Monday, July 31, 2006

പാതാള കാഴ്ചകള്‍

രംഗം ഒന്ന്

പൂയ്, പൂയ്, ടോ, നില്‍ക്കടോ മാവേലീ അവിടെ. ഭീമസേനന്‍ വലിയവായില്‍ കൂകി വിളിച്ചു.

ഗതകാല സ്മരണകളില്‍ ലയിച്ച്, പരിസരം മറന്ന് കാലുകള്‍ വലിച്ച് വച്ച് ഓടുകയുമല്ല, നടക്കുകയുമല്ലാത്ത രീതിയില്‍ പോയിരുന്ന മാവേലിയുടെ കാലുകള്‍ ഭീമസേനന്റെ ഇടിവെട്ടുപോലുള്ള ശബ്ദം കേട്ടപ്പോള്‍ പൊടുന്നനെ നിന്നുപോയി.

മാവേലി തിരിഞ്ഞ് നോക്കി.

ഭീമസേനന്‍ നിലക്കടല കൊടിച്ചുകൊണ്ടതാ നടന്നു വരുന്നു.

എന്താ മാവേലീ തന്നെ ഈയിടേയായി ജിമ്മിലേക്കൊന്നും കാണുന്നില്ലല്ലോ?

എന്തു പറയ്യാനാ ഭീമാ, ഓണം അടുത്തില്ലെ? മാളോരെ കാണാന്‍ പാതാളം വഴി, ഭൂമിയില്‍ പോകണം. ഇങ്ങനെ മെലിഞ്ഞുണങ്ങിയിരുന്നാല്‍ ജനങ്ങള്‍ക്ക് എന്നെ കണ്ടാല്‍ തിരിച്ചറിയില്ല എന്നുമാത്രമല്ല, മാവേലിയാണെന്നു ഞാന്‍ പറഞ്ഞാല്‍ ആള്‍മാറാട്ടത്തിന്ന് കേസെടുത്തൂള്ളിലിട്ട് എന്റെ പരിപ്പിളക്കും. മാത്രമല്ല, പഴയതിലും ഉഷാറിലല്ലേ, ഈയിടേയായി കസ്റ്റഡി മരണം നടക്കുന്നത്. ആയതിനാല്‍, കേരളത്തില്‍ പോകുന്നതിന്നുമുന്‍പ് വയറുവീര്‍പ്പിക്കാനുള്ള തത്രപാടിലാണ്. വെറും വയറല്ല, നല്ല എണ്ണം പറഞ്ഞ കുടവയര്‍‍.

അല്ല മാവേലി, താനെന്താ പെണ്ണാണോ ടപ്പ്ന്നങ്ങനെ വയറു വീര്‍പ്പിക്കാന്‍?. അതിനൊക്കെ കുറേ മാസങ്ങള്‍ വേണ്ടേ?

വിദ്യാഭ്യാസമില്ലെങ്കിലും, വിവരം വേണംന്ന് പറയണത് വെറുതേയല്ല ഭീമാ. എനിക്ക് നിന്റെ പോലെ ആനയുടെ ശരീരമൊന്നും വേണ്ട. തലകുനിച്ച് നോക്ക്യാ, താഴെ സ്വന്തം ശരീരഭാഗങ്ങള്‍ കാണരുത്. അത്ര തന്നെ.

എന്നാലും, അത്രക്കും വയറെങ്ങിനെ വീര്‍പ്പിക്കും താന്‍?

ആ വഴിക്കാ ഞാന്‍ പോകുന്നത്. ദിവസം ഉച്ചക്കൊരു മൂന്ന്, കൂടിയാല്‍ നാല് പൈന്റ് ബീയര്‍. രാത്രിയില്‍ അത് നാലോ അഞ്ചോ ആകും പിന്നെ കഴിക്കാന്‍ ഉരുളകിഴങ്ങ് പുഴുങ്ങിയത്, ചക്കക്കുരു ചുട്ടത്, കെ എഫ് സി, അങ്ങനെ വായുകോപമുളവാക്കുന്നതും, വയറ് സ്തംഭിപ്പിക്കുന്നതായ ഭക്ഷണങ്ങള്‍ മാത്രം. പിടികിട്ട്യോ ഭീമാ തനിക്ക്?

ഒവ്വൊവ്വേ, പിടികിട്ടി.

ഭീമനും, മാവേലിയും വര്‍ത്തമാനം പറഞ്ഞുകൊണ്ടങ്ങനെ നടക്കുന്നതിന്നിടയില്‍ മാവേലിയുടെ പാദാരവിന്ദത്തില്‍ പൊടുന്നനെ ഒരസ്ത്രം വന്നു തറച്ചു നിന്നു.

അയ്യോ, മാവേലിയും, ഭീമനും ഒരൊറ്റ ചാട്ടം.

ഭീമനും, മാവേലിയും അമ്പരന്നുകൊണ്ട് തല തിരിച്ചന്യോന്യം നോക്കി. പിന്നെ തല കിഴക്കോട്ടും, പടിഞ്ഞാട്ടും, വടക്കോട്ടും തിരിച്ചു നോക്കി...ഇല്ല ആരേയും കാണാനില്ല. ഇതാരുടെ പണിയാവോ, പണ്ടാരം, മാവേലി പറഞ്ഞു.

പേടിക്കേണ്ടടോ, തെക്കുഭാഗത്തുനിന്നും വന്ന ശബ്ദം കേട്ട് രണ്ടു പേരും തിരിഞ്ഞു നോക്കി.

ദാ, ജീന്‍സും, ടീ ഷര്‍ട്ടുമിട്ട് ഇടം കയ്യില്‍ വില്ലും, വലം കയ്യിലമ്പുമായി, ദ്രോണാചാര്യര്‍ വരുന്നു. നീണ്ട താടി വളര്‍ന്നു പൊക്കിളോളമെത്തിയിരിക്കുന്നു. തല മൊട്ടയടിച്ചിരിക്കുകയാണ്. ഇടത്തേ കാതിലിട്ടിരിക്കുന്ന ഒരൊറ്റ കടുക്കന്‍, സൂര്യപ്രകാശത്തില്‍ വെട്ടി തിളങ്ങുന്നുണ്ട്.

ടോ തന്നോടിതെത്രം പ്രാവശ്യം പറഞ്ഞിരിക്കുന്നു, ഇങ്ങിനെ പഴയ കളികളൊന്നും കളിക്കരുതെന്ന്. ആ ഏകലവ്യനെ കണ്ട് പഠിക്ക്, അമ്പും വില്ലുമൊക്കെ പണ്ടേ തൂക്കി വിറ്റ്, പുതിയ ഒരു എ കെ 47 വാങ്ങി. ഇപ്പോ അതിലിട്ടാ കമ്പ്ലീറ്റ് അഭ്യാസം. ഉന്നം അണുകിട പോലും തെറ്റാതെ, സ്വന്തം റിസ്കിന്മേല്‍ ആരേലും ഒരാപ്പിള് തലയില്‍ വച്ച് നിന്നാല്‍, ഒരൊറ്റ വെടി, ആപ്പിള്‍ പീസ് പീസായി അപ്പുറത്ത് വച്ച പ്ലെയിറ്റില്‍ അടുക്കിവച്ച പോലെ വീഴും. ടച്ചിങ്ങിന്നു ബെസ്റ്റ്, മാവേലി തന്റെ അനുഭവം സാക്ഷ്യപെടുത്തി.

ങ്ഹാ, അവന്ന് പണ്ടേ പണ്ടാരമടങ്ങിയ ഉന്നമാ, അതല്ലെ ഞാന്‍ അവന്റെ പെരു വിരല്‍ മുറിച്ച് വാങ്ങിയത്. ദ്രോണാചാര്യര്‍ മൊഴിഞ്ഞു.

അവര്‍ മൂവരും വര്‍ത്തമാനം പറഞ്ഞു നടക്കുന്നതിന്നിടയില്‍ ഒരു ഈര്‍ക്കിലി കോര്‍മ്പയില്‍ ഫ്രെഷായി പിടിച്ച മീനും, ചൂണ്ടയുമായി അര്‍ജുനന്‍ എതിരേ നടന്നുവരുന്നത് കണ്ടു ഭീമന്‍ ചോദിച്ചു.

ഡാ അര്‍ജുനാ, ഇന്നെന്താ സ്പെഷ്യല്‍?

കുറച്ച് ബ്രാലും, കരിപ്പിടിയും കിട്ടിയിട്ടുണ്ട്. ബ്രാല് നല്ല കൊടമ്പുളിയിട്ട് കറിവെക്കാം, കരിപ്പിടി വറക്കാം.

ഉം ദ്രൌപതിയോട് പറയ്യ്, നല്ലോണം എരിവിട്ട് വക്കാന്‍, ഞാന്‍ സന്ധ്യാവുമ്പോഴേക്കും അങ്ങോട്ട് വരാം.

ഓ പള്ളീല്‍ പോയി പറഞാല്‍ മതി. ദ്രൌപതി അടുക്കളേ കേറീട്ട് മൂന്ന് നാളായി. അവള്‍ക്ക് കേറാന്‍ പാടില്ല്യ, തീണ്ടാരിയാ. അതിന്ന് ചേട്ടനെങ്ങിനെ അറിയാനാ, ഈയിടേയായി വീട്ടിലേക്ക് വരുന്നത് തന്നെ ആണ്ടിന്നും സംക്രാന്തിക്കുമല്ലെ? പൊറുതി മുഴുവന്‍ ആ രാക്ഷസ്സീടെ കൂടെ അല്ലെ. അര്‍ജുനന്‍ മുഖം കയറ്റിപിടിച്ചു.

പോട്ടഡാ കുഞ്ഞാ, ചേട്ടന്‍ വേഗം എത്താം എന്നും പറഞ്ഞ്, പോക്കറ്റീന്ന് ഒരു കഞ്ചാവുബീഡിയെടുത്ത് ഭീമന്‍ അര്‍ജുനന് നല്‍കി.

സന്തോഷത്താല്‍ അര്‍ജുനന്റെ മുഖം തിളങ്ങി. എന്നാ ശരി ചേട്ടാ, വൈകുന്നേരം കാണാംന്ന് പറഞ്ഞു അര്‍ജുനന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും ഭീമന്‍ വിളിച്ചു പറഞ്ഞു.

ദാ പിന്നേ, ഞാനാ ബീഡി തന്നേന്ന് യുധീഷ്ടരേട്ടന്‍ അറിയണ്ടാട്ടോ, പിന്നെ ഓരോ പുക, നകൂന്നും, സഹൂന്നും കൊടുത്തോ. നല്ല നീല ചടയനാ.

രംഗം രണ്ട്.

മാവേലിയും, ഭീമസേനനും, ദ്രോണാചാര്യരും പാതാളത്തിലെ ബാറിലരുന്ന് ബീയറടിക്കുന്നു.
സ്റ്റേജില്‍ സില്‍ക്കു സ്മിതയും, സൌന്ദര്യയും, ഖജരാരേ, ഖജരാരെ, തൂം ആരേ ആരേ നൈനാ എന്ന പാട്ടിന്നൊത്ത് ചുവടുവെച്ച് നൃത്തം ചെയ്യുന്നു.

മാവേല്യേ, താന്‍ യോഗം ചെയ്തവനാണടോ, തനിക്ക് വര്‍ഷത്തില്‍ പതിനൊന്നു മാസമെങ്കിലും, പാതാളത്തിലിരിക്കാന്‍ അവസരം കിട്ടുന്നുണ്ടല്ലോ? എന്താ രസം? ഞങ്ങളുടെ കാര്യം അതുപോലേയാണോ? ദ്രോണരും, ഭീമനും ഒരേ ശബ്ദത്തില്‍ മൊഴിഞ്ഞു.

എന്നും ആ രംഭേം, മേനകേം, തിലോത്തമേം, ശരീരം ഏതാണ്ട് മുഴുവന്‍ മറക്കണ വസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യണ കണ്ടാല്‍ തന്നെ കുടിച്ചുകൊണ്ടിരിക്കുന്ന സുര ഗ്ലാസ്സെടുത്ത്, മോന്തേമ്മെ എറിയാന്‍ തോന്നും. അശ്രീകരങ്ങള്. ഒന്നിന്നും ഒരു ആത്മാര്‍ത്ഥതയുമില്ല ചെയ്യുന്ന തൊഴിലിന്നോട്!

പാതാളത്തിലേക്കാണെങ്കില്‍ ദേവലോക വാസികള്‍ക്ക് ഒരു വിസ കിട്ടാന്‍ എന്താ പാട്. അഥവാ കിട്ടിയാല്‍ തന്നെ, മേക്സിമം ഒരു മാസത്തെ സിങ്കിള്‍ എന്റ്ട്രി വിസയും. വി ഐ പിയായ, വാമനനും, ഇന്ദ്രനും, പെര്‍മനന്റ് വിസയാ‍യ കാരണം തോന്നുമ്പോള്‍ പൊകുകയും, വരികയും ചെയ്യാം. ന്ഹാ, കലികാലം, കലികാലം. ഭീമന്‍ ഉവാച!

രംഗം മൂന്ന്

ബാറില്‍ നിന്നിറങ്ങി വേച്ച് വേച്ച് നടന്നു വരുന്ന മാവേലിയും, ദ്രോണരും, ഭീമസേനനും........
മൂന്നും കൂടിയ കവലയിലെ കലുങ്കിലിരുന്ന് കഞ്ചാവു ബീഡു പുകച്ച് നാട്ടുവര്‍ത്തമാനം പറയാന്‍ തുടങ്ങിയതും, ഒരു പുലി അലറിപാഞ്ഞു വരുന്നു. പുറത്ത് മണികണ്ഠനുമിരിപ്പുണ്ട്.

കലുങ്കിന്നരുകില്‍, ബ്രേക്കിട്ട് പുലിപ്പുറത്തിരുന്നുകൊണ്ട് തന്നെ മണികണ്ഠന്‍ ചോദിച്ചു, എന്താ സ്വാമിമാരെ നേരം പോയ നേരത്ത് വീട്ടില്‍ പോകാതെ ഇവിടിരുന്ന് കഞ്ചനടിക്കണേ?

വീട്ടില്‍ പോയിട്ടെന്തു ചെയ്യനാ സ്വാമീ? മനസ്സമാധാനം കിട്ടാന്‍ ബെസ്റ്റിതു തന്നെ.

തന്നെ, തന്നെ.

അല്ലാ, സ്വാമിയെന്താ ഈ വഴി. ദ്രോണര്‍ ചോദിച്ചൂ.

ഒന്നും പറയേണ്ട ആചാര്യോ. കഴിഞ്ഞ മാസം, ആ ജയമാലേം, കൂട്ടരും കൂടി എന്നെ തൊട്ടൂ പിടിച്ചൂന്നും പറഞ്ഞ് ആകെ പൊല്ലാപ്പാക്കി. ഒക്കെ പ്രി പ്ലാന്‍ഡാ. ഞാന്‍ ഒന്നും അറിഞ്ഞില്ല, കേട്ടില്ലാന്നും നടിച്ച്, ഇരുന്ന ഇരിപ്പില്‍ നിന്നനങ്ങിയില്ല.

ഇതെല്ലാം കേട്ടി, മുട്യേം കെട്ടിവച്ച്, മാളികപ്പുറത്തിന്നവള് വന്നൂ. എന്തായിരുന്നു ആ വരവ്? കണ്ണില്‍ നിന്നും തീപ്പൊരി പാറുകയായിരുന്നു. വെട്ടുകൊള്ളാഞ്ഞത് ഭാഗ്യം. ഒരു വിധം ഞാന്‍ അവളെ പറഞ്ഞ് മനസ്സിലാക്കി. അങ്ങനെ പ്രശ്നമൊക്കെ ഒന്നൊതുങ്ങിയതായിരുന്നു.

ഇപ്പോള്‍ കണ്ടില്ലെ, നേരാം വണ്ണം തന്ത്രം അറിയാവുന്ന മുന്‍ തലമുറക്കാരായ തന്ത്രിമാരുടെ രീതി പിന്തുടരാതെ, കണ്ടില്ലേ, ആ അണ്ടരര് അടകോടരര് എന്താ ചെയ്തു കൂട്ട്യേന്ന്.

ബ്രഹ്മചാരിയായ ഞാന്‍ എന്റെ കണ്ട്രോള്‍ വിട്ടുപോകുന്നതിന്നും മുന്‍പ്, എന്റെ പുല്യേം കൂടി ഇങ്ങോട്ട് പോന്നു. ഇനി രണ്ടിലൊന്നറിയാതെ ഞാന്‍ അങ്ങോട്ടില്ല.

മണികണ്ഠന്‍ പുലിപുറത്ത് നിന്നിറങ്ങി അവരുടെ കൂടേ കലുങ്കേല്‍ ഇരുന്നു. ദ്രോണര്‍ ഒരു നിറബീഡി മണികണ്ഠനും നല്‍കി.


രംഗം നാല്

നട്ടപാതിര നേരത്ത് കിടപ്പുമുറിയാകെ പ്രകാശപൂരിതമാക്കികൊണ്ട് എന്റെ മോണിറ്റര്‍ ഓണായി. കുറുമിയും, കുറുമികുട്ടികളും അഗാധമായ നിദ്രയിലായതുകാരണം, തലവഴി കമ്പിളി മൂടാതെ തന്നെ സധൈര്യം മേല്‍ എഴുതിയ മൂന്നു രംഗങ്ങളും എഴുതുകയായിരുന്നു.

ഏ സിയുടെ ഗര്‍ ശബ്ദത്തിന്നിടയിലും, ടക്, ടക്, ടക് എന്ന കീ ബോര്‍ഡില്‍ വിരല്‍ പതിയുന്ന ശബ്ദം മുറിയില്‍ മുഴങ്ങി കൊണ്ടിരുന്നു.

പൊടുന്നനെ എ സിയുടേയും, കീബോര്‍ഡില്‍ റ്റൈപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തേയും, നിര്‍വീര്യമാക്കികൊണ്ട്, കുട്ടികുറുമി ഉറക്കമുണര്‍ന്ന് വലിയവായില്‍ നിലവിളി തുടങ്ങി.

ഗാഢനിദ്രയ്ക്കു ഭംഗം വന്നതില്‍ അസ്വസ്ഥയായി, കുട്ടികുറുമിക്കുള്ള പാലെടുക്കാന്‍, കുറുമി എഴുന്നേറ്റപ്പോള്‍ കണ്ടത്, സ്വയം മറന്ന് ഞാന്‍ കീബോഡില്‍ കൊട്ടികൊണ്ടിരിക്കുന്നതാണ്.

ശേഷം ചിന്ത്യം.

32 comments:

കുറുമാന്‍ said...

പാതാള കാഴ്ചകള്‍ -

മാളോരെ, ബൂലോഗരെ, വെറുതെ ഇരുന്ന് അല്ല കിടന്ന് ബോറഡിച്ചപ്പോള്‍, എന്നാ നിങ്ങളേം ബോറഡിപ്പിക്കാംന്ന് കരുതി എഴുതിയതാണ്.

Rasheed Chalil said...

കുറുജീ ഇത് കലക്കി...

ബോയിംഗ് ബൊയിംഗില്‍ ജഗതി എഴുതിയ ആധുനികം അറിയാതെ ഓര്‍ത്തു..

ഇടിവാള്‍ said...

ഓഹോ/..
ഇപ്പോള്‍ ബ്ലോഗില്‍ സ്വപ്നങ്ങളുടെ വസന്ത കാലമാണല്ലോ..

ഞാനോര്‍ത്തു, ദെന്താ ഈ കുറുമയ്യന്‍, ലൈന്‍ മാറ്റിച്ചവിട്ടുന്നേയെന്ന്!

നന്നായി ഗെഡി... പക്ഷേ, ഒരു ചെറിയ മിസ്റ്റേക്കുണ്ട്‌ കേട്ടോ...

==========================
രംഗം-2
വാമനനും, ഭീമസേനനും, ദ്രോണാചാര്യരും പാതാളത്തിലെ ബാറിലരുന്ന് ബീയറടിക്കുന്നു.

രംഗം 3
ബാറില്‍ നിന്നിറങ്ങി വേച്ച് വേച്ച് നടന്നു വരുന്ന മാവേലിയും, ദ്രോണരും, ഭീമസേനനും..
=============================

ബാറിലിരുന്നു രണ്ടു ബിയറടിച്ചപ്പോഴേക്കും, വാമനനെ താങ്കള്‍ മാവേലിയാക്കി അല്ലേ !

ഇതിപ്പോ, ആരു ബിയറടിച്ചു എന്നതാണ്‌ കണ്‍ഫിയൂഷന്‍ !

sreeshanthan said...

സത്യം പരയണം ...എവിടുന്നാ കഞചാവു കിട്ടിയതു?
നാ‍ണം മാനം എന്ന കാര്യങ്ങള്‍ ഒന്നുമില്ലെ കുറുമാനെ?

കഞ്ചവു അടിക്കാതെ ഇദു എഴുതാന്‍ പറ്റില്ലാ‍ാ..

പ്ലീസ്സ്.. എവിടുന്നാ കിട്ടിയതു? എനിക്കു കൂടെ ഒന്നു പറഞ്ജു താ‍ാ..
ഹി ഹിഹി ഹി ഹി ഹിഹ്

എന്തായാലും ഗംഭീരം.
കലക്കി.

Raghavan P K said...

കൊള്ളാം.....ഭാവന......!

പി കെ രാഘവന്‍

Sreejith K. said...

ഈന്റമ്മോ, എന്തൊരു ഭാവന. കുറുജീ, കലക്കി. കിടിലന്‍ എന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും.

വല്യമ്മായി said...

നന്നായിട്ടുണ്ട്,ഇനിയും എഴുതൂ

സു | Su said...

അപ്പോ കുറുമാനും സ്വപ്നം കാണാന്‍ തുടങ്ങി അല്ലേ ;)

അഭയാര്‍ത്ഥി said...

ബൂലോഗത്തില്‍ ഒരിടത്ത്‌ പട്ടിണി മറ്റൊരിടത്ത്‌ സമ്പന്നതയുടെ മടുപ്പ്‌.

കുറുമാനെ നോക്കു. കുറുമാന്റെ പെരുവിരല്‍ ദക്ഷിണയായ്‌ ഒരു ദ്രോണരും ചോദിക്കാത്തതെന്ത്‌. ആശയങ്ങളും പരീക്ഷണങ്ങളും എല്ലാം സമന്വയിപ്പിക്കുന്നു ഇയാള്‍.

ആശയ ദാരിദ്ര്യം മൂലം പട്ടിണിയിലായവരെ - നിങ്ങള്‍ക്കു നഷ്ടപ്പെടുവാന്‍ വിലങ്ങന്‍ ചിന്ത്കള്‍ , കിട്ടാനുള്ളത്‌ പുതിയൊരു ലോകം പുതിയൊരു ലോകം.

സ്വയം ഒരേരീതിയില്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ മടുപ്പ്‌ വരുന്നു. അങ്ങിനെ മടുപ്പു വരുമ്പോള്‍ ഒരു മൗനത്തിലേക്കു പോവുക. അല്‍പം മടുപ്പില്ലാത്ത ഒരു മാര്‍ഗത്തെക്കുറിച്ചാലോചിക്കുക. പൊടുന്നനെ അവള്‍ വരും. കനകചിലങ്ക അണിഞ്ഞ്‌ കാഞ്ചന കാഞ്ചിയുമായ്‌. അപ്പോള്‍ എഴുതുക.

ദേവഗുരുവിന്റേയും വഴിമാറ്റം നോക്കുക. ഇതിനല്ലേ നാം ക്രിയാത്മകത എന്നു വിളിക്കുന്നത്‌.

എന്തായലും ദേവലോകത്തിലെ (കോട്ടയത്തെ അല്ല) പൊറുതി അവസാനിപ്പിച്ചു അല്‍പം പാതാള വാസം ഒളിവില്‍. വീണ്ടും ഭൂലോഗത്തില്‍. ആശയ ദരിദ്ര്യോത്കട ദുഖം പോയ്മറയും ഇല്ലതിനൊരു സംശയം മേ.

കുറുമാനഭിനന്ദനങ്ങള്‍.

അരവിന്ദ് :: aravind said...

ഓ കുറൂജീ..
എനിക്കിതത്ര ബോധിച്ചില്ല..
കുറുജി കുറുജിയുടെ പാസ്റ്റ് വിക്രസ്സുകള്‍ അവതരിപ്പിക്കുന്നതാണ് ബെസ്റ്റ്...

ചുമ്മാ കഥാ വിഷയം ആലോചിച്ചു കൂട്ടി സമയം കളയാണ്ട് പണ്ടത്തെ കഥകളൊക്കെ അതുപോലെ അങ്ങ് എഴുത് കുറൂജീ..
ഞാനൊന്ന് ചിരിക്കട്ടെ...
:-))

ആനക്കൂടന്‍ said...

ഞാന്‍ അതി ശക്തമായി പ്രതിഷേധിക്കുന്നു. കുറുമാന്‍ ഇത്തരം ഒരു സ്വപ്നം കാണാന്‍ ഇടയായതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്.

ഷാജുദീന്‍ said...

മഹാനുഭാവാ
ബിയറിനും പൈന്റോ?
എന്റെ സംശയം ഇനി കള്ളിഷ്ടപ്പെടുന്ന ദൈവമായ മുത്തപ്പനോടു ചോദിക്കാം

Unknown said...

നല്ല നീല ചടയനാ
അനുഭവം ഗുരു?

അരവിന്ദനെ ഞാന്‍ പിന്താങ്ങുന്നു. പക്ഷേ ആധുനികനും എനിക്ക് രസിച്ചു.

asdfasdf asfdasdf said...

പോരട്ടേ പോരട്ടേ ഒരു ഓണപ്പതിപ്പിനുള്ള കോളുണ്ട്...

Mubarak Merchant said...

സുലൈമാനേ, അന്റെ കത ഞമ്മക്കിസ്റ്റപ്പെട്ടു.
16-ആം തിയതി നാട്ടില് ബരുമ്പൊ ഞമ്മള് പറഞ്ഞ സാതനം മറക്കാതെ കൊണ്ടന്നില്ലങ്കി ഞമ്മളിനി അന്നോട് മുണ്‍ദൂല്ലാ.
c o g n a c

മലയാളം 4 U said...

"വിദ്യാഭ്യാസമില്ലെങ്കിലും, വിവരം വേണംന്ന് പറയണത് വെറുതേയല്ല ഭീമാ. എനിക്ക് നിന്റെ പോലെ ആനയുടെ ശരീരമൊന്നും വേണ്ട. തലകുനിച്ച് നോക്ക്യാ, താഴെ സ്വന്തം ശരീരഭാഗങ്ങള്‍ കാണരുത്. അത്ര തന്നെ." :)

പക്ഷെ ഇത്തരം കുടവയറ് പ്രശ്നങ്ങളുമുണ്ടാക്കും. സ്വതവേ മറവിക്കാരനായിരുന്ന എന്റെ വല്ല്യ്യപ്പൂപ്പന്‍ ജീവിച്ചിരുന്ന കാലത്ത് ഡബിള് മുണ്ടിനടിയില്‍ വീട്ടിലുടുത്ത മുണ്ടുമായി ചന്തയില്‍ പോയെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു പക്ഷെ കൊടവയറില്ലായിരുന്നില്ലെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നില്ലല്ലൊ:)

കുറുമാന്‍ said...

പാതാളത്തില്‍ വരുവാന്‍ ധൈര്യം കാണിച്ച, എല്ലാവര്‍ക്കും, ഓരോ അമ്പ് മാല.

ചാക്കോച്ചി : നന്ദി, തെറ്റായിരുന്നു വാമനന്‍ വന്നത്......തിരിച്ചു വിട്ടു

ഇത്തിരിവെട്ടമേ : നന്ദി.

ഇടിവാളേ : നന്ദി.....തിരുത്തിയതിന്നു വേറേം ഒരു നന്ദി......അപ്പോ തന്നെ തിരുത്തി.....പറഞ്ഞില്ലെ എപ്പോഴാണ് എഴുതിയതെന്ന്. അതിന്റെ നാലാം രംഗംത്തിന്നു ശേഷം ഉണ്ടായത് അറിഞ്ഞാല്‍ ഞെട്ടും


ശ്രീശാന്തെ : കഞ്ചാവു പോയിട്ട് ബീഡി കിട്ടാനില്ല മാഷെ (സണ്‍ റൈസില്‍ കിട്ടും ബീഡി, പക്ഷെ വലിക്കാറില്ല)

രാഘവേട്ടോ : നന്ദി

ശ്രീജിത്തേ : നന്ദി, ഒരുപാടുണ്ട്.

വല്ല്യമ്മായീ : താങ്ക്സ്...ഇനിയും എഴുതാന്‍ ശ്രമിക്കാം, പക്ഷെ നാട്ടില്‍ പോകാറായല്ലോ.....ടച്ച് വിട്ടാല്‍ തിരിച്ചു പിടിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാവ്വോ എന്തോ.

സൂ : നന്ദി......ഇത് ഉറക്കത്തില്‍ കണ്ട സ്വപ്നമല്ലായിരുന്നു.......വെറുതെ ഉണര്‍ന്നിരുന്നുണ്ടാക്കിയതാ

ഗന്ധര്‍വ്വരേ : നന്ദി. താങ്കളുടെ വാക്കുകള്‍ എന്നും പ്രചോദകരമാണ് (സ്പൈല്ലിങ്?)

അരവിന്ദേ : പെരുത്ത് താങ്ക്സ്. ഇനി അതന്നെ, പഴയ വിക്രസ്സ് തന്നെ ശരണം. ബോറടിച്ചപ്പോള്‍ ഒന്നു മാറ്റി ചവിട്ടിയതല്ലെ.....പഴയ വിക്രസ്സുകള്‍ ഒരു ആറുമാസത്തേക്കു കൂടി എഴുതാനുള്ളതുണ്ട്. വിശാലനും പറഞ്ഞതാ അതു മതീ, അതു മതീന്ന്...പക്ഷെ ഞാന്‍ കേട്ടില്ല....ഒരു നന്ദിയും പിന്നെ ഒരു ടെക്കിലായും....ദാ ഉപ്പും ലെമണും.

ആനക്കൂടാ......താങ്ക്സ്.....ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെങ്കില്‍, 12 മുതല്‍ സെപ്റ്റമ്പര്‍ 9 വരെ, തൃശൂരിലെവിടേയും, കോയമ്പത്തൂരിലും അവൈലബിള്‍ :)

ഷാജുദീന്‍ ഭായി : നന്ദി. യെസ്....ബീയറിന്നും പൈന്റുണ്ട്. ചില സ്ഥലത്ത് പൈന്റ് ബീയര്‍ എന്നും, ചിലയിടത്ത് ഡ്രാഫ്റ്റ് ബിയര്‍ എന്നും പറയും.....ഒരു കുടികാരന്റെ ജല്പന്നങ്ങളാണെ.......തെറ്റാന്‍ വഴിയില്ല.

ദില്‍ബാസുരോ : ശുക്രിയാ ആപ് കാ ദില്‍ കേലിയേ. നീല ചടയന്‍ മൂന്നാറ്, കുമളി, തേന്നി, കമ്പം ഭാഗത്ത് ഇഷ്ടം പോലെ അലഭ്യ ലഭ്യ ശ്രീ.

കുട്ടമ്മേന്നേ : നന്ദി. ഓണപതിപ്പില്ലെങ്കിലും, ഒരു സംക്രാന്തികോളെങ്കിലും ഒപ്പിക്കണ്ടെ...... പേരിന്നായി വീത് വയ്ക്കാന്‍ :)

ഇക്കാസേ : നന്ദി...16നല്ല....12ന്നു......മൊത്തം ക്വാട്ട ബുക്കിയിരിക്കുകയാ, ബന്ധുക്കളും, ശത്രുക്കളും, ചങ്ങായിമാരും, എന്നിരുന്നാലും, നിങ്ങള്‍ പറഞ്ഞാല്‍ ഒരരക്കൈ നോക്കാം....ഏത് കോണിയാക്കാണു വേണ്ടത്?

മലയാളം 4 യു : കുടവയറൊരു രസമാണ് മാഷെ., പ്രത്യേകിച്ചും അതൊന്നും മാറ്റാന്‍ പറ്റില്ല്യാന്ന് വരുമ്പോള്‍, എനിക്ക് തന്നെ കുനിഞ്ഞു നോക്ക്യാല്‍ താഴെയുള്ളതൊന്നും കാണില്ല :)

അപ്പോ ഒരിക്കല്‍ കൂടി എല്ലാവരോടും നന്ദി പറയുന്നു. ഇനിയുള്ള പത്തു ദിവസത്തിന്നുള്ളില്‍ എഴുതാന്‍ സമയം കിട്ടാനോ, കിട്ടാതിരിക്കാനോ സാധ്യതയുണ്ട്........കിട്ടിയാല്‍ പിന്നേം എഴുതാം, കിട്ടിയില്ലേല്‍ പിന്നെ ഒക്റ്റോബറില്‍ പാര്‍ക്കലാം.

Kumar Neelakandan © (Kumar NM) said...

ബോയിങ് ബോയിങ് എന്ന സിനിമയില്‍ കാഥാകൃത്തായ ജഗതി കഞ്ചാവ് അടിച്ചെഴുതിയ കഥ ഓര്‍മ്മ വരുന്നു..
“ഭീമനും ദുര്യോധനനും ബീഡിവലിച്ചു.. അവര്‍ സീതയുടെ മാറുപിളര്‍ന്ന് രക്തം കുടിച്ചു.. അവന്‍ അവളോട് ചോദിച്ചു നീ ഇനിയും വരില്ലേ നിന്റെ ആനകളേയും തെളിച്ചുകൊണ്ട്?..”

മഹാബലിയും ഭീമനും ഒക്കെ കൂടി ചേരുന്നത് കാണുമ്പോള്‍ എനിക്ക് ഭീമനും ദുര്യോധനനും കൂടി ‘സീതയുടെ’ മാറുപിളര്‍ക്കുന്നതാണ് ഓര്‍മ്മ വന്നത്.

K.V Manikantan said...

>ഭീമനും, മാവേലിയും അമ്പരന്നുകൊണ്ട് തല തിരിച്ചന്യോന്യം നോക്കി. പിന്നെ തല കിഴക്കോട്ടും, പടിഞ്ഞാട്ടും, വടക്കോട്ടും തിരിച്ചു നോക്കി...ഇല്ല ആരേയും കാണാനില്ല. ഇതാരുടെ പണിയാവോ, പണ്ടാരം, മാവേലി പറഞ്ഞു.

>നീണ്ട താടി വളര്‍ന്നു പൊക്കിളോളമെത്തിയിരിക്കുന്നു. തല മൊട്ടയടിച്ചിരിക്കുകയാണ്.

>ദാ പിന്നേ, ഞാനാ ബീഡി തന്നേന്ന് യുധീഷ്ടരേട്ടന്‍ അറിയണ്ടാട്ടോ, പിന്നെ ഓരോ പുക, നകൂന്നും, സഹൂന്നും കൊടുത്തോ. നല്ല നീല ചടയനാ.

കുറുമി മോണിറ്ററിലേക്ക്‌ ടൈം പീസ്‌ എടുത്തെറിഞ്ഞെങ്കിലെന്താ...... മുകളില്‍ കാണിച്ച മൂന്ന് വാചകങ്ങളുടെ സൃഷ്ടാവല്ലേ കുറൂ.....

മംഗളം ഭവന്തു,

ഇതിന്റെ ബാക്കി രംഗങ്ങള്‍ കൂടി എഴുതൂ.....

സ്നേഹിതന്‍ said...

കുറുമാന്‍ അന്നത്തെ ദിവസ്സം മുഴുവന്‍ കാലുയര്‍ത്തി ചവുട്ടിയാണൊ നടന്നിരുന്നത് ? :) :)

പാതിരായ്ക്ക് ചിന്തിച്ചാല്‍ പാതാളത്തിലെത്താം അല്ലെ.
പാതാള കാഴ്ചകള്‍ ചിരിപ്പിച്ചു.

വര്‍ണ്ണമേഘങ്ങള്‍ said...

"പോട്ടഡാ കുഞ്ഞാ, ചേട്ടന്‍ വേഗം എത്താം എന്നും പറഞ്ഞ്, പോക്കറ്റീന്ന് ഒരു കഞ്ചാവുബീഡിയെടുത്ത് ഭീമന്‍ അര്‍ജുനന് നല്‍കി."
"അണ്ടരര്‌ അടകോടര്‌"

ചിരിക്കന്‍ മേലാ കുറൂ..!

മനൂ‍ .:|:. Manoo said...

കുറുമാനേ, അദ്യഭാഗങ്ങള്‍ അന്നു പറഞ്ഞപ്പോള്‍ അല്‍പ്പം കൂടി തകര്‍പ്പന്‍ ഒരു പോസ്റ്റാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌.

കുറുമി ആ 'അസമയത്ത്‌' ഉണര്‍ന്നില്ലയിരുന്നെങ്കില്‍ ഇതിന്റെ മുഴുവന്‍ രൂപം ഞങ്ങള്‍ക്കു വായിക്കാനായേനെ, അല്ലേ?

:(

മുസാഫിര്‍ said...

നന്നായി കുറുമാന്‍ ജി,ഇടക്കൊരു മാറ്റം നല്ലതാണ്.എന്നും റ്റെക്കില കഴിക്കാതെ ഇടക്കൊക്കെ
വാനില വോട്കയും,ബെയ്‌ലീസ് ക്രീമും ഒക്കെ കഴിക്കുന്ന പോലെ.

ലുട്ടാപ്പി !!! said...

കുറുമാഞ്ചേട്ടാ..

ചേട്ടായിയുടെ റെഗുലര്‍ പിക്കപ്പ്‌ ഇതിനില്ല കേട്ടോ .

ഇതുപോലൊന്നു കഴിഞ്ഞ ഓണം "ഹാസ്യകൈരളിയില്‍" വന്നിരുന്നു.

അരവിന്ദന്‍ പറഞ്ഞപോലേ പഴയ വിക്രസുകള്‍ എഴുതുന്നതാവും ഭംഗി.

Adithyan said...

"..ഒരു ഈര്‍ക്കിലി കോര്‍മ്പയില്‍ ഫ്രെഷായി പിടിച്ച മീനും, ചൂണ്ടയുമായി അര്‍ജുനന്‍ "

കുറുമേന്‍നേ കലക്കന്‍.. എനിക്കിഷ്ടപ്പെട്ടു... പോരട്ടെ ഇങ്ങനെ ഓരോന്നും...

ഈ ഭാവനയുടെ മുന്നില്‍ നമിയ്ക്കുന്നു... :)

ബിന്ദു said...

കുറൂ... എഴുതിയതൊക്കെ നന്നായിട്ടുണ്ട്‌. ആശയവും കൊള്ളാം.

ദിവാസ്വപ്നം said...

കുറുമാന്‍ ഭായീ.. ഷെമി. തിരക്കായിപ്പോയി. നീളം കൂടുതലുള്ളതുകൊണ്ട് ഭായിയുടെ പോസ്റ്റുകള്‍ പിന്നത്തേയ്ക്ക് മാറ്റിവക്കും. ഇസലിയേ.

കാര്യം എന്തായാലും ഭായിയുടെ ഭാവന ഏക്ദം ഫസ്റ്റ്ക്ലാസ്സ്. ബിനാ ബീഡീ പീകേ, മജാ ആഗയാ.

Adithyan said...

ഓ ദിവാ ഭായ്... കൈസാ ഹൈ? ക്യാ ഹാല്‍ ഹേ... മജേ മേ?

ഇദര്‍ തോ സബ് ലോഗ് ഹിന്ദി മേ... എക് ദം.. ചകാ ചക്... ഫസ്റ്റ് ക്ലാസ്സ്...

പുരാനാ യാദ് ആഗയാ... വൊ കുഡി കാ യാദ് ... കുഡിയോം കാ യാദ് ;)

ദിവാസ്വപ്നം said...
This comment has been removed by a blog administrator.
ദിവാസ്വപ്നം said...

കുഡി കോ ഭൂല്‍ ജാവോ യാര്‍. അബ് ബീവീ കാ യാദ് കരോ.

ഓ ചോദിക്കാന്‍ വിട്ടു. ശനിയാഴ്ച ലേക് ഫ്രണ്ടില്‍ പോയിരുന്നോ. ഞാന്‍ പാര്‍ട്ടി കഴിഞ്ഞപ്പോള്‍ താമസിച്ചുപോയി. ഗംഭീര പാര്‍ട്ടി. പാട്ടും ഡാന്‍സും സ്കിറ്റും സ്ലൈഡ് ഷോയും. കല്യാണപ്പാര്‍ട്ടി പോലെ തന്നെ ഒരു കല്യാണവാര്‍ഷിക പാര്‍ട്ടി.

തിന്ന് തിന്ന് ഞാന്‍, ചേര കോഴിയെ വിഴുങ്ങിയ പോലെ ആയി. നടക്കാന്‍ പോലും ബുദ്ധിമുട്ടായിപ്പോയി. ആ തിര്വന്തോരംകാരന്‍ കേരളാഫുഡിന്റെ ഫോട്ടോസ് കാണിച്ചപ്പഴേ ഞാന്‍ ഓര്‍ത്തതാണ്. ഇത് ഇങ്ങനെയേ അവസാനിക്കൂ എന്ന്.

തിന്നുന്ന ധൃതിയില്‍ ഒരു പെഗ്ഗ് അടിക്കാന്‍ പോലും പറ്റിയില്ല :(

Adithyan said...

കുഡിയൊം കോ കൈസേ ഭൂലൂം? ;) ബീവി തോ നഹി ഹൈ നാ യാദ് കര്‍നേ കേലിയേ :)

ലെയ്ക്ക് ഫ്രണ്ടില്‍ വരാന്‍ പറ്റിയില്ല. ബിസിയാരുന്നു ;) :D

ഹ്മ്ം നിങ്ങളും വരാത്തതു കൊണ്ട് മിസ്സായില്ല. ഇനി വേറെ എവടേലും കാണാം :)

കുറുമാന്‍ ചേട്ടന്‍ ഓടിക്കുമോ ഓഫിട്ടതിന് :)

മുല്ലപ്പൂ said...

കുറുമാനെ.. ഇത്തവണ “ഭാവന” ആണല്ലേ കൂട്ടു..
വായിക്കന്‍ രസം ഉണ്ടു കെട്ടൊ..
അല്ലാ ഓണത്തിനു മുന്‍പേ ഒരു ഓണം റിലീസ്..