Saturday, April 26, 2008

വനപുഷ്പങ്ങള്‍ വിരിഞ്ഞ രാത്രി

വനപുഷ്പങ്ങള്‍ വിരിഞ്ഞ രാത്രി

സര്‍വ്വശക്തിയും സംഭരിച്ച് വല്ലാത്ത ഒരു മൂളലോടെ ബസ്സ്, ഹൈറേഞ്ചിലെ ചെങ്കുത്തായ മലകള്‍ കയറികൊണ്ടേയിരുന്നു. ബസ്സിലുള്ളവരില്‍ ഭൂരിഭാഗവും ഉറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഇനിയും രണ്ട് മണിക്കൂറിലധികം കഴിയണം, ബസ്സ് തേക്കടിയിലെത്താന്‍.

സീറ്റിലേക്ക് ഒന്നുകൂടി ചാരിയിരുന്ന്, തല, സീറ്റിന്റെ ഹെഡ് റെസ്റ്റിലേക്ക് ഒന്നുകൂടി അമര്‍ത്തി, ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു. കാട്ടുപൂക്കളുടെ സമ്മിശ്രമായ സുഗന്ധം വഹിച്ചുകൊണ്ട് ഇടക്കിടെ നനുത്ത കാറ്റ് മുഖത്തടിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ഒരനുഭൂതി.

ഒരിറക്കത്തില്‍ ബസ്സിന്റെ വേഗത അല്പം കൂടിയപ്പോള്‍, കാറ്റില്‍ പെട്ട് മുന്നിലിരുന്ന പെണ്‍കുട്ടിയുടെ ഷാളിന്റെ തുമ്പ് പറന്ന് ചെറുതായി എന്റെ മുഖത്ത് തഴുകി.

സോറി, പെണ്‍കുട്ടി പിന്‍തിരിഞ്ഞെന്നെനോക്കി പറഞ്ഞു. ഞങ്ങളുടെ കണ്ണുകള്‍ ഒരു നിമിഷ നേരത്തേക്കെങ്കിലും പരസ്പരം മിഴികോര്‍ത്തു.

എവിടെയോ കണ്ടു മറന്ന മുഖം. എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എന്റെ തല പെരുത്തു തുടങ്ങി.

അതേ സമയം അവളും ചിന്തിക്കുന്നതു അതു തന്നെയായിരുന്നു. എവിടേയോ കണ്ടു മറന്ന മുഖം. എവിടെയായിരുന്നു?

ബസ്സ് ദൂരങ്ങള്‍ പിന്നിട്ട് മുന്നോട്ട് ഓടികൊണ്ടേയിരുന്നു. ഇനി അരമണിക്കൂറിനകം, ബസ്സ് കുമളിയിലെത്തും. കോടമഞ്ഞ് ഉയരങ്ങളില്‍ നിന്നും താഴോട്ടിറങ്ങാന്‍ തുടങ്ങി. യാത്രക്കാരെല്ലാവരും ഉറക്കം മതിയാക്കിയിരിക്കുന്നു.

ബസ്സ് കുമളിയിലെത്തിയപ്പോള്‍ സമയം വൈകുന്നേരം നാലു കഴിഞ്ഞിരുന്നു. എന്റെ ബാക്ക്പാക്ക് എടുത്ത് ചുമലില്‍ ഇട്ട് ഞാനിറങ്ങി. ഒരു ടാക്സി പിടിച്ചോ, ഓട്ടോ പിടിച്ചോ, തേക്കടിയിലേക്ക് പോകാം. ഹോട്ടല്‍ ആരണ്യനിവാസില്‍ മുറി മുന്‍ കൂറായി തന്നെ ബുക്ക് ചെയ്തിരുന്നതിനാല്‍ ടെന്‍ഷന്‍ ഇല്ല.

എന്റെ തൊട്ടുപിന്നാലെയായി, ആ പെണ്‍കുട്ടിയും അവളുടെ ബാഗെടുത്ത് ചുമലിലിട്ടിറങ്ങി.
കയ്യിലെ സിഗററ്റ് തീരാറായിരിക്കുന്നു. വലിക്കുന്ന ശീലം കാര്യമായില്ലെങ്കിലും, കോട മഞ്ഞിറങ്ങുന്ന തണുപ്പില്‍, വലിക്കുന്നതിനും ഒരു രസമുണ്ടായിരിക്കുമെന്ന ഓര്‍മ്മയില്‍, ബസ് സ്റ്റാന്‍ഡിലെ കടയിലേക്ക് കയറി രണ്ട് പായ്കറ്റ് സിഗററ്റ് വാങ്ങി ബാഗില്‍ വച്ചു.

ഓട്ടോ സ്റ്റാന്‍ഡിലേക്ക് പതുക്കെ നടന്നു. എന്റെ മുന്നില്‍ ആ പെണ്‍കുട്ടിയും നടക്കുന്നുണ്ടായിരുന്നു.

രണ്ടു പേരും ഓട്ടോ സ്റ്റാന്‍ഡിലെത്തിയത് ഒരുമിച്ചാണ്. അവള്‍ ഓട്ടോയില്‍ കയറി “ആരണ്യനിവാസ്” തേക്കടി എന്ന് പറയുന്നത് വ്യക്തമായി ഞാന്‍ കേട്ടതാണ്. എനിക്കും അവിടെ തന്നേയാണു പോകേണ്ടത് പെണ്ണേ, നമുക്കൊരുമിച്ചു പൊയ്ക്കൂടേന്നു ചോദിക്കാന്‍ നാവ് വളച്ചപ്പോഴേക്കും, ഒരു മുരളലോടെ ഓട്ടോ അവളേയും വഹിച്ച് നീങ്ങി കഴിഞ്ഞിരുന്നു.

അടുത്ത ഓട്ടോയില്‍ കയറി ഞാനും പറഞ്ഞു “ ആരണ്യനിവാസ്” തേക്കടി. എന്താ ചേട്ടാ, ഭാര്യയും, ഭര്‍ത്താവും, ബസ്സിലിരുന്ന് പിണങ്ങിയ കാരണമാണോ, രണ്ട് ഓട്ടോറിക്ഷയില്‍ പോകുന്നതെന്ന് തമാശ രൂപേണ ഓട്ടോ ഡ്രൈവര്‍ പയ്യന്‍ ചോദിച്ചപ്പോള്‍, ഒന്നു പുഞ്ചിരിക്കയല്ലാതെ ഞാന്‍ ഒന്നും പറഞ്ഞില്ല.

കുമളിയില്‍ നിന്നും തേക്കടിയിലേക്കു പോകുന്ന വഴിയിലുള്ള ഫോറസ്റ്റ് ഓഫീസിന്റെ ചെക്ക് പോസ്റ്റില്‍ രണ്ട് ഓട്ടോറിക്ഷകളും സമാന്തരമായി കിടന്നപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ വീണ്ടും പരസ്പരം കൂട്ടി മുട്ടി. പിശുക്കോടെയാണെങ്കില്‍ പോലും നീ ഒന്നു ചെറുതായി പുഞ്ചിരിക്കാന്‍ മറന്നില്ല. നിന്റെ ഈ ചിരിയാണ് എന്റെ മനസ്സില്‍ ഇപ്പോഴും ഓര്‍മ്മയിലുള്ളത്. എവിടേയാണു നമ്മള്‍ കണ്ട് മുട്ടിയതെന്നെനിക്കിപ്പോഴും ഓര്‍ക്കുവാന്‍ കഴിയുന്നില്ലല്ലോ? മുജ്ജന്മ ബന്ധം വല്ലതുമാണോ ദൈവമേ? കഴിഞ്ഞ ജന്മത്തിലൊരുപക്ഷെ നാം ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നിരിക്കാം, അലെങ്കില്‍ കാമുകീ, കാമുകന്മാരെങ്കിലും.

വനത്തിന്റെ ഇടയിലായാണ് ഹോട്ടല്‍ ആരണ്യനിവാസ് സ്തിഥിചെയ്യുന്നത്. വളരെ നല്ല ഒരു ഹോട്ടല്‍. ചുറ്റിനും വലിയ വൃക്ഷങ്ങള്‍. പൂന്തോട്ടം. ചീവീടുകളുടേയും, പേരറിയാ പക്ഷികളുടേയും, കരച്ചിലുകള്‍. മലയണ്ണാന്റെ കരച്ചില്‍ വളരെ ഉച്ചത്തില്‍ കേള്‍ക്കാം. മനസ്സിനാകെ ഒരുന്മേഷം. നീയും ഞാനും ഒരുമിച്ചാണ് ഹോട്ടല്‍ റിസപ്ഷനിലേക്ക് കയറിയത്. റിസപ്ഷനില്‍, ലേഡീസ് ഫസ്റ്റ് എന്ന മര്യാദ പ്രകാരം ഞാന്‍ നിനക്ക് വേണ്ടി വഴിയൊതുങ്ങി നിന്നു. റിസപ്ഷനിസ്റ്റിനോടുള്ള സംസാരത്തില്‍ നിന്നും നിന്റെ പേര് ശ്രുതി എന്നാണെന്നും, അമേരിക്കയില്‍ നിന്നും അവധിക്കാലം ചിലവഴിക്കാന്‍ വന്നതാണെന്നും ഞാന്‍ മനസ്സിലാക്കി. ലോഗ് ബുക്കില്‍ പേരെഴുതി, ഒപ്പിട്ട്, മുറിയുടെ താക്കോലും വാങ്ങിയ നീ എനിക്ക് വേണ്ടി സ്ഥലം ഒഴിഞ്ഞു തന്നു.

റിസപ്ഷനിസ്റ്റിനോട് ബുക്കിങ്ങ് ഡിറ്റേയിത്സ് എല്ലാം ഞാന്‍ വിവരിക്കുമ്പോള്‍, എന്റെ പേരോ, മറ്റെന്തെങ്കിലും വിവരമോ കിട്ടുമോ എന്ന് നീ ശ്രദ്ധിക്കുന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതിനാല്‍ തന്നെ ശബ്ദം വളരെ കുറച്ചാണ് ഞാന്‍ സംസാരിച്ചത്. നിന്റെ മുഖം അല്പം ഇരുളുന്നത്, ഒരു തമാശ കാണുന്ന ലാഘവത്തോടെ ഞാന്‍ ശ്രദ്ധിച്ചു. ലോഗ് ബുക്കില്‍ ഒപ്പിട്ട് മുറിയുടെ താക്കോല്‍ വാങ്ങിയപ്പോഴേക്കും, റൂം ബോയ് വന്നു. നമ്മള്‍ രണ്ട് പേരുടേയും മുറി ഒരേ വശത്തായിരുന്നതിനാല്‍, അവന്റെ പിന്നാലെ നീ മുന്നിലും, ഞാന്‍ പിന്നിലുമായി നമ്മള്‍ നടന്നു. ഇടക്കിടെ കഴുത്തല്‍പ്പം വെട്ടിച്ച്, നീ എന്നെ ഇടംക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.

റൂം ബോയ്, ആദ്യം, നിന്റെ മുറി തുറന്ന് തന്നു. നീ ഉള്ളിലേക്ക് കയറി വാതില്‍ അല്പം ശബ്ദത്തോടെ അടച്ച് തഴുതിട്ടതിനു ശേഷമാണ്, ഞാന്‍ നിന്റെ മുറിക്കു തൊട്ടു തന്നെയുള്ള എന്റെ മുറി തുറന്നുള്ളില്‍ കയറിയത്. ആവശ്യം വല്ലതും ഉണ്ടെങ്കില്‍ ബെല്ലടിക്കുകയോ, ഇന്റര്‍കോമില്‍ വിളിക്കുകയോ ചെയ്താല്‍ മതി എന്ന് പറഞ്ഞ് റൂം ബോയി പോയി. എന്റെ ബാഗ് കട്ടിലില്‍ വച്ച് ഞാന്‍ മുറിയാകെ ഒന്നോടിച്ച് നോക്കി. വെളുത്ത ബെഡ്സ്പ്രെഡ് വിരിച്ചിരിക്കുന്നു ബെഡില്‍, അതിന്റെ മുകളിലായി ഒരു ചുമന്ന ക്വില്‍റ്റും മടക്കിയിട്ടിരിക്കുന്നു. സൈഡിലായി ഒരു ചെറിയ ഡൈനിങ്ങ് ടേബിള്‍, അതിനു അപ്പുറവും, ഇപ്പുറവുമായി രണ്ട് ചെയറുകള്‍. ഡ്രെസ്സിങ്ങ് ടേബിള്‍. ഷാന്‍ലിയറില്‍ നിന്നും വീഴുന്ന വെളിച്ചം മുറിയിയുടെ ഭംഗിക്ക് മാറ്റ് കൂട്ടുന്നു. ഒരരികിലായി ബാത്രൂം. അതും നല്ല സൌകര്യമുള്ളത് തന്നെ. മുറിയുടെ എതിരെ മറ്റൊരു വാതില്‍. എന്തായിരിക്കുമത്. വാതില്‍ ഞാന്‍ തുറന്നു. പുറത്ത് ചെറിയ ഒരു ഗാര്‍ഡനിലേക്കാണ് ആ വാതില്‍ തുറക്കപെടുന്നത്. ഗാര്‍ഡനില്‍ രണ്ട് വശത്തായി, രണ്ട് ഗാര്‍ഡന്‍ ടേബിളുകളും ചെയറുകളും. സമയം സന്ധ്യയായതേയുള്ളൂ. അവിടെ നിന്നു കൊണ്ട് ഞാന്‍ ചുറ്റുവട്ടവും ഒന്നു നിരീക്ഷിക്കുന്ന സമയത്താണ്, നിന്റെ മുറിയുടെ വാതില്‍ തുറന്ന് നീ ഗാര്‍ഡനിലേക്കിറങ്ങിയത്. നമ്മുടെ രണ്ട് പേരുടേയും മുറികള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായുള്ള ചെറിയ ഗാര്‍ഡനാണത്. രാത്രിയിലോ പകലോ സ്വസ്ഥമായി പ്രകൃതിയുടെ ശബ്ദവും, ഗന്ധവും, ആസ്വദിച്ചിരിക്കുവാന്‍ വേണ്ടി. രണ്ടോ, മൂന്നോ മുറികള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി, ഹോട്ടലുകാര്‍ തീര്‍ത്തിരിക്കുന്ന ചെറിയ ഉദ്യാനങ്ങള്‍ എന്തിനും കൊള്ളാം.

നേരില്‍ മുഖാ മുഖം കാണുന്നതാദ്യമായാണ്, ആയതിനാല്‍ തന്നെ ഞാന്‍ നിറഞ്ഞ ഒരു പുഞ്ചിരിയോടെ നിന്നെ വിഷ് ചെയ്തു. ഹായ് ശ്രുതി, അയാം മനു. ഞാന്‍ ഷേയ്ക്ക് ഹാന്റിനായി കൈനീട്ടി. യാതൊരു മടിയും കൂടാതെ, മനോഹര്‍മായി പുഞ്ചിരിച്ചുകൊണ്ട് നീയ് എനിക്ക് ഷേയ്ക്ക് ഹാന്റ് തന്നു.

വിരോധമില്ലെങ്കില്‍ അല്പം നേരം ഈ ചെറിയ പൂന്തോട്ടത്തില്‍ നമുക്കിരിക്കാം, എന്നു ഞാന്‍ പറഞ്ഞപ്പോള്‍, തീര്‍ച്ചയായും, ഇവിടെ ഈ വനാന്തരത്തില്‍ ഇരുന്ന് സൂര്യാസ്തമനത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എനിക്കിഷ്ടം തന്നെ. പ്രത്യേകിച്ചും ഒരാള്‍ കൂട്ടിനുള്ളപ്പോള്‍, ഏകാന്തയുടെ മടുപ്പും ഉണ്ടാകില്ലല്ലോ, എന്നു പറഞ്ഞ്, ഒരു ചെയറ് വലിച്ചിട്ട് നീ ഇരുന്നു. ഇരിക്കൂ എന്നെന്നോട് പറയുകയും ചെയ്തു.

ഒരു മേശക്കിരുവശവും മിഴികള്‍ കോര്‍ത്തുകൊണ്ട് നമ്മള്‍ ഇരുന്നതല്ലാതെ നീയോ ഞാനോ ഒരക്ഷരം പോലും പരസ്പരം സംസാരിച്ചില്ല. പക്ഷെ നമ്മുടെ കണ്ണുകള്‍ എത്രയോ കാര്യങ്ങള്‍ പരസ്പരം പങ്കുവച്ചു!!

മൌനത്തിനൊരു വിരാമം ഇട്ടുകൊണ്ട് നീ തന്നെ സംസാരം തുടങ്ങി വച്ചു. അമേരിക്കയിലാണ്,വിവാഹിതയാണ്, രണ്ടു മക്കളുണ്ട്, ഒരു മകനും, മകളും. ഇപ്പോള്‍ അവധിക്കു നാട്ടില്‍ വന്നിരിക്കയാണ് , ഹസ്ബന്റ്, ഒഫീഷ്യല്‍ കാര്യത്തിനായി ഒരാഴ്ചത്തേക്ക് ബാംഗ്ലൂരില്‍ പോയിരിക്കുന്നതിനാല്‍, മകളെ അവളുടെ അച്ചമ്മയുടെ കൂടെ നിറുത്തിയിട്ട്, ഒരു മാറ്റത്തിനായി ഒരു ദിവസത്തേക്ക് തേക്കടി കാണാന്‍ വന്നതാണെന്നും മറ്റും നീ പറഞ്ഞു.

ഇംഗ്ലണ്ടിലാണെന്നും, ഒരു ആണ്‍കുട്ടിയുടെ അച്ഛനാണെന്നും, വൈഫിനേയും, മകനേയും വൈഫിന്റെ വീട്ടില്‍ ആക്കിയിട്ട് വെറുതെ കാടുകാണാന്‍ ഇറങ്ങിയതാണ് ഞാനെന്നും നീ ചോദിച്ച് മനസ്സിലാക്കി. എത്ര സംസാരിച്ചാലും മതിവരാത്ത സ്വഭാവമാണ് നിന്റേതെന്ന് അത്രയും സമയം നിന്നോട് സംസാരിച്ചതില്‍ നിന്നും എനിക്ക് മനസ്സിലായി. എന്റെ സ്വഭാവവും വിഭിന്നമല്ല.

സമയം എട്ടു കഴിഞ്ഞിരിക്കുന്നു. സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. പുറത്ത് നല്ല തണുപ്പ്, കോട മഞ്ഞ് പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇനി അവനവന്റെ മുറിയിലേക്ക് പോകാം ശ്രുതി. അല്ലെങ്കില്‍ ഈ തണുപ്പടിച്ച് പനിപിടിച്ചാല്‍ കാടു കാണുന്നതിനു പകരം, ഹോസ്പിറ്റലും, വനപുഷ്പങ്ങളുടെ ഗന്ധം ശ്വസിക്കുന്നതിനു പകരം, ഫിനോയിലിന്റേയും, ഡെറ്റോളിന്റേയും ഗന്ധവും നമുക്ക് ശ്വസിക്കേണ്ടി വരും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, മുത്തുമണികള്‍ പൊഴിയുന്ന സ്വരത്തില്‍ ആദ്യമായി നീ പൊട്ടിചിരിച്ചു.

പരസ്പരം യാത്ര പറഞ്ഞ്, അവരവരുടെ മുറിയിലേക്ക് നമ്മള്‍ നടന്നു. നിന്റെ മുറിയിലേക്കുള്ള പടികളിലേക്ക് കയറിയതും, പെട്ടെന്നെന്തോ ഓര്‍ത്തപോലെ നീ നിന്നു, പിന്നെ എന്നോട് അല്പം ഉറക്കെ വിളിച്ചു ചോദിച്ചു, ഹേയ് മനു, വൈ കാണ്ട് വി ഹാവ് ഡിന്നര്‍ ടുഗദര്‍?

ഇറ്റ്സ് മൈ പ്ലെഷര്‍ ഡിയര്‍. വി വില്‍ ഹാവ് ഡിന്നര്‍ ടുഗദര്‍. കാള്‍ മി വെന്‍ യു ആര്‍ റെഡി. ലെറ്റ് മി ടേക്ക് ബാത് ആന്റ് ഗെറ്റ് ഫ്രെഷ് നൌ, എന്നു പറഞ്ഞ് ഞാന്‍ എന്റെ മുറിയിലേക്ക് കയറി.

ഷവറില്‍ നിന്നും ഇളം ചൂടുവെള്ളം ശരീരത്തിലേക് വീഴുകുമ്പോള്‍ നല്ല സുഖം. അല്പം യാത്രാ ക്ഷീണം തോന്നിയിരുന്നതും മാറി. കുളി കഴിഞ്ഞ്, തലയും ശരീരവും തുവര്‍ത്തി, കറുത്ത കരയുള്ള ഡബിള്‍ മുണ്ടും, ചുവന്ന ഷോര്‍ട്ട് സ്ലീവ് ക്രൂ നെക്ക് ടീ ഷര്‍ട്ടും ധരിച്ച്, ഇനിയെന്തു ചെയ്യും, എന്നാലോചിക്കാന്‍ തുടങ്ങുന്നതിനു മുന്‍പെ തന്നെ വാതിലില്‍ മുട്ട് കേട്ടു.

റൂം ബോയിയെങ്ങാനും ആയിരിക്കും എന്ന് കരുതി വാതില്‍ തുറന്ന ഞാന്‍ അപ്രതീക്ഷിതമായി, അതും മുണ്ടും നേര്യതും, മെറൂണ്‍ ബ്ലൌസ്സും, ധരിച്ച നിന്നെ കണ്ടപ്പോള്‍ ഒന്നു പകച്ചു എന്ന് പറയാതിരിക്ക വയ്യ. ഇംഗ്ലണ്ടില്‍ ഉള്ള നിന്നെ ഞാന്‍ വല്ല ഷോര്‍ട്ട്സിലോ, കാപ്രിയിലോ ആണ്‍ ആ സമയത്ത് പ്രതീക്ഷിച്ചത്.

യെസ്? എന്തു പറ്റി? ഡിന്നറിനു പോകാറായോ?

നോ മനു. നോട് യെറ്റ്. ഐ ഹാവ് ഏ ഡിഫറന്റ് ഐഡിയ. നിന്നോട് ചോദിച്ചിട്ട് തീരുമാനിക്കാമെന്നു കരുതി. ബൈ ദി വേ, ആം സോറി, നീയെന്നു വിളിച്ചതില്‍.

ഇറ്റ്സ് ഫൈന്‍. നീയെന്നു വിളിച്ചോളൂ. എനിക്കതില്‍ സന്തോഷമേയുള്ളൂ. നീയെന്നുള്ള വിളി കേള്‍ക്കാന്‍ തന്നെ ഒരു സുഖമുണ്ട്. ഒട്ടും ഫോര്‍മലല്ലാത്ത വിളി. ഞാനും ഇയാളെ, നീയെന്ന് വിളികട്ടെ?

ചോദിക്കാനെന്തിരിക്കുന്നു മനു, യു കാന്‍ കാള്‍ മി വാട്ട് എവര്‍ യു ഫീല്‍ ലൈക് ടു.

ഈസ് ഇറ്റ്? വാട് അബൌട്ട് കാളിങ്ങ് യു, സ്റ്റുപിഡ്, ഇഡിയറ്റ്, മങ്കി, ഡോങ്കി എക്ശിട്രാ?

ഹ ഹ, യു നോട്ടി ബോയ്.....എന്നു പറഞ്ഞ് മുത്തുമണികള്‍ പൊഴിയുന്നതു പോലെ നീ വീണ്ടും ചിരിച്ചു.

അതൊക്കെ പോട്ടെ, എന്താണു നിന്റെ ഡിഫ്ഫറന്റ് ഐഡിയ?

നിനക്ക് വിരോധമില്ലെങ്കില്‍, നമുക്ക് ഭക്ഷണം നിന്റെ മുറിയിലോ, എന്റെ മുറിയിലോ വരുത്തി കഴിക്കാം. വെറുതെ റെസ്റ്റോറന്റിലെ തിരക്കില്‍ പോയിരുന്ന് പെട്ടെന്ന് കഴിച്ചു വരുന്നതിലും നല്ലതല്ലെ? നമുക്കെന്തെങ്കിലും മിണ്ടിയും പറഞ്ഞിരിക്കുകയും ചെയ്യാം.

വളരെ നല്ല ആശയം ശ്രുതി. കൊടുകൈ.

അങ്ങനെ കയ്യും കാലുമൊന്നും തരുന്നില്ല. ഇയാള്‍ക്കെന്താ കഴിക്കാന്‍ വേണ്ടത്?

ആദ്യം റൂം സര്‍വ്വീസില്‍ നിന്നു താന്‍ മെനു വരുത്തിക്ക്, എന്നിട്ട് തീരുമാനിക്കാം. മെനുവെല്ലാം ദാ ആ ഇന്റര്‍കോമിന്റെ അടുത്തുണ്ടല്ലോ.

പെണ്ണുങ്ങളുടെ നിരീക്ഷണ പാഠവം ഇവിടെ വീണ്ടും തെളിയിക്കപെട്ടിരിക്കുന്നു!

ശരി, എന്റെ മുറിയിലേക്ക് വരുത്തിക്കണോ, അതോ തന്റെ മുറിയിലേക്ക് വരുത്തിക്കണോ? ഞാന്‍ ചോദിച്ചു.

തന്റെ മുറിയില്‍ തന്നെ മതി. നമുക്കിവിടെ ഇരിക്കാം, മെനുവെടുത്ത് താന്‍ അതിലെ പേജുകളിലൂടെ ഒരോട്ട പ്രതീക്ഷണം നടത്തി.

എന്താ ഇയാള്‍ക്ക് കഴിക്കാന്‍ വേണ്ടത്.

താന്‍ എന്തു ഓര്‍ഡര്‍ ചെയ്താലും എനിക്കോക്കെ.

വാട്ട് അബൌട്ട് ചൈനീസ്, ഇന്ത്യന്‍ കോമ്പോ?

യെസ്, ഗുഡ് സജ്ജഷന്‍.

ഓകെ, ലെറ്റ് മി ഓര്‍ഡര്‍ ദെന്‍.

ഡു യു മൈന്‍ഡ് മി ഹാവിങ്ങ് കപ്പിള്‍ ഓഫ് ബീയര്‍?

നോ പ്രൊബ്ലം. ബട് നോട് മോര്‍ ദാന്‍ ടു ഓകെ?

യെസ് അഗ്രീഡ്. വാട് എബൌട്ട് യു?

ഐ വില്‍ ഹാവ് എ ഗ്ലാസ്സ് ഒഫ് റെഡ് വൈന്‍.

ഗുഡ്. ഓര്‍ഡര്‍ ദെന്‍.

ഇന്റര്‍കോമെടുത്ത് താന്‍ റൂം സര്‍വ്വീസിലേക്ക് വിളിച്ച് ഓര്‍ഡര്‍ ചെയ്യുന്നത് നോക്കി ഞാന്‍ കട്ടിലില്‍ ഇരുന്നു.

റൂം നമ്പര്‍ പത്തില്‍ നിന്നാണ്. രണ്ട് ബീയര്‍? ജസ്റ്റ് ഏ സെക്കന്റ് പ്ലീസ്.

മനു, വിച്ച് ബിയര്‍ യു വുഡ് ലൈക്ട് ടു ഹാവ്?

ഓര്‍ഡര്‍ ഹൈവാര്‍ട്സ് 5000.

ഓകെ, രണ്ട് ഹൈവാര്‍ട്സ് 5000, ഒരു ഗ്ലാസ്സ് റെഡ് വൈന്‍. പിന്നെ കുറച്ച് കാഷ്യൂ നട്സ്. ഇത്രയും ആദ്യം കൊടുത്തയക്കൂ. പിന്നെ ഡിന്നറിനുള്ള ഓര്‍ഡര്‍ കൂടി നോട്ട് ചെയ്തോളൂ. 1 ചിക്കന്‍ സ്വീറ്റ് കോണ്‍ സൂപ്പ്, 1 മിക്സഡ് സീ ഫുഡ് സൂപ്പ്, ഒരു ഫ്രൈഡ് റൈസ്, ഒരു ചില്ലി ചിക്കന്‍. രണ്ട് നാന്‍, ഒരു ചിക്കന്‍ ബട്ടര്‍ ചിക്കന്‍. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട് കൊടുത്തു വിട്ടാല്‍ മതി. രണ്ടായാലും കുഴപ്പമില്ല.

എനിക്കിഷ്ടമുള്ള വിഭവങ്ങള്‍ എന്നോട് ചോദിക്കാതെ തന്നെ നീ എങ്ങനെ ഓര്‍ഡര്‍ ചെയ്തു എന്നോര്‍ത്ത് ഞാന്‍ അത്ഭുതം കൂറി.

ഓകെ മനു, വാട്ട് അബൌട്ട് ഹിയറിങ്ങ് സം ഗസ്സല്‍സ്?

ഐ ഡു ലവ് ടു ഹിയര്‍ ഗസ്സല്‍സ് ഡിയര്‍.

ഓകെ ലെറ്റ് മി ബ്രിങ്ങ് മൈ എം പി 3 പ്ലെയര്‍ വിത്ത് ദ ഡിറ്റാച്ചബിള്‍ സ്മാള്‍ സ്പീക്കര്‍ ഫ്രം മൈ റൂം, എന്ന് പറഞ്ഞ് നീ നിന്റെ മുറിയില്‍ പോയി, എം പി 3 പ്ലെയറുമായ് പെട്ടെന്ന് തന്നെ വന്നു. നിനക്ക് പുറകിലായി ബിയറുകളും, നട്സും, വൈനുമായി റൂം ബോയിയും എത്തി.

മുറിയിലെ ടേബിളില്‍ അവന്‍ ബിയറുകളും, വൈനും, ഗ്ലാസ്സുകളും നിരത്തി. ബിയര്‍ പൊട്ടിച്ച് അവന്‍ ഗ്ലാസിലേക്ക് ഒഴിച്ച്, ഓപ്പണര്‍ ടേബിളില്‍ വച്ച് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കരുതെന്നും പറഞ്ഞ് റൂം ബോയി പോയി. റൂം ബോയിയെ ഞാന്‍ പുറകില്‍ നിന്നും വിളിച്ച് ഒരു കാന്‍ഡില്‍ കൊണ്ട് വരുവാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍, ദാ വരുന്നു എന്ന് പറഞ്ഞ് നിമിഷങ്ങള്‍ക്കകം കാന്‍ഡില്‍ സ്റ്റാന്‍ഡും കാന്‍ഡിലുകളും കൊണ്ട് വന്ന് തന്ന് റൂം ബോയി പുറത്ത് പോയി.

ഡൈനിങ്ങ് ടേബിളില്‍ ഞാന്‍ മെഴുകുതിരി കൊളുത്തി വച്ചു. മുറിയിലെ ഷാന്‍ലിയര്‍ ഞാന്‍ ഓഫ് ചെയ്തു. തുറന്നിട്ട ജനലിലൂടെ പുറത്തു നിന്നും വനപുഷ്പങ്ങളുടെ ഗന്ധം വഹിച്ചെത്തുന്ന കുളിര്‍ക്കാറ്റില്‍ ചെറുതായുലയുന്ന മെഴുകുതിരി വെളിച്ചം. ടേബിളിനപ്പുറത്തും ഇപ്പുറത്തുമായി നീയും ഞാനും ഇരുന്നു.

നിന്റെയും എന്റെയും ഗ്ലാസ്സുകള്‍ കൂട്ടി മുട്ടി. ചീയേഴ്സ്. മദ്യ ചഷകങ്ങള്‍ പലപ്രാവശ്യം അധരങ്ങളെ ചുംബിച്ചു. നിന്റെ എം പി 3 പ്ലെയറില്‍ നിന്നും ഒഴുകുന്ന ജഗജിത്ത് സിങ്ങിന്റെ ഗസല്‍

പ്യാര്‍ കാ പഹലാ ഖത്ത് ലിഖനേ മേം, വക്ത് തോ ലക്താ ഹൈ
നയേ പരിന്തോ കോ ഉഡ് നേ മേം, വക്ത് തോ ലക്താ ഹൈ!

മെഴുകു തിരി വെളിച്ചത്തില്‍ പരസ്പരം മിഴികളിലേക്ക് നോക്കി സ്വയം മറന്ന് നാം ഇരുവരും ഇരുന്നു. മുറിയിലാകെ പേരറിയാത്ത വനപുഷ്പങ്ങളുടെ ഗന്ധം നിറഞ്ഞു.

**************************************

ജഗജിത്ത് സിങ്ങിന്റേയും, ഗുലാം അലിയുടേയും, പങ്കജ് ഉദാസിന്റേയും, മനോഹരങ്ങളായ ഗസലുകള്‍ കേട്ട് പരസ്പരം കണ്ണുകളിലേക്ക് നോക്കി നിശബ്ദമായി ഇരിക്കുവാന്‍ തുടങ്ങിയിട്ട് മണിക്കൂറൊന്ന് കഴിഞ്ഞിരിക്കുന്നു. വാതിലില്‍ മുട്ടുന്നത് കേട്ട്, നിന്റെ കണ്ണില്‍ നിന്നും എന്റെ കണ്ണുകളെ അടര്‍ത്തിയെടുത്ത് ഞാന്‍ എഴുന്നേറ്റു ചെന്ന് ഷാന്‍ലിയര്‍ ഓണ്‍ ചെയ്തതിനുശേഷം, വാതില്‍ തുറന്നു.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി റൂം ബോയിയാണ്. ചൂടുള്ള ഭക്ഷണം അവന്‍ ടേബിളില്‍ നിരത്തി. കാലിയായ ബീയറും കുപ്പികളും, ഗ്ലാസ്സും എടുത്ത് അവന്‍ പോയി.

ഷാന്‍ലിയര്‍ ഓഫാക്കിയപ്പോള്‍ മുറിയില്‍ വീണ്ടും മെഴുകു തിരിയുടെ വെളിച്ചം മാത്രം.

ഒരേ ബൌളില്‍ നിന്നു തന്നെ നമ്മള്‍ രണ്ട് പേരും, സൂപ്പ് കുടിക്കാന്‍ തുടങ്ങി. ഒരു തവണ ചിക്കന്‍ സൂപ്പാണെങ്കില്‍, അടുത്തത് മിക്സഡ് സീ ഫുഡ് സൂപ്പ്. ഇടക്കെപ്പോഴോ നീ ഒരു സ്പൂണ്‍ സൂപ്പെടുത്ത് എനിക്ക് നീട്ടി. നിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ട് ഞാന്‍ എന്റെ അധരങ്ങള്‍ വിടര്‍ത്തി. പിന്നെ നാം സ്വയം സൂപ്പുകഴിക്കുകയല്ല ചെയ്തത്, മറിച്ച പരസ്പരം ഊട്ടുകയായിരുന്നു.

ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് നമ്മള്‍ ഭക്ഷണം മുഴുവനും കഴിച്ച് തീര്‍ത്തു. ഷാന്‍ലിയര്‍ ഓണ്‍ ചെയ്തു. റൂം ബോയി വന്ന് കാലിയായ പാത്രങ്ങളും, പ്ലെയിറ്റുകളും മറ്റും എടുത്ത് ടേബിള്‍ വൃത്തിയാക്കി ശുഭരാത്രി നേര്‍ന്ന് തിരികെ പോയി.

നീ ഇവിടെ ഇരിക്കൂ, ഞാന്‍ പുറത്ത് പൂന്തോട്ടത്തിലിറങ്ങി ഒരു സിഗററ്റ് വലിക്കട്ടെ.

സിഗററ്റിന്റെ ഗന്ധം ഇഷ്ടമല്ലാതിരുന്നിട്ടും നീ എനിക്ക് കൂട്ടു തരുവാനായി എന്റെ കൂടെ പുറത്തേക്കിറങ്ങി.

സിഗററ്റിനു തീകൊളുത്തി ഞാന്‍ ചെയറില്‍ ഇരുന്നു. പുക ഞാന്‍ വളയങ്ങളാക്കി ഊതി വിടുന്നത്, നീ കൌതുകത്തോടെ നോക്കിയിരുന്നു. നല്ല നിലാവ്. വെളുത്ത വാവടുത്തു എന്നു തോന്നുന്നു. അതോ കഴിഞ്ഞുവോ?

കാട്ടു ചീവീടുകളുടെ കരച്ചിലിനു ഒരു പ്രത്യേക താളം. കുളിരുള്ള ഇളം കാറ്റില്‍ മരങ്ങള്‍ തലകുലുക്കുന്നത് നിലാവുള്ളതിനാല്‍ വ്യക്തമായി കാണാം. ഇലകളുടെ മര്‍മ്മരത്തിനു പോലും സംഗീതത്തിന്റെ താളം.

സിഗററ്റ് വലിച്ച് തീര്‍ന്നപ്പോള്‍, നമ്മള്‍ ഒരുമിച്ച് മുറിയിലേക്ക് കയറി.

ഇനി നീ പോയി കിടന്നുറങ്ങിക്കൊള്ളൂ ശ്രുതി.

അപ്പോള്‍ നീയെന്തു ചെയ്യാന്‍ പോകുന്നു എന്ന മറുചോദ്യം നീ തൊടുത്തു.

ഞാന്‍ വെറുതെ ഒന്നു നടക്കാന്‍ പോകുന്നു. ബോട്ട്ജെട്ടി വരെ പോയി, പെരിയാറിന്റെ കരയില്‍ ഇരുന്നാല്‍ പുഴ പറയുന്ന കഥകേള്‍ക്കാം. ഈ നിലാവത്ത് നല്ല രസമായിരിക്കും.

മനു. എനിക്കുറക്കം വരുന്നില്ല. ഞാന്‍ നിന്റെ കൂടെ വരട്ടെ പ്ലീസ്.

പെണ്ണേ, ആനയും, പുലിയും മറ്റുമുള്ള കൊടും കാടാണിത്. നിനക്ക് വല്ലതും സംഭവിച്ചാല്‍?

അപ്പോള്‍ നിനക്ക് സംഭവിച്ചാലോ?

എനിക്കൊന്നും സംഭവിക്കില്ല എന്നൊരാത്മവിശ്വാസം മാത്രം.

ആ ആത്മവിശ്വാസം എനിക്കുമുണ്ട്. മാത്രമല്ല ഞാന്‍ നിന്റെ കൂടെയല്ലെ വരുന്നത്. നിന്റെ വിരല്‍തുമ്പില്‍ പിടിച്ച് ലോകത്തിന്റെ ഏത് കോണിലേക്ക് വരുവാനും എനിക്ക് ധൈര്യമുണ്ട് മനു.

ഹേയ്, നമ്മള്‍ തമ്മില്‍ വെറും മണിക്കൂറുകള്‍ തമ്മിലുള്ള പരിചയം മാത്രം. എന്നിട്ടും നീ എന്നെ വിശ്വസിക്കുന്നു. ലോകത്തിന്റെ ഏതു കോണിലും എന്റെ കൂടെ വരാന്‍ ധൈര്യമാണെന്ന് പറയുന്നു. അതിന്റെ പിന്നിലുള്ള ലോജിക്ക് എന്ത്?

ലോജിക്ക് എന്തുമോ ആകട്ടെ. നിന്റെ ഒപ്പം ചിലവഴിച്ചത് മണിക്കൂറുകളാണെങ്കിലും, എനിക്കാ മണിക്കൂറുകള്‍ യുഗങ്ങള്‍ പോലെ തോന്നുന്നു. ഒരു പക്ഷെ മുജ്ജന്മത്തില്‍ നമ്മള്‍ കാമുകീ കാമുകന്മാരോ, ഭാര്യ ഭര്‍ത്താക്കളോ ആയിരുന്നിരിക്കാം എന്ന് നീ പറഞ്ഞപ്പോള്‍ വാസ്തവത്തില്‍ ഞെട്ടിയത് ഞാനായിരുന്നു. കാരണം ഇതേ തോന്നല്‍ എന്റെ മനസ്സില്‍ തോന്നിയത് വെറും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം.

സിക്സ്ത് സെന്‍സിലും, റി ഇന്‍ കാര്‍ണേഷനിലും, ഒന്നും വിശ്വസിക്കുന്നവനല്ലെങ്കിലും, ഇക്കാര്യത്തില്‍ എന്തോ മുജ്ജന്മ ബന്ധം എന്ന തത്വത്തില്‍ പിടിച്ചു നില്‍ക്കാനാണെനിക്ക് തോന്നിയത്.

ശരി, എങ്കില്‍ നീയും, വാ. ഞാന്‍ എന്റെ മുണ്ടൊന്ന് മാറട്ടെ. നീയും വസ്ത്രം മാറി വാ.

മുണ്ട് മാറ്റി ഞാന്‍ ഒരു ജീന്‍സെടുത്ത് ധരിച്ചു. തണുപ്പുള്ളതല്ലെ, ബാഗില്‍ നിന്നും ജാക്കറ്റുമെടുത്തിട്ടപ്പോഴേക്കും വസ്ത്രം മാറി നീയുമെത്തി. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു നിന്റെ വേഷം. ഒരു ഷാളും പുതച്ചിട്ടുണ്ട്.

മുറി പൂട്ടി നമ്മള്‍ ഹോട്ടല്‍ റിസപ്ഷനില്‍ മുറിയുടെ താക്കോല്‍ കൊടുത്ത് പുറത്തിറങ്ങാന്‍ നേരം, റിസപ്ഷനിലുണ്ടായിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞു, രാത്രി നടക്കാന്‍ പോകുന്നതൊക്കെ കൊള്ളാം സാറെ, ബോട്ടു ജെട്ടി വരെ നടക്കാം, അല്ലാതെ കാടിന്റെ ഉള്ളിലേക്കൊന്നും ഇറങ്ങരുതേ, പുലിയൊക്കെ ഇറങ്ങാറുള്ളതാ.

അതുകേട്ടപ്പോള്‍ നീ ചെറുതായി ഞെട്ടുന്നത് കണ്ട് എനിക്ക് ചിരിവന്നുപോയി.

പുറത്തിറങ്ങി, ആരണ്യനിവാസിന്റെ ഗെയിറ്റുകടന്ന് പുറത്ത് റോട്ടിലേക്കിറങ്ങി. നിലാവെളിച്ചത്തില്‍ വഴി നല്ല വ്യക്തമായി തന്നെ കാണാം. ചീവിടുകളുടെ കരച്ചില്‍ കാതില്‍ വന്നു മുഴങ്ങികൊണ്ടേയിരുന്നു, ഇടക്കിടെ തലക്ക് മുകളിലൂടെ പറക്കുന്ന വവ്വാലുകളുടെ ചിറകടിയൊച്ചയും.

തണുപ്പ് അല്പം കൂടുതലായിരുന്നതിനാല്‍, ഇടക്കിടെ കാറ്റു വീശുമ്പോള്‍ നിന്നെ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. എന്റെ ജാക്കറ്റ് ഊരി ഞാന്‍ നിനക്ക് നല്‍കിയപ്പോള്‍, നീ നിന്റെ ഷാള്‍ എനിക്ക് പകരം നല്‍കി. ഞാന്‍ നിന്നെ എന്റെ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിച്ച് മുന്നോട്ട് നടന്നു. അപ്പോള്‍ തഴുകിയ കാറ്റിനു, വല്ലാത്ത ഒരു സുഗന്ധമുണ്ടായിരുന്നു.


നമ്മുടെ നടത്തം അവസാനിച്ചത്, ബോട്ടുജെട്ടിയുടെ അടുത്താണ്. പുഴയിലേക്കുള്ള പടികള്‍ നമ്മള്‍ മെല്ലെ ഇറങ്ങി. പുഴയിലെ വെള്ളത്തില്‍ കൈതൊട്ടപ്പോള്‍ നല്ല തണുപ്പ്. ആ പുഴയോരത്തുള്ള സിമന്റ് കല്പടവുകളിലൊന്നില്‍ നാം ഇരുന്നു.

ഒഴുക്കില്ലെങ്കിലും പുഴക്കെന്ത് ഭംഗി. പുഴയില്‍ അങ്ങിങ്ങായി ഉണങ്ങിയ മരങ്ങളുടെ അവശിഷ്ടങ്ങള്‍. അവയില്‍ കൂടു കൂട്ടിയിരിക്കുന്ന കിളികള്‍. കാറ്റില്‍ ചെറു ഓളങ്ങള്‍ സൃഷ്ടിക്കുന്ന പുഴ. ഓളങ്ങളുടെ താളത്തിനും ഒരു സംഗീതം. ആ സംഗീതത്തിനു കാതോര്‍ത്ത്, നിന്റെ മടിയിലേക്ക് മെല്ലെ ഞാന്‍ കിടന്നു, നിന്റെ കണ്ണുകളിലേക്ക് മാത്രം നോക്കികൊണ്ട്. നിന്റെ വിരലുകള്‍ എന്റെ മുടിയിഴകള്‍ക്കിടയിലൂടെ നീ ചലിപ്പിച്ചുകൊണ്ടിരുന്നു. നിലാവില്‍ നിന്റെ മുഖം കാണാനെന്തു ഭംഗി!

നിലാവുള്ള ആ രാത്രിയില്‍ നിന്റെ മടിയില്‍ തലവെച്ച്, പുഴയുടെ മര്‍മ്മരം ശ്രവിച്ചുകൊണ്ട് നിനക്ക് വേണ്ടി മാത്രം, മനുഷ്യനെ പ്രണയിച്ച സാലഭംജ്ഞികയുടെ കഥ ഞാന്‍ പറയാന്‍ തുടങ്ങി.

ക്ഷേത്രത്തില്‍ കുടിയിരിക്കുന്ന സമയത്ത്, ശ്രീകോവിലിനു വെളിയില്‍ ദേവിക്കു കാവലായും, ഗ്രാമം ഉറങ്ങുന്ന വേളയില്‍ ദേവി പുറത്തേക്കെഴുന്നള്ളുമ്പോള്‍ തോഴിയായും വര്‍ത്തിരിച്ചിരുന്ന രണ്ട് സാലഭംജ്ഞികയില്‍ സത്യഭാമ എന്ന സാലഭംജ്ഞിക ക്ഷേത്രത്തില്‍ സോപാനസംഗീതം വായിക്കുന്ന ദേവവ്രതന്‍ എന്ന യുവാവില്‍ അനുരുക്തനാവുകയും. നിശബ്ദമായി അവനെ പ്രണയിക്കുകയും ചെയ്തു. ശ്രീകോവിലിന്നരുകെ, തന്റെ ശിലയുടെ കീഴില്‍ നിന്നുകൊണ്ട് സോപാനസംഗീതം വായിക്കുന്ന ദേവവ്രതനെ ശിലാരൂപത്തില്‍ നിന്നു കൊണ്ട് അവള്‍ നിത്യേന കണ്‍കുളിര്‍ക്കെ കണ്ടു. രാത്രികളില്‍ ദേവിക്ക് കൂട്ടുപോകുമ്പോള്‍ മനുഷ്യരൂപം പൂണ്ടിരുന്ന സത്യഭാമ ദേവവ്രതനെ ഓര്‍ത്ത് കണ്ണീര്‍പൊഴിക്കുന്നത് ദേവി കാണാനിടയായി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ദേവി, സത്യഭാമക്ക് ദേവവ്രതനൊത്ത് ഒരു വര്‍ഷക്കാലം ചിലവഴിക്കാന്‍ അനുമതി നല്‍കി.

പിറ്റേന്ന് ക്ഷേത്രത്തില്‍ വന്ന പൂജാരിയും, ദേവവ്രതനും, മറ്റു ഭക്തജനങ്ങളും അതിശയിച്ചിനിന്നു. കല്ലില്‍ കൊത്തിയ സാലഭംജ്ഞികയുടെ ഒരു പ്രതിമ അവിടെ കാണുന്നില്ല. കല്ലില്‍ നിന്നും അടര്‍ന്ന ഒരു പാടുപോലുമില്ല. ജനങ്ങള്‍ ആശങ്കാകുലരായി. അന്നു തന്നെ ഗ്രാമത്തില്‍ സുന്ധരിയായ ഒരു യുവതി താമസക്കാരിയെത്തുന്നു. പേര് സത്യഭാമ. ദേവവ്രതന്‍ സത്യഭാമയുമായി പ്രണയത്തിലാകുകയും അവര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇതിന്നിടയില്‍ സത്യഭാമ ദേവവ്രതനില്‍ നിന്നും ഗര്‍ഭം ധരിക്കുകയും, ഒരോമന പുത്രനെ പ്രസവിക്കുകയും ചെയ്തു. സത്യഭാമ മനുഷ്യവേഷം ധരിച്ച് ദേവവ്രതന്റെ കൂടെ താമസിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്ന ദിവസം, രാത്രി, കുട്ടിയേയുമെടുത്ത്, ദേവവ്രതനേയും കൂട്ടി ക്ഷേത്രത്തിലേക്ക് സത്യഭാമ യാത്ര തിരിക്കുന്നു. ക്ഷേത്രനടയില്‍ വച്ച് സംഭവിച്ച കാര്യങ്ങള്‍ സത്യഭാമ ദേവവ്രതനോട് പറയുകയും ഉണ്ണിയെ ദേവവ്രതനു നല്‍കിയതിനു ശേഷം, കാലാന്തരങ്ങളോളം ഒരു ശിലയായി നിന്നു തന്നെ ദേവവ്രതനെ പ്രണയിച്ചുകൊള്ളാം എന്ന വാക്ക് നല്‍കി ക്ഷേത്രത്തിലേക്ക് കയറിപോകുന്നു.

സത്യഭാമയുടെ കൂടെ ജീവിച്ച് കൊതിതീരാത്ത ദേവവ്രതന്‍, കുട്ടിയെ മാറിലടുക്കി, ഉരുകുന്ന മനസ്സോടെ തിരിച്ച് വീട്ടിലെത്തുന്നു.

പിറ്റേന്ന് രാവിലെ ക്ഷേത്രത്തില്‍ വന്ന, പൂജാരിയും, മറ്റു ഭക്തജനങ്ങളും പഴയസ്ഥാനത്ത് അതുപോലെ നില്‍ക്കുന്ന സാലഭംജ്ഞികയുടെ ശിലകണ്ട് അത്ഭുതം കൂറിയപ്പോള്‍, ദേവവ്രതനാകട്ടെ ചങ്കുപൊട്ടി സോപാന സംഗീതം ആലപിക്കുകയായിരുന്നു.

കഥ പറഞ്ഞുതീരുവോളം നീ ശ്വാസം അടക്കി, വിടര്‍ന്ന കണ്ണുകളോടെ എന്റെ ചുണ്ടില്‍ നിന്നും വീഴുന്ന ഓരോ വാക്കിനും കാതോര്‍ത്തിരുന്നു. ഒന്നു മൂളുക പോലും നീ ചെയ്തില്ല. അത്രയേറെ ആ കഥയിലേക്ക് നീ ലയിച്ചുപോയിരുന്നു. കഥകഴിഞ്ഞപ്പോള്‍ നിന്റെ കണ്ണുകള്‍ സജലങ്ങളായി. നിന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ വീണത് എന്റെ മുഖത്തായിരുന്നു. അപ്പോഴും നിന്റെ വിരലുകള്‍ എന്റെ മുടിയിഴകള്‍ക്കിടയിലൂടെ നീ ചലിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

Thursday, April 24, 2008

കെട്ടുവിടാതെ നാലുകെട്ട് - ഭാഗം 2

ചെറിയമ്മയുടെ വീട്ടില്‍ നിന്നിറങ്ങി, ഓട്ടോ പിടിച്ച് വീട്ടിലെത്തിയപ്പോഴേക്കും മണി മൂന്നര കഴിഞ്ഞിരിക്കുന്നു. ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഉമ്മറവാതില്‍ തുറന്ന് അമ്മ പുറത്ത് വന്നു.

എന്താടാ ഇത്ര വൈകിയത് വരാന്‍?

ഇപ്പോ തന്നെ വന്നത് ഭാഗ്യം, അമ്മ എന്താ മയങ്ങിയില്ലെ?

ഇല്ല്യടാ, ഈ പാത്രങ്ങളൊക്കെ മേശപുറത്തിങ്ങനെ നിരത്തി വച്ചിട്ട് കിടന്നാ എനിക്ക് ഉറക്കം വരില്ല്യ. നീ വന്ന് ഊണുകഴിച്ചിട്ട് പാത്രങ്ങളൊക്കെ എടുത്ത് കഴുകി വച്ച് കിടന്നാലല്പം മയങ്ങാംന്ന് കരുതീതാ, ഇനി ഇപ്പോ സമയം നാലാവാറായില്ലെ, അകോം, മുറ്റോം അടിച്ച് വാരി കഴിയുമ്പോഴേക്കും വിളക്ക് വച്ച് അമ്പലത്തില്‍ പോകാറാവും.

നീ വേഗം കയ്യ് കഴുകി വന്നിരിക്ക്, ഞാന്‍ കറികളൊക്കെ ഒന്ന് ചൂടാക്കി ഇപ്പോ വിളമ്പാം.

ഇനിപ്പോ കറിയൊന്നും ചൂടാക്കണ്ടമ്മേ, ഉച്ചക്ക് വച്ചതല്ലെ? ഫ്രിഡ്ജിലൊന്നുമല്ലല്ലോ വച്ചിരിക്കുന്നത്, മേശപുറത്തല്ലെ.

എങ്കില്‍ ഞാന്‍ ആ ചെമ്മീന്‍ മാത്രം എന്തായാലും ഒന്നു ചൂടാക്കിയെടുക്കാം, നീ വേഗം വന്നിരിക്കാന്‍ നോക്ക്.

കൈകഴുകി വന്നിരുന്നപ്പോഴേക്കും അമ്മ പ്ലെയിറ്റില്‍ ചോറും ചെമ്മീന്‍ റോസ്റ്റും ചാള കൂട്ടാനും, വാഴകൊടപ്പന്‍ തോരനുമെല്ലാം വിളമ്പിയിരുന്നു. വിശദമായി തന്നെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി.

എങ്ങനെയുണ്ടായിരുന്നെടാ പരിപാടി എന്ന് ചോദിച്ചുകൊണ്ട് ഉച്ചയുറക്കം കഴിഞ്ഞ് അച്ഛന്‍ എഴുന്നേറ്റ് വന്നു.

ഞാന്‍ ചെന്നപ്പോഴേക്കും ഏതാണ്ടെല്ലാം കഴിഞ്ഞിരുന്നു, അതിനാല്‍ വലിയ ബോറായി തോന്നിയില്ല.

പിന്നെന്താ നീ ഇത്രയും നേരം വൈകിയത്? എവിടേയെങ്കിലും മിനുങ്ങാന്‍ കയറിയാ?

ഏയ്, ഞാന്‍ ഊരകത്ത് ഒന്നു കയറി അതാ നേരം വൈകിയത്.

കൊറച്ച് കൂടെ ചോറ് വിളമ്പട്ടഡാ? പ്ലെയിറ്റ് കാലിയയായത് കണ്ട് അമ്മ ചോദിച്ചു.

മൂക്കു മുട്ടെ കഴിച്ചത് കാരണം ഇപ്പോള്‍ തന്നെ ശ്വാസം എടുക്കാന്‍ വയ്യ, ഇനി അല്പം കൂടെ കഴിച്ചാല്‍ എന്റെ കാര്യം സ്വാഹ! എഴുന്നേറ്റ് കൈകഴുകി. ഉച്ചയുറക്കത്തിനു മുന്‍പ്, അല്പം നേരം മറ്റമ്മയുമായി (അമ്മയുടെ അമ്മ) കത്തിവെക്കാമെന്ന് കരുതി മറ്റമ്മയുടെ മുറിയിലേക്ക് ചെന്നു.

ഉറക്കം വരാത്തതിനാല്‍ കട്ടിലില്‍ വെറുതെ ഇരിക്കുകയായിരുന്നു തൊണ്ണൂറു വയസ്സു കഴിഞ്ഞ മറ്റമ്മ.

എന്തൊക്കെയുണ്ട് മറ്റമ്മേ വിശേഷം?

സുഖം തന്നെ മോനെ, ഇങ്ങനെയൊക്കെ പോണു. ഇനി ദൈവം അങ്ങോട്ട് വിളിക്കുന്നതും കാത്തിരിക്ക്വാ. മോനെന്നാ വന്നേ?

വന്നതില്‍ പിന്നെ പത്തിലധികം തവണ ചോദിച്ചു കഴിഞ്ഞിരിക്കുന്നു ഈ ചോദ്യം, എന്നിരുന്നാലും പറഞ്ഞു, ഇന്നലെ.

മോന്റെ കല്യാണം കഴിഞ്ഞോ?

ഉവ്വല്ലോ മറ്റമ്മേ, കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളും ഉണ്ട്.

നന്നായി. അവര് വന്നിട്ടില്ല്യേ?

ഉവ്വല്ലോ, അവര് കോയമ്പത്തൂരാ. അടുത്ത ആഴ്ച അവളുടെ അനിയന്റെ കല്യാണം കഴിഞ്ഞിട്ട് ഇങ്ങോട്ട് വരും.

ആരുടെ അനിയന്റെ?

എന്റെ ഭാര്യേടെ അനിയന്റെ.

മോന്റെ കല്യാണം കഴിഞ്ഞോ?

ഉവ്വല്ലോ മറ്റമ്മേ.

മോനരുടെ മോനാ?

ഞാന്‍ അംബീടെ മോന്‍.

അംബീടെ മോനാ?

അതെ മറ്റമ്മേ. ഞാന്‍ അംബീടെ താഴെയുള്ള മോന്‍.

മോന്‍ ഇപ്പോ എവിടെയാ?

ഞാന്‍ ദുബായില്.

മോനിന്ന് പൂവ്വോ?

എങ്ങോട്ട്?

തിരിച്ച് വീട്ടിലിക്ക്.

ആരുടെ വീട്ടിലിക്ക്?

മോന്റെ വീട്ടിലിക്ക്.

ഇതല്ലെ മറ്റമ്മെ നമ്മുടെ വീട്.

അത്യോ. എന്നാ മോന്‍ ഇനി എങ്ങട്ടും പോണ്ട.

ശരി മറ്റമ്മേ.

കൊച്ചു എവിടെ പോയി മോനെ? ഇപ്പോ തന്നെ അവളുടെ ശബ്ദം കേട്ടതാണല്ലോ? (കൊച്ചു എന്നത് മറ്റമ്മയുടെ നേരെ മൂത്ത ചേച്ചിയാ, മരിച്ചിട്ട് ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി).

കൊച്ചേച്ചിയൊക്കെ മരിച്ച് പോയിട്ട് കുറേ ആയല്ലോ മറ്റമ്മേ.

എന്താ ചെയ്യ്യാ മോനെ, ഓര്‍മ്മ തീരെ നില്‍ക്കണില്ല്യ. കൃഷ്ണാ, ഗുരുവായൂരപ്പാ, കാത്തോളണേ.

വയസ്സായാല്‍ എല്ലാവരുടേയും സ്ഥിതി ഇത് തന്നെ, ശിശുക്കളെ പോലെ പെരുമാറാന്‍ തുടങ്ങുന്നു ഈ പ്രായത്തില്!

മറ്റമ്മ കിടന്നോളൂ, ഞാനും ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് ഞാന്‍ എന്റെ മുറിയിലേക്ക് പോന്നു. വെയിലത്ത് കിടന്ന് നടന്നതിന്റേയും, മൂക്കു മുട്ടെ ഭക്ഷണം കഴിച്ചതിന്റേയും ക്ഷീണത്താല്‍ കിടന്നതും കണ്ണുകള്‍ കൂമ്പിയടഞ്ഞു.

ചെറുതായൊന്നു മയങ്ങാന്‍ കിടന്ന ഞാന്‍, ഡാ മണി എട്ട് കഴിഞ്ഞു, ഇങ്ങനെ ഉറങ്ങിയാല്‍ ഇനി രാത്രി ഉറങ്ങണ്ടേ എന്നുള്ള ചോദ്യം കേട്ടാണുണര്‍ന്നപ്പോഴാണ് മയങ്ങാന്‍ കിടന്ന ഞാന്‍ കാര്യമായി തന്നെ ഉറങ്ങി എന്ന് മനസ്സിലാക്കിയത്.

കുളിച്ചൊന്ന് ഫ്രെഷായി വന്നപ്പോഴേക്കും മണി എട്ടര കഴിഞ്ഞിരിക്കുന്നു.

അച്ഛനും, അമ്മയും സീരിയലില്‍ ലയിച്ചിരിക്കുന്നു. സമയം പോകാന്‍ എന്ത് ചെയ്യും? ടൌണില്‍ പോയിട്ടും വലിയ കാര്യമൊന്നുമില്ല. ഒമ്പത് മണിക്കേ നഗരം ഉറങ്ങാന്‍ തുടങ്ങും.

സീരിയല്‍ കഴിഞ്ഞ്, ഞാന്‍ അച്ഛനുമൊത്ത് ചെറുതായൊന്ന് കൂടി, അത്താഴവും കഴിഞ്ഞ് അമ്മയുമച്ഛനുമായി കത്തി വെച്ചിരുന്ന് സമയം പത്തരയായി. വീണ്ടും കിടക്കാറായി.

കിടക്കാന്‍ ഒരുമ്പെട്ടപ്പോള്‍ മൊബൈല്‍ ശബ്ദിച്ചു.

ഹലോ കുറൂ, താനെവിട്യാ? വിവി/ദേവ/ലോനയാണ്!

ഞാന്‍ വീട്ടില്.

താനോ?

ഞാന്‍ എവിട്യാന്ന് എനിക്ക് തന്നെ അറിയില്ല.

അതെന്താടോ അങ്ങിനെ?

അതോ? പുറത്ത് കൂരാ കൂരിരുട്ടാ, മാത്രമല്ല കുതിച്ച് പാഞ്ഞ് കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ ഏതാ സ്ഥലമെന്ന് കൃത്യമായി അറിയാനും കഴിയുന്നില്ല.

എങ്കില്‍ താന്‍ ഇരുന്ന് നോക്കടോ?

ഡോ കോപ്പേ, ട്രെയിനില്‍ മുടിഞ്ഞ തിരക്കാ. ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍ വരെ സ്ഥലമില്ല. എങ്ങനെയെങ്കിലും ഒന്ന് എത്തിയാല്‍ മതി എന്നായി.

ഡബ്ബിള് മുണ്ടുണ്ടോ ദേവാ നിന്റെ കയ്യില്‍ ഇപ്പോള്‍ ഒരെണ്ണം?

തനിക്കെന്താ പ്രാന്തായാ? എന്തിനാ മുണ്ട്?

അല്ല ഡബ്ബിള്‍ മുണ്ടൊരെണ്ണം ഉണ്ടെങ്കില്‍ ട്രെയിനിലെ ഫാനില്‍ തൊട്ടില് കെട്ടി നിനക്കതില്‍ കയറി കിടക്കാമായിരുന്നു.

കോപ്പേ താനെന്റേന്ന് വാങ്ങും. നല്ല ഫോമിലാണല്ലോ?

ഉം കുഴപ്പമില്ല, നീ വാ എന്നിട്ട് നമുക്ക് നാളെ കൂടാം.

നാളെ പത്ത് മണിക്ക് സാഹിത്യ അക്കാദമിയില്‍ വച്ച് കാണാം കൂറൂ എന്ന് പറഞ്ഞ് ദേവന്‍ ഫോണ്‍ കട്ടാക്കി.

കാശിന് പഞ്ഞമുണ്ടെങ്കിലും, നാട്ടിലെത്തിയാല്‍ ഉറക്കത്തിന് പഞ്ഞമില്ലാത്തതിനാല്‍ കിടന്നതും ഉറങ്ങി. ഫോണ്‍ നിറുത്താതെ റിങ്ങ് ചെയ്തതിനാല്‍ പള്ളിയുറക്കത്തിന് ഭംഗം നേരിട്ടതിന്റെ അസഹിഷ്ണുതയോടെ ഫോണ്‍ എടുത്തു.

കൂറൂ താന്‍ സാഹിത്യ അക്കാദമിയിലെത്ത്യാ?

ക്ലോക്കിലേക്ക് നോക്കി. സമയം ഒമ്പതേകാലായിരിക്കുന്നു. കണ്ണൊന്ന്‍ ചിമ്മിയടച്ച് വീണ്ടും നോക്കി. സമയം ഒമ്പതേകാല്‍ തന്നെ. ദൈവമേ ഇന്ന് കേട്ടത് തന്നെ തെറി. അതിരാവിലെ തെറി കേള്‍ക്കല്‍ അത്ര സുഖകരമല്ലാത്തതിനാല്‍ ഉടനെ തന്നെ പറഞ്ഞു, ഞാന്‍ സാഹിത്യ അക്കാദമിയിലെത്തിയിട്ടില്ല്യഡോ. ഒരോട്ടോ കാത്ത് നില്‍ക്കാന്‍ തുടങ്ങിയിട്ട് പത്ത് പതിനഞ്ചു മിനിറ്റായി. കിട്ടിയതും ഞാന്‍ പത്താവുമ്പോഴേക്കും അങ്ങെത്താം.

ഞങ്ങളും ബസ്സിലാ? ഞങ്ങളും അവിടെ എത്തുമ്പോള്‍ പത്ത് മണിയാകും.

ഞങ്ങള്‍ എന്നു പറഞ്ഞാല്‍?

ഞാനും, ഹനീഷും.

ഓക്കെ. അപ്പോ സാഹിത്യ അക്കാദമിയില്‍ വച്ച് കാണാം.

മൂവി ഫോര്‍വേര്‍ഡ് ചെയ്ത് കാണുന്നത് പോലെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ച്, ബ്രേക്ക് ഫാസ്റ്റും കഴിച്ച് ഒരോട്ടോ പിടിച്ച് സാഹിത്യ അക്കാദമിയില്‍ എത്തിയപ്പോള്‍ മണി കൃത്യം പത്ത്.

ദേവദാസിനു ഡയല്‍ ചെയ്തു. ഡോ താനെവിട്യാ?

ദേ ഞങ്ങള്‍ ഇവിടെ എത്തി. താനെവിട്യാ?

ഞാന്‍ സ്റ്റേജിന്റെ അടുത്തുണ്ട്.

പരസ്പരം കണ്ട് മുട്ടി, ഹനീഷിനെ പരിചയപെടുത്തി കഴിഞ്ഞപ്പോള്‍ ദേവന്‍ പറഞ്ഞു, ഡോ ഞാന്‍ ദാ ലൈബ്രറിയുടെ അവിടെ ഇപ്പോള്‍ ഉമേച്ചിയെ പോലൊരു സ്ത്രീയെ കണ്ടു. വിളിച്ച് നോക്കട്ടെ ഉമേചച്ചി എവിടെയാണെന്ന്.ഫോണ്‍ കട്ട് ചെയ്തതിനു ശേഷം പറഞ്ഞു, ആ ലൈബ്രറിയുടെ അവിടെ കണ്ടത് ഉമേച്ചിയെ പോലൊരു സ്ത്രീയായിരുന്നില്ല, അവര്‍ ഉമേച്ചി തന്നെയാ, ഇപ്പോ ഇങ്ങോട്ടെത്തും എന്നു പറഞ്ഞു.

അഞ്ച് മിനിറ്റിന്നകം ഉമേച്ചിയും, ഗോപിയേട്ടനും സാഹിത്യ അക്കാദമിയില്‍ എത്തിചേര്‍ന്നു.

കൃത്യം പത്ത് മണിക്ക് തന്നെ ഞരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദന്റെ “ബീജാങ്കുരം” എന്ന് തുടങ്ങുന്ന അഷ്ടപദി രൂപത്തിലുള്ള കവിതയോടെ പരിപാടികള്‍ ആരംഭിച്ചു.

ശ്രീ രാമന്റെ കവിതാലാപനമായിരുന്നു പിന്നീട് നടന്നത്. അതിനു ശേഷം ശ്രീ വൈശാഖന്‍ മാഷുടെ നേതൃത്വത്തില്‍, വി കെ ശ്രീരാമന്‍, അക്ബര്‍ കക്കട്ടില്‍, കെ ഇ എന്‍ കുഞ്ഞുമുഹമ്മദ്, രവികുമാര്‍, സുധീര, ലിസി, മുല്ലനേഴി, സുബാഷ് ചന്ദ്രന്‍, പുരുഷോത്തമന്‍ തുടങ്ങി നിരവധി പേര്‍ തങ്ങളുടെ ജീവിതത്തില്‍ നിന്നും എം.ടി അനുസ്മരണം നടത്തുകയുണ്ടായി.


രാവിലെ തുടങ്ങിയ പരിപാടികള്‍ ഉച്ചയോടെ അവസാനിപ്പിച്ചു. ഇനിയുള്ള പരിപാടികള്‍ വൈകീട്ടാണ്. സ്റ്റേജില്‍ നിന്നും എം ടി ഇറങ്ങി വരുന്നത് കണ്ട ഞാനും ദേവദാസും ചേര്‍ന്ന് എന്റെ കയ്യിലുണ്ടായിരുന്ന നാലുകെട്ടില്‍ ഒരു കയ്യൊപ്പം സംഘടിപ്പിച്ചു.
അതിനുശേഷം എം മുകുന്ദന്‍, പ്രൊഫ. ഹിരണ്യന്‍, ആര്യാടന്‍ ഷൌക്കത്ത്, കെ ഇ എന്‍ കുഞ്ഞുമുഹമ്മദ്, സംവിധായകന്‍ പ്രിയനന്ദന്‍ തുടങ്ങിയവരുമായി പരിചയപെടാനും, സൌഹൃദം പങ്കുവക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.
ഉമേച്ചിയും, ഗോപിയേട്ടനും പരിചയക്കാരോട് സംസാരിച്ചു നില്‍ക്കുന്നതിന്നിടയില്‍ ഞാനും, ദേവദാസും, ഹനീഷും ചേര്‍ന്ന് സാഹിത്യ അക്കാദമിയിലെ ഒരു ഹാളില്‍ നടക്കുന്ന കേരളത്തിലെ നാലുകെട്ടുകളുടെ ചിത്രങ്ങളുടെ പ്രദര്‍ശനം കാണുവാന്‍ പോയി.

കേരളത്തിലെ പല പല നാലുകെട്ടുകളുടേയും ചിത്രങ്ങള്‍ക്കൊപ്പം, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിരവധി പെയിന്റിങ്ങുകളും ഉണ്ടായിരുന്നു. ആ ഹാളിലെ ചുമരുകളില്‍.മണ്മറഞ്ഞ പ്രശസ്ഥരായ സാഹിത്യകാരന്മാരുടെ ഛായാ ചിത്രങ്ങള്‍ ഞാത്തിയിരുന്നുവെന്ന് മാത്രമല്ല അതില്‍ പല ചിത്രങ്ങളിലും മാറാലകെട്ടിയിട്ടുമുണ്ടായിരുന്നു.പ്രദര്‍ശനം കഴിഞ്ഞ് പോകാന്‍ നേരമാണ് അവിടെ വച്ചിരിക്കുന്ന അഭിപ്രായം രേഖപെടുത്താനുള്ള പുസ്തകം കണ്ണില്‍ പെട്ടത്.

ഡോ കുറൂ എന്തെങ്കിലും അഭിപ്രായം രേഖപെടുത്തേണ്ടെ?

വേണം.

എന്തെഴുതണം.

വല്ലപ്പോഴൊക്കെ മാറാല അടിച്ച് നീക്കം ചെയ്യാന്‍ പറഞ്ഞെഴുത്.

എന്തായാലും അഭിപ്രായം ഒന്നും രേഖപെടുത്താതെ തന്നെ ഞങ്ങള്‍ പുറത്തിറങ്ങി.

ഇന്ത്യാ ഹൌസില്‍ പോയി ഉഴുന്നു വടകഴിക്കാം എന്ന ഉമേച്ചിയ്ടെ ആശയത്തെ ഞങ്ങള്‍ പിന്താങ്ങി. നേരെ കാല്‍ നടയാത്രയായി ഇന്ത്യാ ഹൌസിലേക്ക് ഞങ്ങള്‍ നീങ്ങി.

സാമ്പാറില്‍ മുങ്ങിപൊങ്ങുന്ന ചൂടു വടയും, ചട്നിയും കഴിച്ച്, ബില്ല് ഞാന്‍ കൊടുക്കാമെന്ന ഗോപിയേട്ടന്റെ ആഗ്രഹത്തെ തിരസ്കരിക്കാതെ ഞങ്ങള്‍ ഇന്ത്യാ ഹൌസില്‍ നിന്നുമിറങ്ങി.

ഗോപിയേട്ടനും, ഉമേച്ചിയും യാത്ര പറഞ്ഞ് അവരുടെ കാറില്‍ കയറി പോയപ്പോള്‍, ഞങ്ങള്‍ ഓട്ടോവില്‍ കയറി എന്റെ വീട്ടിലേക്ക് പോന്നു.

എപ്പോഴാണ് ആവശ്യം വരുക എന്നറിയില്ലാത്തതിനാല്‍ തോള്‍സഞ്ചിയില്‍ കരുതിയിരുന്ന ബ്ലാക്ക് ലേബല്‍ പുറത്തെടുത്തപ്പോഴേക്കും ഗ്ലാസും, ടച്ചിങ്ങ്സുമായി അച്ഛനുമെത്തി. ഹനീഷ് ഡീസന്റായതിനാല്‍ ഒരു ഗ്ലാസ്സ് ഞാന്‍ തിരികെ കൊണ്ട് ചെന്ന് വച്ചു.

അച്ഛനും,ദേവദാസും ഞാനും ചേര്‍ന്ന് ചെറുതായൊന്നു കൂടി. അതിനുശേഷം ഉച്ചഭക്ഷണവും കഴിച്ച് അല്പം സംസാരിച്ചിരിക്കുവാനായി ഞങ്ങള്‍ ഉമ്മറത്തിരുന്നു.

സംസാരിച്ചിരിക്കുന്നതിന്നിടയില്‍ തറയില്‍ ഇരുന്നിരുന്ന ദേവദാസ് തറയില്‍ കിടന്നിട്ടായി സംസാരം. അല്പം കഴിഞ്ഞപ്പോള്‍ പറയുന്നതിനൊന്നും മൂളല്‍ കേള്‍ക്കാതായപ്പോള്‍ ഞങ്ങള്‍ അവന്റെ മുഖത്തേക്ക് നോക്കി. ഉറങ്ങി കഴിഞ്ഞിരിക്കുന്നു. രാത്രി ട്രെയിനില്‍ ഒന്നിരിക്കാന്‍ പോലും കഴിയാതെ യാത്ര ചെയ്തതിന്റെ ക്ഷീണം.

ഞാനും ഹനീഷും സംസാരിച്ചിരിക്കുന്നതിനിടെ എന്റെ ഫോണ്‍ റിങ്ങ് ചെയ്തു.

വീടുകാണാന്‍ പോകുവാന്‍ വേണ്ടി ബ്രോക്കറാണ്. പത്ത് മിനിറ്റിന്നകം വരുന്നുണ്ടെന്ന്.

ഫോണ്‍ കട്ട് ചെയ്ത് കഴിഞ്ഞില്ല, അടുത്ത ഫോണ്‍.

ഡാ നീ എവിട്യാ? കസിനായ സതീഷിന്റെ ഫോണ്‍.

ഞാന്‍ ദേ വീട്ടിലുണ്ടല്ലോ.

ഉവ്വോ, നന്നായി. ഞാന്‍ ദേ നിന്റെ വീടെത്തി.

ഫോണ്‍ കട്ട് ചെയ്യുന്നതിന്നും മുന്‍പെ സതീഷ് വീട്ടിനു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്തു.

ഗെയിറ്റ് തുറന്ന് സതീഷ് ഉള്ളില്‍ കയറുന്നതിനും മുന്‍പേ ഞാന്‍ പുറത്തിറങ്ങി. വാ, ഒന്ന് രണ്ട് വീട് നോക്കാനുണ്ട്.

അത് ശരി. എങ്കില്‍ അത് കഴിഞ്ഞിട്ട് ഭാക്കി കാര്യം. നീ വാ.

ബ്രോക്കറോടൊപ്പം പോയി ഞാനും, സതീഷും, ഹനീഷും രണ്ട് മൂന്ന് വീടുകള്‍ കണ്ടു. വീടുകള്‍ക്ക് അത്ര മെച്ചമൊന്നുമില്ലെങ്കിലും പറയുന്ന തുകക്കൊരു കുറവുമില്ല. മൂന്നാമത്തെ വീടും കണ്ടിറങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍. ദേവദാസാണ്.

ഡോ, നിങ്ങളെന്തൂട്ട് പണ്യാ കാണിച്ചത്? എന്നെ ഇവിടെ ഒറ്റക്കാക്കീട്ട് നിങ്ങളെങ്ങോട്ടാ പോയത്?

നീ ഉറങ്ങുകയായിരുന്നു അതാ ശല്യപെടുത്താതിരുന്നത്. ഞങ്ങള്‍ ദാ ഒന്നു രണ്ട് വീട് നോക്കാന്‍ വന്നതാ, കഴിഞ്ഞു ദാ പത്ത് മിനിറ്റില്‍ അവിടെ എത്താം.

തിരിച്ച് വീട്ടിലെത്തി, ഓരോ ചായ കുടിച്ചപ്പോള്‍ എല്ലാവരും ഉഷാറായി. അല്പം നേരം വിശ്രമിച്ചതിനു ശേഷം വീണ്ടും സാഹിത്യ അക്കാദമിയിലേക്ക് പുറപെട്ടു.

വൈകുന്നേരം വിദ്യാധരന്‍ മാഷുടെറ്റ് നേതൃത്വത്തില്‍ എം.ടി സിനിമകളില്‍ നിന്ന് തിരഞ്ഞെടുത്ത ഗാനങ്ങളുടെ അവതരണവും അതിനെ തുടര്‍ന്ന് എംടിയുടെ ഗംഭീരമായ മറുപടി പ്രസംഗവും ഉണ്ടായി.

മറുപടി പ്രസംഗം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ് പോകാന്‍ തുടങ്ങിയതോട് കൂടി, നാലുകെട്ടിന്റെ കെട്ടുവിട്ട ഞങ്ങള്‍ അടുത്ത കെട്ട് മുറുക്കുവാനുള്ള പദ്ധതികളുമായി പരസ്പരം യാത്ര പറഞ്ഞ് പിരിഞ്ഞു.