Wednesday, June 20, 2007

കൈതൊഴില്‍

പത്താം ക്ലാസിലെ പരീക്ഷയെല്ലാം കഴിഞ്ഞ അവധിക്കാലത്ത് ഒരോരോ ബന്ധുഗൃഹങ്ങളില്‍ മൂന്നും നാലും ദിവസം പോയി താമസിച്ച്, മൂക്കുമുട്ടെ ഭുജിച്ച്, പ്രത്യേകിച്ചും, മത്സ്യ മാംസാദികള്‍, ശരീരം കൊഴുപ്പിച്ച്, ചുരുക്കം പറഞ്ഞാല്‍ തിന്നുങ്കു കുത്തി നടന്നിരുന്ന കാലം. ഇനി പോകാന്‍ ബന്ധുഗൃഹങ്ങള്‍ ഇല്ലാതെ വന്ന അവസരത്തില്‍, അല്ലെങ്കില്‍, നമ്മളെ ഇനിയും എന്റര്‍ടെയിന്‍ ചെയ്യാനുള്ള മനോധൈര്യം ബന്ധുക്കള്‍ക്ക് മൊത്തമായി നഷ്ടപെട്ടെന്നു മനസ്സിലാക്കിയ സന്ദര്‍ഭത്തില്‍, ഊരു തെണ്ടല്‍ അവസാനിപ്പിച്ച്, പ്ലാസ്റ്റിക്ക് കവറില്‍ സ്വന്തം ഷര്‍ട്ടും, മുണ്ടും, ചുരുട്ടിപൊതിഞ്ഞ് സ്വന്തം വീട്ടിലേക്ക് ചുമരിലേക്കടിച്ച പന്തുപോലെ തിരിച്ചു വന്ന്, അച്ഛന്റെ ഭീഷണിക്കു വഴങ്ങി കടയില്‍ പോക്ക്, മോത്തിയെ കുളിപ്പിക്കല്‍, തെങ്ങിന് വെള്ളം നനക്കല്‍, തുടങ്ങിയ ബോറന്‍ പണികള്‍ ചെയ്ത് ജീവിതത്തോട് തന്നെ വിരക്തി തോന്നിതുടങ്ങിയ സമയം.

വൈകീട്ട്, പതിവുപോലെ ചായക്കൊപ്പം, വിശപ്പടക്കാന്‍ ഒന്നും കിട്ടാതിരുന്നതിനാല്‍, സ്റ്റാമിനക്ക് വേണ്ടി മാത്രമായി, രാവിലെ മിച്ചം വന്ന റബ്ബര്‍ഷീറ്റു പോലെയുള്ള മൂന്നു ചപ്പാത്തിയില്‍ ഒന്ന് മോത്തിക്ക് കൊടുത്തിട്ട് അവന്‍ കഴിക്കാതിരുന്നപ്പോള്‍ അമ്മ മാറ്റി വച്ചിരുന്ന രണ്ട് ചപ്പാത്തി വെറുതെ ചുരുട്ടി വായിലേക്ക് കുത്തിനിറച്ച് ചവച്ചരച്ചിട്ടും ഇറങ്ങാതെ വന്നപ്പോള്‍, ചൂടു ചായ തൊണ്ടയില്‍ ഒഴിച്ച് കുതിര്‍ത്തി കുത്തിയിറക്കി നേരേ വിട്ടു പാര്‍ക്കിലേക്ക്. കൂട്ടുമാരുമൊത്ത് കുത്തിമറിയാന്‍. കാല്‍നടയായല്ല, മറിച്ച്,. ടയറാണോ ട്യൂബാണോ പുറത്ത് എന്നറിയണമെങ്കില്‍ തൊട്ടുനോക്കേണ്ട അവസ്ഥയുള്ള, എന്റെ പ്രീമിയര്‍ ഹവായ് പോലെ തേഞ്ഞില്ലാതായ രണ്ട് ടയറുകളുള്ള എന്റെ ഹീറോ സൈക്കിളില്‍.

പാര്‍ക്കില്‍ എത്തി ക്രിക്കറ്റ് കളി തുടങ്ങാന്‍ പോകുന്നതിനല്പം മുന്‍പാണ്, തലമൂത്ത നേതാവൊരുത്തന്‍ കേട്ടാല്‍ അറക്കുന്ന ആ വൃത്തികേട് പറഞ്ഞത്. ഇനിമുതല്‍ പാര്‍ക്ക് ടീമില്‍ ക്രിക്കറ്റ് കളിക്കണമെങ്കില്‍, പുതിയതായി വാങ്ങാന്‍ പോകുന്ന ബാറ്റിനും, സ്റ്റംപ്സിനും, ബോളിനും മറ്റും ഷെയര്‍ നല്‍കണമെന്ന്.

ചെരുപ്പ് വാങ്ങാന്‍ തന്ന കാശെടുത്ത് സിനിമയും, കൊളമ്പോ ഹോട്ടലില്‍ കയറി രണ്ട് ദിവസം ഇറച്ചിയും പൊറോട്ടയും തിന്ന വകയില്‍ മാതാപിതാക്കളുടെ കയ്യില്‍ നിന്നും കേട്ടതിന്റെ പുളിപ്പ് ചെവിയില്‍ നിന്ന് മാറി വരുന്നതേയുള്ളൂ അതിന്റെ ഇടയിലാ ക്രിക്കറ്റ് കളിക്കാന്‍ പൈസ ചോദിക്കുന്നത്.

പൈസ കൊടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഒട്ട് മിക്ക സുഹൃത്തുക്കളും കയ്യും കാലും പൊക്കിയപ്പോള്‍, ഞാന്‍ ഒന്നും മിണ്ടാതെ ഒരരുകില്‍ മാറി ഈ സംഘര്‍ഷാവസ്ഥയില്‍ നിന്നും എങ്ങിനെ പുറത്തു കടക്കാം, അനുകൂലികളെ എങ്ങിനെ വിഘടിപ്പിക്കാം എന്ന തന്ത്രം തലപുകഞ്ഞാലോചിക്കുകയായിരുന്നു.

കുത്തിത്തിരുപ്പുണ്ടാക്കുന്ന കഴിവ് ജന്മനാ കിട്ടിയിട്ടുള്ളതിനാല്‍ (ഇന്‍ബോണ്‍ ടാലന്റ്), അധികം നേരം ആലോചിക്കേണ്ടി വന്നില്ല. അയല്പക്കത്ത് താമസിക്കുന്നവരും, അടുത്ത ചങ്ങാതിമാരുമായ കുറച്ച് സുഹൃത്തുക്കളെ സൈഡിലേക്ക് മാറ്റി നിറുത്തി കാര്യം അവതരിപ്പിച്ചു. ഒന്നാമത്തെ കാര്യം, ഈ സീസണില്‍ കളിക്കാന്‍ പറ്റിയത് ഫുട് ബോളാണ്, അതും അമ്പലപ്പറമ്പില്‍. രണ്ടാമത്തെ കാര്യം ഇവിടെ ഷെയര്‍ കൊടുക്കുന്ന കാശുണ്ടെങ്കില്‍ നമ്മുക്ക് എല്ലാവര്‍ക്കും കൂടി തേക്കടിക്കൊരു ടൂറു പോകാം.

ടൂറെന്ന് കേട്ടതും, പിന്മൊഴിയില്‍ നിന്നും മറുമൊഴിയിലേക്ക് കാലു മാറിയതുപോലെ, ചില ക്രിക്കറ്റ് കളിക്കാര്‍ ഫുട്ബാള്‍ കളിയിലേക്കു കളം മാറ്റി ചവിട്ടിയതിന്റെ പരിണിതഫലമായി മറുമൊഴി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് രൂപം കൊള്ളുകയും, അന്നു മുതല്‍ പാര്‍ക്കില്‍ നിന്നും മറുമൊഴി ക്ലബ്ബിന്റെ ആസ്ഥാനം അമ്പലപറമ്പിലേക്ക് മാറ്റുകയും ചെയ്തു.

ഫുട് ബോള്‍ ഒരെണ്ണം വിറകുപുരയില്‍ കിടന്നതെടുത്ത്, പഞ്ചറൊട്ടിച്ച്, കാറ്റടിച്ച്, പിറ്റേന്നു മുതല്‍ ഞങ്ങള്‍ മറഡോണയായും, പെലെയായും സങ്കല്പിച്ച് അമ്പലപറമ്പില്‍ പന്തുകളി തുടങ്ങി. ടീമിലെ അംഗസംഘ്യ ദിനം പ്രതി മറുമൊഴി പോലെ വര്‍ദ്ധിച്ചു വന്നു.

ആഴ്ച ഒന്നു കഴിഞ്ഞുകാണണം, പന്തുകളി കഴിഞ്ഞ് വിയര്‍പ്പ് പോകാന്‍ ഓലമടലില്‍ ചമ്രം പടഞ്ഞിരുന്ന് വിശ്രമിക്കുന്ന നേരത്താണ് ഒന്നുമില്ലായ്മയില്‍ നിന്നും വിഭൂതിയുണ്ടാക്കുന്ന പട്ട ഭാബയെ പോലെ, ശൂന്യതയില്‍ നിന്നും അനില്‍ എന്ന നമ്മുടെ സുഹൃത്ത് ഒരു ചോദ്യമെടുത്ത് എനിക്ക് നല്‍കിയത്. അല്ല നമ്മുടെ തേക്കടി യാത്ര എന്തായി?

കാലില്‍ കിടക്കുന്ന വെളുത്ത പുറവും, നീല അടിവശവും വാറുമുള്ള പുതിയ പാരഗണ്‍ ഹവായ് ചപ്പലില്‍ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു. ഈ ചെരുപ്പിനുള്ള കാശ് രണ്ട് ദിവസം മുന്‍പ് തന്നത് തന്നെ ഒരു മാസത്തേക്ക് അഞ്ചിന്റെ നയാ പൈസ ചോദിക്കില്ല എന്ന ഉറപ്പിന്മേലാണെന്ന കാര്യം എനിക്കല്ലേ അറിയൂ. ചോദിക്കില്ല, ചോദിക്കാതെ അടിച്ചു മാറ്റാം എന്ന കോണ്‍ഫിഡന്‍സുണ്ടായിരുന്നത് കൊണ്ട് ഇനി ഒരു മാസത്തേക്ക് അഞ്ചിന്റെ നയാ പൈസ ചോദിക്കില്ല എന്ന ഉറപ്പും അമ്മക്ക് നല്‍കി. അതിന്റെ ഇടയിലാ ഇനിയിപ്പോ തേക്കടി യാത്ര.

പത്താം ക്ലാസ്സ് കഴിഞ്ഞതിനാലും, പ്രായപൂര്‍ത്തിയെത്തിയതിനാലും, എവിടെ പോയാലും വിശക്കുമ്പോള്‍ സ്വന്തം വീട്ടിലോട്ട് വരാതെ എങ്ങോട്ട് പോകാന്‍ എന്ന തിരിച്ചറിവുള്ളതിനാലും, ഞങ്ങളുടെയെല്ലാം മാതാപിതാക്കള്ക്ക്‍, ഞങ്ങള്‍ എങ്ങോട്ടെങ്കിലും ടൂറ് പോകണമെന്ന് പറഞ്ഞാല്‍ വിടാന്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. പക്ഷെ പണം ചോദിക്കരുതെന്ന് മാത്രം.

തേക്കടിയിലേക്കൊരു യാത്ര എന്നു പറഞ്ഞാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് എന്റെ യാത്രാക്കൂലിയുടെ ഒരു പങ്കെടുത്താലും, സ്വന്തമായി ഒരു അമ്പതു രൂപയെങ്കിലും വേണം കയ്യില്‍ വേണമല്ലോ. എന്തിനും വഴിയുണ്ടാക്കാം എന്ന ആത്മവിശ്വാസത്തോടെ, ആത്മബലത്തിനു കൂട്ടായി,എന്തിനും എന്നെ പിന്‍ തുണക്കുന്ന അനില്‍ എന്ന ചങ്ങാതി ഒപ്പമുണ്ടല്ലോ എന്ന ധൈര്യത്തോടെ അടുത്ത ശനിയാഴ്ച തേക്കടിയില്‍ പോകാമെന്നും, ഞായറാഴ്ച തിരിച്ചു വരാമെന്നുമുള്ള ട്രാവല്‍ അജണ്ട ആ മീറ്റിങ്ങില്‍ വച്ചു തീരുമാനിച്ച് അരക്കിട്ടുറപ്പിച്ചു.

ഒരാഴ്ച സമയമുണ്ട്. അതിന്നുള്ളില്‍ അമ്പതു രൂപ ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗം എന്താണെന്നുള്ള ചിന്ത മാത്രമായി ആ രാത്രി മുതല്‍ എന്റെ തലയില്‍.

പിറ്റേന്ന് പകല്‍ സമയം തെങ്ങിന്റെ നനയും, കിളയുമെല്ലാം കഴിഞ്ഞ് വെറുതെ ഒന്നു വിശ്രമിക്കുന്ന സമയത്താണ് അച്ഛന്‍ പറയുന്നത് കേട്ടത്. ഇങ്ങനെ വെറുതെ ഇരുന്ന് മെയ്യനങ്ങാതെ തിന്നുന്ന നേരം വല്ല കൈതൊഴിലും പഠിക്കാന്‍ പോടാ, ഭാവിയില്‍ ഗുണമുണ്ടാകും.

അച്ഛന്‍ പറഞ്ഞു നാവെടുത്തില്ല! വടക്കേ പറമ്പില്‍ തേങ്ങയൊരെണ്ണം വീഴുന്ന ഒച്ചകേട്ടതും, എന്റെ മനസ്സില്‍ ആശയം വിരിഞ്ഞു. ശരിയച്ഛാ, കൈതൊഴിലൊരെണ്ണം ഉടന്‍ തന്നെ പഠിക്കാന്‍ തുടങ്ങുന്നതാണ് എന്നു മനസ്സില്‍ കരുതുകയും ചെയ്തു.

അന്നുച്ഛക്ക് അച്ഛനും, അമ്മയും ഉച്ചമയക്കത്തിലായിരുന്ന നേരത്ത്, കൈതൊഴില്‍ പഠനത്തിന്റെ ഹരിശ്രീ ഞാന്‍ കുറിച്ചു. ഉത്ബോധനം ആദ്യം സ്വന്തം വീട്ടില്‍ നിന്നും എന്ന് പറഞ്ഞതു പോലെ തന്നെ, മോഷണവും ആദ്യം സ്വന്തം വീട്ടില്‍ നിന്നു തന്നെ. വിറകുപുരയില്‍ കൂടിയിട്ടിരുന്ന തേങ്ങകളില്‍ വിളഞ്ഞത് നോക്കി പത്തെണ്ണം ഒരു ചാക്കിലാക്കി കെട്ടിയതിനുശേഷം, തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അനിലിനെ വിളിച്ചുകൊണ്ട് വന്ന്, ചാക്ക് കെട്ട് പൊക്കി ചുമന്ന് ഞങ്ങളുടേ പറമ്പിന്റെ തൊട്ടപ്പുറത്തെ ആള്‍താമസമില്ലാത്ത പറമ്പിലൂടെ വര്‍ഷക്കാലത്തൊഴുകുകയും, വേനല്‍ക്കാലത്ത് ഉണങ്ങി വരണ്ട് കിടക്കുകയും ചെയ്യുന്ന തോട്ടിലെ കമ്മ്യൂണിസ്റ്റ് പച്ച ചെടികള്‍ക്കിടയില്‍ ടേം ഡെപ്പോസിറ്റ് ചെയ്തു.

പൈസയുണ്ടാക്കാനുള്ള എന്റെ ഉദ്യമത്തില്‍ പങ്കാളിയായി ചേര്‍ന്ന അനിലിന് എന്റെ ടൂര്‍ ഫണ്ടിലേക്ക് എന്തെങ്കിലും ഉദാരമായി സംഭാവന ചെയ്യണമെന്ന ഉള്‍വിളി തോന്നുകയും, എന്നെ കൂട്ടി അവന്റെ വീട്ടില്‍ പോയി ആറ് തേങ്ങയുമെടുത്ത്, തോട്ടിലേക്ക് ഞങ്ങളുടെ ദൌത്യസേന വീണ്ടും ഷട്ടിലടിച്ചു.

തേങ്ങാവെട്ടുകാരന്‍ ആന്റോവിന്റെ കടയില്‍ കൊടുത്താല്‍ തേങ്ങക്കൊന്നിന്, മറ്റുള്ള തേങ്ങവെട്ടുകാര്‍ തരുന്നതിലും ഇരുപത്തഞ്ചു പൈസ കുറവേ തരൂ എങ്കിലും കാശ്, റൊക്കമായി തരുമെന്നതിനാല്‍ തേങ്ങകള്‍ എന്തായാലും ആന്റോവിന്റെ കടയില്‍ തന്നെ കൊടുക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു.

മൊത്തം തേങ്ങ പതിനാറായി. അഞ്ചാറു തേങ്ങ കൂടെ കിട്ടിയാല്‍ അമ്പത് രൂപ ഉറപ്പായി. രണ്ട് ദിവസം കഴിഞ്ഞിട്ടും ആറ് തേങ്ങക്കുള്ള മാര്‍ഗം ഞങ്ങളുടെ മുന്‍പില്‍ തെളിഞ്ഞില്ല എങ്കിലും, മൂന്നാമത്തെ ദിവസം രാവിലെ പുട്ടിന് ചിരകാന്‍ തേങ്ങയെടുക്കാന്‍ വിറകുപുരയില്‍ പോയ അമ്മയുടെ മുന്‍പില്‍ തേങ്ങകള്‍ മോഷണം പോയത് തെളിഞ്ഞു.

അതേ, നിങ്ങളൊന്നിങ്ങോട്ട് വന്നേ. അമ്മ തൊണ്ട പൊട്ടുമാറുച്ഛത്തില്‍ അച്ഛനെ വിളിച്ചു. പത്രം വായിക്കുകയായിരുന്ന അച്ഛന്‍ പത്രം മടക്കി വെച്ച്, വിറകുപുരയിലേക്ക് പാഞ്ഞു. ചെവി വട്ടം പിടിച്ച് ഒന്നുമറിയാത്തതുപോലെ ഞാന്‍ എന്റെ പല്ലില്‍ ബ്രെഷ് കൊണ്ട് ആഞ്ഞുരച്ചു.

തെങ്ങു കയറിയപ്പോ മുപ്പത് തേങ്ങ വീട്ടുചിലവിന് മാറ്റി ഇട്ടിരുന്നതാ. തെങ്ങ് കയറിയിട്ട് ആഴ്ച രണ്ടായിട്ടില്ല അപ്പോഴേക്കും ദാ ഇനി തേങ്ങ അഞ്ചാറെണ്ണമേയുള്ളൂ. നമ്മുടെ തേങ്ങയൊക്കെ ആരോ മോഷ്ടിച്ച് കൊണ്ട് പോയിട്ടുണ്ട്.

ഞാനുള്ളപ്പോ ഇവിടുന്ന് ആരു തേങ്ങ മോഷ്ടിക്കാനാടീ. നെഞ്ചു വിരിച്ചുകൊണ്ട് അച്ഛന്‍ അതു ചോദിച്ചപ്പോള്‍ എനിക്ക് ചിരി പൊട്ടിയെങ്കിലും വായില്‍ പേസ്റ്റും ബ്രഷും ഉള്ളതു കാരണം പുറത്തേക്ക് ശബ്ദം അധികം വന്നില്ല.

നിനക്ക് തെറ്റിയതായിരിക്കും അല്ലാതെ തേങ്ങയൊന്നും ആരും ഇവിടുന്ന് കൊണ്ട് പോവില്ല, അച്ഛന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍, അമ്മക്കും ഒരു സംശയം, ഇനി തെറ്റിയതായിരിക്കുമോ. തെളിഞ്ഞു കത്താതെ, ആ തിരി എന്തായാലും അവിടെ കെട്ടു.

ദീര്‍ഘ നിശ്വാസമുതിര്‍ത്തുകൊണ്ട് ഞാന്‍ പല്ലുതേപ്പവസാനിപ്പിച്ചു.

അഞ്ചാറു തേങ്ങ കൂടി സംഘടിപ്പിക്കാതെ കൈതൊഴില്‍ പഠനം അവസാനിക്കുന്നില്ല എന്നതിനാല്‍ അന്നുച്ഛക്ക്, പതിവുപോലെ അച്ഛനും, അമ്മയും, ഉച്ചമയക്കത്തിലായിരുന്ന സമയത്ത്, ഞങ്ങളുടേയും, അനിലിന്റേയും വീടിന്റെ ബോര്‍ഡറിലുള്ള ഒരു തെങ്ങില്‍ തളപ്പിട്ട് ഞാന്‍ കയറി. അനില്‍ സെക്ക്യൂരിറ്റി കാരനെ പോലെ പരിസരം വീക്ഷിച്ചുകൊണ്ട് തെങ്ങിന്റെ അടിയിലും നിന്നു. തെങ്ങില്‍ മുന്‍പ് പലപ്പോഴും കയറിയിട്ടുള്ളതിനാല്‍ സഭാകമ്പം തീരെയില്ലായിരുന്നു. തെങ്ങിന്റെ മുകളിലെത്തി, വിളവ് അല്പം കുറഞ്ഞതാണെങ്കിലും, ഒരു കുലയില്‍ നിന്നും ആറു നാളികേരങ്ങള്‍ ഓരോന്നായി പിരിച്ചെടുത്ത്, അനിലിന്റെ പറമ്പിലേക്കെറിഞ്ഞ് ഞാന്‍ താഴെ ഇറങ്ങി.

ഞങ്ങള്‍ രണ്ടുപേരും കൂടി ആറു തേങ്ങകളും, തേങ്ങപൊളിക്കാനുള്ള കുറ്റിക്കോലും, വെട്ടുകത്തിയുമായി തോട്ടിലെത്തുകയും, തോട്ടില്‍ വച്ച് തന്നെ രണ്ട് പേരും മാറി മാറി ഉത്സാഹിച്ച് പഴയതും, ഇപ്പോഴിട്ടതും ചേര്‍ത്ത്, ഇരുപത്താറു തേങ്ങകളും പൊതിച്ച്, ഉടച്ച് വെള്ളം കളഞ്ഞ് ചാക്കിലാക്കി കെട്ടി ഭദ്രമാക്കുകയും ചെയ്തു.

കുറ്റിക്കോല്‍, വെട്ടുകത്തി എന്നിവ വീട്ടില്‍ അതാതിന്റെ സ്ഥാനത്ത് കൊണ്ട് ചെന്ന് വച്ചതിനു ശേഷം, അനിലിന്റെ സൈക്കിള്‍ തോട്ടിന്നരികിലേക്ക് കൊണ്ട് വന്ന് (അവന്റെ സൈക്കിളിന്റെ ടയര്‍ നല്ലതാ), തേങ്ങ ചാക്ക് കാരിയറില്‍ വച്ച് കെട്ടി, ഡബ്ബിള്‍ വച്ച് അന്റോവിന്റെ കടയിലേക്ക് പറന്നു.

ഞാനും അനിലും കൂടി തേങ്ങാ ചാക്കും തൂക്കിയെടുത്ത് ആന്റോവിന്റെ കടയിലേക്ക് ചെന്നു.

ചാക്കഴിച്ച് നല്ല വലുപ്പമുള്ള തേങ്ങ കണ്ടിഷ്ടപെട്ട ആന്റോ തേങ്ങായൊന്നിനു 2.25 പൈസ കണക്കില്‍ ഇരുപത്തിയാറു തേങ്ങക്ക് 58 രൂപ 50 പൈസ വില കണക്കാക്കുകയും ചെയ്തു.

അമ്പതു രൂപ പ്രതീക്ഷിച്ചു വന്ന ഞങ്ങള്‍ 58.50 പൈസ ലഭിക്കുന്നു എന്നറിഞ്ഞപ്പോള്‍, അധ്വാനത്തിന്റെ ഫലം ഈശ്വരന്‍ തരും എന്നെല്ലാവരും പറയുന്നതെത്ര ശരിയെന്നാലോചിച്ച് അത്ഭുതം കൂറി.

മക്കളെ, പൈസ വൈകീട്ട് വന്ന് വാങ്ങിക്കോ, ഞാനിപ്പോ കൊപ്രക്കളത്തിലൊന്ന് പോയിട്ട് വേഗം വരാം എന്ന് മൂന്ന് പറഞ്ഞപ്പോള്‍, എതിര്‍ത്തു പറയേണ്ട കാര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല, കാരണം തേക്കടിക്ക് പോകുവാന്‍ ഇനിയും ദിവസം ബാക്കി.

വീട്ടിലേക്ക് തിരിച്ചു പോയി, വൈകീട്ടത്തെ ചായകുടി കഴിഞ്ഞ് പതിവുപോലെ അമ്പലപറമ്പിലെ പന്തുകളി കഴിഞ്ഞ് വിശ്രമിക്കുന്ന നേരത്താണ്, ആന്റോവിന്റെ കയ്യില്‍ നിന്നും പൈസ വാങ്ങിയില്ല ഇതുവരെ എന്ന കാര്യം എനിക്കോര്‍മ്മ വന്നത്.

അനിലിനേയും കൂട്ടി സൈക്കിളെടുത്ത് വേഗം ചവിട്ടി ആന്റോവിന്റെ കടയിലേക്ക്. സൈക്കിള്‍ സ്റ്റാന്റിലിട്ട് ഞങ്ങള്‍ കടക്കുള്ളിലേക്ക് ചെന്നു.

ആന്റോ തേങ്ങയുടെ കാശ്?

കുറുമാനേ, നിനക്കറിയാമല്ലോ, ആന്റോ പറഞ്ഞാല്‍ പറഞ്ഞതാ. ആന്റോ എന്നും കാശ് റൊക്കമായി കൊടുക്കും അല്ലാതെ കടം പറയില്ല. നിങ്ങള് വന്നപ്പോ, ഞാന്‍ കൊപ്രക്കളത്തിലേക്ക് പോകാന്‍ നിക്കുന്നത് കാരണമാ തരാഞ്ഞത്.

കൊപ്രക്കളത്തില് നില്‍ക്കുമ്പോ, നിന്റെ അച്ഛന്‍ അങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു വെളിച്ചെണ്ണ വാങ്ങാന്‍. ഞാന്‍ ആ കാശ് അപ്പോ തന്നെ നിന്റെ അച്ഛന്റെ കയ്യില് കൊടുത്തു.

കടം നിറുത്തുന്നത് ആന്റോന് പണ്ടേ ഇഷ്ടമല്ല. അതാ എന്റെ ശീലം.

ആന്റോ പറയുന്നതൊന്നും എന്റെ ചെവിയില്‍ കയറുന്നുണ്ടായിരുന്നില്ല, കാരണം വീട്ടില്‍ ചെന്നാല്‍ ചെവിക്കല്ല് അച്ഛന്‍ അടിച്ച് പൊട്ടിക്കുന്നതോര്‍ത്ത് എന്റെ ചെവി മുന്നേ തന്നെ അടഞ്ഞുപോയിരുന്നു.

61 comments:

കുറുമാന്‍ said...

കൈതൊഴില്‍

ബൂലോകരെ, മാസങ്ങള്‍ കുറേയായി നര്‍മ്മത്തില്‍ കൈവച്ചിട്ട്. മൃതോത്ഥാനം ഒരു ലക്കം കൂടി ഉണ്ട്, അത് അല്പം കഴിഞ്ഞിട്ടാകാം എന്നാ തീരുമാനം.

നീണ്ട ഒരു ഇടവേളക്ക് ശേഷം ഒരു പോസ്റ്റ് - നര്‍മ്മം എന്ന് ഞാന്‍ അവകാശപെടുന്നു. ബാക്കി നിങ്ങള്‍ തീരുമാനിക്ക്.

ഈയുള്ളവന്‍ said...

ഠേ... ഠേ.....ഠേ....
ഈ കഥയുടെ തേങ്ങ എന്റെ വകയായിക്കോട്ടെ....
ങേ...! ആരാണ്ട്രാ തേങ്ങാപ്പൂ‍ളുമെടുത്തോണ്ടോടുന്നേ...?
ഒരു കഷ്‌ണമെങ്കിലും അവിടെ ഇട്ടിട്ടുപോ.....!
കമന്റാനായി വായിച്ചുകഴിഞ്ഞ് ഒന്നൂടെ വരാം... :)

Unknown said...

ഹ ഹ ഹ... കുറുമയ്യാ. കലക്കി. ഒരു കൈത്തൊഴില്‍ കൈവശമുള്ളത് എന്തായാലും നല്ലതാ. ആ മറുമൊഴി-പിന്മൊഴി-ഫുഡ്ബാള്‍ പ്രയോഗം രസിച്ചു. ഇത് തന്നെ നമ്മുടെ ഫീല്‍ഡ്. ഇനി മുത്തു, തങ്കമണി എന്നൊക്കെ പറഞ്ഞ് നടന്നാലുണ്ടല്ലോ ങ്ഹാ... :-)

Dinkan-ഡിങ്കന്‍ said...

ഠേ.. തേങ്ങാക്കള്ളനൊരു തേങ്ങയുടച്ചിലെങ്കില്‍ പിന്നെ എന്തിനാ ഇതൊക്കെ.


കുത്തിത്തിരുപ്പുണ്ടാക്കുന്ന കഴിവ് ജന്മനാ കിട്ടിയിട്ടുള്ളതിനാല്‍ (ഇന്‍ബോണ്‍ ടാലന്റ്), അധികം നേരം ആലോചിക്കേണ്ടി വന്നില്ല.


ശോ സമ്മതിക്കണം. അപ്പോള്‍ പണ്ട് ഇതൊക്കെ ആയിരുന്നൂലേ പണി. ഷെയിം ഷെയിം..

കുറുമാന്‍സേ പൊസ്റ്റ് കലക്കി. ‘മൃതോഥാന’ത്തിനിടയ്ക്ക് പഴയ ശൈലിയിലേയ്ക്ക് ഒന്ന് ഊളിയിട്ടത് നന്നായി :)

:: niKk | നിക്ക് :: said...

...രാവിലെ മിച്ചം വന്ന റബ്ബര്‍ഷീറ്റു പോലെയുള്ള മൂന്നു ചപ്പാത്തിയില്‍ ഒന്ന് മോത്തിക്ക്..

:)

കുറുംസ് ... ഇതിലൊന്നും നമ്മുടെ പ്രദീ‍പേട്ടന്റെ കാര്യമൊന്നും കണ്ടില്ലല്ലോ? ചെറുപ്പത്തിലെ കമ്പനിയില്‍ പുള്ളിയുണ്ടായിരുന്നില്ലേ?

ഈയുള്ളവന്‍ said...

കൊള്ളാം കുറുജീ,

“കൊപ്രക്കളത്തില് നില്‍ക്കുമ്പോ, നിന്റെ അച്ഛന്‍ അങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു വെളിച്ചെണ്ണ വാങ്ങാന്‍. ഞാന്‍ ആ കാശ് അപ്പോ തന്നെ നിന്റെ അച്ഛന്റെ കയ്യില് കൊടുത്തു.
കടം നിറുത്തുന്നത് ആന്റോന് പണ്ടേ ഇഷ്ടമല്ല. അതാ എന്റെ ശീലം...“

ആന്റോ ഇത് പറഞ്ഞപ്പോഴുള്ള കുറുമാന്റെ മുഖം ഒന്ന് സങ്കല്‍പ്പിച്ചുനോക്കി... എന്നിട്ട് വീട്ടില്‍ ചെന്നിട്ട് അച്ഛന്റെ വക പെട കിട്ടിയോ..?

Promod P P said...

കുറുമാനേ.. ഏരമ്പി..
കുറേക്കാലത്തിനു ശേഷം കുറുമാന്റെ തമാശ കഥ വായിച്ചപ്പോള്‍ ഉള്ളു തുറന്ന് ഒന്നു ചിരിച്ചു.

കുറു ഗുരോ.. ഇതാണ് ഇങ്ങളുടെ ഫീല്‍ഡ്.. ഹാസ്യം..

Promod P P said...

ഷെടാ
ദില്‍ബന്റെ കമന്റ് ഇപ്പോഴ കണ്ടത്..
ദില്‍ബാ നീയും ഒരു തൃകാല ജ്ഞാനിയാകുന്നു

Visala Manaskan said...

ഹായ്...കുറുമാന്‍ ബാക്ക്!

‘ഉം... ജാതി അമറന്‍ സാധനം ഷ്ടാ’ എന്ന് പോര്‍ക്കിനെകൊണ്ട് പറയിച്ച കുറുമാന്‍.

‘കണ്ണാടിയില്‍ സ്വന്തം മാതക സൌന്ദര്യം കണ്ട്‘ ടെന്‍ഷനായിപ്പോയ കുറുമാന്‍.

അഭിവാദ്യങ്ങള്‍!

Unknown said...

ദില്‍ബാ നീയും ഒരു തൃകാല ജ്ഞാനിയാകുന്നു
തഥാഗതനണ്ണാ,
നമ്മളെ വിട്ടേക്ക്. തൃകാല ഞാനിയും തൃത്താല കുട്ടികൃഷ്ണമാരാരും ഒന്നും ആവാന്‍ വയ്യ. ;-)

ഉണ്ണിക്കുട്ടന്‍ said...

ഹ ഹ വായിച്ചു കുറുമാന്‍സേ...കലക്കീട്ടുണ്ട്.

എന്നാലും തിരിച്ചു വീട്ടില്‍ചെന്നിട്ടുള്ള സീനായിരുന്നു കേള്‍ക്കേണ്ടി ഇരുന്നത്.
നല്ലോണം കിട്ടി അല്ലെ? ഈ കഥ വായിച്ചപ്പോള്‍ എന്റെ കയ്യീന്നു കടം വാങ്ങി എന്റെ അച്ഛനു കൊടുക്കാനുള്ള കടം തീര്‍ത്ത നാട്ടിലെ തെങ്ങു കേറ്റക്കരന്നെ ഓര്‍ത്തു.
(അതിപ്പോ എന്തിനാ ഓര്‍ത്തേ..?)

R. said...

നന്നേ ചെറുപ്പത്തിലേ കൈത്തൊഴില്‍ വശമാക്കിയല്ലേ? ഇതിന്റെ 'ആഫ്റ്റര്‍മാത്‌' എന്തായിരുന്നു?

കൃഷ്ണ said...

കുറുമാന്‍ ജീ, കലക്കിട്ടുണ്ട്‌ ട്ടൊ
നിങ്ങള്‍ ഒരു ഹാസ്യ സമ്രാട്ടാണു കേട്ടൊ...

Mubarak Merchant said...

അയലോക്കത്തെ പറമ്പിലെ തേങ്ങേടെ കാശും കൂടി കയ്യോടെ കിട്ടിയതോണ്ട് അച്ചനു സന്തോഷമായിക്കാണുമെന്നും അതിനാല്‍ കുറുമാനു തല്ലു കിട്ടിയില്ലെന്നും പ്രതീക്ഷിക്കുന്നു. വേറൊന്ന് ചോയ്ച്ചോട്ടെ കുറു മഹാനവര്‍കളേ..

‘തെങ്ങില്‍ മുന്‍പ് പലപ്പോഴും കയറിയിട്ടുള്ളതിനാല്‍ സഭാകമ്പം തീരെയില്ലായിരുന്നു‘
ആര്‍ക്ക്, തെങ്ങിനോ?

Kumar Neelakandan © (Kumar NM) said...

ഇതാണ് കുറുമാ‍ന്‍-മാര്‍ക്ക് ഗുണ്ട്.
ഇത്തരം പോസ്റ്റുകളാണ് ബ്ലോഗില്‍ എന്നെ കൂടുതല്‍ ചിരിപ്പിച്ചിട്ടുള്ളതും.

ഇതാണ് വിശാലനും ദേവനും (കൂമന്‍പള്ളിയില്‍) കുറുമാനെ പോലെ എടുത്തുപൊട്ടിക്കുന്ന ഗുണ്ട്.
ജോലിയുടെ തിരക്കില്‍ നിന്നും മനസിനെ മാറ്റി അവിടെ ഇത്തിരി ചിരിയിട്ട് പൊട്ടിക്കുന്ന ഗുണ്ട്.

എന്നെ പോലുള്ളവര്‍ക്കു വേണ്ടി എങ്കിലും ഇങ്ങനെ ചിലതൊക്കെ ഇടയ്ക്കൊക്കെ എഴുതു.

സന്തോഷം.

ഇടിവാള്‍ said...

ഫ്ലാഷ് ന്യൂസ് !!!!!!!!!!!!!!!!!!

മൃതോത്ഥാനത്തിലെ കഥാപാത്രങ്ങളായ മുത്തു, സുനില്‍, സരള, നാരായണന്‍ നായര്‍, കുട്ടപ്പന്‍ നായര്‍, സരളയുടെ കൊച്ച്, സുനില്‍ കെട്ടാന്‍ പോകുന്ന പെണ്ണ്‌, പിന്നവര്‍ക്കുണ്ടാവാന്‍ പോവുന്ന കൊച്ച്, മുത്തുവ്ന്റെ അയല്‍ക്കാരായ ദേവകി, വാസു, വിലാസിനി എന്നിവരെല്ലാം ഒരു ബസ്സപകടത്തില്‍ മരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.


ആത്മഗതം: ഈ ന്യൂസ് അറിഞ്ഞിട്ടെങ്കിലും ഇങ്ങേരതു നിര്‍ത്തുമല്ലോ.. ജനിക്കാനിരിക്കുന്ന ആ കുഞ്ഞിനേയും അയല്‍ക്കാരെയും ഒക്കെ കൂടി കൊന്നത്, ഇയാളിനി അയല്‍ക്കാരുടെ പേരു ചേര്‍ത്ത് കഥ നീട്ടുമോ എന്നു പേടിച്ചിട്ടാ..

ചുരുക്കം പറഞ്ഞാല്‍, മുത്തുവിന്റെ ഗ്രാമത്തില്‍ ഇപ്പോള്‍ ആരുമില്ല... ഗോനു വന്ന ഒമാന്‍ പോലെ, സുനാമി വന്ന ലങ്ക പോലെ ശൂന്യം!

അവിടെ ഒരു പശുക്കുട്ടി നില്‍പ്പുണ്ട്.. അയ്യോ ഇനി മൃതോത്ഥാനത്തില്‍ അതൊരു കഥാപാത്രമാവുമോ?

അയ്യോ!!!!!!!!

ഓടോ: കുറൂ: ഈ പോസ്റ്റ് ഉഗ്രോഗ്രന്‍! ഇമ്മാതിരി സാദനമാ നമ്മക്ക് വേണ്ടത് ;)

ഈയുള്ളവന്‍ said...

കുറുജീ,

തേങ്ങാ പിരിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ വേറൊരു സംഭവം ഓര്‍മ്മ വന്നു...
പണ്ട്, (വളരെ പണ്ടൊന്നുമല്ല, ഒരു ഏഴെട്ടുകൊല്ലം മുമ്പ്) പോളിയില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ഒരു കരയോഗം വക ഒരു ലോഡ്‌ജിലായിരുന്നു താമസിച്ചിരുന്നത്. കരയോഗത്തില്‍ നിന്നും ആരെങ്കിലും വന്നിരുന്നത് മാസാദ്യം വാടക വാങ്ങാന്‍ മാത്രവും. പരീക്ഷക്കാലത്ത്, (അന്നുമാത്രമേ ആ ലോഡ്‌ജിലെ പത്തുപേരും തികച്ച് അവിടെ കാണൂ..!) രാത്രി വല്ലാതെ വൈകുമ്പോള്‍ (പഠിക്കാനിരുന്നു എന്ന് വെപ്പു്, എവിടേ? കോറം തികഞ്ഞുകിട്ടുന്ന ആവേശത്തില്‍ വാശിക്ക് റമ്മികളിച്ചോണ്ടിരിന്നിട്ടാ..) എല്ലാര്‍ക്കും വിശക്കും. അവിടെ അടുത്താണേല്‍ ഒരു പെട്ടിക്കട പോലുമില്ല, ഉണ്ടേലും നട്ടപ്പാതിരയ്‌ക്ക് എവിടെ പോകാന്‍..? അവസാനം കൂട്ടത്തില്‍ ഒരുത്തന്റെ തലയില്‍ ബള്‍ബ് കത്തി. വീടിനുചുറ്റും ഇഷ്‌ടം പോലെ തെങ്ങുണ്ട്, ഏതില്‍ നിന്നെങ്കിലും നമുക്ക് തേങ്ങയിടാമെന്ന്..! അങ്ങനെ അവനേയും കൂട്ടി (അവനാണ് തെങ്ങുകയറാന്‍ ഉസ്‌താദ് അന്ന്) ഞങ്ങള്‍ വെളിയിലിറങ്ങി നോക്കുമ്പോള്‍ ഒത്തിരി അകലെയല്ലാത്ത ഏതോ വീട്ടില്‍ വെളിച്ചം കാ‍ണാം. അവിടുത്തെ കാര്‍ന്നോരാണേല്‍ നട്ടപ്പാതിരയ്‌ക്ക് ഇറയത്തിറങ്ങിയിരിക്കുന്ന ഒരു ശീലമുള്ള (അസുഖമുള്ള എന്നും പറയാം.. :) ) മനുഷ്യനും..! മൂപ്പര്‍ക്ക് കാഴ്‌ച നന്നേ കുറവാ, പക്ഷെ, കേള്‍വി പകരവും പലിശയും ചേര്‍ത്തുണ്ട് താനും. തെങ്ങില്‍ കേറി തേങ്ങയിട്ടാല്‍ താ‍ഴെ വീഴുമ്പോള്‍ ധിം എന്നൊരൊച്ചയുണ്ടാകും, അത് ലങ്ങേര് കേള്‍ക്കും, കേട്ടാല്‍ പിന്നെ ഞങ്ങളുടെ പുറത്ത് കരയോഗം കാര്‍ പൊതുയോഗം നടത്തും..! ഇതറിയാവുന്നതുകൊണ്ട് കക്ഷി വീടിനകത്തേക്ക് പോകാനായി ഞങ്ങള്‍ കുറെ കാത്തു. ഒരു രക്ഷയുമില്ല, അതിയാന്‍ അവിടെ ഇരുന്നുറങ്ങാന്‍ തന്നെയാണ് പ്ലാനെന്നുതോന്നുന്നു. ഒടുവില്‍ നേരത്തെ കയറാമെന്നേറ്റകക്ഷി രണ്ടും കല്‍പ്പിച്ച് തെങ്ങില്‍ കയറി. ഓരോ തേങ്ങയും പിരിച്ച് പിരിച്ച് വിടുവിച്ച്, അതും കടിച്ച്പിടിച്ച് തെങ്ങില്‍ നിന്നിറങ്ങും. ഒരു രണ്ടുമൂന്നെണ്ണമായപ്പോഴേക്കും കക്ഷിയ്‌ക്ക് മടുത്തു. അപ്പോഴാണ് വേറൊരുത്തന്റെ ബള്‍ബ് ഇത്തിരി നല്ല വോള്‍ട്ടേജില്‍ തന്നെ കത്തിയത്. രണ്ടുപേര്‍ വെടികൊണ്ട പോലെ ലോഡ്‌ജിനകത്തേക്ക് പാഞ്ഞുചെന്നു, ഒരു കിടക്ക, (ട്രയിനിലൊക്കെ ഉപയോഗിക്കുന്ന തരം) രണ്ടുപേര്‍ തെങ്ങിന്റെ ചുവട്ടില്‍ അരയ്‌ക്കൊപ്പം പൊക്കത്തില്‍ വിരിച്ചുപിടിച്ചു. ആദ്യം കേറിയവന്‍ തെങ്ങില്‍ കേറി, തേങ്ങകള്‍ പറിച്ചുതാഴേക്കിട്ടു. എല്ലാം ആ കിടക്കയില്‍ തന്നെ കൃത്യമായി വീണതുകൊണ്ട് നോ സൌണ്ട്...!

അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത്..... ഹമ്മേ...! കിടക്ക വിരിച്ച് അതിലേക്ക് തേങ്ങ പറിച്ചിട്ടാല്‍ ഒച്ചകേക്കൂല്ലാന്ന് പറയാന്‍ വന്നതാ... പോസ്റ്റിനേക്കാള്‍ വലിപ്പത്തില്‍ കമന്റിട്ടൂന്ന് പറഞ്ഞ് എന്നെ ഓടിക്കുമോ കുറുജീ...? :)

മുസ്തഫ|musthapha said...

ഹഹഹ... കുറുമാനേ...

ഈ കൈതൊഴിലൊക്കെ കയ്യിലുണ്ടായിട്ടാണോ ചുമ്മാ യൂറോപ്പിലൊക്കെ കിടന്നലഞ്ഞത് :)

മാസങ്ങള്‍ക്ക് ശേഷമുള്ള നര്‍മ്മത്തിലെ കൈവെപ്പ് മര്‍മ്മത്ത് തന്നെയായി - നന്നായിട്ടുണ്ട് :)

Inji Pennu said...

:-)...

>>മൂന്നു ചപ്പാത്തിയില്‍ ഒന്ന് മോത്തിക്ക് >>കൊടുത്തിട്ട് അവന്‍ കഴിക്കാതിരുന്നപ്പോള്‍ >>അമ്മ മാറ്റി വച്ചിരുന്ന രണ്ട് ചപ്പാത്തി

അത് വായിച്ച് ഞാന്‍ കൊറേ ചിരിച്ചു. എന്റെ അമ്മ അവസാനം എല്ലാ ഭക്ഷണവും കൂടി എടുത്തിട്ട് എന്റെ ചേട്ടനോട് ചോദിക്കും, ഡാ നിനക്ക് ഇത് വേണൊ അതോ ഞാന്‍ പട്ടിക്ക് കൊടുക്കണോയെന്ന്...മിക്കവാറും അവന്‍ അത് വേണമെന്ന് പറയും..ഹിഹിഹി:)

അരവിന്ദ് :: aravind said...

ഹഹ! പോസ്റ്റ് കലക്കി!
പോരാഞ്ഞ് വിയെമ്മിന്റെ കമന്റ് ഓര്‍ത്ത് ചിരിപ്പിച്ചു!

ഇടീ അപ്പോ അവരെല്ലാം തട്ടിപ്പോയല്ലേ? ഞാന്‍ എല്ലാറ്റിനേം മെഷീണ്‍ ഗണ്ണു വച്ച് ഡീശുഡിശുഡിശുഡിശു-ഡീശുഡിശുഡിശുഡിശു എന്ന് കൊല്ലാന്‍ പൂവേരുന്നു.

കുറുമയ്യാ ഇനി ഇത്തിര്‍ക്കാലം ഇജ്ജാതി പോസ്റ്റ് വരട്ടെ.
:-)

അരവിന്ദ് :: aravind said...

അപ്പോ ഇഞ്ചിപ്പെണ്ണിനൊന്നും തിന്നാന്‍ കിട്ടാറില്ലേര്‍ന്നു അല്ലേ?
പാവം!

;-)


ഇഞ്ചീ വെറും തമാശാണേ..(കാലം ശരിയല്ലാ...അതാ തമാശ പറയുമ്പളും ഡിസ്ക്ക്ലേമര്‍ :-()

കറുമ്പന്‍ said...

ഫ്ളാഷ് ന്യൂസ് !!!!

മുത്തുവിന്റെ ഗ്രാമത്തില്‍ അവശേഷിച്ചിരുന്ന ഒരേയൊരു ജീവന്റെ തുടിപ്പായ പശുകുട്ടിയും 5 മിനിറ്റ് മുന്പു ചിക്കുന്‍ ഗുനിയ മൂലം അകാല ചരമം അടഞ്ഞു...

കുറുജീ...നമുക്കിതു മതിയന്നേ...... ഇതു കലക്കു കഡുക് വറുത്തു :)

Inji Pennu said...

ഹഹ അരവിന്ദന്‍ ജീ,
അവിടുന്നല്ലെ വറുത്ത മീന്‍കഷ്ണം പോസ്റ്റിന്റെ പിറവി. അതല്ലേ പെണ്ണുങ്ങള്‍ എപ്പളും സ്ലിം ബ്യൂട്ടീസ്? :)

നിങ്ങക്ക് ചുമ്മാ തിന്നാ വല്ലോം വിശപ്പ് മാറൊ? വൈക്കോല്‍ തുരുത്ത്, വൈക്കോള്‍ തുരുത്ത് - എനിക്കോര്‍മ്മയുണ്ട് :)

Physel said...

മൃതോത്ഥാ‍നം മുഴുവനുമായിട്ട് മൊത്തമായും അലക്കാം എന്നു കരുതിയിരിക്കുമ്പളാ ഇദ്...അഥവാ ഇതല്ലെ കുറുമാന്‍ സ്റ്റൈല്‍. പക്ഷേ കാശ് പിന്നെത്തരാം എന്നു കടക്കാരന്‍ പറഞ്ഞപ്പഴേ ഗ്ലൈമാക്സ് ഞാന്‍ഊഹിച്ചു...”അനുഭവം ഗുരു” അല്ലാണ്ടെന്തു പറയാന്‍!

വേണു venu said...

കുരുമാനേ നന്നായി ചിരിച്ചു. ഒന്നാം തരം ഹാസ്യം.:)

asdfasdf asfdasdf said...

അമ്പതു രൂപ പ്രതീക്ഷിച്ചു വന്ന ഞങ്ങള്‍ 58.50 പൈസ ലഭിക്കുന്നു എന്നറിഞ്ഞപ്പോള്‍, അധ്വാനത്തിന്റെ ഫലം ഈശ്വരന്‍ തരും എന്നെല്ലാവരും പറയുന്നതെത്ര ശരിയെന്നാലോചിച്ച് അത്ഭുതം കൂറി.
കുറുമാനേ,കലക്കിപ്പൊളിച്ചു.

...പാപ്പരാസി... said...

വണക്കം കുറുമാന്‍ ജീ,
ഇപ്പളാ എത്താന്‍ പറ്റിയത്‌.ക്കിഡ്ഡ്ഡ്ഡ്ക്ക്ക്കി കളഞ്ഞു..ചിരിച്ച്‌ മറിഞ്ഞു അപ്പറ്‌ത്ത്ക്ക്‌ വീണു..രസിച്ചൂട്ടാ

മുസാഫിര്‍ said...

പണ്ടു തെങ്ങുകള്‍ തേങ്ങയിടാന്‍ വരുമ്പോള്‍ തല കുനിച്ച് കൊടുത്തിരുന്നു.പിന്നെ കള്ളന്മാരുടെ ശല്യം കൂടിയപ്പോഴാണു ഇപ്പഴത്തേപ്പോലെ സ്റ്റഡിയായിനില്‍ക്കാന്‍ തുടങ്ങിയതെന്നു കേട്ടിട്ടുണ്ട്.കുറുമാന്‍‌ജി കുറെ മുന്‍പെ ജനിക്കേണ്ടതായിരുന്നു.:-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“എന്റെ പ്രീമിയര്‍ ഹവായ് പോലെ തേഞ്ഞില്ലാതായ “
“കാലില്‍ കിടക്കുന്ന വെളുത്ത പുറവും, നീല അടിവശവും വാറുമുള്ള പുതിയ പാരഗണ്‍ ഹവായ് ചപ്പലില്‍ ”

പ്രീമിയര്‍ കമ്പനിയെ ഇടിച്ചുതാഴ്ത്താനുള്ള പാരഗണ്‍ വക്താവിന്റെ ഈ ശ്രമം എന്തു വില കൊടുത്തും തകര്‍ക്കും..:)

ഈ തെങ്ങേല്‍ കയറുക ന്ന് പറേണത് കൈത്തൊഴിലാണോ?.. അതു കാല്‍ത്തൊഴിലാവുമായിരുന്നു(ഓട്ടം) വല്ലവരും കണ്ടിരുന്നേല്‍.

ക്ലൈമാക്സ് വരെ ചിരിപ്പിച്ചു. ക്ലൈമാക്സ് ഊഹിച്ചു. :)

SUNISH THOMAS said...

ഞാനുള്ളപ്പോ ഇവിടുന്ന് ആരു തേങ്ങ മോഷ്ടിക്കാനാടീ.....

ഇതേ ചോദ്യം ഞാനും കേട്ടിട്ടുണ്ട്.

കുറുമാന്‍ജി നിങ്ങളു മാനല്ല, ഒരു ജാതി പുലിയാണ്!!
കലക്കി.
മൃതോത്ഥാനത്തിനൊപ്പം ഇതുകൂടി തുടരുക.

SUNISH THOMAS said...

ആ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു കളയോ......

വിന്‍സ് said...

ദിസീസ് ദ കുറുമാന്‍ ഐ ലയ്ക് ടു സീ. കൊള്ളാം കുറുമാനെ. പന്‍ഡൊരിക്കല്‍ സിനിമ കാണാന്‍ എന്റെ കൂട്ടുകാരന്‍ റബ്ബര്‍ ഷീറ്റ് കട്ടതും അവന്റെ അപ്പനു കടക്കാരന്‍ കാശു കൊടുത്തതും ഓര്‍മ്മ വരുന്നു.

വിന്‍സ് said...

സുനീഷ് തോമസ് പറഞ്ഞതിനൂട് യോജിക്കുന്നു. വെരിഫിക്കേഷന്‍ എന്നാതിനാ?? മലയാളം റ്റ്യ്പ് ചെയ്തിട്ടു കീമാന്‍ ഓഫ് ചെയ്താലെ അത് റ്റ്യെപ് ചെയ്യാന്‍ കഴിയൂ.

Rasheed Chalil said...

ഹ ഹ ഹ ... കുറുജീ പഴയ ഫോമിലേക്ക്... കലക്കിട്ട്ണ്ടേയ്...

ദിവാസ്വപ്നം said...

ഹ ഹ ഹ ഇതു മുടിച്ചുതേച്ചുകഴുകി. പണ്ടൊരു ഇരുപതുരൂപാ ആരാണ്ടു എന്റെ അപ്പനെ ഏല്‍പ്പിക്കാന്‍ തിരികെത്തന്നത് അമുക്കിയപ്പഴും, ഇതേ ടെന്‍ഷനായിരുന്നു. കൊക്കോക്കായ് പൊട്ടിച്ച് കാഡ്ബറീസില്‍ കൊടുക്കുമ്പോഴും അപ്പനറിയാതെ ഒരു ഇരുപതുരൂപാ‍ അടിച്ചുമാറ്റാഞ്ഞാല്‍ അന്നൊരു സുഖക്കുറവാണ്.

പറയാതിരിക്കാന്‍ പറ്റത്തില്ല, അപ്പന്റെ രൂപാ വെട്ടിക്കുമ്പോളൊരു പ്രത്യേക രോമാഞ്ചമാണ്. “എനിക്കുള്ളതെല്ലം നിങ്ങക്കല്ലേടാ” എന്ന് ഇടയ്ക്കൊക്കെ അപ്പന്‍ പറയാറുള്ളതുകൊണ്ട്, കുറ്റബോധവും വേണ്ട :))

:))

യാരോ ഒരാള്‍ said...

ഇതാണു ഞങ്ങള്‍ കുറുമാനില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

നാട്ടില്‍ തെങ്ങു കയറ്റക്കാര്‍ക്ക് ഇത്ര ക്ഷാമം ഉള്ളപ്പോള്‍ കുറുമാന്‍ എന്തിനു ഗള്‍ഫില്‍ കിടന്ന് കഷ്ടപ്പെടുന്നു?

പിന്നെ കുറുമാന്റെ ത്രെഡ് അടിച്ചുമാറ്റി ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത “നന്മ”റിലീസ് ആയ നിലക്ക് നോവല്‍ ഇനി തുടരണോ??

സൂര്യോദയം said...

കുറുമാന്‍ ജീ... നന്നായിരിയ്ക്കുന്നു... പൈസ ഉടനെ തരാഞ്ഞപ്പോള്‍ തന്നെ ഊഹിച്ചു ഇത്‌ പിതാശ്രീയില്‍ തന്നെ ചെന്നെത്തുമെന്ന് :-)

ദീപു : sandeep said...

:-)

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഗുരൂ,
മൃതോത്ഥാനം മെഗാസീരിയലിനിടയില്‍ കീട്ടിയ ഈ കമേര്‍ഷ്യല്‍ ബ്രേക്ക് അടിപൊളിയായീട്ടൊ...
മറുമൊഴി ക്ലബ് പിന്മൊഴി ക്ലബ് വിശേഷണങ്ങല്‍ ഉജ്ജ്വല (..മായിരുന്നൂ..)
:)

കുട്ടന്‍സ് | Sijith

Mr. K# said...

കഥ കലക്കി. വീട്ടില്‍ ചെന്നിട്ട് എന്തു നടന്നു? ;-)

G.MANU said...

galakki

SNEHAKSHARAM said...

Valare nalla samrambangal. Pakshe, vayichedukkuka ennathu valare prayasam. zeenalayam.blogspot.com

ധൂമകേതു said...

കുറുമാനേ കലക്കി, അല്ലേലും ഇങ്ങേരുടെ വഴി ഇതു തന്നെയാ. ചുമ്മാതെ മുത്തു, ചത്തു എന്നൊക്കെപ്പറഞ്ഞ്‌ പൈങ്കിളിയാകാതെ

മനോജ് കുമാർ വട്ടക്കാട്ട് said...

എന്നിട്ട് എത്രകിട്ടി, അച്ഛന്റെടുത്ത് നിന്നും?

santhosh balakrishnan said...

നന്നായിട്ടുണ്ട്..!

ഗുപ്തന്‍ said...

കുറുമാഷേ ..എന്റെ ഓണ്‍ ലൈന്‍ സമയത്തിനു തീപിടിച്ച വിലയാ ഇപ്പോള്‍ ..അതുകൊണ്ട് ഇന്നലെ കോപ്പിയെടുത്തോണ്ട് പോയാരുന്നു....

ഞാന്‍ ആദ്യമായിട്ടാ ഇവിടെ ഫലിതകഥ കാണുന്നത്...(നോവല്‍ ഘട്ടം ഘട്ടമായി വായിക്കുന്നതിനേക്കാള്‍ നല്ലത് ഒരെണ്ണം തനിയെ എഴുതുന്നതാണ് എന്നാണ് ഒരു ഫീലിംഗ്...ക്ഷമ അത്രക്കൊണ്ടേ...അതുകൊണ്ട് അധിക നേരം ഇവിടെ നിന്നിട്ടില്ല എന്ന് ചുരുക്കം)

ഇപ്പോഴല്ലേ ഇതാണ് ഒറിജിനല്‍ തട്ടകം എന്ന് മനസ്സിലായത്....നല്ല ഒഴുക്കുള്ള ശുദ്ധമായ ഹാസ്യം..ജീവിതവുമായി ബന്ധപ്പെടുത്തി പലതും ഓര്‍ത്തെടുക്കാനാവുന്നുണ്ട്... ഇഷ്ടപ്പെട്ടു :)

ആഷ | Asha said...

അവസാനം അല്പം കൂടി നീട്ടാരുന്നു വീട്ടില്‍ ചെന്നപ്പോ കിട്ടിയ സമ്മാനവും കൂടി ചേര്‍ത്തേ ;)

ഇടിവാള്‍ said...

മറുമൊഴിയിലും 50 അടിക്കാമല്ലേ? ദേ ഞാന്‍ 49 ആക്കുന്നു..ആവശ്യക്കാര്‍ വന്ന് അടിച്ചിട്ടു പോകൂ ;)

നിങ്ങളാവും ആദ്യ 50 കാരന്‍..

ഇടിവാള്‍ said...

അല്ലേല്‍ ഞാന്‍ തന്നെ പൂശാം 50 !!!!!!!!

Unknown said...

പോക്രിത്തരം കാട്ടരുത് ഇടീ (ആ അമ്പതും പോയി) :-(

Anonymous said...

ഇടിവാള്‍, ദില്‍ബാസുരന്‍ എന്തൊക്കെയാണിത്. നാണമില്ലേ നിങ്ങള്‍ക്ക്. ഇത്തരം ഒഫാര്‍മ്മാദങ്ങള്‍ അല്ലേ ബ്ലോഗ് സാഹിത്യരംഗത്തേ അപചയത്തിന് കാരണം. ഒരു പൊടിയ്ക്ക് ഡീസെന്റാവിന്‍ കൂട്ടരേ.

അമ്പതോ പോയി ദുഷന്മാരേ. അമ്പത്തൊന്ന് ഞാനാര്‍ക്കും കൊടുക്കില്ല.

Unknown said...

ങേ.. അനോണി..

അടിയ്ക്കെടാ... (53 ഞാനടിച്ചു. നീ വേണമെങ്കില്‍ 54 അടിയ്ക്കെടാ അനോണീന്ന്)

Anonymous said...

നല്ല കഥ, നല്ല വിവരണം.
പിന്നെ, "തെങ്ങിനു വെള്ളം നനക്കല്‍" എന്നു വേണോ? "തെങ്ങു നനക്കല്‍" എന്നു പോരേ?

-ബാലചന്ദ്രന്‍

Anonymous said...

kurmane..
engakku phastu narmam thanneya..aa mrithothanam aake oru senti type..oru epidose il thanne njanathu vayana nirthi..

pakkengilu ingade comedy royal ishta...royal..

ബഹുവ്രീഹി said...

എന്നിട്ട്? വീട്ടില്‍ ചെന്നിട്ട്????

അടിയോ? തേക്കടിയോ?

എന്താണ്ടായ്യ്യേ?

Kaithamullu said...

കുറൂ,

കൈതൊഴില്‍ നന്നായി.
സ്വന്തം തട്ടകത്തില്‍ ശോഭിച്ചില്ലെങ്കില്‍ പിന്നെ എവിടാ?
അഭിനന്ദനംസ്, ജീ!

Sona said...

ഞാനുള്ളപ്പോ ഇവിടുന്ന് ആരു തേങ്ങ മോഷ്ടിക്കാനാടീ. നെഞ്ചു വിരിച്ചുകൊണ്ട് അച്ഛന്‍ അതു ചോദിച്ചപ്പോള്‍.. അടിപൊളിയായിട്ടുണ്ട് കുറുമാന്‍ജി!

Haree said...

ഇതെങ്ങിനെ ഞാന്‍ മിസ്ഡ് ആയി...
അപ്പോള്‍ മൃതോത്ഥാനം എന്തായി?

ഏതായാലും കൈതൊഴില്‍ നന്നായി, പിന്നീട് എന്ത് സംഭവിച്ചു? കൈതൊഴില്‍ രണ്ട് പ്രതീക്ഷിക്കുന്നു...
--

Renuka Arun said...

achante kaikku oru thozhil aayi

too lovely experience

Regards
Renuka

ഹരിയണ്ണന്‍@Hariyannan said...

അണ്ണാ...
ആ ചെവിക്കന്നത്തിനു ഭാവിയിലെന്തുസംഭവിച്ചുവെന്ന് ജനം ഊഹിച്ചോട്ടേ...ഹിഹി.
കഥ ഞെരിപ്പായിറ്റൊണ്ട്..!!

Anonymous said...

Kuruman chetooo ,pani thengayilm kitum alle