Wednesday, June 07, 2006

ഒരു വെക്കേഷന്റെ തുടക്കം

പഠിത്തത്തിലുള്ള അതീവ താത്പര്യം മൂലം, പ്രി ഡിഗ്രി പരീക്ഷ കഴിഞ്ഞതും, എന്റെ ജാതകം ഞാന്‍ തന്നെ ഹരിച്ച്‌, ഗുണിച്ച്‌, ഗണിച്ചു നോക്കിയപ്പോള്‍, വിദ്യാപരമായി, സമയം വളരെ മോശമാണെന്നും, ആസന്നേ യോഗ പരാജയേ, കേതൂ ദ്ര്യഷ്ടി ദ ശുക്രദേ (തോല്‍വി, ജയിക്കാതിരിക്കല്‍, വിജയിക്കാന്‍ രക്ഷ യാതൊന്നുമില്ലാ, തുടങ്ങീ, പരാജയപെടുവാനുള്ള യോഗം ആസന്നമാണെന്നു ചുരുക്കം), കൂടാതെ, കേതുവില്‍ ശുക്രന്റെ ദൃഷ്ടി (അതായത്‌, മകന്റെ പഠിത്തത്തില്‍, അച്ഛന്റെ ദൃഷ്ടി കാര്യമായ്‌ പതിഞ്ഞു തുടങ്ങി എന്നര്‍ത്ഥം) എന്നിവയും തെളിഞ്ഞു കണ്ടു.

പരാജയം ഒരു ശീലമാക്കൂ എന്ന എക്സ്പെന്‍സീവായ പോളിസിക്കുടമയായ എനിക്ക്‌, ആസന്നമായ പ്രി ഡിഗ്രി പരീക്ഷാഫലത്തില്‍ യാതൊരു വിധ ആശയും, തോല്ക്കുമെന്നതില്‍ യാതൊരുവിധ ആശങ്കയും ഇല്ലായിരുന്നെങ്കിലും, ഗള്‍ഫ്‌ ജീവിതം മടുത്ത, അച്ഛന്‍ കുറുമാന്‍, ഗള്‍ഫില്‍ പൂട്ടികെട്ടിയ പെട്ടിയും, കിടക്കയും, നാട്ടിലേക്ക്‌ കൊണ്ടു വന്നു പെര്‍മനന്റായി നിവര്‍ത്തിയിട്ടിരുന്നതിന്റെ ഒരു നടുക്കം, ഞെട്ടുവാതം പോലെ എന്നെ ഇടക്കിടെ ഞെട്ടിച്ചിരുന്നു.

എന്തായാലും, പരീക്ഷ കഴിഞ്ഞതല്ലേ ഉള്ളു, ഇനി എന്തായാലും,റിസല്‍റ്റ്‌ വരുവാന്‍ രണ്ടുമാസത്തോളം ഉണ്ടല്ലോ, ആ സമയം കൊണ്ട്‌ ഇതിന്നൊരു മറുമരുന്നൊപ്പിക്കാം എന്ന് ഞാന്‍ തീരുമാനിച്ചുറപ്പിച്ചു.

ഒഴിവുകാല ദിനങ്ങള്‍ പതിവുപോലെ, മീന്‍ ചൂണ്ടാന്‍ പോകുക, അമ്പല കുളത്തില്‍ ചങ്ങാടം കെട്ടി തുഴയുക, പിന്നെ, കണ്ണു കലങ്ങി ചുവന്നു പുറത്തേക്കുന്തി വരുന്നതു വരെ നീന്തികുളിക്കുക, വീട്ടില്‍ പോയി മൂക്കു മുട്ടെ ഭുജിക്കുക, കാശ്‌ തരപെട്ടാല്‍ സിനിമ കാണുക, തുടങ്ങിയ നിരുപദ്രവമായ കാര്യങ്ങള്‍ ചെയ്ത്‌ ഒന്നൊന്നരാഴ്ച കഴിഞ്ഞ ഒരു ഞായറാഴ്ച, തെണ്ടി തിരിഞ്ഞുച്ചക്ക്‌ വീട്ടിലെത്തിയപ്പോള്‍, ഡെല്‍ഹിയിലുള്ള എന്റെ കസിന്‍ സിസ്റ്ററും, കുടുംബവും വീട്ടില്‍ ഇരിക്കുന്നു.

വര്‍ത്തമാനങ്ങളെല്ലാം പറഞ്ഞിരിക്കുന്നതിനിടയില്‍ , ചേച്ചി ഒരു ചോദ്യം.

ഡാ, നിന്റെ പരീക്ഷ കഴിഞ്ഞ്‌ ഇവിടെ വെറുതെ ഇരിക്കുകയല്ലെ, ന്നാ, പിന്നെ നിനക്കൊരുമാസം ഞങ്ങളുടെ കൂടെ ഡെല്‍ഹിയില്‍ വന്നു നിന്നു കൂടെ?

ഒരു മാസത്തേക്കാണെങ്കില്‍ ഒരു മാസം, തല്ക്കാലം ഇവിടെ നിന്നൊന്നു മാറികിട്ടിയാല്‍,തിരികെ വരാതിരിക്കാനുള്ള കാരണം പിന്നീട്‌ കണ്ടു പിടിച്ചാല്‍ മതിയല്ലോ എന്നു കരുതി, ഞാന്‍ റെഡി എന്നു പറയുവാന്‍ വായ ഒന്നു പൊളിച്ചപ്പോഴേക്കും അച്ഛന്‍ പറഞ്ഞു. വേണ്ടടീ, അവനിവിടെ തന്നെ നില്ക്കട്ടെ. അവനാണെങ്കില്‍ അടുത്തമാസം ടൈപ്പിന്റെ ഹയറും, ഷോര്‍ട്‌ ഹാന്‍ഡിന്റെ ലോവറും എക്സാം ഉള്ളതാ.

അതുകേട്ടതോടെ, ചേച്ചി, അളിയന്‍, എന്റെ മരുമക്കളായ മൂന്നു വയസ്സുകാരി ചിത്ര, ഒരു വയസ്സുകാരന്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ ആ സബ്ജക്റ്റിനെ കുറിച്ചുള്ള ചര്‍ച്ച, തുടങ്ങിയ അതേ സ്പീഡില്‍ നിറുത്തിവച്ചു.

മൃഷ്ടാന്നഭോജനത്തിനുശേഷം, ചേച്ചിയും, കുടുംബവും, തിരികെ പോയപ്പോള്‍ മുതല്‍ ഞാന്‍ അമ്മയുടെ പുറകില്‍ ഒരു വാലായി കൂടി.

ഇനി മുതല്‍ സത്യമായും ഞാന്‍ പഠിക്കാം അമ്മേ, കടയിലെല്ലാം പറയുമ്പോള്‍ പോകാം, മീന്‍ ചൂണ്ടാന്‍ പോകുകയേയില്ല. കുളത്തില്‍ കുളിക്കാന്‍ പോയാല്‍ അരമണിക്കൂറിന്നകം വീടെത്താം, ചേട്ടന്മാരുമൊത്ത്‌ തല്ലു പിടിക്കുകയേയില്ല, തുടങ്ങിയ എന്നെ കൊണ്ട്‌ ചെയ്യാന്‍ പറ്റാത്ത എല്ലാ കാര്യങ്ങളും ചെയ്യാം എന്ന്, ഇലക്ഷന്‍ പ്രചരണത്തിനെത്തിയ സ്ഥാനാര്‍ത്തികളെ പോലെ, മുന്നും, പിന്പും നോക്കാതെ സധൈര്യം വിളിച്ചു പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, മൂന്നു ദിവസമായിട്ടും ചെവിയില്‍ കയറിയ വണ്ടിറങ്ങുന്നില്ല എന്നു കണ്ട്‌, സഹികെട്ട്‌, നാലാം ദിവസം രാവിലെ, ഒരര ഇഡ്ഡലി, ചമ്മന്തിയില്‍ മുക്കി വായിലേക്കച്ഛന്‍ വച്ച്‌ മിണ്ടാന്‍ പറ്റാതിരിക്കുന്ന നിമിഷത്തില്‍, എനിക്കുള്ള റെക്കമെന്റേഷന്‍ ലെറ്റര്‍ അമ്മ അച്ഛന്‍ മുന്‍പാകെ സമര്‍പ്പിച്ചു.

ദേ, അവന്‍ വിനീടൊപ്പം, ഡെല്ലിക്ക്‌ പൊയ്ക്കൊട്ടേന്നേ. ഒരു മാസത്തേക്കല്ലേ ഉള്ളൂ.

വായിലിരുന്ന ഇഡ്ഡലി കഷ്ണം, നില്‍പ്പനടിക്കുന്നതുപോലെ, ഒറ്റ ഇറക്കിന്‌ അച്ഛന്‍ അകത്താക്കിയതിന്നു ശേഷം മൊഴിഞ്ഞു. അവന്‍ ഒരു സ്ഥലത്തേക്കും പോകുന്നില്ല. മര്യാദക്ക്‌ ഇവിടെ ഇരുന്ന പഠിച്ചാല്‍ മാത്രം മതി. അവനേ പോലെ തന്നെ അല്ലെ അവന്റെ രണ്ടു ചേട്ടന്മാരും?

അവനെ പോലെയവര്‍ പഠിക്കാണ്ട്‌ തെണ്ടിതിരിഞ്ഞൊന്നും നടക്കുന്നില്ലല്ലോ? ഇനി അഥവാ അവന്‌ പോകണമെങ്കില്‍, വല്ല, മാവേലി സ്റ്റോറിലോ, റേഷന്‍ കടയിലോ, ഗോതമ്പു പൊടിക്കാനോ ഒക്കെ പൊയ്ക്കോട്ടെ. എന്റെ പണിയൊന്നു കുറഞ്ഞെങ്കിലും കിട്ടുമല്ലോ?

എന്റെ ഓര്‍മ്മയിലൊന്നും കാടാമ്പുഴയില്‍ പോയി, കാടാമ്പുഴ ഭഗവതിക്ക്‌ പാര മുട്ടൊന്നും ഞാന്‍ മുട്ടിയിട്ടോ, നേര്‍ന്നിട്ടോ ഇല്ല, പിന്നെങ്ങിനെ, എന്റെ ജനനം മുതല്‍ ഏതിനും, എന്തിനും,എനിക്ക്‌ പാരയായിട്ടെന്റെ രണ്ടു ചേട്ടന്മാര്‍ തീര്‍ന്നു എന്നാലോചിച്ചിട്ടെനിക്കൊരെത്തും പിടിയും കിട്ടിയില്ല!

ഏയ്‌, ഇനി അവന്‍ നന്നായി പഠിക്കാമെന്ന് പറഞ്ഞിട്ടുണ്ട്‌. ഒരു പ്രാവശ്യത്തിക്കല്ലെ? അവിടെ ചെന്നാല്‍ അവളും ഗോപ്യേം കൂടി അവനെ ഗുണദോഷിച്ചോളും. പോക്കോട്ടവന്‍.

ഏടീ, അവന്റെ ടൈപ്പിന്റേം, ഷോര്‍ട്ട്‌ ഹാന്റിന്റേം പരീക്ഷ പോവില്ലെ?

ഓ അതടച്ച ഫീസു പോകുമെന്നല്ലേ ഉള്ളൂ. വന്നിട്ടു വീണ്ടും എഴുതാമല്ലോ?

നീയ്യാ, ഈ ചെക്കനെ ഇങ്ങനെ വഷളാക്കണെ. എളേ സന്തതിയാണെന്നു കരുതി ഞാനും കുറേ പുന്നാരിച്ചു. ഉം, ഉം.. പൊയ്ക്കോ, പൊയ്ക്കോ, പക്ഷെ, റിസല്‍റ്റ്‌ വരുന്നേനു മുന്‍പു തന്നെ ഇവിടെ തിരിച്ചെത്തിയിരിക്കണം.

അച്ഛന്റെ പൊക്കോ എന്നുള്ള അനുമതി കിട്ടിയപ്പോള്‍, റിസല്‍റ്റ്‌ വന്നപ്പോള്‍, പ്രതീക്ഷിക്കാണ്ട്‌ റാങ്കു കിട്ടിയ സന്തോഷം എനിക്കു വന്നു.

അന്നെന്റെ വീട്ടിലും, അയല്‍പ്പക്കത്തെ ഒട്ടുമുക്കാല്‍ വീട്ടിലും ഫോണ്‍ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഒറ്റ വീട്ടിലും ഫോണ്‍ ഉണ്ടായിരുന്നില്ല!

ഒമ്പതരയുടെ മൂന്നുപിടിക - കാറളം റൂട്ടിലോടുന്ന ശ്രി അയ്യപ്പ ബസ്സില്‍ കയറി ഞാന്‍ കാറളത്തെ എന്റെ അമ്മായിയുടെ വീട്ടിലെത്തി.

എനിക്ക്‌ യാത്രാനുമതി കിട്ടിയ കാര്യം ബോദിപ്പിച്ചു. എല്ലാവര്‍ക്കും സന്തോഷം.

ഇന്നു ബുധനാഴ്ച, ശനിയാഴ്ച്ചയാണവരെല്ലാവരും തിരികെ ഡെല്‍ഹിയില്‍ പോകുന്നത്‌. ടിക്കറ്റ്‌ കിട്ടുമോ എന്നുള്ള പ്രശ്നം എന്നേ വീണ്ടും കൊഞ്ഞണം കുത്തി കാണിച്ചു.

അളിയന്‍ ഗോപ്യേട്ടന്‍ അക്കാര്യം ഏറ്റെടുത്തു.

ടിക്കറ്റ്‌ ഞാന്‍ റെഡിയാക്കാം. വെയിറ്റിംഗ്‌ ലിസ്റ്റില്‍ കിട്ടിയാലും മതി. നമ്മുക്കഡ്ജസ്റ്റ്‌ ചെയ്യാം.

മൂപ്പര്‍ സ്കൂട്ടറുമെടുത്ത്‌, എന്നേയും പുറകിലിരുത്തി, തൃശൂര്‍ക്ക്‌ ആ നിമിഷം തന്നെ യാത്ര തിരിച്ചു.

തൃശ്ശൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ ചെന്ന് ടിക്കറ്റ്‌ എടുത്തു. വെയിറ്റിംഗ്‌ ലിസ്റ്റ്‌ ഒമ്പത്‌. സാരമില്ലടാ, നമുക്ക്‌ ശരിയാക്കാം.

തിരിച്ചു പോകുന്ന വഴി അരമനയില്‍ വണ്ടി സ്റ്റാന്റിലിട്ട്‌ എന്നേയും കൂട്ടി മൂപ്പരകത്തു കയറി.

ഡാ നീ ബീയറടിക്കുമോ?

വല്ലപ്പോഴും ഒരു ബീയറൊക്കെ അടിക്കുന്നതു കൂടാതെ അച്ഛന്റെ കുപ്പിയില്‍ നിന്നും ഒരൌണ്‍സ്‌ ബ്രാന്‍ഡിയോ, വിസ്കീയോ, ചിലപ്പോഴൊക്കെ ഞാന്‍ ആരുമറിയാതെ അടിച്ചുമാറ്റി അകത്താക്കിയിരുന്നെങ്കിലും, ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കേണ്ട സമയത്ത്‌ ബഹുമാനിക്കുക എന്നതെന്റെ ശീലമായതിനാല്‍, മനസ്സെതിര്‍ത്തിട്ടും, വേണ്ട എന്നു ഞാന്‍ പറഞ്ഞു.

കള്ളുകുടിയന്റെ മുഖലക്ഷണം മനപ്പാടമാക്കിയ ഗോപ്യേട്ടന്‍, എന്റെ വേണ്ട എന്ന ജല്‍പ്പനത്തിന്റെ അര്‍ത്ഥം, വേണം എന്നാണെന്നു വായിക്കുകയും, രണ്ട്‌ ബിയറിന്നും, ഒരു ബീഫ്‌ ഫ്രൈക്കും ഓര്‍ഡര്‍ നല്‍കുകയും ചെയ്തപ്പോള്‍, വരാന്‍ പോകുന്ന മധു നിറഞ്ഞ ദിനങ്ങളെ മുന്നില്‍ കണ്ട്‌, പുന്നെല്ലു കണ്ട എലിയേ പോല്‍ ഞാന്‍ ചിരിച്ചു.

വാ തുറന്നു ചിരിച്ച ചുണ്ട്‌, തിരികെ കൂടിചേര്‍ന്ന് നോര്‍മ്മല്‍ പൊസിഷനില്‍ എത്തുന്നതിനുമുന്‍പേ, അഞ്ചു മിനിട്ടു വൈകീഡാ ഗോപ്യേന്നും പറഞ്ഞ്‌ വേറൊരുവന്‍ ഞങ്ങള്‍ക്കിടയിലെ കട്ടുറുമ്പായി.

അതു സാരമില്ല, നീ ഇപ്പോള്‍ വരുമെന്നറിയാമെന്നതിനാല്‍, രണ്ടെണ്ണം ഞാന്‍ ആള്‍ റെഡി ഓര്‍ഡര്‍ ചെയ്തെന്ന് പറഞ്ഞ നിമിഷത്തില്‍, മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെ, എന്റെ സ്വപ്നങ്ങള്‍ അരമനയിലെ, പൊട്ടിപൊളിഞ്ഞ തറയില്‍ വീണു ചിതറി.

ഇതാരാ, ഈ പയ്യന്‍?

ഇത്‌ ഭാര്യേടെ അമ്മാമന്റെ മോനാ, പേര്‌ കുറുമന്‍.

കൈനിട്ടിയ കട്ടുറുമ്പിന്റെ കൈയിലെന്റെ കൈ വെയ്ക്കുവാന്‍ ഞാന്‍ എഴുന്നേറ്റു നിന്നു. കൈ കൊടുത്തു. ചമ്മിയപോലെ ചിരിച്ചു.

ഞാന്‍ ജയരാജ്‌. ഇവിടുത്തെ രാമവര്‍മ്മപുരം സി ആര്‍ പി എഫ്‌ ക്യാമ്പിലെ ഡി വൈ എസ്‌ പി യാ എന്നും പറഞ്ഞു എന്റെ കൈ ആളൊന്നു പിടിച്ചു ഞരിച്ചു. (ഇത്രയും പ്രായക്കുറവുള്ള ഡി വൈ എസ്‌ പി ഉണ്ടാവുമോ എന്ന് ശങ്കിച്ച എനിക്ക്‌, എന്റെ കയ്യേലമര്‍ത്തിയതിന്റെ കരുത്തു കണ്ടപ്പോള്‍, ഇയാള്‍ക്കും ഡി വൈ എസ്‌ പി ആകാം എന്നു മനസ്സിലായി. തുടര്‍ന്നു വന്ന സംഭാഷണത്തില്‍ നിന്നും പുള്ളിക്കാരന്‍ വളരെ ചെറുപ്പത്തില്‍, സ്പോര്‍ട്സ്‌ ക്വാട്ടായില്‍ സര്‍വീസില്‍ കയറിയതാണെന്നും മറ്റും അറിഞ്ഞു. അതിന്നു ശേഷം നിരവധി തവണ, നാട്ടില്‍ വച്ചും, ഡെല്‍ ഹിയില്‍ വച്ചും, ഞങ്ങള്‍ കൂടിയിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ താമസമാക്കിയ ജയരാജേട്ടന്‍ ഇന്ന് ഐ പി എസ്‌ ഓഫീസറാണ്‌).

ഓര്‍ഡര്‍ ചെയ്ത ബിയറും, രണ്ടു ഗ്ലാസ്സുമായ്‌ സപ്ലയര്‍ വന്നു. ജയരാജേട്ടനെ കണ്ടതും ഒന്നൊതൊങ്ങി ചിരിച്ചു. പിന്നെ മൊഴിഞ്ഞു.

സാറിന്നായിരുന്നോ? ദാ അപ്രത്തെ റൂമിലേക്കിരിക്കായിരുന്നല്ലോ സാറെ.

ശരി, നീ ഇതെല്ലാമെടുത്തവിടെ വക്ക്‌. ഞങ്ങള്‍ അങ്ങോട്ടിരിക്കാം. ങാ, പിന്നെ നീ വരുമ്പോള്‍ ഒരു ഗ്ലാസ്സും കൂടി കൊണ്ടു പോര്‌.

വീണ്ടും,

ദേവദാരു പൂത്തു, എന്‍ മനസ്സിന്‍ താഴ്വരയില്‍

‍സപ്ലയര്‍ ബീഫ്‌ ഫ്രൈ കൊണ്ടു വന്നതിനോടൊപ്പം തന്നെ ഒരു ഗ്ലാസ്സും കൊണ്ടു വന്നതില്‍, ജയരാജേട്ടന്‍ ഇത്‌ ബിയറാണ്‌, നീ കുടിച്ചു ക്കൊള്‍ക എന്നും പറഞ്ഞ്‌ ഒഴിച്ചു തന്നപ്പോള്‍, മൂത്തവരുടേ വാക്കും, ബിയറും, ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നറിയാവുന്നതിനാല്‍, ഇടവും, വലവും, നോക്കാതെ ഒറ്റവലിക്ക്‌ ഞാന്‍ ഗ്ലാസ്‌ കാലിയാക്കി, മേശമേല്‍ കാലി ഗ്ലാസ്‌ വച്ചു, പിന്നെ രണ്ടേ രണ്ടു കഷ്ണം ബീഫ്‌ ഫ്രൈ വായിലിട്ട്‌ ചവച്ച്‌ മിണ്ടാണ്ടിരുന്നു.

പിന്നേയും, പിന്നേയും ബിയര്‍ ബോട്ടിലുകള്‍ പലതും വന്നും പോയും ഇരുന്നു. അതിന്നിടയില്‍ ചിലകുപ്പിയിലെ ബിയറിന്റെ യോഗം, എന്റെ അന്നനാളവും, ആമാശയവും കാണണം എന്നായിരുന്നതിനാല്‍, ചിലപ്പോഴൊക്കെ അവരെന്റെ ഗ്ലാസ്സും റീഫില്‍ ചെയ്തു തന്നു.

ബീഫ്‌ ഫ്രൈ തീര്‍ന്നു, ഓംലറ്റുകള്‍ അനവധി തീര്‍ന്നു, പോര്‍ക്ക്‌ ഫ്രൈ തീര്‍ന്നു, അയ്ക്കൂറ വറുത്തത്‌ വന്നതു തീര്‍ന്നു, ബിയര്‍ കുപ്പികള്‍ പലതും തീര്‍ന്നു.

പല പല തവണ ഞങ്ങള്‍ മത്സരിച്ച്‌ മൂത്രമൊഴിച്ചു തിരികെ വന്നു.

അതിനിടയിലെപ്പോളോ, എന്റെ വെയിറ്റിംഗ്‌ ലിസ്റ്റ്‌ ഒമ്പതായിരുന്ന ടിക്കറ്റ്‌ ആരേയോ വിട്ട്‌, കണ്‍ഫേമാക്കി തിരികെ വരുത്തി, സഖാവ്‌ ഡി വൈ എസ്‌ പി ജയരാജ്‌.

ഒടുക്കത്തെ ഓര്‍ഡറായ, ചിക്കന്‍ ബിരിയാണിയില്‍ അന്നത്തെ കൂടികാഴ്ച ഞങ്ങള്‍ അവസാനിപ്പിച്ചു.

സപ്ലയര്‍ ബില്ല് കൊണ്ടു വന്നു വച്ചു.

പൂച്ചക്കെന്ത്‌ പൊന്നുരുക്കുന്നിടത്തുക്കാര്യം???? ഞാന്‍ മെല്ലെ മൂത്രമൊഴിക്കാന്‍ പോയി.

ഡാ പൂവ്വ്വാ എന്ന് ഗോപ്യേട്ടന്‍ ചോദിച്ചപ്പോഴാ പോണ്ട കാര്യം ഞാന്‍ ഓര്‍ത്തതു തന്നെ. ഞാന്‍ ഒരു ലവലാ, നീ ഓടിക്ക്യോന്ന് ചോദിക്കേണ്ട താമസം, സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഞാന്‍ സ്റ്റാന്‍ഡീന്നെറക്കി.

ഡാ, നിനക്കോടിക്കാന്‍ പറ്റിയില്ലെങ്കില്‍, ഞാന്‍ ജീപ്പും ഡ്രവറേം വിട്ടു തരാം എന്ന് ജയേട്ടന്‍ പറഞ്ഞപ്പോള്‍, അതിന്റെ ഒരാവശ്യവുമില്ല എന്നു പറഞ്ഞ്‌ ഗോപ്യേട്ടനേം പിന്നിലിരുത്തി ഞാന്‍ കൂര്‍ക്കഞ്ചേരി, ഊരകം, കരുവന്നൂര്‍, മൂര്‍ക്കനാട്‌ വഴി കാളവണ്ടി പോകുമ്പോലെ, കാറളത്തെത്തിച്ചു.

അന്ന് കാറളത്തു തന്നെ തങ്ങി, പിറ്റേ ദിവസത്തെ ശ്രീ അയ്യപ്പയില്‍ ഞാന്‍ സ്വന്തം വീടെത്തി. പിന്നിടുള്ള രണ്ടു ദിവസങ്ങള്‍, ഇത്രയും നല്ല മോനായിരുന്നോ നമ്മുടെ എന്ന്‌, അച്ഛനും, അമ്മക്കും തോന്നുന്ന വിധത്തിലുള്ള പെരുമാറ്റ ചട്ടങ്ങളായിരുന്നു ഞാന്‍ നടപ്പാക്കിയത്‌.

ആരെന്തൊക്കെ ചെയ്താലും, സമയത്തിനെ തടുത്ത്‌ നിര്‍ത്താന്‍ പറ്റുകയില്ലല്ലോ?

വ്യാഴം കഴിഞ്ഞപ്പോള്‍, വെള്ളി വന്നു, വെള്ളി കഴിഞ്ഞപ്പോള്‍ ശനിയും വന്നു.

ഇരിഞ്ഞാലക്കുടയില്‍ വന്ന് എന്നെ പിക്ക്‌ ചെയ്തിട്ട്‌ ഒരുമിച്ച്‌ തൃശൂര്‍ക്ക്‌ പോകാം എന്ന് ഗോപിചേട്ടന്‍ തലേ ദിവസം വന്നപ്പോള്‍ പറഞ്ഞിരുന്നു.

വൈകീട്ട്‌ മൂന്നേ നാല്‍പ്പ്പത്തി അഞ്ചിനാണ്‌ കേരള എക്സ്പ്രസ്സ്‌ തൃശ്ശൂരില്‍ വരുന്നത്‌.

ഉച്ചക്ക്‌, അപ്പാ കുറുമനും, അമ്മാ കുറുമിയും, മൂന്നു കുറുമ കുട്ടികളും, ഒരുമിച്ചിരുന്നൂണു കഴിച്ചു.

അമ്മക്കാകെ സങ്കടം. താഴെയുള്ള മകനല്ലെ? പുന്നാര മോനല്ലെ? താഴത്തും നിലത്തും വച്ച്‌ വളര്‍ത്ത്യേതല്ലെ. ഇന്ന് വരേയായി സ്കൂളില്‍ നിന്നും ടൂറ്‌ പോകുന്ന ഒരു ദിവസമോ, അമ്മാമന്‍, അമ്മായി, വല്ല്യമ്മ, ചെറിയമ്മ തുടങ്ങിയവരുടെ വീട്ടില്‍ പോയി നില്ക്കുന്ന ഒരാഴ്ചയോ അല്ലാതെ, ഇതിന്നാ, ആദ്യമായ്‌ എന്റെ ചെക്കന്‍, ഒരുമാസത്തേക്ക്‌ വിട്ടുനില്ക്കാന്‍ പോണൂ. അതും സ്വന്തം നാടാണേല്‍ ഓക്കെ......ഇതിപ്പോ, മൈലുകള്‍ക്കപ്പുറമുള്ള ഡെല്ലിയില്‍?

അമ്മ മൂക്കു പിഴിഞ്ഞു സാരിയില്‍ തുടച്ചു.

എത്ര തന്നെ ചീത്ത പറഞ്ഞാലും, തല്ലിയാലും, തന്റെ പെറ്റായ, അരുമ പുത്രനെ ഒരു മാസത്തേക്ക്‌ കാണാന്‍ പറ്റാത്ത ദുഖം മറക്കാന്‍ വേണ്ടി അച്ഛന്‍ കുറുമാന്‍ ഒരു വില്‍സുമ്മേന്ന് മറ്റൊന്നിനു തീകൊളുത്തി പുക വെറുതെ ഊതി വിട്ടുകൊണ്ടിരുന്നു.

ആദി കുറുമാനും, മധ്യ കുറുമാനും, എന്തൊക്കെ പറഞ്ഞാലും, അവന്‍ ഞങ്ങളുടെ ഓമന അനിയനല്ലെ, തങ്ങളുടെ ഓഹരി, ഇഡ്ഡലിയും, ദോശയും, പഴം പൊരിയും, കുറച്ച്‌ അധികം തിന്നാല്‍ എന്താ, മണ്ണെണ്ണയും, ഗോതമ്പും വാങ്ങാന്‍, റേഷന്‍ കടയിലും, പാമോയില്‍ വാങ്ങാന്‍ മാവേലി സ്റ്റോറിലും എപ്പോളും പോയിരുന്നതല്ലെ, ഇനി മുതല്‍ ഒരു മാസത്തെക്കേങ്കിലും,നമ്മള്‍ തന്നെ പോകണ്ടെ എന്നാലോചിച്ചു വ്യസനിച്ചു.

പിന്നാലെ, പല അയല്‍പക്കക്കാരും, വന്നു യാത്ര പറഞ്ഞു.

എതാണ്ട്‌ നമ്മടെ ഡിക്കിന്റെ സാരഥി മുരളി വിളിച്ചുകൂട്ടുന്ന മീറ്റിങ്ങില്‍ പങ്കെടുക്കുന്നത്ര ആളുകള്‍ എന്നെ യാത്രയാക്കാന്‍ എന്റെ തിരുമുറ്റത്തുണ്ടായിരുന്നു.

ഇരച്ചു വന്നു കയറിയ അമ്പാസിഡറിന്റെ ഡിക്കിയില്‍ എന്റെ ബാഗ്‌ വച്ച്‌, ഞാനും വണ്ടിയില്‍ കയറി.

പെട്ടെന്നതാ, പൂതക്കാടന്‍ റോസില്യേച്ചി ഓടിവന്ന് (ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ആപ്പിസിന്റെ അരികില്‍ ചായകട നടത്തിയിരുന്ന), അച്ചപ്പം, കുഴലപ്പം, പഴം പൊരി എന്നിവയടങ്ങുന്ന ഒരു കവര്‍ എന്റെ കയ്യില്‍ തന്നതിന്നുശേഷം പറഞ്ഞു. എന്റെ മോനെ, നീ പോയ്യ്യാ ഈ വീടുമാത്രല്ലാട്ടാ, നമ്മുടെ എടവഴിതന്നെ ഉറങ്ങും. ന്നാലും, നീ പോയി വാടാ ന്ന്‌ പറയണ കേട്ടപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. അവര്‍ക്കും ഉണ്ടേ മൂന്നു പെണ്‍കുട്ടികള്‍, ഞാന്‍ രാക്കി കെട്ടാറുള്ള മൂന്നു പെണ്മക്കള്‍.

അങ്ങനെ ഞങ്ങടെ വണ്ടി എന്റെ മുറ്റം കഴിഞ്ഞ്‌ നീങ്ങി, തൃശ്ശൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്തി. പറഞ്ഞ സമയത്തിന്നും വെറും, മൂന്നേ മൂന്നു മണിക്കൂര്‍ മാത്രം വൈകി കേരളാ എക്സ്പ്രസ്‌ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ വന്നു കിതച്ചു.

പെട്ടി, കുട്ടി,പിന്നെ, ചൊവ്വൂരുന്ന് വാങ്ങിയ, ആട്ടുകല്ല്‌, അമ്മിക്കല്ല്‌ തുടങ്ങിയവ ഞാനും, ഗോപ്യേട്ടനും കൂടി വണ്ടിയില്‍ കയറ്റി, ഞങ്ങളുടെ സീറ്റിന്നടിയില്‍ അഡ്ജസ്റ്റ്‌ ചെയ്ത്‌ വെച്ചു.

എല്ലാവരും സീറ്റില്‍ ഇരുന്നപ്പോഴേക്കും, അവന്‍ കരഞ്ഞു ........ കൂൂൂൂൂൂൂൂ ............. കൂൂൂൂൂൂൂൂൂൂൂൂൂൂ

44 comments:

കുറുമാന്‍ said...

“ഒരു വെക്കേഷന്റെ തുടക്കം“

ഒരു പക്ഷെ ഇതെന്റെ അവസാന പോസറ്റായിരിക്കാം.......

ഇത്രയും നാള്‍ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും എന്റെ വിനീതമായ കൂപ്പു കൈ.

ശനിയന്‍ \OvO/ Shaniyan said...

നാട്ടാരേ, ദേ കുറുമാന്‍ മാഷ് കടപൂട്ടാന്‍ ആലോചിക്കുന്നൂ.. അത് അനുവദിക്കാന്‍ പാടുണ്ടോ?

“വായിലിരുന്ന ഇഡ്ഡലി കഷ്ണം, നില്‍പ്പനടിക്കുന്നതുപോലെ, ഒറ്റ ഇറക്കിന്‌ അച്ഛന്‍ അകത്താക്കിയതിന്നു ശേഷം മൊഴിഞ്ഞു“

"സപ്ലയര്‍ ബില്ല് കൊണ്ടു വന്നു വച്ചു.
പൂച്ചക്കെന്ത്‌ പൊന്നുരുക്കുന്നിടത്തുക്കാര്യം???? ഞാന്‍ മെല്ലെ മൂത്രമൊഴിക്കാന്‍ പോയി."


കലക്കന്‍ വിവരണം കുറുമാന്‍ മാഷേ!!!
ഇതു തുടരനാക്കാം..

അങ്ങനങ്ങ് നിര്‍ത്തിപ്പോവല്ലേ മാഷേ.. രസച്ചരട് പൊട്ടിക്ക്യാ? അതൊന്നും ശരിയാവില്ല... ബാക്കീം കൂടെ ഇങ്ങെടുത്തിട് മാഷേ?

വക്കാരിമഷ്‌ടാ said...

കുറുകൃതി വായിച്ചില്ല. പക്ഷേ കുറുംസ് കടപൂട്ടാന്‍ പോകുന്നെന്ന് ശനിയന്‍ പറഞ്ഞറിഞ്ഞു. ഉമേഷ്‌ജിയുടെ അടുത്ത് ഏറ്റ ഒരു നമ്പറുണ്ട്. ഒന്നു നോക്കട്ടെ-ഇവിടേയും ഏക്കുവോന്ന്...

“കുറുമാനേ, ഞങ്ങളെയെല്ലാം ഇങ്ങിനെ കൊതിപ്പിച്ചിട്ട് ഇടയ്ക്കുവെച്ച് ബ്ലോഗു പൂട്ടാനാണ് ഭാവമെങ്കില്‍....

........
........

ശുട്ടിടുവേന്‍"

(ഏക്കെണ്ടതാണ്)

Vempally|വെമ്പള്ളി said...

കുറുമാനെ, ബാറിലെ ആ ഇരുപ്പോര്‍ത്തിട്ട് എനിക്കു ചിരിയടക്കാന് കഴിയുന്നില്ല. ഗുഡ്ഡ് പോസ്റ്റ്. ബാക്കീം കുടെ കേക്കണമല്ലോ.

ബിന്ദു said...

ഇതെന്ത ഇങ്ങനെയൊക്കെ പറയുന്നത്‌?? ബാക്കി ഡെല്‍ഹിയില്‍ ചെന്നിട്ടുള്ള കാര്യങ്ങള്‍ കൂടി പറയൂ.. പെട്ടെന്നിങ്ങനെ ഒരു ദിവസം വന്നിട്ട്‌... ചുമ്മാതെയാണ്‌ അല്ലേ??

.::Anil അനില്‍::. said...

വെയ്റ്റിടല്ലേ കുറുമാനേ;)
നാട്ടിലേയ്ക്ക് ‘നല്ലതിനു പോകുന്നത’ല്ലാതെ വേറെ ഒരു ഞായവും പറഞ്ഞ് വരല്ലേ. ഒരു പാവം ഡെല്ലീപ്പോവാന്‍ ട്രെയിനീക്കേറി ഇരിക്കുമ്പോഴാണോ ‘ഒരു പക്ഷേ...’ ന്നും പറഞ്ഞോണ്ട് വരണത്?

വക്കാരീ നേതാവേ ധീരതയോടെ നയിച്ചോളൂ.
ശുട്ടിടുവേന്‍ ഏറ്റില്ലെങ്കില്‍ ഒതപ്പേന്‍ എന്നൊന്നു കീച്ചി നോക്കിക്കോളൂ. അര്‍ത്ഥമറിയില്ലാട്ടാ ;)

കുറുമാനേ, എന്തുദ്ദേശിച്ചെഴുതിയാലും ചില വരികള്‍ കണ്ണുനനയിച്ചു. സത്യം.

വഴിപോക്കന്‍ said...

മലയാളം ബ്ലോഗുകള്‍ ഒക്കെ വായിച്ചു വരുന്നെ ഉള്ളു. കണ്ടതില്‍ ഏറ്റവും interesting ആയ ബ്ലോഗുകളില്‍ ഒന്നാണിത്‌ ..

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട്‌ നിറുത്തണമെന്ന യേശുദാസ്‌ വാക്യം ഓര്‍ത്തിട്ട്‌ കാര്യമായി പറഞ്ഞതാണോ അതൊ അടുത്ത പോസ്റ്റ്‌ വരെ ഇനി പോസ്റ്റുന്നതല്ല എന്നാണൊ?

അനില്‍ , ഒതപ്പേന്‍ എന്നതു സുട്ടിടുവേന്റെ മുന്നില്‍ വെറും ശിശു!.. ഒതപ്പേന്‍ എന്നാല്‍ തല്ലി പരിപ്പെടുക്കും എന്നര്‍ഥം

Anonymous said...

എനിക്കറിയാം സൂത്രം എന്താണു എന്നു. പണ്ടു എന്റെ ഒരു കൂട്ടുകാരി ഞങ്ങള്‍ മൈന്‍ഡ് ചെയ്യുന്നില്ല എന്നു തോന്നിയാല്‍ അപ്പൊ ബോധക്കേട് വന്നപോലെ കാണിക്കും..വെറുതെ കണ്ണടച്ചു അനക്കമില്ലാണ്ടു വെറുതെ അങ്ങടു കിടക്കും..നുണയാണോ സത്യമാണോ എന്നറിയാണ്ടു..ഞങ്ങള്‍ വിരണ്ടു അവളെ പൊത്തി പിടിച്ചൊണ്ടു നടക്കും..പിന്നെ ഒരു ദിവസം അവളുടെ ഈ സൂത്രം പൊട്ടിക്കാന്‍ വേണ്ടി ഞങ്ങള്‍ എല്ലാരും കൂടി അവള്‍ നല്ല സന്തോഷമായി ചിരിച്ചോണ്ടു ഇരുന്ന സമയത്തു എല്ലാരും 1,2,3 എന്നു പറഞ്ഞ പോലെ അങ്ങടു ബോധം കെട്ടു..അല്ല അഭിനയിച്ചു..അതെ പിന്നെ..തല്ലിക്കൊന്നാലും അവള്‍ ബോധം കെടാണ്ടായി.... :) അതുപോലെ അല്ലെ ഇതു?

സന്തോഷ് said...

കുറുമാനേ, അടിപൊളി പോസ്റ്റ്. ചിരിയും, നേരിയ നൊസ്റ്റാള്‍ജിക് ദുഃഖവും ഒക്കെയായുള്ള ഒരു വികാരമായിരുന്നു, വായിച്ചുകഴിഞ്ഞപ്പോള്‍.

നിറുത്തീട്ട് പോവല്ലേ. താങ്കള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതലാളുകള്‍ താങ്കളുടെ സൃഷ്ടികള്‍ ആസ്വദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ എന്‍റെ സുഹൃത്തുമായി സംസാരിക്കവേ, അദ്ദേഹം പറഞ്ഞു: “പണ്ട്, കുറുമാന്‍ പറഞ്ഞപോലെ എനിക്കും ഒരു റേഡിയോ വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്.”

ഈ കക്ഷി ബ്ലോഗ് വായിക്കുന്ന കൂട്ടത്തിലാണെന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്. അതിനു ശേഷം, കുറുമാന്‍റെ മാത്രമല്ല, വിശാലന്‍, ദേവന്‍, അരവിന്ദ്, സാക്ഷി, സീയെസ്സ്, കുമാര്‍, തുളസി തുടങ്ങി മറ്റു പല ബ്ലോഗന്മാരുടെയും ഒരു വായനക്കാരനാണ് താനെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയതും ഇവരുടെ പോസ്റ്റുകളെപ്പറ്റി വാതോരാതെ സംസാരിച്ചതും എന്നെ അതിശയിപ്പിച്ചു.

ഞാന്‍ പറഞ്ഞു വന്നത്, അങ്ങനെ, ചുമ്മാ പോവല്ലേ കുറുമാനേ എന്നാണ്.

Kuttyedathi said...

കുറുമാനേ,

ഉഗ്രനായിരിക്കുന്നു കേട്ടോ. അടിപൊളിയാ കുറുമാന്റെ ശൈലി. ബിയറടിക്കാന്‍ പോയിരുന്നതിന്റെ വിവരണവും, അമ്മ മൂക്കു പിഴിഞ്ഞു സാരിത്തുമ്പില്‍ തൂക്കുന്നതുമൊക്കെ കണ്മുന്‍പില്‍ കണ്ട പോലെ. ബാക്കി വിശേഷങ്ങള്‍ പിന്നാലെ വരുമല്ലോ അല്ലേ ?

അല്ല, എന്താപ്പോ ലാസ്റ്റ്‌ പോസ്റ്റെന്നൊക്കെ. ? ചുമ്മാ നമ്പറിറക്കി നോക്കുവാണോ , അതോ സീരിയസ്സായിട്ടോ ? കൃത്യമായ കാര്യ കാരണ സഹിതം, അരവിന്ദനും വിശാലനുമൊക്കെ ചെയ്ത പോലെ ലീവാപ്ലിക്കേഷന്‍ തന്നാല്‍, ലീവനുവദിക്കാമെന്നല്ലാതെ, അങ്ങനെ വി ആര്‍ എസ്‌ എടുക്കാനൊന്നും ഇവിടെ വകുപ്പില്ല കേട്ടോ. ജോയിന്‍ ചെയ്തപ്പോള്‍, ബോണ്ട്‌ ഒക്കെ ഒപ്പിട്ടതു മറന്നുവോ ? കഥകളുടെ സ്റ്റോക്ക്‌ തീരുന്നവരെയെങ്കിലും നോ മോചനം. പെരിയോന്റെ ബാക്കി പറഞ്ഞില്ല. മദാമ്മമാരെയും കൊണ്ടു കറങ്ങാന്‍ പോയ വിശേഷങ്ങള്‍ പോരട്ടെ. പിന്നെ, ഈ പോസ്റ്റിന്റേയും ബാക്കി ...അങ്ങനെ യെന്തരെല്ലാം എഴുതാന്‍ കെടക്കുന്നു കുറുമാനേ. അടിയൊന്നുമായിട്ടില്ല, വടി വെട്ടാന്‍ പോയിട്ടേയുള്ളൂ. അപ്പോളേക്കും പോവാന്നൊക്കെ പറഞ്ഞു കളഞ്ഞാലോ ? ചന്ത പിള്ളാരെ വിട്ടു തല്ലിക്കും, പറഞ്ഞേക്കാം.

യാത്രാമൊഴി said...

കുറുമാനേ കടുത്ത തീരുമാനങ്ങള്‍ ഒന്നും വേണ്ട..
വെക്കേഷന്‍ ഒക്കെ എടുത്ത് ഉഷാറായിട്ട് വേഗം തിരിച്ചു വാ..

വക്കാരിമഷ്‌ടാ said...

കുറും‌സേ, വായിച്ചു. എന്തൊരു വിവരണം. കണ്‍‌മുന്‍പില്‍ കാണുന്നതുപോലെ. തീവണ്ടികള്‍ ഒരു വീക്ക്‍നെസ്സായിരുന്നല്ലേ. സന്തോഷ് പറഞ്ഞതുപോലെ ഏതോ ഒരു മിശ്ര (സം മിശ്ര, സമ്മിശ്ര) വികാരമായിരുന്നു വായിച്ചു കഴിഞ്ഞപ്പോള്‍.

അപ്പോള്‍ കേട്ടല്ലോ, ഒന്നെങ്കില്‍ ശുട്ടിടുവേന്‍, അല്ലെങ്കില്‍ ഒതപ്പേന്‍, അതുമല്ലെങ്കില്‍ കുട്ട്യേടത്തീടെ ചന്തപ്പിള്ളേര്‍. കുറുമാനിനി രക്ഷയില്ല. ഫേമസായാലുള്ള കുഴപ്പമാ. ഫാന്‍സ് തീരുമാനിക്കും. പാവം ഉമേഷ്‌ജിക്കും ഇതാ പറ്റിയത്. ഇപ്പോള്‍ ഒരു പോസ്റ്റൊന്ന് ഡിലീറ്റാനും കൂടി അദ്ദേഹത്തിന് അനുവാദമില്ല. ഫാന്‍സ് പറയണം.

Adithyan said...

കുറുമാനേ, എന്താ പ്രശനിവിടെ?
എന്താണേലും നമ്മക്കു സോള്‍വാക്കാം...

ഇങ്ങളു കാര്യായിട്ടു പോസ്റ്റന്നേ... ബാക്കി നമ്മളേറ്റു.

വിശാല മനസ്കന്‍ said...

കുറുമാന്റെ അതിഗംഭീര മറ്റൊരു പോസ്റ്റ്!

‘ഗള്‍ഫില്‍ പൂട്ടികെട്ടിയ പെട്ടിയും, കിടക്കയും, നാട്ടിലേക്ക്‌ കൊണ്ടു വന്നു പെര്‍മനന്റായി നിവര്‍ത്തിയിട്ടിരുന്നതിന്റെ..’

‘ വീണ്ടും ദേവദാരു പൂത്തു, എന്‍ മനസ്സിന്‍ താഴ്വരയില്‍‘

‘മൂത്തവരുടേ വാക്കും ബിയറും, ആദ്യം കയ്ക്കും പിന്നെ മധുരിക്കും ‘

‘സപ്ലയര്‍ ബില്ല് കൊണ്ടു വന്നു വച്ചു. പൂച്ചക്കെന്ത്‌ പൊന്നുരുക്കുന്നിടത്തുക്കാര്യം???? ഞാന്‍ മെല്ലെ മൂത്രമൊഴിക്കാന്‍ പോയി‘

‘ഡാ പൂവ്വ്വാ എന്ന് ഗോപ്യേട്ടന്‍ ചോദിച്ചപ്പോഴാ പോണ്ട കാര്യം ഞാന്‍ ഓര്‍ത്തതു തന്നെ‘

എത്രയെത്ര പുത്തന്‍ നമ്പറുകള്‍! (മറ്റുള്ളവര്‍ക്ക് ക്വാട്ടാന്‍ ഞാന്‍ പലതും ബാക്കിയിട്ടിട്ടു.)

കുറുമാനേ ഇത്രക്കും രസകരമായി എഴുതാനുള്ള കഴിവ് കയ്യില്‍ വച്ച്, കുറുമാന് എഴുതാതിരിക്ക്യേ???

എന്ത് അക്രമാ പറയണേ മാഷേ..!

പെരിങ്ങോടന്‍ said...

വീണ്ടും,

ദേവദാരുപൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍

ഈ പഹയന്‍ നേരില്‍ സംസാരിക്കുമ്പോഴും ഇങ്ങിനൊക്കെ തന്നെയാണു് :)

ബൈദിവേ, ഒരു അസഹ്യമായ പല്ലുവേദന കാരണം ബ്ലോഗല്ല, ലോകം തന്നെ വിട്ടു ഓടിപ്പോയാല്ലോ എന്ന ചിന്തയില്‍ കുറുമാന്‍ എഴുതിപ്പോയതാണു് “ഇതെന്റെ അവസാനത്തെ പോസ്റ്റാണെന്നു്” കുറുമാഞി (കുറുമാന്‍‌ജി എന്നെഴുതിയതാ) എങ്ങോട്ടും പോകുന്നില്ല, ഓഫീസിലെ ഇന്‍ബോക്സില്‍ കിടക്കുന്ന മെയിലൊക്കെ ചെക്ക് ചെയ്തുകഴിഞ്ഞാല്‍ “ഡബ്ബര്‍ ബാള്‍” പോലെ തിരികെ ബൂലോഗത്തിലെത്തും എന്നു കുറുമാന്‍ പ്രസ്താവിച്ചതായി റേഡിയോഏഷ്യാ 94.7 എഫ്.എം -ല്‍ ന്യൂസുണ്ട്.

വക്കാരിമഷ്‌ടാ said...

അപ്പോള്‍ “ശുട്ടിടുവേന്‍” ഏറ്റു. ങൂം...ഹും

Anonymous said...

കുറുമാന് മിഴി മല്ലിക തേന്മൊഴി നിറ്ത്തുകയോ?.
നിതാന്തമാം തെളിമാനം പൂത്ത നിശീധിനിയില് എന്ന അനുപല്ലവിയുണ്ടു ബാക്കി. നിഴലുകളും പൂംകിനാവുകളും ശശിലേഖയുമൊക്കെ ഇനിയും മനസ്സിന് താഴ്വരയില് ഒളിച്ചു കളിക്കുന്നില്ലേ?.

പൊന്നുരുക്കി പൂച്ചകള്ക്കു മണികെട്ടേണ്ടെ?.

അപ്പോള് ദില്ലി ബഹുത് ദൂറ് ഹൈ. ആപ് കാ ഗാഡി സ്റ്റേഷന് സേ രൂട് നഹിന് ജായേഗ. ജാനേ കേലിയേ ഹാറ് ജണ്ട ഹാറ് ബത്തി കബി നഹിന് മിലേഗ.

ആരാവിടെ .

ബ്ളോഗ് സ്റ്റേഷനില് എല്ലാ സിഗ്നലിലും ചുവപ്പു വെളിച്ചം തെളിയിക്കു.

ഗോപാല ചുവപ്പു കൊടി വീശു.

തല്ക്കാലം കുമര്ം ചിറ കുളത്തിലേയോ കൂടല് മാണിക്യം ആറാട്ടു കടവിലേയോ കുളിസീനുകള് പറഞ്ഞു തരു. (കുളിയെ കുറിച്ചെഴുതിയതു കൊണ്ടു പറഞ്ഞതാണെ).
അഗോചരനായ ഒരു

-തിര്യക്-

സ്നേഹിതന്‍ said...

"ആദ്യമായ്‌ എന്റെ ചെക്കന്‍, ഒരുമാസത്തേക്ക്‌ വിട്ടുനില്ക്കാന്‍ പോണൂ..."
അപ്പോള്‍ വെക്കേഷന്‍ കഴിയുമ്പോള്‍ പ്രത്യക്ഷപ്പെടുമല്ലൊ ?
കുറുമാന് പകരം കുറുമാന്‍ മാത്രം!

Anonymous said...

കുറുമാന്റെ പല്ലുവേദനയും ഞാനും.

23 വയസ്സുള്ളപ്പോള്‍ നിരന്തര പുകവലിയും ജാഫ്റാണം പുകയില മുറുക്കും എന്റെ ഒരു പല്ലില്‍ സുഷിരമുണ്ടാക്കുകയും, മറ്റു പല്ലുകളെ സ്റ്റയിന്‍ അടിച്ചു ഭംഗിയാക്കുകയും ഉറപ്പിക്കുകയും ചെയ്തു.

സുഷിരമുള്ള പല്ലെടുക്കാന്‍ വെല്ലൂറ്‍ റിട്ടയേറ്‍ഡ്‌ ഡോക്ടറായ പ്റയിസിനെ സമീപിച്ചു.
കാലം 23 വറ്‍ഷങ്ങള്‍ക്കു പുറകില്‍, സ്ഥലം .... .
70 കാരനായ ഡോക്ടറ്‍ വിറക്കും കരങ്ങളാല്‍ സുഷിരമുള്ള പല്ലിനെ ഭേദ്യം ചെയ്തു. ഉടഞ്ഞു പൊടിഞ്ഞു പകുതിയായപ്പോള്‍ "മതി ഡോക്ടറ്‍ "എന്നു പറയുകയും മുഴുവന്‍ ഫീസും കൊടുത്തു വെളിയിലിറങ്ങുകയും ചെയ്തു.

കഴിഞ്ഞ വറ്‍ഷം ആ പല്ലിളകിപ്പോയി.

എല്ലാ പല്ലും ഒന്നു വ്റുത്തിയാക്കാമെന്നു കരുതി അശ്വിനി ആശുപത്റിയിലെ ഡെന്റിസ്റ്റിനെ കഴിഞ്ഞ വറ്‍ഷം കണ്ടു. അയാള്‍ പറഞ്ഞു "വേണ്ട മോനെ എല്ലാം 50 വയസ്സാകുമ്പോഴേക്കും കൊഴിഞ്ഞു പൊയ്ക്കോളും. കതിരിനു വളം വക്കേണ്ട".

ഇന്നും (ഇനി കൊല്ലം 4 ബാക്കി 50 ആകാന്‍) പല്ലുകള്‍ക്കൊക്കെ നല്ല ഉറപ്പുണ്ടെന്നാണു എന്റെ അഹന്ത- പാണ്ടന്‍ നായല്ലേ?.

അടിക്കുറിപ്പു.

kurumane oru pazhamozhi palluvedanakkaayi.

"philosophy can't heal a toothache"


"Thiryak"

കുറുമാന്‍ said...

പെരിങ്ങോടന്‍ പറഞ്ഞതു പോലെ പല്ലു പറിച്ചെടുത്തതിന്റെ വേദന സഹിക്കാന്‍ പറ്റാതായ ഒരു ശപിക്കപെട്ട നിമിഷത്തില്‍, ഓഫീസില്‍ രണ്ടു ദിവസമായി പോയിട്ടില്ലാ, പണിയത്രയും പെന്റിങ്ങ്,ഇന്‍ബോക്സില്‍ അഞൂറിലധികം മെയിലുകളുണ്ട് എന്നു സഹപ്രവര്‍ത്തകന്‍ ഫോണ്‍ ചെയ്തു പറഞ്ഞു. ആകെ മൊത്തം പ്രശ്നം എന്നു തോന്നിയ നേരത്ത് ഞാന്‍ പറഞ്ഞു, അല്ല എഴുതി “ഒരു പക്ഷെ ഇതെന്റെ അവസാന പോസറ്റായിരിക്കാം“.

ഇല്ല സുഹൃത്തുക്കളെ, നിങ്ങളെ പിരിഞ്ഞിരിക്കാന്‍ ഇനിയെനിക്കാകില്ല.

ഞാന്‍ എഴുതുന്ന പോസ്റ്റുകള്‍, വായിക്കുകയും, എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ വിനീതമായ കൂപ്പുകൈ (ഇന്നലെത്തെ കൂപ്പുകൈ അല്ല, ഇതു പുതിയ കൂപ്പു കൈ).

ശനിയോ - ഗ്രോസറി പൂട്ടുന്നില്ല..പകരം ഞാനത് സൂപ്പര്‍മാര്‍ക്കറ്റാക്കാന്‍ തീരുമാനിച്ചു.

വക്കാരീ - എന്നെ ശുടാതെ.......ഏറ്റൂട്ടാ....

വെമ്പള്ളി : ബാക്കി ഞാന്‍ വെച്ചിട്ടുണ്ട്ട്ടാ..തരാം.

ബിന്ദൂ - ഡെല്‍ഹിയില്‍ ചെന്നിട്ടുള്ള കാര്യമല്ലെ രസാവഹം.....പറയാം.....നിങ്ങളുടെ പ്രോത്സാഹനമല്ലെ എന്റെ പ്രചോദനം. കാത്തു ഡിസന്റായ കാരണം തകഴി കഥകള്‍ പലതെഴുതി. കുറുമി എഴുത്തിനെതിരായ കാരണം, കുറുമന്‍ ഒഴുക്കിനെതിരെ തുഴഞ്ഞു പഠിക്കുകയാണ്.

അനിലേട്ടാ - വെയ്റ്റിട്ടതല്ലാട്ടോ.....നാട്ടിലേക്ക് പോകുന്നത് ആഗസ്റ്റ് 11-ആം തിയതിമാത്രം. അതിനു മുന്‍പ് പല പല കഥകളും പറഞ്ഞ് അല്ല, എഴുതി നിങ്ങളെ ഞാന്‍ ബോറടിപ്പിക്കും.....ബ്ലോഗിങ് കാവിലമ്മയാണെ അസത്യം. (നസീര്‍ സറ്റൈലില്‍..അ....സത്യം....അ സത്യം.....അ....സത്യം)

വഴിപോക്കോ - നന്ദി.......എന്റെ പരിപ്പെടുക്കല്ലെ ഗഡി. രണ്ടു പെണ്‍കുട്ടികളുടെ (4 വയസ്സ്, 11 മാസം) അച്ഛനാ ഞാന്‍.

എല്‍ജീയേ .....എന്നേ താങ്ങീല്ലെ? കൊള്ളാം കുഞ്ഞേ നിന്നിഷ്ടം, തല്ലാന്‍ പാടില്ലെന്നാലും. നിങ്ങളെല്ലാവരും എന്നെ മൈന്‍ഡു ചെയ്യുന്നുണ്ടല്ലോ.
ഞാന്‍ ബ്ലോഗാന്‍ പഠിക്കട്ടെ എന്ന ഒരൊറ്റ വരി എഴുതി പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ, ഇബ്രുവും, കണ്ണൂസും, കെവിനും,ആത്മധൈര്യം വര്‍ദ്ധിപ്പിച്ചുകൊണ്ട് കമന്റിട്ടവരാണ്. അവര്‍ക്കിതുവരേയായി അതിനു നന്ദി പറഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ പറയുന്നു.

സന്തോഷേ : പോകില്ല, പോകില്ല, നിങ്ങളെ വിട്ട് പോകില്ല. നിങ്ങളില്ലാതെ എന്തു ജീവിതം?

കുട്ട്യേടത്തിയേ : പെരിയോന്റെ ബാക്കി, മദാമ്മമാരൊത്തുള്ള കറക്ക വിശേഷം ഉടന്‍ തന്നെ പ്രതീക്ഷിക്കാം. പ്രോത്സാഹനത്തിനു അതിരറ്റ നന്ദി.
പിന്നെ ചന്തപിള്ളാരെ വിട്ട് തല്ലിപ്പിക്കല്ലേ.....
അന്നു ചോദിച്ചതിനുത്തരം ഞാന്‍ പറഞ്ഞില്ല. അവന്തികയുടെ കാത് കുത്തി (റിഷികയുടേയും, അവന്തികയുടേയും കാത് 28-നു പേരിടലിന്റന്നു തന്നെ നടത്തി).

യാത്രാമൊഴി : വെക്കേഷന്‍ ഒന്നും ഇല്ലാ.......തല്‍ക്കാലം ഞാന്‍ വിടപറയാംന്ന് കരുതിയ തീരുമാനം കാറ്റില്‍ പറത്തി....ഇനി ഇവിടെയൊക്കെ തന്നെ ഉണ്ടാവും, നിങ്ങളുടെ വിലപ്പെട്ട സമയം അപഹരിക്കാന്‍ അലമ്പ കൃതികളുമായി.
വക്കാരീ.......തീവണ്ടികള്‍ എന്നും എന്റെ ഒരു വീക്ക്നെസ്സ് ആയിരുന്നു. മാസത്തില്‍ രണ്ടു തവണ, ഡെല്‍ഹി, ചെന്നെ, ഡെല്‍ഹി - മുംബൈ പോയിരുന്ന ഒരാളായിരുന്നു ഞാന്‍. ജീവിതത്തിലെ, നല്ലൊരു പങ്ക് ട്രൈന്‍ യാത്ര ചെയ്ത് തീര്‍ത്തു. ട്രെയിന്‍ യാത്രക്കിടയിലെ, മരണവും, ആത്മഹത്യയും, പ്രസവവും, എല്ലാം ഓരോന്നായി പോസ്റ്റാം. എന്നെ ശുടല്ലെ.....ഒതപ്പല്ലെ....ഞാന്‍ ഇവിടെ തന്നെ ഇരിക്കാവേ.....

ആദിത്യാ : പ്രശ്നം സോള്‍വ്ഡ്. ഇനിവിടൊക്കെ തന്നെ കാണുംട്ടാ.

വിശാലോ : നന്നീണ്ട്. നിങ്ങളുടെ പോസ്റ്റ് വായിച്ചിട്ടാണ് എനിക്കെഴുതണം എന്നു തോന്നിയത്. എഴുത്തില്‍ നിങ്ങളെ ഞാന്‍ അനുകരിക്കുന്നുമുണ്ട്. ചുരുക്കം പറഞ്ഞാല്‍ കോപ്പിയടി.....വെഷമമുണ്ടെങ്കില്‍ പറയണേ.....അല്ല, നിങ്ങള്‍ക്ക് വിഷമം ഇല്ലെങ്കില്‍ പിന്നെ നാട്ടാര്‍ക്ക് വിഷമമുണ്ടെന്നു പറഞ്ഞാല്‍ എനിക്ക് പുല്ല്.

പെരിങ്ങോടരെ : അതു ശരി.....ഞാന്‍ സംസാരിക്കുമ്പോഴും അല്‍മ്പാണെന്ന് പബ്ലിക്കായിട്ട് പറയ്യ്യാ.? ദേ മെയിലൊന്നും ചെക്ക് ചെയ്യാതെ തന്നെ ഞാന്‍ ഡബ്ബര്‍ ബാളു പോലെ തിരികെ വന്നു. നിങ്ങളുടെ സ്നേഹം കണ്ടില്ലാന്ന് നടിക്കാന്‍ പറ്റുമോ?

തിര്യക് - എനിക്കു മുന്‍പില്‍ ചുവപ്പു വെളിച്ചം തെളിച്ച ഈ വാക്കുകള്‍ക്ക് ഗന്ന്ധരവ്വരുടേതുമായ് വളരെ സാമ്യം. കുമരം ചിറ കുളത്തിലേയോ കൂടല്‍ മാണിക്യം ആറാട്ടു കടവിലേയോ കാര്യങ്ങള്‍ ഗന്ധര്‍വ്വനല്ലാതെ മറ്റാരാവാനും വഴിയില്ല. തിര്യക്കിനെ തിരിച്ചറിഞ്ഞോ നിങ്ങള്‍?

സ്നേഹിതനേ....സ്നേഹിതനേ.......ഞാന്‍ എങ്ങും പോകുന്നില്ല......വെക്കേഷന്‍ ബഹുത് ദൂര്‍ ഹേ......നന്ദി.

മുല്ലപ്പൂ || Mullappoo said...

എ.. പൊകുന്നോ.. അതെങ്ങനെ ശരിയാകും.. ഏയ്‌.. അതൊന്നും ശരിയാകില്ല....

ആ.. പോകുന്നില്ലേ.. അപ്പൊള്‍ ഒകേ..

മുല്ലപ്പൂ || Mullappoo said...

നന്നായി എഴിതിയിരിക്കുന്നു.. കുറുമന്‍.. കുറുമി.. കൊള്ളാം..

കുറുമി ഇതൊന്നും വായിക്കാറില്ലേ?

ചില നേരത്ത്.. said...

qnകുറുമാനേ..
വേക്കേഷന്റെ തുടക്കം ഉഗ്രനായി. ജീവിതത്തിന് ഒരു കാഠിന്യം പോര എന്ന് കരുതി ചെന്നൈയിലേക്ക് വണ്ടി കയറിയ എന്റെ അനുഭവം ഓര്‍ത്തുപോയി. മനോഹരം.തുടര്‍ന്നും എഴുതൂ..എല്ലാ ആശംസകളും നേരുന്നു.

സങ്കുചിത മനസ്കന്‍ said...

കുറൂ,,,,,
അവസാനത്തെ പോസ്റ്റ്‌ എന്ന് കണ്ടതും ഞാന്‍ ഞെട്ടിപ്പോയി. നേരെ അജ്മാനില്‍ പോയി. ഒരു പെട്ടി 1664. കൊര്‍ച്ച്‌ ബീഫും, ഓം ലെറ്റും പോസ്റ്റിംഗിലെ പോലെ അന്തരീക്ഷം ഉണ്ടാക്കി. ലൈറ്റ്‌ കെടുത്തി. ഒരു മെഴുകുതിരി കത്തിച്ച്‌ ബാര്‍ പ്രതീതിയാക്കി. ആദി, മദ്യ, അന്ത്യ കുറുമന്മാര്‍ക്ക്‌ നിവേദിച്ച്‌ കഴിച്ചു........
ഇന്ന് കണ്ടു അവസാനത്തെ പോസ്റ്റ്‌ അല്ല എന്ന്. വ്യാഴം....പുറത്ത്‌ ചൂട്‌....കുറു പോകുന്നില്ല.... സന്തോഷം.... എല്ലാം കൂടീ ഇന്ന് മറ്റൊരു പെട്ടി വാങ്ങണമല്ലോ.......

ഉശിരന്‍ വിവരണം കുറൂ.......

കലേഷ്‌ കുമാര്‍ said...

കലക്കി കുറുമാ,
എന്നാ ബാക്കി പോരട്ടെ!

ആനക്കൂടന്‍ said...

തകര്‍പ്പന്‍ വിവരണം...ബാക്കികൂടി പോരട്ടെ..

::പുല്ലൂരാൻ:: said...

vaayichu rasichu.. nannaayirikkunnu!

കുറുമാന്‍ said...

മുല്ലപ്പുവേ - നന്ദി.....ഇല്ലാ പോകുന്നില്ല. കുറുമിക്ക് ബ്ലോഗു വായനയില്ല. ചിലപ്പോള്‍, ഞാന്‍ നിര്‍ബന്ധിച്ചു വായിച്ചു കേള്‍പ്പിക്കും. മലയാളം ഒരു പാരഗ്രാഫ് വായിക്കാന്‍ ഒരു ദിവസം വേണം. പുള്ളിക്കാരി കോയമ്പത്തൂരില്‍ ജനിച്ചു വളര്‍ന്നതുകാരണം, തമിഴ് താന്‍ അവള്‍ക്ക് പുടിച്ച ഭാഷൈ.

ഇബ്രുവേ - നന്ദി....വേക്കേഷന്റെ തുടക്കം ഉഗ്രനായി. ജീവിതത്തിന് ഒരു കാഠിന്യം പോര എന്ന് കരുതി ചെന്നൈയിലേക്ക് വണ്ടി കയറിയ എന്റെ അനുഭവം ഓര്‍ത്തുപോയി. - ആ അനുഭവം പങ്കുവയ്ക്കൂ.

സങ്കുചിതനേ ; താങ്ക്സ്. അപ്പോള്‍ ഞാന്‍ മൂലം പെട്ടി രണ്ടു പൊട്ടീല്ലെ? കുഴപ്പമില്ല....നമുക്കിനിയും പൊട്ടിക്കാം.

കലേഷേ - നന്ദി......ഇനിയും തരാം.

ആനക്കൂടാ - വായിച്ചതിനും, കമന്റിയതിനും ബഹുത് ബഹുത് ശുക്രിയാ.

പുല്ലൂരാനേ - ദാ പിടിച്ചോളൂട്ടോ.....കാര്യയിട്ടൊന്നൂല്യാ......വെറും ഒരു നന്ദി.....ഇനി ഹിന്ദി ഭാഷാ പഠനം തുടങ്ങ്വല്ലെ? മനീഷ പഠിപ്പിച്ചോളുല്ലെ :)

Anonymous said...

കുറുമാന്‍ ചേട്ടാ,

ഇതാ‍രു? സുരേഷ് ഗോപി പോലെ ഇരിക്കുന്നു ഫോട്ടൊം കണ്ടിട്ടു. ഇനി ഞാന്‍ കാണിച്ച പോലെ സൂത്രം വല്ലോ ആണോ? ശരിക്കും സുരേഷ് ഗോപി പോലെ....

യാത്രികന്‍ said...

കുറുമാനേ..

മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലൊ...
പണിക്കനു കിട്ടിയ വെട്ടുകളിലുടെ ഒന്ന്‌ കണ്ണോടിച്ചപ്പോള്‍ ആണ്‌ ഒരു മാന്‍ അവിടേം കെടക്കുണു..
ന്നാ ഒന്നു നോക്കി കളയാം ന്നു കരുതി ആണ്‌ മാങ്കൂട്ടില്‍ വന്നേ..അപ്പോ കാണുന്നതോ...
ഇതെന്റെ അവസാന കൃതി ആയിരിക്കും ന്നു.. ന്നാലും വായിച്ചു..അതു കഴിഞ്ഞു ഒന്നു കമന്റ്‌ അടിക്കാം ന്നു കരുതി നോക്ക്യപ്പോ സമാധാനായി...
ഒന്നും അവസാനിക്കുന്നില്ല..കുറുമാന്‍ യാത്ര തുടങ്ങിയിട്ടെ ള്ളു, എല്ലാം ഒരു തുടക്കം മാത്രം ന്ന്‌....എന്തായാലും ഒരു കാര്യം ഉറപ്പായി..
നമ്മള്‍ ഒരേ വഴിക്കാണ്‌.. മാന്‍ ദില്ലിയിലെക്കു പോകുംബൊള്‍ പിറകെ തന്നെ ഈ യാത്രികനും വരാം ട്ടോ... ബുധ്ധിമുട്ടാവ്വോ ആവൊ? ആ ഇനി പ്പൊ ലെശം ആയാലും സാരല്യ. ഉവ്വോ?..ഇല്ല്യേ?..ഉവ്വേര്‍ക്കും...ആയ്‌..ഇല്ല്യേര്‍ക്കും..

ആ.. ഞാന്‍ ന്തായാലും അവിടന്ന്‌ പെട്ടന്നന്നെ പോകും, കുറച്ചും കൂടി വടക്കോട്ട്‌

അടുത്ത കുറിമാനം കാത്തുകൊണ്ട്‌...
സ്വന്തം
യാത്രികന്‍

മഴനൂലുകള്‍ .:|:. Mazhanoolukal said...

കുറുമാന്‍,

ആദ്യമാണിവിടെ.
പക്ഷേ, രസകരമായൊരു വായനയ്ക്കു ശേഷം കണ്ടത്‌, ഇതെല്ലം പൂട്ടിക്കെട്ടാന്‍ പോണൂന്നാ.
പിന്നെ തുടര്‍ന്നു വായിച്ചപ്പോള്‍ മനസ്സിലായി, അതൊരു ദുര്‍ബ്ബല നിമിഷത്തില്‍ ചെയ്തുപോയ കൈയ്യബദ്ധമാണെന്ന്‌... :)

തുടരൂ, യാത്രകളും ഡല്‍ഹി ജീവിതവും ഒക്കെയാണ്‌ എന്റെ nostalgia-കള്‍...

പരസ്പരം said...

ആദ്യം നിര്‍ത്തുന്നുവെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നിയെങ്കിലും അതു വെറുമൊരു പല്ലുവേദന കാരണമാണെന്നറിഞ്ഞതിനാല്‍ സമാധാനമായി.ഇത്രയും ചുരുങ്ങിയ നാളുകൊണ്ട് ഞങ്ങളുടെയെല്ലാം പ്രിയങ്കരനായി മാറിയ കുറുമാന്‍, ഇത്തരത്തില്‍ കടും കൈയൊന്നും ചെയ്യാ‍തെ ഡല്‍ഹി വെക്കേഷനെക്കുറിച്ചുള്ള അടുത്ത ബ്ലോഗെഴുതൂ.

അരവിന്ദ് :: aravind said...

കുറൂ ജീ..(ഫോട്ടം ഇപ്ലാ കണ്ടേ...) :-)

ഈ പോസ്റ്റ് ഞാന്‍ വളരെ നേര്‍ത്തെ വായിച്ചെങ്കിലും പല കാരണങ്ങളാല്‍ ബിസി ആയതിനാല്‍ കമന്റിംഗ് നടന്നില്ല.
ബൂലോഗത്ത് നിന്ന് കുറുജി വിടവാങ്ങുന്നു എന്ന് വായിച്ചപ്പോള്‍ പേര്‍സണല്‍ ആയിട്ട് ഒരു മെയിലിട്ട് അരുത് എന്ന് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.
ഏതായാലും വീക്കെണ്ട് കഴിഞ്ഞെത്ത്യപ്പോളേക്കും എല്ലാം ശരിയായി കുറുജി ഇവിടെത്തന്നെ കാണും എന്നറിഞ്ഞതില്‍ അതിയായ സന്തോഷം. :-)
ഗംഭീര പോസ്റ്റ്!!! ബാറിലെ വിവരണം വായിച്ച് ചിരിച്ച് ചിരിച്ച്...
സൂപ്പര്‍ ഡ്യൂപ്പറായിട്ടുണ്ട്! :-))

വര്‍ണ്ണമേഘങ്ങള്‍ said...

നല്ല ഒന്നാന്തരമായി രസിച്ച്‌ വായിച്ച്‌ വന്നതാ. അപ്പൊഴാ അവസാന പോസ്റ്റെന്നൊക്കെ വെള്ളിടി കണ്ടത്‌. ഞെട്ടിച്ചു.

കുറുമാന്‍ said...

LG യെ - കിട്ടിയ താപ്പിനെന്നെ ഊതില്ലെ? ഞാന്‍ ഒരു പാവം .....ജസ്റ്റ് റിമമ്പര്‍ ദാറ്റ്. അതെന്റെ ഫോട്ടോ തന്നെയാ. കടമെടുത്തതൊന്നും അല്ല എല്‍ജികുട്ടിയേ.

യാത്രികനേ - താങ്ക്സ്....ഞാന്‍ ദില്ലിക്ക് പോവാനൊന്നും കാത്തു നില്‍ക്കണ്ട....വേഗം പൊക്കോളു. പിന്നെ മെയില്‍ സെറ്റിങ് ഒന്നു ചെക്ക് ചെയ്യൂ....പിന്മൊഴിയിലേക്കുള്ള മെയില്‍ ബൌണ്‍സ് ചെയുന്നില്ലേന്നൊരു സംശയം.

മഴനൂലുകളേ - എന്റെ ബ്ലോഗില്‍ വന്നതിനും, വായിച്ച് കമന്റിട്ടതിന്നും നന്ദി. യാത്രയും, ദില്ലി ജീവിതവും തന്നെയോ അങ്ങയുടേയും നൊസ്റ്റാള്‍ജിയകള്‍ - ദൈവമേ കൂട്ടിമൂട്ടി കൊളാപ്സാകാതിരുന്നാല്‍ മതിയായിരുന്നു :)

പരസ്പരമേ - നന്ദി......ഇനിയും എഴുതാം തരം പോലെ..ഒന്നില്ലെങ്കിലും നമ്മള്‍ ദുബായ്ക്കാരല്ലിയോ :)

അരവിന്ദോ - നന്ദി വീണ്ടും. എനിക്ക് മെയില്‍ അയക്കാന്‍ തോന്നിയതിന്നൊരു താങ്ക്സും.

വര്‍ണ്ണമേഘമേ - താങ്ക്സ്. ഞെട്ടുകയൊന്നും ചെയ്യരുതേ.

Anonymous said...

അയ്യൊ!സത്യമായിട്ടും എനിക്കങ്ങിനെ തോന്നി. ഞാന്‍ ഊതിയതല്ല. ഊതുവാണെങ്കില്‍ ഞാന്‍ പറഞ്ഞിട്ടെ ഊതൂ.. പിന്നെ ഒരു smiley-യും ഇടും ഉറപ്പായിട്ടു..അല്ലാണ്ട് ചുമ്മ ഊതാന്‍ ഒന്നും എനിക്കു ഇപ്പോഴും ധൈര്യം പൊരാ..

സത്യമായിട്ട് എനിക്കു അങ്ങിനെ തോന്നി.ഒഹ്! ഇനി ഞാന്‍ ഇതു നല്ലോണം ഉറപ്പിച്ചു പറയാന്‍ വേണ്ടിയാണല്ലെ? അമ്പടാ!! :)

വഴിപോക്കന്‍ said...

വഴിപോക്കോ - നന്ദി.......എന്റെ പരിപ്പെടുക്കല്ലെ ഗഡി. രണ്ടു പെണ്‍കുട്ടികളുടെ (4 വയസ്സ്, 11 മാസം) അച്ഛനാ ഞാന്‍.

കുറുമ സുഹൃത്തെ , അനില്‍ മാഷ്‌ "ഒതപ്പേന്‍" എന്നതിന്റെ അര്‍ഥം അറിയില്ലെന്ന് എന്റെ മുകളിലെ പോസ്റ്റില്‍ എഴുതിയപ്പോള്‍ "പരിപ്പെടുക്കും..." എന്നാണ്‌ എന്ന് പറഞ്ഞു കൊടുത്തതാണ്‌.. :) സത്യം സത്യമായി ഒരു സമാധാനകാംഷി ആണ്‌ ഞാന്‍..

ഏതായാലും നിങ്ങള്‍ കട പൂട്ടുന്നില്ല്ല എന്നത്‌ പെരുത്ത്‌ സന്തോഷം...

Vempally|വെമ്പള്ളി said...

ശരിക്കുള്ള ഫോട്ടം തന്നാ യിട്ടിരിക്കണത്? അതാ തട്ടിപ്പാ? (തട്ടിപ്പിന്‍റെ കഥകളെഴുതീട്ടുണ്ടല്ലോ അതോണ്ടാ) ഇതിപ്പൊ സാം പെട്രൊഡ പോലൊരു ബുദ്ധിജീവിലൈനാണല്ലോ (വിശാലന്‍ മനുഷ്യനെ പേടിപ്പിച്ചിട്ടിരിക്കുകയാ മീശയൊക്കെ പിരിച്ച്) കുറുമാനെ അതോ L.G യെപ്പോലെ പറ്റിക്കാന്‍ നോക്കുകയാണൊ?

സ്നേഹിതന്‍ said...

കുറുമാനെ വെമ്പള്ളി പറഞ്ഞതുപ്പോലെ ഫോട്ടൊ സ്വന്തം തന്നെയല്ലെ? :) :) :)

കുറുമാന്‍ said...

എന്റെ വെമ്പള്ളിയേ, സ്നേഹിതനേ....കുറച്ച് ഗ്ലാമറുണ്ടായിപോയതെന്റെ കുറ്റമാണോ:) (എന്റെ സ്വന്തം ഫോട്ടോ തന്നേയാ ഇട്ടിരിക്കുന്നത്.)

പെരിങ്ങോടനെ ബ്ലോഗില്‍ പരിചയപെട്ടിട്ട് മാസം രണ്ട്. ഞങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടിട്ട് ആഴ്ച രണ്ട്. രണ്ടു പെണ്‍കുട്ടികളുടെ അച്ഛനായ ഞാന്‍, എന്റെ ഫോട്ടോവിന്നു പകരം, നാട്ടുകാരുടെ ഫോട്ടൊ ഇടേണ്ട വല്ല ആവശ്യവുമുണ്ടോ?

പിന്നെ ഒരു കാര്യം, എന്റെ തലയുടെ പകുതിയല്ലെ നിങ്ങള്‍ക്ക് കാണാന്‍ പറ്റിയത്. ഭാക്കി ഭാഗം വീരേന്ദ്ര ഷേവാഘിന്റെ പോലേയാ :)
ഫുള്‍ ടൈം ഗുണ്ടാ സ്റ്റൈലില്‍ ക്ലീന്‍ ഷേവ്.

പണ്ട് മുടിയൊക്കെ പിന്നികെട്ടി, ഒറ്റകാതില്‍ കമ്മിലിട്ട്, പാരിസിലൂടേയും, ഫ്രാങ്ക് ഫര്‍ട്ടിലൂടേയും, ബേസിലിലൂടേയും, ഹെല്‍ സിങ്കിയിലൂടേയും നടന്ന മനുഷ്യനാ....ഇപ്പോള്‍, കരാമയിലൂടേയും, ദൈറയിലൂടേയും, റോള്ളയിലൂടേയും, നടക്കുന്നു എന്ന വിത്യാസം മാത്രം(മൊട്ടയായി).

തെറ്റിദ്ധരിക്കരുതേ:)

evuraan said...

ശെ ശെ ശെ..

ഒറ്റക്കാതില്‍ കമ്മലിട്ടിരുന്നു എന്നോ?

ശെ ശെ ശെ..

:)

കുറുമാനേ, ചിത്രം കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം.

പാപ്പാന്‍‌/mahout said...

കുറുമാനേ, ബാക്കിയെല്ലാരെയും പോലെ ഞാനും ആദ്യകമന്റു കണ്ടു ഞെട്ടിത്തരിച്ചു. പിന്നീടുള്ള കമന്റു കണ്ട് സന്തോഷത്താല്‍ പൊട്ടിച്ചിരിച്ചു. കുഞ്ഞുകുട്ടിപരാധീനങ്ങളായതില്‍‌പ്പിന്നെ പണ്ടൊക്കെ ചിരിച്ചിരുന്നപോലെ വല്ലപ്പോഴും ചിരിക്കുന്നത് നിങ്ങളുടെയൊക്കെ പോസ്റ്റുകള്‍ വായിക്കുമ്പോഴാണ്‍. അതുകൊണ്ടുതന്നെ, എഴുത്തുനിര്‍‌ത്തുന്നില്ല എന്ന തീരുമാനത്തിന്‍ എന്റെ ഹൃദയത്തില്‍‌നിന്നുള്ള നന്ദി. പണിത്തിരക്കുള്ളപ്പോള്‍ എഴുത്ത് തല്‍‌ക്കാലത്തേക്കു നിര്‍‌ത്തിവയ്ക്കൂ. പക്ഷെ നമ്മടെ ബോണ്ടണ്ണന്‍ പറഞ്ഞപോലെ Never say never again.

വിപിന്‍ said...

കുറുമാന്‍ ചേട്ടോയ്, കലക്കുന്നുണ്ടേ... ഡെല്ലീ പോയതിന് ശേഷം ഉണ്ടായ കലാ‘പ?’ പരിപാടികള്‍ പുറകേ വരുമോ?

വിപിന്‍

സുധി അറയ്ക്കൽ said...

ഞാനും വരുന്നു ദില്ലിയ്ക്ക്‌.