Thursday, December 06, 2007

ജാതക ഫലം

സമയം സന്ധ്യയോടടുത്തു.

അപ്പുക്കുട്ടപണിക്കര്, പേരയിലയും, പുളിയിലയും, ആര്യവേപ്പിലയുമിട്ട് മരുമകള്‍ ചൂടാക്കി വച്ച വെള്ളത്തിലുള്ള കുളിയും കഴിഞ്ഞ് വേച്ച് വേച്ച് വീടിന്റെ ഉമ്മറകോലായിലെത്തി, ഏന്തി വലിഞ്ഞ് ഭസ്മതൊട്ടിയില്‍ നിന്ന് ഭസ്മം നുള്ളിയെടുത്ത് നെറ്റിയില്‍ തൊട്ടു, ആകാശത്തേക്ക് നോക്കി കൈക്കൂപ്പി സൂര്യഭഗവാനെ തൊഴുതു. മരുമകള്‍ കൊളുത്തി വച്ച നിലവിളക്ക് ഉമ്മറക്കോലായിലിരുന്നെരിയുന്നതിന്റെ അടുത്തായി ഇട്ടിരുന്ന ചാരുകസേരയിലിരുന്ന് രാമനാമം ചൊല്ലാന്‍ തുടങ്ങി.

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ...

കഞ്ഞി വെന്തുവോ? അകത്തേക്ക് നോക്കി അപ്പുക്കുട്ടപണിക്കര് വിളിച്ചു ചോദിച്ചു,

സന്ധ്യമയങ്ങിയിട്ട് അധിക സമയമായില്ലല്ലോ ദൈവമേ! ഇന്നെന്താ പതിവില്ലാതെ ഇത്രയും നേരത്തെ തന്നെ അച്ഛന്‍ കഞ്ഞി ചോദിക്കുന്നത് എന്നാലോചിച്ചുകൊണ്ട്, പുകയുന്ന വിറകുകൊള്ളി അടുപ്പിലേക്ക് തള്ളിവെച്ച്, കയ്യിലെ ഇരുമ്പ് കുഴലിലൂടെ പാര്‍വ്വതി അടുപ്പിലേക്ക് ആഞ്ഞ് ഊതി. ഉശ്...ഉശ്..... ഉയര്‍ന്നുപൊങ്ങിയ പുകചുരുളുകള്‍ വ്യത്യസ്ഥ രൂപങ്ങള്‍ സ്വീകരിച്ച് അനാഥപ്രേതങ്ങളെപോലെ ആ കൊച്ചടുക്കളയില്‍ ചുറ്റിയലഞ്ഞപ്പോള്‍ എരിഞ്ഞ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ ഇടത് കൈത്തലം കൊണ്ട് പാര്‍വ്വതി തുടച്ച് മാറ്റി.

മോളേ പാര്‍വ്വതീ, കഞ്ഞി വെന്തോ കുട്ടീ? അപ്പുക്കുട്ടപണിക്കരുടെ ശബ്ദം വീണ്ടും കേട്ടു.

ഉവ്വച്ഛാ, കഞ്ഞി വെന്തു, ദാ കൊണ്ടു വരുന്നു. കവിടി പിഞ്ഞാണത്തിലേക്ക് കഞ്ഞി പകര്‍ന്ന്, ചമ്മന്തിയും, ചുട്ട പപ്പടവുമായി പാര്‍വ്വതി ഉമ്മറത്തെത്തി.

അച്ഛന്‍ ഇരിക്ക്യാ, ഒപ്പം കൂട്ടാന്‍ രണ്ട് പപ്പടം ചുടുകയായിരുന്നു ഞാന്‍, പാര്‍വ്വതി പറഞ്ഞു.

നിലവെളുക്ക് കെടുത്തി പാര്‍വ്വതി അകത്തേക്കെടുത്ത് വച്ചു.

ശ്രീധരനെവിടെ പോയി മോളെ?

തെക്കേ വീട്ടീന്ന് പാലിന്റെ പൈസ വാങ്ങീട്ട്, പശൂന് പിണ്ണാക്കും, പരുത്തിക്കുര്വോം വാങ്ങി വരാം എന്ന് പറഞ്ഞ് പോയതാ, ഇപ്പോള്‍ വരുമായിരിക്കും.

തെക്കേ വീട്ടീന്ന് പാലിന്റെ പൈസ വാങ്ങാന്‍ പോയോന്‍ ഇനി എന്നെ തെക്കോട്ടെടുത്തിട്ടാവും വരവ്. പൈസാന്ന് വച്ചാല്‍ ഇങ്ങനേം ഒരാര്‍ത്തീണ്ടോ മനുഷ്യന്? എന്റെ മോനായി പിറന്നൂലോ ദൈവമേ ഈ കുരുത്തം കെട്ടവന്‍‍. കെട്ടികൊണ്ട് വന്ന ഈ പെങ്കുട്ട്യേം അവന്‍ കണ്ണീര് കുടിപ്പിക്കും. ദശമൂലാരിഷ്ടം തീര്‍ന്നത് വാങ്ങാന്‍ പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു, പിണ്ണാക്കും പരുത്തിക്കുരുവും അവന്‍ വാങ്ങിവരും, കാരണം പശുവിനത് അരച്ചുകൊടുത്താല്‍ നാഴിയില്ലെങ്കിലും നാവൂരി പാലെങ്കിലും അധികം കിട്ടും. എനിക്ക് ദശമൂലാരിഷ്ടം വാങ്ങി വന്നിട്ടെന്ത് കിട്ടാന്‍? കര്‍മ്മ ഫലം, കര്‍മ്മ ഫലം, പിഞ്ഞാണത്തിലെ അവസാന വറ്റും പ്ലാവിലക്കരണ്ടിയാല്‍ വടിച്ചെടുത്ത്, അപ്പുക്കുട്ടപണിക്കര്‍ പിറുപിറുത്തു.

നല്ല വിശപ്പുണ്ട് ഇന്ന്, കഞ്ഞിയുണ്ടേല്‍ അല്പം കൂടെ ഒഴിക്ക് മോളേ.

സാധാരണ ദിവസങ്ങളില്‍ ഒഴിക്കുന്നത് തന്നെ അച്ഛന്‍ മുഴുവന്‍ കഴിക്കാറില്ല, ഇന്നിപ്പോള്‍ പതിവില്ലാതെ രണ്ടാമതും ചോദിച്ചപ്പോള്‍ സന്തോഷത്തോടെ പാര്‍വ്വതി കവിടിപിഞ്ഞാണത്തിലേക്ക് പിന്നേയും കഞ്ഞി പകര്‍ന്നു കൊടുത്തു.

പപ്പടം വേണോ അച്ഛാ ഇനി?

വേണ്ട മോളെ നെഞ്ചെരിയുന്നു. നീ രണ്ടാമതൊഴിച്ച കഞ്ഞി തന്നെ കഴിക്കാന്‍ പറ്റുമെന്ന് തോന്ന്ണില്ല്യ. ഇന്നെന്തോ ഇതെന്റെ അവസാനത്ത്യായിരിക്കും എന്നൊരു തോന്നല്‍. മോളൊന്ന് പോയി എന്റെ കട്ടിലിലെ വിരിയൊന്ന് കുടഞ്ഞ് വിരിച്ചേക്ക്. ഞാന്‍ കൈകഴുകിയിട്ടൊന്ന് കിടക്കട്ടെ.

അങ്ങനെയൊന്നും പറയണ്ട അച്ഛാ. അതൊക്കെ അച്ഛന്റെ വെറും തോന്നലാ, അച്ഛന്‍ കൈകഴുകിവന്നോളൂ, ഞാന്‍ അപ്പോഴേക്കും കിടക്ക വിരി മാറ്റിവിരിക്കാം,

പാര്‍വ്വതി കിടക്കവിരി മാറ്റിവിരിച്ച് വന്നപ്പോഴേക്കും, അപ്പുക്കുട്ടപണിക്കര് കഞ്ഞികുടിമതിയാക്കി കൈ കഴുകി വന്നിരുന്നു.

വയ്യെങ്കില്‍ അച്ഛന്‍ പോയി കിടന്നോളൂ അച്ഛാ.

ശരി, ശ്രീധരന്‍ വന്നാല്‍ ഞാന്‍ ഉറങ്ങിപോയാലും എന്നെ ഒന്ന് വിളിക്കണം. വളരെ അത്യാവശ്യമായി അവനോട് ചിലകാര്യങ്ങള്‍ പറയാനുണ്ട്.

അപ്പുക്കുട്ടപണിക്കര്‍, നെഞ്ചും തടവികൊണ്ട് അകത്തേക്ക് പോയപ്പോള്‍, അച്ഛന്‍ കഞ്ഞികുടിച്ച പാത്രമെടുത്ത് പാര്‍വ്വതി അടുക്കളവശത്തേക്ക് പോകാന്‍ തുടങ്ങിയതും, ശ്രീധരന്‍ എത്തി.

അച്ഛന്‍ ഇന്ന് നേരത്തെ ഉറങ്ങിയോ? കയ്യിലെ സഞ്ചി പാര്‍വ്വതിക്ക് കൈമാറികൊണ്ട് ശ്രീധരന്‍ ചോദിച്ചു.

ഏയ് ഇപ്പോള്‍ കഞ്ഞി കുടിച്ച് നെഞ്ചെരിയുന്നെന്നും പറഞ്ഞ് പോയതേയുള്ളൂ. നിങ്ങള്‍ വന്നാല്‍ എന്തായാലും വിളിക്കണമെന്ന് പറഞ്ഞിരുന്നു.

അച്ഛന്റെ ദശമൂലാരിഷ്ടം ഇന്ന് ഞാന്‍ വാങ്ങി കൊണ്ട് വന്നിട്ടുണ്ട്. അതച്ഛനു കൊണ്ടു കൊടുക്കാം, സന്തോഷമാകും.

എത്രനാളായി മനുഷ്യാ ആ പാവം അല്പം ദശമൂലാരിഷ്ടം വാങ്ങി കൊണ്ടുവരുവാന്‍ പറഞ്ഞിട്ട്? സ്വന്തം അച്ഛനു വേണ്ടിപോലും നയാ പൈസ ചിലവാക്കാത്ത നിങ്ങള്‍ക്ക് വെറുതെയല്ല കുട്ടികളുണ്ടാവാത്തെ! പാര്‍വ്വതിയുടെ മനസ്സിനുള്ളിലെ ദ്വേഷ്യം പുറത്ത് ചാടി.

അതേടീ, പൈസ ചിലവാക്കാന്‍ എനിക്ക് സൌകര്യമില്ല. ദശമൂലാരിഷ്ടത്തിനൊക്കെ ഇപ്പോ എന്താ വില! പടുകിളവന് വേണ്ടി അത്രയും പൈസ ചിലവാക്കാന്‍ എനിക്ക് നല്ല ദെണ്ണമുണ്ടെന്ന് തന്നെ കൂട്ടിക്കോ.

എന്താ അയാള് പറയാറ്?

തലയിരിക്കുമ്പോള്‍ വാലാടണ്ട. ഞാന്‍ ഇരിക്കുമ്പോള്‍ വീട്ടിലിരുന്ന് നീ ജ്യോതിഷോം, ഗണിതോം ഒന്നും നോക്കണ്ടാന്ന്. ഇപ്പോ നാട്ടുകാര് ആണുങ്ങളെ കൊണ്ട് ജാതകോം, മുഹൂര്‍ത്തോം, നോക്കിപ്പിച്ച് ചോദിച്ച കാശും കൊടുത്ത് നടക്കുമ്പോള്‍, ഞാനിവിടെ കഷ്ടപെട്ട് പശൂനേം തീറ്റീം, പാലില്‍ വെള്ളം ചേര്‍ത്തും, പുറത്തെവിടെയെങ്കിലും വല്ലപ്പോഴും കിട്ടുന്ന ജാതകപൊരുത്തം നോക്കലും,കല്യാണമുഹൂര്‍ത്തം കുറിക്കലും ഒക്കെ ചെയ്തുണ്ടാക്കുന്ന കാശാ. ചിലവാക്കാനിത്തിരി പ്രയാസമുണ്ടെന്ന് തന്നെ കൂട്ടിക്കോ.

ഹാവൂ, ഇപ്പോഴെങ്കിലും തോന്നിയല്ലോ നിങ്ങള്‍ക്ക്, നാട്ടുകാര് ആണുങ്ങളെകൊണ്ടാണ് നോക്കിപ്പിക്കുന്നതെന്ന്.

എരണം കെട്ടവളെ നീ എന്റേന്ന് വാങ്ങണ്ട വെറുതെ, ശ്രീധരന്‍ ചൂടായി.

കാര്യം പറയുമ്പോള്‍ ചൂടാകാതെ അച്ഛന്‍ എന്തിനാ വിളിച്ചേന്ന് പോയി ചോദിക്ക് മനുഷ്യാ.

അച്ഛാ, ദാ ദശമൂലാരിഷ്ടം കൊണ്ട് വന്നിട്ടുണ്ട്.

അച്ഛന്‍ എന്താ കാണണം എന്ന് പറഞ്ഞത്?

ആയാസപെട്ട് അപ്പുക്കുട്ടപണിക്കര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ദശമൂലാരിഷ്ടത്തിന്റെ (വൈനിനു തുല്യമല്ലെങ്കിലും ലഹരിയുണ്ട്‍) കുപ്പിയില്‍ നിന്നും ഔണ്‍സ് ഗ്ലാസിലേക്ക് രണ്ട് ഔണ്‍സ് പകര്‍ന്നു കുടിച്ചു. പിന്നെ നിവര്‍ന്നിരുന്നുകൊണ്ട് പറഞ്ഞു, ശ്രീധരാ, ജാതകവശാല്‍ എന്റെ ആയുസ്സ് കഴിയാറായി. എപ്പോ വേണമെങ്കിലും കാലന്‍, കാലമാടന്‍, കാലപാശവുമായി, പോത്തിന്‍ പുറത്ത് കയറിയിങ്ങെത്താം. ഞാന്‍ മരിച്ചാല്‍ കിഴക്കേപുറത്തെ ഞാന്‍ നട്ടുവളര്‍ത്തിയ മാവ് തന്നെ വെട്ടി എന്നെ ദഹിപ്പിക്കണം.

അതുകേട്ട ശ്രീധരനൊന്നുഷാറായി, കട്ടിലിന്റെ അടുത്തിരുന്നു, അച്ഛന്റെ കൈപിടിച്ച് മുഖത്ത് ശോക ഭാവം വരുത്തികൊണ്ട് പറഞ്ഞു, ഏയ് അങ്ങനെയൊന്നും സംഭവിക്കില്ലച്ഛാ. ഈ ജാതകം എന്നൊക്കെ പറയുന്നത് അന്യരുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കും, ഇങ്ങനെ സംഭവിക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാനുള്ളതല്ലെ?

അവിടെയാ നീ പിഴച്ചത് ശ്രീധരാ. ഇത്രകാലവും ജ്യോതിഷം പഠിച്ചിട്ടും, പരിശീലിച്ചിട്ടും ജ്യോതിഷത്തെ നീ ശരിയായി മനസ്സിലാക്കാതെ പോകുന്നതും, അവിശ്വസിക്കുന്നതും നിനക്ക് ദോഷമേ വരുത്തൂ. ജനിച്ച സമയവും, തിയതിയും, സ്ഥലവും, ഒക്കെ ശരിയാണെങ്കില്‍ ദൈവാനുഗ്രഹമുള്ള ഒരു ജ്യോത്സന്‍ എഴുതുന്ന ജാതകം കണിശമായിരിക്കും, കൃത്യമായിരിക്കും.

ശരി, അച്ഛന്‍ കാര്യം പറ.

ദശമൂലാരിഷ്ടത്തിന്റെ കുപ്പിയെടുത്ത് അടപ്പു തുറന്ന് ഔണ്‍സ് ഗ്ലാസ് കയ്യിലെടുത്ത് അപ്പുക്കുട്ടപണിക്കര്‍ ഒരു നിമിഷം ആലോചനാ നിമഗ്നനായി, പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ ഔണ്‍സ് ഗ്ലാസ് തിരികെ വെച്ച് കുപ്പി മൊത്തമായി വായിലേക്ക് കമഴ്ത്തി. കാലികുപ്പി കട്ടിലിനടിയില്‍ വച്ചു. പിന്നെ തലയിണകീഴില്‍ നിന്നും കവിടി സഞ്ചി എടുത്ത് ശ്രീധരനു കൈമാറി കൊണ്ട് പറഞ്ഞു, ഇനി എനിക്കിതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല, നീ വച്ചുകൊള്ളൂ. ഞാന്‍ നിന്റെ ജാതകഫലം നോക്കിയിട്ടുണ്ട്. നീ നല്ല ജ്യോതിഷിയാകും, പക്ഷെ സൂര്യാസ്തമനത്തിനുശേഷം ഒരിക്കലും കവിടിനിരത്താനോ, ജാതകഫലം നോക്കാനോ പാടില്ല. നീ സമ്പത്ത് നേടും, പേരും പ്രശസ്തിയും നേടും. പാര്‍വ്വതി പാവമാ, പക്ഷെ പാര്‍വ്വതി പാ!

പറയൂ അച്ഛാ.

പാര്‍.....പാര്‍വ്വ.....പാര്‍വ്വതി.............പാ!!!!

വാക്കുകള്‍ മുഴുവനാക്കാന്‍ കഴിയുന്നതിനുമുന്‍പേ അപ്പുകുട്ടപണിക്കര്‍ കുഴഞ്ഞുവീണു, ശ്രീധരന്റെ കയ്യില്‍ മുറുകെ പിടിച്ചു, കണ്ണൂകള്‍ മുകളിലേക്ക് മിഴിഞ്ഞു, ഊര്‍ദ്ധന്‍ വലിച്ചു, മിഴിഞ്ഞ കണ്ണുകള്‍ അടഞ്ഞു, ശ്രീധരനെ പിടിച്ചിരുന്ന കൈ അയഞ്ഞു, തല ഒരു വശത്തേക്ക് ചെരിഞ്ഞു.

അച്ഛന് അവസാനമായി ഒരു തുള്ളി ഗംഗാജലം കൊടുക്കാന്‍ സാധിക്കാഞ്ഞതില്‍ ശ്രീധരന്‍ ആദ്യം പരിതപിച്ചെങ്കിലും, പകരം അതിലും മെച്ചപെട്ട ദശമൂലാരിഷ്ടം കൊടുക്കാന്‍ സാധിച്ചല്ലോ എന്നോര്‍ത്ത് പിന്നെ സമാധാനിച്ചു.

പാര്‍വ്വതിക്കൊരു ഷോക്കാതിരിക്കുവാനായി ശബ്ദമുണ്ടാക്കാതെ ശ്രീധരന്‍ അകത്തേക്ക് നടന്ന് ചെന്ന് അച്ഛന്‍ മരിച്ച കാര്യം ധരിപ്പിച്ചു. മരിച്ചുപോയ തന്റെ അച്ഛനേക്കാള്‍ അധികം അമ്മായച്ഛനെ സ്നേഹിച്ചിരുന്ന ആ മരുമകള്‍ക്ക് ആ വാര്‍ത്ത കേട്ടിട്ടൊട്ടും പിടിച്ച് നില്‍ക്കാനായില്ല, നെഞ്ചത്തടിച്ചു പാര്‍വ്വതി നിലവിളിക്കാന്‍ തുടങ്ങി.

പാര്‍വ്വതിയുടെ കരച്ചിലുയര്‍ന്ന് അയല്‍പ്പക്കത്തേക്കെത്തിയപ്പോള്‍, അച്ഛന്‍ മരിച്ചിട്ട് താന്‍ കരയാതെ നിന്നാല്‍ നാട്ടാര്‍ക്കെന്തു തോന്നും എന്ന് കരുതി ശ്രീധരനും ഒപ്പം കരഞ്ഞു. നാട്ടുകാര്‍ ഓടികൂടി, സ്ത്രീകള്‍ പാര്‍വ്വതിയെ സമാധാനിപ്പിച്ചപ്പോള്‍, പുരുഷന്മാര്‍ കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ വറ്റിയ ശ്രീധരനോട് ദഹിപ്പിക്കുന്നതിന്റെ പറ്റി സംസാരിച്ചു.

കിഴക്കേപുറത്ത് അച്ഛന്‍ നട്ടുവളര്‍ത്തിയ മാവ് നല്ല കായ്ഫലമുള്ളതാകയാല്‍, അച്ഛന്റെ അന്ത്യാഭിലാഷം ശ്രീധരന്‍ സ്വന്തം മനസ്സില്‍ തന്നെ ദഹിപ്പിക്കുകയും, അച്ഛനെ ദഹിപ്പിക്കാന്‍ വടക്കേപ്പുറത്തെ കായ്ക്കാത്ത മാവ് മുറിക്കാനുള്ള ഏര്‍പ്പാടാക്കുകയും ചെയ്തു.

അച്ഛന്റെ ശരീരം ദഹിപ്പിച്ചു, പതിനാറടിയന്തിരവും കഴിഞ്ഞു. കുഴിക്കു മുകളില്‍ വച്ച വാഴ കരിയും മുന്‍പേ നാട്ടുകാര്‍ കണ്ടത്, നിങ്ങളുടെ എല്ലാവിധ ജ്യോതിഷ പ്രശ്നങ്ങള്‍ക്കും സമീപിക്കുക ജ്യോത്സ്യന്‍ ശ്രീധരപണിക്കര്‍ എന്ന ബോര്‍ഡ് ശ്രീധരന്റെ വീടിനു മുന്നില്‍ തൂങ്ങുന്നതാണ്.

ആദ്യകാലങ്ങളിലൊന്നും ആരും വരാറില്ലായിരുന്നെങ്കിലും കാലക്രമേണ അന്ധവിശ്വാസികള്‍ വര്‍ദ്ധിക്കുകയും ശ്രീധരന്റെ വീട്ടിലേക്ക്ക്ക് ജാതകവുമായി വരുന്നവരുടെ എണ്ണം കൂടുകയും ചെയ്തപ്പോള്‍ പശുക്കളെയെല്ലാം വിറ്റ് ശ്രീധരന്‍ ഫുള്‍ ടൈം ജ്യോതിഷിയാവുകയും, ആളുകളുടെ തിരക്ക് പിന്നേയും ക്രമാതീതമായി വര്‍ദ്ധിച്ചതോടെ വരുമാനവും സങ്കല്‍പ്പത്തിനതീതമായി വര്‍ദ്ധിക്കുകയും ചെയ്തു.

ശ്രീധരന്‍ പഴയ വീടിനോട് ചേര്‍ന്ന് അരയേക്കര്‍ പുരയിടം പാര്‍വ്വതിയുടെ പേരില്‍ വാങ്ങുകയും, അതില്‍ മനോഹരമായ ഇരുനിലകെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. പഴയ വീട്ടില്‍ നിന്നും പുതിയ വീട്ടിലേക്ക് മാറി താമസിച്ചപ്പോള്‍, ജ്യോത്സ്യന്‍ ശ്രീധരപണിക്കര്‍ എന്ന പഴയ ബോര്‍ഡിനു പകരം വീട്ടുമതിലില്‍ ജ്യോതിഷരത്നം ശ്രീ ശ്രീധരപണിക്കര്‍ എന്ന് മാര്‍ബിള്‍ ഫലകത്തില്‍ പതിച്ചു. മാരുതി എസ്റ്റീം കാറ് വാങ്ങി. ഓടിക്കാനറിയാത്തതിനാല്‍, പാര്‍വ്വതിക്കിഷ്ടമില്ലാഞ്ഞിട്ടും, ശ്രീധരന്റെ അകന്ന ബന്ധത്തിലുള്ള വിക്രമനെന്ന സത്സ്വഭാവിയും, സത്യസന്ധനുമായ യുവാവിനെ ഡ്രൈവറായി നിയമിച്ചു.

പണം കൂടുന്നതിന്നനുസരിച്ച് ശ്രീധരന്റെ ആര്‍ത്തിയും കൂടി. പൂജാവിധികളും, മന്ത്ര, തന്ത്രങ്ങളും വശമുള്ള പലരേയും കൂട്ട് പിടിച്ച് വരുന്ന വിശ്വാസികളെ കൊണ്ട് ഹോമങ്ങള്‍, മാട്ട്, മാരണം, കൂടോത്രം, വിവിധ തരം ഏലസ്സുകള്‍, എന്ന് വേണ്ട നിലവിലുള്ള സര്‍വ്വ ഐറ്റംസും ചെയ്യിപ്പിച്ച് പൈസ പിഴിഞ്ഞു. കിട്ടുന്ന പണം അത്രയും ശ്രീധരന്‍ പാര്‍വ്വതിയുടെ പേരില്‍ നിക്ഷേപിച്ചു. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടി.

എനിക്ക് സ്വര്‍ണ്ണമൊന്നും വേണ്ട, നിങ്ങള്‍ അല്പം സമയം എന്റെ കൂടെ ചിലവഴിച്ചാല്‍ മതിയെന്ന പാര്‍വ്വതിയുടെ പരിഭവം ശ്രീധരന്‍ വകവച്ചില്ല. രാവിലെ മുതല്‍ പാതിരാത്രി വരെ കവിടി നിരത്തലും, പ്രശ്നം വക്കലും തന്നെ.

സൂര്യാസ്തമനത്തിനുശേഷം കവിടിനിരത്തരുത് എന്നതൊഴിച്ച് അച്ഛന്‍ പറഞ്ഞ വാക്കുകളൊക്കെ ശ്രീധരന്‍ ഇടക്കിടെ വെറുതെ ഓര്‍ത്തു.

അച്ഛന്റെ പ്രവചനം പോലെ തന്നെ ശ്രീധരന്‍ നല്ല ജ്യോതിഷിയായി, സമ്പത്ത് നേടി, പേരും പ്രശസ്തിയും നേടി.

പക്ഷെ പാര്‍വ്വതി പാ! - ഹിതെന്തു കുന്തം?

ഇടക്കിടെ ഈ വാക്കുകള്‍ മനസ്സിലേക്ക് വെറുതെ ഓടിയെത്തും.

പക്ഷെ പാര്‍വ്വതി പാ! - എന്തായിരിക്കും അച്ഛന്‍ പറയാനുദ്ദേശിച്ചതെന്നോര്‍ത്ത് ശ്രീധരന്‍ തലപുകച്ചു.

പറയാതെ പോയ ആ വാക്കുകള്‍ പൂരിപ്പിക്കാന്‍ എന്തായാലും ശ്രീധരന് അധികം നാള്‍ കാത്തിരിക്കേണ്ടി വന്നില്ല. ഗുരുവായൂരിലെ, ഒരു വീട്ടില്‍ മൂന്ന് ദിവസത്തെ ജ്യോതിഷ, ഹോമ, പൂജാധികള്‍ കഴിഞ്ഞ് മടങ്ങി വന്ന ശ്രീധരനേ കാത്ത് മേശപുറത്തൊരു കത്തുണ്ടായിരുന്നു. ഉള്ളടക്കം ഏതാണ്ടിപ്രകാരം.

ശ്രീധരേട്ടാ, മാപ്പ് ചോദിക്കുന്നില്ല കാരണം മാപ്പ് ചോദിക്കാന്‍ തക്ക തെറ്റൊന്നും ഞാന്‍ ചെയ്തു എന്നു വിശ്വസിക്കുന്നില്ല. വര്‍ഷങ്ങളായി എനിക്ക് വേണ്ടി അല്പം സമയം പോലും ചിലവഴിക്കാനോ, എന്നോടൊന്ന് കാര്യമായി സംസാരിക്കാനോ ശ്രീധരേട്ടന് കഴിയാറില്ല. എനിക്കൊരു ഉണ്ണിയെ തരാന്‍ പോലും ശ്രീധരേട്ടന് ഇത്ര നാളായിട്ടും കഴിഞ്ഞിട്ടില്ല. പക്ഷെ ഒരു കാര്യത്തില്‍ നന്ദിയുണ്ട്, ഇത്രയും നാള്‍ സമ്പാദിച്ചതെല്ലാം എന്റെ പേരില്‍ നിക്ഷേപിച്ചതില്‍.

വീടിന്റെ ആധാരം ഞാന്‍ കോപ്പറേറ്റീവ് ബാങ്കില്‍ പണയപെടുത്തി ഇത്ര ലക്ഷം രൂപ വാങ്ങി!
ബാങ്കില്‍ നിക്ഷേപിച്ചിരുന്ന രൂപയെല്ലാം ഞാന്‍ പിന്‍ വലിച്ചു!
സ്വര്‍ണ്ണപണ്ടങ്ങള്‍ എല്ലാം ഞാന്‍ കൊണ്ട് പോകുന്നു!

പിന്നെ, ഞാന്‍ എങ്ങോട്ട് പോയി എന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്തതിനാല്‍ അത് പറയുന്നില്ല, പക്ഷെ ആരുടെ കൂടെ പോയി എന്ന ചോദ്യത്തിന് പ്രസക്തിയുള്ളതിനാല്‍ പറയാതിരിക്കാനാവുന്നില്ല. ശ്രീധരേട്ടന്റെ തന്നെ ബന്ധുവും, സത്സ്വഭാവിയും, സത്യസന്ധനും, ദൃഡഗാത്രനും, പുരുഷലക്ഷണമൊത്തവനുമായ (ആ ശ്ലോകം ഏതാണെന്ന് എനിക്കോര്‍മ്മ വരുന്നില്ല, ജാതകപൊരുത്തം നോക്കാന്‍ വരുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് ഈ ശ്ലോകം പലതവണ ചൊല്ലി വിവരിക്കുന്നത് കേട്ട് ശീലിച്ചതിന്റെ ഓര്‍മ്മ മാത്രമെ എനിക്കുള്ളൂ)വിക്രമനുമൊത്ത് ഞാന്‍ നാടു വിടുന്നു.

തലച്ചുറ്റിയ ശ്രീധരന്‍ തപ്പിപിടിച്ച് സോഫയിലേക്കിരുന്നപ്പോള്‍ മനസ്സിലേക്കോടിയെത്തിയത് അച്ഛന്റെ അവസാന വാക്കുകളായിരുന്നു.

നീ നല്ല ജ്യോതിഷിയാകും, പക്ഷെ സൂര്യാസ്തമനത്തിനുശേഷം ഒരിക്കലും കവിടിനിരത്താനോ, ജാതകഫലം നോക്കാനോ പാടില്ല. നീ സമ്പത്ത് നേടും, പേരും പ്രശസ്തിയും നേടും. പാര്‍വ്വതി പാവമാ, പക്ഷെ പാര്‍വ്വതി പാ!

പാര്‍.....പാര്‍വ്വ.....പാര്‍വ്വതി.............പാ!!!!

പറയാന്‍ വിട്ടുപോയ വാക്കുകള്‍ ശ്രീധരന്‍ സ്വയം പൂരിപ്പിച്ചു........

പാര്‍വ്വതി പാരയാകും!

64 comments:

കുറുമാന്‍ said...

"ജാതക ഫലം"

പൊടിപ്പും തൊങ്ങലും ചേര്‍ത്ത ഒരു സംഭവ കഥ.

ദിലീപ് വിശ്വനാഥ് said...

ബലം പിടിച്ച് വായിച്ച് വന്നതാ.. പക്ഷെ അവസാനം ചിരിചു പോയി.
നല്ല എഴുത്ത് കുറുമാന്‍‌ജി...

സഹയാത്രികന്‍ said...

ഹ ഹ ഹ കുറുമാന്‍ ജി...
പാര്‍വ്വതി പാരവതിയായീ...

അവാസനങ്ങട്ട് ചിരിപ്പിച്ചു...
:)

MG said...

Dear Kurumanji.. ithadipoli post.. njan ella postukalum vayichu theerthu.. eppolum comment idanamennu vicharikkum pkshe masangal palathay postinengane comment idunnathennu vicarichitiila .. pakshe ithinidunnu.. ella kathakalum adipoli... :D

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതാ പറയണെ തലേവര നന്നാവണം എന്ന്.

നന്നായി ട്ടാ

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ഇത് തകര്‍ത്തു കുറുമാന്‍‌ജി.

ശ്രീ said...

ഹ ഹ... ജ്യോതിഷം ഫലിച്ചു അല്ലേ കുറുമാന്‍‌ജീ...


കഥ കലക്കീ... അവസാനം ചിരിപ്പിച്ചു.
:)

ബാജി ഓടംവേലി said...

കലക്കീട്ടുണ്ട്
അവസാനം വളരെ നന്നായി

Eccentric said...

കുറുമാന്‍ജി ക, ക,.............കലക്കി

അപ്പു ആദ്യാക്ഷരി said...

കുറുജീ, ഒരു സീരിയസ് കഥയാ‍ണല്ലോ എന്നോര്‍ത്താ വായിച്ചു വന്നത്. പക്ഷേഅവസാനം ഇങ്ങനെയാക്കിക്കളഞ്ഞല്ലോ. ::(

Rasheed Chalil said...

അങ്ങനെ പാര്‍വതി പാരയായി ... :)

വേണാടന്‍ said...

ഇതാണു കുറുമാന്‍ കഥകള്‍..പാചകം ബഹുഗംഭീരം. കൂട്ടുകള്‍ അഹാ ആഹാ..അവസാനം വെന്തെടുത്തപ്പൊളൊ...ഊം...

ശോകത്തില്‍ തുടക്കം, കടശി മുഴു ഹാസ്യം... ഇതാണു മോനെ കുറുമാന്‍ കഥാപാചകം..ആസ്വദിക്കുവിന്‍..

കലക്കി..‍

അഭയാര്‍ത്ഥി said...

ശശിധരന്റെ ഏഴാം ഭാവത്തിലേക്ക്‌ ലഗ്നാധിപനില്‍ നില്‍ക്കുന്ന അതി വിക്രമനായ ശനിയുടെ കാക ദൃഷ്ടി. ഒപ്പം നില്‍ക്കുന്ന വ്യാഴത്തിന്ന്‌ ഗ്രഹമൗഡ്യം. ശുക്രനാകട്ടെ പത്തില്‍ നില്‍ക്കുന്നുവെങ്കിലും കര്‍മ ഫലമേകുന്നുവെങ്കിലും മന്‍ദന്റേയൊ സര്‍പ്പിയുടേയൊ അപഹാരം.

ഈ ജാതകം ഇപ്പോള്‍ ഞാന്‍ വരച്ചുതരാം. ഇതിനൊക്കെ പുറമെ യോനിപ്പൊരുത്തമില്ലായ്മ ദമ്പതികള്‍ തമ്മില്‍. പാര്‍വതി അശ്വം യോനിയും, ശശിധരനാകട്ടെ മുയല്യോനിയും.

ആശ്വതിനാളില്‍ ഉച്ചതിരിഞ്ഞപ്പോള്‍....
ആണ്‌ ഇതൊക്കെ നടന്നിട്ടുണ്ടാവുക....
കുറുമാന്‍ ഗൗരവമായി നടത്തിക്കൊണ്ട്‌ പോയി അവസാന ഖണ്ഠികയില്‍ നൈട്രസ്‌ ഓക്സൈഡ്‌ തുറന്നു വിടുന്നു... നാം ചിരിക്കുന്നു

കുഞ്ഞന്‍ said...

ഹഹ..

കുറൂജി.. പര്‍വ്വതി പരിണയം പാരയായി..!


ആര്‍ത്തിമൂത്താലുണ്ടാകുന്ന പ്രശ്നങ്ങളിലൂടെ, ദാമ്പത്യത്തിന്റെ ഉള്ളിലൂടെ, അന്ധവിശ്വാസത്തിലൂടെ, സഞ്ചരിക്കുവാനും അത് ആസ്വദിച്ച് വായിക്കാനും പറ്റി..അഭിനന്ദനങ്ങള്‍..!

asdfasdf asfdasdf said...

ha ha ha
paaravathi. :)

G.MANU said...

hahah
last sentence chirippichu mashey

നന്ദന്‍ said...

കുറുമാന്‍ സാബ്‌, ഇത് കലക്കീ.. :)

Anoop Technologist (അനൂപ് തിരുവല്ല) said...

വളരെ നന്നായി

ഇടിവാള്‍ said...

ഹഹ! അവസാനം ചിരിച്ചു ;)


“അനന്തം‍ അജ്ഞാതം” എന്ന ഏഷ്യാനെറ്റു ജ്യോതിഷ പരിപാടിയെ കളിയാകിഒരു കോമഡി കാസറ്റ് ഇറങ്ങിയിരുന്ന്നു കുറച്ചു വര്‍ഷം മുന്‍പ്. അതില്‍ ഇതേ പോലുള്ളൊരു സീനുണ്ട്.. രണ്ടു കുട്ടികളേയും, ജ്യോത്സ്യനായ അച്ഛന്‍ ലൈവ് പ്രോഗ്രാം നടത്തുന്ന്ന സ്റ്റുഡിയോവിലേക്ക് തള്ളിവിട്ട്, ജ്യോതിഷപത്നി ഒരാളുടെ കൂടെ ഒളിച്ചോടുന്നു!!

പിള്ളേരു ടിവ്വി സ്റ്റുഡിയോവില്‍ വന്നു അച്ഛനോടു പറയുന്നു.. “അച്ഛാ അമ്മ ഒളിച്ചോടി”..


ജ്യോ: ങേ.. ആരുടെ കൂടെ ???
പിള്ളേര്‍: അറിയില്ല ആച്ഛാ.. “”അയാള്‍ “അനന്തന്‍ അജ്ഞാതന്‍” !!!


;) എല്ലാരും ഷെമി !

ഏറനാടന്‍ said...

പാറ്വതി പാ... ക്ലൈമാക്സിലാ ഈ പാ പിടികിട്ട്യേത്.. ബെസ്റ്റ് പാ.... കുറുജിയുടെ സമീപകാലത്തെ ബെസ്റ്റ് ബ്ലോസ്റ്റ്..!

Promod P P said...

പ്രമേയത്തില്‍ പുതുമ കാണുന്നില്ലെങ്കിലും എഴുത്ത് മനോഹരം.. കുറുമാനെ ആശംസകള്‍

തോമാച്ചന്‍™|thomachan™ said...

ബു ഹ ഹ ഹ. അങ്ങനെ ലഗ്നത്തില്‍ വിഗ്നം വന്നുല്ലേ. കലക്കി അലക്കി പൊളിച്ചു കുറുമാന്‍ജി

Unknown said...

ശൈലി മുഴുവനായിട്ട് മാറ്റിയല്ലോ കുറൂ.. കൊള്ളാം.

[ nardnahc hsemus ] said...

ശ്രീധരന്‍ രംഗപ്രവേശം നടത്തുംവരെ, അതിമനോഹരമായ വിവരണം.

“പാര്‍വ്വതിക്കിഷ്ടമില്ലാഞ്ഞിട്ടും, ശ്രീധരന്റെ അകന്ന ബന്ധത്തിലുള്ള വിക്രമനെന്ന സത്സ്വഭാവിയും, സത്യസന്ധനുമായ യുവാവിനെ ഡ്രൈവറായി നിയമിച്ചു...”

അവിടെ “സസ്പെന്‍സ്“ ലീക്കാവുന്ന പോലെ തോന്നി..

കാര്‍വര്‍ണം said...

കുറുജീ,
“ഹോമങ്ങള്‍, മാട്ട്, മാരണം, കൂടോത്രം, വിവിധ തരം ഏലസ്സുകള്‍,“

മൂപ്പര്‍ക്ക് യന്ത്രത്തിന്റെ സ്പെഷ്യലിസേഷന്‍ ഇല്ലേ. തിരോന്തരത്തൊരാശാന്‍ അതിലാണു സ്പെഷ്യല്‍. സര്‍വ്വമാന യന്ത്രങ്ങളാ.

ജാതക ഫലം കലക്കീ.

Anonymous said...

Jathaka Phalam Super Ayittundu

വേണു venu said...

ഹാഹാ...ജ്യോതിഷരത്നം ശ്രീ ശ്രീധരപണിക്കര്‍ ഒടുവിലൊരു പീറയായിമാറി. ഈ ഗാനം ആലപിച്ചു കാണും. “ഒടുവില്‍‍ ഞാനും എന്‍റെ കവിടിയും മാത്രം.“ :)

ഹരിശ്രീ said...

കുറുമാന്‍ജീ,

ഹ...ഹ..ഹ..കൊള്ളാം, നല്ല കഥ.ആശംസകള്‍...

പാര്‍വ്വതി പാരയാകും!

നാടന്‍ said...

സങ്കടം, ചിന്ത, ചിരി ... പൊട്ടിച്ചിരി - നന്നായിരിക്കുന്നു ഗു(കു)റുജീ ...

Anonymous said...

ഊണങ്ങിക്കത്തി മറയാന്‍ കിടക്കുന്ന സൂര്യനെ ഇരുട്ടിലേക്കിറങ്ങി, എത്തി നോക്കി, പണിക്കര്‍ യാത്രാമൊഴി ചൊല്ലിയപ്പോഴേ തോന്നി കുറുവിന്റെ പോക്ക് ശരിയല്ലെന്ന്.
-അവസാനം എന്താ പാര്‍വതി,പാരവതി... !

സുല്‍ |Sul said...

അങ്ങനെ അതും കഴിഞ്ഞു.
ഏതായാലും കവിടി കയ്യിലുണ്ടല്ലോ. ബാക്കിയെല്ലാം പുറകേ വരും. :)

പാര്‍വതീ ‘പരിണ‘യത്തിനൊരു ‘ഗുപ്ത‘ന്നായരില്ലാതെ പോയപോലെ. :)
-സുല്‍

Unknown said...

കുറൂ,:)
കഥ നന്നായിരിക്കുന്നു.
രസിച്ചു വായിച്ചു.

ആര്‍ത്തിപ്പണ്ടാരങ്ങള്‍ക്കൊക്കെ ഇതാണ് ഫലം....

ഉപാസന || Upasana said...

"വീടിന്റെ ആധാരം ഞാന്‍ കോപ്പറേറ്റീവ് ബാങ്കില്‍ പണയപെടുത്തി ഇത്ര ലക്ഷം രൂപ വാങ്ങി!
ബാങ്കില്‍ നിക്ഷേപിച്ചിരുന്ന രൂപയെല്ലാം ഞാന്‍ പിന്‍ വലിച്ചു!
സ്വര്‍ണ്ണപണ്ടങ്ങള്‍ എല്ലാം ഞാന്‍ കൊണ്ട് പോകുന്നു!"

suspense thudangi avite..
avasanam...
avasanam.... pa ennathe ra yumaayi
:)))
upaasana

മുരളീധരന്‍ വി പി said...

മിസ്റ്റര്‍ കുറുമാന്‍, സംഗതി കലക്കിയിരിക്കുന്നു, എന്നു മാത്രം പറയട്ടെ

krish | കൃഷ് said...

ഇത് കലക്കി. ശ്രീധരപ്പണിക്കര്‍ തിരക്കില്‍ പാര്‍വ്വതിയുടെ ജാതകം നോക്കാന്‍ വിട്ടുപോയിക്കാണും. അപ്പോള്‍‍ അത് വിക്രമന്‍ നോക്കി. ഇതാണ്‍് “ആര്‍ത്തി മൂത്താല്‍ ഭാര്യയും പാരയാകും“

ഒരു “ദേശാഭിമാനി” said...

ഹ്.. ഹ്.. ഹ്...ഹാആആ, രസമായിരിക്കണൂ... ഹ് ഹ്..ഹൂ......ഹ്! (ഇതു സത്യത്തില്‍ കഥവായിച്ചു കഴിഞ്ഞിട്ടു ചിരിച്ച ചിരിയാണ്!)

നവരുചിയന്‍ said...

ഇതാണ് പറയുന്നത് കാറും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകുമെന്ന് ...
എന്തായാലും സാധനം കൊള്ളാം . കഥ പറയുന്ന രീതിക്ക് പുതുമ ഉണ്ട് . പക്ഷെ പഴയ പോസ്റ്റുകള്‍ ചിരിപ്പിച്ച അത്ര ഞാന്‍ ഇതിന് ചിരിച്ചില്ല .. അത് കൊണ്ടു ഓഫീസില്‍ ഇരുന്നു തന്നെ മൊത്തം വായിക്കാന്‍ പറ്റി

കാലമാടന്‍ said...

"എപ്പോ വേണമെങ്കിലും കാലന്‍, കാലമാടന്‍, കാലപാശവുമായി, പോത്തിന്‍ പുറത്ത് കയറിയിങ്ങെത്താം" - ഇത് എന്നെ ഉദ്ദേശിച്ചാണെന്ന് വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു... (അങ്ങനെ ആകാന്‍ സാദ്ധ്യത ഇല്ലെങ്കിലും)

e-Yogi e-യോഗി said...

Ha ha, rasichu vayichu.

Unknown said...

അഭയാര്‍ത്ഥിയുടെ വാക്കുകള്‍ കടമെടുത്തുപറയുന്നു..കുറുമാന്‍ ജി ഗൌരവത്തോടെ നടത്തിക്കൊണ്ടുപോയി നൈട്രസ് ഓക്സൈഡ് തുറന്നുവിടുന്നു...

വെള്ളെഴുത്ത് said...

ചിരിച്ചു മറിഞ്ഞു.വല്ല ഹിഡന്‍ പ്രത്യയശാസ്ത്രവും തെളിയാതിരിക്കില്ല എന്ന ഗൌരവത്തിലായിരുന്നു എന്റെ നോക്ക്. ചില്ലുപൊട്ടിപ്പോയി. ക്ലീന്‍ തെളിനീരൊഴുക്ക്.. നൊ ഹിഡന്‍..

പ്രയാസി said...

നെറ്റ് വല്ലാതെ ചതിക്കുന്നു കുറുമാന്‍‌ജീ..
ഇങ്ങെത്തുമ്പോഴേക്കും വല്ലാണ്ടു വൈകുന്നു..:(

കലക്കി..

മന്‍സുര്‍ said...

കുറുമാന്‍ജീ...

വെറുതെ ഇരുന്നപ്പോല്‍
മുഴുവനും വായിച്ചു....അസ്സലായി

പ്രയാസി പറഞ്ഞത്‌ ഞാന്‍ പറയുന്നില്ല
കാരണം മറ്റുള്ള ബ്ലോഗ്ഗുകളില്‍ കമന്‍റ്റുകള്‍ കാണില്ലേ ഏത്‌....ഹഹാഹഹാ...

പുതിയ ബ്ലോഗ്ഗുകളില്‍ സഞ്ചരിക്കുന്നു..പ്രോത്‌സാഹിപ്പിക്കുന്നു..കാരണം ആദ്യം വന്നപ്പോല്‍ നിങ്ങളെനിക്ക്‌ പ്രോത്‌സാഹനം തന്നു..അത്‌ തിരിച്ചു കൊടുക്കുന്നു..മറ്റുള്ളവര്‍ക്ക്‌

മാജിക്കില്‍ ഇപ്പോല്‍ കാണാറില്ലല്ലോ....തിരക്കിലാവും അല്ലേ...

നന്‍മകള്‍ നേരുന്നു

Mr. K# said...

ക്ലൈമാക്സ്. ശരിക്കും ചിരിപ്പിച്ചു. :-)

Ranjith S K said...

“പാര്‍വതി പാവമാ..അവളെ വിഷമിപ്പിക്കരുത്” എന്നോവല്ലതും ആയിരിക്കും എന്നാ ആദ്യം തോന്നിയത്...പിന്നെ കഥ പുരോഗമിച്ചപ്പോളും ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിചില്ല...കൊള്ളാം..തൊഴില്‍ പരമായ സദാചാരങ്ങളെയും വിലവെയ്ക്കതെ പണത്തിന് പിന്നാലെ പായുന്ന ദുരാഗ്രഹികള്‍ക്കുള്ള (അയ്യോ..ഞാനും ഇല്ലേ ആ കൂട്ടത്തില്‍)നല്ലൊരു പ്രഹരം!!

Anonymous said...

I thoguh it would be "Parvathi Pattickum...."

Balu said...

Very good.. avasaanam chirich poyi..!

malayalam ezhuthan kazhiyathathil kshamikkanam..
:)

Pongummoodan said...

കുറൂവേട്ടാ...

സംഭവം ഉഷാറായി...

സജീവ് കടവനാട് said...

പാര്‍വ്വതിയുടെ ‘പാ’യില്‍ ‘ര’കയറികിടക്കുമെന്ന് കരുതിയേയില്ല

സജീവ് കടവനാട് said...

കിടക്കട്ടെ ഒരു അന്‍പത്!!!

ഉഗാണ്ട രണ്ടാമന്‍ said...

കലക്കീട്ടുണ്ട്...

The Admirer said...

കുറുജീ

തുടക്കവും ഒടുക്കവും വളരെ നന്നായി. ചിരിപ്പിച്ചു മാഷെ. ഇഷ്ട്ടായിട്ടോ

സാക്ഷരന്‍ said...

കുറുമാന് ജീ … നന്നായിരിക്കുന്നൂന്ന് ഞാന് പ്രത്യേകിച്ച് പറയണ്ടല്ലോ … എന്നാലും പറയാം …നന്നായിരിക്കുന്നു…

Anonymous said...

anthaviswasathintey kodumpiri konda kalakhattathilanu namippozhum jeevikkunnathu,athethra vidhyabyasamundayal polum!!!!
itharam postukal nallathanu.
vazhka...vazhka...nalamel vazhka....

Arun Jose Francis said...

ഹിഹി... എന്താ കഥ! :-))

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അമ്മായി അച്ചനെ ഇത്ര അധികം സ്നേഹിച്ചിരുന്ന ആ പാവം പാര്‍വതിയെ ഇത്ര വലിയ ഒരു പാര ആക്കാന്‍ കഴിഞ്ഞ ജോത്സ്യന്‍ മഹാ കേമന്‍ തന്നെ കുറുമാനേ.നല്ല കഥ.
വായിച്ചപ്പോള്‍ ഇടക്കു ചെറുതായി കരച്ചിലും വന്നു.

Cartoonist said...

ഛെ ! അവസാനം നശിപ്പിച്ചു.
യാഥാര്‍ഥ്യങ്ങള്‍ക്കു വിരുദ്ധാണത്.

സംശയനിവാരണത്തിനായി, ഞാന്‍ ലേറ്റ് അപ്പുക്കുട്ടപ്പണീക്കരുടെ ജാതകം നോക്കിപ്പിച്ചു.

പരേതജാതകനോട്ടം സാദ്ധ്യല്ല എന്ന് ഫാമിലി കണിയാന്‍.
ഇതാ ഈ റ്റ്വെന്റിഫൈവ് മണീസും കയ്യില്‍ പിടിച്ച് സമയത്തിലൂടെ പുറകോട്ട് സഞ്ചരിച്ച് നോക്കൂ, കണ്ടെത്തുംന്ന് ഞാന്‍.
അയ്യോ, സത്യം വളരെ വളരെ ക്ലിയറാണെന്ന് ദരിദ്രവാസി കണിയാന്‍.
നോക്കീപ്പോണ്ട്രാ...
കുറുമാന്റെ കണ്ടെത്തല്‍ വിചിത്രമായിരിക്കുന്നു !

അപ്പുക്കുട്ടപ്പണീക്കര്‍ ഉദ്ദേശിച്ചത് ഇന്‍ ഫുള്‍ ഇവിടേ കൊടുക്കുന്നു :
............
“പാര്‍വതി പാവമാണ്, എന്നാല്‍ പാര്‍വതി... പാ...പാ... പാളീസാക്കും”

കൊസ്രാക്കൊള്ളി said...

കുറുമാന്‍ കഥയുടെ അവസാനം കൂറുമാറിയതു ശരിയായില്ല.
നല്ലൊരു ക്രിസ്തുമസ്‌ ദിനവും നല്ല രണ്ടായിരത്തി എട്ടും വിഷ്ഷുന്നു.
www.kosrakkolli.blogspot.com

retarded said...

നല്ല കഥപറച്ചില്‍ ശൈലി. :)

കിടിലന്‍..

ഹരിത് said...

കുറുമാന്‍ ജി ..ഇപ്പോഴാണു കാണാന്‍ കഴിഞ്ഞത്. നല്ല കഥ. നല്ല ശൈലി. ഇഷ്ടപ്പെട്ടു.

ഗീത said...

ജ്യോതിഷരത്നം ശ്രീധരപ്പണിക്കര്‍ക്ക് സ്വന്തം ഭാവി പ്രവചിക്കാന്‍ കഴിഞ്ഞില്ലല്ലോ.....

കഴിഞ്ഞിരുന്നെങ്കില്‍ പാര്‍വതിയുടെപേര്‍ക്ക് എല്ലാം നിക്ഷേപിക്കുമായിരുന്നില്ല.....

സന്ധ്യാനാമം ചൊല്ലുമ്പോള്‍, അടുക്കളയിലേക്കുനോക്കി, അമ്മേ നെത്തോലിക്കറിയില്‍ പച്ചമാങ്ങകൂടിയിട്ടു വക്കണേ എന്നു വിളിച്ചുകൂവുന്ന എന്റെ ഒരു കൂട്ടുകാരിയേയും ഓര്‍മ്മിപ്പിച്ചു ഈ കഥ.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ചിരിചു ..............ചിരിചു .............ചിരി.........പുതുവത്സരാശംസകള്‍!

Kiran said...

interesting story :)..
great work...keep writing ..

Abdul hakkeem said...

chirich chirichu mannu kappi... :D anganathanne venam aarthippandaarathin.....