Friday, December 05, 2008

കോന്നിലം പാടത്തെ പ്രേതം - ഒമ്പത്

ഉത്തമാ, കാര്യമായി എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍, വെറുതെ പൊട്ടിചിരിക്കുന്നത്, അതും ഈ പാതിരാത്രിയില്‍, എന്തിന്റെ ലക്ഷണമാണെന്നറിയാമോ?

ഭ്രാന്തിന്റെയാകണം എന്നുള്ള ഉത്തരമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതറിയാം ഗഡീ. പക്ഷെ ഒന്നോര്‍ത്താല്‍ കൊള്ളാട്ടാ. രാവിലെ മുതല്‍ മലമുകളിലേക്ക് ഭാരമേറിയ കല്ല് ഉരുട്ടികയറ്റിയതിനുശേഷം താഴേക്ക് കല്ല് ഉരുട്ടിയിട്ട് പൊട്ടിച്ചിരിച്ച നാറാണത്ത് ഭ്രാന്തനും, നാട്ടാര് ചാര്‍ത്തികൊടുത്ത പേര് ഭ്രാന്തന്‍ എന്ന് തന്ന്യാന്നറിയാല്ലോല്ലെ എന്ന് ചോദിച്ച് അവന്‍ വീണ്ടും പണ്ടാരമടങ്ങിയ ചിരി ചിരിച്ചു.

ഉത്തമന്‍ കഞ്ചാവടിച്ചിട്ടുണ്ടോ എന്നുള്ള ഞങ്ങളുടെ സംശയത്തെ ബലപെടുത്താനേ അവന്റെ ചിരിക്ക് കഴിഞ്ഞൂള്ളൂ എന്ന് പറയാതെ വയ്യ, എന്നാലും ചോദിച്ച് കളയാം എന്ന രീതിയില്‍ ഞങ്ങള്‍ ചോദ്യങ്ങള്‍ തുടര്‍ന്നു.

ഉത്തമാ, തത്വചിന്തപറയാനുള്ള സമയമല്ലല്ലോ ഇത്?

അതിനു നിങ്ങള്‍ കാര്യമായി എന്താ ചോദിച്ചത്?

ഉത്തമാ, താന്‍ ഇവിടെയാണ് കിടക്കുന്നത് സമ്മതിച്ചു. അപ്പോള്‍ തന്റെ വസ്ത്രങ്ങള്‍, മറ്റുപയോഗ സാധനങ്ങള്‍ ഒക്കെ എവിടെ വച്ചിരിക്കുന്നു?

ഓഹോ! അതോ?

ഉത്തമനു വസ്ത്രം ഉടുത്തിരിക്കുന്നത് മാത്രം! പകല്‍ മുഴുവന്‍ ഇതിടും. പിന്നെ രാത്രിയില്‍ ഇത് അലക്കി ഉണക്കാന്‍ ഇടും.

അപ്പോ ഈ മഴയത്തും, കാറ്റത്തും, പുതപ്പും മറ്റും?

പുതച്ചും, പുതപ്പിച്ചും കിടത്തേണ്ട കാലമൊക്കെ കഴിഞ്ഞിട്ട് കുറേകാലമായി. ഇപ്പോ വസ്ത്രമൊക്കെ ഒരലങ്കാരമായി മാറിയിരിക്കുന്നു.

പെയ്ത്കൊണ്ടിരുന്ന മഴ പൊടുന്നനെ ബ്രേക്കിട്ട വണ്ടിയെന്ന പോലെ നിന്നു. ചാറ്റല്‍ പോലും നിലച്ചു.

നിങ്ങള്‍ അക്കരെ ഷെഡില്‍ നീന്തിയതുപോലെയുള്ള വെള്ളമല്ല ഇവിടെയുള്ളത്. നല്ല തെളിനീരാണ്. പിന്നെ വെള്ളത്തില്‍ അങ്ങും ഇങ്ങും വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍. അവ നിരുപദ്രവകാരികളാ‍. ഈ സമയത്ത് വെള്ളത്തിന് നല്ല ചൂടാണെന്ന് പറഞ്ഞ് ഉത്തമന്‍ വെള്ളത്തിലേക്ക് ചാടി നീന്താന്‍ തുടങ്ങി. പിന്നെ തിരിച്ച് വന്ന് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെ കോണ്‍ക്രീറ്റ് വാര്‍ത്തതില്‍ പിടിച്ച് നിന്നിട്ട് പറഞ്ഞു, നിങ്ങള്‍ ഒന്ന് ഇങ്ങോട്ടിറങ്ങി നീന്തി നോക്ക്. എന്തു രസമാണെന്ന്? ശരീരം മൊത്തം ഫ്രെഷാകും. മനസ്സും! ഉത്തമന്‍ പറഞ്ഞ് നിറുത്തി.

മഴ പെയ്ത് തണുത്തിരിക്കുന്ന രാത്രിയില്‍, ചൂടുള്ള വെള്ളത്തില്‍ കുളിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഒരു സുഖം. എന്ത് കൊണ്ട് കുളിച്ച് കൂടാ എന്ന ചിന്ത ഞങ്ങളില്‍ കുത്തിവക്കാന്‍ ഉത്തമന്റെ വാക്കുകള്‍ക്ക് കഴിഞ്ഞു. എവിടെയാണെന്നോ, എന്താണെന്നോ, വീട്ടില്‍ പോകണമെന്നോ, എന്നൊന്നും തോന്നാത്ത ഒരു മാസ്മരികാവസ്ഥ. പോക്കറ്റിലുണ്ടായിരുന്ന സിഗററ്റിലൊരെണ്ണമെടുത്ത് ബാബു തീ കൊളുത്തിയതിനു ശേഷം, പായ്ക്കറ്റ് ഞങ്ങള്‍ക്ക് നീട്ടി. തണുപ്പനും, ഫസലുവും, ഞാനും ഓരോ സിഗററ്റ് വീതമെടുത്ത് കത്തിച്ച് വലിക്കാന്‍ തുടങ്ങി. ഉത്തമന്‍ അപ്പോള്‍ വെള്ളത്തില്‍ ,അമ്മ വെള്ളത്തിന്നടിയിലായി തങ്ങളുടെ രക്ഷക്കെപ്പോഴുമുണ്ടെന്ന് നിനച്ചിരിക്കുന്ന പാറ്റിയ ബ്രാലിന്‍ കുഞ്ഞുങ്ങളെ പോലെ, അങ്ങോട്ടും ഇങ്ങോട്ടും, മുകളിലേക്കും, താഴേക്കും നീന്തി തിമിര്‍ക്കുകയായിരുന്നു.

പാവം ഉത്തമന്‍, എത്രയോ അനുഭവിച്ചു, കഷ്ടം തന്നെ എന്നുള്ള ചിന്തകള്‍ മാത്രം ഞങ്ങള്‍ക്കുള്ളില്‍. അത് പരസ്പരം പറയുകയും ചെയ്തു. ഇനി അതിലേറെ ഞങ്ങള്‍ക്ക് നാലുപേര്‍ക്കും പരസ്പരം സംസാരിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ!

തണുത്ത കാറ്റ് വീണ്ടും ആഞ്ഞടിക്കാന്‍ തുടങ്ങി.

നമുക്ക് പോയാലോ? ഞാന്‍ ചോദിച്ചു.

ഏയ്. എങ്ങോട്ട് പോകാന്‍ ഇന്നിനി? ഈ അസമയത്ത് വീട്ടില്‍ കയറുന്നത് ശരിയല്ല, നമുക്കിവിടെ വെറുതെ ഇരുന്ന് സമയം കളയാമെന്ന് ബാബു പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാന്‍ കഴിയാതെ ഞാന്‍ എന്റെ സിഗററ്റിലെ അവസാന പുകയും വലിച്ചു തീര്‍ത്തു.

സമയം ഒന്നരയാകാറായിരിക്കുന്നു. ചീവീടുകളുടേയും, തവളകളുടേയും ശബ്ദമല്ലാതെ ഒന്നും തന്നെ കേള്‍ക്കാനില്ല.

വെള്ളത്തില്‍ നിന്നും പൊങ്ങിവന്ന് ഉത്തമന്‍ കൈവരിയില്‍ പിടിച്ച് കിടന്ന് കൊണ്ട് വീണ്ടും പറഞ്ഞു, ഇങ്ങോട്ടെറങ്ങി നോക്ക്, എന്താ ചൂട് വെള്ളത്തിന്. എന്ത് സുഖമാ നീന്താന്‍ എന്ന്!

പോക്കറ്റില്‍ കിടക്കുന്ന എന്റെ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ വാച്ചില്‍ നോക്കി. സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. ആരാവും ഈ അസമയത്ത് എന്നുള്ള ആകാംക്ഷയോടെ ഞാന്‍ ഫോണ്‍ എടുത്തു. ഷിബുവാണ്.

ഹലോ.

ഡാ നീ എവിട്യാ?

ഞാനാ?

ഉം. നീ തന്നെ?

ഞാന്‍ വീട്ടില്‍.

ആരുടെ വീട്ടില്‍?

എന്റെ വീട്ടില്‍.

ഡാ മണ്ണെണ്ണേ, ഒരു ജാതി കോണത്തിലെ വര്‍ത്താനം പറയല്ലേട്ടാ. നിന്റെ അച്ഛന്‍ വിളിച്ചിരുന്നു ഇപ്പോള്‍. നീ എവിട്യാന്ന് വല്ല വിവരവും ഉണ്ടോന്ന് ചോദിച്ച്!.

ഡാ, സത്യം പറയാല്ലോ, ഞങ്ങള്‍ കോന്നിലം പാടത്താ.

കോന്നിലം പാടത്താ? അതും നട്ട പാതിരക്ക്?

ഉം.

ബണ്ടിന്റവിട്യാണാ?

അല്ലാ, ഷാപ്പിന്റെ സൈഡിലെ പാലത്തിന്റെ അടിയില്‍.

പാലത്തിന്റെ അടിയിലാ?

അതേ.

ഗഡീ, നീ വേഗം പാലത്തിന്റെ മുകളിലേക്ക് വാ. എന്നിട്ട് സംസാരിക്കാം.

ഓഹ് ശരി ഷിബു. എന്തൂട്ടാത്രെ കാര്യമായി സംസാരിക്കാന്‍?

കുറുമാനെ, എത്രയും വേഗം പാലത്തിന്റെ മുകളിലേക്ക് വരുക. പ്ലീസ്. എന്തെങ്കിലും കാര്യമുണ്ടെന്ന് കൂട്ടിക്കോ.

ഷിബു പറഞ്ഞാല്‍ ഞാന്‍ എപ്പോഴും അനുസരിക്കുകയാണ് പതിവ്. ആക്സിഡന്റായി കയ്യുകളും കാലുകളും ഒടിഞ്ഞ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ടോയലറ്റില്‍ കൊണ്ടുപോയിരുത്തി ക്ലീന്‍ ചെയ്ത് വരെ തന്നിട്ടുള്ള സുഹൃത്താണ്. എന്നും മറ്റുള്ളവരുടെ നന്മക്കായി മാത്രം പ്രയത്നിക്കുന്നവന്‍. എന്തെങ്കിലും കാര്യമില്ലാതെ അവന്‍ പറയില്ലായെന്നെനിക്കുറപ്പായിരുന്നതിനാല്‍ മാത്രം പാലത്തിന്റെ കൈവരിയില്‍ പിടിച്ച് നടന്ന്, വഴുക്കുന്ന മണ്ണിലൂടെ , സൈഡിലുള്ള കാട്ടുചെടികളുടെ പടര്‍പ്പില്‍ പിടിച്ച് ഞാന്‍ പാലത്തിന്റെ കരക്ക് കയറി.

ഫോണ്‍ വീണ്ടും ചെവിയോട് ചേര്‍ത്തു, ഷിബൂ ഇനി നീ പറ.

നീ പാലത്തിന്റെ മുകളിലെത്ത്യാ?

ഉവ്വ്. എത്തീടാ.

നിങ്ങളെന്തൂട്ട് കോപ്പാ പാലത്തിന്റെ അടീല് ചെയ്തോണ്ടിരിക്കണേ? ആ സ്ഥലം അത്ര നല്ലതല്ലാന്നറിയില്ലേ ശവീ?

എന്താണ്ടാ കോന്നിലം പാടത്തിനൊരു കൊഴപ്പം? നല്ല ചൂടുള്ള, ഒഴുക്കുള്ള വെള്ളം, മൊത്തം നിശബ്ദത, യാതൊരു ശല്യവുമില്ല. വണ്ടികളില്ല, ആളുകളില്ല, ചീവീടുകളുടേയും, തവളകളുടേയും ശബ്ദം ഒഴിച്ചാല്‍ മൊത്തം ശാന്തത മാത്രം.

അതേടാ, അതാ പ്രശ്നം കോപ്പാ. അവിടെ അസമയത്ത് പോയാല്‍ മൊത്തം ശാന്തത മാത്രം. വീട്ടില്‍ പിന്നെ ശാന്തിയുണ്ടാവില്ല, പകരം ശവം കയറും അത്ര തന്നെ!

അത് കേട്ടപ്പോള്‍ എനിക്കെന്തോ പന്തികേട് തോന്നിയതിനാല്‍ മാത്രം ഞാന്‍ പറഞ്ഞു, ഷിബൂ, നീ ഒന്ന് തെളിച്ച് പറ, എന്താ സംഭവം? കോന്നിലം പാടത്ത് രാത്രി നില്‍ക്കാന്‍ പാടില്ലാത്ത വിധം എന്താ സംഭവിച്ചിരിക്കുന്നത്?

കടലിലായാലും, കായലിലായാലും, കുളത്തിലായാലും, സാധാരണഗതിയില്‍ മരിച്ചവന്റേം ശവം മൂന്നാം നാള്‍ പൊങ്ങും. പക്ഷെ ബണ്ടിന്റെ അക്കരെ മുങ്ങിയവന്റെ ശവം മൂന്നാം നാള്‍ പോയിട്ട് ജീവിതത്തില്‍ തന്നെ പിന്നെ പൊങ്ങില്ല. അത് മണ്ണോട് മണ്ണാവും, പാടത്തിനു വളമാവും, എല്ലുപൊടിയും മറ്റുമായും. അത്രയും ചേറാ അവിടെ.

ഉത്തമന്റെ കഥ നീ കേട്ടിട്ടില്ലെ? ഭാര്യേം, രണ്ട് പിള്ളേരേം, കാമുകനേം, വെട്ടികൊന്ന്, ശവം വഞ്ചിയില്‍ കയറ്റി, പാലത്തിന്റെ അങ്ങേപുറത്തെ പാടത്ത് കുഴിച്ചിട്ട്. സ്വന്തം കൈമുറിച്ച് പാലത്തിന്റെ അടിയില്‍ കിടന്ന് മരിച്ചത്.

ഇല്ല ഞാന്‍ കേട്ടിട്ടില്ല.

പത്ത് പന്ത്രണ്ടു കൊല്ലം മുന്‍പ് മരിച്ച കുരിശാ അത്. അവിടെ മൊത്തം ചുറ്റിക്കറങ്ങും. ബണ്ടില്‍ ഒന്നും ചെയ്യാന്‍ കഴിയ്യില്ലാ അയാള്‍ക്ക്. അപ്പുറത്തേക്ക് കൊണ്ടു പോവും. വെള്ളത്തില്‍ ഇറങ്ങാന്‍ പറയും. വെള്ളത്തില്‍ ഇറങ്ങിയാല്‍ പിന്നെ തരം നോക്കി മുക്കി കൊല്ലും. ഇതൊക്കെ കേട്ടിട്ടുള്ള കഥകളാ. പക്ഷെ നിനക്കറിയാമല്ലോ, കോന്നിലം പാടത്ത് നിന്ന് ഉഴവ് കാലത്ത് കിട്ടാറുള്ള എല്ലും, തലയോട്ടിയുടേയും മറ്റും കണക്ക് ഉഴവുകാര് മാത്രമല്ല, ഇരിങ്ങാലക്കുട പോലീസ്റ്റേഷനിലെ പോലീസുകാരും പറഞ്ഞ് കേള്‍ക്കാറുള്ളത്.

നീ എന്തൂട്ടാ പറയണെ ഷിബൂ? ഒന്ന് തെളിച്ച് പറയടാ,

നിങ്ങള്‍ വീട്ടീ പോടാ എന്നു മാത്രമേ ഞാന്‍ പറയണുള്ളൂ.

ശരി ഷിബു, ഞങ്ങള്‍ വീട്ടില്‍ പോകാം.

പക്ഷെ നീ മാത്രമല്ലെ പാലത്തിന്റെ പുറത്തുള്ളൂ,

അതെ, ഞാന്‍ മാത്രം പാലത്തിന്നു പുറത്ത്.

എങ്കില്‍ പെട്ടെന്ന് പോയി അവരേം കൂട്ടി വീട്ടില്‍ പോകാന്‍ നോക്ക്. വണ്ടിയില്‍ കയറിയാല്‍ എന്നെ വിളിക്ക്. നിന്റെ അച്ഛന്‍ എന്നെ അരമണിക്കൂര്‍ കഴിഞ്ഞ് വിളിക്കാംക് എന്നാ പറഞ്ഞിരിക്കുന്നത്.

എന്തോ പതിവില്ലാത്ത വിധം ഭയം എന്നില്‍ ഗ്രസിച്ചിരുന്നു, എങ്കിലും ഫോണ്‍ പോക്കറ്റില്‍ വച്ച് വളരെ ശ്രദ്ധയോടെ ഞാന്‍ വഴുവഴുപ്പുള്ള വഴിയിലൂടെ കാട്ടുചെടികളുടെ പടര്‍പ്പില്‍ പിടിച്ച് പാലത്തിന്റെ അടിയിലേക്കുള്ള വഴിയിലേക്കിറങ്ങി. തവളകളുടേയും, ചീവീടുകളുടേയും ശബ്ദം പതിവില്ലാത്ത വിധം എന്നില്‍ ഭീതി ജനിപ്പിച്ചു. ശ്രദ്ധയോടെ ഞാന്‍ സിമന്റ് മതിലിന്റെ ചുമരുകളില്‍ പിടിച്ച് മതിലിന്നോട് ചേര്‍ന്ന് നടന്ന് പാടത്തിന്റെ അടിയിലേക്കെത്തി.

പാട്ടക്കുള്ളില്‍ എരിയുന്ന വിളക്കിന്റെ വെളിച്ചത്തില്‍ എനിക്ക് കാണാനായത്, വെള്ളത്തില്‍ നീന്തിതിമിര്‍ക്കുന്ന ഉത്തമനേയും, വസ്ത്രങ്ങളൊക്കെ മാറ്റി സിഗററ്റും വലിച്ച് കൊണ്ട് വെള്ളത്തിലേക്കിറങ്ങാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന തണുപ്പനേയും, ബാബുവിനേയും ഫസലുവിനേയുമാണ്.

എന്ത് പറയണം അവരോട്, എങ്ങനെ പറയണം അവരോട് എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല. ശരീരം മൊത്തം കിടുകിടുങ്ങുന്നുമുണ്ട്. ഒരു സിഗററ്റെനിക്ക് താ തണുപ്പാ എന്ന് പറഞ്ഞപ്പോള്‍ ഊരിയിട്ട പാന്റിന്റെ പോക്കറ്റില്‍ നിന്നും സിഗററ്റ് പാക്കറ്റെടുത്ത് തണുപ്പന്‍ എനിക്ക് നല്‍കാന്‍ നേരം അവനെ എന്നോട് ചേര്‍ത്ത് നിറുത്തി ഞാന്‍ മൊത്തം സംഭവങ്ങളുടെ ഒരു ചെറു വിവരണം നടത്തി. മുന്‍പുണ്ടായ അനുഭവങ്ങള്‍ വച്ച് നോക്കിയപ്പോള്‍ അവനും സംഭവത്തിന്റെ ഗൌരവം ഏതാണ്ട് മനസ്സിലായി.

വെള്ളത്തില്‍ നീന്തുകയായിരുന്ന ഉത്തമന്‍ അപ്പോഴേക്കും ഞങ്ങളെ മൊത്തം നീന്തി തുടിക്കുവാന്‍ വെള്ളത്തിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. റഷ്യന്‍ ഭാഷയില്‍ കാര്യത്തിന്റെ ഗൌരവം തണുപ്പന്‍ ബാബുവിനോടും, ഫസലുവിനോടും പറഞ്ഞു.

ഉത്തമന്‍ വെള്ളത്തില്‍ ഊളയിട്ട് കൊണ്ടിരിക്കെ തന്നെ ഊരിയിട്ട വസ്ത്രങ്ങള്‍ കൈകളിലെടുത്ത് ഞങ്ങള്‍ നാലു പേരും പൊടുന്നനെ പാലത്തിന്റെ കരയിലേക്ക് പാഞ്ഞു. മുന്നിലോടിയിരുന്ന എന്റെ പിന്നാലെ മറ്റു മൂന്നു പേരും വേഗത തീരെ കുറയാതെ തന്നെ ഓടി വന്നു. സിമന്റിന്റെ മതിലില്‍ പിടിച്ച് വഴുകുന്ന മണ്ണിലൂടെ എങ്ങനെ കയറിയെന്നു പോലും ഞങ്ങള്‍ക്കോര്‍മ്മയില്ലാത്തയത്ര വേഗതയിലായിരുന്നു ഞങ്ങളുടെ ഓട്ടം. റോഡ് മുറിച്ച് കടന്ന് ബണ്ടിലേക്ക് കടന്ന് വണ്ടിയില്‍ കയറി. ഡ്രൈവിങ്ങ് സീറ്റില്‍ ഞാന്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. വണ്ടി അരകിലോമീറ്ററോളം റിവേഴ്സെടുത്തതൊന്നും അറിഞ്ഞതേയില്ല. അത്ര വേഗത്തിലായിരുന്നു നീക്കങ്ങള്‍. ഊരിയിട്ട വസ്ത്രങ്ങള്‍ എല്ലാവരും ധരിച്ചത് ഓടികൊണ്ടിരുന്ന വണ്ടിയില്‍ വച്ചായിരുന്നു.

കോന്നിലം പാടവും കഴിഞ്ഞ് മാപ്രാണം സെന്റര്‍ എത്തിയപ്പോഴാണ് ശ്വാസം ശരിക്കും വീണത്.

എന്റെ മൊബൈല്‍ വീണ്ടൂം ശബ്ദിക്കാന്‍ തുടങ്ങി.

ഹലോ.

ഡാ നിങ്ങള്‍ എവിടെ?

ഷിബുവാണ്.

ഞങ്ങള്‍ മാപ്രാണം എത്തി.

എങ്കില്‍ ഇനി വീട്ടില്‍ പോയിക്കോ, പേടിക്കാനില്ല. അവന്‍ ഫോണ്‍ കട്ട് ചെയ്തു.

തൃശ്ശൂര്‍, ചിയ്യാരത്തുള്ള എന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഞാന്‍ പതുക്കെ ഓടിച്ചു. ഉള്ളിലെ ഭീതി അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.

കൊക്കര കോ ക്കോ.........
കൊക്കര കോ ക്കോ.........

തുടര്‍ച്ചയായ കോഴികളുടെ കൂവല്‍ ഉറക്കത്തിനു ഭംഗം വരുത്തിയെങ്കിലും ഞാന്‍ വീണ്ടും ഉറക്കത്തിലേക്കൂളയിട്ടു.

കൌസല്യാ സുപ്രജാ രാ‍മ! പൂര്‍വ്വാ സന്ധ്യാ പ്രവര്‍ത്തതേ - സുബ്ബലക്ഷ്മിയമ്മയുടെ സുപ്രഭാതം മൈക്കിലൂടെ കാതിലേക്ക് ഒഴുകിയെത്തിയപ്പോള്‍ കണ്ണുകള്‍ തുറന്ന് എഴുന്നേറ്റു. ഊരകത്തമ്മതിരുവടി ക്ഷേത്രത്തിന്റെ മുന്നിലാണ് വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നത്. മുന്നിലെ സീറ്റില്‍ തണുപ്പന്‍ ഉറങ്ങുന്നു, പിന്നില്‍ ബാബുവും, ഫസലുവും.

വാച്ചില്‍ നോക്കിയപ്പോള്‍ സമയം പുലര്‍ച്ചെ അഞ്ച് കഴിഞ്ഞിരിക്കുന്നു.

എല്ലാവരേയും ഞാന്‍ വിളിച്ചുണര്‍ത്തി.

വിശപ്പിനാലും, ദാഹത്തിനാലും, ഉറക്ക ക്ഷീണത്തിനാലും, അതിലേറെ തലേ രാത്രിയിലെ അനുഭത്തിന്റെ ഭീതിയിലും മരവിച്ചു പോയതിനാല്‍ മഞ്ഞളിച്ച കണ്ണുകള്‍ കൊണ്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയതല്ലാതെ ആരും ആരോടും ഒന്നും ഉരിയാടിയില്ല.

കഴിഞ്ഞ രാത്രി സംഭവിച്ചതെല്ലാം സത്യമോ അതോ സ്വപ്നമോ?