Friday, January 05, 2007

എന്റെ യുറോപ്പ് സ്വപ്നങ്ങള്‍ - 10

ബാഗും ചുമലിലിട്ട്, ചെറുതായി പെയ്യുന്ന മഞ്ഞും ആസ്വദിച്ച്, ഇനിയെന്തു ചെയ്യണം, ആദി കുറുമാന്റെ വീട്ടിലേക്ക് എങ്ങനെ ചെന്നെത്തും എന്നെല്ലാം ആലോചിച്ചു നടക്കുന്നതിന്നിടെ, ബ്രൌണ്‍ നിറത്തിലുള്ള കോട്ടിട്ട, ഒരു മനുഷ്യന്‍ അപ്പുറത്തുള്ള പാര്‍ക്കിങ്ങിലേക്ക് വളരെ സാവകാശത്തില്‍ നടന്നു പോകുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. കണ്ടപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പായി, അതൊരു സായിപ്പോ, കാപ്പിരിയോ ആയിരുന്നില്ല കാരണം നീണ്ടു ചുരുണ്ട കറുത്ത മുടിയായിരുന്നു (കാപ്പിരികളുടേതു പോലെ സ്പ്രിങ്ങ് മുടിയായിരുന്നില്ല) ആ മനുഷ്യനുണ്ടായിരുന്നത്.

അയാള്‍ എന്തായാലും ഏഷ്യന്‍ വംശജന്‍ തന്നെയായിരിക്കാനാണു സാധ്യത. ഇനി അതു ആദികുറുമാനാകുമോ? തടിച്ച ജാക്കറ്റിട്ടിരിക്കുന്നതു കാരണം ശരീര വലുപ്പം നോക്കി തിരിച്ചറിയാനും പറ്റുന്നില്ല. ചെറുപ്പക്കാലം മുതല്‍ ഞങ്ങള്‍ ആദി, മധ്യ, അന്തി (ഞാന്‍ തന്നെ) കുറുമാന്മാരും, സുഹൃത്തുക്കളും, പൂരം, ഉത്സവം, വേല, അമ്പ് പെരുന്നാള്‍, തുടങ്ങി, ഏതെങ്കിലും സ്ഥലത്തുപോയി, കൂട്ടം തെറ്റുകയോ, കാണാതാവുകയോ ചെയ്താല്‍ നല്‍കാറുള്ള ഒരു സിഗ്നല്‍ ഉണ്ട്; അതൊന്നു പരീക്ഷിച്ചുനോക്കിയാലോ?

മറ്റൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ, വലതു കയ്യുടെ തള്ളവിരലും, ചൂണ്ടുവിരലും “ഠ” പോലെ ചേര്‍ത്ത്, മടക്കിയ നാവിന്റെ മുകളില്‍ വച്ച് വളരെ ഉച്ചത്തില്‍ മൂന്നു വിസിലടിച്ചു. ചെകിട് മൂളുന്ന തരത്തിലുള്ള ആ വിസിലടി, നങ്കൂരമിട്ടിരിക്കുന്ന കപ്പലിലും, ഹെത്സിങ്കി പോര്‍ട്ടിലും, തട്ടി പ്രതിധ്വനിച്ചു.

നടന്നു പോകുകയായിരുന്ന ആ ബ്രൌണ്‍ കോട്ടുകാരന്‍, പൊടുന്നനെ തന്റെ നടത്തം നിറുത്തി. വിസിലടിയുടെ പ്രഭാവ കേന്ദ്രമെവിടേയെന്ന് പിന്‍ തിരിഞ്ഞു നോക്കി. ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഉടക്കി. ഞാന്‍ ആദിയേയും, ആദി എന്നേയും തിരിച്ചറിഞ്ഞു.

ഞാന്‍ ആദികുറുമാന്റെ അടുത്തേക്കും, ആദി എന്റെ അടുത്തേക്കും ഓടുകയായിരുന്നു പിന്നീട്. നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ നേര്‍ക്കു നേരടുക്കുകയും, ആശ്ലേഷിക്കുകയും ചെയ്തു. രണ്ടു പേരുടേയും കണ്ണുകളില്‍ ഒരവിശ്വനീയ ഭാവം! ജീവിതത്തില്‍ ഇത്തരം ഒരു കണ്ടുമുട്ടല്‍, അതും ഹെല്‍ സിങ്കി പോര്‍ട്ടില്‍ വച്ച് നടക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നതായിരിക്കാം ആ അവിശ്വനീയമായ ഭാവത്തിന്നു ഹേതു.

ആദിയുടെ കാറില്‍ കയറി, ഹെല്‍ സിങ്കി സിറ്റിയില്‍ നിന്നും അല്പം ദൂരെ മാറിയുള്ള വീപുറിന്‍കാട്ടു എന്ന സ്ഥലത്തുള്ള ആദിയുടെ ഫ്ലാറ്റിലേക്ക് ഞങ്ങള്‍ യാത്രയായി.

യാത്രക്കിടയില്‍, ആദികുറുമാന്‍ കോഴിക്കറിയും, ചോറുമൊന്നും വച്ചിട്ടില്ല, കാരണം ലുബെക്കില്‍ നിന്നും കപ്പല്‍ പിടിക്കുകയാണെങ്കില്‍ ഇതെല്ലാം ഫ്രീയാണെന്നറിയാമായിരുന്നെന്നും, നീ ഫോണ്‍ വിളിച്ചപ്പോള്‍, ലുബെക്കില്‍ നിന്നും ടിക്കറ്റെടുക്കുന്നതിന്നു പകരം ട്രാവന്മുണ്ടെയില്‍ നിന്നുള്ള കപ്പലിലുള്ള ടിക്കറ്റെടുത്താല്‍ മതി എന്നും പറയാന്‍ തുടങ്ങുന്നതിന്നു മുന്‍പേ ഫോണ്‍ കട്ടായതു കാരണം പറയാന്‍ സാധിച്ചില്ല എന്നും ആദി പറഞ്ഞു.

ഫോണ്‍ ഞാന്‍ കട്ടാക്കിയതല്ല, ഫോണ്‍ കാര്‍ഡില്‍ അവശേഷിച്ചിരുന്ന മാര്‍ക്കും തീര്‍ന്നപ്പോള്‍ ഫോണ്‍ സ്വയം പണിമുടക്കിയതാണെന്ന് ഞാന്‍ പറയാതെ തന്നെ അവനാറിയാമായിരുന്നു എന്നു വ്യക്തം.

ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് കാലം അതികമായിരുന്നില്ലെങ്കിലും, സംസാരിക്കാന്‍ നിരവധി സംഭബഹുലമായ കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വീപുറിന്‍കാട്ടുവിലുള്ള ആദിയുടെ അപ്പാര്‍ട്ട്മെന്റിനു താഴെ കാര്‍ എത്തിയതു തന്നെ അറിഞ്ഞില്ല.
കാര്‍ കീഴെ പാര്‍ക്ക് ചെയ്ത്, രണ്ടാം നിലയിലുള്ള ആദിയുടെ ഫ്ലാറ്റിലേക്ക് ഞങ്ങള്‍ ചെന്നെത്തി.

മാറിത്തിന്റെ ഫ്ലാറ്റാണിത്, ആദി കുറുമാന്‍ പറഞ്ഞു. മാറിത്ത് വര്‍ഷം മുഴുവന്‍ ലീവൊന്നുമെടുക്കാതെ ജോലി ചെയ്യും. പിന്നെ മൂന്നാലു മാസത്തെ ലീവെടുത്തോ, ലീവ് കിട്ടിയില്ലെങ്കില്‍, ജോലി രാജിവച്ചോ, വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രയാണ്. ഇപ്പോള്‍ ഒരു മാസമായി ഉലകം ചുറ്റാന്‍ ഇറങ്ങിയിട്ട്. ഇപ്പോള്‍ ബ്രസീലിലാണ്. ഇനി ഒരു രണ്ടു മൂന്നു മാസം കൂടി കഴിഞ്ഞേ തിരിച്ചു വരൂ. അവര്‍ വരുന്നതു വരെ ഞാന്‍ ഈ ഫ്ലാറ്റിലോട്ട് മാറി (മാറിത്ത് വറീമ ആദികുറുമാന്റെ കൂട്ടുകാരിയാണ് (ഞങ്ങളുടെ കുടുംബ സുഹൃത്തും കൂടിയാണിവര്‍. ഇവരാണ് രണ്ടു തവണ ചെല്ലും ചെലവും കൊടുക്കാമെന്നേറ്റ് എനിക്ക് വിസിറ്റിങ്ങ് വിസക്കു വേണ്ടി സ്പോണ്‍സര്‍ ചെയ്തതും, എംബസി നിസ്ഖരുണം രണ്ടു തവണയും ആപ്ലിക്കേഷന്‍ റിജക്റ്റ് ചെയ്തതും).

ഞാന്‍ ഫ്ലാറ്റൊന്നു ചുറ്റി കണ്ടു. രണ്ട് മുറികളും, ഒരു ഹാളും, വലിയൊരു ബാത് റൂമും, ചെറിയ ഒരു കിച്ചനും. എല്ലാ മുറികളിലും, ഹാളിലും ഹീറ്ററുകള്‍. മുറികളിലേയും, ഹാളിലേയും ചുമരുകളില്‍ മനോഹരങ്ങളായ പെയ്ന്റിങ്ങുകള്‍ വച്ചിരിക്കുന്നു. പല രാജ്യങ്ങളില്‍ നിന്നും വാങ്ങിയതാകണം. ഹാളിലെ ടി വി വച്ചിരിക്കുന്ന കബോര്‍ഡില്‍ പല അറകളിലായി വിവിധ തരം ക്റ്റിസ്റ്റല്‍ ഗ്ലാസ്സുകളുടെ ശേഖരം തന്നെയുണ്ട്. ഹാളിന്റെ ഓരോ മൂലകളിലും, തബല, തംബുരു, പേരറിയാത്ത ഏതോ മെക്സിക്കന്‍ വാദ്യോപകരണം തുടങ്ങിയവയും, ചുമരില്‍ ആഫ്രിക്കയില്‍ നിന്നും വാങ്ങിയതാവിവിധ തരം മുഖം മൂടികളും വച്ചിരിക്കുന്നു. എല്ലാം കൊണ്ട് മനോഹരമായൊരു ഫ്ലാറ്റു തന്നെ.

ദാ ആ രണ്ടാമത്തെ ബെഡ് റൂം, ഇനി മുതല്‍ നിനക്കുപയോഗിക്കാം. പിന്നെ നിനക്ക് എന്തു കുടിക്കാനാണു താത്പര്യം? ബിയറോ, വൊഡ്കയോ, അതോ കോണ്യാക്കോ? അല്ലെങ്കില്‍ നിന്നോടെന്ത് ചോദിക്കാനിരിക്കുന്നു. മൂന്നും വേണമെന്നു പറയുന്ന കൂട്ടത്തിലല്ലെ നീ! ഞാന്‍ അടുത്തുള്ള കിയോസ്ക്കില്‍ പോയിട്ട് പെട്ടെന്നു വരാം, അപ്പോഴേക്കും നീ ഒന്നു കുളിച്ച് ഫ്രെഷാക്.

മുറിയില്‍ ബാഗ് വച്ച്, ബാത് റൂമില്‍ പോയി, ചൂടുവെള്ളത്തില്‍, വിശാലമായൊന്നു കുളിച്ച് വന്നപ്പോഴേക്കും ആദി കടയില്‍ നിന്നു സാധനങ്ങളെല്ലാം വാങ്ങി തിരിച്ചെത്തിയിരുന്നു.

ഇന്ന് ഞാന്‍ എന്തായാലും പുറത്ത് പോകുന്നില്ല, നമുക്കൊന്ന് കൂടാം, ഒരു ക്യാന്‍ ബിയര്‍ എനിക്ക് കൈമാറികൊണ്ട് ആദി പറഞ്ഞു.

ആദ്യം തന്നെ ജാന്‍സിചേച്ചിക്ക് ഫോണ്‍ ചെയ്ത് എത്തിയ വിവരം പറയണം, പിന്നെ അമ്മക്കൊന്നു ഫോണ്‍ ചെയ്യണം അതിനു ശേഷം നമുക്ക് കലാപരിപാടികള്‍ തുടങ്ങാം ഞാന്‍ പറഞ്ഞു.

ജാന്‍സി ചേച്ചിക്ക് ഫോണ്‍ ചെയ്യുമ്പോള്‍ അവരുടെ എക്കൌണ്ട് നമ്പര്‍ വാങ്ങാന്‍ മറക്കണ്ട. അവരുടെ പൈസ ഞാന്‍ നാളെ രാവിലെ അയക്കാം.

ഫോണെടുത്ത് ജാന്‍സി ചേച്ചിയോടെത്തിയ വിവരം വിളിച്ചു പറഞ്ഞു. അക്കൌണ്ട് നമ്പര്‍ വാങ്ങി കുറിച്ചു വച്ചു. അമ്മക്ക് ഫോണ്‍ ചെയ്തു. ഫിന്‍ലാന്റില്‍ ആദിയുടെ അടുത്തെത്തിയെന്നു പറഞ്ഞപ്പോള്‍ അമ്മക്കും, അച്ഛനും അതിയായ സന്തോഷം. വിശദമായി പിന്നീട് വിളിക്കാമെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

ചേട്ടാ, ഒരു ഫോണ്‍ കൂടി ചെയ്യാനുണ്ടായിരുന്നു.

അറിയാം, അതിനനുവാദം ചോദിക്കേണ്ട ആവശ്യമെന്ത്? നീ മുറിയിലേക്ക് പോയി ഫോണ്‍ ചെയ്യ്, എന്നിട്ട് പറ, ഇനി മുതല്‍ ഈ ഫോണ്‍ നമ്പറിലും അഡ്രസ്സിലും നിന്നെ ബന്ധപെടാമെന്ന്.

മുറിയില്‍ ചെന്ന് ഞാന്‍ ദില്ലിയിലേക്ക് ഫോണ്‍ ചെയ്തു. പ്രതീക്ഷിച്ചതുപോലെ അവള്‍ തന്നെ ഫോണെടുത്തു . ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ സ്ഥലങ്ങളില്‍ ചുറ്റിതിരിഞ്ഞ്, അവസാനം, ഫിന്‍ലാന്റില്‍ ആദികുറുമാന്റെ അടുത്ത് ഞാന്‍ എത്തിചേര്‍ന്നു എന്നറിഞ്ഞപ്പോള്‍ അവള്‍ക്കും സന്തോഷവും,സമാധാനവുമായി. ആദികുറുമാന്റെ അഡ്രസ്സും ഫോണ്‍ നമ്പറും ഞാന്‍വള്‍ക്ക് നല്‍കി. പരസ്പരം, പിന്നേയും ഒരുപാട് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും, ചേട്ടനായാലും ഞാന്‍ ഒരു പാരയാകരുതെന്നു കരുതി മാത്രം ബൈ പറഞ്ഞ ഫോണ്‍ കട്ട് ചെയ്തു.

ചീയേഴ്സ്. ക്യാനുകള്‍ പരസ്പരം കൂട്ടിമുട്ടി, ഫിന്‍ലന്റിലെ എന്റെ താമസത്തിന്റെ തുടക്കം ഞങ്ങള്‍ അവിടെകുറിച്ചു. ജ്യേഷ്ടാനുജന്മാരേക്കാളേറെ ഞങ്ങള്‍ മൂന്നു സഹോദരന്മാരും, അന്നും, ഇന്നും സുഹൃത്തുക്കളാണ്, ആയതിനാല്‍ ഞങ്ങള്‍ക്കിടയില്‍ മൂടിവക്കേണ്ടതായ അല്ലെങ്കില്‍ തുറന്നു സംസാരിക്കാന്‍ പറ്റാത്തതായ ഒരു കാര്യവും ഇല്ലായിരുന്നു. അതിനാല്‍ തന്നെ സംസാരിക്കുവാന്‍ വിഷയങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല, ഒഴിഞ്ഞ ക്യാനുകളുടെ എണ്ണവും.

ഡാ, ഞാന്‍ നമ്മുടെ നാടന്‍ ഭക്ഷണം കഴിച്ചിട്ട് കാലം കുറേയായി. നമുക്കിന്ന് എന്തെങ്കിലും നാടന്‍ ഭക്ഷണം ഉണ്ടാക്കിയാലോ? ഞാന്‍ കഴിഞ്ഞ ആഴ്ച നോര്‍ത്തേണ്‍ ഫിന്‍ലാന്റില്‍ പോയപ്പോള്‍ എന്റെ സുഹൃത്തു തന്ന നല്ല മാനിറച്ചി (ക്രിസ്തുമസ്സ് അപ്പൂപ്പനിരിക്കുന്ന വണ്ടി വലിക്കുന്ന മാന്‍) ഫ്രിഡ്ജിലിരിക്കുന്നുണ്ട്. പണ്ട് ദില്ലിയില്‍ നമ്മള്‍ ഒരുമിച്ചായിരുന്നപ്പോള്‍ നീ ബീഫ് വയ്ക്കാറുള്ളത് പോലെ വച്ചാല്‍ മതി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കൂടെ ജോലി ചെയ്തിരുന്ന രാജസ്ഥാന്‍കാരന്‍ ചങ്ങാതിയുടെ കൂടെ രാജസ്ഥാനിലെ, അല്‍ വാറിനും, സരിസ്ക വന്യമൃഗസങ്കേതത്തിനും ഇടയിലുള്ള, അവന്റെ വീട്ടില്‍ പോയപ്പോള്‍, ഉണങ്ങിയ മാനിറച്ചി വറുത്തത് കഴിച്ചിരുന്നു. ആ രുചി ഇപ്പോഴും നാവിലുള്ളത് കാരണം, മാനിറച്ചിയെന്നു കേട്ടതും, ഞാന്‍ അടുക്കളയിലേക്ക് നടന്നു.

ഫ്രീസര്‍ തുറന്ന് മാനിറച്ചിയുടെ കവറെടുത്ത് ഡീഫ്രോസ്റ്റ് ചെയ്യുവാന്‍ സിങ്കില്‍ വെള്ളം നിറച്ചതിലിട്ടു. ഇനി കറിവെക്കാന്‍ ആവശ്യമായ സാധനങ്ങള്‍ വേണം. ഷെല്‍ഫ് മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും, മഞ്ഞള്‍ പൊടി, മുളകു പൊടി, മല്ലിപൊടി തുടങ്ങിയ സാധങ്ങള്‍ ഒന്നും കണ്ടില്ല പകരം പേരറിയാത്ത പല തരം മസാലകള്‍ ചെറിയ ചെറിയ കുപ്പികളില്‍. അറിയുന്നതായി കണ്ടത് ഉപ്പും, കുരുമുളകും മാത്രം!

കുക്കിങ്ങ് ചെയ്യുവാന്‍ മടിയാണെങ്കിലും,കാര്യമായി വശമില്ലായിരുന്നെങ്കിലും, പുറത്ത് നിന്നുള്ള ഭക്ഷണം ഇഷ്ടമല്ലാത്ത കാരണം എന്തെങ്കിലും സ്വയമായി ഉണ്ടാക്കി കഴിച്ചിരുന്ന ആദിയുടെ വീട്ടില്‍ ഒരു മസാല പോലും കാണാതിരുന്നതില്‍ അതിശയം തോന്നി ഞാന്‍ ആദിയുടെ അരികിലേക്ക് ചെന്നു.

മസാലയൊന്നും കാണാനില്ലല്ലോ ഇവിടെ.

ഞാന്‍ കുക്കു ചെയ്യാറില്ല ഇവിടെ. ഭക്ഷണം മുഴുവന്‍ പുറമേ നിന്നാണ്. അതിപ്പോള്‍ ഒരു ശീലമായി. ഇനിയിപ്പോ എന്തായാലും നീ വന്നില്ലേ? ഇനി മുതല്‍ നാടന്‍ ഭക്ഷണം കഴിക്കാമല്ലോ? നീ എന്തൊക്കെ സാധനങ്ങളാ വേണ്ടതെന്നു വച്ചാല്‍ ഒരു ലിസ്റ്റ് എഴുത്. ഹെത്സിങ്കിയിലേക്ക് പോകുന്ന വഴിക്ക് ഹക്കനീമി എന്ന സ്ഥലത്ത് ഇന്ത്യന്‍ സ്റ്റോറുണ്ട്. അവിടെ എല്ലാ സ്പൈസസും കിട്ടും. നീ റെഡിയാക് വേഗം, നമുക്കൊരുമിച്ച് പോയി വാങ്ങാം.

അതു ശരി. അപ്പോ എന്നെ ഇവിടെ വരാന്‍ നിര്‍ബന്ധിച്ചത്, ഒരു കുക്കിന്റെ ആവശ്യമുള്ളതിനാലാണല്ലെ?

ക്യാനില്‍ അവശേഷിച്ചിരുന്നത് ഒറ്റവലിക്കകത്താക്കി വസ്ത്രം മാറി, അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഞങ്ങള്‍ പുറത്തിറങ്ങി. മുടിഞ്ഞ തണുപ്പായിരുന്നു പുറത്ത് മഞ്ഞും നല്ല തോതില്‍ പെയ്യുന്നു. ആദി കാറ് സ്റ്റാര്‍ട്ട് ചെയ്ത് ഹീറ്റര്‍ ഓണാക്കി, പിന്നെ കാറില്‍ നിന്ന് എന്തോ ഒരു സാധനമെടുത്ത് (സ്നോ ബ്രൂം) പുറത്തിറങ്ങി കാറിന്റെ ഗ്ലാസുകളിലുള്ള മഞ്ഞെല്ലാം തൂത്ത് കളഞ്ഞ് കാറില്‍ കയറി ഹെത്സിങ്കിയിലേക്ക് വണ്ടി വിട്ടു.

കാറിലെ മഞ്ഞു നീക്കുന്നത്, ആണിയുള്ള (അതോ മുള്ളോ?) കാര്‍ ടയര്‍, ടയറിന്റെ മുകളിലൂടെ ചങ്ങല കെട്ടിയിരിക്കുന്നത്, വഴിയില്‍ മഞ്ഞു നീക്കുന്ന വണ്ടികള്‍, തുടങ്ങി, കാണുന്ന ഓരോ കാഴ്ചകളും എനിക്ക് പുതുമയേറിയതായിരുന്നു.

ഇന്ത്യന്‍ സ്റ്റോറില്‍ പോയി അരി, ഉപ്പ്, മുതല്‍ ആവശ്യമുള്ള പലവ്യഞ്ജന സാധനങ്ങളും, പച്ചക്കറികളും (കറി വേപ്പില ഒഴിച്ച്) എല്ലാം വാങ്ങി തിരിച്ച് വന്നപ്പോഴേക്കും, മരവിച്ച് കിടന്നിരുന്ന മാനിറച്ചി മരവിപ്പൊക്കെ മാറി, മുറിക്കാന്‍ പാകത്തില്‍ കിടക്കുന്നു.

പാചകത്തിന്റെ വേഗതയും, രുചിയും കൂട്ടുവാനായി പാചകം തുടങ്ങുന്നതിന്നു മുന്‍പ് തന്നെ‍, ആദി എനിക്കൊരു കോണിയാക്ക് ഒഴിച്ചു തന്നു. നിമിഷനേരത്തില്‍ റി ഫില്ലിങ്ങിനായ് ഗ്ലാസ് ഞാന്‍ ആദിയെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് പാചകത്തിലേക്ക് കടന്നു. ഇഞ്ചി, ഉള്ളി ഇത്യാദി സാധനങ്ങള്‍ അരിഞ്ഞ്, പാചകം തുടങ്ങാം എന്നു കരുതി ആദിയോട് കുക്കറെടുത്തു നല്‍കാന്‍ ആവശ്യപെട്ടപ്പോള്‍ കിട്ടിയ മറുപടി. പിന്നേ, സായിപ്പിന്റെ പാചകം പ്രെഷര്‍കുക്കറിലല്ലെ? അവിടെ ആ ഷെല്‍ഫില്‍ കാണുന്ന പാത്രങ്ങളേ ഇവിടെയുള്ളൂ. അതിലേത് വേണമെങ്കിലും എടുത്തുപയോഗിച്ചോ.

അതു കേട്ടതും, റിഫില്‍ ചെയ്ത ഗ്ലാസ്സ് കാലിയാക്കി അടുത്തതൊരെണ്ണം ഞാന്‍ ഒഴിച്ചു. ഉളളതില്‍ വലിയ ഒരു സ്റ്റീല്‍ പാത്രത്തില്‍ പാചകം തുടങ്ങി. ഒരു മണിക്കൂറിന്നകം ആവി പറക്കുന്ന ചോറും, “ മാന്‍ മസാല” യും തയ്യാര്‍!

വളരെ നാളുകള്‍ക്കു ശേഷമാണ് ഇത്രയും സ്വാദോടെ ഭക്ഷണം കഴിച്ചതെന്ന് മനസ്സില്‍ തട്ടി ആദി പറഞ്ഞപ്പോള്‍, എന്റേയും മനസ്സ് നിറഞ്ഞു.

ആദികുറുമാന്‍ അക്കാലത്ത് സ്വന്തമായി ഒരു ക്ലീനിങ്ങ് കമ്പനി നടത്തിയിരുന്നു. ചെറിയതും, വലിയതുമായ കുറച്ചോഫീസുകള്‍, രണ്ടു, മൂന്നു ചെറിയ ഷോപ്പിങ്ങ് മാള്‍, കുറച്ച് ബാറുകള്‍ എന്നിവ ക്ലീന്‍ ചെയ്യുന്നതായിരുന്നു കമ്പനിയുടെ മുഖ്യ പണി. സായിപ്പന്‍മാരും (കപ്പലിലെ അസ്സിസ്റ്റന്റ് ക്യാപ്റ്റന്‍ വരെ), മദാമ്മമാരും, ആ കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു, അവരോടൊപ്പം അവരിലൊരാളായി ആദിയും അവരോടൊപ്പം പണിചെയ്യുമായിരുന്നു. വൃത്തിയാക്കുന്ന പണി ചെയ്യേണ്ട സമയം ഷോപ്പിങ്ങ് മാളുകളില്‍ രാത്രി 11 മണിക്ക് ശേഷവും, ബാറുകളില്‍ പുലര്‍ച്ചെ നാലു മണിക്ക് ശേഷവും, ഓഫീസുകളില്‍ രാവിലെ എട്ടുമണിക്കു മുന്‍പും ആയിരുന്നതിനാല്‍, രാത്രി പത്തു മണിക്ക് ആദി പുറത്ത് പോയാല്‍ രാവിലെ എട്ടുമണി കഴിഞ്ഞു മാത്രമേ മടങ്ങി ഫ്ലാറ്റിലേക്ക് വരൂ.

അന്നും തുടര്‍ന്നു വന്ന കുറച്ച് ദിവസങ്ങളിലും പകല്‍ സമയത്ത്, ഹെത്സിങ്കിയിലെ പ്രധാന ഷോപ്പിങ്ങ് മാളുകള്‍, ടൂറിസ്റ്റ് സ്പോട്ടുകള്‍, പ്രധാന നദികള്‍, പള്ളികള്‍ തുടങ്ങിയവയെല്ലാം ആദി എന്ന് കൊണ്ടു പോയി കാണിച്ചു.

ഒരു ദിവസം രാവിലെ പതിനൊന്നുമണിക്ക് ആദികുറുമാന്‍ പറഞ്ഞു, ഇന്നു നിന്നെ ഒരു ഫിന്നിഷ് ഗ്രാമത്തിലേക്കാണ് ഞാന്‍ കൊണ്ടു പോകുന്നത്. ഫിന്നിഷുകാരുടെ വേനല്‍കാല വസതികളാണവിടെ.

തണുപ്പു കാലമാണമെങ്കിലും, ഗ്രാമത്തിലുള്ള വേനല്‍ കാല വസതി കാണുക എന്നത് എന്നില്‍ വളരെ താത്പര്യം ജനിപ്പിച്ചു. പതിനൊന്നരയോടെ ഞങ്ങള്‍ ആദിയുടെ കൂടെ യാത്ര തിരിച്ചു. ആദിയുടെ കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന, കപ്പലിലെ അസ്സിസ്റ്റന്റ് ക്യാപറ്റന്‍ ഒരു മാര്‍ക്കോസും ഞങ്ങളുടെ ഒപ്പം ഉണ്ട്.

നഗരാതിര്‍ത്തി വിട്ട് വണ്ടി വിജനമായ പാതയിലൂടെ, ഇരുവശവും മരങ്ങള്‍ നിറഞ്ഞ, ഒരു കാട്ടിനുള്ളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദി ചോക്കളേറ്റ് പാ‍യ്ക്കൊറ്റൊരെണ്ണം എനിക്കു നല്‍കി. ചോക്ക്ലേറ്റ് പായ്ക്കറ്റ് പൊട്ടിച്ച് , പ്ലാസ്റ്റിക് കവര്‍ വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ഞാന്‍ പുറത്തേക്കെറിഞ്ഞു. ചോക്ക്ലേറ്റ് ഞാന്‍ വായിലേക്ക് വച്ചു. ക്രിമ്മ്മ്മ്മ്മ്മ്മ്മ്മ്. ആദി വണ്ടി സഡണ്‍ ബ്രേക്കിട്ടു. ടയറുകള്‍ ടാറിട്ട റോട്ടില്‍ ഉരഞ്ഞു കരിഞ്ഞതിന്റെ മണം എന്റെ മൂക്കില്‍ എത്തി. എന്താണു സംഭവിച്ചതെന്നറിയാതെ ഞാന്‍ ആദിയുടെ മുഖത്തേക്കു നോക്കി.

വണ്ടി പോയ അതേ വേഗതയില്‍ കുറച്ചു ദൂരം പിന്നോട്ടെടുത്ത് ആദി കാര്‍ നിറുത്തി, പിന്നെ ഡോര്‍ തുറന്ന് കാറിന്റെ പുറത്തേക്കിറങ്ങി. അകലെ വഴിയ്ക്കരുകില്‍ കാട്ടുചെടികളുടെ വേരു പറ്റി കിടന്നിരുന്ന ചോക്ക്ലേറ്റ് പായ്ക്കറ്റിന്റെ പ്ലാസ്റ്റിക്ക് കവര്‍ കയ്യിലെടുത്തു, കാറിലേക്കു തിരിച്ചു വന്നു.

ഡാ, കണ്ണില്‍ കണ്ട ചവറുകള്‍ വലിച്ചെറിയാനുള്ളതല്ല ഈ ഭൂമി. ചപ്പു ചവറുകള്‍ ഇടുവാന്‍ സര്‍ക്കാര്‍ എല്ലായിടത്തും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അത്തരം വേസ്റ്റ് ബിന്നിലല്ലാതെ ഇനി മുതല്‍ നീ, ഒരു ചപ്പു ചവറുകളും, പ്രത്യേകിച്ചും പ്ലാസ്റ്റിക്ക്, റോഡിലോ, മറ്റോ നിക്ഷേപിക്കരുത്. പകരം അതിനായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കണം. മനസ്സിലായോ?

ഉവ്വ്, എന്ന എന്റെ ഉത്തരത്തിനുമുന്‍പു തന്നെ ആദി കാര്‍ മുന്നോട്ടെടുത്ത് യാത്ര തുടര്‍ന്നു. ഒപ്പം എന്നോട് പരിസ്ഥിതി മലിനീകരണത്തിനേ കുറിച്ചും, ഫിന്‍ലാന്റ് ഗവണ്മെന്റിന്റെ ക്ലീന്‍ലിനെസ്സ് പ്രോഗ്രാമിനേ കുറിച്ചും മറ്റും ഒരു ക്ലാസ്സും നല്‍കി.

പരിസ്ഥിതി മലിനീകരണത്തിന്റെ വിപത്തിനെ കുറിച്ച് ആദ്യമായ് ഞാന്‍ അന്നാണ് ചിന്തിച്ചത്. ജനവാസമില്ലാത്ത, യാത്രക്കാരില്ലാത്ത, വിജനമായ ഒരു വനപ്രദേശത്തില്‍ ഒരു പ്ലാസ്റ്റിക്ക് കവര്‍ വലിച്ചെറിഞ്ഞതിനെതിരെ ആദി പ്രതികരിച്ച രീതി എനിക്ക് ചിന്തിക്കാനാവുന്നതിനപ്പുറമായിരുന്നു!

അന്നു പഠിച്ച ആ പാഠം. അതായത്, പ്രകൃതിയെ, നശിപ്പിക്കരുത് എന്നത്, ഞാന്‍ ഇന്നും പിന്‍ തുടരുന്നു. ഇനിയും എന്റെ അന്ത്യം വരെ അതു തുടരും. തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

പിന്നീടുള്ള ദിനങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ കടന്നു പോയി. പകല്‍ മുഴുവന്‍ ആദി ഉറങ്ങുന്നതു കാരണം, ടി വിയില്‍, മനസ്സിലാവാത്ത ചാനലുകള്‍ കണ്ടും, പാചകം ചെയ്തും സമയം ചിലവഴിച്ചു. രാത്രിയില്‍ ആദിയില്ലാത്തതിനാല്‍ കിടന്നുറങ്ങിയും സമയം ചിലവഴിച്ചു.

ഫിന്‍ലാന്റില്‍ വന്ന് അഞ്ചാം ദിവസം ആദ്യമായി എനിക്ക് ദില്ലിയില്‍ നിന്നും അവളുടെ, മൂന്ന് ഗ്രീറ്റിങ്ങ് കാര്‍ഡുകളും, നാലു പേജുകളുടെ ഇരു വശവും മനോഹരമായ കൈപടയോടുകൂടി എഴുതിയ എഴുത്തും കിട്ടി. അന്നു മുതല്‍ മുടക്കം വരാതെ ചുരുങ്ങിയത് ഒരു ഗ്രീറ്റിങ്ങ് കാര്‍ഡും, കത്തും എനിക്ക് നിത്യേന ലഭിക്കുമായിരുന്നു. ഓരോ കത്തും, അഞ്ചും, പത്തും തവണ വായിച്ച് സ്വപ്നങ്ങളില്‍ മുഴുകിയിരിക്കലായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെന്റെ ഹോബി.

ദിവസങ്ങള്‍ പിന്നേയും കടന്നു പോയി. ഏഴു ദിവസത്തെ സന്ദര്‍ശന വിസയില്‍ വന്ന ഞാന്‍ വന്നിട്ട് ആഴ്ച രണ്ടു കഴിഞ്ഞു. വെറുതെ വീട്ടില്‍ ഇരുന്ന്‌ ബോറടിക്കാന്‍ തുടങ്ങിയിട്ടും ആഴ്ചകളായി.

എന്റെ നിര്‍ബന്ധപൂര്‍വ്വം, ആദിയുടെ കൂടെ ഞാന്‍ രാത്രിയില്‍ ക്ലീനിങ്ങ് ജോലിക്കിറങ്ങി. കക്കൂസ് കഴുകിയും, ഇറച്ചി വെട്ടുന്ന മരകുറ്റി കഴുകിയും, ഷോപ്പിങ്ങ് മാളിലെ നിലം അടിച്ചു വാരിയും, തുടച്ചും, ബാറുകളിലെ ഗ്ലാസ്സുകള്‍ കഴുകിയും, ദിവസങ്ങള്‍ തള്ളി നീക്കി.

പോലീസെങ്ങാന്‍ പിടിച്ചാല്‍ ആദിയുടേയും, എന്റേയും കാര്യം കട്ട പുക!

പോലീസ് പിടിച്ചാല്‍ ആദിയുടേയും, എന്റേയും കാര്യം അവതാളത്തിലെത്തുമെന്നതിനാല്‍, ഒരു വൈകുന്നേരം ഞാന്‍ പറഞ്ഞു, ആദി, നാളെ രാവിലെ നീ എന്നെ പോലീസ് സ്റ്റേഷനില്‍ ഡ്രോപ്പ് ചെയ്യൂ. ബാക്കി കാര്യം ഞാന്‍ ഏറ്റു. ജെര്‍മ്മനിയില്‍ വച്ച് ജാന്‍സിചേച്ചിയുടെ കൂട്ടുകാരി ചെയ്യാമെന്നേറ്റ എല്‍ ടി ടി നമ്പര്‍ ഇവിടേയും കളിക്കാം.

എന്റെ നിര്‍ബന്ധപ്രകാരം, പിറ്റേന്നു രാവിലെ, എന്റെ ഒറിജിനല്‍ പാസ്സ്പോര്‍ട്ട് വാങ്ങി തന്റെ ഫ്ലാറ്റില്‍ ബദ്രമായി വെച്ചുകൊണ്ട്,, എന്നേയും കൂട്ടി ആദി, ഹെല്‍സിങ്കി പോലീസ് സ്റ്റേഷനിലേക്ക് കാറില്‍ യാത്രയായി.

ഹെല്‍സിങ്കി പോലീസ് സ്റ്റേഷനില്‍ നിന്നും നൂറു മീറ്റര്‍ അകലെ ആദി കാര്‍ നിറുത്തി. ബാഗുമെടുത്തു ഞാന്‍ പുറത്തിറങ്ങി.

പുറത്തിറങ്ങിയ ആദിയെ ഒന്നടങ്കം ഞാന്‍ പുണര്‍ന്നു. രണ്ടു പേരുടേയും കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നെങ്കിലും, ഇതൊക്കെ പുല്ല് എന്ന മുഖഭാവമായിരുന്നു രണ്ടു പേരുടേയും മുഖങ്ങളില്‍.

ബാഗും തോളിലേറ്റി, പാസ്പ്പോര്‍ട്ടുപോലുമില്ലാതെ, ഫിന്‍ലാന്റിലെ പ്രധാനമായ ഹെല്‍സിങ്കി പോലീസ് സ്റ്റേഷനിലേക്ക് ഞാന്‍ നടന്നു കയറി. രാഷ്ട്രീയാഭയം ചോദിക്കുവാന്‍!!

45 comments:

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 10.

കൂട്ടുകാരെ, എഴുതണം എന്നു കരുതിയ പോലെയൊന്നും എഴുതാന്‍ കഴിഞ്ഞില്ല, കാരണം, മനസ്സില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ എന്റെ കൈ വിരലുകള്‍ക്ക് താങ്ങാന്‍ പറ്റുന്നില്ല. ഞാന്‍ എന്ന്തു ചെയ്യും?

എഴുതാതിരിക്കാന്‍ പറ്റില്ല, എഴുതിയേ തീരൂ എന്ന ഒറ്റ വാശിയില്‍ എഴുതി തീര്‍ത്താണീ കഥ.

വായിച്ചതിന്നു ശേഷം നിങ്ങള്‍ തന്നെ പറയൂ, അടുത്തത് വേണോ, വേണ്ടയോ എന്ന്. എന്തായാലും ഇനിയും ഇത് നീട്ടികൊണ്ടുപോകാന്‍ എനിക്കു വയ്യ. മടുത്തു.

ദിവാസ്വപ്നം said...

ഠോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

ഇതിനു തേങ്ങ അടിയ്ക്കാനും വേണം ഒരു യോഗം. ഇനി പോയി പത്താം ഭാഗം വായിക്കട്ടെ

:)

രാജ് said...

ഹോ അവസാനിപ്പിച്ച രീതി കലക്കി.

Anonymous said...

രണ്ടാം തേങ്ങ ഏതു അനോണിക്കുമടിക്കാം. ഠോ....

ഭാഗം 11 നായി ആകാംക്ഷാ പൂര്‍വ്വം കാത്തിരിക്കുന്നു.

Nousher

ദിവാസ്വപ്നം said...

വളരെ നന്നായി കുറുമാന്‍. പോരട്ടെ പോരട്ടെ

:)

Unknown said...

ഈ സീരീസ് ഒന്നാം ഭാഗം മുതല്‍ വായിച്ചു വരികയാണ്. അപ്പോള്‍ പത്താം ഭാഗം ഫ്രെഷ് ആയിട്ട് കിടക്കുന്നു. എന്നാല്‍ അതു വായിക്കാമെന്ന് കരുതി വായിച്ചു. എനിക്കിഷ്ടപ്പെട്ടു കുറുമാനേ.
സസ്പെന്‍സ് എനിക്ക് പണ്ടേ ഇഷ്ടമാ!
അടുത്ത ഭാഗം പോരട്ടേന്ന്.

തണുപ്പന്‍ said...

തുടരട്ടെ, കുറുമാന്‍റെ വീരഗാഥകള്‍. ഓരോ എപ്പിസോഡും കൂടുതല്‍ ത്രില്ലടിപ്പിക്കുന്നു.

ബിന്ദു said...

എല്ലാ ഭാഗവും ‘ചൂടാറാകാതെ’ വായിച്ചിരുന്നു. ജീവിതാനുഭവങ്ങള്‍ വെള്ളം ചേര്‍ക്കാതെ എഴുതിയിരിക്കുന്നു. നന്നായിരിക്കുന്നു. തുടരണോ എന്ന സംശയം വേണ്ട. അപ്പോള്‍ അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു. :)
Good Job!!!
ഉണ്ണി.

സ്നേഹിതന്‍ said...

പതിവുപ്പോലെ രസകരം കുറുമാനെ.

ഇത് ഇവിടെ വെച്ച് നിറുത്തിയാല്‍ കുറുമാനെ അന്വേഷിച്ച് ഹെല്‍സിങ്കി പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ പറ്റില്ല! :)

Anonymous said...

തീര്‍ച്ചയായും വേണം.
എഴുത്തുകാരനു മടുപ്പ് തൊന്നുന്നുവെങ്കിലും വായനക്കാരിയായ എനിക്ക് വായിക്കാന്‍ ഒരു മടുപ്പും തോന്നുന്നില്ല.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.ദയവായി മടുത്തിട്ടു വേഗം നിര്‍ത്തി കളയല്ലേ. ആലസ്യം കളഞ്ഞ് വീണ്ടും എഴുതു...

Manjithkaini said...

പറയാതെ വയ്യ.

ഇതുപോലെ ഉന്മാദിയായി ലോകം കാണാനിറങ്ങിയ ഒരാളെ മാത്രമേ എനിക്കറിയൂ. സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താന്‍.

ജീവിതത്തില്‍ ഞാനൊന്നും റിസ്ക്കുപോയിട്ട് റെസ്ക്കുപോലുമെടുത്തിട്ടില്ലെന്ന് കുറുമാന്റെ ജീവിതവഴികള്‍ കാണുമ്പോള്‍ മനസിലാകുന്നു. എല്ലാം ബഹുകേമം കുറുമാനേ.

മനോജ് കുമാർ വട്ടക്കാട്ട് said...

കുറുനരീ, തകര്‍ത്തു.
ഇനിയെന്ത്‌ എന്ന് ഊഹിക്കാന്‍ പോലും പറ്റുന്നില്ലല്ലോ!

Peelikkutty!!!!! said...

നിര്‍‌ത്തല്ലേ..പോലീസ് സ്റ്റേഷനീന്ന് നാളെത്തന്നെ പൊറത്തുവന്നാലും ഞാന്‍ വായിച്ചോളാം..

അടുത്തപ്രാവശ്യം അടിപൊളിയാക്കണം ന്നു വിചാരിച്ച് എഴുതൂ‍ൂ..ഇപ്രാവശ്യം മടിപിടിച്ചാ എഴുതിയേന്ന് തോന്നുന്നു:)

പാപ്പാന്‍‌/mahout said...

കുറുമാ, നിറുത്തുന്ന കാര്യത്തെപ്പറ്റി ചിന്തിക്കുകപോലും ചെയ്യല്ലേ. പണ്ട് ‘ജനയുഗ’ത്തില്‍ കോട്ടയം പുഷ്പനാഥിന്റെ ‘ഡെവിള്‍സ് ട്രാപ്’ മുതലായ തുടരന്മാര്‍ വായിച്ച കാല്‍ത്തിനുശേഷം ഇപ്പോഴാണ്‍ ഇത്രയും ഉദ്വേഗജനകമായ സാധനങ്ങള്‍ കാണുന്നത്.

Mubarak Merchant said...

സാഹസികതയ്ക്ക് പുതിയ മാനം തേടി കുറുമാന്‍ ഹെത്സിങ്കി പൊലീസ് സ്റ്റേഷനിലേക്ക്..
ബെസ്റ്റ് വിഷസ് കുറുമഗുരൂ.. ബെസ്റ്റ് വിഷസ്.

Anonymous said...

ദേ കുറുമാനേ ... ഒരു മാതിരി മുള്ളേല്‍ കൊണ്ടു നിര്‍ത്തിയേച്ച്‌ മറ്റേടത്തേ ചോദ്യം ചോദിക്കല്ല്‌ കേട്ടോ ... വേഗം പോയി ബാക്കി എഴുത്‌ .. പോലീസ്‌ സ്റ്റേഷനില്‍ എന്താ സംഭവിച്ചേ എന്നു പറ. (എന്റെ ദൈവമേ .. അവന്മാര്‍ ഇങ്ങേരേ കുനിച്ചു നിര്‍ത്തി കൂമ്പിന്‌ നാല്‌ ഇടി ഇടിച്ചിരിക്കണേ ...!)

ആദ്യ ഭാഗങ്ങളില്‍ തമാശയുടെയും, ഉപമാലങ്കാരങ്ങളുടെയും ഒരു ചേരുവ കൂടിയുണ്ടായിരുന്നു. ഇപ്പോള്‍ അത്‌ കാണാറില്ല, പക്ഷേ സത്യമായിട്ടും പറയട്ടെ കുറുമാനേ .. താനൊട്ടും ബോറടിപ്പിക്കുന്നില്ല.. നല്ല വിവരണം ,.. നല്ല സുഖമായി വായിച്ചു പോകാന്‍ കഴിയുന്നു. അടി പൊളി.

ആകാംഷ അടക്കാന്‍ വയ്യാത്തതു കൊണ്ട്‌ ചോദിക്കുവാ ... ആ "ഗ്രീറ്റിംഗ്സ്‌ കാര്‍ഡ്‌" തന്നാണോ ഇപ്പൊഴും കൂടെ..?

Anonymous said...

ഇതു ആദ്യം മുതല്‍ ഇനി വേണം വായിക്കാന്‍..അസാധരണ യാത്ര ..അനുഭവങ്ങല്‍ മടി കൂടതെ ഷെയര്‍
ചെയ്യുന്നതിനു നന്ദി!
qw_er_ty

അരവിന്ദ് :: aravind said...

അയ്യാ കുറുമയ്യാ........
അദ് ശരി..അപ്പോ യഥാര്‍‌ത്ഥ കളി തുടങ്ങുന്നേയുള്ളൂ അല്ലേ!!!!!
ഭേഷ്!!! ഞാന്‍ ദേ സീറ്റില്‍ ഒന്നിളകിയിരുന്ന് , കൈയ്യൊക്കെ ഒന്നു തിരുമ്മി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു!

നിര്‍ത്തേ???????????????
കുറുമയ്യനോട് ഇനി മുതല്‍ ‘വെള്ളം‘ തരില്ല എന്ന് ലോകത്തിലെ സകല വില്പനക്കാരും പറഞ്ഞാല്‍??
എന്തു തോന്നും ജീ? ഫീലാവൂലേജീ? ഹൃദയം തകരില്ലേ ജീ?

ആ ജാതി പറച്ചിലായിപ്പോയി വായനക്കാരോട്..ഇത് നിര്‍ത്താന്‍ പോവാന്നൊക്കെ..
അതിനൊരു പണിഷ്മെന്റ് എന്ന നിലക്ക് അടുത്ത ഭാഗം ഉടനെ വേണം...

...വെര്‍തേ......:-)

ജീക്ക് സമയമുള്ളപ്പോള്‍ എഴുതൂ..പക്ഷേ എഡിറ്റ് ചെയ്യരുത്..ഇത് നിര്‍ത്തരുത്....

പ്ലീസ്........:-)

K.V Manikantan said...

കുറുമയ്യാ,
അവസാനിപ്പിച്ച രീതി സൂപ്പര്‍! എന്നിട്ടെന്തുണ്ടായി? പെട്ടന്ന് തന്നെ അടുത്തത് പൂശ്ശ്.

-സങ്കുചിതന്‍

mydailypassiveincome said...

കുറുമാന്‍ മാഷേ, പോലീസ് സ്റ്റേഷന്റെ അടുത്തുതന്നെ ഞാനും നില്‍പ്പുണ്ട്. ഇനി എത്ര നേരം ഈ നില്‍പ്പു നില്‍ക്കണം ;)

റൈന്‍ നദിയില്‍ ചാടിയതിന്റെ തണുപ്പ് ഇപ്പോഴും മാറിയിട്ടില്ല ;)

ബാക്കി കൂടി പോരട്ടെ.

അടിപൊളിയാകുന്നു ഓരോ ഭാഗവും :)

Visala Manaskan said...

കുറുമാന്‍!!!!

വീണ്ടും ഞെരിച്ചളിയാ ഞെരിച്ചു. ഇക്കഥകള്‍ ബ്ലോഗില്‍ വായിക്കുന്നതിനും മുന്‍പേ ഫോണ്‍ മൊഴിയായ് കേള്‍ക്കാന്‍ കഴിയുന്നവര്‍ ഞങ്ങള്‍ ഭാഗ്യവാന്‍ മാര്‍. എന്നിട്ടും, മടുപ്പില്ലാതെ ഞാന്‍ വായിക്കുന്നു.

ഇപ്പോഴെന്റെ സ്വപനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ ചിലത്, യൂറോപ്പ് സ്വപ്നത്തിന്റെ പുസ്തകത്തിന്റെ കവര്‍ പേജ് എങ്ങിനെയിരിക്കും? എത്ര പേജുണ്ടാവും? എന്നൊക്കെയാണ്.

അത് നമുക്ക് ഒരു കലക്ക് കലക്കണം കുറു...

പിന്നെ, ഗഡീ..വെള്ളമടിയൊഴിച്ച് മറ്റൊന്നും നിര്‍ത്തുന്നതിനെ പറ്റി ഇവിടെ മിണ്ടിപ്പോകരുത്.!!

ലിഡിയ said...

കമന്റ് പോസ്റ്റാന്‍ ബോഗ്ഗര്‍ സമ്മതിക്കുന്നില്ല, എന്നാലും മണിക്കുറ് കണക്കിനുള്ള എയര്‍പോര്‍ട്ടിലെ കാത്തിരുപ്പില്‍ അതെത്രയോ നിസ്സാരം എന്ന് കരുതി സംയമനം പാലിക്കാന്‍ ഇടതന്നത് യൂറോപ്യന്‍ യാത്രകളിലെ വിവരണമായിരുന്നെന്ന് പറയാന്‍ മാത്രം..

അടുത്ത ലക്കത്തിനുള്ള കാത്തിരിപ്പ്.

-പാര്‍വതി.

വേണു venu said...

അടുത്തത് വേണോ, വേണ്ടയോ എന്ന്.
അങ്ങനെ എങ്ങാനും മനസ്സിന്‍റെ ഏഴയലത്തൂടെ പോയാല്‍ പോലും ഞാന്‍ വക്കാരിജിയെ വിളിക്കും.ശുട്ടിടുവേന്‍ എന്നു പറയാന്‍.
കുറുമാന്‍ജീ ഇവിടെ ഞങ്ങളൊക്കെ അടുത്തതിനായി കാത്തിരിക്കുന്നു.

sandoz said...

ധീരാ,വീരാ,ശൂരാ,പരാക്രമീ-ഒരു യൂറോപ്യന്‍ പോലീസ്‌ സ്റ്റേഷനില്‍ രാഷ്ട്രീയാഭയം തേടി ചെന്ന ഏക മലയാളി ബ്ലോഗര്‍ എന്ന ബഹുമതി താങ്കള്‍ക്ക്‌.പൊന്നാട കൊച്ചിയിലെ ഏതെങ്കിലും 'പാനി വിതരണ'കേന്ദ്രത്തില്‍ വച്ച്‌ തരുന്നതായിരിക്കും.

മുസാഫിര്‍ said...

കുറുമാന്‍,
ജോലിമാറ്റമൊക്കെയായി കുറച്ചു ദിവസമായി വനവാസത്തിലായിരുന്നു.ഇപ്പൊള്‍ തുറന്നു നോക്കിയപ്പോള്‍ കുറുമാന്‍ ഫിന്‍ലാന്‍ഡില്‍ എത്തി നില്‍ക്കുന്നു.ഇനി സമയമെടുത്ത് ഇടയില്‍ വീട്ട് പോയത് കൂട്ടി യോജിപ്പിക്കണം.എന്തായാലും പര്യടനം തുടങ്ങിയ സമയത്തെ വായനയുടെ രസം നിലനിര്‍ത്തിയിട്ടുണ്ട് ഈ ലക്കത്തിലും,ദയവായി തുടരുക.

aneel kumar said...

ഇതു വായിക്കുന്നതു തന്നെ വല്ലാത്ത ഒരനുഭവമാവുമ്പോള്‍ ശരിക്കും കുറുമാന്‍ കടന്നുവന്നത് എത്ര വലിയ അനുഭവങ്ങളിലൂടെയെന്ന് ചിന്തിച്ചിട്ട് ഒരന്തോം കിട്ടുന്നില്ല!

നിര്‍ത്താന്‍ തോന്നുന്നെങ്കില്‍ നിര്‍ത്തിക്കോ, പക്ഷേ നിര്‍ത്തിപ്പൊരിക്കാന്‍ സുപ്പാരികൊടുത്ത് ആളെവിടും. :)

Anonymous said...

ആദിമധ്യാന്ത കുറുമാന്‍മാരെ നമിക്കുന്നു,
മധ്യകുറുമാന്‍റെ ശ്രദ്ധക്ക് ഒരല്പം ഭീഷണിയോടെ
മര്യാദക്ക് ആഴ്ചയില്‍ രണ്ടു തവണ വെച്ച് അപ്ഡേറ്റ് ചെയ്താല്‍ കേരളത്തിലെ ഏതെങ്കിലും ബൂര്‍ഷ പുസ്തക വിതരണക്കാരെക്കൊണ്ട് ഇത് അച്ചടിപ്പിച്ച് വിതരണം ചെയ്യാന്‍ ഒരു കൈത്താങ്ങ് തരാം.

അനൂപ്

sreeni sreedharan said...

മടുപ്പിക്കുന്നില്ലാ എന്നുമാത്രമല്ലാ കാത്തിരിപ്പിന്‍റെ മുഷിച്ചിലുമുണ്ട്.

കാളിയമ്പി said...

ആ പാദാരവിന്ദങ്ങളില്‍ ഞാന്‍ വീണു..വീണു നാലു പുഷപ്പെടുത്തു..

ഈ നൂറ്റിപ്പത്ത് കിലോയും വച്ച്:)

Anonymous said...

കുറുമാന്‍ മാഷേ,
ഒറ്റയിരുപ്പിനാണു ഞാനിതിരുന്നു വായിച്ചത്‌.ഒന്നു കമന്റിയില്ലെങ്കില്‍ ശരിയാകില്ല.വേഗം അടുത്ത ഭാഗം പൂശിവിട്‌.ഉഗ്രന്‍ എന്നല്ല അത്യുഗ്രന്‍ വിവരണം.

ഇടിവാള്‍ said...

ഗുരോ.....

ചീയേഴ്സ്. ക്യാനുകള്‍ പരസ്പരം കൂട്ടിമുട്ടി, ഫിന്‍ലന്റിലെ എന്റെ താമസത്തിന്റെ തുടക്കം ഞങ്ങള്‍ അവിടെകുറിച്ചു.

അതിനു ശേഷം ഞങ്ങള്‍ കുറച്ചു നേരം രാമായണവും, ഗീതയും വായിച്ചു” എന്ന വാചകം ചേര്‍ക്കാന്‍ മറന്നൂല്ലേ.. ( കട്:പാപ്പാന്‍)..

ഈ ലക്കം കുറച്ചു ഡ്രാഗിങ്ങ് ആയിതോന്നി.. ഇതിനു മുന്‍പുള്ള ലക്കങ്ങളിലുള്ള ആകാംക്ഷയും ഉദ്വേഗവും ഇതില്‍ തോന്നിയില്ല;)

അടുത്ത ലക്കം തകര്‍ക്കൂ....

ശാലിനി said...

ഈ വിവരണങ്ങള്‍ എത്രത്തോളം നീട്ടാമോ അത്രയും നീട്ടിക്കൊണ്ടുപോവണം. വായിക്കുന്നതിന് ഒരു മടുപ്പും ഇതുവരെ തോന്നിയിട്ടില്ല. നിങ്ങള്‍ സഹോദരങ്ങള്‍ തമ്മില്‍ ഇപ്പോഴും ആ സ്നേഹബന്ധം നിലനില്‍ക്കുന്നു എന്നു കേട്ടപ്പോള്‍ സന്തോഷം തോന്നി. അതൊരു ദൈവാനുഗ്രഹം തന്നെ!

Unknown said...

കുറുമാന്‍ ചേട്ടാ,

ഇനി ഞാനെന്ത് പറയാനാണ്. ഇത് പുസ്തകമാക്കാവുന്നതാണ് എന്ന് ഇപ്പൊ തീര്‍ച്ചയായി. ത്രില്ലിങ് ത്രില്ലിങ് എന്നൊക്കെ പറയുന്നത് ഇതാണ്.

ഓടോ: ഞാനൊക്കെ വല്ല ഡയപ്പറുമിടാതെ രാഷ്ട്രീയാഭയം എന്നൊക്കെ കേട്ടാല്‍ എപ്പ നാറി എന്ന് ചോദിച്ചാല്‍ മതി. :-)

ആദിയെ കണ്ടു ആദിയെ കണ്ടു എന്ന് പെട്ടെന്ന് വായിച്ചപ്പോള്‍ നമ്മടെ ‘ഫ്ലോറിഡാ ബീച്ച് ലീനിങ് ഫോട്ടോസ്’ ഫെയിം ആദിയാണെന്നും ഇങ്ങേരെന്തിനാ ആ വൃത്തികെട്ടവനെ കാണുന്നതെന്നും ഒരു നിമിഷം ശങ്കിച്ചു. ലത് താന്‍ ലല്ലിയോ ലിത് എന്ന് മരണത്തിലാകാംക്ഷ ഉള്‍പുളകമാമത് എന്നാണല്ലോ.മാപ്പ്. :-)

മുസ്തഫ|musthapha said...

കുറുമാനേ, മനസ്സില്‍ നിന്നുള്ളത് തന്നെ വിരലുകളിലേക്കും ആവാഹിക്കൂ, വാശിക്കെഴുതരുത്, പക്ഷേ, വാശിയോ‌ടെ എഴുതണം :)

‘വയ്യ... മടുത്തു‘... എന്താ നെടുമുടിക്ക് പഠിക്കുന്നോ... മിണ്ടിപ്പോകരുത്, ഞങ്ങള്‍ പറയും മതിയാവുമ്പോ, അതു വരെ മനസ്സറിഞ്ഞു വിളമ്പുക - അതാണ് കുറുജിയുടെ ദൌത്യം.

കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായ്.

:)

വാളൂരാന്‍ said...

kuRukukkuRoo,
iTakku kurachchu bhAgangaL vittupOyenkilum, gambheeramAyirikkunnu ithum.
thAnkaLute aa suspense-stop ippozhum undallE, vAyanakkAre muLmunaYil nirththunna....
ASamsakaL......

ഉത്സവം : Ulsavam said...

കുറു നിര്‍ത്തല്ലേ...എല്ലാ ഭാഗവും വായിക്കാറുണ്ട്.
ഇതിങ്ങനെ രസം പിടിച്ചു വന്നപ്പോള്‍ നിറ്ത്താനോ..
10 അദ്ധ്യായം തികഞ്ഞതിന് എന്റെ വക.
സമ്മാനം

മുക്കുവന്‍ said...

“മറ്റൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ, വലതു കയ്യുടെ തള്ളവിരലും, ചൂണ്ടുവിരലും “ഠ” പോലെ ചേര്‍ത്ത്, മടക്കിയ നാവിന്റെ മുകളില്‍ വച്ച് വളരെ ഉച്ചത്തില്‍ മൂന്നു വിസിലടിച്ചു“

ആ‍ രംഗം ഒരു ഗഭീരം തന്നെ കുറുമനെ....അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു....

അതുല്യ said...

ഔവൗരു പൂക്കളുമേ ചൊല്‍കിറതേ
വാഴ്‌വന്റ്രാല്‍ പോരാടും പൂക്കളമേ
ഒരു കനവു കണ്ടാല്‍
ഒരുനാള്‍ അത്‌ നിജമാകും
ഒന്നെ വെല്ലൈ ആരുമില്ല്ലൈ
ഉറുതിയോടെ പോരാടു നീ കുറുമാ
നംബികൈ എന്രത്‌ പോരും
ലഷ്യം എന്ര്ത്‌ താനേ വന്ത്‌ വിടും
ഉറുതിയോടെ പോരാടു നീ കുറുമാ
ഉറുതിയോടെ പോരാടു നീ കുറുമാ...

(ഓള്‍ ബീയിംഗ്‌ സെഡ്‌, ഡ്രിങ്കിംഗ്‌ ആള്‍ക്കഹോള്‍ ഈസ്‌ ഇന്‍ഞ്ച്യൂറിയസ്‌ റ്റു ഹെല്‍ത്ത്‌)

കണ്ണൂസ്‌ said...

ജാതി ചോദിക്കരുത്‌, പറയരുത്‌ എന്ന് പണ്ട്‌ ശ്രീനാരായണഗുരു പറഞ്ഞ പോലെ ഞാന്‍ പറയുന്നു. ഈ സ്വപ്നങ്ങളുടെ ക്ലൈമാക്സ്‌ ആരും ചോദിക്കരുത്‌, കുറൂ പറയരുത്‌.

വിശാലാ, ഇത്‌ ഫോണ്‍ മൊഴിയായി കേട്ടവര്‍ നിര്‍ഭാഗ്യവാന്‍മാര്‍. ഫ്രഷ്‌ ആയി വായിക്കുന്നതിലുള്ള ത്രില്‍ എന്തായാലും കിട്ടില്ല. അനുഭവം ഗുരു.

ഫിന്‍ലന്റിനോടും, ഫിന്നുകളോടും, അവിടത്തെ പൊലീസിനോടും ഒരു ആത്‌മബന്ധം ഉള്ളതുകൊണ്ട്‌ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. വല്ല യൂഹാ കുര്‍മാനോവന്‍ എന്ന പേരില്‍ ഹെല്‍സിങ്കിയിലോ താംപെരെയിലോ കയാനിയിലോ മറ്റോ ഇരിക്കേണ്ടിയിരുന്നയാള്‍ ഇപ്പോഴും രാഗേഷ്‌ ബിന്‍ കുറുമാന്‍ അല്‍ കുറുമാത്ത്‌ ആയി ദുബായിലിരിക്കുന്ന സംഭവപരമ്പരകള്‍ ചുരുളഴിയുന്നതും കാത്ത്‌.

വിചാരം said...

എന്‍റെ കുറുജി .... വായനക്കാര്‍ എന്ന് ബോറായി തുടങ്ങി എന്നുപറയുമ്പോള്‍ നിര്‍ത്തുക (അതൊരിക്കലും പറയാന്‍ സാദ്ധ്യതയില്ലായെന്നത് മറ്റൊരു സത്യം)അല്ലാതെ നിറുത്തിയാല്‍?????

വരികള്‍ക്കിടയിലൂടെ (വിമര്‍ശനമാല്ലാട്ടോ)
മലയാളികള്‍ കയ്യും കെട്ടി പാവം അണ്ണന്മാരെകൊണ്ട് ചെയ്യിപ്പിക്കുന്ന ഈ ജോലികള്‍ (എന്റെ നിര്‍ബന്ധപൂര്‍വ്വം, ആദിയുടെ കൂടെ ഞാന്‍ രാത്രിയില്‍ ക്ലീനിങ്ങ് ജോലിക്കിറങ്ങി. കക്കൂസ് കഴുകിയും, ഇറച്ചി വെട്ടുന്ന മരകുറ്റി കഴുകിയും, ഷോപ്പിങ്ങ് മാളിലെ നിലം അടിച്ചു വാരിയും, തുടച്ചും, ബാറുകളിലെ ഗ്ലാസ്സുകള്‍ കഴുകിയും, ദിവസങ്ങള്‍ തള്ളി നീക്കി.) കേരളം വിട്ടാല്‍ മാത്രം ചെയ്യുന്നതെന്തുകൊണ്ട് ????

Rasheed Chalil said...

കുറുജീ നാട്ടില്‍ പോവുമ്പോള്‍ നാലു ഭാഗം വായിച്ചാ പോയത്. പിന്നെ ഭാഗങ്ങളെല്ലാം വായിച്ച് തീര്‍ന്നത് ഇപ്പോഴാ... സംഭവം കലക്കന്‍ എന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ... അടുത്ത എപ്പിഡോസ് വരട്ടേ.

ഷാജുദീന്‍ said...

ഇടിവാള്‍ പറഞ്ഞതിനോടു ഞാന്‍ യോജിക്കുന്നു. ഇതു തിരക്കിട്ടെഴുതിയതാണോ.
എന്തായാലും നിറുത്താറായിട്ടില്ല

Anonymous said...

കുറുമാ,
“എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” വായിച്ചു.സ്വഛന്ദം പ്രവഹിക്കുന്ന ഒരരുവിപോലെ അയത്നലളിതമായ ശൈലി.

അങ്ങയുടെ സ്വപ്നങ്ങളുടെ പരമകാഷ്ഠയില്‍ രസനിഷ്യന്ദികളായ തേന്‍ തുള്ളികള്‍...

മടിക്കുന്നതെന്തിനു കുറുമാ, അടുത്തതില്‍ കൈ വക്കൂ!

Anonymous said...

എനിക്കു സത്യം പറഞ്ഞാ മാനിറച്ചിക്ക് വല്ല്യ ടേസ്റ്റ് തോന്നിയിട്ടില്ല.ഒരു തരി പോലും നെയ്യില്ലാത്തകൊണ്ട് ശരിക്കും ഡ്രൈ ആയിട്ട് ഉണക്കയിറച്ചി കഴിക്കണ പോലെയാണ് തോന്നിയിട്ടുള്ളത്. പക്ഷെ എല്ലാരും എന്താണ് ഹായ്...മാനിറച്ചിക്ക് ബയങ്കര ടേസ്റ്റ് എന്ന് പറയുന്നത് മനസ്സിലായിട്ടില്ല്. എത്ര ബിയര്‍ ഏത് ബിയര്‍ എന്നൊക്കെ എപ്പളും എഴുതണ ആള്‍ക്ക് മാനിറച്ചീന്റെ റെസിപ്പീം കൂടെ എഴുതാന്‍ പാടില്ലെ? ഞാന്‍ ആദ്യം ഇഞ്ചിയും വെളുത്തുളിയും വഴറ്റി, എന്നിട്ടൊരു സിപ്പ് ബിയര്‍ കുടിച്ച്, പിന്നെ അവളേക്കുറിച്ചോര്‍ത്ത് കുറച്ച് മുളകുപൊടി കൂടുതല്‍ ഇട്ടു...അങ്ങിനെ അങ്ങിനെ ഫിലാന്റിന്റെ തണുപ്പില്‍ മാനിറച്ചിയുടെ കൂടെ എന്റെ സ്വപ്നങ്ങളും ആവി പിടിച്ചു തുടങ്ങി....:) അടുത്ത തവണ ട്രൈ മാടാനാ...

സുധി അറയ്ക്കൽ said...

കുറേയേറെ നശിച്ചതും അല്ലാത്തതുമായ അനുഭവങ്ങൾ ഉണ്ടെന്നഭിമാനിച്ചിരുന്ന ഞാൻ ഒന്നുമല്ലെന്ന് മനസ്സിലായി.കുറുമാൻ ചേട്ടാ,ബാക്കി വായിക്കട്ടെ.ചങ്കിടിപ്പ്‌ കാരണം വായിക്കാനും പറ്റുന്നില്ല.എന്തൊരു വശീകരിപ്പിക്കുന്ന ഭാഷാശുദ്ധിയാ ചേട്ടാ നിങ്ങൾക്ക്‌.എന്റെ ബ്ലോഗ്‌ ഞാൻ കത്തിച്ചാലോന്നൊരു ആലോചന.