Wednesday, September 26, 2007

തെറ്റിദ്ധരിക്കപെടുന്നവ

അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഏതോ ഒരുവന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും പ്രസവം അടുക്കാറായെന്നും പ്രസവം നോക്കാനും, പ്രസവം കഴിഞ്ഞു പെണ്ണിനേയും കുഞ്ഞിനേയും നോക്കാനും മറ്റുമായി പെണ്ണിന്റെ അമ്മായിയമ്മയെ അഥവാ പെണ്ണിന്റെ ഭര്‍ത്താവിന്റെ അമ്മയെ, അമേരിക്കയിലേക്ക് കൊണ്ടു പോകുന്നുവെന്നും കേട്ട് ഞങ്ങള്‍ ചുമ്മാ ഒന്ന് ഞെട്ടി.

വല്ലവരും അമേരിക്കയിലേക്ക് പോകുന്നുവെന്ന് കേട്ട് ഞങ്ങള്‍ എന്തിനാ ഞെട്ടുന്നതെന്ന് ഓര്‍ത്ത് നിങ്ങള്‍ ഞെട്ടിയോ?

എങ്കില്‍ നിങ്ങള്‍ ഞെട്ടാന്‍ വരട്ടെ. ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടിട്ട് ഞെട്ടുകയോ പൊട്ടുകയോ നിങ്ങളുടെ സൌകര്യം പോലെ എന്താ വേണ്ടതെന്ന് വച്ചാല്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.

ഈ പറയുന്ന അമ്മായിയമ്മ ഞങ്ങളുടെ ഹൌസ് മെയിഡാകുന്നു അല്ലെങ്കില്‍ ആയിരുന്നു. ഇന്നോ, ഇന്നലെയോ, മിനിഞ്ഞാന്നോ മുതലല്ല അവര്‍ ഞങ്ങളുടെ ഹൌസ് മെയിഡായി ജോലി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഞങ്ങളോടൊപ്പം താമസിച്ച്, ഞങ്ങളുടെ എണ്ണ, സോപ്പ്, ഷാമ്പൂ, എന്നിവ ഉപയോഗിച്ച്, ഒരേ ഭക്ഷണം കഴിച്ച് ഒരേ കുടുംബത്തിലെ അംഗം പോലെ കഴിഞ്ഞിരുന്ന അവര്‍ ലീവിനു നാട്ടിലേക്ക് വന്നതും തിരിച്ചു വന്നതും ഞങ്ങളോടൊപ്പമായിരുന്നു.

അങ്ങനെ ഒരു കുടുംബാംഗത്തെ പോലെ കഴിഞ്ഞിരുന്ന ഒരാള്‍ ലീവ് സാലറിയും വാങ്ങി നാട്ടില്‍ പോയി ലീവു കഴിഞ്ഞു വന്നതും, ഒരു സുപ്രഭാതത്തില്‍ പറയുന്നു, അതേ, ഞാന്‍ അമേരിക്കയിലേക്ക് പൂവാണട്ടാ. ഒക്കെ പെട്ടെന്നായിരുന്നു. എന്റെ മരുമോളുടെ പ്രസവം അടുത്തു. വിസയെല്ലാം ലീവിനു ചെന്നപ്പോ ഞാന്‍ മദ്രാസില്‍ പോയി അടിപ്പിച്ചു.

അല്ല ചേച്ചി മകന്റെ കാര്യം ഞങ്ങള്‍ ചോദിക്കുമ്പോഴെല്ലാം, കഷ്ടപെട്ട് പഠിപ്പിച്ച് വളര്‍ത്തിയ ഉമ്മാനോട് അവനല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ എനിക്ക് ഈ മരുഭൂമിയില്‍ വന്ന് കഷ്ടപെടേണ്ടി വരുമായിരുന്നാ എന്ന് നാഴികക്ക് മുപ്പത്തിയൊമ്പത് തവണ പറയണ ചേച്ചി പ്രസവം നോക്കാന്‍ പെണ്ണിന്റെ അമ്മയാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍ എനിക്കങ്ങനെ ഒരു മകനുമില്ല, ഒരു മരുമോളുമില്ല എന്ന് പറഞ്ഞ ചേച്ചി, ഇപ്പോ അമേരിക്കയിലേക്ക് പെട്ടെന്ന് പോകുവാനുള്ള കാരണം?

അതാ, അത് പടച്ചവന്റെ ഓരോ കളികളല്ലെ? ആ എരണം കെട്ടവളുണ്ടല്ല, എന്റെ മരുമോളുടെ ഉമ്മ. അവളാണല്ല അമേരിക്കയിലേക്ക് പോവാന്‍ എന്നെകുറിച്ച് ഓതി ഓതി അവനെ തിരിപ്പിച്ച്, വിസാക്കുള്ള പേപ്പറും ശരിയാക്കി, ജീന്‍സും, ടോപ്പും വാങ്ങി,പെട്ട്യേം പാക്ക് ചെയ്ത് കാത്തിരുന്നത്. അവള് വീണ് കയ്യും കാലും, തണ്ടലും, എല്ലാം ഒടിഞ്ഞ് മക്കാറായി. പടച്ചവന്റെ കൃപയാല് ചുടുകാട്ടിലിക്ക് കെട്ടിയെടുക്കേണ്ടി വന്നില്ല. അപ്പോ എന്റെ മോന് ഉമ്മാനോട് സ്നേഹം തോന്നി, ഉമ്മാനോട് ഇപ്പോള്‍ തോന്നിയ സ്നേഹത്തിന്റെ കാരണോം എനിക്കറിയാം. അബടെ എണ്ണികൊടുക്കണം മണിക്കൂറിന് ഡോളറില്‍. ഞാനാകുമ്പോ ടിക്കറ്റു മാത്രം മതിയല്ല. അല്ലാണ്ടവനുണ്ടാ എന്നെ കൊണ്ട് പോകാന്‍ പോണ്. പെണ്ണുകെട്ടി ഒപ്പം കെടന്നപ്പോ തുടങ്ങിയതാ അവന് എന്നോടുള്ള ഒരകല്‍ച്ച.

പിന്നെ ഞാന്‍ പോകാന്ന് കരുതീത് തന്നെ, അമേരിക്ക കാണണം എന്ന് നല്ല് പൂതീള്ളത് കാരണാ. ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്റ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ താമസിച്ച് ഇന്ത്യക്കാരായ പല പല ഏംബസ്സിക്കാരുടെ വീട്ടില്‍ ജോലി ചെയ്തപ്പോ തൊട്ടുള്ള പൂതിയാ അമേരിക്കക്കും, ഹജ്ജിനും ഒന്ന് പോണംന്ന്. ഹജ്ജിന് നാലഞ്ച് വര്‍ഷം മുന്‍പേ ഖത്തറിലായിരുന്നപ്പോള്‍ തന്നെ പോയി, ഇപ്പോ ദാ അമേരിക്കയില്‍ പോവാനും അവസരം വന്ന്. എല്ലാം പടച്ചവന്റെ കൃപ.

ആഹ, അത് നല്ല കാര്യം. ആകട്ടെ, ചേച്ചിക്കെപ്പോഴാ പോകേണ്ടത്?

ഇന്ന് പറ്റ്യാ ഇന്ന് തന്നെ പോകണംന്നാ എനിക്ക്. അതല്ലാ ഇനി ഇപ്പോ നിങ്ങള്‍ക്ക് വല്ല അസൌകര്യം ഉണ്ടെങ്കില്‍ രണ്ട് ദിവസം കൂടി നില്‍ക്കാം.

അല്ല ചേച്ചി, ഇപ്പോ പൊതുമാപ്പൊക്കെ പ്രഖ്യാപിച്ചിരിക്കുന്ന കാലമല്ലെ? ജോലിക്കാളെ കിട്ടാന്‍ ഭയങ്കര പ്രയാസമാ. ഇത്ര പെട്ടെന്ന് പോവുകയാണെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എന്തു ചെയ്യും? ഞങ്ങള്‍ ജോലിക്ക് പോയാല്‍ കുട്ടികളെ ആരു നോക്കും? മൂത്തവളെ അതിരാവിലെ താഴെ പോയി സ്കൂള്‍ ബസ്സില്‍ കയറ്റിയയക്കണം. പതിനൊന്നരക്ക് തിരിച്ചു വരുമ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ നിന്ന് പിക്ക് ചെയ്യണം, ഇതൊക്കെ ആരു ചെയ്യും?

എന്റെ മോനെ, അതൊക്കെ നിങ്ങളാരേലും കണ്ട് പിടിക്ക്. വേണേല്‍ ഞാന്‍ എന്റെ കൂട്ടുകാരികളിലാരോടെങ്കിലും ചോദിക്കാം വല്ലോരും ഉണ്ടോ പണിക്കെന്ന്.

എന്തൊരു സൌജന്യം. നാട്ടില്‍ വച്ച് ഒന്ന് പറഞ്ഞിരുന്നെങ്കില്‍ അവിടുന്നാരേയെങ്കിലും കെട്ടിയെടുക്കാനുള്ള വഴികള്‍ നോക്കിയിരുന്നേനെ!

ഇന്ന് വെള്ളിയാഴ്ച, എന്തായാലും ചേച്ചി ഒരു പത്ത് ദിവസത്തെ സമയം താ, അതിന്നിടയില്‍ ഞങ്ങള്‍ ആരെയെങ്കിലും കണ്ടു പിടിക്കുകയോ, അതുമല്ലെങ്കില്‍ നല്ല ഒരു ബേബി സിറ്റിങ്ങിലെങ്കിലും ഏര്‍പ്പാടാക്കാം.

അയ്യോ മോനെ, അങ്ങനെ പറഞ്ഞാല്‍ എങ്ങിനേയാ? തിങ്കളാഴ്ചത്തേക്കുള്ള ടിക്കറ്റ് വരെ ഞാന്‍ ബുക്ക് ചെയ്തു. എനിക്ക് പോണം മോനെ.

ഇത്രയും നാള്‍ കുടുംബത്തിലെ ഒരംഗത്തിനെ പോലെ കരുതി, ഭക്ഷണം വരെ ഞങ്ങള്‍ പാചകം ചെയ്തു,(അവര്‍ വക്കുന്ന ഭക്ഷണം അവരുടെ സ്വാദിനനുസരിച്ചും, അവര്‍ക്ക് പ്രഷറായതിനാല്‍ ഉപ്പെല്ലാം വളരെ കുറച്ചും ആയതിനാല്‍ രുചിയോടെ വല്ലതും കഴിക്കണമെന്നുള്ളതിനാല്‍ ഞങ്ങള്‍ തന്നെ പാചകം ചെയ്യുകയാണ് പതിവ്) ആകെപാടെ ചേച്ചിക്ക് ചെയ്യാനുണ്ടായിരുന്ന ജോലി, ബ്രേക്ക് ഫാസ്റ്റുണ്ടാക്കലും, മുറി വൃത്തിയാക്കലും, പിള്ളാരെ കുളിപ്പിക്കലും, വാഷിങ്ങ് മെഷീനില്‍ അലക്കാനുള്ള തുണികള്‍ ഇടുകയും, അത്താഴത്തിനും, മുത്താഴത്തിനും കറിയും, തോരനും വക്കാനുള്ള പച്ചക്കറികള്‍ നുറുക്കുകയും, മീന്‍ വറുക്കകയും മാത്രം, എന്നിട്ടും രണ്ട് ദിവസത്തെ നോട്ടീസില്‍ പോകണം എന്ന് പറയുന്നു. ഇത് അന്യായമല്ലെ? ചേച്ചി തിങ്കളാഴ്ചയാക്കണ്ട. ഇപ്പോള്‍ തന്നെ പൊയ്ക്കോ. വ്യാഴാഴ്ച രാത്രിമുതല്‍ വെള്ളിയാഴ്ച പുലര്‍ച്ച വരെ തേമ്പിയതിന്റെ കെട്ട് അപ്പോഴും വിട്ടിട്ടില്ലാത്തതിനാല്‍ എന്റെ കണ്ട്രോള്‍ പെട്ടെന്ന് തന്നെ കൈവിട്ട് പോയതിന്റെ ഫലമായി ഞാന്‍ പറഞ്ഞു.

ബന്ധുജനങ്ങള്‍ കടുകുപൊതി പൊട്ടി നിലത്തു വീണപോലെ ദുബായ് മൊത്തം പരന്നു നിരന്നു കിടക്കുന്നതിനാലും, ഇരിക്കുന്നതിനാലും, കേട്ടപാതി കേള്‍ക്കാത്ത പാതി, ചേച്ചി പെട്ടിയും, ബാഗുമെല്ലാം എടുത്തിറങ്ങി.

വെള്ളി ശനി ദിവസങ്ങള്‍ മുടക്കായതിനാല്‍ മെയിഡില്ലെങ്കിലും നമുക്ക് കാര്യങ്ങള്‍ ചെയ്യണമല്ലോ എന്ന മനസ്ഥിതിയോടെ പണികളൊക്കെ ഊര്‍ജിതമായി ചെയ്തു (അല്ലെങ്കിലും വ്യാഴാഴ്ച രാത്രി പോയാല്‍ മെയിഡ് വെള്ളിയാഴ്ച രാത്രിയേ തിരിച്ച് വരുക പതിവുള്ളൂ), വെള്ളി കഴിഞ്ഞു, ശനി വന്നു. പിറ്റേ ദിവസം മുതല്‍ രണ്ട് പേര്‍ക്കും ജോലിക്ക് പോകണം. പിള്ളാരുടെ കാര്യം എന്തു ചെയ്യും?

ഒന്നിടവിട്ട് ഒരാള്‍ ലീവെടുത്താലോ? വാമഭാഗം ചോദിച്ചു.

ഓ, പിന്നെ ലീവ് കഴിഞ്ഞ് വന്ന് കയറിയതേയുള്ളൂ, പണി ചെയ്യാന്‍ തുടങ്ങിയിട്ടേയുള്ളൂ. എനിക്ക് ലീവ് കിട്ടില്ല, നീ വേണമെങ്കില്‍ ജോലി രാജി വച്ചോ?

ഉവ്വ് അതിനിമ്മിണി പുളിക്കും. ഇതുപോലെ ഒരു ജോലി ഇനി ലൈഫില്‍ കിട്ടില്ല. ആഴ്ചയില്‍ നാലര ദിവസം മാത്രം ജോലി. അതില്‍ രണ്ട് ദിവസം ബോസ്സ് ഉണ്ടാകില്ല. വര്‍ഷാ വര്‍ഷം ലീവ്, ടിക്കറ്റ്, ബോണസ്സ്. നിങ്ങള്‍ ജോലി വിട്ടാലും ഞാനീ ജോലി വിടില്ല മോനെ!!

അവിടുന്നു തുടങ്ങിയ സംഭാഷണം, പഴതൊലിയില്‍ ചവിട്ടിയതുപോലെ വഴുക്കി, വഴുക്കി കലഹത്തിലേക്കെത്തി ചേര്‍ന്നപ്പോള്‍, എന്റെ ഫ്ലാറ്റില്‍ തന്നെ താമസിക്കുന്ന എന്റെ സഹപ്രവര്‍ത്തകനും, നാട്ടുകാരനുമായ നവീന്റെ അമ്മ , എന്റെ മക്കള്‍ നന്ദന വല്ല്യാന്റി എന്ന് വിളിക്കുന്ന ആന്റി, നിങ്ങള്‍ പേടിക്കണ്ട് മക്കളെ, ഇനി ഒരു മെയിഡിനെ കിട്ടുന്നത് വരെ, ഉച്ചക്ക് മോളെ സ്കൂള്‍ ബസ്സ് വരുന്ന സമയത്ത് പിക്ക് ചെയ്യാമെന്നും, കുട്ടികളുടെ കാര്യങ്ങള്‍ എല്ലാം നോക്കാം എന്നും പറഞ്ഞതിന്റെ ധൈര്യത്തില്‍ ഞങ്ങള്‍ അന്നത്തെ കലഹം അവിടെ വച്ചവസാനിപ്പിക്കുകയും, അന്നത്തെ അപ്പത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള സണ്‍ റൈസ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുകയും ചെയ്തു.

ആഴ്ചയില്‍ ഒരു ദിവസം മാത്രമേ ഇറച്ചികറി വക്കൂ, അതു വെള്ളിയാഴ്ച. വെള്ളിയാഴ്ച ഉച്ചക്ക് വക്കുന്ന കറി ശനിയാഴ്ച ഉച്ചക്ക് വരെ ഉണ്ടാകും. പിന്നീടു വരുന്ന ദിവസങ്ങളില്‍ രാത്രി വക്കുന്ന ഭക്ഷണം തന്നെയാണ് ലഞ്ചായും കഴിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് വേറെയും. അതായത് ശരാശരി രണ്ട് പേരും വര്‍ക്ക് ചെയ്യുന്ന മരുഭൂമിയിലെ കൂലി പണിക്കാരന്റെ വീട്ടിലെ അടുപ്പ് ദിവസം രണ്ട് നേരമേ പുകയൂ എന്നര്‍ത്ഥം. രാവിലെ നാശ്തക്കും, രാത്രി അത്താഴത്തിനും. അത്താഴത്തിനു വച്ചതു തന്നെ ഉച്ചക്ക് ലഞ്ചായും ഉപയോഗിക്കുന്നു മരുഭൂമിയിലെ ഒട്ടകങ്ങളാവാന്‍ വിധിക്കപെട്ടവര്‍.

വെള്ളിയാഴ്ച പതിവുപോലെ പാര്‍ക്കും, ഷോപ്പിങ്ങ് മാളുകളും എല്ലാം കറങ്ങി അത്താഴവും കഴിഞ്ഞ് വന്നു കിടന്നുറങ്ങി. ശനിയാഴ്ച രാവിലെ എഴുന്നേറ്റപ്പോഴാണ് ഫ്രിഡ്ജില്‍ ദോശക്കോ ഇഡ്ഡലിക്കോ ഉള്ള മാവ് ഇല്ലെന്ന് തിരിച്ചറിഞ്ഞത്. പരസ്പരം മുഖം നോക്കി. കുറ്റപെടുത്തലുകള്‍ക്കര്‍ത്ഥമില്ലാത്തതിനാല്‍, ശരവണ ഭവനില്‍ വിളിച്ച് ബ്രേക്ക് ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്തു.

ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം മെയിഡില്ലാത്ത ലൈഫ് എങ്ങനെ ഓര്‍ഡറാക്കണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ച നല്ലപാതി തുടങ്ങി. സാക്ഷരതാ ക്ലാസിലെ വിദ്യാര്‍ത്ഥിയെപോലെ ഞാന്‍ എല്ലാം ശ്രവിച്ചു.

ബ്രേക്ക് ഫാസ്റ്റ് ഞാന്‍ തയ്യാറാക്കാം,ഡിന്നര്‍ ഞാന്‍ തയ്യാറാക്കാം, വീടടിച്ച് തുടക്കുന്നതു ഞാന്‍ ചെയ്യാം, തുണികള്‍ ഞാന്‍ വാഷിങ്ങ് മെഷീനിലിടാം, മോളുടെ ഹോം വര്‍ക്ക് ഞാന്‍ ചെയ്യിക്കാം, പാത്രങ്ങള്‍ എല്ലാം ഞാന്‍ കഴുകാം. നിങ്ങള്‍ ചെയ്യേണ്ടത്, രാവിലെ മോളെ പല്ലു തേപ്പിച്ച് വസ്ത്രം മാറ്റി, യൂണിഫോം ഇടുവിച്ച്, പാല്‍ തിളപ്പിച്ച്, കോണ്‍ ഫ്ലേക്സ് കൊടുത്ത്, ബസ്സ് സ്റ്റോപ്പില്‍ കൊണ്ടു പോയി ബസ്സ് കയറ്റി വിടുക, പിന്നെ വാഷിങ്ങ് മെഷീനിലിട്ട തുണികള്‍ എടുത്ത് ഉണങ്ങാന്‍ ഇടുക, രണ്ടു പേര്‍ക്കുമുള്ള ലഞ്ച് പായ്ക്ക് ചെയ്യുക അത്ര മാത്രം.

മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങില്‍ ആ പ്രമേയം സ്പോട്ടില്‍ തന്നെ പാസ്സായി.

ശനിയാഴ്ച ഉച്ചക്ക് തന്നെ നല്ല പാതി മൂന്നാലു ദിവസത്തെക്ക് ഇഡ്ഡലിക്കും ദോശക്കുമുള്ള മാവ് മൊത്തമായരച്ചു. വൈകുന്നേരം പതിവുപോലെ കറങ്ങി തിരിഞ്ഞു വരുന്ന വഴി കറിക്കുള്ള സാധങ്ങള്‍ വാങ്ങിയും, അല്പ സ്വല്പം വഴിവക്കില്‍ നിന്നും സ്വരുക്കൂട്ടിയും കൂടണഞ്ഞു.

ഞായറാഴ്ച രാവിലെ ആറുമണിക്ക് അലാറം മരണമണിമുഴക്കിയപ്പോള്‍ എഴുന്നേല്‍ക്കുകയല്ലാതെ വേറെ ഒരു പോം വഴിയില്ലാത്തതിനാല്‍ ഞാന്‍ എഴുന്നേറ്റു. മോളെ പല്ലു തേപ്പിച്ച്, വസ്ത്രം മാറ്റി, കോണ്‍ ഫ്ലേക്സ് കൊടുത്ത്, യൂണി ഫോമിടുവിച്ച് ബാഗും മറ്റുമെടുത്ത് സ്കൂള്‍ ബസ്സില്‍ കയറ്റി വിട്ട് തിരിച്ചെത്തി. എത്തിയതും, ബാത് റൂമില്‍ കയറി, പല്ലുതേച്ചെന്നു വരുത്തി, കാക്കകുളി കുളിച്ച്, വിളക്ക് കൊളുത്തി, ചന്ദനതിരിയും കത്തിച്ച് വന്നപ്പോള്‍‍, ആവി പറക്കുന്ന ഇഡ്ഡലിയും, ചട്നിയും, എന്റെ കൊളീഗ്സ് വെടിമരുന്നെന്നു വിളിക്കുന്ന ചമ്മന്തിപൊടിയും മേശ പുറത്ത് തയ്യാര്‍. സമയമില്ലാത്തതിനാല്‍ അത് പായ്ക്ക് ചെയ്താല്‍ മതിയെന്നു പറഞ്ഞതിന്‍ പ്രകാരം അവള്‍ ഏഴിഡ്ഡലിയും, ചട്നിയും, ചമ്മന്തിപൊടിയും പായ്ക്ക് ചെയ്തു. ഒപ്പം ലഞ്ചും.

സമയം എട്ടാകുന്നു. എട്ടരക്ക് ഓഫീസിലെത്തണം. നാല്പത്തഞ്ച് കിലോമീറ്റര്‍ താണ്ടണം രാവിലെ ഓഫീസിലേക്ക്. വൈകീട്ടാണെങ്കില്‍ അമ്പത്തഞ്ചും (വൈകീട്ടാവുമ്പോള്‍ റോഡിനു വെയിലു കൊണ്ട് നീളം കൂടുന്നതല്ല, ട്രാഫിക്ക് കാരണം റൂട്ട് മാറ്റി ചവിട്ടുന്നതാണ്. മാത്രമല്ല രാവിലെ നാല് ദിര്‍ഹം ടോള്‍ കൊടുക്കണം, വൈകുന്നേരവും നാല് കൊടുക്കുന്നത് വേസ്റ്റല്ലെ?‌)

ബാഗില്‍ ബ്രേക്ക് ഫാസ്റ്റും, ലഞ്ചും കുത്തിനിറച്ച് വണ്ടിയില്‍ കയറി ചവിട്ടി വിട്ടു ജബേല്‍ അലിയിലേക്ക്. നൂറ്റിനാല്പതിലും, നൂറ്റി അമ്പതിലും ഓടിക്കുമ്പോഴും ശ്രദ്ധ മുഴുവന്‍ റഡാര്‍ എവിടെ കാണുന്നു എന്നാണ്. റഡാര്‍ ദൂരെ നിന്നു തന്നെ കാണുമ്പോഴേക്കും സ്പീഡ് നൂറ്റി പത്തില്‍ എത്തിക്കണം. ഒരു വിധം എട്ടേ നാല്പത്തഞ്ചിനു ഓഫീസില്‍ എത്തി പറ്റി. പതിവുപടി ജോലികള്‍.

വീക്കെന്റ് കഴിഞ്ഞു ഓഫിസില്‍ കയറി കമ്പ്യൂട്ടര്‍ തുറക്കുവാന്‍ മടിയാണ് , ആയിരത്തിലധികം ഒഫീഷ്യല്‍ മെയില്‍ എന്റെ ഇന്‍ബോക്സില്‍ എന്നെ കാത്തിട്ടെന്ന പോലെ കണ്ണും തുറിച്ചിരിക്കുന്നുണ്ടാവും എന്നത് തന്നെ കാരണം.

പത്ത് മണിക്ക് പതിവുപോലെ ഉറ്റ ഗഡികളായ ടെരന്‍സും, സ്റ്റീവനും, വിശാലുമൊത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പാന്‍ട്രിയിലേക്ക് നീങ്ങി.

ബാഗ് തുറന്ന് ഇഡ്ഡലി പാക്ക് ചെയ്ത പാത്രം എടുത്ത് അവനില്‍ വെച്ചു. ചട്നിയും, വെടിമരുന്നും വച്ച ബൌളുകള്‍ പുറത്ത് പ്രത്യേകം എടുത്തു വച്ചു. ഗ്ലാസില്‍ ടീ ബാഗിട്ട്, പഞ്ചസാരയിട്ട്, ചൂടുവെള്ളമൊഴിച്ചു. അവനില്‍ നിന്നും ഇഡ്ഡലി പുറത്തെടുത്തു. എല്ലാവരും അവരവരുടെ ബ്രേക്ക് ഫാസ്റ്റ് പുറത്തെടുത്തു. ചലോ സ്റ്റാര്‍ട്ട്.

ഒരു കഷണം ഇഡ്ഡലി ചട്നിയില്‍ മുക്കിയതിനൊപ്പം തന്നെ ചമ്മന്തിപൊടിയില്‍ ഒന്നു മാന്തിയതിനു ശേഷം വായിലേക്കു വച്ചു.

അബേ......തേരാ ഇഡ്ഡലി ഔര്‍ ചട്നി തോ ആജ് സെക്സി ലഗരഹേ....ബീവി നേ ബനായാ ക്യാ? (ഡാ, നീ കൊണ്ടു വന്നിരിക്കുന്ന ഇഡ്ഡലിയും ചട്നിയും കാണാന്‍ തന്നെ സെക്സിയായിരിക്കുന്നു , ഭാര്യ ഉണ്ടാക്കിയതാണോ?)

ജീ ബാബാ.... മെയിഡ് തോ ചലീ ഗയീ. ആജ് ബീവി കാ ഹാത്ത് കീ നാശ്താ.....ചലോ ഹാത്ത് ലഘാവോ. (അതേഡാ, ഹൌസ് മെയിഡ് പണിവിട്ട് പോയി, ഇന്ന് ഭാര്യ തന്നെ പ്രാതല്‍ ഉണ്ടാക്കി. വാ, നമുക്കൊരുമിച്ച് കഴിക്കാം‌) ഏഴിഡ്ഡലിയുടേയും, ചട്നിയുടേയും വെടിമരുന്നിന്റേയും വാതില്‍ അവര്‍ക്കായി ഞാന്‍ തുറന്നു വച്ചു.

വായില്‍ വച്ച ഇഡ്ഡലി പല്ലുകള്‍ക്കിടയില്‍ പിടയാന്‍ തുടങ്ങിയപ്പോഴേക്കും, പൊടുന്നനെ പാന്‍ട്രിയുടെ വാതില്‍ തുറന്നു. ക്ലീറ്റസാണ്, എന്റെ സഹപ്രവര്‍ത്തകരില്‍ ഒരുവന്‍.

കുറുമാന്‍ജീ, ഒരു അര്‍ജന്റ് ഫോണ്‍, സപ്ലൈയര്‍ ആണ്. യു കെ യില്‍ നിന്നും.

സപ്ലയറുടെ മാതാ പിതാക്കന്മാര്‍ക്ക് വന്ദനം നേര്‍ന്ന് കൊണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോടായി പറഞ്ഞു, ദാ വരുന്നു,ടിഷ്യൂവില്‍ കൈകള്‍ തുടച്ച് ഞാന്‍ പുറത്ത് പോയി. സപ്ലൈര്‍ സംസാരം തുടങ്ങി. കാര്യമായ കാര്യമൊന്നുമല്ല. കഴിഞ്ഞ ഷിപ്പ്മെന്റില്‍ ക്വാളിറ്റി മോശമായതിനെ തുടര്‍ന്ന് അയച്ച ഡെബിറ്റ് നോട്ടിന്റെ ഭാരം അല്പം കൂടുതലാണ്. അതൊന്നു കുറക്കണം. കൂടാതെ അടുത്ത ബഡ്ജറ്റില്‍ അവര്‍ക്കെത്ര ഓര്‍ഡര്‍ ഉണ്ട്, തുടങ്ങിയ സില്ലി ചോദ്യങ്ങള്‍. ഒരുവിധം സംഭാഷണം അവസാനിപ്പിച്ചു ഞാന്‍ വിശക്കുന്ന വയറോടെ പാന്‍ട്രിയിലേക്കോടി.

വൌ, അച്ഛാ ഹോ ഗയാ തുമാരാ മെയിഡ് ചലേ ഗയാ.......ക്യാ മജാ ആയാ ബ്രേക്ക് ഫാസ്റ്റ് കാ......നറം നറം ഇഡ്ഡലി, ഔര്‍ സെക്സി ചട്നി. ഗണ്‍ പൌഡര്‍ കാ തോ ജവാബീ നഹീം ഹേ....(ദൈവത്തിനു സ്തുതി, നിന്റെ മെയിഡ് പോയത് നന്നായി. എന്താ രുചി നിന്റെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍. തുമ്പപ്പൂപോലെ മൃദുവായ ഇഡ്ഡലി, സെക്സിയായ ചട്നി, വെടിമരുന്നുപോലിരിക്കുന്ന ചമ്മന്തിപൊടിയുടെ സ്വാദ് പറയാനുമില്ല)

താങ്ക്സ്.........എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ നോക്കിയപ്പോള്‍ കാണുന്നത് കഴുകി വച്ചിരിക്കുന്ന എന്റെ ബ്രേക്ക് ഫാസ്റ്റ് ഡബ്ബകള്‍ മാത്രം!!

ചമ്മിയ മുഖം മറച്ച്, പുഞ്ചിരി തൂകി, ലിപ്ടന്റെ മൂന്നു ടീ ബാഗിട്ട് കടുപ്പത്തില്‍ ഒരു ചായ തയ്യാറാക്കി ഞാന്‍ എന്റെ സീറ്റിലേക്ക് നടന്നു. ശേഷം പണികളിലേക്ക് കടന്നു. സമയം പതിനൊന്നു കഴിഞ്ഞു,പതിനൊന്നര കഴിഞ്ഞു. വയറ്റില്‍ ഇലഞ്ഞിതറ മേളം. ഫോണെടുത്തു കറക്കി ഓഫീസിലെ തന്നെ ബേക്കറിയിലേക്ക്. രണ്ട് വെജിറ്റബിള്‍ സാന്റ് വിച്ചും, ഒരു എഗ് പഫും കൊടുത്തു വിടടെ.

സീറ്റില്‍ ഇരുന്നുകൊണ്ട് തന്നെ മെയിലിനൊപ്പം ബ്രേക്ക് ഫാസ്റ്റും അകത്താക്കി കഴിഞ്ഞപ്പോള്‍ സമയം ഒന്നര.

ഭായ് ചലോ, ലഞ്ച് കര്‍ത്തേ ഹേം. (വാഡാ കൂവേ, നമുക്ക് ലഞ്ച് കഴിക്കാം)

ബ്രേക്ക് ഫാസ്റ്റ് കഴിച്ചത് വയറില്‍ എത്തിയതേ ഉള്ളൂ. പാടു പെട്ടുണ്ടാക്കിയ കറിയാണെങ്കിലും ഞാന്‍ പറഞ്ഞു, മേരാ പേഡ് തോ ഫുള്‍ ഹേ ഭായ്.....തും ലോഗ് ഖാവോ........മേരാ ലഞ്ച് ഭീ ഖാവോ പ്ലീസ്. (എന്റെ വയറ് നിറഞ്ഞിരിക്കുകയാണ് പണ്ടാരങ്ങളെ, നിങ്ങള്‍ പോയി ഞണ്ണ്, ഒപ്പം ഞാന്‍ കൊണ്ടു വന്ന ലഞ്ചും കൂടി ഞണ്ണിക്കോ) എന്റെ ലഞ്ച് ബോക്സുകള്‍ എടുത്ത് ഞാന്‍ എന്റെ സുഹൃത്തുകള്‍ക്ക് നല്‍കി.

കേട്ട പാതി കേള്‍ക്കാത്ത പാതി ലഞ്ച് ബോക്സും എടുത്തവര്‍ പാഞ്ഞു പാന്‍ട്രിയിലേക്ക്.

ഞാന്‍ എന്റെ പണിയില്‍ വ്യാപൃതനായി.

ലഞ്ച് കഴിഞ്ഞ് പതിവിലും പതിഞ്ച് മിനിറ്റ് ലേറ്റായി, കഴുകിയ പാത്രവുമായി സുഹൃത്തക്കള്‍ എത്തി.

കൈസെ രഹാ ഭായ് ലഞ്ച്? (എങ്ങിനെയുണ്ടായിരുന്നു ഗഡികളെ ലഞ്ച്?)

ബഡിയാ ഭായ്, ഏക് ദം ബഡിയാ.......മഗര്‍!! (അഡിപൊളി, ഒന്നാംതരം, പക്ഷെ!!)

മഗര്‍?? (പക്ഷെ??‌)

ജീ ഭായ്, ഫിഷ് ഫ്രൈ, ചാവല്‍, ദാല്‍ കറി സബ് ബഡിയാ ധാ. പഹലീ ബാര്‍ നാരിയല്‍ ഡാലാ ഹുവാ ദാല്‍ കറി ഖായാ. ഏക് ദം ബഡിയാ,മഗര്‍ ദാല്‍ മേം കഡീ പത്താ ബഹുത്ത് ജ്യാദാ ധാ!. കഡീ പത്താ നിഖാല്‍നേ കേലിയേ പന്ത്രഹ് മിനിറ്റ് ലഖാ. (അതേടാ കുരിശേ, മീന്‍ വറുത്തത്, ചോറ്, പരിപ്പ് കറി, എല്ലാം അടിപൊളീന്ന് വച്ചാ അടിപൊളി. ജീവിതത്തില്‍ ആദ്യമായാ തേങ്ങ അരച്ചു ചേര്‍ത്ത പരിപ്പു കറി കഴിക്കുന്നതു. എന്താ സ്വാദ്. പക്ഷെ, പരിപ്പു കറിയില്‍ കറിവേപ്പില കണ്ടമാനം ഉണ്ടായിരുന്നു. കറിവേപ്പില എടുത്തു കളയാന്‍ മാത്രം പതിനഞ്ച് മിനിറ്റെടുത്തു.)‌

അവരെ ചവിട്ടണോ ഇടിക്കണോ എന്നറിയാതെ ഞാന്‍ തലയില്‍ കൈയ്യും കൊടുത്തിരുന്നു.

വാല്‍ കഷ്ണം.

ശനിയാഴ്ച രാത്രി കരാമയില്‍ മോള്‍ക്ക് യൂണിഫോം വാങ്ങാന്‍ പോയപ്പോള്‍ കടയുടെ മുന്‍പില്‍ കണ്ട മുരിങ്ങ മരത്തില്‍ കയറി, മുരിങ്ങ തണ്ടൊടിച്ച്, പുലരും വരെ, റമ്മി കളിക്കാനായി വിരിക്കും പോലെ പേപ്പര്‍ വിരിച്ച്, ഞാനും വാമഭാഗവും കൂടി വിടര്‍ത്തിയെടുത്തിയ വിറ്റാമിന്‍ ഏ യും, സിയും സമൂലം സമ്പുഷ്ടമായ മുരിങ്ങയില, പരിപ്പും തേങ്ങയും അരച്ചു ചേര്‍ത്ത എനിക്കേറ്റവും ഇഷ്ടമുള്ള കറിയുണ്ടാക്കിയത് അവര്‍ക്ക് കൊടുത്തതേത് കഷ്ടകാല നേരത്താണെന്നാലോചിച്ച് എനിക്ക് വട്ടായി. എങ്കിലും, സീറ്റിലൊന്നിളകിയിരുന്നുകൊണ്ട് എന്റെ പണിയില്‍ ഞാന്‍ വ്യാപൃതനായി.

57 comments:

കുറുമാന്‍ said...

“തെറ്റിദ്ധരിക്കപെടുന്നവ“

ഇത് ഒരു തമാശനിറഞ്ഞ കഥയോ, എന്തിന് വെറും കഥയോ പോലും അല്ല.

കഴിഞ്ഞ ആഴ്ചയില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എഴുതിയ ഒരേട്, നിങ്ങള്‍ വായനക്കാര്‍ക്കായി ചീന്തിയെടുത്തു സമര്‍പ്പിക്കുന്നു എന്നു മാത്രം.

Unknown said...

കുറുമയ്യാ,
തുടക്കം കണ്ട് കഥ ഇതെങ്ങോട്ടാ പോകുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ലായിരുന്നു. എന്തായാലും അവസാനം നന്നായി.

ഓടോ: ആ വെടിമരുന്ന് ആലോചിച്ചിട്ട് വായില്‍ വെള്ളം വരുന്നു. :-)

Anonymous said...

ആരും തേങ്ങ അറ്റിചില്ലെ...എന്ന ഞാനാകാം ആദ്യത്തെ തേങ്ങ....ഠേ.....

സോണി

ശ്രീ said...

കുറുമാന്‍‌ജീ...

രസകരമായ വിവരണം...

ഇഷ്ടപ്പെട്ട ഫുഡ് കൊണ്ടു വന്നിട്ടും അത് കഴിക്കാന്‍‌ പറ്റാത്തത് കഷ്ടം തന്നെ...
:)

Anonymous said...

കുറൂ,

പഴേ ആ എയിമില്ലല്ലാ ...
എനിക്കു തോന്നണതാവോ ?

ഇങ്ങടെ പഴേ കഥകള്‍ക്കുള്ള പോലെ നൂറ്‌ മാര്‍ക്കില്ല, എന്തായാലും.

എന്നാലും നന്നായിട്ടുണ്ട്‌.

കൊച്ചുത്രേസ്യ said...

ഒരു പ്രാരാബ്ധക്കാരന്റെ ഡയറിക്കുറിപ്പുകള്‍- നന്നായിട്ടുണ്ട്‌.പ്രത്യേകിച്ചും അവസാനത്തെ ആ മുരിങ്ങയില സസ്പെന്‍സ്‌.

Typist | എഴുത്തുകാരി said...

കൊള്ളാം മാഷേ, ഇനിയും പോരട്ടേ പ്രാരാബ്ധത്തിന്റെ കഥകള്‍.

മനോജ് കുമാർ വട്ടക്കാട്ട് said...

കുറൂ,
നീ ഉണ്ടില്ലെങ്കിലും നിന്റെ കൊളീഗ്സിനെ ഊട്ടുക :)

(മുരിങ്ങയിലക്കറി. വായില്‍ പണ്ടാറമടങ്ങുന്നു)

Rasheed Chalil said...

നോമ്പ് കാലത്ത് മുരിങ്ങയിലക്കറിയെ കുറിച്ച് പറയുന്നോ.... :(

:)

കുഞ്ഞന്‍ said...

അപ്പോള്‍ ഇനി എല്ലാ ആഴ്ചയിലും ഇതുപോലെയുള്ള രസകരമായ അനുഭവങ്ങള്‍(ഞങ്ങള്‍ക്ക്) എഴുതുമല്ലൊ.!

ഭായ് മനസ്സില്‍ വിചാരിക്കരുത് ‘എലിക്കു പ്രാണവേദന പൂച്ചയ്ക്കു രസം’

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അല്പം കഴിഞ്ഞിട്ട് പോയിക്കഴിച്ചാല്‍ പോരായിരുന്നോ, കന്നുകുട്ടികളേയാണോ കയം കാണിക്കുന്നത്. ഇനി മെയ്ഡ് വരുംവരെ പട്ടിണിയിരിക്കാനാണോ ഉദ്ദേശം?

R. said...

ഗദ്...ഗദ്... ഒരാഴ്ചയായി മ്മടെ മെയിഡ് വന്നിട്ടില്ല. ലോന്‍ഡ്രി പഴനിമല പോലെയായി. :'(
കാശ് വാങ്ങാന്‍ വര്വല്ലോ...

ഓ.ടോ: ആ മുരിങ്ങയിലക്കറി! എന്റെ കുറൂ, വേണ്ട...പോട്ട്! :(

Appu Adyakshari said...

ഇതു കഥയല്ലല്ലോ കുറുമാനേ.. അനുഭവമല്ലേ.

ഏതായാലും മുരിങ്ങയിലക്കറിയെ കറിവേപ്പിലയാക്കിയ കൂട്ടുകാരുടെ കാര്യം കലക്കി

:| രാജമാണിക്യം|: said...

ദുഫായ് ദുഫായ്..! ഹെന്റമ്മോ .. ഫാര്യ, കുട്ടികള്, ജോലി.. ആലോചിക്കുമ്ബോ തല കറങ്ങുന്നു എന്റേ കുറുമാന്‍ ചേട്ടാ...

sunilraj said...

തെറ്റിദ്ധരിച്ചു !!!
നല്ല വിവരണം

ഉണ്ണിക്കുട്ടന്‍ said...

കുറൂസേ അപ്പോ മെയിഡ് പോയതുകൊണ്ടു വായിക്കു രുചിയായ ഭക്ഷണം കഴിക്കാന്‍ പറ്റിയല്ലേ?..കുറൂനല്ല കൂട്ടുകാര്‍ക്ക്.. ഇവിടെയും ഇതു തന്നെ സ്ഥിതി റൂമിലെ കുക്കിങ്ങ് അക്ക വരാത്ത ഞായറാഴ്ച്ച മാത്രമാ ഞങ്ങളും രുചിയുള്ള ഭക്ഷണം കഴിക്കുന്നേ ..റസ്റ്റോറന്റീന്ന്.. :)

കിരണ്‍ തോമസ് തോമ്പില്‍ said...

കുറുമാനേ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ പിള്ളാരെ നോട്ടീസ്‌ കൊടുക്കുന്നത്‌ ഓര്‍മ്മവന്നു.

മഴത്തുള്ളി said...

കുറുമാന്‍,

തുടക്കം സീരിയസ് ആയ സംഭവങ്ങളില്‍ക്കൂടി കടന്നുപോയി അവസാനം തമാശനിറഞ്ഞ രംഗം വരെയെത്തിനിന്ന ഒരാഴ്ചത്തെ സംഭവവികാസങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. :)

ഇനി വീട്ടില്‍ മെയിഡിനെ വെക്കുമ്പോള്‍ 2-3 മാസത്തെ നോട്ടീസ് പീരീഡ് സഹിതം ഒരു എഗ്രീമെന്റ് വെക്കുക. ;)

അതുല്യ said...

എനിക്കൊന്നും മനസ്സില്ലായില്ല, കമന്റുകള്‍ വായിക്കണ വരെ.

ദുബായിലു വന്നിട്ട് എനിക്കേറ്റവും പ്രീയപെട്ടവ, മിക്ക വഴിയോരങ്ങളിലും കാണുന്ന മുരിങ മരം തന്നെ. ഒട്ടും പൊടി പറ്റാത്ത പുതിയ മുരിങയില മിക്കവാറും എന്റെ വീട്ടിലെ അടുക്കളയിലുണ്ടാവും. കുറു, മുരിങ്ങയില എടുക്കാന്‍ എളുപ്പ വഴി, മുരിങ കൊമ്പ് എടുത്ത് ഒരു വലിയ പ്ലാസ്റ്റിങ് കവറില്‍ ഇട്ട് റ്റെറ്റായിട്ട് ഒരു 4 മണിക്കൂര്‍ കെട്ടി വയ്കുക. അത് കഴിഞ് കവര്‍ കെട്ടോടേ തന്നെ 10 മിനിറ്റ് കുലുക്കുക. എല്ലാ ഇലയും കവറില്‍ തന്നെ വീഴും. മുരിങയില കഴുകാണ്ടെ നനഞ തുണീയില്‍ ആകെ മൊത്തം തുടയ്കുകയാണു പതിവ്. കത്തിയും വയ്കാറില്ല മുരിങയിലയില്‍.

(ഗണ്‍ പൌഡര്‍ - ദോശ മോളാപൊടീന്ന് തമിഴില്‍, അല്പം കായം കൂടുതല്‍ ചേര്‍ത്ത്, തരുതരിപ്പായി പൊടിച്ച്, നിറയെ നല്ലെണ്ണ ഒഴിച്ച് കുഴച്ച് ഇഡലിയില്‍ ആകെ മൊത്തം പൊതിഞ്, അല്പം നല്ലെണ്ണ ആ ഇഡലീ കൂട്ടത്തിന്റെ മുകളിലുടെ ഒഴിച്ച്, ഇലയില്‍ പാക്ക് ചെയ്ത്, തീവണ്ട്യ്ക് പോകുമ്പോ, ഞാന് ദില്‍ബനു ഒരു ദിവസം കൊടുക്കും. അതിന്റ് കൂടെ കട്ടന്‍ കാപ്പീം.. ദില്‍ബാ തീവണ്ടി റ്റിക്കന്റിന്റെ ഡേറ്റ് പറ വേഗം)

ദുബായില്‍ ഇപ്പോ കിട്ടാത്ത ഒരു ഇനം ജോലിക്കാരുണ്ടെങ്കില്‍ അത് അണ്‍സ്കില്ല്ഡ് വര്‍ക്കേഴ്സാണു. തന്നെ താന്‍ വിസ അടിച്ച് ഇവിടെ ബാക്കി ഉള്ളവര്‍ മണിക്കുറിനു 25 ദിര്‍ഹസ് വരെ വീട്ട് ജോലിക്ക് ചോദിയ്കുന്നു. പെണ്ണുങ്ങള്‍ തീരെയില്ല് എന്ന വേണമെങ്കില്‍ പറയാം. വീട്ട് ജോലിക്കാരെ നമ്മള്‍ടെ വിസയില്‍ തന്നെ കൊണ്ട് വരാന്‍, പുതിയതായി എമ്പസ്സി നിശ്ചയിച്ചിരിയ്കുന്ന 7000 ദിര്‍ഹസം ഡെപോസിറ്റിനു പുറമെ, 1400 ദിര്‍ഹംസ് ശമ്പള കരാറ് ആണു. 2 ബെഡ് രൂമിനു 7000 ദിര്‍ഹംസോളം വാടക, 1 ബെഡ് രൂമിനും, 5000 ദിര്‍ഹംസ്, 75% ത്തോളം ഉയര്‍ന്ന ഗ്രോസറി വില, ചുരുങ്ങിയത്,700 ദിര്‍ഹസിന്റെ സ്കൂള്‍ ഫീസ്, കുറഞ് വരുന്ന എക്സ്ചേച്ഞ്ച് റേറ്റ്, അത്യാഹിതത്തിലു ആസ്പത്രിയില്‍ കിടക്കുന്നവനെ 10 മിനിറ്റ് കാണാന്‍ പോകണെംങ്കില്‍ 20 മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരം 4 മണിക്കുറില്‍ സഞ്ചരിക്കേണ്ട അവസ്ഥ, ജോലിയില്‍ അനുഭവിയ്കുന്ന അസ്ഥിരതയും, 5 കൊല്ലമായിട്ടും ഉയരാത്ത ശംബളവും, 5000 ദിര്‍ഹം ചെലവഴിച്ച കിട്ടുന്ന ലൈസന്‍സും, അത് കഴിഞ് പലിശ കൊടുത്ത് വാങുന്ന കാര്‍ പാര്ക്ക് ചെയ്യാന്‍ സൌകര്യം ഇല്ലാതെ, 2 മണിക്കൂര്‍ ബ്ലോക്കില്‍ പെട്ട് കിടന്ന്, പാര്‍ക്കിങിനായി പിന്നേയും 1/2 മണിക്കുര്‍ കളയുന്ന മന;സ്ഥാപവും, എല്ലാം കൂടി ദുബായിലെ ജീവിതം ദുസ്സഹമാവുന്നു ഇന്ത്യക്കാരില്‍ ഭൂരിപക്ഷം ആളുകളുകള്‍ക്കും. എന്നാല്‍ പിന്നെ എന്തിനു ഇവിടെ തന്നെ നില്‍ക്കണം എന്ന ചോദ്യത്തിനു, നാട്ടിലെത്തിയാലുണ്ടാവുന്ന അരക്ഷിതാവസ്ഥ, മദ്ധ്യവയസെത്തിയവര്‍ക്ക് തൊഴില്‍ കിട്ടാത്ത അവസ്ഥ, കുട്ടികളെ നാട്ടില്‍ തന്നെ ചേര്‍ക്കാന്‍, പിന്നേം കൊടുക്കേണ്ടി വരുന്ന ഡെപ്പ്പോസിറ്റ് രുപ, വീട് പണിയാനും മറ്റും എടുത്ത ബാങ്കുകളിലേ ലോണ്‍ എന്ന ഭൂതം, ബന്ധുക്കളുടെ ഉറ്റുനോട്ടം, ജോലികിട്ടി സ്ഥിരമാവുന്നത് വരെ കഴിയാനുള്ള സമ്പാദ്യ കുറവ് എന്നിവ ഒക്കെ ഒരു ശരാശരി ഇന്ത്യക്കാര്നെ ഇവിടുത്തെ പ്രാരാബ്ദങ്ങളുമായി തന്നെ മുമ്പോട്ട് പോകാന്‍ നിര്‍ബ്ബന്ധിയ്കുന്നു.

കുറു വരച്ച് കാട്ടിയത് കൃത്യമായ ഫ്രേം ആണു. റണ്ട് പേരും ജോലിക്കു പോവുമ്പോ മാതാപിതാക്കള്‍ നടത്തുന്ന ചിന്തയുടെ വ്യാപാരങ്ങള്‍. ഇന്നലെ എന്റെ അയല്‍ക്കാരി പറഞു, അമമ വന്നിട്ടുണ്ട്, അടുത്താഴ്ച്ച പോവും, അപ്പോ വാച്ച്മാന്‍ ഷെറീഫ് കുട്ടികളേ പിക്ക് ചെയ്ത് അപ്പറത്തേ ഡേകയറില്‍ ആക്കംന്ന് ഏറ്റിട്ടുണ്ട്. അതു കഴിഞ്, ഇന്നലെ രാത്രി ഷെറീഫ് അച്ഛനു സീരീയസ്സ് എന്നും പറഞ് ഇന്നലെ രാത്രി തന്നെ പോയി. പാവം റീബ, ഇന്ന് രാവിലെ ഒരുപാട് കരഞു, ദുബായിലിരിയ്കുന്ന അവര്‍ ഇനി കുട്ടികളെ പിക്ക് അപ്പ് ചെയ്യാന്‍ ആരെ തപ്പും? ഇത്രേം മാനസിക പിരിമുറുക്കത്തിലൂടെ കടന്ന് പോകുന്ന മാതാപിതാക്കളാണു ഇവിടെ. ഇപ്പോ മിക്ക ഇന്ത്യയിലേ മിക്ക മെറ്റ്രോ സിറ്റികളിലും ഇതൊക്കെ തന്നെ കഥയെന്നും കേള്‍ക്കുന്നു. രാത്രി 11 മണിയോടെ മാത്രം കൂടണയുന്ന ദമ്പതികള്‍, വളരെ കൂളായി പറഞിരുന്നു എന്നോട്, വീ ഹാവ് ഡിസൈഡ്ഡ് നോട്ട് റ്റു ഹാവ് ചില്‍ഡ്രണ്‍ ഫോര്‍ പ്രൊഫഷണല്‍ അച്ചീവ്മെന്റ്സ് ന്ന്.

asdfasdf asfdasdf said...

രസികന്‍ വിവരണം. ഇനി പുതിയ റിസീപ്പികള്‍ ഇറക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല അല്ലേ.

അരവിന്ദ് :: aravind said...

ഹഹ :-)
കൊള്ളാം കുറുമയ്യാ...

വാല്‍ക്കഷ്ണം എല്ലാം ശര്യാക്കി.

(വെടിമരുന്ന് കഴിച്ചിട്ട് കാലം എത്രയായി!)

Kaithamullu said...

അപ്പോ അങ്ങനെ അവര്‍ പോയി, അല്ലേ കുറൂ? (ദീര്‍ഘനിശ്വാസം!)

യൂണിഫോം വാങ്ങാനെന്ന് പറഞ്ഞ് കറങ്ങീത് മുരിങ്ങേമ്മേ കേറാനായിരുന്നോ? (മുരിക്കാന്ന് വച്ചായിരിക്കും നല്ലപാതി കേറാന്‍ പറഞ്ഞത്, ല്ലെ?)

തമാശയായല്ലാ എനിക്കിതനുഭവപ്പെട്ടത് കുറൂ, ശരിയായ കദനകഥ! (അനുശോചിച്ചിട്ട് കാര്യമൊന്നുമില്ലാത്തതിനാലതിന് മുതിരുന്നില്ല)

കുറു പറഞ്ഞത് പൂരിപ്പിക്കയാണതുല്യ ചെയ്തിരിക്കുന്നത്.സത്യങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞിരുന്നിട്ട് കര്യമില്ലല്ലോ!

-ഗള്‍ഫിലില്ലാത്തവരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍ എന്ന് മാത്രം പറയഞ്ഞ് നിര്‍ത്തട്ടേ!

സാല്‍ജോҐsaljo said...

പോസ്റ്റ് രസികന്‍...!

വയാഗ്രയുടെ പരസ്യമെയിലുകളെങ്ങനാ മാഷെ ആയിരക്കണക്കിന് ഒഫിഷ്യല്‍ മെയിലുകളായത്!!!!!!!!!! ചുമ്മാ സംശയം...

സാല്‍ജോҐsaljo said...

അത്യുല്യാമ്മേ നിങ്ങളിങ്ങനെ പേടിപ്പിക്കാതെ...! ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ല് നോക്കിയേന്റെ ഞെട്ടല്‍ മാ‍റാതിരിക്കുവാ..!

:)
:)

ശാലിനി said...

ഇതെങ്ങനൊത്തുഎന്നു ചോദിക്കുന്നില്ല.കഴിഞ്ഞ മാസം ഞങ്ങള്‍ അനുഭവിച്ചതാണ് ഇതെല്ലാം. ഇവിടെ മെയ്ഡിനെ കിട്ടാനാണ് ഏറ്റവും ബുദ്ധിമുട്ട്. തല്‍ക്കാലം ഭര്‍ത്തവിന്റെ ഡ്യൂട്ടി സമയവും എന്റെ ഡ്യൂട്ടി സമയവും അഡ്ജസ്റ്റ് ചെയ്ത് ഇടയ്ക്കുവരുന്ന സമയത്തേക്ക് മണിക്കൂറിന് 1500 രൂപ (മാസം)വച്ച് ഒരെണ്ണത്തിനെ വച്ചു. നേരേ പോയി വിസിറ്റ് വിസയെടുത്ത് അമ്മയെ കൊണ്ടുവന്നു, ഇനി മൂന്നുമാസം സാവകാശമുണ്ട്, ഒരു മെയ്ഡിനെ തപ്പിയെടുക്കാന്‍.

ഒരു മാസം നോട്ടിസ് എന്ന് പറഞ്ഞാണ് അപ്പോയ്ന്റ് ചെയ്യുന്നത്,ഒരു രണ്ടുദിവസമെങ്കിലും മുന്‍പ് ഇവര്‍ പറഞ്ഞിരുന്നെങ്കില്‍. പെട്ടെന്നൊരു ദിവസം വന്ന് നാളെ നാട്ടില്‍ പോകുന്നു എന്നു പറഞ്ഞു ശമ്പളവും വാങ്ങി പോകുന്നയാളെ കുറേദിവസം കഴിഞ്ഞ് വഴിയില്‍ വച്ചുകണ്ടാല്‍ പേടിക്കേണ്ട, നമ്മള്‍ കൊടുക്കുന്നതിലും കൂടുതല്‍ വേറെയാരോ ഓഫര്‍ ചെയ്തതുകൊണ്ടാണ് നമ്മളോട് റ്റാറ്റാ പറഞ്ഞത്. അതുല്യ എഴുതിയിരിക്കുന്നത് സത്യമാണ്. ഇവിടെ പലരും കുഞ്ഞുങ്ങളേയും കൊണ്ട് ഓടിനടക്കുകയാണ് ബേബി സിറ്റിങ്ങിന്. ഇനി കുഞ്ഞുങ്ങളെ നാട്ടില്‍ നിര്‍ത്താ‍മെന്നുകരുതിയാല്‍ പിന്നെയാര്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്നു തോന്നും.

ഏതായാലും ഒരു പോസ്റ്റിടുന്നതില്‍നിന്ന് രക്ഷപ്പെട്ടു. നന്ദി കുറുമാന്‍

Vish..| ആലപ്പുഴക്കാരന്‍ said...

:)

Vish..| ആലപ്പുഴക്കാരന്‍ said...

ആഹ് ചിരി കഴിഞു.. ഇനി അതുല്യേച്ചിയോട്..

ദുഫായിലേ അവസ്ത്ഥ പറഞു.. ഇനി ഇവിടെ കേരളത്തിലേ അവസ്ഥ കേള്‍ക്കണ്ടേ?
റോഡില്ലാത്തതുകൊണ്ട് കുഴിയില്‍ കൂടെയാ വണ്ടി ഓടിച്ചു വരുന്നത്..
പാര്‍ക്ക് ചെയ്യാന്‍ സ്ത്ഥലമോ? പണ്ട് റോഡ് ഉണ്ടായിരുന്നിടത്ത് പാര്‍ക്ക് ചെയ്യാമല്ലോ...
രാവിലേ 6.30നു ഓടുന്നതാ ട്രെയിനില്‍ കയറാന്‍.. രാത്രി 9.30നു തിരിച്ചെത്താന്‍ പറ്റിയാല്‍ ഭാഗ്യം..
ഇവിടെ കാറില്‍ 60 കിമി പോകാന്‍ വേണ്ട സമയം 2.30 മണിക്കൂറാ.. സ്കൂട്ടെറില്‍ 1.15 മണിക്കൂറില്‍ എത്താം..

വന്ന് വീട് അടിച്ചു വാരി പോകുന്ന ചേച്ചിക്ക് മാസം 1000 രൂപ കൊടുക്കണം...
അതുല്യേച്ചി ശമ്പളത്തേക്കുറിച്ച് പറയാന്‍ തന്നെ നാണക്കേടാ, മര്യാദയ്ക്ക് മാസാമാസം ശമ്പളം കൊടുക്കന്‍ പലര്‍ക്കുമാകുന്നില്ല.. പിന്നയല്ലേ അത് കൂട്ടി കിട്ടുന്ന കാര്യം ആലോചിക്കുന്നത്?


സത്യം പറഞാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍ ആന്‍ഡ് ഭാഗ്യവതികള്‍..

ശ്..ശ്.. കൊച്ചിയില്‍ വരുന്നതിനു മുമ്പേ ഞാന്‍ ബാഗ്ലൂരില്‍ ആയിരുന്നു.. അവിടെ പ്രത്യേകിച്ച് ടൈം ഒന്നുമില്ല.. പണി തീര്‍ക്കണം.. അത്ര മാത്രം.. അവസാനം ഉച്ചക്ക് 2.30 തൊട്ട് രാവിലെ 5.45 വരെ ഓഫീസില്‍ തന്നെ ഇരിപ്പ് തുടങി.. അവസാനം അമ്മ കരഞ്ഞ് ബഹളം ഉണ്ടാക്കി എന്നെ കൊച്ചിയിലേക്ക് കൊണ്ട് പോന്നു.. (ഇല്ലായിരുന്നെങ്കില്‍... )

വേണു venu said...

ഹഹാ...രാകേഷേ, രസികന്‍‍ വിവരണം.നിങ്ങള്‍ പോയി ഞണ്ണ്,എന്നു് വായിച്ചു് വീണ്ടും ചിരിച്ചേ.:)

മുസാഫിര്‍ said...

കുറുമാന്‍,

ദുബായ് ജീ‍വിതത്തിന്റെ പരിച്ഛേദം നന്നായി.അതുല്യയുടെ അനുബന്ധവും.(കുവൈറ്റീല്‍ തീ‍രെ ട്രാഫിക്കില്ല കേട്ടോ,അരമണിക്കൂര്‍ കൊണ്ട് എവിടെയും എത്താം.ഒരു 30,000ദിര്‍ഹത്തിനു ഒരു വിധം നല്ല 2ബെഡ്‌റൂം ഫ്ലാറ്റ് കിട്ടും)
തലേക്കെട്ടിന്റെ സാം‌ഗത്യം മുഴുവനും പിടികിട്ടിയില്ലല്ലോ മാഷെ .

sreeshanthan said...

Dubayi ile jeevitha prarabdhangal bangiyayi, athinte vishamangal ottum thanne kanikkathe ( athayathu sentiments theere illathe) avatharippichu. MABROOK! pandu nammude namboothiri jeerakavum, pallukthiyum kazhicha karyam orma vannu.. Athoru thamasakathayayirunnengilum athu pole jeevithathilum sambhavikkumennum manasilayi.. pinne adhyamayi tamilnadil tour poyapol(school il ninnu) paripu kariyanennu karuthi payasam eduthu rice il ozhichathum orma vannu (food abadhangal)

സഹയാത്രികന്‍ said...

കുറുമാന്‍ ജി...അത് കലക്കി...

പക്ഷേ ഈ നരം നരം ഇഡ്ഡലിന്നൊക്കെപ്പറഞ്ഞ് എന്തിനാ മാഷേ ഇങ്ങനെ കൊതിപ്പിക്കണേ, നല്ലൊരു ഭക്ഷണം കഴിച്ചിട്ട് നാളു കൊറേ ആയേ... സ്വയം പാചകത്തിനുള്ള വകുപ്പും ഇല്ല്യ ഇപ്പോള്‍... ഈശ്വരാ..എന്തിനീ പരീക്ഷണങ്ങള്‍

:)

സജീവ് കടവനാട് said...

കറിവേപ്പിലയെപ്പോലെ ഒഴിവാക്കിയ രുചിയുള്ള മുരിങ്ങയില...(?)

ആ ഭായികള് ഇത് വായിക്കാത്തത് നന്നായി. അവരും വിളിച്ചു പറഞ്ഞേനെ പുതിയ കഥഹള്‍.

ജാസൂട്ടി said...

അവസാനത്തെ മുരിങ്ങയിലക്കറി രസകരമായി...:)

അനിലൻ said...

കുറൂ

മുരിങ്ങയിലക്കൂട്ടാന്‍ എന്നു മതിയായിരുന്നു തലക്കെട്ട്.
സ്കൂളിനടുത്തുള്ള വീട്ടില്‍നിന്നും മുരിങ്ങയില പൊട്ടിച്ച് വരാറുള്ള വൈകുന്നേരങ്ങള്‍... ഇലകളില്‍ അരിച്ച് നടക്കുന്ന വെളുത്ത പ്രാണികള്‍...

വെറുതേ വാട്ടി നാളികേരം ചിരകിയിട്ട് കുറച്ച് വെളിച്ചെണ്ണയൊഴിച്ചാലും അവന്‍ തറവാടി തന്നെ.

ഇനി എന്നാ കുറൂ മുരിങ്ങയിലക്കൂട്ടാന്‍ വെയ്ക്കുന്നത്?

ഇടിവാള്‍ said...

കൈതമുള്ളു കുറുമാനിട്ടൊരു അമറന്‍ താങ്ങാണല്ലോ താങ്ങിയേക്കുന്നേ? ങ്ഹേ? ;)

മുരിങ്ങമരമല്ല.. മുരിക്കു മരം! ഹഹ..എനിക്കു വയ്യ!


, മുരിങ്ങ തണ്ടൊടിച്ച്, പുലരും വരെ, റമ്മി കളിക്കാനായി വിരിക്കും പോലെ പേപ്പര്‍ വിരിച്ച്, ഞാനും വാമഭാഗവും കൂടി വിടര്‍ത്തിയെടുത്തിയ ,

പണ്ടൊക്കെ കല്യാണങ്ങള്‍ക്കു തലേന്നു തേങ്ങാ ചിരവാനും ഉള്ളിയരിയാനും പോയ്, വെടി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മ വന്നു!!


വാമഭാഗമാണെങ്കിലും അത്തരം “ഗ്രൂപ്പ് പ്രിപറേഷന്‍സ്” നല്ലതാ ;) അനുഭവകുറിപ്പു രസകരമായി.


പൊതുമാപ്പിനു ശേഷം ഹൌസ്മെയ്ഡ്സിനും അണ്‍സ്കില്ല്ഡ് വര്‍ക്കേഴ്സിനുമെല്ലാം ദുബായില്‍ എന്താ ക്ഷാമം!

ഓടോ: മുസാഫിര്‍ എന്നു കുവൈത്തിലെത്തി?

Ziya said...

അടടട...കുറുമയ്യാ...
റൊമ്പ പ്രമാദമായിറ്‌ക്കേന്‍!

മുറിങ്ങമറത്തിന്‍ ഇലൈ!
വിറ്റാമിന്‍ ഊ....
അത് വന്ത് നെറയെ ഞാപകം വറ്‌ത്....

കലക്കീട്ടാ...:)

Mubarak Merchant said...

ഇത്തവണ ജീവിതഗന്ധിയാണല്ലോ കുറൂ..
നന്നായി :)

Visala Manaskan said...

:)കടുകുപൊതി പൊട്ടി നിലത്തു വീണപോലെ ബന്ധുക്കള്‍!!

‘കുറുമാന്‍ സെന്റര്‍’ ലെ വിശേഷങ്ങള്‍ നന്നായിട്ടുണ്ട്.

Kuzhur Wilson said...

തകിലിന്റെ താളത്തില്‍ തുള്ളുന്നൊരാള്‍
കേള്‍ക്കുകയില്ല
മ്യഗത്തിന്‍ നിലവിളി


മരിക്കെടാ മരിക്ക്

cloth merchant said...

g
o
o
d

സാജന്‍| SAJAN said...

എഴുത്ത് പതിവുപോലെ ഉഗ്രനായിട്ടുണ്ട് കുറൂസേ, അവന്‍‌മാര്‍ മുരിങ്ങയില പെറുക്കികളയാന്‍ പെട്ട പാടോര്‍ത്ത് ചിരി വരുന്നു:)

ശാലിനി said...

മുസാഫീറേ, കുവൈറ്റില്‍ എവിടെയൊക്കെ യാത്ര ചെയ്തു ഈ ട്രാഫിക്കില്ലാത്ത സ്ഥലം അറിയാനാണ്! ഒഫീസ്ം സ്ക്കൂള്‍ തുടങ്ങുന്ന സമയത്ത് ഒന്നു യാത്ര ചെയ്തു നോക്കൂ. 20 മിനിറ്റ് കൊണ്ട് പോകാവുന്ന സ്ഥലത്ത് ഒന്നേകാല്‍ മണിക്കൂര്‍ എടുക്കും. പിന്നെ ദുബായുടെയത്ര ഇല്ല എന്നു തോന്നുന്നു.

ഉപാസന || Upasana said...

ആദ്യഭാഗം കുറുമാന്‍‌ജി നിരാശപ്പെടുത്തി.
അവസാനം നന്നായി, തീര്‍ത്തും.
:)
ഉപാസന

ഓ. ടോ: സാല്‍ജോ പറഞ്ഞതില്‍ കാര്യമില്ലാതില്ല. ആ മെയില്‍ സെര്‍വര്‍ ഒന്നു ചെക്ക് ചെയ്യ്. എനി പ്രോബ്ലംസ്.

Murali K Menon said...

:)
ഉമ്മ സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലെ കെ.പി.എ.സി.ലളിതയുടെ ഭാഗം അഭിനയിച്ചതായിരിക്കും

ആവനാഴി said...

വിവരണം മനോഹരമായിട്ടുണ്ട്.

എന്നാലും ആ മുരിങ്ങയില!

rajan vengara said...

നിങ്ങല്‍ എല്ലവരും ഇങ്ങിനെയൊക്കെ കഷ്ടപാടു പറയുന്നതു കേട്ടിട്ടു പെടിയാവുന്നു ദുബായിക്കു വരാന്‍... ആറ്റു നോറ്റിരുന്ന എന്റെ വിസ എതാണ്ടു ശരിയായി വരിയകയാണു.... ഇതെല്ലം പറഞ്ഞു എന്നെ പെടിപ്പിക്കയണൊ?
എന്നാലും ഞാന്‍ വരും .ഈ മുംബയില്‍കിടന്നു വെരുതെ മലക്കം മറിയാന്നെ ഉള്ളൂ.അങ്ങിനെ പറഞ്ഞു പെടിപ്പിചലൊന്നും ഞാന്‍ ദുബയിക്കു വരതിരിക്കില്ല.
വന്നിട്ടു അനുഭവിക്കു താനും എന്നു പറയുമയിരിക്കും അല്ലെ.
തലയില്‍ എഴുതിയതു തൂത്താലും ചെരച്ചലും മായില്ലല്ലോ

എതയലും ഉഗ്രന്‍ അത്ത്യ്ഗ്രന്‍ ആയിട്ടുണ്ടു.
അപ്പൊ വിട.
രാജന്‍ വെങ്ങര ,കണ്ണൂര്‍

കരീം മാഷ്‌ said...

മുരിങ്ങയിലക്കറി തന്നെയാണു മനസ്സില്‍ കൊതി കേറ്റിയത്.
ഇനി നാട്ടില്‍ പോകുന്നതു വരെ ക്ഷമകിട്ടില്ല,
നന്നായി എഴുതിയിരിക്കുന്നു കുറൂ.

Sethunath UN said...

കുറുമാന്‍,
ഇ‌ടയ്ക്കെവിടെയെക്കെയോ ആരോ ഇതിനെ പ്രാരാബ്ധം എന്നൊക്കെ പ‌റഞ്ഞു കണ്ടു.
സുഹൃത്തുക്ക‌ളെ.
ഭാര്യയ്ക്കും ഭ‌‌ര്‍ത്താവിനും ജോലിയും, ഫ്ലാറ്റും കാറും എല്ലാമായി ക‌ഷ്ടിച്ച് ബുദ്ധിമുട്ടി കഴിയുന്ന ഒരു പാവ്‌ം ഫേമിലി!
ശമ്പ‌ളത്തിന്റെ പച്ച ക‌ണ്ട് കുഞ്ഞുങ്ങ‌ളെ നോക്കാനായി ഏല്പ്പിച്ച ഹൗസ് മെയിഡിന്റെ തിടീന്നുള്ള പോക്കുണ്ടാക്കിയ് തൊന്ത‌രവിനെ പ്രാരാബ്ധം എന്നു വി‌ളിയ്ക്കാമോ?

പ്രാരാബ്ധം എന്നൊക്കെ പ‌റയാനും അനുഭവിയ്ക്കാനും പറ്റിയ 60%ത്തില്‍ അധിക‌ം വരുന്ന ഒരു ക്ലാസ്സ് വേറെ തന്നെയുണ്ടല്ലോ. കുറുമാന്‍ എന്തായാലും അതില്പ്പെടില്ല. അപ്പ‌ര്‍ മിഡില്‍ക്ലാസ്സില്‍ പെടുന്ന ആരും തന്നെ. എന്തായാലും കുറുമാന്‍ അങ്ങിനെയൊന്നും പ‌റഞ്ഞിട്ടില്ല എവിടെയും. പ‌ക്ഷേ കമ‌ന്റിന്റെ ഒരു പോക്ക് പ്രാരാബ്ധം ലൈനിലേക്കാണെന്നു തോന്നി.

എഴുത്തും വിവര‌വും ന‌ന്നായി എന്നു പ‌റയേണ്ടതില്ല. ബ‌ഹുത്തച്ഛാ!

മെലോഡിയസ് said...

കുറുമാന്‍ ജീ.നന്നായിട്ടുണ്ട്..
ഈ പോക്ക് എങ്ങോട്ടാന്ന് ആദ്യമൊക്കെ വായിച്ചപ്പോള്‍ പിടികിട്ടിയില്ലാ. മുരിങ്ങയില സംഭവം ചിരിപ്പിച്ചു ട്ടാ..

അതുല്ല്യേച്ചി : ഇങ്ങനെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ..അടുത്ത് തന്നെ അങ്ങോട്ടേക്ക് ഇറങ്ങി തിരിക്കുകയാ..

മെലോഡിയസ് said...

എന്തായാലും ഒരു അമ്പത് അടിച്ചിട്ട് പോകാം..

അമ്പതേ........ഇടക്കൊക്കെ ഞാന്‍ അമ്പതും നൂറും അടിക്കാറുള്ളു ;) ( തെറ്റിദ്ധരിക്കണ്ട )

ആവനാഴി said...

പ്രിയ കുറുമാ,

ഇതിനിട്ടൊന്നു താങ്ങിയില്ലെങ്കില്‍ ശരിയാവില്ല എന്നൊരു തോന്നല്‍ തുടങ്ങീട്ടു കുറെയായി. തെറ്റിദ്ധാരണയല്ലേ സംഗതി. ഇതുപോലൊരു തെറ്റിദ്ധാരണയുടെ കഥയാ‍ണു ഓര്‍മ്മ വരുന്നത്. ഇവിടെ കുറിക്കട്ടെ.

ഒരു വൃദ്ധനായ അറബി ഗ്രാമത്തില്‍ നിന്നു തന്റെ ഒരു വലിയ മുട്ടനാടിനേയും കൊണ്ട് പട്ടണത്തില്‍ മകളുടെ വീട്ടിലേക്കു തിരിച്ചു.

താഴെ തൂണില്‍ ആടിനെ കെട്ടിയിട്ട് അദ്ദേഹം മകള്‍ താമസിക്കുന്ന രണ്ടാം നിലയിലേക്കു പോയി. ആടിനെ കശാപ്പു ചെയ്ത് നോമ്പു വീടണം. വളരെക്കാലമായി എല്ലാവരുമൊത്തു നോമ്പു വീടിയിട്ട്.

“സലാമലൈക്കും”

“അലൈക്കുമസലാം”

അഭിവാദന പ്രത്യഭിവാദനങ്ങള്‍ക്കുശേഷം വൃദ്ധന്‍ ഒകാപിയുടെ മൂര്‍ച്ചയേറിയ കത്തിയുമായി താഴേക്കുപോയി.

അവിടെ ചെന്നപ്പോള്‍ ആടിനെ കണ്ടില്ല.

അടുത്തു തന്നെ തന്റെ പുതിയ ബെന്‍സ് കാറില്‍ ചാരി നില്‍ക്കുന്ന യുവാവായ കൊച്ചുമോനെ കണ്ടു.

അഭിവാദ്യപ്രത്യഭിവാദനങ്ങള്‍ക്കു ശേഷം കൊച്ചു മോന്‍ പറഞ്ഞു:

“അപ്പൂപ്പാ ഞാനൊന്നു കട വരെ പോയതാ. അല്ലാ, അപ്പൂപ്പനെന്താ വലിയ കത്തിയൊക്കെ ആയിട്ട്?”

“എടാ മോനേ, ഞാനിവിടേ ഈ തൂണേല്‍ ഒരാടിനെ കെട്ടിയിരുന്നല്ലോ. നീ കണ്ടോ?”

അവന്‍ അല്‍ഭുതത്തോടെ പ്രതിവചിച്ചു:“ ആടോ? ഞാനിവിടെ കാറീന്നിറങ്ങിയപ്പോള്‍ തൂണീല്‍ ആരോ ഒരു പട്ടിയെ കെട്ടിയിരിക്കുന്നു. ഞാനഴിച്ചുവിട്ടു അപ്പൂപ്പാ”

(ഓ.ടോ. ഞാനോടീ. തിരിഞ്ഞുനോക്കാതെ. )

സസ്നേഹം
ആവനാഴി.

Sathees Makkoth | Asha Revamma said...

എങ്കിലും ആ പാവങ്ങള്‍ ക്ഷമാപൂര്‍വ്വം ഇലയെല്ലാം എടുത്തുകളഞ്ഞല്ലോ!
വിവരണം നന്നായി

ഹരിയണ്ണന്‍@Hariyannan said...

സാധാരണക്കാരനായ ഒരു മലയാളിപ്രവാസിക്ക്, കരാമ എന്ന ദുബായ് പ്രദേശം, വികസിതമായ മറ്റൊരു കേരള നഗരമായി അനുഭവപ്പെടും..
ഈ മുരിങ്ങക്കുതാഴെ നിന്നെ ചെലവുചുരുക്കലിനെപ്പറ്റി ഞാനും ചിന്തിച്ചു കുറുമാനേ..പക്ഷേ..ശുചീകരണമെന്നുപറഞ്ഞ് മുനിസിപ്പാലിറ്റിക്കാര്‍ തളിക്കുന്ന വിഷം കഴുകിക്കളയുന്ന പാടോര്‍ത്തപ്പോള്‍ വീണ്ടും ‘സണ്‍‌റൈസ്’ലേക്കു നടന്നു..
എന്തുകൊണ്ടോ നമ്മളവിടെ കണ്ടുമുട്ടുന്നില്ല!!

കുറുമാന്‍ said...

ദില്‍ബാസുസുരാ - നന്ദി.......വാ കരാമയിലോട്ട്, വെടിമരുന്നും, പിന്നെ കേരള പിസ്സയും ( റോബിന്‍ ഊത്തപ്പ)തരാം.

സോണി : തേങ്ങ കിട്ടി ബോധിച്ചു, തണുപ്പ് തുടങ്ങാറായില്ലെ ഫിന്‍ലാന്റില്‍? തേങ്ങയെല്ലാം ഉണക്കി സൂക്ഷിച്ചോ....മഞ്ഞുപെയ്യുമ്പോള്‍ കൊപ്ര ശര്‍ക്കര കൂട്ടി കഴിക്കാം.

ശ്രീ : നന്ദി.....അതെ ഇഷ്ടപെട്ട ഫുഡ് കൊണ്ട് പോയാലും ചിലപ്പോള്‍ കഴിക്കാന്‍ കിട്ടാറില്ല. എന്റെ മാത്രം കാര്യമല്ല, മറ്റുള്ളവരുടേയും അങ്ങനെ തന്നെ. നല്ല ഭക്ഷണം കണ്ടാല്‍ പിന്നെ ഫോര്‍മാലിറ്റിയൊക്കെ ഞങ്ങള്‍ മറക്കും, പിന്നെ നിന്റെ ഫുഡ്,എന്റെ ഫുഡ് എന്നുള്ള് ചിന്ത ഇല്ല. എല്ലാം നമ്മുടെ ഫുഡ് :‌‌)

കൊച്ചുതേസ്യ : നന്ദി.......മുരിങ്ങയിലെ സസ്പെന്‍സ് ഇഷ്ടായീന്നറിഞ്ഞിഷ്ടായി

Typist/എഴൂത്തുകാരി : സന്ദര്‍ശനത്തിനു നന്ദി. ഇനിയും വരും കദന കത(ഥ)കള്‍

പടിപ്പുര : നന്ദി....അതെ ഞാന്‍ ഉണ്ണാതിരുന്നിട്ട്, കോളീഗ്സിനെ ഊട്ടാന്‍ തീരുമാനിച്ചു (പക്ഷെ ആവണെക്കെണ്ണയിലാ ഇനി പാചകം ചെയ്യുക എന്ന് മാത്രം)


ഇത്തിരിവെട്ടം : നന്ദി....അയ്യോ നോയമ്പ് കാലത്ത് മുരിങ്ങയിലയെകുറിച്ച് പറയാന്‍ പാടില്ലായിരുന്നോ? എങ്കില്‍ വാഴ കൊടപ്പനും, ചേമ്പിന്‍ താളൂം, വാഴപിണ്ടിയും, ഒക്കെയായാലോ?

കുഞ്ഞന്‍ : നന്ദി സന്ദര്‍ശനത്തിന്. അതെ, എലിക്കു പ്രാണവേദനയ്യും, പൂച്ചക്ക് രസവും, സാമ്പാറും തന്നെ :)


കുട്ടി ചാത്താ : പട്ടിണിയോ? ഞാനോ? അതിനു മരിക്കണം മ്വോനേ :)

രജീഷ് / നമ്പ്യാര്‍ :ഗദ് ഗദ് അടിക്കല്ലെ, എനിക്കു ഫീലിങ്ങ്സ് ആകും. ലോണ്ട്രി പഴനിമല പോലെ ആയത് രൊമ്പ പുടിച്ചു :)

അപ്പു :: നന്ദി. അതെ മാഷെ ഇതു അനുഭവം തന്നെ. മുരിങ്ങയിലയെ കരുവേപ്പിലയാക്കിയതു പോട്ടെ...നാട്ടില്‍ നിന്നും കൊണ്ടൂ വന്ന ചക്കപ്രഥമനെ, കസ്റ്റാര്‍ഡ് എന്ന് വിളിച്ചവരാ :)

രാജമാണിക്യം : നന്ദി. തല ഇപ്പോഴേ കറങ്ങണ്ടാ......ഭാവിയില്‍ എത്ര കറങ്ങാന്‍ ഇരിക്കുന്നു.

സുനില്‍ രാജ് : നന്ദി. തെറ്റിദ്ധരിക്കല്ലെ.

ഉണ്ണികുട്ടന്‍ : നന്ദി. അതെ മെയിഡ് പോയതിനാല്‍ ബ്രേക്ക് ഫാസ്റ്റും കൂടി നല്ലത് കിട്ടാന്‍ തുടങ്ങി. മെയിഡ് ബ്രേക്ക് ഫാസ്റ്റ് മാത്രമേ ഉണ്ടാക്കാറുണ്ടായിരുന്നുള്ളൂ പണ്ട് :)

കിരണ്‍ തോമസ് തോമ്പില്‍ : സന്ദര്‍ശനത്തിന് നന്ദി. അതെ ഇപ്പോള്‍ നാട്ടില്‍ റിസൈന്‍ ചെയ്യുന്നത് ഒന്നോ രണ്ടോ ദിവസത്തെ നോട്ടീസിലാണെന്ന് കേട്ടു:)

മഴതുള്ളി : നന്ദി. 2-3 മാസത്തെ നോട്ടീസ് പിരീഡ് വേണം എന്ന് പറഞ്ഞ് മെയിഡിനെ വക്കാനോ? ഹ ഹ, അവര്‍ പറയുന്ന ഡിമാന്റുകള്‍ നമ്മള്‍ അംഗീകരിക്കുയല്ലാതെ ഒരു രക്ഷയുമില്ല മാഷെ

അതുല്യേച്ചി : നന്ദി.. പിന്നെ മുരിങ്ങയില പാടുപെടാതെ അടര്‍ത്തിയെടുക്കാന്‍ തന്ന ടിപ്സിനൂ നന്ദി. വീട്ടില്‍ വന്നാല്‍ മുരിങ്ങയിലെ തോരന്‍ തരാം.

കുട്ടന്‍ മേനോന്‍ : നന്ദി. അതെ ഇനി പുതിയ റെസീപ്പികള്‍ ഇറക്കാം. പറ്റിയാല്‍ ഇന്ന് തന്നെ നളപാചകത്തില്‍ ഒരെണ്ണം തട്ടാം.

അരവിന്ദ് : നന്ദി. വെടിമരുന്നിന്റെ സ്വാദ് ഒന്നു വേറെ തന്നെ. പക്ഷെ അതിലും എനിക്കിഷ്ടം അചിന്ത്യാമ്മ ഉണ്ടാക്കുന്ന വേപ്പിലകട്ടിയാ...ഇത്തവണ തരാം എന്ന് പറഞ്ഞ് പറ്റിച്ചു. ജനുവരിയിലേക്കെങ്കിലും ഉണ്ടാക്കി വക്കാന്‍ പറയണം. യു എ ഇ ക്കാര്‍ ഭൂരിഭാഗവും ആ വേപ്പിലകട്ടിയുടെ സ്വാദ് അറിഞ്ഞവര്‍ തന്നെ. ദില്‍ബന്‍ വേപ്പിലകട്ടി വന്നപ്പോള്‍ മുതല്‍ തീരും വരെ, ഊണ് ദിവസം 5 നേരമാക്കിയെന്നാ കേട്ടത്.

കൈതമുള്ള് : നന്ദി. മുരിക്കിമ്മേ അവിടെ കുറേ കേറ്റിച്ചിട്ടുണ്ട് അല്ലെ? അതാവും പെട്ടെന്ന് തന്നെ ഓടിയത് :). അവര് പോയി ശശ്യേട്ടാ...പുതിയത് വന്നു. വിശദമായി പറയാം.

സാല്‍ജോ : നന്ദി. വയാഗ്രയുടെ പരസ്യമെയിലുകള്‍ ഡിലീറ്റ് ചെയ്തതിനു ശേഷമാ മാഷെ ആയിരക്കണക്കിന് ഒഫീഷ്യല്‍ മെയിലുകള്‍. എന്റെ ജോലി മെയിലുകളുമായി ബന്ധപെട്ടിരിക്കുന്നു. ഓഫീസില് ഏത് ബയര്‍ മെയിലയച്ചാലും ഒരു കോപ്പി എനിക്ക് കിട്ടും, അതാ പ്രശ്നം :)

ശാലിനി : സന്ദര്‍ശനത്തിനു നന്ദി. ഞാന്‍ ഈ പോസ്റ്റിട്ടു എന്ന് കരുതി അവിടെ അനുഭവിച്ച സംഭവങ്ങള്‍ പോസ്റ്റാക്കി ഇടാതെ ഇരിക്കരുതേ:)

ആലപ്പുഴക്കാരന്‍ : നന്ദി. അതെ നാട്ടിലെ അവസ്ഥയും മോശമല്ല, പണിക്കാളെ കിട്ടാന്‍ പ്രത്യേകിച്ചും, വീട്ടുപണിക്കും, പറമ്പ് കിളക്കാനും, തെങ്ങ് കയറാനും. ഇത്തവണ ഞാനാ ഉണങ്ങിയ തേങ്ങ പിള്ളാരുടെ തലയില്‍ വീണാലോ എന്ന് പേടിച്ച് ഉമ്മറത്തുള്ള ഒരു തെങ്ങില്‍ കയറി തേങ്ങയിട്ടത്. തേങ്ങയാണോ, ഞാനാണോ ആദ്യം വീഴുക എന്ന ഒരു സംശയം അടിയില്‍ അക്ഷമരായി നില്‍ക്കുന്ന ഭാര്യ, അച്ഛന്‍, അമ്മ, ആദി മധ്യ കുറുമാന്മാര്‍ക്കുണ്ടായിരുന്നു.


വേണുവേട്ടാ നന്ദി. ഞണ്ണാന്‍ പറയുന്നത് തൃശൂര് ചിലരെങ്കിലും ഇപ്പോഴും ഉപയോഗിക്കും. പിന്നെ രാകേഷല്ല, രാഗേഷ്..ഇമ്പോസിഷന്‍ എഴുതിക്കും ഇനി തെറ്റിയാല്‍ :)


മുസാഫിര്‍ : നന്ദി. കുവൈറ്റില്‍ റെന്റ് കുറവായിട്ട് നിങ്ങള്‍ എഞ്ചോയ് ചെയ്യുന്നു എന്നല്ലാതെ, ഞങ്ങള്‍ക്കെന്തു കാര്യം.......തലേകെട്ടിന്റെ സാംഗത്യം സിമ്പിള്‍. അമ്മയെ തെറ്റിദ്ധരിച്ച മകന്‍, അമ്മായിയമ്മയെ തെറ്റിദ്ധരിക്കപെട്ട മരുമകള്‍, മകനെ തെറ്റിദ്ധരിക്കപെട്ട അമ്മ, മരുമകളെ തെറ്റിദ്ധരിക്കപെട്ട അമ്മായമ്മ, മരൂമകളുടെ അമമയെ തെറ്റിദ്ധരിക്കപെട്ട സ്തീ, ഞങ്ങളെ തെറ്റിദ്ധരിക്കപെട്ട മെയിഡ്, മെയിഡിനെ തെറ്റിദ്ധരിക്കപെട്ട ഞങ്ങള്‍, എനിക്ക് വിശപ്പുണ്ടാകില്ല എന്ന് തെറ്റിദ്ധരിച്ച കൊളീഗ്സ്, മുരിങ്ങയിലയെ കറിവേപ്പിലയെന്ന് തെറ്റിദ്ധരിച്ച കൊളീഗ്സ്....അങ്ങനെ മൊത്തം തെറ്റിദ്ധാരണങ്ങളാണ് ഇതിലെ വിഷയം എന്നതിനാല്‍ ഈ ഒരു തലകെട്ടാണ് തോന്നിയത്. പിന്നീട് മാറ്റാമായിരുന്നു എന്നും തോന്നി (ഓരോരോ മുടന്തന്‍ ന്യായങ്ങളേ )


ശ്രീശാന്ത് : നന്ദി. തമിള്‍നാടില്‍ പോയപ്പോള്‍ പരിപ്പാണെന്ന് കരുതി പായസം ചോറിലൊഴ്ശിച്ചത് ഇഷ്ടായി. നിന്റെ ബുദ്ധി സമ്മതിച്ചിരിക്കുന്നു.

സഹയാത്രികാ : നന്ദി. നരം നരം ഇഡ്ഡലി ഒരു വീക്ക്നെസ്സാ മാഷെ...ഉള്ളി ചമ്മന്തി (കൊല്ലമുളക് വറുത്തരച്ചത്), ചമ്മന്തിപൊടി, തേങ്ങാ ചട്നി, സാമ്പാറ്,ഇതൊക്കെ കൂട്ടി ഒരു പിടുത്തം പിടിച്ചാല്‍ :)

കിനാവ് : നന്ദി. ആ ഭായികള്‍ക്ക് ഇത് വായിച്ച് ട്രാന്‍സലേറ്റ് ചെയ്ത്കൊടുത്തു. എന്റെ കഥകളിലെ കഥാപാത്രങ്ങളോട് എഴുതുന്നതിനും മുന്‍പ് ഞാന്‍ പറയാറുണ്ട്......ഡൊമിനിയോട് പ്രത്യേകിച്ചും, അല്ലെങ്കില്‍ അടിയെപ്പോള്‍ കിട്ടി എന്നു ചോദിച്ചാല്‍ മതി (അയ്യര്‍ ദ ചീപ്പ്, ജമാല്‍കോട്ട കേസ് - ഇത് രണ്ടിലും കഥാ പാത്രങ്ങളോട് ചോദിച്ചിരുന്നില്ല, കാരണം അവര്‍ ജോലി വിട്ട് പോയിരുന്നു എന്നത് മാത്രമല്ല, പെര്‍മിഷനും കിട്ടില്ലായിരുന്നു)

ജാസു : നന്ദി.

അനിലന്‍ : നന്ദി. വെറുതേ വാട്ടി നാളികേരം ചിരകിയിട്ട് കുറച്ച് വെളിച്ചെണ്ണയൊഴിച്ചാലും അവന്‍ തറവാടി തന്നെ - വാസ്തവം. ചക്കകുരുവും, മുരിങ്ങയിലയും, തേങ്ങചിരവിയിട്ട് വെളിച്ചെണ്ണയില്‍ ല്‍ തോരന്‍ വച്ചത് കഴിച്ചിട്ടില്ലേ അനിലേ.....ഹൌ എന്താ സ്വാദ്.

ഇനി എന്നാ കുറൂ മുരിങ്ങയിലക്കൂട്ടാന്‍ വെയ്ക്കുന്നത്? - എപ്പോ വേണമെങ്കിലും വക്കാം അനിലേ....കരാമയില്‍ നിറച്ചും മുരിങ്ങ മരങ്ങളുണ്ട്....മുനിസിപ്പാലിറ്റിയുടെ ഉള്ളില്‍ തുടങ്ങി നിറയെ......എപ്പോഴാ വരുന്നതെന്ന് പറഞ്ഞാല്‍ മതി. വാഴകുടപ്പന്‍ തോരനും വക്കാം മുങ്കൂട്ടി പറഞ്ഞാല്‍.

ഇടിവാള്‍ : നന്ദി. അതെ പണ്ടൊക്കെ നാട്ടില്‍ കല്യാണമുണ്ടാകുമ്പോള്‍ എന്താ ആഘോഷം തലേന്ന്. പന്തലുകെട്ടലും, ,തോരണങ്ങള്‍ ചാര്‍ത്തലും, തേങ്ങ ചിരവലും പച്ചക്കറിയരിയലും.....അതൊക്കെ ഒരു കാലം.. ഇപ്പോള്‍ എല്ലാം മണ്ഠപങ്ങളിലല്ലെ, പാചകമൊക്കെ ഇലക്കണക്കിന് ഏല്‍പ്പിച്ചാല്‍ ഉത്തരവാദിത്വം തീര്‍ന്നു.

സിയാ : നന്ദി. നിന്റെ മേല്‍ ഏത് തമിഴന്റെ പ്രേതമാ കൂടിയ്യിരിക്കുന്നത് :)

ഇക്കാസേ :: നന്ദി. അതെ ഇത്തവണ അല്പം ജീവിതഗന്ധി തന്നെ. അനുഭവിച്ചവര്‍ക്കല്ലെ, അതിന്റെ വിഷമം അറിയൂ.


വിശാല മനസ്കന്‍ : നന്ദി സഖാവെ.

കുഴൂര്‍ വിത്സന്‍ : നന്ദി....നിന്റെ തകിലിന്റെ താളം ഒന്നുകൂടി ഒന്നു കൂടി നീ പാടുന്നത് കേക്കണം. എപ്പോഴാന്ന് നീ തന്നെ പറഞ്ഞാല്‍ മതി.

ക്ലോത്ത് മെര്‍ച്ചന്റ് : ബിജോ‍യ് നന്ദി.

സാജന്‍ :നന്ദി. ഇവരുടെ അബദ്ധങ്ങള്‍ ഒരുപാടുണ്ട് (എന്റേയും മോശമല്ല)

എന്റെ ഉപാസന : നന്ദി. മെയില്‍ സെര്‍വറും ഫിമെയില്‍ സെര്‍വറും ഒന്നും നോക്കിയിട്ട് കാര്യമില്ല ഭായ്. പണി തന്നെ മെയില്‍ ബേയ്സ്ഡ് ആണ്. അപ്പോ ചെയ്തല്ലെ മതിയാവൂ :)

മുരളിയേട്ടാ : നന്ദി......ഇനി മനസ്സിനക്കരെ എന്ന പടത്തിന്റെ സി ഡി കിട്ടുമോന്ന് നോക്കണമല്ലോ ഭഗവാനെ :)

ആവനാഴി : നന്ദി.....പിന്നെ ആട്/പട്ടി കഥ ഇഷ്ടമായി.


രാജന്‍ വെങ്ങര : നന്ദി. പേടിക്കാണ്ട് ഇങ്ങ് പോരെ മാഷെ ദുഫായിക്ക്. വാടക അല്പം കൂടിയാലും മന്‍സ്സമാധാനത്തിന് ഇവിടെ ഒരു കുറവുമില്ല, ട്രാഫിക്ക് ജാമിനും :)

കരീം മാഷെ : നന്ദി. പിന്നെ മുരിങ്ങയില കറി കൂട്ടാന്‍ എന്തിനാ നാട്ടില്‍ പോകുന്നത്? ഇവിടെ എന്താ മുരിങ്ങക്ക് കുറവുണ്ടോ? മുരിങ്ങപൂവിന്റെ തോരന്‍ കഴിച്ചിട്ടുണ്ടോ? തോര്‍ത്ത് മുണ്ട് വിരിച്ച് അതിലേക്ക് പൂപൊഴിച്ച്, കിഴികെട്ടി കഴുകി, തുണിയില്‍ വിരിച്ച്, പച്ചവെളിച്ചെണ്ണയില്‍ തേങ്ങ ചേത്ത് വഴറ്റിയുണ്ടാക്കുന്ന തോരന്‍...ഹൂ....വായില്‍ വെള്ളമൂറുന്നു മാഷെ.....

നിഷ്കളങ്കന്‍ : നന്ദി. പ്രാരാബ്ധം അതൊരു വലിയ വാക്കാണ് മാഷെ. അതിനു പല തട്ടുകളും ഉണ്ട്. ബില്‍ഗേറ്റ്സിനും പ്രാരാബ്ധം കാണും. കാശ് ഉണ്ടെങ്കിലും, ഇല്ലെങ്കിലും, പ്രാരാബ്ധം കുറയുകയുമില്ല കൂടുകയുമില്ല. പിന്നെ ജീവിതത്തില്‍ പ്രതീക്ഷിക്കാതെ പലതും നേരിടേണ്ടി വരുമ്പോള്‍ താത്കാലികമായെങ്കിലും പ്രയാസങ്ങള്‍/ബുദ്ധിമുട്ട് നേരിടേണ്ടീ വരും. അതാണിവിടുത്തെ വിഷയം.

മെലോഡിയസ് : നന്ദി. നീ ഇങ്ങാട്ട് വാഡെ, പേടിക്കാതെ. ബാക്കി ഒക്കെ നമുക്ക് നോക്കാം.

സതീശ് മാക്കാത്ത് : നന്ദി. അതെ പാവങ്ങള്‍ ഇലയെല്ലാം ക്ഷമയോടെ പെറുക്കി മാറ്റി :)

ഹരിയണ്ണന്‍ : നന്ദി. മുനിസിപ്പാലിറ്റിക്കാര്‍ മരുന്നു തളിക്കാത്ത എത്രയോ മുരിങ്ങമരം കരാമയിലുണ്ട്. മുനിസിപ്പാലിറ്റിയുടെ മുന്നിലുള്ള (പിന്നിലല്ല) പള്ളിയുടെ ഓപ്പോസിറ്റുള്ള റോഡില്‍ രണ്ട് മുരിങ്ങമരം ഉണ്ട്.....നല്ല ബെസ്റ്റ് ഇലകളാ..ഒരു ചെളിയും പൊടിയും ഒന്നും ഇല്ല.

പിന്നെ നമ്മള്‍ കന്ന്ടുമുട്ടാത്തത്....കാണാന്‍ പ്രശ്നമൊന്നുമില്ല മാഷെ. 7 വര്‍ഷമായി കരാമ സെന്ററില്‍ ഒരേ ഫ്ലാറ്റില്‍ തന്നേയാ താമസം. 8 സെക്ക്യൂരിറ്റിക്കാരുണ്ട് ആരോട് ചോദീച്ചാലും ഫ്ലാറ്റ് പറഞ്ഞ് തരും. സ്വാഗതം എപ്പോഴും.

പിന്നെ സുഹൃത്തുക്കളെ, മെയിഡിനു വേണ്ടി മൂന്ന് തവണ ഗള്‍ഫ് ന്യൂസില്‍ ആഡ് കൊടുത്തു. പലരും വിളിച്ചു,ബംഗ്ലാദേശി മുതല്‍, സൊമാലിയക്കാര്‍ വരെ. മെയിഡു പുരാണം എന്നപേരില്‍ ഒരു കഥ ഇറക്കാനുള്ള കോപ്പ് വരെ കിട്ടി.

എന്താ ഡിമാന്റ്. ഒരു മലയാളി സ്ത്രീക്ക് അവരുടെ ഹസ്ബന്റിനു വരെ വീട്ടില്‍ അക്കോമഡേഷന്‍ കൊടുക്കണം എന്ന്. അല്ലെങ്കില്‍ പുറത്തൊരു ബെഡ് സ്പേസായാലും മതി. അവസാനം അതു വരെ തേടിപിടിച്ച് വിളിച്ചപ്പോഴേക്കും അവര്‍ക്ക് വേറെ ജോലി കിട്ടി എന്ന് ഷാര്‍ജയില്‍. ഹസ്ബന്റിനും, അക്കോ‍ാമഡേഷന്‍ കൊടുത്തു അത്രെ!!

എന്തായാലും ദൈവ സഹായത്താല്‍ ഒരു മെയിഡിനെ കിട്ടിയിട്ടുണ്ട്. പക്ഷെ ഇറച്ചിയും മീനും അവര്‍ കഴിക്കില്ല (അവര്‍ക്ക് നാട്ടിലെ വീട്ടില്‍ അമ്പലവും മറ്റും ഉണ്ട്)......മെയിഡിനു വേണ്ടി ഇറച്ചിയും മീനും കഴിക്കുന്നത് ഞങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുമോ ആവോ?

[ nardnahc hsemus ] said...

ഗള്‍ഫിലൊന്നും പോകാതെ ഇവിടൊക്കെ ഇങനെ അങ് ജീവിച്ചുപോയാല്‍ മതിയെന്നുള്ള ഉള്‍വിളിയെ കോണ്‍ക്രീറ്റിട്ടുറപ്പിയ്ക്കുന്നത്, ഇത്തരം വിവരണങളാണ്.. മുംബൈ ജീവിതവും വിത്യസ്ഥമല്ല.. ആ കാലത്തെ ട്രെയിന്‍ യാത്ര മാത്രം മതിയാകും! പക്ഷെ, അവിടെ അങ് ദുബായിലൈഫുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊന്നുമല്ല ബുദ്ധിമുട്ടുകള്‍ എന്നുതോന്നിപ്പോകുന്നു..

സ്വയം ദുഖം അനുഭവിയ്ക്കുമ്പോഴും, മറ്റുള്ളവനെ ചിരിപ്പിയ്ക്കുന്ന ‘ചാപ്ലിന്‍ സിനിമയുടെ‘ അന്തര്‍ധാര ഇതിലും കാണാന്‍ കഴിയുന്നു..

ഇതേപോലെ ഒരു കഥ, ഞങളുടെ മുത്തശ്ശി പറയാറുണ്ട്.. പറമ്പില്‍ കിളയ്ക്കുന്ന കോരന്, കഞിയ്ക്ക്, കടുകുകാച്ചിയ കറി കൊടുത്തപ്പോള്‍ അത് പാറ്റക്കാഷ്ഠമാണെന്നും ഇനി ഇതൊക്കെ പെറുക്കിക്കളഞിട്ട് കഞി കുടിയ്ക്കാനിന്നു കഴിയില്ലെന്നും അത് യജമാനന്‍ മുങ്കൂട്ടി കണ്ടുകൊണ്ട് തന്നെയാവും പാറ്റകാഷ്ഠമുള്ള കഞി തന്നതെന്നും ആത്മഗതം നടത്തുന്ന ഒരു കഥ...:)

Anonymous said...

കുറുമാന്‍ജി... പ്രവാസ ജീവിതത്തിലെ അനുഭവം ഒരു സ്ക്രീനില്‍ കാണും പോലെ തോന്നി ....

Anonymous said...

Ha ha ha ororo abadangale