Tuesday, October 09, 2007

മെയിഡ് പുരാണം

രണ്ട് വര്‍ഷത്തിലേറെയായി ഞങ്ങളോടൊപ്പം താമസിച്ച് കുട്ടികളെ നോക്കിയിരുന്ന, ഹൌസ് മെയിഡ് പോയതിനുശേഷമാണ് ജീവിതത്തില്‍ ഇതുവരെ നേരിടാത്ത ചില പ്രതിസന്ധികള്‍ ഞങ്ങള്‍ നേരിടാന്‍ തുടങ്ങിയത്.

പ്രതിസന്ധിയെന്ന് വച്ചാല്‍ സന്ധിയില്ലാത്ത സന്ധിയൊന്നുമല്ല, ലൈറ്റായിട്ടുള്ള ചില പ്രതിസന്ധികള്‍ മാത്രം. ഉദാഹരണത്തിന് രാവിലെ ആറു മണിക്കെഴുന്നേല്‍ക്കുക എന്നത്! പണ്ട് ശബരിമലക്ക് മാലയിട്ട് വ്രതം നോല്‍ക്കാറുള്ള സമയത്ത് അഞ്ചര, ആറുമണിക്കെഴുന്നേറ്റിട്ടുണ്ട് എന്നല്ലാതെ, കുറച്ചധികം വര്‍ഷങ്ങാളായി അഞ്ചിനും ആറിനും നിവൃത്തിയില്ലാതെ എഴുന്നേല്‍ക്കുന്നത് തന്നെ, “ഡിസ്ക് ഈസ് ഫുള്‍“ എന്നെന്റെ ബ്ലാഡറില്‍ നിന്നുള്ള മെസ്സേജ് വരുമ്പോള്‍, ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റാക്കി, ശേഷമുള്ളതിനെ കമ്പ്രസ്സ് ചെയ്ത്, ഡിസ്ക് സ്പേസ് കൂട്ടാന്‍ മാത്രമാണ്. മറ്റൊന്ന്, ആഴ്ച തോറും വാങ്ങുന്ന മല്ലികസാമാനങ്ങള്‍ (തെറ്റിദ്ധരിക്കരുതേ! പലവ്യഞ്ജന, പലചരക്ക് സാധനങ്ങള്‍ക്ക് തമിളില്‍ പേശുന്ന വാക്കുപയോഗിച്ചു എന്ന് മാത്രം) ഫ്രിഡ്ജിലും, അലമാരയിലും കുത്തിനിറക്കാതെ, അതാതിന്റെ സ്ഥലങ്ങളില്‍ അടുക്കി പെറുക്കി വക്കുക എന്നതുമാണ് (കോഴിമുട്ടക്ക് മുകളില്‍ കുമ്പളങ്ങ വക്കാതേയും, ഐസ്ക്രീം ബോക്സ് വെജിറ്റബിള്‍ ട്രേയില്‍ വക്കാതേയും മറ്റും ഒരു ഗ്രോസറി ഷോപ്പില്‍ പത്തമ്പത് അലമാരകളിലും, ഫ്രീസറുകളിലുമായി ഞെളിഞ്ഞിരുന്നിരുന്ന സാധനങ്ങള്‍ മൊത്തം ഒരേ ഒരു ഫ്രിഡ്ജിലും, ഒരേ ഒരു അലമാരയിലുമായി കയറ്റിവക്കാന്‍ ഇത്തിരിയൊന്നുമല്ല പാട്).

രാവിലെ ആറുമണിക്ക് എഴുന്നേറ്റ് മോളെ എഴുന്നേല്‍പ്പിച്ച് തയ്യാറാക്കി ഫ്ലാറ്റിന്റെ താഴെയുള്ള സ്കൂള്‍ ബസ്സ് സ്റ്റോപ്പില്‍ കൊണ്ടു പോയിവിട്ടാല്‍ രാവിലത്തെ ഉത്തരവാദിത്വം തീര്‍ന്നു. മെയിഡ് പോയിട്ട് ആദ്യ ദിവസം സ്കൂള്‍ ബസ്സില്‍ മകളെ കയറ്റിവിടാന്‍ കൊണ്ട് പോകാന്‍ നേരമാണ് ആദ്യമായി മകളുടെ ബാഗ് ഞാന്‍ കയ്യിലെടുത്തത്. അഞ്ചാറ് കിലോവിലും ഒട്ടും കുറവില്ല. പാവം കുഞ്ഞുങ്ങള്‍, മുന്നോട്ടുള്ള ജീവിതത്തില്‍ ചുമക്കാനുള്ള ചുമടുകള്‍ ചുമക്കുവാന്‍ ഇപ്പോഴേ ശീലിച്ച് കഴിഞ്ഞു. ഉച്ച മയങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ്, ഏതാണ്ടൊരു പതിനൊന്നരക്ക് സ്കൂള്‍ ബസ്സ് തിരിച്ചു വരുമ്പോള്‍ തൊട്ട മുറിയില്‍ താമസിക്കുന്ന എന്റെ സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ നവീനിന്റെ അമ്മ, നന്ദന വല്യാന്റി, മോളെ പിക്ക് ചെയ്യും. അങ്ങനെ രാവിലെ മുതല്‍ ഇളയവളേയും, പതിനൊന്നര മുതല്‍ മൂത്തവളേയും ഞങ്ങള്‍ വൈകീട്ട് തിരിച്ചെത്തുന്നത് വരെ കരുണയുള്ള ആന്റി നോക്കുന്നത് കാരണം ദിവസം മൂന്നാലെണ്ണം അല്ലലില്ലാതെയും, അലമ്പില്ലാതേയും പോയി കിട്ടി.

ദിവസങ്ങള്‍ ഇങ്ങനെ പോകുന്നതിന്റെ ഇടയില്‍ മകളുടെ ഹോം വര്‍ക്ക് ചെയ്യിക്കുന്ന പണി എന്റെ തലയില്‍ വന്നു ചേര്‍ന്നു. സംഭവം കെ ജി 2 വിലാണ് പഠിക്കുന്നതെങ്കിലും, ഹോം വര്‍ക്കിനൊരു കുറവുമില്ല. ദിവസവും അഞ്ചാറ് പേജുണ്ടാകും. പണ്ടേ പാഠ പുസ്തകം കണ്ടാല്‍ ഉറക്കം വരുന്ന ശീലമുണ്ടായിരുന്ന എനിക്ക് ആ ശീലം തിരിച്ചു ലഭിച്ചു. മോളുടെ ഹോം വര്‍ക്ക് ചെയ്യിക്കുന്നതിനിടയില്‍ ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങി. വീട്ട് പണികളെല്ലാം തീര്‍ത്ത് വാമഭാഗം വരുമ്പോള്‍ കാണുന്നത് കസേരയില്‍ ഇരുന്നുറങ്ങുന്ന എന്നെയും പാതിവഴിയില്‍ ഹോം വര്‍ക്കുപേക്ഷിച്ച് ടി വി യിലേക്ക് കണ്ണും നട്ടിരിക്കുന്ന മക്കളേയും.

അങ്ങനെ ജീവിതം ഇഴഞ്ഞ് നീങ്ങുന്നതിനിടയിലൊരു ദിവസം സുബോധത്തിലിരിക്കുന്ന സമയത്ത് എനിക്കും കിട്ടി ബോധോധയം. ജീവിതത്തിന് പഴയ ആ ഒരു സ്മൂത്ത്നെസ്സ് ലഭിക്കാന്‍ ഒരു ഹൌസ് മെയിഡ് കൂടിയേ തീരൂ. നന്ദന വല്യാന്റിയേയും അധികം ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ? അത്താഴം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകി അടുക്കി വച്ച് വന്ന വാമഭാഗത്തോട് ബോധോധയത്തെകുറിച്ച് ബോധിപ്പിച്ചപ്പോള്‍, സംഭവത്തിന്റെ ആവശ്യകത വ്യക്തമായി ബോധ്യപെട്ടു.

എങ്ങനെയുള്ള മെയിഡായിരിക്കണം? ഞാന്‍ ചോദിച്ചു.

മലയാളിയായിരിക്കണം, പാചകം അറിഞ്ഞില്ലേലും പച്ചക്കറി കട്ട് ചെയ്യാനറിയണം. സ്വയം ഭക്ഷണം കഴിച്ചില്ലെങ്കിലും പിള്ളാരെ കഴിപ്പിക്കണം, പിള്ളാരെ കുളിപ്പിക്കണം. വീട് വൃത്തിയായി സൂക്ഷിക്കണം.

പിന്നെ?

പിന്നെയൊന്നുമില്ല.

എങ്കില്‍ എനിക്കുണ്ട്.

അതെന്താ?

പ്രായം നാല്പത്തഞ്ചില്‍ കൂടുതലായിരിക്കണം. വാലിഡിറ്റിയുള്ള വിസയും വേണം.

അതെന്തിനാ?

അല്ലെങ്കിലേ കഷ്ടകാലമാ, വേലീലിരിക്കുന്ന പാമ്പിനെ എടുത്ത് തോളത്ത് വക്കാന്‍ വയ്യഡോ.

അങ്ങിനെ. വൈഫൊന്ന് ആക്കിയതുപോലെ ചിരിച്ചു.

അതെ അങ്ങിനെ തന്നെ.

പിറ്റേന്ന് ഗള്‍ഫ് ന്യൂസില്‍ വിളിച്ച് പരസ്യം നല്‍കി കഴിഞ്ഞപ്പോള്‍ തന്നെ ആശ്വാസമായി. പരസ്യം വന്നാല്‍ ഫോണ്‍ വിളികളുടെ അയ്യര് കളിയായിരിക്കും, അതാണ് മുന്‍പുള്ള അനുഭവം.

പരസ്യം വന്ന ദിവസം അതിരാവിലെ തന്നെ ഒരു മിസ്സ് കാള്‍ വന്നതും, മെയിഡ് കിട്ടിപ്പോയെന്ന സന്തോഷത്തോടെ ഞാന്‍ വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചു.

ഹലോ, ജീ മേം നബീസ ബോല്‍ രഹാ ഹൂം, ആപ്നേ മെയ്ഡ് കേലിയേ പേപ്പര്‍ മേം ദിയാധാനാ?

ജീ നബീസ ദിയാധാ. ആപ് മലയാളീ ഹോ?

ജീ നഹി. മേം ബംഗ്ലാദേശീ ഹൂം.

മലയാളം സ്പീക്കിങ്ങ് ഹൌസ് മെയിഡ് റിക്ക്വയേര്‍ഡ് എന്ന് അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നല്ലോ നബീസാ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

കുളികഴിഞ്ഞ് വന്ന് തിടുക്കത്തില്‍ വസ്ത്രം മാറുന്നതിനിടയില്‍ വീണ്ടും വന്നു ഒരു മിസ്സ് കാള്‍.

തിരിച്ചു വിളിച്ചു. ബെല്ലടിച്ചതിനു പുറകെ അവിടുന്നു കേട്ടു ഹലോ.

ഹലോ.

അതെ സാറേ, പേപ്പറില് പരസ്യം കൊടുത്താരുന്നാ?

ഉവ്വല്ല

ഞാന്‍ അതിനായിട്ട് വിളിക്കണതാണ്.

ആര്‍ക്ക് വേണ്ടിയാ? ഭാര്യയോ, അതോ പരിചയക്കാര്‍ക്കാരെങ്കിലുമോ?

അല്ല സാറെ, എനിക്ക് വേണ്ടി തന്നേയാണ്.

ഹൌസ് മെയിഡ് റിക്വയേര്‍ഡ് എന്ന് പറഞ്ഞ് പരസ്യം കൊടുത്തിട്ട് വിളിക്കുന്നത് പുരുഷന്‍‍. കലികാലം.

ഓഫീസിലേക്കുള്ള ഡ്രൈവിനിടയില്‍ മൂന്നാമതും വന്നു ഒരു മിസ്സ് കാള്‍.

സ്വന്തമായി മുപ്പത്തിയൊന്ന് പുകയിലക്കറ പിടിച്ച മഞ്ഞച്ച പല്ലുകളല്ലാതെ (ഒരെണ്ണം പറിച്ച് കളഞ്ഞു രണ്ട് വര്‍ഷ മുന്‍പ്) എനിക്ക് ബ്ലൂ ടൂത്തില്ലാത്തതിനാല്‍, തിരക്കേറിയ റോഡ് കഴിയുന്നത് വരെ തിരികെ ഫോണ്‍ ചെയ്തില്ല. ആയതിനാല്‍ തന്നെ തുടര്‍ച്ചയായി അതേ നമ്പറില്‍ നിന്ന് പിന്നേയും രണ്ട് മിസ്സ് കാള്‍ കൂടി വന്നപ്പോള്‍, ഇതെന്തായാലും ജോലി ആവശ്യമുള്ള ഒരാള്‍ തന്നെ, ഇതാവും നമുക്ക് വിധിച്ച മെയിഡ് എന്ന ഒരു തോന്നലോടുകൂടി വണ്ടി ഫാസ്റ്റ് ട്രാക്കില്‍ നിന്നും സ്ലോ ട്രാക്കിലേക്കെടുത്തതിനു ശേഷം ഫോണ്‍ ചെയ്തു.

ഹലോ,

ഹലോ, സാര്‍ പേപ്പറിലെ പരസ്യം കണ്ട് വിളിക്കുന്നതാണ്. കുയില്‍ നാദം മൊഴിഞ്ഞു.

ആവൂ, പെണ്ണ്, അതും മലയാളി. തേടിയ മെയിഡിനെ ഫോണില്‍ കിട്ടി!

നാടെവിടെ?

നാട് കണ്ണൂരാ സാറെ.

ആട്ടെ, കുട്ടികളെ നോക്കി പരിചയമുണ്ടോ?

ഉവ്വ് സാറെ.

ഭക്ഷണം പാചകം ചെയ്യാന്‍.

ഉവ്വ് സാറെ.

വയസ്സെത്രയായി?

ഇരുപത്തിമൂന്ന് മിനിഞ്ഞാന്ന് കഴിഞ്ഞതേയുള്ളൂ.

അയ്യോ പെങ്ങളെ, ബുദ്ധിമുട്ടായല്ലോ?

ഒരു ബുദ്ധിമുട്ടുമില്ല സാറെ. ഞാന്‍ എല്ലാ പണിയും ചെയ്യാം.

അതാ പറഞ്ഞത് ബുദ്ധിമുട്ടായി ഇത് ശരിയാവില്ല എന്ന്! പെങ്ങള് വേറെ ജോലി നോക്കിക്കോ.

അതിപ്പം താന്‍ പറയണോന്ന് ചോദിച്ച് പുള്ളിക്കാരി ഫോണ്‍ കട്ട് ചെയ്തപ്പോ, വണ്ടി ഞാന്‍ വീണ്ടും സ്പീഡ് ട്രാക്കിലെക്കെടുത്തു.

അന്നത്തെ ദിവസം പിന്നെ ഫോണൊന്നും വന്നില്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നതിലും എന്ന അവസ്ഥയില്‍ ഫോണ്‍ മിണ്ടാതെ മേശപുറത്ത് കിടന്നു.

പിന്നെ രണ്ട് ദിവസത്തേക്ക് ഫോണൊന്നും വന്നില്ല പേപ്പറില്‍ ആഡ് വരുന്നതും നിന്നു. ഇനിയെന്ത്?

അറിയാവുന്നവരോടൊക്കെ നേരില്‍ കണ്ടും, നേരില്‍ കാണാന്‍ പറ്റാത്തവരെ ഫോണില്‍ വിളിച്ചും പറഞ്ഞു, പരിചയത്തിലെങ്ങാനും വല്ല മെയിഡുമാരും ഉണ്ടെങ്കില്‍ പറയണമെന്ന്.

മെയിഡാ? ഈ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്താ? ഷെയ്ഖ് ആയി ജോലി ചെയ്യാന്‍ വരെ ആളെ കിട്ടും, പക്ഷെ ഹൌസ് മെയിഡിനെ കിട്ടാന്‍ യാതൊരു വിധ സാധ്യതയുമില്ല എന്ന തരത്തിലായിരുന്നു എല്ലാവരുടേയും മറുപടി.

മലയാളി പോയിട്ട്, രാജസ്ഥാനിയോ, ഹൈദരാബാദിയോ, ബംഗാളിയോ തന്നെ ആയാലും, മെയിഡിനെ കിട്ടിയാല്‍ മതി എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് വെറും മൂന്നേ മൂന്ന് ദിവസമേ എടുത്തുള്ളൂ. ആ തീരുമാനപുറത്ത് ഗള്‍ഫ് ന്യൂസില്‍ വിളിച്ച് പഴയ പരസ്യം റിപ്പീറ്റ് ചെയ്യാന്‍ റിക്വസ്റ്റ് കൊടുത്തതിന്‍ പ്രകാരം പിറ്റേന്ന് അവധി ദിവസമായ വെള്ളിയാഴ്ച പത്രത്തില്‍ വീണ്ടും പരസ്യം വന്നു. അന്ന് ഉച്ചക്ക് എന്റെ ഫോണില്‍ വീണ്ടും ഒരു മിസ്സ് കാള്‍!

പണ്ടൊക്കെ ആരെങ്കിലും മിസ്സ് കാള്‍ ചെയ്താല്‍ എനിക്ക് ദ്വേഷ്യമായിരുന്നു. ഈയിടേയായി (മെയിഡിനു വേണ്ടി പരസ്യം നല്‍കിയതു മുതല്‍) എന്താണെന്നറിയില്ല മിസ്സ് കാള്‍ കണ്ടാല്‍ ഭയങ്കര സന്തോഷം തോന്നുന്നെന്ന് മാത്രമല്ല, രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഒരു നാലഞ്ച് മിസ്സ് കാള്‍ കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടായിരുന്നു.

മിസ്സ് കാള്‍ ചെയ്ത നമ്പറിലേക്ക് തിരിച്ച് വിളിച്ചു.

ഹലോ, എന്റെ ഫോണില്‍ മിസ്സ് കാള്‍ കണ്ടിട്ട് വിളിക്കുന്നതാ ചേച്ചി.

ആ, ഞാന്‍ വിളിച്ചിരുന്നു.

ഊര്, പേര്, നാള്, വയസ്സ് എന്തിന് ജാതകം വരെ ചേര്‍ന്നു, അങ്ങനെ ഒരു മെയിഡുറപ്പായി എന്ന് ആശിച്ചിരിക്കുമ്പോഴാണ് അശനിപാതം പോലെ അവരുടെ അവസാന വാക്കുകള്‍ ചെവിയിലേക്ക് വന്നത്. സാറെ, പിന്നെ ഒരു കാര്യം നൂറോ, ഇരുന്നൂറോ ദിര്‍ഹംസ് കുറച്ച് തന്നാലും വേണ്ടില്ല, എന്റെ ഭര്‍ത്താവിനും താമസിക്കാന്‍ സ്ഥലം തരണം. ആള് ട്രക്ക് ഡ്രൈവറാ, അബുദാബിയിലേക്ക് ഡെയിലി ട്രിപ്പുണ്ടാവും. പകല് ഒരു മൂന്നാല് മണിക്കൂര്‍ മാത്രമേ വീട്ടില്‍ ഉണ്ടാവൂ.

അയ്യോ ചേച്ചി, ഞങ്ങള്‍ ഒരു വിധം ഒരു മുറിയില്‍ അഡ്ജസ്റ്റ് ചെയ്തിട്ടാ ചേച്ചിക്ക് ഹാളില്‍ കിടക്കാന്‍ സ്ഥലമൊരുക്കുന്നത്. അതിന്റെ കൂടെ ചേച്ചിയുടെ ഭര്‍ത്താവിനും കൂടി സ്ഥലം വേണമെന്ന് വെച്ചാല്‍ എങ്ങിനേയാ?

സാറെ, അല്ലെങ്കില്‍ സാറ് പുറത്ത് എവിടേയെങ്കിലും കുറഞ്ഞ കാശിന് ഒരു ബെഡ് സ്പേസ്സ് പുള്ളിക്കാരന് ശരിയാക്കി കൊടുത്താലും മതി.

അത് നോക്കാം ചേച്ചി. ഞാന്‍ വൈഫിനോടൊന്ന് സംസാരിച്ചിട്ട് ചേച്ചിയെ തിരിച്ച് വിളിക്കാം.

വൈഫിനോട് കാര്യങ്ങളുടെ കിടപ്പ് വശമെല്ലാം പറഞ്ഞ് കൊടുത്ത്, ഞങ്ങള്‍ രണ്ട് പേരും കൂടി ക്ലാസിഫൈഡ് അരിച്ച് പെറുക്കി ബെഡ് സ്പേസിനായി ഫോണ്‍ വിളി തുടങ്ങി. മിക്കവാറും വിളിച്ച നമ്പറുകളില്‍ നിന്നൊക്കെ അത് കൊടുത്തു എന്നുള്ള ഉത്തരമായിരുന്നു. കൊടുക്കാത്തവക്ക് എടുത്താല്‍ പൊന്താത്ത റെന്റും. ഫോണ്‍ വിളിച്ച് വിളിച്ച് ഞങ്ങള്‍ തളര്‍ന്നിട്ടും, ബെഡ് സ്പേസ് പോയിട്ട് ഒരു കാലു വക്കാനുള്ള സ്പേസ് പോലും കിട്ടിയില്ല.

പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ഒരു സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവന്‍ ആരോടൊക്കേയോ വിളിച്ച് സംസാരിച്ച് അവസാനം ഒരു ബെഡ് സ്പേസുണ്ടെന്ന് അറിയിച്ചതിന്‍ പ്രകാരം മെയിഡിനെ വിളിച്ചു.

ചേച്ചീ, ഞാനാ, രാവിലെ കരാമയില്‍ നിന്നും വിളിച്ചില്ലെ? അതെ, ചേച്ചിയുടെ ഭര്‍ത്താവിന് ഞങ്ങള്‍ ഒരു ബെഡ് സ്പേസ് ശരിയാക്കിയിട്ടുണ്ട്. അപ്പോ എന്ന് മുതലാ ചേച്ചി വരുന്നത്?

അയ്യോ സാറെ, എനിക്ക് വേറെ ജോലി കിട്ടി. ഷാര്‍ജയില്. എനിക്കും ഭര്‍ത്താവിനും താമസിക്കാന്‍ അവര്‍ മുറിയും തരാം എന്ന് പറഞ്ഞു. സോറി.

മിസ്സ് കാളുകള്‍ പിന്നേയും പലതും വന്നു. ഒന്നും ചേരുന്നില്ല. അവസാനം ദൈവ നിയോഗത്താല്‍ ഒരെണ്ണം ഒത്തു. കണ്ണൂര്‍ക്കാരി ഒരു സുധ ചേച്ചി. അലൈനിലായിരുന്ന അവരെ അവരുടെ ഒരു ബന്ധു ഞങ്ങളുടെ ഫ്ലാറ്റില്‍ കൊണ്ട് വന്നാക്കി.

മീനും, ഇറച്ചിയും ഒന്നും കഴിക്കുന്ന കൂട്ടത്തിലല്ല എന്നവര്‍ പറഞ്ഞപ്പോള്‍ ഭക്ഷണം പോലും കഴിക്കില്ല എന്ന് ഞങ്ങള്‍ കരുതിയില്ലായിരുന്നു. രാവിലെയും, ഉച്ചക്കും, വൈകീട്ടും രണ്ട് സ്പൂണ്‍ കഞ്ഞി മാത്രം കഴിച്ചുകൊണ്ട് ജീവന്‍ വെടിയാതെ അവരുടെ ആത്മാവ്,ആ ശരീരത്തില്‍ എങ്ങിനെ നിലനില്‍ക്കുന്നു എന്നാലോചിച്ചിട്ട് ഞങ്ങള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ഏ സി യുടെ തണുപ്പ് അവര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല എന്നു പറഞ്ഞതിനാല്‍ മൂന്ന് ദിവസം ഞങ്ങള്‍ ഏ സി ഓണ്‍ ചെയ്യാതെ ചൂട് സഹിച്ച് ഫാനിന്റെ കാറ്റ് വച്ച് അഡ്ജസ്റ്റ് ചെയ്തു. നാലാം ദിവസം വ്യാഴാഴ്ച വൈകീട്ട് അവരുടെ ബന്ധു വന്ന് അലൈനിലേക്ക് കൊണ്ട് പോയി. ശനിയാഴ്ച രാവിലെ വരാം എന്നു പറഞ്ഞ് പോയ അവരുടെ ഫോണ്‍ വന്നു ശനിയാഴ്ച. കൈക്ക് ഭയങ്കര നീരും വേദനയും, ഞായറാഴ്ച രാവിലെ വരാം എന്ന് പറഞ്ഞു.

ചേച്ചി നാളെ എന്തായാലും വരണേ. മോള്‍ക്ക് സ്കൂളുള്ളതാ.

ഞായറാഴ്ച രാവിലെ ചേച്ചി വന്നപ്പോള്‍ ഞങ്ങള്‍ക്കാശ്വാസമായി. ആ ആശ്വാസം അല്പം നേരത്തേക്കേ ഉണ്ടായിരുന്നുള്ളൂ. കുഴമ്പും, മരുന്നുമൊക്കെയായിട്ടാ ചേച്ചിയുടെ വരവ്. യതാര്‍ത്ഥത്തില്‍ ചേച്ചിയുടെ കയ്യില്‍ നീരും വേദനയും ഉണ്ട്. പ്രയാസപെട്ട് അവര്‍ പണികള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ വാമഭാഗത്തിന് സഹിച്ചില്ല. ചേച്ചി റെസ്റ്റ് എടുത്തോളൂ, ഞാന്‍ മോളെ തയ്യാറാക്കാം. അന്ന് മോളെ സ്കൂള്‍ ബസ്സില്‍ ഞാന്‍ കൊണ്ട് പോയി വിട്ടു. ഇളയ കുട്ടിയെ സുധേച്ചിയെ ഏല്‍പ്പിച്ച് ഞങ്ങള്‍ ജോലിക്ക് പോയി. വൈകുന്നേരം വന്നപ്പോള്‍ അവരുടെ കയ്യിലെ നീര് കൂടിയിരിക്കുന്നു.

വാമഭാഗം അവരുടെ കയ്യില്‍ കുഴമ്പിട്ട് തിരുമ്മി, ചൂടുവെള്ളം വച്ച് ആവിപിടിച്ചു കൊടുത്തു. കയ്യനക്കാന്‍ കഴിയാത്ത അവര്‍ക്ക് കിടക്കാന്‍ രാത്രിയില്‍ ഞാന്‍ കിടക്ക വിരിച്ചു. പാവം സ്ത്രീ. അന്ന് രാത്രി ഒരുപാട് കരഞ്ഞു. നാട്ടില്‍ വയ്യാതെ കിടക്കുന്ന ഭര്‍ത്താവിനെകുറിച്ചും, പതിന്നാലും, പതിനഞ്ചും വയസ്സുള്ള സ്കൂളില്‍ പഠിക്കുന്ന അവരുടെ രണ്ട് കുട്ടികളെകുറിച്ചും മറ്റും പറഞ്ഞ്. ആശ്വസിപ്പിക്കാനല്ലാതെ അതിലപ്പുറം ഞങ്ങള്‍ എന്ത് ചെയ്യാന്‍?

രണ്ട് ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞപ്പോള്‍, റെസ്റ്റെടുത്തോളൂ എന്നു പറയുമ്പോഴും, മെയിഡിനെ നോക്കാന്‍ മറ്റൊരു മെയിഡിനെ വക്കേണ്ടി വരുമോ എന്നായിരുന്നു ഞങ്ങളുടെ ചിന്ത മുഴുവന്‍.

രണ്ട് ദിവസത്തെ വിശ്രമം കഴിഞ്ഞിട്ടും കൈവേദന അസഹ്യമായി തുടരുന്നതിനാല്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ പോകുന്നു എന്നവര്‍ പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാനില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ മൌനം പാലിച്ചു. അവരെ കൊണ്ടു പോകാന്‍ ബന്ധു വന്നപ്പോള്‍ അത്രയും ദിവസം വീട്ടില്‍ നിന്നതിനുള്ള വേതനം നല്‍കി അവരെ ഞങ്ങള്‍ യാത്രയാക്കി.

പിന്നേയും മെയിഡിനായുള്ള തിരച്ചിലുകള്‍, പ്രാര്‍ത്ഥനകള്‍, വഴിപാടുകള്‍.

പരിചയത്തിലുള്ള ഒരാളുടെ പരിചയക്കാരന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയുടെ നമ്പര്‍ കിട്ടിയതിന്‍ പ്രകാരം അവരെ ഫോണില്‍ വിളിച്ചു.

ഹലോ? ആമിനതാത്തയല്ലെ?

അതേലോ, ഇങ്ങളാരാ?

ചേച്ചി, ഷഹനാസ് താത്ത തന്നതാ താത്തയുടെ നമ്പര്‍.

ആഹ്. ഇത്ത പറഞ്ഞിരുന്നു.

താത്തയുടെ നാട് എവിടെ?

കോഴിക്കോട്.

പ്രായം?

വയസ്സ് പത്ത് നാല്പത്തിയാഞ്ചായി.

വിസയുണ്ടോ?

പിന്നില്ലെ? എന്റെ മോളുടെ കല്യാണത്തിന് പോയിട്ട് തിരികെ വന്നിട്ട് രണ്ട് മാസമേ ആയുള്ളൂ.

പാചകമൊക്കെ അറിയുമോ?

അതെന്ത് ചോദ്യം ചേട്ടാ, പാചകമേ അറിയൂ. ഞങ്ങള്‍ കോഴിക്കോട്കാര്‍ക്ക് പാചകമെന്ന് വെച്ചാല്‍ പിരാന്തല്ലെ? നെയ്ച്ചോറ്, ബിരിയാണി, പത്തിരി, കോയിക്കറി തുടങ്ങി എല്ലാം അറിയാം.

എങ്കില്‍ ചേച്ചി അപ്പോയ്ന്റഡ്.

എപ്പോഴാ വരുന്നത്?

നാളെ വരാലോ?

പിറ്റേന്ന് രാത്രി ആമിനതാത്ത പെട്ടിയും തൂക്കി വന്ന് ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തു.

അടുക്കളയും സാധങ്ങളും എല്ലാം വൈഫ് പരിചയപെടുത്തി.

പിറ്റേന്ന് രാവിലെ മോള്‍ക്ക് സ്കൂള്‍ അവധിയായതിനാല്‍ അതിരാവിലേയുള്ള എഴുന്നേല്‍പ്പിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.

ബ്രേക്ക് ഫാസ്റ്റിനുള്ള ഇഡ്ഡലിയും ചട്നിയും തയ്യാറാക്കി പാഴ്സല്‍ തന്നയച്ചു ആമിനതാത്ത.

ഓഫീസില്‍ ചെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ നേരം ചട്നി കണ്ട ഞാന്‍ ഞെട്ടി. ചട്നിയില്‍ എത്ര മുക്കിയിട്ടും ഇഡ്ഡലി കഷ്ണത്തിന്മേല്‍ ചട്നി പിടിക്കുന്നില്ല! വെള്ളത്തില്‍ മുക്കിയാല്‍ ജലകണങ്ങളെങ്കിലും തങ്ങിയിരുന്നേനെ! ഒരു സ്പൂണ്‍ തേങ്ങ വച്ച് പുള്ളിക്കാരി നാലാള്‍ക്ക് ഒന്നര ലിറ്റര്‍ ചട്നിയുണ്ടാക്കിയിരിക്കുന്നു.

ആമിന താത്തക്ക് ഫോണ്‍ ചെയ്ത് കാര്യം പറഞ്ഞതിനു ശേഷം ഞാന്‍ പറഞ്ഞു, അതേയ് പിശുക്കൊന്നും വേണ്ടട്ടോ. സാധനങ്ങള്‍ ഒക്കെ യഥേഷ്ടം ഉപയോഗിച്ചോളൂ.

ഓക്കെ ചേട്ടാ. അവിടുന്ന് മറുപടി വന്നു.

വൈകീട്ട് ചെന്നപ്പോള്‍ വാമഭാഗം മുഖം കയറ്റി പിടിച്ചിരിക്കുന്നു.

ഉം എന്ത് പറ്റി? അതെ ഫ്രിഡ്ജിലിരുന്നിരുന്ന രണ്ട് മൂന്ന് കിലോ ഫ്രൂട്ട്സ് ഒക്കെ എടുത്ത് അവര്‍ കട്ട് ചെയ്യുന്നത് കണ്ടപ്പോ, ഞാന്‍ കരുതി പിള്ളാര്‍ക്ക് കൊടുക്കാനായിരിക്കുമെന്ന്.

എന്നിട്ടെന്ത് പറ്റി?

നോയമ്പ് തുറക്കുമ്പോള്‍ അവര്‍ക്ക് കഴിക്കാനായി കട്ട് ചെയ്തതാണെന്ന് ഇപ്പോള്‍ അടുക്കളയില്‍ പോയപ്പോഴല്ലെ മനസ്സിലായത്.

പോട്ടെ. വിട്ട് കള. ഒരു മെയിഡിനെ കിട്ടാനുള്ള പാട് നമ്മള്‍ ഒരുപാടനുഭവിച്ചതല്ലെ. അവളെ ഞാന്‍ സമാധാനിപ്പിച്ചു.

പിറ്റേന്ന് രാവിലെ സൂപ്പര്‍ ബ്രേക്ക് ഫാസ്റ്റ്. പത്തിരിയും മുട്ടക്കറിയും. ഒരു ദോശ മുഴുവനായും തിന്നാത്ത മകള്‍ പതിവില്ലാതെ അന്ന് അഞ്ച് പത്തിരി കഴിച്ചു. ഓഫീല്‍ എത്തി ഞാനും കൊളീഗ്സും കഴിച്ചു. കോള്ളാം അടിപൊളി. ഫോണ്‍ ചെയ്ത് വാമ ഭാഗവും അറിയിച്ചു, പത്തിരിയും മുട്ടക്കറിയൂം കുഴപ്പമില്ല.

അന്ന് വൈകുന്നേരം വീട്ടില്‍ ഞാന്‍ അല്പം നേരത്തെ എത്തി.

തലേ ദിവസം മുഖം കയറ്റി വച്ചതിനു പകരം എന്നെ കണ്ടതും വൈഫ് പൊട്ടി ചിരിക്കാന്‍ തുടങ്ങി.

എന്താഡീ പതിവില്ലാതെ നിങ്ങനെ അറഞ്ഞ് ചിരിക്കുന്നത്?

എന്തെങ്കിലും എടുക്കാനാണെന്നുള്ള ഭാവത്തില്‍ ഒന്ന് അടുക്കളയില്‍ പോയി നോക്കിയേ.

എന്ത് പറ്റി?

അല്ല ചുമ്മാ ഒന്ന് ചെന്ന് നോക്ക് മനുഷ്യാ.

തഞ്ചത്തില്‍ അടുക്കളയില്‍ ചെന്നപ്പോള്‍ ഒരൊന്നൊന്നര കിലോ ഉള്ളി ഉരുളകിഴങ്ങ് മിക്സ് പക്കോട ഉണ്ടാക്കി ഒരു പാത്രത്തില്‍ വെച്ചിരിക്കുന്നു. അടുത്തത് ചീനചട്ടിയില്‍ പൊരിക്കുന്നുമുണ്ട്.

വാമ ഭാഗത്തിനോട് ഞാന്‍ പറഞ്ഞു, എഡീ ഇത്രയ്ക്കൊന്നും അവരൊറ്റക്ക് തിന്നില്ല. ഫ്രൂട്ട്സ് പോലെയാണോ എണ്ണയില്‍ വറുത്തത്. അവര്‍ നമ്മുക്കും ചേര്‍ത്തായിരിക്കും ഉണ്ടാക്കുന്നത്.

നമുക്ക് നോക്കാം.

പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ മുറിയില്‍ വന്നു. ഫ്രിഡ്ജില്‍ നിന്നും ഒരു വെട്ടുക്ലാസ്സ് നിറയെ പാലുമെടുത്ത് പോയതും, തൊട്ടടുത്ത പള്ളിയില്‍ നിന്നും മഗ് രീബ് നമസ്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങി......... അള്ളാഹു അക്ബറള്ളാഹു..........

പിന്നേയും പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആമിനതാത്ത മുറിയിലെത്തിയതും, വാമഭാഗം അടുക്കളയിലോട്ട് വച്ചടിച്ചു.

തിരിച്ചെത്തിയത് ചിരിച്ചുകൊണ്ട് തന്നെ.

ഉം. എന്താഡീ ചിരിക്കണെ?

ഏയ്. ഒന്നുമില്ല പാത്രം എല്ലാം കഴുകി വച്ചിരിക്കുന്നു. പക്കോടയെല്ലാം ക്ലീന്‍ ബൌള്‍ഡ്.

എനിക്കും ചിരിക്കാതിരിക്കാനായില്ല.

വ്യാഴാഴ്ച രാത്രി, വെള്ളിയാഴ്ച വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റിട്ട് കൊണ്ടിരിക്കുമ്പോള്‍ ആമിനതാത്തയോട് ചോദിച്ചു. പലചരക്കെന്തെങ്കിലും വാങ്ങണോ?

ഉവ്വ്. എനിക്കീ മട്ട അരിയുടെ ചോറ് പറ്റില്ല. എനിക്ക് ബാസ്മതി മതി!

ശരി താത്ത, വേറെ?

വേറെ എന്താ? അതൊക്കെ നിങ്ങള്‍ നോക്കി വാങ്ങിക്കോ.

ഉത്തരവ്.

വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് വസ്ത്രം മാറുന്നതിനു മുന്‍പെ തന്നെ വെള്ളിയാഴ്ച വൈകുന്നേരം വരാം എന്ന് പറഞ്ഞ് അവര്‍ ബന്ധു ഗൃഹങ്ങളിലേക്ക് പോയി.

പതിവുപോലെ ബ്ലോഗില്‍ നീന്നും ബ്ലോഗിലേക്ക് സഞ്ചരിച്ച് ഞാന്‍ വാരാന്ത്യം ചിലവിട്ടു.

വെള്ളിയാഴ്ച ഷാര്‍ജയിലുള്ള വാമഭാഗത്തിന്റെ ചെറിയമ്മയുടേയും, കസിന്റേയും വീട്ടിലെ സന്ദര്‍ശനവും അത്താഴവും കഴിഞ്ഞ്, ലിസ്റ്റിലുള്ള സാധനങ്ങളും വാങ്ങി ഞങ്ങള്‍ എത്തിയപ്പോള്‍ സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു.

വന്ന് മുറി തുറന്നതും ആമിനതാത്ത ചോദിച്ചു, എന്താ ഇത്? ഞാന്‍ വിശന്ന് ഒരു പരുവമായിട്ടാ വന്നത്. ഇവിടെ വന്നപ്പോള്‍ ഒരു ഭക്ഷണവും ഇല്ല. ഫ്രിഡ്ജാണെങ്കില്‍ കാലി. എന്തെങ്കിലും ഉണ്ടാവുമെന്ന് ഞാന്‍ കരുതി. ഒരു ലിറ്ററിന്റെ ഒരു ഐസ്ക്രീം ഡബ്ബ മാത്രമേ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നുള്ളൂ. അതു വച്ച് തല്‍ക്കാലം ഞാന്‍ അഡ്ജസ്റ്റ് ചെയ്തു.

സോറി താത്ത. ഉച്ചക്ക് പോയതിനാല്‍ ഉച്ചയൂണും, അത്താഴവും പുറത്തായിരുന്നു. ഇനി മുതല്‍ ഞങ്ങള്‍ ശ്രദ്ധിക്കാം.

എങ്കില്‍ ഓക്കെ.

എല്ലാവരും ഉറങ്ങി.

സൂര്യന്‍ ഉദിച്ചു, പകല്‍ മുഴുവന്‍ ഷൈന്‍ ചെയ്തു, വൈകീട്ട് അസ്തമിച്ചു. ഞാന്‍ പതിവുപോലെ വീട്ടിലെത്തി.

ഭാര്യയോട് ചോദിച്ചു, എന്താഡീ ഇന്ന് ഭക്ഷണം?

സാമ്പാറുണ്ട്, ക്യാബേജ് തോരനുണ്ട്, പച്ച മാന്തള്‍ വറുക്കാന്‍ മസാല പുരട്ടി വച്ചിരിക്കുന്നു. പോരെ?

മതി. ധാരാളം.

പോര. പെട്ടെന്നൊരു ശബ്ദം കേട്ട് ഞാന്‍ നോക്കിയപ്പോള്‍ ആമിനതാത്തയാണ്.

അതെന്തേ?

മാന്തള്‍ എനിക്കിഷ്ടമല്ല. നിങ്ങള്‍ മാന്തള്‍ കഴിച്ചോളൂ. ഞാന്‍ ചെമ്മീന്‍ പൊരിച്ചോളാം.

ഒരു മെയിഡിനെ കിട്ടാനുള്ള പ്രയാസമോര്‍ത്ത് സൈലന്റ് മോഡിലിരുന്നിരുന്ന വാമ ഭാഗം പൊടുന്നനെ മോഡ് മാറ്റി.

അതേ, കുറച്ച് ദിവസമായി നിങ്ങള്‍ ചെയ്യുന്നതൊക്കെ കാണുന്നു, സഹിക്കുന്നു, അല്പമൊക്കെ നിങ്ങള്‍ക്കും അഡ്ജസ്റ്റ് ചെയ്യാം. ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി എത്രയോ അഡ്ജസ്റ്റ് ചെയ്യുന്നു? ഞങ്ങള്‍ക്കിഷ്ടമുള്ളത് വക്കും, കഴിക്കും, ചിലപ്പോള്‍ നിങ്ങളോട് വച്ച് തരാന്‍ പറയും. സൌകര്യമുണ്ടെങ്കില്‍ നിന്നാല്‍ മതി. ഇല്ലെങ്കില്‍ ഇഷ്ടം പോലെ ബേബി സിറ്റിങ്ങ് നടത്തുന്നവര്‍ ഉണ്ട്. അവിടെ വിട്ടോളാം. വേറെയും മെയിഡിനെ കിട്ടുമോന്ന് നോക്കട്ടെ. പേപ്പറില്‍ പരസ്യവും കൊടുക്കാം.

അയ്യോ മോളെ, ഞാന്‍ ചുമ്മാ പറഞ്ഞതല്ലെ? നിങ്ങള്‍ തിന്നിട്ട് എന്തേലും ബാക്കി ഉണ്ടെങ്കില്‍ ഞാന്‍ കഴിച്ചോളാം. അവരും താഴ്ന്നു ഭൂമിയോളം.

ഈ സംഭവം കഴിഞ്ഞിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. അവര്‍ മഹാ ഡീസന്റായി.

എന്തിനും സസ്യേതര വിഭവങ്ങള്‍ പാചകം ചെയ്യുന്നതില്‍ എക്സ്പര്‍ട്ടാണെന്ന് ആമിനതാത്ത ഒരാഴ്ച കൊണ്ട് തെളിയിച്ചു. ഇത്രയും നല്ലൊരു മെയിഡിനെ കിട്ടിയ ഞങ്ങള്‍ ഭാഗ്യവാന്മാര്‍.

ഇതെത്ര നാള്‍?

ഗുണ പാഠം

പറയാനുള്ളത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍, താഴെ നില്‍ക്കുന്നവന്‍ ചുമലില്‍ കയറുമെന്ന് മാത്രമല്ല, ചുമലില്‍ ഇരുന്നുകൊണ്ട് ചെവി തിന്നുകയും ചെയ്യും.

44 comments:

കുറുമാന്‍ said...

"മെയിഡ് പുരാണം"

ഒരനുഭവകുറിപ്പ്. ഈയിടേയായി ഓരോ ആഴ്ചയും കിട്ടുന്നത് തന്നെ ഓരോ പോസ്റ്റാക്കാന്‍ കഴിയുന്നു. ആയതിനാല്‍ ഒരു കഥ എന്നു പറയുന്നതിലുപരി ഒരു ഡയറി കുറിപ്പെന്ന് വിശേഷിപ്പിക്കുകയാണ് നല്ലതെന്ന് തോന്നുന്നു.

ഇനി മെമ്മറി ചിപ്പ് തുറന്ന്, പഴയ അനുഭവങ്ങളിലേക്ക് പോകുവാന്‍ ഒരാശ........അടുത്തത് പഴയ കാല അനുഭവകുറിപ്പുകളാകാം.

ഈദ് പെരുന്നാള്‍ വരുന്നു. അതിന്റെ മുടക്കവും, കറക്കവും ഇനിയുള്ള ദിവസങ്ങളില്‍. അതു കഴിഞ്ഞ് കാണാം.

എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഈദ് മുബാരക്ക്. സര്‍വ്വവ്യാപിയായ സര്‍വ്വേശ്വരന്റെ കൃപാ കടാക്ഷം എല്ലാവരിലും ഉണ്ടാകട്ടെ.

...പാപ്പരാസി... said...

ഇപ്രാവശ്യം തേങ്ങ അടിക്കാന്‍ ഞാന്‍ ആര്‍ക്കും വിട്ടുതരില്ല...ഹാവൂ കുറുമാന്റെ പോസ്റ്റില്‍ ഞാന്‍ ഠേ..ഡേ..ഡും..വെല്ല്യ ഒരു മുഴുത്ത തേങ്ങ തന്നെ ഉടച്ചിരുക്കുന്നു....ആഹ്ലാദിക്കാന്‍ ഇനിയെന്തു വേണം..ബാക്കി വായിച്ചിട്ട് പറയാം.

ദിലീപ് വിശ്വനാഥ് said...

കലക്കി, ആദ്യത്തെ കമന്റ് എന്റെ വക എന്നു കരുതിയതാ. വായിക്കാന്‍ ഇരുന്നതു എന്റെ തെറ്റ്. എന്തായാലും മെയിഡ് പുരാണം കലക്കി.

Sreejith K. said...

എനിക്കില്ലാത്ത ഒരു കഴിവാണ് അത്. പറയാനുള്ളത് പറയേണ്ട സമയത്ത് പറയേണ്ട പോലെ പറയാന്‍ ഉള്ള കഴിവ്. കു‌റുഭാര്യ കലക്കി.

...പാപ്പരാസി... said...

“ഡിസ്ക് ഈസ് ഫുള്‍“ എന്നെന്റെ ബ്ലാഡറില്‍ നിന്നുള്ള മെസ്സേജ് വരുമ്പോള്‍, ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റാക്കി, ശേഷമുള്ളതിനെ കമ്പ്രസ്സ് ചെയ്ത്, ഡിസ്ക് സ്പേസ് കൂട്ടാന്‍ മാത്രമാണ്.....ഇപ്പോ ടോയ്‌ലറ്റില്‍ പോകുമ്പോ ഈ ഡയലോഗ് കാരണം ചിരിച്ചോണ്ടാ.....ഒഴിക്കുന്നത്.കലക്കി ഗുറൂ....
ഓ.ടോ....വാല്‍മീകി...ഈ അബദ്ധം പല തവണ പറ്റിയത് കൊണ്ട് ഇപ്പ്രവശ്യം അങ്ങ് കേറി മേഞ്ഞു..മാപ്പാക്കണം

Anoop Technologist (അനൂപ് തിരുവല്ല) said...

ഗള്‍ഫുകാരൊക്കെ സുഖിച്ചു ജീവിക്കുവാണെന്നല്ലെ കരുതിയെ......
ഇത്ര പ്രയാസമാണൊ അവിടെ.....
നിനക്കു വല്ല ഗള്‍ഫിലും പോകരുതോ എന്നു ചോദിക്കുന്ന വീട്ടുകാര്‍ക്ക് ഈ കദന കഥകളുടെ പ്രിന്റൌട്ട് എടുത്തുകൊടുക്കണം.

Typist | എഴുത്തുകാരി said...

അതു ശരിയാ, പറയേണ്ടതു പറയണ്ട സമയത്തുതന്നെ പറയണം.പിന്നെയാവട്ടേ എന്നു വച്ചാല്‍ ചില‍പ്പോള്‍ പ്രശ്നാവും.

എന്തായാലും ആമിനതാത്ത രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കി തന്നു ദീര്‍ഘകാലം നിങ്ങളുടെ കൂടെ കഴിയട്ടേ.

ശ്രീ said...

കുറുമാന്‍‌ജീ...

നല്ല വിവരണം...
ആ ഗുണപാഠത്തിന്‍ 100 മാര്‍‌ക്ക്. പലര്‍‌ക്കും പറ്റാത്ത ഒരു കാര്യമാണ്‍ അത്.
:)

കുഞ്ഞന്‍ said...

ആമിന താത്തയാണു താരം..!

നല്ലൊരു സന്ദേശം...!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ഒരു ലിറ്ററിന്റെ ഒരു ഐസ്ക്രീം ഡബ്ബ മാത്രമേ “

ദൈവമേ ആമിനത്താത്ത ആ പ്ലാസ്റ്റിക്ക് ഡബ്ബയും തട്ടിയോ!!!

ഹാറ്റ്സ് ഓഫ് കുറുമിച്ചേച്ചീ.

മെലോഡിയസ് said...

കുറുമാന്‍ ജീ..നല്ലൊരു പോസ്റ്റ്.

കുറുമി ചേച്ചി ചെയ്തത് തന്നെയാ ശരി.

പിന്നെ പോസ്റ്റില്‍ പറഞ്ഞ സുധ ചേച്ചിയുടെ കാര്യം പറഞ്ഞപ്പോഴും ഒരു വിഷമം. പാവം!

കുട്ടന്‍സ്‌ | S.i.j.i.t.h said...

കുറുമാന്‍സേ-

ഡയറി കലക്കി..പഴേ ഒരു സിനിമയില്ലെ, നമമടെ ബാലചന്ദ്രമേനോനും,അംബികയും ഉള്ളത്- ഫിലോമിന വേലക്കാരിയായി വരുന്ന ‘കുടുംബപുരാണം ’എന്നോ മറ്റോ ആണു പേരു..അതില്‍ ഫിലോമിനയുടെ വേലക്കാരി വേഷം ഓര്‍ത്ത് പോയി..

പിന്നെ, ആമിനാത്ത കോഴിക്കോട് എവിടെയാണെന്നു ചോദിക്ക്..നാട്ടുകാരി ആണെങ്കിലോ..

:)

തറവാടി said...

പറയേണ്ടത് പറയെണ്ട സമയത്ത് പയേണ്ടതുപോലെ പറയണം , അതു കറക്റ്റ്!

നാലായിരത്തി എണ്ണൂര്‍ ദിര്‍ഹം ദുബായ് ഗവണ്മെന്‍‌റ്റിനു ഓരോ വര്‍ഷവും ‍ ഫീസ് കൊടുത്ത് , അയ്യയിരം ദിര്‍ഹത്തോളം തുടക്കത്തില്‍ കെട്ടിവെച്ചാണ്‌ സ്വന്തം സ്പോണ്‍സര്‍ ഷിപ്പില്‍ ഒരു മെയ്ഡ് വിസ തരപ്പെടുത്തുന്നത്. അതു കഴിഞ്ഞ് മെഡിക്കല്‍ , ഹെല്‍ത് കാര്‍ഡ് , താമസം ഭക്ഷണം , ഡ്രസ്സ് എന്നിവേല്ലം കൊടുത്ത് മോശമല്ലാത്ത ശമ്പളവും രണ്ടു വര്‍ഷത്തില്‍ ഫ്രീ എയര്‍ ടികറ്റും ഒക്കെ കൊടുത്ത് സമാധാനമായി ജീവിക്കുമ്പോളാണ്‌ , ഇവരുടെ ഏതെങ്കിലും ഒരു ബന്ധുവോ , പരിജയത്തിലുള്ള മറ്റൊരു മെയ്ഡോ ഇവരെ കണ്ട് പറഞ്ഞത് , 'പുറത്ത് ഇതിനേക്കാള്‍ നല്ല ശംബളം കിട്ടും, നീ പോരെ ഞാന്‍ എല്ലാം ശരിയാക്കാം , പരിചയത്തില്‍ അറബിയുണ്‍റ്റെന്നൊക്കെ,വിസ അവര്‍ തരും എന്നിട്ട് നിനക്ക് പുറത്ത് പണി ചെയ്യാം

പുറത്തു ജോലി കിട്ടും കൂടുതല്‍ ശമ്പളം കിട്ടും , വിസക്ക് അറബിക്ക് കാശുകൊടുക്കണം , യാതൊരു ഉത്തരവാദിത്വമുണ്ടാകില്ല ,തമസം ഒറ്റക്ക് ചിലപ്പോള്‍ കണ്ടെത്തണം , പോലീസ് പിടിച്ചാല്‍ ഫൈന്‍ പിന്നെ അഴിയെണ്ണൂകയും ചെയ്യാം ഇതൊന്നു ഇത്തരക്കാര്‍ പറഞ്ഞു കൊടുക്കില്ല.

'എന്താ പോകണമെന്നുണ്ടോ , സന്തോഷം , കാന്‍സല്‍ ചെയ്യട്ടേ , നമുക്കാളുകള്‍ നാട്ടില്‍ ക്യൂ നില്‍ക്കുന്നുണ്ടൊരു വിഷമവുമില്ല"

എന്നു പറഞ്ഞതും ഒരു കുഴപ്പവുമില്ലാതെ ഇപ്പോഴും ഒപ്പം തന്നെയുണ്ട്. എനിക്കു തോന്നുന്നു ഒരു മെയ്ഡാണ്‌ മറ്റൊരു മെയ്ഡിനു ശാപമെന്ന്!

asdfasdf asfdasdf said...

എന്നാലും ഒരു മെയിഡിനെ കിട്ടിയല്ലോ.. ഇഷ്ടമ്പോലെ കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്ന മെയ്ഡ്. :)

ആവനാഴി said...

പ്രിയ കുറുമാന്‍,

പുരാണം വായിച്ചു. വളരെ മനോഹരമായി എഴുതിയിരിക്കുന്നു. കുറുമാന്റെ ശൈലി കൂടുതല്‍ മെച്ചമായി കമനീയഭാവം കൈക്കൊള്ളുന്നു.

അഭിനന്ദനങ്ങള്‍!

സസ്നേഹം
ആവനാഴി.

Rasheed Chalil said...

കുറൂജീ പുരാണം കലക്കി... അത് തന്നെയാണ് ശരി, പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞാലേ തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നൂ... :)

pavam payyan said...

hallo

pavam payyan said...

Hallo dear kurumanji....

I am a new comer..But i read ur posts fully....So kurumanjiyude anugraham undakanam.....


Thanks....

ഇസാദ്‌ said...

പ്രിയപ്പെട്ട കുറുമാന്‍‌ജീ,

വളരെ നന്നായിട്ടുണ്ട് വിവരണം. ഗള്‍ഫിലൊക്കെ മെയിഡിനെ കിട്ടാന്‍ ഇത്ര പാടാണോ. ഹോ, ഭീകരം.

മെമ്മറിചിപ്പ്ലില്‍ നിന്നും ആ പഴയ ഓര്‍മ്മകളൊക്കെ പോരട്ടേ. :)

തകര്‍പ്പന്‍ എഴുത്ത്.

ശാലിനി said...

ഏകദേശം ഇതേപോലെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോയതാണ് ഞങ്ങളും, ഒരു മാസം. ഉണ്ടായിരുന്ന ലീവൊക്കെ തീര്‍ന്നിട്ടും, മെയ്ഡ് ഇന്റര്‍വ്യൂ നടക്കുന്നതല്ലാതെ ആരും അപ്പോയിന്റാ‍യില്ല. അവസാനം നമ്മുടെ ഡിമാന്റൊക്കെ മാറ്റിവച്ച് അവരുടെ ഡിമാന്റുകള്‍ക്കനുസരിച്ച് നീങ്ങി. നമുക്ക് വേണ്ടത് 6 മണിക്കെത്തി 5 മണിക്ക് പോകുന്നയാളെയാണ്, വന്നവരോ 11 മണിക്കെത്തി 4 മണിക്ക് പോകും. ഡ്യൂട്ടി സമയം അഡ്ജെസ്റ്റ് ചെയ്ത് അത് ഓക്കെയാക്കി. ഉണ്ടാക്കിവച്ചിരിക്കുന്ന ഭക്ഷണം കഴിച്ച് കുഞ്ഞിനേയും കൊണ്ട് അവര്‍ ഉറങ്ങാന്‍ തുടങ്ങും. വീട്ടിലെ ജോലികളൊക്കെ നമ്മള്‍ തന്നെ ചെയ്യണം എന്നാലും സാരമില്ല, വീട്ടില്‍ കുഞ്ഞുങ്ങളുടെ കൂടെയൊരാളായല്ലോ എന്നു വിചാരിച്ചാണ് നിര്‍ത്തുന്നത്. പിന്നെ ആഴ്ചയില്‍ മൂന്നുദിവസം രാവിലെ മിസ് കോളിനെ പിന്തുടര്‍ന്നു വിളിക്കുമ്പോള്‍“ഉടമ്പുക്കു സുഖമില്ല അമ്മാ” എന്ന കാരണത്താല്‍ അവധിക്കപേക്ഷയായിരിക്കും കേള്‍ക്കുക. ഇപ്പോഴും നല്ല ഒരു ആയമ്മയ്ക്കുവേണ്ടി അന്വേഷണം നടക്കുന്നു.

പൊതുമാപ്പുകഴിഞ്ഞതില്‍ പിന്നെ ഇവിടേയും ഇതുതന്നെ സ്ഥിതി. കിട്ടിയ സമയം കൊണ്ട് കാശ് കുറച്ചുണ്ടാക്കാം എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഇപ്പോള്‍ മണിക്കൂര്‍ കണക്കിനാണ് ശമ്പളം പറയുന്നത്. തറവാടി പറഞ്ഞതും കാര്യം. ഒരു വീട്ടില്‍ മര്യാദയ്ക്ക് നില്‍ക്കുന്ന മെയ്ഡിനെ എങ്ങനേയും അവിടെനിന്നിറക്കാതെ ഈ കൂട്ടര്‍ക്ക് ഒരു സമാധാനമില്ല. ഇവരെല്ലാം തമ്മില്‍ കണക്ഷനുണ്ട്. ഒരുവള്‍ വിളിച്ചപ്പോള്‍ ശമ്പളമല്‍പ്പം കുറച്ചു പറഞ്ഞുനോക്കി, അപ്പോള്‍ വരുന്നു മറുപടി ഇന്നലെ വിളിച്ചയാളോട് ഈ തുകയല്ലല്ലോ പറഞ്ഞത് എന്ന്. കൂട്ടുകാരില്‍ പലരും ഇപ്പോള്‍ കുഞ്ഞുങ്ങളെ നാട്ടിലയയ്ക്കുകയാണ്, വേറെ എന്തുചെയ്യാനാണ്. കുഞ്ഞുങ്ങളുമായി ജോലിക്കുപോകാന്‍ പറ്റില്ലല്ലോ.

കുറുമാന്‍ നന്നായി വിവരിച്ചിരിക്കുന്നു.

അതുല്യ said...

Never say YES when you want to say NO??

മുസാഫിര്‍ said...

കുറുമാന്‍‌‌ജി,

നമ്മുടെ തീറ്റ എര്‍പ്പായിച്ചേട്ട്ന്റെ ആത്മാവ് എങ്ങാനും കേറിക്കൂടിയതാണാവോ പാവം ഇത്തയില്.അല്ല ഈ ഒരു ലിറ്റല്‍ ഐസ്ക്രീമൊക്കെ എങ്ങിനെയാ ഒരു സാധാരണ മനുഷ്യന്‍ കഴിക്കാ ?

Kaithamullu said...

കുറു,

ഈ മൈഡ് എങ്കിലും നിലനിന്ന് കിട്ടണേ എന്ന് പ്രാര്‍ഥിക്കുന്നു.

പുരാണം കലക്കി!

ജാസൂട്ടി said...

അപ്പൊ പറഞ്ഞു വരികയാണെങ്കില്‍ ഗള്‍ഫില്‍ ഒരു ജോലി കിട്ടുന്നതിനേക്കാള്‍ കഷ്ട്ടമാണ്‌ മെയിഡിനെ കിട്ടാന്‍.

വിവരണം നന്നായിരുന്നു...

കൊച്ചുത്രേസ്യ said...

'പറയാനുള്ളത്‌ പറയെണ്ട സമയത്ത്‌ പറയണം.' അതു കറക്ട്‌

എന്നാലും പാവം ആമിനത്താത്ത :-)

Mubarak Merchant said...

ഹൊ.. കുറൂന്റെ വൈഫ് മെയ്ഡിനോട് കോര്‍ക്കുന്നെടം വരെ എത്തിയപ്പൊ ഇതും പോയീന്ന് കരുതീതാ.. അവരും താഴാന്‍ തയ്യാറായത് നന്നായി. അല്ലേല്‍ ഈ മെയ്ഡ് പുരാണം സീരീസ് തുടങ്ങേണ്ടി വന്നേനെ.

Dinkan-ഡിങ്കന്‍ said...

മെയിഡ് ഇന്‍ കുറൂമാനിയ കലക്കി :)

അപ്പു ആദ്യാക്ഷരി said...

അതെ, പറയേണ്ട കാ‍ര്യങ്ങള്‍ പറയേണ്ട സമയത്തു പറയുകതന്നെ വേണം. ഇതില്‍ ഈ സ്ത്രീ ജനങ്ങള്‍ സമര്‍ത്ഥകള്‍ തന്നെ.

Sethunath UN said...

കുറമാനേ... നിങ്ങ‌ളുടെ ക്ഷമ സ‌മ്മതിച്ചിരിയ്ക്കുന്നു. അത്രയും കാത്ത‌ല്ലോ പ‌റ‌യാന്‍. കടുപ്പ‌ം ത‌ന്നെ കാര്യം :)

simy nazareth said...

കുറുമാനേ, നന്നായിട്ടുണ്ട്!

സ്വന്തമായി മുപ്പത്തിയൊന്ന് പുകയിലക്കറ പിടിച്ച മഞ്ഞച്ച പല്ലുകളല്ലാതെ (ഒരെണ്ണം പറിച്ച് കളഞ്ഞു രണ്ട് വര്‍ഷ മുന്‍പ്) എനിക്ക് ബ്ലൂ ടൂത്തില്ലാത്തതിനാല്‍,

ഇതുവായിച്ച് ചിരിച്ചു മണ്ണുകപ്പി :-)

Joe said...

പറയാനുള്ളത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍, >>> How to acquire this skill? Good Post mashe, gulf life ingane okke annu alle? appo american life easy annu ennu thonnu...

സഹയാത്രികന്‍ said...

ഹ ഹ ഹ മാ‍ഷേ...കലക്കി...

പെരുന്നാള്‍ ആശംസകള്‍...
:)

സുധ ചേച്ചീടെ എന്തേലും വിവരം ഉണ്ടോ മാഷേ..?
എങനെയുണ്ട് അവരുടെ കൈയ്യിലെ നീര്...?
:(

സുല്‍ |Sul said...

കുറുവേ ഇതു കാണാന്‍ വൈകിപ്പോയി. വായിച്ചില്ലെങ്കില്‍ നഷ്ടമായേനെ. പറയേണ്ടത് പറയേണ്ട സമയത്ത് പറയുക എന്നത് വിഷമം പിടിച്ച പരിപാടി തന്നെ.
നല്ല പോസ്റ്റ്.

-സുല്‍

Ajith Polakulath said...

ഡിങ്കന്‍ പറഞ്ഞത് പോലെ ഒരു കുറുമാന്‍ തരംഗം
വേണമെങ്കില്‍ ഇതിനെ കുറുമാനിയ എന്ന് പറയാം
അല്ലെ?

(ഇപ്പോള്‍ മലയാളത്തിലെ വിശ്വ സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ വിശാലനേയും, കുറുമാനേയും പൊക്കിനടക്കുകയാണ് ഹ ഹ ...നമ്മള്‍ക്ക് അഭിമാനിക്കാം)

പിന്നെ അനുഭവങ്ങളില്‍ നിന്നും മുളക്കുന്ന വിത്തുകള്‍
നല്ല അന്തരീക്ഷം കിട്ടുമ്പോള്‍ മുളക്കും അതിന് ആരുടെയും സഹായം ആവശ്യമില്ല..

അത് പോലെ തന്നെ കുറുമാഷിന്റെ അനുഭവങ്ങള്‍ ചിലപ്പോള്‍ കഥപോലെ വായിക്കാം,ചിലപ്പോള്‍ ഒരു ഓര്‍മ്മക്കുറിപ്പ് അല്ലെങ്കില്‍ വെറും ഒരു കുറുമാന്‍ കുറിപ്പ്.

കുറുമാനിസം സോഷ്യലിസം നീണാല്‍ വാഴട്ടെ!!!!

sandoz said...

കുറൂസേ.....ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ തന്നെ പറഞ്ഞതാണു...മാഷ്‌ അവിടെ കിടന്ന് ബുദ്ധിമുട്ടണ്ടാ..ഇങ്ങ്‌ പോരാന്‍....
നമുക്കിവിടെ ചുമ്മാ പെട്ടിക്കടയിട്ട്‌ ജീവിക്കാന്നേ....
പക്ഷേ കേരളത്തില്‍...

പറയേണ്ട കാര്യങ്ങള്‍....
പറയേണ്ട സമയത്ത്‌...
പറയേണ്ടാ രീതിയില്‍...
പറയേണ്ട അളവില്‍...
പറയേണ്ട തൂക്കത്തില്‍...
പറയേണ്ട നീളത്തില്‍...
പറയേണ്ട ഭാഷയില്‍...
പറയേണ്ട വികാരത്തില്‍...

പറഞ്ഞാല്‍.....

പറഞ്ഞാല്‍ മോത്തിട്ട്‌ കുത്ത്‌ കൊള്ളും.....
മിണ്ടാണ്ട്‌ നാലെണ്ണം അടിച്ചോണ്ട്‌ വല്ലോടത്തും ചുരുണ്ടാല്‍ അത്രേം നല്ലത്‌....

ഉണ്ണിക്കുട്ടന്‍ said...

കുറൂസേ ഇതു കലക്കി. താത്ത ആളു സ്മാര്‍ട്ടാണല്ലോ.. നോമ്പു കഴിഞ്ഞാല്‍ ചിലവു മൊത്തം കൂടുമല്ലോ..:)

nirmmaalyam / നിര്‍മ്മാല്യം said...
This comment has been removed by the author.
വേണു venu said...

പറയേണ്ടതെല്ലാം മുഖത്തു നോക്കി പറയാനൊക്കാതെ വരുന്നതു് കാപട്യമാണെങ്കിലും മൌനി ആകുന്നതു് പലപ്പോഴും നല്ലതാണെന്നു്, പിന്നീടു് തോന്നാറുണ്ടു്.‍
രാഗേഷ്ജി, അനുഭവവിവരണം നന്നായി.:)

Murali K Menon said...

:) അതുമതി. പോരേ

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

MG said...
This comment has been removed by the author.
MG said...

idivettu... anubhavangal..

:: niKk | നിക്ക് :: said...

ഗുണ പാഠം

പറയാനുള്ളത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍, താഴെ നില്‍ക്കുന്നവന്‍ ചുമലില്‍ കയറുമെന്ന് മാത്രമല്ല, ചുമലില്‍ ഇരുന്നുകൊണ്ട് ചെവി തിന്നുകയും ചെയ്യും.

:)

മണിലാല്‍ said...

മനുഷ്യന്‍ ജീ‍വിച്ചിരിക്കുന്നു എന്നറിയുന്നതിങ്ങനെയാണ്.
ഒരു മിസ് കാള്‍,,എസ്.എം.എസ്,,അല്ലെങ്കില്‍ ഒരു ബ്ലോഗ് പോസ്റ്റ്....സജീ‍വമായിരിക്കുക...കുറുമാനായിരിക്കുക....