Tuesday, February 24, 2009

വല്ലഭ ചരിതം - ഭാഗം - 2 - അഥവാ ഒടുക്കത്തെ

ഒന്ന് അവസാനിപ്പിച്ചതിവിടെ.

ശ്രീദേവിയമ്മയുടെ നോട്ടം താങ്ങുവാനുള്ള ശേഷിയില്ലായെന്ന പോലെ തല അല്പം വെട്ടിച്ചിട്ട് പാര്‍വ്വതിയമ്മ ശ്രീദേവിയമ്മയുടെ കരം ഗ്രഹിച്ചു. നന്നായിട്ടു വരും ദേവ്യേ, എല്ലാം കണ്ഠേശ്വരത്തപ്പന്‍ നടത്തി തരും. ഒന്നുമില്ലെങ്കിലും പ്രീത മോള് എത്ര എള്ള് തിരി കത്തിച്ചതാ കണ്ഠേശ്വരത്തപ്പന്. നടത്തിതരാതിരിക്കുമൊ? ശ്രീദേവിയമ്മയുടെ കരത്തിലുള്ള പിടിവിട്ട് പൂര്‍ണ്ണ സ്വതന്ത്ര്യയാക്കിയതിനുശേഷം പാര്‍വ്വതിയമ്മ കൈക്കൂപ്പി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു, ശ്രീ കണ്ഠേശ്വരത്തപ്പാ കാത്തോളണേ!

വല്ലഭ ചരിതം - ഭാഗം - 2

തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും യാത്രപറഞ്ഞ് പടിയിറങ്ങി പോയി അല്പം കഴിഞ്ഞപ്പോഴേക്കും പടിതുറന്ന് വല്ലഭന്‍ വീട്ടിലേക്ക് പ്രവേശിച്ചു.ഒരാള് വീട്ടില്‍ വന്നാല്‍ അമ്മേ ഇതാരാ വന്നിരിക്കണേന്ന് തൊള്ളേം തൊറന്ന് നിലവിളിച്ചിട്ട് നീ ഇതെവിടെ പോയി കിടക്കുകയായിരുന്നു വല്ലഭാ? നല്ലൊരു കാര്യത്തിന് ആരെങ്കിലും വീട്ടില്‍ വന്നാല്‍ ചെക്കന് വീട്ടിലിക്കാന്‍ നേരല്ല്യ. പാര്‍വ്വതിയമ്മ പിറുപിറുത്തു.

നല്ലൊരു കാര്യോ? എന്ത് നല്ല കാര്യം? എവിടുത്തെ നല്ല കാര്യം? ആരുടെ നല്ല കാര്യം? ആര്‍ക്ക് നല്ല കാര്യം? ഞൊണ്ടി ഞൊണ്ടി ഉമ്മറ പടികള്‍ കയറുന്നതിനിടയില്‍ ചോദ്യങ്ങളുടെ ഒരു ശരവര്‍ഷം തന്നെ വല്ലഭന്‍ തൊടുത്തു.

നീയറിഞ്ഞോ, നമ്മുടെ പ്രീതേടെ കല്യാണം ഒറപ്പിച്ചൂന്ന്‍. കല്യാണം ക്ഷണിക്കാനാ തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും വന്നത്, ആഹ്ലാദപൂര്‍വ്വം പാര്‍വ്വതിയമ്മ വിവരിച്ചു.

പ്രീതേടെ കല്യാണം ഉറപ്പിച്ചേന് ഞാനിപ്പോ എന്താ ചെയ്യേണ്ടേ? ഒടിഞ്ഞ കയ്യും കാലും വച്ച് ഞാന്‍ ഇവിടെ തിരുവാതിരക്കളി കളിക്കണോ? അല്ലെങ്കില്‍ വേണ്ട, അമ്മ ആ ദലേര്‍ മഹന്തിയുടെ പാട്ടൊന്ന് ഓണ്‍ ചെയ്തേ, ഞാന്‍ ബാംഗ്ഡ കളിക്കാം. അതാണ് കല്യാണത്തിനു ചേര്‍ന്ന കളി.

എത്രകൊല്ലായി അവള്‍ക്ക് ആലോചനകള്‍ വരുന്നു, എല്ലാം മുടങ്ങി പോവ്വല്ലേരുന്നൂ. ഒന്നൂല്ലെങ്കിലും കുട്ടിക്കാലം തൊട്ട് നിന്റെ കളിക്കൂട്ടുകാരിയായിരുന്നില്ലേടാ വളരുന്നത് വരെയെങ്കിലും? എന്നിട്ടും നീ തര്‍ക്കുത്തരം പറയ്യ്യാ?

അത് തന്ന്യാ ഞാന്‍ പറഞ്ഞതെന്റെ അമ്മേ, കളിക്കൂട്ട്കാരിയായിരുന്നൂന്ന് വച്ച് ഇപ്പോ കാലം മാറീല്ല്യേ? അടക്കയാവോളം മടിയില്‍ വക്കാം, അടക്കാമരായാലോ? ഇനിപ്പോ ഞാന്‍ എന്റെ കളിക്കൂട്ട് കാര്യായിരുന്നൂന്നൊക്കെ പറഞ്ഞ് നടന്നാ ആരേലും പറഞ്ഞ് കെട്ടാന്‍ പോണ ചെറുക്കനും വീട്ടുകാരും കേട്ട്, അവര്‍ക്കെന്തെങ്കിലും തോന്ന്യാല്ലോ? അത് പോരെ ഈ കല്യാണം മുടങ്ങാന്‍?

ങ്ഹാ, നീ പറയണതും ശരിയാ. ഞാനത്രക്കങ്ങിട് ആലോചിച്ച്യാല്ലാ.

എന്തായാലും ആക്സിഡന്റ് കഴിഞ്ഞേപിന്നെ ചെക്കന്റെ ബുദ്ധിയൊന്ന് തെളിഞ്ഞിട്ടുണ്ട് , ഉച്ചക്കൂണ് കഴിഞ്ഞ് മുറുക്കി കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ അപ്പുനായര് പാര്‍വ്വതിയമ്മയോട് പറഞ്ഞു.

ഉം നേരാ, എനിക്കും തോന്നിയിരുന്നു. കാട്ടുപോത്തിന്റെ പോലെയുള്ള മുക്രയിടലും, എടുത്തുചാട്ടോം, തറുതല പറയലും ഒക്കെ ഒന്ന് കുറഞ്ഞിട്ടുണ്ട്. കൂട്ടുകാരുടെ കൂടെ പുറത്ത് തെണ്ടാന്‍ പോകുന്നതും ഈയിടെ നിറുത്തിയിട്ടുണ്ട്. ബുദ്ധി തെളിഞ്ഞ സ്ഥിതിക്ക് ഇനി എന്തേലും ജോലിയും കൂടെ ശരിയായാല്‍ മതിയായിരുന്നു എന്റെ ശ്രീകണ്ഠേശ്വരത്തപ്പാ.

പിന്നേ, ശ്രീ കണ്ഠേശ്വരത്തപ്പന്‍ എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്ത്വല്ലേ, നിന്റെ മോന് ജോലി കൊടുക്കാനായിട്ട്. നേരാം വണ്ണം നാല് ഇന്റര്‍വ്യൂവിനു പോയിട്ടുണ്ടോ അവന്‍? അല്പം ഇടത് ചായുവുള്ള അപ്പുമാഷ് കിട്ടിയ ചാന്‍സിന് പാര്‍വ്വതിയമ്മയുടെ അമിതഭക്തിക്കിട്ടൊന്ന് കൊട്ടി!

പിന്നെ ഇക്കണ്ട കാലമൊക്കെ ആപ്ലിക്കേഷനയച്ച് ഇന്റര്‍വ്യൂവിനെന്നും പറഞ്ഞ് എന്റേന്ന് കാശും വാങ്ങി, എറണാകുളത്തേക്കും, തിരുവന്തോരത്തേക്കും, കോയമ്പത്തൂരേക്കും, ബാംഗ്ലൂര്‍ക്കുമൊക്കെ അവന്‍, പോയത് പിന്നെ എങ്ങോട്ടാ? നിങ്ങളുടെ തറവാട്ടിലേക്കോ? എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ടാട്ടാ മാഷെ, ദൈവത്തെ പറഞ്ഞപ്പോ പാര്‍വ്വതിയമ്മക്ക് മൂക്കത്തരിശം.

രാവിലെ പുറത്ത് പോയാല്‍ ഉച്ചക്ക് ഉണ്ണാനാ വരാറ്. ഉച്ചക്കുണ്ടൊന്ന് മയങ്ങി, മൂന്നു മൂന്നരക്ക് ചായയും കടിയും കഴിച്ച് പുറത്തിറങ്ങിയാ പിന്നെ രാത്രി ഊണിന്റെ നേരത്താ വരാറ്. കുറച്ച് ആഴ്ചകളായി അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരുന്നപ്പോള്‍ വിചാരിച്ചു ആക്സിഡന്റ് പറ്റിയത് കൊണ്ടാണെന്ന്. ഇതിപ്പോ കാലിലെ ഉളുക്ക് മാറിയിട്ടും, മുഖത്തെ നീരു വറ്റിയിട്ടും. കൈയ്യിലെ പ്ലാസ്റ്ററ് വെട്ടിയിട്ടും ചെക്കന്‍ എന്താ വീടിന്റുള്ളില്‍ അടയിരിക്കണേ മാഷെ?

അതങ്ങിനെയാ പാര്‍വ്വതീ. നീ കേട്ടിട്ടില്ല്യേ? കിട്ടേണ്ട സമയത്ത് കിട്ടേണ്ടത് കിട്ട്യാ തോന്നേണ്ട സമയത്ത് തോന്നേണ്ടത് തോന്നുംന്ന്?

എന്ത് കിട്ടണേന്റേം, തോന്നണേന്റേം കാര്യാ മാഷേ നിങ്ങളീ പറയണേ? എനിക്കൊന്നും മനസ്സിലാവിണില്ല്യാല്ലോ?

എന്റെ പാര്‍വ്വതീ, ഒരു കാര്യം തനിക്ക് മനസ്സിലായില്ല്യാന്ന് വച്ച് ഈ ലോകം അങ്ങട് അവസാനിക്ക്വന്നൂല്ല്യല്ലോ? ഒരു കാര്യം അങ്ങ്ട് താന്‍ അറിയാണ്ടാ പോട്ടേ, മാഷ് വിഷയം അവിടെ അവസാനിപ്പിച്ചു.

പിന്നീട് വന്ന ആഴ്ചയില്‍ വല്ലഭന് തിരുവനന്തപുരത്ത് നിന്നും ഒരു ഇന്റര്‍വ്യൂ ലെറ്റര്‍ വന്നു. ഇന്റര്‍വ്യൂവിന്റെ തലേന്ന് തന്നെ വല്ലഭന്‍ തിരുവനന്തപുരത്തേക്ക് പുറപെട്ടു. തിരുവനന്തപുരത്തെ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്ത്, തിരികെ വന്ന വല്ലഭന്‍ പടി തുറന്ന് കൊണ്ട് തന്നെ വിളിച്ചു പറഞ്ഞു, അമ്മേ അച്ഛാ ഞാന്‍ ഇന്റര്‍വ്യൂ പാസ്സായി, എനിക്ക് ജോലി കിട്ടി.

പാര്‍വ്വതിയമ്മയുടെ മുഖം വിടര്‍ന്നു കട്ടിലില്‍ നിന്നെഴുന്നേറ്റ്, കൈക്കൂപ്പി അവര്‍ പ്രാര്‍ത്ഥിച്ചു, ശ്രീ കണ്ഠേശ്വരാ നീയേ തുണ.

മോന് ജോലി കിട്ടിയെന്ന് വിളിച്ചു പറഞ്ഞിട്ടും കിടക്കുന്ന കിടപ്പില്‍ നിന്നെഴുന്നേല്‍ക്കാതെ നിസ്സംഗതനായി കിടക്കുന്ന അപ്പു മാഷിനെ നോക്കി പാര്‍വ്വതിയമ്മ ചോദിച്ചു, വല്ലഭന്‍ ഇന്റര്‍വ്യൂ പാസ്സായീന്നും, ജോലി കിട്ടീന്നും വിളിച്ച് പറഞ്ഞത് നിങ്ങള് കേട്ടില്ല്യേ?

കേട്ടു.

പിന്നെന്താ ഒന്നും മിണ്ടാതെ ഇങ്ങനെ കിടക്കണേ?

അല്ലാണ്ട് പിന്നെ ഞാന്‍ തിരുവാതിര കളിക്കണോ? അല്ലെങ്കില്‍ വേണ്ട, ആ കുന്തിയാ, ദമയന്തിയാ, മെഹന്തിയാ ആരാന്ന് വച്ചാ അയാളുടെ പാട്ട് വക്ക്, ഞാന്‍ ബാംഗ്ഡ കളിക്കാം.

ചെക്കന് ജീവിതത്തില്‍ ആദ്യായിട്ട് ഒരു ജോലികിട്ടി വന്നിരിക്കുമ്പോ ചെക്കനെ കളിയാക്കാണ്ട് ചെന്ന് അവനെ വിളിച്ചിരുത്തി വിശേഷങ്ങള്‍ ചോദിക്ക് മനുഷ്യാ.

കിട്ടേണ്ട സമയത്ത് കിട്ടേണ്ടത് കിട്ട്യാ തോന്നേണ്ട സമയത്ത് തോന്നേണ്ടത് തോന്നുംന്ന് കേട്ടിട്ടില്ലേന്ന് ഞാന്‍ ഇക്കഴിഞ്ഞ ദിവസമല്ലേ പാര്‍വ്വതീ പറഞ്ഞതെന്ന് ചോദിച്ച് അപ്പുമാഷ് കട്ടിലിലില്‍ നിന്നുമെഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു.

ഇന്റര്‍വ്യൂവിനെകുറിച്ചും, ഇന്റര്‍വ്യൂ എടുത്തിരുന്നവരുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി ഉത്തരം പറഞ്ഞതിനെകുറിച്ചും, ചെയ്യേണ്ട ജോലിയെകറിച്ചുമെല്ലാം, വല്ലഭന്‍ നിര്‍ലോഭം പറഞ്ഞുകൊണ്ടേയിരുന്നു. പാര്‍വ്വതിയമ്മയാണേല്‍ വിവരണങ്ങള്‍ക്കനുസരിച്ച് തലയാട്ടിയും, മിടുക്കന്‍, മിടുമിടുക്കന്‍ എന്നും പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അപ്പുമാഷാകട്ടെ, വെറ്റിലയിലെ ഞരമ്പ് നുള്ളുന്നതിലും, ചുണ്ണാമ്പ് തേക്കുന്നതിലും, തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു.

അപ്പോ നിനക്കെന്നാ ജോലിക്ക് ജോയിന്‍ ചെയ്യേണ്ടത്?

പത്തൊമ്പതാം തിയതി തിങ്കളാഴ്ചയാണച്ഛാ.

ഉം, അപ്പോ പ്രീതയുടെ കല്യാണത്തിന്റെ പിറ്റേന്ന്. അപ്പോ കല്യാണോം കഴിഞ്ഞ് സദ്യയും ഉണ്ടിട്ട് അങ്ങട് പോയാല്‍ മതി. രാത്രിയാവുമ്പോള്‍ അങ്ങെത്താം. ലോഡ്ജില്‍ തങ്ങി രാവിലെ ജോലിക്കും കയറാം. എന്താ?

അതച്ഛാ, കല്യാണം കഴിഞ്ഞ് പോവാംന്ന് വെച്ചാല്‍ നേരം ഒരുപാടിരുട്ടില്ലെ? രാവിലെ തന്നെ അങ്ങോട്ടിറങ്ങിയാല്‍ വൈകുന്നേരത്തിനു മുന്‍പ് എത്തിച്ചേരാം.

ഉവ്വ്, വൈകുന്നേരത്തിനു മുന്‍പ് എത്തി ചേരാം. പക്ഷെ അല്പം രാത്രിയായിട്ട് എത്തിചേര്‍ന്നൂന്ന് വച്ച് കുഴപ്പമൊന്നുമില്ല്യാല്ല്ലോ. പേടിക്കാനായിട്ട് താന്‍ പെണ്‍കുട്ടിയൊന്നുമല്ലല്ലോ. അയല്‍പ്പക്കത്തൊരു കല്യാണം ഉണ്ടായിട്ട്, നമ്മളെല്ലാരും പോയില്ലെങ്കില്‍ നാട്ടുകാര്‍ക്ക് പിന്നെ കുറച്ച് നാള്‍ പറഞ്ഞ് നടക്കാന്‍ അത് മതിയാവും. കല്യാണം കഴിഞ്ഞ് സദ്യോം ഉണ്ടിട്ട് താന്‍ പോയാല്‍ മതി തിരുവനന്തപുരത്തേക്ക്. എന്താ?

ഉവ്വ്, അങ്ങിനെ മതി.

ഉം. പിന്നെ കല്യാണവീടാണ്. പെണ്‍കുട്ടിക്കാണേല്‍ ആങ്ങളമാരൊന്നും ഇല്ല്യാനും. എല്ലാത്തിനും ഒരു സഹായത്തിനു താന്‍ ചെല്ലണം.

ശരിയച്ഛാ.

അച്ഛടക്കത്തോടെയുള്ള മകന്റെ ഉത്തരം കേട്ട് അപ്പു മാഷിന്റെ കണ്ണുകള്‍ ഒന്നു വിടര്‍ന്നതിനൊപ്പം തന്നെ ചുണ്ടത്തൊരു നറു പുഞ്ചിരിയും വിടര്‍ന്നു.

പ്രീതയുടെ കല്യാണം അടുത്തു വന്നു. പന്തലു കെട്ടാനും, അലങ്കരിക്കാനും, മേശയും, കസേരകളും നിരത്തിയിടാനും, കല്യാണ തലേന്ന് പച്ചക്കറികള്‍ അരിയാനും, തേങ്ങ ചിരവാനും അയല്‍പ്പക്കത്തെ മറ്റു യുവാക്കള്‍ക്കൊപ്പം, മുന്‍പന്തിയില്‍ തന്നെ വല്ലഭനും ഉണ്ടായിരുന്നു.

കെട്ടു കഴിഞ്ഞു, സദ്യക്കുള്ള ഇലയിട്ടു. ആദ്യത്തെയും, രണ്ടാമത്തേയും പന്തിയില്‍ ചെറുക്കന്റെ പക്ഷത്തു നിന്നുവന്നവരാണ് ഇരിക്കേണ്ടതെങ്കിലും, തിരുവനന്തപുരത്തേക്ക് പോകേണ്ടതിനാല്‍, ആദ്യ പന്തിയില്‍ തന്നെ ഇരുന്നു കളയാം എന്ന് കരുതി വല്ലഭന്‍ കൈ കഴുകി വരുമ്പോഴാണ് വല്ലഭാ ഇങ്ങോട്ട് വാ എന്നച്ഛന്‍ വിളിച്ചത്.

എന്താ അച്ഛാ?

അല്ല ചെക്കന്റേം, പെണ്ണിന്റേം കൂടെ നമ്മുടെം ഒരു കുടുംബഫോട്ടോ എടുക്കണമെന്ന്.

അപ്പുമാഷും, പാര്‍വ്വതിയമ്മയും, വല്ലഭനും കൂടി സ്റ്റേജില്‍ കയറിയപ്പോള്‍ പ്രീത കല്യാണ ചെറുക്കന് അവരെ പരിചയപെടുത്തി, ഇത് അപ്പുമാഷ്, അച്ഛന്റെ പ്രിയ സുഹൃത്തും, ഞങ്ങള്‍ക്ക് വളരെ വേണ്ടപെട്ടവരുമാണ്.

കൈകൂപ്പികൊണ്ട് വരന്‍ പറഞ്ഞു, അറിയാം! (പാര്‍വ്വതിയമ്മ സംശയദൃഷ്ടിയോടെ മാഷെ നോക്കുന്നു)

ഇത് പാര്‍വ്വതിയമ്മ.

അറിയാം, കേട്ടിട്ടുണ്ട് (പാര്‍വ്വതിയമ്മയൊന്ന് വീണ്ടും മാഷെ നോക്കുന്നു.)

ഇത് വല്ലഭന്‍. എന്റെ കുട്ടിക്കാലത്തെ സുഹൃത്തും കൂടിയാണ്. കല്യാണത്തിന് ഒരുക്കുകൂട്ടലുകള്‍ക്ക് മുന്നിലുണ്ടായിരുന്നു.

കേട്ടിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് ചെറുക്കന്‍ വല്ലഭന് കൈകൊടുത്തു. രണ്ട് പേരുടേം കണ്ണുകള്‍ ഇടഞ്ഞു. ചെറുക്കന്‍ ചെറുതായൊന്നു ചിരിച്ചു, വല്ലഭന്‍ ഒന്നു പരുങ്ങി, പിന്നെ ചിരിച്ചു (പാര്‍വ്വതിയമ്മ വീണ്ടും മാഷെ നോക്കുന്നു).

ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുത്തു കഴിഞ്ഞപ്പോഴേക്കും അടുത്ത പരിചയക്കാര്‍ സ്റ്റേജില്‍ കയറി, അപ്പുമാഷും, പാര്‍വ്വതിയമ്മയും വല്ലഭനും താഴെ പന്തലിലേക്കും ഇറങ്ങി.

ആദ്യ പന്തിക്ക് തന്നെ ഊണു കഴിഞ്ഞ് വല്ലഭന്‍ വീ‍ട്ടിലേക്കിറങ്ങിയപ്പോള്‍, വല്ലഭനെ യാത്രയയച്ച് വന്നിട്ടാകാം ഊണെന്ന് കരുതി അപ്പുമാഷും, പാര്‍വ്വതിയമ്മയും കൂടെയിറങ്ങി.

വസ്ത്രം മാറി ബാഗുമെടുത്ത് വല്ലഭന്‍ പുറത്തേക്കിറങ്ങുവോളം പാര്‍വ്വതിയമ്മ, മോനെ, പഴവങ്ങാടി ഗണപതിക്ക് തേങ്ങയുടച്ചിട്ട് വേണേ രാവിലെ ജോലിക്ക് പോവാന്‍, മുടക്ക് ദിവസങ്ങളില്‍ ശ്രീ പത്മനാഭനെ തൊഴണേ,കുളിച്ചാല്‍ തല തോര്‍ത്തണേ, ഇവിടുത്തെ പോലെ കൂട്ടുകാരെയുണ്ടാക്കി തെണ്ടി തിരിഞ്ഞ് നടക്കല്ലെ, തുടങ്ങി ഉപദേശങ്ങള്‍കൊണ്ടാറാട്ട് നടത്തിയപ്പോള്‍, വല്ലഭന് ഒരു മാസത്തേക്ക് പ്രയാസമില്ലാതെ കഴിയാനാവശ്യമായ പണം വല്ലഭന്റെ കയ്യില്‍ നല്‍കികൊണ്ട് അപ്പുമാഷ് പറഞ്ഞിതിത്രമാത്രം.

കഴിഞ്ഞതെല്ലാം കഴിഞ്ഞുവെങ്കിലും, അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട് ഇനിയെങ്കിലും ഉത്തരവാദിത്വത്തോടെ ജീവിക്കാന്‍ പഠിക്കൂ.

എന്താണച്ഛന്‍ ഉദ്ദേശിച്ചതെന്ന് മുഴുവനായി മനസ്സിലായില്ലെങ്കിലും എന്തെല്ലാമോ ചിലത് വല്ലഭന് മനസ്സിലാവാതിരുന്നില്ല. തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ ഇരുന്ന് യാത്രചെയ്യുമ്പോഴും, വല്ലഭന്റെ മനസ്സ് മുഴുവന്‍‍, ഫോട്ടോ എടുക്കാന്‍ സ്റ്റേജില്‍ കയറി, അച്ഛനെ പ്രീത പരിചയപെടുത്തിയപ്പോള്‍ വരന്‍ അറിയാമെന്ന് പറഞ്ഞതെങ്ങിനെയെന്നായിരുന്നു!

ക്യാമറ ഷോട്ട് ഒന്ന്

അങ്ങിനെ പ്രീതയുടെ കല്യാണം ഭംഗിയായി കഴിഞ്ഞൂല്ലെ മാഷെ? കല്യാണ വീട്ടില്‍ നിന്നും പകര്‍ത്തിയയച്ച സദ്യവട്ടങ്ങള്‍ കൂട്ടി സുഭിക്ഷമായ അത്താഴം കഴിഞ്ഞ് വിസ്തരിച്ചൊന്ന് മുറുക്കാനുള്ള തയ്യാറെടുപ്പോടെ ഉമ്മറത്ത് വന്നിരിക്കുന്ന അപ്പുമാഷക്ക്, വെറ്റിലയുടെ ഞരമ്പ് ചുരണ്ടിമാറ്റി, വാസനചുണ്ണാമ്പ് തേച്ച്, കല്യാണവീട്ടില്‍ നിന്നും കൊണ്ട് വന്ന അശോകയുടെ സുപ്പാരിയിട്ട് മടക്കിയ മുറുക്കാന്‍ കൈമാറികൊണ്ട് പാര്‍വ്വതിയമ്മ ചോദിച്ചു.

അതെ.

നമ്മുടെ ചെക്കനും ഒരു ജോലി ആയി.

അതെ.

അല്ല മാഷെ ഒരു സംശയം. ഫോട്ടോ എടുത്ത് നമ്മളെ പ്രീതമോള് പരിചയപെടുത്തുമ്പോള്‍, കല്യാണ ചെക്കന് നിങ്ങളെ അറിയാമെന്നും, എന്നെ കുറിച്ചും വല്ലഭനെ കുറിച്ചും അറിയാമെന്നും പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിരുന്നു! എങ്ങിനെയാ മാഷെ ആ കുട്ടി നിങ്ങളെ അറിയുന്നത്?

ഒരൊന്നൊന്നര കൊല്ലം മുന്‍പ്, തുണിയലക്കുമ്പോള്‍, വല്ലഭന്റെ പോക്കറ്റില്‍ നിന്നും പ്രീതയുടെ കല്യാണം മുടക്കാനായി ആരോ ആര്‍ക്കോ എഴുതിയ ഒരു കത്ത് തനിക്ക് കിട്ടിയതോര്‍മ്മയുണ്ടോ തനിക്ക്?

ഉവ്വ്. അതും ഇതുമായി എന്താ ബന്ധം മാഷെ?

ആ കത്തെഴുതിയത് വല്ലഭനാണെന്ന് എനിക്കുറപ്പായി.

ദേ എന്റെ ചെക്കനെ കുറിച്ച് വേണ്ടാതീനം പറയല്ലെ മാഷെ.

താന്‍ തോക്കിന്റെ ഇടയില്‍ കയറി വെടിവക്കാതെ പാര്‍വ്വതി, ഞാന്‍ പറയുന്നത് മുഴുവനും കേള്‍ക്ക്. വായിലുള്ള മുറുക്കാന്‍ കോളാമ്പിയിലേക്ക് തുപ്പിയതിനു ശേഷം അപ്പുനായര്‍ തുടര്‍ന്നു.

അവന് പ്രീതയെ ഇഷ്ടമായിരുന്നിരിക്കാം. പക്ഷെ ഉത്തരവാദിത്വമില്ലാതെ, ജോലിയൊന്നും ചെയ്യാതെ നടക്കുന്നൊരുവന് ആരെങ്കിലും പെണ്ണിനെ കൊടുക്കുമോ?

അവന്‍ എത്ര ഇന്റര്‍വ്യൂവിനു പോയി? ജോലി കിട്ടാഞ്ഞത് അവന്റെ കുഴപ്പമാണോ?

അവന്‍ ഇന്റര്‍വ്യൂവിനൊന്നും പോയിരുന്നില്ല എന്നതാണ് വാസ്തവം.

എന്റെ മാഷെ നിങ്ങള്‍ക്കെന്താ വട്ടായോ?

അടങ്ങ് പാര്‍വ്വതി, ഞാന്‍ മുഴുവന്‍ പറയട്ടെ.

പ്രീതക്കെപ്പോള്‍ കല്യാണ ആലോചന വന്നാലും അതിന്റെ അടുത്ത ദിവസമോ, അല്ലെങ്കില്‍ രണ്ട് മൂന്നു ദിവസത്തിനുള്ളിലോ വല്ലഭന് ഒരു ഇന്റര്‍വ്യൂവും ഉണ്ടാകാറുണ്ടായിരുന്നു എന്ന കാര്യം അപ്രതീക്ഷിതമായാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. തന്നെയുമല്ല, പ്രീതക്ക് വരുന്ന ആലോചനകളെല്ലാം തന്നെ പ്രത്യേകിച്ചൊരു കാരണവും കൂടാതെ മുടങ്ങുകയും ചെയ്യുന്നു.

പിന്നീട് പലപ്പോഴായി അവന്റെ കൂട്ടുകാരോട് സംസാരിച്ചപ്പോഴൊക്കെയായി അവര്‍ അറിയാതെ തന്നെ വല്ലഭനാണ് കല്യാണം മുടക്കുന്നതെന്ന് എനിക്കുറപ്പായി.

അത് കേട്ടതും പാര്‍വ്വതിയമ്മ പൊട്ടിതെറിച്ചു.

ഇങ്ങനെ ഒരു പടുവിത്താണല്ലോ ശ്രീകണ്ഠേശ്വരത്തപ്പാ എന്റെ വയറ്റില്‍ ജനിച്ചത്. എന്തായാലും ആ കുട്ടീടെ കല്യാണം കഴിഞ്ഞത് നന്നായി. അല്ലെങ്കില്‍ അവന് ഞാന്‍ ചോറില്‍ വല്ല വിഷോം കൊടുത്ത് കൊന്നേനെ. കുരുത്തം കെട്ടവന്‍!

നീ ചൂടാവാതെ പാര്‍വ്വതി. ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്ക്.

അങ്ങനെ ഇരിക്കുമ്പോഴാണ് തൃശൂര് വച്ചൊരു കല്യാണത്തിന് ഞാന്‍ ട്രെയിനിങ്ങ് കാലത്തൊരുമിച്ചുണ്ടായിരുന്ന സഹദേവനെ കാണുന്നത്. അക്കാര്യം ഞാന്‍ തന്നോട് പറയുകയുണ്ടായീല്ലോ?

ഉവ്വ് ഓര്‍ക്കണ്ണ്ട്. പാലക്കാട് സെറ്റില്‍ ചെയ്തൂന്ന് പറഞ്ഞ സഹദേവന്‍ മാഷ് ല്ലെ?

അതെ, അയാളുടെ മൂത്ത ചെക്കന് പെണ്ണു നോക്കുണൂ പറ്റിയ വല്ല കുട്ടികളും ഉണ്ടെങ്കില്‍ പറയണം എന്നെന്നോട് അന്ന് പറഞ്ഞിരുന്നു. അയാളോട് ഞാനാ പ്രീതയുടെ കാര്യം പറഞ്ഞത്, പ്രീതയുടെ കാര്യം മാത്രമല്ല, നമ്മുടേ സത്പുത്രന്റെ കയ്യിലിരുപ്പും സഹദേവനോട് ഞാന്‍ തുറന്ന് പറഞ്ഞു.

അങ്ങിനെയാ ജാതകം നോക്കിയതും, പൊരുത്തം ചേര്‍ന്നതും, പെണ്ണുകാണാന്‍ വന്നതും കണ്ടിഷ്ടപെട്ടതും മറ്റും.

അപ്പോ എന്താ മാഷെ, അവര്‍ പെണ്ണുകാണാന്‍ ഇത്രടം വന്നിട്ട് ഇവിടെ വരാതിരുന്നത്? ഒരു തമാശകഥകേള്‍ക്കുന്നത് പോലെ മാഷുടെ വര്‍ണ്ണന കേട്ട് രസിച്ച പാര്‍വ്വതിയമ്മ ചോദിച്ചു.

ഞാന്‍ മുഖാന്തിരമാ ഈ കല്യാണോലോചന വന്നതെന്ന് തല്‍ക്കാലം ആരും അറിയണ്ടാന്ന് ഞാന്‍ സഹദേവനോട് പറഞ്ഞിരുന്നു. അതാ അവര്‍ ഇവിടെ വന്നപ്പോള്‍ ഇങ്ങോട്ട് കയറാതിരുന്നത്.

അതെയോ.. നന്നായി. എന്നിട്ടെന്താ സംഭവിച്ചേ?

നിനക്കോര്‍മ്മയുണ്ടോ, രണ്ട് മൂന്നാഴ്ച മുന്‍പും വല്ലഭനൊരു ഇന്റര്‍വ്യൂവിനു പോയിരുന്നു.

ഉവ്വ് എറണാകുളത്തേക്ക്. അത് കഴിഞ്ഞ് വരുന്ന വഴിക്കല്ലെ ബൈക്കീന്ന് വീണ് അവന്റെ കയ്യൊടിഞ്ഞതും, കാലുളുക്കീതും, മുഖത്ത് നീരു വന്നതും.

അതെ, അതു തന്നെ. പ്രീതയെ ഇവര്‍ പെണ്ണുകാണാന്‍ വന്നതിന്റെ രണ്ടാം ദിവസമായിരുന്നു അവന് ഇന്റര്‍വ്യൂ. നമ്മളോട് പറഞ്ഞത് എറണാകുളത്തേക്കാണെന്നാ, പക്ഷെ അവന്‍ പോയത് പാലക്കാട്ടേക്ക്.

എന്തിനാ മാഷെ?

കല്യാണം മുടക്കാന്‍ സഹദേവന്റെ വീട്ടിലേക്ക്!

എങ്ങിനെയാ മാഷെ ഇവന്‍ ഈ വരുന്നവരുടെ ഒക്കെ വിലാസോം വീടും ഒക്കെ തപ്പിപിടിക്കുന്നത്?

മിക്കവാറും വിലാസങ്ങള്‍ കണ്ടു പിടിച്ചിട്ടുള്ളത്, പെണ്ണുകാണാന്‍ വരുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് തപ്പിയെടുത്ത്, അത് ഏത് സ്ഥലത്തെയാണെന്ന് മനസ്സിലാക്കി നമ്മളോട് ഇന്റര്‍വ്യൂവിനാണെന്ന് പറഞ്ഞ് കാശും വാങ്ങി അവിടെ ചെന്ന് വണ്ടിക്കാരെ കണ്ട് വീട് മനസ്സിലാക്കി, നേരിട്ട് ചെന്നോ, ഊമകത്ത് മുഖേനയോ ഒക്കെയാണ്.

കൊള്ളാലോ സത്പുത്രന്‍.ഒന്നേ ഉള്ളുവെങ്കില്‍ ഒലക്കോണ്ടടിച്ച് വളര്‍ത്തണമെന്ന കാര്‍ന്നോന്മാരുടെ ചൊല്ല് കേള്‍ക്കാതെ ഒന്നല്ലേയുള്ളൂന്ന് കരുതി ലാളിച്ച് വളര്‍ത്തിയതിന്റെ ദോഷമാ. ജോലി കിട്ടി പോയത് നന്നായി. ഇല്ലെങ്കില്‍ ഇന്ന് തന്നെ അവനെ ഞാന്‍ അടിച്ചിറക്കിയേനെ വീട്ടില്‍ നിന്ന്, പാര്‍വ്വതിയമ്മ പിറുപിറുത്തു.

എന്നിട്ടെന്തായി മാഷെ.

പ്രീതയെ പെണ്ണുകാണാന്‍ സഹദേവനും, ഹേമയും, ചെറുക്കനായ മനോജും, താഴെയുള്ള ചെറുക്കനും കൂടി ഇവിടെ വന്ന് പോയതിന്റെ അന്ന് വൈകീട്ട് വല്ലഭന്‍ നമ്മളോട് മറ്റന്നാല്‍ എറണാകുളത്ത് ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞില്ലെ?

ഉവ്വു. അതിന്റെ പിറ്റേന്ന് നിങ്ങള്‍ എന്തോ പെന്‍ഷന്റെ കാര്യം ഉണ്ടെന്ന് പറഞ്ഞ് തൃശൂര്‍ക്ക് പോയിട്ട് വന്നത് വൈകീട്ടല്ലെ.

അതെ, അത് തന്നെ. പക്ഷെ ഞാന്‍ പോയത് തൃശൂര്‍ക്കല്ല. പാലക്കാട്ടേക്കാ. സഹദേവന്റെ വീട്ടിലേക്ക്.

അവിടെ ചെന്ന് ഞാന്‍ സഹദേവനോടും, വരനായ മനോജിനോടും കാര്യങ്ങളൊക്കെ പറഞ്ഞു. പിറ്റേന്ന് വല്ലഭന്‍ എന്തെങ്കിലും മുട്ടുമുടന്തന്‍ കാര്യങ്ങള്‍ പറഞ്ഞ് കല്യാണം മുടക്കാന്‍ വരുമെന്നും, വന്നാല്‍ ഒന്നു പെരുമാറി വിടാന്‍ മനോജിന്റെ വല്ല സുഹൃത്തുക്കളേയും ഏല്‍പ്പിക്കണമെന്നും പറഞ്ഞു. കാറിന്റെ നമ്പര്‍ പ്ലെയിറ്റ് വച്ച് തപ്പി വരാനാണ് സാധ്യത എന്ന് പറഞ്ഞപ്പോള്‍, വന്ന കാറ് മനോജിന്റെ സുഹൃത്തിന്റേയാണെന്നും, വണ്ടി പേട്ടയില്‍ തന്നെ വച്ച് കൈകാര്യം ചെയ്തയക്കാമെന്നും മനോജ് ഏറ്റു.

അത് നന്നായി മാഷെ. എന്നിട്ടെന്തുണ്ടായി. സംഭവിച്ചത് സ്വന്തം മകനായിട്ട് പോലും പാര്‍വ്വതിയമ്മക്ക് ആകാംക്ഷ അടക്കാനായില്ല.

എന്നിട്ടെന്താ ഞാന്‍ ഇങ്ങോട്ട് പോന്നു. പിറ്റേ ദിവസം നമ്മുടെ സീമന്ത പുത്രന്‍ എറണാകുളത്തിന്റര്‍വ്യൂവിനെന്നും പറഞ്ഞ് എന്റെ കയ്യീന്ന് പെന്‍ഷന്‍ കാശും വാങ്ങി ഇറങ്ങി. വൈകീട്ടായപ്പോള്‍ ഇന്റര്‍വ്യൂവും കഴിഞ്ഞ് ബൈക്ക് ആക്സിഡന്റുമായി ഞൊണ്ടി കയറി വന്നു അത്ര തന്നെ.

അത് ശരി. അപ്പോ അവന്‍ പാലക്കാട്ടേക്ക് പോയില്ലെ?

എടി മണ്ടീ. അവന്‍ ഇന്റര്‍വ്യൂവിനല്ല പോയത്. പാലക്കാട്ടേക്കാ. പാലക്കാട്ട് പേട്ടയില്‍ ചെന്ന് ഇവിടെ വന്ന വണ്ടിക്കാരനെ, അതായത് മനോജിന്റെ കൂട്ട് കാരനെ കണ്ട്, കാപ്പി കാശും കൊടുത്ത്, അവരുടെ അഡ്രസ്സ് വാങ്ങി നേരെ വീട്ടിലേക്ക് ചെന്നു. അവിടെ ചെന്ന് ഇവളെ കുറിച്ച് ഉള്ളതും, ഇല്ല്യാത്തതും എല്ലാം വിവരിച്ചു. സഹദേവനും മനോജുമാണെങ്കില്‍ എല്ലാം വിശ്വസിച്ചത് പോലെ അവനോട് പെരുമാറി, ചായയും കൊടുത്ത് പറഞ്ഞയച്ചു.

തിരിച്ച് വരണവഴിക്ക് മനോജ് ഏല്‍പ്പിച്ചിരുന്നത് പ്രകാരം അവന്റെ കൂട്ടുകാരനും മറ്റ് ടാക്സിക്കാരും ചേര്‍ന്ന് നമ്മുടെ സല്പുത്രനെ നല്ലത് പോലെ ഒന്നുഴിഞ്ഞ് വിട്ടു. അങ്ങിനെയാ അവന്റെ കയ്യൊടിഞ്ഞതും, കാലുളുക്കിയതും, മുഖത്ത് നീരു വന്നതും.

അതേതായാലും നന്നായി. ചെക്കന്‍ അതോടെ മര്യാദരാമനായല്ലോ. ചെക്കന് ഇത്ര പെട്ടെന്നെങ്ങിനെയാ ജോലി ശരിയായത് മാഷെ? എന്തോരം ആലോചിച്ചിട്ടും എനിക്കൊരു പിട്യേം കിട്ട്ണില്ല്യല്ലോ?

അതോ? എന്റെ ചെക്കനെ ഞാന്‍ എന്താ ചെയ്യാ സഹദേവാ, വീട്ടീന്നിറക്കിവിട്ടാലോന്ന് പറഞ്ഞപ്പോള്‍ സഹദേവന്‍ പറഞ്ഞത്, വെറുതെ ഇരിക്കുന്ന മനസ്സ് ചെകുത്താന്റേ പണിശാലയാവുമെടോ അപ്പൂ, പിന്നെ പ്രായത്തിന്റേതായ അല്പം കുസൃതിത്തരവും ഉണ്ടെന്ന് കൂട്ടിയാല്‍ മതി തന്റെ ചെക്കന്. അതൊന്നു മാറി ഉത്തരവാദിത്വബോധം വരണമെങ്കില്‍ എന്തെങ്കിലും ഒരു ജോലി ശരിയാവണം.

അതിനെന്തെങ്കിലും ശരിയാവേണ്ടേ സഹദേവാന്ന് ചോദിച്ചപ്പോള്‍ അതൊക്കെ ഞാന്‍ ശരിയാക്കാം എന്ന് പറഞ്ഞ് അയാള്‍ തന്നെ മുന്‍ കൈ എടുത്താണ് അടുത്ത ഒരു ബന്ധുവിന്റെ തിരുവനന്തപുരത്തുള്ള ട്രാവല്‍ ഏജന്‍സിയില്‍ വല്ലഭനെ ഇന്റര്‍വ്യൂവിനു വിളിപ്പിച്ചതും, ജോലി ശരിയാക്കിയതും!

എന്തൊക്കെയായാലും എല്ലാം മംഗളമായി തീര്‍ന്നുവല്ലോ, എന്റെ കണ്ഠേശ്വരത്തപ്പാ നീയെ തുണ. ഇനിയെങ്കിലും എന്റെ ചെറുക്കന് നല്ല ബുദ്ധി തോന്നിപ്പിക്കണേന്ന് പറഞ്ഞ് പാര്‍വ്വതിയമ്മ കൈകൂപ്പി തൊഴുതു.

ക്യാമറ ഷോട്ട് രണ്ട്

മുല്ലമൊട്ടുകള്‍ വിതറി കിടക്കുന്ന മണിയറമഞ്ചത്തില്‍ നമ്രശിരസ്കയായിരുന്നുകൊണ്ട് പ്രീത മൊഴിയുന്നു.

എന്നാലും മനോജേട്ടാ, ഇതാണ് പറയുന്നത്, ചേരേണ്ടത് എന്നായാലും ചേരും എന്ന് അല്ലെ? അല്ലെങ്കില്‍ എത്ര കല്യാണം എന്റെ മുടങ്ങിയതാ? ഇത് മാത്രം മുടങ്ങാണ്ടിരുന്നത് എനിക്ക് മനോജേട്ടനെ തന്നെ കിട്ടണം എന്ന ദൈവനിശ്ചയമൊന്നുകൊണ്ട് മാത്രമാ.

ഹ ഹ ഹ ഹ, മണ്ടി പെണ്ണേ (പ്രേം നസീര്‍ സ്റ്റൈലില്‍), ദൈവനിശ്ചയമല്ല, അപ്പുമാഷ്ടെ നിശ്ചയമൊന്നുകൊണ്ട് മാത്രം എന്ന് പറ!

Friday, February 20, 2009

വല്ലഭ ചരിതം - ഭാഗം - 1

ഭാഗം - 1

തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും ഗെയ്റ്റ് തുറക്കുന്നത് കണ്ടപ്പോഴേക്കും, വല്ലഭന്‍ പ്രയാസപെട്ടെഴുന്നേറ്റ്, ഒടിഞ്ഞ് പ്ലാസ്റ്ററിട്ട ഇടത് കൈ നെഞ്ചോട് ചേര്‍ത്ത് വച്ച് മുറ്റത്തേക്കിറങ്ങി മുടന്തി മുടന്തി ചെന്ന് അവരെ വീട്ടിലേക്കാനയിച്ചു.

എന്താ മോനെ ഇതെന്ത് പറ്റി. നടപ്പില്‍ മുടന്ത്, കയ്യൊടിഞ്ഞിരിക്കുന്നു, മുഖത്താകെ നീര്?

കഴിഞ്ഞ ആഴ്ചയില്‍ ഒരു ബൈക്ക് ആക്സിഡന്റായി തങ്കപ്പേട്ടാ എന്ന പറഞ്ഞതിനൊപ്പം തന്നെ ചങ്ക് പൊട്ടുമാറുച്ചത്തില്‍ വിളിച്ചു പറഞ്ഞു, അമ്മേ, അച്ഛാ, ഇതാരാ വന്നിരിക്കുന്നതെന്ന് നോക്ക്യേ.

അവസാനം അങ്ങിനെ പ്രീതയുടെ കല്യാണം തീരുമാനമായി അല്ലെ? പടിക്കല്‍ നിന്നും വീടുവരെയുള്ള നൂറു മീറ്റര്‍ ചരല്‍ നിറഞ്ഞ വഴിയിലൂടെ നടക്കുന്നതിനൊടുക്കം വല്ലഭന്‍ തങ്കപ്പന്‍ നായരോടും, ശ്രീദേവിയമ്മയോടുമായി ചോദിച്ചു.

ജാതകം ചേര്‍ന്നതും, പെണ്ണിനെ വന്ന് കണ്ടതും, ഇഷ്ടായി എന്ന് ഫോണിലൂടെ അറിയിച്ചതും, കല്യാണ നിശ്ചയത്തിന്റെ ദിവസവും മുഹൂര്‍ത്തവും പുറം നാട്ടുകാരനായ കണിയാരെകൊണ്ട് കുറിപ്പിച്ചതും, തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും, കല്യാണപെണ്ണായ പ്രീതയുമല്ലാതെ പുറത്ത് നിന്നുള്ള ഒരാളുപോലും അറിഞ്ഞിട്ടില്ല. എന്നിട്ടും എങ്ങിനെ വല്ലഭനിതറിഞ്ഞു എന്നുള്ള അതുഭതത്താല്‍ ശ്രീദേവിയമ്മ ചോദിച്ചു, മോനിതെങ്ങിനെയറിഞ്ഞു?

എന്റെ ശ്രീദേവ്യമ്മേ, ഇന്നും ഇന്നലെയുമല്ലല്ലോ ഞാന്‍ നിങ്ങളെ കാണുന്നത്? മൂന്നാലു വര്‍ഷമായിട്ട് ആ മുഖം ഞാന്‍ തെളിഞ്ഞ് കണ്ടിട്ടില്ല. ഇന്നിപ്പോ ഉദിച്ചു നില്‍ക്കുന്ന സൂര്യനേക്കാള്‍ തെളിച്ചത്തില്‍ ശ്രീദേവ്യമ്മയുടെ മുഖം തെളിഞ്ഞ് കണ്ട്ടപ്പോള്‍ തന്നെ എനിക്കൂഹിക്കാന്‍ കഴിഞ്ഞൂടെ പ്രീതയുടെ കല്യാണം ശരിയായിട്ടുണ്ടാവുമെന്ന്.

നീ അല്ലെങ്കിലും മിടുക്കനാടാ, മിടു മിടുക്കന്‍. തങ്കപ്പന്‍ നായര്‍ ചെരുപ്പഴിച്ച് ഇറയത്തേക്ക് കയറുന്നതിന്നിടയില്‍ വല്ലഭനോടായി പറഞ്ഞു.

ആരാ തങ്കപ്പാ മിടുക്കന്‍? അകത്തളത്തില്‍ നിന്നും ഇറയത്തേക്കിറങ്ങിയ അപ്പുമാഷ്, അഥവാ വല്ലഭന്റെ അച്ഛന്‍ ചോദിച്ചു.

തന്റെ മോന്‍ അല്ലാതാരാ അപ്പൂ. അവനാള് അഗ്രഗണ്യനല്ലെ? മുഖലക്ഷണം നോക്കി കാര്യം ഗണിക്കാന്‍ തന്റെ മോന് നല്ലോണം വശമുണ്ട്. നല്ല സമര്‍ത്ഥനും.

ഉവ്വുവ്വ്. സാമര്‍ത്ഥ്യം അധികമായതുകൊണ്ടാണല്ലോ ഡിഗ്രി കഴിഞ്ഞിട്ട് നാലഞ്ചു വര്‍ഷമായിട്ടും കൂട്ടുകാരുമൊത്ത് തേരാ പാരാ നടക്കുന്നു എന്നല്ലാതെ ഒരു ജോലിയും കിട്ടാത്തത്. ഇക്കണക്കിനു പോയാല്‍ അമ്പലപറമ്പില്‍ മുഖലക്ഷണം പറയുന്ന കാക്കാലത്തിമാര്‍ക്കൊപ്പം ഇരിക്കേണ്ടി വരും.

അച്ഛന്റെ വായില്‍ നിന്നു വീഴുന്ന പൊന്മുത്തുകള്‍ അധികം പെറുക്കേണ്ട എന്നു കരുതിയതിനാലാവാം, നിങ്ങള്‍ ഇരുന്ന് സംസാരിക്കൂ, ഞാന്‍ ഒന്നു പുറത്ത് പോയിട്ട് വരാം എന്ന് പറഞ്ഞ് വല്ലഭന്‍ മുടന്തി മുടന്തി സ്ഥലം കാലിയാക്കി.

ഇരിക്കൂ തങ്കപ്പേട്ടാ, ഇരിക്കൂ ദേവ്യേ, പാര്‍വ്വതിയമ്മ കസേരകള്‍ നീക്കിയിട്ട് പറഞ്ഞു.

കസേരയിലേക്കമര്‍ന്നു കൊണ്ട് തന്നെ തങ്കപ്പന്‍ നായര്‍ പറഞ്ഞു ഇരിക്കാനൊന്നും സമയമില്ലെന്നെ. ഒപ്പം ശ്രീദേവിയമ്മയും കസേരയിലേക്കമര്‍ന്നു.

എന്താ പതിവില്ലാതെ ഈ സമയത്ത് രണ്ട് പേരും കൂടി തങ്കപ്പാ?

നാല് കൊല്ലത്തെ കണ്ടക ശനി അങ്ങിനെ മാറി എന്റെ അപ്പൂ. പ്രീതക്കൊരു കല്യാണം ശരിയായി. വരുന്ന പതിനെട്ടാം തിയതി ഞായറാഴ്ച കല്യാണം. തൊട്ട വീട്, അതും എത്രയോ വര്‍ഷമായുള്ള അയല്പക്കം. ബന്ധുവിനേക്കാള്‍ സ്വന്തം അയല്‍പ്പക്കമാണെന്ന് വിശ്വസിക്കുന്നവനാ ഞാന്‍, അതിനാല്‍ തന്നെ ക്ഷണം ഇവിടെ തുടങ്ങാമെന്ന് കരുതി.

അപ്പോ നിശ്ചയമോ?

നിശ്ചയമൊന്നും അങ്ങിനെ വേണ്ടാന്ന് ചെറുക്കന് ഒരേ വാശി. പെണ്ണു കാണാന്‍ വന്നു, പോയി, തിര്‍ച്ച് ചെന്നിട്ട് ഇഷ്ടായി എന്ന് ഫോണ്‍ ചെയ്തറിയിച്ചു. നിശ്ചയമെന്നേക്കാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു അടുത്ത ആഴ്ച അറിയിക്കാമെന്ന്. ഞങ്ങള്‍ കരുതി പതിവുപോലെ അതും ചീറ്റീന്ന്.

പക്ഷെ, പിറ്റേ ആഴ്ച ചെറുക്കന്‍ നേരിട്ട് വിളിച്ചു. ഞാനാ ഫോണ്‍ എടുത്തേ, ആരാന്ന് ചോദിച്ചപ്പോള്‍ പറയാ മരുമോനാന്ന്.. ഹ ഹ ഹ..ഹ.

ഇപ്പോഴത്തെ കുട്ടികളല്ലെ, അവര്‍ പറയുന്നതിലും കാര്യമുണ്ട്. അപ്പുമാഷ്, റിട്ടയറായെങ്കില്‍ കൂടി വീണ്ടുമൊന്ന് മാഷായി.

കുടിക്കാന്‍ ചായയോ, സംഭാരമോ എടുക്കട്ടേ?

ഒന്നും വേണ്ട പാര്‍വ്വതീ. ദേ വീട്ടീന്ന് ഇപ്പോ ഇറങ്ങിയതേയുള്ളൂ. എത്ര പേരെ വിളിക്കാന്‍ കിടക്കുന്നു. നിങ്ങള്‍ക്ക് അറിഞ്ഞൂടെ കാര്യങ്ങള്‍? മൂന്ന് വര്‍ഷമായി വന്ന കല്യാണാലോചനകളൊക്കെ മുടങ്ങിപോകുകയായിരുന്നില്ലേ? കണ്ടകശനിയുടെ അപഹാരം! ഇപ്പോ ഒക്കെ ഒന്നു തെളിഞ്ഞു. ഇത്തിരി വൈകിയാലും എന്റെ കുട്ടീടെ കല്യാണം ഒറച്ചൂല്ലോ, ആ ഒരു സന്തോഷാ ഇപ്പോള്‍ ഞങ്ങള്‍ക്ക്.

കല്യാണത്തിനു നാടടച്ച് വിളിക്കണം. ആണായും, പെണ്ണായും ആകെ ഒന്നേയുള്ളൂ. ദേ, ഈ ഉറച്ചത് നല്ല അസ്സല്‍ തറവാടികളാ. എന്റെ മോള്‍ക്ക് എന്ത് കൊണ്ടും ചേരുന്നവന്‍. സൌന്ദര്യമുണ്ട്, പഠിപ്പുമുണ്ട്, നല്ല ജോലിയുമുണ്ട്, പണവുമുണ്ട്, തറവാടാണെങ്കിലോ...........

ദേവ്യേ.........

തങ്കപ്പന്‍ നായരുടെ വിളിയുടെ ശബ്ദവും, നീളവും, ഗഹനവും അളന്ന ശ്രീദേവിയമ്മ വാചകം പകുതിക്ക് വെച്ച് നിറുത്തി ശബ്ദം മ്യൂട്ട് ചെയ്തു.

ക്ഷണക്കത്ത് പാര്‍വ്വതിയമ്മക്ക് കൈമാറികൊണ്ട് ചടങ്ങായിട്ട് തന്നെ തങ്കപ്പന്‍ നായരും, ശ്രീദേവിയമ്മയും ഒരുമിച്ച് പറഞ്ഞു അപ്പോ ഈ വരുന്ന പതിനെട്ടാം തിയതി ഞായറാഴ്ച ഞങ്ങളുടേ ഒരേ ഒരു മകള്‍ പ്രീതയുടെ കല്യാണം, എല്ലാരും വരണം മാത്രമല്ല, എല്ലാ കാര്യത്തിനും സഹായവും വേണം.

ക്ഷണിച്ചതിനുശേഷം ഒരു കമേഴ്സ്യല്‍ ബ്രേക്കിലെന്ന പോലെ മുണ്ടിന്റെ കോന്തല കൊണ്ട് ശ്രീദേവിയമ്മ കണ്ണുനീരിറ്റു വീഴാന്‍ തുടങ്ങിയ കണ്ണുകള്‍ തുടച്ച് വെടുപ്പാക്കി. പിന്നെ വിഷാദമായ ഭാവത്തോടെ പാര്‍വ്വതിയമ്മയെ നോക്കി.

ശ്രീദേവിയമ്മയുടെ നോട്ടം താങ്ങുവാനുള്ള ശേഷിയില്ലായെന്ന പോലെ തല അല്പം വെട്ടിച്ചിട്ട് പാര്‍വ്വതിയമ്മ ശ്രീദേവിയമ്മയുടെ കരം ഗ്രഹിച്ചു. നന്നായിട്ടു വരും ദേവ്യേ, എല്ലാം കണ്ഠേശ്വരത്തപ്പന്‍ നടത്തി തരും. ഒന്നുമില്ലെങ്കിലും പ്രീത മോള് എത്ര എള്ള് തിരി കത്തിച്ചതാ കണ്ഠേശ്വരത്തപ്പന്. നടത്തിതരാതിരിക്കുമൊ? ശ്രീദേവിയമ്മയുടെ കരത്തിലുള്ള പിടിവിട്ട് പൂര്‍ണ്ണ സ്വതന്ത്ര്യയാക്കിയതിനുശേഷം പാര്‍വ്വതിയമ്മ കൈക്കൂപ്പി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു, ശ്രീ കണ്ഠേശ്വരത്തപ്പാ കാത്തോളണേ!