Wednesday, July 12, 2006

പരേഡ് സാവധാന്‍

എട്ടാം ക്ലാസിലേക്ക്‌ പതിവുപോലെ നല്ല മാര്‍ക്കോടെ (?) ജയിച്ച്‌, സ്കൂള്‍ തുറന്ന് ഒരു മാസത്തോളം കഴിഞ്ഞുകാണണം. ഉച്ചക്കൂണു കഴിഞ്ഞ്‌ പതിവുപോലെ, വെറുതെ പെണ്‍കുട്ടികളുടെ വായില്‍ നോക്കുവാന്‍ പല പല ക്ലാസ്സുകളുടെ മുന്‍പിലൂടെ നടക്കുന്നതിനിടയിലാണ്‌ നോട്ടീസ്‌ ബോര്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന ആ നോട്ടീസ്‌ ശ്രദ്ധയില്‍ പെട്ടത്‌.

എന്‍ സി സിയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ നാലുമണിക്ക്‌ സ്കൂള്‍ വിട്ടതിന്നു ശേഷം ഗ്രൗണ്ടില്‍ വരുക.

ആ നോട്ടീസുകണ്ടതും, അലക്കി തേച്ച, കാക്കി ഷര്‍ട്ടും, ട്രൗസറും, ചുമന്ന പന്തു വച്ച ചട്ടി തൊപ്പിയും, ചുമന്ന ബൂട്ട്സുമിട്ട്‌ ഏക്‌, ദോ, ഏക്‌ എന്നുള്ള അലറലലിന്നൊപ്പം തന്നെ അച്ചടക്കത്തോടെ നടന്നുപോകുന്ന സീനിയര്‍ ചേട്ടന്മാരുടെ മുഖങ്ങള്‍ എന്റെ മനസ്സിലേക്കും, ഇലയില്‍ ചുരുട്ടി പൊതിഞ്ഞ വുഡ്ലാന്‍സിലെ മസാലദോശയുടെ മണം എന്റെ നാസാരന്ധ്രത്തിലേക്കും വെറുതെ കയറി വന്നു.

നാലുമണിക്ക്‌ ബെല്ലടിച്ചതും, പുസ്തകെട്ടുമെടുത്ത്‌ ഞാന്‍ ഗ്രൗണ്ടിലേക്ക്‌ പാ‍ഞ്ഞു.

ഓടി പിടച്ച്‌ ഗ്രൗണ്ടിലെത്തിയപ്പോള്‍, അവിടെ ഒരു വലിയനിര തന്നെ നിരന്നുനില്‍ക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ്‌ ഞാന്‍ കണ്ടതെന്നുമാത്രമല്ല, ആ നിരന്നു നില്‍ക്കുന്നവരെല്ലാം അമ്പരചുമ്പികളായവര്‍. അവിടെ കൂടി നിന്നിരുന്നവരുടെ കഴുത്തിനൊപ്പം മാത്രം എന്റെ ഉയരം. എന്നാ തടിയോ.....എന്ത്‌ തടി? എല്ലുംകൂടത്തിന്മേല്‍ തുകല്‍പൊതിഞ്ഞ പോലേയുള്ള ശരീരവും.

ഉയരം കുറഞ്ഞാലും, ജിമ്മെടുത്തെടുത്ത്‌, നല്ല കട്ട (മോഷ്ടിച്ചതാണെന്നല്ല) ശരീരത്തിന്റെ ഉടമയായ അരവിന്ദാക്ഷന്‍ മാഷാണ്‌ എന്‍ സി സി മാഷ്‌. അദ്ദേഹവും, രണ്ടു പട്ടാളക്കാരും കൂടിനിന്ന് ഹിന്ദിയില്‍ എന്തെല്ലാമോ സംസാരിക്കുന്നതിന്നടുത്ത്‌, അവര്‍ സംസാരിക്കുന്നതെല്ലാം മനസ്സിലാവുന്നുണ്ട്‌ എന്ന മുഖഭാവവുമായി എന്‍ സി സി ലീഡറായ അനിലും നില്‍ക്കുന്നുണ്ട്‌.

എന്തായാലും, അടക്കാമരം പോലെ നിവര്‍ന്നു നില്‍ക്കുന്ന ഇത്രയും ആളുകളുടെ ഇടയില്‍ നിന്നും കുരുട്ടടക്ക പോലേയുള്ള എന്നെ എന്തായാലും തിരഞ്ഞെടുക്കാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. എന്റെ ഉള്ളിലെ ആഴ്ചയില്‍ രണ്ടുദിവസം ഓസിന്നു മസാലദോശതിന്നാം എന്ന ആശ അതോടെ പുകയില്ലാതെ തന്നെ കെട്ടടങ്ങി.

ആശകള്‍ എരിഞ്ഞടങ്ങി എന്ന പാട്ടും പാടി, ദുഖഭാരം ചുമക്കുന്ന ദുശ്ശകുനക്കാരന്റെ മുഖഭാവത്തോടെ ഞാന്‍ ഗ്രൗണ്ടില്‍ നിന്നും തിരിച്ചു നടക്കാന്‍ തുടങ്ങിയതും പിന്നില്‍ നിന്നും ഒരു വിളി.

ഡോ, കുറുമാനെ, ഇവിടെ വാടോ.

ഞാന്‍ തിരിഞ്ഞ്‌ നടക്കാന്‍ നിന്നില്ല, പകരം, തിരിഞ്ഞോടി, കാരണം ആ വിളി അരവിന്ദാക്ഷന്‍ മാഷുടേതായിരുന്നു.

പഠിക്കാനുള്ള വിഷയങ്ങളില്‍ വളരെ നല്ല നിലയില്‍ മാര്‍ക്ക്‌ വാങ്ങിച്ചിരുന്ന രണ്ടേ രണ്ടു സബ്ജക്റ്റില്‍ ഒന്നു ഹിന്ദിയും, മറ്റേത്‌ സംസ്കൃതവുമായിരുന്നു. എന്റെ ആ ഹിന്ദി താത്പര്യമായിരിക്കുമോ മാഷുടെ വിളിക്കു പിന്നിലുള്ള പ്രചോദനം എന്നാലോചിച്ച്‌ മുഴുവനാകും മുന്‍പെ ഞാന്‍ മാഷുടേയും, ധീര ജവാന്മാരുടേയും അരികിലെത്തിചേര്‍ന്നിരുന്നതിനാല്‍ കാടുകടന്ന ആലോചനക്കവിടെ വിരമാമിട്ടു.

എന്താടോ, താന്‍ തിരിച്ച്‌ പോയത്‌?

അല്ല മാഷെ, നല്ല ഉയരവും, വണ്ണവും ഉള്ള ഇത്രയും പിള്ളേര്‍ ഇവിടെ നിരന്നു നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ എന്തിനു വെറുതെ സമയം കളയണം എന്നാലോചിച്ചപ്പോള്‍ തന്നെ തിരിഞ്ഞുപോയതാ.

ടോ മണ്ടാ, ഉയരത്തിലൊന്നും കാര്യമില്ല. ഉത്സാഹത്തിലാണ്‌ കാര്യം.

താന്‍ ഗൂര്‍ഖാ റെജിമന്റ്‌ എന്നു കേട്ടിട്ടുണ്ടോ?

ഒരു ഗൂര്‍ഖ വിസിലടിച്ച്‌, വടി നിലത്തടിച്ച്‌ ശബ്ദമുണ്ടാക്കി , അരയിലൊരു കത്തിയും ഞാത്തി, എല്ലാ മാസവും, ഒന്നാം തിയതി പട്ടാപകല്‍ നേരത്ത്‌ പൈസവാങ്ങാന്‍ വീട്ടില്‍ വരുമ്പോള്‍ കണ്ടിട്ടുണ്ടെന്നതല്ലാതെ വേറെ ഗൂര്‍ഖാ റെജിമെന്റിനെ ഞാന്‍ കേട്ടിട്ടില്ലാന്നു പോയിട്ട്‌ കണ്ടിട്ടു കൂടിയില്ല.

എടോ തന്നൊടോക്കെ ഇത്തരം ചോദ്യം ചോദിക്കാന്‍ പോയ എന്നെ തല്ലണം.

വാസ്തവം. വാസ്തവം!!

അപ്പോ പറഞ്ഞ്‌ വന്നത്‌, കടുകുമണി നിലത്ത്‌ വീണതുപോലെ ഓടി നടക്കുന്ന തന്റെ സ്വഭാവവും, പിന്നെ എരുമ കരയുന്നതുപോലെയുള്ള തന്റെ ശബ്ദവും കൂടിയായാല്‍ നല്ല ഒരു എന്‍ സി സിക്കാരനാകാം. ജവാനും.

എന്തായാലും, ഇവരോട്‌ പറഞ്ഞ്‌ തന്നെ ഞാന്‍ ചേര്‍ത്തുകൊള്ളാം എന്ന് മാഷെന്നോടു പറ‍ഞ്ഞതിന്നുശേഷം ഹിന്ദിയില്‍ ധീര ജവാന്മാരോട്‌ എന്തൊക്കെയോ സംസാരിച്ചു. എല്ലാം മനസ്സിലായെങ്കിലും ഒന്നും മനസ്സിലാവാത്തതുകൊണ്ട്‌ ഞാന്‍ മിണ്ടാതെ നിന്നു.

കയ്യിലിരുന്ന റെജിസ്റ്ററില്‍ ആദ്യ റിക്ക്രൂട്ടിന്റെ പേര്‌ മാഷെഴുതിചേര്‍ത്തു - കുറുമാന്‍.

വരിയായി നിരന്നു നില്‍ക്കുന്ന അടക്കാമരത്തോളം പോന്ന മസാലദോശ ഓസിയില്‍ തടയുമോ, ഇല്ലയോ എന്നാലോചിച്ച്‌ ടെന്‍ഷനടിച്ചു നില്‍ക്കുന്ന പിള്ളേരെ നോക്കി ഞാന്‍ വായ മുഴുവന്‍ തുറന്ന് ചിരിച്ചു കാണിച്ചു. പിന്നെ മനസ്സില്‍ കരുതി, ഭാഗ്യം ഹിന്ദിയെങ്കിലും നന്നായി പഠിക്കാന്‍ തോന്നിയത്‌. ഭാഗ്യം എന്റെ ശബ്ദം എരുമ കരയുന്നതു പോലെ ആയത്‌.

പിന്നീടു വന്ന രണ്ടു വര്‍ഷങ്ങളില്‍ ഗവണ്‍മന്റ്‌ ചിലവില്‍ മസാലദോശയും, പൊറോട്ടയും, ബണ്ണും കഴിച്ച്‌ നല്ല എന്‍ സി സി കാഡേറ്റെന്ന പേരും ഞാന്‍ സമ്പാദിച്ചു. അതിനിടെ രണ്ടു മൂന്ന് ക്യാമ്പുകളിലും ഞാന്‍ പങ്കെടുത്തു.

മൂന്നാം വര്‍ഷം, എന്‍ സി സി ക്യാപറ്റന്‍ സ്ഥാനം എനിക്ക്‌ അരവിന്ദാക്ഷന്‍ മാഷ്‌ ചാര്‍ത്തി തന്നപ്പോള്‍, പൊതുവെ വിരിഞ്ഞ നെഞ്ച്‌ ഒന്നുകൂടി വിരിപ്പിച്ച്‌ ഞാന്‍ നടന്നു.

ച്ചൊവ്വാഴ്ചകളിലും, വെള്ളിയാഴ്ചകളിലും, എന്റെ പരേഡ്‌ സാവധാന്‍, വിശ്രാം, ആഗേ മുഡ്‌, പീച്ഛേ മുഡ്‌ തുടങ്ങിയ അലറലുകള്‍ ഗ്രൗണ്ടും കടന്ന് പടിഞ്ഞാറ്‌ കണ്ടേശ്വരം മുതല്‍ കിഴക്ക്‌ ബസ്‌ സ്റ്റാന്‍ഡു വരെ ചെന്നെത്തി.

കിട്ടിയ അവസരം മുതലെടുത്ത്‌, എന്നോട്‌ താത്പര്യമില്ലാത്ത, അല്ലെങ്കില്‍ എനിക്ക്‌ താത്പര്യമില്ലാത്തെ കാഡറ്റുകളെ, തൊപ്പി ശരിക്കും വച്ചില്ല, ബെല്‍റ്റിന്റെ ബക്കിള്‍ ബ്രാസ്സോ ഇട്ട്‌ വെളുപ്പിച്ചില്ല, മടക്കി വച്ചിരിക്കുന്ന കൈക്ക്‌ നാല്‌ വിരല്‍ വീതിയല്ല, മൂന്നോ, അഞ്ചോ വിരല്‍ വീതിയാണ്‌, പരേഡ്‌ ചെയ്യുമ്പോള്‍ തെറ്റിപോയി എന്നെല്ലാമുള്ള മുട്ടു മുടന്തന്‍ കാരണങ്ങള്‍ കണ്ടെത്തി ഞാന്‍ ഗ്രൗണ്ടില്‍ തലങ്ങും വിലങ്ങും ഓടിച്ചു.

മുപ്പതിഞ്ചിന്റെ ബാരലും, ഒന്‍പതര പൗണ്ട്‌ ഭാരവുമുള്ള പോയിന്റ്‌ മുന്ന് പൂജ്യം മുന്ന്‌ (.303) റൈഫിളുപയോഗിക്കാനും, ബയണറ്റുപയോഗിച്ച്‌ ശത്രുവാണെന്നു നിനച്ച്‌ മണലും ചാക്കുകള്‍ കുത്തിക്കീറാനും, ഞാന്‍ നല്ലവണ്ണം പരിശീലിച്ചു. പിന്നേയും, ഒന്നു രണ്ട്‌ ക്യാമ്പുകളില്‍ പങ്കെടുത്തു. ദേശസ്നേഹം എന്നില്‍ ആളികത്തുമ്പോഴെല്ലാം ലീഡറെന്ന ലേബലുപയോഗിച്ച്‌ ഒരു മസാലദോശക്കു പകരം രണ്ടും മൂന്നും മസാലദോശകള്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്ത്‌ വിഴുങ്ങി.

ഒരു ജവാനാകണം, ദേശത്തെ സംരക്ഷിക്കണം എന്നെല്ലാമുള്ള സദ്‌ ചിന്തകള്‍ എന്റെ മനസ്സില്‍ ഇടക്കിടെ കുരുത്തു.

കാലം ആരേയും കാത്തുനില്‍ക്കില്ലല്ലോ, എസ്‌ എസ്‌ സി പരീക്ഷ (ഞങ്ങളുടെ ബാച്ചിനു മാത്രം ഒരെല്ല് കുറവായിരുന്നെങ്കിലെന്താ, മുറം പോലെയുള്ള സര്‍ട്ടിഫിക്കറ്റല്ലെ ലഭിച്ചത്‌), അടുക്കാറായി. എന്റെ ബൂട്സും, യൂണിഫോമും, തൊപ്പിയും, ബെല്‍റ്റുമെല്ലാം എന്‍ സി സി മുറിയില്‍ തിരിച്ച്‌ വച്ച്‌, സങ്കടത്തോട്‌ കൂടി ഞാന്‍ എന്‍ സി സിയോട്‌ വിട പറഞ്ഞു.

പരീക്ഷ കഴിഞ്ഞു, റിസല്‍റ്റ്‌ വന്നു. പ്രതീക്ഷിച്ച റാങ്ക്‌ കിട്ടിയില്ല എന്നറിഞ്ഞപ്പോള്‍ ഒരുപാട്‌ സങ്കടം തോന്നിയെങ്കിലും, അഞ്ഞൂറ്റി മുപ്പത്തിരണ്ടു മാര്‍ക്കോടെ ഞാന്‍ പാസ്സായതില്‍ ഞാനും, എന്നേക്കാളധികം എന്റെ മാതാ പിതാ ഗുരുക്കന്മാരും സന്തോഷിച്ചു ( അഞ്ഞൂറ്റി മുപ്പത്തിരണ്ടു മാര്‍ക്കെന്നുകേട്ടിട്ടാരും ഞെട്ടേണ്ട, എല്ലില്ലാത്ത പരീക്ഷക്ക്‌ മൊത്തം മാര്‍ക്ക്‌ അറുനൂറെന്നുള്ളത്‌ മാറ്റി ആയിരത്തി ഇരുന്നൂറാക്കി).

ഉന്നതമായ മാര്‍ക്ക്‌ ലഭിച്ചതുകാരണം, പ്രി ഡിഗ്രിക്ക്‌ പഠിക്കാന്‍ പേരും, പെരുമയുമേറിയ കോളേജുകളില്‍ നിന്നും ആപ്ലിക്കേഷന്‍ വാങ്ങി വീട്ടുകാരുടെ കാശ്‌ ഞാന്‍ വെറുതെ ചിലവാക്കിയില്ല, പകരം ഉന്നതിയുടെ ഉത്തുംഗശൃംഗത്തില്‍ എത്തിയിരുന്ന എന്‍ എസ്‌ എസ്‌ ആര്‍ട്സ്‌ കോളേജില്‍ ( പാരലല്‍ ) ബുദ്ധിമുട്ടി, കഷ്ടപെട്ട്‌, ഉന്നതങ്ങളില്‍ സ്വാദീനം ചെലുത്തി ഒരു സീറ്റൊപ്പിച്ചെടുത്തു.

ക്ലാസ്സു തുടങ്ങി ഒരാഴ്ചക്കകം ആര്‍ട്സ്‌ എന്നാല്‍, പന്നിമലത്ത്‌, മുച്ചീട്ട്‌, കൊള്ളിമോഷണം (കപ്പ), തേങ്ങയെറിഞ്ഞുവീഴ്ത്തല്‍ തുടങ്ങിയയാണെന്ന് ഞാന്‍ പഠിച്ചു.

ജന്മസിദ്ധമായ എന്റെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ പറ്റിയ ഗുരുകുലത്തില്‍ തന്നെ എത്തിപെട്ടതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.

ആദ്യം വര്‍ഷം കഴിഞ്ഞ്‌, രണ്ടാം വര്‍ഷം പകുതിയായപ്പോള്‍ മലയാളത്തിലെ ന്യൂസ്‌ പേപ്പറായ പേപ്പറുകളില്‍ മുഴുവന്‍ പരസ്യം.

മിലിട്ടറിയിലേക്ക്‌ നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിലേക്ക്‌ പതിനേഴിനും ഇരുപത്തൊന്നിനും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ്‌ പാസായ ആളുകളെ തിരഞ്ഞെടുക്കുന്നു. അഞ്ചടി അഞ്ചിഞ്ച്‌ ഉയരം, നാല്‍പത്തിയഞ്ചുകിലോ തൂക്കം, കണ്ണിനു സാധാരണകാഴ്ച ശക്തി തുടങ്ങിയ മറ്റു സ്ഥിരം നമ്പറുകളും പരസ്യത്തില്‍ പറന്‍ഞ്ഞിരുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും, മറ്റ്‌ രേഖകളുമായി കോഴിക്കോട്‌ വെസ്റ്റ്‌ ഹില്ലിലുള്ള മിലിറ്ററി റിക്രൂട്ടിങ്ങ്‌ കേന്ദ്രത്തിലേക്ക്‌ ഇരുപതാം തിയതി രാവിലെ എട്ടുമണിക്ക്‌ തന്നെ എത്തേണ്ടതാണ്‌.

കോളേജിലൊരുമിച്ച്‌ ആര്‍ട്സ്‌ പഠിക്കുന്ന (പന്നിമലത്ത്‌ കളിക്കുന്ന) എന്റെ കൂട്ടുകാരായ പ്രമോദ്‌, ഷിബു, വിശ്വംഭരന്‍ എന്നിവരും രാജ്യത്തെ സ്നേഹിക്കാനും, സേവിക്കുവാനുമായി പട്ടാളത്തില്‍ ചേരാം എന്നു സമ്മതിച്ച്‌ എന്റെ കൂടെ കോഴിക്കോട്ടേക്ക്‌ വരാമെന്നേറ്റു.

ഭാരം അല്‍പം കുറവാണോ എന്ന സംശയം ഉണ്ടായിരുന്നതിനാല്‍, അന്നു മുതല്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ്‌ ഞാന്‍ ഇരട്ടിയാക്കിയത്‌ കൂടാതെ, കോഴിമുട്ട, പുഴുങ്ങിയ നേന്ത്രപഴം എന്നിവയും, ഞാന്‍ അഡീഷനലായി മെനുവില്‍ കയറ്റി.

പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ പട്ടാളജീവിതമായിരുന്നു. കബാബ്‌ കമ്പിയില്‍ കോര്‍ക്കുന്നതുപോലെ, പാക്ക്‌ ജവാന്മാരെ എന്റെ തോക്കിന്റെ ബയണറ്റില്‍ കുത്തികോര്‍ക്കുന്നതും, കല്ലെറിഞ്ഞ്‌ മാങ്ങ വീഴ്ത്തുന്നതുപോലെ പാക്കിഭടന്മാരുടെ തലകള്‍ വെടിവെച്ചിടുന്നതും സ്വപ്നം കണ്ട്‌ ഞാന്‍ പൊട്ടിചിരിച്ചു. ഇടക്കിടെ സ്വപനത്തില്‍ പാക്ഭടന്മാരുടെ ഗ്രെനേഡേറില്‍ നിന്നും രക്ഷപെടുവാനായ്‌ ട്രെഞ്ചിലൊളിക്കുന്നതിനായ്‌ ഞാന്‍ ഉറക്കത്തില്‍ തന്നെ കട്ടിലില്‍ നിന്നുമിറങ്ങി, കട്ടിലിന്റെ അടിയില്‍ ചെന്നുകിടന്നു.

പറമ്പിലെ തെങ്ങിനെ വെള്ളം തിരിച്ചുവിടുന്നതിനിടയില്‍ ഉച്ചത്തില്‍ പരേഡ്‌ സാവധാന്‍, വിശ്രം എന്നെല്ലാം അലറിവിളിച്ച്‌ എന്റെ എന്‍ സി സി ഓര്‍മ്മകള്‍ ഞാന്‍ പുതുക്കി.

എന്റെ നടത്തം മുഴുവനായും മാര്‍ച്ച്‌ പാസ്റ്റ്‌ രീതിയിലായെന്നു മാത്രമല്ല, ഏക്‌ ദോ ഏക്‌, ഏക്‌ ദോ ഏക്‌ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഞാന്‍ നടന്നിരുന്നത്‌.

സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പട്ടിക്കേറുകൊണ്ടതുപോലെ വീടിനു ചുറ്റും കിടന്ന് ഞാന്‍ ഓടി.

അതു കണ്ട എന്റെ അമ്മ ഏതു പട്ടാളക്കാരന്റെ പ്രേതമാണോ എന്റെ മോന്റെ ശരീരത്തില്‍ കയറിയത്‌ എന്റെ കൂഡല്‍മാണിക്യമേ എന്ന് താടിക്ക്‌ കൈയും കൊടുത്ത്‌ കഷ്ടം വെച്ചു.

പത്തൊമ്പതാം തിയതി ഞാനും, പ്രമോദും, ഷിബുവും, വിശ്വംഭരനും, കോഴിക്കോട്ടേക്ക്‌ യാത്രതിരിച്ചു. കോഴിക്കോടെത്തി വെസ്റ്റ്‌ ഹില്‍ മിലിട്ടറി റിക്രൂട്ടിങ്ങ്‌ ക്യാമ്പില്‍ നിന്നും അതികം ദൂരെയല്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തു, പിന്നെ ഞങ്ങള്‍ നഗരം ചുറ്റി കറങ്ങാന്‍ ഇറങ്ങി.

മധുരപതിനേഴുകാരായ നാലു ചുണക്കുട്ടന്മാരെ കണ്ട്‌ മിട്ടായിയും, കപ്പലണ്ടിയുമായ്‌ പല പല അപ്പൂപ്പന്മാര്‍ ഞങ്ങളുടെ ചങ്ങാത്തം കൂടാന്‍ ശ്രമിച്ചപ്പോഴൊക്കെയും, ഞങ്ങളുടെ ചാരിത്ര്യം രക്ഷിക്കാന്‍ ഞങ്ങള്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറി.

ഇരുപതാം തിയതി രാവിലെ ആറുമണിക്ക്‌ തന്നെ എഴുന്നേറ്റു. കുളിച്ച്‌ ഈശ്വരനേ പ്രാര്‍ത്ഥിച്ച്‌, താമസിക്കുന്നതിന്റെ താഴേയുള്ള ഹോട്ടലില്‍ ചെന്ന് വെള്ളേപ്പവും, മുട്ടറോസ്റ്റും ഓര്‍ഡര്‍ ചെയ്തത്‌ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, ഹോട്ടലിന്റെ മുതലാളി ഞങ്ങളോടൊരു ചോദ്യം.

മിലിട്ടറിയില്‍ ചേരാന്‍ ബന്നതാണോ?

അതെ, എന്ന് ഞങ്ങള്‍ നാലുപേരും ഒരുമിച്ച്‌ പറ‍ഞ്ഞു.

പിന്നെ എന്നോട്‌ മാത്രമായൊരു ചോദ്യം. അനക്കതിന്‌ നാല്‍പത്തഞ്ചുകിലോ തൂക്കം ഉണ്ടോ?

ഉണ്ടെന്നു തോന്നുന്നു.

തോന്നിയാല്‍ പോര, നാല്‍പത്തഞ്ചുകിലോ തൂക്കം ചുരുങ്ങിയത്‌ ബേണം.

ഇജ്ജ്‌ ങ്ങട്‌ ബരീന്‍, ഈ മെസീനില്‍ കേറി തൂക്കം നോക്ക്‌.

കാഷ്‌ കൗണ്ടറിന്നരികില്‍ വച്ചിരിക്കുന്ന വെയിങ്ങ്‌ മെഷീനില്‍ ഞാന്‍ കയറി നിന്നു. ഭാരം നാല്‍പത്തിമൂന്നര.

ഈ തൂക്കം ബച്ച്‌ അനക്ക്‌ മിലിട്ടറിയില്‍ ചേരാന്‍ കഴിയൂല. പച്ചേങ്കില്‌, ബേറൊരു വഴീണ്ട്‌. നോക്കണാ?

അതെന്തു വഴി? ഞാന്‍ അതിശയോക്തി പൂണ്ടു.

ജ്ജ്‌ അബടെ കുത്തിയിരി. എല്ലാം ഞാന്‍ ശരിയാക്കാം എന്നും പറഞ്ഞ്‌, ആള്‍ ഒറ്റ വിളി ഡാ സലീമേ, ഒരു രണ്ടുകിലോ കൂട്ടണം.

ഒരു പത്ത്‌ മിനിട്ട്‌ കഴിഞ്ഞപ്പോള്‍ ഒരു വലിയ പാത്രത്തില്‍ അഞ്ചാറു പുഴുങ്ങിയ നേന്ത്രപഴം, നാലഞ്ചു പുഴുങ്ങിയ മുട്ട, ഒരു ലോട്ട നിറയെ പാല്‌ തുടങ്ങിയ സാധനങ്ങള്‍ സലീം എന്റെ മുന്‍പില്‍ കൊണ്ടു വന്നു വച്ചതു കണ്ടപ്പോള്‍ എന്റെ പൊതുവെ പുറത്തേക്ക്‌ തള്ളിയ കണ്ണ് ഒന്നുകൂടെ തള്ളിവന്നത്‌ കണ്ട്‌, ഷിബുവും, പ്രമോദും, വിശ്വംഭരനും ചിരിച്ചു.

കടയുടെ മുതലാളി എന്റെ അരികിലേക്ക്‌ വന്നു, പിന്നെ പറഞ്ഞു, ജ്ജ്‌ മെനക്കെട്ടായാലും, ഇത്‌ മുയുമനും തിന്നോ. രണ്ടല്ല, രണ്ടരകിലോ കൂടികൊള്ളും.

അരമണിക്കൂര്‍ പ്രയത്നത്തിനൊടുവില്‍ അഞ്ച്‌ പുഴുങ്ങിയ നേന്ത്രപഴവും, നാലു മുട്ടയും, അര ലോട്ട പാലും വയറ്റിലാക്കി.

ഇനി തൂക്കം നോക്കിക്കോളീന്ന് അയാള്‍ പറഞ്ഞപ്പോള്‍, ചെന്ന് തൂക്കം നോക്കി നാല്‍പത്തിയഞ്ചുകിലോ അറുന്നൂറ്‌ ഗ്രാം ഭാരം. ആവൂ ആശ്വാസം.

നല്ലൊരു തുക ബില്ലുകൊടുത്ത്‌, ഞങ്ങള്‍ വെസ്റ്റ്‌ ഹില്‍ റിക്രൂട്ടിങ്ങ്‌ സെന്ററിലേക്ക്‌ നടന്നു. മറ്റുള്ളവര്‍ മര്യാദക്ക് നടന്നപ്പോള്‍, ഞാന്‍ പത്തുമാസം ഗര്‍ഭിണി നടക്കുന്നതുപോലെ, വയറ്റില്‍ കൈ വച്ച്‌, ഏന്തിയേന്തി നടന്നു.

ഇടക്കിടെ വന്ന ഏമ്പക്കം ഞാന്‍ അടക്കിപിടിച്ചു. ഇനി ഭാരമെങ്ങാനും കുറഞ്ഞാലോ?

മലകയറി റിക്രൂട്ടിങ്ങ്‌ സെന്ററില്‍‍ ചെന്ന് ലൈനില്‍ നിന്ന് ആദ്യ കടമ്പയായ, ആപ്ലിക്കേഷന്‍ പൂരിപ്പിച്ച്‌ നല്‍കി. പിന്നെ അവിടെ ഇരുന്നിരുന്ന പട്ടാളക്കാരന്‍ എന്റെ സെര്‍ട്ടിഫിക്കറ്റ്‌ വാങ്ങി നോക്കി,പിന്നെ മറ്റൊരു കടലാസ്സ്‌ കയ്യില്‍ നല്‍കി. ഇനി അടുത്ത കടമ്പ കണ്ണിന്റെ കാഴ്ച പരിശോധന. അതും കടന്നു. പിന്നെ വന്നത്‌, ഉയരം അളന്ന് നോക്കല്‍, അതും കടന്നു, പിന്നീട്‌ വന്നത്‌ നെഞ്ചളവ്‌ - വിരിച്ചു നിന്ന നെഞ്ചിന്റെ അളവെടുക്കാന്‍ അയാളുടെ കയ്യിലെ ടേപ്പിന്റെ നീളം തികയുമായിരുന്നില്ലാത്തതിനാല്‍ അതും കടന്നു. അടുത്തത്‌ ഭാരം നോക്കല്‍ - ദൈവമേ, മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ എനിക്കവസരം നല്‍കണമേ എന്ന് പ്രാര്‍ത്ഥിച്ച്‌ വെയിംഗ്‌ മെഷീനില്‍ ഞാന്‍ കയറി നിന്നു.

ദൈവം കാത്തു. അതിലും പാസ്‌. എന്റെ സന്തോഷത്തിനതിരില്ലാതിരുന്ന നിമിഷം. നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു?

അവിടെ നിന്നും മറ്റൊരു ശീട്ടെഴുതി തന്നു. എന്നിട്ട്‌ ഗ്രൗണ്ടിന്റെ മറ്റേ അറ്റത്തുള്ള കൗണ്ടറില്‍ പോകാന്‍ പറന്‍ഞ്ഞു. വയറു നിറഞ്ഞിട്ട്‌ ശ്വാസം പോലും മര്യാദക്ക്‌ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒന്ന് രണ്ടിനുപോയി, എവിടേയെങ്കിലും കുറച്ചു നേരം കിടന്നാല്‍ ശരിയാകുമായിരിക്കും.

ഓരോ അടി മുന്നോട്ട്‌ വെക്കുമ്പോഴും, അടിയിലുള്ള പ്രഷര്‍ കൂടി കൂടി വന്നു. നടന്ന് നടന്ന് അടുത്ത കൗണ്ടറില്‍ എത്തിയപ്പോഴേക്കും ഒരടികൂടി മുന്നിലേക്ക്‌ വക്കാന്‍ പറ്റാത്ത അവസ്ഥ.

അടുത്ത കൗണ്ടറില്‍ എത്തി പേപ്പര്‍ വാങ്ങി നോക്കി എന്നിട്ട്‌ പറഞ്ഞു, ഗ്രൗണ്ടിലേക്ക്‌ പൊയ്ക്കൊള്ളൂ. ഇനി കായിക ബലപരിശോധനയാണ്‌. അതായത്‌, ഓട്ടം ചാട്ടം തുടങ്ങിയവ.

എന്റെ ദൈവമേ, ഓടാന്‍ പോയിട്ട്‌ നേരാം വണ്ണം നടക്കാന്‍ കൂടി പറ്റാത്ത എന്നോട്‌ ചാടാന്‍ പറഞ്ഞാലുള്ള അവസ്ഥയെ ഞാന്‍ ഒന്ന് വിഷ്വലൈസ്‌ ചെയ്ത്‌ നോക്കി.

റെഡി വണ്‍, റ്റൂ, ത്രീ....ഞാന്‍ ചാടാന്‍ തുടങ്ങുന്നു. വയറിലുള്ള മൊത്തം പ്രഷറും മൂട്ടിലേക്കിറങ്ങുന്നു. ഞാന്‍ ചാടുന്നതും, ശ്രീഹരിക്കോട്ടയില്‍ റോക്കറ്റിന്റെ മൂട്ടില്‍ തീകൊളുത്തുമ്പോള്‍ റോക്കറ്റ്‌ കുതിക്കുന്നതുപോലെ, എല്ലാം പ്രഷറും റിലീസായി ഞാന്‍ വായുവിലേക്ക്‌ കുതിച്ചുയരുന്നു, പിന്നെ തലയും കുത്തി താഴെവീണ്‌ കഴുത്തൊടിഞ്ഞ്‌ മരിക്കുന്നു.

ഇല്ല അതൊരിക്കലും വീരമൃത്യുവാകില്ലെന്നു മാത്രമല്ല, പകരം ഒരു നാറിയ മൃത്യവുമാകും അത്‌.

വേണ്ട, എനിക്ക്‌ പട്ടാളത്തില്‍ ചേരേണ്ട. ഭാരതാമ്പയെ കാക്കാന്‍ വേറേയും ആണ്‍കുട്ടികള്‍ ഈ ഭാരതഭൂമിയിലുള്ളപ്പോള്‍, എന്തിന്ന് വല്ല പാക്ക്‌ ഭടന്റേയും വെടിയുണ്ടക്ക്‌ ഞാന്‍ ഇരയാകണം?

ഞാന്‍ പട്ടാളത്തില്‍ ചേരുന്നില്ല എന്ന വിവരം ഒഫീഷ്യലായി ഓഫീസര്‍മാരേയും, പിന്നെ എന്റെ കൂട്ടുകാരേയും ഞാന്‍ അറിയിച്ചു.

ഞാന്‍ ചേരുന്നില്ല എന്നറിഞ്ഞതോടെ, എന്നാല്‍ പിന്നെ ഞങ്ങളും ചേരുന്നില്ല എന്ന് മറ്റു മൂന്നു പേരും പറഞ്ഞ് എന്റെ തീരുമാനത്തില്‍ പങ്കാളികളായി.

ഞങ്ങള്‍ നാലുപേരും തിരിച്ചു നടക്കുമ്പോള്‍, കൊമ്പന്‍ മീശ വച്ച ധീര ജവാന്റെ ഹിന്ദിയിലുള്ള തെറി ഞങ്ങള്‍ക്ക്‌ പുറകിലായി‍ മുഴങ്ങി കേട്ടു.

50 comments:

കുറുമാന്‍ said...

"പരേഡ് സാവധാന്‍"

Visala Manaskan said...

ചിരിയുടെ മറ്റൊരു ആറ്റംബോംബ്!!

K.V Manikantan said...

ഗംഭീരം...........

-B- said...

എനിക്ക്‌ പണ്ട് തൊട്ടേ ഉള്ള ഒരു സംശയം ആയിരുന്നു, 50 കിലോ തൂക്കം ഉള്ള ഒരാള്‍, 2 കിലോ പഴം തിന്നാല്‍ തൂക്കം 52 കിലോ ആകുമൊ എന്ന്‌..

ഇപ്പൊ മനസ്സിലായി.. ആകും എന്നു മാത്രമല്ല.. എന്തെങ്കിലും ഒക്കെ നടക്കുകയും ചെയ്യും എന്ന്‌..

കുറുമാന്‍ ചേട്ടനോട് ചാറ്റ് ചെയ്തു കൊണ്ടു തന്നെ ഇത് വായിച്ചത് കൊണ്ട് ക്വോട്ടാനുള്ളതൊക്കെ നേരിട്ടു ക്വോട്ടി..

Kalesh Kumar said...

"ഇടക്കിടെ വന്ന ഏമ്പക്കം ഞാന്‍ അടക്കിപിടിച്ചു"...
ചിരിച്ചു ചത്തു കുറുമേന്നേ!

ജേക്കബ്‌ said...

;-)

Unknown said...

കുറുമാന്‍ സാര്‍,

എന്നാ സമയല്‍ സമച്ചിരിക്കപ്പാ.. അടിപൊളി മാഷേ..

ഇത് വായിച്ചപ്പോഴാണ് എന്റെ എന്‍.സി.സി ദിനങ്ങള്‍ ഓര്‍മ്മ വന്നത്. ഞങ്ങളുടെ കോളേജില്‍ മസാലദോശ്ശയ്ക്ക് പകരം മലബാറുകാരുടെ ദേശീയ ഭക്ഷണമായ ‘പൊറാട്ട & ബീഫ് ഫ്രൈ’ ആയിരുന്നു. ഞാന്‍ കലാപരിപാടിയില്‍ പങ്കെടുക്കില്ലെങ്കിലും എന്റെ സ്വാധീനമുപയോഗിച്ച് ഭക്ഷണ വേളകള്‍ ആനന്ദകരമാക്കിയിരുന്നു. കുറുമാന്‍ നീണാള്‍ വാഴട്ടെ.....

Satheesh said...

നിങ്ങളൊരു പ്രസ്ഥാനം തന്നെ കുറുമാനേ!!!!
വളരെ നന്നായി!
NCC camp കളിലെ പല രസങ്ങളും പലരും പറഞ്ഞുകേട്ടിട്ടുണ്ട്.. അതും വഴിയെ പോരുമല്ലോ!!!

ബിന്ദു said...

അടിപൊളി ആയി. :)

സ്നേഹിതന്‍ said...

ജ്ജ്‌ ചിരിയുടെ വെടിമരുന്നു ശാലയാണല്ലൊ!

ദേശസ്നേഹം മൂത്ത കുറുമാന്റെ പരാക്രമങ്ങള്‍ കലക്കി.

prapra said...

കുറുമാന്റെയും വിശാലന്റെയും പോസ്റ്റുകള്‍ സാധാരണ രണ്ടാം വാരം നോട്ടിസ്‌ ഒട്ടിച്ച ശേഷമാണ്‌ വായിക്കാന്‍ ചാന്‍സ്‌ കിട്ടാറ്‌. സ്വസ്ഥമായി ഇരുന്നു വായിക്കന്‍ ഒരു സന്ദര്‍ഭം വേണ്ടേ, ചിരി ഒക്കെ ഫോര്‍ പീപ്പിള്‍ അറിയാതെ ഒതുക്കി പിടിച്ച്‌ തീര്‍ക്കുകയും വേണം. അതു കൊണ്ട്‌ പലപ്പോഴും കമന്റിന്റെ എക്സ്പയറി ഡേറ്റും കഴിഞ്ഞിട്ടുണ്ടാകും. പല കഥകളിലും കമന്റുകളിലും കാണാറുള്ള ആ മദ്യ ത്രെഡ്‌ ഇവിടെ കാണുന്നില്ല. പട്ടാള ജീവിതം തുടങ്ങാന്‍ പോകുന്ന ഒരാള്‍ അതു കൂടി പ്രാക്റ്റീസ്‌ ചെയ്തിട്ടുണ്ടാവും എന്നു ഒരു സമാധാനത്തിനെ ഞാന്‍ ഊഹിക്കുന്നു. :)

പണിക്കന്‍ said...

ഇടക്കിടെ വന്ന ഏമ്പക്കം ഞാന്‍ അടക്കിപിടിച്ചു. ഇനി ഭാരമെങ്ങാനും കുറഞ്ഞാലോ?

എനിക്കു വയ്യേ...

എന്റെ കുറുമാന്‍ മാഷേ.... യമണ്‌ഡന്‍ സാധനം...

Adithyan said...

നന്ദി കുറുമാനേ, കുറെ പഴയ സാവ്ധാന്‍ വിശ്രാം സ്മരണകളുണര്‍ന്നു... ലാന്‍സ് കോര്‍പ്പറല്‍, കോര്‍പ്പറല്‍ എന്തൊക്കെയാരുന്നു.... പിന്നെ എല്ലായിടത്തും മിനുക്കാന്‍ ബ്രാസ്സോ തന്നെയാരുന്നു അല്ലെ? ക്യാമ്പിനു പോയതും വെടി പൊട്ടിച്ചു കളിച്ചതും ;)

ദിവാസ്വപ്നം said...

കുറുമാനേ, വളരെ വളരെ നന്നായിരിക്കുന്നു.

ഇന്നിത് വായിച്ച് കുറേ ചിരിച്ചു. ഹ ഹ ഹ ഹ.

ഇതിപ്പോ ഹനുമാന്റെ വാലു പോലെ കുറുമാന്റേത് നോണ്‍-സ്റ്റോപ്പ് കീറാണല്ലോ...:)))

Visala Manaskan said...

കുറു മേന്നെ..
ചിരിച്ചുമറിഞ്ഞത് പറഞ്ഞുവല്ലോ!

പത്താംക്ലാസില്‍ പരീക്ഷക്ക് ഒരെല്ല് എനിക്കും കുറവായിരുന്നു. എനിക്ക് മാര്‍ക്ക് 574.

അക്കാലത്ത് ലീവിന് നാട്ടില്‍ വന്ന ഒരു ഗള്‍ഫുകാരന്‍ അകന്ന ബന്ധു എന്റെ മാര്‍ക്ക് കേട്ട് കസേരയില്‍ നിന്നെണീറ്റ് എന്നെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു.

‘അറിഞ്ഞില്ല..നീ ഇത്രക്കും മിടുക്കനാന്ന്‌ അറിഞ്ഞില്ല‘

എന്നിട്ട് ആളുടെ പോക്കറ്റിലിരുന്ന ‘ക്രോസ്’ പേന എനിക്ക് തന്നുകൊണ്ട് പറഞ്ഞു.

‘പറ്റുമെങ്കില്‍ നീ ഐ.എ.സ് ന് ട്രൈ ചയ്യണം’

പാവം. ആള്‍ടെ മനസ്സ് വേദനിപ്പിക്കേണ്ട എന്നു കരുതി ഞാന്‍ 1200 ഇല്‍ ആണ്‌ 574 എന്ന് പറഞ്ഞില്ല.

അതിന് ശേഷം വല്ലപ്പോഴും കാണുമ്പോഴെല്ലാം എന്നെ അദ്ദേഹം അനാവശ്യമായി ബഹുമാനിച്ചുപോന്നു.

പഠിപ്പിനെപ്പറ്റിയും മാര്‍ക്കിനെ പറ്റി ചോദിക്കുമ്പോള്‍, ഫുള്‍ മാര്‍ക്കില്‍ നിന്ന് അഞ്ചോ പത്തോ കുറച്ചും പറഞ്ഞും പോന്നു! ആളെ വേദനിപ്പിക്കാന്‍ പാടില്ലല്ലോ?

വര്‍ഷങ്ങള്‍ക്ക് ശേഷം, ഇദ്ദേഹത്തിന്റെ മകള്‍ കെട്ടുപ്രായമാ‍യപ്പോള്‍ ഒരു നറുക്കിന് എന്റെ പേര്‍ കൂടെ ഇദ്ദേഹം ചേറ്ക്കുകയുണ്ടായി.

‘ഏയ് നമുക്ക് അത്ര വല്യ കാശുകാരുടെ വീട്ടീന്നൊന്നും പെണ്ണ് വേണ്ടമ്മേ’

എന്ന് ഞാന്‍ പറഞ്ഞൊഴിഞ്ഞതിന്റെ ഒരു കാരണം പത്താം ക്ലാസ്സിലെ ആ മാര്‍ക്കായിരുന്നു.

ഇടിവാള്‍ said...

കുറുജീ... സൂപ്പര്‍..
ഇന്നലെ കഴുത്തു വേദന മൂലം ലീവായിരുന്നു, പോസ്റ്റു കണ്ടത് ഇപ്പോള്‍. എന്തായാലും ആ രണ്ടരക്കിലോ ഐറ്റംസ് കേറ്റി നിങ്ങളു പട്ടാളത്തില്‍ പോകാതിരുന്നതു നന്നായി...
അല്ലേങ്കില്‍ ഇതേ പോലത്തെ വെടിക്കെട്ടു കഥകള്‍ കേള്‍ക്കാന്‍ നമുക്കാവുമായിരുന്നില്ലല്ലോ..

കണ്ണൂസ്‌ said...

:-)

കുറുമാന്‍ said...

എന്റെ പരേഡില്‍ വന്ന് സാവധാനും, വിശ്രാമും ചെയ്ത എല്ലാവര്‍ക്കും എന്റെ നന്ദി.

വിശാലോ : ആറ്റം ബോംബായിരുന്നില്ലല്ലോ മാഷെ ഇത്......വെറും ഏറു പടക്കമല്ലെ. അപ്പോ നമ്മള്‍ മാത്രമേ ഒരെല്ലില്ലാത്തതുള്ളൂ ഇവിടെ.. എന്നാലും, തനിക്ക് ഐ എ എസ്സിനൊന്നു ട്രൈ ചെയ്യാമായിരുന്നു. ഇത്രയും മാര്‍ക്കുണ്ടായിട്ട് ശ്ശെ!!


സങ്കുചിതന് : നന്ദി

ബിരിയാണികൂട്ടീ : താങ്ക്സ്.....അപ്പോ കല്യാണത്തിന്നില്ലെങ്കിലും, അതിനു മുന്‍പ് വന്ന് ഞാന്‍ ഫുഡടിക്കാംട്ടോ.

പുല്ലൂരാനേ : നന്ദി

കലേഷേ : താങ്ക്സ്.. ചിരിച്ചു വെന്നറിഞ്ഞ് ഞാനും ചിരിച്ചു :)

ജേക്കബേ : നന്ദി

കഴുവേറീ : ഞങ്ങള്‍ കഴുവേറീന്ന് വിളിക്കുമ്പോള്‍ ശരിക്കും ആനദം തോന്നുന്നുണ്ടോ ?

ദില്‍ബാസുരാ : നന്ദി.......വായനക്കാരും നീണാല്‍ വാഴട്ടെ

സതീഷേ : നന്ദി. ക്യാമ്പിലെ അനുഭവങ്ങള്‍ രസകരങ്ങള്‍ തന്നെ, പക്ഷെ തിക്താനുഭവങ്ങളും കുറവല്ല

ബിന്ദു : നന്ദി

അപ്പോള്‍ ദമനകോ : അടുത്തത് തരം പോലെ തന്നെ യെന്തുമെപ്പോള്‍ വേണമെങ്കിലും ആവാം :)

ഋ : നന്ദി.....പാരയിട്ടുതന്നെ വിശ്രമിക്കണോ? പായയാലും പോരെ?

സ്നേഹിതനെ : നന്ദി, വെടിമരുന്നു ശാലപോയിട്ട്, ചെമ്പന്റെ പടക്ക കടകൂടിയല്ല മാഷെ ഞാന്‍

പ്രാപ്രാ : നന്ദി.......മധ്യ ത്രെഡ് ഉണ്ടായിരുന്നു. പക്ഷെ എഴുതിയില്ല.....കോഴിക്കോട് പത്തൊമ്പാംതിയതി രാത്രി രണ്ട് കുപ്പി ബിയര്‍ വാങ്ങി ഞങ്ങള്‍ നാലുപേരടിച്ചു :) സമാധാനമായോ ?

പണിക്കോ : നന്ദി

ആദിത്യോ : ഓര്‍മ്മകള്‍ ഉണര്‍ന്നു എന്നറിഞ്ഞതില്‍ സന്തോഷം. പിന്നെ ബ്രാസ്സോ മാത്രമല്ല കേട്ടോ, പിത്തളയുടെ ബക്കിളും, ബാഡ്ജും തിളക്കാന്‍, ബസ്മവും ഉപയോഗിക്കാറുണ്ടായിരുന്നു ഞാന്‍.

ദിവാസ്വപ്നമേ : നന്ദി.....എന്നെ നിങ്ങളൊരു ഹനുമാനാക്കീ?

ഇടിവാളേ : നന്ദി. കഴുത്തിലാരെങ്കിലും കുത്തിപിടിച്ചിട്ടാണോ ഇന്നലെ കഴുത്തു വേദന വന്നത്? വെറും സംശയം മാത്രം :)

കണ്ണൂസ് : നന്ദി.

ചില നേരത്ത്.. said...

കുറുമാനേ പരേഡ് സാവധാന്‍ വായിച്ചു..നന്നായിരിക്കുന്നു.ഈ എന്‍ സി സി ക്കാര്‍ക്ക് എന്നും വലിയ ജാഡയായിരുന്നു. എന്റെ കൂടെ പഠിച്ചിരുന്ന ഒരുത്തന് ഷൂട്ടിംഗിന് പ്രൈസ് കിട്ടി, ഈ പറഞ്ഞ ഐറ്റം തോക്കായിരുന്നെന്ന് തോന്നുന്നു..അതില്‍ പിന്നെ അവന്റെ ഷൈനിംഗ് സഹിക്കാഞ്ഞ് ഞങ്ങള്‍ സ്നേഹപൂര്‍വ്വം അവനെ ‘വെടിവീരന്‍‘ എന്ന് വിളിച്ചു..അവന്‍ അതിന് പരമയോഗ്യനായിരുന്നു..എല്ലാ അര്‍ത്ഥത്തിലും :)

അരവിന്ദ് :: aravind said...

കുറൂജീ :-))
പരേഡ് സാവധാന്‍ കലക്കി!!!!
പക്ഷേ അവസാനം ഇത്തിരി തിരക്ക് പിടിച്ച് അങ്ങ് അവസാനിപ്പിച്ചോന്ന് ഒരു സംശയം?
ഒന്നു കൂടി വിവരിക്കാരുന്നു..അല്ല, ഇത്ര ചിരിച്ചിട്ടും പിന്നേം ചിരിക്കാനുള്ള ആര്‍‌ത്തിയാന്നേ എനിക്ക് :-))

സംഭവം എന്തായാലും കലക്കി കുറുജീ...ശരിക്കും ചിരി ബോംബ് :-)

പട്ടേരി l Patteri said...

എന്‍ സി സി കാല ഓര്‍മകലെക്കു കൂട്ടിക്കൊണ്ടു പോയതിനു നന്ദി.........
സ്കൂലില്‍ എന്‍ സി സി ഇല്ലാത്തിനാല്‍ അവിടെ പരം വീര ചക്രം കിട്ടിയില്ല. പ്രീ ഡീഗ്രിക്കു ചേര്‍ന്നപ്പൊള്‍ നല്ല യൂണിഫോം കിട്ടതതിനാല്‍ ആദ്യ്‌ ദിവസം തന്നെ അന്ത്യ്‌ ദിവസം ആക്കി. ഡീഗ്രീക്കു ചെര്‍ന്നപ്പൊല്‍ പിന്നെ 2 ഉം കല്‍പ്പിചു ഇറങ്ങി :)
അണ്ടര്‍ ഓഫിസര്‍ നൊടു സാറ്റര്‍ഡേ മാത്രമെ താന്‍ സീനിയര്‍ ബാക്കി 5 ഡെയ്സ്‌ ഞാന്‍ ആ സീനിയര്‍ എന്ന് സീരിയസ്‌ ആയി പറഞ്ഞപ്പൊല്‍ അതിന്റെ പരിഗന ആജീവനാതം അവന്‍ തന്നതും പിന്നെ ഞാന്‍ അണ്ടര്‍ ഓഫിസര്‍ ആയപ്പൊല്‍ അണ്ടര്‍ ഓഫിസര്‍ ന്റെ ശരിക്കുള്ള വില ക്യാമ്പസിനെ അറീചതും.........

5 വെടിുണ്ടകള്‍ ഉതിര്‍തപ്പൊല്‍ അതിലൊന്നു മാത്രം ലക്ഷ്യം കണ്ടെന്നു തിരിചരിയുമ്പൊഴും, ഇങ്ങനെ ആയിരിക്കനം ഉന്നം , 5 വെടിുണ്ടകള്‍ ഒരിടത്തു തന്നെ പതിക്കണം എന്നു തന്നെ പൊക്കി പരഞ്ഞതും.....എല്ലാം ഒര്‍മകലില്‍.....

B , C സര്‍റ്റിഫികറ്റുകല്‍ കിട്ടിയപ്പോല്‍ ഞനും ഒരു പട്ടാളക്കരന്‍ ആകും എന്നു സ്വപ്നം കണ്ടതും....പിന്നെ പറഞ്ഞാല്‍ തീരാത്ത ക്യാമ്പ്‌ വിശേഷങ്ങലും....
ചിരിയുടെ മാലപ്പടക്കതിന്റെ അകംബടിയൊടെ ഓര്‍മകിലെക്കു കൂട്ടിചെന്നതിനു നന്ദി......
സല്യൂട്ട്‌ സര്‍ സല്യൂട്ട്‌

മുസാഫിര്‍ said...

കുറുമാനെ,

കഥ അപാരം,പട്ടാളത്തില്‍ ചേരാന്‍ പത്തു കുറുക്ക്
വഴികള്‍ എന്ന പേരില്‍ ഒരു പുസ്തകം അടിപ്പിച്ച്,ബസ് സ്റ്റാണ്ടില്‍ ‘എന്തു കൊന്‍ടു,എന്തു കൊന്‍ടു,വില്‍ക്കുന്ന ആള്‍ക്കാരെ വിതരണത്തിനു ഏല്പിച്ചാലൊ ? ബിസിനെസ്സില്‍ ഞാന്‍ ഒരു പങ്ക് എദുക്കാം.

കുറുമാന്‍ said...

രണ്ടാം റൌണ്ട് നന്ദി പ്രകാശനത്തിനുള്ള സമയമായി. ഇന്ന് വീക്കെണ്ടും കൂടിയാണേ, കൂടണയുന്നതിന്നുമുന്‍പ് എല്ലാവര്‍ക്കും, നന്ദി പറഞ്ഞാല്‍, റ്റൈപിങ് മിസ്റ്റേക്ക് ഒഴിവാക്കാം.

ചിലനേരത്തേ : എന്‍ സി സിക്കാര്‍ക്ക് ഒരു ജാഡയുമില്ല മാഷെ, സ്കൌട്ടിലെ പിള്ളാര്‍ക്കാ കൂടുതല്‍ ജാഡ. ചുരുക്കം പറഞ്ഞാല്‍ എന്നെ വെടിവീരാന്ന് നേരിട്ട് വിളിക്കാണ്ട്, വളഞ്ഞ വഴിക്ക് വിളിച്ചൂന്നര്‍ത്ഥം :)

അര്‍വിന്ദോ : നന്ദി. പിന്നെ അവസാനം ശരിക്കും പറഞ്ഞാല്‍ പെട്ടെന്നെഴുതി തീര്‍ത്തതാ, ഈ പോസ്റ്റിന്റെ മാത്രമല്ല, എല്ലാ പോസ്റ്റിന്റേയും അവസാനമാകുമ്പോള്‍ എനിക്ക് വെപ്രാളം/ആക്രാന്തം/ആര്‍ത്തി മൂത്ത് പ്രാന്താകല്‍ തുടങ്ങിയ അവസ്ഥാന്തരം വന്നു ചേരുകയും, തദവസരത്തില്‍ എങ്ങിനേയെങ്കിലും ഒന്നു പോസ്റ്റ് ഞെക്കാനുള്ള ത്വരയില്‍ കമ്പ്ലീറ്റ് മേഹനത്, കുട്ടിച്ചോര്‍ ആക്കപെടുകയും ചെയ്യുന്നു. ക്യാ കര്‍ഊം മേം? എനി വക്കാരി ടിപ്സ്സ്?

അപ്പോ പട്ടേരിയേ : നന്ദി. പിന്നെ ഏതു കോളേജിലാ എന്‍ സി സി 6 ഡെയ്സ്? സല്യൂട്ട് സര്‍!

മുസാഫിര്‍ ഭായ് : ശുക്രിയാ. പങ്കുകച്ചവടത്തിന്ന് പട്ടാളത്തില്‍ ചേരാന്‍ പത്തു വഴികള്‍ തന്നെ വേണോ? പെരുവഴിയാകാന്‍ വേറെ എന്തെല്ലാം ടിപ്സുകള്‍ ഉണ്ട്. വല്ല പാവങ്ങളുടേയും പുതപ്പ് വാങ്ങി, മൂടി പുതച്ച് ഉറങ്ങിയല്ലെ, ദു-ന്‍ :)

Kuttyedathi said...

എന്റെ കുറുമാങ്കുട്ടിയേ, എത്ര ദിവസായെന്നോ ഇതൊന്നു വായിക്കാന്‍ തുടങ്ങിയിട്ട്‌. എന്നും പകുതിയില്‍ വച്ച്‌, ഏതെങ്കിലും മാരണം യൂസര്‍, എന്തെങ്കിലും ഇഷ്യൂവുമായിട്ടു വരും.

കഴിഞ്ഞ ദിവസം കൃത്യം കുറുമാന്റെ മാര്‍ക്കിലാ, വായ നിറുത്തി പോയത്‌. വീട്ടില്‍ ചെന്ന്, 'കുറുമാന്‍ ആളൊരു സര്‍വ്വകലാവല്ലഭന്‍ തെന്നെ കേട്ടോ. ഈ തരികിടകള്‍ക്കിടയിലും , എന്നെക്കാള്‍ നാലു മാര്‍ക്കു കൂടുതല്‍ മേടിച്ചു കുറുമാന്‍ എസ്‌ എസ്‌ എല്‍ സി ക്ക്‌ . കണ്ടാല്‍ പറയൂല്ലാല്ലേ, അത്രെമൊക്കെ പഠിക്കാന്‍ മിടുക്കനായിരുന്നെന്ന്' എന്നൊക്കെ വീട്ടില്‍ മനൂനോടു പറഞ്ഞു.


ഇന്നു വന്നു ബാക്കി വായിച്ചപ്പോഴല്ലേ, ഞെട്ടിയത്‌ ? മ്മടെ റ്റി എം ജേക്കബ്ബിനു , ചുമ്മാ ഇരുന്നപ്പോ, ഒരു വിളി വന്നപ്പോ, ഭാവിയില്‍ സാമൂഹ്യപാഠം പുസ്തകത്തില്‍, തുഗ്ഗ്ലക്കിന്റെ ഭരണ പരിഷ്കാരങ്ങള്‍ പോലെ, റ്റി എം ജേക്കബിന്റെ ഭരണ പരിഷ്ക്കാരങ്ങള്‍, പുള്ളാരു ചുമ്മാ വായിച്ചു പഠിച്ചു രസിക്കട്ടെ, എന്നോര്‍ത്ത്‌ ഒരെല്ല് എടുത്തു മാറ്റിയ, ആ കുരുക്കില്‍ വീണു പോയ ഹതഭാഗ്യനാണെന്നു മനസ്സിലായത്‌ ? അപ്പോ അത്രയ്ക്കു പ്രായമൊന്നുമില്ലാല്ലേ ? ഞാന്‍ ഉമേഷ്ജിയെ ക്കാള്‍ ഒന്നോ രണ്ടോ വയസ്സു കുറവെന്നാ ഓര്‍ത്തത്‌. ഇതിപ്പോ, എണ്‍പത്തേഴില്‍ പത്താം ക്ലാസ്സെന്നു പറയുമ്പോ ചിന്ന പയ്യന്‍സാണല്ലേ ?

യെന്തൊരെഴുത്താന്റെ കുറുമാനേ ? വെയിംഗ്‌ മെഷീനില്‍ കേരി നിന്നിട്ട്‌, 'ഓ... അതിപ്പോ ചോരുണ്ടതിന്റെയാന്നേ, ഷെരിക്കുള്ള വെയിറ്റ്‌ അതിലുമൊരു ഒന്നരക്കിലോ എങ്കിലും കുറവാണെന്നേ' എന്നു സ്വയം ആശ്വസിക്കുന്ന ആളാണു ഞാന്‍. രസിച്ചു വായിച്ചു കുറുമാനേ. ഇനിയുമിനിയും പോരട്ടെ.

സൂര്യോദയം said...

ഞാന്‍ ഈ മലയാളം ഇന്റര്‍നെറ്റ്‌ വായന തുടങ്ങിയിട്ട്‌ അധികം നാളായിട്ടില്ലാത്തതിനാല്‍ അല്‍പം ലേട്റ്റണ്‌.... കിടിലന്‍ ആയിട്ടുണ്ട്‌.... :)

വര്‍ണ്ണമേഘങ്ങള്‍ said...

"ഇടക്കിടെ വന്ന ഏമ്പക്കം ഞാന്‍ അടക്കിപിടിച്ചു. ഇനി ഭാരമെങ്ങാനും കുറഞ്ഞാലോ?"
സാവധാന്‍..
സാവധാന്‍..
ഒരു രക്ഷയുമില്ല...
പിടിച്ചിടത്തൊന്നും ചിരി നില്‍ക്കുന്നില്ല.
ഇനിയിപ്പ പട്ടാളത്തില്‍ ചേരുക തന്നെ.

Ajith Krishnanunni said...

"ഞാന്‍ പത്തുമാസം ഗര്‍ഭിണി നടക്കുന്നതുപോലെ, വയറ്റില്‍ കൈ വച്ച്‌, ഏന്തിയേന്തി നടന്നു"

പൊളിച്ചടുക്കി കുറുജീ : )

ഡാലി said...

കൂറുമാന്‍സ് വായിക്കാന്‍ ലേറ്റായല്ലൊ...
കലക്കന്‍ തമാശ. കോട്ടു ചെയ്യാന്‍ കുറെയുണ്ട്. ഇവിടെ ഇടക്കെങ്കിലും വന്നില്ലെങ്കില്‍ വരാത്തൊര്‍ക്കു നഷ്ടം എന്നു മാഷ് തെളിയിച്ചു കൊണ്ടിരിക്കുന്നു...

Unknown said...

സ്ക്വാ‍ഡ് പീഛേ മൂട്ട്...

ഹ ഹ ഹ...

ഞാനും പണ്ടൊരിക്കല്‍, എട്ടില്‍ പഠിക്കുമ്പോളായിരുന്നു, എന്‍ സി സി ക്യാമ്പിന് പോയി, മതില്‍ ചാടാന്‍ പറ്റാതെ വളരെ ബുദ്ധിമുട്ടി...

പിന്നീട് ഒരു വര്‍ഷത്തിന് ശേഷം, വളരെ സമീക്രിതമായ ഭക്ഷണമൊക്കെ കഴിച്ച്, അതിനുള്ള ആരൊഗ്യം ഉണ്ടാക്കി. പിന്നീട് ഞാന്‍ സി ക്യു എം എസ് വരെ എത്തി എങ്കിലും, ഫിസിക്കലി ഫിറ്റ് അല്ല എന്ന് എനിക്കു തന്നെ ഉത്തമ ബോദ്ധ്യം ഉള്ളത് കൊണ്ട്, പട്ടാളത്തില്‍ ചേരുക എന്ന അതിമോഹം ഞാന്‍ എന്നെന്നത്തേക്കുമായി മാറ്റി വച്ചു...!!!

ഭാരത് മാതാ കീ ജയ്...

ഷാജുദീന്‍ said...

ഞാനും ഒരിക്കല്‍ എന്‍.സി.സിയില്‍ ചേര്‍ന്നു. ആദ്യ ദിവസം ഹിന്ദിക്കാരന്‍ പ്രസംഗിക്കുന്നതിനിടയില്‍ എപ്പോഴോ എന്റെ കണ്ണുതെറ്റി. ദുഷ്ടന്‍ ഒരു മണിക്കൂറാണെന്നെ വെയിലത്തു നിര്‍ത്തിയത് . ഒരു കാര്യവുമില്ലാതെ. പിന്നെ ആ വഴിക്കു പോയിട്ടുമില്ല. അതൊക്കെ ഒന്നുകൂടി ഓര്‍ക്കാ‍ാന്‍ പറ്റി.
പക്ഷേ, ഞങ്ങളുടെ നാട്ടിലൊക്കെ എന്‍.സി.സിക്ക് പൊറോട്ടയാണ് നല്‍കിയിരുന്നത്. മസാലദോശ ആദ്യമായിട്ടു കേള്‍ക്കുവാ.

രാജീവ് സാക്ഷി | Rajeev Sakshi said...

കുറുമാന്‍റേയും വിശാലന്‍റേയും അരവിന്ദന്‍റേയുമൊക്കെ പോസ്റ്റില്‍ അവസാനമാണ് കമന്‍റാറ്. ഈ പോസ്റ്റിലെ കമന്‍റുകള്‍ പോലും അത്രയ്ക്ക് രസകരമാണ്. ഇത്രയും പേരുടെ ഓര്‍മ്മകളെ ഉണര്‍ത്താന്‍ കഴിയുകയെന്നുള്ളത് ഒരു ചെറിയകാര്യമല്ലല്ലോ. ഇവര്‍ ചിരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് പിന്നിട്ട വഴികളിലേയ്ക്ക്, സ്നേഹത്തിന്‍റെ പച്ചപ്പിലേയ്ക്ക് തിരിച്ചുനടത്തിയ്ക്കുക കൂടിയാണ്. നന്ദി കുറുമാനേ.

അഭയാര്‍ത്ഥി said...

ഇന്ത്യാക്കാരുടെ കഷ്ടകാലം - അല്ലാതെന്തു പയറാന്ന്ന്ന്.

ഈ കുറുമാനെ മിലിറ്ററിയില്‍ ചേര്‍ത്തിരുന്നുവെങ്കില്‍ പാക്കിസ്താന്‍ ശരിക്കും വെള്ളം കുടിച്ചേനെ. ഇദ്ദേഹം പറഞ്ഞ ആ കൊന്നൊടുക്കുന്ന സ്വപ്നം വഴിയല്ല.

ഇയാളെ ഒരു പീരങ്കിയില്‍ ഉണ്ടയായ്‌ വച്ചു ശത്രു രാജ്യത്തേക്കു വിടുക.
അവിടെയും ഇയാള്‍ ബ്ലൊഗെഴുതും.

ബോബനും മോളിയും എന്ന പുസ്തകത്തിന്റെ പരസ്യത്തില്‍ ശ്രീനിവാസന്‍ ചിരിക്കുന്നതുപോലെ അഹ്‌ ഹ്ര ഹ്രഹ്‌ ഹ്രക്‌ ഹ്രഹ്‌ ഹ്രാാ , അല്ലെങ്കില്‍ ഇന്നസന്റ്‌ ചിരിക്കുന്നതുപോലെ ഈ ബൊബന്റേം മൊളിടെം ഒരു കാര്യ്യെ ഹു ഹിക്‌ ഹു ഹു, കുലുങ്ങി ചിരിച്ചു യുദ്ധതന്ത്രങ്ങള്‍ മറന്നു നില്‍ക്കുന്ന പച്ചകളെ കീഴ്പെടുത്താമായിരുന്നു.

പറഞ്ഞിട്ടെന്തു കാര്യം. ഹൂൂം...

ആസനം മുട്ടിയാല്‍ അമ്പലം വിണ്‍പറമ്പു.

sami said...

കുറുസാറെ,
ഇന്നാ ഈ പോസ്റ്റ് വയിക്കാന്‍ പറ്റിയത്....[ഭയങ്കര തിരക്കുള്ള ജോലിയല്ലേ എനിക്ക്.....]
ചിരിയുടെ മറ്റൊരു ആറ്റംബോംബ് എന്ന വിശാല മനസ്കന്‍റെ കമന്‍റ് ഞാന്‍ കട്ട് അന്‍റ് പേസ്റ്റ് ചെയ്യുന്നു

സമി

sreeshanthan said...

kurumans,,,

ithum kalakki. anubhavangalude oru anantha sagaramaya kurumane, angayude simhamadayde ummarathu vannu ninnu ithiri katha yeshuthal padikkan ootta keesayil onnumillatha eee uruthendikku bhagyamundakumo? adutha post ethrayum pettennu post cheyyuuu
.

sree

കുറുമാന്‍ said...

കുട്ട്യേടത്തിയേ : നന്ദി. ഇതാ പറയണത്, കാള പെറ്റാല്‍ കയറെടുക്കരുതെന്ന്. എന്റെ മാര്‍ക്ക് മുഴുവനായും വായിച്ചിരുന്നെങ്കില്‍ വീട്ടില്‍ പോയി മഞ്ജിത്തിനോട് എന്റെ പഠിപ്പിനേക്കുറിച്ച് പറയേണ്ട വല്ല കാര്യവുംണ്ടായിരുന്നോ? എന്തായാലും കുറച്ച് മണിക്കൂറുകള്‍ നേരത്തെക്കേങിലും എന്റെ ഇമേജ് ഒന്നുയര്‍ത്തിയതിന്നു വേറെ നാനി.

സൂര്യോദയമേ : താങ്ക്സ്

അടിപോളീസ് : നന്ദി

വര്‍ണ്ണമേഘങ്ങളേ : ശുക്രിയാ, പരേഡ് ചുപ് :) ചിരിനിറുത്തൂ മാഷെ :)

അജിത്തേ : നന്ദി

ഡാലി : നന്ദി. ഇവിടെ ഇടക്കെങ്കിലും വന്നില്ലെങ്കില്‍ വരാത്തൊര്‍ക്കു നഷ്ടം എന്നു മാഷ് തെളിയിച്ചു കൊണ്ടിരിക്കുന്നു - ഇത്രക്കും വേണോ??

സന്തോഷ് ജനാര്‍ദ്ധന്‍ : നന്ദി..അപ്പോ എന്‍ സി സിക്കാര്‍ ഇവിടെ ഒരുപിടിയുണ്ടല്ലോ

ഷാജുദ്ദീനെ : നന്ദി. തൃശ്ശൂര്‍, ഇരിങ്ങാലക്കുട നാഷണല്‍, ബോയ്സ് തുടങ്ങിയ സ്ക്കൂളുകളില്‍ മസാലദോശയായിരുന്നു കൂടുതല്‍. ചിലപ്പോള്‍, ബണ്ണും, പൊറോട്ടയും കിട്ടും.

സാക്ഷി : നന്ദി. പോസ്റ്റ് ഇഷ്ടപെടുന്നുണ്ടെന്നറിയുമ്പോള്‍ സന്തോഷം

ഗന്ധരവ്വരെ : താങ്ക്സ്. ഈ കുറുമാനെ മിലിറ്ററിയില്‍ ചേര്‍ത്തിരുന്നുവെങ്കില്‍ പാക്കിസ്താന്‍ ശരിക്കും വെള്ളം കുടിച്ചേനെ - കുടിപ്പിച്ചേനെ....നല്ല സുര :)

സെമി : നന്ദി. കട് ആന്റ് പേസ്റ്റ് കിട്ടി...എന്റെ വക റ്റു സ്മൈലീസ്

ശ്രീശാന്തേ : നന്ദി. വരമൊഴിയുപയോഗിക്കാന്‍ പഠിക്കൂ, കീമാനും

വേണു venu said...

കുറുമാനു്...ചിരിച്ചു.നല്ലോണ്ണം ചിരിച്ചു.
ഭദ്രനെ ഓര്‍മ്മ വന്നതു് Ncc കഥ വായിച്ചപ്പോഴാണു~.
ഞങള്‍ പ്രീ ഡിഗ്രി യ്ക്കു് പഠിക്കുന്നു.ഭദ്രനാണു് എന്നെയും ക്യാമ്പിനു ചേരാന്‍ പ്രേരിപ്പിച്ചതു്.ഒന്നാം തരം ഭക്ഷണം.മുട്ട,ഏത്ത പ്പഴം,കോഴി ക്കറി..
പിന്നെ കലാവാസനകള്‍ക്കു് വൈകുന്നേരം റോള്‍കാള്‍ പരേടും ഉണ്ടു.ചേര്‍ന്നു.ശാസ്താംകോട്ട കോളെജില്‍ വച്ചായിരുന്നു ക്യാമ്പു്.10 ദിവസത്തെ ക്യാമ്പു്.
രണ്ടു ദിവസം കൊണ്ടു ഭദ്രന്‍ ചുരുണ്ടു പോയി.ഞാനും.രാത്രിയില്‍ ഉറക്കത്തില്‍ പോലും “പീച്ചെ മൂട് എന്നും...സാവ്ധാനെന്നും കേട്ടു് ഞെട്ടിയുണ്ര്ന്നു.ഒരു ദിവസം,
വൈകുന്നെരത്തെ കലാ പരിപാടിയില്‍ പലരും പലതും അവതരിപ്പിച്ചു.
ഭദ്രന്‍ ഒരു പാട്ടു പാടി.
അതിങ്ങനെ ആയിരുന്നു....
“എന്തെടാ കശു മാങ്ങേ...മാങ്ങയും തൂക്കിയിട്ടു്
പെണ്ണുങ്ങള്‍ പോകും വഴി നില്‍ക്കാന്‍ നാണമില്ലേ.”

എല്ലാവരും ചിരിച്ചു.മലയാളം അറിയാത്ത OC യും
അധേഹത്തിന്റെ ഭാര്യയും ചിരിച്ചു.ഒ.സി യുടെ അടുത്തിരുന്ന മലയാളി P.A ചിരിച്ചില്ല.

പിറ്റേ ദിവസം എല്ലാവരും തണല്‍ മരത്തിനു ചുവട്ടില്‍
നിന്നും ഇരുന്നും യുദ്ധ തന്ത്രങ്കള്‍ പഠിക്കുമ്പോള്‍....
പാവം ഭദ്രന്‍,തന്റെ മുറിയിലെ കട്ടില്‍ ഒഴികെ ബാക്കി ഒക്കെ മുതുകത്തു കെട്ടി പെരു വെയിലത്തു് ഓടുകയായിരുന്നു.
വേണു.

Rasheed Chalil said...

കുറുമന്‍ജീ പോസ്റ്റ് വൈകിയാണ് വായിക്കാന്‍ കഴിഞ്ഞത്.പഴകുംന്തോറും വീഞ്ഞിനു വീര്യം കൂടും എന്നുകേട്ടിട്ടുണ്ട്...
ഇത് അത്പോലാണപ്പാ‍..
അടിപൊളി...

വായിച്ചുകഴിഞ്ഞപ്പോള്‍ ഉച്ചത്തില്‍ ‘കുറുമന്‍ജീ വാഴ്ക......’ എന്നു വിളിച്ചുപറയണം എന്നു തോന്നി.... പക്ഷെ ഓഫീസായിപ്പോയില്ലേ... എങ്കിലും മനസ്സില്‍ പത്തുവട്ടം പറഞ്ഞിട്ടുണ്ട്...
വിരലില്‍ എണ്ണം പിടിച്ചുതന്നെ....

nalan::നളന്‍ said...

ദേശസ്നേഹം എന്നില്‍ ആളികത്തുമ്പോഴെല്ലാം ലീഡറെന്ന ലേബലുപയോഗിച്ച്‌ ഒരു മസാലദോശക്കു പകരം രണ്ടും മൂന്നും മസാലദോശകള്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്ത്‌ വിഴുങ്ങി

ഇതു കുറുമാന്റെ പടം കണ്ടപ്പോഴേ മനസ്സിലായി..
ദേശസ്നേഹം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിലത്തെ സ്ഥിതി ആലോചിച്ചു പോയി (പെണ്ണു കിട്ടില്ലായിരുന്നു).
പെണ്ണുകെട്ടലിനേയും ദേശസ്നേഹത്തിനേയും ബന്ധിപ്പിക്കുന്ന ഘടകം ഇപ്പൊ പിടി കിട്ടി!!
നമോവാഗം!

Nikhil said...

കുറുമാന്‍ജീ,

ഇങ്ങിനെ ചിരിപ്പിച്ചു കൊല്ലാതെ, ചുറ്റുവട്ടത്തിരിക്കുന്നവരെല്ലാം എന്നെ NIMHANS'ല്‍ കൊണ്ടു പോകാനായി പണപ്പിരിവു തുടങ്ങി കഴിഞ്ഞു.

ഈ ലോകം ഇത്ര ചെറുതാണോ? എവിടെ നോക്കിയാലും നമ്മടെ സ്വന്തം നാട്ടുകാര്‍...

ഏറനാടന്‍ said...

കുറുമാന്‍ജീ ഇങ്ങള്‌ ബെറും കുറുമാനല്ല, വലിയമാനാണ്‌! ചിരിയുടെ കസ്തൂരി അകിടില്‍വെച്ച്‌ കുലുങ്ങി നടക്കുന്ന ഒരു ചിരി-മാനാണ്‌ നമ്മുടെ കുറുമാന്‍! പക്ഷെ കോഴിക്കോട്ടുകാരെ മുഴുവനും താങ്കള്‍ സൂചിപ്പിച്ചതുപോലെ 'കോഴികള്‍' ആയി കാണില്ലായെന്ന് കരുതട്ടെ...

അത്തിക്കുര്‍ശി said...

"ദേശസ്നേഹം എന്നില്‍ ആളികത്തുമ്പോഴെല്ലാം ലീഡറെന്ന ലേബലുപയോഗിച്ച്‌ ഒരു മസാലദോശക്കു പകരം രണ്ടും മൂന്നും മസാലദോശകള്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്ത്‌ വിഴുങ്ങി"

കുറുമാന്‍, അക്ഷരതെറ്റല്ലല്ലോ - ദേശസ്നേഹമായിരുന്നോ അതൊ ദോശസ്നേഹമോ?

കലക്കി..

പിന്നെ, എന്‍ സി സി സ്പെസിഫിക്കേഷന്‍ ഇല്ലത്തതിനാല്‍, എന്‍ സി സി സുഹൃത്തുക്കളെ അസൂയയൊടെ നോക്കിയിരുന്ന ആ കാലം ഓര്‍മ്മ വന്നു!!
എല്ലില്ലാത്ത പത്താം തരത്തിലെ മാര്‍ക്ക്‌ നോക്കി ഞാനും കരുതി " കൊള്ളാം മിടുക്കന്‍" എന്ന്!

അഭിനന്ദനങ്ങള്‍!!!

myexperimentsandme said...

കുറുമയ്യാ, പാരേഡ് ഇട്ടപ്പോഴേ വായിച്ചതായിരുന്നു. ക്ലിക്കി ക്ലിക്കി പോയവഴിക്ക് കമന്റാന്‍ മറന്നു. തകര്‍ത്തൂ എന്ന് ഞാനായിട്ടിനിയെന്തിനാ..

കുറുമന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നടന്ന പോസ് എനിക്കിപ്പോള്‍ ഇമാജിന്‍ ചെയ്യാന്‍ പറ്റുന്നു. പണ്ട് ഗോവായില്‍‌ക്കൂടിയും ഇങ്ങിനെ തന്നെയല്ലേ നടന്നത്?

യ്യൂയ്യേയ്യീ മീറ്റിനു വന്നവരോട് ചോദിക്കട്ടെ, വെട്ടിവിഴുങ്ങിയതിനുശേഷം കുറുമന്റെ പോസ് എങ്ങിനെയയായിരുന്നൂവെന്ന് :)

myexperimentsandme said...

കുറുമോ, കാ‍ള പെറ്റാല്‍ പിന്നെ കയറെടുത്തില്ലെങ്കില്‍ കൊച്ചോടിച്ചാടി നടക്കും. പെറ്റെന്ന് കേട്ടാല്‍ ഒന്ന് കണ്‍ഫേം ചെയ്തിട്ടെടുത്താലും മതി.

[കുട്ട്യേടത്തിക്കമന്റിന് കുറുമന്റെ മറുകണ്ടം കമന്റ് റഫ്. കണ്ടോ പോസ്റ്റു മാത്രമല്ല, എല്ലാ കമന്റും ഞാന്‍ കുത്തിനിന്ന് വായിക്കും :) ]

ഇടിവാള്‍ said...

ഇത് ഇത്രത്തോളമെത്തിച്ചിട്ട് ഒരു അമ്പതാക്കി കൊടുത്തില്ലേ മോശം നമുക്കല്ലേ വക്കാരി... ദേ ഞാന്‍ 49 ആം പോസ്റ്റ്...

50ഉം ഞാന്‍ തന്നേ ! ബെറ്റിനുണ്ടോ വക്കാരീ ???

ഇടിവാള്‍ said...

കുറുജീ / വക്കാരിജീ : ദേ.. ഞാന്‍ അമ്പതടിച്ചു !!!!
ദ ഡെബ്യൂ ഫിഫ്റ്റി !!!!

മുല്ലപ്പൂ said...

"കബാബ്‌ കമ്പിയില്‍ കോര്‍ക്കുന്നതുപോലെ, .... സ്വപ്നം കണ്ട്‌ ഞാന്‍ പൊട്ടിചിരിച്ചു. "

ചിരിക്കാന്‍ ഇനി എന്തുവേണം..
തലക്കെട്ടും സൂപ്പര്‍

സുന്ദരന്‍ said...

കുറുമാനെ....ഞാനും ഒരു എന്‍.സി.സി. കേടറ്റായിരുന്നു. പൊക്കംകുറവായിരുന്നതിനാല്‍ ഞാനും എരുമയുടെ ശബ്ദം ഉള്ളതിനാല്‍ മാത്രമാണു തിരഞ്ഞെടുക്കപ്പെട്ടതു. പത്താം ക്ലാസ്സില്‍ എത്തിയപ്പോല്‍ ഞാനും സീനിയര്‍ കേടറ്റായി...പരീക്ഷയില്‍ ജെസ്റ്റ്‌ മാര്‍ക്കുവാങ്ങിപസ്സായി...മുറത്തിന്റെ വലിപ്പമുള്ള സര്‍ട്ടിഫിക്കറ്റ്‌ എനിക്കും കിട്ടി.......ഇതുവായിച്ചപ്പോള്‍ ഞാന്‍ എന്റെ ഹൈസ്കൂള്‍ ലൈഫിലോട്ടൊരു തിരിച്ചുപോക്കുനടത്തി......വളരെ നന്നായിരുന്നു....(സുന്ദരന്‍)

Anonymous said...

ഞങ്ങള്‍ നാലുപേരും തിരിച്ചു നടക്കുമ്പോള്‍, കൊമ്പന്‍ മീശ വച്ച ധീര ജവാന്റെ ഹിന്ദിയിലുള്ള തെറി ഞങ്ങള്‍ക്ക്‌ പുറകിലായി‍ മുഴങ്ങി കേട്ടു.

ആ തെറിയാണോ കമെന്റ് ഇടുന്നവരുടെ പേരായി ബ്ലൊഗില്‍ ##^%$^^%$## എന്ന് വരുന്നത്

Anonymous said...

"ഇടക്കിടെ സ്വപനത്തില്‍ പാക്ഭടന്മാരുടെ ഗ്രെനേഡേറില്‍ നിന്നും രക്ഷപെടുവാനായ്‌ ട്രെഞ്ചിലൊളിക്കുന്നതിനായ്‌ ഞാന്‍ ഉറക്കത്തില്‍ തന്നെ കട്ടിലില്‍ നിന്നുമിറങ്ങി, കട്ടിലിന്റെ അടിയില്‍ ചെന്നുകിടന്നു."

ithaanu enikketavum ishtapettathu

വിപിന്‍ said...

കുറുമാന്‍ജീ, അടിപൊളി..... ആദ്യഭാഗത്തെ എന്‍ സി സി വിസേഷങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ എന്റെ സ്കൂള്‍ ജീവതം ഓര്‍ത്തു. 2 കൊല്ലം സ്കൌട്ട് ലീഡറായിരുന്നു ഞാന്‍. പക്ഷേ ഇപ്പോളും ദായേമൂഢ് എന്ന് കേള്‍ക്കുമ്പോ ഒരു കണ്‍ഫൂസനാ, വലത്തോട്ട് തിരിയണോ അതോ ഇടത്തോട്ട് തിരിയണോ! അതിന്റെ പോംവഴി ഇപ്രകാരമായിരുന്നു. ഞാന്‍ തിരിയുന്നതിനെതിരെ തിരിയുന്നവനെല്ലാം തെറ്റ് ഹി ഹി ഹി...

"താന്‍ ഗൂര്‍ഖാ റെജിമന്റ്‌ എന്നു കേട്ടിട്ടുണ്ടോ?

ഒരു ഗൂര്‍ഖ വിസിലടിച്ച്‌, വടി നിലത്തടിച്ച്‌ ശബ്ദമുണ്ടാക്കി , അരയിലൊരു കത്തിയും ഞാത്തി, എല്ലാ മാസവും, ഒന്നാം തിയതി പട്ടാപകല്‍ നേരത്ത്‌ പൈസവാങ്ങാന്‍ വീട്ടില്‍ വരുമ്പോള്‍ കണ്ടിട്ടുണ്ടെന്നതല്ലാതെ വേറെ ഗൂര്‍ഖാ റെജിമെന്റിനെ ഞാന്‍ കേട്ടിട്ടില്ലാന്നു പോയിട്ട്‌ കണ്ടിട്ടു കൂടിയില്ല."

“സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പട്ടിക്കേറുകൊണ്ടതുപോലെ വീടിനു ചുറ്റും കിടന്ന് ഞാന്‍ ഓടി.”

ഇതൊക്കെ വായിച്ച് തലകുത്തി നിന്ന് ചിരിക്കുമ്പോള്‍ അടുത്തിരിക്കുന്ന കൂട്ടുകാരന്‍ ചോദിച്ചു. നിനക്കെന്താടാ വട്ടു പിടിച്ചോ? ഹി ഹി ഹി... :)