Tuesday, July 04, 2006

ജമാല്‍ക്കോട്ട

ഒരുമയുണ്ടെങ്കില്‍ എരുമയിറച്ചിയും തിന്നാം, എന്ന പോളിസി പ്രകാരം, ഹിന്ദു, മുസ്ലീം, കൃസ്ത്യാനി, തുടങ്ങി നാനാ മതക്കാരായ, കേരളം മുതല്‍ കാശ്മീര്‍ താഴ്വരകളില്‍ നിന്നും വന്നവര്‍ കൂടാതെ, ഐക്യ അറബ് നാടുകള്‍ തുടങ്ങി, സൌത്താഫ്രിക്ക, ഈജിപ്ത്, ഇംഗ്ലാണ്ടാദി സ്ഥലങ്ങളില്‍ നിന്നും വന്നവര്‍ വരെ ഒരേ ഓഫീസില്‍, ഒരേ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ കീഴില്‍, പല പല ക്യൂബിക്കിളുകളില്‍ ഇരുന്നായിരുന്നു പണി ചെയ്യ്തിരുന്നതെങ്കിലും, ഓഫീസിലെ ഒരേ ഒരു ഫ്രിഡ്ജില്‍. അവനവന്റെ വീട്ടില്‍ നിന്നും കൊണ്ടു വരുന്ന പ്രാതല്‍, ഉച്ച ഭക്ഷണം, ജ്യൂസുകള്‍, ലബാന്‍ അപ് (മോര് - നാട്ടിലെ ഫ്രൂട്ടി പോലെ കടലാസ്സ് പാക്കറ്റിലാണിത് ലഭിക്കുന്നത്), പഴങ്ങള്‍, ഇത്യാദി ഈറ്റബിള്‍സ് രാവിലെ കയറ്റി വച്ച് വയറിന്റെ ആവശ്യാനുസരണം പല പല സമയങ്ങളിലായി കഴിച്ച് നിര്‍വൃതിയടഞ്ഞു പോരുന്നതിന്നിടയിലൊരു ദിവസം, രാത്രിയിലെ ആര്‍മാദത്തിന്റെ പരിണിതഫലമായി, ശരീരത്തിലെ ജലാംശം വറ്റി ദാഹം, ദേഹത്തെ കീഴടക്കി, തൊണ്ട വര‍ണ്ടുണങ്ങിയ നേരത്ത്, രാവിലെ കൊണ്ടു വന്ന് ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വച്ചിരുന്ന ലെബാന്‍ അപ് കുടിച്ചു ദാഹശമനം വരുത്താം എന്നുകരുതി ഫ്രിഡ്ജ് തുറന്ന്, നോക്കിയിട്ടും ലെബാന്‍ അപ് മാത്രം കാണുന്നില്ല.

മോര് പോയാല്‍ ഫ്രീസറിലും തപ്പണം എന്നാരും പറഞ്ഞിട്ടില്ലെങ്കിലും, ഫ്രീസര്‍ മുതര്‍ ഫ്രിഡ്ജിന്റെ ഉള്ളിലെ ഓരോരോ ഭാഗവും ഞാന്‍ സൂക്ഷിച്ച് സൂക്ഷമ പരിശോധന നടത്തിയിട്ടും, ലെബാന്‍ അപ് പോയിട്ട് അതിന്റെ കവറ് പോലും ഫ്രിഡ്ജിലെന്നല്ല, പാന്ട്രിയില്‍ എങ്ങും തന്നെ കണ്ടെത്തിയില്ല.

ദാഹത്താല്‍ വലഞ്ഞ് തൊണ്ട വരണ്ടുണങ്ങി ഒരു വഴി, പെരുവഴിക്കായ ഞാന്‍, തണുത്ത വെള്ളം കുടിച്ച് ദാഹശമനം നടത്തി. ആരെങ്കിലുംദാഹിച്ചപ്പോള്‍ എടുത്തു കുടിച്ചതായിരിക്കൂം എന്ന ഒരാത്മഗതത്തോടെ എന്റെ ക്യുബിക്കിളിലേക്ക് ചേക്കേറി.

ആ ആഴ്ചയിലും, തുടര്‍ന്ന് വന്ന ആഴ്ചയിലും, രണ്ടുമൂന്നു തവണ എന്റെ ലെബാന്‍ അപ് അപ്രത്യക്ഷമായി. ബുധനാഴ്ച ഏതാണ്ടൊരു പന്ത്രണ്ടുമണിയോടടുത്ത നേരത്ത്, ദാഹം മൂര്‍ച്ചിച്ഛ നേരം, രാവിലെ കൊണ്ടു വച്ച, ലെബാന്‍ അപ് കുടിക്കുവാന്‍ ഫ്രിഡ്ജില്‍ തപ്പിയ എനിക്ക് വീണ്ടും മോഷണത്തിന്നിരയാകേണ്ടി വന്നു!

എന്തായാലും, കാര്യങ്ങള്‍ ഒന്നു ഉറ്റ സഹപ്രവര്‍ത്തകരും, അതിലേറെ കൂട്ടുകാരുമായവരോടൊന്നു ഡിസ്കസ്സ് ചെയ്യാമെന്നു ഞാന്‍ മനസ്സില്‍ കരുതി. ഉച്ചക്കുണ്ണാനായി ഏറ്റവും വൈകി ഒരു രണ്ടു രണ്ടരക്ക് ഡൈനിങ് റുമില്‍ പോകുന്നത് ഷെര്‍ലിയും, ബിന്ദുവും, സ്റ്റീവനും,ടെരന്‍സും, കെവിനും, വിനോദും, നാരായണനും, ഞാനുമാണ്.

അവനവന്റെ ഭക്ഷണം ചൂടാക്കി പ്ലെയിറ്റിലോ, കൊണ്ടു വന്ന ഐസ്ക്രീം ഡബ്ബയില്‍ തന്നേയുമോ, സ്പൂണും, മുന്നു കൊമ്പുള്ള ഫോര്‍ക്കും ഉപയോഗിച്ച് മറ്റുള്ളവര്‍ കഴിക്കുമ്പോള്‍, ഞങ്ങള്‍ കേരള പുത്രന്മാര്‍ അഞ്ച് കൊമ്പുള്ള കൈസ്പൂണ്‍ ഉപയോഗിച്ച് വായിലേക്ക് ഉരുള ഉരുട്ടി വിഴുങ്ങുന്നതിനിടയില്‍ ഞാന്‍ ലെബാന്‍ അപ് മോഷണം പോകുന്നതിനെകുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു.

എന്റെ ലെബാന്‍ മോഷണം പോകുന്നത് ഞാന്‍ അവതരിപ്പിച്ചതും, മറ്റു പലരും ഇതേ മോഷണത്തിന്നിരയായിട്ടുണ്ടെന്നും, അമ്പത് ഫിത്സിന്റെ കാര്യമായതിനാല്‍ പറയാതെ മനസ്സിന്റെ കോണില്‍ ഒളിപ്പിച്ചു വച്ചതാണെന്നും പറഞ്ഞു.

ഒരിക്കല്‍ മാത്രമല്ല, മുന്‍പ് പലപ്പോഴും ഇത് സംഭവിച്ചിട്ടുണ്ടെന്ന്,എല്ലാവരും സമ്മതിച്ചപ്പോള്‍, അമ്പത് ഫിത്സിന്റെ കാര്യമല്ല അവനവന്‍ കൊണ്ടു വരുന്ന സാധനം, ചോദിക്കാതെ, മോഷ്ടിക്കുന്ന, ഈ മോരുകള്ളനെ പിടിക്കാന്‍ ഒരു പദ്ധതി ഒരുക്കണമെന്ന പ്രമേയം ഞാന്‍ അവതരിപ്പിച്ചു.

പിന്നീടുള്ള ചര്‍ച്ച ആരായിരിക്കും ഈ ലെബാന്‍ അപ് കക്കാന്‍ സാധ്യതയുള്ളതെന്നു മാത്രമായിരുന്നു.

ഭക്ഷണം കഴിക്കാന്‍ മാത്രമായി ജനിച്ചതാണോ എന്ന് മറ്റുള്ളവരില്‍ സംശയം ധ്വനിപ്പിക്കുന്ന അന്‍വറോ?

ഡയറി പ്രൊഡക്റ്റെന്റെ വീക്നെസ്സാണെന്നു പറഞ്ഞ് ഏതു സമയവും, യോഗര്‍ട്ട് തിന്നു നടക്കുന്ന ഹാറൂണോ?

ദിവസവും രാത്രി അമിതമായി വെള്ളമടിച്ച്,ദിനം മുഴുവന്‍ ഡീ ഹായ്ഡ്രേറ്റഡായ ശരീരം ചുമക്കുന്ന ആന്‍ഡ്ര്യൂവോ?

അഞ്ചക്കം ശമ്പളം കിട്ടിയിട്ടും, ഒരു ദിര്‍ഹത്തിന്റെ നൂഡില്‍ മൂന്നായ് പകുത്ത്, മൂന്നു നേരം കഴിക്കുന്ന കൊല്‍ക്കത്തക്കാരി, മുപ്പത്തിയേഴു വയസ്സുകാരി, സ്ഥിരമായി ഡയറ്റിങ്ങിലുള്ള, സ്തൂല ശരീര, സ്വപ്നയോ?

എത്ര വയറു നിറഞ്ഞാലും, മറ്റുള്ളവര്‍ കഴിക്കുന്നതിന്നിടയില്‍ വന്ന്, ഇന്നെന്താ കൊണ്ടുവന്നിരിക്കുന്നത്? എനിക്കൊരു സ്പൂണ്‍ കഴിക്കാമോ എന്നു ചോദിക്കുന്ന സന്ദീപോ?

ആരിലും കുറ്റം ചാരാന്‍ പറ്റാത്ത അവസ്ഥ. എന്തായാലും കക്കുന്നവനെ പിടിക്കണം എന്നു തന്നെ ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു.

അന്ധ വിശ്വാസിയും, ചാത്തന്‍ സേവയില്‍ വിശ്വാസമുള്ളവനും, അക്കാരണത്താല്‍ കാശു കുറേ കളഞ്ഞിട്ടുള്ളവനും, എന്റെ നാട്ടുകാരനുമായ വിനോദ് പറഞ്ഞു.

നമുക്ക് ചാത്തന്‍ സ്വാമിക്കൊരു വഴിപാടു നേര്‍ന്നാലോ? കട്ടു കുടിക്കുന്നവന്‍ വയറിളകി ഒരു വഴിക്കാകും. ചെറിയൊരു കുരുതിയോ, ചുറ്റുവിളക്കോ മതി!

അതു കേട്ടതും എനിക്കോര്‍മ്മ വന്നത്, മലയാളത്തിലെ ഒട്ടുമിക്ക മാ വാരികകളിലും പ്രത്യക്ഷപെടുന്ന കണ്ണാടി കുട്ടി ചാത്തന്റെ പരസ്യമാണ് പെട്ടെന്ന് ഓര്‍മ്മവന്നത്.

ഉദ്ദിഷ്ടകാര്യസാധ്യത്തിനും, ശത്രു സംഹാരത്തിന്നും ജാതി മത ഭേദമന്യ എല്ലാവര്‍ക്കും സന്ദര്‍ശിക്കാം. തൃശൂരില്‍ നിന്നും വരുന്നവര്‍ ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ ബസ്സില്‍ കയറി പെരിങ്ങോട്ടുകരയിലിറങ്ങുക. അവിടെ നിന്ന് പടിഞ്ഞാട്ട് ഒന്നരകിലോമീറ്റര്‍ യാത്ര ചെയ്താല്‍ അതിപുരാതനമായ ക്ഷേത്രം കാണാം. (ഒന്നര വര്‍ഷം മുതല്‍ ഏഴെട്ടു വര്‍ഷം പഴക്കമുള്ള കോണ്‍ക്രീറ്റ് മന്ദിരങ്ങളേയും അതിപുരാതനം എന്നു പറയാം അല്ലെ?)

ചതിയില്‍ വഞ്ചിതരാകാതിരിക്കുക, എന്നും പരസ്യത്തിന്റെ അടിയില്‍ കാണാം. കാരണം മറ്റൊന്നുമല്ല. കണ്ണാടി കുടുമ്പം നിലത്തു വീണ് പൊട്ടി ചിതറി, തരിപ്പണമായപ്പോള്‍, കുടുമ്പത്തിലെ ഒരോ അംഗവും, ഓരോ കണ്ണാടി കഷ്ണവും പെറുക്കി അമ്പലം കെട്ടി, അവനവന്റെ ചാത്തനെ പ്രതിഷ്ടിച്ചു. അപ്പോള്‍ മൂത്ത ചാത്തന്റെ കൈവശാവകാശി, കൊടുക്കുന്ന പരസ്യത്തിന്റെ വരികളാണവ.

തൊഴില്‍ ലഭിക്കാതെ വിഷമിക്കുന്നവര്‍ക്കും(സ്കൂളിന്റെ പഠി കണ്ടിട്ടില്ലാന്നതോ പോട്ടെ, ജോലി വേണം എന്നു കരുതി പ്രയത്നിച്ചാലെങ്കിലുമല്ലെ ഒരു ജോലി കിട്ടൂ)

വിവാഹം നടക്കാതെ വിഷമിക്കുന്നവര്‍ക്കും(വല്ലവന്റെ കൂടേയും ഡിഗ്രിക്ക് പടിക്കുമ്പോള്‍ മോള്‍ ഓടിപോയി ഒന്നര മാസം കഴിഞ്ഞപ്പോ തിരികെ വന്നൂന്നെന്നൊരു തെറ്റല്ലെ എന്റെ മോള്‍ ചെയ്തുള്ളൂ, അതിലിത്ര പ്രശ്നമുണ്ടോ, എന്നിട്ടും എന്റെ മോള്‍ക്ക് കുടികാത്ത, വലിക്കാത്ത, തറവാട്ടില്‍ പിറന്ന ഒരു ചെക്കന്റെ പോലും ആലോചന വരുന്നില്ല)

എത്രയെടുത്തിട്ടും ലോട്ടറിയടിക്കാതെയിരികുന്നവര്‍ക്കും (ആരാന്റെ കയ്യിലിരിക്കുന്ന കാശ് എന്തു പണ്ടാരം ചെയ്താ‍യാലും, എത്ര ചെലവു ചെയ്താലും,തന്റെ കയ്യില്‍ വന്നാല്‍, ആഹാ, ജീവിതം എത്ര ധന്യം)

ശത്രു മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കും (പാവം ശത്രു. ഈ പരിപാടിക്കിറങ്ങിയവനേ സഹായിച്ച് സഹായിച്ച് സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നുപോയി എന്നോര്‍മ്മ വന്നൊരവസരത്തില്‍, ഇന്ത കൈ ഒരു സഹായമായ് ഒന്നര ലക്ഷമൊ അതില്‍കൂടുതലോ, കുറവൊ ചോദിച്ചപ്പോള്‍ കയ്യിലില്ലാത്തതിനാല്‍, കയ്യിലില്ലാന്നൊരു സത്യം പറഞ്ഞപ്പോള്‍ പാവം ശത്രുവായി)അവസാന ആശ്രയം ശ്രീ കണ്ണാടി ചാത്തന്‍ സ്വാമി. വന്നു കണ്ടു കാര്യം പറഞ്ഞ് തൊഴുതാല്‍ ഭക്തരുടെ കാര്യങ്ങള്‍ നിറവേറ്റുന്നവന്‍ സ്വാമി.

മുന്‍പറഞ്ഞ പരസ്യം കണ്ട്, മോഹിച്ച്, കമ്പ്ലിറ്റ് പ്രശനങ്ങള്‍ക്കും പരിഹാരം കാണാമെന്നു കരുതി, കുട്ടി ചാക്കില്‍, വഴിപാടിനായുള്ള കാശും കൊണ്ട് അവിടെയെത്തുന്ന കപട ഭക്തന്മാര്‍ക്കാദ്യം പറ്റുന്ന പറ്റ്, ഏതു ചാത്തന്റെ അരികിലേക്കാണ് താന്‍ വന്നു എന്നുള്ളതാണ്. പറയുന്ന സ്റ്റോപ്പില്‍ നിന്നും പടിഞ്ഞാട്ടുപോയാല്‍ മൈല്‍കുറ്റി കുത്തി വച്ചിരിക്കുന്നതുപോലെ, ഇടക്കിടെ ചാത്തന്റെ അമ്പലങ്ങള്‍. എല്ലാം കണ്ണാടി. കണ്ണാടിയുടെ ഈ ലക്കത്തിലേക്ക് സ്വാഗതം ചെയ്യുവാന്‍ കമ്മീഷന്‍ ഏജന്റുമാരായി, റ്റാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍, ചായക്കടക്കാര്‍, മീന്‍ വില്‍ക്കുന്നവര്‍ തുടങ്ങി റോഡിലെ കലുങ്കിലിരുന്ന് കാജാ ബീഡി വലിക്കുന്നവര്‍ വരെ.

അങ്ങനത്തെ സിറ്റുവേഷനിലെത്തുമ്പോള്‍ ഭക്തജനങ്ങള്‍,

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ ചാത്താ, എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന പാട്ടും പാടി ചാത്തനെ മനസ്സില്‍ ധ്യാനിച്ച് വാക്ചാതുര്യം അതികം പ്രകടിപ്പിച്ച ഏജന്റിന്റെ കൂടെ അയാള്‍ നയിക്കുന്ന ചാത്തന്‍ മഠത്തിലേക്ക് ചെല്ലുന്നു.

ചുറ്റുവിളക്ക്, കുരുതി, തിറ വെള്ളാട്ട് തുടങ്ങിയ വഴിപാടുകള്‍ക്കുള്ള പണം ഭക്തരുടെ പോക്കറ്റിന്റെ കനം മനസ്സിലക്കി മഠാധിപതി കൈപറ്റുന്നു. പരിപാടികള്‍ക്കു ശേഷം എല്ലാം നടക്കും എന്ന ആത്മ വിശ്വാസത്തോടെ ഭക്തന്‍ സ്വന്തം വീട്ടിലേക്ക് മോഹന പ്രതീക്ഷകളോടെ പോകുമ്പോള്‍, ഇരയെ കൊണ്ടു വന്ന ഏജന്റിനു കമ്മീഷന്‍ കൊടുത്ത്, അവനെ അടുത്ത ഇരയേ പിടിക്കാനായ് പറഞ്ഞയിക്കുന്നു.

അതിന്നുശേഷം മഠാധിപതി, ഉമ്മറത്തിട്ടിരിക്കുന്ന ചാരുകസേരയിലേക്കിരുന്ന്, അരികില്‍ ടീപ്പോയിയില്‍ വച്ചിരീക്കുന്ന വെറ്റില താമ്പാളം തുറക്കുന്നു. രണ്ട് വെറ്റില വലം കയ്യാലെടുത്ത് ഇടം കയ്യില്‍ പിടിച്ച്, വലതു ചൂണ്ടു വിരലും, തള്ളവിരലും ചേര്‍ത്ത് പിടിച്ച്, അതിന്റെ ഞെട്ടി നുള്ളി കളഞ്ഞ്, നടു വിരലിനാല്‍ ഞരമ്പ് ഞരടി കളഞ്ഞ്, വാസന ചുണ്ണാമ്പു വെറ്റിലയില്‍ തേച്ച്, കളിയടക്കയും, കൂടാതെ വാസന സുപ്പാരിയും അതിലേക്കിട്ട്,പുകയില ഞട്ടൊന്നു മുറിച്ച് അതില്‍ വച്ച്, കൂട്ടി മടക്കി വായിലേക്ക് തിരുകി, ചാരുകസേരയിലേക്ക് ചാഞ്ഞു കിടന്ന് നെഞ്ചോട് ചേര്‍ന്നൊട്ടി കിടക്കുന്ന പത്തു പതിനഞ്ചുപവന്റെ സ്വര്‍ണ്ണ ചങ്ങലയില്‍ കിടക്കുന്ന ചാത്തന്റെ ലോക്കറ്റ് കണ്ണിലേക്ക് ചേര്‍ത്തുപിടിച്ച് ഒരാത്മഗതം “ ഈ വീടിന്റേയും,എന്റേയും, സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതന്‍ ശ്രീ കുട്ടി ചാത്തന്‍“. വിഷ്ണുമായേ നമഹ:

എന്തായാലും വിനോദേ, ചാത്തന്‍ വേണ്ട, വയറിളക്കാന്‍ വേറേയും വഴിയുണ്ട്. എന്തായാലും ആശയത്തിന്നു നന്ദി. ഒരു ദിവസത്തെ സമയം എനിക്കു തരൂ, പകരം കള്ളനോ, അഥവാ കള്ളിയേയോ, ഞാന്‍ നിങ്ങള്‍ക്ക് കണ്ടുപിടിച്ചു തരാം എന്ന് പറഞ്ഞപ്പോള്‍, എങ്ങിനെ, എന്നുള്ള ചോദ്യം പലരില്‍ നിന്നും വന്നപ്പോഴും, കാണാനുള്ള പൂരത്തിന്റെ സുഖം കേട്ടറിഞ്ഞാല്‍ കിട്ടില്ല എന്ന് മാത്രം പറഞ്ഞ് ലഞ്ച് സെക്ഷന്‍ അവിടെ അവസാനിപ്പിച്ചു.

അന്നു വൈകുന്നേരം ഓഫീസ് കഴിഞ്ഞ് പോകും വഴി ഞാന്‍, ലോകത്തില്‍ വച്ചേറ്റവും കൂടുതല്‍ തുകയ്ക്ക് കുതിരപന്തയം നടത്തുന്ന ദുബായിലെ, നാദില്‍ ഷിബ (എന്റെ ഓഫീസില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ അകലെ)റെയ്സ് കോഴ്സിലെ, സ്റ്റാബിളില്‍ വര്‍ക്കു ചെയ്യുന്ന എന്റെ സഹപാഠിയെ കാണാന്‍ ചെന്നു.

അവനേയും കൂട്ടി നാദില്‍ ഷിബായിലെ ബാറില്‍ ചെന്നിരുന്ന്‍ രണ്ട് ബിയറടിക്കുന്നതിന്നിടയില്‍ കാര്യം പറഞ്ഞപ്പോള്‍ ജമാല്‍ക്കോട്ടപോലെയുള്ള (വടക്കേ ഇന്ത്യയില്‍ മനുഷ്യന്നു വയറിളക്കാന്‍ തരുന്ന ഗുളിക), കുതിരകള്‍ക്ക് വയറിളക്കാന്‍ കൊടുക്കുന്ന അതേ പേരു തന്നെയുള്ള ഒരു ഗുളിക സംഘടിപ്പിച്ചു തരാം എന്നും പറഞ്ഞ്,സ്റ്റാബിളില്‍ കൊണ്ടുപോയി എനിക്കൊരു ഗുളിക തന്നു. ഇതിന്ന് മണവും, രുചിയും ഒന്നും ഇല്ലത്രേ!!

എന്തായാലും, ജമാല്‍ക്കോട്ടയും വാങ്ങി, വരുന്ന വഴിക്ക് രണ്ടു ലെബാന്‍ അപ്പും വാങ്ങി ഞാന്‍ എന്റെ വീട്ടിലെത്തി.

ലെബാനപ്പിന്റെ പായ്ക്കറ്റിന്റെ ഒരു വശം പതുക്കെ തുറന്ന്, ഞാന്‍ ജമാല്‍ക്കോട്ട അതിലേക്കിട്ടു, പിന്നെ കവര്‍ കൂട്ടിപിടിച്ച് നന്നായി ഇളക്കിയതിന്നു ശേഷം, പശ ഉപയോഗിച്ച് വീണ്ടും ഒട്ടിച്ചു. ശരിക്കും കമ്പനി പാക്കേജിങ് തന്നെ.

പിറ്റേന്ന് രാവിലെ പതിവിലും ഉഷാറോടെ ഞാന്‍ ഓഫീസിലെത്തി. ലഞ്ചുബോക്സും, ലബാനപ്പും ഫ്രിഡ്ജില്‍ വച്ചു. പിന്നെ കൂട്ടുകാരായ സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞു.

പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍! മണി പത്ത് കഴിഞ്ഞു, പതിന്നൊന്നു കഴിഞ്ഞു. ഇല്ലാ എന്റെ ലബാന്‍ അവിടെ തന്നെ ഉണ്ട്. ചീറ്റുമോ ചാത്താ? ഓരോ അരമണിക്കൂറിലും ഞാന്‍ ഫ്രിഡ്ജില്‍ പോയി നോക്കുമ്പോഴും, എന്റെ ലബാന്‍ അവിടെ തന്നെ ഉണ്ട്.

അതിന്നിടയില്‍ ഒരു പതിന്നൊന്നരക്ക് കമ്പനിയുടെ എം ഡി ഞങ്ങളെല്ലാവരേയും മീറ്റിങ്ങിന്നു വിളിച്ചു.

മീറ്റിങ്ങിന്നിടയില്‍ എം ഡി യുടെ പ്രഭാഷണം നടക്കുന്നതിന്നിടയില്‍ സ്വപ്ന എക്സ് ക്യൂസ് മി പറഞ്ഞ് , മീറ്റിങ്ങിന്നു പുറത്ത് പോയി.

ഒരു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ സ്വപ്ന വീണ്ടും തിരിച്ചെത്തി.

വീണ്ടു ഒരു പത്തു മിനിറ്റിനു കഴിഞ്ഞപ്പോള്‍ എക്സ് ക്യൂസ് മി - പുറത്തേക്ക്,

തിരിച്ചൊരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി

വീണ്ടു ഒരു എട്ടു മിനിറ്റിനു കഴിഞ്ഞപ്പോള്‍ എക്സ് ക്യൂസ് മി - പുറത്തേക്ക്,

തിരിച്ചൊരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി

വീണ്ടു ഒരു അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ എക്സ് ക്യൂസ് മി - പുറത്തേക്ക്,

മീറ്റിങ്ങിന്നിടയില്‍ ഇത്രയും ഇന്റര്‍വെല്‍ സ്വപ്ന എടുക്കാന്‍ കാരണം എന്തെന്ന് എം ഡി ചോദിച്ചപ്പോള്‍ കാര്യ കാരണ സഹിതം ഞങ്ങള്‍ വിവരിച്ചു.

തിരിച്ചൊരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ സ്വപ്ന തിരിച്ചെത്തി. പക്ഷെ സ്വപ്ന എത്തിയത് സ്വയമായി വന്നതല്ല, ചുമരില്‍ ചാരി നടക്കുന്നതു കണ്ട് അസിസ്റ്റന്റാ‍യ കീര്‍ത്തി താങ്ങി പിടിച്ചു കൊണ്ടു വന്നതായിരുന്നു.

എന്തായാലും, തിരിച്ചു വന്ന സ്വപ്നക്ക്, ലെബാന്‍ മോഷ്ടിക്കുന്ന ഒരു വീക്നെസ്സുണ്ടെന്ന് എം ഡി പബ്ലിക്കായി പറഞ്ഞതും, വീണ്ടും ഒരു എക്സ് ക്യൂസ് മി പറഞ്ഞു പോയ സ്വപ്നയേ ഞങ്ങള്‍ അതിന്നു ശേഷം ഇന്നിതുവരേയായി കണ്ടിട്ടില്ല.

29 comments:

കുറുമാന്‍ said...

ജമാല്‍ ക്കോട്ട.......

അവസാനത്തെ കഥ

ഇടിവാള്‍ said...

കുറുമാന്‍സേ..
ജമാല്‍ക്കോട്ട കൊള്ളാം.. പാവം സ്വപ്ന !

അരവിന്ദ് :: aravind said...

ഹ ഹ ഹ ഹ...
എന്നാലും പാവം !! ശ്ശോ കുതിര തന്നെ വേണാരുന്നോ ജീ? പട്ടി, പൂച്ച, താറാവ് ഇവയൊക്കെ മത്യാരുന്നു..പക്ഷേ കള്ളന്‍ ഇത്ര ‘നിസ്സാരന്‍’ ആണെന്ന് കരുതീലാരിക്കും ല്ലേ?
കഥ കലക്കി!!! :-))

അപ്പോ എന്താ അവസാനം എഴുത്യേക്കണേ? അവസാനത്തെ കഥയോ?
പല്ലു വേദന? വയറുവേദന? ജമാല്‍‌കോട്ട? എന്താണേലും ഞമക്ക് സോള്‍‌വ് ചെയ്യാ, ങ്ങള് കഥയെഴുത്ത് നിര്‍ത്തല്ലേ ജീ....

Ajith Krishnanunni said...

ഞാന്‍ കരുതി എം ഡി ആയിരിക്കുമെന്നു. പാവം വെറുതെ തെറ്റിദ്ധരിച്ചു ...
നന്നായി ആസ്‌ യൂഷ്വല്‍

Anonymous said...

യ്യൊ! പാവം സപ്നചേച്ചി..ശ്ശൊ! ഇത്രേം ചെയ്യണ്ടായിരുന്നുട്ടൊ.അവരു റിസൈന്‍ ചെയ്തൊ?

-B- said...

ഇദാരപ്പാ.. ഡിറ്റക്റ്റിവ് കുറുവോ? പാവം കോല്‍ക്കൊട്ട സ്വപ്നയുടെ കോട്ട മൊത്തം ഇളകി. ആ ജമാല്‍ കോട്ട കുറച്ച് കിട്ടാന്‍ വല്ല വഴിയുണ്ടോ? അതിന്റെ ആവശ്യമുള്ളവര്‍ ഇവിടെയുമുണ്ടേ..

അപ്പഴേ.. ഒരു സംശയം. ത്രിശൂര്‍ നിന്ന് ഇരിങ്ങാലക്കുട വഴി കൊടുങ്ങല്ലുര്‍ പോകുന്ന ബസ്സില്‍ കയറിയാല്‍ പെരിങ്ങോട്ടുകര ഇറങ്ങാന്‍ പറ്റുമോ? അതിനു ചേര്‍പ്പ്‌ വഴി ത്രിപ്രയാര്‍ പോകുന്ന ബസ്സില്‍ കേറണം.

പിന്നെ നമ്മുടെ കുട്ടിചാത്തന്റെ ഫാമിലി നാമം കാനാടി ആണ്. കണ്ണാടി നഹി.

ഞാനോ ഈ ചാത്തന്‍സോ തമ്മില്‍ ഒരു ബന്ധവുമില്ല കേട്ടോ.. നമ്മുടെ നാട്ടിലെ ഒരു ഗൊളാണ്ട്രന്‍ ഏര്‍പ്പാടായതു കൊണ്ട് ചുമ്മാ ഒന്ന്‌ പറഞ്ഞു പോയേക്കാം എന്നു വെച്ചു.

ബിന്ദു said...

ഇടയ്ക്കിടക്കെന്താ ഞാനിപ്പോ ആത്മഹത്യ ചെയ്യുവേ എന്നു പറഞ്ഞു പേടിപ്പിക്കുന്നതു പോലെ...
കുട്ടിയേടത്തി പറഞ്ഞതോര്‍മയുണ്ടല്ലോ അല്ലേ??
;-)

Unknown said...

കുറുനരീ... കലക്കി.
ക്ഷമിക്കണം. മേല്‍പ്പറഞ്ഞത് കുറൂ...നരീ.. എന്ന് തിരുത്തി വായിപ്പാന്‍ അപേക്ഷ!

അവസാനത്തെ കഥ ?

ഡാലി said...

ഈ കാനാടി ചാത്തന്‍ വിവരണം എപ്പടി സാധിച്ചു. സാധാരണ അവിടെ പോണവര്‍ ഇതൊക്കെ രഹസ്യായി വക്കും എന്നാണല്ലൊ കേട്ടിരിക്കണേ...
നല്ല flow.......

പണിക്കര്‍ said...

കുറുമാനേ തകര്‍ത്തു.
വിശദമായ പരിചയപ്പെടല്‍ പിന്നാലെ.
വഴിപോക്കാ ആ പറഞ്ഞത് ഉള്ളത് തന്നെ?

ഇടിവാള്‍ said...

കുറുജീ: ഓ:ടോ ക്ഷമിക്കൂ !

വഴിപോക്കാ...
അതു ലൈനടിച്ച്‌ ഓടിപ്പോയതാണെന്നു എനിക്കു തോന്നുന്നില്ല ! ആറ്റുകാല്‍ ബിസിയായകാരണം , ആര്‍ക്കെങ്കിലും വല്ല ഏലസ്സോ, ചരടോ കെട്ടിക്കൊടുക്കാന്‍ പോയതായിരിക്കും ! ;)

Vempally|വെമ്പള്ളി said...

കുറുംസെ, കുതിരക്കു കൊടുക്കുന്ന ഗുളികയടിച്ച സ്വപ്നേടെ സ്ഥിതി ആലോചിച്ചിട്ട് ചിരിയടക്കാന്‍ കഴിയുന്നില്ല.പാത്രം ചുരുങ്ങാനുള്ള ഗുളീകയടിച്ച വിശാലനെപ്പോലെ. ചാത്തന്‍ സേവാ വിവരണം കേട്ടിട്ട് അവിടെ പോയിട്ടുണ്ടെന്നു തോന്നുന്നല്ലോ:-) ഈ തട്ടിപ്പെല്ലാം മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയില്ലേ? ഓരോ ഓരൊ പേരും പറഞ്ഞ്! പിന്നെ ഇതൊന്നുമില്ലെങ്കില്‍ നമ്മളെപ്പോലെയുള്ള മലയാളീക്കെന്തു കഥയാണുള്ളത്, പറയാനും രസിക്കാനും!

Vempally|വെമ്പള്ളി said...

ആ, കുറുമാനെ ആ ഭീഷണി വേണ്ട കേട്ടൊ. ഷെര്‍ലക് ഹോംസെഴുതിയ കക്ഷി ഇതുപോലൊക്കെ പറഞ്ഞതാ, വായനക്കാരും കൂടി സമ്മതിക്കണ്ടെ?

സ്നേഹിതന്‍ said...

ഡയറ്റ് ചെയ്യാനുള്ള സ്വപ്നയുടെ സ്വപ്നങ്ങളെല്ലാം തകര്‍ത്തു അല്ലെ.
കൊള്ളാം കുറുമാനെ നന്നായിരിയ്ക്കുന്നു.
അടുത്ത കഥയുടെ പേരാണൊ 'അവസാനത്തെ കഥ' ?

Santhosh said...

കുറുമാനേ,

ജമാല്‍ക്കോട്ട വായിച്ചു. ചാത്തന്‍പുരാണം മറ്റൊരു പോസ്റ്റാക്കാമായിരുന്നില്ലേ എന്ന് ശങ്ക. അതുപോലെ ചിലയിടങ്ങളില്‍ ഏകാഗ്രതയില്ലായ്മ അനുഭവപ്പെട്ടു.

തമാശ രസിച്ചു. നാട്ടുകാരിയെ വഴിയാധാരമാക്കിയല്ലേ? :)

ഷാജുദീന്‍ said...

മഹാനുഭാവാ
മീറ്റീങ്ങിനിടയില്‍ ലബാന്‍ അപ് കൊണ്ടുവന്നെന്നും കുറുമാനാദി പ്രജകള്‍ അതു കുടിച്ചെന്നും തുടര്‍ന്ന് കുറുമാന്‍ മീറ്റീങ്ങിനിടയില്‍ പലവട്ടം എച്ചുസ്മീ പറഞ്ഞു പുറത്തേക്കോടിയെന്നും വായിക്കാന്‍ കാത്തിരുന്ന ഞാന്‍ മണ്ടന്‍.

Kalesh Kumar said...

അവസാനത്തെ കഥയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാ മതി. പ്രായത്തില്‍ മൂ‍ത്തതാണെന്നോ ഇന്റര്‍നെറ്റാന്നോ കമന്റാ‍ന്നോ ഒന്നും നോക്കില്ല. ഇടിച്ച് മോന്തേടെ ഷേപ്പ് ഞാന്‍ മാറ്റും കഥ എഴുത്ത് നിര്‍ത്തിയാല്‍...

അതിമോഹമാണ് മോനേ കുറുമേശാ....

യൂറോപ്പില്‍ പോണേനു മുന്‍പ് അടുത്ത റിലീസ് മര്യാദയ്ക്ക് പോ‍സ്റ്റ് ചെയ്തോണം.
ഓ.ക്കേ?

കലേഷ് ദാദ

വര്‍ണ്ണമേഘങ്ങള്‍ said...

കുറുമാനേ..

എന്റമ്മേ... ആദ്യത്തെ വരി വായിച്ച്‌,വായിച്ച്‌,വായിച്ച്‌...
തീര്‍ന്നപ്പോള്‍ എന്റെ ലെബാന്‍ അപ്പ്‌ പോയി.

ചുമ്മാതല്ല സ്വപ്ന മെലിഞ്ഞ്‌ ബ്യൂട്ടിയായത്‌...
ഇടയ്ക്കിടെയുള്ള 'എക്സ്‌ ക്യൂസ്മീ' തന്നെ.

Sreejith K. said...

കുറുമാനേട്ടാ കഥ കലക്കി. സപ്ന ബ്ലോഗ് വായിക്കില്ല എന്ന് പ്രതീക്ഷിക്കാം അല്ലേ.

കണ്ണാടി കുട്ടി ചാത്തനെ വിവരിച്ചത് ആവശ്യത്തിലും കൂടിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല.

കുറുമാന്‍ said...

ഇന്നലെ അവധിയെടുത്ത് കുടിയിലായതു (വീടെന്നു മാത്രം അര്‍ത്ഥം : കട് : കലേഷ്) കാരണം, പെട്ടെന്നെഴുതിയപോസ്റ്റാണിത്. പിന്നെ അവസാനത്തെ കഥ എന്നെഴുതിയതിനു മുന്‍പില്‍ യു എ യി ബൂലോഗ സംഗമത്തിന്നും, മറ്റുള്ളവരെ പരിചയപെടുന്നതിന്നും മുന്‍പായി അവസാനമായി എഴുതിയ കഥ എന്നു വായിക്കാന്‍ അപേക്ഷ. എല്ലാവരേയും പരിചയപെട്ടതിന്നു ശേഷം ഇതുപോലെ ഫ്രീയായി എഴുതാന്‍ പറ്റിയില്ലെങ്കിലൊ?

ഇടിവാളെ : താങ്ക്സ്

അരവിന്ദ് : നന്ദി. കുതിര കിട്ടാനായിരുന്നു എളുപ്പം. ഓഫീസ്സിന്റെ അടുത്തുമാണ് പരിചയക്കാരനും. നിര്‍ത്തില്ല ഞാന്‍.....നിങ്ങളില്ലാതെ എന്തു ജീവിതം?

അജിത്തേ : ശുക്രിയാ : എം ഡി ആയിരുന്നേല്‍ ഞാന്‍ ഇന്നിവിടെ ഇരുന്നെഴുതില്ലായിരുന്നു.

എല്‍ ജി : പാവം സ്വപ്ന... റിസൈന്‍ ചെയ്യുകയോ.....അന്യായ തൊലിക്കട്ടിയാ അവള്‍ക്ക്. ഇപ്പോഴും, ഞങ്ങളുടെ കൂടെ ലബാന്‍ അപ് കുടിക്കാതെ അവള്‍ ജോലി ചെയ്യുന്നു.

ബിരിയാണികുട്ടി : ജമാല്‍ കോട്ട വേണമെങ്കില്‍ എത്ര വേണമെങ്കിലും സംഘടിപ്പിക്കാം :)

പിന്നെ തൃശൂര്‍ നിന്നിരിങ്ങാലക്കുട വഴിക്ക് പോകുമ്പോള്‍, കരുവന്നൂര്‍ രാജാ ഓട്ടുകമ്പനിയുടെ മുന്‍പില്‍ ഇറങ്ങിയാല്‍ എളുപ്പം പെരിങ്ങോട്ടുകരയിലേക്ക് പോകാം എന്നാണെന്റെ അറിവ്. കാറളം വഴിയും, കരാഞ്ചിറ വഴിയും പോകാം.

കുട്ടിചാത്തന്റെ ഫാമിലി നാമം കാനാടി ആണെന്നറിയാഞ്ഞിട്ടല്ല ബിരിയാണി. കാനാടി ഷണ്മുഖന്‍, പത്മനാഭന്‍, വിഷ്ണു ഭാരതീയന്‍ എന്നൊക്കെ എഴുതിയാല്‍ അടി എപ്പോ വീണെന്നു ചോദിച്ചാല്‍ മതി. പോരാത്തതിന് പ്രൊഫൈലില്‍ ഫോട്ടോയും വച്ചിട്ടുണ്ട്. ഭാഷാവരത്തിലും, പോട്ടാ ധ്യാനകേന്രം, മുരിങ്ങൂര്‍ ധ്യാനകേന്ദ്രം എന്നൊന്നും വക്കാതെ ഒരു ബ്ലോഗറുടെ അടുത്തുള്ള ധ്യാനകേന്ദ്രം എന്നു വച്ചതും അതേ പേടിമൂലം തന്നെ.

ബിന്ദു അനുജത്തി : നന്ദി. ആദ്യത്തെ കഥകഴിഞ്ഞിട്ട് പതിനഞ്ചാമത്തെ കഥ.

ദില്‍ബ് അസുരന്‍ : താങ്ക്സ്.

ഡാലി : ഞാന്‍ കൊച്ചായിരുന്നപ്പോള്‍ ചാത്തന്‍ മഠത്തില്‍ ഒരു ബന്ധുവിന്റെ കൂടെ എന്റെ കസിന്‍ സിസ്റ്ററുടെ കല്യാണം ക്ഷണിക്കാന്‍ പോയിട്ടുള്ളത് മാത്രമാണ് എനിക്ക് ചാത്തന്‍ മഠവുമായുള്ള ബന്ധം.

വഴിപോക്കാ : നാനി. പിന്നെ ഈ ഏലസ്സും, മന്ത്രവും എല്ലാം തട്ടിപ്പാണെന്നാ എനിക്കു തോന്നുന്നത്. പക്ഷെ ആധികാരികമായി പറയാന്‍ ഞാനില്ല.

പണിക്കരെ : നന്ദി. പ്രശ്നമില്ല..പരിചയപെടാം.

വെമ്പള്ളിയേ : തിരക്കിന്നിടയിലും വന്ന് വായിച്ച് കമന്റിയതില്‍ സന്തോഷം.

നേഹിതനെ : നന്ദി. സ്വപ്ന ഒരു കഥാപാത്രമല്ല, ഒന്നൊന്നര കഥാപാത്രമാണ്. അവളുടെ ഫോട്ടോ ‍ സാക്ഷിക്ക് അയച്ചു കൊടുത്ത് വരപ്പിക്കാമോന്ന് നോക്കാം. അത് കണ്ടാല്‍ തന്നെ നിങ്ങള്‍ ചിരിക്കും.

സന്തോഷ്ജീ : നന്ദി.ചാത്തനും ലെബാനും രണ്ടാക്കാമെന്നായിരുന്നു ആദ്യ തീരുമാനം. പിന്നെ അതു മാറിപോയി......ഞാന്‍ പോലും അറിഞ്ഞില്ല.......ബെഗ്ഗിന്റെ കുഴപ്പമാ :)

ഷാജുദ്ദീനെ (സ്തുതിയായിരിക്കട്ടെ) : അയ്യോ ജമാല്‍കോട്ട ഞാന്‍ കുടിച്ചെന്നു കേള്‍ക്കാന്‍ കാത്തിരുന്ന ദുഷ്ടാ :) ദില്ലിയിലോ, യു പിയിലോ പോകുന്നുണ്ടെങ്കില്‍ ജമാല്‍ കോട്ട മെഡിക്കല്‍ സ്റ്റോറില്‍ വാങ്ങാന്‍ കിട്ടും (മനുഷ്യര്‍ക്ക് കഴിക്കാനുള്ളത്). അത് കഴിച്ചാല്‍ സ്റ്റോപ്പ് ചെയ്യണമെങ്കില്‍ വാഴപിണ്ടി തന്നെ വേണം.

കലേഷേ : നന്ദി. എന്നെ ഇടിക്കല്ലെ..ഞാന്‍ ഇനിയും എഴുതികുളമാക്കാമേ. നിങ്ങളെ ബോറടിപ്പിക്കാമേ.

വര്‍ണണമേഘമേ : നന്ദി....സ്വപ്നയുടെ ബ്യൂട്ടി ടിപ്സ് വേറേയുമുണ്ട്... പിന്നെ തരാം.

ശ്രീജിത്തേ : നന്ദി....കണ്ണാടിയുടെ വിശദവിവരങ്ങളിലേക്ക് അടുത്ത എപ്പിഡോസില്‍ പോകുന്നതായിരിക്കും.

ചില നേരത്ത്.. said...

കുറുമാനേ..
ജമാല്‍ കോട്ട രസകരമായി..അതിപ്രശസ്തരായ ചില സെലിബ്രിറ്റികള്‍ക്കും ചെറുമോഷണത്തിനൊക്കെ താല്പര്യം ഉള്ള ഒരു മാനസികരോഗമുണ്ടത്രെ.മുന്‍പ് ജെന്നിഫര്‍ കപ്രിയാറ്റിയെ ഒരു ജ്വല്ലറിയില്‍ നിന്ന് പിടിച്ച കഥ വായിച്ചിരുന്നു..ഈ സ്വപ്ന ഉള്ളത് തന്നേ?
ജമാല്‍കോട്ട ഖരാവസ്ഥയിലുള്ളതാണോ? ദ്രാവകമായിരുന്നേല്‍ സിറിഞ്ചിലാക്കി ലബനപ്പിലേക്ക് ഇഞ്ചെക്ട് ചെയ്താല്‍ മതിയാരുന്നു :)

Visala Manaskan said...

ഹഹ..ഇനി ലൈഫില്‍ സ്വപ്നേച്ചി ലെബന്‍ കുടിക്കില്ല..ല്ലേ!
ന്നാലും അക്രമായിട്ടാ!

K.V Manikantan said...

പ്രവേശനം ആരംഭിച്ചിരിക്കുന്നു:

കുറൂസ്‌ യൂണിവേഴ്സിറ്റി ഫോര്‍ തരികിട ട്രെയിനിംഗ്‌.
ഇരിഞ്ഞാലക്കുട

ബ്രാഞ്ച്‌: കരാമ സെന്റര്‍ (വെള്ളി ശനി മാത്രം)

ദേവന്‍ said...

ഇന്നലെ കുട്ടിക്കുറുമീടെ പിറന്നാളായിരുന്നു നാട്ടുകാരേ
ഈ പഹയന്‍ നമ്മളെ വിളിച്ച്‌ ഒന്നും തന്നില്ലാ എന്നത്‌ പോട്ടെ, ഒന്നറിയിച്ചതുപോലും നട്ട പാതിരാക്കാണേ.

myexperimentsandme said...

മുട്ടക്കാരി കുറുമാ, കുറുമാ

കുറുമയ്യാ, കുറുക്കുട്ടീ, കുറുമണീ, കുറുക്കുഞ്ഞേ, കുറവാനന്ദബലവിയാനന്ദസാഗരാ..

കുട്ടിക്കുറുമീടെ പിറന്നാളായിട്ട് മിണ്ടിയില്ലാ അല്ലേ.. :)

സാരമില്ല. പിറന്നാള്‍ ആശംസകള്‍.... ഇതങ്ങ് മറക്കാതെ കൊടുക്കണേ..

മുല്ലപ്പൂ said...

ദേവേട്ടാ..
സത്യമോ ഇതു...

കുറുമാനേ.. ഇതു ശരിയായില്ല മോനെ..

റിഷിക/ആവന്തിക ആരുടെ?...

പിറന്നാള്‍ ആശംസകള്‍....

(ഈ പോസ്റ്റ് വായിച്കും ഇല്ല.. :( )

Unknown said...

കുറുമാന്‍ പിറന്നാള്‍ സദ്യയ്ക്ക് ക്ഷണിക്കാഞ്ഞത് ശരിയായില്ല. ഇടിച്ച് കേറി വരാനൊരു പേടി. ജമാല്‍ക്കോട്ടയുടെ ബാക്കി ഇരുപ്പുണ്ടെങ്കിലോ?

മുല്ലപ്പൂ said...

"സ്റ്റാബിളില്‍ കൊണ്ടുപോയി എനിക്കൊരു ഗുളിക തന്നു. ഇതിന്ന് മണവും, രുചിയും ഒന്നും ഇല്ലത്രേ!!"

ഇതു വായിച്ചപ്പോള്‍ തുടങ്ങിയ ചിരിയാ.. ഇപ്പൊളും തീര്‍ന്നിട്ടില്ല.

ഇനിയും പോസ്റ്റുകള്‍ വായിക്കാന്‍ ബാക്കി..(പണി വന്നു വാതില്‍ക്കല്‍ ..)

[ nardnahc hsemus ] said...

ഹഹഹ