Sunday, May 07, 2006

നായക്കൊര്‍ണ്ണ പൊടി

ഇരിങ്ങാലക്കുട, നാഷണല്‍ ഹൈസ്ക്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയം (ആര്‌ പഠിച്ചിരുന്നു എന്ന് നിങ്ങള്‍ ചോദിക്കുന്നതിനു മുന്‍പു തന്നെ ഞാന്‍ പറയാം. സഹപാഠികള്‍ പഠിക്കുകയും, ഞങ്ങള്‍ കുറച്ചു പേര്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനും, ഭീഷണിക്കും വഴങ്ങി, പുസ്തകവും എടുത്ത്‌ രാവിലെ സ്കൂളില്‍ പോയികൊണ്ടിരിക്കുന്ന സമയം എന്നു പറയുന്നതാകും ശരി).

അലമ്പ്‌ എന്റെ കൂടപിറപ്പായിരുന്നകാരണം, ചെയ്യുന്നതെല്ലാം വക്രത്തരങ്ങളും, വികടത്തരങ്ങളും ആയിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഹിന്ദി, സംസ്കൃതം, തുടങ്ങിയ രണ്ടേ രണ്ടു വിഷയങ്ങളിലുണ്ടായിരുന്ന അതീവ താത്പര്യം മൂലം ഈ രണ്ടു വിഷയങ്ങളുടേയും പരീക്ഷകള്‍ക്ക്‌ എനിക്ക്‌ എഴുപതഞ്ചോ, അതിലതികമോ മാര്‍ക്ക്‌ എല്ലാ തവണയും ലഭിച്ചു വന്നിരുന്നതിനാല്‍, ഹിന്ദി മാഷായ അരവിന്ദാക്ഷന്‍ മാഷുടേയും, സംസ്കൃതം ടീച്ചറായ ശ്രീദേവി ടീച്ചറൂടേയും, ഒരു സപ്പോര്‍ട്ട്‌ എനിക്കുണ്ടായിരുന്നതൊഴിച്ചാല്‍, മറ്റു മാഷ്‌ മാരുടേയും, ടീച്ചര്‍മാരുടേയും,നോട്ടപുള്ളികളുടെ ലിസ്റ്റില്‍ ഞാന്‍ ഒന്നാം സ്ഥാനം എന്നും അലങ്കരിച്ചിരുന്നു.

ഞങ്ങളുടെ സ്ക്കൂളിന്റെ തൊട്ടുപുറകിലായി പി ഡബ്ല്യൂ ഗസ്റ്റ്‌ ഹൌസും, അതിനോടു ചേര്‍ന്നു മൂന്നു നാലു ഏക്കര്‍ കാടുപിടിച്ചു കിടക്കുന്ന പറമ്പുമാണ്‌. പൂങ്കാവനം എന്നാണ്‌ ഞങ്ങള്‍ കുറച്ചുപേര്‍ ഈ സ്ഥലത്തിനെ വിളിച്ചിരുന്നത്‌.

പാമ്പും, ഉടുമ്പും, കീരിയും, മുയലും, മറ്റും വിളയാടിയിരൂന്ന കാടുപിടിച്ചുകിടക്കുന്ന ഈ പറമ്പിലേക്ക്‌ പോകുവാന്‍ ഞങ്ങള്‍ കുറച്ചുപേര്‍ക്ക്‌ മാത്രമേ ധൈര്യം ഉണ്ടായിരുന്നുള്ളൂ.

ഈ പറമ്പിലാകട്ടെ, പുളി, ചാമ്പക്ക, ഓടപഴം, പേരക്ക, സപ്പോട്ട തുടങ്ങിയ വിളകള്‍ യഥേഷ്ടം കായ്ച്ചിരുന്നു. ഇന്റര്‍വെല്‍ സമയത്തും, ഉച്ചയിടവേളകളിലും, ഞങ്ങള്‍ നാലഞ്ചുപേര്‍ സ്ഥിരമായി പൂങ്കാവനത്തില്‍ പോകുകയും, സീസ്സണനുസരിച്ച്‌, വിളഞ്ഞിരുന്ന പുളി, ചാമ്പക്ക, പേരക്ക, ഓടപഴം, സപ്പോട്ട തുടങ്ങിയവ ആവശ്യാനുസരണം പറിച്ച്‌, ഭക്ഷിക്കുകയും, ബാക്കി വന്നവ, ടീച്ചര്‍മാരും, മാഷുമാരും തൊടുക്കുന്ന ചോദ്യ ശരങ്ങള്‍ക്ക്‌ മുന്‍പില്‍ നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ ഞങ്ങള്‍ പകച്ചു നില്ക്കുമ്പോള്‍, ഒരശരീരി പോലെ, മെല്ലെ ഉത്തരങ്ങള്‍ പറഞ്ഞു നല്‍കിയിരുന്ന ചില സഹപാഠികള്‍ക്കും, പിന്നെയും ശേഷിച്ചിരുന്നത്‌, ഞങ്ങളെ വീരാരാധനയോടെ വീക്ഷിച്ചിരുന്ന, സ്നേഹം വെറുതെ, കടക്കണ്ണേറില്‍ മാത്രം ഒതുക്കുന്ന ചില പെണ്‍കൊടികള്‍ക്കും മാത്രം നല്‍കി വന്നു.

പൂങ്കാവനത്തില്‍ പോകാന്‍ ധൈര്യമില്ലാത്ത ചിലര്‍,ഓടപഴത്തോടുമുള്ള കൊതിമൂലം ഞങ്ങള്‍ക്ക്‌, അണ്ണാച്ചിയുടെ കയ്യില്‍ നിന്നും, കോലൈസ്‌, പാലൈസ്‌, സേമിയ ഐസ്‌ മുതലായവ വാങ്ങിതന്ന് പകരം ചാമ്പക്ക, ഓടപഴം മുതലായവ കൈപറ്റിയിരുന്നു. കടയില്‍ ലഭിക്കാത്ത ഈ ഓടപഴത്തിന്റെ സ്വാദ്‌ ഇപ്പോളും നാവില്‍ ഉണ്ട്‌. കുരുവില്ലാത്ത നല്ല നീളമുള്ള മുന്തിരിയുടെ അത്ര വലിപ്പത്തില്‍, സ്വര്‍ണ്ണ നിറമാര്‍ന്ന ഈ പഴത്തിന്റെ ഞെട്ടി പൊട്ടിച്ചു ചെറുതായി ഞക്കിയാല്‍ ഉള്ളില്‍ നിന്നും തേനിലും മധുരമുള്ള നീര്‌ പുറത്തേക്ക്‌ വരും. അതു മുഴുവന്‍ ഞെക്കി കുടിച്ച്‌, തൊലി ഉരിഞ്ഞു കളഞ്ഞ്‌, അണ്ണാന്‍ മാങ്ങണ്ടി ചപ്പുന്നതുപോലെ കഴമ്പുള്ളത്‌ മുഴുവന്‍ ചപ്പിവലിച്ചതിനുശേഷം, വേണമെങ്കില്‍ ബ്ലേഡ്‌ എടുത്ത്‌ ആ കുരുവിന്റെ മുകള്‍ വശം അല്‍പ്പം മുറിച്ച്‌, ഉള്ളിലെ കാമ്പു ചുരണ്ടി പുറത്ത്‌ കളഞ്ഞ്‌,ചുണ്ടോടു ചേര്‍ത്ത്‌ വച്ച്‌ ഊതിയാല്‍ നല്ല കിണുക്കന്‍ വിസിലുമായി (വിസിലടിക്കാന്‍ ചൂണ്ടുവിരലും, തള്ളവിരലും ചേര്‍ത്ത്‌ കൂട്ടിപിടിച്ച്‌ വായില്‍ തിരുകി തുപ്പലില്‍ മുക്കിയെടുക്കുന്നതിനു പകരമൊരു പകരക്കാനുമായ്‌).

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ഉച്ചക്കൂണുകഴിഞ്ഞ്‌, പതിവുപോലെ, പൈപ്പിന്റെ അടിയില്‍ ഒമ്പതിലോ അതില്‍ താഴേയോ പഠിക്കുന്നവന്മാരെ തള്ളി മാറ്റിയും, പത്തില്‍ പഠിക്കുന്ന തലതെറിച്ചവന്മാരെ മുന്നില്‍ കയറ്റിവിട്ട്‌ ബഹുമാനിച്ചും,ചോറ്റുപാത്രം കഴുകി ക്ലാസ്സില്‍ കൊണ്ടു വച്ച്‌, പൂങ്കാവനത്തിലേക്ക്‌ യാത്ര തിരിച്ചു.

പുങ്കാവനത്തിലെ, കാഞ്ഞിരമരത്തിന്റെ ശിഖരങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന ഓടവള്ളികളില്‍ നിന്നും ആവശ്യത്തിന്‌ ഓടപഴം പറിക്കുക എന്നതായിരുന്നു ഞങ്ങള്‍ നാല്‌വര്‍ സംഘത്തിന്റെ അന്നത്തെ അജണ്ട.

രണ്ടു പേര്‍ കാഞ്ഞിരമരത്തില്‍ കയറി പറിച്ചിടുന്ന പഴങ്ങള്‍ കീഴെ നില്ക്കുന്ന രണ്ടു പേര്‍ പറക്കുക എന്നതായിരുന്നു ഞങ്ങളുടെ പതിവ്‌.

പതിവുപോലെ ഞങ്ങള്‍ മരത്തില്‍ നിന്നും പറിച്ചിട്ടുന്ന ഓട പഴങ്ങള്‍,താഴെ നിന്നുകൊണ്ട്‌, രാജേഷും, പ്രമോദും പറക്കികൊണ്ടിരിക്കുന്ന നേരം. പെട്ടെന്ന് രാജേഷൊരു കരച്ചില്‍, അയ്യോ എന്നെ പാമ്പു കടിച്ചേ.

മേലേന്ന് നോക്കിയ ഞങ്ങള്‍ രണ്ടുപേരും, കണ്ടത്‌, താഴെ കുറ്റികാട്ടിലൂടെ ഒരു വലിയ പാമ്പ്‌ ഇഴഞ്ഞു പോകുന്നതാണ്‌.

ഒരു നിമിഷം ഞാന്‍ എന്നെ തന്നെ മറന്നു. ടാര്‍സനായി ഞാന്‍ മാറി. ഓടവള്ളിയില്‍ പിടിച്ച്‌ താഴേക്ക്‌ ഊര്‍ന്നിറങ്ങും വഴി, നിലത്തെത്തുന്നതിനുമുന്‍പേ ഓടവള്ളി പൊട്ടി, താഴേയുള്ള മുള്‍ചെടികള്‍ക്കും, ചരലുകള്‍ക്കും ഇടയിലേക്ക്‌ ഞാന്‍ കാല്‍മുട്ടില്‍ ലാന്റു ചെയ്തു. ഒപ്പത്തിനൊപ്പ്പം മരത്തില്‍ കയറിയ മറ്റേ ഗഢിയും നെഞ്ചിന്‍ തൊലി മരത്തേല്‍ തേച്ച്‌ താഴേക്കൂര്‍ന്നിറങ്ങി.

ലാന്റിങ്ങില്‍, മുട്ടുമറച്ചിരുന്ന പാന്റിന്റെ തുണികഷണം ഇരുമ്പ്‌ കാന്തത്തിനെ കണ്ടപോല്‍, നിലത്തെവിടേയോ പറ്റിപിടിച്ചു കിടന്നിരുന്നതിനാല്‍, മുട്ടില്‍ നിന്നും വന്നിരുന്ന ചോരയൊഴുക്ക്‌ പെട്ടെന്ന് തന്നെ എന്റെ കണ്ണില്‍ പെട്ടെങ്കിലും, പാമ്പുകടിയേറ്റ്‌ നിലത്തിരുന്നിരുന്ന രാജേഷിന്റെ അരികിലേക്ക്‌ ഏന്തി വലിച്ചു നടന്നു ഞാന്‍.

അയ്യോ, എന്നെ പാമ്പുകടിച്ചേ, എന്നു വലിയ വായില്‍ നിലവിളിച്ചുകൊണ്ട്‌, നിലത്തിരിക്കുന്ന രാജേഷിനുചുറ്റും, കൂടിയ ഞങ്ങള്‍ക്ക്‌, അവന്റെ കണങ്കാലിലുണ്ടായിരുന്ന നേരിയ മുറിപാടില്‍കൂടി രക്തം പൊടിയുന്നത്‌ കാണാമായിരുന്നു.

ഇനിയെന്തെന്നാലോചിക്കാന്‍ സമയമില്ലാത്തതിനാല്‍, രാജേഷിനേയും എഴുന്നേല്‍പിച്ച്‌, ഞങ്ങള്‍ അതിവേഗം സ്കൂളിലേക്ക്‌ നടന്നു. രാജേഷിനെ താങ്ങിപിടിച്ചുകൊണ്ട്‌ രണ്ടുപേരും, അവരുടെ മുന്‍പിലായി, മുട്ടുകീറിയ പാന്റിലൂടെ ചോരയൊലിപ്പിച്ചുംകൊണ്ട്‌ മുടന്തി, മുടന്തി ഞാനും.

ഞങ്ങള്‍ സ്കൂള്‍ ഗൈറ്റിലെത്തിയപ്പോഴേക്കും ഞങ്ങളുടെ ചുറ്റും, കുട്ടികളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ടായിരുന്നു.

പതിവില്ലാതെ, നിലവിളിയോടുകൂടി ഒരുകുട്ടികൂട്ടം കണ്ട്‌, സ്റ്റാഫ്‌ റൂമില്‍ ഇരിക്കുകയായിരുന്ന അരവിന്ദാക്ഷന്‍ മാഷ്‌ പെട്ടെന്നിറങ്ങിപുറത്തേക്ക്‌ വന്നപ്പോള്‍ കണ്ട കാഴ്ച, ഒരു കാല്‍ പൊക്കിപിടിച്ച്‌, രണ്ടുപിള്ളാരുടെ ചുമലില്‍ കൈവച്ച്‌, നിലവിളിച്ചു കൊണ്ടു ഞൊണ്ടി വരുന്ന രാജേഷും, മുന്നിലായി, മുടന്തി മുടന്തി വരുന്ന ഞാനും.

കാഴ്ച കണ്ടതും, കാര്യങ്ങള്‍ മുഴുവനും ഗ്രഹിച്ച പോലെ അരവിന്ദാക്ഷന്‍ മാഷെന്നോടൊരു ചോദ്യം.

ആരാരുടെ മണിയാണടോ ഇന്ന് ചവിട്ടി കലക്കിയേക്കണത്‌?

എന്റെ മാഷേ, മണിയും, കിണിയുമൊന്നുമല്ല സംഭവം, രാജേഷിനെ പാമ്പു കടിച്ചു. നിമിഷങ്ങള്‍ക്കകം, സംഭവത്തിന്റെ ഒരു ദൃക്‌സാക്ഷി വിവരണം ഞാന്‍ മാഷിന്‌ നല്‍കി.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ബയോളജിയെടുത്തിരുന്ന പ്രമോദിനി ടീച്ചര്‍ വരുന്നു, രാജേഷിന്റെ തുടക്കു താഴെ ഒരു ചരടെടുത്ത്‌ കെട്ടിടുന്നു. കാറുവിളിക്കാന്‍ കുട്ടിയെ വിടുന്നു. ആകെ എരി പൊരി ബഹളം.

മുട്ടില്‍ നിന്നും ചോരയൊഴുകിയിരുന്ന എനിക്ക്‌ കിട്ടിയതോ, കൂടിനിന്നിരുന്ന മാഷുമ്മാരുടേം, ടീച്ചര്‍മാരുടേം, കുരുത്തം കെട്ടവനെ നിനക്കുള്ളത്‌ വച്ചിട്ടുണ്ടെടാ എന്ന ഒരു നോട്ടവും!

അപ്പോഴേക്കും, തലചുറ്റി നിലത്തുവീണ രാജേഷിന്റെ നിറവും, മാറാന്‍ തുടങ്ങി. പൊതുവെ കറുത്ത അവന്റെ നിറം കുടശീല പോലെ നരക്കാന്‍ തുടങ്ങി.

കാര്‍ സ്കൂളിലെത്തിയതും, രണ്ടുമൂന്നു മാഷുമ്മാര്‍ ചേര്‍ന്ന് രാജേഷിനെ തൂക്കിയെടുത്ത്‌ കാറില്‍ കിടത്തി, അവരും കാറില്‍ കയറി പാഞ്ഞു പോയി.

രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും, രാജേഷിനൊപ്പം പോയ മാഷിലൊരാള്‍ സ്കൂളില്‍ ഫോണ്‍ വിളിച്ച്‌ കാര്യങ്ങളുടെ കിടപ്പ്‌ അപ്‌ ഡേറ്റ്‌ ചെയ്തു.

രാജേഷിനെ ആദ്യം വിഷചികിത്സാ മഠത്തിലും, അവിടെ ആളില്ലാഞ്ഞതിനാല്‍, ഇരിങ്ങാലക്കുട ഗവണ്‍മന്റ്‌ ആശുപത്രിയിലും, പക്ഷെ പ്രശ്നം ഗുരുതരമായതിനാല്‍, പ്രഥമ ശുശ്രൂഷ നല്‍കി, അവിടെ നിന്നും, മാള, കുണ്ടായിയിലെ ഒരു ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്തതുപ്രകാരം അവിടെ അഡ്മിറ്റ്‌ ചെയ്തെന്നും, കടിച്ചത്‌, അണലിയായതിനാല്‍ ജീവന്‍ തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നുമായിരുന്നു അപ്ഡേഷന്‍.

പ്രിയ ഗഢി മരിക്കുകയാണെങ്കില്‍ ഗഢിയുടെ മരണത്തിനു നേരിട്ടല്ലെങ്കിലും, ഞാന്‍ ഒരു കാരണമായില്ലേ, എന്ന കുറ്റബോധം എന്റെ മനസ്സില്‍ ആളികത്തി. കത്തി കത്തി പുകഞ്ഞു കണ്ണുനീര്‍ പുറത്തേക്കൊഴുകിയ വേളയില്‍, സാമ്പത്തികം പോലും നോക്കാതെ (വരവറിഞ്ഞു ചിലവ്‌ ചെയ്യണം എന്ന ചൊല്ല് വകവയ്ക്കാതെ എന്നര്‍ത്ഥം), രാജേഷ്‌ മരിക്കാതിരിക്കുകയാണെങ്കില്‍, കുടല്‍മാണിക്യ സ്വാമിയ്ക്ക്‌ താമരമാലയും, വെള്ളാങ്കല്ലൂര്‍ ഹനുമാന്‌, വടമാലയും, പിന്നെ പാമ്പു മേയ്ക്കാട്ടേക്ക്‌ നൂറും പാലും പ്രത്യേകമായും നേര്‍ന്നു.

ഒരാഴ്ച കഴിഞ്ഞുപോയിട്ടും, രാജേഷിന്റെ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നുമാത്രമല്ല, അവസ്ഥ വളരെ മോശമാകുകയും ചെയ്തു.

അങ്ങനെ, സ്കൂളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി ഞങ്ങള്‍ ക്ലാസ്‌ മേറ്റുകള്‍ ഒരു ദിവസം കുണ്ടായിയിലേക്ക്‌ വണ്ടി കയറി. ആശുപത്രിയില്‍ മുക്കിലും, വായിലും, റ്റ്യൂബിട്ട്‌ അബോധാവസ്ഥയില്‍ കിടക്കുന്ന രാജേഷിനെ കണ്ട്‌ എല്ലാവരും തിരിച്ചിറങ്ങിയതിന്നു ശേഷം മാത്രമാണ്‌ ഞങ്ങള്‍ നാല്‍വര്‍ സംഘം കയറിയത്‌.

എന്നെ കണ്ടപാടെ രാജേഷിന്റെ അമ്മ പൊട്ടിക്കാരയാന്‍ തുടങ്ങി. (ഞാനും, രാജേഷും പ്രിയ ഗഢികളാണെന്നു മാത്രമല്ല, അയല്‍പക്കക്കാര്‍ കൂടിയാണ്‌)

എന്റെ മോനെ... കണ്ടോടാ എന്റെ മോന്‍ കെടക്കണ ഒരു കെടപ്പ്‌. ഒരാഴ്ച കഴിഞ്ഞല്ലോ മോനെ, എന്റെ മോന്‍ ഒന്നു കണ്ണു തുറന്നിട്ട്‌, എനിക്കെന്റെ മോനെ തായോ എന്റെ കൂടല്‍മാണിക്ക്യ സ്വാമ്യേ.

അവന്റെ അരികിലായ്‌ കട്ടിലിന്നു ചുറ്റും കൂടി നിന്നിരുന്ന ഞങ്ങള്‍ എങ്ങിനെ അവന്റെ അമ്മയെ ആശ്വസിപ്പിക്കും എന്ന് കരുതി വിഷമിച്ച്‌ നില്ക്കുമ്പോള്‍, ഞങ്ങളുടെ പ്രാര്‍ഥന ദൈവം കേട്ടതിനാലായിരിക്കണം അവന്‍ പതുക്കെ മൂളുകയും, കണ്ണുകള്‍ അല്‍പം സാവധാനത്തില്‍ തുറക്കുകയും ചെയ്തു.

മുറിയിലുണ്ടായിരുന്ന നഴ്സമ്മ, ഓടിപോയി, ഡോക്ടറേ വിളിച്ചു വന്നു. ഡോക്ടര്‍ മുറിയില്‍ വന്നതും, ഞങ്ങള്‍ ശൂന്യ മുളകുകളെ മുറിയില്‍ നിന്നും ഗെറ്റൌട്ടടിച്ചു പുറത്താക്കി.

മുറിയില്‍ നിന്നും പുറത്തിറങ്ങിയ, ഞങ്ങള്‍ എന്തായാലും, രാജേഷ്‌ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നതിന്റെ ആഹ്ലാദത്തില്‍, തിരിച്ചു പോകുവാന്‍ വേണ്ടുന്ന ബസ്സുകൂലി കഴിച്ചുള്ള ബാക്കി ചില്ലറകള്‍ കൂട്ടിചേര്‍ത്ത്‌, ആശുപത്രിയുടെ മുന്നിലുള്ള ഉന്തുവണ്ടി ചായക്കടയില്‍ നിന്നും, നാലു പഴം പൊരിയും, നാലു പരിപ്പു വടയും, വാങ്ങി, നില്‍പ്പനടിച്ചതിനുശേഷം മാത്രമാണ്‌ ഇരിങ്ങാലക്കുടയക്ക്‌ വണ്ടി കയറിയത്‌.

അതുകഴിഞ്ഞ്‌ ഒരാഴ്ചക്കകം രാജേഷ്‌, ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്യപെട്ട്‌,വീണ്ടും സ്കൂളിലേക്ക്‌ വരവു തുടങ്ങി.

സ്കൂളില്‍ വന്ന ആദ്യ ദിനത്തില്‍ തന്നെ അവന്‍ ഞങ്ങളുടെ കൈയ്യില്‍ അടിച്ചു സത്യം ചെയ്തു?

"ഇനി ആരൊക്കെ പറഞ്ഞാലും, എന്തൊക്കെ സംഭവിച്ചാലും ശരി, ഞാനിനി പൂങ്കാവന്നത്തിലേക്കില്ലാ. ഇതു സത്യം, സത്യം, സത്യം".

അങ്ങനെ ഞങ്ങള്‍ പൂങ്കാവനമെന്ന വനത്തെ, ഞങ്ങളുടെ മനസ്സില്‍ നിന്നും മറയൂര്‍ ചന്ദനകാടുകളെ പോലെ വെട്ടിനിരപ്പാക്കി.

പീന്നീടാഴ്ചകള്‍ക്കകം തന്നെ ശബരിമല സീസണ്‍ വന്നുചേര്‍ന്നതും, ഞങ്ങളില്‍ ചിലര്‍ അയ്യപ്പനായും, പെണ്‍കുട്ടികള്‍ മാളികപ്പുറമായും മാറിയപ്പോള്‍, അച്ചടക്കവും, നിശബ്ദതയും, പ്രശ്നമില്ലായ്മയും മൂലം, നാഷണല്‍ ഹൈസ്കൂള്‍ ഊട്ടിയിലെ ബോര്‍ഡിംഗ്‌ സ്ക്കൂളുകളെ ഓര്‍മിപ്പിച്ചു. ഇത്തരം ദിനങ്ങളെ ഞങ്ങളുടെ ടീച്ചര്‍ മാഷുമാര്‍ വെറുത്തിരുന്നെന്ന് പിന്നീടെപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട്‌.

മണ്ഡലപൂജയും, പടിപൂജയും, മകരവിളക്കും കഴിഞ്ഞ്‌, മലയ്ക്കുപോയപ്പോള്‍ വാങ്ങി കൊണ്ടു വന്ന അരവണയും, അഭിഷേകത്തിന്റെ ബാക്കിയുണ്ടായിരുന്ന അവസാന സ്പൂണ്‍ നെയ്യും സേവിച്ച്‌ കഴിഞ്ഞ്‌, വീട്ടുകാരെല്ലാം, പച്ചക്കറി മാസത്തില്‍ നിന്ന്, ചാളപൊള്ളിച്ചതും, പോത്തുവരട്ടിയതിലേക്കും കാലുമാറിയതിനുശേഷം വന്ന ഒരാഴ്ചയില്‍, സ്കൂളില്‍ വച്ച്‌, ഉച്ചയൂണിനുശേഷം ഞങ്ങള്‍ക്ക്‌ വീണ്ടും ഓടപ്പഴം തിന്നാന്‍ ആശ മൂത്തു!!

രാജേഷിനെ പാമ്പുകടിച്ചപ്പോള്‍ ഞാന്‍ നേര്‍ന്ന താമരമാലയും, വടമാലയും,പാമ്പുമേക്കാട്ടേക്കുള്ള നൂറും, പാലും, നേര്‍ച്ചയായിതന്നെ പെന്റിങ്ങില്‍ കിടന്നിരുന്നതിനാല്‍ രാജേഷ്‌ വരണ്ട എന്ന ഞങ്ങളുടെ എതിര്‍പ്പിനെ വാക്കുകളാല്‍ എതിര്‍ത്ത്‌ കീഴ്പെടുത്തി വീണ്ടും നാല്‍ വര്‍ സംഘം പൂങ്കാവനത്തിലേക്കെഴുന്നള്ളി.

വൃശ്ചികം, ധനു, മകരമാസങ്ങളില്‍, ഞങ്ങളുടെ പാദ സ്പര്‍ശനം ഏല്ക്കാതിരുന്നതിനാല്‍, നടവഴിയെല്ലാം പുല്ലു വന്നുമൂടിയിരുന്നു എന്നു മാത്രമല്ല, മകരകുളിരില്‍ വൃക്ഷലതാദികള്‍ കൂടുതല്‍ പടര്‍ന്ന്, പന്തലിച്ച്‌, പൂങ്കാവനത്തില്‍ പൊതുവെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

കുറച്ചേറെ നാളുകളായി പൂങ്കാവനത്തില്‍ കയറാതിരുന്നതിനാലും, ചീവീടുകളുടെ കരച്ചിലിന്റെ കനം അല്‍പം കൂടുതലായി തോന്നിയതിന്നാലും, ഞങ്ങള്‍ നാലുപേരും, പൂങ്കാവനത്തിലേക്ക്‌ ഇന്നു പോകേണ്ട, പിന്നീടൊരു ദിവസം ഓടപ്പഴം തിന്നാം എന്നും, തല്ക്കാലം,ജോസേട്ടന്റെ കടയില്‍ നിന്നും ലൂബിക്ക വാങ്ങി മനസ്സിന്റെ ആശ അടക്കാം എന്നും തീരുമാനിച്ചുറപ്പിച്ചു.

അങ്ങിനെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയനേരത്താണ്‌, പൂങ്കാവനത്തിന്റെ അതിരിലുള്ള വേലിപടര്‍പ്പില്‍ പുളിപോലെ ഉള്ള ഒരു കായയുടെ പല പല കുലകള്‍ വിളഞ്ഞ്‌ പഴുത്തു കിടക്കുന്നത്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്‌.

ഞങ്ങളുടെ കൂട്ടത്തിലെ ഐന്‍സ്റ്റീന്‍, കുമാരന്‍ വൈദ്യരുടെ മകന്‍ വിനോദന്‍, ഉടനെ പറഞ്ഞു, അത്യേ തൊടണ്ടടക്ക, അത്‌ നായക്കൊര്‍ണ്ണ കായ്യ്യാ.

അതുന്തൂട്ട്‌ കായ്യ്യാസ്റ്റാ?

തൊട്ടുനോക്ക്‌, വിവരം അറിയും, മേലാകെ, ചൊറിയും. എതാണ്ട്‌, ചേരുമ്മെ ചാരിയ പോലേണ്ടാവും അതിന്റെ പൊടി മേല്‌ വീണാല്‍.

കുറച്ച്‌ നാളായ്‌, പരദ്രോഹം ചെയ്യാതിരുന്നതിനാല്‍ മുരടിച്ച എന്റെ മനസ്സ്‌, മോനേ, ഒരെണ്ണം പറിച്ചെടുത്താരേയെങ്കിലും ഒന്നു പരീക്ഷിക്കടാ, പരീക്ഷിക്കടാ എന്നു പലതവണ എന്നോട്‌ പറഞ്ഞു.

മനസ്സിന്റെ വിളി തടുക്കാന്‍ വയ്യാതേയായപ്പോള്‍,ഞാന്‍ കൊന്നപത്തല്‍ ഒടിച്ചെടുത്ത്‌, നായക്കൊര്‍ണ്ണകായകുലയില്‍ ആഞ്ഞു തല്ലി. കായകള്‍ അഞ്ചാറെണം അവിടേയും, ഇവിടെയുമായി തെറിച്ചു വീണു!!

കായയുടെ പുറത്ത്‌, കണ്‍പീലിയിലും കനം കുറഞ്ഞ്‌ പൊങ്ങിനില്ക്കുന്ന പൊടി കയ്യിലും മേലും ആകാതെ ചുരണ്ടിയെടുത്താല്‍ മതിയെന്ന അറിവ്‌, ഐന്‍സ്റ്റീന്‍ കുഞ്ഞ്‌ എനിക്ക്‌ പകര്‍ന്നു നല്‍കി.

പിന്നെ റോഡില്‍ പോയി കടലാസ്സ്‌ പറക്കികോണ്ടുവരുവാന്‍ രാജേഷിനെ പറഞ്ഞയച്ചു. അവന്‍ കടലാസുമായി വന്നപ്പോഴേക്കും, ഞാന്‍ നാലഞ്ചു കായകളുടെ പുറത്തുള്ള പൊടി മുഴുവന്‍ ഒരു തേക്കിന്റെ ഇലയിലേക്ക്‌ ഓട്ടിന്‍ കഷ്ണം ഉപയോഗിച്ച്‌ ചുരണ്ടിമാറ്റിയിരുന്നു.

തേക്കിന്റെ ഇലയില്‍ നിന്നും, നായക്കൊര്‍ണ്ണപൊടിയെ ഞാന്‍ രാജേഷ്‌ കോണ്ടു വന്ന മുറികടലാസ്സിലേക്ക്‌, കൂടുവിട്ടു,കൂടുമാറ്റം നടത്തിച്ചു. പിന്നെ കടലാസ്സു ഭദ്രമായി മടക്കി, പാന്റിന്റെ പോക്കറ്റില്‍ നിക്ഷേപിച്ച്‌, ലക്ഷ്യം നിറവേറ്റാന്‍ സ്കൂളിലേക്ക്‌ തിരിച്ചു.

സ്കൂളില്‍ പോയി, ആരുമറിയാതെ, പാരകളുടെ ബെഞ്ചിലും, ഡെസ്കിലും, എന്തിന്‌ ടീച്ചറുടെ കസേരയിലും, മേശയിലും വരെ നായക്കൊര്‍ണ്ണപൊടിയിട്ട്‌, അവര്‍ എല്ലാവരും, ചാടിയെഴുന്നേറ്റ്‌, നിലവിളിച്ചുകൊണ്ട്‌, കയ്യില്‍ തുടങ്ങി, ശരീരം മുഴുവന്‍ മാന്തിപൊളിക്കുന്നതും സ്വപ്നം കണ്ട്‌ നടക്കുന്നതിനിടെ, നിലവിളിച്ചുകൊണ്ട്‌ ഞാന്‍ ഓടി.

കാര്യമെന്തെന്നറിയാതെ, കൂട്ടുകാര്‍ മൂന്നുപേരും, പിന്നാലെ പാഞ്ഞെങ്കിലും, സ്കൂള്‍ കക്കൂസിന്നകത്തു കയറി വാതില്‍ കുറ്റിയിട്ട എന്നാടെന്തു പറ്റിയെന്ന ചോദ്യത്തിനു ഉത്തരം തരുന്നതിനു പകരം എന്റെ നിലവിളി മാത്രമാണ്‌ പുറത്തേക്ക്‌ വന്നത്‌.

പതിനഞ്ചുമിനിട്ടിനുശേഷം, തുടുത്തു വീര്‍ത്ത മുഖവുമായ്‌ വാതില്‍ തുറന്ന ഞാന്‍ രാജേഷിനോട്‌ ബുക്ക്‌ വൈകുന്നേരം വീട്ടിലേക്ക്‌ കൊണ്ടുവന്നാല്‍ മതിയെന്നും, ടീച്ചറോട്‌, വീട്ടില്‍ പോയെന്നും പറയാന്‍ പറഞ്ഞ്‌, പുലിപുറത്തു (എന്റെ ഹീറോ) കയറി വീട്ടിലേക്ക്‌ പാഞ്ഞു.

വീട്ടില്‍ ചെന്നതും, വെളിച്ചെണ്ണ കുപ്പിയുമെടുത്ത്‌ കുളിമുറിയില്‍ കയറിയ ഞാന്‍ വൈകുന്നേരം ആറരയ്ക്കാണ്‌ പുറത്തേക്ക്‌ വന്നത്‌. പിന്നേയും, രണ്ടു ദിവസം സ്കൂളില്‍ പോലും പോകാതെ, മുണ്ടിന്നിടയില്‍ കയ്യും തിരുകി വീട്ടിലിരുന്നു ചൊറിഞ്ഞു.

ഫ്ലാഷ്‌ ബായ്ക്ക്‌

ഞാന്‍ അന്നിട്ടിരുന്ന പാന്റിന്റെ ഇടത്തേ പോക്കറ്റ്‌, കീറിയിരുന്നത്‌ ഓര്‍മ്മയില്‍ ഇല്ലാതിരുന്നതിനാല്‍, ഇടത്തേപോക്കറ്റില്‍ നിക്ഷേപിച്ച നായക്കൊര്‍ണ്ണപൊടി,നടന്നപ്പോള്‍, ഇറങ്ങി, ഇറങ്ങി,എന്റെ പോക്കറ്റിന്റെ ഓട്ടയിലൂടെ കീഴെ ഇറങ്ങി കേന്ദ്രസ്ഥാനത്തെത്തി നിലയുറപ്പിച്ചു.

17 comments:

കുറുമാന്‍ said...

നായ്ക്കൊര്‍ണ്ണ പൊടി

സ്നേഹിതന്‍ said...

ഓടപ്പഴം പറിയ്ക്കാന്‍ പോയതും തുടര്‍ന്നുള്ള നാടകീയ രംഗങ്ങളും കേമം തന്നെ. നായക്കൊര്‍ണ്ണ പൊടിയുടെ എഫക്ടും! കുറുമാന്‍ തകര്‍ത്തു!

അഭയാര്‍ത്ഥി said...

നാഷണല്‍ സ്കൂളും കഥ പറയുന്ന അരവിന്ദന്‍ മാഷും റസ്റ്റ്‌ ഹൌസും ഗന്ധറ്‍വന്റെ സ്മരണയില്‍ ഇന്നലെ എന്നോണം തെളിയുന്നു.

കഥ പറയലാണു അരവിന്ദന്‍ മാഷുടെ മാസ്റ്ററ്‍പീസ്‌. ജിംനേഷിയത്തില്‍ വാറ്‍ത്ത ഉരുക്കു ശരീരമാണു ഈ പോക്കെറ്റ്‌ ഹെര്‍കുലീസിനു.
കടയില്‍ മിട്ടായി വാങ്ങാന്‍ പോയിരുന്ന തലതെറിച്ച ഗന്ധറ്‍വനു, ജോസെഫ്‌ ചേട്ടന്‍ പാടി തന്നിരുന്ന മധുരമുള്ള നാടന്‍ തെറിപ്പാട്ടുകള്‍ ഇന്നും ഹ്റുദിസ്തം.

റസ്റ്റ്‌ ഹൌസ്‌ ബീഡി പുക അടിക്കുവാനുള്ള ഒളിത്താവളമായിരുന്നു. അന്നത്തെ അതിന്റെ സൂക്ഷിപ്പുകാരന്‍ ബാലേട്ടന്‍. മദിരാശി ഈന്ത എന്നു വിളിച്ചിരുന്ന വലിയ മരത്തിന്റെ തണല്‍ റസ്റ്റ്‌ ഹൌസിലെങ്ങും അന്നുണ്ടായിരുന്നു. കുറുമന്‍ പഠിക്കുന്നതിനും പ്തിമൂന്നു വറ്‍ഷങ്ങള്‍ പുറകിലാണു ഞാന്‍ പറയുന്ന കാലം. പ്റമോദിനി ടീചറ്‍ അന്നില്ല. ഇപ്പോള്‍ അവര്‍ എച്‌ എം ആണെന്നു തോന്നുന്നു.

ഒരിക്കല്‍ എസ്കറ്‍ഷന്‍ കഴിഞ്ഞു വന്ന രാത്റി നടന്ന തേങ്ങാമോഷണത്തിന്റെ ദ്റുക്സാക്ഷി വിവരണം മാഷന്‍മാരൊടു നടത്തിയതിനു ഗന്ധറ്‍വനെ തിരഞ്ഞു വന്ന പുഷ്കരന്‍ പോലിസ്‌, ജിം അശോകന്‍, മുട്ടത്തു രാജിവ്‌ എന്നീ ഭീകരരില്‍ നിന്നും രക്ഷിച്ചതു ജന്നല്‍ ചാടി ഈ റസ്റ്റ്‌ ഹൌസിലേക്കുള്ള ഓട്ടം.

പറയുവാനോറ്‍ത്തതല്ലിതൊന്നും. പറഞ്ഞു പോകുന്നു ഓറ്‍മ ബാകി എന്നും.

കുറുമന്‍ അക്ഷരങ്ങളാല്‍ ഒറ്‍മയുടെ വസന്തമാളിക തീറ്‍ക്കുന്നു. എനിക്കു കൂടീ അവകാശപ്പെട്ട ഗ്രുഹാതുര സ്മരണകളാല്‍.

Anonymous said...

At 8/5/06 9:22 AM, GANDHARVAN said...
This post has been removed by the author.


At 8/5/06 9:23 AM, GANDHARVAN said...
നാഷണല്‍ സ്കൂളും കഥ പറയുന്ന അരവിന്ദന്‍ മാഷും റസ്റ്റ്‌


DEAR GANDHARVAN,
CAN'T YOU EVER MAKE A COMMENT WITHOUT EVEN DELETING IT ONCE?

A FAN OF YOU

അഭയാര്‍ത്ഥി said...

ഫേനെ ഗന്ധറ്‍വന്‍ കമന്റ്‌ എഴുതുന്നതു ആ ആളുടെ പോസ്റ്റിനെ ആരുടെയെങ്കിലും ശ്റദ്ധയില്‍ പെടാതെ പോയിട്ടുണ്ടെങ്കില്‍ കാണിക്കനൊത്തെങ്കില്‍ ആയല്ലോ എന്നു കരുതിയാണു. എന്തു ചെയ്യാം കമെന്റിട്ടിട്ടു കാണാതാകുമ്പോള്‍ ഡിലിറ്റ്‌ ചെയ്യുമ്പോള്‍ ബ്ളോഗ്‌ ഫോറ്‍ കമെന്റ്സില്‍ വരുന്നു.

അതു കൊണ്ടാണെ ചാമ്പണതു.

ക്ഷമീരുട അപ്പീ

viswaprabha വിശ്വപ്രഭ said...

ഗന്ധര്‍വ്വാ,

മിക്കവാറും എപ്പോഴും കമന്റുകളൊക്കെ അവയുടെ സ്വന്തം നിലയ്ക്കു തന്നെ ഗൂഗിള്‍ ഗ്രൂപ്പിലും പിന്മൊഴി ബ്ലോഗിലും എത്തിച്ചേര്‍ന്നോളും. പക്ഷേ ഉടനെ നോക്കിയാല്‍ കണ്ടെന്നു വരില്ല. അഞ്ചോ പത്തോ മിനിട്ട് താമസിച്ചെന്നു വരാം.

അതുകൊണ്ട് ഒരു കമന്റ് ഡീലിറ്റ് ചെയ്തു കളഞ്ഞ് വീണ്ടും ഇടേണ്ട കാര്യമില്ല.

അഥവാ അപൂര്‍വ്വം ചില സമയങ്ങളില്‍ ബ്ലോഗറിന് അസുഖം പിടിക്കുമ്പോള്‍ കമന്റു വന്നില്ലെന്നു വരാം. പക്ഷേ അങ്ങനെ വരുമ്പോള്‍ വിധി എന്നു നമുക്കു സമാധാനിക്കാം.

Sreejith K. said...

നല്ല രസികന്‍ പോസ്റ്റ്. നന്നായിരിക്കുന്നു കുറുമാന്‍

അതുല്യ said...

കുറുമാ, ആപ്പീസില്‍ പിടിപ്പത്‌ പണിയാ അല്ല്യോ.? പഠിച്ച കാലത്ത്‌ ഏതെങ്കിലും അല്ലേങ്കില്‍ സോഷ്യല്‍ പരീക്ഷയ്ക്‌ എങ്കിലും ഇത്രേം എഴുതിയിരുന്നാ ഒരു പക്ഷെ .....

അപ്പോ കേന്ദ്രത്തിലു വലിയ പിടിയാ അല്ല്യോ?

Jokes apart, i enjoyed your post kuruman.
---
വിശ്വംജി, ഗന്ധര്‍വന്റെ ഒരു മോഹല്ലേ, ഋഷി ഗര്‍ഭം പോലെ അപ്പോ തന്നെ മൊത്തതിലുള്ള കമന്റില്‍ വരണമെന്നു, ഡില്ലീറ്റ്‌ ചെയ്ത്‌ ചെയ്ത്‌ പഠിയ്കച്ചോട്ടേ, ചുമ്മാ ഒന്ന് ഞെക്കുകല്ലേ വേണ്ടൂ? പിന്നെ അപ്പീസിലെന്തെങ്കിലും ഒക്കെ ഒരു ജോലിയും വേണ്ടേ? പിന്നെ പോരാത്തതിനു ഗൂഗിളുകാരു ഓസിനു പേജും കോടുത്തുട്ടുണ്ടല്ലോ. ഉപയോഗിച്ചെലെന്‍ങ്കില്‍ അവര്‍ എന്തു കരുതും?

അഭയാര്‍ത്ഥി said...

Dear വിശ്വപ്രഭ & അതുല്യ ,

Out of ignorance, I used to delete and put commends again and again.

I will take care it in future.

I wish to know more about rushi garbam(instant pregnancy) from athulya so as I can sell that idea to infertility clinics.(Joke)

I enjoyed athulya's wit.

ദേവന്‍ said...

കുറുമാന്‍ ഫ്ലാഷ്‌ ബാക്‌ എക്സ്പര്‍ട്ട്‌ ആണല്ലേ. (നാട്ടില്‍ ധൈര്യമായി പോകാമോ അതോ ബാല്യകാല സുഹൃത്തുക്കള്‍ കൈ വക്കാന്‍ റെഡി ആയി ഇരിപ്പുണ്ടോ കുറുമാനേ?)

ഇത്രേം വായിച്ചു രസിച്ച സ്ഥിതിക്ക്‌ ഞാനും ഒരു നായ്ക്കുരണക്കഥ പറയാതിരിക്കുന്നത്‌ മോശമല്ലേ.

ഞാന്‍ എസ്‌ എന്‍ ഇല്‍ പഠിക്കുമ്പോള്‍ കൊല്ലം ഫാത്തിമയില്‍ ഡ്രസ്സ്‌ കോഡിനെച്ചൊല്ലി ഒരു സ്ത്രീ പുരുഷ സംഘട്ടനമുണ്ടായി. മുട്ടിനു താഴെയിറങ്ങുന്ന പാവാടയിടാതെ വരുന്ന സകല വാണിജ്യലലനാമണികളെയും മുട്ടു തല്ലിയൊടിക്കുമെന്ന് കോളേജ്‌ താലിബാന്‍ ലീഡര്‍ (പേരു പറയില്ലാ ഇപ്പണി ചെയ്തവനെ കിട്ടിയാല്‍ പലരും ഇന്നും തട്ടും) ഉഗ്രശാസനം ഇറക്കി.

അപ്പന്‍ അമേരിക്കയില്‍ ഗ്യാസ്‌ സ്റ്റേഷന്‍ അറ്റന്‍ഡന്റും (ഹേയ്‌ പെട്രോളൊന്നുമല്ല) അമ്മ ഇംഗ്ലണ്ടില്‍ ആര്‍ എന്നും (ഹേയ്‌ സിസ്റ്ററോ?) ഏട്ടന്‍ റഷ്യയില്‍ ഇറച്ചി വെട്ടുപോലത്തെ മെഡിസിനു പൊടിത്തവുമാകയാല്‍ കണ്ണുകാണാത്ത അപ്പാപ്പനും അമ്മാമ്മക്കുമൊപ്പം താന്തോന്നിയായി നടക്കുന്ന ചില പെണ്‍പിള്ളേര്‍ ഉണ്ടായിരുന്നു. അവര്‍ അരച്ചാണ്‍ കുപ്പായമിട്ടു വരവു നിര്‍ബ്ബാധം തുടര്‍ന്നു. പുലി പ്രിസിപ്പല്‍ അച്ചനു പോലും ഒന്നും ചെയ്യാനാകുന്നില്ല.

അന്നൊരു ഫ്രഞ്ച്‌ ക്ലാസ്സ്‌. പുരുഷന്മാര്‍ എല്ലാം നേരത്തെ ക്ലാസ്സിലെത്തി. പെമ്പിള്ളേര്‍ കൂട്ടമായും കയറി വന്നു. ഇരുന്നു. ഇറക്കമുള്ള പാവാടയിട്ടവര്‍ സമാധാനമായി പുസ്തകങ്ങള്‍ തുറന്നു. കുട്ടിക്കുപ്പായക്കാരികള്‍ ബെഞ്ച്‌
തൊട്ടതും ദോശക്കല്ലില്‍ ഇരുന്നപോലെ ചാടി എഴുന്നേറ്റു. വെടി കൊണ്ട പന്നിപോലെ പലവഴി പാഞ്ഞു മറഞ്ഞു, ചിലര്‍ ഓടിയവഴി പുല്ലില്‍ കുരുങ്ങി വീണു..

നായ്ക്കുരണക്കു സ്തുതിയായിരിക്കട്ടെ. അവന്‍ മൂലം ഫാത്തിമ കോളേജില്‍ മര്യാദകെട്ട ഉടുപ്പിട്ടു വരവ്‌ നിലച്ചു. ഒരാഴ്ച്ച ഇന്റര്‍നാഷണല്‍ കുമാരിമാര്‍ ജീന്‍സും ലെതര്‍ ജാക്കറ്റുമിട്ട്‌ പൊരിയുന്ന മീനച്ചൂടില്‍ പഴുത്ത കോളേജ്‌ കെട്ടിടത്തില്‍..
(ഇക്കഥയിലെ വില്ലനായകന്‍ ഇപ്പോള്‍ യൂയേയീയില്‍ ഒരതിപ്രശസ്ത ഹോട്ടലിന്റെ ഫ്രണ്ട്‌ ഡസ്കില്‍ വെടലച്ചിരിയുമായി നിന്നു ജോലിയെടുക്കുന്നു)

കുറുമാന്‍ said...

ദേവേട്ടോ, ഫ്ലാഷ് ബായ്ക്ക് എക്സ്പെര്‍ട്ട് ആയിട്ടല്ല, എവിടെ,എങ്ങിനെ,കഥ കൊണ്ടുചെന്ന്‌ അവസാനിപ്പിക്കണം എന്ന ആശയകുഴപ്പം വരുമ്പോള്‍, തെങ്ങിനു നനക്കാന്‍ കുഴിച്ചിരിക്കുന്ന ആണിച്ചാല്‍ കൈകോട്ട് കൊണ്ട്, രണ്ട് കൈകോട്ട് മണ്ണിട്ട് തിരിച്ചുവിടുന്നതുപോലെ, ഒര് ഫ്ലാഷ് ബായ്ക്കിട്ട് ദിശമാറ്റുന്നതല്ലെ.

എഴുതി, എഴുതി തെളിയ്യ്യാന്ന് കേട്ടിട്ട്ണ്ട്. പക്ഷെ എന്റെ കാര്യത്തില്‍ എഴുതി, എഴുതി, കുളമാകുകയാണ്.

ആയുധം വച്ച്, കീഴടങ്ങിയാലോന്നാപ്പോ ആലോചിക്കണെ!!

കുറുമാന്‍ said...

നിങ്ങളുടെ വിലപെട്ട സമയം പാഴാക്കി, എന്റെ വധത്തെ സഹിച്ച് കമന്റിയതിനു നന്ദി.
സ്നേഹിതാ - നന്ദി
ഗന്ദര്‍വ്വരേ - താങ്കളുടെ സ്മരണയിലേക്ക് ആ സ്കൂളും, പി ഡബ്ല്യൂ ഡിയൂവും, ചുറ്റുപാടും, നീണ്ട മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം തിരികെ കൊണ്ടുവരുവാന്‍ എന്റെ പോസ്റ്റിന്നു കഴിഞ്ഞു എന്നത് മാത്രം എനിക്കാശ്വാസം.- നന്ദി
ശ്രീജിത്തേ - താങ്ക്സ്
ദേവേട്ടോ - അപ്പോ, കൊല്ലത്തും, നായക്കുരണപൊടി വിദ്യ ഉണ്ടായിരുന്നു അല്ലെ?
അതുല്ല്യേച്ചീ - പോസ്റ്റ് ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

കുറുമാന്‍ said...

കലേഷിന്റെ ലോകത്ത്, രാവിലെ മുതല്‍ ഞാന്‍ മൂന്നു കമന്റിട്ടതൊന്നും പിന്മൊഴിയില്‍ വന്നില്ല. എനി റിസണ്‍സ്? എന്നെ പടിയടച്ചു പിണ്ഠം വച്ചുവോ?

മുല്ലപ്പൂ said...

"
കാഴ്ച കണ്ടതും, കാര്യങ്ങള്‍ മുഴുവനും ഗ്രഹിച്ച പോലെ അരവിന്ദാക്ഷന്‍ മാഷെന്നോടൊരു ചോദ്യം. "

വായിച്ചു കുറെ ചിരിച്ചു..

ഓഫീസ്‌ ആണു എന്നു ഒരു നിമിഷം മറന്നു....

തകര്‍പ്പന്‍ പോസ്റ്റ്‌..
കമന്റ്‌ ആന്‍ ലേറ്റ്‌ ആയോ...

പാപ്പാന്‍‌/mahout said...

കൊള്ളാട്ടോ‍ കുറുമാനേ. വളരെ വളരെ ഇഷ്ടമായി ഇക്കഥ.

Binu said...

Excellent

മാളൂ said...

കുറുമാനേ ഇന്ന് ഇനിയും വായിക്കാന്‍ പറ്റുമെന്ന്
തോന്നുന്നില്ലാ ചിരിച്ചു അടപ്പ് തെറിച്ചു
കുറൂമാന്‍ ചൊറിഞ്ഞോണ്ട് ഓടിയ ഓട്ടം
ഇത്ര അടുക്കില്‍ എങ്ങനെ പറയാന്‍ സാധിക്കുന്നു
അപാരം ! ഈശ്വരന്‍ രക്ഷിക്കട്ടെ!!