രാവിലെ എട്ടരക്ക് ഓഫീസില്‍ വന്ന് മെയില്‍ ബോക്സ് തുറന്നപ്പോള്‍ പതിവുപോലെ ഇരുന്നൂറിലധികം മെയിലുകള്‍. അഞ്ചോ എട്ടോ ജങ്ക് മെയില്‍ ഒഴികെ എല്ലാം ഔദ്യോഗികമായവ തന്നെ. അത്യാവശ്യമായുള്ള ഓര്‍ഡറുകളെല്ലാം ചെക്ക് ചെയ്ത് തീര്‍ത്ത്, ഇമ്പോര്‍ട്സ് ഡിപ്പാര്‍ട്ട്മെന്റിലേക്കുള്ള ഓര്‍ഡറുകളും, ഇന്‍വോയ്സുകളുമെല്ലാം ഹാന്‍ഡ് ഓവര്‍ ചെയ്തതിനുശേഷം ബ്രേക്ക് ഫാസ്റ്റും, ചായയും, കഴിച്ച് തിരികെ സീറ്റില്‍ വന്ന്, മെയില്‍ വായിക്കുവാനും, ആവശ്യമുള്ളതിന് മറുപടി നല്‍കുവാനും തുടങ്ങി.
പൊടുന്നനേയാണ് ബര്‍ത്ത്ഡേ റിമൈന്‍ഡറില്‍ നിന്നുള്ള ഒരു മെയിലില്‍ കണ്ണുടക്കിയത്. ഉടന്‍ തന്നെ ആ മെയില്‍ തുറന്നു.
It‘s Vrindha's Birthday on 21st November.
അതിവേഗം പിന്നിലേക്ക് പായാന്‍ തുടങ്ങിയ മനസ്സ് രണ്ടായിരത്തി രണ്ടിലെത്തിയപ്പോള്‍ പൊടുന്നനെ നിന്നു.
രണ്ടായിരത്തി രണ്ട് ജനുവരി മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേതോ ഒരു ദിവസം രാവിലെ എച്ച് ആര്‍ കോര്‍ഡിനേറ്റര്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട് മെന്റിലേക്ക് വന്നപ്പോള്‍ സുന്ദരിയായ ഒരു യുവതിയും ഒപ്പം ഉണ്ടായിരുന്നു.
പ്ലീസ് മീറ്റ് മിസ് വൃന്ദ. ഷി ഹാസ് ജോയിന്റ് വിത്ത് അസ് ഏസ് ആന്‍ അസ്സിസ്റ്റന്റ് ബയര്‍ ഫോര്‍ ലോഞ്ചെറെ (lingerie).
ഗോതമ്പിന്റെ നിറം. അഞ്ചടി ഏഴിഞ്ചോളം ഉയരം, ഒതുങ്ങിയ ശരീരം. നിതംബം മറച്ച് കിടക്കുന്ന പനങ്കുലപോലത്തെ കറുത്ത മുടി. വിടര്‍ന്നു വിരിഞ്ഞ കണ്ണുകളില്‍ കണ്മഷി എഴുതിയിരിക്കുന്നു.
അന്നാണ് വൃന്ദയെ ഞാന്‍ ആദ്യമായി കാണുന്നത്. ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലെ ഓരോരുത്തരേയായി പരിചയപെട്ടതിനുശേഷം അവര്‍ അടുത്ത ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോയി.
ഉച്ചക്ക് ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം കഴിക്കാന്‍ പതിവുപോലെ ഞാനും, ടെരന്‍സും, സ്റ്റീവനും, ഷെര്‍ളിയും പോകുമ്പോള്‍ എക്സ്ക്യുസ് മി, കേന്‍ ഐ ജോയിന്‍ വിത്ത് യു ആള്‍ എന്ന ചോദ്യം കേട്ട് ഞങ്ങള്‍ തിരിഞ്ഞ് നോക്കിയപ്പോഴേക്കും വൃന്ദ ഞങ്ങളോടൊപ്പമെത്തി കഴിഞ്ഞിരുന്നു.
ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ അവള്‍ ദില്ലിയില്‍ നിന്നാണെന്നും, അച്ഛനുമമ്മക്കുമുള്ള ഒറ്റമകളാണെന്നും, നിഫ്റ്റില്‍ നിന്നും കോഴ്സ് കഴിഞ്ഞ് ദില്ലിയില്‍ തന്നെ ഒരു എക്സ്പോര്‍ട്ടറുടെ കൂടെ മെര്‍ച്ചന്‍ഡൈസര്‍ കം ഡിസൈനറായി വര്‍ക്കു ചെയ്തിരുന്നുവെന്നും മറ്റും ഞങ്ങള്‍ ചോദിക്കാതെ തന്നെ വൃന്ദ പറഞ്ഞു. പിന്നെ ഞങ്ങളോരോരുത്തരേ കുറിച്ചും അവള്‍ കൂടുതലായി ചോദിച്ചറിഞ്ഞു. നര്‍മ്മത്തില്‍ പൊതിഞ്ഞ വാക്കുകളായിരുന്നു അവളുടേത്. തികച്ചും ഒരു വായാടി പെണ്ണ്.
വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്നെ രണ്ടോ മൂന്നോ വര്‍ഷത്തിലധികമായി ഒരുമിച്ച് ജോലിചെയ്ത്, അതിലേറെ വ്യക്തിപരമായുള്ള ചങ്ങാത്തം സൂക്ഷിച്ചിരുന്ന ഞങ്ങളിലൊരുവളായി അവള്‍ മാറി.
ഓഫീസ് അറേഞ്ച് ചെയ്തിരുന്ന റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു മാസത്തിനകം അവള്‍ കരാമയിലുള്ള ഒരു ഫ്ലാറ്റിലേക്ക് ഒരു കൂട്ടുകാരിയോടൊപ്പം താമസം മാറി. അതിനു ശേഷം ചിലപ്പോഴെല്ലാം അവള്‍ ഓഫീസിലേക്ക് വന്നിരുന്നതും, പോയിരുന്നതും എന്റെ കൂടെയായിരുന്നു.
ടെന്‍ഷന്‍ പിടിച്ച ഓഫീസിലെ പണിതിരക്കുകള്‍ക്കിടയില്‍ പോലും ഞങ്ങളിലോരോരുത്തരുടേയും ടേബിളിനരികില്‍ വന്ന് എന്തെങ്കിലും പറഞ്ഞ് ഞങ്ങളെ ചിരിപ്പിക്കുന്നതും, അല്ലെങ്കില്‍ അവള്‍ക്ക് കുടിക്കാനായി ചായയോ, കാപ്പിയോ ഉണ്ടാക്കാനായി പാന്‍ട്രിയില്‍ പോകുമ്പോള്‍ കൂടി ഒരു ഗ്ലാസ്സ് അധികം ഉണ്ടാക്കി ഞങ്ങളിലാര്‍ക്കെങ്കിലും ഒരാള്‍ക്ക് കൊണ്ടു വന്ന് നല്‍കുന്നതും അവളുടെ ഒരു ശീലമായിരുന്നു.
ഓരോ സീസണിലും പ്രസന്റേഷനുകളും മറ്റും ചെയ്യേണ്ട തിയതി അടുത്തു വരുമ്പോള്‍ മറ്റുള്ളവര്‍ പിറുപിറുത്ത് കൊണ്ട് അവരുടെ ജോലികള്‍ ചെയ്യുമ്പോള്‍ രാത്രി പന്ത്രണ്ടും ഒന്നും, രണ്ടും മണിവരെ അവള്‍ ഓഫീസില്‍ ഇരുന്ന് സന്തോഷത്തോടെ അവളുടെ പണികള്‍ തീര്‍ക്കുമായിര്‍ന്നു.
ചെറിയ ചെറിയ ജീവിത പ്രയാസങ്ങള്‍ വരുമ്പോഴുക്കും വ്യാകുലപെടുന്ന ഞങ്ങളില്‍ പലരേയും ചിരിപ്പിക്കുക എന്ന ദൌത്യം സ്വമേധയാ ഏറ്റെടുത്തു നടത്തിയിരുന്ന സദാ പുഞ്ചിരി തൂകുന്ന മുഖത്തോട് കൂടിയ വൃന്ദയെ ഞങ്ങള്‍ സ്നേഹത്തോടെ വിളിച്ചിരുന്നത് ഏഞ്ചല്‍ എന്നായിരുന്നു.
ഓഫീസിലെ ആരുടെ പിറന്നാളായാലും, എന്ത് ആഘോഷമുണ്ടായാലും, കേക്ക് വാങ്ങിക്കുന്നതും, വാങ്ങിപ്പിക്കുന്നതും, പാര്‍ട്ടികള്‍ അറേഞ്ച് ചെയ്യുന്നതും തുടങ്ങി എല്ലാകാര്യത്തിലും വൃന്ദ തന്നെയായിരുന്നു മുന്‍പില്‍. രണ്ടായിരത്തി രണ്ടില്‍ സ്റ്റീവനും, പിന്നെ എനിക്കും മകള്‍ പിറന്നപ്പോള്‍ ഞങ്ങള്‍ നടത്തിയ ചെറിയ പാര്‍ട്ടികള്‍ക്ക് പോലും ചുക്കാന്‍ പിടിച്ചത് വൃന്ദയായിരുന്നു. കുട്ടികള്‍ എന്ന് വച്ചാല്‍ വൃന്ദക്ക് ജീവനായിരുന്നു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. വീട്ടിലേക്ക് വരുമ്പോഴെല്ലാം അവള്‍ മണിക്കൂറുകളോളം സമയം എന്റെ മകളെ എടുത്ത് നടക്കുവാനും, കളിപ്പിക്കാനും ചിലവിട്ടിരുന്നു. ഒരു സഹപ്രവര്‍ത്തക എന്നതിലുപരി വൃന്ദ എനിക്കെന്റെ വീട്ടിലെ ഒരംഗത്തെപോലെയായിരുന്നു.
രണ്ടായിരത്തി മൂന്നിലെ ഒരു മാര്‍ച്ച് മാസത്തിലാണ് ഒരു ഗോവക്കാരനുമായി താന്‍ പ്രണയത്തിലാണെന്നും, അവനുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുന്നില്ല എന്നും മറ്റും ഉള്ള രഹസ്യം അവള്‍ ഞങ്ങളില്‍ ചിലര്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത്. അത്തരം ഒരു അവസ്ഥയെ അവതരിപ്പിച്ചപ്പോള്‍ പോലും അവളുടെ മുഖത്തെ പ്രസന്നതക്ക് ഒരു മങ്ങല്‍ പോലും തട്ടിയിരുന്നില്ലെന്നു മാത്രമല്ല സാധാരണ പോലെ തന്നെ ചിരിച്ചുകൊണ്ടുമായിരുന്നു.
അവളുടെ മുറിയില്‍ താമസിക്കുന്ന കൂട്ടുകാരിയുടെ കസിന്‍ ബ്രദര്‍ ആണ് അവളുടെ ബോയ് ഫ്രണ്ട് ലോയിഡ് ഫെര്‍ണാണ്ടസെന്നും, കൂട്ടുകാരിയുടെ കൂടെ അവള്‍ക്ക് കൂട്ടായി ഇടക്ക് പള്ളിയിലും മറ്റും പോകുമ്പോള്‍ കാണാറുള്ള സൌഹൃദമാണ് പിന്നെ പ്രണയത്തിലേക്ക് വളര്‍ന്നതെന്നും വൃന്ദ എന്നോട് പറഞ്ഞു.
അബുദാബിയിലെ ഒരു ഹോട്ടലില്‍ ഷെഫ് ആയാണ് ലോയിഡ് ജോലിചെയ്യുന്നതെന്നും, ആഴ്ചയില്‍ ഒരു ദിവസം തന്നെ ലീവ് കിട്ടാന്‍ അവനു പ്രയാസമാണെന്നും അഥവാ കിട്ടിയാല്‍ തന്നെ ദുബായില്‍ വന്ന് പോകുന്ന കാര്യം അത്ര എളുപ്പമല്ലാത്തതിനാല്‍ മാസത്തില്‍ രണ്ടോ കൂടി വന്നാല്‍ മൂന്നോ തവണമാത്രമെ അവര്‍ക്ക് തമ്മില്‍ കാണാന്‍ സാധിക്കാറുള്ളൂ എന്ന് അല്പം വിഷമത്തോടെ അവള്‍ പറഞ്ഞു.
എങ്കില്‍ ലോയിഡിന് അബുദാബിയിലെ ജോലി വിട്ട് ദുബായിലെവിടെയെങ്കിലും ജോലി നോക്കിക്കൂടെ എന്ന ചോദ്യത്തിന്, അവനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബാങ്ങളുണ്ടെന്നും ഒരു ജോലി മാറുന്നതിനെകുറിച്ച് ചിന്തിക്കാനുള്ള സമയമായില്ല അവന് എന്ന് മാത്രമാണ് അവള്‍ പറഞ്ഞത്.
തന്റെ വീട്ടുകാരുമായി എത്ര സംസാരിച്ചിട്ടും അവര്‍ ഇലക്കും മുള്ളിനും അടുക്കുന്നില്ലെന്നും, അവരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാല്‍ അവരുമായി യാതൊരു ബന്ധവും ഇനി പ്രതീക്ഷിക്കേണ്ട എന്നവര്‍ തറപ്പിച്ചു പറഞ്ഞു കഴിഞ്ഞെങ്കിലും, ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നവള്‍ ഒരു ദിവസം ഞങ്ങളോട് പറഞ്ഞപ്പോള്‍ ആദ്യമായി അവളുടെ മുഖത്ത് പതിവുള്ള ആ പുഞ്ചിരി കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.
രണ്ടായിരത്തിമൂന്ന് മെയ് പതിനെട്ടാം തിയതി ഞായറാഴ്ച ദിവസം ഇന്ത്യന്‍ കൌണ്‍സിലേറ്റില്‍ വച്ച് വൃന്ദയും ലോയിഡും വിവാഹിതരായി. അന്ന് വൈകുന്നേരം ബര്‍ദുബായിലെ ഒരു റെസ്റ്റോറന്റില്‍ ഞങ്ങള്‍ ചെറിയ ഒരു റിസപ്ഷനും ഏര്‍പ്പാടാക്കിയിരുന്നു.
അന്ന് രാത്രിയിലെ റിസ്പഷന്‍ ചടങ്ങിന് അവളോട് അടുത്തിടപഴകുന്ന ഞങ്ങള്‍ കുറച്ച് സഹപ്രവര്‍ത്തകരും, അവളുടെ വളരെ അടുത്ത രണ്ട് മൂന്ന് സുഹൃത്തുക്കളും, സുഹൃത്തുക്കളും കസിനും മറ്റുമായി ലോയിഡിന്റെ സൈഡില്‍ നിന്നു ആറേഴാളുകളും, എല്ലാവരും ചേര്‍ന്ന് ഇരുപത്തഞ്ചില്‍ താഴെ മാത്രം. അന്നത്തെ ആ പാര്‍ട്ടിക്കിടയില്‍ അവള്‍ ഞങ്ങള്‍ക്ക് മുന്‍പാകെ ആദ്യമായി പാട്ട് പാടി. ചിത്രപണികളും, മിന്നുന്ന അലുക്കുകളുമുള്ള വെള്ള ഗൌണ്‍ ധരിച്ച് പുഞ്ചിരിക്കുന്ന, പ്രകാശം പരത്തുന്ന മുഖത്തോടെ പാടിയിരുന്ന അവളുടെ രൂപം തീര്‍ത്തും ഒരു മാലാഖയുടേതുപോലെ തോന്നിച്ചു.
വിവാഹത്തിനുശേഷം ഞങ്ങള്‍ അറേഞ്ച് ചെയ്തിരുന്ന ബര്‍ദുബായിലുള്ള റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു അവരുടെ ഹണിമൂണ്‍. പ്രയാസപെട്ട് കിട്ടിയ രണ്ട് ദിവസത്തെ അവധിക്ക് ശേഷം ലോയിഡ് അബുദാബിയിലേക്ക് തിരികെ പോയപ്പോള്‍ വൃന്ദ കരാമയിലുള്ള അവളുടെ മുറിയിലേക്ക് തിരികെ വന്നു.
ആഴ്ചയിലൊരിക്കല്‍ ലോയിഡ് ദുബായില്‍ വൃന്ദയുടെ മുറിയിലേക്ക് വരും, അന്നേരം വൃന്ദയുടെ സഹമുറിയത്തി, അഥവാ ലോയിഡിന്റെ കസിന്‍ സിസ്റ്റര്‍ അവളുടെ ഏതെങ്കിലും കൂട്ടുകാരിയുടെ മുറിയിലേക്ക് ചേക്കേറും. ഇതായിരുന്നു പതിവ്.
മടുപ്പുളവാക്കുന്ന പതിവ് ദിനചര്യകളും, ഓഫീസിലെ പണികളും, വീട്ട് പ്രാരാബ്ധങ്ങളുമായി ആഴ്ചകളും മാസങ്ങളും പിന്നേയും കടന്നു പോയി. ഓഫീസില്‍ പുതിയതായി പല സ്റ്റാഫുകളും ജോയിന്‍ ചെയ്തെങ്കിലും വൃന്ദക്ക് തുല്യം വൃന്ദമാത്രം.
ആയിടക്കൊരു ദിവസം ഞങ്ങളുടെ വീട്ടില്‍ വന്നപ്പോഴാണ് അക്കാര്യം അവള്‍ ഞങ്ങളോട് പറഞ്ഞത്. അവര്‍ എത്ര ശ്രമിച്ചിട്ടും പ്രഗ്നന്റ് ആകാത്തതിനാല്‍, ഡോക്ടറെ കണ്ട് രണ്ട് പേരും പരിശോദിച്ചുവെന്നും, അവളുടെ യൂട്രസ്സിനെന്തോ ചെറിയ കുഴപ്പമുള്ളതിനാല്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട് അന്നും മറ്റും. അതു പറയുമ്പോള്‍ അവളുടെ മുഖം വളരെ മങ്ങിയിരുന്നു.
മങ്ങിയ നിന്റെ മുഖം കാണാന്‍ യാതൊരു ഭംഗിയുമില്ല വൃന്ദാ. പേടിക്കാനൊന്നുമില്ല എല്ലാം ശരിയാകും, നീയൊന്ന് ചിരിക്കൂ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു. ഇല്ല പേടിക്കുന്നില്ല, പക്ഷെ ഒരു കാര്യം ഉറപ്പ് തരണം.
എന്തുറപ്പാണ് നിനക്ക് വേണ്ടത് വൃന്ദ?
എന്തെങ്കിലും കാരണവശാല്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍, നിങ്ങളുടെ അടുത്ത കുട്ടിയെ ഞങ്ങള്‍ക്ക് നല്‍കണം.
ഏറ്റിരിക്കുന്നു. പൊട്ടിചിരിച്ചു കൊണ്ട് തന്നെ ഞങ്ങള്‍ പറഞ്ഞു.
വാരാന്ത്യാവദി കഴിഞ്ഞ് ശനിയാഴ്ച ഓഫീസില്‍ വൃന്ദ വന്നപ്പോള്‍ അവളുടെ കണ്ണുകള്‍ വല്ലാതെ ചുമന്നിരുന്നിരുന്നു.
എന്താ വൃന്ദ നിന്റെ കണ്ണുകള്‍ വല്ലാതെ ചുവന്നിരിക്കുന്നല്ലോ?
അറിയില്ല, വ്യാഴാഴ്ച രാത്രി മുതല്‍ വല്ലാത്ത വേദനയും ചുവപ്പുമുണ്ട്.
എന്നിട്ട് നീ ഡോക്ടറെ കാണിച്ചില്ലെ?
ഇല്ല അത് മാറിക്കോളും എന്ന് കരുതി പോയില്ല.
അപ്പോള്‍ തന്നെ അവളെ നിര്‍ബന്ധിച്ച് ഓഫീസ് ഡ്രൈവറുടെ കൂടെ ഹോസ്പിറ്റലിലേക്കയച്ചു.
ഉച്ചക്കവളെ ഫോണ്‍ ചെയ്ത് ഡോക്ടര്‍ എന്തു പറഞ്ഞു എന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, ആസ് യൂഷ്വല്‍ കമേഷ്സ്യല്‍. കണ്ണില്‍ പ്രഷറടിച്ചിട്ടുണ്ട്. തലച്ചോറില്‍ നിന്നും വരുന്ന ഞരമ്പുകള്‍ക്ക് എന്തെങ്കിലും കേടുപാടുണ്ടോ എന്ന് പരിശോദിക്കണം. അതിന് വേണ്ടി പല ടെസ്റ്റുകളും ചെയ്യണം എന്നൊക്കെ തന്നെ. ഇപ്പോള്‍ കഴിക്കാനും, കണ്ണിലൊഴിക്കാനും മരുന്നു തന്നിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. ആ സംസാരം അന്നവിടെ അവസാനിച്ചു.
ആ വര്‍ഷാദ്യത്തില്‍ നാട്ടിലേക്ക് വെക്കേഷനു പോയി മടങ്ങിയെത്തിയ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നത് വൃന്ദ പ്രെഗ്നന്റ് ആണെന്ന സന്തോഷവാര്‍ത്തയായിരുന്നു.
ഞങ്ങള്‍ എത്തിയ അന്നു തന്നെ അവള്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ വന്നു. ഒരുപാടു സന്തോഷവതിയായിരുന്നു അവള്‍. സംസാരത്തിന്റെ ഇടയില്‍ അവള്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ പറഞ്ഞു. അവളുടെ അച്ഛനേയും, അമ്മയേയും അവള്‍ പ്രഗ്നന്റാണെന്നറിയിച്ചപ്പോള്‍ മുതല്‍ അവരുടെ പിണക്കം മാറിയെന്നും, മിക്കവാറും ദിവസങ്ങളില്‍ വിളിക്കാറുണ്ടെന്നും, പ്രസവം ദില്ലിയിലാക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും മറ്റും.
പിന്നീട് വന്ന ദിവസങ്ങളില്‍ ഓഫീസില്‍ അവളുടെ സംസാരവും, കളിയും, ചിരിയും, പതിവിലും ഇരട്ടിയായിമാറി. അവളുടെ സന്തോഷം അവള്‍ മറ്റുള്ളവര്‍ക്കും പകരുകയായിരുന്നു ആ ദിവസങ്ങളില്‍ എന്ന് വേണം പറയാന്‍.
ഒരു ദിവസം ഓഫീസില്‍ അവള്‍ വന്നത് പഴയതുപോലെ ചുമന്ന് തുടുത്ത കണ്ണുകളുമായായിരുന്നു.
ഇന്നെന്താടോ തന്റെ കണ്ണു ചുവന്നിരിക്കുന്നതെന്ന ചോദ്യത്തിന്, പഴയതുപോലെ വല്ല അലര്‍ജിയുമാവും, പഴയ മരുന്ന് കഴിക്കുന്നും ഒഴിക്കുന്നുമുണ്ട് എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണവള്‍ നല്‍കിയത്.
എന്റെ ഡെലിവറി ദില്ലിയിലായിരിക്കും, എന്റെ അമ്മയോടൊത്തെന്ന് അവള്‍ ഇടക്കിടെ ഞങ്ങളോട് പറയുമായിരുന്നു.
ആയിടക്കാണ് എം പോസ്റ്റില്‍ അവള്‍ക്കായി ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന് ഞങ്ങളുടെ ലോജിസ്റ്റിക്ക് സെക്ഷനിലുള്ള ഷംസുദ്ദീന്‍ പറയുന്നത്.
ഐ ഡിയുടെ കോപ്പി കൊടുത്തയച്ച് പാഴ്സല്‍ അവള്‍ ഓഫീലേക്ക് വരുത്തി. അവളുടെ അമ്മയും, അച്ഛനും വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ക്കയച്ച സമ്മാനമാണെന്നവള്‍ പറഞ്ഞു. ഞങ്ങളുടെ ആകാംക്ഷ അവസാനിപ്പിച്ചുകൊണ്ട് ഞങ്ങളുടെ മുന്‍പാകെ അവള്‍ ആ പാഴ്സല്‍ തുറന്നു! വിവിധ നിറങ്ങളിലുള്ള കമ്പിളി നൂലുകളും,കമ്പിളിയുടുപ്പ് തുന്നാനുള്ള സൂചികളും മറ്റുമാണ് അതിലുണ്ടായിരുന്നത്.
മരുഭൂമിയിലിരിക്കുന്ന അവള്‍ക്കെന്തിന് കമ്പിളിനൂല്‍ എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ അവള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു,
ദാ കണ്ടോ, എന്റെ ഡെലിവറി ദില്ലിയിലായിരിക്കുമെന്നറിയുന്നതിനാല്‍, പ്രെഗ്നന്‍സി പിരീഡിലെ വിരസത മാറ്റുവാനായി എന്റെ പിറക്കാന്‍ പോകുന്ന കുട്ടിക്ക് കുട്ടിയുടുപ്പുകള്‍ തുന്നാന്‍ കമ്പിളി നൂലുകളയച്ചിരിക്കുന്നു എന്റെ മാ.
ഇനി ഞങ്ങള്‍ക്കിങ്ങനെ ഒരു മകള്‍ ഇല്ല എന്നു പറഞ്ഞിരുന്ന മാതാപിതാക്കള്‍ അയച്ച സമ്മാനം കണ്ട് ആഹ്ലാദഭരിതരായിരിക്കുന്ന അവള്‍ക്ക് വേണ്ടി അന്ന് ഞങ്ങള്‍ കേക്കുകളും, ചിപ്സും, സോഫ്റ്റ് ഡ്രിങ്ക്സും മറ്റും വാങ്ങി. ഗ്രൂപ്പ് എം ഡിക്കും, ജി എമ്മിനും, ഡിപ്പാര്‍ട്ട്മെന്റിലുള്ള എല്ലാവര്‍ക്കും ഞങ്ങള്‍ അന്ന് പ്രത്യേകം ഇമെയില്‍ അയച്ചു. അഞ്ച് മണിക്ക് കോമണ്‍ പാന്‍ട്രിയില്‍ ഒരൊത്തു ചേരല്‍. വൃന്ദയുടെ കല്യാണവും, ഗര്‍ഭവും അവളുടെ കുടുംബം അംഗീകരിച്ചിരിക്കുന്നു. ആ സന്തോഷത്തിനായി ഞങ്ങള്‍ മധുരം പങ്കിടാന്‍ പോകുന്നു.
അന്ന് അഞ്ചമണിക്ക്, സന്നിഹിതരായിക്കുന്നവരുടെ മുന്നില്‍ അല്പം നാണത്തോടെയാണെങ്കിലും അവള്‍ കേക്ക് മുറിച്ചു.
ആദ്യ കഷ്ണം ആര്‍ക്കായിരിക്കും? എം ഡിക്കോ, ജി എമ്മിനോ, അതോ അവളുടെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡായ സ്റ്റീവനോ?
സന്നിഹിതരായിരിക്കുന്നവരെ എല്ലാവരേയും, എന്തിന് എന്നെ പോലും ഞെട്ടിച്ച് കൊണ്ട് മുറിച്ച കേക്കിന്റെ ആദ്യ കഷ്ണം അവള്‍ എനിക്കാണ് നല്‍കിയത്. അവള്‍ക്കു മുന്‍പില്‍ ആദ്യമായി എന്റെ കണ്ണു നിറഞ്ഞതും അന്നായിരുന്നു.
എന്നോടൊത്ത് എന്റെ കാറില്‍ വരുമ്പോഴും, പോകുമ്പോഴും കുട്ടി സ്വെറ്ററുകള്‍ നെയ്യുന്നതായിരുന്നു അവളുടെ അതിനു ശെഷമുള്ള ജോലി. വൃന്ദാ, നീ മാത്രമാണല്ലോ ഭൂമിയില്‍ ആദ്യമായി പ്രസവിക്കാന്‍ പോകുന്നതെന്ന് പറഞ്ഞ് പലപ്പോഴും ഞങ്ങള്‍ അതിനുശേഷം അവളെ കളിയാക്കാറുമുണ്ടായിരുന്നു,
ദിവസങ്ങളും, ആഴ്ചകളും കൊഴിഞ്ഞു പോകുന്നതെങ്ങിനെയെന്ന് മരുഭൂമി വാസികളായ ഞങ്ങള്‍ ചിലപ്പോള്‍ തിരിച്ചറിയാറില്ല!
ചിലപ്പോഴോ?
മിനിറ്റുകള്‍ക്ക് തന്നെ യുഗങ്ങളുടെ ദൈര്‍ഘ്യവും തോന്നാറുണ്ട്!
ഒരു ബുധനാഴ്ച ദിവസം, രാവിലെ ഓഫീസില്‍ വൃന്ദ എത്തിയില്ലായിരുന്നു. വീക്കെന്റടുത്തതിനാല്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന നേരം എന്റെ മൊബൈലിലേക്കൊരു ടെലിഫോണ്‍.
കുറുമാന്‍ ഇത് സനോരയാണ്, വൃന്ദ രാവിലെ തലകറങ്ങി വീണു. ഗര്‍ഭിണിയാണവള്‍, അതും ഏഴാം മാസം. എന്റെ ഫ്ലാറ്റിന്റെ ഉടമ അപ്പോള്‍ തന്നെ ആംബുലന്‍സിനു വിളിച്ചു പറഞ്ഞു, പോലീസിനും. റഷീദ് ഹോസ്പിറ്റലില്‍ നിന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. നിങ്ങള്‍ വേഗം വരണം.
എം ഡി വിദേശ യാത്രയിലായിരുന്നതിനാല്‍, ജി എമ്മിനോട് കാര്യം പറഞ്ഞ്, ഞാനും, വൃന്ദയുടെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡായ സ്റ്റീവനും റഷീദ് ഹോസ്പിറ്റലിലേക്ക് തിരിച്ചു.
ഹോസ്പിറ്റലില്‍ ചെന്ന് സനോരയെ ഫോണ്‍ ചെയ്തപ്പോള്‍, ലീവെടുക്കാന്‍ കഴിയാത്തതിനാല്‍ അവള്‍ ഓഫീസിലേക്ക് പോയെന്നും, ജെനറല്‍ വാര്‍ഡിലേക്കാണ് അവളെ കൊണ്ടുപോയിരിക്കുന്നതെന്നും പറഞ്ഞു.
വിസിറ്റേഴ്സ് എന്‍ട്രന്‍സിനുള്ള സമയമായിരുന്നതിനാല്‍ കാര്‍ഡെടുത്ത് ഉള്ളിലേക്ക് കടന്നു.
അത്രയും വിശാലമായ ജെനറല്‍ വാര്‍ഡില്‍ എവിടെ തപ്പാന്‍?
തിരിച്ച് റിസപ്ഷനില്‍ വന്നു, റിസപ്ഷനില്‍ ഇരിക്കുന്നവരോട് കാര്യം പറഞ്ഞു.
പല പല നമ്പറുകളില്‍ ഫോണ്‍ കറക്കിയ ശേഷം അവര്‍ മുറിയുടെ നമ്പര്‍ പറഞ്ഞു തന്നത് പ്രകാരം ഞങ്ങള്‍ ആ മുറിയിലേക്ക് നീങ്ങി. മുറിയില്‍ കയറിയതും, വീണ്ടും പ്രശ്നം, ഓരോ മുറിയിലേയും, കട്ടിലുകള്‍ കര്‍ട്ടനിട്ട് വേര്‍ തിരിച്ചിരിക്കുന്നു. ഏഴോ, എട്ടോ, പത്തോ കട്ടിലുകള്‍ ഓരോ മുറിയിലുമുണ്ട്.
ഇതിലേതാണ് വൃന്ദയുടെ എന്നാലോചിച്ച് തരിച്ച് നില്‍ക്കുന്നതിനിടയില്‍ ഒരു മലയാളി നഴ്സിനെ കാണുവാനിടയായി.
സിസ്റ്ററെ, വൃന്ദ എന്നൊരു കുട്ടി ഇവിടെ എവിടെയാണ് അഡ്മിറ്റാക്കിയിരിക്കുന്നത്?
ദാ അപ്പുറത്ത് കാണുന്ന കട്ടിലിലാ.
ഉടന്‍ ഞങ്ങള്‍ അങ്ങോട്ട് നീങ്ങി, തുണിശീല മാറ്റി ഉള്ളില്‍ കടന്നു. മച്ചിലേക്ക് കണ്ണും നട്ട് വൃന്ദ കിടക്കുന്നുണ്ട് കട്ടിലില്‍.
ഞങ്ങളെ കണ്ടതും, അവള്‍ ചിരിച്ചുകൊണ്ടെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ആ ശ്രമം പാഴായി. അവള്‍ക്കെഴുന്നേല്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
വൃന്ദാ, എന്താണ് സംഭവിച്ചത്?
ഒന്നുമില്ലടാ, രാവിലെ കുളി കഴിഞ്ഞു വന്നപ്പോള്‍ ചെറിയ ഒരു തലകറക്കം. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോള്‍ അരക്ക് കീഴ്പട്ട് ഒരു സ്വാദീനകുറവു പോലെ. എന്റെ കയ്യൊന്നു പിടിക്ക് ഞാന്‍ ഒന്നെഴുന്നേല്‍ക്കട്ടെ, അവള്‍ കയ്യുകള്‍ എന്റെ നേര്‍ക്ക് നീട്ടി.
അവളുടെ കയ്യുകളില്‍ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, വേണ്ട വൃന്ദ, നീ കിടന്നുകൊള്ളൂ, ഞങ്ങള്‍ ഇപ്പോള്‍ വരാം.
മുറിക്ക് പുറത്തിറങ്ങി റിസപ്ഷനിലെത്തി ഞങ്ങള്‍ ലോയിഡിനെ വിളിച്ച് കാര്യം പറഞ്ഞു. ഉടന്‍ എത്തണമെന്നും. മൂന്നു നാലു മണിക്കൂറിനുള്ളില്‍ എത്താം എന്ന് പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു.
തിരിച്ചോഫീസില്‍ വിളിച്ച് ജി എമ്മിനോട് ഞങ്ങള്‍ ഓഫീസില്‍ വരാന്‍ ഇനിയും വൈകും. ഇങ്ങനെയാണ് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞങ്ങളോട് അവളുടെ കാര്യങ്ങള്‍ നോക്കി അവിടെ തന്നെ നില്‍ക്കുവാനാണ് ആവശ്യപെട്ടത്. തിരിച്ച് അവളുടെ മുറിയില്‍ പോയി അവളോപ്പമിരുന്ന് ഞങ്ങള്‍ സംസാരിച്ചു. പതിവുപോലെ തന്നെ ചിരിയോട് കൂടി അവള്‍ പറഞ്ഞു, ഇതൊക്കെ ദൈവത്തിന്റെ ഓരോ കളികള്‍. എന്റെ കുട്ടിയൊന്ന് പുറത്ത് വരട്ടെ, ഞാന്‍ അവളേയും കൊണ്ട് ഉലകം ചുറ്റും.
പന്ത്രണ്ട് മണിയായപ്പോള്‍ എന്റെ ഫോണില്‍ ഒരു മിസ്സ്ഡ് കാള്‍. ലോയിഡിന്റേതാണ്.
ഞാന്‍ തിരിച്ച് വിളിച്ചു.
ലോയിഡ്, എന്തായി, നീ എവിടെ എത്തി?
ഇല്ല, എനിക്ക് ലീവ് അനുവദിച്ചില്ല. ഞാന്‍ രാത്രിയില്‍ വരാം. അതു വരെ നിങ്ങള്‍ ദയവ് ചെയ്ത് വൃന്ദയുടെ അടുത്തുണ്ടാകണം.
പ്രത്യേകിച്ചൊന്നും പറയാനില്ലാതിരുന്നതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അതിനു പിന്നാലെ ഡോക്ടേര്‍സ് മുറിയിലേക്ക് വന്നു, ഒപ്പം സിസ്റ്റേഴ്സും.
കൈപിടിച്ചും, കാല്‍ പിടിച്ചും, ഹൃദയമിടിപ്പ് നോക്കിയും, പതിനഞ്ച് മിനിറ്റ് അവര്‍ ചിലവഴച്ചതിനു ശേഷം ഒരു ഡോക്ടര്‍ എന്നെ പുറത്തേക്ക് വിളിച്ചു.
നിങ്ങള്‍ വൃന്ദയുടെ ആരാണ്?
ഒപ്പം ജോലി ചെയ്യുന്നവനാണ് ഡോക്ടര്‍.
മിസ്റ്റര്‍, വൃന്ദ ഏഴുമാസം ഗര്‍ഭിണിയാണ്. സി ടി സ്കാന്‍ തുടങ്ങി പരമ്പരയായ ടെസ്റ്റിങ്ങുകള്‍ അത്യാവശ്യമാണ്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഞങ്ങള്‍ വൃന്ദയെ ചെക്കിങ്ങിനായി കൊണ്ട് പോകും. ചെക്കപ്പുകള്‍ക്ക് ചിലപ്പോള്‍ മണിക്കൂറുകള്‍ എടുക്കാം. ഓഫീസില്‍ നിന്നുമല്ലാതെ, അവളുടെ ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ വരാന്‍ പറയൂ.
ഉവ്വ് ഡോക്ടര്‍, അവളുടെ ഹസ്ബന്റ് അബുദാബിയില്‍ ഉണ്ട്. അദ്ദേഹം വൈകുന്നേരത്തിനകം എത്തിച്ചേരാമെന്ന് പറഞ്ഞിട്ടുണ്ട്.
അവളുടെ മാതാപിതാക്കള്‍?
അവര്‍ ദില്ലിയിലാണ് ഡോക്ടര്‍.
ശരി, എന്തിനും അവരുടെ ഹസ്ബന്റിനോട് പെട്ടെന്ന് വരാന്‍ പറയൂ എന്ന് പറഞ്ഞ് ഡോക്ടര്‍ അടുത്ത മുറിയിലേക്ക് നീങ്ങി.
തിരിച്ച് അവള്‍ കിടക്കുന്ന മുറിയിലേക്ക് ഞാനെത്തിയപ്പോള്‍ അവള്‍ സ്റ്റീവനുമൊത്ത് തര്‍ക്കിക്കുന്നതാണ് കണ്ടത്.
എന്തു പറ്റി സ്റ്റീവന്‍, എന്താ ഇവിടെ ഒരു വഴക്ക്?
അല്ല, ഇവള്‍ക്ക് കണ്ണില്‍ ചുവപ്പ് വന്നപ്പോള്‍ കാണിച്ചിരുന്ന ഡോക്ടര്‍ അനിതാ മാത്യൂസ് ഇവളെ മുന്‍പ് രണ്ട് മൂന്ന് തവണ വിളിച്ച് ചില ചെക്കപ്പുകള്‍ ചെയ്യേണ്ടതത്യാവശ്യമായി അറിയിച്ചിരുന്നുവത്രെ! ഇവള്‍ അത് പുല്ല് വിലക്കെടുത്തു. ഒരിക്കല്‍ പോലും പിന്നീട് ചെക്കപ്പിനായി അവരുടെ അടുത്ത് പോയില്ല എന്ന്. അത് പറഞ്ഞായിരുന്നു ഇപ്പോള്‍ ഞങ്ങള്‍ തല്ല് പിടിച്ചത്.
വൃന്ദാ, അനിതാ മാത്യൂസ് വളരെ പേരെടുത്തൊരു ഒപ്താല്‍മോളജിസ്റ്റായതിനാലല്ലെ ഞാന്‍ നിന്നെ നിന്റെ കണ്ണുകള്‍ ചുവന്നപ്പോള്‍ അങ്ങോട്ട് പറഞ്ഞയച്ചത്? അതിനു ശേഷം പിന്നീട് ഒരാഴ്ചക്ക് ശേഷം ചെക്കപ്പിനു ചെല്ലാനായിട്ടും നിന്നോട് പറഞ്ഞിരുന്നു. പിന്നീട് ഞാന്‍ നാട്ടില്‍ പോയി. ഇപ്പോഴാണ് അറിയുന്നത് അവര്‍ പല തവണ നിന്നോട് ചെക്കപ്പ് ചെയ്യുവാന്‍ വരുവാന്‍ ആവശ്യപെട്ടു എന്നറിയുന്നത്. നീ എന്തേ പോയില്ല?
അതും ഇതുമായെന്തു ബന്ധം? അത് വിട്ടുകള. ചെക്കപ്പിനായി ഞാന്‍ പോയില്ല എന്നത് നേര്. അല്ലെങ്കില്‍ തന്നെ തലച്ചോറും, കണ്ണും, ഞരമ്പും ഒക്കെയായി ബന്ധപെടുത്തി അവര്‍ ഓരോന്നു പറഞ്ഞപ്പോള്‍ എനിക്ക് പേടി തോന്നിയതു കാരണമല്ലെ ഞാന്‍ പിന്നീടവിടെ പോകാതിരുന്നത്. ഇവിടുന്ന് ഇറങ്ങിയാല്‍ ഉടനെ തന്നെ ഞാന്‍ അവിടെ പോയി ചെക്കപ്പ് ചെയ്യാം. എന്തേ പോരേ?
അപ്പോഴും ഗൌരവം വിടാതിരുന്ന എന്റെ മുഖത്തേക്ക് നോക്കി അവള്‍ പറഞ്ഞു, ഒന്നു ചിരിക്കടോ.
എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഒരുമണിക്ക് മുന്‍പെ അവള്‍ക്കുള്ള ഭക്ഷണം എത്തി. ചോറും, ദാലും, തൈരും, ചിക്കനും, പിന്നെ എന്തൊക്കെയോ പച്ചക്കറി പുഴുങ്ങിയതും, കുറച്ച് പഴവര്‍ഗങ്ങളും.
അവള്‍ക്കിരിക്കുവാനുതുകുന്ന രീതിയില്‍ അറ്റന്‍ഡര്‍ കട്ടിലിന്റെ തലവശം ഉയര്‍ത്തി. എന്താണ് കഴിക്കുന്നത്?
താങ്ക്യൂ മേം. ഞാന്‍ സ്വയം കഴിച്ചുകൊള്ളാം, എന്റെ സുഹൃത്തുക്കള്‍ ഇവിടെയുണ്ടല്ലോ, നിങ്ങള്‍ അടുത്ത ബെഡിലിരിക്കുന്നവര്‍ക്ക് കൊടുത്തുകൊള്ളൂ എന്നവള്‍ പറഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ സ്ഥലം കാലിയാക്കി.
വൃന്ദാ, ഭക്ഷണം കഴിക്കൂ. നിനക്കെന്താണ് വേണ്ടത്?
കുറൂ, സത്യം പറഞ്ഞാല്‍ എനിക്ക് വേണ്ടത് നീ കൊണ്ടു വരുന്ന അവിയലോ, സാംബാറോ, ഫിഷ് ഫ്രൈയുമോ മറ്റുമാ. പക്ഷെ ഇപ്പോള്‍ ആശുപത്രിയിലായി പോയില്ലേ? ഇവിടെ കിട്ടുന്നതല്ലാതെ എന്തു കഴിക്കാന്‍?
നീ നിനക്കിഷ്ടമുള്ളത് എനിക്ക് താ, ഞാന്‍ കഴിക്കാം.
ചോറ് ഒരു പ്ലെയിറ്റിലിട്ട്, ദാലൊഴിച്ച്, തൈരുചേര്‍ത്ത്, അല്പം പച്ചക്കറി പുഴുങ്ങിയതും ചേര്‍ത്ത് മിക്സ് ചെയ്തതിനുശേഷം പ്ലെയിറ്റ് ഞാന്‍ അവള്‍ക്ക് നല്‍കി.
പ്രയാസപെട്ടിട്ടുപോലും പ്ലെയിറ്റില്‍ നിന്നും സ്പൂണില്‍ വാരിയ ചോറ് അവളുടെ വായിലേക്കെത്തിക്കാന്‍ അവള്‍ക്കാകുന്നില്ല.
ചിരിച്ചുകൊണ്ട് അവള്‍ എന്നോട് വാരിതരുവാന്‍ പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും പൊടിഞ്ഞ കണ്ണുനീര്‍ ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.
അവര്‍ സപ്ലൈ ചെയ്ത ഭക്ഷണത്തില്‍ ചിക്കന്‍ ഒഴികെ എല്ലാം അവള്‍ അന്ന് എന്റെ കയ്യാല്‍ കഴിച്ചു.
ഭക്ഷണം കഴിച്ചതിനു ശേഷം ഗ്ലാസ്സില്‍ വെള്ളം കൊടുത്തത് അവള്‍ സ്വയം കുടിക്കുന്നതിനിടയില്‍ ഗ്ലാസ് തെന്നി അവളുടെ ദേഹമാകെ നനഞ്ഞു. അതോടൊപ്പം കണ്ണീരിനാല്‍ അവളുടെ മുഖവും.
ഭക്ഷണം കഴിഞ്ഞ് അല്പം കഴിഞ്ഞപ്പോള്‍ അവള്‍ക്കൊന്ന് നടക്കണം എന്ന് പറഞ്ഞപ്പോള്‍, ഞാനും സ്റ്റീവനും കൂടി അവളുടെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. അല്പം പ്രയാസപെട്ടിട്ടാണെങ്കിലും അവള്‍ മുറിക്ക് പുറത്ത് കോറിഡോറില്‍ ഒരു റൌണ്ട് നടന്നു. ശേഷം തിരിച്ച് വന്ന് ബെഡില്‍ കിടന്നു.
സന്ദര്‍ശന സമയം കഴിയാറായതു കാരണം ഞങ്ങള്‍ അവളോട് യാത്ര പറഞ്ഞ് തിരിച്ച് ഓഫീസിലേക്ക് വന്നു. വൈകുന്നേരം ഓഫീസില്‍ നിന്നും നേരിട്ട് റാഷിദ് ഹോസ്പിറ്റലിലേക്കാണ് ഞാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ ഷെര്‍ളിയും, ടെരന്‍സും, മറ്റു രണ്ടു പേരും എന്റെ കൂടെ വന്നു.
സന്ദര്‍ശന സമയമായതു കാരണം ഹോസ്പിറ്റലില്‍ എത്തിയതും ഞങ്ങള്‍ വൃന്ദ കിടക്കുന്ന വാര്‍ഡിലേക്ക് പോയി. ഞങ്ങളെ കണ്ടതും അവള്‍ ബെഡില്‍ എഴുന്നേറ്റിരുന്നു. പിന്നെ പഴയ ഊര്‍ജ്ജസ്വലതയോടെ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ലോയിഡ് വന്നു. രണ്ട് ദിവസം ലീവ് ലഭിച്ചിട്ടുണ്ടെന്ന് ലോയിഡ് പറഞ്ഞതിനാല്‍, അവരെ അവരുടേതായ ലോകത്തില്‍ തനിച്ചാക്കികൊണ്ട് ഞങ്ങള്‍ യാത്ര പറഞ്ഞ് പോന്നു.
പിറ്റേന്ന് വൃന്ദയുമായും, ലോയിഡുമായും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു എന്നല്ലാതെ ഹോസ്പിറ്റലില്‍ പോയില്ല. അതിന്റെ പിറ്റേ ദിവസം രാവിലെ ഒരു പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ എനിക്ക് ലോയിഡിന്റെ ഫോണ്‍ ലഭിച്ചു. അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
എന്താ ലോയിഡ്? എന്തു പറ്റി?
വൃന്ദ വീണ്ടും കൊളാപ്സായി. അരക്ക് കീഴ്പോട്ട് തളര്‍ന്നു പോയിരിക്കുന്നു, ഒപ്പം ഇടത്തേ കയ്യും. നിങ്ങള്‍ ഒന്ന് വേഗം വരുമോ ഹോസ്പിറ്റലിലേക്ക്?
ഓഫീസില്‍ വിവരം പറഞ്ഞ്, ഞാനും, സ്റ്റീവനും ഉടനെ ഹോസ്പിറ്റലിലേക്ക് തിരിച്ചു. അവിടെ ചെന്നപ്പോള്‍ ലോയിഡ് ഡോക്ടേഴ്സ് വിളിച്ചത് പ്രകാരം അവരോടൊപ്പം പോയിരിക്കുകയാണെന്ന് നഴ്സ് പറഞ്ഞറിഞ്ഞു.
നിറഞ്ഞ കണ്ണുകളുമായി കിടന്നിരുന്ന വൃന്ദ ഞങ്ങളെ കണ്ടപ്പോള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അവളുടെ വലതു കൈയ്യില്‍ അമര്‍ത്തി പിടിച്ചതല്ലാതെ മറ്റൊന്നും പറയാന്‍ വയ്യായിരുന്നു എനിക്ക്.
നിറഞ്ഞ് തുളുമ്പിയ കണ്ണുകളിലേക്ക് എനിക്ക് നോക്കാന്‍ തന്നെ കഴിയുന്നുണ്ടായിരുന്നില്ല.
എന്റെ കയ്യില്‍ അവള്‍ അവള്‍ക്ക് ചലിപ്പിക്കാന്‍ കഴിവുള്ള വലതു കയ്യാല്‍ അമര്‍ത്തിപിടിച്ചു, പിന്നെ കൈവിട്ടുകൊണ്ട് അവളുടെ വയറില്‍ തലോടി, പിന്നെ ഞങ്ങളുടെ കണ്ണുകളില്‍ നോക്കി ദയനീയമായി പറഞ്ഞു, എനിക്കെന്റെ കുട്ടിയെ വേണം. എനിക്കവളെ രാജകുമാരിയായി വളര്‍ത്തണം, അതിനു കഴിഞ്ഞില്ലെങ്കില്‍ ഒരു നോക്കു കാണുകയെങ്കിലും വേണം. അതും പറഞ്ഞ് അവള്‍ പൊട്ടി ക്കരയാന്‍ തുടങ്ങി. കരച്ചിലിന്റെ ഇടയില്‍ അവള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പറയുന്നത് ആദ്യമൊക്കെ വ്യക്തമായിരുന്നെങ്കിലും ക്രമേണ അവളുടെ വാക്കുകള്‍ കുഴയുകയും, പിന്നെ അവള്‍ക്ക് സംസാരിക്കാന്‍ കഴിയാതാവുകയും ചെയ്തു.
എന്തൊക്കെയോ സംസാരിക്കാനുള്ള വെമ്പലോടെ അവള്‍ എന്റെ മുഖത്തേക്ക് ദയനീയമോയി നോക്കി.
വൃന്ദ നീ ധൈര്യമായിരിക്ക്, ഒന്നും സംഭവിക്കില്ല. അവളുടേ കൈയ്യില്‍ അമര്‍ത്തികൊണ്ട് ഞാന്‍ പറഞ്ഞു.
സ്റ്റീവന്‍ നീ ഇവളുടെ കൂടെ നില്‍ക്കൂ. ഞാന്‍ ഡോക്ടറെ വിളിച്ചിട്ട് വേഗം വരാം. പോകുന്ന വഴിക്ക് സിസ്റ്ററോട് കാര്യം പറഞ്ഞു. ഞാന്‍ ഡ്യൂട്ടി ഡോക്ടേഴ്സ് ഇരിക്കുന്ന മുറിയിലേക്ക് പാഞ്ഞു.
അവിടെ ചെന്നപ്പോള്‍ രണ്ട് ഡോക്ടേഴ്സിനോടൊപ്പം ലോയിഡ് സംസാരിച്ചിക്കുന്നുണ്ടായിരുന്നു.
ഡോക്ടറോട് അവളുടെ സംസാരം കുഴഞ്ഞ് പോയതും, ക്രമേണ സംസാരിക്കാന്‍ കഴിയാതെയായതും ഞാന്‍ പറഞ്ഞു.
ഡോക്ടര്‍ അവിടെയിരുന്നുകൊണ്ട് തന്നെ നാലഞ്ച് ഫോണുകള്‍ ചെയ്തു. പിന്നെ രണ്ട് ഡോക്ടേഴ്സും ഉടന്‍ തന്നെ വൃന്ദ കിടക്കുന്ന മുറിയിലേക്ക് വന്നു. അപ്പോഴേക്കും സ്ട്രെച്ചറും മറ്റുമായി അറ്റന്റേഴ്സും, സിസ്റ്റേഴുസുമെല്ലാം തയ്യാറായിരുന്നു.
വൃന്ദയെ സി ടി സ്കാനും മറ്റു ചെക്കപ്പുകളും ചെയ്യുന്നതിനായി സ്ട്രെച്ചറില്‍ കയറ്റി കിടത്തി അവര്‍ കൊണ്ട് പോയി. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു.
ഹോസ്പിറ്റലിലെ റിസപ്ഷനില്‍ പോയി ഞങ്ങള്‍ ഇരുന്നു. മനസ്സിനൊരു സുഖമില്ലായ്മ. റിസപ്ഷനിലില്‍ കാത്തിരിക്കുന്നവര്‍ക്കെല്ലാം ഏകദേശം ഒരേ ഭാവം.
നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം. സമയം നാലര കഴിഞ്ഞിരിക്കുന്നു.. സന്ദര്‍ശക സമയം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വൃന്ദയുടെ മുറിയിലേക്ക് കയറിചെന്നു. അവളുടെ ബെഡ് ശൂന്യം. ചെക്കപ്പ് കഴിഞ്ഞ് ഇനിയും വന്നിട്ടില്ല.
ഞങ്ങള്‍ പുറത്തിറങ്ങി കോറിഡോറില്‍ കാത്ത് നിന്നു. അല്പം സമയം കഴിഞ്ഞപ്പോള്‍ അറ്റന്‍ഡേഴ്സ് വൃന്ദയെ കിടത്തിയ സ്ട്രെച്ചറും തള്ളികൊണ്ട് മുറിയിലേക്ക് വന്നു.
അവള്‍ മയങ്ങുകയായിരുന്നു. തലമുടിയെല്ലാം ഷേവ് ചെയ്ത് കളഞ്ഞിരിക്കുന്നു. അവളുടെ മുഖത്തേക്ക് നോക്കിയ ലോയിഡ് വിങ്ങി പൊട്ടി പോയി. ഞങ്ങള്‍ വിങ്ങല്‍ പുറത്തേക്ക് വരാതിരിക്കാന്‍ പല്ലുകള്‍ കടിച്ചു പിടിച്ചു.
ലോയിഡിനോട് ഡോക്ടേഴ്സിന്റെ മുറിയിലേക്ക് പോകുവാന്‍ സിസ്റ്റര്‍ ആവശ്യപെട്ടു. ലോയിഡിനോട് കൂടെ ഞാനും പോയി.
ഇരിക്കൂ. ചീഫ് ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു.
വൃന്ദക്ക് ഇതിന് മുന്‍പെ എപ്പോഴെങ്കിലും, തലചുറ്റലോ, തളര്‍ച്ചയോ, മറ്റോ വന്നിട്ടുണ്ടോ?
ഉവ്വ് ഡോക്ടര്‍. ഞാനാണ് മറുപടി പറഞ്ഞത്. ഒരിക്കല്‍ അവള്‍ ഓഫീസില്‍ തലചുറ്റി വീണിട്ടുണ്ട്. കൂടാതെ കണ്ണുകള്‍ തടിച്ച് കുറുകി രക്തവര്‍ണ്ണമായിട്ടുമുണ്ട് രണ്ട് പ്രാവശ്യം. അന്ന് ചെക്കപ്പിനു പോയ ഡോക്ടര്‍ ഡിറ്റേയില്‍ഡ് ചെക്കപ്പിനായി വിളിച്ചിരുന്നതുമാണ്. പക്ഷെ വൃന്ദ അതു കാര്യമായെടുത്തില്ല, അതിനാല്‍ പോയതുമില്ല.
അവള്‍ അത് സീരിയസ്സായി എടുക്കേണ്ടതായിരുന്നു.
അവളുടെ ബ്രെയിനില്‍ ട്യൂമറുണ്ട്. അത് കൂടാതെ ഇപ്പോള്‍ സെമി പാരലൈസാവാന്‍ കാരണം ബ്രെയിനില്‍ ബ്ലെഡ് കോട്ടും വന്നിരിക്കുന്നു. ഉടന്‍ തന്നെ ഓപ്പറേഷന്‍ ചെയ്യണം. അവള്‍ ഗര്‍ഭിണിയാണെന്നുള്ളത് അതിലേറെ കോമ്പ്ലിക്കേറ്റഡാക്കിയിരിക്കുന്നു പ്രശ്നം. എനി വേ, വി ഹാവ് ഫിക്സ്ഡ് ഹെര്‍ ഓപ്പറേഷന്‍ ഫോര്‍ റ്റുമാറോ മോര്‍ണിങ്ങ് ലെവനോ ക്ലോക്ക്. അല്‍ വാസല്‍ ഹോസ്പിറ്റലില്‍ നിന്നുമുള്ള ഗൈനക്കോളജിസ്റ്റുകളും, ന്യൂറോ സര്‍ജനും, കാര്‍ഡിയാക്ക് സര്‍ജനും, മറ്റ് ഫിസിഷ്യന്‍സുമെല്ലാം ചേര്‍ന്ന് ഒരു എട്ടോളം പേരുള്ള സംഘമാണ് ഓപ്പറേഷന്‍ നടത്തുക. വി വില്‍ ട്രൈ അവര്‍ ബെസ്റ്റ്, റെസ്റ്റ് ഈസ് വിത്ത് ഗോഡ്.
കുറച്ച് പേപ്പറുകള്‍ സൈന്‍ ചെയ്യണം. ഡോക്ടര്‍ ലോയിഡിനോടായി പറഞ്ഞു.
ഡോക്ടര്‍ നല്‍കിയ പേപ്പറുകളിലെല്ലാം ലോയിഡ് സൈന്‍ ചെയ്ത് നല്‍കി. ശേഷം ഞങ്ങള്‍ തിരികെ വൃന്ദ കിടക്കുന്ന മുറിയിലേക്ക് പോയി.
അവള്‍ അപ്പോഴും മയങ്ങുകയായിരുന്നു.
വൃന്ദയുടെ പാരന്റ്സിനെ അറിയിക്കേണ്ടെ? ഞാന്‍ ചോദിച്ചു.
വേണം, അറിയിച്ചാല്‍ മാത്രം പോര. അവരെ എങ്ങനെയെങ്കിലും കൊണ്ടു വരണം. എന്തെങ്കിലും സംഭവിച്ചാല്‍ നാളെ എന്റെ മോളെ അവന്‍ തട്ടിയെടുത്ത് കൊല ചെയ്തു എന്നു പറയാന്‍ ഇടവരരുത്. ഇത്രയും പറയുമ്പോഴേക്കും ലോയിഡ് വിങ്ങി പൊട്ടിയിരുന്നു.
അതൊക്കെ ഞങ്ങള്‍ ഓഫീസില്‍ വിളിച്ച് പറഞ്ഞ് ശരിയാക്കാം ലോയിഡ്. നീ ശാന്തനായിരിക്കൂ. ഒന്നുമില്ലെങ്കിലും നീ കരയുന്നത് കണ്ടാല്‍ വൃന്ദയുടെ അവസ്ഥ അതിലേറെ മോശമാവില്ലെ, ഞങ്ങള്‍ ലോയിഡിനെ ആശ്വസിപ്പിച്ചു.
ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് വിവരം അറിയിക്കാനായി ഞാനും, സ്റ്റീവനും പുറത്തിറങ്ങി. ജി എമ്മിനെ വിളിച്ച് കാര്യം പറഞ്ഞു, നിങ്ങള്‍ അവിടെ തന്നെ ഉണ്ടാകണം. ആരെ വേണമെങ്കിലും കൊണ്ടു വരാം എന്ന് പറയൂ ലോയിഡിനോട്. കമ്പനി എന്ത് സഹായം വേണമെങ്കിലും ചെയ്യാം എന്ന് പറയൂ. ഫിനാന്‍ഷ്യലി ആസ് വെല്‍ പേര്‍സണലി.
പിന്നീട് ഷെര്‍ളിയെ വിളിച്ച് കാര്യം പറഞ്ഞു. വൃന്ദയുടെ വീട്ടില്‍ വിളിച്ച് കാര്യം പറയുക, അവര്‍ക്ക് വരുവാനായ് വിസയെടുക്കാന്‍ പാസ്പ്പോര്‍ട്ട് കോപ്പി വരുത്തിക്കുക, പി ആര്‍ ഓ യുമായി സംസാരിച്ച് മറ്റ് വിസാ പ്രൊസസ്സിങ്ങിനുള്ള റിക്വയര്‍മെന്റെല്ലാം കമ്പ്ലീറ്റ് ചെയ്യുക തുടങ്ങി കോര്‍ഡിനേഷന്‍ വര്‍ക്കെല്ലാം ഷെര്‍ളി അപ്പോള്‍ തന്നെ ആരംഭിച്ചു.
അല്പം സമയത്തിനകം ഷെര്‍ളി തിരിച്ച് വിളിച്ചു. വൃന്ദയുടെ അച്ഛനു സുഖമില്ലെന്നും, അമ്മ മാത്രമെ വരുന്നുള്ളൂ എന്നും പറഞ്ഞു. പാസ്പ്പോര്‍ട്ട് കോപ്പി അല്പം സമയത്തിനകം ഫാക്സായി ലഭിക്കുമെന്ന് പറഞ്ഞു. എമര്‍ജന്‍സി വിസ എടുക്കാമെന്ന് പി ആര്‍ ഓ ഏറ്റതു പ്രകാരം, പിറ്റേന്ന് വൈകീട്ടത്തെ ഫ്ലൈറ്റില്‍ ടിക്കറ്റും ബുക്ക് ചെയ്യിച്ചു, ദില്ലി - ദുബായി. ടിക്കറ്റ് പി ടി എ ആയി കളക്റ്റ് ചെയ്യാനുള്ള സംവിധാനമെല്ലാം ഷര്‍ളി തന്നെ അറേഞ്ച് ചെയ്തു.
തിരിച്ച് വാര്‍ഡില്‍ ചെന്നപ്പോള്‍ വൃന്ദ ഉണര്‍ന്നിരുന്നു. അവളുടെ കയ്യില്‍ ഉഴിഞ്ഞുകൊണ്ട് അവളുടെ ബെഡിന്നരികത്തുള്ള സ്റ്റൂളില്‍ ലോയിഡിരിക്കുന്നു.
നഞങ്ങളെ കണ്ട വൃന്ദ തലചരിച്ച് ചെറുതായൊന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചത് പാഴായി. മനസ്സ് വിചാരിക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ ശരീരത്തിലെ പേശികള്‍ക്ക് കഴിയാത്തതിനാല്‍ ആ പുഞ്ചിരി വെറും ഒരു കോടലായി മാറി. അവള്‍ സീലിങ്ങിലേക്ക് നോക്കി കിടന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അവിടെ അധികം നേരം നിന്നിട്ടെന്തു ചെയ്യാന്‍? സന്ദര്‍ശന സമയവും കഴിയാറായി. വൃന്ദയുടെ കൈയ്യില്‍ പിടിച്ച് അമര്‍ത്തി പിറ്റേന്ന് കാണാം എന്ന് പറഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു. റിസപ്ഷന്‍ വരെ ലോയിഡും ഞങ്ങളെ അനുഗമിച്ചു.
ലോയിഡ് എന്താവശ്യമുണ്ടെങ്കിലും, വിളിക്കാന്‍ മടിക്കണ്ട. ഏത് സമയത്തും വിളിക്കാം. ഉറങ്ങുകയായിരിക്കുമെന്നോ, ശല്യപെടുത്തുകയാണെന്നോ ഒന്നും കരുതരുത്.
പിറ്റേന്ന് രാവിലെ ഒമ്പത് മണിക്ക് തന്നെ ഞാനും സ്റ്റീവനും ഹോസ്പിറ്റലിലേക്ക് ചെന്ന് സ്പെഷല്‍ പെര്‍മിഷന്‍ വാങ്ങി വാര്‍ഡിലേക്ക് പോയി. വൃന്ദ ഉണര്‍ന്ന് കിടക്കുന്നു. ലോയിഡ് അടിയിലെങ്ങോ പോയിരിക്കുകയായിരുന്നു.
അവള്‍ക്കരുകിലിരുന്ന് ഞങ്ങള്‍ കുറേ സംസാരിച്ചു. അവള്‍ക്ക് പരമാവധി ധൈര്യം പകര്‍ന്നുകൊടുക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ ചെയ്തു. അവളെ ചിരിപ്പിക്കാനായി ഞങ്ങള്‍ ഓഫീസിലെ പല കാര്യങ്ങളും പറഞ്ഞു. തലയാട്ടിയതല്ലാതെ അവള്‍ മറ്റൊരു തരത്തിലും പ്രതികരിച്ചില്ല.
പത്ത് മണിയായപ്പോള്‍, ഓഫീസില്‍ നിന്നും എം ഡിയും, ജി എമ്മും അടക്കം പത്തോളം സഹപ്രവര്‍ത്തകര്‍ താഴെ എത്തി. രണ്ട് പേര്‍ക്കേ ഒരേ സമയത്ത് ഒരു പേഷ്യന്റിനെ കാണാന്‍ അനുമതിയുള്ളൂ. അതും ഇത്തരം സ്പെഷല്‍ കേസില്‍ മാത്രം. അല്ലെങ്കില്‍ സന്ദര്‍ശന സമയത്ത് മാത്രമെ പേഷ്യന്റിനെ കാണാന്‍ അനുവധിക്കൂ.
ഞാനും സ്റ്റീവനും, താഴെ റിസ്പഷനില്‍ ചെന്ന് ഞങ്ങളുടെ കാര്‍ഡ് അവര്‍ക്ക് നല്‍കി. എം ഡിയും, ജി എമ്മും, മറ്റുള്ളവരും ഊഴമനുസരിച്ച് മുകളില്‍ പോയി വൃന്ദയെ കണ്ടു വന്നു. പെണ്‍കുട്ടികള്‍ തിരിച്ച് വന്നത് പൊട്ടികരഞ്ഞിട്ടായിരുന്നുവെങ്കില്‍, ആണുങ്ങള്‍ വന്നത് നിറകണ്ണുകളുമായാണ്.
നിങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകണം എന്ത് കാര്യത്തിനും. എന്താവശ്യമുണ്ടെങ്കിലും ഓഫീസില്‍ വിളിക്കുക. പിന്നെ ഓരോ മണിക്കൂറിലും ഇവിടുത്തെ സ്ഥിതിഗതികള്‍ വിളിച്ച് എന്നെ അപ്ഡേറ്റ് ചെയ്യുക. എം ഡി ഞങ്ങളോട് പറഞ്ഞു.
അവരെല്ലാം പോയപ്പോള്‍ ഞങ്ങള്‍ വീണ്ടും മുകളിലേക്ക് പോയി. അറ്റന്റേഴ്സ് സ്ട്രെച്ചറുമായി വന്ന് കഴിഞ്ഞിരിക്കുന്നു. അവളെ ബെഡില്‍ നിന്നും എടുത്ത് അവര്‍ സ്ട്രെച്ചറില്‍ കിടത്തി. ലോയിഡ് അവളുടെ കയ്യുകളില്‍ പിടിച്ച് പൊട്ടികരഞ്ഞു. നിറയുന്ന കണ്ണുകള്‍ അവള്‍ ശ്രദ്ധിക്കാതിരിക്കാന്‍ പ്രയാസപെട്ടുകൊണ്ട് ഞങ്ങള്‍ അവളോട് പോയി വരൂ എന്നര്‍ത്ഥത്തില്‍ തലയാട്ടി.
തലയാട്ടികൊണ്ട് അവള്‍ എന്നെ അരികിലേക്ക് വിളിച്ചു. അടുത്ത് ചെന്നപ്പോള്‍ എന്റെ കയ്യില്‍ അവളുടെ വലം കയ്യാല്‍ അവള്‍ മുറുകെ പിടിച്ചു. യാത്രചോദിക്കുന്ന ഭാവമായിരുന്നു അവളുടെ കണ്ണുകള്‍ക്ക്. പ്രയാസപെട്ടാണെങ്കിലും അവള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.
ഓപ്പറേഷനു സമയമായി മാറി നില്‍ക്കൂ. ഞങ്ങള്‍ ഒരരുകിലേക്ക് മാറിയതും, അറ്റന്‍ഡേഴ്സ് സ്ട്രെച്ചറും തള്ളി ഓപ്പറേഷന്‍ തിയറ്റര്‍ ലക്ഷ്യമാക്കി നീങ്ങി. ഞങ്ങള്‍ വാര്‍ഡില്‍ നിന്ന് റിസപ്ഷനിലേക്കും.
നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. സമയം നിലച്ചത് പോലെ. ഓരോ മണിക്കൂറിലും ഞങ്ങള്‍ കാണുന്ന ഡോക്ടറോഡും, സിസ്റ്റേഴ്സിനോടും ചോദിച്ചു, എന്തെകിലും വിവരമുണ്ടോ വൃന്ദയെ കുറിച്ചെന്ന്.
ആരും ഞങ്ങള്‍ക്കൊരു മറുപടി നല്‍കിയില്ല.
വൈകുന്നേരം ഏകദേശം ഏഴുമണിയായപ്പോള്‍ റിസപ്ഷനില്‍ അനൌണ്‍സ് ചെയ്യപ്പെട്ടു, വൃന്ദയുടെ ഒപ്പമുള്ളയാള്‍ ഡോക്ടേഴ്സ് റൂമിലേക്ക് ചെല്ലണമെന്ന്.
ഞങ്ങള്‍ മൂവരും തിടക്കത്തില്‍ ഡോക്ടേഴ്സ് റൂമില്‍ എത്തി.
ഇരിക്കൂ. ഞങ്ങള്‍ ഇരുന്നു.
സീ ഓപ്പറേഷന്‍ ഈസ് ഓവര്‍. ദെയര്‍ ഈസ് എ ഗുഡ് ന്യൂസ് ആന്റ് എ ബാഡ് ന്യൂസ്!
എന്തായാലും പറയൂ ഡോക്ടര്‍.
നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ടായിരിക്കുന്നു ലോയിഡ്. ഷി ഈസ് ആള്‍മോസ്റ്റ് ഫൈന്‍ നൌ. കുട്ടി ഇപ്പോള്‍ അല്‍ വാസല്‍ ഹോസ്പിറ്റലില്‍ ഇങ്ക്യുബേറ്ററില്‍ ആണ്. ആദ്യം തന്നെ ഞങ്ങള്‍ ചെയ്തത് ഓപ്പറേഷന്‍ ചെയ്ത് കുട്ടിയെ പുറത്തെടുക്കുക എന്നതായിരുന്നു. അല്‍ വാസല്‍ ഹോസ്പിറ്റലില്‍ നിന്നും വന്ന ഡോക്ടേഴ്സ് ആ ഓപ്പറേഷന്‍ കഴിഞ്ഞ് കുട്ടിയുമായി തിരികെ പോയി.
അപ്പോള്‍ വൃന്ദ ഡോക്ടര്‍?
അതിനുശേഷമുള്ള ഓപ്പറേഷല്‍ അതീവ കോമ്പ്ലിക്കേറ്റഡ് ആയിരുന്നു.. ഇടക്ക് വച്ച് കാര്‍ഡിയാക്ക് അറസ്റ്റുണ്ടായി. വൃന്ദയുടെ ഹൃദയത്തിന്റെ വാല്‍വുകള്‍ക്കും തകരാറുണ്ടായിരുന്നു. തലച്ചോറിലെ ട്യൂമറും ക്ലോട്ടുമെല്ലാം ഞങ്ങള്‍ റിമൂവ് ചെയ്തു. വി ട്രൈഡ് അവര്‍ മാക്സിമം മിസ്റ്റര്‍ ലോയിഡ് ബട്ട്, ഷി ഈസ് ഇന്‍ കോമാ സ്റ്റേജ് നൌ.
അവള്‍ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തില്ലെ ഡോക്ടര്‍?
വി വില്ല് ട്രൈ ഔര്‍ ബെസ്റ്റ്, റെസ്റ്റ് ഈസ് വിത്ത് ഗോഡ്.
അവള്‍ എവിടെയാണ് ഡോക്ടര്‍? അവളെ എപ്പോള്‍ കാണാന്‍ കഴിയും?
വൃന്ദ ഐ സി യുവില്‍ ആണ്. കുറഞ്ഞത് ഇരുപത്തിനാലുമണിക്കൂര്‍ മുതല്‍ നാല്പത്തെട്ട് മണിക്കൂര്‍ വരെ ഒബ് സര്‍വേഷനില്‍ ആയിരിക്കും,അതിനുശേഷമേ മുറിയിലേക്ക് മാറ്റുകയുള്ളൂ.
എനിക്കെന്റെ മകളെ കാണാന്‍ പറ്റുമോ ഡോക്ടര്‍ ഇപ്പോള്‍?
ഇന്നിനി പറ്റുമെന്ന് തോന്നുന്നില്ല, നാളെ രാവിലെ പത്ത് മണിക്ക് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ പോയാല്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും.
ഒരു ഫോണ്‍ കോള്‍ വന്നപ്പോള്‍ ഡോക്ടര്‍ തിരിച്ച് ഏതോ വാര്‍ഡിലേക്ക് പോയി, ഞങ്ങള്‍ താഴെ റിസപ്ഷനിലേക്കും. റിസപ്ഷനില്‍ നിന്നും പുറത്തിറങ്ങി എം ഡി, ജി എം, ഷെര്‍ളി, ടെരന്‍സ്, സനോര തുടങ്ങി വിളിക്കാനുള്ളവരേയൊക്കെ വിളിച്ച് വൃന്ദയുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ് തിരിച്ച് റിസപ്ഷനില്‍ വന്നപ്പോള്‍ ബെഞ്ചില്‍ ഇരുന്ന് വിങ്ങിപൊട്ടുന്ന ലോയിഡിനേയാണ് കാണുന്നത്. സ്റ്റീവന്‍ ആശ്വസിപ്പിക്കുവാന്‍ പരമാവധി ട്രൈ ചെയ്യുന്നുണ്ട്.
വൃന്ദയുടെ അമ്മ വരുന്നത് ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിലാണെന്നും, താമസവും മറ്റും അറേഞ്ച് ചെയ്തിട്ടുണ്ടെങ്കിലും, ഈ അവസ്ഥയില്‍ അവരെ അവിടെ തനിച്ച് താമസിപ്പിക്കുന്നത് ശരിയല്ലാത്തതിനാല്‍, ഷെര്‍ളിയും ഹസ്ബന്റും കൂടെ പിക്ക് ചെയ്ത് അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ട് പോകുന്നുവെന്നും ഷെര്‍ളി വിളിച്ച് പറഞ്ഞു.
ഇനി റിസപ്ഷനില്‍ വെറുതെ കാത്തിരിക്കുന്നതില്‍ എന്തര്‍ത്ഥം? ലോയിഡിനെ പറഞ്ഞ് സമാധാനിപ്പിച്ച് അവനെ വൃന്ദയുടെ ഫ്ലാറ്റില്‍ ഇറക്കിയതിനുശേഷം ഞങ്ങള്‍ ഞങ്ങളുടെ ഫ്ലാറ്റിലേക്കും പോയി.
പിറ്റേന്ന് രാവിലെ ഞങ്ങള്‍ ലോയിഡിനേയും പിക്ക് ചെയ്ത് വൃന്ദയുടെ അമ്മയെ പോയി കണ്ടു. വളരെ അധികം മനോധൈര്യം ഉള്ള ഒരു സ്ത്രീ. ഇത്ര തിരക്കിട്ട് വിസയും മറ്റും ശരിയാക്കി അയച്ചപ്പോള്‍ മകള്‍ മരിച്ച് എന്ന് കരുതിയാണ് പുറപ്പെട്ടത്, ഇപ്പോള്‍ മരിച്ചിട്ടില്ല എന്നറിഞ്ഞപ്പോള്‍ അല്പം ആശ്വാസം തോന്നുന്നു എന്ന് പറഞ്ഞ് അവര്‍ പൊട്ടി കരഞ്ഞു.
അന്ന് ഞങ്ങള്‍ വൃന്ദയുടെ അമ്മയേയും, ലോയിഡിനേയും പിക്ക് ചെയ്ത് ഹോസ്പിറ്റലില്‍ പോയപ്പോള്‍, ഇന്നെന്തായാലും ഐ സി യുവില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല, നാളെ രാവിലെ വരൂ എന്ന് ഡോക്ടര്‍ പറഞ്ഞു. അവിടെ നിന്നും, വൃന്ദയുടെ കുട്ടിയെ കാണാന്‍ ഞങ്ങള്‍ അല്‍ വാസല്‍ ഹോസ്പിറ്റലില്‍ പോയി.
പെര്‍മിഷന്‍ വാങ്ങിയതിനു ശേഷം ഒരു സിസ്റ്ററോടൊപ്പം ഞങ്ങള്‍ കുട്ടി കിടക്കുന്ന വാര്‍ഡിലേക്ക് ചെന്നു.ഇങ്ക്യുബേറ്ററില്‍ ഒരു കുഞ്ഞു വാവ! മൂക്കിലും, വായിലുമെല്ലാം ട്യൂബും, മാസ്ക്കും പിടിപ്പിച്ചിരിക്കുന്നു.
ദൈവമേ, കുട്ടിയും വൃന്ദയും രക്ഷപെടണേ എന്നായിരുന്നു അപ്പോഴുമുള്ള പ്രാര്‍ത്ഥന.
പിറ്റേ ദിവസം ഞാനും, സ്റ്റീവനും,ലോയിഡും, വൃന്ദയുടെ അമ്മയും രാവിലെ പത്തുമണിക്ക് തന്നെ ഹോസ്പിറ്റലിലെത്തി. വൃന്ദയെ ഒരു ഒറ്റ മുറിയിലേക്ക് മാറ്റിയിരുന്നു. മുറിയില്‍ നിറയെ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെ, ഭയാനകമായ ശബ്ദത്തോടെ ശ്വസിക്കുന്ന വൃന്ദയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഞങ്ങളുടെ ചങ്ക് കലങ്ങി പോയി.
മുഖം തിരിച്ചറിയാനാവാത്ത വിധം നീരു വന്ന് വീര്‍ത്തിരിക്കുന്നു. നീലച്ചിട്ടുമുണ്ട്. തല മൊത്തം പ്ലാസ്റ്റര്‍ ചെയ്തിരിക്കുന്നു. ആകെയുള്ള അനക്കം എന്നത് ശ്വസിക്കുമ്പോള്‍ വൃന്ദയുടെ നെഞ്ചും കൂട് ഉയര്‍ന്ന് താഴുന്നതാണ്.
വൃന്ദയുടെ കയ്യിലും, തലയിലും, കാലിലും, പിടിച്ച്കൊണ്ട് ലോയിഡും, വൃന്ദയുടെ അമ്മയും പൊട്ടികരയുന്നതു കണ്ട് ഒന്ന് കരയാന്‍ പോലും കഴിയാതെ ഞങ്ങള്‍ നിന്നു.
ദിവസം മൂന്നൂം നാലും തവണ സിസ്റ്റേഴ്സും, ഡോക്ടേര്‍സും വന്ന് ചെക്കപ്പ് നടത്തി പോയി. എന്താണ് അവസ്ഥ എന്ന ചോദ്യത്തിന് ഒന്നും പറയാറായിട്ടില്ല എന്ന ഉത്തരം മാത്രം.
ദിവസം മൂന്ന് കഴിഞ്ഞു. ഞങ്ങളില്‍ ആരെങ്കിലും മാറി മാറി എപ്പോഴും വൃന്ദക്കരികില്‍ നിന്നു. ലോയിഡിനേയും, അമ്മയേയും,വളരെ നിര്‍ബന്ധിച്ച് ഞങ്ങള്‍ വിശ്രമിക്കുവാനായി ഇടക്കിടെ ഫ്ലാറ്റില്‍ കൊണ്ട് ചെന്നു വിടുകയും പിക്ക് ചെയ്യുകയും ചെയ്തു. ഓഫീസില്‍ നിന്നുള്ളവരും, ലോയിഡിന്റെ സുഹൃത്തുക്കാളും, ബന്ധുക്കളും എല്ലാം ഇടക്കിടെ വന്ന് പോയി. ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നു വന്ന അതേ അവസ്ഥ തന്നെ ഇപ്പോഴും. ഉള്ളം കാലില്‍ ഇക്കിളിയിട്ടാല്‍ മൊത്തം ശരീരം വെട്ടിവിറക്കുന്നുണ്ടെന്ന് ഇതിന്റെ ഇടയില്‍ ലോയിഡിന്റെ അമ്മ കണ്ടു പിടിച്ചു.
ചെക്കപ്പിനു വന്ന ഡോക്ടറോട് ഞങ്ങള്‍ ആ വിവരം പറയുകയും, അവരുടെ മുന്നില്‍ വച്ച് തന്നെ വൃന്ദയുടെ ഉള്ളംകാലില്‍ ഇക്കിളിയിട്ടപ്പോള്‍ വൃന്ദയുടെ ശരീരം വെട്ടി വിറക്കുകയും ചെയ്തു. എന്തായാലും നാളെ ഇലക്ട്രോഎന്‍സെഫലോഗ്രാം ടെസ്റ്റ് നടത്തിനോക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു.
പിറ്റേന്ന് ഞങ്ങള്‍ രാവിലെ പത്ത് മണിക്ക് തന്നെ ഹോസ്പിറ്റലില്‍ എത്തി. പത്തര മണിയായപ്പോള്‍ ഡോക്ടര്‍ ചെക്കപ്പിനു വന്നു. ടെസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇലക്ട്രോഎന്‍സെഫലോഗ്രാം ചെയ്യുന്ന ടെക്നീഷ്യന്‍ കുറച്ച് കഴിഞ്ഞാല്‍ വരുമെന്നും ടെസ്റ്റ് നടത്തി റിസല്‍റ്റ് ഡോക്ടര്‍ക്ക് നല്കുമെന്നും പറഞ്ഞു.
പതിനൊന്നു മണിക്ക് ടെക്നീഷ്യന്‍ കമ്പ്യൂട്ടറും, വയറുകളും, മറ്റു ഉപകരണങ്ങളുമായി വന്നു. ടെക്നീഷ്യന്‍ ഒരു മലയാളി സ്ത്രീയായിരുന്നു. അവരെ മുന്‍പ് പലപ്പോഴും എന്റെ ബില്‍ഡിങ്ങില്‍ വച്ച് കണ്ടിട്ടുമുണ്ടായിരുന്നു.
എന്നെ കണ്ടതും പരിചയഭാവത്തില്‍ അവര്‍ ചോദിച്ചു. മാഷുടെ ആരാ ഈ പേഷ്യന്റ്?
എന്റെ സഹപ്രവര്‍ത്തകയാണ്.
മലയാളിയാണോ?
അല്ല.
എന്താ സംഭവിച്ചത്?
എന്താ സംഭവിച്ചതെന്നറിയാതെ, കേസ് ഹിസ്റ്ററി പോലും നോക്കാതെ വന്നിരിക്കുന്ന ഒരു ടെക്നീഷ്യന്‍ എന്നാണ് മനസ്സില്‍ തോന്നിയതെങ്കിലും, കാര്യം നമ്മുടേയായതിനാല്‍ നടന്നതെല്ലാം അവരെ ധരിപ്പിച്ചു.
കേള്‍ക്കുന്നതിനിടയില്‍ തന്നെ അവര്‍ വയറുകളെല്ലാം വൃന്ദയുടെ തലയില്‍ പിടിപ്പിച്ചു കഴിഞ്ഞിരുന്നു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് അവര്‍ എന്തൊക്കെയോ ചെയ്തു അരമണിക്കൂറോളം. പിന്നെ കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്ത് അവരുടെ സാധനങ്ങള്‍ എല്ലാം ട്രോളീ ബാഗില്‍ വച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ ഞാന്‍ കൂടെ ചെന്നു.
എന്താണ് മാഡം റിപ്പോര്‍ട്ട്? എന്തെങ്കിലും സ്കോപ്പുണ്ടോ?
ഇല്ല എന്നവര്‍ തലകുലുക്കി, പിന്നെ പറഞ്ഞു. തലച്ചോര്‍ മരിച്ച് കഴിഞ്ഞിരിക്കുന്നു. ഷി ഈസ് ഇന്‍ ഏ വെജിറ്റബിള്‍ സ്റ്റേജ്.
അപ്പോള്‍ ശ്വസിക്കുന്നതോ?
അത് വെന്റിലേറ്റര്‍ ചെയ്യുന്നതാണ്. അത് ഓഫ്ഫ് ചെയ്താല്‍ അതും കഴിഞ്ഞു. പക്ഷെ ഇപ്പോഴത്തെ യു എ ഇ നിയമം അനുസരിച്ച് തലച്ചോര്‍ മരണം സംഭവിച്ചാലും വെന്റിലേറ്ററിന്റെ സഹായത്തോടെ ബോഡി ശ്വസിക്കുന്നുവെങ്കില്‍ എത്ര കാലം ശ്വസിക്കുന്നുവോ, അത്രയും കാലം ശരീരത്തെ സൂക്ഷിക്കണം എന്നാണ്.
അപ്പോള്‍ കാലില്‍ ഇക്കിളിയിടുമ്പോള്‍ ശരീരം ഇളകുന്നതോ മാഡം?
അതിനു തലച്ചോറുമായി ബന്ധമൊന്നുമില്ല മാഷെ. സ്പൈനല്‍ കോഡിലുള്ള ഫ്ലൂയിഡുകളുടെ ചിലപ്രവര്‍ത്തനം മൂലമാണത് സംഭവിക്കുന്നത്.
എന്തായാലും കഷ്ടമായി പോയി, ആ കുട്ടിയെങ്കിലും രക്ഷപെട്ടാല്‍ മതി എന്ന് പറഞ്ഞ് അവര്‍ അവരുടെ ബാഗും വലിച്ച് നീങ്ങി.
തിരിച്ച് മുറിയില്‍ വന്നപ്പോള്‍ അവര്‍ ചോദിച്ചു എന്തു പറഞ്ഞു?
സത്യാവസ്ഥ അവരോട് പറയണോ വേണ്ടയോ എന്നൊന്നാലോചിച്ചു. പറയാതിരുന്നിട്ടെന്ത് കാര്യം. പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു, വൃന്ദയുടെ തലച്ചോര്‍ മരിച്ച് കഴിഞ്ഞിരിക്കുന്നു. ഈ ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം. അതും എപ്പോള്‍ വേണമെങ്കിലും നില്‍ക്കാം.
ലോയിഡിന്റേയും, വൃന്ദയുടെ അമ്മയുടേയും പൊട്ടിക്കരച്ചില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ഇതേ സംഭവിക്കൂ എന്ന് അവര്‍ക്ക് മുന്‍പേ മനസ്സിലായികാണണം. അല്ലെങ്കില്‍ ഇത്രയും ദിവസം കരഞ്ഞ് കരഞ്ഞ് അവരുടെ കണ്ണുനീര്‍ വറ്റിയിരിക്കണം.
ഞാനും, സ്റ്റീവനും, അന്നും പിറ്റേ ദിവസവും മാറി മാറി ഹോസ്പിറ്റലില്‍ വൃന്ദയോടൊപ്പം ഇരുന്നു. ഒരുപാട് നിര്‍ബന്ധിച്ച് ഉറക്കമില്ലാതെ കഴിയുന്ന ലോയിഡിനേയും, വൃന്ദയുടെ അമ്മയേയും ഭക്ഷണം കഴിപ്പിച്ചു. രാത്രിയില്‍ ഞങ്ങള്‍ ഞങ്ങളുടേ ഫ്ലാറ്റിലേക്ക് മടങ്ങി.
പിറ്റേന്ന് രാവിലെ ആറരമണിക്ക് ലോയിഡിന്റെ ഫോണ്‍ വന്നു.
കഴിഞ്ഞു, അവസാന ശ്വാസവും നിലച്ചു.
Showing posts with label അനുഭവകുറിപ്പ്. Show all posts

Thursday, November 22, 2007
Friday, October 26, 2007
പദ്മിനിയുടെ ഓര്‍മ്മകുറിപ്പുകള്‍
റിട്ടയര്‍ ചെയ്യാനായി വെറും രണ്ടേ രണ്ട് മാസത്തോളം മാത്രം കാലാവധി ബാക്കി നില്‍ക്കേയാണ് ഡൊമിനിയുടെ അച്ഛന് ആ പൂതി തോന്നിയത്. പുതിയതല്ലെങ്കിലും ഒരു കാറ് വാങ്ങണം.
പിന്നീട് വന്ന ദിവസങ്ങളില്‍ ഊണിലും, ഉറക്കത്തിലും, അച്ഛന്റെ മനക്കണ്ണിനു മുന്‍പില്‍ തെളിഞ്ഞ ടി വി സ്ക്രീനില്‍ കാണിച്ച അഥവാ കണ്ട ഒരേ ഒരു കാഴ്ച, സ്വന്തം കാറില്‍ വിശാലമായ തൃശ്ശൂര്‍ റൌണ്ട് എബൌട്ടിനു ചുറ്റും ചന്നം പിന്നം ചീറി പായുന്നതായിരുന്നു.
ശനിയാഴ്ച വൈകീട്ട് ബാങ്കില്‍ നിന്ന് വരുന്ന വഴി ബാങ്കുമാനേജരായ ഡൊമിനിയുടെ അച്ഛന്‍ തന്റെ പ്രിയ സുഹൃത്തും വില്ലേജോഫീസറുമായ ജോസിന്റെ വീട്ടില്‍ കയറി. പതിവു പോലെ തന്നെ അല്പം സമയം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും മറ്റും ചര്‍ച്ചചെയ്യുക തന്നെയാണ് ലക്ഷ്യം. പക്ഷെ അല്പം നേരത്തെ നാട്ടുകാര്യങ്ങള്‍ക്ക് ശേഷം ഡൊമിനിയുടെ അച്ഛന്‍ ജോസേട്ടനോട് കാറ് വാങ്ങാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞു.
ഇതെന്തൊരു മായം കര്‍ത്താവേ? ഞാനും ഇങ്ങനെ ഒരു സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായി ജോസേട്ടന്‍ തന്റെ മനസ്സ് തുറന്നു.
എങ്കില്‍ നമുക്ക് ആദ്യം തന്നെ ഡ്രൈവിങ്ങ് പഠിക്കാം രണ്ട് പേരും തീരുമാനമെടുത്തു. എവിടെ പഠിക്കണം എന്ന കാര്യത്തില്‍ ഇരുവര്‍ക്കും യാതൊരു കണ്‍ഫ്യൂഷനും ഉണ്ടായിരുന്നില്ല. ടൌണില്‍ ഡ്രൈവിങ്ങ് സ്കൂള്‍ നടത്തുന്ന ഇരുവരുടേയും ചങ്ങാതിയായ സുരേന്ദ്രന്റെ ഡ്രൈവിങ്ങ് സ്കൂളില്‍.
ശനിയാഴ്ച രാവിലെ തന്നെ രണ്ട് പേരും ടൌണിലുള്ള സുരേന്ദ്രന്റെ ഡ്രൈവിങ്ങ് സ്കൂളില്‍ എത്തിയതും, കൌണ്ടറില്‍ ഇരിക്കുകയായിരുന്ന സുരേന്ദ്രന്‍ അവരെ രണ്ടു പേരേയും ഊഷ്മളമായി വരവേറ്റു.
എന്താ രണ്ട് പേരും കൂടി പതിവില്ലാതെ ഈ വഴിക്ക്? സുരേന്ദ്രേട്ടന്‍ അത്ഭൂതം കൂറി.
അത് സുരേന്ദ്രാ, ഞങ്ങള്‍ക്ക് റിട്ടയര്‍ ചെയ്യാന്‍ ഇനി രണ്ട് മാസം കൂടിയല്ലെ ഉള്ളൂ. അത് കഴിഞ്ഞാല്‍ രാവിലെ മുതല്‍ വൈകീട്ട് വരെ വീട്ടില്‍ വെറുതെ ഇരിക്കാന്ന് പറഞ്ഞാല്‍ മഹാ മടുപ്പാവില്ലെ? അപ്പോ ഒരു കാറെങ്ങാനും, വാങ്ങിയാല്‍ മക്കളേം, മരുമക്കളേം ഒക്കെ കുട്ടി ഇടക്കിടെ എങ്ങോട്ടെങ്കിലും കറങ്ങാലോ?
അത് ശര്യാ, നല്ല കാര്യം തന്നെ. അപ്പോ ഞാന്‍ എന്താ ചെയ്യണ്ടേ?
അത് നല്ല ചോദ്യായല്ലോ സുരേന്ദ്രാ? സ്കൂട്ടറല്ലാതെ ഞങ്ങള്‍ക്ക്, കാറോടിക്കാന്‍ അറിയില്ല്യാന്ന് തനിക്കറിയാല്ലോല്ലെ?
പിന്നെന്താ അറിയാണ്ട്. നല്ല കാലത്ത് ഡ്രൈവിങ്ങ് പഠിക്കാന്‍ പറഞ്ഞ് നിങ്ങളുടെ രണ്ടാളുടേം പിന്നാലെ നടന്ന് നടന്ന് എന്റെ ചെരിപ്പെത്ര തേഞ്ഞേക്കുണു. ഇപ്പോ എന്താ വേണ്ടേ? നല്ല ഡ്രൈവറേ വേണോ?
അതല്ലടോ. ഞങ്ങള്‍ക്ക് ഡ്രൈവിങ്ങ് പഠിക്കണം.
ചുറ്റുവട്ടത്തും ആളില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം സുരേന്ദ്രന്‍ പറഞ്ഞു.......ദൈവമേ, ഈ വയസ്സാന്‍ കാലത്ത് തന്നെ കാറോടിക്കാന്‍ പഠിക്കണോ?
അതെന്താടോ അങ്ങനെ? ഈ പ്രായത്തില്‍ എന്താ ഡ്രൈവിങ്ങ് പഠിക്കാന്‍ പറ്റില്ല്യേ? അമേരിക്കയിലൊക്കെ ആളുകള്‍ എഴുപതും എണ്‍പതും വയസ്സിലാ പ്ലെയിനോടിക്കാന്‍ പോലും പഠിക്കുന്നത്! പിന്നെയാ കാറ്? ഡൊമിനിയുടെ അച്ഛന്‍ ലോകവിവരം പുറത്തെടുത്ത് നിവര്‍ത്തിവച്ചു.
അമേരിക്ക എന്നൊക്കെ കേട്ടപ്പോള്‍ അഭിമാനിയായ സുരേന്ദ്രന്‍ പറഞ്ഞു, ഞാന്‍ ഏറ്റെന്നേ. ഇതെന്റെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്.
എങ്കില്‍ എന്നാ ക്ലാസ്സ് തുടങ്ങണെ? ആരാ പഠിപ്പിക്കുന്നത്? ദാ പിടിച്ചോ അഡ്വാന്‍സ്, പോക്കറ്റില്‍ നിന്നും അഡ്വാന്‍സെടുത്ത് സുരേന്ദ്രന് നല്‍കിയതിനൊപ്പം രണ്ട് പേരും ഒരേ സ്വരത്തില്‍ ചോദിച്ചു.
വാങ്ങിയ കാശിന് റസീറ്റ് എഴുതുന്നതിനൊപ്പം തന്നെ സുരേന്ദ്രന്‍ പറഞ്ഞു, ഇന്ന് തന്നെ ക്ലാസ്സ് തുടങ്ങാം. പിന്നെ അഞ്ചാറ് ഡ്രൈവറുമാരുണ്ട് ഇവിടെ പഠിപ്പിക്കാന്‍, പക്ഷെ അവരൊക്കെ ചെറുപ്പമാ, ചോരതിളപ്പേറിയവര്‍. അവര്‍ നിങ്ങളെ പഠിപ്പിച്ചാല്‍ ശരിയാവില്ല. അഞ്ചാറ് വര്‍ഷമായി ആരേയും ഞാന്‍ പഠിപ്പിക്കാറില്ല പക്ഷെ നമ്മള്‍ സമപ്രായക്കാരും, സുഹൃത്തുക്കളുമായിപോയില്ലെ? ഞാന്‍ തന്നെ നിങ്ങളെ പഠിപ്പിക്കാം. രണ്ടേ രണ്ട് മാസം കൊണ്ട് ഡ്രൈവിങ്ങ് പഠിപ്പിച്ച് നിങ്ങള്‍ക്ക് ലൈസന്‍സെടുത്ത് കയ്യില്‍ തരുന്ന കാര്യം ഞാന്‍ ഏറ്റു.
അഭിമാനഭാരം താങ്ങാനാവാതെ രണ്ട് പേരുടേയും തല നിവര്‍ന്നു. പ്രാര്‍ത്ഥിക്കാനായ് കണ്ണടച്ചതും, രണ്ടു പേരുടേം മുന്നില്‍ തെളിഞ്ഞത് അതേ കാഴ്ച തന്നെ, സ്വന്തം കാറില്‍ വിശാലമായ തൃശ്ശൂര്‍ റൌണ്ട് എബൌട്ടിനു ചുറ്റും ചന്നം പിന്നം ചീറി പായുന്ന കാഴ്ച.
ഐശ്വര്യമായി അവര്‍ രണ്ട് പേരും അന്നു മുതല്‍ സുരേന്ദ്രന്റെ ശിഷ്യത്വം സ്വീകരിച്ച് മഹത്തായ ഡ്രൈവിങ്ങ് പഠനം തുടങ്ങി.
ആഹ്ലാദപൂര്‍വ്വം വീട്ടിലെത്തിയതും, ഡൊമിനിയുടെ അച്ഛന്‍ ഡെല്‍ഹിയിലുള്ള ഡൊമിനിക്ക് ഫോണ്‍ ചെയ്തു.
ഡാ, നമുക്ക് ഒരു കാറ് വാങ്ങണം. ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് തുടങ്ങി. നീയും വേഗം ഡ്രൈവിങ്ങ് പഠിച്ചോ.
അതിനെന്താ അച്ഛാ, ഞാന്‍ എപ്പോ പഠിച്ചൂന്ന് ചോദിച്ചാല്‍ പോരെ. പിന്നെ സെക്കന്റ് ഹാന്റ് കാറൊക്കെ ഡെല്‍ഹിയില്‍ മഹാ ചീപ്പാ. ഒന്നാഞ്ഞ് തപ്പിയാല്‍ ചിലപ്പോള്‍ വെറുതേയും കിട്ടും. അച്ഛന്‍ ആദ്യം ലൈസന്‍സെടുക്ക് കാറിന്റെ കാര്യമൊക്കെ ഞാന്‍ നോക്കികൊള്ളാം, അച്ഛന്‍ കാശിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി.
ഡ്രൈവിങ്ങ് പഠനം മുറക്ക് നടന്നുകൊണ്ടിരുന്നു. പഠിച്ച്, പഠിച്ച്, മാസങ്ങള്‍ രണ്ട് കഴിഞ്ഞു. ഡൊമിനിയുടെ അച്ഛനും, ജോസേട്ടനും ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. മാസം പിന്നേയും ഒന്നു കഴിഞ്ഞു. മൂന്ന് മാസത്തെ മഹത്തായ ഡ്രൈവിങ്ങ് പഠനത്തിന്റെ ഗുണം മൂലം രണ്ട് പേരും ക്ലച്ചില്‍ നിന്നും കാലെടുത്ത് വണ്ടി മുന്നോട്ട് ചാടിക്കാന്‍ പഠിച്ചു എന്നല്ലാതെ വണ്ടി മുന്നോട്ട് ഓടിക്കാന്‍ പഠിച്ചില്ല എന്ന് മാത്രമല്ല പകരം രണ്ട് പേരേയും പഠിപ്പിച്ച്, പഠിപ്പിച്ച് സുരേന്ദ്രേട്ടന്‍ ഡ്രൈവിങ്ങ് മറക്കാനും തുടങ്ങി.
സ്വപ്നം ചിലപ്പോള്‍ ഫലിക്കും, ദൈവഹിതം ആര്‍ക്കും തടുക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് വെറുതെയല്ല എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപെടുത്തികൊണ്ട് ആറാം മാസത്തിന്റെ അവസാന ബുധനാഴ്ച ഒമ്പത് മണിക്ക്, ഒമ്പതാമത്തെ ടെസ്റ്റ് നല്‍കി രണ്ടു പേരും എല്‍ എം വി, അഥവാ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ്ങ് ലൈസന്‍സ് കരസ്ഥമാക്കി.
അന്ന് വരുന്നവഴി വലിയാലക്കലുള്ള ജയബേക്കറിയില്‍ നിന്നും ലഡ്ഡു, ജിലേബി,മൈസൂര്‍പാക്ക്, പേഠ, നാങ്കട്ട്, തുടങ്ങി അസ്സോര്‍ട്ടഡ് സ്വീറ്റ്സ് അഞ്ച് കിലോ വാങ്ങിയിട്ടാണ് ഡൊമിനിയുടെ അച്ഛന്‍ വീട്ടിലേക്ക് വന്നത്.
വന്നതും അയല്പക്കത്തൊക്കെ സ്വയം ചെന്ന് സ്വീറ്റ്സ് വിതരണം ചെയ്തു.
സ്വീറ്റ്സ് വാങ്ങിയവര്‍ വാങ്ങിയവര്‍ ചോദിച്ചു, എന്താ ഡൊമിനീടെ കല്യാണം ഉറപ്പിച്ചോ? എവിടുന്നാ പെണ്ണ്?
അയ്യേ, ഇത്ര ചെറിയ പ്രായത്തിലോ? ഇതതൊന്നുമല്ല. എനിക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയതിന്റെ സന്തോഷം നിങ്ങളൊക്കെയൊത്ത് പങ്ക് വക്കുന്നതല്ലെ. ഇത് വെറുതെ സാമ്പിള്‍. ഇനി കാറൊരെണ്ണം വാങ്ങിയിട്ട് ബാക്കി ചിലവ്.
സ്വീറ്റ്സ് വിതരണം കഴിഞ്ഞ് വന്നതും അച്ഛന്‍ ഡെല്‍ഹിക്ക് എസ് ടി ഡി കറക്കി.
ഡാ, എനിക്ക് ലൈസന്‍സ് കിട്ടി. നമുക്ക് പെട്ടെന്ന് കാറ് വാങ്ങണം.
അടിപൊളി. കാറൊക്കെ നമുക്ക് വാങ്ങാം.
എങ്കില്‍ നീ മാരുതിയോ, ഫിയറ്റോ നോക്ക്. എന്തായാലും അംബാസഡര്‍ വേണ്ടേ വേണ്ട.
മാരുതിയെങ്കില്‍ മാരുതി, ഫിയറ്റെങ്കില്‍ ഫിയറ്റ്, ബെന്‍സെങ്കില്‍ ബെന്‍സ്. ഒക്കെ അച്ഛന്റെ ഇഷ്ടം. അച്ഛന്‍ കാശിങ്ങോട്ടയക്ക്. വണ്ടി എപ്പോ വാങ്ങീന്ന് ചോദിച്ചാല്‍ പോരെ?
ശരി, നീ നല്ല വണ്ടി നോക്കി വക്ക്. കാശൊക്കെ ഞാന്‍ അയക്കാം. ങ്ഹാ, പിന്നെ എന്തായി നിന്റെ ഡ്രൈവിങ്ങ് പഠനം?
ഇവിടെ അതൊക്കെ ഈസിയല്ലെ അച്ഛാ. ഒരു ആയിരത്തിച്ചില്ല്വാനം രൂപ. പതിനഞ്ചേ പതിനഞ്ച് ദിവസം. ബസ്, ഇത്രയും മതി. ലൈസന്‍സ് എപ്പോ കിട്ടീന്ന് ചോദിച്ചാല്‍ പോരെ?
അന്നത്തെ ടെലിഫോണ്‍ സംഭാഷണം അവിടെ തീര്‍ന്നു.
ജോലി കഴിഞ്ഞ് ഞാനും, ആദികുറുമാനും വൈകുന്നേരം മുറിയിലെത്തിയപ്പോള്‍ ഡൊമിനി അച്ഛനു ലൈസന്‍സ് കിട്ടിയകാര്യം പറഞ്ഞു, ഒപ്പം തന്നെ ഒരു സെക്കന്റ് ഹാന്റ് കാര്‍ അച്ഛന് വേണ്ടി ഉടന്‍ തന്നെ വാങ്ങണം എന്നും പറഞ്ഞു.
പിറ്റേന്ന് മുതല്‍ ഊര്‍ജിതമായി ഞങ്ങള്‍ മൂവരും വണ്ടി വേട്ട തുടങ്ങി.
തൊണ്ണൂറ്റി ഒന്ന് - തൊണ്ണൂറ്റി രണ്ടാണ് കാലഘട്ടം. സെക്കന്റ് ഹാന്റ് മാരുതികളുടെ വില്പന അത്ര പ്രചുര പ്രചാരത്തിലില്ല. ഉള്ളതിനാണെങ്കില്‍ ഹോസ്പിറ്റല്‍ സ്വന്തമായുള്ള ഡോക്ടറായ അച്ഛന്റെ ഡോക്ടറായ മകന്‍ കല്യാണ കമ്പോളത്തില്‍ വില്പനക്കായി എത്തിപെട്ടപോലെയും. മുടിഞ്ഞ ഡിമാന്റ്. എപ്പോ, ആര്, കൊത്തികൊണ്ട് പോയെന്ന് ചോദിച്ചാല്‍ മതി.
അംബാസഡറിന്റെ കാര്യമാണെങ്കിലോ? എവിടെതിരിഞ്ഞൊന്ന് നോക്കിയാലും കാണുന്നതെല്ലാം വില്പനക്ക്! പക്ഷെ ഡൊമീനീടച്ഛന് അംബനോട് വലിയ താത്പര്യമില്ലാന്നല്ല ഒട്ടും താത്പര്യമില്ല താനും.
പിന്നെയുള്ളത് നമ്മുടെ അന്തകാല ഡോക്ടേര്‍സിന്റെ ഫേവറിറ്റായ പദ്മിനിമോളാ. അവളാണെങ്കിലോ എണ്ണത്തില്‍ തുച്ഛവും.
എന്തായാലും ഡൊമിനിയുടെ അച്ഛനു ചേര്‍ന്നതും കൈപ്പിടിയില്‍ ഒതുങ്ങന്നതും പദ്മിനി തന്നെ എന്ന് ഒരാഴ്ചക്കൂള്ളിലെ മാര്‍ക്കറ്റ് റിസേര്‍ച്ചില്‍ ഞങ്ങള്‍ കണ്ടെത്തി. പിന്നെയങ്ങോട്ട് പദ്മിനിയെ ചുറ്റിപറ്റിയായി ഞങ്ങളുടെ അന്വേഷണം.
ഐ എന്‍ എ മാര്‍ക്കറ്റിലായാലും, സരോജിനി നഗര്‍ മാര്‍ക്കറ്റിലായാലും, ആര്‍ കെ പുരം അയ്യപ്പ മന്ദിറിലായാലും, പാര്‍ക്കിങ്ങിലായാലും, പാര്‍ക്കിന്റെ മുന്‍പിലായാലും, സിനിമാ തിയറ്ററിനു മുന്‍പിലായാലും, എന്തിന് ബാറിന്റെ മുന്‍പില്‍ വച്ചു പോലും പദ്മിനിയെ കണ്ടാല്‍ ഞങ്ങള്‍ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ അടുത്ത് ചെന്ന് തൊട്ടു നോക്കി, മെല്ലെ ഉഴിഞ്ഞു. ശരീരത്തില്‍ ചുളിവുകളുണ്ടോ എന്ന് ചാഞ്ഞും, ചരിഞ്ഞും നോക്കി. കിട്ടുമോ എന്നറിയാതെ വെറുതെ നോക്കികണ്ട് നിരാശരായി മടങ്ങേണ്ടി വന്ന അവസരങ്ങള്‍ നിരവധി. പറഞ്ഞ പണം അധികമായതിനാല്‍ നമുക്ക് ചേര്‍ന്നതല്ല എന്ന് തീരുമാനിച്ചത് അതിലേറെ.
ദിനങ്ങളും വാരങ്ങളും കൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു. ഡൊമിനിയുടെ അച്ഛന്‍ ഞങ്ങള്‍ക്ക് ചെയ്യുന്ന എസ് ടി ഡി കോളുകളുടെ എണ്ണവും വര്‍ദ്ധിച്ച് വന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ദിവസം ഡൊമിനിയുടെ അച്ഛന്റെ ഫോണ്‍ വന്നപ്പോള്‍ ഡൊമിനിയുടെ പറച്ചില്‍ കേട്ട് ഞങ്ങള്‍ ഞെട്ടി.
ഹലോ, ങ്ഹാ അച്ഛാ.
ഉവ്വ്, ശരിയായിട്ടുണ്ട്.
പദ്മിനിയാ.
ചോദിക്കാനുണ്ടോ, അടിപൊളി. എന്തായാലും അച്ഛന്‍ ഒരു അമ്പതിനായിരം അയക്ക്.
ഫോണ്‍ കട്ട് ചെയ്ത് ഡൊമിനി ഞങ്ങളെ ദയാപൂര്‍വ്വം നോക്കി. ഇനിയെന്ത് എന്നര്‍ത്ഥത്തില്‍.
സാരമില്ല നമുക്ക് നമ്മുടെ വേട്ട ഒന്നുകൂടി കൊഴുപ്പിക്കാം എന്ന് പറഞ്ഞ് ഡൊമിനിയെ ഞങ്ങള്‍ സമാധാനിപ്പിച്ചെങ്കിലും, അഞ്ചാം പക്കം ഡൊമിനിയുടെ ബാങ്ക് അക്കൌണ്ടില്‍ അമ്പതിനായിരത്തി ഒരുന്നൂറ്റി മൂന്ന് രൂപ ബാലന്‍സ് കണ്ടപ്പോള്‍ (അമ്പതിയിരം അച്ഛന്‍ അയച്ചതും, നൂറ്റി മൂന്നു രൂപ അവന്റെ സമ്പാദ്യവും) ഡൊമിനിയുടെ ടെന്‍ഷന്‍ കൂടി.
അങ്ങനെ ഫുള്‍ പ്രെഷറില്‍ ഇരിക്കുന്ന സമയത്താണ് ഡൊമിനീടച്ഛന്‍ കൊതിച്ചതും പദ്മിനി, ആദികുറുമാന്റെ ബോസ്സ് വില്‍ക്കാന്‍ പോകുന്നു എന്ന് കല്‍പ്പിച്ചതും പദ്മിനി!
നിറമല്‍പ്പം കുറവായാലെന്താ, റോഡിലിറങ്ങിയപ്പോള്‍ മുതല്‍ ഒരേ ഒരാളുടെ കൈവശം മാത്രം. അന്യനൊരാള്‍ ഒരിക്കല്‍ പോലും കയറിയിറങ്ങിയിട്ടില്ല. രണ്ടാമതൊരാള്‍ വെറുതെ ഹോണില്‍ പോലുമൊന്ന് ഞെക്കിയിട്ടില്ല. അവളെ കിട്ടിയാല്‍ ഭാഗ്യമാ. ഞാന്‍ പറഞ്ഞാല്‍ റേറ്റൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്യും. ബോസിന്റെ പദ്മിനിയെകുറിച്ച് ആദി തോരാതെ ആദി സംസാരിച്ചു.
ആദിയുടെ സംസാരരീതി വച്ച് പുള്ളിക്കാരന് ഈ ഡിലിങ്ങില്‍ വല്ല കമ്മീഷനും ഉണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കാതിരുന്നില്ല. എങ്കിലും ശരി, കണ്ടിട്ട് തീരുമാനിക്കാം, വേണോ വേണ്ടയോ എന്ന തീരുമാനത്തിന്‍ പ്രകാരം വ്യാഴാഴ്ച ഓഫീസില്‍ നിന്നും ആദി കുറുമാന്‍ ഫോണ്‍ ചെയ്തത് പ്രകാരം, സൂര്യന്‍ അസ്തമിക്കാന്‍ രണ്ട് മൂന്നു മണിക്കൂര്‍ നേരമുള്ളപ്പോള്‍ തന്നെ ഓഫീസില്‍ നിന്നും നേരത്തേ വലിഞ്ഞ്, ഞാനും ഡൊമിനിയും ഗ്രേറ്റര്‍ കൈലാഷിലേക്ക് പാഞ്ഞു (വാങ്ങാനായി വണ്ടി നോക്കണമെങ്കില്‍ സൂര്യപ്രകാശത്തിന്റെ വെളിച്ചത്തില്‍ തന്നെ നോക്കണം എന്ന് ഞാന്‍ അന്നേ പഠിച്ചിരുന്നു).
ചെന്നു കണ്ടു, കീഴടക്കി. അഞ്ചെട്ട് വര്‍ഷമായി വെയില് കൊള്ളുന്നതിനാല്‍ നിറമല്പം കുറവാണ് എന്നൊരു കുറ്റം മാത്രം.
വില പേശി, പേശി നാല്പതിനായിരം രൂപക്ക് ഡീല്‍ ഉറപ്പിച്ചു. അഡ്വാന്‍സും കൊടുത്തു. പിറ്റേന്ന് വെള്ളിയാഴ്ച ഓഫീസില്‍ എത്തി ലീവ് എടുത്ത് വരാം എന്നും, അതിനുശേഷം വണ്ടിയുടെ റെജിസ്ട്രേഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞുറപ്പിച്ചതിനുശേഷം സന്തോഷപൂര്‍വ്വം ഞങ്ങള്‍ ഫ്ലാറ്റിലേക്ക് നീങ്ങി. പോകുന്ന വഴി പദ്മിനിയെ കിട്ടിയ സന്തോഷം പങ്കിടാന്‍ ഷെയ്ക്ക്സറായില്‍ നിന്ന് ത്രിഗുണനേയും കൂട്ടി.
ത്രിഗുണനുമൊത്തിരുന്ന് സംസാരിക്കുന്നതിനിടയില്‍ വണ്ടി വാങ്ങിയാല്‍ നാളെ വൈകീട്ട് പോകേണ്ട ട്രിപ്പിനെ കുറിച്ച് മൂന്ന് പേരും തര്‍ക്കമായി. ഹരിദ്വാര്‍ മതിയെന്ന് ഡൊമിനി,വേണ്ട മസൂറി മതിയെന്ന് ആദിയും, ജയ്പ്പൂര്‍ മതിയെന്ന് ഞാനും. തര്‍ക്കം മൂത്തപ്പോള്‍ പതിവുപോലെ നറുക്കെടുക്കാം എന്നൊത്തുതീര്‍പ്പില്‍ എത്തിയത് മൂലം നറുക്കെടുത്തു. നറുക്ക് വീണത് മസൂറിക്ക്. പോകാനുള്ള സ്ഥലത്തിനൊരു തീരുമാനമായതിനാല്‍ ബാക്കിയുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ച കടന്നു.
ശനിയാഴ്ച എല്ലാവരും ലീവെടുക്കുകയാണെങ്കില്‍, വെള്ളിയാഴ്ച രാത്രി തന്നെ മസൂറിക്ക് പോകാം, ശനിയാഴ്ച പതിനൊന്ന് പന്ത്രണ്ട് മണിക്ക് മസൂറിയിലെത്തും, അന്നവിടെ തങ്ങി, പിറ്റേന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മടങ്ങിയാല്‍ പാതിരാത്രി വീട്ടിലെത്തിചേരാം, പിറ്റേന്ന് ജോലിക്കും പോകാം, ഞാന്‍ നയം വ്യക്തമാക്കി.
എന്റെ അഭിപ്രായത്തിനെ രണ്ട് പേരും അനുകൂലിച്ചതിനാല്‍ അന്നത്തെ ചര്‍ച്ച അവിടെ തീര്‍ന്നു. ചര്‍ച്ചമൂലം അത്താഴം ഒന്നും വക്കാത്തതിനാലും, വണ്ടി വാങ്ങിയതിന്റെ ട്രീറ്റ് വേണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചതിനാലും, സ്കൂട്ടാവാന്‍ വേറെ യാതൊരു നിവൃത്തിയില്ലാത്തിനാലും ഡൊമിനി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഞങ്ങളെ സാക്കേത്തിലെ, ഗുരുചരണ്‍ സിങ്ങിന്റെ ഡാബയിലേക്ക് നയിച്ചു. ത്രിഗുണബലത്താല്‍, വെറും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം നല്ലൊരു ബില്ല് ഡൊമിനിയെകൊണ്ട് കൊടുപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ ഫ്ലാറ്റിലേക്ക് മടങ്ങി.
പതിവുപോലെ ഞാനും ഡൊമിനിയും ഒരോഫീസിലേക്കും, ആദി ആദിയുടെ ഓഫീസിലേക്കും പോയി. അല്പം പണികള്‍ ചെയ്തതിനു ശേഷം, പുറം പണിക്കായി ഇറങ്ങുന്നതിനു മുന്‍പ്, മാനേജരായ പിള്ള സാറിനോട് ശനിയാഴ്ച അമ്മായിയുടെ മോളുടെ മോന്റെ ചോറൂണായതിനാല്‍ (ആറ് വയസ്സ് കഴിഞ്ഞ അവന്‍ ഉണ്ണാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ചര കഴിഞ്ഞിരുന്നു അപ്പോള്‍) അവധി വേണമെന്നും പറഞ്ഞ് അവധി വാങ്ങി പുറത്തിറങ്ങി.
ബാങ്കിലും, ടെക്സൈല്‍ കമ്മിറ്റിയിലും, ഏ ഇ പി സിയിലും (അപ്പാരല്‍ എക്പോര്‍ട്ട് പ്രമോഷന്‍ കൌണ്‍സില്‍) മറ്റും ചെയ്യാനുണ്ടായിരുന്ന അത്യാവശ്യ പണികള്‍ എല്ലാം പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ത്തു. ബാക്കി പണികള്‍ അവിടെ ഉള്ള സുഹൃത്തുക്കളെ ഏല്‍പ്പിച്ചു. പന്ത്രണ്ട് മണിയോട് കൂട് ആര്‍ ടി ഓഫീസിലെത്തി. ചെന്നപ്പോള്‍ ആദിയുടെ ബോസ്സ് അവിടെ എത്തികഴിഞ്ഞിരുന്നു.
പന്ത്രണ്ടേ കാലായിട്ടും ഡൊമിനിയെ കാണുന്നില്ല. ഇന്ന് റെജിസ്ട്രേഷന്‍ നടന്നില്ലെങ്കില്‍ പിന്നെ രണ്ട് ദിവസം അവധിയാണ്, അങ്ങിനെ വന്നാല്‍ മസൂറി ട്രിപ്പ് ഗോപിയാകും എന്ന് മാത്രമല്ല എടുത്ത ലീവ് വീട്ടിലിരുന്ന് മുഷിഞ്ഞ് തീര്‍ക്കേണ്ടിയും വരും.
പ്ലാന്‍ ചെയ്ത പ്രകാരം പത്തര പതിനൊന്ന് മണിയോട് കൂടി ഡൊമിനിക്ക് ശക്തമായ വയറുവേദനയും അതിനെ തുടര്‍ന്ന് നിലക്കാത്ത വയറിളക്കവും വരേണ്ടതാണ്. വേദനയും വയറിളക്കവും സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ പതിനൊന്നേ മുക്കാലോട് കൂടി ഡോക്ടറെ കാണുവാനായി അവന്‍ ഓഫീസില്‍ നിന്ന് ഇറങ്ങേണ്ടതാണ്.
ദൈവമേ, ഇനി പ്ലാനിങ്ങ് എങ്ങാനും പൊളിഞ്ഞോ? പിള്ളസാറെങ്ങാനും വേദനിക്കുന്ന ഡൊമിനിയുടെ അവസ്ഥ കാണുവാന്‍ കഴിയാതെ അവനെയെങ്ങാനും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയോ? ഞാനും, ആദിയുടെ ബോസ്സും അക്ഷമരായി നില്‍ക്കുന്ന സമയത്ത്, ബൈക്ക് പാര്‍ക്ക് ചെയ്ത് പണസഞ്ചിയും തൂക്കി വിജയശ്രീ-ലളിതമാരുടെ മുഖഭാവത്തോടെ ഡൊമിനി നടന്നു വരുന്നത് കണ്ടതും ആശ്വാസമായി.
ബോസ്സിന് മുഴുവന്‍ പണവും എണ്ണികൊടുത്തുതിന് ശേഷം, ഏജന്റിനെ കണ്ട് കൈമടക്കെല്ലാം കൊടുത്തത്തിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ വണ്ടി ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടി.
ചാവി ഡൊമിനിക്ക് കൈമാറി ഞങ്ങള്‍ ഇരുവര്‍ക്കും ഷെയ്ക്ക് ഹാന്റ് നല്‍കി, പോകുവാന്‍ നേരം ബോസ്സ് പറഞ്ഞു, കുറച്ച് നാളായി ഓടാതെ കിടക്കുന്നതല്ലെ? ഓയിലും,വെള്ളവുമൊക്കെ ഒന്ന് ചെക്ക് ചെയ്യിച്ചോളൂ.
ഡ്രൈവിങ്ങ് അറിയാത്തതിനാല്‍ ഡ്രൈവിങ്ങ് അറിയുന്ന എനിക്ക് വണ്ടിയുടെ ചാവി ഒരാരാധനയോടെ ഡൊമിനി കൈമാറി. പദ്മിനിയില്‍ കയറി വലിയ ഗമയില്‍ ഞാന്‍ ഫ്ലാറ്റിലേക്ക് നീങ്ങി. ഇടക്കിടെ റിയര്‍വ്യൂ മിററിലൂടെ ഡൊമിനി എന്റെ പുറകിലായി (ബൈക്കില്‍) വരുന്നുണ്ട് എന്ന് ഉറപ്പാക്കി അല്പം അഹങ്കാരത്തോടെ ഞാന്‍ സീറ്റില്‍ ഇളകിയിരുന്നു.
വീട്ടിനു മുന്‍പില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നെഞ്ച് വിരിച്ച് ഞാന്‍ പുറത്തിറങ്ങി. ബൈക്ക് സ്റ്റാന്റിലിടുകയായിരുന്ന ഡൊമിനിയുടെ അടുത്തേക്ക് ഞാന്‍ കീചെയിന്‍ കയ്യിലിട്ട് ചുഴറ്റികൊണ്ട് ചെന്നു.
ഉം, എന്താ വണ്ടി സ്റ്റാന്റില്‍ വക്കുന്നേ?
പിന്നല്ലാതെ?
ആദിയുടെ ബോസ്സ് പറഞ്ഞത് കേട്ടില്ലെ? വണ്ടിയിലെ വെള്ളവും, ഓയിലുമൊക്കെ ചെക്ക് ചെയ്യണമെന്ന്?
അതിന് വര്‍ക്ക് ഷോപ്പില്‍ പോകേണ്ടേ?
വണ്ടിയോടിക്കാമെന്നറിമെന്നല്ലാതെ, വണ്ടിയുടെ ആന്തരികാവയവങ്ങളേകുറിച്ച് യാതൊരുവിധ ധാരണയും എനിക്കില്ലായിരുന്നുവെങ്കിലും, ഡൊമിനിയുടെ മുന്‍പില്‍ ആളാവാന്‍ പറ്റിയ സന്ദര്‍ഭം നഷ്ടപെടുത്താന്‍ അഹങ്കാരം മൂലം തയ്യാറായിരുന്നില്ലാത്തതിനാല്‍ ഞാന്‍ ചോദിച്ചു, ഹ ഹ, ഇത്ര ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ? അതൊക്കെ ഞാന്‍ ചെയ്തോളാം. നീ പോയി ഒരു രണ്ട് ലിറ്റര്‍ എഞ്ചിന്‍ ഓയില്‍ വാങ്ങിയിട്ട് വാ. നല്ല മുന്തിയത് തന്നെ വാങ്ങിക്കോ?
അല്ല കുറുമാനെ, നമുക്ക് വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്താല്‍ പോരെ?
ആനയേ വാങ്ങിയെന്ന് കരുതി ഒരു ദിവസം കൊണ്ട് വാങ്ങിയ ആള്‍ക്ക് ആ ആനയുടെ പാപ്പാന്‍ ആകാന്‍ കഴിയുമോ ഡൊമിനീ?
ഇല്ല.
എങ്കില്‍ അതു പോലെ തന്നെയാണ് ഈ വണ്ടിയുടെ കാര്യവും. വണ്ടി നീ വാങ്ങിയെന്നത് നേര്. പക്ഷെ ലൈസന്‍സില്ലാത്ത, ഡ്രൈവിങ്ങ് അറിയാത്ത നിനക്ക് വണ്ടി കിട്ടിയിട്ടെന്തു കാര്യം?
നിശ്ശബ്ദനായി ഡൊമിനി ബൈക്കുമെടുത്ത് പോയി. അരമണിക്കൂറിനകം, എഞ്ചിന്‍ ഓയിലും വാങ്ങി വന്നു.
വണ്ടി സ്റ്റാന്‍ഡില്‍ വച്ച് ഓയില്‍ എന്റെ കയ്യില്‍ നല്‍കിയപ്പോഴേക്കും ഞാന്‍ അടുത്ത കല്‍പ്പന പുറപ്പെടുവിച്ചു, ഇനി പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ട് വാ.
നിവൃത്തിയേതുമില്ലാത്തതിനാല്‍ പല്ലിറുമ്മികൊണ്ട് ഡൊമിനി മുറിയിലേക്ക് പോയി വെള്ളവുമായി വന്നു. ബക്കറ്റ് നിലത്ത് വെച്ചപ്പോള്‍ തുള്ളിതെറിച്ച വെള്ളത്തില്‍ നിന്നും ഡൊമിനിക്ക് എന്നോടുള്ള ദ്വേഷ്യത്തിന്റെ ആഴം എനിക്ക് മനസ്സിലായെങ്കിലും ഞാന്‍ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
ഓയിലും വെള്ളവും ഒഴിക്കണമെങ്കില്‍ വണ്ടിയുടെ ബോണറ്റ് തുറക്കണം. അതിനായി ഞാന്‍ വണ്ടിയുടെ ഉള്ളില്‍ കയറി. തുറക്കാനുള്ള സ്വിച്ചും, ലിവറും തപ്പി തപ്പി പത്ത് മിനിറ്റായിട്ടും സംഭവം കണ്ട് കിട്ടിയില്ല.
എന്താടാ വണ്ടിയില്‍ ഇരുന്ന് നീ ഉറങ്ങിയാ?
ഡൊമിനി പകരം വീട്ടാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ മസ്തിഷ്കം എനിക്ക് സിഗ്നല്‍ തന്നു.
ചാഞ്ഞും, ചരിഞ്ഞും, നിലത്തിരുന്നും, സീറ്റില്‍ കിടന്നും പരിശോധിച്ചുകൊണ്ടിരിക്കുന്നതിന് പുറത്തേക്ക് നീണ്ടിരിക്കുന്ന അല്പം വളഞ്ഞ ഒരു കമ്പി കഷ്ണം കണ്ടപ്പോള്‍ വെറുതെ പിടിച്ചൊന്ന് വലിച്ചു. ക്ടിം മുന്നില്‍ നിന്നൊരു ശബ്ദം കേട്ടു.
തുറന്നൂഡാ എന്ന് ഡൊമിനി വിളിച്ച് പറഞ്ഞ പറഞ്ഞപ്പോള്‍ ബോണറ്റ് തുറക്കാനുള്ള സുനാള്‍ട്ട് കാണാതെ കൂരച്ച് തുടങ്ങിയ നെഞ്ച് വീണ്ടും വിരിച്ച് ഞാന്‍ പുറത്തിറങ്ങി.
അല്പം തുറന്ന് കിടക്കുന്ന ബോണറ്റിനിടയിലൂടെ കയ്യിട്ട് ബോണറ്റ് തുറക്കാന്‍ പിന്നേയും എടുത്തു ഒരു പത്ത് മിനിറ്റ്.
ബോണറ്റ് തുറന്നതും ആദ്യം തന്നെ ശ്രദ്ധയില്‍ പെട്ടത് തിരിച്ച് തുറക്കാവുന്ന ഒരടപ്പാണ്. ചലോ ഇത് തന്നെ വെള്ളമൊഴിക്കാനുള്ള സ്ഥലം. ഇടം വലം നോക്കാതെ, മറ്റൊന്നും ചിന്തിക്കാതെ, ബക്കറ്റില്‍ നിന്ന് ഒരു കപ്പ് വെള്ളമെടുത്ത് ഒഴിച്ചു. രണ്ടാമത്തെ കപ്പൊഴിക്കാന്‍ തുടങ്ങിയപ്പോഴേക്കും, തുളയില്‍ നിന്ന് കറുത്ത ഓയില്‍ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുകാന്‍ തുടങ്ങി.
എനിക്കും കണ്ടു നിന്ന ഡൊമിനിക്കും സംഭവം പെട്ടെന്നോടി. എഞ്ചിന്‍ ഓയിലൊഴിക്കേണ്ടിടത്താണ് ഞാന്‍ വെള്ളം ഒഴിച്ചിരിക്കുന്നത്.
എന്തിനും വണ്ടിയൊന്ന് സ്റ്റാര്‍ട്ട് ചെയ്ത് നോക്കാം എന്ന് കരുതി, ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങി.
കറ ഘറ, കറ ഘറ, കറ ഘറ, കറ ഘറ ഘറ ഘറ എന്ന ശബ്ദമല്ലാതെ വണ്ടി സ്റ്റാര്‍ട്ടാവുന്ന ലക്ഷണമില്ല. അഹങ്കാരം നഷ്ടപെട്ട് അഹംഭാവം തെല്ലുമില്ലാതെ ഞാന്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയതും, അവന്റെ കമന്റ്, ഭാഗ്യം, റേഡിയേറ്ററില്‍ ഓയില്‍ ഒഴിച്ചില്ലല്ലോ?
ശവത്തില്‍ കുത്തരുതെന്ന് പോലും പറയാനാകാതെ നിശബ്ദനായി ഞാന്‍ നിന്നു.
ഇനിയെന്താ നമ്മള്‍ ചെയ്യുക? ഞാന്‍ ഡൊമിനിയോട് ചോദിച്ചു.
നമ്മള്‍ അല്ല, ഇനിയെന്താ നീ ചെയ്യുക എന്ന് ചോദിക്ക് ആദ്യം, ഡൊമിനി വീണ്ടും എനിക്കിട്ട് താങ്ങി.
ശരി, ഇനിയെന്താ ഞാന്‍ ചെയ്യുക?
ചാവി നിന്റേലല്ലെ? വണ്ടി ഇവിടെ കിടക്കുന്നില്ലേ? നിന്റെ ബൈക്കിവിടെ ഇരിക്കുന്നില്ലേ? വര്‍ക്ക് ഷോപ്പില്‍ പോയി ആളെ വിളിച്ച് കൊണ്ട് വന്ന് ശരിയാക്കുക അത്ര തന്നെ.
പൈസ?
അതും നീ കൊടുക്ക് അല്ല പിന്നെ.
ഡാ എന്റേല് പൈസയില്ല.
പൈസ ഞാന്‍ കടമായിട്ട് തരാം. നീ ആദ്യം വര്‍ക്ക് ഷോപ്പില്‍ പോയിട്ട് മെക്കാനിക്കിനെ കൂട്ടീട്ട് വാ സമയം കളയാതെ.
വണ്ടിയുടെ ചാവി എടുക്കാന്‍ മുറിക്കുള്ളിലേക്ക് കയറുമ്പോള്‍, ആനയെ വാങ്ങീന്ന് വച്ച് പാപ്പാനാവാന്‍ പറ്റോ? വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ഇത്രയും ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ, എന്തൊക്കെയായിരുന്നു ഡയലോഗ് തൌസീടെ, ഇപ്പോ മിണ്ടാട്ടം പോലുമില്ല്യാണ്ടായി തുടങ്ങിയ കമന്റുകള്‍ ഡൊമിനി നിര്‍ലോഭം പുറത്തിറക്കി.
വര്‍ക്ക് ഷോപ്പില്‍ പോയി മെക്കാനിക്കിനേം കൂട്ടി വന്ന് കാര്യം പറഞ്ഞു.
എഞ്ചിനോയില്‍ ഒഴിക്കേണ്ട സ്ഥലത്ത് വെള്ളമൊഴിച്ചത് അബദ്ധം. അതു പോരാതെ നിങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചത് ശുദ്ധ അബദ്ധം.
ഇത്തരം അവസ്ഥയില്‍ വണ്ടി സ്റ്റാര്‍ട്ടാവില്ല, എങ്കിലും, കഷ്ടകാലത്തെങ്ങാനും എഞ്ചിന്‍ സ്റ്റാര്‍ട്ടായിരുന്നുവെങ്കില്‍ തന്നെ പുതിയ എഞ്ചിന്‍ വാങ്ങി വക്കേണ്ടി വന്നേനെ.
അല്ല മാഷെ, ഇനിയിപ്പോ എന്താ ചെയ്യാ? അക്ഷമനായ ഡൊമിനി ചോദിചു.
ഇനിയിപ്പോ ഇതിലുള്ള വെള്ളം കലര്‍ന്ന എഞ്ചിനോയില്‍ കളയണം. എഞ്ചിനില്‍ ഒരു തുള്ളി വെള്ളം പോലും ഇരുന്നാല്‍ എഞ്ചിന്‍ പോകാന്‍ അതു മതി. . ആയതിനാല്‍ ആദ്യം കരി ഓയില്‍ ഒഴിച്ച് എഞ്ചിന്‍ വൃത്തിയാക്കണം. അതിനുശേഷം പിന്നെ കരിയോയില്‍ മാറ്റി മാറ്റി ഒരു മൂന്ന് പ്രാവശ്യം ഒഴിച്ച് വൃത്തിയാക്കണം, ശേഷം പുതിയ ഓയില്‍ ഒഴിച്ച് ഒരുമണിക്കൂര്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് വച്ച് സെറ്റാക്കണം. എന്തായാലും ഇന്ന് പറ്റില്ല. വണ്ടി കെട്ടി വലിച്ച് വര്‍ക്ക്ഷോപ്പില്‍ കൊണ്ട് പോകേണ്ടി വരും. ഞാന്‍ നാളെ രാവിലെ വരാം.
എത്രയാവും ചേട്ടാ?
ഒരു ആയിരം ആയിരത്തിയഞ്ഞൂറ് രൂപയോളം എന്തായാലും ആവും.
മസൂറി ട്രിപ്പ് ക്യാന്‍സല്‍ഡ് ഡൊമിനി ഡിക്ലയര്‍ ചെയ്തു.
പിറ്റേ ദിവസം രാവിലെ ആദികുറുമാനും, ഡൊമിനിയും ഓഫീസിലേക്ക് പോയപ്പോള്‍ ഞാന്‍ പോയതോ?
വര്‍ക് ഷോപ്പിലേക്ക്!
ഗുണപാഠം : അറിയാത്ത കാര്യം അറിയില്ല എന്ന് പറയാനുള്ള ചങ്കുറ്റം കാണിച്ചാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ തലകുനിക്കേണ്ടിയും വരില്ല പഠിക്കാന്‍ ഒരവസരം നമുക്ക് കിട്ടുകയും ചെയ്യും.

Wednesday, September 26, 2007
തെറ്റിദ്ധരിക്കപെടുന്നവ
അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഏതോ ഒരുവന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും പ്രസവം അടുക്കാറായെന്നും പ്രസവം നോക്കാനും, പ്രസവം കഴിഞ്ഞു പെണ്ണിനേയും കുഞ്ഞിനേയും നോക്കാനും മറ്റുമായി പെണ്ണിന്റെ അമ്മായിയമ്മയെ അഥവാ പെണ്ണിന്റെ ഭര്‍ത്താവിന്റെ അമ്മയെ, അമേരിക്കയിലേക്ക് കൊണ്ടു പോകുന്നുവെന്നും കേട്ട് ഞങ്ങള്‍ ചുമ്മാ ഒന്ന് ഞെട്ടി.
വല്ലവരും അമേരിക്കയിലേക്ക് പോകുന്നുവെന്ന് കേട്ട് ഞങ്ങള്‍ എന്തിനാ ഞെട്ടുന്നതെന്ന് ഓര്‍ത്ത് നിങ്ങള്‍ ഞെട്ടിയോ?
എങ്കില്‍ നിങ്ങള്‍ ഞെട്ടാന്‍ വരട്ടെ. ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടിട്ട് ഞെട്ടുകയോ പൊട്ടുകയോ നിങ്ങളുടെ സൌകര്യം പോലെ എന്താ വേണ്ടതെന്ന് വച്ചാല്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.
ഈ പറയുന്ന അമ്മായിയമ്മ ഞങ്ങളുടെ ഹൌസ് മെയിഡാകുന്നു അല്ലെങ്കില്‍ ആയിരുന്നു. ഇന്നോ, ഇന്നലെയോ, മിനിഞ്ഞാന്നോ മുതലല്ല അവര്‍ ഞങ്ങളുടെ ഹൌസ് മെയിഡായി ജോലി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഞങ്ങളോടൊപ്പം താമസിച്ച്, ഞങ്ങളുടെ എണ്ണ, സോപ്പ്, ഷാമ്പൂ, എന്നിവ ഉപയോഗിച്ച്, ഒരേ ഭക്ഷണം കഴിച്ച് ഒരേ കുടുംബത്തിലെ അംഗം പോലെ കഴിഞ്ഞിരുന്ന അവര്‍ ലീവിനു നാട്ടിലേക്ക് വന്നതും തിരിച്ചു വന്നതും ഞങ്ങളോടൊപ്പമായിരുന്നു.
അങ്ങനെ ഒരു കുടുംബാംഗത്തെ പോലെ കഴിഞ്ഞിരുന്ന ഒരാള്‍ ലീവ് സാലറിയും വാങ്ങി നാട്ടില്‍ പോയി ലീവു കഴിഞ്ഞു വന്നതും, ഒരു സുപ്രഭാതത്തില്‍ പറയുന്നു, അതേ, ഞാന്‍ അമേരിക്കയിലേക്ക് പൂവാണട്ടാ. ഒക്കെ പെട്ടെന്നായിരുന്നു. എന്റെ മരുമോളുടെ പ്രസവം അടുത്തു. വിസയെല്ലാം ലീവിനു ചെന്നപ്പോ ഞാന്‍ മദ്രാസില്‍ പോയി അടിപ്പിച്ചു.
അല്ല ചേച്ചി മകന്റെ കാര്യം ഞങ്ങള്‍ ചോദിക്കുമ്പോഴെല്ലാം, കഷ്ടപെട്ട് പഠിപ്പിച്ച് വളര്‍ത്തിയ ഉമ്മാനോട് അവനല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ എനിക്ക് ഈ മരുഭൂമിയില്‍ വന്ന് കഷ്ടപെടേണ്ടി വരുമായിരുന്നാ എന്ന് നാഴികക്ക് മുപ്പത്തിയൊമ്പത് തവണ പറയണ ചേച്ചി പ്രസവം നോക്കാന്‍ പെണ്ണിന്റെ അമ്മയാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍ എനിക്കങ്ങനെ ഒരു മകനുമില്ല, ഒരു മരുമോളുമില്ല എന്ന് പറഞ്ഞ ചേച്ചി, ഇപ്പോ അമേരിക്കയിലേക്ക് പെട്ടെന്ന് പോകുവാനുള്ള കാരണം?
അതാ, അത് പടച്ചവന്റെ ഓരോ കളികളല്ലെ? ആ എരണം കെട്ടവളുണ്ടല്ല, എന്റെ മരുമോളുടെ ഉമ്മ. അവളാണല്ല അമേരിക്കയിലേക്ക് പോവാന്‍ എന്നെകുറിച്ച് ഓതി ഓതി അവനെ തിരിപ്പിച്ച്, വിസാക്കുള്ള പേപ്പറും ശരിയാക്കി, ജീന്‍സും, ടോപ്പും വാങ്ങി,പെട്ട്യേം പാക്ക് ചെയ്ത് കാത്തിരുന്നത്. അവള് വീണ് കയ്യും കാലും, തണ്ടലും, എല്ലാം ഒടിഞ്ഞ് മക്കാറായി. പടച്ചവന്റെ കൃപയാല് ചുടുകാട്ടിലിക്ക് കെട്ടിയെടുക്കേണ്ടി വന്നില്ല. അപ്പോ എന്റെ മോന് ഉമ്മാനോട് സ്നേഹം തോന്നി, ഉമ്മാനോട് ഇപ്പോള്‍ തോന്നിയ സ്നേഹത്തിന്റെ കാരണോം എനിക്കറിയാം. അബടെ എണ്ണികൊടുക്കണം മണിക്കൂറിന് ഡോളറില്‍. ഞാനാകുമ്പോ ടിക്കറ്റു മാത്രം മതിയല്ല. അല്ലാണ്ടവനുണ്ടാ എന്നെ കൊണ്ട് പോകാന്‍ പോണ്. പെണ്ണുകെട്ടി ഒപ്പം കെടന്നപ്പോ തുടങ്ങിയതാ അവന് എന്നോടുള്ള ഒരകല്‍ച്ച.
പിന്നെ ഞാന്‍ പോകാന്ന് കരുതീത് തന്നെ, അമേരിക്ക കാണണം എന്ന് നല്ല് പൂതീള്ളത് കാരണാ. ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്റ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ താമസിച്ച് ഇന്ത്യക്കാരായ പല പല ഏംബസ്സിക്കാരുടെ വീട്ടില്‍ ജോലി ചെയ്തപ്പോ തൊട്ടുള്ള പൂതിയാ അമേരിക്കക്കും, ഹജ്ജിനും ഒന്ന് പോണംന്ന്. ഹജ്ജിന് നാലഞ്ച് വര്‍ഷം മുന്‍പേ ഖത്തറിലായിരുന്നപ്പോള്‍ തന്നെ പോയി, ഇപ്പോ ദാ അമേരിക്കയില്‍ പോവാനും അവസരം വന്ന്. എല്ലാം പടച്ചവന്റെ കൃപ.
ആഹ, അത് നല്ല കാര്യം. ആകട്ടെ, ചേച്ചിക്കെപ്പോഴാ പോകേണ്ടത്?
ഇന്ന് പറ്റ്യാ ഇന്ന് തന്നെ പോകണംന്നാ എനിക്ക്. അതല്ലാ ഇനി ഇപ്പോ നിങ്ങള്‍ക്ക് വല്ല അസൌകര്യം ഉണ്ടെങ്കില്‍ രണ്ട് ദിവസം കൂടി നില്‍ക്കാം.
അല്ല ചേച്ചി, ഇപ്പോ പൊതുമാപ്പൊക്കെ പ്രഖ്യാപിച്ചിരിക്കുന്ന കാലമല്ലെ? ജോലിക്കാളെ കിട്ടാന്‍ ഭയങ്കര പ്രയാസമാ. ഇത്ര പെട്ടെന്ന് പോവുകയാണെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എന്തു ചെയ്യും? ഞങ്ങള്‍ ജോലിക്ക് പോയാല്‍ കുട്ടികളെ ആരു നോക്കും? മൂത്തവളെ അതിരാവിലെ താഴെ പോയി സ്കൂള്‍ ബസ്സില്‍ കയറ്റിയയക്കണം. പതിനൊന്നരക്ക് തിരിച്ചു വരുമ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ നിന്ന് പിക്ക് ചെയ്യണം, ഇതൊക്കെ ആരു ചെയ്യും?
എന്റെ മോനെ, അതൊക്കെ നിങ്ങളാരേലും കണ്ട് പിടിക്ക്. വേണേല്‍ ഞാന്‍ എന്റെ കൂട്ടുകാരികളിലാരോടെങ്കിലും ചോദിക്കാം വല്ലോരും ഉണ്ടോ പണിക്കെന്ന്.
എന്തൊരു സൌജന്യം. നാട്ടില്‍ വച്ച് ഒന്ന് പറഞ്ഞിരുന്നെങ്കില്‍ അവിടുന്നാരേയെങ്കിലും കെട്ടിയെടുക്കാനുള്ള വഴികള്‍ നോക്കിയിരുന്നേനെ!
ഇന്ന് വെള്ളിയാഴ്ച, എന്തായാലും ചേച്ചി ഒരു പത്ത് ദിവസത്തെ സമയം താ, അതിന്നിടയില്‍ ഞങ്ങള്‍ ആരെയെങ്കിലും കണ്ടു പിടിക്കുകയോ, അതുമല്ലെങ്കില്‍ നല്ല ഒരു ബേബി സിറ്റിങ്ങിലെങ്കിലും ഏര്‍പ്പാടാക്കാം.
അയ്യോ മോനെ, അങ്ങനെ പറഞ്ഞാല്‍ എങ്ങിനേയാ? തിങ്കളാഴ്ചത്തേക്കുള്ള ടിക്കറ്റ് വരെ ഞാന്‍ ബുക്ക് ചെയ്തു. എനിക്ക് പോണം മോനെ.
ഇത്രയും നാള്‍ കുടുംബത്തിലെ ഒരംഗത്തിനെ പോലെ കരുതി, ഭക്ഷണം വരെ ഞങ്ങള്‍ പാചകം ചെയ്തു,(അവര്‍ വക്കുന്ന ഭക്ഷണം അവരുടെ സ്വാദിനനുസരിച്ചും, അവര്‍ക്ക് പ്രഷറായതിനാല്‍ ഉപ്പെല്ലാം വളരെ കുറച്ചും ആയതിനാല്‍ രുചിയോടെ വല്ലതും കഴിക്കണമെന്നുള്ളതിനാല്‍ ഞങ്ങള്‍ തന്നെ പാചകം ചെയ്യുകയാണ് പതിവ്) ആകെപാടെ ചേച്ചിക്ക് ചെയ്യാനുണ്ടായിരുന്ന ജോലി, ബ്രേക്ക് ഫാസ്റ്റുണ്ടാക്കലും, മുറി വൃത്തിയാക്കലും, പിള്ളാരെ കുളിപ്പിക്കലും, വാഷിങ്ങ് മെഷീനില്‍ അലക്കാനുള്ള തുണികള്‍ ഇടുകയും, അത്താഴത്തിനും, മുത്താഴത്തിനും കറിയും, തോരനും വക്കാനുള്ള പച്ചക്കറികള്‍ നുറുക്കുകയും, മീന്‍ വറുക്കകയും മാത്രം, എന്നിട്ടും രണ്ട് ദിവസത്തെ നോട്ടീസില്‍ പോകണം എന്ന് പറയുന്നു. ഇത് അന്യായമല്ലെ? ചേച്ചി തിങ്കളാഴ്ചയാക്കണ്ട. ഇപ്പോള്‍ തന്നെ പൊയ്ക്കോ. വ്യാഴാഴ്ച രാത്രിമുതല്‍ വെള്ളിയാഴ്ച പുലര്‍ച്ച വരെ തേമ്പിയതിന്റെ കെട്ട് അപ്പോഴും വിട്ടിട്ടില്ലാത്തതിനാല്‍ എന്റെ കണ്ട്രോള്‍ പെട്ടെന്ന് തന്നെ കൈവിട്ട് പോയതിന്റെ ഫലമായി ഞാന്‍ പറഞ്ഞു.
ബന്ധുജനങ്ങള്‍ കടുകുപൊതി പൊട്ടി നിലത്തു വീണപോലെ ദുബായ് മൊത്തം പരന്നു നിരന്നു കിടക്കുന്നതിനാലും, ഇരിക്കുന്നതിനാലും, കേട്ടപാതി കേള്‍ക്കാത്ത പാതി, ചേച്ചി പെട്ടിയും, ബാഗുമെല്ലാം എടുത്തിറങ്ങി.
വെള്ളി ശനി ദിവസങ്ങള്‍ മുടക്കായതിനാല്‍ മെയിഡില്ലെങ്കിലും നമുക്ക് കാര്യങ്ങള്‍ ചെയ്യണമല്ലോ എന്ന മനസ്ഥിതിയോടെ പണികളൊക്കെ ഊര്‍ജിതമായി ചെയ്തു (അല്ലെങ്കിലും വ്യാഴാഴ്ച രാത്രി പോയാല്‍ മെയിഡ് വെള്ളിയാഴ്ച രാത്രിയേ തിരിച്ച് വരുക പതിവുള്ളൂ), വെള്ളി കഴിഞ്ഞു, ശനി വന്നു. പിറ്റേ ദിവസം മുതല്‍ രണ്ട് പേര്‍ക്കും ജോലിക്ക് പോകണം. പിള്ളാരുടെ കാര്യം എന്തു ചെയ്യും?
ഒന്നിടവിട്ട് ഒരാള്‍ ലീവെടുത്താലോ? വാമഭാഗം ചോദിച്ചു.
ഓ, പിന്നെ ലീവ് കഴിഞ്ഞ് വന്ന് കയറിയതേയുള്ളൂ, പണി ചെയ്യാന്‍ തുടങ്ങിയിട്ടേയുള്ളൂ. എനിക്ക് ലീവ് കിട്ടില്ല, നീ വേണമെങ്കില്‍ ജോലി രാജി വച്ചോ?
ഉവ്വ് അതിനിമ്മിണി പുളിക്കും. ഇതുപോലെ ഒരു ജോലി ഇനി ലൈഫില്‍ കിട്ടില്ല. ആഴ്ചയില്‍ നാലര ദിവസം മാത്രം ജോലി. അതില്‍ രണ്ട് ദിവസം ബോസ്സ് ഉണ്ടാകില്ല. വര്‍ഷാ വര്‍ഷം ലീവ്, ടിക്കറ്റ്, ബോണസ്സ്. നിങ്ങള്‍ ജോലി വിട്ടാലും ഞാനീ ജോലി വിടില്ല മോനെ!!
അവിടുന്നു തുടങ്ങിയ സംഭാഷണം, പഴതൊലിയില്‍ ചവിട്ടിയതുപോലെ വഴുക്കി, വഴുക്കി കലഹത്തിലേക്കെത്തി ചേര്‍ന്നപ്പോള്‍, എന്റെ ഫ്ലാറ്റില്‍ തന്നെ താമസിക്കുന്ന എന്റെ സഹപ്രവര്‍ത്തകനും, നാട്ടുകാരനുമായ നവീന്റെ അമ്മ , എന്റെ മക്കള്‍ നന്ദന വല്ല്യാന്റി എന്ന് വിളിക്കുന്ന ആന്റി, നിങ്ങള്‍ പേടിക്കണ്ട് മക്കളെ, ഇനി ഒരു മെയിഡിനെ കിട്ടുന്നത് വരെ, ഉച്ചക്ക് മോളെ സ്കൂള്‍ ബസ്സ് വരുന്ന സമയത്ത് പിക്ക് ചെയ്യാമെന്നും, കുട്ടികളുടെ കാര്യങ്ങള്‍ എല്ലാം നോക്കാം എന്നും പറഞ്ഞതിന്റെ ധൈര്യത്തില്‍ ഞങ്ങള്‍ അന്നത്തെ കലഹം അവിടെ വച്ചവസാനിപ്പിക്കുകയും, അന്നത്തെ അപ്പത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള സണ്‍ റൈസ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുകയും ചെയ്തു.
ആഴ്ചയില്‍ ഒരു ദിവസം മാത്രമേ ഇറച്ചികറി വക്കൂ, അതു വെള്ളിയാഴ്ച. വെള്ളിയാഴ്ച ഉച്ചക്ക് വക്കുന്ന കറി ശനിയാഴ്ച ഉച്ചക്ക് വരെ ഉണ്ടാകും. പിന്നീടു വരുന്ന ദിവസങ്ങളില്‍ രാത്രി വക്കുന്ന ഭക്ഷണം തന്നെയാണ് ലഞ്ചായും കഴിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് വേറെയും. അതായത് ശരാശരി രണ്ട് പേരും വര്‍ക്ക് ചെയ്യുന്ന മരുഭൂമിയിലെ കൂലി പണിക്കാരന്റെ വീട്ടിലെ അടുപ്പ് ദിവസം രണ്ട് നേരമേ പുകയൂ എന്നര്‍ത്ഥം. രാവിലെ നാശ്തക്കും, രാത്രി അത്താഴത്തിനും. അത്താഴത്തിനു വച്ചതു തന്നെ ഉച്ചക്ക് ലഞ്ചായും ഉപയോഗിക്കുന്നു മരുഭൂമിയിലെ ഒട്ടകങ്ങളാവാന്‍ വിധിക്കപെട്ടവര്‍.
വെള്ളിയാഴ്ച പതിവുപോലെ പാര്‍ക്കും, ഷോപ്പിങ്ങ് മാളുകളും എല്ലാം കറങ്ങി അത്താഴവും കഴിഞ്ഞ് വന്നു കിടന്നുറങ്ങി. ശനിയാഴ്ച രാവിലെ എഴുന്നേറ്റപ്പോഴാണ് ഫ്രിഡ്ജില്‍ ദോശക്കോ ഇഡ്ഡലിക്കോ ഉള്ള മാവ് ഇല്ലെന്ന് തിരിച്ചറിഞ്ഞത്. പരസ്പരം മുഖം നോക്കി. കുറ്റപെടുത്തലുകള്‍ക്കര്‍ത്ഥമില്ലാത്തതിനാല്‍, ശരവണ ഭവനില്‍ വിളിച്ച് ബ്രേക്ക് ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്തു.
ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം മെയിഡില്ലാത്ത ലൈഫ് എങ്ങനെ ഓര്‍ഡറാക്കണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ച നല്ലപാതി തുടങ്ങി. സാക്ഷരതാ ക്ലാസിലെ വിദ്യാര്‍ത്ഥിയെപോലെ ഞാന്‍ എല്ലാം ശ്രവിച്ചു.
ബ്രേക്ക് ഫാസ്റ്റ് ഞാന്‍ തയ്യാറാക്കാം,ഡിന്നര്‍ ഞാന്‍ തയ്യാറാക്കാം, വീടടിച്ച് തുടക്കുന്നതു ഞാന്‍ ചെയ്യാം, തുണികള്‍ ഞാന്‍ വാഷിങ്ങ് മെഷീനിലിടാം, മോളുടെ ഹോം വര്‍ക്ക് ഞാന്‍ ചെയ്യിക്കാം, പാത്രങ്ങള്‍ എല്ലാം ഞാന്‍ കഴുകാം. നിങ്ങള്‍ ചെയ്യേണ്ടത്, രാവിലെ മോളെ പല്ലു തേപ്പിച്ച് വസ്ത്രം മാറ്റി, യൂണിഫോം ഇടുവിച്ച്, പാല്‍ തിളപ്പിച്ച്, കോണ്‍ ഫ്ലേക്സ് കൊടുത്ത്, ബസ്സ് സ്റ്റോപ്പില്‍ കൊണ്ടു പോയി ബസ്സ് കയറ്റി വിടുക, പിന്നെ വാഷിങ്ങ് മെഷീനിലിട്ട തുണികള്‍ എടുത്ത് ഉണങ്ങാന്‍ ഇടുക, രണ്ടു പേര്‍ക്കുമുള്ള ലഞ്ച് പായ്ക്ക് ചെയ്യുക അത്ര മാത്രം.
മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങില്‍ ആ പ്രമേയം സ്പോട്ടില്‍ തന്നെ പാസ്സായി.
ശനിയാഴ്ച ഉച്ചക്ക് തന്നെ നല്ല പാതി മൂന്നാലു ദിവസത്തെക്ക് ഇഡ്ഡലിക്കും ദോശക്കുമുള്ള മാവ് മൊത്തമായരച്ചു. വൈകുന്നേരം പതിവുപോലെ കറങ്ങി തിരിഞ്ഞു വരുന്ന വഴി കറിക്കുള്ള സാധങ്ങള്‍ വാങ്ങിയും, അല്പ സ്വല്പം വഴിവക്കില്‍ നിന്നും സ്വരുക്കൂട്ടിയും കൂടണഞ്ഞു.
ഞായറാഴ്ച രാവിലെ ആറുമണിക്ക് അലാറം മരണമണിമുഴക്കിയപ്പോള്‍ എഴുന്നേല്‍ക്കുകയല്ലാതെ വേറെ ഒരു പോം വഴിയില്ലാത്തതിനാല്‍ ഞാന്‍ എഴുന്നേറ്റു. മോളെ പല്ലു തേപ്പിച്ച്, വസ്ത്രം മാറ്റി, കോണ്‍ ഫ്ലേക്സ് കൊടുത്ത്, യൂണി ഫോമിടുവിച്ച് ബാഗും മറ്റുമെടുത്ത് സ്കൂള്‍ ബസ്സില്‍ കയറ്റി വിട്ട് തിരിച്ചെത്തി. എത്തിയതും, ബാത് റൂമില്‍ കയറി, പല്ലുതേച്ചെന്നു വരുത്തി, കാക്കകുളി കുളിച്ച്, വിളക്ക് കൊളുത്തി, ചന്ദനതിരിയും കത്തിച്ച് വന്നപ്പോള്‍, ആവി പറക്കുന്ന ഇഡ്ഡലിയും, ചട്നിയും, എന്റെ കൊളീഗ്സ് വെടിമരുന്നെന്നു വിളിക്കുന്ന ചമ്മന്തിപൊടിയും മേശ പുറത്ത് തയ്യാര്‍. സമയമില്ലാത്തതിനാല്‍ അത് പായ്ക്ക് ചെയ്താല്‍ മതിയെന്നു പറഞ്ഞതിന്‍ പ്രകാരം അവള്‍ ഏഴിഡ്ഡലിയും, ചട്നിയും, ചമ്മന്തിപൊടിയും പായ്ക്ക് ചെയ്തു. ഒപ്പം ലഞ്ചും.
സമയം എട്ടാകുന്നു. എട്ടരക്ക് ഓഫീസിലെത്തണം. നാല്പത്തഞ്ച് കിലോമീറ്റര്‍ താണ്ടണം രാവിലെ ഓഫീസിലേക്ക്. വൈകീട്ടാണെങ്കില്‍ അമ്പത്തഞ്ചും (വൈകീട്ടാവുമ്പോള്‍ റോഡിനു വെയിലു കൊണ്ട് നീളം കൂടുന്നതല്ല, ട്രാഫിക്ക് കാരണം റൂട്ട് മാറ്റി ചവിട്ടുന്നതാണ്. മാത്രമല്ല രാവിലെ നാല് ദിര്‍ഹം ടോള്‍ കൊടുക്കണം, വൈകുന്നേരവും നാല് കൊടുക്കുന്നത് വേസ്റ്റല്ലെ?)
ബാഗില്‍ ബ്രേക്ക് ഫാസ്റ്റും, ലഞ്ചും കുത്തിനിറച്ച് വണ്ടിയില്‍ കയറി ചവിട്ടി വിട്ടു ജബേല്‍ അലിയിലേക്ക്. നൂറ്റിനാല്പതിലും, നൂറ്റി അമ്പതിലും ഓടിക്കുമ്പോഴും ശ്രദ്ധ മുഴുവന്‍ റഡാര്‍ എവിടെ കാണുന്നു എന്നാണ്. റഡാര്‍ ദൂരെ നിന്നു തന്നെ കാണുമ്പോഴേക്കും സ്പീഡ് നൂറ്റി പത്തില്‍ എത്തിക്കണം. ഒരു വിധം എട്ടേ നാല്പത്തഞ്ചിനു ഓഫീസില്‍ എത്തി പറ്റി. പതിവുപടി ജോലികള്‍.
വീക്കെന്റ് കഴിഞ്ഞു ഓഫിസില്‍ കയറി കമ്പ്യൂട്ടര്‍ തുറക്കുവാന്‍ മടിയാണ് , ആയിരത്തിലധികം ഒഫീഷ്യല്‍ മെയില്‍ എന്റെ ഇന്‍ബോക്സില്‍ എന്നെ കാത്തിട്ടെന്ന പോലെ കണ്ണും തുറിച്ചിരിക്കുന്നുണ്ടാവും എന്നത് തന്നെ കാരണം.
പത്ത് മണിക്ക് പതിവുപോലെ ഉറ്റ ഗഡികളായ ടെരന്‍സും, സ്റ്റീവനും, വിശാലുമൊത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പാന്‍ട്രിയിലേക്ക് നീങ്ങി.
ബാഗ് തുറന്ന് ഇഡ്ഡലി പാക്ക് ചെയ്ത പാത്രം എടുത്ത് അവനില്‍ വെച്ചു. ചട്നിയും, വെടിമരുന്നും വച്ച ബൌളുകള്‍ പുറത്ത് പ്രത്യേകം എടുത്തു വച്ചു. ഗ്ലാസില്‍ ടീ ബാഗിട്ട്, പഞ്ചസാരയിട്ട്, ചൂടുവെള്ളമൊഴിച്ചു. അവനില്‍ നിന്നും ഇഡ്ഡലി പുറത്തെടുത്തു. എല്ലാവരും അവരവരുടെ ബ്രേക്ക് ഫാസ്റ്റ് പുറത്തെടുത്തു. ചലോ സ്റ്റാര്‍ട്ട്.
ഒരു കഷണം ഇഡ്ഡലി ചട്നിയില്‍ മുക്കിയതിനൊപ്പം തന്നെ ചമ്മന്തിപൊടിയില്‍ ഒന്നു മാന്തിയതിനു ശേഷം വായിലേക്കു വച്ചു.
അബേ......തേരാ ഇഡ്ഡലി ഔര്‍ ചട്നി തോ ആജ് സെക്സി ലഗരഹേ....ബീവി നേ ബനായാ ക്യാ? (ഡാ, നീ കൊണ്ടു വന്നിരിക്കുന്ന ഇഡ്ഡലിയും ചട്നിയും കാണാന്‍ തന്നെ സെക്സിയായിരിക്കുന്നു , ഭാര്യ ഉണ്ടാക്കിയതാണോ?)
ജീ ബാബാ.... മെയിഡ് തോ ചലീ ഗയീ. ആജ് ബീവി കാ ഹാത്ത് കീ നാശ്താ.....ചലോ ഹാത്ത് ലഘാവോ. (അതേഡാ, ഹൌസ് മെയിഡ് പണിവിട്ട് പോയി, ഇന്ന് ഭാര്യ തന്നെ പ്രാതല്‍ ഉണ്ടാക്കി. വാ, നമുക്കൊരുമിച്ച് കഴിക്കാം) ഏഴിഡ്ഡലിയുടേയും, ചട്നിയുടേയും വെടിമരുന്നിന്റേയും വാതില്‍ അവര്‍ക്കായി ഞാന്‍ തുറന്നു വച്ചു.
വായില്‍ വച്ച ഇഡ്ഡലി പല്ലുകള്‍ക്കിടയില്‍ പിടയാന്‍ തുടങ്ങിയപ്പോഴേക്കും, പൊടുന്നനെ പാന്‍ട്രിയുടെ വാതില്‍ തുറന്നു. ക്ലീറ്റസാണ്, എന്റെ സഹപ്രവര്‍ത്തകരില്‍ ഒരുവന്‍.
കുറുമാന്‍ജീ, ഒരു അര്‍ജന്റ് ഫോണ്‍, സപ്ലൈയര്‍ ആണ്. യു കെ യില്‍ നിന്നും.
സപ്ലയറുടെ മാതാ പിതാക്കന്മാര്‍ക്ക് വന്ദനം നേര്‍ന്ന് കൊണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോടായി പറഞ്ഞു, ദാ വരുന്നു,ടിഷ്യൂവില്‍ കൈകള്‍ തുടച്ച് ഞാന്‍ പുറത്ത് പോയി. സപ്ലൈര്‍ സംസാരം തുടങ്ങി. കാര്യമായ കാര്യമൊന്നുമല്ല. കഴിഞ്ഞ ഷിപ്പ്മെന്റില്‍ ക്വാളിറ്റി മോശമായതിനെ തുടര്‍ന്ന് അയച്ച ഡെബിറ്റ് നോട്ടിന്റെ ഭാരം അല്പം കൂടുതലാണ്. അതൊന്നു കുറക്കണം. കൂടാതെ അടുത്ത ബഡ്ജറ്റില്‍ അവര്‍ക്കെത്ര ഓര്‍ഡര്‍ ഉണ്ട്, തുടങ്ങിയ സില്ലി ചോദ്യങ്ങള്‍. ഒരുവിധം സംഭാഷണം അവസാനിപ്പിച്ചു ഞാന്‍ വിശക്കുന്ന വയറോടെ പാന്‍ട്രിയിലേക്കോടി.
വൌ, അച്ഛാ ഹോ ഗയാ തുമാരാ മെയിഡ് ചലേ ഗയാ.......ക്യാ മജാ ആയാ ബ്രേക്ക് ഫാസ്റ്റ് കാ......നറം നറം ഇഡ്ഡലി, ഔര്‍ സെക്സി ചട്നി. ഗണ്‍ പൌഡര്‍ കാ തോ ജവാബീ നഹീം ഹേ....(ദൈവത്തിനു സ്തുതി, നിന്റെ മെയിഡ് പോയത് നന്നായി. എന്താ രുചി നിന്റെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍. തുമ്പപ്പൂപോലെ മൃദുവായ ഇഡ്ഡലി, സെക്സിയായ ചട്നി, വെടിമരുന്നുപോലിരിക്കുന്ന ചമ്മന്തിപൊടിയുടെ സ്വാദ് പറയാനുമില്ല)
താങ്ക്സ്.........എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ നോക്കിയപ്പോള്‍ കാണുന്നത് കഴുകി വച്ചിരിക്കുന്ന എന്റെ ബ്രേക്ക് ഫാസ്റ്റ് ഡബ്ബകള്‍ മാത്രം!!
ചമ്മിയ മുഖം മറച്ച്, പുഞ്ചിരി തൂകി, ലിപ്ടന്റെ മൂന്നു ടീ ബാഗിട്ട് കടുപ്പത്തില്‍ ഒരു ചായ തയ്യാറാക്കി ഞാന്‍ എന്റെ സീറ്റിലേക്ക് നടന്നു. ശേഷം പണികളിലേക്ക് കടന്നു. സമയം പതിനൊന്നു കഴിഞ്ഞു,പതിനൊന്നര കഴിഞ്ഞു. വയറ്റില്‍ ഇലഞ്ഞിതറ മേളം. ഫോണെടുത്തു കറക്കി ഓഫീസിലെ തന്നെ ബേക്കറിയിലേക്ക്. രണ്ട് വെജിറ്റബിള്‍ സാന്റ് വിച്ചും, ഒരു എഗ് പഫും കൊടുത്തു വിടടെ.
സീറ്റില്‍ ഇരുന്നുകൊണ്ട് തന്നെ മെയിലിനൊപ്പം ബ്രേക്ക് ഫാസ്റ്റും അകത്താക്കി കഴിഞ്ഞപ്പോള്‍ സമയം ഒന്നര.
ഭായ് ചലോ, ലഞ്ച് കര്‍ത്തേ ഹേം. (വാഡാ കൂവേ, നമുക്ക് ലഞ്ച് കഴിക്കാം)
ബ്രേക്ക് ഫാസ്റ്റ് കഴിച്ചത് വയറില്‍ എത്തിയതേ ഉള്ളൂ. പാടു പെട്ടുണ്ടാക്കിയ കറിയാണെങ്കിലും ഞാന്‍ പറഞ്ഞു, മേരാ പേഡ് തോ ഫുള്‍ ഹേ ഭായ്.....തും ലോഗ് ഖാവോ........മേരാ ലഞ്ച് ഭീ ഖാവോ പ്ലീസ്. (എന്റെ വയറ് നിറഞ്ഞിരിക്കുകയാണ് പണ്ടാരങ്ങളെ, നിങ്ങള്‍ പോയി ഞണ്ണ്, ഒപ്പം ഞാന്‍ കൊണ്ടു വന്ന ലഞ്ചും കൂടി ഞണ്ണിക്കോ) എന്റെ ലഞ്ച് ബോക്സുകള്‍ എടുത്ത് ഞാന്‍ എന്റെ സുഹൃത്തുകള്‍ക്ക് നല്‍കി.
കേട്ട പാതി കേള്‍ക്കാത്ത പാതി ലഞ്ച് ബോക്സും എടുത്തവര്‍ പാഞ്ഞു പാന്‍ട്രിയിലേക്ക്.
ഞാന്‍ എന്റെ പണിയില്‍ വ്യാപൃതനായി.
ലഞ്ച് കഴിഞ്ഞ് പതിവിലും പതിഞ്ച് മിനിറ്റ് ലേറ്റായി, കഴുകിയ പാത്രവുമായി സുഹൃത്തക്കള്‍ എത്തി.
കൈസെ രഹാ ഭായ് ലഞ്ച്? (എങ്ങിനെയുണ്ടായിരുന്നു ഗഡികളെ ലഞ്ച്?)
ബഡിയാ ഭായ്, ഏക് ദം ബഡിയാ.......മഗര്‍!! (അഡിപൊളി, ഒന്നാംതരം, പക്ഷെ!!)
മഗര്‍?? (പക്ഷെ??)
ജീ ഭായ്, ഫിഷ് ഫ്രൈ, ചാവല്‍, ദാല്‍ കറി സബ് ബഡിയാ ധാ. പഹലീ ബാര്‍ നാരിയല്‍ ഡാലാ ഹുവാ ദാല്‍ കറി ഖായാ. ഏക് ദം ബഡിയാ,മഗര്‍ ദാല്‍ മേം കഡീ പത്താ ബഹുത്ത് ജ്യാദാ ധാ!. കഡീ പത്താ നിഖാല്‍നേ കേലിയേ പന്ത്രഹ് മിനിറ്റ് ലഖാ. (അതേടാ കുരിശേ, മീന്‍ വറുത്തത്, ചോറ്, പരിപ്പ് കറി, എല്ലാം അടിപൊളീന്ന് വച്ചാ അടിപൊളി. ജീവിതത്തില്‍ ആദ്യമായാ തേങ്ങ അരച്ചു ചേര്‍ത്ത പരിപ്പു കറി കഴിക്കുന്നതു. എന്താ സ്വാദ്. പക്ഷെ, പരിപ്പു കറിയില്‍ കറിവേപ്പില കണ്ടമാനം ഉണ്ടായിരുന്നു. കറിവേപ്പില എടുത്തു കളയാന്‍ മാത്രം പതിനഞ്ച് മിനിറ്റെടുത്തു.)
അവരെ ചവിട്ടണോ ഇടിക്കണോ എന്നറിയാതെ ഞാന്‍ തലയില്‍ കൈയ്യും കൊടുത്തിരുന്നു.
വാല്‍ കഷ്ണം.
ശനിയാഴ്ച രാത്രി കരാമയില്‍ മോള്‍ക്ക് യൂണിഫോം വാങ്ങാന്‍ പോയപ്പോള്‍ കടയുടെ മുന്‍പില്‍ കണ്ട മുരിങ്ങ മരത്തില്‍ കയറി, മുരിങ്ങ തണ്ടൊടിച്ച്, പുലരും വരെ, റമ്മി കളിക്കാനായി വിരിക്കും പോലെ പേപ്പര്‍ വിരിച്ച്, ഞാനും വാമഭാഗവും കൂടി വിടര്‍ത്തിയെടുത്തിയ വിറ്റാമിന്‍ ഏ യും, സിയും സമൂലം സമ്പുഷ്ടമായ മുരിങ്ങയില, പരിപ്പും തേങ്ങയും അരച്ചു ചേര്‍ത്ത എനിക്കേറ്റവും ഇഷ്ടമുള്ള കറിയുണ്ടാക്കിയത് അവര്‍ക്ക് കൊടുത്തതേത് കഷ്ടകാല നേരത്താണെന്നാലോചിച്ച് എനിക്ക് വട്ടായി. എങ്കിലും, സീറ്റിലൊന്നിളകിയിരുന്നുകൊണ്ട് എന്റെ പണിയില്‍ ഞാന്‍ വ്യാപൃതനായി.

Subscribe to:
Posts (Atom)