ഈ പോസ്റ്റ് വായിക്കുന്നതിന്നു മുന്‍പ് ഇതിന്റെ മുന്‍ ഭാഗം ഒരു വേക്കേഷന്റെ തുടക്കം വായിക്കാത്തവര്‍ വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
-----------------------------------------------------------------------
പണ്ട് പണ്ടങ്ങെണ്‍പത്തിയൊമ്പതില്‍, പ്രി ഡിഗ്രി പരീക്ഷ കഴിഞ്ഞ്, തേരാ പാരാ നടക്കുന്നതിന്നിടയില്‍, വെക്കേഷന് കാലം ചിലവിടാനായി ഞാന്‍ എന്റെ കസിന് സിസ്റ്ററായ വിനിച്ചേച്ചിയുടേയും, അവരുടെ ഭര്‍ത്താവും എന്റെ അളിയനുമായ ഗോപിചേട്ടന്, മക്കളായ ചിത്ര, കൃഷ്ണന് എന്നിവരോടും കൂടെ, കേരള എക്സ്പ്രസ്സിലെ രണ്ടാം ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ കയറി തലസ്ഥാനനഗരിയിലേക്ക് യാത്ര തിരിച്ചു.
ബ്യാച്ചിലേഴ്സായ സഹയാത്രികരില്‍ ഭൂരിഭാഗവും, റെയില്‍ വേ, സ്റ്റീലിന്റെ ചതുരപ്ലേറ്റില്‍ സപ്ലൈ ചെയ്യുന്ന, താലി മീല്‍സ് വാങ്ങികഴിക്കുമ്പോള്‍, എനിക്കവരോട് കൊതിപൂണ്ട ആരാധന തോന്നി. കാരണം ഞാന്‍ കഴിച്ചിരുന്നത്
വിനിച്ചേച്ചി കൊണ്ടു വന്നിരിക്കുന്ന പൊതിച്ചോറും, ബീഫ് വറുത്തതും, അച്ചാറും, ലെമണ്‍ റൈസും, ആയിരുന്നു. ആ കൊതി അസ്ഥാനത്തായിരുന്നു എന്ന് മനസ്സിലാക്കാന്‍ ദില്ലിയില്‍ നിന്നും നാട്ടിലേക്കുള്ള ആദ്യ യാത്രയില്‍ വാങ്ങിയ ആദ്യ താലി മീല്‍സ് കഴിക്കുന്നതു വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു എന്ന് മാത്രം. പൊതിച്ചോറിന്റെ സ്വാദും വിലയും മനസ്സിലാവാനും.
ചമ്പല്‍ക്കാടെത്താറാവുമ്പോള്‍ ഉണര്‍ത്തി ദാഡാ, ചമ്പല്‍ക്കാട്ടിലൂടേയാ ട്രെയിന്‍ ഇപ്പോ പോകുന്നത് എന്നു വിനിചേച്ചി പറഞ്ഞപ്പോള്‍, കാടുപോയിട്ട്, പൂടപോലുമില്ലാത്ത, വെറും മണ്‍കൂനകളും, കുന്നും നിറഞ്ഞ ആ സ്ഥലത്തിന് ചമ്പല്‍ക്കുന്നെന്നു പേരിടുന്നതിന്നു പകരം ചമ്പല്‍ക്കാടെന്നു പേരിട്ടവന്റെ തലയില്‍ ഇടിതീ വീഴണേന്ന് പ്രാര്‍ത്ഥിക്കുകപോലും ചെയ്യാതെ ഞാന്‍ വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.
വിരസമായ യാത്രക്കൊടുവില്‍ വെറും ഏഴേ, ഏഴു മണിക്കൂറുമാത്രം വൈകി, കേരള എക്സ്പ്രെസ്സ് ന്യൂ ദില്ലി റെയില്‍ വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം നമ്പര്‍ എട്ടില്‍ ചെന്നു നിന്നതും, അരമണിക്കുര്‍ മുന്‍പേ മുതല്‍, റ്റോയലറ്റില്‍ പോയി, മുഖം കഴുകിയും, വസ്ത്രം മാറിയും, മുഖത്ത് പൌഡര്‍ പൂശിയും ,സുന്ദരകുട്ടപ്പന്മാരും, കുട്ടപ്പികളായും ഇരുന്നവര്‍, വേഗമിറങ്ങിയില്ലെങ്കില്‍, ട്രെയിന്‍ അവരെ ഇറക്കാതെ പോയാലോ എന്ന മട്ടില്‍ തിക്കും തിരക്കും കാട്ടാന്‍ തുടങ്ങി. തിരക്കിന്നിടയിലൂടെ ഇടിച്ചു കയറിയ പോര്‍ട്ടര്‍മാരില്‍ ഒരുവനെ വിളിച്ച് ഗോപിചേട്ടന് ഹിന്ദിയില്‍ പലതും സംസാരിക്കുന്നത് കേട്ട് ഒന്നും മനസ്സിലായിലെങ്കിലും എല്ലാം മനസ്സിലാകുന്നതുപോലെ ഞാന്‍ നിന്നു. സീറ്റിന്റെ അടിയിലേക്ക് കൈചൂണ്ടി എന്തോ ഗോപിചേട്ടന് പോര്‍ട്ടറോടു പറഞ്ഞതും, പൂച്ചയുടെ കുറുങ്ങല്‍ പോലെ സംസാരിച്ചിരുന്ന പോര്‍ട്ടറുടെ സ്വരം പട്ടിയുടെ കുരപോലെ ഉയര്‍ന്നു. ഹിന്ദി നല്ല വശമായിരുന്നതിനാലല്ല, കൈ സീറ്റിന്റെ അടിയിലേക്ക് ചൂണ്ടി കൊണ്ട്, വാങ്ങ്യേലും കൂല്ല്യാ ഒന്നു റോഡ് വരെ എത്തിക്കാന്‍? അത്രയും കാശുണ്ടെങ്കില്‍ എനിക്ക് കരിങ്കല്ലോണ്ട് ഒരു മൂര്‍ത്തി തന്നെ കൊത്തിപ്പിക്കാം എന്ന ഗോപിചേട്ടന്റെ ആത്മഗതത്തില്‍ നിന്ന്, ഈ നമ്മള് തമ്മില്‍ വാഗ്വാദത്തിന്റെ ഹേതു, ചൊവ്വൂരുന്ന് കെട്ടിയെടുത്ത ആട്ടുകല്ലും, അമ്മിക്കല്ലും ആണെന്നു മാത്രം എനിക്ക് മനസ്സിലായി.
എത്രയ്ക്കാണെന്നറിയില്ല, സംഭവം ഉറപ്പിച്ചൊറപ്പിച്ചു ഗോപിചേട്ടന്, മെയിന്‍ പോര്‍ട്ടറെ കൂടാതെ, വേറേയും ഒരു പോര്‍ട്ടര്‍ വന്നു, സാധനങ്ങള്‍ എല്ലാം ഇറക്കി പ്ലാറ്റ് ഫോമില്‍ വച്ചു. ടാക്സി സ്റ്റാന്‍ഡില്‍ സാധനങ്ങള്‍ എത്തിക്കാമെന്നും പറഞ്ഞ് അവര്‍ സാധനങ്ങള്‍ ട്രോളിയില്‍ കയറ്റി വച്ചു, പിന്നെ അവര്‍ക്കറിയാവുന്ന വഴികളിലൂടെ ട്രോളി ഉന്തിപോയി, പിന്നാലെ ഗോപിചേട്ടനും. പ്ലാറ്റ്ഫോമില്‍ അവശേഷിച്ച ഞങ്ങള്‍ കോണിപടികള്‍ കയറി മെയിന്‍ ഗേറ്റിലേക്ക് നടന്നു. തൃശൂര്‍ റെയില്‍ വേ സ്റ്റേഷനാണ് ഏറ്റവും വലിയ റെയില്‍ വേ സ്റ്റേഷന് എന്നു കരുതിയിരുന്ന ഞാന്‍ ന്യൂ ദില്ലി റെയില്‍ വേ സ്റ്റേഷന് കണ്ടപ്പോള്‍ പൊളിച്ച വായ നടക്കുന്നതിനിടയില്‍ ഞാന്‍ അടച്ചു.
നോയിഡ സെക്റ്റര്‍ ഇരുപതിലാണ്, വിനിചേച്ചി താമസിക്കുന്നത്. ഇരിങ്ങാലക്കുട-തൃശൂര്‍-കൊടുങ്ങല്ലൂര്‍ ഒറ്റവരിപാതയാണ് ഏറ്റവും നല്ല റോഡെന്ന് കരുതി അഹങ്കരിച്ചിരുന്ന എന്റെ വായ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും നോയിഡായിലേക്കുള്ള യാത്രമുഴുവന്‍ തുറന്നു തന്നെ ഇരുന്നു.
നോയിഡയിലെ വീട്ടിലെത്തി, ഡ്രൈവറുടേയും കൂടെ സഹായത്തില്‍, സാധനങ്ങളെല്ലാം വണ്ടിയില്‍ നിന്നറക്കി വീട്ടിലേക്ക് വച്ചു. അമ്മിക്കല്ലും, ആട്ടുക്കല്ലും, കുഴവകളും കരസ്പര്‍ശനമേറ്റ് റോട്ടില് കിടക്കുന്നതു കണ്ട് വിഷമം തോന്നിയ ഞാന്‍ അമ്മിക്കുഴവയും, ആട്ടുക്കല്ലിന്റെ കുഴവയും ഓരോ കയ്യിലുമെടുത്ത് വീട്ടിലേക്ക് മണ്ടാന് തുടങ്ങുന്നതു കണ്ട ഗോപിചേട്ടന്, അത് ഞാന്‍ എടുക്കാടാ, നീയും ഡ്രൈവറും കൂടി ഈ അമ്മിക്കല്ലും, ആട്ടുക്കല്ലും വീട്ടിലേക്കെടുത്ത് വക്ക് , ഞാന്‍ കുഴവകളെടുത്തോളാംന്ന് പറഞ്ഞപ്പോള്‍, ശരി ഗോപ്യേട്ടാന്ന് മാത്രം പറഞ്ഞ്, വിനിച്ചേച്ചി അകത്തു നിന്നും കൊണ്ടു വന്ന ചാക്കിന്റെ പുറത്തേക്ക് അമ്മിക്കല്ലെടുത്ത് വച്ച് ഞാനും ഡ്രൈവറും ചാക്കിന്റെ മൂലകള്‍ പിടിച്ച് അകത്തേക്ക് ചാഞ്ചാടി നടന്നു. കയ്യില്‍ ഇത്തിരിയോളം പോന്ന കുഴവകളുമായി ഗോപിചേട്ടന് ഞങ്ങളെ അനുഗമിച്ചു. അമ്മിക്കല്ല് കൊണ്ടുപോയ അതേ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടുകൂടി തന്നെ ഞങ്ങള്‍ ആട്ടുകല്ലിനേയും അകത്ത് കയറ്റി പ്രതീഷ്ടിച്ചു. പറഞ്ഞതിനേക്കാളും ഇരുപത് രൂപ അതികം കൊടുത്തതുകാരണം, ശുക്രിയാ ബായിസാബ് എന്നും പറഞ്ഞ് ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട സര്‍ദാര്‍ജി ഡ്രൈവര്‍, വണ്ടിയോടിച്ച്, ഓടിച്ച് പോയി.
പ്രശ്നങ്ങളൊന്നുമില്ലാതെ, ദില്ലിയിലെ എന്റെ ആദ്യരാത്രി കഴിഞ്ഞുപോയി. തുടര്‍ന്നു വന്ന ദിനങ്ങളില്‍, സമയലഭ്യതക്കനുസരിച്ച് ഗോപിചേട്ടന് എന്നെ കുത്തബ് മീനാര്‍, രാജ് ഘട്ട്, ലോട്ടസ് ടെമ്പിള്‍, ചിഡിയാ ഘര്‍ (കാഴ്ച ബംഗ്ലാവ്) തുടങ്ങിയ സ്ഥലങ്ങളൊക്കെ കാണിച്ചു തന്നു.
ആഴ്ചകള്‍ രണ്ടു മൂന്നു കഴിഞ്ഞു പോയതറിഞ്ഞത്, വീട്ടിലേക്ക് ഒരു മാസത്തേക്ക് ആവശ്യമുള്ള പലചരക്ക്, പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങിയത് മൂന്നാഴ്ചയായപ്പോഴേക്കും തീര്‍ന്നൂന്ന് വിനിചേച്ചി, ഗോപിചേട്ടനോട് പറയുന്നത് കേട്ടപ്പോഴാ.
ഒന്നൊന്നരമാസത്തേക്കാണ് ദില്ലിയിലേക്ക് വന്നിരിക്കുന്നത്. തിരിച്ചെത്തുമ്പോഴേക്കും റിസല്‍റ്റ് വരുകയും ചെയ്യും. പാസ്സാകാന്‍ യാതൊരു സാധ്യതയും ഞാന്‍ കാണാത്തതിനാല്‍, റിസല്‍റ്റ് വരുന്ന സമയത്ത് നാട്ടിലുണ്ടെങ്കില്‍, ഒന്നുകില്‍ അച്ഛന്റെ കയ്യൊടിയുന്നവരെ, അല്ലെങ്കില്‍ എന്റെ എല്ലൊടിയുന്നവരെ, അച്ഛന്റെ താഢനം ഏറ്റു വാങ്ങാന്‍ എന്റെ ശരീരത്തിന്നു ത്രാണിയുണ്ടോന്ന് സംശയം തോന്നിയ ഒരു നിമിഷത്തില്‍ .......
വിനി ചേച്ഛ്യേ, വിനി ചേച്ച്യേ.......
എന്താടാ?
അല്ലാ, ഞാന്‍ റ്റൈപ്പ് ലോവറും, ഷോര്‍ട് ഹാന്റും ഒക്കെ കഴിഞ്ഞതല്ലെ? പ്രി ഡിഗ്രിയും കഴിഞ്ഞു. അപ്പോ വേണങ്കില് എനിക്കിവിടെ ഒരു ജോലി കിട്ടുമോ?
ഓ പിന്നേ.....നിനക്കിവിടെ കളക്റ്ററുദ്യോഗം കിട്ടും, എന്താ നോക്കണോ?
തമാശ കള വിനിച്ചേച്ചി......ബാക്കിയുള്ളവന്റെ മൂട്ടില് തീ പിടിച്ചു നില്‍ക്കുമ്പോഴാ ചേച്ചീടെ ഒരു തമാശ.
പിന്നേ, നീയിപ്പോ ജോലി ചെയ്തിട്ട് വേണ്ടേ, അമ്മായിക്ക് റേഷന്‍ വാങ്ങാന്‍? നാട്ടീ പോയിട്ട് പഠിപ്പ് മുഴുവനാക്കടാ നീയ്.
എരുമയുടെ ചെവിട്ടില് വേദമോതിയിട്ടെന്തു കാര്യം? ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെ തന്നെയാണോ ദൈവമേ? എന്തായാലും ആ പരിപ്പ് അവിടെ വേവില്ലാന്ന് തോന്നിയതുകൊണ്ട് അതപ്പോള്‍ തന്നെ അടുപ്പത്ത് നിന്നും ഇറക്കി വച്ചു.
വൈകുന്നേരം ഓഫീസില്‍ നിന്നും വന്നാല്‍, ദൈവവിശ്വാസിയായ ഗോപിചേട്ടന്, കുളിയും, പൂജയും എല്ലാം കഴിഞ്ഞ് ഒരു രണ്ടെണ്ണം വീശുന്നത് പതിവാണ്. ഞാന്‍ അവിടെ ചെന്നതു മുതല്‍ എന്റെ പ്രാര്‍ത്ഥനയുടെ ഫലമായി രണ്ടെണ്ണം എനിക്കും കിട്ടും. അന്ന് വൈകുന്നേരം പതിവുപോലെ, ബാല്‍ക്കണിയിലിരുന്ന് ക്വാട്ടയടിക്കുന്നതിന്നിടയില്‍ ഉച്ചക്ക് വേവാതിരുന്ന പരിപ്പ് വീണ്ടുമെടുത്തടുപ്പില്‍ കയറ്റി ഞാന്‍.
ഗോപ്യേട്ടാ, പ്രി ഡിഗ്രി കടന്നു കിട്ടണ കാര്യം സംശയമാ, റിസല്‍റ്റാച്ചാല്‍ വരാറായി. ഇത്തരം ഒരവസ്ഥയില്‍ ഞാന്‍ നാട്ടില്‍ പോയാല്‍, പിന്നെ എന്നെ നിങ്ങള്‍ക്ക് ജീവനോടെ കാണാന്‍ കിട്ടീന്ന് വരില്ല്യാ. അതിനാല്‍ കയ്യിലുള്ള റ്റൈപ്പും, ഷോര്‍ട്ട് ഹാന്‍ഡും വച്ച് എവിടേയെങ്കിലും, എന്തെങ്കിലും പണി കിട്ടിയാല്‍ എന്റെ ആയുസ്സ് നീണ്ടും കിട്ടും.
കയ്യിലുണ്ടായിരുന്ന രണ്ടാമത്തെ പെഗ്ഗ് ഒറ്റയടിക്ക് ഗോപ്യേട്ടന് അടിച്ചു. പിന്നെ മൂന്നാമതൊന്നും കൂടി ഒഴിച്ചു. ആ വാശിക്ക് ഞാനും അടിച്ചു രണ്ടാമന് ഒറ്റയടിക്ക്, പിന്നെ മൂന്നാമത്തെ ഒഴിക്കാന്‍ ഗ്ലാസ് ടീപോയില്‍ വച്ച്, കുപ്പിയെടുത്തതും. വേണ്ടടാ, വേണ്ടടാ, ഇത്ര ചെറുപ്പത്തിലേ കൂമ്പ് വാട്ടണ്ട. രണ്ടെണ്ണം തന്നെ ഈ പ്രായത്തിലതികമാ. പിന്നെ നിന്റെ ജോലിക്കാര്യം, അത് നമുക്ക് നോക്കാം. അല്ലെങ്കിലും, പഠിച്ചട്ടൊന്നും ഇക്കാലത്തൊരു കാര്യോം ഇല്ല. പഠിപ്പിന്റെ കാര്യത്തിലങ്ങേരെന്നേക്കാളും കഷ്ടമായതിനാല്‍ മാത്രം എനിക്ക് സപ്പോര്‍ട്ട് കിട്ടിയതാണെന്ന കാര്യം ഫെനിപോലെ വ്യക്തം.
എനിക്ക് ജോലിനോക്കുന്ന പ്രമേയം അന്നു രാത്രിയുടെ ഏതോ യാമത്തില്‍ ഗോപിചേട്ടന് വിനിചേച്ചിയുടെ മുന്പില് അവതരിപ്പിച്ച് പാസാക്കിയെടുത്ത വിവരം പിറ്റേ ദിവസം പകലാനണെനിക്കറിയാന്‍ കഴിഞ്ഞത്. ജോലി കിട്ടുകയാണെങ്കില്‍ വീട്ടില്‍ വിളിച്ച് അമ്മയോടും അച്ഛനോടും പറഞ്ഞ് സമ്മതം വാങ്ങി തരുന്ന കാര്യം കൂടി വിനിചേച്ചി ഏറ്റു.
എന്തായാലും എന്റെ സി വി അന്നു വൈകുന്നേരം ഓഫീസില്‍ നിന്നും വന്നപ്പോള്‍ ഗോപിചേട്ടന് റ്റൈപ്പ് ചെയ്യിച്ച് കൊണ്ടു വന്നിരുന്നു.
പേര്, അച്ഛന്റെ പേര്, പിറന്ന നാള്, മേല്‍ വിലാസം, വിദ്യാഭ്യാസം - അതിന്റെ നേര്‍ക്ക് പ്രി ഡിഗ്രി എന്ന് രണ്ട് പ്രാവശ്യം റ്റൈപ്പ് ചെയ്ത് കറപ്പിച്ചിട്ടുണ്ടായിരുന്നു. പിന്നെ അഡീഷനല്‍ ക്വാളിഫിക്കേഷന്റെ നെര്‍ക്കെഴുതിയിരുന്ന, റ്റൈപ്പ് റൈറ്റിങ് ലോവര്‍ & ഷോര്‍ട്ട് ഹാന്റ്. സി വി കാണാന്‍ എന്താ ചന്തം. വെട്ടു ഗ്ലാസില്‍ സ്മാളൊഴിച്ചപോലെ പേപ്പറിന്റെ ഒരു കാല് ഭാഗത്തിലൊതൊങ്ങി എന്റെ വിവരണങ്ങള്‍.
അന്ന് ഈമെയില്‍ ഇല്ലാത്ത കാരണം, ഫാക്സു വഴി, എന്റെ സി വി, പല പല ഓഫീസുകളുടേയും ഫാക്സ് മെഷീനിന്റെ ട്രേയില്‍ വിളിക്കാത്ത അതിഥിയെപോലെ കടന്നു ചെന്നു. ചിലത് ഫയലില്‍ കയറി പറ്റി, ഭൂരിഭാഗവും ചവറ്റുകൊട്ടയിലും.
പരിചയക്കാരായ പരിചയക്കാരോടൊക്കെ ഗോപിചേട്ടന് എന്റെ ജോലിക്കാര്യം അവതരിപ്പിച്ചു. എന്റെ ഉയര്‍ന്ന വിദ്യാഭ്യാസം കാരണം പലരും അവരുടേ കമ്പനിയില്‍ തനത് സമയത്ത് ഒഴിവുണ്ടായിരുന്ന പോസ്റ്റ് ഫില്ലായിപോയെന്നും, അല്ലെങ്കില്‍ ഇത്രയും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളയാളെ ഇത്ര ചെറിയ അസിസ്റ്റന്റ് മാനേജര്‍, ഓഫീസ് ഇന്‍ ചാര്‍ജ്, മുതലായ പോസ്റ്റിലെങ്ങിനെ വക്കും എന്നു പറഞ്ഞ് കയ്യൊഴിഞ്ഞു.
എടുക്കുന്ന ലോട്ടറി അടിപ്പിക്കാതിരിക്കുന്നതൊഴിച്ച്, ജീവിതത്തിലുടനീളം കടാക്ഷിച്ചിട്ടുള്ള ഭാഗ്യദേവത അവടേയും എന്നെ തുണച്ചു. ബന്ധുവായ ചന്ദ്രേട്ടന്റെ പരിചയത്തിലുള്ള ഒരു ഓഫീസില്‍, റ്റൈപിസ്റ്റ് കം ടെലക്സ് ഓപ്പറേറ്ററുടെ ഒരു വേക്കന്‍സിയുണ്ടെന്ന് ഒരു ദിവസം വൈകുന്നേരം ചന്ദ്രേട്ടന് എന്നെ വിളിച്ച് പറഞ്ഞു.
റ്റൈപ്പിങ്ങാണ് പ്രധാന ജോലി, അതു നിനക്ക് അറിയാമല്ലോ? പിന്നെ ടെലക്സ് ഓപ്പറേഷന്. അത് അവിടെയുള്ള ആള് നിന്നെ പഠിപ്പിക്കും എന്നും പറഞ്ഞു. നാളെ തന്നെ നീ ഇന്റര്‍വ്യൂവിന് പോ, വഴി ഞാന്‍ പറഞ്ഞു തരാം. ശരി ചന്ദ്രേട്ടാ, ജോലി എന്തായാലും കുഴപ്പമില്ല. തല്ക്കാലം ഒരു ജോലി എനിക്കാവശ്യമാണ്. അല്ലെങ്കില്‍ എന്റെ ആരോഗ്യം നശിച്ച് പോകും.
എന്റെ അച്ഛനേയും, അച്ഛന്റെ സ്വഭാവത്തിനേയും, എന്റെ പഠിപ്പിനേകുറിച്ചും നന്നായറിയാവുന്ന ചന്ദ്രേട്ടന് എനിക്ക്, പോകാനുള്ള ബസ്സ് നമ്പര്‍ ഉള്‍പ്പടെ, ബസ് സ്റ്റോപ്പിന്റെ പേര്, അവിടുന്നിറങ്ങി സദര്‍ബസാര്‍ എന്ന സ്ഥലത്തേക്ക് കുതിരവണ്ടിയിലാണ് പോകേണ്ടതെന്നും, കുതിരവണ്ടിയിറങ്ങിയാല്‍ അവിടെ അടുത്തു തന്നേയാണ് ഓഫീസെന്നും പറഞ്ഞു തന്നു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് കുളിച്ച്, തൊഴുത്, പാന്റും, ഷര്‍ട്ടുമിട്ട്, കുട്ടപ്പനായി, സി വിയും, മറ്റ് ക്വാളിഫിക്കേഷന്‍സുമടങ്ങുന്ന ഫയലുമെടുത്ത് എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യാനായി യാത്ര തിരിക്കുന്നതിന്നു മുന്‍പായി വിനിചേച്ചിയുടെ വക അത്യാവശ്യം ഉപയോഗിക്കേണ്ട ഹിന്ദി, ബസ്സില്‍ കയറുവാന്‍, മുജേ ചട്നാഹെ, ഇറങ്ങുവാന്‍ ഉത്തര്‍നാഹെ തുടങ്ങിയ വാക്കുകള്‍ പറഞ്ഞും തന്നു.
കുളിച്ചൊരുങ്ങി ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യുവാനായി രാവിലെ എട്ടുമണിക്ക് തന്നെ നോയിഡാ സെക്റ്റര്‍ ഇരുപതിലെ ബസ്സ് സ്റ്റോപ്പില്‍ ചെന്ന്, 355 നമ്പര്‍ ബസ്സില്‍ കയറി പഹാഡ് ഗഞ്ചിലേക്ക് യാത്ര തിരിച്ചു.
അടുത്തിരുന്ന ഒരു മലയാളിയോട് പഹാഡ് ഗഞ്ച് ബസ് സ്റ്റോപ്പെത്താറുകുമ്പോള്‍ പറയണം എന്നു പറഞ്ഞിരുന്നതിനാല്‍, ദാ പഹാഡ് ഗഞ്ച് എത്തി എന്നയാള്‍ പറഞ്ഞപ്പോള്‍, സീറ്റില്‍ നിന്നും ചാടി എഴുന്നേറ്റ്, തിരക്കുള്ള ബസ്സില്‍ ഉന്തി, തള്ളി, ഒരു വിധം മുന്‍ വശത്തെ ഡോറില്‍ എത്തി. ഡോറിന്റെ മുന്നിലെത്തിയിട്ടും ഇറങ്ങുവാന്‍ തടസ്സമായി വവ്വാലു ഞാന്നു കിടക്കുന്നതുപോലെ മുകളിലെ കമ്പിയില്‍ പിടിച്ച് ഒരു അമ്മായി ഞാന്നു കിടക്കുന്നു. ദൈവമേ ബസ്സ് ഇപ്പോള്‍ പോകും, ഉടന്‍ തന്നെ എനിക്ക് വിനിചേച്ചി പറഞ്ഞു തന്ന ഹിന്ദി വാചകം ഓര്‍മ്മ വന്നു. ഹിന്ദി ഉറക്കെ പറയാനുള്ള ചമ്മല് കാരണം ഞാന്‍ അമ്മായിയുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചെവിയില്‍ പതുക്കെ പറഞ്ഞു, മുജേ ചട്നാഹേ!!
അതു കേട്ടതും ഗ്യാസടുപ്പ് പൊട്ടി തെറിച്ചപോലെ അമ്മായിയുടേ വായില്‍ നിന്നും വന്ന വാക്കുകള്‍ കേട്ടിട്ടും എനിക്കൊരു കുലുക്കവും ഇല്ലാന്ന് കണ്ടും, യതാര്‍ത്ഥത്തില്‍ എന്താണു സംഭവിച്ചതെന്നറിയാതേയും, മറ്റു യാത്രക്കാര്‍ വെറുതെ നിന്നും ഇരുന്നും ടെന്‍ഷനടിച്ചു.. അവര്‍ക്കറിയുമോ, അമ്മായി പറഞ്ഞ വാക്കുകളിലൊന്നിന്റെ പോലും അര്‍ത്ഥം എനിക്കറിയില്ലാ എന്ന്.
ബസ്സിറങ്ങി, ഇനി സദര്‍ ബസാറിലേക്ക് പോകുവാന്‍ കുതിരവണ്ടി പിടിക്കണം. ചന്ദ്രേട്ടന് പറഞ്ഞ ദിശയിലേക്ക് ഞാന്‍ റോഡു മുറിച്ച് കടന്നതും, കണ്ടു കുതിരവണ്ടികള്‍, വരി വരിയായി കിടക്കുന്നു. ചെന്നതും, പോകാന്‍ തയ്യാറായി ഒരു വണ്ടി കിടക്കുന്നു. അവസാന സീറ്റാണ്. കുതിരവണ്ടി തണ്ടിന്മേല്, കുതിരചന്തിക്കടുത്തായി. ആഹഹാ, എന്തൊരു നല്ല സീറ്റ്. വണ്ടിക്കാരനമ്പതു പൈസ കൊടുത്തു. ഒരേ ഒരു സ്റ്റോപ്പേ കുതിരവണ്ടിക്കുള്ളൂ. അതവസാന സ്റ്റോപ്പാണ്. അവിടെ ഇറങ്ങണം. വായകൊണ്ട് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി സാരഥി കയ്യിലുള്ള ചാട്ട അന്തരീക്ഷത്തിലൊന്നു വീശി.......ടും ടക്, ടും ടക് , വണ്ടി നീങ്ങി തുടങ്ങി.
ആദ്യം കം അവസാന സ്റ്റോപ്പില്‍ കുതിര ചിനച്ചു നിന്നു, കുതിരവണ്ടി കുലുങ്ങി നിന്നു. ഞാനടക്കമുള്ള യാത്രക്കാര്‍ ഇറങ്ങി. ഇടവും വലവും തിരിഞ്ഞു നോക്കി, ദാ കാണുന്ന ചന്ദ്രേട്ടന് പറഞ്ഞ വഴി. അതിലൂടെ അഞ്ച് മിനിട്ട് നടന്നപ്പോള്‍ ബോര്‍ഡ് കണ്ടും. എം കെ മീറ്റ് എക്സ്പോര്‍ട്സ്, സദര്‍ ബസാര്‍, ന്യൂ ഡെല്‍ഹി. ഹാവൂ... അമ്മായി പൊട്ടിതെറിച്ചാലെന്താ, ചെല്ലാനുള്ള സ്ഥലത്തെത്തിചേര്‍ന്നില്ലേ. ഈശ്വരോ രക്ഷതു.
ഇനി ഓഫീസില്‍ കയറി ജോണിനെ കണ്ടുപിടിക്കണം. എന്തൊരു പങ്കപ്പാടാപ്പാ.......എനിക്കാണെങ്കില്‍ മലയാളമല്ലാതെ, അറിയാവുന്ന ഭാഷ, മുറി തമിഴ് മാത്രമാണ്. ഇംഗ്ലീഷില്‍, ഗുഡ് മോര്‍ണിങ്, ഗുഡ് ഈവനിങ്, ഹൌ ആര് യു, വാട്ട് ഈസ് യുവര്‍ നെയിം തുടങ്ങിയ കൈവിരലുകളിലും, കാല് വിരലുകളിലും ചേര്‍ത്തെണ്ണാവുന്ന കുറച്ച് വാക്കുകളും. ഹിന്ദി പിന്നെ പറയേണ്ടല്ലോ? അമ്മായി തന്നെ ഉദാഹരണം.
ഭാഗ്യം കാണേണ്ട ജോണിന്റെ മുന്നില്‍ തന്നെയാണ് ഞാന്‍ ചെന്നു പെട്ടത്. അവിടേം ദൈവം എന്നെ തുണച്ചു. ചന്ദ്രേട്ടന് പറഞ്ഞയച്ചതാണെന്നും മറ്റും പറഞ്ഞു. എന്റെ സി വി വാങ്ങി വായിച്ചു. പിന്നെ എന്റെ മുഖത്ത് നോക്കി എതാണ്ടാക്കണപോലെയുള്ള ഒരു ചിരി ചിരിച്ചു. പൊട്ടനെ പോലെ ഞാനും ചിരിച്ചു. വേറെ എന്തു ചെയ്യാന്‍?
റ്റൈപ്പിങ് ടെസ്റ്റിനുള്ള പേപ്പര്‍ എടുത്തു കയ്യില്‍ തന്നു. ഫാസിറ്റിന്റെ റ്റൈപ് റൈറ്ററിങ് മെഷീനില്‍ ഞാന്‍ പേപ്പര്‍ കയറ്റി. മാര്‍ജിന്‍ സെറ്റ് ചെയ്തു. ദൈവത്തേ പ്രാര്‍ത്ഥിച്ച് ഇടത്തേ ചെറുവിരല്‍ എ എന്ന കീയിലും, വലത്തേ ചെറുവിരല്‍ സെമി കോളന്‍ കീയിലും വച്ചു. ടക്, ടക്, ടക്, ടഡാ, ടക്, ടക്, ടക്, ടക്, ടഡാ, ടക്, അഞ്ചു മിനിറ്റു തികയും മുന്‍പേ ഞാന്‍ തന്നിരുന്ന ടെസ്റ്റ് പേപ്പര്‍ അടിച്ചു തീര്‍ത്തു തലപൊക്കി നോക്കിയപ്പോള്‍, കണ്ടത് വിശ്വസിക്കാനാവാതെ ജോണ്‍ എന്നെയും, എന്റെ വിരലിലേക്കും മാറി മാറി നോക്കുന്നു.
കൊള്ളാം. നല്ല സ്പീഡുണ്ടല്ലോ. ഞാന്‍ മാനേജര്‍ വിവേകായും, മുതലാളി ബായിജാനായും സംസാരിക്കട്ടെ, കുറുമാന് ഇവിടെ ഇരിക്കൂ.
അഞ്ച് മിനിറ്റിന്നകം ജോണ്‍ തിരിച്ചെത്തി. ഓകെ തന്നെ അപ്പോയ്ന്റ് ചെയ്തിരിക്കുന്നു. ശമ്പളം ആയിരം രൂപ തുടക്കത്തില്‍. പിന്നീട് കൂട്ടി തരും. സമ്മതമാണെങ്കില്‍ ഇന്നു തന്നെ ജോയിന്‍ ചെയ്യാം.
എനിക്കെന്ത് സമ്മതക്കുറവ്? എനിക്ക് സമ്മതം ജോണ്‍.
എന്നെ ആദ്യം മാനേജര്‍ വിവേകിന്റെ ക്യാബിനില്‍ കൊണ്ടു പോയി പരിചയപെടുത്തി. ഭ്യാഗ്യം ആളും മലയാളി. പിന്നെ ഓണര്‍ ബായിജാന്റെ ക്യാബിനില്‍ കൊണ്ടുപോയി പരിചയപെടുത്തി. എന്നേ പോലെ തന്നേയാ ആളും. മാത്യഭാഷ (ഹിന്ദി/ഉറുദു) മാത്രമേ വശമുള്ളൂ, പാവം.
അന്ന് തന്നെ പണി തുടങ്ങി. ഉച്ചക്കുമുന്പേ ടെലക്സ് ഓപ്പറേഷനെല്ലാം ജോണ്‍ പഠിപ്പിച്ചു തന്നു. എന്നെ പണി പഠിപ്പിക്കാന്‍ ജോണ്‍ കാണിക്കുന്ന ഉസ്താസഹത്തിന്റെ രഹസ്യം ജോണ്‍ തന്നെ എനിക്ക് പറഞ്ഞു തന്നു. എന്നെ പണി പഠിപ്പിച്ചട്ടു വേണമത്രെ, രണ്ടു മാസത്തെ ലീവില്‍ നാട്ടില്‍ പോയി കല്യാണം കഴിച്ച് വരാന്‍.
റ്റൈപ് ചെയ്ത് ചെയ്ത് ഉച്ചയായതറിഞ്ഞു. നല്ല വിശപ്പ്. ജോണ്‍ ഭക്ഷണം കൊണ്ടു വരികയാണ് പതിവ്. എന്നോട് അവടെ അടുത്തുള്ള ഡാബയില്‍ പോയി കഴിച്ചോളാന്‍ സ്നേഹപൂര്‍വ്വം ജോണ്‍ ഉപദേശിച്ചു. എന്തൊരു സ്നേഹം! വെറുതെ ബസ്സ് പിടിച്ച് വരാന്‍ ഞാന്‍ പെട്ട പാടൊരൊന്നൊന്നര പാടാ. ഇനിയിപ്പോ ഡാബയില്‍ പോയിട്ട് ഭരത നാട്യം, മോഹിനിയാട്ടം ഒക്കെ കളിക്കേണ്ടി വരുമായിരിക്കും. വയറല്ലെ......വെറുതെ കിടക്കെന്നു പറയാന്‍ പറ്റുമോ? അതും സ്വന്തം വയറ്.
ഓഫീസില്‍ നിന്നിറങ്ങി നട്ടുച്ചക്ക്, പൊരിയുന്ന വയറുമായി നടന്നു. ഡാബ കണ്ണില്‍ പെട്ടു. പുറത്തൊന്നു മടിച്ചു നിന്നെങ്കിലും, വിശപ്പിന്റെ വിളി ഡാബയ്ക്കുള്ളിലേക്ക് കയറിപോകാന്‍ എന്നെ നിര്‍ബന്ധിച്ചു.
കാര്യമായ തിരക്കൊന്നുമില്ലാത്തതിനാല്‍, പല മേശകളും കാലിയായിരുന്നു. കൈ കഴുകി ഒരു കസേരയില്‍ പോയി ഇരുന്നു. സപ്ലയര്‍ വന്നു. എന്നോടെന്തെക്കേയോ ചോദിച്ചു. തൊട്ടപ്പുറത്തെ മേശമേല്‍ ഒരാളിരുന്ന് വര്‍ണ്ണശബളമായ കറിയില്‍, റൊട്ടി മുക്കി തിന്നുന്നു. വിരല്‍ ചൂണ്ടി ആ മേശപ്പുറം കാണിച്ച് ഞാന്‍ പറഞ്ഞു മതി, അതു തന്നെ മതി എനിക്ക്. എന്റെ ശബ്ദവു കേട്ട്, ആളുടെ ഭക്ഷണത്തില്‍ കൈചൂണ്ടുന്നതു കണ്ട് റൊട്ടി തിന്നുകയായിരുന്ന ആ മാന്യന്, എന്റെ കൈയ്യില്‍ പൈസയില്ലാഞ്ഞിട്ടാകും, കണ്ടിട്ട് നല്ല കുടുമ്പത്തിലെ കുട്ടിയേ പോലുണ്ട്, വിശന്നിട്ടല്ലേ, എന്നെല്ലാം കരുതി, ഒരു കാലി പ്ലേറ്റ് വാങ്ങി, ആള് കഴിച്ചിരുന്നതിന്റെ ബാക്കി കറിയും, റൊട്ടിയും പ്ലേറ്റിലേക്കിട്ടു. പിന്നെ അതെനിക്കു നേരെ നീട്ടി. അതു കണ്ട ഞാന്‍ ഞെട്ടി. പിന്നെ പോക്കറ്റില്‍ നിന്ന് ഇരുപതിന്റെ നോട്ട് പുറത്തെടുത്ത് വീശികൊണ്ട് പറഞ്ഞു. എന്റെ കയ്യില്‍ പൈസയുണ്ട്. എനിക്ക് ഭക്ഷണം വേണം. ഫ്രെഷ് ഫുഡ്. ഞാന്‍ ദരിദ്ര നാരായണനല്ലാ.......എന്നെ മനസ്സിലാക്കൂ.....എനിക്ക് വിശക്കുന്നു.
മദ്രാസിയുടെ പ്രശ്നം ഡാബ മുതലാളിക്ക് മനസ്സിലായി. ഫ്രെഷായി ഒരു പ്ലേറ്റ് ആലൂ മട്ടറും, രണ്ട് തന്തൂരി റോട്ടിയും എന്റെ മുന്പിലെ മേശമേല്‍ നിരന്നു. സാലഡായി, സബോളയും, റാഡിഷും, ഒരു കഷണം ചെറുനാരങ്ങയും വേറെയും. നല്ല സ്വാദുള്ള ഭക്ഷണം. രണ്ട് റോട്ടി മതിയാവില്ല എന്നറിയാവുന്നതിനാല്‍, ഒന്നര റൊട്ടി കഴിഞ്ഞപ്പോല്‍ തന്നെ ഞാന്‍ ഭാക്കിയുള്ള പകുതി റൊട്ടിയെടുത്തി വീശി പറഞ്ഞു, വണ്‍ റൊട്ടി പ്ലീസ്. ഹിന്ദി, ഇംഗ്ലീഷ് മിക്സ്. ഞാന്‍ പറഞ്ഞത് കേട്ട് ഞാന്‍ തന്നെ ഞെട്ടി. ഭാഷാ പഠനം ഇത്രയെളുപ്പമോ? ഭക്ഷണവും കഴിച്ച്, മൂന്നു രൂപയുടെ ബില്ലും കൊടുത്ത് ഞാന്‍ തിരികെ ഓഫീസിലെത്തി.
വൈകുന്നേരം പഹഡ് ഗഞ്ചില്‍ നിന്നും 355 ബസ്സ് പിടിച്ച് ഞാന്‍ നോയിഡായിലെ വീട്ടിലെത്തി. എന്റെ വീട്ടില്‍ വിളിച്ച്, ജോലി കിട്ടിയെന്നും, തല്ക്കാലം നാട്ടിലേക്കില്ലെന്നും പറഞ്ഞ് ഫോണ്‍ വിനിചേച്ചിക്ക് കൈമാറി. വിനിചേച്ചി തന്ത്രത്തില്‍ അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചു.
ആഴ്ചകള്‍ കടന്നു പോയി. പ്രി ഡിഗ്രീ റിസല്‍റ്റ് വന്നു. ഞാന്‍ ജയിച്ചു എന്നമ്മ വിളിച്ചു പറഞ്ഞപ്പോള്‍, തലചുറ്റി ഞാന്‍ വീണു. ഉം.....ശരിക്കും ബോധക്ഷയം.
ജോലിക്ക് പോയികൊണ്ടേ ഇരുന്നു. പണി പഠിച്ചു. ഹിന്ദി ഒരു വിധം പഠിച്ചു. ജോണ്‍ ലീവില്‍ പോയി പെണ്ണുകിട്ടാതെ തിരികെ വന്നു. അതിന്നിടയില്‍ ഗോപിചേട്ടന് എനിക്ക് അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു ഗാര്‍മെന്റ് എക്സ്പോര്‍ട്ടിങ്ങ് കമ്പനിയില്‍, ഡോക്യുമെന്റേഷന് അസിസ്റ്റന്റായി ഇതിലും നല്ല ഒരു ജോലി ശരിയാക്കി. എം എം എക്സ്പോര്‍ട്ട്സിലെ ജോലി രാജി വച്ചു. ആ ആഴ്ചയായിരുന്നു ബക്രീദ്. അതുവരെ ജോലി ചെയ്യണമെന്ന് ബായിജാന് എന്നെ നിര്‍ബന്ധിച്ചു. വിശ്വാസിയായ നല്ല ഒരു ഉറുദു മുസ്ലീം ആയിരുന്നു ബായിജാന്. നാലു ദിവസം കൂടിയല്ലെ ബക്രീദിനുള്ളൂ. മാത്രമല്ല ബക്രീദിന്റെ അന്ന് ജോലിയില്ല, പക്ഷെ ഓഫീസില്‍ വരണം, എല്ലാവര്ക്കും ബായിജാന് ബോണസ്സു തരുന്ന ദിവസവുമാണെന്ന് ജോണ്‍ പറഞ്ഞിരുന്നതിനാലും, സന്തോഷപൂര്‍വ്വം ബായിജാന്റെനല്ല മനസ്സിനെ മാനിച്ച് ഞാന്‍ ബക്രീദ് വരെ ജോലിക്ക് പോയി.
ബക്രീദിന്റെ അന്ന് ഓഫീസില്‍ വന്നു. എല്ലാവര്ക്കും ഒരു ചെറിയ കവറില്‍ ബോണസ്സും, പിന്നെ ഒരു വലിയ പ്ലാസ്റ്റിക് കവറില്‍ എന്തോ ഗിഫ്റ്റും കൊടുത്തു. എനിക്ക് മാത്രം വലിയ പ്ലാസ്റ്റിക് കവറിലെ ഗിഫ്റ്റ് മാത്രം. ബോണസ്സിന്റെ ചെറിയ കവറില്ല. വലിയ കവറിന്നു നല്ല ഭാരം. ഏതാണ്ട് മൂന്നു മൂന്നര കിലോ ഭാരം വരും.
സാരമില്ല, മൂന്നു മാസത്തോളമല്ലെ ജോലി ചെയ്തത്. ആര്‍ത്തി പാടില്ല. എന്തായാലും ഗിഫ്റ്റുണ്ടല്ലോ അതു മതി.
എല്ലാവരും യാത്ര പറഞ്ഞിറങ്ങി. ഞാനും 355 കയറി വീട്ടിലെത്തി. വണ്ടിയിരിക്കുമ്പോഴെല്ലാം, കവറിലെന്തായിരിക്കും എന്നറിയാനുള്ള വ്യഗ്രതയായിരുന്നു. വീട്ടിലെത്തിയതും ഞാന്‍ ഉച്ചത്തില്‍ വിളിച്ചു, വിനിചേച്ച്യേ, ഞാന്‍ വന്നു. ദാ ഒരു വലിയ കവറില്‍ ഗിഫ്റ്റ് കിട്ടിയിട്ടുണ്ട്.
ബക്രീദിന്റെ മുടക്കമായതു കാരണം ഗോപിചേട്ടനും, കുട്ടികളും വീട്ടിലുണ്ടായിരുന്നും.
എന്തായാലും, നിന്റെ ആദ്യത്തെ ജോലിക്ക് കിട്ടിയ ബോണസല്ലെ. നീ പൂജാമുറിയിലേക്ക് നടക്ക്. ദൈവത്തിന്റെ മുന്പില് വച്ചു തുറക്കാം. ഗോപി ചേട്ടന് പറഞ്ഞത് വിനി ചേച്ചി ഏറ്റു പിടിച്ചു.
ഒരു മിനി ജാഥ പോലെ, കയ്യില്‍ തൂക്കി പിടിച്ച കവറുമായി ഞാന്‍, പിന്നാലെ, ഗോപിചേട്ടന്, വിനിചേച്ചി, ചിത്ര, കൃഷണന് എല്ലാവരും കൂടി കോണി പടി കയറി മുകളിലുള്ള പൂജാ മുറിയിലേക്ക് നടന്നു.
കതകു തുറന്ന് എല്ലാവരും ഉള്ളില്‍ കയറി. ഗിഫ്റ്റ് കവര്‍ ദൈവത്തിന്റെ വിഗ്രഹങ്ങളുടേയു, ഫോട്ടോകളുടേയും മുന്പില് കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിന്റെ മുന്പില് തറയില്‍ വച്ചു. എല്ലാവരും കൈകൂപ്പി പ്രാര്‍ത്ഥിച്ചു. ഞാന്‍ പ്ലാസ്റ്റിക് കവറില്‍ നിന്നും ഗിഫ്റ്റ് പുറത്തെടുത്തു. അതിനെ പൊതിഞ്ഞ് മറ്റൊരു പ്ലാസ്റ്റിക് കവര്‍. ആ പ്ലാസ്റ്റിക്ക് കവറും ഞാന്‍ പൊളിച്ചു........എല്ലാവരുടേയും സസ്പെന്‍സിന്നറുതി വരുത്തികൊണ്ട് ഗിഫ്റ്റ് ഞങ്ങളുടെ കണ്മുന്പില്........
ചോരയിറ്റിറ്റു വീഴുന്ന മൂന്നു കിലോയോളം ആട്ടിറച്ചി!!!!
Thursday, August 03, 2006
Subscribe to:
Post Comments (Atom)
41 comments:
ഒരു വെക്കേഷന്റെ ഒടുക്കം
വായിച്ചു. പഴയ വെക്കേഷന്റെ കൂടെയല്ലേ ബ്ലോഗിങ്ങ് നിര്‍ത്താന്‍ പോയത്. നിര്‍ത്തിയിരുന്നെങ്കില്‍ എന്തായേനെ കഥ. ആട്ടിറച്ചിയെങ്കില് അത്. നല്ലോണം തട്ടിവിട്ടിട്ടുണ്ടാകും അല്ലേ. ബോണസ് നന്നായി. :) ഇപ്പോഴും കിട്ടാറുണ്ടോ അത്തരം ബോണസ്?
അമ്മച്ചിയോട് പോയി മുജേ ചടനാ ഹെ എന്ന് പറഞ്ഞ സീന്‍ ഓര്‍ത്തിട്ട് ചിരിക്കാതിരിക്കാന്‍ പറ്റുന്നില്ല. ഹഹ. അബദ്ധം പറ്റുമ്പോള്‍ ഇങ്ങനെ പറ്റണം. കലക്കന്‍ പോസ്റ്റ് കുറുജീ. മനോഹരം.
ആള് കഴിച്ചിരുന്നതിന്റെ ബാക്കി കറിയും, റൊട്ടിയും പ്ലേറ്റിലേക്കിട്ടു. പിന്നെ അതെനിക്കു നേരെ നീട്ടി. അതു കണ്ട ഞാന്‍ ഞെട്ടി. ആ രംഗമൊന്ന് സങ്കല്പ്പിച്ചു. :-)
കുറൂ,
നന്നായിരിക്കുന്നു. അമ്മായി :)
ഈ ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല.
അടിപൊളി!!
അടിപൊളി....സൂപ്പര്‍.....
ഡെല്‍ഹിയില്‍ അദ്യജോലിക്കു പോകുന്ന ഒരുവിധം മലയാളികളുടെ അനുഭവം ഇതു തന്നെയായിരിക്കും.... ബസ്സിളുള്ളിലെ അമ്മായിയുടെ പുറത്തു കയറുന്ന രംഗം ഓര്‍ക്കുംബോള്‍ വീണ്ടും വീണ്ടും ചിരി വരുന്നു....
ബസ് നംബര് 255 അല്ല 355 അല്ലേ ഒന്നു ഓര്‍ത്തു നോക്കൂ........
“എന്റെ സി വി വാങ്ങി വായിച്ചു. പിന്നെ എന്റെ മുഖത്ത് നോക്കി എതാണ്ടാക്കണപോലെയുള്ള ഒരു ചിരി ചിരിച്ചു. പൊട്ടനെ പോലെ ഞാനും ചിരിച്ചു. വേറെ എന്തു ചെയ്യാന്‍?”:)
ഇത്തരം അനുഭവങ്ങള്‍ മലയാളിക്ക് സാധാരണമാണ്. കഴിഞ്ഞ നാളുകളെ ഓറ്ത്ത് ചിരിക്കാന്‍ ഈ പോസ്റ്റ് ഇടയാക്കി. കുറുമേട്ടാ താങ്കളുടെ അവധി october വരെ നീട്ടാതെ ഓണം കഴിഞ്ഞാല്‍ ഉടനെ ഇങ്ങ് പോരരുതോ പുതിയ കഥകളുടെ കൂമ്പാരവുമായി :)
കുറുമയ്യാ, തകര്‍പ്പന്‍. നല്ല ഒഴുക്കുള്ള വിവരണം. കണ്മുന്പില് കാണുന്നതുപോലെ.
ആദ്യമായി ഡല്‍ഹിയില്‍ പോയപ്പോള്‍ എന്റേയും വായ ഏതാണ്ട് തുറന്നു തന്നെയായിരുന്നു. ഐ.എസ്.ബി.റ്റി യില്‍നിന്നും ഫരീദാബാദിലേക്കുള്ള ബസ്സില്‍ കയറിയപ്പോള്‍ ബസ്സിന്റെ ഗിയറിന്റെ അവിടെ അതിഭീകരമായ കുഴി. അങ്ങിനത്തെ ബസ്സുകള്‍ ആദ്യമായാണ് കണ്ടത്.
കുറച്ച് ഹിന്ദി പറയാമെന്ന് വിചാരിച്ചപ്പോള്‍ കൂടെയുള്ളവന് ഭയങ്കര പേടി. എന്നെക്കൊണ്ട് ഹിന്ദി പറയാനേ സമ്മതിച്ചില്ല.
എല്ലാ ബസ്സുകാരും എല്ലാ തവണയും തന്നെ പറ്റിച്ച് കൈയ്യില്‍ തന്നു. മദ്രാസിയാണെന്ന് കാണുമ്പോള്‍ തന്നെ അറിയാമല്ലോ
യൂത്ത് ഹോസ്റ്റലിലെ വാസം അടിപൊളിയായിരുന്നു. അവിടെനിന്നും നൈനിറ്റാളിനും പോയി. അവിടെ പ്രത്യേക സംസ്ഥാന സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത്. ചൈനാ പീക്കിന്റെ മണ്ടയില്‍ കയറിച്ചെന്നപ്പോള്‍ ചായക്കടയില്‍ നിന്നും കേട്ട പാട്ട് - തുച്ഛ് സംഗ്, പ്രീത് ലഗായേ സജനാ... സജ്നാ... സജ്നാ ഓ യാരാ (രാകേഷ് റോഷനും ജയപ്രദയും). താഴെ സമരക്കാരുടെ മുദ്രാവാക്യവും.
ഡല്‍ഹിയില്‍ ആദ്യമായി ചെന്ന് ആദ്യമായി ബസ്സില്‍ കയറിയപ്പോള്‍ കേട്ട പാട്ട്, ഓ സാഥീ രേ, തേരേ ബിനാ ഭി ക്യാ ജീനാ...
ദില്ലി-മുംബായ്-ചെന്നായ് നഗരങ്ങള്‍ ഒരൊറ്റ മാസത്തില്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മോശം അഭിപ്രായം ദില്ലിയും ഏറ്റവും നല്ല അഭിപ്രായം ചെന്നായും (തൊണ്ണൂറ്റി നാലില്‍-തികച്ചും വ്യക്തിപരം).
തകതകര്‍ത്തു കുറുമാ...
പക്ഷേ ജനിച്ചപ്പോള്‍ തന്നെ തുറന്നിരുന്ന വായ് ദില്ലിയില്‍ വെച്ച് ഒന്നടഞ്ഞു അല്ലേ :)
വക്കാരിയുടെ സെയിം അഭിപ്രായം എനിക്കും കുറൂജീ..
തകതകതക തകര്‍ത്തു!!!! :-))) തകര്‍ത്തതിന്റെ അപ്പ്രം പോയി തകര്‍ത്തു!! :-)
ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല!!! ഹോ!!! :-))
ഇനിയെങ്ങാന്‍ ആലോചിച്ച് കഥയുണ്ടാക്കിയെഴുത്യാ ഉണ്ടല്ലോ..ഇടി വാങ്ങിക്കും! :-))
എന്റെ ഒരു കൂട്ടുകാരന് ഉണ്ടായിരുന്നു തിരുവല്ലാക്കാരന് തോമസ്, ഹൈദ്രാബാദില്‍ ഒരുമിച്ച്. ഹിന്ദി വിജ്ഞാനം വട്ടപൂജ്യം. ക്യാ, കഹാം, കൈസേ , കിത്നാ ഇതൊക്കെ എപ്പോളും മാറിപ്പോകും.
ഓട്ടോയില്‍ ഓഫിസില്‍ ചെന്നിറങ്ങിയ മൂപ്പര് എത്രയായി ചാര്‍ജ് എന്ന് ചോദിച്ചതാണ്.
“കഹാം ഹേ?”
“കഹാം ഹേ?”
കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്. എന്റെ നാട്ടുകാരന് ഓട്ടോ ഡ്രൈവര്‍ ഒരു സായിപ്പിനോട് ‘തിരിഞ്ഞ് കളിക്കാതെ കാശെടുക്കടോ എന്ന് പറയാന്‍ ശ്രമിച്ചത് ഇങ്ങനെ:
“ഡോണ്ട് ടേണ്‍ എറൌണ്ട് ആന്റ് പ്ലേ”
വക്കാര്യേ, വെറുതെയല്ല, റിസര്‍ച്ച് സമയത്തിരുന്ന് ഇങ്ങേര് ഭാവിയില്‍ ബ്ലോഗ് ചെയ്യും എന്നറിഞ്ഞിട്ടു തന്നെയാവണം വക്കാരിക്ക് നൈനിയില്‍ "കാം ചോര്‍" എന്ന സിനിമയിലെ പാട്ടു തന്നെ വെച്ചു തന്നത്. :-)
കുറുമാ, നന്നായി. ആ സെന്റി പീസ് ഇനിയും കണ്ടില്ലല്ലോ.
ശരിക്കും, കണ്ണൂസേ... അനുഭവിക്കുന്നു, അനുഭവിക്കുന്നു. വന്ന് വന്ന് ഇപ്പോള്‍ ബ്ലോഗുമില്ല, റിസേര്ച്ചുമില്ല.. കഷ്ടം കഷ്ടം കോനാരേ :)
ഹോ, കാം ചോര്‍. പടത്തിന്റെ പേര് മറന്നുപോയി. കേട്ടത് റേഡിയോയില്‍ നിന്നായിരുന്നു. ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു, അവിടെനിന്ന് കേട്ടത്. ചൈനയോ മറ്റോ കാണാമെന്നൊക്കെ പറഞ്ഞാണ് അതിന്റെ മുകളില്‍ വലിഞ്ഞു കയറിയത്. എവിടെ.. പക്ഷേ അവിടുത്തെ സാഥ് താള് നല്ല രസമായിരുന്നു.
കുറുദേവാ, സൂക്ഷ്മമായ കാര്യങ്ങളൊക്കെ എങ്ങനെ ഓര്‍ത്തിരിക്കുന്നു?!
നന്നായിട്ടൂണ്ട്! ക്ലൈമാക്സ് കലക്കി!
വക്കാരി ചൈനയിലെ വന്മതില് കാണാന്‍ നൈനിറ്റാളില്‍ പോയ കാര്യം പറഞ്ഞപ്പോഴാ എനിക്ക് ഈ കാര്യം ഓര്‍മ്മ വന്നത്. ജേക്കപ്പിന്റെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന ബ്ലോഗില്‍ ഏപ്രില്‍ അഞ്ചാം തിയതി ഞാന്‍ കമന്റായി ഇട്ടതാണ്. ഒരിക്കല്‍ കൂടി കിടക്കട്ടെ.......ഒരു പോസ്റ്റാക്കാമായിരുന്നു പക്ഷെ ....സാരമില്ല
പണ്ടൊരിക്കല്‍ ഞങ്ങള്‍ കുറച്ച് പേര് നൈനിറ്റാളില്‍ പോയി (യു പി യിലെ) ഏതോ ഒരു ക്രൂരനായ നാട്ടുകാരന്പറഞ്ഞു,അങ്ങു മേലെ മലയുടെ മുകളില്‍ കയറിയാല്‍ ചൈനയിലെ വന്മതില് കാണാം എന്ന്.
ഞങ്ങളില്‍ അമിതാവേശം മൂത്ത്, ചോര വെട്ടി തിളച്ചപ്പോള്‍,നാലുപേര്‍ (ഡൊമിനിയടക്കം) രണ്ടും കല്‍പ്പിച്ച് മലകയറ്റം തുടങ്ങി. ഉന്തിയും, തള്ളിയും, ഇരുന്നും, മരത്തേല് ചാരിയും, വിശാലന്റെ വിക്രം കയറുന്നതു പോലെ ഒരു ഒന്നര മണിക്കൂര്‍ ഞങ്ങള്‍ കയറി കയറി ഓക്സിജന്‍ കുറഞ്ഞത് മൂലം ശ്വാസം കിട്ടാതായി തുടങ്ങിയിട്ടും ചൈനയിലെ വന്മതില് പോയിട്ട്, ഇന്ത്യന്‍ മലയുടെ കാല് ഭാഗം പോലും കയറാനായില്ല.
അമിതാവേശികള്‍ നാലുപേരുടേയും, ആവേശം തണുത്തുറഞ്ഞു,മഞ്ഞുകട്ടയായപ്പോള്‍, തിരിച്ചിറങ്ങാമെന്നും, ചൈനയിലെ വന്മതിലിന്റെ ഫോട്ടം വാങ്ങി കാണാം എന്നും ഐക്യകണ്ഠേന തീരുമാനിച്ചു. പക്ഷെ ഇറങ്ങാന്‍ തിരിഞ്ഞു നോക്കിയ ഞങ്ങള്‍ക്ക്, കയറാന്‍ തുടങ്ങിയതെവിടെ നിന്നും പോലും, കാണാത്ത അത്ര ഉയരത്തില്‍ ഞങ്ങള്‍ എത്തികഴിഞ്ഞിരുന്നു. കയറുന്നതിന്റെ മൂന്നിരട്ടി ബുദ്ധിമുട്ടാണ് ഇറങ്ങാന്‍ എന്ന് ഇറങ്ങാന്‍ തുടങ്ങി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായി.
സ്വാമിഭക്തന്മാര്, കരിമല കയറുമ്പോള്‍ വിളിക്കുന്നതു പോലെ, ജീവിച്ചു കൊതിയും മതിയും തീരാഞ്ഞ നാലു പര്‍വ്വതാരോഹകര്‍, “കയറ്റം കഠിനമേ,ഇറക്കം അതിലേറെ കഠിനമേ” എന്നും വിളിച്ചുകൊണ്ട്, താഴെ ഇറങ്ങാന്‍ തുടങ്ങി.
ഒരു മൂന്നു മൂന്നര മണിക്കൂര്‍ എടുത്തു താഴെ എത്താന്‍.
താഴെ എത്തി എല്ലാ ദൈവങ്ങള്‍ക്കും നന്ദിയും, മലമേലെ കയറിയാല്‍ ചൈനയിലെ വന്മതില് കാണാം എന്നു പറഞ്ഞവന്റെ മാതാ,പിതാ, ബന്ധുമിത്രാതികള്‍ക്ക് സ്തുതിയും പറഞ്ഞ ഞങ്ങള്‍ നാലും പേരും, ഒരാഴ്ച നടന്നതും, ഇരുന്നതും, കിടന്നതും, പോലീസ് സ്റ്റേഷനില്‍ ഉരുട്ടു കഴിഞ്ഞിറങ്ങിയ പ്രതിയെപോലെയായിരുന്നു.
കലക്കി കുറുജി.. എന്തരുപമകള് !
സി വി കാണാന്‍ എന്താ ചന്തം. വെട്ടു ഗ്ലാസില്‍ സ്മാളൊഴിച്ചപോലെ പേപ്പറിന്റെ ഒരു കാല് ഭാഗത്തിലൊതൊങ്ങി എന്റെ വിവരണങ്ങള്‍.
കുറു:
കൊള്ളാം.. ആദ്യ ഭാഗം കുറച്ചുകൂടി ഇഷ്ടം..
(പല ലക്കങ്ങളായൈ ആണു വായന. പോസ്റ്റിനു നീളം തീരെ ഇല്ല്യാ ;) )
ചോദിക്കാന്‍ മറന്നു..
എന്താ ഈ തലെല്കെട്ടില് ഒരു മാറ്റം..?
കുറുമാന്റെ കഥകള്‍ എന്നു...
ഹെയ് കുറുമാന്,
ഞാനും ഈ നോയിഡാ സെക്റ്റര്‍ 20 ലെ നിവാസിയാണ്.2 വര്‍ഷമായി ഇവിടെ.ശരിക്കും ഈ ഭാഷ അറിയാത്ത കാട്ടിയ കഥകളിയൊക്കെ ഇപ്പൊ ഓര്‍ക്കുമ്പോള്‍ ചിരി വരും...ഈ എഴുത്തിനെ പറ്റി എന്ത് പറയാന്‍...എന്ത് പറഞ്ഞാലും മതിയാവില്ല.
ഞാന്‍ റിക്ഷാക്കാരോട് പറയാറുണ്ടായിരുന്നത് “മുഛേ 25 ജാനാ ചാഹിയെ” എന്നെ കോണ്ട് ഇത് പറയിപ്പിച്ചിട്ട് കൂടെയുള്ള ദുഷ്ടകള്‍ നിന്ന് ചിരിക്കും.
പിന്നെയൊരു ഓര്‍മ്മ ഈ അക്കങ്ങള്‍ പറയലാണ്. “കഹാം ജാനാ ഹെ?” എന്ന് ചോദിച്ചാല്‍ ഒരു 10 മിനിട്ട് എണ്ണും,കൈവിരലും കാല് വിരലും ഒക്കെ വേണം സഹായത്തിന്..എന്നിട്ട് പറയും “സത്താവന് അട്ടാവന് ജാനാ ഹെ” പിന്നെ നിവൃത്തി കെട്ടപ്പോള്‍ 1->100 എഴുതി പഠിച്ചു...
ഇത്രയും രസകരമായ കഥകള്‍ക്ക് /ഓര്‍മ്മകള്‍ക്ക് ഒത്തിരി നന്ദി.
-പാര്‍വതി.
ഹഹഹ..ഇതെനിക്ക് നല്ലോണം ഇഷ്ടായി...
എന്തോരം അനുഭവങ്ങളാ ഈ കുറുമാന് ചേട്ടന്..
പ്രീഡിഗ്രീക്ക് ജോലി കിട്ടുക..പിന്നെ അതു രാജി വെക്കുക.ഹൊ!
ഞാനും വിചാരിച്ചിട്ടുണ്ട്..ഈ ചമ്പല്‍ കാടിലെ കാടെവിടെ എന്ന്?
കുറുമാന്റെ കഥകള്‍ എന്നുള്ളതു കുറുമാന്റെ കുസൃതികള്‍ എന്നാക്കിയാലോ? നന്നായിട്ടുണ്ട്. :)
ഏത ഭാഷയും കൈകാര്യം ചെയ്യാന്‍ കുറമാന് ബുദ്ധിമുട്ടുണ്ടാവില്ല എന്നറിയാം. ഭാഷാവരം കിട്ടിയവനല്ലെ!
കുറുമാന് വീണ്ടും തകര്‍ത്തു.
കുറുമാനെ താങ്കളുടെ കഥകള്‍ പച്ചയായ ജീവിതമാണ്. പൊങ്ങച്ചവും ജാഡയും വലിയ വര്‍ത്തമാനവുമില്ല. ജീവിതത്തെ ഈ ഒരു ആംഗിളില്‍ നോക്കിക്കാണാന്‍ കഴിയുന്ന താങ്കള്‍ക്ക് ജീവിതത്തെ നോക്കി അനായാസം ചിരിയ്ക്കാന്‍ കഴിയും.
അപ്പഴേ, ആദിത്യാ, നമ്മള് ജീവിതത്തെ ആ ആംഗിളില്‍ നോക്കിക്കാണണമെങ്കില്‍ എത്ര ഡിഗ്രി ചെരിയണം? എങ്ങോട്ടേയ്ക്കായിരിക്കും ആ ചെരിവ്?
..നിക്കും ഒന്ന് നോക്കണായിരുന്നു :)
തല്ലിയാ വിവരമറിയും.......
വക്കാരീ കോമ്പ്ലിമെന്റ്സ് :)
നമ്മക്ക് സെറ്റിലു ചെയ്യാന്ന് ;)
ഇന്നു പോയി മട്ടണ്‍ ബിരിയാണി കഴിക്കണം...
കുറൂ..ചിരിച്ച് മറിഞ്ഞു..!!
‘മുജേ ചഡ്നാ ഹേ’ കുറുമാന് പണ്ടെവിടെയോ കമന്റിയത് വായിച്ച് ചിരിച്ച് ശ്വാസം കിട്ടാതായിരുന്നു! ഇന്നിതു full വായിച്ചിട്ടാദ്യേ!!!
കുരുമാന്ജി.
സംഗതി പതിവു പോലെ ജോര് ! തമാശയിലൂടെയാണ് അവതരണമെങ്കിലും ദെല്‍ഹി പരിചയമുള്ളവര്‍ക്കു ഓര്‍മകളിലൂടെ സഞ്ചരിക്കാം.
അടിപൊളിയായിട്ടുണ്ട് കുറുമാനേ. ശരിക്കും കിടിലന്‍.
എന്നെ പലതും ഓര്‍മ്മിപ്പിച്ചു. വിവരിക്കുന്നില്ല. മടുത്താണ് ഓഫീസില്‍ നിന്ന് വന്നത്. നല്ല ക്ഷീണം.
പക്ഷേ, ഒന്നു കൂടി പറയാതെ വയ്യ. ആദ്യത്തെ ജോലിയും മറ്റും വിവരിച്ചിരിക്കുന്നത് വളരെ ഒറിജിനലായി. ഇതേ അനുഭവം 99% ഡെല്‍ഹി മലയാളികള്‍ക്കും കാണും.
കുറുമാന്റെ ബ്ലോഗിന് ഡെല്‍ഹിയില്‍ നിന്ന് ധാരാളം വായനക്കാര്‍ (ഫാന്‍സ്) കാണുമല്ലോ. ഇപ്പോഴില്ലെങ്കില്‍, തീര്‍ച്ചയായും ഉടനെ ഉണ്ടാവും എന്ന് എന്റെ മനസ്സ് പറയുന്നു.
'ബ്യാച്ചിലേഴ്സായ സഹയാത്രികരില്‍ ഭൂരിഭാഗവും, റെയില്‍ വേ, സ്റ്റീലിന്റെ ചതുരപ്ലേറ്റില്‍ സപ്ലൈ ചെയ്യുന്ന, താലി മീല്‍സ് വാങ്ങികഴിക്കുമ്പോള്‍, എനിക്കവരോട് കൊതിപൂണ്ട ആരാധന തോന്നി‘
‘ആ കൊതി അസ്ഥാനത്തായിരുന്നു എന്ന് മനസ്സിലാക്കാന്‍ ദില്ലിയില്‍ നിന്നും നാട്ടിലേക്കുള്ള ആദ്യ യാത്രയില്‍ വാങ്ങിയ ആദ്യ താലി മീല്‍സ് കഴിക്കുന്നതു വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു എന്ന് മാത്രം'
പ്രിയ മഞ്ഞുമലേ..., മറ്റൊരു വെക്കേഷന്റെ തുടക്കത്തിലെഴുതിയ ഈ കഥയും ഇഷ്ടമായി.
വണ്‍ റൊട്ടി പ്ലീസ്. ഹിന്ദി, ഇംഗ്ലീഷ് മിക്സ്. ഞാന്‍ പറഞ്ഞത് കേട്ട് ഞാന്‍ തന്നെ ഞെട്ടി. ഭാഷാ പഠനം ഇത്രയെളുപ്പമോ?
ഈ ഭാഷപഠനം ഞാനും അനുഭവിച്ചിട്ടുണ്ട്. പിന്നെ ആദ്യ ഇന്റര്‍വ്യൂവും മറക്കാനാവാത്ത ദുസ്വപ്നം പോലെ ഇന്നും ...
കുറുജീ.. അസ്സലായി...
കുറുമാന്റെ ജോവിയലായ പ്രകൃതം പോലേയല്ല ഓര്‍മകള്‍. അവ അടുക്കും ചിട്ടയുമായി ഹാര്‍ഡ് ഡിസ്കില്‍. ഒന്നു പോയന്റര്‍ ചലിക്കുമ്പോള്‍ ശരിയായ അഡ്രസ്സ് സ്പയ്സില്‍ പോയി അതു റിട്രീവ് ചെയ്യുന്നു. പെന്റിയം ബ്രയ്നിന്റെ പല കോണുകളില്‍ ചിതറി ഫ്രാഗ്മെന്റായിട്ടുള്ള ഓര്‍മകളെല്ലാം ബ്ലോഗെന്ന മോണിറ്ററില്‍ അടുക്കും ചിട്ടയുമായി സീക്വന്‍സില്‍ അവതരിക്കുന്നു. ടൂള്‍ ബാറില്‍ നിന്നും ഹാസ്യത്തിന്റെ അയ്കോണ്‍ എടുത്ത് സെലെക്റ്റ് ചെയ്തിടങ്ങളില്‍ അപ്പ്ല്യ് ചെയ്യുന്നു.
അതുപോലെ തന്നെ ഡ്രോ പിക്ചര്‍ ഓപ്ഷനും കൃത്യം. കഥാപാത്രങ്ങളും അമ്മിയും, കുഴവിയും, മടിയനായ കുറുമാന് അതെടുത്ത് വരുന്നതുമെല്ലാം നേത്ര ഗോചരമാകുന്നു.
ഫയല്‍ സേവ് ഏസ്...
kalakki kurumonji...njan ivide adya...
വെക്കേഷന്റെ തുടക്കം അവിടെ തന്നെ ഒടുങിയൊ എന്നു ആലൊചിഛു വിഷമിഛിരിക്കുകയായിരുന്നു ഞാന്‍. എന്തായാലും എനിക്കു വളരെ ഇഷ്ട്മായി...
ക്ലൈമാക്സ് ഗംഭീരം,, അട്ടിറച്ചീ എങില്‍ ആട്ടിറച്ചി , അന്നു രാത്രി ഗോപിയേട്ടന്റെ കൂടേ സ്മാള്‍ അടിക്കുമ്പൊല് തൊട്ടു കൂട്ടാന്‍ കീട്ടിയില്ലെ?
വെക്കേഷന്റെ തുടക്കം മുതല്‍ വെക്കേഷന്റെ ഒടുക്കം വരെ എന്നെ അനുഗമിച്ച നല്ലവരായ വായനക്കാര്‍ക്കും, കമന്റിട്ടുത്സാഹിച്ചവര്ക്കും എന്റെ വിനീതമായ കൂപ്പുകൈ (:)
വെള്ളിയാഴ്ച നാട്ടിലേക്ക് പോകണം, അതിന്നു മുന്‍പ് ഒരു പോസ്റ്റെഴുതാനുള്ള സമയം കിട്ടുമോന്നുള്ള കാര്യം സംശയം.
നാട്ടിലേക്ക് പോകുന്നതിന്നുമുന്‍പായി, ഓഫീസിലുള്ള പെന്റിങ്ങ് വര്‍ക്കുകള്‍ ഒരു വഴിക്കാക്കി, ഹാന്‍ഡ് ഓവര്‍ ചെയ്യണം. കൂടാതെ ഓഫീസ് ഷിഫ്റ്റിങ്ങിന്റെ തിരക്ക് വേറെ.....അപ്പോ
സു,
ശ്രീജിത്ത്
ദില്ബാസുരന്
ബിരിയാണിക്കുട്ടി
ബിജോയ് മോഹന്‍
മലയാളം4യൂ
വക്കാരിമഷ്ടാ
അരവിന്ദ്
കണ്ണൂസ് (സെന്റി പീസ് ഇപ്പോഴും ചത്തപോലെ കിടക്കുകയാ)
കലേഷ്
കുറുമാന് (ങാ....എന്റെ പേരും കണ്ടു കമന്റു വച്ച കൂട്ടത്തില്‍)
ഇടിവാള്‍
മുല്ലപ്പൂ
പാര്‍വ്വതി
ഇഞ്ചി പെണ്ണ്
ബിന്ദു
സ്നേഹിതന്
ആദിത്യന്
അജിത്
സതീഷ്
മുസാഫിര്‍(ബാബുവേട്ടാ - 2825315 നാട്ടിലെ നമ്പര്‍)
അപ്പോള്‍ ദമനകന്‍
അനു ചേച്ചി
ദിവാസ്വപ്നം
വിശാലമനസ്കന്
ഇത്തിരിവെട്ടം
ഗന്ദര്‍വ്വന്‍
രജ്ജി ഭായ്
ശ്രീശാന്തന് -
എല്ലാവര്ക്കും എന്റെ നന്ദി.......
ശുഭ യാത്ര നെരുന്നു.
നാട്ടില്‍ നിന്നു വരുമ്പോള്‍ കുറച്ചു നല്ല സ്നാപ്പെതുത്തു ബ്ലോഗിലിടണെ!
നാടു വല്ലാതെ മിസ്സാകുന്നു.
കരീം മാഷെ, നന്ദി......തീര്‍ച്ചയായും, കുറച്ച് സ്നാപ്സെടുത്ത് ബ്ലോഗില്‍ ഇടുന്നതാണ്.
പിന്നെ, നാട്ടില്‍ നിന്നും, കുമാറും, തുളസിയും ഇടക്കിടെ പച്ചപ്പാര്‍ന്ന പാടങ്ങളും, നീല ജലാശയങ്ങളും ഇടുന്നതിന്റെ ഇടയില്‍ എന്റെ ക്യാമറ ഒപ്പിയെടുക്കുന്ന ഷാപ്പുകളുടെ പടവും ഇടാം ല്ലെ
എന്റെ ബ്ലോഗ്ഗില്‍ ഉടന്‍ വരുന്നൂ :
ഗോപിയേട്ടന്റെ സെന്‍
;)
ഞാന്‍ ഒരു പുതിയ വായനക്കാരനാണ്. ഞാനും തങ്ങലെപോലെ ഡല്‍ഹിയില്‍ ജീവിച്ചിട്ടുണ്ട്. ഇന്നും പഹാദ് ഗന്ജില് നിന്ന് നോഇട വരന് 355 തന്നെയാണ്.
ഈ പോസ്റ്റ് തകര്‍ത്തു.. മാതൃ ഭാഷ മാത്രം കൊണ്ട് അന്യ നാടിലെത്തിയ അനുഭവങ്ങള്‍ നന്നായി വിവരിച്ചു. ബുസിലെയും ധഭയിലെയും അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. കഴിക്കനിരുന്നാല് എന്ത് വേണമെന്ന് പറയാന്‍ അറിയില്ല. എല്ലാം നല്ല colourful കറികള്‍.
ലോട്ടറി അടിപ്പിക്ക്കാത്ത ഭാഗ്യദേവത തകര്‍ത്തു ശരിക്കും.
ഹാ ഹാ ഹാ.അടിപൊളി.രസിച്ചു.
Post a Comment