Sunday, April 01, 2007

മൃതോത്ഥാനം - ഭാഗം - രണ്ട്

കോരിചൊരിഞ്ഞു പെയ്യുന്ന ഇടവപ്പാതി കഴിഞ്ഞു. മിഥുനവും കഴിഞ്ഞു,  കര്‍ക്കിടകം വന്നു.  നാടെങ്ങും പഞ്ഞം. നാളികേര കര്‍ഷകര്‍ പോലും നന്നേ വലുപ്പം കുറഞ്ഞ, കൂരിച്ച നാളികേരം വിറ്റ്,  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നന്നേ പ്രയാസപ്പെടുന്ന കാലം.  കൂലി പണിക്കാര്‍ക്ക് പോലും ഒരു നേരത്തെ പോലും, പണി കിട്ടാത്ത കാലം.  പിന്നെ സെല്‍വിയുടേയും, മുത്തുവിന്റേയും കാര്യം പറയുവാനുണ്ടോ?  പെറുക്കുവാന്‍, കുപ്പിയോ, പാട്ടയോ പോയിട്ട്, നനഞ്ഞൊട്ടിയ ഒരു കഷണം പേപ്പര്‍ പോലും കിട്ടാത്ത കാലം!

മിക്കവാറും ദിവസം മുത്തുവും, സെല്‍വിയും പട്ടിണിയില്‍ തന്നെ. രാത്രിയായാലും, പകലായാലും, റെയില്‍വേ സ്റ്റേഷന്റെ അങ്ങേ തലക്കലുള്ള ബഞ്ചിന്റെ അരികിലായി തന്റെ ഒരു ജോഡി വസ്ത്രവും, കമ്പിളിയും അടങ്ങിയ, ചാക്കുകെട്ടും തലയില്‍ വച്ച്, മറ്റൊരു ചാക്കു വിരിച്ച്, രണ്ട് അരിചാക്കുകള്‍ കൂട്ടി തുന്നി ചേര്‍ത്ത മറ്റൊരു ചാക്കിനാല്‍ പുതച്ച്, സെല്‍വി കിടക്കും. ഒപ്പം, സെല്‍വിയുടെ മാറിലോ, അതോ അരികിലോ ആയി മുത്തുവും.

ഇടിവെട്ടി, ചന്നം പിന്നം മഴപെയ്തൊഴിഞ്ഞ ഒരു കര്‍ക്കിടക രാത്രിയില്‍ മുത്തുവിന് വീണ്ടും നല്ല പനി . പകലൊന്നും പൈപ്പു വെള്ളമല്ലാതെ ഒരു വക കഴിച്ചിട്ടില്ല. സെല്‍വിയുടെ കയ്യിലാണെങ്കില്‍, കട്ടന്‍ ചായ വാങ്ങി കൊടുക്കുവാന്‍ പോലും പൈസയില്ല. പനിച്ചു വിറച്ച്, ശ്വാസം എടുക്കുവാന്‍ പോലും പ്രയാസപെടുന്ന മുത്തുവിനെ നോക്കി സെല്‍വി കുറച്ച് നേരം നിന്നു. പിന്നെ എന്തോ തീരുമാനിച്ചുറച്ചതുപോലെ അവള്‍, ചാക്കെടുത്ത്, മുത്തുവിനെ പുതപ്പിച്ചു. മുട്ടുകാലിലിരുന്ന് അവന്റെ നെറ്റിയില്‍ ഉമ്മ വച്ചു. വീണ്ടും എഴുന്നേറ്റ് നിന്ന് രണ്ട് നിമിഷത്തോളം, അവന്‍ ഉറങ്ങുകയാണല്ലോ എന്നുറപ്പു വരുത്തിയതിനുശേഷം, റെയിൽവേ സ്റ്റേഷനു പുറത്തേക്ക് നടന്നു നീങ്ങി, ഉറച്ച് കാൽവയ്പ്പുകളോടെ.

ഒരു മണിക്കൂറോളം സമയത്തിനുശേഷമാണ് സെല്‍വി മടങ്ങി വന്നത്. തിരിച്ചു വന്നതും, മുട്ടുകാലിലിരുന്ന് സെല്‍വി മുത്തുവിന്റെ നെറ്റിയില്‍ ഉമ്മ വച്ചു. അവളുടെ കണ്ണില്‍ നിന്ന് രണ്ട് തുള്ളി കണ്ണുനീര്‍ അവന്റെ മുഖത്ത് വീണു. സെല്‍വി പതുക്കെ മുത്തുവിനെ തട്ടിവിളിച്ചു. മുത്തൂ, മൂത്തൂ.

പതിവില്ലാതെ, ഉറക്കത്തിന്നിടയില്‍ അമ്മ തന്നെ തട്ടി വിളിക്കുന്നതെന്തന്നറിയാതെ മുത്തു കണ്ണുകള്‍ മിഴിച്ചു നോക്കി.

ഏഴുന്തര് കണ്ണാ, ഏഴുന്തര്. അമ്മാ കോഴിക്കറിയും, പൊറാട്ടാവും കൊണ്ടു വന്തിരിക്കേന്‍. സാപ്പിട്. സാപ്പിട്ടതുക്കപ്പുറം, കാച്ചിലുക്ക് മാത്രയും ഇരിക്കേ, അതും സാപ്പിട്. അതുക്കപ്പുറം തൂങ്കലാം.

പനിച്ചുവിറച്ചു കിടക്കുകയാണെങ്കിലും, വിശന്ന വയറോടെയല്ലെ കിടക്കുന്നത്. കോഴിക്കറി എന്നത് കേട്ടതും, മുത്തു, ചാക്കിനുള്ളില്‍ നിന്നും പുറത്ത് വന്നു. അപ്പോഴും അവനെ വിറക്കുന്നുണ്ടായിരുന്നു.

അമ്മാ,  ശീഘ്രം കൊടമ്മാ.   റൊമ്പ പശിക്കരേൻ.  കോളിക്കറിയെല്ലാം പാത്തതു കൂട്രി ഞ്യാപകമല്ലയേ.

കണ്ണില്‍ നിന്നും ഇറ്റു വീണ കണ്ണീരിനേയും, കാലുകള്‍ക്കിടയില്‍ നിന്നും ഇറ്റിറ്റ് വീണുകൊണ്ടിരുന്ന രക്തതുള്ളികളേയും വകവക്കാതെ, അവള്‍ ഇലകൊണ്ട് പൊതിഞ്ഞ പൊതികെട്ട് തുറന്നു. കോഴിക്കറി, പൊറോട്ട.

പനിച്ച് വിറച്ചിരിക്കുന്ന മുത്തുവിന്റെ വായിലേക്ക് അവള്‍ സ്നേഹപൂര്‍വ്വം, പൊറോട്ട ചെറിയ കഷണങ്ങളായി പൊട്ടിച്ച്,  കറിയില്‍ മുക്കി, എല്ലില്ലാത്ത കഷണങ്ങള്‍ കൂട്ടി ഊട്ടി. അവന്റെ വയറു നിറയുവോളം, ഇനി വേണാ അമ്മാ എന്നു പറയുവോളം, സെല്‍വി അവനെ ഊട്ടി, ശേഷം ബാക്കി വന്നത്, അവളും ഭക്ഷിച്ചു. മാസങ്ങള്‍ക്ക് ശേഷം, വയര്‍ നിറയെ അവളും, മകനും, ഭക്ഷണം കഴിച്ചതന്നായിരുന്നെന്നവള്‍ ഒരു വേള ഓര്‍മ്മിച്ചു.

കുപ്പിയിലുണ്ടായിരുന്ന വെള്ളത്തില്‍ തുണി നനച്ച് സെല്‍വി മുത്തുവിന്റെ മുഖം തുടപ്പിച്ചു, ബ്ലൌസ്സിന്നിടയില്‍ നിന്നും, പനിക്ക് വേണ്ടി വാങ്ങിയ ഗുളിക എടുത്ത് മുത്തുവിനു നല്‍കി, വെള്ളക്കുപ്പിയും.   മുത്തു മരുന്ന് കഴിച്ച് വീണ്ടും ചാക്കിന്നടിയിലേക്ക് നൂണ്ടു.  കൈ കഴുകി, കാലി കുപ്പി സിമന്റ് ബഞ്ചിന്റെ അടിയിലേക്ക് തള്ളി വെച്ച് അവളും മുത്തുവിനോട് ചേര്‍ന്ന് കിടന്നു. ചാക്കെടുത്ത് പുതച്ചു.

തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ മുത്തുവിന് വിശന്ന് കിടക്കേണ്ടി വന്നിട്ടില്ല, മാത്രമല്ല,  കഴിക്കുവാനായി മുത്തു  എന്താവശ്യപ്പെട്ടാലും, സെൽവി അവനു വാങ്ങി നൽകുവാനും തുടങ്ങ. പക്ഷെ, രാത്രികാലങ്ങളില്‍ പലപ്പോഴും അവന് തനിച്ചുറങ്ങേണ്ടി വന്നുവെങ്കിലും, കാലക്രമേണ അതൊരു ശീലമായി.

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു.   സെല്‍വി, നെടുപുഴ പാടത്തിനക്കരെ , അഞ്ച് സെന്റ് സ്ഥലവും, അതിലൊരു ഓലമേഞ്ഞ കൊച്ചു കൂരയും സ്വന്തമാക്കി, താമസം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആ കൊച്ച് വീട്ടിലേക്ക് മാറ്റി. തമിഴ് സംസാരിക്കുന്നത് സെല്‍വി നിറുത്തി. ഇപ്പോള്‍ അമ്മയും, മകനും, മലയാളത്തില്‍ തന്നേയാണ് സംസാരം. മുത്തുവിനെ അവള്‍ അടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു. പകല്‍ സമയം മുഴുവന്‍ സെല്‍വി വീട്ടിലുണ്ടാകും. സന്ധ്യക്ക് വാസനാ തൈലവും, വാസന സോപ്പും തേച്ച്, കുളിച്ച് വന്ന്, നല്ല സാരി ഉടുത്ത്, മുത്തുവിനിഷ്ടമുള്ള ഉണക്ക മീന്‍ പൊരിച്ചതോ, വല്ലപ്പോഴും, പച്ച മീന്‍ വറുത്തതോ കൂട്ടി മുത്തുവിനെ സെല്‍വി ഊട്ടും. പിന്നെ അവനെ കിടത്തി ഉറക്കി അവള്‍ പുറത്ത് പോകും. മടങ്ങി വരുമ്പോള്‍ പാതിരാത്രിയാകാനും മതി, ചില്ലപ്പോളെല്ലാം  പുലർച്ചയും.

റെയില്‍വേ പ്ലാറ്റ് ഫോമില്‍ രാത്രി കാലങ്ങളില്‍ തനിച്ചു കിടന്നുറങ്ങുന്നത് ശീലമായിരുന്നെങ്കിലും, ചുറ്റുവശത്തും മുനിഞ്ഞു കത്തുന്ന വൈദ്യുതിവിളക്കുകള്‍ നിറയെ ഉണ്ടായിരുന്നു.  മാത്രമല്ല, ഇടക്കിടെ പാഞ്ഞു പോകുന്ന തീവണ്ടിയുടെ ശബ്ദവും, മുത്തുവിനു ഇഷ്ടമായിരുന്നു. തീവണ്ടിയുടെ ആയിരക്കണക്കിന് ചക്രങ്ങള്‍ പാളത്തിലുരഞ്ഞ് കടാ, കടക്ക് എന്നുള്ള ശബ്ദം അവന്‍ പലപ്പോഴും സെല്‍വിയുടെ മുന്‍പില്‍ അവതരിപ്പിക്കാറുമുണ്ടായിരുന്നു.  താമസം പാടത്തിന്റെ കരയിലുള്ള ഈ വീട്ടിലേക്ക് മാറിയതിനു ശേഷം, രാത്രിയില്‍ തനിച്ച് കിടക്കുന്നത്, ആദ്യമൊന്നും മുത്തുവിന് ഇഷ്ടമായിരുന്നില്ല, ക്രമേണ അവനതൊരു ശീലമായി. ഉറക്കത്തില്‍ ഉണര്‍ന്നാലും, മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍, പുറത്ത്, അമ്മയുടെ കാലടി ശബ്ദം കേള്‍ക്കുണ്ടോ എന്ന് കാതോര്‍ത്ത് മുത്തു കിടക്കും, ആ കിടപ്പിന്നിടയിൽ എപ്പോഴോ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.

കാലചക്രങ്ങള്‍ തിരിഞ്ഞുകൊണ്ടേയിരുന്നു. ഇടവപാതികള്‍ പലതും, വന്നും പോയും ഇരുന്നു. വിഷു, ഓണം, എന്നീ തുടങ്ങി ആഘോഷങ്ങളും.

സ്കൂളില്‍ ഒന്നാം തരത്തിലും, രണ്ടാം തരത്തിലും, പഠനത്തില്‍, മുത്തു നല്ല ശുക്ഷ്കാന്തി കാണിച്ചിരുന്നു. പിന്നെ തിരിച്ചറിവ് അല്പം വന്നതോടുകൂടി , ഒപ്പം പഠിക്കുന്ന കുട്ടികള്‍ തന്നെ അവനെ ഒറ്റപെടുത്തുവാന്‍ തുടങ്ങി. ആദ്യമൊന്നും അവന് എന്തിനായിരുന്നെന്ന് മനസ്സിലായിരുന്നില്ല. ക്രമേണ, പഠിപ്പിക്കുന്ന അധ്യാപിക, അധ്യാപകന്മാരും അവനെ കുറ്റപെടുത്തുവാന്‍ തുടങ്ങി. പഠിക്കാത്തതിനായിരുന്നില്ല ആ കുറ്റപെടുത്തലുകള്‍, മറിച്ച്, അമ്മയുടെ വഴിവിട്ടുള്ള നടപ്പിനെ കേന്ദ്രീകരിച്ചായിരുന്നു കുറ്റപെടുത്തലുകളെല്ലാം. സ്കൂളില്‍ പോകുന്നതു തന്നെ മുത്തുവിന് വെറുപ്പായി തുടങ്ങി. എങ്കിലും, അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ സ്കൂളില്‍ പോയി.  തോറ്റ്, തോറ്റ്. പന്ത്രണ്ട് വയസ്സായപ്പോഴേക്കും മുത്തു നാലാം ക്ലാസ്സില്‍ എത്തി, പിന്നേയും തോറ്റപ്പോള്‍ പഠനവും നിറുത്തി.

പന്ത്രണ്ടാം വയസ്സില്‍ തന്നെ മുത്തു അധ്വാനിച്ച് സമ്പാദിക്കുവാന്‍ തുടങ്ങി.  മീന്‍ പിടുത്തമായിരുന്നു അവന്റെ പ്രധാന പണി.  രാവിലെ, വീട്ടില്‍ നിന്നും, ചൂണ്ടക്കണയും, ചിരട്ടയുമായി ഇറങ്ങും. പോകുന്ന വഴിക്ക് പാടവക്കില്‍ നിന്നും ഞാഞ്ഞൂള്‍പുറ്റുകള്‍ കുത്തിയിളക്കി, ഞാഞ്ഞൂളുകളെ അവന്‍ ചിരട്ടയില്‍ പിടിച്ചിടും, പിന്നെ ചേമ്പിന്റെ ഇല പൊട്ടിച്ച് ചിരട്ട മൂടും. പോകുന്ന വഴിയിലുള്ള തൈതെങ്ങില്‍ നിന്നും ഈര്‍ക്കില്‍ പറിച്ച്, കോര്‍മ്പ കോർക്കും.  പിന്നെ നെടുപുഴ പാടത്തേക്കോ, കണ്ടാരങ്കുളത്തിലേക്കോ നടക്കും.

രാവിലെ മുതല്‍ ഇരുന്നാല്‍, ഉച്ചയാകുമ്പോഴേക്കും, വരാലും, കരിപ്പിടിയും, മുഷുവും, മലിഞ്ഞീനും അടക്കം, ഒന്നോ രണ്ടോ കോര്‍മ്പ മീന്‍ അവന്റെ കയ്യിലുണ്ടായിരിക്കും. തിരിച്ച് മെയിന്‍ റോഡ് വഴി ഇറങ്ങും. മെയിന്‍ റോഡില്‍, തണല്‍ വീഴ്ത്തി നില്‍ക്കുന്ന പാലക്കു കീഴിലുള്ള കലുങ്കേല്‍, കയ്യിലുള്ള മീന്‍ കോര്‍മ്പ ഉയര്‍ത്തി കാട്ടി അവന്‍ ഇരിക്കും. വഴിയെ പോകുന്ന ബസ്സ് യാത്രക്കാര്‍, അവിടേ സ്റ്റോപ്പില്ലാത്തതിനാല്‍ വായില്‍ വെള്ളം ഇറക്കി ഇരിക്കുമ്പോള്‍, കാശുള്ള കാറു യാത്രക്കാരോ, ലോറിക്കാരോ, വണ്ടി നിറുത്തി അവനെ വിളിക്കും. രണ്ടോ, മൂന്നോ രുപക്ക് അവന്‍ കോര്‍മ്പയിലുള്ള മുഴുവന്‍ മീനും, വില്‍ക്കും. പിന്നെ ആ കാശുമായി വീട്ടിലേക്ക് പോകും.

ഉച്ചക്കൂണ് വീട്ടില്‍ തന്നെ. ഊണു കഴിഞ്ഞാല്‍ വിശാലമായ ഒരുറക്കം. നാലുമണിയോട് കൂടി ദേഹം മുഴുവന്‍ എണ്ണയും തേച്ച്, തോര്‍ത്ത് മുണ്ടുമെടുത്ത് അമ്പലക്കുളത്തിലേക്ക് പോകും. പന്ത്രണ്ടാം വയസ്സില്‍ തന്നെ മുത്തുവിന്റെ ശരീരം ഒരൊത്ത പുരുഷന്റെ ശരീരത്തോളമുണ്ടായിരുന്നു. പൊതുവെ കറുത്ത മുത്തു, എണ്ണയും തേച്ച് നടന്നു പോകുന്നത് കണ്ടാല്‍ വല്ല മല്ലയുദ്ധത്തിനു പോകുകയാണെന്ന മല്ലനുമാണെന്നേ ആദ്യമായി കാണുന്നവര്‍ക്ക് തോന്നൂ.

രണ്ട് മണിക്കൂറിലധികം വിശാലമായ അമ്പലക്കുളത്തില്‍ മുത്തു നീന്തി തുടിക്കും, കുളത്തിന്നരികിലുള്ള ഉയരമുള്ള ഐനിമരത്തിന്റെ തുഞ്ചത്ത് പൊത്തിപിടിച്ച് കയറി വെള്ളത്തിലേക്ക് ചാടും, മുങ്ങാം കുഴിയിടും, ചിലപ്പോള്‍, വെള്ളത്തിന്നടിയിലൂടെ പോയി, അരക്കൊപ്പം വെള്ളത്തില്‍ കുളിക്കുന്ന മറ്റു കുട്ടികളുടെടേയോ, എന്തിന് മുതിര്‍ന്നവരുടേയോ തന്നെ കാലില്‍ പിടിച്ച് വലിക്കും. ഏകദേശം പത്ത് മിനിറ്റോളം സമയം ശ്വാസം പിടിച്ച് വെള്ളത്തിന്നടിയില്‍ കിടക്കാനുള്ള കഴിവ് മുത്തുവിന്റെ മാത്രം പ്രത്യേകതയായിരുന്നു. അത്യാവശ്യം പെണ്ണൂങ്ങളുടെ കുളി കടവിലേക്കും മുങ്ങാം കുഴി ഇടുന്ന സ്വഭാവം മുത്തുവിനുണ്ടായിരുന്നു! പ്രായത്തില്‍ കവിഞ്ഞ ശരീര വളര്‍ച്ചയല്ലെ.

കാലങ്ങള്‍ പിന്നേയും കൊഴിഞ്ഞ് വീണു. മുത്തുവിന് പതിനെട്ട് വയസ്സ് കഴിഞ്ഞു. ചുറ്റുവട്ടത്തുള്ള പറമ്പ് കിളക്കാനും, വേലികെട്ടാനും, റോഡ് പണിക്കും, കിണറ് കുഴിക്കുവാനും, മരം വെട്ടുവാനും എല്ലാം മുത്തു പോകും.  വര്‍ഷക്കാലമായാല്‍ തവള പിടുത്തവും ഉണ്ട്. അത്യാവശ്യത്തിന് കാശു കിട്ടുന്നതുകാരണം, നല്ല പ്രായത്തില്‍ തന്നെ മുത്തു കള്ളുകുടിയും, ബീഡി വലിയും തുടങ്ങി.

വൈകുന്നേരം കുടിച്ച് വീട്ടില്‍ വന്നാല്‍ മിക്കവാറും ദിവസം മുത്തു സെല്‍വിയുമായി വഴക്കിടും. സെല്‍വി രാത്രിയില്‍ പുറത്ത് പോകുന്നത് മുത്തുവിനിഷ്ടമില്ല, അതു തന്നെ കാരണം. അപ്പോഴെല്ലാം സെല്‍വി പറയും. എന്താടാ ഈ ജോലിക്കൊരു കുറവ്? എനിക്ക് ദേ പ്രായം മുപ്പത്തിയേഴ് ആയതേയുള്ളൂ. കയറികിടക്കാനൊരു കൂരയും വാങ്ങി, ഇന്നോളം അന്നത്തിനൊരു ബുദ്ധിമുട്ടും വന്നിട്ടില്ല. അതൊക്കെ ഞാന്‍ ഈ പണിചെയ്തിട്ടുണ്ടാക്കിയ കാശ് തന്നെയല്ലെ? അല്ലാതെ നിന്നെ ഞാന്‍ ഇത്രയും വളര്‍ത്തിയത് വേറെ ആര് സഹായിച്ചിട്ടാ?

മുത്തുവിന് ഉത്തരം മുട്ടും. അവന്‍ വീണ്ടും ഇറങ്ങി ഷാപ്പിലേക്ക് പോകും.

ഹെഡ് കോണ്‍സറ്റബിള്‍ കുട്ടന്‍ നായരുമായുള്ള അമ്മയുടെ ബന്ധം നാട്ടില്‍ പാട്ടാണ്. പഴയതുപോലെ നാട്ടുകാര്‍ക്ക് മൊത്തമായും കൊടുക്കുന്ന ബിസിനസ്സ് സെല്‍വി നിറുത്തി. ഇപ്പോള്‍ കുട്ടന്‍ നായരുടെ കീപ്പായാണ് പൊറുതി. അയാളുടെ ഭാര്യയും കുടുംബവും അങ്ങ് വടക്കെവിടേയോ ആണ്.  സന്ധ്യക്ക് അമ്മ അണിഞ്ഞൊരുങ്ങി പോകുന്നത്, അയാളുടെ വീട്ടിലേക്കാണ്. വര്‍ഷങ്ങള്‍ കുറച്ചായി ഇത് തുടങ്ങിയിട്ട്. പണ്ടാര തള്ള ഇതൊന്ന് നിറുത്തികിട്ടിയിരുന്നെങ്കില്‍ എന്ന് മുത്ത് വെറുതെയെങ്കിലും ആശിച്ചു.

കാര്യമാത്ര യാതൊന്നും സംഭവിക്കാതെ മാസങ്ങള്‍ പിന്നേയും കടന്നു പോയി. മഴക്കാലം വീണ്ടും വന്നു. മരം വെട്ടും, റോഡ് പണിയും, വേലികെട്ടും, പറമ്പ് കിളക്കലും ഒന്നും ഇല്ലാത്ത കാലം. മുത്തുവിന്റെ ഏക വരുമാനം തവള പിടുത്തം മാത്രം. എങ്കിലും മുട്ടില്ലാതെ കാര്യങ്ങള്‍ കഴിഞ്ഞ് പോകാന്‍ അതു തന്നെ അധികം.

മുത്തു രാവിലെ എഴുന്നേറ്റു. കട്ടന്‍ ചായ സ്വയം അനത്തി, ഉമ്മറതിണ്ണയില്‍ വന്ന് ഒരു ബീഡിയും വലിച്ചിരുന്നു. തലേന്ന് രാത്രി കോരിച്ചൊരിഞ്ഞ മഴയില്‍ , പറമ്പിലുള്ള ഒരേ ഒരു മാവിന്റെ പഴുത്തതും പച്ചയുമായ ഇലകളെല്ലാം കൊഴിഞ്ഞ് മുറ്റം നിറഞ്ഞ് കിടക്കുന്നു. തള്ള ഇനിയും വന്നിട്ടില്ല.

വെറുതെ വെട്ടുവഴിയിലേക്ക് കണ്ണും നട്ട്, കാപ്പിയും കുടിച്ച്, ബീഡിപുക ഊതിവിട്ട് മുത്തു ഇരുന്നു. ആരോ, ഒന്നു രണ്ട് പേര്‍ ഇടവഴിയിലൂടെ ഓടി വരുന്നുണ്ടല്ലോ. വാസുവും, ശശിയുമാണല്ലോ. തന്റെ വീട്ടിലേക്ക് തന്നെയാണ് അവരുടെ വരവെന്നവനുറപ്പായി. ഇതെന്തിനാണാവോ അതിരാവിലെ തന്നെ ഇവര്‍ ഇങ്ങനെ പാഞ്ഞു വരുന്നതെന്നാലോചിച്ച് , ഗ്ലാസിലെ കാപ്പി ഒറ്റവലിക്കകത്താക്കി, ബീഡികുറ്റി മുറ്റത്തേക്കിട്ട്, മുത്തു എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി.

വാസുവും, ശശിയും, ഓടികിതച്ച് മുത്തുവിന്റെ അടുത്തെത്തി. ആ തണുപ്പത്തും, അവരെ വിയര്‍ക്കുന്നുണ്ടായിരുന്നു.

എന്താടാ, അതിരാവിലെ തന്നെ ഓടികിതച്ച്? എന്താ പ്രശ്നം? നിങ്ങള് വല്ലോരേം, തട്ട്യോ, അതോ വല്ലോരും ചത്തോ?

മുത്തു, നീ വേഗം ഞങ്ങളുടെ കൂടെ വാ.

കാര്യം പറയ് നിങ്ങള്. എന്താ പ്രശ്നം. എന്നിട്ടാകാം, വരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍.

മുത്തു, സെല്‍വിയക്ക.

ഉം, അമ്മക്കെന്തു പറ്റി? മുത്തുവിന്റെ ശ്വസനത്തിന്റെ വേഗത കൂടി.

സെല്‍വിയക്ക പാടത്ത്, തീവണ്ടി പാളത്തില്‍ തല വച്ചു.

എന്റമ്മേ, എന്ന് വിളിച്ച്, നെഞ്ചുംകൂട് പൊളിയുന്ന പോലെ മുത്തു ഇരുകൈകളും കൊണ്ട് നെഞ്ചത്തടിച്ചൂ. പിന്നെ പ്രാന്തനെപോലെ, വെട്ടുവഴിയിലൂടെ ഇറങ്ങി പാടത്തേക്കോടി.

പാടത്തിലൂടെ പോകുന്ന തീവണ്ടി പാളത്തിനു ചുറ്റും ജനങ്ങള്‍ കൂടി നില്‍ക്കുന്നു. ആര്‍ത്തലച്ച്, അലമുറയിട്ട് വരുന്ന മുത്തുവിനെ കണ്ടപ്പോള്‍ ആളുകള്‍ വഴിയൊതുങ്ങി നിന്നു.

പാളത്തിനപ്പുറത്തായി വേര്‍പ്പെട്ട് കിടക്കുന്ന തല, പാളത്തിനുള്ളിലും, പുറത്തുമായി കിടക്കുന്ന ചതഞ്ഞ ശരീരം. മുത്തു കരച്ചില്‍ നിറുത്തി. കണ്ണിമ വെട്ടാതെ അമ്മയുടെ ശവശരീരം നോക്കി നിന്നു.

പാളത്തില്‍ നിന്നും ചതഞ്ഞ ശവശരീരം അവന്‍ പാളത്തിനു പുറത്തേക്ക് വലിച്ചു നീക്കിയിട്ടു. ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ കയ്യാല്‍ വാരിക്കൂട്ടി ഉടലില്‍ ചേര്‍ത്തുവച്ചു. പാളത്തിനപ്പുറത്ത് വേര്‍പെട്ട് കിടന്നിരുന്ന തല അവന്‍ രണ്ട് കൈകളാലും ചേര്‍ത്തെടുത്ത് സ്വന്തം നെഞ്ചോട് ചേര്‍ത്തു പിടിച്ചതിനു ശേഷം, ശവശരീരത്തിന്റെ ഉടലിനോട് ചേര്‍ത്ത് വെച്ചു. തലയും, ഉടലും ചേരുന്ന ഭാഗത്ത്, തലയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് അഴിച്ചെടുത്ത് നിവര്‍ത്തി പുതപ്പിച്ചു.

സെല്‍വിയുടെ അടഞ്ഞ കണ്ണുകളിലേക്ക് നോക്കി നിസ്സംഗതയോടെ മുത്തു ഇരുന്നു. ചുറ്റുപാടും കൂടി നില്‍ക്കുന്നവര്‍ പറയുന്നതും, ചെയ്യുന്നതുമൊന്നും മുത്തു അറിയുന്നുണ്ടായിരുന്നില്ല.


തുടരും...

43 comments:

കുറുമാന്‍ said...

മൃതോത്ഥാനം - 2

അങ്ങനെ രണ്ടാം ഭാഗവും എഴുതിതീര്‍ത്തു. സുഹൃത്തുക്കളെ, ഒരു കാര്യം മനസ്സിലായി, പഴയതുപോലെ വല്ല ലൊട്ടുലൊടുക്ക് തമാശയും, ഉപമകളുമായി പോയാല്‍ മതിയായിരുന്നു. ഇത് അത്ര എളുപ്പമല്ലാത്ത പണിയാണെന്നുള്ള തിരിച്ചറിവ് വന്നു തുടങ്ങിയിരിക്കുന്നു. ആദ്യമായി ഇത്തരം കഥകള്‍ എഴുതുന്നതുകൊണ്ട് ശൈലിയെല്ലാം തഥൈവ.

Mubarak Merchant said...

പനിപിടിച്ച് കിടക്കുന്ന മുത്തുവിനു മരുന്നും ഭക്ഷണവും വാങ്ങാന്‍ മറ്റു മാര്‍ഗ്ഗമേതുമില്ലാതെ മാനം വില്‍ക്കാന്‍ തയ്യാറായ സെല്‍‌വിയിലെ അമ്മ വികാരതീവ്രമായി.
മുത്തുവിന്റെ മുന്നോട്ടുള്ള ജീവിതയാത്രയില്‍ സമൂഹം ചെലുത്തിയ സ്വാധീനവും നന്നായി പറയാന്‍ കഴിഞ്ഞു കുറുമാന്. ബാക്കി ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പ് അധികം നീളില്ലെന്ന് പ്രതീക്ഷിക്കുന്നു.

സാജന്‍| SAJAN said...

വല്ലാതെ നൊമ്പരപ്പെടുത്തുന്ന വരികള്‍...
അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു..

Unknown said...

കുറുമയ്യാ,
കാര്യം വായനക്കാരന് മനസ്സിലാക്കി കൊടുക്കുന്നതിനോടൊപ്പം നമ്മള്‍ ഉദ്ദേശിക്കുന്ന വികാരം ആ വരികളില്‍ പ്രകടമാകുകയും ചെയ്യുമ്പോഴാണല്ലോ എഴുത്ത് നന്നാവുന്നത്. അമ്മ മകന് വേണ്ടി മാത്രം ജീവിച്ചിട്ടും ആ അമ്മയുടെ സ്നേഹം വേണ്ടത്ര കിട്ടാതെ പോയ അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കുന്ന മുത്തുവിന്റെ ചിത്രം വായനയ്ക്ക് ശേഷം വ്യക്തമാണ്. ആശംസകള്‍!

കെവിൻ & സിജി said...

കുറുമാനേ, സമ്മതിച്ചിരിക്കുന്നു.

Visala Manaskan said...

കണ്ടോടം കൊണ്ട് സംഭവം ഞെരിച്ച മട്ടുണ്ട്.
മര്യാദക്ക് വായിച്ച് അഭിപ്രായം പറഞ്ഞോളാം.

പ്രിന്റാന്‍ കൊടുത്തു.

മാവേലികേരളം(Maveli Keralam) said...

കുറുമാനേ
പല എഴുത്തുകാരും‍ ഏറ്റവും കൂടുതല്‍ criticism നേരിടുന്നത് അവരവരില്‍ നിന്നുമാണ്. കുറുമാന്‍ ആ കൂട്ടത്തിലാണെന്നു തോന്നുന്നു. അതൊരുകണക്കിനു നല്ലതുമാ.

കഥ രണ്ടാം ഭാഗവും നന്നായി.

പിന്നെ അമ്മയും മകനും പെട്ടെന്നു മലയാളം മീഡിയത്തിലേക്കു മാറിയതില്‍ ഒരല്പം സാങ്കേതിക കുഴപ്പം ഉണ്ടൊ എന്നൊരു സംശയം. സെല്‍-വിയ്ക്കു പെട്ടെന്നു മാറാമായിരിയ്ക്കും, പക്ഷെ ചെറിയ ഒരു പ്രായത്തില്‍ അതങ്ങനെ പെട്ടെന്നു സാധിയ്ക്കുമോ?

ഇനിയിപ്പോള്‍ അതു പറഞ്ഞിട്ടുകാര്യമില്ല. രണ്ടു പേരും മലയാളികളായി.അതും നന്നായി.ഈ തമിഴത്ര പിടിയില്ലാത്തതുകൊണ്ട് അതു തുടര്‍ച്ചയായിട്ടു കേള്‍ക്കുന്നതും ഒരു രസമല്ലായിരുന്നു.

അടുത്ത ലക്കം പോരട്ടെ.

സുന്ദരന്‍ said...

കുറുമാന്‍...

നല്ല ശൈലി...താങ്കളുടെ റേയ്ന്‍ജ്‌ അപാരംതന്നെ...

prasad said...

കുറുമാനേ മനോഹരമായിരിക്കുന്നു കേട്ടൊ അധികം വളച്ചുകെട്ടില്ലാതെ ലളിതമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌ കൊണ്ട്‌ പെട്ടെന്ന് തീര്‍ന്നു പോയതുപോലെ.. ചില ഭാഗങ്ങള്‍ മനസ്സില്‍ തട്ടി..അടുത്തതും സൂപ്പര്‍ ഹിറ്റ്‌ തന്നെ പോരട്ട്‌...

മൂര്‍ത്തി said...

കഴിഞ്ഞ ഭാഗത്ത് ഒരു ദിവസത്തെ സംഭവങ്ങളായിരുന്നെങ്കില്‍, ഇത്തവണ ഒറ്റയടിക്ക് വര്‍ഷങ്ങള്‍ കടന്നു പോയി. ഒരു ‘ഇത്‘ തോന്നുന്നു. അങ്ങനെ ഒരു ക്രാഫ്ട് ബോധപൂര്‍വ്വം ആണെങ്കില്‍ ഓക്കെ.എന്തോ മനസ്സില്‍ കണ്ടിട്ടുണ്ട് എന്ന്‌ തീര്‍ച്ച. ബോധപൂര്‍വ്വം അല്ലായെങ്കില്‍ ഒന്നു കൂടി മനസ്സിരുത്തണം..
qw_er_ty

.... said...

സെല്‍വിയുടെയും മുത്തുവിന്‍റെയും ജീവിതത്തിന്‍റെ വഴിത്തിരിവുകളെ അതിന്‍റെ മുഴുവന്‍ ഭാവതീവ്രതയോടെയും ആവിഷ്കരിച്ചിരിക്കുന്നു...

പല വരികളും വല്ലാതെ നൊമ്പരപ്പെടുത്തുന്നുവെങ്കിലും എഴുത്തിനെ അഭിനന്ദിക്കാതിരിക്കാന്‍ പറ്റില്ലാ.

വേണു venu said...

കുറുമയ്യാ,
ഇതു രൊംബ പ്രമാദമായി നാന്‍ പഠിക്കിറതു്. നീ ശൊല്ലുവതെല്ലാം നാന്‍ വള്ളി പുള്ളി വിടാതെ വായിക്കിറതു. കൂടുതല്‍ തമിള്‍‍ ശൊല്ലുന്നില്ല.
അടുത്തതിനായി...
വേണുഅയ്യാ.

ആവനാഴി said...

പ്രിയ കുറുമാന്‍,

ആദ്യമായി കുറുമാന്റെ കമന്റു വയിച്ചു. ശരിയാണു ഒരു ആഖ്യായിക (നോവല്‍) എഴുതിയുണ്ടാക്കുക എന്നുള്ളത് കൂടുതല്‍ ബുദ്ധിമുട്ടുള്ള സംഗതിയാണു എന്നു ഞാനും വിശ്വസിക്കുന്നു.

എന്നാല്‍ താങ്കളെപ്പോലെ ഭാവനാസമ്പന്നനായ ഒരു വ്യക്തിക്കു മറികടക്കാന്‍ കഴിയാവുന്ന പ്രശ്നങ്ങളേ ഇതിലുള്ളു.

മുത്തുവിന്റെ അമ്മ ദീര്‍ഘകാലം ജീവിച്ചിരുന്നില്ലല്ലോ എന്ന വിഷമം അനുവാചകര്‍ക്കുണ്ടാകാം. എങ്കിലും ഇതുവരെയുള്ള രംഗങ്ങള്‍ ഭാവതീവ്രമാണു. നന്നായിരിക്കുന്നു.

സെല്‍‌വിയുടെ കഥ ഇതോടെ അവസാനിക്കണമെന്നില്ല. നോവല്‍ പുരോഗമിക്കുമ്പോള്‍ ഫ്ലാഷ് ബാക്കുകളായി മുത്തുവിന്റെ ഓര്‍മ്മകളിലൂടെ സെല്‍‌വിയെ വീണ്ടും അവതരിപ്പിക്കന്‍ അവസരങ്ങള്‍ ഉണ്ടാക്കാവുന്നതാണു.

ആരാണീ സെല്‍‌വി? എവിടത്തുകാരിയാണു? എങ്ങിനെ അവള്‍ ഊരും പേരും ഇല്ലാത്തവളായി? ഇവക്കൊക്കെ ഉത്തരം ആ ഫ്ലാഷ്ബാക്കുകള്‍ക്കു തരാന്‍ കഴിയും, അങ്ങനെയാണു നോവല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍.

ഈയിടെ ഒരു പ്രശസ്ത നോവലിസ്റ്റുമായുള്ള അഭിമുഖം ടിവിയില്‍ കണ്ടു.

അദ്ദേഹം പറഞ്ഞത് ഒരു നോവല്‍ എഴുതിയെഴുതി മുന്നോട്ടുപോകുമ്പോള്‍ പുതിയ പുതിയ സന്ദര്‍ഭങ്ങള്‍ വന്നു ചേരാം, അതോടൊപ്പം കഥയുടെ ഗതിക്കും മാറ്റം വരാം എന്നാണു.

പുതിയ അനുഭവങ്ങള്‍, കാഴ്ചപ്പാടുകള്‍ ഇവയൊക്കെ നോവലിന്റെ മുന്നോട്ടുള്ള പ്രയാണത്തെ സ്വാധീനിക്കും.

കുറുമാനേ, നല്ല സംരംഭമാണു.

ഇതൊരു നല്ല ആഖ്യായികയായിയിത്തീരട്ടെ എന്നു ആശംസിക്കുന്നു.

അടുത്ത അദ്ധ്യായം വായിക്കാന്‍ കാത്തിരിക്കുന്നു.

സസ്നേഹം
ആവനാഴി

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഇനി എന്താണു കുറുമാന്‍‌ജി..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കുറു അണ്ണാ ഒന്നാം ഭാഗത്തിന് കമന്റായി. ഇവരെ മലയാളികളാക്കിക്കൂടേന്ന്. ചോദിച്ചപ്പോ.. ഇത്രെം ചാത്തന്‍ പ്രതീക്ഷിച്ചില്ലാ....:)
ഇനി ചാത്തന്‍ വല്ലോം പറഞ്ഞാ മുത്തൂനെ തിരിച്ച് തമിഴനാക്കുമൊ?

മുസ്തഫ|musthapha said...

കുറുജി നന്നായിരിക്കുന്നു...

എങ്കിലും, ഒത്തിരി ലക്കങ്ങള്‍ ഒരു ലക്കത്തിലൊതുക്കിയത് പോലെ തോന്നി!

ഭാവുകങ്ങള്‍

ഇടിവാള്‍ said...

അതു ശരി...
അങ്ങനെ അതു അടിമുടി മാറ്റിക്കളഞ്ഞല്ലേ..

ആരോ നേരത്തെ കമന്റില്‍ പറഞ്ഞപോലെ വര്‍ഷങ്ങള്‍ പറന്നു പോയ്യപോലെ തോന്നി ;) വായന മുഷിപ്പിച്ചില്ല കേട്ടോ.

ആവനാഴി ചേട്ടാ...
കുറുമാനെ ഒരു “ശ്യാം സുസ്ന്ദരോ” , കെ.കെ. രാജീവോ ഒക്കെ ആക്കാനാണോ പ്ലാന്‍ ? മെഗാ.. മെഗാ !!

Haree said...

:)
--

Rasheed Chalil said...

കുറുജീ ഒത്തിരി നന്നായിരിക്കുന്നു.

അഭയാര്‍ത്ഥി said...

വായനക്കാരേക്കാള്‍ ഉദ്വേഗഭരിതനായിരിക്കുന്നു കുറുമയ്യന്‍.
അതുകൊണ്ട്‌ കാലചക്രഭ്രമണം അല്‍പ്പം വേഗതകൂട്ടി.


കഥപ്രസംഗകലയിലെ ചക്രവര്‍ത്തിയായ
സാംബശിവന്‍ വാച്ചില്‍ നോക്കി ഇടക്കിങ്ങനെ പറയും.
"കല്‍ക്കട്ടയിലെ തെരുവ്‌ . രണ്ടാം ലോകമഹയുദ്ധം അവസാനിച്ചു.
ഇന്ത്യ സ്വതന്ത്രയായി. ചൗധുരി സാബ്‌ ഇന്ന്‌ തടവറയിലല്ല.
ബംഗാളിന്റെ മന്ത്രിയാണ്‌. ദീപാംഗുരന്‍ 21 വയസ്സായ ചെറുപ്പക്കാരന്‍.
കട്ടിയുള്ള മീശ. തറച്ചു കയറുന്ന നോട്ടം. എന്തിനേയും ചോദ്യം ചെയ്യുന്ന
ദാര്‍ഷ്ട്യം. ആയിടക്കാണ്‌ സ്വതന്ത്ര ഇന്ത്യയുടെ പ്ര്ധാനമന്ത്രിയായ
ചാച്ചാനെഹറു കല്‍ക്കട്ടയില്‍ വന്നത്‌.. "


4 വയസ്സുകാരനായ ദീപാംഗുരനെ 21 ഇല്‍ എത്തിച്ചാലെ കഥ നിശ്ചിത
സമയത്ത്‌ തീരുകയുള്ളു. അതുകൊണ്ടാണ്‌ വാച്ചില്‍ നോക്കിയത്‌.
ആ വാഗ്വിലാസത്തില്‍ നാം 17 വര്‍ഷം കടന്നു പോവുന്നതറിയുന്നില്ല.
ഒരു പെരുമഴപോലെ അത്‌ പെയ്തു തീരുമ്പോള്‍ സ്വാതന്ത്ര്യപ്രാപ്തിയും പുതിയ
ഗവര്‍മന്റ്‌ വരലുമെല്ലാം നാം അനുഭവിച്ചറിയുന്നു. ഞൊടിയിടയില്‍.
അത്തരം ഒരു റ്റെക്നിക്‌ ഇവിടെ വാച്ചുനോക്കി പ്രയോഗിച്ചോന്ന്‌ ഒരു സംശയം.

തുടരട്ടെ.

സുല്‍ |Sul said...

ആദ്യഭാഗത്തിന്റെ തീവ്രത നിലനിര്‍ത്താനാവുന്നില്ല രണ്ടാം ഭാഗത്തില്‍. കുറേയേറെ പറഞ്ഞതു കൊണ്ടാവാം.

“മീന്‍ പിടുത്തമായിരുന്നു അവന്റെ പ്രധാന പണി. രാവിലെ, വീട്ടില്‍ നിന്നും, ചൂണ്ടക്കണയും, ചിരട്ടയുമായി ഇറങ്ങും. പോകുന്ന വഴിക്ക് പാടവക്കില്‍ നിന്നും ഞാഞ്ഞൂള്‍പുറ്റുകള്‍ കുത്തിയിളക്കി, ഞാഞ്ഞൂളുകളെ അവന്‍ ചിരട്ടയില്‍ പിടിച്ചിടും, പിന്നെ ചേമ്പിന്റെ ഇല പൊട്ടിച്ച് ചിരട്ട മൂടും. പോകുന്ന വഴിയിലുള്ള തൈതെങ്ങില്‍ നിന്നും ഈര്‍ക്കില്‍ പറിച്ച്, കോര്‍മ്പ കൂര്‍ക്കും. പിന്നെ നെടുപുഴ പാടത്തേക്കോ, കണ്ടാരങ്കുളത്തിലേക്കോ നടക്കും.“

ഇത്രയും സൂക്ഷമായെഴുമ്പോള്‍ തന്നെ പലതും

“കാലചക്രങ്ങള്‍ തിരിഞ്ഞുകൊണ്ടേയിരുന്നു. ഇടവപാതികള്‍ പലതും, വന്നും പോയും ഇരുന്നു. വിഷു, ഓണം, കൂര്‍ക്കഞ്ചേരി പൂയം, തൃശൂര്‍ പൂരം തുടങ്ങി ആഘോഷങ്ങളും.“

ഇതുപോലെ ഓടിപ്പോകുന്നു. ശ്രദ്ധിക്കുമല്ലോ.

-സുല്‍

മുല്ലപ്പൂ said...

കുറുമാനെ,
ഈ റേഞ്ചിനു മുന്‍പില്‍ പ്രണാമം.

ഇവിടെ വായന അല്ല, കൂടെ നടന്നു കാണല്‍ ആണു. അത്രക്കും നന്നാവുന്നു.

കൂടുതല്‍ എന്തോ പറയാണുണ്ടാവണം. അതാവാം ശെല്‍വിയിടെ അദ്ധ്യായം ഇതോടെ തീര്‍ത്തത് അല്ലേ ?

ഏറനാടന്‍ said...

പ്രിയ കുറുമാന്‍,

ഹൃദയം നൊമ്പര-ദു:ഖത്തിന്റെ തീച്ചൂളയില്‍ വെന്തുരുകുന്നൊരു തോന്നല്‍. ഇതിന്റെ അവസാനവരികളിലെത്തിയപ്പോള്‍..

വ്യത്യസ്ഥമാം ശൈലി താങ്കളുടെ പ്രത്യേകത തന്നെ.

Kaithamullu said...

കുറൂ,

ആദ്യ ഭാഗത്തേക്കാള്‍ ഭാഷയിലും വിവരണത്തിലും വന്ന പുരോഗതി ശ്രദ്ധിച്ചു. കുറെയേറെ ‘തച്ച്‘
പണിയേണ്ടിവന്നെന്നും മനസ്സിലാക്കുന്നു.
പോരട്ടെ അങ്ങിനെ.... സാവധാനത്തില്‍!

Promod P P said...

കുറുമാനേ
രണ്ടാം ഭാഗം തീവ്രമായിരിയ്ക്കുന്നു..
ആദ്യ ലക്കം എഴുതിയപ്പോള്‍ ഉണ്ടായിരുന്ന ആലസ്യത്തില്‍ നിന്നും പുറത്തു കടന്ന്,കുറുമാന്‍ എഴുത്തിനെ വളരെ ഗൌരവപൂര്‍വം കാണാന്‍ തുടങ്ങിയിരിയ്ക്കുന്നു.അതു കൊണ്ട് തന്നെ വളരെ പക്വതയോറ്റു കൂടി കഥ പറയാന്‍ കുറുമാനു കഴിഞ്ഞിരിയ്ക്കുന്നു..

കുറുമാനേ.. അടുത്ത ലക്കങ്ങള്‍ വേഗം എഴുതൂ..

അപ്പു ആദ്യാക്ഷരി said...

"കോളി കറി എന്നത് കേട്ടതും, മുത്തു, ചാക്കിനുള്ളില്‍ നിന്നും പുറത്ത് വന്നു. അപ്പോഴും അവനെ വിറക്കുന്നുണ്ടായിരുന്നു.

അമ്മാ, കൊടമ്മാ സാപ്പിടത്തുക്ക് കോളിക്കറിയും, പൊറോട്ടയും. എവളം നാളാച്ച് സാപ്പാട് സാപ്പിട്ടെന്ന്, ഞ്യാപകം ഇരിക്കലയേ അമ്മാ!.."

കുറുമാനേ..തീവ്രമായ വരികള്‍. പക്ഷേ ഈ ഭാഗത്തിന് അല്പം സ്പീഡ് കൂടിപ്പോയില്ലേ? ഭാവിയില്‍ ഇതൊരു പുസ്തകമാക്കി പ്രസിദ്‌ധീകരിക്കുമ്പോള്‍ (തീര്‍ച്ചയാണ്) വേണമെങ്കീല്‍ എഡിറ്റ് ചെയ്‌ത് ചെറുതാക്കാമല്ലോ? ഇപ്പോള്‍ വിശദമായിട്ടങ്ങ് പോട്ടെ. ആവനാഴിച്ചേട്ടന്റെ കമന്റിനോട് യോജിക്കുന്നു.

ഷിജോ ജേക്കബ് said...

കുറുമാന്‍‌ചേട്ടാ,
വളരെ നന്നായിട്ടുണ്ട്....
ചില നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങള്‍....
കാത്തിരിക്കുന്നു ബാക്കിഭാഗത്തിനായി

G.MANU said...

puthia kurman touch.....pls continue

Anonymous said...

Hai vayichappol Abhiprayam parayathirikkunnathengine. parayan vakkukalilla. othiri nannayirikkunnu.unakkameenum, pachameenum, choondayum. adutha lakkathil muthu valayumayi pokumallo alle

തമനു said...

കഴിഞ്ഞ തവണത്തേക്കാള്‍ എഴുത്ത്‌ മെച്ചപ്പെട്ടു വരുന്നു കുറൂ...

തുടരൂ...

FlameWolf said...

vendayirunnu......
vayichu kazhinjappol manassinu vallatha oru bharam...
kurman...
ithu vendayirunnu....

കൃഷ്ണ said...

കുറുമാന്‍ ജീ നോവലിനു സ്പീഡ്‌ കൂടി പൊയൊ എന്നൊരു തോന്നല്‍,കുറുമാന്‍ ജി എന്തായാലും താങ്കളുടെ കൃതി അല്ലെ,സംഭവം കിടിലമാകുമെന്ന് ഉറപ്പ്‌

Anonymous said...

vallaatha speedum, kurumante touch illathathum aaya oru krithi. Kurumaan kadhakaludey valiya oru aaradhakan enna nilayil thaankaludey best works are in short ones.

സ്വാര്‍ത്ഥന്‍ said...

കുറുമാനേ,
എന്റെ പ്രതികരണം ദാ ഇവിടെ

Prasad S. Nair said...

നന്നായിവരുന്നു....ആശംസകള്‍...
“കണ്ണില്‍ നിന്നും ഇറ്റു വീണ കണ്ണീരിനേയും, കാലുകള്‍ക്കിടയില്‍ നിന്നും ഇറ്റിറ്റ് വീണുകൊണ്ടിരുന്ന രക്തതുള്ളികളേയും“ നല്ല കയ്യടക്കം... പക്ഷെ സ്വല്പം അതിഭാവുകത്വം ഇല്ലേ എന്ന് ഒരു ചെറിയ സംശയം...

അനിയന്‍‌ said...

ഇയാള് എന്തൂട്ടൊരു മനുഷ്യനെടാ അപ്പനേ
ഇങ്ങേരു ചിരിപ്പിക്കുമ്പം നമ്മളു ചിരിക്കും
കുറച്ചു കഴിയുമ്പം അങ്ങോറ്ക്കു തോന്നും ഇനി ഒന്നു കരയിച്ചേക്കാമെന്ന്‌ അന്നേരം നമ്മളു കരയും നമ്മളെന്താ കുട്ടിക്കുരങ്ങുകളാ
ഇതിനൊക്കെയുള്ള ശിക്ഷ ഇയാള്‍ക്ക് ആരു കൊടുക്കും















ങാ അതു തന്നെ ഒരവാറ്ഡേ...................

Manju Nidish said...

Selvi aathmahatya cheythathenthinu?

anijith said...

well done kuruman

അരവിന്ദ് :: aravind said...

കുറുമയ്യാ..
അഭിപ്രായം തുറന്ന് പറയുന്നു.

നേരെവാ നേരെപോ എഴുത്ത് യാത്രാവിവരണത്തിനെ ഏറെ ഹൃദ്യമാക്കിയിരുന്നു. എങ്കില്‍ അത് ഒരു നോവലെഴുതുമ്പോള്‍ എഫക്ടീവ് ആകുമെന്ന് തോന്നണില്ല.
ചിക്കന്‍ ബിരിയാണി, കോഴിക്കറി, പരിപ്പുവട, പപ്പടവട, പഴം പൊരി, കപ്പലണ്ടി മുട്ടായി ഇങ്ങനെ ലിസ്റ്റിട്ട് ഡീറ്റെയില്‍‌സ് എഴുതുന്നത് കഥയുടെ സീരിയസ്സ്നെസ്സ് ചോര്‍ത്തുന്നുണ്ടോ?. അപ്രസക്തങ്ങളായ ഭാഗങ്ങള്‍ വെട്ടിചുരുക്കണം.
സംഭാഷണങ്ങള്‍ കൂടുതല്‍ വേണം..ചിന്തകളും. അല്ലെങ്കില്‍ മറ്റെങ്ങോ വായിച്ച നന്ദിനിയുടേയോ മറ്റോ കഥപോലെയാകും.
(“എനിക്കൊരു കാര്യം തരുമോ? “ “എന്താ മോളേ?” “അല്പം മനസമാധാനം” മോഡല്‍ ഡയലോഗിന്റെ കാര്യമല്ലേ :-) )

എബവ് ഓള്‍...ഈ നോവല്‍ വായിച്ചപ്പോള്‍ കുറുജിയെ നല്ല കറുത്ത മുടി നീട്ടിവളര്‍ത്തി കണ്ട ഫീലിംഗ് ആണ് തോന്നിയത്.
നല്ലതാവട്ടെ ചീത്തയാവട്ടെ, ആ കഷണ്ടി എനിക്ക് നല്ല മേച്ചിംഗ് ആന്റ് ബ്യൂട്ടിഫുള്‍ ആയിത്തോന്നിയിരുന്നു.

കാലക്രമേണ ഇത് മെച്ചം എന്ന് തോന്നിയേക്കാം. ഇപ്പോളില്ല. കുറുജി എന്നാല്‍ കോമഡിയും അഡ്വഞ്ചര്‍ സ്റ്റോറീസുമാണ് എനിക്ക്.

(നിരുത്സാഹപ്പെടുത്താന്‍ പറഞ്ഞതല്ല...സമയക്കുറവും ജോലിത്തിരക്കിനുമിടക്ക് കുത്തിക്കുറിക്കുന്നതാണ് ഇത് എന്നുമറിയാം. ആ പരിമിതികള്‍ നോക്കുമ്പോള്‍ ഇത് നന്നായിട്ടുണ്ട്.എങ്കിലും അങ്ങനെ ആരും സൃഷ്ടികള്‍ വിലയിരുത്താറില്ലല്ലോ...പിന്നെ കുറുജിയോട് കള്ളം പറയുകയും വയ്യ.)

:-)

:: niKk | നിക്ക് :: said...

ഹൊ!

Sathees Makkoth | Asha Revamma said...

ഇപ്പോഴാണ് വായിച്ചത്.
ബാക്കി അടുത്തതി ചെന്നിട്ട്.

NITHYAN said...

മൃതോത്ഥാനം മൂന്നു ഭാഗങ്ങളും വായിച്ചു. ഒരു നോവലിന്റെ എല്ലാ ഗുണങ്ങളുമുണ്ട്‌. സെല്‍വിയുടെ ദുരവസ്ഥ അനാവരണം ചെയ്യുന്നതില്‍ കുറുമാന്‌ 100 ശതമാനം വിജയം.

chithrakaran ചിത്രകാരന്‍ said...

കുറുമാനെ, ആ നല്ല സ്ത്രീയെ ഇത്രെം പെട്ടെന്ന് കൊലക്കു കൊടുക്കരുതായിരുന്നു എന്നൊരു ചിന്ത . കതാപാത്രത്തോട്‌ സ്നേഹം തോന്നിക്കാന്‍ കുറുമാനു കഴിഞ്ഞതുകൊണ്ടായിരിക്കാം...
മാനം പോയപ്പൊഴും അവര്‍ കൈവിടാതിരുന്ന കുടുംബത്തിന്റെ അസ്തിത്വത്തിന്റെ ഒരു നാംബ്‌ .... ആ പ്രയോഗിക ബുദ്ധി ആര്‍ക്കും കാണുന്നില്ലല്ലൊ എന്നൊരു വിഷമം ബാക്കി.