Wednesday, January 31, 2007

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 13

എരിയുന്ന സിഗററ്റുകുറ്റി കയ്യില്‍ എടുത്ത് നിവര്‍ന്നു നിന്ന്, ചോദ്യഭാവേന ഞാന്‍ കാപ്പിരിയെ നോക്കി.

ത്രോ ദി സിഗററ്റ് ബുട്ട് ഡൌണ്‍. കാപ്പിരി കല്പിച്ചു. സിഗററ്റ് വലിക്കാനുള്ള ആശ ഉള്ളിലൊതുക്കി, കാപ്പിരി ഇതുവരേയായി ദേഹത്ത് കൈവച്ചില്ലല്ലോ എന്ന സമാധാനത്തോടെ, സിഗററ്റ് കുറ്റി താഴെയിട്ടു.

കാപ്പിരി, തന്റെ ബൂട്സിട്ട കാലാല്‍, ആ സിഗററ്റ് കുറ്റിയെ മഞ്ഞിനുള്ളിലേക്ക് ചവിട്ടി താഴ്ത്തി. ആ കാട്ടാളന്റെ മുഖത്തെ ഭാവം, ക്രോധമോ, പുച്ഛമോ, വെറുപ്പോ എന്ന്‍ തിരിച്ചറിയുവാന്‍ കഴിയില്ലായിരുന്നു.

അയാള്‍ എന്തോ പറഞ്ഞു. മനസ്സിലാവാത്തതിനാല്‍ ഞാന്‍ ഒന്നും പറയാതെ നിന്നു.

യു ഡോണ്ട് ക്നോ ഫിന്നിഷ്? മുഴക്കമുള്ള, പരുക്കന്‍ ശബ്ദത്തില്‍ കാപ്പിരി പറഞ്ഞു.

നോ, ഐ ഡോണ്ട് ക്നോ ഫിന്നിഷ്.

കം വിത് മി.


എങ്ങോട്ടാണാവോ വിളിക്കുന്നത്? എന്തിനാണാവോ വിളിക്കുന്നത്? പോയാല്‍ എന്തു ചെയ്യുമോ എന്തോ? പോയില്ലെങ്കില്‍, ദ്വേഷ്യം വന്ന്, ഒരു പക്ഷെ ഒരടി തന്നാല്‍, ഇരുപത്തഞ്ചു വയസ്സില്‍ ഞാന്‍ കോമയില്‍ പോകും എന്നുറപ്പ്. എന്തും വരട്ടെ എന്നു കരുതി അയാളുടെ പിറകെ ഞാന്‍ നടന്നു.

തുറന്നിട്ട വലിയ വാതിലിലൂടെ അയാള്‍ ഹാളിന്നകത്തേക്ക് കയറി. ഒപ്പം ഞാനും. ഹാളില്‍ അവിടവിടേയായി വളരെ ചുരുക്കം ആളുകള്‍ നില്‍ക്കുന്നും, ഇരിക്കുന്നുമുണ്ടായിരുന്നു.

ഒഴിഞ്ഞ ഒരു ബെഞ്ചില്‍ അയാള്‍ ഇരുന്നു. നില്‍ക്കണോ, ഇരിക്കണോ എന്ന് ചിന്തിച്ചിരുന്ന എന്നോടയാള്‍ ആഞ്ജാപിച്ചു, ഇരിക്കൂ.

ഇനിയെപ്പോള്‍ ആലോചിച്ചിട്ട് നിന്നിട്ടെന്തു കാര്യം? ഞാന്‍ ഇരുന്നു. വരുന്നത്, വരുന്നിടത്തു വച്ചു കാണുക തന്നെ.

ആര്‍ യു ഫ്രം ഇന്ത്യ?

യെസ്.

വിച്ച് പാര്‍ട്ട് ഓഫ് ഇന്ത്യ?

കേരള.

ഓഹ്. വെരി നൈസ് പ്ലേസ്. ഐ ഹാവ് ബീന്‍ ദെയര്‍ ട്വൈസ്. അയാളുടെ പരുക്കന്‍ ശബ്ദത്തിന്റെ മുറുക്കം കുറഞ്ഞത് ഞാനറിഞ്ഞു.

നിനക്ക് സിഗററ്റ് വലിക്കണമെന്നുണ്ട് അല്ലെ?

അതെ, എനിക്കൊരു സിഗററ്റ് മുഴുവനായില്ലെങ്കിലും വേണ്ടില്ല, രണ്ടു പുക കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

നോ പ്രോബ്ലം. ഐ വില്‍ ഗിവ് യു.

ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും അല്പം തടിച്ച ഒരു പൊതി അയാള്‍ പുറത്തെടുത്തു. പിന്നെ ആ പൊതി തുറന്ന് , ടുബാക്കോവിന്റെ ഒരു പൊതി, ഫില്‍റ്ററിന്റെ ഒരു പൊതി, സിഗററ്റ് റോള്ളര്‍ എന്നിവ പുറത്തെടുത്തതു കൂടാതെ, ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും, സിഗററ്റ് പേപ്പറിന്റെ അഥവാ റാപ്പറിന്റെ ഒരു പായ്ക്കറ്റും പുറത്തെടുത്തു.


ഒരു സിഗററ്റ് പേപ്പറെടുത്ത്, നാട്ടില്‍ ഇന്‍ലന്റ് ഒട്ടിക്കുന്നതുപോലെ ഒരു വശം ചെറുതായൊന്നു നനച്ച്, സിഗററ്റ് റോളറില്‍ വച്ച്, പേപ്പറിന്റെ കീഴെ ഒരു ഫില്‍റ്റര്‍ വച്ച്, കുറച്ച് ടുബാക്കോ വാരി പേപ്പറിലിട്ടൊന്നു പരത്തിയതിന്നു ശേഷം, റോള്ളര്‍ രണ്ടു തവണ കറക്കി. പിന്നെ സിഗററ്റെടുത്ത് എനിക്ക് നല്‍കി, ഒപ്പം കത്തിക്കാനായ്, ലൈറ്ററും. ഞാന്‍ സിഗററ്റ് കത്തിച്ച്, രണ്ടു പുക എടുക്കുന്നതിന്നിടെ തന്നെ, അവനും ഒരു സിഗററ്റ് തയ്യാറാക്കി വലിക്കാന്‍ തുടങ്ങി.

എന്താ പേര്? കാപ്പിരി എന്നോട് ചോദിച്ചു.

അരുണ്‍ കുമാര്‍. താങ്കളുടേയോ?

അതറിഞ്ഞിട്ട് താങ്കള്‍ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടെന്ന് തോന്നില്ല, അതിനാല്‍, ആ ചോദ്യം അപ്രസക്തം! അത്രയും പറഞ്ഞ്, കാജാ ബീഡി കമ്പനിയിലെ തിരുപ്പുകാരെ പോലെ, സിഗററ്റ് ഉണ്ടാക്കുവാന്‍ തുടങ്ങി. ഉണ്ടാക്കി കഴിഞ്ഞ ഓരോ സിഗററ്റും അയാള്‍ ബെഞ്ചില്‍ വെച്ചു.

നീ അസൈലം അപേക്ഷിച്ചിരിക്കുകയാണല്ലെ? ഒരു ജ്യോതിഷിയെ പോലെ അയാള്‍ എന്നോട് ചോദിച്ചു.

അതെ. പക്ഷെ, നിങ്ങള്‍ക്കെങ്ങിനെയറിയാം ഞാന്‍ അസൈലം അപ്ലൈ ചെയ്തിരിക്കുകയാണെന്ന്!

കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക സുഹൃത്തേ, അതാണെനിക്കിഷ്ടം!

ഹാളിലെ മണിയടിയൊച്ച മുഴങ്ങിയതും, ആളുകള്‍ പുറത്തു നിന്ന് ഉള്ളിലേക്ക് ഓരോരുത്തരായും, കൂട്ടമായും വരുവാന്‍ തുടങ്ങി. കാപ്പിരി, അതു വരെ ഉണ്ടാക്കിയ അഞ്ചു സിഗററ്റില്‍ നിന്നും, മൂന്നെണ്ണം എടുത്ത് എനിക്ക് നല്‍കി.

നന്ദിയുണ്ട് സുഹൃത്തെ എന്നു പറഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട് ആ കാപ്പിരി അവന്റെ മുറിയിലേക്ക് നടന്നുപോയി, ഞാനെന്റെ മുറിയിലേക്കും. മുറിയില്‍ ചെന്ന് ജാക്കറ്റ് ഊരി അലമാരയില്‍ വച്ചപ്പോഴേക്കും, അബ്ദള്ളയും മുറിയിലെത്തി.

അഞ്ച് മിനിട്ട് കഴിഞ്ഞപ്പോഴേക്കും മുറിയുടെ വാതില്‍ പതിവുപോലെ പുറമെ നിന്നും അടക്കപെട്ടു. അബ്ദള്ള പതിവുപോലെ ചാനലുകളില്‍ നിന്നു ചാനലുകളിലേക്ക് മുങ്ങാംകുഴിയിട്ട് കളിക്കാന്‍ തുടങ്ങി. സമയം കളയാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാഞ്ഞതിനാല്‍, ജാക്കറ്റിന്റെ പോക്കറ്റിലിട്ടിരുന്ന സിഗററ്റിലൊന്നെടുത്ത്, ബാഗിലുണ്ടായിരുന്ന ലൈറ്ററെടുത്ത് തീ കൊളുത്തി.
അതു ശരി. അരുണ്‍ പുക വലിക്കുന്ന ആളാണ് അല്ലെ?

അതെ. ഞാന്‍ പുക വലിക്കാറുണ്ട്.

പക്ഷെ ഇവിടെ വന്നിട്ട് ഇതു വരെ വലിക്കുന്നത് കണ്ടില്ല, അതിനാല്‍ ചോദിച്ചതാണ്.

കയ്യിലുണ്ടായിരുന്നില്ല അബ്ദള്ള, അതിനാലാണു വലിക്കാതിരുന്നത്.

ഓകെ. അപ്പോ മുകളിലെ കിയോസ്കില്‍ പോയി വാങ്ങിയതാണല്ലെ?

കിയോസ്കോ? മുകളിലോ? എനിക്കൊന്നും മനസ്സിലാവുന്നില്ല അബ്ദള്ള.

അരുണ്‍, വൈകുന്നേരം എക്സര്‍സൈസ് ചെയ്യുവാനായ് പുറമെ വിടുന്ന സമയത്ത്, മുകളിലെ നിലയിലുള്ള കിയോസ്ക് തുറക്കും. ആവശ്യക്കാര്‍ക്ക് പേസ്റ്റ്, ബ്രഷ്, ബിസ്കറ്റ്, ചോക്ക്ലേറ്റ്, സിഗററ്റ്, ലൈറ്റര്‍, തുടങ്ങിയ സാധനങ്ങളെല്ലാം, അവിടെ നിന്നും വില കൊടുത്തു വാങ്ങാം. നീ സിഗററ്റ് അവിടെ നിന്നല്ല വാങ്ങിയതെങ്കില്‍, പിന്നെ എവിടെനിന്നു കിട്ടി.

അബ്ദള്ള, ഞാന്‍ നടത്തം കഴിഞ്ഞു തിരിച്ചു വരും നേരം, ഒരു സായിപ്പ് പകുതിയെരിഞ്ഞു തീര്‍ന്ന ഒരു സിഗററ്റ് വലിച്ചെറിഞ്ഞെതുടുക്കാന്‍ തുടങ്ങിയപ്പോള്‍, വേറെ ഒരു നീഗ്രോ എനിക്ക് മൂന്നാലു സിഗററ്റ് തന്നു. ആ സിഗററ്റാണ് ഇത്. എന്തായാലും മുകളിലൊരു കിയോസ്കുണ്ടെന്നു പറഞ്ഞതു നന്നായി അബ്ദള്ള. നാളെ മാര്‍ക്ക് കൊടുത്ത് വാങ്ങാമല്ലോ. അതു തന്നെ സമാധാനം.

നിനക്ക് വേണോ അബ്ദള്ള ഒരു സിഗററ്റ്?

വേണ്ട, ഞാന്‍ വലിക്കാറില്ല. അവന്‍ വീണ്ടും ചാനലിലേക്കൂളയിട്ടു, ഞാന്‍ കമ്പിളിയുമെടുത്ത് പുതച്ച് കിടന്നു.

ഉറങ്ങി എഴുന്നേറ്റല്പം കഴിഞ്ഞപ്പോഴേക്കും രാത്രി ഭക്ഷണം വന്നു. ഉരുളകിഴങ്ങും, ബ്രെഡ്ഡും, ചെമ്മരിയാടിന്റെ ഇറച്ചിയും. ഒരു കഷ്ണം ഇറച്ചി വായില്‍ വച്ചപ്പോള്‍, ശബരിമല മുട്ടന്‍ അടുത്ത വന്നപോലെയുള്ള മണം. ശര്‍ദ്ദിക്കാതിരിക്കാന്‍ പാടുപെട്ടു. ഭക്ഷണം മൊത്തമായി വേസ്റ്റ് ബിന്നിലിട്ടു.

ബെല്ലടിച്ചപോള്‍, പ്ലെയിറ്റെല്ലാം കഴുകി വൃത്തിയാക്കി തിരിച്ചു മുറിയില്‍ വന്നു കിടന്നു.

അബ്ദള്ള ടി വിയെല്ലാം ഓഫ് ചെയ്ത് കട്ടിലില്‍ കിടന്നു പാട്ടു പാടുന്നു.

ഹദി മാമ, ലങ്കുയിടാ മാമ,
മര്‍ണാ നീഗു, ലങ്കുയിടാ ബാബ

നീ പാടുന്ന പാട്ടിന്റെ അര്‍ത്ഥം എന്താണബ്ദള്ള?

സോമാലിയയിലെ ഗ്രാമീണരുടെ പാട്ടാണിത് അരുണ്‍.

പെറ്റു വളര്‍ത്തിയ അമ്മ, അച്ചന്‍, ഇവരെല്ലാം നമുക്കായി പൊരുതി മണ്മറഞ്ഞു, മക്കളായ ഞങ്ങള്‍ സ്വന്തം രക്ഷക്കായ് ,മാതൃഭൂമി വെടിഞ്ഞ് ജിപ്സികളെ പോലെ അലയുന്നു. ഇതിന്നവസാനം എന്ന്? ഞങ്ങളുടെ കുട്ടികള്‍ക്കെങ്കിലും ഈ ലോകത്ത് സമാധാനമായ് കഴിയുവാന്‍ പറ്റുമോ?

അര്‍ത്ഥം പറഞ്ഞ് തന്ന്, അവന്‍ വീണ്ടും പാട്ടു പാടാന്‍ തുടങ്ങി. അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നു. അവന്റെ മരിച്ചുപോയ അച്ഛനമ്മമാരെയോര്‍ത്തായിരിക്കാം.

കട്ടിലില്‍ കയറി കമ്പിളിയെടുത്ത് പുതച്ച് മൂടി കിടന്നു. ഉറക്കം വരുന്നില്ല. മറ്റൊന്നും ചെയ്യുവാനുമില്ല. തലയിണകീഴില്‍ നിന്നും, ഉച്ചക്ക് ഹാളില്‍ നിന്നുമെടുത്ത ഫിന്നിഷ് മാഗസിന്റെ താളുകള്‍ വെറുതെ മറിച്ചു നോക്കി കിടന്നു.

പെട്ടെന്നാണ് കണ്ടുപരിചയമുള്ള ഒരാളുടെ ഫോട്ടോ ആ മാഗസിനില്‍ കണ്ടത്! കൈയ്യില്‍ വിലങ്ങിട്ട ഒരു ചിത്രം. ജിജ്ഞാസ അടക്കാന്‍ പറ്റുന്നില്ല.

എന്തിനാണയാളുടെ കയ്യില്‍ വിലങ്ങ് വച്ചിരിക്കുന്നത്? അയാളുടെ ഫോട്ടോ എങ്ങിനെ ഫിന്നിഷ് മാഗസിനില്‍ വന്നു? എന്താണെഴുതിയിരിക്കുന്നത്?

Wednesday, January 24, 2007

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 12

കം വിത് മി പ്ലീസ്.

ഒരു പോലീസുകാരനാണ്.

അതു ശരി, അപ്പോള്‍ സ്വാതന്ത്ര്യം കിട്ടിയതല്ല. ഇനി എങ്ങോട്ടാണോവോ കെട്ടിയെഴുന്നള്ളത്ത്? അനുസരിച്ചല്ലെ മതിയാവൂ. ഞാന്‍ ബാഗും ചുമലില്‍ തൂക്കി ആ പോലീസുകാരന്റെ കൂടെ നടന്നു.

കുറ്റവാളികളെ കൊണ്ടുപോകുന്ന, ഗ്രില്ലിട്ട ഒരു വാന്‍ തുറന്ന് ആ പോലീസുകാരന്‍ എന്നെ ഉള്ളിലേക്ക് സ്വാഗതം ചെയ്തു. ഞാന്‍ ഉള്ളില്‍ കയറിയപ്പോള്‍ ആ മാന്യന്‍ പുറത്തിറങ്ങി പുറത്ത് നിന്നും വാനിന്റെ പിന്‍ വാതില്‍ പൂട്ടി. എന്നേയും വഹിച്ചുകൊണ്ട് അയാള്‍ വാനുമായി യാത്ര തുടങ്ങി.

ആദ്യത്തെ കുറച്ചു സമയം ശുദ്ധവായു ശ്വസിച്ചും, കെട്ടിടങ്ങളും, റോഡില്‍ കൂടെ പോകുന്ന വണ്ടികളും, സ്വതന്ത്രമായി നടക്കുന്ന മനുഷ്യരേയും കണ്ട് നെടുവീര്‍പ്പിട്ട് സമയം കളഞ്ഞു. ശേഷം, ജാന്‍സി ചേച്ചി ജര്‍മ്മനിയില്‍ ശരിയാക്കാമെന്നേറ്റ അസൈലമായിരുന്നു ഇതിലും നല്ലത്, നാടു വിടാതെ, ഉള്ള ജോലിയും ചെയ്ത് ജീവിക്കുകയായിരുന്നു അതിലും നല്ലത് എന്നെല്ലാം ആലോചിച്ച് ഞാന്‍ യാത്രയുടെ വിരസത അകറ്റി.

ഗ്രാമ പ്രദേശങ്ങള്‍ കടന്ന് ഞങ്ങളുടെ വാഹനം, വീണ്ടും നഗരത്തിലേക്ക് കയറി. പിന്നേയും കുറേ ദൂരം പോയപ്പോള്‍ മുന്‍പ് കണ്ടിട്ടുള്ള ചില കെട്ടിടങ്ങള്‍ കണ്ടപ്പോള്‍ എനിക്കു മനസ്സിലായി ഹെല്‍ സിങ്കി നഗരത്തിലേക്കു തന്നേയാണ് ഈ യാത്രയെന്ന്.

ഒറ്റപെട്ടു നില്‍ക്കുന്ന ഒരിടത്തരം കെട്ടിടത്തിനുള്ളിലേക്ക് പോലീസുകാരന്‍ വാന്‍ കയറ്റി. ആ കെട്ടിടത്തിന്റെ മുകളില്‍ വെള്ളയും, നീലയും കലര്‍ന്ന, ഫിന്‍ലാന്റിന്റെ ദേശീയ പതാക പാറുന്നുണ്ടായിരുന്നു.

വാന്‍ നിറുത്തി, വാതില്‍ തുറന്ന്, ഇറങ്ങൂ എന്ന് പോലീസുകാരന്‍ പറഞ്ഞപ്പോള്‍, ഏതാണു സ്ഥലം, എന്നെ കൊണ്ടു വന്നിരിക്കുന്നതെവിടേക്കാണെന്ന് അറിയില്ലായിരുന്നുവെങ്കില്‍ കൂടി ഇറങ്ങാതിരിന്നിട്ട് കാര്യമൊന്നുമില്ലാ എന്നറിയാമെന്നതിരുന്നതിനാല്‍ ഞാന്‍ എന്റെ ബാഗും ചുമലിലേറ്റി സാവധാനത്തില്‍ പുറത്തിറങ്ങി.


വാനില്‍ വച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന ആ പോലീസുകാരന്‍ എന്നോട് പറഞ്ഞു, ബാഗ് ഇപ്പോള്‍ എടുക്കേണ്ട ആവശ്യമില്ല. വണ്ടിയില്‍ തന്നെ വച്ച് കൊള്ളൂ. വണ്ടിയില്‍ ബാഗ് വച്ച്, വണ്ടി പൂട്ടിയ ശേഷം അയാള്‍ പറഞ്ഞു, മിസ്റ്റര്‍ അരുണ്‍ കുമാര്‍ ഇത് ഹെത്സിങ്കി കോടതിയാണ്. താങ്കളുടെ കേസ് വാദിക്കാനായി സര്‍ക്കാര്‍ ചിലവില്‍, സര്‍ക്കാര്‍ തന്നെ ഇന്ത്യക്കാരനായ ഒരു വക്കീലിനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അദ്ദേഹം താങ്കളെ കാത്ത് ഇവിടെ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അടുത്തേക്കാണ് നമ്മള്‍ ഇപ്പോള്‍ പോകുന്നത്.

കെട്ടിടത്തിന്റെ ഉള്ളിലെ ഒരു മുറിക്കു മുന്‍പില്‍ ചെന്നു നിന്ന് ആ പോലീസുകാരന്‍ വാതിലില്‍ മുട്ടി, പിന്നെ മറുപടിക്കു കാത്തു നില്‍ക്കാതെ തന്നെ വാതില്‍ തുറന്ന് ഉള്ളിലേക്ക് കയറി, ഒപ്പം ഞാനും.

മിസ്റ്റര്‍ അരുണ്‍ കുമാര്‍ പ്ലീസ് ബി സീറ്റഡ്. അയാം രാജീവ് സൂരി, ഫിന്നിഷ് ഗവണ്മെന്റ് അസൈന്റ് മി ടു ഫൈറ്റ് യുവര്‍ കേസ്, നൈസ് ടു മീറ്റ് യു മിസ്റ്റര്‍ സൂരി. നീട്ടിയ അയാളുടെ കരം ഗ്രഹിച്ച് ഞാന്‍ പറഞ്ഞു. (കോച്ചേകാലണ കയ്യിലില്ലാത്ത പിച്ചക്കാരായ കുറ്റവാളികള്‍ക്ക് സ്വന്തമായി കാശുകൊടുത്ത് വാദിക്കുവാന്‍ വക്കീലിനെ വക്കുവാന്‍ സാധിക്കില്ല എന്നറിയാവുന്ന യൂറോപ്പ്യന്‍ സര്‍ക്കാര്‍, സര്‍ക്കാരിന്റെ ചിലവില്‍ കുറ്റവാളികള്‍ക്കു വേണ്ടി വാദിക്കുവാന്‍ വക്കീലിനെ ഏര്‍പ്പെടുത്തുന്ന സമ്പ്രദായം യൂറോപ്പില്‍ ഉണ്ട്, മറ്റു രാജ്യങ്ങളിലും ഉണ്ടായിരിക്കാം ഒരു പക്ഷെ നമ്മുടെ നാട്ടിലും ഉണ്ടായിരിക്കാം)

ഇരിക്കൂ, മേശക്കെതിര്‍വശത്തുള്ള കസേര ചൂണ്ടി കാട്ടി അദ്ദേഹം പറഞ്ഞു.

ഞാന്‍ കസേരയില്‍ ഇരുന്നതും, ഫിന്നിഷില്‍ പോലീസുകാരനോട് അദ്ദേഹം എന്തോ പറഞ്ഞു. പോലീസുകാരന്‍ പുറത്തേക്ക് പോയി. ഞാനും, വക്കീലും മാത്രം മുറിയില്‍ തനിച്ചായി.

അയാള്‍ ഹിന്ദിയില്‍ എന്നോടു സംസാരിക്കാന്‍ തുടങ്ങി. പേര്, ജനിച്ച സ്ഥലം, വളര്‍ന്നു വന്നതെവിടെ തുടങ്ങി ചോദ്യോത്തരങ്ങളുടെ ഒരു ഇലഞ്ഞിത്തറ മേളം തന്നെ അയാള്‍ നടത്തി.

ഏഴു വര്‍ഷത്തോളമായി ദില്ലിയില്‍ ജോലിചെയ്തിരുന്ന കാരണം, ഹിന്ദി വളരെ നന്നായി സംസാരിക്കാന്‍ കഴിയുമായിരുന്നതിനാല്‍ ഞാന്‍ അദ്ദേഹത്തിനോട് ഹിന്ദിയില്‍ തന്നെ മറുപടി പറഞ്ഞു. പോലീസിനോട് പറഞ്ഞ അതേ കഥകള്‍ തന്നെ ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു.

വളരെ സംയമനത്തോടെ എന്റെ കഥകള്‍ എല്ലാം അദ്ദേഹം കേട്ടു, ഇടക്കൊരു ചോദ്യം പോലും ചോദിച്ചില്ല എങ്കിലും, എന്റെ മറുപടികള്‍ അദ്ദേഹം ഒരു കടലാസ്സില്‍ കുറിച്ചെടുക്കുന്നുണ്ടായിരുന്നു.

മിസ്റ്റര്‍ അരുണ്‍ കുമാര്‍ ഇത് താങ്കള്‍ പോലീസിനോടു പറഞ്ഞ കഥ, ഇതല്ല എനിക്കു വേണ്ടത്.

തനിക്കുവേണ്ടി വാദിക്കാനാണു സര്‍ക്കാര്‍ എനിക്ക് കാശു നല്‍കുന്നത്. താങ്കള്‍ ഇപ്പോഴും പോലീ‍സിനോടു പറഞ്ഞ കഥ തന്നെയാണു എന്നോടും പറയുന്നത്. അത് വിശ്വസിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ദയവു ചെയ്തു താങ്കള്‍ എന്നോട് സത്യം മാത്രം പറയുക, എങ്കില്‍ മാത്രമെ എനിക്കു താങ്കള്‍ക്കു വേണ്ടി വാദിക്കാന്‍ പറ്റുകയുള്ളൂ. വക്കീലിനോടും, ഡോക്ടറോടും നുണ പറയരുതന്നുള്ള കാര്യം പറയാതെ തന്നെ താങ്കള്‍ക്കറിയാവുന്ന കാര്യമല്ലെ?

മിസ്റ്റര്‍ സൂരി, ഞാന്‍ എന്റെ കഥ താങ്കളോട് തുറന്നു പറഞ്ഞാല്‍ എനിക്കിവിടെ രാഷ്ട്രീയാഭയം കിട്ടുമെന്നെന്താണുറപ്പ്?

ഒരുറപ്പുമില്ല മിസ്റ്റര്‍ അരുണ്‍ കുമാര്‍, യാതൊരു വിധ ഉറപ്പുമില്ല. പക്ഷെ താങ്കള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍, താങ്കള്‍ക്ക് രാഷ്ട്രീയാഭയം കിട്ടുവാന്‍, ഒരു പക്ഷെ എനിക്ക് സഹായിക്കുവാന്‍ സാധിക്കുമായിരിക്കും എന്നു മാത്രം.

മിസ്റ്റര്‍ സൂരി, ഇതല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ല. ഞാന്‍ എന്റെ നിലപാടറിയിച്ചു.

ചോദ്യോത്തരങ്ങള്‍ക്കൊടുവില്‍ മിസ്റ്റര്‍ സൂരി എന്നോട് ചോദിച്ചു, അപ്പോള്‍ താങ്കള്‍ രാഷ്ട്രീയ അഭയത്തിനു അപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു അല്ലെ?

അതെ മിസ്റ്റര്‍ സൂരി. ജീവനില്‍ കൊതിയുള്ളത് കൊണ്ട് മാത്രം, ഇവിടെ നിന്നു തിരിച്ചു പോകുന്ന കാര്യം എനിക്ക് ചിന്തിക്കാനും കൂടി കഴിയുന്നില്ല.

അദ്ദേഹം കമ്പ്യൂട്ടറില്‍ എന്തൊക്കേയോ ടൈപ്പ് ചെയ്തു കയറ്റി, പിന്നെ കുറേ പ്രിന്റുകള്‍ എടുത്തതിനുശേഷം എന്നേയും കൂട്ടി മറ്റൊരു മുറിയിലേക്ക് പോയി. ആ മുറിയില്‍, എന്നെ ചോദ്യം ചെയ്യാറുള്ള അല്ലെങ്കില്‍ എന്റെ കേസ് അന്വേഷിക്കുന്ന രണ്ട് പോലീസുകാരും ഇരിക്കുന്നുണ്ടായിരുന്നു.

രണ്ട് പോലീസുകാരും സൂരിക്കും പിന്നെ എനിക്കും കൈ തന്നു.

സൂരിയും അവരും, ഫിന്നിഷില്‍ എന്തൊക്കേയോ സംസാരിച്ചതിന്നൊടുവില്‍, എന്നെയും കൂട്ടി അവര്‍ ആ മുറിയില്‍ നിന്നും പുറത്തു കടന്ന്, വേറെ ഒരു മുറിയിലേക്ക് പോയി. പ്രസംഗവേദി പോലെ അല്പം ഉയര്‍ന്ന സ്ഥലത്തിട്ടിരിക്കുന്ന മേശയും, വലിയ കസേരയും, അതിന്നെതിര്‍വശം താഴെ രണ്ടു വശത്തായി ഇട്ടിരുന്ന അഞ്ചെട്ടു കസേരകള്‍ വേറെയും. ഒറ്റ കാഴ്ചയില്‍ തന്നെ അതൊരു കോടതിമുറിയാണെന്ന് എനിക്ക് മനസ്സിലായി.

ഞങ്ങള്‍ നാലുപേരും അവിടെ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍, കോട്ടണിഞ്ഞ (വക്കീല്‍ കോട്ടല്ല, വെറും സാധാരണ കോട്ട്) ഒരു മനുഷ്യന്‍ മുറിയിലേക്ക് കടന്നു വന്നതും, വക്കീലും, പോലീസുകാരും എഴുന്നേല്‍ക്കുന്നതു കണ്ടപ്പോള്‍ ഞാനും എഴുന്നേറ്റു. ജഡ്ജിയായിരിക്കണം.

അവരെല്ലാവരും ഇരുന്നപ്പോള്‍ ഞാനും ഇരുന്നു.

എന്നെ ചോദ്യം ചെയ്തിരുന്ന പോലീസുകാരന്‍, കയ്യിലിരുന്ന ഫയലില്‍ നിന്നും കുറച്ച് പേപ്പറുകള്‍ എടുത്ത് ജഡ്ജിക്ക് നല്‍കി. പിന്നെ ഫിന്നിഷില്‍ അദ്ദേഹത്തിനോട് എന്തൊക്കേയോ സംസാരിച്ചു. തിരിച്ചു വന്നു കസേരയില്‍ ഇരുന്നു.

പോലീസുകാരന്‍ കൊടുത്ത പേപ്പറുകള്‍, വായിക്കുവാനായി ജഡ്ജി ഒരു പത്തു മിനിറ്റോളം എടുത്തു. മേശപ്പുറത്ത് വച്ചിരുന്ന മൈക്ക് ഓണ്‍ ചെയ്ത് ഫിന്നിഷില്‍, എന്റെ കേസന്വേഷിക്കുന്ന പോലീസുകാരോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. കുറച്ച് സമയത്തെ ചോദ്യങ്ങള്‍ക്കു ശേഷം, വക്കീലുമായും കുറച്ച് ചോദ്യോത്തരങ്ങള്‍ ആവര്‍ത്തിച്ചു.

മിസ്റ്റര്‍ അരുണ്‍ കുമാര്‍, താങ്കള്‍ക്കു വേണ്ടി വാദിക്കുന്നത് മിസ്റ്റ്ര്‍ രാജീവ് സൂരിയാണല്ലെ? മാത്രമല്ല, താങ്കളുടെ ട്രാന്‍സലേറ്ററും മിസ്റ്റര്‍ സൂരി തന്നെ അല്ലെ? ഇംഗ്ലീഷില്‍ ജഡ്ജി എന്നോട് ചോദിച്ചു.

എഴുന്നേറ്റ് നിന്നു കൊണ്ട് ഞാന്‍ പറഞ്ഞു. യെസ് സര്‍.

ജഡ്ജി ഫിന്നിഷില്‍ ചോദ്യക്കുന്ന ഓരോ ചോദ്യവും മിസ്റ്റര്‍ സൂരി എനിക്ക് ഹിന്ദിയില്‍ പറഞ്ഞു തന്നു. അവക്ക് ഞാന്‍ ഹിന്ദിയില്‍ നല്‍കിയ ഉത്തരങ്ങള്‍, സൂരി ഫിന്നിഷില്‍ ജഡ്ജിയോട് പറഞ്ഞു. പോലീസുകാരും, സൂരിയും മുന്‍പ് ചോദിച്ചിരുന്ന ചോദ്യങ്ങള്‍ തന്നേയായിരുന്നു ജഡ്ജിയും ചോദിച്ചത്.

ഇരുപതു മിനിറ്റ് നേരത്തെ ചോദ്യോത്തരങ്ങള്‍ക്കു ശേഷം ജഡ്ജി, മുന്‍പ് ആരും ചോദിക്കാത്ത ഒരു ചോദ്യം എന്നോട് ചോദിച്ചു അഥവാ ജഡ്ജിയുടെ ചോദ്യം സൂരി ഹിന്ദിയിലേക്ക് മൊഴിമാറ്റി എന്നോട് ചോദിച്ചു. മിസ്റ്റര്‍ അരുണ്‍ കുമാര്‍, കോടതി താങ്കളെ പുറത്ത് വിടുകയാണെങ്കില്‍, താങ്കള്‍ക്ക് താമസിക്കുവാനുള്ള സ്ഥലമോ, സ്വന്തം ചിലവുകള്‍ വഹിക്കുന്നതിനുള്ള പണമോ ഉണ്ടോ?

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. അതിനാല്‍ തന്നെ, ഒരുത്തരം കണ്ടെത്തുക എന്നുള്ളത് അല്പം ശ്രമമുള്ള കാര്യവും. എന്ത് പറയും? സഹോദരന്‍ ഇവിടെ ഹെല്‍സിങ്കിയില്‍ തന്നെ ഉണ്ട്, അദ്ദേഹത്തിന്റെ കൂടെ താമസിക്കാം, കൂടാതെ, ഇത്രയും നാള്‍ നോക്കിയ പോലെ തന്നെ എന്റെ വട്ട ചിലവുകളും അവന്‍ നോക്കികൊള്ളും എന്ന് പറയണോ, വേണ്ടയോ എന്ന സംശയം. ആലോചനക്കൊടുവില്‍ പറഞ്ഞു, ഇല്ല സര്‍, താമസിക്കുവാനുള്ള സ്ഥലമോ, സ്വന്തം ചിലവുകള്‍ വഹിക്കുന്നതിനുള്ള പണമോ എന്റെ കയ്യില്‍ ഇല്ല.

എന്റെ ഉത്തരം, മിസ്റ്റര്‍ സൂരി, ഫിന്നിഷിലേക്ക് മൊഴിമാറ്റി ജഡ്ജിയെ അറിയിച്ചു.

ആല്പനേരത്തെ ആലോചനക്കൊടുവില്‍, ജഡ്ജി പേപ്പറുകളില്‍ എന്തോ എഴുതി കൂട്ടി. പിന്നെ വളരെ പതിഞ്ഞ ശബ്ദത്തില്‍ മൈക്കിലൂടെ എന്തെല്ലാമോ പറഞ്ഞു.

ഇന്ത്യന്‍ വംശജനെന്ന് അവകാശപെടുന്ന, അരുണ്‍ കുമാര്‍ എന്ന വ്യക്തി, സ്വന്തം രാജ്യത്ത് ജീവന് അപായമുള്ളതിനാല്‍, ഫിന്‍ലാന്റില്‍ വന്ന്, രാഷ്ട്രീയ അഭയത്തിനായി അപേക്ഷിച്ചിരിക്കുന്നുവെങ്കിലും, സ്വന്തം പേര്, ഇന്ത്യന്‍ പൌരത്വം തെളിയിക്കുന്നതിനുള്ള പാസ്പോര്‍ട്ട്, തുടങ്ങിയ മതിയായ യാതൊരു വിധ രേഖകളും കൈവശം ഇല്ലാത്തതിനാല്‍, വ്യക്തമായ ഒരു തീരുമാനം ഈ കേസില്‍ കോടതിക്ക് എടുക്കാന്‍ കഴിയുന്നില്ല.

ഈ കേസില്‍ മതിയായ എന്തെങ്കിലും രേഖകള്‍ ലഭിക്കുന്നതുവരെ, കേസ് തുടര്‍ന്നന്വേഷിക്കുവാന്‍ കോടതി താത്പര്യപെടുന്നതിനൊപ്പം തന്നെ, രണ്ടാഴ്ച കഴിഞ്ഞുള്ള ഈ കേസിന്റെ അടുത്ത ഹിയറിങ്ങ് വരെ, അരുണ്‍ കുമാറിനെ പ്രധാന ജയിലിലേക്കയക്കാനും കോടതി താത്പര്യപെടുന്നു.

കോടതി പിരിച്ചു വിട്ടിരിക്കുന്നു - പേപ്പറുകള്‍ എടുത്ത് ഫയലില്‍ വച്ച്, ജഡ്ജി, സ്ഥലം കാലിയാക്കി.

രണ്ടു പോലീസുകാര്‍ക്കും, സൂരിക്കും പുറകെ ഞാനും കോടതിമുറിക്ക് വെളിയില്‍ കടന്നു. കോടതി മുറിക്ക് പുറത്ത്, എന്നെ ജയിലില്‍ നിന്നും കൊണ്ടു വന്ന പോലീസുകാരന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

വ്യക്തമായ രേഖകള്‍ ഇല്ലാത്തതിനാല്‍, താങ്കളെ പുറത്ത് വിടാന്‍ കോടതിക്ക് കഴിയാത്തതിനാല്‍, താങ്കളെ വീണ്ടും ജയിലിലേക്കയക്കേണ്ടി വരുന്നു എന്നതില്‍ ഞങ്ങള്‍ക്ക് വളരെ ഖേദമുണ്ട്. എനിക്ക് കൈ നല്‍കികൊണ്ട് പോലീസുകാര്‍ രണ്ടു പേരും പറഞ്ഞു. മിസ്റ്റര്‍ സൂരിയോട് എന്തോ സംസാരിച്ച് കൈകൊടുത്ത് പോലീസുകാര്‍ അവടെ നിന്നു നീങ്ങി.


മിസ്റ്റര്‍ അരുണ്‍ കുമാര്‍, മതിയായ രേഖകളില്ലാതെ, ഒരാള്‍ക്ക് രാഷ്ട്രീയാഭയം കിട്ടുവാനുള്ള സാധ്യത വളരെ കുറവാണ്, മാത്രമല്ല, മതിയായ രേഖകളില്ലെങ്കില്‍, ഒരു പക്ഷെ, മാസങ്ങളോളം ജയിലില്‍ കഴിയേണ്ടതായും വരും. താങ്കളുടെ കയ്യില്‍ വ്യക്തമായ, വിശ്വസനീയമായ എന്തെങ്കിലും രേഖകള്‍ ഉണ്ടായിരുന്നു എങ്കില്‍, കോടതി താങ്കളെ ജയിലിലേക്കയക്കാതെ, അസൈലം അപേക്ഷകര്‍ താമസിക്കുന്ന ക്യാമ്പിലേക്ക് വിടുമായിരുന്നെന്നു മാത്രമല്ല, മാസാമാസം ചിലവിനുള്ള പണവും ഗവണ്മെന്റു തരുമായിരുന്നു! എന്തു ചെയ്യാം താങ്കളുടെ കയ്യില്‍ മതിയായ രേഖകള്‍ ഒന്നും തന്നെ ഇല്ലല്ലോ! അടുത്ത ഹിയറിങ്ങിനു മുന്‍പ് തീര്‍ച്ചയായും താങ്കളെ ഞാന്‍, ജയിലില്‍ വന്നു സന്ദര്‍ശിക്കാം. എനിക്ക് കൈതന്ന് മിസ്റ്റര്‍ സൂരിയും യാത്ര പറഞ്ഞ് പോയി.

പ്ലീസ് കം വിത് മി. ഇത്രനേരവും പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ലാതിരുന്ന പോലീസുകാരന്‍ എന്നോട് പറഞ്ഞു.

പോലീസുകാരന്റെ പുറകെ നടന്ന്, പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയില്‍ കയറി. പതിവുപോലെ തന്നെ വണ്ടി താഴിട്ടു പുറത്ത് നിന്നും പൂട്ടി അയാള്‍ വണ്ടിയുമായി യാത്ര തുടങ്ങി. യാത്രക്കിടയില്‍ ശക്തമായി മഞ്ഞു പെയ്യുവാനും തുടങ്ങി.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം, നഗരത്തില്‍ തന്നെയാണെന്നു തോന്നുന്നു, ഒരു വലിയ കെട്ടിടത്തിനു പുറത്ത് അയാള്‍ വാന്‍ നിറുത്തി. പാറാവു നിന്നിരുനുന്ന പോലീസുകാര്‍ കൂറ്റന്‍ വാതില്‍ തുറന്നപ്പോള്‍, വണ്ടിയുമായ് അയാള്‍ ഉള്ളിലേക്ക് കയറി. വാന്‍ നിറുത്തി, വാതില്‍ തുറന്നു.

കം വിത്ത് മി. ബാഗുമെടുത്തുകൊള്ളൂ.

വാനില്‍ നിന്നു പുറത്തിറങ്ങി പോലീസുകാരന്റെ കൂടെ നടക്കുന്നതിന്നിടയില്‍, ചുറ്റുപാടുമൊന്നു വീക്ഷിച്ചു. പതിഞ്ചടിയോളമെങ്കിലും വലുപ്പത്തിലുള്ള കൂറ്റന്‍ മതില്‍ കെട്ടിനുള്ളില്‍ രണ്ടു നിലയുള്ള രണ്ട് വലിയ കെട്ടിടങ്ങള്‍. മഞ്ഞു പെയ്യുന്നതിനാല്‍, ശരീരമാകെ തണുത്തു വിറക്കാന്‍ തുടങ്ങിയിരുന്നു.

പ്രധാന വാതിലിന്റെ കവാടത്തിലെത്തിയപ്പോള്‍, പാറാവു നിന്നിരുന്ന പോലീസുകാരോട്, എന്തോ പറഞ്ഞതിന്നു ശേഷം എന്നെ കൊണ്ട് വന്നിരുന്ന പോലീസുകാരന്‍ ഉള്ളിലേക്ക് കയറി. ഹെല്‍സിങ്കി സെന്ട്രല്‍ പ്രിസണ്‍ അഥവാ ഹെല്‍സിങ്കിയിലെ പ്രധാന ജയിലേക്ക് വലതു കാല്‍ വച്ച് ഞാനും കയറി.

കടന്നു ചെന്നതു റിസപ്ഷന്‍ ഓഫീസിലേക്കായിരുന്നു. അവിടെ ഉണ്ടായിരുന്ന പോലീസുകാരുടെ കയ്യില്‍ എന്റെ ഫയലും മറ്റും നല്‍കിയ ശേഷം, എനിക്ക് കൈ തന്ന് ആ പോലീസുകാരന്‍ വന്ന വഴിയെ തിരിച്ചു പോയി.

പ്ലീസ് വെയിറ്റ് ഫോര്‍ സം ടൈം, റിസപ്ഷനിലുണ്ടായിരുന്ന പോലീസുകാരന്‍ എന്നോട് പറഞ്ഞു.

അവിടെയുണ്ടായിരുന്ന കസേരകളൊന്നില്‍ ഞാന്‍ ഇരുന്നു. ഏകദേശം അരമണിക്കൂറോളം സമയം കഴിഞ്ഞപ്പോള്‍ റിസപ്ഷനില്‍ ഉണ്ടായിരുന്ന ഒരു പോലീസുകാരന്‍ എന്നെ വിളിച്ചു. മിസ്റ്റര്‍ അരുണ്‍ കുമാര്‍ കം ഹിയര്‍ പ്ലീസ്.

റിസപ്ഷനിലേക്ക് ചെന്നപ്പോള്‍, പേരും, മറ്റുമെഴുതിയിരിക്കുന്ന റെജിസ്റ്ററില്‍ ഒപ്പിട്ട് വാങ്ങിയതിനു ശേഷം, അവിടെ നിന്നിരുന്ന ഒരു പോലീസുകാരന്‍, എന്റെ ബാഗ് തുറന്ന് സാധനങ്ങള്‍ എല്ലാം പുറത്തെടുത്ത് പരിശോധിച്ചതിനു ശേഷം, റിസ്പഷന്‍ കൌണ്ടറിലുള്ള ഒരു അലമാര തുറന്ന്, ബാത്ത് ടൌവ്വലും, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സോപ്പ്, തുടങ്ങി സാധന്നങ്ങള്‍ അടങ്ങിയ ഒരു കിറ്റും നല്‍കി.

പ്ലീസ് കം വിത് മി. ഐ വില്‍ ടേക്ക് യു ടു യുവര്‍ റൂം. ഒരു പോലീസുകാരന്‍ പറഞ്ഞു. അയാളുടെ പുറകെ നടന്ന്, വലിയ ഒരു ഹാളിലെത്തി. ചുമരിലും കൂടുതല്‍ മരം കൊണ്ടുള്ള വാതിലുകളായിരുന്നു ആ ഹാളിന്റെ വശങ്ങളില്‍.

ഒരു വാതിലിന്നു മുന്‍പില്‍ ചെന്ന് പോലീസുകാരന്‍ കയ്യിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നു. ദിസ് ഈസ് യുവര്‍ റും.

വലതുകാല്‍ വച്ച് ഞാന്‍ മുറിയിലേക്ക് കയറി. പോലീസുകാരന്‍ മുറി പുറത്ത് നിന്നും പൂട്ടി.

മുറിയില്‍ കയറിയതും, മുറിയിലുണ്ടായിരുന്ന ഒരു കാപ്പിരി പയ്യന്‍ എനിക്ക് കൈ തന്നു പറഞ്ഞു, അയാം അബ്ദള്ള, ഫ്രം സൊമാലിയ. അവനു കൈ കൊടുത്തു കൊണ്ട് ഞാനും പറഞ്ഞു, അരുണ്‍ കുമാര്‍ ഫ്രം ഇന്ത്യ. മുറിയുടെ ഒരു വശത്തിട്ടിരിക്കുന്ന കട്ടിലിലേക്ക് ചൂണ്ടി അവന്‍ പറഞ്ഞു, ഇത് നിനക്കുപയോഗിക്കാം.

ഞാന്‍ മുറി ആകമാനം ഒന്നു നോക്കി കണ്ടു. കഴിഞ്ഞ ആഴ്ച കിടന്നിരുന്ന കോഴിക്കൂടു പോലെയുള്ള മുറിയല്ല. അതിലും രണ്ട് മടങ്ങ് വലുപ്പമുള്ള മുറിയാണ്. മുറിയുടെ രണ്ട് വശങ്ങളിലായി രണ്ട് കട്ടിലുകള്‍. കട്ടിലിനോട് ചേര്‍ന്ന തല വശത്ത് രണ്ട് അലമാരകള്‍. മുറിയുടെ ഒരറ്റത്ത് ഒരു മേശയും, കസേരയും. ഒരു മൂലക്ക് ചുമരില്‍ ഉറപ്പിച്ചിരിക്കുന്ന സ്റ്റാന്‍ഡില്‍ ചെറിയ ഒരു കളര്‍ ടെലിവിഷന്‍.

ആഹാ ജയിലാണെങ്കിലെന്ത്? നല്ല സൌകര്യമുള്ള ജയില്‍. എന്റെ മനമൊന്നു കുളിര്‍ത്തു.

ടി വിയില്‍ ഏതോ ഭാഷയിലുള്ള എന്തോ പരിപാടിയും കണ്ട് അബ്ദള്ള കട്ടിലില്‍ കയറി കിടന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാനും എന്റെ കട്ടിലില്‍ കയറി കിടന്നു.

വാതിലില്‍ മുട്ട് കേട്ട് ഞാന്‍ എഴുന്നേറ്റപ്പോഴേക്കും, അബ്ദള്ള എഴുന്നേറ്റ് വാതില്‍ തുറന്നിരുന്നു. ഉച്ച ഭക്ഷണം കൊണ്ടു വന്നിരിക്കുന്നതാണ്. ഒരു ട്രോളിയില്‍ രണ്ട് മൂന്നു തട്ടുകളിലായി ഭക്ഷണം വച്ചിരിക്കുന്നു. അബ്ദള്ള അവന്റെ കബോര്‍ഡില്‍ നിന്നും പ്ലെയിറ്റെടുത്ത്, ഭക്ഷണം കൊണ്ടു വന്നിരുന്നവരോട് എന്തൊക്കെയോ സംസാരിച്ച് പ്ലെയിറ്റില്‍ ഭക്ഷണവുമായി വന്നു.

എന്റെ കബോര്‍ഡ് തുറന്ന് നോക്കിയിട്ടും പ്ലെയിറ്റൊന്നും കണ്ടില്ല. സംശയഭാവത്തോടെ നില്‍ക്കുന്ന എന്നെ കണ്ട്, ഭക്ഷണം വിളമ്പുന്നവന്‍ ചോദിച്ചു, ന്യൂ കമര്‍?

യെസ്.

ഒരു പ്ലെയിറ്റില്‍ അവന്‍ കുറച്ച് പുഴുങ്ങിയ ഉരുളകിഴങ്ങുകള്‍ വച്ചു. അല്പം ചോറു വിളമ്പിയതിന്റെ മുകളില്‍ എന്തോ കറി ഒഴിച്ചു.

യു ആര്‍ മുസ്ലിം ഓര്‍ നോണ്‍ മുസ്ലിം?

നോണ്‍ മുസ്ലിം.

യു വാന്റ് പിഗ് ഓര്‍ ചിക്കന്‍?

ചിക്കന്‍.

ഒരു വലിയ ചിക്കന്റെ കാലിന്റെ ഭാഗവും അയാല്‍ എന്റെ പ്ലെയിറ്റില്‍ വച്ചു. പിന്നെ ഒരു കുപ്പി വെള്ളവും, ഒരു സ്പൂണും, ഫോര്‍ക്കും, ക്നൈഫും എനിക്ക് നല്‍കിയ ശേഷം, കീപ്പ് ദി പ്ലെയിറ്റ് & സ്പൂണ്‍ സെറ്റ് വിത് യു എന്നു പറഞ്ഞ്, വാതില്‍ പുറത്ത് നിന്നും പൂട്ടി.


അബ്ദള്ള, അവന്റെ കട്ടിലില്‍ ഇരുന്ന് ഭക്ഷണം കഴിച്ച് തുടങ്ങിയിരുന്നു. എന്റെ കട്ടിലില്‍ ഇരുന്ന് ഞാനും, ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എരിവും, പുളിയുമൊന്നുമില്ലെങ്കിലെന്താ? കോഴിക്കൂട് ജയിലില്‍ ഒരാഴ്ചയോളമായി കഴിച്ചിരുന്ന ഭക്ഷണത്തിനേക്കാള്‍ എന്തുകൊണ്ടും നല്ല ഭക്ഷണം!

ഭക്ഷണം കഴിച്ച്, അല്പം വെള്ളവും കുടിച്ച് കഴിഞ്ഞപ്പോഴേക്കും പുറത്ത് ഉച്ചത്തില്‍ ബെല്‍ അടിക്കുന്നത് കേട്ടു. ചോദ്യ ഭാവത്തില്‍ ഞാന്‍ അബ്ദള്ളയെ നോക്കി.

ഇത് പാത്രങ്ങള്‍ കഴുകുവാനും, മറ്റും വെളിയില്‍ പോകുന്നതിനുവേണ്ടിയുള്ള ബെല്ലാണ്. ഒന്നര മുതല്‍ - രണ്ട് മണി വരെ സമയം ഉണ്ട്.

ഒരാള്‍ വന്ന് മുറിയുടെ വാതില്‍ തുറന്നു, പിന്നെ ഞങ്ങളുടെ മുറികള്‍ക്കപ്പുറമുള്ള മുറികള്‍ തുറക്കുവാനായി പോയി. പ്ലെയിറ്റും, സ്പൂണും ഒക്കെ എടുത്ത് അബ്ദള്ളക്കൊപ്പം ഞാനും മുറിക്ക് പുറത്തിറങ്ങി. ഹാളിന്റെ ഒരു വശത്ത്, ഒരു മുറിയില്‍ നമ്മുടെ നാട്ടിലെ കല്യാണ മണ്ഡപങ്ങളില്‍ കൈകഴുകാനുള്ള പൈപ്പുകള്‍ ഫിറ്റ് ചെയ്തിരിക്കുന്നത് പോലെ നിറയെ പൈപ്പുകള്‍ ഫിറ്റ് ചെയ്തിരിക്കുന്നു.

ആളുകള്‍ വരിയില്‍ നിന്ന് തങ്ങളുടെ പ്ലെയിറ്റുകളും ഗ്ലാസുകളും കഴുകുന്നു. വേണമെന്നു തോന്നുവര്‍ വായും, മുഖവും. വരിയില്‍ അബ്ദള്ളയുടെ പിന്‍പിലായി ഞാന്‍ നിന്നു. എന്റെ ഊഴം വന്നപ്പോള്‍ പ്ലെയിറ്റും, ഗ്ലാസും, സ്പൂണും, വായും, മുഖവും മറ്റും കഴുകി ഞാന്‍ മുറിയിലേക്ക് തിരിച്ചു വന്നു. അലമാരയില്‍ പ്ലെയിറ്റും, മറ്റും വച്ചു. മുഖം തുടച്ച്, വീണ്ടും മുറിക്ക് പുറത്തിറങ്ങി.

ഹാളുകളില്‍ കുറേ പേരുണ്ട്, സായിപ്പുമാരും, കാപ്പിരികളും, ഏഷ്യന്‍ വംശജരും എല്ലാം. ചിലര്‍ ഒരുമിച്ച് നിന്ന് വര്‍ത്തമാനം പറയുന്നു. ചിലരാകട്ടെ, ബഞ്ചില്‍ ഇരുന്ന് സിഗററ്റ് വലിക്കുന്നു. മറ്റു ചിലര്‍ കയ്യിരിക്കുന്ന ന്യൂസ് പേപ്പറുകളും, മാഗസീനുകളും നോക്കുന്നു. എല്ലാവരും വളരെ സന്തോഷത്തോടെ ഇരിക്കുന്നു. ഒരു സിഗററ്റ് വലിക്കാനുള്ള കൊതി എന്റെ ഉള്ളിലുണ്ടായിരുന്നെങ്കിലും, കൊതിയടക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.

ഹാളിന്റെ ഒരു വശത്തിട്ടിരിക്കുന്ന മേശയുടെ മുകളില്‍ നിരവധി മാഗസിനും, ന്യൂസ് പേപ്പറും മറ്റും കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ അങ്ങോട്ട് ചെന്ന് ഒരു ഫിന്നിഷ് മാഗസിന്‍ എടുത്ത്, ഹാളിന്റെ ഒരറ്റത്ത് ചെന്ന് നിന്നു. ഇന്ത്യക്കാരാരാരെങ്കിലുമുണ്ടോ എന്ന് വീക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശം. ആരേയും കണ്ടില്ല. മാഗസിനുമായി മുറിയിലേക്ക് തിരികെ വന്നു. വാതില്‍ അകത്തു നിന്നും ചാരി, കട്ടിലില്‍ ഇരുന്ന് മാഗസിന്‍ തുറന്നു വെറുതെ പേജുകള്‍ മറിച്ച് പടം നോക്കിയിരുന്നു.

പുറത്തുള്ള ബെല്‍ വീണ്ടും അടിക്കുന്നതു കേട്ടു. മണി രണ്ടാകാറായി. അബ്ദള്ള മുറിയിലെത്തി അല്പം സമയത്തിനകം തന്നെ മുറിയുടെ വാതില്‍ പുറത്ത് നിന്നും പൂട്ടി.

മൂന്നു മണിക്ക് വീണ്ടും ബെല്ലടിക്കുമെന്നും, അപ്പോള്‍ വീണ്ടും പുറത്ത് പോകാമെന്നും അബ്ദള്ള പറഞ്ഞു. എക്സര്‍സൈസ് ചെയ്യേണ്ടവര്‍ക്ക് ചെയ്യുകയോ, വെറുതെ ശുദ്ധവായു ശ്വസിക്കുകയോ ചെയ്യാനുള്ള സമയമാണ്.

താങ്കള്‍ എന്ത് കുറ്റമാണു ചെയ്തത്? മോഷണം? പിടിച്ചു പറി? കത്തിക്കുത്ത്? ബലാത്സംഗം? കൊലപാതകം? അബ്ദള്ള എന്നോട് ചോദിച്ചു.

ഇതൊന്നുമല്ല അബ്ദള്ള. അസൈലം ചോദിച്ചു എന്നുള്ള കുറ്റം മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളൂ.

താങ്കള്‍ ഇന്ത്യയില്‍ നിന്നും പുറത്ത് കടന്നശേഷം, ആദ്യമായി ഫിന്‍ലാന്റിലാണോ അസൈലത്തിനപേക്ഷിക്കുന്നത്?

അതെ, ആദ്യമായി ഫിന്‍ലാന്റിലാണ് അസൈലത്തിനപേക്ഷിക്കുന്നത്. താങ്കളെന്തു കുറ്റമാണു ചെയ്തത്?

അബ്ദുള്ള പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു, താങ്കളുടെ അതേ കുറ്റം. പക്ഷെ അല്പം വിത്യാസമുണ്ട്. സോമാലിയയില്‍ നിന്നും രക്ഷപെട്ട് ഞാന്‍ ഡെന്മാര്‍ക്കിലെത്തിയിട്ട് കൊല്ലം അഞ്ച് കഴിഞ്ഞു. ഡെന്മാര്‍ക്കില്‍ അസൈലം ലഭിച്ചിട്ട് വര്‍ഷം മൂന്നിലധികമായി. പക്ഷെ, ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച എന്നല്ലെ? അവിടെ ജീവിച്ചു മടുത്തു.

ഫിന്‍ലാന്റിലെ ജീവിതം, ഡെന്മാര്‍ക്കിനേക്കാള്‍ നല്ലതാണെന്ന് ചങ്ങാതിമാര്‍ പറഞ്ഞപ്പോള്‍ ഒരാശ ഇവിടെ വന്ന് അസൈലം ചോദിച്ചാലോ എന്ന്. അങ്ങനെ ഇവിടെ വന്നു. രേഖകള്‍ ഒന്നുമില്ലാതെ അസൈലത്തിനപ്ലൈ ചെയ്തു. ഒരു ആഴ്ച വേറെ ഒരു ഒരു ജയിലായിരുന്നു. ഇപ്പോള്‍ ഒരുമാസത്തിലേറെയായി ഈ ജയിലിലാണ്. ഇന്നലെ എന്റെ കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ വന്നിരുന്നു. ഡെന്മാര്‍ക്കിലെ എന്റെ എല്ലാ വിവരങ്ങളും ശേഖരിച്ചാണ് അവര്‍ വന്നത്. എന്റെ കൈവിരലടയാളം വരെ അവിടെ നിന്നവര്‍ക്ക് കിട്ടി.

നമുക്കെതിരായുള്ള രേഖകള്‍ കിട്ടിയാലും, നമ്മള്‍ പറയുന്നത് നുണയാണെന്നറിഞ്ഞാലും, ഇവിടുത്തെ പോലീസ് പരമാവധി നമ്മളെ കൊണ്ട് തന്നെ സത്യം പറയിപ്പിക്കാന്‍ നോക്കും . എന്നിട്ടും പറയുന്നില്ലെങ്കില്‍ മാത്രമേ അവര്‍ തുരുപ്പു ശീട്ടിറക്കുകയുള്ളൂ.

അപ്പോള്‍ ഇനി താങ്കളെ അവര്‍ എന്തു ചെയ്യും?

എന്തു ചെയ്യാന്‍? ഈ ആഴ്ചയിലേതെങ്കിലുമൊരു ദിവസം എന്നെ തിരിച്ച് ഡെന്മാര്‍ക്കിലേക്ക് കയറ്റി വിടും അത്ര തന്നെ. അതു പറഞ്ഞ് അബ്ദള്ള വീണ്ടും പൊട്ടി ചിരിച്ചു.

അബ്ദള്ള പൊട്ടിച്ചിരിച്ചെങ്കിലും, ഞാന്‍ ഞെട്ടുകയാണ് ചെയ്തത്. കാരണം, അബ്ദള്ള പറഞ്ഞ പ്രകാരം ഇവിടുത്തെ പോലീസുകാരുടെ കഴിവ് അല്ലെങ്കില്‍ അവര്‍ കേസന്വേഷിക്കുന്ന രീതി വച്ചു നോക്കിയാല്‍, ഞാന്‍ ജര്‍മ്മനിയില്‍ നിന്നു വിസയെടുത്ത് വന്നതാണെന്ന് ഇവര്‍ പുഷ്പം പോലെ കണ്ടു പിടിക്കും. ങ്ഹാ, എന്തായാലും വരുന്നിടത്തു വച്ചു കാണാം.

കിടന്നൊന്ന് മയങ്ങിപോയപ്പോഴേക്കും ബെല്ലടിക്കുന്ന ശബ്ദം കേട്ടെഴുന്നേറ്റപ്പോള്‍, അബ്ദള്ള ജാക്കറ്റൊക്കെയിട്ട് പുറത്തേക്കിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നതാണ് കണ്ടത്.

ഞാനും അലമാരയില്‍ ഞാത്തിയിട്ടിരുന്ന എന്റെ ജാക്കറ്റ് എടുത്ത് ധരിച്ചു. വാതില്‍ തുറന്നതും, അബ്ദള്ളക്കു പുറകെ ഞാനും ശുദ്ധവായു ശ്വസിക്കുവാന്‍ പുറത്തേക്ക് നടന്നു.

ആളുകള്‍ വരിയായി നില്‍ക്കുന്നതിന്റെ പുറകെ ഞങ്ങളും സ്ഥലം പിടിച്ചു. ഹാളിന്റെ എതിര്‍വശത്തുള്ള വലിയ വാതിലിലൂടെ ഞാനും പുറത്ത് കടന്നു.

ഇത്രയും ദിവസം കിടന്ന ജയിലില്‍ കാറ്റുകൊള്ളാനായി സിഹക്കുട്ടിലിട്ടതുപോലെയല്ല ഇവിടെ. ഫുട് ബാള്‍ ഗ്രൌണ്ടിനേക്കാളും ഇരട്ടിയിലതികമുള്ള സ്ഥലം. ചുറ്റും കൂറ്റന്‍ മതിലുകള്‍. ഒരു വോളിബാള്‍ കോര്‍ട്ട്, ബാസ്ക്കറ്റ് ബാള്‍ കോര്‍ട്ട്, പിന്നെ അല്ലറ ചില്ലറ എക്സര്‍സൈസ് ചെയ്യുവാനുള്ള ബാറുകള്‍. മൊത്തം സ്ഥലവും മഞ്ഞ് പെയ്ത് മൂടി കിടക്കുന്നു. മുന്‍പേ ഇറങ്ങിയവര്‍ ചിലര്‍ ഫുട്ബാള്‍ തട്ടി കളിക്കുന്നു. മറ്റു ചിലര്‍ ബാസ്കറ്റ് ബാളും, വോളിബാളും കളിക്കുന്നു. കുറച്ചുപേര്‍ ഗ്രൌണ്ടിനു ചുറ്റും ഓടുകയും നടക്കൂകയും ചെയ്യുന്നു. ഇതിലൊന്നും താത്പര്യമില്ലാത്ത മറ്റു ചിലര്‍, അവിടെയുള്ള മരത്തിന്റെ ബഞ്ചുകളില്‍ ഇരുന്ന് സംസാരിക്കുകയും, സിഗററ്റ് വലിക്കുകയും ചെയ്യുന്നു.

കനത്ത തോതില്‍ മഞ്ഞ് പെയ്യുന്നുണ്ട്. അബ്ദള്ള ആരുമായോ സംസാരിച്ച് ഒരു ബഞ്ചില്‍ ഇരിക്കുന്നുണ്ട്. ശരീരം ചൂടാക്കുന്നതിനു വേണ്ടി ഗ്രൌണ്ടിനു ചുറ്റും രണ്ട് റൌണ്ട് ഞാന്‍ നടന്നു. തണുപ്പ് സഹിക്കാന്‍ പറ്റുന്നില്ല. വേണമെങ്കില്‍ മുറിയിലേക്ക് തിരിച്ചു പോകുകയോ, ഹാളിലെ ബഞ്ചില്‍ പോയി ഇരിക്കുകയോ ചെയ്യാം.

ചിലരെല്ലാം ഗ്രൌണ്ടില്‍ നിന്ന് മടങ്ങി മുറിയിലേക്ക് പോകുന്നുണ്ട്. മുറിയിലേക്ക് പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
ഗ്രൌണ്ടിലെ ബഞ്ചില്‍ ഇരുന്ന് സംസാരിക്കുകയായിരുന്ന അബ്ദള്ളയോട് ഞാന്‍ മുറിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് നടന്നു. മുന്നില്‍ നടന്നു പോയിരുന്ന ഒരു സായിപ്പ് പകുതി കത്തി തീര്‍ന്ന ഒരു സിഗററ്റ് ഗ്രൌണ്ടിലേക്കെറിഞ്ഞ് ഹാളിലേക്ക് നടന്നു പോയി.

സിഗററ്റ് വലിക്കാനുള്ള കൊതി മൂലം, മറ്റൊന്നുമാലോചിക്കാതെ, കത്തിയെരിയുന്ന ആ സിഗറെറ്റ് കുറ്റിയെടുക്കുവാന്‍ ഞാന്‍ കുനിഞ്ഞു. സിഗററ്റില്‍ കൈ വച്ചതും, എന്റെ ചുമലില്‍ ബലിഷ്ഠമായ ഒരു കൈ വീണു! എന്താണു സംഭവിക്കുന്നതെന്നറിയാന്‍ പിന്നിലേക്കൊന്നു തിരിഞ്ഞ് നോക്കി.

എന്റെ തൊട്ടു പിന്നിലായി ആറടിയിലധികം ഉയരവും, ഒത്ത വണ്ണവുമുള്ള ഒരു കാപ്പിരി നില്‍ക്കുന്നു!

Thursday, January 11, 2007

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 11

പോലീസ് സ്തേഷന്റെ പ്രധാന കവാടത്തിലെത്തും മുന്‍പെ ഒന്നു തിരിഞ്ഞു നോക്കി. എന്നെ തന്നെ നോക്കി കൊണ്ട് ആദി കുറുമാന്‍ വണ്ടിയില്‍ ഇരുപ്പുണ്ട്. ആംഗ്യഭാഷയില്‍ സ്ഥലം കാലിയാക്കികൊള്ളാന്‍ ആദിയോട് ഞാന്‍ പറഞ്ഞു. രണ്ട് പേരും ഒരിക്കല്‍ കൂടി കൈവീശി യാത്ര പറഞ്ഞു. ആദിയുടെ കാര്‍ കണ്മുന്‍പില്‍ നിന്നും മറയുന്നതു വരെ ഞാന്‍ അവിടെ തന്നെ നിന്നു, ശേഷം പൊളിറ്റിക്കല്‍ അസൈലം അഥവാ രാഷ്ട്രീയാഭയം ചോദിക്കുവാന്‍ പോലീസ് സ്റ്റേഷനിലേക്ക് കയറുവാന്‍ പോകുകയാണെന്ന് പല തവണ മനസ്സില്‍ ഉരുവിട്ടു. മൂന്നാലു തവണ ദീര്‍ഘശ്വാസമെടുത്തപ്പോള്‍ പട പടാ മിടിച്ചിരുന്ന ഹൃദയമിടിപ്പിന്റെ വേഗത അല്പമൊന്നു കുറഞ്ഞു. വലിയ ആ പോലീസ് സ്റ്റേഷന്നകത്തേക്ക് ഞാന്‍ പതുക്കെ നടന്നു കയറി.

പോലീസുകാരായ മദാമ്മമാരും, സായിപ്പന്മാരും, സാധാരണ ആളുകളും, പോലീസ് സ്റ്റേഷന്നകത്തേക്കും, പുറത്തേക്കും പോയും വന്നും കൊണ്ടിരിക്കുന്നു. പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് കയറുമ്പോള്‍ തന്നെ റിസപ്ഷന്‍ മുറിയാണ്. സന്ദര്‍ശകര്‍ക്കിരിക്കാനായ് ഒരു വശത്ത് കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു. രണ്ട് മദാമ്മ പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ട്, രണ്ടു മൂന്നു സന്ദര്‍ശകര്‍ കസേരകളില്‍ ഇരിക്കുന്നുമുണ്ട്.

റിസപ്ഷന്‍ കൌണ്ടറിലേക്ക് ഞാന്‍ നടന്നു ചെന്നു, ഹൃദയമിടിപ്പിന്റെ വേഗത വീണ്ടും വര്‍ദ്ധിച്ചു.

ചുമലില്‍ ഞാന്നു കിടക്കുന്ന വലിയ ബാഗും, എന്റെ മുഖഭാവവും, മറ്റും കണ്ടിട്ടാകണം, രണ്ടു മദാമ്മ പോലീസുകാരും ഒരേ സമയത്ത് തന്നെ പറഞ്ഞു. ഹൈവ ഹ്യൂമന്ത (ഗുഡ് മോര്‍ണിങ്ങ്).

ഗുഡ് മോര്‍ണിങ്ങ്.

ഡു യു സ്പീക്ക് ഫിന്നിഷ്?

ഇല്ലേ, ഇല്ല. ഞാന്‍ ഇംഗ്ലീഷ് സംസാരിക്കും.

ഒരു മദാമ്മ മറ്റെന്തോ പണിയിലേക്ക് തിരിഞ്ഞു. രണ്ടാമത്തെ മദാമ്മ എന്നോട് ചോദിച്ചു, താങ്കള്‍ക്കെന്താണു വേണ്ടത്? താങ്കളെ ഞങ്ങള്‍ക്കെങ്ങിനെ സഹായിക്കാന്‍ കഴിയും?

ഞാന്‍ അസൈലത്തിനായ് (രാഷ്ട്രീയാഭയം) അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.

താങ്കള്‍ ഏതു രാജ്യക്കാരനാണ്?

ഞാന്‍ ഇന്ത്യക്കാരനാണ്

അതു ശരി. ദയവായി താങ്കളുടെ പാസ്പോര്‍ട്ടൊന്നു തരാമോ?

സോറി, എനിക്ക് പാസ്പോര്‍ട്ടില്ല.

വേറെ എന്തെങ്കിലും യാത്രാ രേഖകള്‍?

ഇല്ല, യാതൊന്നുമില്ല.

താങ്കളുടെ പേര്?

ദില്ലിയില്‍ നിന്നും വരുത്തിച്ചിരുന്ന വ്യാജ ഐഡന്റിറ്റി കാര്‍ഡ് പോക്കറ്റില്‍ കിടന്നിരുന്നതില്‍ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, അരുണ്‍ കുമാര്‍.

ഓകെ, താങ്കള്‍ വെയിറ്റ് ചെയ്യൂ. ഞാന്‍ അസൈലം കൈകാര്യം ചെയ്യുന്ന സെക്ഷനില്‍ കാര്യം പറയട്ടെ.

നിരത്തിയിട്ടിരുന്ന കസേരകളൊന്നില്‍ ഞാന്‍ ചെന്നിരുന്നു , മുന്‍പ് അസൈലത്തിനപേക്ഷിച്ച ചിലരോട് ആദികുറുമാന്‍ ചോദിച്ചറിഞ്ഞ്, അവര്‍ പറഞ്ഞതു പോലെ തന്നേയാണ് ഇത് വരേയായി ചെയ്തത്, ഇനിയും അവര്‍ പറഞ്ഞ പ്രകാരം തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ചിരിക്കുന്നതിന്നിടയില്‍, അകത്തു നിന്നു രണ്ടു സായിപ്പുമാര്‍ റിസപ്ഷനിലേക്ക് വന്നതും, റിസപ്ഷനിലുണ്ടായിരുന്ന മദാമ്മമാരില്‍ ഒന്ന് മിസ്റ്റര്‍. അരുണ്‍ കുമാര്‍ എന്നു വിളിക്കുന്നതു കേട്ടു.

എഴുന്നേറ്റ് വീണ്ടും റിസപ്ഷനിലേക്ക് നടന്നു.

യെസ് മാഡം?

ഇവരുടെ കൂടെ പൊയ്ക്കൊള്ളൂ.

ചെറുപ്പക്കാരായ രണ്ടു സായിപ്പു പോലീസുകാരും, യൂണിഫോമിലായിരുന്നില്ല, പകരം ടൈ ഒക്കെ കെട്ടി നല്ല സ്മാര്‍ട്ടായിരുന്നു.

കം വിത് അസ്, ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു കൊണ്ട് നടന്നു. അവരുടെ പിന്നാലെ നടക്കുമ്പോള്‍, ദൈവമേ, ഇവരെങ്ങാനും ഇടിച്ച് എന്റെ കൂമ്പെടുക്കുമോ എന്നാലോചിച്ച് ശരീരം വിയര്‍ക്കാന്‍ തുടങ്ങി. നടന്ന് നടന്ന്, ഒന്നാം നിലയിലുള്ള ഒരു മുറിയിലെത്തി. ഒരു മേശ, എതിര്‍വശത്തായി രണ്ടു മൂന്നു കസേരകള്‍. വേറെ ഒരു വശത്ത് ഒരു കമ്പ്യൂട്ടര്‍, പിന്നെ അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള ഫ്ലാഷ് ലൈറ്റ് , ട്രൈ പോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ക്യാമറ തുടങ്ങിയവ ആ മുറിയില്‍ ഉണ്ടായിരുന്നു.

രണ്ടു ചെറുപ്പക്കാരും എനിക്ക് കൈ തന്നുകൊണ്ട് അവരുടെ പേരു പറഞ്ഞു, പിന്നെ ഇരിക്കാനും. ഒരു സായിപ്പ് മേശക്കപ്പുറമുള്ള അയാളുടെ കസേരയില്‍ ഇരുന്നു.

മേശക്കെതിര്‍വശമുള്ള ഒരു കസേരയില്‍ ഞാന്‍ ഇരുന്നു. തൊട്ടടുത്തതില്‍ മറ്റേ പോലീസുകാരനും.

ആദ്യം തന്നെ എന്റെ ബാഗ് തുറന്ന് , അതിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ എല്ലാം പുറത്തെടുത്ത് പരിശോധിച്ച് മറ്റൊന്നും ബാഗിലില്ല എന്നു ഉറപ്പ് വരുത്തി.

അതിനു ശേഷം, ചോദ്യങ്ങളുടെ ഒരു മെഗാ സീരിയലിന്നു തുടക്കം കുറിച്ചു.

ഓരോ ചോദ്യത്തിന്നും, മനസ്സില്‍ പറഞ്ഞ് പറഞ്ഞ് സ്ഫുടം ചെയ്ത് വച്ചിരിക്കുന്ന കഥയിലെ, സന്ദര്‍ഭമനുസരിച്ച് വളരെ വ്യക്തമായി തന്നെ ഞാന്‍ ഉത്തരം നല്‍കി.

അവരോട് ഞാന്‍ പറഞ്ഞ കഥയുടെ ചുരുക്കം ഇപ്രകാരം.

ഇന്ത്യയിലെ, കേരള സംസ്ഥാനത്തിലെ, തിരുവന്തപുരം ജില്ലയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന എന്റെ മുഖ്യ ജോലി, തിരുവനന്തപുരത്തു നിന്നും ലോഡ് നിറച്ച വാന്‍ കന്യാകുമാരിയിലെത്തിക്കുക എന്നതു മാത്രമായിരുന്നു. പച്ചക്കറി മുതല്‍, പല പല സാധനങ്ങള്‍ ലോഡായി കൊണ്ടു പോകാറുണ്ട്. കന്യാകുമാരിയില്‍ വണ്ടി എത്തിച്ച ശേഷം അവിടെയുള്ള ഏജന്റിനു വാന്‍ ഏല്‍പ്പിച്ചാല്‍ എന്റെ പണി കഴിഞ്ഞു. പിന്നെ അവിടെ നിന്നു തന്നെ പ്രതിഫലം വാങ്ങി തിരിച്ച് ബസ്സില്‍ വരുക. ഇതു മാത്രമായിരുന്നു ജോലി. അങ്ങനെ ഒരു ദിവസം ലോഡ് കൊണ്ട് പോകുമ്പോള്‍ പോലീസ് തടയുകയും, വാന്‍ പരിശോധനക്കിടയില്‍ വാനില്‍ ആയുധങ്ങളും,മറ്റ് സ്ഫോടക വസ്തുക്കളും ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കൊണ്ടു പോകുന്ന സാധനങ്ങള്‍ക്കിടയില്‍ സ്ഫോടകവസ്തുക്കളും, ആയുധങ്ങളും ഒളിപ്പിച്ച് വക്കുന്നുണ്ടായിരുന്നു എന്ന് എനിക്കറിവില്ലായിരുന്നു, അതിനാല്‍ തന്നെ പോലീസിന്റെ പിടിയിലായ ഞാന്‍ അവരുടെ പിടിയില്‍ നിന്നും രക്ഷപെട്ട് ഒളിവില്‍ കഴിഞ്ഞു. ഒളിവില്‍ കഴിയുന്നതിന്നിടക്ക് മാധ്യമങ്ങളിലൂടെയാണ് ഈ ആയുധങ്ങള്‍ കന്യാകുമാരിയില്‍ നിന്നും ബോട്ടില്‍ ശ്രീലങ്കയിലെ എല്‍ ടി ടി പ്രവര്‍ത്തകര്‍ക്ക് കടത്തുന്ന ഒരു സംഘത്തിനു വേണ്ടിയായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നതെന്ന് മനസ്സിലായത്.

പുറത്തിറങ്ങിയാല്‍ ഞാന്‍ ജോലി ചെയ്തിരുന്ന സംഘത്തിന്റെ പ്രവര്‍ത്തകര്‍ ആരാണെന്ന് പോലീസില്‍ പറയുമെന്ന് കരുതി ആ സംഘത്തിലെ ആളുകള്‍ ഒന്നുകില്‍ എന്നെ അപായപെടുത്തും, അതല്ലെങ്കില്‍ പോലീസ് പിടിക്കും, രണ്ടായാലും നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല എന്ന ഒരവസ്ഥയില്‍ ദില്ലിയിലേ പോകുകയും, ഒരു ഏജന്റു മുഖേന, റഷ്യയിലേക്കുള്ള വിസയെടുത്ത്, റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വരുകയും, അവിടെ നിന്നും മറ്റൊരു ഏജന്റ് മുഖേന, ട്രെയിലറില്‍ ഹെല്‍ സിങ്കിയിലേക്കെത്തുകയും ചെയ്തു. റഷ്യയിലെ ഏജന്റിന്റെ കൈ വശമാണ് പാസ്പോര്‍ട്ടെന്നും ഞാന്‍ അവരോട് പറഞ്ഞു.

അവര്‍ എത്ര മാത്രം എന്റെ കെട്ടുകഥ വിശ്വസിച്ചു എന്നെനിക്കറിയില്ല, പക്ഷെ അവരുടെ മുഖ ഭാവത്തില്‍ നിന്നും, അവരുടെ മനസ്സിലുള്ളതെന്താണെന്ന് എനിക്കൊട്ടും മനസ്സിലാക്കുവാനും സാധിച്ചില്ല.
ചോദ്യോത്തര വേളക്കൊടുവില്‍, അവര്‍ എന്റെ പല പോസിലുമുള്ള ഫോട്ടോകള്‍, വിരലടയാളം, തുടങ്ങിയവ എടുക്കുകയും, എന്റെ ഐഡന്റിറ്റി കാര്‍ഡ് വാങ്ങി വക്കുകയും ചെയ്തു. അതിനു ശേഷം പത്തോളം പേജുകളുള്ള ഒരു റിപ്പോര്‍ട്ട് ഫിന്നിഷ് ഭാഷയില്‍ തയ്യാറാക്കി, അതിന്റെ സാരം എനിക്ക് ഇംഗ്ലീഷില്‍ പറഞ്ഞ് തന്നതിനു ശേഷം, (എന്റെ പേര്, വയസ്സ്, നാഷണാലിറ്റി, ഞാന്‍ പറഞ്ഞ കഥ, ഞാന്‍ റഷ്യയില്‍ നിന്നും ട്രെയിലറിലാണ് ഹെല്‍ സിങ്കിയില്‍ വന്നതെന്ന്, ഫിന്‍ലാന്റില്‍ പരിചയക്കാരൊന്നും ഇല്ല തുടങ്ങിയ വിവരങ്ങളാണ് അവര്‍ ആ റിപ്പോര്‍ട്ടില്‍ രേഖപെടുത്തിയിരുന്നത്) എന്റെ കയ്യൊപ്പുകള്‍ വാങ്ങി. പിന്നെ എനിക്ക് കൈ തന്നതിനു ശേഷം അവര്‍ എന്നോട് ഗുഡ് ലക്ക് എന്നും പറഞ്ഞു.

ദൈവമേ, എത്ര സൌമ്യരായ പോലീസുകാര്‍. നമ്മുടെ നാട്ടിലെ പോലീസായിരുന്നെങ്കില്‍, ഇടിച്ച് പണ്ടം കലക്കി, ചെറുപ്പത്തില്‍ കുടിച്ച മുലപ്പാല്‍ തുപ്പിച്ച് അപ്പോള്‍ തന്നെ സത്യം പറയിക്കുമായിരുന്നു. ഇത്ര നല്ല പോലീസുള്ള ഒരു രാജ്യത്ത് താമസിക്കാന്‍ സാധിച്ചാല്‍ അതു തന്നെ മഹാഭാഗ്യം.

അരുണ്‍കുമാര്‍ വരൂ, പോലീസുകാര്‍ എന്നെ വിളിച്ചു.

അവരുടെ പുറകെ നടന്ന് പോലീസ് സ്റ്റേഷന്റെ റിസപ്ഷനില്‍ ഞാനെത്തി. എന്റെ കൂടെയുള്ള പോലീസുകാരിലൊരുവന്‍, കയ്യിലുള്ള ചില ഡോക്യുമെന്റുകള്‍ റിസപ്ഷനില്‍ നല്‍കി. പിന്നെ ഒരു റെജിസ്റ്ററില്‍ എന്തൊക്കെയോ എഴുതിയതിന്നു ശേഷം, എന്നോട് പറഞ്ഞു, ഇതില്‍ എഴുതിയിരിക്കുന്നത്, താങ്കള്‍ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ നേരിട്ട് വന്ന്, അസൈലത്തിനായ് അപേക്ഷിച്ചെന്നും, മതിയായ രേഖകളില്ലാത്തതിനാല്‍, കോടതിയില്‍ നിന്നും ഒരുത്തരവുണ്ടാകുന്നതു വരെ ജയിലിലേക്കയക്കുന്നു എന്നുമാണ്. ഇവിടെ ഒരു ഒപ്പ് ഇടുക.

ആദികുറുമാന്‍ പറഞ്ഞ പ്രകാരം, അല്ലെങ്കില്‍ ചോദിച്ചറിഞ്ഞ പ്രകാരം, എന്റെ അപേക്ഷ ഫയലില്‍ സ്വീകരിച്ച് എന്നെ തത്ക്കാലം അസൈലം അപേക്ഷകര്‍ താമസിക്കുന്ന ക്യാമ്പിലേക്കാണു അവര്‍ വിടേണ്ടിയിരുന്നത്. ഇതിപ്പോള്‍ ജയില്‍ എന്നു പറഞ്ഞത്?

അല്ല സര്‍, ഞാന്‍ ഈ രാജ്യത്ത് കുറ്റമൊന്നും ചെയ്തിട്ടില്ലോ? സ്വന്തം രാജ്യത്ത് ജീവന്‍ അപകടപെടും എന്ന അവസ്ഥയില്‍ രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് വന്ന് അഭയം ചോദിച്ചതു മാത്രമല്ലെ ഞാന്‍ ചെയ്ത ഒരു തെറ്റ്? അതിന് നിങ്ങള്‍ എന്നെ ജയിലില്‍ വിടുന്നതെന്തിന്?

മിസ്റ്റര്‍, അരുണ്‍ കുമാര്‍, താങ്കളുടെ ചോദ്യം ശരി തന്നെ. താങ്കളുടെ കൈ വശം വിശ്വസനീയമായ യോതൊരു രേഖകളും ഇല്ലാത്തതിനാലാണ്, ഞങ്ങള്‍ താങ്കളെ ജയിലിലേക്കയക്കുന്നത്. മറിച്ച് താങ്കളുടെ കയ്യില്‍ താങ്കളുടെ പാസ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ താങ്കളെ, ജയിലില്‍ അയക്കുന്നതിനു പകരം ഒരു പക്ഷെ അസൈലം അപേക്ഷകരുടെ ക്യാമ്പിലേക്ക് വിടുമായിരുന്നിരിക്കാം.

പാസ്പോര്‍ട്ടെടുത്തിരുന്നുവെങ്കില്‍ സ്വതന്ത്രമായി നടക്കേണ്ട ഞാന്‍ ഇതാ പാസ്പോര്‍ട്ടില്ല എന്ന ഒറ്റ കാരണത്താല്‍ ജയിലിലേക്ക്.

ജയിലെങ്കില്‍ ജയില്‍. മറ്റൊന്നും ആലോചിക്കാനോ, ചെയ്യാനോ ഇല്ലാത്തതിനാല്‍ ഞാന്‍ അവര്‍ പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടു.

ഒപ്പിട്ട് കഴിഞ്ഞതും, എന്നെ ചോദ്യം ചെയ്ത രണ്ട് പോലീസുകാരും ഒരിക്കല്‍ കൂടി എനിക്ക് കൈ നല്‍കിയതിനു ശേഷം യൂണിഫോമിട്ട ഒരു പോലീസുകാരനെ ചൂണ്ടി കാട്ടി അയാളുടെ കൂടെ പൊയ്ക്കോള്ളുവാന്‍ പറഞ്ഞു.

ജീവിതത്തില്‍ ആദ്യമായി ഒരു ജയില്‍ വാസത്തിനു പോകുന്ന വിഹ്വലതകള്‍ ഒന്നും എന്നെ മതിച്ചിരിന്നില്ല എങ്കിലും, കുറ്റം ചെയ്യാതെ ജയിലില്‍ പോകേണ്ടി വരുന്നതിന്റെ വിഷമം എനിക്കുണ്ടായിരുന്നു എന്നു പറയാതെ വയ്യ.

പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കുറ്റവാളികളെ കയറ്റുന്ന ഒരു വാനില്‍ എന്നെ കയറ്റി, വാതില്‍ പുറത്ത് നിന്നും പൂട്ടി, ആ പോലീസുകാരന്‍ യാത്ര തിരിച്ചു.

ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ യാത്രക്കൊടുവില്‍, ഗ്രാമപ്രദേശം എന്നു തോന്നിക്കുന്ന ഒരു സ്ഥലത്തെ നാലു നില കെട്ടിടത്തിന്റെ മുന്‍പില്‍ വാന്‍ നിന്നു. നാലു ചുറ്റും രണ്ടാള്‍ വലുപ്പത്തിലുള്ള മതില്‍കെട്ടിനകത്തുള്ള ആ കെട്ടിടത്തിന് വളരെ പഴക്കം തോന്നിച്ചിരുന്നു.

പൂട്ടിയ വാതില്‍ പോലീസുകാരന്‍ തുറന്നു തന്നു, പിന്നെ ആളുടെ കൂടെ ജയിലിന്റെ ഉള്ളിലേക്ക് ഞാന്‍ കയറി.

അവിടേയുള്ള റിസപ്ഷനില്‍ അയാള്‍ ആദ്യത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും തന്നിരുന്ന ഡോക്യുമെന്റ്സ് കൈ മാറി. റിസപ്ഷനിലുണ്ടായിരുന്ന പോലീസുകാരന്‍ അവിടുത്തെ റജിസ്റ്ററില്‍ എന്റെ പേരുവിവരങ്ങള്‍ കുറിച്ച ശേഷം ആ റെജിസ്റ്ററില്‍ എന്റെ ഒപ്പ് വാങ്ങി.

ഒരു പോലീസുകാരന്‍ വന്ന്, എന്റെ ബാഗുകള്‍ എല്ലാം പരിശോധിച്ചു. ഞാന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പോക്കറ്റുകളും പരിശോധിച്ചു. പഴ്സില്‍ ഉണ്ടായിരുന്ന നൂറു മാര്‍ക്ക് റെജിസ്റ്ററില്‍ രേഖപെടുത്തി, പഴ്സ് അവരുടെ ലോക്കറില്‍ വച്ചു. പോക്കറ്റിലുണ്ടായിരുന്ന അര പായ്ക്കറ്റ് സിഗററ്റ് അവര്‍ എനിക്ക് തന്നെ തിരിച്ചു നല്‍കി.

എന്നെയും കൂട്ടി ഒരു പോലീസുകാരന്‍ മൂന്നാമത്തെ നിലയിലേക്ക് പോയി, അവിടെ ഒരു ടോയലറ്റ് കാണിച്ചു തന്നിട്ട് പറഞ്ഞു, ആവശ്യമുള്ളപ്പോള്‍ ഈ ടോയലറ്റ് ഉപയോഗിക്കാം. മുറിയിലുള്ള ബെല്‍ അമര്‍ത്തിയാല്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ മുറി തുറന്നു തരും.

ടോയലറ്റില്‍ നിന്നും നാലഞ്ചു മുറികള്‍ക്കപ്പുറത്തുള്ള ഒരു മുറിയുടെ വാതില്‍ അയാള്‍ തുറന്നു. പിന്നെ പുറത്ത് നിന്നും ആ വാതില്‍ അടക്കുകയും ചെയ്തു.

ഇടുങ്ങിയ ആ മുറിയില്‍, മങ്ങിയ വെളിച്ചം നല്‍കുന്ന ഒരു ബള്‍ബും ഒരു ചെറിയ കട്ടിലും, ബ്ലാങ്കറ്റും മാത്രം. പുറം കാഴ്ചകള്‍ കാണാന്‍ ഒരു ജനലോ, എന്തിന് വാതിലില്‍ ഒരു വിടവ് പോലും ഇല്ല. മുറിയുടെ ഒരു അരുകില്‍ ഒരു കുപ്പിയില്‍ വെള്ളം വച്ചിട്ടുണ്ട്. ഒരു മൂലക്ക് വേസ്റ്റ് കളയാനുള്ള ഒരു വേസ്റ്റ് ബിന്നുമുണ്ട്.

ദൈവമേ, ഇതാണോ ജയില്‍? ഇനിയുള്ള കാലം ഞാന്‍ ഇവിടെ ചിലവഴിക്കേണ്ടി വരുമോ?

സമയം കളയാന്‍ യാതൊരു വഴിയുമില്ല. ആകെയുള്ള ഒരു സമാധാനം സിഗററ്റ് വലിക്കാം എന്നുള്ളത് തന്നെ.

ഉച്ചയായപ്പോള്‍, എന്റെ മുറിയുടെ ഇരുമ്പുവാതിലിലുള്ള ഒരു ചെറിയ വാതില്‍ (സിനിമാ തിയറ്ററിലെ ടിക്കറ്റ് കൌണ്ടറിലുള്ള ദ്വാരത്തിനേക്കാളും അല്പം വലുത്) ആരോ തുറന്നു, പിന്നെ എന്നെ വിളിച്ച് കഴിക്കാനുള്ള ലഞ്ച് നല്‍കി. കുറച്ച് പുഴുങ്ങിയ ഉരുളക്കിഴങ്ങും, വായില്‍ വയ്ക്കുവാന്‍ കൊള്ളാത്ത മറ്റെന്തോ സാധനങ്ങളും.

പേരിനു മാത്രം ഒരുളക്കിഴങ്ങ് ഞാന്‍ കഴിച്ചു. ബാക്കിയുള്ളത് അതേ പടി വേസ്റ്റ് ബിന്നിലേക്ക് തട്ടി. മുറിയിലുണ്ടായിരുന്ന ബട്ടന്‍ അമര്‍ത്തിയപ്പോള്‍ പുറത്ത് ബെല്ലടിച്ചു.

ഒരു പോലീസുകാരന്‍ വന്നു വാതില്‍ തുറന്നു. എന്തു വേണം?

ടോയലറ്റില്‍ പോകണം.

ടോയലറ്റില്‍ പോയി ഞാന്‍ തിരികെ വന്ന് മുറിയില്‍ കയറിയതും, മുറി വീണ്ടും പൂട്ടി.

വലിച്ച് വലിച്ച് കയ്യിലുണ്ടായിരുന്ന സിഗററ്റുകള്‍ തീര്‍ന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ കുറേ നേരം കിടന്നുറങ്ങി.

മുറിയുടെ വാതിലിലുള്ള കിളിവാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് എഴുന്നേറ്റത്. വീണ്ടും ഉച്ചക്ക് ലഭിച്ചതു പോലെയുള്ള ഭക്ഷണം തന്നെ. ഒരു ആപ്പിള്‍ മാത്രം അതികമുണ്ട്.

ആപ്പിള്‍ മാത്രം കഴിച്ച്, ബാക്കിയുള്ളത് അതേ പടി വേസ്റ്റ് ബിന്നിലിട്ടു. പിന്നെ വീണ്ടും കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ, വീണ്ടും കിളിവാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണുണര്‍ന്നത്. മൊരിച്ച ബ്രെഡ്, വെണ്ണ, ജാം, പുഴുങ്ങിയ മുട്ട, ചായ തുടങ്ങിയവയായിരുന്നു രാവിലത്തെ ഭക്ഷണം. കൊള്ളാം.

ബെല്ലടിച്ച് മുറി തുറപ്പിച്ച് ടോയ് ലറ്റില്‍ പോയി, പല്ലെല്ലാം തേച്ച് ഫ്രെഷായി തിരിച്ചു മുറിയില്‍ കയറി, ഒന്നു പോലും ബാക്കി വക്കാതെ തന്നതെല്ലാം കഴിച്ചു. വയര്‍ ഒരു വിധം നിറഞ്ഞു. ബെല്ലടിച്ച് മുറിതുറപ്പിച്ച്, വേസ്റ്റ് ബിന്നിലുണ്ടായിരുന്ന വേസ്റ്റ് പുറത്ത് ടോയ് ലറ്റിനടുത്തുള്ള വലിയ വേസ്റ്റ് ബിന്നില്‍ കൊണ്ട് കളഞ്ഞ് തിരിച്ച് മുറിയില്‍ വന്നിരുന്നു. സിഗററ്റ് വലിക്കാന്‍ തോന്നിയെങ്കിലും, സിഗററ്റ് ഇല്ലായിരുന്നതിനാല്‍ ആ ആശ വെറുതേയായി.

സമയം ഒരു പത്ത് മണി കഴിഞ്ഞിരിക്കണം. ഒരു പോലീസുകാരന്‍ മുറിയുടെ വാതില്‍ തുറന്ന്, എന്നോട് അയാളുടെ കൂടെ വരാന്‍ ആവശ്യപെട്ടു. താഴെയുള്ള ഒരു ഓഫീസിലേക്കാണ് അയാള്‍ എന്നെ കൊണ്ട് പോയത്.

അവിടെ എന്നെ ആദ്യം ചെയ്ത രണ്ടു പോലീസുകാരും ഇരുന്നിരുന്നു.

രണ്ട് പോലീസുകാരും ഗുഡ് മോര്‍ണിങ്ങ് പറഞ്ഞുകൊണ്ട് എനിക്ക് കൈ നല്‍കി. അവര്‍ക്കെതിരായുള്ള ഒരു കസേരയില്‍ എന്നോട് ഇരിക്കാന്‍ ആവശ്യപെട്ടു.

തലേ ദിവസം ചോദ്യങ്ങള്‍ തന്നെ അവര്‍ വീണ്ടും ആവര്‍ത്തിച്ചു. പക്ഷെ തലേന്ന് ചോദിച്ച അതേ രീതിയില്‍ ചോദിക്കുന്നതിനു പകരം ചോദ്യങ്ങള്‍ തിരിച്ചും, മറിച്ചും, ഇടയില്‍ നിന്നുമൊക്കേയായാണ് അവര്‍ ചോദിച്ചത്.

എല്ലാത്തിനും തലേ ദിവസം നല്‍കിയ ഉത്തരം തന്നെ ഞാന്‍ നല്‍കി. എനിക്ക് കൈ നല്‍കി അവര്‍ യാത്ര പറഞ്ഞ് പോയി. വീണ്ടും ഇടുങ്ങിയ മുറിയിലേക്ക്. ഉച്ചക്ക് പതിവുപോലെയുള്ള ലഞ്ച്. പേരിനു മാത്രം കുറച്ച് കഴിച്ചു എന്നു വരുത്തി, ബാക്കിയുള്ളത് വേസ്റ്റ് ബിന്നിലേക്കിട്ടു.

സമയം മൂന്നു മണി കഴിഞ്ഞപ്പോള്‍, ഒരു പോലീസുകാരന്‍ വന്ന് മുറി തുറന്ന് പുറത്തേക്ക് വരുവാന്‍ ആവശ്യപെട്ടു. മറ്റുള്ള മുറിയിലുള്ള മൂന്നാലു പേരും പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ നാലഞ്ചു പേരേയും ആ പോലീസുകാരന്‍ മുകളിലെ ടെറസ്സിലേക്ക് കൊണ്ട് പോയി. ഇരുമ്പു ഗ്രില്ലിട്ട്, കാഴ്ച ബംഗ്ലാവിലെ സിംഹകൂടുപോലെയുള്ള എന്നാല്‍ അല്പം വലുപ്പമുള്ള മുറികളായിരുന്നു ടെറസ്സില്‍ ഉണ്ടായിരുന്നത്. ഓരോരുത്തരേയും തനിച്ച് ഓരോ കൂട്ടിലാക്ക് അയാള്‍ വാതിലുകള്‍ താഴിട്ട് പൂട്ടി. ശുദ്ധ വായു ശ്വസിച്ച്, നടക്കാനോ, വല്ല വ്യായാമവും ചെയ്യുവാനുള്ള സമയമാണത്രെ ഇത്.

ഹാവൂ രണ്ട് ദിവസത്തിനുശേഷമാണ് ആകാശം കാണുന്നത്. ചെറുതായി മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.

എന്റെ തൊട്ടടുത്ത കൂട്ടില്‍ നടന്നിരുന്നവന്‍ ഒരു സിഗററ്റിനു തീകൊളുത്തുന്നതു കണ്ടപ്പോള്‍ എനിക്ക് ഒരു സിഗററ്റ് വലിച്ചാല്‍ കൊള്ളാമെന്നുള്ള ആശ തോന്നി.

എക്സ് ക്യൂസ് മി. വെയര്‍ ആര്‍ യു ഫ്രം?

ഹൈ. അയാം ഫ്രം ശ്രീലങ്ക.

കേന്‍ ഐ ഗെറ്റ് എ സിഗററ്റ് പ്ലീസ്?

സോറി ഐ ഡോണ്ട് ഹേവ് വണ്‍. നിനക്ക് സിഗററ്റു വേണമെങ്കില്‍ നിന്റെ മുറിയില്‍ പോകുമ്പോള്‍, ബെല്ലടിച്ച് പോലീസുകാരനെ വരുത്തുക. അയാളോട് ചോദിക്കുക. ആദ്യം അയാല്‍ തരില്ല, അപ്പോള്‍ വാതിലില്‍ വെറുതെ ശബ്ദമുണ്ടാക്കി സിഗററ്റ്, സിഗററ്റ് എന്ന് ഉറക്കെ വിളിച്ച് ചോദിച്ചുകൊണ്ടേ ഇരുന്നാല്‍ ഒരു പക്ഷെ സിഗററ്റ് കിട്ടിയേക്കും.

തിരിച്ച് മുറിയില്‍ ചെന്ന ഞാന്‍ ബെല്ലടിച്ചപ്പോള്‍ പോലീസുകാരന്‍ വന്ന് മുറി തുറന്നു. വാട് യു വാന്റ്?

സിഗററ്റ് വേണം.

ഒരക്ഷരം പോലും പറയാതെ അയാള്‍ അയാളുടെ പോക്കറ്റിലുണ്ടായിരുന്ന സിഗററ്റ് പായ്ക്കറ്റ് എടുത്ത് എനിക്ക് നല്‍കി. അതില്‍ 14 സിഗററ്റോളം ഉണ്ടായിരുന്നു!

പിറ്റേ ദിവസവും രാവിലെ എന്നെ താഴെ ഓഫീസിലേക്ക് വിളിപ്പിച്ചു. എന്റെ കേസന്വേഷിക്കുന്ന, എന്നെ ചോദ്യം ചെയ്ത അതേ പോലീസുകാര്‍.

അന്നും അതേ ചോദ്യങ്ങള്‍ തന്നെ അവര്‍ ചോദിച്ചു. അതേ ഉത്തരങ്ങള്‍ തന്നെ ഞാനും പറഞ്ഞു.

പിന്നീട് തുടര്‍ന്നു വന്ന രണ്ട് ദിവസങ്ങളിലും അവര്‍ വന്ന് അതേ ചോദ്യങ്ങള്‍ ചോദിച്ച് പോയി. എന്റെ ഉത്തരങ്ങള്‍ക്ക് യാതൊരു വിധ മാറ്റവും ഉണ്ടായിരുന്നില്ല.

ഒരേ ഒരു മണിക്കൂര്‍ മാത്രമാണ് ശുദ്ധവായു ശ്വസിക്കാനോ, പുറത്തെ എന്തെങ്കിലും പച്ചപ്പ് കാണുവാനോ സാധിക്കുന്നത്. ആകപ്പാടെ സംസാരിച്ചിരുന്നത്, ടെറസ്സില്‍ നടക്കാന്‍ കൊണ്ടു പോകുമ്പോള്‍ കാണുന്ന ആ ശ്രീലങ്കക്കാരനോടാണ്. അവനും അസൈലം അപേക്ഷകന്‍ തന്നെ. നാലാം ദിവസം നടക്കാന്‍ പോയപ്പോള്‍ അവനേയും കാണാതെയായി.

ജയിലിലെ ആ മുറിയിലേക്ക് വന്നിട്ട് അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇടുങ്ങിയ ആ മുറിയില്‍, തീരെ രുചിയില്ലാത്ത ഭക്ഷണം കഴിച്ച്, ജീവിതത്തിനോട് തന്നെ എനിക്ക് വിരക്തി തോന്നി തുടങ്ങി.

ആറാം ദിവസം രാവിലെ, ബ്രേക്ക് ഫാസ്റ്റെല്ലാം കഴിച്ച് വെറുതെ കിടക്കുന്ന സമയത്ത്, ഒരു പോലീസുകാരന്‍ മുറി തുറന്ന്, എന്നോട് ബാഗെടുത്ത് പുറത്തിറങ്ങാന്‍ പറഞ്ഞു.

ബാഗെടുത്ത് ഞാന്‍ അയാളുടെ കൂടെ താഴെ റിസപ്ഷനില്‍ പോയി. അവിടെയുണ്ടായിരുന്ന ഒരു റെജിസ്റ്ററില്‍ അവര്‍ എന്നോട് ഒപ്പ് വക്കുവാന്‍ ആവശ്യപെട്ടു, റെജിസ്റ്ററില്‍ ഞാന്‍ ഒപ്പ് വച്ചപ്പോള്‍, ഒരു പോലീസുകാരന്‍ എന്റെ പഴ്സ് എനിക്ക് കൈമാറി.

ദൈവമേ എനിക്ക് സ്വാതന്ത്ര്യം കിട്ടിയോ? എന്നെ പുറത്ത് വിടുകയാണോ?

Friday, January 05, 2007

എന്റെ യുറോപ്പ് സ്വപ്നങ്ങള്‍ - 10

ബാഗും ചുമലിലിട്ട്, ചെറുതായി പെയ്യുന്ന മഞ്ഞും ആസ്വദിച്ച്, ഇനിയെന്തു ചെയ്യണം, ആദി കുറുമാന്റെ വീട്ടിലേക്ക് എങ്ങനെ ചെന്നെത്തും എന്നെല്ലാം ആലോചിച്ചു നടക്കുന്നതിന്നിടെ, ബ്രൌണ്‍ നിറത്തിലുള്ള കോട്ടിട്ട, ഒരു മനുഷ്യന്‍ അപ്പുറത്തുള്ള പാര്‍ക്കിങ്ങിലേക്ക് വളരെ സാവകാശത്തില്‍ നടന്നു പോകുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. കണ്ടപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പായി, അതൊരു സായിപ്പോ, കാപ്പിരിയോ ആയിരുന്നില്ല കാരണം നീണ്ടു ചുരുണ്ട കറുത്ത മുടിയായിരുന്നു (കാപ്പിരികളുടേതു പോലെ സ്പ്രിങ്ങ് മുടിയായിരുന്നില്ല) ആ മനുഷ്യനുണ്ടായിരുന്നത്.

അയാള്‍ എന്തായാലും ഏഷ്യന്‍ വംശജന്‍ തന്നെയായിരിക്കാനാണു സാധ്യത. ഇനി അതു ആദികുറുമാനാകുമോ? തടിച്ച ജാക്കറ്റിട്ടിരിക്കുന്നതു കാരണം ശരീര വലുപ്പം നോക്കി തിരിച്ചറിയാനും പറ്റുന്നില്ല. ചെറുപ്പക്കാലം മുതല്‍ ഞങ്ങള്‍ ആദി, മധ്യ, അന്തി (ഞാന്‍ തന്നെ) കുറുമാന്മാരും, സുഹൃത്തുക്കളും, പൂരം, ഉത്സവം, വേല, അമ്പ് പെരുന്നാള്‍, തുടങ്ങി, ഏതെങ്കിലും സ്ഥലത്തുപോയി, കൂട്ടം തെറ്റുകയോ, കാണാതാവുകയോ ചെയ്താല്‍ നല്‍കാറുള്ള ഒരു സിഗ്നല്‍ ഉണ്ട്; അതൊന്നു പരീക്ഷിച്ചുനോക്കിയാലോ?

മറ്റൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ, വലതു കയ്യുടെ തള്ളവിരലും, ചൂണ്ടുവിരലും “ഠ” പോലെ ചേര്‍ത്ത്, മടക്കിയ നാവിന്റെ മുകളില്‍ വച്ച് വളരെ ഉച്ചത്തില്‍ മൂന്നു വിസിലടിച്ചു. ചെകിട് മൂളുന്ന തരത്തിലുള്ള ആ വിസിലടി, നങ്കൂരമിട്ടിരിക്കുന്ന കപ്പലിലും, ഹെത്സിങ്കി പോര്‍ട്ടിലും, തട്ടി പ്രതിധ്വനിച്ചു.

നടന്നു പോകുകയായിരുന്ന ആ ബ്രൌണ്‍ കോട്ടുകാരന്‍, പൊടുന്നനെ തന്റെ നടത്തം നിറുത്തി. വിസിലടിയുടെ പ്രഭാവ കേന്ദ്രമെവിടേയെന്ന് പിന്‍ തിരിഞ്ഞു നോക്കി. ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഉടക്കി. ഞാന്‍ ആദിയേയും, ആദി എന്നേയും തിരിച്ചറിഞ്ഞു.

ഞാന്‍ ആദികുറുമാന്റെ അടുത്തേക്കും, ആദി എന്റെ അടുത്തേക്കും ഓടുകയായിരുന്നു പിന്നീട്. നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ നേര്‍ക്കു നേരടുക്കുകയും, ആശ്ലേഷിക്കുകയും ചെയ്തു. രണ്ടു പേരുടേയും കണ്ണുകളില്‍ ഒരവിശ്വനീയ ഭാവം! ജീവിതത്തില്‍ ഇത്തരം ഒരു കണ്ടുമുട്ടല്‍, അതും ഹെല്‍ സിങ്കി പോര്‍ട്ടില്‍ വച്ച് നടക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നതായിരിക്കാം ആ അവിശ്വനീയമായ ഭാവത്തിന്നു ഹേതു.

ആദിയുടെ കാറില്‍ കയറി, ഹെല്‍ സിങ്കി സിറ്റിയില്‍ നിന്നും അല്പം ദൂരെ മാറിയുള്ള വീപുറിന്‍കാട്ടു എന്ന സ്ഥലത്തുള്ള ആദിയുടെ ഫ്ലാറ്റിലേക്ക് ഞങ്ങള്‍ യാത്രയായി.

യാത്രക്കിടയില്‍, ആദികുറുമാന്‍ കോഴിക്കറിയും, ചോറുമൊന്നും വച്ചിട്ടില്ല, കാരണം ലുബെക്കില്‍ നിന്നും കപ്പല്‍ പിടിക്കുകയാണെങ്കില്‍ ഇതെല്ലാം ഫ്രീയാണെന്നറിയാമായിരുന്നെന്നും, നീ ഫോണ്‍ വിളിച്ചപ്പോള്‍, ലുബെക്കില്‍ നിന്നും ടിക്കറ്റെടുക്കുന്നതിന്നു പകരം ട്രാവന്മുണ്ടെയില്‍ നിന്നുള്ള കപ്പലിലുള്ള ടിക്കറ്റെടുത്താല്‍ മതി എന്നും പറയാന്‍ തുടങ്ങുന്നതിന്നു മുന്‍പേ ഫോണ്‍ കട്ടായതു കാരണം പറയാന്‍ സാധിച്ചില്ല എന്നും ആദി പറഞ്ഞു.

ഫോണ്‍ ഞാന്‍ കട്ടാക്കിയതല്ല, ഫോണ്‍ കാര്‍ഡില്‍ അവശേഷിച്ചിരുന്ന മാര്‍ക്കും തീര്‍ന്നപ്പോള്‍ ഫോണ്‍ സ്വയം പണിമുടക്കിയതാണെന്ന് ഞാന്‍ പറയാതെ തന്നെ അവനാറിയാമായിരുന്നു എന്നു വ്യക്തം.

ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് കാലം അതികമായിരുന്നില്ലെങ്കിലും, സംസാരിക്കാന്‍ നിരവധി സംഭബഹുലമായ കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വീപുറിന്‍കാട്ടുവിലുള്ള ആദിയുടെ അപ്പാര്‍ട്ട്മെന്റിനു താഴെ കാര്‍ എത്തിയതു തന്നെ അറിഞ്ഞില്ല.
കാര്‍ കീഴെ പാര്‍ക്ക് ചെയ്ത്, രണ്ടാം നിലയിലുള്ള ആദിയുടെ ഫ്ലാറ്റിലേക്ക് ഞങ്ങള്‍ ചെന്നെത്തി.

മാറിത്തിന്റെ ഫ്ലാറ്റാണിത്, ആദി കുറുമാന്‍ പറഞ്ഞു. മാറിത്ത് വര്‍ഷം മുഴുവന്‍ ലീവൊന്നുമെടുക്കാതെ ജോലി ചെയ്യും. പിന്നെ മൂന്നാലു മാസത്തെ ലീവെടുത്തോ, ലീവ് കിട്ടിയില്ലെങ്കില്‍, ജോലി രാജിവച്ചോ, വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രയാണ്. ഇപ്പോള്‍ ഒരു മാസമായി ഉലകം ചുറ്റാന്‍ ഇറങ്ങിയിട്ട്. ഇപ്പോള്‍ ബ്രസീലിലാണ്. ഇനി ഒരു രണ്ടു മൂന്നു മാസം കൂടി കഴിഞ്ഞേ തിരിച്ചു വരൂ. അവര്‍ വരുന്നതു വരെ ഞാന്‍ ഈ ഫ്ലാറ്റിലോട്ട് മാറി (മാറിത്ത് വറീമ ആദികുറുമാന്റെ കൂട്ടുകാരിയാണ് (ഞങ്ങളുടെ കുടുംബ സുഹൃത്തും കൂടിയാണിവര്‍. ഇവരാണ് രണ്ടു തവണ ചെല്ലും ചെലവും കൊടുക്കാമെന്നേറ്റ് എനിക്ക് വിസിറ്റിങ്ങ് വിസക്കു വേണ്ടി സ്പോണ്‍സര്‍ ചെയ്തതും, എംബസി നിസ്ഖരുണം രണ്ടു തവണയും ആപ്ലിക്കേഷന്‍ റിജക്റ്റ് ചെയ്തതും).

ഞാന്‍ ഫ്ലാറ്റൊന്നു ചുറ്റി കണ്ടു. രണ്ട് മുറികളും, ഒരു ഹാളും, വലിയൊരു ബാത് റൂമും, ചെറിയ ഒരു കിച്ചനും. എല്ലാ മുറികളിലും, ഹാളിലും ഹീറ്ററുകള്‍. മുറികളിലേയും, ഹാളിലേയും ചുമരുകളില്‍ മനോഹരങ്ങളായ പെയ്ന്റിങ്ങുകള്‍ വച്ചിരിക്കുന്നു. പല രാജ്യങ്ങളില്‍ നിന്നും വാങ്ങിയതാകണം. ഹാളിലെ ടി വി വച്ചിരിക്കുന്ന കബോര്‍ഡില്‍ പല അറകളിലായി വിവിധ തരം ക്റ്റിസ്റ്റല്‍ ഗ്ലാസ്സുകളുടെ ശേഖരം തന്നെയുണ്ട്. ഹാളിന്റെ ഓരോ മൂലകളിലും, തബല, തംബുരു, പേരറിയാത്ത ഏതോ മെക്സിക്കന്‍ വാദ്യോപകരണം തുടങ്ങിയവയും, ചുമരില്‍ ആഫ്രിക്കയില്‍ നിന്നും വാങ്ങിയതാവിവിധ തരം മുഖം മൂടികളും വച്ചിരിക്കുന്നു. എല്ലാം കൊണ്ട് മനോഹരമായൊരു ഫ്ലാറ്റു തന്നെ.

ദാ ആ രണ്ടാമത്തെ ബെഡ് റൂം, ഇനി മുതല്‍ നിനക്കുപയോഗിക്കാം. പിന്നെ നിനക്ക് എന്തു കുടിക്കാനാണു താത്പര്യം? ബിയറോ, വൊഡ്കയോ, അതോ കോണ്യാക്കോ? അല്ലെങ്കില്‍ നിന്നോടെന്ത് ചോദിക്കാനിരിക്കുന്നു. മൂന്നും വേണമെന്നു പറയുന്ന കൂട്ടത്തിലല്ലെ നീ! ഞാന്‍ അടുത്തുള്ള കിയോസ്ക്കില്‍ പോയിട്ട് പെട്ടെന്നു വരാം, അപ്പോഴേക്കും നീ ഒന്നു കുളിച്ച് ഫ്രെഷാക്.

മുറിയില്‍ ബാഗ് വച്ച്, ബാത് റൂമില്‍ പോയി, ചൂടുവെള്ളത്തില്‍, വിശാലമായൊന്നു കുളിച്ച് വന്നപ്പോഴേക്കും ആദി കടയില്‍ നിന്നു സാധനങ്ങളെല്ലാം വാങ്ങി തിരിച്ചെത്തിയിരുന്നു.

ഇന്ന് ഞാന്‍ എന്തായാലും പുറത്ത് പോകുന്നില്ല, നമുക്കൊന്ന് കൂടാം, ഒരു ക്യാന്‍ ബിയര്‍ എനിക്ക് കൈമാറികൊണ്ട് ആദി പറഞ്ഞു.

ആദ്യം തന്നെ ജാന്‍സിചേച്ചിക്ക് ഫോണ്‍ ചെയ്ത് എത്തിയ വിവരം പറയണം, പിന്നെ അമ്മക്കൊന്നു ഫോണ്‍ ചെയ്യണം അതിനു ശേഷം നമുക്ക് കലാപരിപാടികള്‍ തുടങ്ങാം ഞാന്‍ പറഞ്ഞു.

ജാന്‍സി ചേച്ചിക്ക് ഫോണ്‍ ചെയ്യുമ്പോള്‍ അവരുടെ എക്കൌണ്ട് നമ്പര്‍ വാങ്ങാന്‍ മറക്കണ്ട. അവരുടെ പൈസ ഞാന്‍ നാളെ രാവിലെ അയക്കാം.

ഫോണെടുത്ത് ജാന്‍സി ചേച്ചിയോടെത്തിയ വിവരം വിളിച്ചു പറഞ്ഞു. അക്കൌണ്ട് നമ്പര്‍ വാങ്ങി കുറിച്ചു വച്ചു. അമ്മക്ക് ഫോണ്‍ ചെയ്തു. ഫിന്‍ലാന്റില്‍ ആദിയുടെ അടുത്തെത്തിയെന്നു പറഞ്ഞപ്പോള്‍ അമ്മക്കും, അച്ഛനും അതിയായ സന്തോഷം. വിശദമായി പിന്നീട് വിളിക്കാമെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

ചേട്ടാ, ഒരു ഫോണ്‍ കൂടി ചെയ്യാനുണ്ടായിരുന്നു.

അറിയാം, അതിനനുവാദം ചോദിക്കേണ്ട ആവശ്യമെന്ത്? നീ മുറിയിലേക്ക് പോയി ഫോണ്‍ ചെയ്യ്, എന്നിട്ട് പറ, ഇനി മുതല്‍ ഈ ഫോണ്‍ നമ്പറിലും അഡ്രസ്സിലും നിന്നെ ബന്ധപെടാമെന്ന്.

മുറിയില്‍ ചെന്ന് ഞാന്‍ ദില്ലിയിലേക്ക് ഫോണ്‍ ചെയ്തു. പ്രതീക്ഷിച്ചതുപോലെ അവള്‍ തന്നെ ഫോണെടുത്തു . ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ സ്ഥലങ്ങളില്‍ ചുറ്റിതിരിഞ്ഞ്, അവസാനം, ഫിന്‍ലാന്റില്‍ ആദികുറുമാന്റെ അടുത്ത് ഞാന്‍ എത്തിചേര്‍ന്നു എന്നറിഞ്ഞപ്പോള്‍ അവള്‍ക്കും സന്തോഷവും,സമാധാനവുമായി. ആദികുറുമാന്റെ അഡ്രസ്സും ഫോണ്‍ നമ്പറും ഞാന്‍വള്‍ക്ക് നല്‍കി. പരസ്പരം, പിന്നേയും ഒരുപാട് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും, ചേട്ടനായാലും ഞാന്‍ ഒരു പാരയാകരുതെന്നു കരുതി മാത്രം ബൈ പറഞ്ഞ ഫോണ്‍ കട്ട് ചെയ്തു.

ചീയേഴ്സ്. ക്യാനുകള്‍ പരസ്പരം കൂട്ടിമുട്ടി, ഫിന്‍ലന്റിലെ എന്റെ താമസത്തിന്റെ തുടക്കം ഞങ്ങള്‍ അവിടെകുറിച്ചു. ജ്യേഷ്ടാനുജന്മാരേക്കാളേറെ ഞങ്ങള്‍ മൂന്നു സഹോദരന്മാരും, അന്നും, ഇന്നും സുഹൃത്തുക്കളാണ്, ആയതിനാല്‍ ഞങ്ങള്‍ക്കിടയില്‍ മൂടിവക്കേണ്ടതായ അല്ലെങ്കില്‍ തുറന്നു സംസാരിക്കാന്‍ പറ്റാത്തതായ ഒരു കാര്യവും ഇല്ലായിരുന്നു. അതിനാല്‍ തന്നെ സംസാരിക്കുവാന്‍ വിഷയങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല, ഒഴിഞ്ഞ ക്യാനുകളുടെ എണ്ണവും.

ഡാ, ഞാന്‍ നമ്മുടെ നാടന്‍ ഭക്ഷണം കഴിച്ചിട്ട് കാലം കുറേയായി. നമുക്കിന്ന് എന്തെങ്കിലും നാടന്‍ ഭക്ഷണം ഉണ്ടാക്കിയാലോ? ഞാന്‍ കഴിഞ്ഞ ആഴ്ച നോര്‍ത്തേണ്‍ ഫിന്‍ലാന്റില്‍ പോയപ്പോള്‍ എന്റെ സുഹൃത്തു തന്ന നല്ല മാനിറച്ചി (ക്രിസ്തുമസ്സ് അപ്പൂപ്പനിരിക്കുന്ന വണ്ടി വലിക്കുന്ന മാന്‍) ഫ്രിഡ്ജിലിരിക്കുന്നുണ്ട്. പണ്ട് ദില്ലിയില്‍ നമ്മള്‍ ഒരുമിച്ചായിരുന്നപ്പോള്‍ നീ ബീഫ് വയ്ക്കാറുള്ളത് പോലെ വച്ചാല്‍ മതി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കൂടെ ജോലി ചെയ്തിരുന്ന രാജസ്ഥാന്‍കാരന്‍ ചങ്ങാതിയുടെ കൂടെ രാജസ്ഥാനിലെ, അല്‍ വാറിനും, സരിസ്ക വന്യമൃഗസങ്കേതത്തിനും ഇടയിലുള്ള, അവന്റെ വീട്ടില്‍ പോയപ്പോള്‍, ഉണങ്ങിയ മാനിറച്ചി വറുത്തത് കഴിച്ചിരുന്നു. ആ രുചി ഇപ്പോഴും നാവിലുള്ളത് കാരണം, മാനിറച്ചിയെന്നു കേട്ടതും, ഞാന്‍ അടുക്കളയിലേക്ക് നടന്നു.

ഫ്രീസര്‍ തുറന്ന് മാനിറച്ചിയുടെ കവറെടുത്ത് ഡീഫ്രോസ്റ്റ് ചെയ്യുവാന്‍ സിങ്കില്‍ വെള്ളം നിറച്ചതിലിട്ടു. ഇനി കറിവെക്കാന്‍ ആവശ്യമായ സാധനങ്ങള്‍ വേണം. ഷെല്‍ഫ് മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും, മഞ്ഞള്‍ പൊടി, മുളകു പൊടി, മല്ലിപൊടി തുടങ്ങിയ സാധങ്ങള്‍ ഒന്നും കണ്ടില്ല പകരം പേരറിയാത്ത പല തരം മസാലകള്‍ ചെറിയ ചെറിയ കുപ്പികളില്‍. അറിയുന്നതായി കണ്ടത് ഉപ്പും, കുരുമുളകും മാത്രം!

കുക്കിങ്ങ് ചെയ്യുവാന്‍ മടിയാണെങ്കിലും,കാര്യമായി വശമില്ലായിരുന്നെങ്കിലും, പുറത്ത് നിന്നുള്ള ഭക്ഷണം ഇഷ്ടമല്ലാത്ത കാരണം എന്തെങ്കിലും സ്വയമായി ഉണ്ടാക്കി കഴിച്ചിരുന്ന ആദിയുടെ വീട്ടില്‍ ഒരു മസാല പോലും കാണാതിരുന്നതില്‍ അതിശയം തോന്നി ഞാന്‍ ആദിയുടെ അരികിലേക്ക് ചെന്നു.

മസാലയൊന്നും കാണാനില്ലല്ലോ ഇവിടെ.

ഞാന്‍ കുക്കു ചെയ്യാറില്ല ഇവിടെ. ഭക്ഷണം മുഴുവന്‍ പുറമേ നിന്നാണ്. അതിപ്പോള്‍ ഒരു ശീലമായി. ഇനിയിപ്പോ എന്തായാലും നീ വന്നില്ലേ? ഇനി മുതല്‍ നാടന്‍ ഭക്ഷണം കഴിക്കാമല്ലോ? നീ എന്തൊക്കെ സാധനങ്ങളാ വേണ്ടതെന്നു വച്ചാല്‍ ഒരു ലിസ്റ്റ് എഴുത്. ഹെത്സിങ്കിയിലേക്ക് പോകുന്ന വഴിക്ക് ഹക്കനീമി എന്ന സ്ഥലത്ത് ഇന്ത്യന്‍ സ്റ്റോറുണ്ട്. അവിടെ എല്ലാ സ്പൈസസും കിട്ടും. നീ റെഡിയാക് വേഗം, നമുക്കൊരുമിച്ച് പോയി വാങ്ങാം.

അതു ശരി. അപ്പോ എന്നെ ഇവിടെ വരാന്‍ നിര്‍ബന്ധിച്ചത്, ഒരു കുക്കിന്റെ ആവശ്യമുള്ളതിനാലാണല്ലെ?

ക്യാനില്‍ അവശേഷിച്ചിരുന്നത് ഒറ്റവലിക്കകത്താക്കി വസ്ത്രം മാറി, അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഞങ്ങള്‍ പുറത്തിറങ്ങി. മുടിഞ്ഞ തണുപ്പായിരുന്നു പുറത്ത് മഞ്ഞും നല്ല തോതില്‍ പെയ്യുന്നു. ആദി കാറ് സ്റ്റാര്‍ട്ട് ചെയ്ത് ഹീറ്റര്‍ ഓണാക്കി, പിന്നെ കാറില്‍ നിന്ന് എന്തോ ഒരു സാധനമെടുത്ത് (സ്നോ ബ്രൂം) പുറത്തിറങ്ങി കാറിന്റെ ഗ്ലാസുകളിലുള്ള മഞ്ഞെല്ലാം തൂത്ത് കളഞ്ഞ് കാറില്‍ കയറി ഹെത്സിങ്കിയിലേക്ക് വണ്ടി വിട്ടു.

കാറിലെ മഞ്ഞു നീക്കുന്നത്, ആണിയുള്ള (അതോ മുള്ളോ?) കാര്‍ ടയര്‍, ടയറിന്റെ മുകളിലൂടെ ചങ്ങല കെട്ടിയിരിക്കുന്നത്, വഴിയില്‍ മഞ്ഞു നീക്കുന്ന വണ്ടികള്‍, തുടങ്ങി, കാണുന്ന ഓരോ കാഴ്ചകളും എനിക്ക് പുതുമയേറിയതായിരുന്നു.

ഇന്ത്യന്‍ സ്റ്റോറില്‍ പോയി അരി, ഉപ്പ്, മുതല്‍ ആവശ്യമുള്ള പലവ്യഞ്ജന സാധനങ്ങളും, പച്ചക്കറികളും (കറി വേപ്പില ഒഴിച്ച്) എല്ലാം വാങ്ങി തിരിച്ച് വന്നപ്പോഴേക്കും, മരവിച്ച് കിടന്നിരുന്ന മാനിറച്ചി മരവിപ്പൊക്കെ മാറി, മുറിക്കാന്‍ പാകത്തില്‍ കിടക്കുന്നു.

പാചകത്തിന്റെ വേഗതയും, രുചിയും കൂട്ടുവാനായി പാചകം തുടങ്ങുന്നതിന്നു മുന്‍പ് തന്നെ‍, ആദി എനിക്കൊരു കോണിയാക്ക് ഒഴിച്ചു തന്നു. നിമിഷനേരത്തില്‍ റി ഫില്ലിങ്ങിനായ് ഗ്ലാസ് ഞാന്‍ ആദിയെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് പാചകത്തിലേക്ക് കടന്നു. ഇഞ്ചി, ഉള്ളി ഇത്യാദി സാധനങ്ങള്‍ അരിഞ്ഞ്, പാചകം തുടങ്ങാം എന്നു കരുതി ആദിയോട് കുക്കറെടുത്തു നല്‍കാന്‍ ആവശ്യപെട്ടപ്പോള്‍ കിട്ടിയ മറുപടി. പിന്നേ, സായിപ്പിന്റെ പാചകം പ്രെഷര്‍കുക്കറിലല്ലെ? അവിടെ ആ ഷെല്‍ഫില്‍ കാണുന്ന പാത്രങ്ങളേ ഇവിടെയുള്ളൂ. അതിലേത് വേണമെങ്കിലും എടുത്തുപയോഗിച്ചോ.

അതു കേട്ടതും, റിഫില്‍ ചെയ്ത ഗ്ലാസ്സ് കാലിയാക്കി അടുത്തതൊരെണ്ണം ഞാന്‍ ഒഴിച്ചു. ഉളളതില്‍ വലിയ ഒരു സ്റ്റീല്‍ പാത്രത്തില്‍ പാചകം തുടങ്ങി. ഒരു മണിക്കൂറിന്നകം ആവി പറക്കുന്ന ചോറും, “ മാന്‍ മസാല” യും തയ്യാര്‍!

വളരെ നാളുകള്‍ക്കു ശേഷമാണ് ഇത്രയും സ്വാദോടെ ഭക്ഷണം കഴിച്ചതെന്ന് മനസ്സില്‍ തട്ടി ആദി പറഞ്ഞപ്പോള്‍, എന്റേയും മനസ്സ് നിറഞ്ഞു.

ആദികുറുമാന്‍ അക്കാലത്ത് സ്വന്തമായി ഒരു ക്ലീനിങ്ങ് കമ്പനി നടത്തിയിരുന്നു. ചെറിയതും, വലിയതുമായ കുറച്ചോഫീസുകള്‍, രണ്ടു, മൂന്നു ചെറിയ ഷോപ്പിങ്ങ് മാള്‍, കുറച്ച് ബാറുകള്‍ എന്നിവ ക്ലീന്‍ ചെയ്യുന്നതായിരുന്നു കമ്പനിയുടെ മുഖ്യ പണി. സായിപ്പന്‍മാരും (കപ്പലിലെ അസ്സിസ്റ്റന്റ് ക്യാപ്റ്റന്‍ വരെ), മദാമ്മമാരും, ആ കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു, അവരോടൊപ്പം അവരിലൊരാളായി ആദിയും അവരോടൊപ്പം പണിചെയ്യുമായിരുന്നു. വൃത്തിയാക്കുന്ന പണി ചെയ്യേണ്ട സമയം ഷോപ്പിങ്ങ് മാളുകളില്‍ രാത്രി 11 മണിക്ക് ശേഷവും, ബാറുകളില്‍ പുലര്‍ച്ചെ നാലു മണിക്ക് ശേഷവും, ഓഫീസുകളില്‍ രാവിലെ എട്ടുമണിക്കു മുന്‍പും ആയിരുന്നതിനാല്‍, രാത്രി പത്തു മണിക്ക് ആദി പുറത്ത് പോയാല്‍ രാവിലെ എട്ടുമണി കഴിഞ്ഞു മാത്രമേ മടങ്ങി ഫ്ലാറ്റിലേക്ക് വരൂ.

അന്നും തുടര്‍ന്നു വന്ന കുറച്ച് ദിവസങ്ങളിലും പകല്‍ സമയത്ത്, ഹെത്സിങ്കിയിലെ പ്രധാന ഷോപ്പിങ്ങ് മാളുകള്‍, ടൂറിസ്റ്റ് സ്പോട്ടുകള്‍, പ്രധാന നദികള്‍, പള്ളികള്‍ തുടങ്ങിയവയെല്ലാം ആദി എന്ന് കൊണ്ടു പോയി കാണിച്ചു.

ഒരു ദിവസം രാവിലെ പതിനൊന്നുമണിക്ക് ആദികുറുമാന്‍ പറഞ്ഞു, ഇന്നു നിന്നെ ഒരു ഫിന്നിഷ് ഗ്രാമത്തിലേക്കാണ് ഞാന്‍ കൊണ്ടു പോകുന്നത്. ഫിന്നിഷുകാരുടെ വേനല്‍കാല വസതികളാണവിടെ.

തണുപ്പു കാലമാണമെങ്കിലും, ഗ്രാമത്തിലുള്ള വേനല്‍ കാല വസതി കാണുക എന്നത് എന്നില്‍ വളരെ താത്പര്യം ജനിപ്പിച്ചു. പതിനൊന്നരയോടെ ഞങ്ങള്‍ ആദിയുടെ കൂടെ യാത്ര തിരിച്ചു. ആദിയുടെ കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന, കപ്പലിലെ അസ്സിസ്റ്റന്റ് ക്യാപറ്റന്‍ ഒരു മാര്‍ക്കോസും ഞങ്ങളുടെ ഒപ്പം ഉണ്ട്.

നഗരാതിര്‍ത്തി വിട്ട് വണ്ടി വിജനമായ പാതയിലൂടെ, ഇരുവശവും മരങ്ങള്‍ നിറഞ്ഞ, ഒരു കാട്ടിനുള്ളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദി ചോക്കളേറ്റ് പാ‍യ്ക്കൊറ്റൊരെണ്ണം എനിക്കു നല്‍കി. ചോക്ക്ലേറ്റ് പായ്ക്കറ്റ് പൊട്ടിച്ച് , പ്ലാസ്റ്റിക് കവര്‍ വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ഞാന്‍ പുറത്തേക്കെറിഞ്ഞു. ചോക്ക്ലേറ്റ് ഞാന്‍ വായിലേക്ക് വച്ചു. ക്രിമ്മ്മ്മ്മ്മ്മ്മ്മ്മ്. ആദി വണ്ടി സഡണ്‍ ബ്രേക്കിട്ടു. ടയറുകള്‍ ടാറിട്ട റോട്ടില്‍ ഉരഞ്ഞു കരിഞ്ഞതിന്റെ മണം എന്റെ മൂക്കില്‍ എത്തി. എന്താണു സംഭവിച്ചതെന്നറിയാതെ ഞാന്‍ ആദിയുടെ മുഖത്തേക്കു നോക്കി.

വണ്ടി പോയ അതേ വേഗതയില്‍ കുറച്ചു ദൂരം പിന്നോട്ടെടുത്ത് ആദി കാര്‍ നിറുത്തി, പിന്നെ ഡോര്‍ തുറന്ന് കാറിന്റെ പുറത്തേക്കിറങ്ങി. അകലെ വഴിയ്ക്കരുകില്‍ കാട്ടുചെടികളുടെ വേരു പറ്റി കിടന്നിരുന്ന ചോക്ക്ലേറ്റ് പായ്ക്കറ്റിന്റെ പ്ലാസ്റ്റിക്ക് കവര്‍ കയ്യിലെടുത്തു, കാറിലേക്കു തിരിച്ചു വന്നു.

ഡാ, കണ്ണില്‍ കണ്ട ചവറുകള്‍ വലിച്ചെറിയാനുള്ളതല്ല ഈ ഭൂമി. ചപ്പു ചവറുകള്‍ ഇടുവാന്‍ സര്‍ക്കാര്‍ എല്ലായിടത്തും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അത്തരം വേസ്റ്റ് ബിന്നിലല്ലാതെ ഇനി മുതല്‍ നീ, ഒരു ചപ്പു ചവറുകളും, പ്രത്യേകിച്ചും പ്ലാസ്റ്റിക്ക്, റോഡിലോ, മറ്റോ നിക്ഷേപിക്കരുത്. പകരം അതിനായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കണം. മനസ്സിലായോ?

ഉവ്വ്, എന്ന എന്റെ ഉത്തരത്തിനുമുന്‍പു തന്നെ ആദി കാര്‍ മുന്നോട്ടെടുത്ത് യാത്ര തുടര്‍ന്നു. ഒപ്പം എന്നോട് പരിസ്ഥിതി മലിനീകരണത്തിനേ കുറിച്ചും, ഫിന്‍ലാന്റ് ഗവണ്മെന്റിന്റെ ക്ലീന്‍ലിനെസ്സ് പ്രോഗ്രാമിനേ കുറിച്ചും മറ്റും ഒരു ക്ലാസ്സും നല്‍കി.

പരിസ്ഥിതി മലിനീകരണത്തിന്റെ വിപത്തിനെ കുറിച്ച് ആദ്യമായ് ഞാന്‍ അന്നാണ് ചിന്തിച്ചത്. ജനവാസമില്ലാത്ത, യാത്രക്കാരില്ലാത്ത, വിജനമായ ഒരു വനപ്രദേശത്തില്‍ ഒരു പ്ലാസ്റ്റിക്ക് കവര്‍ വലിച്ചെറിഞ്ഞതിനെതിരെ ആദി പ്രതികരിച്ച രീതി എനിക്ക് ചിന്തിക്കാനാവുന്നതിനപ്പുറമായിരുന്നു!

അന്നു പഠിച്ച ആ പാഠം. അതായത്, പ്രകൃതിയെ, നശിപ്പിക്കരുത് എന്നത്, ഞാന്‍ ഇന്നും പിന്‍ തുടരുന്നു. ഇനിയും എന്റെ അന്ത്യം വരെ അതു തുടരും. തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

പിന്നീടുള്ള ദിനങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ കടന്നു പോയി. പകല്‍ മുഴുവന്‍ ആദി ഉറങ്ങുന്നതു കാരണം, ടി വിയില്‍, മനസ്സിലാവാത്ത ചാനലുകള്‍ കണ്ടും, പാചകം ചെയ്തും സമയം ചിലവഴിച്ചു. രാത്രിയില്‍ ആദിയില്ലാത്തതിനാല്‍ കിടന്നുറങ്ങിയും സമയം ചിലവഴിച്ചു.

ഫിന്‍ലാന്റില്‍ വന്ന് അഞ്ചാം ദിവസം ആദ്യമായി എനിക്ക് ദില്ലിയില്‍ നിന്നും അവളുടെ, മൂന്ന് ഗ്രീറ്റിങ്ങ് കാര്‍ഡുകളും, നാലു പേജുകളുടെ ഇരു വശവും മനോഹരമായ കൈപടയോടുകൂടി എഴുതിയ എഴുത്തും കിട്ടി. അന്നു മുതല്‍ മുടക്കം വരാതെ ചുരുങ്ങിയത് ഒരു ഗ്രീറ്റിങ്ങ് കാര്‍ഡും, കത്തും എനിക്ക് നിത്യേന ലഭിക്കുമായിരുന്നു. ഓരോ കത്തും, അഞ്ചും, പത്തും തവണ വായിച്ച് സ്വപ്നങ്ങളില്‍ മുഴുകിയിരിക്കലായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെന്റെ ഹോബി.

ദിവസങ്ങള്‍ പിന്നേയും കടന്നു പോയി. ഏഴു ദിവസത്തെ സന്ദര്‍ശന വിസയില്‍ വന്ന ഞാന്‍ വന്നിട്ട് ആഴ്ച രണ്ടു കഴിഞ്ഞു. വെറുതെ വീട്ടില്‍ ഇരുന്ന്‌ ബോറടിക്കാന്‍ തുടങ്ങിയിട്ടും ആഴ്ചകളായി.

എന്റെ നിര്‍ബന്ധപൂര്‍വ്വം, ആദിയുടെ കൂടെ ഞാന്‍ രാത്രിയില്‍ ക്ലീനിങ്ങ് ജോലിക്കിറങ്ങി. കക്കൂസ് കഴുകിയും, ഇറച്ചി വെട്ടുന്ന മരകുറ്റി കഴുകിയും, ഷോപ്പിങ്ങ് മാളിലെ നിലം അടിച്ചു വാരിയും, തുടച്ചും, ബാറുകളിലെ ഗ്ലാസ്സുകള്‍ കഴുകിയും, ദിവസങ്ങള്‍ തള്ളി നീക്കി.

പോലീസെങ്ങാന്‍ പിടിച്ചാല്‍ ആദിയുടേയും, എന്റേയും കാര്യം കട്ട പുക!

പോലീസ് പിടിച്ചാല്‍ ആദിയുടേയും, എന്റേയും കാര്യം അവതാളത്തിലെത്തുമെന്നതിനാല്‍, ഒരു വൈകുന്നേരം ഞാന്‍ പറഞ്ഞു, ആദി, നാളെ രാവിലെ നീ എന്നെ പോലീസ് സ്റ്റേഷനില്‍ ഡ്രോപ്പ് ചെയ്യൂ. ബാക്കി കാര്യം ഞാന്‍ ഏറ്റു. ജെര്‍മ്മനിയില്‍ വച്ച് ജാന്‍സിചേച്ചിയുടെ കൂട്ടുകാരി ചെയ്യാമെന്നേറ്റ എല്‍ ടി ടി നമ്പര്‍ ഇവിടേയും കളിക്കാം.

എന്റെ നിര്‍ബന്ധപ്രകാരം, പിറ്റേന്നു രാവിലെ, എന്റെ ഒറിജിനല്‍ പാസ്സ്പോര്‍ട്ട് വാങ്ങി തന്റെ ഫ്ലാറ്റില്‍ ബദ്രമായി വെച്ചുകൊണ്ട്,, എന്നേയും കൂട്ടി ആദി, ഹെല്‍സിങ്കി പോലീസ് സ്റ്റേഷനിലേക്ക് കാറില്‍ യാത്രയായി.

ഹെല്‍സിങ്കി പോലീസ് സ്റ്റേഷനില്‍ നിന്നും നൂറു മീറ്റര്‍ അകലെ ആദി കാര്‍ നിറുത്തി. ബാഗുമെടുത്തു ഞാന്‍ പുറത്തിറങ്ങി.

പുറത്തിറങ്ങിയ ആദിയെ ഒന്നടങ്കം ഞാന്‍ പുണര്‍ന്നു. രണ്ടു പേരുടേയും കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നെങ്കിലും, ഇതൊക്കെ പുല്ല് എന്ന മുഖഭാവമായിരുന്നു രണ്ടു പേരുടേയും മുഖങ്ങളില്‍.

ബാഗും തോളിലേറ്റി, പാസ്പ്പോര്‍ട്ടുപോലുമില്ലാതെ, ഫിന്‍ലാന്റിലെ പ്രധാനമായ ഹെല്‍സിങ്കി പോലീസ് സ്റ്റേഷനിലേക്ക് ഞാന്‍ നടന്നു കയറി. രാഷ്ട്രീയാഭയം ചോദിക്കുവാന്‍!!