Thursday, November 22, 2007

വൃന്ദ എന്ന മാലാഖ

രാവിലെ എട്ടരക്ക് ഓഫീസില്‍ വന്ന് മെയില്‍ ബോക്സ് തുറന്നപ്പോള്‍ പതിവുപോലെ ഇരുന്നൂറിലധികം മെയിലുകള്‍. അഞ്ചോ എട്ടോ ജങ്ക് മെയില്‍ ഒഴികെ എല്ലാം ഔദ്യോഗികമായവ തന്നെ. അത്യാവശ്യമായുള്ള ഓര്‍ഡറുകളെല്ലാം ചെക്ക് ചെയ്ത് തീര്‍ത്ത്, ഇമ്പോര്‍ട്സ് ഡിപ്പാര്‍ട്ട്മെന്റിലേക്കുള്ള ഓര്‍ഡറുകളും, ഇന്‍വോയ്സുകളുമെല്ലാം ഹാന്‍ഡ് ഓവര്‍ ചെയ്തതിനുശേഷം ബ്രേക്ക് ഫാസ്റ്റും, ചായയും, കഴിച്ച് തിരികെ സീറ്റില്‍ വന്ന്, മെയില്‍ വായിക്കുവാനും, ആവശ്യമുള്ളതിന് മറുപടി നല്‍കുവാനും തുടങ്ങി.

പൊടുന്നനേയാണ് ബര്‍ത്ത്ഡേ റിമൈന്‍ഡറില്‍ നിന്നുള്ള ഒരു മെയിലില്‍ കണ്ണുടക്കിയത്. ഉടന്‍ തന്നെ ആ മെയില്‍ തുറന്നു.

It‘s Vrindha's Birthday on 21st November.

അതിവേഗം പിന്നിലേക്ക് പായാന്‍ തുടങ്ങിയ മനസ്സ് രണ്ടായിരത്തി രണ്ടിലെത്തിയപ്പോള്‍ പൊടുന്നനെ നിന്നു.

രണ്ടായിരത്തി രണ്ട് ജനുവരി മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേതോ ഒരു ദിവസം രാവിലെ എച്ച് ആര്‍ കോര്‍ഡിനേറ്റര്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട് മെന്റിലേക്ക് വന്നപ്പോള്‍ സുന്ദരിയായ ഒരു യുവതിയും ഒപ്പം ഉണ്ടായിരുന്നു.

പ്ലീസ് മീറ്റ് മിസ് വൃന്ദ. ഷി ഹാസ് ജോയിന്റ് വിത്ത് അസ് ഏസ് ആന്‍ അസ്സിസ്റ്റന്റ് ബയര്‍ ഫോര്‍ ലോഞ്ചെറെ (lingerie).

ഗോതമ്പിന്റെ നിറം. അഞ്ചടി ഏഴിഞ്ചോളം ഉയരം, ഒതുങ്ങിയ ശരീരം. നിതംബം മറച്ച് കിടക്കുന്ന പനങ്കുലപോലത്തെ കറുത്ത മുടി. വിടര്‍ന്നു വിരിഞ്ഞ കണ്ണുകളില്‍ കണ്മഷി എഴുതിയിരിക്കുന്നു.

അന്നാണ് വൃന്ദയെ ഞാന്‍ ആദ്യമായി കാണുന്നത്. ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലെ ഓരോരുത്തരേയായി പരിചയപെട്ടതിനുശേഷം അവര്‍ അടുത്ത ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോയി.

ഉച്ചക്ക് ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം കഴിക്കാന്‍ പതിവുപോലെ ഞാനും, ടെരന്‍സും, സ്റ്റീവനും, ഷെര്‍ളിയും പോകുമ്പോള്‍ എക്സ്ക്യുസ് മി, കേന്‍ ഐ ജോയിന്‍ വിത്ത് യു ആള്‍ എന്ന ചോദ്യം കേട്ട് ഞങ്ങള്‍ തിരിഞ്ഞ് നോക്കിയപ്പോഴേക്കും വൃന്ദ ഞങ്ങളോടൊപ്പമെത്തി കഴിഞ്ഞിരുന്നു.

ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ അവള്‍ ദില്ലിയില്‍ നിന്നാണെന്നും, അച്ഛനുമമ്മക്കുമുള്ള ഒറ്റമകളാണെന്നും, നിഫ്റ്റില്‍ നിന്നും കോഴ്സ് കഴിഞ്ഞ് ദില്ലിയില്‍ തന്നെ ഒരു എക്സ്പോര്‍ട്ടറുടെ കൂടെ മെര്‍ച്ചന്‍ഡൈസര്‍ കം ഡിസൈനറായി വര്‍ക്കു ചെയ്തിരുന്നുവെന്നും മറ്റും ഞങ്ങള്‍ ചോദിക്കാതെ തന്നെ വൃന്ദ പറഞ്ഞു. പിന്നെ ഞങ്ങളോരോരുത്തരേ കുറിച്ചും അവള്‍ കൂടുതലായി ചോദിച്ചറിഞ്ഞു. നര്‍മ്മത്തില്‍ പൊതിഞ്ഞ വാക്കുകളായിരുന്നു അവളുടേത്. തികച്ചും ഒരു വായാടി പെണ്ണ്.

വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്നെ രണ്ടോ മൂന്നോ വര്‍ഷത്തിലധികമായി ഒരുമിച്ച് ജോലിചെയ്ത്, അതിലേറെ വ്യക്തിപരമായുള്ള ചങ്ങാത്തം സൂക്ഷിച്ചിരുന്ന ഞങ്ങളിലൊരുവളായി അവള്‍ മാറി.

ഓഫീസ് അറേഞ്ച് ചെയ്തിരുന്ന റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു മാസത്തിനകം അവള്‍ കരാമയിലുള്ള ഒരു ഫ്ലാറ്റിലേക്ക് ഒരു കൂട്ടുകാരിയോടൊപ്പം താമസം മാറി. അതിനു ശേഷം ചിലപ്പോഴെല്ലാം അവള്‍ ഓഫീസിലേക്ക് വന്നിരുന്നതും, പോയിരുന്നതും എന്റെ കൂടെയായിരുന്നു.

ടെന്‍ഷന്‍ പിടിച്ച ഓഫീസിലെ പണിതിരക്കുകള്‍ക്കിടയില്‍ പോലും ഞങ്ങളിലോരോരുത്തരുടേയും ടേബിളിനരികില്‍ വന്ന് എന്തെങ്കിലും പറഞ്ഞ് ഞങ്ങളെ ചിരിപ്പിക്കുന്നതും, അല്ലെങ്കില്‍ അവള്‍ക്ക് കുടിക്കാനായി ചായയോ, കാപ്പിയോ ഉണ്ടാക്കാനായി പാന്‍ട്രിയില്‍ പോകുമ്പോള്‍ കൂടി ഒരു ഗ്ലാസ്സ് അധികം ഉണ്ടാക്കി ഞങ്ങളിലാര്‍ക്കെങ്കിലും ഒരാള്‍ക്ക് കൊണ്ടു വന്ന് നല്‍കുന്നതും അവളുടെ ഒരു ശീലമായിരുന്നു.

ഓരോ സീസണിലും പ്രസന്റേഷനുകളും മറ്റും ചെയ്യേണ്ട തിയതി അടുത്തു വരുമ്പോള്‍ മറ്റുള്ളവര്‍ പിറുപിറുത്ത് കൊണ്ട് അവരുടെ ജോലികള്‍ ചെയ്യുമ്പോള്‍ രാത്രി പന്ത്രണ്ടും ഒന്നും, രണ്ടും മണിവരെ അവള്‍ ഓഫീസില്‍ ഇരുന്ന് സന്തോഷത്തോടെ അവളുടെ പണികള്‍ തീര്‍ക്കുമായിര്‍ന്നു.

ചെറിയ ചെറിയ ജീവിത പ്രയാസങ്ങള്‍ വരുമ്പോഴുക്കും വ്യാകുലപെടുന്ന ഞങ്ങളില്‍ പലരേയും ചിരിപ്പിക്കുക എന്ന ദൌത്യം സ്വമേധയാ ഏറ്റെടുത്തു നടത്തിയിരുന്ന സദാ പുഞ്ചിരി തൂകുന്ന മുഖത്തോട് കൂടിയ വൃന്ദയെ ഞങ്ങള്‍ സ്നേഹത്തോടെ വിളിച്ചിരുന്നത് ഏഞ്ചല്‍ എന്നായിരുന്നു.

ഓഫീസിലെ ആരുടെ പിറന്നാളായാലും, എന്ത് ആഘോഷമുണ്ടായാലും, കേക്ക് വാങ്ങിക്കുന്നതും, വാങ്ങിപ്പിക്കുന്നതും, പാര്‍ട്ടികള്‍ അറേഞ്ച് ചെയ്യുന്നതും തുടങ്ങി എല്ലാകാര്യത്തിലും വൃന്ദ തന്നെയായിരുന്നു മുന്‍പില്‍. രണ്ടായിരത്തി രണ്ടില്‍ സ്റ്റീവനും, പിന്നെ എനിക്കും മകള്‍ പിറന്നപ്പോള്‍ ഞങ്ങള്‍ നടത്തിയ ചെറിയ പാര്‍ട്ടികള്‍ക്ക് പോലും ചുക്കാന്‍ പിടിച്ചത് വൃന്ദയായിരുന്നു. കുട്ടികള്‍ എന്ന് വച്ചാല്‍ വൃന്ദക്ക് ജീവനായിരുന്നു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. വീട്ടിലേക്ക് വരുമ്പോഴെല്ലാം അവള്‍ മണിക്കൂറുകളോളം സമയം എന്റെ മകളെ എടുത്ത് നടക്കുവാനും, കളിപ്പിക്കാനും ചിലവിട്ടിരുന്നു. ഒരു സഹപ്രവര്‍ത്തക എന്നതിലുപരി വൃന്ദ എനിക്കെന്റെ വീട്ടിലെ ഒരംഗത്തെപോലെയായിരുന്നു.

രണ്ടായിരത്തി മൂന്നിലെ ഒരു മാര്‍ച്ച് മാസത്തിലാണ് ഒരു ഗോവക്കാരനുമായി താന്‍ പ്രണയത്തിലാണെന്നും, അവനുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുന്നില്ല എന്നും മറ്റും ഉള്ള രഹസ്യം അവള്‍ ഞങ്ങളില്‍ ചിലര്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത്. അത്തരം ഒരു അവസ്ഥയെ അവതരിപ്പിച്ചപ്പോള്‍ പോലും അവളുടെ മുഖത്തെ പ്രസന്നതക്ക് ഒരു മങ്ങല്‍ പോലും തട്ടിയിരുന്നില്ലെന്നു മാത്രമല്ല സാധാരണ പോലെ തന്നെ ചിരിച്ചുകൊണ്ടുമായിരുന്നു.

അവളുടെ മുറിയില്‍ താമസിക്കുന്ന കൂട്ടുകാരിയുടെ കസിന്‍ ബ്രദര്‍ ആണ് അവളുടെ ബോയ് ഫ്രണ്ട് ലോയിഡ് ഫെര്‍ണാണ്ടസെന്നും, കൂട്ടുകാരിയുടെ കൂടെ അവള്‍ക്ക് കൂട്ടായി ഇടക്ക് പള്ളിയിലും മറ്റും പോകുമ്പോള്‍ കാണാറുള്ള സൌഹൃദമാണ് പിന്നെ പ്രണയത്തിലേക്ക് വളര്‍ന്നതെന്നും വൃന്ദ എന്നോട് പറഞ്ഞു.

അബുദാബിയിലെ ഒരു ഹോട്ടലില്‍ ഷെഫ് ആയാണ് ലോയിഡ് ജോലിചെയ്യുന്നതെന്നും, ആഴ്ചയില്‍ ഒരു ദിവസം തന്നെ ലീവ് കിട്ടാന്‍ അവനു പ്രയാസമാണെന്നും അഥവാ കിട്ടിയാല്‍ തന്നെ ദുബായില്‍ വന്ന് പോകുന്ന കാര്യം അത്ര എളുപ്പമല്ലാത്തതിനാല്‍ മാസത്തില്‍ രണ്ടോ കൂടി വന്നാല്‍ മൂന്നോ തവണമാത്രമെ അവര്‍ക്ക് തമ്മില്‍ കാണാന്‍ സാധിക്കാറുള്ളൂ എന്ന് അല്പം വിഷമത്തോടെ അവള്‍ പറഞ്ഞു.

എങ്കില്‍ ലോയിഡിന് അബുദാബിയിലെ ജോലി വിട്ട് ദുബായിലെവിടെയെങ്കിലും ജോലി നോക്കിക്കൂടെ എന്ന ചോദ്യത്തിന്, അവനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബാങ്ങളുണ്ടെന്നും ഒരു ജോലി മാറുന്നതിനെകുറിച്ച് ചിന്തിക്കാനുള്ള സമയമായില്ല അവന് എന്ന് മാത്രമാണ് അവള്‍ പറഞ്ഞത്.

തന്റെ വീട്ടുകാരുമായി എത്ര സംസാരിച്ചിട്ടും അവര്‍ ഇലക്കും മുള്ളിനും അടുക്കുന്നില്ലെന്നും, അവരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാല്‍ അവരുമായി യാതൊരു ബന്ധവും ഇനി പ്രതീക്ഷിക്കേണ്ട എന്നവര്‍ തറപ്പിച്ചു പറഞ്ഞു കഴിഞ്ഞെങ്കിലും, ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നവള്‍ ഒരു ദിവസം ഞങ്ങളോട് പറഞ്ഞപ്പോള്‍ ആദ്യമായി അവളുടെ മുഖത്ത് പതിവുള്ള ആ പുഞ്ചിരി കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

രണ്ടായിരത്തിമൂന്ന് മെയ് പതിനെട്ടാം തിയതി ഞായറാഴ്ച ദിവസം ഇന്ത്യന്‍ കൌണ്‍സിലേറ്റില്‍ വച്ച് വൃന്ദയും ലോയിഡും വിവാഹിതരായി. അന്ന് വൈകുന്നേരം ബര്‍ദുബായിലെ ഒരു റെസ്റ്റോറന്റില്‍ ഞങ്ങള്‍ ചെറിയ ഒരു റിസപ്ഷനും ഏര്‍പ്പാടാക്കിയിരുന്നു.

അന്ന് രാത്രിയിലെ റിസ്പഷന്‍ ചടങ്ങിന് അവളോട് അടുത്തിടപഴകുന്ന ഞങ്ങള്‍ കുറച്ച് സഹപ്രവര്‍ത്തകരും, അവളുടെ വളരെ അടുത്ത രണ്ട് മൂന്ന് സുഹൃത്തുക്കളും, സുഹൃത്തുക്കളും കസിനും മറ്റുമായി ലോയിഡിന്റെ സൈഡില്‍ നിന്നു ആറേഴാളുകളും, എല്ലാവരും ചേര്‍ന്ന് ഇരുപത്തഞ്ചില്‍ താഴെ മാത്രം. അന്നത്തെ ആ പാര്‍ട്ടിക്കിടയില്‍ അവള്‍ ഞങ്ങള്‍ക്ക് മുന്‍പാകെ ആദ്യമായി പാട്ട് പാടി. ചിത്രപണികളും, മിന്നുന്ന അലുക്കുകളുമുള്ള വെള്ള ഗൌണ്‍ ധരിച്ച് പുഞ്ചിരിക്കുന്ന, പ്രകാശം പരത്തുന്ന മുഖത്തോടെ പാടിയിരുന്ന അവളുടെ രൂപം തീര്‍ത്തും ഒരു മാലാഖയുടേതുപോലെ തോന്നിച്ചു.

വിവാഹത്തിനുശേഷം ഞങ്ങള്‍ അറേഞ്ച് ചെയ്തിരുന്ന ബര്‍ദുബായിലുള്ള റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു അവരുടെ ഹണിമൂണ്‍. പ്രയാസപെട്ട് കിട്ടിയ രണ്ട് ദിവസത്തെ അവധിക്ക് ശേഷം ലോയിഡ് അബുദാബിയിലേക്ക് തിരികെ പോയപ്പോള്‍ വൃന്ദ കരാമയിലുള്ള അവളുടെ മുറിയിലേക്ക് തിരികെ വന്നു.

ആഴ്ചയിലൊരിക്കല്‍ ലോയിഡ് ദുബായില്‍ വൃന്ദയുടെ മുറിയിലേക്ക് വരും, അന്നേരം വൃന്ദയുടെ സഹമുറിയത്തി, അഥവാ ലോയിഡിന്റെ കസിന്‍ സിസ്റ്റര്‍ അവളുടെ ഏതെങ്കിലും കൂട്ടുകാരിയുടെ മുറിയിലേക്ക് ചേക്കേറും. ഇതായിരുന്നു പതിവ്.

മടുപ്പുളവാക്കുന്ന പതിവ് ദിനചര്യകളും, ഓഫീസിലെ പണികളും, വീട്ട് പ്രാരാബ്ധങ്ങളുമായി ആഴ്ചകളും മാസങ്ങളും പിന്നേയും കടന്നു പോയി. ഓഫീസില്‍ പുതിയതായി പല സ്റ്റാഫുകളും ജോയിന്‍ ചെയ്തെങ്കിലും വൃന്ദക്ക് തുല്യം വൃന്ദമാത്രം.

ആയിടക്കൊരു ദിവസം ഞങ്ങളുടെ വീട്ടില്‍ വന്നപ്പോഴാണ് അക്കാര്യം അവള്‍ ഞങ്ങളോട് പറഞ്ഞത്. അവര്‍ എത്ര ശ്രമിച്ചിട്ടും പ്രഗ്നന്റ് ആകാത്തതിനാല്‍, ഡോക്ടറെ കണ്ട് രണ്ട് പേരും പരിശോദിച്ചുവെന്നും, അവളുടെ യൂട്രസ്സിനെന്തോ ചെറിയ കുഴപ്പമുള്ളതിനാല്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട് അന്നും മറ്റും. അതു പറയുമ്പോള്‍ അവളുടെ മുഖം വളരെ മങ്ങിയിരുന്നു.

മങ്ങിയ നിന്റെ മുഖം കാണാന്‍ യാതൊരു ഭംഗിയുമില്ല വൃന്ദാ. പേടിക്കാനൊന്നുമില്ല എല്ലാം ശരിയാകും, നീയൊന്ന് ചിരിക്കൂ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു. ഇല്ല പേടിക്കുന്നില്ല, പക്ഷെ ഒരു കാര്യം ഉറപ്പ് തരണം.

എന്തുറപ്പാണ് നിനക്ക് വേണ്ടത് വൃന്ദ?

എന്തെങ്കിലും കാരണവശാല്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍, നിങ്ങളുടെ അടുത്ത കുട്ടിയെ ഞങ്ങള്‍ക്ക് നല്‍കണം.

ഏറ്റിരിക്കുന്നു. പൊട്ടിചിരിച്ചു കൊണ്ട് തന്നെ ഞങ്ങള്‍ പറഞ്ഞു.

വാരാന്ത്യാവദി കഴിഞ്ഞ് ശനിയാഴ്ച ഓഫീസില്‍ വൃന്ദ വന്നപ്പോള്‍ അവളുടെ കണ്ണുകള്‍ വല്ലാതെ ചുമന്നിരുന്നിരുന്നു.

എന്താ വൃന്ദ നിന്റെ കണ്ണുകള്‍ വല്ലാതെ ചുവന്നിരിക്കുന്നല്ലോ?

അറിയില്ല, വ്യാഴാഴ്ച രാത്രി മുതല്‍ വല്ലാത്ത വേദനയും ചുവപ്പുമുണ്ട്.

എന്നിട്ട് നീ ഡോക്ടറെ കാണിച്ചില്ലെ?

ഇല്ല അത് മാറിക്കോളും എന്ന് കരുതി പോയില്ല.

അപ്പോള്‍ തന്നെ അവളെ നിര്‍ബന്ധിച്ച് ഓഫീസ് ഡ്രൈവറുടെ കൂടെ ഹോസ്പിറ്റലിലേക്കയച്ചു.

ഉച്ചക്കവളെ ഫോണ്‍ ചെയ്ത് ഡോക്ടര്‍ എന്തു പറഞ്ഞു എന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, ആസ് യൂഷ്വല്‍ കമേഷ്സ്യല്‍. കണ്ണില്‍ പ്രഷറടിച്ചിട്ടുണ്ട്. തലച്ചോറില്‍ നിന്നും വരുന്ന ഞരമ്പുകള്‍ക്ക് എന്തെങ്കിലും കേടുപാടുണ്ടോ എന്ന് പരിശോദിക്കണം. അതിന് വേണ്ടി പല ടെസ്റ്റുകളും ചെയ്യണം എന്നൊക്കെ തന്നെ. ഇപ്പോള്‍ കഴിക്കാനും, കണ്ണിലൊഴിക്കാനും മരുന്നു തന്നിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. ആ സംസാരം അന്നവിടെ അവസാനിച്ചു.

ആ വര്‍ഷാദ്യത്തില്‍ നാട്ടിലേക്ക് വെക്കേഷനു പോയി മടങ്ങിയെത്തിയ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നത് വൃന്ദ പ്രെഗ്നന്റ് ആണെന്ന സന്തോഷവാര്‍ത്തയായിരുന്നു.

ഞങ്ങള്‍ എത്തിയ അന്നു തന്നെ അവള്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ വന്നു. ഒരുപാടു സന്തോഷവതിയായിരുന്നു അവള്‍. സംസാരത്തിന്റെ ഇടയില്‍ അവള്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ പറഞ്ഞു. അവളുടെ അച്ഛനേയും, അമ്മയേയും അവള്‍ പ്രഗ്നന്റാണെന്നറിയിച്ചപ്പോള്‍ മുതല്‍ അവരുടെ പിണക്കം മാറിയെന്നും, മിക്കവാറും ദിവസങ്ങളില്‍ വിളിക്കാറുണ്ടെന്നും, പ്രസവം ദില്ലിയിലാക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും മറ്റും.

പിന്നീട് വന്ന ദിവസങ്ങളില്‍ ഓഫീസില്‍ അവളുടെ സംസാരവും, കളിയും, ചിരിയും, പതിവിലും ഇരട്ടിയായിമാറി. അവളുടെ സന്തോഷം അവള്‍ മറ്റുള്ളവര്‍ക്കും പകരുകയായിരുന്നു ആ ദിവസങ്ങളില്‍ എന്ന് വേണം പറയാന്‍.

ഒരു ദിവസം ഓഫീസില്‍ അവള്‍ വന്നത് പഴയതുപോലെ ചുമന്ന് തുടുത്ത കണ്ണുകളുമായായിരുന്നു.

ഇന്നെന്താടോ തന്റെ കണ്ണു ചുവന്നിരിക്കുന്നതെന്ന ചോദ്യത്തിന്, പഴയതുപോലെ വല്ല അലര്‍ജിയുമാവും, പഴയ മരുന്ന് കഴിക്കുന്നും ഒഴിക്കുന്നുമുണ്ട് എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണവള്‍ നല്‍കിയത്.

എന്റെ ഡെലിവറി ദില്ലിയിലായിരിക്കും, എന്റെ അമ്മയോടൊത്തെന്ന് അവള്‍ ഇടക്കിടെ ഞങ്ങളോട് പറയുമായിരുന്നു.

ആയിടക്കാണ് എം പോസ്റ്റില്‍ അവള്‍ക്കായി ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന് ഞങ്ങളുടെ ലോജിസ്റ്റിക്ക് സെക്ഷനിലുള്ള ഷംസുദ്ദീന്‍ പറയുന്നത്.

ഐ ഡിയുടെ കോപ്പി കൊടുത്തയച്ച് പാഴ്സല്‍ അവള്‍ ഓഫീലേക്ക് വരുത്തി. അവളുടെ അമ്മയും, അച്ഛനും വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ക്കയച്ച സമ്മാനമാണെന്നവള്‍ പറഞ്ഞു. ഞങ്ങളുടെ ആകാംക്ഷ അവസാനിപ്പിച്ചുകൊണ്ട് ഞങ്ങളുടെ മുന്‍പാകെ അവള്‍ ആ പാഴ്സല്‍ തുറന്നു! വിവിധ നിറങ്ങളിലുള്ള കമ്പിളി നൂലുകളും,കമ്പിളിയുടുപ്പ് തുന്നാനുള്ള സൂചികളും മറ്റുമാണ് അതിലുണ്ടായിരുന്നത്.

മരുഭൂമിയിലിരിക്കുന്ന അവള്‍ക്കെന്തിന് കമ്പിളിനൂല്‍ എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ അവള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു,

ദാ കണ്ടോ, എന്റെ ഡെലിവറി ദില്ലിയിലായിരിക്കുമെന്നറിയുന്നതിനാല്‍, പ്രെഗ്നന്‍സി പിരീഡിലെ വിരസത മാറ്റുവാനായി എന്റെ പിറക്കാന്‍ പോകുന്ന കുട്ടിക്ക് കുട്ടിയുടുപ്പുകള്‍ തുന്നാന്‍ കമ്പിളി നൂലുകളയച്ചിരിക്കുന്നു എന്റെ മാ.

ഇനി ഞങ്ങള്‍ക്കിങ്ങനെ ഒരു മകള്‍ ഇല്ല എന്നു പറഞ്ഞിരുന്ന മാതാപിതാക്കള്‍ അയച്ച സമ്മാനം കണ്ട് ആഹ്ലാദഭരിതരായിരിക്കുന്ന അവള്‍ക്ക് വേണ്ടി അന്ന് ഞങ്ങള്‍ കേക്കുകളും, ചിപ്സും, സോഫ്റ്റ് ഡ്രിങ്ക്സും മറ്റും വാങ്ങി. ഗ്രൂപ്പ് എം ഡിക്കും, ജി എമ്മിനും, ഡിപ്പാര്‍ട്ട്മെന്റിലുള്ള എല്ലാവര്‍ക്കും ഞങ്ങള്‍ അന്ന് പ്രത്യേകം ഇമെയില്‍ അയച്ചു. അഞ്ച് മണിക്ക് കോമണ്‍ പാന്‍ട്രിയില്‍ ഒരൊത്തു ചേരല്‍. വൃന്ദയുടെ കല്യാണവും, ഗര്‍ഭവും അവളുടെ കുടുംബം അംഗീകരിച്ചിരിക്കുന്നു. ആ സന്തോഷത്തിനായി ഞങ്ങള്‍ മധുരം പങ്കിടാന്‍ പോകുന്നു.

അന്ന് അഞ്ചമണിക്ക്, സന്നിഹിതരായിക്കുന്നവരുടെ മുന്നില്‍ അല്പം നാണത്തോടെയാണെങ്കിലും അവള്‍ കേക്ക് മുറിച്ചു.

ആദ്യ കഷ്ണം ആര്‍ക്കായിരിക്കും? എം ഡിക്കോ, ജി എമ്മിനോ, അതോ അവളുടെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡായ സ്റ്റീവനോ?

സന്നിഹിതരായിരിക്കുന്നവരെ എല്ലാവരേയും, എന്തിന് എന്നെ പോലും ഞെട്ടിച്ച് കൊണ്ട് മുറിച്ച കേക്കിന്റെ ആദ്യ കഷ്ണം അവള്‍ എനിക്കാണ് നല്‍കിയത്. അവള്‍ക്കു മുന്‍പില്‍ ആദ്യമായി എന്റെ കണ്ണു നിറഞ്ഞതും അന്നായിരുന്നു.

എന്നോടൊത്ത് എന്റെ കാറില്‍ വരുമ്പോഴും, പോകുമ്പോഴും കുട്ടി സ്വെറ്ററുകള്‍ നെയ്യുന്നതായിരുന്നു അവളുടെ അതിനു ശെഷമുള്ള ജോലി. വൃന്ദാ, നീ മാത്രമാണല്ലോ ഭൂമിയില്‍ ആദ്യമായി പ്രസവിക്കാന്‍ പോകുന്നതെന്ന് പറഞ്ഞ് പലപ്പോഴും ഞങ്ങള്‍ അതിനുശേഷം അവളെ കളിയാക്കാറുമുണ്ടായിരുന്നു,

ദിവസങ്ങളും, ആഴ്ചകളും കൊഴിഞ്ഞു പോകുന്നതെങ്ങിനെയെന്ന് മരുഭൂമി വാസികളായ ഞങ്ങള്‍ ചിലപ്പോള്‍ തിരിച്ചറിയാറില്ല!

ചിലപ്പോഴോ?

മിനിറ്റുകള്‍ക്ക് തന്നെ യുഗങ്ങളുടെ ദൈര്‍ഘ്യവും തോന്നാറുണ്ട്!

ഒരു ബുധനാഴ്ച ദിവസം, രാവിലെ ഓഫീസില്‍ വൃന്ദ എത്തിയില്ലായിരുന്നു. വീക്കെന്റടുത്തതിനാല്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന നേരം എന്റെ മൊബൈലിലേക്കൊരു ടെലിഫോണ്‍.

കുറുമാന്‍ ഇത് സനോരയാണ്, വൃന്ദ രാവിലെ തലകറങ്ങി വീണു. ഗര്‍ഭിണിയാണവള്‍, അതും ഏഴാം മാസം‍. എന്റെ ഫ്ലാറ്റിന്റെ ഉടമ അപ്പോള്‍ തന്നെ ആംബുലന്‍സിനു വിളിച്ചു പറഞ്ഞു, പോലീസിനും. റഷീദ് ഹോസ്പിറ്റലില്‍ നിന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. നിങ്ങള്‍ വേഗം വരണം.

എം ഡി വിദേശ യാത്രയിലായിരുന്നതിനാല്‍, ജി എമ്മിനോട് കാര്യം പറഞ്ഞ്, ഞാനും, വൃന്ദയുടെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡായ സ്റ്റീവനും റഷീദ് ഹോസ്പിറ്റലിലേക്ക് തിരിച്ചു.

ഹോസ്പിറ്റലില്‍ ചെന്ന് സനോരയെ ഫോണ്‍ ചെയ്തപ്പോള്‍, ലീവെടുക്കാന്‍ കഴിയാത്തതിനാല്‍ അവള്‍ ഓഫീസിലേക്ക് പോയെന്നും, ജെനറല്‍ വാര്‍ഡിലേക്കാണ് അവളെ കൊണ്ടുപോയിരിക്കുന്നതെന്നും പറഞ്ഞു.

വിസിറ്റേഴ്സ് എന്‍ട്രന്‍സിനുള്ള സമയമായിരുന്നതിനാല്‍ കാര്‍ഡെടുത്ത് ഉള്ളിലേക്ക് കടന്നു.

അത്രയും വിശാലമായ ജെനറല്‍ വാര്‍ഡില്‍ എവിടെ തപ്പാന്‍?

തിരിച്ച് റിസപ്ഷനില്‍ വന്നു, റിസപ്ഷനില്‍ ഇരിക്കുന്നവരോട് കാര്യം പറഞ്ഞു.

പല പല നമ്പറുകളില്‍ ഫോണ്‍ കറക്കിയ ശേഷം അവര്‍ മുറിയുടെ നമ്പര്‍ പറഞ്ഞു തന്നത് പ്രകാരം ഞങ്ങള്‍ ആ മുറിയിലേക്ക് നീങ്ങി. മുറിയില്‍ കയറിയതും, വീണ്ടും പ്രശ്നം, ഓരോ മുറിയിലേയും, കട്ടിലുകള്‍ കര്‍ട്ടനിട്ട് വേര്‍ തിരിച്ചിരിക്കുന്നു. ഏഴോ, എട്ടോ, പത്തോ കട്ടിലുകള്‍ ഓരോ മുറിയിലുമുണ്ട്.

ഇതിലേതാണ് വൃന്ദയുടെ എന്നാലോചിച്ച് തരിച്ച് നില്‍ക്കുന്നതിനിടയില്‍ ഒരു മലയാളി നഴ്സിനെ കാണുവാനിടയായി.

സിസ്റ്ററെ, വൃന്ദ എന്നൊരു കുട്ടി ഇവിടെ എവിടെയാണ് അഡ്മിറ്റാക്കിയിരിക്കുന്നത്?

ദാ അപ്പുറത്ത് കാണുന്ന കട്ടിലിലാ.

ഉടന്‍ ഞങ്ങള്‍ അങ്ങോട്ട് നീങ്ങി, തുണിശീല മാറ്റി ഉള്ളില്‍ കടന്നു. മച്ചിലേക്ക് കണ്ണും നട്ട് വൃന്ദ കിടക്കുന്നുണ്ട് കട്ടിലില്‍.
ഞങ്ങളെ കണ്ടതും, അവള്‍ ചിരിച്ചുകൊണ്ടെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ആ ശ്രമം പാഴായി. അവള്‍ക്കെഴുന്നേല്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

വൃന്ദാ, എന്താണ് സംഭവിച്ചത്?

ഒന്നുമില്ലടാ, രാവിലെ കുളി കഴിഞ്ഞു വന്നപ്പോള്‍ ചെറിയ ഒരു തലകറക്കം. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോള്‍ അരക്ക് കീഴ്പട്ട് ഒരു സ്വാദീനകുറവു പോലെ. എന്റെ കയ്യൊന്നു പിടിക്ക് ഞാന്‍ ഒന്നെഴുന്നേല്‍ക്കട്ടെ, അവള്‍ കയ്യുകള്‍ എന്റെ നേര്‍ക്ക് നീട്ടി.

അവളുടെ കയ്യുകളില്‍ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, വേണ്ട വൃന്ദ, നീ കിടന്നുകൊള്ളൂ, ഞങ്ങള്‍ ഇപ്പോള്‍ വരാം.

മുറിക്ക് പുറത്തിറങ്ങി റിസപ്ഷനിലെത്തി ഞങ്ങള്‍ ലോയിഡിനെ വിളിച്ച് കാര്യം പറഞ്ഞു. ഉടന്‍ എത്തണമെന്നും. മൂന്നു നാലു മണിക്കൂറിനുള്ളില്‍ എത്താം എന്ന് പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു.

തിരിച്ചോഫീസില്‍ വിളിച്ച് ജി എമ്മിനോട് ഞങ്ങള്‍ ഓഫീസില്‍ വരാന്‍ ഇനിയും വൈകും. ഇങ്ങനെയാണ് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞങ്ങളോട് അവളുടെ കാര്യങ്ങള്‍ നോക്കി അവിടെ തന്നെ നില്‍ക്കുവാനാണ് ആവശ്യപെട്ടത്. തിരിച്ച് അവളുടെ മുറിയില്‍ പോയി അവളോപ്പമിരുന്ന് ഞങ്ങള്‍ സംസാരിച്ചു. പതിവുപോലെ തന്നെ ചിരിയോട് കൂടി അവള്‍ പറഞ്ഞു, ഇതൊക്കെ ദൈവത്തിന്റെ ഓരോ കളികള്‍. എന്റെ കുട്ടിയൊന്ന് പുറത്ത് വരട്ടെ, ഞാന്‍ അവളേയും കൊണ്ട് ഉലകം ചുറ്റും.

പന്ത്രണ്ട് മണിയായപ്പോള്‍ എന്റെ ഫോണില്‍ ഒരു മിസ്സ്ഡ് കാള്‍. ലോയിഡിന്റേതാണ്.

ഞാന്‍ തിരിച്ച് വിളിച്ചു.

ലോയിഡ്, എന്തായി, നീ എവിടെ എത്തി?

ഇല്ല, എനിക്ക് ലീവ് അനുവദിച്ചില്ല. ഞാന്‍ രാത്രിയില്‍ വരാം. അതു വരെ നിങ്ങള്‍ ദയവ് ചെയ്ത് വൃന്ദയുടെ അടുത്തുണ്ടാകണം.

പ്രത്യേകിച്ചൊന്നും പറയാനില്ലാതിരുന്നതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

അതിനു പിന്നാലെ ഡോക്ടേര്‍സ് മുറിയിലേക്ക് വന്നു, ഒപ്പം സിസ്റ്റേഴ്സും.

കൈപിടിച്ചും, കാല്‍ പിടിച്ചും, ഹൃദയമിടിപ്പ് നോക്കിയും, പതിനഞ്ച് മിനിറ്റ് അവര്‍ ചിലവഴച്ചതിനു ശേഷം ഒരു ഡോക്ടര്‍ എന്നെ പുറത്തേക്ക് വിളിച്ചു.

നിങ്ങള്‍ വൃന്ദയുടെ ആരാണ്?

ഒപ്പം ജോലി ചെയ്യുന്നവനാണ് ഡോക്ടര്‍.

മിസ്റ്റര്‍, വൃന്ദ ഏഴുമാസം ഗര്‍ഭിണിയാണ്. സി ടി സ്കാന്‍ തുടങ്ങി പരമ്പരയായ ടെസ്റ്റിങ്ങുകള്‍ അത്യാവശ്യമാണ്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഞങ്ങള്‍ വൃന്ദയെ ചെക്കിങ്ങിനായി കൊണ്ട് പോകും. ചെക്കപ്പുകള്‍ക്ക് ചിലപ്പോള്‍ മണിക്കൂറുകള്‍ എടുക്കാം. ഓഫീസില്‍ നിന്നുമല്ലാതെ, അവളുടെ ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ വരാന്‍ പറയൂ.

ഉവ്വ് ഡോക്ടര്‍, അവളുടെ ഹസ്ബന്റ് അബുദാബിയില്‍ ഉണ്ട്. അദ്ദേഹം വൈകുന്നേരത്തിനകം എത്തിച്ചേരാമെന്ന് പറഞ്ഞിട്ടുണ്ട്.

അവളുടെ മാതാപിതാക്കള്‍?

അവര്‍ ദില്ലിയിലാണ് ഡോക്ടര്‍.

ശരി, എന്തിനും അവരുടെ ഹസ്ബന്റിനോട് പെട്ടെന്ന് വരാന്‍ പറയൂ എന്ന് പറഞ്ഞ് ഡോക്ടര്‍ അടുത്ത മുറിയിലേക്ക് നീങ്ങി.

തിരിച്ച് അവള്‍ കിടക്കുന്ന മുറിയിലേക്ക് ഞാനെത്തിയപ്പോള്‍ അവള്‍ സ്റ്റീവനുമൊത്ത് തര്‍ക്കിക്കുന്നതാണ് കണ്ടത്.

എന്തു പറ്റി സ്റ്റീവന്‍, എന്താ ഇവിടെ ഒരു വഴക്ക്?

അല്ല, ഇവള്‍ക്ക് കണ്ണില്‍ ചുവപ്പ് വന്നപ്പോള്‍ കാണിച്ചിരുന്ന ഡോക്ടര്‍ അനിതാ മാത്യൂസ് ഇവളെ മുന്‍പ് രണ്ട് മൂന്ന് തവണ വിളിച്ച് ചില ചെക്കപ്പുകള്‍ ചെയ്യേണ്ടതത്യാവശ്യമായി അറിയിച്ചിരുന്നുവത്രെ! ഇവള്‍ അത് പുല്ല് വിലക്കെടുത്തു. ഒരിക്കല്‍ പോലും പിന്നീട് ചെക്കപ്പിനായി അവരുടെ അടുത്ത് പോയില്ല എന്ന്. അത് പറഞ്ഞായിരുന്നു ഇപ്പോള്‍ ഞങ്ങള്‍ തല്ല് പിടിച്ചത്.

വൃന്ദാ, അനിതാ മാത്യൂസ് വളരെ പേരെടുത്തൊരു ഒപ്താല്‍മോളജിസ്റ്റായതിനാലല്ലെ ഞാന്‍ നിന്നെ നിന്റെ കണ്ണുകള്‍ ചുവന്നപ്പോള്‍ അങ്ങോട്ട് പറഞ്ഞയച്ചത്? അതിനു ശേഷം പിന്നീട് ഒരാഴ്ചക്ക് ശേഷം ചെക്കപ്പിനു ചെല്ലാനായിട്ടും നിന്നോട് പറഞ്ഞിരുന്നു. പിന്നീട് ഞാന്‍ നാട്ടില്‍ പോയി. ഇപ്പോഴാണ് അറിയുന്നത് അവര്‍ പല തവണ നിന്നോട് ചെക്കപ്പ് ചെയ്യുവാന്‍ വരുവാന്‍ ആവശ്യപെട്ടു എന്നറിയുന്നത്. നീ എന്തേ പോയില്ല?

അതും ഇതുമായെന്തു ബന്ധം? അത് വിട്ടുകള. ചെക്കപ്പിനായി ഞാന്‍ പോയില്ല എന്നത് നേര്. അല്ലെങ്കില്‍ തന്നെ തലച്ചോറും, കണ്ണും, ഞരമ്പും ഒക്കെയായി ബന്ധപെടുത്തി അവര്‍ ഓരോന്നു പറഞ്ഞപ്പോള്‍ എനിക്ക് പേടി തോന്നിയതു കാരണമല്ലെ ഞാന്‍ പിന്നീടവിടെ പോകാതിരുന്നത്. ഇവിടുന്ന് ഇറങ്ങിയാല്‍ ഉടനെ തന്നെ ഞാന്‍ അവിടെ പോയി ചെക്കപ്പ് ചെയ്യാം. എന്തേ പോരേ?

അപ്പോഴും ഗൌരവം വിടാതിരുന്ന എന്റെ മുഖത്തേക്ക് നോക്കി അവള്‍ പറഞ്ഞു, ഒന്നു ചിരിക്കടോ.

എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ഒരുമണിക്ക് മുന്‍പെ അവള്‍ക്കുള്ള ഭക്ഷണം എത്തി. ചോറും, ദാലും, തൈരും, ചിക്കനും, പിന്നെ എന്തൊക്കെയോ പച്ചക്കറി പുഴുങ്ങിയതും, കുറച്ച് പഴവര്‍ഗങ്ങളും.

അവള്‍ക്കിരിക്കുവാനുതുകുന്ന രീതിയില്‍ അറ്റന്‍ഡര്‍ കട്ടിലിന്റെ തലവശം ഉയര്‍ത്തി. എന്താണ് കഴിക്കുന്നത്?

താങ്ക്യൂ മേം. ഞാന്‍ സ്വയം കഴിച്ചുകൊള്ളാം, എന്റെ സുഹൃത്തുക്കള്‍ ഇവിടെയുണ്ടല്ലോ, നിങ്ങള്‍ അടുത്ത ബെഡിലിരിക്കുന്നവര്‍ക്ക് കൊടുത്തുകൊള്ളൂ എന്നവള്‍ പറഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ സ്ഥലം കാലിയാക്കി.

വൃന്ദാ, ഭക്ഷണം കഴിക്കൂ. നിനക്കെന്താണ് വേണ്ടത്?

കുറൂ, സത്യം പറഞ്ഞാല്‍ എനിക്ക് വേണ്ടത് നീ കൊണ്ടു വരുന്ന അവിയലോ, സാംബാറോ, ഫിഷ് ഫ്രൈയുമോ മറ്റുമാ. പക്ഷെ ഇപ്പോള്‍ ആശുപത്രിയിലായി പോയില്ലേ? ഇവിടെ കിട്ടുന്നതല്ലാതെ എന്തു കഴിക്കാന്‍?

നീ നിനക്കിഷ്ടമുള്ളത് എനിക്ക് താ, ഞാന്‍ കഴിക്കാം.

ചോറ് ഒരു പ്ലെയിറ്റിലിട്ട്, ദാലൊഴിച്ച്, തൈരുചേര്‍ത്ത്, അല്പം പച്ചക്കറി പുഴുങ്ങിയതും ചേര്‍ത്ത് മിക്സ് ചെയ്തതിനുശേഷം പ്ലെയിറ്റ് ഞാന്‍ അവള്‍ക്ക് നല്‍കി.

പ്രയാസപെട്ടിട്ടുപോലും പ്ലെയിറ്റില്‍ നിന്നും സ്പൂണില്‍ വാരിയ ചോറ് അവളുടെ വായിലേക്കെത്തിക്കാന്‍ അവള്‍ക്കാകുന്നില്ല.

ചിരിച്ചുകൊണ്ട് അവള്‍ എന്നോട് വാരിതരുവാന്‍ പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും പൊടിഞ്ഞ കണ്ണുനീര്‍ ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.

അവര്‍ സപ്ലൈ ചെയ്ത ഭക്ഷണത്തില്‍ ചിക്കന്‍ ഒഴികെ എല്ലാം അവള്‍ അന്ന് എന്റെ കയ്യാല്‍ കഴിച്ചു.

ഭക്ഷണം കഴിച്ചതിനു ശേഷം ഗ്ലാസ്സില്‍ വെള്ളം കൊടുത്തത് അവള്‍ സ്വയം കുടിക്കുന്നതിനിടയില്‍ ഗ്ലാസ് തെന്നി അവളുടെ ദേഹമാകെ നനഞ്ഞു. അതോടൊപ്പം കണ്ണീരിനാല്‍ അവളുടെ മുഖവും.

ഭക്ഷണം കഴിഞ്ഞ് അല്പം കഴിഞ്ഞപ്പോള്‍ അവള്‍ക്കൊന്ന് നടക്കണം എന്ന് പറഞ്ഞപ്പോള്‍, ഞാനും സ്റ്റീവനും കൂടി അവളുടെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. അല്പം പ്രയാസപെട്ടിട്ടാണെങ്കിലും അവള്‍ മുറിക്ക് പുറത്ത് കോറിഡോറില്‍ ഒരു റൌണ്ട് നടന്നു. ശേഷം തിരിച്ച് വന്ന് ബെഡില്‍ കിടന്നു.

സന്ദര്‍ശന സമയം കഴിയാറായതു കാരണം ഞങ്ങള്‍ അവളോട് യാത്ര പറഞ്ഞ് തിരിച്ച് ഓഫീസിലേക്ക് വന്നു. വൈകുന്നേരം ഓഫീസില്‍ നിന്നും നേരിട്ട് റാഷിദ് ഹോസ്പിറ്റലിലേക്കാണ് ഞാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ ഷെര്‍ളിയും, ടെരന്‍സും, മറ്റു രണ്ടു പേരും എന്റെ കൂടെ വന്നു.

സന്ദര്‍ശന സമയമായതു കാരണം ഹോസ്പിറ്റലില്‍ എത്തിയതും ഞങ്ങള്‍ വൃന്ദ കിടക്കുന്ന വാര്‍ഡിലേക്ക് പോയി. ഞങ്ങളെ കണ്ടതും അവള്‍ ബെഡില്‍ എഴുന്നേറ്റിരുന്നു. പിന്നെ പഴയ ഊര്‍ജ്ജസ്വലതയോടെ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ലോയിഡ് വന്നു. രണ്ട് ദിവസം ലീവ് ലഭിച്ചിട്ടുണ്ടെന്ന് ലോയിഡ് പറഞ്ഞതിനാല്‍, അവരെ അവരുടേതായ ലോകത്തില്‍ തനിച്ചാക്കികൊണ്ട് ഞങ്ങള്‍ യാത്ര പറഞ്ഞ് പോന്നു.

പിറ്റേന്ന് വൃന്ദയുമായും, ലോയിഡുമായും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു എന്നല്ലാതെ ഹോസ്പിറ്റലില്‍ പോയില്ല. അതിന്റെ പിറ്റേ ദിവസം രാവിലെ ഒരു പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ എനിക്ക് ലോയിഡിന്റെ ഫോണ്‍ ലഭിച്ചു. അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

എന്താ ലോയിഡ്? എന്തു പറ്റി?

വൃന്ദ വീണ്ടും കൊളാപ്സായി. അരക്ക് കീഴ്പോട്ട് തളര്‍ന്നു പോയിരിക്കുന്നു, ഒപ്പം ഇടത്തേ കയ്യും. നിങ്ങള്‍ ഒന്ന് വേഗം വരുമോ ഹോസ്പിറ്റലിലേക്ക്?

ഓഫീസില്‍ വിവരം പറഞ്ഞ്, ഞാനും, സ്റ്റീവനും ഉടനെ ഹോസ്പിറ്റലിലേക്ക് തിരിച്ചു. അവിടെ ചെന്നപ്പോള്‍ ലോയിഡ് ഡോക്ടേഴ്സ് വിളിച്ചത് പ്രകാരം അവരോടൊപ്പം പോയിരിക്കുകയാണെന്ന് നഴ്സ് പറഞ്ഞറിഞ്ഞു.

നിറഞ്ഞ കണ്ണുകളുമായി കിടന്നിരുന്ന വൃന്ദ ഞങ്ങളെ കണ്ടപ്പോള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അവളുടെ വലതു കൈയ്യില്‍ അമര്‍ത്തി പിടിച്ചതല്ലാതെ മറ്റൊന്നും പറയാന്‍ വയ്യായിരുന്നു എനിക്ക്.

നിറഞ്ഞ് തുളുമ്പിയ കണ്ണുകളിലേക്ക് എനിക്ക് നോക്കാന്‍ തന്നെ കഴിയുന്നുണ്ടായിരുന്നില്ല.

എന്റെ കയ്യില്‍ അവള്‍ അവള്‍ക്ക് ചലിപ്പിക്കാന്‍ കഴിവുള്ള വലതു കയ്യാല്‍ അമര്‍ത്തിപിടിച്ചു, പിന്നെ കൈവിട്ടുകൊണ്ട് അവളുടെ വയറില്‍ തലോടി, പിന്നെ ഞങ്ങളുടെ കണ്ണുകളില്‍ നോക്കി ദയനീയമായി പറഞ്ഞു, എനിക്കെന്റെ കുട്ടിയെ വേണം. എനിക്കവളെ രാജകുമാരിയായി വളര്‍ത്തണം, അതിനു കഴിഞ്ഞില്ലെങ്കില്‍ ഒരു നോക്കു കാണുകയെങ്കിലും വേണം. അതും പറഞ്ഞ് അവള്‍ പൊട്ടി ക്കരയാന്‍ തുടങ്ങി. കരച്ചിലിന്റെ ഇടയില്‍ അവള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പറയുന്നത് ആദ്യമൊക്കെ വ്യക്തമായിരുന്നെങ്കിലും ക്രമേണ അവളുടെ വാക്കുകള്‍ കുഴയുകയും, പിന്നെ അവള്‍ക്ക് സംസാരിക്കാന്‍ കഴിയാതാവുകയും ചെയ്തു.

എന്തൊക്കെയോ സംസാരിക്കാനുള്ള വെമ്പലോടെ അവള്‍ എന്റെ മുഖത്തേക്ക് ദയനീയമോയി നോക്കി.

വൃന്ദ നീ ധൈര്യമായിരിക്ക്, ഒന്നും സംഭവിക്കില്ല. അവളുടേ കൈയ്യില്‍ അമര്‍ത്തികൊണ്ട് ഞാന്‍ പറഞ്ഞു.

സ്റ്റീവന്‍ നീ ഇവളുടെ കൂടെ നില്‍ക്കൂ. ഞാന്‍ ഡോക്ടറെ വിളിച്ചിട്ട് വേഗം വരാം. പോകുന്ന വഴിക്ക് സിസ്റ്ററോട് കാര്യം പറഞ്ഞു. ഞാന്‍ ഡ്യൂട്ടി ഡോക്ടേഴ്സ് ഇരിക്കുന്ന മുറിയിലേക്ക് പാഞ്ഞു.

അവിടെ ചെന്നപ്പോള്‍ രണ്ട് ഡോക്ടേഴ്സിനോടൊപ്പം ലോയിഡ് സംസാരിച്ചിക്കുന്നുണ്ടായിരുന്നു.

ഡോക്ടറോട് അവളുടെ സംസാരം കുഴഞ്ഞ് പോയതും, ക്രമേണ സംസാരിക്കാന്‍ കഴിയാതെയായതും ഞാന്‍ പറഞ്ഞു.

ഡോക്ടര്‍ അവിടെയിരുന്നുകൊണ്ട് തന്നെ നാലഞ്ച് ഫോണുകള്‍ ചെയ്തു. പിന്നെ രണ്ട് ഡോക്ടേഴ്സും ഉടന്‍ തന്നെ വൃന്ദ കിടക്കുന്ന മുറിയിലേക്ക് വന്നു. അപ്പോഴേക്കും സ്ട്രെച്ചറും മറ്റുമായി അറ്റന്റേഴ്സും, സിസ്റ്റേഴുസുമെല്ലാം തയ്യാറായിരുന്നു.

വൃന്ദയെ സി ടി സ്കാനും മറ്റു ചെക്കപ്പുകളും ചെയ്യുന്നതിനായി സ്ട്രെച്ചറില്‍ കയറ്റി കിടത്തി അവര്‍ കൊണ്ട് പോയി. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു.

ഹോസ്പിറ്റലിലെ റിസപ്ഷനില്‍ പോയി ഞങ്ങള്‍ ഇരുന്നു. മനസ്സിനൊരു സുഖമില്ലായ്മ. റിസപ്ഷനിലില്‍ കാത്തിരിക്കുന്നവര്‍ക്കെല്ലാം ഏകദേശം ഒരേ ഭാവം.

നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം. സമയം നാലര കഴിഞ്ഞിരിക്കുന്നു.. സന്ദര്‍ശക സമയം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വൃന്ദയുടെ മുറിയിലേക്ക് കയറിചെന്നു. അവളുടെ ബെഡ് ശൂന്യം. ചെക്കപ്പ് കഴിഞ്ഞ് ഇനിയും വന്നിട്ടില്ല.

ഞങ്ങള്‍ പുറത്തിറങ്ങി കോറിഡോറില്‍ കാത്ത് നിന്നു. അല്പം സമയം കഴിഞ്ഞപ്പോള്‍ അറ്റന്‍ഡേഴ്സ് വൃന്ദയെ കിടത്തിയ സ്ട്രെച്ചറും തള്ളികൊണ്ട് മുറിയിലേക്ക് വന്നു.

അവള്‍ മയങ്ങുകയായിരുന്നു. തലമുടിയെല്ലാം ഷേവ് ചെയ്ത് കളഞ്ഞിരിക്കുന്നു. അവളുടെ മുഖത്തേക്ക് നോക്കിയ ലോയിഡ് വിങ്ങി പൊട്ടി പോയി. ഞങ്ങള്‍ വിങ്ങല്‍ പുറത്തേക്ക് വരാതിരിക്കാന്‍ പല്ലുകള്‍ കടിച്ചു പിടിച്ചു.

ലോയിഡിനോട് ഡോക്ടേഴ്സിന്റെ മുറിയിലേക്ക് പോകുവാന്‍ സിസ്റ്റര്‍ ആവശ്യപെട്ടു. ലോയിഡിനോട് കൂടെ ഞാനും പോയി.

ഇരിക്കൂ. ചീഫ് ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു.

വൃന്ദക്ക് ഇതിന് മുന്‍പെ എപ്പോഴെങ്കിലും, തലചുറ്റലോ, തളര്‍ച്ചയോ, മറ്റോ വന്നിട്ടുണ്ടോ?

ഉവ്വ് ഡോക്ടര്‍. ഞാനാണ് മറുപടി പറഞ്ഞത്. ഒരിക്കല്‍ അവള്‍ ഓഫീസില്‍ തലചുറ്റി വീണിട്ടുണ്ട്. കൂടാതെ കണ്ണുകള്‍ തടിച്ച് കുറുകി രക്തവര്‍ണ്ണമായിട്ടുമുണ്ട് രണ്ട് പ്രാവശ്യം. അന്ന് ചെക്കപ്പിനു പോയ ഡോക്ടര്‍ ഡിറ്റേയില്‍ഡ് ചെക്കപ്പിനായി വിളിച്ചിരുന്നതുമാണ്. പക്ഷെ വൃന്ദ അതു കാര്യമായെടുത്തില്ല, അതിനാല്‍ പോയതുമില്ല.

അവള്‍ അത് സീരിയസ്സായി എടുക്കേണ്ടതായിരുന്നു.

അവളുടെ ബ്രെയിനില്‍ ട്യൂമറുണ്ട്. അത് കൂടാതെ ഇപ്പോള്‍ സെമി പാരലൈസാവാന്‍ കാരണം ബ്രെയിനില്‍ ബ്ലെഡ് കോട്ടും വന്നിരിക്കുന്നു. ഉടന്‍ തന്നെ ഓപ്പറേഷന്‍ ചെയ്യണം. അവള്‍ ഗര്‍ഭിണിയാണെന്നുള്ളത് അതിലേറെ കോമ്പ്ലിക്കേറ്റഡാക്കിയിരിക്കുന്നു പ്രശ്നം. എനി വേ, വി ഹാവ് ഫിക്സ്ഡ് ഹെര്‍ ഓപ്പറേഷന്‍ ഫോര്‍ റ്റുമാറോ മോര്‍ണിങ്ങ് ലെവനോ ക്ലോക്ക്. അല്‍ വാസല്‍ ഹോസ്പിറ്റലില്‍ നിന്നുമുള്ള ഗൈനക്കോളജിസ്റ്റുകളും, ന്യൂറോ സര്‍ജനും, കാര്‍ഡിയാക്ക് സര്‍ജനും, മറ്റ് ഫിസിഷ്യന്‍സുമെല്ലാം ചേര്‍ന്ന് ഒരു എട്ടോളം പേരുള്ള സംഘമാണ് ഓപ്പറേഷന്‍ നടത്തുക. വി വില്‍ ട്രൈ അവര്‍ ബെസ്റ്റ്, റെസ്റ്റ് ഈസ് വിത്ത് ഗോഡ്.

കുറച്ച് പേപ്പറുകള്‍ സൈന്‍ ചെയ്യണം. ഡോക്ടര്‍ ലോയിഡിനോടായി പറഞ്ഞു.

ഡോക്ടര്‍ നല്‍കിയ പേപ്പറുകളിലെല്ലാം ലോയിഡ് സൈന്‍ ചെയ്ത് നല്‍കി. ശേഷം ഞങ്ങള്‍ തിരികെ വൃന്ദ കിടക്കുന്ന മുറിയിലേക്ക് പോയി.

അവള്‍ അപ്പോഴും മയങ്ങുകയായിരുന്നു.

വൃന്ദയുടെ പാരന്റ്സിനെ അറിയിക്കേണ്ടെ? ഞാന്‍ ചോദിച്ചു.

വേണം, അറിയിച്ചാല്‍ മാത്രം പോര. അവരെ എങ്ങനെയെങ്കിലും കൊണ്ടു വരണം. എന്തെങ്കിലും സംഭവിച്ചാല്‍ നാളെ എന്റെ മോളെ അവന്‍ തട്ടിയെടുത്ത് കൊല ചെയ്തു എന്നു പറയാന്‍ ഇടവരരുത്. ഇത്രയും പറയുമ്പോഴേക്കും ലോയിഡ് വിങ്ങി പൊട്ടിയിരുന്നു.

അതൊക്കെ ഞങ്ങള്‍ ഓഫീസില്‍ വിളിച്ച് പറഞ്ഞ് ശരിയാക്കാം ലോയിഡ്. നീ ശാന്തനായിരിക്കൂ. ഒന്നുമില്ലെങ്കിലും നീ കരയുന്നത് കണ്ടാല്‍ വൃന്ദയുടെ അവസ്ഥ അതിലേറെ മോശമാവില്ലെ, ഞങ്ങള്‍ ലോയിഡിനെ ആശ്വസിപ്പിച്ചു.

ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് വിവരം അറിയിക്കാനായി ഞാനും, സ്റ്റീവനും പുറത്തിറങ്ങി. ജി എമ്മിനെ വിളിച്ച് കാര്യം പറഞ്ഞു, നിങ്ങള്‍ അവിടെ തന്നെ ഉണ്ടാകണം. ആരെ വേണമെങ്കിലും കൊണ്ടു വരാം എന്ന് പറയൂ ലോയിഡിനോട്. കമ്പനി എന്ത് സഹായം വേണമെങ്കിലും ചെയ്യാം എന്ന് പറയൂ. ഫിനാന്‍ഷ്യലി ആസ് വെല്‍ പേര്‍സണലി.

പിന്നീട് ഷെര്‍ളിയെ വിളിച്ച് കാര്യം പറഞ്ഞു. വൃന്ദയുടെ വീട്ടില്‍ വിളിച്ച് കാര്യം പറയുക, അവര്‍ക്ക് വരുവാനായ് വിസയെടുക്കാന്‍ പാസ്പ്പോര്‍ട്ട് കോപ്പി വരുത്തിക്കുക, പി ആര്‍ ഓ യുമായി സംസാരിച്ച് മറ്റ് വിസാ പ്രൊസസ്സിങ്ങിനുള്ള റിക്വയര്‍മെന്റെല്ലാം കമ്പ്ലീറ്റ് ചെയ്യുക തുടങ്ങി കോര്‍ഡിനേഷന്‍ വര്‍ക്കെല്ലാം ഷെര്‍ളി അപ്പോള്‍ തന്നെ ആരംഭിച്ചു.

അല്പം സമയത്തിനകം ഷെര്‍ളി തിരിച്ച് വിളിച്ചു. വൃന്ദയുടെ അച്ഛനു സുഖമില്ലെന്നും, അമ്മ മാത്രമെ വരുന്നുള്ളൂ എന്നും പറഞ്ഞു. പാസ്പ്പോര്‍ട്ട് കോപ്പി അല്പം സമയത്തിനകം ഫാക്സായി ലഭിക്കുമെന്ന് പറഞ്ഞു. എമര്‍ജന്‍സി വിസ എടുക്കാമെന്ന് പി ആര്‍ ഓ ഏറ്റതു പ്രകാരം, പിറ്റേന്ന് വൈകീട്ടത്തെ ഫ്ലൈറ്റില്‍ ടിക്കറ്റും ബുക്ക് ചെയ്യിച്ചു, ദില്ലി - ദുബായി. ടിക്കറ്റ് പി ടി എ ആയി കളക്റ്റ് ചെയ്യാനുള്ള സംവിധാനമെല്ലാം ഷര്‍ളി തന്നെ അറേഞ്ച് ചെയ്തു.

തിരിച്ച് വാര്‍ഡില്‍ ചെന്നപ്പോള്‍ വൃന്ദ ഉണര്‍ന്നിരുന്നു. അവളുടെ കയ്യില്‍ ഉഴിഞ്ഞുകൊണ്ട് അവളുടെ ബെഡിന്നരികത്തുള്ള സ്റ്റൂളില്‍ ലോയിഡിരിക്കുന്നു.

നഞങ്ങളെ കണ്ട വൃന്ദ തലചരിച്ച് ചെറുതായൊന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചത് പാഴായി. മനസ്സ് വിചാരിക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ ശരീരത്തിലെ പേശികള്‍ക്ക് കഴിയാത്തതിനാല്‍ ആ പുഞ്ചിരി വെറും ഒരു കോടലായി മാറി. അവള്‍ സീലിങ്ങിലേക്ക് നോക്കി കിടന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അവിടെ അധികം നേരം നിന്നിട്ടെന്തു ചെയ്യാന്‍? സന്ദര്‍ശന സമയവും കഴിയാറായി. വൃന്ദയുടെ കൈയ്യില്‍ പിടിച്ച് അമര്‍ത്തി പിറ്റേന്ന് കാണാം എന്ന് പറഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു. റിസപ്ഷന്‍ വരെ ലോയിഡും ഞങ്ങളെ അനുഗമിച്ചു.

ലോയിഡ് എന്താവശ്യമുണ്ടെങ്കിലും, വിളിക്കാന്‍ മടിക്കണ്ട. ഏത് സമയത്തും വിളിക്കാം. ഉറങ്ങുകയായിരിക്കുമെന്നോ, ശല്യപെടുത്തുകയാണെന്നോ ഒന്നും കരുതരുത്.

പിറ്റേന്ന് രാവിലെ ഒമ്പത് മണിക്ക് തന്നെ ഞാനും സ്റ്റീവനും ഹോസ്പിറ്റലിലേക്ക് ചെന്ന് സ്പെഷല്‍ പെര്‍മിഷന്‍ വാങ്ങി വാര്‍ഡിലേക്ക് പോയി. വൃന്ദ ഉണര്‍ന്ന് കിടക്കുന്നു. ലോയിഡ് അടിയിലെങ്ങോ പോയിരിക്കുകയായിരുന്നു.

അവള്‍ക്കരുകിലിരുന്ന് ഞങ്ങള്‍ കുറേ സംസാരിച്ചു. അവള്‍ക്ക് പരമാവധി ധൈര്യം പകര്‍ന്നുകൊടുക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ ചെയ്തു. അവളെ ചിരിപ്പിക്കാനായി ഞങ്ങള്‍ ഓഫീസിലെ പല കാര്യങ്ങളും പറഞ്ഞു. തലയാട്ടിയതല്ലാതെ അവള്‍ മറ്റൊരു തരത്തിലും പ്രതികരിച്ചില്ല.

പത്ത് മണിയായപ്പോള്‍, ഓഫീസില്‍ നിന്നും എം ഡിയും, ജി എമ്മും അടക്കം പത്തോളം സഹപ്രവര്‍ത്തകര്‍ താഴെ എത്തി. രണ്ട് പേര്‍ക്കേ ഒരേ സമയത്ത് ഒരു പേഷ്യന്റിനെ കാണാന്‍ അനുമതിയുള്ളൂ. അതും ഇത്തരം സ്പെഷല്‍ കേസില്‍ മാത്രം. അല്ലെങ്കില്‍ സന്ദര്‍ശന സമയത്ത് മാത്രമെ പേഷ്യന്റിനെ കാണാന്‍ അനുവധിക്കൂ.

ഞാനും സ്റ്റീവനും, താഴെ റിസ്പഷനില്‍ ചെന്ന് ഞങ്ങളുടെ കാര്‍ഡ് അവര്‍ക്ക് നല്‍കി. എം ഡിയും, ജി എമ്മും, മറ്റുള്ളവരും ഊഴമനുസരിച്ച് മുകളില്‍ പോയി വൃന്ദയെ കണ്ടു വന്നു. പെണ്‍കുട്ടികള്‍ തിരിച്ച് വന്നത് പൊട്ടികരഞ്ഞിട്ടായിരുന്നുവെങ്കില്‍, ആണുങ്ങള്‍ വന്നത് നിറകണ്ണുകളുമായാണ്.

നിങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകണം എന്ത് കാര്യത്തിനും. എന്താവശ്യമുണ്ടെങ്കിലും ഓഫീസില്‍ വിളിക്കുക. പിന്നെ ഓരോ മണിക്കൂറിലും ഇവിടുത്തെ സ്ഥിതിഗതികള്‍ വിളിച്ച് എന്നെ അപ്ഡേറ്റ് ചെയ്യുക. എം ഡി ഞങ്ങളോട് പറഞ്ഞു.
അവരെല്ലാം പോയപ്പോള്‍ ഞങ്ങള്‍ വീണ്ടും മുകളിലേക്ക് പോയി. അറ്റന്റേഴ്സ് സ്ട്രെച്ചറുമായി വന്ന് കഴിഞ്ഞിരിക്കുന്നു. അവളെ ബെഡില്‍ നിന്നും എടുത്ത് അവര്‍ സ്ട്രെച്ചറില്‍ കിടത്തി. ലോയിഡ് അവളുടെ കയ്യുകളില്‍ പിടിച്ച് പൊട്ടികരഞ്ഞു. നിറയുന്ന കണ്ണുകള്‍ അവള്‍ ശ്രദ്ധിക്കാതിരിക്കാന്‍ പ്രയാസപെട്ടുകൊണ്ട് ഞങ്ങള്‍ അവളോട് പോയി വരൂ എന്നര്‍ത്ഥത്തില്‍ തലയാട്ടി.

തലയാട്ടികൊണ്ട് അവള്‍ എന്നെ അരികിലേക്ക് വിളിച്ചു. അടുത്ത് ചെന്നപ്പോള്‍ എന്റെ കയ്യില്‍ അവളുടെ വലം കയ്യാല്‍ അവള്‍ മുറുകെ പിടിച്ചു. യാത്രചോദിക്കുന്ന ഭാവമായിരുന്നു അവളുടെ കണ്ണുകള്‍ക്ക്. പ്രയാസപെട്ടാണെങ്കിലും അവള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.

ഓപ്പറേഷനു സമയമായി മാറി നില്‍ക്കൂ. ഞങ്ങള്‍ ഒരരുകിലേക്ക് മാറിയതും, അറ്റന്‍ഡേഴ്സ് സ്ട്രെച്ചറും തള്ളി ഓപ്പറേഷന്‍ തിയറ്റര്‍ ലക്ഷ്യമാക്കി നീങ്ങി. ഞങ്ങള്‍ വാര്‍ഡില്‍ നിന്ന് റിസപ്ഷനിലേക്കും.

നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. സമയം നിലച്ചത് പോലെ. ഓരോ മണിക്കൂറിലും ഞങ്ങള്‍ കാണുന്ന ഡോക്ടറോഡും, സിസ്റ്റേഴ്സിനോടും ചോദിച്ചു, എന്തെകിലും വിവരമുണ്ടോ വൃന്ദയെ കുറിച്ചെന്ന്.

ആരും ഞങ്ങള്‍ക്കൊരു മറുപടി നല്‍കിയില്ല.

വൈകുന്നേരം ഏകദേശം ഏഴുമണിയായപ്പോള്‍ റിസപ്ഷനില്‍ അനൌണ്‍സ് ചെയ്യപ്പെട്ടു, വൃന്ദയുടെ ഒപ്പമുള്ളയാള്‍ ഡോക്ടേഴ്സ് റൂമിലേക്ക് ചെല്ലണമെന്ന്.

ഞങ്ങള്‍ മൂവരും തിടക്കത്തില്‍ ഡോക്ടേഴ്സ് റൂമില്‍ എത്തി.

ഇരിക്കൂ. ഞങ്ങള്‍ ഇരുന്നു.

സീ ഓപ്പറേഷന്‍ ഈസ് ഓവര്‍. ദെയര്‍ ഈസ് എ ഗുഡ് ന്യൂസ് ആന്റ് എ ബാഡ് ന്യൂസ്!

എന്തായാലും പറയൂ ഡോക്ടര്‍.

നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ടായിരിക്കുന്നു ലോയിഡ്. ഷി ഈസ് ആള്‍മോസ്റ്റ് ഫൈന്‍ നൌ. കുട്ടി ഇപ്പോള്‍ അല്‍ വാസല്‍ ഹോസ്പിറ്റലില്‍ ഇങ്ക്യുബേറ്ററില്‍ ആണ്. ആദ്യം തന്നെ ഞങ്ങള്‍ ചെയ്തത് ഓപ്പറേഷന്‍ ചെയ്ത് കുട്ടിയെ പുറത്തെടുക്കുക എന്നതായിരുന്നു. അല്‍ വാസല്‍ ഹോസ്പിറ്റലില്‍ നിന്നും വന്ന ഡോക്ടേഴ്സ് ആ ഓപ്പറേഷന്‍ കഴിഞ്ഞ് കുട്ടിയുമായി തിരികെ പോയി.

അപ്പോള്‍ വൃന്ദ ഡോക്ടര്‍?

അതിനുശേഷമുള്ള ഓപ്പറേഷല്‍ അതീവ കോമ്പ്ലിക്കേറ്റഡ് ആയിരുന്നു.. ഇടക്ക് വച്ച് കാര്‍ഡിയാക്ക് അറസ്റ്റുണ്ടായി. വൃന്ദയുടെ ഹൃദയത്തിന്റെ വാല്‍വുകള്‍ക്കും തകരാറുണ്ടായിരുന്നു. തലച്ചോറിലെ ട്യൂമറും ക്ലോട്ടുമെല്ലാം ഞങ്ങള്‍ റിമൂവ് ചെയ്തു. വി ട്രൈഡ് അവര്‍ മാക്സിമം മിസ്റ്റര്‍ ലോയിഡ് ബട്ട്, ഷി ഈസ് ഇന്‍ കോമാ സ്റ്റേജ് നൌ.

അവള്‍ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തില്ലെ ഡോക്ടര്‍?

വി വില്ല് ട്രൈ ഔര്‍ ബെസ്റ്റ്, റെസ്റ്റ് ഈസ് വിത്ത് ഗോഡ്.

അവള്‍ എവിടെയാണ് ഡോക്ടര്‍? അവളെ എപ്പോള്‍ കാണാന്‍ കഴിയും?

വൃന്ദ ഐ സി യുവില്‍ ആണ്. കുറഞ്ഞത് ഇരുപത്തിനാലുമണിക്കൂര്‍ മുതല്‍ നാല്പത്തെട്ട് മണിക്കൂര്‍ വരെ ഒബ് സര്‍വേഷനില്‍ ആയിരിക്കും,അതിനുശേഷമേ മുറിയിലേക്ക് മാറ്റുകയുള്ളൂ.

എനിക്കെന്റെ മകളെ കാണാന്‍ പറ്റുമോ ഡോക്ടര്‍ ഇപ്പോള്‍?

ഇന്നിനി പറ്റുമെന്ന് തോന്നുന്നില്ല, നാളെ രാവിലെ പത്ത് മണിക്ക് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ പോയാല്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും.

ഒരു ഫോണ്‍ കോള്‍ വന്നപ്പോള്‍ ഡോക്ടര്‍ തിരിച്ച് ഏതോ വാര്‍ഡിലേക്ക് പോയി, ഞങ്ങള്‍ താഴെ റിസപ്ഷനിലേക്കും. റിസപ്ഷനില്‍ നിന്നും പുറത്തിറങ്ങി എം ഡി, ജി എം, ഷെര്‍ളി, ടെരന്‍സ്, സനോര തുടങ്ങി വിളിക്കാനുള്ളവരേയൊക്കെ വിളിച്ച് വൃന്ദയുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ് തിരിച്ച് റിസപ്ഷനില്‍ വന്നപ്പോള്‍ ബെഞ്ചില്‍ ഇരുന്ന് വിങ്ങിപൊട്ടുന്ന ലോയിഡിനേയാണ് കാണുന്നത്. സ്റ്റീവന്‍ ആശ്വസിപ്പിക്കുവാന്‍ പരമാവധി ട്രൈ ചെയ്യുന്നുണ്ട്.

വൃന്ദയുടെ അമ്മ വരുന്നത് ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിലാണെന്നും, താമസവും മറ്റും അറേഞ്ച് ചെയ്തിട്ടുണ്ടെങ്കിലും, ഈ അവസ്ഥയില്‍ അവരെ അവിടെ തനിച്ച് താമസിപ്പിക്കുന്നത് ശരിയല്ലാത്തതിനാല്‍, ഷെര്‍ളിയും ഹസ്ബന്റും കൂടെ പിക്ക് ചെയ്ത് അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ട് പോകുന്നുവെന്നും ഷെര്‍ളി വിളിച്ച് പറഞ്ഞു.

ഇനി റിസപ്ഷനില്‍ വെറുതെ കാത്തിരിക്കുന്നതില്‍ എന്തര്‍ത്ഥം? ലോയിഡിനെ പറഞ്ഞ് സമാധാനിപ്പിച്ച് അവനെ വൃന്ദയുടെ ഫ്ലാറ്റില്‍ ഇറക്കിയതിനുശേഷം ഞങ്ങള്‍ ഞങ്ങളുടെ ഫ്ലാറ്റിലേക്കും പോയി.

പിറ്റേന്ന് രാവിലെ ഞങ്ങള്‍ ലോയിഡിനേയും പിക്ക് ചെയ്ത് വൃന്ദയുടെ അമ്മയെ പോയി കണ്ടു. വളരെ അധികം മനോധൈര്യം ഉള്ള ഒരു സ്ത്രീ. ഇത്ര തിരക്കിട്ട് വിസയും മറ്റും ശരിയാക്കി അയച്ചപ്പോള്‍ മകള്‍ മരിച്ച് എന്ന് കരുതിയാണ് പുറപ്പെട്ടത്, ഇപ്പോള്‍ മരിച്ചിട്ടില്ല എന്നറിഞ്ഞപ്പോള്‍ അല്പം ആശ്വാസം തോന്നുന്നു എന്ന് പറഞ്ഞ് അവര്‍ പൊട്ടി കരഞ്ഞു.

അന്ന് ഞങ്ങള്‍ വൃന്ദയുടെ അമ്മയേയും, ലോയിഡിനേയും പിക്ക് ചെയ്ത് ഹോസ്പിറ്റലില്‍ പോയപ്പോള്‍, ഇന്നെന്തായാലും ഐ സി യുവില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല, നാളെ രാവിലെ വരൂ എന്ന് ഡോക്ടര്‍ പറഞ്ഞു. അവിടെ നിന്നും, വൃന്ദയുടെ കുട്ടിയെ കാണാന്‍ ഞങ്ങള്‍ അല്‍ വാസല്‍ ഹോസ്പിറ്റലില്‍ പോയി.

പെര്‍മിഷന്‍ വാങ്ങിയതിനു ശേഷം ഒരു സിസ്റ്ററോടൊപ്പം ഞങ്ങള്‍ കുട്ടി കിടക്കുന്ന വാര്‍ഡിലേക്ക് ചെന്നു.ഇങ്ക്യുബേറ്ററില്‍ ഒരു കുഞ്ഞു വാവ! മൂക്കിലും, വായിലുമെല്ലാം ട്യൂബും, മാസ്ക്കും പിടിപ്പിച്ചിരിക്കുന്നു.

ദൈവമേ, കുട്ടിയും വൃന്ദയും രക്ഷപെടണേ എന്നായിരുന്നു അപ്പോഴുമുള്ള പ്രാര്‍ത്ഥന.

പിറ്റേ ദിവസം ഞാനും, സ്റ്റീവനും,ലോയിഡും, വൃന്ദയുടെ അമ്മയും രാവിലെ പത്തുമണിക്ക് തന്നെ ഹോസ്പിറ്റലിലെത്തി. വൃന്ദയെ ഒരു ഒറ്റ മുറിയിലേക്ക് മാറ്റിയിരുന്നു. മുറിയില്‍ നിറയെ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെ, ഭയാനകമായ ശബ്ദത്തോടെ ശ്വസിക്കുന്ന വൃന്ദയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഞങ്ങളുടെ ചങ്ക് കലങ്ങി പോയി.

മുഖം തിരിച്ചറിയാനാവാത്ത വിധം നീരു വന്ന് വീര്‍ത്തിരിക്കുന്നു. നീലച്ചിട്ടുമുണ്ട്. തല മൊത്തം പ്ലാസ്റ്റര്‍ ചെയ്തിരിക്കുന്നു. ആകെയുള്ള അനക്കം എന്നത് ശ്വസിക്കുമ്പോള്‍ വൃന്ദയുടെ നെഞ്ചും കൂട് ഉയര്‍ന്ന് താഴുന്നതാണ്.

വൃന്ദയുടെ കയ്യിലും, തലയിലും, കാലിലും, പിടിച്ച്കൊണ്ട് ലോയിഡും, വൃന്ദയുടെ അമ്മയും പൊട്ടികരയുന്നതു കണ്ട് ഒന്ന് കരയാന്‍ പോലും കഴിയാതെ ഞങ്ങള്‍ നിന്നു.

ദിവസം മൂന്നൂം നാലും തവണ സിസ്റ്റേഴ്സും, ഡോക്ടേര്‍സും വന്ന് ചെക്കപ്പ് നടത്തി പോയി. എന്താണ് അവസ്ഥ എന്ന ചോദ്യത്തിന് ഒന്നും പറയാറായിട്ടില്ല എന്ന ഉത്തരം മാത്രം.

ദിവസം മൂന്ന് കഴിഞ്ഞു. ഞങ്ങളില്‍ ആരെങ്കിലും മാറി മാറി എപ്പോഴും വൃന്ദക്കരികില്‍ നിന്നു. ലോയിഡിനേയും, അമ്മയേയും,വളരെ നിര്‍ബന്ധിച്ച് ഞങ്ങള്‍ വിശ്രമിക്കുവാനായി ഇടക്കിടെ ഫ്ലാറ്റില്‍ കൊണ്ട് ചെന്നു വിടുകയും പിക്ക് ചെയ്യുകയും ചെയ്തു. ഓഫീസില്‍ നിന്നുള്ളവരും, ലോയിഡിന്റെ സുഹൃത്തുക്കാളും, ബന്ധുക്കളും എല്ലാം ഇടക്കിടെ വന്ന് പോയി. ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നു വന്ന അതേ അവസ്ഥ തന്നെ ഇപ്പോഴും. ഉള്ളം കാലില്‍ ഇക്കിളിയിട്ടാല്‍ മൊത്തം ശരീരം വെട്ടിവിറക്കുന്നുണ്ടെന്ന് ഇതിന്റെ ഇടയില്‍ ലോയിഡിന്റെ അമ്മ കണ്ടു പിടിച്ചു.

ചെക്കപ്പിനു വന്ന ഡോക്ടറോട് ഞങ്ങള്‍ ആ വിവരം പറയുകയും, അവരുടെ മുന്നില്‍ വച്ച് തന്നെ വൃന്ദയുടെ ഉള്ളംകാലില്‍ ഇക്കിളിയിട്ടപ്പോള്‍ വൃന്ദയുടെ ശരീരം വെട്ടി വിറക്കുകയും ചെയ്തു. എന്തായാലും നാളെ ഇലക്ട്രോഎന്‍സെഫലോഗ്രാം ടെസ്റ്റ് നടത്തിനോക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു.

പിറ്റേന്ന് ഞങ്ങള്‍ രാവിലെ പത്ത് മണിക്ക് തന്നെ ഹോസ്പിറ്റലില്‍ എത്തി. പത്തര മണിയായപ്പോള്‍ ഡോക്ടര്‍ ചെക്കപ്പിനു വന്നു. ടെസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇലക്ട്രോഎന്‍സെഫലോഗ്രാം ചെയ്യുന്ന ടെക്നീഷ്യന്‍ കുറച്ച് കഴിഞ്ഞാല്‍ വരുമെന്നും ടെസ്റ്റ് നടത്തി റിസല്‍റ്റ് ഡോക്ടര്‍ക്ക് നല്കുമെന്നും പറഞ്ഞു.

പതിനൊന്നു മണിക്ക് ടെക്നീഷ്യന്‍ കമ്പ്യൂട്ടറും, വയറുകളും, മറ്റു ഉപകരണങ്ങളുമായി വന്നു. ടെക്നീഷ്യന്‍ ഒരു മലയാളി സ്ത്രീയായിരുന്നു. അവരെ മുന്‍പ് പലപ്പോഴും എന്റെ ബില്‍ഡിങ്ങില്‍ വച്ച് കണ്ടിട്ടുമുണ്ടായിരുന്നു.

എന്നെ കണ്ടതും പരിചയഭാവത്തില്‍ അവര്‍ ചോദിച്ചു. മാഷുടെ ആരാ ഈ പേഷ്യന്റ്?

എന്റെ സഹപ്രവര്‍ത്തകയാണ്.

മലയാളിയാണോ?

അല്ല.

എന്താ സംഭവിച്ചത്?

എന്താ സംഭവിച്ചതെന്നറിയാതെ, കേസ് ഹിസ്റ്ററി പോലും നോക്കാതെ വന്നിരിക്കുന്ന ഒരു ടെക്നീഷ്യന്‍ എന്നാണ് മനസ്സില്‍ തോന്നിയതെങ്കിലും, കാര്യം നമ്മുടേയായതിനാല്‍ നടന്നതെല്ലാം അവരെ ധരിപ്പിച്ചു.

കേള്‍ക്കുന്നതിനിടയില്‍ തന്നെ അവര്‍ വയറുകളെല്ലാം വൃന്ദയുടെ തലയില്‍ പിടിപ്പിച്ചു കഴിഞ്ഞിരുന്നു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് അവര്‍ എന്തൊക്കെയോ ചെയ്തു അരമണിക്കൂറോളം. പിന്നെ കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്ത് അവരുടെ സാധനങ്ങള്‍ എല്ലാം ട്രോളീ ബാഗില്‍ വച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ ഞാന്‍ കൂടെ ചെന്നു.

എന്താണ് മാഡം റിപ്പോര്‍ട്ട്? എന്തെങ്കിലും സ്കോപ്പുണ്ടോ?

ഇല്ല എന്നവര്‍ തലകുലുക്കി, പിന്നെ പറഞ്ഞു. തലച്ചോര്‍ മരിച്ച് കഴിഞ്ഞിരിക്കുന്നു. ഷി ഈസ് ഇന്‍ ഏ വെജിറ്റബിള്‍ സ്റ്റേജ്.

അപ്പോള്‍ ശ്വസിക്കുന്നതോ?

അത് വെന്റിലേറ്റര്‍ ചെയ്യുന്നതാണ്. അത് ഓഫ്ഫ് ചെയ്താല്‍ അതും കഴിഞ്ഞു. പക്ഷെ ഇപ്പോഴത്തെ യു എ ഇ നിയമം അനുസരിച്ച് തലച്ചോര്‍ മരണം സംഭവിച്ചാലും വെന്റിലേറ്ററിന്റെ സഹായത്തോടെ ബോഡി ശ്വസിക്കുന്നുവെങ്കില്‍ എത്ര കാലം ശ്വസിക്കുന്നുവോ, അത്രയും കാലം ശരീരത്തെ സൂക്ഷിക്കണം എന്നാണ്.

അപ്പോള്‍ കാലില്‍ ഇക്കിളിയിടുമ്പോള്‍ ശരീരം ഇളകുന്നതോ മാഡം?

അതിനു തലച്ചോറുമായി ബന്ധമൊന്നുമില്ല മാഷെ. സ്പൈനല്‍ കോഡിലുള്ള ഫ്ലൂയിഡുകളുടെ ചിലപ്രവര്‍ത്തനം മൂലമാണത് സംഭവിക്കുന്നത്.

എന്തായാലും കഷ്ടമായി പോയി, ആ കുട്ടിയെങ്കിലും രക്ഷപെട്ടാല്‍ മതി എന്ന് പറഞ്ഞ് അവര്‍ അവരുടെ ബാഗും വലിച്ച് നീങ്ങി.

തിരിച്ച് മുറിയില്‍ വന്നപ്പോള്‍ അവര്‍ ചോദിച്ചു എന്തു പറഞ്ഞു?

സത്യാവസ്ഥ അവരോട് പറയണോ വേണ്ടയോ എന്നൊന്നാലോചിച്ചു. പറയാതിരുന്നിട്ടെന്ത് കാര്യം. പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു, വൃന്ദയുടെ തലച്ചോര്‍ മരിച്ച് കഴിഞ്ഞിരിക്കുന്നു. ഈ ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം. അതും എപ്പോള്‍ വേണമെങ്കിലും നില്‍ക്കാം.

ലോയിഡിന്റേയും, വൃന്ദയുടെ അമ്മയുടേയും പൊട്ടിക്കരച്ചില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ഇതേ സംഭവിക്കൂ എന്ന് അവര്‍ക്ക് മുന്‍പേ മനസ്സിലായികാണണം. അല്ലെങ്കില്‍ ഇത്രയും ദിവസം കരഞ്ഞ് കരഞ്ഞ് അവരുടെ കണ്ണുനീര്‍ വറ്റിയിരിക്കണം.

ഞാനും, സ്റ്റീവനും, അന്നും പിറ്റേ ദിവസവും മാറി മാറി ഹോസ്പിറ്റലില്‍ വൃന്ദയോടൊപ്പം ഇരുന്നു. ഒരുപാട് നിര്‍ബന്ധിച്ച് ഉറക്കമില്ലാതെ കഴിയുന്ന ലോയിഡിനേയും, വൃന്ദയുടെ അമ്മയേയും ഭക്ഷണം കഴിപ്പിച്ചു. രാത്രിയില്‍ ഞങ്ങള്‍ ഞങ്ങളുടേ ഫ്ലാറ്റിലേക്ക് മടങ്ങി.

പിറ്റേന്ന് രാവിലെ ആറരമണിക്ക് ലോയിഡിന്റെ ഫോണ്‍ വന്നു.

കഴിഞ്ഞു, അവസാന ശ്വാസവും നിലച്ചു.

Thursday, November 01, 2007

മുഖക്കുരു

അന്ന് ഞാന്‍ ഡെല്‍ഹിയില്‍ ജോലി ചെയ്യുകയാണ്. വയ്യസ്സ് പത്തൊമ്പതോ, ഇരുപതോ അതോ ഇരുപത്തൊന്നോ എന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല, ഇനി ഇപ്പോ ഓര്‍ത്തിട്ടൊന്നും നേടാനുമില്ല, അഥവാ ഓര്‍ത്തില്ലെങ്കിലൊന്നും സംഭവിക്കാനും പോകുന്നില്ല. പക്ഷെ ഈ സംഭവം നടക്കുന്ന കാലത്തെ എന്റെ ശരീരഘടന അഥവാ സൌന്ദര്യശാസ്ത്രത്തെകുറിച്ച് ഞാന്‍ ഇന്നും ഓര്‍ക്കാന്‍ കാരണം എന്റെ ശരീര സൌന്ദര്യത്തിനു അന്ന് സംഭവിച്ച വ്യതിയാനങ്ങള്‍ അത്ര ഭീകരമായിരുന്നു.

ഇന്നത്തെ പോലെ അന്ന് എന്റെ തല ക്ലീന്‍ ബോള്‍ഡല്ല (ബാള്‍ഡ്), മറിച്ച്, പ്ലാസ്റ്റിക്ക് കവറില്‍ മുളകിന്‍ വിത്ത് പാവിയത് മുളച്ചത് പോലെ, തീരെ ഗ്യാപ്പില്ലാതെ ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന കേശത്താല്‍ അനുഗൃഹീതനായിരുന്നു ഈയുള്ളവന്‍. മരം കോച്ചുന്ന തണുപ്പുള്ള നവംബര്‍ മാസത്തിലെ ഒരു പ്രഭാതത്തില്‍ കുളികഴിഞ്ഞ് കണ്ണാടിക്ക് മുന്നില്‍ നിന്ന് തലമുടി ചീകിയൊതുക്കുമ്പോഴാണ് ഞാന്‍ ആദ്യമായി അത് ശ്രദ്ധിച്ചത്. മല്‍ഗോവാ മാമ്പഴം പോലെ തുടുത്തു മിനുസമാര്‍ന്ന എന്റെ കവിളത്ത് കോണ്‍ ഐസ്ക്രീമില്‍ ഇട്ട് തരുന്ന ചെറിയ ചെറികഷണങ്ങള്‍ പോലെ അവിടെയിവിടെയായി മൂന്നാല് ചുവന്ന കുരുക്കള്‍.

മുഖത്ത് സ്ഥാപിതമായ കുരുക്കളുടെ സ്ഥാനം, ഫെങ്ങ് ഷൂയി പ്രകാരം യഥാസ്ഥാനത്തല്ലായിരുന്നെങ്കില്‍ കൂടി ഞാന്‍ അത് കാര്യമാക്കാതിരിക്കാന്‍ കാരണം എണ്ണത്തില്‍ അവര്‍ വെറും മൂന്നോ, നാലോ മാത്രമേ ഉള്ളൂ എന്നതായിരുന്നു. പക്ഷെ ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും, ക്രെഡിറ്റ് കാര്‍ഡിലെ ഔട്ട്സ്റ്റാന്‍ഡിങ്ങ് ബാലന്‍സ് പോലെ കുരുക്കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരുന്നപ്പോള്‍ ലീവിനു നാട്ടില്‍ പോകാറായ എനിക്ക് എന്റെ സൌന്ദര്യത്തിലുള്ള മതിപ്പ് കുറഞ്ഞ് വരാന്‍ തുടങ്ങി. ആയതിനാല്‍ തന്നെ, മുഖത്തുദിച്ചുയര്‍ന്നിരിക്കുന്ന മുഖക്കുരുകളെ ഉന്മൂലനാശം ചെയ്യുവാനായി മാട്ടും, മാരണവും ചെയ്യാന്‍ തീരുമാനിച്ചതിന്‍പ്രകാരം, ടി വി പരസ്യത്തില്‍ സ്ഥിരമായി കാണുന്നതും, പരിചയമുള്ളവരില്‍ നിന്ന് ചോദിച്ച് മനസ്സിലാക്കിയതുമായ ദ്രവ്യങ്ങളാല്‍ ഉച്ചാടനകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ക്ലിയറസില്‍ മുഖത്ത് ക്ലിയറായി പുരട്ടിയിട്ടും, വിക്കോക്രീം ഞെക്കി പുരട്ടിയിട്ടും, ഫെയര്‍ ആന്റ് ലവ് ലി ക്രീം ലവ് ലിയായി പുരട്ടിയിട്ടും, രക്തചന്ദനമരച്ച് മുഖമാകെ വാരിപ്പൂശിയിട്ടും ഫലം തഥൈവ.

വരട്ട് മഞ്ഞള്‍ അരച്ച് പുരട്ടിയാല്‍ മുഖക്കുരു അപ്പാടെ മാറുമെന്ന് മങ്കമാരില്‍ ചിലര്‍ മൊഴിഞ്ഞപ്പോള്‍, പുരുഷന്മാരുടെ മുഖത്ത് മഞ്ഞള്‍ പുരട്ടിയാല്‍ രോമവളര്‍ച്ചയുണ്ടാകില്ല എന്ന് മറുവശം.

രോമം വളര്‍ന്നില്ലെങ്കില്‍ വേണ്ട മുഖക്കുരു പോയാല്‍ മതി എന്ന ഭീഷ്മ ശപഥം എടുത്തതിന്‍ പ്രകാരം അറ്റകൈക്ക് വരട്ട് മഞ്ഞള്‍ അരച്ച് പുരട്ടിനോക്കിയപ്പോള്‍ മുഖം വരണ്ടു, കാണുന്നവര്‍ വിരണ്ടു എന്നല്ലാതെ മുഖക്കുരുക്കള്‍ അതേ പ്രഭയോടെ എന്റെ മുഖത്ത് ജ്വലിച്ച് നിന്നു.

ആഴ്ചകള്‍ രണ്ട് കഴിഞ്ഞു. നാട്ടിലേക്ക് പോവാനുള്ള ദിവസം സമാഗതമായി. കേരള എക്പ്സ്രസ്സില്‍ കയറി നാടെത്തി, വീടെത്തി. എന്താടാ, മുഖത്തൊക്കെ മുഖക്കുരു നിറഞ്ഞുവല്ലോ? ആലു ടിക്കി, ബ്രെഡ് പക്കോറ, ഗുലാബ് ജാമുന്‍ തുടങ്ങിയഎണ്ണമയമുള്ള സാധനങ്ങള്‍ ആവശ്യത്തിനധികം വെട്ടിവിഴുങ്ങിയിട്ടാവും. വീട്ടിലെത്തിയപാടെ അച്ഛന്റെ വക ചോദ്യവും, തുടര്‍ന്ന് ആത്മഗതവും കേട്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ദ്വേഷ്യം തോന്നി.

മുഖക്കുരു ഒരംഭംഗിയായി തോന്നിയതിനാല്‍ മൂന്നാലു ദിവസമായിട്ടും പുറത്തേക്കൊന്നും ഇറങ്ങാതിരുന്നതിനാല്‍, ഞാന്‍ വന്ന വിവരം കേട്ടറിഞ്ഞ സുഹൃത്ത് ഷിബു ഒരു ദിവസം വൈകീട്ട് എന്നെ തേടി വീട്ടിലെത്തി.

എന്തറാ നീ വന്നിട്ട് മൂന്നാലീസ്സായിട്ടും മൈതാനത്തിക്കൊന്നും കണ്ടില്ലല്ലോ?

ഏയ്, ഒന്നൂല്ല്യസ്റ്റാ. മുഖത്താകെ കുരു. ഒരു ചമ്മല് പുറത്തിറങ്ങാന്‍.

നിന്റെ മോന്തേമ്മെ നോക്കാനാണല്ലോ നാട്ടാര്‍ക്ക് സമയം. ഒന്ന് പോയെടാ ഗഡീ നീ. അവന്‍ മൊഴിഞ്ഞു.

അല്ലടാ, എന്നാലും...... ഇതൊന്ന് ഉണങ്ങി കിട്ടിയിരുന്നെങ്കില്‍, പുറത്തിറങ്ങി വിലസാമായിരുന്നു.

ഇതൊക്കെ ഈച്ച കാര്യാഷ്ടാ. കൊറച്ച് ഡെറ്റോള് മോന്തേമ്മെ പെരട്ട്യാ സംഭവം ഡീസന്റാവും.

അത് ശരി, ഇത്ര സിമ്പിളായിരുന്നാ കാര്യം. ഞാന്‍ ആശ്ചര്യം സഹിക്കാന്‍ വയ്യാതെ ചോദിച്ചുപോയി.

പിന്നല്ലാണ്ട്. നീ ഒന്ന് പരീക്ഷിച്ച് നോക്ക്, നാളെക്ക് വിത്യാസം അറിയാം

ഇത്ര പെട്ടെന്നാ....എങ്കില്‍ ശരി ഇന്ന് തന്നെ പരീക്ഷിച്ച് കളയാം.

പിറ്റേന്ന് വൈകുന്നേരം മൈതാനത്ത് കാണാം എന്ന് പറഞ്ഞ് ഷിബു യാത്ര പറഞ്ഞ് പോയി.

നിങ്ങളെയൊക്കെ ശരിയാക്കി തരാം എന്ന ഭാവത്തില്‍ മുഖക്കുരുവിന്മേല്‍ ഒന്നുഴിഞ്ഞ് ഞാന്‍ അകത്തേക്ക് നടന്നു.

അത്താഴമെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ്, ബാത്രൂമിലെ കണ്ണാടിക്ക് മുന്‍പില്‍ നിന്ന്, ഡെറ്റോള്‍ കുപ്പിയില്‍ നിന്നും ഡെറ്റോള്‍ പഞ്ഞിയിലേക്ക് യഥേഷ്ടം ഒഴിച്ച് ചാഞ്ഞും, ചരിഞ്ഞും മുഖത്താകെ പുരട്ടി. പിറ്റേന്ന് തിരിച്ച് കിട്ടാന്‍ പോകുന്ന മല്‍ഗോവമാമ്പഴം പോലുള്ള എന്റെ കവിളുകളെ കുറിച്ചോര്‍ത്തപ്പോള്‍ മുഖത്തനുഭവപെടുന്ന നീറ്റലും, പുകച്ചിലും വകവെക്കാതെ ഡെറ്റോള്‍ വീണ്ടും വീണ്ടും മുഖത്ത് പൂശി.

മാര്‍ബിള്‍ പോലെ മിനുസമേറിയ, സുന്ദരമായ ഒരു ജോഡി കവിളുകള്‍ സ്വപ്നം കണ്ട് ഞാന്‍ അന്നുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ മുഖമൊക്കെ നീറുന്നുണ്ടായിരുന്നതിനാല്‍ കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ച് പറഞ്ഞു......അമ്മേ........ചായ.

ആവി പറക്കുന്ന ചായയുമായി വന്ന അമ്മ എന്നെ കണ്ടതും അയ്യോ കള്ളന്‍ എന്ന് പറഞ്ഞ് കയ്യിലുള്ള ചായക്കപ്പ് നിലത്തിട്ട് അലറികരഞ്ഞ് കൊണ്ട് മുറിയില്‍ നിന്നും പുറത്തേക്കോടി.

എന്താ സംഭവം എന്ന് മുഴുവനായി മനസ്സിലായില്ലെങ്കിലും, എന്റെ മുഖമാണ് പ്രശ്നം എന്ന് മനസ്സിലാക്കിയ ഞാന്‍ കണ്ണാടിയുടെ മുന്‍പിലേക്ക് പാഞ്ഞു. കണ്ണാടി നോക്കിയ ഞാനും അലറി.....അയ്യോ അമ്മേ എന്റെ ശരീരത്തില് വേറെ ആരുടേയോ തല!

(ഡെറ്റോള്‍ ഡയല്യൂട്ട് പോലും ചെയ്യാതെ, മുഖത്ത് പൂശിയത് മൂലം, പപ്പടം പൊള്ളച്ചത് പോലെ പൊള്ളി, ചുവന്ന്, തൊലിയുരിഞ്ഞ് കണ്ടാല്‍ അറിയാത്ത രൂപമായി എന്റെ മുഖം രൂപാന്തരപെട്ടിരുന്നു)