Thursday, January 11, 2007

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 11

പോലീസ് സ്തേഷന്റെ പ്രധാന കവാടത്തിലെത്തും മുന്‍പെ ഒന്നു തിരിഞ്ഞു നോക്കി. എന്നെ തന്നെ നോക്കി കൊണ്ട് ആദി കുറുമാന്‍ വണ്ടിയില്‍ ഇരുപ്പുണ്ട്. ആംഗ്യഭാഷയില്‍ സ്ഥലം കാലിയാക്കികൊള്ളാന്‍ ആദിയോട് ഞാന്‍ പറഞ്ഞു. രണ്ട് പേരും ഒരിക്കല്‍ കൂടി കൈവീശി യാത്ര പറഞ്ഞു. ആദിയുടെ കാര്‍ കണ്മുന്‍പില്‍ നിന്നും മറയുന്നതു വരെ ഞാന്‍ അവിടെ തന്നെ നിന്നു, ശേഷം പൊളിറ്റിക്കല്‍ അസൈലം അഥവാ രാഷ്ട്രീയാഭയം ചോദിക്കുവാന്‍ പോലീസ് സ്റ്റേഷനിലേക്ക് കയറുവാന്‍ പോകുകയാണെന്ന് പല തവണ മനസ്സില്‍ ഉരുവിട്ടു. മൂന്നാലു തവണ ദീര്‍ഘശ്വാസമെടുത്തപ്പോള്‍ പട പടാ മിടിച്ചിരുന്ന ഹൃദയമിടിപ്പിന്റെ വേഗത അല്പമൊന്നു കുറഞ്ഞു. വലിയ ആ പോലീസ് സ്റ്റേഷന്നകത്തേക്ക് ഞാന്‍ പതുക്കെ നടന്നു കയറി.

പോലീസുകാരായ മദാമ്മമാരും, സായിപ്പന്മാരും, സാധാരണ ആളുകളും, പോലീസ് സ്റ്റേഷന്നകത്തേക്കും, പുറത്തേക്കും പോയും വന്നും കൊണ്ടിരിക്കുന്നു. പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് കയറുമ്പോള്‍ തന്നെ റിസപ്ഷന്‍ മുറിയാണ്. സന്ദര്‍ശകര്‍ക്കിരിക്കാനായ് ഒരു വശത്ത് കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു. രണ്ട് മദാമ്മ പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ട്, രണ്ടു മൂന്നു സന്ദര്‍ശകര്‍ കസേരകളില്‍ ഇരിക്കുന്നുമുണ്ട്.

റിസപ്ഷന്‍ കൌണ്ടറിലേക്ക് ഞാന്‍ നടന്നു ചെന്നു, ഹൃദയമിടിപ്പിന്റെ വേഗത വീണ്ടും വര്‍ദ്ധിച്ചു.

ചുമലില്‍ ഞാന്നു കിടക്കുന്ന വലിയ ബാഗും, എന്റെ മുഖഭാവവും, മറ്റും കണ്ടിട്ടാകണം, രണ്ടു മദാമ്മ പോലീസുകാരും ഒരേ സമയത്ത് തന്നെ പറഞ്ഞു. ഹൈവ ഹ്യൂമന്ത (ഗുഡ് മോര്‍ണിങ്ങ്).

ഗുഡ് മോര്‍ണിങ്ങ്.

ഡു യു സ്പീക്ക് ഫിന്നിഷ്?

ഇല്ലേ, ഇല്ല. ഞാന്‍ ഇംഗ്ലീഷ് സംസാരിക്കും.

ഒരു മദാമ്മ മറ്റെന്തോ പണിയിലേക്ക് തിരിഞ്ഞു. രണ്ടാമത്തെ മദാമ്മ എന്നോട് ചോദിച്ചു, താങ്കള്‍ക്കെന്താണു വേണ്ടത്? താങ്കളെ ഞങ്ങള്‍ക്കെങ്ങിനെ സഹായിക്കാന്‍ കഴിയും?

ഞാന്‍ അസൈലത്തിനായ് (രാഷ്ട്രീയാഭയം) അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.

താങ്കള്‍ ഏതു രാജ്യക്കാരനാണ്?

ഞാന്‍ ഇന്ത്യക്കാരനാണ്

അതു ശരി. ദയവായി താങ്കളുടെ പാസ്പോര്‍ട്ടൊന്നു തരാമോ?

സോറി, എനിക്ക് പാസ്പോര്‍ട്ടില്ല.

വേറെ എന്തെങ്കിലും യാത്രാ രേഖകള്‍?

ഇല്ല, യാതൊന്നുമില്ല.

താങ്കളുടെ പേര്?

ദില്ലിയില്‍ നിന്നും വരുത്തിച്ചിരുന്ന വ്യാജ ഐഡന്റിറ്റി കാര്‍ഡ് പോക്കറ്റില്‍ കിടന്നിരുന്നതില്‍ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, അരുണ്‍ കുമാര്‍.

ഓകെ, താങ്കള്‍ വെയിറ്റ് ചെയ്യൂ. ഞാന്‍ അസൈലം കൈകാര്യം ചെയ്യുന്ന സെക്ഷനില്‍ കാര്യം പറയട്ടെ.

നിരത്തിയിട്ടിരുന്ന കസേരകളൊന്നില്‍ ഞാന്‍ ചെന്നിരുന്നു , മുന്‍പ് അസൈലത്തിനപേക്ഷിച്ച ചിലരോട് ആദികുറുമാന്‍ ചോദിച്ചറിഞ്ഞ്, അവര്‍ പറഞ്ഞതു പോലെ തന്നേയാണ് ഇത് വരേയായി ചെയ്തത്, ഇനിയും അവര്‍ പറഞ്ഞ പ്രകാരം തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ചിരിക്കുന്നതിന്നിടയില്‍, അകത്തു നിന്നു രണ്ടു സായിപ്പുമാര്‍ റിസപ്ഷനിലേക്ക് വന്നതും, റിസപ്ഷനിലുണ്ടായിരുന്ന മദാമ്മമാരില്‍ ഒന്ന് മിസ്റ്റര്‍. അരുണ്‍ കുമാര്‍ എന്നു വിളിക്കുന്നതു കേട്ടു.

എഴുന്നേറ്റ് വീണ്ടും റിസപ്ഷനിലേക്ക് നടന്നു.

യെസ് മാഡം?

ഇവരുടെ കൂടെ പൊയ്ക്കൊള്ളൂ.

ചെറുപ്പക്കാരായ രണ്ടു സായിപ്പു പോലീസുകാരും, യൂണിഫോമിലായിരുന്നില്ല, പകരം ടൈ ഒക്കെ കെട്ടി നല്ല സ്മാര്‍ട്ടായിരുന്നു.

കം വിത് അസ്, ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു കൊണ്ട് നടന്നു. അവരുടെ പിന്നാലെ നടക്കുമ്പോള്‍, ദൈവമേ, ഇവരെങ്ങാനും ഇടിച്ച് എന്റെ കൂമ്പെടുക്കുമോ എന്നാലോചിച്ച് ശരീരം വിയര്‍ക്കാന്‍ തുടങ്ങി. നടന്ന് നടന്ന്, ഒന്നാം നിലയിലുള്ള ഒരു മുറിയിലെത്തി. ഒരു മേശ, എതിര്‍വശത്തായി രണ്ടു മൂന്നു കസേരകള്‍. വേറെ ഒരു വശത്ത് ഒരു കമ്പ്യൂട്ടര്‍, പിന്നെ അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള ഫ്ലാഷ് ലൈറ്റ് , ട്രൈ പോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ക്യാമറ തുടങ്ങിയവ ആ മുറിയില്‍ ഉണ്ടായിരുന്നു.

രണ്ടു ചെറുപ്പക്കാരും എനിക്ക് കൈ തന്നുകൊണ്ട് അവരുടെ പേരു പറഞ്ഞു, പിന്നെ ഇരിക്കാനും. ഒരു സായിപ്പ് മേശക്കപ്പുറമുള്ള അയാളുടെ കസേരയില്‍ ഇരുന്നു.

മേശക്കെതിര്‍വശമുള്ള ഒരു കസേരയില്‍ ഞാന്‍ ഇരുന്നു. തൊട്ടടുത്തതില്‍ മറ്റേ പോലീസുകാരനും.

ആദ്യം തന്നെ എന്റെ ബാഗ് തുറന്ന് , അതിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ എല്ലാം പുറത്തെടുത്ത് പരിശോധിച്ച് മറ്റൊന്നും ബാഗിലില്ല എന്നു ഉറപ്പ് വരുത്തി.

അതിനു ശേഷം, ചോദ്യങ്ങളുടെ ഒരു മെഗാ സീരിയലിന്നു തുടക്കം കുറിച്ചു.

ഓരോ ചോദ്യത്തിന്നും, മനസ്സില്‍ പറഞ്ഞ് പറഞ്ഞ് സ്ഫുടം ചെയ്ത് വച്ചിരിക്കുന്ന കഥയിലെ, സന്ദര്‍ഭമനുസരിച്ച് വളരെ വ്യക്തമായി തന്നെ ഞാന്‍ ഉത്തരം നല്‍കി.

അവരോട് ഞാന്‍ പറഞ്ഞ കഥയുടെ ചുരുക്കം ഇപ്രകാരം.

ഇന്ത്യയിലെ, കേരള സംസ്ഥാനത്തിലെ, തിരുവന്തപുരം ജില്ലയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന എന്റെ മുഖ്യ ജോലി, തിരുവനന്തപുരത്തു നിന്നും ലോഡ് നിറച്ച വാന്‍ കന്യാകുമാരിയിലെത്തിക്കുക എന്നതു മാത്രമായിരുന്നു. പച്ചക്കറി മുതല്‍, പല പല സാധനങ്ങള്‍ ലോഡായി കൊണ്ടു പോകാറുണ്ട്. കന്യാകുമാരിയില്‍ വണ്ടി എത്തിച്ച ശേഷം അവിടെയുള്ള ഏജന്റിനു വാന്‍ ഏല്‍പ്പിച്ചാല്‍ എന്റെ പണി കഴിഞ്ഞു. പിന്നെ അവിടെ നിന്നു തന്നെ പ്രതിഫലം വാങ്ങി തിരിച്ച് ബസ്സില്‍ വരുക. ഇതു മാത്രമായിരുന്നു ജോലി. അങ്ങനെ ഒരു ദിവസം ലോഡ് കൊണ്ട് പോകുമ്പോള്‍ പോലീസ് തടയുകയും, വാന്‍ പരിശോധനക്കിടയില്‍ വാനില്‍ ആയുധങ്ങളും,മറ്റ് സ്ഫോടക വസ്തുക്കളും ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കൊണ്ടു പോകുന്ന സാധനങ്ങള്‍ക്കിടയില്‍ സ്ഫോടകവസ്തുക്കളും, ആയുധങ്ങളും ഒളിപ്പിച്ച് വക്കുന്നുണ്ടായിരുന്നു എന്ന് എനിക്കറിവില്ലായിരുന്നു, അതിനാല്‍ തന്നെ പോലീസിന്റെ പിടിയിലായ ഞാന്‍ അവരുടെ പിടിയില്‍ നിന്നും രക്ഷപെട്ട് ഒളിവില്‍ കഴിഞ്ഞു. ഒളിവില്‍ കഴിയുന്നതിന്നിടക്ക് മാധ്യമങ്ങളിലൂടെയാണ് ഈ ആയുധങ്ങള്‍ കന്യാകുമാരിയില്‍ നിന്നും ബോട്ടില്‍ ശ്രീലങ്കയിലെ എല്‍ ടി ടി പ്രവര്‍ത്തകര്‍ക്ക് കടത്തുന്ന ഒരു സംഘത്തിനു വേണ്ടിയായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നതെന്ന് മനസ്സിലായത്.

പുറത്തിറങ്ങിയാല്‍ ഞാന്‍ ജോലി ചെയ്തിരുന്ന സംഘത്തിന്റെ പ്രവര്‍ത്തകര്‍ ആരാണെന്ന് പോലീസില്‍ പറയുമെന്ന് കരുതി ആ സംഘത്തിലെ ആളുകള്‍ ഒന്നുകില്‍ എന്നെ അപായപെടുത്തും, അതല്ലെങ്കില്‍ പോലീസ് പിടിക്കും, രണ്ടായാലും നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല എന്ന ഒരവസ്ഥയില്‍ ദില്ലിയിലേ പോകുകയും, ഒരു ഏജന്റു മുഖേന, റഷ്യയിലേക്കുള്ള വിസയെടുത്ത്, റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വരുകയും, അവിടെ നിന്നും മറ്റൊരു ഏജന്റ് മുഖേന, ട്രെയിലറില്‍ ഹെല്‍ സിങ്കിയിലേക്കെത്തുകയും ചെയ്തു. റഷ്യയിലെ ഏജന്റിന്റെ കൈ വശമാണ് പാസ്പോര്‍ട്ടെന്നും ഞാന്‍ അവരോട് പറഞ്ഞു.

അവര്‍ എത്ര മാത്രം എന്റെ കെട്ടുകഥ വിശ്വസിച്ചു എന്നെനിക്കറിയില്ല, പക്ഷെ അവരുടെ മുഖ ഭാവത്തില്‍ നിന്നും, അവരുടെ മനസ്സിലുള്ളതെന്താണെന്ന് എനിക്കൊട്ടും മനസ്സിലാക്കുവാനും സാധിച്ചില്ല.
ചോദ്യോത്തര വേളക്കൊടുവില്‍, അവര്‍ എന്റെ പല പോസിലുമുള്ള ഫോട്ടോകള്‍, വിരലടയാളം, തുടങ്ങിയവ എടുക്കുകയും, എന്റെ ഐഡന്റിറ്റി കാര്‍ഡ് വാങ്ങി വക്കുകയും ചെയ്തു. അതിനു ശേഷം പത്തോളം പേജുകളുള്ള ഒരു റിപ്പോര്‍ട്ട് ഫിന്നിഷ് ഭാഷയില്‍ തയ്യാറാക്കി, അതിന്റെ സാരം എനിക്ക് ഇംഗ്ലീഷില്‍ പറഞ്ഞ് തന്നതിനു ശേഷം, (എന്റെ പേര്, വയസ്സ്, നാഷണാലിറ്റി, ഞാന്‍ പറഞ്ഞ കഥ, ഞാന്‍ റഷ്യയില്‍ നിന്നും ട്രെയിലറിലാണ് ഹെല്‍ സിങ്കിയില്‍ വന്നതെന്ന്, ഫിന്‍ലാന്റില്‍ പരിചയക്കാരൊന്നും ഇല്ല തുടങ്ങിയ വിവരങ്ങളാണ് അവര്‍ ആ റിപ്പോര്‍ട്ടില്‍ രേഖപെടുത്തിയിരുന്നത്) എന്റെ കയ്യൊപ്പുകള്‍ വാങ്ങി. പിന്നെ എനിക്ക് കൈ തന്നതിനു ശേഷം അവര്‍ എന്നോട് ഗുഡ് ലക്ക് എന്നും പറഞ്ഞു.

ദൈവമേ, എത്ര സൌമ്യരായ പോലീസുകാര്‍. നമ്മുടെ നാട്ടിലെ പോലീസായിരുന്നെങ്കില്‍, ഇടിച്ച് പണ്ടം കലക്കി, ചെറുപ്പത്തില്‍ കുടിച്ച മുലപ്പാല്‍ തുപ്പിച്ച് അപ്പോള്‍ തന്നെ സത്യം പറയിക്കുമായിരുന്നു. ഇത്ര നല്ല പോലീസുള്ള ഒരു രാജ്യത്ത് താമസിക്കാന്‍ സാധിച്ചാല്‍ അതു തന്നെ മഹാഭാഗ്യം.

അരുണ്‍കുമാര്‍ വരൂ, പോലീസുകാര്‍ എന്നെ വിളിച്ചു.

അവരുടെ പുറകെ നടന്ന് പോലീസ് സ്റ്റേഷന്റെ റിസപ്ഷനില്‍ ഞാനെത്തി. എന്റെ കൂടെയുള്ള പോലീസുകാരിലൊരുവന്‍, കയ്യിലുള്ള ചില ഡോക്യുമെന്റുകള്‍ റിസപ്ഷനില്‍ നല്‍കി. പിന്നെ ഒരു റെജിസ്റ്ററില്‍ എന്തൊക്കെയോ എഴുതിയതിന്നു ശേഷം, എന്നോട് പറഞ്ഞു, ഇതില്‍ എഴുതിയിരിക്കുന്നത്, താങ്കള്‍ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ നേരിട്ട് വന്ന്, അസൈലത്തിനായ് അപേക്ഷിച്ചെന്നും, മതിയായ രേഖകളില്ലാത്തതിനാല്‍, കോടതിയില്‍ നിന്നും ഒരുത്തരവുണ്ടാകുന്നതു വരെ ജയിലിലേക്കയക്കുന്നു എന്നുമാണ്. ഇവിടെ ഒരു ഒപ്പ് ഇടുക.

ആദികുറുമാന്‍ പറഞ്ഞ പ്രകാരം, അല്ലെങ്കില്‍ ചോദിച്ചറിഞ്ഞ പ്രകാരം, എന്റെ അപേക്ഷ ഫയലില്‍ സ്വീകരിച്ച് എന്നെ തത്ക്കാലം അസൈലം അപേക്ഷകര്‍ താമസിക്കുന്ന ക്യാമ്പിലേക്കാണു അവര്‍ വിടേണ്ടിയിരുന്നത്. ഇതിപ്പോള്‍ ജയില്‍ എന്നു പറഞ്ഞത്?

അല്ല സര്‍, ഞാന്‍ ഈ രാജ്യത്ത് കുറ്റമൊന്നും ചെയ്തിട്ടില്ലോ? സ്വന്തം രാജ്യത്ത് ജീവന്‍ അപകടപെടും എന്ന അവസ്ഥയില്‍ രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് വന്ന് അഭയം ചോദിച്ചതു മാത്രമല്ലെ ഞാന്‍ ചെയ്ത ഒരു തെറ്റ്? അതിന് നിങ്ങള്‍ എന്നെ ജയിലില്‍ വിടുന്നതെന്തിന്?

മിസ്റ്റര്‍, അരുണ്‍ കുമാര്‍, താങ്കളുടെ ചോദ്യം ശരി തന്നെ. താങ്കളുടെ കൈ വശം വിശ്വസനീയമായ യോതൊരു രേഖകളും ഇല്ലാത്തതിനാലാണ്, ഞങ്ങള്‍ താങ്കളെ ജയിലിലേക്കയക്കുന്നത്. മറിച്ച് താങ്കളുടെ കയ്യില്‍ താങ്കളുടെ പാസ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ താങ്കളെ, ജയിലില്‍ അയക്കുന്നതിനു പകരം ഒരു പക്ഷെ അസൈലം അപേക്ഷകരുടെ ക്യാമ്പിലേക്ക് വിടുമായിരുന്നിരിക്കാം.

പാസ്പോര്‍ട്ടെടുത്തിരുന്നുവെങ്കില്‍ സ്വതന്ത്രമായി നടക്കേണ്ട ഞാന്‍ ഇതാ പാസ്പോര്‍ട്ടില്ല എന്ന ഒറ്റ കാരണത്താല്‍ ജയിലിലേക്ക്.

ജയിലെങ്കില്‍ ജയില്‍. മറ്റൊന്നും ആലോചിക്കാനോ, ചെയ്യാനോ ഇല്ലാത്തതിനാല്‍ ഞാന്‍ അവര്‍ പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടു.

ഒപ്പിട്ട് കഴിഞ്ഞതും, എന്നെ ചോദ്യം ചെയ്ത രണ്ട് പോലീസുകാരും ഒരിക്കല്‍ കൂടി എനിക്ക് കൈ നല്‍കിയതിനു ശേഷം യൂണിഫോമിട്ട ഒരു പോലീസുകാരനെ ചൂണ്ടി കാട്ടി അയാളുടെ കൂടെ പൊയ്ക്കോള്ളുവാന്‍ പറഞ്ഞു.

ജീവിതത്തില്‍ ആദ്യമായി ഒരു ജയില്‍ വാസത്തിനു പോകുന്ന വിഹ്വലതകള്‍ ഒന്നും എന്നെ മതിച്ചിരിന്നില്ല എങ്കിലും, കുറ്റം ചെയ്യാതെ ജയിലില്‍ പോകേണ്ടി വരുന്നതിന്റെ വിഷമം എനിക്കുണ്ടായിരുന്നു എന്നു പറയാതെ വയ്യ.

പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കുറ്റവാളികളെ കയറ്റുന്ന ഒരു വാനില്‍ എന്നെ കയറ്റി, വാതില്‍ പുറത്ത് നിന്നും പൂട്ടി, ആ പോലീസുകാരന്‍ യാത്ര തിരിച്ചു.

ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ യാത്രക്കൊടുവില്‍, ഗ്രാമപ്രദേശം എന്നു തോന്നിക്കുന്ന ഒരു സ്ഥലത്തെ നാലു നില കെട്ടിടത്തിന്റെ മുന്‍പില്‍ വാന്‍ നിന്നു. നാലു ചുറ്റും രണ്ടാള്‍ വലുപ്പത്തിലുള്ള മതില്‍കെട്ടിനകത്തുള്ള ആ കെട്ടിടത്തിന് വളരെ പഴക്കം തോന്നിച്ചിരുന്നു.

പൂട്ടിയ വാതില്‍ പോലീസുകാരന്‍ തുറന്നു തന്നു, പിന്നെ ആളുടെ കൂടെ ജയിലിന്റെ ഉള്ളിലേക്ക് ഞാന്‍ കയറി.

അവിടേയുള്ള റിസപ്ഷനില്‍ അയാള്‍ ആദ്യത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും തന്നിരുന്ന ഡോക്യുമെന്റ്സ് കൈ മാറി. റിസപ്ഷനിലുണ്ടായിരുന്ന പോലീസുകാരന്‍ അവിടുത്തെ റജിസ്റ്ററില്‍ എന്റെ പേരുവിവരങ്ങള്‍ കുറിച്ച ശേഷം ആ റെജിസ്റ്ററില്‍ എന്റെ ഒപ്പ് വാങ്ങി.

ഒരു പോലീസുകാരന്‍ വന്ന്, എന്റെ ബാഗുകള്‍ എല്ലാം പരിശോധിച്ചു. ഞാന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പോക്കറ്റുകളും പരിശോധിച്ചു. പഴ്സില്‍ ഉണ്ടായിരുന്ന നൂറു മാര്‍ക്ക് റെജിസ്റ്ററില്‍ രേഖപെടുത്തി, പഴ്സ് അവരുടെ ലോക്കറില്‍ വച്ചു. പോക്കറ്റിലുണ്ടായിരുന്ന അര പായ്ക്കറ്റ് സിഗററ്റ് അവര്‍ എനിക്ക് തന്നെ തിരിച്ചു നല്‍കി.

എന്നെയും കൂട്ടി ഒരു പോലീസുകാരന്‍ മൂന്നാമത്തെ നിലയിലേക്ക് പോയി, അവിടെ ഒരു ടോയലറ്റ് കാണിച്ചു തന്നിട്ട് പറഞ്ഞു, ആവശ്യമുള്ളപ്പോള്‍ ഈ ടോയലറ്റ് ഉപയോഗിക്കാം. മുറിയിലുള്ള ബെല്‍ അമര്‍ത്തിയാല്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ മുറി തുറന്നു തരും.

ടോയലറ്റില്‍ നിന്നും നാലഞ്ചു മുറികള്‍ക്കപ്പുറത്തുള്ള ഒരു മുറിയുടെ വാതില്‍ അയാള്‍ തുറന്നു. പിന്നെ പുറത്ത് നിന്നും ആ വാതില്‍ അടക്കുകയും ചെയ്തു.

ഇടുങ്ങിയ ആ മുറിയില്‍, മങ്ങിയ വെളിച്ചം നല്‍കുന്ന ഒരു ബള്‍ബും ഒരു ചെറിയ കട്ടിലും, ബ്ലാങ്കറ്റും മാത്രം. പുറം കാഴ്ചകള്‍ കാണാന്‍ ഒരു ജനലോ, എന്തിന് വാതിലില്‍ ഒരു വിടവ് പോലും ഇല്ല. മുറിയുടെ ഒരു അരുകില്‍ ഒരു കുപ്പിയില്‍ വെള്ളം വച്ചിട്ടുണ്ട്. ഒരു മൂലക്ക് വേസ്റ്റ് കളയാനുള്ള ഒരു വേസ്റ്റ് ബിന്നുമുണ്ട്.

ദൈവമേ, ഇതാണോ ജയില്‍? ഇനിയുള്ള കാലം ഞാന്‍ ഇവിടെ ചിലവഴിക്കേണ്ടി വരുമോ?

സമയം കളയാന്‍ യാതൊരു വഴിയുമില്ല. ആകെയുള്ള ഒരു സമാധാനം സിഗററ്റ് വലിക്കാം എന്നുള്ളത് തന്നെ.

ഉച്ചയായപ്പോള്‍, എന്റെ മുറിയുടെ ഇരുമ്പുവാതിലിലുള്ള ഒരു ചെറിയ വാതില്‍ (സിനിമാ തിയറ്ററിലെ ടിക്കറ്റ് കൌണ്ടറിലുള്ള ദ്വാരത്തിനേക്കാളും അല്പം വലുത്) ആരോ തുറന്നു, പിന്നെ എന്നെ വിളിച്ച് കഴിക്കാനുള്ള ലഞ്ച് നല്‍കി. കുറച്ച് പുഴുങ്ങിയ ഉരുളക്കിഴങ്ങും, വായില്‍ വയ്ക്കുവാന്‍ കൊള്ളാത്ത മറ്റെന്തോ സാധനങ്ങളും.

പേരിനു മാത്രം ഒരുളക്കിഴങ്ങ് ഞാന്‍ കഴിച്ചു. ബാക്കിയുള്ളത് അതേ പടി വേസ്റ്റ് ബിന്നിലേക്ക് തട്ടി. മുറിയിലുണ്ടായിരുന്ന ബട്ടന്‍ അമര്‍ത്തിയപ്പോള്‍ പുറത്ത് ബെല്ലടിച്ചു.

ഒരു പോലീസുകാരന്‍ വന്നു വാതില്‍ തുറന്നു. എന്തു വേണം?

ടോയലറ്റില്‍ പോകണം.

ടോയലറ്റില്‍ പോയി ഞാന്‍ തിരികെ വന്ന് മുറിയില്‍ കയറിയതും, മുറി വീണ്ടും പൂട്ടി.

വലിച്ച് വലിച്ച് കയ്യിലുണ്ടായിരുന്ന സിഗററ്റുകള്‍ തീര്‍ന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ കുറേ നേരം കിടന്നുറങ്ങി.

മുറിയുടെ വാതിലിലുള്ള കിളിവാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് എഴുന്നേറ്റത്. വീണ്ടും ഉച്ചക്ക് ലഭിച്ചതു പോലെയുള്ള ഭക്ഷണം തന്നെ. ഒരു ആപ്പിള്‍ മാത്രം അതികമുണ്ട്.

ആപ്പിള്‍ മാത്രം കഴിച്ച്, ബാക്കിയുള്ളത് അതേ പടി വേസ്റ്റ് ബിന്നിലിട്ടു. പിന്നെ വീണ്ടും കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ, വീണ്ടും കിളിവാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണുണര്‍ന്നത്. മൊരിച്ച ബ്രെഡ്, വെണ്ണ, ജാം, പുഴുങ്ങിയ മുട്ട, ചായ തുടങ്ങിയവയായിരുന്നു രാവിലത്തെ ഭക്ഷണം. കൊള്ളാം.

ബെല്ലടിച്ച് മുറി തുറപ്പിച്ച് ടോയ് ലറ്റില്‍ പോയി, പല്ലെല്ലാം തേച്ച് ഫ്രെഷായി തിരിച്ചു മുറിയില്‍ കയറി, ഒന്നു പോലും ബാക്കി വക്കാതെ തന്നതെല്ലാം കഴിച്ചു. വയര്‍ ഒരു വിധം നിറഞ്ഞു. ബെല്ലടിച്ച് മുറിതുറപ്പിച്ച്, വേസ്റ്റ് ബിന്നിലുണ്ടായിരുന്ന വേസ്റ്റ് പുറത്ത് ടോയ് ലറ്റിനടുത്തുള്ള വലിയ വേസ്റ്റ് ബിന്നില്‍ കൊണ്ട് കളഞ്ഞ് തിരിച്ച് മുറിയില്‍ വന്നിരുന്നു. സിഗററ്റ് വലിക്കാന്‍ തോന്നിയെങ്കിലും, സിഗററ്റ് ഇല്ലായിരുന്നതിനാല്‍ ആ ആശ വെറുതേയായി.

സമയം ഒരു പത്ത് മണി കഴിഞ്ഞിരിക്കണം. ഒരു പോലീസുകാരന്‍ മുറിയുടെ വാതില്‍ തുറന്ന്, എന്നോട് അയാളുടെ കൂടെ വരാന്‍ ആവശ്യപെട്ടു. താഴെയുള്ള ഒരു ഓഫീസിലേക്കാണ് അയാള്‍ എന്നെ കൊണ്ട് പോയത്.

അവിടെ എന്നെ ആദ്യം ചെയ്ത രണ്ടു പോലീസുകാരും ഇരുന്നിരുന്നു.

രണ്ട് പോലീസുകാരും ഗുഡ് മോര്‍ണിങ്ങ് പറഞ്ഞുകൊണ്ട് എനിക്ക് കൈ നല്‍കി. അവര്‍ക്കെതിരായുള്ള ഒരു കസേരയില്‍ എന്നോട് ഇരിക്കാന്‍ ആവശ്യപെട്ടു.

തലേ ദിവസം ചോദ്യങ്ങള്‍ തന്നെ അവര്‍ വീണ്ടും ആവര്‍ത്തിച്ചു. പക്ഷെ തലേന്ന് ചോദിച്ച അതേ രീതിയില്‍ ചോദിക്കുന്നതിനു പകരം ചോദ്യങ്ങള്‍ തിരിച്ചും, മറിച്ചും, ഇടയില്‍ നിന്നുമൊക്കേയായാണ് അവര്‍ ചോദിച്ചത്.

എല്ലാത്തിനും തലേ ദിവസം നല്‍കിയ ഉത്തരം തന്നെ ഞാന്‍ നല്‍കി. എനിക്ക് കൈ നല്‍കി അവര്‍ യാത്ര പറഞ്ഞ് പോയി. വീണ്ടും ഇടുങ്ങിയ മുറിയിലേക്ക്. ഉച്ചക്ക് പതിവുപോലെയുള്ള ലഞ്ച്. പേരിനു മാത്രം കുറച്ച് കഴിച്ചു എന്നു വരുത്തി, ബാക്കിയുള്ളത് വേസ്റ്റ് ബിന്നിലേക്കിട്ടു.

സമയം മൂന്നു മണി കഴിഞ്ഞപ്പോള്‍, ഒരു പോലീസുകാരന്‍ വന്ന് മുറി തുറന്ന് പുറത്തേക്ക് വരുവാന്‍ ആവശ്യപെട്ടു. മറ്റുള്ള മുറിയിലുള്ള മൂന്നാലു പേരും പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ നാലഞ്ചു പേരേയും ആ പോലീസുകാരന്‍ മുകളിലെ ടെറസ്സിലേക്ക് കൊണ്ട് പോയി. ഇരുമ്പു ഗ്രില്ലിട്ട്, കാഴ്ച ബംഗ്ലാവിലെ സിംഹകൂടുപോലെയുള്ള എന്നാല്‍ അല്പം വലുപ്പമുള്ള മുറികളായിരുന്നു ടെറസ്സില്‍ ഉണ്ടായിരുന്നത്. ഓരോരുത്തരേയും തനിച്ച് ഓരോ കൂട്ടിലാക്ക് അയാള്‍ വാതിലുകള്‍ താഴിട്ട് പൂട്ടി. ശുദ്ധ വായു ശ്വസിച്ച്, നടക്കാനോ, വല്ല വ്യായാമവും ചെയ്യുവാനുള്ള സമയമാണത്രെ ഇത്.

ഹാവൂ രണ്ട് ദിവസത്തിനുശേഷമാണ് ആകാശം കാണുന്നത്. ചെറുതായി മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.

എന്റെ തൊട്ടടുത്ത കൂട്ടില്‍ നടന്നിരുന്നവന്‍ ഒരു സിഗററ്റിനു തീകൊളുത്തുന്നതു കണ്ടപ്പോള്‍ എനിക്ക് ഒരു സിഗററ്റ് വലിച്ചാല്‍ കൊള്ളാമെന്നുള്ള ആശ തോന്നി.

എക്സ് ക്യൂസ് മി. വെയര്‍ ആര്‍ യു ഫ്രം?

ഹൈ. അയാം ഫ്രം ശ്രീലങ്ക.

കേന്‍ ഐ ഗെറ്റ് എ സിഗററ്റ് പ്ലീസ്?

സോറി ഐ ഡോണ്ട് ഹേവ് വണ്‍. നിനക്ക് സിഗററ്റു വേണമെങ്കില്‍ നിന്റെ മുറിയില്‍ പോകുമ്പോള്‍, ബെല്ലടിച്ച് പോലീസുകാരനെ വരുത്തുക. അയാളോട് ചോദിക്കുക. ആദ്യം അയാല്‍ തരില്ല, അപ്പോള്‍ വാതിലില്‍ വെറുതെ ശബ്ദമുണ്ടാക്കി സിഗററ്റ്, സിഗററ്റ് എന്ന് ഉറക്കെ വിളിച്ച് ചോദിച്ചുകൊണ്ടേ ഇരുന്നാല്‍ ഒരു പക്ഷെ സിഗററ്റ് കിട്ടിയേക്കും.

തിരിച്ച് മുറിയില്‍ ചെന്ന ഞാന്‍ ബെല്ലടിച്ചപ്പോള്‍ പോലീസുകാരന്‍ വന്ന് മുറി തുറന്നു. വാട് യു വാന്റ്?

സിഗററ്റ് വേണം.

ഒരക്ഷരം പോലും പറയാതെ അയാള്‍ അയാളുടെ പോക്കറ്റിലുണ്ടായിരുന്ന സിഗററ്റ് പായ്ക്കറ്റ് എടുത്ത് എനിക്ക് നല്‍കി. അതില്‍ 14 സിഗററ്റോളം ഉണ്ടായിരുന്നു!

പിറ്റേ ദിവസവും രാവിലെ എന്നെ താഴെ ഓഫീസിലേക്ക് വിളിപ്പിച്ചു. എന്റെ കേസന്വേഷിക്കുന്ന, എന്നെ ചോദ്യം ചെയ്ത അതേ പോലീസുകാര്‍.

അന്നും അതേ ചോദ്യങ്ങള്‍ തന്നെ അവര്‍ ചോദിച്ചു. അതേ ഉത്തരങ്ങള്‍ തന്നെ ഞാനും പറഞ്ഞു.

പിന്നീട് തുടര്‍ന്നു വന്ന രണ്ട് ദിവസങ്ങളിലും അവര്‍ വന്ന് അതേ ചോദ്യങ്ങള്‍ ചോദിച്ച് പോയി. എന്റെ ഉത്തരങ്ങള്‍ക്ക് യാതൊരു വിധ മാറ്റവും ഉണ്ടായിരുന്നില്ല.

ഒരേ ഒരു മണിക്കൂര്‍ മാത്രമാണ് ശുദ്ധവായു ശ്വസിക്കാനോ, പുറത്തെ എന്തെങ്കിലും പച്ചപ്പ് കാണുവാനോ സാധിക്കുന്നത്. ആകപ്പാടെ സംസാരിച്ചിരുന്നത്, ടെറസ്സില്‍ നടക്കാന്‍ കൊണ്ടു പോകുമ്പോള്‍ കാണുന്ന ആ ശ്രീലങ്കക്കാരനോടാണ്. അവനും അസൈലം അപേക്ഷകന്‍ തന്നെ. നാലാം ദിവസം നടക്കാന്‍ പോയപ്പോള്‍ അവനേയും കാണാതെയായി.

ജയിലിലെ ആ മുറിയിലേക്ക് വന്നിട്ട് അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇടുങ്ങിയ ആ മുറിയില്‍, തീരെ രുചിയില്ലാത്ത ഭക്ഷണം കഴിച്ച്, ജീവിതത്തിനോട് തന്നെ എനിക്ക് വിരക്തി തോന്നി തുടങ്ങി.

ആറാം ദിവസം രാവിലെ, ബ്രേക്ക് ഫാസ്റ്റെല്ലാം കഴിച്ച് വെറുതെ കിടക്കുന്ന സമയത്ത്, ഒരു പോലീസുകാരന്‍ മുറി തുറന്ന്, എന്നോട് ബാഗെടുത്ത് പുറത്തിറങ്ങാന്‍ പറഞ്ഞു.

ബാഗെടുത്ത് ഞാന്‍ അയാളുടെ കൂടെ താഴെ റിസപ്ഷനില്‍ പോയി. അവിടെയുണ്ടായിരുന്ന ഒരു റെജിസ്റ്ററില്‍ അവര്‍ എന്നോട് ഒപ്പ് വക്കുവാന്‍ ആവശ്യപെട്ടു, റെജിസ്റ്ററില്‍ ഞാന്‍ ഒപ്പ് വച്ചപ്പോള്‍, ഒരു പോലീസുകാരന്‍ എന്റെ പഴ്സ് എനിക്ക് കൈമാറി.

ദൈവമേ എനിക്ക് സ്വാതന്ത്ര്യം കിട്ടിയോ? എന്നെ പുറത്ത് വിടുകയാണോ?

57 comments:

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 11

അബുദാബിയില്‍ ഇന്റോ അറബ് മീറ്റിന്നു പോകുന്നതു കാരണം, പതിവുപോലെ വ്യാഴാഴ്ച വീക്കെന്റ് മൂഡില്‍ എഴുതിെള്ളിയാഴ്ച പുലര്‍ച്ചക്ക്, പോസ്റ്റു ചെയ്യാന്‍ സാധിക്കില്ല എന്നതിനാല്‍, അതിനു മുന്‍പേ എഴുതി പോസ്റ്റ് ചെയ്യുന്നു.

Rasheed Chalil said...

ആദ്യം തേങ്ങ... പിന്നെ വായന ആ ഇതിന്റെ ഒരു അത്.

സുല്‍ |Sul said...

‘ദൈവമേ എനിക്ക് സ്വാതന്ത്ര്യം കിട്ടിയോ? എന്നെ പുറത്ത് വിടുകയാണോ? ‘

എഴുതിയ കുറുമാനിത്ര ടെന്‍ഷന്‍. അപ്പൊ വായിച്ച ഞങ്ങടെ കാര്യോ? കട്ടപ്പൊഹ.

-സുല്‍

RR said...

കയ്യോടെ വായിച്ചു.

ദൈവമേ, ഈ മനുഷ്യന്‍ ഇതെന്തൊക്കെ അനുഭവങ്ങളാ ഉള്ളത്‌. നമിച്ചു :)

ഇടിവാള്‍ said...

ഹോ............

ലിഡിയ said...

ദേ കുറുമാനേ, ഓഫീസിലെ ആയിരം ടെന്‍ഷനിടയ്ക്കാണ് ഇത് വായിക്കാന്‍ ഇരിക്കുന്നത്, അപ്പോ ഈ മുള്ളുമുനയില്‍ നിര്‍ത്തി പോവുന്ന പരിപാടി ശരിയല്ലാട്ടോ എവിടെങ്കിലും ഈ റോളര്‍ കോസ്റ്റര്‍ ഒന്ന് സമാധാനായി നിര്‍ത്തീട്ട് പൊയ്ക്കൂടെ..

:(

ബാക്കിക്കായി കാത്തിരിക്കുന്നു.

-പാര്‍വതി.

Rasheed Chalil said...

കുറുജീ വെറുതെ സസ്പെന്‍സില്‍ നിര്‍ത്താതെ അടുത്ത എപ്പിഡോസ് ഡോസ് ചോര്‍ന്ന് പോവാതെ വരട്ടേ...

അസ്സല്‍ വിവരണം തന്നെ.

ജ്യോതിര്‍മയി /ज्योतिर्मयी said...

കുറുമാന്‍ജീ,

പത്താം സ്വപ്നോം പതിനൊന്നാം സ്വപ്നോം വായിച്ചു:) ഇതൊക്കെ ശരിയ്ക്കും നടന്നതാണോ? ഇത്ര വിസ്തരിച്ചെഴുതിയിട്ടും വായന മടുപ്പുണ്ടാക്കിയില്ല. ഒന്നു ശ്വാസം വിട്ടോട്ടെ, സ്വാതന്ത്ര്യം കിട്ടീലോ അല്ലേ?

Siju | സിജു said...

ഇതൊക്കെ സത്യമാണെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല
എങ്കില്‍ കെട്ടുകഥയേക്കാള്‍ അവിശ്വസനീയമെന്നൊക്കെ പറയുന്നതു ഇതു തന്നാ
ഹൊ..

സിദ്ധാര്‍ത്ഥന്‍ said...

ഇനി മതിലുകളിലെ പോലെ ഒരു ഡയലോഗായിരിക്കും. സ്വാതന്ത്ര്യം! ആര്‍ക്കുവേണമീ സ്വതന്ത്ര്യം. ;)

കുറുമല്‍ ദേവാ! സംഗതി വെരി ഇന്റരസ്റ്റിങ്.
ഇതൊക്കെ കഴിഞ്ഞീപ്പഹയനിപ്പോള്‍ ജബലലി റോട്ടില്‍ വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണെന്നറിഞ്ഞിട്ടും ഇതു് ആകാംക്ഷിപ്പിക്കുന്നു. (എന്താ മലയാളം!!)

Anonymous said...

ദേ എന്‍റെ കൈയൊക്കെ വിയര്‍ക്കുന്നു.... അടുത്ത ഭാഗം ഇന്നു തന്നെ ഇട് ചേട്ടാ....

Anonymous said...

ഇന്റോ അറബ് മീറ്റിനിടയില്‍ ആ പന്ത്രണ്ടാം ഭാഗമെഴുതി തിരികെ വന്നയുടന്‍ പോസ്റ്റു ചെയ്യണേ :)

qw_er_ty

ഡാലി said...

കൂറുമാന്‍‌ജി, ദേ ഇപ്പൊ ജയിലിലുമായി. ഒരു കുറ്റവും ചെയ്യാത്ത ഒരു സാധാരണക്കാരന്‍, അല്ലെങ്കില്‍ കൈഅബദ്ധം പറ്റിപോയ ഒരു സാധാരണക്കരന്‍ ജയിലാകപ്പെട്ടാന്‍ എന്തായിരിക്കും മാനസ്സികാവസ്ഥ എന്ന് ഞാന്‍ ഇടയ്ക്കിടെ ചിന്തിക്കാറുണ്ട് (യാത്ര സിനിമ എനിക്ക് വലിയ ഇഷ്ടവുമാ) ഇതൊക്കെ അനുഭവിച്ച ഒരാളെ അടുത്തറിയുമ്പോള്‍ ...

ഈയിടെ അവസാനിപ്പിക്കുന്ന രീതി നന്നാവുനുണ്ട്ട്ടൊ. അടുത്ത പ്രാവശ്യം ആദ്യമേ വായിച്ചേ തീരൂ എന്ന് വായനക്കാരനെ തോന്നിപ്പിക്കുന്ന ആ പോയിന്റില്‍ തന്നെ നിറുത്തുന്നു.

Anonymous said...

'യൂറോപ്പ്‌' സീരീസിന്റെ .സ്ഥിരം വായനക്കാരിയാണു ഞാന്‍ . വളരെ നന്നാകുന്നുണ്ട്‌, അടുത്ത എപ്പിസോഡിനായി കാത്തിരിയ്ക്കുന്നു..

ഉത്സവം : Ulsavam said...

ജയില്‍ ഹെന്റമ്മേ..!
കുറൂജീ ഇങ്ങനെയൊന്നും നിര്‍ത്തീട്ട് പോകല്ലേ...

ഷാ... said...

ദേണ്ടെ വീണ്ടും റ്റെന്‍ഷനടിപ്പിക്കുന്നു..

ഇയാളെ ഞാനിപ്പൊ എന്താ ചെയ്യാ...

പെട്ടെന്നാവട്ടെ അടുത്ത ഭാഗങ്ങള്‍..

അലിഫ് /alif said...

കുറുമാന്‍സ്, പരമ്പരവായിച്ച് പമ്പരം കറങ്ങി പാമ്പായിരിക്കുവാണേ,, എന്തല്ലാം അനുഭവങ്ങള്‍,നിങ്ങളോടെന്നിക്ക അസൂയ തോന്നുന്നു.
ഓഫ്: ഇതല്ലാം പറഞ്ഞ് പറഞ്ഞ് അവസാനം ഇതാണ് ഞാന്‍ കണ്ട യൂ‍റോപ്പ് ‘സ്വപ്നം’ എന്നു വല്ലോം പറഞ്ഞ് നിര്‍ത്തിക്കളയുമോന്നാ..?

Anonymous said...

ഈ മനക്കട്ടി മനക്കട്ടി എന്നൊക്കെപ്പറയുന്നതു ഇതിനാണോ? കൂറുമാന്‍ ഒരു ഖിലാടി തന്നെ.

വേണു venu said...

കുറുമാന്‍‍ജീ..ആരോടും പറയാതെ,അറിയിക്കാതെ ഉള്ള അനുഭവങ്ങള്‍ വച്ചു് ശ്രീമതിയുടെയും കുട്ടികളുടെയും മുമ്പില്‍ ഞാനൊരു അനുഭവങ്ങളുടെ ഹീറോ ആണെന്ന ബ്ലാക്കൂ് ആന്റ്റു് വയിറ്റു് ചിത്രം അവതരിപ്പീക്കാറുണ്ടായിരുന്നു...

കുറുമാന്‍ജിയുടെ അനുഭവങ്ങള്‍ക്കു ശേഷം അതെനിക്കു കളറിലാക്കിയില്ലെങ്കില്‍ ചെലവാവില്ലെന്നു തോന്നുന്നു.

അനുഭവങ്ങളുടെ രാജാവേ എന്‍റെ പ്രണാമം.

Anonymous said...

അനുഭവങ്ങളാണ് ഗുരുവെങ്കില്‍
ഗുരവേ നമ!

ഓടോ: താങ്കള്‍ ചിയ്യാരത്തിനടുത്ത് വീട് പണിയുന്ന കാര്യം ഞാന്‍ പുതിയപോസ്റ്റില്‍ അറിയാണ്ട്[മനപ്പൂര്‍വല്ല] പറഞ്ഞുപോയി. വേണെല്‍ എഡിററ്റി ഡിലീറ്റാം, വേണോ?

Anonymous said...

കുറുമാന്റെ കുറിമാനദശകം വായിച്ചപ്പോല്‍ തോന്നിയ അഭിപ്രായം ജോലിത്തിരക്കുകളാല്‍ ഉടന്‍ പോസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ല.എന്നാല്‍ അതിനിപ്പോഴും സാംഗത്യമുള്ളതുകൊണ്ട് കുറിക്കട്ടെ.

അയത്നലളിതമായ ശൈലികൊണ്ടും ക്ലൈമാക്സിക വൈശിഷ്ട്യം കൊണ്ടും ശ്ലാഖനീയമായ കൃതി.

ഇന്നു അതിന്റെ പതിനൊന്നാമദ്ധ്യായം വായിച്ചു. അങ്ങനെ കലമെടുത്ത് കുറിക്കൂ കുറുമേന്‍ നേ നല്ല കുറിമാനങ്ങള്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറുമാനേ ഇതുപോലെങ്ങാനും എനിക്കാണു പറ്റിയിരുന്നതെങ്കില്‍ , ഈ എഴുത്തൊക്കെ ഞാനങ്ങു പരലോകത്തിലിരുന്നു നെറ്റുപയോഗിക്കാതെ നേരേ കുറുമാന്റെ മനസ്സില്‍ നിന്നു വായിച്ചേനേ

Peelikkutty!!!!! said...

കാലചക്രം കറങ്ങിത്തിരിയുമ്പോള്‍ എവിടെയെങ്കിലും (കട:വക്കാരി)വച്ച് കണ്ടാല്‍ ഞാനൊരു ഓട്ടോഗ്രാഫ് ചോയിച്ചോട്ടെ?:)


വെച്ച്/വച്ച് ?

സു | Su said...

കുറുമാന്‍ :) അനുഭവങ്ങള്‍ എന്ന് പറയുന്നത് ഇതിനെ ആവും.

പക്ഷെ ജയിലിലെ അനുഭവങ്ങള്‍ ഒന്നും ഇന്നാട്ടിലെ ജയിലില്‍ കിടക്കുന്നവര്‍ കേള്‍ക്കണ്ട. അവര്‍ ഹര്‍ത്താല്‍ നടത്തും. ആപ്പിള്‍, സിഗരറ്റ്, എല്ലാത്തിനും വേണ്ടി.

കുറുമാന് ജയിലധികാരികള്‍ ഒരു ബിയര്‍ബോട്ടില്‍ പോലും തരാത്തതിനാല്‍ ഞാന്‍ പ്രതിഷേധിക്കുന്നു. ;)

(ഞാന്‍ ഓടി)

വിചാരം said...

കുറുമാന്‍ ഇത്ര നല്ല അനുഭവങ്ങളാണോ . ഇനീഴുതണോ എന്ന് ചോദിച്ചത് .. അടി അടി..
എഴുതൂ ചങ്ങാതി ഹൃദയത്തില്‍ അവശേഷിക്കുന്നതത്രയും
ഭാവുകങ്ങള്‍ നേരുന്നു

sandoz said...

ഇയാള്‍ക്കിട്ട്‌ പണിയേണ്ടി വരും എന്നാണു തോന്നണത്‌.നമ്മളാരാ ബാറ്റണ്‍ ബോസിന്റെ കൊച്ചാപ്പനാ..മുള്ളില്‍ കൊണ്ട്‌ പോയി നിര്‍ത്തീട്ട്‌ തുടരും എന്ന് എഴുതി കാണിക്കാന്‍.

Anonymous said...

കുറുമാന്‍,

വളരെ നന്നാവുന്നുണ്ടു. താങ്കളുടെ എല്ലാ ബ്ലോഗുകളും പല തവണ വായിക്കാറുണ്ട്‌.

എല്ലാ വിധ ആശംസകളും.

ബിനു.

Anonymous said...

അയ്യട,
എങ്കിലും, കുറ്റം ചെയ്യാതെ ജയിലില്‍ പോകേണ്ടി വരുന്നതിന്റെ വിഷമം എനിക്കുണ്ടായിരുന്നു എന്നു പറയാതെ വയ്യ.
ഹോ, എന്തൊരു തൊലിക്കട്ടി. ഈ കണ്ട കല്ലു വെച്ച നുണയും പറഞ്ഞ് ഒരു രാജ്യത്ത് കടന്നുകൂടാന്‍ ശ്രമിക്കുന്നു എന്നതാണ് പറയുന്നത്... ഏയ്, ഒരു കുറ്റവും ചെയ്തിട്ടില്ല!
--
ദൈവമേ എനിക്ക് സ്വാതന്ത്ര്യം കിട്ടിയോ? എന്നെ പുറത്ത് വിടുകയാണോ? എന്തേ, സ്വാതന്ത്ര്യം വേണ്ടേ? ‘ദൈവമേ, എന്നെ കൊല്ലാന്‍ കൊണ്ടുപോവുകയാണോ?’ എന്നു ചോദിക്കും പോലെയുണ്ടല്ലോ!
--
അപ്പോള്‍ ശരി, അടുത്തഭാഗം പോരട്ടെ... വേണമെങ്കില്‍ അത് വെള്ളിയാഴ്ച വൈകുന്നേരം പോസ്റ്റിക്കോളൂ, ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തോളാം... ;)
--

മുല്ലപ്പൂ said...

റൈന്‍ നദിയില്‍ ചാടിയപ്പോള്‍ വീചാരിച്ചു , ഇതില്‍ക്കൂടുതല്‍ സാഹസം , എന്തുകാട്ടാന്‍ എന്ന്.

ഇതിപ്പോ “ അതൊന്നും ഒന്നുമല്ലല്ലൊ ? “
ഈശ്വരാ ,ഇതെങ്ങോട്ടാ ഈ പൊക്ക്. ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു.
ആദി കുറുന്റെ യുടെ അടുത്തു നിന്ന് നേരെ പോലീസിന്റെ വായിലേക്കു ...

എന്നിട്ട് ?എന്നിട്ടെന്നിട്ടെന്നിട്ട് ?

Visala Manaskan said...

ഇന്റോ അറബ് മീറ്റിന്റെ കെയറോഫില്‍ ഒരു രാത്രി മുഴുവന്‍ ഉറങ്ങാതിരുന്ന് ആര്‍മാദിച്ച് കിട്ടിയ സൂപ്പര്‍ തലവേദനയിലും ഇതെനിക്ക് വായിക്കാതിരിക്കാന്‍ കഴിയണില്ലല്ലോ എന്റെ ഗഡീ!

എന്തൊരു കലക്കാ ദ്? ഹോ! സമ്മതിച്ചറാ കുറൂ!!

ജെയിലിലെ സെറ്റപ്പ് കേട്ടപ്പോള്‍ ചുമ്മാ അവിടെ വരെയൊന്ന് പോയി ഒരു രണ്ടിസം (രണ്ടേ രണ്ടിസം) കിടന്നാലോന്ന് വരെ തോന്നി. (ഈശ്വരാ ചുമ്മാ പറഞ്ഞതാണേ... മായ്ച്ചു കളഞ്ഞു... മായ്ച്ച് കളഞ്ഞൂ)

Kalesh Kumar said...

കടമറ്റത്ത് കുറുമനാരേ, കലക്കി!

മിഥ്യയോ, ഇത് സത്യമോ????

Mubarak Merchant said...

യൂറോപ്പ് സ്വപ്നത്തിന്റെ ഓരോ ഭാഗവും ആര്‍ത്തിയോടെ വായിച്ചു വരികയായിരുന്നു കുറുമാനിക്കാ.
ഈ ലക്കം വായിച്ചപ്പൊ പക്ഷെ,മുന്‍പു തോന്നാതിരുന്ന ഒരു വല്ലായ്ക.
ഇതൊക്കെ ശരിക്കും വേണ്ടീട്ട് തന്നെ ചെയ്തതാണോ?

ബിന്ദു said...

ഇതു ചതിയായി പോയി.:( അടുത്ത ഭാഗം എപ്പോള്‍?

Anonymous said...

ആഹാ ഇത്രേമൊക്കെ എഴുതാനുണ്ടായിട്ടാണോ ഇടക്കുവെച്ച് നിര്‍ത്തിക്കളായാന്‍ പോയത്? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹിതന്‍ said...

വായിച്ചു കഴിഞ്ഞപ്പോള്‍ ആഗസ്റ്റ് 14, 47ലെ നാട്ടുക്കാരുടെ മാനസ്സികാവസ്ഥയിലെത്തി.

തുടരണം!

Anonymous said...

മച്ചൂ ...

എന്തൊരു ടെന്‍ഷന്‍ അടിപ്പിക്കുന്ന എഴുത്താടേയ്‌ ഇത്‌. ഒന്നിനേം എടുത്ത്‌ പറഞ്ഞ്‌ കമന്റുന്നില്ല. ബാക്കിക്കായി കാത്തിരിക്കുന്നു.

അരവിന്ദ് :: aravind said...

കുറുമയ്യാ
ഒരു മാതിരി ചെയ്ത്തായിപ്പോയി ഇത്...
വായിച്ച് വായിച്ച് എരി കയറി മോണിട്ടറീന്റെ അടുത്തേക്ക് നിരങ്ങി നിരങ്ങി ചെന്ന്‍ , ശ്വാസം പിടിച്ച് കണ്ണടക്കാതെ വായിച്ച് വരുമ്പോ...

ദാ കെടക്കണു തുടരും ന്ന്.........

ടി വിയിലെ കളിയില്‍ പെനാല്‍റ്റി അടിച്ച സെക്കന്റില്‍ കറന്റ് പോയപോലെയായി....അകത്തേക്കോ പൊറത്തേക്കോ?

ഛേ ഇനി എത്ര കാക്കണം എന്നൊരു നിശ്വാസമുയര്‍ത്ത് അടുത്തലക്കത്തിനായി കണ്ണില്‍ ഒലീവോയി(വെളിച്ചെണ്ണ ആരോഗ്യത്തിന് ഹാനികരം)ലൊഴിച്ച് കാത്തിരിക്കുന്നൂ....

Unknown said...

കുറുമയ്യാ,
വല്ലതും വായിക്കാന്‍ ഒരു ലൈബ്രറി കൂടി ഉണ്ടെങ്കില്‍ ആ ജയിലില്‍ ഒരു ജീവപര്യന്തം ആസ്വദിയ്ക്കാനും ഞാന്‍ തയ്യാര്‍.

ടെന്‍ഷന്‍ ഈസ് ഇഞ്ചൂറിയസ് ടു ഹെല്‍ത്ത് ആന്റ് കാന്‍ ഇന്‍ഡ്യൂസ് ‘ഇമ്പോര്‍ട്ടന്‍സി’.യേത്? അതോണ്ട് കുറുമയ്യ ഈ സൈസ് തുടരനടി ഡോണ്ടൂ.. ഡോണ്ടൂ.. :-)

ഓടോ: 15ന് ദുബായില്‍.. നമ്മടെ.. താനാരോ തെയ്യാരോ തക തെയ്യക്കം താരോ.. ഏത്? അദന്നെ. മറക്കണ്ട. :-)

Abdu said...

കുറുവണ്ണാ,

ത്രില്ലിങ്ങ് അല്പം കുറഞ്ഞു എന്ന് തോന്നുന്നു,


ടെന്‍ഷന്‍ അടിപ്പിക്കാതെ അടുത്ത ലക്കം വേഗം വരട്ടെ.

ഓ. ടോ. ക്കൈപ്പള്ളീടെ കയ്യില്‍ കുരുവണ്ണന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ ഉണ്ട. അബൂദബീന്ന് റൂമില്‍ വെച്ചെടുത്തത്. അതൊന്ന് പോസ്റ്റാന്‍ പറ.

Anonymous said...

കുറൂഗുരുവേ,

ഉള്ളിലോര്‍മ്മേണ്ടെങ്കിലും മിണ്ടാന്‍ പറ്റ്ണില്യാ-ന്ന് പറഞ്ഞപോലാ എന്റെ ഒര് അവസ്ഥ.

സന്തോഷം കൊണ്ടെനിക്കിരിക്യാന്‍ വയ്യേ എന്ന് പാടാനും പരിപാടീണ്ടെന്നു കൂട്ടിക്കോ..

ഇത് മ്മക്ക് ഡീസീടെ രവീനെ ഏല്പിക്കാം, ന്താ?

വല്യമ്മായി said...

അടുത്ത ഭാഗം ഉടനെ പോരട്ടെ

വാളൂരാന്‍ said...

Kurukukkurooo...
GREAT GREAT GREAT.....
VaakkukaL kittunnilla varNikkAn....
gambheer....

Sona said...

കുറുമാന്‍ജി...ഇതു ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നമാണോ?!!അതൊ നടന്ന സംഭവമാണോ?അടുത്ത ഭാഗത്തിനായി eagerly കാത്തിരിക്കുന്നു..

മുക്കുവന്‍ said...

കുറുമാനേ. അനുഭവങ്ങളുടെ കലവറ തുറക്കുന്നല്ലേ ഉള്ളൂ.. എന്നിട്ടാണോ മടുത്തു എന്നു പറഞ്ഞത്.

ബാക്കിക്കായി കാത്തിരിക്കുന്നു.

Anonymous said...

ഓരൊ ഭാഗവും എത്ര തവണ വായിച്ചു എന്നറിയില്ല. അടുത്ത ഭാഗം വരുന്നതു വരെ ഇതു തുടര്‍ന്നു കൊണ്ടേയിരിക്കും.

കുറുമാന്‍ ജീ വേഗം ആയിക്കൊട്ടെ!

Anonymous said...

ഹലോണ്‍,
ഞാന്‍ രാജീവ്‌,
ടെലിവിഷന്‍ ജേണലിസമാണ`
തൊഴില്‍.
തിരുവനന്തപുരത്ത്‌,എഷ്യാനെറ്റില്‍.
സജീവില്‍(വിശാലന്‍)നിന്ന്
കേട്ടും
ഫ്ലിക്കറില്‍ പടങ്ങള്‍(കുപ്പി സഹിതം)കണ്ടും,
ഇപ്പൊ ഹെല്‍സിങ്കി വരെ കൂടെ വന്നും തങ്കളെ നല്ല പരിചയം.
'യാത്രയും വിവരണവും'കലക്കുന്നു.
യൂറോപ്പിലേക്ക്‌ ഇങ്ങനേയും ചില വഴികള്‍ ഉണ്ടെന്ന് നാലാള്‍ അറിയണമല്ലോ.
മലയാളത്തിലെ എണ്ണം
പറഞ്ഞ യാത്രാവിവരണ കൃതികള്‍ക്കൊപ്പം തന്നെയാണ` യൂറോപ്പ്‌ സ്വപ്നങ്ങളുടെ സ്ഥാനം.

ചിയേഴ്സ്‌ ചുള്ളാ..
(സംശയിക്കണ്ട തൃശ്ശൂര്‍ക്കാരന്‍ തന്നെ!)

Anonymous said...

കുറുമാന്‍ ജീ താങ്കളുടെ ചങ്കൂറ്റം അപാരം തന്നെ സമ്മതിച്ചു. അടുത്തത്‌ പെട്ടെന്നു തന്നെ പോരട്ടെ.

മുസ്തഫ|musthapha said...

കുറുമാനേ... വായിക്കാന്‍ ഒട്ടും വൈകിയിരുന്നില്ല... ആദ്യമേ വായിച്ചു...

ഒന്നും പറയാനില്ല... അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.


- അഗ്രജന്‍ -

mydailypassiveincome said...

എന്റമ്മേ... എന്താ കഥ.. 5 ദിവസത്തെ ജയില്‍ ജീവിതത്തിനു ശേഷം പുറത്തിറങ്ങിയ കുറുമാനെ കാണാന്‍ ഞാന്‍ ഇത്ര ദിവസവും വെളിയില്‍ നില്‍ക്കുകയായിരുന്നു :( ഇനി എങ്ങോട്ടാണീ യാത്ര????????

ഇത്തവണ കോണ്യാക്കും ബീയറും കിട്ടാതിരുന്നത് കഷ്ടമായിപ്പോയി :)

മുല്ലപ്പൂ said...

ഒരമ്പതേയ്...

അടുത്തഭാഗം വേഗം

cloth merchant said...

kurumana ,
sangathi kollam.ake motham ellam sooper.

Anonymous said...

European Swapnangalum vaayichu Europe vazhi America yil ethiyavanaanu njan..
Vegam poorthiyakku sakhave..
vaayikkan thidukkamavunnu...

asdfasdf asfdasdf said...

ഇപ്പോഴാണ് വായിച്ചത്. ഇങ്ങനെ ഇനിയും മുള്‍മുനയില്‍ നിര്‍ത്തരുതേ..

Anonymous said...

കുറുമാന്‍ ചേട്ടാ, റ്റെന്‍ഷന്‍ റ്റെന്‍ഷന്‍... എന്തായി എന്നിട്ട് എന്ന് വേഗം എഴുതൂ.. ഇവിടില്ലേ.. മുങ്ങിയോ?

cloth merchant said...

kuruman,

malayalathil ezhuthan kazhiyatrhathil dukham undu.ee blog lokathekku valare late ayi vannu,athilum late ayi kurumane vayikkan .ethayalum sooper.ippol palarodum kurumane vayikkan parayunnu.vayicha onnu randu peril ninnum nandiyum kitti. anubhavanagale itra manoharamayi ezhuthunna a shyliyude oru aradhakanayi mariyirikkunnu njan.rajiv paranjathu pole malayalathile kodi kettiya yatra vivaranangalkkoppam varum ithu.ithinde idayil kidakkunna pollunna jeevitham ,ee yatra vivaranathe athindeyokke meleyum ethichirikkunnu.

onna vakkil -"great".

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 11 വായിച്ചവര്‍ക്കെല്ലാം എന്റെ കൂപ്പുകൈ, നന്ദി, നമസ്കാരം.

യൂറോപ്പ് 12,അഥവാ യൂറോപ്പ് ഒടുക്കത്തെ ഭാഗം, എഴുതുവാന്‍ തുടങ്ങിയിട്ട് ആഴ്ച ഒന്നായി. പണി തിരക്കുമൂലം ഇപ്പോഴും പാതി വഴിയിലാണ്. ഇന്നല്ലെങ്കില്‍, നാളെ, തീര്‍ച്ചയായും അവസാന ഭാഗം എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യുന്നതായിരിക്കും.

ഒരിക്കല്‍ കൂടി, വായിച്ചവര്‍ക്കും, കമന്റിട്ടവര്‍ക്കും, കമന്റിടാത്തവര്‍ക്കും, എല്ലാവര്‍ക്കും നന്ദി.

Anonymous said...

യൂറോപ്പ് 12,അഥവാ യൂറോപ്പ് "ഒടുക്കത്തെ ഭാഗമോ"..???? കൊലച്ചതിയായിപ്പോയി..! എന്തായാലും ഉള്ളതു പെട്ടന്നാവട്ടെ..