Saturday, February 17, 2007

ഫോട്ടോഗ്രാഫര്‍

യൂറോപ്പില്‍ ജീവിക്കണമെന്ന സുന്ദരമായ ആശയുടെ ചിറകൊടിഞ്ഞ്, ദില്ലിയില്‍ തിരിച്ച് ക്രാഷ് ലാന്റിങ്ങ് നടത്തി, ഇനി കുറച്ച് നാളുകള്‍ റെസ്റ്റെടുക്കാം എന്നു കരുതി, കേരള എക്സ്പ്രെസ്സില്‍ കയറി നാട്ടിലെത്തി. വീട്ടില്‍ ആദിയും, മധ്യവും ഇല്ലാത്തതിനാല്‍ അമ്മക്കും, അച്ഛനും ഓമനിക്കാന്‍, മോത്തിയെ കൂടാതെ ഞാന്‍ മാത്രം. അങ്ങനെ കാലാട്ടലും, മൈതാനം നിരങ്ങലുമൊക്കെയായി മാസങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. അത്യാവശ്യം വട്ടചിലവുകള്‍ക്ക് കാശ് അമ്മ തരുമായിരുന്നതിനാല്‍,ജീവിതം ഓളമില്ലാത്ത കായലിലൊഴുകുന്ന വഞ്ചിപോ‍ലെ സ്മൂത്തായി പോയിരുന്നതിനാല്‍, ജോലിചെയ്യണം, ഭാവി കരുപ്പിടിക്കണം എന്ന ഭീകര ചിന്തകള്‍ എന്റെ മനസ്സിന്റെ ആറയലക്കത്തു പോലും വന്നില്ല.

എണ്‍പത്തൊന്‍പതില്‍ ദില്ലിയിലേക്ക് കുടിയേറിയ ഞാന്‍ വര്‍ഷാവര്‍ഷം ഒരു മാസത്തേക്ക് നാട്ടില്‍ വരുമെന്നാല്ലാതെ, ഇത്രയും ലോങ്ങ് ലീവില്‍, അഥവാ, തൊഴിലില്ലാത്തവനായി തിരികെ വന്നത് ഈ തൊണ്ണൂറ്റിയാറിലാണ്. അത്രയും കാലത്തെ ദില്ലിയിലേക്കുള്ള കുടിയേറ്റ ജീവിതത്തില്‍ നിന്നും ആകപ്പാടെ പ്ലസ് പോയിന്റായി കണക്കു കൂട്ടാവുന്നത് എന്റെ "കുടി" ഏറി എന്നതു മാത്രം!

ഏതു ഗ്രാമത്തിലും, ടൌണിലും, സിറ്റിയിലും, സംഭവിക്കുന്നതു തന്നെ ഇവിടേയും സംഭവിച്ചു. തൊഴിലില്ലാതിരുന്ന എനിക്ക് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സമാന മനസ്കാരായ കുറച്ച് സുഹൃത്തുക്കളെ കിട്ടി. എന്തെടാ, എന്നു ചോദിച്ചാല്‍ ഏതേടാ എന്നു ചോദിക്കുന്നവര്‍. എന്റെ കയ്യില്‍ കാശില്ലടാ എന്നു പറഞ്ഞാല്‍, എന്റെ കയ്യിലും കാശില്ല എന്നു പറയുന്നവര്‍. എന്റെ കയ്യില്‍ കാശുണ്ടടാ എന്നു പറഞ്ഞാല്‍, വാ നമുക്ക് പോയി സ്മാളടിക്കാം എന്നു പറയുന്നവര്‍. എന്തൊരു സമാന മനസ്കത!

ഞങ്ങള്‍ തൊഴില്‍ രഹിതരും, കാല്‍ കാശിനു ഗതിയില്ലാത്തവരുമായ ചെറുപ്പക്കാരുടേ ഗ്യാങ്ങിന് അപവാദമായി, ഒരു വിധം ഭേദപെട്ട രീതിയില്‍ വരുമാനമുള്ള ഒരു സുഹൃത്ത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു. പേര് - പള്ളിക്കാടന്‍ ജോബി. ജോലി - ഇറച്ചിവെട്ട്. ഇരിങ്ങാലക്കുട ചന്തയില്‍ തകര്‍ത്തുനടക്കുന്ന കച്ചവടങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇറച്ചിവെട്ടാണ്. മറ്റു ഗ്രാമ പ്രദേശങ്ങളിലെ പോലെ ഞായറാഴ്ച മാത്രമുള്ള ഇറച്ചി വെട്ടല്ല മറിച്ച് ആഴ്ചയിലേഴു ദിവസവും വെട്ടും. ഞായറാഴ്ച നാലും, അഞ്ചും പോത്തിനെ ജോബി വെട്ടി വില്‍ക്കും. അവന്റെ അപ്പാപ്പന്‍ തുടങ്ങിയ കടയാണത്. കാലക്രമേണ അപ്പന്‍ ഏറ്റെടുത്തു നടത്തി പോന്നു. അപ്പന്റെ കാലശേഷം, ഏക മകനായ ജോബിയും ഇറച്ചിവെട്ടിലേക്കിറങ്ങി.

രാവിലെ ചന്തയില്‍ വെട്ടും കച്ചവടവും കഴിഞ്ഞ് കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ പോയി ഉച്ചയൂണും വിശ്രമവും. വൈകുന്നേരമായാല്‍ ഞങ്ങള്‍ തൊഴിലില്ലാ പൈതങ്ങള്‍ക്ക് നാഥനായി അവന്‍ രംഗത്തെത്തും. മിക്കവാറും ദിവസവും, അയ്യങ്കാവ് മൈതനത്തിനടുത്തുള്ള ഷീല ഹോട്ടലില്‍ നിന്നും ഓരോ പ്ലെയിറ്റ് ഇറച്ചിയും, ഈ രണ്ടു പോറോട്ടയും അവന്‍ ദാരിദ്ര്യ രേഖക്ക് താഴെ കിടക്കുന്ന ഞങ്ങള്‍ക്ക് വാങ്ങി തരും. ആഴ്ചയിലൊരിക്കല്‍ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഷെയറിടുന്നതിന്റെ ഇരട്ടി പൈസ അവന്‍ തനിച്ച് കുപ്പി ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യും.

കാര്യമായ അല്ലലും, അലച്ചിലുമില്ലാതെ ജീവിതം ശാന്തമായി ഒഴുകുന്നതിന്നിടയില്‍ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട്, ഞങ്ങളെ പരിഭ്രാന്തരാക്കികൊണ്ട് നടുക്കുന്ന ആ തീരുമാനം അവന്‍ ഞങ്ങളെ അറിയിച്ചു. ഗഡ്യോളെ, എന്റെ കല്യാണം ഏതാണ്ടുറപ്പിച്ചൂട്ടാ. അടുത്ത ഞായറാഴ്ച മനസ്സമ്മതം, അതു കഴിഞ്ഞ് വരുന്ന മൂന്നാമത്തെ ഞായറാഴ്ച കല്യാണം!

അവന്‍ കല്യാണം കഴിച്ചാല്‍, ഞങ്ങളുടേ കമ്പനി മതിയാക്കി ഭാര്യയുമായി കമ്പനിയാകും. അതിന്റെ പരിണിത ഫലം, അയങ്കാവ് മൈതാനത്ത് വൈകുന്നേരങ്ങളില്‍ തൊഴിലും വരുമാനവും, അഭിമാനവും ഇല്ലാത്ത ഞങ്ങള്‍ വിശക്കുന്ന വയറുമായി ഇരിക്കേണ്ടി വരും. ആഴ്ചാവസാനം നാലോ, അഞ്ചോ പെഗ്ഗ് വീതം അടിക്കാറുണ്ടായിരുന്ന ഞങ്ങള്‍ രണ്ട് പെഗ്ഗടിച്ച് ഫിറ്റാകുവാന്‍ സ്വയം പര്യാപ്തത നേടേണ്ടി വരും, ഇതൊക്കെ തന്നെയാണ് ഞങ്ങളുടേ ഞെട്ടലിന്നും, പരിഭ്രാന്തിക്കും മുഖ്യ ഹേതു.

ഉള്ളിലുണ്ടായിരുന്ന, വേണ്ടിയിരുന്നില്ല ജോബി, ഈ ചതി ഞങ്ങളോടു വേണ്ടിയിരുന്നില്ല എന്ന മനോവികാരത്തില്‍ നിന്നുമുടലെടുത്ത, ശ്ശോ കഷ്ടം എന്ന മുഖഭാവം മുഖത്ത് വരാതിരിക്കാന്‍ പണിപെട്ട്, ഞങ്ങളെല്ലാവരും വെളുക്കെ ചിരിച്ചുകാണിച്ച ശേഷം കോറസ്സായി പറഞ്ഞു, കലക്കിടാ മോനെ. കലക്കി. ഇപ്പോഴെങ്കിലും നിനക്ക് ഈ സദ്ബുദ്ധി തോന്നിയല്ലോ. പാവം നിന്റെ അമ്മ എത്ര നാളായി വീട്ടില്‍ ഇങ്ങനെ പകല്‍ മുഴുവന്‍ മിണ്ടാനും പറയാനും ആളില്ലാതെ ഒറ്റക്ക് കഴിയുന്നത്. അപ്പോ ഇന്നത്തെ തല നിന്റെ വക (അല്ലെങ്കില്‍ പിന്നെ ബാക്കിയുള്ള ദിവസം ആരാണാവോ ചിലവ് ചെയ്യാറുള്ളത് എന്നവന്‍ ചോദിച്ചില്ല).

ആദ്യം നമുക്ക് എറച്ചീം പൊറോട്ടേം അടിക്കാം, പിന്നെ സ്മാള്. ജോബിക്ക് ഒരു തീരുമാനമെടുക്കാനുള്ള സമയം പോലും നല്‍കാതെ ഞങ്ങള്‍ ഹോട്ടല്‍ ഷീലയിലേക്ക് നടന്നു. വേറെ വഴിയൊന്നുമില്ലാഞ്ഞതിനാല്‍, ജോബി പിന്നാലേയും.

ഇത്ര നല്ല ഒരു ന്യൂസ് കേട്ടിട്ട് വെറുതെ ഇറച്ചിയിലും, പൊറോട്ടയിലും മാത്രം ഒതുക്കിയാല്‍ പോരല്ലോ? അതിനാല്‍, നെയ്യ് റോസ്റ്റ്, വട, മസാല ദോശ തുടങ്ങി ഷീലയില്‍ വൈകുന്നേരങ്ങളില്‍ ഉണ്ടാകാറുള്ള എല്ലാ ഭക്ഷ്യവസ്തുക്കളും ഞങ്ങള്‍ ജാതിമതഭേദമന്യേ വയറു നിറച്ചും തിന്നു. അവന്റെ തന്നെ ചിലവില്‍ രണ്ട് പായ്ക്കറ്റ് വിത്സ് സിഗററ്റും വാങ്ങിയതിന്നുശേഷം, പറ്റിലെഴുതിക്കോ എന്ന് ജോബി പറയുന്നതിലും മുന്‍പ് തന്നെ, ജോബിയുടെ പറ്റില്‍ എഴുതിക്കോ എന്നും പറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി.

വാ മൈതാനത്തു പോയി ഇരിക്കാം എന്ന് ജോബി പറഞ്ഞപ്പോള്‍, മൈതാനത്തേക്കാ? ഇന്നാ? എന്തിനാ? പള്ളീല്‍ പറഞ്ഞാല്‍ മതി. നീ വന്നേ, നമുക്ക് ചെറാക്കൂളത്തിക്ക് പോകാം. പിന്നെ, പത്തറുപത്തിനാലു പെണ്ണു കണ്ടിട്ട് ഒരെണ്ണം പോലും ശരിയാകാതെ നിന്നപ്പോ, നിനക്ക് ഞങ്ങള്‍ വേണമായിരുന്നു. ഇപ്പോ ഒരെണ്ണം ശരിയായപ്പോ ഞങ്ങളെ വേണ്ടാതായില്ലേ?

ശരിഷ്ടാ, ഞാനൊന്നും പറയുന്നില്ലേ, ചെറാക്കുളമെങ്കില്‍ ചെറാക്കുളം, വേറെ മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ ജോബിക്ക് പറയേണ്ടി വന്നു.

രണ്ട് ഓട്ടോ റിക്ഷയിലായി ഞങ്ങള്‍ ചെറാക്കുളത്തിലെത്തി. രണ്ടു ഓട്ടോയുടെ കാശും അവന്‍ തന്നെ കൊടുക്കേണ്ടി വന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞങ്ങള്‍ ഒന്നും കഴിച്ചില്ല എന്ന വിഷമം ജോബിക്കു തോന്നാന്‍ ഒരവസരം പോലും ഞങ്ങളുടെ പക്ഷത്തുനിന്നും വരരുത് എന്ന് ഞങ്ങള്‍ ഒറ്റകെട്ടായി തീരുമാനമെടുത്തിരുന്നതിനാല്‍, സാധാരണ തൊട്ടുകൂട്ടാനായി അച്ചാറും, മാക്സിമം ഒരു മുട്ട കൊത്തിപൊരിയോ, ഗ്രീന്‍പീസ് മസാലയോ പറയാറുള്ള ഞങ്ങള്‍ അന്ന് കാട പൊരിച്ചതും, കല്ലുമ്മക്കായ മസാലയും, ചില്ലി ചിക്കന്‍ അതും, ബോണ്‍ലെസ്സ് ഒക്കെയാണു ഓര്‍ഡര്‍ ചെയ്തത്.

രണ്ടാമത്തെ ഫുള്ളും കാലിയായപ്പോള്‍ ഇനി മതിയാക്ക്വല്ലേ ഗഡികളേ എന്ന ജോബിയുടെ ചോദ്യത്തിന്ന്, ആവാം എന്ന് പറയാന്‍ ഞങ്ങള്‍ക്ക് അല്പം സമയം ആലോചിക്കേണ്ടി വന്നു. ബില്ലു വന്നപ്പോള്‍, ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല എന്ന തിരിച്ചറിവുള്ളതിനാല്‍ എത്രയായി എന്നു പോലും ജോബിയോട് ചോദിച്ചില്ല, പകരം, ടൂത്ത് പിക്കെടുത്ത് പല്ലിന്റെ ഇടകുത്തിയും, സിഗററ്റ് പുക, വളയം വളയമാക്കി അന്തരീക്ഷത്തിലേക്ക് ഊതി വിട്ടും, രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചും ഞങ്ങള്‍ ബിസിയായി ഇരുന്നു.

മനസ്സമ്മതത്തിന്ന് വേണ്ടപെട്ടവരെ മാത്രമെ ജോബി വിളിച്ചിരുന്നുള്ളൂ എന്നതിനാലും, അത്ര വേണ്ടപെട്ടവരല്ലാത്തതിനാലും ഞങ്ങള്‍ സുഹൃത്തുക്കള്‍ പോയില്ല. അന്ന് അവനന്റെ ബന്ധുക്കളെല്ലാം വീട്ടില്‍ ഉണ്ടായിരുന്നതിനാല്‍ വൈകുന്നേരം അവനെ മൈതാനത്തേക്ക് കണ്ടില്ല. പിറ്റേന്ന് വൈകുന്നേരം പതിവുപോലെ തന്നെ അവന്‍ വന്നു.

ഡാ, മനസ്സമ്മതത്തിന്നെടുത്ത ഫോട്ടോസ് കൊണ്ട് വന്നിട്ടുണ്ട്. ദാ, അവന്‍ സ്റ്റുഡിയോവില്‍ നിന്നും ഫിലിം വാഷ് ചെയ്ത് പ്രിന്റെടുക്കുമ്പോള്‍ വെറുതെ കിട്ടുന്ന രണ്ട് ആല്‍ബം പുറത്തെടുത്തു.

ആല്‍ബമൊക്കെ പിന്നെ നോക്കാം ഗഡീ. മനസ്സമ്മതത്തിനോ വിളിച്ചില്ല. അതുപോട്ടെ, സാരമില്ലാന്നു വക്കാം, പക്ഷെ അതിന്റെ ചിലവുണ്ട് മോനെ. മറ്റൊന്നും പറയാന്‍ അവസരം നല്‍കുന്നതിന്നു മുന്‍പ് തന്നെ അതിലെ കടന്നു പോയിരുന്ന ഓട്ടോ കൈകാണിച്ച് നിറുത്തി. ഒരു ഓട്ടോയില്‍ കയറില്ലല്ലോ, നിങ്ങള്‍ ചെല്ല്, ഞങ്ങള്‍ അടുത്ത ഓട്ടോയില്‍ വരാം. തൊട്ടുപിന്നാലെ വന്ന ഓട്ടോയില്‍ കയറി ശേഷിച്ച ഞങ്ങളും നീങ്ങി ചെറാക്കുളത്തിലേക്ക്.

ആദ്യത്തെ ഫുള്‍ കഴിഞ്ഞപ്പോള്‍ അവന്റെ കയ്യിലുണ്ടായിരുന്ന ആല്‍ബം ഞങ്ങള്‍ വാങ്ങി നോക്കി. നല്ല ചേര്‍ച്ച തന്നെ അവര്‍ തമ്മില്‍. ഞങ്ങള്‍ക്കൊരു എതിരഭിപ്രായമുണ്ടായിരുന്നില്ല. പക്ഷെ ഫോട്ടോസില്‍ ഒന്നും ഒരു കൈപ്പള്ളിസമോ, തുളസിസമോ, സപ്തവര്‍ണ്ണിസമോ കാണാന്‍ സാധിക്കാതിരുന്നതിനാല്‍, ഞാന്‍ ചോദിച്ചു.

ആരാഷ്ടാ ഈ ഫോട്ടോസ് എല്ലാം എടുത്തത്? ഏത് ക്യാമറായിലാ എടുത്തത്.

അത് എന്റെ കയ്യിലുള്ള ഒരു ചപ്പടാച്ചി ക്യാമറയില്‍ എന്റെ എളേപ്പന്റെ മോന്‍ എടുത്തതാ.

വെറുതെയല്ല ഫോട്ടൊസിനൊന്നും ഒരു ഗുമ്മില്ലാത്തത്. ശ്ശെ, എന്നെ വിളിച്ചിരുന്നെങ്കില്‍ എത്ര മനോഹരമായി ഞാന്‍ ഫോട്ടോസ് എടുത്തേനെ. എന്റെ ഫോട്ടോഗ്രാഫി വൈദഗ്ദ്യം ഞാന്‍ വെളിപെടുത്തി.

അതിന് നിനക്ക് ഫോട്ടോ എടുക്കാന്‍ അറിയാമോ? നിന്റെ കയ്യില്‍ ക്യാമറയുണ്ടോ?

ഹും, ഫോട്ടോ എടുക്കാന്‍ അറിയാമോ എന്നോ? ക്യാമറയുണ്ടോ എന്നോ? സോറി സുഹൃത്തുക്കളെ, നിങ്ങളെ പരിചയപെട്ടിട്ട് ഇത്ര നാളായിട്ടും ഞാന്‍ അക്കാര്യം നിങ്ങളോട് പറയാതിരുന്നതില്‍ ക്ഷമിക്കുക. ഞാന്‍ ഒരു അന്യായ ഫോട്ടോഗ്രാഫറല്ലെ! എന്റെ കയ്യില്‍ ഒരടിപൊളി നിക്കോണ്‍ ക്യാമറയും, നിരവധി ലെന്‍സുകളും ഉണ്ട്. എന്റെ പ്രധാന ഹോബിയല്ലെ ഫോട്ടോഗ്രാഫി. ദില്ലിയിലായിരുന്നപ്പോള്‍ ഞാന്‍ പഠിച്ചതല്ലെ ഫോട്ടോഗ്രാഫി. യൂറോപ്പ്യന്‍ യാത്രകളില്‍ ഞാന്‍ എടുത്ത ഫോട്ടോകള്‍ ഒന്നും നിങ്ങളെ കാണിക്കാന്‍ പറ്റിയില്ല, കാരണം എല്ലാം ഞാന്‍ ഫിന്‍ലാന്റില്‍ മറന്നു വച്ചു. ആദികുറുമാന്‍ മറന്നു വെച്ച ക്യാമറ വീട്ടിലിരിക്കുന്നതോര്‍ത്ത്, ഫിറ്റും പുറത്ത്, ഇടവും വലവും നോക്കാതെ ഞാന്‍ വെച്ചു കാച്ചി.

അവരുടെ കണ്ണുകള്‍ അത്ബുദത്താല്‍ പുറത്തേക്ക് തള്ളി. ഇത്തരം ഒരു ഹോബി എനിക്കുണ്ടായിരുന്നത് എന്നെതറിയാതെ പോയല്ലോ എന്നാലോചിട്ടാവും.

ബില്ല് കൊടുത്ത് പുറത്തിറങ്ങാന്‍ നേരം ജോബി പറഞ്ഞു, കുറുമാനെ, നീ ഒരു ഫോട്ടോഗ്രാഫറാണെന്നറിയാതെ പോയതില്‍ ക്ഷമിക്കൂ. എന്റെ കല്യാണത്തിന്നു നീ തന്നെ ഫോട്ടോയെടുത്താല്‍ മതി. പറ്റില്ലായെന്നു പറയരുത്.
ഡണ്‍.

എന്തു ഡണ്‍ ജോബി ചോദിച്ചു.


അല്ലാ, നിന്റെ കല്യാണത്തിന്നു ഫോട്ടോ ഞാനെടുക്കാം, പക്ഷെ അതു കരുതി നീ വേറെ ഫോട്ടോഗ്രാഫറെ ഏല്‍പ്പിക്കാതിരിക്കണ്ട. ആരുടെ കഞ്ഞിയിലും മണ്ണുവാരിയിടുന്നത് എനിക്കിഷ്ടമല്ല.

ഏറ്റു. ഞാന്‍ പോളേട്ടനെ ഏല്‍പ്പിക്കുന്നുണ്ട്. പക്ഷെ നീയും എടുക്കണം. കല്യാണം ഒരിക്കലല്ലെ ഉള്ളൂ. ഫിലീമെല്ലാം ഞാന്‍ വാങ്ങി തരാം. എത്ര റോള് വേണം?

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുള്ളതല്ലെ, നമുക്ക് അമൂര്‍ത്തങ്ങളായ നിമിഷങ്ങള്‍ പകര്‍ത്തിയാല്‍ മാത്രം പോരെ, അതിനാല്‍ ഒരു നാല് റോള്‍ മതിയാകും.

ദിവസങ്ങള്‍ നടന്നും, ഓടിയും, ചാടിയും കടന്നുപോയി. ജോബിയുടെ കല്യാണദിവസമായ ഞായറാഴ്ച വന്നു. കുളിച്ച്, പ്രാതല്‍ ലഘുവായി കഴിച്ച് (ജോബിയുടെ വീട്ടീന്നും തട്ടണ്ടെ) ഉള്ളതില്‍ വച്ചേറ്റവും പൊലിമയുള്ള ഒരു മുറിക്കയ്യന്‍ ഷര്‍ട്ടും, ജീന്‍സുമിട്ട്, ക്യാമറ മറന്നു വക്കാന്‍ തോന്നിയ ആദികുറുമാന്ന് മനസ്സില്‍ നന്ദി പറഞ്ഞ്, ക്യാമറയും, ലെന്‍സുകളും അടങ്ങുന്ന ബാഗെടുത്ത് ഞാന്‍ ജോബിയുടെ വീട്ടിലേക്ക് അച്ഛന്റെ, ബെന്‍സായ ഹീറോ സൈക്കിളില്‍ കയറി യാത്രയായി.

അവിടെ ചെന്ന് വീണ്ടും പ്രാതലടിക്കുന്നതിന്നിടയില്‍ ജോബി കൊടാക്കിന്റെ നാലു റോള്‍ ഫിലിം എനിക്ക് കൈമാറിയതിന്നു ശേഷം പറഞ്ഞു. ഗഡീ, അമൂര്‍ത്തങ്ങളായ നിമിഷങ്ങള്‍ പകര്‍ത്തുവാനുള്ളതല്ലെ. നിനക്കും, നമ്മുടെ ഗഡികള്‍ക്കുമായി ഞാന്‍ ഒരു ടാറ്റാ സുമോ ഏല്‍പ്പിച്ചിട്ടുണ്ട്. കലക്കണം ട്ടാ.

അതിലെന്ത് സംശയം ഗഡീ. നിന്റെ കല്യാണത്തിന്റെ ചിത്രങ്ങള്‍ ജനങ്ങളുടെ ഇടയില്‍ ഒരു സംസാര വിഷയമാക്കേണ്ട കാര്യം ഞാനേറ്റു, കൈ കഴുകാന്‍ എഴുന്നേറ്റുകൊണ്ട് ഞാന്‍ പറഞ്ഞു.

കൈകഴുകി മുന്‍ വശത്തേക്ക് ചെന്നപ്പോള്‍, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പോളേട്ടന്‍, ഒരു മീഡിയം സൈസ് ലന്‍സുള്ള ക്യാമറയും കഴുത്തില്‍ തൂക്കി അവിടെ കൂടിയിരുന്നവരുടെ പടം പിടിക്കുന്നുണ്ടായിരുന്നു.

അല്പം ഗമയോടെ ഞാന്‍ പുറത്തിട്ടിരുന്ന മേശമേല്‍ എന്റെ ക്യാമറാ ബാഗ് വച്ചു. പിന്നെ അതു തുറന്ന് ഉള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ ഓരോന്നായി പുറത്തെടുത്ത് നിരത്തി. പുട്ടുകുറ്റിയുടെ വലുപ്പമുള്ള ഒരു ലെന്‍സ്, കുപ്പി ഗ്ലാസ്സിന്റെ വലുപ്പമുള്ള ഒരു ലെന്‍സ്, അവസാനമായി, തമിഴ് നാട്ടില്‍ കാപ്പി തരുന്ന സ്റ്റീല്‍ ഗ്ലാസ്സിന്റെ വലുപ്പമുള്ള മറ്റൊരു ലെന്‍സ്.

ഫോട്ടോയെടുക്കുകയായിരുന്ന പോളേട്ടന്‍ ഒളികണ്ണാല്‍ ഇതെല്ലാം നോക്കുന്നുണ്ടായിരുന്നെന്ന്‍ ഞാന്‍ തിരിച്ചറിഞ്ഞുവെങ്കിലും, കണ്ട ഭാവം നടിച്ചില്ല. പക്ഷെ എല്ലാ ലെന്‍സുകളും നിരത്തിയപ്പോള്‍ പോളേട്ടന്‍ പടം പിടുത്തം നിറുത്തി വച്ച് എന്റെ അരികില്‍ വന്നിട്ട് തീരെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. പ്രൊഫഷണലാ അല്ലെ? എന്റെ കഞ്ഞി കുടി മുട്ടിക്കരുത് ഭായി എന്നും പറഞ്ഞ് പിന്നേയും പടം പിടിക്കാനായി പോയി.

പുതിയ ബാറ്ററിയിട്ട്, ഫിലിം ലോഡ് ചെയ്ത് ഞാന്‍ രംഗത്തിറങ്ങി.

ഹാളില്‍ കയറി, പ്ലാസ്റ്റിക്ക് മാലയുമിട്ട്, പല്ലുകളെ വെളിയില്‍ കാട്ടി ചിരിച്ച്, ചുമരില്‍ ഞാന്നു കിടക്കുന്ന അവന്റെ അപ്പന്റെ പടം പിടിച്ചു കൊണ്ട് അന്നത്തെ ഷൂട്ടിങ്ങ് ഞാന്‍ ഉത്ഘാടനം ചെയ്തു.

വീടിന്റെ നാനാ കോണില്‍ നിന്നുള്ള പടങ്ങള്‍, അവന്റെ വീട്ടിലെ പച്ചക്കറി തോട്ടത്തില്‍ ഞാന്നു കിടക്കുന്ന പടവലങ്ങ, ചാഴികുത്താതിരിക്കാന്‍ പേപ്പറാല്‍ കുമ്പിള്‍ കുത്തി പൊതിഞ്ഞിരിക്കുന്ന കൈപ്പയ്ക്ക, ചെടിതോട്ടത്തിലെ, മുല്ല, റോസ്, ചെമ്പരുത്തി, തുടങ്ങി പല വിധ പ്രകൃതി ദൃശ്യങ്ങളും പകര്‍ത്തി, കൂട്ടുകാരോടൊത്ത് ഞാന്‍ വീടിന്റെ ഉള്ളിലേക്ക് കയറി. രാവിലെ ഉടുത്തിരുന്ന കിറ്റെക്സ് ലുങ്കി പറിച്ചെറിഞ്ഞ് കാരാല്‍ക്കട മുണ്ട് ഉടുത്ത്, പൌഡര്‍ പൂശി, സില്‍ക്ക് ഷര്‍ട്ടിടുന്നതുവരേയുള്ള ഷോട്ടുകള്‍ പോളേട്ടനും, ഞാനും, മാറി മാറി എടുത്തു. എന്റെ ക്യാമറയിലെ ഓരോ ക്ലിക്ക് ക്ലിക്കുമ്പോഴും അടിച്ചിരുന്ന ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍, പോളേട്ടന്റെ മുഖം മങ്ങുന്നത് കണ്ട് ഞാന്‍ ഉള്ളില്‍ ചിരിച്ചു. അഹങ്കാരത്തിന്റെ ചിരി.

അഴിക്കോടുള്ള പള്ളിയില്‍ വച്ചാണ് കല്യാണം. ചെറുക്കന്റെ വീട്ടില്‍ നിന്നും ആളുകള്‍ ഇറങ്ങി, ഏല്‍പ്പിച്ചിരുന്ന ബസ്സുകളിലും, കാറുകളിലുമായി കയറി. പോളേട്ടന്‍ ഏതോ ഒരു കാറില്‍ കയറി. ഞാനും ഗഡികളും, സ്പെഷലായി ഞങ്ങള്‍ക്കേല്‍പ്പിച്ചിരുന്ന ടാറ്റാ സുമോവില്‍ കയറി. വണ്ടികള്‍ കൊണ്‍വോയ് യാത്ര തുടങ്ങി.

കാക്കാതുരുത്തി പാലം എത്തിയപ്പോള്‍ ഞാന്‍ വണ്ടി നിറുത്തിച്ചു. പിന്നെ ഒഴുകുന്ന പുഴയുടേയും, മണ്ടരി രോഗം വന്ന് പഴുത്തു മഞ്ഞക്കളറിലുള്ള ഓലകളെ ചുമന്നു നില്‍ക്കുന്ന തെങ്ങിന്‍ തോട്ടത്തിന്റേയും ഫോട്ടോകള്‍ എടുത്തു. ഒപ്പമുള്ള കൂട്ടുകാര്‍ എന്നെ ആരാധനയോടെ നോക്കി.

മൂന്നുപീടിക കവലയുടേയും, കൊറ്റംകുളം കുളത്തിന്റേയും, കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബാ ക്ഷേത്രത്തിന്റേയും ചിത്രങ്ങള്‍ ഞാന്‍ ക്യാമറയിലേക്ക് പകര്‍ത്തി. കൊടുങ്ങല്ലൂരും, കോട്ടപ്പുറവും കഴിഞ്ഞ്, വണ്ടി അഴിക്കോട് പള്ളിയങ്കണത്തില്‍ എത്തി.

ചടങ്ങുകള്‍ ആരംഭിച്ചു. അഴിക്കോട് പള്ളിയില്‍ ഞാന്‍ തലങ്ങും വിലങ്ങും ഓടിയും, നടന്നും പടം പിടുത്തം തുടങ്ങി. ചാഞ്ഞും, ചെരിഞ്ഞും, കസേരയുടെ മുകളില്‍ കയറിയും, കൂട്ടുകാരുടെ തോളില്‍ കയറിയും, ഞാന്‍ പടം പിടിക്കാന്‍ തുടങ്ങി. ഇടക്കിടെ ക്യാമറയുടെ ലെന്‍സ് മാറ്റുന്നു. പൂട്ടും കുറ്റി മാറ്റി കുപ്പി ഗ്ലാസ്സാകുന്നു, കുപ്പി ഗ്ലാസ്സ് മാറ്റി സ്റ്റീല്‍ ഗ്ലാസ്സാകുന്നു, മാറി മാറി പടം പിടുത്തം നടന്നു കൊണ്ടേയിരിക്കുന്നു.

ഇത്രയും ലെന്‍സുകള്‍ ഒരു ഫോട്ടോഗ്രാഫര്‍ മാറ്റുന്നത് കണ്ട ശീലമില്ലാത്ത ജനങ്ങള്‍, ജോബിയേയും, പെണ്ണിനേയും നോക്കുന്നതിലുപരി എന്റെ ഫോട്ടോഗ്രാഫി നോക്കി അതിശയിച്ചു നില്‍ക്കുന്നു!

ചെറിയ ഒരു ക്യാമറയും തൂക്കി നടക്കുന്ന, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ പോളേട്ടനു സ്ഥലം മാറി കൊടുത്തില്ലെങ്കിലും, ഹൈ പ്രൊഫഷണലായ, എനിക്ക് വേണ്ടി കല്യാണത്തില്‍ പങ്കെടുത്തവരെല്ലാം സ്ഥലം മാറി തന്നു. ചാഞ്ഞും, ചെരിഞ്ഞും, കിടന്നും, നിന്നും ഞാന്‍ പടം പിടിച്ചുകൊണ്ടേയിരുന്നു.
കെട്ട് കഴിഞ്ഞു. ആര്‍ഭാടമായ ഭക്ഷണവും. ഭക്ഷണം കഴിക്കുന്ന സിനുകള്‍ മാത്രം ഞാന്‍ പിടിക്കാന്‍ മുതിര്‍ന്നില്ല. പോളേട്ടന്റെ പ്രൊഫഷണലിസം നഷ്ടപെടുത്താന്‍ ഒരു വൈക്ലബ്യം.

ഭക്ഷണമെല്ലാം കഴിഞ്ഞ് അഴിക്കോടുനിന്ന് തിരിച്ച് ഇരിങ്ങാലക്കുടയിലേക്കുള്ള മടക്ക യാത്രയില്‍, ഭക്ഷണം കഴിച്ച ക്ഷീണത്താല്‍, ക്യാമറയും മടിയില്‍ വച്ച് ഞാന്‍ ഉറങ്ങി പോയി.

ജോബിയുടെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ നാലു ഫിലിം റോളും അവന്റെ കയ്യില്‍ കൊടുത്തു. അവന്‍ പറഞ്ഞു, ആദ്യം പോളേട്ടന്റെ ആല്‍ബം കിട്ടട്ടെ. എന്നിട്ട് ഈ റോളുകള്‍ ഡെവലപ്പ് ചെയ്യാം. അത് ഒരു ആല്‍ബത്തിലാക്കിയിട്ട് നമുക്ക് ആളുകളെ ഞെട്ടിക്കാം.

സ്വയം ഞെട്ടിക്കൊണ്ട് ഞാനും പറഞ്ഞു, അതെ ഞെട്ടിക്കാം.

നാലാം ദിവസം പോളേട്ടന്‍ ആല്‍ബവുമായി ജോബിയുടെ വീട്ടിലെത്തി. നല്ല ഉഷാറായ പടങ്ങള്‍. മനോഹരമായി ചെയ്തിരിക്കുന്നു. പോളേട്ടനു കാശു കൊടുത്ത് ജോബി പറഞ്ഞയച്ചു.

വന്നവര്‍ വന്നവര്‍, കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു, ജോബീ, ഫോട്ടോകള്‍ മനോഹരം, ഗംഭീരം, കലക്കീട്ട്ണ്ട്. ഇതെല്ലാം കേട്ടിട്ടും ജോബി കുലുങ്ങിയില്ല, മറിച്ച് അവരോട് പറഞ്ഞു, ഇതൊന്നുമല്ല ഫോട്ടോസ്, എന്റെ കൂട്ടുകാരന്‍ കുറുമാന്‍ എടുത്ത ഫോട്ടോസ് , വാഷ് ചെയ്യാന്‍ കൊടുത്തിട്ടുണ്ട്. അതൊന്ന് വാഷ് ചെയ്ത് കിട്ടട്ടേ. അത് കണ്ടിട്ട് പറ, ഈ ആല്‍ബമോ നല്ലത് അതോ അവന്‍ പിടിച്ച ഫോട്ടോസോ എന്ന്. അവന്‍ ആരാ മോന്‍. യൂറോപ്പിലൊക്കെ കറങ്ങി വന്നിട്ടുള്ളതാ! അല്ലാതെ ഈ തൃശ്ശൂരും, പാലക്കാടും, തിരുവന്തോരവുമൊന്നുമല്ല.

കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു. ഫുള്‍ ടൈം ഭാര്യയുടെ അരികില്‍ തന്നെ ഇരിക്കണം എന്ന തോന്നലും, ആശയും മാറി, ചെറുതായെങ്കിലും ബോറടിച്ചിരിക്കണം. എന്നാ പോയി കുറുമാന്‍ എടുത്ത ഫോട്ടോ വാഷ് ചെയ്ത്, പ്രിന്റ് എടുക്കാന്‍ കൊടുത്തത് വാങ്ങാം എന്നു കരുതി ജോബി, പോളേട്ടന്റെ സ്റ്റുഡിയോവിലേക്ക് പോയി.

പോളേട്ടാ, പോളേട്ടന്റെ ഫോട്ടോം, ആല്‍ബോം കലക്കീട്ട്ണ്ട് . ഞാന്‍ വാഷ് ചെയ്യാന്‍ തന്ന നാലു ഫിലിം റോള്‍ എന്തായി?

ജോബീ, ഫിലിം ഞാന്‍ വാഷ് ചെയ്തു. പക്ഷെ പ്രിന്റൊന്നും, എടുത്തില്ല. ദാ, ഇതാ നെഗറ്റീവ്. നാലു റോളും വാഷ് ചെയ്തതില്‍ തനിക്കാവശ്യമായ പടങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അടയാളപെടുത്തിക്കോ. ആവശ്യമുള്ളത് പറഞ്ഞാല്‍ ഞാന്‍ പ്രിന്റ് എടുത്തു തരാം. മിക്കവാറും ഫോട്ടോസ്, ഏനേ താനേ കോനേന്നും പറഞ്ഞുള്ളതാ.

വൈകുന്നേരം ഒരൊട്ടോറിക്ഷ വീടിനു മുന്‍പില്‍ നില്‍ക്കൂന്നതു കണ്ട ഞാന്‍ വന്നു.

ങാഹാ, ജോബിയാണ്.

എന്താ ജോബി, പതിവില്ലാതെ വീട്ടിലേക്ക്?

ഏയ്, ഒന്നുമില്ല. അതേ, നാലു റോള്‍ ഫിലിമിന്റെ ചാര്‍ജ്, അതു ഡെവലപ്പ് ചെയ്ത ചാര്‍ജ്, അത്രയും നീ തന്നെ പോളേട്ടനു കൊടുത്തോ എന്നു പറയാന്‍ വന്നതാ ഞാന്‍. കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, ഞാന്‍ നല്ല ടൈറ്റിലാ.

അമ്മയുടെ കയ്യില്‍ നിന്നും വാങ്ങിയ പൈസയുമായി പോളേട്ടന്റെ സ്റ്റുഡിയോയില്‍ പോയി ഇരുണ്ട മുഖത്തോടെ, പോളേട്ടന്റെ മുന്‍പില്‍ തല കുനിച്ച് നിന്ന് കാശു കൊടുക്കുമ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി മുതല്‍, ക്യാമറ കയ്യിലെടുക്കില്ലായെന്ന്!!!

60 comments:

കുറുമാന്‍ said...

ഫോട്ടോഗ്രാഫര്‍.

തമാശ കഥകള്‍ എശുതാന്‍ മറന്നു പോയി. യൂറോപ്പ് കഥകളാണു കാരണം. പക്ഷെ തിരിച്ചു വരാതിരിക്കാന്‍ കഴിയില്ലല്ലോ? അങ്ങനെ തിരിച്ചു വന്നു. ഇനി എഴുതി തുടങ്ങട്ടെ, ശരിയാകുമോ എന്നു നോക്കാം.

Ziya said...

ഠേ ഠേ കെടക്കട്ടെ ഒരെണ്ണം ..ഇനി വായിച്ചിട്ടു കമന്റാം ഹി ഹി

:: niKk | നിക്ക് :: said...

കുറുമേട്ടാ പ്രതീക്ഷ വീണ്ടും അസ്ഥാനത്തായല്ലോ !

RR said...

ശരിയാകാതെ എവിടെ പോകാന്‍? കുറുമാന്‍ തമാശ കഥ എഴുതുന്നതു മറക്കാനോ? :)

രാജീവ്::rajeev said...

നന്നായിട്ടുണ്ട് കുറുമാന്‍ ജി. പിന്നെ താഴെ ഉണ്ടായിരുന്ന ഗൂഗിള്‍ ആഡ്സ് എവിടെ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പുതിയ ഗിയര്‍ ബോക്സ് മാറ്റി വച്ചതല്ലേ..ഗിയര്‍ വീഴാന്‍ ഇത്തിരി പ്രയാസം കാണും..
എന്നാലും സംഭവം അടിപൊളി. ഇത്തിരി നീണ്ടു പോയോന്നൊരു സംശയം മാത്രം..
“ഭക്ഷണം കഴിക്കുന്ന സിനുകള്‍ മാത്രം ഞാന്‍ പിടിക്കാന്‍ മുതിര്‍ന്നില്ല.“
അതാണങ്കിള്‍ യഥാര്‍ത്ഥ പ്രൊഫഷണലിസം (ഗൊഡു ഗൈ)--ആ ടൈം കളയാന്‍ പറ്റുമോ????

ഒരു സംശയം കൂടി ..ജോബിയോ ഷോബിയോ??

Ziya said...

ഗൊള്ളാം ട്ടോ...ദൈര്‍ഘ്യം ഏറിയോന്നൊരു ദമിശയം!എന്തായാലും കലക്കീട്ടുണ്ട്...കൂടുതല്‍ കൂടുതല്‍ പോരട്ടെ

മൈഥിലി said...

എനിക്കിഷ്ടായി.
അഹങ്കാരത്തിന് അങ്ങനെതന്നെ വേണം

Anonymous said...

പൂട്ടും കുറ്റി മാറ്റി കുപ്പി ഗ്ലാസ്സാകുന്നു, കുപ്പി ഗ്ലാസ്സ് മാറ്റി സ്റ്റീല്‍ ഗ്ലാസ്സാകുന്നു !!! ഇനിയെങ്ങനെയാ ചിരിക്കാതെ ലെന്‍സ് മാറ്റിയിടുക...!

തമനു said...

എന്റെ കയ്യില്‍ കാശില്ലടാ എന്നു പറഞ്ഞാല്‍, എന്റെ കയ്യിലും കാശില്ല എന്നു പറയുന്നവര്‍. എന്റെ കയ്യില്‍ കാശുണ്ടടാ എന്നു പറഞ്ഞാല്‍, വാ നമുക്ക് പോയി സ്മാളടിക്കാം എന്നു പറയുന്നവര്‍. എന്തൊരു സമാന മനസ്കത!


കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു. ഫുള്‍ ടൈം ഭാര്യയുടെ അരികില്‍ തന്നെ ഇരിക്കണം എന്ന തോന്നലും, ആശയും മാറി, ചെറുതായെങ്കിലും ബോറടിച്ചിരിക്കണം.

കലക്കി കുറുമാനേജരേ ... കലക്കി

പോളേട്ടന്റെ കാശ്‌ കൊടുക്കാന്‍ പോയ ആ പോക്കും കൂടി കഴിഞ്ഞപ്പോള്‍ തൊലിക്കട്ടി നല്ല പോലെ കൂടീക്കാണുമല്ലേ..

എനിക്കും ഇതു പോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്‌. പക്ഷേ അതു വലിയ ക്യാമറയിലൊന്നുമല്ല. ഒരു ശിന്ന ക്യാമറ.

ഡെവലപ്പ്‌ ചെയ്ത ഫിലിം വാങ്ങാന്‍ കോട്ടയം ബാവന്‍സ്‌ സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ അവിടുത്തെ പയ്യന്‍ എന്നോട്‌ ചോദിച്ചു..
“ആരാ ഈ ഫോട്ടോയെല്ലാം എടുത്തെ..?”

ഫോട്ടോയുടെ ക്വാളിറ്റി കണ്ട് എന്നെ അവിടെ ജോലിക്കെടുക്കാനായിരിക്കുമെന്ന്‌ ഉറപ്പിച്ച്‌ ആവുന്നത്ര നെഞ്ച് വിരിച്ച്‌ ഞാന്‍ പറഞ്ഞു. “ഞാന്‍ തന്നാ..”

പക്ഷേ അയലോക്കത്തെ ‘സോമന്റെ’ പേരു പറഞ്ഞാ മതിയാരുന്നൂന്ന്‌ അയാള്‍ എടുത്തു തന്ന ഒരു ഫോട്ടൊ പോലും കിട്ടാത്ത ആ ഫിലിം കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു പോയി.

അതോര്‍പ്പിച്ചതിന് നന്ദി കുറുമാനേ..

കുറുമാന്‍ തമാശ മറക്കാനോ ... ഇനിയും പോരട്ടെ കിടിലന്‍ സാധനങ്ങള്‍.

asdfasdf asfdasdf said...

പടം പിടുത്തപുരാണം നന്നായിട്ടുണ്ട്. ഉപമകളെഴുതി കഥയുടെ കാമ്പുകളയുന്ന രചനാ രീതിയില്‍ നിന്നും വ്യത്യസ്ഥതയുള്ള ശൈലി. അടുത്തത് പോരട്ടെ.

krish | കൃഷ് said...

"ബില്ലു വന്നപ്പോള്‍, ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല എന്ന തിരിച്ചറിവുള്ളതിനാല്‍ എത്രയായി എന്നു പോലും ജോബിയോട് ചോദിച്ചില്ല, പകരം, ടൂത്ത് പിക്കെടുത്ത് പല്ലിന്റെ ഇടകുത്തിയും, സിഗററ്റ് പുക, വളയം വളയമാക്കി അന്തരീക്ഷത്തിലേക്ക് ഊതി വിട്ടും, രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചും ഞങ്ങള്‍ ബിസിയായി ഇരുന്നു."

കുറുമാനെ കലക്കീട്ട്‍ണ്ട്..
യൂറോപ്പില്‍ നിന്നും ഫോട്ടോഗ്രാഫി പഠിച്ചത് ശരിക്കും പ്രയോഗിച്ചു ആല്ലേ.. ഈ ശൈലി നാട്ടുകാറ്ക്ക് മനസ്സിലാകൂല്ലാ.

ഞാന്‍ ഒരു പ്രാവശ്യം അവധിക്ക് നാട്ടില്‍ ചെന്ന് ബന്ധുവീട്ടുകല്ളിലെല്ലാം വിരുന്നിന്‍് പോയപ്പോള്‍ അവരുടെ ചിത്രങ്ങള്‍ ഫിലിം കാമറ കൊണ്ട് എടുത്തു. അവസ്സാനം ഡെവലപ്പ് ചെയ്തപ്പോള്‍ ഒന്നുമില്ല. ഫിലിം ലാഭിക്കാനായി ആദ്യം നല്ലപോലെ കറക്കിയില്ല, അത് പിടുത്തം കിട്ടാതെ അവിടെതന്നെ ഇരുന്നു. ഞാന്‍ കരുതി ഇതുപോലെ വല്ലതും സംഭവിച്ചുകാണുമെന്ന്.


കൃഷ് | krish

മുക്കുവന്‍ said...

എന്റെ പെങ്ങള്‍ക്കു കല്ല്യാ‍ണം അലോചിച്ചതാ ഈ ഇഷ്ടനുമായി. നേരില്‍ കണ്ടപ്പൊള്‍ വേണ്ടാന്നു വച്ചു.


എന്റെ ഒരു സഹമുറിയന്‍, വേറൊരുത്തന്റെ പെണ്ണിനയക്കാന്‍ ഫോട്ടോ എടുത്തു. ഒരു റോള്‍ ഫിലിം ഫുള്‍. പ്രിന്റ് കിട്ടിയപ്പോള്‍ ഓരോ ഫോട്ടോയിലും ഓരോ ഭാഗങ്ങള്‍ മാത്രം പിന്നെ സ്റ്റുടിയോയില്‍ പോയി വേറെ എടുത്ത് അയച്ചു.

യൂറൊപ്യന്‍ ടൂര്‍ പോലെ കിടിലം ആയില്ല എങ്കിലും, നന്നായിരിക്കുന്നു. ഞാന്‍ എന്റെ ഒരു തേങ്ങ, ഠേ ഠേ..

Unknown said...

പെട കിട്ടാഞ്ഞത് ഭാഗ്യം. അങ്ങനെ കുറുമാന്‍ തിരികെ ചതുരം നമ്പ്ര ഒന്നില്‍. :-)

sandoz said...

കുറൂസേ....അത്‌ മോശായിപ്പോയീ....എന്തൂട്ടാണേന്നാ.....ഫിലിം റോളിന്റേം കഴുകിയതിന്റേം കാശ്‌ കൈയീന്ന് കൊടുത്തത്‌........
നിന്റെ 'ടൈറ്റ്‌' മാറണ വരെ ഞാന്‍ 'വെയിറ്റ്‌' ചെയ്യാടാ...എന്ന് പറഞ്ഞിരുന്നെങ്കില്‍ കലക്കിയേനേ....അവന്‍ പണ്ടം ഇടിച്ച്‌ കലക്കിയേനേ എന്ന്.....

ദിവാസ്വപ്നം said...

ഹ ഹ കുറുമാനേ

ഇതുപോലത്തെ ഫിലിംക്യാമറാനുഭവങ്ങളൊന്നുമില്ലെങ്കിലും, കോളേജില്‍ പഠിച്ചിരുന്ന കാലത്ത് വീട്ടിലൊരു ചെറുക്യാമറാ വാങ്ങി അതില്‍ ആദ്യമായി ഒരുറോള്‍ ഫിലിമും ഇട്ട് നിറയെ പടം പിടിച്ചു. കോളേജില്‍ നിന്ന് വരുന്ന വഴി ഫിലിം ഡെവലപ് ചെയ്യാന്‍ കൊടുക്കണമെന്ന് കരുതി കോളേജില്‍ പോയപ്പോള്‍ ക്യാമറാ പോക്കറ്റിലിട്ടു.

ക്ലാസ്സില്‍ ഇരുന്നപ്പോള്‍ ഒരു സഹപാഠി, ക്യാമറാ കാണാനുള്ള കൌതുകത്തിന് അതെടുത്ത് തിരിച്ചുമറിച്ചും നോക്കുന്ന വഴിയ്ക്ക് അറിയാതെ ക്യാമറാ തുറന്ന് ഫിലിം വെളിയില്‍ വന്നു. ഫിലിം എക്സ്പോസ് ആയാല്‍ ഫോട്ടോ പോയിക്കിട്ടുമെന്ന് ആ പാവത്തിന് അറിയില്ലായിരുന്നെന്ന് തോന്നുന്നു. കൂടുതല്‍ ഏന്തുപറയാനാ, ആ ഫോട്ടോ മിക്കതും അടിച്ചുപോയി :(

വേണു venu said...

എന്‍റെ ഒരു സുഹൃത്തിന്‍റെ മകന്‍റെ ബര്‍ത്തു് ഡെ പാര്‍ട്ടി. സുഹൃത്തു തന്നെ ഫോട്ടോ ഗ്രാഫറും. പിന്നെ സുഹൃത്തിനു് പാര്‍ട്ടിയിലെ പ്രധാന ഭാഗങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്ന രംഗങ്ങളില്‍ (കേക്കു മുറിക്കുക, മകനും ഭാര്യയും ആയുള്ള പോസ്സുകള്‍, വിശിഷ്ടാതിഥികള്‍ വരുമ്പോള്‍ അവരുമായി സിങ്കിള്‍ ക്ലിക്കുകള്‍) ഇതൊക്കെ എന്നെ ആയിരുന്നു ഏല്‍‍പിച്ചിരുന്നതു്. ഭങ്ങിയായി ഞാന്‍ നിര്‍വഹിക്കുകയും ചെയ്തു. ഫോട്ടോ ഡെവൊലൊപ്പു് ചെയ്തു് വന്നപ്പോള്‍ ഞാനെടുത്ത ഫോട്ടൊകള്‍ ഒഴികെ മറ്റെല്ലാം വളരെ ക്ലിയറായിരുന്നു. കുറച്ചു നാളത്തേയ്ക്കു് സുഹൃത്തിനെ ഒളിച്ചു നടക്കാനായിരുന്നു എനിക്കിഷ്ടം.
അതന്നായിരുന്നേ.!..
ആദ്യത്തെ ഫുള്‍ കഴിഞ്ഞപ്പോള്‍ അവന്റെ കയ്യിലുണ്ടായിരുന്ന ആല്‍ബം ഞങ്ങള്‍ വാങ്ങി നോക്കി.
എന്റെ ക്യാമറയിലെ ഓരോ ക്ലിക്ക് ക്ലിക്കുമ്പോഴും അടിച്ചിരുന്ന ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍, പോളേട്ടന്റെ മുഖം മങ്ങുന്നത് കണ്ട് ഞാന്‍ ഉള്ളില്‍ ചിരിച്ചു.
ഇതേ പോലെയുള്ള കുറുമാനിസങ്ങളിലൂടെ ചിരിച്ചു രസിച്ചു വായിച്ചു വായിച്ചേ.:)

Siju | സിജു said...

ഞാന്‍ ആദ്യമായി ഫോട്ടൊയെടുത്തതോര്‍മ്മ വന്നു
എനിക്കിതൊക്കെ നല്ല വശമാണെന്ന ധാരണയില്‍ ഒരു കല്യാണത്തിന് ഫോട്ടോയെടുക്കാനെന്നെ ഏപ്പിച്ചു.
ചാഞ്ഞും ചരിഞ്ഞൂം മൂന്നാലു ഫോട്ടോയെടുത്തിട്ട് ശരിയായോന്നറിയാന്‍ വേണ്ടി ഞാനതങ്ങു തുറന്നു. എടുത്തതും എടുക്കാത്തതുമെല്ലാം അങ്ങനെ തന്നെ അടിച്ചു പോയി. അന്നു ചീത്ത കേട്ടപ്പോള്‍ തീരുമാനിച്ചതാ ഇതു പഠിച്ചിട്ടേ ബാക്കി കാര്യമൊള്ളൂന്ന്.
സഫറോം കി സിന്ദഗി .... :-)

ഇടിവാള്‍ said...

vഗെഡ്യേ... ഇതു താന്‍ പണ്ടൊരു ബ്ലോഗില്‍ കമന്റായിട്ടു പൂശിയത് വായിച്ചിരുന്നതോന്റ് ക്ലൈമാക്സ് പെട്ടെന്ന് കത്തി ;)

“എന്റെ കയ്യില്‍ കാശുണ്ടടാ എന്നു പറഞ്ഞാല്‍, വാ നമുക്ക് പോയി സ്മാളടിക്കാം എന്നു പറയുന്നവര്‍. എന്തൊരു സമാന മനസ്കത!“ ഹഹ അതു കലക്കി....

പിന്നെ.. ഡണ്‍ ! ഇങ്ങനെ പറയുന്നൊരു ഗെഡി എനിക്കൂണ്ട്.. 2 മണിക്കൂറിനകം, ഇറാക്കില്‍ പോയി 5 ഉഴുന്നുവടയും 4 പരിപ്പു വടയും വാങ്ങി വരാന്‍ നിനക്കാവുമോ.. എന്ന്നവനോടു ചോദിച്ചാല്‍ ഒരു ഷേക്കാന്‍ഡും തന്ന് അവന്‍ പറയും.. ഡണ്‍ !

എപ്പഴൊക്കെ ഓനതു പറഞ്ഞോ..അക്കാര്യമൊന്നും നടന്നിട്ടില്ല/അഥവാ കൊളമായിട്ടുണ്ട്...

ഇപ്പോ താനും പറയുന്നു.. ഡണ്‍!

ഡണ്‍ എന്നതിന്റെ മലയാളത്തിലെ കൃത്യമായ അര്‍ത്ന്താണാവോ.. “നശിപ്പിച്ചു തരാം എന്നാണോ? ;)

സഞ്ചാരി said...

ഏതു ഗ്രാമത്തിലും, ടൌണിലും, സിറ്റിയിലും, സംഭവിക്കുന്നതു തന്നെ ഇവിടേയും സംഭവിച്ചു. തൊഴിലില്ലാതിരുന്ന എനിക്ക് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സമാന മനസ്കാരായ കുറച്ച് സുഹൃത്തുക്കളെ കിട്ടി. എന്തെടാ, എന്നു ചോദിച്ചാല്‍ ഏതേടാ എന്നു ചോദിക്കുന്നവര്‍. എന്റെ കയ്യില്‍ കാശില്ലടാ എന്നു പറഞ്ഞാല്‍, എന്റെ കയ്യിലും കാശില്ല എന്നു പറയുന്നവര്‍. എന്റെ കയ്യില്‍ കാശുണ്ടടാ എന്നു പറഞ്ഞാല്‍, വാ നമുക്ക് പോയി സ്മാളടിക്കാം എന്നു പറയുന്നവര്‍. എന്തൊരു സമാന മനസ്കത!
രസമായിട്ടുണ്ട് ഈ വരികള്‍.
ഫോട്ടോഗ്രാഫറൊന്നും വേണ്ടാന്നു പറഞ്ഞിട്ട് ഫിലിം ലോഡ്ചെയ്യാതെ. ഒരു വീട പാലുകാച്ചലിനു ഫോട്ടോയെടുത്ത് ഒരാളെ എനിക്കു വളരെ അടുത്ത്അറിയാം.
ചുമല് ഞാന്‍ വെറുതെ തടവിയതാ കുന്‍പളങ്ങ എന്ന സാധനം എനിക്ക് അറിയുകെയില്ല.

സ്വാര്‍ത്ഥന്‍ said...

പോസ്റ്റിന്റെ നീളം കണ്ടപ്പൊ വായനയും നീട്ടിവച്ചതാ, ഇതു പക്ഷേ വളരെ എളുപ്പം വായിച്ചു തീര്‍ന്നു, ആസ്വദിച്ച് തന്നെ.

മയൂര said...

ഫോട്ടോഗ്രാഫര്‍,തീരുന്നത് വരേ ആസ്വദിച്ച് വായിച്ചു. ഇഷ്ട്ടായി. യൂറോപ്പ് കഥകള്‍ വായിക്കാന്‍ വന്നതാ അപ്പോള്‍ ഇതു കണ്ടു.അതു ഇനിയും വയിച്ച് തീര്‍ക്കുവാനു‌ണ്ട്.

ജേക്കബ്‌ said...

:-)

Anonymous said...

'ഡണ്‍'.. അടുത്തതു എപ്പഴാ..

Visala Manaskan said...

"കാക്കാതുരുത്തി പാലം എത്തിയപ്പോള്‍ ഞാന്‍ വണ്ടി നിറുത്തിച്ചു. പിന്നെ ഒഴുകുന്ന പുഴയുടേയും, മണ്ടരി രോഗം വന്ന് പഴുത്തു മഞ്ഞക്കളറിലുള്ള ഓലകളെ ചുമന്നു നില്‍ക്കുന്ന തെങ്ങിന്‍ തോട്ടത്തിന്റേയും ഫോട്ടോകള്‍ എടുത്തു. ഒപ്പമുള്ള കൂട്ടുകാര്‍ എന്നെ ആരാധനയോടെ നോക്കി"

:)

അരവിന്ദ് :: aravind said...

രസിച്ചു :-)

ഹൈദരാബാദിലായിരിക്കുമ്പോള്‍ രാമോജി ഫിലിം സിറ്റി കാണാന്‍ പോയി. കൈയ്യിലുള്ള ക്യാമറ കൊണ്ട് പടം പീടിച്ചു. കൂട്ടുകാരെ നിരത്തി നിര്‍ത്തി, ചരിച്ചു കിടത്തി, മരം, പാറ ഇതിന്റെ മുകളില്‍ കയറ്റി, സാഹസികമായി, ജീവന്‍ പണയം വച്ച് വരെ പല ലൊക്കേഷനില്‍ നിന്നും അവരുടെ (എന്റേം) ഫോട്ടോ എടുത്തു.

വീട്ടില്‍ തിരികെ വന്ന് റോള് റിവൈന്‍ഡ് ചെയ്യാന്‍ നോക്കീട്ട് പറ്റുന്നില്ല.ഒരു തരത്തില്‍ റിവൈന്റ് ആവുന്നില്ല.

അവസാനം സഹികെട്ട് ഇരുട്ടുമുറിയില്‍ കൊണ്ടുപോയി തുറന്നു..

ക്യാമറയില്‍ ഫിലിം ഇടാന്‍ മറന്ന് പോയിരുന്നു.

അന്നവന്മാരുടെ കൈയ്യില്‍ നിന്ന് കിട്ടിയ ഇടി...
ഹെന്റമ്മേ.....ഫിലിം റോള് കണ്ടാല്‍ ഇന്നും എനിക്ക് വിറക്കും..

:-))

മുസ്തഫ|musthapha said...

"...ബില്ലു വന്നപ്പോള്‍, ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല എന്ന തിരിച്ചറിവുള്ളതിനാല്‍ എത്രയായി എന്നു പോലും ജോബിയോട് ചോദിച്ചില്ല, പകരം, ടൂത്ത് പിക്കെടുത്ത് പല്ലിന്റെ ഇടകുത്തിയും, സിഗററ്റ് പുക, വളയം വളയമാക്കി അന്തരീക്ഷത്തിലേക്ക് ഊതി വിട്ടും, രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചും ഞങ്ങള്‍ ബിസിയായി ഇരുന്നു..."

ഒരു കേടുമില്ലാത്ത പല്ലിന്‍റെ ഇട ഇങ്ങിനെയുള്ള അവസരങ്ങളില്‍ കുത്തിക്കുത്തിയാണ് എന്‍റെ പല്ലൊരെണ്ണം കേടു വന്നത് :)

:)

myexperimentsandme said...

കുറുമയ്യയ്യായുടെ എഴുത്ത് അപാര്‍, അപാര്‍.

ഡിജിറ്റലായതിന്റെ ഒരു ഗുണം ഇത്തരം പാതകങ്ങള്‍ ഉണ്ടാവില്ല എന്നത് തന്നെ.

വളരെ നല്ല ഒരു സ്ഥലത്ത് ചെന്ന് അടിപൊളിയെന്ന് ഞാന്‍ കരുതുന്ന ഒരു ക്യാമറ ബ്യാഗിനകത്തെന്നെടുത്ത് മറിഞ്ഞും തിരിഞ്ഞും കിടന്നും ഫോട്ടങ്ങള്‍ പിടിച്ച്, സ്റ്റുഡിയോക്കാരന്‍ തന്നെ തുറന്നോട്ടെ, ഇനി ഞാന്‍ തുറന്നശുദ്ധമാക്കേണ്ട എന്ന് വെച്ച്, ക്യാമറ ബ്യാഗ് സഹിതം സ്റ്റുഡിയോയില്‍ കൊണ്ട്ചെന്ന് “ഇന്നാ ചേട്ടാ, ഇത് തുറന്ന് ഇതിലെ ഫിലിം സൂക്ഷിച്ചെടുത്ത് ഒന്ന് ഡവലപ് ചെയ്ത് തന്നേര്“ എന്നും പറഞ്ഞ് വെയിറ്റിട്ട് നിന്ന്, സ്റ്റുഡിയോക്കാരന്‍ കൈമറ സൂക്ഷിച്ച് തുറന്നപ്പോള്‍, കൈമറക്കകം ശൂന്യം. ബ്യാഗ് തുറന്നപ്പോള്‍ ഫിലിം സേഫായി ബ്യാഗിനകത്ത്- ഒട്ടും എക്സ്‌പോസ്ഡ് ആയില്ല.

Haree said...

രണ്ടുമൂന്നു സാമ്പിള്‍ ഫോട്ടോസും കൂടി പോസ്റ്റാമായിരുന്നു. ജോബിയെ ഒന്നുകൂടി തപ്പിയെടുക്കെന്നേ... ഇത് പോളേട്ടനെടുത്തത്, അതു തന്നെ ഇത് ഞാനെടുത്തത്. അറ്റ്ലീസ്റ്റ് താലികെട്ടുന്ന പടമെങ്കിലും സാമ്പിളായി ഇട്ടൂടേ? മറ്റൊന്നുണ്ട്, നമ്മള്‍ മാത്രം ആര്‍ട്ടിസ്റ്റിക് ഫോട്ടോഗ്രാഫറായാല്‍ പോര, സബ്ജക്ടും ആര്‍ട്ടിസ്റ്റിക്കാവണം... അല്ലേ? [:P]
--
ഞാനൊരു ഡിജിറ്റല്‍ വാങ്ങിയാലെന്താ എന്നൊരു ആലോചനയുണ്ടായിരുന്നു... ചെറുതൊന്നുമല്ല, അല്പം സൈസക്കെയുള്ളത്, ഇനിയിപ്പോ അതു വേണോ എന്നൊരു പുനര്‍വിചിന്തനം.
--

അഡ്വ.സക്കീന said...

ഇതു കൊണ്ടൊന്നും തകരരുതു കുറുമാ, ക്യാമറ കൈകൊണ്ട് തൊടില്ലെന്നൊന്നും കടുത്തു തീരുമാനിക്കുകയുമരുത്. എന്നാലല്ലേ വായിക്കാന്‍ രസമുള്ള കഥകളുണ്ടാകൂ.
കഥ തീര്‍ന്നതറിഞ്ഞില്ല.

Kumar Neelakandan © (Kumar NM) said...

കുറുമാന്‍, വായിച്ചിട്ടു കമന്റാം. യൂറോപ് സ്വപ്നങ്ങള്‍ പോലും ഞാന്‍ ആറാം ലക്കത്തില്‍ എത്തിയതെ ഉള്ളു.

പക്ഷെ അതു തുടരനായി വായിച്ച ഒത്തിരിപേര്‍ കമന്റിനുമപ്പുരം തുറന്ന അഭിപ്രായങ്ങള്‍ പറയുന്നത് കേള്‍ക്കാനായി. അതു തീര്‍ന്നതിലുള്ള വിഷമം കാണാനായി. വായിക്കണം ഇനി ബാക്കി അദ്ധ്യായങ്ങള്‍ ഒറ്റ ഇരുപ്പില്‍.

എന്നിട്ട് വരാം സ്വപ്നങ്ങള്‍ക്ക് ആധികാരികമായി കമന്റാന്‍.

Peelikkutty!!!!! said...

കുപ്പി ഗ്ലാസ്സ്,സ്റ്റീല്‍ ഗ്ലാസ്സ്...പല വിധ പ്രകൃതി ദൃശ്യങ്ങളും പകര്‍ത്തി..ഹി.ഹി..ഹി!!!

അമല്‍ | Amal (വാവക്കാടന്‍) said...

കുറുമാനേ,

ഫോട്ടോഗ്രാഫി അനുഭവങ്ങള്‍ ഒട്ടു മിക്കവര്‍ക്കും ഉണ്ടായിരിക്കും..അത് എഴുതി പൊലിപ്പിക്കുന്നതിലാണ് ഗുരോ കളി!!

രസായിട്ട് വായിച്ചു..

“കോട്ടപുറവും, പറവൂരും, കഴിഞ്ഞ്, വണ്ടി അഴിക്കോട് പള്ളിയങ്കണത്തില്‍ എത്തി.


അടിച്ച് കോണ്‍ തിരിഞ്ഞാലും ആള്‍ക്കാര്‍ ഈ വഴി പോകുമെന്നു തോന്നുന്നില്ല :)

Unknown said...

‘ഫോട്ടോഗ്രാഫര്‍.

തമാശ കഥകള്‍ എശുതാന്‍ മറന്നു പോയി.ഇനി എഴുതി തുടങ്ങട്ടെ, ശരിയാകുമോ എന്നു നോക്കാം. ‘

അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്ക്വോ കുറുമാനേ?

ഇതും പതിവുപോലെ ഗടിപിടിയായിട്ടുണ്ട്.

പോരട്ടെ അടുത്ത റൌണ്ട് വെടിക്കെട്ട്:)

Promod P P said...

കുറുമാന്‍ പഴയ ക്വാമഡി മൂഡിലേയ്ക്ക് തിരിച്ചു വന്നിരിയ്ക്കുന്നു.. കഥ എരമ്പി..

ഓ.ടോ : എറണാകുളത്തു നിന്ന് തൃശ്ശൂര്‍ക്ക് വരുമ്പോള്‍ കൊടകര ഒക്കെ കഴിഞ്ഞ് വലതുവശത്ത് ഒരു കഷേത്രം കണ്ടു. കുറുമാലി ക്ഷേത്രം എന്നോ മറ്റോ പേരില്‍.. അതു കുറുമാന്റെ കുടുംബ ക്ഷേത്രമാണോ

qw_er_ty

വിചാരം said...

കുറുമാ.. അതുപോളേട്ടന്‍റെ കണ്ണേറ് തന്നെ
തുടരട്ടെ...
...
അഹംങ്കാരം.. ഇതുതന്നെ വേണം
ഹി ഹി ഹി

Sona said...

കുറുമാന്‍ജി...തടികേടാകാതെ രക്ഷപ്പെട്ടത് ഭാഗ്യം..ധന നഷ്ടം..മാനഹാനി!!!

മഴത്തുള്ളി said...

കൊള്ളാം കുറുമാന്‍,

ഇതു വായിക്കുന്നതിനു മുന്‍പ് തന്നെ ഊഹിച്ചിരുന്നു എന്താണ് സംഭവിക്കുക എന്നത്. രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

Mubarak Merchant said...

ഹഹഹഹഹഹഹഹഹഹ ഹഹഹഹഹഹഹഹ ഹഹഹഹഹഹഹ ഹഹഹഹഹഹഹ് ഹഹഹഹഹ പോളേട്ടന്റെ സ്റ്റുഡിയോയില്‍ കുറൂന്റെയാ നിപ്പ് ഒന്നര നിപ്പ് തന്നെ. ഹഹഹഹഹ

ഏറനാടന്‍ said...

ഒരു ട്രാജഡി തീര്‍ന്നാല്‍ ഒരു കോമഡി എന്ന കെമിസ്‌ട്രി പോലെ യൂറോപ്യന്‍ യാത്രകളുടെ ദു:ഖപര്യവസാനം ഈ രസകരമായ ജീവിതതുണ്ടിലൂടെ നികത്തിയല്ലേ..

ഒന്നൂടെ വിസ്‌തരിച്ചിരുന്ന് വായിക്കാന്‍ ഞാന്‍ ഇത്‌ പ്രിന്റ്‌ എടുത്തിട്ടുണ്ട്‌. (താങ്കളുടെ സമ്മതമുണ്ടെന്ന് കരുതട്ടെ)

Kaithamullu said...

ദൂഫായീന്ന് കൊണ്ടോയ യാഷിക്കാ ക്യാമെറാ കൊണ്ടാ എന്റെ കല്യാണഫോട്ടോ ‘പെഷല്‍‘ ആയി കുട്ടുകാരനെകൊണ്ടെടുപ്പിച്ചത്.പുതുപ്പെണ്ണിന്റെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ രണ്ടുപേരും കൂടി തന്നെ സ്റ്റുഡിയോവില്‍ പോയി, ഫോട്ടം കാണാന്‍. ബാക്കി ഞാന്‍ പാറയണോ.....

കുറുമാനെ, ചിരിച്ച് ചിരിച്ച് ഒരു വകുപ്പായി!
പക്ഷേ ഒരു സംശം:
കോട്ടപ്പുറമെവിടെ, അഴീക്കോടെവിടെ?
-കൊടുങ്ങല്ലൂരമ്മയെ കാണാതെയല്ലേ ഇരിഞ്ഞാലക്കുടേന്ന് അഴീക്കോട്ടേക്ക് പോവുക?

വിവി said...

യേ ക്യാ ഹുവാ ക്യാമറാ കൂറൂ?
ആ ഫൊട്ടോകള്‍ ഒന്ന് പോസ്റ്റായിടുമോ?
എത്രത്തോളം ശ്രീജിത്താണ് താങ്കള്‍ എന്നറിയാനാ.

ഓ.ടോ.
ഈ കമെന്റിടാന്‍ ചെന്നപ്പോള്‍ കുറൂന്റെ ‘വേര്‍ഡ് വെരിഫിക്കേഷന്‍’ എന്നോട് ഇംഗ്ലീഷില്‍ ടൈപ്പാന്‍ പറഞ്ഞത് മലയാളത്തിലെ ഒരു തെറി. പണ്ട് വിശാലന്റെ ബ്ലോഗിലും എനിക്കിത് കിട്ടിയിരുന്നു. എനിക്കിത് കിട്ടണം. കഷ്ട്ടപ്പെട്ട്, പണിനിര്‍ത്തി വെച്ച് വായിക്കണ് എനിക്കിത് കിട്ടണം. കുറൂന്റെ തലയിലെ ബുള്‍ഗാനില്‍(കഷണ്ടി എന്ന് വിളിക്കാന്‍ പോലും ഇല്ല) ഉള്ള മുടീം കൂടി കൊഴിഞ്ഞു പോകട്ടെ.

Kalesh Kumar said...

മേന്നേ, സൂപ്പര്‍!

G.MANU said...

കുറുമാനേ വാങ്ങുകീ കൂടെപ്പിറപ്പിണ്റ്റെ
കറവീഴാക്കൈയും കൈനിറയെച്ചെണ്ടും..
കുറിമാനംവീണ്ടും നിറയട്ടെ ബ്ളോഗിലായ്‌
കറുമുറെത്തിന്നാന്‍ നിറയെ പ്രതിഭയും

അവാര്‍ഡാശംസകള്‍

മേഘമല്‍ഹാര്‍(സുധീര്‍) said...

കുരുമാനേ, ഉഗ്രനായിട്ടുണ്ട്‌ ഈ പൊസ്റ്റും. അല്ലെങ്ങിലും നമ്മള്‍ തൃശ്ശൂക്കാരൊന്നിലും അത്ര മൊശാവാറില്ലന്നേ..മികച്ച ബ്ലോഗിന്‌ സമ്മാനം കിട്ടിയതിന്‌ അഭിനന്ദനങ്ങള്‍.

ജെയിംസ് ബ്രൈറ്റ് said...

എല്ലാം മനോഹമായിട്ടുണ്ട്.
അവാര്‍ഡിന്‍ എന്റെ അഭിനന്ദനങ്ങള്‍

Sapna Anu B.George said...

കുറുമാനേ നന്നായിട്ടൂണ്ട് കേട്ടോ, എന്നത്തെയും പോലെ,വളരെ പച്ചയായ ചിത്രം. അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും

Anonymous said...

കാര്യമൊക്കെ ശെരിതന്നെ, എഴുതിയതു നന്നായിട്ടുമുണ്ട്. പക്ഷെ, ഈ കല്യാണ ഫോട്ടോഗ്രാഫി അത്യാവശ്യം പൈസ കിട്ടുന്ന പരിപാടിയാണെന്ന കാര്യം എല്ലാരെയും ഇങ്ങനെ അറിയിക്കണ്ടായിരുന്നു. എല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞാല് അതു തുടങ്ങി ജീവിക്കാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇനി എപ്പോ നാട്ടുകാരൊക്കെ അറിയില്ലേ ? സാരമില്ല. വരുവാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലെ ..

ഈയുള്ളവന്‍ said...

കുറുമാന്‍‌ജീ,
കിടിലന്‍...! പണ്ട് കര്‍ത്താവിനെ കുരിശില്‍ തറച്ചപ്പോള്‍ കുരിശ് പറഞ്ഞുവെന്നാ പറഞ്ഞത് - ഞാനെന്ത് പാപം ചെയ്‌തിട്ടാ കര്‍ത്താവേ, എന്റെ മേല്‍ ഈ ആണിയൊക്കെ അടിച്ചുകേറ്റണേന്ന്... (കടപ്പാട് : റാംജിറാവു സ്പീക്കിങ്ങ്, അതോ മാന്നാര്‍ മത്തായിയോ..? എന്തെങ്കിലുമാകട്ടെ, ആരോ സ്‌പീക്കിങ്ങ്..) അതുപോലെ ആ ക്യാമറയും പറഞ്ഞിട്ടുണ്ടാകുമല്ലേ? ഞാനെന്തുപാപം ചെയ്‌തിട്ടാ കര്‍ത്താവേ ഇവനെന്നെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന് .. ആദ്യം മുതല്‍ അവസാനം വരെ ആസ്വദിച്ചുതന്നെ വായിച്ചു. കൂട്ടുകാരനെ വലിപ്പിക്കുന്ന (ചിലയിടത്ത് വഹിപ്പിക്കുന്ന എന്നും പറയുമെന്ന് തോന്നുന്നു) ആ വിവരണവും അടിപൊളി.. എഴുതൂ കുറുമാന്‍‌ജീ, ഇനിയും ഇനിയും... ഒത്തിരിയൊത്തിരി... കംഗാരു റിലേഷന്‍‌സ്... :)

അപ്പു ആദ്യാക്ഷരി said...

:-)))

Renuka Arun said...

Hi


polettan vannu "professional" aanu alle enne chodichappol orma vannathu "doore doore koodu koottam "enna malayalam cinemayil mohanlal kore english vechu kachmbol jagathy vannu english medium aanelle ennu chodikkunathu aanu

innale ee scene kiran TV yil veendum kandu:-)

but how come fotoes were damaged...good camera only ryte?

RENUKA ARUN

Anonymous said...

first time iam reading ur blogg...good & intresting narriation kalakki..waiting for the next parts

Vempally|വെമ്പള്ളി said...

കുറുംസെ, വൈകി ഓടുന്ന വണ്ടി ഇപ്പഴാഇവിടെത്തിയത്. ഫോട്ടോ പിടുത്തം കൊള്ളാല്ലോ!!

ലിഡിയ said...

പച്ചയായ ജീവിത സാഹചര്യങ്ങളുടെ രസകരമായ വിവരണം.

ആശംസകള്‍

-പാര്‍വതി.

കുറുമാന്‍ said...

ഫോട്ടോഗ്രാഫര്‍ വായിച്ച എല്ലാവര്‍ക്കും, കമന്റിട്ട എല്ലാവര്‍ക്കും എന്റെ നന്ദി രേഖപെടുത്തുന്നു.

നിങ്ങളുടെ പ്രോത്സാഹനം പിന്നേയും പിന്നേയും, എഴുതുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഈ ബൂലോക കൂട്ടായ്മയില്‍ ഞാന്‍ അഭിമാനിക്കുന്നു. ചെറുതായെങ്കിലുമുള്ള പിണക്കവും, തെറ്റിദ്ധാരണകളും മാറി വീണ്ട എല്ലാവരും ഒന്നാവണമെന്ന് ആഗ്രഹിക്കുന്നു, അതിനായി പ്രാര്‍ത്ഥിക്കുന്നു.

എന്റെ അടുത്ത നോവല്‍ “ കാല്‍ക്കാജിയില്‍ നിന്നും കുറുമാത്തേക്ക് “ ആദ്യ ഭാഗം ഉടന്‍ തന്നെ ഇറക്കുന്നതായിരിക്കും.

ദില്ലിയില്‍ നിന്നും നാടുവരെ കാറോടിച്ച് (തനിച്ച്) വരുന്നതിനിടയില്‍ കണ്ട താജ്മഹല്‍, ചാര്‍മിനാര്‍ തുടങ്ങിയ സ്ഥലങ്ങളും, സംഭവങ്ങളും,സംഭവ വികാസങ്ങളുമാണ് ഈ കഥക്കാധാരം!

evuraan said...

കുറുമാനേ,

ആവശ്യപ്പെട്ടതു പോലെ, പിന്മൊഴികളിലേക്ക് വരുന്ന പുതിയ വെര്‍ഷന്റെ സബ്ജക്റ്റ് ലൈന്‍ തിരുത്തിയിട്ടുണ്ട്. പരീക്ഷിക്കുക, എന്നിട്ട് അഭിപ്രായങ്ങള്‍/പ്രശ്നങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അറിയിക്കുക.

thx.z

കുറുമാന്‍ said...

evuraan said... കുറുമാനേ,

ആവശ്യപ്പെട്ടതു പോലെ, പിന്മൊഴികളിലേക്ക് വരുന്ന പുതിയ വെര്‍ഷന്റെ സബ്ജക്റ്റ് ലൈന്‍ തിരുത്തിയിട്ടുണ്ട്. പരീക്ഷിക്കുക, എന്നിട്ട് അഭിപ്രായങ്ങള്‍/പ്രശ്നങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അറിയിക്കുക. - ഏവൂരാനെ ഇതെന്തായാലും നന്നായി. നന്ദി.

സുല്‍ |Sul said...

ഹെഹെഹ് ഇങ്ങളൊരു പുലിതന്നെ. സംശ്യല്ല. എന്തായാലും പോളേട്ടനെയും കൂടി ഫോട്ടോയെടുക്കാന്‍ ഏല്‍പ്പിച്ച ജോബിയുടെ ദീര്‍ഘദൃഷ്ടി..... :)

-സുല്‍

Anonymous said...

Maasam onnu kazhinjhu keto.

അനീഷ് രവീന്ദ്രൻ said...

സ്നേഹം നിറഞ്ഞ കുറുമാന്,
എന്നെങ്കിലും ഈ പോസ്റ്റ് കണ്ടാൽ...
സങ്കടമായിപ്പോയി...അവസാനം
പക്ഷെ, ഒരു കാര്യം ഞാൻ തീരുമാനിച്ചു.
എന്റെ എഴുത്തിന് മംഗളം പാടുക. ഇനി എഴുതിപ്പിടിപ്പിക്കണമെങ്കിൽ വ്യാഴം വഴി ചന്ദ്രനിൽ പോകുകയൊ, അതിനു മിൽക്കി വേ(പാൽ പുഴയാണെന്ന് ഉറച്ച് തെട്ടിദ്ധരിക്കട്ടെ) നീന്തിക്കടക്കുകയോ ഒക്കെ വേണ്ടി വരും. എന്നാലും എഴുത്ത് വല്ല്യ ഗുണമൊന്നുമില്ലേയ്. പിന്നെന്ത്?

വരട്ടെ...