Tuesday, February 26, 2008

പോലീസ് സ്റ്റേഷനിലേക്കൊരു തീര്‍ത്ഥയാത്ര

സംഭവം നടക്കുന്നത് തൊണ്ണൂറ്റി മൂന്നിലാണ്. അതും തലസ്ഥാനത്ത്.

ഇന്നത്തെ ദില്ലി പോലെ, എവിടെ തിരിഞ്ഞു നോക്കിയാലും ഫ്ലൈ ഓവറുകളും, ഷോപ്പിങ്ങ് മാളുകളും, മെട്രോയും, പബ്ബുകളും, ഡിസ്കോതെക്കുകളും (തെക്കാണോ അതോ വടക്കോ) നിരത്തിലൂടെ നിറഞ്ഞൊഴുകുന്ന ലക്ഷ്വറി കാറുകളും, കെ എഫ് സിയും, പിസ ഇന്നും മറ്റും അന്നുണ്ടായിരുന്നില്ല മറിച്ച്, ഏക്സിലേറ്ററൊന്നു മുഴുവന്‍ കൊടുക്കും മുന്‍പേ വണ്ടി നിറുത്തേണ്ടിയിടേണ്ടി വരുന്ന സിഗ്നലുകളും, അവിടേയും, ഇവിടേയും കാണുന്ന ഗോള്‍ ചക്കര്‍ എന്ന പേരില്‍ അറിയപെടുന്ന റൌന്‍ഡ് അബൌട്ടുകളും, ഡോറില്‍ അടിച്ച് ശബ്ദമുണ്ടാക്കികൊണ്ട് ആളുകളെ കയറ്റിയും, ഉന്തിയിറക്കിയും നിരത്തിലൂടെ ചീറിപാഞ്ഞ് പോകുന്ന ബ്ലൂ ലൈന്‍, റെഡ് ലൈന്‍ ബസ്സുകളും, ആര്‍ക്കോ വേണ്ടിയെന്നതു പോലെ നിരത്തിലൂടെ നിരങ്ങി നീങ്ങുന്ന ഡി ടി സി ബസ്സുകളും, നവരസ ഭാവങ്ങളിലുള്ള മാരുതി, അമ്പാസിഡര്‍, കോണ്ടസ, പത്മിനികള്‍ നിറഞ്ഞതായിരുന്നു അന്നത്തെ ദില്ലി. പബ്ബുകളും, ഡിസ്കോതെക്കു-വടക്കുകളുമെല്ലാം ആവശ്യത്തിനുണ്ടായിരുന്നെങ്കിലും സാധാരണക്കാരന് കൈയ്യെത്തിച്ച് പിടിക്കാന്‍ പറ്റാത്ത ഉയരത്തിലായിരുന്നതിനാല്‍, ദാരിദ്ര്യരേഖയെ കെട്ടിപിടിച്ച് ജീവിക്കുന്ന ഞാനടക്കമുള്ള സാധാരണക്കാരായ ആളുകള്‍ ഫാസ്റ്റ് ഫുഡായി കഴിച്ചിരുന്നത്, ബ്രെഡ് പക്കോറയും, മരത്തിന്റെ തണലില്‍ നിറുത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടിയില്‍ വില്‍ക്കുന്ന ഛോലേ കുല്‍ച്ചായും, ഉദ്ദിഷ്ടകാര്യത്തിന് റീടെയില്‍ തീര്‍ത്ഥകുളങ്ങളേയും, കുളത്തിനോട് ചുറ്റി പറ്റിയുള്ള, ഢാബകള്‍, ജ്യൂസുകടകള്‍ എന്നിവയേയുമാണ് ആശ്രയിച്ചിരുന്നത്.

ഞാന്‍ അന്ന് താമസിച്ചിരുന്നത് ഡൊമിനിയോടൊപ്പം സൌത്ത് ദില്ലിയില്‍, മാളവീയ നഗറിനോട് ചേര്‍ന്ന് കിടക്കുന്ന കിര്‍ക്കി ഗ്രാമത്തിലെ ജനതാ ഫ്ലാറ്റിലാണ്. തൊട്ടടുത്ത ഫ്ലാറ്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളുമായി വളരെ നല്ല അടുപ്പമായിരുന്നതിനാല്‍, മുടക്ക് ദിവസങ്ങളില്‍ അതിഥികള്‍ ഇല്ല എങ്കില്‍ സാധാരണയായി ഞങ്ങള്‍ക്ക് ഉച്ച ഭക്ഷണം പാകം ചെയ്യേണ്ടി വരാറില്ല, അടുത്തുള്ള ഏതെങ്കിലും ഒന്ന് രണ്ട് വീടുകളില്‍ നിന്നു കാര്യമായി എന്തെങ്കിലും വിഭവങ്ങള്‍ തടയുക എന്നത് ഞങ്ങളുടെ തലേലെഴുത്തിന്റെ ഭാഗമായിരുന്നു.

സാധാരണ വീക്കെന്റുകളില്‍ അര്‍മ്മാദിക്കുവാനായി ഒന്നുകില്‍ വികാസ് പുരിയില്‍ താമസിക്കുന്ന സുഭാഷ്, രാമേട്ടന്‍, നാരായണന്‍, കല്‍ക്കാജിയിലുള്ള മോട്ടു സുരേഷ്, തുടങ്ങിയ ചങ്ങാതികള്‍ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വരുകയോ, അല്ലെങ്കില്‍ ഡൊമിനി ഡൊമിനിയുടെ ഓഫീസിലുള്ള പിള്ള സാറിന്റെ വീട്ടിലേക്കും, ഞാന്‍ നോയിഡയിലുള്ള എന്റെ കസിന്‍ സിസ്റ്ററിന്റെ വീട്ടിലേക്കോ, വികാസ് പുരിയിലുള്ള സുഭാഷിന്റെ ഫ്ലാറ്റിലോ, കല്‍ക്കാജിയിലുള്ള മോട്ടു സുരേഷിന്റെ ഫ്ലാറ്റിലേക്കോ പോകുകയാണ് ചെയ്യാറ്.

വീക്കെന്റിലുള്ള അര്‍മ്മാദത്തിന് ഇന്നതേ ചെയ്യാവൂ എന്ന ലിഖിത നിയമങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍, സിനിമ കാണല്‍, ടൂറ് പോക്ക്, ശീട്ടുകളി, തീര്‍ത്ഥപാനം, തീര്‍ത്ഥപാനത്തിന്റെ ലെവലനുസരിച്ച് കയ്യാങ്കളി, തുടങ്ങിയ എന്തും ഏതും അവനവന്റെ മനോധര്‍മ്മത്തിനനുസരിച്ചും, സാഹചര്യത്തിനനുസരിച്ചും ഞങ്ങള്‍ നടത്തി പോന്നു.

മുകളില്‍ പറഞ്ഞത് പോലെ അടുത്തുള്ള വീട്ടുകളില്‍ നിന്നും ഫുഡ് ഐറ്റംസ് തടയുന്നത് ഞങ്ങളുടെ തലേലെഴുത്തിന്റെ ഭാഗമായിരുന്നെങ്കില്‍, കയ്യിലിരുപ്പിന്റെ ഭാഗമായി അതിലപ്പുറവും തടഞ്ഞിട്ടുള്ള സാഹചര്യങ്ങള്‍ അപൂര്‍വ്വമാണെങ്കിലും അത്യപൂര്‍വ്വമൊന്നുമല്ല!. അത്തരുണത്തില്‍ തലേലെഴുത്തിന്റെ ഭാഗമല്ലാതെ, ചെലുത്തിയ തീര്‍ത്ഥത്തിന്റെ അളവ് താങ്ങാവുന്നതിലും എറിപോയതിനാല്‍, തലച്ചോര്‍ റോങ്ങ് മെസ്സേജ് പാസ്സു ചെയ്യുകയും തദ്വാര തീപന്തത്തില്‍ തെള്ളിപൊടി എറിഞ്ഞപോലെ ആത്മരോഷം ആളികത്തുകയും ചെയ്ത ഒരപൂര്‍വ്വ നിമിഷത്തില്‍ സംഭവിച്ച ഈ സംഭവം ഒരൊന്നൊന്നര സംഭവമായിരുന്നു.

ഇപ്പോഴും ഇടക്കിടെ അന്ന് നടന്ന ആ സംഭവത്തെ മനസ്സിന്റെ ഡി വി ഡി പ്ലെയറിലിട്ട് റിവൈന്‍ഡ് അടിച്ച് പ്ലേ ചെയ്യുമ്പോഴെല്ലാം നടുക്കത്തില്‍ തുടങ്ങി പുഞ്ചിരിയില്‍ അവസാനിക്കുന്ന നവരസ ഭാവങ്ങളിലൊന്നും പെടാത്ത ഒരു പ്രത്യേക ഭാവം (കണ്ടക ഭാവം) മുഖത്ത് വിരിയുകയും പതിവാണ്. കണ്ടക ഭാവത്തിനും കണ്ടകശനിക്കും തമ്മില്‍ നേരിയ ഒരു വിത്യാസമേയുള്ളൂ. കണ്ടകശനി കൊണ്ടേ പോവൂ എന്നാണെങ്കില്‍ കണ്ടക ഭാവം, പോയികഴിഞ്ഞ്, കൊണ്ടും കഴിഞ്ഞിട്ടാണ് വിരിയുക എന്ന് മാത്രം.

അന്നൊരു ഏഴാം തിയതിയായിരുന്നു, പോരാത്തതിനു ശനിയാഴ്ചയും! തൊണ്ണൂറ്റി മൂന്നില്‍ നടന്ന ഒരു സംഭവത്തിന്റെ തിയതിയും, ആഴ്കയും വരെ ഇത്ര കൃത്യമായി ഓര്‍മ്മ വക്കുന്നതെങ്ങിനെ? ഓര്‍മ്മ വക്കേണ്ട ആവശ്യമെന്ത്? ചുമ്മാ വെച്ച് കീറുന്നതായിരിക്കും എന്നൊക്കെ വായനക്കാര്‍ക്ക് തോന്നുന്നത് സ്വാഭാവികം. പക്ഷെ ആ ദിവസവും, ആഴ്ചയും ഓര്‍മ്മവക്കാന്‍ അതിന്റേതായ കാര്യമുണ്ട്, കാരണമുണ്ട്! അത് വഴിയെ.

കര്‍ക്കടമാസം പഞ്ഞമാസം എന്നാണ് ചൊല്ലെങ്കിലും, ഞങ്ങളെ സംബദ്ധിച്ചിടത്തോളം അങ്ങനെ ഒരു പ്രത്യേക മാസം മാത്രമായിരുന്നില്ല പഞ്ഞ മാസം മറിച്ച് എല്ലാ മാസങ്ങളും പഞ്ഞ മാസങ്ങള്‍ തന്നെ ആയിരുന്നു. പ്രത്യേകിച്ചും എല്ലാ മാസത്തിലേയും അവസാന ആഴ്ചയും അതു കഴിഞ്ഞു വരുന്ന മാസത്തിലെ ആദ്യത്തെ ആഴ്ചയും.

ഏഴാം തിയതി രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച്, കുറിതൊട്ട്, കുരിശ് വരച്ചും, ചുമന്നും ഓഫീസിലേക്ക് പോകുവാന്‍ എനിക്കെന്നല്ല പ്രൈവറ്റ് സെക്റ്ററില്‍ ജോലി ചെയ്യുന്ന ഒരു വിധം എല്ലാവര്‍ക്കും പതിവില്‍ കവിഞ്ഞ ശുഷ്കാന്തിയായിരുന്നു. കാരണം ഏഴാം തിയതിയായിരുന്നു അന്നൊക്കെ പ്രൈവറ്റ് സെക്റ്ററില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ശമ്പളം കിട്ടുന്നത്.

അന്നു രാവിലെ കുളിച്ചൊരുങ്ങി, കാറ്റുപോയ ബലൂണ്‍ പോലെയുള്ള പഴ്സുമെടുത്ത് അവനവന്റെ ഓഫീസിലേക്ക് പോകാനിറങ്ങുമ്പോള്‍ ഞാനും, ഡൊമിനിയുമെല്ലാം ഉത്സാഹവാന്മാരായിരുന്നു കാരണം ഏഴാം തിയതിയായിരുന്നു അന്ന് പോരാത്തതിന് ശനിയാഴ്ചയും! ശനിയാഴ്ചയെന്നാല്‍ വീക്കെന്റ്. വീക്കെന്റെന്നാല്‍ സന്ധ്യ മയങ്ങുന്നതിനൊപ്പം തന്നെ ഞങ്ങള്‍ക്കും മയങ്ങാം. പക്ഷെ ഞങ്ങളുടെ ഉത്സാഹത്തിന്റെ മൂക്കില്‍ പഞ്ഞി തിരുകി, കോടി പുതപ്പിച്ചുകൊണ്ട് ആ ഓര്‍മ്മ പെട്ടെന്ന് ഓടികിതച്ചെത്തി!!

ഏക് ഔര്‍ സാത്ത് താരീഖ് കോ ടേക്ക ബന്ദ് ഹേ (ഗവണ്മെന്റ് ജീവനക്കാരുടെ ശമ്പളദിവസമായ ഒന്നാം തിയതിയും, പ്രൈവറ്റ് ജീവനക്കാരുടെ ശമ്പള ദിവസമായ ഏഴാം തിയതിയും തീര്‍ത്ഥ കടക്ക് അവധി).

സാധാരണ ഒന്നിനും ഏഴിനും മുന്‍പ്, പ്രത്യേകിച്ചും ആ തിയതികള്‍ ശനിയാഴ്ചയാണ് വരുന്നതെങ്കില്‍ ആവശ്യമുള്ള ക്വാട്ട തലേന്ന് തന്നെ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന പതിവു ഇക്കുറി തെറ്റാന്‍ തന്നെ കാരണം ഞങ്ങള്‍ കടം വാങ്ങാറുള്ള ചങ്ങാതിമാര്‍ വരെ ഞങ്ങളോട് കടം ചോദിച്ച വാരമായിരുന്നു അത് എന്നത് മാത്രമാണ്.

ഇതിനൊരു തീരുമാനമുണ്ടാക്കാതെ ഓഫീസില്‍ എങ്ങനെ പോകും എന്നാലോചിച്ച് ഞാനും ഡൊമിനിയും ഹിരണ്യകശിപുവിനെപോലെ (ഇങ്ങനെ ഒരാളില്ലെ? നമ്മുടെ നരസിംഹം വയറ് കീറിയത്) വീടിന്റെ അകത്തും, പുറത്തുമല്ലാതെ കട്ടിളപടിയില്‍ നിന്നു തല പുകച്ചതിന്റെ ഫലമായി സമസ്യക്കുത്തരം കിട്ടി.

രാത്രി ഒമ്പത് മണികഴിയുമ്പോഴും, ഒന്ന് , ഏഴ് തുടങ്ങിയ തിയതികളിലും, ദില്ലിയിലെ തീര്‍ത്ഥകുളം വറ്റിവരളുമ്പോള്‍, വരള്‍ച്ചയെ ഞങ്ങള്‍ നേരിടുന്നത്, ദില്ലി-ഹരിയാന ബോര്‍ഡറിലുള്ള സൂരജ് കുണ്ടിലോ, ദില്ലി-യുപി ബോര്‍ഡറിലുള്ള നോയിഡയിലോ ഉള്ള തീര്‍ത്ഥകുളത്തില്‍ പോയി അവിടെ തന്നെ മുങ്ങുകയോ,അല്ലെങ്കില്‍ ആവശ്യത്തിന് തീര്‍ത്ഥം കമണ്ടലുവില്‍ നിറച്ച് വരുകയാണ് പതിവ്. ഇന്നും അത് പോലെ തന്നെ സൂരജ് കുണ്ടിലോ, നോയിഡയിലോ പോയി തീര്‍ത്ഥം സംഘടിപ്പിക്കാം ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു. പിന്നെ അവനവന്റെ വഴിക്ക് പിരിഞ്ഞു.

വൈകുന്നേരം നാല് മണിയായപ്പോള്‍ സുഭാഷിന്റെ ഫോണ്‍. കുറുമാനെ, ഇന്ന് ഇങ്ങോട്ട് വികാസ് പുരിയിലേക്ക് വാ, നമുക്കിവിടെ കൂടാം. ഞാന്‍ ഡൊമിനിയേം വിളിച്ച് പറഞ്ഞിട്ടുണ്ട്.

അതിന് ഇന്ന് ഏഴാം തിയതിയല്ലേടാ? പിന്നെ വന്നിട്ടെന്ത് കാര്യം?

ഒരു വെടിക്കുള്ള മരുന്നൊക്കെ ഞങ്ങള്‍ ഇന്നലെ തന്നെ വാങ്ങി വച്ചിട്ടുണ്ട്. ബാക്കി നമുക്ക് രാത്രി ഉത്തം നഗറില്‍ പോയി വാങ്ങാം.

ശരി, വൈകീട്ട് ഞങ്ങള്‍ വികാസ് പുരിയിലെത്തിക്കൊള്ളാം.

ഡൊമിനിക്ക് ഫോണ്‍ ചെയ്തപ്പോള്‍ ജോലി കഴിഞ്ഞാല്‍ നേരിട്ട് വികാസ് പുരിയില്‍ എത്താം എന്ന് പറഞ്ഞതിനെ തുടര്‍ന്ന് , ഐ ഒ യു വാങ്ങിയത് മുഴുവന്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ വെട്ടി കിഴിച്ച് എക്കൌണ്ടന്റ് നല്‍കിയ, തൊഴിലുണ്ടായിട്ടും തൊഴില്ലില്ലായ്ന്മ വേതനത്തോളം പോന്ന വേദനം (വേതനം) പോക്കറ്റില്‍ തിരുകി ഓഫീസില്‍ നിന്നിറങ്ങി എന്റെ യെസ്ഡി റോഡ് കിങ്ങില്‍ കയറി വികാസ്പുരിയിലേക്ക് തിരിച്ചു.

സുഭാഷിന്റെ ഫ്ലാറ്റില്‍ ഞാന്‍ ചെന്ന് കയറുമ്പോള്‍, ഡൊമിനിയും, സുഭാഷും, നാരായണനും, രാമേട്ടനും ഒക്കെ ചേര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇതിനെയാണ് ടൈമിങ്ങ് എന്നു പറയുന്നത്. തൊണ്ട ഭാഗ്യം, തൊണ്ട ഭാഗ്യം. അല്പം വൈകിയിരുന്നെങ്കില്‍ അളവില്‍ അറുപത് കുറഞ്ഞേനെ!!

റം കുടിച്ച് റമ്മികളിച്ചിരുന്ന് റം കഴിഞ്ഞൂന്ന് മനസ്സിലായത് റമ്മിന്റെ കുപ്പി കമിഴ്ത്തിയിട്ടും റം ഗ്ലാസ്സിലേക്ക് വീഴാതിരുന്നപ്പോഴാണ്. സമയം എട്ടരയാകുന്നതേയുള്ളൂ.

ഇനിയെന്ത് ചെയ്യും?

ഉത്തംനഗറില്‍ ബ്ലാക്കില്‍ കിട്ടുന്ന സ്ഥലത്ത് പോയി ഞാന്‍ വാങ്ങി വരാം. സുഭാഷ് പറഞ്ഞു. എങ്കില്‍ ഒപ്പം ഞാനും വരാം. രണ്ട് മൂന്നെണ്ണം ഉള്ളില്‍ ചെന്നാല്‍ പിന്നെ എനിക്കും സുഭാഷിനും എന്ത് കാര്യത്തിനും ചൊറുചൊറുക്കും, ഉത്സാഹവും ഒക്കെ ഇത്തിരി കൂടുതലാ!

ബൈക്കെടുത്ത് ഉത്തം നഗറില്‍ പോയെങ്കിലും ഞങ്ങളുടെ ടൈം ഉത്തമമല്ലാതിരുന്നതിനാല്‍, കരിചന്ത വിതരണക്കാരെ പോലീസ് പൊക്കിയെന്ന വാര്‍ത്ത അറിഞ്ഞ് വെറും കയ്യോടെ തിരിച്ച് ഫ്ലാറ്റിലേക്ക് വരേണ്ടി വന്നു.

ഇനിയെന്ത് എന്ന ചോദ്യം ഡെമോക്ലസ്സിന്റെ വാളുപോലെ ഞങ്ങളുടെ മുന്‍പില്‍ കിടന്നാടി. വാള് കിടന്നാടിയതു കൊണ്ട് കാര്യമില്ലല്ലോ? വാള് വെക്കാനായി നമ്മളായിട്ടെന്തെങ്കിലും ചെയ്യണ്ടെ?

ടാസ്ക് ഫോഴ്സ് പോളിസി പ്രകാരം ഇത്തരം ക്ര്യൂഷ്യല്‍ ഘട്ടങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പെട്ടെന്നായിരിക്കണമെന്ന തത്വം കണക്കിലെടുത്ത് അഞ്ച് മിനിറ്റിനകം തന്നെ തീരുമാനമെടുത്തു. എല്ലാര്‍ക്കും കിര്‍ക്കി ഗാവില്‍ പോകാം. അവിടെ റൂമിലെത്തിയിട്ട് നറുക്കെടുത്തതിനുശേഷം, നറുക്ക് വീഴുന്ന രണ്ട് പേര്‍ സൂരജ് കുണ്ടില്‍ പോയി ആവശ്യത്തിനുള്ള തീര്‍ത്ഥം വാങ്ങി വരുക.

രണ്ട് ബൈക്കുകളിലായി അഞ്ചു പേരും വികാസ് പുരിയില്‍ നിന്നും കിര്‍ക്കി ഗ്രാമത്തിലേക്ക് വണ്ടി നീങ്ങി. എന്റെ വണ്ടിയില്‍ രണ്ട് പേരും, ഡൊമിനിയുടെ വണ്ടിയില്‍ മൂന്നു പേരും. വണ്ടി നീങ്ങി കൊണ്ടിരിക്കെ, ജനക് പുരി റൌണ്ട് അബൌട്ടെത്തിയപ്പോള്‍ ഡൊമിനിയുടെ വണ്ടി സഡ്ഡന്‍ ബ്രേക്കിട്ടു. തൊട്ടു പിന്നാലെ ഞാനും.

എന്തേ? ഞാനും, എന്റെ വണ്ടിയിലിരുന്ന രാമേട്ടനും ഒരുമിച്ച് ചോദിച്ചു.

അതെ, ഇവിടെ ദാ കാണുന്ന ഗലിയില്‍ ബ്ലാക്കില്‍ കൊടുക്കുന്ന ഒരു സ്ഥലമുണ്ട്. നിങ്ങളിവിടെ നില്‍ക്ക് ഞാന്‍ പോയി നോക്കിയിട്ട് വരാം. സുഭാഷ് പറഞ്ഞു.

എങ്കില്‍ വേഗം ചെല്ല്, സൂരജ് കുണ്ട് വരെ പോകാണ്ട് കഴിക്കാമല്ലോ.

പത്ത് മിനിറ്റിനകം കയ്യില്‍ ഒരു പൊതിയും വാ നിറയെ ചിരിയുമായി സുഭാഷ് വരുന്നത് കണ്ടപ്പോള്‍ തന്നെ അവന്റെ ചിരി ഞങ്ങളിലേക്കും പടര്‍ന്നു.

വീട്ട്യേ പൂവല്ലെ? ഡൊമിനി വണ്ടി സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് ചോദിച്ചു.

വേണ്ടടാ. വീട്ടില്‍ പോയാല്‍ എന്തായാലും അത്താഴം കഴിക്കാന്‍ പുറമേക്കിറങ്ങണം, അല്ലെങ്കില്‍ പാഴ്സല് വാങ്ങണം. നമുക്ക് പോകുന്ന വഴി ധൌളാകുവാനിലുള്ള ഡാബയില്‍ കയറാം. അവിടേയാവുമ്പോള്‍ തീര്‍ത്ഥോം കുടിക്കാം, നല്ല തന്തൂരി ചിക്കനും കഴിക്കാം.

എല്ലാവര്‍ക്കും വെറും സമ്മതമല്ല, പരിപൂര്‍ണ്ണ സമ്മതം.

വണ്ടി ധൌളാകുവാനില്‍ ഞങ്ങള്‍ കഴിക്കാറുള്ള ഡാബക്കു മുന്‍പില്‍ നിറുത്തി എല്ലാവരും ഡാബക്ക് മുന്‍പില്‍ ഇട്ടിരിക്കുന്ന മേശ കസേരകളില്‍ ഇരുന്ന് കഴിക്കാനുള്ള സാധനങ്ങള്‍ക്കോര്‍ഡര്‍ കൊടുത്തു.

സ്റ്റീല്‍ ഗ്ലാസുകളും മൂളിയും, ഉള്ളിയും, മുളകും, ചെറുനാരങ്ങ മുറിച്ചതും വന്നു. സമയം ഒമ്പതര ആകാറായിരിക്കുന്നു. ചുറ്റുവട്ടം ഞങ്ങള്‍ ഒന്നു വീക്ഷിച്ചു. ആ ഡാബക്ക് മുന്നില്‍ മാത്രമല്ല തൊട്ടിടവും, വലവും ഉള്ള ഡാബകള്‍ക്ക് മുന്നിലിരിക്കുന്നവരൊക്കെ തന്നെ കുടിക്കുന്നത് തീര്‍ത്ഥം തന്നെ. എന്തൊരു ഭക്തി!!

തമാശയും, ചിരിയും, കളിയും, കോഴിക്കാലാല്‍ പല്ല് മസ്സാജുമൊക്കെയായി സംഭവം അങ്ങട് മൂച്ചായി വരുന്നതിനിടക്കാണ്
മൂന്നാല് പേര്‍ മുളവടിയും മറ്റുമായി അവിടെ എത്തി ഡാബകളിലും ഇരിക്കുന്നവരോടായി ഉറക്കെ ഇപ്രകാരം അരുളിയത്.

ഓയ്, ടൈം ദസ് ബജ് ഗയാ. ധാരു സാരു പീനേ കാ ജഗഹ് നഹീം ഹേ യെഹ്...
ചലോ സബ് ലോഗ് ഔര്‍ ഗര്‍ ജാവോ. ജല്‍ദീ ജല്‍ദീ.

അവരുടെ അലര്‍ച്ച കേട്ടപ്പോള്‍ പലരും ഇരിക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റു ബില്ലുകൊടുത്ത് പോകാന്‍ തുടങ്ങി.

ഡൊമിനിയും കൂട്ടരും എന്നോടായി പറഞ്ഞു, നിറുത്തഡാ ഇനി നമുക്ക് മുറിയില്‍ പോയി കഴിക്കാം.

തീര്‍ത്ഥം തലക്ക് പിടിച്ചിരുന്ന എനിക്കുണ്ടോ വല്ല കൂസലും? ഞാന്‍ പറഞ്ഞു. ഒന്നു മിണ്ടാതിരിക്കിഷ്ടാ. ഈ ഹരിയാന ജാട്ട് മാരുടെ കളി ഞാന്‍ കുറേ കണ്ടിട്ടുള്ളതല്ലെ. അവരീ ഗുഡ് ഗാവില്‍ നിന്നും വന്ന് വെറുതെ ഷൈന്‍ ചെയ്യുകയാ. ഒന്ന് പോയി പണി നോക്കട്ടെ അവര്‍.

ഗ്ലാസുകളിലേക്ക് ഞാന്‍ വീണ്ടും പകര്‍ന്നു. മടിച്ച് മടിച്ചിട്ടാണെങ്കിലും ഡൊമിനിയും മറ്റുള്ളവരും ഗ്ലാസെടുത്ത് ഒറ്റ വലിക്ക് കഴിച്ചവസാനിപ്പിച്ചു.

ഞാന്‍ എന്റെ ഗ്ലാസ് കയ്യില്‍ പിടിച്ച് അവന്മാരെന്തൊക്കെയാ ചെയ്യുന്നതെന്ന് ഒരു പുച്ഛരസത്തോട് കൂടി നോക്കിയിരുന്നു. എന്റെ നോട്ടം കണ്ട് ദഹിക്കാഞ്ഞിട്ടാണെന്ന് തോന്നുന്നു ആറടിയോളം ഉയരമുള്ള ഒരുവന്‍ ഞങ്ങളിരിക്കുന്ന മേശക്കരികിലേക്ക് വന്നു പറഞ്ഞു; ക്യാ സുനായി നഹീം ദേത്താ തും ലോഗോം കോ? ഹം ലോഗ് ചില്ലാ ചില്ലാക്കര്‍ ബോല്‍ രഹാ ഹൂം കി ഇദര്‍ ധാരു മത് പീയോ, ധാരു മത് പിയോ, ഔര്‍ തും ലോഗ് ഇദര്‍ അരാം സേ ബൈഠ്കര്‍ പീരഹീ ഹേ. ചലോ ബസ്സ് കരോ.

ഡൊമിനിയും, സുഭാഷും, രാമേട്ടനും, നാരായണനും, എഴുന്നേറ്റു. പക്ഷെ ലഹരി തലക്ക് പിടിച്ചിരിക്കുന്ന എനിക്കയാള് പറഞ്ഞതങ്ങോട്ട് പിടിച്ചില്ല എന്നതിനാല്‍ എഴുന്നേറ്റില്ല എന്ന് മാത്രമല്ല, മേശപുറത്തിരിക്കുന്ന ഗ്ലാസ്സ് എടുത്ത് ഒന്ന് സിപ്പ് ചെയ്ത് ഗ്ലാസ്സ് മേശപുറത്ത് തിരിച്ചു വച്ചു.

ഡും.....ക്ടക്........ചില്‍.....ആ ഗുണ്ട മേശ എടുത്തെറിഞ്ഞതിന്റെ ശബ്ദമായിരുന്നു അത് എന്ന് മനസ്സിലാക്കുവാന്‍ അല്പം സമയം എടുത്തു.

അതുകൂടി കണ്ടതോടെ എന്റെ കണ്ട്രോള്‍ കൈവിട്ട് പോയി. ഞാന്‍ കയര്‍ക്കാന്‍ തുടങ്ങി.

തും കോന്‍ ഹേ പൂച്ച്നേ കേലിയേ? തും ലോഗ് ക്യാ സമജ് രഖാ ഹേ അപ്നാ ആപ് കോ? ക്യാ ഇദര്‍ കാ ദാദ ഹോ ക്യാ തും?

എന്റെ സംസാരം കേട്ട് അയാളോടൊപ്പമുള്ള മൂന്ന് പേരും കൂടി സംഭവ സ്ഥലത്തെത്തി.

എന്നെ അനുനയിപ്പിക്കാനായി ഡൊമിനിയും മറ്റും അരികത്തു വന്നപ്പോള്‍ ആ ഗുണ്ട അവരോട് കുറേ കയര്‍ത്തു, പിന്നെ പറഞ്ഞു, ഇസ്നേ തോ ബഹുത് പീ രഖാ ഹേ, ലേ ജാവോ ഇസ്കോ ഘര്‍ പര്‍, നയീം തോ ഹം ലോഗ് ഇസ്കാ ഹഡ്ഡീ തോഡ്കര്‍ ഹാദ് മേം ദേഗാ.

അത് കേട്ടതും ഞാന്‍ എന്നെ തന്നെ മറന്നു. അത് ശരി നിങ്ങള്‍ എന്റെ എല്ലൊടിച്ച് കയ്യില്‍ തരുമല്ലെ. ഫ പുല്ലെ. അതൊന്ന് കാണട്ടെ.

എന്നെ അനുനയിപ്പിക്കാന്‍ ഡൊമിനിയും മറ്റും ശ്രമിച്ചെങ്കിലും തലക്ക് തീപിടിച്ചിരിക്കുന്ന എന്നിലെ രോഷം അണക്കാന്‍ അവര്‍ക്കായില്ല.

ഇവന്മാരേ ഇന്നൊരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. ഞാന്‍ ആര്‍ കെ പുരം പോലീസ് സ്റ്റേഷനില്‍ പോയിട്ട് ഇവര്‍ക്കെതിരെ ഒരു കമ്പ്ലയിന്റെഴുതി കൊടുക്കാന്‍ പോകുന്നു.

അത് വേണോ കുറുമാനെ? ഡൊമിനിയും മറ്റും ചോദിച്ചു.

വേണം. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. നട്ടപാതിരക്ക് ആളുകളെ വിരട്ടാനായിട്ട് ഇതെന്താ വെള്ളരിക്കാ പട്ടണമോ? സുഭാഷേ നീ ദാ ആ ടാക്സി ഇങ്ങോട്ട് വിളിക്ക്.

ക്യാ ബക്താ ഹേ യേ സാല? മറ്റൊരു ഗുണ്ട ഡൊമിനിയോട് ചോദിച്ചു.

മേം പോലീസ് സ്റ്റേഷന്‍ മേം ജാ രഹാ ഹൂം. തും ലോഗോം കാ ബാരേ മേം കമ്പ്ലയിന്റ് ലിഖ്നേ കേലിയെ (ചോദ്യം ഡൊമിനിയോടായിരുന്നെങ്കിലും ഉത്തരം എന്റേതായിരുന്നു)

അച്ഛാ ചലോ ഫിര്‍? ആറടി ഉയരമുള്ള ഗുണ്ട എന്നോട് പറഞ്ഞതും, സുഭാഷ് വിളിച്ച ടാക്സി വന്ന് നിന്നതും ഒപ്പമായിരുന്നു.

എന്തായാലും, പോലീസ് സ്റ്റേഷനിലേക്കല്ലെ, തനിച്ച് പോകേണ്ട എന്നു കരുതി ഡൊമിനിയെ കൂടി കൂട്ട് വിളിച്ചു. ഡൊമിനിയും ഞാനും മുന്നില്‍ കയറിയപ്പോള്‍ ആറടി ഉയരമുള്ള ഗുണ്ടയും, മറ്റൊരു ഗുണ്ടയും പിന്നില്‍ കയറി.

ചലോ ആര്‍ കെ പുരം പോലീസ് സ്റ്റേഷന്‍ ഞാന്‍ ഡ്രൈവറോട് പറഞ്ഞു.

വണ്ടിയിലുടനീളം ഞാന്‍ ഗുണ്ടകളേയും, ഗുണ്ടായിസത്തേയും, ജാട്ടുകളുടെ മുരടന്‍ സ്വഭാവത്തേയും, പച്ച മലയാളത്തില്‍ പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു.

വണ്ടി ആര്‍ കെ പുരം പോലീസ് സ്റ്റേഷനില്‍ എത്തി.

തും ലോഗ് പൈസ ദേക്കര്‍ ആവോ. ഹം ലോഗ് അന്തര്‍ വെയിറ്റ് കരേഗാ.

ടാക്സികാരനു പൈസ കൊടുത്ത് പോലീസ് സ്റ്റേഷനില്‍ എസ് ഐഓട് എന്ത് പറയണം, എങ്ങിനെ പറയണം എന്നൊക്കെ മനസ്സില്‍ ഒരു രൂപ രേഖ ഉണ്ടാക്കിയതിനുശേഷം ഡൊമിനി പുറത്ത് നില്‍ക്കാം എന്ന് പറഞ്ഞതിന്‍ പ്രകാരം ഞാന്‍ സ്റ്റേഷനകത്തേക്ക് കയറി ചെന്നു.

പുറത്ത് കവാത്ത് നിന്നിരുന്ന പോലീസ് കാരനോട് പറഞ്ഞു, എസ് ഐയെ കാണണം.

അന്തര്‍ ജാവോ.

ഉള്ളില്‍ ചെന്നപ്പോള്‍ മറ്റ് രണ്ട് മൂന്ന് പോലീസുകാരിരിക്കുന്നു ഉള്ളില്‍. ഒരു വക്രിച്ച ചിരിയുമായി ഗുണ്ടകളില്‍ ഒരുവന്‍ നില്‍ക്കുന്നുമുണ്ട് അവരുടെ ഇടയില്‍.

ഉം ക്യാ ബാത് ഹേ? ഒരു പോലീസു കാരന്‍ എന്നോട് ചോദിച്ചു.

എസ് ഐസേ മില്‍നാ ഹേ. ഏക് കമ്പ്ലയിന്റ് ദേനാ ഹേ.

ഠീക്ക് ഹേ ബാഹര്‍ വെയിറ്റ് കരോ. എസ് ഐ സാബ് അഭി ആയേഗാ.

പോലീസ് സ്റ്റേഷനില്‍ കാലെടുത്തു വച്ചപ്പോള്‍ ഉണ്ടായിരുന്ന ലഹരിയും പോയി. സമയം അഞ്ച് മിനിറ്റ് കഴിഞ്ഞു, പത്ത് മിനിറ്റ് കഴിഞ്ഞു, പോലീസും കമ്പ്ലയിന്റും ഒന്നും വേണ്ട എന്ന് തോന്നിയ സമയത്താണ് ഒരു പോലീസുകാരന്‍ വന്ന് എസ് ഐ വിളിക്കുന്നു എന്ന് പറഞ്ഞത്.

മേ ഐ കമിന്‍ സര്‍? മനക്കരുത്താര്‍ജിച്ചുകൊണ്ട് ഞാന്‍ എസ് ഐ യുടെ മുറിയുടെ അരവാതിലില്‍ തട്ടി ചോദിച്ചു,

യെസ് കമിന്‍ - പരുഷമായ സ്വരം ഉള്ളില്‍ നിന്നുയര്‍ന്നു.

മിടിക്കുന്ന നെഞ്ചുമായി ഞാന്‍ അരവാതില്‍ തള്ളിതുറന്നകത്ത് കയറി.

കാക്കിയുടുപ്പിന്റെ ചുമലില്‍ നക്ഷത്രങ്ങള്‍ അണിഞ്ഞ്, മേശപുറത്ത് വലം കയ്യാല്‍ പേപ്പര്‍ വെയിറ്റ് കറക്കികൊണ്ട്, വളരെ ഗൌരവഭാവത്തോട് കൂടി ഇരിക്കുന്നു നമ്മുടെ ആറടി ഉയരമുള്ള ഗുണ്ട!!!!

മിടിക്കുന്ന ഹൃദയവും, വിറക്കുന്ന മുട്ടുകളുമായി സിംഹത്തിന്റെ മുന്‍പില്‍ അകപെട്ട പേടമാന്റെ കണ്ണുകളോടെ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

എന്താടോ തന്റെ പ്രശ്നം?

എസ് ഐ യില്‍ നിന്നും ആ ചോദ്യം, അതും പച്ചമലയാളത്തില്‍ കേട്ടതും, കാറിലിരുന്ന്‍ അങ്ങേരേയും കൂട്ടരേയും മലയാളത്തില്‍ പ്രകീര്‍ത്തിച്ചിരുന്ന വാക്കുകള്‍ എനിക്കോര്‍മ്മ വന്നതും എന്റെ ബോധം മറഞ്ഞതും ഒരുമിച്ചായിരുന്നു.

77 comments:

കുറുമാന്‍ said...

പോലീസ് സ്റ്റേഷനിലേക്കൊരു തീര്‍ത്ഥയാത്ര

ഇപ്പോഴും ഇടക്കിടെ അന്ന് നടന്ന ആ സംഭവത്തെ മനസ്സിന്റെ ഡി വി ഡി പ്ലെയറിലിട്ട് റിവൈന്‍ഡ് അടിച്ച് പ്ലേ ചെയ്യുമ്പോഴെല്ലാം നടുക്കത്തില്‍ തുടങ്ങി പുഞ്ചിരിയില്‍ അവസാനിക്കുന്ന നവരസ ഭാവങ്ങളിലൊന്നും പെടാത്ത ഒരു പ്രത്യേക ഭാവം (കണ്ടക ഭാവം) മുഖത്ത് വിരിയുകയും പതിവാണ്. കണ്ടക ഭാവത്തിനും കണ്ടകശനിക്കും തമ്മില്‍ നേരിയ ഒരു വിത്യാസമേയുള്ളൂ. കണ്ടകശനി കൊണ്ടേ പോവൂ എന്നാണെങ്കില്‍ കണ്ടക ഭാവം, പോയികഴിഞ്ഞ്, കൊണ്ടും കഴിഞ്ഞിട്ടാണ് വിരിയുക എന്ന് മാത്ര - ഒരു പുതിയ പോസ്റ്റ്

ഇക്കസോട്ടോ said...

ഠേ.

ഇത്ര കാം ആന്‍ഡ് ക്വയറ്റ് ആയി ആരടിക്കും തേങ്ങ? പോലീസ് സ്റ്റേഷനില്‍ കേറീട്ട് വരാം :)

അനില്‍ ആദിത്യ said...

മലയാളം കേട്ടതു കൊണ്ടു മാത്രം ബോധം പോയി എന്നതു വിശ്വസിക്കാന്‍ ചെറിയൊരു ബുദ്ധിമുട്ട്‌. ആട്ടെ ശരിക്കും എവിടെയിട്ടാ കിട്ടിയത്‌ ????

മനസിലായി മനസിലായി അന്നു പോയതാണല്ലേ ബോധം!!!!!!

ദില്‍ബാസുരന്‍ said...

പെട കിട്ടി എന്ന കാര്യം ഉറപ്പാ. എത്ര എണ്ണം എന്ന് മാത്രമേ അറിയാനുള്ളൂ. :)

അഭിലാഷങ്ങള്‍ said...

ശ്ശേ.. തേങ്ങയോട് ഇക്കാസിനെന്താ ഇത്ര സോഫ്റ്റ് കോര്‍ണ്ണര്‍?

തേങ്ങയൊക്കെ പൊട്ടിക്കുമ്പോ അതിന്റെ കഷ്ണങ്ങള്‍ ഠപ്പേന്ന് പൊട്ടി പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമെത്തണം ഹേ.. !

എന്നിട്ട്, പോലീസ് സ്റ്റേഷനില്‍ കയറീട്ട് വരാംന്ന്.. ഓ, ഇത് വരെ കയറാത്തപോലെ, ആഴ്ചക്ക് പോയി ഒപ്പിടണം എന്ന് കൊച്ചി SI പറഞ്ഞതാരോടും പറയണ്ട ട്ടാ..

(ഹാവൂ.. ചേന്‍സ് കിട്ടിയിട്ടും ആദ്യ തേങ്ങയുടക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ത്തു. സമാധാനമായി)

ഇനി കാര്യ പരിപാടിയിലേക്ക് കടക്കാം..

കുറുമാനേ, സംഭവത്തിന്റെ ക്ലൈമാക്സ് അങ്ങട് രസിച്ചൂ ട്ടാ... ഹി ഹി.

പിന്നെ ആദ്യ ഭാഗങ്ങളില്‍ കണ്ട് ആ പുതിയ ഭാവം, ഐ മീന്‍ കണ്ടകഭാവം, ഹും കൊള്ളാം. “കണ്ടകശനി കൊണ്ടേ പോവൂ എന്നാണെങ്കില്‍ കണ്ടക ഭാവം, പോയികഴിഞ്ഞ്, കൊണ്ടും കഴിഞ്ഞിട്ടാണ് വിരിയുക എന്ന് മാത്രം.“. ഹി ഹി.. ങും..ങും..!

പിന്നെ കുറുമാന്റെ പേഴ്സൊക്കെ 1993 ല്‍ അല്ലേ കാറ്റുപോയ ബലൂണ്‍ പോലേന്ന് പറഞ്ഞത്. ഈ 2008 ല്‍ എനിക്ക് സ്വന്തമായി ഒരു പേഴ്സില്ല.. അറിയാമോ? (മറ്റുള്ളവരുടെ പേഴ്സ് അടിച്ചുമാറ്റാറാ പതിവ് എന്നൊന്നു അതിന് ദുരര്‍ത്ഥം കാണണ്ട). ഉള്ളത് ഒരു ATM കാര്‍ഡാ. അത് ആ പാവം ATM മെഷിനില്‍ ഇട്ടാല്‍ ഇപ്പോ കാഷ് വരുന്ന സ്ഥലത്തൂടെ കാറ്റാ വരുന്നത്....! പിന്നല്ലേ.... കാറ്റുപോയ ബലൂണ്‍ പോലത്തെ പേഴ്സ്.. ഒന്ന് പോ മാഷേ...

:-)

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഗംഭീരം...............

വാല്‍മീകി said...

അതെ, എത്രയെണ്ണം കിട്ടി എന്നുള്ളതു മാത്രം ഇനി അറിഞ്ഞാല്‍ മതി. ബോധം പോയവരെ അടിക്കില്ലായിരിക്കും. പക്ഷേ, ഒരു കാര്യം സമ്മതിക്കണം. അയാളുടെ ക്ഷമ. കേരളത്തില്‍ ആയിരുന്നെങ്കില്‍ ആ ഹോട്ടലില്‍ വച്ചു തന്നെ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞേനേ.

കുട്ടന്‍മേനൊന്‍ said...

അവസാനം ഗുണ്ടകളെ കാറില്‍ കയറ്റിയുള്ള പോക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും വിവരണം കൊള്ളാം.

സതീശ് മാക്കോത്ത് | sathees makkoth said...

അറിയാവുന്ന പോലീസാവുമ്പോള്‍ പിന്നെ മറ്റൊന്നും പറയേണ്ട കാര്യമില്ലല്ലോ.
ബോധം പോയതിന്റെ കാരണം അത്ര വിശ്വാസ യോഗ്യമല്ല.

ശ്രീവല്ലഭന്‍ said...

"കാക്കിയുടുപ്പിന്റെ ചുമലില്‍ നക്ഷത്രങ്ങള്‍ അണിഞ്ഞ്, മേശപുറത്ത് വലം കയ്യാല്‍ പേപ്പര്‍ വെയിറ്റ് കറക്കികൊണ്ട്, വളരെ ഗൌരവഭാവത്തോട് കൂടി ഇരിക്കുന്നു നമ്മുടെ ആറടി ഉയരമുള്ള ഗുണ്ട!!!!"

അത് കൊള്ളാം. വിവരണം വളരെ ഇഷ്ടപ്പെട്ടു.

വിന്‍സ് said...

ഹഹഹ കലക്കന്‍ കുറുമാന്‍ജി. രണ്ടു ദിവസമായി പുലികളും സിംഹങ്ങളും വിരാജിക്കുകയാണല്ലോ ബ്ലോഗില്‍.

ആദ്യം ഇടിവാള്‍, പിന്നെ ബ്രിജ് വിഹാരം മനൂജി, ദാ ഇപ്പം താങ്കളും.

“വിശക്കുന്നവനു ആദ്യം അപ്പവും മുട്ടയും പിന്നെ മതി ചുങ്കക്കാരനു ചുങ്കം” - ലാലേട്ടന്‍ - മാന്ത്രികം :)

ഭൂമിപുത്രി said...

കുറുമാന്റെ കഥയെപ്പറ്റി മറ്റൊരിടത്തുകണ്ട്
അന്വേഷിച്ചെത്തുകയായിരുന്നു.
രസമുള്ള വായനയായിരുന്നുവെങ്കിലും
ആ സസ്പെന്‍സ് മുന്‍ കൂട്ടിക്കണ്ടുപോയതുകൊണ്ട്
അവിടമത്ര ഏറ്റില്ല(കുറ്റം എന്റെതു തന്നെ)

ഇടിവാള്‍ said...

ബോധം നേരത്തെ പോയതോണ്ട് ഇടി എണ്ണാനൊത്തില്ല അല്ലേ കുറൂ? ഇതുപോലൊരനുഭവം എനിക്കുമുണ്ടായിട്ടുണ്ട്.. നാട്ടില്‍ പാതിരാക്ക് പാടവരമ്പത്ത് ഒരു കല്യാണപാര്‍ട്ടി നടത്തിയതാ.. പക്ഷേ അതിന്റെ ക്ലൈമാക്സ് ശുഭപര്യവസാനിയായിരുന്നു . സമയം കിട്ടുന്നതിനനുസരിച്ച് പൂശാം എന്നു വിചാരിച്ചതായിരുന്നു.


ഇനിയിപ്പം അതു പോസ്റ്റാക്കിയിട്ടെന്തു കാര്യം? ;(

ശെഫി said...

കൊള്ളലോ കുറൂ

പാമരന്‍ said...

അപ്പ അങ്ങനേം ഇടി മേടിക്കാം അല്ലേ? :)

ഇഷ്ടപ്പെട്ടു..

ശ്രീ said...

ഹ ഹ. കുറുമാന്‍‌ജീ... അടിപൊളി സംഭവം തന്നെ. സിനിമയിലൊക്കെയേ കണ്ടിട്ടുള്ളൂ ഇമ്മാതിരി അനുഭവങ്ങള്‍.

അല്ലാ, അന്ന് ബോധം പോകുന്നതിനു മുന്‍പും ബോധം വന്നതിനു ശേഷവും ആ ഗുണ്ട... അല്ലല്ല എസ്സ്. ഐ. എന്തൊക്കെ പറഞ്ഞു അഥവാ ചെയ്തു എന്ന് ഇനി ഏതു പോസ്റ്റിലാ പറയുന്നത്?
;)

നന്ദന്‍ said...

കുറുമാന്‍ സാബ്‌, ഇത് വായിച്ചിട്ട്‌ തന്നെ ആ ചമ്മലോര്‍ത്ത്‌ ചിരി വരുന്നു.. അല്ല, എല്ലാവരും ചോദിച്ചത്‌ തന്നെയാ എനിക്കും ചോദിക്കാനുള്ളത്‌.. ഗുണ്ട എസ് ഐ ഒന്നും ചെയ്തില്ലേ?? ബോധം പോയി എന്ന്‌ എവിടെയോ വായിച്ച പോലെ!! ;)

Balu..,..ബാലു said...

പോസ്റ്റ് ടൈറ്റില്‍ കണ്ടപ്പോള്‍ എന്റെ ബ്ലോഗില്‍ ഞാനിട്ട തീര്‍ത്ഥാടനം എന്ന പോസ്റ്റ് ഓര്‍മ്മ വന്നു.. :) അത് പക്ഷെ “ശരിക്കും” തീര്‍ത്ഥയാത്ര തന്നെയായിരുന്നു കേട്ടോ..

ഇത്രേം വര്‍ഷം കഴിഞ്ഞിട്ടും ഡേറ്റ് മറന്നില്ല എന്ന് പറഞ്ഞപ്പൊഴേ മനസിലായി അന്ന് ഇടി കിട്ടിയെന്ന്. എത്രയെണ്ണം എന്നേ അറിയാനുള്ളു! ഇത്രയും എഴുതിയ സ്ഥിതിക്ക് അതു കൂടെ പറ മാഷേ!

Jayarajan said...

{കണ്ടക ഭാവത്തിനും കണ്ടകശനിക്കും തമ്മില്‍ നേരിയ ഒരു വിത്യാസമേയുള്ളൂ. കണ്ടകശനി കൊണ്ടേ പോവൂ എന്നാണെങ്കില്‍ കണ്ടക ഭാവം, പോയികഴിഞ്ഞ്, കൊണ്ടും കഴിഞ്ഞിട്ടാണ് വിരിയുക എന്ന് മാത്രം} കണ്ട്റോള്‍ പോയി -:) അപ്പോ, ഡല്‍ഹി വിശേഷങ്ങള്‍ ഇനിയും ഉണ്ടല്ലേ? ഞങ്ങളുടെ ഭാഗ്യം...

G.manu said...

സ്റ്റീല്‍ ഗ്ലാസുകളും മൂളിയും, ഉള്ളിയും, മുളകും, ചെറുനാരങ്ങ മുറിച്ചതും വന്നു. സമയം ഒമ്പതര ആകാറായിരിക്കുന്നു. ചുറ്റുവട്ടം ഞങ്ങള്‍ ഒന്നു വീക്ഷിച്ചു. ആ ഡാബക്ക് മുന്നില്‍ മാത്രമല്ല തൊട്ടിടവും, വലവും ഉള്ള ഡാബകള്‍ക്ക് മുന്നിലിരിക്കുന്നവരൊക്കെ തന്നെ കുടിക്കുന്നത് തീര്‍ത്ഥം തന്നെ

ഹഹ ഇപ്പോ ഡല്‍ഹിയില്‍ സ്റ്റൈല്‍ അല്പം മാറി..
സ്റ്റീല്‍ ഗ്ലാസിനകത്ത് പ്ലാസ്റ്റിക് ഗ്ലാസ് വക്കും..തന്തൂരിയും നാരങ്ങയും ഒക്കെ അപ്പടി തന്നെ..

കഴിഞ്ഞാഴ്ച്ചയും അങ്ങനെ ഒന്നിരുന്നു..

:) കലക്കന്‍ പോസ്റ്റ്

പപ്പൂസ് said...

ഇതില്‍ ക്ലൈമാക്സ് ഉണ്ടെന്ന് ആരാ പറഞ്ഞത്? ക്ലൈമാക്സ് ശ്രീ പറഞ്ഞ ആ പോയന്‍റിലല്ലേ! സംഗതി രസമായെങ്കിലും ക്ലൈമാക്സ് മറച്ചു പിടിച്ചത് ശരിയായില്ല. :)

ഉടക്കിയ ഗുണ്ടകളെ കാറില്‍ക്കേറ്റി കൂടെ കൊണ്ടു പോവാനുള്ള അസാമാന്യധൈര്യം എത്ര പെഗ്ഗിന്‍റെ പുറത്തായാലും സമ്മതിച്ചു തന്നിരിക്കുന്നു! :-)

raj said...

Dear Kurumaji,
I know you are a great writer and I respect you .
But this is time you wrote a scrap!!
Bellow par!!????
Just compare this with Manu's post....Same day!!!!
Pls need not be in haste.
Thangalude Aradhakan!!!
Sorry for this comment!!!!
But hope you forgive

Anonymous said...

സംഭവം കൊള്ളാം. ഒരു സംശയം? ഡെല്‍‌ഹി പൊലിസില്‍ എസ് ഐ പൊസ്റ്റ് ഉണ്ടൊ?

കുറുമാന്‍ said...

Dear Kurumaji,
I know you are a great writer and I respect you .
But this is time you wrote a scrap!!
Bellow par!!???? - പ്രിയ രാജ്, താങ്കളുടെ കമന്റിനു നന്ദി. ഇനി മുതല്‍ പരമാവധി നന്നാക്കാന്‍ ശ്രമിക്കാം. I know you are a great writer - ദയവ് ചെയ്ത് ഇങ്ങനെ പൊക്കരുത് രാജ്. ഒരു അഭ്യര്‍ത്ഥനയാണ്.

Anonymous said...
സംഭവം കൊള്ളാം. ഒരു സംശയം? ഡെല്‍‌ഹി പൊലിസില്‍ എസ് ഐ പൊസ്റ്റ് ഉണ്ടൊ? - അനോണി ചേട്ടാ, നന്ദി. ഡെല്‍ഹി പോലീസില്‍ എസ് ഐ പോസ്റ്റ് ഉണ്ട്. കിഡ്നി റാക്കറ്റില്‍ പങ്കുണ്ടായിരുന്ന ഒരു സബ് ഇന്‍സ്പെക്ടറെ കഴിഞ്ഞ ആഴ്ച കൂടി അറസ്റ്റ് ചെയ്തു എന്നു വാര്‍ത്തയുണ്ടായിരുന്നല്ലോ!!

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.

നിഷ്ക്കളങ്കന്‍ said...

കുറുമാനേ,
അപ്പോ എത്രണ്ണം വാങ്ങി. അതോ അങ്ങേരും തമാശിച്ചിട്ട് വിട്ടോ? ക‌ല‌ക്കി കേട്ടോ :)

nandanz said...

Aadyamaayittanu evide varunnathu.. But sangathi angadu kalakki.... visheshangal sarkkum eshtaayi. Kurumaane parichayapedan oraasa. online vazhi mathi. parichayapedan tharravo??

കൃഷ്‌ | krish said...

"ശനിയാഴ്ചയെന്നാല്‍ വീക്കെന്റ്. വീക്കെന്റെന്നാല്‍ സന്ധ്യ മയങ്ങുന്നതിനൊപ്പം തന്നെ ഞങ്ങള്‍ക്കും മയങ്ങാം."

"ഇതിനെയാണ് ടൈമിങ്ങ് എന്നു പറയുന്നത്. തൊണ്ട ഭാഗ്യം, തൊണ്ട ഭാഗ്യം. അല്പം വൈകിയിരുന്നെങ്കില്‍ അളവില്‍ അറുപത് കുറഞ്ഞേനെ!!

റം കുടിച്ച് റമ്മികളിച്ചിരുന്ന് റം കഴിഞ്ഞൂന്ന് മനസ്സിലായത് റമ്മിന്റെ കുപ്പി കമിഴ്ത്തിയിട്ടും റം ഗ്ലാസ്സിലേക്ക് വീഴാതിരുന്നപ്പോഴാണ്."

കുറുമാനെ, തീര്‍ത്ഥപുരാണം കൊള്ളാം.

ഈയിടെയായി ചിലരൊക്കെ തീര്‍ത്ഥത്തെക്കുറിച്ചാണല്ലോ പോസ്റ്റിടുന്നത്.
ഇക്കണക്കിന് ഞാനും ഒരെണ്ണമിറക്കേണ്ടിവരുമോ!

അല്ഫോന്‍സക്കുട്ടി said...

വൈകിയിട്ടെന്താ പരിപാടി. തീര്‍ത്ഥം തീര്‍ത്ഥേന ശാന്തി

Anonymous said...

അല്ല കുറുമാനേ അപ്പൊ ഈ S H O എന്തുവാ??
ആ കാലഘട്ടത്തില്‍ S H O അല്ലേ സ്റ്റേഷനില്‍ ഉണ്ടാവുക? ചിന്ന സംശയം മാത്രം.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ബെസ്റ്റ് പ്വോലീസ് ഗുണ്ട!
കുറുമജിയുടെ തല ഫുള്‍ ക്ലീന്‍ ആയത് ആ സംഭവത്തിനൊടുവിലാണോ? :)
ഹ ഹ ഹ...

കുറുമാന്‍ said...

അനോണി ചേട്ടാ - 1989 - 95 കാലഘട്ടങ്ങളില്‍ SHO അല്ല SI ആയിരുന്നൂന്നാ എന്റെ ഓര്‍മ്മ. ഇനി താങ്കള്‍ക്ക് SHO ആയിരുന്നു എന്നുറപ്പാണെങ്കില്‍ SI ക്കു പകരം SHO എന്ന് ഞാന്‍ തിരുത്താംട്ടോ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പച്ചമലയാളത്തില്‍ കുറ്റം പറഞ്ഞത് മലയാളികളെയാവാത്തത് ഭാഗ്യം :)

Anonymous said...

കുറുമാന്‍ ചേട്ടാ തിരുത്തണ്ടാട്ടൊ. അതൊക്കെ വല്യ ബുദ്ധിമുട്ടല്ലേ!!! സുല്ലിട്ടു

vadavosky said...

ഡല്‍ഹി പോലീസില്‍ S.I യും S.H.O
( Staion House Officer) യും ഉണ്ട്‌. S.H.O is the senior officer (C.I.rank). എല്ലാ സ്റ്റേഷനിലും S.I ഉണ്ടാവും. When S.H.O is not in a police station S.I or even Head Constable can discharge the duties of S.H.O. In other words when SHO takes leave he shall delegate his charge to immediate junior officer available.

ഇപ്പോള്‍ ഡല്‍ഹിയില്‍ drydays വളരെ കുറവാണ്‌. dryday യുടെ മുന്‍പേ പത്രത്തില്‍ വലിയ പരസ്യം വരും ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട്‌ ഈ ദിവസങ്ങളില്‍ മദ്യം കിട്ടില്ല വാങ്ങി ശേഖരിക്കൂ. ഒരാള്‍ക്ക്‌ പരമാവധി സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അളവ്‌ തുടങ്ങിയവ കൊടുത്തിട്ടുണ്ടാവും പരസ്യത്തില്‍. കുറുമാനും കൂട്ടുകാര്‍ക്കും പറ്റിയതുപോലെ മദ്യം കിട്ടാതെ ജനങ്ങള്‍ വലയരുത്‌.

പണ്ട്‌ രാത്രി കുപ്പി വാങ്ങാന്‍ ഗസിയാബാദ്‌ ബോര്‍ഡറില്‍ പോയിട്ടുള്ളതോര്‍മിച്ചു

അഭയാര്‍ത്ഥി said...

എത്രമാത്രം തീര്‍ത്ഥം ശിവ ശിവ
തീര്‍ത്ഥങ്കരരെ തീര്‍ത്ഥങ്കരരെ
എത്രമാത്രമാത്രം മാത്രകളില്‍
തീര്‍ത്ഥ സേവ തീര്‍ത്ഥ ധാര
പദ്മതീര്‍ത്ഥത്തീലൂടെ അല്ല തെറ്റി
ചുള്ളിക്കാടിന്റെ ഭാഷയില്‍ പറഞ്ഞാല്‍
തെരുവില്‍, ചാരയ ഷാപ്പില്‍
നരക തീര്‍ത്ഥത്തില്‍.
ദില്ലിയില്‍ ഇതു പകരും പരിഷയോട്‌ ഞാന്‍ ചോദിച്ചു
എവിടെ കുറുമാന്‍
ഒരു പരിചയം പറയുന്നു
കുടിക്കുക ഇത്‌ ചെകുത്താന്റെ രക്തം
കുറുമാനിവിടെയെവിടേയൊ ഉണ്ടായിരുന്നു
യമുനവിട്ടവന്‍ പൊന്തുന്നു റൈനില്‍
ഫ്രാന്‍സില്‍,
യൂറോപ്പിന്‌ സ്വപ്നങ്ങള്‍ വില്‍ക്കുന്നു കരാമയില്‍
റഷ്യയില്‍ തണൂപ്പനെ അതിന്ത്രിയ മന്ത്രത്താല്‍ (വാചകത്താല്‍)
വോഡ്ക്ക സാറി വോള്‍ഗ നദിയില്‍ മുക്കുന്നു.
ചെണ്ടകൊട്ടുന്നു,മാറ്റാന്റെ തലച്ചോറില്‍ ചെണ്ടകൊട്ടും പൂരപ്പാട്ടും
കേള്‍പ്പിക്കുന്നു, ബൂലോഗത്തിന്ന്‌ കാരുണ്യമേകുന്നു....
ഇവനെന്തൂട്ടാ മുതല്‌
കൂര്‍മ്മാവതാരമൊ കുറുമാവതാരമൊ??????
എന്തായാലും പരിചയങ്ങളെ മറക്കത്താവന്‍ എന്നെന്റെ ഭാഷ്യം.

തോന്ന്യാസി said...

ഗുണ്ടകള്‍ക്കു വേണ്ടി ടാക്സി വിളിച്ച മഹാത്മാവേ,കണ്ടക ഭാവത്തിന്റെ ആവിര്‍ഭാവകാരകാ അങ്ങേക്കെന്റെ വന്ദനം,

സംഭവമെന്തായാലും സൂപ്പറായി

വേണു venu said...

ആ ഡാബക്ക് മുന്നില്‍ മാത്രമല്ല തൊട്ടിടവും, വലവും ഉള്ള ഡാബകള്‍ക്ക് മുന്നിലിരിക്കുന്നവരൊക്കെ തന്നെ കുടിക്കുന്നത് തീര്‍ത്ഥം തന്നെ. എന്തൊരു ഭക്തി!!
ഹാഹാ.... ഒറ്റു ഭക്തിയെ വിഭക്തിയാക്കിയ ആ തീര്ത്ഥം. ഉഗ്രന്‍ വിവരണം കുറുമാനേ.
ഓ.ടോ.ചെല തീയതികള്‍ മരിച്ചു കഴിഞ്ഞാലും മറക്കാന്‍ കഴിയില്ല.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹ മാഷെ..
എല്ലാവരും ചോച്ചത് ഞാനും ആവര്‍ത്തിക്കുന്നു.
ഗുണ്ട എസ് ഐ ഒന്നും ചെയ്തില്ലേ??

അതെങ്ങനെയാ അല്ലെ..?ബോധമുണ്ടായിട്ട് വേണ്ടെ അതോര്‍ക്കാന്‍ ഹിഹി..

അപ്പോള്‍ ഇതിന്റെ ബാക്കി അവതരണം എപ്പോഴാ..?
ബോധം വന്ന് കഴിഞ്ഞാണൊ..?ഹിഹി..

ഫോട്ടോഗ്രാഫര്‍::FG said...

പതിവുപോലെ പോസ്റ്റ് നന്നായി, കൂടാണ്ട് കുട്ടിക്കുറുമികളുടെ പടം ഒത്തിരി ഇഷ്ടമായി!താങ്ക്യൂ കുറൂസ്

ഇക്കസോട്ടോ said...

ഹഹഹഹ തകര്‍ത്തു കുറോ..
ആ എസ്സൈ എങ്ങാനുമാണോ നമ്മടെ മറ്റേ യേമ്മാന്‍. യേത്?

അത്ക്കന്‍ said...

പരാതി പറയാന്‍ പാലായ്കു ചെന്നപ്പോള്‍ പാലായിലുള്ളോരൊക്കെ പാലക്കാട്ടേക്കുപോയീന്ന് പറഞ്ഞതു പോലെയായി

സൂര്യോദയം said...

കുറുമാന്‍ ജീ.. രസകരം.. കലക്കി...

Visala Manaskan said...

വിവരണം കലക്കീണ്ട് റാ രാഗേഷേ..

പിന്നെ കഥയില്‍ അവസാനം എസ്.ഐ. കുനിച്ച് നിര്‍ത്തി ചാമ്പുമ്പോള്‍ ‘എന്റമ്മേ.. എന്റച്ചോ...സാറേ പിടി വിട്... പിടി വിട്...‘ എന്നൊക്കെയുള്ള ഒരു കരച്ചില്‍ ക്രൂരനായ എന്റെ മനസ്സ്, വായിച്ച് ചിരിക്കാന്‍‍ പ്രതീക്ഷിച്ചു. അത് തെറ്റാ??

ഒരുപാട് ഏരിയകളില്‍ കഥപറയലിന്റെ ആ ഒരു നേയ്ക്ക് ‍ ശരിക്കും ഫീല്‍ ചെയ്തു. എനിക്കിഷ്ടപ്പെട്ട നിന്റെ പോസ്റ്റുകളില്‍ ഒന്ന് തന്നെ ഡാ ഇതും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തിരികെപ്പിടിക്കാന്ന് പറ്റാതെ പോയ ആ ബോധോം വെച്ചാണോ ഇതെല്ലാം എഴുതിക്കൂട്ട്യെ???

എണ്ണാന്‍ മറന്നാതാണേലും കുഴപ്പല്ല്യ ഏകദേശം പറഞ്ഞാ മതീ...

കൊച്ചു മുതലാളി said...

നല്ല കഥ.:)

ഇപ്പഴും ഇതുപോലെ തീര്‍ത്ഥ യാത്രകള്‍ക്ക് പോകാറുണ്ടോ? ദുഫായിലും ഇതുപോലേ തന്നെയാണോ നടക്കുന്നത്?

കൊച്ചു മുതലാളി said...

:)

പൊറാടത്ത് said...

രാഗീ..ഇന്നലെ ‘ഓഫ്’ ആയിരുന്നതിനാല്‍ ദേ ഇപ്പോഴാ വായിയ്ക്കാന്‍ പറ്റിയത്..

ക്ലൈമാക്സ് ഏറെക്കൂറെ പ്രതീക്ഷിച്ച പോലെ ആയിരുന്നെങ്കിലും, അവസാനത്തെ..
“എന്താടോ തന്റെ പ്രശ്നം?“...അത് ഗംഭീരായി..

as usual..

എതിരന്‍ കതിരവന്‍ said...

ഇങ്ങനെ മലയാളം കേള്‍ക്കാനും വേണം ഭാഗ്യം. നാടു വിട്ടു പോകുന്നോര്‍ക്ക് വല്ലപ്പോഴും വീണുകിട്ടുന്നതല്ലെ ഇത്? (അതയോ കിട്ടിക്കഴിഞ്ഞിട്ട് വീഴുകയോ?)

അന്നു തുടങ്ങിയതാണോ ചെണ്ട കൊട്ട്?

vrajesh said...

DEAR KURUMAN..I am not regular on the net,i had read your book, european swapnangal, weighting for your second book. please publish these stories for readers like me..

റീനി said...

കുറുമാനെ, അന്ന് ബോധംകെട്ട് തലയിടിച്ച് വീണപ്പോള്‍ മുതല്‍ തുടങ്ങിയതാണോ എഴുത്തിന്റെ ഈ പ്രവാഹം? വെരുതെ ഒരു സംശയം, അത്രയെ ഉള്ളു.

::സിയ↔Ziya said...

കൂഹോയ്!!!!!!!!!

അടിച്ചേ ഞാനടിച്ചേ
അമ്പത് ഞാനടിച്ചേ!!!
(അതിനല്ലേ ഇത്രേം നേരം കാത്തു നിന്നത് , കുലകുറുവേ! :) )

നാട്ടുകാരന്‍... said...

അതെന്തിരണ്ണാ അവന്മാര്‍ വേഷം മാറി നടക്കണത്‌? യൂനിഫോറത്തില്‍ ലവന്മാരെ കണ്ടാരുന്നേല്‍ നുമ്മ എപ്പം ഓടിയേനെ അല്ലേണ്ണാ..എന്തായാലും കലിപ്പുകളു തന്നെ...ബോധങ്ങളു പോയതു കൊണ്ടു പിന്നെ ഏമാനു ഓത്തിരി ജ്വാലികളു കുറഞ്ഞു കാണും അല്യൊ അണ്ണാ??(എന്തരെടെ ഈ SHO എന്തായാലും നുമ്മക്ക്‌ ഏമാന്‍ തന്നെ ആണു കേട്ടാ..പിന്നെ തല്ലുകള്‍ കിട്ടുന്ന നേരത്ത്‌ സാറു SHO ആണോ അതോ SI ആണോ എന്നു ചോദിക്കാന്‍ പറ്റുവാ???)

kaithamullu : കൈതമുള്ള് said...

തിര്‍ത്ഥയാത്രയുടെ യഥാതഥാവിവരണം എല്ലാ ഭക്തന്‍‌മാ‍ര്‍ക്കും ഇഷ്ടായിരിക്കുന്നൂ, കുറു!

ജ്യോതി കണ്ട് കണ്ണ് വല്ലാതെ മഞ്ഞളിച്ച് പോയതിനാല്‍ കിളിമാക്സ് അത്ര ശോഭിച്ചില്ലെന്ന് തോന്നുന്നു.

മഴത്തുള്ളി said...

കുറുമാന്‍ മാഷേ,

അതു ശരി, അപ്പോ വികാസ്പുരി, മാള്‍വിയ നഗര്‍, സൂരജ് കുണ്ട്,ഹരിയാന ബോര്‍ഡര്‍, ഖിര്‍ക്കി എക്സ്റ്റന്‍ഷന്‍, നോയിഡ, ജനക്പുരി എന്നിവിടങ്ങളിലെ തീര്‍ഥക്കുളങ്ങള്‍ നിങ്ങള്‍ കുടിച്ചു വറ്റിച്ചിട്ടാ അല്ലേ ഇവിടം വിട്ടത് ;) മോട്ടു സുരേഷൊക്കെ ഇപ്പോ ഡബിള്‍ മോട്ടു ആയിക്കാണുമല്ലോ അല്ലേ ;)

എന്നാലും എസ്സൈയുടെ വലം കയ്യിലെ പേപ്പര്‍ വെയിറ്റ് കറക്കല്‍ മാത്രം പിടികിട്ടിയില്ല, ഓ, എഴുതിയത് മാറിപ്പോയതാ അല്ലേ, സാരമില്ല എല്ലാം മനസ്സിലായി ഹി ഹി....

നാടന്‍ said...

ഹോ, കുറുജിയുടെ വര്‍ണ്ണന വായിച്ചപ്പോള്‍ ഒന്നുകൂടി ആ ധാബയില്‍ ഇരിക്കാന്‍ തോന്നി. പണ്ട്‌ ഒന്ന് ഇരുന്നിട്ടുണ്ടേ ...

പുടയൂര്‍ said...

ഹഹഹ... നല്ലോണം ബോധിച്ചു.. ഇത്രേം ഭയങ്കര ഒരു സംഭവം നടന്നിട്ട് അതിന്റെ ആഴ്ചയും പക്കവും ഒക്കെ ഓര്‍ത്തു വയ്ക്കുന്നതില്‍ ഒരു തെറ്റും പറയാനൊക്കില്ല...
ഹഹ...
ആശംസകള്‍....

നമ്പര്‍ വണ്‍ മലയാളി, said...

ഇത് കഥയോ........?

;)

സുമേഷ് ചന്ദ്രന്‍ said...

ഉം.. കൊള്ളാം! ആ ഢാബ സീനും ഡയലോഗുകളും ഗംഭീരം.. അതിച്ചിരി കൂടി വലിച്ചു നീട്ടാമായിരുന്നു.. പിന്നെ, എനിയ്ക്കെന്തോ ആ എന്‍ഡിംഗ് ഇഷ്ടമായില്ല.... അതാ ഗുണ്ട സ്റ്റേഷനിലേയ്ക്ക് കേറി പോയപ്പഴേ മനസ്സിലായി... :)

(ഇനി ഒരു മാസം കാ‍ക്കണോ?)
:)

രാജ്‌ said...

കുറുമാന്‍ജി,

തീര്‍ഥാടനമൊക്കെ കഴിഞ്ഞു പ്രസാദവും വാങ്ങി പിറ്റേന്നാണോ മടങ്ങിയത്‌?

സംഗതി കലക്കി. അതിന്‍റെ ഒരു ഒറിജിനാലിറ്റി ഒണ്ടല്ലോ.. അത്‌.. അതിനാണ്‌ ഈ തൂവല്‍.

ആഗ്നേയ said...

കോട്ടാനും പറയാനുമുള്ളതെല്ലാം എല്ലാരും കൊണ്ടോയി(പോസ്റ്റിട്ട് ഒരുമാസം കഴിഞ്ഞു ഗമന്റാന്‍ വന്നാല്‍ ഇങ്ങനിരീക്കും!)
എന്നാലും സംഭവിച്ചതൊക്കെ എനിക്കും മനസ്സിലായി. :)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കുറുമാന്‍ മാഷിന്റെ പുതിയ കഥ വളരെ രസത്തോടെയാണു വായിച്ചവസാനിപ്പിച്ചത്‌

david santos said...

Great work, thank you.
have a good weekend

Arun Jose Francis said...

oh my god! This is what is called an unforgettable incident..! Too good Kuruman-ji... Amazing read!

കാലമാടന്‍ said...

പ്രിയപ്പെട്ട കുര്‍മാന്‍ ജി,
ഇതാണ് കിക്കിടിലോല്ക്കിടിലന്‍ സംഭവം!
.....
എന്താ പറയേണ്ടത്? പിന്നെ നടന്നതൊന്നും എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല!
തകര്‍ത്തലക്കി...

ഹരിയണ്ണന്‍@Hariyannan said...

കുറുമാനേ..

അന്നയാള്‍ ഇടിച്ചുകണ്ണുപൊട്ടിച്ചതും,അതിന്റെ പിറ്റേന്നുമുതല്‍ കണ്ണനുപീലിപോലെ,കര്‍ണ്ണനുകുണ്ഡലം പോലെ,വിശാലമനസ്കന്റെ തലേലെ തുണിപോലെ കുറുമാന്‍ മുഖത്തുകണ്ണടയും വൈപ്പറും ഫിറ്റുചെയ്തതെന്നുള്ള സത്യം എന്തേ പറഞ്ഞില്ല?!
(:) ഞാന്‍ ഓടി...കരാമേന്ന് !!)

ഗീതാഗീതികള്‍ said...

ഒരു സസ്പെസില്‍ കൊണ്ടൂ നിറുത്തി. പിന്നെ എന്തുണ്ടായി എന്നറിയാന്‍ തിടുക്കമായി....

Yasir said...

കൊള്ളാം.. ഇതൊക്കെ വായിക്കുമ്പോള്‍ തീര്‍ത്ത പാനം നല്ലത് തന്നെ ... ഓടിയതും .. ഓടിച്ചതും .. എല്ലാം ... നല്ല തീര്‍ത്ത പാനകര്‍ക്ക് ഉള്ളതു തന്നെ .. :)

പാച്ചേരി... said...

ഇത്രേം അഭ്യാസങ്ങളൊക്കെ കാണിക്കുന്ന കുറുമാനിതുവരെ എങ്ങുന്നും ഇതുവരെ കിട്ടിയില്ലല്ലോ എന്നൊരു വിഷമമേ ഉണ്ടായിരുന്നുള്ളു... ഇപ്പൊ അതും മാറി.

അത്തിക്കുര്‍ശി said...

kuru..

long time no see!

Now a days I am not blogging. I have not read this. will do later. this is just to let you know that I am around. will be back to sharjah next week

from
Kerkennah island
Mediteranean sea
Tunisia

മൂര്‍ത്തി said...

:)
പോസ്റ്റിട്ടിട്ടു കൃത്യം ഒരു മാസമായി ഇന്ന്. ഒരു സ്മൈലി കിടക്കട്ടെ...രസിച്ചു എന്ന അര്‍ത്ഥത്തില്‍..

ശ്രിജിത് മാധവന്‍ said...

കുറുജീ...
യുറൊപ്യന്‍ കതകള്‍ വായിചു...ഇപ്പൊ ഇതും

അവസാനം ബൊധം പൊയി എന്നു പറഞതു നേരാണൊ?

മാണിക്യം said...

എന്നിട്ട് ?
എന്ന് ചോദിക്കാന്‍‌
നിര്‍വാഹമില്ലല്ലൊ!
ബോധം പോയി !
എന്ന് മുങ്കൂര്‍‌ ജാമ്യമെടുത്ത് വച്ചിരിക്കുവല്ലേ?

Otayan said...

Dear Kuruji,

Sharikum costodyil eduthu jeepilathadinal taxy vilipichu stationil kondupoi ennalle parayande.pinne idiude kadinyam kondalle malayaliyanennu arinjathu

poornima said...

Appol nammal tammil parichayam kaanumallo...ate varsham ate samayam ee khirkki gaon-ile janatayil njangalum undayirunnu....

Bijith :|: ബിജിത്‌ said...

ഇവിടെ ബാംഗ്ലൂരില്‍ ഒരിക്കല്‍ റെഡ് സിഗ്നല്‍ ചാടിയത്തിനു പോലീസിനോട് മുറി ഹിന്ദിയില്‍ കയര്ത്തത് ഓര്‍മ വരുന്നു. നിങ്ങള്‍ക്ക് എന്നെ പോലത്തെ പാവങ്ങളെ പിടിക്കാനേ പറ്റു എന്നൊക്കെ. കുറെ കഴിഞ്ഞപ്പോള്‍ തല മൂത്ത ആള് വന്നു മലയാളത്തില്‍ അവരെ പിടിക്കാത്തതിന്റെ വിഷമം നിന്റെ മേല്‍ തീര്‍ക്കട്ടെ എന്ന് പച്ച മലയാളത്തില്‍ ചോദിച്ചപ്പോള്‍ഉണ്ടായ രോമാഞ്ചം...

Abdul Hakeem said...

pinneedenth sambhavichu...??? he he ippo manassilaayi ithrakrithyamaayi aa date'um aazhchayum orkkaanulla reason.... :P

സുധി അറയ്ക്കൽ said...

കഴിഞ്ഞ പോസ്റ്റുകളിലൊന്നും കമന്റ്‌ ചെയ്തില്ല.വായിച്ചു.മിക്കതും ഇഷ്ടായി.(


(എന്നിട്ടെന്തായോ ആവോ?)