറി,നോക്കി.

ഞങ്ങള്‍ വിളിപ്പിച്ചത്‌, ആര്‍ ബി ഐ യുടെ (റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ) അവസാന ഷോ കോസ്‌ നോട്ടീസ്‌ വന്നിട്ടുണ്ട്‌ എന്നു പറഞ്ഞ്‌ ഒരു കടലാസ്സും കഷ്ണം എനിക്ക്‌ നീട്ടി.

ഔട്ട്‌ സ്റ്റാന്‍ഡിങ്ങ്‌ പേയ്മെന്റായ അര കോടിയോളം രൂപയുടെ രസീതും, ചീട്ടും, മറ്റു കാര്യ കാരണങ്ങള്‍ അടങ്ങിയ ഡോക്യുമെന്റ്സും പതിനഞ്ച്‌ ദിവസത്തിനകം കാണിച്ചില്ലെങ്കില്‍, നിങ്ങളുടെ കമ്പനി കട്ട പൊകയാക്കും എന്നു മാത്രമല്ല, കമ്പനി പൂട്ടിക്കുകയും, ഫ്രീയായി, തിഹാര്‍ ജയിലില്‍ താമസം, ഭക്ഷണം തുടങ്ങിയവ ലഭിക്കാനും സാധ്യത ഉണ്ടെന്ന് എഴുതിയ കുറിപ്പ്‌ ഞാന്‍ പലവുരു വായിച്ചു. പിന്നെ വീണ്ടും ആദ്യമായ്‌ കാണുന്നതുപോലെ അവരെ രണ്ടുപേരേയും മാറി മാറി നോക്കി.

കാര്യമെന്തൊക്കെ പറഞ്ഞാലും, ഈ ഔട്സ്റ്റാന്‍ഡിംഗ്‌ അരക്കോടി രൂപ, സിന്ധികുടുമ്പം അവരുടെ സ്വിസ്സ്‌ അക്കൌണ്ടിലേക്ക്‌ മാറ്റിയതാണെന്നത്‌ മൂന്നു തരം.

യു ഹാവ്‌ ഗോണ്‍ ആന്റ്‌, മീറ്റ്‌ ദെം ആള്‍ റെഡി ഫോര്‍ ടൈംസ്‌ ബട്‌, സ്റ്റില്‍ ദെ ആര്‍ സെന്റിംഗ്‌ അസ്‌ സച്ച്‌ മെസ്സേജസ്‌??

ഞാനൊന്നും പറഞ്ഞില്ല, പക്ഷെ മനസ്സില്‍ ആലോചിച്ചു.

ആദ്യത്തെ തവണ മുമ്പൈക്ക്‌ പോയി, ചെറിയമ്മയുടെ ആന്റോപ്പ്‌ ഹില്ലിലുള്ള ഫ്ലാറ്റില്‍ തങ്ങി, കുട്ടികളുമൊത്ത്‌ ഒരാഴ്ച ചിലവിട്ടു, അതിന്നിടയിലൊരു ദിവസം ആര്‍ ബി ഐ യുടെ മുന്‍പില്‍ പോയി. ബില്‍ഡിങ്ങ്‌ കണ്ടു. ഒരു മലയാളി റിസപ്ഷനിസ്റ്റിനെ പിടിച്ച്‌ ഒരു ഹോട്ടലില്‍ ഒരാഴ്ച തങ്ങിയതിന്റെ ബില്ലും തരപ്പെടുത്തി.

രണ്ടാമത്തെ തവണ പോയി, നേവിയില്‍ ഉദ്യേഗസ്ഥനായ വലിയമ്മയുടെ മകന്‍ സതീഷും കുടുമ്പത്തോടുമൊത്ത്‌ അവന്‍ താമസിക്കുന്ന, കൊളാബയിലെ ഫ്ലാറ്റില്‍ താമസിച്ചു, അവനുമൊത്ത്‌, നേവല്‍ ബേസ്‌ ബാറില്‍ നിരവധി തവണ കയറി, പല പല സ്ഥലങ്ങള്‍ പലതവണ കണ്ടു. ആര്‍ ബി ഐ യുടെ മുന്‍പിലുള്ള ഒരു ഹോട്ടലില്‍ കയറി അന്തസ്സായി, കോഴി ബിരിയാണി വെട്ടി വിഴുങ്ങി. ഒരു വെയ്റ്ററെ പരിചയപെട്ടു.

മുന്നാമത്തെ തവണ പോയി, ചെറിയമ്മയുടെ അവിടേയും, സതീഷിന്റെ അവിടേയും മാറി, മാറി താമസിച്ചു. മൊത്തം മുമ്പൈ കണ്ടു, കഴിഞ്ഞ തവണ ആര്‍ ബി ഐ യുടെ മുന്‍പിലെ ഹോട്ടലില്‍ വച്ച്‌ പരിചയപെട്ട വെയ്റ്ററെ കണ്ടു, അവന്റെ കെയറോഫില്‍, ആര്‍ ബി ഐയിലെ പീയൂണിനെ പരിചയപെട്ടു. സതീഷും, പീയൂണ്‍ ബാബുവും, ഞാനും കൂടി മുജിറ കാണാന്‍ പോയി.

നാലമത്തെ തവണ പോയി, ഹോട്ടലില്‍ മുറിയെടുത്തു. പീയൂണ്‍ ബാബു പറഞ്ഞതു പടി, ആര്‍ ബീ ഐയിലെ, എക്സ്പോര്‍ട്ട്‌ ഇന്‍ങ്കം ഔട്ട്സ്റ്റാന്‍ഡിംഗ്‌ സെക്ഷനിലെ മാനേജരെ കണ്ടു. പരിചയപെട്ടു. അദ്ദേഹത്തിനേയും കൂട്ടി പല പല ബാറുകള്‍ കണ്ടു. കൈക്കൂലിയായി ഒരു ലക്ഷം ഓഫര്‍ ചെയ്തു. ശരിയാക്കാം, പക്ഷെ ഒരു പെട്ടിപോര, രണ്ടു മൂന്നു പെട്ടി വേണ്ടി വരും എന്നയാള്‍ പറഞ്ഞപ്പോള്‍, നോക്കാം എന്ന് ഞാനും പറഞ്ഞു.

ഒരാഴ്ച എന്നാടൊപ്പം സായം കാലം മുതല്‍ പുലര്‍ച്ച വരെ എന്നെ തലയാക്കി അടിച്ചു പൊളിച്ചതിനൊടുവില്‍ ഒരു വെള്ളിയാഴ്ച ഇടി വെട്ടും പോലെ ആള്‍ പറഞ്ഞു.

മലയാളിയായതുകൊണ്ടു പറയുവാ, ഈ കേസില്‍ നിന്നൂരാന്‍ ഒരു വഴിയുമില്ല. ഈ കമ്പനി ഇതാദ്യമായല്ല, പല പല കേസുകളുമുണ്ടായിട്ടുമുണ്ട്‌ മുന്‍പും. ഒരു നാലഞ്ചു ലക്ഷം മുടക്കാന്‍ തയ്യാറാണെങ്കില്‍, ഫയല്‍ എപ്പോ മുക്കിയെന്നു ചോദിച്ചാല്‍ മതി എന്ന്.

സിന്ധി കമ്പനി. ഒരു പാമ്പിനേയും, സിന്ധിയേയും ഒരുമിച്ചു കണ്ടാല്‍ ആരെ ആദ്യം കൊല്ലണം എന്നു ചോദിച്ചാല്‍ സിന്ധിയേ കൊല്ലണം എന്നു പറയുന്ന ഉലകം!!


അമ്പതിനായിരത്തിന്നോ, കൂടിയാല്‍ ഒരു ലക്ഷത്തിന്നോ കേസൊതുക്കാന്‍ പറഞ്ഞിട്ട്‌ എന്നെ നാലു പ്രാവശ്യം വിട്ടതിന്നു തന്നെ കമ്പനി അമ്പതിനായിരം പൊടിച്ചു. ഇനിയിപ്പോള്‍, നാലഞ്ചു ലക്ഷമെന്നു പറഞ്ഞാല്‍ എന്റെ കിഡ്നി അവരൂരി വില്ക്കും എന്നെനിക്കുറപ്പ്‌.

എന്തായാലും ഞാന്‍ തിരികെ ദില്ലിക്ക്‌ പോയി, അഞ്ചാറു ലക്ഷം കൊടുക്കാതെ കേസില്‍ നിന്നൂരാന്‍ പറ്റില്ല എന്നു പറഞ്ഞപ്പോള്‍, ആലോചിക്കാം എന്നു പറഞ്ഞപ്പോഴും, ആ ആലോചനയുടെ റിസല്‍റ്റ്‌ കിട്ടാന്‍ മറ്റൊരു ഷോകോസ്‌ നോട്ടീസ് വേണ്ടി വരുമെന്നിപ്പോഴാണറിഞ്ഞത്‌.

സീ കുറുമാന്‍, യു ഹാവ്‌ റ്റു ഡു സംതിംഗ്‌ ദിസ്‌ റ്റൈം, ഓര്‍ എല്‍സ്‌ വി ഹാവ്‌ ടു ഫൈന്‍ഡ്‌ സം വണ്‍ എല്‍സ്‌.

ഹാവൂ. കൊതിച്ചതീശ്വരന്‍ നല്‍കിയല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ പറഞ്ഞു.

യാ, ഐ തിങ്ക്‌ ഇറ്റ്സ്‌ ബെറ്റര്‍ ഈഫ്‌ യു ഫൈന്‍ഡ്‌ സം വണ്‍ എല്‍സ്‌. അയാം റിസൈനിംഗ്‌ റ്റുഡേ.

ക്യാബിനില്‍ നിന്നും ഞാന്‍ പുറത്തു കടന്നു, എന്റെ ക്യാബിനില്‍ പോയി, റെസിഗ്നേഷന്‍ ലെറ്റര്‍ ടൈപ്പ്‌ ചെയ്തു, പ്രിന്റെടുത്തു, ഷൈലജയുടെ കയ്യില്‍ കൊടുത്തയച്ചു.

കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട്‌ ആറുമാസം പോലുമായിട്ടില്ല. എന്ത്‌ ബോണസ്സ്‌, എന്ത്‌ ഗ്രാറ്റ്യുറ്റി?

അര മണിക്കൂറിന്നകം, ഫുള്‍ അന്റ്‌ ഫൈനല്‍ സെറ്റില്‍മന്റ്‌ വൌച്ചറില്‍ ഒപ്പിടുവിച്ച്‌, ബാക്കി പൈസ തന്ന് അക്കൌണ്ടന്റെനിക്കു ഷേക്ക്‌ ഹാന്റ്‌ തന്നു.

ഞാന്‍ ജോലി ചെയ്ത ദില്ലിയിലെ അവസാന കമ്പനിയായിരുന്നു അത്‌, അല്ലെങ്കില്‍, എന്റെ ദില്ലിയിലെ അവസാനത്തെ ജോലിയായിരുന്നു അത്‌ എന്നും പറയാം.

തിരികെ മുറിയിലെത്തി. നാട്ടില്‍ നിന്നും കച്ചവടാവശ്യത്തിനെന്നും പറഞ്ഞ്‌, ചുമ്മാ അച്ചനമ്മമാര്‍ സമ്പാദിച്ച പൈസ അവരുടെ കണ്‍ വെട്ടത്തു പെടാതെ, സ്വസ്ഥമായി ചിലവഴിക്കാനായി ദില്ലിക്ക്‌ വന്ന രണ്ടു സുഹൃത്തുക്കള്‍, മുറിയില്‍ സമയത്തിനെ കഴുത്തുമുറിച്ചാണോ, അതോ തല്ലിയാണോ കൊല്ലേണ്ടതെന്നാലോചിച്ചിരിക്കുന്ന നേരത്താണ്‌ അവരേ പോലെ തന്നെ തൊഴിലും, പണിയൊന്നുമില്ലാതായെന്നു പറഞ്ഞ്‌ ഞാന്‍ മുറിയിലെത്തുന്നത്‌.

എന്റെ പണി പോയടാ ജോണ്‍സാ, സുരേഷേ ന്ന് ഞാന്‍ പറഞ്ഞപ്പോള്‍, തൃശ്ശൂര്‍ പൂരത്തിന്നമിട്ടു പൊട്ടിവിരിയുന്നതുപോലെ അവരുടെ ചിരി വിരിഞ്ഞു. അവരേ രണ്ടു പേരേയും ഇത്രയും സന്തോഷത്തോടെ‍ അതിനു മുന്‍പും, പിന്‍പും ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല.

അന്നുച്ചയ്ക്ക്‌ ഞങ്ങള്‍ തുടങ്ങിയ ആഘോഷത്തില്‍, വൈകീട്ട്‌ ജോലി കഴിഞ്ഞെത്തിയ സുഭാഷും, രാമേട്ടനും പങ്കു ചേര്‍ന്നു.

ജോലി കിട്ടിയാല്‍ ആഘോഷം, ജോലി പോയാല്‍ ആഘോഷം. വണ്ടി ഇടിച്ചാല്‍ ആഘോഷം, മുത്തപ്പന്‍ ചത്താല്‍ ആഘോഷം. എന്തിനും ആഘോഷിച്ചിരുന്ന ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടം.

ആര്‍മാദിച്ചാഘോഷിക്കുന്നതിനിടയില്‍ എപ്പോഴോ, ക്രിസ്ത്മസ്സും, പുതു വര്‍ഷവുമെല്ലാം വരുകയല്ലേ, നമ്മള്‍ക്ക്‌ ഗോവയില്‍ പോയാഘോഷിക്കാം എന്നൊരാശയം ഞാന്‍ പറഞ്ഞപ്പോള്‍, ജോണ്‍സനും, സുരേഷും, അപ്പോള്‍ തന്നെ പോകാണമെന്നായി. പാതി രാത്രിക്ക്‌ പോകണ്ട, നാളെ പോയാല്‍ മതി എന്നവരെ കൊണ്ട്‌ സമ്മതിപ്പിക്കുവാന്‍, ഞാനും, രാമേട്ടനും വളരെ അധികം ബുദ്ധിമുട്ടേണ്ടി വന്നു.

എന്തായാലും പിറ്റേന്ന് ഉച്ചക്കുള്ള പഞ്ചാബ്‌ മെയിലില്‍ മുമ്പൈക്കും, മുമ്പെയില്‍ ചെന്നതിനു ശേഷം അവിടെ നിന്ന് ബസ്സ്‌ മാര്‍ഗം പനാജിയിലേക്കും ഞങ്ങള്‍ ചെന്നെത്തി.

പനാജിയില്‍ എത്തിയപ്പോള്‍ സമയം ഏതാണ്ട്‌ രാവിലെ നാലുമണി.

സാമ്പത്തികമായി താങ്ങാവുന്നതും, സായിപ്പുകളും, മദാമ്മകളുടേയും ഇഷ്ടപെട്ട ബീച്ചുകളിലൊന്നായ അരാമ്പോള്‍ ബീച്ചിന്നരികത്തുള്ള ഏതെങ്കിലും വീട്ടിലാകാം നമ്മുടെ താമസം എന്ന് ഞങ്ങള്‍, ലോണ്‍ലി പ്ലാനറ്റിന്റെ ഗൈഡ്‌ നോക്കി തീവണ്ടിയില്‍ വച്ചു തന്നെ തീരുമാനിപ്പിച്ചുറപ്പിച്ചിരുന്നു.

നേരിയ വിശപ്പു തോന്നിയത് ശമിപ്പിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നു വീക്ഷിക്കുന്നതിന്നിടയില്‍ തുറന്നു വച്ചിരിക്കുന്ന വുഡ്‌ ലാന്‍ഡ്സ്‌ ഹോട്ടല്‍ കാണുകയും, അതില്‍ കയറുകയും ചെയ്തു. നേരിട്ട്‌ അരാമ്പോളിലേക്ക്‌ ബസ്സില്ല എന്നും, പോകുന്ന വഴിക്കൊരു ഫെറി കടന്ന്, അവിടെ നിന്നും ബസ്സു മാറി കയറണമെന്നും, പച്ചതേങ്ങ മുക്കാല്‍ ഭാഗം മാത്രം അരച്ചു ചേര്‍ത്ത സാമ്പാറില്‍ ദോശ മുക്കി, ഞങ്ങള്‍ തിന്നുകൊണ്ടിരിക്കുന്നതിന്നിടയില്‍ സപ്ലയര്‍ പറഞ്ഞു തന്നു.

മീന്‍ കുട്ടയും, വട്ടിയുമായി, മീങ്കാരികള്‍ വണ്ടിയില്‍ ആദ്യം തന്നെ സ്ഥലം പിടിച്ചിരുന്നു. ഞങ്ങള്‍ വണ്ടിയില്‍ കയറി ബാക്ക്‌ സീറ്റില്‍ ഒരു വിധം അഡ്ജസ്റ്റ്‌ ചെയ്തിരുന്നു.

മീനിന്റെ കസ്തൂരി ഗന്ധവും, മീങ്കാരികളുടെ ഉച്ചത്തിലുള്ള നിറുത്താത്ത സംസാരവും കേട്ട്‌, ഒരൊന്നൊന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, വണ്ടിയുടെ അവസാന സ്റ്റോപ്പായ ഫെറിയുടെ മുന്‍പില്‍ വണ്ടിയെത്തിയപ്പോഴേക്കും, എനിക്ക്‌ രണ്ടിനു പോണോന്നൊരു ചിന്ന ശങ്കൈ!

ഫെറി കടന്ന് അക്കരെ ചെന്ന്, അരാമ്പോളിലേക്കുള്ള ബസ്സില്‍ കയറി ഇരുന്നു. ഫെനി മണക്കുന്ന കശുമാവിന്‍ തോപ്പിന്നിടയിലൂടെ ബസ്സ്, കയറ്റങ്ങള്‍ കയറിയിറങ്ങി യാത്ര തുടര്‍ന്നു.

രണ്ടിനു പോകൂ, പോകൂ എന്ന സന്ദേശം തുടര്‍ച്ചയായി എന്റെ തലച്ചോറില്‍ നിന്നും ശരീരത്തിലേക്ക്‌ പ്രവഹിച്ചു.

വണ്ടി മൂളി മൂളി കയറ്റം കയറുന്നതിനിടയില്‍, എന്റെ വയറ്റില്‍ നിന്നും ഫാക്സ്‌ വരുന്നെന്നറിയിക്കുന്ന ഫാക്സ്‌ ടോണ്‍ പലതു വന്നു.

വണ്ടി അരാമ്പോളെത്തി, ഞങ്ങള്‍ ഇറങ്ങി. ബീച്ചു റോഡിലൂടെ പെരിയോന്‍ ആബ്സന്റായപ്പോള്‍ നടന്നതുപോലെ ഞാന്‍ വേച്ചു വേച്ചു നടന്നു.

ഫാക്സ്‌ റിസീവ്ഡ്‌ ഇന്‍ മെമ്മറി എന്ന സന്ദേശം തുടര്‍ച്ചയായി വരുവാന്‍ തുടങ്ങി, ഒപ്പം നിര്‍ത്താതെ ഫാക്സ്‌ ടോണും.

ഇനിയും ട്രാന്‍സ്മിഷന്‍ ഓക്കെ ആക്കിയില്ലെങ്കില്‍, ആകെ ചളമാകുമെന്ന് ഞാന്‍ ജോണ്‍സണോടും, സുരേഷിനോടും പറഞ്ഞു മനസ്സിലാക്കി.

ബീച്ചെത്താറായി. സമയം ആറര കഴിഞ്ഞിട്ടേയുള്ളൂ. പകലോന്‍ മടിച്ചു മടിച്ചെണീറ്റു വരുന്നതേയുള്ളൂ.

രണ്ടു മൂന്നു വീട്ടില്‍ കയറി ബെല്ലടിച്ച്‌, മുറി ഒഴിവുണ്ടോ എന്നു ചോദിച്ചപ്പോള്‍, ഫുള്ളാണെന്ന മറുപടിയും കിട്ടി.

ഭാഗ്യത്തിന്നു, നാലാമതു കയറിയ വീട്ടില്‍ മുറി ഒഴിവുണ്ടായിരുന്നു.

പൈസയും, കാര്യങ്ങളുമൊക്കെ, നിങ്ങള്‍ പറഞ്ഞുറപ്പിക്ക്‌, ഞാന്‍ ഒന്നു ഫാക്സ്‌ ചെയ്തട്ടു വരട്ടെ എന്നു പറഞ്ഞ്‌, മുറിയില്‍ ബാഗു വച്ച്‌, പാന്റു മാറി മുണ്ടുടുത്ത്‌, പുറത്തു വന്ന് വീട്ടുടമസ്ഥയോട്‌ (ഗോവയില്‍ മിക്കവാറും വീട്ടില്‍ പെണ്‍ ഭരണമാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌), ടോയ്‌ലറ്റ്‌ എവിടെയാണെന്നു ചോദിച്ചു.

ദെയര്‍......കൈചൂണ്ടി അവര്‍ ടോയ്‌ലറ്റ്‌ കാണിച്ചു തന്നു.

നാടു തടുക്കാം, പക്ഷെ മൂടു തടുക്കാന്‍ പറ്റുമോ?

തെങ്ങിന്നിടയിലൂടെ ഞാന്‍ ചന്തിയുന്തി നടന്നു ടോയലറ്റിലേക്ക്‌. ഓടണമെന്നു തോന്നിയെങ്കിലും, അഭദ്ധത്തില്‍ ലക്ഷ്യത്തിലെത്തുന്നതിന്നു മുന്‍പ്‌ ബാണം താഴെ വീണാലോ എന്നു കരുതി ഓടിയില്ല.

പാട്ട വാതില്‍ വലിച്ചു തുറന്നു. ഭാഗ്യം, ബക്കറ്റില്‍ വെള്ളവും, പിടിയില്ലാത്ത കപ്പുമുണ്ട്‌. വാതില്‍ ചാരി കെട്ടി വച്ചു. മുണ്ടൂരി വാതിലില്‍ ഇട്ടു.

ഇരുന്നു. ടോയലറ്റിന്നു ചുറ്റും പല പല പാതപദനങ്ങള്‍ കേട്ടതു പോലെ തോന്നി. വെറുതേ തോന്നിയതായിരിക്കും.

ഇരുന്നതും, ഫാക്സ്‌ ട്രാന്‍സ്മിഷന്‍ സക്സസ്സ്‌.

വെള്ളമെടുത്ത്‌ കഴുകാന്‍ തുനിഞ്ഞതും,പൊടുന്നനെ, മൂട്ടിലാരോ വാക്വം ക്ലീനര്‍ വച്ചതുപോലെ ഒരു എയര്‍ സക്കിങ്ങും, ഗറ്ര്‍ എന്നൊരു ശബ്ദവും.

ഇരുന്ന ഇരിപ്പില്‍ ഞാന്‍ താഴോട്ടു നോക്കിയതും, വലിയ ഒരു പന്നിമൂക്ക് എന്റെ ഭൂഗോളത്തിന്നു തൊട്ടു താഴെ. ഒരു കാലിഞ്ചു മൂക്കവന്നു മുകളിലേക്കുയര്‍ത്താന്‍ കഴിഞ്ഞിരുന്നു എങ്കില്‍, വരാഹമൂര്‍ത്തി ഭൂഗോളം മൂക്കില്‍ ഉയര്‍ത്തിനില്ക്കുന്നതുപോലെ, എന്റെ ഭൂഗാളവും അവന്‍ മൂക്കേല്‍ ഉയര്‍ത്തിയേനെ!

എന്റമ്മോ, ഞാന്‍ ഇരുന്ന ഇരുപ്പില്‍ ചാടി എഴുന്നേറ്റലറി.

എന്റെ അലര്‍ച്ച കേട്ട്‌ പന്നി അമറികോണ്ട്‌ പിന്മാറി. വിറക്കുന്ന കരങ്ങളാല്‍, കഴുകല്‍ കഴിഞ്ഞ്‌ മുണ്ടെടുത്തുടുത്ത്‌, വാതിലിന്റെ കെട്ടഴിച്ച്‌ ഞാന്‍ പുറത്തേക്കിറങ്ങി.

ഉള്ളിലെ ആന്തല്‍ മാറിയിട്ടില്ലായിരുന്നെങ്കിലും, വയറൊഴിഞ്ഞ സംതൃപ്തിയില്‍ ഞാന്‍ നടക്കുമ്പോള്‍, വയറു നിറഞ്ഞ സംതൃപ്തിയുമായി ഒരു വലിയ പന്നിയും, അവന്റെ പിന്‍പില്‍ വിശന്ന വയറുമായി മറ്റഞ്ചാറു പന്നികളും എന്റരികിലൂടെ നടന്നുപോയി. വലിയ പന്നി എന്റെ മുഖത്തു നോക്കി, കൊള്ളാം എന്നൊരമറല്‍.

എനിക്ക്‌ പിന്നാലെ, ജോണ്‍സനും, സുരേഷും ടോയലറ്റില്‍ പോയി വന്നു, അവരേയും പന്നിക്കുടുംബം അനുഗമിച്ചു. ആളുകള്‍ മുന്നിലൂടെ അപ്പര്‍ ബര്‍ത്തില്‍ കയറുന്നു, പന്നികള്‍ പിന്നിലൂടെ ലോവര്‍ ബര്‍ത്തില്‍ കയറുന്നു എന്ന ഒരൊറ്റ വിത്യാസം മാത്രം.

കുളിയെല്ലാം കഴിഞ്ഞ്‌, ഒന്നുറങ്ങി ഒരു പന്ത്രണ്ടു മണിക്ക്‌ വല്ലതും കുടിക്കുകയും, ഞണ്ണുകയും ചെയ്യാം എന്നു കരുതി ഞങ്ങള്‍ പുറത്തേക്കിറങ്ങി.

ബീച്ചിലേക്കു നടക്കുന്ന വഴിക്ക്‌, ആളുകളേക്കാള്‍ അധികം പന്നികളെ ഞങ്ങള്‍ കണ്ടു എന്നു മാത്രമല്ല, സെപ്റ്റി ടാങ്ക്‌ എന്നു പറയുന്ന സാധനം, അവിടങ്ങളിലെ ടോയലറ്റിന്നില്ല എന്നും വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ ഞങ്ങള്‍ കണ്ടു പിടിച്ചു.

ആളുകള്‍ ഡൌണ്‍ലോഡു ചെയ്യുന്നത്‌, പന്നികള്‍ ഡയറക്ട്‌ അപ്‌ ലോഡു ചെയ്യുന്ന സുന്ദര മനോഹരമായ, എക്കോ ഫ്രണ്ട്‌ ലി വേസ്റ്റ്‌ റിസൈക്ലിങ്ങ്‌ സിസ്റ്റം.

ബീച്ചിനോടു ചേര്‍ന്ന് മണല്‍തിട്ടയില്‍ കെട്ടി പടുത്ത ഒരു ബീയര്‍ ബാര്‍ കം റെസ്റ്റോറണ്ടില്‍ ഞങ്ങള്‍ കയറി.

ബീയറുകള്‍ അടിച്ച്‌ ഉള്ളിലെ ചൂടുകുറച്ചു.

വിശപ്പിന്റെ വിളി വന്നപ്പോള്‍, ഓണര്‍ കം, സപ്ലയര്‍ കം, അക്കൌണ്ടന്റിനെ വിളിച്ചു ചോദിച്ചു ഇന്നെന്താണു സ്പെഷല്‍ എന്ന്.

കൌണ്ടറില്‍ പോയി ഒരു ഹാര്‍ഡ്‌ ബോര്‍ഡില്‍ ടുഡേയ്സ്‌ സ്പെഷല്‍ എന്ന് നല്ല കയ്യക്ഷരത്തില്‍ എഴുതിയ മെനുവുമായവന്‍ വന്നു.

പോര്‍ക്ക്‌ 65
പോര്‍ക്ക്‌ ചില്ലി
പോര്‍ക്ക്‌ മപ്പാസ്‌
പോര്‍ക്ക്‌ മസാല
പോര്‍ക്ക്‌ സ്റ്റീക്ക്‌
പോര്‍ക്ക്‌ വിന്താലു.

സപ്ലയര്‍ ചോദിച്ചു, എന്താ എടുക്കേണ്ടത്.

ബില്ലെടുത്തോളൂ.

37 comments:

കുറുമാന്‍ said...

എല്ലാവരേയും ഞാന്‍ ഗോവന്‍ സ്പെഷല്‍

“പോര്‍ക്ക് വിന്താലു“

കഴിക്കുവാന്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

അരവിന്ദ് :: aravind said...

പലര്‍ക്കും ഈ സംഭവം അല്പം ഡി‌സ്ഗസ്റ്റിംഗ് ആയി തോന്നിയേക്കാമെങ്കിലും, എനിക്ക് ഏത് സന്ദര്‍ഭത്തിലും തമാശകാണാന്‍ വിഷമം ഇല്ലാത്തതിനാല്‍ ഒത്തിരി ചിരിച്ചു, ചിലപ്പോള്‍ പൊട്ടിച്ചിരിച്ചു എന്ന് സത്യസന്ധമായി പറയുന്നു കുറുജീ :-))
(എന്റെ സൂക്ഷിച്ച് നടക്കുക തുടങ്ങിയ ഉത്തമ കൃതികള്‍ റെഫര്‍ ചെയ്യൂ...വേറേം ണ്ട്..പക്ഷേ നാട്ടുകാരുടേം വീട്ടുകാരുടേം അഭ്യര്‍ത്ഥന മാനിച്ച് ഇടണില്യ ;-))

ക്വോട്ട് ചെയ്യണില്ല..അത് വേണോ :-))

ഉഗ്രന്‍ വിവരണം...:-)) ഹാ ഹാ! നര്‍മ്മം എന്തായാലും എനിക്കിഷ്ടായി :-)!!

Sreejith K. said...

അരവിന്ദേട്ടന്‍ പറഞ്ഞത്പോലെ സംഭവം സ്വല്പം ഡിസ്ഗസ്റ്റിങ്ങ് ആണെങ്കിലും അതിലുള്ള തമാശ അസ്സലായിട്ടുണ്ട്. വിവരണം ബഹുകേമം.

എന്നാലും ആ ഡെല്‍ഹിക്കഥയും ഗോവന്‍കഥയും ഒന്നിച്ചെഴുതുന്നതിനുപകരം രണ്ട് പോസ്റ്റ് ആക്കിയിരുന്നെകില്‍, കഥയുടെ നീളവും കുറഞ്ഞേനെ, കുറച്ചുംകൂടി ആസ്വാദകരവും ആയിരുന്നേനെ എന്നൊരു തോന്നല്‍. വെറും തോന്നല്‍ മാത്രം കേട്ടോ

Visala Manaskan said...

കുറുകൃതിയുടെ (ക്:ട് സങ്കുചിതന്) നര്‍മ്മ തലങ്ങള്‍ വീണ്ടും ഉയരങ്ങള്‍ താണ്ടുന്നു. ചിരിച്ചെനിക്ക് ശ്വാസം മുട്ട് വന്നു.

അരവിന്ദ് പുലിയും ശ്രീ പുലിയും പറഞ്ഞ അതേ അസ്കിത പ്രശനം തോന്നിയെങ്കിലും... കുറുമാന്റെ ധര്‍മ്മപുരാണം തകര്‍ത്തു.

സിദ്ധാര്‍ത്ഥന്‍ said...

വലിയപന്നി മുഖത്തുനോക്കി കൊള്ളാം എന്നമറിയത്രേ. ഹൌ!
കുറുമാ അന്നെ സമ്മതിച്ചിരിക്കണു്‌

ചില നേരത്ത്.. said...

കുറുമാനേ..
ഡൌണ്‍ലോഡ് & അപ്‌ലോഡ് സംവിധാനം ഉഷാറാണല്ലോ..
ചിരിച്ചാര്‍മാദിച്ചു..
ഗോവയുടെ മറ്റൊരു ചിത്രമായിരിക്കുന്നു..
തിന്ന് കുരുവാക്കുന്ന കലയുടെ സജീവ വിവരണം ആണീ കഥ..
ശ്രീജിത്ത് പറഞ്ഞപോലെ രണ്ടാക്കാമായിരുന്നു.

Kalesh Kumar said...

കിടിലം പോസ്റ്റ്!

Anonymous said...

പട്ടി, പൂച്ച, കാക്ക മുതലായവയെ കണി കാണാന്‍ കിട്ടാത്ത (കണ്ടാല്‍ എപ്പോള്‍ കൊന്നു തിന്നു എന്നു ചോദിച്ചാല്‍ മതി)നാഗാലാന്‍ഡില്‍ വെച്ച്‌ കണ്ടിട്ടുണ്ട്‌ ഇത്തരം പന്നി വളര്‍ത്തലുകള്‍.

ജിത്ത്‌ പറഞ്ഞതു പോലെ രണ്ടു സൂപ്പര്‍
പോസ്റ്റിനുള്ള വകയുണ്ടായിരുന്നു.

Vempally|വെമ്പള്ളി said...

കുറുമാനെ അതെ ഗോവന് റീസൈക്ലിങ്ങ് സിസ്റ്റം കൊള്ളാം. പണ്ടൊക്കെ കേരളത്തിലും നിലനിന്നിരുന്നു.
ആദ്യത്തെ റിസര്‍വ്വ് ബാങ്ക് ഇഷ്യു സെറ്റില് ചെയ്ത രീതി ഇഷ്ടായി. ബൂലൊകരെ രസിപ്പിക്കാന് വേണ്ടി ഓര്‍മമകളിങ്ങനെ ഒഴുകട്ടെ.

Kumar Neelakandan © (Kumar NM) said...

കുറുമാനെ രസകരമായ പോസ്റ്റ്. മൂന്നു ബ്രേക്കിലൂടെയാണ് വായിക്കാന്‍ കഴിഞ്ഞതു. പിന്നെ ഒരിക്കല്‍ ഒറ്റ നിരയില്‍ വായിക്കാം.
:)

തണുപ്പന്‍ said...

അടിപൊളി പോസ്റ്റ്
പുതിയ മൊരു കോഡ് കിട്ടി. “ ഫാക്സ് വന്നു “

aneel kumar said...

ഒന്നും പുതുതായി ഉണ്ടാകുന്നില്ല, പഴയതൊന്നും നശിച്ചു പോകുന്നില്ല. ഇങ്ങനെ ആരെങ്കിലും എവിടെയെങ്കിലും പ്രസ്താവിക്കുകയുണ്ടായോ?
--
ഉം. രണ്ടു പോസ്റ്റാക്കാമായിരുന്നു... അലക്കാന്‍ കുറച്ചുകൂടി ലിവറേജ് കിട്ടിയേനെ.

പാപ്പാന്‍‌/mahout said...

കുറുമാനേ, ഒന്നാന്തരം പോസ്റ്റ്. കുറുമാന്റെ ദില്ലിക്കഥകള്‍ വായിക്കുമ്പോഴൊക്കെ എനിക്കു ചെറിയ ഒരു വിഷമം തോന്നും -- നമ്മളു രണ്ടുപേരും ദില്ലിയില്‍ ഒരെ സമയത്തുണ്ടായിരുന്നിട്ടും കാണാനും പരിചയപ്പെടാനും ഒത്തില്ലല്ലോ എന്നോര്‍‌ത്ത്.

ദാവീദ് said...

(pl pardon my english, thanks to windows 98)

I liked this post. I dont feel any 'askitha'. In fact, he did a good job.

the writing was fluent and interesting. and he made his point clear, without explicit words.

GOOD JOB, KURUMJI.

And yes, in Delhi, there are lots of small/medium businesses, where malayali employees are not scared of their employers.

Please keep writing KURUMJI... You are doing really good.

Kuttyedathi said...

ഹൌ ന്റെ കുറുമാനേ. ചിരിച്ചു ചിരിച്ചു മരിച്ചു. യെങ്ങനെയിങ്ങനെയൊക്കെയെഴുതാന്‍ പറ്റുന്നെന്റപ്പാ ? കിടിലം... കിടിലോല്‍ക്കിടിലം.. ആ താടി കണ്ടാല്‍ പറയൂല്ലാട്ടാ, ഇത്രേം വല്യ തമാശക്കാരനാണെന്ന്. :)

ക്വോട്ട്‌ ചെയ്യാന്‍ നോക്കിയാല്‍, പോസ്റ്റ്‌ മൊത്തമായിട്ടും ഖ്വോട്ടണം. എന്നാലും.. ഇതൊക്കെ എനിക്കങ്ങ്‌ ക്ഷ പിടിച്ചു.

------

നാടു തടുക്കാം, പക്ഷെ മൂടു തടുക്കാന്‍ പറ്റുമോ?

തെങ്ങിന്നിടയിലൂടെ ഞാന്‍ ചന്തിയുന്തി നടന്നു ടോയലറ്റിലേക്ക്‌. ഓടണമെന്നു തോന്നിയെങ്കിലും, അഭദ്ധത്തില്‍ ലക്ഷ്യത്തിലെത്തുന്നതിന്നു മുന്‍പ്‌ ബാണം താഴെ വീണാലോ എന്നു കരുതി ഓടിയില്ല.

ആളുകള്‍ ഡൌണ്‍ലോഡു ചെയ്യുന്നത്‌, പന്നികള്‍ ഡയറക്ട്‌ അപ്‌ ലോഡു ചെയ്യുന്ന സുന്ദര മനോഹരമായ, എക്കോ ഫ്രണ്ട്‌ ലി വേസ്റ്റ്‌ റിസൈക്ലിങ്ങ്‌ സിസ്റ്റം.

സ്നേഹിതന്‍ said...

കുറുമാനെ കിടുകിടിലം!
ലൈവ് അപ്ഡേറ്റാണല്ലോ :)

ബിന്ദു said...

ഇനി ആര്‍ക്കെങ്കിലും പോര്‍ക്കു വിന്താലു കഴിക്കാന്‍ തോന്നുമോ?? :)

Anonymous said...

ഹൊ! എന്നാലും എന്റെ സുരേഷ്ഗോപി ചേട്ടാ!!!!!

നന്നായി ഞാന്‍ ഇതു ഉച്ചക്കു ചോറുണ്ടതിനു ശേഷം വായിച്ചതു!!!!!! ഹൊ!!! ഇനി ഞാന്‍ എങ്ങിനെ വൈകുന്നേരം ഭക്ഷണം കഴിക്കും? ഹൊ!

ദേവന്‍ said...

ഈ കുറുമാന്റെ കാര്യം!(ആ അങ്ങനെങ്കിലും രണ്ടാള്‍ പോര്‍ക്ക്‌ തീറ്റ നിറുത്തട്ടെ പണ്ടാരം എന്തൊരു വൃത്തികെട്ട ഭക്ഷണമാ)

ദുബാി കുറുമക്കുടിക്കടുത്ത്‌, ബ്ലോക്ക്‌ നാലില്‍ ഒരു ഗോവക്കാരന്റെ വീട്ടിലായിരുന്നു ഞാന്‍ "ബാച്ചിലര്‍" ജീവിതം തുടങ്ങിയത്‌.

ഈ പാപി ഒരു ദിവസം പോര്‍ക്കിന്റെ കുടല്‍ പുഴുങ്ങി എന്തോ കറി ഉണ്ടാക്കാന്‍. വീടു മുഴുവന്‍ ഷിറ്റിനെക്കാല്‍ വൃത്തികെട്ട നാറ്റം കാരണം ഞാന്‍ ഇറങ്ങി ഓടാന്‍ വാതില്‍ തുറന്നതും എന്റെ ഓഫീസിലെ ഒരു ഗോവക്കാരി എന്നോട്‌ കടം വാങ്ങിയ ബൂക്ക്‌ തരാന്‍ വന്നു. ലവള്‍ വന്നപാടേ നെട്ടനെ ശ്വാസം ആഞ്ഞൊരു വലി . ക്യാ അരോമാ യാര്‍.. What's cooking for dinner

Adithyan said...

കുറുമാനേ...അലക്കന്‍!!

‘ഒന്നാം’ കഥ അരവിന്ദ്‌ അവിടുന്ന്‌...
‘രണ്ടാം’ കഥ കുറുമാന്‍ ഇവിടുന്ന്‌....
ഇനി എന്താണാവോ അടുത്തത്‌...

പണിക്കന്‍ said...

കുറുമാന്‍ജി മെളാങ്കന്‍ പോസ്റ്റ്‌ !!!

പ‌ന്നിക‌ളുടെ വംശ‌നാശ ത‌ട‌യാന്‍ ഇമ്മാതിരി ഒറ്റ ക‌ഥ‌ മ‌തി ;)

ക‌ല‌ക്കി!!!

K.V Manikantan said...

കുറൂ...... കലക്കന്‍. യെംഗിനെ സാധിക്കുന്നു...ശൂന്യതയില്‍ നിന്ന് ഹാസ്യം വിരിയിക്കാന്‍.... നമോവാകം. നമോവാകം.
അസൂയകൊണ്ടെനിക്കിരിക്കാന്‍ മേലേ.....

എനിക്കിഷ്ടമായത്‌ ഈ വരികളാണ്‌.

ഹാവൂ. കൊതിച്ചതീശ്വരന്‍ നല്‍കിയല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ പറഞ്ഞു.

യാ, ഐ തിങ്ക്‌ ഇറ്റ്സ്‌ ബെറ്റര്‍ ഈഫ്‌ യു ഫൈന്‍ഡ്‌ സം വണ്‍ എല്‍സ്‌. അയാം റിസൈനിംഗ്‌ റ്റുഡേ.

കണ്ണൂസ്‌ said...

അമ്മച്ച്യാണേ, ഇത്തരം സിംഹങ്ങള്‍ വിഹരിക്കുന്ന കാട്ടില്‍ ഈ കുറുനരി ഇനി ഓരിയിടില്ല!!

വിശാലന്‍, അരവിന്ദന്‍, കുറുമാന്‍ എന്നിവരെക്കൂടാതെ ബിരിയാണിക്കുട്ടി, ദിവാസ്വപ്നം എന്ന പുലികളും ലാന്റ്‌ ചെയ്തിട്ടുണ്ട്‌. പോരാഞ്ഞിട്ട്‌ തലമൂത്ത പുലികളായ സങ്കുചിതനും, കുമാറും ഒക്കെ ഇടക്കിടക്കലറുന്നു. ഇടക്കിടക്ക്‌ ചിരിക്കാന്‍ ഇനി വേറെന്തു വേണം?

myexperimentsandme said...

കുറുമയ്യാ... താങ്കള്‍ ശൂന്യതയില്‍ നിന്നും ഹാസ്യം വിരിയിക്കുന്നു എന്ന് സണ്‍‌കു പറഞ്ഞു. പക്ഷേ, താങ്കള്‍ ശൂന്യതയില്‍ നിന്നും വിരിയിച്ചത് ഹാസ്യം മാത്രമല്ലല്ലോ... ഗോവായില്‍ വെച്ച്....ല്ലേ?

ആദിത്യന്റെ ഒബ്സര്‍വേഷന്‍ കൊള്ളാം. അരവിന്ദന്റെ ഒന്നിന്റെ കഥയും കുറുമന്റെ രണ്ടിന്റെ കഥയും.

അപ്പോള്‍ പറയാന്‍ മറന്നൂ... നല്ല വിവരണം-എന്തിന്റെയായാലും. അതും വിവരിക്കാന്‍ ഒരിതൊക്കെ വേണേ? തകര്‍ത്തൂ...

ലോകത്തിലെ ഏറ്റവും വലിയ ആശ്വാസം ഏതാണെന്ന് പണ്ടാരോ ചോദിച്ചിരുന്നു. കുറുമയ്യന്‍ പറയട്ടെ.

മുല്ലപ്പൂ said...

“എക്കോ ഫ്രണ്ട്‌ ലി വേസ്റ്റ്‌ റിസൈക്ലിങ്ങ്‌ സിസ്റ്റം.“

എത്ര ശരി...

ഒത്തിരി ചിരിച്ചു...:)

Unknown said...

കുറുമാന്‍,
ഇതു അമറന്‍ പോസ്റ്റ്‌....മറ്റുള്ളവയും..!!!
പിന്നെ കഴിഞ്ഞ പോസ്റ്റില്‍ ട്രെയിനില്‍ കേറി ഇരുന്നു കഴിഞ്ഞിട്ട്‌ സീന്‍ നെരേ ദെല്‍ഹി അവസാന ജോലിയില്ലേക്കു കട്ട്‌ ചെയ്തോ???

മനൂ‍ .:|:. Manoo said...

കുറുമാനേ,

പറയാനുള്ളതെല്ലാം ഓരോരുത്തരായി പറഞ്ഞു കഴിഞ്ഞു.

എങ്കിലും...

'വലിയ പന്നി എന്റെ മുഖത്തു നോക്കി, കൊള്ളാം എന്നൊരമറല്‍.
' - ഇതു വായിച്ച്‌ ഉറക്കെത്തന്നെ ചിരിച്ചുപോയി.
കൂടുതല്‍ കുറുമപുരാണങ്ങള്‍ക്കു കാത്തിരിയ്ക്കുന്നു.

Visala Manaskan said...

'വലിയ പന്നി എന്റെ മുഖത്തു നോക്കി, കൊള്ളാം എന്നൊരമറല്‍'

അത് ഒരിക്കലും ഒരിക്കലും നിറം മങ്ങാത്ത വിറ്റ് തന്നെ. അതിഗംഭീരം.

ബൂലോഗരേ, കുറുകൃതികള്‍ വായിക്കാന്‍ കെടക്കുന്നതേയുള്ളൂ...ആയിരം ആയിരം കഥകളറിയാം ഈ മഹാനുഭാവന്. ഞാന്‍ നമിച്ചു പ്രഭോ!

Ajith Krishnanunni said...

പോര്‍ക്ക്‌ കഴിപ്പു ദാ ഇന്നത്തോടെ നിര്‍ത്തി കുറുമേട്ടാ...

കുറുമാന്‍ said...

ചെറിയ ഒരു വൈക്ലബ്യത്തോടു കൂടിയാണ് “പോര്‍ക്ക് വിന്താലു” ഞാന്‍ എഴുതി തീര്‍ത്തത്. എഴുതി കഴിഞ്ഞപ്പോള്‍ പോസ്റ്റു ചെയ്യണോ, വേണ്ടയോ എന്നു രണ്ടു തവണ ചിന്തിച്ചില്ല. ഉടന്‍ തന്നെ പോസ്റ്റ് ചെയ്തു.

ഈ പൊസ്റ്റ് വായിച്ചെല്ലാവരും ചിരിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം കൂടാതെ സധൈര്യം കമന്റു വച്ചവരോടുള്ള നന്ദി ഞാന്‍ എങ്ങനെ പ്രകടിപ്പിക്കും? നന്ദി പറയാന്‍ എനിക്കു വാക്കുകളില്ല. വാചകങ്ങള്‍ മാത്രമേ ഉള്ളൂ, എന്നു വച്ച് പറയാതിരിക്കുവാന്‍ പറ്റുമോ? പക്ഷെ പറഞു വരുമ്പോള്‍ ഒരു രണ്ടു പോസ്റ്റു എഴുതാനുള്ളത്ര ഉണ്ടാവും എന്നു മാത്രം.

ആദ്യ കമന്റു വച്ച അരവിന്ദന് : ഒരായിരം നന്ദി. പിന്നെ അരവിന്ദോ എന്നെ പ്രസിഡന്റൊന്നും ആക്കണ്ട. വെറുമൊരു മെമ്പര്‍ഷിപ്പ് തന്നാല്‍ സന്തോഷമായി, ഈ ബ്ലോഗിന്റെ മൂലക്ക് ഞാന്‍ വല്ലപ്പോഴും വല്ലതും, മിണ്ടീം, പറഞ്ഞും, തറത്തരം പറഞ്ഞും ഇരിക്കാം.

ശ്രീജിത്തേ : നന്ദി. ശ്രീജിത്തേ, കഥയുടെ നീളം കൂടിപോയെന്നെനിക്കറിയാം. പക്ഷെ, നീളം മന്‍ ജിത്തിനോടു പറഞ്ഞതു പോലെ, കുറക്കാന്‍ ശ്രമിക്കാം. ഒരു കഥ എഴുതാന്‍ ഇരുന്നാല്‍, കഥയുടെ വലുപ്പം ഞാന്‍ ശ്രദ്ധിക്കാറില്ല. എന്റെ ഉള്ളില്‍ ആ കഥക്കനുബന്ധമായി തോന്നിയ എല്ലാം ഞാന്‍ വാരി വലിച്ചെഴുതും. എഴുതുന്നതില്‍ പലഭാഗങ്ങളും അപ്രസക്തവും, ചവറുമാണെന്നെനിക്കു തന്നെ തോന്നാറുണ്ട് എങ്കിലും, എഴുത്തുകാരന്റെ ആത്മ സംതൃപ്തി എനിക്കു ലഭിക്കുന്നത്, വെട്ടിതിരുത്തലുകളില്ലാതെ, തോന്നുന്നത് മുഴുവന്‍ എഴുതുമ്പോഴാണ്.

വിശാലോ - നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു. ഈ കഥയ്ക്കാധാരമായ സംഭവം ഓര്‍മ്മ വന്നതു തന്നെ വിശാലന്മായി ഫോണില്‍ സംസാരിക്കുമ്പോഴാണ്. ആയതിനാല്‍ മൊത്തം ക്രെഡിറ്റ് വിശാലന്.

സിദ്ധാര്‍ത്ഥന് : താങ്ക്സ് “വലിയപന്നി മുഖത്തുനോക്കി കൊള്ളാം എന്നമറി“ ഒരൊഴുക്കില്‍ ഞാന്‍ എഴുതിപോയതാണീ വരി. പക്ഷെ ഇന്നീ കഥയിലെ എന്നെ ഏറ്റവും ചിരിപ്പിക്കുന്ന വരി ഇതാണ്. ഇതു ക്വാട്ടിയതിനു ഒരു പ്രത്യേക നന്ദി.

ഇബ്രുവേ : ശുക്രിയാ - ശ്രീജിത്തിനോട് പറഞ്ഞതു പോലെ, കഥ മുറിക്കാനുള്ള ചെറിയ ബുദ്ധിമുട്ട്....

കലേഷ് ഭായ് : താങ്ക്സ്

തുളസി : നന്ദി, നാഗാലാഡുകാരുടെ പട്ടി തീറ്റ ഓര്‍മ്മപെടുത്തിയതിന് മറ്റൊരു നന്ദി. മറ്റൊരു പോസ്റ്റിനുള്ള ത്രേഡായി

വെമ്പള്ളിയേ : നന്ദി. ഓര്‍മ്മകള്‍ ഒഴുകിയില്ലെങ്കിലും, നടത്താനെങ്കിലും ശ്രമിക്കാം. അടുത്ത് പോസ്റ്റ് കണ്ടില്ലല്ലോ? വെമ്പള്ളിയെ ഞാന്‍ ആഗസ്റ്റ് 11മുതല്‍ സെപ്റ്റമ്പര്‍ ഏട്ട് വരെ നാട്ടിലുണ്ടാകും, ആഗസ്റ്റ് 20നു താങ്കള്‍ തിരികെ പോകുന്നതിനുമുന്‍പ് കണ്ടാലോ? ദുബായിലായാലും മതി.

കുമാര്‍ജീ : ബ്രേക്ക് എടുത്തായാലും വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. താങ്ക്യൂ

തണുപ്പന് - താങ്ക്സ്. പുതിയ കോഡ് ധൈര്യമായി ഉപയോഗിച്ചുകൊള്ളൂ.


അനിലേട്ടാ : നന്ദി - ഒന്നും പുതുതായി ഉണ്ടാകുന്നില്ല, പഴയതൊന്നും നശിച്ചു പോകുന്നില്ല - ആരാ പറഞ്ഞതെന്നു കണ്ടുപിടിക്കൂട്ടോ വേഗം :)

പാപ്പാനെ : നന്ദി. ശരിയാ, ഒരേ സമയം ദില്ലിയില്‍ ഉണ്ടായിട്ട് നമ്മള്‍ പലരും പരസ്പര്‍ം കണ്ടില്ലല്ലോ.. ഇനി എപ്പോഴെങ്കിലും കാണാം. 1989 മുതല്‍ 1996 വരെ ഞാന്‍ ദില്ലിയില്‍ ഉണ്ടായിരുന്നു.

ബിജു വര്‍മ്മ : പ്രോത്സാഹനങ്ങള്‍ക്ക് നന്ദിയുടെ പൂചെണ്ടുകള്‍

കുട്ട്യേടത്തി : വളരെ നന്ദി. താടീലും, മുടിയിലും ഒന്നും ഒരു കാര്യവുമില്ലന്നെ (തലയിലെ മുടി കൊഴിഞ്ഞു പോയതിന്റെ അസൂയയാണെന്നു കൂട്ടിക്കോ). മനസ്സും, കണ്ണുംകളും തുറന്നു വച്ചാല്‍ മതി. ചിരിക്കാനും, ചിരിപ്പിക്കാനും കഴിയും എന്നാണെന്റെ വിശ്വാസം.

ചിന്തിപ്പിക്കാനാ പ്രയാസം. ഉമേഷ്ജീയും, വക്കാരിയും, ദേവേട്ടനും, മന്‍ജിത്തും മറ്റുള്ളവരും അത് ഭംഗിയായി ചെയ്യുന്നുണ്ടാല്ലോ.

വഴിപോക്കന് : നന്ദി.. വായിച്ചു ചിരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

സ്നേഹിതനേ : നന്ദി :)

ബിന്ദു : താങ്ക്സ്. ഞാന്‍ ഇപ്പോളും ഭംഗിയായി പോര്‍ക്ക് കഴിക്കും.

എല്‍ ജീ യെ : നന്ദി. ഏയ്.....മനസ്സിനിഷ്ടം തോന്നിടത്തോളം എന്തുകാര്യമായാലും, ചെയ്യണം എന്നാണെന്റെ പക്ഷം. ഒരു കഥ വായിച്ച് ഭക്ഷണം കഴിക്കാണ്ടിരിക്കേണ്ട ആവശ്യമൊന്നും ഇല്ലാട്ടോ.

ദേവേട്ടാ : നന്ദി. ഗോവാക്കാരന്റെ ഒപ്പം താമസിച്ചുണ്ടായ അനുഭവ കഥ വായിച്ചു ഞാന്‍ കുറേ ചിരിച്ചു. ഒരു പോസ്റ്റാക്കാമായിരുന്നല്ലോ?

ആദിത്യോ : താങ്ക്സ്. മൂന്നാം കഥ അവിടുന്നു തന്നെ ആയിക്കോളൂ.

പണിക്കോ : നന്ദി. പന്നികള്‍ക്കൊരുക്കലും വംശനാശം വരില്ല. പന്നി പെറുന്നതുപോലെ എന്നു കേട്ടിട്ടില്ലേ.....അന്യായ വംശ വര്‍ദ്ധനവല്ലേ

സങ്കുചിതനേ : വളരെ നന്ദി. താങ്കളേ പോലെയുള്ള പുലിരാജാവ് ഇങ്ങിനെയൊന്നും പൂച്ചയെകുറിച്ച് പറയല്ലേ. പിന്നെ ബിജിപി കമന്റു കണ്ടു. ഇഷ്ടായി. അറിയാത്തവന്‍ ചൊറിയും എന്നൊരു ചൊല്ലോര്‍മ്മയുണ്ടല്ലോ ല്ലെ? എന്തോ ഒന്ന് വരുന്ന ലക്ഷണം കാണുന്നു, പോന്നോട്ടെ, ഹെല്‍മെറ്റ് വച്ചിരിക്കാം.

കണ്ണൂസെ : നന്ദി. വാരല്ലേ..

വക്കാരി : താങ്ക്യൂ. ലോകത്ത് വെച്ചേറ്റവും വലിയ ആശ്വാസം സമയത്തിനും സന്ന്ദരഭത്തിനും അനുസരിച്ച് മാറില്ലേ. അന്ന് ഫാക്സ് ചെയ്തപ്പോള്‍ എനിക്കാശ്വാസമായി. ഭാംഗടിച്ചിട്ട് പാമ്പായപ്പോള്‍, മോരുകുടിച്ചതിറക്കിയപ്പോള്‍ ആശ്വാസം അങ്ങനെ ലിസ്റ്റ് നീളുന്നു.

മുല്ലപ്പൂവേ : നന്ദി.

സപ്തവര്‍ണ്ണങ്ങളേ : താങ്ക്സ്. ട്രെയിനില്‍ കയറിയിരുന്നിട്ട്, പിന്നെ ജോലി അവസാനിപ്പിച്ചത് മറ്റൊന്നും കൊണ്ടല്ല. ഇതൊരു സീരിയലല്ലോ....അവിടുന്നും ഇവിടുന്നും ഒക്കെ എടുത്തടിച്ചാലല്ലേ ഒരു വറൈറ്റി ഉള്ളൂ....അതുകൊണ്ടാ.

മഴനൂലുകളേ : നന്ദി. ചിരിച്ചു എന്നറിഞതില്‍ എനിക്കു സന്തോഷം.

വിശാലോ : ആയിരം കഥകളോ? ഇതെന്താ കൊട്ടാരത്തില്‍ ശങ്കുണ്ണി കൃതികളോ? ഒരു തുടക്കക്കാരനാ ഞാന്‍, ഓര്‍മ്മ വേണംട്ടാ. നഴ്സറികുട്ട്യേകൊണ്ട് എസ്സേ എഴുതിപ്പിക്കല്ലേ...

അജിത്തേ : പോര്‍ക്കു കഴിക്കുന്നതൊന്നും നിര്‍ത്തണ്ട. കൂര്‍ഗിലുള്ള എന്റെ ഒരു സഹപ്രവര്‍ത്തകന്‍ നാട്ടില്‍ പോയി വരുമ്പോള്‍ അവന്റെ അമ്മ, ചില ഹെര്‍ബ്സ് എല്ലാം ഇട്ടുണ്ടാക്കി വരട്ടിയ പോര്‍ക്ക് കൊടുത്തുവിടും, അത് കിട്ടിയാല്‍ ഇപ്പോളും ഞാന്‍ നല്ലവണ്ണം മെടയും.

:: niKk | നിക്ക് :: said...

Yuck!!!

വിവരണം നന്നായിട്ടുണ്ട്‌

നിരക്ഷരൻ said...

വലിയ പന്നി എന്റെ മുഖത്തു നോക്കി, കൊള്ളാം എന്നൊരമറല്‍.

ഒരുപാട് വൈകിയാണെങ്കിലും ഫാക്സ് സന്ദേശം കിട്ടി :)

Bijith :|: ബിജിത്‌ said...

ഇരിഞാലകുട ചന്തയില്‍ നല്ല റോസ് പന്നിക്കുടന്മാരെ വെട്ടിയത് മാത്രമേ ഞാന്‍ കഴിക്കൂ... മാത്രമല്ല നാട്ടില്‍ നിന്നും അതു കൊണ്ടു വരുമ്പോള്‍ കൂട്ടുകാര്‍ നല്ല ആര്‍ത്തിയോടെ അതു അകത്താക്കാറും ഉണ്ട്. എന്‍റെ പന്നി തീറ്റ നിര്‍ത്താന്‍ഇത് പോര കുറുമാ..

Bijith :|: ബിജിത്‌ said...

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പഴനിയില്‍ പോയത്. ( 1989 ). അവിടെ കറുത്ത പന്നികളുടെ കൂടെ വേസ്റ്റ് ബാസ്ക്കട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്ന പന്നികളെ കണ്ടത് ഇന്നും ഓര്‍മ്മിക്കുന്നു. ആ ഞെട്ടല്‍ ഇപ്പോഴും അനുഭവം ഉണ്ട്...

ദീപുപ്രദീപ്‌ said...

തമാശയോടെ മനോഹരമായി ഒരു സത്യം പറഞ്ഞിരിക്കുന്നു. ഒരു മുന്‍കരുതല്‍ എടുക്കാന്‍ വളരെയധികം ഉപകരിച്ചേക്കും. നല്ല ഫ്ലോ ഉണ്ടായിരുന്നു എഴുത്തിന്.

Jo जो جو ജോ said...

ഹ ഹ ഹ ഹ ഒരുപാട് ചിരിച്ചു ... നല്ല പോസ്റ്റ്‌ :)

സുധി അറയ്ക്കൽ said...

ചിരിച്ചു.എന്നാലും പന്നിപിടിച്ചിരുന്നെങ്കിൽ എന്നാ ചെയ്തേനേ!?!?!!?!?!