Friday, March 28, 2008

കെട്ടുവിടാതെ നാലുകെട്ട്

ദുബായില്‍ നിന്ന് നാട്ടിലെത്തിയതിന്റെ അന്നായിരുന്നു നാലുകെട്ടിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ആദ്യ ദിവസം. തിരക്കൊന്നുമില്ലാതിരുന്നതിനാല്‍ ആദ്യ ദിവസം സാഹിത്യ അക്കാദമിയില്‍ പോകാന്‍ കഴിഞ്ഞില്ല. രാത്രിയില്‍ വൈശാഖന്‍ മാഷെ വിളിച്ചു. മാഷെ എങ്ങനെയുണ്ടായിരുന്നു നാലുകെട്ടിന്റെ ഇന്നത്തെ പരിപാടികള്‍? കുറുമാനെ ഇന്നത്തെ പരിപാടിയെല്ലാം അതിഗംഭീരമായെടോ.

ഓഹ്, ബ്ലോഗര്‍മാരുടെ പ്രതിനിധിയായി ബുജികള്‍ ആരും നാട്ടിലില്ല എന്നതിനാല്‍ അറ്റ് ലീസ്റ്റ് ബുജി അല്ലെങ്കിലും നാട്ടിലുണ്ടായിട്ട് ഞാനെങ്കിലും പങ്കെടുക്കേണ്ടതല്ലെ, എങ്കിലല്ലെ പരിപാടിക്കൊരു കൊഴുപ്പും കൊളസ്ട്രോളും വരൂ എന്നൊക്കെ കരുതിയിരുന്ന എനിക്ക് വൈശാഖന്‍ മാഷിന്റെ അതിഗംഭീരമായെടോ എന്ന ഡയലോഗ് കേട്ടപ്പോള്‍,ബ്ലോഗര്‍മാര്‍ ഇല്ലെങ്കിലും, പ്രത്യേകിച്ച് ഞാന്‍ ഇല്ലെങ്കില്‍ കൂടി എം ടി സാറിന്റെ പരിപാടികളൊക്കെ കൊഴുക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ദേഹമാകെ കുളിര് കോരിയെങ്കിലും ഞാനില്ലാത്തതിന്റെ കുറവ് അവിടെ ഉണ്ടായിരുന്നില്ലേന്ന് ചോദിക്കാന്‍ മനസ്സ് വെമ്പി, പക്ഷെ അതൊരഹങ്കാരത്തിന്റെ ലക്ഷണമായി കണ്ടാലോ എന്ന് കരുതി ആ ചോദ്യം മുളയിലെ വിഴുങ്ങി.

താന്‍ എന്താ വരാതിരുന്നത്?

അല്ല മാഷെ ഇന്ന് എത്തിയതല്ലെ ഉള്ളൂ. ചെറിയ ഒരു കുടുംബ സമ്മേളനം, ചര്‍ച്ച, എനിക്ക് തൃശൂരില്‍ ഒരു വീട് വാങ്ങണമെന്ന ആശ മണത്തറിഞ്ഞ ബ്രോക്കേഴ്സിന്റെ അപ്പോയ്ന്റ്മെന്റ്സ്. എന്റെ ബഡ്ജറ്റിനു നാട്ടില്‍ ഒരു തൊഴുത്തുപോലും പണിയിക്കാന്‍ പോലും പറ്റില്ലാ എന്ന് തിരിച്ചറിഞ്ഞതിന്റെ നിരാശ. എല്ലാം കഴിഞ്ഞപ്പോ നാട്ടിലേക്ക് തന്നെ വരണ്ടായിരുന്നു എന്ന തോന്നല്‍, അതിന്റെ ഇടയില്‍ സാഹിത്യ അക്കാദമയിലേക്ക് വരാന്‍ സാധിച്ചില്ല.

അതെന്തായാലും നന്നായി കുറുമാനെ, താന്‍ വരാണ്ടിരുന്നാല്‍ അത് അത്രയും നല്ലത് എന്ന് പറയും എന്ന് കരുതിയെങ്കിലും അദ്ദേഹം അങ്ങനെ പറഞ്ഞില്ല പക്ഷെ താന്‍ നാളെ എന്തായാലും വരണം എന്ന് പറഞ്ഞു!

രണ്ടാം ദിവസം രാവിലെ എഴുന്നേറ്റ് പ്രാതല്‍ കഴിച്ച്, അമ്മയുമച്ചനുമൊത്ത് കുടുംബ കാര്യങ്ങള്‍ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. മണി പന്ത്രണ്ടാകുന്നു. സാഹിത്യ അക്കാദമിയില്‍ പോകണം. വൈശാഖന്‍ മാഷെ വിളിച്ചപ്പോള്‍ കുറുമാനെ താന്‍ വാടോ എന്ന് പറഞ്ഞപ്പോള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. ആരും കൂട്ടിനില്ല. കരളിനും തലച്ചോറിനും എന്തെങ്കിലും പണിയാകട്ടെ എന്നു കരുതി കറുത്ത മുത്തായ ബ്ലേക്ക് ലേബലില്‍ നിന്നും മൂന്നെണ്ണം സേവിച്ചു. ഒരു വിത്സ് നേവികട്ടിനു തീകൊളുത്തി പുക അകത്തോട്ടും പുറത്തോട്ടും പുക ഊതി വിട്ട് ക്യാന്‍സറിനെ ക്ഷണിച്ചു. ഇപ്പോ വരില്ല പിന്നെ വരാം എന്ന് ക്യാന്‍സര്‍ പറഞ്ഞപ്പോള്‍ ഹാന്റി ക്യാമെടുത്ത് തോള്‍ സഞ്ചിയിലേക്ക് വച്ചു, കാശുകൊടുത്ത് ആരും വാങ്ങുന്നില്ല എന്ന റിപ്പോര്‍ട്ട് കിട്ടിയതിനാല്‍ തോള്‍ സഞ്ചിയില്‍, ഞാനെഴുതി, റെയിന്‍ബോ പ്രിന്റ് ചെയ്ത്, ഞാന്‍ കാശ് കൊടുത്തു വാങ്ങിയ നാല് കോപ്പി “എന്റെ യൂറോപ്പ് സ്വപ്നങ്ങളും” വച്ചു.

പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ അമ്മ ചോദിച്ചു, ഉണ്ണാന്‍ വരില്ലേടാ നീ? നല്ല ഫ്രെഷ് ചെമ്മീന്‍ കിട്ടിയത് നിനക്കിഷ്ടമുള്ളത് പോലെ റോസ്റ്റ് ആക്കാന്‍ വേവിച്ച് വെച്ചിട്ടുണ്ട്. ചാള കൂട്ടാനും, വാഴകൊടപ്പന്‍ തോരനും ഉണ്ട്.

ചാന്‍സ് കുറവാ അമ്മെ. പറ്റിയാല്‍ വരാം.

അത് ശരി. നിനക്കിഷ്ടമായതിനാലാ സ്വര്‍ണ്ണത്തിന്റെ വില കൊടുത്ത് ചെമ്മീന്‍ വാങ്ങിയത്. മൂക്കറ്റം കുടിച്ച് അവിടേം, ഇവിടേം തെണ്ടി തിരിയാണ്ടിവിടെ വന്നോ ഉച്ചക്ക് മര്യാദക്ക്, അല്ലെങ്കില്‍ കൊല്ലും ഞാന്‍.

എത്ര വലുതായാലും അമ്മ എന്നും അമ്മ തന്നെ. കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര്‍ തുടച്ച് ഞാന്‍ തിരിച്ചു ചെന്നമ്മയുടെ കവിളില്‍ ഉമ്മ വെച്ചു.

ഒന്നു പോഡ ചെക്കാ കൊഞ്ചാണ്ട്. പോയിട്ട് ഉച്ചക്ക് വാ. അധികം കുടിക്കാനൊന്നും പോകണ്ടട്ടാ. ഒന്നുമില്ലെങ്കില്‍ നിനക്ക് രണ്ട് പെണ്‍ പിള്ളാരാ...അതോര്‍ത്തോ....അമ്മ വീണ്ടും ഓര്‍മ്മിപ്പിച്ചു.

വീട്ടിന്ന് പുറത്തിറങ്ങിയപ്പോള്‍ ഒരു കാലി ഓട്ടോ പോകുന്നു. “ഏയ് ഓട്ടോ“ എന്ന് വിളിച്ചപ്പോള്‍ ഡ്രൈവര്‍ വണ്ടി നിറുത്തി.

ലോങ്ങാ, ഷോര്‍ട്ടാ?

ദൈവമേ, നമ്മുടെ നാടും ഇത്ര ഫ്രീ ആയാ? ഒരു ഓട്ടോ വിളിച്ചാല്‍ പോലും ലോങ്ങാ ഷോര്‍ട്ടാ എന്നൊക്കെ അറിയാതെ ഇവനൊന്നും പുറപ്പെടില്ലെ ദൈവമേ എന്നൊക്കെയാണ് എന്നാണാദ്യം ആലോചിച്ചത്, എങ്കിലും പറഞ്ഞു, മീഡിയമാ, സാഹിത്യ അക്കാദമി വരെ.

ഒരു മണിക്ക് മുന്നെ തന്നെ സാഹിത്യ അക്കാദമയില്‍ എത്തി ചേര്‍ന്നു.

വേദിയില്‍ നമ്മുടെ പ്രിയങ്കരനായ എം ടി മുതല്‍ ഒന്നൊന്നര ഡസന്‍ എഴുത്തുകാര്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട് മൈക്കിനു മുന്നില്‍ നിന്നുകൊണ്ട് പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഇരിക്കാനായ് ഒരു കസേര തപ്പി നടക്കുകയായിരുന്ന ഞാന്‍ കസേര കിട്ടാതെ, കമന്റ് കിട്ടാത്ത ബ്ലോഗറെ പോലെ ഇപ്പോ കിട്ടും, കിട്ടും എന്ന പ്രതീക്ഷയോടെ കണ്ണും തുറുപ്പിച്ച് നിന്നു.

ദൈവം എപ്പോഴും കൂട്ടിനുള്ളതിനാല്‍ മുന്‍ നിരക്ക് പിന്നിലുള്ള അഞ്ചാമത്തെ നിരയില്‍ ഇരിക്കുന്ന ഒരുവന്റെ മൊബൈലില്‍ ഒരു വിളി വന്നതിനാല്‍ അവന്‍ എഴുന്നേറ്റതും, ഞാന്‍ അന്ത ഇരിപ്പിടത്തെ പുടിച്ചതും ഒരേ വേള താന്‍.

ഞാന്‍ ഇരുന്നതും, എം ടി സീറ്റില്‍ നിന്നും എഴുന്നേറ്റു.

അയ്യോ ഇത്ര ബഹുമാനം വേണ്ട മാഷെ എന്ന് പറയാന്‍ നാവു പുറത്തേക്കിട്ടപ്പോഴേക്കും സംഭവം ഓടി. ചുള്ളിക്കാടിന്റെ പ്രസംഗത്തിലെ ചില വരികള്‍ അത്രകണ്ട് കേമമായിരുന്നതിനാലും വിശപ്പിന്റെ വിളി വന്നതിനാലും എം ടി സാര്‍ എഴുന്നേറ്റതായിരുന്നു.

സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. സാഹിത്യകാരനല്ല ഏത് വെളിച്ചപാടിനും വിശക്കും ഉച്ചക്ക് ഒന്നരമണീക്ക്. കാരണം ഐക്യ രാഷ്ട്രസഭാ സമ്മേളനം പോലെ ഇരിക്കുന്നതിന്റെ മുന്‍പിലെ മേശമേല്‍ ബിസ്ക്കറ്റും, ധാതുദ്രവ്യം അടങ്ങിയ വെള്ളവും ഒന്നും ഇവിടെ ഇല്ല. മൂട്ട മുട്ടയിട്ട് കളിക്കുന്ന ഒരു കസേര കിട്ടിയതില്‍ ഇരുന്ന് അടുത്ത പരിപാടിക്ക് കണ്ണുംനട്ട്, കാതോര്‍ത്തിരുന്നു.

എം ടി എഴുന്നേറ്റ് പോയപ്പോള്‍ ചുള്ളി ചേട്ടന് ഒരു ഗുമ്മില്ല. ഞാന്‍ എന്തെങ്കിലും തെറ്റ് പറഞ്ഞോ എന്ന് ചോദിച്ച് പുള്ളീ മൈക്ക് മടക്കിയപ്പോള്‍ കാണികള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് ഒറ്റക്കും, തെറ്റക്കുമായി അവനവന്റെ വഴിക്ക് നടന്നുപോവാന്‍ തുടങ്ങി.

വെള്ളം വെള്ളം സര്‍വത്ര, ഇല്ല തുള്ളി കുടിക്കാനായി, എന്റെ ഫോണ്‍ റിങ്ങടിച്ചു (ഞാന്‍ തന്നെ ആലപിച്ച് ഫോണില്‍ കയറ്റിയത്). എം ടി എന്തായാലും എഴുന്നേറ്റ് പോയി. പിന്നെ ഞാനെന്തിനിവിടെ ഇരിക്കണം? ഞാനും കസേരയില്‍ നിന്നും എഴുന്നേറ്റു. പുസ്തക സ്റ്റാളുകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി. രണ്ട് മൂന്ന് പുസ്തകങ്ങള്‍ വാങ്ങി. സമയം രണ്ടാകുന്നു. ഇടത്തും, വലത്തും തപ്പി എവിടെയെങ്കിലും വൈശാഖന്‍ മാഷുണ്ടോ?

ഇല്ല. എവിടേയും കാണാനില്ല.

ഫോണെടുത്ത് നമ്പര്‍ കുത്തി.

വൈശാഖന്‍ മാഷെ, എവിടെയാ?

കുറുമാനെ, ഞാന്‍ ഇവിടെ രാമനിലയത്തിലെത്തി. താന്‍ ഒരു ഓട്ടോ പിടിച്ചിങ്ങോട്ട് പെട്ടെന്ന് വാ.

ശരി മാഷെ.

സാഹിത്യ അക്കാദമിക്ക് മുന്നില്‍ ഇഷ്ടം പോലെ ഓട്ടോ ഉണ്ടായിരുന്നതിനാല്‍ ഓടേണ്ടി വന്നല്ല എനിക്കധികം!

രാമനിലയത്തിനുള്ളില്‍ കയറിയപ്പോള്‍ തന്നെ കണ്ട സെക്യൂരിറ്റി കാരനോട് ചോദിച്ചു, എം ടി സാറ്?

ഒന്നാമത്തെ നിലയിലുണ്ട് സാറെ.

നേരെ വിട്ടു ഒന്നാമത്തെ നിലയിലേക്ക്.

അവിടെ ചെന്നപ്പോള്‍ ഒരു ഹാളാണ്. സ്റ്റേജില്‍ എം ടി സാറും, വി കെ ശ്രീരാമേട്ടനും, വൈശാഖന്‍ മാഷും മറ്റു പലരും ഇരിക്കുന്നു. മുന്നില്‍ ഒരു പത്ത് മുപ്പത് പേര്‍ ഇരിക്കുന്നുമുണ്ട്. മുന്നില്‍ ഇരിക്കുന്നവര്‍ എന്തൊക്കെയോ ചോദിക്കുന്നു. എം ടി സാര്‍ ഉത്തരവും നല്‍കുന്നു.

ഞാനും എന്റെ കസിന്‍ അനൂപും മണ്ടയൊതുങ്ങി ഉള്ളില്‍ കയറി. ബാഗില്‍ നിന്നും ഹാന്റിക്യാമെടുത്ത് അനൂപിനു കൈമാറി. ഡാ ഇത് നീ നോക്ക്.

വേണോ ചേട്ടാ?

വേണം. ചുമ്മാ പിടി.

മുന്നില്‍ ഇരിക്കുന്നവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു, മനോഹരമായി എം ടി മാഷ് ഉത്തരങ്ങള്‍ നല്‍കുന്നു. ചിലര്‍ കയ്യിലിരിക്കുന്ന നോട്ട് പാഡില്‍ എഴുതിയെടുക്കുന്നു.

അത് ശരി! എല്ലാരും ചോദിക്കുന്നു ചോദ്യങ്ങള്‍. എന്തു കൊണ്ട് തനിക്ക് ചോദിച്ചുകൂടാ? ലഹരി വിടാത്ത മനസ്സ് എന്നോട് ചോദിച്ചു!

അരയും, തലയും മുറുക്കാനും, ചുരിക പുറത്തെടുക്കാനും ഞാന്‍ നിന്നില്ല, പക്ഷെ കിട്ടിയ ഒരു ഗ്യാപ്പില്‍ ഞാന്‍ ചോദിച്ചു, അല്ല സര്‍, ബ്ലോഗുകളെ കുറിച്ചെന്താണഭിപ്രായം?

ബ്ലോഗിങ്ങിനെ കുറിച്ച് ഞാന്‍ നിരക്ഷരനാണ്. അതിനാല്‍ തന്നെ അഭിപ്രായം പറയാന്‍ എനിക്ക് പറ്റില്ല. അദ്ദേഹം ഒറ്റവാക്കില്‍ ഉത്തരം തന്നു.

അവിടെ നിറുത്തിയാല്‍ മതിയായിരുന്നു എനിക്ക്. ഇല്ലല്ലോ?

ഇരച്ച് കൊണ്ടിരിക്കുന്ന ലഹരിയുടെ ഓളങ്ങള്‍ തലയില്‍ പിന്നേയും തിരമാലകളുയര്‍ത്തി. തിരമാലകള്‍ കരയിലേക്കടുപ്പിക്കുന്ന മുത്തുചിപ്പിയേ പോലെ പിന്നേയും എന്റെ തലയില്‍ ചോദ്യങ്ങള്‍ വിരിഞ്ഞു.

അതല്ല സര്‍, നിരക്ഷരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് പോകാന്‍ താങ്കളെ പോലെ ഒരു മനുഷ്യനു കഴിയുമോ? ഉദാഹരണത്തിനു, താങ്കള്‍ ഫ്ലൈറ്റില്‍ കയറാറുണ്ടല്ലോ?

ഉവ്വ്, ഞാന്‍ കയറാറുണ്ട്.

ഫ്ലൈറ്റില്‍ കയറാന്‍ പൈലറ്റൊന്നും ആവണ്ട സര്‍. താങ്കള്‍ പൈലറ്റായിട്ടൊന്നുമല്ലല്ലോ ഫ്ലൈറ്റില്‍ കയറുന്നത്. അതു പോലെ തന്നെയാണ് സര്‍, ബ്ലോഗ്. താങ്കള്‍ക്ക് ഒന്നുമറിയില്ലെങ്കിലും ഒന്ന് കയറിയാല്‍ മതി. പിന്നെ ഒക്കെ സേഫ് ആണ്, ഞാന്‍ വാചാലനാവാന്‍ തുടങ്ങി.

ശൂ, ശൂഊ.

ആരണ്ടാ എന്റെ ചുമലില്‍ തോണ്ടുന്നത് എന്നറിയാന്‍ ഞാന്‍ പിന്‍ തിരിഞ്ഞൊന്നു നോക്കി.

ഒരു മാന്യദ്ദേഹം തന്നെ. പ്രായം എന്നേക്കാളും വളരെ കൂടുതല്‍, തലയിലെ മുടിയും!

എന്താ മാഷെ? അല്പം ദ്വേഷ്യത്തോടെ ഞാന്‍ ചോദിച്ചു.

അല്ല മാഷെ, മാഷവിടെ ഇരിക്ക്. ഇത് പത്ര സമ്മേളനമാ. അല്ലാണ്ട് ബ്ലോഗ് സമ്മേളനമല്ല!

പഴുപ്പിച്ച വെള്ളാരം കല്ല് തൊണ്ടയിലൂടെ വിഴുങ്ങിയ ഒരനുഭൂതി ആ നിമിഷം എനിക്ക് ലഭിച്ചു. പൂച്ചക്കെന്തിനു പൊന്നുരുക്കുന്നിടത്ത് കാര്യം? നിമിഷങ്ങള്‍ക്കകം ഞാനും കസിന്‍ അനൂപും അവിടുന്ന് സ്കൂട്ടായി.

ഒരു ഓട്ടോ എടുത്ത് നേരെ ഊരകത്തുള്ള അനൂപിന്റെ അഥവാ എന്റെ ചെറിയമ്മയുടെ വീട്ടിലേക്ക്.

വീട്ട് പറമ്പിന്റെ ഗേറ്റ് തുറന്ന് ഉള്ളില്‍ കടന്നതും, ഒട്ടു മൂവാണ്ടാന്റെ മാങ്ങകള്‍ എന്നെ സ്വാഗതം ചെയ്തു. ഉമ്മറകോലായില്‍ പ്രശസ്ഥ ജ്യോസ്ത്യനും, ഭാഗ്യ രത്ന പണ്ഠിതനുമായ എന്റെ ചെറിയച്ഛനും, അദ്ദേഹത്തിനു കട്ടക്ക് കട്ടക്ക് നില്‍ക്കുന്ന എന്റെ ചെറിയമ്മയും ഇരുപ്പുണ്ടായിരുന്നു.

ചെറിയമ്മേ, ഒരല്പം മുളകു പൊടിയും, ഉപ്പും, വെളിച്ചെണ്ണയുമൊഴിച്ച് തിരുമ്മി ഇങ്ങെടുക്ക് എന്ന് ഞാന്‍ പറഞ്ഞപ്പോഴേക്കും, അനൂപ് ഉള്ളതില്‍ മൂക്കാറായ മുന്നാല് മൂവാണ്ടന്‍ മാങ്ങ പറിച്ച് ചെന ഉരച്ച് കളഞ്ഞ് എത്തി.

വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടികാലത്ത് ചെയ്തിരുന്ന പോലെ മാങ്ങ ചെത്തി മുളകും, ഉപ്പും ചേര്‍ത്ത് ആവോളം കഴിച്ച് ഞാന്‍ എന്റെ കൊതിയടക്കി.

ഡാ സമയം മൂന്ന് കഴിഞ്ഞല്ലോ. നീ ഊണു കഴിച്ചാ?

ഇല്ല.

ഊണെടുക്കട്ടെ?

എന്താ സ്പെഷല്‍?

അവിയലുണ്ട്, പാവക്കാ തോരനും.

വേണ്ട. ഞാന്‍ വീട്ടില്‍ പോയിട്ട് കഴിക്കാം. അമ്മ നല്ല ചെമ്മീന്‍ വച്ചിട്ടുണ്ട് ചെറിയമ്മേ, പിന്നൊരു ദിവസം വരാം എന്ന് പറഞ്ഞ് ഞാന്‍ യാത്രപറഞ്ഞിറങ്ങി.