Saturday, August 22, 2020

കൊറോണ ചൊല്ലുകൾ

പഴയ തലമുറയിലെ കാർന്നോന്മാരുണ്ടാക്കിയ ചൊല്ലുകൾ പഴഞ്ചൊല്ലുകളായെങ്കിൽ, ഈ തലമുറയിൽ നമ്മളുണ്ടാക്കുന്ന ചൊല്ലുകൾ കൊറോണ ചൊല്ലുകൾ എന്ന പേരിൽ ഇനിമുതൽ അറിയപ്പെടും!


1) സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ, ക്വാറന്റൈൻ കാലത്ത് കാ പത്ത് തിന്നാം

2) കൊറോണ പേടിച്ച് കേരളത്തിൽ ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി കൊറോണ

3) ആരാന്റമ്മക്ക് കൊറോണ വന്നാൽ കേൾക്കാൻ നല്ല ചേലു

4) ആയിരം കുടത്തിന്റെ വായിൽ മാസ്കിടാം, പക്ഷെ , എല്ലാ നാട്ടുകാരേയും മാസ്കിടാൻ പറ്റുമോ

5) ആലിൻ പഴം പഴുത്തപ്പോൾ കാക്കക്ക് കൊറോണ

6) അറിയാത്ത പിള്ള, കൊറോണ വരുമ്പോളറിയും

7) ആളുകൂടിയാൽ കൊറോണ ചാവില്ല

8) കൊറോണ വന്നവനേ, മണത്തിന്റെ വിലയറിയൂ (ആറ്റിലിറങ്ങിയവനേ.....)

9) കൊറോണ വന്നവനെ പാമ്പ് കടിച്ചു

10) ഇട്ടിരിക്കുന്ന മാസ്ക് വെറുതെ ഊരരുത് (ഇരിക്കുന്ന കൊമ്പ്)

11) കൊറോണ വന്നവൻ മാസ്കിട്ട് നടക്കും, കൊറോണ വരാത്തവൻ മാസ്കൂരി നടക്കും (ഉണ്ട ഉണ്ണി ഓടിക്കളിക്കും, ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും)

12) കൊറോണ വന്നവനെ എല്ലാരുമറിയും, കൊറോണക്കാരനു ആരേയുമറിയില്ല

13) കൊറോണയെന്തിനാ നന്നാഴി

14) കൊറോണ കഴിയുവോളം ക്വാറന്റൈൻ, കൊറോണ വന്നൊഴിഞ്ഞാൽ ബാലന്റൈൻ

15) കൊറോണക്കാരു വാക്സിൻ കണ്ട് പിടിക്കും (പൂച്ചക്കാരു മണി)

16) സാമൂഹികാകലം പാലിക്കാത്തവൻ കൊറോണ ചുമക്കും

17) അത്തം പത്തിനു കൊറോണം

18) യഥാ മോഹനൻ തഥാ വടക്കഞ്ചേരി

19) കൊറോണ വന്ന വഴി മറക്കരുത്

20) കൊറോണകാലേ വിപരീത ബുദ്ധി

21) തുമ്മലൊന്ന്, കൊറോണ നൂറു

22) മാസ്ക് കഴുത്തിലിട്ട് നടക്കുന്ന മനുഷ്യരോട് വേദമോതിയിട്ട് കാര്യമില്ല

23) വേണമെങ്കിൽ കൊറോണ വീട്ടിലിരിക്കുന്നവനും വരും

24) ക്വാറന്റൈൻ ലംഘിച്ചു പോകുന്ന മനുഷ്യനു, കൊറോണകൊണ്ട് മരണം

25) കൊറോണ ഇല്ലെങ്കിലും പുലരുവോളം കറങ്ങി നടക്കരുത് (ശകുനം നന്നായാലും പുലരുവോളം കക്കരുത്)

26) കൊറോണ രോഗി ദുഷ്ടന്റെ ഫലം ചെയ്യും

27) കൊറോണയെന്നറിഞ്ഞതും, ക്വാറന്റൈനിൽ പോകണം (സ്വരം നന്നായിരിക്കുമ്പോൾ)

28) ഇതിലും വല്യ കൊറോണ വന്നിട്ട് ബാപ്പ മാസ്കിട്ടിട്ടില്ല

29) കൊറോണയുണ്ടേലും ഇല്ലേലും, പ്രവാസിക്ക് ക്വാറന്റേൻ ഇരുപത്തെട്ട് ദിവസം

30) കൊറൊണയോളം വലിയ ആധിയില്ല , ആധിയോളം പോന്ന വ്യാധിയില്ല

31) പ്രവാസി തൊട്ടതെല്ലാം കുറ്റം (ഇഷ്ടമില്ലാത്തച്ചി)

32) എല്ലാ പനിയും കൊറോണയല്ല

33) കൊറോണയും വന്നു, ക്വാറന്റൈനും ഇരുന്നു, എന്നിട്ടും നാട്ടാർക്ക് മുറുമുറുപ്പ്

34) കൊറോണ രോഗിയാണേലും, തൊഴുത്തിൽ കിടത്താമോ

35) കൊറോണ രോഗിക്ക് മുടി വളർന്നിട്ട് അമ്പട്ടനെന്ത് കാര്യം

36) കൊറോണയുള്ളവന്റെ വീട്ടിലെ പട്ടിയെ തുമ്മി പേടിപ്പിക്കരുത്

37)അധികമായാൽ സാനിറ്റൈസറും വിഷം

38‌) അകലത്തെ ബന്ധുവിനേക്കാൾ നല്ലത് അടുത്തുള്ള കൊറോണക്കാരനാണു

39) കൊറോണയെ പേടിച്ചാൽ പോരെ, ജലദോഷത്തിനേയും പേടിക്കണോ (ആനയേ പേടിച്ചാൽ പോരെ)

40) ആരാൻ ക്വാറന്റൈനിലിരിക്കുന്നത് കണ്ടിട്ട് കൊറോണ വരുത്തരുത്

41) അമ്മക്ക് കൊറോണ, മോൾക്ക് ഫാഷൻ ഷോ

42) അസൂയക്കും, കൊറോണക്കും മരുന്നില്ല

43) കറിയുടെ സ്വാദ് കൊറോണക്കാരനറിയില്ല

43)കൊറോണ വന്നാലേ, പുറത്തിറങ്ങി നടക്കാൻ പറ്റുന്നതിന്റെ വിലയറിയൂ

44)കൊറോണക്കാരനറിയാമോ, കർപ്പൂരത്തിന്റെ ഗന്ധം

45) കൊച്ചി കണ്ടവനച്ചി വേണ്ട, കൊറണയുള്ളവനെയച്ചിക്കും വേണ്ട

46)ചെകുത്താനും കൊറോണക്കും ഇടക്ക്

47) കൈ കൊടുത്ത് കൊറോണ മേടിക്കരുത്

48)പണ്ടേ ദുർബല, പോരാത്തതിന്നു കൊറോണ

49) ഓണം വന്നാലും, ഉണ്ണിപിറന്നാലും, നാട്ടിൽ വന്നാൽ ക്വാറന്റൈൻ തന്നെ

50)കൊറോണ ചൊല്ലിൽ പതിരില്ലThursday, July 16, 2020

ബാല്യകാല സ്മരണകളും, പോത്തോട്ടോണവും

ഭാഗം ഒന്ന് - സ്മരണ

ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരേയുള്ള പഠനകാല സ്മരണകൾ വാസ്ഥവത്തിൽ ചിലരുടെയെല്ലാം ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാൻ പറ്റാത്തയത്രയും അടയാളങ്ങൾ കടുത്ത വർണ്ണങ്ങളാൽ രേഖപെടുത്തിയിട്ടുള്ളതായിരിക്കും.  മറ്റു ചിലർക്ക് ആ കാലഘട്ടം തന്നെ സ്മൃതിപടലത്തിൽ ഉണ്ടാവുകയേയില്ല!

ശാസ്ത്രീയമായി കാരണങ്ങൾ പലതുമുണ്ടാകാം.  പക്ഷെ ഈ പോസ്റ്റിന്റെ ഉദ്ദേശം,  എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിച്ച് കണ്ടുപിടിക്കാനുള്ളതല്ല മറിച്ച് , നിങ്ങളിലെത്ര പേർക്ക് നിങ്ങളുടേ അഞ്ച് വയസ്സ് മുതൽ പത്ത് വയസ്സ് വരെ സംഭവിച്ച കാര്യങ്ങൾ ഓർമ്മയിൽ ഇപ്പോഴുമുണ്ട് എന്നറിയാനുള്ള ഒരു കൗതുകം കൊണ്ട് മാത്രം എഴുതുന്നതാണു.

എന്റെ കാര്യമാണെങ്കിൽ, കഴിഞ്ഞ ആഴ്ച കണ്ട സിനിമയോ, രണ്ടാഴ്ച മുൻപ് വായിച്ച പുസ്തകത്തിലെ കഥയോ മറന്നു പോകുന്ന അവസ്ഥയാണു. കഥാപാത്രങ്ങളുടെ പേരോ, കഥയിലെ സന്ദർഭങ്ങളോ,  കഥയുടെ/നോവലിന്റെ പേരോ, ഒരുപക്ഷെ മുഴുവൻ കഥയോ/നോവലോ തന്നെ, അല്ലെങ്കിൽ സിനിമയുടെ പേരു തന്നെ തികച്ചും വിസ്മൃതിയിലേക്കാണ്ടു പോകുന്ന മൊളൂഷ്യം അവസ്ഥ അഥവാ ടൈപ് ഒഫ് അംനേഷ്യ ബാധിച്ചിരിക്കുന്നു. 

പക്ഷെ നാല്പത്ത് വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട, പല കാഴ്ചകളും ഇന്നലെയെന്നത് പോൽ എനിക്കോർത്തെടുക്കാൻ കഴിയുന്നു. എന്റെ കണ്മുന്നിൽ വളരെ വ്യക്തതയോടെ, ഒരു സിനിമ കാണുന്നയത്ര മിഴിവോടെ.

ഇതിൽ മറ്റൊരു കാര്യം കൂടെ എടുത്ത് പറയേണ്ടതായിട്ടുണ്ട്.  ജിപ്സികളുടെ പോലെയുള്ള ജീവിതമായിരുന്നു ഇതുവരേയും.  പത്ത് വയസ്സു വരെ, തൃശൂർ ജില്ലയിലെ കാറളത്ത്.  പത്തിനുശേഷം പതിനെട്ട്  വയസ്സ് വരെ, ഇരിങ്ങാലക്കുടയിൽ പല പല സ്ഥലങ്ങളിലായി.  പതിനെട്ട് വയസ്സുമുതൽ ഇരുപത്തഞ്ച് വയസ്സു വരെ ദില്ലിയിൽ.   ഇരുപത്താറു വയസ്സ് മുതൽ ദുബായിൽ.  ഇതിനിടക്ക് എനിക്ക് ഒരു മുപ്പത്തിയഞ്ച് വയസ്സുള്ളപ്പോൾ അച്ഛനുമമ്മയും മറ്റും ഇരിങ്ങാലക്കുടയിലെ വീടെല്ലാം വിറ്റ് തൃശൂർ ചിയ്യാരത്തേക്ക് മാറി.  ആയതിനാൽ തന്നെ  പതിനെട്ടു വയസ്സിനിപ്പുറം പലപ്പോഴായി പരിചയപെട്ട പല അയൽപ്പക്കക്കാരുമായും കാര്യമായ ബന്ധമില്ല താനും.  പിന്നെ പത്ത് വയസ്സ് വരെ താമസിച്ച കാറളത്തുള്ളവരുമായുള്ള ചെറുപ്പത്തിലേയുള്ള ആ ബന്ധം, ഓർമ്മകൾ അത്ര മാത്രം.  പിന്നീട് ഈ പത്ത് മുപ്പത്തെട്ട് വർഷത്തിനിടക്ക്  കാറളം  സന്ദർശിച്ചിരിക്കുന്നത് വളരെ ദുർലഭമായി, വിരലിലെണ്ണാവുന്ന തവണകൾ മാത്രം.  കാവിലെ ഉത്സവത്തിനോ, അച്ഛൻ പെങ്ങളെ കാണുവാനോ ആയി മാത്രം.

അമ്മയുടെ വീടായ മട്ടാഞ്ചേരിയിലെ ആശുപത്രിയിൽ ജനിച്ച് , തൃശൂരിലെ, കാറളം പഞ്ചായത്തിലുള്ള അച്ഛന്റെ തറവാട്ട് വീട്ടിൽ വളർന്ന എനിക്ക്, ലോവർ പ്രൈമറി അഥവാ ഒന്നു മുതൽ നാലു വരെ പഠിച്ച കാലഘട്ടത്തിന്നിടക്ക് സംഭവിച്ച ചില കാര്യങ്ങളെല്ലാം, ഒരു സിനിമ കാണുന്നത് പോലെ വളരെ മിഴിവോടെ, തികച്ചും വ്യക്തതയോടെ മനക്കണ്ണിൽ ഇപ്പോഴും കാണുവാനാകുന്നുണ്ട്.

പഴയ കോലത്തിലുള്ള, അതായത് പണത്തിന്റെ കൊഴുപ്പടിയും മുൻപുള്ള  കുമരഞ്ചിറ ക്ഷേത്രവും, അവിടുത്തെ തിരുമേനിയേയും, ചെമ്പട്ടുടുത്ത്, ഇടം കയ്യിൽ പള്ളി വാളും, വലം കയ്യിൽ ചിലമ്പും പിടിച്ച്, മുടി നീട്ടി വളർത്തിയ,  തടിച്ച് കുറുകിയ, വെളിച്ചപ്പാടിനേയും, ചെറിയൊരു ഓറഞ്ചിന്റെ വലുപ്പത്തിലുള്ള പൊക്കിളുള്ള ഷാരടിയമ്മാനേയും എനിക്ക് കാണാനാവുന്നുണ്ട്.  തെളിവുള്ള വെള്ളം നിറഞ്ഞ കുമരഞ്ചിറക്കുളവും എനിക്ക് തെളിവോടെ കാണാം.

മരത്തിന്റെ ഫ്രെയിമുകളുള്ള സ്ലേറ്റും, നീലയും, ചുവപ്പും, കള്ളി കള്ളിയായ ഡിസൈനുള്ള കടലാസിൽ പൊതിഞ്ഞു വരുന്ന സ്ലേറ്റു പെൻസിലും എനിക്കിന്ന് വ്യക്തമായി ഓർമ്മയുണ്ട്.   സ്ലേറ്റ് മായ്ക്കുവാൻ ഉപയോഗിക്കുന്ന മഷിതണ്ടും, മുള്ളുള്ള കള്ളിചെടിയും, ആ കള്ളിചെടി നിന്നിരുന്ന പറമ്പും എനിക്ക് വ്യക്തമായി ഓർക്കാൻ കഴിയുന്നു.  ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ, അന്ന് മൂന്നിലോ, രണ്ടിലോ പഠിക്കുകയായിരുന്ന, വല്ലത്തെ, സന്ധ്യ എന്ന പെൺകുട്ടിയേയും എനിക്ക് ഓർക്കാൻ കഴിയുന്നുണ്ട്.

പനമ്പട്ട നെയ്ത തട്ടികയാൽ മറച്ച കാറളം ലോവർ പ്രൈമറി സ്കൂളിലെ ക്ലാസു മുറികളും, പുറകിലുണ്ടായിരുന്ന ബദാം മരങ്ങളും, മുന്നിലെ ചരൽ നിറഞ്ഞ ചെറിയ കളിസ്ഥലവും എനിക്കോർമ്മയുണ്ട്.  സ്കൂളിന്നു മുൻപിലുണ്ടായിരുന്ന സർക്കാർ വക കിണറും, അതിന്റെ തൊട്ടരികിലുള്ള അംഗൻവാടിയും എനിക്കോർമ്മയുണ്ട്.    സ്കൂളിന്റെ തൊട്ടരികിലായുള്ള സുകുമാരന്റെ പെട്ടിക്കടയും, അവിടെ വിൽപ്പനക്ക് വച്ചിരിക്കുന്ന, വട്ട് മിട്ടായി, കപ്പലണ്ടി മിട്ടായി, പച്ചനിറമുള്ള പ്ലാസിക് പേപ്പറുകൊണ്ട് പൊതിഞ്ഞ ഡെക്കാൺ  മിട്ടായി, നാരങ്ങ അല്ലിയുടെ കളറും നിറമുള്ള നാരങ്ങ സത്ത് എന്ന് പറയുന്ന മിട്ടായി, എന്നിവയൊക്കെ ഇട്ട് വച്ച കുപ്പികളും,  പുറത്ത് ചെറിയ ഒരു മേശമേൽ വെച്ചിരുക്കുന്ന പച്ചനിറത്തിലുള്ള ഗോലി സോഡാ കുപ്പികളും, മഞ്ഞ നിറത്തിലുള്ള, പകുതിയോളം വെള്ളം നിറച്ച പ്ലാസ്റ്റിക് ബേസിനും, അതിനുള്ളിൽ വച്ചിരിക്കുന്ന, ചെറിയൊരു പച്ചനിറമാർന്ന അല്പം വലുപ്പമേറിയ ചില്ലു ഗ്ലാസുകളും, മരത്തിന്റെ  നാരങ്ങ ഞെക്കിയും,  എല്ലാമെല്ലാം ഓർമ്മയിലുണ്ട്.

കാറത്തെ അന്നത്തെ ഏറ്റവും വലിയ വീടായ ചാമ്പറമ്പിലെ, മാത്തിരി വല്യമ്മൂമ്മയേയും,  കൊച്ചൗസേപ്പേട്ടനേയും, സെലീന ചേച്ചിയേയും, അവരുടെ മക്കളായ, രാജു (മധ്യകുറുമാന്റെ ക്ലാസ്സ് മേറ്റായിരുന്നു..ഒരുപാട് വർഷങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തു‌), ജീനാമ്മ, നിഷ, എന്തിനു അന്ന് എലക്ട്രിസിറ്റി ബോർഡിൽ എഞ്ജിനീയറായ കൊച്ചൗസേപ്പേട്ടന്റെ  കറുത്ത നിറത്തിലുള്ള , രാജ് ദൂത് മോട്ടോർ സൈക്കിൾ വരെ എന്റെ കണ്മുന്നിലിപ്പോഴുമുണ്ട്.

തൊട്ടയൽപ്പക്കമായ ശ്രീധരൻ എമ്പ്രാന്തിരിയേയും, എന്നെക്കാളും രണ്ടോ മൂന്നോ വയസ്സ് മൂപ്പുള്ള മകൻ ശ്രീനിവാസനേയും ഓർക്കുന്നു.  അവരുടെ വീട്ടിൽ നിന്നും  കുടിച്ച കരിപ്പെട്ടി കാപ്പിയുടേയും, ചുട്ട പപ്പടത്തിന്റേയും രുചി ഇപ്പോഴും നാവിലുണ്ട്.   ശ്രീനിവാസൻ നന്നേ ചെറുപ്പത്തിൽ തന്നെ ആത്മഹത്യചെയ്തെന്നറിഞ്ഞു.  ശ്രീനിവാസനൊരു അനുജത്തിയുണ്ടായിരുന്നു, നിഷ.  എന്റെ പ്രായമായിരുന്നു.  എവിടെയാണോ എന്തോ?

ജാനുവമ്മായിയേയും, മൂത്ത മകനായ, കുമരഞ്ചിറക്കുളത്തിൽ  എന്നെ നീന്താൻ പഠിപ്പിച്ച ഇരിങ്ങാലക്കുട കച്ചേരിയിൽ ജോലിയുണ്ടായിരുന്ന മോഹനേട്ടനേയും, സെറിബ്രൽ പാഴ്സ്ലിയോടൊപ്പം, ഊമയും,  ബുദ്ധി വളർച്ചയുമില്ലാതിരുന്ന, കാക്കി ട്രൗസർ മാത്രം ധരിച്ചു കണ്ടിട്ടുള്ള  മോഹനേട്ടന്റെ അനുജൻ ദാസപ്പേട്ടനേയും ഓർമ്മ വരുന്നു.  ഇവർ മൂന്നു പേരും എത്രയോ വർഷങ്ങൾക്ക് മുൻപേ കാലയവനികക്കുള്ളിൽ മറഞ്ഞ് പോയി!  അവരുടെ മാവിൽ വളർന്നിരുന്ന പാഷൻ ഫ്രൂട്ടിന്റെ രുചിയും നാവിൽ തുമ്പത്തുണ്ടിപ്പോഴും.  ഗിരിജേച്ചിയേയും, ഉഷേച്ചിയേയും, ഗംഗേച്ചിയേയും, ശിവശങ്കരേട്ടനേയും മറക്കുന്നില്ല ഇപ്പോഴും.

തൊട്ടടുത്തുള്ള കാറളം സിന്ധു എന്ന സിനിമ കൊട്ടകയും, അതിലെ മുൻ നിരയിലുള്ള വെറും മരക്കാലിൽ പലകയിട്ട ഇരിപ്പിടങ്ങളും, തൊട്ടു പുറകിലായുള്ള ഇരുമ്പിന്റെ കസേരകളും, ബാൽക്കണി എന്ന് വിശേഷിപ്പിക്കുന്ന അല്പം പഞ്ഞി നിറച്ച നീല നിറത്തിലുള്ള റെക്സിൻ കവർ ചെയ്ത കസേരകളും, സ്ക്രീന്നിന്നിരുവശത്തുമായി , മണൽ നിറച്ച് തൂക്കിയിട്ടിരിക്കുന്ന ചുവന്ന പെയിന്ററ്റിച്ച ഇരുമ്പിന്റെ ബക്കറ്റുകളും എനിക്കിന്നോർമ്മയുണ്ട്.  പനന്തട്ടികകൊണ്ടുള്ള വാതിലുകളും,  എക്സിറ്റ് എന്ന് ചുവന്ന അക്ഷരത്തിൽ കത്തുന്ന വാതിലിന്നു മുകളിലുള്ള ലൈറ്റുകളും എനിക്കിന്നോർമ്മയുണ്ട്.

സതിയമ്മായിയുടെ വീട്ടുപറമ്പിലെ കണ്ടത്തിൽ,  മണ്ണു കുഴച്ച്, സോപ്പ് പെട്ടി ഉപയോഗിച്ചുണ്ടാക്കിയ മണ്ണിഷ്ടകകളും, അവിടുത്തെ തന്നെ കശുമാവുകളിൽ നിന്നും പറിച്ച് കഴിക്കുന്ന മഞ്ഞ നിറത്തിലും, ചുവന്ന നിറത്തിലുമുള്ള കശുമാങ്ങകളും എനിക്കോർമ്മയുണ്ട്.  വാസന്ത്യേച്ചി വച്ചു തന്ന ചായയുടെ രുചി ഇപ്പോഴും നാവിലുണ്ട്. 

കുട്ടൻ നായരുടെ ജനതാ ഹോട്ടലും, കണ്ണാടി അലമാരയിൽ വെട്ട് കേക്കും, ബോണ്ടയും, സുഖിയനും എപ്പോഴുമുണ്ടായിരുന്നൊരു പേരോർമ്മയില്ലാത്തൊരു ചായക്കടയും ഓർമ്മയുണ്ട്.

ആദികുറുമാനും, ജയനും, പ്രസാദനും, ഹരിയും, മറ്റും ചേർന്ന്  സിന്ധു കൊട്ടകയിൽ നിന്നും കട്ട് ചെയ്ത് മാറ്റിയ ഫിലിം പെറുക്കിയെടുത്ത് കൊണ്ടു വന്നു,  സതിയമ്മായിയുടെ വീട്ടിലെ തൊഴുത്തിലെ ചുവരിൽ വെള്ളമുണ്ട് വലിച്ച് കെട്ടി, ഫ്യൂസായ ബൾബിൽ വെള്ളം നിറച്ച്, അതിനു മുകളിൽ കാവടിയിൽ നിന്നും മറ്റും ഉതിർന്ന് വീണ, നിറമുള്ള പ്ലാസ്റ്റിക്കിന്റെ വർണ്ണ കടലാസു ചുറ്റി, പൊട്ടിയ കണ്ണാടിയുപയോഗിച്ച്, ഫിലിം ബൾബിനു മുന്നിൽ പ്രദർശിപ്പിച്ച്, അതിന്റെ റിഫ്ലക്സൻ വലിച്ച് കെട്ടിയ മുണ്ടിലേക്ക്  വീഴ്ത്തി വലുതായി കാണുന്ന ജയനേയും, പ്രേം നസീറിനേയും, ഷീലയേയും ഓർമ്മയുണ്ട്.

ഈർച്ചവാളിന്റെ ശബ്ദം എപ്പോഴും ഉയരുന്ന, പൈലി മാപ്പിളയുടെ,  മരകമ്പനിയും, തൊട്ടെതിരെയുള്ള നെല്ലുകുത്തുന്ന മില്ലും ഓർമ്മയുണ്ട്. 

കാറളം നടയിൽ അന്നാകെയുണ്ടായിരുന്ന ഗോവിന്ദങ്കുട്ടിയുടേ തട്ട് നിരത്തിയ പലചരക്ക് കടയും, അതിന്റ ഉള്ളിൽ നിരത്തി വച്ചിരിക്കുന്ന  അരിയും, പരിപ്പും, പയറും, വറ്റൽ മുളകും, ശർക്കരവെല്ലവും, പഞ്ചസാരയും തുടങ്ങി എല്ലാ പലവ്യഞ്ജനങ്ങളും നിറച്ച് വച്ചിരിക്കുന്ന ചണത്തിന്റെ ചാക്കുകളും, മുൻവശത്തായി തൂക്കിയിട്ടിരിക്കുന്ന തുലാസും, അഞ്ച്, മൂന്ന്, രണ്ട്, അര, ഇരുന്നൂറു, നൂറു, അമ്പത് ഗ്രാം കട്ടികളും ഓർമ്മയിലുണ്ട്.   മഞ്ഞനിറത്തിലുള്ള കവറോട് കൂടിയ നീളമുള്ള 501  വാറസോപ്പും, ചുവന്ന കവറിലുള്ള ലൈഫ്ബോയ് സോപ്പും, പിങ്ക് കളറിലുള്ള ലക്സ് സോപ്പുകളും ഓർമ്മയിലുണ്ട്.  കടയുടേ തിണ്ണയിൽ ഒരരികത്തായി, കടയിലെ നിരപ്പിട്ടാലും പുറത്ത് കിടക്കാൻ വിധിക്കപ്പെട്ട കാലപ്പഴക്കത്താൽ കറുത്ത് പോയ കല്ലുപ്പിട്ട് വക്കുന്ന പത്തായം പോലത്തെ പെട്ടിയും ഓർമ്മയിലുണ്ട്.  മുൻ വശത്തെ തിണ്ണയിൽ തന്നെ ഇട്ടിരിക്കുന്ന മേശമേൽ നിരത്തിവച്ചിരിക്കുന്ന നാലഞ്ച് കുപ്പികളും, അതിൽ ഇട്ട് വച്ചിരിക്കുന്ന കുപ്പിക്കായ, മരത്തിന്റെ പമ്പരം, അതിന്നു മേൽ മുകളിൽ ഉത്തരത്തിൽ ഞാത്തിയിട്ടിരിക്കുന്ന, മഞ്ഞയും, ചുവപ്പും നിറത്തിലുള്ള പമ്പരം കറക്കാൻ ഉപയോഗിക്കുന്ന ചാട്ട എന്നിവയും വളരെ വ്യക്തമായി തന്നെ ഓർക്കുന്നുണ്ട്!  മേശക്ക് പുറകിലായിട്ടിരിക്കുന്ന സ്റ്റൂളേൽ ഇരുന്ന് മേശമേൽ വച്ചിരിക്കുന്ന പറ്റ് പുസ്തകത്തിലോ, വെറും കടലാസിലോ കണക്കെഴുതുകയോ, അല്ലെങ്കിൽ സാധനം വാങ്ങാൻ വരുന്ന ആളുകളുടെ ലിസ്റ്റ് നോക്കിയോ, അവർ പറയുന്നതിന്നനുസരിച്ചോ, അമ്പത് മുളക്,  നൂറു  മല്ലി, ഇരുന്നൂറു പഞ്ചസാര,   അരകിലോ ഉപ്പ്, അമ്പത് വെളിച്ചെണ്ണ, അമ്പത് ചായെല, അമ്പത് പൈസക്ക് കാരം, എന്നൊക്കെ പറയുന്ന ഗോവിന്ദൻ കുട്ടിയേയും, അദ്ദേഹം പറയുന്നതിന്നനുസരിച്ച്, പത്രക്കടലാസ് കുമ്പിൾ കുത്തി അതിൽ സാധനങ്ങൾ കോരിയിട്ട് തുലാസിൽ കട്ടകൾ മാറ്റി മാറ്റി  തൂക്കം നോക്കി, തൂക്കിയിട്ടിരിക്കുന്ന ചാക്കുനൂൽ ഉണ്ടയിൽ നിന്നും നൂൽ വലിച്ച് കെട്ടുന്ന വേലായുധനേയും നല്ലത് പോലെ തന്നെ ഞാൻ ഓർക്കുന്നുണ്ട്.  ഗോവിന്ദങ്കുട്ടിയുടെ ഇടത് വശത്തുള്ള തിണ്ണയിൽ വച്ചിരിക്കുന്ന വള്ളികൊട്ടയിൽ ഇട്ട് വച്ചിരിക്കുന്ന തളിർവെറ്റിലയും, പഴുത്ത പാക്കും, മേശപ്പുറത്തിരിക്കുന്ന പുകലക്കെട്ടും ഇതാ എന്റെ കണ്മുന്നിൽ ഇപ്പോഴുമുണ്ട്.

കാറളം സെന്ററിലേക്ക് പോകുന്ന വഴിക്കുള്ള  സിദ്ധാർത്ഥൻ വൈദ്യരുടെ ആയുർവ്വേദ ക്ലിനിക്കും, നിറച്ചും സമചതുരത്തിലുള്ള അറകളുള്ള ഡൈനിങ്ങ് ടേബിളിന്റെ വലുപ്പത്തിലുള്ള മരത്തിന്റെ വലിയ മേശയും അതിൽ നിറഞ്ഞിരിക്കുന്ന വേരുകളും, മരത്തൊലികളും, മറ്റു പച്ച മരുന്നുകളും, അതിന്റെ ഭാരം നോക്കാൻ ഉപയോഗിക്കുന്ന റൂളർ പോലെ പിടിയുള്ള , നടുവിൽ ചെറിയ ഒരു ചരട് ബന്ധിച്ചിട്ടുഌഅ ഒരു ഭാഗത്ത് മാത്രം ചിരട്ടയുടേ വലുപ്പത്തിലുള്ള മരത്തിന്റെ രക്തചന്ദനനിറത്തിലുള്ള ഒരു ബൗളുള്ള തുലാസും ഓർമ്മയുണ്ട്.  സിദ്ധാർത്ഥൻ വൈദ്യരുടെ അനുജൻ നകുലനേയും ഓർക്കുന്നു.

ഗബ്രിയേലിന്റെ പച്ചക്കറിക്കടയും, അവിടെ നിരത്തി വച്ചിക്കുന്ന പച്ചക്കറികളും, ഉണക്കമീൻ കുട്ടകളും ഓർമ്മയിലുണ്ട്. 

കാറളം സെന്ററിലന്നുണ്ടായിരുന്ന റേഷൻ കടയും, വീപ്പയിൽ തുളുമ്പിതെറിക്കുന്ന നീല നിറമാർന്ന മണ്ണെണ്ണയും ഓർമ്മയിലുണ്ട്.

കുമരഞ്ചിറ ക്ഷേത്രത്തിനു മുൻപിൽ അന്ന് ശാഖ നടത്തിയിരുന്നു.  ഞാനും പോകുമായിരുന്നു.  നടത്തിയിരുന്ന പ്രധാൻ കള്ള് ചെത്ത്കാരനായ രാജപ്പേട്ടനായിരുന്നെന്നും ഓർക്കുന്നു.   ദ്വജ പ്രണാം ഏക് ദോ തീൻ.!   ആദ്യമായി കള്ളിന്റെ രുചി അറിഞ്ഞത്, കരുവന്നൂർ പുഴയിൽ കുളിക്കാൻ പോകുമ്പോൾ, അദ്ദേഹത്തിന്റെ വീട്ടിൽ കയറിയപ്പോൾ ആരോ ഒരു കരണ്ടി വായിലേക്കിറ്റിച്ചതായിരുന്നു!  അദ്ദേഹം വർഷങ്ങൾക്ക് മുൻപേ കൊലചെയ്യപ്പെട്ടതായറിഞ്ഞു.   ഒരു രാഷ്ട്രീയ കൊലപാതകം!  ജാതിവെറിയുടെ ബാക്കി പത്രം!

കാറളത്തേക്ക് അന്ന് വന്നിരുന്നത് രണ്ടേ രണ്ട് ബസ്സുകൾ മാത്രം, ശിവവിലാസും, ശ്രീ അയപ്പയും, അതും ഓർമ്മയിലുണ്ടിന്നും.   കാറളം - പെരിഞ്ഞനം-ഇരിങ്ങാലക്കുട റൂട്ടിലായിരുന്നു ആ രണ്ട് ബസ്സുകളും ഓടിയിരുന്നതെന്നും ഓർക്കുന്നു.  ഡ്രൈവറുടെ പേരോർമ്മയില്ലെങ്കിലും ക്ലീനറായിരുന്നത് ഒരു രാജപ്പനാണു. വർഷങ്ങൾക്ക് ശേഷം ഞാൻ കോളേജിൽ പോകുന്ന സമയത്ത് എനിക്കായി സ്റ്റോപ്പില്ലാത്ത സ്ഥലത്ത് പോലും  ബസ്സ് നിറുത്തിയിരുന്നതും രാജപ്പൻ എന്ന കിളി മൂത്ത് ഡ്രൈവറായവനാണു.

അന്നൊക്കെ രണ്ടേ രണ്ട് ടാക്സികളേ കാറളത്തോടിയിരുന്നുള്ളൂ, ഒന്നു ഭരതന്റേയും, ഒന്നു ശിവനുണ്ണിയുടേയും.  ഓട്ടോറിക്ഷയൊന്നും അന്നുണ്ടായിരുന്നില്ല.

പിന്നെ ഓർമ്മയിലുള്ള  പേരും മുഖവും, രാഷ്ട്രീയത്തിലുണ്ടായിരുന്ന പൊഴേക്കടവിൽ രാഘവന്റേയും. 

ഇവരിലിലാരൊക്കെ  ഇപ്പോൾ ജീവിച്ചിരുപ്പുണ്ട്, ആരൊക്കെ മരിച്ചു,  എന്നുമെനിക്കറിയില്ല.   അറിയാൻ ശ്രമിച്ചിട്ടുമില്ല

എന്റെ ക്ലാസിൽ തന്നെ പഠിച്ചിരുന്ന മുരളിയുടേ അച്ഛൻ ചാത്തനായിരുന്നു ഞങ്ങളുടെ പറമ്പിലെ കണ്ടത്തിൽ പോത്തുകളേയും കൊണ്ട്അ പൂട്ടാൻ വന്നിരുന്നത്.  സീസൺ അനുസരിച്ച് നെല്ലും, കൊയ്ത്ത് കഴിഞ്ഞാൽ വീണ്ടും പൂട്ടി കളവും, തിണ്ടുമൊരുക്കി പയറും, മുതിരയും, കൊള്ളിയുമെല്ലാം പാടത്തും വരമ്പിലും നട്ടിരുന്നു. 

പറമ്പിലുണ്ടാണ്ടായിരുന്ന മാവുകളിലൊക്കെയും വിരിഞ്ഞു വിളയുന്ന,  തിന്നാലും തീരാത്ത മാമ്പഴങ്ങളൊക്കെയും വെറുതെ കളയരുതെന്ന് കരുതി, മാവുകൾ പൂക്കുമ്പോൾ തന്നെ കരാറെടുത്തിരുന്ന മരക്കച്ചവടക്കാരനായിരുന്ന ഇബ്രാഹിം ഹാജിയേയും എനിക്കോർമ്മയുണ്ട്.  അദ്ദേഹം പണിയിച്ചു തന്ന മരയലമാരിയും, ബുക്ക് ഷെൽഫും ഇന്നും ഞങ്ങളുടേ വീട്ടിൽ കിടപ്പുണ്ട്!

ഞങ്ങളൊക്കെ കൊടും വേനൽ കാലത്ത് കരുവന്നൂർ പുഴയിലേക്ക് കുളിക്കാനായി നടന്നു പോകുമ്പോൾ മുരളി അവന്റെ ഒരു പോത്തിന്റെ പുറത്തിരുന്ന് മറ്റൊരു പോത്തിന്റെ കയറും പിടിച്ച്, വായിലൂടേ ഒരു  ക്ലിം ചിക്ക് എന്ന പ്രത്യേക ശബ്ദമുണ്ടാക്കി, നട പോത്തേ എന്ന് കയ്യിലെ ചാട്ടവാർ ചുഴറ്റിയടിച്ച് ശബ്ദമുണ്ടാക്കി  പോകുന്നത് കണ്ട് ആരാധനയോടെ എത്രയോ തവണ അവനെ നോക്കി നിന്നിട്ടുണ്ട്!

ഞാൻ നാലാം ക്ലാസിലെത്തിയപ്പോൾ, സ്കൂളിലൊക്കെ വല്ലപ്പോഴും മാത്രം വന്നിരുന്ന, ആയതിനാൽ തന്നെ പല തവണ തോറ്റ് എന്റെ ക്ലാസിലായിരുന്ന സത്യനേയും, സത്യന്റെ അച്ഛൻ ഇത്തൾ വാറ്റുന്ന കറപ്പനേയും എനിക്ക് ഓർക്കാൻ കഴിയുന്നുണ്ട്.  കറപ്പനെ ഓർക്കാൻ കാരണം തന്നെ, കറപ്പനന്ന് ഇത്തൾ നീറ്റലായിരുന്നു പണി.  നാലഞ്ചടിയോളം താഴ്ചയുള്ള കിണറുപോലത്തെ ഒരു കുഴിയിലാണു കറപ്പൻ ഇത്തൾ വാറ്റിയിരുന്നത് (കക്ക).  അവിടുന്ന് വാറ്റിയ ഇത്തൾ വാങ്ങിയിട്ടാണു, അന്ന് കാറളത്തെ എല്ലാ വീടുകളും വെള്ള പൂശിയിരുന്നത്!

പ്രായത്തിൽ  സത്യൻ എന്നേക്കാളും രണ്ടോ മൂന്നോ വയസ്സ് മൂത്തതാണെങ്കിലും എന്റെ കൂട്ടുകാരനായിരുന്നു അവൻ.   എന്തിനും ഏതിനും സത്യൻ തയ്യാറായിരുന്നു.   സത്യനോട് ചോദിക്കാനും, പറയാനും, കുട്ടികൾ പോയിട്ട്,  ടീച്ചർമാരും, മാഷുമാരും വരെ പോയിരുന്നില്ല.

ആയിടക്കൊരു ദിവസമാണത് സംഭവിച്ചത്.   ഇന്റർവെൽ സമയത്തോ മറ്റോ, ഞാൻ അഞ്ച് പൈസക്ക് മിട്ടായി വാങ്ങാൻ സുകുമാരന്റെ കടയിൽ ചെന്നപ്പോൾ സത്യനുമവിടെയെത്തി.  മിട്ടായി വാങ്ങി കഴിക്കുന്നതിന്നിടയിൽ, സത്യൻ ഞാത്തിയിട്ടിരുന്ന പഴക്കുല പിടിച്ചൊന്നു കുലുക്കി.  പഴുത്ത് നിൽക്കുന്ന കുലയിൽ നിന്നും അഞ്ചെട്ട് പഴങ്ങൾ  ഉരിഞ്ഞ് താഴെ വീണു.  എന്തടാ സത്യാ നീ ചെയ്തേന്ന് സുകുമാരൻ ചോദിച്ചപ്പോൾ, എനിക്കിഷ്ടമുള്ളത് ചെയ്യും, താനാരാ ചോദിക്കാൻ എന്ന് പറഞ്ഞ് സത്യൻ നേരെ സ്കൂളിലേക്ക് പോയി.  പാവം സുകുമാരൻ!  മെല്ലെ ഇരുന്ന് പഴമെല്ലാം പെറുക്കി ഉപ്പുസോഡയുണ്ടാക്കുന്ന മേശമേൽ വച്ചു.  ഉരിഞ്ഞ് വീണത് കാരണം പഴത്തിന്റെ അഗ്രഭാഗത്തെല്ലാം മണ്ണ് പുരണ്ടിരുന്നു.  വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴാണു അത് സംഭവിച്ചത്, സത്യന്റെ അച്ചൻ കറുപ്പൻ വന്ന് സത്യന്റെ കോളറിൽ പിടിക്കുന്നു, പിന്നെ നേരെ സുകുമാരന്റെ കടയിലേക്ക് നടക്കുന്നു.  ആകാംക്ഷ അടക്കാൻ വയ്യാതെ, ഞങ്ങൾ ഒപ്പം.  കടയിലെത്തിയതും, കറപ്പൻ, സത്യന്റെ പെരടിക്കൊരടി, എന്നിട്ടൊരു കൽപ്പന, കുലുക്കടാ പഴക്കുല! അടികിട്ടിയ വേദനയിൽ സത്യൻ പഴക്കുലയിൽ പിടിച്ച് അച്ചന്റെ മുഖത്തേക്ക് ദയനീയമായി സത്യൻ നോക്കുന്നു. അടുത്ത് അടി കരണകുറ്റിക്ക്. കുലുക്കടാ...സത്യൻ കുല കുലുക്കുന്നു, പഴം പൊഴിയുന്നു.  പറക്കടാ പഴം. സത്യൻ പഴം പെറുക്കുന്നു. കഴിക്കടാ.  മൂന്ന്, നാലു, അഞ്ച്, ആറു, സത്യനു പഴം കഴിക്കാൻ പറ്റുന്നില്ല.  വായിൽ പഴം നിറഞ്ഞ് ഹനുമാന്റെ പോലെ മുഖമായി.  ദേ വീണ്ടും അടി പെരടിക്ക്.

കുലുക്കടാ സത്യാ കുല. 

അച്ഛാ, ഇനി എനിക്ക് പഴം വേണ്ട  അച്ഛാ.

പറ്റില്ലട ചാന്തങ്കുട്ടീ, കരിഞ്ചാത്താ, നീ കുലുക്കടാ പഴക്കുല!

സത്യൻ വീണ്ടും പഴക്കുല മെല്ലെ കുലുക്കുന്നു..രണ്ട് മൂന്ന് പഴം  താഴെ വീഴുന്നു. 

ഉറക്കെ കുലുക്കടാ...സത്യൻ മടിച്ച് നിൽക്കുന്നു.  വീണ്ടും കരണകുറ്റിക്കടി.. കുലുക്കടാ....ഹിസ്റ്റീരിയ ബാധിച്ചത് പോലെ സത്യൻ പഴക്കുല കുലുക്കുന്നു..പഴങ്ങൾ കൊഴിഞ്ഞ് വീഴുന്നു...പെറുക്കടാ..സത്യൻ വീണ്ടും പഴം പെറുക്കുന്നു..കഴിക്കടാ...കരച്ചിൽ തുടങ്ങിയ സത്യൻ അച്ഛനോട് മാപ്പിരക്കുന്നു,  ഇനി അടിക്കല്ലേയെന്ന് പറയുന്നു...എന്നോടല്ലടാ, അധ്വാനിക്കുന്ന, ഈ സുകുമാരേട്ടനോട് മാപ്പ് പറയടായെന്ന് പറഞ്ഞ് സത്യന്റെ പെരടിക്ക് വീണ്ടും അടി കറുപ്പൻ വക.

വേണ്ട  കറുപ്പാ, പിള്ളാരല്ലേന്ന് സുകുമാരൻ പറഞ്ഞപ്പോഴേക്കും, അടുത്ത അടി സത്യന്റെ ചെകിടത്ത് വീണു കഴിഞ്ഞിരുന്നു.

സത്യൻ, സുകുമാരേട്ടനോട് ഇനി ഞാൻ പഴക്കുല കുലുക്കില്ല സത്യായിട്ടും സുകുമാരേട്ടാ എന്ന് പറഞ്ഞതും, കറുപ്പന്റെ വക അടുത്ത അടി സത്യന്റെ കരണത്ത്, പിന്നെ പിടിച്ച് ഒരു തള്ളും. സത്യൻ മുന്നിലേക്ക് മുഖമടിച്ച് കമിഴ്ന്ന് വീണു.  മടിയിൽ നിന്നും കാശെടുത്ത് സുകുമാരന്റെ പഴത്തിന്റെ കണക്ക് തീർത്ത് കറപ്പൻ സത്യനേയും കൊണ്ട് പോയി.

പിന്നീട് സത്യൻ സ്കൂളിൽ വന്നിട്ടില്ല. അന്നവസാനിച്ചതാണവന്റെ വിദ്യാഭ്യാസം!

ഒന്നിന്റേയും, രണ്ടിന്റേയും, മൂന്നിന്റേയും, നാണയതുട്ടുകൾ ഓർമ്മയിലുണ്ട്.   അഞ്ചിന്റേയും, പത്തിന്റേയും ഇരുപതിന്റേയും നാണയതുട്ടുകൾ സ്വന്തമായി വിനിമയം ചെയ്തതും ഓർമ്മയിൽ തെളിഞ്ഞ് നിൽപ്പുണ്ട്. അതോടൊപ്പം തന്നെ ഇരുപത് പൈസയുടെ ചെമ്പിന്റെ നാണയതുട്ടും.  ഇരുപതു പൈസയുടെ ചെമ്പിന്റെ നാണയം കൊണ്ട് മോതിരമുണ്ടാക്കി അണിഞ്ഞിരുന്ന ചില ചങ്ങാതിമാരുമുണ്ടായിരുന്നെനിക്ക്.

തിരുവോണക്കാലത്ത് കുമ്മാട്ടി കെട്ടുന്നതും, ഞങ്ങളുടെ തന്നെ ഇടവഴിയിലുള്ള എല്ലാ വീടുകളിലും പോയി കളിക്കുന്നതുമന്നൊക്കെ അന്നൊക്കെ പതിവായിരുന്നു.  ഇന്നത്തെ പോലെ അത് എന്റെ വീട്, ഇത് നിന്റെ വീടെന്നുമുള്ള വിവേചനമൊന്നും അന്നധികം ഉണ്ടായിരുന്നില്ല.  എല്ലാ പിള്ളേരും എല്ലാ വീട്ടിലേയുമാണു.    ഏതു വീട്ടിലും എപ്പോഴും കയറാം, വെള്ളം കുടിക്കാം, പുളിയോ, മാങ്ങയോ പറിക്കാം,  കയറി ചെല്ലുന്ന സമയത്തിനന്നുസരിച്ച്, ചായയോ, കാപ്പിയോ, ഇഡ്ഡലിയോ, ദോശയോ, ചക്കയോ, മാങ്ങയോ എന്താണവിടെ ഉള്ളതെന്നു വച്ചാൽ അതിലൊരു പങ്ക് കയറി ചെല്ലുന്നവനുമുണ്ട്. കഴിക്കാം. കിടക്കാം, ഉറങ്ങാം.   കാരണം എല്ലാവീട്ടുകാരും ഒന്നായിരുന്നു. 

പലയമ്മ പെറ്റവരൊറ്റവീട്ടിൽ!

ഉച്ചക്കൂണു കഴിഞ്ഞാൽ ഞങ്ങൾ പിള്ളേർ സംഘം കർത്താങ്കട പാടത്തോ, തെക്കേലെ ഗൗരിക്കുട്ട്യേച്ചിയുടെ വീട്ടിലെ വിശാലമായ പറമ്പിലോ പോയാണു കുമ്മാട്ടി കെട്ടുന്നത്.  ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനൊക്കെ അന്ന് പൊടിപിള്ളാർ.  മൂന്നിലോ, നാലിലോ പഠിക്കുന്നവർ... എട്ടിലും, ഒമ്പതിലുമൊക്കെ പഠിക്കുന്ന ആദികുറുമാനും,  പോലീസ് ജയനും, ഷാരത്തെ കണ്ണനും, നന്ദനനും, ഹരിയും, പ്രസാദനും, വിജയനും, അങ്ങിനെ പ്രായത്തിൽ മൂത്തവരുടെയൊരു നിര തന്നെയാണു എല്ലാത്തിനും മുൻപിൽ.  കുമ്മാട്ടി കെട്ടുന്നത്, ഇരുമ്പൻപുളിയുടെ ഇലകളും, ഉണങ്ങിയ വാഴയിലകളുമൊക്കെകൊണ്ടാണു.   ശരീരം മൊത്തം കഴുത്തു മുതൽ കാൽ വരെ ഇലകളും, വാഴയിലയുമൊക്കെ വച്ച് ഒരു കുട്ടിയുടെ ശരീരത്തിൽ വാഴനാരുപയോഗിച്ച് കെട്ടും.  മുഖത്ത് ഷേപ്പിൽ വെട്ടിയെടുത്ത കവുങ്ങിൻ പാളകൊണ്ടുള്ള മാസ്കും.  കയ്യിൽ ഒരു വടിയിൽ കടിത്തുമ്പയുടെ ഇലകൾ കൂട്ടി ചേർത്ത് കെട്ടി അതും കുമ്മാട്ടി കയ്യിൽ പിടിക്കും.  കാരണം, ആരാണു കുമ്മാട്ടി എന്നറിയാനുള്ള ജിഞ്ജാസയിൽ എല്ലാ വീട്ടിലേയും, അമ്മമാരും, ചേച്ചിമാരുമൊക്കെ മുഖം മൂടി വലിച്ച് മാറ്റാൻ ശ്രമിക്കും. അപ്പോൾ കയ്യിലിരിക്കുന്ന കടിതുമ്പകെട്ടിയിട്ടുള്ള വടി വച്ചവരെ തടയും.  കടിതുമ്പയുടെ ചൊറിച്ചിലിലും നല്ലത് കുമ്മാട്ടികെട്ടിയിരിക്കുന്നതാരാന്നറിയാതിരിക്കുന്നതാണെന്ന് എല്ലാവരും തീരുമാനിക്കുകയും ചെയ്യും.

കൈകൊട്ടി കുമ്മാട്ടിയെ അനുഗമിച്ച് പാട്ടേറ്റു പാടാൻ ഞങ്ങൾ ജൂനിയേഴ്സ്.. ഞാൻ, ഗോപൻ, ശശി, ഷാരത്തെ ജയകൃഷ്ണൻ (ദില്ലിയിൽ വച്ചൊരിക്കൽ 1990 കളിൽ യേശുദാസിന്റെ ഗാനമേളയുമായി ബന്ധപെട്ടുണ്ടായ കശപിശക്ക് ശേഷം അപ്രത്യക്ഷനായതാണവൻ എന്റെ ഒന്നു മുതൽ അഞ്ചാം ക്ലാസുവരെ ക്ലാസ് മേറ്റായിരുന്നവൻ.....ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്നു പോലും ഇന്നുമറിയില്ല, അവന്റെ ചേട്ടൻ കണ്ണൻ കാനഡയിൽ സെറ്റിൽഡാണു വർഷങ്ങളായിട്ട് -  ഇന്നും അനുജൻ വരുമെന്നോർത്ത് കാത്തിരിക്കുന്നുണ്ട്.  ഇടക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമിടുന്നുണ്ടായിരുന്നു കഴിഞ്ഞ കുറേയേറെ വർഷങ്ങൾ വരെ)

ചില പാട്ടുകളുടെ വരികളെനിക്കിപ്പോഴും ഓർമ്മയുണ്ട്.

അഞ്ഞൻ നായരു കുഞ്ഞൻ നായരു മഞ്ഞകാട്ടിൽ പോയാലോ,
മഞ്ഞക്കാട്ടിൽ പോയാൽ പിന്നെ മഞ്ഞക്കിളിയെ പിടിക്കാലോ,
മഞ്ഞക്കിളിയെ പിടിച്ചാൽ പിന്നെ പപ്പും തോലും പറിക്കാലോ,
പപ്പും തോലും പറിച്ചാൽ പിന്നെ ഉപ്പും മുളകും പുരട്ടാലോ,
ഉപ്പും മുളകും പുരട്ടിയാൽ പിന്നെ
ചട്ടിലിട്ടു വറക്കാലോ,
ചട്ടീലിട്ടു വറത്താൽ പിന്നെ
കള്ളും കൂട്ടി അടിക്കാലോ.

ആറാപ്പേ, ഹോയ്, ഹോയ്, ഹോയ്.

പഴോം പപ്പടൊം തന്നില്ലെങ്കിൽ പടിക്കൽ തൂറും കുമ്മാട്ടി.

എല്ലാ വീട്ടിന്നും  ഇരുപത്തഞ്ച്, അമ്പത് പൈസകൾ,  ഒരു രൂപ, ചിലപ്പോൾ രണ്ട് രൂപയും കിട്ടാറുണ്ട്.  പിന്നെ ചാക്ക് നിറയെ, പഴവും, കായ വറുത്തതും, ശർക്കര വരട്ടിയും.  കൂടി വന്നാൽ  പത്തോ, പതിനഞ്ചോ രൂപ കാണും.    പൈസയെല്ലാം പങ്കിട്ട് മുതിർന്നവർ എടുക്കും.  വറവുകളെല്ലാം ഞങ്ങൾ ജൂനിയേഴ്സിനാണു.  വീട്ടിൽ ഇഷ്ടം പോലെ ഉണ്ടെങ്കിലും, കളിച്ച് കിട്ടിയ വറവുകൾ ട്രൗസറിന്റെ രണ്ട് പോക്കറ്റിലും നിറച്ചിട്ട് കൊറിച്ച് കൊണ്ട് നടക്കുന്നതിന്റെ രസമൊന്ന് വേറെ തന്നെ.

ഓണത്തിരക്കൊക്കെ കഴിഞ്ഞ് ഗ്രാമം പതിയെ സാധാരണ നിലയിലേക്ക് മടങ്ങും. 

കന്നി മാസം വരുകയായി

ഭാഗം  രണ്ട്  - പോത്തോട്ടോണം (ചരിത്രം‌)

കന്നിമാസത്തിലെ തിരുവോണത്തിന് പോത്തുകളെ ആരാധനാ പൂര്‍വ്വം കെട്ടിയെഴുന്നള്ളിച്ച് വിവിധ ദേശക്കാര്‍ പോത്തോട്ടക്കല്ലിന് ചുറ്റും വലംവച്ചോടുന്ന ചടങ്ങുണ്ട്. ഈ സമയത്ത് മഹാശിലായുഗകാലത്തെ ശേഷിപ്പുകളായ നാട്ടുകല്ലുകള്‍ക്ക് സമാനമായ കല്ലിനു മുകളില്‍ കയറിനിന്ന് ഈ ചടങ്ങിന് നായകസ്ഥാനം വഹിക്കുന്നത് പുലയസമുദായക്കാരനായ വള്ളോനാണ്. അധികാരചിഹ്നങ്ങളായ കുടയും വടിയുമായാണ് നെല്‍ക്കതിരിനു മുകളില്‍ വള്ളോന്റെ നില്‍പ്പ്. ആ കാര്‍ഷികോത്സവം സൂചിപ്പിക്കുന്നത് പഴയ ബൗദ്ധരുടെ ഭൂമിയിലുള്ള അധികാരവും സാമൂഹ്യപദവിയുമാണ്. വിത്തും വിളവും കൈമാറുന്ന ഈ ചടങ്ങില്‍ നായര്‍ സമുദായങ്ങള്‍ക്കു വരെ പങ്കാളിത്തമുണ്ട്. പറയ സമുദായക്കാരാണ് പൗരോഹിത്യം വഹിക്കുക. പ്ലാവില കൊണ്ട് പോത്തിന്റെ രൂപമുണ്ടാക്കി ഓണത്തപ്പനെ വച്ച് തൊഴുത്തിലും മുറ്റത്തും ഓണംകൊള്ളുന്ന ചടങ്ങ് പോത്തോട്ടോണത്തിന്റെ സവിശേഷതയാണ്. ചാത്തന്റെ വാഹനം പോത്താണ്. പോത്ത് കേരളത്തിലെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ഒരു മൃഗമാണ്. ചാത്തന്‍ എന്ന പേര് ഇവിടത്തെ കാര്‍ഷികവൃത്തി നടത്തുന്ന സമുദായങ്ങളിലിന്നും സജീവമായി നിലനില്‍ക്കുന്നു (കടപ്പാട് - എം ആർ രാജിക - http://utharakalam.com/2015/08/19/13395.html)

പോത്തോട്ടോണം  - ഇനി കഥയിലേക്ക്

പോത്തോട്ടോണത്തിൽ പങ്കെടുക്കുന്ന പോത്തിനെ ഊരു ചുറ്റിക്കുക എന്നൊരു ചടങ്ങുണ്ട്. 

പങ്കെടുക്കുന്ന പോത്തുകളെ രാവിലെ കാവിൽ കൊണ്ട് വന്ന് തൊഴുത്, കഴുത്തിൽ മാല ചാർത്തി പിന്നെ ഊരു ചുറ്റിച്ച് വീടുകളിലേക്ക് മടക്കം! 
ഊരു ചുറ്റിക്കാൻ വന്ന പോത്തുകളിലൊന്നിനെ പിടിച്ചിരുന്നവരിലൊരുവൻ സത്യൻ..അന്ന് പഴക്കുല കുലുക്കൽ കേസ് കഴിഞ്ഞവനെ പിന്നീട് കാണുന്നതന്നാണു.     മറ്റൊരു പോത്തിനെ പിടിച്ചിരിക്കുന്നതിൽ ഒരുവൻ മുരളി!  അതെ, എന്റെ ക്ലാസിൽ പഠിക്കുന്ന മുരളി.

ഊരു ചുറ്റിനുശേഷം അവനവന്റെ കുടിയിലേക്ക് കൊണ്ട് പോകുന്ന പോത്തിനു,  കാടിയിൽ നിറയെ ചാരായവും, കറുപ്പും കലക്കി  കുടിപ്പിച്ച് ഫുൾ ഫിറ്റായാണു പോത്തുകൾ അന്നത്തെ ദിവസം ഉച്ചക്ക് ഒരു മൂന്ന് മണിയോടെ പോത്തോട്ടോണ തറയിൽ വരുന്നതും,  നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതും. 

ഞങ്ങൾ ഇടവഴിയിലുള്ളവരെല്ലാം ചേർന്നാണു കാറളം സെന്റർ കഴിഞ്ഞ് പിന്നേയും  ഒരു കിലോമീറ്ററോളം മാറിയുള്ള പോത്തോട്ടോണ തറയിലേക്ക് പോകുന്നത്.  കുട്ടികളുടെ കൈ പിടിച്ച് അമ്മമാരും, ചേച്ചിമാരും, അച്ഛന്മാരും, അമ്മാവന്മാരുമൊക്കെ കൂടെയുണ്ടാകും.  നമ്മുടെ  ഇടവഴിയിലെ  ടീമിൽ തന്നെ അടിക്കുന്ന കാരണവന്മാരൊക്കെ അടിച്ച് കിണ്ടിയായി അന്ന് പോത്തിനെ മൂച്ചേറ്റുവാൻ മുൻ നിരയിൽ പോയി നിൽക്കും (ബാർസലോണയിലെ കാളപ്പോരിനെപ്പോലൊരു സംഭവമാണിതും എന്നെനിക്ക് മനസ്സിലായത് വർഷങ്ങൾ കഴിഞ്ഞാണു)

പോത്തോട്ടോണ പറമ്പിനു ചുറ്റും ഞങ്ങൾ ആകാംഷയോടെ നിൽക്കുന്നു.

അതാ, വലിയ നാട്ടുകല്ലിനു മുകളിൽ കുടയും വടിയും, കഴുത്തിലൊരു ജമന്തിമാലയുമണിഞ്ഞ് കറപ്പൻ!

ചെണ്ടമേളങ്ങൾ മുറുകുകയായി. ചെണ്ടമേളത്തിനൊരു പ്രത്യേക താളമുണ്ട്.

ടണ്ടുമുണ്ടും ടണ്ടും, ടങ്കിടമുണ്ടും ടണ്ടും, ടണ്ടും, ടണ്ടും, ടണ്ടും ഡും. ഇതാണു താളം.  ഒപ്പം കുഴലുമുണ്ട്.. രൗദ്രതാളത്തിൽ തന്നെ.

പോത്തുകൾ ഓരോന്നായി വരവായി.  ഓരോ പോത്തിനേയും കൊണ്ട് വരുന്നത് മൂന്നും നാലും അഞ്ചും ആളുകൾ ചേർന്നാണു.

ആദ്യത്തെ പോത്ത് വന്നു, രണ്ടും മൂന്നും, നാലും അഞ്ചും പോത്തുകൾ വന്നു.

കറുപ്പൻ തന്റെ ചിഹ്നമായ വടിയുയർത്തുന്നു.. കൈ പുറകിലേക്ക് കാണിക്കുമ്പോൾ സത്യൻ പൂക്കൾ കൈകളിലേക്ക് നൽകുന്നു. 

ചാത്തന്റെരിപ്പിടം പോയി വാ മക്കളേ......ചാത്തൻ പൂക്കൾ പറമ്പിലേക്കെറിയുന്നു..

പോത്തുകളും, പോത്തിനെ പിടിച്ച ആളുകളും പായുന്നു, കല്ലിനു ചുറ്റും വലം വക്കുന്നു....ആദ്യത്തെ ചുറ്റ് അല്പം പതുക്കെ, പിന്നത്തേത്, അല്പം വേഗതയിൽ, പിന്നെ വേഗത നിയന്ത്രണാതീതം....

പോത്തുകൾ   സർവ്വ ബലവും സംഭരിച്ചോടുന്നു...കാണികളുടെ ഇരമ്പൽ ഉയരുന്നു...

പോത്തുകൾ പായുന്നു....

ആളുകൾ ചിതറുന്നു നാനാ ദിശകളിലേക്കുമായി,

ദൂരേക്ക് ദൂരേക്ക് ദൂരേക്ക്...

പോത്തുകൾ  പിന്നേയും പായുന്നു... താളമേളങ്ങൾ കൊഴുക്കുന്നു.

ടണ്ടുമുണ്ടും ടണ്ടും, ടങ്കിടമുണ്ടും ടണ്ടും, ടണ്ടും, ടണ്ടും, ടണ്ടും ഡും!

Wednesday, July 15, 2020

വസൂരിമാല ദി ജൂനിയർ

ആയിരത്തി തൊള്ളായിരത്തി എൺപത്തേഴിലാണു സംഭവം നടക്കുന്നത്. ഞാൻ അന്ന് പത്താം ക്ലാസിൽ പഠിക്കുന്നു. സോറി, പത്താം ക്ലാസിൽ പോകുന്നു. എന്തോകൊണ്ടോയെന്തോ, ആയിരത്തി തൊള്ളായിരത്തി എൺപത്തിയേഴിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന പിള്ളാരുടെ ബ്യാച്ചിനപ്പം നെഗളിപ്പൽപ്പം കൂടുതലാണെന്നും, ഒരെല്ല് ഊരിയാൽ ചിലപ്പോൾ ശരിയായേക്കാമെന്നും തലയണമന്ത്രം ചൊല്ലിയത് കേട്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഒരെല്ലങ്ങട് ഊരി പീപ്പി വിളിച്ചു. ദേ കിടക്കണു SSLC ആകേണ്ട ഞങ്ങൾ എല്ലില്ലാത്ത വെറും SSC ക്കാരായി. ഒരെല്ലൂരിയത് കൊണ്ട് പ്രതികാര നടപടികൾ അവിടേം അവസാനിച്ചില്ല. പുസ്തകത്തിന്റെ വലുപ്പത്തിലും കാര്യമായ വിത്യാസം കൊണ്ടു വന്നു. പൂമ്പാറ്റ, ബാലരമ, അമർചിത്രകഥ എന്നീ പുസ്തകങ്ങളെ മാത്രം ഉള്ളിൽ വഹിക്കാൻ കെൽപ്പുണ്ടായിരുന്നയത്ര ചെറിയ പുസ്തകങ്ങളായിരുന്നത്, അത്യാവശ്യം "മ" വാരികകളേയും, മറ്റു ഇക്കിളി മാസികകളേയും ഉള്ളിലൊളിപ്പിക്കാൻ തക്ക പ്രാപ്തിയുള്ള വലുപ്പമേറിയ ജംബോ സൈസ് പുസ്തകങ്ങളായി മാറി. അവിടേയും പ്രതികാരം അവസാനിച്ചില്ല. മൊത്തം മാർക്ക് അറുന്നൂറെന്നുള്ളത്, അക്കൊല്ലം മാത്രം ആയിരത്തി ഇരുന്നൂറുമാക്കി. ചുരുക്കം പറഞ്ഞാൽ മൊത്തത്തിൽ ഗിനിപന്നി കുട്ടികളാകാൻ വിധിക്കപെട്ട ജന്മമായിരുന്നു ഞങ്ങൾ 1987 ബ്യാച്ചിന്റേത്. മൊത്തം മാർക്ക് ആയിരത്തിയിരുന്നൂറിലാക്കിയത് മാത്രമാണു ഞങ്ങടെ ബ്യാച്ചിനു, ഭാവിയിൽ പേരിനെങ്കിൽ പോലും അല്പമെങ്കിലും ഗുണകരമായിട്ടുള്ളത്. കാരണമെന്തെന്നാൽ, ഇന്നും പത്തിൽ എത്ര മാർക്കുണ്ടായിരുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ , പണ്ട് ദ്രോണരോട്, അശ്വാത്ഥാമാവ് എന്നു ഉറക്കെ പറഞ്ഞതിനു ശേഷം എന്ന ആന എന്ന് വാക്ക് പതുക്കെ പറഞ്ഞ് പിന്നെ മരിച്ചു എന്ന് ഉറക്കെ പറയുന്നത് പോലെ 532 എന്നുറക്കെ പറയുകയും 1200 ഇൽ എന്ന വാക്ക് പതുക്കെ പറയുകയും ചെയ്യുമ്പോൾ ആളുകൾ ഞാനൊരു വിദ്യാബാലനായിരുന്നല്ലോ എന്നൊക്കെ ചിന്തിക്കുന്നത് കാണുമ്പോഴുള്ള ഒരു രസം. അതിപ്പോഴും ഇടക്കിടക്ക് തരാവാറുണ്ട് താനും! പഠനകാര്യത്തിൽ ഞാൻ എന്നും മുൻപിൽ തന്നെയായിരുന്നു. പഠിക്ക്യാന്ന് വച്ചാൽ ഇങ്ങനേം ഒരു പഠിപ്പുണ്ടോ എന്റെ ശിവനേന്ന് തോന്നിക്കുമാറു രീതിയിലുള്ള പഠിത്തം. കാരണം പഠിക്കുന്ന സമയത്ത് പാഠ പുസ്തകത്തിന്റെ ഉള്ളിലുണ്ടായിരുന്നതൊക്കെയും കഥാ സ്തകങ്ങളും, ഇരിങ്ങാലക്കുട ,മഹാത്മാ ഗാന്ധി ലൈബ്രറിയിൽ നിന്നെറ്റുക്കുന്ന നോവലുകളും മറ്റുമായിരുന്നു. ആദ്യമൊക്കെ മൊത്തം ഉഴപ്പായിരുന്നെങ്കിലും, അരക്കൊല്ല പരീക്ഷയോടനുബന്ധിച്ച്, അച്ഛൻ കുറുമാൻ ഗൾഫിൽ നിന്നും ലാൻഡ് ചെയ്ത കാരണം പഠനത്തിലുള്ള ഏകാഗ്രതയില്ലായ്മ അല്പം കുറക്കേണ്ടതായി വന്നു. അതിന്റെ പരിണിതഫലമായി അരക്കൊല്ലപ്പരീക്ഷക്ക് കോപ്പിയടിക്കാൻ തീരുമാനിക്കുകയും, ആദി-മധ്യകുറുമാന്മാരുടെ പാരോവസരോചിതമായ (അവസരത്തിനൊത്ത് പാര വയ്ക്കുന്ന) ഇടപെടലുകളുടെ ഫലത്താൽ, പാഞ്ചാലീ വസ്ത്രാക്ഷേപം പോലെ, അച്ഛൻ കുറുമാൻ, പരീക്ഷക്ക് ഉടുത്തൊരൊങ്ങി പോകുകയായിരുന്ന എന്റെ മുണ്ടിന്റെ തലപിടിച്ച് വലിച്ചപ്പോൾ, മുണ്ടിനു ചുറ്റും തിരുകി വച്ചിരുക്കുന്ന തുണ്ട് കടലാസുകൾ മാമ്പഴം കൊഴിയുന്നതു പോലെ താഴെ വീണു ചിന്നി ചിതറുകയും, കൃഷ്ണാ, കൃഷ്ണാ എന്ന് പാഞ്ചാലി വിളിച്ചത് പോലെ വിളിക്കാനാകാതെ ഞാൻ തൊഴുകൈയ്യുമായി നിന്നതും ചരിത്രം! (https://www.facebook.com/ragesh.kurman/posts/10158640909891042)! അരക്കൊല്ല പരീക്ഷക്കടുപ്പിച്ച് ഗൾഫിൽ നിന്നും വന്ന അച്ഛൻ കുറുമാൻ, മുക്കാൽ കൊല്ല പരീക്ഷ കഴിഞ്ഞിട്ടും തിരികെ പോകുന്ന ലക്ഷണം കാണുന്നില്ല! സാധാരണയായി, നാട്ടിൽ വന്നാൽ, രണ്ട് മൂന്ന് മാസം നിന്ന് തിരികെ പോകുന്നതാണു പതിവു! ഇതിപ്പോ എന്താണോ എന്തോ? എന്റെ ഗ്രഹനില മോശമായിരിക്കാനേ വഴിയുള്ളൂ എന്ന് കരുതി സ്വയം തോളിൽ തട്ടി ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചിരുന്നു ഇടക്കിടെ. അച്ഛൻ എന്നാ ഇനി തിരികെ പോകുന്നത് എന്ന്, അച്ഛനോട് ചോദിക്കാൻ പറ്റാത്ത കാരണം അമ്മയോടൊന്ന് ചോദിച്ചു മനസ്സിലാക്കാമെന്ന് കരുതി, ഗ്യാപ്പ് നോക്കി, പാക്കിസ്ഥാൻ പട്ടാളക്കാരനോടെന്ന പോലെ എന്നോട് പെരുമാറുന്ന ആദി-മധ്യന്മാർ അടുത്തൊന്നുമില്ല എന്നുറപ്പ് വരുത്തി വെറുതെ ഒന്ന് ചോദിച്ചു, അമ്മേ, അച്ഛൻ വന്നിട്ട് മൂന്നാലു മാസമായല്ലോ! എന്നാണമ്മേ ഇനി അച്ഛൻ മടങ്ങി ഗൾഫിൽ പോകുന്നത്? എന്തടാ, നിനക്കെന്നെ പറഞ്ഞയക്കാണ്ട് ഇത്ര ബുദ്ധിമുട്ട്? ഹെയ്, അമ്മക്കെന്താ പെട്ടെന്നിങ്ങനെ അച്ഛന്റെ സൗണ്ടെന്ന് കരുതി തലയൊക്കെ വെട്ടിച്ച് നോക്കിയപ്പോ, അമ്മയുടെ തൊട്ട് പുറകിൽ അച്ഛൻ! അല്ല, അച്ഛൻ കൂടൽമാണിക്യം ഉത്സവത്തിനുണ്ടാവുമോന്നറിയാൻ ചോദിച്ചതാ? അതെന്താ? കൂടൽ മാണിക്യം ഉത്സവത്തിന്റെ നടത്തിപ്പുകാരൻ ഞാനാ? ഇടഞ്ഞ കൊമ്പന്റെ കണ്ണിൽ തോട്ടിയിട്ട് കുത്തണ സ്വഭാവം പണ്ടേ എനിക്കിഷ്ടമല്ലാത്ത കാരണത്താൽ, അയ്യോ, തെങ്ങിനു വെള്ളം തുറന്ന് വിട്ടത് നിറഞ്ഞ് കാണുമെന്ന് പറഞ്ഞ്, സ്ഥലത്തു നിന്നും സ്പോട്ടിൽ സ്കൂട്ടായി, കൈക്കോട്ടുമെടുത്ത് ഞാൻ പറമ്പിലേക്കിറങ്ങി. ശനിയാഴ്ചയോ, ഞായറാഴ്ചയോ മറ്റോ പഠിക്കുന്നത് പോലെ പുസ്തകവും മടിയിൽ വച്ച് മനോരാജ്യത്തിൽ മുഴുകിയിരിക്കുന്നതിന്നിടയിലായിരിക്കും, ഡാ, ആ മുളകും തയ്യ്, അല്ലെങ്കിൽ കൈപ്പയോ, പടവലത്തൈയ്യോ, വാടുന്നു. അതിനിത്തിരി വെള്ളമൊഴിച്ചേന്ന് അമ്മ, മധ്യകുറുമാനോടോ, ആദികുറുമാനോടോ ചിലപ്പോൾ എന്നോടുമായോ പറയേണ്ട താമസം. ഞാൻ കിണറ്റിൽ നിന്നും വീട്ടാവശ്യത്തിനും, പറമ്പ് തനക്കാനും വെള്ളമടിക്കുന്ന മോട്ടോർ ഓൺ ചെയ്ത് കൈക്കോട്ടുമെടുത്ത് പറമ്പിലേക്കിറങ്ങും. പിന്നെ മുളക്, കൈപ്പക്ക, വെണ്ട, പീച്ചിങ്ങ, പടവലം, ചീര, എന്നൊന്നുമില്ല, കിണറു വറ്റി, മോട്ടോറിൽ എയർ വലിക്കുന്നത് വരെ, ഞാൻ പറമ്പ് നനക്കലോട് നനക്കലാണു. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, വാഴ, ആഞ്ഞിലി, കശുമാവ്, കുടമ്പുളി, പേര, എന്നു വേണ്ട തെങ്ങിന്റെ തലക്ക് വല്ലതുമുണ്ടോന്ന് പോലും നോക്കാതെ, തല കരിഞ്ഞ ചമ്പതെങ്ങിന്റെ കടക്കൽ വരെ വെള്ളം തിരിച്ചു വിടും. അത്രക്കും ആത്മാർത്ഥതയാണു. ചിലസമയത്തൊക്കെ അച്ഛനെ വന്ന് തലക്ക് മേടുമ്പോഴാണു, ചമ്പതെങ്ങിനെ തലക്കിലേക്കാണു വെള്ളം തിരിച്ച് വിട്ട് മനോരാജ്യത്തിൽ മുഴുകുന്നതെന്നറിയുക! പഠിക്കാനൊഴിച്ച് മറ്റെന്ത് പണി പറഞ്ഞാലും, ഇത്രയും ആത്മാർത്ഥതയോടെ പണിചെയ്യുന്ന ചെറുക്കൻ, നമ്മുടേ നാലയൽപ്പക്കത്ത് പോയിട്ട് നാട്ടിൽ തന്നെയുണ്ടാവില്ല, ഈ ശുഷ്കാന്തി പഠിത്തത്തിൽ കാണിച്ചിരുന്നെങ്കിലോ എന്ന് അച്ഛനും അമ്മയും നാഴികക്ക് നാല്പത് തവണ ഞാൻ കേൾക്കെ പറഞ്ഞ്, പറഞ്ഞ്, പഠിത്തത്തോടുള്ള എന്റെ താത്പര്യം വർദ്ധിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത്തരം സൈക്കോളജിക്കൽ മൂവ്മെന്റിനൊന്നും യാതൊരു ചലനങ്ങളും എന്റെ ദൃഡമനസ്സിൽ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ബോർഡ് എക്സാം നടക്കുന്നത് മാർച്ച് മാസത്തിലാണെങ്കിലും, ഫെബ്രുവരി മുതൽ ക്ലാസുകൾ എല്ലാം കഴിഞ്ഞ് പത്താം ക്ലാസ്സ്കാർക്ക് സ്കൂൾ അവധിയായിരിക്കും. സ്റ്റഡി ലീവെന്നാണു പേരു. ആദി കുറുമാനാണേൽ അന്ന്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പഠിത്തവും കഴിഞ്ഞ്, ആലുവ യു സി കോളേജിലും, മധ്യകുറുമാൻ ക്രൈസ്റ്റ് കോളേജിലും പഠിക്കുകയുമാണു. ഞാൻ നാഷണൽ ഹൈസ്കൂളിൽ പഠിക്കുന്ന കേവലമൊരു ബാലൻ! ജനുവരി മാസം മുതലാണെങ്കിൽ നാടൊട്ട് ഉത്സവങ്ങളുടെ പ്രളയമാണു. പത്തിലായിരുന്നത് കാരണവും, അച്ഛൻ കുറുമാൻ വീട്ടിലുള്ളത് കാരണവും, അക്കൊല്ലത്തെ ഉത്സവ ചിന്തകളൊക്കെ ഞാൻ മുളയിലേ നുള്ളി. കിട്ടാത്ത മുന്തിരി മാത്രമല്ല പുളിക്കുന്നത്, പോകാൻ പറ്റാത്ത ഉത്സവവും ചേലില്ലാത്തതാണു. പഠിക്കാനായിട്ട് പുസ്തകമെടുത്ത് മനസ്സിനെ ഏകാഗ്രമാക്കി പുസ്തകത്തിലേക്ക് നോക്കിയിരിക്കുമ്പോഴാകും, ചുറ്റുവട്ടത്തുള്ള ഏതെങ്കിലും ഉത്സവം നടക്കുന്ന അമ്പലത്തിൽ നിന്നും കതിന വെടിയുടെ ശബ്ദമോ, മേളത്തിന്റെ ഒച്ചയോ ചെവിട്ടിലേക്കിരച്ച് വരുന്നത്. ക്ഷേത്രങ്ങൾ എത്രതന്നെ ദൂരെ ആയിക്കോട്ടെ, താളമേളങ്ങളുടെ ശബ്ദഘോഷങ്ങൾ എന്റെ കർണ്ണപുടങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തുമായിരുന്നു. ചെണ്ടപുറത്ത് കോലു വീഴുന്ന ശബ്ദം കേൾക്കുമ്പോളൊക്കെ എന്റെ മനസ്സ് പൂരപറമ്പിലേക്ക് ഇറങ്ങി പോകും. എന്നെ കൊതിപ്പിക്കാനായിട്ട്, അടുത്തെവിടെയൊക്കെ ഉത്സവമുണ്ടോ, അവിടെയൊക്കെ ആദി കുറുമാനും, മധ്യകുറുമാനും പോവുകയും ചെയ്യും. എല്ലാ പൂരങ്ങൾക്കും, ഉത്സവങ്ങൾക്കും അവർക്ക് താത്പര്യമുണ്ടായിട്ട് പോകുന്നതൊന്നുമല്ല. അമ്മേ, പോയിട്ട് വരാട്ടാ, ഇക്കൊല്ലം പൂരം കെങ്കേമമാണു, പെടയാണു, കൂറ്റൻ ആനകളാണു, മേളം അതിലേറെ കെങ്കേമമാണു, നാടകമുണ്ട്, ഗാനമേളയുണ്ട്, മിമിക്രിയുണ്ട്, ഡാൻസുണ്ട് എന്നൊക്കെ എന്റെ മുന്നിൽ നിന്ന് പറഞ്ഞ് പോവുമ്പോൾ വരട്ട് ചൊറിയിൽ മാന്തുമ്പോൾ ലഭിക്കുന്ന ഒരു സുഖം അവർക്ക്, പാക്കിസ്ഥാൻ പട്ടാളക്കാരനെ ബയണറ്റുകൊണ്ട് കുത്തുന്നത് പോലുള്ള ഒരു തരം ആത്മസുഖം! ഭാഗ്യത്തിനു, കൂടൽ മാണിക്യം അമ്പലത്തിലെ ഉത്സവം വരുന്നത് പത്താം ക്ലാസിലെ ബോർഡ് എക്സാമിനു ശേഷമാണു. ചെറുപൂരങ്ങളൊക്കെ കഴിഞ്ഞു പോയാലും, വലുതൊരെണ്ണം, അതും പത്ത് ദിവസത്തെ കെങ്കേമമായ ഉത്സവം പരീക്ഷക്കു ശേഷവും, നമുക്കായി കാത്തിരിക്കുന്നുണ്ട് എന്നത് തന്നെ വലിയൊരു ആശ്വാസമാണു, സമാധാനമാണു, സന്തോഷമാണു. എന്റെ പഠിത്തത്തിനാണെങ്കിൽ കാര്യമായ പുരോഗതിയൊന്നും തന്നെയില്ല. പരീക്ഷ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ജ്ജാതി അലർജിയാണു. പക്ഷെ അച്ഛൻ വീട്ടിലുള്ളത് കാരണം പരീക്ഷയെ നേരിട്ടേ പറ്റൂ. പരീക്ഷയെ നേരിടുന്നത് എങ്ങിനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം! പക്ഷെ റിസൽറ്റ് വരുമ്പോഴും, അച്ഛൻ വീട്ടിൽ തന്നെയാണെങ്കിൽ എന്റെ കാര്യത്തിൽ വ്യക്തമായും ഒരു തീരുമാനമാവുമെന്നുറപ്പാണു. മയിലെണ്ണ പുരട്ടിയ ചൂരൽ വളക്കുന്നത്പോലെ, അച്ഛൻ മയിലെണ്ണ പുരട്ടാതെ എന്നെ ചുരുട്ടിക്കൂട്ടും എന്നത് കട്ടായം. പറമ്പ് നനക്കുമ്പോൾ വല്ല കൊട്ടതേങ്ങ തലയിൽ വീഴുകയോ, പുറത്തിറങ്ങുമ്പോൾ വല്ല വണ്ടിയിടിക്കുകയോ, ചെയ്താലേ ദീർഘകാലത്തെ ആശുപത്രി വാസമോ, മരണമോ സംഭവിക്കുകയുള്ളൂ. അങ്ങിനെയൊക്കെ സംഭവിക്കാനുള്ള ചാൻസാണേൽ നന്നേ കുറവും. ആയതിനാൽ തന്നെ പരീക്ഷ എഴുതാതിരിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ല. എഴുതിയേ തീരൂ! പരീക്ഷക്ക് കേവലം ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേയാണു കാരുകുളങ്ങര നരസിംഹക്ഷേത്രത്തിലെ ഉത്സവം വരുന്നത്. മധ്യകുറുമാനും, ഫ്രൻസും അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസുമുണ്ട് അക്കൊല്ലം ഉത്സവത്തിനു. ആദികുറുമാനാണെങ്കിൽ ചങ്ങാതിമാരൊത്ത് ഗോവക്ക് ടൂറും പോയിരിക്കുന്നു. ആദികുറുമാനെ ടൂറിനു വിട്ടതിനാലും, കാരുകുളങ്ങര ക്ഷേത്രത്തിൽ, മധ്യകുറുമാന്റെയും സംഘത്തിന്റേയും നൃത്ത്യങ്ങളുള്ളതിനാലും, അന്ന് അമ്പലത്തിൽ പോയി രാത്രിയിലെ വിളക്കും, മധ്യന്റെ ഡാൻസും കണ്ട് കൊള്ളാൻ അമ്മയുടെ റെക്കമെൻഡേഷന്റെ പുറത്ത് അച്ഛൻ സമ്മതിച്ചു. വൈകീട്ട് അത്താഴമൊക്കെ കഴിഞ്ഞ് കുറച്ച് പോക്കറ്റു മണിയൊക്കെ സംഘടിപ്പിച്ച് ഞാനും ടീമും നേരെ വിട്ടു കാരുകുളങ്ങര ക്ഷേത്രത്തിലേക്ക്. മധ്യകുറുമാനും, ചങ്ങാതിയായ ഉല്ലാസും സംഘവും, മെയിക്കപ്പ് ആർട്ടിസ്റ്റുകളായ വർഗീസും, ജോയിയുമെല്ലാം ആദ്യം നേരിട്ട് വീട്ടിലേക്ക് വന്ന്, വൈകുന്നേരം, വളരെ നേരത്തെ തന്നെ അമ്പലത്തിലേക്ക് പോയി. നൃത്തത്തിനുള്ള വസ്ത്രാലങ്കാരങ്ങളും, മെയിക്കപ്പുമൊക്കെ ചെയ്യേണ്ടതല്ലെ. സമയമൊരുപാടെടുക്കുന്ന പണിയാണു താനും. രാത്രി എഴുന്നള്ളിപ്പൊക്കെ കണ്ട് ആനചന്തവും, മേളമൊക്കെ ആസ്വദിക്കുന്നതിന്നിടയിൽ , നൃത്ത നൃത്ത്യങ്ങൾക്കായുള്ള മധ്യന്റെയും, ടീമിന്റേം പേരുകൾ അനൗൺസ് ചെയ്തു. എങ്കിൽ അല്പം സമയം ഡാൻസ് കാണാമെന്ന് കരുതി സ്റ്റേജിന്റെ മുൻപിൽ തിക്കി തിരക്കി അല്പം സ്ഥലം ഉണ്ടാക്കി ഞങ്ങൾ ഉപവിഷ്ടരായി. നൃത്തനൃത്ത്യങ്ങൾ രണ്ട് മൂന്നെണ്ണം കഴിഞ്ഞു പോയി, മധ്യന്റെ തനിച്ചുള്ള നൃത്തവും, സംഘമായുള്ള നൃത്ത്യങ്ങളുമൊക്കെ കണ്ടു. അധികം നേരം ഡാൻസൊക്കെ കാണുക എന്നത് പണ്ടേ എനിക്കൊന്നും പറഞ്ഞിട്ടുള്ള കാര്യമല്ലാത്തതിനാൽ തിരിച്ച് വിളക്കെഴുന്നേൽപ്പിന്നിടയിലേക്ക് ഞങ്ങൾ മടങ്ങി പോയി. കുറേ നേരം കഴിഞ്ഞപ്പോൾ മധ്യന്റെ ഒരു ചങ്ങാതി വന്ന് എന്നോട് മധ്യകുറുമാൻ വിളിക്കുന്നുവെന്നും, സ്റ്റേജിന്റെ പുറകില് ഗ്രീൻ റൂമിലേക്ക് ചെല്ലുവാനും പറഞ്ഞത് പ്രകാരം, സ്റ്റേജിന്റെ പുറകിലായി കെട്ടിയുണ്ടാക്കിയ ഗ്രീൻ റൂമിലേക്ക് കയറി ചെന്നപ്പോൾ, വിഷണ്ണ വദനനായി മധ്യൻ ഒരു മൂലക്കിരുപ്പുണ്ട്. എന്താ ചേട്ടാ, നനഞ്ഞ കോഴിയെ പോലെ മൂലക്കിരിക്കുന്നത്? ഡാൻസൊക്കെ കഴിഞ്ഞോ? ഡാ, പതുക്കെ....ഒരു കാര്യം പറയാനാ വിളിപ്പിച്ചത്. എന്ത് കാര്യം? ഡാ അമ്മ! അയ്യോ, അമ്മക്കെന്ത് പറ്റി? വലിയ വായിൽ ഞാൻ അലറാൻ തുടങ്ങുന്നതിന്നും മുൻപേ അവൻ എന്നോട് വളരെ സങ്കടത്തോടെ ആ രഹസ്യം പറഞ്ഞു. അവനു ചിക്കൻ പോക്സാണെന്ന് തോന്നുന്നെന്ന്. ഡാൻസിനായി കോസ്റ്റ്യൂംധരിക്കാൻ തുടങ്ങുമ്പോഴാണത്രെ, മൂന്നാലു കുരുക്കൾ ശരീരത്തിൽ പൊന്തിയത് കാണുന്നത്. മുഖത്തുമുണ്ട് രണ്ട് മൂന്നെണ്ണം! അമ്മേ, വസൂരിമാലേ നീയേ തുണ...ഞാൻ ശ്വാസം ഉള്ളിലേക്കെടുത്ത് പ്രാർത്ഥിച്ചു. വെറുതെയല്ല, വിളിച്ചാൽ വിളിപ്പുറത്താണു ദേവി എന്ന് പറയുന്നത്! പക്ഷെ, എനിക്ക് ചിക്കൻ പോക്സ് വരാൻ പ്രാർത്ഥിച്ചതിനു ദേവി എന്തേ മധ്യനു നൽകി? ഇനി ആളുമാറിയതാവുമോ ദേവിക്ക്? മധ്യനാണെങ്കിൽ നടക്കാൻ കൂടെ വയ്യ, പനിയും തുടങ്ങിയിരിക്കുന്നു. കൂട്ടുകാരോട് കാര്യം പറഞ്ഞ്, മധ്യനും, ഞാനും പെട്ടെന്ന് തന്നെ അമ്പലത്തിൽ നിന്നും ഒരു ഓട്ടോ പിടിച്ച് കണ്ഠേശ്വരത്തേക്ക് സ്കൂട്ടായി. വീട്ടിലെത്തി, കതകിൽ തട്ടിയപ്പോൾ അച്ഛൻ വന്ന് വാതിൽ തുറന്നു, ഒപ്പം അമ്മയും വന്നു. അമ്മേ, എനിക്ക് ചിക്കൻ പോക്സാണെന്ന് തോന്നുന്നു, മേലൊക്കെ കുരുക്കൾ പൊന്തിയിട്ടുണ്ട്. മുഖത്തും! ആവും, ഇന്ന് ചൊവ്വാഴ്ചയല്ലെ. ചിക്കൻ പോക്സ് തന്നെയാകും. അമ്മക്കും, അച്ഛനുമൊക്കെ ചെറുപ്പക്കാലത്ത് ചിക്കൻ പോക്സ് വന്ന് പോയിട്ടുള്ളതിനാൽ, സധൈര്യം, മധ്യന്റെ ഷർട്ടൊക്കെ ഊരി റാപ്പിഡ് ടെസ്റ്റ് നടത്തി. റിസൽറ്റ് പോസിറ്റീവ് തന്നെ. ചിക്കൻ പോക്സ് കൺഫേംഡ്. നീയെന്തിനാടാ അവന്റെ അടുത്ത് നിൽക്കണേ? പരീക്ഷ തുടങ്ങാൻ മൂന്നാലു ദിവസമേയുള്ളൂ ഇനി. അങ്ങട് മാറി പോ, ദൂരേക്ക്! അച്ഛൻ എന്നോടാഞ്ജാപിച്ചു. പിന്നെ മധ്യനെ തെക്കേ മുറിയിൽ ക്വാറൈന്റൻ ചെയ്തതിനുശേഷം, പരീക്ഷ കഴിയുന്നത് വരെ, മധ്യൻ കിടക്കുന്ന മുറിയുടെ പരിസരത്തേക്ക് വന്ന് പോകരുതെന്ന ഉഗ്ര ശാസനയും എനിക്ക് നൽകാൻ അച്ഛൻ മറന്നില്ല. ആദ്യത്തെ രണ്ട് മൂന്ന് ദിവസമൊക്കെ മധ്യൻ ടോയ്ലറ്റിലോ മറ്റോ പോകുമ്പോൾ ഞാൻ പതുങ്ങി ചെന്ന് അവന്റെ ബെഡിൽ കിടന്നുരുണ്ടു. അവന്റെ ബെഡിൽ ഇട്ടിരിക്കുന്ന ആരിവേപ്പിന്റെ ഇലകളെടുത്ത്, എന്റെ ശരീരത്തിൽ മൊത്തം ഉരച്ചു, കുറച്ചിലകൾ ഉതിർത്തെടുത്ത് ഷർട്ടിന്റെ ഉള്ളിലെല്ലാം ഇട്ട് വച്ചു. ഉപ്പും, മുളകുമൊന്നുമില്ലെങ്കിലും, മധ്യൻ കഴിച്ചു വച്ചിരിക്കുന്ന കഞ്ഞിയുടെ ബാക്കിയെടുത്ത് അപ്പാടെ കുടിച്ചു. ഏത് വിധേനേയും, ചിക്കൻ പോക്സ് പിടിപെടുക. പരീക്ഷയിൽ നിന്നും രക്ഷ നേടുക എന്ന നിഗൂഡമായ ഒരു ലക്ഷ്യം മാത്രമേ എനിക്കപ്പോൾ ഉണ്ടായിരുന്നുള്ളൂ. ചിക്കൻ പോക്സ് എനിക്ക് വന്നില്ലെങ്കിലും പരീക്ഷ വന്നു. പരീക്ഷയെഴുതാൻ ഞാൻ നിർബന്ധപൂർവ്വം പ്രേരിതനുമായി. ഒന്നും, രണ്ടും, മൂന്നും പരീക്ഷകൾ കഴിഞ്ഞു. കണക്ക് പരീക്ഷ വരാൻ ഇരിക്കുന്നതേയുള്ളൂ. അതിനു മുൻപെങ്കിലും ചിക്കനടിച്ചാൽ മതിയെന്റെ ഭഗോതീന്നായി എന്റെ പ്രാർത്ഥന. ആ ദിനങ്ങളിലൊന്നിൽ അച്ഛനില്ലാത്ത സമയത്ത്, സധൈര്യം മധ്യകുറുമാന്റെ മുറിയിലേക്ക് കയറി ചിന്താമഗ്നനായി കട്ടിലിലോരം തിരിഞ്ഞ് കിടക്കുന്ന മധ്യന്റെ അടുത്ത് ഞാൻ കിടന്നു. പിന്നെ ഒരൊറ്റ ആലിംഗനമായിരുന്നു. ഷർട്ടുപോലും മുറിയിലൂരിയിട്ടായിരുന്നു എന്റെ വരവ്. ആ ധൃതരാഷ്ട്രാലിഗനത്തിൽ മധ്യന്റെ ശരീരത്തിലെ ഒരു പത്ത് പതിനാലു കോഴിമുട്ടകളെങ്കിലും പൊട്ടി ചിക്കൻ സൂപ്പ് എന്റെ ശരീരത്തിലായെന്ന് ഞാൻ ഉറപ്പ് വരുത്തി. അപ്പോഴേക്കും മധ്യന്റെ, അമ്മേ എന്നുള്ള നീട്ടിവിളി കേട്ട് വന്നപ്പോൾ അമ്മ കണ്ടത് കട്ടിലിൽ മധ്യനേയും കെട്ടിപിടിച്ച് കിടക്കുന്ന എന്നെയാണു! ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവനെ കണ്ട പോലീസെന്നത് പോലെ, കയ്യിലിരുന്ന ചൂലിനാൽ അമ്മ എന്നെ അറഞ്ചം പുറഞ്ചം പ്രഹരിച്ചു. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ. പരീക്ഷക്കാലത്ത് അവന്റെ ഒരു തോന്ന്യാസം. പോയി കുളിച്ചിട്ട് വാടാ കുരുത്തം കെട്ടവനേ! അശ്രീകരം! അച്ഛൻ വരട്ടെ, നിനക്കുള്ളത് ബാക്കി ഞാൻ വാങ്ങി തരാം. വേദന സഹിക്കാം, പക്ഷെ, അമ്മയുടെ ഭീഷണി സത്യത്തിലെന്നെ ഭയചകിതനാക്കി! കുളികഴിഞ്ഞു വന്നതും, അമ്മയുടെ കാൽക്കൽ ഞാൻ സാഷ്ടാംഗം പ്രണമിച്ചു. ശേഷം ഇപ്രകാരം ഞാനുവാച: മാതാശ്രീ, നിയമങ്ങൾ പാലിക്കപെടാനുള്ളതാണെന്നറിയാഞ്ഞിട്ടല്ല ഈ പുത്രനു . ഒരു ശപിക്കപ്പെട്ട നേരത്ത് ഇപ്രകാരം ഒരു നിയമ ലംഘനം അഥവാ തോന്ന്യാസം ചെയ്യാൻ തോന്നിച്ചത് ഏത് ഗ്രഹത്തിന്റെ അപഹാരം മൂലമാണെന്നുമറിയില്ല. അവിടുത്തെ പുത്രനമ്മ മാപ്പ് നൽകണം. പിതാശ്രീയെങ്ങാനും ഈ ന്യൂസ് അറിഞ്ഞാൽ കർണ്ണപുടങ്ങളിൽ നിന്നും, ഹോമകുണ്ടത്തിൽ നെയ്യൊഴിച്ചാലെന്നത് പോലെ, തീയും പുകയും വരും. ചിലപ്പോൾ അടിയുടെ പൊസിഷൻ ഒന്ന് മാറിയാൽ കണ്ണിന്റെ കാഴ്ചയും നഷ്ടപെടാം. അരുത് മാതാശ്രീ അരുത്. ഒരു ധൃതരാഷ്ടരെ പോലെ കണ്ണുകാണാതെ, വിദുരരുടെ ശരീരവും വെച്ച്, തപ്പിതടഞ്ഞു ഞാൻ നടക്കുന്ന രംഗം ഒന്നാലോചിച്ചു നോക്കൂ. ഇത്തവണത്തേക്ക് പൊറുക്കാൻ കനിവുണ്ടാകണം. അച്ഛനോട് ഈ കേസ് റിപ്പോർട്ട് ചെയ്യരുത്. ഈ ഒടുക്കത്തെ പുത്രനെ വികലാംഗനാക്കരുത്. ദിവസങ്ങൾ പലത് കഴിഞ്ഞു. മധ്യകുറുമാന്റെ കോഴിവസന്തയൊക്കെ മാറി കുളിച്ചു. ഇനി രണ്ടേ രണ്ട് പരീക്ഷകൂടിയേ ബാക്കിയുള്ളൂ. വീടിന്റെ മുൻപിൽ രാവിലെ തന്നെ ഓട്ടോ വന്ന് നിൽക്കുന്നത് കണ്ട് പുറത്തിറങ്ങിയ ഞാൻ കണ്ടത്, ടർക്കി ടവ്വലിനാൽ മുഖമൊക്കെ മറച്ച് നിൽക്കുന്ന ആദികുറുമാനേയാണു. കണ്ടതും എനിക്ക് കാര്യം പിടികിട്ടി. ഗോവയിൽ കറങ്ങാൻ പോയ ആദിയെ കറക്കത്തിന്നിടയിൽ വസൂരിമാല അനുഗ്രഹിച്ചിരിക്കുന്നു. ശരീരത്തിൽ വിത്ത് മൊത്തമായിട്ട് വാരിയെറിഞ്ഞിട്ടുണ്ടെന്ന് ക്ഷീണം കണ്ടാൽ അറിയാം. ഗോവയിൽ നിന്നും പല പല ട്രക്കിലും മറ്റുമായാണത്രെ വന്നിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന ചങ്ങാതിമാരിൽ ഒരാൾക്കും കിട്ടിയിട്ടുണ്ടെന്ന്! എന്തിനെന്നറിയില്ല എന്റെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊടിഞ്ഞു! എന്തൊക്കെയായിരുന്നു, ഉത്സവം, പൂരം, മേളം, ആറാട്ട്, ഗോവ...... ബൂഹ ഹ ഹ..ഇപ്പോ നോക്ക്യേ! എന്തൊരു എളിമ! ചൊവ്വരി പപ്പടം വറുത്തത് പോലെ കുമിളച്ച മുഖം! മധ്യം ഇറങ്ങിയ മുറിയിൽ തന്നെ ആദി ക്വാറന്റൈനു പോയി. കണക്ക് പരീക്ഷ കഴിഞ്ഞതിനാലും, ഇനി രണ്ടേ രണ്ട് പരീക്ഷ മാത്രമേ ബാക്കിയുള്ളു എന്നതിനാലും ക്വാറന്റൈനിലിരിക്കുന്ന ആദിയിൽ നിന്നും, ആ മുറിയിൽ നിന്നും പരമാവധി സാമൂഹിക അകലം പാലിക്കാൻ ഞാൻ ശ്രദ്ധിച്ചു. മറ്റ് അസുഖങ്ങൾ വരുന്നത് പോലെ ബന്ധുക്കളും, അയൽപ്പക്കക്കാരും മറ്റും സുഖാന്വേഷണം നടത്താൻ വിസിറ്റ് ചെയ്യുകയും, ആപ്പിൾ, മുന്തിരി, ബിസ്കറ്റ്, ഇത്യാദി കൊറിക്കബിൾസ് & ഈറ്റബിൾസ് കൊണ്ടു വരികയും ചെയ്യാത്ത ഒരസുഖമാണല്ലോ കോഴിവസന്ത! മാത്രമല്ല വീട്ടിലെ ഭക്ഷണവും അങ്ങോട്ട് തീരെ പിടിക്കാതെയായി. കാരണം, വറവും, പൊരിവും, എരിവും, പുളിയുമൊന്നുമില്ലാത്ത, ആർക്കോവേണ്ടി തിളക്കുന്ന സാമ്പാർ ടൈപ്പ് ഫുഡാണു കോഴിവസന്ത മധ്യനു തുടങ്ങിയതു മുതൽ വീട്ടിൽ മൂന്ന് നേരവും. പരീക്ഷയൊക്കെ ഒരുവിധം കഴിഞ്ഞു! ഇനി റിസൽട്ട് വരുന്നത് വരെ രണ്ട് മാസം ടെൻഷനടിക്കേണ്ട. റിസൽറ്റ് വരുമ്പോഴത്തെ കാര്യം അപ്പോൾ നോക്കാം. നാളെ വെള്ളം പൊങ്ങുമെന്ന് കരുതി ഇന്നേ മുണ്ട് പൊക്കി പിടിക്കേണ്ടതില്ലല്ലോ! എവിടേക്ക് വേണമെങ്കിലും പോവാം. കറങ്ങി നടക്കാം. തോന്നുമ്പോൾ പോയി ഇരുട്ടുമ്പോൾ വന്നാൽ മതി. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞില്ലെ, അവധിക്കാലമല്ലെ, അച്ഛനുമമ്മയും കാര്യമായി ഇടപെടുകയുമില്ല. ചിക്കൻപോക്സൊക്കെ മാറി, ആദി കുറുമാനും കുളിച്ചിറങ്ങി. ഹാവൂ സമാധാനം! ഇനിയെങ്കിലും അല്പം മീങ്കൂട്ടാനും, മീൻ വറുത്തതും, പോത്തിറച്ചിയുമൊക്കെ കൂട്ടാമല്ലോ എന്നുള്ള ആശ്വാസം ചില്ലറയൊന്നുമല്ല എനിക്ക് നൽകിയത്! പരീക്ഷ കാരണം ഒരുപാടുത്സവങ്ങളൊക്കെ മിസ്സ് ചെയ്തെങ്കിലും, കൂടൽ മാണിക്യം ഉത്സവം വരുന്നതിന്റെ ത്രില്ലിലായിരുന്നു ഞങ്ങളെല്ലാവരും. എണ്ണം പറഞ്ഞ പതിനേഴാനകൾ. അസ്സലസ്സൽ കലാപരിപാടികൾ. പേരുകേട്ട മേളക്കാർ. മൊത്തത്തിൽ ഒരുന്മേഷം, ഒരുത്സാഹം. മെയ് ഒമ്പതിനാണു കൂടൽ മാണിക്യം ഉത്സവം കൊടിയേറ്റ്. പിന്നെ പത്ത് ദിവസം ആഘോഷം തന്നെ ആഘോഷം. തൃശൂർ പൂരം കഴിഞ്ഞ് പിറ്റേ ദിവസമാണു കൂടൽ മാണിക്യം ഉത്സവം കൊടിയേറ്റ്. പത്താം ക്ലാസ്സ് പരീക്ഷയൊക്കെ കഴിഞ്ഞിരിക്കുകയല്ലേ. തൃശൂർ പൂരത്തിനു രാവിലെ പോയി ഇലഞ്ഞിത്തറ മേളമൊക്കെ കെട്ട്, മഠത്തിൽ വരവൊക്കെ കണ്ട്, വൈകീട്ട്, കുടമാറ്റമൊക്കെ കണ്ട് വരാം എന്ന് കൂട്ടുകാരും, ക്ലാസ്സ് മേറ്റുകളുമായ, പ്രമോദും, ഷാജനും, അരുണും, ലതീശനും, രമേശനും, സുരേഷും, ബാലനും, പ്രവീണുമൊക്കെയായി, തീരുമാനിച്ചുറപ്പിച്ചത് പ്രകാരം, അച്ഛന്റെ കയ്യിൽ നിന്ന് തലേ ദിവസം തന്നെ പെർമിഷനൊക്കെ വാങ്ങി, അമ്മയുടേ കയ്യിൽ നിന്നും വണ്ടിക്കൂലിക്കും, ഫുഡിനുമൊക്കെയായി കുറച്ച് പൈസയും തരമാക്കി ഉറങ്ങാൻ കിടന്നു. രാവിലെ നേരത്തെ എഴുന്നേൽക്കണം. കുളിച്ച് തയ്യാറായി ബ്രേക്ക് ഫാസ്റ്റും കഴിച്ച് പൂരത്തിനു പോകണം. ആദ്യമായാണു ചങ്ങാതിമാരുമൊത്ത് പൂരത്തിനു പോകാൻ പോകുന്നത്. അതിന്റെ ത്രിൽ അസ്സലായിട്ടുണ്ട്. സ്വപ്ന സുരേഷിന്റേയും, സന്ദീപിന്റേയും വിഷ്വൽസ് ടിവിയിൽ മാറി മാറി കാണിക്കുന്നത് പോലെ, തൃശൂർ പൂരം, കൂടൽ മാണിക്യമുത്സവം, തൃശൂർ പൂരം, കൂടൽ മാണിക്യമുത്സവം എന്നിവയുടേ വിഷ്വൽസ് മാറി മാറി എന്റെ മനോമുകരത്തിൽ തെളിഞ്ഞുകൊണ്ടേയിരുന്നു അന്നുറക്കത്തിൽ പോലും. ഡാ, എഴുന്നേറ്റേ, ഇന്നെട്ടാം തിയതിയാ, അതും വെള്ളിയാഴ്ച! നീയല്ലെ, ഇന്ന് രാവിലെ തന്നെ പൂരത്തിനു പോണം ന്ന് പറഞ്ഞത്. ന്നിട്ട് പതിവില്ല്യാണ്ട് പോത്ത് പോലെ കിടന്നുറങ്ങ്വാ? അമ്മയുടെ വിളികേട്ടാണുണർന്നത്. ചെറിയൊരു തലവേദനയും മേലുവേദനയും. ശരീരത്തിനു, ചെറുതായി ചൂടുണ്ടോയെന്നുമൊരു സംശയം. എന്തായാലും അമ്മയോടൊന്നും പറഞ്ഞില്ല. ഇനി പനിയുണ്ടെന്ന് പറഞ്ഞ് പൂരം ട്രിപ്പെങ്ങാനും ക്യാൻസലായാലോ? പോരാത്തതിന്നു പിറ്റേ ദിവസം കൂടൽമാണിക്യം ഉത്സവം തുടങ്ങുകയും ചെയ്യുന്നു. തെങ്ങിന്റെ കടക്കൽ കുന്തിച്ചിരുന്ന് പല്ലുതേപ്പൊക്കെ കഴിച്ച്, കുളിക്കാൻ കയറി. "ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നൂ, പുഷ്പപാദുകം പുറത്തുവയ്ക്കു നീ, നഗ്നപാദയായ് അകത്തുവരൂ"എന്നൊക്കെ കാറിപാടി മുണ്ടൊക്കെ ഉരിഞ്ഞ് വാതിലിലിട്ട്, നഗ്നനായി, ഒരു കപ്പ് വെള്ളമെടുത്ത് മേലൊഴിച്ചപ്പോൾ കിടു കിടെ തണുക്കുന്നു. മേലു തേക്കാൻ സോപ്പെടുത്ത് സിക്സ് പാക്ക് ബോഡിയിലേക്ക് നോക്കിയപ്പോൾ! മുത്തു മണി കിലുങ്ങണു കിലുങ്ങണല്ലോ! ലേറ്റായാലും, ലേറ്റസ്റ്റായി വന്തിട്ടേൻ.... ദേഹമാസകലം വിത്തുകൾ വാരിയെറിഞ്ഞിട്ടുണ്ട്! വിളിച്ചാ വിളിപുറത്താ, മ്മടെ വസൂരിമാല. വസൂരിമാല ദി ജൂനിയർ.

Monday, June 29, 2020

"ലക്കി സെവൻ"

എനിക്ക് കഴിഞ്ഞയാഴ്ച വന്ന ഒരു ഇമെയിൽ വായിച്ച് കുറുമിയും, കുട്ടികുറുമികളും, ഞാനും ചേർന്ന് സംഘരോദനം നടത്തിയതിൽ പിന്നെ ഈമെയിലിന്റെ കാര്യത്തിൽ മഹാ കർക്കശക്കാരനായി ഞാൻ മാറി.

അന്നു മുതൽ സിസ്റ്റത്തിൽ നിന്നും എഴുന്നേറ്റ് പോവുമ്പോൾ ലോഗൗട്ട് ചെയ്യാൻ തുടങ്ങി.
ഇമെയിൽ മാത്രമല്ല, വാട്സാപ്പും, മുഖപുസ്തകവും, എന്തിനു ലിങ്കിടിൻ പോലും!
ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് പണ്ടാരോ പറഞ്ഞിരുന്നില്ലേ? അതന്നെ കാര്യം. അതിലാണു കാര്യം. ചേർത്തു വക്കാൻ മറ്റൊരു ചൊല്ലുമുണ്ട്.
"സൂക്ഷിച്ചാൽ, ദുഖിക്കേണ്ട"
ജോലിയും, കൂലിയുമൊന്നുമില്ലാത്തതിനാൽ നമുക്കെല്ലാ ദിവസവും വെറും ആഴ്ചയാണു. ജസ്റ്റ് ആ നോർമൽ ആഴ്ച...
കൺഫ്യൂസ്ഡ്?
ആശയകുഴപ്പമുണ്ടല്ലേ?
അതായത്, ഞായറാഴ്ച, തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച. ഈ ദിവസങ്ങളുടെ പേരുകളൊക്കെ വെട്ടി മാറ്റിയാൽ അവശേഷിക്കുന്നതെന്താണു?
ആഴ്ച മാത്രം!
യെസ്, എന്നെ സംബന്ധിച്ചിടത്തോളം എല്ലാ വെറും ആഴ്ച മാത്രം. യാതൊരു വ്യത്യാസവുമില്ല.
അതിരാവിലെ എഴുന്നേൽക്കുന്നു, ഒന്ന്, രണ്ട്, പല്ല് തേപ്പ്, തോന്നിയാൽ ഷേവിങ്ങ് (ബ്ലേഡിനൊക്കെ ഇപ്പോ എന്താ വില - ആയതിനാൽ ആഴ്ചയിൽ രണ്ടോ മൂന്നോ മതി) സ്നാനം, ജപം, അമൃതേത്ത്, വാട്സാപ്പ്, ഫേക്ക് ബുക്ക് (വാമം പറയുന്നതാ നിങ്ങൾ എഴുതുന്നത് മൊത്തം കള്ളം, അപ്പോ ഫേസ് ബുക്കല്ല, ഫേക്ക് ബുക്കാണെന്ന് - അതാണു സത്യവും) , ഉച്ചയൂണു, വാട്സാപ്പ്, ഫേക്ക് ബുക്ക്, ചായ, കടി, സ്നാനം, ജപം, വാട്സാപ്പ്, ഫേക്ക് ബുക്ക്, അത്താഴം, വാട്സാപ്പ്, ഫേക്ക് ബുക്ക്, പിന്നെയാണു വെറും പുസ്തകം തിരഞ്ഞെടുക്കുന്നതും വായിക്കാൻ തുടങ്ങുന്നതും. പിന്നെ ഹരിവരാസനം!
ഇത്രേയുള്ളൂ. ഇത്രമാത്രമേയുള്ളൂ!
രാത്രി കിടന്നിട്ടുറക്കം വന്നില്ലെങ്കിൽ വെറും പുസ്തകം വായന തുടരും.
നല്ല പുസ്തകമാണെങ്കിൽ ഉറക്കം പോവും. അതല്ല, കൂതറയാണെങ്കിൽ, പണ്ട് സ്കൂൾ കാലത്ത് പഠിച്ചിരുന്നതു പോലെ, വായിക്കാൻ തുടങ്ങുമ്പോഴേക്കും നെഞ്ചിൽ പുസ്തകം വച്ച് കിടന്നുറങ്ങും... ഡീപ്പ് സ്ലീപ്പ്.
പിന്നെ പ്രാതലിനും, ഉച്ചയൂണിനും ഇടയിൽ ചിലപ്പോഴെല്ലാം കുറുമി വളരെ മൃദുവായ സ്വരത്തിൽ, അതായത് 120 ഡെസിബലിൽ, കുശിനിയിലേക്കൊന്നെഴുന്നള്ളിയാലും മഹാരാജാവേ, ഈ പച്ചക്കറികളുടെ വരണ്ട ചർമ്മങ്ങളൊക്കെ ഒന്ന് ചുരണ്ടി മാറ്റി, കുളിപ്പിച്ച് ശുദ്ധിയാക്കി, അവക്ക് നോവാതെ, നന്നേ ചെറിയ കഷണങ്ങളാക്കി കണ്ടിച്ചാലും എന്നൊക്കെ പറയും, അതൊന്നും ഞാൻ കേട്ടില്ലാന്നു നടിക്കാറുമില്ല. എന്തെന്നാൽ ഉത്തരവുകളൊക്കെ പാലിക്കാനുള്ളതാകുന്നു.
ചോദിക്കാതെ തന്നെ, അറിഞ്ഞു ദാനം ചെയ്യുന്നവർ മഹാമനസ്കൻമാരാകുന്നു എന്നാണല്ലോ പ്രമാണം!
ആയതിനാൽ, ചോദിക്കാതെ, ഉത്തരവിറക്കുന്നതിന്നു മുൻപേതന്നെ, മത്സ്യ, വരാഹ മൂർത്തികളെയും, അജം, ഋഷഭം എന്നീ മിണ്ടാപ്രാണികളെ പോലും, വായിലിട്ടാൽ രുചിയോടെ അലിഞ്ഞു ചേരുന്ന വിധത്തിൽ, വെള്ളിയാഴ്ചകളിൽ മാറി മാറി തയ്യാറാക്കുന്നതും പതിവാണു.
സ്വന്തം വായക്കും ഒരു രുചി വേണ്ടേന്ന്!
കഴിഞ്ഞ ആഴ്ച അല്പസ്വല്പം വായനയും എഴുത്തുമൊക്കെ നടന്നു. ഒന്ന് രണ്ടിന്റർവ്യൂകളുമൊക്കെ അറ്റൻഡ് ചെയ്തങ്ങിനെ ഭംഗിയായി പോയി.
ചോദിച്ച കൂലി കുറവായതിനാലോ, അതോ എന്റെ ഇരുപത്തിരണ്ട് വർഷത്തെ മരുഭൂമിയിലാടുമേച്ച പരിചയ സമ്പത്തധികമായതിനാലോ എന്തോ, അവരൊക്കെ മൗന വൃതത്തിലാണിതു വരേയും. ചിലപ്പോൾ പ്രായത്തിന്റേയാവാം.
പന്ത്രണ്ട് കൊല്ലവും നാലു മാസവും കഴിഞ്ഞാൽ ഷഷ്ടി പൂർത്തിയാഘോഷം പൊടി പൊടിക്കാം. കൊറോണ കൊത്താതിരുന്നെങ്കിൽ!
അങ്ങിനെ ഇരിക്കുമ്പോഴാണു, തിങ്കളാഴ്ച എന്നെ തേടി ഒരു ഇമെയിൽ വന്നതും വായിക്കാനിടയായതും.
ആദ്യമായി കിട്ടിയ പ്രേമലേഖനം വായിക്കുന്ന ഒരു കാമുകന്റെ മനസ്സോടെ, ആ ഈമെയിൽ ഞാൻ വീണ്ടും, വീണ്ടും വായിച്ചു!
"വായിച്ചിട്ടെന്റെ കണ്ണുകൾ നിറഞ്ഞു"
ഇത്രയും ആനന്ദാശ്രുക്കൾ ഞാൻ പൊഴിച്ചത്, പണ്ട്, തേക്കടിക്ക്, ടൂർ പോകാൻ വേണ്ടി, സ്വന്തം വീട്ടിൽ നിന്നും കട്ട് (സോറി, എടുത്ത് എന്ന് വായിക്കണം), പൊതിച്ച്, ചാക്കിൽ കെട്ടി, ഇരുചെവിയറിയാതെ വിറ്റതിന്റെ കാശ്, വടക്കന്റെ ആന്റോ, അച്ഛന്റെ കയ്യിൽ നേരിട്ട് കൊടുത്തപ്പോഴാ! (കൈതൊഴിൽ - https://www.facebook.com/ragesh.kurman/posts/10158656915046042)
ഞാനൊരു മദ്യപാനിയല്ല! അല്ലേയല്ല.
വ്യാഴാഴ്ച രാത്രി ഒരു മൂന്ന്, വെള്ളിയാഴ്ച ഉച്ചക്ക് മുൻപൊരു മൂന്ന്! കഴിഞ്ഞു. ഇത്രയാണെന്റെ അനുവദനീയമായ ക്വാട്ട.
വാതിലടച്ച് കുറ്റിയിടുന്നു. കുപ്പിയുമായ് വരുന്നു, മൂന്ന് ഗ്ലാസ്സുകളെടുത്ത് നിരത്തി വക്കുന്നു. ഡ്രോവർ തുറന്ന് മെഷർ ഗ്ലാസ്സെടുക്കുന്നു. അളക്കുന്നു, ഒഴിക്കുന്നു, കുപ്പി ഭദ്രമായി അടക്കുന്നു, മുറിയിൽ പോകുന്നു, വാതിൽ കുറ്റിയിടുന്നു, കഴിഞ്ഞു! കുറുമിക്ക് കുപ്പിയുമായുള്ള ആത്മ ബന്ധം ഇത്ര മാത്രം.
കാഞ്ചനവർണ്ണത്തിലുള്ള ബിക്കിനിയിട്ട മദാലസകളായ മൂന്നു സ്ഫടിക ഗ്ലാസ്സുകളും ഞാനുമായാണു പിന്നെയുള്ള കേളികൾ.
മൂന്നും ചേർത്തൊന്നായടിക്കണോ, മൂന്നായടിക്കണോ, അതോ പകുത്ത് ആറായടിക്കണമോ?
ഐസിട്ടോ, വെള്ളമൊഴിച്ചോ, ടച്ചിങ്സ് കൂട്ടിയോ, കൂട്ടാതേയോ, എങ്ങിനെ പാനം ചെയ്യണമെന്നത് എന്റെ സ്വന്തം കാര്യം. തീരുമാനമെടുക്കാൻ പരിപൂർണ്ണ സ്വാതന്ത്ര്യം!
ടോട്ടലി ഇന്റിപെന്റന്റ്!
അപ്പോ പറഞ്ഞ് വന്നത് മെയിലിന്റെ കാര്യം.
എനിക്ക് കിട്ടിയ മെയിലിന്റെ തലക്കെട്ട് തന്നെ - കള്ളുകുടിയുടെ, സോറി, മദ്യപാനത്തിന്റെ ആരോഗ്യകരമായ ഏഴു ഗുണങ്ങൾ എന്നാണു!
ഏഴ് എന്ന അക്കം തന്നെ ലോകപ്രശസ്തമാണു!
ലോകാത്ഭുതങ്ങൾ ഏഴാണു.
സ്വരങ്ങളും ഏഴ്
മഴവില്ലിനുള്ള നിറങ്ങളും ഏഴ്
കടലുകളും ഏഴാണല്ലോ
ലക്കി സെവൻ എന്ന പേരിൽ ചൂതാട്ടം പോലുമുണ്ട്...
ഒരു ദിവസം ഞാൻ പാസ്സ്വേർഡ് ഒക്കെ മാറ്റി കമ്പ്യൂട്ടർ മൊത്തം ഓണാക്കി എനിക്ക് കിട്ടിയ ഈ, ഇമെയിൽ, ഓപ്പണാക്കി ഓപ്പണെയറിൽ ഉണക്കാൻ വച്ചു. സോറി, കുറുമിക്ക് കാണാൻ വച്ചു.
വീട്ടിൽ വിരുന്നുകാർ വരുമ്പോൾ സത്ക്കരിക്കാൻ, സ്വന്തം വീട്ടിലെ കോഴിയെ പിടിക്കാൻ പണ്ട് നമ്മൾ കുട്ടയുടെ അടിയിൽ കയറിൽ കെട്ടിയ ഒരു കമ്പ് വച്ച്, ഗ്യാപ്പൊക്കെ അഡ്ജസ്റ്റ് ചെയ്ത്, അടിയിൽ ഗോതമ്പും, അരിയുമൊക്കെയിട്ട് ഒരു നമ്പററിറക്കാറില്ലേ? അതു പോലെ! ബാ, ബാ, ബാ കോഴി വാ, ബാ ബാ..ആ ടൈപ്പ്.
കോഴി ഇതൊക്കെ എത്ര കണ്ടിരിക്കുന്നു!
കുട്ടക്ക് താഴെ സ്വന്തം കഴുത്ത് പണയം വെച്ച് കിട്ടുന്ന ഒരു ധാന്യമണി പോലും കോഴിക്ക് വേണ്ടേ വേണ്ടാ!
കൊക്കരയടിച്ച് അവൻ ഞാഞ്ഞൂലിനേം തപ്പി സ്കൂട്ടാവും.
നമ്മൾ അന്ന് ശശിയാവും.
അപ്പോ അമ്മ പറയും, ഡാ, ഇവറ്റോളെ പിടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, നീ പോയി ആ ബ്രോയിലർ കോഴി വാങ്ങീട്ട് വാ.
ബ്രോയിലർ കോഴിയെ വാങ്ങാൻ സൈക്കിളും ചവിട്ടി ഇടക്കുളത്തേക്ക് പോവുമ്പോൾ പിന്നിൽ നിന്ന് പറയുന്നത് കേൾക്കാം, അല്ലെങ്കിലും നാടൻ കോഴിയേക്കാളും നല്ലത് ബ്രോയിലറിനാ, സ്വാദും.
നാടാനാണെങ്കിൽ മൊത്തം എല്ലാ!
കണ്ട്രി, കണ്ട്രി ചിക്കൻസ്!
അതു പോലെ എന്റെ തുറന്ന് വച്ച ഇമെയിൽ - ലക്കി സെവൻ - കാണാതെ, നോക്കാതെ തഴയപെട്ടു.
തോറ്റുകൊടുക്കാൻ കുറുമാനന്നും ഇന്നും മനസ്സില്ല.
പിറ്റേ ദിവസം പ്രിന്റെടുത്തു.
വീണ്ടുമൊന്നു വായിച്ചു നോക്കി. കുഴപ്പമില്ല. പോയന്റ് നമ്പർ മൂന്നൊന്ന് ഹൈ ലൈറ്റ് ചെയ്യണം!
ഓഫീസിൽ കൊണ്ട് പോകുന്ന ലാപ്പിന്റെ ബാഗെടുത്ത് തപ്പി. കിട്ടിപോയി. രണ്ട് ഹൈലറ്ററുകൾ. ഒന്നു തത്ത പച്ഛ.. മറ്റൊന്നു ഓറഞ്ച്.
മതി.
മൂന്നാം നമ്പർ, അഥവാ പോയിന്റ് ത്രീയുടെ മുകളിൽ ഉരച്ച് നോക്കി..
തീ പറക്കാഞ്ഞിരുന്നെതെന്റെ ഭാഗ്യം!
വർഷം ഒന്നേകാലായില്ലെ, ഉപയോഗിക്കാതിരിക്കുന്നു! ഉണങ്ങി വിറക് കൊള്ളി പോലെയായിരിക്കുന്നു ഹൈലറ്ററുകൾ.
അടുത്തതെന്ത്?
തോറ്റു കൊടുക്കാൻ കുറുമാൻ ഇനിയും ജനിക്കണം.
തപ്പി.
വീടു മൊത്തം തപ്പി.
പിള്ളാരുടെ കയ്യിൽ പോലും ഒരു ഹൈലറ്ററില്ല.
മുട്ടാതെ, തട്ടാതെ, പെട്ടെന്നങ്ങോരു കേറി വന്നു. ആരു? മ്മടെ ഐസക്ക് ..അതു തന്നെ ന്യൂട്ടേട്ടൻ.
ആശയം വഴിമാറി, ലക്ഷ്യം മാത്രം മുന്നിൽ.
മോളുടെ ഷൂ പോളിഷിരിക്കുന്നു ഷെൽഫിൽ. വീറ്റ് ബ്രൗൺ!
വിരലിൽ തോണ്ടിയെടുത്തു.
ഞാനൊരു വാൻഗോഗായി.
പ്രിന്റെടുത്ത പേപ്പറിൽ വിരലാൽ ഒരു ലവ് സൈൻ വരച്ചു. കാമദേവനെ മനസ്സിൽ ധ്യാനിച്ച് അമ്പ് വരച്ചു, മൊത്തം ലവ്വോട് ലവ്വ്! അങ്ങോട്ടും ഇങ്ങോട്ടും അമ്പെയ്ത്തായിരുന്നു പിന്നെ.
പേപ്പറെടുത്ത് കൈ ദൂരത്തിൽ വച്ചൊന്നു നോക്കി...കൊള്ളാം...കാമ ദേവൻ അമ്പെയ്തതതു പോലെ തന്നെ.. നെഞ്ചിൽ തറക്കുമ്പോൾ വിമ്മിഷ്ടമൊന്നുമില്ലാതെ കാത്തോളണേ സംഗമേശാ!
മാർജാര പദനത്തോടെ കുറുമിയെ വിളിച്ചു.
ഡീ, ഇതൊന്നു നോക്കിയേ!
എന്ത്?
ദാ, ഇത്!
എന്തിത്?
ദാ, ഈ പ്രിന്റൗട്ട്. പോയിന്റ് നമ്പർ മൂന്ന്!
അവൾ എടുത്തൊന്നു നോക്കി.....ഷൂ പോളിഷ് കയ്യിലായി..
എന്നറാ ഇത്?
വിളയാടുകിറാ? മൊത്തം ഷൂ പോളിഷാച്ച് കയ്യേൽ...
ശൂ, പിള്ളാർ കേക്കണ്ട, പോട്ടെ, വിട്ടുകള..
നീ ആ പോയിന്റ് നമ്പർ മൂന്നൊന്ന് വായിച്ചേ എന്റെ കരളേ!
ആമാണ്ടാ, പൈത്യം! ശോമ്പേരി!
ഉണ്ടായിരുന്ന തൃഷ്ണയാൽ ഉണ്ടാക്കിയ രണ്ടെണ്ണം തുള്ളി ചാടി നടക്കുന്നുണ്ട് ഇവിടെ!
അവരുടെ ഫീസടക്കാൻ നോക്ക് ആദ്യം, അതുക്കപ്പുറം മഴവില്ല് പാക്കലാം!
അപ്പോഴാണു മഴവില്ലിനൊരഴകുന്നുമില്ലെന്നെനിക്കാദ്യമായി മനസ്സിലായത്!
ഒന്നുകൂടി ഉറപ്പാക്കാൻ വേണ്ടി ഞാൻ ആ ഇമെയിലെടുത്ത് വായിച്ചു.
മദ്യപാനത്തിന്റെ ഏഴു ഗുണങ്ങൾ
1. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരുന്നതിന്റെ തോതിനെ കുറക്കാൻ സഹായിക്കുന്നു (It Can Lower Your Risk Of Cardiovascular Disease)
2.ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായകമാകുന്നു (It Can Lengthen Your Life)
3. ലൈഗിക തൃഷ്ണയെ മെച്ചപെടുത്തുന്നു (It Can Improve Your Libido)
4.സാധാരണ ജലദോഷവും, പനിയും മറ്റും വരുന്നത് തടയുന്നു (It Helps Prevent Against the Common Cold)
5. മറവിരോഗം/ബുദ്ധിഭ്രംശം പിടിപെടാനുള്ള സാധ്യതയെ കുറക്കുവാൻ സഹായകമാണു ( It Can Decrease Chances Of Developing Dementia)
6. പിത്താശയത്തിൽ കല്ലു വളരുന്നതിന്റെ സാധ്യതയെ കുറക്കാനും സഹായിക്കുന്നു ( It Can Reduce The Risk Of Gallstones)
7. പ്രമേഹം പിടിപാടാനുള്ള സാധ്യതയെ കുറക്കുന്നു (Lowers The Chance Of Diabetes)
കൂടുതൽ വായനക്ക് - https://www.medicaldaily.com/7-health-benefits-drinking-alc…
ഏഴാം കടല്ലിന്നക്കരെയുണ്ടൊരു ഏഴിലം പാല!
ഇപ്പോൾ പാലപ്പശ കുടിച്ച ഓന്തിന്റെ അവസ്ഥയായി പോയല്ലോ!